SUNDAY SERMON LK 1, 26-38

മംഗളവാർത്താക്കാലം -ഞായർ 2

സംഖ്യ 22, 20-35

ഏശയ്യാ 43, 25-44, 5

കൊളോ 4, 2-6

ലൂക്കാ 1, 26 – 38

സന്ദേശം

മംഗളവാർത്താക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചത്തെ സദ്വാർത്ത ഗബ്രിയേൽ ദൂതൻ പരിശുദ്ധ കന്യാമറിയത്തെ അറിയിക്കുന്ന മംഗളവാർത്തയാണ്. ഈ സുവിശേഷഭാഗം വായിക്കുമ്പോൾ നമ്മുടെ സവിശേഷ ശ്രദ്ധ ആകർഷിക്കുന്നത് പരിശുദ്ധ അമ്മയുടെ മംഗളവാർത്തയോടുള്ള മറുപടിയാണ്. ഗബ്രിയേൽ ദൂതന്റെ ‘നീ പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചു് ഒരു പുത്രനെ, ലോകരക്ഷകനായ ക്രിസ്തുവിനെ  പ്രസവിക്കും എന്ന വാർത്ത നമ്മിൽ വിസ്മയം ജനിപ്പിക്കുന്നുണ്ടെങ്കിലും, നമ്മെ ഞെട്ടിക്കുന്നില്ല. എന്നാൽ, “ഇതാ കർത്താവിന്റെ ദാസി നിന്റെ വചനംപോലെ എന്നിൽ സംഭവിക്കട്ടെയെന്ന യുവതിയായ മറിയത്തിന്റെ മറുപടി നമ്മെ ഞെട്ടിക്കുകയാണ്. ഇന്നത്തെ ദൈവവചനഭാഗത്തെ പരിശുദ്ധ കന്യകാമറിയത്തിന്റെ മറുപടിയും,  സമർപ്പണമനോഭാവവും നമ്മുടെ ആനുകാലിക ജീവിത സാഹചര്യങ്ങളോട്, ആനുകാലിക സംഭവങ്ങളോട്, അവയോട് നാം പുലർത്തുന്ന മനോഭാവങ്ങളോട് എന്ത് പറയുന്നു എന്ന് പരിശോധിക്കുമ്പോൾ ശരിക്കും നാം ഞെട്ടുകയാണ്. എന്ത് സംഭവിക്കുമെന്നറിയാതെ, ഭാവി എന്തെന്നറിയാതെ, അതിന്റെ ന്യായാന്യായങ്ങൾ വിശകലനം ചെയ്യാതെ ദൈവത്തിന്റെ ഹിതത്തിന് ആമേൻ പറയുന്ന പരിശുദ്ധ അമ്മ ന്യൂജെൻ ഭാഷയിൽ പറഞ്ഞാൽ വലിയൊരു സംഭവമാണ്.

വ്യാഖ്യാനം

വളരെ സാധാരണമായ ഗ്രാമീണ സാഹചര്യങ്ങളിൽ ജീവിച്ച മറിയം എന്നൊരു സാധാരണ യുവതി, ദൈവത്തിന്റെ രക്ഷാകരചരിത്രത്തോടു ചേർന്ന് അവളുടെ ജീവിതത്തിലെടുത്ത ഒരു തീരുമാനത്തിന്റെ, അവൾ പുലർത്തിയ മനോഭാവത്തിന്റെ ആഘോഷമാണ് ഇന്നത്തെ സുവിശേഷ ഭാഗം. ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാകാം, ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞു ജീവിച്ചതുകൊണ്ടാകാം, മകളേ, നിനക്കുവേണ്ടി, നിന്റെ നാളേയ്ക്കു വേണ്ടി ശുഭമായ ഭാവിയും പ്രത്യാശയും (ജറെമിയ 29, 11) മനസ്സിൽ സൂക്ഷിക്കുന്ന ഒരു ദൈവമുണ്ടെന്നും ആ ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് എപ്പോഴും നീ ജീവിക്കണമെന്നും, മറിയത്തിന്റെ മാതാപിതാക്കളായ ജോവാക്കിമും അന്നയും അവളെ ചെറുപ്പത്തിലേ പഠിപ്പിച്ചതുകൊണ്ടാകാം – എന്തുതന്നെയായാലും – മറിയത്തിന്റെ ഈ തീരുമാനം രക്ഷാകരപദ്ധതിയെ മാത്രമല്ല, ലോകചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. ഈ കാലഘട്ടത്തിൽ, തിരുസ്സഭയെയും, തിരുസഭയുടെ സംവിധാനങ്ങളെയും, അതിലൂടെ വെളിപ്പെടുന്ന ദൈവഹിതത്തെയും, സംശയിക്കുന്ന, തള്ളിപ്പറയുന്ന, തെരുവിലിട്ടു അവഹേളിക്കുന്ന, തിരുസ്സഭയിലൂടെ വെളിപ്പെടുന്ന ദൈവഹിതത്തോട് മറുതലിക്കുന്ന സഭാമക്കളുള്ള ഈ കാലഘട്ടത്തിൽ, നമുക്ക് മുന്നിൽ വലിയ വെല്ലുവിളി ഉയർത്തുന്ന ഈ സമർപ്പണ മനോഭാവത്തിന്റെ, ഈ തീരുമാനത്തിന്റെ ചുവടുപിടിച്ചാകട്ടെ ഇന്നത്തെ സുവിശേഷ വിചിന്തനയാത്ര.   

ഇന്നത്തെ സുവിശേഷത്തിൽ, രക്ഷാകരപദ്ധതിയുടെ പണിപ്പുരയിൽ നിന്ന് ദൈവം ഗബ്രിയേൽ ദൂതനെ അയയ്‌ക്കുന്നത്‌ പരിശുദ്ധ അമ്മയെക്കുറിച്ചുള്ള സ്വർഗ്ഗത്തിന്റെ മനസ്സ് തുറക്കുവാനാണ്. ഓരോ മാലാഖയും ഭൂമിയിലേക്ക് വരുന്നത് ഇത്തരമൊരു ദൗത്യവുമായിട്ടാണ്. ഇതാ ദൈവത്തിന്റെ ശക്തിയായ ഗബ്രിയേൽ ദൂതൻ വെറുമൊരു സാധാരണ യഹൂദ സ്ത്രീയുടെ മുൻപിൽ വന്നു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കുകയാണ്. സ്നേഹമുള്ളവരേ, സ്വർഗ്ഗവും ഭൂമിയും കണ്ടുമുട്ടുന്ന മനോഹര ദൃശ്യമാണിത്. ഒരു മഹാസമാഗമം! ഇന്നുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായത്. ഇന്നുവരെ മനുഷ്യൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഹൃദ്യമായ, ആത്മാർഥത നിറഞ്ഞ അഭിവാദ്യങ്ങളാണ് മാലാഖയിൽ നിന്ന് ഉതിർന്നുവീണത്! ഇത് കേട്ട് ഭൂമി കോരിത്തരിച്ചിട്ടുണ്ടാകണം! സമുദ്രം അലകളുയർത്തി ആഹ്ലാദിച്ചിട്ടുണ്ടാകണം. പക്ഷികൾ ചിറകടിച്ചു പറന്നു സന്തോഷിച്ചിട്ടുണ്ടാകണം.! വൃക്ഷങ്ങൾ പുഷ്പവൃഷ്ടി നടത്തിയിട്ടുണ്ടാകണം! അത്രമാത്രം സ്വർഗീയമായിരുന്നു ദൂതന്റെ അറിയിപ്പ്.

ദൈവത്തിന്റെ മാലാഖ ഈശോയുടെ ജനനത്തിന്റെ അറിയിപ്പിനായി മാതാവിന്റെ അടുത്ത് എത്തിയപ്പോൾ, അറിയിപ്പ് മാത്രമായിരുന്നില്ല മാലാഖയുടെ ലക്‌ഷ്യം. മാലാഖ ചോദിക്കാതെ ചോദിച്ചത്, Mary, are you ready for it? മറിയം, ദൗത്യത്തിന് നീ തയ്യാറാണോ? എന്നാണ്. ദൂതന്റെ അറിയിപ്പിനും, മാതാവിന്റെ തീരുമാനത്തിനും ഇടയ്ക്കുള്ള മൗനം, നിശബ്ദത – ആ ഇടവേള ധ്യാനിക്കേണ്ടതാണ് നാം. സ്നേഹമുള്ളവരേ, സ്വർഗം നിശ്ചലമായ നിമിഷമായിരുന്നു അത്! മാലാഖമാരെല്ലാം ഭൂമിയിലേയ്ക്ക്, മേരിയിലേക്കു മാത്രം നോക്കിയിരുന്ന   നിമിഷമായിരുന്നിരിക്കണം അത്! കാരണം, ഭൂമിക്ക്, ഭൂമിയിലെ മനുഷ്യർക്ക് അത്ര എളുപ്പത്തിൽ ഉത്തരം കൊടുക്കുവാൻ സാധിക്കാത്ത ഒരു ചോദ്യമാണ് സ്വർഗം ചോദിച്ചത്? ഇന്നുവരെയുള്ള പാരമ്പര്യമനുസരിച്ച്, വിവാഹംകഴിക്കാതെ ഗർഭവതിയാകുന്നതിനെക്കുറിച്ച് ചിന്തിക്കാനേ മറിയത്തിന് കഴിയില്ല. ഇന്നുവരെയുള്ള രീതിയനുസരിച്ച് പോകാനാണ് താത്പര്യമെന്ന് മറിയം വാശിപിടിച്ചാലോ? ആരും ഒന്നും പറയാൻ പോകുന്നില്ല. ഇതിന് സമ്മതം കൊടുത്താൽ എന്താണ് സംഭവിക്കാൻ പോകുന്നത്? അവൾക്കറിയില്ല. സമ്മതം കൊടുത്തില്ലെങ്കിൽ ദൈവം അവളെ, അവളെയെന്നല്ല ആരെയും, നിർബന്ധിക്കുവാനും പോകുന്നില്ല. ഇതെല്ലം സ്വർഗത്തിനറിയാം. അതുകൊണ്ടാണ് സ്വർഗത്തിന് ആകാംക്ഷ!! സ്വർഗം കാത്തിരിക്കുകയാണ്, മനുഷ്യന്റെ ഉത്തരത്തിന്!!!

മേരി നിശബ്ദയായി, മുട്ടുകുത്തി നിൽക്കുകയാണ്. ഒരു വലിയ നിശ്ശബ്ദതയ്ക്കുശേഷം മാതാവ്, ദൈവത്തിൽ പൂർണമായി വിശ്വസിച്ചുകൊണ്ട്, തന്നെത്തന്നെ പൂർണമായി സമർപ്പിച്ചുകൊണ്ട് പറഞ്ഞു: “ഞാൻ തയ്യാറാണ്”. ഞാൻ തയ്യാറാണ് എന്ന് പറഞ്ഞപ്പോൾ, നിങ്ങൾക്ക് ഊഹിക്കുവാൻ പറ്റുമോ, പ്രിയപ്പെട്ടവരേ, സ്വർഗം എത്രമാത്രം സന്തോഷിച്ചുകാണുമെന്ന്? ഭൂമിയിൽ നാം നടത്തുന്ന ആഘോഷങ്ങളെല്ലാം ഒരുമിച്ചുകൂട്ടിയാലും, ആഹ്ളാദ ത്തിമിർപ്പുകളെല്ലാം കൂട്ടിച്ചേര്ത്താലും മതിയാകാത്തത്ര ആഘോഷമായിരുന്നിരിക്കണം സ്വർഗത്തിൽ അപ്പോൾ നടന്നത് !!മറിയത്തിന്റെ ഈ തീരുമാനമാണ്, ബാഹ്യസമ്മർദ്ദങ്ങളില്ലാത്ത, പുറമെനിന്നുള്ള നിർബന്ധങ്ങളില്ലാത്ത ഈ സമർപ്പണ മനോഭാവമാണ് ദൈവത്തിന്റെ രക്ഷ ഈ ഭൂമിയിൽ സാധ്യമാക്കിയത്!

ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യം ഉയരുന്നുണ്ടാകും. “എങ്കിൽ പിന്നെ എന്തിനാണ് മാതാവ് ദൂതനോട് ചോദ്യങ്ങൾ ചോദിച്ചത്?” ശരിയാണ് യുവതിയായ മറിയം ചോദ്യങ്ങൾ ചോദിച്ചു. പക്ഷെ, ചോദ്യം ചെയ്തില്ല സ്നേഹമുള്ളവരേ. ഹീലോളജി (Healology)എന്ന മോനോഹരമായൊരു പുസ്‌തകമുണ്ട്. ക്രിസ് ജാമി (Criss Jami) യാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്.  വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. അതിൽ മനോഹരമായൊരു ചിന്തയുണ്ട്. അദ്ദേഹം പറയുകയാണ്, സുഹൃത്തുക്കൾ നിങ്ങളോട് ചോദ്യങ്ങൾ ചോദിക്കുന്നു, ശത്രുക്കളാകട്ടെ ചോദ്യം ചെയ്യുന്നു.” (“Friends ask you questions, enemies question you.”) ഉത്പത്തി പുസ്തകത്തിൽ സായാഹ്നങ്ങളിൽ ദൈവത്തോടൊത്തു ഉലാത്തിക്കൊണ്ടിരുന്ന ആദത്തെയും ഹവ്വയേയും പോലെ, ഉത്പത്തി പുസ്തകത്തിൽ, അബ്രാഹം ദൈവത്തോട് ചോദിക്കുന്നതുപോലെ, ദൈവത്തോടൊത്തു സൗഹൃദത്തിൽ കഴിഞ്ഞിരുന്നൊരു യഹൂദ യുവതിയായ മറിയം ചോദ്യങ്ങൾ ചോദിക്കുന്നതിൽ എന്തിനു അത്ഭുതപ്പെടുന്നു? എത്രയോ വട്ടം ദൈവത്തോടൊത്തു മറിയം പ്രാർത്ഥനയിൽ ഇരുന്നിട്ടുണ്ട്? എത്രയോ വട്ടം അവർ സഹൃദ സംഭാഷണങ്ങൾ നടത്തിക്കാണണം? എത്രയോ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടാകണം. എത്രയോ വട്ടം ദൈവം ഉത്തരം കൊടുത്തിട്ടുണ്ടാകണം! – സുഹൃത്തുക്കൾ ചോദ്യങ്ങൾ ചോദിക്കുന്നു, ശത്രുക്കൾ ചോദ്യം ചെയ്യുന്നു!! – അവൾ സർവ സ്വാതന്ത്ര്യത്തോടും കൂടി പറയുകയാണ്: “ഇതാ കർത്താവിന്റെ ദാസി, നിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ.”

സ്നേഹമുള്ളവരേ, ബാഹ്യസമ്മർദ്ദങ്ങളില്ലാത്ത, പുറമെനിന്നുള്ള നിർബന്ധങ്ങളില്ലാത്ത സ്വാർത്ഥത ഒട്ടുമേയില്ലാത്ത സമർപ്പണ മനോഭാവത്തോടെ   ദൈവത്തിന്റെ രക്ഷ ഈ ഭൂമിയിൽ സാധ്യമാക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. പരിശുദ്ധ അമ്മ നമ്മുടെയൊക്കെ – ക്രിസ്തുവിൽ വിശ്വസിക്കുന്നുവെന്ന് പറയുകയും, ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുകയാണ് ഞങ്ങളുടെ കടമയെന്ന് പ്രഖ്യാപിക്കുകയും, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുകയാണ്‌ ഞങ്ങളുടെ ജീവിത ലക്ഷ്യം എന്ന് പറയുകയും ചെയ്യുന്ന – നമ്മുടെയൊക്കെ ക്രൈസ്തവ ജീവിതങ്ങൾക്ക് ഇന്ന് വലിയ വെല്ലുവിളിയാണ്. വിവിധ ജീവിതാന്തസ്സുകളിൽ പ്രവേശിക്കുന്നതിന് മുൻപ് ദൈവത്തിന്റെയും, ദൈവത്തിന്റെ സഭയുടെയും മുൻപിൽ വിശുദ്ധ ബൈബിളിൽ തൊട്ട് സത്യം ചെയ്‌തതിന്‌ശേഷം ആ പ്രതിജ്ഞകൾക്കൊക്കെ വില കൽപ്പിക്കാതെ നമ്മുടെ തോന്നലുകൾക്കും, ലോകത്തിന്റെ പ്രത്യയശാസ്ത്രങ്ങൾക്കും രീതികൾക്കുമനുസരിച്ചും, നമ്മുടെ പിടിവാശികൾക്കുമനുസരിച്ചും ജീവിക്കുന്ന നമുക്ക് ഇന്നത്തെ സുവിശേഷഭാഗത്തിലെ പരിശുദ്ധ കന്യകാമറിയം വലിയ വെല്ലുവിളിയാണ്.

പരിശുദ്ധ അമ്മയെപ്പോലെ നമ്മുടെ സാധരണ ജീവിത സാഹചര്യങ്ങളിൽ, ജീവിതത്തിന്റെ പച്ചയായ സംഭവങ്ങളിൽ നാമും പകച്ചു നിന്നിട്ടുണ്ടാകണം. നമ്മിൽ കുറച്ചു പേരോട് സ്വർഗ്ഗത്തിന്റെ ചോദ്യം ഇതായിരുന്നു: ‘മകളേ, മകനേ നിന്റെ ജീവിതത്തിലൂടെ എന്നെ ലോകത്തിന് പ്രദാനം ചെയ്യാമോ? ക്രിസ്തുവിനെ ഗർഭം ധരിക്കുവാനും, ഗർഭം ധരിച്ച ക്രിസ്തുവിനെ വിവാഹ കുടുംബ ജീവിതാന്തസ്സിലൂടെ ലോകത്തിന് നൽകുവാൻ നീ തയ്യാറാണോ? 

വിവാഹമെന്ന കൂദാശയിലൂടെ, ദാമ്പത്യ ജീവിതത്തിലേക്ക്, കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് നിങ്ങൾ ഒരു തീരുമാനമെടുത്തില്ലേ? എന്തായിരുന്നു ആ തീരുമാനം? “ദൈവമേ, നീ എനിക്ക് തരുന്ന ജീവിത പങ്കാളിയോടുകൂടി ജീവിക്കാൻ, ഈ ജീവിതത്തിലൂടെ ക്രിസ്തുവിനെ ലോകത്തിനു കൊടുക്കുവാൻ ഞാൻ തയ്യാറാണ്.” മനസ്സിൽ എടുത്ത ഈ തീരുമാനത്തെ വിവാഹമെന്ന കൂദാശയുടെ നേരത്ത് വിശുദ്ധ ബൈബിളിൽ തൊട്ട് നിങ്ങൾ ഏറ്റുപറഞ്ഞു. അപ്പോൾ വൈദികൻ എന്ത് പറഞ്ഞു? സ്നേഹമുള്ള നവദമ്പതികളേ, സന്തോഷത്തിലും ദുഃഖത്തിലും …ഒരുമിച്ചു ജീവിക്കണം. പരസ്പരം ബഹുമാനിക്കണം. കുടുംബത്തിന്റെ നന്മയ്ക്കുവേണ്ടി വിട്ടുവീഴ്ച്ച ചെയ്യണം. മുതിർന്നവരിലൂടെ, വൈദികരിലൂടെ ദൈവമഹിതം അറിയുമ്പോൾ അത് ദൈവേഷ്ടമായി സ്വീകരിക്കണം. ഇങ്ങനെ വിവാഹിതരായ ശേഷം, നിങ്ങളുടെ സമർപ്പണ ജീവിതം പരിശുദ്ധ അമ്മയുടേത് പോലെ ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെ എന്നായിരുന്നോ? എത്രയോ വട്ടമാണ് എടുത്ത് പ്രതിജ്ഞ ലംഘിച്ചത്? നമ്മുടെ സുഖത്തിനും സൗകര്യത്തിനുവേണ്ടി എത്ര പ്രാവശ്യമാണ് നമ്മുടെ ഇഷ്ടം നിറവേറ്റിയത്? ഇന്നത്തെ സുവിശേഷ ഭാഗം വെല്ലുവിളിയാണ്! 

നമ്മുടെ ക്രൈസ്തവ സഭയിലുള്ള മറ്റൊരു ജീവിതാന്തസ്സാണ് സന്യസ്ത ജീവിതം. ഇവിടെയും ചോദ്യം ഒന്നുതന്നെ: ‘മകളേ, മകനേ നിന്റെ ജീവിതത്തിലൂടെ എന്നെ ലോകത്തിന് പ്രദാനം ചെയ്യാമോ? ക്രിസ്തുവിനെ ഗർഭം ധരിക്കുവാനും, ഗർഭം ധരിച്ച ക്രിസ്തുവിനെ സന്യസ്ത ജീവിതാന്തസ്സിലൂടെ ലോകത്തിന് നൽകുവാൻ നീ തയ്യാറാണോ? ഞങ്ങൾ സന്യാസിനികൾ, സന്യാസികൾ ദീർഘനാളത്തെ പരിശീലനത്തിനും, പരിചിന്തനത്തിനും ശേഷം തീരുമാനമെടുത്തു, ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്ന് ജീവിതത്തിന്റെ ഓരോ നിമിഷവും പറഞ്ഞുകൊണ്ട് ക്രിസ്തുവിനെ ഗർഭം ധരിക്കുവാനും, ആ ക്രിസ്തുവിനെ ലോകത്തിനു നൽകാനും ഞങ്ങൾ തയ്യാറാണ്.

എന്നിട്ട് അനുസരണം, ദാരിദ്ര്യം ബ്രഹ്മചര്യം അനുഷ്ഠിച്ചുകൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുന്നു. നാളുകൾ കഴിഞ്ഞപ്പോൾ, ദൈവേഷ്ടം തന്നിഷ്ടത്തിന് വഴിമാറി. അനുസരണം ന്യായീകരണങ്ങളിലൂടെ വലിച്ചെറിയപ്പെട്ടു. ബ്രഹ്‌മചര്യം സ്വന്തം മനഃസാക്ഷിയുടെ കോടതി മുറികളിൽ വിചാരണചെയ്യപ്പെടുന്നു! ജീവിതത്തിന്റെ സന്നിഗ്ദ്ധ ഘട്ടങ്ങളിൽ പോലും ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞു ഭൂമിയിൽ ക്രിസ്തുമസ് സംജാതമാകാൻ ജീവിതം സമർപ്പിച്ച മറിയമെവിടെ? ഇന്നത്തെ സന്യസ്തരെവിടെ?

ഇനിയുമൊരു ജീവിതാന്തസ്സുള്ളത് പൗരോഹിത്യമാണ്. ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ നേരിട്ട് പങ്കുപറ്റുവാൻ ക്രിസ്തുവിന്റെ തിരുസഭയിൽ പുരോഹിതരാകുന്നവർ സ്വീകരിക്കുന്നത് എത്രയോ സമുന്നതമായ ദൗത്യമാണ്!! എന്താകുവാനാണ് നീണ്ട വർഷങ്ങൾ ഒരുങ്ങുന്നത്? ക്രിസ്തുവിന്റെ പുരോഹിതരാകുവാൻ. ആർക്കുവേണ്ടിയാണ്? ക്രിസ്തുവിനുവേണ്ടി, ക്രിസ്തുവിന്റെ തിരുസ്സഭയ്ക്കുവേണ്ടി. ആരാണ് ദൗത്യം തരുന്നത്? ക്രിസ്തുവാണ് ദൗത്യം തരുന്നത്. ആരിലൂടെ? തിരുസ്സഭയിലൂടെ. അപ്പോൾ തിരുസ്സഭയിലൂടെ വെളിപ്പെടുന്നത് ആരുടെ ദൗത്യമാണ്? ക്രിസ്തുവിന്റെ. ഇവിടെയും പ്രതിജ്ഞയുണ്ട്. തിരുപ്പട്ടത്തിന് തുടക്കമായിട്ട് അഭിവന്ദ്യ മെത്രാന്റെ മുൻപിൽ മുട്ടുകുത്തി തന്നെത്തന്നെ സമർപ്പിക്കുകയാണ്. കത്തോലിക്കാ സഭയിൽ, സീറോമലബാർ സഭയിൽ, ഈ രൂപതയിൽ മെത്രാനിൽ ദൈവത്തിന്റെ ഇഷ്ടം കണ്ട്‌ അത് അനുവർത്തിക്കാൻ ഞാൻ തയ്യാറാണ്!! 

തിരുസഭയിൽ, അധികാരികളിലൂടെ വെളിപ്പെടുന്ന ദൗത്യം നിറവേറ്റുന്നവരാണ് പുരോഹിതർ. സ്വന്തം ഇഷ്ടം, സ്വന്തം താത്പര്യം ചെയ്യുവാനല്ല ദൈവം പൗരോഹിത്യത്തിലേക്ക് ക്ഷണിക്കുന്നത്. പക്ഷെ തീരുമാനമെടുത്ത ശേഷം, എടുത്ത   പ്രതിജ്ഞയെ മറന്ന് സ്വന്തം ഇഷ്ടം ചെയ്യുവാൻ ജാഥയായി ഇറങ്ങിപുറപ്പെടുമ്പോൾ ക്രിസ്തുവിന്റെ പൗരോഹിത്യം അപഹസിക്കപ്പെടുകയല്ലേ? ഇന്നത്തെ സുവിശേഷ ഭാഗം, സുവിശേഷ ഭാഗത്തിലെ പരിശുദ്ധ അമ്മ ഇന്നത്തെ പുരോഹിതർക്കും, മത നേതാക്കന്മാർക്കും വെല്ലുവിളിയാണ്!!   

ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ പരിശുദ്ധ അമ്മ നമ്മുടെ മുൻപിൽ ഉയർത്തുന്ന വെല്ലുവിളി ഏറ്റെടുക്കുവാൻ ചങ്കൂറ്റമുണ്ടെങ്കിൽ – അതെ, ചങ്കൂറ്റമുള്ളവർക്കേ അതിന് കഴിയൂ –   നമ്മിലൂടെ സീറോ മലബാർ സഭയിലൂടെ, തിരുസ്സഭയിലൂടെ ലോകത്തിൽ ക്രിസ്തുമസ് സംജാതമാക്കുവാൻ നമുക്ക് കഴിയും. നമ്മുടെ ക്രൈസ്തവജീവിതങ്ങൾ വെറും വേഷംകെട്ടലാകാതിരിക്കട്ടെ. ക്രിസ്തുവിനെതിരെ ദുഷ്ടശക്തികൾ ലോകം മുഴുവനും പ്രബലപ്പെടുന്ന ഈ കാലഘട്ടത്തിൽ, ക്രിസ്തുവിനായി ലോകം മുഴുവനും ദാഹിക്കുന്ന ഈ അവസരത്തിൽ പ്രച്ഛന്നവേഷമത്സരങ്ങൾ നടത്തി സമയം നഷ്ടപ്പെടുത്തരുതേ! മുന്തിരിച്ചെടിയോട് ചേർന്ന് നിന്നെങ്കിലേ ഫലം പുറപ്പെടുവിക്കാനാകൂ. സഭയോടൊത്ത് ചിന്തിക്കാനും, ജീവിക്കാനും, ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനും നമുക്കാകട്ടെ. നാമാരും ഇന്ന് ദൈവത്തിന്റെ ഇഷ്ടം അന്വേഷിക്കുന്നില്ല. കണ്ടെത്തിയാലും അതിന്റെ മുൻപിൽ സമർപ്പിതരാകുന്നില്ല. നാമാരും ക്രിസ്തുവിനെ ഗർഭം ധരിക്കുന്നില്ല. അതുകൊണ്ടു തന്നെ ക്രിസ്തുവിനെ പ്രസവിക്കുന്നുമില്ല. അഥവാ ആരെങ്കിലും ക്രിസ്തുവിനെ ഗർഭം ധരിക്കുന്നുണ്ടെങ്കിൽ, സഭയിലൂടെ, കുടുംബത്തിലൂടെ, വെളിപ്പെടുന്ന ദൈവേഷ്ടത്തിന് എതിര് നിൽക്കുന്നതുകൊണ്ട്, അതിനെതിരെ മുഷ്ടിചുരുട്ടി അലറുന്നതുകൊണ്ട് അവ അലസിപ്പോകുന്നു പ്രിയപ്പെട്ടവരേ!!!!!!

ഓരോ തീരുമാനത്തിന്റെ സമയത്തും സ്വർഗം നമ്മുടെ മുൻപിലെത്തുന്നുണ്ട് എന്ന് സ്‌നേഹമുള്ളവരെ മനസ്സിലാക്കുക. കാരണം, ഓരോ തീരുമാനവും ഈ ഭൂമിയിൽ ക്രിസ്തുമസ്സാകാൻ, ക്രിസ്തുമസിന്റെ സന്തോഷവും സമാധാനവും വിതറുന്നതാകാൻ ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ ഓരോ തീരുമാനവും ക്രിസ്തു നമ്മിൽ ഗർഭം ധരിക്കുന്നതുവേണ്ടിയുള്ള YES ആകാൻ സ്വർഗം ആഗ്രഹിക്കുന്നു.  നമ്മുടെ ഓരോ തീരുമാനവും ക്രിസ്‌തുവിന്‌ ഈ ഭൂമിയിൽ ജന്മം കൊടുക്കുന്നതാകണമെന്നു സ്വർഗം ആഗ്രഹിക്കുന്നു. ഏറ്റവും മനോഹരവും നല്ലതുമായ തീരുമാനത്തിൽ ജീവിക്കുകയെന്നാണ് പരിശുദ്ധ ‘അമ്മ ഇന്ന് നമ്മോടു പറയുന്ന സന്ദേശം.

സമാപനം

സ്നേഹമുള്ളവരേ, എങ്ങനെയാണ് ക്രിസ്തുമസ് ഭൂമിയിൽ കൊണ്ടുവരേണ്ടതെന്നു, നമ്മുടെ ക്രൈസ്തവ ജീവിതം എങ്ങനെയാണ് നയിക്കേണ്ടതെന്നു നമ്മെ പഠിപ്പിക്കുന്ന സ്കൂളാണ് പരിശുദ്ധ ‘അമ്മ. നമ്മുടെ ജീവിതത്തിൽ നാമെടുത്ത, നാമെടുക്കുന്ന തീരുമാനങ്ങളോട് ചേർന്ന് പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ നമ്മുടെ കുടുംബജീവിതം, വൈദിക ജീവിതം സന്യസ്തജീവിതം നയിക്കുമ്പോൾ നാമും കൃപനിറഞ്ഞവരാകും. കർത്താവ് നമ്മോടുകൂടെയുണ്ടാകും. പരിശുദ്ധാത്മാവ് നമ്മുടെമേൽ വരും. നാം ഈശോയെ ഗർഭം ധരിക്കും. പടുത്തുയർത്തുന്ന, ക്രിയാത്മകമായ തീരുമാനങ്ങൾ ജീവിതത്തിൽ എടുക്കുവാൻ ആരാണ് നമ്മെ സഹായിക്കുക? ആരാണ് നമ്മെ ശക്തിപ്പെടുത്തുക? മറ്റാരുമല്ല, വിശുദ്ധ കുർബാനയിലെ ഈശോ നമ്മെ ശക്തിപ്പെടുത്തും.

ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവത്തിന്റെ ഇടപെടലുകൾ മനസ്സിലാക്കുവാനും, അറിയിപ്പുകൾ കേൾക്കാനും, ക്രിയാത്മകമായ തീരുമാനങ്ങൾ എടുക്കുവാനും, തീരുമാനങ്ങളോട് ചേർന്ന് നന്മനിറഞ്ഞ ക്രൈസ്തവജീവിതം നയിക്കുവാനും നമുക്കാകട്ടെ. അപ്പോൾ നമ്മിലൂടെ ക്രിസ്തുമസ് ആഗതമാകും. നാം അനുഗ്രഹീതരാകും.

ഇതാ കർത്താവിന്റെ ദാസി / ദാസൻ. അവിടുത്തെ ഇഷ്ടം എന്നിൽ, എന്റെ കുടുംബത്തിൽ, സഭയിൽ, ഇടവകയിൽ നിറവേറട്ടെ. ആമേൻ!

SUNDAY SERMON LK 1, 5-25

മംഗളവാർത്താക്കാലം ഒന്നാം ഞായർ

ഉത്പത്തി 17, 15-22

ഏശയ്യ 43, 1-7, 10-11

എഫേ 5, 21-6, 4

ലൂക്കാ 1, 5-25

സന്ദേശം  

സീറോ മലബാർ സഭയുടെ ആരാധനാക്രമവത്സരം വീണ്ടും തുടങ്ങുകയാണിന്ന്. സ്വർഗോന്മുഖമായി തീർത്ഥാടനം ചെയ്യുന്ന തിരുസഭാമക്കൾ ഒരുമിച്ചുകൂടി, പ്രധാന കാർമികനായ വൈദികനോട് ചേർന്ന്, രക്ഷകനായ ക്രിസ്തുവഴി പിതാവായ ദൈവത്തിന് സമർപ്പിക്കുന്ന മിശിഹായുടെ രക്ഷാകര രഹസ്യങ്ങളുടെ ആഘോഷമായ വിശുദ്ധ കുർബാന ആരാധനാക്രമവത്സരത്തിലൂടെയും അവതരിക്കപ്പെടുകയാണ്. സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിന്റെ കേന്ദ്രബിന്ദുവായ മിശിഹായുടെ ഉയിർപ്പിനെ ആസ്പദമാക്കി, മിശിഹാ രഹസ്യങ്ങളെയും, മറ്റ് തിരുനാളുകളെയും ആരാധനാക്രമ വത്സരത്തിൽ ക്രമീകരിച്ചിരിക്കുന്നു. നമ്മുടെ ആരാധനാവത്സരത്തിലെ ഒന്നാമത്തെ കാലമായ മംഗള വാർത്താക്കാലത്തിൽ നാം ധ്യാനവിഷയമാക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ പൂർണത അവിടുത്തെ മനുഷ്യാവതാരത്തിലാണ്. രണ്ട്, ‘സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്തയായ’ (ലൂക്കാ 1, 11) ലോക രക്ഷകനായ ക്രിസ്തുവിന്റെ ജനനം പ്രഘോഷിക്കുക. ഈ കാലത്തിന്റെ കേന്ദ്രമായി നിലകൊള്ളുന്നത് ക്രിസ്തുവിന്റെ പിറവിത്തിരുനാളാണ്.

മംഗളവാർത്തക്കാലത്തിന്റെ പേര് അന്വർത്ഥമാക്കുംവിധം ഈ കാലത്തിലെ നാല് ഞായറാഴ്ചകളിൽ സദ്വാർത്തകളാണ്, മംഗളവാർത്തകളാണ് നാം കേൾക്കുന്നത്. ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചുകേട്ടതുപോലെ, സഖറിയായ്ക്കും എലിസബത്തിനും ദൈവം സദ്വാർത്ത നൽകുകയാണ്. മംഗളവാർത്താക്കാലം ആദ്യ ഞായറാഴ്ചത്തെ സന്ദേശം ദൈവത്തിൽ വിശ്വസിക്കുക, നമ്മുടെ ജീവിതത്തിലെ ദൈവത്തിന്റെ ഇടപെടലുകളെ മനസ്സിലാക്കുക, ചുവടൊന്നു മാറ്റിച്ചവിട്ടുക എന്നതാണ്.

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷ ഭാഗത്തിലെ പ്രതിപാദ്യവിഷയം അബിയായുടെ ഗണത്തിൽപ്പെട്ട പുരോഹിതനായ സഖറിയായുടെയും, അദ്ദേഹത്തിന്റെ ഭാര്യ അഹറോന്റെ പുത്രിമാരിൽപ്പെട്ട എലിസബത്തിന്റെയും ജീവിതത്തിലുണ്ടായ, കുടുംബത്തിലുണ്ടായ   ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലുകളാണ്. ചരിത്രപരമായ ഒരു സാഹചര്യത്തിലാണ് വൃദ്ധ ദമ്പതികളായ സഖറിയായെയും എലിസബത്തിനെയും ലൂക്കാസുവിശേഷകൻ അവതരിപ്പിച്ചിരിക്കുന്നത്. ഹേറോദേസ് രാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തിൽ പെട്ട, അഹരോന്റെ പുത്രിമാരിൽപെട്ട എന്നൊക്കെ അവതരിപ്പിക്കുന്നത് നൂറ്റാണ്ടുകൾക്കുമുന്പ് നടന്ന സംഭവത്തിന് വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും, ചരിത്രത്തിൽ ഇടപെടുന്നവനാണ് ദൈവം എന്ന് ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ്.

ദൈവത്തിന്റെ ഇടപെടലുകളോടുള്ള ഇവരുടെ പ്രതികരണം, ജീവിതത്തിൽ ദൈവിക ഇടപെടലുകളുടെ മുൻപിൽ എങ്ങനെയാണ് നിൽക്കേണ്ടതെന്ന് നമ്മെ പഠിപ്പിക്കും. ദൈവിക ഇടപെടലുകൾക്ക് മുൻപിൽ സഖറിയായും, എലിസബത്തും എങ്ങനെയാണ് വർത്തിച്ചത്?

ഇവരുടെ പ്രത്യേകത ഒരു ട്രാക്കിലൂടെ, ഒരേയൊരു ട്രാക്കിലൂടെ ഓടിക്കൊണ്ടിരുന്നവരായിരുന്നു ഇവർ എന്നതാണ്. ഏതാണാ ട്രാക്ക്? ദൈവത്തിന്റെ മുൻപിൽ കുറ്റമറ്റവരായി, നീതിനിഷ്ഠരായി ജീവിച്ചപ്പോഴും പ്രായം കവിഞ്ഞുപോയ ഞങ്ങൾക്കിനി മക്കളുണ്ടാകുകയില്ലായെന്ന ഒറ്റ ചിന്തയിൽ, ആ ഒറ്റ ട്രാക്കിലാണ്‌ അവർ ഓടിക്കൊണ്ടിരുന്നത്. ദൈവത്തിനു അസാധ്യമായി ഒന്നുമില്ലായെന്നു ചിന്തിക്കുവാൻ, തങ്ങളുടെ ജീവിതത്തിൽ ദൈവം അത്ഭുതം പ്രവർത്തിക്കുമെന്ന് ഉറച്ചുവിശ്വസിക്കുവാൻ ആ രീതിയിൽ ചുവടൊന്നു മാറ്റിചവിട്ടുവാൻ അവർ ശ്രമിച്ചില്ല. 

സഖറിയാ എന്ന വാക്കിനർത്ഥം ദൈവം ഓർത്തു എന്നാണ്. എന്നാൽ തന്റെ പേരിന്റെ അർഥം അദ്ദേഹം ഓർക്കുന്നില്ല. തന്റെ പേരിന്റെ അർഥം എന്തെന്ന് അദ്ദേഹം ഒന്നോർത്തിരുന്നെങ്കിൽ ദൈവദൂതന്റെ മുൻപിൽ വിശ്വാസ സ്ഥൈര്യത്തോടെ നിൽക്കാമായിരുന്നു. പക്ഷെ അദ്ദേഹം അത് ചെയ്തില്ല. കർത്താവിന്റെ ദൂതന്റെ സന്ദേശത്തിലെ ദൈവികചൈതന്യം പോലും അദ്ദേഹത്തിൽ വിസ്മയം ഉളവാക്കിയില്ല. “ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീപസ്ഥനാണെന്നും, മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുമെന്നും” (സങ്കീ 34, 18) എന്തുകൊണ്ട് അദ്ദേഹം ഓർത്തില്ലാ? “കർത്താവിൽ ആശ്രയിക്കുന്നവനെ അവിടുത്തെ സ്നേഹം വലയം ചെയ്യുമെന്ന്” എന്തുകൊണ്ട് അദ്ദേഹം എലിസബത്തിനോട് പറഞ്ഞില്ല? “കർത്താവിനെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാകുകയില്ലെന്നും” (സങ്കീ 34, 9) എന്തുകൊണ്ട് അദ്ദേഹം ചിന്തിച്ചില്ല? വചനം പറയുന്നു: “അവർ ദൈവത്തിന്റെ മുൻപിൽ നീതി നിഷ്ഠരും, കർത്താവിന്റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു.” പക്ഷേ, സ്വർഗം മുൻപിൽ വന്നു നിന്നപ്പോൾ, ദൈവം വെളിപാടുമായി സഖറിയയുടെ മുൻപിൽ നിന്നപ്പോൾ അദ്ദേഹത്തിന് ആ സ്വർഗത്തെ, ദൈവത്തെ മനസ്സിലാക്കുവാൻ കഴിഞ്ഞില്ല.

“ദൂതൻ അവനോട് പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ട, ദൈവം നിന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു.” എത്രകാലമായുള്ള പ്രാർത്ഥനയാണ് സഖറിയയുടെ? വിവാഹത്തിന് മുൻപ് തുടങ്ങിയ പ്രാർത്ഥനയാണ്. ദൈവമേ, നല്ലൊരു ജീവിത പങ്കാളിയെ നൽകണേ. മക്കളെ നൽകി അനുഗ്രഹിക്കണേ. വിവാഹം കഴിഞ്ഞും ഇന്നുവരെ ദൈവമേ മക്കളെ തരണേ എന്നായിരുന്നു പ്രാർത്ഥന. എന്നെങ്കിലും ദൈവം തന്റെ പ്രാർത്ഥന കേൾക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നത്. കാലമെത്ര കഴിഞ്ഞു … മനുഷ്യൻ എത്ര ആഗ്രഹിച്ചാലും ദൈവത്തിന്റെ സമയം വരണമല്ലോ. എന്നാൽ, ആ സമയം വന്നപ്പോൾ സഖറിയായ്ക്കത് വിശ്വസിക്കാനായില്ല. ഇതാ സഖറിയാസ് മൂകനാകുന്നു. എന്തൊരു വൈരുധ്യമാണിത് പ്രിയപ്പെട്ടവരേ!!! ജീവിതം മൂകമാകുകയാണ്. ആംഗ്യങ്ങൾ കാണിച്ചുകൊണ്ട് ജനങ്ങളുടെമുൻപിൽ അദ്ദേഹം അപഹാസ്യനാകുകയാണ്.

സഖറിയാ എന്ന വാക്കിനർത്ഥം ദൈവം ഓർത്തു (God remembered) എന്നായിരുന്നെങ്കിലും, എലിസബത്ത്   എന്ന വാക്കിനർത്ഥം എന്റെ ദൈവം വാഗ്ദാനമാണ് (My God is oath), എന്റെ ദൈവം സമൃദ്ധിയാണ് (My God is abundance) എന്നൊക്കെയായിരുന്നെങ്കിലും, തങ്ങളുടെ പേരിന്റെ അർത്ഥമെന്താണെന്നു അവർ ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ അവർക്കു ചുവടൊന്നു മാറ്റിചവിട്ടാമായിരുന്നു. ദൈവം തന്നെ ഓർക്കുമെന്ന് സഖറിയായും, ദൈവം തന്റെ വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്ന് ദൈവം ജീവൻ സമൃദ്ധിയായി നല്കുന്നവനാണെന്ന് എലിസബത്തും വിശ്വസിച്ചിരുന്നെങ്കിൽ, കൂടെക്കൂടെ ആ വിശ്വാസം ഏറ്റുപറഞ്ഞിരുന്നെങ്കിൽ ആ ഒരു ട്രാക്കിൽ അവർ നിൽക്കുകയില്ലായിരുന്നു. ഏതാണാ ട്രാക്ക്?  പ്രായം കവിഞ്ഞുപോയ ഞങ്ങൾക്കിനി മക്കളുണ്ടാകുകയില്ലായെന്ന ഒറ്റ ചിന്ത, ഒറ്റ ട്രാക്ക്. അതുകൊണ്ടു എന്ത് പറ്റി? അവർ പോലും അറിയാതെ ദൈവം അത്ഭുതമായി അവരുടെ ജീവിതത്തിൽ വന്നപ്പോൾ നോക്കൂ… സഖറിയാ പ…പ്പ…പ്പ…പ്പ… വയ്ക്കുകയാണ്. എന്തോ ഒക്കെ വിളിച്ചുപറയുകയാണ്‌. ജീവിതം stop ആകുകയാണ്; ജീവിതം മൂകമാകുകയാണ്.

ഇവിടെ സംസാരശേഷി നഷ്ടപ്പെടുകയെന്നത് ഒരു പ്രതീകമാണ്. ദൈവത്തിന്റെ അരുളപ്പാടിന്റെ മുൻപിൽ നമ്മുടെ ജീവിതം പതറുമ്പോൾ അവശ്യം നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ഒരു അവസ്ഥയാണിത്. ആരോടും ഒന്നും പറയുവാൻ വയ്യാത്ത അവസ്ഥ! ജീവിതത്തിൽ വലിയൊരു ഒറ്റപ്പെടൽ എന്ന അനുഭവത്തിലൂടെ ഒരുവൻ കടന്നുപോകും. മറ്റുള്ളവർ ഉള്ളതും ഇല്ലാത്തതും പറഞ്ഞുപരത്തും. ജീവിതം വളരെ അസ്വസ്ഥമാകും!

മദ്യപിക്കുന്ന ഒരാളുടെ ജീവിതമെടുക്കുക. മദ്യപിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് ദൈവത്തിന്റെ ദൂതൻ പലരൂപത്തിൽ, പല ആളുകളിലൂടെ, പല സംഭവങ്ങളിലൂടെ കടന്നുവരും. ചിലപ്പോൾ, മദ്യപാനം മൂലം കുടുംബത്തിന് നഷ്ടമുണ്ടായാലും ദൈവം അയാളെ വീണ്ടും വീണ്ടും അനുഗ്രഹിക്കും. മറ്റുചിലപ്പോൾ എന്തെങ്കിലും അത്യാഹിതത്തിലൂടെ ദൈവം സംസാരിക്കും. തരത്തിലുള്ള ദൈവിക ഇടപെടലുകളെ അവഗണിക്കുമ്പോൾ ഒരുവൻ എത്തിച്ചേരുക വലിയ ദുരന്തത്തിലേക്കായിരിക്കും! ദൈവത്തിന്റെ ഇടപെടലുകളെ കണ്ടില്ലെന്നു നടിക്കുക, അഹങ്കാരം മൂലം അതിനെ അവഗണിക്കുക എന്നത് വലിയ ദുരന്തഫലങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കും.

എന്നിട്ടും സഖറിയായെ ദൈവം ഓർത്തു; ദൈവം തന്റെ വാഗ്ദാനം അനുസ്മരിച്ചു. അവിടുന്ന് അവർക്കു ദൈവത്തിന്റെ സമ്മാനം കൊടുത്തു. യോഹന്നാൻ എന്ന പേരിനർത്ഥം ദൈവത്തിന്റെ സമ്മാനം (the gift of God) എന്നാണ്.

സ്നേഹമുള്ളവരേ, ഈ ക്രിസ്മസ് ഒരുക്കക്കാലത്ത് എന്റെ ജീവിതത്തിലും ദൈവത്തിന്റെ ഇടപെടലുകളുണ്ടാകുമെന്നും, ആ ഇടപെടലുകളെ മനസ്സിലാക്കുവാൻ ഞാൻ ശ്രമിക്കുമെന്നും നമുക്ക് തീരുമാനമെടുക്കണം. മാത്രമല്ല, നാം ഓടിക്കൊണ്ടിരിക്കുന്ന ട്രാക്ക് ഏതാണെന്നു പരിശോധിക്കണം. ട്രാക്കുകൾ പലവിധമാണ്. ചിലരുടേത് ഇങ്ങനെയാണ്: ഓ! എത്ര ശ്രമിച്ചിട്ടും കാര്യമില്ല. ദുഷ്ടനെ ദൈവം പനപോലെ വളർത്തും. മറ്റുചിലരുടേതു “വീട്ടിൽ ഇപ്പോഴും അസുഖമാണ്. ഒരാൾക്ക് മാറിയാൽ അടുത്തയാൾക്കു. എത്ര പ്രാർത്ഥിച്ചിട്ടും ഒരു കാര്യവുമില്ല. ദൈവം കണ്ണുതുറക്കാത്ത, കരയാനറിയാത്ത കളിമൺ പ്രതിമകൾ. ഒരു ജോലി, നല്ലൊരു വീട് …ഇതൊന്നും നടക്കില്ല. വീട്ടുകാരും നാട്ടുകാരും ശരിയല്ല… ഇങ്ങനെ നമുക്കോരോരുത്തർക്കും ഓരോ ട്രാക്ക്. എന്നിട്ടോ? ജന്മം ചെയ്താൽ ചുവടൊന്നു മാറ്റിചവിട്ടുകയില്ല. ജീവിതം മൂകമായാലും, എത്രമാത്രം തകർന്നാലും ഒന്ന് മാറി ചിന്തിക്കുകയില്ല.

ഒരു മാസികയിൽ വന്ന ചിത്രീകരണം

ഓർത്തുപോകുകയാണ്: ഒരു റയിൽവേ ട്രാക്ക്. അതിലൂടെ ഒരു പശുവും അതിന്റെ കിടാവും നടക്കുകയാണ്. നീണ്ടു നിവർന്ന് കിടക്കുന്ന ട്രാക്ക്… ആരും ശല്യപ്പെടുത്താനില്ല…അവരങ്ങനെ അലസമായി നടക്കുകയാണ്. അപ്പോഴാണ് പുറകിൽ നിന്ന് ട്രെയിനിന്റെ ചൂളം വിളി കേട്ടത്. പശുവും കിടാവും ട്രാക്കിലൂടെ ഓടാൻ തുടങ്ങി. ഒരേ ദിശയിലേക്ക് വലത്തോട്ടും, ഇടത്തോട്ടും തിരിയാതെ…അവർ ഓടുകയാണ്…കുറെ കഴിഞ്ഞപ്പോൾ അനിവാര്യമായതു സംഭവിച്ചു. പശുവിനെയും കിടാവിനെയും തട്ടിത്തെറുപ്പിച്ചു ട്രെയിൻ കടന്നുപോയി. ഈ ചിത്രീകരണത്തിന്റെ അടിക്കുറിപ്പ് ഇതാണ്: ഒന്ന് ചുവടു മാറ്റി ചവിട്ടിയിരുന്നെങ്കിൽ സ്വയം രക്ഷിക്കാമായിരുന്നു, അടുത്ത തലമുറയെയും!

സമാപനം

സ്നേഹമുള്ളവരെ, 2022 ലെ ക്രിസ്തുമസിനായി ഒരുങ്ങുന്ന നമുക്കൊരു ചുവടുമാറ്റം ആവശ്യമുണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.  നമ്മുടെ ജീവിതത്തിലെ ദൈവിക ഇടപെടലുകളെ തിരിച്ചറിയുവാനും അവയുടെ മുൻപിൽ ഉറച്ച വിശ്വാസത്തോടെ നിൽക്കുവാനുമുള്ള ദൈവകൃപ നമുക്കുണ്ടാകണം.

ജീവിതത്തെ മൂകമാക്കുന്ന ചിന്തകളിൽനിന്ന് മാറി, ദൈവം എന്നെ ഓർക്കുമെന്നും, അവിടുന്ന് വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്നും അവിടുത്തെ സമ്മാനം എനിക്ക് നൽകുമെന്നും ഉറച്ചു വിശ്വസിച്ചുകൊണ്ട് ചുവടൊന്ന് മാറ്റി ചവുട്ടി നോക്കിക്കേ. അപ്പോൾ ദൈവത്തിന്റെ ഇടപെടലുകളെ മനസ്സിലാക്കുവാൻ നമുക്ക് സാധിക്കും. ആമേൻ!

SUNDAY SERMON FEAST OF CHIRST THE KING

ക്രിസ്തുവിന്റെ രാജത്വ തിരുനാൾ 2022

ദൈവത്തെയും ദൈവത്തിലുള്ള വിശ്വാസത്തേയും തകർത്തെറിഞ്ഞുകൊണ്ട് 1917 കളിലൂടെ കടന്നുവന്ന ബോൾഷെവിക് വിപ്ലവത്തിലൂടെ (Bolshevik Revolution) മാർക്സിയൻ സോഷ്യലിസം (Marxian Socialism) റഷ്യയിലും, ലോകത്തിലെങ്ങും വലിയ സ്വാധീനം ചെലുത്തിയിരുന്ന ഒരു കാലം! ദൈവം വെറും മിഥ്യയാണെന്നും, ലോകത്തെ ഭരിക്കുന്ന സൂപ്പർ മനുഷ്യന് ഭൗതികവാദത്തിലൂടെ ലോകത്തെ സമൃദ്ധിയിലേക്ക് നയിക്കുവാൻ സാധിക്കുമെന്നുമായിരുന്നു അന്നത്തെ പ്രചാരണം! 1920 കളിലെത്തിയപ്പോഴാകട്ടെ ദേശീയവാദവും, ഭൗതികവാദവും ഒരുപോലെ ദൈവിക സങ്കല്പങ്ങളെ നിഷ്പ്രഭമാക്കിക്കളഞ്ഞിരുന്നു. യുദ്ധങ്ങളും, കലഹങ്ങളും, ലോകത്തിന്റെയും മനുഷ്യന്റെയും സമാധാനം തല്ലിക്കൊടുത്തിയ ആ കാലഘട്ടത്തിൽ, ഈ പ്രപഞ്ചത്തെ, ലോകത്തെ, മനുഷ്യമനസ്സുകളെ ഭരിക്കുന്നത്, ലോകത്തിനു സമാധാനം നൽകുന്നത് രാജാക്കന്മാരുടെ രാജാവായ ക്രിസ്തുവാണെന്ന്, സമാധാനത്തിന്റെ രാജാവായ ക്രിസ്തുവാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അന്നത്തെ മാർപാപ്പ പയസ് പതിനൊന്നാമൻ നാമിന്ന് ആഘോഷിക്കുന്ന ക്രിസ്തുവിന്റെ രാജത്വ തിരുനാൾ 1925 ൽ സാർവത്രിക സഭയിൽ നടപ്പിലാക്കി. അന്നുമുതൽ ഇന്നോളം ക്രൈസ്തവ ലോകം ക്രിസ്തുവിനെ ഈ ലോകത്തിന്റെ, ക്രൈസ്തവകുടുംബങ്ങളുടെ, തങ്ങളുടെ ജീവിതത്തിന്റെ രാജാവായി സ്വീകരിച്ചിരിക്കുകയാണ്.   

ക്രിസ്തുവിനെക്കുറിച്ചു ഓർക്കുമ്പോൾ ഓരോ ക്രൈസ്തവനും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന വിശേഷണവും ഇതുതന്നെയാണ്: രാജാക്കന്മാരുടെ രാജാവായ ക്രിസ്തു! ഇന്ന് പള്ളിക്കൂദാശാകാലത്തിന്റെ നാലാം ഞായറാഴ്ച്ച ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ നാം വീണ്ടും ഈ വിശേഷണം ഓർത്തെടുക്കുകയാണ്. കുഞ്ഞുന്നാളിൽ സൺ‌ഡേ സ്കൂൾ കുട്ടികളായിരുന്ന കാലത്ത് ഒരു മുദ്രാവാക്യമായി, ഉള്ളിൽ തട്ടുന്ന ഒരു സങ്കീർത്തനമായി ജയ് ജയ് ക്രിസ്തുരാജൻ എന്ന് ഏറ്റുപറഞ്ഞതും തീർച്ചയായും നമ്മുടെ സ്മരണയിലുണ്ട്. സുപ്രസിദ്ധ ഗായകനായ ശ്രീ കെ. ജെ. യേശുദാസിന്റെ ശബ്ദത്തിൽ “രാജാക്കന്മാരുടെ രാജാവേ…എന്ന സുന്ദരമായ ഗാനം കേൾക്കുമ്പോഴും, ദേവാലയത്തിരുനാളുകളിൽ ബാൻഡ് സെറ്റുകാർ ആ ഗാനം മീട്ടുമ്പോഴും ഉള്ളിൽ സന്തോഷം തോന്നാത്തവരായി ആരാണുള്ളത്? ആ ഗാനം ഒന്ന് മൂളാത്തവരായും നമ്മിൽ ആരുമുണ്ടാകില്ല. നിഷ്കളങ്കമായ ഈ ഓർമകളിൽ നിന്നുകൊണ്ട് ഈ വർഷത്തെ ക്രിസ്തുരാജത്തിരുനാൾ ആഘോഷിക്കുവാൻ തിരുസ്സഭ നമ്മെ ക്ഷണിക്കുകയാണ്. എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ!   

ക്രിസ്തു രാജാവാണ് എന്നത് തിരുസഭയിൽ വൈകിവന്ന ഒരാശയമല്ല. ഗബ്രിയേൽ ദൂതൻ പരിശുദ്ധ അമ്മയോട് മംഗളവാർത്ത അറിയിച്ചപ്പോൾ തന്നെ ക്രിസ്തുവിന്റെ രാജത്വം പ്രഖ്യാപിച്ചിരുന്നു. “നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും… അവൻ വലിയവൻ ആയിരിക്കും. അത്യുന്നതന്റെ പുത്രനെന്ന് വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും.  യാക്കോബിന്റെ ഭവനത്തിന്മേൽ അവൻ എന്നേയ്ക്കും ഭരണം നടത്തും.” (ലൂക്കാ 1, 31-32) വിശുദ്ധ പൗലോശ്ലീഹ തിമോത്തിയോസിനെഴുതിയ ഒന്നാം ലേഖനത്തിൽ ക്രിസ്തുവിനെ “രാജാക്കന്മാരുടെ രാജാവും, പ്രഭുക്കന്മാരുടെ പ്രഭുവും” (King of kings and lord of lords) എന്ന് വിശേഷിപ്പിക്കുന്നുണ്ട് (6, 15). AD 314 ൽ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരനായ എവുസേബിയൂസ് (Eusebius) ക്രിസ്തുവിനെ രാജാവായി അവതരിപ്പിക്കുന്നുണ്ട്.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ആശയമാണ് രാജത്വം. മനുഷ്യചരിത്രത്തിലെ ആദ്യകാലങ്ങൾമുതൽ ഗോത്രരാജാക്കന്മാരും നാട്ടുരാജാക്കന്മാരും, മറ്റും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. എങ്കിലും, കാലങ്ങൾ പലതു കഴിഞ്ഞിട്ടും, തലമുറകൾ അനേകം കടന്നുപോയിട്ടും ഇസ്രായേൽ ജനത്തിന് രാജാവില്ലായിരുന്നു എന്നത് മറ്റ് ഗോത്രങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. ദൈവം ആയിരുന്നു അവർക്കെല്ലാം. അവരെ നയിക്കുകയും, പരിപാലിക്കുകയും, രക്ഷിക്കുകയും ചെയ്തിരുന്നത് ദൈവമാണെന്ന് അവർ വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്തിരുന്നു. തന്നെയുമല്ല, മറ്റ് ഗോത്രങ്ങൾ, രാജാവില്ലാത്ത, ദൈവത്താൽ മാത്രം നയിക്കപ്പെടുന്ന ഇസ്രായേൽ ജനങ്ങളെ അസൂയയോടെയാണ് നോക്കിയിരുന്നത്! എന്നാൽ, സാമുവേൽ പ്രവാചകന്റെ അവസാന നാളുകളിൽ ഇസ്രായേൽ ജനം അദ്ദേഹത്തോട് പറഞ്ഞു: ” മറ്റുജനതകൾക്കുള്ളതുപോലെ ഞങ്ങൾക്കും ഒരു രാജാവിനെ നിയമിച്ചു തരിക.” തങ്ങളുടെ ദൈവത്തെയാണ് അവർ നിരാകരിക്കുന്നത് എന്നറിഞ്ഞിട്ടും ദൈവം സാമുവേലിനോട് പറഞ്ഞു: ‘ജനം പറയുന്നത് കേൾക്കുക…എന്നാൽ അവരെ ഭരിക്കാനിരിക്കുന്ന രാജാക്കന്മാരുടെ രീതി സൂക്ഷ്മമായി അവർക്കു വിവരിച്ചുകൊടുക്കുക”. സാമുവേൽ ജനത്തോടു പറഞ്ഞു: ‘നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവ് നിങ്ങളോട് ഇങ്ങനെ ചെയ്യും. തന്റെ രഥത്തിന്റെ മുൻപിൽ ഓടാൻ തേരാളികളായി നിങ്ങളുടെ പുത്രന്മാരെ അവൻ നിയമിക്കും. ഉഴവുകാരും, നെയ്ത്തുകാരും ആയുധപണിക്കാരും രഥോ പകരണ നിർമാതാക്കളായും അവരെ നിയമിക്കും. നിങ്ങളുടെ പുത്രിമാരെ അസുഗന്ധതൈലക്കാരികളും പാചകക്കാരികളും അപ്പക്കാരികളുമാക്കും. നിങ്ങളുടെ തോട്ടങ്ങളിലെ നല്ലതെല്ലാം സ്വന്തമാക്കും. അവൻ നിങ്ങളുടെ ആട്ടിൻപറ്റത്തിന്റെ ദശാംശം എടുക്കും. നിങ്ങൾ അവന്റെ അടിമകളായിരിക്കും. നിങ്ങൾ തിരഞ്ഞെടുക്കുന്ന രാജാവ് നിമിത്തം അന്ന് നിങ്ങൾ വിലപിക്കും.’ (1 സാമുവേൽ 8, 1 – 18) ഇത്രയും പറഞ്ഞിട്ട് പ്രവാചകൻ അവരോടു ചോദിച്ചു: ‘ജനങ്ങളേ, നിങ്ങൾക്കു രാജാവിനെ വേണോ?” ജനം ഒന്നടങ്കം പറഞ്ഞു: “ഞങ്ങൾക്ക് രാജാവിനെ വേണം”.എന്നിട്ടെന്തായി??

