ശ്ളീഹാക്കാലം നാലാം ഞായർ
ലൂക്ക 6, 27-36

“അരുന്ധതി റോയിയുടെ The God of small Things – ചെറുതുകളുടെ ദൈവം – എന്ന നോവലിൽ മനോഹരമായൊരു വാചകമുണ്ട്, ” Like a seashell always has a sea sense, the Ayemenam home still had a river-sense.” “ഒരു കടൽകക്കയ്ക്ക് ഇപ്പോഴും ഒരു കടൽബോധമുള്ളതുപോലെ…” ഈ ഉപമാഭാവനയെ ഒന്നുകൂടി വികസിപ്പിച്ചു പറഞ്ഞാൽ, ഒരു കടൽകക്കയ്ക്ക് ഇപ്പോഴും ഒരു കടൽബോധമുള്ളതുപോലെ, ആകാശത്ത് പറക്കുന്ന ഒരു പക്ഷിക്ക് എപ്പോഴും ഒരു ആകാശബോധമുള്ളതുപോലെ, ഒരു ക്രൈസ്തവന് എപ്പോഴും ഒരു ക്രിസ്തുബോധം ഉണ്ടായിരിക്കണം. ഒരു ക്രിസ്ത്യാനിയുടെ ക്രിസ്തുബോധത്തിന്റെ Expression, Reflection എങ്ങനെയായിരിക്കും എന്നാണ് ഇന്നത്തെ സുവിശേഷഭാഗം നമുക്ക് പറഞ്ഞുതരുന്നത്. ജീവിതത്തിലും, ജീവിതസാഹചര്യങ്ങളിലും ക്രിസ്തുബോധമുള്ള ക്രൈസ്തവരാകുവാനാണ് ശ്ളീഹാക്കാലത്തിന്റെ നാലാം ഞായറാഴ്ച തിരുസ്സഭ നമ്മെ ക്ഷണിക്കുന്നത്.
ദൈവത്തിന്റെ പ്രവാചകനും, വക്താവുമായി വന്ന മോശ നിയമങ്ങള്‍ നല്‍കിയാണ് ഇസ്രായേല്‍ ജനത്തെ നയിച്ചത്. എന്നാല്‍ ഈശോ സ്നേഹവുമായിട്ടാണ് ഈ ലോകത്തിലേക്ക് വന്നത്. നിയമം എന്നത് ശക്തിയോടെ നടപ്പാക്കുന്ന സ്നേഹമാണ്. സ്നേഹമാകട്ടെ സ്വയമേ കടന്നുവരുന്ന നിയമമാണ്. നിയമം പുറമേ നിന്ന് അടിച്ചേല്പിക്കുന്നതാണ്. സ്നേഹം അകമേ നിന്ന് വരുന്നതാണ്. മോശ കല്പനകള്‍ നല്‍കുമ്പോള്‍, ഈശോ മോശയുടെ കല്പനകള്‍ക്ക് പുതിയ അര്‍ത്ഥവും കാഴ്ചപ്പാടും നല്‍കുകയാണ്.
നിയമങ്ങള്‍ നല്‍കുന്ന ദൈവമായിട്ടല്ലാ, നിയമങ്ങളുടെ പൂര്‍ത്തീകരണമായിട്ടാണ് ഈശോ നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നത്. ഈശോയുടെ കാലഘട്ടത്തെ ഒന്ന് ഓര്‍ത്തെടുക്കുന്നത് നല്ലതാണ്. ഈശോ ഇസ്രായേല്‍ ജനത്തിന്റെ മുന്‍പില്‍ നിന്നപ്പോള്‍, അവിടുന്ന് കണ്ടത് വികൃതമായ അവരുടെ മുഖങ്ങളെയാണ്. നിയമത്തിന്റെ കാര്‍ക്കശ്യം കൊണ്ട് വികൃതമായ, നിയമത്തിന്റെ ചൈതന്യം മനസ്സിലാക്കാതെ അതിനെ മനുഷ്യനെ ദ്രോഹിക്കാന്‍ ഉപയോഗിച്ചതുവഴി ക്രൂരമായ മുഖങ്ങളെയാണ്. എന്നിട്ട് അവര്‍ എന്ത് ചെയ്തെന്നോ, തങ്ങളുടെ വികൃതമായ, ക്രൂരമായ, പ്രസാദമില്ലാത്ത, വിധവകളെ വിഴുങ്ങുന്ന, പാവപ്പെട്ടവന്റെ സര്‍വതും തട്ടിയെടുത്തു നെയ്‌മുറ്റിയ അവരുടെ മുഖങ്ങളെ മറയ്ക്കുവാന്‍ അവര്‍ മോശയുടെ നിയമത്തിന്റെ, നിയമം നല്‍കിയ ദൈവത്തിന്റെ, നിയമം സംരക്ഷിക്കാന്‍ വേണ്ടിയുള്ള പുതിയ പുതിയ വ്യാഖ്യാനങ്ങളുടെ മുഖം മൂടികള്‍ ധരിച്ചു. നിങ്ങള്‍ക്ക് ക്രൂരമായ, വികൃതമായ മുഖം ഉണ്ടെങ്കില്‍ മുഖം മൂടി ധരിക്കാം. പക്ഷെ, നിങ്ങളുടെ മുഖം അപ്പോഴും വികൃതമായിത്തന്നെയിരിക്കും. മുഖം മൂടിയാണ് നിങ്ങളുടെ മുഖമെന്നു ഒരു നിമിഷത്തേയ്ക്ക് വേണ്ടിപ്പോലും ഓര്‍ക്കരുത്.
