SUNDAY SERMON MT 9, 27-38

ശ്ളീഹാക്കാലം ആറാം ഞായർ

മത്തായി 9, 27-38

ഒരു കവിത ഇങ്ങനെയാണ്: കവിതയുടെ പേര്: പൊടി.

“പൊടിയാണ് എവിടെയും.

വിഗ്രഹങ്ങളിൽ,

വിളക്കുകളിൽ,

പതാകകളിൽ,

തിരശീലകളിൽ,

ഛായാചിത്രങ്ങളിൽ

 പുസ്തകങ്ങളിൽ

വിചാരങ്ങളിൽ

വികാരങ്ങളിൽ

എവിടെയും പൊടി.” (ബാലചന്ദ്രൻ ചുള്ളിക്കാട്)

നമ്മുടെ കാഴ്ചയെ തടസ്സപ്പെടുത്തും വിധം ഈ  ലോകത്തിന്റെ ഓരോ മൂലയിലും അടിഞ്ഞുകൂടിയിരിക്കുന്ന സ്വാർത്ഥതയുടെ, അഹങ്കരത്തിന്റെ, അസൂയയുടെ, യുദ്ധത്തിന്റെ, പൊടി കഴുകിക്കളയുവാൻ ഏത് കാറ്റിന് കഴിയുമെന്ന് കവി പറയുന്നില്ല. എന്നാൽ, ഇന്നത്തെ സുവിശേഷം, ലോകത്തിൽ, നമ്മുടെ മനസ്സുകളിൽ, ജീവിതത്തിൽ, കുടുംബങ്ങളിൽ, തിരുസഭയിൽ, വിശുദ്ധമായ അൾത്താരകളിൽ, സഭയിലെ സംവിധാനങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന പൊടി കഴുകിക്കളയുവാൻ ദൈവകൃപ ആവശ്യമുണ്ടെന്ന്, ആ ദൈവ കൃപ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒഴുക്കുവാൻ വേലക്കാരെ ആവശ്യമുണ്ടെന്ന് നമ്മോട് പറയുകയാണ്.

പൊടിയാണ് എവിടെയും. ദൈവകൃപയിൽ കുളിച്ചുകയറി ശുദ്ധമാകുവാൻ ദൈവവചന വ്യാഖ്യാനം നമുക്ക് ശ്രവിക്കാം.

ഈയിടെ ദൈവകൃപയുടെ വലിയൊരു അത്ഭുതം നമ്മുടെ രാജ്യത്ത് സംഭവിച്ചു. ദൈവകൃപകൊണ്ട് കണ്ണുകൾ തുറന്ന് അത്ഭുതം. ദൈവകൃപകൊണ്ട്, ദൈവകൃപകൊണ്ട് മാത്രം കോടതി സത്യം സംസാരിച്ച സംഭവം!! വാർത്താമാധ്യമങ്ങളിലൂടെ നിങ്ങളും ഇത് അറിഞ്ഞുകാണും. സംഭവം ഇതാണ്: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ചാരിറ്റി സന്യാസ സമൂഹത്തെയും കത്തോലിക്കാ സഭയെയും ഏറെ അപകീര്‍ത്തിപ്പെടുത്തിയ 2018-ലെ ശിശുക്കടത്ത് കേസ് അടിസ്ഥാനരഹിതമാണെന്ന് ഒടുവില്‍ നീതിപീഠം കണ്ടെത്തിയിരിക്കുന്നു. പ്രതിസ്ഥാനത്തുണ്ടായിരുന്ന മിഷനറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റര്‍ കോണ്‍ സിലിയയും മറ്റു രണ്ടു പേരെയും കോടതി വെറുതെ വിട്ടു. റാഞ്ചി സിവില്‍ കോടതിയുടേതാണ് ഈ വിധി.

വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ചാരിറ്റി സന്യാസ സമൂഹത്തെയും കത്തോലിക്കാ സഭയെയും ഏറെ അപകീര്‍ത്തിപ്പെടുത്തിയ 2018-ലെ ശിശുക്കടത്ത് കേസ് (Child Trafficking) അടിസ്ഥാനരഹിതമാണെന്ന് ഒടുവില്‍ നീതിപീഠം കണ്ടെത്തിയിരിക്കുന്നു.

കെട്ടിച്ചമയ്ക്കപ്പെട്ട ഈ കേസില്‍ അറസ്റ്റുചെയ്യപ്പെട്ട സിസ്റ്റര്‍ കോണ്‍സിലിയക്ക് ജാമ്യം ലഭിച്ചത് 14 മാസങ്ങള്‍ക്കുശേഷമായിരുന്നു. ജാര്‍ഖണ്ഡ് ഗവണ്‍മെന്റിന്റെ നിയമവിരുദ്ധമായ ചില നടപടികള്‍ക്കെതിരെ ക്രൈസ്തവ മിഷനറിമാര്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ക്രൈസ്തവ സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ വ്യാപകമായി ഉണ്ടായി. അതിന്റെ ഭാഗമായിരുന്നു മിഷനറീസ് ചാരിറ്റിയുടെ സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡും തുടര്‍ന്നുണ്ടായ കേസുകളും. നീണ്ട എട്ട് വര്‍ഷത്തെ കഠിനമായ നിയമപോരാട്ടങ്ങള്‍ ക്കൊടുവിലാണ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കപ്പെട്ടത്. കോടതിയുടെ കണ്ണുതുറന്നത്. കോടതി സത്യം സംസാരിച്ചത്.

എവിടെനിന്നാണ്, എങ്ങനെയാണ് ദൈവകൃപ നമ്മെ സ്പർശിക്കുന്നത്? വിശുദ്ധ മത്തായിയുടെ സുവിശേഷം ഒൻപതാം അദ്ധ്യായം ഈ ചോദ്യത്തിന് ഉത്തരം നൽകുന്നുണ്ട്. ഈ അധ്യായത്തിൽ വിവരിക്കുന്ന ആദ്യ സംഭവം ഈശോ തളർവാതരോഗിയെ സുഖപ്പെടുത്തുന്നതാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തോടെ തന്നെയാണ് അയാളുടെ വീട്ടുകാരും, സുഹൃത്തുക്കളുംകൂടി തളർവാതരോഗിയെ ഈശോയുടെ മുൻപിൽ കൊണ്ടുവന്നത്. അവരുടെ വിശ്വാസം കണ്ട്, മകനേ, ധൈര്യമായിരിക്കുക നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് ഈശോ പറഞ്ഞപ്പോൾ സ്വർഗ്ഗത്തിന്റെ കൃപ അയാളിലേയ്ക്കൊഴുകി. അടുത്തസംഭവം ചുങ്കക്കാരനായ മത്തായിയെ വിളിക്കുന്നതാണ്. ചുങ്കസ്ഥലത്തിരുന്ന്, ആളുകളെ പേടിപ്പിച്ചും, ആക്രമിച്ചും റോമക്കാർക്ക് വേണ്ടി ചുങ്കം പിരിച്ചിരുന്ന മത്തായിയുടെ തോളിൽ പിടിച്ച് അവന്റെ കണ്ണുകളിലേക്ക് കാരുണ്യത്തോടെ നോക്കി, ഈശോ പറഞ്ഞു: “എന്നെ അനുഗമിക്കുക.” ആ നിമിഷം ക്രിസ്തു തന്റെ കൃപ അയാളിലേയ്ക്കൊഴുക്കി. പിന്നെ, ക്രിസ്തുവിന്റെ വസ്ത്രത്തിന്റെ വിളുമ്പിലും സൗഖ്യമുണ്ടെന്ന് വിശ്വസിച്ച രക്തസ്രാവക്കാരിയിലേക്ക്, അതും കഴിഞ്ഞ്, ഭരണാധിപന്റെ മരിച്ചെന്ന് കരുതിയ മകളിലേയ്ക്ക് ദൈവത്തിന്റെ കൃപ ഒഴുകിയെത്തി. അതും കഴിഞ്ഞാണ് ഇന്നത്തെ സുവിശേഷത്തിലെ സംഭവങ്ങൾ അരങ്ങേറുന്നത്. വിശ്വാസത്തോടെ, ദാവീദിന്റെ പുത്രാ എന്നിൽ കനിയണമേ എന്ന് കരഞ്ഞപേക്ഷിച്ച അന്ധരിലേക്ക്, പിശാചുബാധിതനായ ഊമനിലേക്ക് ക്രിസ്തുവിന്റെ കൃപ ഒഴുകുകയാണ്. അതിനുശേഷം, ഈശോയുടെ വചനപ്രഘോഷണത്തിലൂടെ, രോഗശാന്തികളിലൂടെ അനേകരിലേക്ക് ദൈവകൃപയുടെ പെരുമഴക്കാലം!

അപ്പോഴാണ്, ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും, നിസ്സഹായരുമായ മനുഷ്യരെ കണ്ടപ്പോൾ, അവരിൽ ദൈവകൃപ ഒട്ടും ഇല്ലായെന്ന് കണ്ടപ്പോൾ അവരോട് അനുകമ്പ തോന്നിയത്. ഈ ലോകത്തിലുള്ള പരിഭ്രാന്തരും, നിസ്സഹായരുമായ ദൈവമക്കൾക്ക് എങ്ങനെ ദൈവകൃപ എത്തിച്ചുകൊടുക്കുവാൻ സാധിക്കും, ആരിലൂടെ ദൈവത്തിന്റെ കൃപ അവരിലേക്കൊഴുക്കുവാൻ സാധിക്കും എന്ന് ചിന്തിച്ചപ്പോൾ ഈശോ ഉറക്കെ പറഞ്ഞു: ‘വിളവധികം വേലക്കാരോ ചുരുക്കം. അതിനാൽ തന്റെ വിളഭൂമിയിലേക്ക് വേലക്കാരെ അയയ്ക്കുവാൻ വിളവിന്റെ നാഥനോട് പ്രാർത്ഥിക്കുവിൻ!”

എന്താണ് വിളവ്? ദൈവത്തിന്റെ കൃപയാണ് വിളവ്.  എന്താണ് വിളഭൂമി? ദൈവത്തിന്റെ ഹൃദയം. ആരാണ് വിളവിന്റെ, കൃപയുടെ നാഥൻ? കർത്താവായ യേശുക്രിസ്തു! ദൈവത്തിന്റെ ഹൃദയമാകുന്ന വിളഭൂമിയിൽ ചെന്ന്, കൃപയുടെ ഉറവയിൽച്ചെന്ന്, കൃപ ശേഖരിച്ച്, പരിഭ്രാന്തരും, നിസ്സാരരുമായ മക്കൾക്ക് കൊടുക്കുവാൻ, പൊടിപിടിച്ചുകിടക്കുന്ന മനസ്സുകളെ ദൈവകൃപയാൽ കഴുകി വെടിപ്പാക്കുവാൻ, ക്രിസ്തു ക്രൈസ്തവരെ ക്ഷണിക്കുകയാണ്. ഈ ചിന്തയോട് ചേർന്ന് പോകുന്നതാണ് പത്താം അദ്ധ്യായം ഒന്നാം വാക്യം. “അവൻ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്ക്കരിക്കാനും, എല്ലാ രോഗങ്ങളും, വ്യാധികളും സുഖപ്പെടുത്താനും അവർക്ക് അധികാരം നൽകി.” മറ്റൊരു വാക്കിൽ, അവൻ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ വിളിച്ച്, ദൈവകൃപ ജനങ്ങൾക്ക് കൊടുക്കുവാൻ അധികാരം നൽകി.

