SUNDAY SERMON MT 20, 17-28

നോമ്പുകാലം മൂന്നാം ഞായർ

ഉത്പത്തി 7, 6-24

ജോഷ്വാ 5, 13-6, 5

റോമാ 7, 14-25

മത്തായി 20, 17-28

സന്ദേശം

കഴിഞ്ഞ ഫെബ്രുവരി 5 മുതൽ 14 വരെ തൃശ്ശൂരിൽ നടന്ന കേരള രാജ്യാന്തര തിയറ്റർ ഫെസ്റ്റിവെലിന്റെ (ITFoK) പതിമൂന്നാമത് എഡിഷനിൽ, യൂറോപ്യൻ തിയേറ്ററിലെ മഹാസാന്നിധ്യങ്ങളിൽ പ്രധാനിയായ ഇറ്റാലിയനായ റോമിയോ കസ്റ്റേലൂച്ചിയുടെ മൂന്നാം സാമ്രാജ്യം (Third Reich, തേർഡ് റയ്‌ക്ഹ്) എന്ന  നാടകം അരങ്ങേറുകയുണ്ടായി. ഹിറ്റ്ലറുടെ ഭരണകാലത്തെ വിശേഷിപ്പിക്കുന്ന പദമാണ് നാടകത്തിന്റെ പേരായി സ്വീകരിച്ചത് – തേർഡ് റയ്‌ക്ഹ്. ഈ നാടകം അരങ്ങേറുന്ന ദിനത്തിൽ പ്രവേശനകവാടത്തിൽ ഒരു മുന്നറിയിപ്പുണ്ടായിരുന്നു: “ഇത് നിങ്ങളുടെ കാതുകളെ ശല്യപ്പെടുത്തിയേക്കാം. ദുർബലഹൃദയങ്ങളെ പരിക്കേൽപ്പിച്ചേക്കാം. ആകയാൽ, എപ്പോൾ വേണമെങ്കിലും ഇറങ്ങിപ്പോകാം.”

ക്രിസ്തു തന്റെ ശിഷ്യരോടായി പറയുന്ന ഇന്നത്തെ സുവിശേഷഭാഗം വായിച്ചപ്പോൾ പ്രവേശനകവാടത്തിൽ കണ്ട മുന്നറിയിപ്പ് ഞാൻ ഓർത്തുപോയി. “ഇത് നിങ്ങളുടെ കാതുകളെ ശല്യപ്പെടുത്തിയേക്കാം. ദുർബലഹൃദയങ്ങളെ പരിക്കേൽപ്പിച്ചേക്കാം. ആകയാൽ, എപ്പോൾ വേണമെങ്കിലും ഇറങ്ങിപ്പോകാം.”

കാരണമെന്തെന്നല്ലേ? ഒരാൾ നിങ്ങളോട് ഒരു കഥ പറയുമ്പോൾ, അല്ലെങ്കിൽ ഒരു സ്വപ്നം വിവരിക്കുമ്പോൾ നിങ്ങളുടെ മനസ്സ് അത് കേൾക്കുവാൻ കൂടുതൽ താത്പര്യം കാണിക്കും. അതൊരു കഥ അല്ലെങ്കിൽ ഒരു സ്വപനം മാത്രമാണ്. അത് നിങ്ങളെ ഒരു വിധത്തിലും ഉപദ്രവിക്കുവാൻ പോകുന്നില്ല. വെറുതെ കേട്ടിരുന്നാൽ മതി. എന്നാൽ, ഒരു ക്രിസ്തുവിന്റെ, ഒരു ഗുരുവിന്റെ പ്രഭാഷണം കേൾക്കുക എന്നത് അപകടകരമാണ്. ക്രിസ്തുവിന്റെ വാക്കുകൾ കേൾക്കുക എന്നതിനർത്ഥം ഒരു തീർത്ഥയാത്രയ്ക്കുവേണ്ടി തയ്യാറെടുക്കുക എന്നാണ്. ക്രിസ്തുവിന്റെ വാക്കുകൾ കേൾക്കുകയെന്നതിന്റെ അർത്ഥം ഒരു പരിവർത്തനത്തിലൂടെ കടന്നുപോകുക എന്നാണ്.

