Category Archives: Sunday sermon

SUNDAY SERMON Lk 1, 5 – 25

ലൂക്കാ1, 5 – 25

സന്ദേശം 

Image result for images of lk 1, 5-25"

ദൈവവും ദൈവത്തിലുള്ള വിശ്വാസവും ഒട്ടേറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ആരാധനാക്രമ വത്സരത്തിന്റെ ആദ്യത്തെ കാലത്തിലേക്ക്, മംഗളവാർത്താകാലത്തിലേക്കു പ്രവേശിച്ചിരിക്കുന്നത്‌. ക്രൈസ്തവമതത്തിനെതിരെ വളരെ സംഘടിതമായ നീക്കങ്ങൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നതുകൊണ്ട് നമുക്കീ ക്രിസ്തുമസും അതിനുള്ള ഒരുക്കവും ഏറ്റവും പ്രധാനപ്പെട്ടതാണ്.

മത വത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയവും, രാഷ്ട്രീയവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, വാണിജ്യവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മതവും ഒരുപോലെ നമ്മുടെ ക്രൈസ്തവവിശ്വാസത്തിനു ഭീഷണിയുയർത്തുമ്പോൾ, ക്രിസ്തുവിനെ രക്ഷകനായി പ്രഘോഷിക്കുവാൻ, ക്രൈസ്തവവിശ്വാസത്തിൽ നിലനിൽക്കുവാൻ ഏറ്റവും ചൈതന്യത്തോടെ ഈ ക്രിസ്മസ് ആഘോഷിക്കുവാൻ നാം തയ്യാറാകണം. അതിനായി, ഈ മംഗളവാർത്താക്കാലം ആദ്യ ഞായറാഴ്ചത്തെ സന്ദേശം ദൈവത്തിൽ വിശ്വസിക്കുക, നമ്മുടെ ജീവിതത്തിലെ ദൈവത്തിന്റെ ഇടപെടലുകളെ മനസ്സിലാക്കുക, ചുവടൊന്നു മാറ്റിച്ചവിട്ടുക എന്നതാണ്.

വ്യാഖ്യാനം

മംഗളവാർത്താകാലത്തിന്റെ ആദ്യ ഞായറാഴ്ചയിലെ പ്രതിപാദ്യവിഷയം അബിയായുടെ ഗണത്തിൽപ്പെട്ട പുരോഹിതനായ സഖറിയായുടെയും, അദ്ദേഹത്തിന്റെ ഭാര്യ അഹറോന്റെ പുത്രിമാരിൽപ്പെട്ട എലിസബത്തിന്റെയും ജീവിതത്തിലുണ്ടായ, കുടുംബത്തിലുണ്ടായ   ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലുകളാണ്. ഇവരുടെ പ്രത്യേകത ഇവർ ഒരു ട്രാക്കിലൂടെ ഓടിക്കൊണ്ടിരുന്നവരായിരുന്നു എന്നതാണ്. ഏതാണാ ട്രാക്ക്? ദൈവത്തിന്റെ മുൻപിൽ കുറ്റമറ്റവരായി, നീതിനിഷ്ഠരായി ജീവിച്ചപ്പോഴും പ്രായം കവിഞ്ഞുപോയ ഞങ്ങൾക്കിനി മക്കളുണ്ടാകുകയില്ലായെന്ന ഒറ്റ ചിന്തയിൽ ആ ഒറ്റ ട്രാക്കിലാണ്‌ അവർ ഓടിക്കൊണ്ടിരുന്നത്. ദൈവത്തിനു അസാധ്യമായി ഒന്നുമില്ലായെന്നു ചിന്തിക്കുവാൻ, ഞങ്ങളുടെ ജീവിതത്തിൽ ദൈവം അത്ഭുതം പ്രവർത്തിക്കുമെന്ന് ഉറച്ചുവിശ്വസിക്കുവാൻ ആ രീതിയിൽ ചുവടൊന്നു മാറ്റിചവിട്ടുവാൻ അവർ ശ്രമിച്ചില്ല.

സഖറിയാ എന്ന വാക്കിനർത്ഥം ദൈവം ഓർത്തു (God remembered) എന്നാണ്. എലിസബത്ത്   എന്ന വാക്കിനർത്ഥം ദൈവത്തിന്റെ വാഗ്ദാനം (the promise of ഗോഡ്) എന്നുമാണ്. തങ്ങളുടെ പേരിന്റെ അർത്ഥമെന്താണെന്നു അവർ ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ അവർക്കു ചുവടൊന്നു മാറ്റിചവിട്ടാമായിരുന്നു. ദൈവം തന്നെ ഓർക്കുമെന്ന് സഖറിയായും, ദൈവം തന്റെ വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്നു എലിസബത്തും വിശ്വസിച്ചിരുന്നെങ്കിൽ, കൂടെക്കൂടെ ആ വിശ്വാസം ഏറ്റുപറഞ്ഞിരുന്നെങ്കിൽ ആ ഒരു ട്രാക്കിൽ നിൽക്കുകയില്ലായിരുന്നു. സങ്കീർത്തകൻ പാടിയതുപോലെ “കർത്താവിൽ ആശ്രയിക്കുന്നവനെ അവിടുത്തെ സ്നേഹം വലയം ചെയ്യുമെന്നും”, “കർത്താവിനെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാകുകയില്ലെന്നും ” ഒന്നോർത്തിരുന്നെങ്കിൽ അവർ ആ ട്രാക്ക് മാറ്റിചവിട്ടുമായിരുന്നു. ഏതാണാ ട്രാക്ക്?  പ്രായം കവിഞ്ഞുപോയ ഞങ്ങൾക്കിനി മക്കളുണ്ടാകുകയില്ലായെന്ന ഒറ്റ ചിന്ത, ഒറ്റ ട്രാക്ക്.

“ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീപസ്ഥനാണെന്നും, മാനമുരുകിയവരെ അവിടുന്ന് രക്ഷിക്കുമെന്നും” എന്തുകൊണ്ട് അവർ ഓർത്തില്ലാ? അതുകൊണ്ടു എന്ത് പറ്റി? അവർ പോലും അറിയാതെ ദൈവം അത്ഭുതമായി അവരുടെ ജീവിതത്തിൽ വന്നപ്പോൾ, നോക്കൂ… സഖറിയാ പ…പ്പ…പ്പ…പ്പ… വയ്ക്കുകയാണ്. എന്തോ ഒക്കെ വിളിച്ചുപറയുകയാണ്‌. ജീവിതം stop ആകുകയാണ്; ജീവിതം മൂകമാകുകയാണ്; ആംഗ്യങ്ങൾ കാണിച്ചു മറ്റുള്ളവരുടെ മുൻപിൽ അപഹാസ്യനാകുകയാണ്.

എന്നിട്ടും സഖറിയായെ ദൈവം ഓർത്തു; ദൈവം തന്റെ വാഗ്ദാനം അനുസ്മരിച്ചു. അവിടുന്ന് അവർക്കു ദൈവത്തിന്റെ സമ്മാനം കൊടുത്തു. യോഹന്നാൻ എന്ന പേരിനർത്ഥം ദൈവത്തിന്റെ സമ്മാനം (the gift of God) എന്നാണ്.

സ്നേഹമുള്ളവരേ, ഈ ക്രിസ്മസ് ഒരുക്കക്കാലത്ത് എന്റെ ജീവിതത്തിലും ദൈവത്തിന്റെ ഇടപെടലുകളുണ്ടാകുമെന്നും, ആ ഇടപെടലുകളെ മനസ്സിലാക്കുവാൻ ഞാൻ ശ്രമിക്കുമെന്നും നമുക്ക് തീരുമാനമെടുക്കണം. മാത്രമല്ല, നാം ഓടിക്കൊണ്ടിരിക്കുന്ന ട്രാക്ക് ഏതാണെന്നു പരിശോധിക്കണം. ട്രാക്കുകൾ പലവിധമാണ്. ചിലരുടേത് ഇങ്ങനെയാണ്: ‘ഓ! എത്ര ശ്രമിച്ചിട്ടും കാര്യമില്ല. ദുഷ്ടനെ ദൈവം പനപോലെ വളർത്തും.’ മറ്റുചിലരുടേതു “വീട്ടിൽ ഇപ്പോഴും അസുഖമാണ്. ഒരാൾക്ക് മാറിയാൽ അടുത്തയാൾക്കു. എത്ര പ്രാർത്ഥിച്ചിട്ടും ഒരു കാര്യവുമില്ല. ദൈവം കണ്ണുതുറക്കാത്ത, കരയാനറിയാത്ത കളിമൺ പ്രതിമകൾ”. ‘ഒരു ജോലി, നല്ലൊരു വീട് …ഇതൊന്നും നടക്കില്ല’. ‘പിണക്കങ്ങൾ അങ്ങനെതന്നെ നിൽക്കട്ടെ. വീട്ടുകാരും നാട്ടുകാരും ശരിയല്ല’… ഇങ്ങനെ നമുക്കോരോരുത്തർക്കും ഓരോ ട്രാക്ക്. എന്നിട്ടോ? ജന്മം ചെയ്താൽ ചുവടൊന്നു മാറ്റിചവിട്ടുകയില്ല. ജീവിതം മൂകമായാലും, എത്രമാത്രം തകർന്നാലും ഒന്ന് മാറി ചിന്തിക്കുകയില്ല.

സ്നേഹമുള്ളവരെ, ഈ മംഗളവാർത്താക്കാലം നമ്മെ ഓർമിപ്പിക്കുന്നത് ക്രിസ്തു നമ്മുടെ ജീവിതത്തിലേക്ക് വരുന്നു എന്നാണ്. ഞങ്ങൾക്കിനി ദൈവാനുഗ്രഹം ഉണ്ടാകുകയില്ല, എത്ര ശ്രമിച്ചാലും ഫലമില്ല എന്നിങ്ങനെയുള്ള ചിന്തയിൽ നിന്ന് ഒന്ന് മാറി, ദൈവം എന്നെ ഓർക്കുമെന്നും, അവിടുന്ന് വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്നും അവിടുത്തെ സമ്മാനം എനിക്ക് നൽകുമെന്നും എന്ന ചിന്തയിൽ ഒന്ന് ഓടി നോക്കിക്കേ. അപ്പോൾ ദൈവത്തിന്റെ ഇടപെടലുകളെ മനസ്സിലാക്കുവാൻ നമുക്ക് സാധിക്കും. 

ഒരു ചിത്രീകരണമുണ്ട്: ഒരു റയിൽവേ ട്രാക്ക്. അതിലൂടെ ഒരു പശുവും അതിന്റെ കിടാവും നടക്കുകയാണ്. നീണ്ടു കിടക്കുന്ന ട്രാക്ക്… ആരും ശല്യപ്പെടുത്താനില്ല…അവരങ്ങനെ അലസമായി നടക്കുകയാണ്. എല്ലാം ശുഭകരം എന്ന് ചിന്തിച്ചു നടന്നപ്പോഴാണ് പുറകിൽ നിന്ന് ട്രെയിനിന്റെ ചൂളം വിളി കേട്ടത്. പശുവും കിടാവും ട്രാക്കിലൂടെ ഓടാൻ തുടങ്ങി. കുറെ കഴിഞ്ഞപ്പോൾ അനിവാര്യമായതു സംഭവിച്ചു. പശുവിനെയും കിടാവിനെയും തട്ടിത്തെറുപ്പിച്ചു ട്രെയിൻ കടന്നുപോയി. ഈ ചിത്രീകരണത്തിന്റെ അടിക്കുറിപ്പ് ഇതാണ്: ഒന്ന് ചുവടു മാറ്റി ചവിട്ടിയിരുന്നെങ്കിൽ സ്വയം രക്ഷിക്കാമായിരുന്നു, അടുത്ത തലമുറയെയും!

ശരിയാണ്. എല്ലാം ശുഭകരം എന്ന് ചിന്തിച്ചു നടക്കുമ്പോഴാകാം ജീവിതം കീഴ്മേൽ മറിയുന്നത്! എന്നാൽ, നാം ചുവടൊന്നു മാറ്റിചവുട്ടിയാൽ നമുക്ക് നമ്മെയും അടുത്ത തലമുറയെയും രക്ഷിക്കാം. ഇപ്പോൾ   ഓടുന്ന ട്രാക്ക്, മനോഭാവം, കാഴ്ചപ്പാട് ഒന്ന് മാറ്റിപ്പിടിക്കാം. നമ്മുടെ അപമാനം നീക്കിക്കളയുവാൻ തീർച്ചയായും ക്രിസ്തു നമ്മുടെ ജീവിതത്തിൽ വരും എന്ന് ഉറച്ചു വിശ്വസിക്കുക. ആ വിശ്വാസത്തിനു അനുസരിച്ചു ജീവിതം നവീകരിക്കുക. ദൈവംനമ്മുടെ ജീവിതത്തിൽ നടത്തുന്ന ചെറുതും വലുതുമായ ഇടപെടലുകളെ മനസ്സിലാക്കുക. അപ്പോൾ നാം പോലും അറിയാതെ നമ്മുടെ ദൈവം നമ്മുടെ ജീവിതത്തിൽ അത്ഭുതകരമായി കടന്നുവരും. അവിടുത്തെ ആ വരവാണ് ക്രിസ്മസ്!

FEAST OF CHRIST THE KING

മത്താ 22, 41 -23, 12

സന്ദേശം

Image result for image of christ the king"

ക്രിസ്തുവിനെക്കുറിച്ചു ഓർക്കുമ്പോൾ ഓരോ ക്രൈസ്തവനും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന ഒരു വിശേഷണമുണ്ട് – രാജാക്കന്മാരുടെ രാജാവായ ക്രിസ്തു! ഇന്ന് പള്ളിക്കൂദാശാകാലത്തിന്റെ നാലാം ഞായറാഴ്ച്ച ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ നാം വീണ്ടും ഈ വിശേഷണം ഓർത്തെടുക്കുകയാണ്. കുഞ്ഞുന്നാളിൽ സൺ‌ഡേ സ്കൂൾ കുട്ടികളായിരുന്ന കാലത്ത് ഒരു മുദ്രാവാക്യമായി, ഉള്ളിൽ തട്ടുന്ന ഒരു സങ്കീർത്തനമായി ജയ് ജയ് ക്രിസ്തുരാജൻ എന്ന് ഏറ്റുപറഞ്ഞതും തീർച്ചയായും നമ്മുടെ സ്മരണയിലുണ്ട്. നിഷ്കളങ്കമായ ഈ ഓർമകളിൽ നിന്നുകൊണ്ട് ഈ വർഷത്തെ ക്രിസ്തുരാജത്തിരുനാൾ ആഘോഷിക്കുവാൻ തിരുസ്സഭ നമ്മെ ക്ഷണിക്കുകയാണ്. എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ!

വ്യാഖ്യാനം

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ആശയമാണ് രാജത്വം എന്നത്. ലോകചരിത്രത്തിൽ തന്നെ മറക്കാനാവാത്ത ഒരു കാലഘട്ടമാണ് രാജാക്കന്മാരുണ്ടായിരുന്ന കാലം. യുദ്ധങ്ങളുടെയും, അടിച്ചമർത്തലുകളുടെയും, വെട്ടിപ്പിടിക്കലിന്റെയും കഥകൾക്ക് എന്നും രക്തത്തിന്റെ നിറമുണ്ടായിരുന്നു, മണമുണ്ടായിരുന്നു. മനുഷ്യത്വം ഇല്ലാത്ത വിധത്തിലുള്ള ഒരു വിധേയത്വം, കാരുണ്യം ലവലേശമില്ലാത്ത അടിമത്വം ഈ കാലത്തിന്റെ പ്രത്യേകതകളായിരുന്നു. അതുകൊണ്ടുതന്നെ, ക്രിസ്തുവിനു ഒട്ടും തന്നെ ചേരാത്ത ഒരു വിശേഷണമാണ് രാജാവ് എന്നുള്ളത്. അതുകൊണ്ടുതന്നെയാവണം, ഈശോ ഒരിക്കൽപോലും ഈ ലോകത്തിന്റെ രാജാവാകാൻ ആഗ്രഹിച്ചില്ല.

