All posts by Saju Pynadath

sunday sermon jn 17, 20-26

ഉയിർപ്പുകാലം ആറാം ഞായർ

യോഹ 17, 20-26

സന്ദേശം

John 17:20-23 – See you in Heaven

കോവിഡ് 19 ന്റെ തേർവാഴ്ച്ച 2019 നവംബറിൽ തുടങ്ങിയതാണെങ്കിലും, അതിന്റെ ഭീകരമുഖം അടുത്തുകാണുകയാണ് നാം ഈ നാളുകളിൽ. 2020 ൽ അത് നമുക്ക് വലിയൊരു വാർത്തമാത്രമായിരുന്നെങ്കിൽ ഇന്ന് കോവിഡ് നമ്മുടെ വീട്ടിൽ എത്തിയിരിക്കുകയാണ്, അതിന്റെ ഭീകരത നാം മുഖാമുഖം കാണുകയാണ്. തെല്ലൊരു ഭയത്തോടെയാണെങ്കിലും എല്ലാ ഹൃദയങ്ങളിൽ നിന്നും പ്രാർത്ഥനകൾ ഉയരുന്ന ഇക്കാലത്ത്, ടിവിയുടെ മുന്പിലിരുന്ന്   വിശുദ്ധ കുർബാന അർപ്പിക്കുന്ന നമുക്ക് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിൽ ആശ്വസിപ്പിക്കുന്ന, പ്രതീക്ഷ നൽകുന്ന സന്ദേശമാണ് ക്രിസ്തു നല്കിയതെങ്കിൽ, ഈ ഞായറാഴ്ച്ച ഒരുമയുടെ, ഐക്യത്തിന്റെ സന്ദേശമാണ് സുവിശേഷം നമുക്ക് നൽകുന്നത്. കാരണം, എല്ലാ ക്രൈസ്തവരും, എല്ലാ മനുഷ്യരും ക്രിസ്തുവിൽ ഒന്നായി നിന്നാൽ മാത്രമേ ദൈവകൃപയിൽ ജീവിക്കുവാൻ, ജീവിത പ്രശ്നങ്ങളെ ധീരമായി നേരിടാൻ, മഹാമാരികൾ പോലുള്ള അവസ്ഥകളെ അഭിമുഖീകരിക്കുവാൻ, അതിജീവിക്കുവാൻ ശക്തരാകുകയുള്ളു. അതുകൊണ്ട്, മഹാമാരി നമ്മെ ഇല്ലാതാക്കുവാൻ വിവിധ രൂപങ്ങൾ സ്വീകരിക്കുമ്പോൾ, നമ്മുടെ ക്രൈസ്തവ വിശ്വാസം വെല്ലുവിളികളെ നേരിടുമ്പോൾ വിഘടിതരായി നിന്നാൽ നാം നശിക്കുമെന്നും, ഒരുമിച്ചുനിന്നാൽ നാം നേടുമെന്നും ഈശോ ഇന്ന് നമ്മെ ഓർമിപ്പിക്കുന്നു.  

വ്യാഖ്യാനം

“ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകാനുള്ള സമയമായി എന്ന് അറിഞ്ഞ” ഈശോ ശിഷ്യർക്കുവേണ്ടി, ലോകത്തിനുവേണ്ടി നടത്തുന്ന ഹൃദയസ്പർശിയായ പ്രാർത്ഥനയാണ് ഇന്നത്തെ സുവിശേഷത്തിലെ പ്രതിപാദ്യ വിഷയം. മരണത്തെ മുന്നിൽ കണ്ടു നിൽക്കുന്ന ഈശോയുടെ പ്രാർത്ഥനയാണിതെങ്കിലും മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടുള്ള സുവിശേഷ ഭാഗമാണിത് എന്നതിൽ സംശയമില്ല. എങ്കിലും, മാനവകുലം മുഴുവനും, ക്രിസ്തുവിൽ ഒന്നായ ഒരു ജീവിതം നയിക്കണം എന്ന ആഗ്രഹമാണ് ഈശോ ഇവിടെ പ്രകടിപ്പിക്കുന്നത്.

ലോകം മുഴുവനും, ലോകത്തിലെ മനുഷ്യർ മുഴുവനും, ഒരു കുടുംബത്തിലുള്ള എല്ലാവരും ഒരുമയിൽ ജീവിക്കുന്നതിന് ഈശോ നൽകുന്ന മാതൃകാ ചിത്രം വളരെ വിസ്മയം നിറഞ്ഞതാണ്. ഈശോ പറയുന്നു: “പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് …”! “നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്ക് തന്ന മഹത്വം ഞാൻ അവർക്കു നൽകി”. ചിത്രം ഇതാണ്: “നമ്മെപ്പോലെ അവരും ഒന്നായിരിക്കുന്നതിന്.” പരിശുദ്ധ ത്രിത്വത്തിലെ ഒരുമയുടെ, ഐക്യത്തിന്റെ extention and expansion ആയിരിക്കണം ക്രൈസ്തവജീവിതം, മനുഷ്യ ജീവിതമെന്നാണ് ഈശോ വിഭാവനം ചെയ്യുന്ന ദർശനം.

അതിന് എന്ത് ചെയ്യണം? ഈശോ പ്രാർത്ഥിക്കുന്നു: ‘അങ്ങ് എനിക്ക് നൽകിയ സ്നേഹം അവരിൽ ഉണ്ടാകേണമേ!’ ദൈവസ്നേഹത്തിന്റെയും പരസ്നേഹത്തിന്റെയും അടിസ്ഥാനത്തിൽ ജീവിതം പടുത്തുയർത്തിയാൽ ഒരുമയിൽ, ഐക്യത്തിൽ ജീവിക്കാനാകും എന്നതാണ് ഈശോയുടെ action plan. പിതാവായ ദൈവവും പുത്രനായ ദൈവവും സ്നേഹമാകുന്ന പരിശുദ്ധാത്മാവിൽ ഒന്നായിരിക്കുന്നതുപോലെ ഈ ലോകവും അതിലെ മനുഷ്യരും തമ്മിൽ തമ്മിലും, മനുഷ്യരും പ്രപഞ്ചവും തമ്മിലും അതിലുമുപരി, ദൈവവും, മനുഷ്യനും, പ്രപഞ്ചവും, തമ്മിലും ഒരുമയിൽ ജീവിക്കുവാൻ, ഒന്നായിരിക്കുവാൻ ഈശോ ആഗ്രഹിക്കുന്നു.

Prayer To Jesus

അതിനായി പ്രാർത്ഥിക്കുന്നു. ഇതിലും മഹത്തായ ഒരു പ്രാർത്ഥന എവിടെ കാണാനാകും?  ഇതിലും ഉന്നതമായ ഒരു ജീവിത വീക്ഷണം എവിടെ കണ്ടെത്താനാകും? ഇതിൽ അടങ്ങിയിരിക്കുന്നു ഈശോയുടെ ദൈവ ദർശനവും, മനുഷ്യ ദർശനവും, പ്രപഞ്ച ദർശനവും. ഈ ദർശനത്തിനനുസരിച്ചു ക്രൈസ്തവജീവിതം രൂപപ്പെടുത്തുവാൻ സാധിച്ചാൽ കോവിഡിനെ മാത്രമല്ല അതിനേക്കാൾ വലിയ ദുരന്തങ്ങളെയും തോൽപ്പിക്കാൻ നമുക്കാകും.

കോവിഡ് മഹാമാരിക്കാലം നൽകുന്ന വലിയ വലിയ ഉൾക്കാഴ്ചകളിൽ വളരെ പ്രധാനപ്പെട്ടതാണ് കോവിഡിനുശേഷം എങ്ങനെയായിരിക്കണം എന്റെ, എന്റെ കുടുംബത്തിന്റെ, സഭയുടെ ആത്മീയജീവിതം എന്നത്.  ഇന്ന് കോവിഡാനന്തര ലോകത്തെക്കുറിച്ച്, സാമ്പത്തിക രംഗത്തെക്കുറിച്ച്, കോവിഡാനന്തര മനുഷ്യനെക്കുറിച്ച്, ചിന്തിക്കുമ്പോൾ, ചിന്തിക്കണം നമ്മൾ കോവിഡാനന്തര സഭയെക്കുറിച്ച്, കോവിഡാനന്തര സഭയുടെ ആത്മീയതയെക്കുറിച്ച്, സഭയുടെ motivation നെക്കുറിച്ച്, കോവിഡാനന്തര മാനസിക ഭാവത്തെക്കുറിച്ച്. അപ്പോൾ അടിസ്ഥാന ശിലയായി സ്വീകരിക്കാവുന്ന ദൈവവചന ഭാഗമാണ് നമ്മുടെ ഇന്നത്തെ സുവിശേഷം. ലോകത്തെ മുഴുവൻ ഒന്നായിക്കാണുന്ന ഒരു മനോഭാവം, ക്രിസ്തുവിൽ കേന്ദ്രീകൃതമായ ഒരു പുതിയ christian humanisam, ക്രൈസ്തവ മാനവികത ഉടലെടുക്കേണ്ടിയിരിക്കുന്നു.  

അതിനുവേണ്ടിയാണ്, അങ്ങനെയൊരു ആത്മീയത, മാനവികത രൂപപ്പെടുന്നതിനുവേണ്ടിയാണ് ഈശോ പ്രാർഥിച്ചത്. എന്നാൽ, തന്റെ ശിഷ്യരാകെ, മാനവകുലമാകെ ഒന്നായിത്തീരാൻ ആഗ്രഹിച്ച ഈശോയുടെ പ്രാർത്ഥനതന്നെ എന്തുമാത്രം ഫലവത്തായി എന്ന് ചിന്തിച്ചു നോക്കിയാൽ അല്ലെങ്കിൽ ഈശോ പ്രാർത്ഥിച്ചതുപോലും വർഷങ്ങൾ രണ്ടായിരത്തിലധികമായിട്ടും നടന്നില്ലല്ലോയെന്ന് ആരെങ്കിലും ചോദിച്ചാൽ ഉത്തരം പറയാൻ നാം വളെരെയേറെ ബിദ്ധിമുട്ടേണ്ടിവരും!  ഈശോയെ ഏറ്റവും അധികം വേദനിപ്പിക്കുന്നതും, വീണ്ടും വീണ്ടും മുറിപ്പെടുത്തുന്നതും ഈ യാഥാർഥ്യം തന്നെയായിരിക്കും – ക്രിസ്തുവിന്റെ സഭയിലെ ഭിന്നതകൾ! പിളർപ്പുകൾ! ഇന്നത്തെ സുവിശേഷഭാഗം മനസ്സിരുത്തി വായിച്ചാൽ മനസ്സിലാകും ഈശോയുടെ ഉള്ളിലെ ചിന്തയെന്താണെന്ന്. തിരുസ്സഭയിലെ ഭിന്നതയുടെ, അനൈക്യത്തിന്റെ പ്രചാരകർ മിശിഹായുടെ ശത്രുക്കളും, ലോകത്തിന്റെ മിത്രങ്ങളുമാണെന്നാണ് ഈശോയുടെ ഭാഷ്യം. താനും പിതാവും ഒന്നായിരിക്കുന്നതുപോലെ, സ്നേഹത്തിൽ മനുഷ്യരും ഒന്നായിരുന്നാൽ മാത്രമേ ദൈവരാജ്യം സംസ്ഥാപിതമാകുകയുള്ളു എന്ന് ഈശോയ്ക്കറിയാമായിരുന്നു. പിതാവായ ദൈവം ക്രിസ്തുവിനെ ഈ ലോകത്തിലേക്ക് അയച്ചുവെന്നു ലോകം വിശ്വസിക്കണമെങ്കിൽ സഭയിൽ ഐക്യമുണ്ടാകണം, സഭ ക്രിസ്തുവിൽ ഒന്നായി നിൽക്കണം എന്ന് ക്രിസ്തുവിന് അറിയാമായിരുന്നു. സഭ ഒന്നായി നിൽക്കാത്തിടത്തോളം കാലം ക്രിസ്തുവാണ് ലോകരക്ഷകനെന്ന്, പിതാവിനാൽ അയക്കപ്പെട്ട രക്ഷകൻ ക്രിസ്തുവാണെന്ന് ലോകം അറിയുവാൻ പോകുന്നില്ലായെന്നും അവിടുന്ന് മനസ്സിലാക്കിയിരുന്നു.  ക്രിസ്തുവിന്റെ ഈ മനോവേദന ഇന്നത്തെ സുവിശേഷഭാഗത്തിന്റെ വരികൾക്കിടയിൽ നിന്ന് വായിച്ചെടുക്കാൻ നമുക്ക് സാധിക്കും. ക്രിസ്തുവിന്റെ ഈ മനോവേദന മനസ്സിലാകുമ്പോഴാണ് ഇന്നത്തെ സഭ ക്രിസ്തുവിൽ നിന്ന് എത്രയോ അകലെയാണ് എന്ന് നാം അറിയുക! ക്രിസ്തുവിന്റെ പ്രാർത്ഥനയ്ക്ക്, ആഗ്രഹത്തിന് എത്രയോ വിരുദ്ധമാണ് എന്ന് നാമറിയുക! ക്രിസ്തുവിന്റെ ഹൃദയത്തിലെ മുറിവുകളുടെ ആഴം നമുക്ക് മനസ്സിലാകുക!

ക്രിസ്തുവിന്റെ ശരീരമായ സഭയ്ക്കേറ്റ മാരകമായ മുറിവുകൾ എങ്ങനെ രൂപപ്പെട്ടു എന്ന് ചിന്തിക്കുമ്പോഴാണ് ദൈവികമായവ കൈകാര്യം ചെയ്യുന്ന മനുഷ്യന്റെ സ്വാർത്ഥതയും, അഹന്തയും ഫണം വിടർത്തിയാടുന്നത് നാം കാണുന്നത്. ക്രിസ്തുവിന്റെ സഭയുടെ ആരംഭകാലങ്ങൾ ഒരുമയുടെ, ഐക്യത്തിന്റെ കഥകളാണ് നമുക്ക് പറഞ്ഞു തരുന്നത്. പിന്നീട്, പതുക്കെ പതുക്കെ, അധികാരത്തിന്റെ, രാജകീയ ആഡംബരങ്ങളുടെ, പണത്തിനോടുള്ള ആർത്തിയുടെ ചെകുത്താന്മാർ ഉറഞ്ഞു തുള്ളിയപ്പോൾ, സഭയിൽ സ്നേഹം, ഐക്യം, ആർജവം എന്നീ നന്മകൾ അപ്രത്യക്ഷമായി. ക്രൈസ്തവന്റെ ജീവിതത്തിലെ, ക്രൈസ്തവകുടുംബങ്ങളിലെ, തിരുസ്സഭയിലെ ഭിന്നതകൾക്കെല്ലാം കാരണം അധികാരം, പണം, ഭൂമി, സുഖഭോഗങ്ങൾ, അഹന്ത എന്നിവയായിരുന്നു. ക്രിസ്തുവിന്റെ ഐക്യത്തിനുവേണ്ടിയുള്ള പ്രാർത്ഥന, ഐക്യത്തിനുവേണ്ടിയുള്ള ആഹ്വാനം ഇന്നും സാധിതമാകുന്നില്ലായെങ്കിൽ അതിന്റെ കാരണങ്ങളും ഇവയൊക്കെത്തന്നെയാണ്. തിരുസഭയുടെ ചരിത്രവും അതാണ് നമ്മോട് പറയുന്നത്.

തിരുസ്സഭ അവളുടെ വളർച്ചയുടെ പാതയിൽ ധാരാളം ഭിന്നതകളേയും, പാഷണ്ഡതകളെയും അഭിമുഖീകരിച്ചിട്ടുണ്ട്. എന്നാൽ ഇവയെല്ലാം, ക്രിസ്തുവിന്റെ ചൈതന്യത്തിൽ നിന്നുള്ള വ്യതിചലനങ്ങളായിരുന്നു എന്നത് വ്യക്തമാണ്. AD 336 ൽ ഉടലെടുത്ത ഭിന്നതക്ക് നേതൃത്വം കൊടുത്തത് ഈജിപ്തിലെ അലക്‌സാൻഡ്രിയയിൽ നിന്നുള്ള ആരിയൂസ് ആണ്. ക്രിസ്തുവിന്റെ പുത്രുത്വത്തെ ചൊല്ലിയായിരുന്നു ആരിയൂസ് കലഹിച്ചതും പിന്നീട് സഭയിൽ നിന്ന് വിട്ടുപോയതും. കോൺസ്റ്റാന്റിനോപ്പോളിലെ ആർച്ചു ബിഷപ്പായിരുന്ന നെസ്തോറിയസ് (AD 450) കന്യകാമാതാവിനെ ക്രിസ്തുവിന്റെ അമ്മ (Christo tokos) എന്ന് വിശേഷിപ്പിച്ചതോടെയാണ് ഭിന്നത ആരംഭിച്ചത്. പിന്നീട് സഭ അദ്ദേഹത്തെ പാഷണ്ഡിയായി മുദ്രകുത്തുകയും അദ്ദേഹം പുറത്താകുകയും ചെയ്തു. 589 ൽ യേശുവിൽ മനുഷ്യസ്വഭാവമില്ല ദൈവ സ്വഭാവം മാത്രമേയുള്ളുവെന്ന അന്ത്യോക്യൻ പാത്രിയാർക്കീസ് മാർ യാക്കോബിന്റെ വാദമാണ്  യാക്കോബായ സഭകളുടെ ഉത്ഭവത്തിനു കാരണമായിത്തീർന്നത്. Great Schism of 1054 പരിശുദ്ധാത്മാവിനെച്ചൊല്ലിയായിരുന്നു.

Election Results and Jesus' Prayer for Unity | The Stream

സഭയിലെ വലിയൊരു പിളർപ്പായിട്ടാണ് ഇതിനെ കാണുന്നത്. മാർട്ടിൻ ലൂഥർ എന്ന അഗസ്റ്റീനിയൻ സന്യാസി താൻ ചൂണ്ടിക്കാണിച്ച സഭയിലെ തെറ്റുകളെ തിരുത്തുന്നതിന് സഭ കാണിച്ച അലംഭാവത്തെ പരസ്യമായി വെല്ലുവിളിച്ചതോടെയാണ് പ്രൊട്ടസ്റ്റന്റ് സഭകളുടെ തുടക്കമായത്. അദ്ദേഹത്തോടൊപ്പം സഭയ്ക്ക് എതിരായിരുന്നു നാട്ടുരാജാക്കന്മാരും കൂടിയതോടെ സഭയിൽ പിളർപ്പുണ്ടായി. ആദ്യനൂറ്റാണ്ടുമുതലെ ഉണ്ടായിരുന്ന മാർത്തോമ്മാ നസ്രാണി സഭ 1653 ലെ കൂനൻ കുരിശു സത്യത്തോടെയാണ് പിളർപ്പുകളിലേക്ക് പോയത്.

അറിവിന്റെ ഹുങ്കോ, അധികാരത്തിന്റെ ധാർഷ്ട്യമോ, സാമ്പത്തിനോടുള്ള ആർത്തിയോ എന്ത് തന്നെയായാലും വിശുദ്ധ പൗലോശ്ലീഹാ പറയുന്നതുപോലെ, ‘ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുകയാണ്.’ ഇന്ന് ക്രിസ്തുവിന്റെ പേരിൽ എത്ര സഭാ സമൂഹങ്ങൾ ഉണ്ടെന്നോ, ക്രിസ്തു വിഭജിക്കപ്പെട്ടതിന്റെ പേരിൽ എത്ര കുടുംബങ്ങൾ തകർന്നെന്നോ, ക്രിസ്തു വിഭജിക്കപ്പെട്ടതിന്റെ പേരിൽ എന്തുമാത്രം യുദ്ധങ്ങൾ നടന്നെന്നോ, തർക്കങ്ങൾ ഉണ്ടായെന്നോ ആർക്കും പറയുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല. “എല്ലാവരും ഒന്നായിരിക്കുവാൻ” എന്ന ക്രിസ്തുവിന്റെ പ്രാർത്ഥന ഫലമണിയുവാൻ ക്രിസ്തു ഇനിയും എത്രനാൾ കാത്തിരിക്കേണ്ടി വരുമോ, എന്തോ?

കഴിഞ്ഞ ഏപ്രിൽ 18 മുതൽ 25 വരെ ഷെക്കെയ്ന ടെലിവിഷൻ അവതരിപ്പിച്ച മിസ്പാ 3 കൺവെൻഷനിൽ സംസാരിച്ച അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ ബഹുമാനപ്പെട്ട സേവ്യർഖാൻ വട്ടായിലച്ചൻ സഭയിൽ ഐക്യമുണ്ടാകണമെന്നു ആഹ്വാനം ചെയ്യുകയുണ്ടായി. അദ്ദേഹം ഇങ്ങനെയാണ് തന്റെ ചിന്ത അവതരിപ്പിച്ചത്: ‘ക്രിസ്ത്യാനികളുടെ ഐക്യം അനിവാര്യമാണ്. കാലം അതിക്രമിച്ചിരിക്കുന്നു. നാമെല്ലാവരും ഒന്നിച്ചുനിൽക്കണം. ഫ്രാൻസിസ് പാപ്പാ പറഞ്ഞതുപോലെ, തീവ്രവാദികൾ വന്ന് നിന്നെ പിടിച്ചുകൊണ്ടുപോയി കൊല്ലാൻ നിർത്തുമ്പോൾ നീ ഓർത്തഡോക്‌സാണോ, കത്തോലിക്കനാണോ, യാക്കോബായ ആണോ, പ്രൊട്ടസ്റ്റന്റാണോ ലത്തീനാണോ, സീറോമലബാറാണോ എന്നായിരിക്കില്ല ചോദിക്കുക. Are you a Christian? നീ ഒരു ക്രിസ്ത്യാനിയാണോ എന്നായിരിക്കും ചോദിക്കുക. ഭിന്നത, കലഹം തുടങ്ങിയവയുടെ കാരണം നിസ്സാരങ്ങളായിരിക്കാം. എന്നാൽ നാം വിഘടിച്ചു നിന്നാൽ ക്രിസ്തുവിന്റെ പേരിൽ വിഭജിതരായി നിന്നാൽ, നാം തുടച്ചുമാറ്റപ്പെടും.” ക്രിസ്തുവിനുവേണ്ടി, ക്രിസ്തുവിന്റെ സഭയിൽ ഐക്യമുണ്ടാകാൻ ഉണരണമെന്നും സഭയെ ശക്തിപ്പെടുത്തുവാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം പറയുമ്പോൾ ക്രിസ്തുവിന്റെ പ്രാർത്ഥന ഫലമണിയുവാനുള്ള ആഗ്രഹമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. നിസ്സാരകാര്യങ്ങളെ ചെല്ലിയുള്ള തർക്കങ്ങളും, അധികാരത്തിനും സ്വത്തിനുംവേണ്ടിയുള്ള വടംവലികളും തകർക്കുന്നത് ക്രിസ്തുവിന്റെ സ്വപ്നത്തെയാണ്, പ്രാർത്ഥനയെയാണ്‌.

ക്രിസ്തുവിന്റെ “പിതാവേ അവരെല്ലാവരും ഒന്നായിരിക്കുന്നതിനു”വേണ്ടിയുള്ള പ്രാർത്ഥന വിശുദ്ധ കുർബാനയുടെ frame of reference ൽ നിന്നുകൊണ്ടായിരുന്നു അവിടുന്ന് നടത്തിയത്. (Frame of reference എന്നത് ഒരു ആശയപരമായ അവസ്ഥയാണ്. മാനദണ്ഡങ്ങളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ കാര്യങ്ങൾ വിശകലനം ചെയ്യപ്പെടുകയും, അളക്കപ്പെടുകയും, വിധിക്കപ്പെടുകയും ചെയ്യുന്ന ഒരു സംവിധാനത്തെ Frame of reference എന്ന് പറയാം. ഉദാഹരണത്തിന്, ഭൂമിയുടെ Frame of reference ൽ നിൽക്കുമ്പോഴാണ്, ഭൂമിയുടെ മാനദണ്ഡങ്ങളിൽ നിൽക്കുമ്പോഴാണ് ചലനനിയമങ്ങൾക്ക് പ്രസക്തിയുള്ളൂ.) ഒടുവിലത്തെ അത്താഴവേളയിൽ വിശുദ്ധ കുർബാന സ്ഥാപിച്ച ശേഷമാണ്, അതേത്തുടർന്നു ശിഷ്യരുടെ കാലുകൾ കഴുകിയ ശേഷമാണ് ഈശോയുടെ പ്രഭാഷണങ്ങളെ, ഈശോയുടെ പ്രാർത്ഥനയെ വിശുദ്ധ യോഹന്നാൻ അവതരിപ്പിക്കുന്നത്. വിശുദ്ധ കുർബാനയുടെ frame of reference ൽ നിന്നുകൊണ്ട് ലോകത്തെയും, ജീവിതത്തെയും ജീവിതയാഥാർഥ്യങ്ങളെയും നിരീക്ഷിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത ക്രിസ്തു തന്റെ കണ്ണുകളെ പിതാവിങ്കലേക്ക് ഉയർത്തുകയായിരുന്നു. സ്നേഹത്തിന്റെ, ഐക്യത്തിന്റെ, കാരുണ്യത്തിന്റെ വിശുദ്ധ കുർബാനയുടെ Frame of Reference ൽ നിൽക്കുമ്പോൾ ഐക്യത്തിനുവേണ്ടിയല്ലാതെ മറ്റെന്തിനുവേണ്ടിയാണ് ഈശോ പ്രാർത്ഥിക്കുക!

സ്നേഹമുള്ളവരേ, നാമും ക്രിസ്തുവാകുന്ന, വിശുദ്ധ കുർബാന യാകുന്ന Frame of Reference ൽ നിന്നുകൊണ്ട്, ലോകത്തെയും, നമ്മുടെ ജീവിതത്തെയും, ജീവിതയാഥാർഥ്യങ്ങളെയും നിരീക്ഷിക്കുവാനും വിശകലനം ചെയ്യുവാനും ശ്രമിക്കുകയാണെങ്കിൽ നമ്മുടെ ജീവിതങ്ങളെ, കുടുംബങ്ങളെ, ആത്മീയജീവിതത്തെ, സഭാജീവിതത്തെ ക്രിസ്തുവിന്റെ, വിശുദ്ധ കുർബാനയുടെ മൂല്യങ്ങളിൽ പടുത്തുയർത്തുവാൻ സാധിക്കും. അപ്പോൾ ഭിന്നതയുടെ സ്വരങ്ങൾ ഇല്ലാതാകും; അനൈക്യത്തിന്റെ കോട്ടകൾ തകർന്നുപോകും; വിഘടനവാദങ്ങളും, വെറുപ്പും വൈരാഗ്യവുമെല്ലാം ഉരുകിയൊലിച്ചുപോകും. ക്രിസ്തുവിന്റെ പ്രാർത്ഥന ഫലമണിയും.

എന്നാൽ, നാം നിൽക്കുന്ന സ്ഥലം, Frame of reference വേറെയാണെങ്കിൽ നമ്മുടെ നിരീക്ഷണവും, വിശകലനവും എല്ലാം പാളിപ്പോകും. ഉദാഹരണത്തിന് ഭൂമിയിൽ നിൽക്കുന്ന ഒരു വ്യക്തിക്ക് ഒരു ദിവസം ഒരു ഉദയവും അസ്തമയവുമേ കാണാൻ സാധിക്കുകയുള്ളു. എന്നാൽ, ബഹിരാകാശത്തിലെ യാത്രികർക്ക് ഒരു ദിവസം 27 ഉദയങ്ങളും അസ്തമയങ്ങളും കാണാൻ കഴിയും. Frame of reference മാറിയാൽ നാം കാണുന്ന കാഴ്ചകളും യാഥാർഥ്യങ്ങളും വ്യത്യസ്തമാകും. ഇന്ന് നമ്മുടെ സഭയിൽ, കുടുംബത്തിൽ അനൈക്യങ്ങളുണ്ടെങ്കിൽ, അതിന്റെ കാരണം നമ്മുടെ Frame of reference മാറിപ്പോയിട്ടുണ്ട് എന്നാണ്. നാം നിൽക്കുന്നത് വിശുദ്ധ കുർബാനയാകുന്ന, ക്രിസ്തുവാകുന്ന Frame of reference ൽ ആണോ? നാം കോർപ്പറേറ്റ് സ്ഥാപന നടത്തിപ്പിന്റെ, അല്ലെങ്കിൽ രാഷ്ട്രീയപാർട്ടികളുടെ Frame of reference ൽ നിന്ന് നമ്മുടെ ക്രൈസ്തവജീവിതം നയിക്കുവാൻ ശ്രമിക്കുകയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം, നമുക്കിടയിലെ, കഴുത്തറപ്പൻ മാത്സര്യങ്ങളും, കുതികാൽവെട്ടുകളും, പള്ളികളും ഭൂമിയും പിടിച്ചെടുക്കാനുള്ള ഓട്ടങ്ങളും, അധികാരവടംവലികളും,

Churches expand ministries in unique ways - The Boston Globe

എണ്ണാൻ കഴിയാത്തിടത്തോളമുള്ള ഗ്രൂപ്പുകളും കാണുമ്പോൾ നമ്മുടെ Frame of reference മാറിപ്പോയിരിക്കുന്നു എന്ന് പറയാനാണ് എനിക്ക് തോന്നുന്നത്. ക്രിസ്തുവിൽ എവിടെയാണ് കഴുത്തറപ്പൻ മാത്സര്യം? ക്രിസ്തുവിൽ എവിടെയാണ് അനൈക്യം? ക്രിസ്തുവിൽ എവിടെയാണ് അധികാരവടംവലികൾ, ക്രിസ്തുവിൽ എവിടെയാണ് പണത്തോടുള്ള ആർത്തി? വിശുദ്ധ കുർബാനയിൽ എവിടെയാണ് വെറുപ്പ്, വൈരാഗ്യം? വലിപ്പച്ചെറുപ്പങ്ങൾ? വിശുദ്ധ കുർബാന യുടെ Frame of reference ൽ നിൽക്കുമ്പോൾ എങ്ങനെയാണ് കുർബാനയുടെ പേരിൽ തല്ലുപിടിക്കുവാൻ സാധിക്കുക? വിശുദ്ധ കുർബാന യുടെ Frame of reference ൽ നിൽക്കുമ്പോൾ എങ്ങനെയാണ് ഭിന്നതയിൽ ബലിയർപ്പിക്കുവാൻ സാധിക്കുക?  എന്താ ക്രിസ്തു ഇവിടെ തോറ്റുപോകുകയാണോ? അൾത്താരയിലെ അനൈക്യം അല്ലേ ക്രിസ്തുവിനോട് ചെയ്യാവുന്ന  ഏറ്റവും വലിയ ക്രൂരത? അതല്ലേ നാം, നമ്മുടെ സഭ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങൾക്കെല്ലാം അടിസ്ഥാന കാരണം?

വിശുദ്ധ കുർബാനയുടെ തക്സയിൽ വരുത്തേണ്ട മാറ്റത്തെപ്പറ്റി ചിന്തിക്കുന്നതിനു മുൻപ് നമ്മുടെ സിനഡും സഭയും, ഐക്യത്തോടെ, ഏകമനസ്സോടെ ബലിയർപ്പിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുവാനല്ലേ ശ്രമിക്കേണ്ടത്? അൾത്താരയിലെ ഐക്യമല്ലേ പരമ പ്രധാനം? ‘പരിപാവനമാം സർവ്വേശാ’ എന്നായാലും ‘സർവ്വേശാ നീ പരിശുദ്ധൻ’ എന്നായാലും ആർക്കാണ് പ്രശ്നം? എന്നാൽ, എങ്ങനെ ബലിയർപ്പിക്കണം എന്നതിൽ ഒരു യോജിപ്പ്  – അതിന് വിശുദ്ധ കുർബാനയാകുന്ന Frame of Reference ൽ നിന്നുകൊണ്ട് ജീവിതത്തെ കാണാൻ പഠിക്കണം, ക്രിസ്തുവിനെപ്പോലെ! അപ്പോൾ ഐക്യത്തിന്റെ പൂക്കൾ നമ്മുടെ സഭയിൽ, കുടുംബങ്ങളിൽ വിരിയും. ക്രിസ്തുവിന്റെ പ്രാർത്ഥന ഫലമണിയും!

സമാപനം

സ്നേഹമുള്ളവരേ, കോവിഡാനന്തര ആത്മീയത ക്രിസ്തുവിൽ നാം ഒന്ന് എന്ന പാഠം ഉൾക്കൊണ്ടുകൊണ്ട് തുടങ്ങാൻ നമുക്കാകട്ടെ. ക്രിസ്തു വിഭജിക്കപ്പെടാതിരിക്കട്ടെ. ഒരുമിച്ചു ഒരേ ബലി അർപ്പിക്കുന്ന ക്രൈസ്തവരായി നമുക്ക് മാറാം. ആരെയും മാറ്റി നിർത്താത്ത, എല്ലാവരെയും ഉൾക്കൊള്ളുന്ന എല്ലാവർക്കും ഉള്ളതെല്ലാം പങ്കു വയ്ക്കുന്ന പുതിയ ക്രൈസ്തവരായി നാം മാറണം. ശിഷ്യരുടെ പാഠങ്ങൾ കഴുകിയ ശേഷം, വിശുദ്ധ കുർബാന സ്ഥാപിച്ചശേഷം നടത്തുന്ന ഈശോയുടെ ഈ പ്രാർത്ഥന, ആഗ്രഹം ഒരുമയിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്.

നമ്മുടെ കോവിഡാനന്തര ക്രൈസ്തവ ജീവിതം എങ്ങനെയുള്ളതായിരിക്കണമെന്നു ചിന്തിക്കുവാൻ ഈ ഞായറാഴ്ച്ച നമുക്കാകട്ടെ. ക്രിസ്തുവിൽ നാമെല്ലാം ഒന്നെന്ന മഹത്തായ ക്രിസ്തു സന്ദേശം നമ്മുടെ വ്യക്തി ജീവിതത്തിൽ, കുടുംബ ജീവിതത്തിൽ, സമൂഹ ജീവിതത്തിൽ നമുക്ക് പ്രാവർത്തികമാക്കാം.

