SUNDAY SERMON JN 15, 1-8

കൈത്താക്കാലം രണ്ടാം ഞായർ

യോഹ 15, 1-8

വളരെ മനോഹരമായ ഒരു രൂപകകഥയുമായാണ് (Allegory) ഇന്നത്തെ സുവിശേഷം നമ്മെ സന്ദർശിക്കുന്നത്. ഇസ്രായേൽക്കാരുടെ ജീവിതപശ്ചാത്തലത്തിൽ നിന്ന്, അവരുടെ കാർഷിക സംസ്കാരത്തിൽ നിന്ന് അടർത്തിയെടുത്ത കഥയായതുകൊണ്ട് ഈ രൂപകകഥയ്ക്ക് ജീവിതത്തിന്റെ പച്ചപ്പുണ്ട്, മണ്ണിന്റെ മണമുണ്ട്. ഇവിടെ നാല് വ്യക്തികളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഒന്ന്, കൃഷിക്കാരൻ. രണ്ട്, മുന്തിരിച്ചെടി. മൂന്ന്, ശാഖകൾ. നാല്, ചെടിയോട് ചേർന്ന് നിൽക്കാത്ത ഉപയോഗശൂന്യരായ ശാഖകൾ.

രൂപകകഥയായതുകൊണ്ട്, നിങ്ങൾക്കറിയാവുന്നതുപോലെ, ഓരോ കഥാപാത്രത്തിനും പ്രതീകാത്മകമായ അർത്ഥങ്ങളുണ്ട് (Symbolic meaning), അർത്ഥതലങ്ങളുണ്ട്. ഇതിലെ കൃഷിക്കാരൻ പിതാവായ ദൈവമാണ്. മുന്തിരിച്ചെടിയാകട്ടെ ക്രിസ്തുവാണ്. ശാഖകൾ ക്രിസ്തുവിൽ വിശ്വസിക്കുന്ന, അവിടുത്തെ ദൈവവും, കർത്താവുമായ ഏറ്റുപറയുന്ന ക്രൈസ്തവരാണ്, നാം ഓരോരുത്തരുമാണ്. ക്രിസ്തുവിനോട് ചേർന്ന് നിൽക്കാത്ത, ക്രിസ്തുവിനെ തള്ളിപ്പറയുന്ന വ്യക്തികളാണ് ഫലംപുറപ്പെടുവിക്കാത്ത ശാഖകൾ. മറ്റൊരു തലത്തിൽ, കൃഷിക്കാരൻ പിതാവായ ദൈവമാണ്. മുന്തിരിച്ചെടി തിരുസ്സഭയാണ്. ശാഖകൾ തിരുസ്സഭയുടെ മക്കളാണ്. ഉപയോഗശൂന്യമായ ശാഖകൾ തിരുസ്സഭയോട് ചേർന്ന് നിൽക്കാത്ത തിരുസഭയുടെ മക്കളാണ്. വേറൊന്നുകൂടി, കൃഷിക്കാരൻ പിതാവായ ദൈവമാണ്. മുന്തിരിച്ചെടി കുടുംബമാണ്.  ശാഖകൾ കുടുംബത്തിലെ അംഗങ്ങളാണ്.  ഉപയോഗശൂന്യമായ ശാഖകൾ കുടുംബത്തോട് ചേർന്ന് നിൽക്കാത്ത കുടുംബത്തിലെ അംഗങ്ങളാണ്.  