സ്നേഹമുള്ളവരേ, ദൈവത്തിന്റെ കൃപയാണ്, കൃപയുടെ നിറവാണ് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം. വിശുദ്ധ പൗലോശ്ലീഹായും ഇതേ അഭിപ്രായക്കാരനാണ്. “മനുഷ്യന്റെ ആഗ്രഹമോ, പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയായാണ്, കൃപയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.” (റോമാ 9, 16) ആ കൃപയാകട്ടെ, വിളവാകട്ടെ അധികമാണ്. അധികമെന്ന് മാത്രമല്ല അളവുകളില്ലാത്തതാണ്. എഫേസോസ്കാരോട് ശ്ലീഹ പറയുന്നു: അല്ലയോ എഫേസോസുകാരേ, ദൈവം തന്റെ രക്ഷാകര പദ്ധതിയിലൂടെ നമ്മെ നയിച്ചത്, അനുസരണക്കേടിന്റെ മക്കളായ നമ്മെ രക്ഷിച്ചത്, ജഡമോഹങ്ങളിൽ ജീവിച്ചിരുന്ന നമ്മെ മോചിപ്പിച്ചത്, മരണശേഷം, യുഷുക്രിസ്തുവിനോടുകൂടെ നമ്മെ സ്വർഗത്തിൽ ഇരുത്തുന്നത് എല്ലാം, ഇവയെല്ലാം ദൈവം ചെയ്തത്, വരാനിരിക്കുന്ന കാലങ്ങളിൽ തന്റെ അപരിമേയമായ കൃപാസമൃദ്ധിയെ വ്യക്തമാക്കാനാണ്. (2, 1-7) വീണ്ടും ശ്ലീഹ പറയുന്നു: “വിശ്വാസം വഴി കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്. അത് നിങ്ങൾ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്.” (2, 8)

ആചാരാനുഷ്ടാനങ്ങളിൽ തളച്ചിടപ്പെട്ട മതജീവിതത്തിലൂടെ മനുഷ്യൻ മുന്നോട്ട് പോകുമ്പോഴും, ദൈവവിശ്വാസത്തെ അധികാരമുറപ്പിക്കാനുള്ള ആയുധമായി മനുഷ്യൻ മാറ്റുമ്പോഴും, ഭീകരാക്രമണങ്ങളും, യുദ്ധങ്ങളും, ആണവായുധഭീഷണിയും ജീവിതത്തെ സംഘർഷഭരിതമാക്കുമ്പോഴും, ക്രൈസ്തവമൂല്യങ്ങളും, ക്രൈസ്തവ വിശ്വാസവും വലിയ വെല്ലുവിളികൾ നേരിടുമ്പോഴും, ഓർക്കണം സ്നേഹമുള്ളവരേ, ഉറപ്പേറിയതും മാറ്റമില്ലാത്തതും ഒന്നുണ്ട് ഈ ലോകത്തിൽ: അത് ക്രിസ്തുവാണ്, ക്രിസ്തുവിലുള്ള വിശ്വാസമാണ്, ക്രിസ്തുവിലുള്ള കൃപയാണ്. ഹെബ്രായർക്കെഴുതിയ ലേഖനം ഇത് നമ്മെ ഓർമിപ്പിക്കുന്നുണ്ട്. ” നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്ത് സഹതപിക്കാൻ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ, …നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവൻ. അതിനാൽ, വേണ്ട സമയത്ത് കരുണയും കൃപയും ലഭിക്കുന്നതിനായി നമുക്ക് പ്രത്യാശയോടെ കൃപാവരത്തിന്റെ ആ സിംഹാസനത്തെ സമീപിക്കാം.” (4, 15-16)

ഇനി, ഈശോയോട് ചോദിച്ചു നോക്കൂ…ഈശോയെ, ഈ ലോകത്തിൽ സംന്തോഷത്തോടെ, സമാധാനത്തോടെ, പാപത്തിൽ നിന്നകന്ന് ജീവിക്കുവാൻ ഞാൻ എന്ത് ചെയ്യണം? ഈ ചോദ്യം നമുക്ക് മുൻപ് ചോദിച്ച ഒരു വ്യക്തിയുണ്ട്. അദ്ദേഹത്തിന്റെ ആദ്യത്തെ പേര് സാവൂൾ എന്നായിരുന്നു. അഹന്തയുടെ കുതിരപ്പുറത്ത് ക്രൈസ്തവരെ കൊല്ലാൻ പടപ്പുറപ്പാട് നടത്തിയ സാവൂൾ. പിന്നീട്, പൗലോസായപ്പോൾ, വിശുദ്ധിയിൽ ജീവിക്കുവാൻ വിഷമിച്ചപ്പോൾ, ഒന്നല്ല, മൂന്ന് പ്രാവശ്യം ക്രിസ്തുവിനോട് ചോദിച്ചു: “ഞാൻ എന്ത് ചെയ്യണം?” ഈശോ പറഞ്ഞത് ഇതാണ്: ” നിനക്ക് എന്റെ കൃപ മതി.” (2 കോറി 12, 9) ഈശോയുടെ കൃപ ഇടതടവില്ലാതെ നമ്മുടെ ജീവിതത്തിലേക്ക് പെയ്തിറങ്ങുമ്പോഴാണ് പ്രിയപ്പെട്ടവരേ, നമ്മുടെ ക്രൈസ്തവജീവിതങ്ങൾ മനോഹരമാകുന്നത്. കൃപയില്ലാത്ത ക്രൈസ്തവജീവിതങ്ങൾ ഈ ഭൂമിക്ക് തന്നെ ശാപമായിരിക്കും.

‘യേശു ക്രിസ്തു വഴി കൃപയും സത്യവും ഈ ലോകത്തിൽ വന്നിട്ടും, ക്രിസ്തുവിന്റെ പൂർണതയിൽ നിന്നും നാമെല്ലാവരും കൃപയ്ക്കുമേൽ കൃപ സ്വീകരിച്ചിട്ടും,’ (യോഹ 1, 16) ലോകമിന്ന് ദൈവകൃപയിലല്ല ജീവിക്കുന്നത്. ലോകമഹായുദ്ധങ്ങളുടെ കാലത്തേ ഓര്മിപ്പിക്കുംവിധം ഭയവും ആശങ്കയും സർവത്ര പരന്നുകൊണ്ടിരിക്കുന്നു. രണ്ടിടത്തെങ്കിലും തുറന്ന യുദ്ധം നടക്കുന്നു. ഭീകരാക്രമണങ്ങൾ, ആണവായുധങ്ങൾ കാട്ടിയുള്ള വെല്ലുവിളികൾ, ബോംബുവർഷങ്ങളുടെ തീയും പുകയും വേറൊരിടത്ത്. ഫാസിസവും, സിയോണിസവും, ഇസ്ലാമിസവും ശക്തമായി തിരിച്ചുവരുന്നു. കൃപയ്ക്കുമേൽ കൃപയായി ക്രിസ്തുവിനെ സ്വീകരിക്കുന്നവരും അല്ലാത്തവരും തമ്മിലുള്ള ദൂരം കുറയുന്നു!!!

ദൈവകൃപയുടെ സ്പർശത്തിനായി ലോകം കൊതിക്കുന്നു സ്നേഹമുള്ളവരേ! നമുക്കറിയാവുന്നതുപോലെ, സ്പർശമാണ് മനുഷ്യന്റെ ആദ്യത്തെ ഇന്ദ്രിയാനുഭവം. അച്ഛനമ്മമാരുടെ ഏകാകികളായ കോശങ്ങൾ തമ്മിൽ പുണർന്ന് ഒന്നാകുന്ന നിമിഷംമുതൽ അവൾ/അവൻ തന്റെ അമ്മയെ തൊടുന്നു. അന്ധവും ബധിരവുമെങ്കിലും ഭ്രൂണം സ്പർശ സുന്ദരമായ ജീവിതം തുടങ്ങിവയ്ക്കുന്നു. സ്പർശമാണ് ആദ്യഭാഷ.  “സ്പർശത്തോളം സ്പർശിക്കുകയില്ല സ്പർശമെന്ന വാക്കുപോലും.” പറയുന്നത് കവി കല്പറ്റ നാരായണനാണ്. ഇങ്ങനെ തികച്ചും മനോഹരമായ സ്പർശത്തെയാണ് ദൈവകൃപയുടെ അത്ഭുതത്തിനായി ക്രിസ്തു ഉപയോഗിച്ചത്. ഇങ്ങനെ അങ്ങേയറ്റം സുന്ദരമായ ഇന്ദ്രിയാനുഭവത്തെയാണ് കുടിലബുദ്ധിയായ മനുഷ്യ സ്പർശനിരോധം എന്ന തൊട്ടുകൂടായ്മയിലേക്ക് കൊണ്ടെത്തിച്ചത്. അകറ്റി നിർത്താനും, ആട്ടിപ്പായിക്കാനും സ്പർശനിരോധം നിരോധം ഉപയോഗിച്ചപ്പോൾ, സ്പർശ ത്തിലൂടെ ഈശോ മനുഷ്യനെ ചേർത്ത് നിർത്തുകയാണ്.

ഇന്ദ്രിയാനുഭവങ്ങളിൽ മലയാളി ഏറ്റവും പിശുക്കി ഉപയോഗിക്കുന്നത് സ്പർശത്തെയാണ്. മാതാപിതാക്കളും മക്കളും തമ്മിൽ ഏറ്റവും കുറച്ച് തൊട്ടിടപെടുന്നവരിൽ മലയാളിക്ക് ഒന്നാം സ്ഥാനമുണ്ടാകും. സ്നേഹത്തിന്റെ, ദൈവകൃപയുടെ സ്പർശം മാതാപിതാക്കളിലൂടെ അനു ഭവിക്കുവാൻ മക്കൾക്ക് സാധിക്കണം. മക്കളിലൂടെ ഈയൊരു ദൈവികാനുഭവം മാതാപിതാക്കൾക്കും ലഭിക്കണം. അപ്പോൾ മറ്റുള്ളവരിൽ ക്രിസ്തുവിനെ കാണുവാൻ നമ്മുടെ കണ്ണുകൾ തുറക്കപ്പെടും.

നിങ്ങൾക്കറിയോ, നാം വസിക്കുന്ന ഈ ഭൂമിയിൽ 16000 വ്യത്യസ്ത ഗ്രൂപ്പിലുള്ള/വർഗങ്ങളിലുള്ള/തരത്തിലുള്ള മനുഷ്യരുള്ളതിൽ വെറും 7000 ഗ്രൂപ്പുകൾക്ക് മാത്രമാണ് ക്രിസ്തുവിനെ അറിയാവുന്നത്. ബാക്കിയുള്ളവർ ഇനിയും ക്രിസ്തുവിന്റെ കൃപ രുചിച്ചിട്ടില്ല. ലോകത്തിലെ പ്രധാനപ്പെട്ട മതങ്ങളിൽ അംഗങ്ങളായിട്ടുള്ളത് ജനസംഖ്യയിൽ പകുതിപ്പേർ മാത്രമാണ്. 86% മുസ്ലിമുകൾ, ഹിന്ദുക്കൾ, ബുദ്ധമതക്കാർ ഇനിയും ക്രിസ്തുവിനെ വ്യക്തിപരമായി അറിഞ്ഞിട്ടില്ല. ക്രിസ്തുവിന്റെ കൃപ എന്തെന്ന് ഇവർക്കറിയില്ല. ലോകത്തിന്റെ മൂന്നിലൊന്നിന് സുവിശേഷം കേൾക്കാൻ അവസരമില്ല. ക്രിസ്തുവിനെ അറിഞ്ഞവർക്ക് സഹനമാണ് കിട്ടുന്നത്. ലോകത്ത് 140 മില്യൺ അനാഥക്കുട്ടികളുണ്ട്. 150 മില്യൺ തെരുവ് മക്കളുണ്ട്. നിങ്ങൾ ഈ ദൈവവചന വ്യാഖ്യാനം വായിക്കുന്നതിന് ഒരു മണിക്കൂർ മുൻപ്: 72 സ്ത്രീകളും കുട്ടികളും അടിമകളായി വിൽക്കപ്പെട്ടു. HIV/AIDS മൂലം 237 പേർ മരിച്ചു. 869 പേർ കാളുന്ന വിശപ്പുമൂലം മരിച്ചു. ഇവർക്കൊക്കെ ക്രിസ്തുവിന്റെ കൃപ എത്തിച്ചുകൊടുക്കുവാൻ ക്രിസ്തുവിന് നിങ്ങളെ വേണം പ്രിയപ്പെട്ടവരേ.

