സ്വന്തം ജീവിതത്തിനും കരിയറിനും ഉദരത്തിൽ വളരുന്ന കുഞ്ഞ് ഭീഷണിയാകുമെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചിട്ട് ക്ലിനിക്കുകളിലേക്ക് പോകുന്ന അഭിനവ സാറാസുമാരുള്ളപ്പോൾ, പരിശുദ്ധ അമ്മയോട് എലിസബത്ത് പറഞ്ഞത് എത്ര മനോഹരം! “മറിയമേ, നിന്റെ ഉദരഫലം അനുഗൃഹീതം. “കുഞ്ഞുങ്ങൾ ദൈവത്തിന്റെ അനുഗ്രഹമാണെന്ന്, തിരക്കുപിടിച്ചോടുന്ന ലോകമേ മറക്കരുതേ!
സന്ദർശനങ്ങളും അഭിവാദനങ്ങളും പറച്ചിലുകളും, വിവാദങ്ങളുണ്ടാക്കുന്ന ഈ കാലഘട്ടത്തിൽ പരിശുദ്ധ അമ്മ എലിസബത്തിനെ സന്ദർശിക്കുന്നത് നോക്കൂ ..! ‘മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി.’ കണ്ടുമുട്ടലുകളെ ദൈവാനുഭവത്തിന്റെ സുന്ദര നിമിഷങ്ങളാക്കുവാൻ നാം പഠിക്കേണ്ടിയിരിക്കുന്നു.
പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി, ശിഷ്യന്മാർ യേശുവിന്റെ അമ്മയായ മറിയത്തോടൊപ്പമാണ് പ്രാർത്ഥനയിൽ മുഴുകിയിരുന്നത്. നാം ഓരോരുത്തരിലും, നമ്മുടെ കുടുംബങ്ങളിലും സന്തോഷവും സമാധാനവും നിറയാൻ, നമ്മുടെ മുറിവുകൾ സൗഖ്യപ്പെടാൻ, സൗഹൃദങ്ങൾ വിശുദ്ധമാകാൻ, പരിശുദ്ധാത്മാവിന്റെ കൃപകളാലും, വരങ്ങളാലും നാം നിറയണം. പരിശുദ്ധ അമ്മയോട് നമുക്ക് പ്രാർത്ഥിക്കാം. അമ്മേ, പരിശുദ്ധാത്മാവിന്റെ കൃപകളാലും, വരങ്ങളാലും ഞങ്ങൾ നിറയുവാൻ ഞങ്ങളോടൊത്തു, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!
തന്റെ ജീവിത സാഹചര്യങ്ങളിൽ തനിമയോടെ, തന്റേടത്തോടെ കന്യകാമറിയം പറഞ്ഞു:”ദൈവത്തിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ.” സ്വഭാവത്താലേ ബുദ്ധിമുട്ടേറിയ മനുഷ്യജീവിതം എളുപ്പമുള്ളതാക്കുവാനുള്ള മന്ത്രം ഇതാണ്: “ദൈവമേ, നിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ.”
ദൈവകൃപ ജീവിതത്തിന്റെ സഹജഭാവമായപ്പോഴാണ് സ്വർഗം പരിശുദ്ധ അമ്മയോട് പറഞ്ഞത്: ‘ദൈവകൃപനിറഞ്ഞവളേ, കർത്താവ് നിന്നോടുകൂടെ.’ ദുഷ്ടഗ്രഹങ്ങളുടെ അപഹാര സമയങ്ങൾ നിറഞ്ഞ, ഇരുട്ടിന്റെ ഈ ലോകത്ത്, ഭയത്തിന്റെയും പാപത്തിന്റെയും പ്രകമ്പനങ്ങൾക്കിടയിലും, ദൈവകൃപ നമ്മുടെ ജീവിതത്തിന്റെ സഹജഭാവമാകട്ടെ.
ശാസ്ത്രം ബഹിരാകാശത്തേക്ക് പിക്‌നിക്കിന് പോകുമ്പോഴും, പരിണാമവാദങ്ങൾ ആക്രോശത്തിന്റെയും അക്രമത്തിന്റെയും ഭാവങ്ങൾ പ്രകടിപ്പിക്കുമ്പോഴും, കോവിഡ് എന്ന മഹാമാരി ലോകത്തെ കീഴ്മേൽ മറിക്കുമ്പോഴും, പരിശുദ്ധ അമ്മയെപ്പോലെ “ദൈവത്തിന് ഒന്നും അസാധ്യമല്ലെന്ന” സ്വർഗ്ഗത്തിന്റെ വെളിപാടിൽ വിശ്വസിക്കുവാൻ എന്നാണ് മനുഷ്യൻ പഠിക്കുക!
കൈത്താക്കാലത്തിന്റെ നാലാം ഞായറാഴ്ച്ച പാരമ്പര്യത്തിന്റെയും നിയമങ്ങളുടെയും കുരുക്കിൽപ്പെട്ട് ദൈവത്തെയും ദൈവത്തിന്റെ ഏറ്റവും വലിയ കല്പനയായ സ്നേഹത്തെയും മറന്നു ജീവിക്കുന്ന നിയമജ്ഞരെയും ഫരിസേയരെയും തിരുത്തുന്ന ഈശോയെയാണ് സുവിശേഷത്തിലൂടെ അവതരിപ്പിക്കുന്നത്. മാനുഷിക സാമൂഹിക പാരമ്പര്യങ്ങളല്ല, ദൈവത്തിന്റെ സ്നേഹത്തിന്റെ കല്പനയാണ് മനുഷ്യൻ ജീവിതത്തിൽ സ്വീകരിക്കേണ്ടതെന്നും, ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതെന്നും ഓർമിപ്പിച്ചുകൊണ്ട് ഈശോ നമ്മുടെ മുൻപിൽ നിൽക്കുമ്പോൾ അന്നത്തെ ഫരിസേയ- നിയമജ്ഞരെപ്പോലെ നമ്മുടെ ശിരസ്സുകളും കുനിഞ്ഞുപോകുന്നില്ലേയെന്ന് എനിക്ക് ഒരു സംശയം! എന്തായാലും, സർവാധികാരിയും , എല്ലാറ്റിനെയും അടക്കിഭരിക്കുന്ന, കോപിക്കുകയും ഒപ്പം അനുഗ്രഹിക്കുകയും ചെയ്യുന്ന നിയമത്തിന്റെയും പാരമ്പര്യത്തിന്റെയും ഒരു ദൈവത്തെയല്ല ഈശോ നമുക്ക് കാണിച്ചു തരുന്നത്. പഴയനിയമത്തിലെ നിയമങ്ങളുടെയും പാരമ്പര്യത്തിന്റെയും ദൈവമാണത്. സ്നേഹം നിറഞ്ഞ, കാരുണ്യം കാണിക്കുന്ന കൂടെ വസിക്കുന്ന ഒരു ദൈവത്തെയാണ് ഈശോ ലോകത്തിന്റെ മുൻപിൽ വരച്ചു കാട്ടിയത്. ഈ ദൈവത്തെ അറിയുവാനും, ദൈവത്തിന്റെ സ്നേഹം ജീവിതത്തിന്റെ സഹജഭാവമാക്കുവാനുമാണ് ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നത്.
വ്യാഖ്യാനം
ഫരിസേയരുടെയും നിയമജ്ഞരുടെയും ദൈവബോധത്തിന് കടകവിരുദ്ധമായ ദൈവബോധം അവതരിപ്പിച്ച ഈശോയെ എങ്ങനെയും കുടുക്കിലാക്കണമെന്ന് ആഗ്രഹിച്ച ഫരിസേയ-നിയമജ്ഞരാണ് ഈശോയുടെ ശിഷ്യന്മാർ കൈകഴുകാതെ ഭക്ഷണം കഴിക്കുന്നതുകണ്ട് ഈശോയ്‌ക്കെതിരെ തിരിയുന്നത്.
ഫരിസേയ-നിയമജ്ഞരെ മുന്നോട്ടുനയിച്ച ശക്തി അവരുടെ മതത്തിന്റെ പാരമ്പര്യങ്ങളായിരുന്നു. അതിസൂക്ഷ്മങ്ങളായ അനുഷ്ടാനങ്ങളുടെ ആകെത്തുകയായിരുന്നു യഹൂദര്‍ക്ക് മതം. 365 വിലക്കുകള്‍, 248 കല്പനകള്‍. അങ്ങനെ 613 നിയമങ്ങളുണ്ടായിരുന്നു. ഈ പാരമ്പര്യങ്ങളെ പിന്തുടര്‍ന്നുള്ള ജീവിതവും, നിയമങ്ങളുടെ വള്ളിപുള്ളി തെറ്റാതെയുള്ള അനുഷ്ടാനവും തങ്ങള്‍ക്ക് നിത്യരക്ഷ പ്രദാനം ചെയ്യുമെന്ന് അവര്‍ വിശ്വസിച്ചു. അനുഷ്ടാനങ്ങള്‍ക്ക് അര്‍ത്ഥം ലഭിക്കുന്നത്, നിയമങ്ങള്‍ പ്രസക്തമാകുന്നത് മനുഷ്യത്വപരമായ, ഹൃദയപരിശുദ്ധിയോടെയുള്ള, നിസ്വാര്‍ത്ഥമായ ജീവിതം വഴിയാണെന്നുള്ള കാര്യം അവര്‍ മറന്നുപോയി.
അതുവഴി അവര്‍ നാല് തെറ്റുകള്‍ ചെയ്തു. ഒന്ന്, യഹോവയുടെ, ദൈവത്തിന്റെ വചനത്തെക്കാള്‍ പാരമ്പര്യങ്ങള്‍ക്ക് അവര്‍ പ്രാധാന്യം കൊടുത്തു. രണ്ട്, മനുഷ്യരുടെ കല്‍പ്പനകള്‍ പ്രമാണങ്ങളായി പഠിപ്പിച്ചു. മൂന്ന്, ദൈവകല്പനയെ, സ്നേഹത്തിന്റെ പ്രമാണത്തെ അവര്‍ അര്‍ത്ഥമില്ലാത്തതാക്കി. നാല്, പാരമ്പര്യമനുസരിച്ച് ജീവിക്കാത്തവരെ ദൈവ നിന്ദകരായി മുദ്രകുത്തി. പാരമ്പര്യങ്ങളെ, നിയമങ്ങളെ ജീവിതത്തിന്റെ പ്രചോദക ശക്തിയാക്കിമാറ്റിയതുകൊണ്ട് അവര്‍ അന്ധരായിത്തീര്‍ന്നു. പാരമ്പര്യത്തിന്റെ ബലത്തില്‍ അവര്‍ പ്രവാചകന്മാരെ കൊന്നു, മാതാപിതാക്കന്മാരെ അവഗണിച്ചു. പാരമ്പര്യം സംരക്ഷിക്കാന്‍ ദൈവപുത്രനെ കുരിശിലേറ്റി. എന്നിട്ട് അവര്‍ക്ക് എന്ത് സംഭവിച്ചു? അവര്‍ കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തകര്‍ന്നടിഞ്ഞു; സമാധാനമെന്തെന്നറിയാതെ വർഷങ്ങളോളം അലഞ്ഞുതിരിഞ്ഞു. ഇന്നും അസ്വസ്ഥരായ ജനതയായി ജീവിക്കുന്നു.
സ്നേഹമുള്ളവരെ, ഇന്നത്തെ കാലഘട്ടത്തിലെ ക്രൈസ്തവ ജീവിതങ്ങള്‍ കാണുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണോയെന്നു സംശയിച്ചുപോകുന്നു. നാമും നമ്മുടെ പ്രവര്‍ത്തികളെ ന്യായീകരിക്കുവാനോ, വിശദീകരിക്കുവാനോവേണ്ടി നിയമങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ അവ ദൈവവചനത്തിനു എതിരായിപ്പോകുന്നു. മാതാപിതാക്കളോടുള്ള കടമകള്‍ നിർവഹിക്കാതിരിക്കാൻ പാരമ്പര്യങ്ങളെ തേടിപ്പോകുന്നു. നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍, ക്രിസ്തുവിന്റെ ത്യാഗത്തെ, മൗനത്തെ മറക്കുന്നു. ദൈവവചനത്തെ നമ്മുടെ സൗകര്യാനുസൃതം നാം ദുരുപയോഗിക്കുന്നു. നമ്മുടെ ഹൃദയങ്ങള്‍ ക്രിസ്തുവില്‍നിന്ന്, ക്രിസ്തു സ്നേഹത്തിൽ നിന്ന് വളരെ അകലെയാണ്.
രണ്ട് സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും ക്രൈസ്തവരുടെ ദൈവബോധം നവീകരിക്കപ്പെട്ടിട്ടില്ല. നിയമങ്ങൾക്ക്, പാരമ്പര്യങ്ങൾക്ക്, അധികാരത്തിന് പകരം സ്നേഹത്തെ പകരം വച്ച ക്രിസ്തു ഇന്നും അകലെയാണ്. നിയമത്തിന്റെ, കാർക്കശ്യത്തിന്റെ, പാരമ്പര്യത്തിന്റെ അധികാരത്തിന്റെ പഴയനിയമം ഇന്നും സ്നേഹത്തിന്റെ പുതിയനിയമത്തിന് മുകളിൽ നിൽക്കുന്നു. ദൈവം സ്നേഹമാണെന്നത് ഒരു പരസ്യവാക്യത്തിനപ്പുറത്തേക്ക് ജീവിതത്തിന്റെ സന്ദേശമായി ക്രൈസ്തവർ എന്തുമാത്രം ഉൾക്കൊണ്ടിട്ടുണ്ട് എന്നത് ഇപ്പോഴും സംശയമാണ്! അധികാരംകൊണ്ട് നിർണയിക്കപ്പെടുന്ന സ്നേഹം യാഥാർത്ഥസ്നേഹമല്ലെന്നും, ഉപാധികളുള്ള സ്നേഹമാണെന്നും, സ്നേഹമില്ലാത്ത അധികാരം ഏകാധിപത്യം മാത്രമാണെന്നും സ്നേഹത്തിന്റെ മറവിൽ നിയമങ്ങളും പാരമ്പര്യങ്ങളും നടപ്പാക്കുന്നത് ഫാസിസമാണെന്നും എന്നാണ് നാം മനസ്സിലാക്കുക?!