മുന്തിരിച്ചെടിയുടെ ഉപമ ഈ നാല് വ്യക്തികളെ അവതരിപ്പിക്കുകയല്ല ചെയ്യുന്നത്; അവരുടെ ബന്ധത്തിന്റെ കഥയാണ് ഓരോ അടരുകളായി ഈശോ പറഞ്ഞുവയ്ക്കുന്നത്. ഒപ്പം, നമ്മുടെ ബന്ധങ്ങളുടെ കഥയും ഈശോ പറയുകയാണ്. ഈ ഭൂമിയിലുള്ള ഓരോ ബന്ധവും ദൈവത്തിന്റെ പരിപാലനയുടെ, കരുതലിന്റെ അടയാളങ്ങളാണ്. “ദൈവം യോജിപ്പിച്ചത്” (മർക്കോ 10, 9) എന്ന ഒരു വാഴ്ത്ത് എല്ലാ ബന്ധങ്ങൾക്കുമുണ്ട്. അതുകൊണ്ടാണ് എല്ലാ ബന്ധങ്ങൾക്കും ദൈവിക ഉടമ്പടിയുടെ നിറവും സ്വഭാവവും കൈവരുന്നത്. പുതിയ നിയമത്തിൽ ഉടമ്പടികൾക്കെല്ലാം നിയമത്തിന്റെ സ്വഭാവമാണ് ഉണ്ടായിരുന്നത്. അവ എഴുതപ്പെട്ടതാകട്ടെ കല്ലുകളിന്മേലും. ഇന്ന്, ക്രിസ്തുവിന്റെ സ്നേഹത്താൽ തുടിക്കുന്ന എല്ലാ ബന്ധങ്ങളും എഴുതപ്പെടുന്നത് മനുഷ്യ ഹൃദയത്തിലാണ്. അത് എഴുതുന്നതാകട്ടെ പരിശുദ്ധാത്മാവും.  

ഈ രൂപകകഥയിൽ ആദ്യഭാഗത്തുതന്നെ ഈശോ നാല് കഥാപാത്രങ്ങളെയും അവതരിപ്പിക്കുകയാണ്. കഥപറയുന്നത് ഇങ്ങനെയാണ്: ഞാനാണ് സാക്ഷാൽ മുന്തിരിച്ചെടി. എന്റെ പിതാവാണ് കൃഷിക്കാരൻ. എന്റെ ശാഖകളിൽ ഫലം തരുന്നതിനെ ഞാൻ കൂടുതൽ കരുതലോടെ കാക്കുന്നു. ഫലം തരാത്തതിനെ നീക്കിക്കളയുന്നു, വെട്ടിക്കളയുന്നു, കത്തിച്ചുകളയുന്നു.

ഇത് ബന്ധങ്ങളുടെ കഥയാണ്. ഒന്നാമത്തേത്, കൃഷിക്കാരനും, മുന്തിരിച്ചെടിയും തമ്മിലുള്ള ബന്ധമാണ്; ദൈവവും ക്രിസ്തുവും തമ്മിലുള്ള ബന്ധമാണ്. കൃഷിക്കാരന്റെ ആത്മപ്രകാശനമാണ്, ജീവൻ തന്നെയാണ് അയാൾ നട്ടുവളർത്തുന്ന ഓരോ ചെടിയും. കൃഷിക്കാർക്ക് ഈ ആത്മബന്ധത്തിന്റെ പൊരുൾ പെട്ടെന്ന് മനസ്സിലാകും. അതുപോലെ, ഈ പ്രപഞ്ചത്തിലെ ബന്ധങ്ങളുടെ ഒരു Sterling Example ആയിട്ടാണ് ദൈവവും ക്രിസ്തുവും തമ്മിലുള്ള ബന്ധം ക്രിസ്തു അവതരിപ്പിക്കുന്നത്. എങ്ങനെയാണ് ദൈവവും, ക്രിസ്തുവും തമ്മിലുള്ള ബന്ധം? വിശുദ്ധ യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 10 വാക്യം 30 ൽ ഈശോ പറയുന്നു: “ഞാനും പിതാവും ഒന്നാണ്.” ആ ബന്ധത്തിന്റെ ആഴം കാണണമെങ്കിൽ, ആ ബന്ധത്തിന്റെ മഹത്വം മനസ്സിലാകണമെങ്കിൽ വിശുദ്ധ യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 14, വാക്യം 9 വായിക്കണം. “എന്നെ കാണുന്നവൻ എന്റെ പിതാവിനെ കാണുന്നു. ബന്ധങ്ങളുടെ കഥ പറയുന്ന മുന്തിരിച്ചെടിയുടെ ഉപമയുടെ ആദ്യഭാഗത്തു തന്നെ തികച്ചും പൂർണതയുള്ള, സുന്ദരമായ ഒരു ബന്ധത്തെ ഈശോ ചിത്രീകരിക്കുകയാണ്. എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു എന്ന് പറയുന്നതിൽ കൂടുതലായി, ഇതിൽപ്പരം വ്യക്തമായി എങ്ങനെയാണ് പ്രിയപ്പെട്ടവരേ, മാനുഷിക ഭാഷയിൽ ഒരു ബന്ധത്തെ അവതരിപ്പിക്കുക!!

