NOMBUKAALA CHINTHAKAL -2

ആഴ്ച്ച രണ്ട് – അനുരഞ്ജനം ദൈവാനുഗ്രഹത്തിന്റെ ചാലുകൾ

Image result for images of reconciliation

തപസ്സിന്റെയും പ്രാർത്ഥനയുടെയും മനോഹരലോകത്തിലേക്കു നാം പ്രവേശിച്ചിരിക്കുകയാണ്. ഇവിടെ മനസ്സില്ല ഹൃദയമേയുള്ളു. ഇവിടെ യുക്തിയില്ല, സ്നേഹമേയുള്ളു. സ്നേഹത്തിനു സ്ഥായിയായി ഇരിക്കുവാൻ സാധ്യമല്ലല്ലോ സ്നേഹത്തിനു ബന്ധങ്ങളുണ്ടാകണം. ബന്ധങ്ങളിൽ നിന്ന് ബന്ധങ്ങളിലേക്കു സ്നേഹം കടന്നുപോയ്ക്കൊണ്ടേയിരിക്കണം. നമ്മുടെ ദൂരക്കാഴ്ച്ചകളെ മറയ്ക്കുന്ന പ്രലോഭനങ്ങൾ തകർക്കുന്നത് നല്ല ബന്ധങ്ങളുടെ വേരുകളെയാണ് – ദൈവവുമായുള്ള, സഹോദരങ്ങളുമായുള്ള, പ്രപഞ്ചവുമായുള്ള ബന്ധങ്ങളുടെ വേരുകളെ.

അനുരഞ്ജനമാകട്ടെ, ബന്ധങ്ങളെ കൂട്ടിയിണക്കുകയാണ്. വ്യവസ്ഥകളില്ലാത്ത, അതിരുകളില്ലാത്ത, പരസ്പരം ബഹുമാനിക്കുന്ന സ്നേഹമാണ് അനുരഞ്ജനം. ദൈവവും മനുഷ്യനും, മനുഷ്യനും മനുഷ്യനും, മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധങ്ങളുടെ സുഗമമായ ഒഴുക്കിനു അനുരഞ്ജനം ആവശ്യമാണ്. ഒഴുക്കിന്റെ ശക്തിയിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാം, ചിലയിടങ്ങളിൽ ഒഴുക്ക്‌ നിശ്ചലമാകാം, മറ്റിടങ്ങളിൽ ഒഴുക്കിനു ധാരാളം തടസ്സങ്ങളുണ്ടാകാം. ചിലപ്പോൾ ദിശമാറി ഒഴുകിയെന്നും വരാം. എന്നാൽ, ബന്ധങ്ങളിൽ സ്നേഹം നിറച്ചു ഒരുമയിൽ ജീവിക്കുകയാണ് പ്രധാനം. ബന്ധങ്ങൾ ശിഥിലമാകുന്നത് സാധാരണമാണ്, സ്വാഭാവികമാണ്. എന്നാൽ, ബന്ധങ്ങളെ വീണ്ടും ഇണക്കി ചേർക്കുകയെന്നത് അസാധാരണമാണ്, ദൈവികമാണ്.

Image result for images of river flowing

ദിവസത്തിൽ ഇരുപത്തിനാലു മണിക്കൂറും മനുഷ്യൻ ബന്ധങ്ങളുടെ തണലിലാണ്. രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ ദൈവവുമായി ബോധപൂർവമായ ബന്ധത്തിലാണ്. ‘വിശുദ്ധ കുരിശിന്റെ അടയാളത്താൽ’ വരച്ചു നമ്മെത്തന്നെ ദൈവത്തിനു സമർപ്പിക്കുമ്പോൾ മുതൽ നാം ദൈവവുമായി പ്രണയത്തിലാണ്; അനുരഞ്ജനത്തിലാണ്. കുടുംബത്തിലുള്ളവരോട് ‘ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ’ എന്നും പറഞ്ഞു ദിവസം തുടങ്ങുമ്പോൾ മുതൽ അനുരഞ്ജനത്തിന്റെ സ്നേഹച്ചരടിൽ നാമെല്ലാം ഒന്നാകുകയാണ്. കുടുംബത്തിലെ ജോലികളിൽ, സ്‌കൂളിൽ, ജോലിസ്ഥലത്ത്, വൃക്ഷത്തണലിൽ ഒരുമിച്ചിരുന്നു, പുഴയിൽ നീന്തി, കൂട്ടുകാരുമൊത്തു കളിച്ചു, പരസ്പരം  സഹായിച്ചു, സഹകരിച്ചു മുന്നോട്ടു പോകുമ്പോൾ നമ്മുടെ ഹൃദയത്തിന്റെ വീണയിൽ നാം അനുരഞ്ജനത്തിന്റെ ഈണങ്ങൾ മീട്ടുകയാണ്. അനുരഞ്ജനമാണ് ജീവിതത്തിന്റെ, ജീവിതബന്ധങ്ങളുടെ സൗന്ദര്യം!

അനുരഞ്ജനം ബന്ധങ്ങളെ ദൈവികമാക്കുകയാണ്. ബന്ധത്തിലെ സ്നേഹാമൃതം രുചിക്കാതെ, അതിനെ തട്ടിത്തെറിപ്പിച്ചു പിതാവിന്റെ നെഞ്ചിൽ ചവുട്ടി ഇറങ്ങിപ്പോയ ഒരു മകനെ ഓർക്കുന്നില്ലേ? അനുരഞ്ജനത്തിന്റെ ആലിംഗനവുമായി പുത്രനെ കാത്തിരിക്കുന്ന പിതാവിന്റെ മുൻപിൽ ഒരുനാൾ പുത്രൻ വന്നു നിൽക്കുകയാണ്. അകന്നു പോയതിന്റെ വേദന അയാളുടെ മുഖത്തുണ്ട്. ഹൃദയവിഭജനത്തിന്റെ നാളുകളിൽ ഏറ്റ പൊള്ളലുകൾ കണ്ണീരായി ഒഴുകുന്നുമുണ്ട്. എന്നാൽ,      പുത്രന്റെ പശ്ചാത്താപം നിറഞ്ഞ വാക്കുകൾക്ക് മുകളിൽ പിതാവിന്റെ  അനുരഞ്ജനത്തിന്റെ ആലിംഗനം!Image result for images of prodigal son

പിതാവിന്റെയും പുത്രൻറെയും ബന്ധം വിമലീകരിക്കപ്പെടുകയാണ്. ദൈവികമാകുകയാണ്. ചോദ്യങ്ങൾ … വിശദീകരണങ്ങൾ… കാലുകഴുകൽ … വിളിച്ചുപറയൽ whatsApp – ൽ അതിന്റെ  ചിത്രീകരണങ്ങൾ… ഒന്നുമില്ല. ദൈവത്തിന്റെ പ്രസാദവരം അവിടെ ഒഴുകുകയാണ് … വ്യവസ്ഥകളില്ലാത്ത, പരസ്പരം ബഹുമാനിക്കുന്ന സ്നേഹം! അനുരഞ്ജനം!

അനുരഞ്ജനം നമ്മുടെ അഹംഭാവത്തിന്റെ ആഘോഷമാകരുത്. അത് പ്രലോഭനങ്ങളിൽപെട്ടുപോയ നിന്റെ സഹോദരനെ   നേടിയെടുക്കുന്ന ദൈവിക പ്രവർത്തിയാണ്; ദൈവകാരുണ്യത്തിന്റെ തലോടലിൽ അവളെ/അവനെ സാന്ത്വനത്തിന്റെ തൈലത്താൽ അഭിഷേകം ചെയ്യലാണ്; സ്നേഹബഹുമാനങ്ങളോടെ കൂടെനിർത്തലാണ്. ‘നീ അങ്ങനെ ചെയ്തവനല്ലേ, നീ തിന്മയുടെ പാതയിൽ നടന്നവളല്ലേ…’ എന്ന്   അവളെ/അവനെ വിധിക്കാൻ നീ ആരാണ്? “പാപമില്ലാത്തവർ കല്ലെറിയട്ടെ”എന്ന് ആരോ നമ്മെ ഓർമിപ്പിക്കുന്നു. “വിധിക്കരുത്” എന്നത് അതിർവരമ്പുകൾ നിശ്ചയിക്കുന്ന മനസ്സിന്റെ ഭാവത്തിനെതിരെ, ബന്ധങ്ങളെ ശിഥിലമാക്കുന്ന ചിന്തയ്‌ക്കെതിരെ ഉണർന്നു പ്രവർത്തിക്കാൻ വേണ്ടിയാകണം ഈശോ പറഞ്ഞത്.

ദൈവത്തോട്, മനുഷ്യരോട്, പ്രപഞ്ചത്തോട് അനുരഞ്ജനപ്പെട്ടു നിൽക്കുമ്പോഴാണ് ജീവിതം പ്രസാദാത്മകമാകുന്നത്. അനുരഞ്ജനത്തിന്റെ ബലിവേദിയിൽ മാത്രമേ, ജീവിതം ധന്യമാകുകയുള്ളു. നമ്മുടെ ജീവിതത്തിന്റെ എല്ലാ അടരുകളെയും ചൂഴ്ന്നുനിൽക്കുന്ന ക്രിസ്തുവിന്റെ മൊഴി ഇങ്ങനെയാണ്: “നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്നു അവിടെ വച്ച് ഓർത്താൽ കാഴ്ച്ചവസ്തു അവിടെ ബലിപീഠത്തിന് മുൻപിൽ വച്ചിട്ട് പോയി നിന്റെ സഹോദരനോട് രമ്യപ്പെടുക. പിന്നെ വന്നു കാഴ്ച്ച യർപ്പിക്കുക.” (മത്താ 5,23-24) ക്രൈസ്തവന് ജീവിതം മുഴുവനും ബലിയർപ്പണമാണ്. ജീവിതത്തിന്റെ ഓരോ നിമിഷവും ജീവിതസാഹചര്യങ്ങളിൽ ‘ഇതെന്റെ ശരീരമാകുന്നു’ ഇതെന്റെ രക്തമാകുന്നു’വെന്നും പറഞ്ഞു   ബലിയാകുകയാണ് ക്രൈസ്തവജീവിത ത്തിന്റെ സ്വഭാവം. ജീവിതമാകുന്ന ബലിപീഠത്തിൽ ഓരോനിമിഷവും നീ ബലിയാകുമ്പോൾ നിന്റെ ആദ്യ പ്രയത്നം നിന്റെ സഹോദരനുമായി രമ്യതപ്പെടുകയാണ്. ഇവിടെ ‘സഹോദരനെ’ന്നത് സ്ത്രീ ലിംഗമാകാം, പുല്ലിംഗമാകാം, നപുംസകലിംഗവുമാകാം.   എല്ലാം സഹോദരൻമാരാണ്, കാരണം സർവ ചരാചരങ്ങളുടെയും സ്രഷ്ടാവ് ഒന്നാണ്. മനുഷ്യർ, മരങ്ങൾ, മലകൾ, പുഷ്പങ്ങൾ, പാറകൾ, കല്ലും മണ്ണും, മൃഗങ്ങൾ, പക്ഷികൾ, ഉറുമ്പുകൾ എല്ലാം എല്ലാം സഹോദരന്മാരാണ്. ഇതറിഞ്ഞവനായിരുന്നു വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി. അദ്ദേഹത്തിനെല്ലാം പിതാവിന്റെ മക്കളായിരുന്നു.

ജീവിതത്തിന്റെ ബലിവേദിയിൽ എല്ലാം ബലിയുടെ വിശുദ്ധിയിൽ ചെയ്യുമ്പോൾ അനുരഞ്ജനം ഒരു അവശ്യഘടകമാകുന്നു. ദൈവവുമായി, സഹോദരങ്ങളുമായി, പ്രപഞ്ചവുമായി രമ്യതപ്പെടാതെ എങ്ങനെ നിനക്ക് ജീവിക്കുവാൻ സാധിക്കും? സഹോദരനെ നിനക്ക് കാണാം. ദൈവത്തെ കാണാനാകില്ല.  കാണപ്പെടുന്നവയോടു അനുരഞ്ജനപ്പെടാൻ നിനക്ക് കഴിയുന്നില്ലെങ്കിൽ എങ്ങനെയാണ് കാണപ്പെടാത്ത ദൈവവുമായി നിനക്ക് രമ്യതയിൽ ആകാൻ സാധിക്കും?

അനുരഞ്ജനത്തിന്റെ വ്യാപ്തി വെളിപ്പെടുകയാണിവിടെ. ജീവിതത്തിന്റെ എല്ലാ തലത്തിലും അനുരഞ്ജനം കടന്നുവരികയാണ്. സാവധാനത്തിൽ നിങ്ങളുടെ വ്യക്തി ജീവിതം ഒന്ന് നിരീക്ഷിക്കുക. ഒരു ചന്തപ്പറമ്പ് തന്നെ നാം തലയിൽ ചുമന്നുകൊണ്ട് നടക്കുന്നുണ്ട്. എന്തെല്ലാം അനാവശ്യമായ വസ്തുക്കൾ…ചപ്പുചവറുകൾ…നമ്മൾ ഒന്നല്ല, ഉള്ളിൽ ഒരു ജനക്കൂട്ടമാണ്. പല തരത്തിലുള്ള വ്യക്തികൾ! ആസക്തി നിറഞ്ഞ ഞാൻ, പരാതി പറയുന്ന, അസൂയയും, അഹങ്കാരവുള്ള ഞാൻ, അവിശ്വസ്തത പുലർത്തുന്ന ഞാൻ…ഉള്ളിൽ ഒന്നും, പുറമെ മറ്റൊന്നുമായി കപടനടനം നടത്തുന്ന  ഞാൻ… അങ്ങനെ ഒരു ജനക്കൂട്ടമാണ് നാമോരോരുത്തരും. വിഭജിക്കപ്പെട്ട വ്യക്തിത്വങ്ങൾ! നമ്മോടു തന്നെ അനുരഞ്ജനം ആവശ്യമാണ്.