ഇസ്രായേൽ ജനത്തിന് പലവിധ മുഖം മൂടികള്‍ ഉണ്ടായിരുന്നെങ്കിലും ഈശോ അവരുടെ യഥാര്‍ത്ഥ വികൃതമായ, ക്രൂരമായ, പ്രസാദമില്ലാത്ത മുഖങ്ങളെ കണ്ടു. അവിടുന്ന് അവരുടെ മുഖം മൂടികള്‍ മാറ്റണമെന്ന് മാത്രമല്ലാ പറഞ്ഞത്, അവിടുന്ന് പറഞ്ഞു: സ്നേഹമുള്ള ഇസ്രായെല്‍ക്കാരെ, നിങ്ങള്‍, നിങ്ങളുടെ മുഖം മനോഹരമാക്കണം. മുഖം മനോഹരമാകണമെങ്കില്‍ നിങ്ങളുടെ ഹൃദയം സ്നേഹംകൊണ്ട് നിറയണം. ഹൃദയത്തില്‍നിന്ന് വരുന്ന സ്നേഹം കൊണ്ട് നിങ്ങളുടെ മുഖങ്ങള്‍ തിളങ്ങണം. ക്രിസ്തുബോധമുള്ള, സ്നേഹബോധമുള്ള മനുഷ്യരാകണം നിങ്ങൾ. ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്ന പുതിയ കാഴ്ചപ്പാട് ഇതാണ്: സ്നേഹം. നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങളെ സ്നേഹിക്കുമ്പോള്‍ മാത്രമേ, ഈ പ്രപഞ്ചത്തെ സ്നേഹിക്കുമ്പോള്‍ മാത്രമേ, നിങ്ങളുടെ സ്നേഹമെന്ന ശക്തി, നിങ്ങള്‍ക്ക് നല്കപ്പെട്ടിട്ടുള്ള ഒരേയൊരു ശക്തി നന്മയ്ക്കായി ഉപയോഗിക്കുമ്പോള്‍ മാത്രമേ, ദൈവത്തെ സ്നേഹിക്കുന്നവരാകുന്നുള്ളൂ. കാരണം, ഈശോ, ദൈവം സ്നേഹമാണ്. ഈശോ ഈ ലോകത്തെ സ്നേഹിച്ചു. ഈ ഭൂമിയുടെ ഗന്ധം അവന്‍ ഇഷ്ടപ്പെട്ടു. അവന്‍ മരങ്ങളെ സ്നേഹിച്ചു. കിളികളെ സ്നേഹിച്ചു. അവന്‍ സര്‍വചരാച്ചരങ്ങളെയും സ്നേഹിച്ചു, കാരണം അങ്ങനെയേ, ദൈവത്തെ സ്നേഹിക്കുവാന്‍ സാധിക്കൂ. ഒരു painting നെ സ്നേഹിക്കാന്‍ കഴിയാതെ എങ്ങനെ painter റിനെ സ്നേഹിക്കും? ഒരു കവിതയെ സ്നേഹിക്കാതെ, എങ്ങനെ കവിയെ സ്നേഹിക്കുവാന്‍ കഴിയും?
