Category Archives: Sunday sermon

SUNDAY SERMON JN 17, 20-26

ഉയിർപ്പുകാലം ആറാം ഞായർ

യോഹ 17, 20-26

കത്തോലിക്കാ സഭയുടെ വലിയ ഇടയനായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ നേരിട്ടും മാധ്യമങ്ങളിലൂടെയും കണ്ടത് ലക്ഷക്കണക്കിന് മനുഷ്യരാണ്. ചടങ്ങിന്റെ ഭാഗമായി പാലീയവും, മുക്കുവന്റെ മോതിരവും സ്വീകരിച്ച പാപ്പാ ലോകത്തെ അഭിസംബോധന ചെയ്ത് പറഞ്ഞതിങ്ങനെയാണ്: “യാതൊരു യോഗ്യതയുമില്ലാതെയാണ് ഞാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, സ്വയം പിൻവാങ്ങാത്ത, ഐക്യമുള്ള, മിഷനറി സ്വഭാവമുള്ള ഒരു സഭയെ രൂപപ്പെടുത്താനാണ് ക്രിസ്തുവിന്റെ വികാരിയായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.” മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം പപ്പാ ആവർത്തിച്ച് പറഞ്ഞത് ഐക്യത്തെക്കുറിച്ചാണ്.

ഈ ഞായറാഴ്ച്ച ഒരുമയുടെ, ഐക്യത്തിന്റെ സന്ദേശമാണ് സുവിശേഷവും നമുക്ക് നൽകുന്നത്. കാരണം, എല്ലാ ക്രൈസ്തവരും, എല്ലാ മനുഷ്യരും ക്രിസ്തുവിൽ ഒന്നായി നിന്നാൽ മാത്രമേ ദൈവകൃപയിൽ ജീവിക്കുവാൻ, ജീവിത പ്രശ്നങ്ങളെ ധീരമായി നേരിടാൻ, അഭിമുഖീകരിക്കുവാൻ, അതിജീവിക്കുവാൻ ശക്തരാകുകയുള്ളു എന്ന് ഈശോയ്ക്കറിയാം. അതുകൊണ്ട്, നമ്മുടെ ക്രൈസ്തവ വിശ്വാസം വെല്ലുവിളികളെ നേരിടുന്ന ഈ കാലഘട്ടത്തിൽ  വിഘടിതരായി നിന്നാൽ നാം നശിക്കുമെന്നും, ഒരുമിച്ചുനിന്നാൽ നാം നേടുമെന്നും ഈശോ ഇന്ന് നമ്മെ ഓർമിപ്പിക്കുന്നു.

“ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകാനുള്ള സമയമായി എന്ന് അറിഞ്ഞ” ഈശോ ശിഷ്യർക്കുവേണ്ടി, ലോകത്തിനുവേണ്ടി നടത്തുന്ന ഹൃദയസ്പർശിയായ പ്രാർത്ഥനയാണ് ഇന്നത്തെ സുവിശേഷത്തിന്റെ പ്രതിപാദ്യ വിഷയം. മരണത്തെ മുന്നിൽ കണ്ടു നിൽക്കുന്ന ഈശോയുടെ പ്രാർത്ഥനയാണിതെങ്കിലും മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടുള്ള സുവിശേഷ ഭാഗമാണിത് എന്നതിൽ സംശയമില്ല. എങ്കിലും, മാനവകുലം മുഴുവനും, ക്രിസ്തുവിൽ ഒന്നായ ഒരു ജീവിതം നയിക്കണം എന്ന ആഗ്രഹമാണ് ഈശോ ഇവിടെ പ്രകടിപ്പിക്കുന്നത്.

ലോകം മുഴുവനും, ലോകത്തിലെ മനുഷ്യർ മുഴുവനും, ഒരു കുടുംബത്തിലുള്ള എല്ലാവരും ഒരുമയിൽ ജീവിക്കുന്നതിന് ഈശോ നൽകുന്ന മാതൃകാ ചിത്രം വളരെ വിസ്മയം നിറഞ്ഞതാണ്. ഈശോ പറയുന്നു: “പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് …”! “നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്ക് തന്ന മഹത്വം ഞാൻ അവർക്കു നൽകി”. ചിത്രം ഇതാണ്: “നമ്മെപ്പോലെ അവരും ഒന്നായിരിക്കുന്നതിന്.” പരിശുദ്ധ ത്രിത്വത്തിലെ ഒരുമയുടെ, ഐക്യത്തിന്റെ extention and expansion ആയിരിക്കണം ക്രൈസ്തവജീവിതം, മനുഷ്യ ജീവിതമെന്നാണ് ഈശോ വിഭാവനം ചെയ്യുന്ന ദർശനം.

അതിന് എന്ത് ചെയ്യണം? ഈശോ പ്രാർത്ഥിക്കുന്നു: ‘അങ്ങ് എനിക്ക് നൽകിയ സ്നേഹം അവരിൽ ഉണ്ടാകേണമേ!’ ദൈവസ്നേഹത്തിന്റെയും പരസ്നേഹത്തിന്റെയും അടിസ്ഥാനത്തിൽ ജീവിതം പടുത്തുയർത്തിയാൽ ഒരുമയിൽ, ഐക്യത്തിൽ ജീവിക്കാനാകും എന്നതാണ് ഈശോയുടെ action plan. പിതാവായ ദൈവവും പുത്രനായ ദൈവവും സ്നേഹമാകുന്ന പരിശുദ്ധാത്മാവിൽ ഒന്നായിരിക്കുന്നതുപോലെ ഈ ലോകവും അതിലെ മനുഷ്യരും തമ്മിൽ തമ്മിലും, മനുഷ്യരും പ്രപഞ്ചവും തമ്മിലും അതിലുമുപരി, ദൈവവും, മനുഷ്യനും, പ്രപഞ്ചവും, തമ്മിലും ഒരുമയിൽ ജീവിക്കുവാൻ, ഒന്നായിരിക്കുവാൻ ഈശോ ആഗ്രഹിക്കുന്നു. അതിനായി പ്രാർത്ഥിക്കുന്നു. ഇതിലും മഹത്തായ ഒരു പ്രാർത്ഥന എവിടെ കാണാനാകും?  ഇതിലും ഉന്നതമായ ഒരു ജീവിത വീക്ഷണം എവിടെ കണ്ടെത്താനാകും? ഇതിൽ അടങ്ങിയിരിക്കുന്നു ഈശോയുടെ ദൈവ ദർശനവും, മനുഷ്യ ദർശനവും, പ്രപഞ്ച ദർശനവും. ഈ ദർശനത്തിനനുസരിച്ചു ക്രൈസ്തവജീവിതം രൂപപ്പെടുത്തുവാൻ സാധിച്ചാൽ ഭൂമിയിൽ സ്വർഗം പണിയുവാൻ നമുക്കാകും. ലോകത്തെ മുഴുവൻ ഒന്നായിക്കാണുന്ന ഒരു മനോഭാവം, ക്രിസ്തുവിൽ കേന്ദ്രീകൃതമായ ഒരു പുതിയ Christian Humanism, ക്രൈസ്തവ മാനവികത ഉടലെടുക്കേണ്ടിയിരിക്കുന്നു. 

അതിനുവേണ്ടിയാണ്, അങ്ങനെയൊരു ആത്മീയത, മാനവികത രൂപപ്പെടുന്നതിനുവേണ്ടിയാണ് ഈശോ പ്രാർഥിച്ചത്. എന്നാൽ, തന്റെ ശിഷ്യരാകെ, മാനവകുലമാകെ ഒന്നായിത്തീരാൻ ആഗ്രഹിച്ച ഈശോയുടെ പ്രാർത്ഥനതന്നെ എന്തുമാത്രം ഫലവത്തായി എന്ന് ചിന്തിച്ചു നോക്കിയാൽ അല്ലെങ്കിൽ ഈശോ പ്രാർത്ഥിച്ചതുപോലും വർഷങ്ങൾ രണ്ടായിരത്തിലധികമായിട്ടും നടന്നില്ലല്ലോയെന്ന് ആരെങ്കിലും ചോദിച്ചാൽ ഉത്തരം പറയാൻ നാം വളെരെയേറെ ബുദ്ധിമുട്ടേണ്ടിവരും!  ഈശോയെ ഏറ്റവും അധികം വേദനിപ്പിക്കുന്നതും, വീണ്ടും വീണ്ടും മുറിപ്പെടുത്തുന്നതും ഈ യാഥാർഥ്യം തന്നെയായിരിക്കും – ക്രിസ്തുവിന്റെ സഭയിലെ ഭിന്നതകൾ! പിളർപ്പുകൾ! “സ്നേഹത്തിന്റെ കൂദാശയും, ഐക്യത്തിന്റെ അടയാളവും, ഉപവിയുടെ ഉടമ്പടിയുമായ വിശുദ്ധ കുർബാന” (വത്തിക്കാൻ കൗൺസിൽ II) യെച്ചൊല്ലിയുള്ള വിവാദങ്ങൾ!!

ഇന്നത്തെ സുവിശേഷഭാഗം മനസ്സിരുത്തി വായിച്ചാൽ മനസ്സിലാകും ഈശോയുടെ ഉള്ളിലെ ചിന്തയെന്താണെന്ന്. തിരുസ്സഭയിലെ ഭിന്നതയുടെ, അനൈക്യത്തിന്റെ പ്രചാരകർ മിശിഹായുടെ ശത്രുക്കളും, ലോകത്തിന്റെ മിത്രങ്ങളുമാണെന്നാണ് ഈശോയുടെ ഭാഷ്യം. താനും പിതാവും ഒന്നായിരിക്കുന്നതുപോലെ, സ്നേഹത്തിൽ മനുഷ്യരും ഒന്നായിരുന്നാൽ മാത്രമേ ദൈവരാജ്യം സംസ്ഥാപിതമാകുകയുള്ളു എന്ന് ഈശോയ്ക്കറിയാമായിരുന്നു. പിതാവായ ദൈവം ക്രിസ്തുവിനെ ഈ ലോകത്തിലേക്ക് അയച്ചുവെന്നു ലോകം വിശ്വസിക്കണമെങ്കിൽ സഭയിൽ ഐക്യമുണ്ടാകണം, സഭ ക്രിസ്തുവിൽ ഒന്നായി നിൽക്കണം എന്ന് ക്രിസ്തുവിന് അറിയാമായിരുന്നു. സഭ ഒന്നായി നിൽക്കാത്തിടത്തോളം കാലം ക്രിസ്തുവാണ് ലോകരക്ഷകനെന്ന്, പിതാവിനാൽ അയക്കപ്പെട്ട രക്ഷകൻ ക്രിസ്തുവാണെന്ന് ലോകം അറിയുവാൻ പോകുന്നില്ലായെന്നും അവിടുന്ന് മനസ്സിലാക്കിയിരുന്നു.  ക്രിസ്തുവിന്റെ ഈ മനോവേദന ഇന്നത്തെ സുവിശേഷഭാഗത്തിന്റെ വരികൾക്കിടയിൽ നിന്ന് വായിച്ചെടുക്കാൻ നമുക്ക് സാധിക്കും. ക്രിസ്തുവിന്റെ ഈ മനോവേദന മനസ്സിലാകുമ്പോഴാണ് ഇന്നത്തെ സഭ ക്രിസ്തുവിൽ നിന്ന് എത്രയോ അകലെയാണ് എന്ന് നാം അറിയുക! ക്രിസ്തുവിന്റെ പ്രാർത്ഥനയ്ക്ക്, ആഗ്രഹത്തിന് എത്രയോ വിരുദ്ധമാണ് എന്ന് നാമറിയുക! ക്രിസ്തുവിന്റെ ഹൃദയത്തിലെ മുറിവുകളുടെ ആഴം നമുക്ക് മനസ്സിലാകുക!

ക്രിസ്തുവിന്റെ ശരീരമായ സഭയ്ക്കേറ്റ മാരകമായ മുറിവുകൾ എങ്ങനെ രൂപപ്പെട്ടു എന്ന് ചിന്തിക്കുമ്പോഴാണ് ദൈവികമായവ കൈകാര്യം ചെയ്യുന്ന മനുഷ്യന്റെ സ്വാർത്ഥതയും, അഹന്തയും ഫണം വിടർത്തിയാടുന്നത് നാം കാണുന്നത്. ക്രിസ്തുവിന്റെ സഭയുടെ ആരംഭകാലങ്ങൾ ഒരുമയുടെ, ഐക്യത്തിന്റെ കഥകളാണ് നമുക്ക് പറഞ്ഞു തരുന്നത്. പിന്നീട്, പതുക്കെ പതുക്കെ, അധികാരത്തിന്റെ, രാജകീയ ആഡംബരങ്ങളുടെ, പണത്തിനോടുള്ള ആർത്തിയുടെ ചെകുത്താന്മാർ ഉറഞ്ഞു തുള്ളിയപ്പോൾ, സഭയിൽ സ്നേഹം, ഐക്യം, ആർജവം എന്നീ നന്മകൾ അപ്രത്യക്ഷമായി. ക്രൈസ്തവന്റെ ജീവിതത്തിലെ, ക്രൈസ്തവകുടുംബങ്ങളിലെ, തിരുസ്സഭയിലെ ഭിന്നതകൾക്കെല്ലാം കാരണം അധികാരം, പണം, ഭൂമി, സുഖഭോഗങ്ങൾ, അഹന്ത എന്നിവയായിരുന്നു. ക്രിസ്തുവിന്റെ ഐക്യത്തിനുവേണ്ടിയുള്ള പ്രാർത്ഥന, ഐക്യത്തിനുവേണ്ടിയുള്ള ആഹ്വാനം ഇന്നും സാധിതമാകുന്നില്ലായെങ്കിൽ അതിന്റെ കാരണങ്ങളും ഇവയൊക്കെത്തന്നെയാണ്. തിരുസഭയുടെ ചരിത്രവും അതാണ് നമ്മോട് പറയുന്നത്.

തിരുസ്സഭ അവളുടെ വളർച്ചയുടെ പാതയിൽ ധാരാളം ഭിന്നതകളേയും, പാഷണ്ഡതകളെയും അഭിമുഖീകരിച്ചിട്ടുണ്ട്. എന്നാൽ ഇവയെല്ലാം, ക്രിസ്തുവിന്റെ ചൈതന്യത്തിൽ നിന്നുള്ള വ്യതിചലനങ്ങളായിരുന്നു എന്നത് വ്യക്തമാണ്. AD 336 ൽ ഉടലെടുത്ത ഭിന്നതക്ക് നേതൃത്വം കൊടുത്തത് ഈജിപ്തിലെ അലക്‌സാൻഡ്രിയയിൽ നിന്നുള്ള ആരിയൂസ് ആണ്. ക്രിസ്തുവിന്റെ പുത്രുത്വത്തെ ചൊല്ലിയായിരുന്നു ആരിയൂസ് കലഹിച്ചതും പിന്നീട് സഭയിൽ നിന്ന് വിട്ടുപോയതും. കോൺസ്റ്റാന്റിനോപ്പോളിലെ ആർച്ചു ബിഷപ്പായിരുന്ന നെസ്തോറിയസ് (AD 450) കന്യകാമാതാവിനെ ക്രിസ്തുവിന്റെ അമ്മ (Christo tokos) എന്ന് വിശേഷിപ്പിച്ചതോടെയാണ് ഭിന്നത ആരംഭിച്ചത്. പിന്നീട് സഭ അദ്ദേഹത്തെ പാഷണ്ഡിയായി മുദ്രകുത്തുകയും അദ്ദേഹം പുറത്താകുകയും ചെയ്തു. 589 ൽ യേശുവിൽ മനുഷ്യസ്വഭാവമില്ല ദൈവ സ്വഭാവം മാത്രമേയുള്ളുവെന്ന അന്ത്യോക്യൻ പാത്രിയാർക്കീസ് മാർ യാക്കോബിന്റെ വാദമാണ് യാക്കോബായ സഭകളുടെ ഉത്ഭവത്തിനു കാരണമായിത്തീർന്നത്. Great Schism of 1054 പരിശുദ്ധാത്മാവിനെച്ചൊല്ലിയായിരുന്നു. സഭയിലെ വലിയൊരു പിളർപ്പായിട്ടാണ് ഇതിനെ കാണുന്നത്. മാർട്ടിൻ ലൂഥർ എന്ന അഗസ്റ്റീനിയൻ സന്യാസി താൻ ചൂണ്ടിക്കാണിച്ച സഭയിലെ തെറ്റുകളെ തിരുത്തുന്നതിന് സഭ കാണിച്ച അലംഭാവത്തെ പരസ്യമായി വെല്ലുവിളിച്ചതോടെയാണ് പ്രൊട്ടസ്റ്റന്റ് സഭകളുടെ തുടക്കമായത്. അദ്ദേഹത്തോടൊപ്പം സഭയ്ക്ക് എതിരായിരുന്നു നാട്ടുരാജാക്കന്മാരും കൂടിയതോടെ സഭയിൽ പിളർപ്പുണ്ടായി. ആദ്യനൂറ്റാണ്ടുമുതലെ ഉണ്ടായിരുന്ന മാർത്തോമ്മാ നസ്രാണി സഭ 1653 ലെ കൂനൻ കുരിശു സത്യത്തോടെയാണ് പിളർപ്പുകളിലേക്ക് പോയത്.

അറിവിന്റെ ഹുങ്കോ, അധികാരത്തിന്റെ ധാർഷ്ട്യമോ, സമ്പത്തിനോടുള്ള ആർത്തിയോ എന്ത് തന്നെയായാലും വിശുദ്ധ പൗലോശ്ലീഹാ പറയുന്നതുപോലെ, ‘ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുകയാണ്.’ ഇന്ന് ക്രിസ്തുവിന്റെ പേരിൽ എത്ര സഭാ സമൂഹങ്ങൾ ഉണ്ടെന്നോ, ക്രിസ്തു വിഭജിക്കപ്പെട്ടതിന്റെ പേരിൽ എത്ര കുടുംബങ്ങൾ തകർന്നെന്നോ, ക്രിസ്തു വിഭജിക്കപ്പെട്ടതിന്റെ പേരിൽ എന്തുമാത്രം യുദ്ധങ്ങൾ നടന്നെന്നോ, തർക്കങ്ങൾ ഉണ്ടായെന്നോ ആർക്കും പറയുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല. “എല്ലാവരും ഒന്നായിരിക്കുവാൻ” എന്ന ക്രിസ്തുവിന്റെ പ്രാർത്ഥന ഫലമണിയുവാൻ ക്രിസ്തു ഇനിയും എത്രനാൾ കാത്തിരിക്കേണ്ടി വരുമോ, എന്തോ?

ക്രിസ്ത്യാനികളുടെ ഐക്യം അനിവാര്യമാണ്. കാലം അതിക്രമിച്ചിരിക്കുന്നു. നാമെല്ലാവരും ഒന്നിച്ചുനിൽക്കണം. ഫ്രാൻസിസ് പാപ്പാ പറഞ്ഞതുപോലെ, തീവ്രവാദികൾ വന്ന് നിന്നെ പിടിച്ചുകൊണ്ടുപോയി കൊല്ലാൻ നിർത്തുമ്പോൾ നീ ഓർത്തഡോക്‌സാണോ, കാതോലിക്കാനാണോ, യാക്കോബായ ആണോ, പ്രൊട്ടസ്റ്റന്റാണോ ലത്തീനാണോ, സീറോമലബാറാണോ എന്നായിരിക്കില്ല ചോദിക്കുക. Are you a christian? നീ ഒരു ക്രിസ്ത്യാനിയാണോ എന്നായിരിക്കും ചോദിക്കുക. ഭിന്നത, കലഹം തുടങ്ങിയവയുടെ കാരണം നിസ്സാരങ്ങളായിരിക്കാം. എന്നാൽ നാം വിഘടിച്ചു നിന്നാൽ ക്രിസ്തുവിന്റെ പേരിൽ വിഭജിതയേറി നിന്നാൽ, നാം തുടച്ചുമാറ്റപ്പെടും. ക്രിസ്തുവിനുവേണ്ടി, ക്രിസ്തുവിന്റെ സഭയിൽ ഐക്യമുണ്ടാകാൻ ഉണരണമെന്നും സഭയെ ശക്തിപ്പെടുത്തുവാൻ മുന്നോട്ടുവരണമെന്നും പറയുമ്പോൾ ക്രിസ്തുവിന്റെ പ്രാർത്ഥന ഫലമണിയുവാനുള്ള ആഗ്രഹമാണ് നാം വിളിച്ചുപറയുക. നിസ്സാരകാര്യങ്ങളെ ചെല്ലിയുള്ള തർക്കങ്ങളും, അധികാരത്തിനും സ്വത്തിനുംവേണ്ടിയുള്ള വടംവലികളും തകർക്കുന്നത് ക്രിസ്തുവിന്റെ സ്വപ്നത്തെയാണ്, പ്രാർത്ഥനയെയാണ്‌.

ക്രിസ്തുവിന്റെ “പിതാവേ അവരെല്ലാവരും ഒന്നായിരിക്കുന്നതിനു”വേണ്ടിയുള്ള പ്രാർത്ഥന വിശുദ്ധ കുർബാനയുടെ frame of reference ൽ നിന്നുകൊണ്ടായിരുന്നു അവിടുന്ന് നടത്തിയത്. (Frame of reference എന്നത് ഒരു ആശയപരമായ അവസ്ഥയാണ്. ഒരു മാനദണ്ഡങ്ങളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ കാര്യങ്ങൾ വിശകലനം ചെയ്യപ്പെടുകയും, അളക്കപ്പെടുകയും, വിധിക്കപ്പെടുകയും ചെയ്യുന്ന ഒരു സംവിധാനത്തെ Frame of reference എന്ന് പറയാം. ഉദാഹരണത്തിന്, ഭൂമിയുടെ Frame of reference ൽ നിൽക്കുമ്പോഴാണ്, ഭൂമിയുടെ മാനദണ്ഡങ്ങളിൽ നിൽക്കുമ്പോഴാണ് ചലനനിയമങ്ങൾക്ക് പ്രസക്തിയുള്ളൂ.) ഒടുവിലത്തെ അത്താഴവേളയിൽ വിശുദ്ധ കുർബാന സ്ഥാപിച്ച ശേഷമാണ്, അതേത്തുടർന്നു ശിഷ്യരുടെ കാലുകൾ കഴുകിയ ശേഷമാണ് ഈശോയുടെ പ്രഭാഷണങ്ങളെ, ഈശോയുടെ പ്രാർത്ഥനയെ വിശുദ്ധ യോഹന്നാൻ അവതരിപ്പിക്കുന്നത്. വിശുദ്ധ കുർബാനയുടെ frame of reference ൽ നിന്നുകൊണ്ട് ലോകത്തെയും, ജീവിതത്തെയും ജീവിതയാഥാർഥ്യങ്ങളെയും നിരീക്ഷിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത ക്രിസ്തു തന്റെ കണ്ണുകളെ പിതാവിങ്കലേക്ക് ഉയർത്തുകയായിരുന്നു. സ്നേഹത്തിന്റെ, ഐക്യത്തിന്റെ, കാരുണ്യത്തിന്റെ വിശുദ്ധ കുർബാനയുടെ Frame of Reference ൽ നിൽക്കുമ്പോൾ ഐക്യത്തിനുവേണ്ടിയല്ലാതെ മറ്റെന്തിനുവേണ്ടിയാണ് ഈശോ പ്രാർത്ഥിക്കുക!

സ്നേഹമുള്ളവരേ, നാമും ക്രിസ്തുവാകുന്ന, വിശുദ്ധ കുർബാനയാകുന്ന Frame of Reference ൽ നിന്നുകൊണ്ട്, ലോകത്തെയും, നമ്മുടെ ജീവിതത്തെയും, ജീവിതയാഥാർഥ്യങ്ങളെയും നിരീക്ഷിക്കുവാനും വിശകലനം ചെയ്യുവാനും ശ്രമിക്കുകയാണെങ്കിൽ നമ്മുടെ ജീവിതങ്ങളെ, കുടുംബങ്ങളെ, ആത്മീയജീവിതത്തെ, സഭാജീവിതത്തെ ക്രിസ്തുവിന്റെ, വിശുദ്ധ കുർബാനയുടെ മൂല്യങ്ങളിൽ പടുത്തുയർത്തുവാൻ സാധിക്കും. അപ്പോൾ ഭിന്നതയുടെ സ്വരങ്ങൾ ഇല്ലാതാകും; അനൈക്യത്തിന്റെ കോട്ടകൾ തകർന്നുപോകും; വിഘടനവാദങ്ങളും, വെറുപ്പും വൈരാഗ്യവുമെല്ലാം ഉരുകിയൊലിച്ചുപോകും. ക്രിസ്തുവിന്റെ പ്രാർത്ഥന ഫലമണിയും.

എന്നാൽ, നാം നിൽക്കുന്ന സ്ഥലം, Frame of reference വേറെയാണെങ്കിൽ നമ്മുടെ നിരീക്ഷണവും, വിശകലനവും എല്ലാം പാളിപ്പോകും. ഉദാഹരണത്തിന് ഭൂമിയിൽ നിൽക്കുന്ന ഒരു വ്യക്തിക്ക് ഒരു ദിവസം ഒരു ഉദയവും അസ്തമയവുമേ കാണാൻ സാധിക്കുകയുള്ളു. എന്നാൽ, ബഹിരാകാശത്തിലെ യാത്രികർക്ക് ഒരു ദിവസം 27 ഉദയങ്ങളും അസ്തമയങ്ങളും കാണാൻ കഴിയും. Frame of reference മാറിയാൽ നാം കാണുന്ന കാഴ്ചകളും യാഥാർഥ്യങ്ങളും വ്യത്യസ്തമാകും. ഇന്ന് നമ്മുടെ സഭയിൽ, കുടുംബത്തിൽ അനൈക്യങ്ങളുണ്ടെങ്കിൽ, അതിന്റെ കാരണം നമ്മുടെ Frame of reference മാറിപ്പോയിട്ടുണ്ട് എന്നാണ്. നാം നിൽക്കുന്നത് വിശുദ്ധ കുർബാനയാകുന്ന, ക്രിസ്തുവാകുന്ന Frame of reference ൽ ആണോ? നാം കോർപ്പറേറ്റ് സ്ഥാപന നടത്തിപ്പിന്റെ, അല്ലെങ്കിൽ രാഷ്ട്രീയപാർട്ടികളുടെ Frame of reference ൽ നിന്ന് നമ്മുടെ ക്രൈസ്തവജീവിതം നയിക്കുവാൻ ശ്രമിക്കുകയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം, നമുക്കിടയിലെ, കഴുത്തറപ്പൻ മാത്സര്യങ്ങളും, കുതികാൽവെട്ടുകളും, പള്ളികളും ഭൂമിയും പിടിച്ചെടുക്കാനുള്ള ഓട്ടങ്ങളും, അധികാരവടംവലികളും, എണ്ണാൻ കഴിയാത്തിടത്തോളമുള്ള ഗ്രൂപ്പുകളും കാണുമ്പോൾ നമ്മുടെ Frame of reference മാറിപ്പോയിരിക്കുന്നു എന്ന് പറയാനാണ് എനിക്ക് തോന്നുന്നത്. ക്രിസ്തുവിൽ എവിടെയാണ് കഴുത്തറപ്പൻ മാത്സര്യം? ക്രിസ്തുവിൽ എവിടെയാണ് അനൈക്യം? ക്രിസ്തുവിൽ എവിടെയാണ് അധികാരവടംവലികൾ, ക്രിസ്തുവിൽ എവിടെയാണ് പണത്തോടുള്ള ആർത്തി? വിശുദ്ധ കുർബാനയിൽ എവിടെയാണ് വെറുപ്പ്, വൈരാഗ്യം? വലിപ്പച്ചെറുപ്പങ്ങൾ? വിശുദ്ധ കുർബാന യുടെ Frame of reference ൽ നിൽക്കുമ്പോൾ എങ്ങനെയാണ് കുർബാനയുടെ പേരിൽ തല്ലുപിടിക്കുവാൻ സാധിക്കുക? വിശുദ്ധ കുർബാന യുടെ Frame of reference ൽ നിൽക്കുമ്പോൾ എങ്ങനെയാണ് ഭിന്നതയിൽ ബലിയർപ്പിക്കുവാൻ സാധിക്കുക?  എന്താ ക്രിസ്തു ഇവിടെ തോറ്റുപോകുകയാണോ? അൾത്താരയിലെ അനൈക്യം അല്ലേ ക്രിസ്തുവിനോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരത?

വിശുദ്ധ കുർബാനയാകുന്ന Frame of Reference ൽ നിന്നുകൊണ്ട് ജീവിതത്തെ കാണാൻ പഠിക്കണം, ക്രിസ്തുവിനെപ്പോലെ! അപ്പോൾ ഐക്യത്തിന്റെ പൂക്കൾ നമ്മുടെ സഭയിൽ, കുടുംബങ്ങളിൽ വിരിയും. ക്രിസ്തുവിന്റെ പ്രാർത്ഥന ഫലമണിയും!

സ്നേഹമുള്ളവരേ, ഇന്നുമുതൽ ക്രിസ്തുവിൽ നാം ഒന്ന് എന്ന പാഠം ഉൾക്കൊണ്ടുകൊണ്ട് തുടങ്ങാൻ നമുക്കാകട്ടെ. ക്രിസ്തു വിഭജിക്കപ്പെടാതിരിക്കട്ടെ. ഒരുമിച്ചു ഒരേ ബലി അർപ്പിക്കുന്ന ക്രൈസ്തവരായി നമുക്ക് മാറാം. ആരെയും മാറ്റി നിർത്താത്ത, എല്ലാവരെയും ഉൾക്കൊള്ളുന്ന എല്ലാവർക്കും ഉള്ളതെല്ലാം പങ്കു വയ്ക്കുന്ന പുതിയ ക്രൈസ്തവരായി നാം മാറണം. ശിഷ്യരുടെ പാഠങ്ങൾ കഴുകിയ ശേഷം, വിശുദ്ധ കുർബാന സ്ഥാപിച്ചശേഷം നടത്തുന്ന ഈശോയുടെ ഈ പ്രാർത്ഥന, ആഗ്രഹം ഒരുമയിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്.

നമ്മുടെ ക്രൈസ്തവ ജീവിതം എങ്ങനെയുള്ളതായിരിക്കണമെന്നു ചിന്തിക്കുവാൻ ഈ ഞായറാഴ്ച്ച നമുക്കാകട്ടെ. ക്രിസ്തുവിൽ നാമെല്ലാം ഒന്നെന്ന മഹത്തായ ക്രിസ്തു സന്ദേശം നമ്മുടെ വ്യക്തി ജീവിതത്തിൽ, കുടുംബ ജീവിതത്തിൽ, സമൂഹ ജീവിതത്തിൽ നമുക്ക് പ്രാവർത്തികമാക്കാം. നാമെല്ലാവരും ക്രിസ്തുവിൽ ഒന്നായാൽ, ദൈവവും, മനുഷ്യനും പ്രപഞ്ചവും തമ്മിൽ ഒന്നായാൽ ലോകത്തിലെ ഒരു ശത്രുവിനും നമ്മെ തകർക്കുവാൻ സാധിക്കുകയില്ല. ക്രിസ്തുവിൽ നമ്മൾ ഒന്ന് എന്ന മുദ്രാവാക്യത്തോടെ നമ്മുടെ ക്രൈസ്തവജീവിതം പുതുക്കിപ്പണിയാം.

പുതിയ മാർപാപ്പ ലിയോ പതിനാലാമൻ ആഗ്രഹിക്കുന്നതും, വീണ്ടും, വീണ്ടും പറയുന്നതും ഐക്യത്തെക്കുറിച്ചാണ്. ഈശോ ആഗ്രഹിക്കുന്ന, തിരുസ്സഭ ആഗ്രഹിക്കുന്ന ഐക്യം നമ്മുടെ ഇടയിൽ ഉണ്ടാകാൻ ഈ വിശുദ്ധ കുർബാനയിൽ നമുക്ക് പ്രാർത്ഥിക്കാം. ആമ്മേൻ!

SUNDAY SERMON JN 21, 1-14

ഉയിർപ്പുകാലം അഞ്ചാം ഞായർ

യോഹ 21, 1-14

നമ്മുടെ ഈ ഭൂമിയിലെ ജീവിതം എത്ര സംഘർഷഭരിതമാണെങ്കിലും എത്രമേൽ അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണെങ്കിലും, രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും ലഭിക്കാതിരുന്നപ്പോൾ കടൽക്കരയിൽ ക്രിസ്തു പ്രത്യക്ഷപ്പെട്ടതുപോലെ നമ്മുടെ ജീവിതത്തിന്റെ കടൽക്കരയിൽ നമ്മുടെ രക്ഷക്കായി ക്രിസ്തു പ്രത്യക്ഷപ്പെടുമെന്ന വലിയ സന്ദേശമാണ് ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്നത്. മൂന്ന് കാര്യങ്ങൾ ചെയ്യുവാനാണ് സുവിശേഷം നമ്മോട് ആവശ്യപ്പെടുന്നത്.

1. നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ക്രിസ്തുവിനെ മനസ്സിലാക്കുക.

2. നമ്മുടെ ജീവിതത്തിന്റെ കടൽക്കരയിൽ നിൽക്കുന്ന ഈശോയെ മറ്റുള്ളവർ ചൂണ്ടിക്കാണിച്ചു തരുമ്പോൾ, ആ ഈശോയെ കർത്താവായി സ്വീകരിക്കുക.

3. ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിന്റെ കർത്താവായി ഏറ്റുപറയുക.

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഇരുപത്തിയൊന്നാം അദ്ധ്യായം സുവിശേഷകന്റെ മരണശേഷം എഴുതിച്ചേർത്തതാണെന്നും അല്ലെന്നുമുള്ള അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഈ അധ്യായത്തിലെ പ്രമേയങ്ങൾ മറ്റു അധ്യായങ്ങളിലെ പ്രമേയങ്ങളോട് ചേർന്നുപോകുന്നവതന്നെയാണ്. ഉത്ഥാനത്തിനുശേഷം താൻ ഇന്നും ജീവിക്കുന്നുവെന്ന് ശിഷ്യന്മാരെ ബോധ്യപ്പെടുത്താൻ ഈശോ ശിഷ്യന്മാർക്കു പലപ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ പ്രത്യക്ഷീകരണങ്ങളെല്ലാം ക്രിസ്തു കർത്താവാണെന്ന് അനുഭവിച്ചറിയുവാനും, പ്രഘോഷിക്കുവാനും ശിഷ്യന്മാരെ ശക്തിപ്പെടുത്തുവാൻ വേണ്ടിയായിരുന്നു. ഇന്നത്തെ മൂന്നാമത്തെ പ്രത്യക്ഷീകരണവും ഈ ഒരു ലക്ഷ്യത്തിനുവേണ്ടിയായിരുന്നു.

ഈശോയുടെ കുരിശു മരണത്തിനുശേഷം യഹൂദന്മാരെ ഭയന്ന് സ്വയം ലോക്ക് ഡൗണിൽ ആയിരുന്നല്ലോ ശിഷ്യന്മാർ. കുറച്ചുകാലം ലോക്ക് ഡൗണിൽ കഴിയുമ്പോൾ നമുക്കറിയാവുന്നതുപോലെ എന്തിനെ ഭയന്നാണോ ലോക്ക് ഡൗണിൽ ആയിരുന്നത്, ആ ഭയമെല്ലാം പതുക്കെ പതുക്കെ അകന്നുതുടങ്ങും. പിന്നെ അതിജീവനത്തെക്കുറിച്ചുള്ള ചിന്തയാകും. “എന്തും വരട്ടെ. എങ്ങനെയെങ്കിലും ജീവൻ നിലനിർത്തണം.” അതായിരിക്കും പിന്നത്തെ ആലോചന. ഇത് തന്നെയായിരുന്നു ശിഷ്യരുടേയും ചിന്ത. ഒരു ലോക്ക് ഡൗണിലൂടെ കടന്നുപോയ നമുക്ക്, ലോക് ഡൗണിന്റെ പോലത്തെ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ശിഷ്യന്മാരുടെ മനോവിചാരങ്ങളെ മനസ്സിലാക്കുവാൻ ബുദ്ധിമുട്ടുണ്ടാകില്ല. 

ഈ ചിന്തകളുടെ, സംഭാഷണങ്ങളുടെ അവസാന ചിത്രമാണ് അദ്ധ്യായം 21 ലെ മൂന്നാം വാക്യം. പത്രോസാണ് പറയുന്നത്: “ഞാൻ മീൻ പിടിക്കുവാൻ പോകുകയാണ്”. മറ്റ് ശിഷ്യന്മാരോ? അവരും റെഡി! ഇത് ഈശോയെക്കുറിച്ചു ചിന്തിക്കാഞ്ഞിട്ടല്ല. ഈശോയോട് സ്നേഹമില്ലാഞ്ഞിട്ടല്ല. ഈശോയ്ക്കുവേണ്ടി ജീവിക്കാൻ താത്പര്യമില്ലാഞ്ഞിട്ടുമല്ല. മനുഷ്യമനസ്സിന്റെ സ്വാഭാവിക പ്രകടനമാണിത്. എന്നിനി ക്രിസ്തുവിന്റെ പ്രത്യക്ഷം ഉണ്ടാകുമെന്നറിയില്ല. അവൻ ഏൽപ്പിക്കുന്ന ദൗത്യമെന്തെന്നും അറിയില്ല. പക്ഷേ, അവൻ വരുമ്പോൾ, തങ്ങൾ ശാരീരികമായും മാനസികമായും തയ്യാറല്ലെങ്കിലോ? അവർ ഇറങ്ങുകയാണ്.