Image result for images of prodigal son

സ്വയം അനുരഞജിതനാകാത്തവൻ ഉള്ളിൽ ചിന്നഭിന്നമാണ്. അവന്റെ/അവളുടെ വളരെ രഹസ്യാത്മകമായ വ്യക്തിപരമായ പാപങ്ങൾപോലും ബന്ധങ്ങളെ ഉലയ്ക്കും. ഒരു പാപവും തികച്ചും വ്യക്തിപരമല്ല. അത് നമ്മുടെ ബന്ധങ്ങളിലെ കണ്ണികളെ വലിഞ്ഞുമുറുക്കുന്നുണ്ട്. കാരണം, ഓരോ പാപാവസ്ഥയും വ്യക്തിയെ, വ്യക്തികളെ തകർക്കുന്നുണ്ട്. ആ തകർച്ചയുടെ ഷോക്കുമായി വീട്ടിൽ ചെല്ലുമ്പോൾ ഭാര്യയോട്, ഭാർത്താവിനോട്, മാതാപിതാക്കളോട്, മക്കളോട്, സമൂഹത്തിലുള്ളവരോട് എങ്ങനെ രമ്യമായി, സമാധാനത്തോടെ പെരുമാറും? ഉള്ളിൽ തകർച്ചയുണ്ടെങ്കിൽ, ഉള്ള് അസ്വസ്ഥമാണെങ്കിൽ എങ്ങനെ സമാധാനം കൊടുക്കാൻ കഴിയും? ഉള്ളിലുള്ളതല്ലേ കൊടുക്കാൻ കഴിയൂ?

ഹൃദയം വിഭജിതമായാൽ പിന്നെ അനുരഞ്ജനത്തിലേക്കു എത്തുന്നതുവരെ ഭ്രാന്തമായഒരു അവസ്ഥയിലൂടെയായിരിക്കും മനുഷ്യൻ കടന്നുപോകുക. കാണുന്നതിനോടെല്ലാം ദേഷ്യം! വാതിൽ വലിച്ചടയ്ക്കുന്നു…കസേരയെടുത്തു എറിയുന്നു….റിമോട്ട് കൺട്രോൾ കഷണങ്ങളാകുന്നു… വായിൽ നിന്ന് വരുന്നതോ പുഴുത്ത ‘സുകൃത’ങ്ങൾ! പിന്നെ തന്ത്രപ്രധാനമായ ഇടവേളകൾ! പരസ്പരം മിണ്ടാതിരിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക…..എന്തെല്ലാം. നാടകങ്ങൾ! ദൈവം സമ്മാനമായി തന്ന ജീവിതം, ജീവിതനിമിഷങ്ങൾ എല്ലാം നഷ്ടപ്പെടുത്തുമ്പോൾ നാം എന്ത് നേടുന്നു?

നഷ്ടങ്ങളുടെ സ്‌ക്രീനിൽ തോണ്ടി നിസ്സാരമായവയ്ക്കുവേണ്ടി പണയം വയ്ക്കുവാനുള്ളതല്ല ക്രിസ്തു നമുക്ക് നൽകിയ ജീവിതമെന്നു മനസ്സിലാക്കുക. ജീവിതം ഇരുളിലേക്ക് കടക്കുന്നതിനു മുൻപ് നാം അനുരഞ്ജനത്തിലേക്ക് കടന്നുവരണം. എല്ലാവരോടും, എല്ലാറ്റിനോടും അനുരഞജിതരാകുവാൻ നമുക്കാകണം. നിങ്ങളുടെ പ്രവൃത്തിമൂലം വേദനിച്ച വാതിലിനോടും, കസേരയോടും മാപ്പുചോദിച്ചു രമ്യതയിലാകണം. ആ വാതിൽ നിങ്ങളോടു എന്ത് ചെയ്തു? ക്ഷമ ചോദിക്കണം നിങ്ങൾ. stupid ആയി തോന്നുന്നുണ്ടോ? ഉണ്ടല്ലേ? വാതിലിനോട് ദേഷ്യപ്പെട്ടപ്പോൾ നിങ്ങക്കതു തോന്നിയില്ലേ? ദേഷ്യപ്പെടാൻ നിങ്ങൾക്കാവുമെങ്കിൽ, സ്നേഹിക്കാനും നിങ്ങൾക്കാകണം.

ഭൂമിയിലെ അനുരഞ്ജനത്തിന്റെ ഏറ്റവും മനോഹരരൂപമായ ദാമ്പത്യ ബന്ധങ്ങൾ പോലും ഇന്ന് ശിഥിലമാണ്! ബന്ധങ്ങളുടെ നിർമ്മലത പാലിക്കാത്ത വെറും നാട്യങ്ങളായി, അഭിനയമായി തീരുന്നോ നമ്മുടെ ജീവിതങ്ങൾ?! ജീവിതത്തിന്റെ ബലിവേദിയിൽ അനുരഞ്ജനത്തിന്റെ മെഴുകുതിരികളായി എരിഞ്ഞെരിഞ്ഞു മറ്റുള്ളവർക്കുവെളിച്ചമാകാൻ കാൽവരിയുടെ വഴി നമ്മെ പഠിപ്പിക്കും. എല്ലാ ബന്ധങ്ങളോടും അനുരഞ്ജനത്തിന്റെ ഭാഷ സംസാരിക്കുവാൻ നാം പഠിക്കണം.

എല്ലാ ബന്ധങ്ങളും ദൈവം യോജിപ്പിച്ചവയാണ്. അതാണ് ബന്ധങ്ങളുടെ മനോഹാരിത. എന്നാൽ ബന്ധങ്ങളെ തട്ടിത്തെറിപ്പിച്ചു അഹങ്കാരത്തിന്റെ മസിലും പെരുപ്പിച്ചു നടക്കുകയാണ് മനുഷ്യൻ. ഭൂമിയിലെ മൃഗങ്ങളിൽ വച്ച് ഏറ്റവും ബലഹീനനാണ് താനെന്നു അവൻ/അവൾ ഓർക്കുന്നേയില്ല. മരണം സുനിശ്ചിതമാണെന്നു അറിഞ്ഞിട്ടും പിടിവാശിയുടെയും പിണക്കത്തിന്റെയും അഹന്തയുടെയും കുതിരപ്പുറത്താണ് നമ്മുടെ യാത്ര. ഒരുനാൾ വരും; അന്ന് മരണത്തിന്റെ തണുപ്പുമായി താൻ വീടിന്റെ മുറ്റത്ത് കിടക്കുമെന്നറിഞ്ഞിട്ടും, സ്ഥലത്തിനുവേണ്ടി, സമ്പത്തിനുവേണ്ടി, സ്വർണത്തിനുവേണ്ടി മനുഷ്യന് ആക്രാന്തമാണ്‌. ബന്ധങ്ങളെ വെട്ടിമുറിക്കുവാൻ നമുക്ക് ഒരു മടിയുമില്ല.

അനുരഞ്ജനമാണ് ക്രിസ്തു നമ്മോടു ആവശ്യപ്പെടുന്നത്. അനുരഞ്ജനം diplomacy അല്ല, അനുരഞ്ജനം duplicacy-യും അല്ല.  അത് സെഹിയോനിലെ പാദം കഴുകലാണ്; ഒറ്റിക്കൊടുക്കുന്നവന്റെയും തള്ളിപ്പറയുന്നവന്റെയും കൂടെ നിൽക്കാത്തവരുടെയും പാദങ്ങൾ കഴുകി ചുംബിക്കുന്ന അനുരഞ്ജനം. അത് സെഹിയോനിലെ കുർബാനയാണ്; ഒറ്റിക്കൊടുക്കുന്നവന്റെയും കൈകളിലേക്ക് തന്നെത്തന്നെ പകുത്തു നൽകുന്ന അനുരഞ്ജനം. അത് കാൽവരിയിലെ “ഇവരോട് ക്ഷമിക്കണമേ” എന്ന കരച്ചിലാണ്; കാൽവരിയിൽ മൂന്നാണികളിൽ കിടന്നു പിടയുമ്പോൾ വിശ്വസാഹോദര്യത്തിന്റെ മന്ത്രധ്വനി മുഴക്കുന്ന അനുരഞ്ജനം. അനുരഞ്ജനം ദൈവാനുഗ്രഹത്തിന്റെ ചാലുകളായി നമ്മിൽ ഒഴുകട്ടെ.

ക്രിസ്തു നമ്മെ ക്ഷണിക്കുകയാണ്: “വരുവിൻ നമുക്ക് രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങൾ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവർണമെങ്കിലും കമ്പിImage result for images of reconciliation in familyളിപോലെ വെളുക്കും”. ജീവിതം വിഭജിക്കപ്പെടലും  അനുരഞ്ജനവുമാണ്; രണ്ടും ഒരുമിച്ച്. ഒരു നിമിഷത്തേക്ക് പോലും ഹൃദയം വിഭജിക്കപ്പെടാതിരിക്കട്ടെ. ഓരോ നിമിഷവും ദൈവത്തിന്റെ ക്ഷമിക്കുന്ന സ്നേഹം അനുരഞ്ജനത്തിന്റെ മഴയായ് നമ്മിൽ പെയ്തിറങ്ങട്ടെ.

SUNDAY SERMON Mt 7, 21 – 28

മത്താ 7, 21 – 28

സന്ദേശം

Image result for images of doing the will of God

അമ്പതുനോമ്പിന്റെ രണ്ടാം ഞായറാഴ്ച്ചയാണിന്ന്.   ഇന്നത്തെ ദൈവ വചനം അഹന്ത വെടിഞ്ഞു ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് യഥാർത്ഥ ശിഷ്യൻ എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു.

വ്യാഖ്യാനം

എന്താണ് ഈ ദൈവവചന ഭാഗത്തിന്റെ പ്രസക്തി? എന്തിനാണ് അമ്പതുനോമ്പിന്റെ ഈ രണ്ടാം ആഴ്ച്ച ദൈവവചനം ഇത്തരമൊരു ആഹ്വാനം നമ്മുടെ മുൻപിൽ വയ്ക്കുന്നത്?

കാരണങ്ങൾ പലതുണ്ട്. മനുഷ്യനെ മോക്ഷത്തിലേക്ക്, നിർവാണത്തിലേക്ക്, സ്വർഗ്ഗരാജ്യത്തിലേക്ക് നയിക്കേണ്ട മതങ്ങളിന്ന്, മനുഷ്യനെ നരകത്തിലേക്ക് നയിക്കുകയാണ്. മനുഷ്യ സ്നേഹത്തിന്റെ സന്ദേശങ്ങൾ പ്രഘോഷിക്കുന്ന മതങ്ങൾ തെരുവിൽ മനുഷ്യനെ കൊന്നൊടുക്കുകയാണ്. പേര് ചോദിച്ചു, മതം ചോദിച്ചു മനുഷ്യനെ കൊന്നൊടുക്കുന്ന ക്രൂരതയ്ക്ക് മതമെന്ന പേര് പറയുവാൻ സാധിക്കുമോ? സനാതന ധാർമിക മൂല്യങ്ങളും, പുണ്യങ്ങളും പറയുമ്പോൾ തന്നെ വർഗീതയുടെ വിഷം തുപ്പുന്ന മൃഗങ്ങളായി തീരുന്നതിനെ എന്ത് പേര് പറഞ്ഞാണ് വിളിക്കുക! മതവത്ക്കരിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പാർട്ടികളും, രാഷ്ട്രീയവത്ക്കരിക്കപ്പെട്ടിരിക്കുന്ന, വാണിജ്യവത്ക്കരിക്കപ്പെട്ടിരിക്കുന്ന മതങ്ങളും ജൈവായുധങ്ങളേക്കാൾ നാശകാരികാളായിരിക്കുന്നു.

പ്രവാചകന്മാരില്ലാത്ത, വെളിപാടുകൾക്കു കാതോർക്കാത്ത ഇന്നത്തെ കാലഘട്ടത്തിനോട് എഴുതപ്പെട്ട ദൈവത്തിന്റെ വചനം പറയുന്നത്, അഹന്ത വെടിഞ്ഞു, ദൈവത്തിന്റെ ഇഷ്ടം തേടുന്നവരാണ്, അത് പ്രാവർത്തികമാക്കുന്നവരാണ്   യഥാർത്ഥ ദൈവഭക്തർ, യഥാർത്ഥ ശിഷ്യർ എന്നാണ്. ജനക്കൂട്ടത്തിൽ നിന്നൊരു സ്ത്രീ തന്റെ അമ്മയെ പുകഴ്ത്തി പറയുന്നത് കേട്ടപ്പോൾ, ഈശോ പറഞ്ഞത് ‘ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്റെ അമ്മയും, സഹോദരനും, സഹോദരിയുമെന്ന്’. അതായത്, യഥാർത്ഥ ശിഷ്യനാകാൻ, ക്രിസ്തുവിന്റെ പുരോഹിതനാകാൻ, സന്യാസിയാകാൻ, കുടുംബനാഥനും, കുടുംബനാഥയുമാകാൻ, ക്രിസ്തുവിന്റെ യുവതയാകാൻ, ബാലികാബാലന്മാരാകാൻ നാം ചെയ്യേണ്ടത് – ദൈവേഷ്ടത്തിന്റെ ആഘോഷമാക്കി ജീവിതം മാറ്റുക!

സ്വന്തം ഇഷ്ടത്തെ വെടിഞ്ഞു ദൈവത്തിന്റെ ഇഷ്ടം സ്വന്തം ഇഷ്ടമാക്കി മാറ്റുന്നവരാണ് ഈ ലോകത്തിലെ ഏറ്റവും ഉള്ളവർ. ധൈര്യശാലികൾക്കേ, ദൈവഹിതത്തിനു തങ്ങളെത്തന്നെ സമർപ്പിക്കുവാൻ കഴിയൂ. ഭീരുക്കളാണ് ഞാനെന്നഭാവവുമായി കുറുവടിയുമായി ഉറഞ്ഞു തുള്ളുന്നവർ! നിർഭാഗ്യവശാൽ അവർക്കാണിന്ന് ഭൂരിപക്ഷം! അതിന്റെ ഫലമോ?

അഹന്തയുടെ, ഞാനെന്നഭാവത്തിന്റെ, അഹമ്മതിയുടെ പ്രദക്ഷിണങ്ങൾ അരങ്ങുതകർക്കുകയാണിവിടെ. പ്രകൃതിയെ വെല്ലുവിളിച്ചു പണിതുയർത്തുന്ന, മോടിപിടിപ്പിക്കുന്ന വീടുകളും, ദേവാലയങ്ങളും, അമ്പലങ്ങളും മോസ്‌കുകളും, പ്രതിമകളും, ദൈവവിശ്വാസത്തിന്റെ, ദൈവസ്നേഹത്തിന്റെ, ദൈവമഹത്വത്തിന്റെ അടയാളങ്ങൾക്കു പകരം അഹന്തയുടെ മാത്സര്യത്തിന്റെ വമ്പൻ പ്രതീകങ്ങളാകുകയാണ്.

പണ്ടൊക്കെ ഇടവകതിരുനാളുകൾ നടത്തിയിരുന്നത് ഏതെങ്കിലും വ്യക്തിക്ക്, വ്യക്തികൾക്ക്, അല്ലെങ്കിൽ ഇടവകക്കു പൊതുവായി ദൈവം നൽകുന്ന അനുഗ്രഹങ്ങൾക്ക് കൃപാവരങ്ങൾക്കു, നന്ദിപറയുവാനായിരുന്നു. എന്നാൽ ഇന്നത് പ്രതാപവും, അഹന്തയും കാണിക്കുവാനുള്ള പ്രദർശനവേദികൾ മാത്രമാകുന്നു.