ഇസ്രായേൽ ജനത്തിന്റെ ചരിത്രം മാത്രമല്ല രക്ഷാകര ചരിത്രം പോലും രാജാക്കന്മാർ ഇസ്രായേൽ ജനത്തിനോട് കാണിച്ച അനീതിയുടെ, ക്രൂരതകളുടെ, അടിച്ചമർത്തലുകളുടെ ചരിത്രമാണ്. ആദ്യരാജാവായ സാവൂൾ തുടങ്ങി, ദാവീദ്, ആഹാബ് തുടങ്ങിയ രാജാക്കന്മാരെല്ലാം ഇസ്രായേൽ ജനത്തോട്ട് കാണിച്ച ചതിയുടെയും, അധർമ്മത്തിന്റെയും ചരിത്രവും കൂടിയാണ് രക്ഷാകര ചരിത്രം! നാം ഓർക്കണം, പഴയനിയമ ചരിത്രത്തിലെങ്ങും താൻ രാജാവാണെന്നു ദൈവം പറഞ്ഞിട്ടില്ല. ലൗകികരായ രാജാക്കന്മാരുടെ മഹത്വവും, പ്രതാപവും കണ്ട ജനമാണ് ദൈവത്തിനു രാജാവ് എന്ന പട്ടം ചാർത്തിക്കൊടുത്ത്. ദൈവം രാജാവാണെന്നു പറഞ്ഞപ്പോൾ ഇസ്രായേൽക്കാർ പക്ഷെ, തങ്ങളെ ശത്രുക്കളിൽ നിന്ന് രക്ഷിക്കുന്ന, തങ്ങളെ പച്ചയായ മേച്ചിൽപ്പുറങ്ങളിലേക്കു നയിക്കുന്ന, തങ്ങളോടൊത്തു വസിക്കുന്ന ഏറ്റവും ഉത്തമനായ ഒരു രാജാവായാണ് ദൈവത്തെ കണ്ടത്.

ലോകചരിത്രത്തിൽ തന്നെ മറക്കാനാവാത്ത ഒരു കാലഘട്ടമാണ് രാജാക്കന്മാരുണ്ടായിരുന്ന കാലം. യുദ്ധങ്ങളുടെയും, അടിച്ചമർത്തലുകളുടെയും, വെട്ടിപ്പിടിക്കലിന്റെയും കഥകൾക്ക് എന്നും രക്തത്തിന്റെ നിറമുണ്ടായിരുന്നു, മണമുണ്ടായിരുന്നു. മനുഷ്യത്വം ഇല്ലാത്ത വിധത്തിലുള്ള ഒരു വിധേയത്വം, കാരുണ്യം ലവലേശമില്ലാത്ത അടിമത്വം ഈ കാലത്തിന്റെ പ്രത്യേകതകളായിരുന്നു. നമ്മുടെ കേരളത്തിലും രാജാക്കന്മാരുടെയും പ്രഭുക്കളുടെയും കാലം വളരെ ഭയാനകമായിരുന്നു. പ്രത്യേകിച്ചും, പത്തൊൻപതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും!

ഭാഷയുടെ പരിമിതികൊണ്ടോ എന്തോ, എല്ലാ ഭാഷകളിലും രാജാവ് എന്ന വാക്കു പൂർണമായും പോസറ്റീവ് അർത്ഥങ്ങളല്ല നൽകുന്നത്. എന്തുകൊണ്ടോ അടിമത്വം എന്നത് രാജാവ് എന്ന വാക്കിന്റെ പര്യായമായി ഇന്നും ഭാഷയിൽ നിലനിൽക്കുന്നു.

ഇക്കാരണങ്ങളാൽ തന്നെ, ക്രിസ്തുവിനു ഒട്ടും തന്നെ ചേരാത്ത ഒരു വിശേഷണമാണ് രാജാവ് എന്നുള്ളത്. അതുകൊണ്ടുതന്നെയാവണം, ഈശോ ഒരിക്കൽപോലും ഈ ലോകത്തിന്റെ രാജാവാകാൻ ആഗ്രഹിച്ചില്ല.

രാജത്വം അതിന്റെ സർവ മഹത്വത്തിലും ക്രൂരതയിലും നിലനിന്ന കാലത്തായതുകൊണ്ടാവാം ഈശോയെ രാജാവാക്കുവാൻ ജനത്തിനു വലിയ താത്പര്യമായിരുന്നു. ‘മിശിഹാ രാജാവായി വരുമ്പോൾ തങ്ങളെ അടിമത്തത്തിൽ നിന്ന് രക്ഷിക്കുമെന്ന’ ഒരു വിശ്വാസം ഇസ്രായേൽ ജനത്തിനുണ്ടായിരുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിൽ അയ്യായിരത്തിലധികം വരുന്ന ജനതയ്ക്കു അപ്പം വർധിപ്പിച്ചു കഴിഞ്ഞപ്പോൾ, അവരെല്ലാം ഭക്ഷിച്ചു തൃപ്തരായപ്പോൾ ജനങ്ങൾ ഈശോയെ പിടിച്ചു രാജാവാക്കാൻ ശ്രമിക്കുന്നുണ്ട്. (യോഹ 6, 15) ഒലിവുശാഖകളുമായി ജനം ഈശോയെ എതിരേറ്റപ്പോൾ മിശിഹായുടെ രാജത്വത്തിന്റെ പൂവിടലായിട്ടാണ് അവർ ഈശോയെ കണ്ടത്. (യോഹ 12, 12 -19) ചുവന്ന മേലങ്കിയും മുൾക്കിരീടവും അണിയിച്ചു “യൂദന്മാരുടെ രാജാവേ സ്വസ്തി” എന്ന് ക്രിസ്തുവിനെ അധിക്ഷേപിച്ചപ്പോഴും ക്രൂരമായിട്ടാണെങ്കിലും മിശിഹായുടെ രാജത്വമെന്ന ആശയം അവർ ആഘോഷിക്കുകയായിരുന്നു. (യോഹ 19, 3) ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചുകേട്ടതുപോലെ, പീലാത്തോസും ചോദിക്കുന്നുണ്ട് ഒരു ചോദ്യം: “നീ യൂദന്മാരുടെ രാജാവാണോ?” (യോഹ 18, 33) ഉന്നത അധികാരികൾപോലും മിശിഹായുടെ രാജത്വം പ്രതീക്ഷിച്ചിരുന്നു. അവസാനം, കാൽവരിയിൽ നല്ലകള്ളനും ഈശോയുടെ രാജത്വം പ്രഘോഷിക്കുന്നുണ്ട്: ‘ഈശോയെ നിന്റെ രാജ്യത്തിൽ ആയിരിക്കുമ്പോൾ എന്നെയും ഓർക്കണമേ.’ (ലൂക്ക 23, 43)

ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഭരിക്കപ്പെടുന്ന ജനാധിപത്യത്തിന്റെ ഈ കാലഘട്ടത്തിൽ ഈശോയെ രാജാവായിക്കാണുക അത്ര എളുപ്പമല്ല. അതുമാത്രമല്ല, നല്ല രാജാക്കന്മാർ ധാരാളം ചരിത്രത്തിൽ ഉണ്ടെങ്കിലും, രാജാവെന്നു കേൾക്കുമ്പോൾ അടിമത്തത്തിന്റെ, ക്രൂരതയുടെ ഒരു ചിത്രമാണ് നമ്മുടെ മനസ്സിലേക്ക് വരിക. അതിനാൽ, ഈശോയെ അത്തരത്തിൽ ഒരു രാജാവായിട്ടല്ല, എന്റെ ദൈവമായി കാണാനാണ് എനിക്കിഷ്ടം. അവിടുന്നെന്റെ രക്ഷകനാണ്. എന്നെത്തേടി വരുന്ന, എന്നെ തോളിലേറ്റുന്ന എന്റെ നല്ല ഇടയനാണ്. അവിടുന്ന് ആരെയും അടിമകളാക്കിയിട്ടില്ല. ഒരു തുണ്ടു ഭൂമിപോലും ആരിൽനിന്നും തട്ടിയെടുത്തിട്ടില്ല. അധികാരം നിലനിർത്താൻ പടയോട്ടങ്ങൾ നടത്തിയിട്ടില്ല, അളിഞ്ഞ രാഷ്ട്രീയം കളിച്ചിട്ടില്ല. കോടികൾ മുടക്കി ദേവാലയങ്ങൾ പണിതിട്ടില്ല. സാധാരണക്കാരുടെ, പാവപ്പെട്ടവരുടെ നികുതിമുടക്കി വിദേശ രാജ്യങ്ങളിൽ പോയിട്ടില്ല. ലക്ഷങ്ങളുടെ വിലയുള്ള വസ്ത്രങ്ങൾ ധരിച്ചിട്ടില്ല. AD 412 മുതൽ 444 വരെ അലക്‌സാൻഡ്രിയയുടെ പാത്രിയർക്കീസ് (Patriarch) ആയിരുന്ന അലക്‌സിയാൻഡ്രിയയുടെ സിറിൽ (Cyril of Alexandria) പറയുന്നതുപോലെ തീവ്രവാദപ്രവർത്തനം നടത്തിയിട്ടല്ല, ആയിരങ്ങളെ കൊലചെയ്തിട്ടല്ല ക്രിസ്തു രാജാവായി ജനഹൃദയങ്ങളിൽ വസിക്കുന്നത്. അവിടെത്തെ സത്തയിൽ, സ്വഭാവത്തിൽ സ്നേഹത്തിന്റെയും കരുണയുടെയും പരിപാലനത്തിന്റെയും മഹത്വമുള്ളതുകൊണ്ടാണ് ഈശോ രാജാവായി വാഴുന്നത്.

 സ്നേഹമുള്ളവരേ, മനുഷ്യ ഹൃദയങ്ങളെ ദേവാലയങ്ങളാക്കാനാണ് അവിടുന്ന് വന്നത്. ലോകത്തെ ശിക്ഷിക്കാനല്ല രക്ഷിക്കാനാണ് ക്രിസ്തു വന്നത്. മനുഷ്യനോടൊത്ത് വാഴാനാണ് ക്രിസ്തുവന്നത്. ഈ ഭൂമിയിൽ രാജാവാകാനല്ല, അനേകർക്ക് രക്ഷയ്ക്കായി മോചനദ്രവ്യമാകാനാണ് ഈശോ വന്നത്. അവിടുന്ന് തന്നെ പറഞ്ഞു; “എന്റെ രാജ്യം ഐഹികമല്ല.”  (യോഹ 18, 36) അല്ലെങ്കിൽത്തന്നെ, ഭൂമിയിലെ രാജാക്കന്മാരുടേയോ, പ്രഭുക്കന്മാരുടെയോ ച്ത്രങ്ങളിൽ കാണാറുള്ള അടയാളങ്ങളോ, ഭാവങ്ങളോ ഉണ്ടോ ക്രിസ്തുവിന്റെ മുഖത്ത്? ഞാൻ നിങ്ങളേക്കാൾ വലുത് എന്ന ഭാവമോ, എല്ലാവരും എന്റെ കാൽക്കീഴിലാണ് എന്ന അഹന്തയോ ഉണ്ടോ ആ മുഖത്ത്?

മാത്രമല്ല, ഞാൻ നേരത്തെ പറഞ്ഞതുപോലെ, ലോകത്തിന്റെ ഭാഷയിൽ ഈശോയെ വിശേഷിപ്പിച്ചാൽ അത് അവിടുത്തേക്ക്‌ യോജിക്കുകയില്ല. അത് ഒരുതരം പരിമിതിയായിരിക്കും സൃഷ്ടിക്കുക. അല്ലെങ്കിൽ, തീർത്തും പോസിറ്റിവായ വാക്കുകൾ ഉപയോഗിക്കണം. രാജാവെന്ന വാക്കു നമ്മുടെ ഭാഷയിൽ, സംസ്കാരത്തിൽ ഇപ്പോൾ നെഗറ്റിവായ ഒരു വാക്കാണ്. കാരണം, ഈ ഭൂമിയിലെ രാജാക്കന്മാർ, നേതാക്കന്മാർ ഉത്തമരായവരല്ല. ചുറ്റുമൊന്നു നോക്കൂ…

പിഞ്ചുകുഞ്ഞുങ്ങൾ, ചെറുപ്പക്കാർ മൃഗീയമായി കൊലചെയ്യപ്പെട്ടാലും കൊലയാളികളെ രക്ഷിക്കുവാൻ ശ്രമിക്കുന്ന, കൊലയാളികൾക്കുവേണ്ടി ലക്ഷങ്ങൾമുടക്കി വക്കീലന്മാരെ നിയമിക്കുന്ന, അന്വേഷണങ്ങളെ അട്ടിമറിക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… കോടികൾ മുടക്കി ഷോപ്പിംഗ് മാളുകളും, പള്ളികളും, ഗവണ്മെന്റ് ചിലവിൽ തന്നെ വലിയ വലിയ കെട്ടിടങ്ങളും പണിയുമ്പോൾ പാവപ്പെട്ടവർക്ക് വലിയ വാക്കുകളിൽ ലൈഫ് മിഷൻ പദ്ധതിയെന്നൊക്കെ പറഞ്ഞു അതിന്റെ വിഹിതത്തിലും കയ്യിട്ട് വാരിക്കളിക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… ഒന്നും രണ്ടും മൂന്നും പെൻഷനുകളും, ഫ്രീയായി യാത്രകളും, ചികിത്സകളും മറ്റു പലതും പാവം ജനങ്ങളുടെ നികുതിപ്പണത്തിലൂടെ കൈപ്പറ്റുകയും, പാവപ്പെട്ടവന്റെ ചുമലിൽ വിലക്കയറ്റമെന്ന ഭാരം കയറ്റിവയ്ക്കുകയും ചെയ്യുന്ന, ജനങ്ങളെ സേവിക്കുന്നു എന്ന് പറയുന്ന ജനങ്ങളുടെ രാജാക്കന്മാർ, ലഹരിയിൽ മയങ്ങുന്ന ഒരു തലമുറയെ കണ്ടില്ലെന്ന് നടിച്ചു്, ലഹരിമാഫിയാകൾക്ക് വാതിൽ തുറന്നിടുന്ന രാജാക്കന്മാർ, നേതാക്കന്മാർ, സ്വന്തം പിണിയാളുകൾക്കായി മാത്രം ജോലികൾ മാറ്റിവയ്ക്കുന്ന രാജാക്കന്മാർ, നേതാക്കന്മാർ…എന്തതിക്രമം നടന്നാലും, അഴിമതി നടന്നാലും എനിക്കൊന്നുമറിയില്ല എന്നുപറഞ്ഞു കൈകഴുകുന്ന നേതാക്കന്മാർ, രാജാക്കന്മാർ, നാട്ടിൽ തൊഴിലില്ലാത്തതുകൊണ്ടുമാത്രം, രാജാക്കന്മാർക്ക്,  ജനത്തിന് തൊഴിൽ നൽകാൻ നേതാക്കന്മാർക്ക് കഴിയാത്തതുകൊണ്ട് മാത്രം ലോകത്തിന്റെ പലഭാഗത്തേക്കും പോകുന്ന നമ്മുടെ സഹോദരീസഹോദരരെ നോക്കി ലോകത്തിലെങ്ങും മലയാളികളുണ്ടെന്ന് അഭിമാനിക്കുന്ന (സത്യത്തിൽ അതൊരു അപമാനമല്ലേ?) രാജാക്കന്മാർ, നേതാക്കന്മാർ … ചെറുതും വലുതുമായ തിരഞ്ഞെടുപ്പുകളെ കുത്സിത മാർഗങ്ങളിലൂടെ അട്ടിമറിക്കുന്ന നമ്മുടെ മത രാഷ്ട്രീയ രാജാക്കന്മാർ, നേതാക്കന്മാർ... സ്നേഹമുള്ളവരേ, രാജാവെന്ന വാക്കു വളരെ വികൃതമായി തീർന്നിരിക്കുകയാണ്!

ഈ കാലഘട്ടത്തിൽ പോലും രാജാവെന്ന വാക്കു അത്ര ഭംഗിയുള്ളതല്ല. എങ്കിലും, രാജാവെന്ന വാക്കിന്റെ പരിമിതിക്കപ്പുറം നിന്നുകൊണ്ട് ക്രിസ്തുവിനെ നമുക്ക് സ്നേഹരാജാവായി, കാരുണ്യം നിറഞ്ഞ രാജാവായി, നീതിയുള്ള രാജാവായി കാണണം. വിശുദ്ധ പോൾ ആറാമൻ മാർപ്പാപ്പ പറയുന്നത്, “ക്രിസ്തു ആദിയും അന്തവുമാണ്. അവിടുന്ന് പുതുലോകത്തിന്റെ രാജാവാണ്. അവിടുന്നാണ് ചരിത്രത്തിന്റെ നായകൻ. അവിടുന്നാണ് നമ്മുടെ ജീവിതത്തിന്റെ ഭാഗധേയം നിർണയിക്കുന്ന താക്കോൽ” എന്നാണ്. ഫ്രാൻസിസ് മാർപ്പാപ്പാ ചോദിക്കുകയാണ്: “എപ്പോഴാണ് ക്രിസ്തു തന്നെത്തന്നെ രാജാവായി വെളിപ്പെടുത്തിയത്?” അദ്ദേഹം തന്നെ ഉത്തരം പറഞ്ഞു: “കാൽവരിയിൽ വിശുദ്ധകുരിശിൽ! എവിടെയാണ് ക്രിസ്തു രാജാവായി വാഴുന്നത്? മനുഷ്യഹൃദയങ്ങളിൽ!”

അതെ പ്രിയപ്പെട്ടവരേ, കാനായിലെ വെള്ളം വീഞ്ഞാക്കിയപ്പോഴല്ല, കുരുടനെ സുഖപ്പെടുത്തിയപ്പോഴല്ല, അഞ്ചപ്പംകൊണ്ടു അയ്യായിരങ്ങളെ തൃപ്തിപ്പെടുത്തിയപ്പോഴല്ല അവിടുന്ന് രാജാവായത്.  സഹനങ്ങളുടെ മദ്ധ്യേ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ മന്ത്രം ഉച്ചരിച്ചുകൊണ്ട്, ക്ഷമയുടെ വലിയ സന്ദേശം നൽകിക്കൊണ്ട് കുരിശിൽ മരിച്ചപ്പോഴാണ്. മറ്റൊരുവാക്കിൽ, നമുക്കുവേണ്ടി, നമ്മുടെ രക്ഷയ്ക്കുവേണ്ടി, നാം സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുവാൻ വേണ്ടി ക്രിസ്തുവിന്റെ ഹൃദയം നമുക്കായി മിടിച്ചപ്പോഴാണ്, തുടിച്ചപ്പോഴാണ് ക്രിസ്തു രാജാവായിത്തീർന്നത്. ആ ഹൃദയമിടിപ്പ് നമ്മുടെ ജീവിതത്തിന്റെ താളമായപ്പോഴാണ്, ആ ഹൃദയമിടിപ്പ് നമ്മുടെ കണ്ണുനീര് തുടച്ചപ്പോഴാണ്, ആ ഹൃദയമിടിപ്പ് നമുക്ക് സൗഖ്യം നൽകിയപ്പോഴാണ്, ആ ഹൃദയമിടിപ്പ് നമ്മെ ധൈര്യപ്പെടുത്തിയപ്പോഴാണ് ക്രിസ്തു നമ്മുടെ രാജാവായത്. അല്ലാതെ, സാധാരണക്കാരന്റെ നികുതിപ്പണത്തിന്മേൽ സ്വന്തം സാമ്രാജ്യങ്ങൾ പണിതുയർത്തിയല്ല ഈശോ ഇന്നും രാജാവായി വാഴുന്നത്! ആ ഹൃദയമിടിപ്പുകേട്ടാൽ നമ്മുടെ കരച്ചിൽ നിൽക്കും; ആ ഹൃദയമിടിപ്പനുഭവിച്ചാൽ നമ്മുടെ ഭയം നീങ്ങിപ്പോകും; ഈ ഹൃദമിടിപ്പിൽ മുഖം അമർത്തിയാൽ നമ്മുടെ മനസ്സ് സ്വസ്ഥമാകും. ആ ഹൃദയമിടിപ്പിന്റെ ഉടമയാണ് നമ്മുടെ സർവ്വവും!!! ക്രിസ്തുവിന്റെ ഹൃദയം മകളേ, മകനേ നിനക്കായി തുടിക്കുന്നു!

പതിനെട്ടാം നൂറ്റാണ്ടിലെ ജർമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന Kingdom of Prussia യുടെ ചക്രവർത്തിയായിരുന്ന ഫ്രഡറിക് ദ ഗ്രേറ്റ് (Frederick the Great) ഒരു ദിവസം ബ്രാൻഡ്‌സ്‌ബെർഗ് (Brandesberg) നഗരത്തിലെ ഒരു വിദ്യാലയത്തിലെത്തി. അവിടെ ഭൂമിശാസ്ത്രം പഠിപ്പിക്കുകയായിരുന്ന ഒരു ക്‌ളാസിൽ കയറി. ആകാംക്ഷയോടെ ചക്രവർത്തിയെ നോക്കിയിരുന്ന കുട്ടികളിൽ ഒരാളോട് അദ്ദേഹം ചോദിച്ചു: “ബ്രാൻഡ്‌സ്‌ബെർഗ് നഗരം ഏതു രാജ്യത്താണ്?” “ജർമനിയിൽ”, കുട്ടി ഉത്തരം പറഞ്ഞു. “ജർമനി എവിടെയാണ്”? ചക്രവർത്തിയുടെ ചോദ്യത്തിന് കുട്ടിയുടെ ഉത്തരം ഉടനെ വന്നു:”ജർമനി യൂറോപ്പിൽ”. “അപ്പോൾ, യൂറോപ്പ് എവിടെയാണ്” ചക്രവർത്തി വീണ്ടും ചോദിച്ചു. “ലോകത്തിൽ”. ഇത്രയും കുട്ടി വളരെ സമർത്ഥമായി പറഞ്ഞപ്പോൾ ചക്രവർത്തിയുടെ അടുത്ത ചോദ്യം വന്നു: “ഈ ലോകം എവിടെയാണ്?” ഒട്ടും സംശയിക്കാതെ മിടുക്കനായ ആ കുട്ടി പറഞ്ഞു: “ലോകം ക്രിസ്തുവിന്റെ കരങ്ങളിലാണ്”. ജർമൻ സാമ്രാജ്യത്തിലെ ചക്രവർത്തിയുടെ കൈകളിൽ എന്നുള്ള ഉത്തരം പ്രതീക്ഷിച്ച ചക്രവർത്തി ഇളിഭ്യനായിപ്പോയി. അതെ, ഈ ലോകം, നിങ്ങളും ഞാനും, നമ്മുടെ കുടുംബങ്ങളും എല്ലാം ദൈവത്തിന്റെ, ക്രിസ്തുവിന്റെ കരങ്ങളിലാണ്.

രാജാവെന്ന വാക്കിന്റെ പരിമിതികൾക്കപ്പുറം നിന്നുകൊണ്ട് ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിന്റെ രാജാവായി സ്വീകരിക്കാം. അവിടുന്ന് എന്റെ ദൈവമാണ്. ഈ പ്രപഞ്ചത്തിന്റെ നാഥനാണ് എനിക്ക് അവിടുന്ന്.  എനിക്ക് അതുമതി എന്ന് നമുക്ക് ഏറ്റുപറയാം. ഈ ദൈവത്തെ അറിയുവാൻ, ക്രിസ്തു ആരെന്നു മനസ്സിലാക്കുവാൻ, അവിടുത്തെ രാജ്യത്തിന്റെ സ്വഭാവം അറിയുവാൻ ഒന്നുകിൽ നാം ജ്ഞാനികളാകണം, അല്ലെങ്കിൽ കുഞ്ഞുങ്ങളുടെ നിർമലതയുള്ള മനുഷ്യരാകണം, അതുമല്ലെങ്കിൽ, മാനസാന്തരപ്പെടുന്ന സക്കേവൂസാകണം, സമരിയാക്കാരിയാകണം, നല്ല കള്ളനാകണം.

സ്നേഹമുള്ളവരെ, ക്രിസ്തു നമ്മുടെ ദൈവമാണ്. അവിടുത്തേയ്ക്കു സകല മഹത്വവും ആരാധനയും. കരങ്ങൾ ചേർത്ത് പിടിച്ചു നമുക്ക് പ്രാർത്ഥിക്കാം:

ഈശോയെ, അങ്ങെന്റെ ദൈവമാണ്. എന്റെ തകർന്ന ജീവിതത്തെ ക്രമപ്പെടുത്തണമേ. എന്റെ കണ്ണുകൾക്ക് വെളിച്ചം നൽകണമേ. നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ. നിന്റെ സമാധാനം നിറഞ്ഞ, സന്തോഷം നിറഞ്ഞ രാജ്യം വരണമേ! ആമ്മേൻ!

SUNDAY SERMON MT 25, 14-30

പള്ളിക്കൂദാശാക്കാലം മൂന്നാം ഞായർ

ഉത്പത്തി 29, 15-30

പ്രഭാഷകൻ 11, 20-27

2 തെസ 3, 6-15

മത്തായി 25, 14-30

ടാലെന്റ്റ് ഷോകൾ (Talent Show) ആടിത്തിമിർക്കുന്ന ഒരു കാലത്തിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്. റാമ്പുകളിലും, സ്റ്റേഡിയങ്ങളിലും, ക്ലാസ് മുറികളിലും കഴിവുകളുടെ ഉത്സവമാണ്. സ്കൂൾ തലത്തിൽ ഉപജില്ലാ കലാമത്സരങ്ങൾ വർണപ്പൊലിമയോടെയാണ് നടന്നത്. സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് ഇന്നലെ, ശനിയാഴ്ചയായിരുന്നു സമാപനം. എല്ലാ രംഗങ്ങളിലും കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ട് പ്രതിഭകൾ തിളങ്ങുന്നത് പത്രങ്ങളിലും, ടിവിയിലും കാണുന്ന നമ്മോട് ഇന്നത്തെ സുവിശേഷവും പറയുന്നത് ദൈവം മനുഷ്യന് നൽകുന്ന താലന്തുകൾ വികസിപ്പിക്കണമെന്നാണ്. ദൈവം നൽകിയിട്ടുള്ള ഈ ജീവിതം, അവിടുന്ന് നൽകുന്ന കഴിവുകൾ, അവസരങ്ങൾ മണ്ണിൽ കുഴിച്ചിടുവാനുള്ളതല്ലെന്നും, നന്ദി നിറഞ്ഞ ഹൃദയത്തോടെ അവയെ നന്നായി ഉപയോഗിക്കണമെന്നുമാണ് ഈശോ ഇന്ന് നമ്മോട് പറയുന്നത്. 

താലന്തുകളുടെ ഉപമ locate ചെയ്തിരിക്കുന്നത് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ ഈശോയുടെ യുഗാന്ത്യോന്മുഖ പ്രഭാഷണങ്ങളിലാണ് (Eschatological Discourses). യാത്രയ്ക്കുപോകുന്ന ഒരു വ്യക്തി തന്റെ ഭൃത്യന്മാർക്ക് അവന്റെ സമ്പത്ത് വീതം വച്ചുകൊടുക്കുന്ന ഒരു കഥ മാത്രമല്ല താലന്തുകളുടെ ഉപമ. സാമ്പത്തിക ശാസ്ത്രതത്വങ്ങൾ വിശകലനം ചെയ്യുന്ന ഒരു ഉപമയുമല്ല ഇത്. ഒരു താലന്ത് എന്ന് പറഞ്ഞാൽ ഏകദേശം ആറായിരം ദനാറ (6000 Denarii) കളോളം വരും. ഒരു ദനാറ (Denarius) എന്നാൽ സാധാരണക്കാരന്റെ ഒരു ദിവസത്തെ കൂലിയാണ്. അതായത്, ഒരു താലന്ത് എന്നത് ഒരു സാധാരണ ജോലിക്കാരന്റെ ഇരുപത് വർഷത്തെ സമ്പാദ്യത്തിന് തുല്യമാണ്. സാധാരണക്കാരന് സ്വപ്നം കാണാൻ പോലും കഴിയാത്ത തുകയാണ് മുതലാളി ആ ഭൃത്യർക്ക് നൽകിയത്. അഞ്ചും, രണ്ടും, ഒന്നും താലന്തുകൾ തുല്യതയില്ലാത്ത വിതരണത്തെയാണ് കാണിക്കുന്നത്. പക്ഷേ, തന്റെ ഓരോ ഭൃത്യനെയും വ്യക്തിപരമായി അറിയാവുന്ന മുതലാളി, ഓരോരുത്തരുടെയും കഴിവിനനുസരിച്ചാണ് നൽകിയത് എന്ന് പ്രത്യേകം പറയുന്നതുകൊണ്ട് അനീതിപരമായിട്ടല്ല മുതലാളി സമ്പത്ത് വിതരണം ചെയ്തതെന്ന് നമുക്കനുമാനിക്കാം. എന്തുതന്നെയായാലും, ഒരേ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളോട് വിവേചനം കാണിക്കുന്ന മുതലാളിയ്ക്കെതിരെ ശബ്ദമുയർത്തുന്ന തൊഴിലാളിപക്ഷ കഥയുമല്ല ഇത്. പ്രതീകാത്മകമായ അർത്ഥത്തിൽ താലന്ത് പണത്തെ മാത്രമല്ല, ദൈവം നമുക്ക് നൽകിയിരിക്കുന്ന ജീവിതത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാൽ, ദൈവം നൽകുന്ന താലന്തുകളെ, കഴിവുകളെ, അവസരങ്ങളെ വളരെ പോസിറ്റിവായി ഉപയോഗിക്കണമെന്ന് പറയുന്ന ഒരു മോട്ടിവേഷണൽ (Motivational) talk ആയിമാത്രം ഈ ഉപമയെ കാണരുത്.  ഗുരുക്കന്മാർ സംസാരിക്കുമ്പോൾ അവർ പറയുന്ന കാര്യങ്ങൾക്ക് വളരെ ഉന്നതമായൊരു ആത്മീയ തലം, ദൈവിക ഉൾക്കാഴ്ച്ച ഉണ്ടായിരിക്കും.

പത്തുകന്യകകളുടെ ഉപമപോലെതന്നെ, താലന്തുകളുടെ ഉപമയും സ്വർഗ്ഗരാജ്യത്തെ ചിത്രീകരിക്കുവാനാണ് ഈശോ ഉപയോഗിച്ചിരിക്കുന്നത്. സ്വർഗ്ഗരാജ്യത്തിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്ന ദൈവമക്കളുടെ, ജീവിതത്തോടുള്ള മനോഭാവവും (Attitude) ജീവിതത്തിൽ നല്കപ്പെട്ടിട്ടുള്ളവയോട് അവർ പുലർത്തുന്ന ആഭിമുഖ്യവും (Orientation) വ്യക്തമായി വരച്ചുകാട്ടുകയാണ് ഈശോ ഇവിടെ. സ്വർഗ്ഗരാജ്യത്തിന്റെ ഇടവഴികളിൽ പദമൂന്നുന്നവരോട് ഈശോ പറയുന്നു, ഇവിടുത്തെ മാനദണ്ഡങ്ങൾ ലോകത്തിന്റേതുപോലെയല്ല. ഇവിടെ, “ഉള്ളവന് നൽകപ്പെടും. അവന് സമൃദ്ധിയുണ്ടാകുകയും ചെയ്യും. ഇല്ലാത്തവനിൽ നിന്ന് ഉള്ളതു പോലും എടുക്കപ്പെടും.” അതോടൊപ്പം തന്നെ, ഒരുനാൾ ദൈവം നിന്റെ ജീവിതത്തിലേക്ക് കടന്നുവരുമെന്നും, അവിടുന്ന് നല്കിയതിന്റെയെല്ലാം, നൽകിയത് ഏത് രീതിയിലാണ് ഉപയോഗിച്ചത് എന്നതിന്റെയെല്ലാം കണക്ക് ബോധിപ്പിക്കേണ്ടിവരുമെന്നും, ഈ ഉപമയിലൂടെ ഈശോ പറഞ്ഞുവയ്ക്കുന്നുണ്ട്.