സ്നേഹമുള്ളവരെ, എന്താണ് നമ്മുടെ പ്രചോദക ശക്തി, driving force? ക്രിസ്തുവായിരിക്കണം, ക്രിസ്തുവിന്റെ സ്നേഹമായിരിക്കണം ക്രൈസ്തവന്റെ പ്രചോദക ശക്തി, അവനെ മുന്നോട്ട് നയിക്കുന്ന driving force. അപ്പോൾ മാത്രമേ, ക്രിസ്തുവിനെ, ക്രിസ്തുമതത്തെ സ്നേഹത്തിന്റെ മതമായി പരിവർത്തിപ്പിക്കാനും, മതാനുഷ്ഠാനങ്ങളുടെ, പാരമ്പര്യങ്ങളുടെ, കർക്കശമായ നിയമങ്ങളുടെ, മതാനുഷ്ഠാനചിഹ്നങ്ങളുടെ വ്യവഹാരലോകത്തിൽ നിന്നും ക്രിസ്തുവിനെ വകഞ്ഞുമാറ്റി സ്നേഹത്തിന്റെ പുതിയ നിയമത്തിന്റെ വക്താവായി രൂപാന്തരപ്പെടുത്താനും നമുക്കാകൂ. പാരമ്പര്യത്തിന്റെയും, അണുവിടവ്യതിചലിക്കാത്ത ആചാരങ്ങളുടെയും, അധികാരത്തിന്റെയും അതിന്റെ ചിഹ്നങ്ങളുടെയും മേലാപ്പ് പൊളിച്ചുമാറ്റി, താഴേക്കിറങ്ങി ക്രിസ്തു സ്നേഹത്തിന്റെയും ശുശ്രൂഷയുടെയും വഴിയിലേക്ക് നാമോരോരുത്തരും, സഭയും തിരിച്ചു നടക്കേണ്ടിയിരിക്കുന്നു.
എന്നാൽ, നാമാകട്ടെ, നമ്മുടെ കാര്യസാധ്യത്തിനുവേണ്ടി, നമ്മുടെ സ്വാർത്ഥ താത്പര്യങ്ങൾക്കുവേണ്ടി മാത്രം കൗശലപൂർവ്വം ദൈവകല്പനയെ, സ്നേഹത്തെ അവഗണിച്ചുകൊണ്ട് ദൈവത്തിന്റെ വചനത്തെക്കാള്‍ പാരമ്പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടു ക്കുന്നു. നമ്മുടെ സീറോ മലബാർ സഭയിൽ ഒരിക്കൽക്കൂടി പൊങ്ങിവന്നുകൊണ്ടിരിക്കുന്ന ആരാധനാക്രമപ്രശ്നം നിയമങ്ങളുടെയും, പാരമ്പര്യങ്ങളുടെയും പേരിൽ സ്നേഹത്തെ, ക്രിസ്തുവിനെ അവഗണിക്കുന്നതുകൊണ്ടല്ലേ? നമ്മിലെ സ്വാർത്ഥത നിർമിക്കുന്ന നിയമങ്ങളുടെ കാർക്കശ്യ സ്വഭാവമല്ലേ നമ്മുടെ കുടുംബങ്ങളെ തകർക്കുന്നത്. നമ്മുടെ പിടിവാശികളുടെയും, പിണക്കങ്ങളുടെയും, ഒക്കെ കാരണങ്ങൾ അണുവിട വ്യതിചലിക്കാതെ നാം മുറുകെപ്പിടിക്കുന്ന പാരമ്പര്യങ്ങളല്ലേ? ഇങ്ങനെ ഫരിസേയ-നിയമജ്ഞരെപ്പോലെ നിയമങ്ങൾക്കും, പാരമ്പര്യങ്ങൾക്കും അമിത പ്രാധാന്യംകൊടുത്താൽ, അവ നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ കുടുംബത്തെ വിഴുങ്ങിക്കളയുന്ന പെരുമ്പാമ്പുകളാകും. അവ മാത്രമല്ല, അവയോടു ചേര്‍ന്നുള്ള നാല് തെറ്റുകളും നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ കുടുംബത്തെ വിഴുങ്ങിക്കളയുന്ന പെരുമ്പാമ്പുകളാകും. എന്ത് ചെയ്താലും പാരമ്പര്യത്തെ കൂട്ടുപിടിച്ചുള്ള ന്യായീകരണങ്ങളും നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ കുടുംബത്തെ വിഴുങ്ങിക്കളയുന്ന പെരുമ്പാമ്പുകളാകും.
ഒരാള്‍ ഒരു പെരുമ്പാമ്പിന്റെ കുഞ്ഞിനെ ഒരുപാട് സ്നേഹിച്ച് വളര്‍ത്താന്‍ തുടങ്ങി. പാമ്പും അയാളും തമ്മില്‍ നല്ല അടുപ്പമായി. പാമ്പ് വളര്‍ന്ന് ഒരു പെരുമ്പാമ്പായി. അങ്ങനെയിരിക്കുമ്പോള്‍ പാമ്പിനു മൂന്നാല് ദിവസമായി ഒരു മന്ദത! അത് ഭക്ഷണമൊന്നും കഴിക്കാതെ ചുരുണ്ട് കിടക്കും. ചത്തുപോകുമോയെന്ന ഭയത്താല്‍ അയാള്‍ അതിനെ മൃഗ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. ഡോക്ടര്‍ പാമ്പിനെ പരിശോധിച്ചിട്ട് അയാളോട് മൂന്നു ചോദ്യങ്ങള്‍ ചോദിച്ചു. “എത്ര ദിവസമായി പാമ്പ് ഭക്ഷണം കഴിച്ചിട്ട്?” “മൂന്നാല് ദിവസ്സമായി” അയാള്‍ മറുപടി പറഞ്ഞു. “ഇത് നിങ്ങളുടെ അടുത്ത് കിടക്കാറുണ്ടോ?” “വയ്യായായതിനുശേഷം ഇതെന്റെ അടുത്തുവന്നു കിടക്കുന്നുണ്ട്. “”എങ്ങനെയാണ് പാമ്പ് നിങ്ങളുടെ അടുത്ത് കിടക്കുന്നത്?” “നീളത്തിലാണ് അത് എന്റെ അടുത്ത് കിടക്കുക.” ഒന്ന് പുഞ്ചിരിച്ചിട്ട് ഡോക്ടര്‍ അയാളോട് പറഞ്ഞു: “ഈ പാമ്പിനു ഒരു അസുഖവും ഇല്ല. ഇത് നിങ്ങളെ വിഴുങ്ങുവാനുള്ള ശ്രമത്തിലാണ്. ഇത് നിങ്ങളുടെ അടുത്തുവന്നു കിടന്നു നിങ്ങളുടെ നീളം അളക്കുകയാണ്. പട്ടിണികിടന്നു ഇരപിടിക്കാന്‍ ശരീരത്തെ ഒരുക്കുകയാണ്. എത്രയും വേഗം ഇതിനെ ഉപേക്ഷിക്കുക.”
ക്രിസ്തുവായിരിക്കണം, ക്രിസ്തുവിന്റെ വചനമായിരിക്കണം, കാരുണ്യമായിരിക്കണം, സ്നേഹമായിരിക്കണം, നന്മയായിരിക്കണം നമ്മുടെ ജീവിതത്തിന്റെ driving force. അല്ലാത്തതെല്ലാം – ജീവനില്ലാത്ത പാരമ്പര്യങ്ങൾ, പണം, അധികാരം, ആസക്തികൾ, മദ്യം, തുടങ്ങിയവയെല്ലാം – നമ്മെ, നമ്മുടെ കുടുംബത്തെ, സഭയെ വിഴുങ്ങുവാൻ അളവെടുത്തുകൊണ്ടിരിക്കുന്ന, വിഴുങ്ങിക്കൊണ്ടിരിക്കുന്ന പെരുമ്പാമ്പുകളാണ്. ഒന്ന് ചിന്തിച്ചു നോക്കൂ: ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുർബാനയെ പറ്റിയുള്ളവഴക്കുകൾ, അത് എന്ത് പാരമ്പര്യത്തിന്റെപേരിലായാലും നമ്മുടെ സഭയെ വിഴുങ്ങുന്ന പെരുമ്പാമ്പാണ്. ദാമ്പത്യ ബന്ധങ്ങളിൽ, സുഹൃത് ബന്ധങ്ങളിൽ സഹോദരീ സഹോദര ബന്ധങ്ങളിൽ, എന്തുകൊണ്ട് ഇത്തരം പെരുമ്പാമ്പുകളെ നമുക്ക് ഉപേക്ഷിച്ചുകൂടാ? വിശുദ്ധ കുർബാനയുടെ കാര്യത്തിൽ എങ്കിലും എന്തുകൊണ്ട് നമുക്ക് ഈ പെരുമ്പാമ്പുകളെ ഉപേക്ഷിച്ചുകൂടാ!? പാരമ്പര്യങ്ങളുടെ പെരുമ്പാമ്പുകളെ വളർത്തുന്ന നാം അറിയുന്നില്ല, അവ നമ്മെ വിഴുങ്ങുവാനുള്ള തയ്യാറെടുപ്പിലാണെന്ന്! അല്ലാ സഹോദരരെ, ആ പെരുമ്പാമ്പുകൾ നമ്മെ, സഭയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്! ഈശോ നമ്മെ ഓർമപ്പെടുത്തുന്നു: ‘മക്കളെ, മനുഷ്യരുടെ കൽപ്പനകൾ പ്രമാണങ്ങളായി പഠിപ്പിക്കുന്ന നിങ്ങൾ ദൈവ വചനത്തെ നിരർത്ഥകമാക്കിക്കൊണ്ട് ദൈവ സ്നേഹത്തെ അവഗണിക്കുന്നു.
സമാപനം
സ്നേഹമുള്ളവരെ, ദൈവവചനത്തെ നിരര്‍ത്ഥകമാക്കിക്കൊണ്ട്, ദൈവ സ്നേഹത്തെ അവഗണിച്ച്, പാരമ്പര്യങ്ങള്‍ക്ക് അമിത പ്രാധാന്യം കൊടുത്ത്, തെറ്റായ കീഴ്വഴക്കങ്ങളെ ഊട്ടിവളര്‍ത്തി മുന്നോട്ടുപോയാല്‍ ഈ പെരുമ്പാമ്പുകള്‍ നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ, കുടുംബത്തെ വിഴുങ്ങിക്കളയും. ഇത് മാത്രമല്ല ഇതുപോലുള്ള തിന്മകള്‍ നമ്മുടെ ജീവിതത്ത്തിലുണ്ടെങ്കില്‍ മദ്യപാനമാകാം, ദേഷ്യമാകാം, സംശയ മനസ്സാകാം എന്തുതന്നെയായാലും അത് നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ നമ്മുടെ കുടുംബത്തെ വിഴുങ്ങിക്കളയും. എത്രയും വേഗം ഇവയെ ഉപേക്ഷിക്കുക. ഉപേക്ഷിച്ചില്ലെങ്കില്‍ – നാം, നമ്മുടെ സഭ, നമ്മുടെ കുടുംബം കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തകര്‍ന്നടിയും. സമാധാനമെന്തെന്നറിയാതെ അലഞ്ഞുതിരിയും. ദൈവവചനത്തെക്കാള്‍ നാം മുറുകെപ്പിടിക്കുന്ന പാരമ്പര്യങ്ങള്‍, നിസ്സാരങ്ങളെന്ന് തോന്നുന്ന തെറ്റായ പ്രവണതകൾ നമ്മെ വിഴുങ്ങാന്‍ നമ്മുടെ അളവെടുത്തുകൊണ്ടിരിക്കുകയാണ്.
ഓര്‍ക്കുക, എല്ലാറ്റിലുമുപരി, ക്രിസ്തുവായിരിക്കണം, ക്രിസ്തുവിന്റെ സ്നേഹമായിരിക്കണം ക്രൈസ്തവന്റെ പ്രചോദക ശക്തി, അവളെ / അവനെ മുന്നോട്ട് നയിക്കുന്ന driving force.
വില്യം ഷേക്സ്പിയറിന്റെ “As You Like It” എന്ന നാടകത്തിൽ വളരെ പ്രസിദ്ധമായ ഒരു പ്രസ്താവനയുണ്ട്. “All the world’s a stage.” വർത്തമാനകാലത്തിലാണ് നമ്മുടെ ജീവിതമെന്നും, അതിന്റെ ഓരോ നിമിഷത്തിലും സുഖദുഃഖങ്ങളും അതിനൊപ്പമുള്ള വെല്ലുവിളികളും ഉണ്ടെന്നും ഈ ജീവിതം അഭിനയിച്ചു തീർക്കേണ്ട stage ആണ് ലോകമെന്നും ഷേക്സ്പിയർ പറയുമ്പോൾ അതിന് അല്പം negative touch ഉണ്ട്. എന്നാൽ, ഇന്നത്തെ സുവിശേഷത്തിന്റെ ചുവടുപിടിച്ചുകൊണ്ട് ചിന്തിച്ചുനോക്കിയാൽ ഇതിന് പുതിയ പ്രകാശം ലഭിക്കും. “All the world’s a stage” എന്ന് പറയുന്നതിൽ തെറ്റില്ല. എന്നാൽ നമ്മുടെ ജീവിതം ഈ ലോകത്തിൽ വെറുതെ അഭിനയിച്ചു തീർക്കേണ്ട ഒന്നല്ല, പിന്നെയോ, ജീവിതത്തിന്റെ ഓരോ നിമിഷത്തിലും, സന്തോഷങ്ങളിലും ദുഃഖങ്ങളിലും വെല്ലുവിളികളിലും, ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് നാം ജീവിക്കേണ്ട ഒന്നാണ്. അന്ധന്റെ ജീവിതത്തിനുമുന്പിൽ നിന്നുകൊണ്ട് ഈശോ നമ്മെ പഠിപ്പിക്കുന്നത് അതാണ്: “നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം, നിങ്ങളുടെ ജീവിതത്തിലൂടെ ദൈവം മഹത്വപ്പെടാൻ വേണ്ടിയാണ്. ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദേശം ഇതാണ്: മനുഷ്യജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവത്തിന്റെ പ്രവര്‍ത്തികള്‍ നമ്മില്‍ പ്രകടമാകുന്നതിനുവേണ്ടിയാണ്, ദൈവമഹത്വത്തിനുവേണ്ടിയാണ്.
