SUNDAY SERMON MT 16, 13-19

പള്ളിക്കൂദാശാക്കാലം ഒന്നാം ഞായർ

മത്താ 16, 13 – 19

സന്ദേശം

സീറോ മലബാർ സഭയുടെ ആരാധനക്രമ വത്സരത്തിലെ അവസാനത്തെ കാലമായ പള്ളിക്കൂദാശക്കാലത്തിലേക്ക് നാമിന്ന് പ്രവേശിക്കുകയാണ്. ഇന്ന് പള്ളിക്കൂദാശക്കാലം ഒന്നാം ഞായർ. ഈ ഭൂമിയിൽ സ്ഥാപിതമായ ക്രിസ്തുവിന്റെ സഭയെ ഓർത്ത് ദൈവത്തിന് നന്ദിപറയുക, മിശിഹാ തന്റെ മണവാട്ടിയായി സഭയെ അവസാന വിധിക്കുശേഷം സ്വർഗ്ഗസ്ഥനായ പിതാവിന് സമർപ്പിക്കുന്നത്  അനുസ്‌മരിക്കുക, യുഗാന്തത്തിൽ സഭ അവളുടെ മക്കളോടൊപ്പം സ്വർഗീയ ജറുസലേമാകുന്ന നിത്യസൗഭാഗ്യത്തിൽ എത്തിച്ചേരുന്നതിന്റെ മുന്നാസ്വാദനം അനുഭവിക്കുക എന്നീ ലക്ഷ്യങ്ങളാണ് പള്ളിക്കൂദാശക്കാലത്ത്  നാം മനസ്സിൽ സൂക്ഷിക്കുന്നത്.

പള്ളിക്കൂദാശാക്കാലത്തിന്റെ ഈ ഒന്നാം ഞായറാഴ്ച്ച സഭാസമർപ്പണത്തിരുനാളായിട്ടാണ് തിരുസ്സഭ ആഘോഷിക്കുന്നത്. തിരുസ്സഭയെ മനസ്സിൽ കണ്ടുകൊണ്ടെന്നോണം ഇന്നത്തെ സുവിശേഷത്തിൽ ” നീ പത്രോസാണ്. ഈ പാറമേൽ ഞാൻ സഭ സ്ഥാപിക്കും.” എന്ന് പറഞ്ഞുകൊണ്ട് ഈശോ തിരുസ്സഭയ്ക്ക് രൂപം കൊടുത്തതിനെയാണ് ഇന്ന് നാം പ്രത്യേകം ഓർക്കുന്നത്. ക്രിസ്തുവിന്റെ സ്നേഹ സന്ദേശവുമായി ലോകം മുഴുവനും നിറഞ്ഞു നിൽക്കുന്ന തിരുസ്സഭയിൽ അംഗങ്ങളായതിൽ അഭിമാനിക്കുന്നവരാണ്, സന്തോഷിക്കുന്നവരാണ് നാമെല്ലാവരും. തിരുസ്സഭ എന്നും ക്രിസ്തുവിന്റെ സ്നേഹത്തിന്റെ, കരുണയുടെ, നന്മയുടെ പ്രതീകമായിട്ടാണ് ലോകത്തിൽ നിലനിൽക്കുന്നത്. അതുകൊണ്ടാണ്, ലോകരാഷ്ട്രങ്ങളും, ലോകനേതാക്കളുമെല്ലാം, ലോകസമാധാനത്തിനായി, മാനവ സൗഹാർദത്തിനായി സഭയെ ഉറ്റുനോക്കുന്നത്.   

ക്രിസ്തുവിന്റെ ഈ സഭയിൽ അഭിമാനംകൊള്ളുന്ന ക്രൈസ്തവരായിട്ടാകണം ഇന്നത്തെ സുവിശേഷത്തിലെ വിശുദ്ധ പത്രോസിന്റെ വിശ്വാസ പ്രഖ്യാപനം നാം കാണുവാൻ. ഈശോയെ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവായി, നിന്റെ ജീവിതത്തിന്റെ, ഈ ലോകത്തിന്റെ രക്ഷകനായി ഏറ്റുപറയുക എന്നതാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്ന വെല്ലുവിളി.

വ്യാഖ്യാനം

സമാന്തര സുവിശേഷങ്ങളായ വിശുദ്ധ മത്തായിയുടെയും, മാർക്കോസിന്റെയും ലൂക്കായുടെയും സുവിശേഷങ്ങളിൽ ഒരുപോലെ കാണപ്പെടുന്ന ഭാഗമാണ് ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചു കേട്ടത്. ഇതിൽ വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ വിവരണമാണ് ഇന്നത്തെ നമ്മുടെ വിചിന്തനത്തിനായി നൽകിയിരിക്കുന്നത്. ഈ വിവരണമാകട്ടെ ഇന്നത്തെ കാലഘട്ടത്തിന് യോജിച്ചതുമാണ്.

ഈശോ ഈ ലോകത്തിലേക്ക് വന്നത് ലോകത്തിന്റെ മിശിഹാ, രക്ഷകനായിട്ടാണ്. ഈ സത്യം ലോകത്തിന് വെളിപ്പെടുത്തുവാനാണ് സുവിശേഷങ്ങളിൽ അവിടുന്ന് ശ്രമിക്കുന്നത്. ‘സകലജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാർത്തയായി ദാവീദിന്റെ പട്ടണത്തിൽ ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു’ (ലൂക്ക 2, 10) എന്ന് മാലാഖമാർ അറിയിച്ചിട്ടും മാതാവും യൗസേപ്പിതാവും ശിശുവിന് ഈശോ എന്നാണു പേരിട്ടത്. (മത്താ 1, 25) അതായത്, ഇനി ഈശോ തന്റെ വചനങ്ങളിലൂടെ, പ്രവർത്തികളിലൂടെ, തന്നെത്തന്നെ മിശിഹായായി, ക്രിസ്തുവായി ലോകത്തിന് വെളിപ്പെടുത്തണം. അതിന്റെ ഭാഗമായിട്ടാണ് ഈശോ ശിഷ്യരോട്‌ ചോദിക്കുന്നത്: “ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്?”

താൻ ആരാണെന്ന് ചോദിക്കുവാൻ, പത്രോസിലൂടെ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുവാൻ എന്തുകൊണ്ടാണ് ഈശോ കേസരിയാ ഫിലിപ്പി തിരഞ്ഞെടുത്തത്? എന്തുകൊണ്ട്, തന്റെ ജനനസ്ഥലമായ ബേത്ലഹേം ഈശോ തിരഞ്ഞെടുത്തില്ല? എന്തുകൊണ്ട് ഗലീലി, ജെറുസലേം എന്നീ പട്ടണങ്ങളെ തഴഞ്ഞ് കേസരിയാ ഫിലിപ്പി തിരഞ്ഞെടുത്തു? ചോദ്യം യുക്തിപരമല്ലേ? താൻ ആരാണെന്ന് ചോദിക്കുവാൻ, പത്രോസിലൂടെ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുവാൻ ഈശോ കേസരിയാ ഫിലിപ്പി തിരഞ്ഞെടുത്തത് വെറുമൊരു തോന്നലിന്റെ ബലത്തിലല്ല.  വ്യക്തമായ ലക്ഷ്യത്തോടെയാണ്. 

മറ്റുപട്ടണങ്ങളിൽ നിന്ന് കേസരിയാ ഫിലിപ്പിയെ വ്യത്യസ്തമാക്കുന്ന ചില ഘടകങ്ങളാണ് ഈ പട്ടണത്തെ തിരഞ്ഞെടുക്കാൻ ഈശോയെ പ്രേരിപ്പിച്ചത്. പല മതങ്ങളുടെ സംഗമസ്ഥാനമാണ് കേസരിയാ ഫിലിപ്പി. ഗ്രീക്ക് ദേവനായ പാനിന്റെ വലിയൊരു പ്രതിമ ഇവിടെ ഉണ്ടായിരുന്നു. ബാൽ ദേവനെ ആരാധിക്കുന്നവർ ഈ പട്ടണത്തിൽ ഒരുമിച്ചു കൂടാറുണ്ടായിരുന്നു. വിജാതീയ ദേവതയായ അസ്തേറിന്റെ ആളുകളും ഈ പട്ടണത്തിലുണ്ട്. ധാരാളം മതങ്ങളുള്ളതുകൊണ്ടുതന്നെ മതപ്രഭാഷണങ്ങളും, ചർച്ചകളും, വാഗ്‌വാദങ്ങളും നിരന്തരം നടക്കുന്ന ഒരു പട്ടണമാണിത്. മറ്റുസ്ഥലങ്ങളിൽനിന്നു സന്ദർശകർ ഈ പട്ടണത്തിലേക്ക് വരാറുണ്ടായിരുന്നു.

ഇങ്ങനെ പല മതങ്ങളുടെ സംഗമസ്ഥലമായ, പല ദൈവങ്ങളെ ആരാധിക്കുന്ന ജനങ്ങളുള്ള ഈ പട്ടണത്തിൽവച്ചു താൻ മിശിഹായാണെന്നു പ്രഖ്യാപിക്കുവാൻ ഈശോ അവസരം ഒരുക്കുകയാണ്.

നാം വിചാരിക്കുന്നപോലെ അത്ര നിസ്സാരമായ ഒരു സാഹചര്യമായിരുന്നില്ല അത്! ചോദ്യം ഉന്നയിച്ച ഈശോയുടെ മനസ്സിൽ വേവലാതിയാണ്. ആരാണ് ഉത്തരം പറയുക? എന്തായിരിക്കും ഉത്തരം? ഈ കാണുന്ന ദേവന്മാരെപ്പോലെ ഒരാൾ എന്നായിരിക്കുമോ ഉത്തരം? ഈ കാണുന്ന മതനേതാക്കന്മാരെ പോലെ ഒരാൾ? മനുഷ്യരെ പറ്റിച്ചു കറങ്ങിനടക്കുന്ന രാഷ്ട്രീയ മത നേതാക്കന്മാരെപ്പോലെ ഒരാൾ? ഇവരുടെ സാംസ്കാരിക നേതാക്കന്മാരെപ്പോലെ ഒരാൾ? അതുമല്ലെങ്കിൽ പഴയനിയമ പ്രവാചകരിൽ ഒരാൾ? ഈശോയുടെ ചങ്കിടിക്കുകയാണ്.

ശിഷ്യന്മാരാണെങ്കിലോ? കണക്ക് ക്ലാസ്സിൽ ശതമാനം കാണാൻ ബോർഡിന്റെ മുൻപിൽ നിൽക്കുന്ന കുട്ടിയെപ്പോലെയാണവർ. കൃത്യമായ ഉത്തരം എന്തെന്ന് അറിയില്ല. എന്ത് ഉത്തരം പറയും? എന്ത് പറഞ്ഞാലാണ് ശരിയാവുക? അപ്പോഴാണ് എല്ലാവരേം ഞെട്ടിച്ചുകൊണ്ട് പത്രോസ് പറയുന്നത് “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്”. “കോടീശ്വരൻ” പ്രോഗ്രാമിലെപ്പോലെ, പത്രോസ് …  പറഞ്ഞ … ഉത്തരം …. ശരിയാണ്. ….. എന്ന് പറയാൻ ആരുമില്ലായിരുന്നെങ്കിലും, സ്നേഹമുള്ളവരേ, ഈശോ ഒന്ന് പുഞ്ചിരിച്ചു കാണണം. ഈശോയ്ക്ക് മനസ്സിലായി വെറും മനുഷ്യനായ പത്രോസിൽ ദൈവാത്മാവ് നിറഞ്ഞിരിക്കുന്നു. വെറും മുക്കുവനായ പത്രോസിന്റെ മാംസ രക്തങ്ങളല്ല, മാനുഷിക ബുദ്ധിയല്ല, സ്വർഗ്ഗസ്ഥനായ പിതാവാണ് പത്രോസിലൂടെ ഈ സത്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈശോ പറയുകയാണ്, പത്രോസേ, ‘നീയാണ് എന്റെ സഭ!’ പരിശുദ്ധാത്മാവിനാൽ നിറഞ്ഞു ആരൊക്കെ ക്രിസ്തുവിനെ കർത്താവും ദൈവവുമായി ഏറ്റുപറയുന്നുണ്ടോ, അവരാണ് യഥാർത്ഥ സഭ; ആരിലൂടെയൊക്കെയോ ക്രിസ്തുവിനെ വെളിപ്പെടുത്തുവാൻ സ്വർഗ്ഗസ്ഥനായ പിതാവ് ആഗ്രഹിക്കുന്നുണ്ടോ, അവരാണ് യഥാർത്ഥ സഭ എന്ന് ഈശോ നമ്മെ പഠിപ്പിക്കുകയാണ്.

പ്രിയപ്പെട്ടവരേ, നൂറ്റാണ്ടുകളായി, വർഷങ്ങളായി നാം ക്രിസ്തുവിനോടൊപ്പം നമ്മുടെ കേസരിയാ ഫിലിപ്പികളിലാണ് – വിവിധ മതങ്ങളുള്ള, ദൈവങ്ങളുള്ള, വിശ്വാസങ്ങളുള്ള, നേതാക്കന്മാരുള്ള, ആചാരങ്ങളുള്ള, അഭിപ്രായങ്ങളുള്ള കേസരിയാ ഫിലിപ്പികളിൽ! ഭാരതമൊരു കേസരിയ ഫിലിപ്പിയാണ്, നമ്മുടെ കുടുംബം, സൗഹൃദക്കൂട്ടങ്ങൾ, നാം തന്നെ കേസരിയ ഫിലിപ്പികളാണ്. അവിടെ വച്ച് ഈശോ നമ്മോട് പറയാറുണ്ട്, അവിടുത്തെ ഏറ്റുപറയുവാൻ. അപ്പോൾ നാം എന്ത് ചെയ്തു? കോടികൾമുടക്കി ബ്രഹ്‌മാണ്ഡങ്ങളായ ദേവാലയങ്ങൾ പണിതു. എന്നിട്ട് അവിടെ നിന്ന് വിളിച്ചു പറഞ്ഞു ക്രിസ്തു എന്റെ ദൈവമാണ്. ലോകത്തിന്റെ രക്ഷകൻ എന്നല്ല, എന്റെ രക്ഷകനാണ്, എന്റെ ദൈവമാണെന്ന്. വീണ്ടും അവിടുന്ന് നമ്മോട് പറഞ്ഞു, ലോകത്തിന്റെ കോണുകളിൽ പോയി സാക്ഷികളാകുവാൻ! അവിടെച്ചെന്ന് സ്ഥാപനങ്ങൾ പണിതിട്ട് നാം വിളിച്ചു പറഞ്ഞു, സുഹൃത്തുക്കളെ നിങ്ങളുടെ മൂവത്തു മുക്കോടി ദൈവങ്ങളില്ലേ, അതുപോലെ, plus one ദൈവം. അതാണ് അതാണ് ഞങ്ങളുടെ ദൈവമെന്ന്.   എന്റെ ദൈവമായ ക്രിസ്തുമാത്രമാണ് നിങ്ങളുടെയും ദൈവമെന്ന് ഏറ്റുപറയുവാൻ നാം മടിച്ചു.

പിന്നെയും ഈശോ പറഞ്ഞു: നിങ്ങളുടെ ജീവിതസാഹചര്യങ്ങളാകുന്ന കേസരിയാഫിലിപ്പികളിൽ അവിടുത്തെ ഏറ്റുപറയുവാൻ. അപ്പോൾ നമ്മൾ ക്രിസ്തുവിനെ മറന്ന്, ഗ്രോട്ടോകൾ പണിയുവാനും, വിശുദ്ധരെ പലയിടങ്ങളിൽ കുടിയിരുത്തുവാനും, പെരുന്നാളുകൾ നടത്തുവാനും നമ്മുടെ പണവും, സമയവും, കഴിവും ചിലവഴിച്ചു! നമ്മുടെ മത നേതാക്കന്മാർ ഇഫ്‌താർ പാർട്ടികളിലും, ഉത്സവങ്ങളിലും പോയി പരസ്പരം ആലിംഗനംചെയ്ത്, നമസ്തേ പറഞ്ഞു. എന്നിട്ടു അവരുടെ കാതുകളിൽ പറഞ്ഞു, നിങ്ങളുടെയും ഞങ്ങളുടെയും ദൈവം – എല്ലാം ഒന്നാന്നേയ്!! സാംസ്കാരികാനുരൂപണത്തിന്റെ പേരും പറഞ്ഞു വിശുദ്ധ കുർബാനയിൽ മറ്റു മതസ്ഥരുടെ ആചാരങ്ങളും ചിഹ്നങ്ങളും വേദഗ്രന്ഥ വായനകളും ചേർത്തിട്ട് നാം വിളിച്ചുപറഞ്ഞു – എല്ലാ മതങ്ങളും ദൈവങ്ങളും ഒന്നാന്നേയ്!!! നമുക്ക് തെറ്റിപ്പോയില്ലേ സ്നേഹമുള്ളവരേ?

സ്നേഹമുള്ളവരേ, ഓർക്കണം, ഈ ലോകത്തിന്റെ ഏക രക്ഷകൻ ഈശോ ആണെന്ന സത്യം വിളിച്ചു പറയുന്നതിന് നമ്മുടെ പിതാമഹന്മാർക്കു മടിയുണ്ടായിരുന്നില്ല. ക്രിസ്തുവിനെ അനുഭവിച്ചറിഞ്ഞ അവർ, ആ അനുഭവത്തിന്റെ ചൂടിൽ ക്രിസ്തു ഏക രക്ഷകൻ എന്ന്, ക്രിസ്തു ദൈവമെന്ന് വിളിച്ചു പറഞ്ഞു.

അവരിൽ ചിലരെ, ചുട്ടുകൊന്നു, മറ്റുചിലരെ മൃഗങ്ങൾക്ക് ഇരയായിക്കൊടുത്തു. വേറെചിലരെ പലതരത്തിലുള്ള ആയുധങ്ങൾകൊണ്ട് നിഷ്കരുണം കൊന്നുകളഞ്ഞു. ഭാരതവും പിന്നിലായിരുന്നില്ല…കേരളത്തിൽ നിന്ന് ഒരു ദൈവസഹായം പിള്ള, ഒറീസ്സയിൽ സുവിശേഷ പ്രസംഗകനായ ഗ്രഹാം സ്റ്റൈനും അദ്ദേഹത്തിന്റെ മക്കളായ ഫിലിപ്പും തിമോത്തിയും, പിന്നെ സിസ്റ്റർ റാണിമാരിയ… എന്നാലും അവരെല്ലാം ജീവൻ വെടിയുന്നവരെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു: ക്രിസ്തു ജീവനുള്ള ദൈവത്തിന്റെ പുത്രനാണെന്ന്. എന്റെ ക്രൈസ്തവരേ അതേ ചൈതന്യത്തോടുകൂടി, അതേ ആർജ്ജവത്തോടുകൂടി നാം വീണ്ടും വിളിച്ചുപറയണം, വീണ്ടും, വീണ്ടും വിളിച്ചുപറയണം ഈ ലോകത്തിൽ ഒരേയൊരു രക്ഷകനേയുള്ളു, അത് ഈശോയാണ് എന്ന്.

ഒരു രാജകൊട്ടാരത്തിൽ വലിയൊരു വാദ്യ സംഘമുണ്ടായിരുന്നു. എല്ലാവരും രാജാവിനുവേണ്ടി വാദ്യോപകരണങ്ങൾ വായിക്കുകയായിരുന്നു, ഓരോരുത്തരുടെയും കഴിവിനനുസരിച്ച്, ആത്മാർത്ഥമായി. അപ്പോൾ അതിൽ ഒരു വിരുതൻ പുല്ലാങ്കുഴൽ വായിക്കുന്ന മട്ടിൽ ഇരുന്നു. രാജാവിന് അവനെ കണ്ടപ്പോൾ എന്തോ ഒരു പന്തികേട്! രാജാവ് പറഞ്ഞു: “എനിക്ക് ഓരോരുത്തരുടെയും സംഗീതം പ്രത്യേകം കേൾക്കണം.” അത് കേട്ടപ്പോൾ ഈ വിരുതൻ രോഗം നടിച്ചു കിടന്നു. കൊട്ടാരം വൈദ്യൻ പറഞ്ഞു: “ഇയാൾ രോഗിയല്ല. അങ്ങനെ ഒറ്റയ്ക്ക് പുല്ലാങ്കുഴൽ വായിക്കുവാൻ അയാൾ നിർബന്ധിതനായി. പുല്ലാങ്കുഴൽ വായിക്കാനറിയാത്ത അയാൾ സദസ്സിന്റെ മുൻപിൽ പുല്ലാങ്കുഴലും പിടിച്ച് ഇളിഭ്യനായി നിന്നു.

സ്നേഹമുള്ളവരേ, തിരുസ്സഭ ക്രിസ്തുവിന്റെ സ്നേഹത്തിന്റെ, കരുണയുടെ, സാഹോദര്യത്തിന്റെ, പങ്കുവയ്ക്കലിന്റെ, സമാധാനത്തിന്റെ സംഗീതം പുറപ്പെടുവിക്കുന്ന മനോഹരമായ വാദ്യ ഉപകരണമാണ്. ഓരോ ക്രൈസ്തവനും തിരുസ്സഭയോട് ചേർന്ന് ക്രിസ്തുവിന്റെ സ്നേഹത്തിന്റെ, കരുണയുടെ , സാഹോദര്യത്തിന്റെ, പങ്കുവയ്ക്കലിന്റെ, സമാധാനത്തിന്റെ സംഗീതം പുറപ്പെടുവിക്കുന്ന effective  musical insruments ആണ്. അല്ലെങ്കിൽ അങ്ങനെ ആയിരിക്കണം. കൂട്ടത്തിൽ ചേർന്ന് ക്രിസ്തുവിന്റെ സ്വഭാവമില്ലാത്ത ക്രൈസ്തവനായി നിന്നാൽ എന്നെങ്കിലും നിന്റെ സ്വഭാവം ലോകം അറിയും. അപ്പോൾ നീ ലോകത്തിന്റെ മുൻപിൽ ഇളിഭ്യനായി നിൽക്കും. അങ്ങനെ ഇളിഭ്യരായിത്തീരുന്ന ക്രൈസ്തവരുടെ കൂട്ടായ്മയല്ല തിരുസ്സഭ! 

സ്നേഹമുള്ളവരേ, ആദിമസഭയെപ്പോലെ ക്രിസ്തു ലോകരക്ഷകൻ എന്ന് നാമോരോരുത്തരും വാക്കുകൊണ്ടും ജീവിതംകൊണ്ടും വിളിച്ചുപറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പത്രോസിനെപ്പോലെ നാമും സാക്ഷ്യപ്പെടുത്തണം ഈശോ കർത്താവാണെന്ന്, ദൈവമാണെന്ന്. മറ്റാരിലും രക്ഷയില്ലെന്നും, ആകാശത്തിന് കീഴെ, മനുഷ്യരുടെയിടയിൽ നമുക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല, ക്രിസ്തുവിന്റേതല്ലാതെ (അപ്പ 4, 12) എന്ന് ജീവിതത്തിന്റെ കേസരിയാ ഫിലിപ്പികളിൽ നിന്ന് നാം പ്രഘോഷിക്കണം. നമ്മുടെ സുരക്ഷിത താവളങ്ങളിൽനിന്ന് പുറത്തുകടന്ന് ദൈവപരിപാലനയിൽ വിശ്വസിച്ചുകൊണ്ട് ഇന്ന് നാം ഈശോയെ, ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവായി ഏറ്റുപറയുന്നില്ലെങ്കിൽ, നാളെ അതിനുള്ള അവസരമുണ്ടാകുമെന്ന് പറയാനാകില്ലാ പ്രിയപ്പെട്ടവരേ! നാളെ ചിലപ്പോൾ പ്രഘോഷിക്കുവാൻ വചനവേദികൾ ഉണ്ടായെന്നു വരില്ല; ബലിയർപ്പിക്കുവാൻ ബലിവേദികളുണ്ടാകുകയില്ല; ഒരുമിച്ചു കൂടുവാൻ ദേവാലയങ്ങൾ ഉണ്ടാകുമെന്നതിനും ഒരു ഉറപ്പുമില്ല.

സമാപനം

അതിനാൽ നമുക്ക് “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്” എന്ന് ഏറ്റുപറഞ്ഞ ധീരരായ ക്രൈസ്തവരോട് ചേർന്ന് ക്രിസ്തുവിന് സാക്ഷികളാകാം. വിശുദ്ധ പൗലോസിനെപ്പോലെ സാഹചര്യം അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും എനിക്ക് ജീവിതം ക്രിസ്തുവാണെന്ന് ഏറ്റുപറയാം. ക്രിസ്തുവിനെ കൂടുതൽ അറിയുവാൻ നമുക്ക് ശ്രമിക്കാം. നമ്മുടെ ദൈവം ഇന്നും ജീവിക്കുന്ന ദൈവമാണ്. ക്രിസ്തുവിന്റെ വചനങ്ങൾ എന്നും ജീവനുള്ളതാണ്. അതുപോലെതന്നെ നമ്മുടെ ക്രൈസ്തവ സാക്ഷ്യങ്ങൾ ജീവനുള്ളതാകട്ടെ. ക്രിസ്തുവിന്റെ മണവാട്ടിയായ തിരുസ്സഭയെ നമുക്ക് സ്നേഹിക്കാം. തിരുസ്സഭ നമ്മുടെ അമ്മയാണ്, അധ്യാപികയാണ്, ക്രിസ്തുവിലേക്കുള്ള വഴികാട്ടിയാണ്. സഭ പഠനങ്ങൾക്കനുസരിച്ച്, സഭയുടെ തീരുമാനങ്ങൾക്കനുസരിച്ച് മുന്നോട്ട് പോകാൻ നമുക്കാകട്ടെ.

വിശുദ്ധ കുർബാനയിൽ നാം ചൊല്ലുന്നതുപോലെ, സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടി നിൽക്കുന്ന സഭയിൽ”

അംഗങ്ങളായതിൽ അഭിമാനിച്ചുകൊണ്ട്, ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ഇന്നത്തെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാം. ആമേൻ!

SUNDAY SERMON MT 8, 23-34

ഏലിയാ-സ്ലീവാ-മൂശേക്കാലം

മൂശേ മൂന്നാം ഞായർ

ത്താ 8, 23 – 34

ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ മൂശേ മൂന്നാം ഞായറാണിന്ന്. കൊടുങ്കാറ്റിനെ ശാന്തമാക്കുന്നതും പിശാചുബാധിതനെ സുഖപ്പെടുത്തുന്നതുമായ രണ്ടു സംഭവങ്ങൾ ഇന്നത്തെ സുവിശേഷ ഭാഗത്തുണ്ടെങ്കിലും ഈശോ കൊടുങ്കാറ്റിനെ ശാന്തമാക്കുന്ന സംഭവമാണ് നാമിന്നു വിചിന്തനത്തിനു വിഷയമാക്കുന്നത്. കാരണമുണ്ട്. കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഈ കൊടുങ്കാറ്റിൽ നമ്മുടെ ജീവിതവും ആടിയുലയുകയാണ്. ലോകമാകുന്ന കടലും, നമ്മുടെ ജീവിതമാകുന്ന, നമ്മുടെ കുടുംബമാകുന്ന കടലും ഇന്ന് അസ്വസ്ഥമാണ്!

കടലിനെ ശാന്തമാക്കുന്ന, അതുവഴി ശിഷ്യരെ ആശ്വസിപ്പിക്കുന്ന, ധൈര്യപ്പെടുത്തുന്ന ഈശോയുടെ ചിത്രം വളരെ മനോഹരമായിത്തന്നെയാണ് ഇന്നത്തെ സുവിശേഷഭാഗം അവതരിപ്പിക്കുന്നത്. ഈ ഞായറാഴ്ച്ച നമ്മുടെ സുവിശേഷ ഭാഗത്തിന്റെ സന്ദേശവും ഇത് തന്നെയായിരിക്കട്ടെ: സഹോദരീ, സഹോദരാ, അസ്വസ്ഥമായ നിന്റെ ജീവിതത്തെ ശാന്തമാക്കുവാൻ നിന്റെ ജീവിതത്തിന്റെ അണിയത്തു തന്നെ ഈശോയുണ്ട്.

വചനഭാഗത്തെ ആദ്യ വാചകം സൂചിപ്പിക്കുന്നത് ഈശോയോടൊപ്പം ശിഷ്യന്മാർ തോണിയിൽ സഞ്ചരിക്കുകയായിരുന്നു എന്നാണ്. നേരെ മറിച്ചല്ല. ശിഷ്യന്മാരോടൊപ്പം ഈശോ സഞ്ചരിക്കുകയായിരുന്നില്ല. രണ്ടായാലും effect ഒന്നാണെങ്കിലും കുറച്ചുകൂടുതൽ ധൈര്യം ഈശോയോടൊപ്പം ഞാൻ കൂടുമ്പോൾ ആണല്ലോ. ആ യാത്രയുടെ പൂർണ ഉത്തരവാദിത്വം അപ്പോൾ ഈശോയ്ക്കായിരിക്കുമല്ലോ. അതെന്തുമാകട്ടെ. ഉഗ്രമായ കൊടുങ്കാറ്റിൽ തോണിമുങ്ങത്തക്കവിധം തിരമാലകൾ ഉയർന്നപ്പോൾ ശിഷ്യന്മാർ ഭയപ്പെടുകയാണ്. ഓർക്കണം, ഈ ശിഷ്യന്മാരിൽ എല്ലാവരും തന്നെ മിടുക്കരായ മുക്കുവരാണ്. വെടിക്കെട്ടുകാരന്റെ മോനെ ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേ എന്ന് പറയുന്നപോലെ, തിരമാലകൾക്കുമേലെ ജീവിതം അമ്മാനമാടുന്നവർക്കെന്ത് കൊടുങ്കാറ്റ്?! എങ്കിലും ഇവിടെ ശിഷ്യന്മാർ ഭയപ്പെടുകയാണ്! കടലിലെ എല്ലാ അഭ്യാസങ്ങളും അറിയാവുന്ന, കടലിന്റെ ഭാവമാറ്റങ്ങൾ ഗ്രഹിക്കുവാനും അവയ്‌ക്കെതിരെ മുൻകരുതലുകൾ എടുക്കുവാനും കഴിയുന്ന ഒഴുക്കിനെതിരെ നീന്താൻ കെല്പുള്ള ശിഷ്യന്മാരെയാണ് ഈ കാറ്റും കോളും ഭയപ്പെടുത്തുന്നത്!!

കടലെന്നുപറയുന്നുണ്ടെങ്കിലും ഇതൊരു തടാകമാണ്. ഗലീലി തടാകം ലോകത്തിലെ തന്നെ ഏറ്റവും താഴ്ച്ച കുറഞ്ഞ ശുദ്ധ ജലതടാകമാണ്. സമുദ്രനിരപ്പിൽ നിന്നും 686 അടി താഴ്ചയിലാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. ശിഷ്യന്മാർക്കു വളരെ പരിചിതമായ ഈ തടാകത്തിലെ ഓരോ ചലനവും അറിയാവുന്നവരായിരുന്നെങ്കിലും പെട്ടെന്ന് വന്ന കൊടുങ്കാറ്റ് അവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചിരിക്കാം. ഈശോയോടൊപ്പമാണ് തങ്ങൾ വന്നിരിക്കുന്നതെന്ന് ഒരു നിമിഷം മറന്നിരിക്കാം. ഈശോ കൂടെയുണ്ടെന്നും അവിടുന്ന് സകലത്തിന്റെയും നാഥനാണെന്നും, അവിടുന്ന് രക്ഷകനാണെന്നും ഓർക്കാൻ കഴിയാത്തവിധം അവരുടെ മനസ്സ് blank ആയിപ്പോയിരിക്കാം. അതുകൊണ്ടായിരിക്കണം നാശത്തിന്റെ, മരണത്തിന്റെ ഗന്ധം അവർക്കു കിട്ടിയത്. പിന്നെ വെറും മാനുഷികമായ വെപ്രാളമാണ് നാമിവിടെ കാണുന്നത്.

എന്നിട്ടോ, കാറ്റിനെ ചിറകുകളാക്കുന്നവൻ, കടലിനെ പാതയാക്കുന്നവൻ ശിഷ്യരുടെ അല്പവിശ്വാസത്തിലേക്കു വിരൽചൂണ്ടിക്കൊണ്ടു, കാറ്റിനെയും കടലിനെയും ശാസിക്കുകയാണ്. വചനം പറയുന്നു, “അവിടെ ശാന്തതയുണ്ടായി!!  അവിടെ, പ്രകൃതിയിൽ, ശിഷ്യരുടെ മനസ്സിൽ ശാന്തത നിറഞ്ഞു.

മനുഷ്യ മനസ്സെപ്പോഴും കൊടുങ്കാറ്റിനാൽ കലങ്ങിമറയുന്ന കടലുപോലെയാണ്. അതുകൊണ്ടാണ് ബൈബിളിൽ കടൽ തിന്മയുടെ, മരണത്തിന്റെ, സങ്കീർണങ്ങളായ പ്രശ്നങ്ങളുടെ, ദൈവാനുഗ്രഹത്തെ തടസ്സപ്പെടുത്തുന്നതിന്റെ പ്രതീകമായി അവതരിപ്പിക്കുന്നത്. ഏശയ്യാ പ്രവാചകന്റെ പുസ്തകം 57, 20 ൽ പറയുന്നത്: ദുഷ്ടരായ മനുഷ്യർ പ്രക്ഷുബ്ധമായ കടൽ പോലെയാണ്. അതിനു ശാന്തമാകാനാകില്ല. അതിലെ വെള്ളം ചെളിയും മാലിന്യങ്ങളും അടിച്ചു കയറ്റുന്നു” എന്നാണ്.

സാഹിത്യരചനകളിൽ കടലിനെ അവതരിപ്പിക്കുന്നത് മനുഷ്യ വികാരങ്ങളുടെ തിരയടിക്കുന്ന ഇടമായിട്ടാണ്. ചിലപ്പോൾ കടലിനെ കണ്ടാൽ മരണത്തിനു വിധിക്കപ്പെട്ടവന്റെ നിസംഗത ആയിരിക്കും. മറ്റു ചിലപ്പോൾ ശാന്തതയും. അലറിമറിയുന്ന കടലിനെ ദേഷ്യംകൊണ്ട് കലങ്ങുന്ന മനുഷ്യ മനസ്സായിട്ടാണ് കാണുന്നത്. കണ്ണെത്താദൂരത്തോളം പറന്നു കിടക്കുന്ന കടലിനെ നിരാശ നിറഞ്ഞ മനുഷ്യമനസ്സായും അവതരിപ്പിക്കാറുണ്ട്.

ഡച്ച് ചിത്രകാരനായ വിൻസെന്റ് വാൻ ഗോഗ് (Vincent van Gogh 1853 – 1890) ജീവിതത്തെ കടലയുമായി ബന്ധപ്പെടുത്തി സംസാരിക്കുന്നുണ്ട്. ചെറുപ്പം മുതൽ കഷ്ടപ്പാടുകളോട് പടവെട്ടിയ വിൻസെന്റ് നിരാശയുടെ അലകളിൽപെട്ട് ആടിയുലഞ്ഞെങ്കിലും, 2100 ഓളം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ജീവിതത്തിന്റെ സങ്കീർണ ഘട്ടങ്ങളിലൂടെ കടന്നുപോയ വാൻഗോഗ് പറയുന്നത് കേൾക്കേണ്ടതാണ്: “മനുഷ്യന്റെ ഹൃദയം കടൽ പോലെയാണ്, അതിൽ  കൊടുങ്കാറ്റുണ്ട്, വേലിയേറ്റമുണ്ട്, വേലിയിറക്കമുണ്ട്, ചുഴികളുണ്ട്, ആഴത്തിൽ മുത്തുകളുമുണ്ട്”. (Letters of Vincent van Gogh) കടൽപോലെ പ്രക്ഷുബ്ധമായ, പവിഴങ്ങളും മുത്തുകളും നിറഞ്ഞ് സമ്പന്നമായ നമ്മുടെ ജീവിതത്തിൽ ക്രിസ്തു ഉണ്ടെങ്കിൽ ധൈര്യമായി, ശാന്തമായി മുന്നോട്ട് പോകുവനാ നമുക്ക് സാധിക്കും.

