SUNDAY SERMON JN 9, 1-12

കൈത്താക്കാലം മൂന്നാം  ഞായർ

യോഹ 9, 1 – 12

ഇന്ന് കൈത്താക്കാലം മൂന്നാം ഞായറാഴ്ചയാണ്. ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദേശം ഇതാണ്: മനുഷ്യജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവത്തിന്റെ പ്രവര്‍ത്തികള്‍ നമ്മില്‍ പ്രകടമാകുന്നതിനുവേണ്ടിയാണ്, ദൈവമഹത്വത്തിനുവേണ്ടിയാണ്.

നാലാം സുവിശേഷത്തെ, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തെ അടയാളങ്ങളുടെ പുസ്തകമായിട്ടാണ് ബൈബിൾ പണ്ഡിതന്മാർ വിശേഷിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും വിശേഷപ്പെട്ടത് ഈശോ ലോകത്തിന്റെ വെളിച്ചമാകുന്നു, പ്രകാശമാകുന്നു എന്നതാണ്. നാലാം സുവിശേഷത്തിന്റെ ഒന്നാം അദ്ധ്യായം മുതല്‍ ഇരുപത്തിയൊന്നാം അദ്ധ്യായം വരെ നീളുന്ന ഒരു Thread ഉണ്ട് .  അത് ഈശോ വെളിച്ചമാണ് എന്നതാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്ന് മറിച്ചു നോക്കിയാൽ, ഒന്നാം അധ്യായത്തില്‍ പറയുന്നു: “എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചം ലോകത്തിലേക്ക് വരുന്നുണ്ടായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു, അതിനെ കീഴടക്കുവാന്‍ ഇരുളിന് കഴിഞ്ഞില്ല. (1, 5) ആരാണ് ഈ വെളിച്ചം? ക്രിസ്തു-ക്രിസ്തുവാണ് വെളിച്ചം. മൂന്നാം അധ്യായത്തില്‍, ഫരിസേയനായ നിക്കോദേമോസ് രാത്രിയില്‍ യേശുവിന്റെ അടുത്ത് വരുന്നുണ്ട്.  രാത്രിയില്‍? ആരുടെ അടുത്ത്? ക്രിസ്തുവിന്റെ, പ്രകാശത്തിന്റെ അടുത്ത്. (3, 2) ഇതാണ് ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യന്‍ അന്ധകാരത്തെ സ്നേഹിച്ചു. (3, 19) ആരാണ് പ്രകാശം? ക്രിസ്തു. എട്ടാം അധ്യായത്തില്‍ ഈശോ പറയുന്നു: “ഞാന്‍ ലോകത്തിന്റെ പ്രാകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയില്ല”. (8, 12) ആരാണീ ഞാന്‍? ക്രിസ്തു. എന്താണ് ക്രിസ്തു? വെളിച്ചം. ഒമ്പതാം അധ്യായത്തില്‍ വീണ്ടു ഈശോ പറയുന്നു: “ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്.” (9, 5) പതിനൊന്നാം അധ്യായത്തിൽ ലാസർ മരണത്തിന്റെ അന്ധകാരത്തിൽ നിന്ന് ജീവന്റെ പ്രകാശത്തിലേക്ക് വരുന്നു. പന്ത്രണ്ടാം അധ്യായത്തില്‍ ഈശോ പറയുന്നു: അന്ധകാരം നിങ്ങളെ കീഴടക്കാതിരിക്കാന്‍ പ്രകാശമുള്ളപ്പോള്‍ നടക്കുക. വീണ്ടും, നിങ്ങള്‍ പ്രകാശത്തിന്റെ മക്കളാകേണ്ടതിനു പ്രകാശത്തില്‍ വിശ്വസിക്കുവിന്‍. (12, 35-36) പ്രകാശം ക്രിസ്തുവാണ്‌. വീണ്ടും ഈശോ: ഞാന്‍ വെളിച്ചമായി ലോകത്തിലേക്ക് വന്നിരിക്കുന്നു. (12, 46) ആരായി? വെളിച്ചമായി. പതിമൂന്നാം അധ്യായത്തിൽ യൂദാസ് വെളിച്ചമായ ക്രിസ്തുവിൽ നിന്ന് ഇരുട്ടിലേക്ക് പോകുന്നു. വചനം പറയുന്നു. “അപ്പോൾ രാത്രിയായിരുന്നു.” (13, 30) 18 ൽ പത്രോസ് ഇരുളിൽ നിന്നുകൊണ്ട് പ്രകാശത്തെ (പ്രകാശമായ ക്രിസ്തുവിനെ) തള്ളിപ്പറയുന്നു. (18, 18) ഇരുപതാം അധ്യായത്തില്‍ ഇരുട്ടയിരിക്കുമ്പോള്‍ തന്നെ മഗ്ദലമറിയം ഓടി. എങ്ങോട്ട എങ്ങോട്ട്? പ്രകാശത്തിലേക്ക്, ക്രിസ്തുവിലേക്ക്. ഇരുപത്തൊന്നാം അധ്യായത്തില്‍ തീ കൂട്ടിയിരിക്കുന്നത് അവര്‍ കണ്ടു. വീണ്ടും, പ്രകാശം.

