SUNDAY SERMON LK 4, 16-22

ദനഹാക്കാലം ഒന്നാം ഞായർ

ലൂക്ക 4, 16-22

Cheers to 2025!

സ്നേഹപൂർവ്വം നന്മനിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു!

2025 നിങ്ങളെ, നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് അടുപ്പിക്കുകയും, നിങ്ങളുടെ ദിവസങ്ങളെ സന്തോഷവും വിജയവുംകൊണ്ട് നിറയ്ക്കുകയും ചെയ്യട്ടെ.

ഇങ്ങനെ, Whatapp ലൂടെയും, നേരിട്ടും നവവത്സരമംഗളങ്ങളോടെ നമ്മൾ, ദൈവാനുഗ്രഹത്താൽ, 2025 ലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എല്ലാവർക്കും പുതുവത്സരാശംസകൾ സ്നേഹപൂർവ്വം നേരുന്നു!

2025 ന്റെ ആദ്യഞായറാഴ്ചയാണിന്ന്. സീറോ മലബാർ സഭയുടെ ആരാധനാക്രമ കലണ്ടർ അനുസരിച്ച് ഈ ഞായറാഴ്ച്ച നാം ദനഹാക്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഉദയം, പ്രത്യക്ഷവത്കരണം, ആവിഷ്കാരം, വെളിപാട് എന്നൊക്കെയാണ് “ദനഹാ” എന്ന വാക്കിന്റെ അർത്ഥം. ജനുവരി ആറാം തീയതിയാണ് കത്തോലിക്കാ സഭയിൽ ദനഹാതിരുനാൾ ആഘോഷിക്കുന്നത്. എന്നാൽ, 24 വ്യക്തിഗത സഭകളുടെ കൂട്ടായ്മയായ കത്തോലിക്കാ സഭയിൽ, ഈശോയുടെ വെളിപ്പെടുത്തൽ ആഘോഷിക്കുന്നതിന് വ്യത്യസ്ത ഭാവങ്ങളുണ്ട്. ഉദാഹരണത്തിന്, ലത്തീൻ സഭയിൽ പൂജ്യരാജാക്കന്മാർ ഈശോയെ സന്ദർശിക്കുന്നു എന്ന സംഭവത്തെ ആസ്പദമാക്കിയാണ് ഈശോയുടെ വെളിപ്പെടുത്തൽ ആഘോഷിക്കുന്നത് – മൂന്ന് രാജാക്കന്മാർ ലോകത്തെ മുഴുവനും പ്രതിനിധീകരിക്കുകയും,അവർ വന്ന് രാജാധിരാജനായ ക്രിസ്തുവിനെ ആരാധിക്കുകയും, സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. കത്തോലിക്കാ സഭയിലെ മറ്റൊരു വ്യക്തിഗത സഭയായ സീറോ മലബാർ സഭ ഈശോയുടെ മാമ്മോദീസായെ ആസ്പദമാക്കിയാണ് ഈശോയുടെ വെളിപ്പെടുത്തൽ, ദനഹാ ആഘോഷിക്കുന്നത്. ഇത് അനൈക്യത്തിന്റെ ലക്ഷണമല്ല. ഇത്, പാശ്ചാത്യ, പൗരസ്ത്യ വീക്ഷണത്തിലുള്ള (perspective), ആശയങ്ങൾ മനസ്സിലാക്കുന്നതിലുള്ള വ്യത്യാസം കൊണ്ടാണ്.

