SUNDAY SERMON MT 24, 29-36

ഏലിയാ സ്ലീവാ മൂശേക്കാലം മൂന്നാം ഞായർ

ഉത്പത്തി 9, 8-17

ദാനിയേൽ 7, 9-14

1 കോറി 1, 18-25

മത്താ 24, 29-36

ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ ചൈതന്യത്തിനനുസരിച്ചുള്ള ഒരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചു കേട്ടത്. ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനവും അന്ത്യവിധിയുമെക്കെ ഈ കാലത്തിന്റെ വിചിന്തനത്തിനുള്ള വിഷയങ്ങളാണ്. കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണം കാണാതെ പഠിച്ച കാലം മുതൽ, വിശുദ്ധ കുർബാനയുടെ വേളയിലും, കുടുംബപ്രാർത്ഥനാസമയത്തും, മറ്റ് പ്രാർത്ഥനാവേളകളിലും “ക്രിസ്തു മരിച്ചവരെയും, ജീവിക്കുന്നവരെയും വിധിക്കുവാൻ വീണ്ടും വരുമെന്നും ഞാൻ വിശ്വസിക്കുന്നു” എന്ന് ഏറ്റുപറയുന്നവരാണ് നാമെല്ലാവരും. ആ വിശ്വാസത്തിന്റെ ബൈബിളധിഷ്ഠിതമായ വിവരണമാണ് ഇന്നത്തെ സുവിശേഷത്തിലുള്ളത്.

മനുഷ്യ ചരിത്രത്തിന്റെ ആദ്യകാലം മുതലേ, മനുഷ്യൻ ബുദ്ധി ക്രമമായി ഉപയോഗിക്കുവാൻ തുടങ്ങിയ കാലം മുതലേ മനുഷ്യന്റെ മുൻപിലെ സമസ്യകളാണ് മരണശേഷം എന്ത്, ഈ ലോകത്തിന് ഒരവസാനം ഉണ്ടായിരിക്കുമോ, അങ്ങനെയൊന്നുണ്ടെങ്കിൽ അത് എങ്ങനെയായിരിക്കും എന്നിവ. ഒരിക്കലും മറികടക്കാനാകാത്ത സംഭവമായി മരണം മനുഷ്യന്റെ മുൻപിൽ നിൽക്കുമ്പോൾ, മരണശേഷം എന്ത്, ഈ ലോകത്തിന് ഒരവസാനം ഉണ്ടായിരിക്കുമോ, അങ്ങനെയൊന്നുണ്ടെങ്കിൽ അത് എങ്ങനെയായിരിക്കും, എന്നിവ ഇന്നും കടംകഥകളായി, ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കുകയാണ്.

ഈ ഉത്തരംകിട്ടാ ചോദ്യങ്ങൾക്ക് മറുപടിയുമായി എല്ലാ മതങ്ങളും രംഗത്തുണ്ടെങ്കിലും, വെളിപ്പെടുത്തപ്പെട്ട സത്യവിശ്വാസമായി ഇന്നും സജീവമായി നിൽക്കുന്ന ക്രിസ്തുമതം, ക്രിസ്തുവിന്റെ യുഗാന്ത്യോന്മുഖ ദർശനം അവതരിപ്പിക്കുകയാണ് ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ. തങ്ങളെ സൃഷ്ടിച്ച ദൈവത്തെപ്പറ്റിയോ, ഓരോ നിമിഷവും കൈപിടിച്ച് നടത്തുന്ന ദൈവത്തിന്റെ പരിപാലനയെപ്പറ്റിയോ, ദൈവം നല്കിയതല്ലാതെ തങ്ങൾക്ക് ഒന്നുമില്ലയെന്ന സത്യത്തെപ്പറ്റിയോ ചിന്തിക്കുവാൻ സമയമില്ലാതെ നെട്ടോട്ടമോടുന്ന മനുഷ്യന്റെ മുൻപിൽ വലിയൊരു ഓർമപ്പെടുത്തലായാണ് ഈ സുവിശേഷഭാഗം നിൽക്കുന്നത് – ഹേ, മനുഷ്യാ നീ ഒരുനാൾ മരിക്കും എന്നതാണ് ആ ഓർമ്മപ്പെടുത്തൽ! ഹേ, മനുഷ്യാ, ഈ ഭൂമിയിലെ നിന്റെ ജീവിതത്തിന് നീ കണക്ക് കൊണ്ടുക്കേണ്ടിവരും. അത് നീ ഒരു മാസം ജീവിച്ചാലും, ഒരു ദിവസം ജീവിച്ചാലും, ആയുസ്സിന്റെ ദൈർഘ്യം മുഴുവനും ജീവിച്ചാലും നീ കണക്കുകൊടുക്കേണ്ടിവരും. അതിനായി നിനക്ക് അന്ത്യവിധിയുണ്ടായിരിക്കും എന്നതാണാ ഓർമ്മപ്പെടുത്തൽ. അതിനായി നിന്റെ ദൈവം, ക്രിസ്തു വീണ്ടും വരും എന്നതാണ് ആ ഓർമ്മപ്പെടുത്തൽ. ക്രിസ്തുവിന്റെ വീണ്ടും വരവ്, രണ്ടാമത്തെ ആഗമനം മനസ്സിലാക്കുവാനുള്ള അടയാളങ്ങൾ ഇവയായിരിക്കും എന്നതാണാ ഓർമ്മപ്പെടുത്തൽ. 

ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ഒരു പ്രത്യേകത അവിടുന്ന് എന്തെങ്കിലും പദ്ധതി നടപ്പാക്കുന്നതിന് മുൻപ് അടയാളമോ, അടയാളങ്ങളോ നൽകും. ഉദാഹരണത്തിന്, ജലപ്രളയം വന്ന് ഭൂമി മുഴുവൻ നശിക്കുന്നതിന് മുൻപ് ദൈവം ഒരടയാളം നൽകി. പെട്ടകമായിരുന്നു അടയാളം. ഇസ്രായേൽ ജനത്തെ ഈജിപ്തിൽ നിന്ന് മോചിപ്പിക്കുന്നതിന് മുൻപ് അടയാളങ്ങൾ നൽകി. മഹാമാരികളായിരുന്നു അടയാളങ്ങൾ. ഇസ്രായേൽ ജനം ബാബിലോണിലെ അടിമത്വത്തിലേക്ക് നീങ്ങുന്നതിന് മുൻപ് ദൈവം അടയാളങ്ങൾ നൽകി. ഏലിയാ-ഏലീഷാ പ്രവാചകന്മാരുടെ അത്ഭുതങ്ങളായിരുന്നു അടയാളങ്ങൾ. പരിശുദ്ധ കന്യകാമറിയത്തിൽ നിന്ന് ഈശോ ജനിച്ചപ്പോൾ അടയാളം നൽകി. അത്ഭുത നക്ഷത്രമായിരുന്നു അടയാളം. ഇതുപോലെ മനുഷ്യപുത്രന്റെ രണ്ടാമത്തെ ആഗമനത്തിന് മുൻപും ഈശോ അടയാളങ്ങൾ നൽകും. എന്താണാ അടയാളങ്ങൾ ഈശോ പറയുന്നു: “നോഹയുടെ ദിവസങ്ങൾപോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം.”

നോഹയുടെ കാലത്ത് ജനസംഖ്യാവിസ്ഫോടനം (population Explosion) ഉണ്ടായിരുന്നു. (ഉതപ്ത്തി 1, 27) ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്നോടിയായും ഒരു ജനസംഖ്യ വിസ്ഫോടനം ഉണ്ടാകും. നോഹയുടെ കാലത്ത് അറിവിന്റെ, സാങ്കേതിക വിദ്യയുടെ (Information Technological Revolution) വിപ്ലവം ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്നോടിയാണ് അറിവിന്റെ, സാങ്കേതിക വിദ്യയുടെ വിപ്ലവം ഉണ്ടായിരിക്കും. നോഹയുടെ കാലത്ത് ധാർമിക അധഃപതനം (Moral Degradation) ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്നോടിയായും ധാർമിക അധഃപതനം ഉണ്ടായിരിക്കും.

ഇവയോടൊപ്പമായിരിക്കും പ്രപഞ്ചത്തിലെ ശക്തികളിലുണ്ടാകുന്ന മാറ്റം. സൂര്യൻ ഇരുണ്ടുപോകും;ചന്ദ്രൻ പ്രകാശം തരികയില്ല. നക്ഷത്രങ്ങള ആകാശത്തിൽ നിന്ന് നിപതിക്കും. ആകാശശക്തികൾ ഇളകും. ഈശോ ഇവിടെ ആലങ്കാരിക ഭാഷയാണ് ഉപയോഗിക്കുന്നത്. ഇത് AD 70 ൽ നടന്ന ജറുസലേം ദേവാലയത്തിന്റെ തകർച്ചയെക്കുറിച്ചല്ല ഈശോ പറയുന്നത്. ഇത് കഴിഞ്ഞുപോയ സൂര്യ-ചന്ദ്ര ഗ്രഹങ്ങളെക്കുറിച്ചുമല്ല ഈശോ സൂചിപ്പിക്കുന്നത്. ഇത് വരാനിരിക്കുന്ന ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചാണ് ഈശോ പറയുന്നത്. കർത്താവിന്റെ ദിനത്തിൽ സൂര്യൻ ഇരുണ്ടുപോകുമെന്നും, നക്ഷത്രങ്ങൾ പ്രകാശം മറച്ചുകളയുമെന്നും ജോയേൽ പ്രവാചകൻ പറയുന്നുണ്ട്. (2, 10) വെളിപാടിന്റെ പുസ്തകത്തിൽ ചന്ദ്രൻ രക്തവർണമാകുന്നതും, ആകാശം തെറുത്തുമാറ്റിയ ചുരുൾപോലെ അപ്രത്യക്ഷമാകുന്നതും അത്തിവൃക്ഷത്തിൽ നിന്ന് പച്ചക്കായ്‌കൾ പൊഴിയുന്നതുപോലെ നക്ഷത്രങ്ങൾ നിപതിക്കുന്നതും വിശുദ്ധ യോഹന്നാൻ വിവരിക്കുന്നുണ്ട്. (6, 13) അത് എന്നായിരിക്കുമെന്നതിന് ഒരു സൂചനയും ഈശോ നൽകുന്നില്ല. നൽകുന്നില്ലെന്ന് മാത്രമല്ല പിതാവായ ദൈവത്തിനല്ലാതെ മറ്റാർക്കും അറിയില്ലയെന്നും ഈശോ പറഞ്ഞുവയ്ക്കുന്നു.

സ്നേഹമുള്ളവരേ, ലോകം എന്ന് അവസാനിക്കുമെന്നതിനെക്കുറിച്ചു് ചിന്തിച്ചു് സമയം കളയുവാനല്ല, ആകാശശക്തികളുടെ ചലനങ്ങൾ നിരീക്ഷിച്ചു് വെറുതെ ഇരിക്കാനല്ല, ഇവയെല്ലാം എന്ന്, എപ്പോൾ, എങ്ങനെ സംഭവിക്കുമെന്നോർത്ത് ആകുലപ്പെട്ടിരിക്കുവാനല്ല ഈശോ ഇക്കാര്യങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നത്. ക്രൈസ്തവരായി ഈ ഭൂമിയിലൂടെ നാം നടക്കുമ്പോൾ, ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിൽ, അന്ത്യവിധിയുടെ നാളിൽ അർഹതയുള്ളവരായി, യോഗ്യതയുള്ളവരായി ദൈവത്തിന്റെ മുൻപിൽ കണ്ടെത്തക്കവിധത്തിൽ ജീവിക്കുവാൻ നാം തയ്യാറാകണമെന്ന് ഓർമിപ്പിക്കുവാനാണ് ഈശോ ഈ ഞായറാഴ്ച്ച ഈ സുവിശേഷഭാഗം നമുക്ക് നൽകുന്നത്. അതിന്, പ്രകൃതിയിൽ നിന്ന് കാലങ്ങൾ നിരീക്ഷിച്ചു് മനസ്സിലാക്കുവാൻ നമുക്ക് കഴിയുന്നതുപോലെ ഈ കാലഘട്ടത്തിന്റെ, വർത്തമാനകാലത്തിലെ മനുഷ്യരുടെ ചലനങ്ങൾ നിരീക്ഷിച്ചുകൊണ്ട് ക്രിസ്തുവിന്റെ വരവിനായി ഒരുങ്ങി നിൽക്കുവാൻ നമുക്ക് സാധിക്കട്ടെ.

ക്രിസ്തു നമുക്ക് തരുന്ന ഒരേയൊരു ലക്ഷണം ഇതാണ്: നോഹയുടെ ദിവസങ്ങൾ പോലെയുള്ള അവസ്ഥയിലൂടെ ലോകം കടന്നുപോകുമ്പോൾ ഓർക്കുക തകർച്ചയുടെ കാലം അകലെയല്ലെന്ന്.

നമ്മുടെ ജീവിതത്തിൽ നന്മയുടെ, ധാർമികതയുടെ, ക്രൈസ്തവമൂല്യങ്ങളുടെ അധഃപതനങ്ങൾ ഉണ്ടാകുമ്പോൾ ക്രിസ്തുവിലേക്ക് തിരിയുവാൻ നകുക്കാകട്ടെ. ആമേൻ! 

SUNDAY SERMON MT 10, 34-42

ഏലിയാ സ്ലീവാ മൂശേക്കാലം രണ്ടാം ഞായർ

സംഖ്യ 21, 1-9

സഖറിയാ 10, 8-12

ഗലാ 6, 11-18

മത്തായി 10, 34-42

ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ രണ്ടാം ഞായറാഴ്ച, മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടാണെന്ന് തോന്നുന്ന ഒരു സുവിശേഷഭാഗമാണ് നമുക്ക് പരിചിന്തനത്തിനായി തിരുസ്സഭ നൽകിയിരിക്കുന്നത്. ഈ സുവിശേഷഭാഗത്തെ തെറ്റായി മനസ്സിലാക്കി, ക്രിസ്തുവിനെ, അവിടുത്തെ സന്ദേശത്തെ വികലമായി അവതരിപ്പിക്കുന്ന ക്രൈസ്തവരും, അക്രൈസ്തവരുമായ പണ്ഡിതന്മാരുള്ളപ്പോൾ ഈ സുവിശേഷ ഭാഗത്തെ ശരിയായി മനസ്സിലാക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ഈയിടെ Whats App ൽ കണ്ട ഒരു മുസ്ലിം പണ്ഡിതന്റെ പ്രസംഗം അത്തരത്തിലുള്ള ഒന്നായിരുന്നു. അദ്ദേഹം സമർത്ഥിക്കാൻ ശ്രമിച്ചത്, സമാധാനരാജാവായി ക്രൈസ്തവർ വാഴ്ത്തുന്ന ക്രിസ്തു ഭിന്നത കൊണ്ടുവരുന്നവനാണ്, വാളിനെക്കുറിച്ചു് സംസാരിക്കുന്നവനാണ്, അക്രമം പ്രോത്സാഹിപ്പിക്കുന്നവനാണ് എന്നൊക്കെയാണ്. കേൾവിക്കാരായ മുസ്ലിം സഹോദരങ്ങൾ അദ്ദേഹത്തെ കൈയ്യടിച്ചു് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ‘അത് ശരിയാണല്ലോ’യെന്ന് തലകുലുക്കി സമ്മതിക്കുന്ന ക്രൈസ്തവരുമുണ്ട്. അതുകൊണ്ട്, ക്രിസ്തു ആരെന്നും, ക്രിസ്തുവിന്റെ സന്ദേശത്തിന്റെ പ്രത്യേകതയെന്തെന്നും, ഒരു വ്യക്തി തന്റെ ജീവിതത്തിൽ ക്രിസ്തുവിനെ സ്വീകരിക്കുമ്പോൾ എന്താണ് സംഭവിക്കുകയെന്നും അറിയുകയാണ് ഇന്നത്തെ നമ്മുടെ വിചിന്തനത്തിന്റെ ലക്‌ഷ്യം.

വിശുദ്ധ മത്തായിയുടെ സുവിശേഷം അദ്ധ്യായം 10 ആരംഭിക്കുന്നത്, ഈശോ അപ്പസ്തോലന്മാരെ തിരഞ്ഞെടുത്ത് അയയ്ക്കുന്ന ഭാഗത്തോടെയാണ്.  ധാരാളം ശിഷ്യരുണ്ടായിരുന്നു എങ്കിലും പന്ത്രണ്ട് പേരെ തന്റെ Core Group ആയി തിരഞ്ഞെടുക്കുകയാണ് ഈശോ. അവരെ തന്റെ ശിഷ്യരായി, പ്രേഷിതരായി അയയ്ക്കുമ്പോൾ അവർക്കായി ഈശോ ഒരുക്കുന്ന ഒരു ജീവിതശൈലിയുണ്ട്. അവരുടെ target നിയമജ്ഞരോ, ഫരിസേയരോ, പ്രഭുക്കന്മാരോ അല്ല, നഷ്ടപ്പെട്ട ആടുകളാണ്. അവരുടെ package ൽ ഉള്ള ഓഫറുകൾ ആകർഷകമാണ്. അവർ സ്വർഗ്ഗരാജ്യത്തെക്കുറിച്ചു് പറയും; രോഗികളെ സുഖപ്പെടുത്തും. മരിച്ചവരെ ഉയിർപ്പിക്കും; കുഷ്ഠരോഗികളെ ശുദ്ധരാക്കും; പിശാചുക്കളെ ബഹിഷ്കരിക്കും. അവരുടെ ജീവിതശൈലിയും പ്രത്യേകതയുള്ളതാണ്. അരപ്പട്ടയിൽ സ്വർണം, വെള്ളി, ചെമ്പ് തുടങ്ങിയവ ഉണ്ടാകാൻ പാടില്ല. യാത്രയ്ക്ക് സഞ്ചിയോ, രണ്ട് ഉടുപ്പുകളോ, ചെരിപ്പോ, വടിയോ കൊണ്ടുപോകരുത്. ലോകത്തിന്റെ ക്രമങ്ങൾക്കനുസരിച്ചുള്ള ഒരു ജീവിതശൈലിയല്ല ഈശോ ശിഷ്യർക്കായി രൂപപ്പെടുത്തിയതും, അവർക്ക് നൽകിയതും. ഇങ്ങനെയുള്ള ജീവിതശൈലിയുമായി, ക്രിസ്തുവിന്റെ സന്ദേശവുമായി അവർ പോകുമ്പോൾ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ എന്തെല്ലാമെന്നും ഈശോ പറയുന്നുണ്ട്. 1. ചെന്നായ്ക്കളുടെ ഇടയിലേക്ക് ചെമ്മരിയാടുകളെന്നപോലെയാണ് ഈശോ അവരെ അയയ്ക്കുന്നത്. ചെമ്മരിയാടുകളും, ചെന്നായ്ക്കളും. 2. ശിഷ്യരെ സ്വീകരിക്കുന്നവരും, സ്വീകരിക്കാത്തവരും. 3. ശിഷ്യർ അറസ്റ്റു ചെയ്യപ്പെടും. 4. ശിഷ്യർ മർദ്ദിക്കപ്പെടും. 5. ശിഷ്യരെ കൊല്ലും.

സ്നേഹമുള്ളവരേ, ഇത്രയും പറഞ്ഞ ശേഷമാണ് ഈശോ പറയുന്നത് എന്റെ വരവ് ഞാനിപ്പോൾ പറഞ്ഞ കാര്യങ്ങൾകൊണ്ടുതന്നെ സമാധാനത്തിന്റെ ഒരവസ്ഥയായിരിക്കില്ല സൃഷ്ടിക്കുക; സമാധാനമല്ല, വാളാണ്, ഭിന്നതയാണ് സംഭവിക്കുക. കാരണം, ഈശോയുടെ സന്ദേശവുമായി പോകുന്നവർ, ഈശോയുടെ ജീവിതശൈലിയുമായി ഈ ഭൂമിയിൽ ജീവിക്കുന്നവർ മറ്റുള്ളവരാൽ, അത്തരം ജീവിതശൈലി ഇഷ്ടപ്പെടാത്തവരാൽ സ്വീകൃതരാകുകയില്ല. അത് സമൂഹത്തിലാകട്ടെ, കുടുംബത്തിലാകട്ടെ അങ്ങനെത്തന്നെയായിരിക്കും. അപ്പോൾ രൂപപ്പെടുന്ന അവസ്ഥ ഈശോ മുന്കൂട്ടിക്കണ്ടുകൊണ്ട്‌ നമ്മെ ഒരുക്കുകയാണ് ഈ സുവിശേഷഭാഗത്തിലൂടെ.

ഈ സുവിശേഷഭാഗത്തെ ശരിയായി മനസ്സിലാക്കാത്തവർ പറയുന്നപോലെ ഈശോ അക്രമത്തിന്റെ, വിഭജനത്തിന്റെ വാളുമായി വന്നവനല്ല. അവിടുന്ന് സമാധാനമാണ്, ശത്രുവിനെപ്പോലും സ്നേഹിക്കുന്ന മനോഭാവമാണ്, ഐക്യമാണ് ദൈവരാജ്യത്തിന്റെ സുവിശേഷമാണ് പ്രഘോഷിച്ചത്. ക്രിസ്തുവിന്റെ കാലം മുതലേ, ക്രിസ്തുവിന്റെ സുവിശേഷം സ്വീകരിക്കുന്നവരും,സ്വീകരിക്കാത്തവരും ഉണ്ടായിരുന്നു. ക്രിസ്തു പ്രഘോഷിച്ചത് സ്നേഹമായിരുന്നെങ്കിലും,ക്രിസ്തു പ്രവർത്തിച്ചത് നന്മയായിരുന്നെങ്കിലും, ക്രിസ്തു ചെയ്തത് അത്ഭുതങ്ങളായിരുന്നെങ്കിലും അതെല്ലാം സൃഷ്ടിച്ചത് ഭിന്നതയായിരുന്നു. കാരണം, ക്രിസ്തുവിന്റെ സ്നേഹം, സമാധാനം, സൗഖ്യം, നന്മ മനസ്സിലാക്കുവാൻ കഴിയാഞ്ഞവർ ക്രിസ്തുവിനെതിരെ തിരിഞ്ഞു; ആ ഭിന്നത ക്രിസ്തുവിനെ ഇല്ലാതാക്കുന്നതുവരെ നീണ്ടുനിന്നു. തീർന്നില്ല, ക്രിസ്തു ജീവിക്കുന്നു എന്നറിഞ്ഞ രാജാക്കന്മാർ മതമർദ്ദനം അഴിച്ചുവിട്ടു. ഭയാനകമായ അവസ്ഥകളിലൂടെ ക്രിസ്ത്യാനികൾ കടന്നുപോയി! നിർഭാഗ്യവശാൽ അത് ഇന്നും തുടരുന്നു…!

ഇത് ക്രിസ്തുവിന്റെ സന്ദേശത്തിന്റെ പ്രശ്നമല്ല; ക്രിസ്തു രൂപപ്പെടുത്തിയ ജീവിതശൈലിയുടെ പ്രശ്നമല്ല. അതിന്റെ നന്മയെ, വിശുദ്ധിയെ സ്വീകരിക്കുവാൻ മനുഷ്യൻ തയ്യാറാകാത്തതിന്റെ പ്രശ്നമാണ്. ഇന്നും ലോകത്തിന്റെ പലഭാഗങ്ങളിലും, എന്തിന് ഇന്ത്യയുടെ പലഭാഗങ്ങളിലും, നാം ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? ക്രിസ്തുവിന്റെ സമാധാനം സ്വീകരിക്കുവാൻ അവർ മനുഷ്യൻ തയ്യാറാകുന്നില്ല; ക്രിസ്തുവിന്റെ നന്മ പ്രഘോഷിക്കുന്നവരെ അവർ ശത്രുക്കളായിക്കാണുന്നു.

ക്രിസ്തുവിനെ സ്വീകരിക്കുന്നവർ, ക്രിസ്തുവിനായി സമർപ്പിതരാകുന്നവർ ഒരിക്കലും വിഭജനത്തിന്റെ, അനൈക്യത്തിന്റെ, അശാന്തിയുടെ വ്യക്തികൾ ആകില്ല; ആകാൻ കഴിയില്ല. ക്രിസ്തുവിന്റെ സമാധാനത്തിന്റെ സുവിശേഷം സ്വീകരിക്കാത്തവർ, ക്രിസ്തുസന്ദേശത്തിന്റെ എതിരാളികളായിമാറുന്നു; അത് വിഭജനത്തിന്റെ, അനൈക്യത്തിന്റെ വാൾ ആയിമാറുന്നു. ക്രിസ്തുവിന്റെ സന്ദേശമാണ്, അതിനോടുള്ള എതിർപ്പാണ് വാൾ ആയി മാറുന്നത്.

സാമൂഹ്യ, സമ്പർക്ക മാധ്യമങ്ങളിൽ വിപുലമായി ഉപയോഗിക്കുന്ന ഒരു tool ആണ് Blootooth. രണ്ട് Devices അടുത്തുവരുമ്പോൾ, Blootooth ഓൺ ചെയ്യുമ്പോൾ, പരസ്പരം സ്വീകരിക്കുമ്പോൾ, paired ആകുമ്പോൾ communication നടക്കും. പരസ്പരം സ്വീകരിക്കുന്നില്ലെങ്കിൽ communicaiton നടക്കില്ല. എവിടെനിന്നാണ് ഈ

Blootooth എന്ന പേര് വന്നത്? പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന Herald Blootooth എന്ന നേതാവ്, അന്ന് വിഘടിച്ചും, കലഹിച്ചും നിന്നിരുന്ന Norwey, Denmark എന്നീ രാജ്യങ്ങളെ ഒരുമിപ്പിച്ചു. ക്രിസ്തുവർഷം 958 ലാണ് Herald Blootooth Gorson ഇത് ചെയ്തത്. അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് Blootooth എന്ന വാക്ക് Social networks സ്വീകരിച്ചിരിക്കുന്നത്. ഈ ഐക്യത്തിന്റെ സന്ദേശമാണ് ഇന്നത്തെ Blootooth നൽകുന്നത്. Blootooth ന്റെ സമാധാനത്തിന്റെ സന്ദേശം ഏതെങ്കിലും ഒരു രാജ്യം സ്വീകരിക്കാതിരുന്നെങ്കിലോ? ആ സദ് ഉദ്യമം ഒരു വാളായി, വിഭജനത്തിന്റെ രൂപമായി മാറിയേനെ!!

യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ സന്ദേശത്തിന്റെ മഹത്വമാണ് ഇന്നത്തെ സുവിശേഷഭാഗം അവതരിപ്പിക്കുന്നത്.ന്മയായിട്ടുള്ളത്, തീർത്തും നല്ലതായിട്ടുള്ളത് മനുഷ്യൻ സ്വീകരിക്കുന്നില്ലെങ്കിൽ, അതിനെ എതിർക്കുകയാണെങ്കിൽ അത് വലിയ തിന്മയായിട്ട് മാറും; വാളായി മാറും. എന്തുകൊണ്ടാണ് മാതാപിതാക്കന്മാർ പറയുന്നത് മക്കൾക്ക് മനസ്സിലാകാതെ വരുന്നത്? അവർക്കത് സ്വീകരിക്കുവാൻ പറ്റാത്തത്? അവർ OLd Generation ആയതുകൊണ്ടാണ്. Generation Gap ന്റെ പ്രശ്നമല്ല എപ്പോഴും. നന്മയെ ഉൾക്കൊള്ളാൻ മനുഷ്യന് സ്വഭാവത്താലേ മടിയാണ്. അപ്പോൾ മാതാപിതാക്കന്മാർ പറയുന്ന നന്മ, നല്ല കാര്യങ്ങൾ എന്തായി മാറും? പ്രശ്നങ്ങളുടെ, വഴക്കിന്റെ വാളായി മാറും.

അതുകൊണ്ടാണ് സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന മാർഗമായി ഈശോ പറയുന്നത് പരസ്പരം സ്വീകരിക്കുക, മനസിലാക്കുക. “നിങ്ങളെ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ചവനെ സ്വീകരിക്കുന്നു.”