അത്, ഒരു കഥ കേൾക്കുമ്പോൾ എന്നപോലെ ഒരു നേരമ്പോക്കല്ല. അതൊരു വിപ്ലവമാണ്. നിങ്ങൾ ഈശോയെ കേൾക്കുകയാണെങ്കിൽ, നിങ്ങളിലേക്ക് പ്രവേശിക്കുവാൻ ഈശോയെ അനുവദിക്കുകയാണെങ്കിൽ, ക്രിസ്തുവിനായി നിങ്ങളുടെ വാതിലുകൾ തുറക്കുകയാണെങ്കിൽ ക്രിസ്തുവിന്റെ വാക്കുകൾ അഗ്നിയാണ്. നിങ്ങളിലുള്ള  പാഴ്‌വസ്തുക്കളെ, നിങ്ങളിലുള്ള തിന്മകളെ, നിങ്ങളിലുള്ള കഴിഞ്ഞകാലജീവിതത്തിന്റെ അവശിഷ്ടങ്ങളെ അത് ദഹിപ്പിച്ചു കളയും. നിങ്ങളെ അത് ശുദ്ധീകരിച്ചെടുക്കും.  

പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, ഞാൻ ദൈവത്തിന്റെ എല്ലാമായി ത്തീർന്നിരിക്കുന്നു എന്ന അനുഭവത്തിൽ, പ്രലോഭനങ്ങളിൽ നിന്നകന്ന്, നൊന്തുസ്നേഹിക്കുവാൻ പഠിക്കണമെന്നും, ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കണമെന്നും കഴിഞ്ഞ രണ്ടു ഞായറാഴ്ചയിലൂടെ നമ്മെ പഠിപ്പിച്ചശേഷം, ക്രൈസ്തവജീവിതത്തെ ക്രിസ്തുചൈതന്യത്തിന്റെ നിറവാക്കി മാറ്റുന്നത് സഹനമാണെന്ന ചിന്തയിലേക്കാണ് നോമ്പുകാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച നമ്മെ കൊണ്ടുപോകുന്നത്.

ക്രിസ്തുവിനു പതിനെട്ടു നൂറ്റാണ്ടുകൾക്കുശേഷം ജീവിച്ച കാറൽ മാർക്സിന്റെ “മനുഷ്യരുടെ എഴുതപ്പെട്ട ചരിത്രം വർഗ സമരങ്ങളുടെ ചരിത്ര”മാണെന്ന വിലയിരുത്തലിനെ വിപ്ലവകരമെന്ന് ലോകം വിശേഷിച്ചപ്പോൾ, അതിന്റെ അലയൊലിയിൽ മുങ്ങിപ്പോയത് ക്രിസ്തുവിന്റെ എന്നും എപ്പോഴും വിപ്ലവകരമായി നിലനിൽക്കുന്ന ചരിത്ര വിലയിരുത്തലായിരുന്നു. എന്താണാ വിലയിരുത്തൽ? മനുഷ്യരുടെ എഴുതപ്പെട്ട ചരിത്രം വർഗസമരങ്ങളുടെയല്ല, ത്യാഗത്തിന്റെ, സഹനത്തിന്റെ മറ്റുള്ളവർക്കുവേണ്ടി മോചനദ്രവ്യമാകുന്നതിന്റെ ചരിത്രമാണ് എന്ന വിലയിരുത്തലാണ് ചരിത്രപുസ്തകത്തിന്റെ താളുകളുടെ മാർജിനിലേക്ക് തള്ളപ്പെട്ടത്. നിർഭാഗ്യവശാൽ, ലോകചരിത്രം രക്തത്തിന്റെയും, അധികാരത്തിന്റെയും, അധികാര പ്രമത്തതയുടെയും പടയോട്ടങ്ങളുടേതുമായി ചുരുങ്ങിപ്പോയി. എന്നാൽ, ലോകചരിത്രം ത്യാഗത്തിന്റെ സഹനത്തിന്റെ കാൽവരികളിൽ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, ശുശ്രൂഷയുടെ സ്വർണനൂലുകൾക്കൊണ്ട് നെയ്തപ്പെട്ട മനോഹരമായ ഒരു വസ്ത്രമാണ് എന്ന് ഇന്നും ക്രിസ്തു പ്രഘോഷിക്കുകയാണ്. ഇതാണ് ഇന്നത്തെ സുവിശേഷ സന്ദേശം.