അതിജീവിക്കുവാൻ പറ്റുമെന്നും അവർക്കു ഉറപ്പായിരുന്നു. Target accomplish ചെയ്യാൻ പറ്റുമെന്ന് 100% വും sure ആയിരുന്നു. Logistics – വള്ളവും വലയും മറ്റും കിട്ടാൻ പ്രയാസമില്ല. അവരുടെ നാടാണ്. കൂട്ടുകാരുണ്ട് സഹായിക്കാൻ. Manpower ധാരാളമുണ്ട്. അനുഭവസമ്പത്തിനു ഒരു കുറവുമില്ല. പിന്നെ team leader ആയി പത്രോസുണ്ട്. തടാകം കണ്ടാൽ തന്നെ അതിന്റെ സ്വഭാവം പറയാൻ കഴിയുന്നവൻ. വെള്ളത്തിന്റെ ചെറിയൊരു അനക്കം പോലും വ്യാഖ്യാനിക്കാൻ പറ്റുന്നവൻ. എവിടെയെറിഞ്ഞാൽ മീൻ കിട്ടുമെന്ന് sense ചെയ്യാൻ സാധിക്കുന്നവൻ. അവർ ഇറങ്ങുകയാണ്. എന്നാൽ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുകയാണ് ആ രാത്രി! നസീബില്ലാത്ത, ഭാഗ്യം അകലെയായ ഒരു രാത്രി!

എന്നാൽ, ഉത്ഥിതനായ ക്രിസ്തു അവരുടെ പ്രതീക്ഷയായി, സമൃദ്ധിയായി, രക്ഷകനായി കടന്നുവരികയാണ്. തടാകത്തിന്റെ ഓരോ ഇഞ്ചും അരിച്ചുപെറുക്കിയിട്ടും ഒന്നും കിട്ടാതിരുന്ന വേളയിൽ, അവരുടെ Logistics ഉം, smartness ഉം, strategy കളുമെല്ലാം നിഷ്ഫലമായ ഘട്ടത്തിൽ ചാകരപോലെ മത്സ്യത്തിന്റെ സമൃദ്ധി അവൻ അവർക്കു കൊടുക്കുകയാണ്.

അപ്പോൾ ഒരു വെളിപാടുപോലെ യോഹന്നാൻ വിളിച്ചു പറയുകയാണ് “അത് കർത്താവാണ്”. യോഹന്നാൻ വീണ്ടും വീണ്ടും പറയുകയാണ്: “സുഹൃത്തുക്കളെ, അത് കർത്താവാണ്. നമ്മുടെ ഇല്ലായ്മയിൽ, നിരാശയിൽ നമ്മെ രക്ഷിക്കാൻ കടന്നുവന്നിരിക്കുന്നത് കർത്താവാണ്. നമ്മുടെ ഹൃദയത്തിന്റെ നൊമ്പരങ്ങളറിഞ്ഞ് നമ്മുടെ അടുത്തെത്തിയിരിക്കുന്നത് കർത്താവാണ്. നമ്മുടെ ബലഹീനതയിൽ നമ്മെ ശക്തിപ്പെടുത്തിയത് കർത്താവാണ്. അതെ, അത് കർത്താവാണ്.”

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിലേക്ക്, ജീവിത സാഹചര്യങ്ങളിലേക്ക്, ചിലപ്പോൾ സന്തോഷത്തിന്റെ, മറ്റു ചിലപ്പോൾ സങ്കടത്തിന്റെ നിമിഷങ്ങളിലേക്കു കടന്നു വരുന്ന ക്രിസ്തുവിനെ നാം കാണണം. അവനെ കർത്താവായി പ്രഘോഷിക്കണം. കാരണം നമ്മുടെ ജീവിതത്തിന്റെ പുറപ്പാടുകളിൽ താങ്ങായും തണലായും അവൻ നമ്മോടൊപ്പമുണ്ട്. നമ്മെ രക്ഷിക്കുവാൻ മനുഷ്യനായിപിറന്ന ദൈവം, നമ്മുടെ ജീവിതസാഹചര്യങ്ങളിൽ “ഞാൻ എന്ത് ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്” എന്ന് ചോദിച്ചുകൊണ്ടോ, “മേലിൽ പാപം ചെയ്യരുത്” (യോഹ 8, 11) എന്ന് പറഞ്ഞുകൊണ്ടോ, “നിങ്ങൾ ആകുലരാകേണ്ട” (ലൂക്ക 12, 22) എന്ന് ഓർമിപ്പിച്ചുകൊണ്ടോ, “എനിക്ക് കുടിക്കാൻ തരിക” (യോഹ 4, 7 എന്ന് പറഞ്ഞുകൊണ്ടോ, “ഇതെന്റെ ശരീരമാകുന്നു വാങ്ങി ഭക്ഷിക്കുവിൻ, ഇതെന്റെ രക്തമാകുന്നു, വാങ്ങി കുടിക്കുവിൻ” (മത്താ 26, 26-30) എന്ന് ക്ഷണിച്ചുകൊണ്ടോ പ്രിയപ്പെട്ടവരേ കർത്താവായ ക്രിസ്തു എപ്പോഴും നമ്മോടൊപ്പമുണ്ട്. കണ്ണുകൾ തുറന്ന് നമ്മുടെ ജീവിതത്തിലേക്ക്, ജീവിതസാഹചര്യങ്ങളിലേക്ക് നാം നോക്കണം.

ഈ പ്രപഞ്ചത്തിൽ ഏതൊരു വസ്തുവും ചലിക്കണമെങ്കിൽ അതിന്റെ പിന്നിൽ ഒരു ഊർജം ഉണ്ടാകണം. ആ ഊർജത്തെ മനസ്സിലാക്കാനും, അതിന്റെ ചലനം പ്രപഞ്ചത്തിൽ ദർശിക്കുവാനും കഴിയുമ്പോൾ അത് കർത്താവാണെന്ന് പറയുവാനുള്ള ആർജവം നമുക്കുണ്ടാകണം. ഈ ഭൂമിയിൽ ഓരോ ജീവിയും അതത് രൂപത്തിൽ ഉണ്ടാകുന്നത് ദൈവത്തിന്റെ ഇച്ഛയാലാണ്. ഒരു ചെടി വളരുന്നതോ, പൂവിടുന്നതോ അത് കായ്ക്കുന്നതോ നാമാരും വിചാരിച്ചാൽ സാധിക്കില്ല. ആ ചെടിയിലുണ്ടാകുന്ന പൂവിന്റെ നിറം, വലിപ്പം, അതിന്റെ ഇതളുകളുടെ ഗണിതപരമായ അകലം എന്നിവ ദൈവമാണ് നിശ്ചയിച്ചിരിക്കുന്നത്. എന്തിന്, അവയ്ക്കനുസരിച്ചുള്ള പ്രാണിയോ, പാറ്റയോ, ചിത്രശലഭമോ, പക്ഷിയോ മാത്രമേ അതിൽ വന്നിരിക്കൂ. അത്രമാത്രം കൃത്യതയിലാണ് ദൈവം ഓരോന്നും ക്രമീകരിച്ചിരിക്കുന്നത്!എന്നാൽ, ഇതെല്ലം കാണുമ്പോൾ ഇവയെല്ലാം ചെയ്യുന്നത് കർത്താവാണ് എന്ന് പറയുവാൻ നമുക്ക് കഴിയണം. മാവിന്റെയും മറ്റു ചെടികളുടെയും, വൃക്ഷങ്ങളുടെയും പൂക്കളിൽ തേനീച്ചകളും, പ്രാണികളും, പക്ഷികളും വന്നിരിക്കുന്നു, അങ്ങനെ അത് അടുത്ത തലമുറക്ക് വഴിയൊരുക്കുന്നു. ആരാണ് ഇത് ചെയ്യുന്നത്? അത് കർത്താവാണ് എന്ന് പറയുവാൻ സാധിക്കുന്നവൾ, സാധിക്കുന്നവൻ ഭാഗ്യവാൻ! ചെവിയുണ്ടായാൽ കേൾവിയുണ്ടാകില്ല. കണ്ണുണ്ടായാൽ കാഴ്ചയുണ്ടാകില്ല. വായ ഉണ്ടായാൽ മാത്രം സംസാരിക്കുവാൻ കഴിയില്ല. തലച്ചോറും ഹൃദയവുമുണ്ടാകാം. പക്ഷെ, ചിന്തിക്കുവാൻ കഴിയണമെന്നില്ല. അവിടെയെല്ലാം ജീവന്റെ ഘടകങ്ങൾ വേണം. പ്രാണൻ, വ്യാനൻ, ഉദാനൻ, സമാനൻ, അപാനൻ എന്നീ പഞ്ചപ്രാണങ്ങളാണ് ഇന്ദ്രിയങ്ങൾക്കും, രക്ത ചംക്രമണത്തിനും ദഹനപ്രക്രിയയ്‌ക്കെല്ലാം സഹായകം. അറിയോ പ്രിയപ്പെട്ടവരേ നിങ്ങൾക്ക്? ഇവയെ പ്രവർത്തിപ്പിക്കുന്നത് കർത്താവാണ്. ഒരു യന്ത്രം, ബൈക്കോ, സ്കൂട്ടറോ എന്തുമാകട്ടെ. അവ ചലിക്കുവാൻ, പ്രവർത്തിക്കുവാൻ ഊർജം വേണം. അതിനു ഇലക്ട്രിസിറ്റിയായോ, ഡീസലായോ, പെട്രോളായോ ഊർജം ലഭിച്ചാൽ മതി, എന്നാൽ, ഇവയിൽ അടങ്ങിയിട്ടുള്ള ശക്തിയുടെ കേന്ദ്രം ഏതാണ്? അത് കർത്താവാണ്. 

“Neither be created, nor be destroyed” എന്ന് ആധുനിക ശാസ്ത്രവും, നാസതോ വിദ്യതേഭാവ, ന ഭാവ വിദ്യതേ സത” (नासतो विद्यते भावो नाभावो वद्यते सत:— श्रीमद्भगवद्गीता, 2.16) എന്ന് ഭഗവത് ഗീതയും വ്യക്തമാക്കുന്ന ഈ സത്തയെ “eternal energy” എന്നാണ് അമേരിക്കൻ തത്വ ചിന്തകനായ എമേഴ്സൺ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, നമുക്കറിയാം ആ ശക്തി മറ്റാരുമല്ല, മറ്റൊന്നുമല്ല,  ഈശോമിശിഹയാണെന്ന്! നമ്മുടെ ജീവിതത്തിന്റെ കടൽക്കരയിൽ നിൽക്കുന്ന ഈ അനശ്വര സത്യത്തെ അറിയാൻ, ഏറ്റുപറയുവാൻ കഴിയുമ്പോഴേ അവിടുന്ന് ഒരുക്കിവച്ചിരിക്കുന്ന സമൃദ്ധിയിലേക്ക്, ഭക്ഷണത്തിലേക്ക് നമ്മുടെ ജീവിതങ്ങൾ എത്തിച്ചേരുകയുള്ളു. ജീവിതത്തിന്റെ ദുരിതങ്ങളിലൂടെ നീ കടന്നു പോകുമ്പോഴും, നന്മയുടെ വഴികളിലൂടെ കടന്നുപോകുമ്പോഴും നിന്റെ ജീവിതത്തിന്റെ കടൽക്കരയിൽ അവനുണ്ടാകും. പൂന്താനം മഹാകവി പാടുന്ന പോലെ, ‘കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നുവരുത്തുന്നതും അവനാണ്. മാളികമുകളേറിയ മന്നന്റെ തലയിൽ മാറാപ്പുകെട്ടുന്നതും അവനാണ്. ആ ദൈവത്തെ തിരിച്ചറിയുവാൻ നമുക്കായാൽ ഈ ജീവിതമാകുന്ന തിബേരിയൂസ് കടലിൽ രാത്രിമുഴുവനും അദ്ധ്വാനിച്ച് ഒന്നും നേടാതെ, ഭാവിയെന്തെന്നറിയാതെ നിൽക്കുമ്പോൾ, കടൽക്കരയിൽ നിനക്ക് നിന്റെ ദൈവത്തെ കണ്ടുമുട്ടാൻ, അവിടുത്തെ അറിയുവാൻ കഴിയും. ഈ ദർശനം സ്വന്തമാക്കുകയാണെങ്കിൽ ഒന്നല്ല, ഒരു നൂറുവട്ടം, ജീവിതത്തിൽ നാം കർത്താവായ ക്രിസ്തുവിനെ കണ്ടുമുട്ടും. അവിടുന്ന് നമുക്ക് നിർദ്ദേശങ്ങൾ തരും. ജീവിതം വിജയപ്രദമാകും. അവിടുത്തെ ക്ഷണം നാം കേൾക്കും “കുഞ്ഞുങ്ങളേ, വന്ന് പ്രാതൽ കഴിക്കുവിൻ.” അപ്പോൾ ദൈവം ഒരുക്കുന്ന വിഭവങ്ങൾ നമ്മുടെ ജീവിതത്തിന്റെ മേശമേൽ നിറയും. നാം സതൃപ്തരാകും.

ഒരിക്കൽ എന്റെ ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് ഞാനൊരു വീട് സന്ദർശിച്ചു. ആ വീടിന്റെ സാമ്പത്തിക അവസ്ഥയും, രണ്ടു പെൺകുട്ടികളുടെ പഠനത്തിനായി മാതാപിതാക്കൾ ബുദ്ധിമുട്ടുന്ന കാര്യവുമെല്ലാം കേട്ടപ്പോൾ അവരെ കാണാൻ എനിക്കും ആഗ്രഹം തോന്നി. അങ്ങനെ ഒരു ദിവസം വൈകുന്നേരം ഞാൻ അവരുടെ വീട്ടിലെത്തി. അമ്മയും രണ്ടു മക്കളും അവിടെയുണ്ടായിരുന്നു. അവരോടു ഞാൻ സംസാരിച്ചു. പഠനത്തെപ്പറ്റിയും, പഠനച്ചിലവിനെപ്പറ്റിയുമൊക്കെ വിശദമായി അവർ പറഞ്ഞു. എത്രമാത്രം അധ്വാനിച്ചിട്ടും മുന്നോട്ട് പോകാനാവാത്ത അവസ്ഥയിലാണ് അവർ എന്നൊക്കെ പറഞ്ഞു കുറെ കരഞ്ഞു. ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നപ്പോൾ തന്നെ വീട്ടിലെ കുടുംബനാഥനും എത്തി. അല്പം മദ്യപിച്ചിട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹവും കാര്യങ്ങളൊക്കെ പറഞ്ഞു. അവർ തന്ന കട്ടൻ കാപ്പിയും കുടിച്ചു ഇറങ്ങുന്നതിന് മുൻപ് മക്കളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം കണ്ടെത്താൻ ഞാൻ ശ്രമിക്കാം എന്ന് പറഞ്ഞു. ഒരുമിച്ചു പ്രാർത്ഥിച്ചിട്ട്, എന്റെ മൊബൈൽ നമ്പർ അവർക്ക് കൊടുത്തിട്ട്,  അവരുടെ  നമ്പർ എന്റെ മൊബൈലിൽ save ചെയ്തിട്ട്  ഞാൻ ആശ്രമത്തിലേക്ക് പോന്നു.

വൈകുന്നേരത്തെ പ്രാർത്ഥനയും അത്താഴവും കഴിഞ്ഞു മുറിയിലെത്തിയപ്പോൾ എന്റെ മൊബൈൽ അടിച്ചു. ഞാൻ ചെന്നെടുത്തപ്പോൾ, വൈകുന്നേരം സന്ദർശിച്ച വീട്ടിലെ അമ്മച്ചിയായിരുന്നു. ഈശോമിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ എന്ന് പറഞ്ഞശേഷം ആ സ്ത്രീ കരയാൻ തുടങ്ങി. ഒന്ന് പകച്ചെങ്കിലും ഞാൻ പറഞ്ഞു: ‘കരയാതെ എന്ത് പറ്റി എന്ന് പറയൂ.” കരച്ചിൽ ഒന്ന് പിടിച്ചടക്കിയിട്ട് വലിയസ്വരത്തിൽ ആ ‘അമ്മ പറഞ്ഞു: ” അച്ചാ, ഞാൻ കർത്താവിനെ കണ്ടു.” എനിക്കാകെ എന്തോ പോലെയായി. ആ വീട്ടിലെ എന്റെ പ്രാർത്ഥന ശരിയായില്ലേ? ഇങ്ങനെ ചിന്തിച്ചയുടനെ ആ സ്ത്രീ പറഞ്ഞു:

“അച്ചനറിയോ, അച്ചൻ വരുന്നതിന് അല്പം മുൻപ് മുട്ടിന്മേൽ നിന്ന് ഞാൻ പ്രാർത്ഥിക്കുകയായിരുന്നു. എന്തേ കർത്താവേ എന്നെ സഹായിക്കാൻ വരാത്തേ? ആരെങ്കിലും വഴി എന്നെ ഒന്ന് സഹായിക്കില്ലേ? അപ്പോഴാണ് അച്ചാ, അച്ചൻ വീട്ടിലേക്ക് വന്നത്. ശരിക്കും ഞാൻ കർത്താവിനെ കണ്ടു അച്ചാ.”   എനിക്കൊന്നും പറയുവാൻ കഴിഞ്ഞില്ല. ആ അമ്മ തന്നെ ഞാൻ പിന്നെ വിളിക്കാം അച്ചോ എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. എന്താ ചെയ്യേണ്ടതെന്നറിയാതെ നിന്ന ഞാൻ, ആ കുടുംബത്തിന്റെ കടൽക്കരയിൽ എന്റെ രൂപത്തിൽ കടന്നു ചെന്ന കർത്താവിന് നന്ദി പറയുവാൻ ചാപ്പലിലേക്ക് നടന്നു.

നമ്മുടെ ജീവിത സാഹചര്യങ്ങളിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ടുപോലും ഇടപെടുന്നവാനാണ് നമ്മുടെ ദൈവം. കാരണം, സങ്കീർത്തനം 40, 17 പറയുന്നു: “ഞാൻ പാവപ്പെട്ടവനും ദരിദ്രനുമാണ്. എങ്കിലും എന്റെ കർത്താവിന് എന്നെപ്പറ്റി കരുതലുണ്ട്.” തീർത്തും ശരിയാണ്. നിങ്ങളുടെ ജീവിതത്തെപ്പറ്റി ചിന്തിച്ചു നോക്കൂ…അവന്റെ കനിവല്ലേ നമ്മുടെ ജീവിതം? അവന്റെ കൈ പിടിച്ചുള്ള നടത്തലായിരുന്നില്ലേ നമ്മുടെ ജീവിതം. അവിടുത്തെ അനന്ത പരിപാലനയുടെ പ്രതിഫലനമല്ലേ നമ്മുടെ കുടുംബം?

നമ്മുടെ ജീവിതത്തിന്റെ – ജീവിതം എങ്ങനെയുള്ളതും ആയിക്കൊള്ളട്ടെ, നിരാശയുടെ, കണക്കുകൂട്ടലുകൾ തെറ്റുന്നതിന്റെ, രോഗത്തിന്റെ, മഹാമാരിയുടെ, എങ്ങനെയുമായിക്കൊള്ളട്ടെ – നമ്മുടെ ജീവിതമാകുന്ന കടൽക്കരയിൽ ഈശോ വന്നു നിൽക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ഉഷസ്‌ ഉദിക്കും. കഷ്ടങ്ങളുടെ രാത്രിയിലൂടെ കടന്നു പോകുമ്പോഴും നിരാശപ്പെടാതെ നിൽക്കുമ്പോൾ ജീവിതത്തിൽ പ്രഭാതം വിടരും. ക്രിസ്തുവാകുന്ന പുലരി വിരിയും. അവിടെ നമുക്കാവശ്യമുള്ളത് കർത്താവായ ക്രിസ്തു തയ്യാറാക്കി വച്ചിട്ടുണ്ടായിരിക്കും.

ലോകം മുഴുവനും യുദ്ധസമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും, മനുഷ്യ ജീവിതത്തിൽ ധാരാളം വിഷമങ്ങളുണ്ടാകുമ്പോഴും ക്രൈസ്തവർ ക്രിസ്തുവിൽ സമാധാനം കണ്ടെത്തുന്നത്   സ്നേഹമുള്ളവരേ, ലോകം മുഴുവനും ശ്രദ്ധിക്കുന്നുണ്ട്. ഏതു സാഹചര്യത്തിലും നാം ഭയരഹിതരായിരിക്കണമെന്നു ക്രിസ്തു ആഗ്രഹിക്കുന്നു. കാരണം അവിടുന്ന് നമ്മുടെ ജീവിതത്തിൽ ഇടപെടും, നമുക്ക് സമാധാനം നൽകാൻ, സമൃദ്ധി നൽകാൻ, ജീവൻ നൽകാൻ, നമ്മെ മുന്നോട്ടു നയിക്കാൻ. സഹോദരീ, സഹോദരാ, ഈ ഞായറാഴ്ച്ച നിനക്കായി, നിന്റെ ജീവിതത്തിനായി, നിന്റെ ജീവിതത്തിനായി മാത്രം ക്രിസ്തു ഒരുക്കിയിരിക്കുന്ന ദിനമാണ്.  സഹോദരീ, സഹോദരാ, ഈ ഞായറാഴ്ച്ചയിലെ ദൈവവചനം നിനക്കായി, നിന്റെ ജീവിതത്തിനായി, നിന്റെ ജീവിതത്തിനായി മാത്രം ക്രിസ്തു ഒരുക്കിയിരിക്കുന്ന സന്ദേശമാണ്.

നിന്റെ ജീവിതമാകുന്ന കടൽക്കരയിൽ ക്രിസ്തുവിനെ അന്വേഷിക്കുക, നീ കണ്ടെത്തുക തന്നെ ചെയ്യും. ദേ, നിന്റെ ജീവിത മാകുന്ന, കുടുംബ മാകുന്ന കടൽക്കരയിൽ ഈശോ നിൽക്കുന്നു!!! ആമ്മേൻ!

SUNDAY SERMON JN 16, 16-24

ഉയിർപ്പുകാലം നാലാം ഞായർ

യോഹ 16, 16-24

“Habemus Pappam” നമുക്കൊരു പാപപ്പയെ ലഭിച്ചിരിക്കുന്നു!! “In illo uno unum”  (ഏക ക്രിസ്തുവിൽ നാം ഒന്ന്)  എന്നത് എപ്പിസ്‌കോപ്പൽ മുദ്രാവാക്യമായി സ്വീകരിച്ചുകൊണ്ട്,  ക്രിസ്തുവിന്റെ ഭൂമിയിലെ വികാരിയായി,  വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി, 267 ആമത്തെ  മാർപാപ്പയായി അമേരിക്കയിൽ നിന്നുള്ള കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ്  തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ലോകം മുഴുവൻ, ലോകം മുഴുവനുമുള്ള ക്രൈസ്തവർ ആഹ്ലാദത്തിമിർപ്പിലാണ്.  സങ്കീർത്തനം 127-നെക്കുറിച്ചുള്ള ഒരു പ്രസംഗത്തിൽ വിശുദ്ധ അഗസ്റ്റിൻ ഉച്ചരിച്ച “നമ്മൾ ക്രിസ്ത്യാനികൾ പലരാണെങ്കിലും, ഒരു ക്രിസ്തുവിൽ നാം ഒന്നാണ്” എന്ന പ്രഖ്യാപനത്തിൽ നിന്നാണ് മാർപാപ്പ തന്റെ മുദ്രാവാക്യം സ്വീകരിച്ചിരിക്കുന്നത്.

ക്രിസ്തുവിനെ ഏക രക്ഷകനായി സ്വീകരിക്കുന്ന ഒരു മാർപാപ്പയെ നമുക്ക് ലഭിച്ചതിന് ഈശോയ്ക്ക് നന്ദി പറയാം. ഏകരക്ഷകനായ ക്രിസ്തുവിൽ ഒന്നായിക്കൊണ്ട്, തിരുസ്സഭയോടൊപ്പം, പുതിയ മാർപാപ്പയായ ലിയോ പതിനാലാമനോടൊപ്പം ചേർന്നുനിന്നുകൊണ്ട് ഇന്നത്തെ സുവിശേഷ സന്ദേശം നമുക്ക് ശ്രവിക്കാം.

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈശോയുടെ വിടവാങ്ങൽ പ്രസംഗങ്ങളും, അതിലെ സന്ദേശങ്ങളും അവതരണ രീതികൊണ്ടും, ആശയസമ്പുഷ്ടതകൊണ്ടും വളരെ പ്രസിദ്ധമാണ്.   ഈശോ തന്റെ വേർപാടിനെക്കുറിച്ചും സ്വർഗ്ഗത്തെക്കുറിച്ചുമൊക്കെയാണ് പറയുന്നതെങ്കിലും, ജീവിതഗന്ധിയായ ഒട്ടേറെ സത്യങ്ങൾ ഈ വിടവാങ്ങൽ പ്രസംഗങ്ങളിലുണ്ട്. അത്തരമൊരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചുകേട്ടത്. കേൾക്കുമ്പോൾ പെട്ടെന്ന് മനസ്സിലാകുന്ന രീതിയിലല്ലെങ്കിലും ഈശോ പറയുന്നതിങ്ങനെയാണ്: ” അല്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല. വീണ്ടു അല്പസമയം കഴിഞ്ഞാൽ നിങ്ങളെന്നെ കാണും.”

നമുക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതുപോലെ ശിഷ്യർക്കും അന്ന് ഈ വചനങ്ങളുടെ അർഥം മനസ്സിലായില്ല. അവരുടെ മുഖഭാവം കണ്ടപ്പോൾ ഈശോ അല്പസമയത്തിന്റെ അർത്ഥമെന്തെന്ന് അവർക്ക് പറഞ്ഞു കൊടുത്തു. എന്താണത്? ‘നിങ്ങൾ കരയുകയും വിലപിക്കുകയും ചെയ്യുന്ന, അതുകണ്ട് ലോകം സന്തോഷിക്കുന്ന സമയമാണ് അല്പസമയം. നിങ്ങൾ നീതിന്യായ കോടതികൾക്ക് മുൻപിൽ നിൽക്കുമ്പോൾ, നിങ്ങൾക്കെതിരെ കള്ളസാക്ഷ്യങ്ങൾ നിരത്തപ്പെടുമ്പോൾ, നിങ്ങൾ തെറ്റിദ്ധരിക്കപ്പെടുമ്പോൾ കവലകളിലും, വാർത്താമാധ്യമങ്ങളിലും ലോകം അത് ആഘോഷിക്കുന്ന സമയമാണ് അല്പസമയം. തീവ്രവാദികളും, വർഗീയവാദികളും, ക്രൈസ്തവരെ കൊല്ലുകയും, പള്ളികൾ ആക്രമിക്കുകയും ചെയ്യുമ്പോൾ ഭരണകൂടങ്ങൾ അവയ്ക്കു നിയമ പരിരക്ഷ നൽകുന്ന സമയമാണ് അല്പസമയം.  ക്രിസ്തു ശിഷ്യരുടെ ജീവിതത്തിന്റെ അവസ്ഥയെയാണ് ഈശോ ഇവിടെ അവതരിപ്പിക്കുന്നത്. മാർപാപ്പയുടെ തിരഞ്ഞെടുപ്പിനുശേഷം അദ്ദേഹം കണ്ണീരിന്റെ മുറിയിൽ കഴിയുന്ന സമയമാണ് അല്പസമയം. എവിടെ ദൈവമക്കൾ, ക്രിസ്തു ശിഷ്യർ കരയുകയും വിലപിക്കുകയും ചെയ്യുന്നുവോ അവിടെയെല്ലാം, എപ്പോഴൊക്കെ ക്രിസ്തു ശിഷ്യർ പീഡിപ്പിക്കപ്പെടുകയും, അവഹേളിക്കപ്പെടുകയും ചെയ്യുന്നുവോ അപ്പോഴെല്ലാം ലോകം സന്തോഷിക്കും. ക്രിസ്തുവിനു എതിരായവർ, സഭയ്ക്ക് എതിരായവർ ആഹ്ലാദിക്കും. ഇതാണ് അല്പസമയങ്ങൾ!

ഈ അല്പസമയം ഓരോ ക്രൈസ്തവനിലും സംഭവിച്ചേ തീരൂ. കാരണം, ക്രിസ്തുവിനെ, ക്രിസ്തുവിന്റെ സുവിശേഷത്തെ വാക്കുകൊണ്ടും, ജീവിതംകൊണ്ടും പ്രഘോഷിക്കുന്ന ഓരോ ക്രൈസ്തവനും ഈ അല്പസമയത്തിലൂടെ കടന്നുപോയേ തീരൂ.

ഒരു ജീവനെ, കുഞ്ഞിനെ ലോകത്തിനു പ്രദാനം ചെയ്യണമെങ്കിൽ ഒരു സ്ത്രീ പ്രസവ വേദനയുടെ നിമിഷങ്ങളിലൂടെ കടന്നു പോകുക തന്നെ വേണം. ഒരു വ്യക്തിയിൽ ക്രിസ്തു രൂപപ്പെടണമെങ്കിൽ, ഒരു ക്രൈസ്തവകുടുംബം ക്രിസ്തുവിനെ കുടുംബജീവിതത്തിലൂടെ പ്രഘോഷിക്കണമെങ്കിൽ ഈ അല്പസമയത്തിലൂടെ കടന്നുപോകുകതന്നെവേണം. അതുകൊണ്ടാണ് വിശുദ്ധ പൗലോശ്ലീഹാ പറയുന്നത്, “എന്റെ കുഞ്ഞു മക്കളെ ക്രിസ്തു നിങ്ങളിൽ രൂപപ്പെടുന്നതുവരെ വീണ്ടും ഞാൻ നിങ്ങൾക്കുവേണ്ടി ഈറ്റുനോവനുഭവിക്കുന്നു “എന്ന്. (ഗലാ 4, 19) ഈ അല്പസമയങ്ങൾ ക്രൈസ്തവന്റെ കൂടെപ്പിറപ്പുകളാണ്.

പഴയനിയമത്തിൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ മക്കളുടെ അല്പസമയത്തെക്കുറിച്ചു ധാരാളം പ്രതിപാദനങ്ങളുണ്ട്. നിയമാവർത്തനം 28, 65 ൽ ദൈവം പറയുന്നു: “ആ ജനതകളുടെ ഇടയിൽ നിനക്ക് ആശ്വാസമോ, നിന്റെ പാദങ്ങൾക്ക് വിശ്രമമോ ലഭിക്കുകയില്ല…നിന്റെ ഹൃദയം ഭയചകിതമാകും. കണ്ണുകൾക്ക് മങ്ങൽ വരുത്തും…നിന്റെ ജീവൻ നിരന്തരം അപകടത്തിലായിരിക്കും.” ദൈവത്തിന്റെ മക്കൾ കടന്നുപോകുന്ന അല്പസമയങ്ങളുടെ സ്വഭാവം ഇങ്ങനെയാകാം. വീണ്ടും ദൈവം പറയുന്നു.” ജീവിതത്തിൽ നിനക്ക് ഒരു സുരക്ഷിതത്വവും ലഭിക്കുകയില്ല. …പ്രഭാതത്തിൽ നീപറയും, ദൈവമേ, സന്ധ്യയായിരുന്നെങ്കിൽ! സന്ധ്യയിൽ നീ പറയും, ദൈവമേ, പ്രഭാതമായിരുന്നെങ്കിൽ!” (നിയമ 28, 67) അത്രമാത്രം അസ്വസ്ഥമായിരിക്കും നിന്റെ മനസ്സ് ക്രിസ്തുവിനുവേണ്ടി സുവിശേഷ മൂല്യങ്ങൾക്കനുസരിച്ചു ജീവിക്കുമ്പോൾ ഇതുപോലുള്ള ജീവിതാവസ്ഥകളിലൂടെ നാം കടന്നുപോകും. ഈ അല്പസമയത്തിന്റെ ദയനീയത ദൈവത്തിന്റെ പ്രിയപ്പെട്ടവനായ ജോബിന്റെ ജീവിതത്തിൽ വളരെ കഷ്ടമായിരുന്നു. ജീവിതത്തിന്റെ അവസ്ഥകണ്ട്‌ ജോബ് പറയുകയാണ്:” “എന്റെ ഭാര്യ എന്നോട് അറപ്പുകാട്ടുന്നു. എന്റെ സഹോദരന്മാർക്കും ഞാൻ നിന്ദാപാത്രമായി…എന്റെ ഉറ്റ സ്നേഹിതന്മാർ എന്നിൽനിന്ന് അറപ്പോടെ അകലുന്നു. എന്നെ സ്നേഹിച്ചവർ എനിക്കെതിരെ തിരിഞ്ഞു.” (ജോബ് 19, 17-19) ജോബിന്റെ ഭാര്യപോലും പറഞ്ഞതിങ്ങനെയാണ്: “ഇനിയും ദൈവ ഭക്തിയിൽ ഉറച്ചു നിൽക്കുന്നോ? ദൈവത്തെ ശപിച്ചിട്ട് മരിക്കുക.” (ജോബ് 2, 9) ഇതുപോലുള്ള അല്പസമയങ്ങൾ മനുഷ്യൻ, ക്രിസ്തു ശിഷ്യർ നെട്ടോട്ടമോടുന്ന സമയങ്ങളല്ലേ? പള്ളികളായ പള്ളികളിലേക്ക്, ധ്യാനകേന്ദ്രങ്ങളായ ധ്യാനകേന്ദ്രങ്ങളിലേക്കു, കൈനോട്ടക്കാരുടെ അടുത്തേക്ക് … ഇതെല്ലം കണ്ടു ക്രിസ്തുവിന്റെ ശത്രുക്കൾ ചിരിക്കുകയും ചെയ്യും.

എന്നാൽ ഈശോ പറയുന്നു: “...നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. സ്ത്രീക്ക് പ്രസവ വേദന ആരംഭിക്കുമ്പോൾ അവളുടെ സമയം വന്നതുകൊണ്ട് അവൾക്കു ദുഃഖം ഉണ്ടാകുന്നു. എന്നാൽ ശിശുവിനെ പ്രസവിച്ചു കഴിയുമ്പോൾ …സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവൾ ഓർമിക്കുന്നില്ല.” (യോഹ 16, 21) സ്നേഹമുള്ളവരേ, ഈശോയുടെ വചനം വീണ്ടും കേൾക്കുക: നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും.” നമ്മുടെ വേദനകൾ അറിയുന്നവനാണ്, നമ്മുടെ അലച്ചിലുകൾ എണ്ണുന്നവനാണ് നമ്മുടെ ദൈവം. (സങ്കീ 56, 8) മാത്രമല്ല, ഇസ്രായേൽ ജനത്തെ ഈജിപ്ത് ആകുന്ന ഇരുമ്പു ചൂളയിൽ നിന്ന് രക്ഷിച്ചു ദൈവം അവർക്ക് കാനാൻ ദേശം നൽകിയെങ്കിൽ, സ്നേഹമുള്ളവരേ, ഉറച്ച വിശ്വാസത്തോടെ ഞാൻ പറയുന്നു, ഇരുമ്പുചൂള കണക്കെ തീയും ചൂടും നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ നിന്ന് എന്റെ ദൈവം എന്നെ രക്ഷിക്കും, എന്റെ ദുഃഖത്തെ അവിടുന്ന് സന്തോഷമായി മാറ്റും.  (നിയമ 4, 20) വിലാപങ്ങളുടെ പുസ്തകത്തിൽ പറയുന്നു: “കർത്താവ് എന്നേയ്ക്കുമായി നിന്നെ ഉപേക്ഷിക്കുകയില്ല. അവിടുന്ന് വേദനിപ്പിച്ചാലും തന്റെ കാരുണ്യാതിരേകത്തിനനുസൃതമായി ദയ കാണിക്കും.” (3, 31-32)

നമ്മുടെ ജീവിതത്തിന്റെ അല്പസമയങ്ങളുടെ സ്വഭാവവും രീതികളും എങ്ങനെയായിരിക്കുമെന്ന് മുൻകൂട്ടി അറിയുക സാധ്യമല്ല. എന്നാൽ, കരയുകയും വിലപിക്കുകയും ചെയ്യുന്ന നമ്മുടെ അല്പസമയങ്ങളെ സന്തോഷമുള്ളതാക്കാൻ ക്രിസ്തു നമ്മോടൊത്തുണ്ടാകും. മകളേ, മകനേ, നിന്റെ അല്പസമയങ്ങളിൽ നീ സമുദ്രത്തിലൂടെ കടന്നുപോയാലും നീ മുങ്ങിപ്പോകുകയില്ല. അഗ്നിയിലൂടെ നടക്കുകയാണെങ്കിലും നിനക്ക് പൊള്ളലേൽക്കുകയില്ല. (ഏശയ്യാ 43, 1-4) കാരണം, നിന്റെ തളർന്ന കൈകളെയും, ബലമില്ലാത്ത കാൽ മുട്ടുകളെയും ശക്തിപ്പെടുത്തുന്നവനാണ് നിന്റെ ദൈവം. “നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്തു സഹതപിക്കാൻ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത്.” (ഹെബ്രാ 4, 15) നമ്മുടെ ദൈവം വിശ്വസ്തനാണ്. നമ്മുടെ ശക്തക്കതീതമായ ദുഃഖങ്ങൾ ഉണ്ടാകുവാൻ അവിടുന്ന് അനുവദിക്കുകയില്ല. നമുക്ക് വേദനകളുണ്ടാകുമ്പോൾ ആ അല്പസമയങ്ങളെ അതിജീവിക്കുവാൻ വേണ്ട ശക്തി അവിടുന്ന് നമുക്ക് നൽകും. (1 കോറി 10, 13)

ഈശോ പറയുന്ന അല്പസമയത്തിന്റെ ദൈർഘ്യം അൽപ നിമിഷങ്ങളല്ല എന്നും നാം അറിയണം. ഇസ്രായേൽ ജനത്തിന്റെ അല്പസമയത്തിന്റെ ദൈർഘ്യം എത്രയായിരുന്നു? നാല്പതു സംവത്സരം!! എന്തിനുവേണ്ടിയായിരുന്നു ഈ നാല്പതു സംവത്സരം? ദൈവത്തിനു മറുതലിച്ചു നിൽക്കുന്ന ജനങ്ങളെ എളിമപ്പെടുത്താനും, ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കുമോ ഇല്ലയോ എന്നൊക്കെയുളള അവരുടെ ഹൃദയവിചാരങ്ങൾ അറിയാനും, മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല, കർത്താവിന്റെ വചനംകൊണ്ടും കൂടിയാണ് ജീവിക്കുന്നത് എന്നും പഠിപ്പിക്കുവാനുമാണ് അവിടുന്ന് ഇസ്രായേൽ ജനത്തിന് അല്പസമയങ്ങൾ കൊടുത്തത്. എന്നാൽ ഈ അല്പസമയങ്ങളിലെല്ലാം ദൈവം അവരോടുകൂടെ ഉണ്ടായിരുന്നു. അവരുടെ വസ്ത്രങ്ങൾ പഴകി കീറിപ്പോയില്ല. ഇത്രയും നാൾ നടന്നിട്ടും അവരുടെ കാലുകൾ വിങ്ങുകയോ, പൊള്ളുകയോ ചെയ്തില്ല. അവസാനം അവർക്കു ലഭിച്ചതോ? അരുവികളും, ഉറവകളും, മലകളും താഴ്വരകളും ഒക്കെയുള്ള ഒരു നല്ല ദേശം. ഗോതമ്പും ബാർലിയും, മുന്തിരിചെടികളും, അത്തിവൃക്ഷങ്ങളും, മാതളനാരകങ്ങളും ഒലിവുമരങ്ങളും, തേനും ഉള്ള ഒരു നല്ല ദേശം. ഒപ്പം ദൈവത്തിന്റെ ഒരു വാഗ്ദാനവും:” നിങ്ങൾക്ക് ഒന്നിനും കുറവുണ്ടാകുകയില്ല.” (നിയമ 8, 9)

നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അല്പസമയങ്ങളെ ഓർത്ത് നിരാശപ്പെടാതെ ഈശോയിലേക്ക് കടന്നുചെല്ലാൻ നമുക്കാകണം. അതിനായി പരിശുദ്ധാത്മാവിന്റെ കൃപ നമുക്കാവശ്യമാണ്. നമ്മുടെ ജീവിതത്തിലെ അല്പസമയങ്ങളെ സന്തോഷമാക്കി തീർക്കുവാൻ ഒരു വ്യക്തി ഈശോയിലേക്ക് കടന്നുചെല്ലാൻ ദൈവിക പ്രസാദവരം ഉള്ളവർക്കേ സാധിക്കൂ. ക്രിസ്തുവിൽ വിശ്വസിക്കുകയും, അവിടുന്നിൽ ആശ്രയിക്കുകയും ചെയ്യണം.