സ്വർഗ്ഗരാജ്യത്തിന്റെ മനോഹരമായൊരു ചിത്രം ഈ ഉപമയിൽ ഈശോ വരച്ചുകാണിയ്ക്കുന്നുണ്ട്. സ്വർഗ്ഗരാജ്യം ദൈവവുമൊത്തുള്ള, ദൈവത്തിന്റെ കൃപയിലുള്ള ജീവിതമാണ്. ഈശോയാണ് ഈ സ്വർഗ്ഗരാജ്യത്തിലേക്ക്, നമ്മെ ക്ഷണിക്കുന്നത്. ഈശോയോടൊത്ത് ജീവിക്കുവാൻ ക്ഷണിക്കുക മാത്രമല്ല സ്വർഗ്ഗരാജ്യത്തിൽ ദൈവകൃപയിൽ ജീവിക്കുവാനുള്ള എല്ലാ അനുഗ്രഹങ്ങളും നൽകുകയും ചെയ്യുന്നു.

കത്തോലിക്കാ വൈദികനും, സ്വിസ്സ് (സ്വിറ്റ്‌സർലൻഡ്) ദൈവശാസ്ത്രജ്ഞനുമായ ഫാ. ഹാൻസ് ബൽത്താസർ (Hans Urs von Balthasar) ഈ ദൈവ വചനഭാഗം വ്യാഖ്യാനിച്ചുകൊണ്ട് പറയുന്നത് “നീ എന്തായിരിക്കുന്നുവോ അത് ദൈവം നിനക്ക് നൽകുന്ന സമ്മാനമാണ്. എന്നാൽ, നീ എന്തായിത്തീരുന്നുവോ, അത് നീ ദൈവത്തിന് നൽകുന്ന സമ്മാനമാണ്.”

ഓരോ മനുഷ്യന്റെയും ജീവിതം ദൈവം സ്നേഹപൂർവ്വം,കാരുണ്യപൂർവം നൽകുന്ന സമ്മാനമാണ്. ഈ സമ്മാനം വളരെ സുന്ദരമാണ്; പ്രത്യേകതയുള്ളതാണ്.

ഈ സമ്മാനത്തിന്റെ വലിയ പ്രത്യേകത മകളേ, മകനേ നിന്നെപ്പോലെ ഈ ഭൂമിയിൽ മറ്റൊരാളില്ല എന്നതാണ്. ഫാ. സാജു പൈനാടത്തിന്റെ “ദൈവത്തിന്റെ ഭാഷ -വിശുദ്ധ കുർബാന എന്ന പുസ്തകത്തിൽ ഇക്കാര്യം വിവരിക്കുന്നത് ഇങ്ങനെയാണ്: ‘ഭൂമിയിലുള്ള കടൽത്തീരങ്ങൾ മുഴുവനും പരതിയാലും ഒരേപോലെയുള്ള രണ്ട് മണൽത്തരികൾ കണ്ടെത്താനാകില്ല; ലക്ഷക്കണക്കിന് ഇലകളുള്ള ഒരു വൃക്ഷത്തിൽനിന്ന് പൂർണമായും ഒരേപോലുള്ള രണ്ടിലകൾ കണ്ടെത്താനാകില്ല; 800 കോടിയിലധികം വരുന്ന മനുഷ്യരിൽ പൂർണ സാദൃശ്യമുള്ള രണ്ടുപേരെ (സയാമീസ് ഇരട്ടകളെക്കൂടി ഉൾപ്പെടുത്തിയാൽ പോലും) കണ്ടെത്താനാകില്ല.’ (6, 20) 800 കോടി ജനങ്ങൾ ഈ ലോകത്തുണ്ടെങ്കിൽ എത്ര കണ്ണുകൾ ഉണ്ടാകും? 1600 കോടി കണ്ണുകൾ. 1600 കോടി കണ്ണുകൾ ഈ ലോകത്തുണ്ടെങ്കിലും, മകളേ, മകനേ നിന്റെ കണ്ണുകൾ പോലെയുള്ള കണ്ണുകൾ വേറേ ആർക്കും ഇല്ല. നിന്റെ Thumb Impression പോലെയുള്ളവ മറ്റാർക്കും ഇല്ല. ഈ ലോകത്തിൽ നിന്നെപ്പോലെ നീ മാത്രം. ഈ പുസ്തകത്തിലെ ഏറ്റവും ചെറിയ സൂക്തം നാമാകുന്ന സമ്മാനത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നുണ്ട്: “ദൈവം ഒരിക്കലും ആവർത്തിക്കുന്നില്ല.” (6, 21) നീ എന്തായിരിക്കുന്നുവോ അത് ദൈവം നിനക്ക് നൽകുന്ന സമ്മാനമാണ്.

നീ എന്തായിത്തീരുന്നു എന്നത് ഈ സമ്മാനം നീ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ result ആണ്. ദൈവരാജ്യത്തിൽ ദൈവത്തിന്റെ മകളായി, മകനായി നാം ജീവിക്കുമ്പോൾ എങ്ങനെയായിരിക്കണം, എന്തായിത്തീരണം എന്നാണ് ഈ ഉപമയുടെ second part. നാമാകുന്ന സമ്മാനങ്ങളെ താലന്തുകൾ നൽകി ഈശോ അനുഗ്രഹിച്ചിരിക്കുകയാണ്. കണ്ണുകൾ നൽകി, കാതുകൾ നൽകി, കൈകൾ, കാലുകൾ, ബുദ്ധി, ഹൃദയം, കുടുംബം, സമ്പത്ത്, ജോലി, ജോലി ചെയ്യാൻ ആരോഗ്യം …എല്ലാം നൽകി ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. സ്വർഗ്ഗരാജ്യം നന്മകൊണ്ട് നിറയ്ക്കാൻ, നല്കപ്പെട്ട അനുഗ്രഹങ്ങളെ ഇരട്ടിയാക്കിക്കൊണ്ട് സ്വർഗ്ഗരാജ്യം സമാധാനം, സന്തോഷം എന്നിവകൊണ്ട് നിറയ്ക്കാൻ ഈശോ നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. ഈശോ തന്റെ മലയിലെ പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട്, നൽകപ്പെട്ട അനുഗ്രഹങ്ങളെ എങ്ങനെ വിനിയോഗിക്കണമെന്ന്. മലയിലെ പ്രസംഗത്തിൽ ഈശോ പറഞ്ഞ കാര്യങ്ങളുടെ തുടർച്ചയായി ഈ ഉപമയെ കാണുവാൻ സാധിക്കുകയാണെങ്കിൽ ഉപമയുടെ അർഥം കൂടുതൽ ഗ്ര ഹിക്കുവാൻ സാധിക്കും. ദൈവം നൽകുന്ന താലന്തുകളെ എങ്ങനെ വിനിയോഗിക്കണമെന്നാണ് മലയിലെ പ്രസംഗത്തിൽ ഈശോ പറഞ്ഞത്. കുഴിച്ചുമൂടുവാനുള്ള വഴികളല്ല, ഇരട്ടിയാക്കാനുള്ള വഴികളാണ് ഈശോ അവിടെ പറഞ്ഞുവച്ചത്. ഒരു പഴയകാല കവിത ഇങ്ങനെയാണ്: “ആർത്തസ്വരം കേട്ടൊരു കാത് കാത്/ കാരുണ്യമാർന്നീടിന കണ്ണ് കണ്ണ്/ സന്ത്വോക്തി ഓതീടിന ജിഹ്വ ജിഹ്വ/ സാധുക്കളെ താങ്ങീടിന ബാഹു ബാഹു.”  ഈ രീതിയിൽ അവയെ വിനിയോഗിച്ചില്ലെങ്കിൽ, ഇവ വെറും മാംസക്കഷണങ്ങളാണ് പ്രിയപ്പെട്ടവരേ!   ഇങ്ങനെ ദൈവം തന്ന താലന്തുകൾ ഉപയോഗിക്കുമ്പോൾ നാം ദൈവത്തിലാണ്, സ്വർഗ്ഗരാജ്യത്തിലാണ്.

എന്തുകൊണ്ട് ഈശോ ഒരാൾക്ക് അഞ്ചും, മറ്റൊരാൾക്ക് രണ്ടും, മൂന്നാമതൊരാൾക്ക് ഒന്നും താലന്തുകൾ നൽകുന്നു? പ്രത്യക്ഷത്തിൽ നീതിയില്ലാത്ത ഒരു വിതരണ രീതിയായി തോന്നുമെങ്കിലും, അത് ഒരിക്കലും അനീതിയല്ല. കാരണം വചനം ശ്രദ്ധിക്കുക: ഓരോരുത്തരുടെയും കഴിവിനനുസരിച്ചാണ് ദൈവം താലന്തുകൾ നൽകുന്നത്. ഓരോ വ്യക്തിക്കും ആവശ്യമുള്ളതെല്ലാം നല്കുന്നവനാണ് ദൈവം. ഈ ഭൂമിയിലെ നിന്റെ ജീവിതം നന്മയുള്ളതാക്കാൻ, സന്തോഷപ്രദമാക്കാൻ, ദൈവാനുഗ്രഹപ്രദമാക്കാൻ നിനക്കാവശ്യമുള്ളതെല്ലാം അവിടുന്ന് നിനക്ക് നൽകും. അതിൽ അസൂയപ്പെടേണ്ടതില്ല. അസ്വസ്ഥത പ്രകടിപ്പിക്കേണ്ടതില്ല. ദൈവത്തിന്റെ അനന്ത സ്നേഹമാണ്, കാരുണ്യമാണ് നമ്മെ ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം പരിപാലിക്കുന്നത്.

ഈ സത്യം അറിയാത്തവരാണ് ദൈവത്തിനെതിരെ പരാതി പറയുന്നത്; ഈശോയെ നിന്നെ എനിക്ക് ഭയമാണെന്ന് പറയുന്നത്; നീ കണ്ണ് തുറക്കാത്ത, കരയാനറിയാത്ത, ചിരിക്കാനറിയാത്ത ദൈവമാണ് എന്ന് പറയുന്നത്.

സ്നേഹമുള്ളവരേ, ഒരു താലന്ത് ലഭിച്ചവന് അവന്റെ യജമാനന്റെ മനസ്സ് വായിക്കുവാൻ കഴിയാതെപോയി! ഞാനും എനിക്കുള്ളതെല്ലാം ദൈവത്തിന്റേതാണെന്നും, ക്രിസ്തുവാണ് സർവത്തിന്റെയും അധിപനെന്നും, പാവം ആ ഭൃത്യൻ മറന്നുപോയി. ഈ ഗതികേട് നമുക്ക് വരാതിരിക്കുവാനാണ് ഈശോ മുൻകൂട്ടി ഈ ഉപമ നമ്മോട് പറയുന്നത്. സ്വർഗ്ഗരാജ്യത്തിൽ ജീവിച്ചിട്ട്, ജീവിതം ഒരു സമ്മാനമായി ലഭിച്ചിട്ട്, മാമ്മോദീസയിലൂടെ ക്രിസ്തുവിന്റെ സഭയിൽ അംഗങ്ങളായി തീർന്നിട്ട്, കൂദാശകളിലൂടെ, പ്രത്യേകിച്ച് വിശുദ്ധ കുർബാനയിലൂടെ  ഈശോ നമ്മെ ശക്തിപ്പെടുത്തിയിട്ട്, അവസാനം പ്രയോജനമില്ലാത്ത വ്യക്തികളായി തീരുകയും, പുറത്തുള്ള അന്ധകാരത്തിലേക്ക് എറിയപ്പെടുകയും ചെയ്യുന്ന അവസ്ഥ എത്ര ഭയാനകമായിരിക്കും! അന്ത്യവിധി നാളിൽ അല്ലെങ്കിൽ ജീവിതത്തിന്റെ ഓരോ നിമിഷവും ക്രിസ്തു നമ്മോട് നീ എന്തായിത്തീർന്നു എന്ന് ചോദിച്ചാൽ എന്ത് ഉത്തരം ഞാൻ കൊടുക്കുമെന്ന് ചിന്തിച്ചു് നോക്കുക പ്രിയപ്പെട്ടവരേ.

“നീ എന്തായിരിക്കുന്നുവോ അത് ദൈവം നിനക്ക് നൽകുന്ന സമ്മാനമാണ്. എന്നാൽ, നീ എന്തായിത്തീരുന്നുവോ, അത് നീ ദൈവത്തിന് നൽകുന്ന സമ്മാനമാണ്.”

SUNDAY SERMON MT 19, 23-30

പള്ളിക്കൂദാശാക്കാലം രണ്ടാം ഞായർ

പുറപ്പാട് 6, 1-8

ഏശയ്യാ 49, 1-7

1 പത്രോസ് 1, 3-7

മത്തായി 19, 23-30

പള്ളിക്കൂദാശാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയാണിന്ന്. നമുക്കെല്ലാം സുപരിചിതവും, എന്നാൽ വ്യക്തമായി മനസ്സിലാക്കാൻ ഇതുവരെ സാധിക്കാത്തതുമായൊരു സുവിശേഷഭാഗമാണ് വിചിന്തനത്തിനായി തിരുസ്സഭ ഇന്ന് നമുക്ക് നൽകിയിരിക്കുന്നത്. ക്രിസ്തു സമ്പന്നർക്കെതിരാണെന്നും, അവർക്ക് സ്വർഗ്ഗരാജ്യം നേടാൻ സാധിക്കുകയില്ലെന്നുമൊക്കെ വ്യാഖ്യാതാക്കൾക്ക് പറയുവാൻ സാഹചര്യമൊരുക്കുന്ന ഒരു സുവിശേഷഭാഗമാണിത്. എന്നാൽ, ക്രിസ്തുവിനെ നേടുവാൻ, സ്വർഗ്ഗരാജ്യം സ്വന്തമാക്കുവാൻ, സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കുവാൻ നാം, ചെറിയവരും, വലിയവരും, സമ്പന്നരും, ദരിദ്രരും, എന്തുചെയ്യണമെന്ന് വളരെ വ്യക്തമായി ഈശോ ഇവിടെ പഠിപ്പിക്കുകയാണ്. ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദേശം ഇതാണ്: ഉപേക്ഷിക്കുക. എല്ലാ ഭാരങ്ങളും, ചമയങ്ങളും, കൂടെകൊണ്ടുനടക്കുന്ന ചപ്പും ചവറുകളുമെല്ലാം ഉപേക്ഷിക്കുക. എന്നിട്ട്, സ്വയം ശൂന്യമാക്കിക്കൊണ്ട്, ക്രിസ്തുവിന്റെ ആത്മാവിനാൽ നിറഞ്ഞ് സ്വർഗ്ഗരാജ്യത്തിൽ ജീവിക്കുക.

ഈശോയുടെ ഇന്നത്തെ സുവിശേഷത്തിലെ വാക്കുകൾ അവിടുത്തെ ദൈവികതയുടെ, ആത്മീയതയുടെ മഹാശേഖരത്തിൽ നിന്നാണ് വരുന്നത്. അല്ലെങ്കിൽ ഈ വാക്കുകൾക്ക് ഇത്രയും മനോഹാരിതയുണ്ടാകുമായിരുന്നില്ല. അവ യുക്തിപരമാണ്, യുക്തിസഹമാണ്. അതോടൊപ്പംതന്നെ, സ്വർഗ്ഗത്തിന്റെ വഴികാട്ടിയുമാണ് ഈ വചനങ്ങൾ. ഈ സുവിശേഷഭാഗം മനസ്സിലാക്കുവാൻ ഈശോ നമ്മെ അനുഗ്രഹിക്കട്ടെയെന്ന പ്രാർത്ഥനയോടെ നമുക്ക് വിചിന്തനത്തിലേക്ക് കടക്കാം.

സൺഡേ സ്ക്കൂളിൽ അദ്ധ്യാപകരെ ബുദ്ധിമുട്ടിക്കാൻ വിരുതന്മാരായ കുട്ടികൾ ചോദിക്കുന്ന പല ചോദ്യങ്ങളിൽ ഒന്നാണ് ഇന്നത്തെ സുവിശേഷത്തിലെ ഒട്ടകവും സൂചിക്കുഴയും. ക്ളാസിനിടയ്ക്ക് ഏതെങ്കിലും കുസൃതിചെറുക്കൻ ചാടിയെഴുന്നേറ്റ് ചോദിക്കും: “ടീച്ചറേ, സുവിശേഷത്തിൽ ഈശോ പറയുന്ന ഈ ഒട്ടകവും സൂചിക്കുഴയും എന്താണ്?” എന്റെയൊക്കെ കാലത്തുള്ള ടീച്ചർമാർ എല്ലാവരും തന്നെ സുല്ലിട്ടിട്ടേയുള്ളു ഈ ചോദ്യത്തിന് മുൻപിൽ. ദൈവശാസ്ത്രപഠനത്തിന് വടവാതൂർ സെമിനാരിയിൽ ചെന്ന് ബൈബിൾ പഠനം തുടങ്ങിയപ്പോഴാണ് ഇതിന്റെ വിശദീകരണം ഞാൻ ആദ്യം കേട്ടത്.

ജറുസലേം നഗരത്തിലേക്ക് പ്രവേശിക്കുവാനുള്ള വഴിയിൽ സൂചിക്കുഴ eye of the needle എന്നപേരിൽ ഒരു ഗെയ്റ്റ് ഉണ്ടത്രേ. (ജറുസലേമിലെ Holy Sepulchre ദൈവാലയത്തിനടുത്തുള്ള Russian Orthodox Church നടുത്ത് the eye of the needle എന്നൊരു ഗെയ്റ്റ് ഉണ്ട്.) നമ്മുടെയൊക്കെ ചില വീടുകളുടെയും, സ്ഥാപനങ്ങളുടെയും മുൻപിൽ വലിയഗെയ്റ്റിന് സൈഡിലായി ചെറിയ ഗെയ്റ്റ് ഉളളതുപോലെയൊന്ന്. വലിയ ഗെയ്റ്റ് മിക്കവാറും അടഞ്ഞുകിടക്കും. അപ്പോൾ ചെറിയ ഗെയ്റ്റിലൂടെ വേണം വരുവാനും പോകുവാനും. ദേഹത്തുനിറയെ ചാക്കുകെട്ടുകളും, മറ്റ് സാധനസാമഗ്രികളുമായി വരുന്ന ഒട്ടകങ്ങൾക്ക് അവയുമായി ആ ഗെയ്റ്റിലൂടെ കടക്കുവാൻ സാധിക്കുകയില്ല. ചാക്കുകെട്ടുകളും, സാധനസാമഗ്രികളുമെല്ലാം താഴെ ഇറക്കിവച്ചാലേ ഒട്ടകങ്ങൾക്ക് അതിലൂടെ കടക്കാനാവൂ. ഓക്കെ, ഇടുങ്ങിയ ഗെയ്റ്റ് ആകുമ്പോൾ വലിയ luggage മായി കടക്കുക പ്രയാസകരമായിരിക്കും. വിശദീകരണം reasonable ആയി തോന്നിയെങ്കിലും എന്തോ തൃപ്തി തോന്നിയില്ല. പിന്നീട് philosophy യിൽ ഉപരിപഠനം നടത്തിയപ്പോഴാണ് സുവിശേഷത്തിലെ ഈ പ്രയോഗത്തിന്റെ അർത്ഥം വ്യക്തമായി മനസ്സിലായത്.

ക്രിസ്തുവിന്റെ അതിശയോക്തിപരമായ (Hyperbolic) ഒരു പ്രയോഗമായിട്ടാണ് “ഒട്ടകവും സൂചിക്കുഴയും” എന്നതിനെ സാധാരണയായി അവതരിപ്പിക്കുന്നത്. എന്നാൽ, ഇതിനെ ഭാവാർത്ഥപരമായ (metaphoric) ഒന്നായി കാണുവാനാണ് ഞാൻ ആഗ്രഹിക്കുക. വാച്യാർത്ഥത്തിൽ, സൂചിക്കുഴയെ stitch ചെയ്യാൻ ഉപയോഗിക്കുന്ന സൂചിയായി മനസ്സിലാക്കാമെങ്കിലും, ആലങ്കാരികമായ അർത്ഥത്തിൽ ഇടുങ്ങിയ ഗെയ്റ്റായിട്ടാണ് വിവക്ഷിക്കുന്നത്. എന്നാൽ, ഭാവാർത്ഥത്തിൽ സ്വർഗ്ഗരാജ്യത്തിലേക്കുള്ള വാതിലായിട്ടാണ് ഈശോ ഇതിനെകാണുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ മലയിലെ പ്രസംഗം അവതരിപ്പിക്കുന്ന വേളയിൽ ഈശോ ഇടുങ്ങിയ വാതിലിനെക്കുറിച്ച് പറയുന്നുണ്ട്. “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക. വിനാശത്തിലേക്ക് നയിക്കുന്ന വാതിൽ വിസ്തൃതവും വഴി വിശാലവും ആണ്. അതിലെ കടന്നു പോകുന്നവർ വളരെയാണ്. എന്നാൽ, ജീവനിലേക്ക് നയിക്കുന്ന വാതിൽ ഇടുങ്ങിയതും വഴി വീതി കുറഞ്ഞതുമാണ്. അത് കണ്ടെത്തുന്നവരോ ചുരുക്കം.’ (7, 13-14) പച്ചമണ്ണിലൂടെ, അണിഞ്ഞൊരുങ്ങി നടക്കുന്ന, ചിരിച്ചും, ദേഷ്യപ്പെട്ടും, സ്നേഹിച്ചും, പുച്ഛിച്ചും, അഹങ്കരിച്ചും നടക്കുന്ന മനുഷ്യരെ ഈശോ കാണുന്നത് പലവിധ ഭാരങ്ങളൂം വഹിച്ച് ഏന്തി വലിഞ്ഞ് നടക്കുന്ന ഒട്ടകങ്ങളെപ്പോലെയാണ്.ദേഹത്തുനിറയെ ഭാരവുമായിപ്പോകുന്ന ഒട്ടകങ്ങളെപ്പോലെയാണ് നിങ്ങളെങ്കിൽ eye of the needle പോലുള്ള ഗെയ്റ്റിലൂടെ കടക്കുവാൻ ബുദ്ധിമുട്ടാകും. ജെറുസലേമിലേക്ക് ഭാരവുമായിപ്പോകുന്ന ഒട്ടകങ്ങൾ അന്നത്തെ കേൾവി ക്കാർക്ക് സുപരിചിതമായിരുന്നു. ഇതൊരു രൂപകമാണ് (Metaphor). ഒട്ടകങ്ങളെപ്പോലെ ജീവിതം നിറയെ ലോകവുമായി നടക്കുന്നവർക്ക്, ലോകത്തിന്റേതായ ഭാണ്ഡക്കെട്ടുകളുമായി നടക്കുന്നവർക്ക് സ്വർഗ്ഗരാജ്യത്തിലെ ഗെയ്റ്റിൽപോലും സ്ഥാനമുണ്ടാകുകയില്ല. തങ്ങളെത്തന്നെ ഭാരമില്ലാത്തവരാക്കി ആത്മാവിനാൽ നിറഞ്ഞവരായി ജീവിക്കുമ്പോൾ ജെറുസലേമിലേക്ക്, (ബൈബിളാത്മകമായി ജെറുസലേം സ്വർഗ്ഗത്തിന്റെ, രക്ഷയുടെ പ്രതീകമാണല്ലോ.) സ്വർഗരാജ്യത്തിലേക്ക് പ്രവേശിക്കുവാൻ നമുക്കാകുമെന്നാണ് ഈശോയുടെ പഠനം.

ഇവിടെ തുല്യതയുള്ള രണ്ട് കാര്യങ്ങളാണ് ഈശോ അവതരിപ്പിക്കുന്നത്. ഒന്ന് സമ്പന്നനും, രണ്ടാമത്തേത് ഒട്ടകവും. അയ്യേ, എന്ത് തുല്യതയാണ് ഇവർ തമ്മിലുള്ളത്? ശരിയാണ്, കാഴ്ച്ചയിൽ ഇവർ തമ്മിൽ ഒരു തുല്യതയുമില്ല. പക്ഷേ, ഇവരുടെ ജീവിതങ്ങൾ ഏതാണ്ട് ഒരുപോലെയാണ്. രണ്ട് കൂട്ടരും ഭാരം വഹിക്കുകയാണ്. നിറയെ ഭാരവുമായിട്ടാണ് ഇവരുടെ പോക്ക്! സമ്പന്നൻ നിറയെ പണവുമായിട്ടാണ് ജീവിക്കുന്നത്. അവളുടെ, അവന്റെ ചിന്ത മുഴുവൻ സമ്പത്തിനെപ്പറ്റിയായിരിക്കും. അതായത്, അവളുടെ, അവന്റെ മനസ്സും സമ്പത്തുകൊണ്ട് നിറഞ്ഞിരിക്കുകയാണ്. സമ്പത്തെങ്ങനെ സൂക്ഷിച്ചുവയ്ക്കും എന്ന ചിന്തയിൽ അവളുടെ, അവന്റെ ഹൃദയം നിറയെ ഭയവും, ആകുലതയുമായിരിക്കും. ഇനി, സമ്പന്നൻ എന്നതുകൊണ്ട് പണമുള്ള വ്യക്തി എന്ന് മാത്രമല്ല അർത്ഥം. വ്യക്തികളോടും, സമൂഹത്തിനോടുമൊക്കെ വെറുപ്പ്, വിരോധം, അസൂയ വച്ചുപുലർത്തുന്നവരൊക്കെ ഈ സമ്പന്നരിൽപെടും. കാരണം, അവരൊക്കെ, വെറുപ്പുകൊണ്ട്, വിരോധംകൊണ്ട്, അസൂയകൊണ്ട്, അഹങ്കാരംകൊണ്ട് നിറഞ്ഞിരിക്കുന്നവരാണ്. നീ ദേഷ്യപ്പെടുമ്പോൾ – മാതാപിതാക്കളോട്, മക്കളോട്, ഭാര്യയോട്, ഭർത്താവിനോട് – നിന്റെ സമ്പത്ത് ദേഷ്യമാണ്. നീ സമ്പന്നനാണ്.ദേഷ്യവും ചുമന്നാണ് നീ നടക്കുന്നത്. നീ അയൽക്കാരനെ നശിപ്പിക്കുവാൻ പ്ലാൻ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണോ? ആ ചിന്തയിൽ നീ സമ്പന്നനാണ്. ക്രിസ്തു പറയുന്ന സമ്പന്നനെന്നതിന് വളരെ വിശാലമായ അർത്ഥമാണുള്ളത്. ഇങ്ങനെ നിറഞ്ഞിരിക്കുമ്പോൾ, ദൈവത്തിന് അവരിലേക്ക് കടന്നുവരുവാൻ സാധിക്കുകയില്ല. ഇങ്ങനെയുള്ള സമ്പന്നർ അവരുടെ ജീവിതത്തിൽ ദൈവത്തിന്, ക്രിസ്തുവിന് ഇടം, സ്ഥലം ഒരുക്കുമ്പോഴേ അവർ സ്വർഗ്ഗരാജ്യം അനുഭവിക്കൂ. ഉപേക്ഷിക്കണം. നിന്റെ ഹൃദയം ശൂന്യമാകുമ്പോൾ ക്രിസ്തു നിന്നിലേക്ക് വരും. നിന്റെ മനസ്സ് empty ആകുമ്പോൾ ക്രിസ്തു നിന്നിൽ നിറയും. നിനക്കുള്ളതും, നീയും അപ്രത്യക്ഷമാകുമ്പോൾ ക്രിസ്തു നിന്നിൽ പ്രത്യക്ഷപ്പെടും. നീ സ്വർഗ്ഗരാജ്യത്തിലാകും. ക്രിസ്തു വിവക്ഷിക്കുന്ന രീതിയിൽ സമ്പന്നനാണോ ഞാൻ എന്ന് ചിന്തിക്കുക സ്നേഹമുള്ളവരേ.

ഒട്ടകവും, സമ്പന്നരെപ്പോലെ, നിറയെ സാധനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. ചാക്കുനിറയെ സാധനങ്ങൾ അതിന്റെ രണ്ടുവശത്തുമായി തൂക്കിയിട്ട്, നടക്കുവാൻ പോലും പറ്റാത്തരീതിയിൽ ഭാരവുമായിട്ടാണ് ഒട്ടകം ജീവിക്കുന്നത്. സാധാരണ വാതിലിലൂടെ കടക്കുവാൻ അതിന് ബിദ്ധിമുട്ടാണ്. അപ്പോൾപിന്നെ ഇടുങ്ങിയ വാതിലുകളുടെ, സൂചിക്കുഴ പോലുള്ള ഗെയ്റ്റുകളുടെ കാര്യം പറയാനുണ്ടോ? ഒട്ടകങ്ങൾക്ക് ജെറുസലേമിലേക്ക് കടക്കണമെങ്കിൽ, ഞാൻ നേരത്തെപറഞ്ഞപോലെ eye of the needle ലൂടെ തന്നെ കടന്നുപോകണം. ഭാരവുമായിട്ട് അതിലൂടെ കടക്കുവാൻ പറ്റാത്തതുകൊണ്ട് എല്ലാഭാരവും unload ചെയ്തതിനുശേഷം, ഭാരങ്ങളൊന്നുമില്ലാതെ, empty യായ ശരീരത്തോടെ അതിന് ഗെയ്റ്റ് കടക്കുവാൻ സാധിക്കും. അങ്ങനെ മാത്രമേ അതിന് കടക്കുവാൻ കഴിയൂ. ഭാരങ്ങളെല്ലാം ഉപേക്ഷിച്ചു്, ഒരുതരത്തിൽ പറഞ്ഞാൽ നഗ്നനായി മാത്രമേ ഒട്ടകത്തിന് ഗെയ്റ്റ് കടക്കുവാൻ സാധിക്കൂ.

ഈശോ പറയുന്നത് ഒന്ന് ശ്രദ്ധിക്കുക: “സമ്പന്നൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതിനേക്കാളും എളുപ്പം, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്. സമ്പന്നനെന്നാൽ, ഭാരങ്ങളുള്ളവൾ/ഭാരങ്ങളുള്ളവൻ. ഒട്ടകമെന്നാൽ, ചാക്കുകെട്ടുകളും, മറ്റ് സാധനസാമഗ്രികളുംപേറി നടക്കുന്നവൾ/ നടക്കുന്നവൻ. വീടിനോട് മടുപ്പുതോന്നുന്നതിന്റെ, മാതാപിതാക്കളോടെയും, മക്കളോടും പൊരുത്തപ്പെടാനാവാത്തതിന്റെ, കൂട്ടുകാരോട് ഇണങ്ങാനാവാത്തതിന്റെ, വീടിന്റെ, സ്‌കൂളിന്റെ, കോളേജിന്റെ, ജോലിസ്ഥലങ്ങളുടെ സാഹചര്യങ്ങളോട് പരിചയപ്പെടാനാകാത്തതിന്റെ, ഭാര്യയോട്, ഭർത്താവിനോട് ഒന്നും പറയാനാകാത്തതിന്റെ, തന്നോട് തന്നെ സമരസപ്പെടാനാവാത്തതിന്റെ ഭാരങ്ങളുംപേറി നടക്കുമ്പോൾ, വെറുപ്പിന്റെയും, വിരോധത്തിന്റെയും ചാക്കുകെട്ടുകളുമായി, മനസ്സുനിറയെ പാമ്പും, തേളും, പഴുതാരയും  തുടങ്ങി എല്ലാ വന്യജീവികളുമായി നടക്കുമ്പോൾ,  ലഹരിയുടെയും, മദ്യത്തിന്റെയും, കൊലപാതകത്തിന്റെയും സാധനങ്ങൾ കഴുത്തിൽകെട്ടി നടക്കുമ്പോൾ എങ്ങനെയാണ് സ്വർഗ്ഗരാജ്യത്തിലെത്തുക? എങ്ങനെയാണ് സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കുവാൻ കഴിയുക?  നഗ്നയായെങ്കിൽ, നഗ്നനായെങ്കിൽ മാത്രമേ, നിന്നിലെ ഏച്ചുകെട്ടുകളെല്ലാം ഉപേക്ഷിച്ചെങ്കിൽ മാത്രമേ, നിനക്ക് സ്വർഗ്ഗരാജ്യത്തിലേക്ക് കടക്കുവാനാകൂ. സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുവാൻ ഫാഷൻ ഷോയിലെപ്പോലെ extra costumes ന്റെയൊന്നും ആവശ്യമില്ല. Be naked before God എന്നത് ആധ്യാത്മിക ഗുരുക്കൻമാരുടെ ഒരു പ്രയോഗമാണ്.