എം.  ആർ. വിഷ്ണുപ്രസാദിന്റെ “ഒന്നാമത്തെ സിനിമ” എന്ന ചെറിയൊരു കവിതയുണ്ട്. അതിങ്ങനെയാണ്: “ഭൂമിയിലെ അവസാനത്തെ സിനിമ കാണാനിരുന്നു. കണ്ണുകളുടെ സ്ഥാനത്ത് ചെവിയുള്ള പെൺകുട്ടിയുടെ ചിത്രമായിരുന്നു അത്. ചെവിയുടെ സ്ഥാനത്ത് കണ്ണുകളുള്ള ഞങ്ങൾക്ക് ആ സിനിമ പിടികിട്ടിയില്ല”. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 99, 13.02.2022) കണ്ണുകളുടെ സ്ഥാനത്ത് ചെവിയുള്ള പെൺകുട്ടിയുടെ കഥ, ചെവിയുടെ സ്ഥാനത്ത് കണ്ണുകളുള്ള ഞങ്ങൾക്ക് എങ്ങനെ പിടികിട്ടാനാണ്? പിടികിട്ടുകയില്ലെന്ന് മാത്രമല്ല, അതൊരു പ്രശ്നമായിത്തീരുകയും ചെയ്യും.

സ്നേഹമുള്ളവരേ, ക്രിസ്തു ദൈവമാണ്, നന്മയാണ്, സ്നേഹമാണ്. ക്രിസ്തുവിനെ സ്വീകരിക്കുമ്പോൾ എല്ലാം നന്മയായിഭവിക്കും. അപ്പോൾ, ഒരു പാത്രം വെള്ളം കൊടുക്കുന്നത് പോലും ദൈവകൃപയുടെ മഴ പെയ്തായിത്തീരും. നമ്മുടെ ജീവിതം എപ്പോഴും പാരസ്പര്യത്തിലായിരിക്കുവാൻ, ഐക്യത്തിലായിരിക്കുവാൻ, ദൈവാനുഗ്രഹത്തിലായിരിക്കുവാൻ ക്രിസ്തുവിനെ സ്വീകരിക്കുന്നവരാകാം.

മനുഷ്യജീവിതത്തെ, നമ്മുടെ കുടുംബജീവിതങ്ങളെ അസ്വസ്ഥതയിലേക്ക്, ബുദ്ധിമുട്ടുകളിലേക്ക്, നമ്മുടെ മക്കളെ തിന്മയുടെ വഴിയിലേക്ക് നയിക്കുന്നത് ക്രിസ്തുവിനെ, നന്മയെ സ്വീകരിക്കാത്തതാണ്. മനുഷ്യജീവിതത്തിന്റെ വൈരുദ്ധ്യാത്മകമായ എല്ലാ പ്രേരണകളിൽനിന്നും രക്ഷപ്പെടുവാനുള്ള ഏകവഴി ക്രിസ്തുവിനെ സ്വീകരിച്ചുകൊണ്ട് സ്നേഹത്തിലേക്ക്, ഒരുമയിലേക്ക് പ്രവേശിക്കുക എന്നതാണ്. അല്ലെങ്കിൽ ഭിന്നതയിലേക്കായിരിക്കും നമ്മുടെ ജീവിതം പോകുക.

ക്രിസ്തുവിന്റെ സ്നേഹത്തിന്റെ, സമാധാനത്തിന്റെ, ഐക്യത്തിന്റെ കൂദാശയായ വിശുദ്ധ കുർബാനയിൽ പങ്കെടുത്തുകൊണ്ട് ക്രിസ്തുവിന്റെ സമാധാനത്തിൽ ജീവിക്കുവാൻ നമുക്കാകട്ടെ. ആമേൻ!  

SUNDAY SERMON MK 9, 2-13

ഏലിയാ ശ്ലീവാ മൂശേക്കാലം ഒന്നാം ഞായർ

പുറപ്പാട് 34, 28-35

2 ദിനവൃത്താന്തം 5, 11-14

1 കോറി 15, 35-50

മാർക്കോ 9, 2-13

സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ, സ്ലീവാ ഒന്നാം ഞായറാഴ്ച്ചയാണിന്ന്. ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ, മോശെയും ഏലിയായും പഴയനിയമത്തെയും, സ്ലീവാ എല്ലാത്തിന്റെയും പൂർത്തീകരണമായ ഈശോയെയും പ്രതിനിധാനം ചെയ്യുന്നു.  സ്ലീവായുടെ വിജയവും, ഈശോയുടെ രണ്ടാമത്തെ ആഗമനവും, അന്ത്യവിധിയുമാണ് ഈ കാലത്തിലെ വിചിന്തനവിഷയങ്ങൾ. ദൈവത്തിന്റെ രൂപത്തിൽ ആയിരുന്നുവെങ്കിലും ദൈവവുമായുള്ള സമാനത മുറുകെപ്പിടിക്കാതെ തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് മനുഷ്യനെപ്പോലെ കാണപ്പെട്ട് മരണം വരെ, കുരിശുമരണംവരെ അനുസരണമുള്ളവനായ ക്രിസ്തു, തന്റെ കുരിശുമരണത്തിലൂടെ രക്ഷാകരമാക്കിയ കുരിശിന്റെ പുകഴ്ചയുടെ തിരുനാളാണ് സ്ലീവക്കാലത്തിന്റെ കേന്ദ്രബിന്ദു.  ക്രിസ്തുവിലുള്ള വിശ്വാസവും, പ്രതീക്ഷയും, സ്നേഹവും വീണ്ടെടുത്തുകൊണ്ട്, ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനായി ഒരുങ്ങാൻ ഈ കാലത്തിൽ തിരുസ്സഭ നമ്മെ ക്ഷണിക്കുകയാണ്. ഇന്നത്തെ സുവിശേഷഭാഗവും ഈയൊരു സന്ദേശവുമായിട്ടാണ് നമ്മുടെ മുൻപിലുള്ളത്.  ക്രിസ്തുവിലുള്ള വിശ്വാസവും, പ്രതീക്ഷയും, സ്നേഹവും ഹൃദയത്തിൽ നിറച്ചുകൊണ്ട്, ക്രൈസ്തവസഭയും ക്രൈസ്തവരും ഉള്ളിലുള്ള ദൈവരാജ്യം ജീവിക്കുന്നവരും, പ്രഘോഷിക്കുന്നവരും, ഉള്ളിലുള്ള ദൈവത്തിന്റെ പ്രകാശം വിതറുന്നവരും, ഉള്ളിലുള്ള ദൈവത്തിന്റെ ചൈതന്യം പ്രസരിപ്പിച്ചുകൊണ്ട് ജീവിക്കുന്നവരും ആകണമെന്നാണ് ഇന്നത്തെ ദൈവവചന സന്ദേശം.  

വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിലെ ഏകദേശം മദ്ധ്യഭാഗത്തായിട്ടാണ് ഈശോയുടെ രൂപാന്തരീകരണം സുവിശേഷകൻ അവതരിപ്പിക്കുന്നത്. അതുവരെ അത്ഭുതങ്ങളും, അടയാളങ്ങളുമൊക്കെ പ്രവർത്തിച്ചിരുന്നെങ്കിലും, തന്നിലെ ദൈവികത അതിന്റെ സർവ്വപ്രതാപത്തിൽ ലോകത്തിനുമുൻപിൽ ഈശോ വെളിവാക്കിയിരുന്നില്ല. വെളിവാക്കിക്കഴിഞ്ഞാൽ പിന്നെ രക്ഷാകരകർമങ്ങൾക്കുള്ള സമയമായിയെന്ന്, അതിന്റെ തുടക്കമായെന്ന് ഈശോയ്ക്കറിയാമായിരുന്നു. അതുകൊണ്ടാണ് രൂപാന്തരീകരണം ഈശോയുടെ ജീവിതത്തിലെ Turning Point ആകുന്നത്. ഈ സംഭവത്തിനുശേഷം, കുരിശുമരണത്തിലൂടെ ലോകരക്ഷ സാധിതമാക്കാൻ ഈശോ ജെറുസലേമിലേക്ക് യാത്രയാകുകയാണ്.

മനസ്സിലുയരുന്ന മറ്റൊരു ചോദ്യം എന്തുകൊണ്ട് ഈശോയോടൊപ്പം മോശയും ഏലിയായും? പഴയനിയമത്തിന്റെയും, പുതിയനിയമത്തിന്റെയും കണ്ടുമുട്ടലാണെന്നും, പഴയനിയമം പുതിയനിയമത്തിലേക്ക് അലിഞ്ഞുചേർന്ന് ക്രിസ്തുമാത്രമാകുന്ന സംഭവമെന്നും ഇതിനെ വിശദീകരിക്കാം. എന്നിട്ടും ഒരു സംതൃപ്തി ലഭിക്കുന്നില്ല എന്നൊരു തോന്നൽ! ഗലീലി തടാകത്തിന്റെ 15 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന Mount Tabor ന് ഗലീലിയുടെ താഴ്ന്ന പ്രദേശത്തുനിന്ന് 600 മീറ്റർ ഉയരമുണ്ട്. ഇവിടെ മൂന്ന് ശിഷ്യന്മാരെമാത്രം കൂട്ടിക്കൊണ്ടുപോയി ഈശോ രൂപാന്തരപ്പെട്ടതും, അവിടേയ്ക്ക് മോശെയും, ഏലിയായും വന്നതും, “ഇവൻ എന്റെ പ്രിയപ്പെട്ടവൻ ഇവനെ ശ്രവിക്കുക” എന്ന് സ്വർഗത്തിൽ നിന്ന് സ്വരമുണ്ടായതും ഫ്രീക്കന്മാർ പറയുമ്പോലെ വെറുതെ ഒരു സീൻ ഉണ്ടാക്കാൻ അല്ലായിരുന്നു ബ്രോ. അത് ചരിത്രത്തിൽ നഷ്ടപ്പെട്ടുപോയ നന്മകളെ, മൂല്യങ്ങളെ വീണ്ടെടുക്കാനും, ദൈവത്തിന്റെ രക്ഷാകര പദ്ധതിയെ മനുഷ്യനുമുൻപിൽ തുറന്നുകാണിക്കുവാനുമായിരുന്നു.

ക്രിസ്തുവിന്റെ രൂപാന്തരീകരണം രക്ഷാകരചരിത്രത്തിൽ വെറുതെ സംഭവിച്ച ഒരു കാര്യമല്ല. ചരിത്രത്തിന്റെ ആത്മികവും ധാർമികവുമായ പ്രതിസന്ധിഘട്ടങ്ങളിൽ സ്വർഗം കനിഞ്ഞു നൽകുന്ന മഹാവിരുന്നുകളാണ് ക്രിസ്തുവിന്റെ രൂപാന്തരീകരണം പോലെയുള്ള സംഭവങ്ങൾ. റോമൻ സാമ്രാജ്യത്വത്തിന്റെ പിടിയിൽപ്പെട്ട് വിശ്വാസം, പ്രതീക്ഷ, സ്നേഹം എന്നീ മൂന്ന് മൂല്യങ്ങളും അന്യംനിന്നുപോയ ഒരു മനുഷ്യാവസ്ഥയിലേക്കാണ് ക്രിസ്തുവിന്റെ കടന്നുവരവെന്നത് നാം മറക്കരുത്. സാക്ഷരതയില്ലാത്തവരായിരുന്നു ശിഷ്യരെന്ന് പറയാമെങ്കിലും അവരുടെ അതിജീവനത്തിന്റെ വഴികളിൽ വിശ്വാസവും, പ്രതീക്ഷയും, സ്നേഹവും നഷ്ടപ്പെട്ടവർ തന്നെയായിരുന്നു ശിഷ്യർ. ഈ മൂന്ന് മൂല്യങ്ങളെയും റോമൻ സീസറിന്റെ ഭരണം തകർത്തുകളഞ്ഞു. ജീവിതം അടിമത്വത്തിന്റെ വേദനകളുടെ കൂമ്പാരമായി. ഇങ്ങനെയൊരവസ്ഥയിൽ ശിഷ്യരെ ശാക്തീകരിക്കുവാൻ താബോർ എപ്പിസോഡ് ആവശ്യമായിരുന്നു. അവിടെ അവർ വിശ്വാസത്തിന്റെ പ്രതീകമായി മോസസ്സിനെയും, പ്രതീക്ഷയുടെ അടയാളമായി ഏലിയായെയും, സ്നേഹമായി ക്രിസ്തുവിനെയും ദർശിച്ചു. വിശ്വാസവും, പ്രതീക്ഷയും സ്നേഹത്തോട് സംസാരിച്ചുകൊണ്ടിരുന്നതായി അവർ കാണുകയാണ്. ഈജിപ്തിലെ അടിമത്തകാലംമുതൽ, ബാബിലോൺ പ്രവാസംവരെയുണ്ടായ ചരിത്ര സംഭവങ്ങൾ വിശ്വാസത്തെയും, പ്രതീക്ഷയേയും, സ്നേഹത്തെയും എത്ര ത്തോളം പ്രതികൂലമായി ബാധിച്ചു എന്നതിന്റെ ഒരു കഥാർസിസ് (Catharsis) ആണ് പത്രോസിന്റെ പറച്ചിൽ! “ഗുരോ നാമിവിടെയായിരിക്കുന്നത് നല്ലതാണ്. ഞങ്ങൾ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം. ഒന്ന് നിനക്ക്, ഒന്ന് മോശയ്ക്ക്, ഒന്ന് ഏലിയയ്ക്ക്. മോശെയിൽ വിശ്വാസത്തിന്റെയും, ഏലിയായിൽ   പ്രതീക്ഷയുടെയും, ക്രിസ്തുവിൽ സ്നേഹത്തിന്റെയും വിശ്വരൂപങ്ങൾ കണ്ട ശിഷ്യന്മാർ ഒരു വിഭ്രാന്തിയിലെന്നപോലെ വിളിച്ചുപറഞ്ഞതാണ് ഈ വാക്കുകൾ! അവരിലെ സ്വപ്നങ്ങൾക്ക് ജീവൻവയ്ക്കുന്നതായി അവർക്ക് തോന്നുകയാണ്. മാത്രമല്ല, അല്പം കഴിയുമ്പോൾ, ഈ മൂന്ന് മൂല്യങ്ങളും ക്രിസ്തുവിൽ ഒന്നായിത്തീരുകയാണ്. “അവർ ചുറ്റും നോക്കി, യേശുവിനെയല്ലാതെ മറ്റാരെയും തങ്ങളോടുകൂടെ അവർ കണ്ടില്ല.”

ബാക്കിയുള്ള സംഭാഷണങ്ങളെല്ലാം ഈ മഹാസംഭവത്തിന്റെ വിവരണങ്ങളാണ്, പ്രതിഫലനങ്ങളാണ്.

ഈശോയുടെ രൂപാന്തരീകരണത്തിൽ അനേകകാലങ്ങളുടെ മുഴക്കമുണ്ട്. ഗ്രീക്ക്, റോമൻ, ഈജിപ്ഷ്യൻ, ഏഷ്യൻ സംസ്കാരങ്ങളുടെ മുഴക്കങ്ങൾ താബോർമലയിൽനിന്ന് കേൾക്കുന്നുണ്ട്. ഈ സംസ്കാരങ്ങളെല്ലാം തന്നെ മനുഷ്യന്റെ ആദ്ധ്യാത്മികവും ധാർമികവുമായ മൂല്യങ്ങൾ തകർത്തുകൊണ്ടാണ് മുന്നോട്ട് പോയിട്ടുള്ളത്. മനുഷ്യന് ദൈവത്തിലുള്ള വിശ്വാസം, മനുഷ്യർ തമ്മിലുള്ള വിശ്വാസം തകർന്ന കഥകൾ സംസ്കാരങ്ങളുടെ ജീർണതയുടെ താളുകളിൽനിന്ന് നമുക്ക് വായിച്ചെടുക്കാവുന്നതേയുള്ളു. പ്രതീക്ഷയറ്റ മനുഷ്യ സമൂഹമല്ലേ യുദ്ധങ്ങൾക്കും, പിടിച്ചെടുക്കലുകൾക്കും ഇറങ്ങിത്തിരിക്കുന്നത്? മനുഷ്യചരിത്രം തന്നെ പ്രതീക്ഷയറ്റ, നിരാശരായ മനുഷ്യരുടെ രക്തച്ചൊരിച്ചിലിന്റെ കഥകളല്ലേ പറയുന്നത്? സ്നേഹം വെറുപ്പാകുന്നതും, ചതിയുടെയും, അവിശ്വസ്തതയുടെയും രൂപം സ്വീകരിക്കുന്നതുമല്ലേ നമ്മുടെ സാഹിത്യകൃതികൾ അന്നും ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നത്? ഈ സംസ്കാരധാരകളുടെയെല്ലാം മുഴക്കങ്ങൾക്ക് മറുപടിയായിട്ടാണ് ക്രിസ്തുവും, മോശയും, ഏലിയായും ഇവിടെ നിലകൊള്ളുന്നത്.

അത് മാത്രമല്ല. ഇന്നത്തെ കാലഘട്ടവും കടന്നുപോകുന്നത്, പോയിക്കൊണ്ടിരിക്കുന്നത് ഈ മൂല്യങ്ങളെ തകർത്തുകൊണ്ടാണെന്നത് ഈശോയുടെ രൂപാന്തരീകരണത്തിന്റെ കാലിക പ്രസക്തിയെ വ്യക്തമാക്കുന്നു. ഈ കാലഘട്ടത്തിൽ അരങ്ങേറുന്ന തീവ്രവാദപ്രവർത്തനങ്ങളും, വർഗീയ വീക്ഷണങ്ങളും, വർഗീയ ലഹളകളും, കോർപ്പറേറ്റ് ചൂഷണങ്ങളും മുന്നേറുന്നത് പ്രധാനമായും ഈ മൂന്ന് മൂല്യങ്ങളെ തകർത്തുകൊണ്ടാണ്. വർഗീയ ലഹളകളും, പേപ്പട്ടി വിഷബാധയേറ്റ അഭിരാമിയെപ്പോലുള്ളവരെ സുഖപ്പെടുത്തുവാൻ കഴിയാത്തവിധം ശാസ്ത്രം, ശാസ്ത്രത്തിന്റെ വളർച്ച ശുഷ്കമായിരിക്കുക്കുന്നതും, പ്രകൃതിക്ഷോഭങ്ങളും, സമയംതെറ്റിയുള്ള മഴയും, മഴക്കെടുതികളും തുടങ്ങിയ കാലാവസ്ഥാവ്യതിയാനങ്ങളും ഈ മൂല്യതകർച്ചയുടെ പ്രതിഫലനങ്ങളായി ആരും കാണുന്നില്ലായെന്നത് വലിയ വിരോധാഭാസം തന്നെ.  വിശ്വാസം, പ്രതീക്ഷ, സ്നേഹം മുതലായ മൂല്യങ്ങൾക്ക് വിലയില്ലാത്തവിധം നാം “Waste Land” കളായി മാറിയിരിക്കുന്നു.   

ഇവിടെ ഇന്ന് ക്രിസ്തുവിന്റെ രൂപാന്തരീകരണം നടക്കേണ്ടിയിരിക്കുന്നു.

ഈശോയുടെ രൂപാന്തരീകരണമെന്നത് പുതിയതിലേക്കുള്ള ഒരു മാറ്റമല്ലായിരുന്നു; ഒരു രൂപം മാറി വേറൊന്ന് സ്വീകരിക്കലല്ലായിരുന്നു. ഫാ. സാജു പൈനാടത്ത് MCBS ന്റെ “ദൈവത്തിന്റെ ഭാഷ-വിശുദ്ധ കുർബാന” എന്ന പുസ്തകത്തിൽ പറയുന്നപോലെ, “അന്തരത്തിന്റെ (അകത്തുള്ളതിന്റെ) രൂപമാണ് രൂപാന്തരം. പ്രത്യക്ഷത്തിൽ വരാത്തത് രൂപമായി വരുന്നു. ഉള്ളടക്കത്തെ ഗാഢമായി അവതരിപ്പിക്കുകയാണ് രൂപം.” (പേജ് 71) ക്രിസ്തുവിന്റെ ഉള്ളിലുള്ളതിന്റെ മഹിമയോടെയുള്ള പ്രകാശിപ്പിക്കലാണ് താബോർ മലയിലെ അവിടുത്തെ രൂപാന്തരീകരണം. ഉള്ളിലുള്ളതിനെ പ്രകാശിപ്പിക്കലായിരുന്നു അത്. Uncovering of what is within! ഈ മരമെവിടെനിന്ന് വന്നു എന്ന് കുട്ടികൾ ചോദിക്കുമ്പോൾ, വിത്തിനകത്തുണ്ടായിരുന്നത് പ്രത്യക്ഷമായതാണ് എന്ന് വല്യപ്പൻ കുഞ്ഞുങ്ങളോട് പറയുന്നപോലെയാണത്. കൊക്കൂണിനകത്തുണ്ടായിരുന്നത് പ്രത്യക്ഷമായതാണ് വർണശബളിതയാർന്ന ചിത്രശലഭമെന്ന് പറയുന്നപോലെയാണത്. ഈശോയുടെ ഉള്ളിലുണ്ടായിരുന്ന ദൈവം സർവ്വപ്രതാപത്തോടെ, സകല മഹിമയോടുകൂടെ പ്രത്യക്ഷമായതാണ്, പ്രകാശിതമായതാണ് ഈശോയുടെ രൂപാന്തരീകരണം.

ഉള്ളിലുള്ള ദൈവത്തെ പ്രകാശിപ്പിക്കുകയാണ് രൂപാന്തരീകരണംകൊണ്ട് ഈശോ അർത്ഥമാക്കുന്നത്. ഈ ചിന്തയോടെ ഇന്നത്തെ സുവിശേഷത്തെ സമീപിക്കുമ്പോൾ നമുക്ക് മനസിലാകും, ഈ സുവിശേഷഭാഗത്തിന് എന്നോട് എന്തൊക്കെയോ പറയാനുണ്ടെന്ന്. ക്രൈസ്‌തമൂല്യങ്ങൾക്ക് ക്ഷയം സംഭവിച്ചിരിക്കുന്ന, ക്രൈസ്തവജീവിതത്തിന് ഭീഷണിനേരിട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മോട് ക്രിസ്തുവിന്റെ രൂപാന്തരീകരണം വിളിച്ചു പറയുന്നത് മകളേ, മകനേ, നിന്റെ ഉള്ളിലുള്ള ദൈവത്തെ പ്രകാശിപ്പിക്കുക എന്നാണ്. അതിന് മുന്നോടി എന്നോണമാണ് ഈശോ പറഞ്ഞത് ദൈവരാജ്യം നിന്നിൽ തന്നെയാണെന്ന്. (ലൂക്കാ 17, 21) ഉള്ളിലുള്ള ക്രിസ്തുവിനെ ഖനനം ചെയ്യുകയാണ് ക്രൈസ്തവജീവിതത്തിന്റെ ഉദ്ദേശ്യവും, ലക്ഷ്യവും.

പന്ത്രണ്ടാം നൂറ്റാണ്ടിൽ ക്രൈസ്തവ വിശ്വാസത്തിനും,ധാർമിക മൂല്യങ്ങൾക്കും ക്ഷയം സംഭവിച്ചപ്പോൾ, വിശുദ്ധ ഫ്രാൻസിസ് അസീസി,  ലൗകികതയ്ക്കുപിന്നാലെ, സമ്പത്തിനുപിന്നാലെ അന്ധമായി ഓടിക്കൊണ്ടിരുന്ന ലോകത്തിനുമുന്പിൽ നടത്തിയ രൂപാന്തരീകരണം ലോകത്തിന്റെ കണ്ണുതുറപ്പിച്ചു. അദ്ദേഹത്തെ നോക്കിക്കൊണ്ട് ലോകം വിളിച്ചു പറഞ്ഞു: “ഇതാ, രണ്ടാമത്തെ ക്രിസ്തു കടന്നുപോകുന്നു.” അദ്ദേഹത്തിലുണ്ടായ ദൈവികമാറ്റം ലോകം മനസ്സിലാക്കിയെന്നത് വലിയ കൃപയാണ്. ഇന്ന് നമ്മിൽ രൂപാന്തരീകരണങ്ങൾ ഉണ്ടാകുന്നില്ല എന്നതാണ് വർത്തമാനകാലത്തിൽ ഏറ്റവും വലിയ ദുരന്തം! നമ്മുടെ ക്രൈസ്തവ സാക്ഷ്യജീവിതത്തെ അടച്ചാക്ഷേപിക്കുകയല്ല. മനുഷ്യന്റെ സാധാരണ ജീവിതസാഹചര്യങ്ങളിൽ നിന്ന് അടർത്തിയെടുക്കാവുന്ന രൂപാന്തരീകരണങ്ങൾ ഇന്നും നടക്കുന്നുണ്ട്. അവയെ മനസ്സിലാക്കുവാൻ പക്ഷേ ലോകമനസ്സ് ഒന്നുകിൽ പകമായിട്ടില്ല, അല്ലെങ്കിൽ അവയെ കണ്ടില്ലെന്ന് നടിക്കുന്നു. അതുമല്ലെങ്കിൽ അവയെ അവഗണിക്കുന്നു. ക്രിസ്തുവിന്റെ രൂപാന്തരീകരണം വെറുമൊരു ചരിത്രസംഭവമായോ, അമാനുഷിക പ്രവർത്തിയായോ നിൽക്കേണ്ട ഒന്നല്ല. അത് ഇന്ന് നിന്നിലും, എന്നിലും സംഭവിക്കേണ്ട ദൈവിക മാറ്റമാണ്.

സ്നേഹമുള്ളവരേ, ദൈവം നമ്മോട് എപ്പോഴും ചോദിക്കുക, മകളേ, മകനേ നിന്റെ ജീവിതത്തിൽ, നിന്നിൽ രൂപാന്തരീകരണത്തിന്റെ വേളകൾ ഉണ്ടോ എന്നായിരിക്കും. നീ സഞ്ചരിക്കുന്നത് ഏത് കാറിലാണെന്ന് ദൈവം ചോദിക്കില്ല. യാത്രാസൗകര്യമില്ലാത്ത എത്രപേരെ യാത്രചെയ്യാൻ സഹായിച്ചു എന്ന് അവിടുന്ന് ചോദിക്കും. കാരണം, അതായിരുന്നു നിന്നിൽ രൂപാന്തരീകരണം സംഭവിച്ച, നിന്റെ ഉള്ളിലെ ദൈവികത നിന്റെ ഉടലിൽ പ്രകാശിച്ച നിമിഷം. നിന്റെ വീടിന്റെ വിസ്തൃതി എത്ര സ്‌ക്വയർ ഫീറ്റാണെന്ന് ദൈവം ചോദിക്കില്ല. എത്രപേരെ നിന്റെ ഭവനത്തിൽ നീ സ്വീകരിച്ചു എന്ന് അവിടുന്ന് ചോദിക്കും. കാരണം, അതായിരുന്നു നിന്നിൽ രൂപാന്തരീകരണം സംഭവിച്ച, നിന്റെ ഉള്ളിലെ ദൈവികത നിന്റെ ഉടലിൽ പ്രകാശിച്ച നിമിഷം. നിന്റെ അലമാരയിൽ എത്ര വസ്ത്രങ്ങളുണ്ടെന്ന് ദൈവം ചോദിക്കില്ല. എത്രപേരെ നീ ഉടുപ്പിച്ചു എന്ന് ചോദിക്കും. കാരണം, അതായിരുന്നു നിന്നിൽ രൂപാന്തരീകരണം സംഭവിച്ച, നിന്റെ ഉള്ളിലെ ദൈവികത നിന്റെ ഉടലിൽ പ്രകാശിച്ച നിമിഷം. നീ എന്തുതരം ജോലിയാണ് ചെയ്യുന്നത് എന്ന് ദൈവം ചോദിക്കില്ല. നീ എത്ര നന്നായി അവ ചെയ്‌തുതീർത്തെന്ന് അവിടുന്ന് ചോദിക്കും. കാരണം, അതായിരുന്നു നിന്നിൽ രൂപാന്തരീകരണം സംഭവിച്ച, നിന്റെ ഉള്ളിലെ ദൈവികത നിന്റെ ഉടലിൽ പ്രകാശിച്ച നിമിഷം. നിനക്ക് എത്ര സുഹൃത്തുക്കളുണ്ടെന്ന് ദൈവം ചോദിക്കില്ല. എത്രപേർക്ക് നല്ലൊരു സുഹൃത്താകാൻ നിനക്ക് കഴിഞ്ഞു എന്ന് ചോദിക്കും. നിന്റെ അയൽക്കാർ ആരെന്ന് ചോദിക്കില്ല. അവരോട് നീ എങ്ങനെ പെരുമാറി എന്ന് ചോദിക്കും. നിന്റെ തൊലിയുടെ നിറം എന്തെന്ന് ചോദിക്കില്ല. നിന്റെ സ്വഭാവത്തിന് നന്മയുടെ നിറമുണ്ടായിരുന്നോ എന്ന് ചോദിക്കും. കാരണം, അവയായിരുന്നു നിന്നിൽ രൂപാന്തരീകരണം സംഭവിച്ച, നിന്റെ ഉള്ളിലെ ദൈവികത നിന്റെ ഉടലിൽ പ്രകാശിച്ച നിമിഷങ്ങൾ.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്ന ദൈവിക കാഴ്ചയുടെ സമൃദ്ധിയിലേക്ക് നമ്മുടെ ചിന്തകളെ കൂട്ടിക്കൊണ്ടുപോകാനായി നമുക്കാകണം. നമ്മുടെ സ്വന്തം രൂപത്തിലെ, ഉടലിലെ, അതിനുള്ളിലെ ദൈവത്തെ തിരിച്ചറിയാനാകാത്ത, അപരന്റെ ഉടലിലെ ക്രിസ്തുവിനെ തിരിച്ചറിയാനാകാത്ത നമുക്ക് ഒരു രൂപാന്തരീകരണം ഇനിയും അന്യമാണ്! വിശ്വാസവും, പ്രതീക്ഷയും സ്നേഹവും നിറഞ്ഞ ജീവിതത്തിലേ രൂപാന്തരീകരണം സംഭവിക്കുകയുള്ളൂ എന്ന ബോധ്യത്തോടെ, ഇന്നത്തെ സുവിശേഷ സന്ദേശം സ്വീകരിക്കുവാനും, ഉള്ളിലെ ക്രിസ്തുവിനെ, ജീവിതത്തിലൂടെ പ്രകാശിതമാക്കുവാനും നമുക്ക് സാധിക്കട്ടെ.