ഒരു മനുഷ്യൻ Hair Cutting നായി ഒരു ബാർബർ ഷോപ്പിലേക്ക് കയറിച്ചെന്നു. ബാർബർ Hair Dress ചെയ്യാൻ തുടങ്ങിയപ്പോൾ അവർ പലകാര്യങ്ങളെക്കുറിച്ച്, യുദ്ധങ്ങളെക്കുറിച്ച്, ജീവിതപ്രശ്നങ്ങളെക്കുറിച്ച് …അങ്ങനെ സംസാരിച്ച് സംസാരിച്ച് അവർ ദൈവത്തെക്കുറിച്ചുള്ള സംഭാഷണത്തിലെത്തി. ബാർബർ പറഞ്ഞു: ദൈവം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്തുകൊണ്ട്? ആ മനുഷ്യൻ ബാർബറോട് ചോദിച്ചു. അങ്ങനെ ഒരു ദൈവമുണ്ടെങ്കിൽ എന്തുകൊണ്ടാണ് മനുഷ്യന് സഹനങ്ങൾ? എന്തുകൊണ്ടാണ് കുട്ടികൾ തെരുവിൽ അലയുന്നത്? എന്തുകൊണ്ടാണ് ധാരാളം അപകടങ്ങൾ, തീവ്രവാദ ആക്രമണങ്ങൾ? രോഗങ്ങൾ? ആ മനുഷ്യൻ ഉടനെത്തന്നെ ഉത്തരമൊന്നും പറഞ്ഞില്ല. ബാർബർ Cutting തുടർന്നു. Hair Cutting കഴിഞ്ഞപ്പോൾ ആ മനുഷ്യൻ എഴുന്നേറ്റു. പൈസ കൊടുത്തിട്ട് പുറത്തേക്ക് നോക്കി. അപ്പോൾ ഒരു കടയുടെ മുൻപിൽ, മുഷിഞ്ഞ വസ്ത്രം ധരിച്ച, താടിയും മുടിയും നീട്ടിയ ഒരു മനുഷ്യൻ നിൽക്കുന്നത് കണ്ടു. അയാൾ ബാർബറെ വിളിച്ചിട്ട് അയാളോട് പറഞ്ഞു: ” ബാർബർമാർ ഈ ഭൂമിയിൽ ഇല്ല.” ബാർബർ പറഞ്ഞു: ദേ, നോക്ക് ഞാൻ ഇവിടെയുണ്ട്. അപ്പോൾ ആ താടിയും മുടിയും നീട്ടി നിൽക്കുന്ന മനുഷ്യനെ ചൂണ്ടിക്കാണിച്ചിട്ട് അദ്ദേഹം പറഞ്ഞു: ബാർബർമാർ ഉണ്ടായിരുന്നെങ്കിൽ അയാൾ അങ്ങനെ നടക്കുമായിരുന്നില്ല.” ബാർബർ പറഞ്ഞു: “അത്, അയാൾ ബാർബറിന്റെ അടുത്ത് പോകാഞ്ഞിട്ടല്ലേ? Exactly! അദ്ദേഹം പറഞ്ഞു. ദൈവം ഉണ്ട്. പക്ഷേ, ആളുകൾ ദൈവത്തിന്റെ അടുത്തേക്ക് പോകുന്നില്ല. അതുകൊണ്ടാണ് ഭൂമിയിൽ ദുഃഖങ്ങളും, ദുരിതങ്ങളുമെല്ലാം.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിന്റെ കഷ്ടപ്പാടുകൾ നമ്മുടെ മനസ്സുകളെ ഭാരപ്പെടുത്തുന്നുണ്ട്. രോഗങ്ങളുമായി വാർദ്ധക്യത്തിലൂടെ കടന്നുപോകുന്നവർ, തെറ്റിദ്ധരിക്കപ്പെടുന്നവർ, മദ്യവും ലഹരിയുമായി നടക്കുന്നവരുടെ കുടുംബങ്ങൾ, ഭാരമുള്ള മനസ്സുമായി ജീവിക്കുന്നവരാണ്. എന്നാൽ, ഉറച്ചു വിശ്വസിക്കുക, ആരും നമ്മിൽ നിന്ന് എടുത്ത് കളയാത്ത സന്തോഷത്തിലേക്ക് നമ്മെ എന്നും ഈശോ നയിക്കും. അവിടുത്തെ രീതി അങ്ങനെയാണ്. കുഞ്ഞുങ്ങളെ സുരക്ഷിതമായ ഒരു കൂട്ടിൽ പാർപ്പിക്കുകയും, അവയ്ക്കു ആവശ്യമായതെല്ലാം നൽകുകയും, എന്നാൽ ഒരു സമയത്തു കൂടു ചലിപ്പിക്കുകയും, കുഞ്ഞുങ്ങളുടെ മുകളിൽ ചിറകടിക്കുകയും, അവരെ പറക്കാൻ പഠിപ്പിക്കുകയും, അവർ ക്ഷീണിച്ചു വീഴാൻ തുടങ്ങുമ്പോൾ വിരിച്ച ചിറകുകളിൽ അവയെ വഹിക്കുകയും ചെയ്യുന്ന ‘അമ്മ കഴുകനെപ്പോലെയാണ് ദൈവം. (നിയമ 32, 10-11) ഹെബ്രായ ലേഖനത്തിൽ വചനം പറയുന്നത് ഇങ്ങനെയാണ്: “കർത്താവിന്റെ ശിക്ഷണത്തെ നീ നിസ്സാരമാക്കരുത്. അവൻ ശാസിക്കുമ്പോൾ നീ നഷ്ടധൈര്യനാകുകയുമരുത്. താൻ സ്നേഹിക്കുന്നവന് കർത്താവ് ശിക്ഷണം നൽകുന്നു. മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു.” (ഹെബ്ര 12, 6- 8) മക്കളോടെന്നപോലെയാണ് ദൈവം നമ്മോട് പെരുമാറുന്നത്.

ഈശോയും ഇങ്ങനെത്തന്നെയാണ് പ്രിയപ്പെട്ടവരേ. നമ്മെ ഒരിക്കലും അവിടുന്ന് ഉപേക്ഷിക്കുകയില്ല. നമ്മുടെ ജീവിതത്തിലെ അല്പസമയങ്ങളെ, കരയുകയും വിലപിക്കുകയും ചെയ്യുന്ന സമയങ്ങളെ നമുക്കൊന്ന് പരിശോധിക്കാം. നമ്മുടെ മനോഭാവങ്ങൾ തിരുത്താം. നമ്മുടെ ജീവിതത്തിലെ അല്പസമയങ്ങളെ ഈശോയുടെ ഹൃദയത്തോട് ചേർന്ന് നിന്ന് അഭിമുഖീകരിക്കുവാനും അതിജീവിക്കുവാനും നമുക്ക് പഠിക്കാം. ദൈവമാണ് നമുക്ക് ഈ ജീവിതം നൽകിയത്. നന്ദിയുള്ളവരായിരിക്കാം നമുക്ക്. ജീവിത പ്രശ്നങ്ങളെ, യുദ്ധങ്ങളെ ദൈവത്തിന്റെ മുൻപിൽ നമുക്ക് സമർപ്പിക്കാം. എന്നിട്ട്, ‘അമ്മ കുഞ്ഞിനെ തല്ലുമ്പോൾ, തല്ലുന്ന അമ്മയെ ത്തന്നെ വിളിച്ചു കരയുന്ന കുഞ്ഞുങ്ങളെപ്പോലെ നമുക്ക് ദൈവസന്നിധിയിൽ കരങ്ങളുയർത്താം.

ഉച്ചത്തിൽ വിളിച്ചു പ്രാർത്ഥിക്കാം. തീർച്ചയായും അവിടുന്ന് നമ്മെ കേൾക്കും. നമുക്ക് ഉത്തരമരുളും. നമ്മുടെ ദുഃഖങ്ങൾ സന്തോഷമായി മാറും. നമുക്കൊന്നിനും കുറവില്ലാതെ നമ്മുടെ ദൈവം നമ്മെ കാക്കട്ടെ. ആമേൻ!

SUNDAY SERMON JN

ഉയിർപ്പുകാലം മൂന്നാം ഞായർ

യോഹ 14, 1-14

എല്ലാക്കാലത്തേയും മനുഷ്യൻ കേൾക്കാൻ  കൊതിക്കുന്ന ആശ്വാസ വചനമാണ് ഇന്നത്തെ സുവിശേഷത്തിൽ നിന്ന് നാം വായിച്ചു കേട്ടത്. നൂറ്റാണ്ടുകളിലൂടെ, എത്രയോ മനുഷ്യരുടെ ജീവിതത്തോട്, ജീവിതാനുഭവങ്ങളോട് സംവദിച്ചശേഷമാണ് ഇന്ന് നമ്മോട് ഈ വചനം സംസാരിക്കുന്നത്! രോഗാതുരമായ ഇന്നത്തെ മനുഷ്യരെ ഏറ്റവും കൂടുതൽ അസ്വസ്ഥമാക്കുന്നത് ഭയമാണ്. ഉത്ഥിതനായ ക്രിസ്തുവിന്റെ സമാധാനത്തിലും പ്രതീക്ഷയിലും ജീവിക്കുമ്പോഴും ലോകം സ്വസ്ഥതയിലല്ല എന്നത് ഒരു യാഥാർഥ്യമാണ്. ഭയവും അസ്വസ്ഥതയും ഒരു മഹാമാരികണക്കെ മനുഷ്യരാശിയെ കാർന്നു തിന്നുന്ന ഈ സാഹചര്യത്തിൽ, ഇനിയും എന്തൊക്കെയാണോ ദൈവമേ സംഭവിക്കാൻ പോകുന്നത് എന്നും ചിന്തിച്ച് മനസ്സിൽ ഉരുണ്ടുകൂടുന്ന ഭയത്തിനും വേവലാതിക്കും, ഉത്കണ്ഠകൾക്കും നാം അടിപ്പെട്ടിരിക്കുമ്പോൾ ആശ്വാസത്തിന്റെ കുളിർ മഴയായി ഇന്നത്തെ ദൈവവചനം നമ്മുടെ മുൻപിൽ എത്തുകയാണ് “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ……….എന്നിലും വിശ്വസിക്കുവിൻ … ഞാനാകുന്നു വഴിയും സത്യവും ജീവനും. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല.”

ഉത്ഥാനത്തിന്റെ പ്രതീക്ഷ പകർന്നു തരുന്ന ഇന്നത്തെ ദൈവ വചനഭാഗം വ്യാഖാനിച്ചു ക്ലേശിക്കേണ്ട ആവശ്യമുണ്ടെന്നു എനിക്ക് തോന്നുന്നില്ല. കാരണം, അസ്വസ്ഥതയുടെ ഈ കാലത്തു ഹൃദയത്തെ സ്പർശിക്കുന്ന, ചിന്തകളിൽ ഒരുതരം തരിപ്പ് കോരിയിടുന്ന ദൈവവചനമാണിത്. മനുഷ്യ ജീവിതത്തിന്റെ സങ്കടകാലങ്ങളിൽ നമ്മുടെ ജീവിതത്തോട് ചേർന്ന് നിന്നുകൊണ്ട്, ‘നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, നിങ്ങൾ ഭയപ്പെടുകയും വേണ്ട’ എന്ന് പറഞ്ഞുകൊണ്ട് നമ്മുടെ ജീവിതത്തിന് നല്ലൊരു ദിശാബോധം ഈശോ നൽകുകയാണ്.  

ജീവിതത്തിന്റെ ഇരുളിൽ മനുഷ്യൻ അന്വേഷിക്കേണ്ട വഴി ക്രിസ്തുവാണെന്ന്, ലോകം പരത്തുന്ന നുണകൾക്കിടയിൽ, വിവാദങ്ങൾക്കിടയിൽ മനുഷ്യൻ തേടേണ്ട സത്യം ക്രിസ്തു വാണെന്ന്, മരണത്തിന്റെ താഴ്വരകളിലൂടെ കടന്നുപോകുമ്പോൾ മനുഷ്യൻ തേടേണ്ട ജീവൻ ക്രിസ്തുവാണെന്ന് ദൈവവചനം പറയുമ്പോൾ, സ്നേഹമുള്ളവരേ, ഉറച്ച വിശ്വാസത്തിലേക്ക് വളരുവാൻ, ദൈവത്തിലുള്ള ജീവിതത്തിലേക്ക് തിരിയുവാനുള്ള ഉത്ഥിതന്റെ ക്ഷണമായിട്ട് ഈ ദൈവവചനത്തെ നാം കാണേണ്ടതുണ്ട്. പിശാചുബാധിതമായ ഒരു സംസ്കാരത്തിലൂടെ നാം കടന്നുപോകുമ്പോൾ, മനസ്സിലാക്കാനാകാത്ത ജീവിതസാഹചര്യങ്ങളുടെ മുൻപിൽ നിരാലംബരായി നിൽക്കുമ്പോൾ ഹൃദയം തകർന്നവർക്കു സമീപസ്ഥനാണ് നമ്മുടെ ദൈവമെന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും അധരംകൊണ്ടു ഏറ്റുപറയുകയും ചെയ്യാനുള്ള വലിയൊരു അവസരമാണ് ഈ ഞായറാഴ്ച.  

സഭാപ്രസംഗകൻ പറയുന്നു: “ദൈവം മനുഷ്യനെ സരള ഹൃദയനായി സൃഷ്ടിച്ചു. എന്നാൽ, അവന്റെ സങ്കീർണ പ്രശ്നങ്ങൾ അവന്റെ തന്നെ സൃഷ്ടിയാണ്”. (സഭാ 7, 29) മനുഷ്യൻ തന്നോട് തന്നെ പുലർത്തുന്ന, ജീവിതത്തോട് പുലർത്തുന്ന മനോഭാവം മനുഷ്യന്റെ ജീവിതാവസ്ഥയെ ഒരു പരിധിവരെ നിർണയിക്കുന്നുണ്ട്. ഈ മനോഭാവം അഹങ്കാരത്തിന്റേതാകുമ്പോൾ, അസ്വസ്ഥതകൾ വന്ദേഭാരത് ട്രെയിനും പിടിച്ച് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും. ദൈവത്തോടും, കൂടെയുള്ളവരോടും, തന്നോടുതന്നെയും മനുഷ്യൻ കാണിക്കുന്ന അഹങ്കാരം അവളുടെ/അവന്റെ ജീവിതത്തെ അസ്വസ്ഥതകളിലേക്ക് കടത്തിവിടാം.

അജയ് വാസുദേവ് സംവിധാനം ചെയ്ത മലയാളം ആക്ഷൻ ത്രില്ലർ ചിത്രമായ ഷൈലോക്കിന്റെ Intro-Song ഒന്ന് ശ്രദ്ധിച്ചാൽ മനുഷ്യന്റെ ഈ മനോഭാവം മനസ്സിലാകും. ആ Intro-Song ൽ റാപ് സ്റ്റൈലിൽ പാടുകയാണ് : “ദൈവം വന്നു പറഞ്ഞാലും, I will take my own choice.”  പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിന്റെ മുൻപിൽ നിന്ന് ഇങ്ങനെ വീമ്പടിച്ചാൽ, എങ്ങനെയാണ് മനുഷ്യന്റെ ജീവിതത്തിലേക്ക് ദൈവിക ഗുണങ്ങളായ സന്തോഷവും, സമാധാനവും, സ്നേഹവും കടന്നുവരിക?! ദൈവത്തെ വെല്ലുവിളിക്കുന്നവരുടെയൊക്കെ ജീവിതം ബാബേൽഗോപുരംപോലെ തകർന്നുവീഴുമെന്നതിന് എന്ത് സംശയമാണുള്ളത്? അവരുടെയൊക്കെ ജീവിതങ്ങൾ ചാവുകടൽപോലെയാകുമെന്നതിന് യാതൊരു സംശയവുംവേണ്ട.

അസ്വസ്ഥമാകേണ്ട ഒന്നല്ല മനുഷ്യന്റെ ഹൃദയം. ദൈവം കുടികൊള്ളുന്നിടമായ ഹൃദയം ഇപ്പോഴും നന്മ നിറഞ്ഞ, സ്നേഹം നിറഞ്ഞ, ശാന്തി ഒഴുകുന്ന ഒരിടമാകണം. അതാണ് അതിന്റെ സ്വഭാവം. പക്ഷെ, മനുഷ്യന്റെ അഹങ്കാരം, ജീവിത വ്യഗ്രത, ആസക്തികൾ, അമിതമായ ആഗ്രഹങ്ങൾ എല്ലാം അവളെ /അവനെ അലച്ചിലിന്റെ ഒരു ജീവിതത്തിലേക്ക് നയിക്കുകയാണ്. എത്ര ഓടിയിട്ടും, എത്ര സമ്പാദിച്ചിട്ടും മതിയാകുന്നില്ല. “ജീവിക്കണം നിമിഷമൊന്നിൽ അനേകജന്മം” എന്നാണു മനുഷ്യന്റെ ത്വരയും തൃഷ്ണയും. അത് ഹൃദയത്തിൽ, ജീവിതത്തിൽ അശാന്തി പരത്തുന്നു. അസ്വസ്ഥതകൾ വർധിച്ചുവരുന്ന ലോകത്തിൽ ശാന്തതയുള്ള ഹൃദയത്തിനു ഉടമകളാകാനാണ്

ഓർത്തു നോക്ക്! എന്തിനാണ് നമ്മുടെ ഹൃദയം, ജീവിതം ഇത്രമാത്രം അസ്വസ്ഥമാകുന്നത്? എന്തുകൊണ്ടാണ് ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടുപോകുന്നത്? മഹാമാരികളുടെ മുൻപിൽ എങ്ങനെയാണ് മനുഷ്യൻ പതറിപ്പോകുന്നത്? ഭീകരാക്രമണങ്ങളുടെ മുൻപിൽ എന്തുകൊണ്ടാണ് നമുക്ക് ദിശാബോധം നഷ്ടപ്പെടുന്നത്? അയൽ വക്കക്കാരന്റെ വളർച്ചയിൽ എന്തുകൊണ്ടാണ് നാം അസ്വസ്ഥരാകുന്നത്? ഉത്തരം ഒന്നേയുളളു. മനുഷ്യന് ദൈവത്തിലുള്ള വിശ്വാസത്തിനു ക്ഷതം സംഭവിച്ചിരിക്കുന്നു. മനുഷ്യൻ അവളുടെ/ അവന്റെ ദൈവത്തിലുള്ള വിശ്വാസത്തെ രാഷ്ട്രീയവത്ക്കരിച്ചിരിക്കുന്നു! അസ്വസ്ഥതകളല്ല, അഗ്നിപർവതംപോലെ കുമിഞ്ഞുയരുന്ന പ്രശ്നങ്ങളല്ല നമ്മെ അസ്വസ്ഥമാക്കുന്നത്, ഭയപ്പെടുത്തുന്നത്. ദൈവത്തിലുള്ള വിശ്വാസമില്ലായ്‌മയാണ് നമ്മുടെ അസ്വസ്ഥതക്കു കാരണം. അതുകൊണ്ടാണ് ഈശോ പറയുന്നത്: ദൈവത്തിൽ വിശ്വസിക്കുക. ഒന്നിനെക്കുറിച്ചും ആകുലതകൾ ഉണ്ടാകാതിരിക്കുവാൻ, വരും കാര്യങ്ങളെ ഓർത്തു ഉത്ക്കണ്ഠ ഇല്ലാതിരിക്കുവാൻ മരണത്തെ തോൽപ്പിച്ചു ഉത്ഥാനം ചെയ്ത ക്രിസ്തുവിൽ വിശ്വസിക്കുക.

ബൈബിൾ നമ്മുടെ മുൻപിൽ വരച്ചുകാട്ടുന്നത് അസ്വസ്ഥതകളുടെ പെരുംമഴയെയല്ല, അവയ്ക്കിടയിൽ, വിടർത്തിവച്ചിരിക്കുന്ന ദൈവകൃപയുടെ കുടയെയാണ്. അഗസ്റ്റസ് സീസറിന്റെ കൽപ്പന കേട്ട് ഏറെ സങ്കടപ്പെട്ട ജോസഫും മറിയവും പൂർണഗർഭത്തിന്റെ ഭാരവും പേറി കാടും പടലും കടന്ന് ബെത്ലഹേമിലെത്തുമ്പോൾ പ്രവചനങ്ങളുടെ പൂർത്തീകരണത്തിനാണ് ഈ യാത്രയെന്ന് അവർ അറിഞ്ഞതേയില്ല. പക്ഷേ, സ്നേഹമുള്ളവരേ, ദൈവത്തിനറിയാമായിരുന്നു. ഇക്കഴിഞ്ഞ വലിയ ആഴ്ചയിലെ ക്രിസ്തു സംഭവങ്ങളെല്ലാം സങ്കടരാവുകളിൽ വിരിയുന്ന സന്തോഷത്തിന്റെ നക്ഷത്രങ്ങളുടെ കഥയല്ലേ നമ്മോട് പറയുന്നത്? സുവിശേഷത്തിന്റെ ഏറ്റവും മനോഹരമായ ഈ സത്യത്തെ, പ്രസവ വേദന പുതുസൃഷ്ടിയുടെ പുഞ്ചിരിക്കുവഴിമാറുന്ന പ്രകൃതി ദൃഷ്ടാന്തത്തിലൂടെ ഈശോ വിവരിക്കുന്നുണ്ട്. അധ്വാനിക്കുന്ന, മുട്ടിന്മേൽ നിന്ന് കണ്ണീരോടെ പ്രാർത്ഥിക്കുന്ന മാതാപിതാക്കളുടെ സഹനം, മക്കൾക്ക് സമ്പത്തും സുരക്ഷിതത്വവും നേടിക്കൊടുക്കുന്ന പോലെ, സന്തോഷമായി മാറുന്ന ഒത്തിരി അസ്വസ്ഥതകളുണ്ട് ഈ ഭൂമിയിൽ. ഒരുപാട് പ്രാതികൂല്യങ്ങളും, തിരസ്കരണങ്ങളും, അവഗണനകളും, തിരിച്ചടികളും, അനാവശ്യമെന്നു തോന്നുന്ന ബദ്ധപ്പാടുകളുമെല്ലാം കടന്നുവരുമ്പോൾ ഓർക്കുക, നമ്മുടെ ദൈവത്തിന്, ഉത്ഥിതനായ ക്രിസ്തുവിന് എന്റെ ജീവിതത്തെക്കുറിച്ചു നന്നായി അറിയാമെന്ന്.

ജീവിതത്തെക്കുറിച്ചുള്ള ഭയവും, അത് സൃഷ്ടിക്കുന്ന ആത്മ സംഘർഷവും ഉത്കണ്ഠയും ദുരന്തബോധവും, ഇന്നത്തെ മനുഷ്യജീവിതത്തെ അടയാളപ്പെടുത്തുന്നുവെന്ന് പറയുന്നതിൽ അതിശയോക്തിയുണ്ടാവില്ല. ഉള്ളിൽ ആശങ്ക നിറയുമ്പോൾ ആശ്വാസം കണ്ടെത്തുവാൻ മനുഷ്യന് കഴിയുന്നില്ല. വില്യം ഷേക്സ്പിയറിന്റെ (William Shakespeare) വിശ്വ വിഖ്യാത ദുരന്ത നാടകമായ ഹാംലെറ്റിലെ (Hamlet) നായകനായ ഹാംലെറ്റായി ഓരോ മനുഷ്യനും മാറുന്നു. ദുരന്തത്തിന്റെ ഇഷ്ടതോഴനായി മാറുന്ന അയാൾക്ക് ആശ്വാസമേകാൻ ആരെയും ഷേക്സ്പിയർ കണ്ടുവരുന്നില്ല. ഹാംലെറ് വായിക്കുമ്പോൾ ഒരു ഗുരുവിന്റെ അസാന്നിധ്യം എങ്ങനെ അതിലെ ദുരന്തത്തെ രൂപപ്പെടുത്തുന്നുവെന്ന് കാണാൻ കഴിയും. ഡോ . സി. ഗോപിനാഥൻപിള്ള ഇതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ജീവിതത്തിന്റെ കുരുക്ഷേത്രത്തിൽ ഇതികർത്യവ്യതാമൂഢനായി നിൽക്കുന്ന ഹാംലെറ്റിനെ ആശ്വസിപ്പിക്കുവാൻ, കർമനിരതനാക്കുവാൻ ഒരു ശ്രീകൃഷ്ണൻ ആ നാടകത്തിലില്ല എന്നത് ശ്രദ്ധേയമാണ്.”

എന്നാൽ, ലോകത്തിന്റെ അവസാനം വരെ ഞാൻ നിന്നോടുകൂടെയുണ്ടായിരിക്കുമെന്ന് പറയുന്ന, ഒരു ദൈവം, ഒരു ഗുരു ക്രൈസ്തവനുണ്ടെന്നത് എത്രയോ ആശ്വാസകരമാണ്! എത്രയോ ധൈര്യം പകരുന്നതാണ്. ജീവിതം തിരിച്ചുപിടിക്കാൻ എന്തെല്ലാം പ്രതീക്ഷകൾ നൽകുന്നതാണ്! ജീവിതത്തിന്റെ നിര്ണായകഘട്ടങ്ങളിൽ, അസ്വസ്ഥത നമ്മുടെ ഉള്ളിൽ തന്നെ തീരിയടങ്ങുമ്പോൾ ഈശോ നമ്മുടെ അരികിലെത്തും; നമ്മുടെ കാതുകളിൽ സ്നേഹപൂർവ്വം അവിടുന്ന് മന്ത്രിക്കും: “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. എന്നിൽ വിശ്വസിക്കുവിൻ.” നമ്മുടെ ജീവിതത്തെ ഒരിക്കലും ഒരു ദുരന്തത്തിലേക്ക് തള്ളിയിടുവാൻ, നമ്മുടെ ദൈവം, ഈശോ അനുവദിക്കുകയില്ല പ്രിയപ്പെട്ടവരേ…!

സ്നേഹമുള്ളവരേ, അസ്വസ്ഥമായ മനസ്സുകളാണ് നമുക്ക് ചുറ്റും. കണ്ണുതുറക്കാത്ത, കരയാനറിയാത്ത കളിമൺപ്രതിമകളോ ഈ ദൈവങ്ങൾ എന്ന് ആർക്കും ചോദിക്കാൻ തോന്നുന്ന വിധത്തിൽ കഷ്ടപ്പാടിലൂടെ മനുഷ്യൻ അനുദിനം നടന്നുപോകുകയാണ്. അവിടെയാണ് ക്രിസ്തു വചനം ഒരു വേനൽമഴയുടെ ആശ്വാസമായി നമ്മുടെ കാതിൽ വന്നലയ്ക്കുന്നതു:”മകളേ, മകനേ നിന്റെ ഹൃദയം അസ്വസ്ഥമാകേണ്ട.” ചരിത്രത്തിൽ ഒരു ദൈവവും ഇത്രയും സാന്ത്വനമേകുന്ന വാക്കുകൾ ഉച്ചരിച്ചിട്ടില്ല. വേദഗ്രന്ഥങ്ങളത്രയും പരതി നോക്കിക്കൊള്ളൂ, ഇത്രയും ആശ്വാസകരമായ, സുദൃഢമായ, അലിവേറിയ ഒരു സാന്ത്വനം ലോകം ശ്രവിച്ചിട്ടില്ല. അന്നത് ക്രിസ്തു നേരിട്ട് പറഞ്ഞെങ്കിൽ ഇന്നത് പല രൂപത്തിൽ, പലഭാവത്തിൽ നമ്മിലേക്കെത്തുന്നു എന്നുമാത്രം.

സാമൂഹ്യമാധ്യമങ്ങളിൽ “ആവർത്തിച്ചു ചൊല്ലേണ്ട സുകൃതജപം” എന്ന ടൈറ്റിലിൽ ഫാദർ ജെൻസൺ ലാ സലേറ്റ് എഴുതിയ കുറിപ്പിൽ ഒരു സംഭവം വിവരിച്ചിട്ടുണ്ട്.

നാലാമത്തെ കുഞ്ഞിന്റെ ഡെലിവറി ഡെയ്റ്റ് അടുത്തതോടെ അച്ചനറിയുന്ന ദമ്പതികൾക്ക് ടെൻഷനേറി.  ആശുപത്രി ചിലവിനുള്ള പണമില്ല. ചിലപ്പോൾ സിസേറിയൻ വേണ്ടി വരുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. വിഷമങ്ങൾ പറഞ്ഞ് ഫോൺ വിളിച്ചപ്പോൾ അച്ചൻ ഇങ്ങനെ മറുപടി നൽകി:

“നിങ്ങളുടെ നാലാമത്തെ കുഞ്ഞിനെ ദൈവം നൽകിയതാണെങ്കിൽ ആ കുഞ്ഞിന്റെ ആശുപത്രി ചിലവിനുള്ള പണം ദൈവം ക്രമീകരിക്കും. പിന്നെ, സിസേറിയനോ നോർമൽ ഡെലിവറിയോ എന്തുമാകട്ടെ, ദൈവേഷ്ടം നിറവേറാനും ആരോഗ്യത്തോടെയുള്ള കുഞ്ഞിനെ ലഭിക്കാനും വേണ്ടി പ്രാർത്ഥിക്കുക. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല.”

മൂന്നു ദിവസത്തിനു ശേഷം ആ ദമ്പതികൾ അച്ചനെ വിളിച്ചു:

”അച്ചാ…. നോർമൽ ഡെലിവറിയായിരുന്നു. ആരോഗ്യമുള്ള കുഞ്ഞിനെ ദൈവം നൽകി. അച്ചൻ പറഞ്ഞതുപോലെ ഞങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളും ക്രമീകരിക്കപ്പെട്ടു. ആശുപത്രിയിൽ അഡ്മിറ്റാകുന്നതിനുമുമ്പ് ഒരു സ്ത്രീ വന്ന് പതിനായിരം രൂപ ഏൽപിച്ചു. കുറേയധികം വീട്ടു സാധനങ്ങളും അവർ വാങ്ങിത്തന്നു. ഞങ്ങളെ സഹായിക്കണമെന്ന് അവരെ ദൈവം തോന്നിപ്പിച്ചത്രെ! നമ്മൾ ആഗ്രഹിച്ചു പ്രാർത്ഥിച്ചാൽ എത്ര വലിയ പ്രതിസന്ധിയിലും ദൈവം ഇടപെടുമെന്ന് ഞങ്ങൾക്കുറപ്പായി…”

ഈ സംഭവം വിവരിച്ചതിനുശഷം ആ കുറിപ്പിൽ അച്ചൻ എഴുതിയത് ഇങ്ങനെയാണ്: “പ്രതിസന്ധികൾക്കു പിറകേ അദ്ഭുതങ്ങൾ അയക്കുന്നവനാണ് നമ്മുടെ ദൈവം.” 

ഇന്ന് അസ്വസ്ഥമായ മനസ്സോടെ ഈ ദേവാലയത്തിൽ വന്നിരിക്കുന്ന സഹോദരീ, സഹോദരാ, നിന്നോടാണ് ഈശോ പറയുന്നത്, “നിങ്ങളുടെ ഹൃദയം സ്വസ്ഥമാകേണ്ട.” കൊടുങ്കാറ്റിനുസമം നമ്മെ, നമ്മുടെ ജീവിതത്തെ കശക്കിയെറിയുന്ന അസ്വസ്ഥതകൾ രോഗങ്ങളുടെ രൂപത്തിൽ, ദുരന്തങ്ങളുടെ, പട്ടിണിയുടെ, ദാരിദ്ര്യത്തിന്റെ, നാണക്കേടുകളുടെ, കുറവുകളുടെ, തോൽവികളുടെ രൂപത്തിൽ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും. എന്നാൽ, ഇവയ്ക്കിടയിലും നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടയെന്നും, നിങ്ങളുടെ രക്ഷയ്ക്കായി നിങ്ങളോടൊപ്പം ഞാനുണ്ട് എന്നും പറയുന്ന ഉത്ഥിതനായി ഇന്നും ജീവിക്കുന്ന കർത്താവായ ഈശോയിൽ ഉറച്ചു വിശ്വസിക്കുവാൻ നിനക്ക് സാധിക്കുമോ എന്നതാണ് യഥാർത്ഥ ചോദ്യം.

ഇക്കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത് അയച്ചുതന്ന ഒരു സന്ദേശം പങ്കുവയ്ക്കട്ടെ. ഇത് ഒരു കഥയല്ല. നമ്മെ വിസ്മയഭരിതമാക്കുന്ന ഒരു ജീവിതാനുഭവമാണ്. ബ്രിൻഡ എന്ന് പേരുള്ള പർവതാരോഹകയായ ഒരു പെൺകുട്ടി ഒരുനാൾ കൂട്ടുകാർക്കൊപ്പം ഒരു ഗ്രാനൈറ്റ് കൊടുമുടി കയറിക്കൊണ്ടിരിക്കുകയായിരുന്നു. പകുതിദൂരം കയറിക്കഴിഞ്ഞപ്പോഴാണ് യാദൃശ്ചികമായി അത് സംഭവിച്ചത്. കാഴ്ച്ച അവ്യക്തമാകുന്നു…….. കണ്ണിനുള്ളിൽ ധരിച്ചിരുന്ന കോൺടാക്ട് ലെൻസ് എങ്ങനെയോ ഇളകി താഴെ പോയതാണ് കാരണം.

ഒരുവിധത്തിൽ കൂട്ടുകാരുടെ സഹായത്തോടെ മുകളിലെത്തി. അവൾ ആകെ സങ്കടത്തിലായി. വിലപിടിപ്പുള്ള കോൺടാക്ട് ലെൻസ് ആണ് നഷ്ടപ്പെട്ടിരിക്കുന്നത്. തന്നെയുമല്ല മങ്ങിയ കാഴ്ചയുമായി എങ്ങനെ തിരിച്ചിറങ്ങും? വളരെ നേർത്ത ആ ലെൻസ് ഇനി എങ്ങനെ തിരികെ കിട്ടാനാണ്? അവൾ കരഞ്ഞു തുടങ്ങി. ചെറുപ്പം മുതലേ, വലിയ ദൈവവിശ്വാസിയായിരുന്നു ബ്രിൻഡ. അവളുടെ മനസ്സിലേക്ക് ബൈബിളിലെ ഒരു വചനം ഓർമവന്നു. “തന്റെ മുൻപിൽ നിഷ്കളങ്കരായി വർത്തിക്കുന്നവർക്കുവേണ്ടി ശക്തി പ്രകടിപ്പിക്കുവാൻ കർത്താവിന്റെ ദൃഷ്ടികൾ ഭൂമിയിലുടനീളം പായുന്നു.” (2 ദിനവൃത്താന്തം 16, 9) അവൾ ആ കൊടുമുടിയുടെ മുകളിൽ മുട്ടുകുത്തി വിശ്വാസത്തോടെ ഇങ്ങനെ പ്രാർത്ഥിച്ചു: “എല്ലാം കാണുന്ന എല്ലാം അറിയുന്ന, പരമകാരുണികനായ ദൈവമേ, എന്റെ കോൺടാക്ട് ലെൻസ് വളരെ ചെറിയ ഒരു വസ്തു ആണെങ്കിൽകൂടി അങ്ങയുടെ കണ്ണിൽ നിന്നും അത് മറഞ്ഞിരിക്കുന്നില്ലല്ലോ? അത് എനിക്ക് കണ്ടെത്തി തിരികെ തരിക എന്നുള്ളത് അങ്ങേക്ക് അസാധ്യ മല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.”

