Category Archives: Sunday sermon

SERMON CORPUS CHRISTI

യോഹ 6, 51-59

 സന്ദേശം

Related image

അവസാന അത്താഴവേളയില്‍ അപ്പമെടുത്ത് “ഇതെന്റെ ശരീരമാകുന്നു”വെന്ന് (ലൂക്ക 22, 19) ഉച്ചരിച്ചപ്പോള്‍ അപ്പം ദൈവമായ, ദൈവം അപ്പമായ മഹാത്ഭുതം നടന്നതിന്റെ ഓര്‍മയുടെ,  മനുഷ്യചരിത്രത്തിലെ ഏറ്റവും മനോഹരമായ രംഗത്തിന്റെ, രക്ഷാകരചരിത്രത്തിന്റെ തോടും, പുഴയും, കൈവഴികളും ഒരു ബിന്ദുവില്‍ സംഗമിച്ച നിമിഷത്തിന്റെ സമോന്നതമായ ആഘോഷമാണ് നാമിന്നാചരിക്കുന്ന വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍. ഈ തിരുനാളിന്റെ സന്ദേശം: മനുഷ്യ ജീവിതസാഹചര്യങ്ങളില്‍ വിശുദ്ധ കുര്‍ബാനയിലെ ഈശോയെപ്പോലെ മുറിയ്ക്കപ്പെടാനും ചിന്തപ്പെടാനും തയ്യാറാകുക.

വ്യാഖ്യാനം

ദൈവസ്നേഹത്തിന്റെ പാരമ്യതയാണ് വിശുദ്ധ കുര്‍ബാന. ക്രൈസ്തവന്റെ ഏറ്റവും വലിയ പ്രാര്‍ത്ഥനയും, വലിയ ആഘോഷവും വിശുദ്ധ കുര്‍ബാനയാണ്. ക്രൈസ്തവന്റെ ഏറ്റവും വലിയ ഹല്ലേലൂയാ ഗീതം ഏതാണ്? ഏറ്റവും വലിയ ആരാധന? ഏറ്റവും വലിയ സ്തുതിപ്പ്? ഉത്തരം ഒന്നേയുള്ളൂ – വിശുദ്ധ കുര്‍ബാന!

ഈശോയുടെ ജീവിതത്തിന്റെ അടിവേരുകളില്‍നിന്നു മുളപൊട്ടി പാകമായ വലിയ ആത്മാവിഷ്കരമായിട്ടാണ് സെഹിയോന്‍ മാളികയില്‍ വിശുദ്ധ കുര്‍ബാന പിറവി എടുക്കുന്നത്. ഒറ്റപ്പെടലിന്റെ വേദനക്കിടയിലും ദൈവേഷ്ടം പൂര്‍ത്തിയാക്കുവാന്‍ സെഹിയോന്‍ ശാലയിലെ യജ്ഞവേദിയിലേക്ക് നടന്ന മനുഷ്യപുത്രന്‍ കാല്‍കഴുകലിന്റെ  (യോഹ, 13, 1-11) അഗ്നിയൊരുക്കി വചനമന്ത്രങ്ങളുച്ചരിച്ചു സ്വയം യാഗമായപ്പോള്‍ ദൈവവെളിപാടിന്റെ വലിയ മുഹൂര്‍ത്തമായിത്തീര്‍ന്നു അത്.

അപ്പം മനുഷ്യന്റെ ഒടുക്കമില്ലാത്ത വിശപ്പിന്റെ ശമനോപാധിയാണ്; ആഗ്രഹങ്ങളുടെ, സൗഹൃദങ്ങളുടെ പ്രകടനമാണ്. അതിലുമുപരി മനുഷ്യന്റെ അസ്തിത്വത്തിന്റെ പ്രതീകം കൂടിയാണ്. അതുകൊണ്ടുതന്നെ ഊട്ടുശാലയുടെ പശ്ചാത്തലത്തില്‍  അപ്പത്തിന്റെയും വീഞ്ഞിന്റെയും പ്രതീകാത്മകതയില്‍ അവതരിപ്പിച്ച അത്താഴം ഈശോയെ സംബന്ധിച്ച് സ്വാഭാവികമായിരുന്നു, ജീവിത ബന്ധിയായിരുന്നു. മാത്രമല്ല അപ്പം, “ഞാന്‍ ജീവന്റെ അപ്പമാകുന്നു”വെന്ന (യോഹ:6,35) വചനത്തിന്റെ പൊരുളും, ദൈവം തന്റെ വാത്സല്യം പ്രകടമാക്കുവാന്‍ ഇസ്രായേല്‍ ജനത്തിന് നല്‍കിയ മന്നായുടെ (ജ്ഞാനം:16,21) പൂര്‍ത്തീകരണവുമായിത്തീര്‍ന്നു. ഈശോ പറയുന്നു: ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍  നല്‍കുന്ന അപ്പം എന്റെ ശരീരമാകുന്നു. (യോഹ:6,51) മനുഷ്യന്റെ അസ്തിത്വവുമായി ഇഴചേര്‍ന്നുന്നില്‍ക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരമായിത്തീരുമ്പോള്‍ അത് ആത്മാവിന്റെ ഭക്ഷണമാകുന്നു; ശരീരത്തിനും മനസ്സിനും പോഷണമാകുന്നു.

ഈ അനുഭവമാണ് വിശുദ്ധ കുര്‍ബാനയുടെ തിരുനാളിനെ ഇന്നും പ്രസക്തമാക്കുന്നത്‌. ഇതുകൊണ്ടാണ് ഇന്നും വിശുദ്ധ കുര്‍ബാന ക്രൈസ്തവന്റെ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നത്. ഇന്ന് നാം ഓര്‍ക്കണം: ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതും തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ഈ ലോകത്തെ സ്നേഹിച്ചതും (യോഹ:1,16)  രക്ഷകനെ വാഗ്ദാനം ചെയ്തതും അപ്പം ദൈവമായിമാറിയ, ദൈവം അപ്പമായിമാറിയ വിശുദ്ധ കുര്‍ബാനയായിത്തീരുവാന്‍ വേണ്ടിയായിരുന്നു. രക്ഷകന്റെ വരവിനായി ഒരു ജനത്തെ പ്രത്യേകമായി ദൈവം ഒരുക്കിക്കൊണ്ട് വന്നതും വിശുദ്ധ കുര്‍ബാനയായിത്തീരുവാന്‍ വേണ്ടിയായിരുന്നു. അവിടുന്ന് മനുഷ്യനായി പിറന്നതും വചനം പ്രഘോഷിച്ചും അത്ഭുതങ്ങള്‍ ചെയ്തും ജനങ്ങളുടെയിടയില്‍ ആയിരുന്നതും ഈയൊരു മുഹൂര്‍ത്തത്തിനുവേണ്ടിമാത്രമായായിരുന്നു. പ്രഭാതവേളകളിലെ ദൈവിക മുഹൂര്‍ത്തങ്ങളിലൂടെ, നിശബ്ദതയില്‍ അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ തൃപ്തരാക്കിക്കൊണ്ടും തന്നിലുള്ള അപ്പാവതാരത്ത്തിന്റെ ആത്മീയസാധ്യതകളിലേക്ക് അവിടുന്ന് ഉയരുകയായിരുന്നു. ക്രൈസ്തവന്റെ ജീവിതം തന്നെയായ വിശുദ്ധ കുര്‍ബാനയെന്ന ഈ മഹാത്ഭുതമാണ് ദൈവത്തിന്റെ രക്ഷാകരാപദ്ധതിയുടെ കേന്ദ്രം.

വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ക്രൈസ്തവര്‍ നെഞ്ചേറ്റുന്നത് ദൈവം അപ്പമായി ത്തീരുന്ന വിശുദ്ധ കുര്‍ബാനയുടെ സന്ദേശം വലിയൊരു വെല്ലുവിളി ഉയര്‍ത്തുന്നതുകൊണ്ടാണ്. ജീവിത സാഹചര്യങ്ങളില്‍ മുറിക്കപ്പെട്ടും ചിന്തപ്പെട്ടും വിശുദ്ധ കുര്‍ബാനയായിത്തീരാനാനുള്ള വെല്ലുവിളിയാണ്, ആഹ്വാനമാണ് ഈ ദിനത്തില്‍ മുഴങ്ങുന്നത്. വിശുദ്ധ കുര്‍ബാനയുടെ ഈ സന്ദേശമാണ് പ്രപഞ്ചം മുഴുവന്‍ നാം കാണുന്നത്. മഹാകവി ഉള്ളൂര്‍ തന്റെ സുഖം, സുഖം എന്നാ കവിതയില്‍ പാടുന്നത് അതാണ്‌: ഇറുപ്പവന്നും മലര്‍ ഗന്ധമേകും/വെട്ടുന്നവന്നും തരു ചൂടകറ്റും/ഹനിപ്പവന്നും കിളി പാട്ടുപാടും/പരോപകാര പ്രവണം പ്രപഞ്ചം. ഈ പ്രപഞ്ച ത്തിന്റെ ജീവന്‍, തുടിപ്പ്, പ്രവണം മറ്റുള്ളവര്‍ക്കായി ഇല്ലാതാകുകയാണ്. കഴിഞ്ഞ ഞായറാഴ്ച father’s day ആഘോഷിച്ചപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നാം വായിച്ചതൊക്കെ നമ്മുടെ അപ്പച്ചന്‍മാര്‍ വിശുദ്ധ കുര്‍ബാനകളായി ജീവിക്കുന്നതിനെ ക്കുറിച്ചാണ്. ചോര നീരാക്കി ഒരായുസ്സിന്റെ മുക്കാല്‍ ഭാഗവും മക്കള്‍ക്കുവേണ്ടി, കുടുംബത്തിനുവേണ്ടി മാറ്റിവയ്ക്കുന്നവനാണ് അപ്പച്ചന്‍, അച്ഛന്‍ തണല്‍മരമാണ്. അച്ഛന്റെ വിയര്‍പ്പിന്പോലും സ്നേഹത്തിന്റെ ഗന്ധമുണ്ട് എന്നിങ്ങനെ നാം പറയുമ്പോള്‍, ഓര്‍ക്കുക നമ്മുടെ അപ്പച്ചന്മാര്‍ വിശുദ്ധ കുര്‍ബാനയാണ്‌ എന്നാണു നാം പറയുന്നത്.  സഹനത്തിന്റെ, വേദനയുടെ യാഗപുഷ്പങ്ങള്‍ സൗരഭ്യം പരത്തുന്നതുകൊണ്ടാണ് നമ്മുടെ അപ്പച്ചന്മാരുടെ, അമ്മച്ചിമാരുടെയൊക്കെ ജീവിതങ്ങള്‍ മനോഹരങ്ങളാകുന്നത്, ജീവിതങ്ങള്‍ വിശുദ്ധ കുര്‍ബാനയാകുന്നത്.

ദൈവത്തിന്റെ സഹനമാണ് വിശുദ്ധ കുര്‍ബാനയ്ക്ക് മനോഹാരിത നല്‍കുന്നതും അതിനെ രക്ഷാകരമാക്കുന്നതും. ജീവിതം ബുദ്ധിമുട്ടേറിയതാണ് എന്ന് സാമാന്യവത്ക്കരിക്കുന്നതിന്റെ ആധ്യാത്മിക വ്യാഖ്യാനമാണ് ജീവിതം ബലിയര്‍പ്പണമാണ് എന്ന് പറയുന്നത്. ബലിയര്‍പ്പണത്തിന്റെ അവശ്യഘടകം  ത്യാഗം തന്നെയാണ്. യാഗത്തില്‍ ത്യാഗമില്ലാത്തതുകൊണ്ടല്ലേ,  മനുഷ്യജീവിത സാഹ്യചര്യങ്ങളില്‍ ക്രൈസ്തവര്‍ കുര്‍ബാനയാകാത്തത്? ഇത്രയും കുര്‍ബാനകള്‍ അര്‍പ്പിച്ചിട്ടും എന്തേ കുര്‍ബാനയുടെ ശരിയായ ചൈതന്യം ക്രൈസ്തവര്‍ മനസ്സിലാക്കുന്നില്ല എന്നത് സങ്കടകരം തന്നെ.