നമ്മുടെ വിശ്വാസത്തിന്റെ പ്രഘോഷണമായ, ദൈവസ്നേഹത്തിന്റെ ആഘോഷമായ, നമുക്കെന്നും പ്രത്യാശ നൽകുന്ന വിശുദ്ധ കുർബാന യോഗ്യതയുടെ അർപ്പിച്ചു്, രൂപാന്തരീകരണത്തിന്റെ നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടാകുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ആമേൻ!

SUNDAY SERMON MT 6, 19-24

കൈത്താക്കാലം ഏഴാം ഞായർ

ഉത്പത്തി 6, 13-22

ജെറമിയ 32, 36-41

യാക്കോ 4, 1-10

മത്താ 6, 19-24

സുവിശേഷങ്ങളിലെ ഏറ്റവും ഫലഭൂയിഷ്ഠമായ ഭൂമി ഏതാണ്?  ഈശോയുടെ മലയിലെ പ്രസംഗം എന്ന ഒറ്റ ഉത്തരം മാത്രം. ക്രൈസ്തവരെയും, ഇതര മതസ്ഥരെയും മഹാത്മാഗാന്ധി, രബീന്ദ്രനാഥ ടാഗോർ, ലിയോ ടോൾസ്റ്റോയ് തുടങ്ങിയ മഹാന്മാരെയും ഇത്രമേൽ സ്പർശിച്ചതും സ്വാധീനച്ചതുമായ മറ്റൊരു ഭാഗവും സുവിശേഷങ്ങളിലില്ല. നമ്മുടെ ആത്മീയ സംസ്കാരത്തെ നിർണയിക്കുന്നതും, നിയന്ത്രിക്കുന്നതും ഈശോയുടെ മലയിലെ പ്രസംഗത്തിലെ സന്ദേശങ്ങളാണ്. ഈശോയുടെ മലയിലെ പ്രസംഗമെന്നത് വെറുതെയൊരു പറച്ചിലല്ല. ഒരു ആത്മീയ സംസ്കാരത്തിന്റെ വെളിപ്പെടുത്തലാണത്. ഇത്രയും മനോഹരമായ ഈശോയുടെ മലയിലെ പ്രസംഗത്തെ ആകർഷകമാക്കുന്നതിന്റെയും, അനുഭവപരമാക്കുന്നതിന്റെയും പൊരുൾ എന്താണ്? എനിക്ക് തോന്നുന്നത് ഇന്നത്തെ സുവിശേഷ ഭാഗത്ത് ഈശോ പറയുന്ന മനോഹരമായ വാക്യമാണ് മലയിലെ പ്രസംഗത്തിന്റെ പൊരുൾ – “നിന്റെ നിക്ഷേപം എവിടെയോ, അവിടെയാണ് നിന്റെ ഹൃദയവും”. അസാധാരണമാണ് ഈ വചനത്തിന്റെ അർത്ഥവും, ഇതിന്റെ നിയോഗവും.

ഈശോയുടെ മലയിലെ പ്രസംഗത്തിൽ ദൈവരാജ്യത്തിന്റെ സുവിശേഷം മുഴുവനും ഉൾച്ചേർന്നിരിക്കുന്നുണ്ട്. ക്രിസ്തുവിന്റെ എല്ലാ സന്ദേശങ്ങളെയും പുഷ്ടിപ്പെടുത്തുന്നതും, ക്രിസ്തു ശിഷ്യർക്ക് യശസ്സുണ്ടാക്കുന്നതും ഈശോയുടെ മലയിലെ പ്രസംഗമാണ്; അതിന്റെ പൊരുളായ നിന്റെ നിക്ഷേപം എവിടെയോ, അവിടെയാണ് നിന്റെ ഹൃദയവും എന്ന വചനമാണ്. ഇന്നത്തെ നമ്മുടെ ചിന്തയുടെ കേന്ദ്രബിന്ദുവും ഈ വചനം തന്നെയാണ്.

“Location is everything” “ലൊക്കേഷൻ ആണ് എല്ലാം!” ബിസിനസ്സ് സംഭാഷണങ്ങളിൽ പലപ്പോഴും ആവർത്തിക്കുന്ന ഒരു പദമാണിത്. ഒരു ബിസിനസ്സ് വളർന്നുവരുന്നതിൽ location ഏറ്റവും പ്രധാനപെട്ടതാണ്.   സ്ഥാപനം സ്ഥിതി ചെയ്യുന്ന തെരുവ്, റോഡ്, ആളുകളുടെ വരവും പോക്കും, അവിടുത്തെ ട്രാഫിക് പാറ്റേൺ, എന്നിവയാണ് ഒരു ബിസിനസിനെ നിർണയിക്കുന്നതിൽ പ്രധാന ഘടകങ്ങൾ. ഒരു ബിസിനസ്സിന്റെ location എവിടെയാണെന്നത് ആ ബിസിനസ്സിന്റെ വിജയവും പരാജയവും നിർണയിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ഈശോയുടെ ഇന്നത്തെ സുവിശേഷത്തിലെ നിന്റെ നിക്ഷേപം എവിടെയോ, അവിടെയാണ് നിന്റെ ഹൃദയവുംഎന്ന തിരുവചനത്തിന്റെ ബിസിനസ്സ് മാനേജ്‌മന്റ് version ആണ് Business management ക്ളാസുകളിൽ അധ്യാപകർ ഉപയോഗിക്കുന്നത്.

നമ്മുടെ ക്രൈസ്തവജീവിതത്തിന്റെ, ആത്മീയ ജീവിതത്തിന്റെ, കുടുംബജീവിതത്തിന്റെ വിജയവും പരാജയവും നിർണയിക്കുന്നതിൽ, നമ്മുടെ ഹൃദയം, നമ്മുടെ കുടുംബം ഏത് location ൽ ആണ് കേന്ദ്രീകരിച്ചിരിക്കുന്നത്, ഏത് അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത് എന്നതിന് വലിയ  പങ്കുണ്ട്. മനുഷ്യജീവിതത്തിൽ, ഒരു വ്യക്തി എന്താണ് അമൂല്യമായി സൂക്ഷിക്കുന്നതെന്ന് കണ്ടെത്തുവാൻ, ആ വ്യക്തിയുടെ ഹൃദയം എവിടെയാണെന്ന് അറിയുവാൻ അദ്ദേഹത്തിന്റെ location ഏതാണെന്ന് അന്വേഷിച്ചാൽ മതി. ഒരു വ്യക്തിയുടെ ഹൃദയത്തിലുള്ളത് നമുക്ക് കാണാൻ കഴിയാത്തതിനാൽ, അവന്റെ നിധികളും മൂല്യങ്ങളും നിർണ്ണയിക്കാൻ, ആ വ്യക്തിയുടെ ഹൃദയത്തിന്റെ ഭാഷ എന്താണെന്നറിഞ്ഞാൽ മതി. കാരണം, “നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെ നിങ്ങളുടെ ഹൃദയവും ഉണ്ടാകും” (മത്തായി 6:21).

എന്താണ് ഹൃദയം? Anatomy ഭാഷയിൽ പറഞ്ഞാൽ, നമ്മുടെ ശരീരത്തിലുടനീളം രക്തം പമ്പ് ചെയ്യുന്ന ഒരു മുഷ്ടി വലിപ്പമുള്ള അവയവമാണ് ഹൃദയം. ഇത് നമ്മുടെ രക്തചംക്രമണ വ്യവസ്ഥയുടെ പ്രാഥമിക അവയവമാണ്. ഹൃദയത്തിന്റെ പ്രവർത്തനം എന്താണ്? നമ്മുടെ ഹൃദയത്തിന്റെ പ്രധാന പ്രവർത്തനം നമ്മുടെ ശരീരത്തിലുടനീളം രക്ത സഞ്ചാരം സുഗമമാക്കുക എന്നതാണ്. നമ്മുടെ ഹൃദയം ഹൃദയമിടിപ്പിന്റെ താളവും വേഗതയും നിയന്ത്രിക്കുന്നുണ്ട്. 

രക്തസമ്മർദ്ദം കൃത്യമായി നിലനിർത്തുന്നതും ഹൃദയത്തിന്റെ പ്രവർത്തനത്തിൽ പെടുന്നതാണ്. നമ്മുടെ ഹൃദയത്തിൽ പേശികൾ കൊണ്ട് നിർമ്മിച്ചതും വൈദ്യുത പ്രേരണകളാൽ പ്രവർത്തിക്കുന്നതുമായ നാല് പ്രധാന ഭാഗങ്ങൾ (അറകൾ) അടങ്ങിയിരിക്കുന്നു. നമ്മുടെ തലച്ചോറും നാഡീവ്യവസ്ഥയും നിങ്ങളുടെ ഹൃദയത്തിന്റെ പ്രവർത്തനത്തെ നയിക്കുന്നു. എന്താണ് നമ്മുടെ ഹൃദയത്തിലുള്ളത് എന്ന് ഒരു ഡോക്ടറോട് ചോദിച്ചാൽ അദ്ദേഹം പറയുന്ന വാക്കുകൾ നമുക്ക് പെട്ടെന്ന് മനസ്സിലായെന്ന് വരില്ലെങ്കിലും, നമ്മുടെ ജീവൻ നിലനില്കുന്നു എന്ന് പറയുന്നതും, ഇപ്പോഴും ഹൃദയമിടിപ്പുണ്ട് എന്ന് പറയുന്നതും മനസ്സിലാക്കാൻ നമുക്ക് എളുപ്പമാണ്.

നമ്മുടെ ആത്മീയ വീക്ഷണത്തിൽ, ഹൃദയം ദൈവം വസിക്കുന്ന വസിക്കുന്ന സ്ഥലമാണ്, ദൈവത്തിന്റെ വാസസ്ഥലമാണ്. ബൈബിൾ പദപ്രയോഗമനുസരിച്ച്, “ഞാൻ പിന്മാറുന്ന” “ഞാൻ ദൈവത്തിലേക്ക് നീങ്ങുന്ന” സ്ഥലമാണ് ഹൃദയം. വെറും മാംസളമായ ഒരു അവയവമാണെങ്കിലും, നന്മയും തിന്മയുമായ എല്ലാ വികാരങ്ങളുടെയും കേന്ദ്രം ഹൃദയമാണ്. ഹൃദയം നമ്മുടെ മറഞ്ഞിരിക്കുന്ന കേന്ദ്രമാണ്, നമ്മുടെ യുക്തിയുടെയും മറ്റുള്ളവരുടെയും ഗ്രാഹ്യത്തിനപ്പുറം ആണത്. ദൈവത്തിന്റെ ആത്മാവിന് മാത്രമേ മനുഷ്യഹൃദയത്തെ ഗ്രഹിക്കാനും പൂർണ്ണമായി അറിയാനും കഴിയൂ. ഹൃദയം തീരുമാനത്തിന്റെ സ്ഥലമാണ്. അത് സത്യത്തിന്റെ സ്ഥലമാണ്, അവിടെ നാം നന്മയുടെ, മരണത്തിന്റെ ജീവിതം തിരഞ്ഞെടുക്കുന്നു. ഇത് കണ്ടുമുട്ടുന്ന സ്ഥലമാണ്, കാരണം ദൈവത്തിന്റെ ഒരു പ്രതിച്ഛായ എന്ന നിലയിൽ നമ്മൾ ദൈവവുമായി ബന്ധപ്പെടുന്ന സ്ഥലമാണ്.

അതായത്, ദൈവമാണ് എന്റെ നിക്ഷേപം എന്ന് വിശ്വസിക്കുന്ന, അതിനനുസരിച്ചു് ജീവിതം ക്രമീകരിക്കുന്ന ഓരോരുത്തരുടെയും ഹൃദയം ദൈവത്താൽ നിറയപ്പെട്ടതായിരിക്കും. ഈശോ പറയുന്നപോലെ അപ്പോൾ, ഹൃദയത്തിന്റെ നിറവിൽ മനുഷ്യൻ സംസാരിക്കുമ്പോൾ, അവളിൽ നിന്ന്, അവനിൽ നിന്ന് വരുന്നത് ദൈവത്തിന്റെ ചിന്തകളും, വാക്കുകളും ആയിരിക്കും. അല്ലെങ്കിലോ, മനുഷ്യന്റെ നിക്ഷേപം ഈതെന്നനുസരിച്ചുള്ള ചിന്തകളും വാക്കുകളും ആയിരിക്കും; തേളുകളും പഴുതാര കളുമായിരിക്കും മനുഷ്യന്റെ ഉള്ളിൽ നിന്ന് വരിക. കാരണം, നിന്റെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിന്റെ ഹൃദയവും.

പഴയനിയമപുസ്തകങ്ങളിലൂടെ ഒന്ന് സഞ്ചരിച്ചാൽ ദൈവത്തിൽ നിക്ഷേപം കണ്ടെത്തിയവരേയും, ഹൃദയങ്ങൾ ആ നിക്ഷേപത്തിൽ സ്ഥാപിച്ചവരേയും, അതിനാൽത്തന്നെ, കർത്താവാണ് ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാകുകയില്ല (സങ്കീ 23) എന്ന് ഹൃദയം നിറയെ സന്തോഷത്താൽ പാടിയവരെയും കണ്ടെത്താൻ സാധിക്കും. ഒപ്പം, തങ്ങളുടെ ഹൃദയങ്ങളെ മറ്റ് നിക്ഷേപങ്ങളിൽ സമർപ്പിച്ചതിന്റെ ഫലമായി തട്ടിവീണവരേയും നമുക്ക് കണ്ടെത്താൻ സാധിക്കും. വീണ്ടും പശ്ചാത്തപിച്ചു് തങ്ങളുടെ നിക്ഷേപമായി ദൈവത്തെ സ്വീകരിച്ചവരെയും നാം വിശുദ്ധ ഗ്രന്ഥത്തിൽ കണ്ടുമുട്ടുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടവ ഒന്ന് ഓർത്തെടുക്കുന്നത് നല്ലതാണ്. അബ്രഹാം ഈ ഭൂമിയിൽ ഒരനുഗ്രഹമായി തീർന്നത്, അദ്ദേഹം വഴി ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗ്രഹീതമായിത്തീർന്നത് അദ്ദേഹത്തിന്റെ നിക്ഷേപം ദൈവമായിരുന്നതുകൊണ്ടാണ്. (ഉത്പത്തി 12) ഉത്പത്തി പുസ്തകത്തിലെത്തന്നെ മറ്റൊരു തിളങ്ങുന്ന വ്യക്തിത്വമായ ജോസഫിന്റെ ഹൃദയം എവിടെയായിരുന്നു? പ്രപഞ്ച സ്രഷ്ടാവായ യഹോവയാകുന്ന നിക്ഷേപത്തിലായിരുന്നു. (ഉത്പത്തി 45)  

സാമുവേൽ പ്രവാചകന്റെ പുസ്തകത്തിൽ നാം കണ്ടുമുട്ടുന്ന സാവൂൾ, ദൈവം ഒരു പുതിയ ഹൃദയം നൽകി അനുഗ്രഹിച്ചവനായിരുന്നു. എന്തിനാണ് പുതിയഹൃദയം കൊടുത്തത്? ദൈവത്തിൽ, ദൈവത്തിൽ മാത്രം തന്റെ നിക്ഷേപം കണ്ടെത്തുവാനായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ഹൃദയം ദൈവമാകുന്ന നിക്ഷേപത്തിൽ നിന്നകന്ന് ലൗകിക തൃഷ്ണകൾക്ക് പിന്നാലെ പോയി. ആദ്യം തന്റെ ഹൃദയം ദൈവമാകുന്ന നിക്ഷേപത്തിൽ കേന്ദ്രീകരിച്ച ദാവീദ് എന്നാൽ പിന്നീട് തട്ടിവീഴുകയാണ്. പക്ഷേ, അയാൾക്ക് വീണ്ടും ദൈവത്തിൽ നിക്ഷേപം കണ്ടെത്തുവാൻ ദൈവം കൃപ നൽകി. ജോബിന്റെ ഹൃദയം എവിടെയായിരുന്നു? എന്തായിരുന്നു ജോബിന്റെ നിക്ഷേപം? ദൈവമായിരുന്നു. സാംസന്റെ ഹൃദയത്തെ ദൈവമാകുന്ന നിക്ഷേപത്തിലായിരുന്നപ്പോൾ, ഹാ എന്തായിരുന്നു അദ്ദേഹത്തിന്റെ ശക്തി; എന്തിലും വിജയം മാത്രമായിരുന്നു അയാളുടെ മുൻപിൽ. നിക്ഷേപം മാറിയപ്പോൾ, ഹൃദയം പുതിയ നിക്ഷേപത്തിലേക്ക് നീങ്ങിയപ്പോൾ ജീവിതം തകർന്നുപോയി അദ്ദേഹത്തിന്റെ. (ന്യായാധിപന്മാർ 16) ഇസ്രായേൽൽ ജനം തന്നെ, ഹൃദയത്തിന്റെ തോന്നലുകൾക്കനുസരിച്ചു് തങ്ങളുടെ ഇഷ്ടമനുസരിച്ചു് ജീവിച്ച ഒരു ജനതയായിരുന്നു.

ഈശോയും ഇസ്രായേൽ ജനത്തെക്കുറിച്ചു് പറഞ്ഞത് എത്രയോ ശരിയാണ്: “ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന് വളരെ അകലെയാണ്.” (മത്തായി 15, 8) ഉപമകളിലൂടെ ദൈവരാജ്യത്തിന്റെ സുവിശേഷം വിവരിച്ചുകൊടുത്തപ്പോ മനസ്സിലാകാതിരുന്ന മനുഷ്യരെപ്പറ്റി ഈശോ പറഞ്ഞത് “നിങ്ങൾ കണ്ണുകൊണ്ട് കണ്ട്, കാതുകൊണ്ട് കേട്ട്, ഹൃദയംകൊണ്ട് മനസ്സിലാക്കി മനസാന്തരപ്പെടുകയും, ഞാൻ നിങ്ങളെ സുഖപ്പെടുത്തുകയും അസാധ്യമാകുമാറ് നിങ്ങളുടെ ഹൃദയം കഠിനമായിത്തീർന്നിരിക്കുന്നു” എന്നാണ്. (മത്തായി 13, 15)

ഒരു യഥാർത്ഥ ക്രൈസ്തവന്റെ ജീവിതത്തിന് എന്നും വലിയൊരു ദൃശ്യസമ്പന്നത ഉണ്ട്. ആ ദൃശ്യസമ്പന്നതയുടെ ഏക കാരണം ക്രൈസ്തവന്റെ ഹൃദയം ക്രിസ്തുവിലാണെന്നതാണ്. വിശുദ്ധ മദർ തെരേസായുടെ ജീവിതം നോക്കൂ … വിശുദ്ധ മദർ തെരേസ തെരുവിൽ നിന്ന് കിട്ടിയ ഒരു മനുഷ്യനെ ശുശ്രൂഷിക്കുന്ന ചിത്രമൊന്ന് നോക്കൂ …എന്തൊരു ദിവ്യതയാണ്, സ്വർഗീയ സൗന്ദര്യമാണ് ആ ചിത്രത്തിന്. അച്ചൻ വർഗീയത പറയുന്നതല്ല… ഒരു ക്രൈസ്തവൻ നന്മപ്രവർത്തികൾ ചെയ്യുമ്പോൾ അതിന് എന്തെന്നില്ലാത്ത, മറ്റെങ്ങും കാണാൻ പറ്റാത്ത ഒരു സൗന്ദര്യമുണ്ട്, ദൈവികതയുണ്ട്. കാരണം മറ്റൊന്നുമല്ല. ക്രൈസ്തവന്റെ നിക്ഷേപം ക്രിസ്തുവാണ്, അവളുടെ, അവന്റെ ഹൃദയം ക്രിസ്തുവിലാണ്. നേരെ തിരിച്ചും ചിന്തിക്കൂ…ഒരു ക്രൈസ്തവൻ ഒരു തിന്മ പ്രവൃത്തി ചെയ്യുമ്പോൾ അതിൽ കാണുന്ന വൈകൃതവും, ക്രൂരതയും വളരെ വലുതായിരിക്കും. കേട്ടിട്ടില്ലേ, നല്ല സാധനങ്ങൾ ചീത്തയായാൽ അതിന്റെ ദുർഗന്ധം വലുതായിരിക്കും. മുട്ട, പാൽ തുടങ്ങി നല്ല സാധനങ്ങൾ ചീത്തയായാൽ!!!

ബഹുമാന്യനായ സാധു ഇട്ടിയവരയുടെ ജീവിതം നോക്കൂ … എന്തിന് അങ്ങോട്ടേയ്ക്കൊക്കെ പോകണം? നമ്മുടെയൊക്കെ അമ്മച്ചിമാരെ ഒന്ന് അടുത്ത് വീക്ഷിക്കൂ … എന്തൊരു ദൃശ്യസമ്പന്നതയാണ് അവരുടെ ജീവിതങ്ങൾക്ക്! ഒരു വീട്ടിൽ ആദ്യം ഉണരുന്നതും അവസാനം ഉറങ്ങുന്നതും ആരാണെന്നൊക്കെ ചോദിച്ചുകൊണ്ട് Whats App ൽ സംസാരിക്കുന്നവർ അത് അമ്മയാണെന്നൊക്കെ ഉത്തരം തരുമ്പോൾ നാം കാണുന്നത് അമ്മയുടെ ജീവിതത്തിന്റെ ദൃശ്യസമ്പന്നതയാണ്. അധികമൊന്നും സംസാരിക്കാതെ, കുടുംബത്തിന്റെ കാര്യങ്ങളെല്ലാം ഉള്ളിലൊതുക്കി, മനക്കണക്കുകൾക്കൂട്ടി വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ ഉറക്കമില്ലാത്ത രാത്രികളിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുന്ന, എന്നിട്ട് വീണ്ടും ജോലികൾക്കായി പോകുന്ന നമ്മുടെ അപ്പച്ചന്മാരെ നോക്കുക!  കുടുംബത്തിനുവേണ്ടി ഇല്ലാതാകുന്ന, കുർബാന യാകുന്ന അവരിലെ ദൃശ്യസമ്പന്നത അപാരമാണ്.  എന്താണ് കാരണം? അവരുടെ ഹൃദയം ക്രിസ്തുവിലാണെന്നതാണ്. മറ്റൊരുവാക്കിൽ അവരുടെ നിക്ഷേപം ക്രിസ്തുവാണ് എന്നതാണ്. അവരുടെ ഹൃദയം ക്രിസ്തുവിലായതുകൊണ്ട്, അവരുടെ ഹൃദയത്തിൽ നിന്ന് വരുന്നതെല്ലാം ക്രിസ്തുവിന്റെ ചൈതന്യമായിരിക്കും.

സ്നേഹമുള്ളവരേ, ഈ ഞായറാഴ്ചത്തെ സുവിശേഷം സംസാരിക്കുന്നത് നമ്മുടെ ഹൃദയങ്ങളോടാണ്. ഈശോ ഇന്ന് നമ്മോട് ചോദിക്കുന്നത്, മകളേ, മകനേ എന്താണ് നിന്റെ നിക്ഷേപം? സമ്പത്താണോ? സ്ഥാനമാനങ്ങളാണോ? നിന്റെ തന്നെ അഹങ്കാരമാണോ, നിന്റെ അഭിപ്രായങ്ങളിലെ കടുംപിടുത്തമാണോ? എന്റെ ഹൃദയത്തിന്റെ തോന്നലുകൾക്കനുസരിച്ചു് മാത്രം ഞാൻ ചെയ്യും എന്ന പിടിവാശിയാണോ? ശരീരസുഖങ്ങളിലേക്കുള്ള ആസക്തിയാണോ? ലഹരിയാണോ? അതോ, ക്രിസ്തുവാണോ? എന്താണ് നിന്റെ നിക്ഷേപം? ഇനി, എവിടെയാണ് നിന്റെ ഹൃദയം?

നമുക്ക് നമ്മുടെ ഹൃദയങ്ങളെ ക്രിസ്തുവാകുന്ന യഥാർത്ഥ നിക്ഷേപത്തിൽ ചേർത്തുവച്ചിട്ട് വിശുദ്ധ കുർബാന തുടരാം.

ക്രിസ്തുവാകുന്ന നിക്ഷേപത്തിലല്ല നമ്മുടെ ഹൃദയങ്ങളെങ്കിൽ, പ്രിയപ്പെട്ടവരേ, നമ്മുടെ ജീവിതങ്ങൾ തകർന്നുപോകും. ഇവിടെ ചോദ്യം ഇതാണ്: രണ്ട് യജമാനന്മാരെ നീ സേവിക്കുകയാണോ? രണ്ടോ അതിൽ കൂടുതലോ നിക്ഷേപങ്ങൾ നിനക്കുണ്ടോ? ഈശോ പറയും: ദൈവത്തെയും, മാമോനെയും സേവിക്കാൻ നിനക്ക് സാധിക്കുകയില്ല. സത്യമാണത്! ആമേൻ!

SUNDAY SERMON JN 6, 16-24

കൈത്താക്കാലം ആറാം ഞായർ

ഉത്പത്തി 8, 1-11

ഉത്തമഗീതം 6, 1-4

വെളിപാട് 21, 9-14

യോഹന്നാൻ 6, 16 -24

അലകളൊടുങ്ങാത്ത കടൽപോലെയാണ് ഇന്നത്തെ ലോകം. ക്ഷോഭിക്കുന്ന കടൽപോലെയുള്ള   അവസ്ഥകളെ ഓർക്കുമ്പോൾ ആദ്യംതന്നെ ഓർമയിലേക്കോടിയെത്തുന്നത് വിഴിഞ്ഞം തുറമുഖവികസനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന നമ്മുടെ സഹോദരങ്ങളെയാണ്. മനുഷ്യന്റെ ആക്രാന്തവും അഹന്തയുംമൂലം വീട് നഷ്ടപ്പെടുന്ന ധാരാളം കുടുംബങ്ങളിന്ന് സമരമുഖത്താണ്. അവരുടെ ജീവിതത്തിന്റെ താളം തെറ്റിയിരിക്കുകയാണ്. ലഹരിയുടെ, മദ്യത്തിന്റെ, പബ് പ്രോഗ്രാമുകളുടെ  തിരമാലകളടിച്ചു് താളം തെറ്റുന്ന യുവജനങ്ങളും, സ്കൂൾ കുട്ടികളും അവരുടെ ജീവിതമാകുന്ന വള്ളം കരയ്ക്കടുപ്പിക്കുവാൻ പാടുപെടുകയാണ്. രാജ്യങ്ങളും, രാഷ്ട്രീയ, സാമൂഹ്യ സംവിധാനങ്ങളും യുദ്ധത്തിന്റെ, വർഗീയതയുടെ, തീവ്രവാദത്തിന്റെ തിരമാലകളിൽ ആടിയുലയുന്ന ചിത്രങ്ങൾ നമ്മെ പേടിപ്പെടുത്തുന്നുണ്ട്. മതങ്ങൾപോലും ഇന്ന് വിഭജനത്തിന്റെ, അടിമത്വത്തിന്റെ, ബിസിനസ്സ് രീതികളുടെ തിരമാലകളിൽ താളം തെറ്റി ലക്ഷ്യമില്ലാതെ നീങ്ങുകയാണ്. ഈ തിരമാലകൾക്കെല്ലാം മുകളിലൂടെ മനുഷ്യ ജീവിതങ്ങളെ ശാന്തമാക്കുവാൻ ക്രിസ്തു നടന്നുവരുന്നുണ്ട് എന്ന വലിയ സന്ദേശമാണ് ഇന്നത്തെ സുവിശേഷം. ആ ക്രിസ്തുവിനെ മകളേ, മകനേ നിന്റെ ആടിയുലയുന്ന നിന്റെ ജീവിതമാകുന്ന വള്ളത്തിൽ കയറ്റാൻ നീ ആഗ്രഹിക്കുക എന്ന അപേക്ഷയുമായിട്ടാണ് തിരുസ്സഭ ഈ സുവിശേഷഭാഗം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്.