പ്രാർത്ഥനക്കു ശേഷം സുഹൃത്തുക്കളുടെ സഹായത്തോടെ അവൾ തിരിച്ചിറങ്ങാൻ തുടങ്ങി. ഇറങ്ങുന്ന വഴിക്കു അവർ കൊടുമുടി കയറുന്ന മറ്റൊരു ഗ്രൂപ്പിനെ കണ്ടുമുട്ടി. അവരിൽ ഒരാൾ ചോദിച്ചു: “ഈ കോൺടാക്ട് ലെൻസ് നിങ്ങൾ ആരുടെയെങ്കിലും ആണോ?” ബ്രിൻഡ വിസ്മയത്തോടെ പറഞ്ഞു: ” അതെ, ഇത് എന്റേതാണ്. നിങ്ങൾക്ക് ഇതെങ്ങനെ കിട്ടി?” “ഞാൻ കയറിവരുമ്പോൾ ഒരു കൊച്ചുറുമ്പ് ഇത് ചുമലിൽ ഉയർത്തി പിടിച്ചു നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു. മുന്നോട്ട് കയറിപ്പോയ ആരുടെയെങ്കിലും ആകാമെന്ന് കരുതി ഞാനതു എടുത്തു. ” ആ മനുഷ്യൻ പറഞ്ഞു.

കഥ അവിടെ അവസാനിക്കുന്നില്ല. ബ്രെൻഡയുടെ അച്ഛൻ ഒരു കാർട്ടൂണിസ്റ്റാണ്. അവൾ ഉറുമ്പിന്റെയും പ്രാർത്ഥനയുടെയും കോൺടാക്റ്റ് ലെൻസിന്റെയും അവിശ്വസനീയമായ കഥ പറഞ്ഞപ്പോൾ, ഒരു ഉറുമ്പ് ആ കോൺടാക്റ്റ് ലെൻസിൽ പിടിച്ചു നിൽക്കുന്ന ഒരു കാർട്ടൂൺ അദ്ദേഹം വരച്ചു, “കർത്താവേ, നീ എന്തിനാണ് ഈ സാധനം ചുമന്ന് കൊണ്ടുപോകാൻ പറയുന്നതെന്ന് എനിക്കറിയില്ല. എനിക്ക് ഇത് കഴിക്കാൻ കഴിയില്ല, ഇത് വളരെ ഭാരമുള്ളതാണ്. പക്ഷേ നീ ആഗ്രഹിക്കുന്നത് ഇതാണ് എങ്കിൽ, ഞാൻ അത് നിനക്കായി ചുമക്കും.” ഇങ്ങനെയൊരു വാചകവും അതിനോട് ചേർത്തെഴുതി.

(Google: The ant and the contact lens: A true story)

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതം, ജീവിതസാഹചര്യങ്ങൾ കാണാതെ പോകുന്നവനല്ല നമ്മുടെ ദൈവം. ഒരു കുഞ്ഞുറുമ്പിനെപ്പോലും അവിടുന്ന് നമുക്കുവേണ്ടി ഉപകരണമാക്കിയേക്കാം. വിശ്വാസത്തോടെ ജീവിതസാഹചര്യങ്ങളിൽ ദൈവത്തിന്റെ മുൻപിൽ നിൽക്കാൻ നമുക്കാകണം. ഇന്നത്തെ ദൈവവചനം പറയുന്നപോലെ, വിശ്വസിച്ചുകൊണ്ട് ക്രിസ്തുവിന്റെ നാമത്തിൽ ചോദിക്കുന്നതെല്ലാം, പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി ക്രിസ്തു നമ്മുടെ ജീവിതത്തിൽ, ഈ ലോകത്തിൽ ചെയ്തു തരും. ഗബ്രിയേൽ ദൈവദൂതനിലൂടെ സ്വർഗം നമ്മെ അറിയിച്ചതെന്താണ്? “ദൈവത്തിന് അസാധ്യമായി ഒന്നുമില്ല.” അവിടുന്ന് കരുണകാണിച്ചാൽ എത്ര വലിയ അടിമത്വങ്ങളിൽ നിന്നും നാം സ്വാതന്ത്രരാകും. അവിടുന്ന് കല്പിച്ചാൽ നമ്മുടെ ജീവിതത്തിലെ ചെങ്കടലുകൾ വിഭജിക്കപ്പെടും. അവിടുന്ന് ഇടപെട്ടാൽ പാറപോലെയുള്ള നമ്മുടെ പ്രശ്നങ്ങൾ തകർക്കപ്പെട്ട് ദൈവകൃപയുടെ, സൗഖ്യത്തിന്റെ ജലമൊഴുകും. അവിടുന്ന് മനസ്സാകുമ്പോൾ നമ്മുടെ ജീവിതങ്ങളിൽ മന്നാ വർഷമുണ്ടാകും. അവിടുന്ന് കല്പിച്ചാൽ ഇളകിമറിയുന്ന നമ്മുടെ ഹൃദയങ്ങൾ ശാന്തമാകും. അവിടുത്തെ സാന്നിധ്യമുണ്ടായാൽ നമ്മുടെ ഭവനങ്ങൾ രക്ഷപ്രാപിക്കും.

ജെറമിയാ പ്രവാചകനിലൂടെ ദൈവത്തിന്റെ വചനം പറയുന്നു: ” എന്നെ വിളിക്കുക, ഞാൻ മറുപടി നൽകും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങൾ ഞാൻ നിനക്ക് വെളിപ്പെടുത്തും.” (33 ,3) നമ്മുടെ ഉള്ളിൽ ഭയത്തിന്റെ, അസ്വസ്ഥതയുടെ മലവെള്ളപ്പാച്ചിൽ ഉണ്ടാകുമ്പോൾ ഓർക്കുക ക്രിസ്തുവിന്റെ വചനം: ‘നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ … എന്നിലും വിശ്വസിക്കുവിൻ. ഞാനാകുന്നു വഴിയും സത്യവും ജീവനും……’

നമ്മുടെ കുടുംബത്തെ, നമ്മെ ഓരോരുത്തരെയും നമ്മുടെ ജീവിതത്തെയും, നമ്മുടെ അസ്വസ്ഥതകളെയും ഈ ബലിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കാം. അസ്വസ്ഥതയില്ലാത്ത, സമാധാനം നിറഞ്ഞ ഒരു ജീവിതം ക്രിസ്തു നമുക്ക് നൽകട്ടെ.

SUNDAY SERMON PUTHUNJAYAR

ഉയിർപ്പുകാലം രണ്ടാം ഞായർ

പുതു ഞായർ 2025

രണ്ട് വലിയസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നാമിന്ന് വിശുദ്ധ കുർബാനയർപ്പിക്കുവാൻ വന്നിരിക്കുന്നത്. ഒന്ന്, കത്തോലിക്കാസഭയുടെ അമരക്കാരനായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗം. കത്തോലിക്കാ സഭയുടെ പരമോന്നത സ്ഥാനത്തിരുന്നുകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിചിച്ച ക്രിസ്തുവിന്റെ ഉത്തമശിഷ്യനായിരുന്നു ഫ്രാൻസിസ് പപ്പാ. ക്രൈസ്തവർക്ക് പ്രചോദനവും, അക്രൈസ്തവർക്ക് അത്ഭുതവുമായിരുന്ന ഫ്രാൻസിസ് പപ്പാ , താനായിരുന്ന കാലഘട്ടത്തിന് ക്രിസ്തുവിനെ, ക്രിസ്തുവിന്റെ മൂല്യങ്ങളെ ജീവിതംകൊണ്ട് പകർന്നുകൊടുത്ത വലിയ ഇടയനായിരുന്നു. പരിശുദ്ധ പാപ്പായെ മനസ്സിലോർത്തുകൊണ്ടും, അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേർന്നുംകൊണ്ടാണ് നാമിന്ന് ദേവവാലയത്തിൽ എത്തിയിരിക്കുന്നത്.

രണ്ടാമത്തേത്, പഹൽഗ്രാമിലെ ഭീകരാക്രമണമാണ്. കശ്മീരിലെ പഹൽഗാമിലാണ് സംഭവിച്ചതെങ്കിലുംചൊവ്വാഴ്ച്ച പഹൽഗ്രമിൽ മുഴങ്ങിക്കേട്ട വെടിയൊച്ചയുടെ പ്രകമ്പനം ഇന്നും ഇന്ത്യയിൽ നിലനിൽക്കുമ്പോഴാണ് നാം വിശുദ്ധ കുർബാനയർപ്പിക്കുവാൻ ദേവാലയത്തിൽ ഒരുമിച്ചുകൂടിയിരിക്കുന്നത്.

കർത്താവായ ഈശോയുടെ ഉത്ഥാനത്തിരുനാളിനുശേഷം വരുന്ന ഞായറാഴ്ച, പുതുഞായറാഴ്ചയായി ആചരിക്കുന്ന പാരമ്പര്യം ഇന്നും, ആഘോഷത്തിന്റെ പൊലിമ ഒട്ടും കുറഞ്ഞുപോകാതെ, നാം പിന്തുടരുന്നു എന്നത് അഭിമാനകരമാണ്. കേരളത്തിലെ മലയാറ്റൂർ പോലെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിലെ ഭക്തജനത്തിരക്ക് ക്രൈസ്തവ വിശ്വാസം സജ്ജീവമായി നിൽക്കുന്നു എന്നഹത്തിന്റെ സൂചനയായിക്കാണാവുന്നതാണ്.

ഈസ്റ്ററിനുശേഷമുള്ള എട്ടുദിവസങ്ങളെ Octave of Easter ആയി പാശ്ചാത്യ ക്രൈസ്തവസഭകൾ വിശേഷിക്കുമ്പോൾ, “പ്രകാശമുള്ള ആഴ്ച്ച” (Bright Week) ആയിട്ടാണ്   പൗരസ്ത്യ ക്രൈസ്തവസഭകൾ ഈ എട്ടുദിവസങ്ങളെ കാണുന്നത്. ഉയിർപ്പുകാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ച പാശ്ചാത്യ ക്രൈസ്തവ പാരമ്പര്യത്തിൽ “ദൈവിക കരുണയുടെ ഞായറും” (Divine Mercy Sunday) പൗരസ്ത്യ ക്രൈസ്തവ പാരമ്പര്യത്തിൽ “പുതു ഞായറും” (New Sunday), “നവീകരണ ഞായറും” (Renewal Sunday) “തോമസ് ഞായറു” (Thomas Sunday) മാണ്.   

ഈ ഞായറാഴ്ചയുടെ പേരുകൾ പലതാണെങ്കിലും, ഈശോമിശിഹായുടെ ഉയിർപ്പിനുശേഷം വരുന്ന ഞായറാഴ്ചയുടെ പ്രത്യേകത, ഉദ്ദേശ്യം, സുവിശേഷത്തിലെ വിശുദ്ധ തോമാശ്ലീഹായെപ്പോലെ എന്റെ കർത്താവേ, എന്റെ ദൈവമേ എന്നും പറഞ്ഞുകൊണ്ട് ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം ഏറ്റുപറയുകയാണ്.  ഇതിൽ കൂടുതൽ മറ്റൊരു സന്ദേശവും ഇന്നത്തെ സുവിശേഷഭാഗം നമുക്ക് നൽകുന്നില്ല. ഒന്ന്, നമ്മുടെ ജീവിതസാഹചര്യങ്ങളിൽ മഴയായാലും വെയിലായാലും ക്രിസ്തുവിനെ എന്റെ കർത്താവും എന്റെ ദൈവവും എന്ന് ഏറ്റുപറയണം. രണ്ട്, നമ്മുടെ ക്രിസ്തുസാക്ഷ്യജീവിതംവഴി മറ്റുള്ളവരെ ക്രിസ്തുവിലേക്ക് നയിക്കണം. നമ്മുടെ ക്രിസ്തുസാക്ഷ്യജീവിതംവഴി മറ്റുള്ളവരെ ക്രിസ്തുവിനെക്കുറിച്ചുള്ള സംശയത്തിലേക്കല്ല, ക്രിസ്തുവിനെ ഏറ്റുപറയുന്ന വിശ്വാസത്തിലേക്ക് കൊണ്ടുവരുവാൻ നമുക്കാകണം. അത്രമേൽ ശക്തവും മനോഹരവുമാക്കണം നമ്മുടെ ക്രിസ്തുസാക്ഷ്യജീവിതം, നമ്മുടെ ക്രൈസ്തവജീവിതം.

കണിക്കൊന്ന പൂത്തു നിൽക്കുന്നപോലെ മനോഹരമായ ഒരു ദൃശ്യവിരുന്നാണ് ഇന്നത്തെ സുവിശേഷത്തിൽ ഈശോ നമുക്കായി ഒരുക്കിയിരിക്കുന്നത്. ഇവിടെ വിശുദ്ധ തോമസിനെ “സംശയിക്കുന്ന തോമാ”യായി (Doubting Thomas), “അവിശ്വസിക്കുന്ന തോമസാ”യി അവതരിപ്പിക്കുന്നുണ്ടെങ്കിലും, ശ്ലീഹന്മാരിലൊരുവനും, ഭാരതത്തിന്റെ അപ്പസ്തോലനും, നമ്മുടെ ക്രൈസ്തവ വിശ്വാസത്തിന്റെ പിതാവുമായ വിശുദ്ധ തോമാശ്ലീഹായുടെ ശക്തമായ ക്രിസ്തു സാക്ഷ്യം തന്നെയാണ് ഇന്നത്തെ സുവിശേഷത്തിന്റെ പ്രതിപാദ്യവിഷയം.

ധാരാളം സംഭവങ്ങൾ സുവിശേഷം ഇവിടെ നമുക്കായി കോർത്തുവച്ചിട്ടുണ്ട്. വായിച്ചു തുടങ്ങുമ്പോൾ ക്യാമറ ഫോക്കസ് ചെയ്യുന്നത് (ആഴ്ചയുടെ ആദ്യദിവസം) ഈശോ ശിഷ്യർക്ക് പ്രത്യക്ഷപെടുന്നതിലേക്കാണ്. അതോട് ചേർന്നുള്ള സീൻ തോമസ് അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല എന്നതാണ്. ആദ്യത്തെ സീൻ വെറുതെ വായിച്ചു വിടരുത്. എന്തൊക്കെയാണ് ഈശോ ശിഷ്യരുടെ മുൻപിൽ അവതരിപ്പിച്ചത്? അവിടുന്ന് അവർക്കു സമാധാനം നൽകുന്നു. തന്റെ കൈകളും പാർശ്വവും കാണിക്കുന്നു. അവർക്ക് ദൗത്യം നൽകുന്നു. ആ ദൗത്യം പൂർത്തീകരിക്കുവാനായി പരിശുദ്ധാത്മാവിനെ കൊടുക്കുന്നു. പാപങ്ങൾ ക്ഷമിക്കുവാനും, ബന്ധിതരെ മോചിപ്പിക്കുവാനും അനുഗ്രഹം നൽകുന്നു. ചുരുക്കിപ്പറഞ്ഞാൽ, പിന്നീട് സംഭവിക്കേണ്ട എല്ലാ കാര്യങ്ങളും ആദ്യദിനം തന്നെ, ആദ്യ പ്രത്യക്ഷീകരണത്തിൽ (Apparition) തന്നെ നൽകുകയാണ്. അവിടുന്ന് ശിഷ്യരെ ഒരുക്കുകയാണ്, ശക്തിപ്പെടുത്തുകയാണ്. താൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നുവെന്നു അവരെ ബോധ്യപ്പെടുത്തുകയാണ്, ക്രിസ്തുവിന്റെ സുവിശേഷം തുടരുകയാണെന്ന് അവരെ അറിയിക്കുകയാണ്. വചനം പറയുന്നു, “കർത്താവിനെ കണ്ട ശിഷ്യന്മാർ സന്തോഷിച്ചു ” എന്ന്.

തോമസ് തിരികെ വരുമ്പോൾ അദ്ദേഹത്തിനോട് ശിഷ്യന്മാർ പറയുകയാണ്, “ഞങ്ങൾ ക്രിസ്തുവിനെ കണ്ടു.” അപ്പോൾ, തോമസ് പറഞ്ഞു, ഞാനിതു വിശ്വസിക്കുകയില്ല”. തോമസിന്റെ ഈ പ്രഖ്യാപനം വായിച്ച നാം ഉടനെ വിധി പ്രസ്താവിച്ചു: ‘ദേ തോമസ് സംശയിക്കുന്നു, ഇവൻ സംശയിക്കുന്ന തോമായാണ്, അവിശ്വാസിയായ തോമായാണ്.’  എന്നാൽ പ്രിയപ്പെട്ടവരേ, “ഞങ്ങൾ കർത്താവിനെ കണ്ടു” എന്ന് മറ്റു ശിഷ്യന്മാർ പറഞ്ഞപ്പോൾ തോമസിന്റെ മനസ്സിൽ ഉയർന്ന ചോദ്യങ്ങളും ചോദ്യചിഹ്നങ്ങളും നമ്മൾ കണ്ടില്ല. ഉത്ഥിതനായ കർത്താവിനെക്കണ്ടിട്ടും, യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യന്മാരെ കണ്ടപ്പോൾ അദ്ദേഹം തന്റെ മനസ്സിൽ കോറിയിട്ട ആശ്ചര്യചിഹ്നങ്ങൾ നമ്മൾ വായിച്ചില്ല. ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടിട്ടും മുറിയുടെ മൂലയിലിരുന്ന്, ഞാൻ കർത്താവിനെ തള്ളിപ്പറഞ്ഞല്ലോയെന്നു ഒപ്പാര് പറഞ്ഞു കരയുന്ന പത്രോസിനെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകുന്നത് കണ്ടപ്പോൾ എന്തുകൊണ്ട് എന്ന് നമ്മൾ അന്വേഷിച്ചില്ല. വിപ്ലവം പറഞ്ഞു തിളയ്ക്കുന്ന തീവ്രവാദിയായ ശിമയോനെയും, വീണ്ടും ചുങ്കം പിരിക്കുവാൻ ഒരുങ്ങുന്ന മത്തായിയേയും കണ്ടപ്പോൾ തോമസിന്റെ കണ്ണുകളിൽ വിടർന്ന വിസ്മയത്തിന്റെ പൊരുളറിയാൻ നാം ശ്രമിച്ചില്ല.

എന്നിട്ട്, തോമസ് പറഞ്ഞ മറുപടി കേട്ടപാതി, കേൾക്കാത്ത പാതി നാം വിധി പ്രസ്താവിച്ചു, ക്രിസ്തുവിനെ സംശയിക്കുന്നുവെന്ന്, തോമസിന് ക്രിസ്തുവിൽ വിശ്വാസമില്ലായെന്ന്!!!!

പ്രിയപ്പെട്ടവരേ, തോമസ് ആരെയാണ് സംശയിച്ചത്? ആരെയാണ് അവിശ്വസിച്ചത്? ഉത്ഥിതനായ ക്രിസ്തുവിനെയാണോ സംശയിച്ചത്? മരിച്ചവരുടെ ഇടയിൽ നിന്ന്, അരുളിച്ചെയ്തതുപോലെ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെയാണോ അവിശ്വസിച്ചത്? വിശുദ്ധ തോമാശ്ലീഹാ സംശയിച്ചത് ക്രിസ്തുവിലല്ല; വിശുദ്ധ തോമാശ്ലീഹാ അവിശ്വസിച്ചതു ക്രിസ്തുവിനെയല്ല. മറിച്ച്, ഉത്ഥാനം ചെയ്ത ക്രിസ്തുവിനെക്കണ്ടിട്ടും, പേടിച്ചു മുറിയിൽ അടച്ചിരുന്ന, ഭയത്തോടെ ഒളിച്ചിരുന്ന ശിഷ്യന്മാരുടെ ജീവിതം കണ്ടിട്ട്, ഞാൻ മീൻ പിടിക്കാൻ പോകുന്നുവെന്നും പറഞ്ഞു വീണ്ടും പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ ഒരുങ്ങുന്ന പത്രോസിന്റെയും ശിഷ്യരുടേയും ജീവിത സാക്ഷ്യം കണ്ടിട്ട് അവർ പറഞ്ഞത് അതേപടി വിശ്വസിക്കുവാൻ എങ്ങനെയാണ് തോമസിന് കഴിയുക?  ക്രിസ്തു ഉത്ഥിതനായി എന്ന്, സന്തോഷമായ, പ്രത്യാശ നിറഞ്ഞ, ധൈര്യം പകരുന്ന, ക്രിസ്തു ഉത്ഥിതനായി എന്ന് പറയുമ്പോഴും പേടിച്ചിരിക്കുന്ന ശിഷ്യന്മാരെ കണ്ടപ്പോൾ തോമസിന് സംശയമായി. ശരി തന്നെയാ. അദ്ദേഹം തന്നോട് തന്നെ ചോദിച്ചു: “ഇവർ യഥാർത്ഥത്തിൽ ക്രിസ്തുവിനെ കണ്ടുവോ?” പ്രകാശം മാത്രമായ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ട ശേഷവും എന്തുകൊണ്ടാണ് ഇവർ ഇരുട്ടിൽത്തന്നെ ഇരിക്കുന്നത്? പ്രത്യാശമാത്രമായ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടശേഷവും എന്തുകൊണ്ടാണ് ഇവർ വീണ്ടും നിരാശരായി ഇരിക്കുന്നത്? ഇല്ല, ഇവർ ഉത്ഥിതനെ കണ്ടിട്ടില്ല. തോമസ് ഉടനടി തന്റെ നിലപാട് അറിയിച്ചു: അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും, അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ല.”” (യോഹ 20, 26) നിങ്ങളാണെങ്കിലും ഞാനാണെങ്കിലും ഇങ്ങനെയല്ലേ ചിന്തിക്കൂ…

പ്രിയപ്പെട്ടവരേ, ഉത്ഥിതനായ ക്രിസ്തുവിനെ കണ്ട ശിഷ്യന്മാരാണ് തോമസിനെ സംശയാലുവാക്കിയത്. ഉത്ഥിതനായ ക്രിസ്തുവിനെ കണ്ട ശിഷ്യന്മാർ തന്നെയാണ് അവരെ അവിശ്വസിക്കുവാൻ തക്ക രീതിയിൽ പെരുമാറിയത്. അവരുടെ വൈരുധ്യം നിറഞ്ഞ ജീവിതമാണ് തോമസിനെ സംശയാലുവാക്കിയത്. എന്താ നിങ്ങൾക്ക് സംശയമുണ്ടോ?

എട്ടു ദിവസങ്ങൾക്കുശേഷം ഈശോ ശിഷ്യന്മാർക്ക് വീണ്ടും പ്രത്യക്ഷപെടുകയാണ്. വചനം പറയുന്ന പോലെ തോമസും കൂട്ടത്തിലുണ്ട്അവരുടെയിടയിലേക്കു കടന്നുവന്ന ഈശോ തോമസിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് ഈശോ തോമസിനോട് പറഞ്ഞു: ‘തോമസേ, ദേ നോക്ക്എന്റെ മുറിവുകൾ കാണ്നിന്റെ കൈ കൊണ്ടുവന്ന് എന്റെ പാർശ്വത്തിൽ വയ്ക്ക് …! തോമസ് അങ്ങനെ അന്തംവിട്ട് നിൽക്കുകയാണ്. അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. ഈശോയുടെ അടുത്തേക്ക് പോകാതെ അവിടെ മുട്ടുകുത്തി അദ്ദേഹം. എന്നിട്ട് ആകാശം കേൾക്കുമാറുച്ചത്തിൽ, സൃഷ്ടപ്രപഞ്ചം കുലുങ്ങുമാറുച്ചത്തിൽ തന്റെ സർവ ശക്തിയുമെടുത്തു അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു: “എന്റെ കർത്താവേ, എന്റെ ദൈവമേ…!” വിശ്വാസ പ്രഖ്യാപനത്തിൽ സ്വർഗം സന്തോഷിച്ചിട്ടുണ്ടാകണം! ഭൂമി കോരിത്തരിച്ചിട്ടുണ്ടാകണം! അന്നുവരെ കേൾക്കാൻ കഴിയാതിരുന്ന ഒരു വിശ്വാസ പ്രഘോഷണം കേട്ട് സൂര്യചന്ദ്രനക്ഷത്രാദികൾ നിശ്ചലമായി നിന്നിട്ടുണ്ടാകണം മുറിവുകൾ പരിശോധിക്കാൻ അദ്ദേഹം പോയില്ലഅവിടുത്തെ പാർശ്വത്തിൽ സ്പർശിക്കാനും പോയില്ല. കാരണം, അവനോടുകൂടെ നമുക്കും പോയി മരിക്കാം എന്നുപറഞ്ഞവന് അറിയാമായിരുന്നു ക്രിസ്തു ഉത്ഥിതനായി എന്ന്. അവനോടുകൂടെ മൂന്നുവർഷം നടന്ന തോമസിന് അറിയാമായിരുന്നു, മാനവകുലത്തിന്റെ വഴിയായ ക്രിസ്തു, ജീവനായ ക്രിസ്തു, സത്യമായ ക്രിസ്തു ഉത്ഥിതനായി എന്ന്, ഇന്നും ജീവിക്കുന്ന ദൈവമാണ് എന്ന്. പകരം വയ്ക്കാനാകാത്ത ക്രിസ്തു സാക്ഷ്യത്തിന്റെ ആൾരൂപമാണ്പ്രിയപ്പെട്ടവരേ വിശുദ്ധ തോമാശ്ലീഹാ!

ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടു എന്ന് അവകാശപ്പെട്ട ശിഷ്യന്മാരല്ലേ യഥാർത്ഥത്തിൽ തോമസിനെ, ചരിത്രം പറയുന്ന സംശയിക്കുന്ന തോമായാക്കി മാറ്റിയത്? നാമല്ലേ, നമ്മുടെ ക്രിസ്തു ഇല്ലാത്ത ക്രൈസ്തവ ജീവിതമല്ലേ ഈ ലോകത്തിൽ, നമ്മുടെ ഇടവകയിൽ, കുടുംബത്തിൽ സംശയിക്കുന്ന തോമമാരെ സൃഷ്ടിക്കുന്നത്?

ഉത്ഥിതനായ ക്രിസ്തുവിനെ കാണാതെ, അവിടുത്തെ തിരുമുറിവുകളിലെ സ്നേഹത്തെ അനുഭവിക്കാതെ വിശ്വസിക്കുകയില്ലായെന്ന് പറയുന്ന തോമസ് ഈ കാലഘട്ടത്തിന്റെ പ്രതിനിധിയാണ്. ഇന്നത്തെ ക്രൈസ്തവജീവിതങ്ങളിലെ വൈരുധ്യങ്ങൾ, ഇന്നത്തെ ജീർണത ബാധിച്ച ക്രൈസ്തവസാക്ഷ്യങ്ങളിലെ പുഴുക്കുത്തുകൾ, ക്രിസ്തു ഇന്നും ജീവിക്കുന്ന ദൈവമാണോ എന്ന് സംശയിക്കുവാൻ, അക്രൈസ്തവരെ, സാധാരണ ക്രൈസ്തവരെ  പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അതിനു ആരെ കുറ്റപ്പെടുത്തണം? ക്രിസ്തുവിനെ അറിഞ്ഞ, മാമോദീസ, കുമ്പസാരം, വിശുദ്ധ കുർബാന, സ്ഥൈര്യലേപനം, രോഗീലേപനം, പൗരോഹിത്യം, വിവാഹം എന്നീ കൂദാശകൾ സ്വീകരിക്കുന്ന, അവിടുത്തെ ഓരോ വിശുദ്ധ കുർബാനയിലും അനുഭവിക്കുന്ന ക്രൈസ്തവരായ നമ്മെയോ അതോ ക്രിസ്തുവിനെ അറിയാത്ത അക്രൈസ്തവരെയോ? നാം തന്നെയല്ലേ കാരണക്കാർ? ഉത്ഥിതനായ ക്രിസ്തുവിന്റെ സ്നേഹ സാന്നിധ്യം, രക്ഷാകര സാന്നിധ്യം ആഘോഷിക്കുന്ന വിശുദ്ധ കുർബാനയെച്ചൊല്ലി ക്രൈസ്തവർ വഴക്കടിക്കുമ്പോൾ എങ്ങനെയാണ് അക്രൈസ്തവർ ക്രിസ്തുവിൽ വിശ്വസിക്കുക? അവരെ നാം സംശയിക്കുന്ന തോമ്മമാർ ആക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണക്കാർ നമ്മൾ തന്നെയല്ലേ? ചിന്തിച്ചു നോക്കണം. ചിന്തിച്ചുനോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  എന്തുകൊണ്ടാണ് ഇന്നും ഭാരതത്തിൽ നാം വെറും 2.3 ശതമാനം മാത്രമായി ന്യൂനപക്ഷങ്ങളാകുന്നു? വിശുദ്ധ തോമാശ്ലീഹായുടേതുപോലുള്ള ശക്തമായ ക്രൈസ്തവ സാക്ഷ്യം നൽകുന്നതിൽ നാം ഒരു പരിധിവരെ പരാജയപ്പെടുന്നില്ലേയെന്ന് സമ്മതിക്കാൻ ഇനിയും നാം മടിക്കരുത്.

ആ പരാജയമല്ലേ ക്രൈസ്തവരെ ഒറ്റയായും, കൂട്ടത്തോടെയും ആക്രമിക്കാൻ ക്രിസ്തുവിന്റെ ശത്രുക്കൾക്ക് ധൈര്യം നൽകുന്നത്? ക്രൈസ്തവ വിശ്വാസത്തെ വളഞ്ഞിട്ട് ആക്രമിക്കുന്ന ഒരു ശൈലി ക്രിസ്തുവിന്റെ ശത്രുക്കൾ ലോകത്തെമ്പാടും, നമ്മുടെ ഭാരതത്തിലും, എന്തിന് ക്രൈസ്തവവിശ്വാസത്തിന്റെ ഉരുക്കുകോട്ട എന്നറിയപ്പെടുന്ന നമ്മുടെ കേരളത്തിലും പിന്തുടരുന്നു എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്തുവിനുവേണ്ടി മരിച്ചുവീഴുന്ന ക്രൈസ്തവരുടെ എണ്ണം, ആക്രമിക്കപ്പെടുന്ന ദൈവാലയങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. യൂറോപ്പിന്റെ ക്രൈസ്തവ അന്തരീക്ഷത്തിനുമേൽ മുഴങ്ങുന്ന “അശാന്തിയുടെ ബാങ്കുവിളികൾ” ക്രിസ്ത്യാനികളെ ഭയപ്പെടുത്തുന്നുണ്ട്. ഭാരതത്തിന്റെ വിവിധഭാഗങ്ങളിൽ വർഗീയവാദികൾ ക്രൈസ്തവരെ ശ്വാസംമുട്ടിക്കുന്നുണ്ട്. ദൈവാലയങ്ങളും, സ്കൂളുകളും ആക്രമിക്കപ്പെടുന്നുണ്ട്. പറഞ്ഞു പഴകിയതാണെങ്കിലും മതപരിവർത്തനമെന്ന ആക്ഷേപം ഇന്നും അവർ ഉയർത്തുന്നുണ്ട്; അതിനെ ഏറ്റുപിടിക്കാൻ വർഗീയവാദികൾക്ക് അണികളുമുണ്ട്. ഉത്തരേന്ത്യയിലെ ക്രൈസ്തവ സഹോദരങ്ങളുടെ കൂട്ടക്കരച്ചിലുകൾ, ഇങ്ങു കേരളത്തിലെത്തുമ്പോഴേയ്ക്കും വെറും മൂളലുകൾ ആകുന്നത് കണ്ട് ശരാശരി ക്രൈസ്തവന്റെ നെഞ്ചുതകരുന്നുണ്ട് ചില സ്ഥലങ്ങളിലെ കലണ്ടറുകളിൽ നിന്ന് ക്രിസ്തുമസും, ദുഃഖവെള്ളിയും ഈസ്റ്റർ ഞായറുമൊക്കെ അപ്രത്യക്ഷമായിരിക്കുന്നുവെന്നത് സാക്ഷരകേരളത്തിന് അപമാനമാണ്; ക്രൈസ്തവർക്ക് നാണക്കേടുമാണ്. 

ഇന്നത്തെ നമ്മുടെ ക്രൈസ്തവ വിശ്വാസ ജീവിത സാഹചര്യങ്ങളിൽ പുതുഞായറിന്റെ സുവിശേഷ സന്ദേശത്തിന്റെ പ്രസക്തി വളരെ വലുതാണ്. വിശുദ്ധ തോമാശ്ലീഹായെപ്പോലെ ക്രിസ്തുവിനെ “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന് ഏറ്റുപറയുന്ന ക്രൈസ്തവ വിശ്വാസം എന്തുമാത്രം ശക്തമാക്കുന്നുവോ, അത്രമാത്രമേ ക്രൈസ്തവരുടെ നേർക്കുള്ള ആക്രമണം കുറഞ്ഞുവരികയുള്ളു. വിശ്വാസത്തെ ശക്തിപ്പെടുത്തുകയാണ്, ക്രിസ്തു സാക്ഷ്യത്തെ മനോഹരമാക്കുകയാണ് ഏകപോംവഴി! അല്ലാതെ “സന്ദർശന രാഷ്ട്രീയത്തിന്റെ” പുറകെപ്പോകുന്നത് ക്രൈസ്തവ വിശ്വാസത്തെ ഒറ്റിക്കൊടുക്കലായിപ്പോകുമെന്നത് ചരിത്രം പഠിപ്പിക്കുന്ന സത്യമാണ്. വളർത്തിക്കൊല്ലുന്ന വർഗീയ രാഷ്ട്രീയത്തിനെതിരെ ജാഗ്രത പുലർത്തുകയാണ് വേണ്ടത്. വിശ്വാസത്തെ ശക്തിപ്പെടുത്തുകയാണ് കർമ്മമെന്നറിയുകയാണ് വേണ്ടത്!!

“നായ്ക്കോലം കെട്ടിയാൽ കുരച്ചേ തീരണം” എന്ന് കാർന്നോന്മാർ പറയും. എന്നെങ്കിലും, എപ്പോഴെങ്കിലും നായ്‌ക്കോലം കെട്ടുകയാണെങ്കിൽ കുരയ്ക്കണം നിങ്ങൾ! അതിന്റെ സ്വഭാവം കാണിയ്ക്കണം. അപ്പോൾ നിങ്ങൾ ഒരു ക്രൈസ്തവ സഹോദരിയോ, സഹോദരോ ആണെങ്കിൽ ക്രൈസ്തവ സ്വഭാവം കാണിക്കണം. വിശുദ്ധ പൗലോശ്ലീഹാ പറയുന്നപോലെ, ക്രിസ്തുവിന്റെ മനോഭാവം ഉണ്ടാകണം. (ഫിലി 2, 5)

എന്നാൽ വൈരുധ്യങ്ങളും, എതിർസാക്ഷ്യങ്ങളും ധാരാളം നമ്മുടെ ക്രൈസ്തവ ജീവിതങ്ങളിൽ ഉണ്ടെങ്കിലും, ക്രിസ്തുവാണ് ഏക രക്ഷകനെന്ന്, ക്രിസ്തുവാണ് എന്റെ കർത്താവും എന്റെ ദൈവവുമെന്ന് ഏറ്റു പറഞ്ഞുകൊണ്ട് ജീവിക്കുന്ന ക്രൈസ്തവരുടെ ജീവിതംകണ്ടു നാം അത്ഭുതപ്പെടാറില്ലേ? ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുന്നവരെ, അവരുടെ കുടുംബങ്ങളെ കണ്ടു എത്രയോ അക്രൈസ്തവരാണ് വിസ്മയത്തോടെ നോക്കൂ, ക്രിസ്തുവിലുള്ള ഇവരുടെ വിശ്വാസം അപാരം തന്നെ എന്ന് പറഞ്ഞിട്ടുള്ളത്! ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും മുടങ്ങാതെ വിശുദ്ധ കുർബാനയ്ക്കു പോകുന്ന നമ്മുടെ അമ്മച്ചിമാരും അപ്പച്ചന്മാരും, ഈശോയെ കർത്താവും ദൈവവുമായി ഏറ്റുപറയുന്ന ക്രൈസ്തവ യുവജനങ്ങളും, കുട്ടികളുമൊക്കെ അക്രൈസ്തവർക്കു ഇന്നും അത്ഭുതമാണ്. വീടിനെയും സ്വന്തക്കാരെയും, സ്വാഭാവികമായ നേട്ടങ്ങളെയുമെല്ലാം വേണ്ടെന്നുവച്ചു, ക്രിസ്തുവിനായി ഇറങ്ങിത്തിരിക്കുന്ന വൈദികരെയും, സമർപ്പിതരെയും, മിഷനറിമാരെയും, അവരുടെ ജീവിതത്തിലെ അചഞ്ചലമായ ക്രിസ്തുവിശ്വാസവും കണ്ടിട്ട് എത്രയോ അക്രൈസ്തവരാണ് ക്രിസ്തുവിലേക്കു ആകർഷിതരായത്! ഇവരൊക്കെ വിശുദ്ധ തോമാശ്ലീഹായെപ്പോലെ തന്നെ ക്രിസ്തു വിശ്വാസത്തിന്റെ നേർസാക്ഷ്യങ്ങളാണ്. ഇനിയും വൈകിയിട്ടില്ല പ്രിയപ്പെട്ടവരേ, എന്റെ ക്രൈസ്തവജീവിതം കണ്ട് ‌ ഒരു വ്യക്തിക്ക് ഒരു നിമിഷംപോലും ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഇടർച്ചയുണ്ടാകരുത് എന്നുള്ള വലിയൊരു തീരുമാനത്തിലേക്കായിരിക്കണം ഈ പുതുഞായർ നമ്മെ കൊണ്ടുചെന്നെത്തിക്കേണ്ടത്.

