ഏലിയാ സ്ലീവാ മൂശേക്കാലം ഏഴാം ഞായർ
നിയമവാർത്തനം 11, 1-7
ജ്ഞാനം 6, 1-10
1 തെസ 5, 12-24
മത്താ 12, 22-32

സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലം ഏഴാം ഞായറാഴ്ചയിലേക്ക്, അവസാന ആഴ്ചയിലേക്ക് നാമിന്ന് പ്രവേശിക്കുകയാണ്. നമുക്കറിയാവുന്നതുപോലെ, സ്ലീവായുടെ വിജയവും, ഈശോയുടെ രണ്ടാമത്തെ ആഗമനവും, അന്ത്യവിധിയുമാണ് ഈ കാലത്തിലെ വിചിന്തനവിഷയങ്ങൾ. കഴിഞ്ഞ ഞായറാഴ്ചകളിൽ നാം പരിചിന്തനം ചെയ്തതും ഈ വിഷയങ്ങളൊക്കെ ആയിരുന്നു. ഇന്നത്തെ ഞായറാഴ്ച്ച തിരുസ്സഭ നമ്മുടെ പരിചിന്തനത്തിനായി നൽകുന്നത് ക്രിസ്തുവിന്റെ ശക്തിയെക്കുറിച്ചും, സ്വർഗംപോലും ക്ഷമിക്കുവാൻ മടികാണിക്കുന്ന പരിശുദ്ധാത്മാവിനെതിരെ മനുഷ്യർ ചെയ്തുകൂട്ടുന്ന പാപങ്ങളെയും കുറിച്ചാണ്.
കഴിഞ്ഞ ദിവസങ്ങളിൽ കേരള മനഃസാക്ഷിയെ നടുക്കിയ ഇലന്തൂർ ഇരട്ടക്കൊലപാതകവും, നരബലികളും പൈശാചിക ശക്തികൾ എത്രമാത്രം മനുഷ്യനെ കീഴടക്കുന്നു എന്നുള്ളതിന്റെ വ്യക്തമായ ഉദാഹരണമാണ്. അതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്, ലഹരിയുടെ പൈശാചിക പിടിയിലമർന്നിരുന്നുകൊണ്ട് സ്വയം നശിക്കുന്ന ഒരു വലിയ കൂട്ടം മനുഷ്യർ നമ്മുടെ നാട്ടിലുണ്ട് എന്നുള്ളത്. ഒപ്പം തന്നെ മറന്നുപോകാതെ നാം ഓർക്കേണ്ടതാണ് അസുര എന്ന ടൂറിസ്റ്റ് ബസിന്റെ ഭ്രാന്തമായ ഓട്ടപ്പാച്ചിലും, തകർച്ചയും. നിങ്ങൾക്കറിയോ, ഇന്റർനെറ്റിൽ, ക്രൈം ആൻഡ് സോഷ്യൽ മീഡിയ എന്ന് സേർച്ച് ചെയ്യുമ്പോൾ 94 കോടിയിലേറെ റിസൾട്ടുകളാണ് വരുന്നത്. പൈശാചികതയിലേക്ക് കൂപ്പുകുത്തുന്ന ലോകത്തിന്റെ അവസ്ഥയെക്കുറിച്ചു് പറയുമ്പോൾ, ഫ്രാൻസിസ് മാർപാപ്പ നമ്മെ ഓർമപ്പെടുത്തുന്നത്, “ക്രിസ്തുവിന്റെ ശക്തി, the power of Jesus ക്രൈസ്തവരിലൂടെ ലോകത്തിൽ പ്രകടമാകുന്നില്ല; മനുഷ്യൻ പരിശുദ്ധാത്മാവിനെതിരായ പാപങ്ങൾ ചെയ്തുകൊണ്ട് തങ്ങളെത്തന്നെ, ലോകത്തെ ഇരുട്ടിലാക്കുന്നു ” എന്നാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം ലക്ഷക്കണക്കിന് കേസുകളാണ് ലഹരിയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ യാഥാർഥ്യങ്ങളും, പെരുകി വരുന്ന ക്രിമിനലുകളും, അത്താഴം മുടക്കുന്ന കൃമികളും മനുഷ്യത്വമില്ലാത്ത തട്ടിപ്പുകാരും ഇന്നത്തെ സുവിശേഷസന്ദേശത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നു.