വിശുദ്ധ മത്തായിയുടെയും (മത്താ 14, 22-27), വിശുദ്ധ മാർക്കോസിന്റെയും (മാർക്കോ 6, 45-52) സുവിശേഷങ്ങളിൽ ഈശോ വെള്ളത്തിനുമീതെ നടക്കുന്ന സംഭവം അവതരിപ്പിക്കുന്നുണ്ടെങ്കിലും, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈ സംഭവത്തിന്റെ വിവരണത്തിന് വളരെ പ്രത്യേകതയുണ്ട്. ഈശോയുടെ ദൈവത്വം വെളിപ്പെടുത്തുന്ന, ആ ദൈവത്തെ ജീവിതത്തിൽ സ്വീകരിക്കുവാൻ ആഹ്വാനംചെയ്യുന്ന മനോഹരമായ ഒരു അവസരമായിട്ടാണ് വിശുദ്ധ യോഹന്നാൻ ഈ സംഭവത്തെ കാണുന്നത്.

ഈശോയുടെ യാത്രയുടെ ഗതി ഒന്ന് പരിശോധിച്ചാൽ അവിടുത്തെ പ്രവർത്തനങ്ങളുടെ സ്വഭാവം ഒന്ന് മനസ്സിലാക്കിയാൽ എത്ര തിരക്കേറിയ ജീവിതമാണ് ഈശോ നയിച്ചിരുന്നത് എന്ന് അല്പം അത്ഭുതഹത്തൂടെ തന്നെ നാം ചോദിച്ചുപോകും!! വിശുദ്ധ യോഹന്നാന്റെ സുവിശേഷം നാലാം അദ്ധ്യായത്തിന്റെ അവസാനം ഈശോയെ നാം കാണുന്നത് ഗലീലിയയിൽ ആണ്. അഞ്ചാം അദ്ധ്യായത്തിലാകട്ടെ ഈശോ ജെറുസലേമിലാണ്. ആറാം അദ്ധ്യായത്തിൽ ഈശോ വീണ്ടും ഗലീലിയയിലേക്ക് വരികയാണ്. അവിടെ വളരെ തിരക്കേറിയ പ്രവർത്തനങ്ങളുമായി ഈശോ ജനങ്ങളുടെ ഇടയിലായിരുന്നു ദിവസം മുഴുവനും. ആറാം അദ്ധ്യായത്തിൽ രണ്ട് വലിയ അത്ഭുതങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒന്നാമത്തേത് അയ്യായിരങ്ങളെ തീറ്റിപ്പോറ്റുന്നതാണ്. രണ്ടാമത്തേതാകട്ടെ, ഇന്നത്തെ നമ്മുടെ സുവിശേഷഭാഗത്തിലെ ഈശോ കടലിന് മീതെ നടക്കുന്നതും.

അഞ്ചപ്പംകൊണ്ട് അയ്യായിരങ്ങളെ തൃപ്തരാക്കിയ സംഭവത്തിനുശേഷം, വൈകുന്നേരമായപ്പോൾ, ശിഷ്യന്മാർ തടാകം കടന്ന് കഫെർണാമിലേക്ക് വഞ്ചിയിൽ യാത്ര തിരിക്കുന്നതാണ് ഇന്നത്തെ സുവിശേഷത്തിന്റെ സന്ദർഭം. “അപ്പോൾ നേരം ഇരുട്ടിത്തുടങ്ങി” എന്ന വചനം സ്വാഭാവികമായ ഒരു വിവരണമായി എടുക്കാമെങ്കിലും, ആ വചനത്തിന്റെ രണ്ടാമത്തെ ഭാഗം, ‘ഇരുട്ടിത്തുടങ്ങി’ എന്ന വിശേഷണത്തിന് പ്രത്യേക അർഥം നൽകുന്നുണ്ട്. എന്താണ് രണ്ടാമത്തെ ഭാഗത്ത് പറഞ്ഞിരിക്കുന്നത്? “യേശു അവരുടെ അടുത്ത് എത്തിയിരുന്നുമില്ല.” ഈശോയെ ലോകത്തിന്റെ പ്രകാശമായി അവതരിപ്പിക്കുവാൻ പ്രത്യേക ശ്രദ്ധ കാണിക്കുന്ന വിശുദ്ധ യോഹന്നാൻ, “യേശു അവരുടെ അടുത്ത് എത്തിയിരുന്നുമില്ല” എന്ന് പറയുമ്പോൾ സൂചിപ്പിക്കുന്നത് പ്രകാശമായ ഈശോ അവരുടെകൂടെ ഇല്ലാതിരുന്നതുകൊണ്ട് അവരുടെ ജീവിതങ്ങൾ, ജീവിതസാഹചര്യങ്ങൾ ഇരുട്ടിലായി തുടങ്ങി എന്നാണ്. മറ്റൊരുവാക്കിൽ, ഈശോയുടെ absence നമ്മുടെ ജീവിതത്തെ, ജീവിതവഴികളെ ഇരുട്ടിലാക്കും എന്നൊരു സൂചന പ്രതീകാത്മകാർത്ഥത്തിൽ വിശുദ്ധ യോഹന്നാൻ നമുക്ക് തരുന്നുണ്ട്.

പിന്നീടുള്ള വിവരണം “യേശു അവരുടെ അടുക്കലുണ്ടായിരുന്നില്ല” എന്ന സൂചനയുടെ പരിണതഫലങ്ങളായി നാം എടുക്കുകയാണെങ്കിൽ ഈ സുവിശേഷഭാഗത്തിന്റെ ഭംഗി വർധിക്കും. കാരണം, കാറ്റടിക്കുന്നതും, ഗലീലി കടൽ ക്ഷോഭിക്കുന്നതും വളരെ സാധാരണമായ ഒരു പ്രതിഭാസമായിട്ടാണ് അവിടെയുള്ള മനുഷ്യർ കണ്ടിരുന്നത്. ആ തടാകത്തിന്റെ, കടലിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത അറിയാമായിരുന്ന ശിഷ്യർ, കാറ്റിനനുസരിച്ചു് തണ്ടു വലിക്കാനും, വഞ്ചിയെ നിയന്ത്രിക്കാനും സമർത്ഥരായിരുന്നു.

നാലുവശവും മലകളാൽ ചുറ്റപ്പെട്ട, സമുദ്രനിരപ്പിൽനിന്ന് 700 അടി താഴെ സ്ഥിതിചെയ്യുന്ന ഈ തടാകത്തിൽ മലയിൽ നിന്ന് വീശുന്ന കാറ്റ് ചുഴലിയായി രൂപാന്തരപ്പെട്ട് കടൽക്ഷോഭം ഉണ്ടാക്കുക സാധാരണമായിരുന്നു. മാത്രമല്ല, ഈ ക്ഷോഭിക്കുന്ന കടൽ ശാന്തമാകുവാൻ അധികം സമയം വേണ്ടെന്നതും നാം അറിഞ്ഞിരിക്കണം. അതുകൊണ്ടായിരിക്കണം ശിഷ്യന്മാർ കടൽക്ഷോഭംകണ്ട് ഭയപ്പെടാതിരുന്നത്.

ഇരുപത്തഞ്ചോ, മുപ്പതോ സ്താദിയോൺ ദൂരം ശിഷ്യന്മാർ തുഴഞ്ഞപ്പോഴാണ് അവരെ വല്ലാതെ ഭയപ്പെടുത്തിയ സംഭവം ഉണ്ടാകുന്നത്. ഒരു സ്താദിയോൺ എന്നത് 600 അടി, 180 മീറ്റർ ദൂരമാണ്. അതായത് ഏകദേശം 15000-18000 അടി, 3.5 മൈലുകൾ, 5.5 കിലോമീറ്റർ അവർ തുഴഞ്ഞുകാണും. തിബേരിയസ് കടലിന്റെ വീതി അതിന്റെ ഏറ്റവും വീതികൂടിയ ഭാഗത്ത്, കിഴക്കുനിന്നും പടിഞ്ഞാറ് 13 കിലോമീറ്ററാണ്. വടക്ക്- തെക്ക് അതിന്റെ നീളം 21 കിലോമീറ്ററാണ്. ശിഷ്യന്മാർ തുഴഞ്ഞ് കടലിന്റെ നടുക്ക് എത്തികാണണം. വളരെ പരിചിതരായ മുക്കുവന്മാരുള്ള ആ സംഘത്തിന് ആ യാത്രയിൽ ക്ഷോഭിച്ച കടൽ താണ്ടാമെന്ന് ഉറപ്പായിരുന്നു.

പക്ഷേ, അവരെ ഭയപ്പെടുത്തിയത്, ആശ്ചര്യഭരിതരാക്കിയത് ക്രിസ്തു കടലിനുമീതെ, ക്ഷോഭിതയായ കടൽത്തിരകൾക്കുമീതെ നടന്നുവരുന്നതാണ്. അതവർ ഒരിക്കലും കണ്ടിട്ടില്ല, അതവർ ഈശോയിൽ നിന്ന് പ്രതീക്ഷിച്ചില്ല. തങ്ങളുടെ ജീവിതത്തിന്റെ താളം നഷ്ടപ്പെടുത്തുന്ന തിരകൾക്കും മീതെ അധികാരമുള്ളവനാണ് ക്രിസ്തുവെന്ന് അവർ അതുവരെ അറിഞ്ഞിരുന്നില്ല.  തങ്ങളുടെ ജീവിതത്തെ ഭാരപ്പെടുത്തുന്നവയെ വളരെ നിസ്സരമായി കാണുന്ന, അതിനു മീതെ പരവതാനിയിൽ എന്നപോലെ നടക്കുന്ന ഈശോയെ വിസ്മയം നിറഞ്ഞ ഭയത്തോടെയാണവർ കണ്ടത്. പ്രപഞ്ച ശക്തികൾക്കും മീതെ നിൽക്കുന്ന ദൈവമാണ് തങ്ങളോടൊപ്പം, ഭക്ഷിക്കുന്ന, തങ്ങളോടൊപ്പം നടക്കുന്ന ക്രിസ്തു എന്ന് അവർക്കറിയാൻ കഴിഞ്ഞിരുന്നില്ല.

അവരുടെ ആശ്ചര്യം നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ, ഭയം നിറഞ്ഞ മനസ്സ് കണ്ടപ്പോൾ ഈശോ പറയുന്നത് വലിയ വെളിപാടാണ്. “ഞാനാണ് ഭയപ്പെടേണ്ട.” ഇവിടെ ഞാൻ എന്നത് ആശാരിചെറുക്കനായ ഈശോ എന്നല്ല വിവക്ഷ. ഇവിടെ ഞാൻ എന്നത് ജനങ്ങളോടൊപ്പം നടക്കുന്ന, ചുങ്കക്കാരുടെയും, പാപികളുടെയും സുഹൃത്തായ ഈശോ എന്നല്ല. ഇവിടെ ഞാൻ എന്നത് ദൈവത്തിന്റെ പേരാണ്. ഗ്രീക്ക് ഭാഷയിലെ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ Ego eimi എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.  അതിന്റെ അർഥം I AM എന്നാണ്. I AM -ഇതെവിടെയോ നിങ്ങൾ കേട്ടിട്ടില്ലേ? തീർച്ചയായും കേട്ടുകാണും. പഴയനിയമത്തിലെ ദൈവത്തിന്റെ പേരാണത്. Ego eimi is the first person singular present active indicative of the verb “to be” in ancient Greek -I AM. ഈ Ego eimi വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ പലയിടത്തും ഉപയോഗിക്കുന്നുണ്ട്. ego eimi the bread of life” (6:35) —”ego eimi the light of the world” (8:12)—”ego eimi the good shepherd” (10:11)—etc.  

ഞാനിത്രയും പറഞ്ഞത് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈ സംഭവത്തിന്റെ വിവരണത്തിന് സാധാരണ അർത്ഥത്തെക്കാൾ ആഴമുണ്ട്, വ്യാപ്തിയുണ്ട് എന്ന് മനസ്സിലാക്കിത്തരുവാനാണ്. ക്രിസ്തുവിനെ ഒരു സാധാരണ മനുഷ്യനായി കാണുന്ന പ്രവണത ഇന്ന് പരക്കെയുണ്ട്. ലോകത്തിലെ മറ്റ് മഹാന്മാരെപ്പോലെ ഒരു മഹാത്മാവ്, അല്ലെങ്കിൽ, മറ്റ് രാഷ്ട്രീയ, സാമൂഹ്യ നേതാക്കന്മാരെപ്പോലെ ഒരു നേതാവ് എന്നൊക്കെ ഈശോയുടെ ദൈവത്വത്തെ അവഗണിച്ചുകൊണ്ട് ഒരു അമിത ലളിതവത്ക്കരണം (Over simplification) നടക്കുന്നുണ്ട്. ഇത് ക്രിസ്തുവിനെയും, ക്രിസ്തുവിലുള്ള വിശ്വാസത്തെയും, ക്രൈസ്തവസഭയെയും തകർക്കാനുള്ള ഒരു പദ്ധതിയാണ്. ക്രിസ്തു വെറുമൊരു ജനകീയ നേതാവല്ല; ക്രിസ്തു ഒരു വിപ്ലവകാരി മാത്രമോ, സാമൂഹ്യപരിഷ്കർത്താവ് മാത്രമോ അല്ല. അവിടുന്ന് ദൈവമാണ്. അവിടുന്ന് നിന്റെ ജീവിതത്തെ ശാന്തമാക്കാൻ കഴിയുന്ന, നിന്റെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന പ്രശ്നങ്ങൾക്കുമേൽ, ദുരന്തങ്ങൾക്കുമേൽ അധികാരമുള്ള ദൈവമാണ്. നിന്റെ ജീവിതത്തിലെ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ക്രിസ്തു. നിന്റെ രോഗങ്ങൾക്ക് സൗഖ്യമാണ് ക്രിസ്തു; നിന്റെ ഇല്ലായ്മകളിൽ സമൃദ്ധിയാണ് ക്രിസ്തു. നിന്റെ മാനുഷികതയിൽ നിറഞ്ഞു നിൽക്കുന്ന നിന്റെ ദൈവമാണ് ക്രിസ്തു. ക്രിസ്തു നിന്റെ ദൈവമാകുന്നില്ലെങ്കിൽ നീ ആഗ്രഹിക്കുന്ന കരയിൽ നിന്റെ ജീവിതമാകുന്ന വള്ളം അടുക്കുകയില്ല. ക്രിസ്തു നിന്റെ ദൈവമാകുന്നില്ലെങ്കിൽ, നിന്റെ ലക്ഷ്യത്തിലേക്കുള്ള അകലം വർധിക്കും, ലക്‌ഷ്യം നേടുവാൻ നിനക്ക് സാധിക്കുകയില്ല.

സ്നേഹമുള്ളവരേ, ക്രിസ്തുവിനെ ദൈവമായി സ്വീകരിക്കുക. നിന്റെ ജീവിതമാകുന്ന, കുടുംബമാകുന്ന വള്ളം തീരത്തെത്തുവാൻ ഏറ്റവും നല്ല മാർഗ്ഗമാണത്. നിന്റെ ജീവിതത്തിന്റെ സാധാരണ തിരമാലകളിൽപെട്ട് മുന്നോട്ട് പോകാൻ നീ ബുദ്ധിമുട്ടുമ്പോൾ, പ്രശ്നങ്ങളുടെ നടുക്കടലിൽ കിടന്ന് തണ്ടുവലിക്കുമ്പോൾ, ക്രിസ്തു നിന്റെ പ്രശ്നങ്ങളുടെ മുകളിലൂടെ തന്നെ നിന്റെ അടുക്കലെത്തും. അപ്പോൾ, നീയും നിന്റെ കുടുംബത്തിലുള്ളവരും ലക്‌ഷ്യം വച്ചിരിക്കുന്ന കര ഏതുമാകട്ടെ – ഒരു ജോലി, OET, IELTS പരീക്ഷകളിൽ വിജയം, ഒരു വീട്, രോഗസൗഖ്യം, കടബാധ്യത ഇല്ലാതാകൽ, വഴക്കുകൾ ഇല്ലാതാകൽ – ആ കരയ്‌ക്കെത്തുവാൻ ക്രിസ്തുവിനെ നിന്റെ ജീവിതമാകുന്ന, കുടുംബമാകുന്ന വെള്ളത്തിലേക്ക് കയറ്റാൻ ആഗ്രഹിക്കുക.

നാളെ നിന്റെ ജീവിതത്തിൽ, കുടുംബത്തിൽ സമാധാനമുണ്ടാകുമ്പോൾ, പ്രതീക്ഷയുണ്ടാകുമ്പോൾ, സമൃദ്ധിയുണ്ടാകുമ്പോൾ, നിന്നെ നേരത്തെ അറിഞ്ഞിരുന്ന ജനങ്ങൾ പറയും, ദേ, ഇത്രയും നാൾ അവൻ പള്ളിയിൽ പോയിരുന്നില്ല, കുടുംബപ്രാർത്ഥനയിൽ വീട്ടിൽ ചെന്നിരുന്നില്ല, ബൈബിൾ വായിച്ചിരുന്നില്ല. അതെല്ലാം മാറി, ക്രിസ്തുവിനെ സ്വീകരിച്ചപ്പോൾ, ഇതാ, അവന്റെ ജീവിതം മാറിമറഞ്ഞിരിക്കുന്നു. ഈശോയെ വള്ളത്തിൽ കയറ്റാൻ ആഗ്രഹിച്ച നിമിഷത്തിൽ തന്നെ ശിഷ്യന്മാർ കരയ്ക്കടുത്തതുപോലെ, ഈശോയെ നമ്മുടെ ജീവിതത്തിലേക്ക് സ്വീകരിക്കുവാൻ, ഈശോയെ നമ്മുടെ കുടുംബത്തിന്റെ നാഥനായി സ്വീകരിക്കുവാൻ ആഗ്രഹിക്കുന്ന നിമിഷത്തിൽ തന്നെ നമ്മുടെ ജീവിതമാകുന്ന വള്ളം, കുടുംബമാകുന്ന വള്ളം രക്ഷയുടെ, അനുഗ്രഹത്തിന്റെ കരയെ തൊടും. അത് മറ്റുള്ളവർ മനസ്സിലാക്കുകയും ചെയ്യും.

അപ്പസ്തോലപ്രവർത്തനങ്ങൾ അദ്ധ്യായം 16, 25 മുതൽ 34 വരെയുള്ള വാക്യങ്ങളിൽ വിവരിക്കുന്ന സംഭവം ഇന്നത്തെ സുവിശേഷ ചിന്തയോട് ചേർന്ന് പോകുന്നതാണ്. ഇവിടെ ക്ഷോഭിതമായ, പെട്ടെന്നുണ്ടായ തിരമാലകളാൽ ആടിയുലയുന്ന ഒരു ജീവിതം നമ്മൾ കാണുന്നുണ്ട്. ആരാണയാൾ? പൗലോസിനെയും, ശീലാസിനേയും കാരാഗൃഹത്തിൽ അടച്ച ആ രാത്രി കാവൽ നില്ക്കാൻ വിധിക്കപ്പെട്ട ഒരു പാവം പട്ടാളക്കാരൻ! പെട്ടെന്നാണ് അയാളുടെ ജീവിതം കീഴ്മേൽ മറഞ്ഞത്. അയാൾ ഉണർന്നപ്പോൾ കാരാഗൃഹവാതിലുകൾ തുറന്നു കിടക്കുന്നത് കണ്ടപ്പോൾ തന്റെ ജീവിതം, ജോലി എല്ലാം തകർന്നെന്ന് ചിന്തിച്ച അയാൾ ആത്മഹത്യയ്ക്ക് ഒരുങ്ങുകയാണ്. ഒരു വ്യക്തി ആത്മഹത്യയ്ക്ക് തയ്യാറാകണമെങ്കിൽ അയാളുടെ ജീവിതം എന്തുമാത്രം തകർന്നിരിക്കണം പ്രിയപ്പെട്ടവരേ? ആത്മഹത്യയ്ക്ക് ഒരുങ്ങിയ അയാളോട് പൗലോസ് വിളിച്ചുപറയുകയാണ്, സുഹൃത്തേ, സാഹസം കാണിക്കരുത്. നിന്റെ താളം തെറ്റിയ ജീവിതത്തിൽ ക്രിസ്തു നിൽക്കുന്നത് കാണുക. “കർത്താവായ യേശുവിൽ വിശ്വസിക്കുക. നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും.” (31)

സ്നേഹമുള്ളവരേ, നമുക്കെല്ലാവർക്കും, വളരെ ആശ്വാസം നൽകുന്ന, പ്രതീക്ഷ നൽകുന്ന സുവിശേഷഭാഗമാണ് ഇന്നത്തേത്. കാറ്റുംകോളും നിറഞ്ഞ കടൽ ക്ഷോഭിക്കുന്നതുപോലെ നമ്മുടെ ജീവിത സാഹചര്യങ്ങൾ ക്ഷോഭിക്കുമ്പോൾ , നമ്മുടെ ജീവിതമാകുന്ന വള്ളം സുരക്ഷിതമായി കരയ്ക്കടുക്കണമെങ്കിൽ ക്രിസ്തുവിനെ ദൈവമായി സ്വീകരിക്കുക. സ്വീകരിക്കേണ്ട, നിന്റെ ജീവിതമാകുന്ന വള്ളത്തിൽ കയറ്റാൻ നീ ആഗ്രഹിച്ചാലും മതി.

ഇന്നത്തെ വിശുദ്ധ കുർബാനയിൽ നമ്മുടെ ആടിയുലയുന്ന ജീവിതങ്ങളെ സമർപ്പിക്കാം. തീർച്ചയായും, വിശുദ്ധ കുർബാനയിലെ ഈശോ നമ്മുടെ ജീവിതത്തെ ലക്ഷ്യത്തിലെത്തിക്കും. കാരണം അവിടുന്ന് നമ്മുടെ ദൈവമാണ്. ആമേൻ!

SUNDAY SERMON LK 11, 14-26

കൈത്താക്കാലം അഞ്ചാം ഞായർ

ലേവ്യർ 16, 20-28

ഏശയ്യാ 14, 1-15

യൂദാ 1, 8-13

ലൂക്കാ 11, 14-26

പിശാചുബാധിതനെ സുഖപ്പെടുത്തുന്ന ആമുഖത്തോടെ തുടങ്ങുന്ന ഇന്നത്തെ സുവിശേഷ ഭാഗത്തിലെ ക്രിസ്തു പറയുന്ന അവസാന വാക്യങ്ങളെ ധ്യാനവിഷയമാക്കുവാനാണ്, അതിലൂടെ ഈ ഞായറാഴ്ചത്തെ സുവിശേഷ സന്ദേശത്തിലേക്ക് പ്രവേശിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വാക്യങ്ങൾ ഇങ്ങനെയാണ്: “എന്നോടുകൂടെയല്ലാത്തവൻ എനിക്ക് എതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവൻ ചിതറിച്ചു കളയുന്നു”

ആമുഖ സംഭവം ഈശോ പിശാചുബാധിതനെ സുഖപ്പെടുത്തുന്നതാണ്. ഊമനായ, പിശാചുബാധിച്ച മനുഷ്യനെ ഈശോ സുഖപ്പെടുത്തിയിട്ടും അതിൽ ദൈവത്തിന്റെ കരം ദർശിക്കുവാൻ യഹൂദജനത്തിന് കഴിയുന്നില്ല എന്ന് മാത്രമല്ല, പിശാചുക്കളെക്കൊണ്ടാണ് ഈശോ പിശാചുക്കളെ ബഹിഷ്കരിക്കുന്നതെന്ന് ആക്ഷേപിക്കുകയും ചെയ്യുന്നു. ക്രിസ്തുവിൽ ദൈവത്തെ കാണുവാനോ, ദൈവത്തിന്റെ കരം ദർശിക്കുവാനോ, ക്രിസ്തുവിനൊപ്പം നിൽക്കുവാനോ സാധിക്കാത്തവിധം അന്ധരായിപ്പോയ ഒരുകൂട്ടം മനുഷ്യരെയാണ് നാമിവിടെ കാണുന്നത്.   

അവരോടാണ് ഈശോ പറയുന്നത് തന്നോടൊപ്പം നിൽക്കാത്തവർ തനിക്കെതിരാണ് എന്ന്. ദൈവത്തോടൊപ്പം നിൽക്കുന്നവർക്കേ, തങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ കരം ദർശിക്കുവാൻ, അങ്ങനെ ദൈവത്തെ മഹത്വപ്പെടുത്തുവാൻ, ദൈവത്തിന്റെ മകളും, മകനുമായി ജീവിക്കുവാൻ സാധിക്കുകയുള്ളു. മനുഷ്യജീവിതം, മനുഷ്യന്റെ   അസ്തിത്വം കരുത്താർജിക്കുന്നതും, മനോഹരമാകുന്നതും, വിജയപ്രദമാകുന്നതും ദൈവത്തോടൊപ്പം നിൽക്കുമ്പോഴാണ്. ഈ സത്യം ഏറ്റവും കൂടുതലായി അനുഭവിച്ച ഒരു ജനതയുടെ വർത്തമാന തലമുറയാണ് ദൈവം മുന്നിൽ നിന്നിട്ടും, ആ ദൈവത്തെ മനസ്സിലാക്കാതിരുന്നത്.

പഴയനിയമത്തിലെ ജനതയുടെ ചരിത്രം തന്നെ ദൈവത്തോടോത്തുനിൽക്കുന്നതിന്റെയും, ദൈവത്തെ മറുതലിച്ചു് നിൽക്കുന്നതിന്റേതുമാണ്. ദൈവം മനുഷ്യരോടൊപ്പം വസിച്ചതിന്റെ, അവരോടൊപ്പം യാത്രചെയ്തതിന്റെ, ജനം കലഹിച്ചപ്പോഴും, ദൈവത്തിനെതിരെ തിരിഞ്ഞപ്പോഴും, അവരോട് ക്ഷമിച്ചതിന്റെ, അവർക്കുവേണ്ടി യുദ്ധംചെയ്തതിന്റെ,  അത്ഭുതങ്ങൾ ചെയ്‌ത്‌ പോലും അവരെ തീറ്റിപ്പോറ്റിയതിന്റെ, അവർക്ക് തേനും പാലുമൊഴുകുന്ന കാനാൻ ദേശം സമ്മാനിച്ചതിന്റെ ചരിത്രമല്ലാതെ മറ്റെന്താണ് പഴയനിയമ വിവരണങ്ങൾ!! അതോടൊപ്പം തന്നെ, ദൈവത്തോട് കൂടെയല്ലാതിരുന്നതുകൊണ്ട്, ദൈവത്തോടൊത്ത് ശേഖരിക്കാതിരുന്നതുകൊണ്ട്, സ്വന്തം കഴിവിലും, അംഗബലത്തിലും ആശ്രയിച്ചതുകൊണ്ട് ചിതറിപ്പോയ ഒരു ജനതയുടെ ചരിത്രവും കൂടിയാണ് പഴയനിയമ വിവരണങ്ങൾ!! ആ പഴയകാല ജനതയുടെ വർത്തമാന തലമുറയാണ് ദൈവം മുന്നിൽ വന്നു നിന്നിട്ടും, സ്വർഗ്ഗത്തിന്റെ അനുഗ്രഹങ്ങൾ ചൊരിഞ്ഞിട്ടും, ആ ദൈവത്തിൽ പൈശാചികത ആരോപിച്ചത്. ഇപ്പോഴത്തെ ഇസ്രയേലിന്റെ ചരിത്രവും ദൈവത്തോടൊത്ത്, ക്രിസ്തുവിനോടൊത്ത് നിൽക്കാത്തവർ ചിതറിക്കപ്പെടുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്!