വ്യാഖ്യാനം

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പീഡാനുഭവത്തെയും ഉത്ഥാനത്തെയും കുറിച്ചുള്ള മൂന്നു പ്രവചനങ്ങളാണ് ഉള്ളത്. ഇതിൽ ആദ്യത്തേതിലും, ഇന്ന് നാം വായിച്ചുകേട്ട മൂന്നാം പ്രവചനത്തിലും ഈശോ ജെറുസലേമിലേക്കു പോകുന്നതിനെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. സുവിശേഷങ്ങൾ, പ്രത്യേകിച്ച് സമാന്തര സുവിശേഷങ്ങളായ മത്തായി, മാർക്കോസ്, ലൂക്ക സുവിശേഷങ്ങൾ, ക്രിസ്തുവിന്റെ ജീവിതത്തെ, ജീവിതലക്ഷ്യത്തെ ജെറുസലേം കേന്ദ്രമാക്കിയാണ് അവതരിപ്പിക്കുന്നത്.

ജറുസലേമിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുവാനുള്ള രക്ഷാകരചരിത്രത്തിന്റെ രത്നചുരുക്കമാണ് ഈശോയുടെ വിവരണം. അവിടെ അത്താഴമേശയിലെ സൗഹൃദമുണ്ട്; ചതിയുണ്ട്, മുപ്പതുവെള്ളിക്കാശിന്റെ കച്ചവടമുണ്ട്, പീഡാസഹനമുണ്ട്, കാൽവരിയുണ്ട്, മരണമുണ്ട്‌, മരണശഷമുള്ള ഉത്ഥാനമുണ്ട്. ഉത്ഥാനത്തിലേക്കുള്ള വഴിയായി ക്രിസ്തു അവതരിപ്പിക്കുന്നതോ സഹനത്തെയാണ്.

സഹനത്തിന്റെ പിറവിയാണ് ക്രിസ്തുവിന്റെ ജീവിതം. ദൈവത്തിന്റെ മഹാത്യാഗമാണ് പുൽക്കൂട്ടിൽ നാം കാണുന്നത്. ദൈവത്തിന്റെ ത്യാഗം, സഹനം മുളപൊട്ടി പ്രപഞ്ചത്തിലേക്ക് വളർന്നതാണ് കാൽവരിയിലെ ഈശോയുടെ മരണം. “ഇതെന്റെ ശരീരമാകുന്നു”, ഇതെന്റെ രക്തമാകുന്നു” എന്ന വാഴ്ത്തലുകൾക്ക് മജ്ജയും മാംസവും ലഭിക്കുന്നത് കുരിശിലെ മരണത്തിലാണ്. ആ മരണത്തിന് ജീവൻ ലഭിക്കുന്നതോ ഉത്ഥാനത്തിലും.  

എങ്ങനെയാണ് സഹനം രൂപപ്പെടുന്നത്? അപരന്റെ വേദനകളെ സ്വന്തം ഹൃദയത്തിലേക്ക് വലിച്ചെടുക്കുമ്പോഴാണ് സഹനം ഉടലെടുക്കുന്നത്. അപരന്റെ ജീവിതക്ളേശം ലഘൂകരിക്കുന്നതിനുള്ള എന്റെ മനസ്സിന്റെ തീരുമാനത്തിൽ സഹനത്തിന്റെ വാതിലുകൾ തുറക്കപ്പെടുന്നു. ഒരാൾക്ക് ദുഃഖമുണ്ടാകുമ്പോൾ സാമൂഹികമായി മനുഷ്യർക്കെല്ലാം നോവണം.  പരാതികളില്ലാത്ത, പരിദേവനങ്ങളില്ലാത്ത, പരിഭവങ്ങളില്ലാത്ത സഹനമാണ് ക്രിസ്തുവിലേക്ക് നിങ്ങളെ നയിക്കുക! അമ്മയുടെ ഈറ്റുനോവിന്റെ നിലവിളികളിൽ എവിടെയാണ് പരിഭവം, പരാതി? ശിശുവിനെ പ്രസവിച്ചശേഷം സന്തോഷം നിമിത്തം ആ വേദന പിന്നീടവൾ ഓർക്കുന്നതേയില്ല.