ഈയിടെയുണ്ടായ ഒരു വിവാദം മനസ്സിലെത്തുന്നു. അത് കുര്‍ബാനപ്പണത്തെക്കുറിച്ചുള്ളതായിരുന്നു. ത്യാഗമില്ലാത്ത, സഹനമില്ലാത്ത ബലിയര്‍പ്പണം സാധ്യമല്ലെന്നും, ത്യാഗമില്ലാത്ത, സഹനമില്ലാത്ത ബലിയര്‍പ്പണം അര്‍ത്ഥശൂന്യമാണെന്നും ആര്‍ക്കാണറിഞ്ഞുകൂടാത്തത്? പഴയനിയമത്തിലെ ഒരു സംഭവം ഇങ്ങനെയാണ്: ദൈവമായ കര്‍ത്താവിനെതിരെ ദാവീദ് രാജാവ് പാപം ചെയ്തപ്പോള്‍ പാപപ്പരിഹാരമായി ദഹനബലി അര്‍പ്പിക്കുവാന്‍ ദൈവം ദാവീദിനോട് ആവശ്യപ്പെട്ടു. ജെബ്യൂസ്യനായ അരവ്നായുടെ മെതിക്കളത്തില്‍ചെന്ന് മെതിക്കളവും കാളകളും വാങ്ങുവാന്‍ ദാവീദും ഭൃത്യരും ചെന്നു. അരവ്നാ ദാവീദിനോടു പറഞ്ഞു: “യജമാനനെ, അങ്ങ് ആഗ്രഹിക്കുന്നതെന്തും ബാലിയര്‍പ്പിച്ചാലും. ബലിപീഠത്തിലര്‍പ്പിക്കേണ്ടതിനു ഇതാ കാളകള്‍, വിറകിനു ഇതാ മെതിവണ്ടികളും നുകങ്ങളും…” ദാവീദ് അരവ്നായോടു പറഞ്ഞു: “ഇല്ല, വിലയ്ക്കു മാത്രമേ ഇത് ഞാന്‍ വാങ്ങൂ. എനിക്ക് ഒരു ചിലവുമില്ലാത്ത ദഹനബലി എന്റെ ദൈവമായ കര്‍ത്താവിനു ഞാന്‍ അര്‍പ്പിക്കുകയില്ല.” ദാവീദ് അമ്പത് ഷെക്കല്‍ വെള്ളി കൊടുത്ത് കളവും കാളകളും വാങ്ങി. അവിടെ ബലിപീഠം പണിതു ദാവീദ് കര്‍ത്താവിന് ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു. (2സാമുവല്‍ 24, 18-25)

നമുക്ക് ഒരു ചിലവുമില്ലാത്ത, ഒരു വേദനയുമില്ലാത്ത ബലി എങ്ങനെയാണ് നാം അര്‍പ്പിക്കുക? കുര്‍ബാനപ്പണമെന്നത് ഈ ‘ചിലവി’ന്റെ ഒരു പ്രകടനമാണ്. അത് സഭയുടെ ശുശ്രൂഷകളോട് ചേര്‍ത്ത് വയ്ക്കുമ്പോള്‍ അതിന്റെ മൂല്യം വര്‍ധിക്കുകയല്ലേ ചെയ്യുക? വൈദികന് അടിച്ചുപൊളിക്കാനുള്ളതാണെന്നും വീഞ്ഞുവാങ്ങി സുഖിയ്ക്കാനുള്ളതാണെന്നും പറഞ്ഞു അവഹേളിക്കാനുള്ളതാണോ അത്? അതിനെ നിരുത്സാഹപ്പെടുത്തുന്നതും ശരിയാണോ? ആധ്യാത്മിക കാര്യങ്ങളെ ഗൌരവത്തോടെ കാണാനും, വിശുദ്ധ കുര്‍ബാനയുടെ മൂല്യത്തെ സാമാന്യവത്ക്കരിക്കാതിരിക്കാനും നാമെല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുര്‍ബാന കേവലം ഉപവി പ്രവര്‍ത്തികള്‍ക്കു പകരം വയ്ക്കുന്നത് എത്രയോ ബുദ്ധിശൂന്യമാണ്!

സമാപനം 

സ്നേഹമുള്ളവരെ,  ദൈവത്തിന്റെ രക്ഷാകരപദ്ധതി ദൈവം അപ്പമായിത്തീരുന്ന വിശുദ്ധകുര്‍ബാനയില്‍ കേന്ദ്രീകൃതമാണെന്നും, ആ  വിശുദ്ധ കുര്‍ബാന ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമാണെന്നും, അത് നമ്മുടെ രക്ഷയാണെന്നും  നാം    വീണ്ടും ഓര്‍ക്കുകയാണ്. ദൈവത്തിന്റെ അപ്പാവതാരചിന്തയില്‍, വിശുദ്ധ കുര്‍ബാനയുടെ ചിന്തയില്‍ ഈ ദിനം ധ്യാനാത്മകമാകണം. ദൈവത്തിന്റെ സ്നേഹവും വാത്സല്യവും നമ്മില്‍ നിറയണം. അപ്പോള്‍ ഈ ദിനത്തിന്റെ ഓരോ നിമിഷവും അനുഗ്രഹീതമാകും;  ക്രൈസ്തവജീവിതം വിശുദ്ധ കുര്‍ബാനയാകും.

എല്ലാവര്‍ക്കും തിരുനാള്‍ മംഗളങ്ങള്‍!

SUNDAY SERMON Luke 7, 31-50

ലൂക്ക 7, 31-50

സന്ദേശം

Image result for images of Jesus and the sinful woman

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്കൊണ്ട് അനുഗ്രഹീതമായ ഈ ഞായറാഴ്ചത്തെ ദൈവവചനം പാപിനിയായ സ്ത്രീയുടെ, ക്രിസ്തുവിനെ കണ്ടുമുട്ടലും തുടര്‍ന്നുണ്ടാകുന്ന അവളുടെ മാനസാന്തരവുമാണ് വിഷയമാക്കുന്നത്. ഇന്നത്തെ ദൈവവചനസന്ദേശം, ക്രൈസ്തവര്‍ ക്രിസ്തുസാന്നിധ്യത്തിന്റെ പര്യായമാകണം എന്നുള്ളതാണ്. മനുഷ്യനെ തന്റെ കാരുണ്യംകൊണ്ട് നിറയ്ക്കുന്ന, മനുഷ്യരെ അനുതാപത്തിലേക്ക്, നന്മയിലേക്ക് നയിക്കുന്ന, മനുഷ്യജീവിതത്തിനു പുതിയ അര്‍ത്ഥവും ദിശാബോധവും നല്‍കുന്ന ക്രിസ്തു സാന്നിധ്യ ങ്ങളായി നാമോരൊരുത്തരും മാറേണ്ടിയിരിക്കുന്നു.

വ്യാഖ്യാനം

ക്രിസ്തുവിന്റെ നിറസാന്നിധ്യം തന്നെയാണ് ഈ ദൈവവചനഭാഗത്തിലെ പ്രധാന ആകര്‍ഷണം. ക്ഷണിക്കപ്പെട്ട ഈശോ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണിവിടെ. ആ സാന്നിധ്യ ത്തിലേക്ക് കടന്നുവരുന്ന എല്ലാവരും സന്തോഷത്തിലാണ്. ഈ സാന്നിധ്യത്തിനു രണ്ടു സ്വഭാവങ്ങള്‍ ഉണ്ട്.

ഒന്ന്, ക്രിസ്തുവിന്റെ സാന്നിധ്യം ത്രിത്വത്തിന്റെ സാന്നിധ്യമാണ്, Trinitarian presence ആണ്.  പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ദിനത്തില്‍ ഈ ചിന്തയ്ക്ക് പ്രാധാന്യവുമുണ്ട്.  ക്രിസ്തുവിന്റെ സാന്നിധ്യം ഒറ്റപ്പെട്ട ഒന്നല്ല. അതില്‍ പിതാവായ ദൈവത്തിന്റെ സ്നേഹവും കരുണയുമുണ്ട്. പുത്രനായ ദൈവത്തിന്റെ എളിമയും സ്വയംശൂന്യമാക്കലും ഉണ്ട്. പരിശുദ്ധാത്മാവായ ദൈവത്തിന്റെ വിശുദ്ധീകരണവും ശക്തിപ്പെടുത്തലും ഉണ്ട്. ഈ ത്രിത്വസാന്നിധ്യത്തിന് ഒരേ സമയം ഒത്തൊരുമയുടെ സൗന്ദര്യവും ശക്തിയും, വ്യത്യസ്ഥങ്ങളായ വ്യക്തിത്വത്തിന്റെ മഹനീയതയും ഉണ്ട്.

ഒരു കുടുംബത്തില്‍ മാതാവും പിതാവും മൂന്നുമക്കളും ഉണ്ടെങ്കില്‍ അവര്‍ ഒരുമിച്ചു പള്ളിയില്‍ പോകുമ്പോള്‍, ഒരുമിച്ച്, ജോലി ചെയ്യുമ്പോള്‍, ഒരുമിച്ച് സിനിമയ്ക്ക് പോകുമ്പോള്‍, പ്രശ്നങ്ങളെ ഒരുമിച്ച് നേരിടുമ്പോള്‍, അതിന്റെ ഭംഗി പറഞ്ഞറിയിക്കാവുന്നതല്ല! എന്തൊരു ശക്തിയായിരിക്കും അവര്‍ക്കുണ്ടാകുക; വിജയവും ഉണ്ടാകും. അവരെ ഒറ്റയ്ക്ക് കാണുമ്പോള്‍പോലും ആ ഒരുമ നമുക്ക് feel ചെയ്യും. എന്നാല്‍, അവര്‍ തമ്മില്‍ എതിര്‍പ്പാണെങ്കില്‍, പരസ്പരം സംസാരിക്കുന്നില്ലെങ്കില്‍, ഒറ്റപ്പെട്ട തുരുത്തുപോലെയാണെങ്കില്‍ സൗന്ദര്യം പോയിട്ട്, ഒരു തുള്ളി നന്മ പോലും ഉണ്ടാകില്ല.