ക്രിസ്തുവിനോടൊപ്പം നിൽക്കാനുള്ള വിളിയാണ് ക്രിസ്തുശിഷ്യത്വത്തിലേക്കുള്ള വിളി. സ്വർഗ്ഗത്തിന്റെ പുണ്യങ്ങളും, ദൈവത്തിന്റെ അനുഗ്രഹങ്ങളും ലഭിക്കണമെങ്കിൽ അതിന് ശ്രേഷ്ഠമായ പരിസരങ്ങൾ, atmosphere ആവശ്യമാണ്. മനുഷ്യനായി അവതരിച്ചു് ഭൂമിയിൽ വന്ന് ദൈവത്തിന്റെ കരങ്ങളുടെ പ്രവർത്തനങ്ങൾ ഭൂമിയിലെ ജനങ്ങളെ കാണിച്ചിട്ടും ക്രിസ്തുവിനോടൊത്ത് നിൽക്കാതിരുന്ന ഒരു ജനത്തെ മുന്നിൽ നിർത്തിക്കൊണ്ടാണ്, സ്നേഹമുള്ളവരേ, ഇന്ന് വലിയൊരു സത്യം ഈശോ നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത് – “എന്നോടുകൂടെയല്ലാത്തവൻ എനിക്ക് എതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവൻ ചിതറിച്ചു കളയുന്നു”.

അമേരിക്ക ആഭ്യന്തര യുദ്ധത്തിന്റെ പിടിയിൽപെട്ട നാളുകളിൽ ഏറ്റവും അസ്വസ്ഥനായിരുന്നത് അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കണായിരുന്നു. (Abraham Lincon) തന്റെ ഉപദേശകരോട് എന്താണ് ഇനി ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന് കിട്ടിയ ഉത്തരം ഇതായിരുന്നു: “അങ്ങ് ഒന്നുകൊണ്ടും ഭയപ്പെടേണ്ട. ദൈവം അങ്ങയുടെ പക്ഷത്താണ്.” ഇതുകേട്ടപ്പോൾ പ്രസിഡണ്ടിന്റെ മറുപടി വളരെ ക്ലാസ്സിക് ആണ്. അദ്ദേഹം പറഞ്ഞു: “ദൈവം എന്റെ കൂടെയുണ്ട് എന്നത് എനിക്ക് ഉറപ്പാണ്. എന്നാൽ, ഞാൻ ദൈവത്തോട് കൂടെയാണോ എന്നതാണ് യഥാർത്ഥ പ്രശ്നം.”

ഓരോരുത്തരും ആരോടൊപ്പമാണ് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഒരുവൻ ക്രിസ്തുവിനോട് കൂടെയല്ലെങ്കിൽ, അവൾ/ അവൻ മറ്റ് ആരുടെയെങ്കിലും കൂടെയായിരിക്കും; മറ്റെന്തിന്റെയെങ്കിലും കൂടെയായിരിക്കും. അവരോടൊപ്പം ആയിരിക്കും, അവയോടൊപ്പമായിരിക്കും. ദൈവത്തിന്റെ പ്രവർത്തികൾ നമ്മെ കാണിക്കുവാനും, ദൈവത്തിന്റെ കൃപകളിലൂടെ ജീവിതം ധന്യമാക്കാനും, അങ്ങനെ ദൈവരാജ്യത്തിന്റെ മക്കളായി ജീവിക്കുവാനും നമ്മെ പഠിക്കുവാൻ വന്ന ക്രിസ്തു, സ്വർഗത്തെ സ്വീകരിക്കുവാനുള്ള യോഗ്യതയായി നമ്മോട് പറയുന്നത് ദൈവത്തോടുകൂടി, ക്രിസ്തുവിനോടുകൂടി ജീവിക്കുവാനാണ്. ദൈവത്തോട് കൂടി, ക്രിസ്തുവിനോടുകൂടി, ക്രിസ്തുവിനോട് ചേർന്ന് ശേഖരിക്കുവാനാണ്, ജീവിതം പടുത്തുയർത്തുവാനാണ്; ക്രിസ്തുവാകുന്ന പാറമേൽ നമ്മുടെ ജീവിതം പണിയുവാനാണ്. (ലൂക്കാ 6, 46-49) അല്ലെങ്കിൽ ദൈവരാജ്യത്തിന്റെ മുത്തുകൾ നമുക്ക് ലഭിക്കുകയില്ല. ദൈവത്തെ മറുതലിക്കുന്ന, ദൈവത്തിലും പൈശാചികത ആരോപിക്കുന്ന ജനത്തിനോടാണ് ക്രിസ്തു പറഞ്ഞത്: “വിശുദ്ധമായത് നായ്ക്കൾക്ക് കൊടുക്കരുത്; മുത്തുകൾ പന്നികൾക്ക് ഇട്ട് കൊടുക്കരുത്” (മത്താ 7, 6) എന്ന്. ശ്രേഷ്ഠമായത് നമുക്ക് ലഭിക്കണമെങ്കിൽ ശ്രേഷ്ഠമായ പരിസരങ്ങളും നാം രൂപപ്പെടുത്തണം; ശ്രേഷ്ഠമായ ചിന്തകളും, പ്രവർത്തികളും നാം പരിചയിക്കണം. നാം ആരോടൊപ്പമാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.

ദൈവത്തിന്റെ കരങ്ങളിൽ, അവിടുത്തെ പരിപാലനയിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ക്രിസ്തു അനുശാസിക്കുന്ന അനിവാര്യതകളിലൊന്നാണ്, യോഗ്യതകളിലൊന്നാണ് ക്രിസ്തുവിനോടൊപ്പം നിൽക്കുക എന്നത്, ക്രിസ്തുവിനോടൊപ്പം ശേഖരിക്കുക എന്നത്. അങ്ങനെയല്ലാത്തവർക്ക് ഒരിക്കലും ദൈവത്തിന്റെ പരിപാലനയിൽ ആയിരിക്കുവാൻ സാധിക്കുകയില്ല. കാരണം സ്വർഗീയമായ മുത്തുകൾ ലഭിക്കുവാൻ മാത്രം അവർ ഒരുക്കമില്ലാത്തവരാണെന്ന് ചുരുക്കം. മദ്യപിച്ചിരിക്കുന്ന ഒരുവനോട് “ദേ സുഹൃത്തേ, നിന്റെ ഭാര്യ നിന്നെ കാത്തിരിക്കുന്നു ” എന്ന് പറയരുത്. സ്നേഹത്തോടെയുള്ള കാത്തിരിപ്പാകുന്ന മുത്തിനെ മനസ്സിലാക്കുവാൻ അവന് കഴിയില്ല. അവനത് ചവുട്ടി നശിപ്പിക്കും. ലഹരിയുടെ, ലൗകികസുഖങ്ങളുടെ, ചീത്ത കൂട്ടുകെട്ടിന്റെ പിടിയിലമർന്നനിരിക്കുന്ന മക്കളോട്, മാതാപിതാക്കളുടെ കണ്ണുനീരിനെക്കുറിച്ചു്, അവരുടെ ത്യാഗത്തെക്കുറിച്ചു്, സ്നേഹത്തെക്കുറിച്ചു് പറയരുത്. അവരതിനെ പുച്ഛിച്ചു് തള്ളിക്കളയും. വിശുദ്ധ കുർബാനയുടെ പേരിൽ തെരുവിലിറങ്ങി നിൽക്കുന്നവരോട് വിശുദ്ധ കുർബാനയുടെ മഹത്വത്തെക്കുറിച്ചു്, ക്രിസ്തുവിന്റെ മഹാത്യാഗത്തെക്കുറിച്ചു് പറയരുത്. അവരതിനെ വിവാദമാക്കി ക്രിസ്തുവിനെ നിസ്സാരമാക്കിക്കളയും. ജീവിതം ചിതറിച്ചുകളയാതിരിക്കണമെങ്കിൽ, ജീവിതം പണിതുയർത്തണമെങ്കിൽ, എന്നും എപ്പോഴും ദൈവത്തിന്റെ കൃപയുടെ, പരിപാലനയുടെ കുടക്കീഴിൽ നിൽക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പ്രിയപ്പെട്ടവരേ ക്രസിതുവിനോടൊത്ത് ജീവിക്കുവാൻ പഠിക്കുക. നാം ആരോടൊപ്പമാണെന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്.

നാം ക്രിസ്തുവിനോടൊപ്പമല്ലെങ്കിൽ പിന്നെ ആരോടൊപ്പമാണെന്ന് ചിന്തിക്കേണ്ടതുണ്ട്. കാരണം, അത് നമ്മുടെ നാശത്തിനുള്ള പടപ്പുറപ്പാടായിരിക്കും. അന്യദൈവങ്ങളോടൊപ്പമാണ് നമ്മുടെ ജീവിതമെങ്കിൽ, ഉള്ളിൽ ഇരുട്ട് സൂക്ഷിക്കുന്നവരോടൊപ്പമാണ് നമ്മുടെ സൗഹൃദങ്ങളെങ്കിൽ, അമിതമായി സമ്പത്തിന്റെയും, ലൗകിക സുഖങ്ങളുടെയും കൂടെയാണ് നമ്മുടെ ജീവിതമെങ്കിൽ, അഹങ്കാരത്തിന്റെയും, വെറുപ്പിന്റെയും, മുൻകോപത്തിന്റെയും കുതിരപ്പുറത്താണ് നമ്മുടെ യാത്രയെങ്കിൽ, നമ്മുടെ കുടുംബങ്ങളിൽ ക്രിസ്തു രാജാവായി വാഴുന്നില്ലെങ്കിൽ സംശയംവേണ്ട, ജീവിതം തകർച്ചയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ദൈവകൃപയുടെ കുടക്കീഴിലല്ലെങ്കിൽ ഒന്നിനും നിലനില്പില്ലെന്ന് നാം അറിയണം.

ഒരു നിമിഷംകൊണ്ട് ജീവിതത്തിന്റെ മുഴുവൻ ഭ്രമണപഥങ്ങളെയും തെറ്റിച്ചുകളയുന്ന മനുഷ്യരുടെ കൂടെയാണ് നമ്മുടെ ജീവിതമെങ്കിൽ നമ്മുടെ കയ്യിലെ മെഴുകുതിരികൾ ഒരു ചെറിയ കാറ്റിൽ പോലും കെട്ടുപോകും. തിന്മയ്ക്കിപ്പോൾ നന്മയെക്കാളും സൗന്ദര്യമാണ്; ഇരുട്ടിപ്പോൾ പ്രകാശത്തേക്കാളും ആകർഷകമാണ്.

ഇന്നത്തെ സുവിശേഷം ഒരു മുന്നറിയിപ്പാണ്; ഒപ്പം സ്‌നേഹപൂർവമായ ഒരു ഓർമപ്പെടുത്തലുമാണ്. ഈശോ നമ്മെ പേടിപ്പിക്കുവാൻവേണ്ടി പറയുന്നതല്ല. പക്ഷേ, അവിടുത്തേക്ക് നമ്മെക്കുറിച്ചു് കരുതലുള്ളതുകൊണ്ട് നമ്മുടെ ജീവിതം ചിതറിപ്പോകാതിരിക്കുവാൻ നമ്മെ ഓർമിപ്പിക്കുകയാണ്, മകളേ, മകനേ നിന്റെ ജീവിതവഴികളിൽ പതിയിരിക്കുന്ന അപകടം നീ കാണുക എന്ന്. അത് കാണുവാൻ നമ്മുടെ കണ്ണുകളെ തുറക്കുവാൻ ഇന്നത്തെ സുവിശേഷം സഹായകമാകണം. ജീവിതം ചിതറിപ്പോകാതിരിക്കുവാൻ നമ്മുടെ മനസ്സിനെ ബലപ്പെടുത്തണം.

കാൽവരിയിൽ ചിതറിക്കപ്പെടാതെ നിന്ന് ജീവിതത്തെ സംരക്ഷിച്ച ഒരു വ്യക്തിത്വമുണ്ട് – പരിശുദ്ധ കന്യകാമറിയം. അതിനവളെ സഹായിച്ചത് ശിമെയോനെന്ന ഒരു ദീർഘദർശിയാണ്. ജീവിതത്തിന്റെ യുവത്വത്തിൽ, കുടുംബജീവിതം പതുക്കെ മുന്നോട്ട് പോകുന്ന സമയത്ത് മറിയത്തെ വലിയൊരു പേടിയിലേക്ക് നയിച്ച ശിമെയോനെന്ന ദീർഘദർശിയോട് ചിലപ്പോൾ നമുക്ക് ഒരു ഇഷ്ടക്കേട് തോന്നാം. എന്തിനാണയാൾ ഇത്രയും ഭയപ്പെടുത്തുന്ന ഒരു കാര്യം യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ ഒരു സ്ത്രീയോട്, ഒരമ്മയോട് പറഞ്ഞത്? ജീവിതത്തിലേക്ക് എപ്പോഴോ എത്തിച്ചേരുവാൻ ഊഴവും കാത്തുനിൽക്കുന്ന ഒരു വാൾ!! അതിനെക്കുറിച്ചയാൾ ഓർമിപ്പിക്കുന്നത് യാതൊരു കാരുണ്യവുമില്ലാതെയാണ്. എങ്കിലും, മേരിയ്ക്കത് ദൈവത്തിന്റെ ഓർമപ്പെടുത്തലായി തോന്നി. തന്റെ ജീവിതത്തിലേക്ക് വരൻ പോകുന്ന ഒരു വാളിനെ അഭിമുഖീകരിക്കുവാൻ, ആ വാൾ വരുമ്പോൾ ജീവിതം ചിതറിയിക്കപ്പെടാതിരിക്കുവാൻ അവൾ അവളെ ബലപ്പെടുത്തി, ദൈവത്തെ മുറുകെപ്പിടിച്ചു.. അതുകൊണ്ടല്ലേ, ചിതറിക്കപ്പെടാതെ തന്റെ മകന്റെ കുരിശുമരണവേളയിൽ കാൽവരിയിൽ കുരിശിൻ കീഴെ നില്ക്കാൻ മറിയത്തിനായത്?! അതെ, ശിമയോൻ അവളെ സഹായിക്കുകയായിരുന്നു. ചില ഓർമ്മപ്പെടുത്തലുകൾ നല്ലതാണ്!

സ്നേഹമുള്ളവരേ, ഈ ഞായറാഴ്ച്ച ദൈവത്തെ നൽകിയ ദിവസമാണ്. ഈ സുവിശേഷ സന്ദേശം ഈശോയുടെ സ്നേഹം നിറഞ്ഞ ഓർമപ്പെടുത്തലാണ്. ക്രിസ്തുവിനോട് ചേർന്ന് നില്ക്കാൻ, മഴയത്തും, വെയിലിലും, ക്രിസ്തുവിനോടൊപ്പം നില്ക്കാൻ നാം പഠിക്കണം; നമ്മുടെ മക്കളെ പഠിപ്പിക്കണം. അക്കരപ്പച്ചകൾ കണ്ട് ഇളകാതിരിക്കുക!

നാം ഓരോരുത്തരുടെയും ജീവിതമാകുന്ന മേശകളിൽ നമുക്കാവശ്യമായ സ്നേഹസമ്പന്നനായ ആതിഥേയൻ, ക്രിസ്തു നമുക്ക് വിളമ്പിത്തരും. സ്വീകരിക്കാനുള്ള യോഗ്യത പുൽക്കൂട്ടിൽ ജനിച്ചവനോടൊത്ത്, മനുഷ്യന്റെ പാദങ്ങൾ കഴുകിയവനോടൊത്ത്, കാൽവരി കയറിയവനോടൊത്ത്, ഉത്ഥിതനായി വിശുദ്ധ കുർബാനയിൽ ജീവിക്കുന്നവനോടൊത്ത് ജീവിക്കുക, ശേഖരിക്കുക എന്നുള്ളതാണ്. ആമേൻ! 

SUNDAY SERMON MT 13, 44-52

കൈത്താക്കാലം നാലാം ഞായർ

നിയമാവർത്തനം 6, 1-9

എസക്കിയേൽ 3, 16-21

2 തെസ 2, 13-17 

മത്താ 13, 44-52

നിധിയുടെയും, രത്നത്തിന്റെയും, വലയുടെയും കഥയാണ് ഇന്നത്തെ സുവിശേഷം. ജീവിതത്തിൽ ഓരോ സെക്കന്റിനും വിലയുണ്ടെന്നും, ജീവിതത്തിൽ നാം കണ്ടെത്തുന്നതും നേടിയെടുക്കുന്നതും ഏറ്റവും നല്ലതായിരിക്കണമെന്നും, ലോകത്തിലെ നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുന്ന വിഡ്ഢികളാകരുത് നാമെന്നും   സൂചിപ്പിക്കുന്ന വളരെ മനോഹമായ ഒരു സുവിശേഷഭാഗമാണ് ഈ ഞായറാഴ്ച തിരുസ്സഭ നമുക്കായി അവതരിപ്പിക്കുന്നത്. മനുഷ്യാ, ഈ ലോകം മുഴുവൻ നീ നേടിയാലും, നിന്റെ ഭാഗം ജയിക്കുവാൻ വേണ്ടി ഏത് മാർഗം നീ സ്വീകരിച്ചാലും ക്രിസ്തുവിനെ നിന്റെ ജീവിതത്തിന്റെ നിധിയായി, രത്നമായി, മാർഗമായി നീ കണ്ടെത്തുന്നില്ലെങ്കിൽ നിനക്കെന്ത് ഫലം എന്ന ചങ്കിൽ തട്ടുന്ന ചോദ്യമാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ നമ്മുടെ മുൻപിൽ വയ്ക്കുന്നത്.

വിശുദ്ധ മത്തായിയുടെ സുവിശേഷം അദ്ധ്യായം 13 അറിയപ്പെടുന്നത് ഉപമകളുടെ അദ്ധ്യായമായിട്ടാണ്. ഈ അദ്ധ്യായത്തിലെ അവസാനത്തെ ഉപമകളായിട്ടാണ് നിധിയുടെയും, രത്നത്തിന്റെയും, വലയുടെയും ഉപമകൾ ഈശോ പറയുന്നത്. നമുക്കറിയാവുന്നതുപോലെ, തന്റെ അടുക്കലേക്ക് വന്ന ജനങ്ങളുടെ മനസ്സറിഞ്ഞ ഈശോ, അവരെ ഉപകളിലൂടെയാണ് ദൈവരാജ്യത്തിന്റെ വലിയ സത്യങ്ങൾ ലളിതമായി പഠിപ്പിച്ചുകൊണ്ടിരുന്നത്. ഉപമകൾ തന്നെ വലിയസത്യങ്ങൾ ചെറിയ, എന്നാൽ മനോഹരമായ കഥകളിലൂടെ അവതരിപ്പിക്കുന്ന ഒരു technique ആണ്, സാഹിത്യശൈലി ആണ്. ഈശോ ബോധപൂർവം ഉപമയുടെ വിശദീകരണം പലപ്പോഴും ഒഴിവാക്കുന്നുണ്ട്. ഇന്നത്തെ സുവിശേഷത്തിലെ ഉപമകളുടെ വിശദീകരണം ഈശോ നൽകുന്നില്ല. അതുകൊണ്ടുതന്നെ അവയ്ക്ക് വ്യാഖ്യാനം, വിശദീകരണം ആവശ്യമാണ്. 

സ്വർഗ്ഗരാജ്യത്തിന്റെ, ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാൻ വന്ന ഈശോ, ഉപമകളിലൂടെ എന്താണ് സ്വർഗ്ഗരാജ്യമെന്നും, എന്താണ് സ്വർഗ്ഗരാജ്യത്തിന്റെ മൂല്യമെന്നും, ഈ ഭൂമിയിൽ മനുഷ്യൻ എന്തെല്ലാം നേടിയാലും സ്വർഗ്ഗരാജ്യം നേടുന്നില്ലെങ്കിൽ അതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും വളരെ വ്യക്തമായി നമ്മെ പഠിപ്പിക്കുകകയാണ്. മൂന്ന് മഹത്തായ കാര്യങ്ങളാണ് ഇന്ന് ഈശോ നമ്മുടെ കാതുകളിൽ ഓതുന്നത്.

ഒന്ന്, സ്വർഗ്ഗരാജ്യം നാം കണ്ടെത്തേണ്ട, കണ്ടെത്തിക്കഴിഞ്ഞാൽ നേടിയെടുക്കേണ്ട അമൂല്യ നിധിയാണ്, വിലയേറിയ രത്നമാണ്. എന്താണ് സ്വർഗ്ഗരാജ്യം? ദൈവത്തോടോത്തുള്ള, ക്രിസ്തുവിനോടൊത്തുള്ള ജീവിതം. എന്താണ് ഈ പ്രപഞ്ചത്തിൽ, നമ്മിൽ ദൈവം ഒളിപ്പിച്ചിരിക്കുന്ന നിധി? ക്രിസ്തുവാണ് നാം കണ്ടെത്തേണ്ട, നേടിയെടുക്കേണ്ട നിധി! ഈ ഭൂമിയിലുള്ളവയെക്കാളും വിലയേറിയ രത്നമേതാണ്? ക്രിസ്തുവാണ് നമുള്ളതെല്ലാം വിറ്റ് നാം വാങ്ങിച്ചെടുക്കേണ്ട രത്നം!

തമ്പുരാനാണ് എന്റെ നിധിയെന്ന് കണ്ടെത്തുന്ന, അത് വാങ്ങുന്ന വ്യക്തിയാണ് ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവാൻ! തമ്പുരാനോടുള്ള പ്രണയമൊഴികെ, ഈ ഭൂമിയിലുള്ളതെല്ലാം മടു ക്കുന്ന ഒരു കാലം മകളേ, മകനേ നിന്റെ ജീവിതത്തിൽ വരികയാണെങ്കിൽ നീയപ്പോൾ സ്വർഗ്ഗരാജ്യത്തിലായിരിക്കും. “കർത്താവാണ് എന്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടുത്തെ കാര്യങ്ങളിലാണ്” (സങ്കീ 16, 5) എന്ന് പാടിയ സങ്കീർത്തകൻ ദൈവത്തെ നിധിയായി കണ്ടെത്തിയവനാണ്, ആ നിധി സ്വന്തമാക്കിയവനാണ്. ജീവിതത്തിലെ ദുരന്തങ്ങളുടെ ലിസ്റ്റ്, ഇല്ലായ്‍മയുടെ ലിസ്റ്റ് നിരത്തിയതിനുശേഷം “ഞാൻ കർത്താവിൽ ആനന്ദിക്കും, എന്റെ രക്ഷകനായ ദൈവത്തിൽ ഞാൻ സന്തോഷിക്കും, കർത്താവാണ് എന്റെ ബലം” (ഹബക്കുക്ക് 3, 18-19) എന്ന് ഉദ്‌ഘോഷിച്ച ഹബക്കുക്ക് പ്രവാചകൻ ദൈവത്തെ നിധിയായി കണ്ടെത്തിയവനാണ്, സർവ്വതും വിറ്റ് ആ രത്നം നേടിയവനാണ്. ദാരിദ്ര്യത്തെ ഉപാസിച്ചുകൊണ്ട്, ദൈവമേ എന്റെ സർവ്വസ്വമെ എന്ന് പാടി നൃത്തം ചെയ്ത അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് ക്രിസ്തുവിനെ നിധിയായി കണ്ടെത്തിയവനാണ്. കഴിഞ്ഞ പതിനൊന്നാം തീയതി തിരുനാളാഘോഷിച്ച വിശുദ്ധ ക്‌ളാര പറഞ്ഞത് എനിക്ക് ക്രിസ്തുമാത്രം മതിയെന്നാണ്. പട്ടുമെത്തയിൽ കിടന്നവൾ വൈക്കോലിൽ കിടക്കുവാൻ തയ്യാറായെങ്കിൽ, സ്വർണ്ണാഭരണങ്ങൾക്ക് പകരം അരയിൽ കയർ ധരിക്കുവാൻ, വിഭവസമൃദ്ധമായ ഭക്ഷണങ്ങൾ ഉപേക്ഷിച്ചു് പച്ചിലകൊണ്ടുള്ള സൂപ്പ് ഭക്ഷിക്കുവാൻ, വിലകൂടിയ ചെരുപ്പുപേക്ഷിച്ചു് നഗ്‌ന പാദയായി നടക്കുവാൻ ക്ലാര തയ്യാറായെങ്കിൽ അതിന്റെ കാരണം, അതിന്റെ ഒരേയൊരു കാരണം ഈ ഭൂമിയിൽ, ജീവിതവഴികളിൽ ഒളിഞ്ഞിരുന്ന നിധിയെ അവൾ കണ്ടെത്തിയെന്നതാണ്.

പ്രസിദ്ധ ബ്രസീലിയൻ നോവലിസ്റ്റായ പൗലോ കൊയ്‌ലോയുടെ പ്രസിദ്ധമായ നോവലാണ് ആൽക്കെമിസ്റ്റ്. അതിന്റെ സാന്റിയാഗോ എന്ന ഇടയബാലൻ ഒരു രതിയിൽ സ്വപ്നം കാണുകയാണ്. സ്വാപനം എന്തായിരുന്നെന്നോ? വലിയൊരു നിധി, സ്വരങ്ങളും രത്നങ്ങളുമടങ്ങുന്ന വലിയൊരു നിധി. അതായിരുന്നു സ്വപ്നം. എന്നാൽ അത് എവിടെയാണെന്നോ, എങ്ങനെയാണ് കണ്ടെത്തേണ്ടതെന്നോ അവന് അറിയില്ല. ഈ നിധി കണ്ടെത്തണം. അതായിരുന്നു പിന്നെ അവന്റെ ചിന്ത. അതിനായുള്ള അന്വേഷണമാണ് ഈ നോവൽ. നിധി കണ്ടെത്തുവാൻ അവൻ ധാരാളം സഞ്ചരിക്കുന്നുണ്ട്. അതിന്റെ ചിലവിലേക്കായി കഠിനമായി അധ്വാനിക്കുന്നുണ്ട്. മാത്രമല്ല, ജീവിതത്തിന്റെ ഓരോ നിമിഷവും അവന്റെ ഒരേയൊരു ചിന്ത ഈ നിധി മാത്രമായിരുന്നു. ഇടിഞ്ഞുപൊളിഞ്ഞ ഒരു പള്ളിയിൽ തന്റെ ആടുകളോടൊത്ത് അന്തിയുറങ്ങിയപ്പോഴാണ് അവന് ഈ സ്വപ്നം ഉണ്ടാകുന്നത്. അവിടെ നിന്ന് അവൻ മരുഭൂമികളിലൂടെ, പട്ടണങ്ങളിലൂടെ ധാരാളം യാത്രചെയ്യുന്നുണ്ട്. അവസാനം, തിരികെ പഴയ പള്ളിയിൽ എത്തുമ്പോൾ അവിടെ അവൻ ആ നിധി കണ്ടെത്തുകയാണ്. നമ്മിൽത്തന്നെ, നമ്മുടെ ജീവിതസാഹചര്യങ്ങളിൽ തന്നെ നിധി കണ്ടെത്താനാകുമെന്ന സന്ദേശമാണ് ഈ നോവൽ.