അതുകൊണ്ട്, നിന്റെ സഹോദരനെ നീ വെറുത്താല്‍, ശത്രുവിനെ നീ ദ്വേഷിച്ചാല്‍, അവളെ, അവനെ കൊന്നാല്‍, അവരെ പീഡിപ്പിച്ചാല്‍, അവരെ നിന്റെ കുടുംബത്തില്‍ നിന്ന്, സമൂഹത്തില്‍നിന്ന് പുറത്താക്കിയാല്‍, എങ്ങനെ നീ നിന്റെ ദൈവത്തെ സ്നേഹിക്കും? എങ്ങനെ നീ ശത്രുവിന്റെമേലുംകൂടി മഴപെയ്യിക്കുന്ന, സൂര്യനെ ഉദിപ്പിക്കുന്ന ക്രിസ്തുവിന്റെ കരുണ സ്വന്തമാക്കും? അവള്‍, അവന്‍ നിന്റെ ശത്രുവാണെന്നു പറഞ്ഞ്, നിന്റെ മേലങ്കി എടുത്തവരാണെന്ന് പറഞ്ഞ്, കടംമേടിച്ചത് തിരിച്ചു തരാത്തവരാണെന്ന് പറഞ്ഞ് അവരെ ഇല്ലാതാക്കിയാല്‍ എങ്ങനെ നീ നിന്റെ ദൈവത്തെ സ്നേഹിക്കും? എങ്ങനെ നീ ശത്രുവിന്റെമേലുംകൂടി മഴപെയ്യിക്കുന്ന, സൂര്യനെ ഉദിപ്പിക്കുന്ന ക്രിസ്തുവിന്റെ കരുണ സ്വന്തമാക്കും? സ്കൂളില്‍ വികൃതി കാണിക്കുന്ന കുട്ടിയെ സ്നേഹത്തോടെ, ദൈവത്തിന്റെ സ്നേഹത്തോടെ സമീപിക്കാതെ, അവനെ, അവളെ ഡിസ്മിസ്സ് ചെയ്‌താല്‍ എങ്ങനെ നീ നിന്റെ ദൈവത്തെ സ്നേഹിക്കും? എങ്ങനെ നീ ശത്രുവിന്റെമേലുംകൂടി മഴപെയ്യിക്കുന്ന, സൂര്യനെ ഉദിപ്പിക്കുന്ന ക്രിസ്തുവിന്റെ കരുണ സ്വന്തമാക്കും? ആ കുട്ടിയെ എങ്ങനെ സ്നേഹിക്കും എന്നതല്ലാ പ്രശ്നം, എങ്ങനെ നീ നിന്റെ ദൈവത്തെ സ്നേഹിക്കും എന്നതാണ്, എങ്ങനെ നീ ശത്രുവിന്റെമേലുംകൂടി മഴപെയ്യിക്കുന്ന, സൂര്യനെ ഉദിപ്പിക്കുന്ന ക്രിസ്തുവിന്റെ കരുണ സ്വന്തമാക്കുന്നവളാകും, സ്വന്തമാക്കുന്നവനാകും എന്നതാണ്? കാര്യം നിസ്സാരവുമല്ല, പ്രശ്നം ഗുരുതരവുമാണ്. നമ്മുടെ കോളേജുകളിൽ, സ്കൂളുകളിൽ ഉയർന്ന ശതമാനമുള്ള, പഠിക്കുന്ന കുട്ടികൾക്ക് മാത്രം അഡ്മിഷൻ കൊടുത്താൽ എങ്ങനെ നീ ശത്രുവിന്റെമേലുംകൂടി മഴപെയ്യിക്കുന്ന, സൂര്യനെ ഉദിപ്പിക്കുന്ന ക്രിസ്തുവിന്റെ കരുണ സ്വന്തമാക്കുന്നവളാകും, സ്വന്തമാക്കുന്നവനാകും!! പഠിക്കാൻ കഴിവ് കുറഞ്ഞ കുട്ടികളെക്കൂടി ഉൾപ്പെടുത്തി പഠിപ്പിക്കുന്നതല്ലേ യഥാർത്ഥ വിദ്യാഭ്യാസം!!
ഈശോ ഇസ്രായെല്‍ക്കാര്‍ക്ക് മുന്‍പില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇതായിരുന്നു, സ്നേ ഹമുള്ളവരെ. ഇന്ന് നമ്മുടെ മുന്‍പിലും ഈശോ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇത് തന്നെ. ഈശോ നമ്മെ നോക്കുമ്പോള്‍ കാണുന്നത് മുഖം മൂടികളാണ്; പല വര്‍ണത്തിലുള്ള, രൂപത്തിലുള്ള, വലിപ്പത്തിലുള്ള മുഖം മൂടികള്‍. നോക്കൂ…..കാണാന്‍ എത്ര മനോഹരമാണ്! പക്ഷെ, നമ്മുടെ യഥാര്‍ത്ഥ മുഖങ്ങളോ? ക്രിസ്തുബോധമില്ലാത്ത ക്രൈസ്തവരായി നാം ഇന്ന് മാറിയിരിക്കുകയാണ്.