ഈശോയുടെ സാന്നിധ്യം അത്ഭുതം പ്രവര്‍ത്തിക്കുന്നത്, രക്ഷയാകുന്നത്, അവിടുത്തെ വസ്ത്രത്തിന്റെ വിളുമ്പുപോലും സഖ്യദായകമാകുന്നത്, ആ സാന്നിധ്യം ത്രിത്വസാന്നിധ്യം ആകുന്നതുകൊണ്ടാണ്, ത്രിത്വത്തിന്റെ ഒരുമയുള്ളതുകൊണ്ടാണ്. തീര്‍ച്ചയായും നമ്മുടെ ക്രൈസ്തവ സന്നിധ്യങ്ങള്‍ ത്രിത്വസാന്നിധ്യങ്ങളാണ്. രാവിലെ ഉറക്കമുണരുമ്പോള്‍ പിതാവിനും പുത്രനും വരയ്ക്കുന്ന നമ്മള്‍, ജോലിയ്ക്കോ, യാത്രയ്ക്കോ, സ്കൂളിലോ പോകുമ്പോള്‍ കുരിശു വരയ്ക്കുന്ന നമ്മള്‍, ഭക്ഷണത്തിനു മുമ്പും ശേഷവും കുരിശു വരയ്ക്കുന്ന നമ്മള്‍, കളിയ്ക്കാനോ, പഠിയ്ക്കാനോ പോകുമ്പോള്‍ കുരിശു വരയ്ക്കുന്ന നമ്മള്‍, ഉറങ്ങാന്‍ പോകുമ്പോള്‍ കുരിശു വരയ്ക്കുന്ന നമ്മള്‍, നമ്മുടെ ജീവിതം മുഴുവന്‍ ത്രിത്വ സാനിധ്യമാക്കുകയാണ്. പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ഇന്ന് നമ്മുടെ ക്രൈസ്തവ സന്നിധ്യങ്ങള്‍ കുരിശു വരയില്‍ മാത്രം ഒതുങ്ങുന്ന ത്രിത്വസാന്നിധ്യങ്ങളാണോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

രണ്ട്, ക്രിസ്തുവിന്റെ സാന്നിധ്യം Catalytic presence ആണ്, ഉത്തേജിപ്പിക്കുന്ന സാന്നിധ്യം ആണ്. ക്രിസ്തുവിന്റെ സാന്നിധ്യം ഹൃദയങ്ങളെ ജ്വലിപ്പിക്കുന്ന മാറ്റങ്ങളുണ്ടാക്കുന്ന സാന്നിധ്യമാണ്. ഉത്തേജിപ്പിക്കുന്ന, മാറ്റങ്ങളുണ്ടാക്കുന്ന സാന്നിധ്യത്തില്‍, ഉത്തേജക വസ്തുവിന്റെ സാന്നിധ്യം മാത്രം മതി, മാറ്റങ്ങള്‍ തനിയെ നടക്കും. ഉദാഹരണത്തിന്. നമ്മള്‍ chemistry class –ല്‍പഠിക്കുന്നത് രണ്ടു hydrogen തന്മാത്രകളും ഒരു oxygen തന്മാത്രയും ചേര്‍ന്നാല്‍ ജലമുണ്ടാകും എന്നല്ലേ? ശരിയാണോ? ഇവ മാത്രം മതിയോ? പോരാ. ഉത്തേജക വസ്തു വേണം. എന്താണത്? Electricity. Electricity- യുടെ സാന്നിധ്യത്തില്‍ രണ്ടു hydrogen തന്മാത്രകളും ഒരു oxygen തന്മാത്രയും ചേര്‍ന്നാല്‍ ജലമുണ്ടാകും. Catalytic agent ആയ Electricity യുടെ role എന്താണ്? Catalytic agent  ആയ Electricity ക്ക് എന്ത് സംഭവിക്കുന്നുവെന്നു ശാസ്ത്രജ്ഞന്മാര്‍ക്ക് ഇന്നുവരെ പിടികിട്ടിയിട്ടില്ല. കാരണം, ജലമുണ്ടാകുന്നതിനുമുമ്പ് അതവിടെയുണ്ട്, അതിനുശേഷവും അവിടെയുണ്ട്.

ഈശോയുടെ സാന്നിധ്യം ഒരു  catalytic സാന്നിധ്യമാണ്. നിറഞ്ഞൊഴുകുന്ന നിലാവില്‍ ഒന്ന് ഇറങ്ങി നില്‍ക്കുക. നിങ്ങളുടെ ഹൃദയം ആനന്ദം കൊണ്ട് നിറയും. നിലാവ് ഒന്നും ചെയ്യുന്നില്ല. നിലാവ് ഒരു catalytic agent ആണ്. മുല്ല പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാം സൗരഭ്യം. മുല്ലപൂമ്പൊടി catalytic agent ആണ്. ലൂക്കയുടെ സുവിശേഷം അദ്ധ്യായം 19 ല്‍ ഈശോ സക്കേവൂസിന്റെ വീട് സന്ദര്‍ശിക്കുന്നുണ്ട്. അല്പം കഴിഞ്ഞു സക്കെവൂസ് എഴുന്നേറ്റ് ഉറക്കെ തന്റെ മാനസാന്തരം അറിയിക്കുകയാണ്. ഈശോ ഒന്നും ചെയ്തില്ല. അവിടെത്തെ സാന്നിധ്യം it was so powerful, magnetic! കാല്‍വരിയില്‍ കുരിശില്‍ കിടക്കുന്ന ഈശോയുടെ സാന്നിധ്യവും ശക്തമായിരുന്നു. കള്ളന്‍ പറഞ്ഞു: കര്‍ത്താവേ, പറുദീസായിലായിരിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ. ഈശോ ഒന്നും ചെയ്തില്ലാ. ഇതെല്ലാം കണ്ടു നിന്ന സൈന്യാധിപന്‍ പറഞ്ഞു: ഇവന്‍ സത്യമായും ദൈവപുത്രനായിരുന്നു. ഈശോ ഒന്നും ചെയ്തില്ല. അവിടുത്തെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. അവിടുത്തെ സാന്നിധ്യം  catalytic agent ആയി പ്രവര്‍ത്തിക്കുകയായിരുന്നു.

പാപിനിയായ സ്ത്രീ നിറഞ്ഞ നിലാവ് പരന്നൊഴുകുന്നതുപോലെയുള്ള ഈശോയുടെ സാന്നിധ്യത്ത്തിലേക്ക്, ത്രിത്വസാന്നിദ്ധ്യത്തി ലേക്ക് ഇറങ്ങി നില്‍ക്കുകയാണ്. ശിമയോനാകട്ടെ, മുല്ലപൂമ്പൊടിപോലെയുള്ള ക്രിസ്തുസാന്നിധ്യത്തില്‍ നിന്ന് അകന്നുനിന്നു. പാപിനിയായ സ്ത്രീ ക്രിസ്തുസാന്നിധ്യത്തില്‍ അവളുടെ ഹൃദയം കണ്ണീരായി സമര്‍പ്പിച്ചു. ശിമയോനാകട്ടെ, ഈശോയെ മനസ്സില്‍ അകമെ ഇകഴ്ത്തി സംസാരിച്ചു: “ഇവനൊരു പ്രവാചകനായിരുന്നെങ്കില്‍…”. പുറമെ പുകഴ്ത്തി സംസാരിച്ചു: “ഗുരോ, അരുളിചെയ്താലും.” മനുഷ്യന്റെ സ്വഭാവമാണിത്. അകമേ ഒന്ന്, പുറമേ മറ്റൊന്ന്. മറ്റുള്ളവരെ വിധിക്കുവാന്‍ മനുഷ്യന്‍ മുന്നിലാണ്: “ഇവള്‍ ഒരു പാപിനിയാണല്ലോ?” ഈശോ പാപിനിയോട് പറഞ്ഞു: “നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.” “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.” ‘എന്റെ സാന്നിധ്യത്ത്തിലേക്ക് ഇറങ്ങി വന്ന നീ, എന്റെ സാന്നിധ്യത്തില്‍ വിശ്വാസം അര്‍പ്പിച്ച നീ, രക്ഷിക്കപ്പെട്ടിരിക്കുന്നു.’ എന്നാല്‍, ശിമയോന്‍, he missed it!

സ്നേഹമുള്ളവരെ, ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ മഹത്വം മനസ്സിലാക്കുന്നവര്‍ രക്ഷിക്കപ്പെടും. ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഈശോയുടെ സാന്നിധ്യത്തിന്റെ മഹത്വത്തിലേക്ക്, വിശുദ്ധ കുര്‍ബാനയില്‍ നിറഞ്ഞു നില്‍ക്കുന്ന ക്രിസ്തു സാന്നിധ്യത്തിലേക്ക്, കുടുംബ പ്രാര്‍ഥനാവേളയില്‍ കുടുംബത്തില്‍ നിറയുന്ന ക്രിസ്തു സാന്നിധ്യത്തിലേക്ക് ഇറങ്ങി നില്‍ക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍, പ്രിയരെ, we will miss it. എത്രയോ വട്ടം നമുക്ക് ഈശോയുടെ രക്ഷ നഷ്ടപ്പെട്ടിരിക്കുന്നു! അങ്ങനെ ഇനിയും സംഭവിക്കാതിരിക്കുവാന്‍ ഇന്നത്തെ വചനം നമ്മെ സഹായ്ക്കട്ടെ.

സമാപനം

സ്നേഹമുള്ളവരെ, നമുക്ക് ക്രിസ്തുസാന്നിധ്യത്തിന്റെ പര്യായമാകണം. അതിനു രണ്ടു കാര്യങ്ങള്‍ നാം ചെയ്യേണ്ടിയിരിക്കുന്നു. ഒന്ന്, ക്രിസ്തു സാന്നിദ്ധ്യത്തിലേക്ക് ഇറങ്ങി നില്‍ക്കുവാന്‍ നാം തയ്യാറാകണം. രണ്ട്, നാം ക്രിസ്തു സാന്നിധ്യങ്ങളാകണം, ത്രിത്വ സാന്നിധ്യങ്ങളാകണം. ശിമയോനെപ്പോലെയാകാതെ, മറ്റുള്ളവരെ വിധിക്കാതെ, ആത്മാര്‍ഥതയോടെ നിറഞ്ഞ നിലാവ് പരന്നൊഴുകുന്നതുപോലെയുള്ള ഈശോയുടെ സാന്നിധ്യത്ത്തിലേക്ക്, ത്രിത്വ സാന്നിദ്ധ്യത്തിലേക്ക് ഇറങ്ങി നില്‍ക്കാം. ഈശോയുടെ രക്ഷിക്കുന്ന, സ്നേഹിക്കുന്ന, സുഖപ്പെടുത്തുന്ന സാന്നിധ്യം ഈ വിശുദ്ധ ബലി വഴിയായി നമ്മില്‍ നിറയട്ടെ.

SUNDAY SERMON John 14, 15-16, 25-26; 16, 5-11

 യോഹ 14, 15 – 16, 25 – 26; 16, 5 – 11

സന്ദേശം

Image result for images of pentecost

സീറോമലബാര്‍ സഭയുടെ ആരാധനാക്രമകലണ്ടറില്‍ പുതിയൊരു കാലത്തിലേക്ക്, ശ്ലീഹാക്കാ ലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ശ്ലീഹാക്കാലത്തിലെ ആദ്യ ഞായറാഴ്ചയിലാണ് നാം പെന്തക്കുസ്താത്തിരുനാള്‍ ആചരിക്കുന്നത്, ആഘോഷിക്കുന്നത്. അമ്പതു ദിവസമായി പരിശുദ്ധാത്മാഭിഷേകത്തിനായി, പരിശുദ്ധാത്മാവിന്റെ നിറവിനായി പ്രാര്‍ഥിക്കുന്ന നമുക്ക്  ഈ പെന്തക്കുസ്താത്തിരുനാള്‍ നല്‍കുന്ന സന്ദേശമിതാണ്: ദൈവം നമ്മെ നയിക്കുന്നത് അവിടുത്തെ പരിശുദ്ധാത്മാവിനാലായതിനാല്‍  ക്രൈസ്തവജീവിതം പരിശുദ്ധാത്മാവിലുള്ള ജീവിതമാണ്. 

വ്യാഖ്യാനം

പെന്തക്കുസ്താത്തിരുനാളിന്റെ ദൃശ്യാവിഷ്കാരമെന്നു പറയുന്നത് തീ നാവുകളുടെ രൂപത്തിലുള്ള പരിശുദ്ധാത്മാവിന്റെ വര്‍ഷമാണ്, പരിശുദ്ധാത്മാവിന്റെ പെരുമഴപ്പെയ്ത്താണ്.