ഭൂരിപക്ഷത്തിന്റെ അഹമ്മതിക്കു മുൻപിൽ, പണത്തിന്റെ അഹങ്കാരത്തിനുമുന്പിൽ, ഗുണ്ടായിസത്തിന്റെ അഹന്തക്ക് മുൻപിൽ ദൈവം നോക്കുകുത്തിയാകുന്നു!

ഈശോ പറയുന്നത് ആത്മീയത പോലും അഹന്തയുടെ ആഘോഷമാകുന്നു എന്നാണ്. ലക്ഷങ്ങൾ മുടക്കിയുള്ള പ്രാർത്ഥനാ യജ്ഞങ്ങളിൽ ‘കർത്താവേ, കർത്താവേ, എന്നുള്ള അധരവ്യായാമങ്ങൾ പ്രാർത്ഥനയാകില്ല എന്ന് ഈശോ പറയുന്നു.  മൈക്ക് കെട്ടി വിളിച്ചുപറയുന്ന കാര്യങ്ങൾ – ഞങ്ങൾ നിന്റെ നാമത്തിൽപ്രവചിച്ചില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ രോഗികളെ സൗഖ്യപ്പെടുത്തിയില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ ദേവാലയങ്ങൾ പണിതില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ നീണ്ടപലവർണ കുപ്പായങ്ങളിൽ പ്ര്യത്യക്ഷപ്പെട്ടില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ ഊട്ടു നേർച്ചകൾ നടത്തിയില്ലേ കർത്താവേ – ഇവയെ അനീതിയുടെ ഗണത്തിലാണ് ഈശോ ഉൾപ്പെടുത്തുന്നത് എന്നോർക്കുക. ഞാൻ എന്റെ കുടുംബത്തെ സംരക്ഷിക്കുന്നില്ലേ കർത്താവേ, ഞാൻ കഷ്ടപ്പെടുന്നതുകൊണ്ടല്ലേ ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത് കർത്താവേ, ഞാൻ പഠിച്ചു, വിദേശത്തുപോയി ജോലിചെയ്തതുകൊണ്ടല്ലേ നല്ലൊരു വീടുണ്ടാക്കാൻ പറ്റിയത് കർത്താവേ… ഈശോ പറയും, നീ പറയുന്നത് അനീതിയാണ്; അഹന്തയാണ്.  ഞങ്ങൾ, ഞങ്ങൾ എന്ന്, ഞാൻ, ഞാൻ എന്ന് പറഞ്ഞു നിങ്ങൾ നിങ്ങളുടെ അഹന്തയെ ആഘോഷിക്കുമ്പോൾ, സ്നേഹമുള്ളവരെ, അത്   അനീതിയാണ്. കാരണം, അതെല്ലാം ചെയ്തത് നിങ്ങളല്ല, ദൈവമാണ്.

നിങ്ങൾ ക്ലെയിം ചെയ്യുകയാണ്. ക്ലെയിം കടന്നുവരുന്നത് നിങ്ങളുടെ അഹന്തയിൽ നിന്നാണ്. അത് അനീതിയാണ്.

തീർച്ചയായും നിങ്ങളിലൂടെ ദൈവമാണ് അത് ചെയ്തത്. നിങ്ങൾ claim ചെയ്യുന്ന നിമിഷം നിങ്ങൾ വലിയ അനീതിചെയ്യുകയാണ്. അതുകൊണ്ടാണ് ദൈവവചനം ഇവിടെ അല്പം പരുഷമാകുന്നത്: “അനീതി പ്രവർത്തിക്കുന്നവരെ, നിങ്ങൾ എന്നിൽ നിന്ന് അകന്നു പോകുവിൻ”.

നിങ്ങൾ ഒരു നദിക്കരയിൽ നില്കുകയാണ്. ആ നിമിഷത്തിൽ ഒരു മനുഷ്യൻ വള്ളത്തിൽ മുങ്ങുന്നത് നിങ്ങൾ കാണുകയാണ്. നിങ്ങൾ ഓടിച്ചെന്നു, വെള്ളത്തിലേക്ക് ചാടി അയാളെ രക്ഷിക്കുകയാണ്. എന്നിട്ടു കരയ്ക്കു കയറി വന്നപ്പോൾ, ചാനലുകാരോട് നിങ്ങൾ പറയുന്നു, “ഞാനാണ് ആ മനുഷ്യനെ രക്ഷിച്ചത്”. എന്നാൽ ഇതാണോ സത്യം? നിങ്ങളോർത്തോ? ഇതാ ഒരു മനുഷ്യൻ മുങ്ങുന്നു…എനിക്ക് അയാളെ രക്ഷിക്കണം…രക്ഷിക്കുക എന്നത് നല്ല കാര്യമല്ലേ? …എന്നൊക്കെ. ഇല്ല. സ്നേഹിതാ, ആ നിമിഷം നിങ്ങൾ ദൈവത്താൽ പൊതിയപ്പെട്ടിരിക്കുകയായിരുന്നു. ദൈവത്താൽ സ്വന്തമാക്കപ്പെട്ടിരിക്കുകയായിരുന്നു. You were possessed by God in that moment!

ദൈവത്തിന്റെ പ്രവർത്തനങ്ങളാൽ നിറയപ്പെടേണ്ട ഈ ലോകത്തിൽ അതിനുള്ള ഉപകാരണങ്ങളാകുകയാണ് നമ്മുടെ നിയോഗം. അതുകൊണ്ടാണ് ദൈവത്തിന്റെ ഇഷ്ടം പ്രവർത്തിക്കുവാനായി തയ്യാറാകുവാൻ ഈശോ നമ്മെ ക്ഷണിക്കുന്നത്. എന്തെങ്കിലും നന്മ നമ്മിലൂടെ സംഭവിക്കുന്നുണ്ടെങ്കിൽ അത് ദൈവത്തിൽ നിന്നാണ്. അത് ക്ലെയിം ചെയ്യാൻ പാടില്ല. claim ചെയ്യുക നിന്റെ അഹന്തയുടെ ഒരു ആഭരണമായി മാറും.

ശരിയായ ആധ്യാത്മികത, ആത്മീയ ജീവിതം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുക എന്നതാണ്. എന്നുവച്ചാൽ, നിന്നിലെ പഴയ മനുഷ്യനെ മാറ്റി, ദൈവിക ചിന്തയുള്ള പുതിയ മനുഷ്യനാകണം; നിന്റെ ജീവിതത്തിന്റെ അടിസ്ഥാനം ക്രിസ്തുവാകണം. നിന്നിൽ അന്ധകാരം സൃഷ്ടിക്കുന്നതിനോടെല്ലാം ബൈ പറയണം.

അപ്പോൾ ദൈവേഷ്ടം പ്രവർത്തിക്കുന്ന നീയും, ദൈവേഷ്ടം പ്രവർത്തിക്കാത്തവനും തമ്മിൽ എന്തുണ്ട് വ്യത്യാസം? അതാണ് ഈശോ പറയുന്ന ഉപമ. നിന്റെ ജീവിതത്തിലും, ദൈവേഷ്ടം പ്രവർത്തിക്കുന്നവന്റെ ജീവിതത്തിലും ഒരു സംശയം വേണ്ട, മഴ പെയ്യും, കൊടുങ്കാറ്റുണ്ടാകും, വെള്ളപ്പൊക്കമുണ്ടാകും. പക്ഷെ ദൈവേഷ്ടം പ്രവർത്തിക്കുന്ന നീയും നന്ദിന്റെ കുടുംബവും വീഴില്ല. അപരന്റേത് തകർന്നുപോകും. ഇത് ക്രിസ്തുവിന്റെ ഉറപ്പാണ്. നിന്റെ ജീവിതത്തിനുമേൽ ദൈവം സ്ഥാപിക്കുന്ന ഉറപ്പ്

സമാപനം

ദൈവത്തിന്റെ അനന്ത സ്നേഹത്താൽ നിറഞ്ഞിരിക്കുന്ന ഈ ദേവാലയത്തിൽ, ദൈവകൃപ നമ്മിലേക്ക്‌ വചന പ്രഘോഷണത്തിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ നിമിഷത്തിൽ നമുക്ക് തീരുമാനിക്കാം, കർത്താവേ, കർത്താവേ, എന്ന് വിളിക്കുന്ന ആത്മാർത്ഥതയില്ലാത്ത ക്രൈസ്തവരാകാതെ ദൈവേഷ്ടം നിറവേറ്റുന്ന നല്ല ക്രിസ്തു ശിഷ്യനും, ക്രിസ്തു ശിഷ്യയും ആകാമെന്ന്. ജീവിതത്തിലെ ഓരോ നിമിഷവും ഇതായിരിക്കട്ടെ നമ്മുടെ പ്രാർത്ഥന: ഈശോയെ, നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ.

യാത്ര

യാത്ര

                                                                  കൊഴിയുന്ന ഇലImage result for images of falling leaves

                                                                   പൊഴിയുന്ന പൂവ്

                                 ഒഴുകുന്ന പുഴ
തഴുകുന്ന കാറ്റ്
പറയുന്ന വാക്ക്
പാടുന്ന പാട്ട്

പെയ്യുന്ന മഴ
മായുന്ന മേഘംImage result for images of rain
മുഴങ്ങുന്ന ശബ്ദം
ഉണരുന്ന മോഹം
പുണരുന്ന ദാഹം

Image result for images of journey
– എല്ലാം നിന്നിലേക്കുള്ള
യാത്രയിലാണ്!

Nombukaala chinthakal

ആഴ്ച്ച ഒന്ന് – പ്രലോഭനം ദൂരക്കാഴ്ചകളെ മറയ്ക്കാതിരിക്കട്ടെ.

Image result for images of ash wednesdayഅമ്പതുനോമ്പിന്റെ പുണ്യം നിറഞ്ഞ ദിനങ്ങളിലേക്കു നാം പ്രവേശിക്കുകയാണ്. തപസ്സിന്റെയും പ്രായശ്ചിത്തത്തിന്റെയും വഴികളിലൂടെ ഉത്ഥാനത്തിലേക്കുള്ള പ്രതീക്ഷനിറഞ്ഞ യാത്രയുടെ തുടക്കമാണിത്. നമുക്ക് ഒരുമിച്ചു നടക്കാം. ക്രൂശിതന്റെ കനൽവഴികളിലൂടെ, പ്രലോഭനങ്ങളുടെ പച്ചത്തുരുത്തുകളെ വിട്ട്, കുരിശിന്റെ മൂല്യങ്ങളെ കൂട്ടുപിടിച്ചാകട്ടെ ഈ യാത്ര.

ക്രിസ്തുവാകുന്ന നേർരേഖയിലൂടെയാകണം നമ്മുടെ യാത്ര. ക്രൂശിതനിൽ നിന്ന് അകന്നുള്ള ഓട്ടങ്ങളാകരുത് നമ്മുടെ ക്രൈസ്തവജീവിതങ്ങൾ. Apocryphal Acts of Peter-ൽ പത്രോസ് ഓടുന്നുണ്ട്, റോമൻ ഗവണ്മെന്റിൽനിന്നു, കുരിശുമരണത്തിൽ നിന്ന്. അപ്പോൾ, ക്രിസ്തു എതിരെ വരികയാണ്. അമ്പരന്ന പീറ്റർ ചോദിച്ചു: “നാഥാ, നീ എങ്ങോട്ടാണ്?” ക്രിസ്തു പറഞ്ഞു: വീണ്ടും കുരിശിലേറുവാൻ ഞാൻ റോമിലേക്ക് പോകുകയാണ്.”

ഹൃദയവിഭജനത്തിന്റെ പ്രലോഭനങ്ങളിലൂടെ കടന്നുപോയി, ലോകസുഖത്തോടും ധനത്തോടും അധികാരത്തോടും മറ്റും ‘കോംപ്രമൈസ്‌’ ചെയ്ത് നീങ്ങുന്ന ഇന്നത്തെ ക്രൈസ്തവ ജീവിതങ്ങളെ നോക്കി “ഞാൻ നിനക്കുവേണ്ടി കുരിശിലേറാൻ വീണ്ടും കാൽവരിയിലേക്ക് പോകുന്നു” എന്ന് ക്രിസ്തു പറയാതിരിക്കാനുള്ള ഒരുക്കമായിരിക്കണം നോമ്പുകാലം. പരീക്ഷണങ്ങളിലൂടെ കടന്നുപോകുകയെന്നത് ഓരോ മനുഷ്യന്റെയും നിയോഗമാണ്. അത് നിന്റെ ഹൃദയത്തെ വിഭജിച്ചു കടന്നുപോകുന്ന വാളാകാം. അല്ലെങ്കിൽ നിന്നെ എപ്പോഴും അലട്ടുന്ന ഒരു മുള്ളാകാം. എന്തായാലും പ്രലോഭനങ്ങളുടെ വഴിയിലൂടെ നാം കടന്നുപോകേണ്ടിയിരിക്കുന്നു.Image result for symbolic images of temptations

അതുകൊണ്ടുതന്നെ പ്രലോഭനങ്ങളിൽ നിന്ന് അകന്നു നിൽക്കാനുള്ള ശക്തിസംഭരിക്കലാകണം അമ്പതുനോമ്പിന്റെ ആദ്യ ആഴ്ചയിലെ നമ്മുടെ പ്രയത്നം. നമ്മുടെ വീടും പരിസരവും വൃത്തിയാക്കിക്കൊണ്ടു ഈ പ്രയത്നം ആരംഭിക്കാം. നമ്മുടെ ഭവനങ്ങളിൽ ഉപയോഗമില്ലാത്ത ധാരാളം സാധനങ്ങൾ അലമാരിയിലായും, മുറിയുടെ വിവിധ കോണുകളിലായും യാതൊരു അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്നുണ്ടാകും. ഇങ്ങനെ ഒരവസ്ഥ നമ്മുടെ കുടുംബത്തിലുണ്ടെങ്കിൽ അത് നമ്മുടെ ബന്ധങ്ങളെ തകർക്കും,  കുടുംബത്തിലുള്ളവരുടെ ശാരീരിക, മാനസിക, ആത്മീയ വളർച്ചയെ പ്രതികൂലമായി ബാധിക്കും. എല്ലാറ്റിലുമുപരി, ദൈവത്തിന്റെ പ്രസാദവരത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തും.

അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന വസ്തുക്കളെ മൂന്നായി തിരിക്കാം. 1. ഒരിക്കലും ഉപയോഗിക്കാൻ സാധിക്കാത്തവ. ഉദാഹരണത്തിന്, ഒടിഞ്ഞുപോയ ഒരു സ്പൂൺ, അല്ലെങ്കിൽ ഒരു ഷട്ടിൽ ബാറ്റ്. 2. കാലഹരണപ്പെട്ടതോ, ഉപയോഗമില്ലാത്തതോ ആയവ. ഉദാ: ടിവി, കംപ്യൂട്ടർ തുടങ്ങിയവ. 3. ഉപയോഗമുള്ളതാണ്, പക്ഷെ എനിക്ക് ഇപ്പോൾ ആവശ്യമില്ലാത്തവ. ഉദാ: കുട്ടിക്കാലത്തെ എന്റെ കളിപ്പാട്ടങ്ങൾ. ഈ നോമ്പുകാലത്തിന്റെ തുടക്കത്തിൽ, നമ്മുടെ വീട്ടിൽ തന്നെ അടുക്കും ചിട്ടയും ഉണ്ടാക്കിയെടുക്കണം. ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കത്തക്ക യോഗ്യതയുള്ള ഇടമാക്കി നമ്മുടെ ഭവനങ്ങളെ   മാറ്റിയെടുക്കണം.

നമ്മുടെ വ്യക്തിജീവിതത്തിനും നല്ലൊരു അടുക്കും ചിട്ടയും ആവശ്യമാണ്. മടി, അസൂയ, സ്വാർത്ഥത തുടങ്ങിയ ധാരാളം പ്രലോഭനങ്ങളെ അകറ്റിനിർത്തേണ്ടതുണ്ട്. കുടുംബപ്രാർത്ഥനകളെ കഴിയുന്നതും മാറ്റിവയ്ക്കുവാനുള്ള പ്രലോഭനം നമ്മുടെ കുടുംബങ്ങളിൽ ശക്തമാണ്! പ്രലോഭനങ്ങൾ വിവിധ രൂപങ്ങളിലും, ഭാവത്തിലും നമ്മുടെ ജീവിതത്തിലേക്ക് പല മായക്കാഴ്ചകളുമായി കടന്നുവന്നുകൊണ്ടിരിക്കും. വിശുദ്ധ മത്തായിയുടെ സുവിശേഷം അദ്ധ്യായം 4 വാക്യങ്ങൾ 1 – 11-ൽ വിവരിക്കുന്ന മൂന്ന് സാഹചര്യങ്ങൾ മാത്രമല്ല പ്രലോഭനങ്ങൾ. മൂന്നല്ലാ മുപ്പതിനായിരം പ്രലോഭനങ്ങളുടെ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവരാണ് നാം.

വിവിധങ്ങളായ പ്രലോഭനങ്ങളിൽ വീണു ക്രൈസ്തവജീവിതത്തിന്റെ സൗന്ദര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ക്രൈസ്തവികതയുടെ ചിറകുകൾ അരിഞ്ഞുവീഴ്ത്തുന്ന പ്രലോഭനങ്ങളുടെ ആടിത്തിമർക്കലുകൾ ഇന്ന് ഭീതിതമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. വിശുദ്ധിയുടെ അകത്തളങ്ങളെപ്പോലും പ്രകമ്പനം കൊള്ളിച്ചുകൊണ്ടാണ് അധികാരത്തിന്റെയും, സമ്പത്തിന്റെയും പ്രലോഭനങ്ങൾ ശിങ്കാരിമേളം നടത്തുന്നത്! ഈയടുത്തകാലത്തുണ്ടായ തിന്മയുടെ തിരക്കഥകളെല്ലാം ആത്മീയതയാൽ നിറയാത്ത, ശൂന്യമായ വിളക്കുകളുമായി ജീവിക്കുന്ന ക്രൈസ്തവ ജീവിതങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്.

തിരുസ്സഭയിലെ ആധ്യാത്മിക നേതൃത്വങ്ങളെപ്പോലും പ്രതിക്കൂട്ടിലാക്കുന്ന പ്രലോഭനങ്ങൾ ക്രൈസ്തവ ജീവിതങ്ങളെ ഒട്ടൊന്നുമല്ല ഉലയ്ക്കുന്നത്! വ്യക്തിയുടെ ഹൃദയത്തെ വിഭജിച്ചുകളയുന്ന പ്രലോഭനങ്ങൾ കൊടുംങ്കാറ്റിൽ പറക്കുന്ന കരിയിലപോലെ നമ്മുടെ ജീവിതങ്ങളെ തട്ടിത്തെറിപ്പിച്ചുകളയും. അവ നമ്മെ അസ്വസ്ഥരും ഭയചകിതരുമാക്കും. കാരണം നമ്മുടെ ഹൃദയം വിഭജിക്കപ്പെട്ടിരിക്കുന്നു. ഹൃദയത്തിന്റെ ഒരു പാതിക്ക്‌ പോകണമെന്നുണ്ട്. ഒരുപാതിക്ക് ആ വഴി ഇഷ്ടമാണ്. എന്നാൽ പോകാനാകുന്നില്ല. മറുപാതി പറയുന്നു പോകേണ്ട എന്ന്. നിങ്ങൾ സംശയത്തിലും ആശങ്കയിലുമാകുന്നു. ഇതാണ് ഭയം നിറഞ്ഞ മനസ്സിന്റെ അവസ്ഥ: പോകണമെന്നുണ്ട്. പക്ഷെ, ഭയംകൊണ്ട് പോകാനാകുന്നില്ല. ഹൃദയവിഭജനം നമ്മിൽ ഭയം ജനിപ്പിക്കും.

ഹൃദയം വിഭജിക്കപ്പെട്ടവരായി ജീവിക്കുകയെന്നാൽ ഭയത്തിൽ ജീവിക്കുക എന്നാണ്‌. വളരെ തകർക്കപ്പെട്ട, മരുഭൂമീതുല്യമായ ഒരവസ്ഥയാണത്. ക്രിസ്തു എപ്പോഴും പറയുന്നത് എന്താണ്? “ഭയപ്പെടേണ്ട.” ക്രിസ്തുവിനറിയാം, ഭയത്തിലാകുമ്പോൾ, തിന്മയിലാകുമ്പോൾ മനുഷ്യന്റെ ചലനം നഷ്ടപ്പെടുന്നു. എല്ലാം വിറങ്ങലിക്കുകയാണ്. പ്രലോഭനത്തിന്റെ, സാഹചര്യങ്ങളുടെ, വിശപ്പുകളുടെ തടവുകാരനായി ചലനമറ്റ്, വിറങ്ങലിച്ചു നമ്മുടെ ജീവിതം മാറും.

നാം പ്രലോഭനങ്ങളിൽ പെട്ട് പലതായി വിഭജിക്കപ്പെടുമ്പോൾ ജീവിതം തന്നെ പലതായി അനുഭവപ്പെടും. ഒരു തകർന്ന കണ്ണാടിക്കുമുന്പിൽ നിൽക്കുന്നതുപോലെയാണ് മനുഷ്യൻ! എല്ലാകഷണങ്ങളിലും നിങ്ങളുടെ പ്രതിഫലനങ്ങളാണ്. നിങ്ങൾ ഒരാളാണ്. പക്ഷെ, കണ്ണാടി പല കഷണങ്ങളായി ചിതറിയതുകൊണ്ടു നിങ്ങൾ ഒരുപാടായി പ്രതിഫലിക്കുന്നു. ഹൃദയം വിഭജിതമായ ആളുടെ അവസ്ഥ ഇതാണ്. നിങ്ങൾ ഒരാളാണ്. എന്നാൽ, വിഭജിതമായതുകൊണ്ട്, ഓരോ കഷണത്തിലും നൂറായി വിഭജിക്കപ്പെട്ട നിങ്ങളെയാണ് കാണുന്നത്. നിങ്ങൾ പ്രലോഭനങ്ങളിൽ ജീവിച്ചു പ്രലോഭനങ്ങളിൽ മരിക്കുന്നു.

പ്രലോഭനങ്ങൾ എപ്പോഴും നമ്മുടെ ജീവിതാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. നമ്മുടെ ജീവിതാവസ്ഥയും നിയോഗവുമായി പൊരുത്തമില്ലാത്ത ഘടകങ്ങളോട്‌ നമ്മുടെ മനസ്സിൽ രൂപപ്പെടാവുന്ന ആഭിമുഖ്യവും, ഉദ്ദീപനവുമാണ്, orientation and stimulation ആണ് പ്രലോഭനം. അത്, പുരോഹിതനും, സന്യാസിക്കും, ഭാര്യക്കും, ഭർത്താവിനും, യുവാക്കൾക്കും കുഞ്ഞുങ്ങൾക്കുമെല്ലാം ഓരോ തരത്തിലായിരിക്കും.

ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ ഒരു പുരോഹിതനോ, സന്യാസിക്കോ ഗ്രാമത്തിലെ കള്ളുഷാപ്പിൽ പോയി കള്ളുകുടിക്കുന്നതിനു അവകാശമുണ്ട്. ഒരു ഭർത്താവിനോ, ഭാര്യക്കോ സൗഹൃദബന്ധങ്ങൾ ഉണ്ടാകുക തെറ്റല്ല.  എന്നാൽ ഇത്തരം പ്രവർത്തികളെല്ലാം അവരുടെ ജീവിതാവസ്ഥയുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാണ് അത് പ്രലോഭനമാകുന്നതും, അല്ലാതാകുന്നതും. ഒരു ക്രൈസ്തവ യുവാവിന്, യുവതിക്ക് ലഹരി ഉപയോഗിക്കാം; സ്വാതന്ത്ര്യമുണ്ട്. എന്നാൽ അത് ഒരു പ്രലോഭനമാകുന്നത്, അല്ലാതാകുന്നത് അവരുടെ ജീവിത നിയോഗമനുസരിച്ചാണ്. കുട്ടികൾക്ക് ക്രിക്കറ്റ് കളിക്കാം. എന്നാൽ, കുട്ടികൾ വിദ്യാർഥികളായിരിക്കെ, പിറ്റേ ദിവസം പരീക്ഷ ഉണ്ടായിരിക്കെ, ക്രിക്കറ്റ് കളിക്കുമ്പോൾ അത് പ്രലോഭനമാകുകയാണ്. ജീവിതാവസ്ഥയും നിയോഗവുമായി പൊരുത്തമില്ലായ്മയാണ് നമ്മുടെ പ്രവർത്തികളെ, ചിന്തകളെ പ്രലോഭനങ്ങളാക്കുന്നത്!

Image result for symbolic images of temptations

പ്രലോഭനങ്ങളുടെ ചിലന്തിവലകളിൽ പെട്ട് നശിച്ചുപോകാതെ, പ്രലോഭനങ്ങളിൽ നിന്നകന്നു മാറ്റത്തിലേക്കു, ക്രിസ്തുവിലേക്കു കടന്നുവരാൻ നോമ്പുകാലങ്ങൾ നമ്മെ ക്ഷണിക്കുകയാണ്. ഫ്രഡറിക് നീഷേ എന്ന തത്വചിന്തകൻ പറയുന്നത്, ” രണ്ടു നിത്യതകൾക്കിടയിലെ പാലം മാത്രമാണ് മനുഷ്യൻ. ഒരറ്റത്ത് പ്രകൃതിയും, മറ്റേയറ്റത്ത് ദൈവവുമാണ്.” പ്രകൃതി പൂർണമാണ്. ദൈവവും പൂർണമാണ്. എന്നാൽ, മനുഷ്യൻ അപൂർണനാണ്. അപൂർണതയുടെ സംഘർഷങ്ങളിൽ പെട്ട് കയറുപോലെ വരിഞ്ഞുമുറുകി   പ്രലോഭനങ്ങളുടെ വഴിയെ പോകുന്ന മനുഷ്യൻ ആകുലനും അസ്വസ്ഥനുമാണ്. ഈ ആകുലതയും അസ്വസ്ഥതയും ഇല്ലാതാക്കി വിഭജിക്കപ്പെടാത്ത ഒരു മനസ്സിനെ, ഹൃദയത്തെ സമ്മാനിക്കുകയാണ് നോമ്പുകാലം.

ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥനയിൽ “പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതേ” എന്നത് പ്രലോഭനങ്ങളുടെ സ്വാധീനശക്തിയെയാണ് കാണിക്കുന്നത്. അതുകൊണ്ടു, നാം ഉണർന്നിരിക്കണം, ജാഗരൂകരായിരിക്കണം. നമ്മുടെ വീടിന്റെ അകത്തളങ്ങളെയും, പരിസരങ്ങളെയും, വ്യക്തി ജീവിതത്തിന്റെ അകം പുറങ്ങളെയും നിർമ്മലമായി സൂക്ഷിക്കുവാൻ നമുക്കാകണം. ഓരോരുത്തരുടെയും ജീവിതക്രമങ്ങളുമായി സമരസപ്പെടാത്തവയോട് വചനത്തിന്റെ ശക്തിയിൽ ‘ഇല്ല’ എന്ന് പറയുവാനുള്ള ആർജവം നാം നേടിയെടുക്കണം. അതിനായി, അമ്പതുനോമ്പിൽ നന്മയുടെ നിറക്കാഴ്ചകളെ കാണുവാനായിരിക്കണം നാം ശ്രമിക്കേണ്ടത്. തിന്മയുടെ തിരശീലകൾ നമ്മുടെ ദൂരക്കാഴ്ചകളെ മറയ്ക്കാതിരിക്കട്ടെ.

ഓർക്കുക, പ്രലോഭനങ്ങളിൽ തട്ടിത്തകരുവാനുള്ളതല്ല കുരിശുമരണത്തിലൂടെ ഈശോ വീണ്ടെടുത്ത നമ്മുടെ ജീവിതങ്ങൾ.

SUNDAY SERMON Mt 4, 1-11

മത്താ 4,1 – 11

സന്ദേശം

Image result for matthew 4 1 11 images

2020-ലെ അമ്പതുനോമ്പിന്റെ ആദ്യ ഞായറാഴ്ചയിലേക്കു പ്രവേശിക്കുവാൻ ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. അമ്പതു നോമ്പ് സമുചിതമായി ആചരിക്കുവാനും, ചില സ്വഭാവ രീതികളിൽ നിന്നും, ഭക്ഷണങ്ങളിൽ നിന്നും അകന്നു നിൽക്കാനും, ഉപവാസത്തിലൂടെയും പ്രായശ്ചിത്ത ത്തിലൂടെയും പ്രാർത്ഥന യിലൂടെയും നമ്മെ ത്തന്നെ വിശുദ്ധീകരിക്കുവാനും ഉള്ള ഉറച്ച തീരുമാനങ്ങളുമായിട്ടാകണം നാമെല്ലാവരും ഇന്ന് വിശുദ്ധ കുർബാന യ്ക്ക് അണഞ്ഞിരിക്കുന്നത്. നമ്മുടെ ഈ തീരുമാനത്തെയും നമ്മെ ഓരോരുത്തരെയും ക്രിസ്തു ഇപ്പോൾ അനുഗ്രഹിക്കുന്നുണ്ട്. അവിടുത്തെ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഇന്നത്തെ ദൈവവചന സന്ദേശത്തിലേക്ക്   നമുക്ക് പ്രവേശിക്കാം.