Jesus' prayer for unity in his Church | GAFCON

നാമെല്ലാവരും ക്രിസ്തുവിൽ ഒന്നായാൽ, ദൈവവും, മനുഷ്യനും പ്രപഞ്ചവും തമ്മിൽ ഒന്നായാൽ കോവിഡ് മാത്രമല്ല, ഒരു മഹാമാരിയും നമ്മെ സ്പർശിക്കുകയില്ല.  ക്രിസ്തുവിൽ നമ്മൾ ഒന്ന് എന്ന മുദ്രാവാക്യത്തോടെ കോവിഡാനന്തര ക്രിസ്തവജീവിതം തുടങ്ങാം. ആമ്മേൻ!

sunday sermon jn 21, 1-14

ഉയിർപ്പുകാലം അഞ്ചാം ഞായർ

യോഹ 21, 1-14

സന്ദേശം

Juan 21, 1-14 - Viernes de la Octava de Pascua - Padre Rodrigo Aguilar -  YouTube

നഷ്ടങ്ങളുടെ, വേദനകളുടെ ആകുലതകളുടെ കണക്കു പുസ്തകവുമായിട്ടാണ് നാമിന്ന് വിശുദ്ധ ബലിയർപ്പിക്കുവാൻ ദേവാലയത്തിൽ ബലിപീഠത്തിനു ചുറ്റും, വീടുകളിൽ ടിവിക്കുമുന്പിൽ ഒരുമിച്ചു കൂടിയിരിക്കുന്നത്. കോവിഡിന്റെ രണ്ടാം വരവ് അത്രമാത്രം നമ്മെ തളർത്തിയിരിക്കുകയാണ്. ഓക്സിജൻ കിട്ടാതെ കഷ്ടപ്പെടുന്ന രോഗികൾ, ദിവസങ്ങളായി ഒന്നിനുപുറകെ മറ്റൊന്നായി നടത്തപ്പെടുന്ന സംസ്കാരങ്ങൾ, ആളൊഴിഞ്ഞ ദേവാലയങ്ങൾ, രോഗഭീതിയിൽ വായ് മൂടികടന്നുപോകുന്ന വർത്തമാനം, പോകെപ്പോകെ കാലവും ലോകവും സ്ക്രീനിലെ കാഴ്ചകളായി മാറുന്ന അവസ്ഥ! ഇങ്ങനെയൊക്കെയാണെങ്കിലും, ലോകം എത്ര സംഘർഷഭരിതമാണെങ്കിലും എത്രമേൽ അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണെങ്കിലും, രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും ലഭിക്കാതിരുന്നപ്പോൾ കടൽക്കരയിൽ ക്രിസ്തു പ്രത്യക്ഷപ്പെട്ടതുപോലെ നമ്മുടെ ജീവിതത്തിന്റെ കടൽക്കരയിൽ നമ്മുടെ രക്ഷക്കായി ക്രിസ്തു പ്രത്യക്ഷപ്പെടുമെന്ന വലിയ സന്ദേശമാണ് ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്നത്. നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ക്രിസ്തുവിനെ മനസ്സിലാക്കാനും ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിന്റെ കർത്താവായി ഏറ്റുപറയുവാനും ഇന്നത്തെ സുവിശേഷം, ഈ കാലഘട്ടം നമ്മെ ക്ഷണിക്കുന്നു.

വ്യാഖ്യാനം

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഇരുപത്തിയൊന്നാം അദ്ധ്യായം സുവിശേഷകന്റെ മരണശേഷം എഴുതിച്ചേർത്തതാണെന്നും അല്ലെന്നുമുള്ള അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഈ അധ്യായത്തിലെ പ്രമേയങ്ങൾ മറ്റു അധ്യായങ്ങളിലെ പ്രമേയങ്ങളോട് ചേർന്നുപോകുന്നവതന്നെയാണ്. ഉത്ഥാനത്തിനുശേഷം താൻ ഇന്നും ജീവിക്കുന്നുവെന്ന് ശിഷ്യന്മാരെ ബോധ്യപ്പെടുത്താൻ ഈശോ ശിഷ്യന്മാർക്കു പലപ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ പ്രത്യക്ഷീകരണങ്ങളെല്ലാം ക്രിസ്തു കർത്താവാണെന്ന് അനുഭവിച്ചറിയുവാനും, പ്രഘോഷിക്കുവാനും ശിഷ്യന്മാരെ ശക്തിപ്പെടുത്തുവാൻ വേണ്ടിയായിരുന്നു. ഇന്നത്തെ മൂന്നാമത്തെ പ്രത്യക്ഷീകരണവും ഈ ഒരു ലക്ഷ്യത്തിനുവേണ്ടിയായിരുന്നു.

ഈശോയുടെ കുരിശു മരണത്തിനുശേഷം യഹൂദന്മാരെ ഭയന്ന് സ്വയം ലോക്ക് ഡൗണിൽ ആയിരുന്നല്ലോ ശിഷ്യന്മാർ. കുറച്ചുകാലം ലോക്ക് ഡൗണിൽ കഴിയുമ്പോൾ നമുക്കറിയാവുന്നതുപോലെ എന്തിനെ ഭയന്നാണോ ലോക്ക് ഡൗണിൽ ആയിരുന്നത്, ആ ഭയമെല്ലാം പതുക്കെ പതുക്കെ അകന്നുതുടങ്ങും. പിന്നെ അതിജീവനത്തെക്കുറിച്ചുള്ള ചിന്തയാകും. “എന്തും വരട്ടെ. എങ്ങനെയെങ്കിലും ജീവൻ നിലനിർത്തണം.” അതായിരിക്കും പിന്നത്തെ ആലോചന. ഇത് തന്നെയായിരുന്നു ശിഷ്യരുടേയും ചിന്ത. ഒരു ലോക്ക് ഡൗണിലൂടെ കടന്നുപോയ നമുക്ക്, ലോക് ഡൗണിന്റെ പോലത്തെ സാഹചര്യത്തിലൂടെ കടന്നുപോകുന്ന നമുക്ക് ശിഷ്യന്മാരുടെ മനോവിചാരങ്ങളെ മനസ്സിലാക്കുവാൻ ബുദ്ധിമുട്ടുണ്ടാകില്ല. 

ഈ ചിന്തകളുടെ, സംഭാഷണങ്ങളുടെ അവസാന ചിത്രമാണ് അദ്ധ്യായം 21 ലെ മൂന്നാം വാക്യം. പത്രോസാണ് പറയുന്നത്: “ഞാൻ മീൻ പിടിക്കുവാൻ പോകുകയാണ്”. മറ്റ് ശിഷ്യന്മാരോ? അവരും റെഡി! ഇത് ഈശോയെക്കുറിച്ചു ചിന്തിക്കാഞ്ഞിട്ടല്ല. ഈശോയോട് സ്നേഹമില്ലാഞ്ഞിട്ടല്ല. ഈശോയ്ക്കുവേണ്ടി ജീവിക്കാൻ താത്പര്യമില്ലാഞ്ഞിട്ടുമല്ല. മനുഷ്യമനസ്സിന്റെ സ്വാഭാവിക പ്രകടനമാണിത്. എന്നിനി ക്രിസ്തുവിന്റെ പ്രത്യക്ഷം ഉണ്ടാകുമെന്നറിയില്ല. അവൻ ഏൽപ്പിക്കുന്ന ദൗത്യമെന്തെന്നും അറിയില്ല. പക്ഷേ, അവൻ വരുമ്പോൾ, തങ്ങൾ ശാരീരികമായും മാനസികമായും തയ്യാറല്ലെങ്കിലോ? അവർ ഇറങ്ങുകയാണ്.

Let's Go Fishing With Jesus. | The Contemplative Activist (TCA)

അതിജീവിക്കുവാൻ പറ്റുമെന്നും അവർക്കു ഉറപ്പായിരുന്നു. Target accomplish ചെയ്യാൻ പറ്റുമെന്ന് 100% വും sure ആയിരുന്നു. Logistics, വള്ളവും വലയും മറ്റും കിട്ടാൻ പ്രയാസമില്ല. അവരുടെ നാടാണ്. കൂട്ടുകാരുണ്ട് സഹായിക്കാൻ. Manpower ധാരാളമുണ്ട്. അനുഭവസമ്പത്തിനു ഒരു കുറവുമില്ല. പിന്നെ team leader ആയി പത്രോസുണ്ട്. തടാകം കണ്ടാൽ തന്നെ അതിന്റെ സ്വഭാവം പറയാൻ കഴിയുന്നവൻ. വെള്ളത്തിന്റെ ചെറിയൊരു അനക്കം പോലും വ്യാഖ്യാനിക്കാൻ പറ്റുന്നവൻ. എവിടെയെറിഞ്ഞാൽ മീൻ കിട്ടുമെന്ന് sense ചെയ്യാൻ സാധിക്കുന്നവൻ. അവർ ഇറങ്ങുകയാണ്. എന്നാൽ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുകയാണ് ആ രാത്രി! നസീബില്ലാത്ത, ഭാഗ്യം അകലെയായ ഒരു രാത്രി!

പ്രത്യാശയറ്റ ആ രാത്രി അരുണോദയത്തിനു വഴിമാറിക്കൊടുത്തപ്പോൾ സംഭവിച്ചത് ശിഷ്യരെപ്പോലും വിസ്മയിപ്പിച്ചു കളഞ്ഞു. ഉത്ഥിതനായ ക്രിസ്തു അവരുടെ പ്രതീക്ഷയായി, സമൃദ്ധിയായി, രക്ഷകനായി കടന്നുവരികയാണ്. തടാകത്തിന്റെ ഓരോ ഇഞ്ചും അരിച്ചുപെറുക്കിയിട്ടും ഒന്നും കിട്ടാതിരുന്ന വേളയിൽ, അവരുടെ smartness ഉം strategy കളുമെല്ലാം നിഷ്ഫലമായ ഘട്ടത്തിൽ ചാകരപോലെ മത്സ്യത്തിന്റെ സമൃദ്ധി അവൻ അവർക്കു കൊടുക്കുകയാണ്. അപ്പോൾ ഒരു വെളിപാടുപോലെ യോഹന്നാൻ വിളിച്ചു പറയുകയാണ് “അത് കർത്താവാണ്”. യോഹന്നാൻ വീണ്ടും വീണ്ടും പറയുകയാണ്: “സുഹൃത്തുക്കളെ, അത് കർത്താവാണ്. നമ്മുടെ ഇല്ലായ്മയിൽ, നിരാശയിൽ നമ്മെ രക്ഷിക്കാൻ കടന്നുവന്നിരിക്കുന്നത് കർത്താവാണ്. നമ്മുടെ ഹൃദയത്തിന്റെ നൊമ്പരങ്ങളറിഞ്ഞ് നമ്മുടെ അടുത്തെത്തിയിരിക്കുന്നത് കർത്താവാണ്. നമ്മുടെ ബലഹീനതയിൽ നമ്മെ ശക്തിപ്പെടുത്തിയത് കർത്താവാണ്. അതെ, അത് കർത്താവാണ്.”

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിലേക്ക്, ജീവിത സാഹചര്യങ്ങളിലേക്ക്, ചിലപ്പോൾ സന്തോഷത്തിന്റെ, മറ്റു ചിലപ്പോൾ സങ്കടത്തിന്റെ നിമിഷങ്ങളിലേക്കു കടന്നു വരുന്ന ക്രിസ്തുവിനെ നാം കാണണം. അവനെ കർത്താവായി  പ്രഘോഷിക്കണം. കാരണം നമ്മുടെ ജീവിതത്തിന്റെ പുറപ്പാടുകളിൽ താങ്ങായും തണലായും അവൻ നമ്മോടൊപ്പമുണ്ട്. നമ്മെ രക്ഷിക്കുവാൻ മനുഷ്യനായപിറന്ന ദൈവം, നമ്മുടെ ജീവിതസാഹചര്യങ്ങളിൽ “ഞാൻ എന്ത് ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്” എന്ന്  ചോദിച്ചുകൊണ്ടോ, “മേലിൽ പാപം ചെയ്യരുത്” (യോഹ 8, 11) എന്ന് പറഞ്ഞുകൊണ്ടോ, “നിങ്ങൾ ആകുലരാകേണ്ട” (ലൂക്ക 12, 22) എന്ന് ഓർമിപ്പിച്ചുകൊണ്ടോ, “എനിക്ക് കുടിക്കാൻ തരിക” (യോഹ 4, 7 എന്ന് പറഞ്ഞുകൊണ്ടോ, ‘നിങ്ങളുടെ കൈവശം എന്തുണ്ട്’ (മർക്കോ 6, 38) എന്ന് ചോദിച്ചുകൊണ്ടോ, “ഇതെന്റെ ശരീരമാകുന്നു വാങ്ങി ഭക്ഷിക്കുവിൻ, ഇതെന്റെ രക്തമാകുന്നു, വാങ്ങി കുടിക്കുവിൻ” (മത്താ 26, 26-30) എന്ന് ക്ഷണിച്ചുകൊണ്ടോ പ്രിയപ്പെട്ടവരേ കർത്താവായ ക്രിസ്തു എപ്പോഴും നമ്മോടൊപ്പമുണ്ട്. കണ്ണുകൾ തുറന്ന് നമ്മുടെ ജീവിതത്തിലേക്ക്, ജീവിതസാഹചര്യങ്ങളിലേക്ക് നാം നോക്കണം.

ഈ പ്രപഞ്ചത്തിൽ ഏതൊരു വസ്തുവും ചലിക്കണമെങ്കിൽ അതിന്റെ പിന്നിൽ ഒരു ഊർജം ഉണ്ടാകണം. ആ ഊർജത്തെ മനസ്സിലാക്കാനും, അതിന്റെ ചലനം പ്രപഞ്ചത്തിൽ ദർശിക്കുവാനും കഴിയുമ്പോൾ അത് കർത്താവാണെന്ന് പറയുവാനുള്ള ആർജവം നമുക്കുണ്ടാകണം. ഈ ഭൂമിയിൽ ഓരോ ജീവിയും അതത് രൂപത്തിൽ ഉണ്ടാകുന്നത് ദൈവത്തിന്റെ ഇച്ഛയാലാണ്. ഒരു ചെടി വളരുന്നതോ, പൂവിടുന്നതോ അത് കായ്ക്കുന്നതോ നാമാരും വിചാരിച്ചാൽ സാധിക്കില്ല. ആ ചെടിയിലുണ്ടാകുന്ന പൂവിന്റെ നിറം, വലിപ്പം, അതിന്റെ ഇതളുകളുടെ ഗണിതപരമായ അകലം എന്നിവ ദൈവമാണ് നിശ്ചയിച്ചിരിക്കുന്നത്. എന്തിന്, അവയ്ക്കനുസരിച്ചുള്ള പ്രാണിയോ, പാറ്റയോ, ചിത്രശലഭമോ, പക്ഷിയോ മാത്രമേ അതിൽ വന്നിരിക്കൂ. എന്നാൽ, ഇതെല്ലം കാണുമ്പോൾ ഇവയെല്ലാം ചെയ്യുന്നത് കർത്താവാണ് എന്ന് പറയുവാൻ നമുക്ക് കഴിയണം. മാവിന്റെയും മറ്റു ചെടികളുടെയും, വൃക്ഷങ്ങളുടെയും പൂക്കളിൽ തേനീച്ചകളും, പ്രാണികളും, പക്ഷികളും വന്നിരിക്കുന്നു, അങ്ങനെ അത് അടുത്ത തലമുറക്ക് വഴിയൊരുക്കുന്നു. ആരാണ് ഇത് ചെയ്യുന്നത്? അത് കർത്താവാണ് എന്ന് പറയുവാൻ സാധിക്കുന്നവൾ, സാധിക്കുന്നവൻ ഭാഗ്യവാൻ! വഴിയാത്രയിൽ ഒരു lift തന്ന് ആരെങ്കിലും സഹായിക്കുമ്പോൾ, വിഷമിച്ചിരിക്കുമ്പോൾ ഒരു ഫോൺ വിളിയിലൂടെ നമ്മുടെ സുഹൃത്ത് നമ്മെ ആശ്വസിക്കുമ്പോൾ, തളർന്നിരിക്കുമ്പോൾ സാരമില്ല എല്ലാം ശരിയാകുമെന്ന് പറഞ്ഞു തോളത്ത് തട്ടുമ്പോൾ അത് കർത്താവാണ് എന്ന് കാണാനുള്ള കാഴ്ച്ച നമുക്കുണ്ടാകണം.

Do We “Bring” God's Presence When We Worship?

ചെവിയുണ്ടായാൽ കേൾവിയുണ്ടാകില്ല. കണ്ണുണ്ടായാൽ കാഴ്ചയുണ്ടാകില്ല. വായ ഉണ്ടായാൽ മാത്രം സംസാരിക്കുവാൻ കഴിയില്ല. തലച്ചോറും ഹൃദയവുമുണ്ടാകാം. പക്ഷെ, ചിന്തിക്കുവാൻ കഴിയണമെന്നില്ല. അവിടെയെല്ലാം ജീവന്റെ ഘടകങ്ങൾ വേണം. പ്രാണൻ, വ്യാനൻ, ഉദാനൻ, സമാനൻ, അപമാനൻ എന്നീ പഞ്ചപ്രാണങ്ങളാണ് ഇന്ദ്രിയങ്ങൾക്കും, രക്ത ചംക്രമണത്തിനും ദഹനപ്രക്രിയയ്‌ക്കെല്ലാം സഹായകം. അറിയോ പ്രിയപ്പെട്ടവരേ നിങ്ങൾക്ക്? ഇവയെ പ്രവർത്തിപ്പിക്കുന്നത് കർത്താവാണ്. നമ്മുടെ കാലിൽ വിരലുകൾ, കാല്പത്തി, മടക്കുകൾ, മുട്ട് എന്നിവ വളരെ കൃത്യമായി ചിട്ടപ്പെടുത്തിയിരിക്കുന്നു. അല്ലെങ്കിൽ നമുക്ക് നടക്കാനോ, ഇരിക്കാനോ, ഓടാനോ സാധിക്കില്ല. ഇത് ഏതൊരു എൻജിനിയറാണ് കണിശമായി അളന്ന് കണക്കാക്കി നിശ്ചയിച്ചത്? അത് കർത്താവാണ്. ഒരു യന്ത്രം, ബൈക്കോ, സ്കൂട്ടറോ എന്തുമാകട്ടെ. അവ ചലിക്കുവാൻ, പ്രവർത്തിക്കുവാൻ ഊർജം വേണം. അതിനു ഇലക്ട്രിസിറ്റിയായോ, ഡീസലായോ, പെട്രോളായോ ലഭിച്ചാൽ മതി, എന്നാൽ, ഇവയിൽ അടങ്ങിയിട്ടുള്ള ശക്തിയുടെ കേന്ദ്രം ഏതാണ്? അത് കർത്താവാണ്.  

“Neither be created, nor be destroyed” എന്ന് ആധുനിക ശാസ്ത്രവും, “നാസതോ വിദ്യതേഭാവ, ന ഭാവ വിദ്യതേ സത” എന്ന് ഭഗവത് ഗീതയും വ്യക്തമാക്കുന്ന ഈ സത്തയെ “eternal energy” എന്നാണ് അമേരിക്കൻ തത്വ ചിന്തകനായ എമേഴ്സൺ അവതരിപ്പിച്ചിരിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ കടൽക്കരയിൽ നിൽക്കുന്ന ഈ അനശ്വര സത്യത്തെ അറിയാൻ, ഏറ്റുപറയുവാൻ കഴിയുമ്പോഴേ അവിടുന്ന് ഒരുക്കിവച്ചിരിക്കുന്ന സമൃദ്ധിയിലേക്ക്, ഭക്ഷണത്തിലേക്ക് നമ്മുടെ ജീവിതങ്ങൾ എത്തിച്ചേരുകയുള്ളു. ജീവിതത്തിന്റെ ദുരിതങ്ങളിലൂടെ നീ കടന്നു പോകുമ്പോഴും, നന്മയുടെ വഴികളിലൂടെ കടന്നുപോകുമ്പോഴും നിന്റെ ജീവിതത്തിന്റെ കടൽക്കരയിൽ അവനുണ്ടാകും. പൂന്താനം മഹാകവി പാടുന്ന പോലെ, ‘കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നുവരുത്തുന്നതും അവനാണ്. മാളികമുകളേറിയ മന്നന്റെ തലയിൽ മാറാപ്പുകെട്ടുന്നതും അവനാണ്. ആ ദൈവത്തെ തിരിച്ചറിയുവാൻ നമുക്കായാൽ ഈ കോവിഡ് മഹാമാരി ആകുന്ന തിബേരിയൂസ് കടലിൽ രാത്രിമുഴുവനും അദ്ധ്വാനിച്ച് ഒന്നും നേടാതെ, ഭാവിയെന്തെന്നറിയാതെ നിൽക്കുമ്പോൾ, കടൽക്കരയിൽ നിനക്ക് നിന്റെ ദൈവത്തെ കണ്ടുമുട്ടാൻ, അവിടുത്തെ അറിയുവാൻ കഴിയും. ഈ ദർശനം സ്വന്തമാക്കുകയാണെങ്കിൽ ഒന്നല്ല, ഒരു നൂറുവട്ടം, ജീവിതത്തിൽ നാം കർത്താവായ ക്രിസ്തുവിനെ കണ്ടുമുട്ടും. അവിടുന്ന് നമുക്ക് നിർദ്ദേശങ്ങൾ തരും. ജീവിതം വിജയപ്രദമാകും. അവിടുത്തെ ക്ഷണം നാം കേൾക്കും “കുഞ്ഞുങ്ങളേ, വന്ന് പ്രാതൽ കഴിക്കുവിൻ.” അപ്പോൾ ദൈവം ഒരുക്കുന്ന വിഭവങ്ങൾ നമ്മുടെ ജീവിതത്തിന്റെ മേശമേൽ നിറയും. നാം സതൃപ്തരാകും.

ഒരിക്കൽ എന്റെ ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് ഞാനൊരു വീട് സന്ദർശിച്ചു. ആ വീടിന്റെ സാമ്പത്തിക അവസ്ഥയും, രണ്ടു പെൺകുട്ടികളുടെ പഠനത്തിനായി മാതാപിതാക്കൾ ബുദ്ധിമുട്ടുന്ന കാര്യവുമെല്ലാം കേട്ടപ്പോൾ അവരെ കാണാൻ എനിക്കും ആഗ്രഹം തോന്നി. അങ്ങനെ ഒരു ദിവസം വൈകുന്നേരം ഞാൻ അവരുടെ വീട്ടിലെത്തി. അമ്മയും രണ്ടു മക്കളും അവിടെയുണ്ടായിരുന്നു. അവരോടു ഞാൻ സംസാരിച്ചു. പഠനത്തെപ്പറ്റിയും, പഠനച്ചിലവിനെപ്പറ്റിയുമൊക്കെ വിശദമായി അവർ പറഞ്ഞു. എത്രമാത്രം അധ്വാനിച്ചിട്ടും മുന്നോട്ട് പോകാനാവാത്ത അവസ്ഥയിലാണ് അവർ എന്നൊക്കെ പറഞ്ഞു കുറെ കരഞ്ഞു. ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നപ്പോൾ തന്നെ വീട്ടിലെ കുടുംബനാഥനും എത്തി. അല്പം മദ്യപിച്ചിട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹവും കാര്യങ്ങളൊക്കെ പറഞ്ഞു. അവർ തന്ന കട്ടൻ കാപ്പിയും കുടിച്ചു ഇറങ്ങുന്നതിന് മുൻപ് മക്കളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം കണ്ടെത്താൻ ഞാൻ ശ്രമിക്കാം എന്ന് പറഞ്ഞു. ഒരുമിച്ചു പ്രാർത്ഥിച്ചിട്ട്, എന്റെ മൊബൈൽ നമ്പർ അവർക്ക് കൊടുത്തിട്ട്,  അവരുടെ  നമ്പർ എന്റെ മൊബൈലിൽ save ചെയ്തിട്ട്  ഞാൻ ആശ്രമത്തിലേക്ക് പോന്നു.

വൈകുന്നേരത്തെ പ്രാർത്ഥനയും അത്താഴവും കഴിഞ്ഞു മുറിയിലെത്തിയപ്പോൾ എന്റെ മൊബൈൽ അടിച്ചു. ഞാൻ ചെന്നെടുത്തപ്പോൾ, വൈകുന്നേരം സന്ദർശിച്ച വീട്ടിലെ അമ്മച്ചിയായിരുന്നു. ഈശോമിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ എന്ന് പറഞ്ഞശേഷം ആ സ്ത്രീ കരയാൻ തുടങ്ങി. ഒന്ന് പകച്ചെങ്കിലും ഞാൻ പറഞ്ഞു: ‘കരയാതെ എന്ത് പറ്റി എന്ന് പറയൂ.” കരച്ചിൽ ഒന്ന് പിടിച്ചടക്കിയിട്ട് വലിയസ്വരത്തിൽ ആ ‘അമ്മ പറഞ്ഞു: ” അച്ചാ, ഞാൻ കർത്താവിനെ കണ്ടു.” എനിക്കാകെ എന്തോ പോലെയായി. ആ വീട്ടിലെ എന്റെ പ്രാർത്ഥന ശരിയായില്ലേ? ഇങ്ങനെ ചിന്തിച്ചയുടനെ ആ സ്ത്രീ പറഞ്ഞു:

“അച്ചനറിയോ, അച്ചൻ വരുന്നതിന് അല്പം മുൻപ് മുട്ടിന്മേൽ നിന്ന് ഞാൻ പ്രാർത്ഥിക്കുകയായിരുന്നു. എന്തേ കർത്താവേ എന്നെ സഹായിക്കാൻ വരാത്തേ? ആരെങ്കിലും വഴി എന്നെ ഒന്ന് സഹായിക്കില്ലേ? അപ്പോഴാണ് അച്ചാ, അച്ചൻ വീട്ടിലേക്ക് വന്നത്. ശരിക്കും ഞാൻ കർത്താവിനെ കണ്ടു അച്ചാ.”   എനിക്കൊന്നും പറയുവാൻ കഴിഞ്ഞില്ല. ആ അമ്മ തന്നെ ഞാൻ പിന്നെ വിളിക്കാം അച്ചോ എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. എന്താ ചെയ്യേണ്ടതെന്നറിയാതെ നിന്ന ഞാൻ, ആ കുടുംബത്തിന്റെ കടൽക്കരയിൽ എന്റെ രൂപത്തിൽ കടന്നു ചെന്ന കർത്താവിന് നന്ദി പറയുവാൻ ചാപ്പലിലേക്ക് നടന്നു.

നമ്മുടെ ജീവിത സാഹചര്യങ്ങളിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ടുപോലും ഇടപെടുന്നവാനാണ് നമ്മുടെ ദൈവം. കാരണം, സങ്കീർത്തനം 40, 17 പറയുന്നു: “ഞാൻ പാവപ്പെട്ടവനും ദരിദ്രനുമാണ്. എങ്കിലും എന്റെ കർത്താവിന് എന്നെപ്പറ്റി കരുതലുണ്ട്.” തീർത്തും ശരിയാണ്. നിങ്ങളുടെ ജീവിതത്തെപ്പറ്റി ചിന്തിച്ചു നോക്കൂ…അവന്റെ കനിവല്ലേ നമ്മുടെ ജീവിതം? അവന്റെ കൈ പിടിച്ചുള്ള നടത്തലായിരുന്നില്ലേ നമ്മുടെ ജീവിതം. അവിടുത്തെ അനന്ത പരിപാലനയുടെ പ്രതിഫലനമല്ലേ നമ്മുടെ കുടുംബം?

നമ്മുടെ ജീവിതത്തിന്റെ – ജീവിതം എങ്ങനെയുള്ളതും ആയിക്കൊള്ളട്ടെ, നിരാശയുടെ, കണക്കുകൂട്ടലുകൾ തെറ്റുന്നതിന്റെ, രോഗത്തിന്റെ, മഹാമാരിയുടെ, എങ്ങനെയുമായിക്കൊള്ളട്ടെ – നമ്മുടെ ജീവിതമാകുന്ന കടൽക്കരയിൽ ഈശോ വന്നു നിൽക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ഉഷസ്‌ ഉദിക്കും.

Juan 21, 1-14 – Viernes de la Octava de Pascua – Algo del Evangelio

കഷ്ടങ്ങളുടെ രാത്രിയുടെ കടന്നു പോകുമ്പോഴും നിരാശപ്പെടാതെ നിൽക്കുമ്പോൾ ജീവിതത്തിൽ പ്രഭാതം വിടരും. ക്രിസ്തുവാകുന്ന പുലരി വിരിയും. അവിടെ നമുക്കാവശ്യമുള്ളത് കർത്താവായ ക്രിസ്തു തയ്യാറാക്കി വച്ചിട്ടുണ്ടായിരിക്കും.

സമാപനം  

ലോകം മുഴുവനും വലിയ ദുരിതത്തിലൂടെ കടന്നുപോകുമ്പോഴും, മനുഷ്യ ജീവിതത്തിൽ ധാരാളം വിഷമങ്ങളുണ്ടാകുമ്പോഴും ക്രൈസ്തവർ ക്രിസ്തുവിൽ സമാധാനം കണ്ടെത്തുന്നത്   സ്നേഹമുള്ളവരേ, ലോകം മുഴുവനും ശ്രദ്ധിക്കുന്നുണ്ട്. ഏതു സാഹചര്യത്തിലും നാം ഭയരഹിതരായിരിക്കണമെന്നു ക്രിസ്തു ആഗ്രഹിക്കുന്നു. കാരണം അവിടുന്ന് നമ്മുടെ ജീവിതത്തിൽ ഇടപെടും, നമുക്ക് സമാധാനം നൽകാൻ, സമൃദ്ധി നൽകാൻ, ജീവൻ നൽകാൻ, നമ്മെ മുന്നോട്ടു നയിക്കാൻ. സഹോദരീ, സഹോദരാ, ഈ ഞായറാഴ്ച്ച നിനക്കായി, നിന്റെ ജീവിതത്തിനായി, നിന്റെ ജീവിതത്തിനായി മാത്രം ക്രിസ്തു ഒരുക്കിയിരിക്കുന്ന ദിനമാണ്.  സഹോദരീ, സഹോദരാ, ഈ ഞായറാഴ്ച്ചയിലെ ദൈവവചനം നിനക്കായി, നിന്റെ ജീവിതത്തിനായി, നിന്റെ ജീവിതത്തിനായി മാത്രം ക്രിസ്തു ഒരുക്കിയിരിക്കുന്ന സന്ദേശമാണ്.

11 Bible verses about Finding God

നിന്റെ ജീവിതമാകുന്ന കടൽക്കരയിൽ ക്രിസ്തുവിനെ അന്വേഷിക്കുക, നീ കണ്ടെത്തുക തന്നെ ചെയ്യും. ആമ്മേൻ!

sunday sermon jn 16, 16-24

ഉയിർപ്പുകാലം നാലാം ഞായർ

യോഹ 16, 16 – 24

സന്ദേശം

If Jesus Never Called Himself God, How Did He Become One? : NPR

ലോകം മുഴുവനും വീണ്ടും കോവിഡ് ഭീതിയിലാണ്. ലോകം മുഴുവനും, അഞ്ചു വയസ്സുള്ള കുട്ടിയും, തൊണ്ണൂറു വയസ്സുള്ള വ്യക്തിയും നിരന്തരം കേട്ടുകൊണ്ടിരിക്കുന്നത് മാസ്ക്, സാനിറ്റയ്സർ, കോറന്റൈൻ എന്നിങ്ങനെയുള്ള വാക്കുകളാണ്. ഏഴ് വൻകരകളിലായി, 195 പരമാധികാര രാജ്യങ്ങളിലായി, 72 സ്വതന്ത്ര റിപ്പബ്ലിക്കുകളിലായി, പടർന്നു കയറിക്കൊണ്ടിരിക്കുന്ന കോവിഡ് എന്ന മഹാമാരിക്കുമുന്പിൽ പകച്ചുനിൽക്കുകയാണ് മനുഷ്യൻ! 800 കോടിയിലേക്കെത്താൻ പോകുന്ന ലോകജനസംഖ്യയുള്ള, 6000 ത്തിലധികം ഭാഷകൾ സംസാരിക്കുന്ന ലോകമനുഷ്യൻ, ശാസ്ത്രത്തിന്റെ നേട്ടങ്ങൾക്ക് പുറത്തു കയറിയിരിക്കുമ്പോഴും നാളെ എന്ത് സംഭവിക്കുമെന്നറിയാതെ നട്ടംതിരിയുമ്പോൾ, തങ്ങളെ രക്ഷിക്കുവാൻ ആരാണുള്ളത് എന്ന് അന്വേഷിക്കുമ്പോൾ അറിയാതെ കരങ്ങളുയർത്തി വിളിക്കുന്നത് സൃഷ്ടികർത്താവായ ദൈവത്തെയാണ്.  ഇക്കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടുകൊണ്ടിരിക്കുന്ന, കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങൾ നമ്മെയും പേടിപ്പെടുത്തുന്നുണ്ട്. ഓക്സിജൻ പോലും കിട്ടാതെ മനുഷ്യൻ മരിക്കുന്നുവെന്ന് കേൾക്കുമ്പോൾ, മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്ന ദൃശ്യങ്ങൾ കാണുമ്പോൾ ഇതെവിടെച്ചെന്ന് നിൽക്കും എന്ന് നാമും ഭയപ്പെടുകയാണ്! അപ്പോൾ, ദൈവമേ, ഈ മഹാമാരിയിൽ നിന്ന്, ജീവിത ക്ലേശങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേയെന്ന് വിളിച്ചു പ്രാർത്ഥിക്കുവാൻ വന്ന നമ്മോട് ഇന്നത്തെ സുവിശേഷത്തിലൂടെ ക്രിസ്തു പറയുന്നു: വിഷമിക്കേണ്ടാ, ഈ അല്പസമയം കടന്നുപോകും, നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും. കാരണം, ഈ ലോകത്തെ ജയിച്ചിരിക്കുന്നവനാണ് നിങ്ങളുടെ ദൈവം! ഈ മഹാമാരിക്കാലത്തു ദൈവത്തിന്റെ വചനത്തിന്റെ പൊരുൾ ഗ്രഹിക്കുവാൻ നമുക്കാകട്ടെ.