സഹനമാണ് ജീവിതത്തിന്റെ സ്വഭാവം. തീർത്തും സ്വാഭാവികമായ സഹനമാണ് നമ്മെ ദൈവികമാക്കുന്നതും.  എന്തുകൊണ്ട് സഹനം എന്ന ചോദ്യത്തിന് യുക്തിസഹമായ ഉത്തരം കിട്ടുക എളുപ്പമല്ല. എന്തുകൊണ്ടാണ് ഇലകൾക്ക് പച്ചനിറം? കൈതോലയ്ക്കു എന്തുകൊണ്ടാണ് മുള്ള്? വാഴപ്പഴത്തിനു എന്താണ് മധുരം? ഉത്തരം ഒന്നേയുള്ളു. ഇലകൾക്ക് പച്ചനിറം, കൈതോലയ്ക്കു മുള്ള്, വാഴപ്പഴത്തിനു മധുരം – അവയുടെ സ്വഭാവമാണത്. സഹനങ്ങൾ ജീവിതത്തിന്റെ സ്വഭാവത്തിൽപെട്ടതാണ്. കാൽവരിയിലേക്ക് ഒന്ന് നോക്കൂ… “ക്രിസ്തുവിൽ വിടർന്നു നിൽക്കുന്ന സഹനത്തിന്റെ അടരുകൾ, അതിനെ ഒരു തീർത്ഥമാക്കുകയാണ്. സഹനത്തിലൂടെ കടന്നു പോകുമ്പോൾ നിലാവ് പോലെ ആത്മാവ് ക്രിസ്തുവിൽ നിറയുകയാണ്. ദൈവത്തിന്റെ കൃപാവരത്തിലുള്ള ഒരു സ്നാനമാണ് ക്രിസ്തുവിന് സഹനം. കാരണം, അത് അപരന്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതാകുന്നു.” (ദൈവത്തിന്റെ ഭാഷ – വിശുദ്ധ കുർബാന, 3, 55, പേജ് 69) പ്രവാചകൻ സഹനദാസനെ ആരചിക്കുന്നത് സഹനത്തിന്റെ സൂക്ഷ്മതയിലാണ്. ‘നമ്മുടെ വേദനകളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത്; നമ്മുടെ ദുഃഖങ്ങളാണ് അവൻ ചുമന്നത്. അവൻ മുറിവേൽപ്പിക്കപ്പെട്ടു; ക്ഷതമേല്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നൽകി.’  ക്രിസ്തുവിന്റെ ജീവിതത്തോട് നമ്മുടെ ജീവിതങ്ങളെ ചേർത്ത് നിർത്തുമ്പോഴാണ് നമ്മുടെ സഹനങ്ങൾക്ക് മൂല്യമുണ്ടാകുന്നത്.

ഈ ഭൂമിയിലെ സഹനങ്ങളെ ഒന്നടുത്ത് വന്ന് നിരീക്ഷിക്കൂ… അവയ്‌ക്കെല്ലാം ക്രിസ്തുവിന്റെ മുഖമാണെന്ന് കാണുവാൻ സാധിക്കും. കാരണം ക്രിസ്തുവിനാണ്, ക്രിസ്തുവിന് മാത്രമാണ് സഹനത്തിന്റെ അർഥം മനസ്സിലായത്; ക്രിസ്തുവിനാണ്, ക്രിസ്തുവിന് മാത്രമാണ് സഹനത്തെ രക്ഷാകരമാക്കുവാൻ കഴിഞ്ഞത്!!!

