ഈസ്റ്റർ ഞായർ 2026

ലോകത്തിലെ എല്ലാ മതഗ്രന്ഥങ്ങളിലും വച്ച്, വേദഗ്രന്ഥങ്ങളിലുംവച്ച് ഏറ്റവും പ്രതീക്ഷ നൽകുന്ന മനോഹരമായ ഒരു വാക്കിനെ ചേർത്തുപിടിച്ചുകൊണ്ട്, നാമിന്ന് ക്രിസ്തുവിന്റെ ഉത്ഥാനത്തിരുനാൾ ആഘോഷിക്കുകയാണ്. മനോഹരമായ പ്രതീക്ഷനൽകുന്ന ആ വാക്കിതാണ്: മൂന്നാം ദിനം, മൂന്നാംപക്കം, The Third Day! സമാന്തര സുവിശേഷങ്ങളിലെ ക്രിസ്തുവിന്റെ പീഡാനുഭവ പ്രവചനങ്ങളുടെ Highlight എന്നു പറയുന്നത്, ഈശോ ജെറുസലേമിലേക്ക് പോകേണ്ടിയിരിക്കുന്നു എന്നതല്ല, ശ്രേഷ്ഠന്മാരിൽ നിന്നും പ്രധാനപുരോഹിതരിൽ നിന്നും വളരെയേറെ സഹിക്കേണ്ടി വരും എന്നതല്ല, താൻ വധിക്കപ്പെടും എന്നതുമല്ല, മൂന്നാം ദിവസം ഉയിർപ്പിക്കപ്പെടും എന്നതാണ്. (മത്താ 16, 21 – 23) ഇക്കഴിഞ്ഞ ദിവസങ്ങളിൽ നാം ആചരിച്ച തിരുക്കർമങ്ങൾക്കും, വായിച്ചു കേട്ട വിശുദ്ധ ഗ്രന്ഥവായനകൾക്കും, ദുഃഖവെള്ളിയാഴ്ച്ച കാൽവരിയിൽ സംഭവിച്ചതിന്റെ ഓർമകൾക്കും എല്ലാം അർത്ഥവും പൂർണതയും വരുന്നത് മൂന്നാം ദിനം അവിടുന്ന് ഉത്ഥാനം ചെയ്തു എന്ന മഹാരഹസ്യത്തിലാണ്. പെന്തക്കുസ്താ ദിനത്തിൽ പത്രോശ്ലീഹാ പ്രഘോഷിച്ചപോലെ, ഇന്ന് നാം വിളംബരം ചെയ്യുന്ന സന്ദശമിതാണ്: ലോകമേ, തിന്മയുടെ ശക്തികൾ കുരിശിൽ തറച്ച് കൊന്ന ദൈവപുത്രനായ ക്രിസ്തു ഉയിർത്തെഴുന്നേറ്റു. ആ ക്രിസ്തു എന്റെയും നിങ്ങളുടെയും ദൈവമായി ഇന്നും ജീവിക്കുന്നു!