വ്യാഖ്യാനം

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈശോയുടെ വിടവാങ്ങൽ പ്രസംഗങ്ങളും, അതിലെ സന്ദേശങ്ങളും അവതരണ രീതികൊണ്ടും, ആശയസമ്പുഷ്ടതകൊണ്ടും വളരെ പ്രസിദ്ധമാണ്.   ഈശോ തന്റെ വേർപാടിനെക്കുറിച്ചും സ്വർഗ്ഗത്തെക്കുറിച്ചുമൊക്കെയാണ് പറയുന്നതെങ്കിലും, ജീവിതഗന്ധിയായ ഒട്ടേറെ സത്യങ്ങൾ ഈ വിടവാങ്ങൽ പ്രസംഗങ്ങളിലുണ്ട്. അത്തരമൊരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചുകേട്ടത്. കേൾക്കുമ്പോൾ പെട്ടെന്ന് മനസ്സിലാകുന്ന രീതിയിലല്ലെങ്കിലും ഈശോ പറയുന്നതിങ്ങനെയാണ്: ” അല്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല. വീണ്ടു അല്പസമയം കഴിഞ്ഞാൽ നിങ്ങളെന്നെ കാണും.”

നമുക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതുപോലെ ശിഷ്യർക്കും അന്ന് ഈ വചനങ്ങളുടെ അർഥം മനസ്സിലായില്ല. അവരുടെ മുഖഭാവം കണ്ടപ്പോൾ ഈശോ അല്പസമയത്തിന്റെ അർത്ഥമെന്തെന്ന് അവർക്ക് പറഞ്ഞു കൊടുത്തു. എന്താണത്? ‘നിങ്ങൾ കരയുകയും വിലപിക്കുകയും ചെയ്യുന്ന, അതുകണ്ട് ലോകം സന്തോഷിക്കുന്ന സമയമാണ് അല്പസമയം. നിങ്ങൾ നീതിന്യായ കോടതികൾക്ക് മുൻപിൽ നിൽക്കുമ്പോൾ, നിങ്ങൾക്കെതിരെ കള്ളസാക്ഷ്യങ്ങൾ നിരത്തപ്പെടുമ്പോൾ, നിങ്ങൾ തെറ്റിദ്ധരിക്കപ്പെടുമ്പോൾ കവലകളിലും, വാർത്താമാധ്യമങ്ങളിലും ലോകം അത് ആഘോഷിക്കുന്ന സമയമാണ് അല്പസമയം. തീവ്രവാദികളും, വർഗീയവാദികളും, ക്രൈസ്തവരെ കൊല്ലുകയും, പള്ളികൾ ആക്രമിക്കുകയും ചെയ്യുമ്പോൾ ഭരണകൂടങ്ങൾ അവയ്ക്കു നിയമ പരിരക്ഷ നൽകുന്ന സമയമാണ് അല്പസമയം.  ക്രിസ്തു ശിഷ്യരുടെ ജീവിതത്തിന്റെ അവസ്ഥയെയാണ് ഈശോ ഇവിടെ അവതരിപ്പിക്കുന്നത്. എവിടെ ദൈവമക്കൾ, ക്രിസ്തു ശിഷ്യർ കരയുകയും വിലപിക്കുകയും ചെയ്യുന്നുവോ അവിടെയെല്ലാം, എപ്പോഴൊക്കെ ക്രിസ്തു ശിഷ്യർ പീഡിപ്പിക്കപ്പെടുകയും, അവഹേളിക്കപ്പെടുകയും ചെയ്യുന്നുവോ അപ്പോഴെല്ലാം ലോകം സന്തോഷിക്കും. ക്രിസ്തുവിനു എതിരായവർ, സഭയ്ക്ക് എതിരായവർ ആഹ്ലാദിക്കും. ഇതാണ് അല്പസമയങ്ങൾ! ഈ അല്പസമയം ഓരോ ക്രൈസ്തവനിലും സംഭവിച്ചേ തീരൂ. കാരണം, ക്രിസ്തുവിനെ, ക്രിസ്തുവിന്റെ സുവിശേഷത്തെ വാക്കുകൊണ്ടും, ജീവിതംകൊണ്ടും പ്രഘോഷിക്കുന്ന ഓരോ ക്രൈസ്തവനും ഈ അല്പസമയത്തിലൂടെ കടന്നുപോയേ തീരൂ. ഒരു ജീവനെ, കുഞ്ഞിനെ ലോകത്തിനു പ്രദാനം ചെയ്യണമെങ്കിൽ ഒരു സ്ത്രീ പ്രസവ വേദനയുടെ നിമിഷങ്ങളിലൂടെ കടന്നു പോകുക തന്നെ വേണം. ഒരു വ്യക്തിയിൽ ക്രിസ്തു രൂപപ്പെടണമെങ്കിൽ, ഒരു ക്രൈസ്തവകുടുംബം ക്രിസ്തുവിനെ കുടുംബജീവിതത്തിലൂടെ പ്രഘോഷിക്കണമെങ്കിൽ ഈ അല്പസമയത്തിലൂടെ കടന്നുപോകുകതന്നെവേണം. അതുകൊണ്ടാണ് വിശുദ്ധ പൗലോശ്ലീഹാ പറയുന്നത്, “എന്റെ കുഞ്ഞു മക്കളെ ക്രിസ്തു നിങ്ങളിൽ രൂപപ്പെടുന്നതുവരെ വീണ്ടും ഞാൻ നിങ്ങൾക്കുവേണ്ടി ഈറ്റുനോവനുഭവിക്കുന്നു “എന്ന്. (ഗലാ 4, 19) ഈ അല്പസമയങ്ങൾ ക്രൈസ്തവന്റെ കൂടെപ്പിറപ്പുകളാണ്.

പഴയനിയമത്തിൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ മക്കളുടെ അല്പസമയത്തെക്കുറിച്ചു ധാരാളം പ്രതിപാദനങ്ങളുണ്ട്. നിയമാവർത്തനം 28, 65 ൽ ദൈവം പറയുന്നു: “ആ ജനതകളുടെ ഇടയിൽ നിനക്ക് ആശ്വാസമോ, നിന്റെ പാദങ്ങൾക്ക് വിശ്രമമോ ലഭിക്കുകയില്ല…നിന്റെ ഹൃദയം ഭയചകിതമാകും. കണ്ണുകൾക്ക് മങ്ങൽ വരുത്തും…നിന്റെ ജീവൻ നിരന്തരം അപകടത്തിലായിരിക്കും.” ദൈവത്തിന്റെ മക്കൾ കടന്നുപോകുന്ന അല്പസമയങ്ങളുടെ സ്വഭാവം ഇങ്ങനെയാകാം. വീണ്ടും ദൈവം പറയുന്നു.” ജീവിതത്തിൽ നിനക്ക് ഒരു സുരക്ഷിതത്വവും ലഭിക്കുകയില്ല. …പ്രഭാതത്തിൽ നീപറയും, ദൈവമേ, സന്ധ്യയായിരുന്നെങ്കിൽ! സന്ധ്യയിൽ നീ പറയും, ദൈവമേ, പ്രഭാതമായിരുന്നെങ്കിൽ!” (നിയമ 28, 67)

Tourists And Pilgrims Walk Through The Desert Editorial Image - Image of  pilgrim, dirt: 66277340

അത്രമാത്രം അസ്വസ്ഥമായിരിക്കും നിന്റെ മനസ്സ് .ക്രിസ്തുവിനുവേണ്ടി സുവിശേഷ മൂല്യങ്ങൾക്കനുസരിച്ചു ജീവിക്കുമ്പോൾ ഇതുപോലുള്ള ജീവിതാവസ്ഥകളിലൂടെ നാം കടന്നുപോകും. ഈ അല്പസമയത്തിന്റെ ദയനീയത ദൈവത്തിന്റെ പ്രിയപ്പെട്ടവനായ ജോബിന്റെ ജീവിതത്തിൽ വളരെ കഷ്ടമായിരുന്നു. ജീവിതത്തിന്റെ അവസ്ഥകണ്ട്‌ ജോബ് പറയുകയാണ്:” “എന്റെ ഭാര്യ എന്നോട് അറപ്പുകാട്ടുന്നു. എന്റെ സഹോദരന്മാർക്കും ഞാൻ നിന്ദാപാത്രമായി…എന്റെ ഉറ്റ സ്നേഹിതന്മാർ എന്നിൽനിന്ന് അറപ്പോടെ അകലുന്നു. എന്നെ സ്നേഹിച്ചവർ എനിക്കെതിരെ തിരിഞ്ഞു.” (ജോബ് 19, 17-19) ജോബിന്റെ ഭാര്യപോലും പറഞ്ഞതിങ്ങനെയാണ്: “ഇനിയും ദൈവ ഭക്തിയിൽ ഉറച്ചു നിൽക്കുന്നോ? ദൈവത്തെ ശപിച്ചിട്ട് മരിക്കുക.” (ജോബ് 2, 9) ഇതുപോലുള്ള അല്പസമയങ്ങൾ മനുഷ്യൻ, ക്രിസ്തു ശിഷ്യർ നെട്ടോട്ടമോടുന്ന സമയങ്ങളല്ലേ? പള്ളികളായ പള്ളികളിലേക്ക്, ധ്യാനകേന്ദ്രങ്ങളായ ധ്യാനകേന്ദ്രങ്ങളിലേക്കു, കൈനോട്ടക്കാരുടെ അടുത്തേക്ക് … ഇതെല്ലം കണ്ടു ക്രിസ്തുവിന്റെ ശത്രുക്കൾ ചിരിക്കുകയും ചെയ്യും.

എന്നാൽ ഈശോ പറയുന്നു: “…നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. സ്ത്രീക്ക് പ്രസവ വേദന ആരംഭിക്കുമ്പോൾ അവളുടെ സമയം വന്നതുകൊണ്ട് അവൾക്കു ദുഃഖം ഉണ്ടാകുന്നു. എന്നാൽ ശിശുവിനെ പ്രസവിച്ചു കഴിയുമ്പോൾ …സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവൾ ഓർമിക്കുന്നില്ല.” (യോഹ 16, 21) സ്നേഹമുള്ളവരേ, ഈശോയുടെ വചനം വീണ്ടും കേൾക്കുക: നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും.” ഈ കോവിഡ് മഹാമാരിക്കാലത്തു നമുക്ക് ആശ്വാസം പകരുന്ന ദൈവത്തിന്റെ വചനത്തിനു സ്തുതി പറയാം. കോവിഡിൽ നിന്ന് ഇതുവരെ നമ്മെ കാത്തുരക്ഷിച്ച ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. കാരണം, നമ്മുടെ വേദനകൾ അറിയുന്നവനാണ്, നമ്മുടെ അലച്ചിലുകൾ എണ്ണുന്നവനാണ് നമ്മുടെ ദൈവം. (സങ്കീ 56, 8) മാത്രമല്ല, ഇസ്രായേൽ ജനത്തെ ഈജിപ്തമാകുന്ന ഇരുമ്പു ചൂളയിൽ നിന്ന് രക്ഷിച്ചു ദൈവം അവർക്ക് കാനാൻ ദേശം നൽകിയെങ്കിൽ, സ്നേഹമുള്ളവരേ, ഉറച്ച വിശ്വാസത്തോടെ ഞാൻ പറയുന്നു, ഇരുമ്പുചൂള കണക്കെ തീയും ചൂടും നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ നിന്ന് എന്റെ ദൈവം എന്നെ രക്ഷിക്കും, എന്റെ ദുഃഖത്തെ അവിടുന്ന് സന്തോഷമായി മാറ്റും.  (നിയമ 4, 20) വിലാപങ്ങളുടെ പുസ്തകത്തിൽ പറയുന്നു: “കർത്താവ് എന്നേയ്ക്കുമായി നിന്നെ ഉപേക്ഷിക്കുകയില്ല. അവിടുന്ന് വേദനിപ്പിച്ചാലും തന്റെ കാരുണ്യാതിരേകത്തിനനുസൃതമായി ദയ കാണിക്കും.” (3, 31-32)

നമ്മുടെ ജീവിതത്തിന്റെ അല്പസമയങ്ങളുടെ സ്വഭാവവും രീതികളും എങ്ങനെയായിരിക്കുമെന്ന് മുൻകൂട്ടി അറിയുക സാധ്യമല്ല. എന്നാൽ, കരയുകയും വിലപിക്കുകയും ചെയ്യുന്ന നമ്മുടെ അല്പസമയങ്ങളെ സന്തോഷമുള്ളതാക്കാൻ ക്രിസ്തു നമ്മോടൊത്തുണ്ടാകും. മകളേ, മകനേ, നിന്റെ അല്പസമയങ്ങളിൽ നീ സമുദ്രത്തിലൂടെ കടന്നുപോയാലും നീ മുങ്ങിപ്പോകുകയില്ല. അഗ്നിയിലൂടെ നടക്കുകയാണെങ്കിലും നിനക്ക് പൊള്ളലേൽക്കുകയില്ല. (ഏശയ്യാ 43, 1-4) കാരണം, നിന്റെ തളർന്ന കൈകളെയും, ബലമില്ലാത്ത കാൽ മുട്ടുകളെയും ശക്തിപ്പെടുത്തുന്നവനാണ് നിന്റെ ദൈവം. “നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്തു സഹതപിക്കാൻ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത്.” (ഹെബ്രാ 4, 15) നമ്മുടെ ദൈവം വിശ്വസ്തനാണ്. നമ്മുടെ ശക്തക്കതീതമായ ദുഃഖങ്ങൾ ഉണ്ടാകുവാൻ അവിടുന്ന് അനുവദിക്കുകയില്ല. നമുക്ക് വേദനകളുണ്ടാകുമ്പോൾ ആ അല്പസമയങ്ങളെ അതിജീവിക്കുവാൻ വേണ്ട ശക്തി അവിടുന്ന് നമുക്ക് നൽകും. (1 കോറി 10, 13)

ഈശോ പറയുന്ന അല്പസമയത്തിന്റെ ദൈർഘ്യം അൽപ നിമിഷങ്ങളല്ല എന്നും നാം അറിയണം. ഇസ്രായേൽ ജനത്തിന്റെ അല്പസമയത്തിന്റെ ദൈർഘ്യം എത്രയായിരുന്നു? നാല്പതു സംവത്സരം!! എന്തിനുവേണ്ടിയായിരുന്നു ഈ നാല്പതു സംവത്സരം? ദൈവത്തിനു മറുതലിച്ചു നിൽക്കുന്ന ജനങ്ങളെ എളിമപ്പെടുത്താനും, ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കുമോ ഇല്ലയോ എന്നൊക്കെയുളള അവരുടെ ഹൃദയവിചാരങ്ങൾ അറിയാനും, മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല, കർത്താവിന്റെ വചനംകൊണ്ടും കൂടിയാണ് ജീവിക്കുന്നത് എന്നും പഠിപ്പിക്കുവാനുമാണ് അവിടുന്ന് ഇസ്രായേൽ ജനത്തിന് അല്പസമയങ്ങൾ കൊടുത്തത്. എന്നാൽ ഈ അല്പസമയങ്ങളിലെല്ലാം ദൈവം അവരോടുകൂടെ ഉണ്ടായിരുന്നു. അവരുടെ വസ്ത്രങ്ങൾ പഴകി കീറിപ്പോയില്ല. ഇത്രയും നാൾ നടന്നിട്ടും അവരുടെ കാലുകൾ വിങ്ങുകയോ, പൊള്ളുകയോ ചെയ്തില്ല. അവസാനം അവർക്കു ലഭിച്ചതോ? അരുവികളും, ഉറവകളും, മലകളും താഴ്വരകളും ഒക്കെയുള്ള ഒരു നല്ല ദേശം. ഗോതമ്പും ബാർലിയും, മുന്തിരിചെടികളും, അത്തിവൃക്ഷങ്ങളും, മാതളനാരകങ്ങളും ഒലിവുമരങ്ങളും, തേനും ഉള്ള ഒരു നല്ല ദേശം. ഒപ്പം ദൈവത്തിന്റെ ഒരു വാഗ്ദാനവും:” നിങ്ങൾക്ക് ഒന്നിനും കുറവുണ്ടാകുകയില്ല.” (നിയമ 8, 9)

സ്നേഹമുള്ളവരേ, ഈ കോവിഡിന്റെ സമയം തീർച്ചയായും നമ്മെ, നമ്മുടെ മനസ്സുകളെ ഭാരപ്പെടുത്തുന്നുണ്ട്. സ്കൂൾ കാണാതെ അധ്യയനവർഷം പൂർത്തിയാക്കിയ LKG കുട്ടികൾ മുതൽ, രോഗങ്ങളുമായി വാർദ്ധക്യത്തിലൂടെ കടന്നുപോകുന്നവർ വരെ ഭാരമുള്ള മനസ്സുമായി ജീവിക്കുന്നവരാണ്. എന്നാൽ, ഉറച്ചു വിശ്വസിക്കുക, ആരും നമ്മിൽ നിന്ന് എടുത്ത് കളയാത്ത സന്തോഷത്തിലേക്ക് നമ്മെ എന്നും ഈശോ നയിക്കും. അവിടുത്തെ രീതി അങ്ങനെയാണ്. കുഞ്ഞുങ്ങളെ സുരക്ഷിതമായ ഒരു കൂട്ടിൽ പാർപ്പിക്കുകയും, അവയ്ക്കു ആവശ്യമായതെല്ലാം നൽകുകയും, എന്നാൽ ഒരു സമയത്തു കൂടു ചലിപ്പിക്കുകയും, കുഞ്ഞുങ്ങളുടെ മുകളിൽ ചിറകടിക്കുകയും, അവരെ പറക്കാൻ പഠിപ്പിക്കുകയും, അവർ ക്ഷീണിച്ചു വീഴാൻ തുടങ്ങുമ്പോൾ വിരിച്ച ചിറകുകളിൽ അവയെ വഹിക്കുകയും ചെയ്യുന്ന ‘അമ്മ കഴുകനെപ്പോലെയാണ് ദൈവം. (നിയമ 32, 10-11) ഹെബ്രായ ലേഖനത്തിൽ വചനം പറയുന്നത് ഇങ്ങനെയാണ്: “കർത്താവിന്റെ ശിക്ഷണത്തെ നീ നിസ്സാരമാക്കരുത്. അവൻ ശാസിക്കുമ്പോൾ നീ നഷ്ടധൈര്യനാകുകയുമരുത്. താൻ സ്നേഹിക്കുന്നവന് കർത്താവ് ശിക്ഷണം നൽകുന്നു. മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു.” (ഹെബ്ര 12, 6- 8) മക്കളോടെന്നപോലെയാണ് ദൈവം നമ്മോട് പെരുമാറുന്നത്.

സമാപനം

10,587 Rollercoaster Photos and Premium High Res Pictures - Getty Images

അമ്യൂസ്മെന്റ് പാർക്കുകളിലെ റോളർ കോസ്റ്റർ (Roller Coaster) കണ്ടിട്ടില്ലേ? അതിൽ യാത്ര ചെയ്യാത്തവരും ചുരുക്കമായിരിക്കും. അതിൽ കയറുമ്പോൾ തന്നെ നമ്മെ ആ യന്ത്രത്തിൽ സുരക്ഷിതമായി ബന്ധിക്കും. എന്നിട്ട് യന്ത്രം സ്റ്റാർട്ട് ചെയ്യും. നാമതിൽ കറങ്ങാൻ തുടങ്ങും. വേഗത കൂടുന്നതിനനുസരിച്ചു നമ്മിൽ ഭയവും വർധിക്കും. ചിലർ കരയും, കരഞ്ഞു നിലവിളിക്കും, ചിലർ കൂവും, ചിലർ ഈ യന്ത്രം ഒന്ന് നിറു ത്തണേയെന്നു ഉറക്കെ വിളിച്ചു പറയും. ചിലർ മലമൂത്ര വിസർജനം വരെ നടത്തും. എന്നാൽ, യന്ത്രത്തിന്റെ ഓപ്പറേറ്റർ അവിടെ ശാന്തനായി നിൽക്കും. അയാൾക്കറിയാം, ആവശ്യത്തിനുള്ള വേഗതയേ താൻ കൊടുത്തിട്ടുള്ളു എന്ന്. ചിലർക്ക് അത് കൂടുതലായിരിക്കാം. എന്നാൽ, ഒരപകടവും കൂടാതെ എല്ലാവരെയും സംരക്ഷിക്കത്തക്ക സംവിധാനമാണ് അയാൾ ഒരുക്കിയിരിക്കുന്നത്.

ഈശോയും ഇങ്ങനെത്തന്നെയാണ് പ്രിയപ്പെട്ടവരേ. നമ്മെ ഒരിക്കലും അവിടുന്ന് ഉപേക്ഷിക്കുകയില്ല. നമ്മുടെ ജീവിതത്തിലെ അല്പസമയങ്ങളെ, കരയുകയും വിലപിക്കുകയും ചെയ്യുന്ന സമയങ്ങളെ നമുക്കൊന്ന് പരിശോധിക്കാം. നമ്മുടെ മനോഭാവങ്ങൾ തിരുത്താം. നമ്മുടെ ജീവിതത്തിലെ അല്പസമയങ്ങളെ ഈശോയുടെ ഹൃദയത്തോട് ചേർന്ന് നിന്ന് അഭിമുഖീകരിക്കുവാനും അതിജീവിക്കുവാനും നമുക്ക് പഠിക്കാം. ദൈവമാണ് നമുക്ക് ഈ ജീവിതം നൽകിയത്. നന്ദിയുള്ളവരായിരിക്കാം നമുക്ക്. ജീവിത പ്രശ്നങ്ങളെ, മഹാമാരികളെ ദൈവത്തിന്റെ മുൻപിൽ നമുക്ക് സമർപ്പിക്കാം. എന്നിട്ട്, ‘അമ്മ കുഞ്ഞിനെ തല്ലുമ്പോൾ, തല്ലുന്ന അമ്മയെ ത്തന്നെ വിളിച്ചു കരയുന്ന കുഞ്ഞുങ്ങളെപ്പോലെ നമുക്ക് ദൈവസന്നിധിയിൽ കരങ്ങളുയർത്താം. ഉച്ചത്തിൽ വിളിച്ചു പ്രാർത്ഥിക്കാം.

Loving Jesus Christ on Twitter: "He who protects you does not sleep.  #notstumble #protect #nosleep #God #Lord #Father #Jesus #JesusChrist  #LovingJesusChrist… https://t.co/9bIZDkp645"

തീർച്ചയായും അവിടുന്ന് നമ്മെ കേൾക്കും. നമുക്ക് ഉത്തരമരുളും. നമ്മുടെ ദുഃഖങ്ങൾ സന്തോഷമായി മാറും. നമുക്കൊന്നിനും കുറവില്ലാതെ നമ്മുടെ ദൈവം നമ്മെ കാക്കട്ടെ. ആമേൻ!

sunday sermon jn 14, 1-14

ഉയിർപ്പുകാലം മൂന്നാം ഞായർ

യോഹ 14, 1 – 14

സന്ദേശം

Jesus: The Way, the Truth, and the Life Study Program – Ascension

ഉത്ഥിതനായ ക്രിസ്തുവിന്റെ സമാധാനത്തിലും പ്രതീക്ഷയിലും ജീവിക്കുമ്പോഴും ലോകം സ്വസ്ഥതയിലല്ല എന്നത് ഒരു യാഥാർഥ്യമാണ്. കൊറോണ വൈറസിന്റെ രണ്ടാം വരവും മൂന്നാം വരവുമൊക്കെ മനുഷ്യരെയെല്ലാം വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. നൈജീരിയയിലെ ക്രൈസ്തവ നരഹത്യക്ക് ഭരണകൂടം തന്നെ ചുക്കാൻ പിടിക്കുന്നുവെന്ന വാർത്തകൾ ക്രൈസ്തവരെയാകെ അസ്വസ്ഥമാക്കുന്നുണ്ട്. ഡൽഹിയിലെ റോഡിൽ മാസങ്ങളായി അതിജീവനത്തിനായി സമരം ചെയ്യുന്ന ഭാരതത്തിലെ കർഷകരെ ജനാധിപത്യഭരണകൂടം തിരിഞ്ഞുനോക്കാത്ത സാഹചര്യം ഭാരതീയ മനസ്സുകളെ ഒട്ടൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റും, ജാമ്യംകിട്ടാത്ത അവസ്ഥയും ക്രൈസ്തവമനസ്സുകൾക്കെന്നും വേദനയാണ്. നമ്മുടെ കേരളത്തിൽ അരങ്ങേറുന്ന രാഷ്ട്രീയക്കൊലപാതകങ്ങൾ, വിവിധതരത്തിലുള്ള ജിഹാദുകൾ, വർഗീയവത്ക്കരണത്തിന്റെ വേഗത തുടങ്ങിയവയെല്ലാം നമ്മുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. ഇനിയും എന്തൊക്കെയാണോ ദൈവമേ സംഭവിക്കാൻ പോകുന്നത് എന്നും ചിന്തിച്ച് മനസ്സിൽ ഉരുണ്ടുകൂടുന്ന ഭയത്തിനും വേവലാതിക്കും, ഉത്കണ്ഠകൾക്കും അടിപ്പെട്ടിരിക്കുമ്പോൾ ആശ്വാസത്തിന്റെ കുളിർ മഴയായി ഇന്നത്തെ ദൈവ വചനം നമ്മുടെ മുൻപിൽ എത്തുകയാണ് ‘നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ……….എന്നിലും വിശ്വസിക്കുവിൻ … ഞാനാകുന്നു വഴിയും സത്യവും ജീവനും

ഇന്നത്തെ സന്ദേശമിതാണ്: ജീവിതത്തിന്റെ ദുരന്തങ്ങൾക്കിടയിലും, ജീവിതത്തിൽ അവശ്യം വന്നുഭവിക്കുന്ന ദുരിതങ്ങൾക്കിടയിലും നാം പോലും അറിയാതെ ദൈവം നമ്മുടെ ജീവിതത്തിൽ ഇടപെടുന്നുണ്ട്. ആശ്വസിപ്പിക്കുവാൻ ക്രിസ്തു നമ്മോടൊത്തുണ്ട്.

വ്യാഖ്യാനം

ഉത്ഥാനത്തിന്റെ പ്രതീക്ഷ പകർന്നു തരുന്ന ഇന്നത്തെ ദൈവ വചനഭാഗം വ്യാഖാനിച്ചു ക്ലേശിക്കേണ്ട ആവശ്യമുണ്ടെന്നു എനിക്ക് തോന്നുന്നില്ല. കാരണം, അസ്വസ്ഥതയുടെ ഈ കാലത്തു ഹൃദയത്തെ സ്പർശിക്കുന്ന, ചിന്തകളിൽ ഒരുതരം തരിപ്പ് കോരിയിടുന്ന ദൈവവചനമാണിത്. മനുഷ്യ ജീവിതത്തിന്റെ സങ്കടകാലങ്ങളിൽ നമ്മുടെ ജീവിതത്തോട് ചേർന്ന് നിന്നുകൊണ്ട്, ‘നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, നിങ്ങൾ ഭയപ്പെടുകയും വേണ്ട’ എന്ന് പറഞ്ഞുകൊണ്ട് നമുക്കു നല്ലൊരു ദിശാബോധം ഈശോ നൽകുകയാണ്.  

മഹാമാരിയുടെ ഇരുളിൽ മനുഷ്യൻ അന്വേഷിക്കേണ്ട വഴി ക്രിസ്തുവാണെന്ന്, ലോകം പരത്തുന്ന നുണകൾക്കിടയിൽ, വിവാദങ്ങൾക്കിടയിൽ മനുഷ്യൻ തേടേണ്ട സത്യം ക്രിസ്തു വാണെന്ന്, മരണത്തിന്റെ താഴ്വരകളിലൂടെ കടന്നുപോകുമ്പോൾ മനുഷ്യൻ തേടേണ്ട ജീവൻ ക്രിസ്തുവാണെന്ന് ദൈവവചനം പറയുമ്പോൾ, സ്നേഹമുള്ളവരേ, ഉറച്ച വിശ്വാസത്തിലേക്ക് വളരുവാൻ, ദൈവത്തിലുള്ള ജീവിതത്തിലേക്ക് തിരിയുവാനുള്ള ഉത്ഥിതന്റെ ക്ഷണമായിട്ട് ഈ ദൈവവചനത്തെ നാം കാണേണ്ടതുണ്ട്. പിശാചുബാധിതമായ ഒരു സംസ്കാരത്തിലൂടെ നാം കടന്നുപോകുമ്പോൾ, മനസ്സിലാക്കാനാകാത്ത ജീവിതസാഹചര്യങ്ങളുടെ മുൻപിൽ നിരാലംബരായി നിൽക്കുമ്പോൾ ഹൃദയം തകർന്നവർക്കു സമീപസ്ഥനാണ് നമ്മുടെ ദൈവമെന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും അധരംകൊണ്ടു ഏറ്റുപറയുകയും ചെയ്യാനുള്ള വലിയൊരു അവസരമാണ് ഈ ഞായറാഴ്ച.   

സഭാപ്രസംഗകൻ പറയുന്നു: “ദൈവം മനുഷ്യനെ സരള ഹൃദയനായി സൃഷ്ടിച്ചു. എന്നാൽ, അവന്റെ സങ്കീർണ പ്രശ്നങ്ങൾ അവന്റെ തന്നെ സൃഷ്ടിയാണ്”. (സഭാ 7, 29) അസ്വസ്ഥ മാകേണ്ട ഒന്നല്ല മനുഷ്യന്റെ ഹൃദയം. ദൈവം കുടികൊള്ളുന്നിടമായ ഹൃദയം ഇപ്പോഴും നന്മ നിറഞ്ഞ, സ്നേഹം നിറഞ്ഞ, ശാന്തി ഒഴുകുന്ന ഒരിടമാകണം. അതാണ് അതിന്റെ സ്വഭാവം. പക്ഷെ, മനുഷ്യന്റെ ജീവിത വ്യഗ്രത, ആസക്തികൾ, അമിതമായ ആഗ്രഹങ്ങൾ എല്ലാം അവളെ /അവനെ അലച്ചിലിന്റെ ഒരു ജീവിതത്തിലേക്ക് നയിക്കുകയാണ്. എത്ര ഓടിയിട്ടും, എത്ര സമ്പാദിച്ചിട്ടും മതിയാകുന്നില്ല. “ജീവിക്കണം നിമിഷമൊന്നിൽ അനേകജന്മം” എന്നാണു മനുഷ്യന്റെ ത്വരയും തൃഷ്ണയും. അത് ഹൃദയത്തിൽ, ജീവിതത്തിൽ അശാന്തി പരത്തുന്നു. അസ്വസ്ഥതകൾ വർധിച്ചുവരുന്ന ലോകത്തിൽ ശാന്തതയുള്ള ഹൃദയത്തിനു ഉടമകളാകാനാണ്

ഓർത്തു നോക്ക്! എന്തിനാണ് നമ്മുടെ ഹൃദയം, ജീവിതം ഇത്രമാത്രം അസ്വസ്ഥമാകുന്നത്? എന്തുകൊണ്ടാണ് ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടുപോകുന്നത്? മഹാമാരികളുടെ മുൻപിൽ എങ്ങനെയാണ് മനുഷ്യൻ പതറിപ്പോകുന്നത്? ഉത്തരം ഒന്നേയുളളു. മനുഷ്യന് ദൈവത്തിലുള്ള വിശ്വാസത്തിനു ക്ഷതം സംഭവിച്ചിരിക്കുന്നു. കോവിഡ് 19 നു മുൻപ് മനുഷ്യന് അവളിൽതന്നെ/ അവനിൽ തന്നെ വലിയ വിശ്വാസമായിരുന്നു.

India's Covid-19 outbreak at its worst | Hindustan Times

ശാസ്ത്രം എന്തിനും മറുപടിയാകുമെന്നു മനുഷ്യൻ കരുതി? വാങ്ങിക്കൂട്ടിയിരിക്കുന്ന ആയുധങ്ങൾ തങ്ങളെ സംരക്ഷിക്കുമെന്ന് അമിതമായി ആഗ്രഹിച്ചു. സ്വരുക്കൂട്ടിവച്ചിരിക്കുന്ന സമ്പത്തു എന്തിനും പരിഹാരമാകുമെന്ന് കരുതി. എന്നിട്ട്? സോപ്പുകൊണ്ട് കഴുകി കൊല്ലാൻ കഴിയുന്ന ഒരു വൈറസിനെ പേടിച്ചു തമ്മിൽത്തല്ലി ചാകേണ്ട ഗതികേട്?! എങ്ങനെ ഹൃദയം അസ്വസ്ഥമാകാതിരിക്കും?

അസ്വസ്ഥതകളല്ല, അഗ്നിപർവതംപോലെ കുമിഞ്ഞുയരുന്ന പ്രശ്നങ്ങളല്ല നമ്മെ അസ്വസ്ഥമാക്കുന്നത്, ഭയപ്പെടുത്തുന്നത്. ദൈവത്തിലുള്ള വിശ്വാസമില്ലായ്‌മയാണ് നമ്മുടെ അസ്വസ്ഥതക്കു കാരണം. അതുകൊണ്ടാണ് ഈശോ പറയുന്നത്: ദൈവത്തിൽ വിശ്വസിക്കുക. ഒന്നിനെക്കുറിച്ചും ആകുലതകൾ ഉണ്ടാകാതിരിക്കുവാൻ, വരും കാര്യങ്ങളെ ഓർത്തു ഉത്ക്കണ്ഠ ഇല്ലാതിരിക്കുവാൻ മരണത്തെ തോൽപ്പിച്ചു ഉത്ഥാനം ചെയ്ത ക്രിസ്തുവിൽ വിശ്വസിക്കുക.