നോമ്പുകാലത്തിന്റെ ആദ്യ ഞായറാഴ്ച്ച ഈശോയുടെ മരുഭൂമിയിലെ പരീക്ഷയാണ് ദൈവവചനം വിവരിക്കുന്നത്. നോമ്പുകാലത്തിന്റെ ഈ ആദ്യ ഞായറാഴ്ച്ച ത്തെ സന്ദേശം, പ്രലോഭനങ്ങളിൽനിന്ന് അകന്നു ജീവിക്കുക എന്നതാണ്.

വ്യാഖ്യാനം

ദൈവാത്മാവ് പ്രാവിന്റെ രൂപത്തിൽ ഇറങ്ങി വന്ന, ദൈവം പ്രസാദിച്ചവനായ ഈശോയെ ദൈവാത്മാവ് പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിനായി മരുഭൂമിയിലേക്ക് നയിക്കുകയാണ്. വിരോധാഭാസം നിറഞ്ഞ ഒരു വിവരണമാണിത്. ഇത് മനസ്സിലാക്കാൻ എന്താണ് മരുഭൂമി എന്ന് നാം അറിയണം. കേവലം ഭൂമിശാസ്ത്ര പരമായി മരുഭൂമിയെ അറിഞ്ഞാൽ നമുക്ക് ഈ വചനഭാഗത്തിന്റെ സന്ദേശം മനസ്സിലാവുകയില്ല.

മരുഭൂമി, ഈ ലോകം തന്നെയാണ്. പ്രലോഭനത്തിന്റെ, ഏകാന്തതയുടെ, മർദ്ദനത്തിന്റെ, വിശപ്പിന്റെ സ്ഥലമാണ് മരുഭൂമി. മരുഭൂമി ശൂന്യതയാണ്, അനന്തതയുടെ മരുഭൂമി നിരാശയുടെ ഭൂമിയാണ്. മരുഭൂമി നൽകുന്ന മരുപ്പച്ചകളും, പ്രതീക്ഷകളുമെല്ലാം ക്ഷണികമാണ്. മരുഭൂമിയുടെ എല്ലാ സ്വഭാവങ്ങളും നിറഞ്ഞതാണ് ഈ ലോകം. യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നയിച്ചു എന്ന് പറയുമ്പോൾ ഈശോയെ ആത്‌മാവ്‌ ലോകത്തിലേക്കു നയിച്ചു എന്നാണു മനസ്സിലാക്കേണ്ടത്. പ്രലോഭനത്തിന്റെ, ഏകാന്തതയുടെ, മർദ്ദനത്തിന്റെ, വിശപ്പിന്റെ അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ, ഈ മരുഭൂമിയിൽ, ഈ ലോകത്തിൽ ഈശോ തന്നെ ത്തന്നെ തിരിച്ചറിയണം, സ്വയം പാകപ്പെടണം. ഈലോകത്തിന്റെ സ്വഭാവം അറിയണം.  എന്നിട്ട് തന്റെ ജീവിതംകൊണ്ട്, മരണംകൊണ്ടു രക്ഷ നൽകേണ്ടത് ഈ ലോകത്തെയാണ് എന്ന് ഈശോ അറിയണം. ഈ അറിവ്നേടലിലേക്കാണ് ഈശോ കടന്നു വന്നത്, ദൈവാത്മാവ് ഈശോയെ നയിച്ചത്.

ഈശോ നാൽപ്പതു ദിനരാത്രങ്ങൾ ഉപവസിച്ചു. നാൽപ്പത് ബൈബിളിൽ അർത്ഥങ്ങൾകൊണ്ടും, അനുമാനങ്ങൾകൊണ്ടും സമ്പന്നമായ ഒരു സംഖ്യയാണ്.

ഇത് മനുഷ്യജീവിതത്തിന്റെ വളരെ പ്രത്യേകമായ ഒരു കാലഘട്ടത്തെ യാണ് പ്രതിനിധാനം ചെയ്യുന്നത്. ആദ്യമായി ഈ സംഖ്യയെ നാം കാണുന്നത് നോഹയുമായി, പെട്ടകവുമായി ബന്ധപ്പെട്ടാണ്. അവിടെ നാൽപ്പതു ദിനരാത്രങ്ങൾ പെട്ടകം ഒഴുകി നടന്നു. ദൈവം ഒരുക്കിയ ഒരു സമൂഹം, ദൈവത്തിന്റെ കല്പനയനുസരിച്ചു എല്ലാം ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരും, അവരോടു ചേർന്ന് നിൽക്കുന്ന പക്ഷി മൃഗജാലങ്ങളും. വളരെ മനോഹരമായ ഒരു ആവാസ വ്യവസ്ഥ ദൈവം ഇടപെടും എന്ന ഉറച്ച വിശ്വാസത്തിൽ ജീവിക്കുകയാണ്. ഇത്തരത്തിലുള്ള ജീവിതമാണ് നാൽപ്പതു ദിനരാത്രങ്ങൾ. ഇങ്ങനെ ജീവിച്ചാൽ ദൈവ പരിപാലനയുടെ മഴവില്ലു നമ്മിൽ വിരിയും.

രണ്ടാമതായി, ഈ സംഖ്യ നാം കാണുന്നത് ഇസ്രായേൽ ജനത്തിന്റെ പുറപ്പാടിന്റെ കാലഘട്ടത്തിലാണ്. നാൽപ്പതു വർഷമാണ് അവർ നടന്നത്, ദൈവത്തിൽ വിശ്വസിച്ചു മാത്രം. അത് ദൈവത്തിന്റെ അരുളപ്പാടുകളുടെ, ദൈവ ഇടപെടലുകളുടെ, ദൈവ നിഷേധത്തിന്റെ, യുദ്ധങ്ങളുടെ, ദാരിദ്ര്യത്തിന്റെ, ദാഹത്തിന്റെ, വിശപ്പിന്റെ, ധിക്കരിക്കലിന്റെ ദിനരാത്രങ്ങളായിരുന്നു. പക്ഷെ, അവസാനം കാനാൻദേശം അവരുടെ മുൻപിൽ പ്രത്യക്ഷപ്പെടുകയാണ്.

നാല്പതുദിവസം കഴിയുമ്പോൾ നിനിവേ നശിപ്പിക്കപ്പെടും എന്ന് യോനാ ദൈവത്തിന്റെ അരുളപ്പാടു വിളിച്ചുപറഞ്ഞപ്പോൾ ആ നാല്പതുദിവസവും വലിയവരും ചെറിയവരുമായ നിനിവേ നിവാസികൾ , മനുഷ്യനും മൃഗവും ചാക്കുടുത്ത് ചാരം പൂശി ഉപവസിച്ചതാണ് അടുത്ത നാല്പതുദിവസത്തിന്റെ വിവരണം. അവിടെ നാല്പതുദിവസം അവർക്ക് രക്ഷയായി തീർന്നു.

ഈശോയുടെ നാല്പതു ദിവസമാകട്ടെ, അവിടുത്തെ ശക്തിപ്പെടുത്തുന്ന, തന്റെ ദൗത്യത്തെക്കുറിച്ചു ബോധ്യം നൽകുന്ന നാല്പതുദിവസങ്ങളായിരുന്നു.

നാമും നാൽപ്പതു ദിവസത്തിന്റെ, അമ്പതു ദിവസത്തിന്റെ, ഞായറാഴ്ചകൾ മാറ്റി നിർത്തിയാൽ നാല്പത്തിരണ്ടു ദിവസത്തിന്റെ നോമ്പിലേക്കു, ഉപവാസത്തിലേക്കു പ്രവേശിക്കുകയാണ്. മരുഭൂമി തുല്യമായ ലോകജീവിതത്തെക്കുറിച്ചു, ബോധ്യമുള്ളവരാകാൻ, പ്രലോഭനങ്ങളെക്കുറിച്ചു, അതിന്റെ സാഹചര്യങ്ങളെക്കുറിച്ചു ശ്രദ്ധയുള്ളവരാകുവാനും, ദൈവത്തിന്റെ അരുളപ്പാടിന് ചെവികൊടുക്കുവാനും, ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെയെന്നു പറഞ്ഞു ജീവിക്കാൻ പഠിക്കാനും നാം തുടങ്ങുകയാണ്.

സ്നേഹമുള്ളവരെ, ഓർക്കുക, ജീവിതം പ്രലോഭനങ്ങൾ നിറഞ്ഞതാണ്. ഇന്നത്തെ സുവിശേഷഭാഗത്ത് വിവരിക്കുന്ന മൂന്നു പ്രലോഭനങ്ങൾ അല്ല, മുപ്പതിനായിരം പ്രലോഭനങ്ങൾ ഓരോ നിമിഷവും നമ്മിലേക്ക്‌ കടന്നുവരും.

വിശപ്പുകൾ നമുക്ക് പലവിധമാണ്. ശരീരത്തിന്റെ രതിയോടുള്ള വിശപ്പ്, മനസ്സിന്റെ പരിഗണിക്കപ്പെടാനുള്ള, സ്നേഹം കിട്ടാനുള്ള, അധികാരം നേടാനുള്ള, സമ്പത്ത് വാരിക്കൂട്ടുവാനുള്ള, വിശപ്പ്, സ്വാർത്ഥതയുടെ, അഹങ്കാരത്തിന്റെ, വൈരാഗ്യത്തിന്റെ വിശപ്പ്! അങ്ങനെ വിശപ്പുകളുടെ ഒരു കൂട്ടമാണ് നമ്മുടെ ജീവിതം. ഈ വിശപ്പുകളെ ശമിപ്പിക്കാൻ പലപ്പോഴും, എന്ത് സർക്കസും കാണിക്കാൻ നാം തയ്യാറാണ്. ആരുടെ കാലിൽ വീഴാനും തയ്യാർ. ആരെ ആരാധിക്കാനും റെഡി!

എന്താണ് പ്രലോഭനം? അത് നമ്മുടെ ജീവിതാവസ്ഥയോടു ചേർന്ന് നിൽക്കുന്നതാണ്. ഓരോരുത്തർക്കും പലതാണ് പ്രലോഭനങ്ങൾ. നമ്മുടെ ജീവിതാവസ്ഥയോടു ചേരാത്ത ഘടകങ്ങളോട് നമ്മുടെ മനസ്സിൽ രൂപപ്പെടാവുന്ന ആഭിമുഖ്യവും, ഉദ്ദീപനവുമാണ് പ്രലോഭനം.

അത് നമ്മുടെ ജീവിതാവസ്ഥയനുസരിച്ചു വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. വിവാഹജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തി കടന്നുപോകുന്ന പ്രലോഭനങ്ങൾ ആയിരിക്കില്ല, ഒരു പുരോഹിതന്റേത്. ഒരു യുവാവിന്റെയും സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെയും പ്രലോഭനങ്ങൾക്കും അവയുടെ സാഹചര്യങ്ങൾക്കും വ്യത്യാസമുണ്ട്. ഒരമ്മയുടെ, അപ്പച്ചന്റെ ശരികൾ മക്കൾക്ക് ശരികളാകണമെന്നില്ല. സാമൂഹ്യമായി അനുവദനീയമായവ പോലും ചിലപ്പോൾ ജീവിതാവസ്ഥകളോട് ചേർന്ന് ചിന്തിക്കുമ്പോൾ പ്രലോഭനങ്ങളാകാം, തെറ്റുക ളാകാം.

സമാപനം

സ്നേഹമുള്ളവരേ, ഈ നോമ്പുകാലം ദൈവം നമുക്ക് നൽകിയിരിക്കുന്ന വലിയ അനുഗ്രഹമാണ്, അവസരമാണ്, നമ്മുടെ ജീവിതത്തെക്കുറിച്ചു അറിയുവാൻ, പഴയ മനുഷ്യനെ കളഞ്ഞു പുതിയ മനുഷ്യനായി തീരുവാൻ, നൻമ ചെയ്യുവാനുള്ള അവസരം. നമ്മുടെ വസ്ത്രങ്ങൾ പഴകിയതാണ്. പുതിയ വസ്ത്രം ധരിച്ചു ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കാനുള്ള സമയം വന്നിരിക്കുന്നു. അതിനുള്ള തയ്യാറെടുപ്പാകട്ടെ ഈ അമ്പതു നോമ്പുകാലം.

SUNDAY SERMON Mt 8, 5 -13

മത്താ 8, 5 – 13

സന്ദേശം

Image result for images of matthew 8, 5-13

സുഖപ്പെടുത്തലിന്റെ സുന്ദരമായ ഒരു ദൃശ്യാവിഷ്കാരവുമായിട്ടാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മുടെ മുൻപിൽ വിടർന്നു നിൽക്കുന്നത്. സുവിശേഷങ്ങളിലെ സൗഖ്യദായകനായ ഈശോ നമ്മെ ഓർമപ്പെടുത്തുന്നത് പുറപ്പാടിന്റെ പുസ്തകം പതിനഞ്ചാം അദ്ധ്യായം ഇരുപത്താറാം വാക്യമാണ്: “ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്”. ഓരോ മനുഷ്യനും ധാരാളം മുറിവുകളും പേറിയാണ് ജീവിക്കുന്നത്. എന്തിന്, ലോകത്തിന് തന്നെ രോഗം ബാധിച്ചിരിക്കുകയാണ്. കൊറോണയായി അത് പടർന്നുകൊണ്ടിരിക്കുന്നു; ബോംബുകളായി അത് പൊട്ടിച്ചിതറുന്നു; വർഗീയതയായി അത് ദുർഗന്ധം വമിക്കുന്നു. വിദ്വേഷമായി അത് പൊട്ടിയൊലിക്കുന്നു. ലവ് ജിഹാദായി അത് കുടുംബങ്ങളെ, വ്യക്തികളെ തകർക്കുന്നു. ആരാണ് ഈ ലോകത്തെ സുഖപ്പെടുത്തുക? ഈശോ പറയുന്നു: ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്. ഇന്നത്തെ സുവിശേഷത്തിന്റെ സന്ദേശവും ഇത് തന്നെയാണ് – ഈശോയാണ് നിന്നെ സുഖപ്പെടുത്തുന്ന കർത്താവ്.