എന്നാൽ, കൈയെത്തും ദൂരത്തുള്ള കാൽവരിയുടെ പശ്ചാത്തലത്തിൽ നിൽക്കുമ്പോൾ, ഓരോ ചുവടിലും സഹനം പനയ്ക്കുമ്പോൾ, മരണത്തിന്റെ മണമുള്ള കാറ്റിലും, കുരിശിന്റെ നിഴലിലും നിൽക്കുമ്പോൾ, മനുഷ്യൻ, അത് ആരുമാകട്ടെ. സെബദീപുത്രന്മാരാകാം, അവരുടെ മാതാപിതാക്കളാകാം, ശിഷ്യരാകാം, നിങ്ങളാകാം, ഞാനാകാം, ആരുമാകട്ടെ, മനുഷ്യൻ ചിന്തിക്കുന്നത് സ്ഥാനമാനങ്ങളെക്കുറിച്ചാണ്, അധികാരത്തെക്കുറിച്ചാണ്, കാമക്രോധമോഹങ്ങളെക്കുറിച്ചാണ്. അവളും, അവനും അപ്പോഴും സ്വപ്നം കാണുന്നത് സ്വന്തം ഉയർച്ചയെക്കുറിച്ചാണ്; സ്വന്തം നേട്ടത്തെക്കുറിച്ചു മാത്രമാണ്! അല്ലെങ്കിൽ, ഒരു വർഗീയ ലഹളയുണ്ടാകുന്നതിന്റെ പുറകിലുള്ള രാഷ്ട്രീയം പലപ്പോഴും അധികാരമാകുന്നതെങ്ങനെ? ആയിരങ്ങൾ വെള്ളപ്പൊക്ക ദുരന്തത്തിൽ വീഴുമ്പോഴും അതിനെ എങ്ങനെ വോട്ടാക്കി മാറ്റാമെന്ന് ചിന്തിക്കുന്നതിന്റെ പുറകിലുള്ള ചിന്തയെന്താണ്?

നമ്മുടെ ജീവിതത്തിൽ അവശ്യം വന്നെത്തുന്ന സഹനങ്ങളെ എങ്ങനെ രക്ഷാകരമാക്കണം എന്നാണ് ഈശോ ഇന്ന് നമ്മോട് പറയുന്നത്. സഹനങ്ങളെ പിതാവായ ദൈവത്തിന്റെ കൃപകളായി കണ്ട് അവയെ രക്ഷാകരമാക്കുവാൻ നമുക്കാകണം. ശരിയാണ്, വളരെയേറെ നാം സഹിക്കേണ്ടിവരും, കുരിശെടുക്കേണ്ടിവരും, ആരോപണങ്ങളുടെ കയ്യുകൾ നമ്മുടെ വസ്ത്രങ്ങൾ ഉരിഞ്ഞു മാറ്റും; നാം നഗ്നരാകും. സർവ്വരാലും വെറുക്കപ്പെടും. അപ്പോഴും ഉത്ഥാനത്തിന്റെ പ്രതീക്ഷയിൽ ജീവിക്കുവാൻ ഇന്ന് ഈശോ നമ്മെ ആഹ്വാനം ചെയ്യുകയാണ്!

മാത്രമല്ല, ഇത്തരമൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഉദാത്തമായ, മനോഹരമായ ഒരു ദർശനം, ജീവിത കാഴ്ചപ്പാട് ഈശോ നൽകുകയാണ്. എന്റെ ശിഷ്യരേ, നിങ്ങൾ വിജാതീയരെപ്പോലെ ആകരുത്. അവരെങ്ങനെയാണ്? കുരിശിന്റെ നിഴലിൽ നിന്ന് അധികാരത്തിന്റെ ചെങ്കോലിനെ പറ്റി സംസാരിക്കുന്നവരാണ്. കുരിശിൽ പ്രാണൻ പിടയുന്ന കരച്ചിലിനിടയിലും അധികാരത്തിന്റെ വസ്ത്രം പങ്കിടുന്നവരാണ് അവർ. പക്ഷെ നിങ്ങളുടെ കാഴ്ചപ്പാട്, ജീവിത ദർശനം ഇങ്ങനെയായിരിക്കണം: ത്യാഗത്തിന്റെ സഹനത്തിന്റെ കാൽവരികളിൽ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, ശുശ്രൂഷയുടെ സ്വർണനൂലുകൾക്കൊണ്ട് പുതിയ ലോകത്തെ നെയ്യുന്നവരാകണം നിങ്ങൾ. കാരണം, ക്രിസ്തു ഈ ഭൂമിയിൽ വന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാനും അനേകർക്ക്‌ മോചനദ്രവ്യമായി തന്നെത്തന്നെ നൽകുവാനാണ്‌.