രണ്ടാമത്തേത്, മുന്തിരിച്ചെടിയും ശാഖകളും തമ്മിലുള്ള ബന്ധമാണ്. മുന്തിരിച്ചെടി, ശാഖകൾക്ക് വളരുന്നതിനാവശ്യമായവ കൊടുക്കുവാൻ തയ്യാറായി നിൽക്കുകയാണ്. രണ്ടുതരത്തിലുള്ള ശാഖകളുണ്ട്. ഫലം തരുന്നവയും, ഫലവും തരാത്തവയും. ഫലം തരുന്നവയെ കൂടുതൽ കായ്ക്കുവാനായി വളർത്തുകയും, ഫലം തരാത്തതിനെ മുറിച്ചുകളയുകയും, പിന്നീട് കത്തിച്ചുകളയുകയും ചെയ്യുന്ന രീതിയാണ് മുന്തിരിച്ചെടിയുടെ കർഷകർ പിന്തുടരുന്നത്.  ഒരു വൃക്ഷവും അതിന്റെ ശാഖകളും തമ്മിലുള്ള ബന്ധം എങ്ങനെയാണ് എന്ന് നിങ്ങളോട് ഞാൻ വിവരിക്കേണ്ട ആവശ്യമില്ല. ശാഖകൾ ചെടിയോട്, തായ്ത്തടിയോട് ചേർന്നു നിന്നാൽ മാത്രമേ, വെള്ളവും, വളവും വലിച്ചെടുത്തു് പൂവണിയുവാനും, ഫലങ്ങൾ പുറപ്പെടുവിക്കുവാനും കഴിയൂ.

രൂപകകഥയുടെ പ്രതീകാത്മകമായ അർത്ഥത്തിൽ, ക്രിസ്തുവും ക്രൈസ്തവരും തമ്മിലുള്ള ബന്ധമാണ് ഇവിടെ വിവക്ഷ. ശാഖകൾ മുന്തിരിച്ചെടിയോട് ചേർന്ന് നിൽക്കുന്നതുപോലെ, ഓരോ ക്രൈസ്തവനും ക്രിസ്തുവിനോട് ചേർന്ന് നിന്നാൽ മാത്രമേ ഈ ഭൂമിയിലെ മനുഷ്യന്റെ ജീവിതം മനോഹരമാക്കുവാൻ സാധിക്കൂ. ശാഖകൾക്ക് ജീവനുണ്ടാകുവാനും, ആ ജീവൻ സമൃദ്ധിയായി നല്കുവാനുമാണ് മുന്തിരിച്ചെടിയായ ക്രിസ്തു വന്നിരിക്കുന്നത്.(യോഹ 10, 10) ക്രിസ്തുവിൽ വസിച്ചാൽ മാത്രമേ, നമ്മുടെ ജീവിതത്തിൽ ഫലം പുറപ്പെടുവിക്കുവാൻ സാധിക്കുകയുള്ളു. (യോഹ 15, 4-5)ക്രിസ്തുവിൽ വസിക്കുന്നില്ലെങ്കിൽ ഉണങ്ങിയ ശാഖയായി, ജീവിതം വെറും ഭസ്മമായിത്തീരും. (മത്തായി 21, 44 )

ദൈവത്തോടൊപ്പം വസിക്കുന്നില്ലെങ്കിൽ, ക്രിസ്തുവിൽ നിന്ന് ജീവനും, ചൈതന്യവും സ്വീകരിക്കുന്നില്ലെങ്കിൽ നാമൊക്കെ കല്ലിന്മേൽ കല്ല് ശേഷിക്കാതെ (മത്തായി 21, 44 ) നശിച്ചുപോകുമെന്നതിന് പ്രത്യേകിച്ച് ഉദാഹരണങ്ങൾ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ബാബേൽഗോപുരംപോലെ ആകാശം മുട്ടേ പടുത്തുയർത്തിയാലും (ഉത്പത്തി 11 1-8 ) ദൈവമാകുന്ന, ക്രിസ്തുവാകുന്ന പാറമേലല്ലെങ്കിൽ അവയെല്ലാം കടലാസുഗോപുരംപോലെ തകർന്നുവീഴും; (മത്തായി 7, 27 )ക്രിസ്തുവിനോടൊത്തല്ലെങ്കിൽ നാമെല്ലാവരും ചിതറിക്കപ്പെടും! ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം മനോഹരമാക്കേണ്ടത് ലൗകിക സമ്പത്തുകൊണ്ടല്ല (ലൂക്കാ 12, 15) ഉള്ളിലെ നന്മകൊണ്ടാണ്; ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം ഉറപ്പിക്കേണ്ടത് ഫെവിക്കുക്കു (Fewiquik) കൊണ്ടല്ല, ഹൃദയത്തിലെ സ്‌നേഹംകൊണ്ടാണ്.