എന്നാൽ, രാജത്വം അതിന്റെ സർവ മഹത്വത്തിലും ക്രൂരതയിലും നിലനിന്ന കാലത്തായതുകൊണ്ടാവാം ഈശോയെ രാജാവാക്കുവാൻ ജനത്തിനു വലിയ താത്പര്യമായിരുന്നു. ‘മിശിഹാ രാജാവായി വരുമ്പോൾ തങ്ങളെ അടിമത്തത്തിൽ നിന്ന് രക്ഷിക്കുമെന്ന’ ഒരു വിശ്വാസം ഇസ്രായേൽ ജനത്തിനുണ്ടായിരുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിൽ അയ്യായിരത്തിലധികം വരുന്ന ജനതയ്ക്കു അപ്പം വർധിപ്പിച്ചു കഴിഞ്ഞപ്പോൾ, അവരെല്ലാം ഭക്ഷിച്ചു തൃപ്ത രായപ്പോൾ ജനങ്ങൾ ഈശോയെ പിടിച്ചു രാജാവാക്കാൻ ശ്രമിക്കുന്നുണ്ട്. ഒലിവുശാഖകളുമായി ജനം ഈശോയെ എതിരേറ്റപ്പോൾ മിശിഹായുടെ രാജത്വത്തിന്റെ പൂവിടലായിട്ടാണ് അവർ ഈശോയെ കണ്ടത്. ചുവന്ന മേലങ്കിയും മുൾക്കിരീടവും അണിയിച്ചു യൂദന്മാരുടെ രാജാവ് സ്വസ്തി എന്ന് ക്രിസ്തുവിനെ അധിക്ഷേപിച്ചപ്പോഴും ക്രൂരമായിട്ടാണെങ്കിലും മിശിഹായുടെ രാജത്വമെന്ന ആശയം അവർ ആഘോഷിക്കുകയായിരുന്നു. പീലാത്തോസും ചോദിക്കുന്നുണ്ട് ഒരു ചോദ്യം: നീ യൂദന്മാരുടെ രാജാവാണോ? ഉന്നത അധികാരികൾപോലും മിശിഹായുടെ രാജത്വം പ്രതീക്ഷിച്ചിരുന്നു. അവസാനം, കാൽവരിയിൽ നല്ലകള്ളനും ഈശോയുടെ രാജത്വം പ്രഘോഷിക്കുന്നുണ്ട്: ഈശോയെ നിന്റെ രാജ്യത്തിൽ ആയിരിക്കുമ്പോൾ എന്നെയും ഓർക്കണമേ.

ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഭരിക്കപ്പെടുന്ന ജനാധിപത്യത്തിന്റെ ഈ കാലഘട്ടത്തിൽ ഈശോയെ രാജാവായിക്കാണുവാൻ അത്ര എളുപ്പമല്ല. അതുമാത്രമല്ല, നല്ല രാജാക്കന്മാർ ധാരാളം ചരിത്രത്തിൽ ഉണ്ടെങ്കിലും, രാജാവെന്നു കേൾക്കുമ്പോൾ അടിമത്തത്തിന്റെ, ക്രൂരതയുടെ ഒരു ചിത്രമാണ് നമ്മുടെ മനസ്സിലേക്ക് വരിക. അതിനാൽ, ഈശോയെ എന്റെ ദൈവമായി കാണാനാണ് എനിക്കിഷ്ടം. അവിടുന്നെന്റെ രക്ഷകനാണ്. എന്നെത്തേടി വരുന്ന, എന്നെ തോളിലേറ്റുന്ന എന്റെ നല്ല ഇടയനാണ്. അവിടുന്ന് ആരെയും അടിമകളാക്കിയിട്ടില്ല. ഒരു തുണ്ടു ഭൂമിപോലും ആരിൽനിന്നും തട്ടിയെടുത്തിട്ടില്ല. അധികാരം നിലനിർത്താൻ പടയോട്ടങ്ങൾ നടത്തിയിട്ടില്ല, അളിഞ്ഞ രാഷ്ട്രീയം കളിച്ചിട്ടില്ല. കോടികൾ മുടക്കി ദേവാലയങ്ങൾ പണിതിട്ടില്ല. മനുഷ്യ ഹൃദയങ്ങളെ ദേവാലങ്ങളാക്കാനാണ് അവിടുന്ന് വന്നത്. മനുഷ്യനോടൊത്ത് വാഴാനാണ് ക്രിസ്തുവന്നത്. ഈ ഭൂമിയിൽ രാജാവാകാനല്ല, ഈശോ വന്നത്. അവിടുന്ന് തന്നെ പറഞ്ഞു; എന്റെ രാജ്യം ഐഹികമല്ല.

മാത്രമല്ല, ലോകത്തിന്റെ ഭാഷയിൽ ഈശോയെ വിശേഷിപ്പിച്ചാൽ അത് അവിടുത്തേക്ക്‌ യോജിക്കുകയില്ല. അത് ഒരുതരം പരിമിതിയായിരിക്കും സൃഷ്ടിക്കുക. അല്ലെങ്കിൽ, തീർത്തും പോസിറ്റിവായ വാക്കുകൾ ഉപയോഗിക്കണം. രാജാവെന്ന വാക്കു നമ്മുടെ ഭാഷയിൽ, സംസ്കാരത്തിൽ നെഗറ്റിവായ വാക്കാണ്. കാരണം, ഈ ഭൂമിയിലെ രാജാക്കന്മാർ, നേതാക്കന്മാർ ഉത്തമരായവരല്ല. ചുറ്റുമൊന്നു നോക്കൂ…

പിഞ്ചുകുഞ്ഞുങ്ങൾ മൃഗീയമായി കൊലചെയ്യപ്പെട്ടാലും കൊലയാളികളെ രക്ഷിക്കുവാൻ ശ്രമിക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… കോടികൾ മുടക്കി ഷോപ്പിംഗ് മാളുകളും, പള്ളികളും, ഗവണ്മെന്റ് ചിലവിൽ തന്നെ വലിയ വലിയ കെട്ടിടങ്ങളും പണിയുമ്പോൾ പാവം ഷാഹിലമാർ മാളങ്ങളുള്ള ക്ലാസ്സ് റൂമുകളിൽ പാമ്പുകടിയേറ്റു മരിക്കുമ്പോൾ പ്രസ്താവനകളിറക്കി കളിക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… ചെറുതും വലുതുമായ തിരഞ്ഞെടുപ്പുകളെ കുത്സിത മാർഗങ്ങളിലൂടെ അട്ടിമറിക്കുന്ന നമ്മുടെ മത രാഷ്ട്രീയ രാജാക്കന്മാർ, നേതാക്കന്മാർ…

സമാപനം

അതുകൊണ്ടു ക്രിസ്തുവിനെ രാജാവെന്നു വിളിച്ചു അധിക്ഷേപിക്കുവാൻ ഞാൻ ആളല്ല. അവിടുന്ന് എന്റെ ദൈവമാണ്. എനിക്ക് അതുമതി. ഈ ദൈവത്തെ അറിയുവാൻ, ക്രിസ്തു ആരെന്നു മനസ്സിലാക്കുവാൻ, അവിടുത്തെ രാജ്യത്തിന്റെ സ്വഭാവം അറിയുവാൻ ഒന്നുകിൽ നാം ജ്ഞാനികളാകണം, അല്ലെങ്കിൽ കുഞ്ഞുങ്ങളുടെ നിർമലതയുള്ള മനുഷ്യരാകണം, അതുമല്ലെങ്കിൽ, മാനസാന്തരപ്പെടുന്ന സക്കേവൂസാകണം, സമരിയാക്കാരിയാകണം, നല്ല കള്ളനാകണം.

സ്നേഹമുള്ളവരെ, ക്രിസ്തു നമ്മുടെ ദൈവമാണ്. അവിടുത്തേയ്ക്കു സകല മഹത്വവും ആരാധനയും. കാര്യങ്ങൾ ചേർത്ത് പിടിച്ചു നമുക്ക് പ്രാർത്ഥിക്കാം: ഈശോയെ, അങ്ങെന്റെ ദൈവമാണ്. എന്റെ തകർന്ന ജീവിതത്തെ ക്രമപ്പെടുത്തണമേ. നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ. നിന്റെ സമാധാനം നിറഞ്ഞ, സന്തോഷം നിറഞ്ഞ രാജ്യം വരണമേ! ആമ്മേൻ!

SUNDAY SERMON Jn 2, 13-22

യോഹ 2, 13 – 22

സന്ദേശം

Image result for images of john 2 13-22"

കഴിഞ്ഞ ആഴ്ച്ച മുഴുവനും ഭാരതത്തിലെ വാർത്താമാധ്യമങ്ങൾ നിറയെ പരമോന്നത കോടതിയുടെ വിധികളായിരുന്നു. അയോദ്ധ്യ, ശബരിമല, റാഫേൽ തുടങ്ങിയ വിധികൾ വളരെ ആകാംക്ഷയോടെയാണ് നാം വായിച്ചതും, കേട്ടതും. ഭാരതത്തിന്റെ സാമൂഹ്യ ജീവിതത്തിൽ വലിയ ചലനങ്ങളുണ്ടാക്കുന്ന വിധികളായിരുന്നു എല്ലാം തന്നെ. ഇന്നത്തെ സുവിശേഷത്തിൽ സത്യത്തിന്റെയും നീതിയുടെയും ഉറവിടമായ ക്രിസ്തു ജനകീയ കോടതിയിൽ നിന്നുകൊണ്ട്, നമ്മുടെ ക്രൈസ്തവ, ആധ്യാത്മിക ജീവിതത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന ഒരു വിധി പ്രസ്താവിക്കുന്നുണ്ട്. ഇതാണ് വിധി: “എന്റെ പിതാവിന്റെ ആലയം നിങ്ങൾ കച്ചവടസ്ഥലമാക്കരുത്”. കേൾക്കുമ്പോൾ നിഷേധാത്മകമായി തോന്നാമെങ്കിലും വളരെ പോസിറ്റിവായ ഒരു വിധിയാണിത് – ‘മക്കളെ, എന്റെ പിതാവിന്റെ ഭവനം നിങ്ങൾ വിശുദ്ധമായി സൂക്ഷിക്കണം.’   ഈ വിധിക്ക് ഇന്ന് വലിയ വ്യാപ്തിയുണ്ട്. കാരണം, പിതാവിന്റെ ഭവനം ജറുസലേം ദേവാലയമാകാം, അത് നമ്മുടെ ഇടവക ദേവാലയങ്ങളാകാം, സന്യാസ ഭവനങ്ങളാകാം, നമ്മുടെ ക്രൈസ്തവ സ്ഥാപനങ്ങളാകാം, നമ്മുടെ കുടുംബങ്ങളാകാം, നമ്മുടെ ശരീരങ്ങളാകാം, നമ്മുടെ ഭൂമിയാകാം. ഇന്നത്തെ സന്ദേശമിതാണ്: ഈ പിതാവിന്റെ ഭവനങ്ങളെ കച്ചവടസ്ഥലങ്ങളാക്കരുത്!

വ്യാഖ്യാനം

നാൽപ്പത്തിയാറു സംവത്സരം എടുത്ത് പണിതുയർത്തിയ ജറുസലേം ദേവാലയം യഹൂദ സംസ്കാരത്തിലും രക്ഷാകരചരിത്രത്തിലും വലിയ പ്രാധ്യാന്യമുള്ളതാണ്.  ദൈവികതയുടെ ഉറവിടമാണ് ജറുസലേം ദേവാലയം; ദൈവത്തിന്റെ രക്ഷയുടെ സ്ഥലമാണ് ജറുസലേം ദേവാലയം; ദൈവ ഉടമ്പടിയുടെ കേന്ദ്രമാണ് ജറുസലേം ദേവാലയം. പിതാവിന്റെ ഈ ഭവനം കച്ചവടസ്ഥലമാകുന്നത് കണ്ടപ്പോൾ ഈശോ അതിനെ ശുദ്ധീകരിക്കുകയാണ്.

മൂന്നുതലങ്ങളിലായാണ് ഈ ശുദ്ധീകരണം. ഒന്ന്, മൃഗങ്ങളെ, ആടുകളെ, കാളകളെ പുറത്താക്കി. പിതാവിന്റെ ഭവനത്തിൽ നിറഞ്ഞുനിന്ന മൃഗീയതകളെ, മൃഗീയ വാസനകളെ, മൃഗീയ രീതികളെ അവിടുന്ന് പുറത്താക്കി. രണ്ട്, നാണയങ്ങൾ ചിതറിച്ചു, അതും ക്രയവിക്രയങ്ങൾ നടത്തിയിരുന്ന മേശകൾ തട്ടിമറിച്ചുകൊണ്ട്.  പിതാവിന്റെ ഭവനത്തിൽ നിറഞ്ഞുനിന്ന കഴുത്തറപ്പൻ മത്സരത്തെയും, ലാഭക്കൊതിയെയും അവിടുന്ന് ചിതറിച്ചു. മൂന്ന്‌, പ്രാവുവില്പനക്കാരോട് പ്രാവുകളെ എടുത്തുകൊണ്ടുപോകാൻ പറഞ്ഞു. പ്രാവുകൾ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നു. മൂല്യച്യുതിയെയും, മൂല്യങ്ങളുടെ വില്പനയെയും ക്രിസ്തു എതിർക്കുന്നു.

പിതാവിന്റെ ഭവനത്തിലെ മൃഗീയതകളെ, മൃഗീയ വാസനകളെ, കഴുത്തറപ്പൻ മത്സരത്തെ, മൂല്യച്യുതിയെ, മൂല്യങ്ങളുടെ വില്പനയെ ഇല്ലാതാക്കാനുള്ള ക്രിസ്തുവിന്റെ വിപ്ലവം ഇന്ന് നമ്മുടെ ഇടവക ദേവാലയങ്ങളിൽ, നമ്മുടെ കുടുംബങ്ങളിൽ, നമ്മുടെ വ്യക്തിജീവിതങ്ങളിൽ, നമ്മുടെ സന്ന്യാസ ഭവനങ്ങളിൽ, നമ്മുടെ സ്ഥാപനങ്ങളിൽ, നമ്മുടെ പ്രകൃതിയിൽ നടക്കേണ്ടിയിരിക്കുന്നു.

ഓരോ ദേവാലയവും ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ നിറവാണ്; ക്രിസ്തുവാണ്, ദൈവികതയുടെ കൂടാരമാണ്. വെളിപാടിന്റെ പുസ്തകത്തിൽ വിശുദ്ധ യോഹന്നാൻ പറയുന്നത്: ” നഗരത്തിൽ ഞാൻ ദേവാലയം കണ്ടില്ല. എന്തുകൊണ്ടന്നാൽ സർവശക്തനും, ദൈവവുമായ കർത്താവും കുഞ്ഞാടുമായിരുന്നു അതിലെ ദേവാലയം”. (വെളി 21, 22) ദൈവമില്ലെങ്കിൽ, കോടികൾ മുടക്കി പണിതാലും ആ സൗധം ദേവാലയമാകില്ല. കല്ലുകൾക്കുമുകളിൽ കല്ലുകൾ ചേർത്ത്‌ പണിയുമ്പോഴല്ല ഒരു സൗധം ദേവാലയമാകുന്നതെന്നും, മനുഷ്യ ഹൃദയങ്ങൾ ചേർത്ത് പിടിക്കുമ്പോഴാണ് ദേവാലയം പണിതുയർത്തപ്പെടുകയെന്നും നാമെന്നാണ് മനസ്സിലാക്കുക? അകത്തുനിൽക്കുമ്പോൾ ദൈവാനുഭവം നൽകാത്ത പള്ളികൾ, ദേവാലയങ്ങൾ നമുക്കെന്തിനാണ്? പാവപ്പെട്ടവർ മക്കളെ പഠിപ്പിക്കാനും, മഴനനയാത്ത വീടുപണിയാനും കഷ്ടപ്പെടുമ്പോൾ തണുത്തുറഞ്ഞ എസി പള്ളികളിൽ ഇരുന്നു പ്രാർത്ഥിച്ചാൽ ദൈവം കേൾക്കുമോ?