സ്നേഹമുള്ളവരേ, ഈശോയുടെ ജീവിതത്തിന്റെ സ്വഭാവം ശുശ്രൂഷയാണ്; സഹനമാണ്; ത്യാഗമാണ്; അന്ധകാരത്തിന്റെ, തിന്മയുടെ, അമർഷത്തിന്റെ, അധികാരപ്രമത്തതയുടെ അടിമത്തത്തിൽ കഴിയുന്നവർക്കുവേണ്ടിയുള്ള മോചനദ്രവ്യമാണ്. സെബദീപുത്രന്മാരുടെ അമ്മയുടെ മനോഭാവം, പത്തു ശിഷ്യന്മാരുടെ അമർഷം, വിജാതീയരുടെ ഭരണകർത്താക്കളുടെ യജമാനത്വം – ഇവയെല്ലാം ലോകത്തിന്റെ രീതികളാണ്. ക്രിസ്തുവിന്റെ കാഴ്ചപ്പാട്, ജീവിത ദർശനം ഇതിനൊക്കെ കടകവിരുദ്ധമാണ്. വലിയവനാകാതെ ശുശ്രൂഷകനാകാൻ, ഒന്നാമനാകാതെ ദാസനാകാൻ, ശുശ്രൂഷിക്കപ്പെടാതെ ശുശ്രൂഷിക്കാൻ, മറ്റുള്ളവരെ അടിമകളാക്കാതെ അവർക്കുവേണ്ടി ജീവൻ കൊടുക്കാൻ -ഇതൊക്കെയാണ് ക്രിസ്തുവിന്റെ രീതികൾ. ഈ ക്രിസ്തുവിനെ കേന്ദ്രീകരിച്ചാകണം ഇനി നമ്മുടെ ജീവിതം.

ഗോത്രവർഗ കാലഘട്ടം മുതൽ, നവീന ശിലായുഗം, അടിമത്തകാലഘട്ടം, ഫ്യൂഡലിസം, മുതലാളിത്വം, ഇപ്പോൾ നാം എത്തിനിൽക്കുന്ന ജനാധിപത്യകാലം ഉൾപ്പെടെയുള്ള ലോകത്തിന്റെ രീതികൾ എന്നും അധികാര പ്രമത്തതയുടെയും, സ്വാർത്ഥതയുടെയുമാണെന്നതിന് ഉദാഹരണങ്ങൾ ആവശ്യമില്ല. വെട്ടിപ്പിടുത്തതിന്റെ രാഷ്ട്രീയം കളിക്കാത്തവർ ആരാണുള്ളത്?

എന്നാൽ നമ്മുടെ ഇടയിൽ ഇത്തരത്തിലുള്ള ഒരു ജീവിതരീതി ഒരു ജീവിതമേഖലയിലും ഈശോ ആഗ്രഹിക്കുന്നില്ല. ഈശോ പറയുന്നത് കേൾക്കൂ: “എന്നാൽ, നിങ്ങളുടെ ഇടയിൽ അങ്ങനെ ആകരുത്”. ഈ വചനം നമ്മെ അസ്വസ്ഥമാക്കുന്നുണ്ടോ? നമ്മുടെ ഹൃദയം പൊള്ളുന്നുണ്ടോ? നമ്മുടെ കാതുകൾ ഈ വചനം കേൾക്കുമ്പോൾ വേദനിക്കുന്നുണ്ടോ? നമുക്ക് മനഃസ്സാക്ഷിക്കുത്ത് ഉണ്ടാകുന്നുണ്ടോ? തൃശ്ശൂരിലെ രാജ്യാന്തര തിയേറ്റർ ഫെസ്റ്റിവലിന്റെ പ്രവേശനകവാടത്തിലെ മുന്നറിയിപ്പുപോലെ, ഈ വചനങ്ങൾ, ക്രിസ്തുവിന്റെ ജീവിതം, നിങ്ങളുടെ കാതുകളെ ശല്യപ്പെടുത്തിയേക്കാം. ദുർബലഹൃദയങ്ങളെ പരിക്കേൽപ്പിച്ചേക്കാം. ആകയാൽ, എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഇറങ്ങിപ്പോകാം. അല്ലെങ്കിൽ ജീവിതത്തെ, ജീവിത സഹനങ്ങളെ രക്ഷാകരമാക്കാം, ക്രിസ്തുവിനെപ്പോലെ!