ബൈബിൾ നമ്മുടെ മുൻപിൽ വരച്ചുകാട്ടുന്നത് അസ്വസ്ഥതകളുടെ പെരുംമഴയെയല്ല, അവയ്ക്കിടയിൽ, വിടർത്തിവച്ചിരിക്കുന്ന ദൈവകൃപയുടെ കുടയെയാണ്. അഗസ്റ്റസ് സീസറിന്റെ കൽപ്പന കേട്ട് ഏറെ സങ്കടപ്പെട്ട ജോസഫും മറിയവും പൂർണഗർഭത്തിന്റെ ഭാരവും പേറി കാടും പടലും കടന്ന് ബെത്ലഹേമിലെത്തുമ്പോൾ പ്രവചനങ്ങളുടെ പൂർത്തീകരണത്തിനാണ് ഈ യാത്രയെന്ന് അവർ അറിഞ്ഞതേയില്ല. പക്ഷേ, സ്നേഹമുള്ളവരേ, ദൈവത്തിനറിയാമായിരുന്നു. ഇക്കഴിഞ്ഞ വലിയ ആഴ്ചയിലെ ക്രിസ്തു സംഭവങ്ങളെല്ലാം സങ്കടരാവുകളിൽ വിരിയുന്ന സന്തോഷത്തിന്റെ നക്ഷത്രങ്ങളുടെ കഥയല്ലേ നമ്മോട് പറയുന്നത്? സുവിശേഷത്തിന്റെ ഏറ്റവും മനോഹരമായ ഈ സത്യത്തെ പ്രസവ വേദന പുതുസൃഷ്ടിയുടെ പുഞ്ചിരിക്കുവഴിമാറുന്ന പ്രകൃതി ദൃഷ്ടാന്തത്തിലൂടെ ഈശോ വിവരിക്കുന്നുണ്ട്. അധ്വാനിക്കുന്ന, മുട്ടിന്മേൽ നിന്ന് കണ്ണീരോടെ പ്രാർത്ഥിക്കുന്ന മാതാപിതാക്കളുടെ സഹനം, അസ്വസ്ഥത മക്കൾക്ക് സമ്പത്തും സുരക്ഷിതത്വവും നേടിക്കൊടുക്കുന്ന പോലെ സന്തോഷമായി മാറുന്ന ഒത്തിരി അസ്വസ്ഥതകളുണ്ട് ഈ ഭൂമിയിൽ. ഒരുപാട് പ്രാതികൂല്യങ്ങളും, തിരസ്കരണങ്ങളും, അവഗണനകളും, തിരിച്ചടികളും, അനാവശ്യമെന്നു തോന്നുന്ന ബദ്ധപ്പാടുകളുമെല്ലാം കടന്നുവരുമ്പോൾ ഓർക്കുക, നമ്മുടെ ദൈവത്തിന്, ഉത്ഥിതനായ ക്രിസ്തുവിന് എന്റെ ജീവിതത്തെക്കുറിച്ചു നന്നായി അറിയാമെന്ന്.

ഭാരതത്തിന്റെ മുൻ പ്രസിഡണ്ട് ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ ഒരു നിരീക്ഷണം പ്രസക്തമാണിവിടെ. അദ്ദേഹം പറയുന്നു:

900+ Apj abul kalam quotes ideas | kalam quotes, apj quotes, quotes

” മുന്തിരികൾ ചക്കിൽ നന്നായി അമർത്തപ്പെടാതെ ഒരിക്കലും വീഞ്ഞുണ്ടാകുന്നില്ല. പൂക്കൾ ചതഞ്ഞരയാതെ സുഗന്ധ തൈലങ്ങളും ഉണ്ടാകുന്നില്ല. അമർത്തപ്പെടലുകളും, ചതഞ്ഞരയലുകളും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ ഭയപ്പെടേണ്ട. അത് നിങ്ങളിലുള്ള ഏറ്റവും മനോഹരമായതിനെ പുറത്തുകൊണ്ടുവരും.” (സ്വതന്ത്ര വിവർത്തനം) നമുക്ക് അതിസുന്ദരമായതിനെ, ഏറ്റവും രുചിയുള്ളതിനെ നൽകുവാനുള്ള ദൈവത്തിന്റെ ഒരുക്കങ്ങളായി നമ്മിലെ അസ്വസ്ഥതകളെ കാണാൻ പഠിച്ചാൽ അസ്വസ്ഥതകൾക്കിടയിലും ദൈവത്തിന്റെ വലിയ സ്നേഹം അനിഭവിക്കാൻ നമുക്കാകും.

അമേരിക്കയിലുള്ള കാലിഫോർണിയയിലെ കാടുകളിലുണ്ടാകുന്ന കാട്ടുതീയെപ്പറ്റി കേട്ടിട്ടില്ലേ? ഇടിമിന്നൽ, കല്ലുകൾ തമ്മിലോ, മരങ്ങൾ തമ്മിലോ ഉണ്ടാകുന്ന ഉരസലുകൾ, മനുഷ്യ നിർമിതമായ ഘടകങ്ങൾ അങ്ങനെ ഒട്ടെറെ കാരണങ്ങളുണ്ടാകാം ഈ കാട്ടുതീയുടെ പുറകിൽ. പക്ഷേ, കത്തിത്തീരുന്നത് ഏക്കറുകളോളം പരന്നു കിടക്കുന്ന കാടുകളാണ്. കാണുമ്പോൾ നമുക്ക് അസ്വസ്ഥതയുണ്ടാകാം. എന്നാൽ, ഈ കാട്ടു തീയ്ക്കു പുറകിലും ദൈവം അത്ഭുതങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. കാട്ടുതീമൂലം അസ്വസ്ഥമായ കാടിനോടുപോലും ദൈവം പറയുന്നു: “അസ്വസ്ഥമാകേണ്ട നിങ്ങളുടെ ഹൃദയം. വിശ്വസിക്കുക, നിങ്ങളെ സംരക്ഷിക്കുന്ന ദൈവം ഞാനാകുന്നു.” കാടിനത് മനസ്സിലാകില്ലല്ലോ! എല്ലാറ്റിനെയും ദഹിപ്പിച്ചുകളയുന്ന കാട്ടുതീയ്ക്കിടയിലും ദൈവത്തിന്റെ പരിപാലനയുടെ കരം കാണുവാൻ ബുദ്ധിയുള്ള മനുഷ്യൻ തോൽക്കുമ്പോൾ എങ്ങനെയാണ് മരങ്ങൾക്കു അത് കഴിയുക?  

California wildfires: This is how mind-bogglingly huge they are - BBC News

പക്ഷെ, പ്രകൃതി നമ്മെ പഠിപ്പിക്കുന്നത് ദൈവത്തിന്റെ പരിപാലനയുടെ, കരുണയുടെ വലിയ അത്ഭുതങ്ങളാണ്. കാലിഫോർണിയയിലെ കാടുകളിൽ കാട്ടുതീയാളുമ്പോൾ ദൈവം പലരീതിയിൽ കാടിനെ സംരക്ഷിക്കുന്നുണ്ട്. പുഷ്പിക്കുന്ന ചെടികൾ കത്തിയെരിയുമ്പോൾ അവയുടെ വേരുകളിലും, പച്ചപ്പരവതാനിപോലെ പരന്നുകിടക്കുന്ന പുല്ലുകളുടെ മണ്ണിനടിയിലുള്ള ഭാഗങ്ങളിലും ദൈവം വിത്തുകൾ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. എന്നാൽ, ഈ വിത്തുകൾക്ക് ജീവൻ കിട്ടണമെങ്കിൽ, പുതുമുള യുണ്ടാകണമെങ്കിൽ അവയ്ക്ക് മുകളിൽ തീയുടെ ചൂട് ആവശ്യമുണ്ട്. കാട്ടുതീ അവയ്ക്ക് ജീവൻ നൽകുന്ന ചൂടാണ്. ചില വന്മരങ്ങളുടെ കായകൾ വളരെ വലുതാണ്. അവയുടെ പുറംതോടുകൾ വളരെ കട്ടിയുള്ളതുമാണ്. മണ്ണിൽ വീണു കിടക്കുന്ന കായ്കളുടെ പുറംതോടുകൾ പൊട്ടാൻ സാധാരണ ചൂട് പോരാ. തീ തന്നെ വേണം. തീയുടെ അസ്വസ്ഥതകൾക്കിടയിലും പുതുജീവനെ ഒളിപ്പിച്ചു വച്ചിരിക്കുകയാണ് ദൈവം. ഇനി, ചൂട് പിടിച്ച മണ്ണിനെയും ദൈവം പരിപാലിക്കുന്നുണ്ട്. തീയുടെ ചൂടുകൊണ്ട് വാടിയ വലിയ മരങ്ങളുടെ ഇലകൾ രണ്ടു ദിവസത്തിനുള്ളിൽ കൊഴിയാൻ തുടങ്ങും. അത് മണ്ണിനെ ഒരു പുതപ്പുപോലെ പൊതിയും, ആശ്വസിപ്പിക്കും. ഈ പുതപ്പിനുള്ളിൽ നിന്ന് പതുക്കെ പതുക്കെ, പുതുനാമ്പുകൾ പ്രത്യക്ഷപ്പെടും. അസ്വസ്ഥതകൾക്കിടയിലും അതുഭുതങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന ദൈവത്തെ കാണുവാൻ കണ്ണുകൾ തുറക്കാൻ നമുക്കാകണം. ദൈവമേ നിന്റെ ഈ വചനം മനസ്സിലാക്കാൻ പ്രകൃതി നൽകുന്ന ഈ സന്ദേശം മാത്രം മതി എന്നും പറഞ്ഞു ശിരസ്സുകുനിക്കുവാനാണ് എനിക്ക് തോന്നുന്നത്!

സ്നേഹമുള്ളവരേ, അസ്വസ്ഥമായ മനസ്സുകളാണ് നമുക്ക് ചുറ്റും. കണ്ണുതുറക്കാത്ത, കരയാനറിയാത്ത കളിമൺപ്രതിമകളോ ഈ ദൈവങ്ങൾ എന്ന് ആർക്കും ചോദിക്കാൻ തോന്നുന്ന വിധത്തിൽ കഷ്ടപ്പാടിലൂടെ മനുഷ്യൻ അനുദിനം നടന്നുപോകുകയാണ്. അവിടെയാണ് ക്രിസ്തു വചനം ഒരു വേനൽമഴയുടെ ആശ്വാസമായി നമ്മുടെ കാതിൽ വന്നലയ്ക്കുന്നതു:”മകളേ, മകനേ നിന്റെ ഹൃദയം അസ്വസ്ഥമാകേണ്ട.” ചരിത്രത്തിൽ ഒരു ദൈവവും ഇത്രയും സാന്ത്വനമേകുന്ന വാക്കുകൾ ഉച്ചരിച്ചിട്ടില്ല. വേദഗ്രന്ഥങ്ങളത്രയും പരതി നോക്കിക്കൊള്ളൂ, ഇത്രയും ആശ്വാസകരമായ, സുദൃഢമായ, അലിവേറിയ ഒരു സാന്ത്വനം ലോകം ശ്രവിച്ചിട്ടില്ല. അന്നത് ക്രിസ്തു നേരിട്ട് പറഞ്ഞെങ്കിൽ ഇന്നത് പല രൂപത്തിൽ, പലഭാവത്തിൽ നമ്മിലേക്കെത്തുന്നു എന്നുമാത്രം.

സാമൂഹ്യമാധ്യമങ്ങളിൽ “ആവർത്തിച്ചു ചൊല്ലേണ്ട സുകൃതജപം” എന്ന ടൈറ്റിലിൽ ഫാദർ ജെൻസൺ ലാ സലേറ്റ് എഴുതിയ കുറിപ്പിൽ ഒരു സംഭവം വിവരിച്ചിട്ടുണ്ട്.

നാലാമത്തെ കുഞ്ഞിന്റെ ഡെലിവറി ഡെയ്റ്റ് അടുത്തതോടെ അച്ചനറിയുന്ന ദമ്പതികൾക്ക് ടെൻഷനേറി.  ആശുപത്രി ചിലവിനുള്ള പണമില്ല. ചിലപ്പോൾ സിസേറിയൻ വേണ്ടി വരുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. വിഷമങ്ങൾ പറഞ്ഞ് ഫോൺ വിളിച്ചപ്പോൾ അച്ചൻ ഇങ്ങനെ മറുപടി നൽകി:

“നിങ്ങളുടെ നാലാമത്തെ കുഞ്ഞിനെ ദൈവം നൽകിയതാണെങ്കിൽ ആ കുഞ്ഞിന്റെ ആശുപത്രി ചിലവിനുള്ള പണം ദൈവം ക്രമീകരിക്കും. പിന്നെ, സിസേറിയനോ നോർമൽ ഡെലിവറിയോ എന്തുമാകട്ടെ, ദൈവേഷ്ടം നിറവേറാനും ആരോഗ്യത്തോടെയുള്ള കുഞ്ഞിനെ ലഭിക്കാനും വേണ്ടി പ്രാർത്ഥിക്കുക. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല.”

മൂന്നു ദിവസത്തിനു ശേഷം ആ ദമ്പതികൾ അച്ചനെ വിളിച്ചു:

‘അച്ചാ…. നോർമൽ ഡെലിവറിയായിരുന്നു. ആരോഗ്യമുള്ള കുഞ്ഞിനെ ദൈവം നൽകി. അച്ചൻ പറഞ്ഞതുപോലെ ഞങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളും ക്രമീകരിക്കപ്പെട്ടു. ആശുപത്രിയിൽ അഡ്മിറ്റാകുന്നതിനുമുമ്പ് ഒരു സ്ത്രീ വന്ന് പതിനായിരം രൂപ ഏൽപിച്ചു. കുറേയധികം വീട്ടു സാധനങ്ങളും അവർ വാങ്ങിത്തന്നു. ഞങ്ങളെ സഹായിക്കണമെന്ന് അവരെ ദൈവം തോന്നിപ്പിച്ചത്രെ! നമ്മൾ ആഗ്രഹിച്ചു പ്രാർത്ഥിച്ചാൽ എത്ര വലിയ പ്രതിസന്ധിയിലും ദൈവം ഇടപെടുമെന്ന് ഞങ്ങൾക്കുറപ്പായി…”

ഈ സംഭവം വിവരിച്ചതിനുശഷം ആ കുറിപ്പിൽ അച്ചൻ എഴുതിയത് ഇങ്ങനെയാണ്: “പ്രതിസന്ധികൾക്കു പിറകേ അദ്ഭുതങ്ങൾ അയക്കുന്നവനാണ് നമ്മുടെ ദൈവം.”  

ഇന്ന് അസ്വസ്ഥമായ മനസ്സോടെ ഈ ദേവാലയത്തിൽ വന്നിരിക്കുന്ന സഹോദരീ, സഹോദരാ, നിന്നോടാണ് ഈശോ പറയുന്നത്, “നിങ്ങളുടെ ഹൃദയം സ്വസ്ഥമാകേണ്ട.” കൊടുങ്കാറ്റിനുസമം നമ്മെ, നമ്മുടെ ജീവിതത്തെ കശക്കിയെറിയുന്ന അസ്വസ്ഥതകൾ രോഗങ്ങളുടെ രൂപത്തിൽ, ദുരന്തങ്ങളുടെ, പട്ടിണിയുടെ, ദാരിദ്ര്യത്തിന്റെ, നാണക്കേടുകളുടെ, കുറവുകളുടെ, തോൽവികളുടെ രൂപത്തിൽ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും. എന്നാൽ, ഇവയ്ക്കിടയിലും നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടയെന്നും, നിങ്ങളുടെ രക്ഷയ്ക്കായി നിങ്ങളോടൊപ്പം ഞാനുണ്ട് എന്നും പറയുന്ന ഉത്ഥിതനായി ഇന്നും ജീവിക്കുന്ന കർത്താവായ ഈശോയിൽ ഉറച്ചു വിശ്വസിക്കുവാൻ നിനക്ക് സാധിക്കുമോ എന്നതാണ് യഥാർത്ഥ ചോദ്യം.

ഇക്കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത് അയച്ചുതന്ന ഒരു സന്ദേശം പങ്കുവയ്ക്കട്ടെ. ഇത് ഒരു കഥയല്ല. നമ്മെ വിസ്മയഭരിതമാക്കുന്ന ഒരു ജീവിതാനുഭവമാണ്. ബ്രിൻഡ എന്ന് പേരുള്ള പർവതാരോഹകയായ ഒരു പെൺകുട്ടി ഒരുനാൾ കൂട്ടുകാർക്കൊപ്പം ഒരു ഗ്രാനൈറ്റ് കൊടുമുടി കയറിക്കൊണ്ടി രിക്കുകയായിരുന്നു. പകുതിദൂരം കയറിക്കഴിഞ്ഞപ്പോഴാണ് യാദൃശ്ചികമായി അത് സംഭവിച്ചത്. കാഴ്ച്ച അവ്യക്തമാകുന്നു. കണ്ണിനുള്ളിൽ ധരിച്ചിരുന്ന കോൺടാക്ട് ലെൻസ് എങ്ങനെയോ ഇളകി താഴെ പോയതാണ് കാരണം.

ഒരുവിധത്തിൽ കൂട്ടുകാരുടെ സഹായത്തോടെ മുകളിലെത്തി. അവൾ ആകെ സങ്കടത്തിലായി. വിലപിടിപ്പുള്ള കോൺടാക്ട് ലെൻസ് ആണ് നഷ്ടപ്പെട്ടിരിക്കുന്നത്. തന്നെയുമല്ല മങ്ങിയ കാഴ്ചയുമായി എങ്ങനെ തിരിച്ചിറങ്ങും? വളരെ നേർത്ത ആ ലെൻസ് ഇനി എങ്ങനെ തിരികെ കിട്ടാനാണ്? അവൾ കരഞ്ഞു തുടങ്ങി. ചെറുപ്പം മുതലേ, വലിയ ദൈവവിശ്വാസിയായിരുന്നു ബ്രിൻഡ. അവളുടെ മനസ്സിലേക്ക് ബൈബിളിലെ ഒരു വചനം ഓർമവന്നു. “തന്റെ മുൻപിൽ നിഷ്കളങ്കരായി വർത്തിക്കുന്നവർക്കുവേണ്ടി ശക്തി പ്രകടിപ്പിക്കുവാൻ കർത്താവിന്റെ ദൃഷ്ടികൾ ഭൂമിയിലുടനീളം പായുന്നു.” (2 ദിനവൃത്താന്തം 16, 9) അവൾ ആ കൊടുമുടിയുടെ മുകളിൽ മുട്ടുകുത്തി വിശ്വാസത്തോടെ ഇങ്ങനെ പ്രാർത്ഥിച്ചു: “എല്ലാം കാണുന്ന എല്ലാം അറിയുന്ന, പരമകാരുണികനായ ദൈവമേ, എന്റെ കോൺടാക്ട് ലെൻസ് വളരെ ചെറിയ ഒരു വസ്തു ആണെങ്കിൽകൂടി അങ്ങയുടെ കണ്ണിൽ നിന്നും അത് മറഞ്ഞിരിക്കുന്നില്ലല്ലോ? അത് എനിക്ക് കണ്ടെത്തി തിരികെ തരിക എന്നുള്ളത് അങ്ങേക്ക് അസാധ്യ മല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.”

The Ant and the Contact Lens : a true story – Creative Comma Positive Turns

പ്രാർത്ഥനക്കു ശേഷം സുഹൃത്തുക്കളുടെ സഹായത്തോടെ അവൾ തിരിച്ചിറങ്ങാൻ തുടങ്ങി. ഇറങ്ങുന്ന വഴിക്കു അവർ കൊടുമുടി കയറുന്ന മറ്റൊരു ഗ്രൂപ്പിനെ കണ്ടുമുട്ടി. അവരിൽ ഒരാൾ ചോദിച്ചു: “ഈ കോൺടാക്ട് ലെൻസ് നിങ്ങൾ ആരുടെയെങ്കിലും ആണോ?” ബ്രിൻഡ വിസ്മയത്തോടെ പറഞ്ഞു: ” അതെ, ഇത് എന്റേതാണ്. നിങ്ങൾക്ക് ഇതെങ്ങനെ കിട്ടി?” “ഞാൻ കയറിവരുമ്പോൾ ഒരു കൊച്ചുറുമ്പ് ഇത് ചുമലിൽ ഉയർത്തി പിടിച്ചു നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു. മുന്നോട്ട് കയറിപ്പോയ ആരുടെയെങ്കിലും ആകാമെന്ന് കരുതി ഞാനതു എടുത്തു. ” ആ മനുഷ്യൻ പറഞ്ഞു.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതം, ജീവിതസാഹചര്യങ്ങൾ കാണാതെ പോകുന്നവനല്ല നമ്മുടെ ദൈവം. ഒരു കുഞ്ഞുറുമ്പിനെപ്പോലും അവിടുന്ന് നമുക്കുവേണ്ടി ഉപകരണമാക്കിയേക്കാം. വിശ്വാസത്തോടെ ജീവിതസാഹചര്യങ്ങളിൽ ദൈവത്തിന്റെ മുൻപിൽ നിൽക്കാൻ നമുക്കാകണം. ഇന്നത്തെ ദൈവവചനം പറയുന്നപോലെ, വിശ്വസിച്ചുകൊണ്ട് ക്രിസ്തുവിന്റെ നാമത്തിൽ ചോദിക്കുന്നതെല്ലാം, പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി ക്രിസ്തു നമ്മുടെ ജീവിതത്തിൽ, ഈ ലോകത്തിൽ ചെയ്തു തരും. ഗബ്രിയേൽ ദൈവദൂതനിലൂടെ സ്വർഗം നമ്മെ അറിയിച്ചതെന്താണ്? “ദൈവത്തിന് അസാധ്യമായി ഒന്നുമില്ല.” അവിടുന്ന് കരുണകാണിച്ചാൽ എത്ര വലിയ അടിമത്വങ്ങളിൽ നിന്നും നാം സ്വാതന്ത്രരാകും. അവിടുന്ന് കല്പിച്ചാൽ നമ്മുടെ ജീവിതത്തിലെ ചെങ്കടലുകൾ വിഭജിക്കപ്പെടും. അവിടുന്ന് ഇടപെട്ടാൽ പാറപോലെയുള്ള നമ്മുടെ പ്രശ്നങ്ങൾ തകർക്കപ്പെട്ട് ദൈവകൃപയുടെ, സൗഖ്യത്തിന്റെ ജലമൊഴുകും. അവിടുന്ന് മനസ്സാകുമ്പോൾ നമ്മുടെ ജീവിതങ്ങളിൽ മന്നാ വർഷമുണ്ടാകും. അവിടുന്ന് കല്പിച്ചാൽ ഇളകിമറിയുന്ന നമ്മുടെ ഹൃദയങ്ങൾ ശാന്തമാകും. അവിടുത്തെ സാന്നിധ്യമുണ്ടായാൽ നമ്മുടെ ഭവനങ്ങൾ രക്ഷപ്രാപിക്കും.

സമാപനം

ജെറമിയാ പ്രവാചകനിലൂടെ ദൈവത്തിന്റെ വചനം പറയുന്നു: “ എന്നെ വിളിക്കുക, ഞാൻ മറുപടി നൽകും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങൾ ഞാൻ നിനക്ക് വെളിപ്പെടുത്തും.” (33 ,3) നമ്മുടെ ഉള്ളിൽ ഭയത്തിന്റെ, അസ്വസ്ഥതയുടെ മലവെള്ളപ്പാച്ചിൽ ഉണ്ടാകുമ്പോൾ ഓർക്കുക ക്രിസ്തുവിന്റെ വചനം: ‘നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ … എന്നിലും വിശ്വസിക്കുവിൻ. . ഞാനാകുന്നു വഴിയും സത്യവും ജീവനും.’

Pin by Jana Eschner on Faith | Lord jesus christ, Jesus christ, Christ

നമ്മുടെ കുടുംബത്തെ, നമ്മെ ഓരോരുത്തരെയും നമ്മുടെ ജീവിതത്തെയും, നമ്മുടെ അസ്വസ്ഥതകളെയും കൊറോണവൈറസുമൂലം ക്ലേശിക്കുന്നവരെയും, രോഗികളെ ശുശ്രൂഷിക്കുന്നവരെയും, ഈ വൈറസിനെ ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന ഭരണകർത്താക്കളെയും, ശാസ്ത്രജ്ഞരെയും ഈ ബലിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കാം. അസ്വസ്ഥതയില്ലാത്ത, സമാധാനം നിറഞ്ഞ ഒരു ജീവിതം ക്രിസ്തു നമുക്ക് നൽകട്ടെ.

Sunday sermon/puthunjaayar

ഉയിർപ്പുകാലം രണ്ടാം ഞായർ

പുതു ഞായർ 2021

സന്ദേശം

My Lord and My God - Christian Wall Art

മനുഷ്യർ പാർപ്പുറപ്പിച്ച ഭൂഖണ്ഡങ്ങളെയെല്ലാം മരണഭീതിയയിലാഴ്ത്തിക്കൊണ്ട് വന്നെത്തിയ മഹാമാരിയുടെ പുതിയ രൂപങ്ങളുടെ ഉയർത്തെഴുന്നേൽപ്പിനിടയിലും അധികം ആഘോഷങ്ങളില്ലാതെ നാം 2021 ലെ ക്രിസ്തുവിന്റെ ഉത്ഥാനത്തിരുനാൾ ആഘോഷിച്ചു. ഈസ്റ്ററിനെ തുടർന്നുവന്ന ഏഴുദിവസങ്ങളുടെ ആഘോഷത്തിനുശേഷം എട്ടാം ദിനം പുതുഞായറാഴ്ചയായിട്ടാണ് നാം ആചരിക്കുന്നത്. ചരിത്രത്തിന്റെ കേന്ദ്രമായിത്തീർന്നുകൊണ്ട്, ഉത്ഥാനത്തിലൂടെ മനുഷ്യവംശത്തെ നവീകരിച്ചുകൊണ്ട്, മനുഷ്യരാശിയോടൊത്തു എന്നും വസിച്ചുകൊണ്ട് ഇന്നും ക്രിസ്തു ജീവിക്കുന്നു എന്നാണ് ഈ പുതുഞായറാഴ്ച്ച നാം പ്രഘോഷിക്കുന്നത്.

ഈസ്റ്ററിനുശേഷമുള്ള എട്ടുദിവസങ്ങളെ വളരെ പ്രാധാന്യത്തോടെയാണ് ക്രിസ്തുമതം വീക്ഷിക്കുന്നത്. എട്ടുദിവസങ്ങളുടെ ആഘോഷമായിട്ടാണ് (Octave of Easter) പാശ്ചാത്യ ക്രൈസ്തവസഭകൾ ഇതിനെ കാണുന്നത്. പൗരസ്ത്യ ക്രൈസ്തവ സഭകൾ ഈ എട്ടുദിവസത്തെ “പ്രകാശമുള്ള ആഴ്ച്ച” (Bright Week) എന്നാണു വിളിക്കുന്നത്. ഉയിർപ്പുകാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ച പാശ്ചാത്യ ക്രൈസ്തവ പാരമ്പര്യത്തിൽ “ദൈവിക കരുണയുടെ ഞായർ” (Divine Mercy Sunday) എന്നും, പൗരസ്ത്യ ക്രൈസ്തവ പാരമ്പര്യത്തിൽ “പുതു ഞായർ” (New Sunday), “നവീകരണ ഞായർ” (Renewal Sunday) “തോമസ് ഞായർ” (Thomas Sunday) എന്നുമാണ് അറിയപ്പെടുന്നത്.

സീറോ മലബാർ സഭ ഈ ഞായറാഴ്ചയെ ഒത്തിരി സ്നേഹിക്കുന്നുണ്ട്. വളരെ അഭിമാനത്തോടെയാണ് അവൾ ഈ ഞായറാഴ്ചയെ സമീപിക്കുന്നത്. അതുകൊണ്ടാണ് “എന്റെ കർത്താവേ എന്റെ ദൈവമേ” എന്നും പറഞ്ഞു ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ വിശുദ്ധ തോമാശ്ലീഹായെ ബഹുമാനിക്കുന്ന ഈ “തോമസ് ഞായർ” നാം വളരെ പ്രാധാന്യത്തോടെ തന്നെ ആഘോഷിക്കുന്നത്. ഈ ഞായറാഴ്ചയുടെ സന്ദേശമാകട്ടെ, “ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന ക്രിസ്തുസാക്ഷ്യം നൽകുക” എന്നതാണ്.

വ്യാഖ്യാനം

കണിക്കൊന്ന പൂത്തു നിൽക്കുന്നപോലെ മനോഹരമായ ഒരു ദൃശ്യവിരുന്നാണ് ഇന്നത്തെ സുവിശേഷത്തിൽ ഈശോ നമുക്കായി ഒരുക്കിയിരിക്കുന്നത്. ഇവിടെ വിശുദ്ധ തോമസിനെ “സംശയിക്കുന്ന തോമാ”യായി (Doubting Thomas), “അവിശ്വസിക്കുന്ന തോമസാ”യി അവതരിപ്പിക്കുന്നുണ്ടെങ്കിലും, ശ്ലീഹന്മാരിലൊരുവനും, ഭാരതത്തിന്റെ അപ്പസ്തോലനും, നമ്മുടെ ക്രൈസ്തവ വിശ്വാസത്തിന്റെ പിതാവുമായ വിശുദ്ധ തോമാശ്ലീഹായുടെ ശക്തമായ ക്രിസ്തു സാക്ഷ്യം തന്നെയാണ് ഇന്നത്തെ സുവിശേഷത്തിന്റെ പ്രതിപാദ്യവിഷയം.

ധാരാളം സംഭവങ്ങൾ ഇവിടെ കോർത്തുവച്ചിട്ടുണ്ട്. ഒന്നാമതായി, ആഴ്ചയുടെ ആദ്യദിവസം ഈശോ ശിഷ്യർക്ക് പ്രത്യക്ഷപെടുന്നതാണ്. അതോട് ചേർന്നുള്ള സീൻ തോമസ് അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല എന്നതാണ്. ആദ്യത്തെ സീൻ വെറുതെ വായിച്ചു വിടരുത്. എന്തൊക്കെയാണ് ഈശോ ശിഷ്യരുടെ മുൻപിൽ അവതരിപ്പിച്ചത്? അവിടുന്ന് അവർക്കു സമാധാനം നൽകുന്നു. തന്റെ കൈകളും പാർശ്വവും കാണിക്കുന്നു. അവർക്ക് ദൗത്യം നൽകുന്നു. ആ ദൗത്യം പൂർത്തീകരിക്കുവാനായി പരിശുദ്ധാത്മാവിനെ കൊടുക്കുന്നു. പാപങ്ങൾ ക്ഷമിക്കുവാനും, ബന്ധിതരെ മോചിപ്പിക്കുവാനും അനുഗ്രഹം നൽകുന്നു. ചുരുക്കിപ്പറഞ്ഞാൽ, പിന്നീട് സംഭവിക്കേണ്ട എല്ലാ കാര്യങ്ങളും ആദ്യദിനം തന്നെ, ആദ്യ പ്രത്യക്ഷീകരണത്തിൽ തന്നെ നൽകുകയാണ്. അവിടുന്ന് ശിഷ്യരെ ഒരുക്കുകയാണ്, ശക്തിപ്പെടുത്തുകയാണ്. താൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നുവെന്നു അവരെ ബോധ്യപ്പെടുത്തുകയാണ്, ക്രിസ്തുവിന്റെ സുവിശേഷം തുടരുകയാണെന്ന് അവരെ അറിയിക്കുകയാണ്. വചനം പറയുന്നു, “കർത്താവിനെ കണ്ട ശിഷ്യന്മാർ സന്തോഷിച്ചു ” എന്ന്.

തോമസ് തിരികെ വരുമ്പോൾ അദ്ദേഹത്തിനോട് ശിഷ്യന്മാർ പറയുകയാണ്, “ഞങ്ങൾ ക്രിസ്തുവിനെ കണ്ടു.” അപ്പോൾ, തോമസ് പറഞ്ഞു, “ഞാനിതു വിശ്വസിക്കുകയില്ല”. തോമസിന്റെ ഈ പ്രഖ്യാപനം വായിച്ച നാം ഉടനെ വിധി പ്രസ്താവിച്ചു: ‘ദേ തോമസ് സംശയിക്കുന്നു, ഇവൻ സംശയിക്കുന്ന തോമായാണ്, അവിശ്വാസിയായ തോമായാണ്.’  എന്നാൽ പ്രിയപ്പെട്ടവരേ, “ഞങ്ങൾ കർത്താവിനെ കണ്ടു” എന്ന് മറ്റു ശിഷ്യന്മാർ പറഞ്ഞപ്പോൾ

Use of Punctuation marks in IELTS Writing - World of English Exams

തോമസിന്റെ മനസ്സിൽ ഉയർന്ന ചോദ്യങ്ങളും ചോദ്യചിഹ്നങ്ങളും നമ്മൾ കണ്ടില്ല. ഉത്ഥിതനായ കർത്താവിനെക്കണ്ടിട്ടും, യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യന്മാരെ കണ്ടപ്പോൾ അദ്ദേഹം തന്റെ മനസ്സിൽ കോറിയിട്ട ആശ്ചര്യചിഹ്നങ്ങൾ നമ്മൾ വായിച്ചില്ല. ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടിട്ടും മുറിയുടെ മൂലയിലിരുന്ന്, ഞാൻ കർത്താവിനെ തള്ളിപ്പറഞ്ഞല്ലോയെന്നു ഒപ്പാര് പറഞ്ഞു കരയുന്ന പത്രോസിനെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകിയത് എന്തുകൊണ്ട് എന്ന് നമ്മൾ അന്വേഷിച്ചില്ല. വിപ്ലവം പറഞ്ഞു തിളയ്ക്കുന്ന തീവ്രവാദിയായ ശിമയോനെയും, വീണ്ടും ചുങ്കം പിരിക്കുവാൻ ഒരുങ്ങുന്ന മത്തായിയേയും കണ്ടപ്പോൾ തോമസിന്റെ കണ്ണുകളിൽ വിടർന്ന വിസ്മയത്തിന്റെ പൊരുളറിയാൻ നാം ശ്രമിച്ചില്ല.

എന്നിട്ട്, തോമസ് പറഞ്ഞ മറുപടി കേട്ടപാതി, കേൾക്കാത്ത പാതി നാം വിധി പ്രസ്താവിച്ചു, ക്രിസ്തുവിനെ സംശയിക്കുന്നുവെന്ന്, തോമസിന് ക്രിസ്തുവിൽ വിശ്വാസമില്ലായെന്ന്!!!!