ക്രിസ്തുവിന്റെ കൃപ മറ്റുള്ളവർക്ക് കൈമാറാനുള്ള നല്ല ഉപകരണങ്ങൾ ആകുവാനാണ് ഈശോ നമ്മെ ക്ഷണിക്കുന്നത്. സ്വർഗ്ഗരാജ്യത്തിലെ വേലക്കാരാകുക എന്ന് പറഞ്ഞാൽ ക്രിസ്തുവിന്റെ കൈയ്യിലെ നല്ല ഉപകരണങ്ങൾ ആകുക എന്നർത്ഥം. പരിശുദ്ധ അമ്മയെപ്പോലെ. ക്രിസ്തുവിനെ ഈ ലോകത്തിലേക്ക് നൽകാനുള്ള നല്ല ഉപകരണമായിത്തീർന്നു   പരിശുദ്ധ ‘അമ്മ.   ‘ഞാൻ ക്രിസ്തുവിന്റെ കയ്യിലെ പേനയാകുന്നു. ഞാനാകുന്ന പേനകൊണ്ട് ഈ ലോകമാകുന്ന ചുമരിൽ ക്രിസ്തു എഴുതട്ടെ’ എന്നാണ് വിശുദ്ധ മദർ തെരേസ പറഞ്ഞുകൊണ്ടിരുന്നത്. മദർതെരേസയാകുന്ന പേനകൊണ്ട് ക്രിസ്തു ലോകമാകുന്ന ചുമരിൽ എഴുതി, ദൈവം കൃപയാകുന്നു, കരുണയാകുന്നു എന്ന്. നാമും ക്രിസ്തുവിന്റെ കയ്യിലെ നല്ല ഉപകാരണങ്ങളാകണം. എന്നിട്ട് നമ്മിലൂടെ ക്രിസ്തു മറ്റുള്ളവർക്ക് തന്റെ കൃപ നൽകട്ടെ.

സ്നേഹമുള്ളവരേ, ദൈവകൃപയുടെ പ്രവർത്തനം അത്ഭുതാവഹമാണ്. അത് നാമറിയാതെ, നമ്മിലേക്ക്, നമ്മുടെ പ്രാർത്ഥനയിലൂടെ, നാം അറിയുന്ന ഏതെങ്കിലും വ്യക്തിയിലൂടെ, അതുമല്ലെങ്കിൽ സംഭവങ്ങളിലൂടെ, നല്ല ആശയങ്ങളിലൂടെ, വിശുദ്ധ ബലിയിൽ പങ്കെടുക്കുമ്പോൾ, കുടുംബപ്രാർത്ഥന ചൊല്ലുമ്പോൾ ദൈവത്തിന്റെ കൃപ പ്രവഹിക്കും. ദൈവകൃപ വഹിക്കുന്ന, അത് മറ്റുള്ളവർക്ക് നൽകുന്ന കൃപയുടെ ജോലിക്കാരായി നമുക്ക് ജീവിക്കാം. ദൈവകൃപയുടെ ആഘോഷമായ ഈ വിശുദ്ധ കുർബാനയും പങ്കുകൊണ്ട് കൃപനിറഞ്ഞ ജീവിതം നയിക്കുവാൻ നമുക്കാകട്ടെ. നമ്മിലുള്ള,

നമ്മുടെ കുടുംബത്തിലുള്ള, ഇടവകയിലുള്ള, രൂപതയിലുള്ള പൊടി മുഴുവനും ക്രിസ്തുവിന്റെ കൃപയാൽ കഴുകിക്കളയുവാൻ നമുക്കാകട്ടെ. പൊടി മുഴുവനും നീങ്ങുമ്പോൾ, ക്രിസ്തുവിനെ നല്ല തെളിച്ചത്തിൽ മറ്റുള്ളവർക്ക് കാണാനാകും.

ആമേൻ!

SUNDAY SERMON LK 10, 16-33

ശ്ളീഹാക്കാലം അഞ്ചാം ഞായർ

മത്തായി 10, 16-33

ലോകത്തിന് ഫുട്ബോൾ പനി ബാധിച്ചിരിക്കുന്ന സമയമാണിത്. കായികലോകം മുഴുവനും 2026 ഫിഫ ലോകകപ്പിനൊപ്പം (FIFA World Cup 2026) തുള്ളിച്ചാടുമ്പോൾ, ക്രിസ്ത്യാനികൾക്ക് ക്രിസ്തുവിനെ സാക്ഷ്യം വഹിക്കാനുള്ള ഒരു വലിയ ആഗോള വേദിയായി മാറുകയാണ് ഫിഫ ഫുട്ബോൾ സ്റ്റേഡിയങ്ങൾ. കളിക്കളത്തിനകത്തും പുറത്തും വിശ്വാസികൾ സുവിശേഷം പങ്കിടുന്നു – കളിക്കാർ പരസ്യമായി സ്വർഗത്തിലേക്ക് വിരൽ ചൂണ്ടുകയും മത്സരങ്ങൾക്ക് ശേഷം പ്രാർത്ഥിക്കുകയും ചെയ്യുന്നു,

കോടിക്കണക്കിന് ആളുകൾ വീക്ഷിക്കുന്നതിനാൽ, ഉയർന്ന പ്രൊഫൈൽ കളിക്കാരും ആഗോള ശുശ്രൂഷകളും ടൂർണമെന്റിനെ ശക്തമായ ഒരു ദൗത്യ മേഖലയായി ഉപയോഗിക്കുന്നു. വിശ്വാസം പ്രഖ്യാപിക്കുന്ന അത്‌ലറ്റുകൾ ലോകത്തിലെ മുൻനിര ഫുട്ബോൾ താരങ്ങളിൽ പലരും ലജ്ജയില്ലാതെ യേശുവിലേക്ക് മഹത്വം തിരിച്ചുചേർക്കുന്നു. അലിസൺ ബെക്കർ (Alison Becker , Brazil), ജെറമി ഡോക്കു (Jeremy Doku, Begium), ഫെലിക്സ് എമ്മെച്ചാ (Felix Emache, Germany) തുടങ്ങിയ ഉന്നതരായ കളിക്കാർ സുവിശേഷം പങ്കിടാൻ തങ്ങളുടെ വലിയ വേദി ഉപയോഗിക്കുന്നു, തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തെക്കുറിച്ച് പരസ്യമായി ശബ്ദമുയർത്തുന്നു. കളിക്കളത്തിൽ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ പരസ്യമായി പ്രാർത്ഥിക്കുന്നു, കുരിശു വരയ്ക്കുന്നു, ഗോളടിച്ചതിന് ശേഷം സ്വർഗത്തിലേക്ക് വിരൽ ചൂണ്ടുന്നു, ദൈവത്തിന് നന്ദി പറയുന്നു. ക്രിസ്തു പ്രഘോഷിക്കപ്പെടുന്നു!!!

ഇങ്ങനെ 2026 ലെ ഫിഫ ഫുട്ബോൾ ടൂർണമെന്റ് വേദികൾ ക്രിസ്തുസാക്ഷ്യത്തിന്റെ നേർക്കാഴ്ചകളാകുമ്പോൾ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുകയാണ് ജീവിതസാഹചര്യങ്ങളിൽ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുവാൻ. ക്രൈസ്തവപ്രേഷിത പ്രവർത്തനങ്ങളുടെ ശൈലിയും, ചൈതന്യവും മനസ്സിലാക്കാനുള്ള, അതിനായി സ്വയം സമർപ്പിക്കാനുള്ള ആളുന്ന ചിന്തകൾക്ക് തീകൊടുക്കുവാൻ ഈ സുവിശേഷഭാഗം നമ്മെ സഹായിക്കും.

വിശുദ്ധ മത്തായിയുടെ സുവിശേഷം പത്താം അധ്യായത്തിലെ 16 മുതലുള്ള വാക്യങ്ങളാണ് നാം വായിച്ചുകേട്ടത്. പത്താം അധ്യായത്തിലെ ഒന്നാം വാക്യം ഇങ്ങനെയാണ്: “അവൻ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ വിളിച്ച് അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കാനും, എല്ലാ രോഗങ്ങളും, വ്യാധികളും, സുഖപ്പെടുത്താനും, അവർക്ക് അധികാരം നൽകി.” (മത്താ 10, 1) ആ ദൃശ്യത്തിലേക്ക് നോക്കൂ…അവിടെ ക്രിസ്തുവുണ്ട്. ക്രിസ്തുവിന്റെ ശിഷ്യരുണ്ട്. അധികാരത്തോടെ പ്രേഷിത പ്രേഷിതപ്രവർത്തനത്തിനായി ശിഷ്യരെ യാത്രയാക്കുന്ന ഗുരുവുണ്ട്. അയയ്ക്കപ്പെടുന്നവർ ചെയ്തുതീർക്കേണ്ട ദൗത്യമുണ്ട്. –  ആ ദൃശ്യത്തിൽ ക്രിസ്തുവിന്റെ പ്രേഷിതപ്രവർത്തനശൈലിയുണ്ട്.

പതിനാറാം വാക്യത്തിലേക്ക് വരുമ്പോൾ പക്വതയാർന്ന, കരുതലും, ശ്രദ്ധയുമുള്ള ഒരു ഗുരുവിന്റെ മനസ്സ് നമുക്ക് കാണാൻ കഴിയും. താൻ ആരെയാണ് അയയ്ക്കുന്നത് എന്നറിയുന്ന, താൻ അവരെ എങ്ങോട്ടാണ് അയയ്ക്കുന്നത് എന്നറിയുന്ന നല്ലൊരു ഗുരുവിന്റെ ചിത്രം, ഉയർന്ന കാഴ്ചപ്പാടുകളും, ഉറച്ച ബോധ്യങ്ങളുമുള്ള ക്രിസ്തുവിന്റെ ചിത്രം ഈശോയിൽ നമുക്ക് കാണാം. മാത്രമല്ല, ഓരോ ക്രൈസ്തവനും ക്രിസ്തുവിനാൽ അയയ്ക്കപ്പെടുന്നവനാണ്, അയയ്ക്കപ്പെടുന്നവളാണ് എന്നൊരു സത്യവും ഇതിനോട് ചേർത്ത് വായിക്കുവാൻ നമുക്ക് സാധിക്കണം. “നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ” (മാർക്കോ 16, 15) എന്ന ക്രിസ്തുവിന്റെ ആഹ്വാനം നമ്മുടെ മുൻപിലുണ്ട്. സുവിശേഷത്തിനുവേണ്ടി ജീവൻ ത്യജിക്കുവാൻ അനേകം രക്തസാക്ഷികളെ ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവ് നമ്മിലുണ്ട്. ആകാശത്തിന് കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല (അപ്പ 4, 12) എന്ന വിശുദ്ധ പത്രോസിന്റെ പ്രസംഗം നമ്മുടെ കാതുകളിൽ ഇരമ്പുന്നുണ്ട്. വിശുദ്ധ കുർബാനയിലെ ഈശോ ഇന്നും ജീവിക്കുന്ന ദൈവമാണെന്ന് ഈ കമ്പ്യൂട്ടർ യുഗത്തിൽ പ്രഘോഷിക്കുവാൻ, ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ, കലാസൃഷ്ടികളിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുവാൻ വിശുദ്ധ  കാർലോസ് അക്യൂറ്റിസ് (St. Carlos Acutis) നമ്മോട് പറയുന്നുണ്ട്. തിരുസ്സഭയും, സഭാ മക്കളും, സ്വഭാവത്താലേ മിഷനറിയാണെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ (Ad Gentes) നമ്മെ പഠിപ്പിക്കുന്നുണ്ട്. അതെ, പ്രിയപ്പെട്ടവരേ, നാം മിഷനറിമാരാണ്, അയയ്ക്കപ്പെടുന്നവരാണ്.

ക്രിസ്തു ആരെയാണ് അയയ്ക്കുന്നത്? ആടിന്റെ മനസ്സുള്ളവരെ, സ്വഭാവമുള്ളവരെ. വളരെ നിഷ്കളങ്കരാണ് ആടുകൾ. അവർക്ക് തങ്ങളെത്തന്നെ സംരക്ഷിക്കാനറിയില്ല. ഒരിക്കലും അവർ ഉപദ്രവകാരികളല്ല. ആടുകൾ പരസ്പരം തമ്മിൽ വഴക്കിടാറില്ല. നല്ല ഇണക്കമുള്ള മൃഗങ്ങളാണവർ. എളിമയുള്ളവരാണ്. അവർക്ക് 20 വാരയിലധികം കാഴ്ചയില്ല. ഇങ്ങനെ ആടുകളെപ്പോലെ, നിഷ്കളങ്കരായ, സ്വയം Defend ചെയ്യാൻ കഴിവില്ലാത്ത, സൗമ്യരായ, മുന്നോട്ട് അധികം കാണാൻ കഴിവില്ലാത്ത, അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നറിയാത്ത, അതുകൊണ്ട് തന്നെ ഇടയന്റെ സംരക്ഷണം ആവശ്യമുള്ള ശിഷ്യരെയാണ് ഈശോ അയയ്ക്കുന്നത്.