ബൈബിളില്‍ മൂന്നു മഴയെക്കുറിച്ച് പറയുന്നുണ്ട്. ഒന്നാമത്തേത്, ഉല്‍പ്പത്തി പുസ്തകത്തിലാണ്. ഭൂമുഖത്ത് മനുഷ്യനെ സൃഷ്ടിച്ചതില്‍ ദൈവത്തിനു വേദനയുണ്ടാകുവാന്‍ മാത്രം മനുഷ്യന്റെ തിന്മ വര്‍ധിച്ചപ്പോള്‍, ആ ദുഷിപ്പിനെയെല്ലാം കഴുകിക്കളയുവാനായിരുന്നു ആദ്യത്തെ മഴ. രണ്ടാമത്തേത്, രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിലാണ്. ഇസ്രായേലിന്റെ രാജാവായ ആഹാബും ഭാര്യ ജെസബെല്ലും തിന്മ ചെയ്തപ്പോള്‍ ഏലിയ പ്രവാചകന്‍ പറഞ്ഞു: ‘കര്‍ത്താവാണെ, വരും കൊല്ലങ്ങളില്‍ ഇവിടെ മഴയോ, മഞ്ഞോ പെയ്യുകയില്ല’. മൂന്നുവര്‍ഷം കടുത്ത വരള്‍ചയുണ്ടായി. മൂന്നുവര്‍ഷം കഴിഞ്ഞു. ബാല്‍ ദേവന്റെ പ്രവാചകര്‍ മഴയ്ക്കായി പ്രാര്‍ഥിച്ചു, പക്ഷെ, മഴപെയ്തില്ല. എന്നാല്‍ ഏലിയ പ്രവാചകന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു. ആകാശം കറുത്തിരുണ്ട്, കാറ്റുവീശി, വലിയ മഴപെയ്തു. മൂന്നാമത്തേത്, നാം ഇന്ന് വായിച്ചുകേട്ട അപ്പസ്തോലപ്രവര്‍ത്തനങ്ങളിലാണ്. ആദ്യത്തെ മഴയ്ക്ക്‌ നോഹയുടെ വിശ്വാസത്തിന്റെ പിന്‍ബലം ഉണ്ടായിരുന്നു. രണ്ടാമത്തെതിന്, ഏലിയായുടെ ഉറച്ച വിശ്വാ സത്തിന്റെ സൌന്ദര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇവിടെ, പേടിച്ച, വിശ്വാസം ഇല്ലാത്ത പ്രതീക്ഷയില്ലാത്ത ശിഷ്യരുടെമേല്‍ തീനാവുകളുടെ, പരിശുദ്ധാത്മാവിന്റെ മഴ. അത് ശിഷ്യന്മാരെ സാക്ഷ്യം നല്‍കാന്‍ ശക്തിപ്പെടുത്താനായിരുന്നു, ക്രിസ്തു രക്ഷകനാണെന്നു പ്രഘോഷിക്കുവാന്‍ തയ്യറാക്കുവാനായിരുന്നു, ശിഷ്യരുടെ നിഴലില്‍പോലും രോഗശാന്തിയുടെ ശക്തിയുണ്ടാകും വിധം അവരെ വിശുദ്ധമാക്കുവാനായിരുന്നു, അതിലുമുപരി, ശിഷ്യന്മാരെ വിശ്വാസത്തില്‍ സ്ഥിരപ്പെടുത്താനായിരുന്നു. ഈ മഴയായിരുന്നു ആദ്യത്തെ പെന്തക്കുസ്ത.

തിരുസ്സഭ ഇന്ന് നമ്മെ ഇത്തരമൊരു പെന്തക്കുസ്തയിലേക്ക് ക്ഷണിക്കുകയാണ് – ആദ്യ പെന്തക്കുസ്തപോലെ നാമോരോരുത്തരിലേക്കും പരിശുദ്ധാത്മാവിന്റെ നിറവുണ്ടാകുവാന്‍, അഗ്നി നാളമായ് പരിശുദ്ധാത്മാവ് നമ്മില്‍ നിറയാന്‍, വിശ്വാസത്തില്‍ സ്ഥിരപ്പെടുവാന്‍, ശക്തിയോടെ സാക്ഷ്യം നല്‍കാന്‍ തിരുസ്സഭ ഇന്ന് നമ്മെ ക്ഷണിക്കുകയാണ്.

പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ച് വചനം നമ്മെ പഠിപ്പിക്കുന്നുണ്ട്. പരിശുദ്ധാത്മാവ് ഒരു സമൂഹത്തിലേക്കു മൊത്തമായിട്ടല്ലാ വരുന്നത്. ഓരോ വ്യക്തിയിലേക്കും പ്രത്യേകമാംവിധം ആത്മാവ് ആവസിക്കുകയാണ്. വചനം പറയുന്നു: “അഗ്നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങലോരോരുത്തരുടെയുംമേല്‍ വന്നു നില്‍ക്കുന്നതായി അവര്‍ കണ്ടു”.  സ്വര്‍ഗം ആത്മാവിന്റെ തീനാളങ്ങള്‍ പണിയുന്ന പണിപ്പുരയാണ്. പരിശുദ്ധാത്മാവിനായി ആരെല്ലാം ആഗ്രഹിച്ചു പ്രാര്‍ഥിക്കുന്നുണ്ടോ – അത് വചനം ശ്രവിക്കുമ്പോളാകാം, വായിക്കുമ്പോളാകാം, വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോളാകാം, വീട്ടില്‍ ജോലിചെയ്യുമ്പോളാകാം, മറ്റുള്ളവരെ സഹായിക്കുമ്പോളാകാം – ആഗ്രഹിച്ചു പ്രാര്‍ഥിക്കുന്നവര്‍ക്കെല്ലാം സ്വര്‍ഗം ആത്മാവിന്റെ തീനാളങ്ങള്‍ പണിയുകയാണ്. അന്ന് നിയമജ്ഞഫരിസേയരുടെമേല്‍ പരിശുദ്ധാത്മാവ് വന്നില്ല, പട്ടാളക്കരുടെമേല്‍ പരിശുദ്ധാത്മാവ് വന്നില്ല, വിജാതീയരുടെമേല്‍ പരിശുദ്ധാത്മാവ് വന്നില്ല. ആദ്യ പെന്തക്കുസ്തയില്‍ ശിഷ്യരുടെമേല്‍ മാത്രം. അപ്പോള്‍, ആളല്ല പ്രധാനം, സ്ഥലമല്ല, പ്രധാനം, ഒരുക്കമുള്ള, ആഗ്രഹമുള്ള ഹൃദയമാണ് പ്രധാനം.

സ്നേഹമുള്ളവരെ, ഈ വിശുദ്ധ കുര്‍ബാനയില്‍ സ്വര്‍ഗം നമുക്കായി, നമ്മിലെ ഒരുക്കമുള്ളവര്‍ക്കായി, ആത്മാവിന്റെ തീനാളങ്ങളെ നിര്‍മിക്കുന്നുണ്ട്. അതുകൊണ്ട് തീക്ഷ്ണമായി ഒരുങ്ങുക. തീര്‍ച്ചയായും, സഹായകന്‍, പരിശുദ്ധാത്മാവ് നമ്മുടെമേല്‍ വരും. കാരണം, ഈ പരിശുദ്ധാത്മാവിനെ നല്‍കുവാന്‍വേണ്ടിയാണ് ഈശോ ഈ ഭൂമിയിലേക്ക്‌ വന്നത്. സ്നാപകയോഹന്നാന്‍ എന്താണ് പറഞ്ഞത്? ഞാന്‍ ജലംകൊണ്ട് സ്നാനം നല്‍കുന്നു. എന്നാല്‍ പരിശുദ്ധാത്മാവ്കൊണ്ട് സ്നാനം നല്‍കുന്നവന്‍ വരുന്നുണ്ട്. പരിശുദ്ധാത്മാവിനെ നല്‍കുവാന്‍വേണ്ടിയാണ് ഈശോ ഈ ഭൂമിയിലേക്ക്‌ വന്നത്. ലൂക്കാ 11, 13ല്‍ ഈശോ പറയുന്നു: തന്നോട് ചോദിക്കുന്നവര്‍ക്ക് പിതാവ് പരിശുദ്ധാത്മാവിനെ നല്‍കും. പരിശുദ്ധാത്മാവിനെ നല്‍കുവാന്‍വേണ്ടിയാണ് ഈശോ ഈ ഭൂമിയിലേക്ക്‌ വന്നത്. യോഹന്നാന്റെ സുവിശേഷത്തില്‍ ഈശോ പറയുന്നു: ഉന്നതത്തില്‍ നിന്ന് ശക്തി ലഭിക്കുന്നതുവരെ നഗരത്തില്‍ വസിക്കുവിന്‍. വീണ്ടും പറയുന്നു: പരിശുദ്ധാത്മാവ് വരുമ്പോള്‍ നിങ്ങളെ എല്ലാം പഠിപ്പിക്കും. പാപത്തെക്കുറിച്ചു, നീതിയെക്കുരിച്, ന്യായവിധിയെക്കുറിച്ച് നിങ്ങളെ ബോധ്യപ്പെടുത്തും. ആത്മാവാണ് ജീവന്‍ നല്‍കുന്നത്. സ്നേഹമുള്ളവരെ, പരിശുദ്ധാത്മാവിനെ നല്‍കുവാന്‍വേണ്ടിയാണ് ഈശോ ഈ ഭൂമിയിലേക്ക്‌ വന്നത്. അതുകൊണ്ട് തീക്ഷ്ണമായി ഒരുങ്ങുക. തീര്‍ച്ചയായും, സഹായകന്‍, പരിശുദ്ധാത്മാവ് നമ്മുടെമേല്‍ വരും.

സഹായകന്‍, പരിശുദ്ധാത്മാവ് നമ്മുടെമേല്‍ വരണം. അതിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. ആത്മാവിന്റെ ഫലങ്ങളില്ലാതെ ശുഷ്കമായിത്തീര്‍ന്നിരിക്കുകയാണ് നമ്മുടെ ക്രൈസ്തവസാക്ഷ്യം ഇന്ന്. ആത്മാവിനാല്‍ നയിക്കപ്പെടെണ്ട ആത്മീയ ശുശ്രൂഷകര്‍ ഇന്ന് ലോകാരൂപിയാല്‍ നയിയ്ക്കപ്പെടുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടാണ് എല്ലാക്കാര്യങ്ങളും വിവാദമാകുന്നത്? ശരിയായ തീരുമാനങ്ങള്‍ എടുക്കുവാന്‍ നമ്മെ നയിക്കുന്നവര്‍ക്കുപോലും സാധിക്കുന്നില്ല! നമ്മുടെ കടുംബങ്ങളെവിടെ, മക്കളെവിടെ, യുവജനങ്ങളെവിടെ?   ആഘോഷങ്ങളോടും, ആഡംബരത്തോടും വല്ലാത്ത ഭ്രമമാണ് നമുക്ക്. അമ്മമാര്‍ പോലും മക്കളെ കൊല്ലുന്ന, എങ്ങനെയും പണമുണ്ടാക്കണം എന്ന് ചിന്തിക്കുന്ന, വിവാഹ, പൌരോഹിത്യ, സന്യാസ വാഗ്ദാനങ്ങള്‍ക്ക് പുല്ലുവിലകല്‍പ്പിക്കുന്ന, ഈ ആസുര കാലത്ത്, സ്നേഹമുള്ളവരെ, സഹായകന്‍, പരിശുദ്ധാത്മാവ് നമ്മുടെമേല്‍ വരണം. ആത്മാവേ, ഞങ്ങളില്‍ നിറയണമേ എന്ന് പ്രാര്‍ഥിക്കണം.