വ്യാഖ്യാനം
നാലാം സുവിശേഷത്തെ, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തെ അടയാളങ്ങളുടെ പുസ്തകമായിട്ടാണ് ബൈബിൾ പണ്ഡിതന്മാർ വിശേഷിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും വിശേഷപ്പെട്ടത് ഈശോ ലോകത്തിന്റെ വെളിച്ചമാകുന്നു, പ്രകാശമാകുന്നു എന്നതാണ്. നാലാം സുവിശേഷത്തിന്റെ ഒന്നാം അദ്ധ്യായം മുതല്‍ ഇരുപത്തിയൊന്നാം അദ്ധ്യായം വരെ നീളുന്ന ഒരു thread ഉണ്ട് . അത് ഈശോ വെളിച്ചമാണ് എന്നതാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്ന് മറിച്ചു നോക്കിയാൽ, ഒന്നാം അധ്യായത്തില്‍ പറയുന്നു: “എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചം ലോകത്തിലേക്ക് വരുന്നുണ്ടായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു, അതിനെ കീഴടക്കുവാന്‍ ഇരുളിന് കഴിഞ്ഞില്ല. (5) ആരാണ് ഈ വെളിച്ചം? ക്രിസ്തു-ക്രിസ്തുവാണ് ആ വെളിച്ചം. മൂന്നാം അധ്യായത്തില്‍, ഫരിസേയനായ നിക്കോദേമോസ് രാത്രിയില്‍ യേശുവിന്റെ അടുത്ത് വരുന്നുണ്ട്. രാത്രിയില്‍? ആരുടെ അടുത്ത്? ക്രിസ്തുവിന്റെ, പ്രകാശത്തിന്റെ അടുത്ത്. (2) ഇതാണ് ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യന്‍ അന്ധകാരത്തെ സ്നേഹിച്ചു. (19) ആരാണ് പ്രകാശം? ക്രിസ്തു. എട്ടാം അധ്യായത്തില്‍ ഈശോ പറയുന്നു: “ഞാന്‍ ലോകത്തിന്റെ പ്രാകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയില്ല”. (12) ആരാണീ ഞാന്‍? ക്രിസ്തു. എന്താണ് ക്രിസ്തു? വെളിച്ചം. ഒമ്പതാം അധ്യായത്തില്‍ വീണ്ടു ഈശോ പറയുന്നു: “ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്.” (5) പതിനൊന്നാം അധ്യായത്തിൽ ലാസർ മരണത്തിന്റെ അന്ധകാരത്തിൽ നിന്ന് ജീവന്റെ പ്രകാശത്തിലേക്ക് വരുന്നു. പന്ത്രണ്ടാം അധ്യായത്തില്‍ ഈശോ പറയുന്നു: അന്ധകാരം നിങ്ങളെ കീഴടക്കാതിരിക്കാന്‍ പ്രകാശമുള്ളപ്പോള്‍ നടക്കുക. വീണ്ടും, നിങ്ങള്‍ പ്രകാശത്തിന്റെ മക്കളാകേണ്ടതിനു പ്രകാശത്തില്‍ വിശ്വസിക്കുവിന്‍. (35-36) പ്രകാശം ക്രിസ്തുവാണ്. വീണ്ടും ഈശോ: ഞാന്‍ വെളിച്ചമായി ലോകത്തിലേക്ക് വന്നിരിക്കുന്നു. (46) ആരായി? വെളിച്ചമായി. പതിമൂന്നാം അധ്യായത്തിൽ യൂദാസ് വെളിച്ചമായ ക്രിസ്തുവിൽ നിന്ന് ഇരുട്ടിലേക്ക് പോകുന്നു. വചനം പറയുന്നു. “അപ്പോൾ രാത്രിയായിരുന്നു.” (30) 18 ൽ പത്രോസ് ഇരുളിൽ നിന്നുകൊണ്ട് പ്രകാശത്തെ (പ്രകാശമായ ക്രിസ്തുവിനെ) തള്ളിപ്പറയുന്നു. (18) ഇരുപതാം അധ്യായത്തില്‍ ഇരുട്ടയിരിക്കുമ്പോള്‍ തന്നെ മഗ്ദലമറിയം ഓടി. എങ്ങോട്ട എങ്ങോട്ട്? പ്രകാശത്തിലേക്ക്, ക്രിസ്തുവിലേക്ക്. ഇരുപത്തൊന്നാം അധ്യായത്തില്‍ തീ കൂട്ടിയിരിക്കുന്നത് അവര്‍ കണ്ടു. വീണ്ടും, പ്രകാശം.
അന്ധന്റെ കണ്ണുകൾക്ക് കാഴ്ച നൽകുന്ന പാശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ശിഷ്യരുടെ മനസ്സിന്, അതുവഴി ലോകത്തിനു മുഴുവനും വെളിച്ചം നൽകുന്ന, ലോകത്തിന്റെ മുഴുവൻ അന്ധത മാറ്റുന്ന ക്രിസ്തുവിനെക്കുറിച്ചു പറയുവാനാണ് ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. ഓരോ ഫ്രയിമിലൂടെ വികസിച്ചുവരുന്ന ഒരു സിനിമ പോലെയാണ് ഇന്നത്തെ ഈ സംഭവം. ആദ്യം ക്യാമറ ഫോക്കസ് ചെയ്യുന്നത് ഒരു റോഡിലേക്കാണ്. ഉടനെ തന്നെ കാണുന്നത് ഈശോയും ശിഷ്യരും നടന്നു വരുന്നതാണ്. നടന്നുവരുന്ന അവരിൽ നിന്ന് പതുക്കെ പതുക്കെ ക്യാമറ വഴിയരുകിൽ നിൽക്കുന്ന അന്ധനായ ഒരു മനുഷ്യനിലേക്ക് തിരിയുകയാണ്. ശിഷ്യർക്ക് അയാളെ അറിയാം. പലപ്പോഴും അവർ അയാളെ അവിടെ കണ്ടിട്ടുണ്ട്. അയാളെക്കുറിച്ചു അവർക്കു അറിയാം. ജനിച്ചപ്പോഴേ അന്ധനായ ആ മനുഷ്യനോട് പലപ്പോഴും അവർക്കു സഹതാപം തോന്നിയിട്ടുണ്ടാകണം. വചനം കൃത്യമായി പറയുന്നു, ‘അവൻ ജന്മനാ അന്ധനായിരുന്നു’. അടുത്ത സീൻ ശിഷ്യന്മാർ ഒരുമിച്ചു ഈശോയുടെ അടുത്ത് ചെന്ന് ചോദിക്കുകയാണ്: “റബ്ബീ, ഇവൻഅന്ധനായിജനിച്ചത്ആരുടെപാപംനിമിത്തമാണ്, ഇവന്റെയോ, ഇവന്റെമാതാപിതാക്കന്മാരുടെയോ?” ഈശോ ഞെട്ടിപ്പോയിക്കാണും. തീർച്ച! O’ my God! ഇവരെല്ലാവരും അന്ധരാണോ? ഇവരിൽ, ജന്മനാ അന്ധനായ മനുഷ്യനാണോ, അതോ ശിഷ്യരാണോ ശരിക്കും അന്ധർ? ഈശോ അന്ധനെനോക്കി, പിന്നെ ശിഷ്യരുടെ മുഖത്തേക്കും. ഇപ്പോൾ ക്യാമറ ഈശോയുടെ മുഖത്ത് വിടരുന്ന വിവിധ ഭാവങ്ങളിൽ ഫോക്കസ് ചെയ്തിരിക്കുകയാണ്. ആ മുഖത്ത് വിടരുന്ന വിവിധ ഭാവങ്ങൾ നിങ്ങൾക്ക് നിങ്ങളുടെ കഴിവിനനുസരിച്ചു ഭാവനചെയ്യാം.
സാവകാശം ശിഷ്യരുടെ അന്ധത ഈശോ മനസ്സിലാക്കുകയാണ്. അവരുടെ ചോദ്യത്തിൽ തന്നെ അവരുടെ അന്ധത ഒളിഞ്ഞിരിപ്പുണ്ട്. അന്ധനായ മനുഷ്യന്റെ ശാരീരിക അന്ധതയേക്കാള്‍ ഈശോയെ അസഹ്യപ്പെടുത്തുന്നതു ശിഷ്യരുടെ ഈ മാനസിക, ആത്മീയ അന്ധതയാണ്. ശാരീരിക അന്ധത പാപത്തിന്റെ, അയാളുടെ പിതാക്കന്മാരുടെ പാപത്തിന്റെ, അയാളുടെ തന്നെ പാപത്തിന്റെ ഫലമാണെന്ന ചിന്ത മാനസിക, ആത്മീയ അന്ധതയല്ലാതെ മറ്റെന്താണ്? എന്റെ ജീവിതത്തില്‍ തകര്‍ച്ചകള്‍ ഉണ്ടാകുന്നത്, ബിസ്സിനസ്സ് വിജയിക്കാത്തത്, കുഞ്ഞുങ്ങളുണ്ടാകാത്തത്, ക്യാന്‍സര്‍പോലുള്ള രോഗങ്ങള്‍ വരുന്നത് പിതാക്കന്മാരുടെ പാപങ്ങള്‍ കാരണമോ, അതോ എന്റെ പാപങ്ങളോ? ഈ ചോദ്യത്തിന് മനുഷ്യനോളം തന്നെ പ്രായമുണ്ട്. ബഹിരാകാശത്തേക്ക് ഈസിയായിട്ട് പിക്‌നിക്കിന് പോയിത്തുടങ്ങിയിട്ടും മനുഷ്യന്‍ ഇന്നും അങ്ങനെ തന്നെ ചിന്തിക്കുന്നു. ക്രിസ്തു കരുണയായി ഇന്നും ജീവിച്ചിട്ടും മനുഷ്യന്‍ അങ്ങനെ തന്നെ ചിന്തിക്കുന്നു. എന്നാല്‍ ഈശോ പറയുന്നു: ‘ഇവന്റെയോ, ഇവന്റെ മാതാപിതാക്കളുടെയോ പാപം നിമിത്തം അല്ല. ദൈവത്തിന്റെ പ്രവര്‍ത്തികള്‍ ഇവനില്‍ പ്രകടമാകുന്നതുവേണ്ടിയാണ്, ദൈവത്തിന്റെ മഹത്വം പ്രകടമാകുന്നതിനുവേണ്ടിയാണ്.’
എന്നെ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങളിൽ ചിലരുടെ മനസ്സിലെങ്കിലും ഒരു ചോദ്യം ഉയരുന്നുണ്ടാകും. അപ്പോള്‍ പഴയനിയമത്തില്‍ പറയുന്നതോ? ധ്യാനഗുരുക്കന്മാര്‍ പറയുന്നതോ? നമ്മുടെ ജീവിതത്തിൽ തകർച്ചകൾ കടന്നുവരുന്നത് പൂർവ പിതാക്കളുടെ പാപത്തിന്റെ സ്വാധീനം മൂലമാണെന്ന് പറയുന്നതോ?
ഈ ചിന്തയ്ക്ക് ഒരു പരിണാമ ചരിത്രമുണ്ട്. മനുഷ്യൻ ബുദ്ധിപരമായി വളർന്നു വരുന്നതോടുകൂടി അവന്റെ ചിന്തകൾക്കും, വിശ്വാസങ്ങൾക്കുമെല്ലാം മാറ്റം വരുന്നുണ്ട്. ഇക്കാര്യത്തിലും ഒരു പരിണാമം നമുക്ക് കാണാവുന്നതാണ്. പുറപ്പാടിന്റെ പുസ്തകം പറയുന്നു: “എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറ വരെ ഞാന്‍ ശിക്ഷിക്കും”. (പുറ 20, 5) അതായിരുന്നു അന്നത്തെ ജനങ്ങളുടെ വിശ്വാസം. സംഖ്യയുടെ പുസ്തകത്തില്‍ പതിനാലാം അദ്ധ്യായം പതിനെട്ടാം വാക്യം: “കുറ്റക്കാരെ വെറുതെ വിടാതെ പിതാക്കന്മാരുടെ ആകൃത്യങ്ങള്‍ക്ക് മക്കളെ മൂന്നും നാലും തലമുറ വരെ ശിക്ഷിക്കുന്നവന്നാണ് കര്‍ത്താവ്”. ഇവിടെയും അതെ ചിന്താഗതി തന്നെ. ഇനി നിയമാവര്‍ത്തന കാലഘട്ടം നോക്കൂ: “മക്കള്‍ക്കുവേണ്ടി പിതാക്കന്മാരെയോ, പിതാക്കന്മാര്‍ക്കുവേണ്ടി മക്കളെയോ വധിക്കരുത്. പാപത്തിനുള്ള മരണശിക്ഷ അവനവൻതന്നെ അനുഭവിക്കണം.” ഇവിടെ ചിന്താഗതി മാറി. മനുഷ്യന്‍ വളരുന്നതിനനുസരിച്ച് ദൈവത്തെക്കുറിച്ചുള്ള അവന്റെ/അവളുടെ ചിന്തയും മാറുന്നു. ഇനി കാലങ്ങളേറെ കഴിഞ്ഞ് എസക്കിയേല്‍ പ്രവാചകന്റെ കാലം വരുമ്പോള്‍ മനോഭാവം മാറുന്നു. “കര്‍ത്താവ് അരുളിച്ചെയ്തു: “പിതാക്കന്മാര്‍ പുളിക്കുന്ന മുന്തിരിങ്ങതിന്നു മക്കളുടെ പല്ല് പുളിക്കുന്നതെങ്ങനെ?” (എസ 18,2) “പാപം ചെയ്യുന്നവന്‍ മാത്രമായിരിക്കും മരിക്കുക. പുത്രന്‍ പിതാവിന്റെ തിന്മകള്‍ക്കുവേണ്ടിയോ, പിതാവ് പുത്രന്റെ തിന്മകള്‍ക്കുവേണ്ടിയോ, ശിക്ഷിക്ക പ്പെടുന്നില്ല. നീതിമാന്‍ തന്റെ നീതിയുടെ ഫലവും, ദുഷ്ടന്‍ തന്റെ ദുഷ്ടതയുടെ ഫലവും അനുഭവിക്കും” (എസ 18, 20) നോക്കൂ, ഒരു ചിന്തക്ക് പരിണാമം സംഭവിക്കുന്നത്! പഴയനിയമത്തിലെ പുസ്തകങ്ങള്‍ തമ്മില്‍ നല്ല അന്തരമുണ്ടെന്നും മനസ്സിലാക്കുക. അതായത്, ഒരു പുസ്തകം കഴിഞ്ഞു അടുത്ത പുസ്തകത്തിൽ എത്തുന്നവരെയുള്ള സമയദൈർഘ്യം വളരെ കൂടുതലാണ്. പഞ്ചഗ്രന്ഥിയിൽ നിന്ന് പ്രാവാചക കാലഘട്ടത്തിൽ എത്തുമ്പോൾ ധാരാളം മാറ്റങ്ങൾ, സാമൂഹിക, സാംസ്കാരിക, ബൗദ്ധിക മാറ്റങ്ങൾ ഉണ്ടാകുമെന്നതിൽ സംശയമില്ലല്ലോ.