എന്റെ ക്രൈസ്തവ ജീവിതത്തിലൂടെ അനേകരെ ക്രിസ്തുവിലേക്ക് നയിച്ച പാപ്പയാണ് ഫ്രാൻസിസ് പാപ്പായെന്നതിൽ നമുക്ക്  അഭിമാനിക്കാം.  അദ്ദേഹത്തെപ്പോലെ,നമുക്കും നമ്മുടെ ക്രൈസ്തവ ജീവിതങ്ങളെ ശക്തിപ്പെടുത്താം.

സ്നേഹമുള്ളവരേ, ഞാൻ ആവർത്തിക്കട്ടെ, ജീവിത സാഹചര്യങ്ങളിൽ “എന്റെ കർത്താവേ എന്റെ ദൈവമേ”യെന്നുള്ള നമ്മുടെ വിശ്വാസപ്രഘോഷണത്തിലാണ് നമ്മുടെ ക്രൈസ്തവജീവിതങ്ങൾ ഫലം ചൂടുന്നത്. ദുഃഖം നിറഞ്ഞ, നിരാശ മാത്രം അവശേഷിച്ച, രോഗം മാത്രം കൂട്ടിനുണ്ടായിരുന്ന ഭൂതകാലത്തിൽ ഉത്ഥിതനായ ക്രിസ്തുവിനെ കാണാൻ, “എന്റെ കർത്താവേ എന്റെ ദൈവമേ”യെന്നു ഏറ്റുപറയുവാൻ നമുക്ക് സാധിച്ചിട്ടില്ലെങ്കിൽ ഇന്നുമുതൽ നമുക്ക് ആരംഭിക്കാം. 

ഇന്നത്തെ സുവിശേഷ സംഭവത്തിന് ഒരു tail end ഉണ്ട്. അതിങ്ങനെയാണ്: “എന്റെ കർത്താവേ എന്റെ ദൈവമേ” എന്ന് ക്രിസ്തു വിശ്വാസം ഏറ്റുപറഞ്ഞ തോമസ് ആ വിശ്വാസം പ്രഘോഷിക്കുവാൻ നമ്മുടെ ഭാരതത്തിൽ, കേരളത്തിൽ എത്തുന്നു. ഇവിടെ വച്ച് ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വരിക്കുന്നു. എത്രയോ മഹത്തായ, ധന്യമായ ജീവിതം!

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതസാഹചര്യങ്ങളിൽ ക്രിസ്തുവിന് സാക്ഷ്യം നൽകാനും, ക്രിസ്തുവിനുവേണ്ടി സ്വയം മുറിക്കപ്പെടാനും, രക്തം ചിന്താനും പുതിയൊരു ക്രൈസ്തവ ജീവിതത്തിനായി നമുക്ക് പ്രതിജ്ഞയെടുക്കാം. ആമേൻ!

SUNDAY SERMON EASTER 2025

ഈസ്റ്റർ ഞായർ 2025

ലോകത്തിനുമുഴുവൻ പ്രകാശം നൽകുന്ന, ലോകത്തിന്റെ രക്ഷകനായ, ലോകത്തിന്റെ പ്രതീക്ഷയായ നമ്മുടെ ദൈവമായ ക്രിസ്തുവിന്റെ ഉയിർപ്പുതിരുനാൾ നാമിന്നു ആഘോഷിക്കുകയാണ്. പെന്തക്കുസ്താ ദിനത്തിൽ പത്രോശ്ലീഹാ പ്രഘോഷിച്ചപോലെ,  ഇന്ന് നാം വിളംബരം ചെയ്യുന്ന സന്ദശമിതാണ്: ലോകമേ, തിന്മയുടെ ശക്തികൾ കുരിശിൽ തറച്ച് കൊന്ന ദൈവപുത്രനായ ക്രിസ്തു ഉയിർത്തെഴുന്നേറ്റു. ആ ക്രിസ്തു എന്റെയും നിങ്ങളുടെയും ദൈവമായി ഇന്നും ജീവിക്കുന്നു! 

ഇന്നത്തെ ഈ വിളംബരത്തിന് ഒരു പ്രത്യേകതയുണ്ട്. ക്രിസ്തു ഇന്നും ജീവിക്കുന്നു എന്ന് ഇന്ന് നാം വിളംബരം ചെയ്യുമ്പോൾ, സ്നേഹമുള്ള സഹോദരീ സഹോദരങ്ങളേ, ഓർക്കുക,  തിന്മയുടെ ശക്തികൾ സകല ക്രൂരതകളോടുംകൂടി അഴിഞ്ഞാടുന്ന കാലഘട്ടത്തിലാണ് ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന് നാം വിളംബരം ചെയ്യുന്നത്. ജനാധിപത്യ മതേതര ഇന്ത്യയിൽ ജബൽപൂർ എന്ന സ്ഥലത്ത് കൃഷ്‌ടവിന്റെ പുരോഹിതനെ ക്രൈസ്തവവിരോധികൾ മർദ്ദിച്ച വാർത്തകൾക്കിടയിലാണ് ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന് നാം വിളംബരം ചെയ്യുന്നത്. ഛത്തീസ്ഗഡിൽ ക്രിസ്തുവിന്റെ സന്യാസിനിക്കെതിരെ കള്ളക്കേസ് നല്കിയതിനിടയിലാണ് ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന് നാം വിളംബരം ചെയ്യുന്നത്. ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ പൊതുവായി ഓശാനത്തിരുനാളിന്റെ പ്രദക്ഷിണവും, കുരിശിന്റെ വഴി നടത്തലും നിരോധിച്ചിരിക്കുന്നു ആൻ വാറോലകൾക്കിടയിലാണ് ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന് നാം വിളംബരം ചെയ്യുന്നത്. എന്തിന് നമ്മുടെ കേരളത്തിൽ തൊമ്മൻകുത്ത് എന്ന സ്ഥലത്തിലെ കുരിശ് പൊളിച്ചു നീക്കിയ ജെസിബി യുടെ പല്ലുകൾക്കിടയിലാണ്, അതിന് ഓർഡറിട്ട സർക്കാർ ഉദ്യോഗസ്ഥരുടെ ആക്രോശങ്ങൾക്കിടയിലാണ് ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന് നാം വിളംബരം ചെയ്യുന്നത്.

ആകാശത്തിന് കീഴിൽ, ഭൂമിക്ക് മുകളിൽ രക്ഷിക്കപ്പെടാൻ ഒരൊറ്റ നാമമേയുള്ളു; അത് ക്രിസ്തുവിന്റെ നാമമാണ് എന്ന ദൈവവചനത്തിന്റെ ശക്തിയിൽ അഭിമാനത്തോടെ നാം ഏറ്റുപറയുകയാണ് ക്രൈസ്തവന്റെ ദൈവം ഇന്നും ജീവിക്കുന്ന ദൈവമാണ് എന്ന്. എല്ലാവർക്കും ഉത്ഥാനത്തിരുനാളിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു!

ദൈവസ്നേഹത്തിന്റെ വെളിപ്പെടുത്തലാണ്    ഉത്ഥാന തിരുനാൾ . ഈ ഭൂമുഖത്ത് ഞാൻ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിൽ പോലും ദൈവം ഈ ഭൂമിയിൽ ജനിക്കുമായിരുന്നു, പീഡകൾ സഹിക്കുമായിരുന്നു, കുരിശിൽ മരിക്കുമായിരുന്നു, ഉത്ഥാനം ചെയ്യുമായിരുന്നു എന്ന ചിന്ത തന്നെ ഹൃദയത്തെ സ്നേഹംകൊണ്ട് നിറയ്ക്കുന്നു.  “കാൽവരിയിൽ കർത്താവായ ക്രിസ്തു തന്റെ കൈകൾ വിരിച്ചു പിടിച്ചിരിക്കുന്നത് മകളേ, മകനേ നിന്നെ കെട്ടിപ്പിടിക്കുവാനാണെന്നും, കുരിശിൽ അവിടുന്ന് മുഖം കുനിച്ച് നിൽക്കുന്നത് നിന്നെ ചുംബിക്കുവാനാണെന്നും, അവിടുത്തെ ഹൃദയം പിളർന്നു നിൽക്കുന്നത് നിന്നിലേക്ക് തന്റെ സ്നേഹം ഒഴുക്കുവാനാണ് എന്നും, അവിടുന്ന് മരിച്ചവരിൽ നിന്ന് ഉത്ഥിതനായത് എന്നും എപ്പോഴും നിന്നോടൊത്തായിരിക്കുവാനാണെന്നും” വിശുദ്ധ അഗസ്തീനോസ് പറയുമ്പോൾ, ഈ ഉത്ഥാന തിരുനാളിൽ “ദൈവമേ, നിന്റെ സ്നേഹം എത്ര അപാരം എന്ന് പറയുവാനാണ്, “God’s love is so wonderful” എന്ന് പാടുവാനാണ് എനിക്ക് തോന്നുന്നത്.

മിശിഹാ രഹസ്യങ്ങൾക്ക്, മിശിഹായുടെ ജനനത്തിനും, പരസ്യജീവിതത്തിനും, പീഡാസഹനത്തിനും, മരണത്തിനും ദൈവികതയും അർത്ഥവും നൽകുന്നത് നാം ഇന്ന് ആഘോഷിക്കുന്ന ക്രിസ്തുവിന്റെ ഉത്ഥാനമാണ്. തന്റെ പരസ്യ ജീവിതകാലത്ത് ഈശോ ജനങ്ങളുടെ വിശ്വാസ വളർച്ചയ്ക്കുവേണ്ടി ധാരാളം അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും, അവിടുന്ന് പ്രവർത്തിച്ച ഏറ്റവും വലിയ അത്ഭുതമാണ് അവിടുത്തെ ഉത്ഥാനം. സുവിശേഷം എന്നത്, ഉത്ഥിതനായ ക്രിസ്തുവിന്റെ സുവിശേഷമാണ്. അത് പാവങ്ങളുടെയും, പാപികളുടെയും സുവിശേഷമാകുന്നത്, അവർക്ക് ശുഭപ്രതീക്ഷയേകുന്ന സുവാർത്തയാകുന്നത് സുവിശേഷം ഉത്ഥാനത്തിന്റെ സുവിശേഷമായതുകൊണ്ടാണ്!

അതുകൊണ്ടാണ് വിശുദ്ധ പൗലോശ്ലീഹാ കോറിന്തോസുകാരോട് ഇങ്ങനെ പ്രഘോഷിക്കുന്നത്. അല്ലയോ കോറിന്തോസുകാരേ, “ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം. ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുകയും, സംസ്കരിക്കപ്പെടുകയും, എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാൾ ഉയിർപ്പിക്കപ്പെടുകയും ചെയ്തു. അവൻ കേപ്പയ്ക്കും, പിന്നീട് പന്ത്രണ്ടുപേർക്കും പ്രത്യക്ഷനായി. ഒടുവിൽ അകാലജാതന് എന്നതുപോലെ എനിക്കും പ്രത്യക്ഷനായി. അതിനാൽ, ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങൾ ദൈവത്തിനുവേണ്ടി കപടസാക്ഷ്യം വഹിക്കുന്നവരാകും.”

ക്രിസ്തുവിന്റെ ഉത്ഥാനംവഴി ഈ പ്രപഞ്ചത്തിന് പുതിയൊരു മുഖം നൽകപ്പെട്ടു. ഉത്ഥാനം പ്രഘോഷിക്കുന്നത് ക്രിസ്തു മരിച്ചവരിൽ നിന്ന് ഉത്ഥിതനായി എന്ന് മാത്രമല്ല, ക്രിസ്തുവിന്റെ ഉത്ഥാനത്തിലൂടെ പുതിയൊരു ലോകം പണിയപ്പെട്ടിരിക്കുന്നു എന്നാണ്. ക്രിസ്തുവിന് മുൻപ് എന്ന് ചരിത്രത്തിൽ പറയുമ്പോൾ, ക്രിസ്തുവിന്റെ ഉത്ഥാനത്തിന് മുൻപ് എന്നാണ് അർത്ഥമാക്കേണ്ടത്. ക്രിസ്തുവിന് ശേഷമെന്നത് അവിടുത്തെ ഉത്ഥാനത്തിന് ശേഷമെന്നും. കാരണം, ക്രിസ്തുവിന്റെ ഉത്ഥാനം എല്ലാറ്റിനെയും പുതിയതാക്കി മാറ്റിയിരിക്കുന്നു.

2025 ലെ ഉത്ഥാനത്തിരുനാളിന്റെ സന്ദേശം രണ്ടു ചോദ്യത്തിലൂടെ പറയുവാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഒന്ന്, ആരാണ് ഉത്ഥിതനായ ഈശോ? എന്റെ ദൈവമായ ഉത്ഥിതനായ ഈശോ ദൈവസ്നേഹത്തിന്റെ ഉജ്ജ്വല പ്രകാശമാണ്. “ലോകം മുഴുവനും, ജീവിതം മുഴുവനും അന്ധകാരം ആണെങ്കിലും, ഭയപ്പെടേണ്ട, നിരാശരാകേണ്ടാ. നാമെല്ലാവരും ഈസ്റ്റർ ജനമാണ്, ഉത്ഥിതനായ ക്രിസ്തുവിന്റെ ജനമാണ്; ഹല്ലേലൂയാ, ക്രിസ്തു ജയിക്കട്ടെ എന്നതാണ് നമ്മുടെ ഗാനം.” ഇങ്ങനെ ക്രൈസ്തവരെ മുഴുവൻ ഉദ്‌ബോധിപ്പിക്കുന്നത് വിശുദ്ധ ജോൺ പോൾ രണ്ടാമനാണ്. ഉത്ഥിതനായ ക്രിസ്തുവിന്റെ പ്രകാശത്തിലൂടെ നടന്നുപോയപ്പോൾ, നിരീശ്വരത്വത്തിന്റെ, ഭൗതികവാദം ഉയർത്തിപ്പിടിക്കുന്ന കമ്മ്യൂണിസത്തിന്റെ, വിഭജനത്തിന്റെ ഇരുട്ടിനെ ഇല്ലാതാക്കുവാൻ വിശുദ്ധ ജോൺ പോൾ രണ്ടാമന് സാധിച്ചത്, ഉത്ഥാനത്തിന്റെ പ്രകാശമായി ജീവിതത്തെ മാറ്റിയതുകൊണ്ടാണ്.

ക്രിസ്തുവാകുന്ന പുതിയ പ്രകാശത്തിലേക്ക് പ്രവേശിക്കുക എന്നാണ് ഉത്ഥാന തിരുനാൾ നമ്മോടു പറയുന്നത്. ഓർക്കണം, ഇസ്രായേൽ ജനത്തിന്, പ്രകാശമായ ക്രിസ്തുവിനെ കാണുവാൻ സാധിച്ചില്ല. കാരണം അവർ അന്ധകാരത്തിലായിരുന്നു. “ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു” (യോഹ 9, 5) എന്ന് തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ വിളിച്ചു പറഞ്ഞിട്ടും ഇസ്രായേൽ ജനത്തിന് കേൾക്കുവാൻ സാധിച്ചില്ല. കാരണം അവർ അന്ധകാരത്തിലായിരുന്നു. അവസാന അത്താഴത്തിനുശേഷം രാത്രിയിലാണ്, അന്ധകാരത്തിലാണ് ജനം പടയാളികളോടൊപ്പം ഈശോയെ പിടികൂടാൻ പോകുന്നത്. രാത്രിയുടെ ഏതോ ശപിക്കപ്പെട്ട നിമിഷത്തിലാണ് യൂദാസ് ഈശോയെ ചുംബിച്ചുകൊണ്ട് ഒറ്റിക്കൊടുക്കുന്നത്. (മത്താ 26, 49) പിടികൂടിയ ശേഷം ജനത്തിനോട്, “ഇത് നിങ്ങളുടെ സമയമാണ്, അന്ധകാരത്തിന്റെ ആധിപത്യവും” (ലൂക്ക 22, 53) എന്ന് ഈശോ പറഞ്ഞിട്ടും പ്രകാശത്തിന്റെ നാഥനെ അവർ തിരിച്ചറിഞ്ഞില്ല. അന്ധകാരത്തിന്റെ, പൈശാചികതയുടെ നിഴൽ നൃത്തമാടിയ ആ രാത്രിയിലാണ് പീഡാസഹനത്തിന്റെ മണിക്കൂറുകളിലൂടെ അവൻ കടന്നുപോയത്. വിരോധാഭാസം നോക്കണേ, അന്ധകാരത്തിൽ, പ്രകാശത്തിന്റെ, അഗ്നിയുടെ അടുത്തുനിന്നാണ് പത്രോസ് പ്രകാശത്തെ തള്ളിപ്പറഞ്ഞത്. (ലൂക്ക 22, 54, 62) പ്രകാശമായ ക്രിസ്തുവിന്റെ മരണനേരം മുഴുവനും, ആറാം മണിക്കൂർ മുതൽ ഒൻപതാം മണിക്കൂർവരെ ഭൂമിയിൽ അന്ധകാരമായിരുന്നു. (ലൂക്ക 23, 44) ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത് നോക്കുക: “ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോൾത്തന്നെ …” (യോഹ 20, 1) 

അന്ധകാരത്തിലായിരുന്ന ഇസ്രായേൽ ജനം പ്രകാശമായ ക്രിസ്തുവിനെ കണ്ടില്ല എന്ന ദുരന്തം നമുക്ക് ഉണ്ടാകാതിരിക്കുവാൻ 2023 ലെ ഉത്ഥാനത്തിരുന്നാൾ, പ്രകാശമായ ക്രിസ്തുവിലേക്ക് നമ്മെ ക്ഷണിക്കുകയാണ്. അന്ധകാരത്തിന്റെ, അതിന്റെ പ്രകടനങ്ങളായ രോഗത്തിന്റെ, ശത്രുതയുടെ, അസ്വസ്ഥതയുടെ, തകർച്ചയുടെ, ശ്രമിച്ചിട്ടും, ശ്രമിച്ചിട്ടും കരകയറാൻ പറ്റാത്ത സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ക്രിസ്തുവാകുന്ന പ്രകാശത്തിൽ ജീവിക്കുവാൻ നമ്മോട് ആഹ്വാനംചെയ്യുകയാണ് ഈ ഉത്ഥാനത്തിരുനാൾ. 

സ്നേഹമുള്ളവരേ, ക്രിസ്തുവാണ് നമ്മുടെ പ്രകാശം, ഈ ലോകത്തിന്റെ പ്രകാശം, നിത്യപ്രകാശം. അവനിൽ അന്ധകാരമില്ല. സങ്കീർത്തനം 34, 5 ൽ പറയുന്നതുപോലെ അവിടുത്തെ നോക്കുന്നവർ പ്രകാശിതരാകും. നാം അവിടുത്തെ നോക്കുകയാണെങ്കിൽ, നമ്മുടെ കുടുംബങ്ങൾ ഈശോയെ നോക്കുകയാണെങ്കിൽ, നമ്മുടെ മക്കൾ ഈശോയെ നോക്കുകയാണെങ്കിൽ നാം, അവർ പ്രകാശിതരാകും. അപ്പോൾ എന്ത് സംഭവിക്കും? ‘അവിടുത്തെ അനുഗമിക്കുന്നവർ അന്ധകാരത്തിൽ നടക്കുകയില്ല.’ ഇന്ന് ലോകം അന്ധകാരത്തിലാണെങ്കിൽ നാമിന്ന് ഇരുട്ടിൽത്തപ്പി നടക്കുന്നവരാണെങ്കിൽ അതിന്റെ അർഥം നാം പ്രകാശമായ ക്രിസ്തുവിനെ കണ്ടിട്ടില്ല, മനസ്സിലാക്കിയിട്ടില്ല. നാം ക്രൈസ്തവർ ഇന്ന് ക്രിസ്തുസാക്ഷ്യത്തിന്റെ പാതയിൽ നിന്ന് അകന്ന്, വർഗീയ പ്രസ്ഥാനങ്ങളുടെ, നിരീശ്വര പ്രസ്ഥാനങ്ങളുടെ പിന്നാലെ പോകുകയാണെങ്കിൽ നാം അന്ധകാരത്തിലല്ലേ? അന്ധകാരത്തിന്റെ പ്രവൃത്തികൾ ചെയ്യുന്നവരോട് ചേർന്ന് അന്ധകാരത്തിലേക്ക് നടക്കുകയല്ല വേണ്ടത്, അവരെ പ്രകാശത്തിന്റെ പാതയിലേക്ക് നയിക്കുകയാണ് വേണ്ടത്. പ്രകാശമുള്ളിടത്തു നടക്കാനല്ല, നടക്കുന്നിടത്തെല്ലാം പ്രകാശമാകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. വിശുദ്ധ പൗലോശ്ലീഹാ നമ്മെ ഉദ്ബോധിപ്പിക്കുന്നത് എന്താണ്? “പ്രിയപ്പെട്ടവരേ, രാത്രി കഴിയാറായി. പകൽ സമീപിച്ചിരിക്കുന്നു. ആകയാൽ, അന്ധകാരത്തിന്റെ പ്രവർത്തികൾ പരിത്യജിച്ചു, പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കാം. പകലിന് യോജിച്ചവിധം നമുക്ക് പെരുമാറാം.” (റോമ 13, 12)

രണ്ടാമത്തെ ചോദ്യം ഇതാണ്: എങ്ങനെയാണ് ഉത്ഥിതനായവനെ കണ്ടുമുട്ടാൻ, കണ്ടുമുട്ടുമ്പോൾ തിരിച്ചറിയുവാൻ നമുക്ക് സാധിക്കുക? ഉത്ഥാനം ദൈവസ്നേഹത്തിന്റെ ഉത്സവമാണെങ്കിൽ, ഉത്ഥിതനായവനെ കണ്ടുമുട്ടാൻ, തിരിച്ചറിയാൻ ഒരു വഴിയേയുള്ളു; സ്നേഹത്തിന്റെ വഴി. സ്നേഹമുള്ളവരേ, ഹൃദയം മുഴുവൻ സ്നേഹംകൊണ്ട് നിറയ്ക്കുവിൻ. നിങ്ങൾക്ക്, നിങ്ങളുടെ ജീവിതതിൽ, ജീവിതസാഹചര്യങ്ങളിൽ, നിങ്ങളുടെ കുടുംബത്തിൽ, സഹോദരങ്ങളിൽ, സുഹൃത്തുക്കളിൽ, കണ്ടുമുട്ടുന്നവരെല്ലാവരിലും ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടെത്തുവാൻ സാധിക്കും.

വിശുദ്ധ ലൂക്കയുടെ സുവിശേഷത്തിലെ ഈശോയുടെ പുനരുത്ഥാനവിവരണം ആരംഭിക്കുന്നത് ഇങ്ങനെയാണ്: “അവർ, തയ്യാറാക്കി വച്ചിരിക്കുന്ന സുഗന്ധ ദ്രവ്യങ്ങളുമായി …അതിരാവിലെ കല്ലറയിലേക്ക് പോയി.” (24, 1)

അതായത്, ഈശോയെ തോട്ടത്തിലെ കല്ലറയിൽ സംസ്കരിച്ചിട്ട് വീട്ടിൽ ചെന്ന സ്ത്രീകൾ, ഞായറാഴ്ച്ച കല്ലറയിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു. അവർ ഒരുമിച്ച് ദിവസം മുഴുവനും സുഗന്ധ ദ്രവ്യങ്ങൾ തയ്യാറാക്കുന്ന തിരക്കിലായിരുന്നു. മനസ്സ് നിറയെ ഈശോയെക്കുറിച്ചുള്ള ഓർമകളുമായി, ഹൃദയം നിറയെ അവനോടുള്ള സ്നേഹവും ആരാധനയുമായി, ചിലപ്പോൾ കരഞ്ഞും, മറ്റുചിലപ്പോൾ സന്തോഷിച്ചും അവർ സുഗന്ധദ്രവ്യങ്ങൾ ഒരുക്കി.

എല്ലാവരും മിണ്ടാതിരുന്ന് ജോലിചെയ്തുകൊണ്ടിരുന്നപ്പോൾ മഗ്ദലേന മറിയമാണ് സംഭാഷണത്തിന് തുടക്കമിട്ടത്. “ഈശോ ഞങ്ങളുടെ വീട്ടിൽ വരുമ്പോൾ അവന് ഏറ്റവും ഇഷ്ടമുള്ള പാനിയിലിട്ട ഉണങ്ങിയ അത്തിപ്പഴം കൊടുക്കുമായിരുന്നു. ഞാൻ അതാണ് ഇപ്പോൾ തയ്യാറാക്കുന്നത്.” അപ്പോൾ ക്ളോപ്പാസിന്റെ ഭാര്യ മറിയം പറഞ്ഞു: “അവൻ ഗ്രാമങ്ങൾ കറങ്ങി ക്ഷീണിച്ചു വരുമ്പോൾ കൂജയിലെ വെള്ളത്തിൽ ചേർത്ത തേൻ അവന് ഞാൻ കൊടുക്കുമായിരുന്നു. എന്തിഷ്ടത്തോടെയാണെന്നോ അവൻ അത് കുടിച്ചിരുന്നത്?” അത്രയുമായപ്പോഴേക്കും അവൾ കരഞ്ഞുപോയി. നമ്മളും അങ്ങനെയല്ലേ. അകലങ്ങളിൽ പഠിക്കുവാനോ, ജോലിക്കോ പോകുന്ന നമ്മുടെ മക്കൾക്കുവേണ്ടി അച്ചാറോ, പലഹാരങ്ങളോ ഒരുക്കുമ്പോൾ ആരെങ്കിലും അടുത്തുണ്ടെങ്കിൽ മക്കളെപ്പറ്റി, അവരുടെ ഇഷ്ടാനിഷ്ടങ്ങളെപ്പറ്റിയൊക്കെ നമ്മളും പറയില്ലേ. അമ്മമാർ പലപ്പോഴും കരയുകയും ഒപ്പം ചിരിക്കുകയും ചെയ്യുംസലോമിക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു സംഭവമായിരുന്നു. “ഒരിക്കൽ ബഥാനിയായിലെ സക്കറിയയുടെ വീടിന്റെ മേൽക്കൂര കൂട്ടുന്നതിനിടയിൽ, ഒരു മരം വീണ് അവന്റെ തലമുറിഞ്ഞപ്പോൾ ഞാനാണ് സൈത്ത്, മരുന്നിലകൾ ചേർത്ത് ചതച്ച് അവന്റെ തലയിൽ പുരട്ടിയത്.” അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് സന്തോഷത്തിന്റെ നിഴലാട്ടം ഉണ്ടായിരുന്നു. ഇങ്ങനെ ഈശോയെക്കുറിച്ചു സ്നേഹവാക്കുകളും, ഒപ്പം സ്നേഹത്തിന്റെ ഒരുക്കവും അവർ നടത്തിയിട്ടാണ് പ്രിയപ്പെട്ടവരേ അതിരാവിലെ കല്ലറയിലേക്ക് പോയത്.

ഇങ്ങനെ ഹൃദയം നിറയെ സ്നേഹം നിറച്ചവർക്കുവേണ്ടി, സ്നേഹപ്രകടനങ്ങളുമായി വരുന്നവർക്കുവേണ്ടി ഏത് ദൈവമാണ് ഉത്ഥാനം ചെയ്യാതിരിക്കുക? സ്നേഹം മാത്രമായ ഈശോയ്ക്ക് എങ്ങനെയാണ് അവരുടെ മുൻപിൽ പ്രത്യക്ഷപ്പെടാതിരിക്കുക? തന്നെ കാണുവാനായി , സ്നേഹം മാത്രമായി വരുന്നവരുടെ മുൻപിലുള്ള  തടസ്സങ്ങളെ നീക്കുവാൻ അവൻ മാലാഖമാരെ അയയ്ക്കും. അവർ അവരുടെ ജീവിതത്തിലെ തടസ്സങ്ങൾ എടുത്തുമാറ്റും. വലിയ ഭാരമുള്ള കല്ലുകളായാലും അവയെല്ലാം മാറ്റി അവൻ അവർക്കുവേണ്ടി കാത്തുനിൽക്കും! സ്നേഹമുള്ളവരേ, അവിടുന്ന് പ്രത്യക്ഷപ്പെടുക തന്നെ ചെയ്തു. അവനെ കണ്ട, തിരിച്ചറിഞ്ഞ മറിയം പറഞ്ഞു: “റബ്ബോനി!!”ബാക്കിയെല്ലാം ചരിത്രമാണ്.

ഹൃദയം നിറയെ സ്നേഹവുമായി, ജീവിതം നിറയെ ക്രിസ്തുവിനെപ്രതിയുള്ള സ്നേഹപ്രകടനങ്ങളുമായി വന്നവർ ഉത്ഥിതനെക്കാണുകയും അവനെ തിരിച്ചറിയുകയും ചെയ്തു. അങ്ങനെയല്ലേ, എന്റെ ക്രൈസ്തവരെ, ക്രിസ്തുവിന്റെ ഉത്ഥാനം നമ്മുടെ വിശ്വാസത്തിന്റെ, തിരുസ്സഭയുടെ ആധാരശിലയായത്? ഉത്ഥാനം എന്ന ഒറ്റക്കല്ലിനെ അടിസ്ഥാനമാക്കി പണിയപ്പെട്ട വിശ്വാസ സൗധമല്ലേ തിരുസ്സഭ!

ഈ ഭൂമിയിൽ ഹൃദയം നിറയെ സ്നേഹവുമായി കടന്നുവന്നവർക്കൊക്കെ, ജീവിതം നിറയെ സ്നേഹവാക്കുകളും, സ്നേഹപ്രകടനങ്ങളുമായി കടന്നുവന്നവർക്കൊക്കെ ഉത്ഥിതനെ കാണുവാനും, തിരിച്ചറിയുവാനും ഉത്ഥിതനായ ക്രിസ്തുവിൽ സന്തോഷിക്കുവാനും സാധിച്ചിട്ടുണ്ട്. വിശുദ്ധരുടെ ജീവിതങ്ങൾ അതാണ് നമുക്ക് പറഞ്ഞു തരുന്നത്. ഉത്ഥാനത്തിന്റെ ചൈതന്യത്തിൽ നമ്മുടെ ജീവിതങ്ങളെ നവീകരിക്കുവാൻ, നമ്മുടെ കുടുംബങ്ങളെ ക്രിസ്തുവിന്റെ പ്രകാശത്താൽ നിറയ്ക്കുവാൻ നമുക്ക് സാധിക്കണം. നമ്മുടെ കുടുംബങ്ങളിൽ സ്നേഹവാക്കുകളും, സ്നേഹപ്രകടനങ്ങളും ധാരാളം ഉണ്ടാകണം.

ഒരിക്കൽ കൗൺസിലിംഗിന്റെ ഇടയ്ക്ക് ഭാര്യയോടും ഭർത്താവിനോടും ഞാൻ ചോദിച്ചു, നിങ്ങൾ പരസ്പരം, “ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നോ, നിന്റെ ഡ്രസ്സ് നല്ലതാണെന്നോ, നിങ്ങൾ സുന്ദരനായിരിക്കുന്നുവെന്നോ പറയാറുണ്ടോ?” അപ്പോൾ അവർ പറഞ്ഞ മറുപടി രസകരമാണ്. അവർ പറഞ്ഞു: “അതൊക്കെ പിള്ളേര് കേൾക്കൂല്ലേ അച്ചാ.” പിള്ളേര് കേൾക്കേ പുഴുത്ത തെറി പറഞ്ഞാൽ, പിള്ളേർ അത് കേട്ടാൽ കുഴപ്പമില്ല. സ്നേഹവാക്കുകൾ പിള്ളേർ കേട്ടാൽ പ്രശ്നമാണ്.

ഞാൻ അറിയുന്ന 30 വയസ്സുള്ള ഒരു സഹോദരന്റെ അപ്പച്ചൻ പെട്ടെന്ന് heart attack വന്നു മരിച്ചു. മൃതദേഹം വീട്ടിലെത്തിയപ്പോൾ അവൻ അപ്പച്ചന്റെ കവിളിൽ ചുംബിച്ചു. എന്നിട്ട് അടുത്ത് നിന്ന കൂട്ടുകാരനെ കെട്ടിപ്പിടിച്ചിട്ട്, അവൻ പറയുകയാണ്,”അപ്പച്ചൻ ജീവിച്ചിരുന്നപ്പോൾ ഒരു പ്രാവശ്യമെങ്കിലും ഞാൻ അപ്പച്ചന് ഉമ്മ കൊടുത്തിട്ടില്ലടാഎന്ന്. എന്തുകൊണ്ടാണ് നാമെല്ലാവരും, സ്നേഹവാക്കുകൾ പറയുവാനും, സ്നേഹപ്രകടനങ്ങൾ നടത്തുവാനും മടിക്കുന്നത് എന്ന് ചിന്തിച്ചുനോക്കണം പ്രിയപ്പെട്ടവരേ.

അത്രയ്ക്കും പിശുക്കു കാണിച്ചാൽ എങ്ങനെയാണ് സ്നേഹമായ ഉത്ഥിതനെ കാണുവാൻ സാധിക്കുക. നമ്മിലും, നമ്മുടെ കുടുംബങ്ങളിലും, മറ്റുള്ളവരിലും ഉയിർത്തെഴുന്നേൽക്കുന്ന ഉത്ഥിതനെ, ഉത്ഥിതനായ ക്രിസ്തുവിനെ കാണുവാനുള്ള ഏകമാർഗം ഹൃദയം നിറയെ സ്നേഹവുമായി ജീവിക്കുക എന്നതാണ്; ജീവിതത്തിൽ സ്നേഹപ്രകടനങ്ങൾ ഉണ്ടാകുക എന്നതാണ്.

സ്നേഹമുള്ളവരേ, ഉത്ഥാനത്തിരുനാൾ നമ്മെ ക്ഷണിക്കുന്നത് ക്രിസ്തുവിലേക്കാണ്, അവിടുത്തെ പ്രകാശത്തിലേക്കാണ്, അവിടുത്തെ സ്നേഹത്തിലേക്കാണ്. ഈ ഉത്ഥാനത്തിരുനാൾ നമ്മുടെ ജീവിതത്തെ, കുടുംബത്തെ പ്രകാശംകൊണ്ട്, സ്നേഹംകൊണ്ട്, സ്നേഹവാക്കുകൾകൊണ്ട്, സ്നേഹപ്രകടനങ്ങൾകൊണ്ട് നിറയ്ക്കുവാൻ നമ്മെ പ്രേരിപ്പിക്കട്ടെ. നമ്മുടെ ജീവിതസാഹചര്യങ്ങളിൽ ക്രിസ്തുവിന്റെ പ്രകാശങ്ങളായി നമുക്ക് ഉയിർത്തെഴുന്നേൽക്കാം. ജീവിതത്തിൽ, സ്വാർത്ഥതകൾ, അഹന്ത, ഇഷ്ടങ്ങളുടെ വൈരുധ്യങ്ങൾ, മദ്യാസക്തി, ലഹരിയോടുള്ള ആഗ്രഹം, മൊബൈൽ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളോടുള്ള ആസക്തി, തീവ്രവാദ ശക്തികൾ, ക്രിസ്തുവിനെ ഇല്ലാതാക്കുന്ന തിണ്ണമിയുടെ ശക്തികൾ, നമുക്കിടയിലെ തന്നെ ഭിന്നതകൾ, തുടങ്ങിയവ അന്ധകാരം നിറയ്ക്കുമ്പോൾ ഉത്ഥിതനായ ക്രിസ്തു നിങ്ങളുടെ, നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരട്ടെ. കടന്നു വന്ന് നമുക്ക് സമാധാനം നൽകട്ടെ. ഹൃദയം നിറയെ സ്നേഹത്തോടെ എന്റെ ക്രൈസ്തവജീവിതം ഞാൻ നയിക്കും എന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.

അതിനുള്ള കൃപയ്ക്കാകട്ടെ ഇന്നത്തെ നമ്മുടെ ഉത്ഥാനത്തിരുനാളിലെ വിശുദ്ധ കുർബാന.

എല്ലാവർക്കും ഉത്ഥാനത്തിരുനാളിന്റെ മംഗളങ്ങൾ ആശംസിക്കുന്നു! ആമേൻ!

SUNDAY SERMON PALM SUNDAY 2025

ഓശാന ഞായർ -2025

കേരള സഭയിൽ പാരമ്പര്യമായി നടത്തപ്പെടുന്ന നാല്പതാം വെള്ളി ആചരണത്തിനുശേഷം, ഈശോയുടെ കഷ്ടാനുഭവ ആഴ്ചയിലേക്ക് പ്രവേശിക്കുന്നതിന്റെ ആമുഖമായി ഓശാനഞായർ നാമിന്ന് ആഘോഷിക്കുകയാണ്. നസ്രാണി പാരമ്പര്യത്തിലുള്ള കൊഴുക്കൊട്ട ശനിയാഴ്ച ഗൃഹാതുരത്വമുണർത്തുന്ന ഒരനുഭവമായിട്ടാണ് നാം ആചരിക്കുന്നത്. വിജയശ്രീലാളിതനായി കഴുതപ്പുറത്ത് ജറുസലേമിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, ഈശോ ബഥാനിയായിൽ ലാസറിന്റെ ഭവനം സന്ദർശിക്കുകയും മർത്തായും മറിയവും ഈശോയ്ക്ക് കൊഴുക്കൊട്ട കൊടുത്തു് സത്ക്കരിക്കുകയും ചെയ്തതിന്റെ ഓർമയാണ് കൊഴുക്കൊട്ട ശനിയാഴ്ച്ച. ഇന്നലെ നമ്മുടെയെല്ലാവരുടെയും കുടുംബങ്ങളിൽ കൊഴുക്കൊട്ടയുണ്ടാക്കിയെന്ന് ഞാൻ വിശ്വസിക്കുകയാണ്. 