സീറോ മലബാർ സഭയുടെ ആരാധനാക്രമ ദൈവശാസ്ത്രമനുസരിച്ച് (Liturgical Theology), മനുഷ്യാവതാരത്തിലൂടെ ദൈവം ഈ ലോകത്തിൽ ആഗതനായെങ്കിലും, അവിടുത്തെ പ്രത്യക്ഷവത്കരണം ആരംഭിക്കുന്നത് യോർദ്ദാൻ നദിയിൽ സ്നാപകയോഹന്നാനിൽ നിന്ന് മാമ്മോദ്ദീസ സ്വീകരിക്കുന്നതിലൂടെയാണ്.  പൗരസ്ത്യ ആധ്യാത്മികത (Eastern Spirituality) എപ്പോഴും ദൈവിക കാര്യങ്ങളിൽ വലിയൊരു രഹസ്യാത്മകത (Mystical) കാത്തുസൂക്ഷിക്കുന്നുണ്ട്. ഈശോയുടെ മാമ്മോദീസയിൽ അതുണ്ട്. സ്വർഗം തുറക്കപ്പെടുന്നു, പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ വരുന്നു, സ്വർഗത്തിൽ നിന്ന് ഒരു സ്വരമുണ്ടാകുന്നു. ഇതെല്ലം സാധാരണ കാര്യങ്ങളല്ല. സ്വർഗത്തിന്റേതാണ് അവ; ദൈവത്തിന്റേതാണ് അവ. അതിൽ രഹസ്യാത്മകത ഉണ്ടാകണമല്ലോ. അതുകൊണ്ടാണ് പൗരസ്ത്യ സഭയായ സീറോ മലബാർ സഭ ഈശോയുടെ മാമ്മോദീസ ദനഹതിരുനാളായി സ്വീകരിച്ചിരിക്കുന്നത്. അപ്പോൾ ഒരു സംശയം! പിന്നെ, എന്തുകൊണ്ടാണ് ഈ ഞായറാഴ്ച്ച, ദനഹാ ഒന്നാം ഞായറിൽ മറ്റൊരു സുവിശേഷ ഭാഗം? ഉത്തരമിതാണ്. ഈശോ സ്വയം ലോകത്തിന് വെളിപ്പെടുത്തുകയും, പിതാവും, പരിശുദ്ധാത്മാവും അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന ദനഹാത്തിരുനാൾ ജനുവരി ആറാം തീയതിയാണ് നാം ആഘോഷിക്കുന്നതെങ്കിലും, ‘ക്രിസ്തു തന്നെത്തന്നെ ഈ ലോകത്തിന് വെളിപ്പെടുത്തുന്നു’ എന്ന സന്ദേശം ഈ ഞായറാഴ്ച മുതൽ സഭ പ്രഘോഷിക്കുകയാണ്.  

ജനുവരി ആറാം തീയതി ആഘോഷിക്കുന്ന കർത്താവിന്റെ ദനഹാതിരുനാൾ കേരളത്തിന്റെ വടക്കൻഭാഗങ്ങളിൽ പിണ്ടികുത്തിത്തിരുനാളെന്നും, തെക്കൻഭാഗങ്ങളിൽ രാക്കുളിതിരുനാളെന്നും അറിയപ്പെടുന്നു. ലോകത്തിന്റെ പ്രകാശമായ മിശിഹായെ (യോഹ 8, 12) ബഹുമാനിക്കുന്നതിനും സ്തുതിക്കുന്നതിനും, വാഴപ്പിണ്ടിയിൽ പന്തംകൊളുത്തി അതിന് ചുറ്റും പ്രദക്ഷിണം വച്ചുകൊണ്ട് ദൈവം പ്രകാശമാകുന്നു എന്ന് ആർത്തുവിളിക്കുന്ന പതിവിൽ നിന്നാണ് പിണ്ടികുത്തിത്തിരുനാൾ രൂപപ്പെട്ടത്. ഈശോയുടെ മാമ്മോദീസായെ സ്മരിച്ചുകൊണ്ട് ഈ തിരുനാളിന്റെ തലേദിവസം അടുത്തുള്ള നദിയിലോ, കുളത്തിലോ പോയി നമ്മുടെ പൂർവികർ നടത്തിയിരുന്ന ആചരക്കുളിയിൽ നിന്നാണ് രാക്കുളി എന്നപേര് തിരുനാളിന് ലഭിച്ചത്.  

നാളെ, ജനുവരി ആറിന് നാം ആചരിക്കുന്ന ദനഹാതിരുനാളിൽ മുഖ്യമായും ഈശോയുടെ മാമ്മോദീസായെയാണ് നമ്മൾ അനുസ്മരിക്കുന്നത്. യോഹന്നാനിൽ നിന്നും ഈശോ മാമ്മോദീസാ സ്വീകരിച്ച വേളയിൽ സ്വർഗം തുറക്കപ്പെടുകയും, പിതാവും പുത്രനും പരിശുദ്ധാത്മാവും, മാനവകുലത്തിന് വെളിപ്പെടുകയും, ചെയ്തു. ക്രിസ്തീയ മാമ്മോദീസായെന്നത് ഈശോയുടെ മരണത്തിലും ഉത്ഥാനത്തിലുമുള്ള പങ്കുചേരലാണെന്ന് (റോമാ 6, 3) ദനഹാതിരുനാൾ നമ്മെ ഓർമിപ്പിക്കുന്നു. ദനഹാക്കാലത്തിന്റെ സന്ദേശം ഇതാണ്: ഓരോ ക്രൈസ്തവനും, തിരുസ്സഭയോട് ചേർന്ന് ചിന്തയിലും, വാക്കിലും പ്രവർത്തിയിലും ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുക! ഇതാണ് ക്രൈസ്തവവരുടെ കടമയും, ദൗത്യവും!