എന്തിനുവേണ്ടിയാണ് അയയ്ക്കുന്നത്?  പിശാചുക്കളെ ബഹിഷ്ക്കരിക്കാൻ, എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താൻ, ദരിദ്രരെയും, മർദ്ദിതരെയും, മോചിപ്പിക്കാൻ, അന്ധർക്ക് കാഴ്ച നല്കാൻ, ക്രിസ്തുവിന്റെ സമാധാനം ആശംസിക്കുവാൻ. എല്ലാറ്റിലുമുപരി, ദൈവരാജ്യം പ്രഘോഷിക്കാൻ. ദൈവരാജ്യം ഭൂമിയിൽ സംജാതമാകുന്നതിന് വേണ്ടിയാണ് ഈശോ ശിഷ്യരെ അയയ്ക്കുന്നത്. മനുഷ്യന്റെ ജീവിതസാഹചര്യങ്ങളിലേക്ക് കടന്നുചെല്ലാനും, ജീവിതയാഥാർഥ്യങ്ങളെ സത്യസന്ധമായി അറിയുന്നതിനും, ക്രിസ്തുവിന്റെ സമാധനം ആശംസിച്ചുകൊണ്ട് മനുഷ്യരെ വിമോചനത്തിലേക്ക് നയിക്കുവാനും പ്രേഷിതപ്രവർത്തനങ്ങൾക്ക് സാധിക്കണം എന്ന് തന്നെയാണ് ഈശോ ആഗ്രഹിച്ചത്.

എങ്ങോട്ടേയ്ക്കാണ് ഈശോ അയച്ചത്? ചെന്നായ്ക്കളുടെ ഇടയിലേക്ക്. കടിച്ചു കീറാൻ തക്കം പാർത്തിരിക്കുന്നവരാണ് ചെന്നായ്ക്കൾ. ക്രൂരതയാണ് അവരുടെ ഭാഷ. തങ്ങളുടെ വിശപ്പിന്റെ ശമനം, സുഖം, സന്തോഷം അത് മാത്രം ലക്ഷ്യംവയ്ക്കുന്നവരാണവർ. അപരന്റെ വേദന കണ്ട് ആർത്തുല്ലസിക്കുന്നവർ. അപരന്റെ മുറിവിനെ നക്കി രക്തം കുടിക്കുന്നവർ. ക്രിസ്തു ശിഷ്യരായതുകൊണ്ട് മാത്രം നിങ്ങളെ അവർ ന്യായാധിപ സംഘങ്ങൾക്ക് ഏല്പിച്ചുകൊടുക്കും. നിങ്ങളെ അവർ മർദ്ദിക്കും. നിങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കും. ഇങ്ങനെയുള്ള ചെന്നായ്ക്കളുടെ ഇടയിലേക്കാണ് ഈശോ ക്രൈസ്തവരെ അയയ്ക്കുന്നത്.

എല്ലാ ക്രൈസ്തവരെയുമാണോ അയയ്ക്കുന്നത്? അതെ. ഈശോയുടെ ആഗ്രഹം അതാണ്. പക്ഷേ, എല്ലാവരും അതിന് യോഗ്യരാകുകയില്ലല്ലോ! ‘യേശുക്രിസ്തു കർത്താവാണെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും, ദൈവം അവിടുത്തെ ഉയിർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന ക്രൈസ്തവരാണ് ഇപ്രകാരം അയയ്ക്കപ്പെടുന്നവരും, പീഡസഹിക്കുന്നവരും. 

നാമെന്താണ് ചെയ്യേണ്ടത്? ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട്, ആ വിശ്വാസം ജീവൻ കൊടുത്തും, ജീവിതം കൊണ്ടും സാക്ഷ്യപ്പെടുത്തി മുന്നേറണം. വചനം പറയുന്നു, നിർഭയം ക്രിസ്തുവിന് സാക്ഷ്യം നൽകുക.

പ്രിയപ്പെട്ടവരേ, ക്രിസ്തു സാക്ഷ്യത്തിന്റെ അലയൊലികൾ ലോകമെങ്ങും മുഴങ്ങേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നമുക്ക് ചുറ്റും നമ്മൾ ക്രൈസ്തവരെ Target ചെയ്ത് “ചെന്നായ്ക്കൾ” ധാരാളം പദ്ധതികൾ മെനയുന്നുണ്ട്. അതിൽ, ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്ന തീവ്രവാദ മതരാഷ്ട്രീയമുണ്ട്. അതിൽ നമ്മെ നികൃഷ്ടജീവികളെന്നും, വിവരദോഷികളെന്നും വിളിക്കുന്നവരുണ്ട്. അതിൽ നമ്മുടെ സ്കൂളുകളെ, വിശുദ്ധരുടെ രൂപങ്ങളെ തകർത്തുകളയുന്നവരുണ്ട്. അതിൽ നമ്മുടെ കുരിശുകളെ അവഹേളിക്കുന്നവരുണ്ട്.  നമ്മെ കേസുകളിൽ കുടുക്കി ഇല്ലായ്മചെയ്യാൻ ശ്രമിക്കുന്നവരുണ്ട്. അതിൽ അധികാരികളുണ്ട്. നമ്മുടെ സാമ്പത്തിക സ്രോതസ്സുകളെ ഇല്ലാതാക്കുന്നവരുണ്ട്.  സംഘടനാ നേതാക്കളുണ്ട്. നമ്മുടെ വൈദികരും, സമർപ്പിതരും ധരിക്കുന്ന വസ്ത്രങ്ങളോട് വെറുപ്പുള്ളവരുണ്ട്. നമ്മുടെ ബൈബിൾ കത്തിക്കുന്നവരുണ്ട്. മോർഫുചെയ്ത് ക്രിസ്തുവിന്റെ രൂപത്തെ വികലമാക്കുന്നവരുണ്ട്. സിനിമയിലൂടെ, സാമൂഹ്യമാധ്യമങ്ങളിലൂടെ, ലേഖനങ്ങളിലൂടെ നമ്മെ കടിച്ചു കീറുന്ന ചെന്നായ്ക്കളുണ്ട്…!

എന്നാൽ, ഈ കാലഘട്ടത്തിലും, തങ്ങളുടെ ജീവിതസാഹചര്യങ്ങളിൽ ധൈര്യപൂർവം ക്രിസ്തുവിന് സാക്ഷ്യം നൽകുന്ന ധാരാളം ജീവിതങ്ങളുണ്ട്. നിങ്ങൾക്കറിയോ? എല്ലാ മത്സരങ്ങളിലും തന്നെ “100% ജീസസ്” എന്ന ബാൻഡ് തന്റെ നെറ്റിയിൽ അണിഞ്ഞ് സ്റ്റേഡിയത്തെ വലംവച്ച് തന്റെ ക്രൈസ്തവവിശ്വാസം പരസ്യമായി പ്രഘോഷിക്കുന്ന, ഒരു ഫുടബോൾ താരമുണ്ട്. ആരെന്നറിയോ? ഫുട്ബോൾ ഇതിഹാസം നെയ്മർ, നെയ്മർ ജൂനിയർ! (Neymar Jr., Brazilian Footballer) യേശുവിലുള്ള വിശ്വാസം

പരസ്യമായി പ്രഘോഷിക്കുവാൻ, തന്റെ ഫുട്ബോൾ കളിയിലൂടെ ക്രിസ്തുവിന് സാക്ഷ്യം നൽകുവാൻ യാതൊരു  മടിയും കാണിക്കാത്ത ഈ സൂപ്പർ താരം  ബൈബിൾ വചനങ്ങൾ നവമാധ്യമങ്ങളിൽ കുറിച്ചും ക്രിസ്തുവിനെ പ്രഘോഷിക്കുന്നുണ്ട്. അതിലും രസകരം, എക്‌സിൽ (മുൻപ് ട്വിറ്റർ) “ബയോ” സെക്ഷനിൽ തന്നെക്കുറിച്ച് അദ്ദേഹം വിശേഷണം നല്കിയിരിക്കുന്നത് ദൈവത്തിന്റെ മകൻ എന്നാണ്.

നെയ്മറിന്റെ ധൈര്യമെങ്കിലും നമുക്കുണ്ടെങ്കിൽ, സാഹചര്യം അനുകൂലമായാലും, പ്രതികൂലമായാലും നാം ക്രിസ്തുവിന് സാക്ഷ്യം നൽകും, ക്രിസ്തുവിനെ പ്രഘോഷിക്കും!

2009 ജനുവരി 8 ന് നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കവേ, കണ്ണിന് താഴെ Eye Black ൽ ജോൺ 3:16 എന്നെഴുതി കളിയ്ക്കിറങ്ങിയ ഒരു അമേരിക്കൻ ബേസ്ബാൾ – ഫുട്ബാൾ താരമുണ്ട് – ടിം റിച്ചാർഡ് റ്റെബോ (Tim Richard Tebo). അന്ന് 94 മില്യൺ ജനങ്ങളാണ് ഗൂഗിളിൽ (Google) ജോൺ 3:16 എന്തെന്നറിയാൻ Search ചെയ്തത്. അതുകഴിഞ്ഞ്, 3 വര്ഷം പിന്നിട്ടപ്പോൾ, 2012 ജനുവരി 8 ന് സ്റ്റീലേർസുമായി കളി ജയിച്ച് പ്രസ് കോൺഫറൻസിന് പോകവേ, അദ്ദേഹത്തിന്റെ PRO Mr. Patrick പറഞ്ഞു: “നിങ്ങൾക്കറിയോ, ഇന്ന് 90 മില്യൺ ആളുകളാണ് ജോൺ 3:16 എന്തെന്നറിയാൻ ഗൂഗിൾ ചെയ്തത്.” പത്രസമ്മേളനത്തിൽ Tim പറഞ്ഞതിങ്ങനെ:” നമ്മൾ ഒരു step വയ്ക്കാൻ തയ്യാറായാൽ, ഇത്തിരി ധൈര്യം കാണിച്ചാൽ, ക്രിസ്തു നമ്മുടെ ജീവിതങ്ങളിലൂടെ അത്ഭുതം പ്രവർത്തിക്കും.”

നമ്മുടെ ചെറിയ പ്രവർത്തികളിലൂടെ വലിയ കാര്യങ്ങൾ ചെയ്യുന്നവൻ ദൈവം. നാം ഒരു കാര്യം മാത്രം ചെയ്താൽ മതി – നമ്മുടെ ജീവിതസാഹചര്യങ്ങളിൽ ക്രിസ്തുവിനെ പ്രഘോഷിക്കുക.

ക്രൈസ്തവ പ്രേഷിത പ്രവർത്തനത്തെക്കുറിച്ച് ക്രിസ്തുവിന്റെ വീക്ഷണം വച്ചുപുലർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു സ്നേഹമുള്ളവരേ. നാം സർപ്പങ്ങളെപ്പോലെ വിവേകികളാകേണ്ടിയിരിക്കുന്നു; പ്രാവുകളെപ്പോലെ നിഷ്കളങ്കരും. വാദപ്രതിവാദങ്ങളിലൂടെ നമ്മുടെ താത്പര്യങ്ങളെ സ്ഥാപിക്കാനല്ല നാം ശ്രമിക്കേണ്ടത്. എന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനും, എന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനുമല്ല ക്രിസ്തു നമ്മെ അയയ്ക്കുന്നത്. പിന്നെയോ, ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കാനാണ്. പരിശുദ്ധാത്മാവ് നമ്മോട് പറയുന്നതിനനുസരിച്ച് സംസാരിക്കാനാണ് നാം പഠിക്കേണ്ടത്. അതിനായി, നമ്മുടെ ക്രിസ്തുവിലുള്ള വിശ്വാസത്തെ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.  ദൈവപരിപാലനയിൽ ആശ്രയിക്കേണ്ടിയിരിക്കുന്നു. ക്രിസ്തു പ്രഘോഷിക്കപ്പെടാത്ത ഒരു പ്രവർത്തനവും, പ്രേഷിത പ്രവർത്തനമാവില്ല; അതിപ്പോൾ, മാർപാപ്പ ചെയ്താലും!!

നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ ദൃഢമാക്കാനും, നമ്മുടെ

ക്രൈസ്തവ സാക്ഷ്യത്തെ മനോഹരമാക്കാനും, ക്രിസ്തുവിനോടൊപ്പം, തിരുസ്സഭയോടൊപ്പം നമുക്ക് മുന്നോട്ട് പോകാം. സുവിശേഷം പ്രസംഗിക്കുന്ന, നമ്മുടെ പാദങ്ങൾ മാത്രമല്ല, ജീവിതവും സുന്ദരമാകട്ടെ. ആമേൻ! 