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷസന്ദേശത്തിന്റെ വാതായനം തുറന്നു തരുന്ന ഉദ്ഘാടക പദമാണ് വിശ്വാസം. ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തുന്നതിന്റെ ഒറ്റമൂലി അതുതന്നെയാണ്.  രണ്ടുപേരുടെ വിശ്വാസങ്ങളാണ് നാം ഈ അത്ഭുതത്തിൽ കാണുന്നത്. ഒന്ന്, ഈശോ ശ്‌ളാഘിക്കുന്ന ശതാധിപന്റെ വളരെ പ്രകടമായ വിശ്വാസം. രണ്ട്, ക്രിസ്തുവിന്റെ അത്ര പ്രകടമല്ലാത്ത വിശ്വാസം.

ഈശോ അത്ഭുതങ്ങളെ, സുഖപ്പെടുത്തലുകളെ വീക്ഷിച്ചിരുന്നത് ദൈവസ്നേഹത്തിന്റെ മറ്റൊരു ആവിഷ്കാരമെന്ന നിലയിലും, ദൈവമഹത്വത്തിന്റെ വെളിപ്പെടുത്തൽ എന്ന രീതിയിലും മനുഷ്യാവശ്യങ്ങളുടെ മുൻപിൽ ദൈവത്തിന്റെ കാരുണ്യം കാണിക്കൽ എന്ന നിലയിലുമൊക്കെയാണ്. തന്നിലൂടെ ദൈവമഹത്വം വെളിപ്പെടുമെന്നും, തന്നിലൂടെ ദൈവത്തിന്റെ സൗഖ്യം ദൃശ്യമാകുമെന്നും ഈശോ വിശ്വസിച്ചിരുന്നു. ആ വിശ്വാസം ഈശോ എപ്പോഴും പ്രകടമാക്കുന്നില്ലെങ്കിലും “എനിക്ക് മനസ്സുണ്ട്, നിനക്ക് ശുദ്ധിവരട്ടെ” എന്ന് പറയുന്നതിലൂടെ, “ഞാൻ വന്ന് അവനെ സുഖപ്പെടുത്താം” എന്ന് പറയുന്നതിലൂടെ വ്യക്തവുമാണ്. കാരണം, ദൈവം നൽകുമെന്ന് ഈശോയ്ക്ക് അറിയാമായിരുന്നു.

ദൈവത്തെക്കുറിച്ചുള്ള ഇസ്രായേൽക്കാരുടെ വിവരണങ്ങളിലൊന്ന് “യാഹ്‌വെ -യിറെ” എന്നാണ്. കർത്താവ് നൽകും എന്നാണു ഇതിനർത്ഥം. ദൈവത്തിന്റെ നൽകൽ സൂര്യോദയം പോലെ നൈസർഗികം ആണ്. പൂവ് വിരിയുന്നപോലെ സ്വാഭാവികമാണ്.  ‘അവിടുന്ന് ദുഷ്ടൻറെയും ശിഷ്ടന്റെയും മേൽ ഒരുപോലെ സൂര്യനെ ഉദിപ്പിക്കുകയും, മഴപെയ്യിക്കുകയും ചെയ്യുന്നു.’ അവിടുന്ന് ‘അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്.’ ‘ഒരിക്കലും കുറുകിപ്പോകാത്ത താണ് അവിടുത്തെ കരങ്ങൾ. അവിടുന്ന് സകലതും ‘സമൃദ്ധമായി നല്കുന്നവനാണ്.’

ഈശോ ഈ ദൈവമഹത്വത്തിന്റെ, ദൈവത്തിന്റെ നൽകലിന്റെ അതിഗംഭീരനായ ഒരു പ്രദർശനക്കാരനായിരുന്നു. കാരണം അവിടുത്തേക്ക്‌ ഗാഢമായും അന്തിമമായും ഈ സത്യം അറിയാമായിരുന്നു. ദൈവം നൽകും എന്ന സത്യം. ഈശോയുടെ അത്ഭുതങ്ങൾ ഇന്ദ്രജാലങ്ങൾ ആയിരുന്നില്ല. അവ ഗാഢവും സഹജവുമായ സത്യത്തിന്റെ, ദൈവം നൽകുമെന്ന സത്യത്തിന്റെ സ്വാഭാവിക വികാസമായിരുന്നു.

ശതാധിപന്റെ വിശ്വാസമാകട്ടെ ക്രിസ്തുവിനാൽ ശ്‌ളാഘിക്കപ്പെട്ട വിശ്വാസമാണ്. ദൈവത്തിനു അസാധ്യമായി ഒന്നുമില്ല എന്ന് വിശ്വസിച്ചവനാണ് ശതാധിപൻ. ഗബ്രിയേൽ മാലാഖ മറിയത്തിനോട് സ്വർഗ്ഗത്തിന്റെ, ദൈവത്തിന്റെ സ്വഭാവമെന്ത് എന്ന് വെളിപ്പെടുത്തുമ്പോൾ ദൈവത്തെപ്പറ്റി പറയുന്ന ഒരു വിശേഷണമാണിത്. “ദൈവത്തിനു അസാധ്യമായി ഒന്നുമില്ല.” ഇസ്രായേൽക്കാരനല്ലെങ്കിലും ദൈവത്തിനു അസാധ്യമായി ഒന്നുമില്ല എന്ന് അയാൾ ഉറച്ച് വിശ്വസിച്ചിരുന്നു. മാത്രമല്ല, ദൈവത്തിന്റെ ശക്തിയും അദ്ദേഹം മനസ്സിലാക്കിയിരുന്നു. ലോകത്തിൽ, സൈന്യങ്ങളെ നയിക്കുമ്പോൾ, ശതാധിപൻ, സർവ സൈന്ന്യാധിപൻ എന്ത് പറയുന്നോ അത് അനുസരിച്ചായിരിക്കും ഓരോ പടയാളിയും പ്രതികരിക്കുക. എങ്കിൽ, അയാൾ ചിന്തിച്ചു, സർവശക്തനായ ദൈവം പറഞ്ഞാൽ, സർവത്തിന്റെ അധിപനായ ദൈവം അരുളിച്ചെയ്താൽ, അനുസരിക്കാത്തതായി എന്തുണ്ട് ഈ ലോകത്തിൽ? ശാതാധിപ ൻ പറയുകയാണ്, സർവ്വേശ്വരാ, ക്രിസ്തുവേ, നീ എന്റെ ഭവനത്തിലേക്ക് വരേണ്ടതില്ലല്ലോ, നിന്നെ സ്വീകരിക്കാൻ മാത്രം ഞാൻ യോഗ്യനല്ലല്ലോ, നിന്റെ വിലപ്പെട്ട സമയം മാറ്റിവയ്ക്കാൻ മാത്രം ഞാൻ ആരുമില്ലല്ലോ. നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി എന്റെ ഭൃത്യൻ സുഖം പ്രാപിക്കും.

സ്നേഹമുള്ളവരേ, ഈ ഞായറാഴ്ച്ച അനുഗ്രഹം നിറഞ്ഞതാണ്. ഈ വിശുദ്ധ കുർബാനയുടെ സമയം ക്രിസ്തു തന്റെ സൗഖ്യത്തിലേക്കു നമ്മെ ക്ഷണിക്കുകയാണ്. വിശ്വാസം ജ്വലിക്കുന്ന ഹൃദയത്തോടെ നമുക്ക് ഈശോയുടെ മുൻപിൽ നിൽക്കാനാകണം. ശതാധിപന്റെ മനോഭാവം, അപേക്ഷ ക്രൈസ്തവ പ്രാർത്ഥനയുടെ മനോഹരമായൊരു രൂപമാണ്. ‘നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി ഞാൻ സുഖം പ്രാപിക്കും.’

ഞാൻ വന്നു സുഖപ്പെടുത്താം എന്ന് പറഞ്ഞുകൊണ്ട് കടന്നുവരുന്ന ദൈവത്തിന്റെ ഇടപെടലുകളാകണം നമ്മുടെ ജീവിതം. ഭാവിയെക്കുറിച്ചു നാം ഭയപ്പെടുമ്പോൾ, ഓർത്തുനോക്കുക ദൈവം നൽകിയ അനുഗ്രഹങ്ങളെ. എന്നിട്ടും നിങ്ങൾ തളരുകയാണോ? നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിനു ചെയ്യാൻ കഴിയാത്ത കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക. ഞാൻ പറയുന്നു, ഒരു വാക്കുപോലും നിങ്ങൾക്ക് എഴുതാൻ കഴിയില്ല. കാരണം ദൈവം നല്കുന്നവനാണ്. വാരിക്കോരി, അമർത്തിക്കുലുക്കി അവിടുന്ന് നമുക്ക് നൽകും.

സമാപനം

സ്നേഹമുള്ളവരേ, ശതാധിപന്റെ ഭൃത്യനെപ്പോലെ അസുഖത്തിന്റെ, തളർച്ചയുടെ ജീവിതസാഹ്യചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും – ശാരീരിക മാനസിക മുറിവുകൾ, സാമ്പത്തിക ഞെരുക്കങ്ങൾ, സ്നേഹിതരുടെ, കൂടെയുള്ളവരുടെ ഒറ്റപ്പെടുത്തലുകൾ, ആരോടും പറയാൻ പറ്റാത്ത സ്വകാര്യ ദുഃഖങ്ങൾ, എത്ര ശ്രമിച്ചിട്ടും ഒന്നും നേടാനാകാത്ത അവസരങ്ങൾ, ബന്ധങ്ങളിലുള്ള വിള്ളലുകൾ – ശതാധിപന്റെ വിശ്വാസത്തോടെ, ദൈവം നൽകുമെന്ന പ്രത്യാശയോടെ, ‘നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി ഞാൻ സുഖം പ്രാപിക്കും.’  എന്ന പ്രാർത്ഥന നമുക്ക് ഓർക്കാം. “ഞാൻ വന്നു നിന്നെ സുഖപ്പെടുത്താമെന്ന” ഈശോയുടെ വാക്കുകൾ നമുക്ക് ശ്രവിക്കാം. ഇപ്പോൾ, ഈ വിശുദ്ധ ബലിയിൽ സുഖപ്പെടലിന്റെ അനുഗ്രഹപ്രവാഹം നിന്നിലൂടെ കടന്നുപോകും. നമുക്ക് സൗഖ്യം നൽകുന്ന ശക്തിയാണ് ദൈവം.

Christmas Ravayi Daivam Varavayi – Christmas Devotional Song

ക്രിസ്മസ് രാവായി ദൈവം വരവായി…

Lyrics: Fr Saju Painadathu MCBS

Music: Fr Mathews Payyppally MCBS

Atist: Madhu Balakrishnan

SUNDAY SERMON Jn 2, 1-12

യോഹ 2, 1 – 12

സന്ദേശം

Image result for images of wedding at cana

ക്രൈസ്തവന്റെ ദൈവം വെളിപാടുകളുടെ ദൈവമാണ്. ക്രിസ്തുവിൽ വെളിവാക്കപ്പെടുന്ന ദൈവികതയുടെ വിവിവരണങ്ങള്കൊണ്ടു സമ്പന്നമാണ് സുവിശേഷങ്ങൾ. ഇന്നത്തെ സുവിശേഷത്തിൽ വിശുദ്ധ യോഹന്നാൻ ക്രിസ്തുവിലെ ദൈവിക മഹത്വം വെളിപ്പെടുത്തുന്ന ഒരു അത്ഭുതത്തിലേക്കാണ്, കാനായിലെ കല്യാണവിരുന്നിൽ നടന്ന അത്ഭുതത്തിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. വെള്ളം വീഞ്ഞായി മാറിയതുപോലെ, നമ്മുടെ ജീവിതവും ഒരു മാറ്റത്തിന് വിധേയമാകണം – ദൈവത്തിലേക്കുള്ള ഒരു മാറ്റത്തിന്. ജീവിതത്തിൽ ദൈവത്തിന്റെ മഹത്വം പ്രകടമാകുവാൻ എന്ത് ചെയ്യണമെന്ന് ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നു.

വ്യാഖ്യാനം

മൂന്നാം ദിവസം വിവാഹം നടന്നു എന്നാണ്‌ വിശുദ്ധ യോഹന്നാൻ രേഖപ്പെടുത്തുന്നത്. ഈ മൂന്നാം ദിവസം ഈശോയുടെ മാമ്മോദീസായ്ക്കു ശേഷമുള്ള മൂന്നാം ദിവസമല്ല. ഇത് യഹൂദപാരമ്പര്യത്തിൽ കണക്കാക്കുന്ന മൂന്നാം ദിവസമാണ്. സാബത്തിനോട് ചേർന്നാണ് യഹൂദർ മൂന്നാം ദിവസം കണക്കുകൂട്ടിയിരുന്നത്. അവർ ഒന്നാദിനം ഞായർ, രണ്ടാം ദിനം തിങ്കൾ, മൂന്നാം ദിനം ചൊവ്വ എന്ന രീതിയിയിലായിരുന്നു മനസ്സിലാക്കിയിരുന്നത്. മൂന്നാം ദിനത്തിന്റെ പ്രത്യേകത പ്രപഞ്ച സൃഷ്ടിയുടെ വിവരണവുമായി ബന്ധപ്പെടുത്തിയിട്ടുള്ളതാണ്. പ്രഞ്ചസൃഷ്ടിയുടെ വേളയിൽ മൂന്നാദിനം എല്ലാം നല്ലതായി ദൈവം കണ്ടു എന്നാണ് പറഞ്ഞിരിക്കുന്നത്. മൂന്നാം ദിനത്തിൽ രണ്ടുപ്രാവശ്യം ദൈവം എല്ലാം നല്ലതെന്നു പറയുന്നുണ്ട്. അതുകൊണ്ടു, യഹൂദപാരമ്പര്യത്തിൽ എല്ലാ നല്ല കാര്യങ്ങളും പ്രത്യേകിച്ച് വിവാഹം നടന്നിരുന്നത് ആഴ്ചയുടെ മൂന്നാം ദിവസമാണ്. കാനായിലെ കല്യാണവും ആഴ്ചയുടെ മൂന്നാം ദിനത്തിലാണ് നടക്കുന്നത്. ഇന്നും യഹൂദവിവാഹങ്ങൾ ആഴ്ച്ചയുടെ മൂന്നാം ദിവസമാണ് നടക്കുന്നത്.