യോഹന്നാന്റെ സുവിശേഷമനുസരിച്ച്   ലാസറിന്റെയും മർത്തായുടെയും, മറിയത്തിന്റെയും ഗ്രാമമായ ബേഥനിയായിൽ നിന്നാണ് ഈശോ ജറുസലേമിലേക്ക് പോകുന്നത്. യഹൂദരുടെ പെസഹാത്തിരുനാൾ അടുത്തിരുന്നതുകൊണ്ട് ധാരാളം ആളുകൾ തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നതിനായി ജെറുസലേമിലേക്ക് പോകുന്നുണ്ടായിരുന്നു. പുരോഹിതപ്രമുഖന്മാരും, ഫരിസേയരും ആലോചനാസംഘംകൂടി തന്നെ വധിക്കുവാൻ പദ്ധതിയിടുന്നുണ്ടെന്നും, ജനം മുഴുവൻ നശിക്കാതിരിക്കുവാൻ അവർക്കുവേണ്ടി ഒരുവൻ മരിക്കുന്നതു യുക്തമാണെന്നു പറഞ്ഞുകൊണ്ട് കയ്യഫാസ് തന്നെ വധിക്കുവാനുള്ള പദ്ധതിയ്ക്ക് എരിവും പുളിയും ചേർത്തെന്നും അറിഞ്ഞതുകൊണ്ട് ഈശോ പരസ്യമായി യഹൂദരുടെയിടയിൽ ആ സമയങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ, പെസഹാത്തിരുനാളിന് ജനം മുഴുവൻ ജറുസലേമിൽ തിങ്ങിക്കൂടിയപ്പോൾ, സ്വർഗത്തിൽ നിന്നെന്നപോലെ, വലിയൊരു അത്ഭുതം പോലെ, അന്നുവരെയുണ്ടായിരുന്ന, ലോകത്തിന്റെ അവസാനവരെയുള്ള ജനത്തിന്റെ ഓശാനവിളികൾക്ക്, കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ എന്ന ജനത്തിന്റെ ഹൃദയം തകർന്നുള്ള കരച്ചിലുകൾക്ക്, മിശിഹായേ വരണമേ എന്ന കണ്ണീരൊഴുക്കിയുള്ള പ്രാർത്ഥനയ്ക്ക് മറുപടിയെന്നോണം, ഉത്തരമെന്നോണം, ദാവീദിന്റെ പുത്രനായ ഈശോ, ജീവിത ദൗത്യം പൂർത്തീകരിക്കുവാൻ, ദൈവത്തിന്റെ ഇഷ്ടം പൂർത്തീയാക്കുവാൻ, ദൈവത്തിന്റെ ഇഷ്ടം മാത്രം പൂർത്തീയാക്കുവാൻ ജറുസലേം പട്ടണത്തിൽ ജനങ്ങളുടെ ഇടയിൽ പ്രത്യക്ഷപ്പെടുകയാണ്.

നമുക്കറിയാവുന്നതുപോലെ ഇന്നത്തെ റോഡ് ഷോകളുടെ ആർഭാടവും പത്രാസുമൊന്നും ആ റോഡ് ഷോയ്ക്കുണ്ടായിരുന്നില്ല. തുറന്ന ജീപ്പുകൾക്കും, സ്പോർട്സ് കാറുകൾക്കും പകരം കഴുതയായിരുന്നു ഈശോയുടെ വാഹനം. വഴിയിൽ കാത്തുനിൽക്കാൻ ജനത്തെ തയ്യാറാക്കി നിറുത്തിയിരുന്നില്ല. കൊടിതോരണങ്ങളൊന്നും കരുതിയിരുന്നില്ല. എഴുതിത്തയ്യാറാക്കിയ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും ഒന്നും ഇല്ലായിരുന്നു!

ഈശോ ജറുസലേമിലേക്ക് വളരെ സാധാരണമായി ഒരു കഴുതയുടെ പുറത്തു പ്രവേശിക്കുകയാണ്. ഇതുകണ്ട ജനം, എന്തോ ഒരു അത്ഭുതം നടന്നാലെന്നപോലെ, അതൊരു ഉത്സവമാക്കി മാറ്റുകയാണ്. റെഡ് കാർപറ്റിനുപകരം തങ്ങളുടെ വസ്ത്രങ്ങൾ, കൊടികൾക്കുപകരം മരച്ചില്ലകൾ, മുദ്രാവാക്യങ്ങൾക്കുപകരം ഈശോ ചെയ്ത അത്ഭുതങ്ങൾ …. തങ്ങൾ എന്താണ് വിളിച്ചുപറയുന്നതെന്നുപോലും അറിയാതെ, ഈശോയെ നീ ദാവീദിന്റെ പുത്രനാണെന്ന ഏറ്റുപറച്ചിലുകൾ, ഒരു രാജാവിനോടെന്നപോലെ, ഹോസാന, ഞങ്ങളെ രക്ഷിക്കണമേയെന്ന വിളികൾ! “ദാവീദിന്റെ പുത്രന് ഹോസാന; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ! ഉന്നതങ്ങളിൽ ഹോസാന!” (മത്താ 21, 9) സുവിശേഷകന്മാർ ഒരേ സ്വരത്തിൽ പറയുന്നത്, ജനം മുഴുവൻ ആനന്ദത്തിലാറാടി, നഗരം മുഴുവൻ ഇളകിവശായി എന്നാണ്. (മത്താ 20, 10) അന്ന് റോഡ് ഷോകൾക്ക് അവാർഡ് ഉണ്ടായിരുന്നെങ്കിൽ ഒരു പരിസ്ഥിതി സൗഹൃദ റോഡ് ഷോ അവാർഡ് ഈശോയുടെ ജറുസലേം പ്രവേശത്തിന് ലഭിക്കുമായിരുന്നു!

സ്നേഹമുള്ളവരേ, എന്താണ് നാമിന്ന് ആചരിക്കുന്നത്? ബോധ്യമുണ്ടാകണം നമുക്ക്! ഉയർത്തിപ്പിടിച്ച കുരുത്തോലകളും, ആലപിക്കുന്ന ഓശാനഗീതങ്ങളുമായി നാമിന്ന് ആചരിക്കുന്ന ഓശാനഞായർ ഇന്നത്തെ റോഡ് ഷോകൾപോലെ വെറുമൊരു രാഷ്ട്രീയ നാടകമായിരുന്നില്ല. ജറുസലേം പ്രവേശംഈശോയുടെ ജീവിതത്തിലേക്ക് വൈകിയെത്തിയ ഒരാശയമായിരുന്നില്ല അത്. അത് രക്ഷാകരചരിത്രത്തിന്റെ ഭാഗമായി ജറുസലേമിൽ അരങ്ങേറേണ്ട രക്ഷാകര സംഭവങ്ങളുടെ കൊടിയേറ്റമായിരുന്നു. അത്, “സീയോൻ പുത്രിയോട് പറയുക, ഇതാ നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്റെ അടുത്തേക്ക് വരുന്നുഎന്ന സഖറിയ പ്രവാചകന്റെ പ്രവചനത്തിന്റെ (സഖ 9, 9) പൂർത്തീകരണമായിരുന്നു. അത് പിതാവായ ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ ഈശോ എടുത്ത തീരുമാനത്തിന്റെ വലിയ പ്രകടനമായിരുന്നു. ആഘോഷത്തിനുവേണ്ടിയോ, ആചരണത്തിനുവേണ്ടിയോ, സമൂഹത്തിൽ മാനിക്കപ്പെടുവാൻവേണ്ടിയോ, വെറുമൊരു ജീവിതാന്തസ്സിൽ പ്രവേശിക്കുവാൻ വേണ്ടിയോ, സ്വന്തം സ്വാർത്ഥതാത്പര്യങ്ങൾക്കുവേണ്ടി മറന്നുകളയാൻവേണ്ടിയോ നാമൊക്കെ  നടത്തുന്ന  വെറുതെ ഒരു  പ്രതിജ്ഞപോലെയല്ല, ദൈവമേ നിന്റെ ഇഷ്ടം നിറവേറ്റുവാൻ ഞാനിതാ വന്നിരിക്കുന്നുഎന്ന് പിതാവായ ദൈവത്തിന് കൊടുത്ത വാക്കിന്റെ പൂർത്തീകരണമായിരുന്നു ഈശോയുടെ ജറുസലേം  പ്രവേശം!

അതുകൊണ്ട് കഴുതപ്പുറത്തേറി വരുന്ന ഒരു ചെറുപ്പക്കാരനെ കണ്ടതിന്റെ ഭ്രാന്തമായ ഒരാവേശംകൊണ്ടായിരുന്നില്ല ഇസ്രായേൽ ജനം അവിടെ അരങ്ങുതകർത്തത്. തിരുനാളാഘോഷത്തിന്റെ ഭാഗമായ ഒരു ആഹ്ലാദപ്രകടനവും അല്ലായിരുന്നു അത്. പിന്നെയോ, ഒലിവിലച്ചില്ലകൾക്കും, ഓശാനഗീതങ്ങൾക്കും, നൃത്തചുവടുകൾക്കും അപ്പുറം, ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ, ദൈവത്തിന്റെ ഇഷ്ടം മാത്രം പൂർത്തിയാക്കുവാൻ നിശ്ചയദാർഢ്യത്തോടും, ഉറച്ച കാൽവയ്പുകളോടും കൂടി വന്ന ശക്തമായ ഒരു മനസ്സിനോടൊത്തുള്ള, വ്യക്തിയോടൊത്തുള്ള ദൈവത്തിന്റെ, മനുഷ്യന്റെ, പ്രകൃതിയുടെ ആഘോഷമായിരുന്നു അത്! ദൈവാനുഭവത്താൽ നിറഞ്ഞ്, ദൈവത്തിന്റെ വാക്കുകൾ പ്രഘോഷിക്കുവാൻ, ദൈവത്തിന്റെ പ്രവർത്തികൾ ചെയ്യുവാൻ ഒരു വ്യക്തി തയ്യാറായി വരുമ്പോൾ – ആ വ്യക്തി ആരുമായിക്കൊള്ളട്ടെ സ്ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ, ഭാര്യയോ ഭർത്താവോ, വൈദികനോ സന്യാസിയോ, മെത്രാനോ ആയിക്കൊള്ളട്ടെ – ആ വ്യക്തിയെ ആരവങ്ങളോടെയല്ലാതെ, ആഘോഷങ്ങളോടെയല്ലാതെ, ആനന്ദനൃത്തങ്ങളോടെയല്ലാതെ പിന്നെ എങ്ങനെയാണ് സ്വീകരിക്കേണ്ടത്?  

ബുദ്ധമത പാരമ്പര്യത്തിൽ ബുദ്ധനായിത്തീർന്ന ഗൗതമനെ പ്രപഞ്ചം സ്വീകരിക്കുന്ന ഒരു വിവരണമുണ്ട്. പ്രബുദ്ധത നിറഞ്ഞു ബുദ്ധനായിത്തീർന്നശേഷം അദ്ദേഹം താൻ ഉൾക്കൊണ്ട ധർമ്മം പഠിപ്പിക്കാൻ, താൻ അനുഭവിച്ചറിഞ്ഞ ചൈതന്യം ജീവിക്കാൻ, ചൈതന്യത്തിന്റെ ഇഷ്ടം മാത്രം പൂർത്തീകരിക്കാൻ യാത്ര തിരിക്കുകയാണ്. അങ്ങനെ കടന്നു വരുന്ന ബുദ്ധനെ പ്രപഞ്ചം, അസ്ത്വിത്വം മുഴുവൻ ആഹ്ലാദാരവങ്ങളോടെയാണ് സ്വീകരിക്കുന്നത്. ആകാശങ്ങളിൽ പല ദിക്കുകളിൽനിന്ന് പക്ഷികൾ വന്ന് ചുറ്റും പറന്നുനടന്ന് ആഹ്ളാദം പങ്കുവയ്ക്കുകയാണ്. ഉണങ്ങിനിന്ന മരങ്ങളെല്ലാം പൂവണിയുകയാണ്. വരണ്ടുകിടന്ന അരുവികളിൽ ജലം നിറഞ്ഞു അവ കളകളാരവത്തോടെ ഒഴുകുകയാണ്. വീശിയടിച്ച കാറ്റിൽ മരങ്ങളെല്ലാം നൃത്തം ചെയ്തപ്പോൾ ബുദ്ധൻ കടന്നുപോയ വഴികളിലെല്ലാം പുഷ്പവൃഷ്ടിയുണ്ടാകുകയാണ്. വെറും ഗൗതമൻ ബുദ്ധനായി വരുമ്പോൾ, ഇങ്ങനെയല്ലാതെ പിന്നെയെങ്ങനെയാണ് അദ്ദേഹത്തെ പ്രപഞ്ചം സ്വീകരിക്കേണ്ടത്?

എന്തുകൊണ്ടാണ് വിശുദ്ധരുടെ തിരുനാളുകൾ നാം മഹാമഹം ആഘോഷിക്കുന്നത്? വിശുദ്ധരുടെ ജീവിതങ്ങൾ ദൈവത്തിന്റെ ഇഷ്ടത്തിന്റെ ആഘോഷമായിരുന്നു. തിരുസ്സഭയോട് ചേർന്ന് നിന്നുകൊണ്ട്, തിരുസ്സഭയിലൂടെ വെളിപ്പെടുന്ന ദൈവത്തിന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ചുകൊണ്ട്, സ്വന്തം താത്പര്യങ്ങളും, സൗകര്യങ്ങളും, ഇഷ്ടങ്ങളും ത്യജിച്ചുകൊണ്ട് തിരുസ്സഭയിലൂടെ, സീറോമലബാർ സഭയിലൂടെ, മറ്റ് വ്യക്തിഗതസഭകളിലൂടെ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ജീവിച്ചപ്പോഴാണ് അവരുടെ ജീവിതങ്ങൾ വിശുദ്ധമായത്. നോക്കൂ വിശുദ്ധ പാദ്രെ പിയോയെ?  വിശുദ്ധിയുടെ വഴികളിലൂടെ ഈ ഭൂമിയിലൂടെ നടന്നുപോയപ്പോൾ, തിരുസഭയിൽ നിന്ന് കിട്ടിയ ശിക്ഷണ നടപടികൾ പോലും ദൈവത്തിന്റെ ഇഷ്ടമായിട്ടാണ് അദ്ദേഹം കണ്ടത്. ഈ ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റിക്കൊണ്ട് കടന്നുപോയ അവരെ ഇങ്ങനെയല്ലാതെ പിന്നെയെങ്ങനെയാണ് ഓർമിക്കേണ്ടത്?

എന്തുകൊണ്ടാണ് വിവാഹം നമ്മൾ ആഘോഷമാക്കുന്നത്? രണ്ടു ചെറുപ്പക്കാർ, അവളും, അവനും, അവരുടെ യൗവ്വനത്തിന്റെ കാലഘട്ടത്തിൽ, ചെറുപ്പത്തിന്റെ പ്രസരിപ്പോടെ ദൈവത്തിന്റെ മുൻപിൽ നിന്നുകൊണ്ട് തിരുസ്സഭയെ സാക്ഷിയാക്കി,നീ നൽകിയ ജീവിതപങ്കാളിയോടൊത്ത്  ദൈവമേ നിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ തയ്യാറാണ് എന്ന് പറയുമ്പോൾ ആ വിവാഹം, ആ ദാമ്പത്യം ആഘോഷിക്കുവാൻ മാത്രമുള്ളതാണ്. ദൈവത്തിന്റെ ഇഷ്ടത്തിന്റെ ആഘോഷമാണ് ഓരോ വിവാഹവും, ദാമ്പത്യജീവിതവും, കുടുംബജീവിതവും! പിന്നീടങ്ങോട്ട് ദൈവത്തിന്റെ മുൻപിലും മനുഷ്യരുടെ മുൻപിലും എടുത്ത് പ്രതിജ്ഞ നിറവേറ്റുവാനുള്ള അവരുടെ നിശ്ചയദാർഢ്യമാണ് അവരുടെ ജീവിതത്തെ ദൈവത്തിന്റെ ഇഷ്ടമാക്കി മാറ്റുന്നത്!   

എന്തുകൊണ്ടാണ് തിരുപ്പട്ടവും സന്യാസം സ്വീകരിക്കലും നാം ഉത്സവമാക്കുന്നത്? ദൈവമേ നീ നൽകിയ ജീവിതം മുഴുവനും നിന്റെ ഇഷ്ടം മാത്രം പൂർത്തീകരിക്കുവാൻ ഞാൻ തയ്യാറാണ് എന്നും പറഞ്ഞുകൊണ്ട്, അഭിവന്ദ്യ മെത്രാന്റെ മുൻപിൽ, സഭാ ശ്രേഷ്ഠന്റെ, സഭാ ശ്രേഷ്ഠയുടെ മുൻപിൽ, തിരുസഭയുടെ മുൻപിൽ, മുട്ടുകുത്തി നിന്നുകൊണ്ടോ, കമിഴ്ന്നുവീണ് കിടന്നുകൊണ്ടോ ഏറ്റുപറയുമ്പോൾ, ദൈവത്തിന്റെ ഇഷ്ടം ജീവിക്കുവാൻ തയ്യറായി നിൽക്കുന്ന ആ ചെറുപ്പക്കാരെ എങ്ങനെയാണ് പ്രിയപ്പെട്ടവരേ നാം സ്വീകരിക്കേണ്ടത്? എങ്ങനെയാണ് ആ മഹാ സംഭവം ആഘോഷിക്കേണ്ടത്? തിരുപ്പട്ടത്തിലൂടെ, സന്യാസജീവിതത്തിലൂടെ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ കടന്നുവരുന്ന ചെറുപ്പക്കാരെ ആഘോഷത്തോടെയല്ലേ സ്വീകരിക്കേണ്ടത്?  സന്തോഷത്തോടെയല്ലേ ജീവിതാന്തസ്സിന്റെ വഴികളിലേക്ക് ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ പറഞ്ഞുവിടേണ്ടത്? ദൈവത്തിന്റെ ഇഷ്ടം ഓരോ നിമിഷവും തങ്ങളിലൂടെ, തങ്ങളുടെ ജീവിതത്തിലൂടെ പൂർത്തിയാക്കുവാൻ അവർ ശ്രമിക്കുന്നതുകൊണ്ടല്ലേ ലോകം മുഴുവനും അവരെ ബഹുമാനിക്കുന്നത്!! ക്രിസ്തുവിനുവേണ്ടി, തിരുസ്സഭയ്ക്കുവേണ്ടി, ദൈവജനത്തിനുവേണ്ടി സ്വന്തം അഭിപ്രായങ്ങൾ, ആശയങ്ങൾ, ആഗ്രഹങ്ങൾ മാറ്റിവച്ചുകൊണ്ട്, ജീവിതം ദൈവത്തിന്റെ ഇഷ്ടത്തിന്റെ ആഘോഷമാക്കുന്ന മഹത് വ്യക്തിത്വങ്ങളെ ആഘോഷത്തോടും, ആരവങ്ങളോടുംകൂടി നാം സ്വീകരിക്കുമ്പോൾ അവരുടെ എളിമയിൽ, അവരുടെ സമർപ്പണത്തിൽ നാം ക്രിസ്തുവിനെ കാണുകയാണ്!!

ഓരോ ജീവിതാന്തസ്സിലേക്കുള്ള പ്രവേശവും ഓശാനഞായറിന്റെ ചൈതന്യവും ആഹ്ലാദവും നിറച്ചുകൊണ്ടാണ് ഭൂമിയിൽ പിറന്നുവീഴുന്നത്.

സ്നേഹമുള്ളവരേ, ഉള്ളിലേക്ക് വലിക്കുന്ന ഓക്സിജനും, പുറത്തേയ്ക്ക് വിടുന്ന കാർബൺ ഡയോക്സൈഡും, ഇവ രണ്ടുംകൊണ്ട് പ്രവർത്തിക്കുന്ന ഒരു ഹൃദയത്തോടെ ദൈവം കനിഞ്ഞു നൽകിയ ജീവിതവുമായി ഭൂമിയിലൂടെ കടന്നുപോകുമ്പോൾ ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുക എന്നതിൽ കവിഞ്ഞ്, മനുഷ്യന്, ക്രൈസ്തവന് എന്താണ് ഭൂമിയിൽ ചെയ്യുവാനുള്ളത്? അങ്ങനെ കടന്നുവരുന്ന ക്രൈസ്തവനെ കണ്ടെത്തുവാൻ, തിരിച്ചറിയുവാൻ ജെറുസലേമിലേക്കു രാജകീയ പ്രവേശം നടത്തുന്ന ക്രിസ്തുവിനെ നോക്കിയാൽ മതി. കാരണം, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിച്ചുകൊണ്ടു ജീവിക്കുന്ന ഒരു വ്യക്തിയിൽ അവശ്യം തെളിഞ്ഞു നിൽക്കുന്ന എല്ലാ ഗുണങ്ങളും കഴുതപ്പുറത്തേറിവരുന്ന ക്രിസ്തുവിൽ കണ്ടെത്തുവാൻ നമുക്ക് കഴിയും.

ഒന്നാമതായി, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ തീരുമാനിക്കുന്ന ഒരുവൻ എളിമപ്പെടുന്നു. ഈശോ വിനയാന്വിതനായി കഴുതപ്പുറത്താണ് തന്റെ രാജകീയ പ്രവേശം നടത്തുന്നത്. “ഞാൻ ശാന്തശീലനും വിനീതഹൃദയനുമാണ്’ (മത്താ 11, 29) എന്ന് മൊഴിഞ്ഞ ഈശോ ജീവിതത്തിന്റെ വഴികളിൽ തന്റെ വാക്കുകൾക്ക് ജീവൻ കൊടുക്കുകയാണ്. ഇന്നത്തെ രാഷ്ട്രീയ മത നേതാക്കളെപ്പോലെ ശീതീകരിച്ച വാഹനങ്ങളിലിരുന്ന് ജനത്തിനുനേരെ കൈവീശുന്ന, ശീതീകരിച്ച മുറികളിലിരുന്ന് പട്ടിണിപ്പാവങ്ങൾക്കുവേണ്ടി പ്രകടനപത്രികകളും, ലേഖനങ്ങളും, പ്രസ്താവനകളും പടച്ചുവിടുന്ന ഒരു നേതാവായിട്ടല്ല ഈശോ കഴുതപ്പുറത്തു എഴുന്നള്ളിയത്. ആ വൈരുധ്യങ്ങളുടെ രാജകുമാരനിൽ എളിമയുള്ള, ആത്മാർത്ഥതയുള്ള ഒരു ഹൃദയം കാണുവാൻ ജനങ്ങൾക്ക് സാധിച്ചു. 

ദൈവത്തിന്റെ ഇഷ്ടം ജീവിതവൃതമായി സ്വീകരിച്ചുകൊണ്ട് ഭാരതത്തിന്റെ രാഷ്ട്രപിതാവായ വളർന്ന മഹാത്മാഗാന്ധിജിയെ ആനന്ദത്തോടെ ഭാരതം ഏറ്റുവാങ്ങിയത് അദ്ദേഹത്തിന്റെ എളിമകൊണ്ടായിരുന്നു. മഹാത്മാവിനെ ദരിദ്രനായി കാണുവാൻ അന്നത്തെ പല സവർണ നേതാക്കൾക്കും താത്പര്യമില്ലായിരുന്നു. എന്നാൽ, ദരിദ്രന്റെ തേർഡ് ക്ലാസിലൂടെ ഗാന്ധി നടത്തിയ ഓരോ ട്രെയിൻ യാത്രയും ഭാരതത്തിലെ സാധാരണ ജനത്തിന്റെ ഹൃദയത്തിലേക്കുള്ള ഫസ്റ്റ് ക്ലാസ് യാത്രകളായിരുന്നു. ട്രെയിൻ നിറുത്തിയ സ്റ്റേഷനുകളിൽ അദ്ദേഹത്തിനുകിട്ടിയ സ്വീകരണങ്ങൾ ഈശ്വരഹിതം പൂർത്തിയാക്കുവാൻ നിശ്ചയദാർഢ്യത്തോടെ ഇറങ്ങിപ്പുറപ്പെട്ട ഒരു മനുഷ്യന് കിട്ടിയ ആദരവായിരുന്നു; അദ്ദേഹത്തിന്റെ എളിമയ്ക്ക് കിട്ടിയ സ്വീകാര്യതയായിരുന്നു!

രണ്ടാമതായി, ദൈവത്തിന്റെ ഇഷ്ടം ജീവിതമാക്കാൻ ഒരാൾ തീരുമാനിക്കുമ്പോൾ ദൈവത്തോടുള്ള, ദൈവിക കാര്യങ്ങളോടുള്ള തീക്ഷ്ണതയാൽ അയാൾ നിറയുന്നു. കഴുതപ്പുറത്തേറിവന്ന ഈശോ, ജനങ്ങളുടെ ഓശാനവിളികളും, ആഹ്ലാദവും കണ്ട് അഹങ്കരിക്കാതെ, ദൈവത്തോടുള്ള തീക്ഷ്ണതയാൽ നിറയുകയാണ്. അവിടുന്ന് പിതാവിന്റെ ഭവനം ശുദ്ധീകരിക്കുകയാണ്. (മത്താ 21, 12-14) ദൈവത്തിന്റെ ഹിതം നിറവേറ്റുവാൻ ആഗ്രഹിക്കുന്നവർ അങ്ങനെയാണ്. നാട്ടിലും, വീട്ടിലും കള്ളുകുടിയും, ചില്ലറ തരികിടകളുമായി കുടുംബം നോക്കാതെ നടന്ന ഒരാൾ, ഒരുനാൾ ധ്യാനത്തിനുപോയി ദൈവാനുഭവം നിറഞ്ഞു പുതിയമനുഷ്യനായി തിരിച്ചുവരുമ്പോൾ അവളിൽ / അവനിൽ ഉണ്ടാകുന്ന മാറ്റം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? പരിശുദ്ധ അമ്മയെപ്പോലെ, ധ്യാനത്തിന്റെ ഏതെങ്കിലും ഒരു നിമിഷം ഇതാ കർത്താവിന്റെ ദാസി/ ദാസൻ എന്നും പറഞ്ഞു ജീവിതം മുഴുവൻ ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുമ്പോൾ, പിന്നെ ദൈവത്തോടുള്ള തീക്ഷ്ണതയാൽ നിറയുകയാണ്. വീട്ടിലെത്തിയാൽ എല്ലാം clean ചെയ്യുകയാണ്. പൊടിപിടിച്ചു കിടന്ന കർത്താവിന്റെ രൂപം, മാറാലപിടിച്ചുകിടന്ന ക്രൂശിതരൂപം, വീട്ടിലെ മൊത്തം കാര്യങ്ങൾ എല്ലാം ശുദ്ധീകരിച്ചു അവൾ / അവൻ ദൈവത്തിന്റേതാക്കുകയാണ്. അവളുടെ / അവന്റെ പ്രവർത്തികളും, വാക്കുകളും, നടക്കുന്ന വഴികളും എല്ലാം ദൈവത്തോടുള്ള തീക്ഷ്ണതയുടെ പ്രകടനങ്ങളാകുകയാണ്.

മൂന്നാമതായി, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാനുള്ള ഒരാളുടെ തീരുമാനം അയാളെ സന്തോഷംകൊണ്ട് നിറയ്ക്കുന്നു; ഒപ്പം മറ്റുള്ളവരെയും. പിതാവിന്റെ ഹിതം നിറവേറ്റുവാനായി ജറുസലേമിലേക്ക് കടന്നുവന്ന ഈശോ ഉള്ളുനിറയെ ആനന്ദത്തോടും, സംതൃപ്തിയോടും കൂടിയാണ് ഇസ്രായേൽ ജനത്തിനുമുന്പിൽ നിന്നത്. ആ സന്തോഷം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്, പിന്നെ ആൾക്കൂട്ടത്തിലേക്ക് പടരുന്നതായിട്ടാണ് നാം കാണുന്നത്. കുടുംബത്തിന് തലവേദനയായിരുന്ന ഭർത്താവ്, നാണക്കേട് മാത്രമായിരുന്ന അപ്പൻ ധ്യാനം കൂടി നന്മയിലേക്ക് കടന്നുവന്നപ്പോൾ അയാളും കുടുംബം മുഴുവനും ആനന്ദത്താൽ ആർപ്പുവിളിക്കുന്നതു നിങ്ങൾ കണ്ടിട്ടില്ലേ? ഓശാന ഞായറാഴ്ച്ചയുടെ സന്തോഷം, ആഹ്ലാദം നമ്മിൽ, നമ്മുടെ കുടുംബങ്ങളിൽ നിറയാൻ നാം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരാകണം.

നാലാമതായി, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുന്ന വ്യക്തി അവൾ /അവൻ ആയിരിക്കുന്ന ഇടങ്ങളിൽ ഒരു അനുഗ്രഹമായിരിക്കും. വ്യക്തിയുടെ സാന്നിധ്യം മാത്രമല്ല, വ്യക്തിയുടെ വേദനയും, പീഡാസഹനവും എന്തിന് മരണംപോലും ഒരു അനുഗ്രഹമായിരിക്കും. ഈശോയുടെ സാന്നിധ്യം അവിടെ ജനത്തിന് അനുഗ്രഹമായി മാറുകയാണ്. സുവിശേഷം പറയുന്നതിങ്ങനെയാണ്: ” അന്ധന്മാരും മുടന്തന്മാരും ദേവാലയത്തിൽ അവന്റെ അടുത്തെത്തി. അവൻ അവരെ സുഖപ്പെടുത്തി.” (മത്താ 21, 15) പ്രിയപ്പെട്ടവരേ, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ തയ്യാറായി വരുന്നവന്റെ സാന്നിധ്യം മാത്രമല്ല, വാക്കുകൾ മാത്രമല്ല, അവളുടെ / അവന്റെ വേദനകൾ പോലും, പീഡാസഹനങ്ങൾ പോലും, എന്തിന് മരണംപോലും അനുഗ്രഹമായിത്തീരും. അതാണ് ഈശോയുടെ ജീവിതം.

സ്നേഹമുള്ളവരേ, ഓശാനഞായർ വെറുമൊരു റോഡ് ഷോ അല്ല. അത് നമ്മുടെ ജീവിതത്തിൽ ഓരോ നിമിഷവും സംഭവിക്കേണ്ട ദൈവിക പദ്ധതിയാണ്. അത് സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റ ലാണ്; ജീവിതം മുഴുവൻ ദൈവത്തിന്റെ ഇഷ്ടത്തിന്റെ ആഘോഷമാക്കിമാറ്റലാണത്. തിരുസ്സഭയിൽ, സീറോമലബാർ സഭയിൽ, നമ്മുടെ കുടുംബങ്ങളിൽ, നാം ക്രൈസ്തവരുടെ ഇടയിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക്, എതിർസാക്ഷ്യങ്ങൾക്ക് കാരണം നാമൊക്കെ ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ ശ്രമിക്കാതെ, നമ്മുടെ അഹന്തയുടെ കുതിരപ്പുറത്തുകയറി യാത്രചെയ്യുന്നു എന്നതാണ്. കുരുത്തോലകളുടെ നൈർമല്യത്തോടെ, നമുക്ക് ഉറക്കെ വിളിക്കാം, ഓശാന, കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ! കർത്താവേ, നിന്റെ ഇഷ്ടം നിറവേറ്റുന്നവരാകാൻ ഞങ്ങളെ ശക്തരാക്കണമേ!

വലിയ ആഴ്ചയിലെ സംഭവങ്ങൾ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നത് എങ്ങനെയെന്ന് നമ്മെ പഠിപ്പിക്കട്ടെ. നമ്മിൽ സ്വർഗ്ഗരാജ്യത്തിന്റെ സന്തോഷം, രക്ഷ നിറയട്ടെ. ആമേൻ!

SUNDAY SERMON JN 10, 11-18

നോമ്പുകാലം ആറാം ഞായർ

യോഹ 10, 11-18

ഒരിക്കലും മങ്ങിപ്പോകാത്ത മനോഹരമായ ഒരു ക്രിസ്തീയ സങ്കൽപ്പത്തിന്റെ സുവിശേഷ ആവിഷ്കാരമാണ് ഇന്നത്തെ സുവിശേഷം. സങ്കൽപം എന്തെന്നല്ലേ? ക്രിസ്തു നല്ല ഇടയൻ! അന്യ മതസ്ഥർക്കുപോലും ഇഷ്ടപ്പെട്ട ഒരു രൂപകമാണ് ക്രിസ്തു നല്ലിടയൻ എന്നത്. കലാകാരന്മാർക്ക്, പ്രത്യേകിച്ച്, ചിത്രകാരന്മാർക്ക് ഇഷ്ടപ്പെട്ടതും, സാധരണ മനുഷ്യർ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നതും ഈയൊരു ചിത്രമാണ്. ക്രിസ്തു നല്ലിടയൻ എന്ന സുന്ദര ചിത്രം മനസ്സിൽ വച്ചുകൊണ്ട് നമുക്ക് ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ വിചിന്തനത്തിലേക്ക് കടക്കാം.

പ്രധാനമായും മൂന്ന് രൂപകങ്ങളാണ് ഈശോ ഇന്നത്തെ സുവിശേഷത്തിൽ ഉപയോഗിക്കുന്നത്. ഒന്ന്, ഇടയൻ. ഈശോ പറയുന്നു: ” ഞാൻ നല്ല ഇടയനാണ്.” (യോഹ 10, 11) രണ്ട്, ആടുകൾ. “നിങ്ങൾ ആടുകളാണ്” എന്ന് ഈശോ പറയുന്നില്ലെങ്കിലും ആടുകൾ എന്ന് പറയുമ്പോൾ മനുഷ്യരെയാണ്, നമ്മെയാണ് ഈശോ മനസ്സിൽ കാണുന്നത്. മൂന്ന്, വാതിൽ. ഈശോ പറയുന്നു: “ഞാനാണ് ആടുകളുടെ വാതിൽ.” (യോഹ 10, 7)  

ഇടയനും ആട്ടിൻകൂട്ടവും നമ്മുടെ സംസ്കാരത്തിന്റെ മുഖ്യഘടകമല്ലെങ്കിലും, ഇടയനെക്കുറിച്ചും, ആടുകളെക്കുറിച്ചും നമുക്ക് അറിയാവുന്നതുകൊണ്ട്, ‘ഈശോ നല്ല ഇടയനാണ്എന്ന രൂപകം മനസ്സിലാക്കാൻ നമുക്കു എളുപ്പമാണ്. എവിടെനിന്നാണ് ഈ ആശയം ഈശോയ്ക്ക് ലഭിച്ചത് എന്നതിനെക്കുറിച്ചു പല അഭിപ്രായങ്ങളുണ്ട്. പ്രധാനപ്പെട്ട ഒരു വാദം ഇതാണ്: Jesus lived in India എന്ന പുസ്തകത്തിൽ ഹോൾഗെർ കെർസ്റ്റൻ (Holger Kersten), ബുദ്ധമത പാരമ്പര്യത്തിൽ നിന്നാകാം ഈശോയ്ക്ക് ഇങ്ങനെയൊരു ആശയം ലഭിച്ചിട്ടുണ്ടാകുക എന്ന് അഭിപ്രായപ്പെടുന്നുണ്ട്. ക്രിസ്തുവിന് മുൻപ് നിലവിലുണ്ടായിരുന്ന ബുദ്ധ മത പാരമ്പര്യത്തിൽ ബോധിസത്വനെ (Bodhisattva) നല്ലയിടയനായി ചിത്രീകരിച്ചിട്ടുള്ള പ്രതിമകൾ കണ്ടെടുത്തിട്ടുള്ളത് ഈ അഭിപ്രായത്തിന് തെളിവായി നൽകുന്നുമുണ്ട്. എന്നാൽ, മനുഷ്യന്റെ സാധാരണ ജീവിതസാഹചര്യങ്ങളെ കൂട്ടിയിണക്കി സാരോപദേശങ്ങൾ പറയുന്ന രീതി സ്വീകരിച്ച ഈശോ, ഇടയനും ആട്ടിൻകൂട്ടവുമെന്ന ചിത്രവും ഇസ്രായേൽക്കാരുടെ ജീവിതപശ്ചാത്തലത്തിൽ നിന്ന് എടുത്തതായിരിക്കണമെന്നാണ് ക്രൈസ്തവ പണ്ഡിതന്മാർ വിശ്വസിക്കുന്നത്. ഈ അഭിപ്രായമാണ് ഏറ്റവും സ്വീകാര്യമെന്നാണ് എനിക്കും തോന്നുന്നത്.

ഇടയനും ആട്ടികൂട്ടവും മധ്യപൂർവേഷ്യയിലെ ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. ജനത്തിന് ഏറ്റവും പരിചിതമായ ജീവനുള്ള ഒരു ചിത്രം എടുത്തുകൊണ്ട് ഈശോ ഇവിടെ തന്നെ വെളിപ്പെടുത്തുകയാണ്. ഒപ്പം, ആടുകൾക്കുവേണ്ടി ജീവൻ സമർപ്പിക്കുന്ന നല്ല ഇടയനായ ലോകരക്ഷകൻ താനാണെന്ന് സൂചിപ്പിക്കുകയാണ്.