SUNDAY SERMON JN 6, 60-69

ശ്ളീഹാക്കാലം നാലാം ഞായർ

യോഹ 6, 60-69

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യത്തെ ചാക്രികലേഖനം,  മാഗ്നിഫിക്കാ ഹ്യൂമാനിത്താസ് (Magnifica Humanitas) കഴിഞ്ഞ മെയ് 25 ന് പ്രസിദ്ധീകരിക്കുകയുണ്ടായി. നിർമ്മിതബുദ്ധി (Artificial Intelligence) മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിക്കുന്ന ഈ കാലത്ത് മനുഷ്യന്റെ ശ്രേഷ്ഠതയും മൂല്യവും സംരക്ഷിക്കുന്നതിനും, ഉയർത്തിപ്പിടിക്കുന്നതിനുമായിട്ടാണ് ലിയോ പതിനാലാമൻ പാപ്പാ ഈ ചാക്രികലേഖനം എഴുതിയിരിക്കുന്നത്. നിങ്ങളിൽ എത്രപേർക്ക് ഇതിനെക്കുറിച്ച് അറിവുണ്ട് എന്നെനിക്കറിയില്ല. ചാക്രിക ലേഖനത്തിന്റെ പൂർണരൂപം ഇങ്ങനെയാണ്: MAGNIFICA HUMANITAS OF HIS HOLINESS POPE LEO XIV ON SAFEGUARDING THE HUMAN PERSON

IN THE TIME OF ARTIFICIAL INTELLIGENCE. ഗൂഗിൾ ചെയ്താൽ ഈ ലേഖനം നിങ്ങൾക്ക് വായിക്കാം. നമ്മൾ ക്രിസ്ത്യാനികൾ സാധാരണ ഇതുപോലുള്ള ചാക്രികലേഖനങ്ങളെ ഗൗരവമായി കാണാറില്ല. എന്നാൽ, തിരുസ്സഭയുടെ പ്രവർത്തനങ്ങളെ വളരെ സൂക്ഷ്മമായി വീക്ഷിക്കുന്നവരും, പരിശോധിക്കുന്നവരും ഇത് വായിക്കുകയും, അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഈ ചാക്രികലേഖനത്തിന്റെ ഉള്ളടക്കത്തിന്റെ പേരിൽ ലിയോ പതിനാലാമൻ പാപ്പായെ വിമർശിക്കുന്നവരും, തിരുസ്സഭയെന്തിനാണ് ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നത് എന്ന് ചോദിക്കുന്നവരും ധാരാളമുണ്ട്. തിരുസ്സഭ ശാസ്ത്രത്തിനെതിരാണ് എന്ന പഴയ പല്ലവി പാടുന്നവരും ഉണ്ട്.

ഞാനിത് ഓർക്കാൻ കാരണം ഇന്നത്തെ സുവിശേഷമാണ്. വിശുദ്ധ കുർബാനയെക്കുറിച്ച് ഈശോ അവതരിപ്പിച്ച ചാക്രികലേഖനം കേട്ടപ്പോൾ ഇന്നത്തേതുപോലെ അന്നും ധാരാളം വിമർശനങ്ങൾ ഉണ്ടായി. ധാരാളംപേർ ഈശോയെ ഉപേക്ഷിച്ചിച്ച് പോയി. ഈ പഠനം കഠിനമാണെന്നും പറഞ്ഞ് കുറേപേർ ഈശോയെ വിമർശിച്ചു. അടുത്ത് നിന്നവരോട് നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ എന്ന അല്പം നിരാശ കലർന്ന ഒരു ചോദ്യം ഈശോയിൽ നിന്ന് പുറത്തുവരാൻ പോലും ഈ സാഹചര്യം ഇടയാക്കി. ഈശോയ്ക്ക് ഇത് ഒരു പുതിയ കാര്യം അല്ലെങ്കിലും, അന്നത്തെ അവസ്ഥ ഇന്നും തുടരുന്നുണ്ട്.

ഈശോയുടെ ജീവിതത്തെ സംഗ്രഹിക്കുവാൻ ഏറ്റവും യോജിച്ച വിശേഷണം ‘ഉപേക്ഷിക്കപെട്ടവൻ’ എന്നായിരിക്കും. വിശുദ്ധ യോഹന്നാൻ തന്റെ സുവിശേഷത്തിലെ ആദ്യത്തെ അധ്യായത്തിൽ തന്നെ അത് മുൻകൂട്ടി കാണുന്നുണ്ട്. “അവൻ സ്വജനത്തിന്റെ അടുക്കലേക്ക് വന്നു. എന്നാൽ, സ്വജനം അവനെ സ്വീകരിച്ചില്ല.” (യോഹ 1, 9) മുഴുവൻ ലോകത്തെയും സ്വീകരിക്കാനായി തുറന്നിട്ട ഈശോയുടെ തിരുഹൃദയത്തിനെതിരെ ഭൂമിയിലെ മനുഷ്യർ അവരുടെ ചെറു ഹൃദയങ്ങൾ കൊട്ടിയടച്ചു. അതുകൊണ്ടാണ്, “സത്രത്തിൽ അവന് ഇടം കിട്ടിയില്ല” (ലൂക്കാ 2, 7) എന്ന ചെറുവാചകം നമ്മെ ഇന്നും ഭാരപ്പെടുത്തുന്നത്. പിന്നീടുള്ളതെല്ലാം അതിന്റെ തനിയാവർത്തനങ്ങളായിരുന്നു, ഇന്നത്തെ സുവിശേഷത്തിലെ സംഭവമടക്കം. അവനെ പരിക്ത്യക്തനായ മനുഷ്യനെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ വിശേഷിപ്പിച്ച ഏശയ്യാപ്രവാചകനെ സമ്മതിക്കണം! ക്രിസ്തുവാണെങ്കിൽ അത് മനക്കണ്ണിൽ കണ്ടിട്ടുണ്ടാകണം. അതുകൊണ്ടാണല്ലോ “പണിക്കാർ ഉപേക്ഷിച്ചു കളഞ്ഞ കല്ലെന്ന്” അവിടുന്ന് തന്നെത്തന്നെ വിശേഷിപ്പിച്ചത്!

ഇന്നത്തെ സുവിശേഷത്തിന്റെ പ്രധാനപ്പെട്ട Attraction ഈശോയെ ഉപേക്ഷിച്ചുപോകുന്ന ശിഷ്യന്മാരാണ്. കാലങ്ങളായി ഒരു പ്രസ്ഥാനത്തിൽ നിന്നിട്ട്, ആ പ്രസ്ഥാനത്തിൽ നിന്ന് സാധിക്കാവുന്നതെല്ലാം ഊറ്റിയെടുത്ത് ആകാശംമുട്ടേ വളർന്നിട്ട്, വെറും സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി പ്രസ്ഥാനത്തെ, അത് പിന്തുടരുന്ന ആശയത്തെ തള്ളിപ്പറയുന്നത്, അതിനെ ഉപേക്ഷിക്കുന്നത് വർത്തമാനകാലത്തിന്റെ വെറും തമാശകളായി മാറുന്ന ഇക്കാലത്ത്, ‘നിന്റെ ആശയങ്ങൾ, നീ പറയുന്ന കാര്യങ്ങൾ കഠിനമാണ്‘ എന്നും പറഞ്ഞ്, ഈശോയെ ഉപേക്ഷിച്ചുപോകുന്ന ശിഷ്യന്മാരെക്കുറിച്ചു് കേൾക്കുമ്പോൾ ആധുനിക മനുഷ്യന് പ്രത്യേകിച്ച് മലയാളിക്ക് ഒരു വികാരവും തോന്നാൻ സാധ്യതയില്ല.

എങ്കിലും, ഈ സുവിശേഷഭാഗം വായിക്കുമ്പോൾ, വായിച്ചു കേൾക്കുമ്പോൾ മനസ്സിലുയരുന്ന കുറച്ചു ചോദ്യങ്ങളുണ്ട്. ഒന്ന്, ആരാണ് ഈശോയെ ഉപേക്ഷിച്ചു പോയത്? ശിഷ്യന്മാരാണ്. ജനക്കൂട്ടവും ശിഷ്യന്മാരും തമ്മിൽ വ്യത്യാസമുണ്ട്. ശിഷ്യന്മാർ പ്രത്യേകമാംവിധം, പ്രത്യേക ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടവരാണ്. അതിനായി സമർപ്പണം ചെയ്യാൻ തയ്യറായി വന്നിട്ടുള്ളവരാണ്. ഈശോ തന്റെ ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോൾ, അവരെ ധാരാളം കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്തു. ജനക്കൂട്ടത്തിന്റെ മനസ്സെന്ന് പറയുന്നത് ബോധ്യങ്ങളില്ലാത്ത മനസ്സാണ്. അവരോട് സംസാരിക്കുമ്പോൾ ഉറക്കെ സംസാരിക്കണം. രാഷ്ട്രീയക്കാരെ കണ്ടിട്ടില്ലേ? അതുപോലെ. എന്നാൽ ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. ഗുരുവും ശിഷ്യരും തനിച്ചാകുമ്പോൾ കൂടുതൽ ആഴത്തിലുള്ള കാര്യങ്ങൾ ഗുരു വെളിപ്പെടുത്തും. അത്രയ്ക്കും സ്നേഹത്തോടെയാണ് ഈശോ ശിഷ്യരെ വളർത്തിയെടുത്തത്. ആ ശിഷ്യരിൽ ഒരു ഭാഗമാണ് ഈശോയെ ഉപേക്ഷിച്ചു പോയത്.

രണ്ട്, ആരെയാണ് ഉപേക്ഷിച്ചു പോയത്? ക്രിസ്തുവിനെ. ദൈവമായിരുന്നിട്ടും ദൈവത്തിന്റെ സമാനത മുറുകെപ്പിടിക്കാതെ, മനുഷ്യനായി നമ്മോടൊത്തു് വസിക്കുന്ന ദൈവത്തെ.

മൂന്ന്, എന്തുകൊണ്ടാണ് ഉപേക്ഷിച്ചുപോയത്? രക്ഷാകര പദ്ധതിയുടെ പൂർത്തീകരണമായി, പരിസമാപ്തിയായി വിശുദ്ധ കുർബാനയെ അവതരിപ്പിച്ചപ്പോൾ. “ഞാൻ സ്വർഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു” (യോഹ 6, 51) എന്ന് പറഞ്ഞപ്പോൾ അത് മനസ്സിലാക്കുവാൻ മാത്രം അവരുടെ മനസ്സിന് വലിപ്പമുണ്ടായില്ല. അവരുടെ ഹൃദയത്തിന് വിശാലതയുണ്ടായിരുന്നില്ല. “നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രൻ നൽകുന്ന അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിൻ” (യോഹ 6, 27) എന്ന് പറഞ്ഞപ്പോൾ അവരതിനെ ഒരു ഭ്രാന്തൻജൽപനമായി തള്ളിക്കളഞ്ഞു. “ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്നത് എന്റെ ശരീരമാകുന്നു” (യോഹ 6, 51) എന്ന് പറഞ്ഞപ്പോൾ ആ സത്യത്തിലേക്ക് കണ്ണുകൾ തുറക്കുവാൻ അവർക്ക് കഴിഞ്ഞില്ല. അവരുടെ പിതാമഹന്മാർ ചെയ്തതുപോലെ അവർ അവരുടെ ഹൃദയം കഠിനമാക്കി. മെരീബായിൽ ചെയ്തതുപോലെ, മരുഭൂമിയിലെ മാസ്സായിൽ ചെയ്തതുപോലെ, അവർ ഹൃദയം കഠിനമാക്കി. ദൈവത്തിന്റെ ആത്മാവിന്റെ പ്രവർത്തികളെ വിവരിച്ചപ്പോൾ അതിനെ ഉൾക്കൊള്ളുവാൻ മാത്രം അവർ വളർന്നില്ല. അല്ലെങ്കിൽ, അവരുടെ ഇഷ്ടങ്ങൾക്കും, തോന്നലുകൾക്കുമപ്പുറം ദൈവത്തിന്റെ വെളിപാടുകളിലേക്ക് ഹൃദയം തുറക്കുവാൻ അവർക്കു കഴിഞ്ഞില്ല.