നമ്മുടെ കുടുംബമാകുന്ന ദേവാലയത്തെയും നാം വിശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. മൃഗീയതയുടെ കൂത്തരങ്ങായിരിക്കുന്നു നമ്മുടെ കുടുംബങ്ങൾ! മൃഗങ്ങളെപ്പോലെ പരസ്പരം ചീറ്റുന്ന, കടിച്ചുകീറുന്ന എത്രയോ സാഹചര്യങ്ങളാണ് നമ്മുടെ കുടുംബങ്ങളിലുള്ളത്? മറ്റുള്ളവർക്ക് പങ്കുവയ്ക്കാതെ പിടിച്ചുവച്ചിരിക്കുന്ന നാണയങ്ങൾ – വസ്ത്രങ്ങൾ, ഭക്ഷണസാധനങ്ങൾ, സമ്പത്ത് – എത്രയോ അധികമാണ്? സമാധാനം, സ്നേഹം തുടങ്ങിയ മൂല്യങ്ങൾ? സ്നേഹമുള്ളവരേ, നമ്മുടെ കുടുംബങ്ങളെ തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു, ദേവാലയങ്ങളാക്കേണ്ടിയിരിക്കുന്നു.

നമ്മുടെ ശരീരം ദേവാലയമാണെന്നു ചെറുപ്പത്തിലേ നാം മനസ്സിലാക്കാത്തത് എന്താണ്? ദൈവം മണ്ണുകൊണ്ട് മനുഷ്യനെ മെനഞ്ഞു. അവനിലിലേക്കു നിശ്വസിച്ചു. എന്നുവച്ചാൽ ദൈവത്തിന്റെ സാന്നധ്യം, ആത്മാവ് എന്നർത്ഥം. ശരീരമാകുന്ന ദേവാലയത്തിലെ വിശുദ്ധ പ്രതിഷ്ഠയാണ് ദൈവം. മനുഷ്യശരീരത്തെ ദേവാലയമായിക്കണ്ടു പരസ്പരം ബഹുമാനിക്കാൻ നാം പഠിക്കണം. അതില്ലാത്ത കാഴ്ചകളൊക്കെ മൃഗീയമാണ്. മൃഗീയ വാസനകളോടെ, ലാഭക്കൊതിയോടെ, യാതൊരു മൂല്യങ്ങളുമില്ലാതെ നോക്കുന്നതാണ് വ്യഭിചാരമെന്നു ഈശോ പഠിപ്പിക്കുന്നു. അത് മൊബൈലിൽ തോണ്ടുന്നതായാലും, ഇൻറർനെറ്റിൽ സെർഫ് ചെയ്യുന്നതായാലും മൃഗീയതതന്നെ. ശരീരമാകുന്ന ദേവാലയത്തെയും നാം വിശുദ്ധീകരിക്കണം.

ഈശോ ഒരു പട്ടണത്തിലൂടെ കടന്നുപോകുകയായിരുന്നു. സ്വയം അടിച്ചും ചോരയൊഴുക്കിയും ഒരാൾ ശ്‌മശാനത്തിൽ നിന്നിരുന്നു. ഈശോ അയാളെ സമീപിച്ചു ചോദിച്ചു: നിന്റെ പേരെന്താണ്? അയാൾ പറഞ്ഞു: എന്റെ പേര് ജിയോൻ, അസംഖ്യം എന്നാണു. എനിക്ക് ഒരായിരം പേരുകളുണ്ട്. കാരണം ഞാൻ ഒരായിരം ആളുകളാണ്.

നമ്മിലും ഒരായിരം ആളുകളുണ്ട്. ഒരാൾ മറ്റൊരാളെ അടിക്കുന്നു; വേറൊരാൾ ചീത്തപറയുന്നു; മറ്റൊരാൾ മൃഗീയവാസനകളോടെ പെരുമാറുന്നു. ഒരാൾ നുണപറയുന്നു. ഒരാൾ ആസക്തിയോടെ മറ്റെയാളെ നോക്കുന്നു, വേറൊരാൾ ദാമ്പത്യവിശ്വസ്തത ലംഘിക്കുന്നു.  ഒരാൾ മറ്റൊരാളെ ചതിക്കുന്നു; വേറൊരാൾ പണം കട്ടെടുക്കുന്നു.

നമ്മുടെ ഉള്ളിൽ മൃഗീയത, മൃഗീയ വാസനകൾ, കഴുത്തറപ്പൻ മാത്സര്യം, സ്വാർത്ഥത, മൂല്യച്യുതി അങ്ങനെ ഒരായിരം ആളുകളുണ്ടാകുമ്പോൾ അത് നമ്മെ നശിപ്പിക്കുന്നു. നാമിലെ ക്രിസ്തു മരിക്കുന്നു; നാം ദേവാലയങ്ങളല്ലാതാകുന്നു.

സമാപനം

സ്നേഹമുള്ളവരെ, നാം പിതാവിന്റെ ഭവനങ്ങളാണ്, നമ്മുടെ ശരീരം ദേവാലയമാണ്. മൂന്നാംനാൾ പുനർനിർമ്മിക്കുവാൻ, വിശുദ്ധീകരിക്കുവാൻ, ക്രിസ്തുവിനെപ്പോലെ വിശുദ്ധ കുർബാനയുടെ പെസഹാവ്യാഴങ്ങളിലൂടെ കടന്നുപോകണം. പിന്നെ, ദൈവത്തിന്റെ ഇഷ്ടം പൂർത്തിത്തീകരിക്കുന്ന ദുഃഖവെള്ളിയാഴ്ചയിലൂടെ. അതിനുശേഷം, പ്രതീക്ഷയുടെ ദുഃഖശനിയാഴ്ചയിലൂടെ. അപ്പോൾ ഓരോ നിമിഷവും നമ്മെ ദേവാലയങ്ങളാക്കി സൂക്ഷിക്കുവാൻ നമുക്കാകും. പിതാവിന്റെ ഭവനത്തെ, ഭവനങ്ങളെ കച്ചവട സ്ഥലമാക്കാരുതേ!

SUNDAY SERMON Mt 12, 1-13

മത്താ 12, 1 – 13

സന്ദേശം

Image result for image of Mt. 12, 1-13"

പള്ളിക്കൂദാശാക്കാലം രണ്ടാം ഞായറാഴ്ചയാണിന്ന്. നാം വായിച്ചുകേട്ട വിശുദ്ധ മത്തായിയുടെ സുവിശേഷം ഇന്ന് നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത് വളരെ വെല്ലുവിളികൾ നിറഞ്ഞ സന്ദേശമാണ്. ക്രിസ്തുവിന്റെ മനുഷ്യ ദർശനമാണ് ഇന്നത്തെ സുവിശേഷഭാഗത്ത് ഇതൾ വിരിയുന്നത്. ക്രിസ്തുവിന്റെ മനുഷ്യദർശനം പ്രകടമാക്കുന്ന ദൈവവചനം ഇതേ ഭാഗം വിവരിക്കുമ്പോൾ വിശുദ്ധ മാർക്കോസാണ് പറയുന്നത്. ക്രിസ്തുവിന്റെ മനുഷ്യ ദർശനം ഇതാണ്: മനുഷ്യൻ ഏറ്റവും വിലപ്പെട്ടതാണ്. സാബത്തുപോലും മനുഷ്യനുവേണ്ടിയുള്ളതാണ്. വ്യക്തിപരമായ, മത സാമൂഹ്യ സാംസ്കാരിക നിയമങ്ങളും, പാരമ്പര്യങ്ങളും പാലിക്കുന്നതോടൊപ്പം ഇവയെക്കാളും ഉപരിയായി മനുഷ്യനെ, അവളുടെ, അവന്റെ ആവശ്യങ്ങളെ മനസ്സിലാക്കുവാൻ കരുണനിറഞ്ഞ ഹൃദയമുണ്ടാകുകയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഈയൊരു ദർശനത്തിലേക്ക് ഉയരുവാൻ, നിയമാനുഷ്ഠാനങ്ങളിൽനിന്ന് കരുണയിലേക്ക് ഉണരുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നു.

വ്യാഖ്യാനം

ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത് മനുഷ്യന്റെ തെറ്റായ ധാരണകളെ, വെള്ളപൂശിയ കല്ലറപോലുള്ള അവരുടെ മനോഭാവങ്ങളെ മാറ്റിമറിക്കുവാനായിരുന്നു. ഒരു paradigm shift, നിദർശന വ്യതിയാനം, കാഴ്ചപ്പാടുകളിലുള്ള, ധാരണകളിലുള്ള മാറ്റം ആണ് ഈശോ ആഗ്രഹിച്ചത്. കുറേക്കൂടി വിപുലമായ അർത്ഥത്തിൽ, മനുഷ്യൻ മനുഷ്യനെ കാണുന്ന, മനുഷ്യൻ ലോകത്തെ കാണുന്ന രീതിയെ – കണ്ണുകൾകൊണ്ട് കാണുന്നതല്ല, ഉൾക്കൊള്ളുകയും, മനസ്സിലാക്കുകയും, വ്യാഖ്യാനിക്കുകയും ചെയ്യുന്ന രീതിയെ – മാറ്റിമറിക്കുകയാണ് ഈശോയുടെ ലക്‌ഷ്യം.

യഹൂദരുടെ കാഴ്ചപ്പാടിലുള്ള, ധാരണയിലുള്ള കാഠിന്യം, വക്രത വളരെ വ്യക്തമാണ് ഇന്നത്തെ സുവിശേഷത്തിൽ.    നിയമത്തിന്റെ കാർക്കശ്യമായ അനുഷ്ഠാനമാണ് മനുഷ്യന്റെ വിശപ്പിനേക്കാൾ അവർക്കു വലുത്. മനുഷ്യനേക്കാൾ അവർക്കു വലുത് പശുവും ആടുമൊക്കെയാണ്‌. ദാവീദ് രാജാവ് പോലും കാണിക്കാത്ത അനുഷ്ടാന നിഷ്ഠകളാണ് ഈശോയുടെ കാലത്തെ യഹൂദർ പാലിച്ചിരുന്നത്. നിയമാനുഷ്ഠാനമാണ് ശരിയായ ആധ്യാത്മികതയെന്ന തെറ്റായ ധാരണയിലായിരുന്നു അവർ. 

ഇങ്ങനെയുള്ള അബദ്ധ ധാരണകളിൽ നിന്ന് ഒരു വ്യതിയാനം – അതാണ് ഈശോയുടെ ലക്‌ഷ്യം. എറണാകുളത്തെ ഒരു നിശ്ചിത സ്ഥലത്ത് നിങ്ങൾ എത്തിച്ചേരാൻ ആഗ്രഹിക്കുന്നുവെന്ന് സങ്കൽപ്പിക്കുക. നഗരത്തിന്റെ ഭൂപടം കൈയ്യിലുണ്ടെങ്കിൽ അത് സാധിക്കും. പക്ഷെ, തെറ്റായ ഭൂപടമാണെങ്കിലോ? നിങ്ങളുടെ കയ്യിലുള്ളത് ആലപ്പുഴയുടെ ഭൂപടത്തിനു മുകളിൽ തെറ്റായി എറണാകുളം എന്ന് അച്ചടിച്ചതാണെങ്കിലോ? നിങ്ങളുടെ സ്വഭാവം മാറ്റിയാലും, വേഗതകൂട്ടിയാലും നിങ്ങൾ ലക്ഷ്യ സ്ഥാനത്ത് എത്തുകയില്ല.

നാമോരോരുത്തരുടേയും തലയ്ക്കുള്ളിൽ അനേകമനേകം ഭൂപടങ്ങളുണ്ട്, ധാരണകളുണ്ട്. നാം ചിലപ്പോൾ അവ യാഥാർത്ഥമാണെന്നും, അങ്ങനെ തന്നെയാണവ ആയിരിക്കേണ്ടതെന്നും വ്യാഖ്യാനിക്കുന്നു. നമ്മുടെ ധാരണകൾ, നമ്മുടെ കാഴ്ച്ചപ്പാടുകൾ ഇപ്പോഴും conditioned ആണ്. കുടുംബം, പള്ളി, വിദ്യാലയം, ജോലിസ്ഥലം, സുഹൃത്തുക്കൾ, തുടങ്ങി അനേകം കാര്യങ്ങളുടെ സ്വാധീനത്തിലായിരിക്കും നമ്മുടെ കാഴ്ചപ്പാടുകളെ നാം നിർമിക്കുന്നത്. നാമോരോരുത്തരും കാര്യങ്ങളെ, സംഭവങ്ങളെ, വ്യക്തികളെ, ശരിയായിട്ടാണ് കാണുന്നതെന്ന് കരുതുന്നു. പക്ഷെ വാസ്തവം അതല്ല. നാം ലോകത്തെ കാണുന്നത് അതിന്റെ ശരിയായ രൂപത്തിലല്ല. നമ്മുടെ രീതിയിലാണ്. ഇതിൽ നിന്ന് വ്യതിയാനം വേണം.

ഇസ്രായേൽ ജനത്തിന്റെ കാർക്കശ്യമായ നിയമാനുഷ്ഠാന ധാരണകളിൽ നിന്ന് ദൈവികഭാവമായ കാരുണ്യത്തിലേക്കു ഒരു വ്യതിയാനം, കല്ലും മണ്ണും മാത്രമായ ദേവാലയത്തേക്കാൾ അതിൽ വസിക്കുന്ന ദൈവത്തിന്റെ കാരുണ്യത്തിലേക്കു ഒരു മാറ്റം, സാബത്തിന്റെ അണുവിട മാറ്റമില്ലാത്ത ആചാരണത്തെക്കാൾ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനെ സ്നേഹിക്കുന്ന, മനുഷ്യന് നന്മ ചെയ്യുന്ന ദൈവിക മനോഭാവത്തിലേക്കുള്ള ഒരു transformation – അതാണ് വേണ്ടത്.

നാം നിയമകേന്ദ്രീകൃതരായി ജീവിച്ചാൽ ഹൃദയമില്ലാത്ത റോബോട്ടുകളായിതത്തീരും. നിയമത്തിലെ ശരിയും തെറ്റും അന്വേഷിച്ചു നടന്നാൽ മനുഷ്യനിലെ നന്മ കണ്ടെത്തുവാൻ നമുക്ക് സാധിക്കുകയില്ല.  ദൈവത്തെ മഹത്വപ്പെടുത്താനുള്ള സാബത്താചരണം നല്ലതുതന്നെ. പക്ഷെ, സ്വന്തം സഹോദരനെ ആ സബത്താചരണത്തിന്റെ പേരിൽ അവഗണിച്ചാലോ? മനുഷ്യനേക്കാൾ പശുവിന് വിലകൊടുത്താലോ? പശുവിനുവേണ്ടി മനുഷ്യനെ തല്ലിക്കൊന്നാലോ? ആനുകാലിക സംഭവങ്ങൾ പറയുന്നത് നാം അന്നത്തെ യഹൂദരെക്കാൾ ഒട്ടും പിന്നിലല്ല എന്നല്ലേ?

നമ്മുടെ ധാരണകളിലുള്ള വ്യതിയാനം ലോകത്തെ നാം നോക്കിക്കാണുന്ന രീതിക്കു മാറ്റം വരുത്തുന്നു. ഈ പുതിയ നല്ല ധാരണകളാണ് നമ്മുടെ പെരുമാറ്റത്തെ, മറ്റുള്ളവരോടുള്ള നമ്മുടെ ബന്ധത്തെ നിർണയിക്കുന്നത്. നാം കണ്ടുമുട്ടുന്നവരെ, നമ്മുടെ കുടുംബത്തിലുള്ളവരെ, നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന കാര്യങ്ങളെ കരുണനിറഞ്ഞ ഹൃദയംകൊണ്ട് കാണാനും, നമ്മുടെ സഹോദരങ്ങളെ കരുണനിറഞ്ഞ ഹൃദയംകൊണ്ട് കേൾക്കാനും മനസ്സിലാക്കാനും കഴിയുന്നത്ര ഒരു മാറ്റം നമുക്ക് ആവശ്യമാണ്.

“Seven Habits of Highly Effective People” എന്ന പുസ്തകത്തിൽ, എഴുത്തുകാരൻ സ്റ്റീഫൻ ഒരു സംഭവം വിവരിക്കുന്നുണ്ട്. അദ്ദേഹം ന്യൂയോർക്കിലെ ഒരു subway ട്രെയിനിൽ യാത്രചെയ്യുകയായിരുന്നു. ആളുകൾ നിശ്ശബ്ദരായിരിക്കുകയാണ്. ചിലർ പത്രം വായിക്കുന്നു. ചിലർ ചിന്തയിലാണ്. ചിലർ കണ്ണുകളടച്ചു വിശ്രമിക്കുന്നു. ആകെക്കൂടി ശാന്തമായ അന്തരീക്ഷം.