അന്ധന്റെ കണ്ണുകൾക്ക് കാഴ്ച നൽകുന്ന പാശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ശിഷ്യരുടെ മനസ്സിന്, അതുവഴി ലോകത്തിനു മുഴുവനും വെളിച്ചം നൽകുന്ന, ലോകത്തിന്റെ മുഴുവൻ അന്ധത മാറ്റുന്ന ക്രിസ്തുവിനെക്കുറിച്ചു പറയുവാനാണ് ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. ഓരോ ഫ്രയിമിലൂടെ വികസിച്ചുവരുന്ന ഒരു സിനിമ പോലെയാണ് ഇന്നത്തെ ഈ സംഭവം. ആദ്യം ക്യാമറ ഫോക്കസ് ചെയ്യുന്നത് ഒരു റോഡിലേക്കാണ്. ഉടനെ തന്നെ കാണുന്നത് ഈശോയും ശിഷ്യരും നടന്നു വരുന്നതാണ്. നടന്നുവരുന്ന അവരിൽ നിന്ന് പതുക്കെ പതുക്കെ ക്യാമറ വഴിയരുകിൽ നിൽക്കുന്ന അന്ധനായ ഒരു മനുഷ്യനിലേക്ക് തിരിയുകയാണ്. ശിഷ്യർക്ക് അയാളെ അറിയാം. പലപ്പോഴും അവർ അയാളെ അവിടെ കണ്ടിട്ടുണ്ട്. അയാളെക്കുറിച്ചു അവർക്കു അറിയാം. ജനിച്ചപ്പോഴേ അന്ധനായ ആ മനുഷ്യനോട് പലപ്പോഴും അവർക്കു സഹതാപം തോന്നിയിട്ടുണ്ടാകണം.  വചനം കൃത്യമായി പറയുന്നു, ‘അവൻ ജന്മനാ അന്ധനായിരുന്നു’. അടുത്ത സീൻ ശിഷ്യന്മാർ ഒരുമിച്ചു ഈശോയുടെ അടുത്ത് ചെന്ന് ചോദിക്കുകയാണ്: റബ്ബീ, ഇവൻ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്റെയോ, ഇവന്റെ മാതാപിതാക്കന്മാരുടെയോ?” ഈശോ ഞെട്ടിപ്പോയിക്കാണും. തീർച്ച! O’ my God! ഇവരെല്ലാവരും അന്ധരാണോ? ഇവരിൽ, ജന്മനാ അന്ധനായ മനുഷ്യനാണോ, അതോ ശിഷ്യരാണോ ശരിക്കും അന്ധർ? ഈശോ അന്ധനെനോക്കി, പിന്നെ ശിഷ്യരുടെ മുഖത്തേക്കും. ഇപ്പോൾ ക്യാമറ ഈശോയുടെ മുഖത്ത് വിടരുന്ന വിവിധ ഭാവങ്ങളിൽ ഫോക്കസ് ചെയ്തിരിക്കുകയാണ്.  ആ മുഖത്ത് വിടരുന്ന വിവിധ ഭാവങ്ങൾ നിങ്ങൾക്ക് നിങ്ങളുടെ കഴിവിനനുസരിച്ചു ഭാവനചെയ്യാം. 