മനുഷ്യവികാരങ്ങൾ ജലരൂപം പ്രാപിച്ചതാണ് കടൽ. ചിലപ്പോൾ സ്നേഹിക്കും, ചിലപ്പോൾ കരയും, മറ്റുചിലപ്പോൾ വെറുക്കും, അടങ്ങാത്ത ആക്രാന്തവും കടൽ കാണിക്കും. നീലിമ നിറഞ്ഞ സൗന്ദര്യത്തോടെ കടൽ മാടിവിളിക്കുമ്പോൾ ഉള്ളിലുയരുന്ന ആർത്തികൊണ്ടു മനുഷ്യൻ പ്രലോഭിതനാകും. അവസാനം ഒന്നും നേടാതെ മടങ്ങേണ്ടിവരും.

ഏണസ്റ്റ് ഹെമിങ്‌വേ (Ernest Hemingway) യുടെ “കിഴവനും കടലും” (The Oldman and Sea) എന്ന പ്രസിദ്ധമായ നോവൽ ഓർക്കുന്നില്ലേ? സാന്റിയാഗോ എന്ന കിഴവൻ വലിയ മത്സ്യത്തെ പിടിക്കാൻ കടലിലേക്ക് പോകുകയാണ്. 84 ദിവസങ്ങൾ കഴിഞ്ഞിട്ടും ഒന്നും ലഭിക്കുന്നില്ല. അടുത്തദിവസവും കടൽ അയാളെ മാടിവിളിക്കുകയാണ്. ആഴക്കടലിൽ ചെല്ലുന്ന അയാളുടെ വലിയ ചൂണ്ടയിൽ മർലിൻ എന്ന വലിയ മത്സ്യം കുടുങ്ങുകയാണ്. കുറെ കഴിഞ്ഞപ്പോൾ ആ മത്സ്യത്തിന്റെ രക്തം കണ്ടു സ്രാവുകൾ നീന്തിയെത്തുന്നു. മത്സ്യം അയാളുടെ ജീവൻ പോലും അപകടപ്പെടുത്തുമെന്നു കണ്ടിട്ടും അയാളതിനെ ഉപേക്ഷിക്കുന്നില്ല.

കുറച്ചു സ്രാവുകളെ അയാൾക്ക് കൊല്ലുവാൻ സാധിക്കുന്നുണ്ട്. എന്നിട്ടും, സ്രാവുകൾ അവസാനം അയാളെ വിട്ടു മർലിൻ എന്ന വലിയ മത്സ്യത്തെ തിന്നുകയാണ്. സ്രാവുകളോട് മല്ലിട്ടു മർലിനെ സംരക്ഷിക്കുവാൻ ശ്രമിക്കുന്ന അയാൾ മൂന്നാം ദിവസം കരയ്‌ക്കെത്തുമ്പോൾ നിരാശയോടെ മനസിലാക്കുന്നു, തന്റെ ചൂണ്ടയിൽ മർലിന്റെ അസ്ഥികൂടം മാത്രമേയുള്ളുവെന്ന്!!!!

സ്നേഹമുള്ളവരേ, ഓരോ മനുഷ്യനും ഒരു കടലാണ്. നാമോരോരുത്തരും കടലാണ്. എപ്പോഴും ഉഗ്രമായ കൊടുങ്കാറ്റുകളടിക്കുന്ന, പ്രക്ഷുബ്ധമായ കടൽ!! കലങ്ങി മറിയുന്ന വികാരങ്ങൾ, ദേഷ്യത്തിന്റെ, വെറുപ്പിന്റെ, അസൂയയുടെ, ആർത്തിയുടെ, ആഞ്ഞടിക്കുന്ന തിരമാലകളുമായി ഒഴുകുന്നവർ!!! നേടിയെടുക്കാനും വിജയം കൊയ്യുവാനും ഉള്ള വെമ്പലിൽ മലരുകളും ചുഴികളും എല്ലാം നാം മറക്കും!

പുറമെ മത്സരം, അകമേ ഭയം (2 കോറി 7, 5) എന്ന് വിശുദ്ധ പൗലോശ്ലീഹാ രേഖപ്പെടുത്തിയതുപോലെ മനുഷ്യരെല്ലാവരും ഇന്ന് അസ്വസ്ഥരായി അലയുകയാണ്. എല്ലാവരും ശാന്തി തേടുകയാണ്. എന്നാൽ, ജീവിതം മുങ്ങിപ്പോകത്തക്കവിധം തിരമാലകൾ ഉയർന്നടിക്കുന്നതു കണ്ടു നാം പലപ്പോഴും അലറിവിളിക്കാറുണ്ട്, ശിഷ്യരെപ്പോലെ: “കർത്താവേ രക്ഷിക്കണേ!” ഉറച്ചു വിശ്വസിക്കുക, ജീവിതത്തിന്റെ അണിയത്തു വിശ്രമിക്കുന്ന എന്റെ ദൈവം എന്റെ ജീവിതമാകുന്ന കടലിനെയും അതിലെ കാറ്റിനെയും ശാന്തമാക്കും.

ജീവിതം ആടിയുലയുന്ന വേളയിലും ഈശോ ശിഷ്യന്മാരെ നാല് കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്, അവരുടെ ജീവിതത്തെ രൂപപ്പെടുത്തുവാൻ.

ഒന്ന്, സുരക്ഷിതത്വം. എന്താണ് നമുക്ക് സുരക്ഷിതത്വം നൽകുന്നത്? നമ്മുടെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്തുള്ളതാണ് നമുക്ക് സുരക്ഷിതത്വം നൽകുന്നത്. ക്രിസ്തുവിനെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് നിർത്തുമ്പോൾ ജീവിതത്തിന്റെ എല്ലാ സമയങ്ങളിലും ഒരു പ്രത്യേക സുരക്ഷിതത്വം നമുക്ക് feel ചെയ്യും.

രണ്ട്, പ്രതീക്ഷ. ജീവിതത്തിലെ മാനസികവും വൈകാരികവുമായ ആടിയുലച്ചിലുകൾ പലതും യഥാർത്ഥത്തിൽ മനുഷ്യ മനസ്സിന്റെ അടിത്തട്ടിലുള്ള നിരാശയുടെയും, ശൂന്യതാബോധത്തിന്റെയും ലക്ഷണങ്ങളാണ്. “അല്പവിശ്വാസികളേ നിങ്ങളെന്തിന് ഭയപ്പെടുന്നു” എന്ന ചോദ്യത്തിലില്ലേ നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രതീക്ഷകളുടെയും അവസാനം ക്രിസ്തുവാണെന്ന്? മക്കബായക്കാരുടെ രണ്ടാം പുസ്തകം അദ്ധ്യായം 8, വാക്യം 18 ൽ പറയുന്ന പോലെ, “നമുക്കെതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ട് തറപറ്റിക്കാൻ കഴിയുന്ന സർവ ശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ.”

മൂന്ന്, മനോഭാവം. ജീവിതത്തിന് ദിശാബോധം നൽകുന്നത് ജീവിതത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളാണ്. ക്രിസ്തുവിന് എന്റെ ജീവിതത്തെ ശാന്തമാക്കുവാൻ കഴിയുമെന്ന ഒരു  മനോഭാവം വളർത്തിയെടുക്കാൻ നമുക്കാകണം.

നാല്, ശക്തിപ്പെടുത്തൽ. സഹോദരാ, സഹോദരീ, നമ്മുടെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് ക്രിസ്തു ഉണ്ടെന്ന് പറഞ്ഞു പരസ്പരം ശക്തിപ്പെടുത്തുവാൻ മാത്രം മനഃസ്ഥൈര്യം സ്വന്തംമാക്കണം നാം.

ഇത്തരത്തിൽ ജീവിതത്തെ രൂപപ്പെടുത്തുമ്പോൾ, ക്രൈസ്തവജീവിതം രൂപപ്പെടുത്തുമ്പോൾ ഏതു നിമിഷത്തിലും നാം നമ്മുടെ ജീവിതത്തിന്റെ അണിയത്തുള്ള ക്രിസ്തുവിനെ വിളിച്ചുണർത്തും. ജീവിതം എപ്പോഴാണ് ആടിയുലയുന്നതെന്ന് നമുക്കറിയില്ല. ഒന്നുമാത്രം അറിയാം, പലതരത്തിലുള്ള തിരമാലകളുടെ മുകളിലൂടെയാണ് എന്റെ ജീവിതയാത്രയെന്ന്! ചക്രവാതച്ചുഴികൾ എപ്പോൾ വേണമെങ്കിലും ആഞ്ഞടിക്കാം. എന്റെ വള്ളം മുങ്ങാം; തകർന്നുപോകാം. ഓർക്കുക, അപ്പോഴെല്ലാം ഒരേയൊരാശ്രയം നിന്റെ ഹൃദയത്തിലുള്ള ക്രിസ്തു മാത്രം.  

ജീവിതത്തിൽ കൊടുങ്കാറ്റ് എപ്പോൾ വേണമെങ്കിലും ഇരച്ചു കയറി വരം. ഇസ്രായേൽ-ഹമാസ് യുദ്ധം മൂലം ദുരന്തം സംഭവിച്ചരുടെ ജീവിതത്തിൽ വലിയകൊടുങ്കാറ്റടിച്ചിരിക്കുകയാണ്. ഇപ്പോഴും തിരയൊടുങ്ങിയിട്ടില്ല. ജീവിതം കിടന്നു ആടിയുലയുകയാണ്. ഗാസ ഒരു മരണക്കിടക്കയായിരിക്കുകയാണ്. യുദ്ധത്തിന്റെ ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകുന്നവരും ഇന്ന് വിശുദ്ധ കുർബാന അർപ്പിക്കുവാൻ പോകും.  സാമ്പത്തിക ബുദ്ധിമുട്ടിൽ ആടിയുലയുന്നവരും, മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവമൂലം ക്ലേശിക്കുന്നവരും ഇന്ന് വിശുദ്ധ കുർബാന അർപ്പിക്കുവാൻ പോകും. മതമർദ്ദനത്തിലൂടെ കടന്നു പോകുന്ന ക്രൈസ്തവരും, ജോലിയില്ലാതെ, ജീവിതപങ്കാളിയെ ലഭിക്കാതെ കഷ്ടപ്പെടുന്നവരും ഇന്ന് വിശുദ്ധ കുർബാന അർപ്പിക്കുവാൻ പോകും. വിശുദ്ധ കുർബാന അർപ്പണ വേളയിൽ അവർ ഹൃദയം നൊന്ത് കരയും. കർത്താവേ ഞങ്ങളെ രക്ഷിക്കണമേയെന്ന് കരഞ്ഞപേക്ഷിക്കും. ഈശോ അവരുടെ വിശ്വാസത്തെ കാണില്ലേ? ഹൃദയങ്ങളെ ശാന്തമാക്കില്ലേ? സ്നേഹമുള്ളവരേ, ഒരു കാര്യം എനിക്ക് തീർച്ചയാണ്, ആ ഒരു കാര്യത്തിൽ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഇന്ന്   വിശുദ്ധ കുർബാനയിലെ ഈശോയെ അവർ വിളിച്ചുണർത്തും. ഈശോ അവരുടെ ജീവിതമാകുന്ന കടലിനെ ശാന്തമാക്കും; കുടുംബത്തെ ആശ്വസിപ്പിക്കും. 

നമ്മുടെ ജീവിതത്തിൽ തകർച്ചകളുണ്ടാകുമ്പോൾ, പാപാവസ്ഥയിലാകുമ്പോൾ, പരാജയങ്ങൾ കൂടെക്കൂടെ ഏറ്റുവാങ്ങുമ്പോൾ പിൻവലിയരുത്. നാം ദേവാലയത്തിലേക്ക്, ഈശോയിലേക്ക് കടന്നുവരണം. ഇപ്പോൾ വന്നാൽ പ്രാർത്ഥിക്കുവാൻ പറ്റുകയില്ലല്ലോ എന്ന് ഓർക്കേണ്ടതില്ല. ഇതാണ് ഏറ്റവും പറ്റിയ സമയം. ഈശോയിലുള്ള വിശ്വാസത്തിലേക്ക് ഉണരണം. പല അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലുണ്ടായിരുന്നിരിക്കാം. വിവാഹ മോചനത്തിൻ്റെ വക്കിലെത്തിയിരിക്കുന്ന അവസ്ഥയിലായിരിക്കാം നിങ്ങളുടെ ദാമ്പത്യം. അല്ലെങ്കിൽ മക്കളെ ഓർത്തുള്ള വേദനയായിരിക്കാം. സാമ്പത്തിക തകർച്ചയിലായിരിക്കാം നിങ്ങൾ. വിവാഹം നടക്കാത്തതിന്റെ, ജോലി ലഭിക്കാത്തതിന്റെ, പഠനം നടക്കാത്തതിന്റെ തിരമാലകളാൽ ഉലയുന്ന തോണിയായിരിക്കാം നിങ്ങൾ. നിങ്ങൾ ദേവാലയത്തിൽ വരണം. ശിഷ്യന്മാരെപോലെ, വിറളിപിടിച്ച, വെപ്രാളം നിറഞ്ഞ അവസ്ഥയിൽ നിങ്ങളെ കാണുന്ന നിങ്ങളുടെ, നമ്മുടെ ഈശോ നിങ്ങൾക്ക് ആശ്വാസം നൽകും. വചനസന്ദേശത്തിലൂടെയാകാം, അർപ്പിച്ച വിശുദ്ധ ബലിയിലൂടെയാകാം ഈശോ നിങ്ങളുടെ ജീവിതത്തിൽ വരും. കാരണം, “ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീസ്ഥനാണ്.” (സങ്കീ 34, 18)

സ്നേഹമുള്ളവരേ, മറ്റുള്ളവരുടെ ജീവിതങ്ങളെ ഈശോ ആശ്വസിപ്പിക്കുന്നത്   ചിലപ്പോൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. പക്ഷെ വിശ്വാസം നിങ്ങളിൽ വളർന്നിട്ടില്ല. നിങ്ങൾ തന്നെ ഈശോയുടെ സാന്നിധ്യം ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടാകും. പക്ഷെ വിശ്വാസം ഉയർന്നിട്ടില്ല. നിങ്ങൾപോലും അറിയാതെ നിങ്ങളുടെ കുടുംബജീവിതത്തിൽ അവിടുന്ന് അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. പക്ഷെ, വിശ്വാസത്തിലേക്ക് ഉണരുവാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല.   പിന്നെയും ചോദ്യങ്ങൾ?? പിന്നെയും സംശയങ്ങൾ!! പിന്നെയും അവിശ്വാസം!! എന്നാൽ, നിങ്ങൾ കാത്തിരിക്കുന്നുവെങ്കിൽ, നിങ്ങളുടെ വിശ്വാസം വളർന്നു കൊണ്ടേയിരിക്കുമ്പോൾ, ആ വിശ്വാസം നിങ്ങളിൽ പാകമാകുമ്പോൾ ക്രിസ്തു നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരും. ഉഗ്രമായ കൊടുങ്കാറ്റിനാൽ ആടിയുലയുന്ന നിങ്ങളുടെ ജീവിതത്തിൽ ശാന്തത നിറയും.

സഹോദരീ, സഹോദരാ, അസ്വസ്ഥമായ നിന്റെ ജീവിതത്തെ ശാന്തമാക്കുവാൻ നിന്റെ ജീവിതത്തിന്റെ അണിയത്തു തന്നെ ഈശോയുണ്ട്.  ആമേൻ!!

SUNDAY SERMON LK 8, 41b-56

ഏലിയാ-സ്ലീവാ-മൂശേക്കാലം

മൂശേ രണ്ടാം ഞായർ

ലൂക്ക 8, 41b – 56

കഴിഞ്ഞ ദിവസങ്ങളിലെ വർത്തമാനപ്പത്രങ്ങളെല്ലാം വർഷങ്ങളായി, അല്ല നൂറ്റാണ്ടുകളായി നീണ്ടുനിൽക്കുന്ന യുദ്ധത്തിന്റെ വാർത്തകളും ചിത്രങ്ങളുമാണ് നമ്മുടെ മുൻപിൽ നിരത്തുന്നത്! “കാലമിത്രയായിട്ടും ഇതിനൊരറുതിയില്ലേ” എന്ന് ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി ചിന്തനീയമായിട്ട് എനിക്ക് തോന്നി. “അച്ചാ, സുവിശേഷത്തിലെ രക്തസ്രാവക്കാരി പന്ത്രണ്ട് വർഷം അസുഖമായി നടന്നിട്ടല്ലേ ഒരുനാൾ സുഖപ്പെട്ടത്? ബേത്സായ്ഥാ കുളക്കരയിൽ കിടന്ന് മനുഷ്യൻ 38 വര്ഷം അതുമായി നടന്നില്ലേ? ഇസ്രയേലിന്റെയും പലസ്തീനയുടെയും കണ്ണുകൾക്ക് ക്രിസ്തുവിനെ കാണുവാൻ കഴിഞ്ഞാൽ ആ ദേശങ്ങൾ സുഖപ്പെടും.” അദ്ദേഹം പറഞ്ഞത് ഒരു വെളിപാടായി എനിക്ക് തോന്നി.

ക്രിസ്തുവിന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ സ്പർശിച്ചുകൊണ്ട് സൗഖ്യം നേടുന്ന ഒരു സ്ത്രീയെയും, ജീവനിലേക്ക് തിരിച്ചു വരുന്ന ജയ്‌റോസിന്റെ മകളെയും അവതരിപ്പിക്കുന്ന ഇന്നത്തെ സുവിശേഷഭാഗവും ഈയൊരു വെളിപാടിലേക്കാണ് വിരൽചൂണ്ടുന്നത്. സുവിശേഷ ഭാഗം നമ്മോടു പറയുന്നത്, മകളെ, മകനെ, നിന്റെ ജീവിത സാഹചര്യം എങ്ങനെയായിരുന്നാലും, മരണ തുല്യമായിരുന്നാൽ പോലും, നിന്റെ ദൈവത്തിന്, ക്രിസ്തുവിന്, അവയെ മാറ്റിമറിക്കുവാൻ, അതിനെ മനോഹരമാക്കുവാൻ സാധിക്കും എന്നാണ്. സന്ദേശം ഇതാണ്: നമ്മുടെ ജീവിത സാഹചര്യങ്ങൾ എന്തായാലും, നാം വിശ്വസിച്ചാൽ, ഈശോയ്ക്ക് അവയെ നന്മയുള്ളതാക്കുവാൻ സാധിക്കും. 

ഇന്നത്തെ സുവിശേഷഭാഗത്തേക്ക് നോക്കൂ… പ്രത്യാശയറ്റ, നിരാശാജനകമായ രണ്ട് ജീവിതസാഹചര്യങ്ങളെയാണ് നാം കാണുന്നത്! ഒന്നാമത്തേത് സിനഗോഗധികാരിയായ ജയ്‌റോസിന്റെ ജീവിതസാഹചര്യമാണ്. കഫെർണാമിലെ സിനഗോഗിലെ ഒരധികാരിയായിരുന്നു അദ്ദേഹം. അയാൾ സിനഗോഗിൽ പലപ്രാവശ്യം ഈശോയെ കണ്ടിട്ടുണ്ട്; ഈശോയുടെ വാക്കുകൾ കേട്ടിട്ടുണ്ട്. ഈശോ പിശാചുക്കളെ പുറത്താക്കുന്നതും, സിനഗോഗിൽ അവന്റെ വാക്കുകൾ കേട്ടുകൊണ്ടിരുന്ന കൈ ശോഷിച്ച മനുഷ്യനെ സുഖപ്പെടുത്തുന്നുതും കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഈശോയിൽ വിശ്വാസവുമുണ്ട് – തന്റെ ജീവിത സാഹചര്യം, കുടുംബസാഹചര്യം എന്ത് തന്നെയായാലും ഈശോയ്ക്കതിനെ മനോഹരമാക്കുവാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. താൻ ഒരു സിനഗോഗധികാരിയാണെന്നോ, സമൂഹത്തിലെ ഉന്നതനാണെന്നോ ഒന്നും ചിന്തിക്കാതെ, വരുംവരായ്കകൾ ഒന്നും നോക്കാതെ, ഈശോയേ എന്നും വിളിച്ചു അയാൾ അവിടുത്തെ കാൽക്കൽ വീഴുകയാണ്. എന്നിട്ടു തന്റെ ജീവിത സാഹചര്യം വിവരിക്കുകയാണ്. “ഈശോയെ, എനിക്ക് ഒരു മകളെയുള്ളൂ, എന്റെ ഓമനയാണവൾ, എന്റെ സ്വപ്നമാണവൾ. ഞങ്ങളുടെ വീടിന്റെ പ്രകാശമാണവൾ. അവൾക്കുവേണ്ടി മാത്രമാണ് ഞാൻ ജീവിക്കുന്നത്. എന്നാൽ, എന്റെ പ്രതീക്ഷകളും കണക്കുകൂട്ടലുകളുമെല്ലാം തകർത്തുകൊണ്ട് അവൾ രോഗിയായിരിക്കുന്നു. അവൾ മരിക്കുമെന്നാണ് വൈദ്യന്മാർ പറയുന്നത്. ഈശോയേ വീട്ടിലേക്കു വരണമേ; വന്ന്, എന്റെ മകളെ സുഖപ്പെടുത്തണമേ.”

ഈശോ അദ്ദേഹത്തിന്റെ ജീവിതസാഹചര്യങ്ങളെ ജീവനുള്ളതാക്കുവാൻ, മനോഹരമാക്കുവാൻ അദ്ദേഹത്തോടൊപ്പം പോകുകയാണ്. പോകും വഴിയിലെ പലവിധ തടസ്സങ്ങൾ അയാളും അയാളുടെ വിശ്വാസവും എന്ന മാന്ത്രിക വടിയിൽ തട്ടി നിഷ്പ്രഭ മാകുകയാണ്. ഈശോ ബാലികയെ കൈയ്ക്ക് പിടിച്ചു ജീവിതത്തിലേക്ക് എഴുന്നേൽപ്പിക്കുകയാണ്. ജായ്റോസ് എന്ന സിനഗോഗധികാരിയുടെ ജീവിതസാഹചര്യങ്ങളിലേക്കു സ്വർഗീയ വെളിച്ചം കടന്നുവരികയാണ്. ഇനി മുതൽ അദ്ദേഹത്തിന്റെ ജീവിതം, ജീവിത സാഹചര്യങ്ങൾ ഒരിക്കലും പഴയതുപോലാകില്ല. ആ കുടുംബത്തിലെ ഓരോരുത്തരുടെയും ഹൃദയം ഇനിമുതൽ ഈശോ ഈശോ എന്ന് മന്ത്രിച്ചുകൊണ്ടിരിക്കും.

രണ്ടാമതായി, ഇന്നത്തെ സുവിശേഷ ഭാഗം അവതരിപ്പിക്കുന്നത് ഒരു സ്ത്രീയെയാണ്. അവളുടെ ജീവിതസാഹചര്യം വളരെ ദുരിതപൂർണമാണ്. രക്തസ്രാവമുള്ള സ്ത്രീയാണവൾ …ഒന്നും രണ്ടുമല്ല, പന്ത്രണ്ടു വർഷമായി ഈ രോഗത്താൽ കഷ്ടപ്പെടുന്നവളാണ്…വൈദ്യശാസ്ത്രത്തിനോ, മാന്ത്രിക വിദ്യകൾക്കോ ഒന്നിനും സുഖപ്പെടുത്താൻ കഴിയാത്ത രോഗം… ഈശോയുടെ അടുത്തെത്തുക അസാധ്യമായിരുന്നിട്ടും അവളുടെ വിശ്വാസം അവളെ നിർബന്ധിച്ചുകൊണ്ടിരുന്നു, ഈശോയുടെ അടുത്തേക്ക് ചെല്ലാൻ! പോകൂ ഈശോയുടെ അടുത്തേയ്ക്ക് … അവിടെ സൗഖ്യമുണ്ട്, കാരുണ്യമുണ്ട്, നിന്റെ ജീവിതത്തെ ഈശോ പുതിയതാക്കും. അവളുടെ ഉള്ളിലിരുന്ന് ആരോ പറയുന്നപോലെ അവൾക്ക് തോന്നി.

അവളുടെ മനസു മുഴുവൻ പ്രാർത്ഥനയാണ്. ഈശോയെ, നിന്റെ മുൻപിൽ വരാൻ എനിക്കാകില്ല. ജനം തിക്കിത്തിരക്കുകയാണ്. ഒപ്പം എന്റെ രോഗാവസ്ഥ വളരെ മോശമാണ്. അങ്ങന്നെ നോക്കിയില്ലെങ്കിലും, അങ്ങെന്നെ സ്പർശിച്ചില്ലെങ്കിലും, ഒരു വാക്കുപോലും എന്റെ മുഖത്തുനോക്കി പറഞ്ഞില്ലെങ്കിലും എനിക്ക് പരാതിയൊന്നുമില്ല. എനിക്കറിയാം അങ്ങ് മുഴുവനും സൗഖ്യമാണ്. അങ്ങയുടെ സാന്നിധ്യം സൗഖ്യമാണ്. അങ്ങയുടെ വസ്ത്രത്തിന്റെ വിളുമ്പിൽ പോലും സൗഖ്യമുണ്ട്. അതുകൊണ്ടു ഈശോയെ ഞാൻ വരികയാണ്. ആ വസ്ത്രത്തിന്റെ വിളുമ്പിൽ ഒന്ന് തൊടാൻ സാധിച്ചാൽ മാത്രം മതി. സ്നേഹമുള്ളവരേ, അവളുടെ ഉള്ളിലെ ഗദ്ഗദം ഈശോ കേട്ടു അവളുടെ ജീവിത സാഹചര്യത്തിലേക്ക് അവിടുന്ന് കടന്നുവരികയാണ്. അവൾ സൗഖ്യമുള്ളവളാകുകയാണ്.

എന്നിട്ട് വാക്കുകൾ കൊണ്ടും ഈശോ അവളെ സൗഖ്യപ്പെടുത്തുകയാണ്. മൃദുവായ സ്വരത്തിൽ ഈശോ അവളോട് പറയുകയാണ്: “മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോകുക.” അവൾ കരച്ചിൽ നിർത്തി ഈശോയെ നോക്കി. ഈശോയുടെ സുഖപ്പെടുത്തുന്ന പുഞ്ചിരി…..  അവളുടെ ജീവിത സാഹചര്യം മൊത്തമായി മാറുകയാണ്.

നാം ഭാഗ്യമുള്ളവരാണ്. ഈശോയുടെ ഇന്നത്തെ സന്ദേശം കേൾക്കാനും, സ്വീകരിക്കാനും ഭാഗ്യം ചെയ്തവർ! ഇന്നത്തെ സന്ദേശത്തിന്റെ സൗന്ദര്യം പൂർണമായി ആസ്വദിക്കുവാൻ നമുക്ക് സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആഗ്രഹിക്കുകയാണ്. അത്രമാത്രം പ്രത്യാശ നൽകുന്ന സന്തോഷം പകരുന്ന സന്ദേശമല്ലേ ഇത്:  എന്റെ ഈശോ എന്റെ ജീവിത സാഹചര്യങ്ങളെ നന്മയുള്ളതാക്കുവാൻ, മനോഹരമാക്കുവാൻ, സ്പർശിച്ചുകൊണ്ട് എന്ന സുഖപ്പെടുത്തുവാൻ എന്റെ കൂടെയുണ്ട്എന്നത് എത്ര ആശ്വാസകരമാണ്!

ഇന്നത്തെ ആദ്യവായനയിൽ, നമ്മുടെ ജീവിതത്തിലെ രണ്ടു സാഹചര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. ‘ഇന്നേ ദിവസം നിങ്ങളുടെ മുൻപിൽ ഞാൻ അനുഗ്രഹവും ശാപവും വയ്ക്കുന്നു. കർത്താവിന്റെ കല്പനകൾ അനുസരിച്ചാൽ അനുഗ്രഹം. അനുസരിക്കാതെ അന്യദേവന്മാരുടെ പുറകേപോയാൽ ശാപം.’ തീരുമാനം നമ്മുടേതാണ്. (നിയമാവർത്തനം 11, 26 – 28) അഹന്തയുടെ കുതിരപ്പുറത്തു പടയ്ക്കു പോയ സാവൂളിന്റെ ജീവിത സാഹചര്യങ്ങൾക്കു ഈശോ പുതിയ നിറങ്ങൾ കൊടുത്ത സംഭവം അറിയില്ലേ? (അപ്പ 9, 1 – 25) സ്നേഹമുള്ളവരേ, വിശ്വസിക്കുക, ഉറച്ചു വിശ്വസിക്കുക…നമ്മുടെ ജീവിത സാഹചര്യങ്ങൾ എത്ര തന്നെ വികൃതമായിരുന്നാലും, അതിനെ ഒരു ക്യാൻവാസുപോലെ മനോഹരമാക്കുവാൻ ഈശോയ്ക്ക് കഴിയും.

അപ്പസ്തലപ്രവർത്തനത്തിൽ തന്നെ (16, 25 -34) ആത്മഹത്യയോളം ചെന്ന് നിൽക്കുന്ന ഒരു മനുഷ്യന്റെ ജീവിത സാഹചര്യം വിവരിക്കുന്നുണ്ട്. അത്രത്തോളം തകർന്ന ജീവിതസാഹചര്യമായിരുന്നു അയാളുടേത്. എന്നാൽ, കർത്താവായ ഈശോയുടെ രക്ഷയിൽ ആ ജീവിത സാഹചര്യത്തെ പുതുക്കി പണിയുവാൻ അയാൾക്ക് ഈശോ കൃപ നൽകി.

നമ്മുടെ ജീവിതസാഹചര്യങ്ങൾ വിഭിന്നങ്ങളാകാം. അവയ്ക്കുള്ള പരിഹാരങ്ങളും വ്യത്യസ്തങ്ങളാകാം. ലിയോ ടോൾസ്റ്റോയ് (Leo Tolstoy) പറയുന്നതുപോലെ, “ഓരോ കുടുംബത്തിലേയും ദുഃഖം അവരവരുടെ രീതിയിലുള്ളതാണ്”. ഓരോ വ്യക്തിയും ജീവിതത്തെ തന്റേതായ നിലയിലാണല്ലോ അനുഭവിക്കുന്നത്. എങ്കിലും ക്രൈസ്തവന്റെ ക്രിസ്തുവിലുള്ള വിശ്വാസത്തിനു ജീവിതാസാഹചര്യങ്ങളെ മാറ്റിമറിക്കുവാനുള്ള ശക്തിയുണ്ട് എന്നുള്ളത് ഒരു യാഥാർഥ്യമാണ്. ഈശോ എപ്പോഴും നമ്മോടു പറയുന്നത് ഇങ്ങനെയാണ്: ‘വിശ്വസിക്കുക മാത്രം ചെയ്യുക. നിന്റെ ജീവിത സാഹചര്യങ്ങൾക്ക് മാറ്റം സംഭവിക്കും. മകളേ, മകനേ നിന്റെ വിശ്വാസം നിന്റെ ജീവിതത്തിൽ മാറ്റത്തിന് കാരണമാകും.’

WhatsApp ലൂടെ  എന്റെ കയ്യിലെത്തിയ ഒരു കഥ ഇങ്ങനെയാണ്. ദേശാടനത്തിനു പോയ കിളികളിൽ ഒരു കിളിയുടെ ചിറകിനൊരു തളർച്ച. സമുദ്ര വഴിയുടെ പാതിയെ പിന്നിട്ടിട്ടുള്ളു. വിശ്രമിക്കാമെന്നു കരുതിയാൽ സമുദ്രത്തിൽ കരയെവിടെ. അങ്ങ് ദൂരെയൊരു ദ്വീപുണ്ട് അതാണ് ഇടത്താവളം, അവിടുന്നാണ് ആഹാരവും വിശ്രമവും തുടർ യാത്രയും. അവിടെക്കെത്തണമെങ്കിൽ മൈലുകൾ വീണ്ടും പറക്കണം. ഇല്ല എനിക്കെത്താനാവില്ല, പാതി വഴിയേ തളർന്നു വീഴും. കൂടെയുള്ള പക്ഷികളെല്ലാം പിന്തിരിഞ്ഞു നോക്കാതെ പറക്കുകയാണ്. ഒരുമിച്ച് പറക്കണം പരസ്പരം ശ്രദ്ധിക്കണമെന്നൊക്കെ പറഞ്ഞിട്ട് ആരും ശ്രദ്ധിക്കുന്നില്ല

അവരെല്ലാം ദൂരെയെത്തി, എന്റെ നിലവിളിയും അവർ കേൾക്കുന്നില്ല. ഇല്ല, ഇനി എനിക്ക് പറക്കുവാൻ സാധിക്കുകയില്ല. ചിറകുകൾ തളരുന്നു, കുഴയുന്നു. ഈ മഹാ സമുദ്രത്തിൽ മരണപ്പെടാനാണെന്റെ വിധി. മോഹങ്ങളും സ്വപ്നങ്ങളും പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നല്ലോ. ഞാൻ എന്റെ ചിറകുകൾ ദൈവമേ….

ദേശാടനക്കിളി നിലയില്ലാ ഉൾക്കടലിൽ വീണിരിക്കുന്നു. സ്രാവുകളും മറ്റ് ഇരപിടിയൻ  മത്സ്യങ്ങളും തേർവാഴ്ച്ച നടത്തുന്ന ഈറ്റില്ലം. ചിറകുകൾ നനഞ്ഞു , പപ്പും തൂവലും നനഞ്ഞു. വെള്ളത്തിന്റെ ശൈത്യ ഭാവം ദേഹം മരവിപ്പിക്കുന്നു. അവസാനമായവൾ, ആ കൊച്ചു പക്ഷി ശ്വാസം ആഞ്ഞു വലിച്ചു. അപ്പോഴേക്കും കഴുത്ത് വരെ മുങ്ങിയിരുന്നു

ഇതെല്ലാം കണ്ടൊരു തിമിംഗലം അല്പം ദൂരത്തുണ്ടായിരുന്നു. ആ നീല തിമിംഗലം അവളുടെ അടിയിൽ വന്നൊന്ന് പൊങ്ങി. തളർന്ന നനഞ്ഞ ചിറകുള്ള പക്ഷി ഇപ്പോൾ തിമിംഗലത്തിന്റെ വിശാലമായ പുറത്ത് തളർന്നു കിടക്കുന്നു. അവളെയും വഹിച്ച് കൊണ്ട് തിമിംഗലം ദ്വീപ് ലക്ഷ്യമാക്കി  കുതിച്ചു. വെള്ളത്തിന്റെ മുകളിലൂടെ ഒരു പാറക്കഷ്ണം ഒഴുകി വരുന്നപോലെ തോന്നിച്ചു.

ആകാശം വെള്ള  കീറി, കറുത്ത കാർമേഘങ്ങൾ  അപ്രത്യകഷമായി. ആ കൊച്ചുപക്ഷിയുടെ ദേഹത്തേക്ക് സൂര്യ കിരണങ്ങളടിക്കാൻ തുടങ്ങി. സൂര്യന്റെ ചൂടിൽ ചിറകുകൾ ഉണങ്ങി. അവൾ ചിറകൊന്ന് കുടഞ്ഞു, ക്ഷീണമെല്ലാം പമ്പ കടന്നിരിക്കുന്നു.ചിറകിന്റെ തളർച്ച പൂർണ്ണമായും  മാറിയിരിക്കുന്നു. അപ്പോഴേക്കും തിമിംഗലം.ആ ദ്വീപിനടുത്തെത്തിയിരുന്നു.