ദൈവം എല്ലാം നല്ലതായിക്കണ്ട മൂന്നാം ദിനം ശുഭകാര്യങ്ങൾക്കായി ഈ കുടുംബം തിരഞ്ഞെടുത്തു എന്ന് മാത്രമല്ല എല്ലാവരെയും ആ മംഗള കർമ്മത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്തു. പരിശുദ്ധ അമ്മയുടെ നിറസാന്നിധ്യവും ഈശോയുടെയും ശിഷ്യരുടേയും സാന്നിധ്യവും സൂചിപ്പിക്കുന്നത് ആ കുടുംബം ആരെയും മാറ്റിനിർത്തിയിട്ടുണ്ടാവില്ല എന്ന് തന്നെയാണ്. എല്ലാം നല്ലതെന്നു ദൈവം കണ്ട ശുഭദിനത്തിൽ ഈയൊരു മംഗളകർമം നടക്കുമ്പോൾ, നമ്മോടു അടുത്തുനിൽക്കുന്നവരെയും, ചേർന്നുപോകാത്തവരെയും, പിണങ്ങി നിൽക്കുന്നവരെയുംകൂടി വിളിക്കുവാൻ ആ കുടുംബം ശ്രദ്ധിച്ചിരിക്കണം.

എല്ലാകാര്യങ്ങളിലും വളരെ മുൻകരുതലുകൾ എടുത്തിട്ടും അവരുടെ ആ മംഗളകർമ്മത്തിൽ, അതിന്റെ ആഘോഷത്തിലെ ഏറ്റവും പ്രധാന ഘടകമായ വീഞ്ഞിന്റെ കുറവിന്റെ രൂപത്തിൽ അശുഭലക്ഷണങ്ങൾ കടന്നുവരികയാണ്. എന്തും ഇപ്പോഴും സംഭവിക്കാവുന്ന ജീവിതത്തിൽ നന്മകളും ദുരന്തങ്ങളും സംഭവിക്കാം. പക്ഷെ ശക്ഷരായവർ കൂടെയുണ്ടെങ്കിൽ, ദൈവം തന്നെ നമ്മോടു ഒപ്പമുണ്ടങ്കിൽ നാം ആരെ ഭയപ്പെടണം? എന്തിനു നിരാശരാകണം?

ഇവിടെ പരിശുദ്ധ ‘അമ്മ അവരുടെ സഹായത്തിനെത്തുകയാണ്. ‘അമ്മ ഈശോയെ നോക്കിയപ്പോൾ കണ്ടത് കുറവുകളെ   നിറവുകളാക്കുന്നവനെയാണ്; ജീവിതപ്രശ്നങ്ങൾക്കു പരിഹാരമായവനെയാണ്; നമുക്കെതിരെ വരുന്ന ശത്രുക്കളെയും, ലോകം മുഴുവനെത്തന്നെയും അംഗുലീചലനം കൊണ്ട് തറപറ്റിക്കാൻ കഴിയുന്നവനെയാണ്”; ജീവൻ നൽകാൻ, അത് സമൃദ്ധിയായി നൽകാൻ വന്നവനെയാണ്.

ഈശോയുടെ നിർദ്ദേശമനുസരിച്ചു പ്രവർത്തിച്ചപ്പോൾ, അവിടെ നിറവുണ്ടാകുകയാണ്. അസാധ്യമായവ സംഭവിക്കുകയാണ്. വീഞ്ഞിന്റെ, ദൈവികതയുടെ, സമൃദ്ധിയുണ്ടാകുകയാണ്.

സ്നേഹമുള്ളവരേ, ഇതേ അനുഭവം നമ്മിലും സംഭവിക്കാം. നമ്മുടെ ജീവിതത്തിലും അത്ഭുതങ്ങൾ ഉണ്ടാകും. നമ്മുടെ ജീവിതത്തിലും, കുടുംബത്തിലും ദൈവത്തിന്റെ, ക്രിസ്തുവിന്റെ ഇടപെടലുകൾ സംഭവിക്കും. അതിനു അഞ്ചു കാര്യങ്ങൾ നാം ശ്രദ്ധിക്കണം.

  1. Invitation – നിന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ, മാറ്റങ്ങൾ സംഭവിക്കാൻ നീ പരിശുദ്ധ അമ്മയെയും ഈശോയെയും നിന്റെ ജീവിതത്തിലേക്ക്, ജീവിതത്തിന്റെ ആഘോഷങ്ങളിലേക്കു, ജീവിതത്തിന്റെ ഓരോ കാര്യത്തിലേക്കും നീ ക്ഷണിക്കണം.
  2. Intercession – ജീവിതത്തിന്റെ നിർണായക നിമിഷങ്ങളിൽ ഈശോയുടെ അടുത്തെത്തി അപേക്ഷിക്കണം.
  3. Instruction – ഈശോ വചനങ്ങളിലൂടെ, കൂദാശകളിലൂടെ, സഭയിലൂടെ നൽകുന്ന നിർദ്ദേശങ്ങൾ നാം സ്വീകരിക്കണം.
  4. Instruments – നമ്മിലും, നമ്മിലൂടെ മറ്റുള്ളവരിലും ഈശോയുടെ അത്ഭുതങ്ങൾ സംഭവിക്കാൻ നാം ഉപകരണങ്ങളാകണം. വള്ളം, കൽഭരണികൾ, ജോലിക്കാർ എന്നിവർ ഉപകരണങ്ങളായതുപോലെ നാമും ഈശോയുടെ കയ്യിലെ ഏറ്റവും നല്ല ഉപകരണങ്ങളാകണം.
  5. Inspiration – ഈശോയിൽ വിശ്വസിക്കുവാൻ ശിഷ്യർക്ക് കാനായിലെ അത്ഭുതം പ്രചോദനമായതുപോലെ, നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ചെറുതും വലുതുമായ ദൈവത്തിന്റെ ഇടപെടലുകൾ നമുക്കും മറ്റുള്ളവർക്കും ഈശോയിൽ വിശ്വസിക്കുവാൻ പ്രചോദനമാകണം.

സമാപനം  

സ്നേഹമുള്ളവരേ, കാനായിലെ കല്യാണത്തിൽ നടന്ന അത്ഭുതം വെറുമൊരു സംഭവമായി കാണാതെ അതിന്റെ ആന്തരാർത്ഥം ഗ്രഹിക്കുവാനും നമ്മുടെ ജീവിതത്തെ നവീകരിക്കുവാനും നമുക്കാകണം. എന്റെ ജീവിതത്തിലേക്ക് ഇപ്പോഴും ഈശോയെ ക്ഷണിക്കുമെന്നും, ജീവിതത്തിന്റെ എല്ലാകാര്യങ്ങളിലും ഈശോയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്നും നമുക്ക് പ്രതിജ്ഞഎടുക്കാം. പരിശുദ്ധ അമ്മയിലൂടെ ഈശോയിലേക്കു നമുക്ക് ചെല്ലാം. ഈശോയുടെ കയ്യിലെ ഏറ്റവും നല്ല ഉപകരണങ്ങളാകാം. ഒപ്പം, നമ്മുടെ ജീവിതം മറ്റുള്ളവർക്ക് പ്രചോദനമാകത്തക്കവിധം നമ്മുടെ ജീവിതത്തെ മാറ്റിയെടുക്കാം. ഈശോ വെള്ളം വീഞ്ഞാക്കിയതുപോലെ, നമ്മുടെ മാനുഷിക അവസ്ഥകളെ അവിടുന്ന് ദൈവികമാകട്ടെ. ആമ്മേൻ!

SUNDAY SERMON Jn 1, 29 – 34

യോഹ 1, 29 – 34

സന്ദേശം 

Lamb of God - Royalty-free Stained Glass Stock Photo

വിശുദ്ധ യോഹന്നാന്റെ സുവിശേഷം ക്രിസ്തുവിന്റെ വ്യക്തിത്വം വെളിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിൽ എഴുതപ്പെട്ടിട്ടുള്ളതാണ്. ഈ ഉദ്ദേശ്യം പൂർത്തീകരിക്കുന്ന തരത്തിലാണ് സുവിശേഷകൻ രൂപകങ്ങളും, പ്രതീകങ്ങളും, വാക്കുകളും ഉപയോഗിച്ചിരിക്കുന്നത്. ഇന്നത്തെ സുവിശേഷഭാഗത്തും അത്തരത്തിലുള്ള ഒരു വിശേഷണമാണ് നാം കാണുന്നത് – ഈശോ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്!

യോഹന്നാൻ സുവിശേഷകൻ രൂപകങ്ങളുടെ, പ്രതീകങ്ങളുടെ, വാക്കുകളുടെ ബാഹ്യമായ വിശകലനത്തിലും വിവരണത്തിലും തങ്ങിനിൽക്കാതെ ആന്തരാർത്ഥത്തിലേക്ക് ചൂഴ്ന്നിറങ്ങി ഈശോയിൽ പൂർത്തിയാകുന്ന രക്ഷാകര രഹസ്യത്തെ അനാവരണം ചെയ്യാനാണ് ശ്രമിക്കുന്നത്.  ഇന്നത്തെ സുവുശേഷത്തിലെ ഈശോ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന രൂപകത്തിന്റെ ആന്തരാർത്ഥം ത്യാഗം ചെയ്യുന്നവൻ ക്രിസ്തു എന്നാണ്‌. സന്ദേശമാകട്ടെ, ക്രൈസ്തവ ജീവിതം ബലിയർപ്പിക്കപ്പെടുന്ന ഒരു കുഞ്ഞാടിന്റേതുപോലെ ത്യാഗനിർഭരമായിരിക്കണമെന്നതും.

വ്യാഖ്യാനം

വിശുദ്ധ സ്നാപക യോഹന്നാനാണ് ഈശോയെ ലോകത്തിനു പരിചയപ്പെടുത്തുന്നത്. ‘കർത്താവിനു വഴിയൊരുക്കുവിൻ എന്ന് മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമായ‘ സ്നാപകൻ ഉപയോഗിക്കുന്ന പേര് “ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്നാണ്‌.

‘കുഞ്ഞാട്’, എന്ന രൂപകം യഹൂദ മത പാരമ്പര്യത്തിൽ നിലനിൽക്കുന്നതാണ്. അത് യഹോവായ്ക്കുള്ള ബലിയർപ്പണവുമായി ബന്ധപ്പെട്ടു നിൽക്കുന്നതുമാണ്. യഹൂദ പശ്ചാത്തലത്തിൽ വിവിധതരം ബലിയർപ്പണങ്ങൾ ഉണ്ട്. ദഹനബലി, സമാധാനബലി, പാപപരിഹാരബലി എന്നിങ്ങനെ. ബലിയായി അർപ്പിക്കപ്പെടുന്നതിനു മുൻപ്, കുഞ്ഞാടിന്റെ തലയിൽ കൈവച്ചതിനുശഷമാണ് കുഞ്ഞാടിനെ അർപ്പിക്കുന്നത്. പുരോഹിതൻ അത് ദഹിപ്പിച് പാപങ്ങൾക്ക് പരിഹാരം ചെയ്യണം. അപ്പോൾ കുറ്റങ്ങൾ ക്ഷമിക്കപ്പെടും. (ലേവ്യർ 4, 35)

അതായത്, അന്നത്തെ മൃഗബലിയുടെ ലക്ഷ്യങ്ങൾ പാപപരിഹാരവും അതുവഴിയുള്ള വിശുദ്ധീകരണവുമായിരുന്നു. ഹെബ്രായരുടെ പുസ്തകത്തിൽ പറയുന്നത് “നിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണ് ശുദ്ധീകരിക്കപ്പെടുന്നത്. രക്തം ചിന്താതെ പാപമോചനമില്ല”. (ഹെബ്രാ 9, 22) എന്നാണ്.

‘കുഞ്ഞാട്’ യഹൂദ ക്രൈസ്തവ പാരമ്പര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പ്രതീകവും കൂടിയാണ്. അത് വിശുദ്ധിയുടെ, നിർമലതയുടെ, സ്നേഹത്തിന്റെ പ്രതീകമാണ്. കുഞ്ഞാട് നിഷ്കളങ്കതയെ, ലാളിത്യത്തെ പ്രതിനിധാനം ചെയ്യുന്നു. അത് പൂർണമായും മറ്റുള്ളവർക്ക് സമർപ്പിതമാണ്. മറ്റൊരുവാക്കിൽ, കുഞ്ഞാട് ത്യാഗത്തിന്റെ പ്രതീകമാണ്. കുഞ്ഞാടിന്റെ തലയിൽ കൈവച്ചു പാപങ്ങളെല്ലാം അതിലേക്കു ആവേശിപ്പിച്ചശേഷമാണ് ബലിയർപ്പിക്കുന്നത്‌. അപ്പോൾ കുഞ്ഞാട് പാപപരിഹാരവുമായിത്തത്തീരുന്നു.

ഇത്തരത്തിലുള്ള പ്രതീകാത്മക ഘടകങ്ങൾ ക്രിസ്തുവിലേക്കു ചേർക്കുമ്പോൾ ക്രിസ്തു ദൈവത്തിന്റെ കുഞ്ഞാടാകുന്നു; അവിടുന്ന് ത്യാഗത്തിന്റെ ആൾരൂപമാകുന്നു. ക്രിസ്തു മനുഷ്യന്റെ പാപങ്ങൾക്ക് പരിഹാരമാകുന്നു.

ശരിയാണ്. നമുക്ക് മൃഗബലിയുടെ ഒരു സംസ്കാരത്തെ ഉൾക്കൊള്ളുവാൻ സാധിക്കുകയില്ല. എന്നാൽ, അന്നത്തെ സമൂഹത്തിന്റെ മത സാംസ്കാരിക വളർച്ചയെ മനസ്സിലാക്കുവാനും അംഗീകരിക്കുവാനും കഴിയണം. ബുദ്ധിപരമായി ഒട്ടും വളരാത്ത ഒരു സമൂഹത്തിൽ, ശാസ്ത്രീയമായി ഉയർച്ചയില്ലാത്ത കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ആചാരങ്ങളും രീതികളും ഉണ്ടാകുകയെന്നത് സ്വാഭാവികമാണ്. നമുക്കിന്നു അതിനും അപ്പുറം നിൽക്കാനും കുഞ്ഞാട് എന്ന രൂപകത്തിന്റെ ആന്താരാർത്ഥം ഉൾക്കൊള്ളാനും സാധിക്കണം.

ദൈവത്തിന്റെ മഹാത്യാഗമാണ് പ്രപഞ്ചസൃഷ്ടിയും, പ്രപഞ്ചവും. ദൈവത്തിന്റെ മഹാസ്നേഹമാണ്, മഹാത്യാഗമാണ് ക്രിസ്തു, ദൈവത്തിന്റെ കുഞ്ഞാട്. “സ്വന്തം ഏകജാതനെ നൽകുവാൻ തക്കവിധം ഈ ലോകത്തെ സ്നേഹിക്കുന്ന ദൈവ”ത്തിന്റെ ത്യാഗമാണ് ക്രിസ്തു. ഈ ലോകത്തിന്റെ പാപപരിഹാരവും വിശുദ്ധീകരണവുമാണ് ക്രിസ്തു. വിശുദ്ധ പൗലോശ്ലീഹാ തിമൊത്തെയോസിനോട് പറഞ്ഞതുപോലെ, ഈ ക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസിനീയവും തികച്ചും സ്വീകാര്യവുമാണ്. ഈ ക്രിസ്തു തന്നെയാണ് സ്നാപകൻ പറഞ്ഞതുപോലെ ആത്മാവിനാൽ നിറഞ്ഞവനും, പരിശുദ്ധാത്മാവിനാൽ നമ്മെ സ്നാനം ചെയ്യുന്നവനും.