അതിനുശേഷം ഈശോ വരുന്നു. അവിടുന്ന് പറയുന്നു: ‘മനുഷ്യന്റെ ബുദ്ധിമുട്ടുകള്‍, അവന്റെ വേദന, സഹനം, മനുഷ്യൻ നേരിടുന്ന അനീതികൾ, തുടങ്ങിയവ അവന്റെ/അവളുടെ മാതാപിതാക്കളുടെ പാപം നിമിത്തം അല്ല. ദൈവത്തിന്റെ പ്രവര്‍ത്തികള്‍ മനുഷ്യനില്‍ പ്രകടമാകുന്നതുവേണ്ടിയാണ്. ‘ പിന്നീട് ശ്ലീഹന്മാരുടെ കാലത്തും ക്രിസ്തുവിന്റെ മനോഭാവമാണ് അവരും വച്ച് പുലർത്തിയത്. വിശുദ്ധ യാക്കോബിന്റെ ലേഖനം (AD 62 ന് മുൻപ് രചിക്കപ്പെട്ടതാണ് ഈ ലേഖനം) ഒന്നാം അദ്ധ്യായം 14, 15 വചനങ്ങൾ ഇങ്ങനെയാണ്: “അവിടുന്ന് (ദൈവം) ആരെയും പരീക്ഷിക്കുന്നില്ല. ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നത് സ്വന്തം ദുർമോഹങ്ങളാൽ വശീകരിക്കപ്പെട്ട് കുടുക്കിലാകുമ്പോഴാണ്. ദുർമോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂർണ വളർച്ചയെത്തുമ്പോൾ മരണത്തെ ജനിപ്പിക്കുന്നു.”
ഈശോ പറയുന്നത് ലോകത്തിലായിരിക്കുമ്പോൾ നാം ലോകത്തിന്റെ പ്രകാശമായി ജീവിക്കണമെന്നാണ്. ലോകത്തിലായിരിക്കുമ്പോൾ നാം ദൈവത്തിന്റെ പ്രവർത്തികൾ ചെയ്യണമെന്നാണ്. നാം ചെയ്യുന്നതിനനുസരിച്ചാണ് നമുക്ക് പ്രതിഫലം. ലോകത്തിൽ പ്രകാശമായി ജീവിക്കുമ്പോൾ നമ്മുടെ ജീവിതവും പ്രകാശപൂർണമാകും. അന്ധകാരത്തിന്റെ പ്രവർത്തികൾ ചെയ്യുമ്പോഴോ, നാം ഇരുട്ടിലായിരിക്കും, നമ്മുടെ കുടുംബവും ഇരുട്ടിലാകും. ഉള്ളിൽ വെളിച്ചമില്ലാതെ ജീവിച്ചാൽ നാം അന്ധരാകും.
അതെ പ്രിയപ്പെട്ടവരേ, ഉള്ളിൽ പ്രകാശമില്ലാതെ അന്ധരായി ജീവിക്കുന്നവരാണോ നാമെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.
സമകാലീന ചരിത്രം പരിശോധിച്ചാൽ ധാരാളം ഉദാഹരണങ്ങൾ നമുക്ക് ലഭിക്കും. സ്വർണക്കള്ളക്കടത്തിലൂടെ സമ്പന്നരാകാൻ ശ്രമിക്കുന്നവർ, വർഗീയ വിദ്വേഷം ആളിക്കത്തിക്കുന്നവർ, ആൾക്കൂട്ട കൊലപാത കങ്ങൾ നടത്തുന്നവർ, മതത്തിന്റെ പേരിൽ ആളുകളെ തമ്മിൽ തല്ലിക്കുന്നവർ, രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ തെങ്ങിൻ പൂക്കുല ചിതറു ന്നപോലെ കൊലനടത്തുമെന്ന് ഭീഷണിപ്പെടുത്തുന്നവർ, – ഇവരൊക്കെ അന്ധരല്ലാതെ മറ്റെന്താണ്?
നമ്മുടേത് അന്ധന്മാരുടെ ലോകമാണോ? നമ്മുടേത് അന്ധരുള്ള, അന്ധർ മാത്രമുള്ള കുടുംബമാണോ? അന്ധനെ അന്ധൻ നയിക്കുന്ന ഒരു ലോകം എത്ര ഭയാനകമാണ്! വർഗീതയാൽ അന്ധനായവൻ യുദ്ധക്കൊതിയാൽ അന്ധനായവനോട് എന്ത് പറയും? അസൂയയാൽ അന്ധരായവർ അഹങ്കാരത്താൽ അന്ധരായവരോട് എന്ത് പറയും? ഭാരതീയ ആധ്യാത്മികതയിൽ ‘തന്ത്ര ദർശന’ത്തിൽ ശരാഹൻ എന്ന ബുദ്ധ ആചാര്യൻ രചിച്ച ഗീതങ്ങൾ താന്ത്രിക ദർശനത്തിന്റെ അടിസ്ഥാന ശിലകളാണ്. ഇതിൽ ഒരു ഗീതത്തിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “വീട്ടുവിളക്കുകൾ കൊളുത്തപെട്ടിട്ടുണ്ട്. എങ്കിൽ പോലും കുരുടൻ ഇരുട്ടിൽ തന്നെ ജീവിച്ചുകൊണ്ടേയിരിക്കുന്നു…ഒരു സൂര്യനിവിടെ പ്രത്യക്ഷപ്പെടുമ്പോൾ, ഇരുട്ട്, അതെത്രതന്നെ ഗഹനമെങ്കിലും അപ്രത്യക്ഷമാകും.”
ഒരുവൻ അന്ധനാണെങ്കിൽ നല്ല വിളക്കുകൾ, പ്രകാശം നിറഞ്ഞ നല്ല വ്യക്തികൾ, വിശുദ്ധ ഗ്രന്ഥങ്ങൾ കൊളുത്തപ്പെട്ടിട്ടുണ്ടെങ്കിലും അയാൾ ഇരുട്ടിലായിരിക്കും. വിളക്കുകളിവിടെ ഇല്ലാഞ്ഞിട്ടല്ല. എന്നാ, അയാളുടെ കണ്ണുകൾ അടഞ്ഞിരിക്കുകയാണ്. ക്രിസ്തുവാകുന്ന പ്രകാശത്തിന്റെ സ്പർ ശനത്തിനായി നമുക്ക് ആഗ്രഹിക്കാം. കണ്ണുകൾ തുറന്നു തരണേ എന്ന് പ്രാർത്ഥിക്കാം.
സമാപനം
നമ്മിലെ അന്ധതക്കെല്ലാം പൂർവികരെ കുറ്റം പറഞ്ഞു രക്ഷപ്പെടുവാൻ ശ്രമിക്കുന്നവരെ നോക്കി ഈശോ പറയും ഹേ, മനുഷ്യരേനിങ്ങൾഅന്ധരാണ്. പ്രകാശത്തിലേക്ക്വരിക! ക്രിസ്തുവാണ് വെളിച്ചം. ക്രിസ്തുവിലേക്ക് മാനസാന്തരപ്പെടുക. ക്രിസ്തുവാകുന്ന വെളിച്ചത്തിൽ ജീവിക്കുക!
നമ്മുടെ ജീവിതത്തിലെ കുറവുകളെ, ഇല്ലായ്മകളെ, ദുഃഖങ്ങളെ, പൂർവികരുടെ പാപമായിക്കാണാതെ, ജീവിതത്തെ അതായിരിക്കുന്ന പോലെ സ്വീകരിക്കുവാനും, ജീവിതം എങ്ങനെയായിരുന്നാലും അത് ദൈവത്തിന്റെ ഇഷ്ടമായിക്കാണാനും ശ്രമിച്ചാൽ സ്നേഹമുള്ളവരേ, നമ്മുടെ ജീവിതവഴികളിൽ ക്രിസ്തു നടന്നെത്തും. നമ്മുടെ കുറവുകളെ അവൻ പരിഹരിക്കും. നമ്മുടെ അന്ധത കഴുകിക്കളഞ്ഞു അവിടുന്ന് നമുക്ക് കാഴ്ച്ച നൽകും. നമ്മുടെ കണ്ണീരിനെ അവിടുന്ന് തുടച്ചുമാറ്റും. നമ്മുടെ ബലഹീനതയെ അവൻ ശക്തിപ്പെടുത്തും. നമ്മുടെ നെടുവീർപ്പുകൾ കേൾക്കുന്നവൻ, നമ്മുടെ മുറിവുകളെ തൈലം പുരട്ടി സുഖപ്പെടുത്തുന്നവൻ നമ്മുടെ ജീവിതം തന്റെ കൃപകൊണ്ട് നിറയ്ക്കും. നമ്മുടെ ജീവിതം ദൈവത്തിന്റെ മഹത്വം പ്രകടമാകുന്ന ഒന്നാക്കി അവൻ തീർക്കും.
ഓർക്കുക: മനുഷ്യജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവത്തിന്റെ പ്രവര്‍ത്തികള്‍ നമ്മില്‍ പ്രകടമാകുന്നതിനുവേണ്ടിയാണ്, ദൈവമഹത്വത്തിനുവേണ്ടിയാണ്.ആമ്മേൻ!
ഈശോ പറഞ്ഞ ഉപമകളിലും കഥകളിലും വച്ച് സാഹിത്യപരമായും സന്ദേശപരമായും ഏറ്റവും സുന്ദരമായ ഉപമയാണ് ഇന്നത്തെ നമ്മുടെ വിചിന്തന വിഷയം. കുഞ്ഞുന്നാൾ മുതലേ കേട്ടുപരിചയിച്ച ഈ ധൂർത്ത പുത്രന്റെ ഉപമയിൽ നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്ന പല മുഹൂർത്തങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടെങ്കിലും ഇന്നത്തെ സുവിശേഷ വ്യാഖ്യാനത്തിന് ഈശോ അവതരിപ്പിക്കുന്ന ഒരു രേഖാചിത്രമേ ഞാൻ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നുള്ളു. അത് ധൂർത്തുപുത്രന്റെ തിരിച്ചുവരവിൽ പിതാവും പുത്രനും തമ്മിലുള്ള കണ്ടുമുട്ടലാണ്. വികാര നിർഭരമായ ഒരു രംഗമാണിത്. വായനക്കാരന്റെ കണ്ണുകളെ ഈറനണിയിക്കുന്ന, മനസ്സിനെ തരളിതമാക്കുന്ന, ഹൃദയത്തിൽ മാറ്റങ്ങളുടെ സ്പോടനങ്ങൾ ഉണ്ടാക്കാവുന്ന ഒരു രംഗം!
കീറിപ്പറിഞ്ഞ മുഷിഞ്ഞ വസ്ത്രങ്ങളും, എല്ലിച്ച ശരീരവുമായി മകൻ തിരികെ എത്തുകയാണ്. അലച്ചലിന്റെ ദൈന്യതയിലും, അയാൾ, മുറ്റത്തു തന്നെയും കാത്തു നിൽക്കുന്ന അപ്പനെ കണ്ടു. തന്റെ വീട്ടിലേക്ക് മടങ്ങിവരുന്ന മകനെ അപ്പനും കണ്ടു. വർഷങ്ങളായി, മാസങ്ങളായി മകനെ കാത്തിരിക്കുന്ന ഒരു പിതാവിന്റെ ഹൃദയവേദനയോടെ, അതിന്റെ വിറയലോടെ പിതാവ് പുത്രനെ സമീപിക്കുകയാണ്. അകലെവച്ചു കണ്ടപ്പോൾ തന്നെ ഓടിച്ചെല്ലുകയാണ്. അടുത്തുചെന്ന പിതാവ് മറ്റൊന്നും ആലോചിക്കാതെ അവനെ കെട്ടിപ്പുണരുകയാണ്. കെട്ടിപ്പുണർന്നിട്ട് അവന്റെ നെറുകയിൽ ചുംബിക്കുന്നതിനിടയിൽ “മകനെ, എന്റെ പൊന്നു മകനെ” എന്ന് ഒരു ഭ്രാന്തനെപ്പോലെ പുലമ്പുകയാണ്. മകനാകട്ടെ, കണ്ണിൽനിന്ന് കുടുകുടെ ഒഴുകുന്ന കണ്ണീർ ഇടതുകൈകൊണ്ട് തുടച്ചുനീക്കുന്നതിനിടയിൽ, വലതുകൈകൊണ്ട് അപ്പന്റെ കവിളിൽ തൊട്ടുകൊണ്ട് പറയുകയാണ്: “മാപ്പ്! അങ്ങയുടെ മകനെന്ന് വിളിക്കപ്പെടാൻ ഞാൻ യോഗ്യനല്ല. ദാസരിൽ ഒരുവനായി എന്നെ കരുതണേ അപ്പാ!” അപ്പൻ ഒന്നുകൂടെ അവനെ തന്നിലേക്ക് ചേർത്തുപിടിച്ചു. മാപ്പു നൽകിയതിന്റെ സ്പർശം മകൻ അനുഭവിച്ചറിഞ്ഞു!