നമ്മുടെ ബന്ധങ്ങളിൽ നാം ഓർക്കേണ്ട ഒരു കാര്യം, ഒരു ബന്ധവും ആകസ്മികമായി സംഭവിക്കുന്നതല്ല എന്നാണ്. ബന്ധങ്ങളെക്കുറിച്ചു് പറയുമ്പോൾ ഈശോ പറയുന്നത് “ദൈവം യോജിപ്പിച്ചത്'(മർക്കോ 10, 9) എന്നാണ്. അത് വിവാഹ ബന്ധത്തിന് മാത്രമല്ല, എല്ലാ ബന്ധങ്ങൾക്കും ഇണങ്ങും. ഒരാളുടെ സൗഹൃദങ്ങൾ, ഭാര്യാഭർത്തൃബന്ധങ്ങൾ, മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധങ്ങൾ, സഹോദരീ സഹോദരങ്ങൾ തമ്മിലുള്ള ബന്ധം, ടീച്ചറും കുട്ടികളും തമ്മിലുള്ള ബന്ധം, ജോലിചെയ്യുന്ന സ്ഥാപനവുമായുള്ള ബന്ധം, ഓടിക്കുന്ന വാഹനങ്ങളുമായുള്ള മാനസിക അടുപ്പം, കളിക്കുന്ന പാവക്കുട്ടിയുമായുള്ള കുട്ടിയുടെ അടുപ്പം …എല്ലാ ബന്ധങ്ങൾക്കും ക്രിസ്തുവിന്റെ കണക്കും കരുതലും ഉണ്ട്. ഒരാൾ ഒരു പ്രത്യേക കുടുംബവൃക്ഷത്തിന്റെ ചില്ലയിൽ പൊടിച്ചു എന്നതിൽ ദൈവത്തിന്റെ പരിപാലനവും തീരുമാനവും ഉണ്ട്. മറക്കരുത് ഈ സത്യം! കേവലം കുറച്ച് ലക്ഷങ്ങൾ വിലയുള്ള ഒരു വാഹനത്തിൽ നാം വെള്ളമോ, ചെളിയോ, വെളിച്ചെണ്ണയോ ഒഴിക്കാറില്ല. കാരണം, അതിന്റെ എൻജിൻ കേടാകും. ഓടിക്കാൻ പറ്റില്ല. അപ്പോൾ പിന്നെ,  വിലകല്പിക്കാനാകാത്തവിധം മൂല്യമുള്ള നമ്മുടെ ബന്ധങ്ങളിൽ, വെറുപ്പും, അസൂയയും, ചതിയും, അഹങ്കാരവും നിറയ്ക്കുകയാണെങ്കിൽ?  നമ്മുടെ ബന്ധങ്ങളും ശിഥിലമാകും. അത് വീണ്ടും ശരിയാക്കുക അത്ര എളുപ്പമല്ല.