നമ്മുടെ ക്രൈസ്തവ ജീവിതം വെറും ഷോ ആയി മാറിയിരിക്കുകയാണ്, വെറും ബോണ്‍സായി ക്രൈസ്തവ ജീവിതങ്ങള്‍. ബോണ്‍സായി മരങ്ങളെ കണ്ടിട്ടില്ലേ? മരമാണോ, അതെ, ഇലകളുണ്ടോ, ഉണ്ട്, നിറമുണ്ടോ, ഉണ്ട്, രൂപത്തില്‍ മരം പോലെ തന്നെ. പക്ഷെ, ഫലമൊന്നും ഇല്ല. വെറും ഷോ പീസുകള്‍ മാത്രം. നാമൊക്കെ ബോണ്‍സായി ക്രൈസ്തവരായിപ്പോയി എന്ന് സങ്കടത്തോടെ സമ്മതിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവരാണോ, അതെ, പള്ളിയില്‍ പോകുന്നുണ്ടോ, ഉണ്ട്, വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നുണ്ടോ? ഉണ്ട്, കുടുംബപ്രാര്‍ത്ഥന നടത്തുന്നുണ്ടോ? തീര്‍ച്ചയായും ഉണ്ട്. പക്ഷെ ഫലമൊന്നും ഇല്ല. പല യൂണിഫോമിലുള്ള  പല റീത്തിലുള്ള, വിഭാഗങ്ങളിലുള്ള ബോണ്‍സായി ക്രൈസ്തവര്‍, വെറും ഷോ പീസുകള്‍. ദൈവം നമ്മെ നയിക്കുന്നത് അവിടുത്തെ പരിശുദ്ധാത്മാവിനാലായതിനാല്‍  ക്രൈസ്തവജീവിതം പരിശുദ്ധാത്മാവിലുള്ള ജീവിതമാണ് എന്ന് അറിയാമെങ്കിലും നമുക്ക് വഴിതെറ്റിപ്പോകുന്നു .

സമാപനം

സ്നേഹമുള്ളവരെ, ഈ പെന്തക്കുസ്താത്തിരുനാള്‍ പുതിയ പാഠങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട്. ആത്മാവിനായി നമുക്ക് ദാഹിക്കാം. പരിശുദ്ധാത്മാവിനെ വേദനിപ്പിക്കാതിരിക്കാം. നാം സ്വീകരിച്ചിട്ടുള്ള പരിശുദ്ധാത്മാവിനെ നമുക്ക് നിര്‍ വീര്യമാക്കാതിരിക്കാം. പരിശുദ്ധാത്മാവിന്റെ നിറവിന്റെ ആഘോഷമായ ഈ കുര്‍ബാന നമുക്ക് ഒരു പെന്തക്കുസ്താനഭവമായി മാറട്ടെ.

SUNDAY SERMON – Mark 16, 14-20

മര്‍ക്കോ 16, 14-20

Image result for images of Jesus giving commission

സന്ദേശം

ഈശോയുടെ സ്വര്‍ഗാരോഹണത്തിരുനാളിനുശേഷം വരുന്ന ഉയിര്‍പ്പുകാലത്തിലെ ഏഴാം ഞായറാഴ്ചത്തെ വചനസന്ദേശം നമ്മെ ക്രൈസ്തവജീവിതത്തിന്റെ ദൌത്യം എന്താണെന്ന് ഓര്‍മപ്പെടുത്തുകയാണ്: ഓരോ ക്രൈസ്തവനും ഒരു പ്രത്യേകദൌത്യം ഈ ലോകത്തില്‍ നിറവേറ്റാനുണ്ട്. ആ ദൌത്യത്തിന്റെ സ്വഭാവത്തിലേക്കും പ്രത്യേകതകളിലേക്കുമാണ് ഇന്നത്തെ സുവിശേഷം വിരല്‍ ചൂണ്ടുന്നത്.

വ്യാഖ്യാനം

ഉഥാനത്തിനുശേഷം താന്‍ ജീവിച്ചിരിക്കുന്നുവെന്നും, ഇന്നും ജീവിക്കുന്ന ദൈവമാണെന്നും ശിഷ്യന്മാരെ ബോധ്യപ്പെടുത്താന്‍ ക്രിസ്തു കുറച്ചൊന്നുമല്ല വിഷമിക്കുന്നത്. ആദ്യം മഗ്ദലേന മറിയത്തിനു പ്രത്യക്ഷപ്പെട്ടും, വഴിയില്‍വച്ച് രണ്ടു പേര്‍ക്കും, പിന്നെ തോമായില്ലാതെ പത്ത്പേര്‍ക്കും, അതിനുശേഷം തോമസോട്കൂടെ പതിനൊന്നുപേര്‍ക്കും, തിബേരിയോസ് കടല്‍ത്തീരത്ത് വച്ച് അത്ഭുതം പ്രവര്‍ത്തിച്ചും  പ്രത്യക്ഷീകരണങ്ങളിലൂടെ ഒരു ഭഗീരഥപ്രയത്നം തന്നെ ഈശോ നടത്തുന്നുണ്ട് ശിഷ്യന്മാരെ ആ സത്യമൊന്നു ബോധ്യപ്പെടുത്താന്‍. അവരുടെ വിശ്വാസരാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും ഓര്‍ത്ത് അവിടുന്ന് വിഷമിക്കുന്നുമുണ്ട്. എന്നിട്ടും, ഓരോ ക്രൈസ്തവനും ഈ ലോകത്തില്‍ തങ്ങളുടെ മറ്റു കടമകളോടൊപ്പം,  പ്രത്യേകം നിറവേറ്റാനുള്ള ദൌത്യം ഈശോ അവര്‍ക്ക് നല്‍കുകയാണ്, നിറവേറ്റുമെന്ന ഉറച്ച വിശ്വാസത്തോടെ.

ഈശോ നല്‍കുന്ന ഈ ദൌത്യം, our mission, is both shared and specific.  ആദ്യഭാഗത്തില്‍ ഈ ദൌത്യം മറ്റുള്ളവരുമായി, മറ്റു ക്രൈസ്തവരുമായി പങ്കുവയ്ക്കാനുള്ളതാണ്. ദൌത്യമിതാണ്: നിങ്ങള്‍ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. രണ്ടാമത്തേത്, ഓരോ ക്രൈസ്തവനുംവേണ്ടി പ്രത്യേകമുള്ളതാണ്. വിശ്വാസത്തോടെ വചനം പ്രസംഗിക്കുകയും, വിശ്വാസം സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്കു അവശ്യം ഉണ്ടായിരിക്കേണ്ട അടയാളങ്ങളാണവ. ഒന്ന്, അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്കരിക്കും. രണ്ടു, അവര്‍ പുതിയ ഭാഷകള്‍ സംസാരിക്കും. മൂന്ന്‍, അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും, നാല്, മാരകമായത് എന്ത് കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അഞ്ച്, അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും, അവര്‍ സുഖം പ്രാപിക്കും.”

ഈ ഭൂമിയിലെ തന്റെ ദൌത്യത്തെക്കുറിച്ച് ഈശോയ്ക്കു നല്ല ബോധ്യമുണ്ടായിരുന്നു. തനിക്കു പന്ത്രണ്ടു വയസ്സായിരുന്നപ്പോള്‍ ഈശോ പറഞ്ഞു: “ ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനാകെണ്ടിയിരിക്കുന്നു.” കൃത്യം ഇരുപത്തൊന്നു വര്‍ഷം കഴിഞ്ഞപ്പോള്‍, കാല്‍വരിയില്‍ കുരിശില്‍കിടന്നു – ഓര്‍ക്കണം, കാല്‍വരിയില്‍ കുരിശില്‍കിടന്നു ഈശോ പറഞ്ഞു: “ഇത് പൂര്‍ത്തിയായിരിക്കുന്നു.” പിതാവ് നല്‍കിയ ദൌത്യം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഈശോ പറഞ്ഞു: പിതാവേ, അങ്ങ് എന്നെ അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്ക് അയച്ചിരിക്കുന്നു. (യോഹ 17, 18) എന്നിട്ട് ഈശോ ശിഷ്യരോട് പറഞ്ഞു: “എന്റെ പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.” (യോഹ 20, 21)

ഈ ഭൂമിയിലായിരുന്നപ്പോള്‍ ഈശോയ്ക്കുണ്ടായിരുന്ന ദൌത്യത്തിന്റെ തുടര്‍ച്ചയാണ് നമ്മുടെ ദൌത്യം. നാം കണ്ടുമുട്ടുന്ന മനുഷ്യര്‍ക്ക് ഈശോയെ പരിചയപ്പെടുത്തുകയെന്നതാണ് നമ്മുടെ ദൌത്യത്തിന്റെ കാതല്‍. വിശുദ്ധ പൌലോസ്ലീഹ പറയുന്നതുപോലെ ഈശോയ്ക്കുവേണ്ടി സംസാരിക്കുവാന്‍ വിളിക്കപ്പെട്ടവരാണ് നമ്മള്‍. (1കോറോ 5, 20) ക്രിസ്തു ഈ ലോകത്തിലേക്ക് പാപികളെ വിളിക്കുവാനാണ് വന്നതെന്ന് നാം വിളിച്ചുപറയണം. പുറംകണ്ണിനും, ഉള്‍ക്കണ്ണിനും കാഴ്ചയില്ലാതെ ഇരുട്ടില്‍ ഞാന്‍ തപ്പിനടന്നപ്പോള്‍ ഈശോ എനിക്ക് വെളിച്ചം നല്‍കിയെന്ന് പ്രഘോഷിക്കണം. ഈശോയെ എന്റെ ഹൃദയത്തിലേക്ക്, ഭവനത്തിലേക്ക്‌ ഞാന്‍ സ്വീകരിച്ചപ്പോള്‍ “ഇന്നീ ഭവനം രക്ഷപ്രാപിച്ചിരിക്കുന്നുവെന്നു ഈശോ പറഞ്ഞെന്നു” (ലൂക്കാ 19, 10) നമ്മുടെ  സഹോദരരോട് നാം പറയണം. കര്‍ത്താവായ ഈശോയില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കുമെന്നു (അപ്പ 16,31) തകര്‍ന്ന കുടുംബങ്ങളിലേക്ക്‌ കയറിച്ചെന്നു, വേദനിക്കുന്നവരുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു നാം അവരെ ശക്തിപ്പെടുത്തണം. സ്നേഹമുള്ളവരെ, നാം അനുഭവിച്ച ദൈവസ്നേഹം, നാം സ്വീകരിച്ച സൌഖ്യം, നാം കണ്ട ദൈവത്തിന്റെ രക്ഷ മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കേണ്ടവരല്ലേ നമ്മള്‍? ഇതാണ് നമ്മുടെ മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ട ദൌത്യം. ജീവിതപ്രശ്നങ്ങളുടെ അഗാധഗര്‍ത്തത്തിലേക്ക് മുങ്ങിത്താണ്  കൊണ്ടിരുന്ന എന്നെ തന്റെ കൈനീട്ടി രക്ഷനല്‍കിയതു ക്രിസ്തുവാണെന്ന്, നമുക്ക് ചുറ്റും ജീവിതപ്രശ്നങ്ങളുടെ അഗാധഗര്‍ത്തത്തിലേക്ക് മുങ്ങിത്താണ്കൊണ്ടിരിക്കുന്ന സഹോദരങ്ങളോട് നാം പറഞ്ഞില്ലെങ്കില്‍ അത് ക്രിമിനല്‍ കുറ്റമായിരിക്കും. ക്യാന്‍സറിനെ സുഖപ്പെടുത്താനുള്ള മരുന്ന് നമ്മുടെ കൈയിലിരിക്കെ, അയല്‍വക്കത്തെ ക്യാന്‍സര്‍ രോഗിക്ക് നാം അത് കൊടുക്കുന്നില്ലെങ്കില്‍ ആ പ്രവൃത്തി ക്രിമിനല്‍കുറ്റം ആകുന്നപോലെ.