ആ കിളിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഇറ്റു വീണു. നന്ദി സൂചകമായി തന്റെ കൊക്ക് കൊണ്ട് തിമിംഗലത്തിന്റെ ദേഹത്താക്കിളി ഉരസി. അത് മനസ്സിലാക്കിയ തിമിംഗലമൊന്ന് രോമാഞ്ചം കൊണ്ടപോലെ. സ്നേഹത്തിന്റെ, കനിവിന്റെ, ആർദ്രതയുടെ, സന്തോഷത്തിന്റെ, സഹായത്തിന്റെ രോമാഞ്ചം. തിമിഗലം പോകുന്ന വരെ ആ കിളി അവിടെ വട്ടമിട്ട് പറന്നു. ആ തിമിംഗലം കടലിന്റെ ആഴത്തിലേക്ക് നീന്തി മറഞ്ഞു.

കൂടെ പറന്ന ദേശാടനകിളികളെത്തും മുന്നേ ആ കിളിയാ ദ്വീപിൽ എത്തിച്ചേർന്നു. അവൾ പഴങ്ങൾ കഴിച്ചു. പറന്നു വരുന്ന ദേശാടനക്കിളികളെ നോക്കി അവൾ തീരത്തുള്ള ഒരു മരക്കൊമ്പിൽ കാത്തിരിക്കാൻ തുടങ്ങി.

സ്നേഹമുള്ള സഹോദരീ, സഹോദരാ, പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ നീയറിയാതെ ഒരത്ഭുതം നിന്നെ തേടിയെത്തും. നിന്റെ അവസാനമെന്ന് മറ്റുള്ളവർ പറഞ്ഞു ചിരിച്ചപ്പോൾ, നീയും അങ്ങനെ ചിന്തിച്ചു പോയെങ്കിൽ വിഷമം ഒട്ടും വേണ്ടാട്ടോ… നിന്റെ കൂടെ നടന്നവർ, ഉറ്റവർ, ഉടയവർ സ്വന്തം എന്നു വിശ്വസിച്ച് നീ കൂടെ നിന്നവർ ഒരു പക്ഷെ നിന്റെ സ്വന്തം സഹോദരർ പോലും ഉറ്റസ്നേഹിതർ എന്നു നീ വിശ്വസിച്ചവർ ഒരുമിച്ചു താമസിച്ചവർ,  എല്ലാവരും നിന്നെ കണ്ടില്ല എന്നു നടിച്ചു ഒന്നു തിരിഞ്ഞു പോലും നോക്കാതെ മുൻപോട്ടു പോകും. നിന്നെ പരിഹസിച്ചവർ, പിന്നിൽ തള്ളിയവർ, നിന്ദിച്ചവർ, ഒറ്റപ്പെടുത്തിയവർ, പുറംകാലുകൊണ്ട് തട്ടിയവർ അവരെത്തും മുന്നേ നീയെത്തും. എന്നിട്ടവർക്കു വേണ്ടി നീ കാത്തിരിക്കും. അവരത് കണ്ടു അത്ഭുതപ്പെടും. ജീവിതം അതാണ്. നീ പോലും അറിയാത്ത ഒരു അത്ഭുതകരം, നീ താണുപോയ ആഴത്തിൽ നിന്നും നിന്നെ ഉയർത്തും. ഒരു ശക്തി നിന്നെ സൗഖ്യപ്പെടുത്തും. ഒരു ശബ്ദം നിന്നെ ധൈര്യപ്പെടുത്തും. ആ കരത്തിന്, ആ ശക്തിക്ക്, ആ ശബ്ദത്തിന് ഞാൻ ഇടുന്ന പേര് ഈശോ എന്നാണ്.

മഹാകവി ടാഗോറിന്റെ (Rabindranath Tagore) ഗീതാഞ്ജലിയിൽ (Geethanjali) അദ്ദേഹം പറയുന്നുണ്ട്: 

“എന്റെ എല്ലാ ജീവിത വിനാഴികകളും (നാഥാ) നീ കയ്യിലെടുത്തിരിക്കുകയാണല്ലോ. വിത്തുകളുടെ ഹൃദയത്തിലൊളിഞ്ഞിരുന്നു നീ അവയെ പരിപോഷിപ്പിച്ചു മുളപ്പിക്കുന്നു. മുകുളങ്ങളെ വർണപുഷ്പങ്ങളായി വിടർത്തുന്നു. പൂക്കളിൽ സദ്ഫലങ്ങൾ വിളയിക്കുന്നു. കിടക്കയിൽ തളർന്നു അലസമായി കിടന്നുറങ്ങുമ്പോൾ ജോലികളെല്ലാം പൂർത്തിയായതായി ഞാൻ ഭാവന ചെയ്തു. പ്രഭാതത്തിൽ ഉണർന്നപ്പോൾ കണ്ടത് എന്റെ ആരാമം പുഷ്പവിസ്മയം ചൂടി നിൽക്കുന്നതാണ്.”

ദൈവത്തിനേ, ദൈവത്തിന് മാത്രമേ, നമ്മുടെ ജീവിത സാഹചര്യങ്ങളിൽ മാറ്റം വരുത്താനാകൂ.

ഇന്നത്തെ വിശുദ്ധ കുർബാനയിൽ നമ്മുടെ ജീവിത സാഹചര്യങ്ങൾ നമുക്ക് ഈശോയ്ക്ക് സമർപ്പിക്കാം, ജായ്റോസിനെപ്പോലെ, രക്തസ്രാവക്കാരിയെപ്പോലെ. തീർച്ചയായും ഈശോ നമ്മുടെ ജീവിത സാഹചര്യങ്ങളെ എടുത്തു വാഴ്ത്തും. പുതിയതാക്കി, വിശുദ്ധമാക്കി, മനോഹരമാക്കി നമുക്കവയെ തിരികെത്തരും. ഈ ദിവസം മുഴുവനും ഇന്നത്തെ സുവിശേഷ സന്ദേശം നമ്മുടെ മനസ്സിൽ മുഴങ്ങട്ടെ:

നമ്മുടെ ജീവിത സാഹചര്യങ്ങൾ എന്തായാലും, നാം വിശ്വസിച്ചാൽ, ഈശോയ്ക്ക് അവയെ നന്മയുള്ളതാക്കുവാൻ സാധിക്കും. ആമേൻ!

SUNDAY SERMON MT 20, 1-16

ഏലിയാ-സ്ലീവാ-മൂശേക്കാലം

മൂശേക്കാലം ഒന്നാം ഞായർ

മത്താ 20, 1-16  

സന്ദേശം

ഏലിയാ സ്ലീവാ മൂശേ കാലത്തിലെ ഏലിയാ സ്ലീവാ കാലങ്ങൾ ആചരിച്ച ശേഷം, നാം ഈ ഞായറാഴ്ച്ച മൂശേക്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എന്താണ് ഏലിയാ സ്ലീവാ മൂശേക്കാലങ്ങൾ നമ്മോട് പറയുന്നത്? ദൈവം മനുഷ്യനെ സൃഷ്ടിച്ചതും, ഇസ്രായേൽ ജനത്തെ ഈജിപ്തിലെ അടിമത്വത്തിൽ നിന്ന് സ്വതന്ത്രമാക്കി കാനാൻ ദേശത്തേക്ക് മോശെയുടെ നേതൃത്വത്തിൽ നയിച്ചതും, കുരിശുമരണം വഴി ക്രിസ്തു മാനവ കുലത്തിന് രക്ഷനേടിത്തന്നതും, അവിടുന്ന് വിശുദ്ധ കുർബാനയിലൂടെ  ലോകാവസാനം വരെ നമ്മോടൊത്ത് വസിക്കുന്നതും, നമ്മെ സ്വർഗത്തിലേക്ക് വിളിക്കുവാനായി അവിടുന്ന് രണ്ടാമതും വരുന്നതുമെല്ലാം ദൈവത്തിന്റെ മഹാകാരുണ്യത്തെയാണ് പ്രഘോഷിക്കുന്നത് എന്നാണ് ഏലിയാ സ്ലീവാ മൂശേക്കാലങ്ങൾ നമ്മോട് പറഞ്ഞു തരുന്നത്. ഈ ഞായറാഴ്ചയിലെ മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമയും നമ്മോട് പറയുന്നത് ദൈവത്തിന്റെ അനന്ത കാരുണ്യത്തെക്കുറിച്ചു തന്നെയാണ്.

ഏലിയ സ്ലീവാ മോശെക്കാലവും ഇന്നത്തെ സുവിശേഷ ഭാഗവും നമുക്ക് നൽകുന്ന സന്ദേശമിതാണ്: ജീവിത സാഹചര്യങ്ങളെന്തു തന്നെയായാലും ക്രിസ്തുവിന്റെ കാഴ്ചപ്പാടോടെ, ലോകനീതിക്കും മേലേ നിൽക്കുന്ന ദൈവ കാരുണ്യത്തിന്റെ കാഴ്ചപ്പാടോടെ, ജീവിതത്തെ, ജീവിത ബന്ധങ്ങളെ, ലോകത്തെ നോക്കിക്കാണുക!

വ്യാഖ്യാനം

നമ്മുടെ ജീവിതം രൂപപ്പെടുന്നത് നാം എങ്ങനെയാണ് ജീവിതത്തെ നോക്കിക്കാണുന്നത് എന്നതിനെ ആശ്രയിച്ചാണ്. ഇന്നത്തെ രോഗഭീതി, യുദ്ധത്തിന്റെയും ഭീകരവാദത്തിന്റെയും അവസ്ഥ, ഭരണകൂടങ്ങളുടെ ഫാസിസ്റ്റു മനോഭാവം, അവസരങ്ങളുടെ ലോകത്തു പതിനൊന്നാം മണിക്കൂറിൽ എത്തപ്പെടുന്നവരുടെ ഭയം എന്നിവയെ ക്രൈസ്തവോചിതമായ കാരുണ്യത്തോടെ വീക്ഷിക്കുവാൻ ശരിയായ കാഴ്ചപ്പാട് നമുക്ക് ആവശ്യമാണ്. നമ്മുടെ കാഴ്ചപ്പാടിനനുസരിച്ചാണ് നാം നമ്മുടെ സമയം, സമ്പത്ത്, കഴിവുകൾ എന്നിവ ഉപയോഗിക്കുന്നത്. നമ്മുടെ ബന്ധങ്ങളെ, സാമൂഹിക നിലപാടുകളെ നമ്മുടെ കാഴ്ച്ചപാടുകൾ ഒട്ടേറെ സ്വാധീനിക്കും. വ്യത്യസ്ത കാഴ്ചപ്പാടുകളുമായിട്ടായിരിക്കും, നാമോരോരുത്തരും ജീവിക്കുന്നത്. ജീവിതത്തെപ്പറ്റി ചിന്തിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് കടന്നുവരുന്ന ഒരു ചിത്രമുണ്ടെങ്കിൽ അതായിരിക്കും നിങ്ങളുടെ ജീവിത കാഴ്ചപ്പാടിന്റെ ചിത്രം. അറിഞ്ഞോ, അറിയാതെയോ, ഈ ചിത്രം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കും. നിങ്ങളുടെ പ്രതീക്ഷകളെ, നിങ്ങളുടെ, മൂല്യങ്ങളെ, ബന്ധങ്ങളെ, നിങ്ങളുടെ കുടുംബത്തിലെ രീതികളെ, ലക്ഷ്യങ്ങളെ, എല്ലാം ഈ കാഴ്ച്ചപ്പാട് സ്വാധീനിക്കും.

എന്റെ ജീവിതത്തെ വളരെയേറെ സ്വാധീനിക്കുന്ന ഒരു ചിത്രമാണ് ഇന്നത്തെ സുവിശേഷത്തിലെ ഈശോയുടെത്. തന്റെ കൃഷിത്തോട്ടത്തെക്കുറിച്ചും, അവിടെ ജോലിചെയ്യുന്നവരെക്കുറിച്ചും പരിഗണനയുള്ള, മൂന്നാം മണിക്കൂറിലും, ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും, പതിനൊന്നാം മണിക്കൂറിലും ജോലിക്കാരെ തേടുന്ന, അവരോടുള്ള വാഗ്‌ദാനങ്ങളിൽ വിശ്വസ്തത കാട്ടുന്ന, ഒരു സാധാരണക്കാരന്റെ നിത്യ ജീവിതച്ചെലവ് അറിയുന്ന, ഏതു മണിക്കൂറിലും വരുന്നവനായാലും അവനു നിത്യജീവിത ചെലവ് നിർവഹിക്കുവാൻ പറ്റുന്ന തരത്തിൽ കൂലി കൊടുക്കുന്ന, അർഹതപ്പെട്ടത്‌ കൊടുക്കുക എന്നതിനേക്കാൾ, ജീവിതത്തിൽ ആവശ്യങ്ങൾ നടത്തുവാൻ ഉതകുന്നത് കൊടുക്കുവാൻ ആഗ്രഹിക്കുന്ന, ലോകത്തിന്റെ നിലപാടുകൾക്കും, കാഴ്ച്ചപ്പാടുകൾക്കും, എന്തിനു സാമൂഹിക നീതിക്കും അപ്പുറം  കരുണയുള്ള ഹൃദയവുമായി നിൽക്കുന്ന ഈശോയുടെ ചിത്രമാണ് എന്റെ ജീവിത കാഴ്ചപ്പാട്. ഈശോയുടെ കരുണയുടെ കാഴ്ചപ്പാട് ഞാൻ ഇന്നുവരെ പഠിച്ച എല്ലാ സിദ്ധാന്തങ്ങൾക്കും, ഇസങ്ങൾക്കും, എല്ലാ ലോക കാഴ്ചപ്പാടുകൾക്കും ഉപരിയാണ്.

ഇന്നത്തെ സുവിശേഷഭാഗം മൂന്ന് തലങ്ങളിൽ നിന്നുകൊണ്ട് മനസ്സിലാക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒന്നാമത്തേത്, ആത്മികം.

ഈ പ്രപഞ്ചത്തിന് മുഴുവനും രക്ഷ നൽകുവാൻ, എല്ലാവരെയും ദൈവത്തിലേക്ക് നയിക്കുവാൻ വന്ന ഈശോ നമ്മുടെ ഹൃദയങ്ങളെ ദേവാലയങ്ങളാക്കുവാൻ വന്നവനാണ്. ഈശോയുടെ ഈ ആഗ്രഹത്തിന്റെ വലിയ പ്രകടനമാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം 16, 26 ൽ നാം വായിക്കുന്നത്. “ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്ത് പ്രയോജനം? ഒരുവൻ സ്വന്തം ആത്മാവിന് പകരമായി എന്ത് കൊടുക്കും?” നമ്മുടെ ആത്മാക്കളെ സ്വർഗത്തിനായി നേടുവാനാണ് ഈശോ ലോകത്തിലേക്ക് വന്നത്. ആത്മാവിന്റെ രക്ഷ, നിത്യതയുടെ പ്രതിഫലം, മനുഷ്യന്റെ അധ്വാനത്തിന്റെ അളവോ, തൂക്കമോ നോക്കിയല്ല, ദൈവ കൃപയുടെ, ദൈവ കാരുണ്യത്തിന്റെ ആഴമനുസരിച്ചാണ് എന്ന് ലോകത്തെ പഠിപ്പിക്കുവാനാണ് ഈശോ ഈ ഉപമ പറയുന്നത്.

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേൽ ജനത്തിൽ നിന്ന് ക്രിസ്തുവിലേക്ക് വന്ന യഹൂദ ക്രൈസ്തവരാണോ, അതോ, പുറജാതികളായ, സമൂഹത്തിൽ നിന്ന് പലവിധ കാരണങ്ങളാൽ അകറ്റി നിർത്തപ്പെട്ടിരിക്കുന്ന വിജാതീയരിൽ നിന്ന് ക്രിസ്തുവിലേക്ക് വന്ന വിജാതീയ ക്രൈസ്തവരാണോ രക്ഷ പ്രാപിക്കുന്നത് എന്ന ഒരു ചോദ്യം ആദിമ ക്രൈസ്തവ സമൂഹത്തിലുണ്ടായിരുന്നു. ക്രൈസ്തവ സഭയുടെ പുലരിയിൽ വന്ന യഹൂദ ക്രൈസ്തവരാണോ അതോ ക്രൈസ്തവസഭ വളർച്ചയുടെ പടവുകൾ പിന്നിട്ടപ്പോൾ വന്ന വിജാതീയ ക്രൈസ്തവരാണോ രക്ഷ പ്രാപിക്കുന്നത്? ഈ ആത്മീയ പ്രതിസന്ധിയെയാണ് മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമ അഭിസംബോധന ചെയ്യുന്നത്. സഭയുടെ ആദ്യകാലങ്ങളിൽ മതമർദ്ദനത്തിലൂടെ, രക്തസാക്ഷിത്വത്തിലൂടെ സഭയെ വളർത്തിയെടുത്ത യഹൂദ ക്രൈസ്തവർ ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ വളർച്ചയ്ക്കായി, ദൈവഹിതത്തോട് ചേർന്ന് വളരെയേറെ സഹിച്ചവരാണ്. എന്നാൽ, പതിനൊന്നാം മണിക്കൂറിൽ കയറിവന്ന വിജാതീയ ക്രൈസ്തവർ സഭയിൽ ദൈവാനുഭവത്താൽ നിറഞ്ഞവരായി വചനം പ്രഘോഷിക്കുന്നത് കണ്ടപ്പോൾ, പ്രവചിക്കുന്നത് കണ്ടപ്പോൾ യഹൂദ ക്രൈസ്തവർക്ക് അങ്കലാപ്പായി. അവരോട് ഈശോ പറയുന്നു, മനുഷ്യന്റെ അധ്വാനമല്ലാ, മനുഷ്യന്റെ രീതികളല്ലാ, ദൈവത്തിന്റെ കൃപയാണ്, ദൈവത്തിന്റെ കരുണയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.

പതിനൊന്നാം മണിക്കൂറിലും വന്ന ജോലിക്കാരനും, ഒന്നാം മണിക്കൂറിൽ വന്ന ജോലിക്കാരന ദൈവത്തിന്റെ മുൻപിൽ തുല്യരാണെന്ന് വലിയ സത്യം ഈശോ ജനങ്ങളെ, നമ്മെ പഠിപ്പിക്കുകയാണിവിടെ. ദൈവ ജനമായ യഹൂദർക്കെന്നതുപോലെതന്നെ, വിജാതീയർക്കും, ആത്മാവിന്റെ രക്ഷയിൽ തുല്യപങ്കാളിത്തം നൽകുവാൻ ദൈവം തന്റെ കരുണയിൽ തീരുമാനിച്ചിരിക്കുന്നു എന്ന സത്യമാണ് ഈശോ ഇവിടെ പകർന്നു നൽകുന്നത്.

ഈ ഉപമയുടെ രണ്ടാമത്തെ തലം സാമൂഹികം ആണ്. ഉപമയിൽ, ഒന്നാം മണിക്കൂറിലും (രാവിലെ 6 മണി) മൂന്നാം മണിക്കൂറിലും (രാവിലെ 9 മണി) ആറാം മണിക്കൂറിലും (ഉച്ചക്ക് 12 മണി) പതിനൊന്നാം മണിക്കൂറിലും (വൈകുനേരം 6 മണി) രംഗത്തേക്ക് കടന്നു വരുന്ന തൊഴിലാളികളെ അവതരിപ്പിച്ചുകൊണ്ടാണ് ഈശോ വലിയൊരു സാമൂഹിക വിപ്ലവത്തിന് കളമൊരുക്കുന്നത്. ഉപമയിൽ പറയുന്നപോലെ, ദിവസത്തിന്റെ ഏത് മണിക്കൂറിലും ജോലി അന്വേഷിച്ച് നൽക്കവലകളിൽ തൊഴിലാളികൾ നിൽക്കുന്നത് സാധാരണ ജീവിതത്തിലെ ഒരു ചിത്രമായിരുന്നു. കുറേ നാളുകൾക്ക് മുൻപ് കേരളത്തിന് ഈ ചിത്രം അന്യമായിരുന്നു. എന്നാൽ ഇന്ന് ഈ ചിത്രം സർവ സാധാരണമാണ്. പെരുമ്പാവൂർ തുടങ്ങിയ പട്ടണങ്ങളിൽ അന്യസംസ്ഥാനത്തൊഴിലാളികൾ ആരെങ്കിലും ജോലിക്കായി തങ്ങളെ വിളിക്കുമെന്ന പ്രതീക്ഷയിൽ കാത്തു നിൽക്കുന്നത് ഇന്നിന്റെ ചിത്രമാണ്.

ഉപമയിൽ രാവിലെ 6 മണിമുതൽ പണിയുന്നവരും, 9 നും, 12 നും വന്നവരും, വൈകുന്നേരം 5 മണിക്ക് എത്തിയവരും യജമാനനുമായി ഉടമ്പടി നടത്തിയത് ഒരു ദനാറയ്ക്കായിരുന്നെങ്കിലും, കൂലി കൊടുക്കുന്ന സമയമായപ്പോൾ ഈ തുല്യതയിലെ അനീതി കണ്ടെത്താൻ അവർക്ക് ദാസ് കാപ്പിറ്റലിന്റെ (Das Kapital) ആവശ്യമില്ലായിരുന്നു. അവർ പ്രതികരിക്കുകയാണ്. ഇന്നത്തെ പാർട്ടിക്കാരുടെ “നോക്കുകൂലി” പരിപാടി അന്നില്ലാതിരുന്നതുകൊണ്ട് രാവിലെ വന്നവർ നന്നായി ജോലി ചെയ്തു കാണണം. അതുകൊണ്ടു തങ്ങളുടെ ജോലിക്കനുസരിച്ച് വിയർപ്പിന്റെ വിലയായ, അധ്വാനത്തിന്റെ വിലയായ കൂലി അവർ ആവശ്യപ്പെടുകയാണ്. എന്നാൽ പതിനൊന്നാം മണിക്കൂറിൽ വന്ന മനുഷ്യനെയും അവന്റെ ജീവിതാവശ്യങ്ങളെയും മനസിലാക്കുന്ന വീട്ടുടമസ്ഥൻ അവനും ഉടമ്പടിയനുസരിച്ചുള്ള കൂലി കൊടുക്കുകയാണ്. അവന്റെ അധ്വാനത്തിന്റെ സമയമല്ല, അവന്റെ കുടുംബത്തിന്റെ ആവശ്യമായിരുന്നു വീട്ടുടമസ്ഥന് പ്രധാനപ്പെട്ടത്.

ക്രിസ്തുവിന്റെ സാമൂഹിക കാഴ്ചപ്പാടിന്റെ സൗന്ദര്യം ഇന്നത്തെ തൊഴിലാളി പ്രസ്ഥാനങ്ങൾക്കോ, ഗവണ്മെന്റുകൾക്കോ, എന്തിന് ക്രൈസ്തവർക്ക് പോലും മനസ്സിലാക്കുവാൻ ബുദ്ധിമുട്ടുണ്ടാകും. വെറും സിദ്ധാന്തങ്ങളോ, പുസ്തകങ്ങളിൽ കാണിക്കുന്ന അക്ഷക്കൂട്ടുകളോ മാത്രമല്ല ഈശോയ്ക്ക് സാമൂഹിക നീതി. അത്, നീതിയെയും ഉല്ലംഘിക്കുന്ന കരുണയാണ്. ആ കരുണയുടെ കാഴ്ചപ്പാടിലേ, ഒരുവന് അർഹതപ്പെടുന്നതിനും അപ്പുറം അവളുടെ/അവന്റെ ആവശ്യങ്ങളുടെ നെടുവീർപ്പുകളിലേക്ക് കടന്നെത്തി നിൽക്കുവാൻ നമുക്ക് സാധിക്കുകയുള്ളു. പതിനൊന്നാം മണിക്കൂറിൽ വരുന്നവന്റെയും കണ്ണീരിന്റെ നനവ്, കുടുംബത്തിലെ പട്ടിണി, ചങ്കിലെ പിടച്ചിൽ അറിയണമെങ്കിൽ ഈശോയുടെ കരുണയുടെ കാഴ്ചപ്പാടിലേക്ക് ഇന്നുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും, ഗവണ്മെന്റ് സംവിധാനങ്ങളും വളരേണ്ടിയിരിക്കുന്നു.

ഈശോയുടെ കരുണയുടെ കാഴ്ച്ചപ്പാടിലൂടെ ലോകത്തെ, ജീവിതത്തെ നോക്കിക്കാണാനും, അതുവഴി, സാമൂഹിക നീതിയും, സ്വാതന്ത്ര്യവും, വളർച്ചയും സാധ്യമാക്കാനുമാണ് ഈശോ നമ്മെ ക്ഷണിക്കുന്നത്. ലോകത്തിന്റെ കാഴ്ചപ്പാടിനും, കണക്കുകൂട്ടലുകൾക്കും ക്രിസ്തുവിന്റെ കാഴ്ചപ്പാടിനെയും, കണക്കുകൂട്ടലുകളെയും മനസ്സിലാക്കുവാൻ സാധിക്കുകയില്ല. അത് കരുണയുടെ കാഴ്ചപ്പാടാണ്. ഒന്നാം മണിക്കൂറിൽ വന്നവന്റെയും, പതിനൊന്നാം മണിക്കൂറിൽ വന്നവന്റെയും ജീവിതത്തിന്റെ താളമറിയുന്ന, ഹൃദയത്തിന്റെ മിടിപ്പ് feel ചെയ്യുന്ന കാഴ്ചപ്പാടാണത്. ഒന്നാം മണിക്കൂറിൽ വന്നവന്റെയും, പതിനൊന്നാം മണിക്കൂറിൽ വന്നവന്റെയും കുടുംബത്തിന്റെ പൾസ്‌ തൊട്ടു നോക്കുന്ന കാഴ്ചപ്പാടാണത്.  വേലയുടെ സമയമല്ല, ജീവിതത്തിന്റെ ആവശ്യമാണ് ക്രിസ്തുവിന്റെ പരിഗണന. അത് അനീതിയല്ല, കരകവിഞ്ഞൊഴുകുന്ന കരുണയാണ്.

ഇവിടെ തൊഴിലാളി വിരുദ്ധനെന്നു ഈശോയെ മുദ്രകുത്തുന്ന തൊഴിലാളി പ്രസ്ഥാനങ്ങൾ ഉണ്ടെങ്കിൽ ഓർക്കുക, വിപ്ലവ വർഗീയ പ്രസ്ഥാനങ്ങളുടെ കാഴ്ചപ്പാടിലൂടെ ജീവിതത്തെ കാണുന്ന ക്രൈസ്തവ സഹോദരങ്ങളും കേൾക്കുക, ലോകചരിത്രത്തിൽ ആദ്യമായി ‘വേലക്കാരൻ കൂലിക്കു അർഹനാണെന്നു വിളിച്ചുപറഞ്ഞു, തൊഴിലാളിയുടെ പക്ഷം ചേർന്നത് ക്രിസ്തുവാണ്. “ദരിദ്രരുമായി സ്വത്തു പങ്കുവയ്ക്കാതിരിക്കുക എന്നത് അവരിൽ നിന്ന് മോഷ്ടിച്ച് സ്വന്തമാക്കുക എന്നത് തന്നെയാണ് ” എന്ന് ഈ കാലഘട്ടത്തിലും വിളിച്ചുപറയുന്നത് വിപ്ലവ പ്രസ്ഥാനങ്ങളുടെ ആചാര്യന്മാരല്ല, ഫ്രാൻസിസ് പാപ്പയാണ്. സ്വയം തൊഴിലാളിയായിക്കൊണ്ട്, തൊഴില്ന്റെ മഹത്വവും, തൊഴിലാളിയുടെ വേദനയും അറിയാവുന്ന ക്രിസ്തുവിനു എങ്ങനെ തൊഴിലാളിയോട് അനീതിചെയ്യുവാൻ കഴിയും?  നീതിയെയും വെല്ലുന്ന കരുണയാണ് ഈശോയുടെ കാഴ്ചപ്പാട്. അത്, തൊഴിൽ ചെയ്യാതെ അണികളെ ചൂഷണം ചെയ്യുന്ന, വിശപ്പിന്റെ നോവറിയാത്ത, സാധാരണക്കാർക്ക് മനസ്സിലാകാത്ത ഭാഷയിൽ സംസാരിക്കുന്ന, അടവുനയങ്ങൾ മാറി മാറി പ്രയോഗിക്കുന്ന  വിപ്ലവനേതാക്കൾക്ക് മനസ്സിലാകില്ല. 

ഉപമയുടെ മൂന്നാമത്തെ തലം കാരുണികം ആണ്. നീതിയും കരുണയും ഒരുമിച്ചു നിൽക്കുന്ന ഒരു പാരസ്പര്യം ആണ് ഈ ഉപമയുടെ സൗന്ദര്യം. ക്രിസ്തുമതത്തിന്റെ സൗകുമാര്യം തന്നെ കരുണയുള്ള ദൈവം നമുക്കുണ്ട് എന്നുള്ളതാണ്. ക്രിസ്തുവിന്റെ മുൻപിൽ കരുണയാണ് ദൈവനീതി. നർദീൻ സുഗന്ധതൈലവുമായി കടന്നു വന്ന പെൺകുട്ടിയോടും, വ്യഭിചാരത്തെ പിടിക്കപ്പെട്ട പെണ്കുട്ടിയോടും ഈശോ കാണിച്ചത് സഹോദര്യത്തിലധിഷ്ഠിതമായ നീതി മാത്രമായിരുന്നോ? ആകാശത്തിനും ഭൂമിയ്ക്കും മദ്ധ്യേ, കുരിശിൽ കിടന്നപ്പോൾ നല്ല കള്ളനോട് കാണിച്ചത് നീതി മാത്രമായിരുന്നോ? ഒരിക്കലുമല്ല. അത് കാരുണ്യമായിരുന്നു. ക്രിസ്തുവിലൂടെ പ്രകാശിക്കുന്ന കാരുണ്യം ലോകത്തിന്റെ കാഴ്ചപ്പാടാണ് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!!

സാമൂഹ്യനീതിയുടെ എല്ലാ അതിർവരമ്പുകളെയും അതിശയിപ്പിക്കുന്ന ഈശോയുടെ കരുണയുടെ കാഴ്ചപ്പാടിലേക്കു ഓരോ മനുഷ്യനും രാഷ്ട്രീയ സംവിധാനങ്ങളും കടന്നുവരേണ്ടിയിരിക്കുന്നു. ജോലിചെയ്യുന്ന സമയമെന്നതിനേക്കാൾ, ഒരു മനുഷ്യന്റെ, അവന്റെ, അവളുടെ കുടുംബത്തിന്റെ ജീവിതത്തിന്റെ ആവശ്യങ്ങളിലേക്കു ഉയരുവാൻ അവൾക്കു, അവനു കൂലികൊടുക്കുന്നവർക്കു കഴിയണമെന്ന കാരുണ്യത്തിന്റെ വ്യവസ്ഥിതിയിലേക്കാണ് ഈശോ വിരൽചൂണ്ടുന്നത്. ഇവിടെയാണ് ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനം കാലഘട്ടത്തിന്റെ ശബ്ദമാകുന്നത്. പാപ്പാ പറയുന്നത്, സമ്പത്തിന്റെയും, ധനത്തിന്റെയും, നീതിയുടെയും ആഗോളവത്ക്കരണം സാഹോദര്യത്തിലേക്കു നമ്മെ എത്തിച്ചിട്ടില്ല എന്നാണ്.

എന്നുവച്ചാൽ, ഇന്നും നിന്റെ സഹോദരൻ, സഹോദരി ചൂഷണത്തിന്റെ, അനീതിയുടെ ഇരകളായിത്തന്നെ നിൽക്കുകയാണ്. അവരോടു കരുണകാണിക്കുന്നതു വലിയ അപരാധിമായി എണ്ണപ്പെടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്.  പതിനൊന്നാം മണിക്കൂറിൽ ജീവിക്കുന്ന സഹോദരങ്ങൾക്ക് കാരുണ്യത്തിന്റെ കാര്യങ്ങൾ നീട്ടുന്നതിനെ തീരെ പിറുപിറുക്കുന്ന ഫരിസേയ മനോഭാവം ഇന്നും നിലനിൽക്കുകയാണ്. അതുകൊണ്ടല്ലേ, കൽക്കത്തായിലെ തെരുവുകളിൽ നിന്ന് പിഞ്ചുകുഞ്ഞുങ്ങളെ പെറുക്കിയെടുത്ത ആ നീലക്കരയുള്ള വെള്ള സാരിയുടുത്ത വിശുദ്ധയെ ആധുനിക മനുഷ്യർ ലോകത്തിനുമുന്നിൽ അപഹാസ്യയാക്കിയത്? അതുകൊണ്ടുതന്നെയല്ലേ, രാജ്യദ്രോഹക്കുറ്റം ചുമത്തി ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റു ചെയ്തത്?

സ്നേഹമുള്ളവരേ, നിങ്ങൾക്ക് വേണമെങ്കിൽ എന്തിനെയും രാജദ്രോഹമായിക്കാണാം. മതം മാറ്റമായി ചിത്രീകരിക്കാം. വിശക്കുന്നവനു ഭക്ഷണം കൊടുക്കുന്നത്, നഗ്നനെ ഉടുപ്പിക്കുന്നത്, ദളിതന്റെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നത് … എന്തിനെയും നിങ്ങൾക്ക് കുറ്റകരമായിക്കാണാം. അത് നിങ്ങളുടെ കാഴ്ചപ്പാടിന്റെ വൈകൃതമാണെന്ന് മാത്രം മനസ്സിലാക്കുക!  നിങ്ങൾക്ക് നിരീശ്വരവാദ കാഴ്ചപ്പാടിലൂടെ ലോകത്തെ, ജീവിതത്തെ നോക്കിക്കാണാം. ദൈവം ഇല്ലെന്നു വിളിച്ചുപറയാം. ഫലം പക്ഷേ, ജീവിത നിരാശയായിരിക്കും. യുക്തിവാദ കാഴ്ചപ്പാടിലൂടെയും നിങ്ങൾക്ക് ജീവിതത്തെ കാണാം. ദൈവം മരിച്ചെന്നു പ്രസംഗിക്കാം. ഫലം ദുഃഖമായിരിക്കും. മുതലാളിത്തകാഴ്ചപ്പാടും നിങ്ങൾക്ക് സ്വീകരിക്കാം. ഫലം അടിമത്തമായിരിക്കും.

വർഗീയ കാഴ്ച്ചപ്പാടും നിങ്ങൾക്കാകാം. ഫലം അരാജകത്വമായിരിക്കും. എന്നാൽ, ഈശോയുടെ കാഴ്ചപ്പാട് നമ്മെ സ്നേഹത്തിലേക്ക്, സ്വാതന്ത്ര്യത്തിലേക്കു, സമൃദ്ധിയിലേക്ക് നയിക്കും.

ചിലപ്പോഴൊക്കെ എനിക്കുതോന്നും പതിനൊന്നാം മണിക്കൂറിൽ വേലയ്ക്കുവരുന്നവർക്കുവേണ്ടിയല്ലേ, ക്രിസ്തു വന്നതെന്ന്! സുവിശേഷങ്ങൾ തുറന്നുനോക്കൂ… അവൻ സുഖപ്പെടുത്തിയത് ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ ജീവിച്ചവരെയല്ലേ? 38 വർഷമായി കുളക്കരയിൽ കിടന്നവൻ, കുഷ്ഠവുമായി അലഞ്ഞുതിരിഞ്ഞവർ…; അവൻ വഴി നന്മയിലേക്ക് വന്നതും ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ കഴിഞ്ഞവരല്ലേ? മറിയം മഗ്ദലേന, വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീ, മുടിയനായ പുത്രൻ, ശമരിയാക്കാരി സ്ത്രീ… അവൻ രക്ഷ നൽകിയതും ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ ആയിരുന്നവരെയല്ലേ? നോക്കൂ, നല്ലകള്ളന്റെ ജീവിതം! ഇതൊന്നും അനീതിയല്ലാ സ്നേഹമുള്ളവരെ. ഇത് കരുണയാണ്, കരുണയുടെ കാഴ്ചപ്പാടിന്റെ ആഘോഷമാണ്.