പ്രിയപ്പെട്ടവരേ, തോമസ് ആരെയാണ് സംശയിച്ചത്? ആരെയാണ് അവിശ്വസിച്ചത്? ഉത്ഥിതനായ ക്രിസ്തുവിനെയാണോ സംശയിച്ചത്? മരിച്ചവരുടെ ഇടയിൽ നിന്ന്, അരുളിച്ചെയ്തതുപോലെ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെയാണോ അവിശ്വസിച്ചത്? വിശുദ്ധ തോമാശ്ലീഹാ സംശയിച്ചത് ക്രിസ്തുവിലല്ല; വിശുദ്ധ തോമാശ്ലീഹാ അവിശ്വസിച്ചതു ക്രിസ്തുവിനെയല്ല. മറിച്ച്, ഉത്ഥാനം ചെയ്ത ക്രിസ്തുവിനെക്കണ്ടിട്ടും, പേടിച്ചു മുറിയിൽ അടച്ചിരുന്ന, ഭയത്തോടെ ഒളിച്ചിരുന്ന ശിഷ്യന്മാരുടെ ജീവിതം കണ്ടിട്ട്, ഞാൻ മീൻ പിടിക്കാൻ പോകുന്നുവെന്നും പറഞ്ഞു വീണ്ടും പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ ഒരുങ്ങുന്ന പത്രോസിന്റെയും ശിഷ്യരുടേയും ജീവിത സാക്ഷ്യം കണ്ടിട്ട് അവർ പറഞ്ഞത് അതേപടി വിശ്വസിക്കുവാൻ എങ്ങനെയാണ് തോമസിന് കഴിയുക?  ക്രിസ്തു ഉത്ഥിതനായി എന്ന്, സന്തോഷമായ, പ്രത്യാശ നിറഞ്ഞ, ധൈര്യം പകരുന്ന, ക്രിസ്തു ഉത്ഥിതനായി എന്ന് പറയുമ്പോഴും പേടിച്ചിരിക്കുന്ന ശിഷ്യന്മാരെ കണ്ടപ്പോൾ തോമസിന് സംശയമായി. ശരി തന്നെയാ. അദ്ദേഹം തന്നോട് തന്നെ ചോദിച്ചു: “ഇവർ യഥാർത്ഥത്തിൽ ക്രിസ്തുവിനെ കണ്ടുവോ?” പ്രകാശം മാത്രമായ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ട ശേഷവും എന്തുകൊണ്ടാണ് ഇവർ ഇരുട്ടിൽത്തന്നെ ഇരിക്കുന്നത്? പ്രത്യാശമാത്രമായ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടശേഷവും എന്തുകൊണ്ടാണ് ഇവർ വീണ്ടും നിരാശരായി ഇരിക്കുന്നത്? ഇല്ല, ഇവർ ഉത്ഥിതനെ കണ്ടിട്ടില്ല. “അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും, അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ല.”” (യോഹ 20, 26) നിങ്ങളാണെങ്കിലും ഞാനാണെങ്കിലും ഇങ്ങനെയല്ലേ ചിന്തിക്കൂ…

പ്രിയപ്പെട്ടവരേ, ഉത്ഥിതനായ ക്രിസ്തുവിനെ കണ്ട ശിഷ്യന്മാരാണ് തോമസിനെ സംശയാലുവാക്കിയത്. ഉത്ഥിതനായ ക്രിസ്തുവിനെ കണ്ട ശിഷ്യന്മാർ തന്നെയാണ് അവരെ അവിശ്വസിക്കുവാൻ തക്ക രീതിയിൽ പെരുമാറിയത്. അവരുടെ വൈരുധ്യം നിറഞ്ഞ ജീവിതമാണ് തോമസിനെ സംശയാലുവാക്കിയത്. എന്താ നിങ്ങൾക്ക് സംശയമുണ്ടോ?

എട്ടു ദിവസങ്ങൾക്കുശേഷം ഈശോ ശിഷ്യന്മാർക്ക് വീണ്ടും പ്രത്യക്ഷപെടുകയാണ്. വചനം പറയുന്ന പോലെ തോമസും കൂട്ടത്തിലുണ്ട്.  അവരുടെയിടയിലേക്കു കടന്നുവന്ന ഈശോ തോമസിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് ഈശോ തോമസിനോട് പറഞ്ഞു: ‘തോമസേ, ദേ നോക്ക് …എന്റെ മുറിവുകൾ കാണ് …നിന്റെ കൈ കൊണ്ടുവന്ന് എന്റെ പാർശ്വത്തിൽ വയ്ക്ക് …! തോമസ് അങ്ങനെ അന്തംവിട്ട് നിൽക്കുകയാണ്. അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. ഈശോയുടെ അടുത്തേക്ക് പോകാതെ അവിടെ മുട്ടുകുത്തി അദ്ദേഹം. എന്നിട്ട് ആകാശം കേൾക്കുമാറുച്ചത്തിൽ, ഈ സൃഷ്ടപ്രപഞ്ചം കുലുങ്ങുമാറുച്ചത്തിൽ തന്റെ സർവ ശക്തിയുമെടുത്തു അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു: “എന്റെ കർത്താവേ, എന്റെ ദൈവമേ…!” ആ വിശ്വാസ പ്രഖ്യാപനത്തിൽ സ്വർഗം സന്തോഷിച്ചിട്ടുണ്ടാകണം! ഭൂമി കോരിത്തരിച്ചിട്ടുണ്ടാകണം! അന്നുവരെ കേൾക്കാൻ കഴിയാതിരുന്ന ഒരു വിശ്വാസ പ്രഘോഷണം കേട്ട് സൂര്യചന്ദ്രനക്ഷത്രാദികൾ നിശ്ചലമായി നിന്നിട്ടുണ്ടാകണം!  ആ മുറിവുകൾ പരിശോധിക്കാൻ അദ്ദേഹം പോയില്ല…അവിടുത്തെ പാർശ്വത്തിൽ സ്പർശിക്കാനും പോയില്ല. കാരണം, അവനോടുകൂടെ നമുക്കും പോയി മരിക്കാം എന്നുപറഞ്ഞവന് അറിയാമായിരുന്നു ക്രിസ്തു ഉത്ഥിതനായി എന്ന്. അവനോടുകൂടെ മൂന്നുവർഷം നടന്ന തോമസിന് അറിയാമായിരുന്നു, മാനവകുലത്തിന്റെ വഴിയായ ക്രിസ്തു, ജീവനായ ക്രിസ്തു, സത്യമായ ക്രിസ്തു ഉത്ഥിതനായി എന്ന്, ഇന്നും ജീവിക്കുന്ന ദൈവമാണ് എന്ന്. പകരം വയ്ക്കാനാകാത്ത ക്രിസ്തു സാക്ഷ്യത്തിന്റെ ആൾരൂപമാണ്‌ പ്രിയപ്പെട്ടവരേ വിശുദ്ധ തോമാശ്ലീഹാ!

ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടു എന്ന് അവകാശപ്പെട്ട ശിഷ്യന്മാരല്ലേ യഥാർത്ഥത്തിൽ തോമസിനെ, ചരിത്രം പറയുന്ന സംശയിക്കുന്ന തോമായാക്കി മാറ്റിയത്? നാമല്ലേ, നമ്മുടെ ക്രിസ്തു ഇല്ലാത്ത ക്രൈസ്തവ ജീവിതമല്ലേ ഈ ലോകത്തിൽ, നമ്മുടെ ഇടവകയിൽ, കുടുംബത്തിൽ സംശയിക്കുന്ന തോമമാരെ സൃഷ്ടിക്കുന്നത്?

BEING A CHRISTIAN WITNESS - ppt video online download

ഉത്ഥിതനായ ക്രിസ്തുവിനെ കാണാതെ, അവിടുത്തെ തിരുമുറിവുകളിലെ സ്നേഹത്തെ അനുഭവിക്കാതെ വിശ്വസിക്കുകയില്ലായെന്ന് പറയുന്ന തോമസ് ഈ കാലഘട്ടത്തിന്റെ പ്രതിനിധിയാണ്. ഇന്നത്തെ ക്രൈസ്തവജീവിതങ്ങളിലെ വൈരുധ്യങ്ങൾ, ഇന്നത്തെ ജീർണത ബാധിച്ച ക്രൈസ്തവസാക്ഷ്യങ്ങളിലെ പുഴുക്കുത്തുകൾ ക്രിസ്തു ഇന്നും ജീവിക്കുന്ന ദൈവമാണോ എന്ന് സംശയിക്കുവാൻ അക്രൈസ്തവരെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അതിനു ആരെ കുറ്റപ്പെടുത്തണം? ക്രിസ്തുവിനെ അറിഞ്ഞ, അവിടുത്തെ ഓരോ വിശുദ്ധ കുർബാനയിലും അനുഭവിക്കുന്ന ക്രൈസ്തവരായ നമ്മെയോ അതോ ക്രിസ്തുവിനെ അറിയാത്ത അക്രൈസ്തവരെയോ? നാം തന്നെയല്ലേ കാരണക്കാർ? എന്തുകൊണ്ടാണ് ഇന്നും ഭാരതത്തിൽ നാം വെറും 2.3 ശതമാനം മാത്രമായി ന്യൂനപക്ഷങ്ങളാകുന്നു? വിശുദ്ധ തോമാശ്ലീഹായുടേതുപോലുള്ള ശക്തമായ ക്രൈസ്തവ സാക്ഷ്യം നൽകുന്നതിൽ നാം ഒരു പരിധിവരെ പരാജയപ്പെടുന്നില്ലേയെന്ന് സമ്മതിക്കാൻ ഇനിയും നാം മടിക്കരുത്.

എന്നാൽ വൈരുധ്യങ്ങളും, എതിർസാക്ഷ്യങ്ങളും ധാരാളം നമ്മുടെ ക്രൈസ്തവ ജീവിതങ്ങളിൽ ഉണ്ടെങ്കിലും, ക്രിസ്തുവാണ് ഏക രക്ഷകനെന്ന്, ക്രിസ്തുവാണ് എന്റെ കർത്താവും എന്റെ ദൈവവുമെന്ന് ഏറ്റു പറഞ്ഞുകൊണ്ട് ജീവിക്കുന്ന ക്രൈസ്തവരുടെ ജീവിതംകണ്ടു നാം അത്ഭുതപ്പെടാറില്ലേ? ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുന്നവരെ, അവരുടെ കുടുംബങ്ങളെ കണ്ടു എത്രയോ അക്രൈസ്തവരാണ് വിസ്മയത്തോടെ “നോക്കൂ, ക്രിസ്തുവിലുള്ള ഇവരുടെ വിശ്വാസം അപാരം തന്നെ” എന്ന് പറഞ്ഞിട്ടുള്ളത്! ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും മുടങ്ങാതെ വിശുദ്ധ കുർബാനയ്ക്കു പോകുന്ന നമ്മുടെ അമ്മച്ചിമാരും അപ്പച്ചന്മാരും, ഈശോയെ കർത്താവും ദൈവവുമായി ഏറ്റുപറയുന്ന ക്രൈസ്തവ യുവജനങ്ങളും, കുട്ടികളുമൊക്കെ അക്രൈസ്തവർക്കു ഇന്നും അത്ഭുതമാണ്. വീടിനെയും സ്വന്തക്കാരെയും, സ്വാഭാവികമായ നേട്ടങ്ങളെയുമെല്ലാം വേണ്ടെന്നുവച്ചു, ക്രിസ്തുവിനായി ഇറങ്ങിത്തിരിക്കുന്ന വൈദികരെയും, സമർപ്പിതരെയും, മിഷനറിമാരെയും, അവരുടെ ജീവിതത്തിലെ അചഞ്ചലമായ ക്രിസ്തുവിശ്വാസവും കണ്ടിട്ട് എത്രയോ അക്രൈസ്തവരാണ് ക്രിസ്തുവിലേക്കു ആകർഷിതരായത്! ഇവരൊക്കെ വിശുദ്ധ തോമാശ്ലീഹായെപ്പോലെ തന്നെ ക്രിസ്തു വിശ്വാസത്തിന്റെ നേർസാക്ഷ്യങ്ങളാണ്. എന്റെ ക്രൈസ്തവജീവിതം കണ്ട് ‌ ഒരു വ്യക്തിക്ക് ഒരു നിമിഷംപോലും ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഇടർച്ചയുണ്ടാകരുത് എന്നുള്ള വലിയൊരു തീരുമാനത്തിലേക്കായിരിക്കണം ഈ പുതുഞായർ നമ്മെ കൊണ്ടുചെന്നെത്തിക്കേണ്ടത്.

സമാപനം

സ്നേഹമുള്ളവരേ, ഞാൻ ആവർത്തിക്കട്ടെ, ജീവിത സാഹചര്യങ്ങളിൽ “എന്റെ കർത്താവേ എന്റെ ദൈവമേ”യെന്നുള്ള നമ്മുടെ വിശ്വാസപ്രഘോഷണത്തിലാണ് നമ്മുടെ ക്രൈസ്തവജീവിതങ്ങൾ ഫലം ചൂടുന്നത്. ദുഃഖം നിറഞ്ഞ, നിരാശ മാത്രം അവശേഷിച്ച, രോഗം മാത്രം കൂട്ടിനുണ്ടായിരുന്ന ഭൂതകാലത്തിൽ ഉത്ഥിതനായ ക്രിസ്തുവിനെ കാണാൻ, “എന്റെ കർത്താവേ എന്റെ ദൈവമേ”യെന്നു ഏറ്റുപറയുവാൻ നമുക്ക് സാധിച്ചിട്ടില്ലെങ്കിൽ ഇന്നുമുതൽ നമുക്ക് ആരംഭിക്കാം.  ഇന്നത്തെ സുവിശേഷ സംഭവത്തിന് ഒരു tail end ഉണ്ട്. അതിങ്ങനെയാണ്:

My Lord and My God - Character and Attributes of God (28)

“എന്റെ കർത്താവേ എന്റെ ദൈവമേ” എന്ന് ക്രിസ്തു വിശ്വാസം ഏറ്റുപറഞ്ഞ തോമസ് ആ വിശ്വാസം പ്രഘോഷിക്കുവാൻ നമ്മുടെ ഭാരതത്തിൽ, കേരളത്തിൽ എത്തുന്നു. അവിടെ വച്ച് ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വരിക്കുന്നു. സ്നേഹമുള്ളവരേ, നമ്മുടെ ജീവിതസാഹചര്യങ്ങളിൽ ക്രിസ്തുവിന് സാക്ഷ്യം നൽകാനും, ക്രിസ്തുവിനുവേണ്ടി സ്വയം മുറിക്കപ്പെടാനും, രക്തം ചിന്താനും പുതിയൊരു ക്രൈസ്തവ ജീവിതത്തിനായി നമുക്ക് പ്രതിജ്ഞയെടുക്കാം. ആമേൻ!

Easter sunday/easter njayar 2021

ഈസ്റ്റർ ഞായർ 2021

Easter - It's Meaning, History & Holiday Symbols Explained

“ലോകത്തിൽ അന്ധകാരം നിറഞ്ഞിരിക്കുന്നു. അത് പല രൂപങ്ങളിൽ ഭൂമിയിൽ വ്യാപിച്ചിരിക്കുന്നു.  ബോംബുകളായി തെരുവുകളിൽ പൊട്ടിച്ചിതറുന്നു. മദ്യമായി കുടുംബങ്ങളെ തകർക്കുന്നു. ലഹരികളായി ചെറുപ്പക്കാരെ നശിപ്പിക്കുന്നു. വർഗീയതയായി മനുഷ്യർ തമ്മിൽ തമ്മിൽ കൊന്നുതീർക്കുന്നു. ലോകത്തിൽ അന്ധകാരം നിറഞ്ഞിരിക്കുന്നു.” ന്യൂയോർക്കിലെ ഇൻഡോർ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞു നിന്ന ജനങ്ങളോടായി പ്രസിദ്ധ സുവിശേഷ പ്രസംഗകനായ ബില്ലി ഗ്രഹാം (Billy Graham) പറഞ്ഞതാണിത്.  എന്നിട്ടദ്ദേഹം ചോദിച്ചു: “എന്താണിതിന് ഒരു മറുമരുന്ന്?  ഒന്ന് നിർത്തിയിട്ടു അദ്ദേഹം പറഞ്ഞു: “ഉത്ഥിതനായ !ക്രിസ്തു! ഉത്ഥിതനായ ക്രിസ്തു മാത്രം!

ലോകത്തിനുമുഴുവൻ പ്രകാശം നൽകുന്ന, ലോകത്തിന്റെ രക്ഷകനായ, ലോകത്തിന്റെ പ്രതീക്ഷയായ ഉത്ഥിതനായ ക്രിസ്തുവിന്റെ ഉയിർപ്പിതിരുനാൾ നാമിന്നു ആഘോഷിക്കുകയാണ്. ലോകത്തിന്റെ പലഭാഗങ്ങളിലും അന്ധകാരം നിറഞ്ഞാടുകയാണിന്ന്! ലോകത്തിൽ അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ, വർഗീയതയുടെ, അക്രമത്തിന്റെ, വംശീയതയുടെ അന്ധകാര പടലങ്ങൾ നീക്കം ചെയ്യുവാൻ പ്രകാശമായി കടന്നുവരുന്ന ക്രൈസ്തവർ നിഷ്കരുണം കശാപ്പുചെയ്യപ്പെടുകയാണ്! ക്രിസ്തുവിന്റെ സമർപ്പിതയായതിന്റെ, സമർപ്പിതനായതിന്റെ അടയാളമായ വസ്ത്രം പോലും ധരിച്ചു യാത്രചെയ്യുവാൻ, ജീവിക്കുവാൻ പറ്റാത്തവിധം മതസ്പർധയുടെ, വർഗീയതുടെ, അസഹിഷ്ണതയുടെ, അന്ധകാരം നമ്മുടെ ഭാരതത്തിൽപോലും പരക്കുകയാണ്. എന്നാലും പ്രകാശമായ, ഉത്ഥിതനായ ക്രിസ്തുവിന്റെ അനുയായികളായ നമുക്ക് അവിടുത്തെ ഉത്ഥാനത്തിരുനാൾ, അന്ധകാരം നിറഞ്ഞ ഈ ലോകത്തിനെ പ്രകാശംകൊണ്ടു നിറയ്ക്കുവാൻ കഴിയുന്ന ദൈവം ക്രിസ്തു മാത്രമാണെന്ന് പ്രഘോഷിക്കുന്ന ഉത്ഥാനത്തിരുനാൾ നമുക്ക് ആഘോഷിക്കാതിരിക്കുവാൻ പറ്റുകയില്ല. ഉത്ഥാനത്തിരുനാൾ പ്രകാശമായ ക്രിസ്തുവിന്റെ തിരുനാളായതുകൊണ്ടുതന്നെ ഇന്നത്തെ ഉത്ഥാനത്തിരുനാൾ സന്ദേശം, “ഹേ, ക്രൈസ്തവരേ, ക്രിസ്തുവാകുന്ന പ്രകാശത്തിൽ ജീവിക്കുവാൻ കടപ്പെട്ടവരാണ് നിങ്ങൾ” എന്നാണ്.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ നാം ആചരിച്ച തിരുക്കർമങ്ങളും, വായിച്ചു കേട്ട വിശുദ്ധ ഗ്രന്ഥ വായനകളും ക്രിസ്തുവാകുന്ന പുതിയ പ്രകാശത്തിലേക്ക് പ്രവേശിക്കുക എന്നാണ് നമ്മോടു പറയുന്നത്. ഒപ്പം, വിശുദ്ധ വാരം നമ്മെ ഓർമിപ്പിക്കുന്നത് ഇസ്രായേൽ ജനത്തിന് പ്രകാശമായ ക്രിസ്തുവിനെ കാണുവാൻ സാധിച്ചില്ല  എന്നുമാണ്. “ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു” (യോഹ 9, 5) എന്ന് തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ വിളിച്ചു പറഞ്ഞിട്ടും ഇസ്രായേൽ ജനത്തിന് കേൾക്കുവാൻ സാധിച്ചില്ല. കാരണം അവർ അന്ധകാരത്തിലായിരുന്നു. അവസാന അത്താഴത്തിനുശേഷം രാത്രിയിലാണ്, അന്ധകാരത്തിലാണ് ജനം പടയാളികളോടൊപ്പം ഈശോയെ പിടികൂടാൻ പോകുന്നത്. രാത്രിയുടെ ഏതോ ശപിക്കപ്പെട്ട നിമിഷത്തിലാണ് യൂദാസ് ഈശോയെ ചുംബിച്ചുകൊണ്ട് ഒറ്റിക്കൊടുക്കുന്നത്. (മത്താ 26, 49) പിടികൂടിയ ശേഷം ജനത്തിനോട്, “ഇത് നിങ്ങളുടെ സമയമാണ്, അന്ധകാരത്തിന്റെ ആധിപത്യവും” (ലൂക്ക 22, 53)എന്ന് ഈശോ പറഞ്ഞിട്ടും പ്രകാശത്തിന്റെ നാഥനെ അവർ തിരിച്ചറിഞ്ഞില്ല. അന്ധകാരത്തിന്റെ, പൈശാചികതയുടെ നിഴൽ നൃത്തമാടിയ ആ രാത്രിയിലാണ് പീഡാസഹനത്തിന്റെ മണിക്കൂറുകളിലൂടെ അവൻ കടന്നുപോയത്. വിരോധാഭാസം നോക്കണേ, അന്ധകാരത്തിൽ, പ്രകാശത്തിന്റെ, അഗ്നിയുടെ അടുത്തുനിന്നാണ് പത്രോസ് പ്രകാശത്തെ തള്ളിപ്പറഞ്ഞത്. (ലൂക്ക 22, 54, 62) പ്രകാശമായ ക്രിസ്തുവിന്റെ മരണനേരം മുഴുവനും, ആറാം മണിക്കൂർ മുതൽ ഒൻപതാം മണിക്കൂർവരെ ഭൂമിയിൽ അന്ധകാരമായിരുന്നു. (ലൂക്ക 23, 44) ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത് നോക്കുക: “ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോൾത്തന്നെ …” (യോഹ 20, 1)

അന്ധകാരത്തിലായിരുന്ന ഇസ്രായേൽ ജനം പ്രകാശമായ ക്രിസ്തുവിനെ കണ്ടില്ല എന്ന ദുരന്തം നമുക്ക് ഉണ്ടാകാതിരിക്കുവാൻ 2021 ലെ ഉത്ഥാനത്തിരുന്നാൾ, പ്രകാശമായി ക്രിസ്തുവിലേക്ക് നമ്മെ ക്ഷണിക്കുകയാണ്. അന്ധകാരത്തിന്റെ, അതിന്റെ പ്രകടനങ്ങളായ രോഗത്തിട്നെ, ശത്രുതയുടെ, അസ്വസ്ഥതയുടെ, തകർച്ചയുടെ, ശ്രമിച്ചിട്ടും, ശ്രമിച്ചിട്ടും കരകയറാൻ പറ്റാത്തതിന്റെ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ക്രിസ്തുവാകുന്ന പ്രകാശത്തിൽ ജീവിക്കുവാൻ നമ്മോട് ആഹ്വാനംചെയ്യുകയാണ്.  

സ്നേഹമുള്ളവരേ, ക്രിസ്തുവാണ് നമ്മുടെ പ്രകാശം, ഈ ലോകത്തിന്റെ പ്രകാശം, നിത്യപ്രകാശം. അവനിൽ അന്ധകാരമില്ല. സങ്കീർത്തനം 34, 5 ൽ പറയുന്നതുപോലെ അവിടുത്തെ നോക്കുന്നവർ പ്രകാശിതരാകും. നാം അവിടുത്തെ നോക്കുകയാണെങ്കിൽ, നമ്മുടെ കുടുംബങ്ങൾ ഈശോയെ നോക്കുകയാണെങ്കിൽ, നമ്മുടെ മക്കൾ ഈശോയെ നോക്കുകയാണെങ്കിൽ നാം, അവർ പ്രകാശിതരാകും. അപ്പോൾ എന്ത് സംഭവിക്കും? ‘അവിടുത്തെ അനിഗമിക്കുന്നവർ അന്ധകാരത്തിൽ

Jesus - Light of the World - The Bible Reading Fellowship

നടക്കുകയില്ല.’ ഇന്ന് ലോകം അന്ധകാരത്തിലാണെങ്കിൽ നാമിന്ന് ഇരുട്ടിൽത്തപ്പി നടക്കുന്നവരാണെങ്കിൽ അതിന്റെ അർഥം നാം പ്രകാശമായ ക്രിസ്തുവിനെ കണ്ടിട്ടില്ല, മനസ്സിലാക്കിയിട്ടില്ല. നാം ക്രൈസ്തവർ ഇന്ന് ക്രിസ്തുസാക്ഷ്യത്തിന്റെ പാതയിൽ നിന്ന് അകന്ന്, വർഗീയ പ്രസ്ഥാനങ്ങളുടെ, നിരീശ്വര പ്രസ്ഥാനങ്ങളുടെ പിന്നാലെ പോകുകയാണെങ്കിൽ നാം അന്ധകാരത്തിലല്ലേ? അന്ധകാരത്തിന്റെ പ്രവർത്തികൾ ചെയ്യുന്നവരോട് ചേർന്ന് അന്ധകാരത്തിലേക്ക് നടക്കുകയല്ല വേണ്ടത്, അവരെ പ്രകാശത്തിന്റെ പാതയിലേക്ക് നയിക്കുകയാണ് വേണ്ടത്. പ്രകാശമുള്ളിടത്തു നടക്കാനല്ല, നടക്കുന്നിടത്തെല്ലാം പ്രകാശമാകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ക്രൈസ്തവന്റെ ഇന്നും ജീവിക്കുന്ന, പ്രകാശമായ സത്യമായ ദൈവം, ക്രിസ്തു, മറ്റുള്ളവരുടെ ദൈവത്തിനു സമനാണെന്ന് വൈദികർ തന്നെ സംയുക്ത പ്രസ്താവനകൾ ഇറക്കുമ്പോൾ ആരാണ് ഇരുട്ടിൽ, ആരാണ് പ്രകാശത്തിൽ?

ക്രിസ്തു ഈ ലോകത്തിലേക്ക് വന്നപ്പോൾ പ്രവാചകൻ പറഞ്ഞത് ‘അന്ധകാരത്തിൽ, മരണത്തിന്റെ നിഴലിൽ കഴിഞ്ഞിരുന്ന ജനതയ്ക്കു വലിയൊരു പ്രകാശം ഉദയം ചെയ്തു’ എന്നാണ്. (മത്താ 4, 16) വിശുദ്ധ പൗലോശ്ലീഹാ നമ്മെ ഉദ്ബോധിപ്പിക്കുന്നത് എന്താണ്? “പ്രിയപ്പെട്ടവരേ, രാത്രി കഴിയാറായി. പകൽ സമീപിച്ചിരിക്കുന്നു. ആകയാൽ, അന്ധകാരത്തിന്റെ പ്രവർത്തികൾ പരിത്യജിച്ചു, പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കാം. പകലിന് യോജിച്ചവിധം നമുക്ക് പെരുമാറാം.” (റോമ 13, 12)

ഉത്ഥാനത്തിരുനാൾ നമ്മെ ക്ഷണിക്കുന്നത് ക്രിസ്തുവിലേക്കാണ്, അവിടുത്തെ പ്രകാശത്തിലേക്കാണ്. ഈ ഉത്ഥാനത്തിരുനാൾ നമ്മുടെ ജീവിതത്തെ, കുടുംബത്തെ പ്രകാശംകൊണ്ട് നിറയ്ക്കുവാൻ നമ്മെ പ്രേരിപ്പിക്കട്ടെ. നമ്മുടെ ജീവിതസാഹചര്യങ്ങളിൽ ക്രിസ്തുവിന്റെ പ്രകാശങ്ങളായി നമുക്ക് ഉയിർത്തെഴുന്നേൽക്കാം. ജീവിതത്തിൽ, സ്വാർത്ഥതകൾ, അഹന്ത, ഇഷ്ടങ്ങളുടെ വൈരുധ്യങ്ങൾ, മദ്യാസക്തി, ലഹരിയോടുള്ള ആഗ്രഹം, മൊബൈൽ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകാരണങ്ങളോടുള്ള ആസക്തി തുടങ്ങിയവ  അന്ധകാരം നിറയ്ക്കുമ്പോൾ ഉത്ഥിതനായ ക്രിസ്തു നിങ്ങളുടെ, നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരട്ടെ. കടന്നു വന്ന് നമുക്ക് സമാധാനം നൽകട്ടെ.

Jesus: Light of the World – CrossPoint Church

അതിനുള്ള കൃപയ്ക്കാകട്ടെ ഇന്നത്തെ നമ്മുടെ ഉത്ഥാനത്തിരുനാളിലെ വിശുദ്ധ കുർബാന.

എല്ലാവർക്കും ഉത്ഥാനത്തിരുനാളിന്റെ മംഗളങ്ങൾ ആശംസിക്കുന്നു! ആമേൻ!

Maundy thursday/pesahavyaazham

പെസഹാവ്യാഴം 2021

Maundy Thursday Images, Stock Photos & Vectors | Shutterstock

ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാമിന്ന് പെസഹാ തിരുനാൾ ആഘോഷിക്കുകയാണ്. അപ്പമെടുത്തു ഇതെന്റെ ശരീരമാകുന്നു വെന്ന് ഉച്ചരിച്ചപ്പോൾ ദൈവം അപ്പമായി മാറിയ, അപ്പം ദൈവമായി മാറിയ മഹാത്ഭുതം നടന്നതിന്റെ ഓർമ! രക്ഷാകര ചരിത്രത്തിന്റെ തോടും പുഴയും കൈവഴികളും ഒരു ബിന്ദുവിൽ, വിശുദ്ധ കുർബാന എന്ന ബിന്ദുവിൽ സംഗമിച്ചതിന്റെ ഓർമ!

നമുക്കറിയാവുന്നതുപോലെ, പഴയനിയമത്തിലെ പെസ്സഹായല്ല നാമിന്ന് ആചരിക്കുന്നത്. ഈജിപ്തിലെ ഫറവോയ്‌ക്കെതിരെ മോശയുടെ നേതൃത്വത്തിൽ ഇസ്രായേൽ ജനം നടത്തിയ ബഹുജനമുന്നേറ്റ സമരത്തിന്റെ അവസരത്തിൽ രക്ഷകനായ ദൈവം ഈജിപ്തുകാരെ ശിക്ഷിച്ചും, ഇസ്രായേൽക്കാരെ രക്ഷിച്ചും കടന്നുപോയതിന്റെ ആഘോഷത്തിൽ കഴിച്ച ആദ്യപെസഹായുടെ ഓർമയല്ല നാമിന്ന് ആചരിക്കുന്നത്. പകൽ മേഘസ്തംഭവും രാത്രി അഗ്നിത്തൂണുമായി ദൈവത്താൽ നയിക്കപ്പെട്ട ഇസ്രായേൽ ജനം, സ്വദേശത്തുവച്ചും വിദേശത്തുവച്ചും, ആദ്യപെസഹായുടെ ഓർമയിൽ നടത്തിയ പെസ്സഹാകർമങ്ങളുടെ തുടർച്ചയുമല്ല നാം നടത്തുന്നത്. പിന്നെയോ, പുതിയ നിയമത്തിലെ സ്നേഹത്തിന്റെ പുതിയഭാഷ്യവുമായി ചരിത്രത്തിന്റെ നെഞ്ചിലൂടെ പെസഹാ നടത്തിയ ഈശോ – പെസഹാ എന്ന വാക്കിന് കടന്നുപോകൽ എന്നർത്ഥം – ചരിത്രത്തിന്റെ നെഞ്ചിലൂടെ കടന്നുപോയ ഈശോ, ലോകത്തിന്റെ ജീവനുവേണ്ടി തന്റെ ശരീരവും രക്തവും നൽകിക്കൊണ്ട് വിശുദ്ധ കുർബാന യായിത്തീർന്നതിന്റെ ഓർമയാണ് ഈ പെസഹാ വ്യാഴാഴ്ച്ച നാം ആഘോഷിക്കുന്നത്.  

ഓർമകളുണ്ടായിരിക്കണമെന്നത് വെറുമൊരു സിനിമാപ്പേര് മാത്രമല്ലല്ലോ! ഓർമകളിലൂടെയാണ് മരിച്ചവർപോലും നമ്മിൽ ജീവിക്കുന്നത്. ഓർമകളാണ്, സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ, തോൽവിയുടെ, വിജയത്തിന്റെ, കാരുണ്യത്തിന്റെ ഓർമകളാണ്, ജീവിക്കുവാൻ നമുക്ക് ഊർജം നൽകുന്നത്. കഴിഞ്ഞകാലങ്ങളിലെ നമ്മുടെ ജീവിതത്തിൽ നാം പോലുമറിയാതെ ദൈവം കൈ പിടിച്ചു നടത്തിയതിന്റെ ഓർമകളാണ്, നാം പോലുമറിയാതെ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ട് നമ്മുടെ ജീവിതത്തിൽ ഇടപെട്ടതിന്റെ ഓർമകളാണ് നമ്മെ എളിമയുള്ളവരാക്കുന്നതും, ക്രിസ്തു ദൈവമാണെന്നും, ആ ദൈവം രക്ഷകനാണെന്നും ഏറ്റുപറയുവാൻ നമ്മെ പ്രാപ്തരാക്കുന്നതും. ഓർമകളാണ് നാം പറയുന്നതിനും, ചെയ്യുന്നതിനും, ആചരിക്കുന്നതിനുമെല്ലാം അർഥം നൽകുന്നതും, പ്രസക്തി നൽകുന്നതും.  