ഇടയന്റെ സ്വഭാവം വളരെ വ്യക്തമായി അറിയുന്നവരാണ് ഇസ്രായേൽക്കാർ. അവർക്ക് ഇടയൻ എന്നത് ജീവിതത്തിന്റെ ഭാഗമാണ്. പഴയനിയമത്തിൽ സാമുവലിന്റെ ഒന്നാം പുസ്തകത്തിൽ അദ്ധ്യായം 7, വാക്യങ്ങൾ 34-36 ഇടയന്റെ സ്വഭാവം എന്താണെന്ന് വിവരിക്കുന്നുണ്ട്. ഫിലിസ്ത്യരുടെ നേതാവായ ഗോലിയാത്ത് ഇസ്രായേൽക്കാരെ വെല്ലുവിളിക്കുന്ന കാലം. ഗോലിയാത്തിനെക്കൊന്ന് ഫിലിസ്ത്യരെ തോൽപ്പിക്കാൻ കഴിയാതെ വലയുകയാണ് ഇസ്രായേൽ സൈന്യം. അപ്പോഴാണ് സാവൂളിന്റെ പട്ടാളത്തിൽ ജോലിചെയ്യുന്ന സഹോദരങ്ങളെ കാണുവാൻ ബാലനായ ദാവീദ് വരുന്നത്. ഇസ്രായേല്യരെ വെല്ലുവിളിക്കുന്ന ഭീമാകാരനായ ഗോലിയാത്തിനെ കണ്ടപ്പോൾ ദാവീദിന് ആദ്യം ചിരിയാണ് വന്നത്. പിന്നെ, ഗോലിയാത്തിന്റെ വെല്ലുവിളി കേട്ടപ്പോൾ ദാവീദിനത്   സഹിക്കാവുന്നതിലും അപ്പുറമായിരുന്നു!. ഉടനെത്തന്നെ ഗോലിയാത്തിനെ കൊല്ലാൻ ദാവീദ് ധൃതി കാണിക്കുകയാണ്. ഇതുകണ്ട് സാവൂൾ രാജാവ് അവനോടു ചോദിക്കുന്നത്, „നീ വെറും ബാലനല്ലേഎന്നാണ്. അപ്പോൾ ദാവീദ് പറയുകയാണ്: ” പിതാവിന്റെ ആടുകളെ മേയിക്കുന്നവനാണ് അങ്ങയുടെ ദാസൻ. സിംഹമോ, കരടിയോ വന്നു ആട്ടിന്പറ്റത്തിൽ നിന്ന് ഒരാട്ടിൻകുട്ടിയെ തട്ടിയെടുത്താൽ, ഞാൻ അതിനെ പിന്തുടർന്ന് ആട്ടിൻകുട്ടിയെ രക്ഷിക്കും. അത് (സിംഹമോ, കരടിയോ) എന്നെ എതിർത്താൽ ഞാൻ അതിന്റെ ജടയ്ക്കു പിടിച്ചു അടിച്ചു കൊല്ലും.’ സാവൂൾ വിസ്മയത്തോടെ ഇതെല്ലം കേട്ടുനിൽക്കുകയാണ്. “ഞാൻ കുട്ടിയെ underestimate ചെയ്തോഎന്ന് രാജാവ് ഉള്ളിൽ ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ ദാവീദ് അല്പം ശബ്ദം താഴ്ത്തി പറഞ്ഞു: “അങ്ങയുടെ ദാസൻ സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുണ്ട്.” അവന്റെ മുഖഭാവം കണ്ട രാജാവിന് അതൊരു വെറുംതള്ളല്ലാഎന്ന് മനസ്സിലായി.  

യഥാർത്ഥ ഇടയന്റെ ചിത്രമാണ്, സ്വഭാവമാണ് ദാവീദ് വരച്ചുകാട്ടിയത്. ആട്ടിൻകൂട്ടത്തിൽ നിന്ന് ഒരാടിനെ തട്ടിയെടുത്താൽപ്പോലും ശത്രുവിനെ പിന്തുടർന്ന് ആ ആട്ടിൻകുട്ടിയെ രക്ഷിക്കുന്ന ഇടയന്റെ ചിത്രം ദാവീദ് വളരെ മനോഹരമായാണ് അവതരിപ്പിക്കുന്നത്. യഥാർത്ഥ ഇടയന്റെ ദർശനം ഇതാണ്: ‘സ്വന്തം ജീവൻ സമർപ്പിച്ചും ആടുകളെ രക്ഷിക്കുക.’ ആരും സഞ്ചരിച്ചിട്ടില്ലാത്ത അജ്ഞാതമായ പാതകളിലൂടെ സഞ്ചരിച്ച് ആടുകളെ രക്ഷിക്കുവാൻ ഇടയന് കഴിയണം. ഇടയൻ ആടുകളെ വളർത്തുകയും സംരക്ഷിക്കുകയും ചെയ്യണം. ഇതെല്ലാം അറിയാമായിരുന്ന ദാവീദ് രാജാവ് ആത്മാവിൽ നിറഞ്ഞു പാടിയത് ഇങ്ങനെയല്ലേ? “കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും

കുറവുണ്ടാകുകയില്ല…അവിടുന്ന് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല.” (സങ്കീ 23, 1-4)

എസക്കിയേൽ പ്രവാചകന്റെ പുസ്തകം 34, 15-16 വാക്യങ്ങൾ പറയുന്നു: “ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ തന്നെ എന്റെ ആടുകളെ മേയ്ക്കും. ഞാൻ അവയ്ക്കു വിശ്രമസ്ഥലം നൽകും. നഷ്ടപ്പെട്ടതിനെ ഞാൻ അന്വേഷിക്കും. വഴിതെറ്റിയതിനെ ഞാൻ തിരിയെക്കൊണ്ടുവരും. മുറിവേറ്റതിനെ ഞാൻ വച്ചുകെട്ടും…നീതിപൂർവം ഞാനവയെ പോറ്റും.”

ഇസ്രായേൽ ജനത്തിന് പരിചിതമായ ഈ രൂപകം ഈശോയിലേക്കു ആരോപിക്കുമ്പോൾ എത്ര മനോഹരമായാണ് ഇടയസങ്കല്പം പൂത്തുലയുന്നത്! ഇടയനില്ലാത്ത ആടുകളെപ്പോലെ അലയുന്ന നമ്മോടു് അനുകമ്പ കാണിക്കുന്ന ഒരു നല്ല ഇടയൻ, കർത്താവായ ഈശോ നമുക്കുണ്ടെന്നത് എത്ര ആശ്വാസമാണ് നമുക്ക് നൽകുന്നത്! ജീവനുണ്ടാകുവാനും അത് സമൃദ്ധിയായി ഉണ്ടാകുവാനും ഭൂമിയിലേക്ക് വന്ന ക്രിസ്തു വിശുദ്ധ കുർബാനയിലൂടെ ഇന്നും ജീവൻ നമുക്ക് നല്കുകയല്ലേ? ആടുകൾക്കുവേണ്ടി ജീവൻ സമർപ്പിക്കുന്ന ഇടയനെയല്ലേ പ്രിയപ്പെട്ടവരേ, കാൽവരിയിൽ നാം കാണുന്നത്? നൂറാടുകളുണ്ടായിരിക്കെ അതിലൊന്ന് നഷ്ടപ്പെട്ടാൽ തൊണ്ണൂറ്റൊൻപതിനേയും ആലയിൽ വിട്ടിട്ട് നഷ്ടപ്പെട്ട ഒരാടിനെ തേടിപ്പോകുന്ന ക്രിസ്തുവിനെയല്ലേ, കുമ്പസാരവേദികളിൽ ഇന്നും നാം കണ്ടുമുട്ടുന്നത്? അതെ, ക്രിസ്തു നല്ല ഇടയനാണ്.

രണ്ടാമത്തെ രൂപകം ആടുകളാണ്. ആടുകളുടെ പ്രത്യേകതയെന്തെന്നു നിങ്ങൾക്കറിയില്ലേ? ആടിനെ ഒരിക്കലും തനിച്ചു നാം കാണാറില്ല. തനിച്ചാകുമ്പോൾ വഴിതെറ്റിയതായി അതിനു തോന്നും. എവിടെ പോകണമെന്നോ, എന്ത് ചെയ്യണമെന്നോ അറിയാതെ അത് കറങ്ങിനടക്കും. മൃഗങ്ങളിൽ ഏറ്റവും ബലഹീനർ ആണവർ. 20 വാരയിൽ കൂടുതൽ കണ്ണ് കാണില്ല. അതുകൊണ്ട് നയിക്കാൻ ആളുവേണം. ആൾക്കൂട്ടത്തിൽ അവയ്ക്കു സുരക്ഷിതത്വം അനുഭവപ്പെടും. ആട്ടിൻപറ്റത്തെ നോക്കൂ…ഒട്ടും ഇടം കൊടുക്കാതെ മുട്ടിയുരുമ്മിയാണ് അവ പോകുന്നത്. ഒറ്റയ്ക്കായാൽ അത് അവയ്ക്ക് മരണമാണ്.

മനുഷ്യരായ നാം ഈ ആടുകളെപ്പോലെയാണ്. മനുഷ്യൻ തനിച്ചു തീർത്തും നിസ്സഹായനാണ്. ഭൂമുഖത്തുള്ള എല്ലാ ജീവികളിലും വച്ച് ഏറ്റവും ദുർബലനും നിസ്സഹായനുമായ ജീവി മനുഷ്യനാണ്. മനുഷ്യന്റെ ശരീരം ഒരു മൃഗത്തിന്റെ ശരീരത്തോളം ശക്തമല്ല. മനുഷ്യന്റെ എല്ലാ അവയവങ്ങളും മൃഗങ്ങളുടേതിനേക്കാൾ ബലഹീനമാണ്. ഒരു പക്ഷിയെപ്പോലെ മനുഷ്യന് പറക്കാൻ കഴിയില്ല. ഒരു കുതിരയ്‌ക്കൊപ്പമോ, ചെന്നായ, മാൻ, പുള്ളിപ്പുലി ഇവയ്‌ക്കൊപ്പമോ മനുഷ്യന് ഓടാൻ കഴിയില്ല. ഒരു ചീങ്കണ്ണിയെപ്പോലെ നീന്താൻ, കുരങ്ങിനെപ്പോലെ മരം കയറാൻ കഴിയില്ല. കഴുകനെപ്പോലെ കണ്ണുകളോ, കാട്ടുപൂച്ചയ്ക്കുള്ള പല്ലുകളോ മനുഷ്യനില്ല. ചെറിയൊരു പ്രാണി കടിച്ചാൽ മനുഷ്യൻ മരിക്കും. അത്രേയുള്ളു. അതുകൊണ്ടു തന്നെ മനുഷ്യന്റെ അടിസ്ഥാന വികാരം ഭയമാണ്. മനുഷ്യന് ആയുധങ്ങൾ വേണം, സുരക്ഷിതത്വം ഉറപ്പിക്കാൻ. ആദ്യം ശിലായുധങ്ങൾ, ലോഹായുധങ്ങൾ, അകലെനിന്ന് മൃഗങ്ങളെ നേരിടാൻ അമ്പും വില്ലും, പിന്നെ തോക്കുകൾ, ആണവായുധങ്ങൾ … ഇപ്പോൾ ആയുധങ്ങൾ കയ്യിൽ കരുതേണ്ട. ബട്ടണമർത്തിയാൽ മതി, മിസൈൽ കുതിച്ചുയരും. പക്ഷെ ബട്ടൺ ആരുടെ കയ്യിലാണ്? മോസ്കോയിലോ, വൈറ്റ് ഹൌസ്സിലോ, ഡെൽഹിയിലോ? ആരാണ് എപ്പോഴാണ് അമർത്തുന്നത്? അപ്പോഴും ഭയം മാത്രം ബാക്കി! ആരാണ് മനുഷ്യൻ? വെറും ആടുകൾ! ഓരോ ചുവടിലും ഭയം കൊണ്ട്നടക്കുന്ന ആടുകൾ! മനുഷ്യന്റേത് ഒരു ആടുജീവിതം!?

പ്രിയപ്പെട്ടവരേ, ആടുകൾക്ക് ഇടയനെ, നല്ല ഇടയനെ ആവശ്യമുണ്ട്. നല്ല ഇടയനില്ലെങ്കിൽ ആടുകൾ ചിതറിക്കപ്പെടും. കലക്കവെള്ളം കുടിക്കും. യോനായുടെ പുസ്തകത്തിൽ കർത്താവ് പറയുന്നതുപോലെ, ഇടതേത്, വലതേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത മനുഷ്യർ (യോനാ 4, 11) -ഇത് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെക്കുറിച്ചല്ലാട്ടോ!

വെറും ബലഹീനനായ മനുഷ്യർക്കും ഇടയനെ ആവശ്യമാണ്. അത് ലൗകിക ഇടയന്മാർ പോരാ. കാരണം അവർ സ്വാർത്ഥമതികളാണ്, അഹങ്കാരികളാണ്, ആക്രാന്തം കാട്ടുന്നവരാണ്.  എസക്കിയേൽ പ്രവാചകന്റെ പുസ്തകം അദ്ധ്യായം 34 ൽ കർത്താവ് അരുളിച്ചെയ്യുന്നു: ‘ഇസ്രായേലിന്റെ ഇടയന്മാരേ നിങ്ങൾക്ക് ദുരിതം! …നിങ്ങൾ ആടുകളെ പോറ്റുന്നില്ല. …മുറിവേറ്റതിനെ വച്ചുകെട്ടുന്നില്ല. ഇടയനില്ലാത്തതിനാൽ…കാട്ടിലെ മൃഗങ്ങൾക്ക് അവ ഇരയായിത്തീർന്നു.’ ഈയിടെ റീലീസായ എമ്പുരാൻ സിനിമ പറയുന്നത്, ഭൂമിയിലെ നേതാക്കന്മാരെല്ലാം, രാഷ്ട്രീയ, മത, സാമൂഹ്യ, സാംസ്‌കാരിക നേതാക്കന്മാരെല്ലാം, ആടുകളെക്കൊന്ന് അവയുടെ രക്തംകുടിച്ച് തടിച്ചു വീർക്കുന്നവർ ആണെന്നാണ്. ആ സിനിമ കാണിക്കുന്ന ഓരോ സീനും ഭൂമിയിലെ നേതാക്കന്മാർ നല്ല ഇടയന്മാരല്ല എന്നാണ് പറയുന്നത്.

മനുഷ്യർക്ക് വേണ്ടത്, നമുക്ക് വേണ്ടത് ആടുകളെ അറിയുന്നവനും, ആടുകളെ പേരുചൊല്ലി വിളിക്കുന്നവനും, അവയെ സമൃദ്ധമായ മേച്ചിൽ സ്ഥലങ്ങളിലേക്ക് നയിക്കുന്നവനുമായ ഇടയനെയാണ്. വിശുദ്ധ കുർബാനയാകുന്ന പച്ചപ്പുൽപ്പുറങ്ങളിലേക്ക് ജനങ്ങളെ നയിക്കുന്ന ഇടയന്മാരെയാണ് നമുക്ക് വേണ്ടത്. ഈ ലോകത്തിലെ ഇടയന്മാർ പക്ഷെ, ആടുകളെ കൊല്ലുന്നവരും, അവയെ ഭക്ഷിച്ചു കൊഴുക്കുന്നവരുമാണ്. നാടിനെയും നാട്ടാരെയും നന്നാക്കുവാൻ മുന്നോട്ടു വരുന്ന നമ്മുടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മത നേതാക്കന്മാരെ നോക്കുക! ആടുകൾ, സാധാരണ മനുഷ്യർ, ഈ നാട് ഒട്ടും തന്നെ വളരുന്നില്ല. വികസനം, വികസനം എന്ന പ്ലാവിലക്കൊമ്പുകൾ കാട്ടി ആടുകളെ ഇവർ കൊതിപ്പിക്കുകയാണ്. എന്നിട്ട്, വളരുന്നതാരാ? നമ്മുടെ ഇടയന്മാർ! വികസിക്കുന്നതാരാ? നമ്മുടെ നേതാക്കന്മാർ! രാജ്യത്തെ കടക്കെണിയിലാക്കുകയും, കടം വാങ്ങിയതിൽ നിന്ന് അടിച്ചു മാറ്റുകയും, അതിൽ നിന്ന് ഒരിറ്റു പുല്ല് ഒരു കിറ്റിലാക്കി ആടുകൾക്ക് തരികയും അങ്ങനെ ആടുകളെ പറ്റിക്കുകയും ചെയ്യുന്ന നേതാക്കന്മാരാണ് നമുക്കുള്ളത്. ആടുകളെ തെരുവിൽ അലയാനും, കാട്ടുമൃഗങ്ങൾക്കു ഇരയാകാനും കൊടുത്തിട്ടു, സ്വന്തം കൂടാരങ്ങൾ മോടിപിടിപ്പിക്കാനും, സ്വന്തം പ്രസ്ഥാനങ്ങൾ വളർത്താനും നടക്കുന്ന ഇടയന്മാരാണ് നമുക്കുള്ളത്! ആടുകളെ സൗകര്യപൂർവം കൊല്ലുന്ന, കൊന്നു തിന്നുന്ന ചെന്നായ്ക്കളോടു ചങ്ങാത്തം കൂടുന്ന, അതിനെ ന്യായീകരിക്കുവാൻ ദൈവവചനം വിലയ്‌ക്കെടുക്കുന്ന ഇടയന്മാരാണ് നമുക്കുള്ളത്!

ഇന്നത്തെ സുവിശേഷത്തിലെ മൂന്നാമത്തെ രൂപകമായ ഈശോയെന്ന വാതിലിലൂടെ രക്ഷയിലേക്ക് പ്രവേശിക്കുവാൻ   നാം ഈ നോമ്പ് കാലത്ത് ശ്രമിക്കണം. ഈശോ ഒരേ സമയം ഇടയനും വാതിലുമാണ്. ഈ വാതിലിലൂടെ അകത്തു പ്രവേശിക്കുമ്പോൾ അവിടെ മെറ്റൽ ഡിക്റ്റേറ്റർ ഉണ്ടാകും. കാരണം, സ്നേഹവും സമർപ്പണവും ഉള്ളവർക്ക് മാത്രമേ ഈ വാതിലിലൂടെ പ്രവേശനമുള്ളൂ – ഇടയനെ അറിയുന്ന, ഇടയന്റെ സ്വരം കേൾക്കുന്ന, ഇടയനോടൊത്തു നടക്കുന്നവർക്കു മാത്രം!

സ്നേഹമുള്ളവരേ, നാം ഒരേ സമയം ഇടയന്മാരും ആടുകളുമാണ്. ഓരോ കുടുംബനാഥവും, കുടുംബനാഥയും ആട്ടിടയരാണ്. മക്കളാണ് ആടുകൾ. ഓരോ അധ്യാപകനും, അധ്യാപികയും ആട്ടിടയരാണ്. കുട്ടികളാണ് അവിടെ ആടുകൾ. നമ്മുടെ ഉത്തരവാദത്വത്തിന്, സൂക്ഷത്തിന് ഏല്പിക്കപ്പെട്ടവരുടെ ഇടയരാണ് നാമോരോരുത്തരും. ഈ ലോകത്തിലെ നേതാക്കളെല്ലാം ആട്ടിടയരാണ്. ഓരോ വൈദികനും, സന്യസ്തരും ഒരേ സമയം ആടുകളും ഇടയന്മാരുമാണ് –  ഇടയനായ ക്രിസ്തുവിന്റെ സ്വരം കേൾക്കുന്ന ആടുകളും, തങ്ങളെ ഭരമേല്പിച്ചിരിക്കുന്ന ആടുകളെ ജീവന്റെ ഉറവിടമായ ക്രിസ്തുവിലേക്ക് നയിക്കുന്ന ഇടയന്മാരും! നല്ല ആട്ടിടയരെ ലഭിക്കുവാൻ നാം പ്രാർത്ഥിക്കണം. നല്ല ആട്ടിടയരാകുവാൻ ഈശോയുടെ മാതൃക നാം പിൻചെല്ലണം. മനുഷ്യരായ ഇടയരൊക്കെ സ്വാർത്ഥമതികളും, അഹങ്കാരികളുമാണ്. ആടുകൾക്ക് വേണ്ടി ജീവൻ ബലികഴിക്കുന്ന, ആടുകളെ പച്ചപ്പുൽപ്പുറങ്ങളിലേക്ക്, നല്ല ജലാശയങ്ങളിലേക്ക് നയിക്കുന്ന ഇടയന്മാരാകാൻ നാം ശ്രമിക്കണം. 

അതുകൊണ്ട് നമുക്ക് വേണ്ടത് ലൗകിക ഇടയന്മാരെയല്ല. എന്നെ അറിയുന്ന, എന്റെ പേരുചൊല്ലി വിളിക്കുന്ന, എന്റെ കൂടെ നടക്കുന്ന, എനിക്കുവേണ്ടി ജീവൻ സമർപ്പിക്കുന്ന എന്റെ ദൈവത്തെ, എന്റെ ഈശോയെ ഇടയനായി സ്വീകരിക്കുവാൻ നമുക്ക് സാധിക്കണം. സ്നേഹമുള്ളവരേ, എപ്പോഴും നമ്മുടെ കണ്മുന്പിലുള്ള, എപ്പോഴും നമ്മുടെ വലതുഭാഗത്തുള്ള നല്ലിടയനാണ് ഈശോ.  (സങ്കീ 16, 8) അനാഥർക്ക് സഹായം നൽകുന്ന, അവരുടെ ഹൃദയത്തിനു ധൈര്യം കൊടുക്കുന്ന നല്ലിടയനാണ് ഈശോ.  ഹൃദയം നുറുങ്ങുന്നവർക്കു സമീസ്ഥനാകുന്ന, മനമുരുകുന്നവരെ രക്ഷിക്കുന്ന (സങ്കീ 34, 18) നല്ലിടയനാണ് ഈശോ. നമ്മുടെ ശരീരത്തിൽ സ്വസ്ഥതയില്ലാതെ വരുമ്പോൾ, അസ്ഥികളിൽ ആരോഗ്യമില്ലാതെ വരുമ്പോൾ, നമ്മുടെ വൃണങ്ങൾ അഴുകി മാറുമ്പോൾ, പാപം നിമിത്തം വിലപിച്ചു കഴിയുമ്പോൾ, നമ്മെ തോളിലേറ്റുന്ന, നമ്മുടെ മുറിവുകൾ വച്ചുകെട്ടുന്ന, വരുവിൻ നമുക്ക് രമ്യതപ്പെടാമെന്നു പറയുന്ന നല്ലിടയനാണ് ഈശോ.

വീണുകിടക്കുന്നവനിട്ടു ഒരു ചവിട്ടുകൂടി കൊടുക്കുന്ന ഇടയന്മാരുള്ള ഈ ലോകത്തിൽ, ഒറ്റപ്പെടുത്താനും, കുറ്റപ്പെടുത്താനും തിടുക്കം കൂട്ടുന്ന ഇടയന്മാരുള്ള ഈ ലോകത്തിൽ, വീണവനെ എഴുന്നേൽപ്പിക്കുന്ന, ഒറ്റപ്പെട്ടവനെ ചേർത്തുപിടിക്കുന്ന നല്ലിടയനായ ഈശോയുടെ സ്വരം കേട്ട് അവിടുത്തെ പിന്തുടരുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ശക്തിപ്പെടുത്തട്ടെ. നാം ആടുകളായതുകൊണ്ട് ഇടയനായ ഈശോയെ പിഞ്ചൊല്ലുവാനും, നാം ഇടയന്മാരായതുകൊണ്ട് നമ്മുടെ, കുടുംബത്തിൽ, ഇടവകയിൽ,

ആടുകൾക്കുവേണ്ടി ജീവൻ സമർപ്പിക്കുവാനുമുള്ള അനുഗ്രഹത്തിനായി ഈ വിശുദ്ധ ബലി നമുക്ക് തുടർന്ന് അർപ്പിക്കാം. ആമേൻ!

SUNDAY SERMON

നോമ്പുകാലം അഞ്ചാം ഞായർ

യോഹ 7, 37- 39 +8, 12-20

അമ്പതു നോമ്പിന്റെ അഞ്ചാം ഞായറാഴ്ച്ചയിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. നോമ്പുകാലത്തെ ദൈവകൃപയാൽ നിറച്ച്, ക്രൈസ്തവജീവിതങ്ങളെ തിളക്കമുള്ളതാക്കി തീർക്കുവാനുള്ള ആഗ്രഹവുമായാണ് ഇന്നത്തെ സുവിശേഷം നമ്മെ സമീപിക്കുന്നത്. സുവിശേഷ സന്ദേശം ഇതാണ്: ദൈവം വസിക്കുന്ന ആലയങ്ങളാണ് നാം. പരിശുദ്ധാത്മാവിനാൽ നിറഞ്ഞു, ക്രിസ്തുവിന്റെ പ്രകാശങ്ങളായി ജീവിക്കുകയാണ് ക്രൈസ്തവ ധർമം.

ജറുസലേമിൽ കൂടാരത്തിരുനാളിന്റെ അവസാനദിനത്തിലും, പിറ്റേദിവസവുമായി ഈശോ നടത്തുന്ന രണ്ട്   പ്രഖ്യാപനങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ പ്രധാന ആകർഷണം. മൂന്ന് പ്രധാന തിരുനാളുകളാണ് യഹൂദപാരമ്പര്യത്തിലുള്ളത്. 1. പെസഹാതിരുനാൾ 2. പെന്തക്കുസ്ത 3. കൂടാരത്തിരുനാൾ. ഹെബ്രായ കലണ്ടറിലെ നീസാൻ മാസം പതിനഞ്ചാം തീയതി ആചരിക്കുന്ന തിരുനാളാണ് ഇസ്രായേൽക്കാരുടെ പെസഹാതിരുനാൾ. സീനായ് മലമുകളിൽ ദൈവം മോശയ്ക്ക് പത്തുകല്പനകൾ നൽകിയതിനെ അനുസ്‌മരിച്ചുകൊണ്ടുള്ള തിരുനാളാണ് പന്തക്കുസ്ത തിരുനാൾ. ദൈവം നൽകുന്ന ദാനങ്ങൾക്കുള്ള, ആദ്യഫലങ്ങൾക്കുള്ള നന്ദിപ്രകടനമായും ഈ തിരുനാൾ ആഘോഷിക്കുന്നുണ്ട്. കൂടാരത്തിരുനാളാകട്ടെ ഇസ്രായേൽ ജനം ഈജിപ്തിലെ അടിമത്വത്തിൽ നിന്ന് കാനൻ ദേശം ലക്ഷ്യമാക്കി പുറപ്പെടുന്നതിനെ അനുസ്മരിച്ചുള്ള ആഘോഷമാണ്. ഇസ്രായേല്യരുടെ വിളവെടുപ്പ് ഉത്സവവുംകൂടിയാണിത്.

ഇന്ന് നാം ശ്രവിച്ച സുവിശേഷ ഭാഗത്ത് രണ്ട് പ്രസ്താവനകളാണ് ഉള്ളത്. ഒന്ന് ഏഴാം അദ്ധ്യായം 38, 39 വാക്യങ്ങൾ. ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ    വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന്ജീവജലത്തിന്റെ അരുവികൾ ഒഴുകും.” കൂടാരത്തിരുനാളിന്റെ മഹാദിനത്തിലാണ് ഈശോ ജനങ്ങളോട് ഇങ്ങനെ പറഞ്ഞത്. കൂടാരത്തിരുനാളിന്റെ ആചാരങ്ങളെ മനസ്സിലാക്കുകയാണെങ്കിൽ ഈ ദൈവ വചനത്തിന്റെ ആന്തരാർത്ഥം ഗ്രഹിക്കുവാൻ എളുപ്പമുണ്ടാകും. പഴയനിയമത്തിലെ നെഹമിയായുടെ പുസ്തകം എട്ടാം അദ്ധ്യായം 13 മുതൽ 18 വരെയുള്ള വാക്യങ്ങളിൽ കൂടാരത്തിരുനാളിന്റെ ആചാരങ്ങളെക്കുറിച്ചു പറയുന്നുണ്ട്.

കൂടാരത്തിരുനാളിൽ ഇസ്രായേൽ ജനം ഒലിവ്, കാട്ടൊലിവ്, കൊളുന്ത്, ഈന്തപ്പന എന്നിവകൊണ്ട് കൂടാരങ്ങൾ ഉണ്ടാക്കും. ഉത്സവത്തിന്റെ ആദ്യദിനം മുതൽ അവസാനദിവസം വരെ നിയമ ഗ്രന്ഥം വായിക്കും. അവസാന ദിനത്തിൽ ജലം കൊണ്ടുള്ള ആചാരങ്ങളാണ്. പുരോഹിതൻ സീലോഹ കുളത്തിൽ നിന്ന് സ്വർണം കൊണ്ടുള്ള കുടത്തിൽ വെള്ളം കോരിക്കൊണ്ടുവന്ന് ബലിപീഠത്തിനടുത്തുള്ള വെള്ളികൊണ്ടുള്ള പാത്രത്തിൽ ഒഴിക്കും. അപ്പോൾ ഗായകസംഘവും ജനങ്ങളും ഗാനങ്ങൾ ആലപിക്കും. ചില യഹൂദ പാരമ്പര്യങ്ങളിൽ പറയുന്നത് ഈ ജലം ദൈവാത്മാവിന്റെ പ്രതീകമെന്നാണ്. ഈ പാരമ്പര്യത്തിന്റെ ചുവടുപിടിച്ചാകണം യോഹാന്നാൻ സുവിശേഷകൻ പറയുന്നത്, “അവൻ ഇത് പറഞ്ഞത് തന്നിൽ വിശ്വസിക്കുന്നവർ

സ്വീകരിക്കുവാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്” എന്ന്. ജീവജലം ഈശോയ്ക്ക് ആത്മാവാണ്, നിത്യജീവൻ പ്രദാനം ചെയ്യുന്ന ആത്മാവ്. യോഹന്നാന്റെ സുവിശേഷം നാലാം അധ്യായത്തിൽ ഈശോ സമരായക്കാരി സ്ത്രീയോടും ഇക്കാര്യം പറയുന്നുണ്ട്: “…ഞാൻ നൽകുന്ന ജലം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാൻ നൽകുന്ന ജലം അവനിൽ നിത്യജീവനിലേക്ക് നിർഗളിക്കുന്ന അരുവിയാകും”. (4, 14) സഖറിയായുടെ പ്രവചനത്തിൽ ജറുസലേമിൽ നിന്നുള്ള ജീവജലത്തെക്കുറിച്ച് പറയുന്നുണ്ട്. ” അന്ന് (മിശിഹായുടെ നാളിൽ) ജീവജലം ജറുസലേമിൽ നിന്ന് പുറപ്പെട്ട് പകുതി കിഴക്കേ കടലിലേക്കും, പകുതി പടിഞ്ഞാറേ കടലിലേക്കും ഒഴുകും.  അത് വേനൽക്കാലത്തും ശീതകാലത്തും ഒഴുകിക്കൊണ്ടിരിക്കും.” (സഖറിയാ 14, 8) അതായത്, ക്രിസ്തുവിൽ നിറഞ്ഞു നിൽക്കുന്ന ജീവജലം, പരിശുദ്ധാത്മാവ്, സ്ഥലകാല പരിമിതികൾ ഇല്ലാത്ത നിരന്തര പ്രവാഹമായിരിക്കും.

ജലം ആത്മാവിന്റെ പ്രതീകമാണ്, പരിശുദ്ധാത്മാവിന്റെ. എല്ലാ മതങ്ങളും ജലത്തിന് പ്രതീകാത്മകത നൽകുന്നുണ്ട്. ജലം എല്ലാമതങ്ങൾക്കും വിശുദ്ധിയുടെ പ്രതീകമാണ്; പുനർജന്മത്തിന്റെ, നവീകരണത്തിന്റെ പ്രതീകമാണ്. യഹൂദ പാരമ്പര്യത്തിൽ, അവിടെ നിന്ന് ക്രൈസ്തവ പാരമ്പര്യത്തിലും ജലം ആത്മാവിന്റെ പ്രതീകമാണ്. ക്രിസ്തു ആത്മാവിനാൽ നിറഞ്ഞവനാണ്, ആത്മാവ് തന്നെയാണ്. അവിടുന്ന്, ജലത്തിന്റെ, ആത്മാവിന്റെ ഉറവയാണ്. ഉറവയിൽ നിന്ന് കുടിക്കുന്നവർ ആരായാലും അവരിലും ആത്മാവിന്റെ നിറവുണ്ടാകും, ഒഴുക്കുണ്ടാകും. തന്നിലുള്ള ഈ ആത്മാവിനെ നൽകുവാനാണ്‌ ഈശോ ഈ ലോകത്തിലേക്ക് വന്നത്. ക്രിസ്തുവിന് സാക്ഷ്യം നൽകുവാൻ വന്ന സ്നാപക യോഹന്നാൻ എന്താണ് പറഞ്ഞത്? “ഞാൻ ജലം കൊണ്ട് സ്നാനം നൽകുന്നു (യോഹ 1, 26) … അവനാണ് (ക്രിസ്തുവാണ്) പരിശുദ്ധാത്മാവുകൊണ്ട് സ്നാനം നൽകുന്നവൻ.” (യോഹ 1, 33) തന്നെ ശ്രവിച്ചവരോട് “ദൈവം അളന്നല്ല പരിശുദ്ധാത്മാവിനെ കൊടുക്കുന്നത്” (യോഹ 3, 34) എന്ന് പറഞ്ഞ ഈശോ, ആത്മ്മാവിനെ സ്വീകരിക്കുവാൻ ഒരുങ്ങിയിരുന്ന ശിഷ്യർക്ക് പരിശുദ്ധാത്മാവിനെ നൽകുകയാണ്. വചനം പറയുന്നു: “അഗ്നി ജ്വാലകൾ പോലുള്ള നാവുകൾ… അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു.” (അപ്പ 2, 3-4)

ലോകം മുഴുവനും ആത്മാവിനെ നൽകുവാൻ വന്ന ഈശോ, താൻ ആത്മാവിന്റെ നിറവാണെന്നറിഞ്ഞുകൊണ്ട്, പിറ്റേദിവസം ജനത്തിനോട് പറയുകയാണ് ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.” (യോഹ 8, 12) എന്ന്. എങ്ങനെയാണ്, എന്തുകൊണ്ടാണ് ഈശോ ലോകത്തിന്റെ പ്രകാശമായത്? അവിടുന്ന് ജീവജലത്തിന്റെ ഉറവയായതുകൊണ്ട്.  അവിടുന്ന് ദൈവാത്മാവിന്റെ നിറകുടമായതുകൊണ്ട്. അപ്പോൾ ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത് എന്തായിരിക്കും? മക്കളേ, ദൈവാത്മാവിനാൽ നിങ്ങൾ നിറയുമ്പോൾ ഈ ലോകത്തിൽ നിങ്ങൾ ക്രിസ്തുവിന്റെ പ്രകാശങ്ങളായിരിക്കും. ദൈവാത്മാവിന്റെ നിറവ് നിങ്ങളിൽ ഇല്ലെങ്കിൽ ഈ ലോകത്തിൽ നിങ്ങൾ ക്രിസ്തുവിന്റെ പ്രകാശങ്ങൾ ആയിരിക്കുകയില്ല. വെളിച്ചമുള്ളിടത്തു മാത്രം നടക്കാനല്ല ഈശോ നമ്മോട് പറയ്യുന്നത്. അവിടുന്ന് നമ്മോടു പറയുന്നത് ആയിരിക്കുന്ന, നടക്കുന്ന ഇടങ്ങളിലെല്ലാം പ്രകാശം പരത്തുവാനാണ്, പ്രകാശങ്ങൾ ആകാനാണ്. അതിന് ഏറ്റവും ആവശ്യകമായ ഘടകം, ആവശ്യകമായ കാര്യം പരിശുദ്ധാത്മാവിനാൽ നിറയുക എന്നതാണ് 

പരിശുദ്ധാത്മാവിനാൽ നിറഞ്ഞു ക്രിസ്തുവിന്റെ പ്രകാശങ്ങളാകുക എന്ന മഹത്തായ ലക്ഷ്യവുമായിട്ടാണ് ഓരോ ക്രൈസ്തവനും ഈ ഭൂമിയിൽ ജീവിക്കുന്നത്. ക്രിസ്തുമതവും, മറ്റുമതങ്ങളും മനുഷ്യനിൽ ദൈവത്തിന്റെ പ്രകാശം നിറഞ്ഞവരാകാൻ മനുഷ്യരെ പഠിപ്പിക്കുന്ന, സഹായിക്കുന്ന ഘടകങ്ങളായി പ്രവർത്തിക്കാനുള്ളതാണ്. ഇരുളിന് കീഴടക്കാൻ കഴിയാത്ത ദൈവത്തിന്റെ വെളിച്ചങ്ങൾക്ക് മാത്രമേ, ലോകത്തിൽ നിറഞ്ഞിരിക്കുന്ന അന്ധകാരത്തെ മാറ്റുവാൻ സാധിക്കുകയുള്ളു. നാം ജീവിക്കുന്ന സാഹചര്യങ്ങളിൽ സത്യത്തിന്റെ, സ്നേഹത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ പ്രകാശങ്ങളാകുമ്പോഴാണ് നമ്മുടെ ക്രൈസ്തവജീവിതങ്ങൾ അർത്ഥപൂർണമാകുന്നത്. എന്റെ കുടുംബം ഇരുട്ടിലാണോ എന്നത് എന്നിൽ ദൈവികപ്രകാശം എന്തുമാത്രമുണ്ട് എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. മാമ്മോദീസാ സ്വീകരിച്ച്, മറ്റു കൂദാശകൾ കൂടെക്കൂടെ സ്വീകരിച്ച് ക്രിസ്തുമതത്തിലായിരിക്കുമ്പോൾ ക്രിസ്തുവിന്റെ പ്രകാശങ്ങളാകുന്നില്ലെങ്കിൽ, മതംകൊണ്ട്, മതജീവിതംകൊണ്ട്    എന്ത് പ്രയോജനം?