അതുകൊണ്ട് ഈശോ പറയുന്നു, ഉപേക്ഷിക്കുക. ശൂന്യമാകുക. ദൈവികതകൊണ്ട്, ക്രിസ്തുവിനെക്കൊണ്ട് നിന്റെ ജീവിതം നിറയ്ക്കുക. കാരണം, ക്രിസ്തുവിന് ഭാരമില്ല; ആത്മാവിന് ഒരു തൂവലോളംപോലും ഭാരമില്ല. മകളേ, മകനേ നിന്നെ ഭാരപ്പെടുത്താനല്ല, നിന്റെ ഭാരങ്ങളെല്ലാം ഇല്ലാതാക്കാനാണ് ഞാൻ വന്നത് എന്ന് പറയുന്ന ഈശോയുടെ സ്നേഹശബ്ദം കേൾക്കുക. ഭാരങ്ങളെല്ലാം കളയുവാൻ, ഉപേക്ഷിക്കുവാൻ, കഴുകനെപ്പോലെ പഴയതെല്ലാം കൊത്തിപ്പറിച്ചു കളയുവാൻ നമുക്ക് ബുദ്ധിമുട്ടുണ്ടാകും. എന്നാൽ, ഈശോ പറയുന്നു. ദൈവത്തിനൊന്നും അസാധ്യമല്ല. എല്ലാം സാധ്യമാക്കുന്നവൻ ദൈവം! നമ്മിലെ ഭാരങ്ങളെല്ലാം എടുത്തുമാറ്റുവാനാണ് ഈശോ ഈ ഭൂമിയിലേക്ക് വന്നത്. നമ്മിലെ ചപ്പുചവറുകളെ കത്തിച്ചുകളയുവാൻ തീയുമായിട്ടാണ് ഈശോ വന്നത്. ഫാ. സാജു പൈനാടത്ത് MCBS ന്റെ “ദൈവത്തിന്റെ ഭാഷ വിശുദ്ധ കുർബാന എന്ന പുസ്തകത്തിലെ വിവരണം ശ്രദ്ധേയമാണ്.

“എന്തുകൊണ്ടാണിങ്ങനെ എന്ന് ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ മനസ്സിൽ തെളിഞ്ഞത് ലൂക്ക 12, 49 എന്നാണ്. അടുത്തിരുന്ന ബൈബിളെടുത്ത് ലൂക്കായുടെ സുവിശേഷമെടുത്ത് ഞാൻ വായിച്ചു: “ഭൂമിയിൽ തീയിടാനാണ് ഞാൻ വന്നത്. അത് ഇതിനകം കത്തിജ്വലിച്ചിരുന്നെങ്കിൽ!”

വചനത്തിന്റെ പൊരുൾ പതുക്കെ പതുക്കെ ഇതൾവിടരുന്നത് കണ്ട് ഞാൻ പേടിച്ചുപോയി! തീയിടുന്നുണ്ടെങ്കിൽ ചാമ്പലാക്കാൻ എന്തെങ്കിലും വേണമല്ലോ. എന്താണത്? ഒരു മിന്നൽ പോലെ ഉത്തരം എന്നിൽ തെളിഞ്ഞു. എന്നിലെ ചവറുകൾ! എന്നിലെ ചിത്തവൃത്തികളെ നിരോധിക്കാതെ, കത്തിച്ചുകളയാതെ വിശുദ്ധ കുർബാനയിലേക്ക് പ്രവേശിക്കുവാൻ എനിക്കാകുന്നതെങ്ങനെ? എനിക്ക് വിലപ്പെട്ടതായിത്തോന്നുന്ന പലതും കത്തിച്ചുകളയേണ്ടിയിരിക്കുന്നു! എന്റെ വിജ്ഞാനം, എന്റെ നിഗമനങ്ങൾ, എന്റെ തത്വശാസ്ത്രങ്ങൾ, എന്റെ വിധിന്യായങ്ങൾ, മുൻവിധികൾ, ആശയസംഹിതകൾ … അങ്ങനെ പലതും എനിക്ക് വിശിഷ്ടമായതാണ്. പക്ഷെ, ഗുരുവിനറിയാം അതെല്ലാം വെറും ചപ്പുചവറുകളാണെന്ന്! എനിക്ക് അവയെല്ലാം എന്റെ വലുപ്പമാണ്, എന്റെ ആടയാഭരണങ്ങളാണ്! എന്നാൽ ഗുരുവിനറിയാം അതെല്ലാം ചങ്ങലകളാണെന്ന്, ബന്ധനങ്ങളാണെന്ന്! അവയ്‌ക്കെല്ലാം തീയിടാനാണ് ക്രിസ്തു വന്നത്. അതിൽ ഞാൻ ജ്വലിച്ചുതീരുമ്പോൾ എന്നിൽ പാകപ്പെടുന്നതാണ്, ഉയിർത്തെഴുന്നേൽക്കുന്നതാണ് വിശുദ്ധ കുർബാന. അപ്പോൾ വിശുദ്ധ കുർബാനയിലേക്ക് ഞാൻ ക്ഷണിക്കപ്പെടുകയാണ്.”  (7, 22-23)

ശ്രീ ബുദ്ധനാണ് ഈ ഉപേക്ഷിക്കലിനെക്കുറിച്ച്, അതുവഴി സ്വയം ശൂന്യമാക്കുന്നതിനെക്കുറിച്ച്, അതിനുശേഷം ദൈവികചൈതന്യത്താൽ നിറയുന്നതിനെക്കുറിച്ച് academic ആയി പഠിപ്പിക്കുന്നത്. ഫിലോസഫി പഠനകാലത്ത് ഇന്നത്തെ സുവിശേഷഭാഗത്തെ ശരിയായി മനസ്സിലാക്കുവാൻ ഉപേക്ഷിക്കുക ശൂന്യമാകുക എന്ന ചിന്ത എന്നെ സഹായിച്ചു.ധ്യാനത്തിലൂടെ സ്വയം ശൂന്യമാകുമ്പോൾ, ദൈവികവെളിച്ചം ഒരു വ്യക്തിയിൽ നിറയും. അങ്ങനെയുള്ളവർ ഇപ്പോഴും സ്വർഗ്ഗരാജ്യത്തിലായിരിക്കും.  

നമ്മുടെയൊക്കെ ക്ളാസുകളിൽ എപ്പോഴും ചോദ്യം ചോദിച്ചു് ടീച്ചർമാരെ ശല്യപ്പെടുത്തുന്ന കുട്ടികളെപ്പോലെ, പത്രോസ് ചോദിക്കുകയാണ് “ഈശോയെ ഞങ്ങളെല്ലാം ഉപേക്ഷിച്ചാണ് വന്നിരിക്കുന്നത്. ഞങ്ങൾക്ക് ഭാരങ്ങളൊന്നുമില്ല. ഈ ലോകത്തിന്റേതായ ഒന്നുമില്ലാത്തതാണ് ഞങ്ങളുടെ ഹൃദയങ്ങൾ. വെറുപ്പിന്റെ, അസൂയയുടെ, അഹങ്കാരത്തിന്റെ പാമ്പുകളും, തേളുകളും, പഴുതാരകളും ഒന്നുമില്ലാത്തതാണ് ഞങ്ങളുടെ മനസ്സുകൾ. വാദഗതികളൊന്നുമില്ലാത്ത, demands ഒന്നുമില്ലാത്ത ശുശ്രൂഷകരാണ് ഞങ്ങൾ. ഞങ്ങൾക്ക് എന്തുകിട്ടും? ഈശോ പറയുന്നു: അങ്ങനെയുള്ളവരാണ് നിങ്ങളെങ്കിൽ ഈ ആകാശം നിങ്ങളുടേതാണ്; ഈ ഭൂമി നിങ്ങളുടേതാണ്. ഈ സമുദ്രം മുഴുവനും നിങ്ങളുടേതാണ്. ഞാൻ നിങ്ങളുടേതാണ്.

നമ്മുടെ മനസ്സിനെ മാത്രമല്ല, നമ്മുടെ ആന്തരികതയെക്കൂടി, ആന്തരികസത്തയെക്കൂടി തൊടുന്ന മനഃശാസ്ത്രജ്ഞൻ സിഗ്മണ്ട് ഫ്രോയിഡല്ല, അത് ആൽഫ്രെഡ് ആഡ്ലറല്ല, അത് കാൾ ഗുസ്താവ് യുങ്ങുമല്ല. അത് ക്രിസ്തുവാണ്. ജീവിതത്തിന്റെ ഭാരങ്ങളും, അസ്വസ്ഥതകളും സമാധാനത്തിലേക്ക്, സന്തോഷത്തിലേക്ക് പ്രവേശിക്കുവാൻ തടസ്സമായി നിൽക്കുമ്പോൾ ആ ഭാരങ്ങളെയെല്ലാം ഉപേക്ഷിക്കുക മാത്രമല്ല, അവയ്ക്കുപകരം ദൈവത്തെക്കൊണ്ട്, ക്രിസ്തുവിനെക്കൊണ്ട്, ക്രിസ്തുസ്നേഹത്തെക്കൊണ്ട്, ക്രിസ്തു മനോഭാവത്തെക്കൊണ്ട് ജീവിതം നിറയ്ക്കുക എന്ന് ഈശോ പറയുമ്പോൾ മനുഷ്യന്റെ ജീവിതത്തെ പൂർണമായി വിശുദ്ധീകരിക്കുകയാണ്, രക്ഷിക്കുകയാണ് ക്രിസ്തു ചെയ്യുന്നത്. ജീവിതത്തിന്റെ, യാതനയുടെ, ദുരിതത്തിന്റെ, കാമനകളുടെ, ലൗകികസുഖങ്ങളുടെ ഉത്കണ്ഠകളുടെ ഭാരം എങ്ങനെയാണ് ഞാൻ ഉപേക്ഷിക്കേണ്ടത്? എങ്ങനെ എന്നതുതന്നെ ചിലപ്പോൾ കൂടുതൽ ഭാരം സൃഷ്ടിക്കും. ഭാരം ഉപേക്ഷിക്കാൻ താത്പര്യമുണ്ടെങ്കിൽ അതുപേക്ഷിക്കാൻ ഒരു കാരണം വേണം. ഉപേക്ഷിക്കുക മാത്രമല്ല, ഉപേക്ഷിച്ച ശേഷം ആ ഇടത്തിലേക്ക് പരിശുദ്ധമായ, ഉന്നതമായ, ദൈവികമായ, വീണ്ടും ഭാരം സൃഷ്ടിക്കാത്ത ഒന്നിനെക്കൊണ്ട് ജീവിതം നിറയ്ക്കുവാൻ സാധിക്കണം. ഈശോ പറയുന്നത് സ്വർഗ്ഗരാജ്യത്തെക്കൊണ്ട് നിങ്ങളുടെ ജീവിതത്തെ നിറയ്ക്കുവാൻ നിങ്ങൾക്ക് സാധിക്കണം. കാരണം, നൂറിരട്ടിയായി സ്വർഗത്തെ നൽകുവാൻ ദൈവം കാത്തിരിക്കുകയാണ്.

നമ്മുടെ മുൻപിൽ രണ്ട് മാർഗങ്ങളേയുള്ളു. ഒന്നുകിൽ, ഒന്നും ഉപേക്ഷിക്കാതെ, ഗെയ്റ്റ് കടക്കാതെ തിരിച്ചുപോകുക. എന്നിട്ട് ഭാരങ്ങളുംപേറി ജീവിക്കുക. ഭാരങ്ങൾ നമ്മുടെ ജീവിതം നിശ്ചലമാക്കും. ചലനം നിൽക്കുന്ന മാത്രയിൽ അത് വൃത്തികെട്ടതും, ചെളിനിറഞ്ഞതുമാകും. അല്ലെങ്കിൽ സർവ്വതും ഉപേക്ഷിച്ചു് ആത്മാവാൽ നിറയുക. എന്നിട്ട് മുന്നോട്ട് പോകുക. പുതിയ ജീവിതത്തിൽ, കൂടുതൽ ഉയർന്ന ജീവിതത്തിൽ, മരണമറിയാത്ത ജീവിതത്തിൽ സ്വർഗത്തിൽ പ്രവേശിക്കുക. 

സ്നേഹമുള്ളവരേ, ഉപേക്ഷിക്കുക, ശൂന്യമാകുക. സ്വർഗ്ഗരാജ്യം നമ്മുടേതായിരിക്കും. കഴുകൻ സൂര്യന് കുറുകെ പറക്കുമ്പോൾ ഒന്നും കൂടെകൊണ്ടുപോകുന്നില്ല. കൂടെകൊണ്ടുപോകാൻ അതിന് കഴിയില്ല. എത്രയും ഭാരം കുറവാണോ, അത്രയും ഉയരങ്ങളിലേക്ക് അതിന് പറന്നുയരാൻ കഴിയും. നാം ചുമന്നുകൊണ്ട് നടക്കുന്ന ഭാരങ്ങൾ നമുക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുകയേയുള്ളു. ഒന്നുകിൽ ഉപേക്ഷിച്ച് സ്വർഗത്തിലേക്ക് പ്രവേശിക്കുക.  അല്ലെങ്കിൽ ഭാരം ചുമന്ന് തളർന്ന് ജീവിക്കുക. ക്രിസ്തുവിന് middle way ഇല്ലെന്ന് ഓർക്കുക. ഇവിടെയുള്ളതെല്ലാം ഞാൻ ഇവിടെത്തന്നെ ഉപേക്ഷിക്കണം.

മരണത്തിലൂടെ ഈ ജീവിതത്തിന്റെ അതിർത്തി കടക്കുന്ന നിമിഷംതന്നെ എല്ലാം പിന്നിൽ ഉപേക്ഷിക്കേണ്ട ഈ ജീവിതത്തിൽ, ജീവിച്ചിരിക്കുമ്പോൾ തന്നെ എല്ലാം വലിച്ചെറിയുക. എന്തിന് അവ ചുമന്ന് പ്രശ്നങ്ങൾ ഉണ്ടാക്കണം? ആമേൻ!

SUNDAY SERMON MT 25, 1-13

പള്ളിക്കൂദാശാക്കാലം ഒന്നാം ഞായർ

പുറപ്പാട് 33, 1-11

ഏശയ്യാ 40, 21-31

ഹെബ്രാ 9, 114

മത്തായി 25, 1-13

സന്ദേശം

സീറോ മലബാർ സഭയുടെ ആരാധനക്രമ വത്സരത്തിലെ അവസാനത്തെ കാലമായ പള്ളിക്കൂദാശാക്കാലത്തിലേക്ക് നാമിന്ന് പ്രവേശിക്കുകയാണ്. ഇന്ന് പള്ളിക്കൂദാശാക്കാലം ഒന്നാം ഞായർ. ഈ ഭൂമിയിൽ സ്ഥാപിതമായ ക്രിസ്തുവിന്റെ സഭയെ ഓർത്ത് ദൈവത്തിന് നന്ദിപറയുക, മിശിഹാ തന്റെ മണവാട്ടിയായി സഭയെ അവസാന വിധിക്കുശേഷം സ്വർഗ്ഗസ്ഥനായ പിതാവിന് സമർപ്പിക്കുന്നത് അനുസ്‌മരിക്കുക, യുഗാന്തത്തിൽ സഭ അവളുടെ മക്കളോടൊപ്പം സ്വർഗീയ ജറുസലേമാകുന്ന നിത്യസൗഭാഗ്യത്തിൽ എത്തിച്ചേരുന്നതിന്റെ മുന്നാസ്വാദനം അനുഭവിക്കുക എന്നീ ലക്ഷ്യങ്ങളാണ് പള്ളിക്കൂദാശാക്കാലത്ത് നാം മനസ്സിൽ സൂക്ഷിക്കുന്നത്.  

പള്ളിക്കൂദാശാക്കാലത്തിന്റെ ഈ ഒന്നാം ഞായറാഴ്ച്ച സഭാസമർപ്പണത്തിരുനാളായിട്ടാണ് തിരുസ്സഭ ആഘോഷിക്കുന്നത്. തിരുസ്സഭയെ മനസ്സിൽ കണ്ടുകൊണ്ടെന്നോണം “നീ പത്രോസാണ്. ഈ പാറമേൽ ഞാൻ സഭ സ്ഥാപിക്കും.” എന്ന് പറഞ്ഞുകൊണ്ട് ഈശോ തിരുസ്സഭയ്ക്ക് രൂപം കൊടുത്തതിനെയാണ് ഇന്ന് നാം പ്രത്യേകം ഓർക്കുന്നത്. ക്രിസ്തുവിന്റെ സ്നേഹ സന്ദേശവുമായി ലോകം മുഴുവനും നിറഞ്ഞു നിൽക്കുന്ന തിരുസ്സഭയോടൊപ്പം വചനം ധ്യാനിച്ചും, കൂദാശകൾ സ്വീകരിച്ചും വിശുദ്ധ കുർബാനയർപ്പിച്ചും സഭാത്മകമായി ജീവിക്കുവാനാണ്, ഈശോയുടെ വരവിനായി ഒരുക്കത്തോടെ കാത്തിരിക്കുവാനാണ്  പള്ളിക്കൂദാശാക്കാലം നമ്മോട് ആഹ്വാനംചെയ്യുന്നത്. ഈ ഒന്നാം ഞായറാഴ്ചയിലെ സന്ദേശമാകട്ടെ, മനുഷ്യജീവിതസാഹചര്യങ്ങളിൽ എല്ലാ തയ്യാറെടുപ്പോടുംകൂടി ക്രിസ്തുവിനായി കാത്തിരിക്കുക എന്നതാണ്.

വ്യാഖ്യാനം 

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പ്രധാനമായും രണ്ട് പ്രഭാഷണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്നാമത്തേത്, തന്റെ പരസ്യജീവിതത്തിന്റെ ആരംഭത്തിൽ ഈശോ നടത്തിയ, പിന്നീട്   മലയിലെ പ്രസംഗമെന്ന് അറിയപ്പെട്ട പ്രഭാഷണമാണ്.  വിശുദ്ധ മത്തായിയുടെ സുവിശേഷം 5, 6, 7 അദ്ധ്യായങ്ങളിൽ നമുക്കിത് വായിക്കാം. രണ്ടാമത്തേത്, 23, 24, 25 അദ്ധ്യായങ്ങളിലായി നാം വായിക്കുന്ന ഈശോയുടെ അന്ത്യവിധിയെക്കുറിച്ചുള്ള പ്രഭാഷണമാണ്. ഇരുപത്തിയാറാം അദ്ധ്യായംമുതലാകട്ടെ, ഈശോയുടെ രക്ഷാകര ദൗത്യത്തിന്റെ സമാപന രംഗങ്ങളാണ് നാം വായിക്കുന്നത്. ഇന്നത്തെ സുവിശേഷഭാഗം തന്റെ മരണത്തിന് മുൻപ് ഈശോ ലോകത്തോട് നടത്തുന്ന അന്ത്യപ്രഭാഷണമായി കാണുമ്പോൾ, ഈ സുവിശേഷഭാഗത്തിന്റെ, പത്ത് കന്യകകളുടെ ഉപമയുടെ പ്രസക്തി വർധിക്കുകയാണ്. ദൈവം നമ്മുടെ ജീവിതത്തിലേക്ക് എപ്പോൾ വരുമെന്ന് അറിയാത്ത അവസരങ്ങളിൽപോലും തയ്യാറെടുപ്പോടെ കാത്തിരിക്കുവാൻ, കാത്തിരിപ്പിന്റെ കഥയിലൂടെ, ഇന്ന് ഈശോ നമ്മെ പഠിപ്പിക്കുകയാണ്.

കാത്തിരിപ്പ് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ജീവിതത്തിന്റെ ഭാഗം മാത്രമല്ല, ജീവിതംതന്നെയാണ്. കാത്തിരിപ്പിന് സ്നേഹത്തിന്റെ സ്പർശമുണ്ട്; വേദനയുടെ നനവുണ്ട്; ക്ഷമയുടെ, സഹിഷ്ണതയുടെ നിറമുണ്ട്. ആർക്കെങ്കിലുമൊക്കെ ചങ്കിലൊരിടംകൊടുക്കാൻ ചങ്കൂറ്റമുള്ളവർക്കേ കാത്തിരിക്കുവാനാകൂ. പിന്നെ, പതിയെപ്പതിയെ അവർക്കുവേണ്ടി ചാവേറായി മാറാനാവൂ.  പ്രകൃതിയിലും കാത്തിരിപ്പിന്റെ മുഹൂർത്തങ്ങളാണ് കാണാൻ കഴിയുക. പ്രതീക്ഷയുടെ സുഖവും ദുഃഖവും നുണഞ്ഞ്, പത്തുമാസത്തെ കാത്തിരിപ്പിന് ശേഷമാണല്ലോ ഒരു ശിശു ഈ ലോകത്തിലേക്ക് വരുന്നത്! കൂരിരുൾ പുലരിവെട്ടത്തിനായി കാത്തിരിക്കുന്നത്, വേഴാമ്പൽ മഴയെ കാത്തിരിക്കുന്നത്, കർഷകൻ വിത്തുവിതച്ചശേഷം വിളവിനായി കാത്തിരിക്കുന്നത് …എല്ലാം എല്ലാം കാത്തിരിപ്പിന്റെ പ്രതീകങ്ങളാണ്. ഫാ.ബിബിൻ എംസിബിഎസ് തന്റെ “കടലാസ്” എന്ന ഓൺലൈൻ പേജിൽ “കാത്തിരിപ്പിനേക്കാളവൃത്തി വായിച്ചു തഴമ്പിച്ചൊരു കവിതയും രചിക്കപ്പെട്ടിട്ടില്ല” എന്ന് പറയുമ്പോൾ കാത്തിരിപ്പ് എന്ന ആശയം ഒരു വികാരമായി മനുഷ്യനിൽ നിറഞ്ഞു നിൽക്കുന്നുണ്ട് എന്ന് നാം മനസിലാക്കുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലെ ടി. എസ് എലിയറ്റിന്റെ (T.S. Eliot) “വെയ്സ്റ്റ് ലാൻഡ്” (The Waste Land) രക്ഷകനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ കഥയാണ്. സാമുവേൽ ബക്കറ്റിന്റെ (Samuel Beckett) “വെയ്റ്റിംഗ് ഫോർ ഗോദോ” (Waiting for Godot) എന്ന നാടകം, ദൈവത്തിനുവേണ്ടിയുള്ള വ്യക്തിയുടെ മാത്രമല്ല, മാനവസമൂഹത്തിന്റെ മുഴുവൻ കാത്തിരിപ്പാണ്. 

നമ്മുടെ ക്രൈസ്തവ ആധ്യാത്മികതയിൽ, ദൈവം തനിക്കുവേണ്ടി ഉറച്ച വിശ്വാസത്തോടെ, പ്രതീക്ഷയോടെ, യോഗ്യമായ തയ്യാറെടുപ്പോടെ, കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തുന്നില്ല എന്നത് വളരെ മനോഹരമായ ഒരു വിശ്വാസമാണ്. ആദത്തിന്റെ ഒരു കൂട്ടിനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉത്തരമാണ് ഹവ്വ. നോഹയുടെ കാത്തിരിപ്പിന് പ്രതീക്ഷയേകാനായി മഴവില്ല്, ഇസ്രായേൽ ജനത്തിന്റെ വേദനയോടെയുള്ള കാത്തിരിപ്പിന് ഈജിപ്തിൽനിന്നുള്ള മോചനം. വീണ്ടും ഇസ്രായേൽ ജനത്തിന്റെ 40 വർഷത്തെ അലഞ്ഞുള്ള കാത്തിരിപ്പിന് കാനാൻ ദേശം. ഇങ്ങനെ തയ്യാറെടുപ്പോടെ കാത്തിരിക്കുന്നവർക്ക് ദൈവം തന്റെ അനുഗ്രഹങ്ങൾ നൽകുന്നതായി ബൈബിളിൽ നാം കാണുന്നുണ്ട്. ക്രൈസ്തവന്റെ ദൈവം, തയ്യാറെടുപ്പോടെ തന്നെ കാത്തിരിക്കുന്ന മക്കൾക്കുവേണ്ടി അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന സ്നേഹദൈവമാണ്. ആ ദൈവത്തെക്കുറിച്ചു് നമ്മെ പഠിപ്പിക്കുവാനും, മനസ്സിലാക്കിത്തരുവാനും വന്ന ഈശോ ഉപകളിലൂടെയും, കഥകളിലൂടെയും, വചനങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും ദൈവത്തെ വെളിപ്പെടുത്തുവാൻ ശ്രമിക്കുകയാണ്. ഈ പിതാവായ ദൈവത്തിനുവേണ്ടിയുള്ള കാത്തിരിപ്പ് എങ്ങനെയായിരിക്കണമെന്നാണ് പത്തു കന്യകകളുടെ ഉപമയിൽ ഈശോ പറഞ്ഞു വയ്ക്കുന്നത്.

യഹൂദരുടെ വിവാഹാഘോഷങ്ങളുടെ ചുവടുപിടിച്ചുകൊണ്ടാണ് ഈശോ പത്തു കന്യകകളുടെ ഉപമ രൂപപ്പെടുത്തിയിരിക്കുന്നത്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വിവാഹാഘോഷങ്ങൾക്കുശേഷം മണവാട്ടിയുടെ വീട്ടിൽ നിന്ന് പുതുമണവാളനും, മണവാട്ടിയും, അവരുടെ പുതിയ വീട്ടിലേക്ക് യാത്രയാകും. യാത്ര എന്നുപറഞ്ഞാൽ, താലപ്പൊലിയും വെഞ്ചാമരവുമൊക്കെയായുള്ള ഒരു യാത്ര. അതെപ്പോഴാണ് അവരുടെ പുതിയ വീട്ടിൽ എത്തിച്ചേരുക എന്ന് മുൻകൂട്ടി പറയുക വയ്യ. തെളിഞ്ഞ ദീപങ്ങൾ പിടിച്ചു് അവരെ എതിരേൽക്കുകയെന്ന ദൗത്യം കന്യകകളാണ് ഏറ്റെടുക്കുക. വിളക്കുകളിൽ എണ്ണപകർന്ന്, തിരിനാളങ്ങൾ ഒരുക്കി രാത്രിയുടെ യാമങ്ങളെണ്ണി അവർ കാത്തിരിക്കും. കാരണം, എപ്പോഴാണ് അദ്ദേഹം വരിക എന്നറിയില്ലല്ലോ. അവർ എത്തുമ്പോൾ സേവകരിൽ ആരെങ്കിലും സിഗ്നൽ കൊടുക്കും. അപ്പോൾ കന്യകമാർ പുതുമണവാളനെയും, മണവാട്ടിയെയും സ്വീകരിക്കുവാൻ പുത്തേക്കെറിങ്ങിവരും.

തികച്ചും സാധാരണമായ ഈയൊരു സാഹചര്യത്തിലെ വളരെ രസകരമായ ഒരു twist ആണ് ഉപമയുടെ മനോഹാരിത. Twist ഇതാണ്: ഒരുങ്ങിയിരുന്ന പത്തുകന്യകകളിൽ അഞ്ചുപേരുടെ വിളക്കുകളിൽ എണ്ണ ഇല്ലാതാകുന്നു. എണ്ണ വിളക്കുകളിൽ നിറയ്ക്കുവാൻ അവർ മറന്നുപോയിരുന്നു. ആഘോഷത്തിന്റെ പൊലിമ നഷ്ടപ്പെടുന്നു. മാത്രമല്ല, പുതുമണവാളനോടും, മണവാട്ടിയോടുമൊപ്പം മണവറയിലേക്ക് പ്രവേശിക്കാൻ ആ അഞ്ചുപേർക്കും അവസരം കിട്ടാതെപോകുന്നു!

ഈ Twist നെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈശോ പറയുന്നു, സ്വർഗ്ഗരാജ്യം, ജീവിതത്തിന്റെ എല്ലാമണിക്കൂറിലും, ക്രിസ്തുവാകുന്ന മണവാളനെയും, തിരുസ്സഭയാകുന്ന മണവാട്ടിയെയും സ്വീകരിക്കുവാൻ ഒരുങ്ങിരിക്കുന്നവരുടേതാണ്. അലക്ഷ്യമായി ജീവിക്കുന്ന, താലന്തുകൾ ഉപയോഗിക്കാതെ അലസമായി ജീവിക്കുന്ന മനുഷ്യരുടേതല്ല സ്വർഗ്ഗരാജ്യം. ജീവിതത്തിൽ ദൈവം നൽകുന്ന അവസരങ്ങളെ ഏറ്റവും നന്നായി ഉപയോക്കുന്നവരുള്ള സ്ഥലമാണ് സ്വർഗ്ഗരാജ്യം. ജീവിതത്തിന്റെ ഓരോ നിമിഷവും ക്രിസ്തുവിനായി കാത്തിരിക്കുന്നവരുടേതാണ് സ്വർഗ്ഗരാജ്യം.

ഒത്തിരി സ്നേഹത്തോടെ നാം ആരെയെങ്കിലും കാത്തിരിക്കുന്നുണ്ടെങ്കിൽ നമ്മുടെ ചിന്തകൾ ആരെക്കുറിച്ചായിരിക്കും? നമ്മുടെ സംസാരം ആരെക്കുറിച്ചായിരിക്കും? നമ്മുടെ നമ്മുടെ കണ്ണുകൾ ആരെ കാണുവാനാഗ്രഹിക്കും? സംശയമില്ല, നാം ആരെ കാത്തിരിക്കുന്നുവോ, ആ വ്യക്തിയെക്കുറിച്ചായിരിക്കും. ക്രിസ്തുവിനായി ജീവിതത്തിന്റെ ഓരോ നിമിഷവും കാത്തിരിക്കുന്നവരുടെ ചിന്തയിൽ എന്നും എപ്പോഴും ക്രിസ്തുവായിരിക്കും; ഹൃദയത്തിൽ ക്രിസ്തുവായിരിക്കും; സംസാരത്തിൽ ക്രിസ്തുവായിരിക്കും; കാഴ്ച്ചയിൽ എപ്പോഴും ക്രിസ്തുവായിരിക്കും. പ്രവൃത്തികളിൽ നിഴലിക്കുന്നതോ ക്രിസ്തു മാത്രമായിരിക്കും. എല്ലാ തയ്യാറെടുപ്പോടുംകൂടി ക്രിസ്തുവിനായി വിശ്വാസത്തോടെ, പ്രാർത്ഥനയോടെ കാത്തിരിക്കുന്നവർ എന്നും എപ്പോഴും സ്വർഗ്ഗരാജ്യത്തിലായിരിക്കും; സ്വർഗ്ഗരാജ്യം അങ്ങനെയുള്ളവരുടേതാകുന്നു.