അപ്പോഴാണ് ഒരു പുരുഷനും അയാളുടെ കുട്ടികളും കയറിവന്നത്. കുട്ടികൾ ഉറക്കെ ബഹളം കൂട്ടാൻ തുടങ്ങിയതോടെ എല്ലാവരും അസ്വസ്ഥരായി. ചിലർ ദേഷ്യപ്പെട്ടു. അയാളാകട്ടെ കണ്ണുമടച്ചിരിക്കുകയായിരുന്നു. അവസാനം അസാധാരണമായ ക്ഷമയോടെ സ്റ്റീഫൻ അയാളോട് ചോദിച്ചു: സാർ, നിങ്ങളുടെ കുട്ടികൾ ഞങ്ങളെയൊക്കെ ശല്യപ്പെടുത്തുന്നത് കണ്ടില്ലേ? ഇവരെ അല്പം കൂടി നിയന്ത്രിക്കാത്തതെന്തു?

ചുറ്റുപാടുകളെക്കുറിച്ചു പെട്ടെന്ന് ബോധം വന്നതുപോലെ അയാൾ പറഞ്ഞു: “ഓ നിങ്ങൾ പറഞ്ഞത് ശരിയാണ്. ഞാനെന്തെങ്കിലും ചെയ്യേണ്ടതായിരുന്നു. ഞങ്ങൾ ആശുപത്രിയിൽ നിന്ന് വരികയാണ്. ഇവരുടെ ‘അമ്മ ഒരു മണിക്കൂർ മുൻപ് മരിച്ചുപോയി. എനിക്ക് ഒന്നും ചിന്തിക്കുവാൻ കഴിയുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് ഇവർക്കും അറിഞ്ഞുകൂടെന്നു തോന്നുന്നു.”

ആ നിമിഷം സ്റ്റീഫന്റെ ദേഷ്യം മാറി. അദ്ദേഹം എഴുതുകയാണ്. അപ്പോൾ മുതൽ വ്യത്യസ്തമായ രീതിയിൽ ഞാൻ അദ്ദേഹത്തെയും ആ കുട്ടികളെയും കണ്ടു. സമൂഹത്തിന്റെ , സാംസ്‌കാരത്തിന്റെ  നിയമങ്ങളൊക്കെ ഞാൻ മറന്നു. എന്നിൽ കരുണ കരകവിഞ്ഞൊഴുകി. ഞാൻ അവരോടു സ്നേഹത്തോടെ പെരുമാറി.”

സമാപനം

സ്നേഹമുള്ളവരേ, ഈശോ നമ്മിൽനിന്ന് ഒരു pardigm ഷിഫ്റ്റ്, നിദർശന വ്യതിയാനം, ധാരണകളിലുള്ള മാറ്റം ആഗ്രഹിക്കുന്നു. അത് നിയമത്തിൽ നിന്ന് കാരുണ്യത്തിലേക്കു, ദേഷ്യത്തിൽ നിന്ന് സമാധാനത്തിലേക്കു, വെറുപ്പിൽ നിന്ന് സ്നേഹത്തിലേക്ക് ആയിരിക്കണം. നമ്മുടെ കുടുംബ കാര്യങ്ങളിൽ, മറ്റുള്ളവരോടുള്ള സമീപനങ്ങളിൽ കാഴ്ചപ്പാടിന്റെ, മനോഭാവത്തിന്റെ മാറ്റം ആവശ്യമുണ്ടോ?

നമ്മുടെ ജീവിത സംഭവങ്ങളെ പുതിയ വെളിച്ചത്തിൽ കണ്ടാൽ നമ്മിലും മറ്റുള്ളവരിലും ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കും, ദൈവത്തിന്റെ കൃപ നമ്മിൽ നിറയും. ക്രിസ്തുവിന്റെ മനുഷ്യ ദർശനം സ്വന്തമാക്കാൻ നമുക്കാകട്ടെ.

SUNDAY SERMON Mt 20, 1 – 16

മത്താ 20, 1 – 16

സന്ദേശം

Image result for image of Mt 20, 1-16

കഴിഞ്ഞുപോയത് ആഘോഷങ്ങളുടെ ദിവസങ്ങളായിരുന്നു. ഒക്ടോബർ ഒന്നാം തീയതി തിരുസ്സഭ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ആഘോഷിച്ചു. ഒക്ടോബർ രണ്ടാം തീയതി നാം ഭാരതീയർ നമ്മുടെ രാഷ്ട്രപിതാവായ മഹാത്‌മാഗാന്ധിയുടെ 150 മത്തെ ജന്മദിനം ആഘോഷിച്ചു. നാലാം തീയതി വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ആചരിച്ചു. ആഘോഷങ്ങളെല്ലാം കഴിഞ്ഞു വരുന്ന ഈ ഞായറാഴ്ചത്തെ സുവിശേഷം നൽകുന്ന സന്ദേശം ഈ മഹാത്മാക്കളുടെ ജീവിതവുമായി ചേർന്ന് പോകുന്നതാണ്. സന്ദേശം ഇതാണ്: ‘ക്രിസ്തുവിന്റെ കാഴ്ചപ്പാടിലൂടെ ജീവിതത്തെ നോക്കിക്കാണുക’.

വ്യാഖ്യാനം

നമ്മുടെ ജീവിതം രൂപപ്പെടുന്നത് നാം എങ്ങനെയാണ് ജീവിതത്തെ നോക്കിക്കാണുന്നത് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. നമ്മുടെ കാഴ്ചപ്പാടിനനുസരിച്ചാണ് നാം നമ്മുടെ സമയം, സമ്പത്ത്, കഴിവുകൾ എന്നിവ ഉപയോഗിക്കുന്നത്. നമ്മുടെ ബന്ധങ്ങളെ, സാമൂഹിക നിലപാടുകളെ നമ്മുടെ കാഴ്ച്ചപാടുകൾ ഒട്ടേറെ സ്വാധീനിക്കും. ജീവിതത്തെപ്പറ്റി ചിന്തിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് കടന്നുവരുന്ന ഒരു ചിത്രമുണ്ടെങ്കിൽ അതായിരിക്കും നിങ്ങളുടെ ജീവിത കാഴ്ചപ്പാടിനെ സ്വാധീനിക്കുന്ന ചിത്രം. അറിഞ്ഞോ, അറിയാതെയോ, ഈ ചിത്രം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കും. നിങ്ങളുടെ പ്രതീക്ഷകളെ, നിങ്ങളുടെ, മൂല്യങ്ങളെ, ബന്ധങ്ങളെ, നിങ്ങളുടെ കുടുംബത്തിലെ രീതികളെ, ലക്ഷ്യങ്ങളെ, എല്ലാം ഈ കാഴ്ച്ചപ്പാട് സ്വാധീനിക്കും.

എന്റെ ജീവിതത്തെ വളരെയേറെ സ്വാധീനിക്കുന്ന ഒരു ചിത്രമാണ് ഇന്നത്തെ സുവിശേഷത്തിലെ ഈശോയുടെത്. തന്റെ കൃഷിത്തോട്ടത്തെക്കുറിച്ചും, അവിടെ ജോലിചെയ്യുന്നവരെക്കുറിച്ചും പരിഗണനയുള്ള, മൂന്നാം മണിക്കൂറിലും, ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും, പതിനൊന്നാം മണിക്കൂറിലും ജോലിക്കാരെ തേടുന്ന, അവരോടുള്ള വാഗ്‌ദാനങ്ങളിൽ വിശ്വസ്തത കാട്ടുന്ന, ഒരു സാധാരണക്കാരന്റെ നിത്യ ജീവിതച്ചെലവ് അറിയുന്ന, ഏതു മണിക്കൂറിലും വരുന്നവനായാലും അവനു നിത്യജീവിത ചെലവ് നിർവഹിക്കുവാൻ പറ്റുന്ന തരത്തിൽ കൂലി കൊടുക്കുന്ന, ലോകത്തിന്റെ നിലപാടുകൾക്കും, കാഴ്ച്ചപ്പാടുകൾക്കും, എന്തിനു സാമൂഹിക നീതിക്കും അപ്പുറം  കരുണയുള്ള ഹൃദയവുമായി നിൽക്കുന്ന ഈശോയുടെ ചിത്രമാണ് എന്റെ ജീവിത കാഴ്ചപ്പാട്. ഈശോയുടെ കരുണയുടെ കാഴ്ചപ്പാട് ഞാൻ ഇന്നുവരെ പഠിച്ച എല്ലാ സിദ്ധാന്തങ്ങളെയും, ഇസങ്ങളെയും ഉൾക്കൊള്ളുന്നതാണ്, എല്ലാ കാഴ്ചപ്പാടുകൾക്കും ഉപരിയാണ്.

നിങ്ങൾക്ക് നിരീശ്വരവാദ കാഴ്ചപ്പാടിലൂടെ ലോകത്തെ, ജീവിതത്തെ നോക്കിക്കാണാം. ദൈവം ഇല്ലെന്നു വിളിച്ചുപറയാം. ഫലം പക്ഷേ, ജീവിത നിരാശയായിരിക്കും. യുക്തിവാദ കാഴ്ചപ്പാടിലൂടെയും നിങ്ങൾക്ക് ജീവിതത്തെ കാണാം. ദൈവം മരിച്ചെന്നു പ്രസംഗിക്കാം. ഫലം ദുഃഖമായിരിക്കും. മുതലാളിത്തകാഴ്ചപ്പാടും നിങ്ങൾക്ക് സ്വീകരിക്കാം. ഫലം അടിമത്തമായിരിക്കും. വർഗീയ കാഴ്ച്ചപ്പാടും നിങ്ങൾക്കാകാം. ഫലം അരാജകത്വമായിരിക്കും. എന്നാൽ, ഈശോയുടെ കാഴ്ചപ്പാട് നമ്മെ സ്നേഹത്തിലേക്ക്, സ്വാതന്ത്ര്യത്തിലേക്കു, സമൃദ്ധിയിലേക്ക് നയിക്കും.

ഈശോയുടെ കരുണയുടെ കാഴ്ച്ചപ്പാടിലൂടെ ലോകത്തെ, ജീവിതത്തെ നോക്കിക്കാണാനും, അതുവഴി, സാമൂഹിക നീതിയും, സ്വാതന്ത്ര്യവും, വളർച്ചയും സാധ്യമാക്കാനുമാണ് ഈശോ നമ്മെ ക്ഷണിക്കുന്നത്. ലോകത്തിന്റെ കാഴ്ചപ്പാടിനും, കണക്കുകൂട്ടലുകൾക്കും ക്രിസ്തുവിന്റെ കാഴ്ചപ്പാടിനെയും, കണക്കുകൂട്ടലുകളെയും മനസ്സിലാക്കുവാൻ സാധിക്കുകയില്ല. അത് കരുണയുടെ കാഴ്ചപ്പാടാണ്. ഒന്നാം മണിക്കൂറിൽ വന്നവന്റെയും, പതിനൊന്നാം മണിക്കൂറിൽ വന്നവന്റെയും ജീവിതത്തിന്റെ താളമറിയുന്ന, ഹൃദയത്തിന്റെ മിടിപ്പ് feel ചെയ്യുന്ന കാഴ്ചപ്പാടാണത്. വേലയുടെ സമയമല്ല, ജീവിതത്തിന്റെ ആവശ്യമാണ് ക്രിസ്തുവിന്റെ പരിഗണന. അത് അനീതിയല്ല, കരകവിഞ്ഞൊഴുകുന്ന കരുണയാണ്.

ഇവിടെ തൊഴിലാളി വിരുദ്ധനെന്നു ഈശോയെ മുദ്രകുത്തുന്ന തൊഴിലാളി പ്രസ്ഥാനങ്ങൾ ഉണ്ടെങ്കിൽ ഓർക്കുക, വിപ്ലവ വർഗീയ പ്രസ്ഥാനങ്ങളുടെ കാഴ്ചപ്പാടിലൂടെ ജീവിതത്തെ കാണുന്ന ക്രൈസ്തവ സഹോദരങ്ങളും കേൾക്കുക, ലോകചരിത്രത്തിൽ ആദ്യമായി ‘വേലക്കാരൻ കൂലിക്കു അർഹനാണെന്നു വിളിച്ചുപറഞ്ഞു, തൊഴിലാളിയുടെ പക്ഷം ചേർന്നത് ക്രിസ്തുവാണ്. സ്വയം തൊഴിലാളിയായിക്കൊണ്ട്, തൊഴില്ന്റെ മഹത്വവും, തൊഴിലാളിയുടെ വേദനയും അറിയാവുന്ന ക്രിസ്തുവിനു എങ്ങനെ തൊഴിലാളിയോട് അനീതിചെയ്യുവാൻ കഴിയും?  നീതിയെയും വെല്ലുന്ന കരുണയാണ് ഈശോയുടെ കാഴ്ചപ്പാട്.

ചിലപ്പോഴൊക്കെ എനിക്കുതോന്നും പതിനൊന്നാം മണിക്കൂറിൽ വേലയ്ക്കുവരുന്നവർക്കുവേണ്ടിയല്ലേ, ക്രിസ്തു വന്നതെന്ന്! സുവിശേഷങ്ങൾ തുറന്നുനോക്കൂ… അവൻ സുഖപ്പെടുത്തിയത് ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ ജീവിച്ചവരെയല്ലേ? 38 വർഷമായി കുളക്കരയിൽ കിടന്നവൻ, കുഷ്ഠവുമായി അലഞ്ഞുതിരിഞ്ഞവർ…; അവൻ വഴി നന്മയിലേക്ക് വന്നതും ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ കഴിഞ്ഞവരല്ലേ? മറിയം മഗ്ദലേന, വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീ, മുടിയനായ പുത്രൻ, ശമരിയാക്കാരി സ്ത്രീ… അവൻ രക്ഷ നൽകിയതും ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ ആയിരുന്നവരെയല്ലേ? നോക്കൂ, നല്ലകള്ളന്റെ ജീവിതം! ഇതൊന്നും അനീതിയല്ലാ സ്നേഹമുള്ളവരെ. ഇത് കരുണയാണ്, കരുണയുടെ കാഴ്ചപ്പാടിന്റെ ആഘോഷമാണ്.

അങ്ങനെയെങ്കിൽ, നമ്മളും പതിനൊന്നാം മണിക്കൂറുകാരാണോ? ജോസ് അന്നംക്കുട്ടി ജോസിന്റെ “ദൈവത്തിന്റെ ചാരന്മാർ” എന്ന പുസ്തകത്തിൽ ബാങ്കളൂരിൽ പഠിച്ചിരുന്ന കാലത്ത് നടത്തിയ ഒരു കുമ്പസാരത്തെ പറ്റി പറയുന്നുണ്ട്. last സെമ്മിൽ വളരെ കുറച്ചു മാർക്ക് കിട്ടിയതിന്റെ വിഷമത്തിലും പഠിക്കാതിരുന്നതിന്റെ കുറ്റബോധത്തിലും കുമ്പസാരത്തിനെത്തിയ ജോസ് തന്റെ അവസ്ഥ പറഞ്ഞു. അടുത്ത പരീക്ഷ ഉടനെ വരുന്നകാര്യവും പറഞ്ഞു. അപ്പോൾ കുമ്പസാരിപ്പിക്കുന്ന അച്ഛൻ പറഞ്ഞു: ജോസേ, ഞാനും പഠിക്കുന്നയാളാണ്. രണ്ടു പേപ്പർ തയ്യാറാക്കണം ഉടനെ. നമ്മൾ രണ്ടുപേരും, സുവിശേഷത്തിൽ പറഞ്ഞ പതിനൊന്നാം മണിക്കൂറുകാരാണ്. ഈശോ കരുണയുള്ളവനല്ലേടാ? നമുക്കൊന്ന് ആഞ്ഞുപിടിച്ചാലോ? പതിനൊന്നാം മണിക്കൂറുകാർക്കും അർഹതപ്പെട്ടത്‌ അവൻ തരും.” ജോസിന് അതൊരു ശക്തിയായി.  ജോസ് ആഞ്ഞുപിടിച്ചു. നല്ല മാർക്കും കിട്ടി.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിൽ നാമൊക്കെ ഈ പതിനൊന്നാം മണിക്കൂറുകാരാണ്. എന്താ നമ്മുടെ പ്രാർത്ഥന? ദേ, പരീക്ഷ അടുത്തു ട്ടോ കർത്താവേ, ശരിക്കും പഠിച്ചിട്ടില്ല, കുറെ ശ്രമിച്ചു കർത്താവേ, ഒരു ജീവിതപങ്കാളി ഇതുവരെ ആയിട്ടില്ല. ബിസിനസ്സ് കർത്താവേ, ഒരു രക്ഷയില്ല. രോഗത്തിന്റെ പിടിയിലായിട്ടു കുറേക്കാലമായി. കുടുംബസമാധാനം തകർന്നിട്ടു നാളുകളായി. നാമൊക്കെ, പതിനൊന്നാം മണിക്കൂറുകാരാണ്. അവിടുത്തെ കരുണ ഇതാണ്: നമ്മുടെ ജീവിതത്തിനാവശ്യമായവ, നമ്മുടെ ജീവിതവിജയത്തതിനാവശ്യമായവ ദൈവം നമുക്ക് തരും. നാം എന്തുചെയ്യണം? ദൈവത്തിന്റെ മുന്തിരിത്തോപ്പാകുന്ന ഈ ലോകത്തിൽ നമ്മുടെ ജോലികൾ ചെയ്യുക. അവിടുത്തെ കരുണയിൽ തീർച്ചയായും നാം പങ്കുകാരാകും.