നഷ്ടപ്പെടലിന്റെയും വീണ്ടെടുക്കലിന്റെയും കാണാതാകലിന്റെയും കണ്ടെത്തലിന്റെയും, ഓടിപ്പോകലിന്റെയും മടങ്ങിവരവിന്റെയും മാപ്പപേക്ഷിക്കുന്നതിന്റെയും, മാപ്പുനൽകലിന്റെയും വികാരഭരിതമായ ദൃശ്യാവിഷ്കാരമാണ് ഈ കണ്ടുമുട്ടൽ രംഗം. ആധുനിക മനുഷ്യൻ ബഹിരാകാശത്തേക്ക് പിക്‌നിക്കിന് പോകാൻ ഒരുങ്ങുന്ന ഈ ശാസ്ത്ര ലോകത്തിൽ മാപ്പപേക്ഷിക്കുന്നതിന്റെയും, മാപ്പുനൽകലിന്റെയും, ദൈവത്തിൽ നിന്ന് മാപ്പ് സ്വീകരിക്കുന്നതിന്റെയും മുഹൂർത്തങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച ദൈവത്തെ, തന്റെ ആത്മാവിനെ മനുഷ്യനിലേക്ക് ഒഴുക്കിയ ദൈവത്തെ നഷ്ടപ്പെടുത്തുകയെന്ന ഏറ്റവും വലിയ മണ്ടത്തരത്തിലൂടെ ഭൂമിയിലെ മനുഷ്യൻ ജീവിതം ക്ലേശകരമാക്കുകയാണ്. ഇന്നോളം നടത്തിയിട്ടുള്ള യുദ്ധങ്ങളും, ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധങ്ങളും കലാപങ്ങളും ചൂഷണങ്ങളും ഇനിയും നടത്താനിരിക്കുന്നവയും വഴി മനുഷ്യൻ ദൈവത്തിൽ നിന്ന് അകന്നിരിക്കുകയാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യന്റെ ആരംഭം മുതൽ മനുഷ്യൻ ഇങ്ങനെയായിരുന്നു. വിശുദ്ധ ബൈബിൾ മനുഷ്യൻ ദൈവത്തെ നഷ്ടപ്പെടുത്തിയ കഥകളല്ലേ പറയുന്നത്? ഐതിഹ്യങ്ങളും, വേദഗ്രന്ഥങ്ങളുമെല്ലാം മനുഷ്യന്റെ ഈയൊരവസ്ഥ പല രീതിയിൽ പ്രതിപാദിക്കുന്നുണ്ട്.
എന്തുകൊണ്ടാണ് മനുഷ്യൻ ദൈവത്തെ നഷ്ടപ്പെടുത്തുന്നത്? മനുഷ്യന്റെ സരളമായ ഹൃദയം എപ്പോൾ കഠിനമാകുന്നുവോ, അവന്റെ അവളുടെ നിർമലമായ, നിഷ്കളങ്കമായ ഹൃദയം എപ്പോൾ കളങ്കിതമാകുന്നുവോ, എപ്പോൾ സ്വാർത്ഥതയും, സുഖപോലുപതയും അവന്റെ അവളുടെ ഹൃദയത്തെ മലിനപ്പെടുത്തുന്നുവോ അപ്പോൾ മനുഷ്യന് ദൈവത്തെ നഷ്ടപ്പെടും.
ദൈവത്തെ നഷ്ടപ്പെടുത്തുന്ന മനുഷ്യന്റെ കഥയാണ് ഇന്നത്തെയും മാനവ ചരിത്രം. ഇന്ന് ലോകത്തിനു ഏറ്റവും ആവശ്യമായിരിക്കുന്നത് മാപ്പപേക്ഷിക്കുന്നതിന്റെയും, ദൈവം മാപ്പുനല്കുന്നതിന്റെയും ധ്യന്യത നിറഞ്ഞ, ദൈവികമായ മുഹൂർത്തങ്ങളാണ്. ഈ മുഹൂർത്തങ്ങൾ, വ്യക്തിജീവിതത്തിൽ, കുടുംബത്തിൽ, ഇടവകയിൽ, ഈ ലോകത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.
മാപ്പ് ദൈവിക വരപ്രസാദമാണ്. മാപ്പപേക്ഷിക്കലും, മാപ്പ് നൽകലും, മാപ്പ് ലഭിക്കലും എല്ലാം ദൈവത്തിന്റെ കൃപയാണ്. ദൈവത്തോടും മനുഷ്യരോടും,പ്രകൃതിയോടുമുള്ള നമ്മുടെ ബന്ധങ്ങളിൽ ഉണ്ടാകുന്ന പരിക്കുകളിൽ നമുക്ക് വളരെ വിലപ്പെട്ടവ കവർച്ചചെയ്യപ്പെടുന്നുണ്ട്. നമുക്ക് നഷ്ടങ്ങൾ ധാരാളമാണ്. അത് നമ്മുടെ ജീവിതത്തെ കുടുംബത്തെ അന്ധകാരത്തിലാഴ്ത്തും. പിന്നെ ജീവിതത്തിൽ നിറങ്ങളില്ല. ഇല്ലെന്നല്ല. ഒരു നിറം മാത്രം. കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും- എല്ലാറ്റിനും ഒരു ചാര നിറം! എത്രയൂം പെട്ടെന്ന് തിരിഞ്ഞു നടക്കുക, മാപ്പപേക്ഷിക്കുക. അല്ലെങ്കിൽ ഓരോ നിമിഷവും നമ്മുടെ ജീവിതത്തിൽ നിന്ന് മൂല്യമുള്ളവ കവർച്ച ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും.
ഓർക്കുക: ജീവിതത്തോട് നാം പുലർത്തുന്ന സുഗന്ധമുള്ള ഒരു സമീപനത്തിന്റെ പേരാണ് മാപ്പ് !
ദൈവത്തോടും സഹോദരരോടും മാപ്പപേക്ഷിക്കുന്ന, ദൈവത്തിൽ നിന്നും സഹോദരങ്ങളിൽ നിന്നും മാപ്പ് ലഭിക്കുന്ന അവസരങ്ങൾ, ദൈവിക മുഹൂർത്തങ്ങൾ ഇന്നത്തെ ലോകം അനുഭവിക്കേണ്ടിയിരിക്കുന്നു. ദൈവത്തോടും സഹോദരരോടും മാപ്പപേക്ഷിക്കുവാൻ നാം ദൈവത്തിലേക്ക്, സഹോദരങ്ങളിലേക്ക് തിരിച്ചു നടക്കേണ്ടിയിരിക്കുന്നു, ദൈവത്തിലേക്ക്, സഹോദരങ്ങളിലേക്ക് തിരിച്ചു നടക്കാൻ പഠിക്കേണ്ടിയിരിക്കുന്നു.
ലോകമെങ്ങുമുള്ള ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്ക്, കഴിഞ്ഞ ദിവസം ഡൽഹിയിൽ തകർക്കപ്പെട്ട ദേവാലയം ഉൾപ്പെടെ, ലോകത്തു തകർക്കപ്പെടുന്ന ദേവാലയങ്ങൾക്ക്, മനുഷ്യർ നടത്തുന്ന ചെറുതും വലുതുമായ ദൈവദൂഷണങ്ങൾക്കു ലോകം മാപ്പു ചോദിക്കേണ്ടിയിരിക്കുന്നു.
ലോകമെങ്ങും അമ്മമാരുടെ ഉദരത്തിൽ വച്ച് തന്നെ കൊല്ലപ്പെടുന്ന ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുണ്ടല്ലോ. അവരോടു ലോകം ചെയ്യുന്ന കൊടും ക്രൂരതയ്ക്ക് മാപ്പുചോദിക്കേണ്ടിയിരിക്കുന്നു. അനുദിനം കുടുംബങ്ങളിൽ, പൊതു നിരത്തുകളിൽ മറ്റ് സ്ഥലങ്ങളിൽ കുട്ടികളും പീഡിപ്പിക്കപ്പെടുമ്പോൾ ലോകം മാപ്പു ചോദിക്കേണ്ടിയിരിക്കുന്നു!
ലക്ഷക്കണക്കിന് മനുഷ്യർ ആഹാരം കിട്ടാതെ മരിക്കുമ്പോൾ, വീടില്ലാതെ അലയുമ്പോൾ, നാം നടത്തുന്ന ആഡംബരങ്ങൾക്കും, ആഘോഷങ്ങൾക്കും മാപ്പുചോദിക്കേണ്ടതല്ലേ? സഹോദരീ, സഹോദരാ, നിനക്ക് അരർ ഹതയുള്ളതിനേക്കാൾ കൂടുതൽ എന്തെങ്കിലും നീ സൂക്ഷിച്ചു വച്ചിട്ടുണ്ടെങ്കിൽ നീ മടങ്ങി വരേണ്ടിയിരിക്കുന്നു, മാപ്പുചോദിക്കേണ്ടിയിരിക്കുന്നു. നാം ഭക്ഷണം കഴിക്കുമ്പോൾ ഒരാൾപോലും വിശക്കാതിരിക്കാനുള്ള ശ്രദ്ധ നമുക്കുണ്ടാകണം. ഈ കോവിഡ് കാലത്തും ആഘോഷങ്ങൾ നടത്തി, നടുമുറ്റങ്ങൾ മേന്മയേറിയ പുല്ലും കല്ലും പതിപ്പിച്ചു മോടിയാക്കുമ്പോൾ, കോടികളുടെ വീടുകളും, അംബര ചുംബികളായ ദേവാലയങ്ങളും കെട്ടിടങ്ങളും പാർലമെൻറ് സമുച്ചയങ്ങളും പണിയുമ്പോൾ ഓർക്കുക നാം തിരിച്ചുവരേണ്ടിയിരിക്കുന്നു, മാപ്പു ചോദിക്കേണ്ടിയിരിക്കുന്നു.
ഒരു മഹാമാരി നമ്മുടെ ജീവിതത്തെ തകർത്തുകൊണ്ട് മുന്നോട്ട് പോകുമ്പോൾ അതിനു പരിഹാരം social distance ൽ, സോപ്പിട്ട് കൈകഴുകലിൽ, വാക്സിനുകളിൽ, ഇളവുകളിലും, കിറ്റുകളിലും മാത്രം ആശ്രയിക്കുകയാണെങ്കിൽ സ്നേഹമുള്ളവരേ നമ്മൾ വിഡ്ഢികളാണ്. ഇന്ന് നമ്മുടെ ജീവിതസാഹചര്യങ്ങളിൽ നാം പ്രതീക്ഷിക്കുന്നതിലുമപ്പുറം, നമുക്ക് നേരിടാൻ കഴിയുന്നതിലുമപ്പുറം ദുരിതങ്ങൾ കടന്നുവരുന്നുണ്ടെങ്കിൽ അതിനുകാരണം ഒന്നുമാത്രം – ലോകം, മനുഷ്യർ തങ്ങളുടെ സ്രഷ്ടാവായ ദൈവത്തിൽ നിന്ന് അകന്നു പോയിരിക്കുന്നു. ഇതിനു പരിഹാരം ഒന്നുമാത്രം-ദൈവത്തിനോട് മാപ്പപേക്ഷിക്കുക. ധൂർത്തപുത്രനെപ്പോലെ, ദൈവത്തിന്റെ മുൻപിൽ നിന്നുകൊണ്ട് കരഞ്ഞുകൊണ്ട് പറയുക: “ദൈവമേ, പിതാവേ, മാപ്പ്!” കാരുണ്യവാനായ, സ്നേഹപിതാവായ ദൈവത്തിൽ നിന്നും ലഭിക്കുന്ന മാപ്പുകൊണ്ട്, അതിൽനിന്ന് പ്രവഹിക്കുന്ന പ്രസാദവരംകൊണ്ടു, മനുഷ്യന്റെ ജീവിതം, ഈ മാനവസമൂഹം, ലോകം മുഴുവനും നിറയണം. ദൈവത്തിന്റെ ക്ഷമിക്കുന്ന സ്നേഹത്തിൽ നിന്നൊഴുകുന്ന പ്രസാദവരത്തിൽ ഓരോ വ്യക്തിയും കുടുംബങ്ങളും, ഈ ലോകം മുഴുവനും കുളിച്ചു കയറണം. മാപ്പപേക്ഷിക്കുന്നതിന്റെയും, മാപ്പ് നൽകലിന്റെയും ദൈവിക മുഹൂർത്തങ്ങൾ കൊണ്ട് ഓരോ ദിവസത്തിന്റെയും 24 മണിക്കൂറും നിറയണം. അപ്പോൾ നമ്മുടെ കുടുംബങ്ങളിൽ വസന്തം വിരിയും. നാം ദൈവത്തിന്റെ സമാധാനത്തിന്റെ പുതുവസ്തങ്ങൾ ധരിക്കും. അവിടുത്തെ സന്തോഷത്തിന്റെ ആഭരണങ്ങൾ ധരിക്കും. അവിടുത്തെ പ്രത്യാശയുടെ ആഘോഷങ്ങൾ നടത്തും.
മഹാനായ നെൽസൺ മണ്ടേലയുടെ ജീവിതത്തിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്:
ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായശേഷം തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ഒരു റെസ്റ്റോറന്റിൽ യാദൃശ്ചികമായി ഭക്ഷണം കഴിക്കാൻ നെൽസൺ മണ്ടേല കയറി. ഭക്ഷണത്തിന് ഓർഡർ നൽകിയ ശേഷം അത് വരുന്നതുവരെ കാത്തിരിക്കുന്ന സമയത്ത്....
മണ്ടേലയുടെ സീറ്റിനു കുറച്ചകലെയുള്ള ഒരു സീറ്റിൽ ഒരാൾ ഭക്ഷണത്തിനായി കാത്തിരിക്കുകയായിരുന്നു. അയാളെ തന്റെ മേശയിലേക്ക് വിളിക്കാൻ മണ്ടേല സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഭക്ഷണം വന്നപ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി,.. ഒപ്പം വന്നിരുന്ന ആ മനുഷ്യനും..
പക്ഷേ ഭക്ഷണം കഴിക്കുമ്പോൾ അയാളുടെ കൈകൾ വിറച്ചുതുടങ്ങി. പെട്ടെന്ന് ഭക്ഷണം കഴിച്ച ശേഷം അയാൾ തല കുനിച്ച് റസ്റ്റോറന്റിൽ നിന്ന് പുറത്തേക്ക് നടന്നു….