സാവകാശം ശിഷ്യരുടെ അന്ധത ഈശോ മനസ്സിലാക്കുകയാണ്. അവരുടെ ചോദ്യത്തിൽ തന്നെ അവരുടെ അന്ധത ഒളിഞ്ഞിരിപ്പുണ്ട്. അന്ധനായ മനുഷ്യന്റെ ശാരീരിക അന്ധതയേക്കാള്‍ ഈശോയെ അസഹ്യപ്പെടുത്തുന്നതു ശിഷ്യരുടെ ഈ മാനസിക, ആത്മീയ അന്ധതയാണ്. ശാരീരിക അന്ധത പാപത്തിന്റെ, അയാളുടെ പിതാക്കന്മാരുടെ പാപത്തിന്റെ, അയാളുടെ തന്നെ പാപത്തിന്റെ ഫലമാണെന്ന ചിന്ത മാനസിക, ആത്മീയ അന്ധതയല്ലാതെ മറ്റെന്താണ്? എന്റെ ജീവിതത്തില്‍ തകര്‍ച്ചകള്‍ ഉണ്ടാകുന്നത്, ബിസ്സിനസ്സ് വിജയിക്കാത്തത്, കുഞ്ഞുങ്ങളുണ്ടാകാത്തത്, ക്യാന്‍സര്‍പോലുള്ള രോഗങ്ങള്‍ വരുന്നത് പിതാക്കന്മാരുടെ പാപങ്ങള്‍ കാരണമോ, അതോ എന്റെ പാപങ്ങളോ? ഈ ചോദ്യത്തിന് മനുഷ്യനോളം തന്നെ പ്രായമുണ്ട്. ബഹിരാകാശത്തേക്ക് ഈസിയായിട്ട് പിക്‌നിക്കിന് പോയിത്തുടങ്ങിയിട്ടും മനുഷ്യന്‍ ഇന്നും അങ്ങനെ തന്നെ ചിന്തിക്കുന്നു. ക്രിസ്തു കരുണയായി ഇന്നും ജീവിച്ചിട്ടും മനുഷ്യന്‍ അങ്ങനെ തന്നെ ചിന്തിക്കുന്നു. എന്നാല്‍ ഈശോ പറയുന്നു: ഇവന്റെയോ, ഇവന്റെ മാതാപിതാക്കളുടെയോ പാപം നിമിത്തം അല്ല. ദൈവത്തിന്റെ പ്രവര്‍ത്തികള്‍ ഇവനില്‍ പ്രകടമാകുന്നതുവേണ്ടിയാണ്, ദൈവത്തിന്റെ മഹത്വം പ്രകടമാകുന്നതിനുവേണ്ടിയാണ്.’

എന്നെ   കേട്ടുകൊണ്ടിരിക്കുന്ന നിങ്ങളിൽ ചിലരുടെ മനസ്സിലെങ്കിലും ഒരു ചോദ്യം ഉയരുന്നുണ്ടാകും. അപ്പോള്‍ പഴയനിയമത്തില്‍ പറയുന്നതോ? ധ്യാനഗുരുക്കന്മാര്‍ പറയുന്നതോ? നമ്മുടെ ജീവിതത്തിൽ തകർച്ചകൾ കടന്നുവരുന്നത് പൂർവ പിതാക്കളുടെ പാപത്തിന്റെ സ്വാധീനം മൂലമാണെന്ന് പറയുന്നതോ?