അങ്ങനെയെങ്കിൽ, നമ്മളും പതിനൊന്നാം മണിക്കൂറുകാരാണോ? ജോസ് അന്നംക്കുട്ടി ജോസിന്റെ “ദൈവത്തിന്റെ ചാരന്മാർ” എന്ന പുസ്തകത്തിൽ അദ്ദേഹം ബാങ്കളൂരിൽ പഠിച്ചിരുന്ന കാലത്ത് നടത്തിയ ഒരു കുമ്പസാരത്തെ പറ്റി പറയുന്നുണ്ട്. last സെമ്മിൽ വളരെ കുറച്ചു മാർക്ക് കിട്ടിയതിന്റെ വിഷമത്തിലും പഠിക്കാതിരുന്നതിന്റെ കുറ്റബോധത്തിലും കുമ്പസാരത്തിനെത്തിയ ജോസ് തന്റെ അവസ്ഥ പറഞ്ഞു. അടുത്ത പരീക്ഷ ഉടനെ വരുന്നകാര്യവും പറഞ്ഞു. അപ്പോൾ കുമ്പസാരിപ്പിക്കുന്ന അച്ഛൻ പറഞ്ഞു: ജോസേ, ഞാനും പഠിക്കുന്നയാളാണ്. രണ്ടു പേപ്പർ തയ്യാറാക്കണം ഉടനെ. നമ്മൾ രണ്ടുപേരും, സുവിശേഷത്തിൽ പറഞ്ഞ പതിനൊന്നാം മണിക്കൂറുകാരാണ്. ഈശോ കരുണയുള്ളവനല്ലേടാ? നമുക്കൊന്ന് ആഞ്ഞുപിടിച്ചാലോ? പതിനൊന്നാം മണിക്കൂറുകാർക്കും അർഹതപ്പെട്ടത്‌ അവൻ തരും.” ജോസിന് അതൊരു ശക്തിയായി.  ജോസ് ആഞ്ഞുപിടിച്ചു. നല്ല മാർക്കും കിട്ടി.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിൽ നാമൊക്കെ ഈ പതിനൊന്നാം മണിക്കൂറുകാരാണ്. എന്താ നമ്മുടെ പ്രാർത്ഥന? ദേ, പരീക്ഷ അടുത്തു ട്ടോ കർത്താവേ, ശരിക്കും പഠിച്ചിട്ടില്ല, കുറെ ശ്രമിച്ചു കർത്താവേ, ഒരു ജീവിതപങ്കാളി ഇതുവരെ ആയിട്ടില്ല. ബിസിനസ്സ് കർത്താവേ, ഒരു രക്ഷയില്ല. രോഗത്തിന്റെ പിടിയിലായിട്ടു കുറേക്കാലമായി. കുടുംബസമാധാനം തകർന്നിട്ടു നാളുകളായി. നാമൊക്കെ, പതിനൊന്നാം മണിക്കൂറുകാരാണ്. അവിടുത്തെ കരുണ ഇതാണ്: നമ്മുടെ ജീവിതത്തിനാവശ്യമായവ, നമ്മുടെ ജീവിതവിജയത്തതിനാവശ്യമായവ ദൈവം നമുക്ക് തരും. നാം എന്തുചെയ്യണം? ദൈവത്തിന്റെ മുന്തിരിത്തോപ്പാകുന്ന ഈ ലോകത്തിൽ നമ്മുടെ ജോലികൾ ചെയ്യുക. അവിടുത്തെ കരുണയിൽ തീർച്ചയായും നാം പങ്കുകാരാകും.

നാമുൾപ്പെടെ, പതിനൊന്നാം മണിക്കൂറിൽ ജീവിക്കുന്ന, ഇനിയും വീണ്ടെടുക്കപ്പെടാൻ വളരെ സാധ്യതയുള്ള ധാരാളം മനുഷ്യർ നമ്മോടൊത്തു ജീവിക്കുന്നുണ്ട്. പതിനൊന്നാം മണിക്കൂറിൽ ജോലിചെയ്യാൻ വന്നപ്പോൾ അയാളുടെ ഉള്ളിലുണ്ടായിരുന്ന ചിന്തകൾ വായിച്ചെടുക്കുവാൻ എന്നെങ്കിലും നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ പ്രിയപ്പെട്ടവരേ? ചിലപ്പോൾ ജോലികഴിഞ്ഞു കിട്ടുന്ന കൂലികൊണ്ടു വാങ്ങിക്കൊണ്ടുവരുന്ന അപ്പത്തിനുവേണ്ടി കാത്തിരിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചായിരുന്നിരിക്കാം അദ്ദേഹത്തിന്റെ ചിന്ത! അല്ലെങ്കിൽ നാളെ ഫീസുകൊടുക്കുവാനുള്ള മകളുടെ ആകുലത്തെയെക്കുറിച്ചായിരിന്നിരിക്കാം. …. ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ ജീവിക്കുന്ന മനുഷ്യരുടെ മനസ്സ് വായിക്കുവാൻ നമുക്ക് സാധിച്ചാൽ എനിക്കുറപ്പുണ്ട്, നമ്മുടെ സഹോദരനെ, സഹോദരിയെ കരുണയുടെ നറും നിലാവിൽ കുളിപ്പിക്കുവാൻ കരുണയുടെ വിളക്കുകളാകും നമ്മൾ!  

കരുണയുടെ കാഴ്ചപ്പാടിലെ ക്രിസ്തുവിന്റെ കണക്കു കൂട്ടലുകളും നമുക്ക് മനസ്സിലാവുകയില്ല. ഈശോ കണക്കിന് വളരെ മോശമാണ്. നൂറു ആടുകളുണ്ടായിരിക്കെ, തൊണ്ണൂറ്റൊൻപതിനേയും വിട്ടിട്ടു…  99 is equl to 1 ആണ് ഈശോയുടെ കണക്ക്. ലൂക്ക 12 ൽ പറയുന്നു, അഞ്ചു കുരുവികൾ രണ്ടു രൂപയ്ക്കു. ഒരു രൂപയ്ക്കു രണ്ടു കുരുവികൾ. അപ്പോൾ രണ്ടു രൂപയ്ക്കോ? ഈശോയ്ക്ക് കണക്ക് അറിയില്ല.

സമാപനം

സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ കാഴ്ച്ചപ്പാടിലൂടെ നമ്മുടെ ജീവിതത്തെ, ജീവിതസാഹചര്യങ്ങളെ നോക്കിക്കാണാൻ നമുക്ക് പഠിക്കാം. ഈശോയുടെ കരുണയ്ക്കു അർഹരാകാനും, അവിടുത്തെ കരുണയുടെ കാഴ്ചപാട് സ്വന്തമാക്കാനും ആകട്ടെ നമ്മുടെ ക്രൈസ്തവജീവിതം. ഇന്നത്തെ വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ കാഴ്ചപ്പാട് നമുക്ക് കണ്ടു പഠിക്കാം. നോക്കൂ, എങ്ങനെയാണ് ഈശോ അപ്പം മുറിക്കുന്നത്? എങ്ങനെയാണ് അവിടുന്ന് അപ്പമായിത്തീരുന്നത്? ആർക്കുവേണ്ടിയാണ് അവിടുന്ന് അപ്പമാകുന്നത്? ബലിപീഠം ഈശോയുടെ കാരുണ്യത്തിന്റെ കാഴ്ചപ്പാട് പഠിക്കാനുള്ള സ്കൂൾ ആണ്.

സൂക്ഷിച്ചു നോക്കൂ, നിന്റെ ദൈവം തന്നെ വെളിപ്പെടുത്തുന്നത് അപ്പം മുറിക്കലിലൂടെയാണ്; നിന്റെ ദൈവത്തിന്റെ കാഴ്ചപ്പാട് തെളിയുന്നതും വിശുദ്ധ കുർബാനയിലൂടെയാണ്. ആമേൻ!

SUNDAY SERMON MT 18, 1-9

ഏലിയാ സ്ലീവാ മൂശേക്കാലം

– സ്ലീവാ നാലാം ഞായർ

മത്തായി 18, 1 – 9

ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ സ്ലീവാ നാലാം ഞായറാഴ്ച്ചയിലെ സുവിശേഷം സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ളൊരു സംഭാഷണമാണ് നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. ഈശോയും അവിടുത്തെ ശിഷ്യന്മാരും തമ്മിലാണ് സംഭാഷണം. സംഭാഷണത്തിലെ കാതലായ ചോദ്യം: ആരാണ് സ്വർഗ്ഗരാജ്യത്തിലെ വലിയവൻ എന്നാണ്. ആത്മാവിൽ ചോര പൊടിയുന്ന അനുഭവം നൽകുന്ന ഈശോയുടെ രണ്ടാം പീഡാനുഭവ പ്രവചനത്തിന് തൊട്ടുപിന്നാലെയാണ്, ആരാണ് സ്വർഗ്ഗരാജ്യത്തിലെ വലിയവൻ എന്ന ശിഷ്യരുടെ ചോദ്യം ഉയരുന്നത് എന്നത് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ‘മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ ഏല്പിക്കപ്പെടാൻ പോകുന്നു. അവർ അവനെ വധിക്കും; എന്നാൽ മൂന്നാം ദിവസം അവൻ ഉയിർപ്പിക്കപ്പെടും’ എന്ന ഈശോയുടെ പ്രവചനം ശിഷ്യരെ ദുഖത്തിലാഴ്ത്തിയെങ്കിലും, അടുത്ത നിമിഷം അവരത് മറക്കുന്നു. അവർക്ക് താത്പര്യം അവർക്ക് ലഭിക്കുവാൻ പോകുന്ന സ്ഥാനമാണങ്ങളെക്കുറിച്ചാണ്, സൗഭാഗ്യങ്ങളെക്കുറിച്ചാണ്. ഉറവ വറ്റാത്ത സ്നേഹമായും, അളവില്ലാത്ത അനുകമ്പയായും, യഥാർത്ഥ ദൈവിക ഹൃദയത്തിന്റെ ഉടമമായ ഈശോ അവരുടെ കൂടെയായിരുന്നിട്ടും, ആ സ്നേഹത്തെ മൊഴിമാറ്റാനോ, തങ്ങളുടേതാക്കാനോ അവർ ശ്രമിച്ചില്ല. അവർക്ക് ഈശോയുടെ കാര്യത്തിൽ അത്രയേ താത്പര്യം ഉണ്ടായിരുന്നുള്ളു. അല്ലെങ്കിൽ, കാൽവരിയുടെ നിഴലിൽ നിന്നുകൊണ്ട് ആരാണ് സ്വർഗ്ഗരാജ്യത്തിലെ വലിയവനെന്നോ, ആരായിരിക്കും ഈശോയുടെ ഇടത്തും വലത്തും ഇരിക്കുക എന്നോ (മത്താ 20, 20 -28) ശിഷ്യന്മാർ ചോദിക്കുമായിരുന്നില്ല.

ഈശോ പലപ്രാവശ്യം ശിഷ്യരോട് താൻ നേരിടാൻ പോകുന്ന പാടുപീഡകളെക്കുറിച്ച്, തന്റെ മരണത്തെക്കുറിച്ച് ശിഷ്യരോട് പറഞ്ഞിട്ടുണ്ടെങ്കിലും, അവർക്കത് ഗ്രഹിക്കാൻ, ഒന്നുകിൽ കഴിവില്ലായിരുന്നു. അല്ലെങ്കിൽ അവരതിന് മെനക്കെട്ടില്ല. അവർക്ക് അങ്ങ് ഉയർന്ന മലയിൽ രൂപാന്തരപ്പെട്ട , മോശയോടും, ഏലിയായോടും സംസാരിക്കുന്ന ഈശോയെയാണ് ഇഷ്ടം (മത്താ 17, 1-8); അപസ്മാര രോഗിയെ സുഖപ്പെടുത്തി ജനത്തിന് മുൻപിൽ ഹീറോ ആയി നിൽക്കുന്ന ഈശോയെയാണ് ഇഷ്ടം (മത്താ 17, 14-21). മാത്രവുമല്ല അങ്ങനെയുള്ളൊരു നേതാവിനെയാണ് ഈശോയിൽ അവർ കണ്ടത്. അതുകൊണ്ട് ശിഷ്യന്മാർ, ഭൂമിയിൽ മാത്രമല്ല സ്വർഗ്ഗത്തിലും ആരാണ് വലിയവൻ എന്ന് ചോദിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. എന്നാലും, മരണത്തിന്റെ നിഴലിൽ നിൽക്കുന്ന ഈശോയോട് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കേണ്ടിയിരുന്നില്ല; താക്കോൽ സ്ഥാനങ്ങളോടുള്ള ആക്രാന്തം ഇവിടെ കാണിക്കേണ്ടിയിരുന്നില്ല.

മനുഷ്യമനസ്സിനെ ഈശോയോളം മനസ്സിലാക്കിയ ഒരാൾ ഈ ഭൂമുഖത്ത് ഇന്നുവരെ വേറേയില്ലല്ലോ. അവിടുന്ന് അവരുടെ ചോദ്യത്തിന് ഉത്തരം നൽകുകയാണ്. ഉത്തരം വളരെ Simple ആണ്. എന്നാൽ, ഗഹനവുമാണ്. “…ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണ് സ്വർഗ്ഗരാജ്യത്തിലെ ഏറ്റവും വലിയവൻ.” ഈ ഉത്തരത്തിന് രണ്ട് വശങ്ങളുണ്ട്: ഒന്ന്, സാമൂഹികവശം.

ഈശോ എന്താണ് ചെയ്തതെന്ന് നോക്കൂ… “യേശു ഒരു ശിശുവിനെ അവരുടെ മദ്ധ്യേ നിർത്തി …” നിങ്ങൾക്കറിയോ, വലിയൊരു സാമൂഹ്യവിപ്ലവത്തിനാണ് ഈശോ ഇവിടെ തുടക്കം കുറിച്ചത്! ജനക്കൂട്ടത്തിൽ നിന്ന ഒരു ശിശുവിനോട് ഈശോ പറയുന്നു: മകളേ, മകനേ, മുന്നോട്ട് വരിക! ഒരു ശിശു വളരെ ബലഹീനയാണ്, ബലഹീനനാണ്. സമൂഹത്തിന്റെ അതിർത്തിക്കപ്പുറത്താണ് ഒരു ശിശുവിന് സ്ഥാനം. പാർശ്വവത്ക്കരിക്കപ്പെട്ട, സമൂഹത്തിൽനിന്ന് അകറ്റിനിർത്തപ്പെട്ടവരുടെ കൂട്ടത്തിൽപ്പെട്ടതാണ് ശിശുക്കൾ. ക്രിസ്തുവിന്റെ സമയത്തെ ഇസ്രായേൽ സമൂഹത്തിൽ ശിശുക്കൾക്ക് യാതൊരു പ്രാധാന്യവും ഉണ്ടായിരുന്നില്ല. ശിശുക്കൾ മിക്കവാറും രോഗികളാണ്. കൗമാരമെത്തുമ്പോഴേയ്ക്കും കുട്ടികൾ മരണമടയും. എന്നിട്ടും ഈശോ ഒരു ശിശുവിനെ വിളിച്ച് ആളുകളുടെ മദ്ധ്യേ നിർത്തുകയാണ്. കേന്ദ്രസ്ഥാനം കൊടുക്കുകയാണ്. സമൂഹം ഒട്ടും വിലകല്പിക്കാത്ത ശിശുക്കളെ ഈശോ പരിഗണിക്കുകയാണ്. ആകാശത്ത് പറക്കുന്ന കുരുവികളേക്കാൾ വിലയുള്ളവരായി അവരെ കാണുകയാണ്. വലിയൊരു സാമൂഹ്യവിപ്ലവത്തിനാണ് ഈശോ തിരികൊളുത്തിയത്. അവിടുന്ന് അവരെ അടുത്തുവിളിക്കുക മാത്രമല്ല, അവരെ അനുഗ്രഹിക്കുകകൂടിയാണ്. അതുക്കും അപ്പുറം, ഒരു ശിശുവിനെ സ്വീകരിക്കുന്നവനും ദൈവത്തെ സ്വീകരിക്കുന്നു എന്നും പറഞ്ഞ് നിഷ്കളങ്കരായ ശിശുക്കളെ ദൈവത്തിന് സമം നിർത്തുകയാണ്. ഇതാണ് ഈ സംഭവത്തിന്റെ സാമൂഹികവശം.

രണ്ട്, ആധ്യാത്മികവശം. നാം മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകണം. ശിശുവിനെപ്പോലെ സ്വയം ചെറുതാകണം. ശിശുക്കൾക്ക് ദുഷ്പ്രേരണ കൊടുക്കരുത്. പ്രലോഭനഹേതു ആകരുത്. ഒരു ശിശുവിനെ സ്വീകരിക്കുന്നവൻ ക്രിസ്തുവിനെയാണ് സ്വീകരിക്കുന്നത്. ദേ, ഈശോ അങ്ങനെ കത്തിക്കയറുകയാണ്. നിയമജ്ഞരും ഫരിസേയരും ഈശോയെ കൊല്ലാൻ പദ്ധതിയിട്ടതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു!!

ആരാണ്, എന്താണ് ഒരു ശിശു? A symbol of helpnesness; A symbol of innocence. A symbol of wonder. A symbol of simplicity. A symbol of divinity. ആരെയെങ്കിലും നിങ്ങൾ helpless ആയി കാണുകയാണെങ്കിൽ ആ വ്യക്തിയെ സഹായിക്കൂ…കാരണം ആ വ്യക്തി ശിശു ആണ്. എവിടെയൊക്കെയാണ് നിങ്ങൾ നിഷ്കളങ്കത, innocence കാണുന്നത് embrace it. കാരണം ഇരു ശിശുവിനെയാണ് നിങ്ങൾ കാണുന്നത്. ഒന്നാമനാകുന്നത് വഴിയല്ല,  മാത്സര്യം മൂലമല്ല, നിഷ്കളങ്കതയെ, അത്ഭുതത്തെ, ലാളിത്യത്തെ സ്വീകരിക്കുന്നതുവഴി നാം ക്രിസ്തുവിലേക്ക് അടുക്കുകയാണ്. ഒരു ശിശുവിന്റേതുപോലെയുള്ള നിഷ്കളങ്കതയിൽ ക്രിസ്തു ഒളിഞ്ഞിരിപ്പുണ്ട്. ഒരു ശിശുവിന്റേതുപോലെയുള്ള നിസ്സഹായതയിൽ ക്രിസ്തു മറഞ്ഞിരിപ്പുണ്ട്. ഒരു ശിശുവിന്റേതുപോലെയുള്ള അത്ഭുതം നിറഞ്ഞ മനസ്സിൽ ക്രിസ്തു ഉണ്ട്. ഒരു ശിശുവിന്റേതുപോലെയുള്ള ലാളിത്യത്തിൽ ക്രിസ്തുവിന്റെ മുഖമുണ്ട്. മനോഹരമായ ഒരു പുഷ്പത്തെ ഒന്ന് സ്പർശിക്കൂ… നിങ്ങൾ സ്പർശിക്കുന്നത് ക്രിസ്തുവിനെയായിരിക്കും. ഒരു ശിശുവിന്റെ വിശുദ്ധമായ Beauty അതിലുണ്ട്. ഒരു തളിരിലയെ ഒന്ന് തലോടൂ …ക്രിസ്തുവിനെ സ്പർശിക്കുന്നതായി നിങ്ങൾക്ക് തോന്നും…കാരണം, ഇവയിലെല്ലാം ഒരു ശിശു ഉണ്ട്. ഒരു ശുശുവിനെ സ്വീകരിക്കുന്നവനും എന്നെ സ്വീകരിക്കുന്നു…ഈശോയുടെ വചനം.

അപ്പോൾ ശിശു എന്നത് മനുഷ്യ ശിശുക്കൾ മാത്രമല്ല…ഈ പ്രപഞ്ചത്തിലെ സർവ innocence, siplicity, helplessness, നിർമ്മലമായതെന്തും …ശിശുക്കളാണ്.

ശിശു തുല്യമായതെന്തും മാറ്റി നിർത്തുമ്പോൾ നാം ഫരിസേയരായിത്തീരുന്നു; നിയമജ്ഞരായിത്തീരുന്നു. അപ്പോൾ നാം ആക്രോശിക്കും, ശിശുതുല്യമായവയെ ക്രൂശിക്കുക…ക്രിസ്തുവിനെ ക്രൂശിക്കുക!!! ഇന്ന് ലോകത്തിൽ സംഭവിക്കുന്നത് ഇതാണ്; നമ്മുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത് ഇതാണ്. നമ്മൾ വായിച്ചിട്ടുള്ള കഥകളിൽ ഒന്നിന്റെ കഥാതന്തു ഇതല്ലെയെന്ന് ഞാനൊന്ന് ഓർത്തെടുക്കുകയാണ്. കഥയുടെ പേര് : The Selfish Giant . എഴുതിയത് ഓസ്കാർ വൈൽഡ് (Oscar Wilde ) കഥയുടെ ചുരുക്കം ഇങ്ങനെയാണ്:

എന്നും ഉച്ചതിരിഞ്ഞ് കുട്ടികൾ ആ രാക്ഷസന്റെ ഗാർഡനിൽ പോയി കളിക്കുമായിരുന്നു. മൃദുവായ പച്ചപ്പുല്ലുകളുള്ള ഒരു വലിയ മനോഹരമായ പൂന്തോട്ടമായിരുന്നു അത്. അവിടെയും ഇവിടെയും പുല്ലിന് മുകളിൽ നക്ഷത്രങ്ങൾ പോലെ മനോഹരമായ പൂക്കൾ ഉണ്ടായിരുന്നു, ശരത്കാലത്തിൽ സമൃദ്ധമായ ഫലം കായ്ക്കുന്ന പന്ത്രണ്ട് പീച്ച് മരങ്ങൾ. പക്ഷികൾ മരങ്ങളിൽ ഇരുന്നു വളരെ മധുരമായി പാടുന്നു, കുട്ടികൾ അവ കേൾക്കാൻ അവരുടെ കളികൾ നിർത്തി.

ഒരു ദിവസം തന്റെ സുഹൃത്തിനെ സന്ദർശിച്ച ശേഷം ഭീമൻ തിരികെ വന്നു. അവൻ തന്റെ തോട്ടത്തിൽ കുട്ടികളെ കണ്ടു. “നിങ്ങൾ ഇവിടെ എന്താണ് ചെയ്യുന്നത്?” അവൻ വളരെ പരുക്കൻ ശബ്ദത്തിൽ ചോദിച്ചു. മാത്രമല്ല,  അവൻ കുട്ടികളെ തോട്ടത്തിൽ നിന്ന് ഓടിച്ചു.

“എന്റെ സ്വന്തം പൂന്തോട്ടം, ഇത്  എന്റെ സ്വന്തം പൂന്തോട്ടമാണ്. കുട്ടികൾ ഇവിടെ വരേണ്ട. ” ഭീമൻ പറഞ്ഞു.

അങ്ങനെ അവൻ ചുറ്റും ഉയരമുള്ള ഒരു മതിൽ പണിതു, ഒരു അറിയിപ്പ് ബോർഡ് വെച്ചു:

“അതിക്രമിച്ചു കടക്കുന്നവർ ശിക്ഷിക്കപ്പെടും.”

അവൻ വളരെ സ്വാർത്ഥനായ ഒരു ഭീമൻ ആയിരുന്നു.

എന്നാൽ ചില വിചിത്രമായ കാര്യങ്ങൾ അവിടെ സംഭവിച്ചു. അപ്പോൾ വസന്തം വന്നു, രാജ്യത്തുടനീളം ചെറിയ പൂക്കളും ചെറിയ പക്ഷികളും ഉണ്ടായിരുന്നു. സ്വാർത്ഥനായ ആ ഭീമന്റെ പൂന്തോട്ടത്തിൽ മാത്രം ഇപ്പോഴും ശൈത്യകാലമായിരുന്നു,  പക്ഷേ അവനത് മനസ്സിലായില്ല. വസന്തം വന്നില്ല, വേനൽ വന്നില്ല. മരങ്ങൾ തളിർത്തില്ല. പൂത്തില്ല. എങ്ങും മരവിച്ച ശൈത്യം മാത്രം!!!

ഒരു പ്രഭാതത്തിൽ ഭീമൻ മനോഹരമായ സംഗീതം കേട്ടു. അവനത്  വളരെ മധുരമായി തോന്നി. അവൻ കട്ടിലിൽ നിന്ന് ചാടി പുറത്തേക്ക് നോക്കി.

അതിമനോഹരമായ ഒരു കാഴ്ച അവൻ കണ്ടു. ആ വലിയ മതിലിന്റെ ഒരു ചെറിയ ദ്വാരത്തിലൂടെ കുട്ടികൾ അകത്തേക്ക് കയറി, അവർ മരക്കൊമ്പുകളിൽ ഇരുന്നു. കിളികൾ ആഹ്ലാദത്തോടെ പറന്നു നടക്കുന്നു, പൂക്കൾ പച്ച പുല്ലിലൂടെ മുകളിലേക്ക് നോക്കി ചിരിച്ചു.

തന്റെ പൂന്തോട്ടത്തിലേക്ക് കുട്ടികളുമായി വസന്തം വന്നതായി ഭീമൻ തിരിച്ചറിഞ്ഞു. അയാൾ ഉറക്കെ പറഞ്ഞു:

“കുട്ടികളേ, ഇത് നിങ്ങളുടെ പൂന്തോട്ടമാണ്, നിങ്ങൾ ഇവിടെ വന്നോളൂ…ഓടിക്കളിച്ചോളൂ…” ഭീമൻ പറഞ്ഞു.

അവൻ അവരോടൊപ്പം നൃത്തം ചെയ്യാൻ തുടങ്ങി.

സ്നേഹമുള്ളവരേ, ശിശുക്കളെ നമ്മുടെ ജീവിതത്തിൽ നിന്ന് ഓടിച്ചുകളഞ്ഞാൽ, ശിശുതുല്യമായവയെ നാം അവഗണിച്ചാൽ, നന്മയായിട്ടുള്ളവർക്ക് നാം ദുഷ്പ്രേരണ നൽകിയാൽ, ദൈവ കൃപ നമ്മിൽ നിന്ന് അകന്നു നിൽക്കും. നമ്മുട ജീവിതത്തിലേക്ക് വസന്തം വരികയില്ല. നമ്മുടെ ജീവിതം മരവിച്ചുപോകും. ശിശുക്കളെ, ശിശുതുല്യമായ നന്മകളെ സ്വീകരിക്കുക. നമ്മുടെ ജീവിതത്തിലും വസന്തം വിരുന്നെത്തുന്ന; കിളികൾ പാട്ടുപാടും. നാം ദൈവകൃപയിൽ നിറയും. ആമേൻ!

SUNDAY SERMON MT 15, 21-28

ഏലിയാ-സ്ലീവാ-മൂശേക്കാലം

സ്ലീവാ മൂന്നാം ഞായർ

മത്താ 15, 21-28  

സന്ദേശം

ജീവിതപ്രതിസന്ധികൾക്ക് ഒരു പഞ്ഞവുമില്ലാത്ത കാലത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരു വശത്തു പ്രകൃതി സൃഷ്ടിക്കുന്ന പ്രതിസന്ധികൾ!! മറുവശത്തു മനുഷ്യ നിർമ്മിതങ്ങളായ പ്രതിസന്ധികൾ!! അതിനോട് ചേർന്ന് തന്നെ രാഷ്ട്രീയ, സാമൂഹ്യ, മത സംഘടനകൾ സൃഷ്ടിക്കുന്ന പ്രതിസന്ധികളുമുണ്ട്. തൊഴില് തരാമെന്ന് പറഞ്ഞ് നമ്മുടെ യുവാക്കളെ പറ്റിക്കുന്ന ഭരണകർത്താക്കളുണ്ട്. ആത്മീയതയുടെപേരിൽ നമ്മെ പറ്റിക്കുന്ന മതനേതാക്കളുണ്ട്. ഇവരെല്ലാവരും നമ്മുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.  എന്തായാലും, ജീവിത പ്രതിസന്ധികൾക്ക് ഒരു പഞ്ഞവുമില്ലാത്ത കാലമാണിത്!!! ഈ കാലഘട്ടത്തിൽ, ഇന്നത്തെ സുവിശേഷം വളരെ ഉചിതമായ ഒരു സന്ദേശവുമായിട്ടാണ് വിരുന്നെത്തിയിരിക്കുന്നത്. ഇതാണ് സന്ദേശം: ജീവിത പ്രതിസന്ധികളെ ദൈവവരപ്രസാദത്താൽ നിറയ്ക്കുക. ഇന്ന്, കാനാൻകാരി സ്ത്രീയുടെ ദൈവവിശ്വാസത്തിലൂടെ നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളെ ദൈവവരപ്രസാദത്താൽ നിറയ്ക്കുവാൻ, അതുവഴി ജീവിതത്തിലെ അത്ഭുതങ്ങൾക്കു സാക്ഷ്യം വഹിക്കുവാൻ ഈശോ നമ്മെ ക്ഷണിക്കുകയാണ്.

വ്യാഖ്യാനം  

ജെറുസലേം പട്ടണത്തിൽ നിന്ന് 124 മൈലുകളോളം അകലെ സ്ഥിതിചെയ്യുന്ന ടയിർ, സീദോൻ എന്നീ വിജാതീയ പ്രദേശങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ ഭൂമിശാസ്ത്ര പശ്ചാത്തലം. പ്രതിപാദ്യവിഷയമാകട്ടെ, കാനാൻകാരി സ്ത്രീയുടെ പിശാചുബാധിതയായ മകളെ സുഖപ്പെടുത്തുന്നതും. രണ്ടു കാര്യങ്ങളാണ് ഈശോ നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. ഒന്ന്, പ്രധാന സൂചികയായ കാനാൻകാരിയുടെ വിശ്വാസം. രണ്ട്, ജീവിത പ്രതിസന്ധികളെ ദൈവവര പ്രസാദത്താൽ നിറയ്ക്കുക

കാനാൻകാരി സ്ത്രീയുടെ വിശ്വാസത്തിനു പല ഘട്ടങ്ങളുണ്ട്. ഒന്നാമത്തേത്, നിസംഗതനിറഞ്ഞ വിശ്വാസമാണ്. അവൾ പറയുന്നു: “കർത്താവേ, ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ”. പ്രത്യക്ഷത്തിൽ നല്ലൊരു പ്രാർത്ഥനയായി തോന്നുമെങ്കിലും ഇതിലൊരു നിസംഗതാമനോഭാവം ഉണ്ട്. ക്രിസ്തു കർത്താവാണെന്നു അവൾക്കു അറിയാം. അവിടുന്ന് ദാവീദിന്റെ പുത്രനാണെന്നും അവൾക്കു അറിയാം. പക്ഷെ അവളുടെ ഭാവം, സാക്ഷ്യപ്പെടുത്തലിന്റെയോ, ഏറ്റുപറച്ചിലിന്റെയോ അല്ല. “ഞാൻ വന്നിരിക്കുന്നു, നീ കനിഞ്ഞോളൂ” എന്നാണ്‌. 

നോക്കൂ, വചനം പറയുന്നു, “അവൻ ഒരു വാക്കുപോലും പറഞ്ഞില്ല” എന്ന്.

നമ്മുടെ വിശ്വാസം നിസംഗമാണെങ്കിൽ, ജീവിത സാക്ഷ്യത്തിന്റെ അഭാവം നമ്മുടെ ജീവിതത്തിലുണ്ടെങ്കിൽ ഈശോ മൗനിയാകും. അപ്പോൾ, മഹാമാരികളിൽ നിന്ന്, കഷ്ടതകളിൽ നിന്ന്, പിശാചുബാധകളിൽ നിന്ന് ആർക്കും രക്ഷപ്പെടുവാൻ സാധിക്കുകയില്ല.  നമ്മുടെ നിസംഗവിശ്വാസം അതിനു തടസ്സമാകും. നമ്മുടെ ജീവിതത്തിനു മുൻപിൽ ദൈവം മൗനിയാകുക എന്നതിനേക്കാൾ വലിയ എന്ത് ദുരന്തമാണ് നമുക്ക് സംഭവിക്കാനുള്ളത്!

നിസംഗത നിറഞ്ഞ ഒരു വിശ്വാസമല്ല ക്രൈസ്തവർക്ക് വേണ്ടത്. സാഹചര്യങ്ങൾ അനുകൂലമായാലും പ്രതികൂലമായാലും, വിശുദ്ധ പൗലോശ്ലീഹാ പറയുന്നതുപോലെ, ക്രിസ്തുവിനെ പ്രസംഗിക്കുവാൻ, ക്രിസ്തുവിനു സാക്ഷ്യം നൽകുവാൻ നമുക്കാകണം. അപ്പോഴേ, ദൈവത്തിന്റെ കൃപയാൽ, നമ്മുടെ ജീവിതങ്ങൾ, നമ്മുടെ കുടുംബങ്ങൾ നിറയുകയുള്ളു.

2020 ജൂലൈ 19 ന് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച സുപ്രീം കോടതി ജഡ്ജി, ജസ്റ്റീസ് R. Bhaanumathi തന്റെ വിടവാങ്ങൽ ചടങ്ങു ക്രിസ്തുവിലുള്ള തന്റെ വിശ്വാസം ഏറ്റുപറയാൻ ഉപയോഗിച്ചു എന്നത് വളരെ മാതൃകാപരവും, പ്രചോദനാത്മകവുമാണ്. “ഞാനൊരു ഹിന്ദുവാണ്. എന്നാലും ഞാൻ വിശ്വസിക്കുന്നത് ക്രിസ്തുവിന്റെ സുവിശേഷത്തിലാണ്” എന്നാണു തിങ്ങി നിറഞ്ഞു നിന്ന സദസ്സിനോട് അവർ പറഞ്ഞത്. ജീവിതത്തിന്റെ പ്രധാനഘട്ടങ്ങളിൽ എന്റെ വിശ്വാസം എന്നെ രക്ഷിച്ചിട്ടുണ്ട് എന്നാണു സുപ്രീം കോടതി ബാർ അസോസിയേഷൻ നൽകിയ യാത്രയയപ്പിൽ ജസ്റ്റീസ് പറഞ്ഞത്. തമിഴ് നാട്ടിലെ കുഗ്രാമത്തിൽ ജനിച്ച, രണ്ടാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട പെൺകുട്ടി, കുടുംബത്തിലെ കഷ്ടത നിറഞ്ഞ സാഹചര്യങ്ങൾ…. രണ്ടു പെണ്മക്കളെ വളർത്തുവാൻ ‘അമ്മ സഹിച്ച ബുദ്ധിമുട്ടുകൾ …. ഇങ്ങനെയുള്ള ജീവിതത്തിൽ ക്രിസ്തുവിന്റെ സുവിശേഷം തനിക്കു ശക്തിയായിരുന്നുവെന്നു ജസ്റ്റീസ് സാക്ഷ്യപ്പെടുത്തിയപ്പോൾ ദൈവവിശ്വാസത്തിന്റെ കനലുകൾ ആളിക്കത്തുന്നുണ്ടായിരുന്നു ആ വാക്കുകളിൽ. 

ചിലപ്പോഴെങ്കിലും നമ്മുടെ ജീവിതത്തിൽ ക്രിസ്തു മൗനിയാണെന്നു നമുക്ക് തോന്നിയിട്ടില്ലേ? എന്തേ, ഈശോ എനിക്ക് ഉത്തരം നൽകാത്തത് എന്ന് ചിന്തിച്ചിട്ടില്ലേ? വിശുദ്ധ കുർബാനയുടെ പേരിൽ നടക്കുന്ന നാടകങ്ങൾ നമ്മിൽ ഒരുതരം നിസംഗത നമ്മിൽ രൂപപ്പെടുത്തുന്നില്ലേ? മനസ്സുമടുത്തല്ലേ നാമിപ്പോൾ ദൈവാലയത്തിലേക്ക് പോകുന്നത്? ഒരുതരം നിസംഗതാമനോഭാവം നമ്മിലും നിലനിൽക്കുന്നില്ലേ? ജീവിതത്തിലെ നിസംഗത നിറഞ്ഞ ദൈവ വിശ്വാസം ക്രിസ്തുവിനെ മൗനിയാക്കുമെന്നു ഓർക്കുക.