ഇയാൾ പോയതിനുശേഷം മണ്ടേലയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മണ്ടേലയോട് പറഞ്ഞു,..” ആ വ്യക്തിക്ക് എന്തോ അസുഖം ബാധിച്ചിട്ടുണ്ടെന്നു തോന്നുന്നു… കൈകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു…അതോടൊപ്പം ശരീരവും…
മണ്ടേല പറഞ്ഞു, “ഇല്ല, അങ്ങനെയല്ല.. എന്നെ ജയിലിലടച്ച ജയിലിലെ ജയിലറായിരുന്നു അദ്ദേഹം. എന്നെ പീഡിപ്പിക്കുകയും, വേദനിക്കുമ്പോൾ ഞാൻ വെള്ളം ചോദിക്കുമ്പോളുമെല്ലാം എൻ്റെ ദേഹത്തു അയാൾ മൂത്രം ഒഴിക്കുമായിരുന്നു,എന്നെ അയാളുടെ മൂത്രം ബലമായി കുടിപ്പിക്കാറുമുണ്ട്….. അത് എന്നെ വല്ലാതെ വേദനിപ്പിക്കാറുണ്ട്….
മണ്ടേല തുടർന്നു: “ഞാൻ ഇപ്പോൾ രാഷ്ട്രപതിയായി,. ഏതെങ്കിലും തരത്തിൽ ഞാൻ പ്രതികാരം ചെയ്യുമെന്നദ്ദേഹം ഭയപ്പെടുന്നു!!. പക്ഷെ എന്റെ ജീവിതം അങ്ങനെയല്ല പ്രതികാരം നമ്മെ നാശത്തിലേക്ക് നയിക്കുമെന്നാണ് ഞാൻ കരുതുന്നത്!!! അതേസമയം, ക്ഷമയുടെയും, കരുണയുടെയും,സഹിഷ്ണുതയുടെയും മനോഭാവം നമുക്ക് സമാധാനവും വിജയങ്ങളും നൽകും. ഞാൻ അദ്ദേഹത്തിന് മാപ്പ് കൊടുക്കുന്നു. അതിലൂടെ ദൈവത്തിന്റെ പ്രസാദവരം അയാളിൽ നിറയട്ടെ.!!!!
മാപ്പപേക്ഷിക്കലും,മാപ്പ് നൽകലും, മാപ്പ് ലഭിക്കലും ദൈവത്തിന്റെ പ്രസാദവരത്തിന്റെ പ്രവർത്തിയാണ്. ദൈവപിതാവിന്റെ മുൻപിൽ നിന്നുകൊണ്ട് ദൈവമേ എന്നോട് കരുണതോന്നണമേ എന്ന് പറഞ്ഞു പ്രാർത്ഥിക്കുവാൻ കഴിഞ്ഞാൽ ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്ന കണ്ടുമുട്ടൽ നമ്മുടെ ജീവിതത്തിലും സംഭവിക്കും. സ്നേഹമുള്ളവരേ, ഓരോ കുർബാനയിലും ഈ കണ്ടുമുട്ടലിന് വേദിയൊരുക്കപ്പെടുന്നുണ്ട്. നാം ദൈവത്തിൽ നിന്ന് അകന്നു പോകുമ്പോൾ, പാപാവസ്ഥയിൽ കഴിയുമ്പോൾ ഓർക്കുക, വിശുദ്ധ കുർബാനയിൽ ഈശോ നമുക്കായി കാത്തിരിക്കുന്നുണ്ട് എന്ന്. നമ്മുടെ വിശുദ്ധ കുർബാനയിലെ അനുരഞ്ജന ശുശ്രൂഷയുടെ സമയം ഈ കണ്ടുമുട്ടലിന്റെ വേദിയാണ്, നിമിഷങ്ങളാണ്.
വിശുദ്ധ കുർബാന പാപമോചനത്തിന്റെ, രക്ഷയുടെ കൂദാശയാണ്. വിശുദ്ധ കുമ്പസാരത്തിലൂടെ ബലിയർപ്പിക്കുവാൻ യോഗ്യതനേടുന്ന ഭക്തനെ ഉത്ഥിതനായ ദൈവത്തെ ദർശിക്കുവാൻ, ആ ഉത്ഥിതനായ ദൈവത്തെ സ്വീകരിക്കുവാൻ ഏറ്റവും അടുത്ത ഒരുക്കത്തിലേക്കാണ് അനുരഞ്ജന ശുശ്രൂഷ നയിക്കുന്നത്. ദൈവവുമായി അനുരഞ്ജനപ്പെടുന്ന, എല്ലാം ക്ഷമിക്കുന്ന അവിടുത്തെ പ്രസാദവരത്തിൽ നിറയുന്ന വ്യക്തിക്ക് മാത്രമേ,അവിടുത്തെ ദർശിക്കുവാനും അവിടുത്തെ കാരുണ്യം അനുഭവിക്കുവാനും സാധിക്കൂ.
വിശുദ്ധ കുർബാനയിൽ റൂഹാക്ഷണ പ്രാർത്ഥനയ്ക്ക് ശേഷമാണ് അനുരഞ്ജന ശുശ്രൂഷ വരുന്നത്. കൃത്യമായി പറഞ്ഞാൽ, റൂഹക്ഷണ പ്രാർത്ഥനയ്ക്കും വിശുദ്ധ കുർബാനയുടെ ഉയർത്തലിനും (Elevation) ഇടയിലാണ് അനുരഞ്ജന ശുശ്രൂഷ തുടങ്ങുന്നത്. ‘ദൈവമേ എന്നോട് കരുണ തോന്നേണമേ…” എന്ന പ്രാർത്ഥനയോടെയാണ് ഇത് ആരംഭിക്കുന്നത്. ഈ പ്രാർത്ഥനയ്ക്കുശേഷം ഉടനെത്തന്നെ വിശുദ്ധ കുർബാനയുടെ ഉയർത്തലും അതിനെത്തുടർന്നുള്ള ഗീതവുമാണ്. അതിനുശേഷം വൈദികന്റെ “നമ്മുടെ കർത്താവീശോമിശിഹായുടെ …” എന്ന പ്രാർത്ഥനയോടെ വീണ്ടും അനുരഞ്ജന ശുശ്രൂഷ തുടരുകയാണ്. അതുകൊണ്ടു തന്നെ അനുരഞ്ജന ശുശ്രൂഷയ്ക്ക് രണ്ടു ഭാഗമുണ്ടെന്നു പറയാം.
ഒന്ന്, വിശുദ്ധ കുർബാനയുടെ ഉയർത്തലിനുള്ള ഏറ്റവും അടുത്ത ഒരുക്കം. ഉത്ഥിതനായ ഈശോയെ, ഇന്നും ജീവിക്കുന്ന ദൈവത്തെ അപ്പത്തിന്റെ രൂപത്തിൽ നമ്മുടെ നേത്രങ്ങൾകൊണ്ട് ദർശിക്കുവാൻ പോകുകയാണ്. ആ ദർശനം സാധിതമാകണമെങ്കിൽ ഭക്തൻ നിർമ്മലനായിരിക്കണം. ഹൃദയശുദ്ധിയുള്ളവർ ആണ്, അവർ മാത്രമാണ് ദൈവത്തെ കാണുന്നത്. ധൂർത്ത പുത്രനെപ്പോലെ അയോഗ്യത ഏറ്റുപറഞ്ഞു ദൈവസന്നിധിയിൽ കണ്ണീരോടെ, പാപങ്ങൾ ഏറ്റുപറഞ്ഞു നിൽക്കണം.
അപ്പോൾ വൈദികൻ കൈകൾ കുരിശാകൃതിയിൽ നെഞ്ചോട് ചേർത്തുപിടിച്ച് – അനുരഞ്ജന ചൈതന്യത്തോടെ ബലിപീഠം ചുംബിക്കുന്നു. വികാര നിർഭരമായ നിമിഷങ്ങളാണ് ഇവ. എന്നിട്ട് വൈദികൻ തിരുവോസ്തിയെടുത്തു ഉയർത്തി പറയുന്നു: കാണുവിൻ ഇതാണ് അപ്പം. ഇതാണ് ഉത്ഥിതനായ ഈശോ. ആത്മാവായ ദൈവം. നിത്യജീവൻ നൽകുന്ന ദൈവം. ഈ ദൃശ്യം കാണുന്ന ദൈവജനം മുഴുവൻ ഹൃദയത്തിൽ പറയണം: “എന്റെ കർത്താവേ, എന്റെ ദൈവമേ!” ഇത് കാണാൻ കഴിയണമെങ്കിൽ, ഇത് അനുഭവിക്കാൻ കഴിയണമെങ്കിൽ അനുരഞ്ജനത്തിലാകണം.
രണ്ട്, സഹോദരങ്ങളുമായുള്ള അനുരഞ്ജനം. ദൈവവുമായുള്ള അനുരഞ്ജനത്തിൽ സഹോദരങ്ങളുമായുള്ള അനുരഞ്ജനവും അടങ്ങിയിട്ടുണ്ടെങ്കിലും, പ്രത്യേകമായി നമുക്ക് അവസരം നൽകുകയാണ്. കാരണം, ഉത്ഥിതനായ ഈശോയെ ഭക്തന്റെ ഉള്ളിലേക്ക്, ഹൃദയത്തിലേക്ക് സ്വീകരിക്കുവാനുള്ള അടുത്ത ഒരുക്കമാണ് നാം ഇപ്പോൾ നടത്തുന്നത്. ഇവിടെ ശുശ്രൂഷിയുടെ ആഹ്വാനങ്ങൾക്ക് “കർത്താവേ, അങ്ങയുടെ ദാസരുടെ …” എന്ന പ്രാർത്ഥനചൊല്ലുമ്പോൾ നമ്മുടെ ജീവിത സാഹചര്യങ്ങളെ, അവിടെ നാം കണ്ടുമുട്ടുന്നവരെ, കുടുംബത്തിലുള്ളവരെ…എല്ലാം ഓർക്കണം. അവരോടുള്ള ബന്ധം എങ്ങനെ എന്ന് ചിന്തിക്കണം. അവരോട് മാപ്പപേക്ഷിക്കണം. തെറ്റുകൾ ഏറ്റുപറയുന്നവന് ഐശ്വര്യം ഉണ്ടാകും. അവൾ/ അവൻ ദൈവവര പ്രസാദത്താൽ നിറയും. ദൈവ വര പ്രസാദത്താൽ നിറയുന്ന ഭക്തനേ ദൈവത്തെ സ്വീകരിക്കുവാൻ അർഹതയുള്ളൂ.
സ്നേഹമുള്ളവരേ, ലോകത്തിനിന്ന് ഏറ്റവും ആവശ്യമായിട്ടുള്ളത് ദൈവവുമായുള്ള അനുരഞ്ജനമാണ്. അതിനു നാം ദൈവത്തിലേക്ക് മടങ്ങിവരേണ്ടിയിരിക്കുന്നു. ധൂർത്തപുത്രനെപ്പോലെ നമ്മുടെ അയോഗ്യത ഏറ്റുപറയേണ്ടിയിരിക്കുന്നു.
മാപ്പു അപേക്ഷിക്കുന്നതും, മാപ്പ് ലഭിക്കുന്നതും ദൈവത്തിന്റെ പ്രസാദവരത്തിന്റെ പ്രവർത്തിയാണ്. പരിശുദ്ധാത്മാവിന്റെ അഭിഷേകമാണത്. ഈ വിശുദ്ധ കുർബാനയിൽ ദൈവത്തിന്റെ മാപ്പിന്, പ്രസാദവരത്തിന് അർഹരാകാൻ നമുക്ക് പ്രാർത്ഥിക്കാം. അവിടുത്തെ പരിശുദ്ധാത്മാവിന്റെ കൃപയാൽ നിറയാൻ പ്രാർത്ഥിക്കാം. ലോകം മുഴുവൻ അനുതാപത്തിലേക്ക്, ക്രിസ്തുവിലേക്ക് കടന്നുവരുവാൻ, അവിടുത്തെ പ്രസാദവരത്താൽ നിറയാൻ നമുക്ക് പ്രാർത്ഥിക്കാം. ഇന്നത്തെ വിശുദ്ധ കുർബാനയിലെ അനുരഞ്ജന ശുശ്രൂഷ നല്ല ചൈതന്യത്തോടെ നടത്തുവാൻ നമുക്കാകട്ടെ. ആമ്മേൻ!
ശ്ലീഹന്മാരുടെ സുവിശേഷ പ്രഘോഷണത്തിനെ, ക്രിസ്തുവാകുന്ന കലപ്പകൊണ്ട് മനുഷ്യരുടെ ഹൃദയവയലുകൾ ഉഴുതുമറിച്ച് ദൈവവചനമാകുന്ന വിത്തുവിതച്ചതിനെ, ഓർമ്മപ്പെടുപ്പെടുത്തിയ ശ്ളീഹാക്കാലത്തിനുശേഷം, അവരുടെ സുവിശേഷ പ്രഘോഷണത്തിന്റെ ഫലമായി, ദൈവ വചനമാകുന്ന വിത്ത് വിതച്ചതിന്റെ ഫലമായി സഭ വളർന്ന് പുഷ്പങ്ങളും ഫലങ്ങളും പുറപ്പെടുവിക്കുന്ന കാലത്തെ ഓർക്കുന്നതാണ് കൈത്താക്കാലം അഥവാ ഫലാഗമ കാലം. ക്രിസ്തുവിന്റെ 12 ശ്ലീഹന്മാരെ അനുസ്മരിച്ചുകൊണ്ട് നാമിന്ന് കൈത്താക്കാലം ആരംഭിക്കുകയാണ്. ഏഴ് ആഴ്ചകളാണ് ഈ കാലത്തിനുള്ളത്. ക്രിസ്തു സാക്ഷികളായ ക്രൈസ്തവരുടെ ജീവിതത്തിലൂടെ സംജാതമാകുന്ന സഭയുടെ വളർച്ചയും ക്രൈസ്തവമൂല്യങ്ങളുടെ ഫലം ചൂടലുമാണ് ഈ ഏഴ് ആഴ്ചകളിൽ നാം അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്.