കരുണയുടെ കാഴ്ചപ്പാടിലെ ക്രിസ്തുവിന്റെ കണക്കു കൂട്ടലുകളും നമുക്ക് മനസ്സിലാവുകയില്ല. ഈശോ കണക്കിന് വളരെ മോശമാണ്. നൂറു ആടുകളുണ്ടായിരിക്കെ, തൊണ്ണൂറ്റൊൻപതിനേയും വിട്ടിട്ടു…99 = 1 ആണ് ഈശോയുടെ കണക്ക്. ലൂക്ക 12 ൽ പറയുന്നു, അഞ്ചു കുരുവികൾ രണ്ടു രൂപയ്ക്കു. ഒരു രൂപയ്ക്കു രണ്ടു കുരുവികൾ. അപ്പോൾ രണ്ടു രൂപയ്ക്കോ? ഈശോയ്ക്ക് കണക്ക് അറിയില്ല.

സമാപനം

സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ കാഴ്ച്ചപ്പാടിലൂടെ നമ്മുടെ ജീവിതത്തെ, ജീവിതസാഹചര്യങ്ങളെ നോക്കിക്കാണാൻ നമുക്ക് പഠിക്കാം. ഈശോയുടെ കരുണയ്ക്കു അർഹരാകാനും, അവിടുത്തെ കരുണയുടെ കാഴ്ചപാട് സ്വന്തമാക്കാനും ആകട്ടെ നമ്മുടെ ക്രൈസ്തവജീവിതം.

SUNDAY SERMON Mt 15, 21 – 28

മത്താ 15, 21 – 28

സന്ദേശം

Image result for images of canaanite woman with jesus

ഈ കഴിഞ്ഞ ആഴ്ച്ച ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട, ഞെട്ടിക്കുന്ന, കോഴിക്കോടു നിന്ന് റിപ്പോർട്ട് ചെയ്ത വാർത്ത ഓർത്തെടുത്തുകൊണ്ടു നമുക്ക് സുവിശേഷസന്ദേശത്തിലേക്കു കടക്കാം. കഴിഞ്ഞ 19 വ്യാഴാഴ്ച വന്ന റിപ്പോർട്ട് ഇങ്ങനെയാണ്: ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ ജൂസിൽ മയക്കുമരുന്ന് കലർത്തി കൊടുത്ത്, പീഡിപ്പിച്ചു, കല്യാണം കഴിക്കാൻ മതം മാറണമെന്ന് നിർബന്ധിച്ചു. സോഷ്യൽ മാധ്യമങ്ങളിലും ടിവി ചാനലുകളിലൊന്നും ഇത് ചർച്ചയായില്ല. കേരളത്തിലെ സദാചാരപ്രവർത്തകരും, നവോത്ഥാന നായകരാരും ഇതൊന്നും അറിഞ്ഞമട്ടില്ല. സഭാ നവീകരണ സുതാര്യത മുന്നേറ്റങ്ങളൊന്നും ഇതിനെതിരെ പ്രതികരിക്കുന്നില്ല.  എന്നാൽ, ചതിക്കപ്പെട്ട ഈ പെൺകുട്ടിയോടൊപ്പം നിൽക്കാനും, അവൾക്കും ഇതേ രീതിയിൽ ചതിക്കപ്പെടുന്നവർക്കും വേണ്ടി പ്രാർത്ഥിക്കുവാനും നമുക്ക് സാധിക്കണം. അതോടൊപ്പം തന്നെ, നമ്മുടെ ക്രിസ്തുവിലുള്ള വിശ്വാസത്തെ ബലപ്പെടുത്താനും നമുക്കാകണം. ഇന്നത്തെ സുവിശേഷം പിശാചുബാധിതമായ ഇത്തരം സാഹചര്യങ്ങളിൽനിന്ന് അകലം പാലിച്ചുകൊണ്ട്‌ ജീവിക്കുവാനും, അങ്ങനെ ചതിയിൽപെട്ടവരുണ്ടെങ്കിൽ അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും, ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുവാനും നമ്മെ ഓർമ്മിപ്പിക്കുകയാണ്.

വ്യാഖ്യാനം 

ജെറുസലേം പട്ടണത്തിൽ നിന്ന് 124 മൈലുകളോളം അകലെ സ്ഥിതിചെയ്യുന്ന ടയിർ, സീദോൻ എന്നീ വിജാതീയ പ്രദേശങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ ഭൂമിശാസ്ത്ര പശ്ചാത്തലം. കാനാൻകാരി സ്ത്രീയുടെ പിശാചുബാധിതയായ മകളെ സുഖപ്പെടുത്തുന്നതാണ് പ്രതിപാദ്യവിഷയം. പ്രധാന സൂചികയാകട്ടെ കാനാൻകാരിയുടെ വിശ്വാസവും.

കഴിഞ്ഞ ഞായറാഴ്ചയിലെ സുവിശേഷഭാഗവും വിശ്വാസത്തെക്കുറിച്ചായിരുന്നു. ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഒരു മലയോളം അത്ഭുതങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുമെന്നാണ് കഴിഞ്ഞ ഞായറാഴ്ച ഈശോ നമ്മോടു പറഞ്ഞത്. ഇന്ന്, കാനാൻകാരി സ്ത്രീയുടെ വിശ്വാസത്തിലൂടെ നമ്മുടെ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ വലിപ്പം എത്രമാത്രമുണ്ടെന്നു പരിശോധിച്ചറിയുവാൻ ഈശോ നമ്മെ ക്ഷണിക്കുകയാണ്.

കാനാൻകാരി സ്ത്രീയുടെ വിശ്വാസത്തിനു പല ഘട്ടങ്ങളുണ്ട്. ഒന്നാമത്തേത്, നിസംഗതനിറഞ്ഞ വിശ്വാസമാണ്. അവൾ പറയുന്നു: “കർത്താവേ, ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ”. പ്രത്യക്ഷത്തിൽ നല്ലൊരു പ്രാർത്ഥനയായി തോന്നുമെങ്കിലും ഇതിലൊരു നിസംഗതാമനോഭാവം ഉണ്ട്. ക്രിസ്തു കർത്താവാണെന്നു അവൾക്കു അറിയാം. അവിടുന്ന് ദാവീദിന്റെ പുത്രനാണെന്നും അവൾക്കു അറിയാം. പക്ഷെ അവളുടെ ഭാവം, ഞാൻ വന്നിരിക്കുന്നു, നീ കനിഞ്ഞോളൂ എന്നാണ്‌.

നോക്കൂ, വചനം പറയുന്നു, “അവൻ ഒരു വാക്കുപോലും പറഞ്ഞില്ല” എന്ന്.

നമ്മുടെ വിശ്വാസം നിസംഗമാണെങ്കിൽ ഈശോ മൗനിയാകും. അപ്പോൾ, പിശാചുബാധകളിൽ നിന്ന് ആരെയും രക്ഷിക്കുവാൻ നമുക്കാകില്ല.  നമ്മുടെ നിസംഗവിശ്വാസം അതിനു തടസ്സമാകും.

അവളുടെ വിശ്വാസത്തിന്റെ രണ്ടാം ഘട്ടം രസകരമാണ്: ക്രിസ്തുവിൽ നിന്ന് വഴിതെറ്റുന്ന വിശ്വാസം. അവൾ ശിഷ്യന്മാരെ കൂട്ടുപിടിക്കുകയാണ്. ഒരാളെയല്ലാ, പന്ത്രണ്ടുപേരെയും സ്വാധീനിക്കുവാൻ അവൾക്കായി.

വിശുദ്ധരുടെ പിന്നാലെ, ആൾദൈവങ്ങളുടെ പിന്നാലെ അന്ധമായി ഓടുന്ന നമ്മുടെ ക്രൈസ്തവ വിശ്വാസത്തിനു ഈ സ്ത്രീയുടെ വിശ്വാസവുമായി എന്തെങ്കിലും ബന്ധം? ക്രിസ്തുവിൽ നിന്ന് വഴിതെറ്റുന്ന വിശ്വാസമാണോ നമ്മുടേത് എന്ന് നാം ചിന്തിച്ചുനോക്കേണ്ടിയിരിക്കുന്നു.

ശിഷ്യന്മാർ ഒരുമിച്ചു അവൾക്കുവേണ്ടി മാധ്യസ്ഥ്യം പറയുകയാണ്. വഴിതെറ്റുന്ന വിശ്വാസം കാണുമ്പോൾ ഈശോ ഇടപെടുന്നു. അവിടുന്ന് പറയുന്നു: “ഇസ്രായേൽ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് ഞാൻ അയയ്ക്കപെട്ടിരിക്കുന്നത്”. കാനാൻകാരിയാണെങ്കിലും സാമാന്യം മതപരമായ അറിവുള്ളവളാണ് അവൾ. അതുകൊണ്ടവൾക്കു ഈശോ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായി. ‘നഷ്ടപ്പെട്ട’ എന്ന് ഈശോ പറഞ്ഞപ്പോൾ അവളോർത്ത് കാണണം, തമ്പുരാനേ, എന്റെ മകൾ, നഷ്ടപ്പെട്ടതാണോ, അതോ, താൻ നഷ്ടപ്പെടുത്തിയതാണോ? കർത്താവേ, എന്റെ മകൾ പിശാചുബാധയിലായതു, ദുരന്തത്തിൽ അകപ്പെട്ടത് ഞാൻ മൂലമാണോ? എന്റെ ശ്രദ്ധകുറവുകൊണ്ടാണോ, എന്റെ സ്നേഹക്കൂടുതല് കൊണ്ടാണോ എന്റെ മകൾ ഈ അവസ്ഥയിലായത്? താൻ മൂലം നഷ്ടപ്പെടുത്തിയതാകാം തന്റെ മകളുടെ ജീവിതം എന്ന ചിന്തയിലാണ് അവൾ ഈശോയോടു പറയുന്നത്: “കർത്താവേ എന്നെ സഹായിക്കണമേ”. അവളുടെ വിശ്വാസത്തിന്റെ അടുത്ത ഘട്ടം: ഉത്തരവാദിത്വപൂർണമായ വിശ്വാസം.

സ്നേഹമുള്ളവരേ, നമ്മുടെ മക്കൾ, യുവജനങ്ങൾ, കുട്ടികൾ തെറ്റായ വഴിയിലൂടെ പോകുന്നത്, ചതിയിൽപ്പെടുന്നത് മുതിർന്നവരുടെ, അധ്യാപകരുടെ, വൈദികരുടെ, മാതാപിതാക്കളുടെ കടമകൾ അവർ നിർവഹിക്കാത്തതുകൊണ്ടാണോഎന്ന് ആനുകാലിക സംഭവങ്ങൾ കാണുമ്പോൾ നാം ചോദിച്ചുപോകുന്നു. ഞായറാഴ്ചത്തെ കുർബാന വരെ ഒഴിവാക്കി എൻട്രൻസ് പരീക്ഷയ്ക്കുള്ള ഒരുക്കത്തിനായി പറഞ്ഞുവിടുമ്പോൾ, വേദപാഠക്ലാസ് ഒഴിവാക്കി ട്യൂഷ്യന് പറഞ്ഞു വിടുമ്പോൾ, കുടുംബപ്രാർത്ഥന ഒഴിവാക്കി ഹോംവർക് ചെയ്യിക്കുമ്പോൾ, സഭയെയും, വൈദികരെയും, സന്യസ്തരെയും, അത്മായ പ്രേഷിതരെയും വീട്ടിലും, കവലയിലും, ചായക്കടയിലും ഇരുന്നു വിമർശിക്കുമ്പോൾ ഒന്ന് ചിന്തിച്ചുനോക്കൂ, ചതിക്കുഴികളിലേക്കുള്ള വാതിലുകളാണോ നാം തുറക്കുന്നത്? കോഴിക്കോട് ഒരു ആശുപത്രിയിൽ മാത്രം ആറ് ക്രൈസ്തവ വിശ്വാസികളായ നേഴ്‌സുമാർ ഹീനമായ മതപരിവർത്തനത്തിനു വിധേയരായി തുടങ്ങിയ വാർത്തകൾ വായിക്കുന്ന കേൾക്കുന്ന സഹോദരങ്ങളെ, മനസ്സിലാക്കുക, ഇത് നമുക്കും സംഭവിക്കാമെന്ന്!!!

പിന്നീടുള്ള ചർച്ചകൾക്കുശേഷം ഈശോ പറയുന്നു, സ്ത്രീയെ, നിന്റെ വിശ്വാസം വലുതാണ്. അല്പവിശ്വാസികളെ എന്ന് പലപ്പോഴും ശിഷ്യരെ വിളിച്ച ഈശോ ഈ സ്ത്രീയെ നോക്കി പറയുന്നു, നിന്റെ വിശ്വാസം വലുതാണ്.

സമാപനം

സ്നേഹമുള്ളവരേ, കാനാൻകാരി സ്ത്രീയെപ്പോലെ, നിസംഗത നിറഞ്ഞ വിശ്വാസം വെടിഞ്ഞു, ക്രിസ്തുവിൽ നിന്ന് നമ്മെ അകറ്റുന്ന വിശ്വാസം മാറ്റി, ഉത്തര വാദിത്വ പൂർണമായ വിശ്വാസത്തിലേക്കു നമുക്ക് ചുവടുവെയ്‌ക്കാം. നാം ചെയ്യേണ്ടവ, ചെയ്യേണ്ട സമയത്ത്, ചെയ്യേണ്ട പോലെ ചെയ്തശേഷം ഈശോയെ സഹായിക്കണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം. അപ്പോൾ നമ്മെ തിന്മയിൽ നിന്ന്, അബദ്ധങ്ങളിൽ നിന്ന്, ചതിയിൽ നിന്ന് രക്ഷിക്കാൻ ഈശോ വരും.

SUNDAY SERMON Mt 17, 14-21

മത്താ 17 , 14 – 21

സന്ദേശം

Image result for images of jesus heals aperson with fits

സുഖപ്പെടുത്തലിന്റെ സുന്ദരമായ ഒരു ആവിഷ്കാരമാണ് ഇന്നത്തെ ദൈവവചന ഭാഗം. ക്രിസ്തുവിന്റെ സൗഖ്യത്തിലൂടെ കടന്നുപോകുവാൻ ആഗ്രഹിക്കുന്നവരോട്, ക്രിസ്തുവിന്റെ, ആത്മീയമായതോ, ശാരീരിക മായതോ, മാനസികമായതോ എന്തുമാകട്ടെ, ക്രിസ്തുവിന്റെ സൗഖ്യം പ്രതീക്ഷിക്കുന്നവരോട് വചനം പറയുന്നത് വിശ്വാസത്തെക്കുറിച്ചാണ്. ഈശോ ആവശ്യപ്പെടുന്നത് ഹൃദയത്തിലുള്ള വിശ്വാസമാണ്.