കാനാൻ കാരിയുടെ വിശ്വാസത്തിന്റെ രണ്ടാം ഘട്ടം രസകരമാണ്: ക്രിസ്തുവിൽ നിന്ന് വഴിതെറ്റുന്ന വിശ്വാസം. അവൾ ശിഷ്യന്മാരെ കൂട്ടുപിടിക്കുകയാണ്. വ്യക്തമായി ഇങ്ങനെയൊരു രംഗം നാം കാണുന്നില്ലെങ്കിലും ശിഷ്യന്മാരുടെ ഒരുമിച്ചുള്ള അപേക്ഷ നമ്മോടു പറയുന്നത് അവൾ അവരെ സമീപിച്ചു കാണണം എന്ന് തന്നെയാണ്. ഒരാളെയല്ലാ, പന്ത്രണ്ടുപേരെയും സ്വാധീനിക്കുവാൻ അവൾക്കായി. ശിഷ്യന്മാർ ഒരുമിച്ചു അവൾക്കുവേണ്ടി മാധ്യസ്ഥം പറയുകയാണ്.

വിശുദ്ധരുടെ പിന്നാലെ, ആൾദൈവങ്ങളുടെ പിന്നാലെ അന്ധമായി ഓടുന്ന നമ്മുടെ ക്രൈസ്തവ വിശ്വാസത്തിനു ഉണ്ടോ  ഈ സ്ത്രീയുടെ വിശ്വാസവുമായി എന്തെങ്കിലും ബന്ധം? ക്രിസ്തുവിൽ നിന്ന് വഴിതെറ്റുന്ന വിശ്വാസമാണോ നമ്മുടേത് എന്ന് നാം ചിന്തിച്ചുനോക്കേണ്ടിയിരിക്കുന്നു.

വഴിതെറ്റുന്ന വിശ്വാസം കാണുമ്പോൾ ഈശോ ഇടപെടുന്നു. അവിടുന്ന് പറയുന്നു: “ഇസ്രായേൽ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് ഞാൻ അയയ്ക്കപെട്ടിരിക്കുന്നത്”. കാനാൻകാരിയാണെങ്കിലും സാമാന്യം മതപരമായ അറിവുള്ളവളാണ് അവൾ. അതുകൊണ്ടവൾക്കു ഈശോ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായി. ‘നഷ്ടപ്പെട്ട എന്ന് ഈശോ പറഞ്ഞപ്പോൾ അവളോർത്ത് കാണണം, തമ്പുരാനേ, എന്റെ മകൾ, നഷ്ടപ്പെട്ടതാണോ, താൻ നഷ്ടപ്പെടുത്തിയതാണോ? കർത്താവേ, എന്റെ മകൾ പിശാചുബാധയിലായതു, ദുരന്തത്തിൽ അകപ്പെട്ടത് ഞാൻ മൂലമാണോ? എന്റെ ശ്രദ്ധകുറവുകൊണ്ടാണോ, എന്റെ സ്നേഹക്കൂടുതല് കൊണ്ടാണോ എന്റെ മകൾ ഈ അവസ്ഥയിലായത്? താൻ മൂലം നഷ്ടപ്പെടുത്തിയതാകാം തന്റെ മകളുടെ ജീവിതം എന്ന ചിന്തയിലാണ് അവൾ ഈശോയോടു പറയുന്നത്: “കർത്താവേ എന്നെ സഹായിക്കണമേ“.

കാനാൻ കാരിയുടെ വിശ്വാസത്തിന്റെ അടുത്ത ഘട്ടം: ഉത്തരവാദിത്വപൂർണമായ വിശ്വാസം. ഉത്തരവാദിത്വ പൂർണമായ ഒരു വിശ്വാസത്തിലേക്ക് വളരുവാൻ നമുക്കാകണം. ഭർത്താവിന്, ഭാര്യക്ക്, മക്കൾക്ക്‌, മാതാപിതാക്കൾക്ക് ദൈവത്തിന്റെ രക്ഷ നേടിക്കൊടുക്കുവാൻ നമുക്ക് കടമയുണ്ട് എന്ന് മനസ്സിലാക്കി, നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുവാൻ നാം ശ്രമിക്കണം.

സ്നേഹമുള്ളവരേ, നമ്മുടെ മക്കൾ, യുവജനങ്ങൾ, കുട്ടികൾ തെറ്റായ വഴിയിലൂടെ പോകുന്നത്, ചതിയിൽപ്പെടുന്നത് മുതിർന്നവരുടെ, അധ്യാപകരുടെ, വൈദികരുടെ, മാതാപിതാക്കളുടെ കടമകൾ അവർ നിർവഹിക്കാത്തതുകൊണ്ടാണോ എന്ന് ജീവിത സംഭവങ്ങൾ കാണുമ്പോൾ നാം ചോദിച്ചുപോകുന്നു!! ഞായറാഴ്ചത്തെ കുർബാന വരെ ഒഴിവാക്കി എൻട്രൻസ് പരീക്ഷയ്ക്കുള്ള ഒരുക്കത്തിനായി പറഞ്ഞുവിട്ടപ്പോൾ, വേദപാഠക്ലാസ് ഒഴിവാക്കി ട്യൂഷ്യന് പറഞ്ഞു വിട്ടപ്പോൾ, കുടുംബപ്രാർത്ഥന ഒഴിവാക്കി ഹോംവർക് ചെയ്യിക്കുമ്പോൾ, സഭയെയും, വൈദികരെയും, സന്യസ്തരെയും, അത്മായ പ്രേഷിതരെയും വീട്ടിലും, കവലയിലും, ചായക്കടയിലും ഇരുന്നു വിമർശിക്കുമ്പോൾ ഒന്ന് ചിന്തിച്ചുനോക്കൂ, ചതിക്കുഴികളിലേക്കുള്ള വാതിലുകളാണോ നാം തുറക്കുന്നത്? ക്രൈസ്തവ വിശ്വാസികളായ നേഴ്‌സുമാർ, മറ്റ് പെൺകുട്ടികൾ ഹീനമായ മതപരിവർത്തനത്തിനു വിധേയരാ കുന്നത്, നമ്മുടെ മക്കൾ അന്യമതസ്ഥരിൽപെട്ടവരെ ജീവിത പങ്കാളികളായി തിരഞ്ഞെടുക്കുന്നത് ഉത്തരവാദിത്വ പൂർണമായ ദൈവ വിശ്വാസത്തിൽ നാം ക്രൈസ്തവർ വളരാത്തതുകൊണ്ടല്ലേ?

ഈശോ അവതരിപ്പിക്കുന്ന രണ്ടാമത്തെ കാര്യം, ജീവിത പ്രതിസന്ധികളെ ദൈവവര പ്രസാദത്താൽ നിറയ്ക്കുക എന്നതാണ്.  Crisis, പ്രതിസന്ധി എന്ന വാക്കു ആദ്യം ഉപയോഗിച്ചത് വൈദ്യ ശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ്‌ (Hippocrates) ആണ്.     രോഗത്തിൽ നിന്ന് മുക്തി നേടുവാൻ രോഗിയെ ചികിത്സിക്കുന്ന പ്രക്രിയയിൽ ആവശ്യം കടന്നു വരുന്ന ഒരു ഘട്ടത്തെയാണ് ഹിപ്പോക്രാറ്റെസ് Crisis, എന്ന് വിളിക്കുന്നത്. ഈ point ൽ ഒന്നുകിൽ രോഗി സൗഖ്യത്തിലേക്കു കടന്നു വരികയും മരണത്തെ അതിജീവിക്കുകയും ചെയ്യും. അല്ലെങ്കിൽ രോഗി മരിക്കും.

ആധുനിക വൈദ്യ ശാസ്ത്രജ്ഞന്മാർ ഈ പദം ഉപയോഗിക്കുന്നത് ഹൃദയധമനികളുമായി ബന്ധപ്പെടുത്തിയാണ്. രക്തത്തിന്റെ ഒഴുക്ക് പെട്ടെന്ന് നിലക്കുക എന്നർത്ഥത്തിലാണ് അവർ Crisis, എന്ന വാക്കു ഉപയോഗിക്കുന്നത്.  ഒരു Crisis, ൽ രണ്ടു സാധ്യതകളാണ്. ഒന്ന്, Plight ഒളിച്ചോട്ടം. രണ്ട്, Fight യുദ്ധം ചെയ്യുക, അഭിമുഖീകരിക്കുക. രണ്ടായാലും, ഏതു ലോഹം കൊണ്ടാണ് ഒരാൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്ന് crisis തെളിയിക്കും.

ഇന്നത്തെ സുവിശേഷ ഭാഗത്തു ആ സ്ത്രീ ഒരു Crisis, ൽ അകപ്പെടുകയാണ്. ഈശോയുടെ മറുപടിയാണ് അവളെ Crisis, ൽ ആക്കുന്നത്.  “മക്കളുടെ അപ്പമെടുത്തു നായ്ക്കൾക്കു എറിഞ്ഞു കൊടുക്കുന്നത് ഉചിതമല്ല.” ഇതൊരു ബ്രെയിൻ ഷെമിംഗ് (Brain Shaming) ആണെന്ന് ആക്ഷേപിക്കാം. ബ്രെയിൻ ഷെമിംഗ് എന്ന് പറഞ്ഞാൽ, ഒരാൾക്ക് തന്നെക്കുറിച്ചു തന്നെ കുറവുള്ള, ചീത്തയായ വ്യക്തിയായി ചിന്തിക്കുവാൻ ഇടവരുത്തുക. പക്ഷെ ഈശോ ഇവിടെ ഒരു Crisis സൃഷ്ടിക്കുകയാണ്. എന്നിട്ടു കാത്തു നിൽക്കുകയാണ്, Crisis നെ ആ സ്ത്രീ അഭിമുഖീകരിക്കുന്നത് കാണാൻ. അവൾക്കു വേണമെങ്കിൽ ക്രിസ്തുവിനെ ചീത്തവിളിച്ചു മകളെയും കൊണ്ട് അവിടെനിന്നു പോകാം. തന്നെയും മകളെയും മാനസികമായി പീഡിപ്പിച്ചെന്ന് പറഞ്ഞു കേസുകൊടുക്കാം. തകർന്നു, തളർന്നു അവിടെ വീണു കിടക്കാം.

പക്ഷെ, അവൾ, താൻ ഏതു ലോഹം കൊണ്ട് പണിയപ്പെട്ടവളാണെന്നു തെളിയിക്കുകയാണ്. മാത്രമല്ല, അവൾ അവളുടെ ജീവിത സാഹചര്യത്തിൽ കണ്ടുമുട്ടുന്നതെല്ലാം Duplicate ആണ്. അവളുടെ സമൂഹത്തിൽ ഉള്ളവരെല്ലാം പലതരത്തിൽ ആട്ടിൻ തോലിട്ട ചെന്നായകളാണ്. യഹൂദമതത്തിലും അവൾ കാണുന്നത് വെള്ളയടിച്ച കുഴിമാടങ്ങളെയാണ്. നിയമത്തിന്റെ കാർക്കശ്യംകൊണ്ട് തങ്ങളുടെ ജീവിതങ്ങളെ ബുദ്ധിമുട്ടിക്കുന്ന Duplicates കളെ കാണുന്ന അവൾ പക്ഷെ ക്രിസ്തുവിൽ ഒരു Original നെ കാണുകയാണ്. ജീവിതത്തിൽ ആദ്യമായാണ് അവൾ ഒരു original നെ, 100%വും പരിശുദ്ധനായവനെ, 916 gold ആയവനെ, ഭൂമിയിലൂടെ നടക്കുന്ന ദൈവത്തെ കാണുന്നത്! നിസംഗമായ വിശ്വാസത്തിലൂടെയാണ് അവൾ കടന്നുപോയതെങ്കിലും, അവൾക്കുറപ്പായിരുന്നു, ഇവൻ സത്യമായും ദൈവപുത്രനാണെന്ന്; മകൾക്ക് സഖ്യം കിട്ടുവാൻ ശിഷ്യരുടെ അടുത്ത് ശുപാർശക്ക് പോയെങ്കിലും അവൾക്കറിമായിരുന്നു, അവൾക്ക് വിശാസം ഉണ്ടായിരുന്നു ക്രിസ്തുവിന് അവളുടെ മകളെ സുഖപ്പെടുത്തുവാൻ കഴിയുമെന്ന്.  ഈശോ പറയുന്നു, “സ്ത്രീയെ നിന്റെ വിശ്വാസം വലുതാണ്.” സ്നേഹമുള്ളവരേ, ആ നിമിഷം, അവളും അവളുടെ മകളും തകർത്തു പെയ്യുന്ന ദൈവവര പ്രസാദത്തിന്റെ പെരുമഴയിൽ കുളിച്ചു നിൽക്കുകയാണ്. സൗഖ്യപ്പെടലിന്റെ ഏഴുവർണങ്ങൾ അവിടെ വിരിയുകയാണ്. കാനാൻ കാരി തന്റെ മുൻപിൽ ഉയർന്ന Crisis നെ നന്മ കടഞ്ഞെടുക്കാനുള്ള നേരമായിട്ടെടുക്കുകയാണ്, Crisis നെ ദൈവവരപ്രസാദത്താൽ നിറയാനുള്ള സമയമാക്കി മാറ്റുകയാണ്. അവളുടെ മകൾ സൗഖ്യത്തിന്റെ മാധുര്യം രുചിച്ചറിയുകയാണ്.

നിങ്ങൾക്കറിയോ ഏറ്റവും നല്ല, ഉത്തമമായ Motivation ഗ്രന്ഥം ഏതാണെന്ന്? വിശുദ്ധ ബൈബിളാണ്. ഏതാണ് ഏറ്റവും നല്ല motivation ക്ലാസ്സ്? സുവിശേഷങ്ങളിലെ ഈശോയുടെ ജീവിതവും പ്രസംഗവുമാണ്. ജീവിതത്തിലെ Crisis കളെ ദൈവ രക്ഷയുടെ, ദൈവപ്രസാദത്തിന്റെ ഉന്നത നിമിഷങ്ങളാക്കുന്ന വിദ്യ കാണുവാൻ നമ്മൾ നോക്കേണ്ടത് എങ്ങോട്ടാണ്? കാൽവരിയിലേക്ക്. അവിടെ തന്റെ ജീവിതത്തിലെ ദുരന്ത നിമിഷങ്ങളെ എങ്ങനെയാണ് കൃപയുടെ സുന്ദര നിമിഷങ്ങളെക്കേണ്ടതെന്ന് ജീവിതത്തിലൂടെ ക്രിസ്തു നമുക്ക് കാണിച്ചു തരും. 

നിങ്ങൾക്കറിയോ, ഇന്നത്തെ ലോകത്തിൽ ബർമുഡയും, ബനിയനും, കൂളിംഗ് ഗ്ളാസ്സും ധരിച്ചു ആധുനിക യുവജനങ്ങളുടെ ഏറ്റവും വലിയ Crisis ആയ ഇന്റർനെറ്റിനെ (Internet) ദൈവ വര പ്രസാദത്താൽ നിറച്ച ഒരു ചെറുപ്പക്കാരൻ, കാർലോ അക്വിറ്റീ സിനെ? കാർലോ അക്വിറ്റീസ് 1991 മെയ് 3 ന് ജനിച്ചു. കൗമാരപ്രായത്തിൽ കാർലോയ്ക്ക് രക്താർബുദം കണ്ടെത്തി. “കർത്താവിനും മാർപ്പാപ്പയ്ക്കും സഭയ്ക്കും വേണ്ടി ഞാൻ അനുഭവിക്കേണ്ടി വരുന്ന എല്ലാ കഷ്ടപ്പാടുകളും ഞാൻ സമർപ്പിക്കുന്നു” എന്നും പറഞ്ഞ് തന്റെ വേദനകളെ കാർലോ രക്ഷാകരമാക്കി. 2006 ഒക്‌ടോബർ 12-ന് അദ്ദേഹം അന്തരിച്ചു, വിശുദ്ധ ഫ്രാൻസിസ് അസ്സീസിയോടുള്ള സ്‌നേഹം നിമിത്തം, അദ്ദേഹത്തിന്റെ അഭ്യർത്ഥനപ്രകാരം അസ്സീസിയിൽ സംസ്‌കരിക്കപ്പെട്ടു. 2013-ൽ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള ശ്രമം ആരംഭിച്ചു.  2020 ഒക്ടോബർ 10-ന് “വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.  ഇന്റർനെറ്റിന്റെ മധ്യസ്ഥനാണ് അദ്ദേഹം. ഇന്നത്തെ യുവജനങ്ങൾക്ക്‌ തന്റെ ജീവിതത്തിലെ ലൂക്കേമിയ എന്ന പ്രതിസന്ധിയെ രക്ഷാകരമാക്കുവാൻവേണ്ടി കാർലോ തനിക്കുള്ള കമ്പ്യൂട്ടർ നൈപുണ്യവും, തനിക്ക് ലഭിച്ച സമയം മുഴുവനും വിശുദ്ധ കുർബാനയുടെ അത്ഭുതങ്ങളെ കംപ്യൂട്ടറിൽ അപ്‌ലോഡ് ചെയ്യുവാൻ ഉപയോഗിച്ചു. തന്റെ പ്രതിസന്ധികളെ ദൈവകൃപയുടെ അവസരങ്ങളാക്കുവാൻ കാർലോയ്ക്ക് സാധിച്ചു എന്നത് അത്ഭുതാവഹൻ തന്നെയാണ്. ജീവിത പ്രതിസന്ധികളെ ദൈവ വരപ്രസാദത്താൽ നിറയ്ക്കുവാൻ വാഴ്ത്തപ്പെട്ട കാർലോ പ്രചോദനമാകട്ടെ.  

സമാപനം

സ്നേഹമുള്ളവരേ, ദൈവ വിശ്വാസം, ജീവിത പ്രതിസന്ധികളെ ദൈവ കൃപയാൽ, പരിശുദ്ധാത്മാവിന്റെ വരങ്ങളാൽ നിറയ്ക്കാൻ നമ്മെ സഹായിക്കുമെന്ന് പ്രതിസന്ധികൾക്കു പഞ്ഞമില്ലാത്ത ഈ കാലത്തു നമുക്ക് പഠിക്കാം. കാനാൻകാരി സ്ത്രീയെപ്പോലെ, നിസംഗത നിറഞ്ഞ വിശ്വാസം വെടിഞ്ഞു, ക്രിസ്തുവിൽ നിന്ന് നമ്മെ അകറ്റുന്ന വിശ്വാസം മാറ്റി, ഉത്തരവാദിത്വപൂർണമായ വിശ്വാസത്തിലേക്കു നമുക്ക് ചുവടുവെയ്‌ക്കാം. നാം ചെയ്യേണ്ടവ, ചെയ്യേണ്ട സമയത്ത്, ചെയ്യേണ്ട പോലെ ചെയ്തശേഷം ഈശോയെ സഹായിക്കണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം. അപ്പോൾ നമ്മെ തിന്മയിൽ നിന്ന്, പിശാച് ബാധിതമായ സാഹചര്യങ്ങളിൽ നിന്ന്,

അവസ്ഥകളിൽ നിന്ന് അബദ്ധങ്ങളിൽ നിന്ന്, ചതിയിൽ നിന്ന് രക്ഷിക്കാൻ ഈശോ വരും. അവിടുന്നൊരിക്കലും മൗനിയാകില്ല. ആമേൻ!

SUNDAY SERMON MT 17, 14-21

ഏലിയാ-സ്ലീവാ-മൂശേക്കാലം

സ്ലീവാ രണ്ടാം ഞായർ

മത്താ 17, 14-21

ഒരു അപസ്മാര രോഗിയെയും, ക്രിസ്തുവിൽ പൂർണവിശ്വാസമുള്ള അവന്റെ പിതാവിനെയും, അപസ്മാര രോഗിയെ സുഖപ്പെടുത്തുന്ന ഈശോയെയും അവതരിപ്പിക്കുന്ന ഇന്നത്തെ സുവിശേഷഭാഗം എന്നിൽ വലിയ ഞെട്ടൽ ഉണ്ടാക്കുകയാണ്. കാരണമെന്തെന്നോ? ഈ ലോകം തന്നെ, ചില സമയങ്ങളിൽ, ഈ പ്രപഞ്ചം തന്നെ അപസ്മാരം പിടിപെട്ടവരെപ്പോലെ ഉറഞ്ഞു തുള്ളുകയാണ്. വർത്തമാനപ്പത്രങ്ങളിലൂടെ കടന്നുപോകുമ്പോൾ ഇത് ശരിയാണെന്ന് നമുക്ക് തോന്നും. ഈ ലോകത്തെ ബാധിച്ചിരിക്കുന്ന രോഗങ്ങളിൽ നിന്ന്, അപസ്മാര രോഗങ്ങളിൽനിന്ന് ലോകത്തെ മുഴുവനും രക്ഷിക്കുവാൻ, സുഖപ്പെടുത്തുവാൻ ക്രിസ്തുവിൽ വിശ്വസിക്കുക എന്ന് വിളിച്ചു പറയുകയാണ് ഇന്നത്തെ സുവിശേഷ ഭാഗം.  

സുഖപ്പെടുത്തലിന്റെ സുന്ദരമായ ഒരു ആവിഷ്കാരമാണ് ഈ ദൈവവചന ഭാഗം. ക്രിസ്തുവിന്റെ സൗഖ്യത്തിലൂടെ കടന്നുപോകുവാൻ ആഗ്രഹിക്കുന്നവരോട്, ക്രിസ്തുവിന്റെ – ആത്മീയമോ, ശാരീരികമോ, മാനസികമോ എന്തുമാകട്ടെ – ക്രിസ്തുവിന്റെ സൗഖ്യം പ്രതീക്ഷിക്കുന്നവരോട് വചനം പറയുന്നത്, ഈശോ ആവശ്യപ്പെടുന്നത്, ഹൃദയത്തിലുള്ള വിശ്വാസമാണ്.

ഒരു പിതാവിന്റെ വേദനയുടെ മുൻപിൽ, പുത്രന്റെ സൗഖ്യത്തിനുവേണ്ടിയുള്ള പിതാവിന്റെ കരച്ചിലിനുമുന്പിൽ നിൽക്കുന്ന ഈശോ, ആ പിതാവിന്റെ ഹൃദയം കാണുകയാണ്. തന്നിൽ പൂർണ വിശ്വാസം അർപ്പിച്ചുവന്നിരിക്കുന്ന പിതാവിന് പുറപ്പാടിന്റെ പുസ്തകം അദ്ധ്യായം 15, 26 ൽ പറയുന്നപോലെ, ഈശോ, സുഖപ്പെടുത്തുന്ന കർത്താവാകുകയാണ്.

ദൈവരാജ്യം നമ്മിൽ സംഭവിക്കണമെങ്കിൽ, ദൈവത്തിന്റെ സൗഖ്യം സ്വന്തമാക്കണമെങ്കിൽ അടിസ്ഥാനമായി മനുഷ്യന് വേണ്ടത് ദൈവത്തിലുള്ള വിശ്വാസമാണ്. എന്റെ കർത്താവേ, എന്റെ ദൈവമേ എന്ന് വിശുദ്ധ തോമാശ്ലീഹാ ഏറ്റുപറഞ്ഞപോലുള്ള വിശ്വാസം; കർത്താവേ, നീ ജീവനുള്ള ദൈവത്തിന്റെ മിശിഹയാകുന്നുവെന്ന് വിശുദ്ധ പത്രോസ് വിളിച്ചുപറഞ്ഞപോലുള്ള വിശ്വാസം; എന്റെ ദൈവമേ, എന്റെ സർവ്വസ്വമെ എന്ന് വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി വിളിച്ചുപറഞ്ഞപോലുള്ള വിശ്വാസം; നമ്മുടെ പ്രായം ചെന്ന വല്യപ്പന്മാരും, വല്യമ്മമാരും അതിരാവിലെ എഴുന്നേറ്റ് വിശുദ്ധ കുർബാന അർപ്പിക്കാൻ ദേവാലയത്തിലെത്തുന്ന പോലുള്ള വിശ്വാസം! എന്തുമാത്രം വിശ്വാസ പ്രതിസന്ധികളുണ്ടായാലും, ക്രിസ്തുവിനെയും, ക്രിസ്തുവിന്റെ സഭയേയും കരിവാരിത്തേയ്ക്കുന്ന പ്രചാരണങ്ങളുണ്ടായാലും, ദൈവാലയത്തിന്റെ തിരുനടയിൽ തിരികത്തിച്ച് പ്രാർത്ഥിക്കാനെത്തുന്ന സാധാരണ ക്രൈസ്തവന്റെ വിശ്വാസം, എന്റെ ദൈവം എന്റെ ജീവിതത്തെ തന്റെ കൃപകൊണ്ട് നിറയ്ക്കുവാൻ എന്റെ ജീവിതത്തിലേക്ക് വരും എന്ന ഓരോ ക്രൈസ്തവന്റെയും വിശ്വാസം! വിശ്വാസം – യഥാർത്ഥ ക്രൈസ്തവന്റെ ആന്തരിക ഭാവമാണത്.

ദേവാലയങ്ങളുടെ വലിപ്പമല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ അളവുകോൽ, സംസ്കാരത്തിന്റെ പവിത്രതയല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ സൗന്ദര്യം, ക്രൈസ്തവരുടെ എണ്ണമല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ വലിപ്പം, ആചാരങ്ങളുടെയും, ആരാധനാക്രമങ്ങളുടെയും ദൈർഘ്യമോ, വൈവിധ്യമോ അല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ Richness, സമ്പന്നത! ക്രിസ്തുവിലുള്ള വിശ്വാസമാണ്, ക്രിസ്തുവിലുള്ള ഉറച്ച വിശ്വാസം തന്നെയാണ് എന്റെ ക്രൈസ്തവ വ്യക്തിത്വത്തിന്റെ അളവുകോൽ, സൗന്ദര്യം, വലിപ്പം, സമ്പന്നത.

താബോർ മലയിലെ രൂപാന്തരത്തിലൂടെ തന്റെ ശിഷ്യരെ ഇത്തരമൊരു വിശ്വാസത്തിലേക്ക് ഉയർത്തുവാൻ സാധിച്ചു എന്ന പൂർണ വിശ്വാസത്തിലാണ് ഈശോ ജനക്കൂട്ടത്തിന്റെ അടുത്തേക്ക് വരുന്നത്. അപ്പോഴാണ് അപസ്മാര രോഗിയായ ബാലനെ കണ്ടുമുട്ടുന്നതും, ശിഷ്യന്മാർക്ക് കഴിയാതെ വന്നപ്പോൾ, അവനെ സുഖപ്പെടുത്തുന്നതും.

ഈ സംഭവവിവരണത്തിലൂടെ ഒന്ന് കടന്നുപോകാം… ഒരു പിതാവ് അപസ്മാരം ബാധിച്ച തന്റെ മകനെയും കൊണ്ട് ഈശോയെ സമീപിക്കുകയാണ്. തന്റെ മകന്റെ അപസ്മാരരോഗം അദ്ദേഹത്തെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. ആ മകനെ അപകടങ്ങളിൽ നിന്ന് രക്ഷിച്ചെടുക്കാൻ അദ്ദേഹം കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഇസ്രായേല്യരുടെ ജീവിതസാഹചര്യങ്ങളും അദ്ദേഹത്തിന്റെ ജോലി ഭാരം കൂട്ടുന്നതായിരുന്നു. വീടിന്റെ മുറ്റത്തു തന്നെ തുറന്ന അടുപ്പുകളുള്ള ഒരു സംസ്കാരത്തിൽ അപസ്മാരം വരുമ്പോൾ മകനെ തീയിൽ നിന്ന് രക്ഷിക്കുവാൻ അയാൾ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. മഴവെള്ളം സംഭരിക്കുവാൻ വീടിന്റെ പരിസരത്തു തന്നെ ചെറിയ കുളങ്ങളുള്ളതുകൊണ്ടു വെള്ളത്തിൽ നിന്നു രക്ഷിക്കുകയെന്നതും വലിയ പ്രശ്നമായിരുന്നു അയാൾക്ക്.   ഇങ്ങനെയുള്ള ഒരു വ്യക്തി തന്റെ കഴിവുകൾക്കും, ലോകത്തിന്റെ അറിവുകൾക്കും തന്റെ മകനെ സുഖപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. മാത്രമല്ല, അയാൾ ആൾദൈവങ്ങൾക്കും പിന്നാലെ ഓടിനടന്നു കാണണം.  അതിന്റെ ഭാഗമായിട്ടാകണം അയാൾ ശിഷ്യരെ സമീപിച്ചത്. അവരാകട്ടെ, താബോർമലയിൽ നിന്ന് കിട്ടിയ ധൈര്യത്തിൽ ഒരു കൈ ശ്രമിക്കുകയും ചെയ്തു. ഇങ്ങനെയൊരു സാഹചര്യം നമുക്കാർക്കെങ്കിലും ആയിരുന്നെങ്കിൽ ധ്യാനകേന്ദ്രങ്ങളായ ധ്യാനകേന്ദ്രങ്ങളിലെല്ലാം നാം ഓടിച്ചെന്നേനെ! അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി …അങ്ങനെ ഏതെല്ലാം പതികളുണ്ടോ അവിടെയെല്ലാം നാം കടന്നുചെന്നേനെ! ശരിയല്ലേ?  

എന്നാൽ, ഇവയെല്ലാം തങ്ങൾക്കു സൗഖ്യം തരികയില്ലെന്നും, ജീവിതത്തിൽ വലുതായി കരുതുന്നതെല്ലാം വെറുതെയാണെന്നും, അവയ്ക്കൊന്നും തന്നെ സുഖപ്പെടുത്താൻ കഴിയുകയില്ലെന്നും അറിയുമ്പോൾ മാത്രമേ, നാം ദൈവ വിശ്വാസത്തിലേക്ക് പ്രവേശിക്കുകയുള്ളു എന്നതാണ് സത്യം.

വിശ്വ പ്രസിദ്ധ ഫാഷൻ ഡിസൈനറും എഴുത്തുകാരിയുമായ, കിർസിദ റോഡ്രിഗസ് (Kyrzaida Rodriguez, 40) കാൻസർ വന്നു മരിക്കുന്നതിന് മുൻപ് എഴുതിയ ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആണ്.   അവൾ തന്റെ ഇൻസ്റ്റാഗ്രാം സുഹൃത്തുക്കൾക്ക് ഇങ്ങനെ എഴുതി. “ലോകത്തിലെ ഏറ്റവും വിലയേറിയ ബ്രാൻഡ് കാർ എന്റെ ഗാരേജിലുണ്ട്. പക്ഷെ ഞാനിപ്പോൾ വീൽ ചെയറിലാണ് യാത്ര ചെയ്യുന്നത്. എന്റെ വീട്ടിൽ എല്ലാത്തരം ഡിസൈൻ വസ്ത്രങ്ങളും ചെരിപ്പുകളും ഉണ്ട്. പക്ഷെ ആശുപത്രി നൽകിയ ചെറിയ ഷീറ്റിൽ എന്റെ ശരീരം പൊതിഞ്ഞിരിക്കുന്നു. ബാങ്കിൽ ആവശ്യത്തിന് പണമുണ്ട്. എന്നാൽ ആ പണം ഇപ്പോൾ എനിക്ക് പ്രയോജനപ്പെടുന്നില്ല. എന്റെ വീട് ഒരു കൊട്ടാരം പോലെയാണ്. എന്നാൽ, ഇപ്പോൾ ഞാൻ ആശുപത്രി കിടക്കയിലാണ്. ഞാൻ പഞ്ച നക്ഷത്ര ഹോട്ടലിൽ നിന്ന് പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് യാത്രചെയ്യുമായിരുന്നു. ഇപ്പോൾ ഒരു ലാബിൽ നിന്ന് മറ്റൊരു ലാബിലേക്ക്. എന്റെ മുടി അലങ്കരിക്കുവാൻ എനിക്ക് ഏഴ് ബ്യൂട്ടീഷ്യൻ (Beutician) മാരുണ്ടായിരുന്നു. ഇന്ന് എന്റെ തലയിൽ ഒരു മുടി പോലുമില്ല. ഒരു സ്വകാര്യ ജെറ്റിൽ ഞാൻ ഇഷ്ടമുള്ളിടത്തേക്കു പറക്കുമായിരുന്നു. ഇപ്പോൾ ഒന്ന് നടക്കാൻ രണ്ടു പേരുടെ സഹായം വേണം. ധാരാളം ഭക്ഷണങ്ങൾ വാങ്ങാമെങ്കിലും എന്റെ ഇപ്പോഴത്തെ ഭക്ഷണം ഒരു ദിവസം രണ്ടു ഗുളികകളും, രാത്രിയിൽ കുറച്ചു തുള്ളി ഉപ്പുമാണ്. ഈ വീഡി കാർ, നിരവധി ബാങ്ക് അൽകൗണ്ടുകൾ, ഈ ജെറ്റ്, അന്തസ്സും പ്രശസ്തിയും ഒന്നും എനിക്ക് ഒരു പ്രയോജനവുമില്ല.”  ഇക്കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് അവരുടെ അഞ്ചാം  ചരമവാർഷികമായിരുന്നു.      

ഇന്നത്തെ സുവിശേഷ ഭാഗത്തിലെ പിതാവും ഇങ്ങനെ ഒരു മാനസികാവസ്ഥയിലെത്തിയിരിക്കണം! ഒടുക്കം, അതെ, ഒടുക്കം, ദൈവമേ, നീ മാത്രമേയുള്ളു എന്റെ ആശ്രയം” എന്ന സമർപ്പണത്തിലേക്കു കടന്നുവന്ന നിമിഷം അയാൾ, അയാൾ മാത്രമല്ല അയാളുടെ മകനും, അയാളുടെ വിശ്വാസം വഴി, അയാളുടെ കുടുംബം മുഴുവനും, വിശ്വാസത്തിന്റെ തീർത്ഥത്തിൽ സ്നാനം ചെയ്യുകയാണ്. ആ സ്നാനത്തിൽ അവർക്കു സൗഖ്യം ലഭിക്കുകയാണ്. ആ സ്നാനത്തിൽ നിന്ന് ഉണർന്നുവരുമ്പോൾ അവർ അറിയുന്നു, ക്രിസ്തുവിന്റെ അടുത്ത് മാത്രമേ സൗഖ്യമുള്ളുവെന്ന്; ഈശോയുടെ വചനത്തിൽ സൗഖ്യമുണ്ടെന്ന്, ഈശോയുടെ സാന്നിധ്യം സൗഖ്യം നല്കുന്നതാണെന്ന്‌; ഈശോ മുഴുവനും സൗഖ്യമാണെന്ന്. വാണിജ്യ സിനിമകൾക്ക്, ക്രൈസ്തവന്റെ സുഖപ്പെടുത്തുന്ന കർത്താവിന്റെ, ദൈവത്തിന്റെ, ഈശോയുടെ പേര് നൽകി ക്രൈസ്തവവിശ്വാസത്തെയും, ഈശോയെയും അപമാനിക്കുന്നവർക്ക് വലിയൊരു വെല്ലുവിളിയാണ്, ഈശോയെ, കർത്താവേ, എന്റെ പുത്രനിൽ കനിയേണമേയെന്ന സുവിശേഷഭാഗത്തിലെ പിതാവിന്റെ ഉള്ളം തകർന്നുള്ള കരച്ചിൽ!