ഓർമകളുണ്ടായിരിക്കണം നമുക്ക്, ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതും, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ഈ ലോകത്തെ സ്നേഹിച്ചതും ദൈവം അപ്പമായി മാറിയ, അപ്പം ദൈവമായി മാറിയ ഈ മുഹൂർത്തത്തിനുവേണ്ടിയായിരുന്നില്ലേ? ഓർമകളുണ്ടായിരിക്കണം നമുക്ക്,അവിടുന്ന് മനുഷ്യനായി പിറന്നതും, വചനം പ്രഘോഷിച്ചും, അത്ഭുതങ്ങൾ ചെയ്തു ജനത്തോടൊപ്പമായിരുന്നതും, ഈ മുഹൂർത്തത്തിനുവേണ്ടിയായിരുന്നില്ലേ? ഓർമകളുണ്ടായിരിക്കണം നമുക്ക്, ഒറ്റപ്പെടലിന്റെ വേദനകൾക്കിടയിലും ദൈവേഷ്ടം പൂർത്തിയാക്കുവാൻ സെഹിയോൻ ശാലയിലെ യാഗവേദിയിലേക്ക് നടന്ന മനുഷ്യപുത്രൻ

Maundy Thursday 2018: Wishes, Quotes, Whatsapp Status, Images & Meaning

കാൽകഴുകലിന്റെ അഗ്നിയൊരുക്കി വചനമന്ത്രങ്ങളുച്ചരിച്ച്, സ്വയം യാഗമായത് ഈ മുഹൂർത്തത്തിനുവേണ്ടിയായിരുന്നില്ലേ? ഓർമകളുണ്ടായിരിക്കണം നമുക്ക്. ഈ ഓർമകളുണ്ടെങ്കിൽ പെസഹാവ്യാഴാഴ്ചയുടെ ദൈവശാസ്ത്രം ക്രൈസ്തവന്റെ മനസ്സിൽ ഒരു മഴവില്ലുപോലെ വിരിഞ്ഞുനിൽക്കും. ഈ ഓർമകളുണ്ടെങ്കിൽ രക്ഷാകരചരിത്രത്തിന്റെ കേന്ദ്രം, ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രം വിശുദ്ധ കുർബാനയാണെന്ന് മനസ്സിലാക്കുവാൻ ക്രൈസ്തവന് ബുദ്ധിമുട്ടുണ്ടാകുകയില്ല. ജീവിതത്തിൽ വിശുദ്ധ കുർബാനയിലേക്ക്, കുർബാനയുടെ ചൈതന്യത്തിലേക്ക് ചുവടൊന്ന് മാറ്റിചവിട്ടുവാൻ ബുദ്ധിമുട്ടുണ്ടാകില്ല. പെസഹാ വ്യാഴം, വിശുദ്ധ കുർബാനയെ പ്രണയിക്കുവാൻ, വിശുദ്ധ കുർബാനയുടെ കണ്ണോടെ ജീവിതത്തെ ലോകത്തെ നോക്കിക്കാണുവാൻ നമ്മെ പഠിപ്പിക്കുകയാണ്.

രക്ഷാകര ചരിത്രത്തിൽ വംശാവലിയുടെ കേന്ദ്രം, ലക്‌ഷ്യം ക്രിസ്തുവാണെങ്കിൽ – വിശുദ്ധ മത്തായിയുടെ സുവിശേഷം ഒന്നാം അധ്യായത്തിൽ ക്രിസ്തുവിന്റെ വംശാവലി തുടങ്ങുന്നത് ഇങ്ങനെയാണ്: “അബ്രാഹം ഇസഹാക്കിന്റെ പിതാവായിരുന്നു… മാഥാൻ യാക്കോബിന്റെ പിതാവായിരുന്നു…യാക്കോബ് മറിയത്തിന്റെ ഭർത്താവായ യൗസേപ്പിന്റെ പിതാവായിരുന്നു. അവളിൽ നിന്ന് ക്രിസ്തു എന്ന് വിളിക്കപ്പെടുന്ന യേശു ജനിച്ചു. ഇങ്ങനെ അബ്രാഹം മുതൽ ദാവീദുവരെ പതിനാലും, ദാവീദുമുതൽ   ബാബിലോൺ പ്രവാസം വരെ പതിനാലും ബാബിലോൺ പ്രവാസം മുതൽ ക്രിസ്‌തുവരെ പതിനാലും തലമുറകളാണുള്ളത്.” (മത്താ 1, 1 -17) ഇവിടെ വംശാവലി അവസാനിക്കുകയാണ്. കാരണം, ക്രിസ്തുവാണ് ultimate -അവസാനകണ്ണി, എല്ലാത്തിന്റെയും പൂർത്തീകരണം! വംശാവലിയുടെ കേന്ദ്രം ക്രിസ്തുവാണ്.

വംശാവലിയുടെ കേന്ദ്രം ക്രിസ്തുവാണെങ്കിൽ, രക്ഷാകര ചരിത്രത്തിന്റെ കേന്ദ്രം, അവസാനകണ്ണി വിശുദ്ധ കുർബാനയാണ്. രക്ഷാകര ചരിത്രത്തിന്റെ പരിസമാപ്തി വിശുദ്ധ കുർബാനയിലാണ്‌. രക്ഷാകര ചരിത്രത്തിന്റെ തുടർച്ചയും വിശുദ്ധകുർബാനയിൽത്തന്നെ. ദൈവത്തിന്റെ കാരുണ്യത്തെ, കാരുണ്യത്തിലെ പരിപാലനയെ, പരിപാലനയിലെ സ്നേഹത്തെ, സ്നേഹത്തിലെ കരുതലിനെ അത്രമേൽ ലഹരിയോടും, സൗന്ദര്യത്തോടുംകൂടി വാറ്റി പാകപ്പെടുത്തി ആവിഷ്കരിച്ചിരിക്കുകയാണ് വിശുദ്ധ കുർബാനയിൽ. അതുകൊണ്ടാണ് പെസഹാവ്യാഴം ക്രൈസ്തവന്റെ ഏറ്റവും വലിയപെരുന്നാളാകുന്നത്. അപ്പോൾ നിങ്ങൾ ചോദിക്കും, പിന്നെന്തിനാണ് കുരിശുമരണം? പിന്നെന്തിനാണ് ഉത്ഥാനം? ക്രിസ്തുവിന്റെ മരണവും ഉത്ഥാനവും വിശുദ്ധ കുർബാനയിൽ തുന്നിച്ചേർത്തിരിക്കുകയല്ലേ? അതുകൊണ്ടാണ് ലത്തീൻ റീത്തുകാർ വിശുദ്ധ കുർബാനയിലെ കൂദാശാവചനത്തിനുശേഷം, ‘വിശാസത്തിന്റെ ഈ രഹസ്യം നമുക്ക് പ്രഖ്യാപിക്കാം’ എന്ന് വൈദികൻ പറയുമ്പോൾ, “അങ്ങ് വീണ്ടും വരും വരെ മരണത്തിന്റെ, ഉത്ഥാനത്തിന്റെ ഈ രഹസ്യം ഞങ്ങൾ പ്രഘോഷിക്കുന്നു”വെന്ന് മറുപടിയായി പറയുന്നത്.. സീറോമലബാർ റീത്തിന്റെ ആരാധനാക്രമദൈവശാസ്ത്രമനുസരിച്ചും വിശുദ്ധ കുർബാന ഈശോയുടെ പീഢാനുഭവ, മരണ ഉത്ഥാന രഹസ്യങ്ങളുടെ ആഘോഷമാണ്.

ഒന്ന് ഭാവന ചെയ്യൂ…ടിവി സ്‌ക്രീനിന്റെ പകുതി ഭാഗത്ത് ഈശോ അപ്പം മുറിക്കുകയാണ്. “ഇതെന്റെ ശരീരമാകുന്നു” എന്നും “ഇതെന്റെ രക്തമാകുന്നു” എന്നും പറഞ്ഞ് വിശുദ്ധ കുർബാനയാകുകയാണ് ഈശോ. സ്‌ക്രീനിന്റെ മറ്റേ പകുതിയിൽ സെഹിയോൻശാല വിട്ടിറങ്ങിയ ഈശോ കുരിശിൽ കിടക്കുകയാണ്. “ഏൽ   ഏൽ ലമാസബക്താനി, എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു?” എന്താണത്? ജീവിതവേദനയുടെ പാരമ്യത്തിൽ ഒരു സാധാരണ ഇസ്രായേൽക്കാരന്റെ പ്രാർത്ഥനയാണത്. ഉടനെ തന്നെ മറ്റൊരു പ്രാർത്ഥന പുറത്തുവരികയാണ്. മാതാവ് പഠിപ്പിച്ച പ്രാർത്ഥന ഈശോ ഓർക്കുകയാണ്. മാതാവ് മാത്രമല്ല, ഓരോ യഹൂദ സ്ത്രീയും തങ്ങളുടെ മക്കളെ പഠിപ്പിക്കുന്ന പ്രാർത്ഥനയാണിത്‌, ജീവിത പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട സമർപ്പണത്തിന്റെ മനോഭാവം! “എന്റെ പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.” പിന്നെ അവിടുന്ന് മിഴികളടച്ചു. ഈ രണ്ടു യാഥാർഥ്യങ്ങളും ഒരേ സംഭവങ്ങളാണ്. അതുകൊണ്ടാണ് വിശുദ്ധ പൗലോശ്ലീഹാ കോറിന്തോസുകാരോട് പറയുന്നത്: ‘നിങ്ങൾ ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽ നിന്ന് പാനം ചെയ്യുകയും ചെയ്യുമ്പോൾ അവിടുത്തെ കുരിശുമരണം പ്രഖ്യാപിക്കുകയാണ്.‘ (1 കോറി 11, 26)

പെസഹാ വ്യാഴാഴ്ച്ച ആഘോഷത്തിലൂടെ ദൈവത്തിന്റെ രക്ഷ, സാന്നിധ്യം ഇന്നും തുടിച്ചുനിൽക്കുന്നത് വിശുദ്ധ കുർബാനയിലാണ്‌ എന്ന് നാം പ്രഖ്യാപിക്കുകയാണ്. വിശുദ്ധ കുർബാന ക്രൈസ്തവന് വെറുമൊരു ആചാരമോ അനുഷ്ഠാനമോ അല്ല. അത് ജീവിതമാണ്, ജീവിത ബലിയാണ്, ജീവിതമൂല്യമാണ് ക്രൈസ്തവന്. വിശുദ്ധ കുർബാനയിൽ നിങ്ങളുടെയും, എന്റെയും ജീവിതത്തിന്റെ അടങ്ങാത്ത കടലിരമ്പങ്ങളുണ്ട്. പാവപ്പെട്ടവന്റെ വേദനയുണ്ടതിൽ; തകർന്ന കുടുംബങ്ങളുടെ തകരുന്ന ദാമ്പത്യങ്ങളുടെ മുറിപ്പാടുകളുണ്ടതിൽ. അക്രമത്തിന്റെ ആക്രോശങ്ങൾക്കിടയിൽ, വർഗീയതയുടെ അമർത്തലുകൾക്കിടയിൽ ചതഞ്ഞരയുന്ന ജീവിതങ്ങളുണ്ടതിൽ. ലഹരിയുടെ, രതിയുടെ, സ്വാർത്ഥതയുടെ ഭ്രാന്തിൽ പൊലിഞ്ഞുപോകുന്ന ബാല്യങ്ങളുടെ സ്ത്രീകളുടെ കരച്ചിലുകളുണ്ടതിൽ. അതിജീവനത്തിനായി സമരം ചെയ്യുന്ന ഭാരതത്തിലെ കർഷകരുടെ വിയർപ്പിന്റെ ഗന്ധമുണ്ടതിൽ. നിങ്ങളെയും എന്നെയും ചേർത്ത് നിർത്തുന്ന കാരുണ്യവാനായ ദൈവത്തിന്റെ സ്നേഹഭാവങ്ങളുണ്ടതിൽ. മഹാമാരികൾ വന്നാലും നമ്മെ സുഖപ്പെടുത്തുന്ന ദൈവം (പുറ 16,26), കണ്ണിലെ കൃഷ്ണമണിപോലെ നമ്മെ പരിപാലിക്കുന്ന ദൈവം (നിയമ 32, 10), പാവപ്പെട്ടവനും ദരിദ്രനായ എന്നെ കരുതുന്ന ദൈവം (സങ്കീ 40, 17), ഭയപ്പെടേണ്ട ഞാൻ നിന്നോടു കൂടെയുണ്ട് (ജെറ 1, 19) എന്ന് പറഞ്ഞു കൈ നീട്ടി എന്നെ രക്ഷിക്കുന്ന ദൈവം (മത്താ 14, 31) … അങ്ങനെ എന്നെ കാക്കുന്ന, കരുതുന്ന, എന്റെ ജീവിതവുമായി താദാത്മ്യപ്പെട്ടു നിൽക്കുന്ന ദൈവത്തിന്റെ മഹാസാന്നിധ്യമാണ്, സാന്നിധ്യത്തിന്റെ ആഘോഷമാണ് പ്രിയപ്പെട്ടവരേ വിശുദ്ധ കുർബാന. നമ്മുടെ ജീവിതവുമായി ഒട്ടിച്ചേർന്നു നിൽക്കുന്ന ഒരു ദൈവമാണ് വിശുദ്ധ കുർബാനയിൽ ഉള്ളത്. എന്താ സംശയമുണ്ടോ? സുവിശേഷങ്ങൾ തുറന്നു നോക്കുന്നോ…

വിശുദ്ധ മത്തായിയുടെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം 9 മുതലുള്ള വാക്യങ്ങൾ. സിനഗോഗിൽ ഇതുപോലെ വചനം കേട്ടുകൊണ്ടിരുന്ന ജനങ്ങൾക്കിടയിൽ കൈശോഷിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. ഈശോ അവനോടു പറഞ്ഞു:” നിന്റെ കൈ നീട്ടുക. സുഖപ്പെടട്ടെ”. ആരും യേശുവിനോടു ചോദിച്ചില്ല. ആരും യേശുവിനോടു പറഞ്ഞില്ല. മനുഷ്യന്റെ വേദന അറിയുമ്പോൾ അവളുടെ / അവന്റെ വേദനകളുമായി താദാത്മ്യപ്പെടുകയാണ് ഈശോ!

വിശുദ്ധ യോഹന്നാന്റെ സുവിശേഷം അഞ്ചാം അധ്യായത്തിൽ 38 വർഷമായി തളർവാതം പിടിപെട്ട് കിടക്കുന്ന ഒരു മനുഷ്യനെ നാം കാണുന്നുണ്ട്. ഈശോ അവനെ സമീപിക്കുകയാണ്. അവന്റെ അടുത്ത് ചെന്നിട്ട്, അവിടെ അയാളോടൊത്തു ഇരുന്നിട്ട്, ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ചോദിക്കുകയാണ്: ‘സുഖപ്പെടുവാൻ നിനക്ക് ആഗ്രഹമുണ്ടോ?’ ആ മനുഷ്യൻ അമ്പരക്കുകയാണ്. ജീവിതത്തിന്റെ അങ്ങേയറ്റത്തുപോലും ഇവനെങ്ങനെ ഒരു സാധ്യത ഭാവന ചെയ്തിട്ടില്ല. തന്റെ ദുരിതത്തെക്കുറിച്ചല്ലാതെ കണക്കുകൂട്ടലും അയാൾ നടത്തിയിട്ടില്ല. ഒരു സെക്കന്റുപോലും നഷ്ടപ്പെടുത്താതെ അയാൾ പറയുകയാണ്: ‘ഉവ്വ് കർത്താവേ.’ അവിടുന്ന് അവനെ സുഖപ്പെടുത്തുകയാണ്. ആരും യേശുവിനോട് പറഞ്ഞില്ല. ആരും യേശുവിനോടു ചോദിച്ചില്ല. ഒരു മെമ്മോറണ്ടംപോലും ആരും യേശുവിനുമുന്പിൽ വച്ചില്ല. മനുഷ്യന്റെ നോവ് മനസ്സിലാക്കി അവനിലേക്ക്‌ കടന്നുചെല്ലുകയാണ് ഈശോ.

2013 നവംബറിൽ മുഖത്തുൾപ്പെടെ ചെറുതും വലുതുമായ മുഴകൾ നിറഞ്ഞു മനുഷ്യരൂപമെന്നു തോന്നിക്കാൻ പോലും മനുഷ്യൻ, വിനീഷിയോ റിവാ വത്തിക്കാനിലെത്തി. ഫ്രാൻസിസ് പാപ്പായെ കാണുകയാണ് യാത്രോദ്ദേശ്യം. അദ്ദേഹത്തിന്റെ അസുഖത്തിന്റെ പേര് ന്യൂറോ ഫൈബ്രോ മറ്റോസിസ്. ദേഹം മുഴുവൻ മുഴകൾ. ഇപ്പോഴും ദേഹമാകെ ചൊറിയും. എന്നിട്ട് വെള്ളമൊലിക്കും; അതോടൊപ്പം രക്തവും. വിനീഷിയോയുടെ അകത്തെ വസ്ത്രങ്ങൾ എപ്പോഴും ചോരയിൽ കുളിച്ചിരിക്കും. വീൽ ചെയറിലിരുന്നാണ് അദ്ദേഹം പാപ്പായെ കാണാനെത്തിയത്. ജനങ്ങൾക്കിടയിലൂടെയുള്ള യാത്രയ്ക്കിടെ പാപ്പാ അദ്ദേഹത്തിന്റെ അരികിലെത്തി. പിന്നീട് സംഭവിച്ചത് ചരിത്രമായി. ഒരിക്കലും കണ്ടിട്ടില്ലാത്ത വികൃതമായ ആ മനുഷ്യരൂപത്തിന്റെ, മുന്തിരിക്കുലകൾപോലെ കുരുക്കൾ നിറഞ്ഞ ആ മുഖത്ത് പാപ്പാ ചുംബിച്ചു. ഇന്നത്തെ രാഷ്ട്രീയക്കാരെപ്പോലെയായിരുന്നില്ല. അഭിനയമില്ല. ഫോട്ടോഗ്രാഫർ മാരോട് നേരത്തെ പറഞ്ഞുവച്ചിട്ടില്ല. ഇലക്ഷൻ സമയത്തുകാണുന്ന കോപ്രായമല്ല. അയ്യേ, ഛേ എന്ന ഭാവങ്ങൾ മുഖത്ത് ഒട്ടുമില്ല. സ്നേഹം മാത്രം കരുണമാത്രം പാപ്പാ ഒട്ടും ധൃതി കാട്ടാതെ സ്നേഹോഷ്മളമായി അദ്ദേഹത്തെ കെട്ടിപ്പിടിച്ചു ചുംബിച്ചു. അതിനുശേഷം വിനീഷിയോ റിവാ പറയുകയാണ്: ” എനിക്കിപ്പോൾ സന്തോഷമാണ്. ഭയമില്ല. അപകർഷതാബോധമില്ല. ദൈവം ഇന്നെന്നെ കെട്ടിപ്പിടിച്ചു.”

സ്നേഹമുള്ളവരേ, പെസഹാവ്യാഴം വിശുദ്ധ കുർബാനയിലേക്കു, വിശുദ്ധ കുർബാനയുടെ മനോഭാവത്തിലേക്ക് മിഴിതുറക്കുവാൻ നമ്മെ ക്ഷണിക്കുകയാണ്. വിശുദ്ധ കുർബാനയിലേക്ക് നമ്മുടെ ജീവിതത്തിന്റെ ചുവടുമാറ്റുവാൻ ഈ പെസഹാവ്യാഴം നമ്മെ പ്രേരിപ്പിക്കുകയാണ്. നമ്മുടെ ജീവിതവുമായി ഒട്ടിച്ചേർന്നു നിൽക്കുന്ന ദൈവത്തെ, വിശുദ്ധ കുർബാനയിലെ ക്രിസ്തുവിനെ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുവാൻ നമുക്കാകണം. അതിന് രണ്ടു കാര്യങ്ങൾ അത്യന്താപേക്ഷിതമാണ്. ഒന്ന്, പാദക്ഷാളനം. രണ്ട്, അപ്പമായിത്തീരൽ.

ആദ്യത്തേത് പാദമാണ്. മനുഷ്യശരീരത്തിലെ അഴുക്കുമായി, മണ്ണുമായി പെട്ടെന്ന് തൊടുന്ന ചെറിയൊരു ഇടമാണ് പാദം. പാദം ഒരു പ്രതീകമാണ്. തിന്മയുടെ സാന്നിധ്യമോ, സാമീപ്യമോ, സ്വാധീനമോ, സ്പർശമോ ഉള്ള ഒരിത്തിരി ഇടം. ആ ഇടം കഴുകേണ്ടിയിരിക്കുന്നു. നീ കുളി കഴിഞ്ഞവനാണെങ്കിലും ആ ഒരിത്തിരി ഇടം അഴുക്കു പുരണ്ടതായിരിക്കും. കഴുകുകതന്നെ വേണം. ശരീരത്തിനെന്നപോലെ മനസ്സിനും പാദമുണ്ട്. തിന്മയുടെ സാന്നിധ്യമോ, സാമീപ്യമോ, സ്വാധീനമോ, സ്പർശമോ ഉള്ള ഒരിത്തിരി ഇടം. ജോഷ്വായുടെ പുസ്തകം ഏഴാം അധ്യായത്തിൽ ആഖാൻ   എന്ന വ്യക്തിയുടെ പാപത്തെക്കുറിച്ചു പറയുന്നുണ്ട്. നാം നല്ല വ്യക്തികളായിരിക്കാം, നല്ല മനസ്സിന് ഉടമകളുമായിരിക്കാം. എന്നാൽ, ഒരിത്തിരി ഇടം, സ്വാർത്ഥതയുടെ, സ്വരുക്കൂട്ടലിന്റെ ഒരു ഇത്തിരി ഇടം എന്റെ മനസ്സിന്റെ അഴുക്കുപിടിച്ച പാദമാണ്. കഴുകേണ്ടിയിരിക്കുന്നു. ഹൃദയത്തിനും പാദമുണ്ട്, തിന്മയുടെ സാന്നിധ്യമോ, സാമീപ്യമോ, സ്വാധീനമോ, സ്പർശമോ ഉള്ള ഒരിത്തിരി ഇടം. ദാവീദിന്റെ ജീവിതം ഓർക്കുക. എന്റെ നല്ല ഹൃദയത്തിലെ, രതിയുടെ, ലഹരിയുടെ, മദ്യപാനത്തിന്റെ, പുകവലിയുടെ ഒരിത്തിരി ഇടം. കഴുകേണ്ടിയിരിക്കുന്നു. കണ്ണിനും പാദമുണ്ട്, തിന്മയുടെ സാന്നിധ്യമോ, സാമീപ്യമോ, സ്വാധീനമോ, സ്പർശമോ ഉള്ള ഒരിത്തിരി ഇടം. കൈകൾക്കും പാദമുണ്ട്, തിന്മയുടെ സാന്നിധ്യമോ, സാമീപ്യമോ, സ്വാധീനമോ, സ്പർശമോ ഉള്ള ഒരിത്തിരി ഇടം. കഴുകേണ്ടിയിരിക്കുന്നു പ്രിയപ്പെട്ടവരേ. അപ്പോഴേ നാം വിശുദ്ധ കുർബാനയിലേക്ക് ജീവിതത്തിന്റെ ചുവടു മാറ്റിചവിട്ടുവാൻ പ്രാപ്തരാകുകയുള്ളു.

രണ്ടാമത്തേത് അപ്പം. മനുഷ്യന്റെ ജീവിതവുമായി ഏറ്റവും ചേർന്ന് നിൽക്കുന്ന ഒന്നാണ് അപ്പം. ക്രൈസ്തവവിശ്വാസത്തിന്റെ ഏറ്റവും ഉദാത്തമായ ചൈതന്യമാണ് അപ്പമായിത്തീരുകയെന്നത്. കാരണം, നമ്മുടെ ജീവിതവുമായി താദാത്മ്യപ്പെടാൻ, ഒന്നായിത്തീരാൻ ഈശോ ആഗ്രഹിച്ചപ്പോൾ അവിടുന്ന് തിരഞ്ഞെടുത്തത് അപ്പമാണ്. അവിടുന്ന് അപ്പത്തിന്റെ രൂപത്തിലായി നമ്മോടു ഒന്നായിത്തീരാൻ, ക്രൈസ്തവജീവിതത്തിന്റെ ചൈതന്യം കാണിച്ചുതരാൻ, മറ്റുള്ളവർക്കായി ജീവിക്കേണ്ടത് എങ്ങനെയെന്ന് നമ്മെ പഠിപ്പിക്കാൻ. അപ്പവും, പ്രിയപ്പെട്ടവരേ, പ്രതീകമാണിനി. വാത്സല്യത്തിന്റെ, പങ്കുവയ്ക്കലിന്റെ, ഔദാര്യത്തിന്റെ, കരുതലിന്റെ, മറ്റുള്ളവരുടെ വളർച്ചയ്ക്കായി ഇല്ലാതായിത്തീരുന്നതിന്റെ, സംതൃപ്തിയുടെ പ്രതീകം.

വിശുദ്ധ കുർബാനയുടെ ചൈതന്യത്തിനു വിപരീതമായ, ക്രൈസ്തവ ജീവിതത്തിന്റെ ഭംഗി കെടുത്തുന്ന വളരെ അപകടകരമായ ഒരു മനോഭാവം ഇന്ന് സാമൂഹ്യ മാധ്യമങ്ങൾവഴി പ്രചരിക്കുന്നുണ്ട്: ‘മറ്റുള്ളവർക്കുവേണ്ടി, കുടുംബത്തിനുവേണ്ടി, സ്വന്തം താത്പര്യങ്ങൾ മാറ്റിവച്ചു ജീവിക്കുന്നവർ വിഡ്ഢികളാണ്, ജീവിക്കാതെ മരിക്കുന്നവർ.’ ഈയിടെ കേട്ട ഒരു ധ്യാന പ്രസംഗത്തിലും ഇതേ വാക്കുകൾ വീണ്ടും കേൾക്കുകയുണ്ടായി. മാതാപിതാക്കളേ, മക്കൾക്കുവേണ്ടി ചന്ദനംപോലെ അരഞ്ഞു ഇല്ലാതായിട്ട് ഒരു കാര്യോം ഇല്ലാട്ടോ എന്ന് അദ്ദേഹത്തിന്റെ ശൈലിയിൽ അദ്ദേഹം പറഞ്ഞപ്പോൾ എന്റെ നെഞ്ച് തകർന്നു. വിശുദ്ധ കുർബാനയ്ക്കു നേരെയുള്ള കൊഞ്ഞനംകുത്തായിട്ട് അതെനിക്ക് തോന്നി. പെസഹാ വ്യാഴത്തിന്റെ ചൈതന്യത്തിനു നേരെ വിപരീതമായ സന്ദേശമാണിത്. പെസഹാ വ്യാഴം നമ്മോടു പറയുന്നത് ‘വിശുദ്ധ കുർബാനയിലെ ഈശോയെപ്പോലെ മറ്റുള്ളവർക്കുവേണ്ടി, കുടുംബത്തിനുവേണ്ടി, സ്വന്തം താത്പര്യങ്ങൾ മാറ്റിവച്ചു ജീവിക്കുന്നവർ മഹാത്മാക്കളാണ്, മരിച്ചിട്ടും ജീവിക്കുന്നവർ’ എന്നാണ്.

സ്നേഹമുള്ളവരേ, നാം ചുവടുമാറ്റി ചവിട്ടേണ്ടിയിരിക്കുന്നു. പാദങ്ങൾ കഴുകി, അപ്പമായിത്തീർന്ന്

Introduction to Maundy Thursday | Martin Luther Lutheran Church

നമ്മുടെ മനുഷ്യജീവിത സാഹചര്യങ്ങളിൽ വിശുദ്ധകുർബാന യാകേണ്ടിയിരിക്കുന്നു. നമ്മുടെ കുടുംബങ്ങളെ വീണ്ടെടുക്കാൻ, നമ്മുടെ ക്രൈസ്തവസഹോദരങ്ങളെ ക്രിസ്തുവിൽ നവീകരിക്കുവാൻ നാം വിശുദ്ധ കുർബാന യാകേണ്ടിയിരിക്കുന്നു. ഈ പെസഹാ വ്യാഴാഴ്‌ചത്തെ പ്രാർത്ഥനകളും, ആചാരങ്ങളും അതിനായി നമ്മെ സഹായിക്കട്ടെ. ആമേൻ!

sunday sermon-Palmsunday oshananjayar

ഓശാന ഞായർ

മത്താ 21, 1-11

Palm Sunday 2018 - Calendar Date

ദൈവത്തിലേക്കും സഹോദരനിലേക്കും പ്രകൃതിയിലേക്കുമുള്ള തീർത്ഥാടനമായ അമ്പത്   നോമ്പിന്റെ അവസാന ആഴ്ചയിലേക്കുള്ള പ്രവേശന കവാടമാണ് നാം ഇന്ന് ആചരിക്കുന്ന ഓശാന ഞായർ. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ബഹളത്തിലാണ് ഇത്തവണത്തെ ഓശാന ഞായർ നാം ആഘോഷിക്കുന്നത് എന്നത് ഈ തിരുനാളിന്റെ പ്രസക്തി വർധിപ്പിക്കുന്നുണ്ട്. അങ്ങ് ഡെൽഹീന്ന് നേതാക്കളെത്തി വലിയ വലിയ റോഡ് ഷോകളൊക്കെ നടത്തുന്നത് കാണുമ്പോൾ പലകാരണങ്ങളാൽ ചരിത്രത്തിൽ ഇടം പിടിച്ച ഒരു റോഡ് ഷോയുടെ അനുസ്മരണമാണ് ഓശാനഞായർ എന്നത് ചിന്തനീയമാണ്!

നമുക്കറിയാവുന്നതുപോലെ ഇന്നത്തെ റോഡ് ഷോകളുടെ ആർഭാടവും പത്രാസുമൊന്നും ആ റോഡ് ഷോയ്ക്കുണ്ടായിരുന്നില്ല. തുറന്ന ജീപ്പുകൾക്കും, സ്പോർട്സ് കാറുകൾക്കും പകരം കഴുതയായിരുന്നു ഈശോയുടെ വാഹനം. വഴിയിൽ കാത്തുനിൽക്കാൻ ജനത്തെ തയ്യാറാക്കി നിറുത്തിയിരുന്നില്ല. കൊടിതോരണങ്ങളൊന്നും കരുതിയിരുന്നില്ല. എഴുതിത്തയ്യാറാക്കിയ മുദ്രാവാക്യങ്ങളും ഇല്ലായിരുന്നു!

ഈശോ ജറുസലേമിലേക്ക് വളരെ സാധാരണമായി ഒരു കഴുതയുടെ പുറത്തു പ്രവേശിക്കുകയാണ്. ഇതുകണ്ട ജനം, എന്തോ ഒരു അത്ഭുതം നടന്നാലെന്നപോലെ, അതൊരു ഉത്സവമാക്കി മാറ്റുകയാണ്. റെഡ് കാർപറ്റിനുപകരം തങ്ങളുടെ വസ്ത്രങ്ങൾ, കൊടികൾക്കുപകരം മരച്ചില്ലകൾ, മുദ്രാവാക്യങ്ങൾക്കുപകരം ഈശോ ചെയ്ത അത്ഭുതങ്ങൾ, തങ്ങൾ എന്താണ് വിളിച്ചുപറയുന്നതെന്നുപോലും അറിയാതെ ഈശോയെ നീ ദാവീദിന്റെ പുത്രനാണെന്ന ഏറ്റുപറച്ചിലുകൾ, ഒരു രാജാവിനോടെന്നപോലെ, ഹോസാന, ഞങ്ങളെ രക്ഷിക്കണമേയെന്ന വിളികൾ! (മത്താ 21, 9) സുവിശേഷകന്മാർ ഒരേ സ്വരത്തിൽ പറയുന്നത്, ജനം മുഴുവൻ ആനന്ദത്തിലാറാടി, നഗരം മുഴുവൻ ഇളകിവശായി എന്നാണ്. (മത്താ 20, 10) അന്ന് റോഡ് ഷോകൾക്ക് അവാർഡ് ഉണ്ടായിരുന്നെങ്കിൽ ഒരു പരിസ്ഥിതി സൗഹൃദ അവാർഡ് ഈശോയുടെ ജറുസലേം പ്രവേശത്തിന് ലഭിക്കുമായിരുന്നു!

ഉയർത്തിപ്പിടിച്ച കുരുത്തോലകളും, ആലപിക്കുന്ന ഓശാനഗീതങ്ങളുമായി നാമിന്ന് ആചരിക്കുന്ന ഓശാനഞായർ ഇന്നത്തെ റോഡ് ഷോകൾപോലെ വെറുമൊരു രാഷ്ട്രീയ നാടകമായിരുന്നില്ല. ജറുസലേം പ്രവേശം ഈശോയുടെ ജീവിതത്തിലേക്ക് വൈകിയെത്തിയ ഒരാശയമല്ല. അത് രക്ഷാകരചരിത്രത്തിന്റെ ഭാഗമായി ജറുസലേമിൽ അരങ്ങേറേണ്ട രക്ഷാകര സംഭവങ്ങളുടെ കൊടിയേറ്റമായിരുന്നു. അത്, “സീയോൻ പുത്രിയോട് പറയുക, ഇതാ നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്റെ അടുത്തേക്ക് വരുന്നു” എന്ന സഖറിയ പ്രവാചകന്റെ പ്രവചനത്തിന്റെ (സഖ 9, 9) പൂർത്തീകരണമായിരുന്നു. അത് പിതാവായ ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ ഈശോ എടുത്ത തീരുമാനത്തിന്റെ വലിയ പ്രകടനമായിരുന്നു.

അതുകൊണ്ട് കഴുതപ്പുറത്തേറി വരുന്ന ഒരു ചെറുപ്പക്കാരനെ കണ്ടതിന്റെ ഭ്രാന്തമായ ഒരാവേശമായിരുന്നില്ല ഇസ്രായേൽ ജനം അവിടെ അരങ്ങുതകർത്തത്. തിരുനാളാഘോഷത്തിന്റെ ഭാഗമായ ഒരു ആഹ്ലാദപ്രകടനവും അല്ലായിരുന്നു അത്. പിന്നെയോ, ഒലിവിലച്ചില്ലകൾക്കും, ഓശാനഗീതങ്ങൾക്കും, നൃത്തചുവടുകൾക്കും അപ്പുറം, ദൈവത്തിന്റെ ഇഷ്ടം പൂർത്തീയാക്കുവാൻ നിശ്ചയദാർഢ്യത്തോടും, ഉറച്ച കാൽവയ്പുകളോടും കൂടി വന്ന ശക്തമായ ഒരു മനസ്സിനോടൊത്തുള്ള, വ്യക്തിയോടൊത്തുള്ള ദൈവത്തിന്റെ, മനുഷ്യന്റെ, പ്രകൃതിയുടെ ആഘോഷമായിരുന്നു അത്! ദൈവാനുഭവത്താൽ നിറഞ്ഞ്, ദൈവത്തിന്റെ വാക്കുകൾ പ്രഘോഷിക്കുവാൻ, ദൈവത്തിന്റെ പ്രവർത്തികൾ ചെയ്യുവാൻ ഒരു വ്യക്തി തയ്യാറായി വരുമ്പോൾ ആ വ്യക്തിയെ ആരവങ്ങളോടെയല്ലാതെ, ആഘോഷങ്ങളോടെയല്ലാതെ, ആനന്ദനൃത്തങ്ങളോടെയല്ലാതെ പിന്നെ എങ്ങനെയാണ് സ്വീകരിക്കേണ്ടത്?