പക്ഷേ, ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എങ്ങനെയാണ്? കഠിനഹൃദയനയാണോ ദൈവം മനുഷ്യനെ സൃഷ്ടിച്ചത്? വചനം പറയുന്നു, “ദൈവം മനുഷ്യനെ സരള ഹൃദയനായി” സൃഷ്ടിച്ചു (സഭാപ്രസംഗകൻ 7:29) | എന്ന്. ഒരു Responsive heart ഉള്ളവളായിട്ടാണ്, ഉള്ളവനായിട്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. എസെക്കിയേൽ പ്രവാചകനിലൂടെ ദൈവം നമ്മെ അറിയിച്ചതും ഇത് തന്നെയാണ്. ഇസ്രായേൽ ജനത്തിന് ദൈവം ഇതാ ഒരു പുതിയ ഹൃദയം നൽകുന്നു. (എസക്കിയേൽ 36, 26) ഒരു പുതിയ ഹൃദയം മാത്രമല്ല, പുതിയ ചൈതന്യവും നൽകുന്നു. അതിന്റെ operation എങ്ങനെയാണ്? നിങ്ങളുടെ ശരീരത്തിൽ നിന്ന് ശിലാഹൃദയം ദൈവം എടുത്തുമാറ്റും. എന്നിട്ട് മാംസളമായ ഒരു ഹൃദയം നിങ്ങൾക്ക് നൽകും. എന്തിനുവേണ്ടിയാണ് ഈ പുതിയ ഹൃദയം? പുതിയ ചൈതന്യം? അത് respond ചെയ്യാൻ വേണ്ടിയാണ്. സമുചിതമായി പ്രത്യുത്തരിക്കാൻ വേണ്ടിയാണ്. എപ്പോൾ? ദൈവം നിങ്ങളോട് സംസാരിക്കുമ്പോൾ. ദൈവം നമ്മോട് സ്വർഗ്ഗത്തിലെ കാര്യങ്ങൾ പറയുമ്പോൾ, ദൈവം നമ്മോട് നമ്മുടെ രക്ഷയ്ക്കായിട്ടുള്ള കാര്യങ്ങൾ പറയുമ്പോൾ.

നോക്കൂ, പന്ത്രണ്ട് ശിഷ്യന്മാരുടെ response …”ഞങ്ങൾ ആരുടെ പക്കൽ പോകും? നിത്യജീവന്റെ വചസ്സുകൾ നിന്റെ പക്കലുണ്ടല്ലോ”. ഹൃദയംകൊണ്ട് respond ചെയ്യുന്ന ശിഷ്യരുടെ, അന്നുമുതൽ ലോകത്തിന്റെ അവസാനംവരെ respond ചെയ്യുന്നവരുടെ പ്രതിനിധികളാണവർ!!!! നിങ്ങൾക്കുവേണ്ടിയും, എനിക്കുവേണ്ടിയും, ഇനിയും ജനിക്കാനിരിക്കുന്നവർക്കുംവേണ്ടിക്കൂടിയാണ് അവർ അന്ന് ഇങ്ങനെ ഹൃദയംകൊണ്ട് respond ചെയ്‌തത്.  

സ്നേഹമുള്ളവരേ, ദൈവം നമുക്കൊരു responsive heart, dynamic and organic heart നൽകിയിരിക്കുന്നത് അവിടുത്തെ ഉപേക്ഷിക്കുവാനായിട്ടല്ല. സമുചിതമായി ദൈവത്തോട് respond ചെയ്യുവാനായിട്ടാണ്; സമുചിതമായി ദൈവത്തോട് പ്രത്യുത്തരിക്കുവാനായിട്ടാണ്. ക്രിസ്തുവിനെ പിന്തുടർന്ന ശിഷ്യരേക്കാൾ, അവിടുത്തെ ഉപേക്ഷിച്ചു ഓടിപ്പോയവരായിരുന്നു കൂടുതൽ. ക്രിസ്തു പറയുന്നത് കേൾക്കാൻ വന്നവരേക്കാൾ, അവിടുന്ന് കുരിശേറുന്നത് കാണാൻ വന്നവരായിരുന്നു കൂടുതൽ.

ചരിത്രം ആവർത്തിക്കാതിരിക്കുവാൻ നമ്മുടെ ഹൃദയത്തെ നാം ഒരുക്കേണ്ടിയിരിക്കുന്നു. സ്നേഹമുള്ളവരേ, ഹൃദയംകൊണ്ട് ക്രിസ്തുവിനെ കാണാൻ നാം പഠിക്കണം. ഹൃദയംകൊണ്ട്, ക്രിസ്തുവിനെ കേൾക്കാൻ പഠിക്കണം. ഹൃദയംകൊണ്ട് ക്രിസ്തുവിനെ മനസ്സിലാക്കുവാൻ നാം പഠിക്കണം. മാത്രമല്ല, ഹൃദയത്തിൽ ക്രിസ്തുവിനെ ഗർഭം ധരിക്കാനും നമുക്കാകണം. ആണായാലും, പെണ്ണായാലും ഹൃദയത്തിൽ ക്രിസ്തുവിനെ ഗർഭം ധരിക്കുകയെന്ന ആധ്യാത്മിക secret പഠിക്കുക ആവശ്യമാണ്.

അല്ലെങ്കിൽ ഈശോയുടെ കാലത്തേ ശിഷ്യരെപ്പോലെ നാമും, ക്രിസ്തുവിനെ തള്ളിപ്പറയും. ക്രിസ്തുവിന്റെ ആശയം, വചനം കഠിനമാണെന്ന് പറഞ്ഞു നാം അവനെ ഉപേക്ഷിക്കും. ചുള്ളിക്കമ്പുകൾ കൊണ്ട് ആളിക്കത്തുന്ന അഗ്നിയുടെ ചൂടിൽ ഈശോയെ നാം തള്ളിപ്പറയും. ലൗകികതയുടെ കിലുക്കത്തിൽ അവനെ നാം ഒറ്റിക്കൊടുക്കും.

അത് സംഭവിക്കാതിരിക്കട്ടെ. അത് സംഭവിക്കാതിരിക്കണമെങ്കിൽ, വിശുദ്ധ കുർബാനയിൽ, തിരുവോസ്തിയിൽ എഴുന്നള്ളിയിരിക്കുന്നത് ക്രിസ്തുവാണെന്ന് ഉറച്ച് വിശ്വസിക്കുവാൻ നമുക്കാകണം. വിശുദ്ധ കുർബാന വെറും ഷോ അല്ലെന്ന് വിളിച്ചുപറയുവാൻ, അത് വെറും ഷോ ആണെന്ന് പറയുന്നവരെ തിരിച്ചറിയുവാൻ നാം ശ്രമിക്കണം. വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ സജീവ സാന്നിധ്യം പ്രഘോഷിക്കുന്ന ക്രിസ്തു ശിഷ്യരാകുവാൻ നാം ശക്തരാകേണ്ടിയിരിക്കുന്നു. വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ തിരുഹൃദയത്തിന്റെ തുടിപ്പ് കേൾക്കുവാനും, ആ ഹൃദയത്തുടിപ്പിനനുസരിച്ച് നമ്മുടെ ഹൃദയം തുടിക്കുവാനും നാം നമ്മെത്തന്നെ പഠിപ്പിക്കണം.

ഇറ്റലിയിലെ ലാൻസിയാനോ (Lanciano) എന്ന പട്ടണത്തിൽ സെന്റ് ലോങിനോസിന്റെ (St. Longinos) പേരിലുള്ള ആശ്രമദേവാലയത്തിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന്റെ Result ശ്രദ്ധിച്ചിട്ടുണ്ടോ? അതിൽ പറഞ്ഞത്, ഈ മാംസക്കഷ്ണങ്ങൾ ഹൃദയപേശിയുടെ ഒരു ഭാഗമാണ് എന്നാണ്. അതായത്, തിരുവോസ്തിയിൽ ക്രിസ്തു തന്റെ ഹൃദയമാണ് നമുക്കായി നൽകുന്നത്.

1999 ൽ അർജന്റീനയിലെ (Argentina) ബ്യുനെസ് അയേഴ്സിൽ (Buenos Aires) നടന്ന അത്ഭുതം ഓർക്കുന്നില്ലേ? ഇന്നത്തെ ഫ്രാൻസിസ് പപ്പാ (Pope Francis) ആയിരുന്നു അവിടുത്തെ അന്നത്തെ മെത്രാൻ. അദ്ദേഹം മാംസമായി മാറിയ തിരുവോസ്തിയാണിതെന്ന് അറിയിക്കാതെ തന്നെ, മാംസക്കഷണത്തിന്റെ ഒരു ഭാഗം ലാബിലേക്കയച്ചു. Result ഞെട്ടിക്കുന്നതായിരുന്നു. ‘ഇത് ഒരു മനുഷ്യന്റെ ശരീരവും രക്തവുമാണ്. ഹൃദയത്തിന്റെ ഇടത് വെൻട്രിക്കിളിൽ (Ventricle) വാൽവിനടുത്ത കോശമാണിത്. ഹൃദയസ്പന്ദനത്തെ നിയന്ത്രിക്കുന്ന പേശിയാണിത്.’  വിശുദ്ധ കുർബാനയിൽ ക്രിസ്തു അവിടെ സന്നിഹിതനായിരിക്കുന്നത്, തന്റെ ജീവൻ തുടിക്കുന്ന ഹൃദയവുമായാണ് പ്രിയപ്പെട്ടവരേ! വിശുദ്ധ കുർബാനയിൽ ഈശോയുടെ സജീവ സാന്നിധ്യം എങ്ങനെ തള്ളിപ്പറയുവാൻ സാധിക്കും? വിശുദ്ധ കുർബാനയിലെ നമുക്കായി തുടിക്കുന്ന ഈശോയുടെ തിരുഹൃദയത്തെ നമുക്കെങ്ങനെ ഉപേക്ഷിക്കുവാൻ സാധിക്കും? 

പക്ഷേ, അതിന്നും സംഭവിക്കുന്നു. നമുക്ക് നല്കപ്പെട്ടിരിക്കുന്ന 24 മണിക്കൂറുകളിൽ അല്പസമയം കുടുംബത്തോടൊത്ത് തിരുഹൃദയരൂപത്തിന് മുൻപിൽ മുട്ടുകുത്തുവാൻ നാം മടിക്കുമ്പോൾ, അതിന് സമയം കണ്ടെത്താതെ വരുമ്പോൾ നാം ഈശോയെ ഉപേക്ഷിക്കുകയല്ലേ? നമ്മുടെ സ്ഥാപനങ്ങളുടെ മുൻപിൽ കൂലിയ്ക്കുവേണ്ടി, ചെയ്ത ജോലിക്ക് തക്ക ശമ്പളം ലഭിക്കുവാൻ മനുഷ്യർ സമരം ചെയ്യുമ്പോൾ, സ്നേഹമുള്ളവരേ, നാം ഈശോയെ ഉപേക്ഷിക്കുകയല്ലേ? ഈശോയുടെ തിരുഹൃദയത്തിന്റെ തുടിപ്പ് പച്ചു നിൽക്കുന്ന വിശുദ്ധ കുർബാനയെ അവഹേളിക്കുമ്പോൾ നാം ഈശോയെ ഉപേക്ഷിക്കുകയല്ലേ? നമ്മുടെ തിരുനാളുകളും, ആഘോഷങ്ങളും വെറും ആർഭാടങ്ങളാകുമ്പോൾ നാം ഈശോയെ ഉപേക്ഷിക്കുകയല്ലേ? അതെ, അതെയെന്ന് തന്നെ പറയേണ്ടിവരും!!!   

വിശുദ്ധ കുർബാനയെ സ്‌നേഹിക്കാം നമുക്ക്.

വിശുദ്ധ കുർബാന എന്നതാണെന്ന് പഠിക്കാൻ ശ്രമിക്കാം. തിരുസ്സഭയുടെ പഠനങ്ങളിലൂടെ വിശുദ്ധ കുർബാനയെ അറിയാൻ ശ്രമിക്കാം. നിർമലമായ, വിശുദ്ധമായ ഹൃദയത്തോടെ ബലി തുടർന്നു അർപ്പിക്കാം. ആമേൻ!