സ്നേഹമുള്ളവരെ, നിങ്ങള്‍ ഒരു ക്രൈസ്തവ മാതാവായിരിക്കാം,, പിതാവയിരിക്കാം, ക്രിസ്തുവിന്റെ യുവാവാകാം, യുവതിയാകാം, ഈശോയുടെ കുഞ്ഞുമക്കളാകാം, പുരോഹിതനാകാം, സന്യാസിയാകാം, നിങ്ങള്‍ ആരായാലും, എന്തായാലും, നിങ്ങളുടെ ജീവിതകടമകള്‍ക്കും അപ്പുറം ഈശോ നല്‍കുന്ന ഈ പ്രത്യേക ദൌത്യം നിങ്ങള്‍ പൂര്‍ത്തീകരിയ്ക്കണം. ഇന്നത്തെ ദൈവവചനം ഈയൊരു ഓര്‍മപ്പെടുത്തലുമായിട്ടാണ് നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നത്.

അങ്ങനെ നാം നമ്മുടെ ഒന്നാം ഭാഗം നിര്‍വഹിച്ചുകഴിയുമ്പോള്‍, ക്രിസ്തുവിനെ പ്രഘോഷിച്ചുകഴിയുമ്പോള്‍ നമ്മിലും, നമ്മുടെ പ്രഘോഷണം വഴി ക്രിസ്തുവില്‍ വിശ്വസിക്കുന്നവരിലും അവശ്യം ഉണ്ടായിരിക്കേണ്ട അടയാളങ്ങളാണ് ഇന്നത്തെ ദൈവവചനത്തിന്റെ രണ്ടാംഭാഗം. ഈ അടയാളങ്ങള്‍ വഹിക്കുവാന്‍ സാധിക്കുമോയെന്നു ചോദിക്കുന്നതിനെക്കാള്‍, ഈ അടയാളങ്ങള്‍ വഹിക്കേണ്ടവരാണ് ക്രൈസ്തവര്‍ എന്ന് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ അടയാളങ്ങള്‍ വഹിച്ച ക്രൈസ്തവരുള്ള ഒരു  കാലം കേരളക്കരയില്‍ ഉണ്ടായിരുന്നു. പണ്ട്, തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും നിലനിന്ന കാലത്ത് ഒരു സവര്‍ണന്‍ അശുദ്ധനായാല്‍, ആര്‍ക്കെങ്കിലും ഭൂതബാധയുണ്ടായാല്‍ ഒരു ക്രൈസ്തവന്‍ സ്പര്‍ശിച്ചാല്‍ മതിയായിരുന്നു സവര്‍ണന്‍ ശുദ്ധനാകുവാന്‍. ക്രൈസ്തവന്റെ സാന്നിധ്യം മതിയായിരുന്നു, ബാധകള്‍ ഒഴിഞ്ഞുപോകുവാന്‍. ഭാരതത്തില്‍ ക്രിസ്തുമതം പിറവിയെടുത്തപ്പോള്‍ ക്രൈസ്തവരായവരുടെ ജീവിതം, അവരുടെ സംസാരം, പെരുമാറ്റം എല്ലാറ്റിലും ഒരു പുതുമ ഉണ്ടായിരുന്നു, ക്രിസ്തുവിന്റെ സ്നേഹമുണ്ടായിരുന്നു എന്നത്, സ്നേഹത്തിന്റെ ഭാഷയാണ്‌ അവര്‍ സംസാരിച്ചിരുന്നത് എന്നത് വെറുമൊരു WhatsApp തമാശയല്ല, ചരിത്രമാണ്. ഈ കടമറ്റത്തച്ചനെയൊക്കെ ഐതീഹ്യമെന്നൊക്കെ പറഞ്ഞു തള്ളിക്കളയാന്‍ വരട്ടെ. ഒരുകാലത്ത് പ്രകൃതിയോട് ചേര്‍ന്ന് ജീവിച്ചിരുന്ന, മാരകമാ യവയില്‍ നിന്നല്ലാം ദൈവത്തിന്റെ സംരക്ഷണ ലഭിച്ചിരുന്ന, രോഗികളുടെമേല്‍ കൈവച്ചു പ്രാര്‍ഥിചു അവരെ സുഖപ്പെടുത്തിയിരുന്ന ഒരു നല്ല ക്രൈസ്തവ സംസ്കാരത്തിന്റെ, കാലഘട്ടത്തിന്റെ പ്രതീകമല്ലേ ഈ കടമറ്റത്തിലച്ചന്‍! ആ പ്രതീകത്തിന്റെ ആവിഷ്ക്കാരങ്ങളല്ലേ കടമറ്റത്ത് കത്തനാര്‍ കഥകള്‍?

ഇന്നത്തെ കഥകള്‍ ഞാന്‍ ഇവിടെ പറയേണ്ടതില്ലല്ലോ! സിനിമാക്കഥകളെക്കാള്‍ വെല്ലുന്ന തിരക്കഥകളും, ഓസ്കാര്‍ ലഭിക്കേണ്ട അഭിനയങ്ങളും ആയിട്ടാണ് നമ്മള്‍ അരങ്ങുതകര്‍ക്കുന്നത്‌. സ്വയം നാണംകെട്ടും നാണം കെടുത്തിയും നശിക്കാന്‍ എന്തോ വാശിയുള്ളതുപോലെ?!

സമാപനം

സ്നേഹമുള്ളവരെ, ക്രൈസ്തവരുടെ പ്രത്യേക ദൌത്യം, ക്രിസ്തുവിനെ പ്രഘോ ഷിക്കുക എന്നതാണ്. ക്രൈസ്തവരുടെ unique ആയ specific ആയ assignment നന്മയുടെ, വിശുദ്ധിയുടെ, സ്നേഹത്തിന്റെ, ദൈവപരിപാലനയുടെ, സൌഖ്യത്തിന്റെ അടയാളങ്ങള്‍ വഹിക്കുന്നവരാകുക എന്നതാണ്. ക്രൈസ്തവരെന്നു അഭിമാനിക്കുന്നതോടൊപ്പം, നമ്മുടെ ഉത്തരവാദിത്വങ്ങളെയും കുറിച്ച് ബോധ്യമുള്ളവരാകാം. ഇന്നത്തെ ദൈവവചനം ഓരോര്‍മപ്പെടുത്തലാണ് എന്നത് മറക്കാതിരിക്കുക. ഇനിയൊരു ഓര്‍മപ്പെടുത്തല്‍ ഉണ്ടായില്ലെങ്കിലോ?

SUNDAY SERMON – John 17, 1-26

യോഹ 17, 1-26

സന്ദേശം

Image result for images of jesus praying hands

സീറോ മലബാര്‍ സഭയുടെ ആരാധനാക്രമകലണ്ടറില്‍ ഉയിര്‍പ്പുകാലം ആറാം ഞായറാഴ്ചത്തെ ദൈവവചനം ‘സ്വര്‍ഗത്തിലേക്ക് കരങ്ങളുയര്‍ത്താന്‍, നിനക്കുവേണ്ടിയും, നിന്നോടോപ്പമുള്ളവര്‍ക്കുവേണ്ടിയും കരങ്ങളുയര്‍ത്താന്‍’, നമ്മെ ആഹ്വാനം ചെയ്യുന്നു.

വ്യാഖ്യാനം

ദൈവം നമ്മോടൊപ്പം ഉണ്ടെന്നുള്ളത് വലിയൊരു യാഥാര്‍ഥ്യമാണ്; നമ്മുടെ വിശ്വാസത്തിന്റെ കാതലാണത്. ജീവിതം സന്തോഷത്തോടെ, സമാധാനത്തോടെ, സമൃദ്ധിയില്‍ മുന്നേറുമ്പോള്‍, കഴിക്കാന്‍ ഭക്ഷണം, കൂട്ടുകൂടാന്‍ സുഹൃത്തുക്കള്‍, നീക്കിവയ്ക്കാന്‍ പണം, എല്ലാവര്‍ക്കും ആരോഗ്യവുമൊക്കെയായി മുന്നേറുമ്പോള്‍, ഇങ്ങനെ വിശ്വസിക്കാന്‍ എളുപ്പവുമാണ്. എന്നാല്‍, സാഹചര്യങ്ങള്‍ പോസിറ്റീവ് ആകാതെവരുമ്പോഴോ? ദൈവം നമ്മോടോപ്പമില്ലെന്നും ആയിരം കാതം അകലെയാണെന്നും തോന്നുമ്പോഴോ?

അങ്ങനെയൊരവസ്ഥയില്‍, അങ്ങനെയൊരവസ്ഥയില്‍ പോലും സ്വര്‍ഗത്തിലേക്ക്, പിതാവിന്റെ പക്കലേക്ക്  കരങ്ങളുയര്‍ത്തുന്ന ഈശോയെയാണ് ഇന്നത്തെ ദൈവവചനത്തില്‍ നാം കാണുന്നത്. ദൈവവചനഭാഗം തുടങ്ങുന്നത് ഇങ്ങനെയാണ്: “ഇത്രയും പറഞ്ഞതിനുശേഷം…” എത്രയും? പന്ത്രണ്ടാം അദ്ധ്യായംമുതല്‍ വായിച്ചാല്‍ മങ്ങിയ ഒരു ഷഹനായ് രാഗം അടിയൊഴുക്കായി ഇരമ്പുന്നത് കാണാം. പ്രധാനമായും രാത്രി പന്ത്രണ്ടുമുതല്‍ മൂന്നുമണിവരെ പാടുന്ന ഒരു രാഗമാണ് ഷഹനായ്. അത് പാടുമ്പോള്‍, പാടുന്നത് കേള്‍ക്കുമ്പോള്‍, ദുഃഖത്തിന്റെ, ദുരന്തത്തിന്റെ, ഒറ്റപ്പെടലിന്റെ, ആശ്രയത്വത്തിന്റെ, പിന്നെ ശാന്തതയുടെ ഭാവങ്ങള്‍ അങ്ങനെ മാറിമറഞ്ഞുവരും. മനസ്സൊന്നു ഇളകിയാടി ശാന്തമാകുന്ന ഒരവസ്ഥ! വീട്ടില്‍ചെന്ന് ഈ അദ്ധ്യായങ്ങള്‍ ഒന്ന് വായിച്ചുനോക്കൂ…. യഥാര്‍ത്ഥ ഭാവങ്ങളോടെ ഇന്നത്തെ ദൈവവചനഭാഗത്തിലെ ക്രിസ്തുവിനെ കാണുവാന്‍ സാധിക്കും. എങ്ങനെയുള്ള ക്രിസ്തുവിനെ?

എന്റെ ഹൃദയം അസ്വസ്ഥമായിരിക്കുന്നു, ഞാന്‍ എന്ത് പറയേണ്ടു-വെന്ന് ചോദിക്കുന്ന ക്രിസ്തുവിനെ, ഗോതമ്പ്മണി നീലത്ത് വീണു അഴിഞ്ഞാലേ ഫലം പുറപ്പെടു വിക്കുകയുള്ളൂവെന്നു പറഞ്ഞ ക്രിസ്തുവിനെ, ഞാന്‍ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ലാ, രക്ഷിക്കാനാണ് എന്ന് പറഞ്ഞ ക്രിസ്തുവിനെ, അന്ത്യ അത്താഴ രംഗങ്ങളിലെ നാടകീയ മുഹൂര്‍ത്തങ്ങളില്‍ ശിഷ്യരില്‍ ഒരാള്‍ തന്നെ ഒറ്റിക്കൊടുക്കുമെന്ന് പറഞ്ഞ ക്രിസ്തുവിനെ, പുതിയ പ്രമാണം നല്‍കുന്ന, പത്രോസിന്റെ ഗുരു നിഷേധം മുന്‍കൂട്ടി പറയുന്ന ക്രിസ്തുവിനെ. ക്രിസ്തുവിന്റെ വിവിധ ഭാവങ്ങള്‍ ഇവിടെ തെളിയുന്നുണ്ട്.