ഈ ചിന്തയ്ക്ക് ഒരു പരിണാമ ചരിത്രമുണ്ട്. മനുഷ്യൻ ബുദ്ധിപരമായി വളർന്നു വരുന്നതോടുകൂടി അവന്റെ ചിന്തകൾക്കും, വിശ്വാസങ്ങൾക്കുമെല്ലാം മാറ്റം വരുന്നുണ്ട്. ഇക്കാര്യത്തിലും ഒരു പരിണാമം നമുക്ക് കാണാവുന്നതാണ്. പുറപ്പാടിന്റെ പുസ്തകം പറയുന്നു: “എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറ വരെ ഞാന്‍ ശിക്ഷിക്കും”. (പുറ 20, 5) അതായിരുന്നു അന്നത്തെ ജനങ്ങളുടെ വിശ്വാസം. സംഖ്യയുടെ പുസ്തകത്തില്‍ പതിനാലാം അദ്ധ്യായം പതിനെട്ടാം വാക്യം: “കുറ്റക്കാരെ വെറുതെ വിടാതെ പിതാക്കന്മാരുടെ ആകൃത്യങ്ങള്‍ക്ക് മക്കളെ മൂന്നും നാലും തലമുറ വരെ  ശിക്ഷിക്കുന്നവന്നാണ് കര്‍ത്താവ്”. ഇവിടെയും അതെ ചിന്താഗതി തന്നെ. ഇനി നിയമാവര്‍ത്തന കാലഘട്ടം നോക്കൂ: “മക്കള്‍ക്കുവേണ്ടി പിതാക്കന്മാരെയോ, പിതാക്കന്മാര്‍ക്കുവേണ്ടി മക്കളെയോ വധിക്കരുത്. പാപത്തിനുള്ള മരണശിക്ഷ അവനവതന്നെ അനുഭവിക്കണം.” ഇവിടെ ചിന്താഗതി മാറി. മനുഷ്യന്‍ വളരുന്നതിനനുസരിച്ച് ദൈവത്തെക്കുറിച്ചുള്ള അവന്റെ/അവളുടെ ചിന്തയും മാറുന്നു. ഇനി കാലങ്ങളേറെ കഴിഞ്ഞ് എസക്കിയേല്‍ പ്രവാചകന്റെ കാലം വരുമ്പോള്‍ മനോഭാവം മാറുന്നു. “കര്‍ത്താവ് അരുളിച്ചെയ്തു: “പിതാക്കന്മാര്‍ പുളിക്കുന്ന മുന്തിരിങ്ങതിന്നു മക്കളുടെ പല്ല് പുളിക്കുന്നതെങ്ങനെ?” (എസ 18,2) “പാപം ചെയ്യുന്നവന്‍ മാത്രമായിരിക്കും മരിക്കുക. പുത്രന്‍ പിതാവിന്റെ തിന്മകള്‍ക്കുവേണ്ടിയോ, പിതാവ് പുത്രന്റെ തിന്മകള്‍ക്കുവേണ്ടിയോ, ശിക്ഷിക്ക പ്പെടുന്നില്ല. നീതിമാന്‍ തന്റെ നീതിയുടെ ഫലവും, ദുഷ്ടന്‍ തന്റെ ദുഷ്ടതയുടെ ഫലവും അനുഭവിക്കും” (എസ 18, 20) നോക്കൂ, ഒരു ചിന്തക്ക് പരിണാമം സംഭവിക്കുന്നത്‌! പഴയനിയമത്തിലെ പുസ്തകങ്ങള്‍ തമ്മില്‍ നല്ല അന്തരമുണ്ടെന്നും മനസ്സിലാക്കുക. അതായത്, ഒരു പുസ്തകം കഴിഞ്ഞു അടുത്ത പുസ്തകത്തിൽ എത്തുന്നവരെയുള്ള സമയദൈർഘ്യം വളരെ കൂടുതലാണ്. പഞ്ചഗ്രന്ഥിയിൽ നിന്ന് പ്രാവാചക കാലഘട്ടത്തിൽ എത്തുമ്പോൾ ധാരാളം മാറ്റങ്ങൾ, സാമൂഹിക, സാംസ്കാരിക, ബൗദ്ധിക മാറ്റങ്ങൾ ഉണ്ടാകുമെന്നതിൽ സംശയമില്ലല്ലോ.   

അതിനുശേഷം ഈശോ വരുന്നു. അവിടുന്ന് പറയുന്നു: മനുഷ്യന്റെ ബുദ്ധിമുട്ടുകള്‍, അവന്റെ വേദന, സഹനം, മനുഷ്യൻ നേരിടുന്ന അനീതികൾ, തുടങ്ങിയവ അവന്റെ/അവളുടെ മാതാപിതാക്കളുടെ പാപം നിമിത്തം അല്ല. ദൈവത്തിന്റെ പ്രവര്‍ത്തികള്‍ മനുഷ്യനില്‍ പ്രകടമാകുന്നതുവേണ്ടിയാണ്. ‘ പിന്നീട് ശ്ലീഹന്മാരുടെ കാലത്തും ക്രിസ്തുവിന്റെ മനോഭാവമാണ് അവരും വച്ച് പുലർത്തിയത്. വിശുദ്ധ യാക്കോബിന്റെ ലേഖനം (AD 62 ന് മുൻപ് രചിക്കപ്പെട്ടതാണ് ഈ ലേഖനം) ഒന്നാം അദ്ധ്യായം 14, 15 വചനങ്ങൾ ഇങ്ങനെയാണ്: “അവിടുന്ന് (ദൈവം) ആരെയും പരീക്ഷിക്കുന്നില്ല. ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നത് സ്വന്തം ദുർമോഹങ്ങളാൽ വശീകരിക്കപ്പെട്ട് കുടുക്കിലാകുമ്പോഴാണ്. ദുർമോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂർണ വളർച്ചയെത്തുമ്പോൾ മരണത്തെ ജനിപ്പിക്കുന്നു.”