SUNDAY SERMON LK 9, 1-6

ശ്ലീഹാക്കാലം മൂന്നാം ഞായർ

ലൂക്കാ 9, 1-6

സീറോ മലബാർ സഭ ആരാധനക്രമം വത്സരത്തിലെ ശ്ളീഹാക്കാലത്തിലൂടെ കടന്നുപോകുമ്പോൾ ഇന്നത്തെ സുവിശേഷഭാഗം ഉയർത്തുന്ന ധരാളം വെല്ലുവിളികളുണ്ട്. ഒന്ന്, സുവിശേഷത്തെ ലക്ഷ്യമിട്ടുള്ളതാണ്. “നിങ്ങൾ ലോകമെങ്ങുപോയി സുവിശേഷം പ്രസംഗിക്കുവിൻ” എന്ന ക്രിസ്തുവിന്റെ mandate എത്രമാത്രം ഗൗരവത്തോടെയാണ് ക്രൈസ്തവർ കാണുന്നത്? രണ്ട് ക്രൈസ്തവ സഭയുടെ മിഷനറി പ്രവർത്തനത്തെ ലക്ഷ്യമിട്ടുള്ളതാണ്. നമ്മൾ ക്രൈസ്തവർ മറ്റുള്ളവരോട് ക്രിസ്തുവിനെ പ്രസംഗിക്കുവാൻ എത്രമാത്രം ശ്രമിക്കുന്നുണ്ട്? മൂന്ന്, വിവേകത്തേക്കാൾ ഭയമല്ലേ നമ്മെ മൈഷനറി പ്രവർത്തനത്തിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്?

ഇങ്ങനെയുള്ള നൂറായിരം ചോദ്യങ്ങൾ നമ്മുടെ മുൻപിൽ ഉയരുമ്പോഴും, എല്ലാ ക്രൈസ്തവരും ക്രിസ്തുവിനാൽ അയയ്ക്കപ്പെട്ടവരാണെന്നുള്ള സന്ദേശമാണ് തിരുസ്സഭ ഇന്ന് നമ്മെ ഓർമിപ്പിക്കുന്നത്. ഈ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക്, കലാപം നിറഞ്ഞ സ്ഥലങ്ങളിലേക്ക്, രാഷ്ട്രീയ, വർഗീയ മത്സരങ്ങൾ നടക്കുന്ന ഇടങ്ങളിലേക്ക്, വംശഹത്യ നടക്കുന്ന നൈജീരിയകളിലേക്ക്, ദാരിദ്രം അനുഭവിക്കുന്ന, രോഗങ്ങളാൽ ക്ലേശിക്കുന്ന മനുഷ്യരിലേക്ക് ക്രിസ്തുവിന്റെ സന്ദേശവുമായി അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവർ, അവിടെയൊക്കെ നന്മ വിതയ്ക്കുന്നവരാണ് ക്രൈസ്തവർ എന്നുള്ള ഓർമപ്പെടുത്തലാണ് ഇന്നത്തെ സുവിശേഷം.

വിശുദ്ധ സ്നാപകയോഹന്നാനിൽ നിന്ന് മാമ്മോദീസാ സ്വീകരിച്ച ഈശോ തന്റെ ദൗത്യം ആരംഭിക്കുന്നത് ദൈവത്തെ മഹത്വപ്പെടുത്തുന്ന അടയാളങ്ങളിലൂടെയാണ്. അതിനിടയ്ക്കാകട്ടെ അവിടുന്ന് പന്ത്രണ്ടു പേരെ തന്റെ ശിഷ്യന്മാരായി തിരഞ്ഞെടുത്തു. സുവിശേഷഭാഗ്യങ്ങൾ പ്രസംഗിച്ചുകൊണ്ടും, നായിനിലെ വിധവയുടെ മകനെ ഉയിർപ്പിച്ചുകൊണ്ടും, കൊടുങ്കാറ്റിനെ ശാന്തമാക്കിക്കൊണ്ടും തന്റെ ദൈവത്വം ഈശോ ജനങ്ങൾക്കും, ശിഷ്യർക്കും വെളിപ്പെടുത്തികൊടുത്തു. പിന്നീടൊരുനാൾ ഈശോ ശിഷ്യന്മാരെ അയയ്ക്കുകയാണ്. ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാനും, രോഗികളെ സുഖപ്പെടുത്തുവാനുമായി.

ഒരു സുപ്രഭാതത്തിൽ വെറുതേ തോന്നിയ ഒരു കാര്യമല്ലായിരുന്നു ഈ അയയ്ക്കൽ. ഗുരുവും കർത്താവുമായ ഈശോ തീർച്ചയായും ശിഷ്യന്മാരെ രഹസ്യമായി പഠിപ്പിച്ചിട്ടുണ്ടാകണം; അവരെ പല കാര്യങ്ങളൂം പരിശീലിപ്പിച്ചിട്ടുണ്ടാകണം. പിന്നെ അവർക്ക്, ഇന്നത്തെ വചനത്തിൽ പറയുന്നപോലെ, സകല പിശാചുക്കളുടെയുംമേൽ അധികാരം കൊടുത്തു. ഇങ്ങനെ വളരെ മനോഹരമായി ഒരുക്കിയ ശേഷമാണ് ഈശോ ശിഷ്യരെ അയയ്‌ക്കുന്നത്‌. ദൈവാരാജ്യപ്രഘോഷണമെന്ന, ദൈവരാജ്യസംസ്ഥാപനം എന്ന തന്റെ ദൗത്യത്തിന്റെ മുൻ നിരയിലേക്ക് മുന്നണിപ്പോരാളികളാകാൻ ഈശോ ശിഷ്യരെ ക്ഷണിക്കുകയാണ്. ശിഷ്യരാകട്ടെ, ഒന്നും അറിയില്ലെങ്കിലും, ക്രിസ്തുവിന്റെ ദൗത്യം ഏറ്റെടുക്കുവാൻ തയ്യാറാകുകയാണ്.

ഈശോ ശിഷ്യർക്ക് നൽകുന്ന നിർദ്ദേശങ്ങൾ വളരെ ശ്ലാഘനീയമാണ്. അയയ്ക്കപ്പെടുന്നവരുടെ ജീവിതലാളിത്യത്തിന്റെ ഒരു നേർചിത്രമാണ് നിർദ്ദേശങ്ങൾ നമുക്ക് തരുന്നത്. എവിടെനിന്നായിരിക്കണം ഈ ജീവിതലാളിത്യത്തിനുള്ള നിർദ്ദേശങ്ങൾ ഈശോയ്ക്ക് ലഭിച്ചിരിക്കുക? മൂന്ന് സാധ്യതകളാണ് ഉള്ളത്. ഒന്നാമത്തേത്, ദൈവപുത്രനായ ഈശോയ്ക്ക് എല്ലാം അറിയാം. അതുകൊണ്ട്, അവിടുത്തേക്ക് ശിഷ്യരെ നേരിട്ടങ്ങു് പഠിപ്പിക്കാം. രണ്ട്, യഹൂദരുടെ മതഗ്രന്ഥമായ താൽമൂദിൽ (Talmud), ദൈവാലയത്തിൽ പോകുന്നവർ, ദൈവിക കാര്യങ്ങൾക്കായി യാത്രചെയ്യുന്നവർ സ്വീകരിക്കേണ്ട ജീവിതരീതിയെക്കുറിച്ച് പറയുന്നുണ്ട്. അതിങ്ങനെയാണ്: ദൈവാലയത്തിൽ പോകുന്നവർ, ദൈവിക കാര്യങ്ങൾക്കായി പോകുന്നവർ വടിയോ, സഞ്ചിയോ, അപ്പമോ, പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്. ഇത്, ദൈവാലയത്തിൽ പ്രവേശിക്കുന്നവർക്ക്, ദൈവിക കാര്യങ്ങൾക്കായി നിയോഗിക്കപ്പെടുന്നവർക്ക് അശ്രദ്ധ ഉണ്ടാകാതിരിക്കാനാണ്; മറ്റ് കാര്യങ്ങളിലേക്ക് മനസ്സ് പോകാതിരിക്കുവാനാണ്. മൂന്ന്, ഈശോയുടെ കാലത്തുണ്ടായിരുന്ന എസ്സീൻ സന്യാസികൾ സ്വീകരിച്ചിരുന്ന ജീവിത ശൈലി ഇങ്ങനെയായിരുന്നു. ക്രിസ്തുവിന് മുൻപ് രണ്ടാം നൂറ്റാണ്ടുമുതലാണ് യഹൂദരായ ഈ സന്യാസികൾ ഖുമറാൻ (Qumran) ഗുഹകളിൽ താമസിച്ചിരുന്നത്. ഏറ്റവും ലാളിത്യത്തോടെയായിരുന്നു അവർ ദൈവികകാര്യങ്ങൾക്കായി പോയിരുന്നത്.

വലിയ പാണ്ഡിത്യം പ്രകടിപ്പിക്കുന്ന പ്രസംഗങ്ങൾ എഴുതുവാൻ ഈശോ അവരോട് ആവശ്യപ്പെടുന്നില്ല. Message പകർന്നുകൊടുക്കുന്ന Skits, തെരുവുനാടകങ്ങൾ തുടങ്ങിയവ ഒരുങ്ങാനും പറയുന്നില്ല. ക്രിസ്തു ശിഷ്യരുടെ സാന്നിധ്യം തന്നെ ധാരാളം എന്നായിരിക്കണം ഈശോയുടെ ചിന്ത.

എങ്ങനെയായാലും, ക്രിസ്തുശിഷ്യരുടെ പ്രേഷിതപ്രവർത്തനത്തിന്റെ ഒരു രീതിശാസ്ത്രം (Methodology) ഈശോ ഇവിടെ രൂപപ്പെടുത്തുകയാണ്. മാത്രമല്ല, ലോകത്തിന്റെ അവസാനം വരെയുള്ള എല്ലാ ക്രൈസ്തവരുടെയും പ്രേഷിത പ്രവർത്തനത്തിന്റെ രീതിശാസ്ത്രമാണ് ഈശോ ഇവിടെ അവതരിപ്പിക്കുന്നത്. ഈശോയുടെ കാലത്ത് അവിടുത്തെ ശിഷ്യന്മാരും, ഈശോയുടെ ഉത്ഥാനത്തിനുശേഷം ആദിമ ക്രൈസ്തവരും സ്വീകരിച്ച പ്രേഷിത പ്രവർത്തനരീതിയും മറ്റൊന്നല്ലായിരുന്നു. അതിനുശേഷം, വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി മുതൽ വിശുദ്ധ മദർ തെരേസ ഉൾപ്പെടെയുള്ള ധാരാളം ക്രിസ്തു ശിഷ്യർ ഈ പ്രേഷിത പ്രവർത്തനരീതി തുടർന്നിട്ടുണ്ട്. ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചിട്ടുണ്ട്. രോഗികളെ, ലോകത്തെ സുഖമാക്കിയിട്ടുണ്ട്. ഇന്നും ക്രിസ്തുവിനാൽ അയയ്ക്കപ്പെടുന്ന അനേകായിരങ്ങൾ തുടരുന്നതും, തുടരേണ്ടതും ഈ രീതിശാസ്ത്രം തന്നെയാണ്. ജീവിതത്തിലൂടെ, ജീവിതലാളിത്യത്തിലൂടെ വേണം നാം എന്നും ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കേണ്ടത്.