വ്യാഖ്യാനം

ഒരു പിതാവിന്റെ വേദനയുടെ മുൻപിൽ, പുത്രന്റെ സൗഖ്യത്തിനുവേണ്ടിയുള്ള കരച്ചിലിനുമുന്പിൽ നിൽക്കുന്ന ഈശോ ആ പിതാവിന്റെ ഹൃദയം കാണുകയാണ്. തന്നിൽ പൂർണ വിശ്വാസം അർപ്പിച്ചുവന്നിരിക്കുന്ന ആ പിതാവിന് ഈശോ പുറപ്പാടിന്റെ പുസ്തകം അദ്ധ്യായം 15, 26 ൽ പറയുന്നപോലെ സുഖപ്പെടുത്തുന്ന കർത്താവാകുകയാണ്.

ആഴമുള്ള ജീവിതാനുഭവങ്ങളിൽ നിന്നാണ് വിശ്വാസം രൂപപ്പെടുന്നത്. പുത്രന്റെ അപസ്മാരരോഗം അദ്ദേഹത്തെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. ആ മകനെ അപകടങ്ങളിൽ നിന്ന് രക്ഷിച്ചെടുക്കാൻ അദ്ദേഹം കഷ്ടപ്പെടുന്നുണ്ടാകും. ഇങ്ങനെയുള്ള ഒരു വ്യക്തി തന്റെ കഴിവുകൾക്കും, ലോകത്തിന്റെ അറിവുകൾക്കും സുഖപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ആൾദൈവങ്ങൾക്കും പിന്നാലെ    ഓടിനടന്നു, ഒടുക്കം ‘ദൈവമേ, നീ മാത്രമേയുള്ളു എന്റെ ആശ്രയം എന്ന സമർപ്പണത്തിലേക്കു കടന്നുവരുന്ന നിമിഷം അവൾ/അവൻ വിശ്വാസത്തിന്റെ തീർത്ഥത്തിൽ സ്നാനം ചെയ്യുകയാണ്. ആ സ്നാനത്തിൽ നിന്ന് ഉണർന്നുവരുമ്പോൾ അവൾ/അവൻ അറിയുന്നു, ക്രിസ്തുവിന്റെ അടുത്ത് മാത്രമേ സൗഖ്യമുള്ളുവെന്ന്, ഈശോയുടെ വചനത്തിൽ സൗഖ്യമുണ്ടെന്ന്, ഈശോയുടെ സാന്നിധ്യം സൗഖ്യം നല്കുന്നതാണെന്ന്‌. ഇന്നത്തെ സുവിശേഷത്തിലെ പിതാവ് ആ സൗഖ്യം തന്റെ പുത്രനിലൂടെ അനുഭവിച്ചറിയുകയാണ്.

ഈശോയുടെ സൗഖ്യത്തിന്റെ അടിസ്ഥാന ഘടകം വിശ്വാസമാണ്, ദൈവത്തിലുള്ള, ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസം. ഈശോയുടെ സൗഖ്യപ്പെടുത്തലുകളിൽ അത് രണ്ടു രീതിയിൽ അവതരിക്കപ്പെടുന്നുണ്ട്. ഒന്ന്, സൗഖ്യപ്പെട്ട ആളുടെ വിശ്വാസത്തെ ഈശോ പ്രകീർത്തിക്കുന്നു. ആ അവസരങ്ങളിൽ ഈശോ പറയുന്നു, “നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.” രണ്ട്, സുഖപ്പെട്ടയാളുടെയോ, അയാളോടൊപ്പം വന്നവരുടെയോ വിശ്വാസത്തെക്കുറിച്ചു നിശ്ശബ്ദനായിക്കൊണ്ട്, ശിഷ്യരുടെ അല്ലെങ്കിൽ ജനത്തിന്റെ വിശ്വാസത്തെക്കുറിച്ചു പറയും. ഇവിടെ രണ്ടാമത്തെ രീതിയാണ് ഈശോ സ്വീകരിച്ചത്. രണ്ട് രീതിയാണെങ്കിലും ഈശോ പറയാനാഗ്രഹിക്കുന്നതു വിശ്വാസത്തെക്കുറിച്ചു തന്നെയാണ്.

വിശ്വാസത്തിന്റെ തീവ്രത അവിടുന്ന് പറയുന്നത് ഇങ്ങനെയാണ്: ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഒരു മലയോളം അത്ഭുതകരമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. അതാണ് വിശ്വാസം. എന്റെ ജീവിതത്തിന്റെ മാനുഷിക, ലൗകിക അസാധ്യതകൾക്കുമുന്പിൽ ദൈവം ഒരു വാതിൽ തുറക്കുമെന്ന പ്രതീക്ഷയാണ് വിശ്വാസം. ഞാൻ പാവപ്പെട്ടവയും ദരിദ്രനുമാണ് എങ്കിലും എന്റെ കർത്താവിനു എന്നെക്കുറിച്ചു കരുതലുണ്ട് എന്ന വികാരമാണ് വിശ്വാസം. ഹൃദയം തകർന്നവർക്കു സമീസ്ഥനാണ് ദൈവമെന്ന ബോധ്യമാണ് വിശ്വാസം. എന്റെ പരിമിതികൾക്കും അപ്പുറം എന്നെ താങ്ങി നടത്തുവാൻ ദൈവം എന്റെ ജീവിതത്തിലേക്ക് കടന്നുവരുമെന്ന ക്ഷീണിതമായ മനസ്സിന്റെ ആഗ്രഹമാണ് വിശ്വാസം. ഈ വിശ്വാസത്തിലേക്കു നാം വളരണം. ഈ വിശ്വാസം നമ്മുടെ ജീവശ്വാസത്തിന്റെ താളമാകണം. അപ്പോഴേ, ക്രിസ്തുവിന്റെ സൗഖ്യം സ്വീകരിക്കുവാനും സൗഖ്യം നൽകുവാനും നമുക്ക് കഴിയുകയുള്ളു.

ഇന്നത്തെ സുവിശേഷം നമ്മോടു പറയുന്നത്: ഒന്ന്, ക്രിസ്തുവിന്റെ സൗഖ്യത്തിൽ വിശ്വസിക്കുന്നവനാകണം ക്രൈസ്തവൻ. രണ്ട്, ക്രിസ്തുവിന്റെ സൗഖ്യത്തിൽ സ്നാനപ്പെട്ടു നിൽക്കുന്നവായിരിക്കണം ക്രൈസ്തവൻ. രോഗങ്ങളെന്തായാലും ക്രിസ്തുവിന്റെ സൗഖ്യത്തിലൂടെ കടന്നുപോകണം. മൂന്ന്‌, മുറിവുകൾ നല്കുന്നവനല്ല, മുറിവുകൾ സുഖപ്പെടുത്തുന്നവനാണ് ക്രൈസ്തവൻ.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷത്തിലെ അപസ്മാരരോഗിയെ അയാളിൽ മാത്രമായി ഒതുക്കുവാൻ ആകില്ല. ഇന്ന് ലോകത്തിനു മുഴുവൻ അപസ്മാരം പിടിപെട്ടിരിക്കുകയാണ്. വ്യക്തികൾക്കും, സമൂഹത്തിനും ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ. രാഷ്ട്രീയ മത സാംസ്കാരിക രംഗത്ത് ഉള്ളവർ അപസ്മാരരോഗികളെപ്പോലെ ഗോഷ്ടികൾ കാണിക്കുന്നു. മാതാപിതാക്കൾക്ക് മക്കളുടെ മേൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ! ഈ ഭൂമിയെ ഒരു അപസ്മാരരോഗിയെപ്പോലെ നാം വികൃതമാക്കിയിരിക്കുന്നു.

ഈ ഭൂമിക്ക്‌, സമൂഹത്തിനു, കുടുംബങ്ങൾക്ക്, വ്യക്തികൾക്ക് സൗഖ്യം ആവശ്യമായിരിക്കുന്നു. ഒരു വ്യക്തിയെ രോഗത്തിന്റെ ബലഹീനാവസ്ഥയിലേക്കല്ലാ, വ്യക്തിയുടെ സൗഖ്യത്തിലേക്കാണ് ഈശോ ക്ഷണിക്കുന്നത്. ഈശോയ്ക്ക് നമ്മെ സുഖപ്പെടുത്താൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുക. നിന്റെ ഉള്ളിലെ ആഗ്രഹം ഈശോയോടു പറയുക. സുഖപ്പെടലിന്റെ അനുഗ്രഹപ്രവാഹം നിന്നിലൂടെ കടന്നുപോകും.

സമാപനം 

നമുക്ക് പ്രാർത്ഥിക്കാം: അപസ്മാരം നിറഞ്ഞ ഒരു സംസ്കാരത്തിലൂടെയാണ്, മനസ്സിലാക്കാനാകാത്ത ജീവിത സാഹചര്യങ്ങളിലൂടെയാണ് ഈശോയെ, ഞങ്ങൾ കടന്നുപോകുന്നത്.   ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ. ഞങ്ങളെ സുഖപ്പെടുത്തണമേ.

SUNDAY SERMON Mt 4, 12-17

മത്താ 4, 12 – 17

Image result for images of jesus preaching to the crowds

സന്ദേശം

ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ സ്ലീവാ ഒന്നാം ഞായറാഴ്ച്ചയാണിന്ന്. ലേഖനത്തിൽ വായിച്ചുകേട്ടതുപോലെ, ദൈവത്തിന്റെ രൂപത്തിൽ ആയിരുന്നുവെങ്കിലും ദൈവവുമായുള്ള സമാനത മുറുകെപ്പിടിക്കാതെ തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് മനുഷ്യനെപ്പോലെ കാണപ്പെട്ട് മരണം വരെ, കുരിശുമരണംവരെ അനുസരണമുള്ളവനായ ക്രിസ്തു തന്റെ കുരിശുമരണത്തിലൂടെ രക്ഷാകരമാക്കിയ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനുശേഷമുള്ള ഈ ഞായറാഴ്ച്ച, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുന്ന ക്രിസ്തുവിനെയാണ് തിരുസ്സഭ സുവിശേഷത്തിലൂടെ അവതരിപ്പിക്കുന്നത്. ക്രൈസ്തവസഭയും ക്രൈസ്തവരും ദൈവരാജ്യം ജീവിക്കുന്നവരും, പ്രഘോഷിക്കുന്നവരും, ദൈവരാജ്യസ്ഥാപനത്തിനുവേണ്ടി അധ്വാനിക്കുന്നവരും ആകണമെന്നാണ് ഇന്നത്തെ ദൈവവചന സന്ദേശം.

വ്യാഖ്യാനം

ക്രിസ്തു ഈ ഭൂമിയിൽ വന്നത് ഇവിടം സ്വർഗമാക്കാനാണ്, ഇവിടെ ദൈവരാജ്യം, സ്വർഗ്ഗരാജ്യം സ്ഥാപിക്കാനാണ്. ദൈവം മനുഷ്യനായി പിറന്നത് ലോകത്തെ ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിക്കാനാണ്.  ഈശോ തന്റെ ദൗത്യം ആരംഭിക്കുന്നത് തന്നെ ദൈവാരാജ്യത്തെ അവതരിപ്പിച്ചുകൊണ്ടാണ്. മനുഷ്യൻ ആദ്യം അന്വേഷിക്കേണ്ടത് ദൈവാരാജ്യമാണ്. (മത്താ 6, 33) ഈശോ ശിഷ്യന്മാരെ അയയ്ക്കുമ്പോൾ പറയുന്നതും ദൈവാരാജ്യത്തിലേക്ക് ജനത്തെ ക്ഷണിക്കുവാനാണ്. (ലൂക്ക 10, 9) ഈശോ ദൈവരാജ്യത്തെ കണ്ടിരുന്നത് ദൈവാത്മാവിന്റെ പ്രവർത്തനമേഖലയായിട്ടാണ്. ദൈവാത്മാവാണ് ലോകത്തിൽ, മനുഷ്യനിൽ പ്രവർത്തിക്കുന്നതെങ്കിൽ ദൈവാരാജ്യമായി എന്നാണ് ഈശോ പറയുന്നത്. (മത്താ 12 ,28) സ്വർഗാരോഹണത്തിന് മുൻപ് ഈശോ ദൈവരാജ്യത്തിന്റെ താക്കോൽ ശിഷ്യർക്ക് നൽകുന്നുണ്ട്. ദൈവം മനുഷ്യനായി പിറന്നത് ലോകത്തെ ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിക്കാനാണ്.

ഈശോയ്ക്കിത് ഒരു വീണ്ടെടുപ്പിന്റെ ശ്രമമാണ്, ദൈവരാജ്യത്തിന്റെ വീണ്ടെടുപ്പ്. ആദിമാതാപിതാക്കൾ പറുദീസായിലായിരുന്നു എന്ന് പറയുമ്പോൾ മനസ്സിലാക്കേണ്ടത് അവർ ദൈവാരാജ്യത്തിലായിരുന്നു എന്നാണ്. എന്താണ് ദൈവരാജ്യം? വിശുദ്ധ പൗലോശ്ലീഹാ പറയുന്നത്, ദൈവാരാജ്യമെന്നാൽ ഭക്ഷണമോ, പാനീയമോ അല്ല, പ്രത്യുത, നീതിയും, സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്. (റോമാ 14, 17)

പക്ഷെ, മനുഷ്യൻ ഈ പറുദീസാ, ദൈവരാജ്യം നഷ്ടപ്പെടുത്തി. പിന്നീട് പലതരത്തിലുള്ള രാജ്യങ്ങളും അവൻ പരീക്ഷിച്ചുനോക്കി. ഗോത്രങ്ങളായും, പ്രഭുത്വങ്ങളായും, അടിമത്തം, സാമ്രാജ്യത്വം, കമ്മ്യൂണിസം, സോഷ്യലിസം, ക്യാപിറ്റലിസം, പിന്നെ ജനാധിപത്യം. എന്നാൽ, എല്ലാറ്റിനും ചോരയുടെ, വെട്ടിപ്പിടിക്കലിന്റെ, വഞ്ചനയുടെ കഥകളാണ് പറയാനുണ്ടായിരുന്നത്. ഈ മനുഷ്യകുലത്തെ ദൈവാരാജ്യത്തിലേക്ക്, രക്ഷയിലേക്ക് വീണ്ടടുക്കുകയാണ് ഈശോയുടെ ദൗത്യം, അന്നും, ഇന്നും.

അന്ധകാരത്തിലിരിക്കുന്ന ജനത്തിന് വലിയ പ്രകാശമായി, തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് മാത്രമല്ല, വിജാതീയർക്കും പ്രതീക്ഷയായിക്കൊണ്ട് ക്രിസ്തു ഇന്ന് നമ്മെയും ദൈവാരാജ്യത്തിലേക്ക് ക്ഷണിക്കുകയാണ്. മാമ്മോദീസായിലൂടെ നമുക്ക് നൽകിയ ദൈവരാജ്യം കുരങ്ങന്റെ കയ്യിലെ പൂമാലപോലെ പിച്ചിച്ചീന്തിക്കൊണ്ടാണ് നാം നിൽക്കുന്നത്. സമാധാനത്തിനു പകരം യുദ്ധം, സ്നേഹത്തിനു പകരം വെറുപ്പ്, സത്യത്തിന് പകരം നുണ! ദേവാലയങ്ങളായ മനുഷ്യഹൃദയങ്ങൾ കള്ളന്മാരുടെ ഗുഹകൾ, ദൈവം വസിക്കുന്ന പള്ളികൾ കച്ചവട സ്ഥലങ്ങൾ! കച്ചവട സ്ഥലങ്ങളോ ഇന്ന് ജനത്തിന്റെ തീർത്ഥാടനസ്ഥലങ്ങളും!

ഇന്ന്, ദൈവരാജ്യം പ്രഘോഷിക്കുന്ന എന്തിനെയും തകർത്തുകളയുവാൻ ശ്രമിക്കുന്നവരുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്. ദൈവികമായ, നന്മനിറഞ്ഞ, വിശുദ്ധമായ എന്തിനെയും അവസരം കിട്ടുമ്പോൾ ആർത്തിയോടെ പിടിച്ചുവിഴുങ്ങി, പള്ളകൾ വലുതാക്കി, പെറ്റുപെരുകാനാണു ഒരുകൂട്ടം ശ്രമിക്കുന്നത്.