രണ്ട് കാര്യങ്ങളാണ് ഇന്നത്തെ സുവിശേഷത്തിൽ നിന്ന് ചികഞ്ഞെടുക്കാനായി ഞാൻ ആഗ്രഹിക്കുക. ഒന്ന്, ദൈവാത്മാവിനാൽ നിറഞ്ഞ ഈശോയുടെ ശക്തി (The Power of Jesus). രണ്ട്, പരിശുദ്ധാത്മാവിനെതിരായ പാപങ്ങൾ. ഇതിൽ ഒന്നാമത്തേത് വിശദീകരണം അധികം ആവശ്യമില്ലാത്ത ഒരു ചിന്തയാണ്. സുവിശേഷങ്ങളിൽ നിന്ന് സുതരാം വ്യക്തമാകുന്നതും, നമ്മുടെ ജീവിതത്തിൽ ഏതെങ്കിലുമൊക്കെ സമയങ്ങളിൽ നാം അനുഭവിച്ചറിഞ്ഞിട്ടുള്ളതുമാണ് ഈശോയുടെ ശക്തി. രണ്ടാമത്തേതാകട്ടെ, കൂടുതൽ വ്യക്തത ആവശ്യമുള്ള ഒരു വിഷയമാണ്.
പരസ്യജീവിത കാലത്ത് ഈശോയിലെ ദൈവിക ശക്തി ഏറെ പ്രകടമായിരുന്നു. അവിടുത്തെ സാന്നിധ്യത്തിന്, ഒരു നോട്ടത്തിന്, വാക്കുകൾക്ക് എന്തൊരു ശക്തിയായിരുന്നു! ലാസറിന്റെ മരണത്തിൽ ഒരു വീട് മുഴുവനും, നാടുമുഴുവനും വിറങ്ങലിച്ചു നിന്നപ്പോൾ, ലാസറിന്റെ മൃതദേഹത്തേക്കാൾ മരവിച്ചു നിന്നപ്പോൾ, ലാസറേ പുറത്തുവരിക എന്ന ഈശോയുടെ ശബ്ദം…ആ ശബ്ദം കേട്ട് ശവത്തിനുപോലും ജീവൻവച്ചു! ഈശോയെക്കാണുവാൻ ആഗ്രഹിച്ചു് മരത്തിന്മേലിരുന്ന സക്കേവൂസ്…സക്കേവൂസേ ഇറങ്ങിവരിക എന്ന ക്രിസ്തുവിന്റെ സ്വരം കേട്ടമാത്രയിൽ സക്കേവൂസ് ഊർന്നിറങ്ങി ഈശോയുടെ മുൻപിൽ നിന്നു. എന്നെ അനുഗമിക്കുക എന്ന ഈശോയുടെ ക്ഷണം മനുഷ്യന്റെ സ്വാഭാവികപ്രവണതൾക്കുംമേലെ ത്രസിച്ചുനിന്നു. കാറ്റിനെയും കടലിനെയും, ശാസിച്ചപ്പോൾ കടൽ ശാന്തമായി…ബാലികേ, എഴുന്നേൽക്കുക എന്ന വചനത്തിന് ജീവൻ നൽകുവാനുള്ള, സൗഖ്യം നൽകുവാനുള്ള ശക്തിയുണ്ടായിരുന്നു. മുടന്തനായ മനുഷ്യനോട് എഴുന്നേറ്റ് നടക്കുക എന്ന് പറഞ്ഞപ്പോൾ ശാസ്ത്രംപോലും കണ്മിഴിച്ചു നിന്നു. സാത്താനേ ദൂരപ്പോകുക, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസയിലായിരിക്കും – ഈ ശബ്ദങ്ങളൊക്ക പ്രപഞ്ചത്തിനും, സാത്താനും, തിന്മയ്ക്കും പിടിച്ചുനിൽക്കാൻ കഴിയാത്ത ഇടിമുഴക്കങ്ങളായി മാറിയത് അവിടുത്തെ സ്വർഗീയ ശക്തിയുടെ മഹത്വംകൊണ്ടായിരുന്നു! അത്രമാത്രം powerful ആണ് ഈശോ, ഈശോയിലെ ദൈവികത!