സ്നേഹമുള്ളവരേ, ദൈവം താനാകുന്ന നിധിയെ സ്നേഹത്തോടെ ഒളിച്ചുവച്ചിരിക്കുന്നത് നമ്മിൽ തന്നെയാണ്; നമ്മുടെ കുടുംബങ്ങളിലാണ്; നമ്മുടെ തിരുസ്സഭയിലാണ്; നമ്മുടെ സൗഹൃദങ്ങളിലാണ്, ബന്ധങ്ങളിലാണ്; നാം എന്നും അർപ്പിക്കുന്ന വിശുദ്ധ കുർബാനയിലാണ്, നാം നടത്തുന്ന പ്രാർത്ഥനകളിലാണ്, കുടുംബപ്രാർത്ഥനകളിലാണ്. ഈ നിധിയെ കണ്ടെത്തുവാൻ നാം അന്വേഷിക്കേണ്ടത് ഇവിടെയൊക്കെത്തന്നെയാണ്. കുട്ടികൾ നടത്തുന്ന ഒരു കളിയില്ലേ? Treasure Hunting -നിധി കണ്ടെത്തൽ. നമ്മുടെ ക്രൈസ്തവ ജീവിതം ഈ നിധി കണ്ടെത്താനുള്ള അലച്ചിലാകണം. ദൈവത്താൽ നല്കപ്പെട്ടിട്ടുള്ളവയിൽ ദൈവത്തെ തേടാതെ, നിധി അന്വേഷിക്കാതെ, നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തരുത് നാം. ക്രിസ്തുവാണ് നിധിയെന്നറിഞ്ഞിട്ടും, ക്രിസ്തുവാണ് ഏറ്റവും വിലയേറിയ രത്നമെന്നറിഞ്ഞിട്ടും, എന്തേ, ആ നിധി, രത്നം സ്വന്തമാക്കുവാൻ നാം മടിക്കുന്നു? ഭൂതത്താൻ നിധി കാക്കുന്ന പോലെയാണ് ഭൂമിയിൽ അധികം പേരും. ജീവിച്ചിരിക്കുന്നവർക്കെല്ലാം ജീവിച്ചു് കൊതിതീരുന്നില്ല. വാശി പിടിച്ചു് വെട്ടിപ്പിടിക്കുന്നതെല്ലാം നിധിയെന്ന മട്ടിൽ, രത്നമെന്ന മട്ടിൽ

പൊത്തിപ്പിടിച്ചുകൊണ്ടിരിക്കുകയാണ്. ചിലർക്ക് അധികാരമാണ് നിധി; ചിലർക്ക് ലഹരി മരുന്നുകളാണ് രത്നം. ചിലർക്ക് നശ്വരമായ സമ്പത്താണ് നിധി! ഇന്നത്തെ സുവിശേഷം പറയുന്നു, വ്യക്തമായി നമുക്ക് കാണിച്ചു തരുന്നു, ക്രിസ്തുവാണ്, ക്രിസ്തുമാത്രമാണ് നമ്മുടെ നിധിയെന്ന്!

രണ്ട്, അന്ത്യോന്മുഖമായ ഒരു ദർശനം (Eschatological vision) ഈശോ വലയുടെ ഉപമയിലൂടെ, ഉപമയിലെ നല്ല മത്സ്യങ്ങളെ ശേഖരിക്കുകയും, ചീത്ത മത്സ്യങ്ങളെ പുറത്തെറിയുകയുംചെയ്യുന്ന മുക്കുവരുടെ പ്രവർത്തിയിലൂടെ ആവിഷ്കരിക്കുകയാണ്. മനുഷ്യജീവിതം ഹൃസ്വമാണെന്നും, ലോകത്തിലുള്ളതെല്ലാം നശ്വരങ്ങളാണെന്നും, ഭൂമിയിൽ മനുഷ്യജീവിതം ധന്യമാകുന്നത് ക്രിസ്തുവിനെ സ്വന്തമാക്കുമ്പോഴാണെന്നും മനസ്സിലാക്കി, വിശുദ്ധ പൗലോശ്ലീഹാ പറയുന്ന പോലെ “ക്രിസ്തുവിനെ മനോഭാവം പുലർത്തിക്കൊണ്ട് മനുഷ്യൻ ജീവിക്കണമെന്നും ക്രിസ്തു നമ്മെ പഠിപ്പിക്കുകയാണ്. കാരണം, ചെമ്മരിയാടുകളെ കോലാടുകളിൽ നിന്ന് വേർതിരിക്കുന്ന അന്ത്യദിനമുണ്ട്. അന്ന് ഒരു വലയിൽ അകപ്പെട്ട നല്ലതും ചീത്തയുമായ മത്സ്യങ്ങളെപോലെ, ചെറുതും, വലുതുമായ മത്സ്യങ്ങളെപ്പോലെ എല്ലാവരും ഒരുമിച്ചു ചേർക്കപ്പെടും. ചെമ്മരിയാടുകളെ വലതുവശത്തേക്കും കോലാടുകളെ ഇടതുവശത്തേയ്ക്കും മാറ്റിനിർത്തുന്ന രക്ഷാകരമായ സംഭവത്തിന് സാക്ഷികളാകേണ്ടവരാണ് ഭൂമിയിലൂടെ കടന്നുപോകേണ്ട മനുഷ്യരെല്ലാവരും. ദൈവദൂതന്മാർ ദുഷ്ടരെ നീതിമാന്മാരിൽ നിന്ന് വേർതിരിക്കും, മുക്കുവർ ചീത്ത മത്സ്യങ്ങളെ നല്ല മത്സ്യങ്ങളിൽ നിന്ന് വേർതിരിക്കുന്നതുപോലെ.

സ്നേഹമുള്ളവരേ, നാമെല്ലാവരും മരിക്കും. മരണശേഷം ഒരു വിധിയുണ്ട്. മരണം വഴി ദൈവത്തിങ്കലെത്തുന്ന ഓരോ മനുഷ്യനും തന്റെ ഭൂമിയിലെ ജീവിതത്തിന് കണക്കുകൊടുക്കേണ്ടിവരും. അത് ഒരു നിമിഷം ജീവിച്ചാലും, ഒരു മണിക്കൂർ ജീവിച്ചാലും, ഒരു ദിവസം ജീവിച്ചാലും, ആയുസ്സിന്റെ ദൈർഘ്യം മുഴുവനും ജീവിച്ചാലും – നാമെല്ലാവരും കണക്കുകൊടുക്കേണ്ടി വരും. അവിടെ വിധിയുടെ അളവുകോൽ ഒന്നുമാത്രം. ക്രിസ്തുവിനെ നിധിയായി, രത്നമായി നീ സ്വന്തമാക്കിയോ? അങ്ങനെ സ്വന്തമാക്കിയിട്ട് “ഈ ചെറിയവരിൽ  ക്രിസ്തുവിനെക്കണ്ട്  അവർക്കുവേണ്ടി നന്മപ്രവർത്തികൾ ചെയ്തുവോ? നിധിയായ ക്രിസ്തുവിനെ സ്വന്തമാക്കുവാൻ അവരെ സഹായിച്ചുവോ? അന്ന്, വിലാപത്തിന്റെയും പല്ലുകടിയുടെയും അവസ്ഥകളിൽപെട്ടുപോകാതിരിക്കുവാൻ ഒരു മുന്നറിയിപ്പാണ് ഇന്നത്തെ സുവിശേഷ സന്ദേശം!

മൂന്ന്, സ്വർഗ്ഗരാജ്യത്തിലെ അന്ത്യവിധി നിന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും സംഭവിക്കണം. സ്വർഗ്ഗരാജ്യത്തിലെ ശിഷ്യനാണ് നീയെങ്കിൽ, തന്റെ നിക്ഷേപത്തിൽ നിന്ന് പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥനെപ്പോലെ, പുതിയത്, നല്ലത് സ്വീകരിച്ചിട്ട്, പഴയത് ആക്രിക്കാർക്ക് വിൽക്കുന്ന, കത്തിച്ചുകളയുന്ന വീട്ടുടമസ്ഥനെപ്പോലെ ജീവിതത്തിന്റെ സാഹചര്യങ്ങളിൽ അന്ത്യവിധി ഓരോ നിമിഷവും സംഭവിക്കേണ്ടിയിരിക്കുന്നു.  പുതിയജീവിതത്തിലേക്ക് രാവിലെ ഉണ ർന്നെഴുന്നേൽക്കുമ്പോൾ, രാവിലെ മുതൽ ഓരോരോ കർമങ്ങളിൽ ഏർപ്പെടുമ്പോൾ, സംസാരിക്കുവാൻ വായ് തുറക്കുമ്പോൾ, സഹോദരീസഹോദരന്മാരെ കാണുമ്പോൾ, സ്വാഭാവിക പ്രവണതകൾ തിന്മയിലേക്ക് നയിക്കുമ്പോൾ ഓർക്കണം നാം, നമ്മുടെ ജീവിതത്തെ അരിച്ചുപെറുക്കുന്ന അന്ത്യവിധിയെക്കുറിച്ചു്, നന്മതിന്മകളെ തിരിച്ചറിഞ്ഞ് ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു്.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നൽകുന്ന ഈ മൂന്ന് സന്ദേശങ്ങൾ ഇന്ന് നാം ജീവിക്കുന്ന കാലഘട്ടത്തിൽ പ്രസക്തമാണെന്നും, ജീവിതം നന്മയുള്ളതാക്കുവാൻ, ക്രൈസ്തവമാക്കുവാൻ ഉതകുന്നതാണെന്നും മനസ്സിലാക്കുവാൻ ദൈവത്തിന്റെ ആത്മാവ് നമുക്ക് കൃപനൽകട്ടെ. ക്രിസ്തുവിനെ നമ്മുടെ ജീവിതതിന്റെ നിധിയായി, രത്നമായി നമുക്ക് സ്വീകരിക്കാം. നശ്വരമായവയ്ക്ക് പിന്നാലെ ഓടാതെ, നൈമിഷിക സുഖങ്ങൾക്കുവേണ്ടി, ക്രിസ്തുവാകുന്ന രത്നത്തെ നഷ്ടപ്പെടുത്താതെ ജീവിക്കുവാൻ നമുക്കാകട്ടെ. നിസ്സാരമായവയ്ക്കുവേണ്ടി നഷ്ടപ്പെടുത്തുവാനല്ല ഈ ജീവിതം ദൈവം നമുക്ക് നൽകിയത് എന്നത് നാം മറക്കാതിരിക്കുക.

വിശുദ്ധ കുർബാന നൽകുന്ന കൃപയും ശക്തിയും സ്വീകരിച്ചുകൊണ്ട് നമ്മുടെ ജീവിതം ക്രിസ്തുവാകുന്ന നിധിയെ കണ്ടെത്തുവാനുള്ള അന്വേഷണമാക്കി മാറ്റാം. ആമേൻ! 

SUNDAY SERMON LK 10, 38-42

കൈത്താക്കാലം മൂന്നാം ഞായർ

റൂത്ത് 1, 6-18

പ്രഭാഷകൻ 33, 7-13

റോമാ 12, 3-8 

ലൂക്കാ 10, 38-42

ഓർക്കാൻ ഒട്ടും ആഗ്രഹിക്കാത്ത 2018 ലെ പ്രളയഭീതിയെ ഓർമയിലേക്ക് കൊണ്ടുവന്ന കനത്ത മഴയുടെ ദിവസങ്ങളിലൂടെ വീണ്ടും നാം കടന്നുപോയിക്കിക്കൊണ്ടിരിക്കുകയാണ്. മുല്ലപ്പെരിയാർ ഉൾപ്പെടെ കൂടുതൽ ഡാമുകൾ തുറക്കുന്നു, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, തീരങ്ങളിൽ ജാഗ്രത നിർദ്ദേശം എന്നിങ്ങനെ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വാർത്തകൾ നമ്മുടെ ആധിയെ വർധിപ്പിക്കുന്നു. ആശങ്കകൾ കരകവിഞ്ഞൊഴുകുമ്പോൾ നമ്മുടെ മനസ്സിലുയരുന്ന ചോദ്യം ‘ഇനി എന്ത് ചെയ്യും?‘ എന്നായിരിക്കും. ഈ വലിയ ചോദ്യത്തിന് നല്ലൊരു ഉത്തരമാണ് ഇന്നത്തെ സുവിശേഷം. ജീവിതത്തിന്റെ സാധാരണ സാഹചര്യങ്ങളിലും, വിഷമമേറിയ ഘട്ടങ്ങളിലും എന്ത് ചെയ്യണമെന്നാണ്, ഏത് ഭാഗം തിരഞ്ഞെടുക്കണമെന്നാണ് മർത്തായുടെയും, മേരിയുടെയും മനോഭാവങ്ങളിലൂടെ ഈശോ വെളിപ്പെടുത്തുന്നത്.

നമ്മുടെ ക്രൈസ്തവ വിശ്വാസത്തിൽ ദൈവമേകുന്ന പരിപാലനയുടെ, ദൈവമേകുന്ന കൂട്ടിന്റെ തുടർക്കഥകളാണ് നമ്മുടെ ജീവിതമെന്ന് വിശ്വസിക്കുന്നവരാണ് നാം. നാമൊക്കെ നനയാതിരിക്കുവാനായി സ്നേഹത്തിന്റെ, സംരക്ഷണയുടെ കുട നിവർത്തിപ്പിടിച്ചിരിക്കുന്നവനാണ് ക്രിസ്തു എന്ന വിശ്വാസമാണ് നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. എന്നാൽ, സമൃദ്ധിയുടെ സപ്രമഞ്ചങ്ങളിലേറുമ്പോൾ, വിജയത്തിന്റെ സോപാനങ്ങളിൽ നിൽക്കുമ്പോൾ കുപ്പായങ്ങളും കളിപ്പാട്ടങ്ങളും ധാരാളമാകുമ്പോൾ ദൈവത്തെ സൗകര്യപൂർവം മറക്കുന്നു എന്നത് നമ്മുടെയൊക്കെ ജീവിതങ്ങളിലെ ദുരന്തങ്ങളാണ്.

അങ്ങനെയൊരു അവസ്ഥയിലേക്ക് മനുഷ്യൻ വീഴാതിരിക്കുവാനുള്ള ദൈവത്തിന്റെ മുന്നറിയിപ്പാണ് ഇന്നത്തെ സുവിശേഷഭാഗം. ആതിഥ്യമര്യാദയുടെ, അതിഥിയെ ബഹുമാനിക്കുന്നതിന്റെ, ഭാരതീയ പശ്ചാത്തലത്തിലെ അതിഥി ദേവോ ഭവ: എന്ന മനോഭാവം അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ സുവിശേഷഭാഗമെന്നൊക്കെ വിശേഷിപ്പിക്കാമെങ്കിലും, ജീവിതത്തിൽ എല്ലാ പ്രവർത്തനങ്ങൾക്കുമുപരി ദൈവത്തോടൊത്തായിരിക്കുകയാണ് പരമപ്രധാനമെന്ന് കാണിക്കുവാനാണ് ഈ സുവിശേഷഭാഗം ശ്രമിക്കുന്നതെന്ന് പറയാമെങ്കിലും, ഇവയേക്കാളെല്ലാം ഉപരിയായി ജീവിതത്തിൽ ദൈവത്തിന്റെ ഭാഗത്താണ് ക്രൈസ്തവൻ നിൽക്കേണ്ടതെന്ന്, സത്യത്തിന്റെ വഴിയാണ് ക്രൈസ്തവൻ തിരഞ്ഞെടുക്കേണ്ടതെന്ന്, കർത്താവും, ദൈവവുമായ  ക്രിസ്തുവിനെ കെട്ടിപ്പിടിച്ചാണ്, ക്രിസ്തുവിന്റെ തിരുസ്സഭയോടൊത്താണ്  ക്രൈസ്തവൻ  ജീവിക്കേണ്ടതെന്ന് പറയാനാണ് ഇന്ന് ഈ സുവിശേഷഭാഗം നമ്മെ സമീപിച്ചിരിക്കുന്നത്.

മർത്താ, മേരി, ലാസർ എന്നിവരുടെ കുടുംബസുഹൃത്താകുന്നിടത്തോളം വളർന്ന ഈശോയുടെ സൗഹൃദം വളരെ ഹൃദ്യമായി വരച്ചിടിന്നുണ്ട് വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനൊന്നാം അദ്ധ്യായം. വളരെ ഹൃദ്യമായി, ഊഷ്മളമായി ഈശോയെ സ്വീകരിച്ചിരുന്ന വീടാണ് ഇവരുടേത്. ഇവരെല്ലാവരും ഈശോയെ സ്നേഹിച്ചിരുന്നെന്നും, ഇവരുടെ ജീവിതത്തിനാവശ്യമായ നിർദ്ദേശങ്ങൾ ഈശോ കൊടുത്തിരുന്നെന്നും ന്യായമായും നമുക്ക് അനുമാനിക്കാം. മർത്താ ഈശോയെ അതിയായി സ്നേഹിച്ചിരുന്നുവെന്നതിൽ യാതൊരു സംശയവും വേണ്ട. എന്നാൽ, ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരാളിൽ ഉണ്ടായിരിക്കേണ്ട ശാന്തത, സഹിഷ്ണത, ക്ഷമ ഈശോ അവളിൽ കണ്ടില്ല. അവൾ പല കാര്യങ്ങളാൽ വ്യഗ്രചിത്തയായിരുന്നു. She was too much distracted…ജീവിതത്തിലെ ഇല്ലായ്മകൾകൊണ്ടോ, വല്ലായ്മകൾകൊണ്ടോ അവൾ അസ്വസ്ഥയായിരുന്നിരിക്കണം…ലോകത്തിന്റെ സുഖങ്ങൾക്ക് പിന്നാലെ പോകുന്നതുകൊണ്ട്, അവ കിട്ടാതെ വരുന്നതിൽ നിരാശപ്പെട്ടുപോകുന്നതുകൊണ്ട് ഹൃദയത്തിൽ ദേഷ്യം കൊണ്ടുനടന്നവളായിരിക്കാം…മറ്റുള്ളവരുടെ നന്മയിൽ, വളർച്ചയിൽ അസൂയപ്പെടുന്നതുകൊണ്ട് മനസ്സ് പിടച്ചുകൊണ്ടിരിക്കുന്നവളായിരിക്കാം… അത് മനസ്സിലാക്കുവാൻ ക്രിസ്തുവിനല്ലാതെ മറ്റാർക്കാണ് കഴിയുക! അവിടുന്ന് അവളുടെ മനസ്സറിഞ്ഞപ്പോൾ അവളെ തിരുത്തുകയാണ്, “മർത്താ, മർത്താ നീ പലതിനെക്കുറിച്ചും, ഉത്കണ്ഠാകുലയും, അസ്വസ്ഥയുമായിരിക്കുന്നു.”  ഈശോയ്ക്ക് അവളോട് സ്നേഹമില്ലാഞ്ഞിട്ടല്ല ഈ വിമർശനം. അവളുടെ പേര് രണ്ടുപ്രാവശ്യം വിളിക്കുന്നതിൽ തന്നെ ഈശോയ്ക്ക് മാർത്തായോടുള്ള സ്നേഹം വ്യക്തമാണ്. എന്നാൽ, അവളുടേത് ഉചിതമായ ഒരു തിരഞ്ഞെടുപ്പമല്ല. മേരിയുടേതാകട്ടെ, വളരെ, പക്വമായ, ദൈവത്തിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്. അതുകൊണ്ടാണ് ഈശോയുടെ പ്രസ്‌താവന: “മറിയം നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു.”

ഇത് വീട്ടിൽ വന്ന ഒരു വ്യക്തിയോട് കാട്ടുന്ന ആതിഥ്യമര്യാദയുടെ study class അല്ല. അല്ലെങ്കിൽ study class മാത്രമല്ല. ഇത് സഹോദരിമാരിൽ ഒരാൾ മാത്രം ജോലിചെയ്യുന്നതുകൊണ്ടുള്ള പരാതിപറച്ചിലുമല്ല. ഇത് ജീവിതത്തിന്റെ സന്നിഗ്ദ ഘട്ടങ്ങളിൽ ഒരുവൻ ക്രിസ്തുവിനോട് കൂടെ നിൽക്കണമെന്നുള്ള ആഹ്വാനമാണ്. ജീവിതത്തിന്റെ ഏത് ഘട്ടങ്ങളിലും നല്ലതുമാത്രം തിരഞ്ഞെടുക്കുന്ന, സ്വന്തം ജീവിതത്തിനും, കൂടെയുള്ളവരുടെ ജീവിതത്തിനും നൻമ മാത്രം ഉണ്ടാകുവാൻ ക്രിയാത്മകമായവ മാത്രം ചെയ്യുന്ന ക്രിസ്തുമനോഭാവത്തിലേക്കുള്ള ക്ഷണമാണ്. നല്ല ഭാഗം എപ്പോഴും തിരഞ്ഞെടുക്കുവാനുള്ള ക്രിസ്തുവിന്റെ ഓർമപ്പെടുത്തലാണ്.

ബൈബിളിൽ നല്ല ഭാഗം തിരഞ്ഞെടുക്കുന്നവരും, ചീത്തഭാഗം തിരഞ്ഞെടുക്കുന്നവരും ധാരാളമാണ്. പുരോഹിത വസ്ത്രമണിഞ്ഞ് അഭിഷേകതൈലത്തിന്റെ പരിമളമേന്തി നിൽക്കുന്ന അഹറോൻ പഴയനിയമത്തിലെ ജീവസ്സുറ്റ ഒരു കഥാപാത്രമാണ്. എപ്പോഴും ദൈവത്തിലേക്ക് നോക്കി ദൈവത്തിന്റെ അരുളപ്പാടും കാത്തിരിക്കുന്ന, ദൈവത്തിന്റെ ഇഷ്ടം മാത്രം നിർവഹിക്കുവാൻ ആഗ്രഹിക്കുന്ന, ദൈവത്തിന് വിശ്വസ്തതയോടെ കൃതജ്ഞതാബലികളും, ദഹനബലികളും അർപ്പിക്കുന്ന അഹറോൻ പക്ഷേ ജീവിതത്തിൽ മോശയോടൊപ്പം നിൽക്കേണ്ട ഘട്ടം വന്നപ്പോൾ വീണുപോയി. ഇതുവരെ പ്രിയമുള്ളതായി കരുതിയതും, കരുതിയവരും, എന്തിന് ഉയിര്‌പോലും ദൈവത്തിനായി മാറ്റിവച്ച ആ വൈദികന് കാലിടറുകയാണ്.

ഒരുവട്ടം മിറിയാം എന്ന സ്ത്രീയോട് ചേർന്ന് ദൈവപുരുഷനായ മോശയ്‌ക്കെതിരെ തിരിഞ്ഞപ്പോഴാണ് അത് സംഭവിച്ചത്. ദൈവജനത്തിന്റെ മുഴുവൻ ചുമതലയും ദൈവം ഏൽപ്പിച്ച മോശയോട് ചേർന്ന് ദൈവജനത്തെ നയിക്കേണ്ട അഹറോൻ ഒരുവട്ടം മിറിയാമിനോട് ചേർന്ന് മോശയ്‌ക്കെതിരെ ദുഷിച്ചുപറയുകയാണ്. അപ്പോൾ, നല്ല ഭാഗം തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ദൈവത്തോടൊപ്പം, മോശയോടൊപ്പം നില്ക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. എന്തുസംഭവിച്ചു, മിറിയാം കുഷ്ഠം പിടിച്ചു് വിളറി വെളുത്തുപോയി. അവളെ പാളയത്തിന് പുറത്താക്കി. (ലേവ്യർ 12)

രണ്ടാം വട്ടം. ഉടമ്പടി പലകകൾ ദൈവത്തിൽ നിന്ന് വാങ്ങാൻപോയ മോശ, മലയിൽ നിന്നിറങ്ങാൻ വൈകിയപ്പോൾ ജനം ദേഷ്യപ്പെട്ട് അഹറോന്റെ ചുറ്റും കൂടി പറഞ്ഞു: “ഞങ്ങളെ നയിക്കാൻ വേഗം ദേവന്മാരെ ഉണ്ടാക്കിത്തരിക.” ഇക്കുറിയും നല്ല ഭാഗം തിരഞ്ഞെടുക്കുവാൻ അഹറോന് സാധിച്ചില്ല. അയാൾ അവരിൽ നിന്ന് സ്വർണം വാങ്ങി മൂശയിലുരുക്കി ഒരു സ്വർണ കാളക്കുട്ടിയെ വാർത്തെടുത്തു് ആരാധിക്കുവാനായി ജനത്തിന് നൽകി.. ആൾക്കൂട്ടത്തിന്റെ ഇഷ്ടങ്ങളിൽ അഭ്രമിച്ചു് സ്വർണ കാളക്കുട്ടിയെ നിർമിക്കാൻ പുരോഹിതനായ അഹരോൻ കൂട്ടുനിൽക്കുമ്പോൾ ആയിരങ്ങൾ മരിച്ചു വീഴുന്നു. (പുറപ്പാട് 32)

സ്നേഹമുള്ളവരേ, ജീവിതസാഹചര്യങ്ങളിൽ നല്ല ഭാഗം, ദൈവത്തിന്റെ ഭാഗം തിരഞ്ഞെടുക്കുവാൻ നമുക്കാകുന്നില്ലെങ്കിൽ ഓർക്കുക, അത് നമുക്ക് മാത്രമല്ല, നമ്മോട് കൂടെ നിൽക്കുന്നവർക്കും നാശമായിരിക്കും.

കുടുംബപ്രാർത്ഥനയുടെ സമയത്ത് മറ്റ് കാര്യങ്ങൾ വരുമ്പോൾ ഏതിന് priority കൊടുക്കും? ഏതായിരിക്കും നല്ലഭാഗം? നമ്മുടെ മതകാര്യങ്ങളിൽ, വസ്ത്രധാരണങ്ങളിൽ, ആഘോഷങ്ങളിൽ, ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ, ഞായറാഴ്ച്ച ആചരണങ്ങളിൽ, സഭയുടെ പഠനങ്ങളിൽ … എന്തായിരിക്കും നമ്മുടെ priority? ഏതായിരിക്കും നല്ലഭാഗം? മേരി നല്ലഭാഗം തിരഞ്ഞെടുത്തിരിക്കുന്നു എന്ന് ഈശോ പറഞ്ഞപോലെ, നമ്മോടും ഈശോ പറയുമോ? ഇവിടെയെല്ലാം നാം distracted ആയാൽ, മറ്റു പലതുകൊണ്ടും വ്യഗ്രചിത്തരായാൽ പ്രിയപ്പെട്ടവരേ, നല്ല ഭാഗം തിരഞ്ഞെടുക്കാതിരുന്നാൽ!!? ക്രിസ്തുവിനെ കെട്ടിപ്പിടിച്ചോണ്ട് നിൽക്കേണ്ടവരൊക്കെ വേറെയെന്തിനെയൊക്കെയോ പറ്റിപ്പിടിച്ചുകൊണ്ട് നിൽക്കുമ്പോൾ, വേറെയെന്തിനൊക്കെയോവേണ്ടി സംഘടിക്കുമ്പോൾ ആണ് അവരും, അവരോടൊപ്പം നിൽക്കുന്നവരും വീണുപോകുന്നത്. ക്രിസ്തുവിനോട് തോളോടുതോൾ ചേർന്ന് നിന്നിട്ട് മുപ്പതുവെള്ളിക്കാശിനെ കെട്ടിപ്പിടിക്കുന്നവരാകല്ലേ പ്രിയപ്പെട്ടവരേ നാം. നാം നല്ല ഭാഗം തിരഞ്ഞെടുക്കാതെ വരുമ്പോൾ പൊള്ളുന്നത് ക്രിസ്തുവിന്റെ നെഞ്ചകമാണ്!!