ഇന്നത്തെ ഈ വിളംബരത്തിന് ഒരു പ്രത്യേകതയുണ്ട്. ക്രിസ്തു ഇന്നും ജീവിക്കുന്നു എന്ന് ഇന്ന് നാം വിളംബരം ചെയ്യുമ്പോൾ, സ്നേഹമുള്ള സഹോദരീ സഹോദരങ്ങളേ, ഓർക്കുക, തിന്മയുടെ ശക്തികൾ സകല ക്രൂരതകളോടുംകൂടി അഴിഞ്ഞാടുന്ന കാലഘട്ടത്തിലാണ് ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന് നാം വിളംബരം ചെയ്യുന്നത്. മനുഷ്യന്റെ ആർത്തിയും, അഹങ്കാരവും യുദ്ധമായി, യുദ്ധത്തിലെ ബാലിസ്റ്റിക് -ന്യൂക്ലിയർ ആയുധങ്ങളായി തീതുപ്പുന്ന വിനാശകരമായ ഒരു കാലഘട്ടത്തിലാണ്, ഭരണസംവിധാനങ്ങൾ ഉപയോഗിച്ചും, ക്രൈസ്തവമുക്ത ഭാരതം സൃഷ്ടിക്കാൻ ശത്രുക്കൾ ശ്രമിക്കുന്ന സമയത്താണ്, നിയമനിർമാണ സഭകൾപോലു FCRA പോലുള്ള ബില്ലുകളിൽ ഭേദഗതി വരുത്തിക്കൊണ്ട് ക്രൈസ്തവന്റെ പ്രേഷിത പ്രവർത്തനങ്ങളെയും, കാരുണ്യ പ്രവൃത്തികളെയും തകർക്കാൻ ശ്രമിക്കുന്ന കാലഘട്ടത്തിലാണ് ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന് നാം വിളംബരം ചെയ്യുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും, ആകാശത്തിന് കീഴിൽ, ഭൂമിക്ക് മുകളിൽ രക്ഷിക്കപ്പെടാൻ ഒരൊറ്റ നാമമേയുള്ളു; അത് ക്രിസ്തുവിന്റെ നാമമാണ് എന്ന ദൈവവചനത്തിന്റെ ശക്തിയിൽ അഭിമാനത്തോടെ നാം ഏറ്റുപറയുകയാണ് ക്രൈസ്തവന്റെ ദൈവം ഇന്നും ജീവിക്കുന്ന ദൈവമാണ് എന്ന്. എല്ലാവർക്കും ഉത്ഥാനത്തിരുനാളിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു!

2026 ലെ ഉത്ഥാനത്തിരുനാളിന്റെ സന്ദേശമായി രണ്ട് കാര്യങ്ങൾ അവതരിപ്പിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒന്നാമതായി, ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ഉത്ഥാനത്തിലുള്ള, ക്രിസ്തുവിന്റെ ഉത്ഥാനത്തിലുള്ള വിശ്വാസമാണ്. മിശിഹാ രഹസ്യങ്ങൾക്ക്, മിശിഹായുടെ ജനനത്തിനും, പരസ്യജീവിതത്തിനും, പീഡാസഹനത്തിനും, മരണത്തിനും ദൈവികതയും അർത്ഥവും നൽകുന്നത് നാം ഇന്ന് ആഘോഷിക്കുന്ന ക്രിസ്തുവിന്റെ ഉത്ഥാനമാണ്. ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുർബാന ഇത്രയും ശക്തവും, പ്രസാദം നിറഞ്ഞതുമാകുന്നത് ക്രിസ്തു പുൽക്കൂട്ടിൽ പിറന്നു എന്നതുകൊണ്ടല്ല, പീഡകൾ അനുഭവിച്ചു എന്നതുകൊണ്ടല്ല, കുരിശിൽ മരിച്ചു എന്നതുകൊണ്ടുമല്ല, പിന്നെയോ, ക്രിസ്തു ഉത്ഥിതനായി ഇന്നും ജീവിക്കുന്നതുകൊണ്ടാണ്. തന്റെ പരസ്യ ജീവിതകാലത്ത് ഈശോ ജനങ്ങളുടെ വിശ്വാസ വളർച്ചയ്ക്കുവേണ്ടി ധാരാളം അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും, അവിടുന്ന് പ്രവർത്തിച്ച ഏറ്റവും വലിയ അത്ഭുതമാണ് അവിടുത്തെ ഉത്ഥാനം. സുവിശേഷം എന്നത്, ഉത്ഥിതനായ ക്രിസ്തുവിന്റെ സുവിശേഷമാണ്. അത് പാവങ്ങളുടെയും, പാപികളുടെയും സുവിശേഷമാകുന്നത്, അവർക്ക് ശുഭപ്രതീക്ഷയേകുന്ന സുവാർത്തയാകുന്നത് സുവിശേഷം ഉത്ഥാനത്തിന്റെ സുവിശേഷമായതുകൊണ്ടാണ്!