നമ്മുടെ ക്രൈസ്തവ ജീവിത മണ്ഡലങ്ങളിൽ ഒരു ഉടച്ചുവാർക്കൽ, തകിടം മറിക്കൽ, എന്നിട്ട് ഒരു പണിതുയർത്തൽ ആവശ്യമില്ലേ? അന്ന്, കാൽവരിയുടെ തൊട്ടടുത്തുനിന്ന് ഈശോ മരണത്തെപറ്റി, സഹനത്തെപ്പറ്റി പറഞ്ഞപ്പോൾ, ശിഷ്യന്മാർ സ്ഥാനമോഹങ്ങൾക്കു പുറകെയായിരുന്നു. ഇന്നും, ജീവിതം നശ്വരമാണെന്നറിഞ്ഞിട്ടും, മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ നീ മടങ്ങുമെന്നറിഞ്ഞിട്ടും, നാം സമ്പത്തു വാരിക്കൂട്ടാനും, കെട്ടിടങ്ങൾ പണിതുയർത്താനും ഓടിനടക്കുകയാണ്; നിയമനിർമാണസഭകളിൽ അധികാരം കൊണ്ട് മത്ത് പിടിച്ചു കോമരം തുള്ളുകയാണ്. അധികാരം ഉറപ്പിക്കുവാൻ വൃത്തികെട്ട കളികൾ നടത്തുകയാണ്. സ്നേഹമുള്ളവരെ, പാപത്തിന്റെ ബന്ധനം നമ്മെ വരിഞ്ഞുമുറുക്കിയിട്ടും, മരണം പടിവാതിൽക്കൽ എത്തിയിട്ടും ക്രിസ്തുവിലേക്കു, ക്രിസ്തു ദർശനത്തിലേക്ക് തിരിയാൻ നാം മടികാണിക്കുന്നു.

സമാപനം

സ്നേഹമുള്ളവരേ, ഈ അമ്പതു നോമ്പിന്റെ ദിനങ്ങളിൽ ക്രിസ്തുവിന്റെ ശുശ്രൂഷയുടെ, സഹനത്തിന്റെ ദർശനം സ്വന്തമാക്കാൻ നമുക്കാകട്ടെ. അധികാരത്തിന്റേതായ ഒന്നും ഈശോയ്ക്കുണ്ടായിരുന്നില്ല എന്ന് നാം ഓർക്കണം. അവിടുന്ന് അത്ഭുതങ്ങൾ പ്രവർത്തിച്ചത് രാജാവാകുവാനായിരുന്നില്ല. അവിടുന്ന് വെള്ളം വീഞ്ഞാക്കിയതും, അപ്പം വർധിപ്പിച്ചതും അധികാരഭ്രമം കൊണ്ടുമായിരുന്നില്ല. രക്ഷാകരമായതുകൊണ്ടും, മനുഷ്യന്റെ ആവശ്യങ്ങളിൽ ഹൃദയം വേദനിച്ചതുകൊണ്ടും, മനുഷ്യന്റെ വിശപ്പ് മനസ്സിലാക്കിയതുംകൊണ്ടാണ് ക്രിസ്തു സഹനത്തിലൂടെ കടന്നുപോയത്.. ക്രിസ്തുവിനെപ്പോലെ നമുക്കും ത്യാഗത്തിന്റെ സഹനത്തിന്റെ കാൽവരികളിൽ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, ശുശ്രൂഷയുടെ സ്വർണനൂലുകൾക്കൊണ്ട് പുതിയ ലോകത്തെ നെയ്യുന്നവരാകാം.

കാരണം, നമ്മുടെ ദൈവം, ക്രിസ്തു ഈ ഭൂമിയിൽ വന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാനും അനേകർക്ക്‌ മോചനദ്രവ്യമായി തന്നെത്തന്നെ നൽകുവാനാണ്‌. ആമേൻ!

3 thoughts on “SUNDAY SERMON MT 20, 17-28”

Leave a reply to Saju Pynadath Cancel reply