സ്നേഹമുള്ളവരേ, ഈശോയുടെ സൗഖ്യത്തിന്റെ അടിസ്ഥാന ഘടകം വിശ്വാസമാണ്, ദൈവത്തിലുള്ള, ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസം. ഈശോയുടെ സൗഖ്യപ്പെടുത്തലുകളിൽ അത് രണ്ടു രീതിയിൽ അവതരിക്കപ്പെടുന്നുണ്ട്. ഒന്ന്, സൗഖ്യപ്പെട്ട ആളുടെ വിശ്വാസത്തെ ഈശോ പ്രകീർത്തിക്കുന്നു. ആ അവസരങ്ങളിൽ ഈശോ പറയുന്നു, “നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.” രണ്ട്, സുഖപ്പെട്ടയാളുടെയോ, അയാളോടൊപ്പം വന്നവരുടെയോ വിശ്വാസത്തെക്കുറിച്ചു നിശ്ശബ്ദനായിക്കൊണ്ട്, ശിഷ്യരുടെ അല്ലെങ്കിൽ ജനത്തിന്റെ വിശ്വാസത്തെക്കുറിച്ചു പറയും. ഇവിടെ രണ്ടാമത്തെ രീതിയാണ് ഈശോ സ്വീകരിച്ചത്. രീതി ഏതാണെങ്കിലും ഈശോ പറയാനാഗ്രഹിക്കുന്നതു വിശ്വാസത്തെക്കുറിച്ചു തന്നെയാണ്.

ദൈവത്തിലുള്ള വിശ്വാസത്തിന്റെ തീവ്രത അവിടുന്ന് അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്: ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഒരു മലയോളം അത്ഭുതകരമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. അതാണ് വിശ്വാസം. ആഴമുള്ള ജീവിതാനുഭവങ്ങളിൽ നിന്നാണ് വിശ്വാസം രൂപപ്പെടുന്നത്. എന്റെ ജീവിതത്തിന്റെ മാനുഷിക, ലൗകിക അസാധ്യതകൾക്കുമുന്പിൽ ദൈവം ഒരു വാതിൽ തുറക്കുമെന്ന പ്രതീക്ഷയാണ് വിശ്വാസം. ഞാൻ പാവപ്പെട്ടവയും ദരിദ്രനുമാണ് എങ്കിലും എന്റെ കർത്താവിനു എന്നെക്കുറിച്ചു കരുതലുണ്ട് എന്ന വികാരമാണ് വിശ്വാസം. ഹൃദയം തകർന്നവർക്കു സമീസ്ഥനാണ് ദൈവമെന്ന ബോധ്യമാണ് വിശ്വാസം. എന്റെ പരിമിതികൾക്കും അപ്പുറം എന്നെ താങ്ങി നടത്തുവാൻ ദൈവം എന്റെ ജീവിതത്തിലേക്ക് കടന്നുവരുമെന്ന ക്ഷീണിതമായ മനസ്സിന്റെ ആഗ്രഹമാണ് വിശ്വാസം. ഈ വിശ്വാസത്തിലേക്കു നാം വളരണം. ഈ വിശ്വാസം നമ്മുടെ ജീവശ്വാസത്തിന്റെ താളമാകണം. അപ്പോഴേ, ക്രിസ്തുവിന്റെ സൗഖ്യം സ്വീകരിക്കുവാനും മറ്റുള്ളവർക്ക് സൗഖ്യം നൽകുവാനും നമുക്ക് കഴിയുകയുള്ളു.

2014 ൽ ഇറങ്ങിയ ഒരു English Film ഉണ്ട് – Exodus: Gods and Kings. പുറപ്പാട് പുസ്തകത്തിന്റെ ആദ്യ അധ്യായങ്ങളാണ് സിനിമയുടെ വിഷയം. സംവിധാനം, ഗ്ലാഡിയേറ്റർ (Gladiator 2000) ഫെയിം, റിഡ്‌ലെ സ്കോട്ട് (Ridley Scott) ആണ്. മോസസ് ആയി അഭിനയിച്ച ക്രിസ്ത്യൻ ബെയ്ൽ (Christian Bale) നല്ല അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ഈ സിനിമയിൽ ഒരു രംഗമുണ്ട്. ഈജിപ്തിൽ നിന്ന് മോശയുടെ നേതൃത്വത്തിൽ രക്ഷപ്പെടുന്ന ഇസ്രായേൽ ജനം ആഹ്ളാദാരവങ്ങളോടെയാണ് ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് രക്ഷപ്പെട്ട് കാനാൻ ദേശം ലക്ഷ്യമാക്കി നടക്കുന്നത്. എല്ലാം ശുഭമാണെന്ന് വിചാരിച്ച് സന്തോഷിച്ച് മുന്നോട്ട് നടക്കുമ്പോഴാണ് ചെങ്കടൽ അവർക്ക് മുൻപിൽ വെള്ളത്തിന്റെ മതിൽ സൃഷ്ടിക്കുന്നത്. മോസസ് പ്രധാനആളുകളെ വിളിച്ചുകൂട്ടി ചർച്ചചെയ്തു. പലവിധ തന്ത്രങ്ങളും ആവിഷ്കരിച്ചു. ഒരു ഫലവുമില്ല. ഫറവോയുടെ പട്ടാളം പിന്നാലെ വന്ന് തങ്ങളെ വീണ്ടും അടിമത്തത്തിലേക്ക് കൊണ്ടുപോകുമോയെന്ന ഭയം അവരിൽ അസ്വസ്ഥത ജനിപ്പിച്ചു. ജനം പരാതിപറയാൻ തുടങ്ങി. പരസ്പരം തമ്മിൽ തല്ലാൻ തുടങ്ങി. മോസസ് കാലുവെന്ത പട്ടിയെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. അവസാനം, അവസാനം അദ്ദേഹം തന്റെ കയ്യിലിരുന്ന വടി വെള്ളത്തിലേക്ക് എറിഞ്ഞിട്ട് ആകാശത്തേയ്ക്ക് നോക്കി പറഞ്ഞു: “യഹോവയെ എന്നെക്കൊണ്ട് ഈ വലിയ തടസ്സം മാറ്റാൻ പറ്റില്ല. യഹോവയേ, നിനക്ക് മാത്രമേ ഞങ്ങളെ രക്ഷിക്കുവാൻ സാധിക്കുകയുള്ളു.” ഇതും പറഞ്ഞു അയാൾ മണലിൽ കമിഴ്ന്നു കിടന്നു. ഒട്ടും സമയം കഴിഞ്ഞില്ല. അയാളുടെ കാതുകൾ വെള്ളത്തിന്റെ തിരയനക്കം കേട്ടു. തലയുയർത്തി നോക്കിയപ്പോൾ അയാൾ കണ്ടത് വെള്ളം പിന്നോട്ടോടുന്നതാണ്. വചനം പറയുന്നു: “ഇസ്രായേൽ ജനം കരയിലൂടെയെന്നവണ്ണം ചെങ്കടൽ കടന്നു.” ദൈവത്തിന്റെ കയ്യിലേക്ക് പൂർണമായി കൊടുക്കുക. അത്രയ്ക്കും വിശ്വാസം നിനക്കുണ്ടാകുക. സ്നേഹിതാ, ദൈവം നിന്റെ ജീവിതത്തെ സുഖപ്പെടുത്തും.

ഇന്നത്തെ സുവിശേഷം നമ്മോടു പറയുന്നത്: ഒന്ന്, ക്രിസ്തുവിന്റെ സൗഖ്യത്തിൽ വിശ്വസിക്കുന്നവനാകണം ക്രൈസ്തവൻ. രണ്ട്, ക്രിസ്തുവിന്റെ സൗഖ്യത്തിൽ സ്നാനപ്പെട്ടു നിൽക്കുന്നവായിരിക്കണം ക്രൈസ്തവൻ. രോഗങ്ങളെന്തായാലും ക്രിസ്തുവിന്റെ സൗഖ്യത്തിലൂടെ കടന്നുപോകണം. മൂന്ന്‌, മുറിവുകൾ നല്കുന്നവനല്ല, മുറിവുകൾ സുഖപ്പെടുത്തുന്നവനാണ് ക്രൈസ്തവൻ.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷത്തിലെ അപസ്മാരരോഗിയെ അയാളിൽ മാത്രമായി ഒതുക്കുവാൻ ആകില്ല. ഇന്ന് ലോകത്തിനു മുഴുവൻ അപസ്മാരം പിടിപെട്ടിരിക്കുകയാണ്. വ്യക്തികൾക്കും, സമൂഹത്തിനും ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ. രാഷ്ട്രീയ മത സാംസ്കാരിക രംഗത്ത് ഉള്ളവർ അപസ്മാരരോഗികളെപ്പോലെ ഗോഷ്ടികൾ കാണിക്കുന്നു. ഇന്ന് ഗവൺമെന്റുകൾക്കു അപസ്മാരം പിടിച്ചിരിക്കുകയാണ്. ജനത്തിനുവേണ്ടി പ്രവർത്തിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവർ കോർപറേറ്റുകൾക്ക് വേണ്ടി ചുവടുവയ്ക്കുന്നു. പാവപ്പെട്ട കർഷകരെക്കാണുമ്പോൾ അവർക്കു അപസ്മാരം പിടിക്കുന്നു. നമ്മുടെ നാട്ടിലെ നേതാക്കൾക്കും അപസ്മാരമാണ്; ആക്രാന്തമാണ്‌. അവർ കാട്ടുന്ന ഗോഷ്ടികൾ അവരുടെ രോഗത്തെ ശരിവയ്ക്കുകയാണ്. മാതാപിതാക്കൾക്ക് മക്കളുടെ മേൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ! കൈക്കുഞ്ഞിനെ കൊല്ലുന്ന പിതാവ്! മാതാപിതാക്കൾക്കെതിരെ കേസ് കൊടുക്കുന്ന മക്കൾ, അനുജനെതിരെ കോടതിയിൽ പോകുന്ന ജേഷ്ഠൻ! ലൗകികതയുടെ പേക്കൂത്തുകൾ കാട്ടുന്ന ആത്മീയ നേതാക്കൾ!! ഇടവകയിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ, ക്ഷമയുടെയും, കരുണയുടെയും, വിട്ടുവീഴ്ചയുടെയും മാർഗത്തിലൂടെ ഇടവകയിൽ തന്നെ തീരുമാനം ഉണ്ടാക്കാതെ നേരെ കേസുകൊടുക്കുവാൻ ഓടുമ്പോൾ, പള്ളിക്കവലയിൽ കിടന്ന് തുള്ളുമ്പോൾ,  അപസ്മാരത്തിന്റെ ലക്ഷണങ്ങളല്ലേ ഇവയെല്ലാം എന്ന് നാം ചിന്തിക്കണം. ഈ ഭൂമിയെ ഒരു അപസ്മാരരോഗിയെപ്പോലെ നാം വികൃതമാക്കിയിരിക്കുന്നു.

ഈ ഭൂമിക്ക്‌, സമൂഹത്തിനു, കുടുംബങ്ങൾക്ക്, വ്യക്തികൾക്ക് സൗഖ്യം ആവശ്യമായിരിക്കുന്നു. ഒരു വ്യക്തിയെ രോഗത്തിന്റെ ബലഹീനാവസ്ഥയിലേക്കല്ലാ, വ്യക്തിയുടെ സൗഖ്യത്തിലേക്കാണ് ഈശോ ക്ഷണിക്കുന്നത്. ഈശോയ്ക്ക് നമ്മെ സുഖപ്പെടുത്താൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുക. മകളെ, മകനെ, നിന്റെ ഉള്ളിലെ ആഗ്രഹം ഈശോയോടു പറയുക. സുഖപ്പെടലിന്റെ അനുഗ്രഹപ്രവാഹം നിന്നിലൂടെ കടന്നുപോകും.

നമുക്ക് പ്രാർത്ഥിക്കാം: അപസ്മാരം നിറഞ്ഞ ഒരു സംസ്കാരത്തിലൂടെയാണ്, മനസ്സിലാക്കാനാകാത്ത ജീവിത സാഹചര്യങ്ങളിലൂടെയാണ് ഈശോയെ, ഞങ്ങൾ കടന്നുപോകുന്നത്.  

ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ. ഞങ്ങളെ സുഖപ്പെടുത്തണമേ. ആമേൻ!

SUNDAY SERMON MT 13, 24-30

ഏലിയാ-സ്ലീവാ-മൂശേക്കാലം മൂന്നാം ഞായർ

മത്താ 13, 24-30   

ഏലിയാസ്ലീവാ മോശെക്കാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച കളകളുടെ ഉപമയുമായിട്ടാണ് ഈശോ നമ്മെ സമീപിയ്ക്കുന്നത്.  പ്രപഞ്ചമാകുന്ന, ലോകമാകുന്ന വയലിൽ നല്ല വിത്ത് മാത്രമാണ് ദൈവം വിതച്ചതെങ്കിൽ, പിന്നെ ആർത്തു വളരുന്ന കളകൾ എവിടെനിന്ന് വന്നു എന്ന ന്യായമായ ചോദ്യമായിരിക്കണം ഇപ്പോൾ നിങ്ങളുടെ മനസ്സിൽ. ശരിയാണ്, എല്ലാം നല്ലതാണെന്ന് പറഞ്ഞ സർവേശ്വരന്റെ ഈ പ്രപഞ്ചത്തിൽ എവിടെനിന്നാണ് കളകൾ വന്നത്? ലോകത്തിലെ ഭൂരിഭാഗം മനുഷ്യരും നന്മയും, സ്നേഹവും, സമാധാനവും ആഗ്രഹിക്കുന്നവരാണ്. എന്നാൽ പിന്നെ, അഫ്ഗാനിസ്ഥാനിലെ താലിബാൻ എവിടെനിന്ന് വന്നു? നൈജീരിയ, കെനിയ എന്നിവിടങ്ങളിലെ ക്രൈസ്തവരെ കൊന്നൊടുക്കുന്ന തീവ്രവാദികൾ എങ്ങനെ വന്നു? മണിപ്പൂരിൽ കലാപത്തിന്റെ മറവിൽ ക്രൈസ്തവരെയും, ക്രൈസ്തവ ദേവാലയങ്ങളെയും തിരഞ്ഞുപിടിച്ച് തകർക്കുവാൻ തീവ്രവാദികൾ എവിടെനിന്ന് വന്നു? എല്ലാ മനുഷ്യരും ദൈവമക്കളാണെന്നും, എല്ലാവരുടെയും രക്തത്തിന്റെ നിറം ചുവപ്പാണെന്നും പറയുന്ന ഈ ലോകത്തിൽ എന്തുകൊണ്ടാണ് വംശഹത്യകൾ നടക്കുന്നത്? രാഷ്ട്രീയ കൊലപാതകങ്ങളും, വർഗീയ ഫാസിസവുമാകുന്ന കളകൾ എങ്ങനെ ഇവിടെ തഴച്ചു കൊഴുത്തു വളരുന്നു? കൊള്ളയും, കൊള്ളിവയ്പ്പും, അഴിമതിയും അക്രമവും, ആൾക്കൂട്ടക്കൊലപാതകങ്ങളും, കുട്ടികളെ തട്ടിക്കൊണ്ടുപോകലും, സ്ത്രീകളെ മാനഭംഗപ്പെടുത്തലും എല്ലാം എവിടെനിന്നു വന്നു? പ്രണയപ്പകയുമായി യുവതിയെ ആക്രമിക്കുക, ഓൺലൈൻ വായ്പ സംഘത്തിന്റെ ഭീഷണിയിൽ ഒരു കുടുംബം മുഴുവൻ ആത്മഹത്യചെയ്യുക, വീട്ടിൽ ഉറങ്ങിക്കിടന്ന 8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുക, തുടങ്ങി തഴച്ചങ്ങനെ വളരുന്ന കളകൾ ധാരാളമാണ് നമ്മുടെ സമൂഹത്തിൽ!  എല്ലാ നന്മമരങ്ങളെയും വീഴ്ത്തിക്കൊണ്ടാണ് സോളാർ ഗൂഡലോചന തുടങ്ങിയ രാഷ്ട്രീയക്കളകളുടെയും വളർച്ച! “സ്നേഹത്തിന്റെ കൂദാശയും ഐക്യത്തിന്റെ അടയാളവും. ഉപവിയുടെ ഉടമ്പടിയുമായ വിശുദ്ധ കുർബാന”യെച്ചൊല്ലിയുള്ള ഒച്ചപ്പാടുകളുമായി മതപരമായ കളകളും ആർത്തലച്ചുതന്നെയാണ് വളരുന്നത്!! വെറുതെയല്ല കളകളുടെ ഉപമയുമായി ഈശോ ഈ ഞായറാഴ്ച്ച നമ്മെ സമീപിച്ചിരിക്കുന്നത്!

നല്ല വിത്തുകൾ മാത്രം വിതയ്ക്കപ്പെട്ട ദൈവത്തിന്റെ സ്വർഗ്ഗരാജ്യത്തിൽ, ഈ ഭൂമിയിൽ, ഇരുളിന്റെ ശക്തികൾ കളകൾ വിതയ്ക്കുന്നു. അതായത്, ദൈവം, തന്റെ സ്നേഹത്തിന്റെ, കരുണയുടെ, നീതിയുടെ രാജ്യം വളർത്തുവാൻ ശ്രമിക്കുമ്പോൾ, അവിടെ കളകളും പ്രത്യക്ഷപ്പെടുന്നു. പ്രത്യക്ഷപ്പെടുക മാത്രമല്ല, നല്ല വിത്തുകളുടെ വളവും ജലവും സ്വീകരിച്ചുകൊണ്ട് അവ തഴച്ചു വളരുന്നു. തഴച്ചുവളരുക മാത്രമല്ല, തങ്ങളാണ് നല്ല വിത്തുകൾ എന്ന് കാണികളെ ബോധ്യപ്പെടുത്തുംവിധം Original ആയി അഭിനയിക്കുകയും ചെയ്യുന്നു.

ഈ ലോകത്തിന്റെ സ്വഭാവത്തെയാണ് ഈശോ ഇവിടെ അവതരിപ്പിക്കുന്നത്. ഈ ലോകത്തിന് രണ്ട് സ്വഭാവങ്ങളുണ്ട്. ദ്വന്ദാത്മകമാണ് (Dulaism) ഈ ലോകം. ചുറ്റുമൊന്ന് കണ്ണോടിച്ചാൽ നമുക്കത് മനസ്സിലാകും. ഇരുളും വെളിച്ചവും, സുഖവും ദുഃഖവും, രോഗവും ആരോഗ്യവും, നന്മയും തിന്മയും, സ്നേഹവും വെറുപ്പും, സമ്പത്തും ദാരിദ്ര്യവും…അങ്ങനെ എവിടെ നോക്കിയാലും രണ്ടു സ്വഭാവങ്ങൾ കാണും. ഇങ്ങനെയുള്ളൊരു ബൈനറിയിൽ (Binary) നിന്നുകൊണ്ടാണ് പൊതുവേ നാം വിശുദ്ധ വചനങ്ങളെ നോക്കിക്കാണുന്നതും, അവയിലുള്ള ആശയങ്ങൾ വികസിപ്പിക്കുന്നതും. എന്നാൽ, യാഥാർഥ്യം, ശരിയായത് ഒന്ന് മാത്രമേയുള്ളു. ഇരുളല്ലാ, വെളിച്ചമാണ് യാഥാർഥ്യം. തിന്മയല്ല, നന്മയാണ് യാഥാർഥ്യം. അതുകൊണ്ടാണ് ഈശോ പറയുന്നത് രണ്ടും ഒരുമിച്ച് വളരട്ടെയെന്ന്. കാരണം, നല്ലതിനെ സംരക്ഷിക്കുവാൻ വേണ്ടി തിന്മയെ, കളകളെ ഇല്ലാതാക്കുവാൻ ശ്രമിക്കുമ്പോൾ   നല്ല ചെടികളും, നന്മയും ചിലപ്പോൾ ഇല്ലാതായേക്കാം. കളകളെ ഇല്ലാതാക്കുവാൻവേണ്ടി, നമ്മുടെ സമയവും, energy യും ചിലവാക്കുമ്പോൾ,നന്മയ്ക്കുവേണ്ടി, നല്ല ചെടികൾക്കുവേണ്ടി സമയവും energy യും കൊടുക്കുവാൻ നാം  മറന്നെന്ന് വരാം.  അല്ലെങ്കിൽ, ആവശ്യമുള്ളിടത്തോളം പരിരക്ഷണം കൊടുക്കുവാൻ പറ്റിയില്ലെന്നും വരാം. കൊയ്ത്തുകാലം വരുമ്പോൾ, കൂടുതൽ ശ്രദ്ധ കൊടുത്തു് നല്ലതും, ചീത്തയും വേർതിരിക്കുവാൻ സാധിക്കുമെന്നാണ് ഈശോ  പറയുന്നത് കൊയ്ത്തുകാലം വരുമ്പോൾ മാത്രമേ, ശരിയായത് തിരിച്ചറിയുവാനും ശേഖരിക്കുവാനും കഴിയൂ.

എന്താണ് കൊയ്ത്തുകാലം? ഈശോ ഈ ഉപമ വ്യാഖ്യാനിക്കുമ്പോൾ പറയുന്നത് കൊയ്ത്തുകാലം യുഗാന്തമാണെന്നാണ്. (മത്താ 13, 39) കൊയ്ത്തുകാർ ദൈവദൂതരും. കളകൾ, തിന്മ ചെയ്തവർ തീയിലെറിയപ്പെടും. നീതിമാന്മാർ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ ശോഭിക്കും. കൊയ്ത്തുകാലം വരുമ്പോൾ, കൂടുതൽ ശ്രദ്ധ കൊടുത്തു് നല്ലതും, ചീത്തയും വേർതിരിക്കുവാൻ സാധിക്കുമെന്നാണ് ഈശോ  പറയുന്നത്. (മത്താ 13, 39) നമ്മുടെ കത്തോലിക്കാ വിശ്വാസത്തിൽ ഇത്രയും മനസ്സിലാക്കാനും യുഗാന്തോൻമുഖരായി ജീവിക്കുവാനും വചനം നമ്മോട് ആഹ്വാനം ചെയ്യുന്നുണ്ട്.

എന്നാൽ അല്പം കൂടി പ്രായോഗികമായി ഈ സുവിശേഷ ഭാഗത്തെ സമീപിക്കുവാൻ പ്രതീകാത്മക വ്യാഖ്യാനം (Symbolic Interpretation) നമ്മെ സഹായിക്കും. പ്രതീകാത്മകമായ (Symbolic) വ്യാഖ്യാനം ഇങ്ങനെയാണ്: കൊയ്ത്തുകാലം ജീവിതത്തിൽ നാമെടുക്കുന്ന തീരുമാനത്തിന്റെ സമയമാണ്. ഇരുളും വെളിച്ചവും, സുഖവും ദുഃഖവും, രോഗവും ആരോഗ്യവും, നന്മയും തിന്മയും, സ്നേഹവും വെറുപ്പും, സമ്പത്തും ദാരിദ്ര്യവും നമ്മുടെ ജീവിതത്തിന്റെ മുൻപിൽ വന്നിങ്ങനെ നിൽക്കും. ദൈവത്തിന്റെ നന്മയും, ദുഷ്ടന്റെ തിന്മയും നമ്മുടെ മുന്പിലുണ്ടാകും. നാം ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കേണ്ടി വരും. ഓരോ തീരുമാനത്തിന്റെയും സമയം വളരെ തീവ്രതയേറിയതാണ്. കാറ്റിലകപ്പെട്ട കരിയിലപോലെ അത് നമ്മുടെ ജീവിതങ്ങളെ കശക്കിയെറിയും. രക്തപങ്കിലമായ ഒരു യുദ്ധത്തിനെക്കാൾ രൂക്ഷതയേറിയതാകും ചിലപ്പോൾ നമ്മുടെ അവസ്ഥ! 

പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതത്തിൽ ‘അമ്മ ഇതുപോലൊരു കൊയ്ത്തുകാലത്തെ അഭിമുഖീകരിക്കുന്നുണ്ട്. ഈശോയുടെ തയ്യാറാണോ എന്ന ചോദ്യവുമായി സ്വർഗം അവളുടെ മുൻപിൽ വന്നു നിന്ന സമയം. അവൾ വളരെ അസ്വസ്ഥയായി എന്നാണ് വചനം പറയുന്നത്. നന്മയുടെയും തിന്മയുടെയും ഒരു സംഘർഷം, വടംവലി അവളുടെ മനസ്സിൽ നടന്നു. ഏത് തിരഞ്ഞെടുക്കണമെന്നറിയാതെ നിന്ന സമയം. (ലൂക്ക 1, 26-38) ഈശോയുടെ ജീവിതത്തിലും ഒരു കൊയ്ത്തുകാലം വരുന്നുണ്ട്, തീരുമാനമെടുക്കുവാനുള്ള സമയം. ഒറ്റിക്കൊടുക്കുന്നവൻ തിന്മയുടെ ശക്തികളുമായി ചേർന്ന് ഈശോയെ നശിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ ഈശോ ഗത്സമേൻ തോട്ടത്തിലാണ്. “അവൻ തീവ്രവേദനയിൽ മുഴുകി …അവന്റെ വിയർപ്പ് രക്തത്തുള്ളികൾ പോലെ നിലത്തുവീണു” എന്നാണ് ഈശോയുടെ മാനസികാവസ്ഥയെപറ്റി വചനം പറയുന്നത്. ഗോതമ്പുചെടികളും, കളകളും ജീവിതത്തിന്റെ മുൻപിൽ നിൽക്കുമ്പോൾ ഏത് കൊയ്തെടുക്കണമെന്ന് തിരഞ്ഞെടുക്കുക അത്ര എളുപ്പമല്ല. ഇവിടെ ആര് ജയിക്കും?

ആര് ജയിക്കും, ഏത് തിരഞ്ഞെടുക്കണം എന്നറിയാൻ നമുക്ക് നിയമാവർത്തന പുസ്തകം വരെയൊന്ന് പോകണം.  

നിയമാവർത്തനപുസ്തകം അദ്ധ്യായം 30 ൽ മോശ തന്റെ മരണത്തിന് മുൻപ് ഇസ്രായേൽ ജനത്തോട് പറയുന്നത് നോക്കൂ. “ഇതാ ഇന്ന് ഞാൻ നിന്റെ മുൻപിൽ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു. …നിന്റെ ദൈവമായ കർത്താവിനെ സ്നേഹിക്കുകയും, അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്‌താൽ നീ ജീവിക്കും. …എന്നാൽ ഇവയൊന്നും കേൾക്കാതെ നിന്റെ ഹൃദയം വ്യതിചലിക്കുകയും…ചെയ്‌താൽ നീ തീർച്ചയായും നശിക്കും. ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാൻ നിന്റെ മുൻപിൽ വച്ചിരിക്കുന്നു...” (15 – 19) ഈ രണ്ടു യാഥാർഥ്യങ്ങൾ നമ്മുടെ ജീവിതത്തിന്റെ മുൻപിൽ വന്നു നിൽക്കുമ്പോൾ ഏത് തിരഞ്ഞെടുക്കണം? ആര് ജയിക്കും?

പ്രസിദ്ധ ഇംഗ്ലീഷ് നാടകകൃത്തായ ജോർജ് ബെർണാഡ് ഷാ (George Bernard Shaw) ഒരു ദൃഷ്ടാന്തം വിവരിക്കുന്നുണ്ട്: ഒരിക്കൽ വൃദ്ധനായ ഒരു അമേരിക്കക്കാരൻ അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന, ഉള്ളിൽ നടക്കുന്ന യുദ്ധത്തെക്കുറിച്ച് ബെർണാഡ് ഷായോട് വിവരിച്ചു. അദ്ദേഹം പറഞ്ഞു: “സാർ, എന്റെ ഉള്ളിൽ രണ്ട് പട്ടികൾ ഉണ്ട്. ഒരു പട്ടി വളരെ തിന്മ നിറഞ്ഞതാണ്. മറ്റേതാകട്ടെ വളരെ നല്ലതും. രണ്ടുപേരും എന്റെ ഉള്ളിൽ കിടന്ന് കടിപിടി കൂടുകയാണ്.” അദ്ദേഹം ശ്വാസമെടുക്കാൻ അല്പമൊന്ന് നിർത്തിയപ്പോൾ ബെർണാഡ് ഷാ ചോദിച്ചു: ” “ആരാണ് എപ്പോഴും ജയിക്കുന്നത്?” തെല്ലൊന്ന് ആലോചിച്ച ശേഷം അയാൾ പറഞ്ഞു: “ഏതിനാണോ ഞാൻ കൂടുതൽ തീറ്റ കൊടുക്കുന്നത് അത്.”

സ്നേഹമുള്ളവരേ, കൊയ്ത്തുകാലം നമ്മുടെ ജീവിതത്തിൽ നാമെടുക്കുന്ന തീരുമാനങ്ങളുടെ സമയമാണ്. തീരുമാനമെടുക്കുന്ന സമയം കൊയ്ത്തുകാലമാണ്. നാം കൊയ്യാൻ പോകുകയാണ്. ഏതു കൊയ്യണം? നന്മയോ, തിന്മയോ? സ്നേഹമോ വെറുപ്പോ? കുടുംബത്തിന്റെ വളർച്ചയോ, തളർച്ചയോ? സമാധാനമോ യുദ്ധമോ? ജീവനോ മരണമോ? ഏത് ഞാൻ തിരഞ്ഞെടുക്കും? ഏതിനോടാണോ എനിക്ക് ഏറെ ഇഷ്ടം അതിനെ, ഏതിനെയാണോ ഞാൻ നാന്നായി തീറ്റിപ്പോറ്റുന്നത് അതിനെ ഞാൻ തിരഞ്ഞെടുക്കും. ഇരുളാണ് എന്നിലുള്ളതെങ്കിൽ, വെറുപ്പാണ് എന്നിലുള്ളതെങ്കിൽ, അഹങ്കാരത്തിന്റെ, അസൂയയുടെ, നാശത്തിന്റെ സർപ്പങ്ങളോടൊപ്പമാണ് എന്റെ ജീവിതമെങ്കിൽ ജയിക്കുന്നത് തിന്മയായിരിക്കും. ഏത് തിരഞ്ഞെടുക്കണമെന്നത് നമ്മുടെ ജീവിതത്തിന്റെ നാഥൻ ആരാണ് എന്നതിനെ ആശ്രയിച്ചിരിക്കും. മനുഷ്യപുത്രനാണ് ഈശോയാണ് നിന്റെ ജീവിതത്തിന്റെ നാഥൻ എങ്കിൽ, നീ ജീവിക്കും. ഈശോയല്ല, കളകളുടെ, തിന്മയുടെ, ദുഷ്ടതയുടെ കേശുമാരാണ്, സാത്താനാണ് നിന്റെ ജീവിതത്തിന്റെ നാഥനെങ്കിൽ നീ നശിക്കും.

വിശുദ്ധ പൗലോശ്ലീഹാ പറയുന്നപോലെ, നാം ‘ദൈവത്തിന്റെ വയലാണ്’ (1 കോറി 3, 9) ദൈവം വചനമാകുന്ന വിത്ത് വിതയ്ക്കുന്ന വയലുകൾ. അവിടുന്ന് നല്ല വിത്തുകൾ നമ്മിൽ വിതയ്ക്കുന്നു. എന്നാൽ നാം അറിയുന്നു, നമ്മിൽ കളകളും വളരുന്നുണ്ടെന്ന്. ദൈവം തന്റെ കൃപാവരം, energy നമുക്ക് എപ്പോഴും നൽകുന്നു. ഓർക്കുക, നമ്മിലെ കളകൾ ഇതേ വളവും ജലവും വലിച്ചെടുത്താണ് വളരുന്നത്.  കാരണം, energy ഒന്നേയുള്ളു. ആ energy കൊണ്ട് ആരെ തീറ്റിപ്പോറ്റണമെന്നുള്ളത് നിന്റെ, നമ്മുടെ തീരുമാനമാണ്. ജീവിതം മുഴുവനും തീരുമാനങ്ങളുടെ കൂട്ടമാണ്. ഓരോ നിമിഷവും നാം തീരുമാനങ്ങളെടുക്കുകയാണ്. വളരെ ഗൗരവമേറിയതാണ് ഓരോ തീരുമാനത്തിന്റെ നിമിഷവും, ഓരോ കൊയ്ത്തുകാലവും. ഓരോ വ്യക്തിയും അവളുടെ/അവന്റെ തീരുമാനമാണ്. വെളിച്ചമാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ വെളിച്ചം, സ്നേഹമാണെങ്കിൽ സ്നേഹം. വെറുപ്പാണെങ്കിൽ വെറുപ്പ്‌, തിന്മയാണെങ്കിൽ തിന്മ!

ജീവിതം ഒരു ചെസ്സ് കളിപോലെയാണ്. നമ്മുടെ ഓരോ നീക്കത്തിനും, നമ്മുടെ ഓരോ തീരുമാനത്തിനും ഒരു പരിണിതഫലം, Consequence ഉണ്ട്. അത് ജീവിതത്തിലെ സാധാരണ കാര്യങ്ങളായാലും ഗൗരവമേറിയകാര്യങ്ങളായാലും ഒരുപോലെയാണ്. എന്നാൽ, തീരുമാനം, തിരഞ്ഞെടുപ്പ് പ്രധാനപ്പെട്ടതാണ്. ഓരോ തിരഞ്ഞെടുപ്പിന്റെയും, തീരുമാനത്തിന്റെയും സമയം, പ്രിയപ്പെട്ടവരേ, യുഗാന്തം പോലെ പ്രധാനപ്പെട്ടതാണ്. ഓരോ തീരുമാനത്തിനും ഒരു പരിണിതഫലം, Consequence ഉണ്ട്.

വ്യക്തി ജീവിതത്തിലും, കുടുംബജീവിതത്തിലും, സമൂഹത്തിലും, ലോകം മുഴുവനും ഇന്ന് കളകൾ, തിന്മകൾ വർധിച്ചുവരികയാണ്. ചിലപ്പോൾ തോന്നും, കളകളല്ലേ, കളകൾ മാത്രമല്ലേ  തഴച്ചു വളരുന്നത് എന്ന്! വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സന്ദേശങ്ങളാണ് സാമൂഹ്യ സമ്പർക്ക മാധ്യമങ്ങളിലൂടെ തലങ്ങും വിലങ്ങും പായുന്നത്! ഈശോ ഇന്ന് നമ്മെ ഓർമിപ്പിക്കുന്നത്, കളകൾ തീയിലേറിയപ്പെടും എന്ന് തന്നെയാണ്. കളകൾ എന്തുമാത്രം തഴച്ചുവളർന്നാലും, നമ്മിലെ നന്മകളെ നിഷ്പ്രഭമാക്കിക്കൊണ്ട് വളർന്നു നിന്നാലും, നമ്മെ ചുമരോട് ചേർത്ത് തേച്ച് ഒട്ടിച്ചാലും, ഈശോ പറയുന്നു, കളകൾ ഒരുമിച്ചുകൂട്ടി തീയിൽ ചുട്ടുകളയുക തന്നെ ചെയ്യും.

കൊയ്ത്തുകാലം യുഗാന്തമായിട്ടും നാം ചിന്തിക്കണം. ഒടുവിൽ ഒരു വിധിയുണ്ടാകുമെന്ന് നാം വിശ്വസിക്കുന്നു – ഈ  ഭൂമിയിലെ ജീവിതത്തിന്മേൽ നിത്യനായ വിധിയാളൻ കൽപ്പിക്കുന്ന വിധി!  ഒരേ കളപ്പുരയിൽ ശേഖരിക്കുന്ന കൊയ്ത്തിൽ നിന്ന് കാറ്റിനഭിമുഖമായി പാറ്റി നിത്യനായ കൃഷിക്കാരൻ കളയും വിളയും വേർതിരിക്കും. ഒരേ വലയിൽനിന്ന് ശേഖരിക്കപ്പെടുന്ന മത്സ്യങ്ങളിൽ നിന്ന് നിത്യനായ മുക്കുവൻ നല്ലതും ചീത്തയും തരംതിരിക്കും. ഒരേ ആട്ടിൻപറ്റത്തിൽ നിന്ന് ചെമ്മരിയാടുകളെയും കോലാടുകളെയും നിത്യനായ ഇടയൻ ഇരുവശങ്ങളിലേക്ക് മാറ്റിനിർത്തും. ഈ ഭൂമിയിലെ നമ്മുടെ ജീവിതത്തിന്റെ കണക്ക് നമ്മൾ നൽകുമ്പോൾ നമ്മിലെ സുകൃതങ്ങൾ മാത്രമേ കണക്കിലെടുക്കുകയുള്ളു. പതിര്, കള, നമ്മിലെ തിന്മകൾ തീയിലെറിയപ്പെടും.