മൂന്നാം അധ്യായത്തിലാണ് ഈശോയുടെ മാമ്മോദീസ ലൂക്കാ സുവിശേഷകൻ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, നാലാം അദ്ധ്യായത്തിൽ, വീണ്ടും, ജനങ്ങളുടെ മുൻപാകെ, രാജകീയ പ്രതാപത്തോടെ, പ്രവാചക ശബ്ദത്തോടെ, പുരോഹിതന്റെ മഹത്വത്തോടെ ഈശോയെ ലൂക്കാ സുവിശേഷകൻ വെളിപ്പെടുത്തുന്നു.  വളരെ നാടകീയമായും, തികഞ്ഞ സൗന്ദര്യത്തോടുംകൂടിയാണ് അദ്ദേഹം ഈ രംഗം അവതരിപ്പിച്ചിരിക്കുന്നത്. താൻ പിച്ചവച്ചു നടന്ന, കൂട്ടുകാരോടൊത്ത് കളിച്ചു നടന്ന സ്ഥലമായ നസ്രത്തിൽ ഈശോ, പൗരുഷ്യമുള്ള, അരോഗദൃഢഗാത്രനായ ചെറുപ്പക്കാരൻ സിനഗോഗിലേക്ക് പ്രവേശിക്കുകയാണ്. ഇത് ആദ്യമായിട്ടൊന്നും ആയിരിക്കില്ല ഈശോ അവിടേക്ക് പ്രവേശിക്കുന്നത്. എല്ലാർക്കും പരിചിതനാണ് ഈശോ. കാരണം, ഈശോ വായിക്കുവാൻ എഴുന്നേറ്റപ്പോൾ, ദൈവാലയ ശുശ്രൂഷകൻ അവന് പുസ്തകം നല്കുകയാണ്. എന്നാൽ, ആ ദിനത്തിന് എന്തോ പ്രത്യേകതയുള്ളതുപോലെ, ജനങ്ങൾക്ക് മാത്രമല്ല സിനഗോഗിലെ കല്ലുകൾക്കുപോലും തോന്നി. സ്വർഗീയ മഹത്വം അവിടെ നിറഞ്ഞു നിൽക്കുന്നതുപോലെ…അന്തരീക്ഷത്തിന് തന്നെ ഒരു മാറ്റം. മാലാഖമാർ വചനപീഠത്തിന് ചുറ്റും നിൽക്കുന്നതുപോലെ ജനങ്ങൾക്ക് തോന്നി. അത്രമാത്രം സ്വർഗീയമായിരുന്നു അവിടം. മുഖത്തു നിറഞ്ഞു നിൽക്കുന്ന പുഞ്ചിരിയോടെ ഈശോ വായിക്കുവാൻ ആരംഭിച്ചു. “കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്.” കൂടിയിരുന്നവർ പതിയെപ്പറഞ്ഞു: ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നാണല്ലോ വായന..” ഈശോ തുടരുകയാണ്. ജനം ഒന്നടങ്കം ശ്വാസമടക്കിപ്പിടിച്ച് അത് മുഴുവൻ കേട്ടു. എല്ലാവരും വിസ്മയത്തോടെ അവനെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ഈശോയാകട്ടെ, അവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് പറഞ്ഞു:

“നിങ്ങൾ കേൾക്കെത്തന്നെ ഈ തിരുവെഴുത്ത് നിറവേറിയിരിക്കുന്നു.” ഈശോയുടെ ദനഹായാണ്, ദൈവിക വെളിപ്പെടുത്തലാണ് ലൂക്കാ സുവിശേഷകൻ വളരെ മനോഹരമായി ഇവിടെ കുറിച്ച് വച്ചിരിക്കുന്നത്.