സ്നേഹമുള്ളവരേ, ക്രിസ്തുവിനെപ്പോലെ ത്യാഗത്തിന്റെ ആൾരൂപങ്ങളാകാനാണ് ഇന്നത്തെ ദൈവവചനം നമ്മെ ക്ഷണിക്കുന്നത്. ത്യാഗം മനുഷ്യജീവിതത്തിന്റെ സ്വഭാവം ആയതുകൊണ്ടാണ് ദൈവം ത്യാഗത്തിന്റെ വസ്ത്രം ധരിച്ചു ഈ ലോകത്തിലേക്കു വന്നത്. മാതാപിതാക്കൾ ഈ ലോകത്തിൽ ത്യാഗത്തിന്റെ ആൾ രൂപങ്ങളാണ്. കുടുംബത്തിനുവേണ്ടി, മക്കൾക്കുവേണ്ടി, അവർ സ്വയം ഇല്ലാതാകുകയാണ്. ഗർഭകാലത്തിലൂടെ കടന്നു ഒരമ്മ കുഞ്ഞിന് ജന്മം നൽകുന്ന അവസ്ഥ ത്യാഗത്തിന്റെ ഉന്നത രൂപമാണ്. പ്രകൃതിയിലെ വൃക്ഷങ്ങളും ത്യാഗത്തിന്റെ സൗന്ദര്യമാണ് പ്രഘോഷിക്കുന്നത്‌.

ക്രിസ്തു ലോകത്തിന്റെ കുഞ്ഞാട് എന്നതിന്റെ ആന്തരാർത്ഥം മനസ്സിലാക്കുവാനും ത്യാഗം നിറഞ്ഞ ക്രൈസ്തവ ജീവിതം നയിക്കുവാനും നാം ശ്രമിക്കണം.

ഇന്നത്തെ സാമൂഹ്യ സമ്പർക്കമാധ്യമങ്ങൾ നൽകുന്ന സന്ദേശം ഇതിനു കടക വിരുദ്ധമാണ്. അവർ പറയുന്നത്: “മറ്റുള്ളവർക്കുവേണ്ടി, സ്വന്തം താത്പര്യങ്ങൾ മാറ്റിവച്ചു ത്യാഗപൂർവം ജീവിക്കുന്നവർ വിഡ്ഢികളാണ്” എന്നാണ്‌. ഇന്നത്തെ ലോകം അവരെ വിളിക്കുന്നത്, ‘ജീവിക്കാതെ മരിക്കുന്നവർ’ എന്നാണ്‌. പക്ഷെ, ത്യാഗമാണ് നമ്മുടെ ജീവിതത്തെ മനോഹരമാക്കുന്നത് എന്ന്, ത്യാഗമാണ് നമ്മുടെ ജീവിതത്തെ ദൈവികമാക്കുന്നത്‌ എന്ന്, ത്യാഗമാണ് നമ്മുടെ യഥാർത്ഥ സ്വഭാവമെന്ന്‌ ഈ ലോകം അറിയുന്നില്ല.

സമാപനം   

സ്നേഹമുള്ളവരേ, നമ്മുടെ ക്രൈസ്തവ ജീവിതം ബലിയർപ്പിക്കപ്പെടുന്ന കുഞ്ഞാടിന്റെതുപോലെ ത്യാഗനിർഭരമായിരിക്കുവാൻ നമുക്ക് ശ്രമിക്കാം. ഓരോ വിശുദ്ധ കുർബാനയും നമ്മോടു പറയുന്നത് വിശുദ്ധ കുർബാന ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിന്റെ ത്യാഗത്തിന്റെ ആഘോഷമാണ് എന്നാണ്‌.

ഇന്നത്തെ വിശുദ്ധ കുർബാനയിൽ ഭക്തിപൂർവ്വം പങ്കെടുത്തു ത്യാഗത്തിന്റെ ക്രൈസ്തവജീവിതത്തിലേക്കു കൂടുതൽ കരുത്തോടെ നമുക്ക് നടന്നു പോകാം.

SUNDAY SERMON Mt 2, 1-12

മത്താ 2, 1 – 12

സന്ദേശം

Related image

ക്രിസ്തുമസ് അവധിക്കാലത്തിന്റെ ആലസ്യത്തിലാണെങ്കിലും ക്രിസ്തുമസിന്റെ സന്തോഷം ഇപ്പോഴും നമ്മുടെ ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ടു പിറവിക്കാലത്തിന്റെ ഒന്നാം ഞായറാഴ്ചയിലേക്കു നാം പ്രവേശിച്ചിരിക്കുകയാണ്. പിറവിക്കാലത്തെ ആദ്യ ഞായറാഴ്ചയിലെ സുവിശേഷം ഉയർത്തുന്നത് രണ്ടു ചോദ്യങ്ങളാണ്, നമ്മെ ചിന്തിപ്പിക്കേണ്ട രണ്ടു ചോദ്യങ്ങൾ. ഒന്ന്, നാളെ നമ്മെക്കുറിച്ചു ഈ ലോകം രേഖപ്പെടുത്തുന്നത് എന്തായിരിക്കും? രണ്ട്‌, ഇന്നത്തെ സുവിശേഷത്തിലെ ജ്ഞാനികളെപ്പോലെ ദൈവാന്വേഷികളായ ക്രൈസ്തവർ എന്നായിരിക്കുമോ?

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷഭാഗത്തിന്റെ ചരിത്രപരത അന്വേഷിച്ചുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിശുദ്ധ ഗ്രന്ഥത്തിൽ ചരിത്രം ഉണ്ടെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. ഹോറോദേസ് രാജാവിന്റെ പിന്നാലെ പോകുക എന്നതിനേക്കാൾ ജ്ഞാനികളുടെ പിന്നാലെ യാത്രചെയ്യാനാണ് ഞാൻ ആഗ്രഹിക്കുക. വിശുദ്ധ മത്തായി ഇവർ രാജാക്കന്മാർ എന്ന് പറഞ്ഞിട്ടില്ല, മൂന്നുപേരെന്നും പറഞ്ഞിട്ടില്ല. മൂന്നുപേരെന്നതു പാരമ്പര്യത്തിൽനിന്നു വന്നതാണ്. പൗരസ്ത്യ ദേശത്തുനിന്നുള്ള ജ്ഞാനികൾ എന്നാണു അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഒരു നക്ഷത്രത്തിന്റെ പിന്നാലെ ഇറങ്ങിത്തിരിച്ചവരാണെന്നുള്ളതുകൊണ്ടു അവർ ജ്ഞാനികൾ ആയിരിക്കണം. അന്നും ഇന്നും പൗരസ്ത്യദേശത്ത് ജ്യോതിഷം വേദത്തിന്റെ, വെളിപാടിന്റെ ഭാഗമാണ്.

ജ്യോതിഷത്തിന്റെ അറിവിൽനിന്നായിരിക്കണം, അവർ കണ്ടുപിടിച്ചത് യഹൂദന്മാർക്കു ഒരു രാജാവ് പിറന്നിരിക്കുന്നുവെന്നാണ്. അതിനു നിമിത്തമായതോ കിഴക്കു അവർ ദർശിച്ച അത്ഭുതകരമായ ഒരു നക്ഷത്രവും. ആ നക്ഷത്രത്തെ, ദൈവിക അടയാളത്തെ പിന്തുടർന്ന അവർ ഉണ്ണിയേശുവിനെ കാണുകയും ആരാധിക്കുകയും പൊന്നും കുന്തിരക്കവും മീറയും കാഴ്‌ചവയ്ക്കുകയും ചെയ്തു. ഇന്ന് അവർ അറിയപ്പെടുന്നത് വെറും ജ്ഞാനികൾ എന്ന് മാത്രമല്ല ലോകരക്ഷകനായി പിറന്ന ക്രിസ്തുവിനെ ധാരാളം പ്രതിസന്ധികൾ തരണം ചെയ്തു കണ്ടെത്തിയവർ എന്നാണ്.

സ്നേഹമുള്ളവരേ, നാളെ നമ്മെ, ക്രൈസ്തവരെ, ഈ ലോകം അറിയേണ്ടത് ക്രിസ്തുവിനെ കണ്ടെത്തി അവിടുത്തെ ആരാധിച്ചു, അവിടുത്തെ വചനങ്ങൾക്കനുസരിച്ചു ജീവിക്കുന്നവർ എന്നായിരിക്കണം. അതിനുവേണ്ടി ഈ ജ്ഞാനികളെപ്പോലെ നമുക്ക് ഒരു ഉറച്ച ലക്ഷ്യമുണ്ടായിരിക്കണം. we have to set a goal. അവർ പറയുന്നത് ശ്രദ്ധിക്കൂ. “ഞങ്ങൾ കിഴക്കു അവന്റെ നക്ഷത്രം കണ്ടു അവനെ ആരാധിക്കുവാൻ വന്നിരിക്കുകയാണ്”. രണ്ടാമത് നാം നമ്മുടെ ലക്ഷ്യത്തിനു എതിരായി വരുന്നവയെയെല്ലാം അകറ്റിനിർത്തണം. we have to avoid all the negatives. രാജകൊട്ടാരത്തിന്റെ ആഡംബരം, അസ്വസ്ഥനായ ഹേറോദേസ്, അദ്ദേഹത്തിന്റെ ഹിഡൺ അജണ്ടയോടെയുള്ള സംസാരം, എല്ലാം നെഗറ്റിവുകളാണ്. അവർക്കു അവയെ തട്ടിമാറ്റാൻ കഴിഞ്ഞു. മൂന്നാമത്തേത്, കഠിനാധ്വാനമാണ്. hard work. പൗരസ്ത്യദേശത്തുനിന്നു ഒട്ടകപ്പുറത്തുള്ള യാത്ര പകലുകൾ, രാത്രികൾ, തണുപ്പ്, ചൂട്…..എല്ലാം അവർക്കു തരണം ചെയ്യാൻ കഴിഞ്ഞു. നന്മ ചെയ്യുന്നവരായി, ദൈവാന്വേഷകരായി, ലോകം നമ്മെ അറിയുവാൻ ഇടയാകണം. നമ്മുടെ ജീവിതം മനോഹരമാകുവാൻ, ധന്യമാകുവാൻ നാം ഈ ജ്ഞാനികളെപ്പോലെയാകണം.

പത്തൊന്പതാം നൂറ്റാണ്ടിന്റെ ഒരു പ്രഭാതത്തിൽ സ്വീഡൻ കാരനായ ഒരു കെമിസ്റ്റ് ദിനപത്രത്തിലൂടെ കണ്ണോടിച്ചപ്പോൾ ഒരു വാർത്ത കണ്ടു ഞെട്ടിപ്പോയി. ചരമകോളത്തിൽ ദേ തന്റെ ഫോട്ടോയും വാർത്തയും! സമനിലവീണ്ടെടുത്ത അയാൾ വാർത്തയിലൂടെ കടന്നുപോയപ്പോൾ കണ്ടതോ മനസ്സിനെ തകർക്കുന്നതായിരുന്നു. അയാളെക്കുറിച്ചു അതിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു: “ഡൈനാമൈറ്റ് രാജാവ് മരിച്ചു”, “അയാൾ മരണത്തിന്റെ കച്ചവടക്കാരനായിരുന്നു”. പൊട്ടിത്തെറിച്ചു ഭീകരത സൃഷ്ടിക്കുന്ന, മരണം വിതക്കുന്ന ഡൈനാമൈറ്റ് കണ്ടുപിടിച്ചത് അയാളായിരുന്നു. ‘മരണത്തിന്റെ കച്ചവടക്കാരൻ എന്ന് വായിച്ചപ്പോൾ അയാൾ സ്വയം ചോദിച്ചു: “ഇങ്ങനെയാണോ ഞാൻ അറിയപ്പെടാൻ പോകുന്നത്” “ഇങ്ങനെയാണോ ഞാൻ എന്റെ മരണശേഷം അറിയപ്പെടേണ്ടത്?” ആ നിമിഷം   മുതൽ അയാൾ സമാധാനത്തിനുവേണ്ടി പ്രവർത്തിക്കാൻ തുടങ്ങി. ഇന്ന്, ആ ഡൈനാമൈറ്റ് രാജാവ്, ആൽഫ്രഡ്‌ നോബൽ അറിയപ്പെടുന്നത് ലോകത്തിലെ വലിയ അവാർഡായ നോബൽ പ്രൈസിന്റെ പേരിലാണ്.

സമാപനം

സ്നേഹമുള്ളവരേ, ഭാവിയിൽ ക്രൈസ്തവരായ   നാം എങ്ങനെയാണ് അറിയപ്പെടേണ്ടത്? ഏതു മൂല്യങ്ങളായിരിക്കും ജനങ്ങൾ നമ്മുടെ പേരിന്റെ കൂടെ പറയുക? മൂന്നു ജ്ഞാനികളെപ്പോലെ, അല്ലെങ്കിൽ ക്രിസ്തുവിനെ ദർശിച്ച ജ്ഞാനികളെപ്പോലെ, നല്ല ലക്ഷ്യങ്ങളുള്ള, തിന്മകളെ അകറ്റിക്കളയുന്ന, ദൈവത്തെ കാണാൻ കഠിനാധ്വാനം ചെയ്യുന്ന, ദൈവത്തിന്റെ സ്വരത്തിനനുസരിച്ചു പ്രവർത്തിക്കുന്ന വ്യക്തികളായി അറിയപ്പെടാനും ആയിത്തീരുവാനും നമുക്ക് സാധിക്കണം. എത്ര വലിയ titles ഉണ്ടായാലും, ലോകത്തിന്റേതായ രീതിയിൽ എങ്ങനെ അറിയപ്പെട്ടാലും നല്ല ക്രൈസ്തവരെന്ന, യഥാർത്ഥ ക്രൈസ്തവർ എന്ന title ഇല്ലായെങ്കിൽ എന്തുഫലം? സത്യം പറയുന്ന, നന്മ പ്രവർത്തിക്കുന്ന, കുടുംബത്തിന്റെ എല്ലാ കാര്യങ്ങൾക്കും ദൈവത്തിന്റെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കുന്ന നല്ല ക്രൈസ്തവരാകാൻ നമുക്കാകട്ടെ. ആമ്മേൻ!

Communicate with love!!