“(കോട്ടയത്തുള്ള) വടവാതൂർ സെമിനാരി. പ്രായമുള്ളൊരു അച്ചന്റെ പകൽ ബലി. ധൂപമാട്ടിയും, പാട്ടുപാടിയും, പ്രാർത്ഥനചൊല്ലിയും നാനൂറോളം ശെമ്മാച്ചന്മാർ. പെട്ടെന്ന് ഞെട്ടിപ്പിക്കുന്ന ഒരു ശബ്ദം. പാതിമയക്കത്തിലായിരുന്നവരൊക്കെ ഞെട്ടിയുണർന്നു. ആരോ വിളിച്ചുകൂവി, “പള്ളിയുടെ മുകളിലേക്ക് വിമാനം വീണതാ.” കേട്ട പാതി, കേൾക്കാത്ത പാതി പടവുകളിറങ്ങി താഴേക്കെത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്. റിക്ടർ സ്കെയിലിൽ കൂടുതൽ അളവ് രേഖപ്പെടുത്തിയ ഭൂമികുലുക്കമായിരുന്നു. കിതപ്പൊന്നകന്നപ്പോൾ, തമാശകൾ പറഞ്ഞ് ചിരിച്ചു് പടവുകൾ കയറി ചാപ്പലിലെത്തിയപ്പോൾ അതിശയിപ്പിക്കുന്ന ഒരു കാഴ്ച്ച. ബലിയർപ്പിച്ചുകൊണ്ടിരുന്ന വൃദ്ധവൈദികൻ ബലിപീഠത്തിൽ കെട്ടിപ്പിടിച്ചു കിടക്കുന്നു. കുട്ടികൾ ചോദിച്ചു, “അച്ചനെന്തേ ഓടാതിരുന്നേ?” സൗമ്യമായ മറുപടി: “ഈ അൾത്താരയെ വിട്ടോടിയാൽ എവിടംവരെ ഓടാനാവും മക്കളേ?” ” (ഫാ. വിബിൻ ചൂതംപറമ്പലിന്റെ “ഞാൻ” എന്ന പുസ്തകത്തിൽ നിന്ന്)

അച്ചൻ നല്ല ഭാഗം തിരഞ്ഞെടുത്തു. ജീവിതത്തിന്റെ സാധാരണതകളിലും, ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും ക്രിസ്തുവാണ് എന്റെ ഭാഗം, എന്റെ എല്ലാം എന്ന മട്ടിൽ ജീവിതം ഇന്ന് വീണ്ടും തുടങ്ങേണ്ടിയിരിക്കുന്നു.

വിശുദ്ധ മദർ തെരേസ ജീവിതത്തിൽ എപ്പോഴും നല്ല ഭാഗം തിരഞ്ഞെടുത്തവളും, നല്ലഭാഗം തിരഞ്ഞെടുക്കാൻ സഹോദരിമാരെ പഠിപ്പിക്കുകയും ചെയ്തവളുമാണ്. ഒരിക്കൽ പ്രേഷിത പ്രവർത്തനങ്ങളുടെ കൂടുതൽകൊണ്ട് ആകുലപ്പെട്ട് ഒരു സിസ്റ്റർ മദറിനോട് പറഞ്ഞു: “അമ്മേ, ജനങ്ങൾക്കുവേണ്ടി ധാരാളം കാര്യങ്ങൾചെയ്യുവാൻ നമുക്കുണ്ട്. സമയമാണെങ്കിൽ തികയുന്നുമില്ല. അതിനാൽ എന്നുമുള്ള ആരാധനയുടെ സമയം നമുക്കൊന്ന് കുറച്ചാലോ?”അപ്പോൾ മദറിന്റെ മറുപടി ഇങ്ങനെയായിരുന്നു: “നാം എന്നും നടത്തുന്ന ആരാധന ഇന്ന് മുതൽ കൂടുതൽ സമയം ആക്കാം. കാരണം, ദൈവത്തെക്കൂടാതെ, അവിടുത്തെ ശക്തിയും ചൈതന്യവും ലഭിക്കാതെ എങ്ങനെയാണ് നമുക്ക് ജോലിചെയ്യുവാൻ കഴിയുക?” നല്ല ഭാഗത്തു നിന്നാലേ, ക്രിസ്തുവിനോടൊപ്പം നിന്നാലേ, മറ്റുള്ളവർക്ക് ക്രിസ്തുവിനെ നൽകുവാൻ കഴിയൂ.

കോളേജിൽ ക്രിസ്ത്യൻ മോട്ടിവേഷൻ ക്ലാസ്സിൽ (Christian Motivation Program) ഒരു പെൺകുട്ടി തന്റെ അനുഭവം പങ്കുവച്ചത് ഇങ്ങനെയാണ്: കോളേജിലെ സുഹൃത്തുക്കളോടൊപ്പമുള്ള ജീവിതം വളരെ ഹൃദ്യമായിരുന്നു. വളരെ ത്രില്ലോടെ മുന്നോട്ട് പോകുമ്പോഴാണ് കൂട്ടുകാരികൾ ഒരു മുസ്‌ലിം സുഹൃത്തിനെ എനിക്ക് പരിചയപ്പെടുത്തിത്തന്നത്. നല്ല ചെറുപ്പക്കാരനായിരുന്നു അവൻ. അവനും ഞങ്ങളുടെ ഗ്രൂപ്പിൽ കൂടി. കൂട്ടുകാരികൾ എന്നെയും അവനെയും ചേർത്ത് തമാശകൾ പറയാൻ തുടങ്ങി. ഒരിക്കൽ വളരെ സീരിയസ്സായി അവനുവേണ്ടി എന്റെ ഒരു കൂട്ടുകാരി എന്നോട് സംസാരിച്ചു. വിവാഹക്കാര്യമാണ്. ആദ്യം അല്പം ശങ്കിച്ചെങ്കിലും, എവിടെനിന്നോ കിട്ടിയ ധൈര്യം കൊണ്ട് ഞാൻ പറഞ്ഞു: “അവനെ എനിക്ക് ഇഷ്ടമാണ്. പക്ഷേ, എന്റെ ജീവിതപങ്കാളിയാകാനുള്ള യോഗ്യത അവനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ക്രിസ്തുവിനോടൊപ്പം, ക്രിസ്തുവിനുവേണ്ടി ജീവിക്കുന്ന ഒരാളോടൊപ്പം ജീവിതം പങ്കിടാനാണ് ഞാൻ ആഗ്രഹിക്കുന്നത്.” എനിക്കറിയാം ഇത് പറയാൻ ധൈര്യം തന്നത് പരിശുദ്ധാത്മാവാണ്. അവൾ പറഞ്ഞു കഴിഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു. ഞാൻ പറഞ്ഞു: സൗമ്യ, നീ നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. ഇത് നിന്നിൽ നിന്ന് എടുക്കപ്പെടുകയില്ല.

നല്ല ഭാഗം തിരഞ്ഞെടുക്കാൻ കഴിയാതെ പോകുന്നതാണ് നമ്മുടെയൊക്കെ ജീവിതത്തിലെ വലിയ സങ്കടം. പുരോഹിതനായ എന്റെ ജീവിതം എന്നുപറയുന്നത് ഒരു പാതിയിൽ പവിത്രമായ പുരോഹിത വിചാരങ്ങളുടെ സങ്കീർത്തനം! മറുപാതിയിലാകട്ടെ പ്രലോഭനങ്ങളുടെ പ്രഹേളിക! ഏതു ഭാഗം ഞാൻ തിരഞ്ഞെടുക്കും? ഈശോയെ, നല്ല ഭാഗം എപ്പോഴും തിരഞ്ഞെടുക്കുവാൻ അനുഗ്രഹിക്കണമേ. നിങ്ങളുടെയൊക്കെ ജീവിതത്തിലും ഈ യുദ്ധം ഉണ്ടെന്ന് എനിക്കറിയാം. സ്നേഹമുള്ളവരേ, നല്ല ഭാഗം എപ്പോഴും തിരഞ്ഞെടുക്കുവാൻ, അതുവഴി എപ്പോഴും ദൈവകൃപയിൽ ജീവിക്കുവാൻ നമുക്ക് സാധിക്കട്ടെ. ആരെയും നഷ്ടപ്പെടുത്താതെ അരികിൽ ചേർത്തുനിർത്തുന്ന ക്രിസ്തുവിനെ, ക്രിസ്തുവിന്റെ വിശുദ്ധ കുർബാനയെ കെട്ടിപ്പിടിച്ചുകൊണ്ടാകട്ടെ നമ്മുടെ ജീവിതയാത്ര! ആമേൻ!

SUNDAY SERMON JN 15, 1-8

കൈത്താക്കാലം രണ്ടാം ഞായർ

നിയമാവർത്തനം 28, 1-14

പ്രഭാഷകൻ 10, 19-25

റോമാ 11, 17-24

യോഹ 15, 1-8

വളരെ മനോഹരമായ ഒരു രൂപകകഥയുമായാണ് (Allegory) ഇന്നത്തെ സുവിശേഷം നമ്മെ സന്ദർശിക്കുന്നത്. ഇസ്രായേൽക്കാരുടെ ജീവിതപശ്ചാത്തലത്തിൽ നിന്ന്, അവരുടെ കാർഷിക സംസ്കാരത്തിൽ നിന്ന് അടർത്തിയെടുത്ത കഥയായതുകൊണ്ട് ഈ രൂപകകഥയ്ക്ക് ജീവിതത്തിന്റെ പച്ചപ്പുണ്ട്, മണ്ണിന്റെ മണമുണ്ട്. ഇവിടെ നാല് വ്യക്തികളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഒന്ന്, കൃഷിക്കാരൻ. രണ്ട്, മുന്തിരിച്ചെടി. മൂന്ന്, ശാഖകൾ. നാല്, ചെടിയോട് ചേർന്ന് നിൽക്കാത്ത ഉപയോഗശൂന്യരായ ശാഖകൾ.

രൂപകകഥയായതുകൊണ്ട്, നിങ്ങൾക്കറിയാവുന്നതുപോലെ, ഓരോ കഥാപാത്രത്തിനും പ്രതീകാത്മകമായ അർത്ഥങ്ങളുണ്ട് (Symbolic meaning), അർത്ഥതലങ്ങളുണ്ട്. ഇതിലെ കൃഷിക്കാരൻ പിതാവായ ദൈവമാണ്. മുന്തിരിച്ചെടിയാകട്ടെ ക്രിസ്തുവാണ്. ശാഖകൾ ക്രിസ്തുവിൽ വിശ്വസിക്കുന്ന, അവിടുത്തെ ദൈവവും, കർത്താവുമായ ഏറ്റുപറയുന്ന ക്രൈസ്തവരാണ്, നാം ഓരോരുത്തരുമാണ്. ക്രിസ്തുവിനോട് ചേർന്ന് നിൽക്കാത്ത, ക്രിസ്തുവിനെ തള്ളിപ്പറയുന്ന വ്യക്തികളാണ് ഫലംപുറപ്പെടുവിക്കാത്ത ശാഖകൾ. മുന്തിരിച്ചെടിയുടെ ഉപമ ഈ നാല് വ്യക്തികളെ അവതരിപ്പിക്കുകയല്ല ചെയ്യുന്നത്; അവരുടെ ബന്ധത്തിന്റെ കഥയാണ് ഓരോ അടരുകളായി ഈശോ പറഞ്ഞുവയ്ക്കുന്നത്. ഒപ്പം, നമ്മുടെ ബന്ധങ്ങളുടെ കഥയും ഈശോ പറയുകയാണ്.  

ഈ രൂപകകഥയിൽ ആദ്യഭാഗത്തുതന്നെ ഈശോ നാല് കഥാപാത്രങ്ങളെയും അവതരിപ്പിക്കുകയാണ്. കഥപറയുന്നത് ഇങ്ങനെയാണ്: ഞാനാണ് സാക്ഷാൽ മുന്തിരിച്ചെടി. എന്റെ പിതാവാണ് കൃഷിക്കാരൻ. എന്റെ ശാഖകളിൽ ഫലം തരുന്നതിനെ ഞാൻ കൂടുതൽ കരുതലോടെ കാക്കുന്നു. ഫലം തരാത്തതിനെ നീക്കിക്കളയുന്നു, വെട്ടിക്കളയുന്നു, കത്തിച്ചുകളയുന്നു.

ഇത് ബന്ധങ്ങളുടെ കഥയാണ്. ഒന്നാമത്തേത്, കൃഷിക്കാരനും, മുന്തിരിച്ചെടിയും തമ്മിലുള്ള ബന്ധമാണ്; ദൈവവും ക്രിസ്തുവും തമ്മിലുള്ള ബന്ധമാണ്. കൃഷിക്കാരന്റെ ആത്മപ്രകാശനമാണ്, ജീവൻ തന്നെയാണ് അയാൾ നട്ടുവളർത്തുന്ന ഓരോ ചെടിയും. കൃഷിക്കാർക്ക് ഈ ആത്മബന്ധത്തിന്റെ പൊരുൾ പെട്ടെന്ന് മനസ്സിലാകും. അതുപോലെ, ഈ പ്രപഞ്ചത്തിലെ ബന്ധങ്ങളുടെ ഒരു sterling example ആയിട്ടാണ് ദൈവവും ക്രിസ്തുവും തമ്മിലുള്ള ബന്ധം ക്രിസ്തു അവതരിപ്പിക്കുന്നത്. എങ്ങനെയാണ് ദൈവവും, ക്രിസ്തുവും തമ്മിലുള്ള ബന്ധം? വിശുദ്ധ യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 10 വാക്യം 30 ൽ ഈശോ പറയുന്നു: “ഞാനും പിതാവും ഒന്നാണ്.” ആ ബന്ധത്തിന്റെ ആഴം കാണണമെങ്കിൽ, ആ ബന്ധത്തിന്റെ മഹത്വം മനസ്സിലാകണമെങ്കിൽ വിശുദ്ധ യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 14, വാക്യം 9 വായിക്കണം. “എന്നെ കാണുന്നവൻ എന്റെ പിതാവിനെ കാണുന്നു. ബന്ധങ്ങളുടെ കഥ പറയുന്ന മുന്തിരിച്ചെടിയുടെ ഉപമയുടെ ആദ്യഭാഗത്തു തന്നെ തികച്ചും പൂർണതയുള്ള, സുന്ദരമായ ഒരു ബന്ധത്തെ ഈശോ ചിത്രീകരിക്കുകയാണ്. എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു എന്ന് പറയുന്നതിൽ കൂടുതലായി, ഇതിൽപ്പരം വ്യക്തമായി എങ്ങനെയാണ് പ്രിയപ്പെട്ടവരേ, മാനുഷിക ഭാഷയിൽ ഒരു ബന്ധത്തെ അവതരിപ്പിക്കുക!!

രണ്ടാമത്തേത്, മുന്തിരിച്ചെടിയും ശാഖകളും തമ്മിലുള്ള ബന്ധമാണ്. മുന്തിരിച്ചെടി, ശാഖകൾക്ക് വളരുന്നതിനാവശ്യമായവ കൊടുക്കുവാൻ തയ്യാറായി നിൽക്കുകയാണ്. രണ്ടുതരത്തിലുള്ള ശാഖകളുണ്ട്. ഫലം തരുന്നവയും, ഫലവും തരാത്തവയും. ഫലം തരുന്നവയെ കൂടുതൽ കായ്ക്കുവാനായി വളർത്തുകയും, ഫലം തരാത്തതിനെ മുറിച്ചുകളയുകയും, പിന്നീട് കത്തിച്ചുകളയുകയും ചെയ്യുന്ന രീതിയാണ് മുന്തിരിച്ചെടിയുടെ കർഷകർ പിന്തുടരുന്നത്.  ഒരു ചെടിയും അതിന്റെ ശാഖകളും, ഒരു വൃക്ഷവും അതിന്റെ ശാഖകളും തമ്മിലുള്ള ബന്ധം എങ്ങനെയാണ് എന്ന് നിങ്ങളോട് ഞാൻ വിവരിക്കേണ്ട ആവശ്യമില്ല. ശാഖകൾ ചെടിയോട്, തായ്ത്തടിയോട് ചേർന്നു നിന്നാൽ മാത്രമേ, വെള്ളവും, വളവും വലിച്ചെടുത്തു് പൂവണിയുവാനും, ഫലങ്ങൾ പുറപ്പെടുവിക്കുവാനും കഴിയൂ.

രൂപകകഥയുടെ പ്രതീകാത്മകമായ അർത്ഥത്തിൽ, ക്രിസ്തുവും ക്രൈസ്തവരും തമ്മിലുള്ള ബന്ധമാണ് ഇവിടെ വിവക്ഷ. ശാഖകൾ മുന്തിരിച്ചെടിയോട് ചേർന്ന് നിൽക്കുന്നതുപോലെ, ഓരോ ക്രൈസ്തവനും ക്രിസ്തുവിനോട് ചേർന്ന് നിന്നാൽ മാത്രമേ ഈ ഭൂമിയിലെ മനുഷ്യന്റെ ജീവിതം മനോഹരമാക്കുവാൻ സാധിക്കൂ. ശാഖകൾക്ക് ജീവനുണ്ടാകുവാനും, ആ ജീവൻ സമൃദ്ധിയായി നല്കുവാനുമാണ് മുന്തിരിച്ചെടിയായ ക്രിസ്തു വന്നിരിക്കുന്നത്. ക്രിസ്തുവിൽ വസിച്ചാൽ മാത്രമേ, നമ്മുടെ ജീവിതത്തിൽ ഫലം പുറപ്പെടുവിക്കുവാൻ സാധിക്കുകയുള്ളു. ക്രിസ്തുവിൽ വസിക്കുന്നില്ലെങ്കിൽ ഉണങ്ങിയ ശാഖയായി, ജീവിതം വെറും ഭസ്മമായിത്തീരും.

മുന്തിരിച്ചെടിയുടെ രൂപകകഥ ഈ ഭൂമിയിലുള്ള ബന്ധങ്ങളെപ്പറ്റിയാണ് നമ്മോട് സംസാരിക്കുന്നത്. ആത്മീയജീവിയായ മനുഷ്യൻ ദൈവത്തോടും, സാമൂഹ്യജീവിയായ മനുഷ്യൻ പ്രകൃതിയോടും, പ്രകൃതിയിലെ മനുഷ്യരുൾപ്പെടെ എല്ലാ ജീവജാലങ്ങളോടും ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്. ഈ ഭൂമിയിലെ നമ്മുടെ ബന്ധങ്ങൾ എങ്ങനെയായിരിക്കണമെന്നാണ് മുന്തിരിച്ചെടിയുടെ കഥ നമ്മോട് പറയുന്ന സാരോപദേശം. ഇതിനെ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധമായി മാത്രം വ്യാഖ്യാനിച്ചു് വികൃതമാക്കരുത് നാം. ചോര ചോരയെ തിരിച്ചറിയുന്നു എന്നൊക്കെയുള്ള അറിവ് വച്ചല്ലേ ദൈവവുമായുള്ള നമ്മുടെ ബന്ധംപോലും നാം മനസ്സിലാക്കുന്നത്!!! ദൈവത്തോടൊപ്പം വസിക്കുന്നില്ലെങ്കിൽ, ക്രിസ്തുവിൽ നിന്ന് ജീവനും, ചൈതന്യവും സ്വീകരിക്കുന്നില്ലെങ്കിൽ നാമൊക്കെ കല്ലിന്മേൽ കല്ല് ശേഷിക്കാതെ നശിച്ചുപോകുമെന്നതിന് പ്രത്യേകിച്ച് ഉദാഹരണങ്ങൾ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ബാബേൽഗോപുരംപോലെ ആകാശം മുട്ടേ പടുത്തുയർത്തിയാലും ദൈവമാകുന്ന, ക്രിസ്തുവാകുന്ന പാറമേലല്ലെങ്കിൽ അവയെല്ലാം കടലാസുഗോപുരംപോലെ തകർന്നുവീഴും; ക്രിസ്തുവിനോടൊത്തല്ലെങ്കിൽ നാമെല്ലാവരും ചിതറിക്കപ്പെടും! ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം മനോഹരമാക്കേണ്ടത് ലൗകിക സമ്പത്തുകൊണ്ടല്ല ഉള്ളിലെ നന്മകൊണ്ടാണ്; ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം ഉറപ്പിക്കേണ്ടത് ഫെവിക്കുക്കു കൊണ്ടല്ല ഹൃദയത്തിലെ സ്‌നേഹംകൊണ്ടാണ്.

നമ്മുടെ ബന്ധങ്ങളിൽ നാം ഓർക്കേണ്ട ഒരു കാര്യം, ഒരു ബന്ധവും ആകസ്മികമായി സംഭവിക്കുന്നതല്ല എന്നാണ്. ബന്ധങ്ങളെക്കുറിച്ചു് പറയുമ്പോൾ ഈശോ പറയുന്നത് “ദൈവം യോജിപ്പിച്ചത്’ എന്നാണ്. അത് വിവാഹ ബന്ധത്തിന് മാത്രമല്ല, എല്ലാ ബന്ധങ്ങൾക്കും ഇണങ്ങും. ഒരാളുടെ സൗഹൃദങ്ങൾ, ഭാര്യാഭർത്തൃബന്ധങ്ങൾ, മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധങ്ങൾ, സഹോദരീ സഹോദരങ്ങൾ തമ്മിലുള്ള ബന്ധം, ടീച്ചറും കുട്ടികളും തമ്മിലുള്ള ബന്ധം, ജോലിചെയ്യുന്ന സ്ഥാപനവുമായുള്ള ബന്ധം, ഓടിക്കുന്ന വാഹനങ്ങളുമായുള്ള മാനസിക അടുപ്പം, കളിക്കുന്ന പാവക്കുട്ടിയുമായുള്ള കുട്ടിയുടെ അടുപ്പം …എല്ലാ ബന്ധങ്ങൾക്കും ക്രിസ്തുവിന്റെ കണക്കും കരുതലും ഉണ്ട്. ഒരാൾ ഒരു പ്രത്യേക കുടുംബവൃക്ഷത്തിന്റെ ചില്ലയിൽ പൊടിച്ചു എന്നതിൽ ദൈവത്തിന്റെ പരിപാലനവും തീരുമാനവും ഉണ്ട്. മറക്കരുത് ഈ സത്യം!

എന്തിനാണിങ്ങനെ ബന്ധങ്ങൾ ഈ ഭൂമിയിൽ? പ്രപഞ്ചത്തിലെ വളരെ ദുർബലമായ ഒരു കൂട്ടമാണ് മനുഷ്യർ. അങ്ങനെ ദുർബലമായവയ്ക്കുവേണ്ടിയുള്ള സ്വർഗ്ഗത്തിന്റെ, ദൈവത്തിന്റെ കരുതലാണ് ബന്ധങ്ങൾ. ഭൂമിയിലെ ഒരു ജീവജാലത്തിനും ഇത്രയും നിരാലംബത്വം അനുഭവിക്കേണ്ടിവരുന്നില്ല. പെറ്റുവീഴുന്ന ഒരു പശുക്കുട്ടി എത്ര പെട്ടെന്നാണ് ചാടിമറിയുന്നത്! മനുഷ്യനോ? ഒന്ന് പിച്ചവയ്ക്കാൻ എത്രയോ നാളുകൾ കാത്തിരിക്കണം! അതും എത്രയോ പേരുടെ സഹായത്താൽ! ബന്ധങ്ങൾക്കുമേൽ ബന്ധങ്ങൾ ഉണ്ടായാലേ മനുഷ്യന് മുന്നോട്ട് പോകാൻ കഴിയൂ. ഇത് ശൈശവത്തിന്റെ പ്രശ്നം മാത്രമല്ല. ജീവിതത്തിന്റെ ഓരോ ചുവടിലും ബന്ധങ്ങളിലൂടെയേ മനുഷ്യന് വളരുവാൻ കഴിയൂ.

ഈ ബന്ധങ്ങൾ എങ്ങനെയായിരിക്കണം? മുന്തിരിച്ചെടിയും ശാഖകളും പോലെയായിരിക്കണം. മുന്തിരിച്ചെടിയോട് ചേർന്നുവളരുവാൻ നമുക്കാകണം.

ആരൊക്കെയാണ് ഈ മുന്തിരിച്ചെടികൾ? നാമോരോരുത്തരും ഒരേ സമയം മുന്തിരിച്ചെടികളും ശാഖകളുമാണ്. നിങ്ങൾ ഈ ഭൂമിയിലേതാണെങ്കിൽ തീർച്ചയായും ഏതെങ്കിലും മുന്തിരിച്ചെടിയോട് ചേർന്ന് നിൽക്കണം. തിരുസ്സഭ, മാതാപിതാക്കൾ, ഭാര്യ, ഭർത്താവ്, അധ്യാപകർ, രാഷ്ട്രീയ സാമുദായിക നേതാക്കന്മാർ എല്ലാവരും മുന്തിരിച്ചെടികളാണ്. അതേസമയം തന്നെ, നാം ശാഖകളുമാണ്. ഒറ്റയ്ക്ക് നമുക്ക് നിലനിൽപ്പില്ല. ചേർന്ന് നിൽക്കുന്നില്ലങ്കിൽ നാം ഉണങ്ങിപ്പോകും. വളവും ജലവും ലഭിക്കില്ല. ഫലം പുറപ്പെടുവിക്കില്ല.

ബന്ധങ്ങൾ പരസ്പരം സഹായിക്കുന്ന, താങ്ങുന്ന, ബലപ്പെടുത്തുന്ന ഊന്നുവടികളാണ്. മുന്തിരിച്ചെടിയെ ശാഖകൾ പരിപോഷിക്കുമ്പോൾ, ശാഖകൾ തായ്ത്തടിയെ ശക്തിപ്പെടുത്തുന്നുണ്ട്. മുന്തിരിച്ചെടി എന്നത് തായ്‌ത്തടിയും ശാഖകളും ചേർന്നതാണ്. രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ഊന്നുവടികളാണ്. നമ്മുടെ ബന്ധങ്ങളും അങ്ങനെത്തന്നെയല്ലേ? ഭർത്താവ് മുന്തിരിച്ചെടിയെങ്കിൽ, ഭാര്യ ശാഖയാണ്. ഭാര്യ മുന്തിരിച്ചെടിയെങ്കിൽ ഭർത്താവ് ശാഖയാണ്. മാതാപിതാക്കളും മക്കളും, പരസ്പരം മുന്തിരിച്ചെടിയും ശാഖകളുമാണ്. ഒരുമിച്ച് നിൽക്കുമ്പോഴാണ് വളരുന്നത്. ഫലം പുറപ്പെടുവിക്കുന്നത്.

സ്നേഹമുള്ളവരേ, ഭാര്യയെ ഒന്ന് സ്നേഹത്തോടെ ചേർത്തുപിടിച്ചിട്ട്? ഭർത്താവിനെ ഒന്ന് സ്നേഹത്തോടെ ആ കണ്ണുകളിലേക്ക് നോക്കിയിട്ട്? പരസ്പരം ചേർന്നിരുന്നിട്ട്? നമ്മുടെ ബന്ധങ്ങളിൽ പാരസ്പര്യം കുറഞ്ഞു പോയിരിക്കുന്നു. നിലത്തുപാകുന്ന ഗ്രാനൈറ്റ് പാളികളേക്കാൾ നമ്മുടെ ബന്ധങ്ങൾ തണുത്തുപോയിരിക്കുന്നു. ബന്ധങ്ങളിലെ ഊഷ്മളത കുറഞ്ഞിരിക്കുന്നു. ബന്ധങ്ങൾ വെറും ബാധ്യതയായി മാറിയിരിക്കുന്നു! ബന്ധങ്ങൾക്ക് നാമിന്ന് വിലയിടുകയാണ്. അവയ്ക്കിടയിലുള്ള സ്നേഹത്തെ നാം തൂക്കിനോക്കുകയാണ്. ചിരപരിചയം കൊണ്ടാകാം, നമ്മുടെ ബന്ധങ്ങൾ നമ്മെ ഇന്ന് സന്തോഷിപ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ നാം വാടിപ്പോകുന്നു. ഫലം പുറപ്പെടുവിക്കാത്ത ശാഖകളായി മാറുന്നു.

എന്താണ് ബന്ധങ്ങളുടെ ധർമ്മം? മുന്തിരിച്ചെടിയും ശാഖകളുമായി നിൽക്കുമ്പോൾ എന്താണ് അനുഷ്ഠിക്കേണ്ട ധർമ്മം? മറ്റൊന്നുമല്ല, കാവലാകുകയാണ് ബന്ധങ്ങളുടെ ധർമ്മം. കൃഷിക്കാരൻ മുന്തിരിച്ചെടിയ്ക്ക് കാവലാകണം. വേരുകൾ മുന്തിരിച്ചെടിയ്ക്ക് കാവലാകണം. മുന്തിരിച്ചെടി ശാഖകൾക്ക് കാവലാകണം. ശാഖകൾ പൂവിനും, ഫലങ്ങൾക്കും കാവലാകണം. പൂവുകളും ഫലങ്ങളും വരുംതലമുറയ്ക്ക് കാവലാകണം. നമ്മുടെ ബന്ധങ്ങളിൽ ഒരാൾ മറ്റൊരാൾക്ക് ഇമവെട്ടാതെ കാവലാകണം.

അതിന് അടുത്താകണമെന്നൊന്നുമില്ല. അകാലങ്ങളിലായാലും നമുണ്ട് ബന്ധങ്ങളെ ശക്തിപ്പെടുത്താനും കാവലാകാനും സാധിക്കും.