അങ്ങനെ, ദുരന്തത്തിന്റെ, മനസ്സു തകരുന്നതിന്റെ രാഗങ്ങളിലൂടെ കടന്നുപോകുമ്പോഴും ശിഷ്യര്‍ക്കുവേണ്ടി സ്നേഹത്തിന്റെ കാരുണ്യത്തിന്റെ ഓര്‍മപ്പെടുത്തുലുകളുമായ് ഇത്രയുമൊക്കെ പറഞ്ഞ ശേഷം, സ്നേ ഹമുള്ളവരെ, ക്രിസ്തു, വിങ്ങുന്ന ഹൃദയത്തോടെ, സ്വര്‍ഗത്തിലേക്ക് കരങ്ങളുയര്‍ത്തുകയാണ്, കണ്ണുകളുയര്‍ത്തുകയാണ്. എന്തിനുവേണ്ടി? ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ വേണ്ടി, തന്നോടോപ്പമുള്ളവരെല്ലാം ജീവിതത്തിന്റെ എല്ലാ സമയങ്ങളിലും ദൈവത്തില്‍ ഒന്നായി ഉറച്ചുനില്‍ക്കുവാന്‍ വേണ്ടി, ദുഷ്ടനില്‍നിന്ന് രക്ഷപ്പെടുവാന്‍ വേണ്ടി , സ്നേഹത്തില്‍ വളരാന്‍ വേണ്ടി.

ഇന്നത്തെ ദൈവ വചനഭാഗം നമ്മെ സ്വര്‍ഗത്തിലേക്ക് കരങ്ങളുയര്‍ത്താന്‍ ക്ഷണിക്കുകയാണ്. ഒന്നാമതായി, ദൈവത്തെ മഹത്വപ്പെടുത്താന്‍ വേണ്ടി. ഈശോയ്ക്കറിയാമായിരുന്നു, ആഴമേറിയ, ശക്തമായ ആരാധന എന്താണെന്ന്? അത്, വേദനയുടെ വേളകളില്‍ ദൈവത്തെ സ്തുതിക്കുകയാണ്, ജീവിതത്തിലെ തകര്‍ച്ചയുടെ സമയങ്ങളില്‍ ദൈവത്തിനു നന്ദി പറയുകയാണ്‌, പരീക്ഷകളില്‍ അവിടുന്നില്‍ വിശ്വസിക്കുന്നതാണ്. സങ്കീര്‍ത്തകന്‍ പാടുന്നു: ദുഃഖത്തിന്റെ പാനപാത്രം കര്‍ത്താവെന്റെ കയ്യില്‍തന്നാല്‍ സന്തോഷത്തോടത് വാങ്ങി ഹല്ലേലൂയ പാടീടും ഞാന്‍. ജീവിതത്തിന്റെ വിഷമഘട്ടങ്ങളില്‍ മദ്യപിച്ച് തളര്‍ന്നുകിടക്കുന്ന ക്രൈസ്തവര്‍ക്ക് സമചിത്ത തയോടെ സ്വര്‍ഗത്തിലേക്ക് കരങ്ങളുയര്‍ത്തി പ്രാര്‍ഥിക്കുന്ന ക്രിസ്തു ഒരു വെല്ലുവിളിയാണ്.

രണ്ടാമത്, തന്നോടോപ്പമുള്ളവരെല്ലാം ജീവിത ത്തിന്റെ എല്ലാ സമയ ങ്ങളിലും ദൈവത്തില്‍ ഒന്നായി ഉറച്ചു നില്‍ക്കുവാന്‍ വേണ്ടി. ഒരിക്കല്‍ അപകടത്തില്‍ പ്പെട്ട ഒരു ചെറുപ്പക്കാരനെ കാണാന്‍ ആശു പത്രിയില്‍ ഓപ്പറേഷന്‍ തിയേറ്ററിന് മുന്‍പില്‍ ചെന്നപ്പോള്‍, പയ്യന്റെ കുടുംബംഗങ്ങളെ അന്വേഷിച്ചു. അപ്പോള്‍ ഒരാള്‍ പറഞ്ഞു, ഓപ്പ റേഷന്‍ 5 മണിക്കൂറെങ്കിലും എടുക്കും. അല്പം ക്രിട്ടിക്കലാണ്. അവര്‍ അടുത്തുള്ള പള്ളിയിയുടെ നിത്യാരാധന ചാപ്പലില്‍ ഉണ്ട്. ഞാനങ്ങോട്ടു ചെന്നു. അപ്പോള്‍ കണ്ടത് ആ കുടുംബം മുഴുവന്‍ വിശുദ്ധ കുര്‍ബാനയുടെ മുന്‍പില്‍ കരങ്ങളുയര്‍ത്തി പ്രാര്‍ഥിക്കുന്നതാണ്. ജീവിതത്തിലെ ദുരന്തത്തിന്റെ മുന്‍പില്‍ 25% പോലും പ്രതീക്ഷ യില്ലെന്ന് ഡോക്ടര്‍ പറഞ്ഞ സന്ദര്‍ഭത്തിലും തങ്ങളോടോപ്പമുള്ളവരെല്ലാം ദൈവത്തില്‍ ഒന്നായി ഉറച്ചു നില്‍ക്കുവാന്‍ വേണ്ടി കരങ്ങളുയര്‍ത്തി പ്രാര്‍ഥിക്കുന്ന മാതാപിതാക്കന്മാരെ കണ്ടപ്പോള്‍ ഞാനും കരങ്ങളുയര്‍ത്തി. ഇസ്രായേല്‍ക്കാരെ വിജയത്തിലേക്ക് നയിക്കാന്‍ കരങ്ങളുയര്‍ത്തിയ മോശയെപ്പോലെ, നമ്മോടോപ്പമുള്ളവരെല്ലാം ജീവിതത്തിന്റെ എല്ലാ സമയങ്ങളിലും ദൈവത്തില്‍ ഒന്നായി ഉറച്ചു നില്‍ക്കുവാന്‍ വേണ്ടി, സൌഖ്യം നേടാന്‍ വേണ്ടി, വിജയം നേടാന്‍ വേണ്ടി  സ്നേ ഹമുള്ള.വരെ നാമും കരങ്ങളുയര്‍ത്തണം.

മൂന്നാമത്, ദുഷ്ടനില്‍ നിന്ന് രക്ഷപ്പെടുവാന്‍ വേണ്ടി നാം കരങ്ങളുയര്‍ത്തണം. വിശുദ്ധ അഗസ്തീനോസിന്റെ അമ്മ മോനിക്കയെപ്പോലെ, ഇപ്പോള്‍ വചനം ശ്രവിച്ചു കൊണ്ടിരിക്കുന്ന ധാരാളം മാതാപിതാക്കന്മാരെപ്പോലെ. നാമും നമ്മോടൊപ്പമുള്ളവരും നമ്മുടെ സഭ, ഇടവക, കുടുംബം, രാജ്യം ദുഷ്ടനില്‍ നിന്ന് രക്ഷപ്പെടുവാന്‍ വേണ്ടി നാം കരങ്ങളുയര്‍ത്തണം.

നാലാമത്, സ്നേഹത്തില്‍ വളരാന്‍ വേണ്ടി. വിശുദ്ധ അല്‍ഫോന്‍സ പറയുന്നു: “സഹനങ്ങളാണ് എന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ചത് – ദൈവത്തെയും, സഹോദരങ്ങളെയും”. പിണക്കത്തിന്റെ, വെറുപ്പിന്റെ ആത്മാവിനെയല്ലാ ഈശോ നമുക്ക് നല്‍കിയിരിക്കുന്നത്. അവിടുന്ന് കരങ്ങളുയര്‍ത്തിയത് ഞാനും നിങ്ങളും സ്നേഹത്തില്‍ വളരാന്‍ വേണ്ടി മാത്രമാണ്. കുടുംബം മുഴുവന്‍ ദൈവത്തിന്റെ മുന്‍പില്‍ കരങ്ങളുയര്‍ത്തി നില്‍ക്കുന്ന കുടുംബ പ്രാര്‍ത്ഥനാ സമയങ്ങള്‍ ദൈവസ്നേഹത്ത്തിന്റെ, ദൈവകൃപയുടെ പെരുമഴപ്പെയ്ത്താണെന്ന്, കുടുംബാംഗങ്ങളെ സ്നേഹത്തില്‍ നിലനിര്‍ത്തുന്ന സമയങ്ങളാണെന്നു ഇനി എന്നാണു നാം മനസ്സിലാക്കുക?

സമാപനം

സ്നേഹമുള്ളവരെ, ജീവിതത്തിന്റെ സാഹചര്യങ്ങള്‍ എന്തായാലും, ‘സ്വര്‍ഗത്തിലേക്ക് കരങ്ങളുയര്‍ത്താന്‍, നിനക്കുവേണ്ടിയും, നിന്നോടോപ്പമുള്ളവര്‍ക്കുവേണ്ടിയും കരങ്ങളുയര്‍ത്താന്‍’ നമുക്ക് സാധിക്കട്ടെ. പഴയ നിയമത്തിലെ ജോബിനെപ്പോലെ ഇപ്പോഴും ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുക: എന്റെ ദൈവം നല്ലവനും സ്നേഹമുള്ളവനും ആണ്. ആ ദൈവം ഇപ്പോഴും എന്നോടൊപ്പമുണ്ട്. ഈശോയ്ക്കറിയാം നമ്മുടെ ജീവിതം,  ദൈവശാസ്ത്രജ്ഞനായ Raymond Edman പറഞ്ഞപോലെ “Never doubt in the dark what God told you in the light”. അതുകൊണ്ട്, ഇന്നത്തെ വചനം പറയുന്നപോലെ, ജീവിതത്തിന്റെ സാഹചര്യങ്ങള്‍ എന്തായാലും, ‘സ്വര്‍ഗത്തിലേക്ക് കരങ്ങളുയര്‍ത്താന്‍, നിനക്കുവേണ്ടിയും, നിന്നോടോപ്പമുള്ളവര്‍ക്കുവേണ്ടിയും കരങ്ങളുയര്‍ത്താന്‍’ നമുക്ക് സാധിക്കട്ടെ.

Sunday Sermon – John 21, 1-14

യോഹ 21,1-14

സന്ദേശം

Image result for images of Jesus at Tiberius sea

തിബേരിയോസ് കടല്‍ത്തീരത്തിന്റെ പാശ്ചാത്തലത്തില്‍ ഈശോ വിളമ്പുന്ന ഇന്നത്തെ ദൈവവചനത്തിന്റെ സന്ദേശം, “തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തരുത്” എന്നാണ്. ഈ ലോകത്തില്‍ മനുഷ്യന്റെ ഏറ്റവും വലിയ പ്രലോഭനം, തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുകയെന്നതാണ്. ഫലമോ, പരാജയം നിറഞ്ഞ, സ്വസ്ഥതയില്ലാത്ത, സമൃദ്ധിനല്‍കാത്ത ജീവിതസാഹചര്യങ്ങളും, നിരാശയും. ദൈവത്തിന്റെ വചനം ചോദിക്കുന്നു: “ആഹാരത്തിനുവേണ്ടിയല്ലാതെ എന്തിനു പണം മുടക്കുന്നു? സംതൃപ്തിക്കുവേണ്ടിയല്ലാതെ എന്തിനു അദ്ധ്വാനിക്കുന്നു?” (ഏശയ്യ 55,2) ഈശോ പറയുന്നു: ‘നശ്വരമായ, നൈമിഷികമായ അപ്പങ്ങള്‍ക്കുവേണ്ടി അധ്വാനിക്കാതെ, മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ നന്മയുടെ, സന്തോഷത്തിന്റെ, സംതൃപ്തിയുടെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍.’ (യോഹ 6,27) തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തരുത്!