അതുകൊണ്ടാണ് വിശുദ്ധ പൗലോശ്ലീഹാ കോറിന്തോസുകാരോട് ഇങ്ങനെ പ്രഘോഷിക്കുന്നത്. അല്ലയോ കോറിന്തോസുകാരേ, “ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം. (1Cor 15, 14) “ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുകയും, സംസ്കരിക്കപ്പെടുകയും, എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാൾ ഉയിർപ്പിക്കപ്പെടുകയും ചെയ്തു. അവൻ കേപ്പയ്ക്കും, പിന്നീട് പന്ത്രണ്ടുപേർക്കും പ്രത്യക്ഷനായി. ഒടുവിൽ അകാലജാതന് എന്നതുപോലെ എനിക്കും പ്രത്യക്ഷനായി. അതിനാൽ, ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങൾ ദൈവത്തിനുവേണ്ടി കപടസാക്ഷ്യം വഹിക്കുന്നവരാകും.” (1 Cor 15, 4-8)
ക്രിസ്തുവിന്റെ ഉത്ഥാനംവഴി ഈ പ്രപഞ്ചത്തിന് പുതിയൊരു മുഖം നൽകപ്പെട്ടു. ഉത്ഥാനം പ്രഘോഷിക്കുന്നത് ക്രിസ്തു മരിച്ചവരിൽ നിന്ന് ഉത്ഥിതനായി എന്ന് മാത്രമല്ല, ക്രിസ്തുവിന്റെ ഉത്ഥാനത്തിലൂടെ പുതിയൊരു ലോകം പണിയപ്പെട്ടിരിക്കുന്നു എന്നാണ്. ക്രിസ്തുവിന് മുൻപ് എന്ന് ചരിത്രത്തിൽ പറയുമ്പോൾ, ക്രിസ്തുവിന്റെ ഉത്ഥാനത്തിന് മുൻപ് എന്നാണ് അർത്ഥമാക്കേണ്ടത്. ക്രിസ്തുവിന് ശേഷമെന്നത് അവിടുത്തെ ഉത്ഥാനത്തിന് ശേഷമെന്നും. കാരണം, ക്രിസ്തുവിന്റെ ഉത്ഥാനം എല്ലാറ്റിനെയും പുതിയതാക്കി മാറ്റിയിരിക്കുന്നു. “ലോകം മുഴുവനും, ജീവിതം മുഴുവനും അന്ധകാരം ആണെങ്കിലും, ഭയപ്പെടേണ്ട, നിരാശരാകേണ്ടാ. നാമെല്ലാവരും ഈസ്റ്റർ ജനമാണ്, ഉത്ഥിതനായ ക്രിസ്തുവിന്റെ ജനമാണ്; ഹല്ലേലൂയാ, ക്രിസ്തു ജയിക്കട്ടെ എന്നതാണ് നമ്മുടെ ഗാനം.” ഇങ്ങനെ ക്രൈസ്തവരെ മുഴുവൻ ഉദ്‌ബോധിപ്പിക്കുന്നത് വിശുദ്ധ ജോൺ പോൾ രണ്ടാമനാണ്. ഉത്ഥിതനായ ക്രിസ്തുവിന്റെ പ്രകാശത്തിലൂടെ നടന്നുപോയപ്പോൾ, നിരീശ്വരത്വത്തിന്റെ ഭൗതികവാദം ഉയർത്തിപ്പിടിക്കുന്ന കമ്മ്യൂണിസത്തിന്റെ, ഇരുട്ടിനെ ഇല്ലാതാക്കുവാൻ വിശുദ്ധ ജോൺ പോൾ രണ്ടാമന് സാധിച്ചത്, ഉത്ഥാനത്തിന്റെ പ്രകാശമായി ജീവിതത്തെ മാറ്റിയതുകൊണ്ടാണ്.