ഈ കാലഘട്ടത്തിൽ സുവിശേഷം നൽകുന്ന മുന്നറിയിപ്പുകൾ ഇവയാണ്: 1. നാം ദൈവത്തിന്റെ വയലാണ്. 2. ദൈവം നമ്മിൽ നല്ല വിത്തുകൾ വിതയ്ക്കുന്നു. 3. വിത്തുകൾ വളർന്ന് ചെടിയായി ഫലം പുറപ്പെടുവിക്കുവാൻ അവിടുന്ന് നമുക്ക് energy, കൃപ നൽകുന്നു. 4. നമ്മിലുള്ള തിന്മയും ഇതേ energy യാണ് വലിച്ചെടുക്കുന്നത്. 5. ജീവിതത്തിലെ തീരുമാനങ്ങളാണ് നമ്മെ ജീവനിലേക്കും മരണത്തിലേയ്ക്കും നയിക്കുന്നത്.

നമുക്ക് പ്രാർത്ഥിക്കാം. ഈശോയേ, ഞങ്ങളോട് എല്ലാം പൊറുക്കേണമേ. അസ്വസ്ഥതകളും, വഞ്ചനയും, കഷ്ടതകളും, അഹങ്കാരവും, ധാർഷ്ട്യവുമൊക്കെ നിറഞ്ഞ ഈ ജീവിതപുസ്തകത്തിൽ നിന്ന് കളകൾ വെട്ടിക്കളഞ്ഞ്

ഞങ്ങളെ ശുദ്ധീകരിക്കേണമേ! കളകൾ ഏതൊക്കെയെന്ന് മനസ്സിലാക്കാനും, കളകൾ വളരാതെ ജീവിതവയലിനെ സംരക്ഷിക്കാനും കൃപതരണമേ. ആമേൻ!

SUNDAY SERMON MT 13, 1-9

ഏലിയാ-സ്ലീവാ-മൂശേക്കാലം രണ്ടാം  ഞായർ

മത്താ 13, 1-9   

സന്ദേശം

കർഷകരും, നെൽപ്പാടങ്ങളും പതുക്കെ പതുക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ഇന്നത്തെ സുവിശേഷത്തിൽ വായിച്ചുകേട്ട വിതക്കാരന്റെ ഉപമ മനസ്സിലാക്കുവാൻ ഇന്നത്തെ കുട്ടികൾക്കെങ്കിലും അല്പം ബുദ്ധിമുട്ടുണ്ടാകും. എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ പഞ്ചായത്തിന്റെ നാലുഭാഗത്തും നെൽപ്പാടങ്ങളുണ്ടായിരുന്നു. ഇന്ന് പക്ഷേ, നെൽപ്പാടങ്ങളൊക്കെ അപ്രത്യക്ഷമാകുകയാണ്. മാത്രമല്ലാ, വീട്ടിൽച്ചെല്ലുമ്പോൾ അനുജന്റെ മക്കളോട് എങ്ങനെയാണ് നെൽപ്പാടങ്ങളിൽ വിത്ത് വിതയ്ക്കുന്നത് എന്ന് ചോദിച്ചാൽ ഉത്തരം പറയുവാൻ അവർ ബുദ്ധിമുട്ടുന്നു. ഇടവത്തിലെ ചേറ്റുവിത, ചിങ്ങത്തിലെ മുണ്ടകൻ, മകരം കുംഭത്തിലെ പുഞ്ച കൃഷികളെക്കുറിച്ച് ഇന്ന് എത്രപേർക്ക് അറിയാം? പാടം ഒരുക്കുന്നതിനുള്ള കരിയും നുകവും, കെട്ടി അടിക്കാനുള്ള ചെരുപ്പ്, ഞാറു നടുന്നതിനുമുൻപ് ഞവർക്കാനുള്ള ഞവരി എന്നിവ കണ്ടിട്ടുണ്ടോ ഇന്നത്തെ തലമുറ? സംശയമാണ്. എങ്ങനെയാണ് വിത്തുവിതക്കാൻ നിലം ഒരുക്കുന്നത്? ആറ് ചാല് ഉഴുത് പാടം പാകമാക്കണം. ഇതിൽ നാലാമത്തെ ചാല് കഴിഞ്ഞ് ചെരുപ്പ് ഉപയോഗിച്ച് നിലം അടിക്കണം. പിന്നെ ഞവര ഉപയോഗിച്ച് ഞവർക്കണം. അത് കഴിഞ്ഞു വേണം മുളപൊട്ടി പാകമായ നെൽ വിത്ത് വിതയ്ക്കുവാൻ. വിതയ്ക്കുമ്പോൾ വിത്തിൽ അല്പം വെളിച്ചെണ്ണ ചേർക്കണം, വിത്ത് ചെളിയിൽ പൂണ്ടുപോകാതിരിക്കുവാൻ. വിതച്ചു കഴിഞ്ഞ് നാലാം ദിവസം വെള്ളം വറ്റിച്ചു കളയണം. പിന്നെ, നല്ല പരിപാലന വേണം. എങ്കിലേ, വിത്ത് മുളച്ചു വളർന്ന് നൂറുമേനി ഫലം പുറപ്പെടുവിക്കുകയുള്ളു.

ഇന്നത്തെ തലമുറയ്ക്ക് ഈ അറിവുകൾ, അനുഭവങ്ങൾ കുറവാണെങ്കിലും, നിലം ഒരുക്കാതെ വിത്ത് വിതയ്ക്കുന്നത് മണ്ടത്തരമാണ് എന്നെങ്കിലും മനസ്സിലാക്കുവാൻ കഴിഞ്ഞാലേ, ഇന്നത്തെ സുവിശേഷത്തിലെ ഉപമയുടെ അർഥം, സന്ദേശം ഗ്രഹിക്കുവാൻ സാധിക്കൂ…

ഏലിയാ സ്ലീവാമൂശെക്കാലം രണ്ടാം ഞായറാഴ്ച്ച വചനമാകുന്ന വിത്ത് വിതയ്ക്കുന്ന വിതക്കാരനായി ഈശോ കടന്നുവരികയാണ്. മണ്ണിന്റെ മണമുള്ള ഒരു രൂപകവുമായിട്ടാണ് ഈശോ നമ്മുടെ ക്രൈസ്തവജീവിത പഠന കളരിയിലേക്കു എത്തിയിരിക്കുന്നത്. ദൈവത്തിന്റെ വചനം നമ്മുടെ ക്രൈസ്തവജീവിതങ്ങളെ എങ്ങനെയാണ് രൂപപ്പെടുത്തുന്നത് എന്ന് ഈശോ ഇന്ന് നമ്മെ പഠിപ്പിക്കും. നമുക്ക് ഇങ്ങനെയൊന്ന് ഭാവന ചെയ്താലോ?

പ്രഭാതപ്രാർത്ഥനയും കഴിഞ്ഞ് മലയിറങ്ങുമ്പോഴാണ് ഈശോ ആ കാഴ്ച്ച കണ്ടത്. വിതയ്ക്കാൻ വിത്തും ചുമന്നുകൊണ്ട് കുറെ കർഷകർ പാടത്തേക്ക് പോകുന്നു. ഈശോയ്ക്ക് അവരോട് അനുകമ്പ തോന്നിക്കാണണം. ഈശോ ഓർത്തു: ‘ഇവർ നിലം ഒരുക്കിക്കാണുമോ? വിതയ്ക്കുമ്പോൾ വിത്തുകൾ വഴിയിൽ വീണാലോ? പക്ഷികൾ കൊത്തിക്കൊണ്ടു പോകില്ലേ? പാടത്തോട് ചേർന്ന് കിടക്കുന്ന പാറപ്പുറത്ത് വീണാലോ? ഉണങ്ങിപോകില്ലേ? വരമ്പോട് ചേർന്ന് നിൽക്കുന്ന മുൾച്ചെടികൾക്കിടയിൽ വീണാലോ? മുൾച്ചെടികൾ ഞെരുക്കിക്കളയില്ലേ? “പിതാവേ, ഈ കർഷകർ വിതയ്ക്കുന്ന വിത്തുകൾ നല്ല നിലത്തു വീണു നൂറുമടങ്ങു് വിളവ് ഇവർക്കുകൊടുക്കണേ” ഈശോ മനസ്സിൽ പറഞ്ഞു. അപ്പോൾ തന്നെ മറ്റൊരു ചിന്തയും ഈശോയുടെ മനസ്സിലേക്ക് ഓടിയെത്തി. ഞാനിന്ന് പറയുവാൻ പോകുന്ന വചനങ്ങൾ ഈ വിത്തുകൾ പോലെ തന്നെയല്ലേ? ഞാനല്ലേ വിതക്കാരൻ? കേൾക്കുന്ന മനുഷ്യർ അവരുടെ ഹൃദയങ്ങൾ ഒരുക്കിയിട്ടുണ്ടാകുമോ? വചനം കേട്ട് അവർ നന്മ നിറഞ്ഞ ജീവിതത്തിലേക്ക് വരുമോ? കേൾക്കുന്ന വചനത്തിന്റെ ശക്തി ഇവർക്ക് അറിയാമോ? പ്രഭാതത്തിന്റെ ചെറിയ തണുപ്പിലും ഈശോയുടെ നെറ്റിയിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞു. ഈശോ സ്വർഗത്തിലേക്ക് കണ്ണുകളുയർത്തി പറഞ്ഞു: ‘പിതാവേ, വചനം കേൾക്കുന്ന മനുഷ്യരുടെ ഹൃദയങ്ങൾ നൂറുമടങ്ങു ഫലം പുറപ്പെടുവിക്കാൻ ഒരുക്കണമേ.’ മുഖത്ത് പൊടിഞ്ഞ വിയർപ്പുതുള്ളികൾ തോളത്തു കിടന്ന് ഷോളെടുത്തു തുടച്ചിട്ട് ഈശോ ജനങ്ങൾക്കിടയിലേക്ക് നടന്നു.

ഈശോ അന്ന് ജനങ്ങളുടെ ഇടയിലേക്ക് ചെന്നിട്ട്, ഇങ്ങനെ പറയാൻ തുടങ്ങി: “ഒരു കർഷകൻ വിത്ത് വിതക്കാൻ പുറപ്പെട്ടു…”

ഈ സുവിശേഷഭാഗം വായിച്ചുകേട്ടപ്പോൾ, ‘കിലുക്കം’ സിനിമയിലെ ഇന്നസെന്റിന്റെ ശൈലിയിൽ നാമും മനസ്സിൽ പറഞ്ഞിട്ടുണ്ടാകും: ‘കേട്ടിണ്ട്……കേട്ടിണ്ട്……ഒത്തിരി പ്രാവശ്യം കേട്ടിണ്ട്…….എന്നാൽ, നമ്മുടെ ക്രൈസ്തവജീവിതങ്ങളും, കുടുംബജീവിതങ്ങളും ധാരാളം ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന ഇക്കാലത്ത്, നമ്മുടെ സഭ ധാരാളം പ്രതിബന്ധങ്ങളെ, ആക്രമണങ്ങളെ, ഉള്ളിൽ നിന്ന് തന്നെയുള്ള പ്രതിസന്ധികളെ നേരിടുന്ന ഈ കാലഘട്ടത്തിൽ അല്പം ഗൗരവത്തോടെ തന്നെ ഈ സുവിശേഷഭാഗത്തെ സമീപിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ദൈവ വചനം ഒരുക്കമുള്ള ഹൃദയത്തിൽ സ്വീകരിച്ചു, മുപ്പതുമേനിയും, അറുപതുമേനിയും, നൂറുമേനിയും ഫലം പുറപ്പെടുവിക്കുന്ന ക്രൈസ്തവരാകുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുകയാണ്.

വ്യാഖ്യാനം

സമാന്തര സുവിശേഷങ്ങളിലെല്ലാം (Synoptic Gospels) വിവരിക്കുന്ന ഒരു സുവിശേഷ ഭാഗമാണ് വിതക്കാരന്റെ ഉപമ. “ആദിയിൽ വചനമുണ്ടായിരുന്നു” എന്നും പറഞ്ഞു വചനത്തിന്റെ മഹത്വത്തെ വാഴ്ത്തുന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ പക്ഷെ വചനം വിതയ്ക്കുന്ന ഈശോയെക്കുറിച്ചുള്ള പ്രതിപാദനം ഇല്ല. എങ്കിലും വചനമായ ക്രിസ്തു, വചനത്തിലൂടെ, ക്രിസ്തുവിലൂടെ നമുക്ക് രക്ഷ നൽകുവാൻ ആഗ്രഹിക്കുന്നുവെന്ന്, വചനമാണ് രക്ഷ നൽകുന്നത് എന്ന് വിശുദ്ധ യോഹന്നാൻ  പറയുന്നുണ്ട്. വചനത്തിന്റെ പ്രാധാന്യം ബൈബിളിൽ വളരെ  വ്യക്തമാണ്. വചനമാണ് ജീവൻ നൽകുന്നത്. (യാക്കോബ് 1, 18) ദൈവത്തിന്റെ വചനംകൊണ്ടാണ് മനുഷ്യൻ ജീവിക്കുന്നത്. (മത്താ, 4, 4) വചനമാണ് ക്രൈസ്തവന്റെ ജീവിതവഴിയിലെ വിളക്ക്. (സങ്കീ 109, 105) വചനമാണ് നമുക്ക് സൗഖ്യം നൽകുന്നത്. (ജ്ഞാനം 16, 12) ഒരു യുവാവിനോ, യുവതിക്കോ അവരുടെ മാർഗം എങ്ങനെ നിർമ്മലമായി സൂക്ഷിക്കുവാൻ സാധിക്കും? ദൈവത്തിന്റെ വചനമനുസരിച്ചു വ്യാപാരിച്ചുകൊണ്ട്. (സങ്കീ 119, 9) ആരാണ് ഭാഗ്യപ്പെട്ടവർ? ദൈവ വചനം കേൾക്കുന്നവരാണ്. (ലൂക്ക 11,28) പാറപ്പുറത്ത് വീട് പണിയുന്ന ബുദ്ധിമാനായ മനുഷ്യൻ ആരാണ്? ദൈവ വചനം കേട്ട് അനുസരിക്കുന്നവനാണ്. (മത്താ 7, 24) എന്താണ് മനുഷ്യന്റെ മാർഗങ്ങളിൽ പ്രകാശം നൽകുന്നത്? വചനമാണ്. എന്താണ് എളിയവർക്ക് അറിവ് നൽകുന്നത്? ദൈവത്തിന്റെ വചനമാണ്. (സങ്കീ 119, 130) എന്താണ് ഈ ലോകത്തിൽ സത്യമായിട്ടുള്ളത്? കർത്താവിന്റെ വചനമാണ്. (സങ്കീ 33, 4) മനുഷ്യന്റെ ജീവിതത്തിലെ പരീക്ഷകളെ നേരിടാൻ അവളിൽ/ അവനിൽ പാകിയിരിക്കുന്ന വചനത്തെ വിനയപൂർവം സ്വീകരിക്കണം. (യാക്കോബ് 1, 21) സജീവവും, ഉർജ്ജസ്വലവുമായതും, ഇരുതല വാളിനേക്കാൾ മൂർച്ചയേറിയതും, ചേതനയിലും, ആത്മാവിലും,സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതും എന്താണ്? ദൈവത്തിന്റെ വചനമാണ്. (ഹെബ്രാ 4, 12)

എന്തിനായിരിക്കണം ഈശോ മനോഹരമായ വിത്തിന്റെ ഉപമ പറഞ്ഞത്? ദൈവവചനത്തെ മനുഷ്യ ഹൃദയങ്ങളിൽ പാകുവാനാണ് ഈശോ ഈ ഉപമ പറയുന്നത്. ഒരു കമ്പ്യൂട്ടർ കൂടുതൽ നല്ല രീതിയിൽ പ്രവർത്തിക്കുവാൻ പ്രോഗ്രാം (Program) ചെയ്യുന്നതുപോലെ, ഈശോ തന്റെ മുന്പിലിരിക്കുന്ന ജനങ്ങളെ, വചന ബന്ധിതമായ, ദൈവരാജ്യത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്ന മക്കളായിത്തീരുവാൻ പ്രോഗ്രാം ചെയ്യുകയായിരുന്നു. മുപ്പതുമേനി, അറുപതു മേനി, നൂറുമേനി performance കാണിക്കുന്ന, പുറപ്പെടുവിക്കുന്ന രാജ്യത്തിന്റെ മക്കളാകുവാനുള്ള App, ആപ്ലിക്കേഷൻ അവർക്കു നൽകുകയായിരുന്നു ചോദ്യം ഇതാണ്: How do we get programmed? How do I get programmed in my Christian life?  

നമുക്ക് ഉപമയിലേക്ക് വരാം. വിത്ത് വിതക്കപ്പെടുന്നത് നാല് സ്ഥലങ്ങളിലാണ് – വഴിയരുകിൽ, പാറമേൽ, മുൾച്ചെടികൾക്കിടയിൽ, നല്ല നിലത്ത്. ഒറ്റനോട്ടത്തിൽ, ഒരു കർഷകന്റെ നോട്ടത്തിൽ വളരെ സാധ്യമായ നാല് സ്ഥലങ്ങളാണിവ. ആദ്യത്തെ മൂന്നു സ്ഥലങ്ങൾക്കും അതിന്റേതായ അപകടങ്ങൾ ഉണ്ട്. നാലാമത്തെ സ്ഥലമാകട്ടെ ഫലം പുറപ്പെടുവിക്കാൻ ഉതകുന്ന (Conducive) ഇടവും. സാധാരണയായി നമ്മുടെ ഹൃദയങ്ങളുടെ അവസ്ഥയെയാണ് ഈ നാല് സ്ഥലങ്ങളും പ്രതിനിധാനം ചെയ്യുന്നത് എന്നാണു നാം പറയുക.  എന്നാൽ, ഹൃദയത്തെ എന്നതിനേക്കാൾ മനുഷ്യ മനസ്സിന്റെ അവസ്ഥകളെയാണ് ഈ നാല് സ്ഥലങ്ങൾ അവതരിപ്പിക്കുന്നത്.

വചനമാകുന്ന വിത്ത് വന്ന് വീഴുന്നത് നമ്മുടെ ജീവിതാവസ്ഥകളിലാണ്.  നാലു തരത്തിലുള്ള സാധ്യതകളിലൂടെയാണ് നാം കടന്നുപോകുന്നത്. ഉദാഹരണത്തിന്, എങ്ങനെയാണ് നാം സൈക്കിൾ ചവിട്ടുവാൻ പഠിക്കുന്നത്? ഇതിനു നാല് പടികൾ (steps, levels) ഉണ്ട്: ഒന്ന്, അബോധാവസ്ഥയിലുള്ള പ്രാപ്തിക്കുറവ് (unconscious Incompetence) ഒരു കൊച്ചുകുട്ടിക്കു അറിയില്ല എന്താണ് സൈക്കിൾ എന്ന്, എന്താണ് സൈക്കിൾ സവാരി എന്ന്. അബോധാവസ്ഥയിലാണ് (Unconscious) ആ കുട്ടി. മാത്രമല്ല, ആ കുട്ടി സൈക്കിൾ ചവിട്ടുവാൻ പ്രാപ്തനുമല്ല. (Incompetence) അവൾക്കു, അവനു ഒരു സൈക്കിൾ ആരെങ്കിലും സമ്മാനമായി കൊടുത്താലോ? ആ കുഞ്ഞതു നോക്കിയെന്നിരിക്കും, പക്ഷെ മറ്റു കുട്ടികൾ അതെടുത്തു കളിക്കും.

ആധ്യാത്മിക ജീവിതത്തിൽ മനുഷ്യ മനസ്സിന്റെ ഒരവസ്ഥയാണിത്. മനുഷ്യൻ അബോധാവസ്ഥയിലാണ്. (Unconscious) അതിനാൽ തന്നെ, അശക്തനുമാണ്. (Incompetence) ദൈവവചനം എന്താണ് എന്നറിയില്ല. ദൈവ വചനത്തിന്റെ ശക്തിയെക്കുറിച്ചു അറിയില്ല. ധാരാളം വചനങ്ങൾ വിവിധ അവസരങ്ങളിൽ, പലതരം വ്യക്തികളിലൂടെ, സംഭവങ്ങളിലൂടെ അവളിലേക്ക്/അവനിലേക്ക് എത്തപ്പെടും. എന്നാൽ, അബോധാവസ്ഥയിൽ ജീവിക്കുന്ന മനുഷ്യൻ, അവൾ, അവൻ അജ്ഞതയിലാകാം; അഹങ്കാരത്തിന്റെ, രതിയുടെ, സമ്പത്തിന്റെ ലഹരിയിലാകാം. മറ്റുള്ളവർ പറയുന്ന നന്മ മനസ്സിലാക്കുവാൻ, അതനുസരിച്ചു പ്രവർത്തിക്കുവാൻ അവൾക്കു, അവനു താത്പര്യമില്ല. അതുകൊണ്ടുതന്നെ, പ്രാപ്തിയുമില്ല…. ധാരാളം മനുഷ്യരുണ്ട് ഇങ്ങനെയുള്ള അവസ്ഥയിൽ! അവരുടെ മുൻപിൽ വിളമ്പുന്നവ മറ്റുള്ളവർ കൊത്തിയെടുക്കും. വഴിയരികിൽ വീണ വിത്തിനെപ്പോലെ.

രണ്ട്, ബോധാവസ്ഥയിലുള്ള പ്രാപ്തിക്കുറവ്. (Conscious Incompetence) ഒരു കുട്ടി അവൾ, അവൻ, വളർന്നു കഴിഞ്ഞപ്പോൾ മനസ്സിലായി എന്താണ് സൈക്കിൾ, എന്താണ് സൈക്കിൾ സവാരി എന്ന്. പക്ഷെ സൈക്കിൾ ചവിട്ടുവാനുള്ള, ബൈക്ക് താങ്ങുവാനുള്ള ശക്തിയായിട്ടില്ല.

ഇതാണ് ആധ്യാത്മിക ജീവിതത്തിലെ പാറമേൽ വീണ വിത്തിന്റെ, വചനത്തിന്റെ അവസ്ഥ! കാര്യങ്ങളെല്ലാം അറിയാം. (Conscious) ദൈവം ആരെന്നറിയാം.  ദൈവവചനത്തിന്റെ ശക്തി എന്തെന്ന് അറിയാം. ഈ വചനത്തിനനുസരിച്ചു ജീവിച്ചാൽ ജീവിതം മനോഹരമാകുമെന്നും അറിയാം. പക്ഷെ മറ്റു സാഹചര്യങ്ങളൊന്നും അനുകൂലമല്ല. ചീത്ത കൂട്ടുകാരുടെ സ്വാധീനം, ചീത്ത പുസ്തകങ്ങൾ നൽകുന്ന താൽക്കാലിക സുഖങ്ങൾ, മാതാപിതാക്കളെ അനുസരിക്കുവാനുള്ള മടി, ego, സ്വന്തം ചിന്തകൾക്കുപിന്നാലെയുള്ള ഓട്ടം… ഒട്ടും ആഴമില്ലാത്ത ജീവിതം! (Incompetence) പലർക്കും ജീവിതം ഇവിടെ നഷ്ടപ്പെടുന്നു… ഇതും മനുഷ്യ മനസ്സിന്റെ ഒരവസ്ഥയാണ്!

മൂന്ന്, ബോധപൂർവ്വകമായ പ്രാപ്തി (Conscious Competence). അവൾ, അവൻ സൈക്കിൾ ചവിട്ടുവാൻ പഠിക്കുന്നു. ബൈക്ക് ഓടിക്കുവാൻ പഠിക്കുന്നു. (Conscious) ഇപ്പോൾ അവൾക്കു, അവനു സൈക്കിൾ ചവിട്ടാം. പക്ഷെ ഇടയ്ക്കു വീഴും. ബൈക്ക് ഓടിക്കാം. പക്ഷെ ഗിയർ മാറുമ്പോൾ നിന്നുപോകുന്നു…ചിലപ്പോൾ ബാലൻസ് തെറ്റുന്നു…. മുന്നോട്ടു നോക്കണം…സൈഡിലേക്ക് നോക്കണം…ഹോൺ അടിക്കണം. അതിനിടക്ക് കാലുരണ്ടും സൈക്കിളിന്റെ പെടലിൽ കൃത്യമാക്കണം……അങ്ങനെയങ്ങനെ സൈക്കിൾ ചവിട്ടുവാൻ അറിയാമെങ്കിലും (Competence) ധാരാളം മറ്റു പ്രശ്നങ്ങൾ!!

ഇവിടെ മനുഷ്യൻ ബോധവാനാണ്. (Conscious) എന്താണ് ക്രൈസ്തവജീവിതം, കുടുംബജീവിതം, അതിന്റെ ഉത്തരവാദിത്വങ്ങൾ…… എല്ലാം അറിയാം. ദിവസവും കുടുംബപ്രാർത്ഥന ചൊല്ലണം …ഭാര്യയോടും മക്കളോടുമൊത്തു സമയം ചെലവഴിക്കണം……ഞായറാഴ്ച്ച വിശുദ്ധമായി ആചരിക്കണം……എല്ലാം അറിയാം. ബോധവാനാണ്. ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ കഴിവുള്ളവനുമാണ്. (Competence) പക്ഷെ ദുശീലങ്ങൾ ……അമിതമായ മദ്യപാനം…സാമ്പത്തിക പ്രശ്നങ്ങൾ …… എല്ലാം നാലുവശത്തും നിന്ന് ഞെരുക്കുകയാണ്. മുള്ളുകൾ ചെടികളെ ഞെരുക്കുന്നപോലെ! ഇതും മനുഷ്യൻ കടന്നുപോകുന്ന ജീവിതാവസ്ഥയാണ്.

നാല്, അബോധാവസ്ഥയിലുള്ള പ്രാപ്തി (Unconscious Competence). ഇവിടെ ബോധപൂർവം അവൾ, അവൻ സൈക്കിൾ ചവിട്ടുവാൻ പഠിച്ചു. ബൈക്ക് ഓടിക്കുവാൻ പഠിച്ചു. പക്ഷെ ഇവിടെ അബോധാവസ്ഥ എന്ന് പറയുന്നത്, എങ്ങനെ സൈക്കിൾ ചവിട്ടണം, എങ്ങനെ ബൈക്ക് ഓടിക്കണമെന്നു പ്രത്യേകം ചിന്തിക്കേണ്ട ആവാശ്യമില്ല. (Unconscious) സൈക്കിൾ ചവിട്ടൽ വളരെ എളുപ്പമാകുന്നു. അത് ജീവിതത്തിന്റെ ഭാഗമാകുന്നു.  വഴിയേ പോകുന്ന ആളുകളോട് സവാരിക്കിടെ വർത്തമാനം പറയാം……മറ്റുള്ളവരെ greet ചെയ്യാം……വേണമെങ്കിൽ കൈകൾ ഫ്രീയാക്കിക്കൊണ്ടു ride ചെയ്യാം……ഇപ്പോൾ അവൾ, അവൻ സവാരി ആസ്വദിക്കുകയാണ്, അതിനുള്ള പ്രാപ്തിയിലാണ്. (Competence)

ദൈവ വചനമനുസരിച്ചുള്ള, ദൈവരാജ്യത്തിന്റെ സ്വഭാവമനുസരിച്ചുള്ള ജീവിതത്തിന്റെ അവസ്ഥ ഇതായിരിക്കണം. (Unconscious Competence). ഒരു ക്രൈസ്തവന്റെ ജീവിതത്തിൽ വചനം ഉറകൂടി നിൽക്കുമ്പോൾ, വചനം അവളുടെ, അവന്റെ ജീവിതത്തിന്റെ ഭാഗമായിത്തീരും. പിന്നെ ഓരോ നിമിഷവും വചനം എന്ത് പറയുന്നു എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. അവളുടെ അവന്റെ ജീവിതം automatically ദൈവത്തിന്റെ വചനത്തിനു അധിഷ്ഠിതമാകും. പിന്നെ അവളുടെ അവന്റെ ക്രൈസ്തവ ജീവിതം സുന്ദരമാകും; എളുപ്പമുള്ളതാകും. ദൈവത്തിന്റെ വചനത്തിന്റെ, പ്രസാദവരത്തിന്റെ ഭംഗിയിൽ അവരുടെ ജീവിതം, കുടുംബജീവിതം പ്രശോഭിക്കും.

സ്നേഹമുള്ളവരേ, ഈ നാലാമത്തെ സ്റ്റേജിൽ നമ്മുടെ ക്രൈസ്തവ ജീവിതങ്ങൾ എത്തുമ്പോൾ നമ്മുടെ ഹൃദയം നൂറുമേനിയും, അറുപതുമേനിയും, മുപ്പതുമേനിയും ഫലം പുറപ്പെടുവിക്കുവാൻ സജ്ജമാകും. നാം ക്രിസ്തുവിന്റെ സഭയുടെ കാവൽ ഗോപുരങ്ങളായിത്തീരും.

വിവിധ തരത്തിലുള്ള ജിഹാദുകളുടെ രൂപത്തിൽ വർഗീയ ശക്തികൾ സഭയെ ആക്രമിക്കുമ്പോൾ മുപ്പതുമേനിയും, അറുപതുമേനിയും, നൂറുമേനിയും ഫലങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് അവയെ നേരിടുവാൻ നമുക്കാകണം. ക്രൈസ്തവർ പ്രതികരിക്കണം. പക്ഷെ അവർ പ്രതികരിക്കേണ്ടത് വിശുദ്ധമായ ജീവിതം കൊണ്ടായിരിക്കണം. ക്രൈസ്തവർ പ്രതിരോധിക്കണം. പക്ഷെ അത് നൂറുമേനിയും, അറുപതുമേനിയും, മുപ്പതുമേനിയും വചനത്തിന്റെ ഫലങ്ങൾ പുറപ്പെടുവിച്ചുകൊണ്ടായിരിക്കണം. നാം നിശ്ശബ്ദരാകരുത്. പക്ഷെ വിളിച്ചു പറയേണ്ടത്, ഉറക്കെ പ്രഘോഷിക്കേണ്ടത് ദൈവത്തിന്റെ വചനമായിരിക്കണം. പ്രതീകാത്മമായിപ്പോലും, ഹിംസയുടെ, വെറുപ്പിന്റെ ഭാഷ, പ്രവർത്തനം നമ്മിൽ നിന്നുണ്ടാകരുത്. പകരം, ക്രിസ്തു സ്നേഹത്തിന്റെ വക്താക്കളായി നാം മാറണം. തിരുസഭയ്ക്കു ഒരു ശരിയേ ഉള്ളു. അത് ക്രിസ്തുവാണ്. തിരുസഭയ്ക്കു ഒരു വഴിയേ ഉള്ളു. അത് കുരിശിന്റെ, സഹനത്തിന്റെ വഴിയാണ്. തിരുസഭയ്ക്കു ഒരു ശബ്ദമേയുള്ളു. അത് വചനത്തിന്റെ ശബ്ദമാണ്.

സമാപനം

ഈശോ നമ്മെ ക്ഷണിക്കുകയാണ്, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ പ്രോഗ്രാം ചെയ്യുവാൻ. വചനം കൊണ്ട് നമ്മുടെ ക്രൈസ്തവ ജീവിതങ്ങളെ പ്രോഗ്രാം ചെയ്യുവാൻ നമുക്ക് സാധിക്കട്ടെ. കാരണം, “നമ്മൾ വീണ്ടും ജനിച്ചിരിക്കുന്നത്‍ നശ്വരമായ ബീജത്തിൽ നിന്നല്ല, അനശ്വരമായ ബീജത്തിൽ നിന്നാണ്-സജീവവും, സനാതനവുമായ ദൈവ വചനത്തിൽ നിന്ന്.” (1 പത്രോ 1, 23) വിതക്കാരന്റെ ഉപമ നമ്മുടെ ജീവിതത്തെയും, ജീവിത വ്യാപാരങ്ങളെയും മനസ്സിലാക്കുവാനുള്ള ഒരവസരമാണ്.

ദൈവ വചനം നമ്മുടെ ജീവിതത്തിന്റെ ഭാഗമെന്നോണം നമ്മുടെ ജീവിതത്തിൽ പ്രകാശിക്കട്ടെ. മകളെ, മകനെ, ദൈവ വചനമാകട്ടെ നിന്റെ പാദങ്ങൾക്ക് വിളക്കും, വഴിയിൽ പ്രകാശവും. ആമേൻ!

SUNDAY SERMON LK 18, 35-43

ഏലിയാ-സ്ലീവാ-മൂശേക്കാലം ഒന്നാം ഞായർ

ലൂക്ക 18, 35-43

ആമുഖം

സീറോമലബാർ സഭയുടെ ആരാധനാക്രമവത്സരത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ഈശോ ലോകത്തെ വീണ്ടുരക്ഷിച്ചതിന്റെ പ്രതീകമായ കുരിശിന്റെ വിജയവും, കർത്താവിന്റെ രണ്ടാമത്തെ ആഗമനവും ആണ് ഈ കാലത്തിന്റെ പ്രത്യേക ചിന്തകൾ. മിശിഹായുടെ രണ്ടാമത്തെ വരവിനു മുൻപായി ഏലിയാ വരുമെന്ന ചിന്തയാണ് ഏലിയാ എന്ന പേരിലൂടെ നാം മനസ്സിലാക്കുന്നത്. ചെങ്കടലിനു മീതെ തന്റെ വടി നീട്ടിക്കൊണ്ട് മോശ ഇസ്രായേൽ ജനത്തിന് കടലിന്റെ നടുവിലൂടെ വഴി കാട്ടിയതുപോലെ, സ്ലീവാവഴി മിശിഹാ പറുദീസായിലേക്കു വഴികാട്ടിതന്നുകൊണ്ട് മർത്യകുലത്തെ രക്ഷിച്ചിരിക്കുന്നു എന്നതാണ് സ്ലീവാ, മോശെ എന്നീ പേരുകൾ സൂചിപ്പിക്കുന്നത്. നമ്മിലെ അന്ധതയെല്ലാം മാറ്റി, ക്രിസ്തുവാകുന്ന പ്രകാശത്തിൽ ജീവിക്കുവാൻ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നമുക്ക് വിശുദ്ധ കുർബാനയിലേക്ക് പ്രവേശിക്കാം. 

 പ്രസംഗം

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ

യേശു നാമമല്ലാതെ, യേശു നാമമല്ലാതെ.

മാനവരക്ഷയ്‌ക്കൂഴിയിൽ വേറൊരു നാമമില്ലല്ലോ

യേശു നാമമല്ലാതെ, യേശു നാമമല്ലാതെ.