വ്യാഖ്യാനം
കൈത്താക്കാലത്തിന്റെ ആദ്യ ഞായറാഴ്ച തന്നെ, ഈശോ ദൈവരാജ്യത്തിന്റെ, ഭൂമിയിലെ ക്രിസ്തുവിന്റെ സഭയുടെ മനോഹരമായ ഒരു ചിത്രം വരച്ചിടുകയാണ്. ഈശോയുടെ പ്രവർത്തന ശൈലിയുടെ പ്രധാനപ്പെട്ട ഒരു ഘടകമാണ് വിരുന്നുകളിൽ സംബന്ധിക്കുക എന്നത്. വിരുന്നിനിടയിൽ വീണു കിട്ടുന്ന ഏതെങ്കിലും ഒരു സാഹചര്യത്തിന്റെ തണലിൽ നിന്നുകൊണ്ട് ഈശോ തനിക്കു പറയുവാനുള്ളത് വളരെ ശാന്തമായി, എന്നാൽ മനോഹരമായി അവതരിപ്പിക്കും. ഇവിടെയും ഈശോയ്ക്ക് ഒരവസരം വീണു കിട്ടുകയാണ്. ക്ഷണിക്കപ്പെട്ടവരുടെ പ്രമുഖ സ്ഥാനത്തിനുവേണ്ടിയുള്ള ആക്രാന്തം. വിരുന്നിനു ക്ഷണിക്കപ്പെട്ടവരുടെ പ്രമുഖസ്ഥാനത്തിനു വേണ്ടിയുള്ള ആക്രാന്തം വിമർശിച്ചുകൊണ്ട് ഈശോ ദൈവരാജ്യത്തിന്റെ സുവിശേഷം പറയുവാനുള്ള അവസരം ഒരുക്കുകയായിരുന്നു. എന്നിട്ടു അവസാനം തന്നെ ക്ഷണിച്ചവനോടെന്നപോലെ ഈശോ തന്റെ ഐഡിയ, തന്റെ മനോഭാവം, ദൈവ രാജ്യത്തിന്റെ സ്വഭാവം, ശിഷ്യന്മാർ ജീവിതത്തിൽ ഉൾക്കൊള്ളേണ്ട ചൈതന്യം, സംസ്കാരം അവതരിപ്പിക്കുകയാണ്, പാർശ്വ വത്ക്കരിക്കപ്പെട്ടവരുടെ സുവിശേഷം പ്രസംഗിക്കുകയാണ്. “നീസദ്യനടത്തുമ്പോൾദരിദ്രർ, വികലാംഗർ, മുടന്തർ, കുരുടർഎന്നിവരെക്ഷണിക്കുക. അപ്പോൾനീഭാഗ്യവാനായിരിക്കും.” ലോകസംസ്കാരത്തോടു ചേരാതെ, അന്നത്തെ യഹൂദ സംസ്കാരത്തോടു ചേരാതെ ഒരു പ്രതിസംസ്കാരം ഈശോ പ്രഖ്യാപിക്കുകയാണ്. ക്രൈസ്തവ സാക്ഷ്യത്തിന്റെ, ക്രൈസ്തവ ജീവിതത്തിന്റെ വലിയ ദർശനമാണ് ഈശോ ഇവിടെ പറയുന്നത്.
ലോകത്തിന്റെ പിന്നാലെ പോകാതെ, ആഡംബരങ്ങളിൽ ഭ്രമിക്കാതെ, സമ്പത്തിനു പുറകെ പായാതെ, അവഗണിക്കപ്പെട്ടവരെ പരിഗണിക്കാൻ, ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ, നീതിയിലേക്കു, സ്വാതന്ത്ര്യത്തിലേക്ക്, സൗഖ്യത്തിലേക്കു നടന്നടുക്കുവാൻ കഴിയാത്തവരുടെ ചലനമാകാൻ, ഭവനമില്ലാത്തവർക്ക് ഭവനമാകാൻ, നഗ്നരായവരെ ഉടുപ്പിക്കാൻ, അഭയാർത്ഥികൾക്ക് അഭയമാകാൻ അന്ന് യഹൂദരെ, ഇന്ന് നമ്മെ ഈശോ സെൻസിറ്റയിസ് (Sensitize) ചെയ്യുകയാണ്.
സംവേദനക്ഷമമാക്കുക എന്നാണ് sensitize എന്ന വാക്കിന്റെ അർഥം. എന്ന് പറഞ്ഞാൽ കണ്ടുമുട്ടുന്നവരോട് മാനുഷികമായി പെരുമാറുക, അവരോട് സ്നേഹത്തോടെ ബഹുമാനത്തോടെ വർത്തിക്കുക, അവരുടെ വിഷമതകളെയും, ബുദ്ധിമുട്ടുകളെയും മനസ്സിലാക്കുകയും അവരെ സഹായിക്കുകയും ചെയ്യുക എന്നൊക്കെയാണ് sensitize എന്ന വാക്കിന്റെ വിപുലമായ അർഥം. നമ്മുടെ ജനമൈത്രി പോലീസ് എന്നത് പോലീസ് സേനയെ sensitize ചെയ്തതിന്റെ ഫലമാണ്. ജനങ്ങളോട് അവരുടെ വിഷമങ്ങളോട് പോസിറ്റിവായി സംവദിക്കുവാൻ, അവരുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുവാനുള്ള നല്ല മനസ്സിന് ഉടമകളാക്കുക എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ഇന്ന് വലിയ സ്വപ്നമായി പലരും കാണുന്ന സോഷ്യലിസത്തിനും മേലെയാണ് ഈശോയുടെ ദൈവരാജ്യമെന്ന ആശയം. (ഈശോയുടെ ദൈവരാജ്യ സങ്കൽപ്പത്തിൽ നിന്നാണ് സോഷ്യലിസം തന്നെ രൂപപ്പെടുന്നത്.) എല്ലാവരും ദൈവമക്കളാണെന്നും അതുകൊണ്ടുതന്നെ വർഗ വർണ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും തന്നെപ്പോലെ മറ്റുള്ളവരെയും സ്നേഹിക്കുന്ന, പരിഗണിക്കുന്ന ഒരു സമൂഹ സൃഷ്ടിയിലേക്കാണ് ഈശോ യഹൂദരെ sensitize ചെയ്യാൻ ശ്രമിക്കുന്നത്.
എല്ലാ മനുഷ്യർക്കും സ്വതന്ത്രരായി ജീവിക്കുവാനും അന്തസ്സാർന്ന സ്വത്വ പ്രകാശനത്തിലൂടെ മനുഷ്യ മഹത്വത്തിൽ ജീവിക്കുവാനും അവകാശമുണ്ടെന്നാണ് ക്രിസ്തുവിന്റെ തത്വശാസ്ത്രം. തങ്ങളാഗ്രഹിക്കുന്ന മനുഷ്യ ജീവിതാവസ്ഥയിൽ ജീവിക്കാനാകാതെ സമൂഹത്തിലെ മാടമ്പിമാരാൽ തിരസ്കരിക്കപ്പെട്ട് സമൂഹത്തിന്റെ, ജീവിതത്തിന്റെ അതിർവരമ്പുകളിലേക്ക് ഓടിപ്പോയവർക്കുവേണ്ടിയാണ് ഈശോ സംസാരിക്കുന്നത്. യഹൂദരല്ലാത്തതിന്റെ പേരിൽ ദൈവവും മതവും നിഷേധിക്കപ്പെട്ടവർക്കുവേണ്ടി ശബ്ദമാകുകയാണ് ഈശോ. പരിഹാസങ്ങളേറ്റ് മാറിനിൽക്കുന്നവരെ പരിഗണിക്കണമെന്നും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികമാത്രമല്ല, ഒരേ മേശയിൽ ഇരുത്തുകയും ചെയ്യണമെന്നുള്ള ബോധ്യത്തിലേക്ക് അവരെ സെൻസിറ്റയിസ് (Sensitize) ചെയ്യുകയാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ.
ഈശോയുടെ കാലത്തെ സമൂഹത്തിൽ രണ്ടു തരത്തിലുള്ള വിള്ളൽ (Rift) ഈശോ ദർശിച്ചിരുന്നു. ഒന്നാമത്തേത് ആധ്യാത്മിക വിള്ളൽ(Spiritual Rift) ആണ്. ഈശോയുടെ കാലത്ത് യഹൂദ സമുദായത്തിന്റെ പ്രാമാണ്യത്തം നിലനിന്ന കാലമായിരുന്നു. മാത്രമല്ല, ആത്മീയതയുടെ കുത്തക തങ്ങളുടേതാണെന്ന്, തങ്ങളുടേത് മാത്രമാണെന്ന് ലോകത്തെ വിശ്വസിപ്പിച്ചു വന്ന സമയവും കൂടിയായിരുന്നു അത്. എന്നാൽ, യഹൂദർക്ക് മാത്രം കുത്തകയായിരുന്ന ആത്മീയതയ്ക്ക് വിജാതീയരും അർഹരാണെന്ന വാദത്തിലൂടെ എല്ലാവരും ദൈവത്തിന്റെ മക്കളാണെന്ന വലിയ ആത്‌മീയവിപ്ലവത്തിന് തുടക്കമിട്ടത് ഈശോയാണ്. ഈ ആത്മീയ വിപ്ലവത്തിന് ചെവികൊടുക്കാതെ, ഇസ്രായേൽ ജനം തിരഞ്ഞെടുക്കപ്പെട്ട ജനമായതുകൊണ്ട്, ദൈവത്തിന്റെ പരിപാലനയും, ദൈവികമായവയെല്ലാം, എന്തിന് ദൈവത്തിന്റെ രക്ഷ പോലും മറ്റു സമൂഹങ്ങൾക്ക് അവർ നിഷേധിച്ചിരുന്നു. ഇത്തരത്തിലുള്ളൊരു മനോഭാവം വലിയൊരു ആത്മീയ വിള്ളൽ സമൂഹത്തിൽ ഉണ്ടാക്കിയിരുന്നതായി ഈശോ കണ്ടു. രണ്ടാമത്തേത്, സാമൂഹ്യ വിള്ളൽ(Social Rift)ആണ്. യഹൂദരുടെ, പ്രത്യേകിച്ച്, യഹൂദപ്രമാണിമാരുടെ സാമൂഹ്യ, സാമ്പത്തിക തലത്തിലുണ്ടായിരുന്ന ചൂഷണങ്ങളും, വലിയ രീതിയിലുള്ള അസമത്വങ്ങളും മറ്റും സാമൂഹ്യ ജീവിതത്തിന്റെ സ്വാഭാവിക ചംക്രമണത്തെ തടഞ്ഞിരുന്നു. ഇതിനെതിരെ ഈശോ ഉറക്കെ സംസാരിക്കുകയും ചെയ്തിരുന്നു. (മത്താ 23) ഈശോ സമൂഹത്തിൽ കണ്ട ഈ വിള്ളലുകൾ താൻ കൊണ്ടുവരുന്ന ആത്മീയ വിപ്ലവത്തിന്, ദൈവരാജ്യ വിപ്ലവത്തിന് തടസ്സമാകുമെന്ന് കണ്ടിട്ടാണ് ഈശോ ഇന്നത്തെ സുവിശേഷത്തിൽ യഹൂദരെ, ജനങ്ങളെ സെൻസിറ്റയിസ് (Sensitize) ചെയ്യുന്നത്.
അന്നത്തെ സമൂഹത്തിന്റെ Metabolism എന്തെന്നും വളരെ വ്യക്തമായി ഈശോ മനസ്സിലാക്കിയിരുന്നു. വളരേ മോശമായ ഒരു ചയാപചയം(Metabolism) ആയിരുന്നു അന്നത്തെ സമൂഹത്തിന് ഉണ്ടായിരുന്നത്. നമുക്കറിയാവുന്നതുപോലെ Metabolism എന്നത് ഒരു കോശത്തിലോ, ഒരു അവയവത്തിന്റെ നടക്കുന്ന സാധാരണമായ, സ്വാഭാവിക പ്രക്രിയയാണ്. ഇതിനെ സ്വാഭാവിക ചയാപചയം(Natural Metabolism) എന്ന് വിളിക്കുന്നു. ശ്വാസോച്ഛാസം ഒരു സ്വാഭാവിക ചയാപചയ പ്രക്രിയയാണ്. ഇവിടെ വളരെ സ്വാഭാവികമായി ഓക്സിജനെ സ്വീകരിക്കുകയും, കാർബൺ ഡയോക്സൈഡിനെ പുറംതള്ളുകയും ചെയ്യുന്നു. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളെ ഉർജ്ജമാക്കി മാറ്റുന്നത് ഒരു metabolic പ്രവർത്തനമാണ്. ഇത്തരം അനവധി മെറ്റബോളിക് പ്രവർത്തനങ്ങൾ കൃത്യമായി നടന്നില്ലെങ്കിൽ നമ്മുടെ ജീവിതം പ്രയാസമാകും. ശാരീരിക പ്രവർത്തനങ്ങൾ താളം തെറ്റും. ഇന്ന് സമൂഹത്തിൽ കാണുന്ന obesity (അമിതവണ്ണം) യുടെ പ്രശ്നം metabolism ത്തിന്റെ തകരാറാണ്.
ഞാൻ ഇപ്പോൾ പറഞ്ഞ ആന്തരിക മെറ്റബോളിക് പ്രവർത്തനങ്ങൾക്കപ്പുറം മനുഷ്യൻ സമൂഹത്തിലേക്ക് കടക്കുമ്പോൾ മനുഷ്യനും തൊട്ടടുത്ത മനുഷ്യനും തമ്മിലും ബന്ധങ്ങളിൽ പ്രവർത്തന പ്രതി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതിനെ ബന്ധങ്ങളിലെ ചയാപചയം (Relational Metabolism) എന്ന് വിളിക്കുന്നു. ഈശോയുടെ സമയത്ത് relational metabolism വളരെ മോശമായിരുന്നു. അതിൽ പാവപ്പെട്ടവർ, കുഷ്ഠരോഗികൾ, സ്ത്രീകൾ, വിധവകൾ, ഭിക്ഷാടകർ, വിജാതീയർ തുടങ്ങിയവരോടുള്ള പെരുമാറ്റം വളരെ വികൃതമായിരുന്നു. അവിടെ നടന്നുകൊണ്ടിരുന്നത് സ്വാഭാവികമായ, മനുഷ്യത്വപരമായ കൊടുക്കൽ വാങ്ങലുകൾ ആയിരുന്നില്ല. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനെ, സ്വന്തം സഹോദരിയെ, സഹോദരനെ മൃഗങ്ങളെക്കാൾ നികൃഷ്ടരായാണ് യഹൂദർ പരിഗണിച്ചിരുന്നത്. അതുകൊണ്ടുതന്നെ സമൂഹജീവിതം താളം തെറ്റിയതായിരുന്നു. Relational metabolism വെറും സീറോ ആയിരുന്നു. ആത്മീയ ജീവിതം പൊള്ളയായിരുന്നു. ഈയൊരു അവസ്ഥയിൽ നിന്ന് മാറി ക്രിസ്തുവിന്റെ പ്രതിസംസ്കാരത്തിലേക്ക് ജനത്തെ സെൻസിറ്റയിസ് (Sensitize) ചെയ്യാനാണ് ഈശോ ഇവിടെ ശ്രമിക്കുന്നത്.