ഇന്നത്തെ സുവിശേഷത്തിലെ അന്ധനും, ഊമനുമായ പിശാചുബാധിതൻ സുഖമുള്ളവനായി, സംസാരിക്കുവാനും കാണുവാനും തുടങ്ങിയപ്പോൾ ഈശോയുടെ ശക്തിയുടെ പ്രാഭവം അറിഞ്ഞ ജനക്കൂട്ടം ഏറ്റവും കുറഞ്ഞത് ഒന്ന് അതുതപ്പെടുകയെങ്കിലും ചെയ്തു. അല്ലെങ്കിലും ജനക്കൂട്ടം പലപ്പോഴും ഈശോയുടെ അത്ഭുതകൃത്യങ്ങൾ കണ്ട് വിസ്മയപ്പെടുകയും, “ഇവന് ഇതെല്ലാം എവിടുന്ന് കിട്ടി” എന്നൊക്കെ പറഞ്ഞ് നടക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഫരിസേയരും, നിയമജ്ഞരുമാകട്ടെ അന്ധരും മൂകരുമായി. കാണേണ്ടത് കാണാതെ, കേൾക്കേണ്ടത് കേൾക്കാതെ അവർ പിശാചുബാധിതനെപ്പോലെയായി. കാഴ്ചയില്ലാത്തവൻ കാഴ്ചയുള്ളവനാകുകയും, കാഴ്ചയുള്ളവർ അന്ധരാകുകയും, സംസാരിക്കാത്തവൻ സംസാരിക്കുകയും, സംസാരിക്കുവാൻ കഴിവുള്ളവർ മൂകരാകുകയും ചെയ്യുന്ന വിരോധാഭാസമാണ് ഇവിടെ നാം കാണുന്നത്. അവരുടെ സ്വാർത്ഥതാത്പര്യങ്ങൾക്കനുസരിച്ചുള്ളവയാണ് അവർ ഈശോയിൽ കണ്ടത്. മഞ്ഞപ്പിത്തമുള്ളവൻ എല്ലാം മഞ്ഞയായി കാണുന്നപോലെ, അപരനെ നശിപ്പിക്കണം എന്ന ആഗ്രഹവുമായി നടക്കുന്നവർ, മറ്റുള്ളവരിൽ കാണുന്നത് നശിപ്പിക്കാനുള്ള ഉപായങ്ങളായിരിക്കും. ഫരിസേയരും ഇതേ മനോഭാവത്തോടെയാണ് ഈശോയെ കണ്ടത്. ഈശോ പറയുന്നതെല്ലാം തെറ്റ്, ഈശോ നോക്കുന്നതും, നടക്കുന്നതും തെറ്റ്, ഈശോ ചെയ്യുന്നതും, ചെയ്യിക്കുന്നതും തെറ്റ്, ഈശോ ഭക്ഷണം കഴിക്കുന്നതും, സുഹൃത്തുക്കളോടൊത്ത് നടക്കുന്നതും തെറ്റ്. ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റമായിരിക്കുമല്ലോ! ഈശോയെ പിശാചുബാധയുള്ളവനെന്നും, പിശാചുക്കളോടുത്താണ് ക്രിസ്തുവിന്റെ ജീവിതമെന്നും വരുത്തിത്തീർക്കുവാൻ എന്ത് തിടുക്കമാണവർക്ക്!! അവരുടെ ബാലിശമായ, logic ഒട്ടുമില്ലാത്ത arguments തന്നെ ഫരിസേയരുടെ അല്പത്തം വ്യക്തമാക്കുന്നുണ്ട്.
ഫരിസേയരുടെ arguments ൽ അവരുടെ അല്പത്തവും, നശീകരണമനോഭാവവും ആണ് നമ്മൾ കാണുന്നത്. എന്നാൽ, ഈശോയുടെ തിരിച്ചുള്ള arguments ൽ നാം കാണുന്നത് അവിടുത്തെ വാക്കുകളുടെ ശക്തിയാണ്, ദൈവികതയുടെ വിസ്മയമാണ്.
ഈശോയുടെ ശക്തി അവിടുത്തെ വാക്കുകളിലും, പ്രവർത്തികളിലും മാത്രമല്ല, അവിടുത്തെ നിലപാടിലും, മനോഭാവത്തിലും ഉണ്ട്. ഈശോ പറയുന്നത് കേൾക്കൂ…”എന്നോട് കൂടെയല്ലാത്തവൻ എന്റെ എതിരാളിയാണ്; എന്നോട് കൂടെ ശേഖരിക്കാത്തവൻ ചിതറിച്ചുകളയുന്നു.” (30) എന്തൊരു ശക്തിയാണ് ആ നിലപാടിന്. ശത്രുക്കൾപോലും കേൾക്കുമ്പോൾ വിറച്ചുപോകുന്ന പ്രസ്തവനയാണിത്, എതിരാളികൾപോലും പിന്നോട്ട് വലിയുന്ന നിലപാടാണിത്. ഇതിനെതിരെ കുരിശുകാണിച്ചും, കുരിശുമരണം വച്ചുനീട്ടിയും പീഡിപ്പിക്കാൻ നോക്കിയെങ്കിലും, ഈശോയുടെ നിലപാടിന്റെ ഉറപ്പ് അത്ര ശക്തമായിരുന്നു.