ഈശോയുടെ ഓർമ്മപ്പെടുത്തൽ ഇങ്ങനെയാണ്: “നിങ്ങൾ ഒരുങ്ങിയിരിക്കുവിൻ. എന്തെന്നാൽ, പ്രതീക്ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രൻ വരുന്നത്.” (ലൂക്കാ 12, 40) ക്രിസ്തു നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് ഇപ്പോൾ ഈ നിമിഷത്തിലാകാം; നാം ദേവാലയത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവേളയിലാകാം; വീട്ടിലെ ജോലികൾക്കിടയിലാകാം. അതുമല്ലെങ്കിൽ അന്ത്യവിധിയുടെ നാളിലാകാം. എപ്പോഴാണെങ്കിലും ഒരുങ്ങിയിരിക്കുവാൻ നമുക്കാകണം. “സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാൽ നിങ്ങളുടെ മനസ്സ് ദുർബലമാകാതെ” (ലൂക്കാ 21, 34) മനുഷ്യപുത്രന്റെ മുൻപിൽ പ്രത്യക്ഷപ്പെടാൻവേണ്ട കരുത്തു ലഭിക്കുവാൻ സദാ പ്രാർത്ഥിച്ചുകൊണ്ട് ജാഗരൂകരായിരിക്കുവാൻ (36) ഈശോ നമ്മോട് പറയുന്നു. വിശുദ്ധ പൗലോശ്ലീഹാ പറയുന്നത്, സത്യംകൊണ്ട് അരമുറുക്കി നീതിയുടെ കവചം ധരിച്ച് സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകൾ ധരിച്ച്, വിശ്വാസത്തിൻറെ പരിച എടുത്ത്, രക്ഷയുടെ പടത്തൊപ്പി അണിഞ്ഞ് 

, ദൈവവചനമാകുന്ന ആത്മാവിൻറെ വാൾ എടുത്ത് (എഫേസോസ് 6, 13-17) ഓരോ നിമിഷവും നാം ഒരുങ്ങിയിരിക്കണം എന്നാണ്.

സമാപനം 

സ്നേഹമുള്ളവരേ, എല്ലാവിധ തയ്യാറെടുപ്പോടെ, ജീവിതത്തിന്റെ എല്ലാനിമിഷവും ക്രിസ്തുവിനായി കാത്തിരിക്കുന്നവരുടെ സ്വർഗ്ഗരാജ്യമായി ഈ ലോകത്തെ മാറ്റിയെടുക്കുവാനുള്ള ആഹ്വാനവുമായി ഇന്നത്തെ സുവിശേഷഭാഗം, പത്തു കന്യകകളുടെ ഉപമ നമ്മെ സന്ദർശിക്കുമ്പോൾ, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ നാം പരിശോധിക്കേണ്ടിയിരിക്കുന്നു. ഈ ഉപമയിലെ മണവാളൻ ക്രിസ്തുവാണ്. മണവാളൻ വരുവാനുള്ള കാലതാമസം ദൈവത്തിന്റെ പ്രവർത്തനരീതിയെയാണ് കാണിക്കുന്നത്. The Grace of God has its own pace എന്നാണ് പറയുന്നത്. ദൈവത്തിന്റെ പ്രസാദവരത്തിന്, പ്രസാദവരത്തിന്റെ പ്രവർത്തനത്തിന് അതിന്റെതായ ചുവടുണ്ട്. ആ ചുവട് നമ്മുടെ അടുക്കലേക്കെത്തുന്നത് എപ്പോഴാണെന്ന് നമുക്കറിയില്ല. നാം കാത്തിരിക്കണം. വാതിൽ അടയ്ക്കുന്നത് അന്ത്യവിധിയെയാണ് സൂചിപ്പിക്കുന്നത്. ഉപമയുടെ വെളിച്ചത്തിൽ നമ്മുടെ ജീവിതങ്ങളെ പരിശോധിക്കുകയും, ക്രിസ്തുവിനായി കാത്തിരിക്കുന്ന ചൈതന്യം സ്വന്തമാക്കുകയും വേണം. 

ഈ ഭൂമിയിൽ ഓരോ നിമിഷവും ക്രിസ്തുവിനെ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പോടെ ജീവിക്കുക – അതാണ് ക്രൈസ്തവരുടെ ജീവിതദൗത്യം. വിവേകമതികളായ അഞ്ചുകന്യകമാരെപ്പോലെ നമ്മുടെ ജീവിതമാകുന്ന വിളക്കിൽ, എണ്ണയൊഴിച്ചു്, തിരികൾ ഒരുക്കി നാം കാത്തിരിക്കണം. മാർട്ടിൻ ലൂഥർ പറയുന്നത് വിശ്വാസമാകുന്ന എണ്ണയൊഴിച്ചു് കാത്തിരിക്കണമെന്നാണ്. വിശുദ്ധ അഗസ്തീനോസ് പറയുന്നത്, നന്മപ്രവൃത്തികളാകുന്ന എണ്ണയൊഴിച്ചു കാത്തിരിക്കണം എന്നാണ്.

അങ്ങനെകാത്തിരിക്കുമ്പോൾ നമ്മുടെയൊക്കെ ജീവിതങ്ങൾ ക്രിസ്തുവിന്റെ മനോഭാവം നിറഞ്ഞതാകും. ക്രിസ്തുവിന്റെ ചൈതന്യം നിറഞ്ഞു തുളുമ്പുന്നതാകും. ഈ ഭൂമിതന്നെ സ്വർഗ്ഗരാജ്യമായി മാറും. ആമേൻ!

SUNDAY SERMON MT 12, 22-32

ഏലിയാ സ്ലീവാ മൂശേക്കാലം ഏഴാം ഞായർ

നിയമവാർത്തനം 11, 1-7

ജ്ഞാനം 6, 1-10

1 തെസ 5, 12-24

മത്താ 12, 22-32

സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലം ഏഴാം ഞായറാഴ്ചയിലേക്ക്, അവസാന ആഴ്ചയിലേക്ക് നാമിന്ന് പ്രവേശിക്കുകയാണ്. നമുക്കറിയാവുന്നതുപോലെ, സ്ലീവായുടെ വിജയവും, ഈശോയുടെ രണ്ടാമത്തെ ആഗമനവും, അന്ത്യവിധിയുമാണ് ഈ കാലത്തിലെ വിചിന്തനവിഷയങ്ങൾ. കഴിഞ്ഞ ഞായറാഴ്ചകളിൽ നാം പരിചിന്തനം ചെയ്തതും ഈ വിഷയങ്ങളൊക്കെ ആയിരുന്നു. ഇന്നത്തെ ഞായറാഴ്ച്ച തിരുസ്സഭ നമ്മുടെ പരിചിന്തനത്തിനായി നൽകുന്നത് ക്രിസ്തുവിന്റെ ശക്തിയെക്കുറിച്ചും, സ്വർഗംപോലും ക്ഷമിക്കുവാൻ മടികാണിക്കുന്ന പരിശുദ്ധാത്മാവിനെതിരെ മനുഷ്യർ ചെയ്തുകൂട്ടുന്ന പാപങ്ങളെയും കുറിച്ചാണ്.

കഴിഞ്ഞ ദിവസങ്ങളിൽ കേരള മനഃസാക്ഷിയെ നടുക്കിയ ഇലന്തൂർ ഇരട്ടക്കൊലപാതകവും, നരബലികളും പൈശാചിക ശക്തികൾ എത്രമാത്രം മനുഷ്യനെ കീഴടക്കുന്നു എന്നുള്ളതിന്റെ വ്യക്തമായ ഉദാഹരണമാണ്. അതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്, ലഹരിയുടെ പൈശാചിക പിടിയിലമർന്നിരുന്നുകൊണ്ട് സ്വയം നശിക്കുന്ന ഒരു വലിയ കൂട്ടം മനുഷ്യർ നമ്മുടെ നാട്ടിലുണ്ട് എന്നുള്ളത്. ഒപ്പം തന്നെ മറന്നുപോകാതെ നാം ഓർക്കേണ്ടതാണ് അസുര എന്ന ടൂറിസ്റ്റ് ബസിന്റെ ഭ്രാന്തമായ ഓട്ടപ്പാച്ചിലും, തകർച്ചയും. നിങ്ങൾക്കറിയോ, ഇന്റർനെറ്റിൽ, ക്രൈം ആൻഡ് സോഷ്യൽ മീഡിയ എന്ന് സേർച്ച് ചെയ്യുമ്പോൾ 94 കോടിയിലേറെ റിസൾട്ടുകളാണ് വരുന്നത്. പൈശാചികതയിലേക്ക് കൂപ്പുകുത്തുന്ന ലോകത്തിന്റെ അവസ്ഥയെക്കുറിച്ചു് പറയുമ്പോൾ, ഫ്രാൻസിസ് മാർപാപ്പ നമ്മെ  ഓർമപ്പെടുത്തുന്നത്, “ക്രിസ്തുവിന്റെ ശക്തി, the power of Jesus ക്രൈസ്തവരിലൂടെ ലോകത്തിൽ പ്രകടമാകുന്നില്ല; മനുഷ്യൻ പരിശുദ്ധാത്മാവിനെതിരായ പാപങ്ങൾ ചെയ്തുകൊണ്ട്  തങ്ങളെത്തന്നെ, ലോകത്തെ ഇരുട്ടിലാക്കുന്നു ” എന്നാണ്.  കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം ലക്ഷക്കണക്കിന് കേസുകളാണ് ലഹരിയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ യാഥാർഥ്യങ്ങളും, പെരുകി വരുന്ന ക്രിമിനലുകളും, അത്താഴം മുടക്കുന്ന കൃമികളും മനുഷ്യത്വമില്ലാത്ത തട്ടിപ്പുകാരും ഇന്നത്തെ സുവിശേഷസന്ദേശത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നു.

രണ്ട് കാര്യങ്ങളാണ് ഇന്നത്തെ സുവിശേഷത്തിൽ നിന്ന് ചികഞ്ഞെടുക്കാനായി ഞാൻ ആഗ്രഹിക്കുക. ഒന്ന്, ദൈവാത്മാവിനാൽ നിറഞ്ഞ ഈശോയുടെ ശക്തി (The Power of Jesus). രണ്ട്, പരിശുദ്ധാത്മാവിനെതിരായ പാപങ്ങൾ. ഇതിൽ ഒന്നാമത്തേത് വിശദീകരണം അധികം ആവശ്യമില്ലാത്ത ഒരു ചിന്തയാണ്. സുവിശേഷങ്ങളിൽ നിന്ന് സുതരാം വ്യക്തമാകുന്നതും, നമ്മുടെ ജീവിതത്തിൽ ഏതെങ്കിലുമൊക്കെ സമയങ്ങളിൽ നാം അനുഭവിച്ചറിഞ്ഞിട്ടുള്ളതുമാണ് ഈശോയുടെ ശക്തി. രണ്ടാമത്തേതാകട്ടെ, കൂടുതൽ വ്യക്തത ആവശ്യമുള്ള ഒരു വിഷയമാണ്.  

പരസ്യജീവിത കാലത്ത് ഈശോയിലെ ദൈവിക ശക്തി ഏറെ പ്രകടമായിരുന്നു. അവിടുത്തെ സാന്നിധ്യത്തിന്, ഒരു നോട്ടത്തിന്, വാക്കുകൾക്ക് എന്തൊരു ശക്തിയായിരുന്നു! ലാസറിന്റെ മരണത്തിൽ ഒരു വീട് മുഴുവനും, നാടുമുഴുവനും വിറങ്ങലിച്ചു നിന്നപ്പോൾ, ലാസറിന്റെ മൃതദേഹത്തേക്കാൾ മരവിച്ചു നിന്നപ്പോൾ, ലാസറേ പുറത്തുവരിക എന്ന ഈശോയുടെ ശബ്ദം…ആ ശബ്ദം കേട്ട് ശവത്തിനുപോലും ജീവൻവച്ചു! ഈശോയെക്കാണുവാൻ ആഗ്രഹിച്ചു് മരത്തിന്മേലിരുന്ന സക്കേവൂസ്…സക്കേവൂസേ ഇറങ്ങിവരിക എന്ന ക്രിസ്തുവിന്റെ സ്വരം കേട്ടമാത്രയിൽ സക്കേവൂസ് ഊർന്നിറങ്ങി ഈശോയുടെ മുൻപിൽ നിന്നു. എന്നെ അനുഗമിക്കുക എന്ന ഈശോയുടെ ക്ഷണം മനുഷ്യന്റെ സ്വാഭാവികപ്രവണതൾക്കുംമേലെ ത്രസിച്ചുനിന്നു. കാറ്റിനെയും കടലിനെയും, ശാസിച്ചപ്പോൾ കടൽ ശാന്തമായി…ബാലികേ, എഴുന്നേൽക്കുക എന്ന വചനത്തിന് ജീവൻ നൽകുവാനുള്ള, സൗഖ്യം നൽകുവാനുള്ള ശക്തിയുണ്ടായിരുന്നു. മുടന്തനായ മനുഷ്യനോട് എഴുന്നേറ്റ് നടക്കുക എന്ന് പറഞ്ഞപ്പോൾ ശാസ്ത്രംപോലും കണ്മിഴിച്ചു നിന്നു. സാത്താനേ ദൂരപ്പോകുക, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസയിലായിരിക്കും – ഈ ശബ്ദങ്ങളൊക്ക പ്രപഞ്ചത്തിനും, സാത്താനും, തിന്മയ്ക്കും പിടിച്ചുനിൽക്കാൻ കഴിയാത്ത ഇടിമുഴക്കങ്ങളായി മാറിയത് അവിടുത്തെ സ്വർഗീയ ശക്തിയുടെ മഹത്വംകൊണ്ടായിരുന്നു! അത്രമാത്രം powerful ആണ് ഈശോ, ഈശോയിലെ ദൈവികത!

ഇന്നത്തെ സുവിശേഷത്തിലെ അന്ധനും, ഊമനുമായ പിശാചുബാധിതൻ സുഖമുള്ളവനായി, സംസാരിക്കുവാനും കാണുവാനും തുടങ്ങിയപ്പോൾ ഈശോയുടെ ശക്തിയുടെ പ്രാഭവം അറിഞ്ഞ ജനക്കൂട്ടം ഏറ്റവും കുറഞ്ഞത് ഒന്ന് അതുതപ്പെടുകയെങ്കിലും ചെയ്തു. അല്ലെങ്കിലും ജനക്കൂട്ടം പലപ്പോഴും ഈശോയുടെ അത്ഭുതകൃത്യങ്ങൾ കണ്ട് വിസ്മയപ്പെടുകയും, “ഇവന് ഇതെല്ലാം എവിടുന്ന് കിട്ടി” എന്നൊക്കെ പറഞ്ഞ് നടക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഫരിസേയരും, നിയമജ്ഞരുമാകട്ടെ അന്ധരും മൂകരുമായി. കാണേണ്ടത് കാണാതെ, കേൾക്കേണ്ടത് കേൾക്കാതെ അവർ പിശാചുബാധിതനെപ്പോലെയായി. കാഴ്ചയില്ലാത്തവൻ കാഴ്ചയുള്ളവനാകുകയും, കാഴ്ചയുള്ളവർ അന്ധരാകുകയും, സംസാരിക്കാത്തവൻ സംസാരിക്കുകയും, സംസാരിക്കുവാൻ കഴിവുള്ളവർ മൂകരാകുകയും ചെയ്യുന്ന വിരോധാഭാസമാണ് ഇവിടെ നാം കാണുന്നത്. അവരുടെ സ്വാർത്ഥതാത്പര്യങ്ങൾക്കനുസരിച്ചുള്ളവയാണ് അവർ ഈശോയിൽ കണ്ടത്. മഞ്ഞപ്പിത്തമുള്ളവൻ എല്ലാം മഞ്ഞയായി കാണുന്നപോലെ, അപരനെ നശിപ്പിക്കണം എന്ന ആഗ്രഹവുമായി നടക്കുന്നവർ, മറ്റുള്ളവരിൽ കാണുന്നത് നശിപ്പിക്കാനുള്ള ഉപായങ്ങളായിരിക്കും. ഫരിസേയരും ഇതേ മനോഭാവത്തോടെയാണ് ഈശോയെ കണ്ടത്. ഈശോ പറയുന്നതെല്ലാം തെറ്റ്, ഈശോ നോക്കുന്നതും, നടക്കുന്നതും തെറ്റ്, ഈശോ ചെയ്യുന്നതും, ചെയ്യിക്കുന്നതും തെറ്റ്, ഈശോ ഭക്ഷണം കഴിക്കുന്നതും, സുഹൃത്തുക്കളോടൊത്ത് നടക്കുന്നതും തെറ്റ്. ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റമായിരിക്കുമല്ലോ! ഈശോയെ പിശാചുബാധയുള്ളവനെന്നും, പിശാചുക്കളോടുത്താണ് ക്രിസ്തുവിന്റെ ജീവിതമെന്നും വരുത്തിത്തീർക്കുവാൻ എന്ത് തിടുക്കമാണവർക്ക്!!  അവരുടെ ബാലിശമായ, logic ഒട്ടുമില്ലാത്ത arguments തന്നെ ഫരിസേയരുടെ അല്പത്തം വ്യക്തമാക്കുന്നുണ്ട്.

ഫരിസേയരുടെ arguments ൽ അവരുടെ അല്പത്തവും, നശീകരണമനോഭാവവും ആണ് നമ്മൾ കാണുന്നത്. എന്നാൽ, ഈശോയുടെ തിരിച്ചുള്ള arguments ൽ നാം കാണുന്നത് അവിടുത്തെ വാക്കുകളുടെ ശക്തിയാണ്, ദൈവികതയുടെ വിസ്മയമാണ്.

ഈശോയുടെ ശക്തി അവിടുത്തെ വാക്കുകളിലും, പ്രവർത്തികളിലും മാത്രമല്ല, അവിടുത്തെ നിലപാടിലും, മനോഭാവത്തിലും ഉണ്ട്. ഈശോ പറയുന്നത് കേൾക്കൂ…”എന്നോട് കൂടെയല്ലാത്തവൻ എന്റെ എതിരാളിയാണ്; എന്നോട് കൂടെ ശേഖരിക്കാത്തവൻ ചിതറിച്ചുകളയുന്നു.” (30) എന്തൊരു ശക്തിയാണ് ആ നിലപാടിന്. ശത്രുക്കൾപോലും കേൾക്കുമ്പോൾ വിറച്ചുപോകുന്ന പ്രസ്തവനയാണിത്, എതിരാളികൾപോലും പിന്നോട്ട് വലിയുന്ന നിലപാടാണിത്. ഇതിനെതിരെ കുരിശുകാണിച്ചും, കുരിശുമരണം വച്ചുനീട്ടിയും പീഡിപ്പിക്കാൻ നോക്കിയെങ്കിലും, ഈശോയുടെ നിലപാടിന്റെ ഉറപ്പ് അത്ര ശക്തമായിരുന്നു.

ഇന്ന് ക്രൈസ്തവർക്കുപോലും ക്രിസ്തുവിന്റെ compromise ഇല്ലാത്ത നിലപാടുകളോട് പുച്ഛമാണ്. ക്രിസ്തുവിന്റെ മുൻപിൽ നിന്ന്, ക്രിസ്തുവിനുവേണ്ടി പൗരോഹിത്യാഭിഷേക സമയത്തോ, വൃതസമർപ്പണവേളയിലോ, വിവാഹവാഗ്‌ദാന നിമിഷങ്ങളിലോ നാം ക്രൈസ്തവർ എടുക്കുന്ന പ്രതിജ്ഞയ്ക്ക്, നിലപാടിന് ആ സമയങ്ങളിലെ ആഘോഷങ്ങളോളംപോലും ആയുസ്സില്ലെന്നത് വർത്തമാനകാലചരിത്രമാണ്.

വർധിച്ചുകൊണ്ടിരിക്കുന്ന വിവാഹമോചനക്കേസുകളും, ക്രൈസ്തവസഭയെത്തന്നെ തളർത്തുന്ന ക്രൈസ്തവരുടെ പ്രവർത്തനങ്ങളും, തെരുവിലൂടെ നടന്ന് രാഷ്ട്രീയക്കാരെ തോൽപ്പിക്കുംവിധം സഭയ്‌ക്കെതിരെ മുഴക്കുന്ന മുദ്രാവാക്യങ്ങളും, ക്രിസ്തുവിന്റെ വചനം പറയുമ്പോഴുള്ള ഞഞ്ഞാ പിഞ്ഞാ വർത്തമാനങ്ങളും എല്ലാം വളരെ ബലഹീനമായ, തീർത്തും വികൃതമായ ക്രൈസ്തവജീവിതത്തെയാണ് പ്രകടമാക്കുന്നത്. ക്രിസ്തുവിന്റെ നിലപാടുകൾക്ക് ക്രൈസ്തവർ പുല്ലുവിലയേ കല്പിക്കുന്നുള്ളു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ഇവ. ഓർക്കണം, ക്രിസ്തുവിന്റെ നിലപാടിൽ വെള്ളം ചേർക്കാതിരുന്നതുകൊണ്ടാണ് ക്രിസ്തുമതത്തിൽ ഇത്രമാത്രം വിശുദ്ധരും, രക്തസാക്ഷികളും ഉണ്ടായത്. രക്തസാക്ഷികളുടെ രക്തംകൊണ്ട് വളർന്നുവന്ന തിരുസ്സഭ ഇന്നും ലോകത്തിൽ ആത്മീയ ശക്തിയായി, ധാർമിക ശക്തിയായി നിലകൊള്ളുന്നത് ക്രിസ്തുവിന്റെ ശക്തി അവളിൽ ഉള്ളതുകൊണ്ടാണ്. ക്രിസ്തുവിന്റെ നിലപാടിൽ അവൾ ഉറച്ചു നിൽക്കുന്നതുകൊണ്ടാണ്: തിരുസ്സഭ പരിശുദ്ധാത്മാവിനാൽ നയിയ്ക്കപ്പെടുന്നതുകൊണ്ടാണ്.

തിരുസ്സഭയും ക്രൈസ്തവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരും, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവരുമായതുകൊണ്ട്, ഈശോയുടെ ഇന്നത്തെ സുവിശേഷത്തിലെ പരാമർശം വളരെ പ്രധാനപ്പെട്ടതാണ്. “പരിശുദ്ധാത്മാവിനെതിരായ പാപങ്ങൾ ക്ഷമിക്കപ്പെടുകയില്ല.” പരിശുദ്ധാത്മാവിനെതിരായ ആറ് പാപങ്ങളെക്കുറിച്ചാണ് സഭ പ്രധാനമായും പഠിപ്പിക്കുന്നത്. 1. മോക്ഷം കിട്ടുകയില്ലെന്നുള്ള വിചാരം. 2. സത്യപ്രവർത്തി കൂടാതെ മോക്ഷം പ്രാപിക്കാമെന്ന മിഥ്യാ പ്രതീക്ഷ. 3. ഒരു കാര്യം സത്യമാണെന്നറിഞ്ഞിട്ടും, അതിനെ നിഷേധിക്കുന്നത്. 4. അന്യരുടെ നന്മയിലുള്ള അസൂയ 5. പാപം ചെയ്തതിനുശേഷം അനുതപിക്കാതെ അതിൽത്തന്നെ തുടരുന്നത് 6. അന്ത്യ സമയത്തുപോലും അനുതപിക്കാതെ പാപത്തോടുകൂടി മരിക്കുന്നത്.

വിശുദ്ധ പയസ് അഞ്ചാമൻ മാർപാപ്പയിലൂടെ ദൈവം വെളിപ്പെടുത്തിയതാണ് ഈ 6 കാര്യങ്ങൾ. ഇത്തരത്തിലൂടെയുള്ള പാപാവസ്ഥകളിലൂടെ നാം പലപ്പോഴും കടന്നുപോകാറുണ്ട്. കുമ്പസാരക്കൂട്ടിലിരിക്കുമ്പോൾ, പാപമോചനത്തിനായി അണയുന്ന സഹോദരർ പലപ്പോഴും പറയുന്ന ഒന്നാണ്, അച്ചാ, ദൈവം പോലും എന്നെ കൈവിട്ടിരിക്കുകയാണ്. എനിക്കിനി രക്ഷയില്ല. ” സഹോദരരേ, പാപികളെ രക്ഷയ്ക്കുവാൻ ഈ ലോകത്തിലേക്ക് വന്ന ക്രിസ്തു, ക്രിസ്തു മരണത്തിലൂടെ, ഉത്ഥാനത്തിലൂടെ, ഇന്നും വിശുദ്ധ കുർബാനയിലൂടെ നമ്മോടൊത്തായിരിക്കുന്നത് നമ്മെ രക്ഷിക്കുവാനാണ്. ‘ഈ ലോകത്തെ ശിക്ഷിക്കുവാനല്ല രക്ഷിക്കുവാനാണ്’ ക്രിസ്തു യേശു ഈ ലോകത്തിലേക്ക് വന്നത്. ക്രിസ്തുവിന്റെ രക്ഷയെ നിരാകരിക്കുന്നത്, നിരാശയിൽ ജീവിക്കുന്നത് ദൈവത്തിന്റെ ആത്മാവിനെ വേദനിപ്പിക്കലാണ് എന്ന് നാമറിയണം. ക്രിസ്തുവിൽ ആയിരിക്കുവാനും, മരണശേഷം സ്വർഗത്തിൽ ക്രിസ്തുവിനോടൊത്തായിരിക്കാനും നാം സത് പ്രവൃത്തികൾ ചെയ്യണം. വിശുദ്ധ ആഗസ്തീസിന്റെ വചനം ഓർക്കുക:”നിന്നെക്കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവത്തിന് പക്ഷേ, നിന്നെക്കൂടാതെ നിന്നെ രക്ഷിക്കുവാൻ സാധിക്കുകയില്ല. നന്മ ചെയ്യാതെ, നന്മയിൽ ആയിരിക്കാതെ സ്വർഗ്ഗത്തിലെത്താം എന്നത് പരിശുദ്ധാത്മാവിനെതിരായ പാപം ആകുന്നത് അതുകൊണ്ടാണ്. ആത്മാവിന്റെ പ്രവർത്തനങ്ങളോട് ചേർന്ന് നിൽക്കുവാൻ മനുഷ്യർക്ക് കഴിയണം. ദൈവത്തിനെതിരെ മർക്കടമുഷ്ടി പ്രയോഗിക്കുന്നവർ, ധാർഷ്ട്യത്തോടെ, അഹങ്കാരത്തോടെ ജീവിക്കുന്നവർ ആത്മാവിനെതിരെ പ്രവർത്തിക്കുന്നവരാണ്. കർത്താവിന്റെ അഭിഷിക്തർക്കെതിരെ പ്രാർത്ഥിക്കുന്നതും, അനീതിപരമായി, അനാവശ്യമായി, അകാരണമായി അവരെ വേദനിപ്പിക്കുന്നതും, തിരുസ്സഭയ്‌ക്കെതിരെ പ്രവർത്തിക്കുന്നതും പരിശുദ്ധാത്മാവിനെതിരെയുള്ള പാപമാകുന്നത്, സത്യമെന്തെന്നറിഞ്ഞിട്ടും അതിനെ നിഷേധിക്കുന്നതുകൊണ്ടാണ്. 

സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ ശക്തി നമ്മിലും, നമ്മുടെ കുടുംബങ്ങളിലും, ഇടവകയിലും നിറയുവാൻ നമുക്ക് ആഗ്രഹിച്ചു് പ്രാർത്ഥിക്കാം. പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്യാതെ, ആത്മാവിനാൽ നയിക്കപ്പെടുന്നവരാകാം നമുക്ക് ശ്രമിക്കാം. ആമേൻ!

SUNDAY SERMON LK 21, 20-28

ഏലിയാ സ്ലീവാ മൂശേക്കാലം ആറാം ഞായർ

ഉത്പത്തി 19, 23-29

മലാക്കി 4, 1-6

1 തെസ 4, 13-18

ലൂക്കാ 21, 20-28

സ്വർഗ്ഗത്തിന്റെ പൊക്കിൾക്കുടിയിൽ നിന്ന് മനുഷ്യന്റെ ഹൃദയ ഭൂമികയിലേക്ക് ദൈവത്തെ, ദൈവസ്നേഹത്തെ കൊണ്ടുവന്ന ക്രിസ്തു, ഇന്നത്തെ സുവിശേഷത്തിലൂടെ മനുഷ്യജീവിതസാഹചര്യങ്ങളിൽ, ജീവിതത്തിന്റെ, ലോകത്തിന്റെ അന്തിമനാളുകളിൽപോലും ക്രിസ്തു ശിഷ്യരായി ശിരസ്സുയർത്തി നിൽക്കുവാനും, പലവിധ ബന്ധനങ്ങളിൽ കഴിയുന്ന നമ്മുടെ വിമോചനം സമീപിച്ചിരിക്കുന്നുവെന്ന് നമ്മോട് പറയുവാനും ആഗ്രഹിക്കുകയാണ്. 

മനുഷ്യജീവിതത്തിന്റെ സങ്കീർണവും, ദുർഘടവുമായ കയറ്റിറക്കങ്ങളിലൂടെ കടന്നുപോകുമ്പോഴും, എന്നും നമ്മെ അലട്ടുന്ന ചോദ്യങ്ങളിൽ ഒന്നാണ് ഈ ലോകത്തിന്റെ അവസാനം എങ്ങനെയായിരിക്കുമെന്നത്. ലോകാവസാനം എങ്ങനെയായിരിക്കുമെന്നത് ഭാവനചെയ്യാനും, തങ്ങളുടെ ഭാവനയിൽ വിരിയുന്നവ നോവലുകളായും, സിനിമകളായുമൊക്കെ അവതരിപ്പിക്കുവാനും മനുഷ്യൻ താത്പര്യം കാണിക്കാറുണ്ട്. ഓരോ കാലഘട്ടത്തിലും മനുഷ്യൻ ലോകത്തിന്റെ അവസാനം പ്രവചിക്കുന്നുണ്ട്. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളിലൂടെ കടന്ന് രണ്ടായിരം പിറന്നപ്പോൾ, രണ്ടായിരത്തിൽ ലോകം അവസാനിക്കുമെന്നുംപറഞ്ഞ് എന്ത് ബഹളമായിരുന്നു. പിന്നെ, മായൻ കലണ്ടറനുസരിച്ച് (Mayan Calendar) ഡിസംബർ 21, 2012 11:11 ന് ലോകം അവസാനിക്കുമെന്നായിരുന്നു പറച്ചിൽ. 2018 ൽ വെള്ളപ്പൊക്കം വന്നപ്പോഴും, 2019 ൽ മഹാമാരി വന്നപ്പോഴും ഇതാ ലോകത്തിന്റെ അവസാനമായിയെന്ന് നാം വിചാരിച്ചു. ഏറ്റവും ഒടുവിൽ യാതൊരു നീതിയുമില്ലാതെ, അന്താരാഷ്ട്ര നിയമങ്ങളെയെല്ലാം, മര്യാദകളെയെല്ലാം അവഗണിച്ച് റഷ്യ യുക്രൈനിനെ ആക്രമിച്ചപ്പോൾ ഇതൊരു മൂന്നാം ലോകയുദ്ധത്തിന് തുടക്കമാകുമെന്നും, അങ്ങനെ ലോകം അവസാനിക്കുമെന്നും നാം കരുതി. ഒന്നും പറയാറായിട്ടില്ലെങ്കിലും, ഈ യുദ്ധവും കടന്നുപോകും.