എണ്ണിത്തീർക്കാനാവാത്ത ജീവിത നിരീക്ഷണങ്ങളിലൊന്ന് ഈ പ്രപഞ്ചം മുഴുവനും, നമ്മുടെ സാധാരണ ജീവിതം മുഴുവനും ദൈവത്തിന്റെ വെളിപ്പെടുത്തലുകളാണ് എന്നാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ കാനായിലെ അത്ഭുതം പോലെ ഒന്ന് നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിലും സംഭവിക്കുന്നുണ്ട്. കാനായിലെ കല്യാണവിരുന്നിലെ വെള്ളം വീഞ്ഞാക്കിയ അത്ഭുതം വിവരിച്ചശേഷം സുവിശേഷകൻ പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. “യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിന് പ്രവർത്തിച്ച അടയാളങ്ങളുടെ ആരംഭമാണ് ഗലീലിയിലെ കാനയിൽ ചെയ്ത ഈ അത്ഭുതം.” (യോഹ 2, 11) ഈശോയുടെ മഹത്വം വെളിവാകുന്ന അത്ഭുതങ്ങളുടെ, വെളിപാടുകളുടെ ദനഹാ യാണ് സ്നേഹമുള്ളവരേ, ഈ പ്രപഞ്ചവും നമ്മുടെ ഈ ഭൂമിയിലെ ജീവിതവും.

രാത്രിയുടെ ഇരുളിനെ വകഞ്ഞുമാറ്റി ഉദിച്ചുയരുന്ന സൂര്യൻ മുതൽ സൗരയൂഥങ്ങളും, ആകാശങ്ങളും എന്തെന്ത് വിസ്മയങ്ങളൊരുക്കിയാണ് ദൈവിക വെളിപാടുകളുടെ അടയാളങ്ങളാകുന്നത്!! വിത്തിനകത്ത് ഒളിച്ചിരിക്കുന്ന വൃക്ഷവും, ചെടികളിൽ വിടരുന്ന പുഷ്പങ്ങളും, ഫലങ്ങളും ഓരോ നിമിഷവും നടക്കുന്ന ജന്മങ്ങളും …ഓരോന്നും ക്രിസ്തുവിന്റെ വെളിപാടുകളാണ്. മനുഷ്യനിലെ അത്ഭുതങ്ങളിലൂടെ വിടരുന്ന ദൈവത്തിന്റെ വെളിപാടുകൾ അനവധിയാണ്! നമ്മുടെ അപ്പച്ചന്മാരും അമ്മച്ചിമാരും ദൈവത്തിന്റെ വെളിപാടുകളല്ലേ? നാം അറിഞ്ഞും അറിയാതെയും എത്രയോ വട്ടമാണ് ക്രിസ്തു നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്! ദൈവത്തിന്റെ വെളിപാടുകളായി ജീവിതത്തെ മുഴുവൻ കാണുവാൻ സാധിക്കുക – അതാണ് ദനഹാക്കാലത്തിന്റെ ചൈതന്യമെന്ന് പറയുന്നത്.

ലോകരക്ഷകനായ ക്രിസ്തുവിന്റെ സുവിശേഷം ക്രിസ്തുമതത്തിന്റെ ചൈതന്യമായി, അലങ്കാരമായി തിളങ്ങി നിന്ന ആദിമകാലങ്ങളിലെ രക്തസാക്ഷികളുടെ ജീവിതങ്ങൾ ക്രിസ്തുവിന്റെ വെളിപാടുകളായിരുന്നു. ക്രിസ്തുമതത്തിലെ ആയിരക്കണക്കിന് വിശുദ്ധരുടെ ജീവിതങ്ങളും, ജീവിതത്തിന്റെ സാധാരണ സാഹചര്യങ്ങളിൽ ജീവിതംകൊണ്ടും, ജീവൻ കൊടുത്തും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന ക്രൈസ്തവരെല്ലാം ക്രിസ്തുവിന്റെ വെളിപാടുകളാണ്. ക്രിസ്തുമതത്തിൽ ഭൗതികതയുടെ, ലൗകികതയുടെ മാറാലകൾ നിറഞ്ഞു നിന്ന മധ്യകാലഘട്ടങ്ങളിൽ ഉദിച്ചുയർന്ന വിശുദ്ധ ഫ്രാൻസിസ് അസീസി (St. Francis Assissi), കച്ചവട താത്പര്യങ്ങളുടെയും, ആധുനിക സങ്കല്പ്പങ്ങളുടെയും പിന്നാലെ നടക്കുന്ന ആധുനിക ക്രിസ്തുമതത്തിൽ ക്രിസ്തുവിന്റെ വെളിപാടായി മാറിയ വിശുദ്ധ മദർ തെരേസ (St. Mother Teresa), സോഷ്യൽ മീഡിയയുടെ പിന്നാലെപോയി വഴിതെറ്റുന്ന ആധുനിക അവതലമുറയ്ക്കു മുന്നിൽ ഉയർന്നു നിൽക്കുന്ന ധന്യനായ കാർലോസ് അക്വിറ്റസ് (St. Carlos Acutis) തുടങ്ങിയവരെല്ലാം ക്രിസ്തുവിന്റെ വെളിപാടുകളാണ്.