എന്താണ് ക്രിസ്തുമതത്തിന്റെ ഭംഗി? എന്താണ് ക്രിസ്തുമതത്തെ മനോഹരിയാക്കുന്നത്? ക്രിസ്തുവിന്റെ പ്രകാശങ്ങളായി തിളങ്ങിനിൽക്കുന്ന ക്രൈസ്തവർ തന്നെയാണ് ക്രിസ്തുമതത്തിന്റെ ഭംഗി, സൗന്ദര്യം! ക്രിസ്തുമതത്തിലെ കുറവുകളേയും, തെറ്റായ രീതികളെയും മാത്രം കണ്ടുപിടിച്ച് അത് പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശ്യം ഈ പ്രകാശത്തെ തല്ലിക്കെടുത്തുക എന്നതാണ്. ഈ സൗന്ദര്യത്തെ നിഷ്പ്രഭമാക്കുക എന്നതാണ്  ലൗ ജിഹാദിന് സ്റ്റേജൊരുക്കുന്നവരുടെ ഹിഡ്ഡൻ അജണ്ട. ക്രൈസ്തവരുടെ പുണ്യപ്പെട്ട അമ്പതുനോമ്പിന്റെ ആദ്യനാളുകളിൽ പോലും ക്രൈസ്തവരെ ലക്‌ഷ്യം വച്ച് നടത്തുന്ന പല കാര്യങ്ങളിലും നമ്മിലെ പ്രകാശത്തെ തല്ലിക്കെടുത്തുക എന്നത് തന്നെയാണ് ലക്‌ഷ്യം. ക്രിസ്തുവിന്റെ ശത്രുക്കൾക്കത് വലിയ നേട്ടമാകാം.  പക്ഷേ, ക്രൈസ്തവർക്കത് മരണമാണ്; ക്രൈസ്തവർക്കെതിരെയുള്ള ചെളിവാരിയെറിയലാണ്; ക്രൈസ്തവർക്കെതിരെയുള്ള മനുഷ്യത്വഹീനമായ നീചപ്രവൃർത്തികളാണ്. .  ക്രൈസ്തവർക്കെതിരെയുള്ള നീക്കങ്ങൾക്ക് കുടപിടിക്കുന്നവരേ, അത് ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്  ആരായാലും, അതിന്റെ പുറകിലുള്ള നിങ്ങളുടെ ഉദ്ദേശം എന്തായാലും ഒരിക്കലും, ഒരിക്കലും നിങ്ങൾ ജയിക്കുവാൻ പോകുന്നില്ല. കാരണം, നിത്യപ്രകാശമായ ക്രിസ്തുവിന്റെ പ്രകാശമാണ് ക്രൈസ്തവരിലൂടെ ഈ ഭൂമിയിൽ നിറയുന്നത്.  നന്മയുടെ പ്രകാശത്തെ തല്ലിക്കെടുത്തിയാൽ നിങ്ങളുൾപ്പെടെ എല്ലാവരും ഇരുട്ടിലാകുമെന്ന് എന്തേ നിങ്ങൾ ഓർക്കുന്നില്ല????

ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ, ശുശ്രൂഷാ പൗരോഹിത്യത്തിൽ പങ്കുപറ്റുന്ന പുരോഹിതർ പരത്തുന്നപ്രകാശത്തെ ഇല്ലാതാക്കുവാൻ, ക്രിസ്തുവിനെ അടുത്തനുകരിച്ചുകൊണ്ട്,   സന്യാസ ജീവിതത്തിലൂടെ ക്രിസ്തുവാകുന്ന പ്രകാശത്തിന്റെ ജ്വലിക്കുന്ന സാക്ഷ്യങ്ങളാകുവാൻ ജീവിതം സമർപ്പിക്കുന്ന കന്യാസ്ത്രീകളുടെ നന്മയെ നിസ്സാരവത്കരിക്കുവാൻ ശ്രമിക്കുന്ന മനുഷ്യരോട് നിങ്ങളുടെ നിഗൂഢ പ്രവർത്തനങ്ങൾക്ക്  ക്രൈസ്തവർ തെളിക്കുന്ന നന്മയുടെ, സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, സഹാനുഭൂതിയോടെ പ്രകാശങ്ങളെ നശിപ്പിക്കുവാൻ സാധിക്കുകയില്ലയെന്ന് ധൈര്യത്തോടെ വിളിച്ചുപറയുവാൻ നമുക്ക് സാധിക്കണം.

2022 ൽ പട്ടാളഭരണത്തിന്റെ ക്രൂരത അരങ്ങേറിയ സൂര്യതേജസ്സിയായി നിന്ന സിസ്റ്റർ ആൻ റോസ് നു തവാങ്ങിനെ (ആൻ Ann Rose Nu Tawang) നിങ്ങളാരും ഓർക്കുന്നുണ്ടാകില്ല. ക്രിസ്തുമതത്തിനെതിരെ നിറതോക്കുകളുമായി നടക്കുന്ന തീവ്രവാദികളും ഓർക്കുന്നുണ്ടാകില്ല. അതാണ് പ്രകാശത്തിന്റെ ദൗർഭാഗ്യം! പ്രകാശം ലോകത്തിലേക്ക് വന്നിട്ടും ആരും പ്രകാശത്തെ സ്വീകരിച്ചില്ല?? 

ഞാൻ പറയുന്നത്, ആളുകളെ മർദ്ദിക്കുകയും, വെടിവച്ചു കൊല്ലുകയും ചെയ്യുന്ന പട്ടാളത്തിനുമുന്പിൽ, തെരുവിൽ മുട്ടുകുത്തി നിന്നുകൊണ്ട് ആൻ റോസ് എന്ന കന്യാസ്ത്രീ നടത്തിയ ഹൃദയ വിലാപത്തെ കുറിച്ചാണ്. നമുക്കെല്ലാം അറിയാവുന്നതുപോലെ മ്യാൻമറിലെ ജനത 2022 ആഴ്ചകളോളം പട്ടാളഭരണകൂടത്തിനെതിരെ പ്രക്ഷോഭത്തിലായിരുന്നു. ജനാധിപത്യ പ്രക്ഷോഭം ക്രൂരമായി അടിച്ചമർത്തുകയായിരുന്നു പാട്ടാളം. സ്ത്രീകളെയും, കുഞ്ഞുങ്ങളെയുമടക്കം അവർ എല്ലാവരെയും മൃഗീയമായി കൊല്ലുകയായിരുന്നു. അപ്പോഴാണ്, “നിങ്ങൾക്കുവേണമെങ്കിൽ എന്റെ ജീവനെടുക്കാം, അവരെ വെറുതെ വിട്ടേക്കൂഅവരെ നമ്മുടെ കുടുംബാംഗങ്ങളെപ്പോലെ കാണൂ …” എന്നും പറഞ്ഞു മ്യാൻമറിലെ മേയ്റ്റ് കെയ് നഗരത്തെരുവിൽ മുട്ടുകുത്തിനിന്നുകൊണ്ടു ആൻ റോസ് എന്ന കത്തോലിക്കാ കന്യാസ്ത്രീ പട്ടാളത്തോടു അപേക്ഷിച്ചത്. അധികാരത്തിന്റെ, മസിൽപവറിന്റെ അന്ധകാരത്തിലായിരുന്ന മ്യാൻമാർ പട്ടാളം മാത്രമല്ല, ലോകം മുഴുവനും രംഗം കണ്ടു തരിച്ചിരുന്നു പോയിസ്നേഹമുള്ളവരേ, അത്രമേൽ, ആർദ്രമായിരുന്നു യാചന! അത്രമേൽ വേദനാജനകമായിരുന്നു അത്! അത് ലോകമനഃസ്സാക്ഷിയെ വളരെയേറെ മുറിവേൽപ്പിച്ചു. കാരണം, അത്രമേൽ പ്രകാശപൂർണമായിരുന്നു രംഗം! നിമിഷം സിസ്റ്റർ ആൻ റോസ് ക്രിസ്തുവിന്റെ പ്രകാശമായിരുന്നു

അവിടെ തെരുവിലേക്കോടിച്ചെന്നത് വെറുമൊരു സ്ത്രീ ആയിരുന്നില്ല, നഗരത്തെരുവിൽ മുട്ടുകുത്തി നിന്നതു വെറുമൊരു കന്യാസ്ത്രീ ആയിരുന്നില്ല! ലോകം നടുങ്ങുമാറ്‌, ഒരു നിമിഷനേരത്തേക്കെങ്കിലും മ്യാൻമാർ പട്ടാളത്തെ അസ്വസ്ഥമാക്കിക്കൊണ്ടു പട്ടാളത്തോട് കെഞ്ചിയത് ദൈവത്തിന്റെ ആത്മാവാൽ നിറഞ്ഞ, ക്രിസ്തുവിന്റെ പ്രകാശമായ, ക്രിസ്തുവിന്റെ സമർപ്പിത സിസ്റ്റർ ആൻ റോസ് നു ത്വാങ് ആയിരുന്നു!

ലോകത്തിന്റെ ആഘോഷങ്ങളിൽ ഭ്രമിച്ചു നിൽക്കാതെ, സ്വാഭാവിക ജീവിതത്തിന്റെ ഉത്സവ കാഴ്ച്ചകളിൽ കണ്മിഴിച്ചു നിൽക്കാതെ, ശബ്ദ കോലാഹലങ്ങളുടെയും തിരക്കുകളുടെയും ഇടയിൽ പെട്ട് ജീവിതം നഷ്ടപ്പെടുത്താതെ, ആത്മീയമായി ജീവിച്ചാൽ അന്ധകാരം നിറഞ്ഞ ഇടങ്ങളിലേക്ക് ആത്മാവ് നമ്മെ നയിക്കുംക്രിസ്തുവിന്റെ പ്രകാശങ്ങളാകാൻ!

പ്രിയപ്പെട്ടവരെ, നാം ജീവിക്കുന്ന ഈ ഭൂമിയിൽ അന്ധകാരം ധാരാളമുണ്ട്. വൈരുധ്യങ്ങൾ ഏറെയുണ്ട്. സ്നേഹിക്കുന്നവരും കൊല്ലുന്നവരുമുണ്ട്. നേരും നെറികേടുമുണ്ട്. ദൈവവും ചെകുത്താനുമുണ്ട്! ഇരുളും വെളിച്ചവുമുണ്ട്! എന്നാൽ, ഈശോ നമ്മോടു പറയുന്നത്, ജീവജലത്തിന്റെ ഉറവയായ ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട്, പ്രകാശമായ അവിടുത്തെ നാം അനുഗമിച്ചാൽ നമ്മിൽ ദൈവിക പ്രകാശമുണ്ടാകും എന്നാണ്.  എന്നിട്ട് ഒന്ന് മനോഹരമായി പുഞ്ചിരിച്ചിട്ട് ഈശോ നമ്മോടു പറയും:” നീ ലോകത്തിന്റെ പ്രകാശമാണ്’. അതുകഴിഞ്ഞ് നമ്മുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ഈശോ വീണ്ടും പറയും: “ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു.”  അതായത്, നാം ക്രിസ്തുവാകുന്ന പ്രകാശങ്ങളാകുന്നുവെന്ന്. ഇതാണ് നമ്മുടെ ദൗത്യം. അന്ധകാരം നിറഞ്ഞ ലോകത്തിൽ പ്രകാശങ്ങളാകുവാൻ! ഇന്നത്തെ വിശുദ്ധ കുർബാനയിൽ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് നാം ജീവിക്കുന്ന സാഹചര്യങ്ങളിൽ ക്രിസ്തുവിന്റെ പ്രകാശങ്ങളായി ജീവിക്കുവാൻ നമുക്ക് സാധിക്കട്ടെ.

എങ്ങും അന്ധകാരമാണ് എന്നും പറഞ്ഞു നിരാശപ്പെട്ടിരിക്കാതെ, പ്രകാശങ്ങളായി, ലോകത്തെമുഴുവൻ നിറനിലാവിൽ എപ്പോഴും നിർത്തുവാൻ നമുക്ക് ശ്രമിക്കാം. ആമേൻ!  

SUNDAY SERMON MT 21, 33-44

നോമ്പുകാലം നാലാം ഞായർ

മത്താ 21, 33-44

ഇന്ന്, അമ്പതു നോമ്പിന്റെ നാലാം ഞായറാഴ്ച്ച.  ക്രൈസ്തവജീവിതങ്ങളെ നവീകരിക്കുന്ന, ഫലദായകമാക്കുന്ന ഈ നോമ്പുകാലങ്ങളിൽ നമ്മുടെ ക്രൈസ്തവജീവിതങ്ങളുടെ അടിസ്ഥാന ശിലയായി നാം സ്വീകരിക്കേണ്ട ഒരു സന്ദേശത്തിലേക്കാണ് ഇന്നത്തെ സുവിശേഷം വിരൽചൂണ്ടുന്നത്. സങ്കീർത്തകനെപ്പോലെ, ക്രിസ്തുവാണ് എന്റെ അവകാശവും പാനപാത്രവും; എന്റെ ഭാഗധേയം, എന്റെ ജീവിതം ക്രിസ്തുവിന്റെ കരങ്ങളിൽ ഭദ്രമാണ് (സങ്കീ 16, 5) എന്ന ഏറ്റുപറച്ചിലായിരിക്കണം ക്രൈസ്തവജീവിതം എന്ന സന്ദേശമാണ് ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്നത്. സർവത്തിന്റെയും അവകാശിയായ ക്രിസ്തുവിനെ സ്വന്തമാക്കുകയാണ് ഈ ലോകജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നും, ഈ ലോകത്തിലെ. എന്തെങ്കിലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനുള്ള ഏറ്റവും നല്ല മാർഗം അതിന്റെ അവകാശിയെ സ്വന്തമാക്കലാണ് എന്നും മനസ്സിൽ സൂക്ഷിച്ചുകൊണ്ട് നമുക്ക് സുവിശേഷ വ്യാഖ്യാനത്തിലേക്ക് കടക്കാം.

തന്റെ പരസ്യജീവിതകാലഘട്ടത്തിൽ ഈശോ നടത്തുന്ന പീഡാനുഭവ പ്രവചനങ്ങളുടെ ഉപമാവിഷ്കാരമാണ് നാമിവിടെ കാണുക. അവകാശിയെക്കൊന്ന് അവകാശം സ്വന്തമാക്കാൻ ആഗ്രഹിച്ച ഇസ്രയേലിന്റെ മണ്ടത്തരത്തിനു മുൻപിൽ ഈശോ ഉയർത്തുന്ന പരിഹാസമാണീ ഉപമ. ഇന്നും മനുഷ്യൻ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ആന മണ്ടത്തരം മനുഷ്യനെ കൊണ്ടുചെന്നെത്തിക്കുന്ന വലിയ വിപത്തിലേക്കുള്ള ഒരു ചൂണ്ടുപലകയും കൂടിയാണ് ഇന്നത്തെ സുവിശേഷത്തിലെ ഈ ഉപമ.

ഈ മണ്ടത്തരത്തിന്റെ Argument ഇങ്ങനെയാണ്: ” ഇവനാണ് അവകാശി; വരുവിൻ, നമുക്കിവനെ കൊന്ന് അവകാശം കരസ്ഥമാക്കാം.” (21, 38) നാട്ടിലുള്ള എല്ലാ പ്രസ്ഥാനങ്ങളും, സ്ഥലങ്ങളും, കടകളും ഒക്കെ ഒരാളുടേതാണെങ്കിൽ, അവയിലെല്ലാം പങ്കുപറ്റുവാൻ ഒരേയൊരു മാർഗം, എളുപ്പമുള്ള മാർഗം ആ ഒരു വ്യക്തിയുടെ സൗഹൃദം നേടിയെടുക്കുക, അദ്ദേഹത്തെ സ്വന്തമാക്കുക എന്നതാണ്. നമ്മുടെ ചരിത്രപുസ്തകങ്ങളിൽ നാം പഠിക്കുന്നപോലെ, രാജാവ് ദൈവമായിരുന്ന കാലത്ത്, രാജഭരണം നിലനിന്ന കാലത്ത് രാജ്യമെല്ലാം രാജാവിന്റേതായിരുന്നു. രാജാവിന്റെ ഭരണത്തിന്റെ അവശ്യഘടകങ്ങൾ ഒന്ന്, രാജാവ് അവകാശിയായി നിൽക്കുന്ന രാജ്യത്തിന് അതിർത്തികളുണ്ടായിരുന്നു (Boundary); രണ്ട്, രാജ്യത്ത് പൗരന്മാരുണ്ടായിരുന്നു (Citizen); മൂന്ന്, രാജ്യത്തിന് ഒരു ഭരണഘടനയുണ്ടായിരുന്നു (Constitution); നാല്, രാജാവിന് രാജ്യത്തിന്റെമേൽ, പ്രജകളുടെമേൽ പരമാധികാരം (Soverignity) ഉണ്ടായിരുന്നു.  രാജാവിന്റേതായിട്ടുള്ളതെല്ലാം സ്വന്തമെന്നപോലെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന പ്രജകൾ എന്തുചെയ്യണം? അവർ രാജാവിനെ അവകാശിയായി സ്വീകരിക്കണം; രാജാവിനെ സ്വന്തമാക്കണം. അല്ലെങ്കിൽ അവർ രാജ്യത്തിന് പുറത്താണ്; അല്ലെങ്കിൽ കൽത്തുറുങ്കിലാണ്.

ക്രിസ്‌തുവിന്റെ പീഡാനുഭവ പ്രവചനങ്ങളുടെ ഉപമാവിഷ്‌കാരമായ ഈ കഥയിൽ, സർവ്വപ്രപഞ്ചത്തിന്റെയും അവകാശിയായ ക്രിസ്തുവിനെ സ്വന്തമായി സ്വീകരിക്കാതെ അന്നത്തെ ജനങ്ങൾ അവിടുത്തെ തിരസ്കരിക്കുക മാത്രമല്ല, അവകാശിയെ ഇല്ലാതാക്കുവാൻ ശ്രമിക്കുകയാണ്. ക്രിസ്തുവാണ് അവകാശിയെന്നറിഞ്ഞിട്ടും, അവകാശിയെ കൊന്ന് അവകാശം സ്വന്തമാക്കുക എന്ന ആനമണ്ടത്തരത്തിന്മേൽ അടയിരിക്കുന്ന മണ്ടന്മാരായി യഹൂദർ മാറുകയാണ്. ഇന്നും, തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന ഒരു ജനതയായി യഹൂദർ ഈ ഭൂമിയിൽ കഴിയുന്നു!! ഇന്നും ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ആനമണ്ടത്തരത്തിൽ ജീവിതം തകർന്നുപോകാതിരിക്കാനായി, ധൂളിയായിപ്പോകാതിരിക്കാനായി ഒരു ഓർമപ്പെടുത്തലായിട്ടാണ് ഈ ഉപമ ഇന്ന് നമ്മുടെ മുൻപിൽ നിൽക്കുന്നത്.

പ്രിയപ്പെട്ടവരേ, ദൈവപരിപാലനയുടെ അനന്തസാധ്യതകൾക്കിടയിലാണ് മനുഷ്യൻ ജീവിക്കുന്നത്. ദൈവം സമ്മാനമായി നൽകിയ ഈ ജീവിതം, കർഷകൻ മുന്തിരിത്തോട്ടം കാത്തുസൂക്ഷിക്കുന്നതുപോലെ, ദൈവത്തിന്റെ പരിപാലനയുടെ വേലിക്കെട്ടിനുള്ളിൽ, അവിടുത്തെ കാരുണ്യത്തിന്റെ നിലത്ത്, ജീവനും ശക്തിയും നൽകി, വളവും ജലവും നൽകി   കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കു കയാണ് ദൈവം. വിശുദ്ധ കൂദാശകളാകുന്ന, സഭയാകുന്ന കൃഷിക്കാരിലൂടെ നമ്മെ അവിടുന്ന് വളർത്തുന്നു. ഇത്രയെല്ലാം തന്റെ കരുണയിൽ, സ്നേഹത്തിൽ ദൈവം ചെയ്യുന്നത് നാമെല്ലാവരും അവിടുത്തെ അവകാശിയായി സ്വീകരിക്കുവാനും, അവിടുത്തെ അവകാശത്തിൽ പങ്കുപറ്റിക്കൊണ്ട് ദൈവമക്കളായി ജീവിക്കുവാനും വേണ്ടിയാണ്. അത്തരത്തിലുള്ള വിളവ്, ഫലം കാത്തിരിക്കുന്ന ഉടമസ്ഥനായ ദൈവം ഈരേഴുപതിനാലു ലോകങ്ങളുടെയും, അതിലുള്ള സകലത്തിന്റെയും അവകാശിയായി ക്രിസ്തുവിനെ ആക്കിയിരിക്കുന്നു.  

ക്രിസ്തുവാണ് ഈ സൃഷ്ടപ്രപഞ്ചത്തിന്റെ അവകാശിയെന്ന സത്യം, വിശുദ്ധ പൗലോശ്ലീഹായാണ് ഏറ്റവും മനോഹരമായി ബൈബിളിൽ അവതരിപ്പിച്ചിരിക്കുന്നത്. കൊളോസോസുകാർക്കെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം നമ്മൾ കാണുക.

ഇന്നത്തെ തുർക്കിയിലെ ഡെൻസിലി എന്ന പട്ടണത്തിന് 16 കിലോമീറ്ററോളം കിഴക്കായിട്ടാണ് കൊളോസോസ് സ്ഥിതിചെയ്യുന്നത്. തുർക്കിയിൽ നിന്നുള്ള വിജാതീയർ കൊളോസോസിലെ ക്രൈസ്തവരെ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്ന കാലം. അബദ്ധ സിദ്ധാന്തങ്ങളിലൂടെ നിഷ്കളങ്കരായ ക്രൈസ്തവരെ അവരുടെ ക്രിസ്തുവിശ്വാസത്തിൽ നിന്ന് വഴിതെറ്റിക്കുവാൻ വലിയ ശ്രമങ്ങൾ നടന്നിരുന്നു. ധാരാളം ക്രൈസ്തവർ വിജാതീയരുടെ കെണിയിൽ പെടുകയും ചെയ്തു. വിശുദ്ധ പൗലോശ്ലീഹായുടെ സഹപ്രവർത്തകനായിരുന്ന എപ്പഫ്രാസ് കൊളോസോസിൽ ആരംഭിച്ച ക്രൈസ്തവസമൂഹത്തിൽ അബദ്ധസിദ്ധാന്തങ്ങൾ വിശ്വാസികളെ വഴിതെറ്റിക്കുന്നെണ്ടെന്ന് അറിഞ്ഞ വിശുദ്ധ പൗലോസ് പ്രപഞ്ചം മുഴുവന്റെയും അവകാശി ക്രിസ്തുവാണെന്ന് കൊളോസോസുകാരെ പഠിപ്പിക്കുവാൻ ലേഖനങ്ങൾ എഴുതി. അദ്ദേഹം എഴുതിയ ലേഖനത്തിലെ ഒന്നാം അധ്യായത്തിൽ തന്നെ ക്രിസ്തു സൃഷ്ടിയുടെ മകുടമാണെന്ന് കൊളോസോസുകാരെ പഠിപ്പിച്ചു. നമുക്ക്

„പാപമോചനവും രക്ഷയും ലഭിച്ചിരിക്കുന്ന ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും, എല്ലാ സൃഷ്ടികൾക്കും മുൻപുള്ള ആദ്യജാതനുമാണ്. കാരണം, അവനിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ, ആധിപത്യങ്ങളോ, ശക്തികളോ, അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. അവനാണ് എല്ലാറ്റിനും മുന്പുള്ളവൻ. അവനിൽ സമസ്തവും സ്ഥിതിചെയ്യുന്നു.” (കൊളോ 1, 15-17) ക്രിസ്തുവാണ് അവകാശിയെന്നും, ഈ അവകാശിയെ സ്വന്തമാക്കുമ്പോഴാണ് ഈ പ്രപഞ്ചത്തിലുള്ളതെല്ലാം നമ്മുടേതും ആകുന്നതെന്ന് പഠിപ്പിച്ച വിശുദ്ധ പൗലോസിന് ക്രിസ്തു ദൈവവും, സർവ്വസ്വവുമായിരുന്നു.

സ്നേഹമുള്ളവരേ, നമ്മുടെ വിശ്വാസത്തെ വർധിപ്പിക്കണം. ജീവിതത്തിന്റെ ഓരോ നിമിഷവും ഈ വിശ്വാസം ഏറ്റുപറയണം. എന്താണ് ഏറ്റുപറയേണ്ടത്? ഈശോയേ, ഈ ലോകത്തിന്റെ അവകാശി നീയാണ്, എന്റെ ജീവിതത്തിന്റെ അവകാശി നീയാണ്. നീയാണെന്റെ അവകാശവും പാനപാത്രവും. എന്റെ ജീവിതം, എന്റെ ജീവിതത്തിന്റെ ഭാഗധേയം നിന്റെ, നിന്റെ മാത്രം കൈകളിലാണ്.’  ആർക്കാണ് പിതാവിന്റെ അവകാശത്തിന് അർഹത? മക്കൾക്കാണ്. അപ്പോൾ, അവകാശത്തിൽ പങ്കുപറ്റുവാൻ എന്ത് ചെയ്യണം? നാം ദൈവത്തിന്റെ മക്കളാകണം. ആരാണ് ദൈവത്തിന്റെ മക്കൾ? റോമാക്കാർക്കെഴുതിയ ലേഖനത്തിൽ നാം വായിച്ചുകേട്ടതുപോലെ, „ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരാണ് ദൈവത്തിന്റെ മക്കൾ. (റോമാ 8, 14) പൗലോശ്ലീഹാ പറയുന്നു: “നാം മക്കളെങ്കിൽ അവകാശികളുമാണ്. ദൈവത്തിന്റെ അവകാശികളും, ക്രിസ്തുവിന്റെ കൂട്ടവകാശികളും.” (റോമാ 8, 17) ദൈവത്തിന്റെ മക്കളായി ജീവിച്ചുകൊണ്ട്, ക്രിസ്‌തുവിനെ അവകാശിയായി ഏറ്റുപറഞ്ഞുകൊണ്ട് ജീവിക്കുമ്പോഴാണ് ദൈവത്തിന്റെ അവകാശത്തിൽ നാം പങ്കുകാരാകുന്നത്.

എന്നാൽ, സ്നേഹമുള്ളവരേ ശ്രദ്ധിച്ചു കേൾക്കണം, ഈ ലോകം, ലോകത്തിലുള്ള നാമെല്ലാവരും, നൽകപ്പെട്ടിട്ടുള്ളതിന്റെയെല്ലാം ഉടമസ്ഥനായ ദൈവത്തെ മറന്ന്, ഇതിന്റെയെല്ലാം അവകാശിയായ ക്രിസ്തുവിനെ പരിഗണിക്കാതെ, എല്ലാം സ്വന്തമാക്കാൻ ശ്രമിക്കുന്നു. എല്ലാം സ്വന്തമാക്കാൻ അവകാശിയെ കൊന്നുകളയുന്നു. അവകാശിയെക്കുറിച്ചുള്ള ഓർമപോലും അവകാശങ്ങൾ സ്വന്തമാക്കാൻ തടസ്സമാകുമെന്ന് കണ്ട് അവകാശിയെ, തങ്ങളുടെ ജീവിതത്തിന്റെ, മനഃസ്സാക്ഷിയുടെ പുറത്തേക്ക് എറിഞ്ഞുകളയുന്നു.  “മറ്റാർക്കും വസിക്കാൻ ഇടംകിട്ടാത്തവിധം വീടോടു വീട് ചേർത്ത്, വയലോട് വയൽ ചേർത്ത് അതിന്റെ മധ്യത്തിൽ തനിച്ചു വസിക്കുവാൻ’ (ഏശയ്യാ 5,8) അവകാശി തടസ്സമാകുന്നുവെന്നുകണ്ട് നീ അവകാശിയെ കൊല്ലുന്നു. ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടാനും, വീഞ്ഞ് കുടിച്ചു മദിക്കാനും അവകാശി പ്രതിബന്ധമാകുമെന്ന് മനസ്സിലാക്കി നീ അവകാശിയെ വകവരുത്തുന്നു. 

കുടുംബനാഥനെന്ന നിലയിൽ നീ സമ്പാദിക്കുന്നതെല്ലാം നിന്റെ കുടുംബങ്ങൾക്കും അർഹതപ്പെട്ടിരിക്കെ, നിന്റെ സുഖത്തിനായി മാത്രം നിന്റെ സമ്പാദ്യം കള്ളുകുടിക്കാൻ ഉപയോഗിക്കുമ്പോൾ, പുകവലിക്കാൻ എടുക്കുമ്പോൾ, എല്ലാം നിന്റേതെന്ന മട്ടിൽ ഉപയോഗിക്കുമ്പോൾ, നീ ഇതിന്റെയെല്ലാം അവകാശിയായ ക്രിസ്തുവിനെ കൊന്നു നിന്റെ ജീവിതത്തിന്റെ പുറമ്പോക്കിലേക്കു എറിഞ്ഞുകളയുകയാണ്. ഈ ലോകത്തിലുള്ളതെല്ലാം ക്രിസ്തുവിന്റേതായിരിക്കെ, അത് പരിഗണിക്കാതെ, എല്ലാം, സുഖങ്ങളും, സ്വത്തുക്കളും, എല്ലാം എല്ലാം നിന്റേതാക്കാൻ നീ ശ്രമിക്കുമ്പോൾ – നീ ആരുമാകാം, ഒരു പുരോഹിതൻ, സന്യാസി, ഭാര്യ, ഭർത്താവ്, യുവതീയുവാക്കൾ, കുഞ്ഞുങ്ങൾ, – ഓരോരുത്തരും അവരവരുടേതായ തലത്തിൽ, സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ, നിങ്ങൾ ക്രിസ്തുവിനെ കൊല്ലുകയാണ്, നിങ്ങളുടെ ജീവിതത്തിന്റെ പുറത്തേക്കു എറിഞ്ഞുകളയുകയാണ്. എല്ലാം ക്രിസ്തുവിന്റേതായിരിക്കേ, നിങ്ങളുടേതെന്ന മട്ടിൽ, ഇരുമ്പു സേഫുകളിലും, ലോക്കറുകളിലും മറ്റും സൂക്ഷിക്കുകയും, ആർക്കും പങ്കുവെക്കാതെ, ആരെയും സഹായിക്കാതെ കണ്ണെഴുതി പൊട്ടും തൊട്ടു, ശീതീകരിച്ച കാറുകളിൽ കറങ്ങുമ്പോൾ ഓർക്കുക, നിങ്ങൾ അവകാശിയെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് പുറത്തു നിർത്തുകയാണ്.

പക്ഷെ സ്നേഹിതരെ, നിങ്ങൾക്ക് ഒന്നും സ്വന്തമാക്കാൻ സാധിക്കുകയില്ല. കാരണം, അവകാശം മുഴുവൻ സ്വന്തമാക്കാൻ ഒരു മാർഗ്ഗമേയുള്ളു – അവകാശിയെ സ്വന്തമാക്കുക. സമ്പത്തു ആവശ്യമുണ്ടോ, സർവ സമ്പത്തിന്റെയും ഉടയവനായ ക്രിസ്തുവിനെ സ്വന്തമാക്കുക; സൗന്ദര്യം വേണമോ, സൗന്ദര്യം മാത്രമായ ക്രിസ്തുവിനെ സ്വന്തമാക്കുക; സൗഖ്യം വേണമോ, സൗഖ്യദായകനായ ക്രിസ്തുവിനെ സ്വന്തമാക്കുക. സമാധാനം വേണമോ, സന്തോഷം വേണമോ, എല്ലാറ്റിന്റെയും അവകാശിയെ സ്വന്തമാക്കുക. അല്ലെങ്കിൽ അവകാശത്തിൽ പങ്കുപറ്റാൻ നിനക്കാകില്ല. നാം വലിക്കുന്ന ശ്വാസവും, ഇറുത്തെടുക്കുന്ന ഒരു പുൽനാമ്പും, കൈക്കുമ്പിളിലാക്കുന്ന കടലിലെ ഇത്തിരി വെള്ളവും, നാം ചിലവഴിക്കുന്ന ഒറ്റരൂപാ തുട്ടുപോലും നമ്മുടേതല്ല. അതിനു അവകാശിയുണ്ട്, കർത്താവായ ഈശോ തമ്പുരാൻ! അവകാശിയെ ജീവിതത്തിന്റെ പുറമ്പോക്കിൽ നിർത്തി, ഇവയെല്ലാം നമ്മുടേതെന്ന മട്ടിൽ ആസ്വദിക്കാൻ ശ്രമിച്ചാൽ, ഉടമസ്ഥൻ വരികതന്നെ ചെയ്യും, അവകാശം നമ്മിൽ നിന്ന് തിരിച്ചെടുക്കാൻ.

അവകാശിയെ കൊന്നാൽ അവകാശം മുഴുവൻ സ്വന്തമാക്കാമെന്നത് മണ്ടത്തരമാണ്. നിങ്ങൾ അവകാശിയെ കൊന്നാൽ രണ്ടുകാര്യം സംഭവിക്കാം. ഒന്ന്, അവകാശത്തിനു നൂറ്റൊന്നു ആളുകൾ ഉണ്ടാകും. അവകാശം ചിന്നഭിന്നമായിപ്പോകും. രണ്ട്, ഉടമസ്ഥൻ വന്നു നിങ്ങളെ നശിപ്പിച്ചുകളയും. ഇന്നത്തെ രണ്ടാം വായന, ജോഷ്വാ 7, 10-15 ലെ ആഖാന്റെ ജീവിതം ഓർക്കുന്നത് നല്ലതാണ്. ദൈവവചനം മറന്ന്, ദൈവ കല്പന മറന്ന്, ദൈവത്തെ മറന്ന്, എല്ലാം സ്വന്തമാക്കാൻ ശ്രമിച്ച ആഖാന്റെ തകർച്ച നമുക്ക് പാഠമാകട്ടെ.

സ്നേഹമുള്ളവരേ, ക്രിസ്തുവാകുന്ന മൂലക്കല്ലിൽ നിങ്ങൾ നിങ്ങളുടെ ജീവിതം പടുത്തുയർത്തുന്നില്ലായെങ്കിൽ, ക്രിസ്തുവാകുന്ന അവകാശിയെ നിങ്ങൾ സ്വന്തമാക്കുന്നില്ലായെങ്കിൽ വചനം പറയുന്നു, നിങ്ങളുടെ ജീവിതം തകർന്നു പോകും, മാത്രമല്ല, കണ്ണിമയ്ക്കുന്ന നേരത്തിൽ അത് ധൂളി, ധൂളിയായിപ്പോകും! ക്രിസ്തുവാകുന്ന അവകാശിയെ സ്വന്തമാക്കാൻ സഭയെ ഇനിയും സജ്ജമാക്കാൻ നാം തയ്യാറായില്ലെങ്കിൽ ജീവിതം മാത്രമല്ല, സഭയും, സഭയുടെ പ്രവർത്തനങ്ങളും, പ്രസ്ഥാനങ്ങളുമെല്ലാം തകർന്നുപോകും. കണ്ണിമയ്ക്കുന്ന നേരത്തിൽ അത് ധൂളി, ധൂളിയായിപ്പോകും!   

ഈ ദൈവവചനത്തെ ഭീഷണിയായി കാണരുതേ. സ്നേഹിക്കുന്ന ദൈവത്തിന്റെ ഹൃദയത്തിന്റെ കരച്ചിലാണിത്. ‘നിങ്ങൾക്കുവേണ്ടി ഞാൻ എല്ലാം ചെയ്തിട്ടും, ഓരോ ദിവസവും വിശുദ്ധ കുർബാനയിലൂടെ എന്നെത്തന്നെ തന്നിട്ടും, നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടും, സ്നേഹമുള്ള മക്കളെ, എന്തുകൊണ്ട് നിങ്ങൾ തകർച്ചയുടെ വഴി തിരഞ്ഞെടുക്കുന്നു. എന്തുകൊണ്ട് നിങ്ങൾ അവകാശം മാത്രം വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നു? എന്തുകൊണ്ട് നിങ്ങൾ പാപ്പരായിപ്പോകുന്ന വഴി തിരഞ്ഞെടുക്കുന്നു? എന്തുകൊണ്ട് നിങ്ങൾ നിങ്ങളുടെ കുടുംബത്തിൽ, വ്യക്തിജീവിതങ്ങളിൽ നിങ്ങൾക്കായി എല്ലാം നൽകുന്ന അവകാശിയെ കൊന്ന് ജീവിതത്തിന്റെ പുറമ്പോക്കിലേക്കെറിയുന്നു?’ കേൾക്കാൻ പറ്റുന്നുണ്ടോ, ദൈവത്തിന്റെ ഈ കരച്ചിൽ?

ഞാൻ ആരെയും വിധിക്കുന്നില്ല. പക്ഷെ ലോകത്തിൽ സംഭവിക്കുന്നവയെ നിരീക്ഷിക്കുമ്പോൾ, എന്റെ ജീവിതത്തിലെ, എന്റെ കുടുംബത്തിലെ അസ്വസ്ഥതകൾ കാണുമ്പോൾ, ഞാൻ ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കാണാതെ വരുമ്പോൾ, ഞാൻ സ്വയം ചോദിക്കുകയാണ് സ്നേഹമുള്ളവരേ, എന്റെ ജീവിതത്തിന്റെയും, ഈ ലോകത്തിലുള്ള എല്ലാറ്റിന്റെയും അവകാശിയായ ക്രിസ്തുവിനെ എന്റെ ജീവിതത്തിൽ നിന്ന് ഞാൻ അകറ്റി നിർത്തിയിരിക്കുകയാണോ? അവകാശിയില്ലെങ്കിലും എല്ലാം സ്വന്തമാക്കാമെന്ന ഹുങ്കിലാണോ, എല്ലാം ആസ്വദിക്കാമെന്ന അഹന്തയിലാണോ ഞാൻ ജീവിക്കുന്നത്? 

ഓർക്കുക, അവകാശം സ്വന്തമാക്കാൻ ഒരേയൊരു മാർഗ്ഗമേയുള്ളു: അവകാശിയെ സ്വന്തമാക്കുക. ഈ നോമ്പുകാലം അതിനുവേണ്ടിയാണ് ദൈവം നമുക്ക് നൽകിയിരിക്കുന്നത്. ആമേൻ!