ഈശോ പറയുന്നത് ലോകത്തിലായിരിക്കുമ്പോൾ നാം ലോകത്തിന്റെ പ്രകാശമായി ജീവിക്കണമെന്നാണ്. ലോകത്തിലായിരിക്കുമ്പോൾ നാം ദൈവത്തിന്റെ പ്രവർത്തികൾ ചെയ്യണമെന്നാണ്. നാം ചെയ്യുന്നതിനനുസരിച്ചാണ് നമുക്ക് പ്രതിഫലം. ലോകത്തിൽ പ്രകാശമായി ജീവിക്കുമ്പോൾ നമ്മുടെ ജീവിതവും പ്രകാശപൂർണമാകും. അന്ധകാരത്തിന്റെ പ്രവർത്തികൾ ചെയ്യുമ്പോഴോ, നാം ഇരുട്ടിലായിരിക്കും, നമ്മുടെ കുടുംബവും ഇരുട്ടിലാകും. ഉള്ളിൽ വെളിച്ചമില്ലാതെ ജീവിച്ചാൽ നാം അന്ധരാകും.

അതെ പ്രിയപ്പെട്ടവരേ, ഉള്ളിൽ പ്രകാശമില്ലാതെ അന്ധരായി ജീവിക്കുന്നവരാണോ നാമെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.

സമകാലീന ചരിത്രം പരിശോധിച്ചാൽ ധാരാളം ഉദാഹരണങ്ങൾ നമുക്ക് ലഭിക്കും. സ്വർണക്കള്ളക്കടത്തിലൂടെ സമ്പന്നരാകാൻ ശ്രമിക്കുന്നവർ, വർഗീയ വിദ്വേഷം ആളിക്കത്തിക്കുന്നവർ, ആൾക്കൂട്ട കൊലപാതകങ്ങൾ നടത്തുന്നവർ, മതത്തിന്റെ പേരിൽ ആളുകളെ തമ്മിൽ തല്ലിക്കുന്നവർ, രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ തെങ്ങിൻ പൂക്കുല ചിതറുന്നപോലെ കൊലനടത്തുമെന്ന് ഭീഷണിപ്പെടുത്തുന്നവർ – ഇവരൊക്കെ അന്ധരല്ലാതെ മറ്റെന്താണ്?  മാസങ്ങളായി മണിപ്പൂരിൽ നടക്കുന്ന കലാപങ്ങളും, കൊലപാതകങ്ങളും, മാനഭംഗപ്പെടുത്തലുകളും കണ്ടില്ലെന്ന് നടിക്കുന്ന ഭരണസംവിധാനങ്ങൾ അന്ധരല്ലാതെ മറ്റെന്താണ്?

ഇതിനെതിരെ ഒന്നും ശബ്ദിക്കാതെ, ഒന്നും സംഭവിക്കാത്ത രീതിയിൽ മുന്നോട്ട് പോകുന്ന ഭരണാധിപന്മാരും അന്ധരല്ലാതെ മറ്റെന്താണ്?

നമ്മുടേത് അന്ധന്മാരുടെ ലോകമാണോ?  നമ്മുടേത് അന്ധരുള്ള, അന്ധർ മാത്രമുള്ള കുടുംബമാണോ? അന്ധനെ അന്ധൻ നയിക്കുന്ന ഒരു ലോകം എത്ര ഭയാനകമാണ്! വർഗീതയാൽ അന്ധനായവൻ യുദ്ധക്കൊതിയാൽ അന്ധനായവനോട് എന്ത് പറയും? അസൂയയാൽ അന്ധരായവർ അഹങ്കാരത്താൽ അന്ധരായവരോട് എന്ത് പറയും? ഭാരതീയ ആധ്യാത്മികതയിൽ ‘തന്ത്ര ദർശന’ത്തിൽ ശരാഹൻ എന്ന ബുദ്ധ ആചാര്യൻ രചിച്ച ഗീതങ്ങൾ താന്ത്രിക ദർശനത്തിന്റെ അടിസ്ഥാന ശിലകളാണ്. ഇതിൽ ഒരു ഗീതത്തിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “വീട്ടുവിളക്കുകൾ കൊളുത്തപെട്ടിട്ടുണ്ട്. എങ്കിൽ പോലും കുരുടൻ ഇരുട്ടിൽ തന്നെ ജീവിച്ചുകൊണ്ടേയിരിക്കുന്നു…ഒരു സൂര്യനിവിടെ പ്രത്യക്ഷപ്പെടുമ്പോൾ, ഇരുട്ട്, അതെത്രതന്നെ ഗഹനമെങ്കിലും അപ്രത്യക്ഷമാകും.”