എം. മോഹനന്റെ 2011 മേയ് മാസത്തിൽ പുറത്തിറങ്ങിയ “മാണിക്യക്കല്ല്” എന്ന മനോഹരമായ ഒരു ചിത്രമുണ്ട്. നിങ്ങൾ കണ്ടു കാണും ആ Film.  SSLC യ്ക്ക് എല്ലാ കുട്ടികളും തോൽക്കുന്ന, ഒരച്ചടക്കവുമില്ലാത്ത, ടീച്ചർമാർ തങ്ങളുടേതായ ജോലി നോക്കുന്ന ഒരു സ്കൂൾ. ഈ സ്കൂളിലേക്ക് വിനയചന്ദ്രൻ എന്ന ചെറുപ്പക്കാരനായ ഒരു മാഷ് വരുന്നു. ആ സ്കൂളിനെ നല്ല വിജയമുള്ള, അച്ചടക്കമുള്ള ഒരു സ്കൂളാക്കി മാറ്റാൻ അദ്ദേഹം ശ്രമിക്കുന്നു. ധരാളം പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോഴും, പത്താം ക്ലാസിലെ ഒരു കുട്ടി തന്നെ കളിയാക്കി ഒരു കാർട്ടൂൺ ചിത്രം വരച്ചപ്പോൾ, അദ്ദേഹം അവന്റെ കഴിവ് മനസ്സിലാക്കി അവന് പെയിന്റിംഗ് സാധനങ്ങൾ നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ബഷീറെന്ന ആ കുട്ടിക്ക് സംസ്ഥാന യുവജനോത്സവത്തിൽ ചിത്രരചനയ്ക്ക് ഒന്നാം കിട്ടിയപ്പോൾ അനുമോദിക്കാനായി ഗ്രാമത്തിലെ ത്രീ സ്റ്റാർ ക്ളബ്ബുകാർ ഒരു പ്രോഗ്രാം ഒരുക്കി. അതിൽ സമ്മാനം സ്വീകരിച്ചശേഷം ബഷീർ ഒരു നന്ദി പറയുന്നുണ്ട്. “ഞങ്ങൾക്ക് എല്ലാം വിനയചന്ദ്രൻ മാഷാ. പഠിക്കണമെന്നും, ജയിക്കണമെന്നും തോന്നിപ്പിച്ചത് മാഷാ. അരക്കൊല്ല പരീക്ഷയ്ക്ക് ഞങ്ങൾക്ക് നല്ല മാർക്കുണ്ട്. അത് കണ്ടപ്പോ ഉമ്മയും, ഉപ്പയും പറഞ്ഞു, മാഷെ ഇവിടെ കൊണ്ടെത്തിച്ചത് പടച്ചോനാന്ന്. പക്ഷേ, ഞങ്ങൾക്ക് …മാഷ്….മാഷ്..തന്നെയാ പടച്ചോൻ…! അത് പറഞ്ഞതും അവൻ വിതുമ്പിപ്പോയി.