രണ്ടാമതായി, ഞാൻ ആദ്യം പറഞ്ഞ മൂന്നാം പക്കത്തിന്റെ സന്ദേശമാണ്. മനുഷ്യജീവിതത്തിൽ, അവളുടെ/അവന്റെ പ്രതീക്ഷകൾ തീരുന്നിടത്തു നിന്ന് ദൈവത്തിന്റെ ശരിയായ സമയം ആരംഭിക്കുന്നുവെന്നുള്ള വിശ്വാസത്തിന്റെ പേരാണ് മൂന്നാംദിനം. ഹോസിയ പ്രവാചകന്റെ പുസ്തകത്തിലാണ് നാമിത് ആദ്യമായി കാണുന്നത്. അവൻ നമ്മെ മരണത്തിന് വിട്ടുകൊടുത്താലും, മൂന്നാം ദിവസം ഉയിർപ്പിക്കും. (ഹോസിയ 6, 2) അതാണ് ദൈവത്തിന്റെ സമയം. ഒരാൾ മരിച്ചാൽ മൂന്ന് ദിവസം കൂടി അയാളുടെ ആത്മാവ് അയാളിൽ തങ്ങി നിൽക്കുമെന്നായിരുന്നു യഹൂദ വിശ്വാസം. അത് കഴിഞ്ഞാൽ പിന്നെ ഒരു പ്രതീക്ഷയുമില്ല. അതുകൊണ്ടാണ്, മൂന്ന് ദിവസങ്ങൾക്ക് ശേഷം ഈശോ ലാസറിന്റെ കുഴിമാടത്തിൽ എത്തിയപ്പോൾ ലാസറിന്റെ സഹോദരി വാവിട്ട് കരയുന്നത്. പക്ഷെ, ദൈവത്തിന്റെ സമയം അവിടെ ആരംഭിക്കുന്നതെയുള്ളൂ.
പിന്നൊരു മൂന്നാംപക്കം പഴയനിയമത്തിലുണ്ട്. അത് മൂന്ന് ദിവസം മത്സ്യത്തിനുള്ളിൽ കഴിഞ്ഞ യോനായുടെ കഥയാണ്. മൂന്ന് ദിവസം മാറിയിരിക്കുമ്പോൾ, ദൈവം തുടങ്ങും. അപ്പോൾ എല്ലാം പുതിയൊരു ആന്തരിക പ്രകാശത്തിൽ പുനർനിർണയം ചെയ്യാനാവും. ദുരന്തങ്ങൾകൊണ്ട്, രോഗങ്ങൾകൊണ്ട്, പ്രശ്നങ്ങൾക്കൊണ്ട് നമ്മുടെ ജീവിതം കലങ്ങി മറിയുമ്പോൾ, അല്പമൊന്ന് ശാന്തമായിരുന്നാൽ തെളിനീരുപോലെയാകും നമ്മുടെ ജീവിതം. ശ്രീബുദ്ധൻ ആനന്ദനോട് പറഞ്ഞതുപോലെയാണത്. കുറേദൂരം നടന്ന് ക്ഷീണിച്ച ബുദ്ധൻ, ആനന്ദനോട് അടുത്തുള്ള അരുവിയിൽ നിന്ന് അല്പം വെള്ളം കൊണ്ടുവരാൻ പറഞ്ഞു. ആനന്ദൻ ഇലക്കുമ്പിളുമായി ചെന്നപ്പോൾ വെള്ളം കലങ്ങിയിരിക്കുന്നു. അയാൾ തിരിച്ചുചെന്ന് ഇക്കാര്യം ബുദ്ധനെ അറിയിച്ചു. അപ്പോൾ ബുദ്ധൻ പറഞ്ഞു: അൽപനേരം കാത്തുനിൽക്കാമായിരുന്നില്ലേ? ഒന്ന് ശാന്തമായിരുന്നാൽ തെളിയാത്ത ഏത് പുഴയാണുള്ളത്?