ഒരുവൻ അന്ധനാണെങ്കിൽ നല്ല വിളക്കുകൾ, പ്രകാശം നിറഞ്ഞ നല്ല വ്യക്തികൾ, വിശുദ്ധ ഗ്രന്ഥങ്ങൾ കൊളുത്തപ്പെട്ടിട്ടുണ്ടെങ്കിലും അയാൾ ഇരുട്ടിലായിരിക്കും. വിളക്കുകളിവിടെ ഇല്ലാഞ്ഞിട്ടല്ല. എന്നാൽ, അയാളുടെ കണ്ണുകൾ അടഞ്ഞിരിക്കുകയാണ്. ക്രിസ്തുവാകുന്ന പ്രകാശത്തിന്റെ സ്പർശനത്തിനായി നമുക്ക് ആഗ്രഹിക്കാം. കണ്ണുകൾ തുറന്നു തരണേ എന്ന് പ്രാർത്ഥിക്കാം. 

നമ്മിലെ അന്ധതക്കെല്ലാം പൂർവികരെ കുറ്റം പറഞ്ഞു രക്ഷപ്പെടുവാൻ ശ്രമിക്കുന്നവരെ നോക്കി ഈശോ പറയും ഹേ, മനുഷ്യരേ നിങ്ങൾ അന്ധരാണ്. പ്രകാശത്തിലേക്ക് വരിക! ക്രിസ്തുവാണ് വെളിച്ചം. ക്രിസ്തുവിലേക്ക് മാനസാന്തരപ്പെടുക. ക്രിസ്തുവാകുന്ന വെളിച്ചത്തിൽ ജീവിക്കുക!

നമ്മുടെ ജീവിതത്തിലെ കുറവുകളെ, ഇല്ലായ്മകളെ, ദുഃഖങ്ങളെ, പൂർവികരുടെ പാപമായിക്കാണാതെ, ജീവിതത്തെ അതായിരിക്കുന്ന പോലെ സ്വീകരിക്കുവാനും, ജീവിതം എങ്ങനെയായിരുന്നാലും അത് ദൈവത്തിന്റെ ഇഷ്ടമായിക്കാണാനും ശ്രമിച്ചാൽ സ്നേഹമുള്ളവരേ, നമ്മുടെ ജീവിതവഴികളിൽ ക്രിസ്തു നടന്നെത്തും. നമ്മുടെ കുറവുകളെ അവൻ പരിഹരിക്കും. നമ്മുടെ അന്ധത കഴുകിക്കളഞ്ഞു അവിടുന്ന് നമുക്ക് കാഴ്ച്ച നൽകും. നമ്മുടെ കണ്ണീരിനെ അവിടുന്ന് തുടച്ചുമാറ്റും. നമ്മുടെ ബലഹീനതയെ അവൻ ശക്തിപ്പെടുത്തും.  നമ്മുടെ നെടുവീർപ്പുകൾ കേൾക്കുന്നവൻ, നമ്മുടെ മുറിവുകളെ തൈലം പുരട്ടി സുഖപ്പെടുത്തുന്നവൻ നമ്മുടെ ജീവിതം തന്റെ കൃപകൊണ്ട് നിറയ്ക്കും.  നമ്മുടെ ജീവിതം ദൈവത്തിന്റെ മഹത്വം പ്രകടമാകുന്ന ഒന്നാക്കി അവൻ തീർക്കും.

ഓർക്കുക: മനുഷ്യജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവത്തിന്റെ പ്രവര്‍ത്തികള്‍ നമ്മില്‍

പ്രകടമാകുന്നതിനുവേണ്ടിയാണ്, ദൈവമഹത്വത്തിനുവേണ്ടിയാണ്. ആമ്മേൻ!

One thought on “SUNDAY SERMON JN 9, 1-12”

  1. പൂർവിക ശാപത്തേക്കുറിച്ച് അച്ഛന്റെ വിശദീകരണം ഒരുപാട് ഇഷ്ടപ്പെട്ടു. നന്ദി.

    Liked by 1 person

Leave a reply to Nelson Cancel reply