നമ്മുടെ ഇന്നത്തെ സംവിധാനങ്ങൾ, രാഷ്ട്രീയ, മത, കോർപ്പറേറ്റ് സംവിധാനങ്ങൾ എല്ലാം മനുഷ്യനെയും മനുഷ്യനെയും വേറിട്ട് നിർത്താനാണ് ശ്രമിക്കുന്നത്. ഇത് മനുഷ്യരുടെ ജീവിതത്തിലും അവയ്ക്കിടയിലുമുള്ള ബന്ധങ്ങളെ പലതരത്തിൽ തകരാനിടയാക്കുന്നു. മനുഷ്യനെ, മനുഷ്യ ബന്ധങ്ങളെ, വിവാഹ, കുടുംബ ബന്ധങ്ങളെ, മനുഷ്യ മനുഷ്യ ബന്ധങ്ങളെയെല്ലാം കച്ചവടക്കണ്ണുകളോടെ കാണുന്നത് മനുഷ്യ മനുഷ്യ ബന്ധങ്ങളിൽ വിള്ളലുകളുണ്ടാക്കും. ഇത് ലോകത്തിന്റെ സംസ്കാരമാണ്. ലോകത്തിന്റെ സംസ്കാരം പ്രമുഖസ്ഥാനത്തിന് വേണ്ടിയുള്ള നെട്ടോട്ടമാണ്. ലോകത്തിന്റെ സംസ്കാരം കഴുത്തറപ്പന്‍ മത്സരത്തിന്റെതാണ്. ലോകത്തിന്റെ സംസ്കാരം ധാര്‍മികത ലവലേശമില്ലാത്ത സുഖത്തിന്റെതാണ്. ലോകത്തിന്റെ സംസ്കാരം സമ്പത്തിനുവേണ്ടിയുള്ള ഓട്ടപ്പാച്ചിലിലാണ്. ഈ സംസ്കാരത്തില്‍ പ്രമുഖസ്ഥാനത്തിന് വേണ്ടി, സുഖത്തിന് വേണ്ടി, സമ്പത്തിനുവേണ്ടി കാലുമാറും, കാലുവാരും, വെട്ടിനിരത്തും, കള്ളസാക്ഷ്യങ്ങള്‍ നിരത്തും, ആരുമായും കൂട്ട്കൂടും, സ്വന്തം മാതാപിതാക്കള്‍ക്കെതിരെ വേണമെങ്കിലും കേസുകൊടുക്കും….ഇതെല്ലാം ലോകത്തിന്റെ സംസ്കാരമാണ്.
ലോകത്തിന്റെ സംസ്കാരത്തില്‍ സ്നേഹിതന്‍ സ്നേഹിതനെയേ അറിയൂ, ധനികന്‍ ധനികനെയേ വിരുന്നിനു ക്ഷണിക്കൂ, ബന്ധുക്കള്‍ ബന്ധുക്കളെയേ വിളിക്കൂ, ഭരണ കര്‍ത്താക്കള്‍ കോര്‍പറേറ്റ്കള്‍ക്ക് വേണ്ടിയേ നില്‍ക്കൂ, മതനേതാക്കള്‍ അവരുടെ സ്തുതി പാഠകര്‍ക്കുവേണ്ടിയേ പ്രാര്‍ഥിക്കൂ. ലോകത്തിന്റെ സംസ്കാരത്തില്‍ ആര്‍ക്ക് സ്ഥാനമില്ല? ദരിദ്രര്‍ക്ക്, വികലാംഗര്‍ക്ക്, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക്, വൃദ്ധര്‍ക്ക്, ചേരിനിവാസികള്‍ക്ക്…..! വിവാഹം തുടങ്ങിയ ആഘോഷങ്ങളിലേക്ക് ക്ഷണിക്കുന്നത് വിശേഷപ്പെട്ടവരെ മാത്രം!! ഏതെങ്കിലും പ്രമാണി പാവപ്പെട്ടവരെ പരിഗണിച്ചെന്നു വരും, അവരെ ക്ഷണിച്ചെന്ന് വരും, കിറ്റുകൾ നൽകി സന്തോഷിപ്പിച്ചെന്ന് വരും, സബ്‌സിഡി യായി പൈസ പാവപ്പെട്ടവന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചെന്നും വരും. എന്നാൽ, പുറകിലൂടെ അവരെ ചൂഷണം ചെയ്യും, കിറ്റുകൾ ഒരു വഴി, കള്ളക്കടത്തു വേറൊരു വഴി! സബ്‌സിഡി ഒരു വഴി, പെട്രോൾ ഡീസൽ വിലവർധിപ്പിച്ച്കൊണ്ട്, കൊടുത്ത സബ്‌സിഡി തിരിച്ചു വാങ്ങുന്നത് മറ്റൊരു വഴി!! ഇത്തരത്തിലുള്ള ആത്മീയ വിള്ളലുകളും സാമൂഹ്യവിള്ളലുകളും സൃഷ്ടിക്കുന്ന അവസ്ഥയെ കാലഘട്ടത്തിന്റെ പ്രതിസന്ധി (Epochal Crisis) ആയിട്ടാണ് ഈശോ കാണുന്നത്. അതുകൊണ്ടാണ്, ഇത്രയും ശക്തമായ ഒരു ഉദ്‌ബോധനം ഈശോ അന്നത്തെ ജനതയ്ക്കും, ഇന്ന് നമുക്കും നൽകുന്നത്.
സ്നേഹമുള്ളവരേ, ഈശോ നമുക്ക് വേണ്ടി ഒരു പ്രതിസംസ്കാരത്തെ വരച്ചുകാട്ടുകയാണ് ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ. ഒരു പ്രതി സംസ്കാരത്തിലേക്ക് ഈശോ നമ്മെ സെൻസിറ്റയ്‌സ് (Sensitize) ചെയ്യുകയാണ് ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ. ക്രിസ്തുവിന്റെ ചൈതന്യം ജീവിക്കുന്ന ഒരു പ്രതിസംസ്കാരത്തിന്റെ വക്താക്കളാകാന്‍ നമ്മെ ക്ഷണിക്കുകയാണ്.
ഇന്നത്തെ ഒന്നാമത്തെ വായനയില്‍ ദൈവത്തിന്റെ സംസ്കാരത്തെ, പ്രതിസംസ്കാരത്തെ ഏറ്റെടുത്ത ഒരു വലിയ മനുഷ്യനെ അവതരിപ്പിക്കുന്നുണ്ട്, ഏലിയ പ്രവാചകനെ. പ്രതി സംസ്കാരത്തിന്റെ ഏറ്റവും പ്രാധാനപ്പെട്ട ചൈതന്യം ഒന്ന്, ദൈവത്തിലുള്ള വിശ്വാസമാണ്. രണ്ട്, ദൈവം കൂടെയുണ്ടെന്നുള്ള ഉറപ്പ്. മൂന്ന്, ദൈവത്തിന്റെ സ്വഭാവത്തിലുള്ള ജീവിതം. ഇതെല്ലാമായിരുന്നു ഏലിയാ പ്രവാചകന്‍. യഥാര്‍ത്ഥ ക്രൈസ്തവന്റെ സംസ്കാരവുമായി, പ്രതിസംസ്കാരവുമായി ഏലിയാ പ്രവാചകന്‍ നിന്നപ്പോള്‍, ദൈവം ജയിച്ചു. പക്ഷെ ഇന്ന്, ദൈവം ജയിക്കുന്നില്ല. ഇന്നത്തെ ക്രൈസ്തവന്റെ സംസ്കാരം ദൈവത്തെപ്പോലും തോല്‍പ്പിക്കുന്നു.
രണ്ടാമത്തെ വായനയില്‍ ക്രൈസ്തവന്റെ പ്രതിസംസ്കാരവുമായി അപ്പസ്തോലന്‍മാരുണ്ട്. എന്ത് സംഭവിച്ചു? അവരുടെ കരങ്ങള്‍ വഴി അത്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. പ്രതിസംസ്കാരത്തിന്റെ ശക്തി!! നമ്മുടെ ജീവിതത്തില്‍, കുടുംബത്തില്‍, സഭയില്‍ ദൈവത്തിന്റെ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കാന്‍ ലോകത്തിന്റെ സംസ്കാരം നാം വെടിയണം. ദൈവിക കാര്യങ്ങള്‍ ലോകത്തിന്റെ സംസ്കാരത്തില്‍ നാം നോക്കിക്കാണരുത്!
ലേഖനവായന ശ്രദ്ധിക്കൂ, പ്രതിസംസ്കാരത്തിന്റെ സവിശേഷതകള്‍ എന്തൊക്കെയാണ്? സ്വരച്ചേര്‍ച്ച, ഐക്യം, ഏകമനസ്, ഏകാഭിപ്രായം, വിഭാഗീയതയില്ലായ്മ…… നമ്മുടെ ജീവിതം കണ്ട് ഈശോ കരയുന്നുണ്ടോ? ചിന്തിച്ച് നോക്കണം നാം.
ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ അവതരിപ്പിക്കുന്ന പ്രതിസംസ്കാരം ജീവിതത്തിലൂടെ പ്രഘോഷിച്ച ഒരു മഹത് വ്യക്തിയായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച്ച പോലീസ് കസ്റ്റഡിയിൽ മരിച്ച, പാവപ്പെട്ടവരുടെ പക്ഷം ചേർന്ന ഫാദർ സ്റ്റാൻ സ്വാമി. സർക്കാരുകൾ ഒട്ടുമേ ശ്രദ്ധിക്കാത്ത, കോർപ്പറേറ്റുകൾ ചോരയൂറ്റിക്കുടിക്കുന്ന ജാർക്കണ്ഡിലെ ആദിവാസികളുടെ, പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ, വൃദ്ധരുടെ, യുവാക്കളുടെ ഉന്നമനത്തിനുവേണ്ടി ക്രിസ്തുവിന്റെ പുരോഹിതനായി ഈശോ അവതരിപ്പിച്ച പ്രതിസംസ്കാരത്തിന്റെ വക്താവാകുകയായിരുന്നു ഫാദർ സ്റ്റാൻ സ്വാമി അവിടെ. ജാർക്കണ്ഡിലെ വേദനിക്കുന്നവർക്ക് നീതിതേടിയുള്ള അദ്ദേഹത്തിന്റെ യാത്രയിലെ ചിത്രങ്ങൾ നിങ്ങൾ മാധ്യമങ്ങളിലൂടെ കണ്ടുകാണും. ഭരണകൂട ഭീകരതയുടെ, അതിന്റെ സംവിധാനങ്ങളുടെ മനുഷ്യത്വമില്ലായ്മയുടെ ഇരയായി മരിച്ച ഫാദർ സ്റ്റാൻസ്വാമി
ക്രിസ്തുവിന്റെ പ്രതിസംസ്കാരത്തിന്റെ തെളിമയാർന്ന മുഖമാണ്. അദ്ദേഹത്തിന്റെ സംസ്കാര ശുശ്രൂഷയിലും കുർബാനയിലും യൂട്യൂബിലൂടെ പങ്കെടുത്തപ്പോൾ അദ്ദേഹം എന്നോട് ചോദിക്കുന്ന പോലെ എനിക്ക് തോന്നി: ‘ഫാദർ, ഞാൻ ഒരു മാവോയിസ്റ്റല്ലെന്ന് ഈ ലോകത്തോട് വിളിച്ചു പറയാമോ?” ഈ ലോകത്തോട്, ഇന്ത്യൻ ഭരണകൂടത്തോട് ഉറക്കെ ഞാൻ പറയട്ടെ: ഫാദർ സ്റ്റാൻ സ്വാമി ഒരു മാവോയിസ്റ്റല്ല. അദ്ദേഹം ക്രിസ്തുവിന്റെ ഉത്തമ പുരോഹിതനാണ്. അവിടുത്തെ പ്രതിസംസ്കാരത്തിന്റെ തേജസ്സുറ്റ മുഖമാണ്.”
സമാപനം
സ്നേഹമുള്ളവരെ, ക്രിസ്തുവിന്റെ സഭയുടെ metabolism ഇന്ന് തകരാറിലായിരിക്കുന്നു. സഭയിന്ന് അമിതവണ്ണമുള്ള, ഊതിവീർപ്പിച്ച ബലൂണാണ്. ആത്മീയ വിള്ളലുകൾ അധികമായിരിക്കുന്നു. ഒന്നേയുള്ളു പ്രതിവിധി: ക്രിസ്തുവിന്റെ സെൻസിറ്റായിസേഷന് (Sensitization) വിധേയമാകുക.. ക്രിസ്തുവിന്റെ പ്രതിസംസ്കാരത്തിന്റെ മുഖമുള്ളവരാകുക. ഇന്നത്തെ വായനകളില്‍, പ്രത്യേകിച്ച് സുവിശേഷത്തില്‍ അവതരിക്കപ്പെടുന്ന ക്രൈസ്തവന്റെ പ്രതിസംസ്കാരം മരിച്ചുകൊണ്ടിരിക്കുന്നോയെന്നു
നാം സംശയിക്കുന്നുണ്ടെങ്കില്‍ ഇതാ രക്ഷയുടെ സമയം. നമുക്ക് നമ്മെത്തന്നെ എളിമപ്പെടുത്താം. അപ്പോള്‍ ദൈവം നമ്മെ ഉയര്‍ത്തും. ക്രിസ്തുവിന്റെ ചൈതന്യം ജീവിക്കുന്ന ഒരു പ്രതിസംസ്കാരത്തിന്റെ വക്താക്കളാകാം നമുക്ക്. അങ്ങനെ ലോകത്തിനു ദൈവത്തിന്റെ ഭാഗ്യം പകർന്നു നൽകുന്ന ഉത്തമ ക്രൈസ്തവരാകാം.