പുതിയനിയമത്തിൽ മൂന്നാംദിവസം ആരംഭിക്കുന്നത് കുഞ്ഞിനെ കളഞ്ഞുകിട്ടിയ സംഭവത്തിൽ നിന്നാണ്. ക്രിസ്തുവിന്റെ പരസ്യ ജീവിതമാരംഭിക്കുന്നതും ഈ സൂചനയോടെ തന്നെയാണ്. മൂന്നാം ദിവസം കാനായിൽ ഒരു വിവാഹാഘോഷം നടന്നു. മറ്റൊന്ന്, ഈശോയുടെ പ്രഘോഷണമാണ്: നിങ്ങൾ ഈ ദേവാലയം നശിപ്പിക്കുക. മൂന്ന് ദിവസംകൊണ്ട് ഞാനിത് പുനർനിർമ്മിക്കാം. ഒടുവിലായി ഹാലേലൂയ ഗീതങ്ങളോടെ ആഘോഷിക്കപ്പെടുന്ന ഒരു മൂന്നാം ദിവസം. തോട്ടത്തിൽ മുദ്രവച്ച ഒരു ശവകുടീരം. ചില സ്ത്രീകൾ മൂന്നാം ദിവസം രാവിലെ അവിടേക്കു പോകുന്നു. അത്ഭുതമേ, കല്ലറ ശൂന്യമായിരുന്നു. ഏതൊരു നന്മയും മൂന്ന് ദിവസത്തെ നിദ്രയ്ക്കുശേഷം അതിന്റെ വിജയമാഘോഷിക്കും.
സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിൽ ഇരുളുവീഴുന്ന സാഹചര്യങ്ങളിൽ പ്രതീക്ഷിക്കാൻ ഒരു മൂന്നാംപക്കം തരികയാണ് ഈശോയുടെ ഉത്ഥാനത്തിരുനാൾ. ഒടുവിൽ പ്രതീക്ഷിക്കാൻ എന്തെങ്കിലും ഉണ്ടാകും എന്ന പ്രതീക്ഷയാണ് ഈ ചെറിയ പദം നമുക്ക് നൽകുന്നത്. ഈ വലിയ തിരുനാൾ നമുക്ക് നൽകുന്നത്. ഓർക്കുക, ക്ലോക്കോ, കലണ്ടറോ അല്ല മൂന്നാം ദിനത്തെ നിശ്ചയിക്കുന്നത്. ദൈവത്തിന്റെ നേരം എന്ന് മാത്രമാണ് അതിനർത്ഥം. അത് എപ്പോഴും തന്നെ നമ്മുടെ സമയത്തിന്റെ അവസാനത്തെ അതിരായിരിക്കും. ചിലർക്കത് മൂന്ന് സെക്കണ്ടും, മറ്റ് ചിലർക്കത് 30 വർഷങ്ങളും ആകാം. ബെത്‌സയ്ദ കുളക്കരയിലെ മനുഷ്യന ത് 38 വർഷമായിരുന്നു. രക്തസ്രാവക്കാരി സ്ത്രീക്കത് പന്ത്രണ്ട് വർഷമായിരുന്നു. ഒന്നോർത്ത് നോക്കൂ….നമ്മുടെ ജീവിതത്തിൽ ഈ മൂന്നാംദിനം എത്രനാളായിരുന്നുവെന്ന്? അല്ലെങ്കിൽ എത്രനാളാണ് എന്ന്. “അച്ചോ, കുടുംബത്തിലെ സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറാൻ ഞങ്ങൾക്ക് 16 വർഷം കാത്തിരിക്കേണ്ടി വന്നു.” എന്ന് ഒരു കുടുംബനാഥൻ പറയുമ്പോ, അവർക്ക് മൂന്നാംപക്കമെന്നത്, ദൈവത്തിന്റെ നേരമെന്നത് 16 വർഷമായിരുന്നു. “അച്ചനറിയോ, എന്റെ കുഞ്ഞിന് എട്ടാം വയസ്സിൽ ബ്ലഡ് ക്യാൻസർ വന്നിട്ട് ഈശോ സുഖപ്പെടുത്തിയത് അവന് പതിനാല് വയസ്സായപ്പോഴാ.” ആ കുടുംബത്തിന് മൂന്നാംദിനമെന്നത് അഞ്ച് വർഷമായിരുന്നു. ദുഃഖവെള്ളികൾക്ക് ഒരു ഉയിർപ്പ് ഞായർ ഉണ്ടെന്നത് ക്രിസ്തുവിന്റെ ഉറപ്പാണ്.