ഇന്ന് ക്രൈസ്തവർക്കുപോലും ക്രിസ്തുവിന്റെ compromise ഇല്ലാത്ത നിലപാടുകളോട് പുച്ഛമാണ്. ക്രിസ്തുവിന്റെ മുൻപിൽ നിന്ന്, ക്രിസ്തുവിനുവേണ്ടി പൗരോഹിത്യാഭിഷേക സമയത്തോ, വൃതസമർപ്പണവേളയിലോ, വിവാഹവാഗ്‌ദാന നിമിഷങ്ങളിലോ നാം ക്രൈസ്തവർ എടുക്കുന്ന പ്രതിജ്ഞയ്ക്ക്, നിലപാടിന് ആ സമയങ്ങളിലെ ആഘോഷങ്ങളോളംപോലും ആയുസ്സില്ലെന്നത് വർത്തമാനകാലചരിത്രമാണ്.
വർധിച്ചുകൊണ്ടിരിക്കുന്ന വിവാഹമോചനക്കേസുകളും, ക്രൈസ്തവസഭയെത്തന്നെ തളർത്തുന്ന ക്രൈസ്തവരുടെ പ്രവർത്തനങ്ങളും, തെരുവിലൂടെ നടന്ന് രാഷ്ട്രീയക്കാരെ തോൽപ്പിക്കുംവിധം സഭയ്‌ക്കെതിരെ മുഴക്കുന്ന മുദ്രാവാക്യങ്ങളും, ക്രിസ്തുവിന്റെ വചനം പറയുമ്പോഴുള്ള ഞഞ്ഞാ പിഞ്ഞാ വർത്തമാനങ്ങളും എല്ലാം വളരെ ബലഹീനമായ, തീർത്തും വികൃതമായ ക്രൈസ്തവജീവിതത്തെയാണ് പ്രകടമാക്കുന്നത്. ക്രിസ്തുവിന്റെ നിലപാടുകൾക്ക് ക്രൈസ്തവർ പുല്ലുവിലയേ കല്പിക്കുന്നുള്ളു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ഇവ. ഓർക്കണം, ക്രിസ്തുവിന്റെ നിലപാടിൽ വെള്ളം ചേർക്കാതിരുന്നതുകൊണ്ടാണ് ക്രിസ്തുമതത്തിൽ ഇത്രമാത്രം വിശുദ്ധരും, രക്തസാക്ഷികളും ഉണ്ടായത്. രക്തസാക്ഷികളുടെ രക്തംകൊണ്ട് വളർന്നുവന്ന തിരുസ്സഭ ഇന്നും ലോകത്തിൽ ആത്മീയ ശക്തിയായി, ധാർമിക ശക്തിയായി നിലകൊള്ളുന്നത് ക്രിസ്തുവിന്റെ ശക്തി അവളിൽ ഉള്ളതുകൊണ്ടാണ്. ക്രിസ്തുവിന്റെ നിലപാടിൽ അവൾ ഉറച്ചു നിൽക്കുന്നതുകൊണ്ടാണ്: തിരുസ്സഭ പരിശുദ്ധാത്മാവിനാൽ നയിയ്ക്കപ്പെടുന്നതുകൊണ്ടാണ്.
തിരുസ്സഭയും ക്രൈസ്തവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരും, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവരുമായതുകൊണ്ട്, ഈശോയുടെ ഇന്നത്തെ സുവിശേഷത്തിലെ പരാമർശം വളരെ പ്രധാനപ്പെട്ടതാണ്. “പരിശുദ്ധാത്മാവിനെതിരായ പാപങ്ങൾ ക്ഷമിക്കപ്പെടുകയില്ല.” പരിശുദ്ധാത്മാവിനെതിരായ ആറ് പാപങ്ങളെക്കുറിച്ചാണ് സഭ പ്രധാനമായും പഠിപ്പിക്കുന്നത്. 1. മോക്ഷം കിട്ടുകയില്ലെന്നുള്ള വിചാരം. 2. സത്യപ്രവർത്തി കൂടാതെ മോക്ഷം പ്രാപിക്കാമെന്ന മിഥ്യാ പ്രതീക്ഷ. 3. ഒരു കാര്യം സത്യമാണെന്നറിഞ്ഞിട്ടും, അതിനെ നിഷേധിക്കുന്നത്. 4. അന്യരുടെ നന്മയിലുള്ള അസൂയ 5. പാപം ചെയ്തതിനുശേഷം അനുതപിക്കാതെ അതിൽത്തന്നെ തുടരുന്നത് 6. അന്ത്യ സമയത്തുപോലും അനുതപിക്കാതെ പാപത്തോടുകൂടി മരിക്കുന്നത്.