വ്യാഖ്യാനം

തിബേരിയോസ് കടല്‍ത്തീരത്തിന്റെ ഈ എപ്പിസോടിനു മുന്‍പുള്ള എപ്പിസോടുകളില്‍ ഉത്ഥിതനായ ഈശോ ശിഷ്യര്‍ക്ക് പ്രത്യക്ഷപ്പെടുന്നുണ്ട്. ഉത്ഥിതനായ, ഇന്നും ജീവിക്കുന്ന ക്രിസ്തുവിനെ കണ്ടിട്ടും, അവിടുത്തോടോത്ത് ഒരുമിച്ച് ഭക്ഷിച്ചിട്ടും ഉത്ഥിതന്റെ മധുരമൊഴികള്‍ കേട്ടിട്ടും ശിഷ്യരുടെ പ്രലോഭനം ലൌകികമായ, സാധാരണ ജീവിതത്തിലേക്ക് ഇറങ്ങുവാനാണ്. ഉത്ഥാനാനുഭവം നല്‍കുന്ന കടമകളിലേക്ക് ജീവിതത്തെ ഉയര്‍ത്തുവാന്‍, ജീവിതത്തെ motivate ചെയ്യുവാന്‍ ശിഷ്യര്‍ക്ക് സാധിക്കുന്നില്ല. ദൈവാനുഭവം, ദൈവത്തിന്റെ വചനം നല്‍കുന്ന പ്രചോദനം നമ്മുടെ പ്രവര്‍ത്തികളില്‍ പ്രതിഫലിക്കുമ്പോള്‍ നാം ദൈവിക ചൈതന്യത്തിലേക്ക്‌ motivated ആകും.

ഈ ഭൂമിയിലെ തങ്ങളുടെ ദൌത്യത്തെക്കുറിച്ച് ബോധവാന്മാരാകാന്‍ കഴിവില്ലാതിരുന്ന ശിഷ്യര്‍ മീന്‍പിടിക്കുവാന്‍ പോകുകയാണ്. മീന്‍പിടുത്തം മറ്റേതൊരു ജോലിയുംപോലെ മഹത്വമേറിയതാണ്. പക്ഷേ, ഇവിടെ മീന്‍പിടുത്തം പ്രതീകാത്മകമാണ്. എന്റെ ജീവിതത്തിലെ ഞാന്‍ ഇപ്പോള്‍ ചെയ്യേണ്ടതല്ലാത്ത പ്രവര്‍ത്തികളുടെ പ്രതീകമാണ് മീന്‍പിടുത്തം. കലക്ടര്‍ പദവിയിലിരിക്കുന്ന ഞാന്‍ ആ ജോലിചെയ്യാതെ വാര്‍ക്കപ്പണിക്ക് പോകുന്നപോലെ; വൈദികനായ ഞാന്‍ ആ ജോലി ചെയ്യാതെ real estate പണിക്കു പോകുന്നപോലെ. ജോലി അറിയാമെങ്കിലും, ഞാന്‍ ഇപ്പോള്‍ ചെയ്യേണ്ടതല്ലാത്ത പ്രവര്‍ത്തികളുടെ പ്രതീകമാണ് മീന്‍പിടുത്തം.

ചെയ്യേണ്ടതല്ലാത്ത പ്രവര്‍ത്തികള്‍ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുമ്പോള്‍ നീ എത്ര വിദഗ്ധനായാലും ഫലം ലഭിച്ചെന്നു വരില്ല; ദൈവത്തിന്റെ കൃപാവരത്തിന്റെ സമൃദ്ധി അനുഭവിക്കുവാന്‍ സാധിച്ചെന്നുവരില്ല. വെള്ളത്തിന്റെ നിശ്ചലതകണ്ട്, വെള്ളത്തിന്റെ അനക്കംകണ്ട് കടലിന്റെ സ്വഭാവം തിട്ടപ്പെടുത്തുവാന്‍ അറിയാമായിരുന്ന പത്രോസുണ്ടായിട്ടും, നോക്കൂ… വചനം പറയുന്നു: ആ രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ടും അവര്‍ക്കൊന്നും കിട്ടിയില്ല. (യോഹ 14, 3) ജീവിതത്തില്‍ ചെയ്തുതീര്‍ക്കേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബോധവാന്മാരല്ലെങ്കില്‍, ദൈവത്തിന്റെ വിളിയനുസരിച്ചു ജീവിക്കുവാന്‍ തയ്യാറല്ലെങ്കില്‍, നിന്റെ ജീവിതാന്തസ്സിനടുത്ത കടമകള്‍ ചെയ്യാതെ നിസ്സാരമായ കാര്യങ്ങളില്‍ മുഴുകി ജീവിതം നഷ്ടപ്പെടുത്തുകയാണെങ്കില്‍, ഓര്‍ക്കുക, എത്ര അധ്വാനിച്ചാലും ഒന്നും കിട്ടുകയില്ല.

വിശുദ്ധ പൗലോസ്‌ അത് മനസ്സിലാക്കിയിരുന്നു. ഉത്ഥിതനായ ക്രിസ്തുവിനെ അനുഭവിചറിഞ്ഞ പൗലോസ്‌ പിന്നെ നിസ്സരമായതിനുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുന്നില്ല. ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നശിച്ചാലുണ്ടാകുന്ന വലിയ വിപത്തിനെക്കുറിച്ച് മനസ്സിലായ കോളെജ് പ്രൊഫസര്‍ ഫ്രാന്‍സിസ് സേവ്യര്‍, ദൈവത്തിന്റെ നിയോഗവും വിളിയും അനുസരിച്ച് ജീവിക്കുവാന്‍ ബൈബിളും കുരിശുമായി ഇറങ്ങുകയാണ്. പിന്നെ, തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുന്നവരെത്തേടി അവര്‍ യാത്രചെയ്യുകയാണ്. കുടുംബജീവിതത്തിന്റെ കടമകള്‍ നിര്‍വഹിക്കാതെ, മദ്യപിച്ചും, മറ്റു ദുശീലങ്ങള്‍ക്ക് അടിമപ്പെട്ടും ജീവിച്ച ഒരു വ്യക്തി ഒരുനാള്‍ ധ്യാനത്തിന് പോകുന്നു. അവിടെവച്ച് ഈശോ അവനെ സ്പര്‍ശിക്കുന്നു. തിരിച്ചെത്തുന്ന അയാള്‍ പിറ്റേദിവസം രാവിലെ പള്ളിയിലേക്ക് കുര്‍ബാനയ്ക്ക് പോകുന്ന കണ്ടു ആളുകള്‍ ചോദിക്കുന്നു: എന്തുപറ്റി ഇയാള്‍ക്ക്? ജീവിതത്തില്‍ നഷ്ടപ്പെടുത്തിയ വഴികളെ അയാള്‍ തിരിച്ചുപിടിക്കുകയാണ്‌.

ക്രിസ്തുമതത്തിന്റെ മനോഹാരിത, തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുന്ന മനുഷ്യനെത്തേടി വരുന്ന ഒരു ദൈവം അവള്‍ക്ക്, അവന് ഉണ്ട് എന്നുള്ളതാണ്. അതാണ്‌ ഈ എപ്പിസോടിന്റെ ബാക്കിഭാഗം. നീ നിന്റെ ജീവിതം തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴും, നീ നഷ്ടപ്പെടുത്തിക്കൊണ്ടിക്കുന്ന ജീവിതസാഹചര്യങ്ങിലേക്കുതന്നെ കടന്നുവന്നുകൊണ്ട് നിന്നെ രക്ഷിക്കാന്‍, അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടുതന്നെ നിന്നെ രക്ഷിക്കാന്‍ മകളേ, മകനേ, നിന്റെ ജീവിതത്തിന്റെ തീരത്ത് നിനക്കുവേണ്ടി പ്രാതലൊരുക്കി കാത്തിരിക്കുന്ന ദൈവം, ഈശോ നിനക്കുണ്ട്‌ എന്ന് മനസ്സിലാക്കുക. ഒന്നിനുശേഷം മറ്റൊന്ന് എന്ന രീതിയില്‍ ജോലിയോ, ബിസ്സിനസ്സോ ചെയത് നോക്കിയിട്ടും എങ്ങും എത്തുന്നില്ലല്ലോ എന്ന് ചിന്തിച്ചു നില്‍ക്കുമ്പോള്‍ ഓര്‍ക്കുക, നിന്റെ ദൈവം നിന്റെ അരികില്‍ എത്തി ചോദിക്കും: മകളെ, മകനെ, ഒന്നും കിട്ടുന്നില്ലേ? ആ ദൈവം എന്നും വിശുദ്ധ കുര്‍ബാനയില്‍ നിനക്കുവേണ്ടി കാത്തിരിക്കുന്നുണ്ടെന്നും നീ അറിയുക.

പഴയനിയമത്തില്‍ യോനായുടെ പുസ്തകത്തില്‍ ഒരുലക്ഷത്തിയിരുപതിനായിരത്തില്‍പരം നിനെവേക്കാരെക്കുറിച്ച് ദൈവം പറയുന്നതിങ്ങനെയാണ്: ഇടതേത്, വലതേത് എന്ന് തിരിച്ചരിയാത്ത ജനം. (യോന 4, 11) ഇത് കേരള രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞതല്ല. മനുഷ്യന്റെ ബാലഹീനാവസ്തയെക്കുറിച്ച് പറഞ്ഞതാണ്.   ഇടതേത്, വലതേത് എന്ന് തിരിച്ചരിയാന്‍ കഴിയാത്ത നമുക്കുവേണ്ടി, തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുന്ന നമുക്കുവേണ്ടി എന്നും പ്രാതലൊരുക്കി കാത്തിരിക്കുന്ന ദൈവമാണ് സ്നേഹമുള്ളവരെ, വിശുദ്ധ കുര്‍ബാനയിലുള്ളത് എന്ന ചിന്ത നമുക്ക് പ്രചോദനം നല്‍കട്ടെ.  ദൈവകൃപ നിറഞ്ഞ ജീവിതത്തിലേക്ക് മടങ്ങിവരുവാന്‍ ഈ ഞായറാഴ്ച, ദൈവത്തിന്റെ വചനം നമ്മെ ക്ഷണിക്കുമ്പോള്‍, നമ്മുടെ ചിന്തയില്‍, സംസാരത്തില്‍, ബന്ധങ്ങളില്‍, മറ്റുള്ളവരോടുള്ള മനോഭാവങ്ങളില്‍ ജീവിതം നഷ്ടപ്പെടുത്തുകയാണോ എന്ന് വിചിന്തനം ചെയ്യാം. നിസ്സാരങ്ങളായ സ്വാര്‍ത്ഥതയ്ക്കുവേണ്ടി, മറ്റുള്ളവരെ വേദനിപ്പിക്കാന്‍ വേണ്ടി, അതുവഴി നിസ്സാരമായ ജയം നേടാന്‍വേണ്ടി ദൈവം നല്‍കിയ ജീവിതം നഷ്ടപ്പെടുത്തുകയാണോ എന്നും ചിന്തിക്കാം.

സമാപനം

തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്താതെ ജീവിതം നേടിയെടുക്കാന്‍, ജീവിതം തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴും, ഞാന്‍ നഷ്ടപ്പെടുത്തിക്കൊണ്ടിക്കുന്ന ജീവിതസാഹചര്യങ്ങിലേക്കുതന്നെ കടന്നുവന്നുകൊണ്ട് എന്നെ രക്ഷിക്കാന്‍, ഈശോ വരും എന്ന് വിശ്വസിച്ചുകൊണ്ടു ജീവിക്കാന്‍, ഈശോ നമ്മെ അനുഗ്രഹിക്കട്ടെ.