ഇന്നത്തെ സുവിശേഷ ഭാഗത്ത് നാം കണ്ടുമുട്ടുന്ന അന്ധന്റെ ഹൃദയത്തിൽ നിന്നുയർന്ന “ദാവീദിന്റെ പുത്രനായ ഈശോയേ എന്നിൽ കനിയണമേ” എന്ന കരച്ചിൽ, എന്നെ ഓർമിപ്പിച്ചത് 1980 കളിൽ ധ്യാനകേന്ദ്രങ്ങളിലും, പ്രാർത്ഥനാസമ്മേളനങ്ങളിലും ഉയർന്നുകേട്ട ഈ ഈരടികളാണ്. പെന്തക്കുസ്താനാളിൽ പരിശുദ്ധാത്മാവിനെ സ്വീകരിച്ചശേഷം “ഈശോ കർത്താവാണ്” എന്ന് പ്രസംഗിച്ചതിന്റെ പേരിൽ അറസ്റ്റുചെയ്യപ്പെട്ട പത്രോസും യോഹന്നാനും സംഘത്തിന്റെ മുൻപിൽ നിർത്തപ്പെട്ടപ്പോൾ, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് പത്രോസ് പറഞ്ഞ “ആകാശത്തിന് കീഴെ മനുഷ്യരുടെ ഇടയിൽ നമുക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല” (അപ്പ 4, 12) എന്ന ദൈവ വചനത്തിന്റെ ഗാനാവിഷ്കാരമാണിത്. ഈശോ എന്ന നാമത്തിന്റെ മനോഹാരിതയും, ശക്തിയും ഉയർത്തിപ്പിടിക്കുന്ന ഈ അത്ഭുത വചനം വെളിപ്പെടുത്തിത്തന്ന ദൈവത്തിന് എന്തുമാത്രം സ്തുതികളർപ്പിച്ചാലും മതിയാവില്ല. അതോടൊപ്പം തന്നെ “ഈശോയേ” എന്ന് ഹൃദയം തകർന്ന് വിളിക്കുന്ന അന്ധൻ, വാണിജ്യ സിനിമകൾക്ക് “ഈശോ” എന്ന പേരിട്ട് ഈശോയെ അവഹേളിക്കുന്ന ഇന്നത്തെ ലാഭക്കൊതിയന്മാരായ സിനിമാ സംവിധായകർക്ക് ഒരു വെല്ലുവിളിയായിട്ടും എനിക്ക് തോന്നി.

ഈശോയേ എന്ന അന്ധന്റെ ഹൃദയംപൊട്ടിയുള്ള നിലവിളികൾ നാം ജീവിക്കുന്ന സാഹചര്യങ്ങളിലും ഉയർന്ന് കേൾക്കുന്നുണ്ട്. നിങ്ങൾ ഓർക്കുന്നുണ്ടാകും 2008 ൽ ഒഡിഷയിലെ കാണ്ഡമാലിൽ നടന്ന കലാപം. അന്ന് 39 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു; 395 പള്ളികൾ തകർക്കപ്പെട്ടു; 600 ഗ്രാമങ്ങളിലെ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെട്ടു; 5600 വീടുകൾ കൊള്ളയടിക്കപ്പെട്ടു; 54, 000 ജനങ്ങൾക്ക് വീട് നഷ്ടപ്പെട്ടു. ആക്രമികളെ പേടിച്ച് കാട്ടിലേക്ക്  രക്ഷപെടാൻ ശ്രമിച്ച ക്രൈസ്തവർ ഈശോയേ രക്ഷിക്കണമേ എന്ന് ഉറക്കെ വിളിച്ചുകൊണ്ടാണ് ഓടിയത്! വിഷപ്പാമ്പുകൾ നിറഞ്ഞ, വന്യമൃഗങ്ങളുള്ള കൊടും വനത്തിലേക്ക് ഈശോയേ എന്നും വിളിച്ച് അഭയം തേടിയ ആ പാവം ജനങ്ങളെ വിഷപ്പാമ്പുകളോ, വന്യമൃഗങ്ങളോ ആക്രമിച്ചില്ല. എന്നാൽ അവരുടെ പിന്നാലെ വന്ന കൊലയാളികൾ വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായി.

ഈശോ എന്ന വിളി ഒരു അലമുറയായി വീണ്ടും ഉയർന്നത് കഴിഞ്ഞ മെയ് മാസം മണിപ്പൂരിലായിരുന്നു. കലാപം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തങ്ങൾ ആക്രമിക്കപ്പെട്ടപ്പോൾ, തങ്ങളുടെ പള്ളികൾ തകർക്കപ്പെടുന്നത് കണ്ടപ്പോൾ ക്രൈസ്തവർ ഉറക്കെ വിളിച്ചത് ഈശോയേ എന്നായിരുന്നു. ഇന്നും മണിപ്പൂരിലെ ക്രൈസ്തവരുടെ അധരങ്ങളിൽ നിറയുന്നത് ഈശോ എന്ന നാമമാണ്.

ലോകം എത്രമാത്രം ഈശോ എന്ന നാമത്തെ അവഹേളിക്കുന്നുവോ അതിലും പതിന്മടങ്ങ് ശക്തമായി ഈ അന്ധനെപ്പോലുള്ളവർ, ക്രിസ്തുവിൽ വിശ്വാസം ഉള്ളവർ, ക്രൈസ്തവർ മുഴുവനും ഈശോയെ വിളിച്ചു പ്രാർത്ഥിക്കും, ഈശോ എന്ന നാമത്തെ മഹത്വപ്പെടുത്തും എന്നതിന് യാതൊരു സംശയവും വേണ്ട. കാരണം, ഈശോ, ക്രൈസ്തവർ   ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന അവളുടെ/അവന്റെ ദൈവമാണ്. ഈ പ്രപഞ്ചത്തിന്റെ രക്ഷകനുവേണ്ടിയുള്ള കാത്തിരിപ്പിന് കിട്ടിയ സമ്മാനമാണ് ഈശോ. പരാജിതരെ, പാവപ്പെട്ടവരെ, അവഗണിക്കപ്പെട്ടവരെ ചേർത്തുപിടിക്കുന്ന ദൈവമാണ് ഈശോ. ഈ പ്രപഞ്ചത്തിലെ കാരുണ്യത്തിന്റെ പേരാണ് ഈശോ; സ്നേഹത്തിന്റെ അനുകമ്പയോടെ പേരാണ് ഈശോ. മറ്റുള്ളവരുടെ വേദനകാണുമ്പോൾ നമ്മുടെ ഹൃദയത്തിൽ ഉറവയെടുക്കുന്ന കണ്ണീരിന്റെ പേരാണ് ഈശോ. ഓരോ ക്രൈസ്തവ സഹോദരന്റെയും, സഹോദരിയുടെയും ഹൃദയത്തിന്റെ താളമാണ് ഈശോ. അവളുടെ / അവന്റെ ജീവിതത്തിന്റെയും, അവളുടെ / അവന്റെ കുടുംബത്തിന്റെയും നാഥനാണ് ഈശോ!

തീർച്ചയായും, ഈശോ എന്ന നാമത്തെ അവഹേളിക്കുന്ന ആർക്കും ഇന്നത്തെ സുവിശേഷ ഭാഗവും, സുവിശേഷത്തിലെ അന്ധനും വെല്ലുവിളി തന്നെയാണ്. സ്നേഹമുള്ള ക്രൈസ്തവ സഹോദരിമാരേ, സഹോദരന്മാരേ, ഈ നാമം, ഈശോയെന്ന നാമം വിളിച്ചപേക്ഷിക്കുമ്പോൾ, ഈശോ, ദൈവം പ്രകാശമായി, വഴിയായി, സത്യമായി, ജീവനായി, സമൃദ്ധിയായി, സമാധാനമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിൽ നിൽക്കുന്നത്. ഈ ഞായറാഴ്ച്ച, സുവിശേഷത്തിലെ അന്ധനോടൊപ്പം, ഈശോയെ ദൈവമായി, കർത്താവായി ജീവിതത്തിൽ ഏറ്റുപറയുവാനും, എന്നും എപ്പോഴും ഈശോ എന്ന നാമം ചൊല്ലിക്കൊണ്ട് ജീവിതത്തെ വിശുദ്ധീകരിക്കുവാനും ലോകം ഈശോയെന്ന നാമത്തെ അവഹേളിക്കുമ്പോൾ, ജീവിതത്തിന്റെ എല്ലാ സമയങ്ങളിലും, സാഹചര്യങ്ങളിലും ഈശോയാണ് എന്റെ ദൈവമെന്നു പ്രഖ്യാപിക്കുവാനും സുവിശേഷം നമ്മെ ക്ഷണിക്കുകയാണ്.

ജെറുസലേമിലേക്കുള്ള യാത്രയിൽ ഈശോയും ശിഷ്യരും ജറീക്കോയെ സമീപിച്ചപ്പോൾ വഴിയരുകിൽ ഭിക്ഷ യാചിച്ചിരുന്ന ഒരു അന്ധനെ ഈശോ സുഖപ്പെടുത്തുന്ന സംഭവത്തിലെ പ്രധാന ആശയങ്ങളെ പെറുക്കിയെടുത്ത് ഒന്ന് വിശകലനം ചെയ്യുമ്പോൾ തീർച്ചയായും, ഈശോ എന്താണ് നമ്മോടുപറയാൻ ആഗ്രഹിക്കുന്നതെന്ന് പതുക്കെ മറനീക്കി പുറത്തുവരും. ജീവിതത്തിന്റെ നാൽക്കവലകളിൽ എങ്ങോട്ടു പോകണമെന്നും, എന്ത് ചെയ്യണമെന്നും അറിയാതെ നട്ടംതിരിയുമ്പോൾ, എന്ത് ചെയ്യണമെന്നറിയാതെ അന്ധകാരത്തിൽ തപ്പിത്തടയുമ്പോൾ, ഈശോ എന്ന് വിളിച്ചപേക്ഷിച്ചാൽ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് മനസ്സിലാകും. അപ്പോൾ ഈശോ എന്ന നാമത്തിന്റെ അത്ഭുത ശക്തി നമുക്ക് അനുഭവവേദ്യമാകും.

ഒന്നാമതായി, ഈ സുവിശേഷഭാഗം നമുക്ക് പറഞ്ഞു തരുന്നത്, അന്ധനായ മനുഷ്യന് ഈശോയെ നേരത്തേ അറിയാമായിരുന്നു എന്നാണ്. ഈശോ അദ്ദേഹത്തിന് വെറും കേട്ടുകേൾവി മാത്രമായിരുന്നില്ല. പഴയനിയമം അദ്ദേഹത്തിന് അറിയാമായിരുന്നു.. ഈശോ ദാവീദിന്റെ പുത്രനാണ് എന്ന് അന്ധൻ മനസ്സിലാക്കിയിരുന്നു. തീർന്നില്ല, ഈശോ ലോകത്തിലേക്ക് വരാനിരിക്കുന്ന രക്ഷകനാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. മാത്രമല്ല, ഈശോയെ തന്റെ കർത്താവായി അയാൾ ഹൃദയത്തിൽ സ്വീകരിച്ചവനുമാണ്. മലയാള ഭാഷയിൽ കർത്താവ് എന്നതിന് ധാരാളം അർത്ഥങ്ങളുണ്ട്. നിർമിക്കുന്നവൻ, ചെയ്യുന്നവൻ, നിർവഹിക്കുന്നവൻ, നടത്തുന്നവൻ എന്നിങ്ങനെയാണ് അർഥങ്ങൾ. പര്യായപദങ്ങളായി രചയിതാവ്, സ്രഷ്ടാവ്, നിയന്താവ് എന്നീ വാക്കുകളും ശബ്ദതാരാവലി നൽകുന്നുണ്ട്. അതായത്, നേരിട്ട് കാണാൻ സാധിച്ചിട്ടില്ലെങ്കിലും, തന്റെ മനസ്സിലെ ആഗ്രഹങ്ങൾ പങ്കുവയ്ക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും, അന്ധൻ ഈശോയെ തന്റെ ജീവിതത്തിന്റെ കർത്താവായി, എല്ലാമായി സ്വീകരിച്ചിരുന്നു.  

രണ്ടാമതായി, ഈശോയെ കാണാൻ ശ്രമിച്ച അന്ധന് പുറമെനിന്നുള്ള തടസ്സം (External obstacle) ജനക്കൂട്ടമായിരുന്നു. ജനക്കൂട്ടവും, ജനക്കൂട്ടത്തിന്റെ ബഹളവും, മിണ്ടാതിരിക്കുവാൻ പറയുന്ന ശകാരങ്ങളും, ആക്രോശങ്ങളും, ഈശോയിലേക്ക് അടുക്കുവാൻ അന്ധന് തടസ്സമായി നിന്നു. ആൾക്കൂട്ട കൊലപാതകങ്ങളും, ആൾക്കൂട്ടത്തിന്റെ, ഏച്ചു പിടിപ്പിച്ചും, ചൊല്ലിപ്പൊലിപ്പിച്ചും നിറം പിടിപ്പിച്ച കഥകളുണ്ടാക്കലും വളരെ സാധാരണമായ ഈ കാലത്തിൽ ജനക്കൂട്ടം അന്ധന് ഈശോയിലേക്ക് എത്താനുള്ള ഒരു തടസ്സമായിരുന്നു എന്ന് പറഞ്ഞാൽ അത്ഭുതപ്പെടാനില്ല. കാരണം, ആൾക്കൂട്ടത്തിനു വേട്ടനായയുടെ മനസ്സാണ്. ഒരു ഇരയെ കിട്ടിയാൽ എങ്ങനെ അതിനെ കീഴ്പ്പെടുത്താമെന്ന് മാത്രമാണ് അതിന്റെ ഗൂഢാലോചന. നിങ്ങളുടെ ബലഹീനതപോലും മുഖംമൂടിയായി വ്യാഖ്യാനിക്കപ്പെടും! നിങ്ങളുടെ സത്യസന്ധതപോലും കള്ളത്തരമായി പറയപ്പെടും!

റോമാസാമ്രാജ്യ കാലഘട്ടത്തിലെ വളരെ പ്രധാനപ്പെട്ട തത്വചിന്തകരിൽ ഒരാളായ സെനെക്കാ (Seneca, AD 65) തന്റെ സുഹൃത്ത് ലുചിലിയുസിന് (Lucilius) അയച്ച ഒരു കത്തിൽ എഴുതിയത് ഇങ്ങനെയാണ്: “ഒഴിവാക്കേണ്ടതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്തെന്ന് നിങ്ങൾ ചോദിക്കുന്നു. ഞാൻ പറയുന്നു, ജനക്കൂട്ടം.” ജനക്കൂട്ടം ചിലപ്പോൾ ആർത്തുവിളിച്ച് സ്വാഗതമോതും, മറ്റ് ചിലപ്പോൾ ആക്രോശിച്ച് കുരിശിൽ തറയ്ക്കും, വേറെ ചിലപ്പോൾ കരുണയില്ലാതെ മനുഷ്യരെ നഗ്നരാക്കും. ചിലപ്പോഴാകട്ടെ നിർവികാരമായി നിൽക്കും.

വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ ഒരു രംഗമുണ്ട്. യേശുവിനെ കുരിശിൽ തറയ്ക്കുവാൻ “തലയോട് എന്ന സ്ഥലത്ത് അവർ വന്നു. അവിടെ അവർ അവനെ കുരിശിൽ തറച്ചു. ആ കുറ്റവാളികളെയും – ഒരുവനെ അവന്റെ വലതുവശത്തും, ഇതരനെ ഇടതുവശത്തും. യേശു ഉറക്കെ പറഞ്ഞു: “പിതാവേ, അവരോട് ക്ഷമിക്കണമേ. അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല. പിന്നീട് അവന്റെ വസ്ത്രങ്ങൾ ഭാഗിച്ചെടുക്കുവാൻ അവർ കുറിയിട്ടു.” ഇത്രയും വിവരിച്ചശേഷം ഒരു കുഞ്ഞുവരി വിശുദ്ധ ലൂക്കാ എഴുതിവെച്ചിട്ടുണ്ട്. അതിങ്ങനെയാണ്, ” ജനക്കൂട്ടം നോക്കി നിന്നു”. ലോകത്തിൽ അന്നുവരെയുണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും ക്രൂരമായ ഒരു വിധി നടപ്പാകുന്ന വികാര നിർഭരമായ ആ നിമിഷത്തിൽ നോക്കുക ജനക്കൂട്ടത്തിന്റെ മനോഭാവം – നിർവികാരം!  ജനക്കൂട്ടം നോക്കി നിന്നു.  

ഇതൊന്നുമല്ലെങ്കിൽ ജനക്കൂട്ടം video എടുത്ത് രസിക്കും. ഇതെല്ലാം ജനക്കൂട്ടത്തിന്റെ തമാശകളാണ്. ജനക്കൂട്ടം എപ്പോഴും തടസ്സമാണ്.  ഈ അന്ധന് മാത്രമല്ല, സക്കേവൂസിനും ഈശോയെ കാണാൻ തടസ്സമായിരുന്നത് ജനക്കൂട്ടമായിരുന്നു എന്ന് ഓർക്കുക.. (ലൂക്കാ 19, 3)

ജനക്കൂട്ടമെന്നതിനു വലിയ അർത്ഥവ്യാപ്തിയുണ്ട്. 1. നിങ്ങളും ഞാനും അടങ്ങുന്ന ആളുകളുടെ കൂട്ടം. ഇതാണ് സാമാന്യ അർത്ഥത്തിൽ ജനക്കൂട്ടമെന്നു പറയുന്നത്. എന്ന് പറഞ്ഞാൽ, ഞാൻ കാരണം, എന്റെ ഉയർച്ച കാരണം, സാമ്പത്തികമായതോ, വിവിധ talents ഉള്ളതുകൊണ്ടോ, superiority complex കൊണ്ടോ, എന്റെ അഹങ്കാരം കൊണ്ടോ ഉള്ള ഉയർച്ച, ഉയരം കാരണം, എന്റെ തന്റേടം കൊണ്ടുള്ള ബഹളം കാരണം, എന്റെ വീടിന്റെ ആർഭാടം കാരണം, വലിയ വിലപിടിപ്പുള്ള, അച്ചടക്കമില്ലാത്ത എന്റെ വസ്ത്രധാരണത്തിന്റെ പളപളപ്പ് കാരണം, എന്റെ ആഭരണങ്ങളുടെ കിലുക്കം കാരണം, മറ്റുള്ളവരെ പരിഗണിക്കാത്ത, മറ്റുള്ളവരെ ഇല്ലാതാക്കുന്ന ആൾക്കൂട്ടത്തിന്റെ സ്വഭാവങ്ങൾ എന്നിലുള്ളതുകൊണ്ട്, എന്റെ ദേവാലയത്തിന്റെ വലിപ്പം കാരണം, പണക്കൊഴുപ്പിൽ തിമിർത്താടുന്ന പള്ളിപ്പെരുന്നാളുകളുടെ ബഹളം കാരണം, എന്റെ സഹോദരിക്ക്, എന്റെ സഹോദരന് ഈശോയെ കാണുവാൻ, ഈശോയുടെ അടുത്തെത്തുവാൻ സാധിക്കുന്നില്ല!! അതായത്, എന്റെ ക്രൈസ്തവജീവിതം തന്നെ, എന്റെ സന്യസ്ത പൗരോഹിത്യ ജീവിതം തന്നെ, എന്തിന് ഞാൻ അർപ്പിക്കുന്ന വിശുദ്ധ ബലി പോലും ഈശോയെ കാണുന്നതിന്, ഈശോയിലേക്കു ചെല്ലുന്നതിന് മറ്റുള്ളവർക്ക് തടസ്സമാകുന്നു എന്ന്!!?? എന്റെ ജീവിതം മറ്റുള്ളവർക്ക് ഈശോയെ കാണുവാൻ ഒരു തടസ്സമായി മാറുന്നതില്പരം മറ്റെന്തു ദുരന്തമാണ് ഈ ലോകത്തിലുള്ളത്?! പ്രളയം, മഹാമാരി തുടങ്ങിയ ദുരന്തങ്ങളുടെയൊക്കെ സ്ഥാനം ഇതിന്റെ പിന്നിലേ വരികയുള്ളു പ്രിയപ്പെട്ടവരെ. മറ്റുള്ളവരുടെ ആധ്യാത്മിക ജീവിത വഴികളിൽ ഞാനൊരു external obstacle ആയി മാറുന്നുണ്ടോ എന്നു പരിശോധിച്ചറിയുവാൻ ദൈവവചനം നമ്മെ നിർബന്ധിക്കുന്നു. എന്തായാലും ജനക്കൂട്ടം കാരണം ഈശോയെ കാണുവാൻ അന്ധന് സാധിച്ചില്ല!!

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജീവിതത്തിൽ ഇതുപോലെയൊരു അവസ്ഥ അദ്ദേഹം അനുഭവിക്കുന്നുണ്ട്. അദ്ദേഹം വത്തിക്കാനിൽ ചെന്നപ്പോൾ പോപ്പിനെ കാണുന്നതിന് പ്രോട്ടോക്കോൾ പാലിക്കണമെന്നും, പ്രത്യേക ഡ്രസ്സ് കോഡ് അനുസരിക്കണമെന്നും ഓഫീസിലുള്ളവർ നിർബന്ധിച്ചു. തന്റെ സാധാരണമായ ഡ്രസ്സ് മാറ്റുവാൻ മഹാത്മജി ആഗ്രഹിച്ചില്ല. മഹാത്മജിക്ക് പോപ്പിനെ കാണുവാൻ അനുവാദം ലഭിച്ചില്ല. വത്തിക്കാന്റെ തലയെടുപ്പ്, പോപ്പിനെ കാണുവാനുള്ള നിയമങ്ങളിലെ കാർക്കശ്യം തുടങ്ങിയവ അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. അതുകൊണ്ടാണ് പുറത്തിറങ്ങിയ അദ്ദേഹം ഇങ്ങനെ പറഞ്ഞത്: ക്രിസ്തുവേ നിന്നെ ഞാൻ സ്നേഹിക്കുന്നു. എന്നാൽ ക്രിസ്ത്യാനികളെ അങ്ങനെ കാണുവാൻ എനിക്ക് സാധിക്കുന്നില്ല.” മറ്റുള്ളവരുടെ ഈശോയിലേക്കുള്ള വഴിയിൽ മാർഗതടസ്സങ്ങളാകാതിരിക്കുവാൻ നാം ശ്രദ്ധിക്കണം.

2. ജനക്കൂട്ടം എന്നിൽ തന്നെയുള്ള multiple personality ആകാം! ഇതൊരു മാനസിക വൈകല്യമാണ്. ഇപ്പോഴിതിനെ Dissociative Identity Disorder (DID) എന്നാണു പറയുന്നത്. നമ്മിൽ തന്നെ രണ്ടോ അതിൽ കൂടുതലോ വ്യക്തികളുടെ, പ്രത്യേക പേരുള്ള, സ്വഭാവ സവിശേഷതകളുള്ള വ്യക്തികളുടെ സാന്നിധ്യത്തെയാണ് ഒന്നിലധികം വ്യക്തിത്വം, multiple personality എന്ന് പറയുന്നത്. “മണിച്ചിത്രത്താഴ്” എന്ന മലയാള സിനിമയിലെ നായികയെ ഓർക്കുന്നില്ലേ? Dissociative identity disorder ഉള്ള വ്യക്തിയായിട്ടാണ് നായികയെ ചിത്രീകരിച്ചിരിക്കുന്നത്. ഗംഗാ, നാഗവല്ലി എന്നിങ്ങനെയുള്ള വ്യക്തിത്വങ്ങൾ! ഒന്ന് ചിന്തിച്ചു നോക്കൂ! എന്റെ പേര് ടോം എന്നാണെങ്കിൽ എന്നിൽ എത്ര ടോം മാരുണ്ട്? എന്റെ പേര് ട്രീസ എന്നാണെങ്കിൽ എന്നിൽ ചിലപ്പോൾ ഒരേ സമയം തന്നെ എത്ര ട്രീസ മാരുണ്ട്? അല്ലെങ്കിൽ എനിക്ക് എത്ര മുഖങ്ങളുണ്ട്? ഭർത്താവിന്റെ അടുത്ത് ചെല്ലുമ്പോൾ ഒരാൾ, ഭാര്യയുടെ അടുത്താകുമ്പോൾ മറ്റൊരാൾ, മക്കളുടെ അടുത്ത് വേറൊരു വ്യക്തിത്വം, മാതാപിതാക്കളുടെ അടുത്ത് പിന്നെയും വേറൊരു വ്യക്തി, കൂട്ടുകാരന്റെ, കൂട്ടുകാരിയുടെ അടുത്ത് വേറൊന്ന്, ഓഫീസിൽ, പാർട്ടി വേദികളിൽ, ഒരു പെൺകുട്ടിയെ, ആൺകുട്ടിയെ കാണുമ്പോൾ, പള്ളിയിൽ ഇരിക്കുമ്പോൾ, ഞാൻ ഒറ്റയ്ക്കാകുമ്പോൾ — തമ്പുരാനേ, ഞാനൊരു ആൾക്കൂട്ടം തന്നെ.  സ്നേഹമുള്ളവരേ, ഈ ആൾക്കൂട്ടത്തിൽ ഒറിജിനലായ ഞാൻ ഏതാണ്? ഈ ആൾക്കൂട്ടത്തിൽ നിന്നുകൊണ്ട് ഒറിജിനലായ എനിക്ക് എങ്ങനെ ഈശോയെ കാണുവാൻ കഴിയും?? ജീവിതത്തിന്റെ ചില വേളകളിലെങ്കിലും, അന്ധനായി തപ്പിത്തടഞ്ഞു വീഴുമ്പോൾ, എത്ര ശ്രമിച്ചിട്ടും പലകുറവുകളാൽ ജീവിതത്തിൽ ഒന്നും നടക്കാതെ വരുമ്പോൾ നാമൊക്കെ ഉറക്കെ അലറി കരഞ്ഞിട്ടുണ്ടാകും. എങ്ങനെയെങ്കിലും ഈശോയെ കാണണമെന്ന് ആശിച്ചിട്ടുണ്ടാകും. പക്ഷെ നമ്മിലെ ജനക്കൂട്ടം കാരണം നമുക്ക് കാണാൻ, അവന്റെ അടുത്തെത്താൻ കഴിയുന്നില്ല.

ഇന്ന് നമുക്ക് നമ്മിലെ ജനക്കൂട്ടത്തിനും അപ്പുറം നിൽക്കാൻ ആകണം. നമ്മെ നിശബ്ദമാക്കുന്ന നമ്മിലെ പല തരത്തിലുള്ള വ്യക്തികളെ മനോഭാവങ്ങളെ നമുക്ക് ദൂരെയെറിയണം. നമ്മിലെ ജനക്കൂട്ടത്തിനും മുകളിൽ നമ്മിലെ ശരിയായ, ഒറിജിനലായ നന്മനിറഞ്ഞ വ്യക്തിത്വത്തെ സ്ഥാപിക്കണം. ജനക്കൂട്ടമെന്ന external obastacle നെ ക്കുറിച്ചു നാം ബോധവാന്മാരാകണം. എങ്കിലേ, ഈശോയെ വിളിക്കാൻ, ഈശോയെ കാണുവാൻ, ജീവിതം പ്രകാശം നിറഞ്ഞതാക്കാൻ നമുക്ക് സാധിക്കൂ.

മൂന്നാമതായി, അന്ധന് ഈശോയെ കാണാൻ സാധിക്കാത്തവിധം internal obstacle ഉണ്ടായിരുന്നു. അന്ധത തന്നെയായിരുന്നു അവന്റെ ആന്തരിക തടസ്സം. പക്ഷെ, ഈ സംഭവത്തിലെ മനുഷ്യന് അന്ധത ഒരു ഭാഗ്യമായിരുന്നു എന്ന് ഞാൻ പറയും! നെറ്റി ചുളിക്കേണ്ട! കാഴ്ചയുള്ള രണ്ടു കണ്ണുകളുണ്ടായിരുന്ന ജനക്കൂട്ടത്തിനു, കാഴ്ചയുള്ള രണ്ടു കണ്ണുകളുണ്ടായിരുന്ന യഹൂദർക്ക്, കാഴ്ചയുള്ള രണ്ടു കണ്ണുകളുണ്ടായിരുന്ന ഫരിസേയർക്കു, നിയമജ്ഞർക്കു, ശരിയായ ഈശോയെ അറിയാൻ, കാണാൻ കഴിഞ്ഞില്ല. എന്നാൽ, അന്ധനായിരുന്നിട്ടും, ഈ യാചകന് അതിനു സാധിച്ചു! അയാൾ ഭാഗ്യവാനല്ലേ?

ചെറുപ്പത്തിലേ അന്ധയായ വ്യക്തിയാണ് ഹെലൻ കെല്ലർ (Helen Keller). കുഞ്ഞായിരുന്നപ്പോഴത്തെ ഒരു രോഗമാണ് അവളെ അന്ധയും, ബധിരയുമാക്കിയത്. ഹെലൻ കെല്ലറുടെ The Story of my life എന്ന ആത്മകഥ നാം എല്ലാവരും വായിച്ചിരിക്കേണ്ടതാണ്. ഒരിക്കൽ ഒരു ജേർണലിസ്റ്റ് അവളോട് ചോദിച്ചു: “അന്ധയായിരിക്കുന്നതു ഭയാനകമായ ഒരു അവസ്ഥയാണോ?” ഒന്ന് പതുക്കെ ചിരിച്ചിട്ട് അവൾ പറഞ്ഞു: “മനോഹരമായ രണ്ടു തുറന്ന കണ്ണുകളുണ്ടായിട്ടും ഒന്നും കാണാതിരിക്കുന്നതിലും ഭേദം, അന്ധയായിരിക്കുമ്പോഴും ഹൃദയം കൊണ്ട് കാണുന്നതാണ്.”

ഹെലൻ കെല്ലറുടെ ഈ ഉത്തരം നമ്മെ ഞെട്ടിക്കുന്നുണ്ടെങ്കിൽ അതിന്റെ അർഥം, സ്നേഹമുള്ളവരേ, രണ്ടു നല്ല കണ്ണുകളുണ്ടായിട്ടും നാം ദൈവത്തെ ഇന്നും കണ്ടിട്ടില്ല എന്ന് തന്നെയാണ്, നാം അന്ധരാണ് എന്നാണ്!

നമ്മിലെ ആർത്തികൾ, ആസക്തികൾ, muscle power, money power, അധികാര ശക്തി, സൗന്ദര്യം, എല്ലാം എല്ലാം നമ്മെ അന്ധരാക്കുന്നു! എന്തിനു സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാൻ സാധിക്കാത്ത വിധം നാമൊക്കെ അന്ധരാകുന്നില്ലേ? സ്വന്തം സഹോദരീ സഹോദരന്മാരെ കാണാൻ കഴിയാത്തവിധം നാം അന്ധരായിത്തീരുന്നില്ലേ? യുക്രൈനിൽ യുദ്ധം ചെയ്യുന്നവർ അന്ധരല്ലേ? ശരീരത്തിന്റെ സുഖത്തിൽ രമിച്ചു പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവരും അന്ധരല്ലേ? മാസങ്ങളായി കത്തിക്കൊണ്ടിരിക്കുന്ന മണിപ്പൂരിനെ കാണാത്ത ഭരണകർത്താക്കളും അന്ധരല്ലേ? കഴിഞ്ഞ ദിവസത്തെ പത്രവാർത്ത ഓർക്കുന്നില്ലേ? ഒരു സ്കൂളിൽ  കുട്ടികൾക്കായി ഭക്ഷണം പാകം ചെയ്യുന്നത് ഒരു ദളിത് സഹോദരിയാണ്. ആ സഹോദരി  പാകം ചെയ്യുന്ന ഭക്ഷണം കുട്ടികൾ കഴിച്ചാൽ ദൈവകോപമുണ്ടാകുമെന്ന് ചിന്തിക്കുന്ന മാതാപിതാക്കന്മാർ അന്ധരല്ലേ?

നമ്മിലെ അന്ധതയെ മാറ്റി, ഹൃദയം കൊണ്ട് ഈശോയെ കാണാൻ, നമ്മിലും, നമ്മുടെ കുടുംബത്തിലും, കൂട്ടുകാരിലും, ഈ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന ഈശോയെ കാണാൻ നമുക്കാകണം.

നോക്കൂ…തന്റെ internal obastacle നെ, അന്ധതയെ മറന്നുകൊണ്ട്, External obastacle നെ, ജനക്കൂട്ടത്തെ, അതിന്റെ ആക്രോശങ്ങളെയും, ശകാരങ്ങളെയും മടികടന്ന്, അവയ്ക്കും മുകളിൽ കയറിനിന്ന് അന്ധൻ വിളിക്കുകയാണ്, അലറുകയാണ്: “ദാവീദിന്റെ പുത്രനായ ഈശോയെ എന്നിൽ കനിയണമേ”. ജനക്കൂട്ടത്തിന്റെ ആരവങ്ങൾക്കും, ആക്രോശങ്ങൾക്കും അപ്പുറത്തുനിന്ന് വന്ന ആ വിളി ഈശോ കേട്ടു. അവിടുത്തെ കാതുകളിൽ ആ വിളി വന്നലച്ചു. ആ വിളിയിലെ നൊമ്പരം അവിടുത്തെ ഹൃദയത്തെ ഉലച്ചു. അവിടുന്ന് കാരുണ്യമായി മാറി, ആ അന്ധന്, അവിടുന്ന്,  ഈശോ,  സൗഖ്യമായി മാറി. അവന്റെ ജീവിതത്തിന് ഈശോ ദൈവമായി മാറി. അവന്റെ ജീവിതം പ്രകാശം നിറഞ്ഞതായി.

ഇതാണ് പ്രിയപ്പെട്ടവരേ, ഈശോയെന്ന വിളിയുടെ അർഥം, അതിന്റെ ശക്തി. ക്രൈസ്തവന് അതുകൊണ്ടാണ് ഈശോയെന്ന നാമം അവന്റെ ജീവനാകുന്നത്. സ്വരാക്ഷരമായ ഈ യും, ഉഷ്മാക്കൾ എന്ന വിഭാഗത്തിൽപ്പെടുന്ന ശ യോട് ഓ എന്ന സ്വരാക്ഷരവും ചേർത്ത ഈശോ എന്നത് ക്രൈസ്തവന് വെറും മലയാളവാക്കല്ല. മറിച്ച്, അവൾക്ക്, അവന് അനുഭവിക്കാവുന്നതിൽ ഏറ്റവും സുന്ദരവും, ഏറ്റവും ശ്രദ്ധേയവുമായ ദൈവമെന്ന അർത്ഥമാണ്.  ക്രൈസ്തവർ ഈശോ എന്ന വാക്കിന് ദൈവം എന്നാണ് അർഥം കൊടുത്തിരിക്കുന്നത്. ആ വിശുദ്ധ നാമത്തെ വെറും, വെറും വാണിജ്യ സിനിമയുടെ title ആക്കിയാൽ, അതും ഒരു തോക്കിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചാൽ ക്രൈസ്തവരുടെ ഹൃദയം തകരില്ലേ? ചങ്ക് പൊള്ളുകയില്ലേ? തകരണം, പൊള്ളണം. 

സ്നേഹമുള്ളവരേ, സീറോമലബാർ സഭയുടെ ആരാധനാക്രമവത്സരത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ഈശോയെന്ന നാമത്തിന്റെ ശക്തി അറിയുവാൻ ഈ ഞായറാഴ്ച്ച നമുക്ക് സാധിക്കട്ടെ.

നാം വിശ്വാസത്തോടെ അലറി വിളിക്കുകയാണെങ്കിൽ, ജനക്കൂട്ടത്തിന്റെ ആരവങ്ങൾക്കും അപ്പുറം നമ്മുടെ വിലാപം കേൾക്കുന്നവനാണ് നമ്മുടെ ദൈവം! വെറുമൊരു ദർശനം മാത്രം ആഗ്രഹിച്ചാലും നമ്മുടെ ദൈവം നമ്മിൽ, നമ്മുടെ കുടുംബത്തിൽ വിരുന്നുവരും, അവിടുത്തെ രക്ഷ നമുക്ക് നൽകും. ഈശോയെ കാണാൻ അതിയായ ആഗ്രഹം നമുക്കുണ്ടാകട്ടെ. നിനക്ക് കാഴ്ചയുണ്ടാകട്ടെ, എന്ന ഈശോയുടെ സ്വരം വിശുദ്ധ കുർബാനയിൽ കേൾക്കുവാൻ അവിടുന്ന് നമുക്ക് ഭാഗ്യം തരട്ടെ. ഈശോയെന്ന നാമത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുവാൻ, അതിന്റെ പ്രാധാന്യം മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുവാൻ നമുക്ക് സാധിക്കട്ടെ. ആമേൻ!

Communicate with love!!