എന്തിനാണിങ്ങനെ ബന്ധങ്ങൾ ഈ ഭൂമിയിൽ? പ്രപഞ്ചത്തിലെ വളരെ ദുർബലമായ ഒരു കൂട്ടമാണ് മനുഷ്യർ. അങ്ങനെ ദുർബലമായവയ്ക്കുവേണ്ടിയുള്ള സ്വർഗ്ഗത്തിന്റെ, ദൈവത്തിന്റെ കരുതലാണ് ബന്ധങ്ങൾ. ഭൂമിയിലെ ഒരു ജീവജാലത്തിനും ഇത്രയും നിരാലംബത്വം അനുഭവിക്കേണ്ടിവരുന്നില്ല. പെറ്റുവീഴുന്ന ഒരു പശുക്കുട്ടി എത്ര പെട്ടെന്നാണ് ചാടിമറിയുന്നത്! മനുഷ്യനോ? ഒന്ന് പിച്ചവയ്ക്കാൻ എത്രയോ നാളുകൾ കാത്തിരിക്കണം! അതും എത്രയോ പേരുടെ സഹായത്താൽ! ബന്ധങ്ങൾക്കുമേൽ ബന്ധങ്ങൾ ഉണ്ടായാലേ മനുഷ്യന് മുന്നോട്ട് പോകാൻ കഴിയൂ. ഇത് ശൈശവത്തിന്റെ പ്രശ്നം മാത്രമല്ല. ജീവിതത്തിന്റെ ഓരോ ചുവടിലും ബന്ധങ്ങളിലൂടെയേ മനുഷ്യന് വളരുവാൻ കഴിയൂ.

ഈ ബന്ധങ്ങൾ എങ്ങനെയായിരിക്കണം? മുന്തിരിച്ചെടിയും ശാഖകളും പോലെയായിരിക്കണം. മുന്തിരിച്ചെടിയോട് ചേർന്നുവളരുവാൻ നമുക്കാകണം.

ആരൊക്കെയാണ് ഈ മുന്തിരിച്ചെടികൾ? നാമോരോരുത്തരും ഒരേ സമയം മുന്തിരിച്ചെടികളും ശാഖകളുമാണ്. നിങ്ങൾ ഈ ഭൂമിയിലേതാണെങ്കിൽ തീർച്ചയായും ഏതെങ്കിലും മുന്തിരിച്ചെടിയോട് ചേർന്ന് നിൽക്കണം. തിരുസ്സഭ, മാതാപിതാക്കൾ, ഭാര്യ, ഭർത്താവ്, അധ്യാപകർ, രാഷ്ട്രീയ സാമുദായിക നേതാക്കന്മാർ എല്ലാവരും മുന്തിരിച്ചെടികളാണ്. അതേസമയം തന്നെ, നാം ശാഖകളുമാണ്. ഒറ്റയ്ക്ക് നമുക്ക് നിലനിൽപ്പില്ല. ചേർന്ന് നിൽക്കുന്നില്ലങ്കിൽ നാം ഉണങ്ങിപ്പോകും. വളവും ജലവും ലഭിക്കില്ല. ഫലം പുറപ്പെടുവിക്കില്ല. (യോഹ 15, 5-6)

ബന്ധങ്ങൾ പരസ്പരം സഹായിക്കുന്ന, താങ്ങുന്ന, ബലപ്പെടുത്തുന്ന ഊന്നുവടികളാണ്. മുന്തിരിച്ചെടിയെ ശാഖകൾ പരിപോഷിക്കുമ്പോൾ, ശാഖകൾ തായ്ത്തടിയെ ശക്തിപ്പെടുത്തുന്നുണ്ട്. മുന്തിരിച്ചെടി എന്നത് തായ്‌ത്തടിയും ശാഖകളും ചേർന്നതാണ്. രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ഊന്നുവടികളാണ്. നമ്മുടെ ബന്ധങ്ങളും അങ്ങനെത്തന്നെയല്ലേ? ഭർത്താവ് മുന്തിരിച്ചെടിയെങ്കിൽ, ഭാര്യ ശാഖയാണ്. ഭാര്യ മുന്തിരിച്ചെടിയെങ്കിൽ ഭർത്താവ് ശാഖയാണ്. മാതാപിതാക്കളും മക്കളും, പരസ്പരം മുന്തിരിച്ചെടിയും ശാഖകളുമാണ്. ഒരുമിച്ച് നിൽക്കുമ്പോഴാണ് വളരുന്നത്. ഫലം പുറപ്പെടുവിക്കുന്നത്.