ബുദ്ധമത പാരമ്പര്യത്തിൽ ബുദ്ധനായിത്തീർന്ന ഗൗതമനെ ഈ പ്രപഞ്ചം സ്വീകരിക്കുന്ന ഒരു വിവരണമുണ്ട്. പ്രബുദ്ധത നിറഞ്ഞു ബുദ്ധനായിത്തീർന്നശേഷം അദ്ദേഹം താൻ ഉൾക്കൊണ്ട ധർമ്മം പഠിപ്പിക്കാൻ, താൻ അനുഭവിച്ചറിഞ്ഞ ചൈതന്യം ജീവിക്കാൻ യാത്ര തിരിക്കുകയാണ്. അങ്ങനെ കടന്നു വരുന്ന ബുദ്ധനെ പ്രപഞ്ചം, അസ്ത്വിത്വം മുഴുവൻ ആഹ്ലാദാരവങ്ങളോടെയാണ് സ്വീകരിക്കുന്നത്. ഉണങ്ങിനിന്ന മരങ്ങളെല്ലാം പൂവണിയുകയാണ്. വരണ്ടുകിടന്ന അരുവികളിൽ ജലം നിറഞ്ഞു അവ കളകളാരവത്തോടെ ഒഴുകുകയാണ്. വീശിയടിച്ച കാറ്റിൽ മരങ്ങളെല്ലാം നൃത്തം ചെയ്തപ്പോൾ ബുദ്ധൻ കടന്നുപോയ വഴികളിലെല്ലാം പുഷ്പവൃഷ്ടിയുണ്ടാകുകയാണ്. വെറും ഗൗതമൻ ബുദ്ധനായി വരുമ്പോൾ, ഇങ്ങനെയല്ലാതെ പിന്നെയെങ്ങനെയാണ് അദ്ദേഹത്തെ പ്രപഞ്ചം സ്വീകരിക്കേണ്ടത്?

ബ്രസീലിയൻ നോവലിസ്റ്റായ പൗലോ കൊയ്‌ലോ (Paulo Coelho) യുടെ ആൽക്കമിസ്റ്റ് (Alchemist) എന്ന നോവലിൽ ഇതേ ആശയം തന്നെ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. സാന്റിയാഗോ എന്ന ഇടയബാലന്റെ, താൻ സ്വപ്നത്തിൽ കാണുന്ന നിധിയന്വേഷിച്ചുള്ള യാത്രയാണ് ഈ നോവലിന്റെ പ്രമേയം. സ്വപ്നത്തിന്റെ പൊരുളും, പൊരുളിൽ തെളിയുന്ന നിധിയും കണ്ടെത്താനുള്ള യാത്രയിൽ സലേമിലെ രാജാവ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന വൃദ്ധനായ മെൽക്കിസെദേക് (Melchizedek) സാന്റിയാഗോയ്ക്ക് കൊടുക്കുന്ന ഒരു ഉപദേശം ഇങ്ങനെയാണ്: ‘നീ ആരായിരുന്നാലും, നീ എന്ത് ചെയ്യുന്നവനായാലും നിന്റെ ആത്മാവിന്റെ ആഴത്തിൽ നീ ഒരു കാര്യം ആഗ്രഹിച്ചാൽ, അത് ഈ പ്രപഞ്ചത്തിന്റെ ആത്മാവിൽ പിറന്നുവീഴും…നീ വളരെ ശക്തമായി ഒരു കാര്യം ആഗ്രഹിച്ചാൽ അത് സാധിതമാക്കാൻ ഈ പ്രപഞ്ചം മുഴുവൻ, ഈ അസ്തിത്വം മുഴുവൻ നിന്നോടൊത്തു സഹകരിക്കും.’ ജീവിതത്തിന്റെ വിശുദ്ധിയുമായി, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ മുന്നിട്ടിറങ്ങുമ്പോൾ സ്നേഹമുള്ളവരേ ദൈവവും, മനുഷ്യരും, ഈ പ്രപഞ്ചവും നമ്മോടൊത്തുണ്ടാകും!  

എന്തുകൊണ്ടാണ് വിശുദ്ധരുടെ തിരുനാളുകൾ നാം മഹാമഹം ആഘോഷിക്കുന്നത്? ഈ ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റിക്കൊണ്ട് കടന്നുപോയ അവരെ ഇങ്ങനെയല്ലാതെ പിന്നെയെങ്ങനെയാണ് ഓർമിക്കേണ്ടത്? എന്തുകൊണ്ടാണ് വിവാഹം, തിരുപ്പട്ടം, സന്യാസ വ്രതവാഗ്ദാനം എന്നിവ നമ്മളാൽ കഴിയും വിധം നാം ആഘോഷമാക്കുന്നത്? വിവാഹത്തിലൂടെ, തിരുപ്പട്ടത്തിലൂടെ, സന്യാസജീവിതത്തിലൂടെ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ കടന്നുവരുന്ന ചെറുപ്പക്കാരെ ആഘോഷത്തോടെയല്ലേ സ്വീകരിക്കേണ്ടത്?  സന്തോഷത്തോടെയല്ലേ ജീവിതാന്തസ്സിന്റെ വഴികളിലേക്ക് ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ പറഞ്ഞുവിടേണ്ടത്?

സ്നേഹമുള്ളവരേ, ദൈവം കനിഞ്ഞു നൽകിയ ജീവിതവുമായി ഈ ഭൂമിയിലൂടെ കടന്നുപോകുമ്പോൾ ആ ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുക എന്നതിൽ കവിഞ്ഞ്, മനുഷ്യന്, ക്രൈസ്തവന് എന്താണ് ഈ ഭൂമിയിൽ ചെയ്യുവാനുള്ളത്? അങ്ങനെ കടന്നുവരുന്ന ക്രൈസ്തവനെ കണ്ടെത്തുവാൻ, തിരിച്ചറിയുവാൻ ജെറുസലേമിലേക്കു രാജകീയ പ്രവേശം നടത്തുന്ന ക്രിസ്തുവിനെ നോക്കിയാൽ മതി. കാരണം, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിച്ചുകൊണ്ടു ജീവിക്കുന്ന ഒരു വ്യക്തിയിൽ അവശ്യം തെളിഞ്ഞു നിൽക്കുന്ന എല്ലാ ഗുണങ്ങളും കഴുതപ്പുറത്തേറിവരുന്ന ക്രിസ്തുവിൽ കണ്ടെത്തുവാൻ നമുക്ക് കഴിയും.

ഒന്നാമതായി, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ തീരുമാനിക്കുന്ന ഒരുവൻ എളിമപ്പെടുന്നു. ഈശോ വിനയാന്വിതനായി കഴുതപ്പുറത്താണ് തന്റെ രാജകീയ പ്രവേശം നടത്തുന്നത്. “ഞാൻ ശാന്തശീലനും വിനീതഹൃദയനുമാണ്’ (മത്താ 11, 29) എന്ന് മൊഴിഞ്ഞ ഈശോ ജീവിതത്തിന്റെ വഴികളിൽ തന്റെ വാക്കുകൾക്ക് ജീവൻ കൊടുക്കുകയാണ്. ഇന്നത്തെ രാഷ്ട്രീയ മത നേതാക്കളെപ്പോലെ ശീതീകരിച്ച വാഹനങ്ങളിലിരുന്ന് ജനത്തിനുനേരെ കൈവീശുന്ന, ശീതീകരിച്ച മുറികളിലിരുന്ന് പട്ടിണിപ്പാവങ്ങൾക്കുവേണ്ടി പ്രകടനപത്രികകളും,   ലേഖനങ്ങളും, പ്രസ്താവനകളും പടച്ചുവിടുന്ന ഒരു നേതാവായിട്ടല്ല ഈശോ കഴുതപ്പുറത്തു എഴുന്നള്ളിയത്. ആ വൈരുധ്യങ്ങളുടെ രാജകുമാരനിൽ എളിമയുള്ള, ആത്മാർത്ഥതയുള്ള ഒരു ഹൃദയം കാണുവാൻ ജനങ്ങൾക്ക് സാധിച്ചു. 

ദൈവത്തിന്റെ ഇഷ്ടം ജീവിതവൃതമായി സ്വീകരിച്ചുകൊണ്ട് ഭാരതത്തിന്റെ രാഷ്ട്രപിതാവായ വളർന്ന മഹാത്മാഗാന്ധിജിയെ ആനന്ദത്തോടെ ഭാരതം ഏറ്റുവാങ്ങിയത് അദ്ദേഹത്തിന്റെ എളിമകൊണ്ടായിരുന്നു. മഹാത്മാവിനെ ദരിദ്രനായി കാണുവാൻ അന്നത്തെ പല സവർണ

Third Class Train India High Resolution Stock Photography and Images - Alamy

നേതാക്കൾക്കും താത്പര്യമില്ലായിരുന്നു. എന്നാൽ, ദരിദ്രന്റെ തേർഡ് ക്ലാസിലൂടെ ഗാന്ധി നടത്തിയ ഓരോ ട്രെയിൻ യാത്രയും ഭാരതത്തിലെ സാധാരണ ജനത്തിന്റെ ഹൃദയത്തിലേക്കുള്ള ഫസ്റ്റ് ക്ലാസ് യാത്രകളായിരുന്നു. ട്രെയിൻ നിറുത്തിയ സ്റ്റേഷനുകളിൽ അദ്ദേഹത്തിനുകിട്ടിയ സ്വീകരണങ്ങൾ ഈശ്വരഹിതം പൂർത്തിയാക്കുവാൻ നിശ്ചയദാർഢ്യത്തോടെ ഇറങ്ങിപ്പുറപ്പെട്ട ഒരു മനുഷ്യന് കിട്ടിയ ആദരവായിരുന്നു; അദ്ദേഹത്തിന്റെ എളിമയ്ക്ക് കിട്ടിയ സ്വീകാര്യതയായിരുന്നു!

രണ്ടാമതായി, ദൈവത്തിന്റെ ഇഷ്ടം ജീവിതമാക്കാൻ ഒരാൾ തീരുമാനിക്കുമ്പോൾ ദൈവത്തോടുള്ള, ദൈവിക കാര്യങ്ങളോടുള്ള തീക്ഷ്ണതയാൽ അയാൾ നിറയുന്നു. കഴുതപ്പുറത്തേറിവന്ന ഈശോ, ജനങ്ങളുടെ ഓശാനവിളികളും, ആഹ്ലാദവും കണ്ട് അഹങ്കരിക്കാതെ, ദൈവത്തോടുള്ള തീക്ഷ്ണതയാൽ നിറയുകയാണ്. അവിടുന്ന് പിതാവിന്റെ ഭവനം ശുദ്ധീകരിക്കുകയാണ്. (മത്താ 21, 12-14) ദൈവത്തിന്റെ ഹിതം നിറവേറ്റുവാൻ ആഗ്രഹിക്കുന്നവർ അങ്ങനെയാണ്. നാട്ടിലും, വീട്ടിലും കള്ളുകുടിയും, ചില്ലറ തരികിടകളുമായി  കുടുംബം നോക്കാതെ നടന്ന ഒരാൾ, ഒരുനാൾ ധ്യാനത്തിനുപോയി ദൈവാനുഭവം നിറഞ്ഞു പുതിയമനുഷ്യനായി തിരിച്ചുവരുമ്പോൾ അവളിൽ / അവനിൽ ഉണ്ടാകുന്ന മാറ്റം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? പരിശുദ്ധ അമ്മയെപ്പോലെ, ധ്യാനത്തിന്റെ ഏതെങ്കിലും ഒരു നിമിഷം ഇതാ കർത്താവിന്റെ ദാസി/ ദാസൻ എന്നും പറഞ്ഞു ജീവിതം മുഴുവൻ ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുമ്പോൾ, പിന്നെ ദൈവത്തോടുള്ള തീക്ഷ്ണതയാൽ നിറയുകയാണ്. വീട്ടിലെത്തിയാൽ എല്ലാം clean ചെയ്യുകയാണ്. പൊടിപിടിച്ചു കിടന്ന കർത്താവിന്റെ രൂപം, മാറാലപിടിച്ചുകിടന്ന ക്രൂശിതരൂപം, വീട്ടിലെ മൊത്തം കാര്യങ്ങൾ എല്ലാം ശുദ്ധീകരിച്ചു അവൾ / അവൻ ദൈവത്തിന്റേതാക്കുകയാണ്. അവളുടെ / അവന്റെ പ്രവർത്തികളും, വാക്കുകളും, നടക്കുന്ന വഴികളും എല്ലാം ദൈവത്തോടുള്ള തീക്ഷ്ണതയുടെ പ്രകടനങ്ങളാകുകയാണ്.

മൂന്നാമതായി, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാനുള്ള ഒരാളുടെ തീരുമാനം അയാളെ സന്തോഷംകൊണ്ട് നിറയ്ക്കുന്നു; ഒപ്പം മറ്റുള്ളവരെയും. പിതാവിന്റെ ഹിതം നിറവേറ്റുവാനായി ജറുസലേമിലേക്ക് കടന്നുവന്ന ഈശോ ഉള്ളുനിറയെ ആനന്ദത്തോടും, സംതൃപ്തിയോടും കൂടിയാണ് ഇസ്രായേൽ ജനത്തിനുമുന്പിൽ നിന്നത്. ആ സന്തോഷം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്, പിന്നെ ആൾക്കൂട്ടത്തിലേക്ക് പടരുന്നതായിട്ടാണ് നാം കാണുന്നത്. കുടുംബത്തിന് തലവേദനയായിരുന്ന ഭർത്താവ്, നാണക്കേട് മാത്രമായിരുന്ന അപ്പൻ ധ്യാനം കൂടി നന്മയിലേക്ക് കടന്നുവന്നപ്പോൾ അയാളും കുടുംബം മുഴുവനും ആനന്ദത്താൽ ആർപ്പുവിളിക്കുന്നതു നിങ്ങൾ കണ്ടിട്ടില്ലേ? ഓശാന ഞായറാഴ്ച്ചയുടെ സന്തോഷം, ആഹ്ലാദം നമ്മിൽ, നമ്മുടെ കുടുംബങ്ങളിൽ നിറയാൻ നാം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരാകണം.

നാലാമതായി, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുന്ന വ്യക്തി അവൾ /അവൻ ആയിരിക്കുന്ന ഇടങ്ങളിൽ ഒരു അനുഗ്രഹമായിരിക്കും. ആ വ്യക്തിയുടെ സാന്നിധ്യം മാത്രമല്ല, ആ വ്യക്തിയുടെ വേദനയും, പീഡാസഹനവും എന്തിന് മരണംപോലും ഒരു അനുഗ്രഹമായിരിക്കും. ഈശോയുടെ സാന്നിധ്യം അവിടെ ജനത്തിന് അനുഗ്രഹമായി മാറുകയാണ്. സുവിശേഷം പറയുന്നതിങ്ങനെയാണ്: ” അന്ധന്മാരും മുടന്തന്മാരും ദേവാലയത്തിൽ അവന്റെ അടുത്തെത്തി. അവൻ അവരെ സുഖപ്പെടുത്തി.” (മത്താ 21, 15) പ്രിയപ്പെട്ടവരേ, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ തയ്യാറായി വരുന്നവന്റെ സാന്നിധ്യം മാത്രമല്ല, വാക്കുകൾ മാത്രമല്ല, അവളുടെ / അവന്റെ വേദനകൾ പോലും, പീഡാസഹനങ്ങൾ പോലും, എന്തിന് മരണംപോലും അനുഗ്രഹമായിത്തീരും. അതാണ് ഈശോയുടെ ജീവിതം.

സമാപനം

സ്നേഹമുള്ളവരേ, ഓശാനഞായർ വെറുമൊരു റോഡ് ഷോ അല്ല. അത് നമ്മുടെ ജീവിതത്തിൽ ഓരോ നിമിഷവും സംഭവിക്കേണ്ട ദൈവിക പദ്ധതിയാണ്. നിങ്ങൾ ഓർക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ഈ നോമ്പുകാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചത്തെ സുവിശേഷം നമ്മെ ഓശാന ഞായറാഴ്ച്ചയിലേക്കു ഒരുക്കുകയായിരുന്നു. അന്ന് സുവിശേഷം നമ്മോടു പറഞ്ഞത്,

The Deeper Meaning of Palm Sunday - The Good Life

“കർത്താവേ, കർത്താവേ, എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗ്ഗ രാജ്യത്തിൽ പ്രവേശിക്കുന്നത്.” കുരുത്തോലകളുടെ നൈർമല്യത്തോടെ, നമുക്ക് ഉറക്കെ വിളിക്കാം, ഓശാന, കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ! കർത്താവേ, നിന്റെ ഇഷ്ടം നിറവേറ്റുന്നവരാകാൻ ഞങ്ങളെ ശക്തരാക്കണമേ! വലിയ ആഴ്ചയിലെ സംഭവങ്ങൾ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നത് എങ്ങനെയെന്ന് നമ്മെ പഠിപ്പിക്കട്ടെ. നമ്മിൽ സ്വർഗ്ഗരാജ്യത്തിന്റെ സന്തോഷം, രക്ഷ നിറയട്ടെ. ആമേൻ!

sunday sermon jn 10, 1-18

നോമ്പുകാലം ആറാം ഞായർ

യോഹ 10, 1-18

സന്ദേശം

Good Shepherd Sunday – deacon rudy's notes

സ്ഥാനാർഥി നിർണയത്തിന്റെയും, പത്രിക സമർപ്പണത്തിന്റെയും തിരക്കിലാണ് രാഷ്ട്രീയ കേരളം. ഏതു വ്യക്തിയെ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറക്കണമെന്ന്, അതിനുശേഷം ആരെ തിരഞ്ഞെടുക്കണമെന്ന് ചിന്തിക്കുകയാണ് കേരളം. രാഷ്ട്രീയ കേരളം ഭാവി നേതാക്കൾക്കായി തിരയുമ്പോൾ, തിരുസ്സഭ ഇന്ന്, അമ്പതു നോമ്പിന്റെ ആറാം ഞായറാഴ്ച്ച നല്ല നേതാവ് ആരായിരിക്കണമെന്ന്, നല്ല ഇടയൻ എങ്ങനെയുള്ള ആളാണെന്ന് നമ്മെ ഓർമപ്പെടുത്തുകയാണ്. നല്ല ഇടയന്റെ, നല്ല ഇടയനായ ഈശോയുടെ സുന്ദരമായ ചിത്രമാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിൽ വരച്ചു കാണിക്കുന്നത്.

വ്യാഖ്യാനം 

പ്രധാനമായും മൂന്ന് രൂപകങ്ങളാണ് ഈശോ ഇന്നത്തെ സുവിശേഷത്തിൽ ഉപയോഗിക്കുന്നത്. ഒന്ന്, ഇടയൻ. ഈശോ പറയുന്നു: ” ഞാൻ നല്ല ഇടയനാണ്.” (യോഹ 10, 11) രണ്ട്, ആടുകൾ. “നിങ്ങൾ ആടുകളാണ്” എന്ന് ഈശോ പറയുന്നില്ലെങ്കിലും ആടുകൾ അന്ന് പറയുമ്പോൾ മനുഷ്യരെയാണ്, നമ്മെയാണ് ഈശോ മനസ്സിൽ കാണുന്നത്. മൂന്ന്, വാതിൽ. ഈശോ പറയുന്നു: “ഞാനാണ് ആടുകളുടെ വാതിൽ.” (യോഹ 10, 7)

ഇടയനും ആട്ടിൻകൂട്ടവും നമ്മുടെ സംസ്കാരത്തിന്റെ മുഖ്യഘടകമല്ലെങ്കിലും, ഇടയനെക്കുറിച്ചും, ആടുകളെക്കുറിച്ചും നമുക്ക് അറിയാവുന്നതുകൊണ്ട്, ‘ഈശോ നല്ല ഇടയനാണ്’ എന്ന രൂപകം മനസ്സിലാക്കാൻ നമുക്കു എളുപ്പമാണ്. എവിടെനിന്നാണ് ഈ ആശയം ഈശോയ്ക്ക് ലഭിച്ചത് എന്നതിനെക്കുറിച്ചു പല അഭിപ്രായങ്ങളുണ്ട്. പ്രധാനപ്പെട്ട ഒരു വാദം ഇതാണ്: Jesus lived in India എന്ന പുസ്തകത്തിൽ ഹോൾഗെർ കെർസ്റ്റൻ (Holger Kersten), ബുദ്ധമത പാരമ്പര്യത്തിൽ നിന്നാകാം ഈശോയ്ക്ക് ഇങ്ങനെയൊരു ആശയം ലഭിച്ചിട്ടുണ്ടാകുക എന്ന് അഭിപ്രായപ്പെടുന്നുണ്ട്. ക്രിസ്തുവിന് മുൻപ് നിലവിലുണ്ടായിരുന്ന ബുദ്ധ മത പാരമ്പര്യത്തിൽ ബോധിസത്വനെ നല്ലയിടയനായി ചിത്രീകരിച്ചിട്ടുള്ള പ്രതിമകൾ കണ്ടെടുത്തിട്ടുള്ളത് ഈ അഭിപ്രായത്തിന് തെളിവായി നൽകുന്നുമുണ്ട്. എന്നാൽ, മനുഷ്യന്റെ സാധാരണ ജീവിതസാഹചര്യങ്ങളെ കൂട്ടിയിണക്കി സാരോപദേശങ്ങൾ പറയുന്ന രീതി സ്വീകരിച്ച ഈശോ, ഇടയനും ആട്ടിൻകൂട്ടവുമെന്ന ചിത്രവും ഇസ്രായേൽക്കാരുടെ ജീവിതപശ്ചാത്തലത്തിൽ നിന്ന് എടുത്തതായിരിക്കണമെന്നാണ് ക്രൈസ്തവ പണ്ഡിതന്മാർ വിശ്വസിക്കുന്നത്. ഈ അഭിപ്രായമാണ് ഏറ്റവും സ്വീകാര്യമെന്നാണ് എനിക്കും തോന്നുന്നത്.

ഇടയനും ആട്ടികൂട്ടവും മധ്യപൂർവേഷ്യയിലെ ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. ജനത്തിന് ഏറ്റവും പരിചിതമായ ജീവനുള്ള ഒരു ചിത്രം എടുത്തുകൊണ്ട് ഈശോ ഇവിടെ തന്നെ വെളിപ്പെടുത്തുകയാണ്. ഒപ്പം, ആടുകൾക്കുവേണ്ടി ജീവൻ സമർപ്പിക്കുന്ന നല്ല ഇടയനായ ലോകരക്ഷകൻ താനാണെന്ന് സൂചിപ്പിക്കുകയാണ്.

ഇടയന്റെ സ്വഭാവം വളരെ വ്യക്തമായി അറിയുന്നവരാണ് ഇസ്രായേൽക്കാർ. അവർക്ക് ഇടയൻ എന്നത് ജീവിതത്തിന്റെ ഭാഗമാണ്. പഴയനിയമത്തിൽ സാമുവലിന്റെ ഒന്നാം പുസ്തകത്തിൽ അദ്ധ്യായം 7, വാക്യങ്ങൾ 34-36 ഇടയന്റെ സ്വഭാവം എന്താണെന്ന് വിവരിക്കുന്നുണ്ട്. ഫിലിസ്ത്യരുടെ നേതാവായ ഗോലിയാത്ത് ഇസ്രായേൽക്കാരെ വെല്ലുവിളിക്കുന്ന കാലം. ഗോലിയാത്തിനെക്കൊന്ന് ഫിലിസ്ത്യരെ തോൽപ്പിക്കാൻ കഴിയാതെ വലയുകയാണ് ഇസ്രായേൽ സൈന്യം. അപ്പോൾ ഇടയനായ ദാവീദ് ഫിലിസ്ത്യരുടെ നേതാവായ ഗോലിയാത്തിനെ കൊല്ലുവാൻ തയ്യാറാകുകയാണ്. ഇതുകണ്ട്  സാവൂൾ രാജാവ് അവനോടു ചോദിക്കുന്നത്, നീ വെറും ബാലനല്ലേ

Who Was Goliath in the Bible? What's the Story of this Giant Philistine?

എന്നാണ്. അപ്പോൾ ദാവീദ് പറയുകയാണ്: ” പിതാവിന്റെ ആടുകളെ മേയിക്കുന്നവനാണ് അങ്ങയുടെ ഈ ദാസൻ. സിംഹമോ, കരടിയോ വന്നു ആട്ടിന്പറ്റത്തിൽ നിന്ന് ഒരാട്ടിൻകുട്ടിയെ തട്ടിയെടുത്താൽ, ഞാൻ അതിന്റെ പിന്തുടർന്ന് ആട്ടിൻകുട്ടിയെ രക്ഷിക്കും. അത് എന്നെ എതിർത്താൽ ഞാൻ അതിന്റെ ജടയ്ക്കു പിടിച്ചു അടിച്ചു കൊല്ലും.’ സാവൂൾ വിസ്മയത്തോടെ ഇതെല്ലം കേട്ടുനിൽക്കുകയാണ്. “ഞാൻ ഈ കുട്ടിയെ underestimate ചെയ്തോ” എന്ന് രാജാവ് ഉള്ളിൽ ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ ദാവീദ് അല്പം ശബ്ദം താഴ്ത്തി പറഞ്ഞു: “അങ്ങയുടെ ദാസൻ സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുണ്ട്.” അവന്റെ മുഖഭാവം കണ്ട രാജാവിന് അതൊരു വെറും ‘തള്ളല്ലാ’ എന്ന് മനസ്സിലായി.

യഥാർത്ഥ ഇടയന്റെ ചിത്രമാണ്, സ്വഭാവമാണ് ദാവീദ് വരച്ചുകാട്ടിയത്. ആട്ടിൻകൂട്ടത്തിൽ നിന്ന് ഒരാടിനെ തട്ടിയെടുത്താൽപ്പോലും ശത്രുവിനെ പിന്തുടർന്ന് ആ ആട്ടിൻകുട്ടിയെ രക്ഷിക്കുന്ന ഇടയന്റെ ചിത്രം ദാവീദ് വളരെ മനോഹരമായാണ് അവതരിപ്പിക്കുന്നത്. യഥാർത്ഥ ഇടയന്റെ ദർശനം ഇതാണ്: ‘സ്വന്തം ജീവൻ സമർപ്പിച്ചും ആടുകളെ രക്ഷിക്കുക.’ ആരും സഞ്ചരിച്ചിട്ടില്ലാത്ത അജ്ഞാതമായ പാതകളിലൂടെ സഞ്ചരിച്ച് ആടുകളെ രക്ഷിക്കുവാൻ ഇടയന് കഴിയണം. ഇടയൻ ആടുകളെ വളർത്തുകയും സംരക്ഷിക്കുകയും ചെയ്യണം. ഇതെല്ലാം അറിയാമായിരുന്ന ദാവീദ് രാജാവ് ആത്മാവിൽ നിറഞ്ഞു പാടിയത് ഇങ്ങനെയല്ലേ? “കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാകുകയില്ല…അവിടുന്ന് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല.” (സങ്കീ 23, 1-4)

എസക്കിയേൽ പ്രവാചകന്റെ പുസ്തകം 34, 15-16 വാക്യങ്ങൾ പറയുന്നു: “ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ തന്നെ എന്റെ ആടുകളെ മേയ്ക്കും. ഞാൻ അവയ്ക്കു വിശ്രമസ്ഥലം നൽകും. നഷ്ടപ്പെട്ടതിനെ ഞാൻ അന്വേഷിക്കും. വഴിതെറ്റിയതിനെ ഞാൻ തിരിയെക്കൊണ്ടുവരും. മുറിവേറ്റതിനെ ഞാൻ വച്ചുകെട്ടും…നീതിപൂർവം ഞാനവയെ പോറ്റും.”

ഇസ്രായേൽ ജനത്തിന് പരിചിതമായ ഈ രൂപകം ഈശോയിലേക്കു ആരോപിക്കുമ്പോൾ എത്ര മനോഹരമായാണ് ഇടയസങ്കല്പം പൂത്തുലയുന്നത്! ഇടയനില്ലാത്ത ആടുകളെപ്പോലെ അലയുന്ന നമ്മോടു് അനുകമ്പ കാണിക്കുന്ന ഒരു നല്ല ഇടയൻ, കർത്താവായ ഈശോ നമുക്കുണ്ടെന്നത് എത്ര ആശ്വാസമാണ് നമുക്ക് നൽകുന്നത്! ജീവനുണ്ടാകുവാനും അത് സമൃദ്ധിയായി ഉണ്ടാകുവാനും ഭൂമിയിലേക്ക് വന്ന ക്രിസ്തു വിശുദ്ധ കുർബാനയിലൂടെ ഇന്നും ജീവൻ നമുക്ക് നല്കുകയല്ലേ? ആടുകൾക്കുവേണ്ടി ജീവൻ സമർപ്പിക്കുന്ന ഇടയനെയല്ലേ പ്രിയപ്പെട്ടവരേ, കാൽവരിയിൽ നാം കാണുന്നത്? നൂറാടുകളുണ്ടായിരിക്കെ അതിൽനിന്നു നഷ്ടപ്പെട്ടാൽ തൊണ്ണൂതൊണ്ണൂറ്റൊൻപതിനേയും ആലയിൽ വിട്ടിട്ട് നഷ്ടപ്പെട്ട ഒരാടിനെ തേടിപ്പോകുന്ന ക്രിസ്തുവിനെയല്ലേ, കുമ്പസാരവേദികളിൽ ഇന്നും നാം കണ്ടുമുട്ടുന്നത്? അതെ, ക്രിസ്തു നല്ല ഇടയനാണ്.

രണ്ടാമത്തെ രൂപകം ആടുകളാണ്. ആടുകളുടെ പ്രത്യേകതയെന്തെന്നു നിങ്ങൾക്കറിയില്ലേ? ആടിനെ ഒരിക്കലും തനിച്ചു നാം കാണാറില്ല. തനിച്ചാകുമ്പോൾ വഴിതെറ്റിയതായി അതിനു തോന്നും. എവിടെ പോകണമെന്നോ, എന്ത് ചെയ്യണമെന്നോ അറിയാതെ അത് കറങ്ങിനടക്കും. മൃഗങ്ങളിൽ ഏറ്റവും ബലഹീനർ ആണവർ. 20 വാരയിൽ കൂടുതൽ കണ്ണ് കാണില്ല. അതുകൊണ്ട് നയിക്കാൻ ആളുവേണം.

32,522 Flock Of Sheep Stock Photos, Pictures & Royalty-Free Images - iStock

ആൾക്കൂട്ടത്തിൽ അവയ്ക്കു സുരക്ഷിതത്വം അനുഭവപ്പെടും. ആട്ടിന്പറ്റത്തെ നോക്കൂ…ഒട്ടും ഇടം കൊടുക്കാതെ മുട്ടിയുരുമ്മിയാണ് അവ പോകുന്നത്. ഒറ്റയ്ക്കായാൽ അത് അവയ്ക്ക് മരണമാണ്.

മനുഷ്യരായ നാം ഈ ആടുകളെപ്പോലെയാണ്. മനുഷ്യൻ തനിച്ചു തീർത്തും നിസ്സഹായനാണ്. ഭൂമുഖത്തുള്ള എല്ലാ ജീവികളിലും വച്ച് ഏറ്റവും ദുർബലനും നിസ്സഹായനായ ജീവി മനുഷ്യനാണ്. മനുഷ്യന്റെ ശരീരം ഒരു മൃഗത്തിന്റെ ശരീരത്തോളം ശക്തമല്ല. മനുഷ്യന്റെ എല്ലാ അവയവങ്ങളും മൃഗങ്ങളുടേതിനേക്കാൾ ബലഹീനമാണ്. ഒരു പക്ഷിയെപ്പോലെ മനുഷ്യന് പറക്കാൻ കഴിയില്ല. ഒരു കുതിരയ്‌ക്കൊപ്പമോ, ചെന്നായ, മാൻ, പുള്ളിപ്പുലി ഇവയ്‌ക്കൊപ്പമോ മനുഷ്യന് ഓടാൻ കഴിയില്ല. ഒരു ചീങ്കണ്ണിയെപ്പോലെ നീന്താൻ, കുരങ്ങിനെപ്പോലെ മരം കയറാൻ കഴിയില്ല. കഴുകനെപ്പോലെ കണ്ണുകളോ, കാട്ടുപൂച്ചയ്ക്കുള്ള പല്ലുകളോ മനുഷ്യനില്ല. ചെറിയൊരു പ്രാണി കടിച്ചാൽ മനുഷ്യൻ മരിക്കും. അത്രേയുള്ളു. അതുകൊണ്ടു തന്നെ മനുഷ്യന്റെ അടിസ്ഥാന വികാരം ഭയമാണ്. മനുഷ്യന് ആയുധങ്ങൾ വേണം, സുരക്ഷിതത്വം ഉറപ്പിക്കാൻ. ആദ്യം ശിലായുധങ്ങൾ, ലോഹായുധങ്ങൾ, അകലെനിന്ന് മൃഗങ്ങളെ നേരിടാൻ അമ്പും വില്ലും, പിന്നെ തോക്കുകൾ, ആണവായുധങ്ങൾ … ഇപ്പോൾ ആയുധങ്ങൾ കയ്യിൽ കരുതേണ്ട. ബട്ടണമർത്തിയാൽ മതി, മിസൈൽ കുതിച്ചുയരും. പക്ഷെ ബട്ടൺ ആരുടെ കയ്യിലാണ്? മോസ്കോയിലോ, വൈറ്റ് ഹൌസ്സിലോ, ഡെൽഹിയിലോ? ആരാണ് എപ്പോഴാണ് അമർത്തുന്നത്? അപ്പോഴും ഭയം മാത്രം ബാക്കി! ആരാണ് മനുഷ്യൻ? വെറും ആടുകൾ! ഓരോ ചുവടിലും ഭയം കൊണ്ട്നടക്കുന്ന ആടുകൾ! മനുഷ്യന്റേത് ഒരു ആടുജീവിതം!?