വിശുദ്ധ പയസ് അഞ്ചാമൻ മാർപാപ്പയിലൂടെ ദൈവം വെളിപ്പെടുത്തിയതാണ് ഈ 6 കാര്യങ്ങൾ. ഇത്തരത്തിലൂടെയുള്ള പാപാവസ്ഥകളിലൂടെ നാം പലപ്പോഴും കടന്നുപോകാറുണ്ട്. കുമ്പസാരക്കൂട്ടിലിരിക്കുമ്പോൾ, പാപമോചനത്തിനായി അണയുന്ന സഹോദരർ പലപ്പോഴും പറയുന്ന ഒന്നാണ്, അച്ചാ, ദൈവം പോലും എന്നെ കൈവിട്ടിരിക്കുകയാണ്. എനിക്കിനി രക്ഷയില്ല. ” സഹോദരരേ, പാപികളെ രക്ഷയ്ക്കുവാൻ ഈ ലോകത്തിലേക്ക് വന്ന ക്രിസ്തു, ക്രിസ്തു മരണത്തിലൂടെ, ഉത്ഥാനത്തിലൂടെ, ഇന്നും വിശുദ്ധ കുർബാനയിലൂടെ നമ്മോടൊത്തായിരിക്കുന്നത് നമ്മെ രക്ഷിക്കുവാനാണ്. ‘ഈ ലോകത്തെ ശിക്ഷിക്കുവാനല്ല രക്ഷിക്കുവാനാണ്’ ക്രിസ്തു യേശു ഈ ലോകത്തിലേക്ക് വന്നത്. ക്രിസ്തുവിന്റെ രക്ഷയെ നിരാകരിക്കുന്നത്, നിരാശയിൽ ജീവിക്കുന്നത് ദൈവത്തിന്റെ ആത്മാവിനെ വേദനിപ്പിക്കലാണ് എന്ന് നാമറിയണം. ക്രിസ്തുവിൽ ആയിരിക്കുവാനും, മരണശേഷം സ്വർഗത്തിൽ ക്രിസ്തുവിനോടൊത്തായിരിക്കാനും നാം സത് പ്രവൃത്തികൾ ചെയ്യണം. വിശുദ്ധ ആഗസ്തീസിന്റെ വചനം ഓർക്കുക:”നിന്നെക്കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവത്തിന് പക്ഷേ, നിന്നെക്കൂടാതെ നിന്നെ രക്ഷിക്കുവാൻ സാധിക്കുകയില്ല. നന്മ ചെയ്യാതെ, നന്മയിൽ ആയിരിക്കാതെ സ്വർഗ്ഗത്തിലെത്താം എന്നത് പരിശുദ്ധാത്മാവിനെതിരായ പാപം ആകുന്നത് അതുകൊണ്ടാണ്. ആത്മാവിന്റെ പ്രവർത്തനങ്ങളോട് ചേർന്ന് നിൽക്കുവാൻ മനുഷ്യർക്ക് കഴിയണം. ദൈവത്തിനെതിരെ മർക്കടമുഷ്ടി പ്രയോഗിക്കുന്നവർ, ധാർഷ്ട്യത്തോടെ, അഹങ്കാരത്തോടെ ജീവിക്കുന്നവർ ആത്മാവിനെതിരെ പ്രവർത്തിക്കുന്നവരാണ്. കർത്താവിന്റെ അഭിഷിക്തർക്കെതിരെ പ്രാർത്ഥിക്കുന്നതും, അനീതിപരമായി, അനാവശ്യമായി, അകാരണമായി അവരെ വേദനിപ്പിക്കുന്നതും, തിരുസ്സഭയ്‌ക്കെതിരെ പ്രവർത്തിക്കുന്നതും പരിശുദ്ധാത്മാവിനെതിരെയുള്ള പാപമാകുന്നത്, സത്യമെന്തെന്നറിഞ്ഞിട്ടും അതിനെ നിഷേധിക്കുന്നതുകൊണ്ടാണ്.

സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ ശക്തി നമ്മിലും, നമ്മുടെ കുടുംബങ്ങളിലും, ഇടവകയിലും നിറയുവാൻ നമുക്ക് ആഗ്രഹിച്ചു് പ്രാർത്ഥിക്കാം. പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്യാതെ, ആത്മാവിനാൽ നയിക്കപ്പെടുന്നവരാകാം നമുക്ക് ശ്രമിക്കാം. ആമേൻ!
Reblogged this on Nelsapy.
LikeLike
Reblogged this on Nelson MCBS.
LikeLike