എങ്കിലും, ലോകത്തിന് അവസാനമുണ്ടാകുമെന്ന് തന്നെയാണ് ക്രിസ്തു നമ്മോട് പറയുന്നത്. പക്ഷെ, അടയാളങ്ങൾ എന്തായിരിക്കുമെന്നും, അടയാളങ്ങൾ കാണുമ്പോൾ നാമെങ്ങനെ വ്യാപാരിക്കണമെന്നും, നാം സ്വീകരിക്കേണ്ട മനോഭാവമെന്തായിരിക്കണമെന്നും, ഇന്നത്തെ സുവിശേഷത്തിൽ ക്രിസ്തു നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. രണ്ട് പ്രവചനങ്ങളാണ് ഈശോ ഇവിടെ നടത്തുന്നത്. ഒന്ന്, ജറുസലേം തകർക്കപ്പെടും. രണ്ട്, ലോകത്തിന്റെ അവസാനം വരും. ഒപ്പം, മനുഷ്യുത്രന്റെ ആഗമനവും. ഇതിൽ ഒന്നാമത്തേത് പൂർത്തീകരിക്കപ്പെട്ടത് AD 70 ൽ ആണ്. ദാവീദ് രാജാവിന്റെ മകനായ സോളമൻ 975 BCE ൽ പണികഴിപ്പിച്ച, ബാബിലോൺ രാജാവായ നെബുക്കദ്‌നേസർ രണ്ടാമൻ 586 BCE ൽ തകർത്തുകളഞ്ഞ, പിന്നീട്, 515 BCE ൽ പുനർനിർമിച്ച ജെറുസലേം ദേവാലയം റോമക്കാർ വന്ന് ഇസ്രയേലിനെ ആക്രമിക്കുകയും, ദേവാലയവും, പട്ടണവും തകർക്കുകയും ചെയ്തത് AD 70 ൽ ആണ്. രണ്ടാമത്തേത് ഇനിയും പൂർത്തിയായിട്ടില്ല. പൂർത്തിയാകാത്ത ഈ രണ്ടാമത്തെ പ്രവചനത്തെക്കുറിച്ചാണ് തിരുവചനം സംസാരിക്കുന്നത്. 

അങ്ങനെ സംസാരിക്കുമ്പോഴും വിശുദ്ധ ലൂക്കാ സുവിശേഷകൻ ഊന്നൽ കൊടുക്കുവാൻ ആഗ്രഹിക്കുന്നത് ജെറുസലേമിന്റെ പതനമോ, മനുഷ്യപുത്രന്റെ ആഗമനമോ അല്ല. സമാന്തര സുവിശേഷങ്ങളിൽ – വിശുദ്ധ മത്തായിയുടെയും, മാർക്കോസിന്റെയും സുവിശേഷങ്ങളിൽ – ഈ രണ്ടു ഘടകങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഈ ഭാഗം അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, വിശുദ്ധ ലൂക്കായുടെ മുഖ്യപ്രമേയം ക്രൈസ്തവർ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചാണ്, ക്രൈസ്തവർ പുലർത്തേണ്ട മനോഭാവത്തെക്കുറിച്ചാണ്. അത് മറ്റൊന്നുമല്ല, ക്രിസ്തുവിനെ എതിർക്കുന്നവർ ആകാതിരിക്കുക എന്നതാണ്.

ഇന്ന് നാം വായിച്ചുകേട്ടത് വിശുദ്ധ ലൂക്കായുടെ സുവിശേഷം അദ്ധ്യായം 21 ൽ നിന്നാണ്. തെട്ടുമുൻപുള്ള അദ്ധ്യായം 20 ൽ പണിക്കാർ ഉപേക്ഷിച്ചു കളഞ്ഞ കല്ലിനെക്കുറിച്ച് ഈശോ പറയുന്നുണ്ട്. ഈശോയെ ഉപേക്ഷിക്കുന്ന, എതിർക്കുന്ന, ദൈവമായി സ്വീകരിക്കാത്ത ജനത്തെക്കുറിച്ചാണ് ഈശോ പറയുന്നത്. അദ്ധ്യായം 21 ലും ക്ലേശങ്ങളുടെ ആരംഭം വിവരിക്കുമ്പോൾ, ക്രിസ്തുവിന് സാക്ഷ്യം നല്കുന്നവരാകാനാണ് ഈശോ ജനത്തെ ക്ഷണിക്കുക. അന്തിമനാളുകളിൽ പ്രത്യക്ഷപ്പെടുന്ന ക്ലേശങ്ങൾ ഒന്നൊന്നായി വിവരിക്കുമ്പോഴും, മനുഷ്യപുത്രന്റെ ആഗമനത്തിന് മുൻപ് ആകാശത്തും, സൂര്യചന്ദ്രന്മാരിലുമുണ്ടാകുന്ന വലിയ മാറ്റങ്ങളെപ്പറ്റി എണ്ണിയെണ്ണി പറയുമ്പോഴും ഈശോയുടെ ഊന്നൽ ആ സാഹചര്യങ്ങളിൽ ക്രൈസ്തവർ എങ്ങനെ വ്യാപാരിക്കണമെന്നുള്ളതാണ്.  കാരണം, അന്തിമനാളുകളിലെ അടയാളങ്ങളും, ക്ലേശങ്ങളും സംഭവിക്കേണ്ടവയാകുന്നു. എന്നാൽ, മനുഷ്യപുത്രൻ മഹത്വത്തോടെ പ്രത്യക്ഷപ്പെടുമ്പോൾ, മനുഷ്യപുത്രന്റെ മുൻപിൽ നിൽക്കുവാൻ, വിധിയാളനായി ക്രിസ്തു വരുമ്പോൾ ഭൂമിയിൽ ചെയ്ത സ്യകൃതങ്ങളുടെ കണക്കുമായി നിൽക്കുവാൻ മനുഷ്യരെ തയ്യാറാക്കുകയാണ് ഈശോ.  ക്രിസ്തുവിന്റെ നാമം നിമിത്തം ക്രൈസ്തവർ ദ്വേഷിക്കപ്പെടുമെങ്കിലും ക്രിസ്തുവിൽ ഉറച്ചു നിൽക്കുന്നവർ ജീവിക്കും എന്നാണ് ഈശോ പറയുന്നത്. അപ്പോഴാണ് മനുഷ്യപുത്രന്റെ ആഗമനത്തിൽ ശിരസ്സുയർത്തി നിൽക്കുവാൻ നമുക്കാകുക. വിമോചനത്തിലേക്ക്, ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കുവാൻ നമുക്കാകുക.

ക്ലേശങ്ങളുണ്ടാകുമ്പോൾ, നിങ്ങൾ ഒറ്റിക്കൊടുക്കപെടുമ്പോൾ, പീഡിക്കപ്പെടുമ്പോൾ, പ്രപഞ്ച ശക്തികൾ ഇളകുമ്പോൾ, ജെറുസലേം ദേവാലയം പോലുള്ള സത്യവിശ്വാസത്തിന്റെ മിനാരങ്ങൾ, ദൈവവിശ്വാസത്തിന്റെ കൊടുമുടികൾ തകർക്കപ്പെടുമ്പോൾ, ക്രിസ്തുവിന്റെ പ്രതിനിധികൾപോലും ക്രിസ്തുവിനെതിരെ തിരിയുമ്പോൾ, കത്തോലിക്കാ വിശ്വാസത്തിന്റെ ആണിക്കല്ലായ, ഉറവിടവും, അടിസ്ഥാനവുമായ വിശുദ്ധ കുർബാനപോലും അനൈക്യത്തിന്റെയും, അനുസരണക്കേടിന്റെയും, വിഘടനത്തിന്റെയും, പരസ്പരം ചെളിവാരിയെറിയലിന്റെയും കാരണമാകുമ്പോൾ മകളേ, മകനേ, നിനക്ക് ക്രിസ്തുവിനെ ഏറ്റുപറഞ്ഞുകൊണ്ട് ജീവിക്കുവാൻ, ക്രിസ്തുവിനുവേണ്ടി ജീവിക്കുവാൻ സാധിക്കുമോ, ഇല്ലയോ എന്നതാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മുടെ മുൻപിൽ വയ്ക്കുന്ന ചോദ്യം.

Rejecting Jesus – ഇതാണ് വളരെ കൃത്യമായ Point ആയി വിശുദ്ധ ലൂക്ക അവതരിപ്പിക്കുന്നത്. വിശുദ്ധ സ്നാപകയോഹന്നാന്റെ മാമ്മോദീസായെ ധിക്കരിച്ച യഹൂദരെപ്പോലെയാകാതെ, അവകാശിയെ കൊന്ന് അതിർത്തിക്കപ്പുറം എറിഞ്ഞുകളഞ്ഞ മുന്തിരിത്തോട്ടത്തിലെ ജോലിക്കാരെപ്പോലെയാകാതെ, ദൈവത്തിന് കൊടുക്കേണ്ടത് ദൈവത്തിന് കൊടുക്കാത്ത മുഖ്യ പുരോഹിതരെപ്പോലെയാകാതെ, ക്രിസ്തുവിനെ ധിക്കരിച്ച നിയമജ്ഞ-ഫരിസേയരെപ്പോലെയാകാതെ ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും ക്രിസ്തുവിനെ സ്വീകരിക്കുക എന്നതായിരിക്കണം ക്രൈസ്തവന്റെ മനോഭാവം.

ഉത്പത്തി പുസ്തകത്തിൽ നിന്നുള്ള ഒന്നാം വായനയിലെ സംഭവങ്ങളും, അവയോട് അബ്രഹാമും ലോത്തും കാണിച്ച മനോഭാവങ്ങളും നമുക്ക് പാഠമായിരിക്കണം. സോദോം ഗൊമോറ നഗരങ്ങൾ നാശത്തിലേക്ക് വഴുതിവീണപ്പോൾ ദൈവത്തിന്റെ സ്വരത്തിനനുസരിച്ചു് പ്രവർത്തിച്ച അബ്രഹാമിനെക്കുറിച്ചു് വചനം പറയുന്നത്, ” താഴ് വരകളിലെ നഗരങ്ങൾ നശിച്ചപ്പോൾ ദൈവം അബ്രഹാമിനെ ഓർത്തു” എന്നാണ്. അതുപോലെ ലോത്തിനെക്കുറിച്ചും പറയുന്നത്, “ഈ നഗരങ്ങളെ നശിപ്പിച്ചപ്പോൾ അവിടുന്ന് ലോത്തിനെ നാശത്തിൽ നിന്ന് രക്ഷിച്ചു” എന്നാണ്. സ്നേഹമുള്ളവരേ, അന്തിമനാളുകളിൽ, ക്ലേശങ്ങളുടെ സമയത്ത്, പ്രപഞ്ചശക്തികളെല്ലാം തകർന്നുവീഴുന്ന വേളയിൽ ക്രിസ്തു നമ്മെ ഓർക്കണമെങ്കിൽ, നാശത്തിൽ നിന്ന് നമ്മെ രക്ഷിക്കണമെങ്കിൽ നാം ക്രിസ്തുവിന്റെ അരികുപറ്റി നടക്കേണ്ടിയിരിക്കുന്നു. “ഇനി ഞാനല്ല ക്രിസ്തു എന്നിൽ ജീവിക്കുന്നു” എന്ന ബോധ്യത്തോടെ ജീവിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ലോത്തിന്റെ ഭാര്യയ്ക്ക് സമമാകും നമ്മുടെ ജീവിതങ്ങൾ. ദൈവത്തിന്റെ വചനം ധിക്കരിച്ചു്, നാശത്തിലേക്ക് പിന്തിരിഞ്ഞു നോക്കിയപ്പോൾ അവൾ ഉപ്പുതൂണായിത്തീർന്നു. തിന്മയിലേക്ക്, നാശത്തിലേക്ക്, ഒരിക്കലും തിരുത്തപ്പെടാനാവാത്ത ജീവിതത്തിലെ കഴിഞ്ഞകാല ദുര്യോഗങ്ങളിലേക്ക് തിരിഞ്ഞുനോക്കി ഓടിയാൽ, ജീവിച്ചാൽ, പ്രിയപ്പെട്ടവരേ, നാമൊക്കെ ഉപ്പുതൂണുകളായിത്തീരും; നമ്മുടെ ജീവിതങ്ങളൊക്കെ ഉപ്പുതൂണിനുസമം ജീവനില്ലാത്തതാകും!

രണ്ടാം വായനയിൽ മലാക്കി പ്രവാചകൻ നമ്മെ ഓർമ്മിപ്പിക്കുന്നതും ഇതുതന്നെയാണ്. കർത്താവിന്റെ ദിനത്തിൽ, അവിടുത്തോട് ചേർന്ന് നിൽക്കാത്തവർ, അഹങ്കാരികളും ദുഷ്ടന്മാരും വൈക്കോൽപോലെയാകും. വേരും ശാഖയും അവശേഷിക്കാത്തവിധം അവരെ ദഹിപ്പിച്ചു കളയും. ദുഷ്ടന്മാർ ചാരംപോലെയാകും. എന്നാൽ, ദൈവത്തിന്റെ നാമത്തെ ബഹുമാനിക്കുന്നവർക്കുവേണ്ടി, ദൈവത്തോടൊപ്പം നിൽക്കുന്നവർക്കുവേണ്ടി നീതിസൂര്യനുദിക്കും. അതിന്റെ ചിറകുകളിലാകട്ടെ സൗഖ്യമുണ്ടായിരിക്കും.

ഇന്നത്തെ സുവിശേഷത്തിന്റെ Focus ക്രിസ്തുവിന് ജീവിതംകൊണ്ട് സാക്ഷ്യം നല്കുന്നവരാകുക, ക്രിസ്തുവിനെ എതിർക്കുന്നവരാകരുത് എന്നതുതന്നെയാണ്. ജീവിതത്തിൽ നിന്ന് ക്ലേശങ്ങളെ നമുക്ക് മാറ്റിനിർത്തുവാൻ കഴിയില്ല. ജീവിതത്തിൽ നിന്ന് ബുദ്ധിമുട്ടുകളെ മാറ്റിനിർത്താനാകില്ല. ഈ ലോകത്തിന്റെ അവസാനം എന്നാണെന്നത് നമുക്കറിയില്ലെങ്കിലും, ലോകാവസാനം ഉണ്ടാകുമെന്നും, മനുഷ്യപുത്രൻ തന്റെ സർവ്വപ്രതാപത്തിലും വനമേഘങ്ങളിൽ ആഗതനാകുമെന്നും, അതിനുശേഷം അന്ത്യവിധിയുണ്ടാകുമെന്നും നാം വിശ്വസിക്കുകയും, പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ലോകാവസാനവും മാറ്റിനിർത്തുവാൻ നമുക്കാകില്ല. എന്നാൽ, പ്രിയപ്പെട്ടവരേ, ഈ ലോകത്തിലായിരിക്കുമ്പോൾ, തിന്മയെ നമ്മിൽ നിന്ന് മാറ്റിനിർത്തുവാൻ നമുക്കാകും. ക്രിസ്തു ദൈവമാണെന്ന് ഹൃദയത്തിൽ വിശ്വസിക്കുന്നവരാകാൻ, അധരംകൊണ്ട് ഏറ്റുപറയുന്നവരാകാൻ നമുക്ക് സാധിക്കും. ക്രിസ്തുവിനോടൊപ്പം, തിരുസ്സഭയോടൊപ്പം നടക്കുവാൻ നമുക്കാകും. ക്രിസ്തുവിനെ ക്ഷീണിപ്പിക്കുന്ന, ക്രിസ്തുവിനെ വീണ്ടും വീണ്ടും കുരിശിലേറ്റുന്ന പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുവാൻ നമുക്കാകും. അപ്പോൾ അന്ത്യനാളുകളിൽപോലും ശിരസ്സുയർത്തി നിൽക്കുവാൻ നമുക്ക് സാധിക്കും.

സ്നേഹമുള്ളവരേ, ജെറുസലേം ദേവാലയം പോലുള്ള നമ്മുടെ വിശ്വാസ സൗധങ്ങൾ, നമ്മുടെ വിശ്വാസജീവിതങ്ങൾ തകർന്നുകൊണ്ടിരിക്കുകയല്ലേ? അയ്യായിരത്തിനും, അതിലുമേറെയും ലൈക്കുകൾ കിട്ടുന്ന videos, പോസ്റ്റുകൾ ഏതാണ് പ്രിയപ്പെട്ടവരേ? ക്രിസ്തുവിനെതിരായ, തിരുസ്സഭയ്‌ക്കെതിരായ videos, ലേഖനങ്ങൾ, പോസ്റ്റുകൾ അല്ലേ? കൂടുതൽ പോപ്പുലറായ ഹാഷ്ടാഗുകൾ # syro Malabar church, ##Holy Mass, #eesho എന്നതൊക്കെയല്ലേ? ക്രൈസ്തവർക്കിന്ന് ഒന്നിനോടും Commitment തോന്നുന്നില്ല. ഒന്നിനോടും! ക്രിസ്തുവിനോടോ, ക്രിസ്തുവിന്റെ മണവാട്ടിയെന്നും, ക്രിസ്തുവിന്റെ ശരീരമെന്നുമൊക്കെ വിശേഷിപ്പിക്കുന്ന തിരുസ്സഭയോടോ, തിരുസ്സഭയിലെ നിയമങ്ങളോടോ, തങ്ങളുടെതന്നെ വിശ്വാസത്തോടോ, ഒന്നിനോടും യാതൊരുവിധ പ്രതിബദ്ധതയുമില്ലാതെ, Commitments ഇല്ലാതെ, വെറും തരംതാഴ്ന്ന രാഷ്ട്രീയക്കാരുടെ പ്രവർത്തനശൈലികളുമായിട്ടാണ് ക്രൈസ്തവരിന്ന് മുന്നോട്ട് പോകുന്നത്. സ്വന്തം സ്വാർത്ഥതയെ പരിപോഷിപ്പിക്കുവാൻ വേണ്ടി ക്രിസ്തുവിനെ ഇകഴ്ത്തിക്കാട്ടുവാൻ ഇന്ന് ക്രൈസ്തവർക്ക് ഒരു മടിയുമില്ലാതായിരിക്കുന്നു. പിന്നെങ്ങനെ, ക്ലേശങ്ങളുടെ സമയങ്ങളിൽ, അന്തിമനാളുകളിൽ, ശത്രുക്കൾക്ക് മുൻപിൽ ക്രിസ്തുശിഷ്യരായി തലയുയർത്തി നിൽക്കാനാകും?!!

ഓരോ നിമിഷവും മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് അറിയാമെങ്കിലും, ഏത് നിമിഷവും ഞാൻ മരിക്കുമെന്നറിയാമെങ്കിലും, ഒരിക്കലും മരിക്കയില്ലയെന്ന ഹുങ്കിലാണ് പലരും!! അവർക്കായി കവയിത്രി സിസ്റ്റർ മേരി ബനീഞ്ഞയുടെ നാലുവരി കവിത പാടാം.

“സമർത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും/ സമത്വമറ്റ സോളമൻ തുടങ്ങിയുള്ള വിജ്ഞരും/ അമർന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ/ നമുക്കു പിന്നെയെന്തു ശങ്ക മാറ്റമൊന്നുമില്ലതിൽ!” (ലോകമേ യാത്ര)

പ്രിയപ്പെട്ടവരേ, അറിയണെ … ഭ്രമം ബാധിച്ച തലച്ചോറുമായി നടക്കുമ്പോൾ, തിമിരം ബാധിച്ച കണ്ണുകളുമായി നടക്കുമ്പോൾ, ഇരുപത്തിനാല് മണിക്കൂറും മൊബൈലും തൊട്ടുകൂട്ടി നടക്കുമ്പോൾ, രക്തബന്ധങ്ങളെ മറന്ന്, സ്നേഹവും സാഹോദര്യവും മറന്ന്, കുടുംബത്തെമറന്ന് സ്വാർത്ഥതയ്ക്ക് പിന്നാലെ ഓടിനടക്കുമ്പോൾ, സമ്പത്തിന്റെ പിന്നാലെ, ആഡംബരത്തിന്റെ പിന്നാലെ, ലോകസുഖങ്ങളുടെ പിന്നാലെ, അനൈക്യത്തിന്റെയും, വിഘടനവാദത്തിന്റെയും കാഹളം മുഴക്കി നടക്കുമ്പോൾ പ്രിയപ്പെട്ടവരേ, ഓർക്കണേ, ഈ ഭൂമിയിൽ ജീവിതം ധന്യമാക്കുവാൻ ഒന്നേ ചെയ്യേണ്ടതായിട്ടുള്ളു, ക്രിസ്തുവിന്റെ സ്വന്തമായിരിക്കുക; ക്രിസ്തുവിനെ സ്വന്തമാക്കുക.   ഒരു കാര്യമേ ചിന്തിക്കേണ്ടതായിട്ടുള്ളു – ക്രിസ്തു, ക്രിസ്തുവിന്റെ സ്നേഹം. എന്തിന്, ഇന്നുള്ളതും, നാളെ തീയിലേറിയപ്പെടുന്നതുമായ പുല്ലുകൾക്ക് പിന്നാലെ പോകുന്നു? അനശ്വരനായ ക്രിസ്തുവിന്റെ പിന്നാലെ പോയി, നമ്മുടെ ഈ ഭൂമിയിലെ ജീവിതം ധന്യമാക്കാം.

ഈ ഞായറാഴ്ച്ച, ക്രിസ്തുവിനെ Reject ചെയ്ത് ചരിത്രം ആവർത്തിക്കുന്നവരാകാതെ, ക്രിസ്തുവിനെ Accept ചെയ്ത് പുതിയ ചരിത്രം എഴുതുന്നവരാകാൻ നമുക്കാകട്ടെ. ആമേൻ!

SUNDAY SERMON MT 25, 31-46

ഏലിയാ സ്ലീവാ മൂശേക്കാലം അഞ്ചാം ഞായർ

പുറപ്പാട് 20, 18-21

ജോയേൽ 2, 1-11

ഹെബ്രായർ 10, 19-25

മത്തായി 25, 31-46

ഏലിയാ സ്ലീവാ മൂശേക്കാലം അഞ്ചാം ഞായറാഴ്ചയിലെ ഈ സുവിശേഷഭാഗം ധ്യാനിച്ചുകൊണ്ട് പ്രസംഗക്കുറിപ്പ് തയ്യാറാക്കുവാൻ ഇരുന്നപ്പോഴാണ് കേരളത്തെ ഞെട്ടിച്ച വടക്കാഞ്ചേരി ബസ്സപകടത്തിന്റെ വാർത്ത അറിഞ്ഞത്. സ്‌കൂൾ വിനോദയാത്രാസംഘത്തിന്റെ ബസ് കെഎസ്ആർടിസി ബസിനുപിന്നിൽ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തിൽ പൊലിഞ്ഞുപോയ ഹതഭാഗ്യർ എക്കാലത്തും തീരാസങ്കടമായി നമ്മുടെ മനസ്സിലുണ്ടാകും. ടിവിയിലെ, പത്രങ്ങളിലെ വാർത്തകളും, ചിത്രങ്ങളും കണ്ട് കേരളമാകെ വിലപിക്കുമ്പോൾ, മരണപ്പെട്ടവരുടെ മാതാപിതാക്കളേയും, ബന്ധുക്കളേയും ആശ്വസിപ്പിക്കണമേയെന്ന പ്രാർത്ഥനയോടെയാണ് നാമിന്ന് ദേവാലയത്തിൽ നിൽക്കുന്നത്. പ്രാർത്ഥന നിറഞ്ഞ ഹൃദയത്തോടെ നമുക്ക് ഇന്നത്തെ സുവിശേഷ സന്ദേശത്തിലേക്ക് പ്രവേശിക്കാം.

ഒരുപാട് സ്വപ്നങ്ങളുമായി ഓടിക്കൊണ്ടിരിക്കുന്ന ഈ ജീവിതത്തിൽ വടക്കാഞ്ചേരി ബസ്സപകടത്തെപ്പറ്റി പത്രത്തിൽ വായിച്ചപ്പോഴോ, ടിവിയിൽ കണ്ടപ്പൊഴോ സ്വന്തം മരണത്തെപ്പറ്റിയോ, സ്വന്തക്കാരുടെ മരണത്തെപ്പറ്റിയോ അല്പനേരമെങ്കിലും ചിന്തിക്കാത്തവരായി നമ്മളിൽ ആരുമുണ്ടാകില്ല. പത്രത്തിലെ ചിത്രങ്ങളും, ടിവിയിലെ  സീനുകളും കണ്ടപ്പോൾ, അപ്രതീക്ഷിതമായി കടന്നുവരുന്ന നമ്മുടെ മരണത്തെക്കുറിച്ചു്, വീടിന്റെ ഹാളിലോ, ഉമ്മറത്തോ ഒരു കട്ടിലിലോ, ഫ്രീസറിലോ നമ്മൾ കിടക്കുന്നത്, ആത്മാവ് സ്വർഗത്തിലേക്ക് യാത്രയായപ്പോൾ അത് നോക്കി നിന്ന തുറന്ന കണ്ണുകൾ വീട്ടുകാരോ, നാട്ടുകാരോ അടയ്ക്കുന്നത്, തുറന്നുപോയ നമ്മുടെ വായ തുറന്നിരിക്കാതിരിക്കാൻ ഒരു ശീലകൊണ്ട്  കുടുംബക്കാരും, നാട്ടുകാരും ചേർന്ന് കൂട്ടി ക്കെട്ടുന്നത്, വിടർന്നുപോയ കാലുകൾ അകന്നുപോകാതിരിക്കുവാൻ രണ്ടുകാലിന്റെയും തള്ളവിരലുകൾ കൂട്ടിക്കെട്ടുന്നത്, വിവരമറിഞ്ഞ് കടന്നുവരുന്ന സ്വന്തക്കാരും ബന്ധുക്കളും കൂട്ടുകാരും വന്ന് നമ്മെ നോക്കി കരയുന്നത്…അവസാനം നമ്മൾ ഒറ്റയ്ക്കാകുന്ന കുഴിമാടവും അവിടെയുള്ള ജീവിതവും..എല്ലാം അല്പനേരമെങ്കിലും നാം ഭാവനചെയ്തുകാണും.

ആർക്കൊക്കെ വെറുപ്പുണ്ടെങ്കിലും, ആരൊക്കെ ഇഷ്ടപ്പെടുന്നില്ലെങ്കിലും മരണം നമ്മെ തിരിച്ചുകൊണ്ടുപോകുകയാ. ഒരിക്കലും നമ്മുടെ ആഗ്രഹങ്ങളും, ഇഷ്ടങ്ങളും പൂർത്തീകരിച്ചിട്ടല്ല ദൈവം നമ്മെ തിരിച്ചുവിളിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ നാമൊന്നും മരിക്കുകപോലുമില്ലായിരുന്നു. കാരണം, അത്രയും സ്വപ്നങ്ങളും, ആഗ്രഹങ്ങളുമായിട്ടാണ് നാം നടക്കുന്നത്. ഇന്നും, പെട്ടെന്നുള്ള മരണവാർത്തകൾ കേൾക്കുമ്പോൾ, നമ്മുടെ പ്രാർത്ഥന, ഈശോയെ എന്റെ മക്കളെ ഒന്നൊരു കരയ്‌ക്കെത്തിച്ചിട്ട് എന്നെ അങ്ങോട്ട് വിളിച്ചാമതികെട്ടോ എന്നായിരിക്കും. എന്നാൽ, അതൊന്നും പരിഗണിക്കാതെ, ഈ ഭൂമിയിലെ നമ്മുടെ ജീവിതം അവസാനിച്ചാൽ നാം തിരികെപോകേണ്ടിവരും. അത്, കുട്ടിയായിരുന്നാലും, യുവത്വത്തിലായിരുന്നാലും, എഴുപത് കഴിഞ്ഞാലും നാം തിരിച്ചുപോകേണ്ടിവരും. ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും നെഞ്ചിൽപേറി അവസാനം ചിലതൊക്കെ നേടി, ചിലതൊക്കെ നേടാതെ ഈ മണ്ണിലേക്ക് പോകുമ്പോൾ ആ യാത്രയെക്കുറിച്ച് ആയുസ്സിന്റെ ഓരോ സെക്കണ്ടും ഞാനും നിങ്ങളും ചിന്തിക്കേണ്ടതുണ്ട്.

എന്നാൽ, ഓരോ മനുഷ്യനിലേക്കും അവശ്യം വന്നെത്തുന്ന മരണത്തെക്കുറിച്ചല്ല ഇന്നത്തെ സുവിശേഷം നമ്മെ ഓർമിപ്പിക്കുന്നത്. പിന്നെയോ, ഓരോ മനുഷ്യനും, മരണശേഷം അഭിമുഖീകരിക്കേണ്ട അന്ത്യവിധിയെക്കുറിച്ചാണ്. ഈ ലോകത്തിന് ഒരവസാനമുണ്ടെന്നും, മനുഷ്യപുത്രൻ തന്റെ മഹത്വത്തിൽ വനമേഘങ്ങളിൽ വീണ്ടും വരുമെന്നും, അപ്പോൾ അവിടുന്ന് ഭൂമിയിലെ ആദ്യംമുതലുള്ള, ഒരറ്റം മുതൽ മറ്റേയറ്റംവരെയുള്ള മനുഷ്യരെയെല്ലാം ഒരുമിച്ചുകൂട്ടി, നല്ലവരെ തന്റെ വലതുവശത്തും, ദുഷ്ടരെ തന്റെ ഇടതുവശത്തും നിർത്തി അവരുടെ ചെയ്തികളെ വിധിക്കുമെന്നും നാം വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ലോകാവസാനത്തിന് മൂന്ന് കാര്യങ്ങൾ പൂർത്തീകരിക്കപ്പെടേണ്ടതുണ്ടെന്നാണ് ഈശോ പറയുന്നത്. ഒന്ന്, ‘ദൈവരാജ്യത്തിന്റെ സുവിശേഷം ലോകത്തിന്റെ എല്ലാ അതിർത്തികളിലും പ്രസംഗിക്കപ്പെടണം. അപ്പോൾ അന്ത്യമാകും. രണ്ട്, എല്ലാ ആടുകളും തന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിൻപറ്റവും ഒരിടയനുമാകും. (യോഹ 10, 16) മൂന്ന്, സകല ജനങ്ങളും (യഹൂദരടക്കം) ക്രിസ്തു ദൈവമാണെന്ന് ഏറ്റുപറയും. ഈ മൂന്ന് കാര്യങ്ങൾ സംഭവിക്കുമ്പോൾ ലോകാവസാനമാകും. ലോകാവസാനത്തിൽ അന്ത്യവിധിയുമുണ്ടാകും.