അമേരിക്കൻ ജേർണലിസ്റ്റും, എഴുത്തുകാരിയുമായ എലിസബത്ത് ഗിൽബെർട്ടിന്റെ (Elizabeth Gilbert) Eat Pray Love എന്നൊരു പുസ്തകമുണ്ട്. ഒരു സ്ത്രീയുടെ, എഴുത്തുകാരിയുടെ തന്നെ ആധ്യാത്മിക അന്വേഷണമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ആ പുസ്തകം സമർപ്പിച്ചിരിക്കുന്നത് സൂസൻ ബോവന് ആണ്. എഴുതിയിരിക്കുന്നത് ഇങ്ങനെ: For Susan Bowen – who provided refuge even from 12,000 miles away.  സൂസൻ ബോവന്, പന്തീരായിരം മൈലുകൾക്കപ്പുറത്തുനിന്ന് എനിക്ക് അഭയമായതിന്.

ബന്ധങ്ങൾക്ക് കാവലാകാൻ ദൂരം ഒരു ഘടകമേയല്ല. കാര്യമിതാണ്: നിന്റെ ബന്ധങ്ങൾ കൃഷിക്കാരന്റേതും മുന്തിരിച്ചെടിയുടേതുംപോലെയാണോ? ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പോലെയാണോ? മുന്തിരിച്ചെടിക്കോ, ശാഖകൾക്കോ ഒറ്റക്ക് നിലനില്പില്ലെന്ന് ഓർക്കുക. മുന്തിരിച്ചെടിയിൽ നിന്ന് അകന്നുപോകുന്നതൊന്നും, ബന്ധങ്ങളെ ബന്ധനങ്ങളാക്കി മാറ്റുന്നതൊന്നും നമ്മുടെ ജീവിതത്തിൽ, കുടുംബത്തിൽ  സംഭവിക്കാതിരിക്കട്ടെ.

സ്നേഹമുള്ളവരേ, നമ്മുടെ ബന്ധങ്ങൾ വളരെ ശാസ്ത്രീയമാകണമെന്നൊന്നുമില്ല. പക്ഷേ, അതൊരിക്കലും യന്ത്രികമാകരുത്. മുന്തിരിച്ചെടിയും നല്ല ശാഖകളുംപോലെ ജൈവികമായിരിക്കണം. നമ്മുടെ ബന്ധങ്ങളിൽ സ്നേഹം നിറക്കേണ്ടതും, ആ ബന്ധങ്ങളിലെ ഊഷ്‌മളത അനുഭവിക്കേണ്ടതും ഇപ്പോഴാണ്. നമ്മുടെ ബന്ധങ്ങൾ എങ്ങനെയായിരിക്കണമെന്ന് ഇന്നത്തെ രൂപകകഥയിലൂടെ ഈശോ നമുക്ക് കാണിച്ചുതരുമ്പോൾ അതിനെ

മനസ്സിലാക്കാനും സ്വീകരിക്കുവാനും ഈശോ നമ്മെ അനുഗ്രഹിക്കട്ടെ. 

SUNDAY SERMON MT 10, 1-15

കൈത്താക്കാലം ഒന്നാം ഞായർ

ഉത്പത്തി 35, 23-29

ജോഷ്വാ 4, 1-9

വെളിപാട് 21, 9-21

മത്തായി 10, 1-15

സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ കൈത്താക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ക്രിസ്തുവിന്റെ 12 ശ്ലീഹന്മാരെ പ്രത്യേകമായി കൈത്താക്കാലത്തിൽ നാം അനുസ്മരിക്കുന്നു. ഏഴ് ആഴ്ചകളാണ് ഈ കാലത്തിനുള്ളത്. ക്രിസ്തു സാക്ഷികളായ ക്രൈസ്തവരുടെ ജീവിതത്തിലൂടെ സംജാതമാകുന്ന സഭയുടെ വളർച്ചയും ക്രൈസ്തവമൂല്യങ്ങളുടെ ഫലം ചൂടലുമാണ് ഈ ഏഴ് ആഴ്ചകളിൽ നാം അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്.

ക്രിസ്തുവിന്റെ ഉത്ഥാനത്തിനുശേഷം പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ശ്ലീഹന്മാർ നടത്തിയ സുവിശേഷ പ്രഘോഷണവും, ക്രിസ്തു സ്ഥാപിച്ച ക്രൈസ്തവ സഭയുടെ വളർച്ചയും വെറും ഭൗതിക വിപ്ലവ മുന്നേറ്റമായിരുന്നില്ല. അത് ക്രിസ്തുവിനാൽ കേന്ദ്രീകൃതമായതും, ക്രിസ്തുവാകുന്ന പാറമേൽ പണിതുയർത്തിയതുമാണ്. അത് ദൈവികമായതുകൊണ്ടും, ദൈവാത്മാവിനാൽ നയിക്കപ്പെടുന്നതുകൊണ്ടും മതമർദ്ദനങ്ങളെയും, ശീശ്‌മകളെയും, പാഷണ്ഡതകളെയും, യുദ്ധങ്ങളെയും, വിഘടനങ്ങളെയും, വിവാദങ്ങളെയും, വിമതപ്രവർത്തനങ്ങളേയും അതിജീവിച്ചുകൊണ്ട് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ക്രിസ്തുവിന്റെ രക്ഷാകരപ്രവർത്തനങ്ങളെ കഴിഞ്ഞുപോയ ഒരു ചരിത്രമായിട്ടല്ല, ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഒരു ദൈവിക, ആധ്യാത്മിക പ്രക്രിയയായിട്ടാണ് നാം വിലയിരുത്തുന്നത്.  

ഈ ഞായറാഴ്ചയിലെ സുവിശേഷഭാഗം സുതരാം വെളിപ്പെടുത്തുന്ന സത്യം ഇതാണ്: ഭൂമിയിലെ ക്രൈസ്തവ സഭ ക്രിസ്തുവിലും, ക്രിസ്തുവിനോടുകൂടിയും, ക്രിസ്തുവിലൂടെയും മുന്നോട്ട് പോകുന്ന ഒരു മഹാപ്രസ്ഥാനമാണ്. പ്രസ്ഥാനമെന്നത് രാഷ്ട്രീയക്കാർ വിവക്ഷിക്കുന്നതുപോലെ ആളുകളുടെ ഒരു കൂട്ടമോ, ഒരുമിച്ചുള്ള പ്രവർത്തനമോ അല്ല. അത് ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റമാണ്. ഒരു സ്ഥലം വിട്ട്, ഒരു പുതിയ ലക്ഷ്യത്തോടെയുള്ള യാത്രയാണ്. ഭൗതികമായതെല്ലാം ഉപേക്ഷിച്ചു് ക്രിസ്തുവിനെ സ്വീകരിച്ചു്, ക്രിസ്തുവിനോടൊപ്പമുള്ള യാത്രയാണത്. സ്വർഗത്തിലേക്ക്, ക്രിസ്തുവിലേക്ക് തീർത്ഥാടനം നടത്തുന്നവരാണ് ക്രൈസ്തവർ. ക്രിസ്തുവിനോടൊപ്പമുള്ള എല്ലാ യാത്രയും തീർത്ഥാടനമാണ്.

ഈശോ ശിഷ്യരെ തിരഞ്ഞെടുക്കുന്ന സംഭവത്തോടെയാണ് ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത്. അന്നുവരെയുണ്ടായിരുന്ന ഗുരുക്കന്മാരെല്ലാം, നേതാക്കന്മാരെല്ലാം തങ്ങളുടെ ശിഷ്യരായി സ്വീകരിച്ചിരുന്നത് ഉയർന്ന കുടുംബങ്ങളിൽ നിന്നുള്ളവരെയും, വിദ്യാഭ്യാസമുള്ളവരെയും, സവർണ സമുദായങ്ങളിൽ നിന്നുള്ളവരെയും ആയിരുന്നെങ്കിൽ, ഈശോ തന്റെ ശിഷ്യരെ തിരഞ്ഞെടുക്കുന്നത് സമൂഹത്തിന്റെ താഴെത്തട്ടിൽ, ജീവിതവുമായി മൽപ്പിടുത്തം നടത്തുന്ന മുക്കുവരെയാണ്. വിദ്യാഭ്യാസമില്ലാത്ത, നിരക്ഷരരായ ഈ ശിഷ്യന്മാരെ ഈശോ ഏൽപ്പിക്കുന്ന ജോലിയോ വലുതാണുതാനും. അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കുവാനും, എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തുവാനും ഈശോ അവരെ ചുമതലപ്പെടുത്തുകയാണ്. ചുമതലപ്പെടുത്തുക മാത്രമല്ല, അവരെ അതിനായി അയയ്ക്കുകയാണ്.

വലിയൊരു പരിശീലന പദ്ധതിയാണ് ഈശോ ഇവിടെ ആവിഷ്കരിക്കുന്നത്.ക്രിസ്തുവിനെ ദൈവമായി, രക്ഷകനായി സ്വീകരിക്കുന്ന ഓരോ ക്രൈസ്തവനും എങ്ങനെയാണ് തങ്ങളുടെ ജീവിതങ്ങളെ രൂപപ്പെടുത്തേണ്ടതെന്ന് ഈശോ അന്ന് ശിഷ്യന്മാരെ, ഇന്ന് നാം ഓരോരുത്തരെയും പഠിപ്പിക്കുകയാണ്. രണ്ട്‌ തലങ്ങളിലൂടെയാണ് ഈശോയുടെ പഠനം, പരിശീലന പദ്ധതി മുന്നോട്ട് പോകുന്നത്.

ഒന്ന്, ക്രൈസ്തവരുടെ ആത്മീയജീവിത തലമാണ്. ഈ ഭൂമിയിൽ ജീവിക്കുമ്പോൾ, ദൈവത്താൽ അയയ്ക്കപ്പെട്ടവരാണ് തങ്ങൾ എന്ന ബോധ്യത്തോടെ ജീവിക്കേണ്ടവരാണ് ക്രൈസ്തവർ. നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക്, ജീവിതത്തിന്റെ പാപമേഖലകളിൽ, നിരാശയുടെ മേഖലകളിൽ, ഇല്ലായ്മകളുടെ സാഹചര്യങ്ങളിൽ ജീവിക്കുന്നവരുടെ അടുത്തേക്ക് അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവർ.  ദൈവത്താൽ അയയ്ക്കപ്പെട്ടവരായിക്കൊണ്ട്, ക്രിസ്തുവിന്റെ പ്രേഷിതരായിക്കൊണ്ട് സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കേണ്ടവരാണ് ക്രൈസ്തവർ. ശാരീരിക, മാനസിക, ആത്മീയ തലങ്ങളിൽ രോഗികളായി കഴിയുന്നവരെ, അഹങ്കാരത്തിന്റെ, ആഡംബരത്തിന്റെ, പിശുക്കിന്റെ, മറ്റുള്ളവരിൽ തിന്മമാത്രം കാണുന്നതിന്റെ രോഗങ്ങളുമായി കഴിയുന്നവരെ സുഖപ്പെടുത്തുവാൻ അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവർ. ലഹരിയുടെ, മദ്യപാനത്തിന്റെ, പുകവലിയുടെ, അലസതയുടെ അശുദ്ധാത്മാക്കളുടെ അടിമത്വത്തിൽ കഴിയുന്നവരെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കേണ്ടവരാണ് ക്രൈസ്തവർ.

ക്രിസ്തുമതത്തിന്റെ ആദ്യകാലങ്ങളിൽ നമ്മുടെ ക്രൈസ്തവ സഹോദരീസഹോരരർ അങ്ങനെയായിരുന്നു ജീവിച്ചിരുന്നത്. ആദിമക്രൈസ്തവരുടെ ജീവിതവിശുദ്ധിയും, അവരിലെ നന്മയും കണ്ട് അക്രൈസ്തവർ വിസ്മയത്തോടെ ക്രൈസ്തവരെ നോക്കിനിന്നിട്ടുണ്ട്.

എന്തിന്, നമ്മുടെ കൊച്ചുകേരളത്തിൽ, ചാതുർവർണ്യം കൊടികുത്തിവാണിരുന്ന കാലത്തു്, ഏതെങ്കിലും, ബ്രാഹ്‌മണൻ അശുദ്ധനയാൽ, ഒരു ക്രൈസ്തവൻ തൊട്ടാൽ അവർ ശുദ്ധിയുള്ളവരാകും എന്ന് വിശ്വസിച്ചിരുന്ന ഹൈന്ദവപാരമ്പര്യം ഇവിടെയുണ്ടായിരുന്നു.

ഇന്ന് കാലം മാറി, കഥ മാറി! അക്രൈസ്തവർ നമ്മെ ഇപ്പോൾ വിസ്മയത്തോടെയല്ല, വിഷമത്തോടെയാണ് നോക്കുന്നത്. അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കേണ്ടവർ അശുദ്ധാത്മാക്കളാൽ അടിമപ്പെട്ട് തെരുവിൽ കിടന്ന് അലമുറയിടുകയാണ്; മറ്റുള്ളവരെ ഉപദ്രവിക്കുകയാണ്; നശിപ്പിക്കുകയാണ്. ക്രിസ്തുസ്നേഹത്തിന്റെയും, ക്രിസ്തുവിന്റെ കാരുണ്യത്തിന്റെയും വിശുദ്ധ ഇടങ്ങളായിരുന്ന നമ്മുടെ കുടുംബങ്ങൾക്ക് ഇന്ന് രോഗം പിടിച്ചിരിക്കുകയാണ്; വളർച്ച നിലച്ചു് മുരടിച്ചു പോകുകയാണ്. സിനിമകളിലൊക്കെ, വില്ലന്മാരെയും, പിടിച്ചുപറിക്കാരെയും, ചീത്തവഴികളിലൂടെയൊക്കെ നടക്കുന്ന കഥാപാത്രങ്ങളെയും അവതരിപ്പിക്കുമ്പോൾ, എന്തുകൊണ്ടാണ് അവർക്കൊക്കെ ക്രൈസ്തവ നാമങ്ങൾ കിട്ടുന്നത്? മറ്റു പല കാരണങ്ങൾ ഉണ്ടാകാമെങ്കിലും, നമ്മുടെ യഥാർത്ഥ ജീവിതങ്ങൾ അങ്ങനെയായതുകൊണ്ടും കൂടിയല്ലേ? നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ക്രൈസ്തവ ജീവിതങ്ങളുടെ വിശുദ്ധി, നന്മ വീണ്ടെടുക്കേണ്ടിയിരിക്കുന്നു!

സ്നേഹമുള്ളവരേ, ക്രിസ്തു ഇന്ന് നമ്മെ വീണ്ടും പഠിപ്പിക്കുകയാണ്. ക്രൈസ്തവർ എങ്ങനെയുള്ളവരായിരിക്കണം, ഈ ഭൂമിയിൽ എങ്ങനെ അവർ ജീവിക്കണം എന്ന് ഈശോ നമുക്ക് പറഞ്ഞു തരികയാണ്.

രണ്ട്‌, ക്രൈസ്തവ മനോഭാവത്തിന്റെ തലം. ക്രൈസ്തവരുടെ ജീവിതത്തോടുള്ള മനോഭാവം എങ്ങനെയായിരിക്കണമെന്ന് ഈശോ നമ്മോട് പറയുകയാണ്: “ദാനമായി നിങ്ങൾക്ക് കിട്ടി. ദാനമായിത്തന്നെ കൊടുക്കുവിൻ.” ഇത് മിഷനറി പ്രവർത്തനത്തിന് പോകുന്ന വൈദികരോടും, സിസ്റേഴ്സിനോടും മാത്രം പറയുന്നതല്ല. ഓരോ ക്രൈസ്തവന്റെയും ജീവിത മനോഭാവം ഇതായിരിക്കണം. നാമെല്ലാവരും സ്വീകർത്താക്കളാണ്. നല്കപ്പെട്ടിട്ടുള്ളതല്ലാതെ, സ്വീകരിച്ചിട്ടുള്ളതല്ലാതെ എന്താണ് നമ്മുടെ ജീവിതത്തിലുള്ളത്? നമ്മുടെ ഈ കൊച്ചു ജീവിതം, ജീവൻ നിലനിർത്തുന്ന പ്രാണവായു, നാം കുടിക്കുന്ന ജലം, തിന്നുന്ന ഭക്ഷ്യധാന്യങ്ങൾ, പഴവർഗങ്ങൾ, സൂര്യനിൽ നിന്ന് ലഭിക്കുന്ന ചൂട്, ചന്ദ്രനക്ഷത്രാദികൾ, ഉള്ളിലേക്ക് വലിക്കുന്ന ഓക്സിജൻ, പുറത്തേക്ക് വിടുന്ന കാർബൺ ഡയോക്സൈഡ്…എല്ലാം പ്രിയപ്പെട്ടവരേ, ദൈവം നമുക്ക് നൽകിയതാണ്. നാം ആമസോൺ വഴി ഓർഡർ ചെയ്തതല്ല, ഫ്ലിപ്കാർട്ടിന്റെ പ്ലാറ്റഫോമിൽ പരസ്യം കണ്ടിട്ട് ബുക്ക് ചെയ്തതല്ല. എല്ലാം ദാനമാണ്. ഇതെല്ലം എന്റേതാണ് എന്ന അഹങ്കാരം പറച്ചിൽ പാടില്ല. അത് അപരാധമാണ്. വിശുദ്ധ പൗലോശ്ലീഹാ വിജ്ഞാനത്തിൽ, സമ്പത്തിൽ, സൈന്യബലത്തിൽ, മസിൽ പവറിൽ അഹങ്കരിച്ച റോമക്കാരോട് എന്താണ് പറഞ്ഞത്? ” മനുഷ്യന്റെ ആഗ്രഹമോ, പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.” (9, 16)

നമ്മുടെ ശ്വാസകോശത്തിൽ എത്ര സുഷിരങ്ങളുണ്ട്? ഏതാണ്ട് ആറായിരം ചെറിയ സുഷിരങ്ങളുണ്ട്. എങ്കിലും വളരെ അപൂർവമായേ ഒരാൾ തന്റെ മുഴുവൻ ശ്വാസകോശങ്ങളും ഉപയോഗിക്കുന്നുള്ളൂ. നല്ല ആരോഗ്യമുള്ളയാൾപോലും രണ്ടായിരം സുഷിരങ്ങളിലൂടെയേ ശ്വസിക്കുന്നുള്ളു. ബാക്കി നാലായിരം സുഷിരങ്ങൾ ഓടുമ്പോഴോ, നീന്തുമ്പോഴോ, വലിയ ജോലികൾ ചെയ്യുമ്പോഴോ കൂടുതൽ ശ്വസിക്കുവാനുള്ളതാണ്. ശ്വസിക്കുന്നതിന് മുൻപ് കാർബൺ ഡയോക്സൈഡ് ശ്വാസ കോശത്തിൽ നിന്ന് പുറന്തള്ളണം. ശ്വാസകോശത്തിൽ കാർബൺ ഡയോക്സൈഡ് നിറഞ്ഞാൽ മരണം സംഭവിക്കും. നമുക്ക് ചുറ്റുമുള്ള മരങ്ങളും ശ്വസിക്കുന്നുണ്ട്. അവ ശ്വസിക്കുന്നത് കാർബൺ ഡയോക്സൈഡ് ആണ്. അവർക്കിത് കിട്ടുന്നത് നമ്മിൽ നിന്നാണ്. നമ്മളില്ലെങ്കിൽ അവ മരിക്കും. മരങ്ങളില്ലെങ്കിൽ ഓക്സിജൻ നമുക്ക് ലഭിക്കില്ല. അപ്പോൾ നാം മരിക്കും.

എന്നാൽ, എല്ലാം വളരെ കൃത്യമായി നൽകപ്പെടുന്നു. ആരാണ് തരുന്നത്? അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ? റഷ്യൻ ഭീമൻ വ്ളാദിമിർ പുടിൻ? ഇന്ത്യൻ പ്രധാനമന്ത്രി നരേദ്ര മോദി? എല്ലാത്തിന്റെയും അടിസ്ഥാനം ദൈവത്തിന്റെ ദയയാണ്.

എങ്കിൽ, ഞാൻ കൊടുക്കുകയില്ല, പങ്കുവയ്ക്കുകയില്ല എന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? ദൈവം അങ്ങനെ പറയുന്നുണ്ടോ? ഇല്ല. നിങ്ങളുടെ തോട്ടത്തിലെ, വൃക്ഷങ്ങളോ, നിങ്ങളുടെ തൊഴുത്തിലെ കന്നുകാലികളോ അങ്ങനെ പറയുന്നുണ്ടോ? ഇല്ല. പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്ന വായു അങ്ങനെ പറയുന്നുണ്ടോ? നിങ്ങളുടെ കിണറിലെ, പുഴയിലെ, കുളത്തിലെ വെള്ളം അങ്ങനെ പറയുന്നുണ്ടോ? ഇല്ല. അപ്പോൾ പിന്നെ? എല്ലാം ദാനമായി കിട്ടിയതുകൊണ്ട്, ഹേ, മനുഷ്യാ, ദാനമായിത്തന്നെ നീ കൊടുക്കണം. ഇതാണ് ക്രിസ്തുവിന്റെ ഹൃദയം! ക്രൈസ്തവ മനോഭാവം.  

കുട്ടിയായിരുന്നപ്പോൾ വീട്ടിലെ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. ഓരോ നേരവും ചോറുവയ്ക്കുവാനായി അരിയെടുക്കുമ്പോൾ എന്റെ അമ്മച്ചി ഒരു പിടി അരി അതിൽ  നിന്നെടുത്തു് മാറ്റിവയ്ക്കും. വിൻസെന്റ് ഡി പോൾ സംഘടനയിലെ അംഗങ്ങൾ വരുമ്പോൾ കൊടുക്കുവാനാണ്. ഒരു കാലത്തു് നമ്മുടെ എല്ലാ അമ്മമാരും ഇങ്ങനെ ചെയ്തിരുന്നു. എന്നാൽ, എന്റെ അമ്മച്ചിയുടെ കാര്യത്തിൽ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത് ഇതാണ്. ഒരു പിടി അരിയെടുത്തിട്ട് അതിൽ നോക്കി അമ്മച്ചി ഒന്ന് പുഞ്ചിരിക്കും. എന്നിട്ടത് വേറൊരു  പാത്രത്തിലേക്ക് മാറ്റിവയ്ക്കും. ഒരിക്കൽ ഞാൻ അമ്മച്ചിയോട് ചോദിച്ചു:” അമ്മച്ചീ, അമ്മച്ചി എന്തിനാണ് പിടിയരി നോക്കി പുഞ്ചിരിക്കുന്നത്?” അപ്പോൾ അമ്മച്ചി പറഞ്ഞു: “ഈ ലോകത്തിലെ ഏതെങ്കിലും ഒരു വ്യക്തി ഈ അരി ഭക്ഷിക്കും. ആ വ്യക്തിയുടെ മുഖത്തെ അപ്പോഴത്തെ സംതൃപ്തി ഓർത്തിട്ടാണ് ഞാൻ പുഞ്ചിരിക്കുന്നത്”. ധാരാളം ഉണ്ടായിട്ടല്ല, ഉള്ളത് ദാനമായി കിട്ടിയതുകൊണ്ട്, ദാനമായി കൊടുക്കുവാനുള്ള അമ്മച്ചിയുടെ മനസ്സായിരുന്നു ആ പുഞ്ചിരി എന്ന് ഇപ്പോൾ ഞാൻ മനസിലാക്കുന്നു.     

നമുക്ക് ഉള്ളത് നല്കപ്പെട്ടിട്ടുള്ളതാണ്. ദാനമായി ലഭിച്ചിട്ടുള്ളതാണ്. ഉള്ളതിൽ നിന്ന് കൊടുക്കുമ്പോഴുണ്ടാകുന്ന വേദനയാണ് ക്രൈസ്തവന്റെ ജ്ഞാനസ്നാനം. ആ വേദനയാണ് നമുക്ക് ദൈവത്തിന്റെ കൃപയായി, സമൃദ്ധിയായി വീണ്ടും നമ്മുടെ ജീവിതത്തിൽ നിറയുന്നത്. എല്ലാം ദാനമായി കിട്ടിയതായാത്തതുകൊണ്ട് കൊടുക്കുക എന്നത് ഒരു സ്വാഭാവിക പ്രവൃത്തിയാകണം. പൂക്കൾ സുഗന്ധം പരത്തുന്നതുപോലെയാണത്. ആർക്ക് നൽകുന്നതെന്ന് അവർ അറിയുന്നില്ല. അവർക്കതിൽ താത്പര്യമില്ല. കാറ്റ് എവിടെ പോകുന്നുവോ അവിടെയെല്ലാം സുഗന്ധം പരക്കും. ഇങ്ങനെയുള്ളവർ നല്കുന്നതിനെക്കുറിച്ചു് അറിയുന്നുപോലുമില്ല. ഇവരെപ്പോലുള്ളവരുടെ കരങ്ങളിലൂടെയാണ് ദൈവം സംസാരിക്കുന്നത്. മഹാനായ, ചിന്തകനായ ഖലീൽ ജിബ്രാൻ പറയുന്നത് കേൾക്കുക: “ചോദിക്കുമ്പോൾ കൊടുക്കുന്നത് നല്ലതുതന്നെ. എന്നാൽ ചോദിക്കാതെ, മനസ്സിലാക്കിക്കൊടുക്കുന്നത് ഏറെ നന്ന്. കാരണം, ചോദിക്കാതെയല്ലേ നമുക്കെല്ലാം ലഭിക്കുന്നത്!!!”

സ്നേഹമുള്ളവരേ, കോവിഡനന്തര കാലത്തിന്റെ ബുദ്ധിമുട്ടുകളും, കർക്കിടകത്തിന്റെ കഷ്ടങ്ങളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന നമ്മോട് ഇന്നത്തെ സുവിശേഷം പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ. രണ്ട് കാര്യങ്ങളാണ് പ്രധാനമായും നാം ശ്രദ്ധിക്കേണ്ടത്. നമ്മുടെ ക്രൈസ്തവ ആത്മീയ ജീവിതത്തിന്റെ തലങ്ങൾ നാം ശക്തിപ്പെടുത്തണം. എല്ലാം ദാനമാണ്, ദൈവം നൽകിയതാണ്. ദാനമായിത്തന്നെ കൊടുക്കുക.

ക്രിസ്തുമതം മറ്റേതൊരു മതത്തെയും പോലെ ഒരു മതമാണ് എന്നും, മറ്റ് സംഘടനകളെപ്പോലെ ഒരു സംഘടനയാണെന്നുമൊക്കെ വരുത്തി തീർക്കുവാനുള്ള പരിശ്രമങ്ങൾ ലോകം മുഴുവനും നടക്കുന്നുണ്ട്. എന്നാൽ, ക്രിസ്തുമതത്തിന് ഒരു പ്രത്യേകതയുണ്ട്. ക്രൈസ്തവ ആത്മീയതയ്ക്ക് ഒരു പ്രത്യേക സുഗന്ധമുണ്ട്. ക്രൈസ്തവരുടെ മനോഭാവങ്ങൾക്ക് പ്രത്യേക സൗന്ദര്യമുണ്ട്. ഇക്കാര്യം ലോകത്തോട് പ്രഘോഷിക്കുവാനാണ് ദൈവം നമ്മെ ഈ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്.

അത്, നഷ്ടപ്പെടുന്നുണ്ട് എന്ന് സാമാന്യമായി പറയാമെങ്കിലും, ഈ പ്രത്യേകതയും, സുഗന്ധവും, സുന്ദര്യവും ഒട്ടും കുറയാതെ കാത്തുസൂക്ഷിക്കുന്ന ധാരാളം ക്രൈസ്തവരുണ്ട് എന്നത് നാം മറക്കരുത്. നമ്മുട ജീവിതങ്ങളും, കുടുംബങ്ങളും ക്രൈസ്തവ ചൈതന്യത്താൽ നിറയട്ടെ. ക്രിസ്തു ഇന്ന് പഠിപ്പിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ വിശുദ്ധ കുർബാന നമ്മെ ശക്തിപ്പെടുത്തട്ടെ.

നൽകുന്നവനും സ്വീകരിക്കുന്നവനും ദൈവത്തിന്റെ മുൻപിൽ അവിടുത്തെ മക്കളാണ്. ആമേൻ!

Communicate with love!!