ഗ്രീക്ക് നോവലിസ്റ്റായ നിക്കോസ് കസാന്റ്‌സാക്കിസിന്റെ (Nikos Kazantzakis) ദൈവത്തിന്റെ പാപ്പർ (God’ Pauper) എന്ന നോവൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. അതിലൊരു രംഗം ഇങ്ങനെയാണ്:

വൈകുന്നേരമായപ്പോൾ ഫ്രാൻസിസ് ബ്രദർ ലിയോയോട് പറഞ്ഞു: നാളെ നമുക്ക് പട്ടണത്തിൽ പോയി സുവിശേഷം പ്രസംഗിക്കണം. ലിയോയ്ക്ക് സന്തോഷമായി. അയാൾ അപ്പോൾ മുതൽ പ്രസംഗം തയ്യാറാക്കാൻ തുടങ്ങി. രാത്രിമുഴുവനും ഇരുന്ന് പറയേണ്ടതെല്ലാം എഴുതി വച്ചു. പിറ്റേന്ന് രാവിലെ ഫ്രാൻസിസും ബ്രദർ ലിയോയും പട്ടണത്തിൽ ചെന്നു. കണ്ടുമുട്ടിയ ആളുകളെയെല്ലാം നോക്കി ഫ്രാൻസിസ് പുഞ്ചിരിച്ചു. ലിയോയും അങ്ങനെ ചെയ്തു. ചിലരെ നോക്കി ഫ്രാൻസിസ് തലകുലുക്കി. ലിയോയും അതുതന്നെ ചെയ്തു. ഉച്ചയായിട്ടും ഇതേ പരിപാടി തുടർന്ന ഫ്രാൻസിസിനോട് ലിയോ ദേഷ്യപ്പെടുന്നുണ്ട്? “എന്താണ് നാം പ്രസംഗിക്കാത്തത്?” വൈകുന്നേരമായപ്പോൾ ഫ്രാൻസിസ് പറഞ്ഞു: “നമുക്ക് പോകാം.” ലിയോയ്ക്ക് വല്ലാതെ ദേഷ്യം വന്നു. “അപ്പോൾ സുവിശേഷ പ്രസംഗം?” തെല്ല് ഈർഷ്യയോടെ തന്നെയാണ് ലിയോ അങ്ങനെ ചോദിച്ചത്. ഫ്രാൻസിസ് വളരെ സൗമ്യതയോടെ പറഞ്ഞു: “ഇന്ന് മുഴുവനും നാം വചനം പ്രസംഗിക്കുകയായിരുന്നല്ലോ, വാചാലമായി.”

ക്രൈസ്തവരായ നാം അയയ്ക്കപ്പെട്ടവരാണ്, ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കാൻ, ലോകത്തെ സുഖപ്പെടുത്താൻ. അയയ്ക്കപ്പെടുന്നവരായ നാം പക്ഷെ പ്രസംഗിക്കേണ്ടത്, നമ്മുടെ ജീവിതംകൊണ്ടായിരിക്കണം, ജീവിതലാളിത്യംകൊണ്ടായിരിക്കണം, വലിയ management skills ഒന്നും വേണമെന്നില്ല. ആളുകളെ ആകർഷിക്കുന്ന rhetoric styles ഉം വേണമെന്നില്ല. നീണ്ട പ്രസംഗങ്ങളും വേണ്ട. എന്നാൽ, വേണ്ടത് ക്രിസ്തുവിന്റെ ശിഷ്യനാണ് താൻ എന്ന അവബോധമാണ്. വേണ്ടത്, ഞാൻ പ്രസംഗിക്കേണ്ടത് ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ സുവിശേഷമാണ് എന്ന  ബോധ്യമാണ്. വേണ്ടത് ലോകത്തെ സുഖപ്പെടുത്തുകയാണ് എന്റെ ദൗത്യമെന്ന തിരിച്ചറിവാണ്. വേണ്ടത് പരിശുദ്ധാത്മാവിലുള്ള ജീവിതമാണ്. എല്ലാറ്റിലുമുപരി, നിന്നിലൂടെ പ്രകാശിക്കേണ്ടത് പ്രസാദവരത്തിന്റെ ഭംഗിയാണ്.

സ്നേഹമുള്ളവരേ, ക്രിസ്തുവിൽ മാമോദീസ സ്വീകരിച്ച നാമെല്ലാവരും അയയ്ക്കപ്പെട്ടവരാണ്. അതുകൊണ്ടാണ് ക്രിസ്തുമതം ഒരു മിഷനറി മതമാകുന്നത്. നാം അയക്കപ്പെടുന്നത് ക്രിസ്തുവിനെ, ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കുവാനാണ്. അതുകൊണ്ടാണ് നാം എല്ലായ്പ്പോഴും ക്രിസ്തുവാഹകരാകുന്നത്. നാം അയയ്ക്കപ്പെടുന്നത് ക്രിസ്തുവിന്റെ സൗഖ്യം ലോകത്തിന് നൽകുവാനാണ്‌. അതുകൊണ്ടാണ് നാം വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ ലോകത്തെ സുഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. നാം അയയ്ക്കപ്പെടുന്നത് മറ്റുള്ളവരെ ക്രിസ്തുവിനായി നേടുന്നതിനാണ്, ക്രിസ്തുവിലേക്ക് കൊണ്ടുവരുന്നതിനാണ്. അതുകൊണ്ടാണ്, “കർത്താവായ ക്രിസ്തുവിൽ വിശ്വസിക്കുക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്ന് പ്രസംഗിക്കുന്നത്.

ക്രിസ്തു നമ്മെ അയയ്ക്കുന്നത് ലോകത്തിന്റെ അതിർത്തികളോളം ചെന്ന്, ജീവിതംകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുവാനാണ്. അങ്ങ് വത്തിക്കാനിലെ പരിശുദ്ധ പാപ്പാ ഫ്രാൻസിസ് മുതൽ ഇങ്ങു ദൈവാലയത്തിലിരിക്കുന്ന നാം ഉൾപ്പെടെ എല്ലാവരും അയയ്ക്കപ്പെട്ടവരാണ്.

ഇന്ന് ലോകമെങ്ങും പോയി ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാനും, ലോകത്തെ സുഖപ്പെടുത്തുവാനും ക്രിസ്തു നമ്മെ അയയ്ക്കുന്നത് തിരുസ്സഭയിലൂടെയാണ്. ക്രിസ്തു അതിനായി നമ്മെ ശക്തിപ്പെടുത്തുന്നതും തിരുസ്സഭയിലൂടെയാണ്. കൂദാശകളിലൂടെയും, മറ്റ് കൂദാശാനുകരണങ്ങളിലൂടെയും തിരുസ്സഭയിലൂടെ ക്രിസ്തു നമ്മെ ശക്തരാക്കുന്നുണ്ട്. നാം അയയ്ക്കപ്പെടുന്നവരാകുന്നതുകൊണ്ട്, അയയ്ക്കുന്നവന്റെ ദൗത്യമാണ് നാം നിറവേറ്റേണ്ടത്, നമ്മുടെ അല്ല. അയയ്ക്കുന്നവന്റെ സന്ദേശമാണ് നാം പറയേണ്ടത്, നമ്മുടെ അല്ല. അയയ്ക്കുന്നവൻ രൂപപ്പെടുത്തുന്ന ജീവിത ശൈലിയാണ് നാം പിന്തുടരേണ്ടത്, നമ്മുടെ അല്ല. വിശുദ്ധ പൗലോശ്ലീഹാ പറയുന്നപോലെ നാം ക്രിസ്തുവിന്റെ ജോലിക്കാരാണ്.

പ്രിയപ്പെട്ടവരേ, ക്രിസ്തു നമ്മെ അയയ്ക്കുന്ന പ്രേഷിത ഇടങ്ങൾ വ്യത്യസ്തങ്ങളാണ്. നമ്മുടെ കുടുംബങ്ങളിലേക്ക് അയയ്ക്കപ്പെട്ടവരാണ് നാം. കുടുംബത്തിന്റെ സാഹചര്യങ്ങളിൽ ദൈവരാജ്യം പ്രസംഗിക്കുവാനും, കുടുംബത്തിലുള്ളവരെ, നമ്മുടെ കുടുംബവുമായി ചേർന്ന് നിൽക്കുന്നവരെ സുഖപ്പെടുത്തുവാനും നമുക്കാകണം. നമ്മുടെ ഇടവകയിലേക്കും അയയ്ക്കപ്പെടുന്നവരാണ് നാം. പ്രശ്നകലുഷിതമായ രാഷ്ട്രീയ രംഗങ്ങളിലേക്കും നാം അയയ്ക്കപ്പെടുന്നുണ്ട്. അഴിമതിയും, സ്വജനപക്ഷപാതവും നിറഞ്ഞ രാഷ്ട്രീയ മേഖലകളെ നാം സുഖപ്പെടുത്തേണ്ടതുണ്ട്. അനീതി നിറഞ്ഞ വ്യവസ്ഥിതികളിലേക്കും കോർപ്പറേറ്റ് സംവിധാനങ്ങളിലേക്കും നാം അയയ്ക്കപ്പെടുന്നുണ്ട്. കേറിക്കിടക്കാൻ വീടില്ലാത്തതുകൊണ്ട് തെരുവിൽ കിടന്നു ഒരാൾ മരിച്ചാൽ അത് വാർത്തയല്ലാതാകുകയും, ഓഹരിക്കമ്പോളത്തിന്റെ സൂചിക അല്പമൊന്നു കൂടിയാൽ അത് വാർത്തയാകുകയും ചെയ്യുന്നത് ഹിംസയാണെന്ന് ഫ്രാൻസിസ് പാപ്പാ പറയുമ്പോൾ, അദ്ദേഹം വ്യവസ്ഥിതികളിലെ അനീതിയെ സുഖപ്പെടുത്തുവാൻ ശ്രമിക്കുകയാണ്. താൻ ക്രിസ്തുവിനാൽ അയയ്ക്കപ്പെട്ടവനാണ് എന്ന ബോധ്യമുള്ളതുകൊണ്ടാണ് കൊല്ലരുത്, Thou shall not kill എന്ന് വ്യവസ്ഥിതികളോടും പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 

യുദ്ധഭൂമികളിലേക്ക്, കലാപങ്ങൾ നിറഞ്ഞ തെരുവുകളിലേക്ക്, നാം അയയ്ക്കപ്പെടുന്നുണ്ട്. നിരാശരായി ആത്മഹത്യ മാത്രമേ ശരണം എന്ന് ചിന്തിച്ചു നടക്കുന്നവരുടെ ആത്മത്യയിലേക്കുള്ള വഴികളിലേക്കും നാം അയയ്ക്കപ്പെടുന്നുണ്ട്. നമ്മുടെ സ്‌കൂളുകളിലേക്കും, കോളേജുകളിലേക്കും നാം അയയ്ക്കപ്പെടുന്നുണ്ട്. അധ്യാപകരും വിദ്യാർത്ഥികളുമെല്ലാം സ്കൂൾ-കോളേജ് അന്തരീക്ഷങ്ങളിൽ ദൈവാരാജ്യപ്രഘോഷണം നടത്തണം.  രോഗാതുരമായി കണ്ടെത്തുന്നവ്യക്തികളെ, ഡ്രഗ്‌സിനും മറ്റും അടിമകളാകുന്നവരെ സുഖപ്പെടുത്തണം. ഭൂമിയുടെ അന്തരീക്ഷതാപം വർധിച്ചു വർധിച്ച് ജീവനേ ഇല്ലാതാകുന്ന ദുരന്തത്തിൽ നിന്ന് ഭൂമിയെ രക്ഷിക്കുവാനും നാം അയയ്ക്കപ്പെടുന്നുണ്ട്. നമ്മുടെ ഇടവകകളെല്ലാം പരിസ്ഥിതി സൗഹൃദ മേഖലകളാക്കുവാനുള്ള (Environmental friendly zones) ദൗത്യമെന്നത് പരിസ്ഥിതിയെ സുഖപ്പെടുത്തുക എന്ന ദൗത്യം തന്നെയാണ്.

സ്നേഹമുള്ളവരേ, ഈ ഞായറാഴ്ച്ച ക്രിസ്തുവിന്റെ പ്രേഷിത രീതിശാസ്ത്രം എന്തെന്ന് പഠിക്കുവാൻ നമുക്കാകട്ടെ. അയയ്ക്കപ്പെട്ടവരാണ് നാം എന്ന ബോധ്യത്തിൽ ജീവിക്കുവാൻ നമുക്ക് ശ്രമിക്കാം.

ക്രിസ്തുവിന്റെ പ്രേഷിത രീതിശാസ്ത്രത്തിൽ നിന്ന് മാറിയണോ എന്റെ ജീവിതം എന്ന് വ്യക്തിപരമായും, കൂട്ടായും ചിന്തിക്കുവാൻ നമുക്ക് കഴിയണം. നമ്മുടെ പ്രേഷിത ഇടങ്ങളെ ക്രിസ്തു വിശുദ്ധീകരിക്കട്ടെ. ശ്ലീഹന്മാരെ ഈശോ അയച്ചതുപോലെ നമ്മെയും അയയ്ക്കുമ്പോൾ, പരിശുദ്ധാത്മാവിൽ നിറഞ്ഞ് ജീവിതംകൊണ്ട് സുവിശേഷം പ്രസംഗിക്കുവാൻ നമുക്ക് സാധിക്കട്ടെ. ആമേൻ!