ഈശോ നമ്മുടെ സ്വഭാവമായി, ചൈതന്യമായി, ക്രൈസ്തവന്റെ മുഖമുദ്രയായി, ഒരേയൊരു ശക്തിയായി നല്‍കിയിരിക്കുന്നത് സ്നേഹമാണ്, സ്നേഹം മാത്രമാണ്. ഈ സ്വഭാവം, ചൈതന്യം, ശക്തി നഷ്ടപ്പെടുത്താന്‍ പാടില്ല. ഒരംശംപോലും നഷ്ടപ്പെടുത്താന്‍ പാടില്ല. ഇത് സംരക്ഷിക്കണം. ശത്രുവിനെ ദ്വേഷിക്കാനല്ലാ, ശപിക്കുന്നവരെ തിരിച്ചു ശപിക്കാനല്ല, ഈ energy, സ്നേഹം ഉപയോഗിക്കേണ്ടത്. മറിച്ച്, ശത്രുവിനെപ്പോലും സ്നേഹിക്കാന്‍, ദ്രോഹിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍, തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാതെ കടംകൊടുക്കാന്‍ ഈ energy, സ്നേഹം നാം ഉപയോഗിക്കണം. ലോകം പറയും നിങ്ങള്‍ മണ്ടന്മാരാണെന്ന്. Business management കാര്‍ പറയും ശുദ്ധ മണ്ടത്തരമെന്നു. പക്ഷെ ഈശോ പറയും, ഇതാണ് ഞാന്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന്.
ക്രൈസ്തവരുടെ സുവിശേഷാത്മകമായ കടമ എന്നത് സംഘർഷ സാഹചര്യങ്ങളിൽ നിന്ന് മാറിനിൽക്കുകയല്ല, ആ സാഹചര്യങ്ങളെ നന്മയുള്ളതാക്കിത്തീർക്കുകയാണ്. സംഘർഷം നിറഞ്ഞ സാഹചര്യങ്ങളെ ഒഴിവാക്കുക ബുദ്ധിമുട്ടായിരിക്കും. കുടുംബബന്ധങ്ങളിൽ എപ്പോഴും സംഘർഷ സാഹചര്യങ്ങൾ ഉണ്ടാകും. എന്നാൽ, അവയെ എങ്ങനെ സുഖപ്പെടുത്താൻ സാധിക്കുമെന്നാണ് ഈശോ പറഞ്ഞു തരുന്നത്. ഇതൊരു Christian Therapy ആയിട്ടാണ് ഈശോ കാണുന്നത്. ജീവിതത്തിലെ സംഘർഷ സാഹചര്യങ്ങളെ കൃപനിറഞ്ഞതാക്കുവാനുള്ള, സമാധാനവും, സന്തോഷവും നിറഞ്ഞതാക്കാനുള്ള തെറാപ്പി.
ഇത് വെറും ധാര്‍മിക നിയമങ്ങളായി കരുതരുതേ! ധാര്‍മിക നിയമങ്ങളല്ല, നമ്മുടെ ഉള്ളില്‍ സംഭവിക്കേണ്ട മാറ്റമാണ്, ഉള്ളില്‍ നിറയേണ്ട ചൈതന്യത്തിന്റെ, ശക്തിയുടെ കാര്യമാണ് ഈശോ പറയുന്നത്. ക്രൈസ്തവ ജീവിതമെന്ന് പറയുന്നത് ഈ ശക്തിയുടെ നിറവായിരിക്കണം; അതിന്റെ കവിഞ്ഞൊഴുകലായിരിക്കണം. വെള്ളം ചൂടാക്കൂ. 100 ഡിഗ്രി യാകുമ്പോള്‍ അത് നീരാവിയാകും. 99 ഡിഗ്രി – ചൂടാണ്, പക്ഷെ വെള്ളം തന്നെ. 99.9 – അപ്പോഴും വെള്ളം തന്നെ. എന്നാല്‍ 100 ഡിഗ്രി- it evaporates! നീരാവിയായി!