മരണം എല്ലാ മനുഷ്യരെയും ബാധിക്കുന്ന ഒരു യാഥാർഥ്യമായതുകൊണ്ട് അതിനെകുറിച്ച് ഈശോ സംസാരിക്കുന്നില്ല. അന്ത്യവിധിയെക്കുറിച്ചാണ് ഈശോ പറയുന്നത്. എല്ലാ സ്വപ്നങ്ങളെയും തകർത്തുകൊണ്ട് കടന്നുവരുന്ന മരണത്തെയാണോ, അതോ, സംഭവിക്കാനിരിക്കുന്ന അന്ത്യവിധിയെയാണോ മനുഷ്യൻ ഭയക്കുന്നത്? അന്ത്യവിധിയെക്കുറിച്ചു് മതഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നതല്ലാതെ, അതിൽ വിശ്വസിക്കുന്നതല്ലാതെ ഒന്നും അറിയാൻ പാടില്ലാത്തതുകൊണ്ടാകും അന്ത്യവിധിയെക്കുറിച്ചു് നാം അധികം ചിന്തിക്കാത്തത്.

കോട്ടയം വടവാതൂർ സെമിനാരിയിൽ എന്നെ പഠിപ്പിച്ച അദ്ധ്യാപകൻ അച്ചനെ അദ്ദേഹത്തിന്റെ അവസാനനാളുകളിൽ ഞാൻ കാണുവാൻ ചെന്നു. പലതും സംസാരിച്ച കൂട്ടത്തിൽ മരണത്തെക്കുറിച്ചും അദ്ദേഹം തന്റെ ചിന്തകൾ പങ്കുവച്ചു. അതിനിടയിൽ അദ്ദേഹം കരയുവാൻ തുടങ്ങി. ഒട്ടു പ്രതീക്ഷിക്കാത്ത ഒരു രംഗമായതുകൊണ്ടും, ഞാൻ ഏറെ ബഹുമാനിക്കുന്ന വൈദികനായതുകൊണ്ടും, ആധ്യാത്മികമായി വളരെ ഉന്നതിൽ നിൽക്കുന്ന അച്ചനായതുകൊണ്ടും എന്നെ അത് അത്ഭുതപ്പെടുത്തി. ” എന്താ, അച്ചന് മരിക്കുവാൻ പേടിയാണോ?” എന്ന് ഞാൻ ചോദിച്ചപ്പോൾ, കരച്ചിലടക്കി വെറുതെ ഒന്ന് ചിരിച്ചിട്ട്, അദ്ദേഹം പറഞ്ഞു: “മരിക്കാൻ എനിക്ക് ഒട്ടും പേടിയില്ല.” നമുക്കൊക്കെ മരണം പേടിയാണ്. മരണത്തെ ഞാനും നിങ്ങളും പേടിക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം ആഞ്ഞുവലിക്കുന്ന ശ്വാസത്തോടൊപ്പം വാരിയെല്ലിന്റെ ഉള്ളിലൂടെ കൊത്തിപ്പറിക്കുന്ന ഒരു വേദന തോന്നിയാൽ നമ്മളിൽ പലരും പകുതി മരിക്കാൻ തുടങ്ങും. അടുത്തുള്ള ആശുപത്രിയിൽ ചെന്ന് ECG തുടങ്ങിയ എല്ലാ ടെസ്റ്റുകളും, സ്കാനിംഗും കഴിഞ്ഞ്, കുഴപ്പമൊന്നുമില്ല, ഗ്യാസാണ് എന്ന് ഡോക്ടർ പറയുന്നതുവരെ എത്രപ്രാവശ്യം നമ്മൾ മരിച്ചുകാണും! നമുക്കൊക്കെ മരണത്തെ പേടിയാണ്. ആ വൈദികൻ പറഞ്ഞു:  “മരിക്കാൻ എനിക്ക് ഒട്ടും പേടിയില്ല. ഞാൻ ഭയക്കുന്നത് അന്ത്യവിധിയെയാണ്? അച്ചൻ കയ്യിലിരുന്ന തോർത്തുകൊണ്ട് തന്റെ കണ്ണീർ തുടച്ചു.

വിശുദ്ധനായ ഒരു വൈദികനെപ്പോലും അന്ത്യവിധി ഭയപ്പെടുത്തുന്നുണ്ടെങ്കിൽ, നാം, സാധാരണക്കാരായ ക്രൈസ്തവർ എത്രമാത്രം അന്ത്യവിധിയെ ഭയക്കണം? അവസാന യാത്രതുടങ്ങിയശേഷം ദൈവപുത്രന്റെ സന്നിധിയിൽ എത്തുന്നതുവരെയുള്ള യാത്ര അവസാനിക്കുന്നത് സ്വർഗ്ഗമോ നരകമോ എന്ന വലിയ ചോദ്യത്തിന്റെ മുൻപിലാണ്. അതേ, പ്രിയപ്പെട്ടവരേ, അമ്മയുടെ ഗർഭപാത്രത്തിന്റെ ഇരുട്ടിൽ നിന്ന് നിശ്ചയിക്കപ്പെട്ട ആറടിമണ്ണിന്റെ ഇരുട്ടിലേക്കുള്ള യാത്രയ്ക്കിടയിലെ തുച്ഛമായ ഒരു ലോകം. അത് മാത്രമാണ് ഈ ജീവിതം. ആ ഇരുട്ടുകൾക്കിടയിലുണ്ടായിരുന്ന വെളിച്ചം അവസാനിക്കുന്ന മരണത്തിനുശേഷം അന്ത്യവിധിയായി! വിശുദ്ധനായ വൈദികനെപ്പോലും അന്ത്യവിധി ഭയപ്പെടുത്തുന്നുണ്ടെങ്കിൽ, അന്ത്യവിധിയുടെ യാത്രയിലേക്കുള്ള മരണം ഏത് സെക്കന്റിലും നമ്മെയും തേടിയെത്തും. മരണം നമ്മുടെ വാതിൽക്കലുണ്ട്, മരണം നമ്മുടെ ചെരിപ്പിനടിയിലുണ്ട്. മരണം നമ്മുടെ പിന്നാലെയുണ്ട്. മരണം ഞാൻ ഓടിക്കുന്ന വാഹനത്തിന്റെ പിന്നാലെയുണ്ട്. മരണം ഞാൻ കഴിക്കുന്ന ഭക്ഷണത്തോടൊപ്പമുണ്ട്. മരണം ഞാൻ കുടിക്കുന്ന വെള്ളത്തോടൊപ്പമുണ്ട്. ആ മരണത്തിനുശേഷം, നമ്മുടെ വീട്ടുകാരും അയൽവക്കക്കാരും നമ്മോട് ചെയ്യാനുള്ള കടമകളെല്ലാം ചെയ്യും. അടഞ്ഞുപോയ നമ്മുടെ കണ്ണുകളിലേക്ക് അവരൊന്ന് നോക്കും. നമ്മുടെ സഹോദരങ്ങളെ, മക്കളെ തോളിൽ തട്ടി ആശ്വസിപ്പിക്കും. എന്നിട്ട് വലിച്ചുകെട്ടിയ ടാർപായയുടെ അടിയിലെ കസേരയിലിരുന്ന് അവർ നമുക്ക് വേണ്ടി പ്രാർത്ഥിക്കും. “കർത്താവേ, അന്ത്യവിധിയുടെ നാളിൽ ഈ ആത്മാവിനോട് കരുണകാണിയ്ക്കണമേ. നീ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുവാൻ കഴിവ് കൊടുക്കണേ കർത്താവേ”

സ്നേഹമുള്ളവരേ, മരണം നമ്മെ ഭയപ്പെടുത്തേണ്ടതില്ല.ഭയക്കേണ്ടത്  അന്ത്യവിധിയെയാണ്. മനുഷ്യരേ, ഈ കാണാവുന്ന പവറും പത്രാസും ഈ ലോകത്തിലേയുള്ളു. പണംകൊണ്ടും, അധികാരംകൊണ്ടും, ശക്തികൊണ്ടും എഴുന്നേറ്റുനിൽക്കാനുള്ള പവർ ഈ മണ്ണിന്റെ മുകളിലേയുള്ളു. ആറടിമണ്ണിൽ വച്ചാൽ ഒന്ന് എഴുന്നേറ്റിരിക്കാൻപോലും സാധിക്കില്ല. അന്ത്യവിധിനാളിൽ ക്രിസ്തു ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം കൊടുക്കുവാൻ കഴിവ് കിട്ടണമെങ്കിൽ അവിടുത്തെ കരുണയുണ്ടാകണം.

ചോദ്യങ്ങൾ വലതുവശത്തു നിൽക്കുന്നവർക്കും, ഇടതുവശത്തുനിൽക്കുന്നവർക്കും ഒരുപോലെയാണ്. നീ പാശ്ചാത്യനാണോ, പൗരസ്ത്യനാണോ എന്നതായിരിക്കല്ല ചോദ്യം; നീ യൂറോപ്പ്യനാണോ, ചൈനക്കാരനാണോ, ഏഷ്യാക്കാരനാണോ എന്നുമായിരിക്കില്ല ചോദ്യം; നീ മലയാളിയോ, ബംഗാളിയോ, തമിഴ്നാട്ടുകാരനോ, ആന്ധ്രാക്കാരനോ എന്നൊന്നും ചോദ്യമുണ്ടാകില്ല. നീ നേടിയെടുത്ത ഡിഗ്രികളെക്കുറിച്ചോ, നീ വെട്ടിപ്പിടിച്ച രാജ്യങ്ങളെക്കുറിച്ചോ, നീ നടത്തിയ വിപ്ലവങ്ങളെക്കുറിച്ചോ ചോദ്യമുണ്ടാകില്ല. വിധിയാളനായ ക്രിസ്തു നമ്മോട് ചോദിക്കുന്ന ഒരേയൊരു ചോദ്യം, ഉത്തരങ്ങൾക്ക് multiple choice ഇല്ലാത്ത ഒരേയൊരു ചോദ്യം ഇതായിരിക്കും: “എന്റെ ഈ എളിയവരിൽ എന്നെക്കണ്ട് അവർക്ക് നന്മചെയ്തുവോ? എന്റെയീ എളിയവർ, കാരാഗൃഹത്തിലായിരുന്നപ്പോൾ അവരെ സന്ദർശിച്ചുവോ? എന്റെയീ എളിയവർ നഗ്നരായിരുന്നപ്പോൾ അവരെ ഉടുപ്പിച്ചുവോ? അവർ വിശന്നപ്പോൾ അവർക്ക് ഭക്ഷണം കൊടുത്തുവോ? അവർ ദാഹിച്ചു നടന്നപ്പോൾ അവർക്ക് കുടിക്കാൻ കൊടുത്തുവോ? എന്നൊക്കെ വിശദീകരിച്ചു് ചോദിക്കുമ്പോൾ, ഈശോയേ, ഈ ലോകത്തിന്റെ പിന്നാലെ പോയതുകൊണ്ട്, സിനിമാക്കാരുടെ പളപളപ്പിന്റെ പിന്നാലെ പോയതുകൊണ്ട്, രാഷ്ട്രീയക്കാരന്റെ വിടുവായത്തത്തിന്റെ പിന്നാലെ പോയതുകൊണ്ട്, മൊബൈലിൽ തോണ്ടിക്കൊണ്ടിരുന്നതുകൊണ്ട്, ജോഷ്‌, സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം തുടങ്ങിയയ്ക്ക് പിന്നാലെ പോയതുകൊണ്ട് ഇതൊന്നും എനിക്ക് ചെയ്യാൻ സാധിച്ചില്ല എന്ന് പറയുവാൻ ഇടവന്നാൽ അന്ത്യവിധി ഭയാനകമായിരിക്കും പ്രിയപ്പെട്ടവരേ!

അപ്പോൾ നാം ആരെ വിളിച്ചാലും ഒരു കാര്യവുമുണ്ടാകില്ല. നീ നിന്റെ സൈന്യത്തെ വിളി, നിന്റെ കയ്യിലുണ്ടായിരുന്ന പണത്തെ, അധികാരത്തെ വിളി, ആരെയൊക്കെയോ തോൽപ്പിക്കുവാൻ വേണ്ടി, ആരെയൊക്കെയോ നശിപ്പിക്കുവാൻവേണ്ടി, നിന്റെ അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ കോടി ഉയരങ്ങളിൽ ഉയർത്തുവാൻവേണ്ടി നിന്നോടൊപ്പം നിന്നവരെ വിളി. ആരെ വിളിച്ചാലും നിന്റെ വിളികളെല്ലാം നിഷ്ഫലമാകുന്ന ദാരുണ മുഹൂർത്തമാണത്. അവിടെ നിന്നെ രക്ഷിക്കുവാൻ നീ ഈ ഭൂമിയിൽ ചെയ്ത നന്മകൾക്കുമാത്രമേ നിന്നെ രക്ഷിക്കുവാൻ സാധിക്കൂ.

ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ ചൈതന്യവുമായി ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്ന അന്ത്യവിധിയെക്കുറിച്ചുള്ള ചിന്തകൾ സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാൻ കെൽപ്പുള്ളതാണ്. ദൈവത്തിന്റെ വചനത്തിന്റെ സന്ദേശം നമ്മുടെ ജീവിതത്തെ ചിട്ടപ്പെടുത്തുവാൻ, നമ്മെ നന്മയിലൂടെ നടത്തുവാൻ ഉദ്ദേശിച്ചുള്ളതാണ്. ഞാൻ എന്റെ തോന്നലുകൾക്കനുസരിച്ചു് ജീവിക്കുമെന്ന പൈശാചികമായ ചിന്താഗതി ഉപേക്ഷിച്ചു് അന്ത്യവിധിയിൽ ഈശോയുടെ ചോദ്യത്തിന് നല്ല ഉത്തരം നൽകുന്നതിനുള്ള പുറപ്പാടുകളായിരിക്കട്ടെ ഇനിയുള്ള നമ്മുടെ ജീവിതം. അന്ത്യവിധി നാളിൽ ഈശോ ചോദിക്കുന്ന ഈയൊരു ചോദ്യം എപ്പോഴും നമ്മുടെ മനസ്സിലുണ്ടായിരിക്കട്ടെ. നമുക്ക് ദൈവം നൽകുന്ന

എല്ലാ അനുഗ്രഹങ്ങളും, കഴിവുകളും, സമ്പത്തും, സ്ഥാനമാനങ്ങളും, അവസരങ്ങളും ഈയൊരു ചോദ്യത്തിന് നല്ല ഉത്തരം കൊടുക്കുവാൻ നാം ഉപയോഗിക്കണം. അതിനുള്ള അനുഗ്രഹം വിശുദ്ധ കുർബാനയുടെ ഈശോ നമുക്ക് നൽകട്ടെ. ആമേൻ!

SUNDAY SERMON JN 12, 27-36

ഏലിയാ സ്ലീവാ മൂശേക്കാലം നാലാം ഞായർ

ഉത്പത്തി 41, 37-45

പ്രഭാഷകൻ 47, 2-3; 8-11

ഹെബ്രായർ 1, 1-4

യോഹന്നാൻ 12, 27-36

വിശുദ്ധ യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 12 വായിച്ചുകഴിയുമ്പോൾ നമ്മുടെയൊക്കെ മനസ്സിൽ സ്വതവേ തോന്നുന്ന ചിന്ത ഇതായിരിക്കും: ജീവിതത്തിന്റെ പെരുവഴിയിൽ വലിച്ചെറിയപ്പെടുന്നവന്റെ വികാരം! ശരിയാണ്, ഈശോ വിഷമിക്കുന്നുണ്ട്.  തന്റെ ആത്മാവ് അസ്വസ്ഥമാണെന്ന് ഈശോ തന്നെ പറയുന്നുണ്ട്. എങ്കിലും, സഹനത്തിലൂടെ മാത്രമേ തന്നിലെ ദൈവത്വം ലോകത്തിന് മുന്നിൽ പ്രകടമാകുകയുള്ളു എന്ന് ഈശോയ്ക്കറിയാമായിരുന്നു. അതുകൊണ്ടാണല്ലോ ‘ആ മണിക്കൂറിലേക്ക് പ്രവേശിക്കുന്നതിന് താൻ തയ്യാറാണെന്ന്’ ഈശോ പറയുന്നത്. അതുതന്നെയാണ് ഈ അധ്യായത്തിന്റെ വൈശിഷ്ട്യവും.

ഈശോ ഈ ലോകത്തിലേക്ക് വന്നത് ലോകത്തെ, മനുഷ്യവർഗത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല, രക്ഷയിലേക്ക് വീണ്ടെടുക്കുവാനാണ്. രക്ഷയ്ക്കായി ഈശോ നമുക്ക് നൽകുന്ന മാർഗം സഹനമാണ്. ബുദ്ധമതസ്ഥാപകനായ ശ്രീ ബുദ്ധൻ രക്ഷയ്ക്കായി നൽകുന്നത് ധ്യാനമെന്ന മാർഗമാണ്. ധ്യാനത്തിലൂടെ രക്ഷ, Enlightenment എന്നതായിരുന്നു ബുദ്ധൻ നിർദ്ദേശിച്ച മാർഗം. ഭാരതത്തിന്റെ രക്ഷ, സ്വാതന്ത്ര്യം എന്ന ലക്‌ഷ്യം നേടിയെടുക്കുവാൻ മഹാത്മാഗാന്ധി നിർദ്ദേശിച്ചത് അഹിംസയുടെ മാർഗമാണ്. കമ്മ്യൂണിസത്തിന്റെ ആചാര്യനായ കാറൽമാർക്‌സാകട്ടെ ഹിംസയുടെ മാർഗമാണ് നിർദ്ദേശിച്ചത്. മനുഷ്യരക്ഷയ്ക്കായി ക്രിസ്തു നിർദ്ദേശിക്കുന്നത് സഹനമാണ്. മഹത്വത്തിലേക്ക്, നന്മയിലേക്ക് പ്രവേശിക്കണമെങ്കിൽ നാം സഹനത്തിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ ചൈതന്യമെന്നത് “ഗോതമ്പുമണിപോലെ അഴിയുക, ഇല്ലാതായിത്തീരുക എന്നതാണ്.” ഇവിടെ സഹനമെന്നത് ഭൂമിയിലെ ജീവിതത്തെ മഹത്വപ്പെടുത്തുന്ന ചവിട്ടുപടികളായി മാറുകയാണ്. പരാതികളില്ലാത്ത, പരിദേവനങ്ങളില്ലാത്ത സഹനമാണ് ക്രിസ്തുവിൽ നാം കാണുക. പ്രപഞ്ചത്തിന്റെ തുടിപ്പും പരിഭവമില്ലാത്ത, പിറുപിറുപ്പുകളില്ലാത്ത സഹനമാണ്. അമ്മയുടെ ഈറ്റുനോവിന്റെ നിലവിളികളിൽ എവിടെയാണ് പരിഭവം? ശിശുവിനെ പ്രസവിച്ച ശേഷം സന്തോഷം നിമിത്തം ആ വേദന പിന്നീടവൻ ഓർക്കുന്നതേയില്ല.

വിശുദ്ധ യോഹന്നാന്റെ സുവിശേഷം പന്ത്രണ്ടാം അധ്യായത്തിന്റെ essence, ചൈതന്യം ജീവിതത്തിന്റെ പെരുവഴിയിൽ വലിച്ചെറിയപ്പെടുന്നവന്റെ വികാരമല്ല, ഈശോയുടെ മഹത്വപ്പെടലാണ്; അതിലൂടെ പിതാവായ ദൈവത്തിന്റെ മഹത്വമാണ്. പന്ത്രണ്ടാം അധ്യായത്തിന്റെ ആരംഭത്തിലെ പാപിനിയായ സ്ത്രീയുടെ തൈലാഭിഷേകവും, ഒലിവില ചില്ലകളും ഓശാനവിളികളുമായി ഈശോയെ സ്വീകരിച്ചാനയിക്കലും ഈശോയെ ദൈവമായി, രാജാവായി സ്വീകരിക്കുന്നതിന്റെ വിവരണങ്ങളാണ്. അതിനുശേഷമാണ് ഈശോ തന്റെ തന്നെ മഹത്വപ്പെടലിനെക്കുറിച്ചു് പറയുന്നത്. ഈശോ ഉടനെ കൂട്ടിച്ചേർക്കുന്നത് “പിതാവേ, നിന്റെ നാമത്തെ നീ മഹത്വപ്പെടുത്തണമേ” എന്നാണ്. അപ്പോൾ സ്വർഗം അതിനെ സ്ഥിരീകരിക്കുകയാണ്. സ്വർഗത്തിൽ നിന്ന് ഒരു സ്വരമുണ്ടാകുന്നു. ഈശോയുടെ ജീവിതത്തിന്റെ പ്രത്യേക സാഹചര്യങ്ങളിൽ സ്വർഗ്ഗത്തിന്റെ സവിശേഷ ഇടപെടലുകൾ ഉണ്ടാകുന്നുണ്ട്. ഈശോയുടെ മാമ്മോദീസാവേളയിൽ, താബോർമലയിലെ രൂപാന്തരീകരണവേളയിൽ, ഇതാ ഇപ്പോൾ തന്നിലൂടെയുള്ള പിതാവായ ദൈവത്തിന്റെ മഹത്വീകരണത്തെക്കുറിച്ചു് പറയുമ്പോൾ സ്വർഗം അതിനെ സ്ഥിരപ്പെടുത്തുകയാണ്. ഈശോയുടെ സാന്നിധ്യത്തെ, അവിടുത്തെ പ്രവർത്തനങ്ങളെ, സുവിശേഷ പ്രഘോഷണത്തെ സാധൂകരിക്കുന്നതാണ് ഈ ശബ്ദം. പിതാവായ ദൈവത്തിന്റെ ഉറപ്പാണ് ഈ ശബ്ദം. ഈശോ കന്യകയിൽ നിന്ന് ജനിക്കണമെന്നുള്ള ദൈവത്തിന്റെ പദ്ധതിയുടെ, അവിടുത്തെ അത്ഭുതപ്രവൃത്തികൾ ദൈവരാജ്യത്തിന്റെ അടയാളങ്ങളാണെന്ന പദ്ധതിയുടെ ഉറപ്പിക്കലാണ് ഈ ശബ്ദം. ഈശോയെ റോമൻ കുരിശിൽ തറയ്ക്കുകയെന്നത് രക്ഷാകരപദ്ധതിയിൽപെട്ടതാണ്. ഈശോയെ ഒരു കുഴിമാടത്തിൽ സംസ്കരിക്കുകയെന്നതും, മൂന്നാം ദിവസം ഈശോ ഉയിർത്തെഴുന്നേൽക്കുകയെന്നതും പിതാവിന്റെ പദ്ധതിയാണ്. ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ സഹനം മഹത്വത്തിലേക്കുള്ള വഴിയാണ്. സഹനത്തിന് എന്നും ഇപ്പോഴും ഒരു സ്വഭാവം തന്നെയാണെങ്കിലും ക്രൈസ്തവരതിനെ രക്ഷാകരമാക്കുകയാണ്.

ഇന്നത്തെ സുവിശേഷത്തിന്റെ മുഖ്യ സന്ദേശം മനുഷ്യപുത്രൻ ഉയർത്തപ്പെടണം എന്നതാണ്. ഈ “ഉയർത്തപ്പെടൽ” പക്ഷേ, സഹനത്തിലൂടെ, കുരിശുമരണത്തിലൂടെ മാത്രമേ നടക്കുകയുള്ളൂ. “ഞാൻ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാ ആളുകളെയും എന്നിലേക്ക് ആകർഷിക്കും” എന്ന ഈശോയുടെ വചനത്തിനുശേഷം, സുവിശേഷകൻ ഉടനെ കൂട്ടിച്ചേർക്കുന്നത് “തൻ ഏതുതരം മരണത്താൽ മരിക്കാൻ പോകുന്നുവെന്ന് കാണിക്കാനാണ് അവൻ ഇത് പറഞ്ഞത് എന്നാണ്. ഈശോയുടെ  കാര്യത്തിൽ ഉയർത്തപ്പെടുക എന്നത് ക്രൂശിയ്ക്കപ്പെടുക എന്നതാണ് അർത്ഥം. എന്നാൽ, ഇന്ന് നാം മനസിലാക്കുക ഈശോയുടെ ദൈവത്വം ഇതൾവിടർന്നത് കുരിശുമരണമെന്ന യാഥാർഥ്യംകൊണ്ട് മാത്രമല്ല എന്നാണ്. സഹനത്തിന്റെ വഴിയിൽ ദൈവത്തിന്റെ ഇഷ്ടത്തോടൊപ്പം നടന്നപ്പോഴാണ് ഈശോയുടെ സഹനങ്ങൾ രക്ഷാകരമായിത്തീർന്നത്. അല്ലെങ്കിൽ കുരിശുമരണംപോലും വ്യർത്ഥമായിപ്പോകുമായിരുന്നു!!!

ഉയർത്തപ്പെടലിന്റെ, നന്മയുടെ, ഉത്തമമായ സന്തോഷത്തിന്റെ, സമൃദ്ധിയുടെ വഴി സഹനത്തിന്റെ വഴിയാണെന്ന് ഈശോ നമ്മെ പഠിപ്പിച്ചതിനെ ശരിവയ്ക്കുകയാണ് ഈ പ്രപഞ്ചം, പ്രപഞ്ചത്തിലെ വിസ്മയങ്ങൾ. “പ്രപഞ്ചത്തെ ഒന്ന് വീക്ഷിക്കൂ … മനോഹരമായതെന്തും ഫലപ്രദമായതെന്തും ഈ ഭൂമിയിലേക്ക് കടന്നുവരുന്നത് വളരെ ക്ലേശം നിറഞ്ഞ പ്രയത്നത്തിലൂടെയാണ്. ഒരു പുതു നാമ്പ്, വിടർന്നു നിൽക്കുന്ന ഒരു പൂവ്, ഫലം ചൂടി നിൽക്കുന്ന ഒരു വൃക്ഷം – ചോദിച്ചു നോക്കൂ അവർ കടന്നു വന്ന വാതിലുകളെക്കുറിച്ച്! അവർക്കു പറയാനുള്ളത് ഇടുങ്ങിയ വാതിലുകളുടെ കഥകളായിരിക്കും. ഇനി, നമ്മുടെ തന്നെ നേട്ടങ്ങളെക്കുറിച്ചു, വിജയങ്ങളെക്കുറിച്ചു, നമ്മുടെ കുടുംബത്തിന്റെ വളർച്ചയെക്കുറിച്ചു ഓർത്താലും കടന്നുവന്ന ഇടുങ്ങിയ വാതിലുകളുടെ കഥകളായിരിക്കും നമുക്കും പറയാനുണ്ടാവുക. മഹാകവി ഉള്ളൂർ തന്റെ “നവയുഗോദയം” എന്ന കവിതയിൽ ജലത്തിന്റെയും, സ്വർണത്തിന്റെയും ഇടുങ്ങിയ വാതിലുകളെക്കുറിച്ച് പാടുന്നുണ്ട്. “പാറയ്ക്കുമേൽ തട്ടിയുടഞ്ഞുവേണം/പാനാർഹമായി സരിതാംബു തീരാൻ/ഇരുട്ട് തിങ്ങും ഖനി വിട്ടുവേണം/ഹീരം നൃപൻ തൻ മകുടത്തിൽ മിന്നാൻ.” “ (ഫാ. സാജു പൈനാടത്ത്, ദൈവത്തിന്റെ  ഭാഷ-വിശുദ്ധ കുർബാന, 5, 59, പേജ് 103)

സഹനം അവസാനമല്ല, ആരംഭമാണ്- ദൈവമഹത്വത്തിന്റെ, പുതുജീവിതത്തിന്റെ ആരംഭം. സഹനം തകർച്ചയല്ല, ആദ്യപടിയാണ് – ഉയർത്തപ്പെടലിന്റെ ആദ്യപടി. മരണം, സഹനം അവസാനമല്ലെന്നും, ഉത്ഥാനമാണ്, ഉയിർപ്പാണ്, മഹത്വപ്പെടലാണ് അവസാനവാക്കെന്നും അറിയുന്ന ക്രൈസ്തവരാണ് യഥാർത്ഥ ക്രൈസ്തവർ. വിശുദ്ധരുടെ, രാക്ഷസാക്ഷികളുടെ ജീവിതങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് നാമെല്ലാവരും ഉയർത്തപ്പെടുമെന്ന് തന്നെയാണ്.

എന്നാൽ, ഉയർത്തപ്പെടണമെങ്കിൽ, തകർച്ചയിലൂടെ കടന്നുപോകുമ്പോൾ, ക്രൂശുമരണത്തിൽപോലും ദൈവമഹത്വം പ്രകടമാക്കണമെങ്കിൽ എന്താണ് വേണ്ടത്? ഉത്തരം പഴയനിയമത്തിലെ ജോസഫിന്റെ ജീവിതത്തിലുണ്ട്. ഇന്നത്തെ ഒന്നാം വായനയിൽ നാം കണ്ട ജോസഫ് തകർച്ചയുടെ, സഹനത്തിലൂടെ കടന്നുപോയവനാണ്. വചനം പറയുന്നു: ‘ദൈവത്തിന്റെ ആത്മാവ് ഉണ്ടായിരുന്നതുകൊണ്ട് ദൈവം അവനെ ഉയർത്തി.’ സഹനത്തിന്റെ, കുരിശിന്റെ വഴികളിലൂടെ കടന്നുപോകുമ്പോഴും, അവയെ രക്ഷാകരമാക്കണമെങ്കിൽ നാം ദൈവാത്മാവിനാൽ നിറഞ്ഞവരാകണം. ദാവീദ് ദൈവാത്മാവിനാൽ നിറഞ്ഞ വേളകളിലെല്ലാം ദൈവം അദ്ദേഹത്തെ ഉയർത്തുകയും, ദൈവാത്മാവ് ഇല്ലാതെ ജീവിച്ചപ്പോൾ ദൈവം അദ്ദേഹത്തെ താഴ്ത്തുകയും ചെയ്തു.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം ഉയർത്തപ്പെടലിന്റെ സുവിശേഷമാണ്. അതിനുള്ള മാർഗം സഹനത്തിന്റെ, കുരിശിന്റെ മാർഗമാണ്. നാലപ്പാട്ട് നാരായണമേനോൻ തന്റെ കണ്ണുനീർത്തുള്ളി എന്ന കവിതയിൽ പാടുന്നപോലെ,

“ഉരുക്കിടുന്നു മിഴിനീരിലിട്ട് / മുക്കുന്നു മുറ്റും ഭുവനൈക ശില്പി / മനുഷ്യഹൃത്താം കനകത്തെയേതോ / പണിത്തരത്തിന്നു പയുക്തമാക്കാൻ.” 

മനുഷ്യഹൃത്താകുന്ന സ്വർണം അഗ്നിയിലൂടെ, സഹനത്തിലൂടെ, കുരിശിലൂടെ കടന്നുപോയെങ്കിൽ മാത്രമേ, ദൈവമഹത്വം പ്രകടമാക്കുന്ന ഒന്നായി മാറുകയുള്ളുവെന്ന സത്യം ഒരിക്കലും മറക്കാതിരിക്കാം.

നമ്മുടെ ജീവിതത്തെ, ജീവിതത്തിലെ സഹനങ്ങളെ രക്ഷാകരമാക്കുവാൻ ഇന്നത്തെ സുവിശേഷ സന്ദേശം നമ്മെ സഹായിക്കട്ടെ. ആമേൻ!

Communicate with love!!