കാരൂർ നീലകണ്ഠപിള്ളയുടെ ഉതുപ്പാന്റെ കിണർ എന്ന കഥയുടെ പശ്ചാത്തലമിതാണ്. ‘ആ ചെറുഗ്രാമത്തിൽ തന്നിലെ ദയവിന്റെയും അനുകമ്പയുടെയും പ്രേരണകൾ ആവിഷ്കരിക്കാൻ ഉതുപ്പാൻ കിണർനിർമ്മിക്കുകയാണ്. സ്ഥലം വിലക്കുവാങ്ങി, ബുദ്ധിമുട്ടി, കിണർ കുഴിച്ചു. അയാളുടെ ജീവിതത്തിന്റെ മൂർ ത്ത രൂപമാണ് ആ കിണർ. ദൈവരാജ്യ മൂല്യങ്ങളുടെ പ്രായോഗിക രൂപം. ഒരു കുരിശടയാളം കിണറിന്റെ തൂണിൽ. കുരിശിന്റെ ഇരുവശവുമായി ഇങ്ങോട്ട് വരുവിൻ ഇവിടെ ആശ്വസിക്കാം എന്ന് എഴുതിവച്ചിരിക്കുന്നു. ആർക്കും, ജാതി മത ഭേദ്യമെന്യേ കിണർ ഉപയോഗിക്കാം. ആ ചെറുഗ്രാമത്തിൽ ദൈവരാജ്യം വന്നെന്നു വിചാരിച്ചിരുന്ന നാളിൽ നഗരസഭ ഗ്രാമവത്കരണത്തിന്റെ പേരും പറഞ്ഞ കിണർ മൂടാൻ ഒരുങ്ങുന്നു. കിണർ മൂടുമെന്നുറപ്പായ ദിവസത്തിന്റെ തലേ രാത്രിയിൽ ഒരു വഴിയും കാണാതെ ഉതുപ്പാൻ കിണറ്റിൽ ജീവിതം അവസാനിപ്പിക്കുന്നു.

നന്മയായിട്ടുള്ളതെന്തും, ആധുനികതയുടെ പേരിൽ, നവോത്ഥാനമെന്നപേരിൽ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ കുടുംബങ്ങളിലെ ദൈവരാജ്യ മൂല്യങ്ങളെയൊക്കെ ചാനൽ മുതലകൾ വിഴുങ്ങിയിട്ട് കാലങ്ങളായില്ലേ? ചൈതന്യം നഷ്ടപ്പെട്ട വിശുദ്ധ ബലികളികളർപ്പിക്കുന്ന നമ്മുടെ ദേവാലയങ്ങൾ ഇനിയും ദൈവരാജ്യത്തിന്റെ മണികളാണ് മുഴക്കുന്നത് എന്ന് വീമ്പ് പറയുവാൻ പറ്റുമോ നമുക്ക്?

ഈശോ നമ്മെ ക്ഷണിക്കുകയാണ് വീണ്ടും. ദൈവാരാജ്യത്തിലേക്ക് കടക്കുവാൻ ക്രിസ്‍തു ആവശ്യപ്പെടുന്ന കാര്യങ്ങളിൽ ഒന്നാമത്തേത്, മനസാന്തരപ്പെടുവിൻ എന്നാണ്. രണ്ടാമതായി, ഒന്നാം വായനയിൽ പറയുന്നപോലെ അഹങ്കരിക്കാതിരിക്കുക. വചനം പറയുന്നു: ‘നിങ്ങൾ ഭക്ഷിച്ചു തൃപ്തരാകുകയും നല്ല വീടുകൾ പണിതു അവയിൽ താമസിക്കുകയും …മറ്റു സകലത്തിലും സമൃദ്ധിയുണ്ടാകുകയും ചെയ്യുമ്പോൾ അഹങ്കരിച്ചു എന്റെ ശക്തിയും എന്റെ കരങ്ങളുടെ ബലവുമാണ് എനിക്ക് ഇതെല്ലം നേടിത്തന്നതെന്നു നീ പറയരുത്. ദൈവമായ കർത്താവാണ് നിനക്കിതെല്ലാം തന്നത്.’

മൂന്നാമതായി, ലേഖനവായനയിൽ കേട്ടപോലെ ക്രിസ്തുവിന്റെ എളിയ മനോഭാവം പുലർത്തുക. അപ്പോൾ ദൈവരാജ്യം നമ്മുടെ ഇടയിൽ ജനിക്കും. അപ്പോൾ യേശുവിന്റെ നാമത്തിനു മുൻപിൽ സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുകയും യേശുക്രിസ്തു കർത്താവാണെന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയും.

സമാപനം 

സ്നേഹമുള്ളവരെ, കാലത്തിന്റെ അടയാളങ്ങൾ നമ്മോടു പറയുന്നു നാം ദൈവരാജ്യത്തിലേക്കു തിരിയേണ്ടിയിരിക്കുന്നു. തകർന്നു പോയിക്കൊണ്ടിരിക്കുന്ന ദൈവരാജ്യ മൂല്യങ്ങളെ നമുക്ക് തിരിച്ചുപിടിക്കണം. ക്രൈസ്തവസഭയും ക്രൈസ്തവരും ദൈവരാജ്യം ജീവിക്കുന്നവരും, പ്രഘോഷിക്കുന്നവരും, ദൈവരാജ്യ സ്ഥാപനത്തിനുവേണ്ടി അധ്വാനിക്കുന്നവരും ആകേണ്ടിയിരിക്കുന്നു. ഈശോ പഠിപ്പിച്ച പ്രാർത്ഥന ഇപ്പോഴും ഓർക്കാം: ദൈവമേ, നിന്റെ രാജ്യം വരണമേ!

SUNDAY SERMON Lk 16, 19-31

Luke 16, 19-31

സന്ദേശം

Image result for image of the rich man and lazarus

ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുമ്പോള്‍, ഭാരതത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കൂടിവരുമ്പോള്‍, സാമ്പത്തികമായി ഇടത്തട്ടിലുള്ളവരുടെ ജീവിതം ദുസ്സഹമാകുമ്പോള്‍, ഇന്നത്തെ സുവിശേഷം ക്രിസ്തുവിന്റെ സാമ്പത്തിക ദര്‍ശനം, ആധ്യാത്മിക ദര്‍ശനം അവതരിപ്പിക്കുകയാണ്. ഇന്നത്തെ സുവിശേഷത്തിന്റെ സന്ദേശം ഇതാണ്: ജീവിതം ഒരുമിച്ച്, ധനവാനും ദരിദ്രനും ഉള്ളവനും ഇല്ലാത്തവനും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുക.

വ്യാഖ്യാനം

ജീവിതം പങ്കുവെക്കാനുള്ളതാണ്. ദൈവം നമ്മില്‍നിന്നു ആഗ്രഹിക്കുന്നത് പരസ്പര ആശ്രിതത്വത്തിലുള്ള ജീവിതമാണ്, എല്ലാവരും ഒരുമിച്ച്, പരസ്പരം പങ്കുവെച്ച്. ഈശോയുടെ കാലത്ത് ഈയൊരു ആധ്യാത്മിക ദര്‍ശനത്തിന് ഒരു മാര്‍ക്കറ്റും ഇല്ലാതിരുന്ന സമയമായിരുന്നു. മനുഷ്യരെ കാണിക്കാന്‍ പണമുള്ളവര്‍, നിയമജ്ഞര്‍, ഫരിസേയര്‍ പലതും ചെയ്തിരുന്നു. പക്ഷെ, ഈ ആധ്യാത്മിക ദര്‍ശനം ഇല്ലായിരുന്നു. ആധ്യാത്മികത വെറും ഷോ മാത്രമായിരുന്നു അവര്‍ക്ക്. ദുരന്തങ്ങളുടെ മുന്‍പില്‍ നിന്ന് പോലും സെല്‍ഫി എടുക്കുന്ന സംസ്കാരം അന്ന്  ഇല്ലതിരുന്നതുകൊണ്ടും, സാമൂഹ്യ സമ്പര്‍ക്കമാധ്യമങ്ങള്‍ ഇല്ലതിരുന്നതുകൊണ്ടും ലോകം അത് അറിഞ്ഞില്ല. എന്നാല്‍, അവരുടെ ആധ്യാത്മികത ചുമ്മാ ഷോ മാത്രമായിരുന്നു. അതുകൊണ്ടാണ് ഈശോ അവരോട് ഈ കഥ പറഞ്ഞത്. മരണ ശേഷമുള്ള കാര്യങ്ങളുംകൂടി കഥയില്‍ ഉള്‍പ്പെടുത്തിയത് ഒരുതരം psychological move ആയിരുന്നുവെന്ന് വേണമെങ്കില്‍ പറയാം – നന്മയിലേക്ക് വരാനുള്ള ചെറിയൊരു ഷോക്ക്‌ ട്രീറ്റ്മെന്റ്. പൂര്‍ണതയുള്ള ഒരു കഥയാണ് ഈശോ പറഞ്ഞത്.

ഇന്ന് ഈശോ നമ്മോട് ഈ കഥ പറയുകയാണ്‌. നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്ങനെ യാണ് എന്നതിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ ദൈവവചനം നമ്മെ സ്വാധീനിക്കുക. ജീവിതം പങ്കുവെക്കാനുള്ളതാണെന്നും, ദൈവം നമ്മില്‍നിന്നു ആഗ്രഹിക്കുന്നത് പരസ്പര ആശ്രിതത്വത്തിലുള്ള ജീവിതമാണ്, എല്ലാവരും ഒരുമിച്ച്, പരസ്പരം പങ്കുവെച്ചുള്ളതാണെന്നുമാണ് നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്കില്‍ ഈ വചനം നമ്മെ ശക്തരാക്കും. ജീവിതം പങ്കുവയ്ക്കാതെ, ദൈവം തരുന്ന സമ്പത്ത് സ്വാര്‍ഥതയോടെ, പൂട്ടിവയ്ക്കുക എന്നതാണ് നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്കില്‍ ഈ ദൈവവചനം ഒരു വെല്ലുവിളിയാണ്. ദൈവം നല്‍കുന്നതില്‍ നിന്ന് എന്തെങ്കിലും എറിഞ്ഞു കൊടുത്ത് സംതൃപ്തരാകുന്നവര്‍ക്ക് ഈ ദൈവവചനം ഒരു ഓര്‍മപെടുത്തലാണ്.

ഈശോയുടെ സാമ്പത്തികദര്‍ശനം, ആധ്യാത്മിക ദര്‍ശനം അവതരിപ്പിക്കാന്‍, ദൈവം ധാരാളം സമ്പത്ത് നല്‍കി അനുഗ്രഹിച്ച, സുഖജീവിതം നല്‍കി അനുഗ്രഹിച്ച, സമൃദ്ധി നല്‍കി അനുഗ്രഹിച്ച ഈ ധനികനെ ഈശോ കൂട്ടുപിടിക്കുകയാണ്. അയാളുടെ പാളിച്ചകളിലൂടെയാണ് ഈശോയുടെ ദര്‍ശനത്തിലേക്ക് നാം എത്തുക. ഒന്നാമതായി, അയാളുടെ ദര്‍ശനം വെറും ലൌകികമായ ഒന്നായിരുന്നിരിക്കണം – തിന്നുക, കുടിക്കുക, രമിക്കുക, സന്തോഷിക്കുക, മരിക്കുക. മരണശേഷമുള്ള ജീവിതത്തെക്കുറിച്ച് അയാള്‍ അജ്ഞനായിരുന്നു. അയാളുടെ ലോകം വളരെ ചെറുതായിരുന്നു. എന്റെ ഭക്ഷണം, എന്റെ വസ്ത്രം, എന്റെ കുടുംബം, എന്റെ കാര്യങ്ങള്‍ അതായിരുന്നു അയാളുടെ ലോകം. ഈ ദര്‍ശനം ഒരിക്കലും ഒരുവനെ ദൈവകൃപയിലേക്ക് നയിക്കുകയില്ല.

രണ്ട്, ജീവിതം ഒരുമിച്ച്, ധനവാനും ദരിദ്രനും ഉള്ളവനും ഇല്ലാത്തവനും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന ക്രിസ്തു ദര്‍ശനം അയാള്‍ക്കില്ലായിരുന്നു. അപരനെ പരിഗണിക്കുകയെന്ന ക്രിസ്തുദര്‍ശനമല്ലാ, അപരനെ അവഗണിക്കുകയെന്ന ഫ്യൂഡല്‍ മനസ്ഥിതിയായിരുന്നു അയാളുടേത്. വിശുദ്ധ യാക്കോബ് ശ്ലീഹ ഈ പക്ഷപാതത്തിനെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. (യാക്കോ 2, 1-4)  ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ തന്റെ രേരും നോവാരും എന്ന ചാക്രിക ലേഖനത്തില്‍ പറയുന്നു: ” മനുഷ്യന്‍ ഭൌതിക സ്വത്ത് തന്റെ സ്വന്തമാണെന്ന് കരുതരുത്. അന്യര്‍ക്ക് ആവശ്യമായി വരുമ്പോള്‍ അത് മറ്റുള്ള വരുമായി പങ്കുവയ്ക്കുവാന്‍ തയ്യാറാകണം.”

മൂന്ന്, ഉള്ളതില്‍ നിന്ന് എന്തെങ്കിലും കൊടുക്കുകയെന്ന ചിന്താഗതിയായിരുന്നു അയാള്‍ക്ക്. വിശുദ്ധ യാക്കോബ് ശ്ലീഹ പറയുന്നു: “നിങ്ങളുടെ നിലങ്ങളില്‍നിന്ന് വിളവു ശേഖരിച്ച വേലക്കാര്‍ക്ക്, കൊടുക്കാതെ പിടിച്ചുവച്ച കൂലിയിതാ നിലവിളിക്കുന്നു.” (യാക്കോ 5, 4) “നിനക്ക് ചെയ്യാന്‍ കഴിയുന്ന നന്മ, അത് ലഭിക്കാന്‍ അവകാശമുള്ളവര്‍ക്ക് നിഷേധിക്കരുത്. അയല്‍ക്കാരന്‍ ചോദിക്കുന്ന വസ്തു നിന്റെ കൈവഷമുണ്ടായിരിക്കെ, പോയി വീണ്ടും വരിക, നാളെ തരാം എന്ന് പറയരുത്”. (സഭാ 3, 27-28)  ക്രിസ്തുവിന്റെ  നിസ്വാര്‍ത്ഥമായ സ്നേഹം, നിഷ്കളങ്കമായ പങ്കുവയ്ക്കല്‍, ത്യാഗപൂര്‍ണമായ കൊടുക്കല്‍, മറ്റുള്ളവരുടെ വ്യക്തിത്വത്തെ ബഹുമാനിക്കല്‍, ഇതൊന്നും അയാള്‍ക്കില്ലായിരുന്നു.

നാല്, എന്റെ സഹോദരന്റെ കാവല്‍ക്കാരന്‍ കൂടിയാണ് ഞാന്‍ എന്ന ചിന്ത ഇല്ലായിരുന്നു. സഹോദരന് ഇല്ലാതെ വരത്തക്ക രീതയില്‍ നീ സമ്പാദിച്ച് കൂട്ടരുത്. വിശുദ്ധ ബേസില്‍ പറയുന്നു: ‘ധനവാന്മാരെ, നിങ്ങള്‍ പൂഴ്ത്തി വച്ചിരിക്കുന്ന അപ്പം പട്ടിണിപ്പാവങ്ങളുടെതാണ്.  നിങ്ങള്‍  ധരിക്കാതെ സൂക്ഷിക്കുന്ന വസ്ത്രം നഗ്നരുടെതാണ്. നിങ്ങളുടെ മുറികളില്‍ ഇരുന്ന് ദ്രവിച്ചുപോകുന്ന ചെരുപ്പുകള്‍ നഗ്നപാദരുടെതാണ്. നിങ്ങളാണ് അവരെ സംരക്ഷിക്കേണ്ടത്.’ അഞ്ച്, എല്ലാം നല്‍കുന്ന ദൈവത്തെക്കുറിച്ചുള്ള ചിന്തയും അയാള്‍ക്കില്ലായിരുന്നു.