പ്രിയപ്പെട്ടവരേ, ആടുകൾക്ക് ഇടയനെ, നല്ല ഇടയനെ ആവശ്യമുണ്ട്. നല്ല ഇടയനില്ലെങ്കിൽ ആടുകൾ ചിതറിക്കപ്പെടും. കലക്കവെള്ളം കുടിക്കും. യോനായുടെ പുസ്തകത്തിൽ കർത്താവ് പറയുന്നതുപോലെ, ഇടതേത്, വലുതേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത മനുഷ്യർക്കും (യോനാ 4, 11) -ഇത് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെക്കുറിച്ചല്ലാട്ടോ – വെറും ബലഹീനനായ മനുഷ്യർക്കും ഇടയനെ ആവശ്യമാണ്. അത് ലൗകിക ഇടയന്മാർ പോരാ. കാരണം അവർ സ്വാർത്ഥമതികളാണ്, അഹങ്കാരികളാണ്, ആക്രാന്തം കാട്ടുന്നവരാണ്.  എസക്കിയേൽ പ്രവാചകന്റെ പുസ്തകം അദ്ധ്യായം 34 ൽ കർത്താവ് അരുളിച്ചെയ്യുന്നു: ‘ഇസ്രായേലിന്റെ ഇടയന്മാരേ നിങ്ങൾക്ക് ദുരിതം! …നിങ്ങൾ ആടുകളെ പോറ്റുന്നില്ല. …മുറിവേറ്റതിനെ വച്ചുകെട്ടുന്നില്ല. ഇടയനില്ലാത്തതിനാൽ…കാട്ടിലെ മൃഗങ്ങൾക്ക് അവ ഇരയായിത്തീർന്നു.’

മനുഷ്യർക്ക് വേണ്ടത്, നമുക്ക് വേണ്ടത് ആടുകളെ അറിയുന്നവനും, ആടുകളെ പേരുചൊല്ലി വിളിക്കുന്നവനും, അവയെ സമൃദ്ധമായ മേച്ചിൽ സ്ഥലങ്ങളിലേക്ക് നയിക്കുന്നവനുമായ ഇടയനെയാണ്. ഈ ലോകത്തിലെ ഇടയന്മാർ പക്ഷെ, ആടുകളെ കൊല്ലുന്നവരും, അവയെ ഭക്ഷിച്ചു കൊഴുക്കുന്നവരുമാണ്. നാടിനെയും നാട്ടാരെയും നന്നാക്കുവാൻ മുന്നോട്ടു വരുന്ന നമ്മുടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മത നേതാക്കന്മാരെ നോക്കുക! ആടുകൾ, സാധാരണ മനുഷ്യർ, ഈ നാട് ഒട്ടും തന്നെ വളരുന്നില്ല. വികസനം, വികസനം എന്ന പ്ലാവിലക്കൊമ്പുകൾ കാട്ടി ആടുകളെ ഇവർ കൊതിപ്പിക്കുകയാണ്. എന്നിട്ട്, വളരുന്നതാരാ? നമ്മുടെ ഇടയന്മാർ! വികസിക്കുന്നതാരാ? നമ്മുടെ നേതാക്കന്മാർ! രാജ്യത്തെ കടക്കെണിയിലാക്കുകയും, കടം വാങ്ങിയതിൽ നിന്ന് അടിച്ചു മാറ്റുകയും, അതിൽ നിന്ന് ഒരിറ്റു പുല്ല് ഒരു കിറ്റിലാക്കി ആടുകൾക്ക് തരികയും അങ്ങനെ ആടുകളെ പറ്റിക്കുകയും ചെയ്യുന്ന നേതാക്കന്മാരാണ് നമുക്കുള്ളത്. ആടുകളെ തെരുവിൽ അലയാനും, കാട്ടുമൃഗങ്ങൾക്കു ഇരയാകാനും കൊടുത്തിട്ടു, സ്വന്തം കൂടാരങ്ങൾ മോടിപിടിപ്പിക്കാനും, സ്വന്തം പ്രസ്ഥാനങ്ങൾ വളർത്താനും നടക്കുന്ന ഇടയന്മാരാണ് നമുക്കുള്ളത്! ആടുകളെ സൗകര്യപൂർവം കൊല്ലുന്ന, കൊന്നു തിന്നുന്ന ചെന്നായ്ക്കളോടു ചങ്ങാത്തം കൂടുന്ന, അതിനെ ന്യായീകരിക്കുവാൻ ദൈവവചനം വിലയ്‌ക്കെടുക്കുന്ന ഇടയന്മാരാണ് നമുക്കുള്ളത്!

ഇന്നത്തെ സുവിശേഷത്തിലെ മൂന്നാമത്തെ രൂപകമായ ഈശോയെന്ന വാതിലിലൂടെ രക്ഷയിലേക്ക് പ്രവേശിക്കുവാൻ   നാം ഈ നോമ്പ് കാലത്ത് ശ്രമിക്കണം. ഈശോ ഒരേ സമയം ഇടയനും വാതിലുമാണ്. ഈ വാതിലിലൂടെ അകത്തു പ്രവേശിക്കുമ്പോൾ അവിടെ മെറ്റൽ ഡിക്റ്റേറ്റർ ഉണ്ടാകും. കാരണം, സ്നേഹവും സമർപ്പണവും ഉള്ളവർക്ക് മാത്രമേ ഈ വാതിലിലൂടെ പ്രവേശനമുള്ളൂ – ഇടയനെ അറിയുന്ന, ഇടയന്റെ സ്വരം കേൾക്കുന്ന, ഇടയനോടൊത്തു നടക്കുന്നവർക്കു മാത്രം!

സമാപനം

അതുകൊണ്ട് നമുക്ക് വേണ്ടത് ലൗകിക ഇടയന്മാരെയല്ല. എന്നെ അറിയുന്ന, എന്റെ പേരുചൊല്ലി വിളിക്കുന്ന, എന്റെ കൂടെ നടക്കുന്ന, എനിക്കുവേണ്ടി ജീവൻ സമർപ്പിക്കുന്ന എന്റെ ദൈവത്തെ, എന്റെ ഈശോയെ ഇടയനായി സ്വീകരിക്കുവാൻ നമുക്ക് സാധിക്കണം. സ്നേഹമുള്ളവരേ, എപ്പോഴും നമ്മുടെ കണ്മുന്പിലുള്ള, എപ്പോഴും നമ്മുടെ വലതുഭാഗത്തുള്ള നല്ലിടയനാണ് ഈശോ.  (സങ്കീ 16, 8) അനാഥർക്ക് സഹായം നൽകുന്ന, അവരുടെ ഹൃദയത്തിനു ധൈര്യം കൊടുക്കുന്ന നല്ലിടയനാണ് ഈശോ.  ഹൃദയം നുറുങ്ങുന്നവർക്കു സമീസ്ഥനാകുന്ന, മനമുരുകുന്നവരെ രക്ഷിക്കുന്ന (സങ്കീ 34, 18) നല്ലിടയനാണ് ഈശോ. നമ്മുടെ ശരീരത്തിൽ സ്വസ്ഥതയില്ലാതെ വരുമ്പോൾ, അസ്ഥികളിൽ ആരോഗ്യമില്ലാതെ വരുമ്പോൾ, നമ്മുടെ വ്രണങ്ങൾ അഴുകി നാറുമ്പോൾ, പാപം നിമിത്തം വിലപിച്ചു കഴിയുമ്പോൾ, നമ്മെ തോളിലേറ്റുന്ന, നമ്മുടെ മുറിവുകൾ വച്ചുകെട്ടുന്ന, വരുവിൻ നമുക്ക് രമ്യതപ്പെടാമെന്നു പറയുന്ന നല്ലിടയനാണ് ഈശോ. വീണുകിടക്കുന്നവനിട്ടു ഒരു ചവിട്ടുകൂടി കൊടുക്കുന്ന ഇടയന്മാരുള്ള ഈ ലോകത്തിൽ, ഒറ്റപ്പെടുത്താനും, കുറ്റപ്പെടുത്താനും തിടുക്കം കൂട്ടുന്ന ഇടയന്മാരുള്ള ഈ ലോകത്തിൽ, വീണവനെ എഴുന്നേൽപ്പിക്കുന്ന, ഒറ്റപ്പെട്ടവനെ ചേർത്തുപിടിക്കുന്ന നല്ലിടയനായ ഈശോയുടെ സ്വരം കേട്ട് അവിടുത്തെ പിന്തുടരുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ശക്തിപ്പെടുത്തട്ടെ. നാം ആടുകളായതുകൊണ്ട് ഇടയനായ ഈശോയെ പിഞ്ചൊല്ലുവാനും,

The Lamb | Jesus drawings, Jesus art, Jesus sketch

നാം ഇടയന്മാരായതുകൊണ്ട് നമ്മുടെ, കുടുംബത്തിൽ, ഇടവകയിൽ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തന മണ്ഡലങ്ങളിൽആടുകൾക്കുവേണ്ടി ജീവൻ സമർപ്പിക്കുവാനുമുള്ള അനുഗ്രഹത്തിനായി ഈ വിശുദ്ധ ബലി നമുക്ക് തുടർന്ന് അർപ്പിക്കാം. ആമേൻ!

sunday sermon jn 7, 37-39+8, 12-20

നോമ്പുകാലം അഞ്ചാം ഞായർ

യോഹ 7, 37- 39 +8, 12-20

സന്ദേശം

75 Light of the World ideas | light of the world, jesus pictures, christian  art

അമ്പതു നോമ്പിന്റെ അഞ്ചാം ഞായറാഴ്ചയിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. നോമ്പുകാലത്തെ ദൈവകൃപയാൽ നിറച്ചു, ക്രൈസ്തവജീവിതങ്ങളെ തിളക്കമുള്ളതാക്കി തീർക്കുവാനുള്ള ആഗ്രഹവുമായാണ് ഇന്നത്തെ സുവിശേഷം നമ്മെ സമീപിക്കുന്നത്. സുവിശേഷ സന്ദേശം ഇതാണ്: പരിശുദ്ധാത്മാവിനാൽ നിറഞ്ഞു, ക്രിസ്തുവിന്റെ പ്രകാശങ്ങളായി ജീവിക്കുകയാണ് ക്രൈസ്തവ ധർമം.

വ്യാഖ്യാനം

ജറുസലേമിൽ കൂടാരത്തിരുനാളിന്റെ അവസാനദിനത്തിലും, പിറ്റേദിവസവുമായി ഈശോ നടത്തുന്ന രണ്ട്   പ്രഖ്യാപനങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ പ്രധാന ആകർഷണം. മൂന്ന് പ്രധാന തിരുനാളുകളാണ് യഹൂദപാരമ്പര്യത്തിലുള്ളത്. 1. പെസഹാതിരുനാൾ (Passover/Pesach) 2. പെന്തക്കുസ്ത (Pentecost) 3. കൂടാരത്തിരുനാൾ (The Feast of Tabernacles/Sukkot). ഹെബ്രായ കലണ്ടറിലെ നീസാൻ മാസം പതിനഞ്ചാം തിയതി ആചരിക്കുന്ന തിരുനാളാണ് ഇസ്രായേൽക്കാരുടെ പെസഹാതിരുനാൾ. സീനായ് മലമുകളിൽ ദൈവം മോശയ്ക്ക് പത്തുകല്പനകൾ നൽകിയതിനെ അനുസ്‌മരിച്ചുകൊണ്ടുള്ള തിരുനാളാണ് പന്തക്കുസ്ത തിരുനാൾ. ദൈവം നൽകുന്ന ദാനങ്ങൾക്കുള്ള, ആദ്യഫലങ്ങൾക്കുള്ള നന്ദിപ്രകടനമായും ഈ തിരുനാൾ ആഘോഷിക്കുന്നുണ്ട്. കൂടാരത്തിരുനാളാകട്ടെ  ഇസ്രായേൽ ജനം ഈജിപ്തിലെ അടിമത്വത്തിൽ നിന്ന് കാനൻ ദേശം ലക്ഷ്യമാക്കി പുറപ്പെടുന്നതിനെ അനുസ്മരിച്ചുള്ള ആഘോഷമാണ്. ഇസ്രായേല്യരുടെ വിളവെടുപ്പ് ഉത്സവവുംകൂടിയാണിത്.

ഇന്ന് നാം ശ്രവിച്ച സുവിശേഷ ഭാഗത്ത് രണ്ട് പ്രസ്താവനകളാണ് ഉള്ളത്. ഒന്ന് ഏഴാം അദ്ധ്യായം 38, 39 വാക്യങ്ങൾ. “ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ    വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന് … ജീവജലത്തിന്റെ അരുവികൾ ഒഴുകും.” കൂടാരത്തിരുനാളിന്റെ മഹാദിനത്തിലാണ് ഈശോ ജനങ്ങളോട് ഇങ്ങനെ പറഞ്ഞത്. കൂടാരത്തിരുനാളിന്റെ ആചാരങ്ങളെ മനസ്സിലാക്കുകയാണെങ്കിൽ ഈ ദൈവ വചനത്തിന്റെ ആന്തരാർത്ഥം ഗ്രഹിക്കുവാൻ എളുപ്പമുണ്ടാകും. പഴയനിയമത്തിലെ നെഹമിയായുടെ പുസ്തകം (The Book of Nehemiah) എട്ടാം അദ്ധ്യായം 13 മുതൽ 18 വരെയുള്ള വാക്യങ്ങളിൽ കൂടാരത്തിരുനാളിന്റെ ആചാരങ്ങളെക്കുറിച്ചു പറയുന്നുണ്ട്. അവിടെയും പക്ഷേ ഈ തിരുനാളിന് ജലവുമായുള്ള ബന്ധം പറയുന്നില്ല.

കൂടാരത്തിരുനാളിൽ ഇസ്രായേൽ ജനം ഒലിവ്, കാട്ടൊലിവ്, കൊളുന്ത്, ഈന്തപ്പന എന്നിവകൊണ്ട് കൂടാരങ്ങൾ ഉണ്ടാക്കും. ഉത്സവത്തിന്റെ ആദ്യദിനം മുതൽ അവസാനദിവസം വരെ നിയമ ഗ്രന്ഥം വായിക്കും. അവസാന ദിനത്തിൽ ജലം കൊണ്ടുള്ള ആചാരങ്ങളാണ്. പുരോഹിതൻ സീലോഹ കുളത്തിൽ നിന്ന് സ്വർണം കൊണ്ടുള്ള കുടത്തിൽ വെള്ളം കോരിക്കൊണ്ടുവന്ന് ബലിപീഠത്തിനടുത്തുള്ള വെള്ളികൊണ്ടുള്ള പാത്രത്തിൽ ഒഴിക്കും. അപ്പോൾ ഗായകസംഘവും ജനങ്ങളും ഗാനങ്ങൾ ആലപിക്കും. ചില യഹൂദ പാരമ്പര്യങ്ങളിൽ പറയുന്നത് ഈ ജലം ദൈവാത്മാവിന്റെ പ്രതീകമെന്നാണ്. ഈ പാരമ്പര്യത്തിന്റെ ചുവടുപിടിച്ചാകണം യോഹാന്നാൻ സുവിശേഷകൻ പറയുന്നത്, “അവൻ ഇത് പറഞ്ഞത് തന്നിൽ വിശ്വസിക്കുന്നവർ സ്വീകരിക്കുവാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്” എന്ന്. ജീവജലം ഈശോയ്ക്ക് ആത്മാവാണ്, നിത്യജീവൻ പ്രദാനം ചെയ്യുന്ന ആത്മാവ്. യോഹന്നാന്റെ സുവിശേഷം നാലാം അധ്യായത്തിൽ ഈശോ സമരായക്കാരി സ്ത്രീയോടും ഇക്കാര്യം പറയുന്നുണ്ട്: “…ഞാൻ നൽകുന്ന ജലം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാൻ നൽകുന്ന ജലം അവനിൽ നിത്യജീവനിലേക്ക് നിർഗളിക്കുന്ന അരുവിയാകും”. (4, 14) സഖറിയായുടെ പ്രവചനത്തിൽ ജറുസലേമിൽ നിന്നുള്ള ജീവജലത്തെക്കുറിച്ച് പറയുന്നുണ്ട്. ” അന്ന് (മിശിഹായുടെ നാളിൽ) ജീവജലം ജറുസലേമിൽ നിന്ന് പുറപ്പെട്ട് പകുതി കിഴക്കേ കടലിലേക്കും, പകുതി പടിഞ്ഞാറേ കടലിലേക്കും ഒഴുകും.  അത് വേനൽക്കാലത്തും ശീതകാലത്തും ഒഴുകിക്കൊണ്ടിരിക്കും.” (സഖറിയാ 14, 8) അതായത്, ക്രിസ്തുവിൽ നിറഞ്ഞു നിൽക്കുന്ന ജീവജലം, പരിശുദ്ധാത്മാവ്, സ്ഥലകാല പരിമിതികൾ ഇല്ലാത്ത  നിരന്തര പ്രവാഹമായിരിക്കും.

സ്നേഹമുള്ളവരേ, ജലം ആത്മാവിന്റെ പ്രതീകമാണ്, പരിശുദ്ധാത്മാവിന്റെ. എല്ലാ മതങ്ങളും ജലത്തിന് പ്രതീകാത്മകത നൽകുന്നുണ്ട്. ജലം എല്ലാമതങ്ങൾക്കും വിശുദ്ധിയുടെ പ്രതീകമാണ്; പുനർജന്മത്തിന്റെ, നവീകരണത്തിന്റെ പ്രതീകമാണ്. യഹൂദ പാരമ്പര്യത്തിൽ, അവിടെ നിന്ന് ക്രൈസ്തവ പാരമ്പര്യത്തിലും ജലം ആത്മാവിന്റെ പ്രതീകമാണ്. ക്രിസ്തു ആത്മാവിനാൽ നിറഞ്ഞവനാണ്, ആത്മാവ് തന്നെയാണ്. അവിടുന്ന്, ജലത്തിന്റെ, ആത്മാവിന്റെ ഉറവയാണ്. ആ ഉറവയിൽ നിന്ന് കുടിക്കുന്നവർ ആരായാലും അവരിലും ആത്മാവിന്റെ നിറവുണ്ടാകും, ഒഴുക്കുണ്ടാകും. തന്നിലുള്ള ഈ ആത്മാവിനെ നൽകുവാനാണ്‌ ഈശോ ഈ ലോകത്തിലേക്ക് വന്നത്. ക്രിസ്തുവിന് സാക്ഷ്യം നൽകുവാൻ വന്ന സ്നാപക യോഹന്നാൻ എന്താണ് പറഞ്ഞത്? “ഞാൻ ജലം കൊണ്ട് സ്നാനം നൽകുന്നു (യോഹ 1, 26) … അവനാണ് (ക്രിസ്തുവാണ്) പരിശുദ്ധാത്മാവുകൊണ്ട് സ്നാനം നൽകുന്നവൻ.” (യോഹ 1, 33) തന്നെ ശ്രവിച്ചവരോട് “ദൈവം അളന്നല്ല പരിശുദ്ധാത്മാവിനെ കൊടുക്കുന്നത്” (യോഹ 3, 34) എന്ന് പറഞ്ഞ ഈശോ, ആത്മ്മാവിനെ സ്വീകരിക്കുവാൻ ഒരുങ്ങിയിരുന്ന ശിഷ്യർക്ക് പരിശുദ്ധാത്മാവിനെ നൽകുകയാണ്. വചനം പറയുന്നു: “അഗ്നി ജ്വാലകൾ പോലുള്ള നാവുകൾ… അവരെല്ലാവരും  പരിശുദ്ധാത്മാവിനാൽ നിറഞ്ഞു.” (അപ്പ 2, 3-4)

ലോകം മുഴുവനും ആത്മാവിനെ നൽകുവാൻ വന്ന ഈശോ, താൻ ആത്മാവിന്റെ നിറവാണെന്നറിഞ്ഞുകൊണ്ട്, പിറ്റേദിവസം ജനത്തിനോട് പറയുകയാണ് “ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.” (യോഹ 8, 12) എന്ന്. എങ്ങനെയാണ്, എന്തുകൊണ്ടാണ് ഈശോ ലോകത്തിന്റെ പ്രകാശമായത്? അവിടുന്ന് ജീവജലത്തിന്റെ ഉറവയായതുകൊണ്ട്.  അവിടുന്ന് ദൈവാത്മാവിന്റെ നിറകുടമായതുകൊണ്ട്. അപ്പോൾ ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത് എന്തായിരിക്കും? മക്കളേ, ദൈവാത്മാവിനാൽ നിങ്ങൾ നിറയുമ്പോൾ ഈ ലോകത്തിൽ നിങ്ങൾ ക്രിസ്തുവിന്റെ പ്രകാശങ്ങളായിരിക്കും. ദൈവാത്മാവിന്റെ നിറവ് നിങ്ങളിൽ ഇല്ലെങ്കിൽ ഈ ലോകത്തിൽ നിങ്ങൾ ക്രിസ്തുവിന്റെ പ്രകാശങ്ങൾ ആയിരിക്കുകയില്ല. വെളിച്ചമുള്ളിടത്തു മാത്രം നടക്കാനല്ല ഈശോ നമ്മോട് പറയ്യുന്നത്. അവിടുന്ന് നമ്മോടു പറയുന്നത് ആയിരിക്കുന്ന, നടക്കുന്ന ഇടങ്ങളിലെല്ലാം പ്രകാശം പരത്തുവാനാണ്, പ്രകാശങ്ങൾ ആകാനാണ്. അതിന് ഏറ്റവും ആവശ്യകമായ ഘടകം, ആവശ്യകമായ കാര്യം പരിശുദ്ധാത്മാവിനാൽ നിറയുക എന്നതാണ് 

പരിശുദ്ധാത്മാവിനാൽ നിറഞ്ഞു ക്രിസ്തുവിന്റെ പ്രകാശങ്ങളാകുക എന്ന മഹത്തായ ലക്ഷ്യവുമായിട്ടാണ് ഓരോ ക്രൈസ്തവനും ഈ ഭൂമിയിൽ ജീവിക്കുന്നത്. ക്രിസ്തുമതവും, മറ്റുമതങ്ങളും മനുഷ്യനിൽ ദൈവത്തിന്റെ പ്രകാശം നിറഞ്ഞവരാകാൻ മനുഷ്യരെ പഠിപ്പിക്കുന്ന, സഹായിക്കുന്ന ഘടകങ്ങളായി പ്രവർത്തിക്കാനുള്ളതാണ്. ഇരുളിന് കീഴടക്കാൻ കഴിയാത്ത ദൈവത്തിന്റെ വെളിച്ചങ്ങൾക്ക് മാത്രമേ, ലോകത്തിൽ നിറഞ്ഞിരിക്കുന്ന അന്ധകാരത്തെ മാറ്റുവാൻ സാധിക്കുകയുള്ളു. നാം ജീവിക്കുന്ന സാഹചര്യങ്ങളിൽ സത്യത്തിന്റെ, സ്നേഹത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ പ്രകാശങ്ങളാകുമ്പോഴാണ് നമ്മുടെ ക്രൈസ്തവജീവിതങ്ങൾ അർത്ഥപൂർണമാകുന്നത്. എന്റെ കുടുംബം ഇരുട്ടിലാണോ എന്നത് എന്നിൽ ദൈവികപ്രകാശം എന്തുമാത്രമുണ്ട് എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. മാമ്മോദീസാ സ്വീകരിച്ച്, മറ്റു കൂദാശകൾ കൂടെക്കൂടെ സ്വീകരിച്ച്  ക്രിസ്തുമതത്തിലായിരിക്കുമ്പോൾ ക്രിസ്തുവിന്റെ പ്രകാശങ്ങളാകുന്നില്ലെങ്കിൽ, മതംകൊണ്ട് , മതജീവിതംകൊണ്ട്    എന്ത് പ്രയോജനം?

എന്താണ് ക്രിസ്തുമതത്തിന്റെ ഭംഗി? എന്താണ് ക്രിസ്തുമതത്തെ മനോഹരിയാക്കുന്നത്? ക്രിസ്തുവിന്റെ പ്രകാശങ്ങളായി തിളങ്ങിനിൽക്കുന്ന ക്രൈസ്തവർ തന്നെയാണ് ക്രിസ്തുമതത്തിന്റെ ഭംഗി, സൗന്ദര്യം! അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മ്യാൻമറിലെ സിസ്റ്റർ ആൻ റോസ് നു ത്വാങ്! (Sister Ann Rose Nu Tawng) ഞാൻ പറയുന്നത്, ആളുകളെ മർദ്ദിക്കുകയും, വെടിവച്ചു കൊല്ലുകയും ചെയ്യുന്ന പട്ടാളത്തിനുമുന്പിൽ, തെരുവിൽ മുട്ടുകുത്തി നിന്നുകൊണ്ട് ആൻ റോസ് എന്ന കന്യാസ്ത്രീ നടത്തിയ ഹൃദയ വിലാപത്തെ കുറിച്ചാണ്. നമുക്കെല്ലാം അറിയാവുന്നതുപോലെ മ്യാൻമറിലെ ജനത ആഴ്ചകളായി പട്ടാളഭരണ

Leave the protestors, kill me instead,' Myanmar nun pleads with military,  photo goes viral - News Rush

കൂടത്തിനെതിരെ പ്രക്ഷോഭത്തിലാണ്. ജനാധിപത്യ പ്രക്ഷോഭം ക്രൂരമായി അടിച്ചമർത്തുകയാണ് പാട്ടാളം. സ്ത്രീകളെയും, കുഞ്ഞുങ്ങളെയുമടക്കം അവർ എല്ലാവരെയും മൃഗീയമായി കൊല്ലുകയാണ്. അപ്പോഴാണ്, “നിങ്ങൾക്കുവേണമെങ്കിൽ എന്റെ ജീവനെടുക്കാം, അവരെ വെറുതെ വിട്ടേക്കൂ …അവരെ നമ്മുടെ കുടുംബാംഗങ്ങളെ പ്പോലെ കാണൂ …” എന്നും പറഞ്ഞു മ്യാൻമറിലെ മേയ്റ്റ് കെയ്‌ന നഗരത്തെരുവിൽ മുട്ടുകുത്തിനിന്നുകൊണ്ടു ആൻ റോസ് എന്ന കത്തോലിക്കാ കന്യാസ്ത്രീ പട്ടാളത്തോടു അപേക്ഷിച്ചത്. അധികാരത്തിന്റെ, മസിൽപവറിന്റെ അന്ധകാരത്തിലായിരുന്ന മ്യാൻമാർ പട്ടാളം മാത്രമല്ല, ലോകം മുഴുവനും ഈ രംഗം കണ്ടു തരിച്ചിരുന്നു പോയി!  സ്നേഹമുള്ളവരേ, അത്രമേൽ, ആർദ്രമായിരുന്നു ആ യാചന! അത്രമേൽ വേദനാജനകമായിരുന്നു! അത് ലോകമനഃസ്സാക്ഷിയെ വളരെയേറെ മുറിവേൽപ്പിച്ചു. കാരണം, അത്രമേൽ പ്രകാശപൂർണമായിരുന്നു ആ രംഗം! ആ നിമിഷം സിസ്റ്റർ ആൻ റോസ് ക്രിസ്തുവിന്റെ പ്രകാശമായിരുന്നു!

അവിടെ ആ തെരുവിലേക്കോടിച്ചെന്നത് വെറുമൊരു സ്ത്രീ ആയിരുന്നില്ല, ആ നഗരത്തെരുവിൽ മുട്ടുകുത്തി നിന്നതു വെറുമൊരു കന്യാസ്ത്രീ ആയിരുന്നില്ല! ലോകം നടുങ്ങുമാറ്‌, ഒരു നിമിഷനേരത്തേക്കെങ്കിലും മ്യാൻമാർ പട്ടാളത്തെ അസ്വസ്ഥമാക്കിക്കൊണ്ടു പട്ടാളത്തോട് കെഞ്ചിയത് ദൈവത്തിന്റെ ആത്മാവാൽ നിറഞ്ഞ, ക്രിസ്തുവിന്റെ പ്രകാശമായ, ക്രിസ്തുവിന്റെ സമർപ്പിത സിസ്റ്റർ ആൻ റോസ് നു ത്വാങ് ആയിരുന്നു!

ഞാനൊന്ന് ഭാവനയിൽ കാണാൻ ശ്രമിക്കുകയാണ്… അന്ന്, കൂടാരത്തിരിനാളെല്ലാം കഴിഞ്ഞ് പെട്ടിയും കിടക്കയുമെല്ലാം എടുത്തു വീട്ടിലേക്ക് പോകാൻ തിരക്കുകൂട്ടുന്ന ജനത്തിന്റെ ഇടയിൽ ക്രിസ്തു നിന്നു..അവിടുന്ന് ഇരുകൈകളും വിരിച്ചു പിടിച്ചുകൊണ്ട് ഉച്ചത്തിൽ ജനത്തിനോട് പറഞ്ഞു: ” ചെവിയുള്ളവർ കേൾക്കട്ടെ. ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.” ജനം മുഴുവനും ഒരുനിമിഷം ആ മുഖത്തെ പ്രകാശം കണ്ട് , ദൈവിക ദീപ്തി കണ്ട് വിസ്മയിച്ചു നിന്നുകാണും! ഇന്ന്… മ്യാൻമാറിലെ തെരുവിൽ ക്ഷുഭിതരായി നിൽക്കുന്ന ക്രൂരന്മാരായ ബർമീസ് പട്ടാളത്തിന്റെ മുൻപിൽ ഒരുകൂട്ടം മനുഷ്യർ തങ്ങൾക്കുനേരെ വരുന്ന വെടിയുണ്ടയുംപ്രതീക്ഷിച്ചു നിൽക്കുമ്പോൾ അതാ ഓടിവരുന്നു വെള്ളവസ്ത്രമണിഞ്ഞ, തലയിൽ കറുത്ത തുണിയിട്ട ഒരു കത്തോലിക്കാ കന്യാസ്ത്രീ…അവൾ ഓടി വന്ന് കൈകൾ അപേക്ഷാരൂപത്തിൽ വിരിച്ചുപിടിച്ച്, റോഡിൽ മുട്ടുകുത്തി പട്ടാളക്കാരോട് പറഞ്ഞു: “ഈ മക്കളെ വെറുതെ വിടൂ… പകരം എന്നെ വെടിവച്ചുകൊള്ളൂ… നാമെല്ലാം ഒരു കുടുംബത്തിലെ മക്കളല്ലേ?” ഒരു നിമിഷം പട്ടാളക്കാർ അവളുടെ മുഖത്തെ പ്രകാശം കണ്ട് വിസ്മയിച്ചു പോയിക്കാണണം. ഒരു വലിയ പ്രകാശം….ഒരു ദൈവിക പ്രഭ..ക്രിസ്തു എന്ന പ്രകാശം!

ഒരിക്കൽ കൽക്കട്ടയിലെ തെരുവിൽ ഒപ്പം സേവനം ചെയ്യാൻ വന്ന യുവജനങ്ങളോട് വിശുദ്ധ മദർ തെരേസാ (St. Mother Teresa) പറഞ്ഞതിങ്ങനെയാണ്. “നിങ്ങളുടെ ജീവിതമാകുന്ന വിളക്ക് മറ്റുള്ളവരുടെ മുൻപിൽ പ്രകാശിക്കട്ടെ. ക്രിസ്തുവിന്റെ വചനമാകാൻ, ക്രിസ്തുവിന്റെ വസ്ത്രമാകാൻ, ആഹാരമാകാൻ, പ്രകാശമാകാൻ നമുക്കായില്ലെങ്കിൽ ലോകത്തിൽ അന്ധകാരം കൂടുതലായി നിറയും.” ലോകത്തിന്റെ ആഘോഷങ്ങളിൽ ഭ്രമിച്ചു നിൽക്കാതെ, സ്വാഭാവിക ജീവിതത്തിന്റെ ഉത്സവ കാഴ്ച്ചകളിൽ കണ്മിഴിച്ചു നിൽക്കാതെ, ശബ്ദ കോലാഹലങ്ങളുടെയും തിരക്കുകളുടെയും ഇടയിൽ പെട്ട് ജീവിതം നഷ്ടപ്പെടുത്താതെ, ആത്മീയമായി ജീവിച്ചാൽ അന്ധകാരം നിറഞ്ഞ ഇടങ്ങളിലേക്ക് ആത്മാവ് നമ്മെ നയിക്കും – ക്രിസ്തുവിന്റെ പ്രകാശങ്ങളാകാൻ! ആ അന്ധകാരം നിറഞ്ഞ ഇടം ചിലപ്പോൾ നിന്റെ മകളുടെ, മകന്റെ ജീവിതമാകാം…നിന്റെ മാതാപിതാക്കളുടെ, സ്നേഹിതരുടെ, അയൽവക്കക്കാരുടെ, ഇടവക ജനങ്ങളുടെ, സന്യാസ സമൂഹത്തിലുള്ളവരുടെ ജീവിതങ്ങളാകാം… അവിടെ പ്രകാശങ്ങളാകാൻ ദൈവാത്മാവിനാൽ നിറഞ്ഞു ഒരുങ്ങി നിൽക്കണം നാം …എപ്പോഴും!

സമാപനം

പ്രിയപ്പെട്ടവരെ, നാം ജീവിക്കുന്ന ഈ ഭൂമിയിൽ അന്ധകാരം ധാരാളമുണ്ട്. വൈരുധ്യങ്ങൾ ഏറെയുണ്ട്. സ്നേഹിക്കുന്നവരും കൊല്ലുന്നവരുമുണ്ട്. നേരും നെറികേടുമുണ്ട്. ദൈവവും ചെകുത്താനുമുണ്ട്! ഇരുളും വെളിച്ചവുമുണ്ട്! എന്നാൽ, ഈശോ നമ്മോടു പറയുന്നത്, പ്രകാശമായ അവിടുത്തെ നാം അനുഗമിച്ചാൽ നമ്മിൽ ദൈവിക പ്രകാശമുണ്ടാകും എന്നാണ്.  എന്നിട്ട് ഒന്ന് മനോഹരമായി പുഞ്ചിരിച്ചിട്ട് ഈശോ നമ്മോടു പറയും:” നീ ലോകത്തിന്റെ പ്രകാശമാണ്'” ഇന്നത്തെ വിശുദ്ധ കുർബാനയിൽ

Finding Light In The Word Of God – St. Catherine Of Siena Parish

പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് നാം ജീവിക്കുന്ന സാഹചര്യങ്ങളിൽ ക്രിസ്തുവിന്റെ പ്രകാശങ്ങളായി ജീവിക്കുവാൻ നമുക്ക് സാധിക്കട്ടെ. എങ്ങും അന്ധകാരമാണ് എന്നും പറഞ്ഞു നിരാശപ്പെട്ടിരിക്കാതെ, പ്രകാശങ്ങളായി, ലോകത്തെമുഴുവൻ നിറനിലാവിൽ എപ്പോഴും നിർത്തുവാൻ നമുക്ക് ശ്രമിക്കാം. ആമേൻ!