പ്രിയപ്പെട്ടവരേ, ഒരു സിനിമാക്കഥപോലെ എത്രയോ വട്ടം ഇങ്ങനെയൊക്കെ നമ്മുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. നമ്മുടെ മാതാപിതാക്കളെ കെട്ടിപ്പിടിച്ച് പലപ്രാവശ്യം നാം പറഞ്ഞിട്ടില്ലേ. അമ്മേ, അമ്മയാണെന്റെ ദൈവമെന്ന്. അപ്പച്ചാ, അപ്പച്ചനാണെന്റെ ദൈവമെന്ന്. ദൈവങ്ങൾ പ്രത്യക്ഷപ്പെടാൻ മടിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അത്രമാത്രം ക്രൂരതകൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വിധി പറഞ്ഞ പെരിയ ഇരട്ടക്കൊലക്കേസ് പോലെ! എങ്കിലും, നാം ക്രൈസ്തവർ വിളിക്കപ്പെട്ടിരിക്കുന്നത് നമ്മുടെ ജീവിതസാഹചര്യങ്ങളിൽ ക്രിസ്തുവിനെ വെളിപ്പെടുത്തുവാനാണ്. എന്റെ ജീവിതത്തിലെ ഏറ്റവും തകർന്ന് നിന്ന ആ നിമിഷത്തിൽ എന്റെ അടുത്ത് വന്നിരുന്ന് “ഞങ്ങൾ കൂടെയുണ്ട്” എന്ന് എന്റെ കൈകൾ ചേർത്ത് പിടിച്ച് പറഞ്ഞ ആ സ്ത്രീ എനിക്കാരാണ്? ക്രിസ്തു അല്ലാതെ മറ്റാരുമല്ല. സാമ്ബത്തികമായി ഞാൻ തകർന്ന് വേളയിൽ, ഒട്ടും പ്രതീക്ഷയില്ലാതിരുന്ന സാഹചര്യത്തിൽ, ഫോൺ വിളിച്ച് എന്റെ GPay നമ്പർ ചോദിച്ച് എനിക്ക് പൈസ ഇട്ടു തന്ന ആ വ്യക്തി ക്രിസ്തു അല്ലാതെ മറ്റാരാണെനിക്ക്!!! വർഷങ്ങളായി, ആസ്ബസ്റ്റോസ് (Asbestos) ഷീറ്റിന്റെ വീട്ടിൽ കിടന്ന് കഷ്ടപ്പെട്ടപ്പോൾ, ഒരു നല്ല വീട് വേണമെന്നാഗ്രഹിച്ചപ്പോൾ “വീട് പണി തുടങ്ങൂ..ഞാൻ സഹായിക്കാം” എന്ന് പറഞ്ഞ ആ മനുഷ്യൻ എനിക്ക് ക്രിസ്തുവല്ലേ? അങ്ങനെ സ്നേഹമുള്ളവരേ, എത്രപ്രാവശ്യം ക്രിസ്തു നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്? നാം എത്രയോ വട്ടം മറ്റുള്ളവർക്ക് ക്രിസ്തു ആയിട്ടുണ്ട്? അതെ, ഓരോ ക്രൈസ്തവനും, തിരുസ്സഭയോട് ചേർന്ന്, ചിന്തയിലും, വാക്കിലും പ്രവർത്തിയിലും ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുക!  അതാണ് ഇന്നത്തെ സുവിശേഷ സന്ദേശം!

അതിനുള്ള പ്രചോദനമാണ് ഇന്നത്തെ സുവിശേഷത്തിലെ ക്രിസ്തു! എത്രമനോഹരമാണ് ആ Scene!! എത്ര സുന്ദരമാണ് ആ വാക്കുകൾ! കർത്താവിന്റെ ആത്മാവിനാൽ നിറഞ്ഞവരാകുമ്പോൾ, നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. ദരിദ്രർക്ക് സുവിശേഷമാകുമ്പോൾ നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. ബന്ധിതർക്ക് മോചനമാകുമ്പോൾ നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യമാകുമ്പോൾ, നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. ദൈവവചനം നമ്മിൽ പൂർത്തിയാകുമ്പോൾ, നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. “ഇന്ന് ദൈവവചനം എന്നിൽ പൂർത്തിയാകട്ടെ” എന്ന് നമുക്ക് ആശിക്കാം. നാം ദനഹാ ആകുമ്പോൾ, നമ്മിലൂടെ ക്രിസ്തു വെളിപ്പെടുമ്പോൾ, അപ്പോൾ മാത്രമാണ് സുവിശേഷം,ഈ സുവിശേഷ ഭാഗം വിമോചന ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനമാകുന്നത്.

സ്നേഹമുള്ളവരേ,

നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിൽ വെളിവാകുന്ന അസാധാരണമായ ക്രിസ്തുവിന്റെ വെളിപാടുകളായി നമ്മുടെ ജീവിതങ്ങളെ മാറ്റുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും ജീവിത ദൗത്യം. ആമേൻ!

3 thoughts on “SUNDAY SERMON LK 4, 16-22”

Leave a comment