ഈശോയുടെ സാമ്പത്തികദര്‍ശനം, ആധ്യാത്മിക ദര്‍ശനം മനുഷ്യന്റെ സമഗ്രമായ വളര്‍ച്ചയാണ്. മനുഷ്യനെ മാറ്റിനിര്‍ത്തുകയല്ല, മനുഷ്യനെ ചേര്‍ത്ത്നിര്‍ത്തുകയാണ് ഈശോയുടെ സാമ്പത്തികദര്‍ശനം, ആധ്യാത്മിക ദര്‍ശനം. മനുഷ്യനില്‍ ദൈവത്തെ കണ്ടെത്തി, ആ മനുഷ്യനെ സംതൃപ്തിയിലേക്ക്, സന്തോഷത്തിലേക്ക് ഉയര്‍ത്തുവാന്‍ നമുക്കുള്ളതെല്ലാം നല്‍കുമ്പോഴാണ് നാം സ്വര്‍ഗത്തിനര്‍ഹരാകുന്നത്. മനുഷ്യരെ അകറ്റി നിര്‍ത്തുന്ന മനോഭാവങ്ങളെല്ലാം നമ്മെ ദൈവത്തില്‍ നിന്ന് മാറ്റി നിര്‍ത്തും എന്ന് മനസ്സിലാക്കണം. നമ്മുടെ ജീവിതത്തില്‍ നിന്ന് ആരെയും മാറ്റിനിര്‍ത്തരുത്. പങ്കുവയ്ക്കലിന്റെ അഭാവം, അപരനെ മറന്നുള്ള ജീവിതം അപകടകരമാണ്.

ഒരു കവിത ഇങ്ങനെയാണ്: “അയാള്‍ ആരുമാകാം. അയാള്‍ തെരുവില്‍ നിന്ന് പ്രസംഗിച്ചു: ദൈവത്തെക്കുറിച്ച്, സ്വര്‍ഗത്തെക്കുറിച്ച്, മനുഷ്യസ്നേഹത്തെക്കുറിച്ച്. ആഗോളവത്കരണത്തെക്കുറിച്ച് അയാള്‍ സെമിനാറുകള്‍ നടത്തി. ദൈവത്തിന്റെ കരുണയെക്കുറിച്ച് ധ്യാനം സംഘടിപ്പിച്ചു. എന്നാല്‍, ഒരു കീഴ്ജാതിക്കാരനോടോത്ത് ഭക്ഷണത്തിനു വിളിച്ചപ്പോള്‍ അയാളത് നിരസിച്ചു.” നമ്മുടെ തൊലിപ്പുറത്തിനും ഉള്ളിലേക്ക് ദൈവവചനം കടന്നിട്ടില്ലായെങ്കില്‍ നമ്മുടെ ക്രൈസ്തവ ജീവിതങ്ങളും വെറും make-up മാത്രമാകും. കാര്യത്തോടടുക്കുമ്പോള്‍ തനിനിറം പുറത്താകും.

ധനവാനും ലാസറും എന്ന ദ്വന്ദത്തിന്റെ, ജോഡിയുടെ അര്‍ത്ഥവ്യാപ്തി വളരെ വലുതാണ്‌. അത് ഭാര്യയും ഭര്‍ത്താവും എന്നാകാം, മാതാപിതാക്കളും മക്കളും എന്നുമാകാം, വികാരിയച്ചനും ഇടവകക്കാരും എന്നും ആകാം. ജോലി കൊടുക്കുന്നവനും, ജോലിക്കാരനും എന്നുമാകാം. ഗവണ്മെന്റും ജനങ്ങളും എന്നും ആകാം. ഞാനും എന്റെ സുഹൃത്തും എന്നുമാകാം. ഈ ദ്വന്ദങ്ങളിലെല്ലാം ഈശോയുടെ സാമ്പത്തികദര്‍ശനം, ആധ്യാത്മിക ദര്‍ശനം നിറഞ്ഞു നില്‍ക്കാന്‍ ദൈവവചനം നമ്മെ ഒരുതരത്തില്‍ നിര്‍ബന്ധിക്കുകയാണ്.

സമാപനം

സ്നേഹമുള്ളവരെ, ധനവാന്റെയും ലാസറിന്റെയും കഥ നമ്മെ അസ്വസ്ഥരാക്കണം. നമ്മുടെ ക്രൈസ്തവ ജീവിതം വെറും ഷോ മാത്രമാകതിരിക്കട്ടെ. ആമോസ് പ്രവാചകന്‍ പറയുന്നപോലെ നമ്മുടെ ക്രൈസ്തവ ജീവിതത്തില്‍ നീതി നദിപോലെ ഒഴുകട്ടെ.

SUNDAY SERMON Mk 7, 1-13

മര്‍ക്കോ 7, 1 – 13

സന്ദേശം

Image result for images of Mk 7, 1-13

തകര്‍ത്തുപെയ്ത മഴയില്‍ ഒലിച്ചുപോയ ജീവിതങ്ങളുടെ മുന്‍പില്‍ പകച്ചുനില്‍ക്കുകയാണ് കേരളം. ഉരുള്‍പൊട്ടലില്‍ മറഞ്ഞു പോയ മനുഷ്യരെതേടുന്നവരെ TV യില്‍ കാണുമ്പോള്‍ നമ്മുടെ മനസ്സുകളില്‍ ഭയം നിറയുകയാണ്. ഉറ്റവരെ കാണാതെ കരയുന്നവര്‍, വീടുകളില്‍ അടിഞ്ഞു കൂടിയ മണ്ണും ചെളിയും നീക്കാന്‍ ശ്രമിക്കുന്നവര്‍, കൃഷിയിടങ്ങള്‍ തകര്‍ത്ത കര്‍ഷകജീവിതങ്ങള്‍, അനാഥരായവര്‍ … മുന്നോട്ട് പോകാന്‍ വഴി തേടുന്നവര്‍ ഏറെയാണ്. ഇങ്ങനെ, വേദനിക്കുന്ന മനസ്സുമായി വിശുദ്ധ ബലിയര്‍പ്പിക്കുന്ന നമ്മോട് ദൈവവചനം ചോദിക്കുന്നു: ‘നിന്റെ ജീവിതത്തിന്റെ driving force, നിന്റെ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ശക്തി ഏതാണ്? പാരമ്പര്യങ്ങളോ, അതോ ദൈവത്തിന്റെ വചനമോ? ഇതിനുള്ള ഉത്തരമായിരിക്കും നമ്മുടെ ക്രൈസ്തവജീവിതത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നത്.

വ്യാഖ്യാനം

ഓരോരുത്തരുടേയും ജീവിതത്തില്‍ അവരെ മുന്നോട്ടുനയിക്കുന്ന ഒരു driving force, ഉത്തേജക ശക്തിയുണ്ടായിരിക്കും. ധാരാളം പേര്‍ക്ക് അത് ചിലപ്പോള്‍ കുറ്റബോധമായിരിക്കാം. കഴിഞ്ഞ കാലത്തെ ജീവിതത്തെ ഓര്‍ത്ത്, അതിലെ തെറ്റുകളെ ഓര്‍ത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരുണ്ട്‌. പഴയനിയമത്തിലെ കായേന്‍ പാപം ചെയ്തു. അവന്റെ കുറ്റബോധമാണ് അവനെ ദൈവത്തില്‍ നിന്ന് അകറ്റുന്നത്. പുതിയനിയമത്തിലെ യൂദാസിന്റെ കുറ്റബോധമാണ് അവനെ മരണത്തിലേക്ക് നയിക്കുന്നത്. മറ്റുചിലരുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ശക്തി വെറുപ്പും വിദ്വേഷമായിരിക്കും. വേറെചിലര്‍ക്ക് പേടിയായിരിക്കാം. ഇനിയും ചിലര്‍ക്ക് ലോകവസ്തുക്കളോടുള്ള ആസക്തി, അധികാരം, അംഗീകാരം തുടങ്ങിയവയായിരിക്കാം.

എന്നാല്‍, എന്തായിരിക്കണം ഒരു ക്രൈസ്തവന്റെ ജീവിതത്തിന്റെ driving force, പ്രചോദക ശക്തി? അത് ഒന്നാമതായും, രണ്ടാമതായും, മൂന്നമാതായും അവസാനമായും ദൈവത്തിന്റെ വചനമായിരിക്കണം. അതുകൊണ്ടാണ് ഒന്നാം വായനയില്‍, നിയമാവര്‍ത്തനപുസ്തകത്തില്‍ വചനം പറയുന്നത്: നീ ദീര്‍ഘനാള്‍ ജീവിച്ചിരിക്കാനും, നിന്റെ ദൈവമായ കര്‍ത്താവ് തരുന്ന നാട്ടില്‍ നിനക്കുനന്മയുണ്ടാകാനും, വേണ്ടി അവിടുന്ന് കല്പിച്ചിരിക്കുനതുപോലെ, വചനത്തിനനുസരിച്ച് ജീവിക്കണം. ദൈവത്തിന്റെ വചനമായിരിക്കണം ക്രൈസ്തവന്റെ, ദൈവമക്കളുടെ driving force.  

പക്ഷെ, ഇസ്രയേല്‍ ജനത്തെ മുന്നോട്ടു നയിച്ച ശക്തി, driving force, ഇതിനേക്കാളൊക്കെ ഉപരി അവരുടെ മതത്തിന്റെ പാരമ്പര്യങ്ങളായിരുന്നു. അതുവഴി അവര്‍ നാല് തെറ്റുകള്‍ ചെയ്തു. ഒന്ന്, യഹോവയുടെ, ദൈവത്തിന്റെ വചനത്തെക്കാള്‍ പാരമ്പര്യങ്ങള്‍ക്ക് അവര്‍ പ്രാധാന്യം കൊടുത്തു. രണ്ട്, മനുഷ്യരുടെ കല്‍പ്പനകള്‍ പ്രമാണങ്ങളായി പഠിപ്പിച്ചു. മൂന്ന്‍, ദൈവവചനത്തെ അര്‍ത്ഥമില്ലാത്തതാക്കി. നാല്, പാരമ്പര്യമനുസരിച്ച് ജീവിക്കാത്തവരെ ദൈവ നിന്ദകരായി മുദ്രകുത്തി. പാരമ്പര്യങ്ങളെ, നിയമങ്ങളെ ജീവിതത്തിന്റെ driving force, പ്രചോദക ശക്തിയാക്കിമാറ്റിയതുകൊണ്ട് അവര്‍ അന്ധരായിത്തീര്‍ന്നു. പാരമ്പര്യത്തിന്റെ ബലത്തില്‍ അവര്‍ പ്രവാചകന്മാരെ കൊന്നു, പാരമ്പര്യം സംരക്ഷിക്കാന്‍ ദൈവപുത്രനെ കുരിശിലേറ്റി. എന്നിട്ട് അവര്‍ക്ക് എന്ത് സംഭവിച്ചു? അവര്‍ കല്ലിന്മേല്‍ കല്ല്‌ ശേഷിക്കാതെ തകര്‍ന്നടിഞ്ഞു; സമാധാനമെന്തെന്നറിയാതെ അലഞ്ഞുതിരിഞ്ഞു.

സ്നേഹമുള്ളവരെ, ഇന്നത്തെ കാലഘട്ടത്തിലെ ക്രൈസ്തവ ജീവിതങ്ങള്‍ കാണുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണോയെന്നു സംശയിച്ചുപോകുന്നു. പാരമ്പര്യങ്ങളുടെ പേരില്‍ സഭകളില്‍ തര്‍ക്കങ്ങള്‍ കാണുമ്പോള്‍ പേടിയാകുന്നു. എന്താണ് നമ്മുടെ പ്രചോദക ശക്തി, driving force? ക്രിസ്തുവായിരിക്കണം, ക്രിസ്തുവിന്റെ വചനങ്ങളായിരിക്കണം ക്രൈസ്തവന്റെ പ്രചോദക ശക്തി, അവനെ മുന്നോട്ട് നയിക്കുന്ന driving force. ഒപ്പം, പാരമ്പര്യങ്ങളും. എന്നാല്‍, ദൈവ ത്തിന്റെ വചനത്തെക്കാള്‍ പാരമ്പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കരുത്. കൊടുത്താല്‍ അവ നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ വിഴുങ്ങിക്കളയും. അവ മാത്രമല്ല, അവയോടു ചേര്‍ന്നുള്ള നാല് തെറ്റുകളും നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ വിഴുങ്ങിക്കളയും. എന്ത് ചെയ്താലും ദൈവവചനത്തെ കൂട്ടുപിടിച്ചുള്ള ന്യായീകരണങ്ങളും നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ വിഴുങ്ങിക്കളയും.

ഒരാള്‍ ഒരു പെരുമ്പാമ്പിന്റെ കുഞ്ഞിനെ ഒരുപാട് സ്നേഹിച്ച് വളര്‍ത്താന്‍ തുടങ്ങി. പാമ്പും അയാളും തമ്മില്‍ നല്ല അടുപ്പമായി. പാമ്പ് വളര്‍ന്ന് ഒരു പെരുമ്പാമ്പായി. അങ്ങനെയിരിക്കുമ്പോള്‍ പാമ്പിനു മൂന്നാല് ദിവസമായി ഒരു മന്ദത! അത് ഭക്ഷണമൊന്നും കഴിക്കാതെ ചുരുണ്ട് കിടക്കും. ചത്തുപോകുമോയെന്ന ഭയത്താല്‍ അയാള്‍ അതിനെ മൃഗ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. ഡോക്ടര്‍ പാമ്പിനെ പരിശോധിച്ചിട്ട് അയാളോട് മൂന്നു ചോദ്യങ്ങള്‍ ചോദിച്ചു. എത്ര ദിവസമായി പാമ്പ് ഭക്ഷണം കഴിച്ചിട്ട്? മൂന്നാല് ദിവസ്സമായി, അയാള്‍ മറുപടി പറഞ്ഞു. ഇത് നിങ്ങളുടെ അടുത്ത് കിടക്കാറുണ്ടോ? വയ്യായായതിനുശേഷം ഇതെന്റെ അടുത്തുവന്നു കിടക്കുന്നു. എങ്ങനെയാണ് പാമ്പ് നിങ്ങളുടെ അടുത്ത് കിടക്കുന്നത്? നീളത്തിലാണ് അത് എന്റെ അടുത്ത് കിടക്കുക. ഒന്ന് പുഞ്ചിരിച്ചിട്ട് ഡോക്ടര്‍ അയാളോട് പറഞ്ഞു: ഈ പാമ്പിനു ഒരു അസുഖവും ഇല്ല. ഇത് നിങ്ങളെ വിഴുങ്ങുവാനുള്ള ശ്രമത്തിലാണ്. ഇത് നിങ്ങളുടെ അടുത്തുവന്നു കിടന്നു നിങ്ങളുടെ നീളം അളക്കുകയാണ്. പട്ടിണികിടന്നു ഇരപിടിക്കാന്‍ ശരീരത്തെ ഒരുക്കുകയാണ്. എത്രയും വേഗം ഇതിനെ ഉപേക്ഷിക്കുക.  

സമാപനം

സ്നേഹമുള്ളവരെ, ദൈവവചനത്തെ നിരര്‍ത്ഥകമാക്കിക്കൊണ്ട്, പാരമ്പര്യങ്ങള്‍ക്ക് അമിത പ്രാധാന്യം കൊടുത്ത്, തെറ്റായ കീഴ്വഴക്കങ്ങളെ ഊട്ടിവളര്‍ത്തി മുന്നോട്ടുപോയാല്‍ ഈ പെരുമ്പാമ്പുകള്‍ നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ വിഴുങ്ങിക്കളയും. ഇത് മാത്രമല്ല ഇതുപോലുള്ള തിന്മകള്‍ നമ്മുടെ ജീവിതത്ത്തിലുണ്ടെങ്കില്‍ മദ്യപാനമാകാം, ദേഷ്യമാകാം, സംശയ മനസ്സാകാം എന്തുതന്നെയായാലും അത് നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ നമ്മുടെ കുടുംബത്തെ വിഴുങ്ങിക്കളയും. എത്രയും വേഗം ഇവയെ ഉപേക്ഷിക്കുക. ഉപേക്ഷിച്ചില്ലെങ്കില്‍ – നാം, നമ്മുടെ സഭ, നമ്മുടെ കുടുംബം കല്ലിന്മേല്‍ കല്ല്‌ ശേഷിക്കാതെ തകര്‍ന്നടിയും  സമാധാനമെന്തെന്നറിയാതെ അലഞ്ഞുതിരിയും. ഓര്‍ക്കുക, എല്ലാറ്റിലുമുപരി, ക്രിസ്തുവായിരിക്കണം, ക്രിസ്തുവിന്റെ വചനങ്ങളായിരിക്കണം ക്രൈസ്തവന്റെ പ്രചോദക ശക്തി, അവനെ മുന്നോട്ട് നയിക്കുന്ന driving force.