ക്രിസ്തുബോധമില്ലാത്ത ക്രൈസ്തവരാണ് ഈ കാലഘട്ടത്തിന്റെ ശാപം! ഇന്ന് ക്രൈസ്തവരുടെ ജീവിതങ്ങള്‍ ജലമായി നില്‍ക്കുകയാണ്, കെട്ടിക്കെടുക്കുകയാണ്. അതിനു മാറ്റം സംഭവിക്കുന്നില്ല. പക്ഷെ നാറ്റം ഉണ്ടുതാനും! ഏശയ്യാ പ്രവാചന്‍ പറയുന്നപോലെ, നിങ്ങളുടെ ശിരസ്സ് മുഴുവന്‍ വൃണമാണ്. ഉള്ളങ്കാല്‍ മുതല്‍ ഉച്ചിവരെ, മുകള്‍ മുതല്‍ താഴെത്തട്ടുവരെ, ക്ഷതമെല്‍ക്കാത്ത ഒരിടവുമില്ല. ചതവുകളും, രക്തമൊലി ക്കുന്ന മുറിവുകളും മാത്രം! നാം ദേഷ്യപ്പെട്ടുകൊണ്ട്, ചീത്ത പ്രവര്‍ത്തികളിലൂടെ, കേസും, കേസിനുമേല്‍ കേസുമായി, അയല്‍വക്കക്കാരുമായി കലഹിച്ചും, പിതൃസ്വത്തിനായി കടിപിടി കൂട്ടിയും, പള്ളികളുടെ പേരില്‍ തര്‍ക്കിച്ചും, സസ്പണ്ട് ചെയ്തും, ഡിസ്മിസ് ചെയ്തും ചെയ്യിച്ചും, മദ്യപിച്ചും, ആഘോഷിച്ചും, ദൈവം നമുക്ക് നല്‍കിയ ശക്തിയെ ദുരുപയോഗിക്കുകയാണ്. നിസ്സാരമായ വിജയങ്ങള്‍ക്കുവേണ്ടി നാം ക്രിസ്തുവിനെ മറക്കുകയാണ്, പണ്ടത്തെ യഹൂദരേപ്പോലെ!!! പിന്നെങ്ങിനെയാണ് നാം ദൈവത്തെ സ്നേഹിക്കുന്നത്? കരുണയുടെ പ്രതിരൂപങ്ങളാകുന്നത്?
സ്നേഹമുള്ളവരെ, ഈ പ്രപഞ്ചത്തിലെ ഒരു വസ്തുവിനെ കാണാന്‍ സാധിക്കണമെങ്കില്‍ അത് നീലയോ, പച്ചയോ ആയിരിക്കണമെന്നില്ല. പക്ഷെ അതിനു ഒരു നിറമുണ്ടായിരിക്കണം. ഈ പ്രപഞ്ചത്തിലെ ശബ്ദം കേള്‍ക്കാന്‍ സാധിക്കണമെങ്കില്‍ അതിനു ഒരു pitch ഉണ്ടായിരിക്കണം. ഈ പ്രപഞ്ചത്തിലെ ഒരു വസ്തുവിനെ സ്പര്‍ശിക്കാന്‍ കഴിയണമെങ്കില്‍ അത് പരുപരുത്തതോ, കാഠിന്യമുള്ളതോ, മാര്‍ദവമുള്ളതോ ആയിരിക്കണം. അതുപോലെ, ഈ ലോകത്തില്‍ ഒരു ക്രൈസ്തവനെ കാണാനും, കേള്‍ക്കാനും സ്പര്‍ശിക്കാനുമൊക്കെ സാധിക്കണമെങ്കില്‍ അവളില്‍, അവനില്‍ സ്നേഹമുണ്ടായിരിക്കണം, ശത്രുവിനെപ്പോലും സ്നേഹിക്കുന്ന സ്നേഹം,

മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അതുപോലെ അവരോടും പെരുമാറാനുള്ള ഹൃദയം. ഒരു ക്രിസ്തുബോധം നമ്മിൽ വളർന്ന് വരേണ്ടിയിരിക്കുന്നു. അതിനായി, ഈ വിശുദ്ധ ബലി നമ്മെ സഹായിക്കട്ടെ. ആമ്മേൻ!
very powerful and beautiful insights that defines our Christian identity! Thank you dear Fr. Saju for reminding us of the power that comes from love and compassion for others around us, Great narration, how you connect the word of God to practical day today experiences. God Bless you ! .
LikeLike
Thanks a lot for the support.
LikeLike