പ്രിയപ്പെട്ടവരേ, മൂന്നാം ദിവസം എല്ലാവരും ഉയിർത്തെഴുന്നേൽക്കും. നാം മൃതരായി, മരിച്ചവരെപ്പോലെ, മുന്നോട്ട് നീങ്ങാൻ വയ്യാതെ കഷ്ടപ്പെടുന്ന സാഹചര്യങ്ങളിൽ നമുക്ക് പ്രതീക്ഷിക്കനാകണം എന്ന് പഠിപ്പിക്കുകയാണ് ഈ ഉയിർപ്പു തിരുനാൾ.
സ്നേഹമുള്ളവരേ, ഉത്ഥാനത്തിരുനാൾ നമ്മെ ക്ഷണിക്കുന്നത് ക്രിസ്തുവിലേക്കാണ്, ക്രിസ്തുവിന്റെ പ്രതീക്ഷയിലേക്കാണ്. ഈ ഉത്ഥാനത്തിരുനാൾ നമ്മുടെ ജീവിതത്തെ, കുടുംബത്തെ പ്രകാശംകൊണ്ട്, സ്നേഹംകൊണ്ട്, സന്തോഷംകൊണ്ട്, പ്രതീക്ഷകൊണ്ട് നിറയ്ക്കുവാൻ നമ്മെ പ്രേരിപ്പിക്കട്ടെ. നാം അർപ്പിക്കുന്ന വിശുദ്ധ കുർബാന ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ ആഘോഷമാണ് എന്ന് മനസിലാക്കുക. ഉത്ഥിതനായ ക്രിസ്തുവാണ് വിശുദ്ധ കുർബാനയിൽ സന്നിഹിതനാകുന്നത്. ഉത്ഥിതനായ ക്രിസ്തുവിൽ വിശ്വസിക്കുവാൻ നമുക്ക് സാധിക്കട്ടെ.ജീവിതത്തിൽ, സ്വാർത്ഥതകൾ, അഹന്ത, ഇഷ്ടങ്ങളുടെ വൈരുധ്യങ്ങൾ, മദ്യാസക്തി, ലഹരിയോടുള്ള ആഗ്രഹം, മൊബൈൽ തുടങ്ങിയ ഇലക്ട്രോണിക്സ്

ഉപകാരണങ്ങളോടുള്ള ആസക്തി തുടങ്ങിയവ അന്ധകാരം നിറയ്ക്കുമ്പോൾ ഉത്ഥിതനായ ക്രിസ്തു നിങ്ങളുടെ, നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരട്ടെ. അതിനുള്ള കൃപയ്ക്കാകട്ടെ ഇന്നത്തെ നമ്മുടെ ഉത്ഥാനത്തിരുനാളിലെ വിശുദ്ധ കുർബാന.
എല്ലാവർക്കും ഉത്ഥാനത്തിരുനാളിന്റെ മംഗളങ്ങൾ ആശംസിക്കുന്നു! ആമേൻ!