സ്നേഹമുള്ളവരേ, ഭാര്യയെ ഒന്ന് സ്നേഹത്തോടെ ചേർത്തുപിടിച്ചിട്ട്? ഭർത്താവിനെ ഒന്ന് സ്നേഹത്തോടെ ആ കണ്ണുകളിലേക്ക് നോക്കിയിട്ട്? പരസ്പരം ചേർന്നിരുന്നിട്ട്? എത്രനാളായി? ഒരുമിച്ചിരുന്ന് ഒന്ന് സംസാരിച്ചിട്ട് എത്ര നാളായി? തിരുസ്സഭയാകുന്ന മുന്തിരിച്ചെടിയോട് ചേരാതെ മറുതലിച്ച് നിന്നിട്ട് എത്രനാളായി? നമ്മുടെ ബന്ധങ്ങളിൽ പാരസ്പര്യം കുറഞ്ഞു പോയിരിക്കുന്നു. നിലത്തുപാകുന്ന ഗ്രാനൈറ്റ് പാളികളേക്കാൾ നമ്മുടെ ബന്ധങ്ങൾ തണുത്തുപോയിരിക്കുന്നു. ബന്ധങ്ങളിലെ ഊഷ്മളത കുറഞ്ഞിരിക്കുന്നു. ബന്ധങ്ങൾ വെറും ബാധ്യതയായി മാറിയിരിക്കുന്നു! ബന്ധങ്ങൾക്ക് നാമിന്ന് വിലയിടുകയാണ്. അവയ്ക്കിടയിലുള്ള സ്നേഹത്തെ നാം തൂക്കിനോക്കുകയാണ്. ചിരപരിചയം കൊണ്ടാകാം, നമ്മുടെ ബന്ധങ്ങൾ നമ്മെ ഇന്ന് സന്തോഷിപ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ നാം വാടിപ്പോകുന്നു. ഫലം പുറപ്പെടുവിക്കാത്ത ശാഖകളായി മാറുന്നു.

എന്താണ് ബന്ധങ്ങളുടെ ധർമ്മം? മുന്തിരിച്ചെടിയും ശാഖകളുമായി നിൽക്കുമ്പോൾ എന്താണ് അനുഷ്ഠിക്കേണ്ട ധർമ്മം? മറ്റൊന്നുമല്ല, കാവലാകുകയാണ് ബന്ധങ്ങളുടെ ധർമ്മം. കൃഷിക്കാരൻ മുന്തിരിച്ചെടിയ്ക്ക് കാവലാകണം. വേരുകൾ മുന്തിരിച്ചെടിയ്ക്ക് കാവലാകണം. മുന്തിരിച്ചെടി ശാഖകൾക്ക് കാവലാകണം. ശാഖകൾ പൂവിനും, ഫലങ്ങൾക്കും കാവലാകണം. പൂവുകളും ഫലങ്ങളും വരുംതലമുറയ്ക്ക് കാവലാകണം. നമ്മുടെ ബന്ധങ്ങളിൽ ഒരാൾ മറ്റൊരാൾക്ക് ഇമവെട്ടാതെ കാവലാകണം.

അതിന്, അടുത്താകണമെന്നൊന്നുമില്ല. അകലങ്ങളിലായാലും നമ്മുടെ ബന്ധങ്ങളെ ശക്തിപ്പെടുത്താനും കാവലാകാനും സാധിക്കും.  

അമേരിക്കൻ ജേർണലിസ്റ്റും, എഴുത്തുകാരിയുമായ എലിസബത്ത് ഗിൽബെർട്ടിന്റെ (Elizabeth Gilbert) Eat Pray Love എന്നൊരു പുസ്തകമുണ്ട്. ഒരു സ്ത്രീയുടെ, എഴുത്തുകാരിയുടെ തന്നെ ആധ്യാത്മിക അന്വേഷണമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ആ പുസ്തകം സമർപ്പിച്ചിരിക്കുന്നത് സൂസൻ ബോവന് ആണ്. എഴുതിയിരിക്കുന്നത് ഇങ്ങനെ: For Susan Bowen – who provided refuge even from 12,000 miles away.  സൂസൻ ബോവന്, പന്തീരായിരം മൈലുകൾക്കപ്പുറത്തുനിന്ന് എനിക്ക് അഭയമായതിന്.

ബന്ധങ്ങൾക്ക് കാവലാകാൻ ദൂരം ഒരു ഘടകമേയല്ല. കാര്യമിതാണ്: നിന്റെ ബന്ധങ്ങൾ കൃഷിക്കാരന്റേതും മുന്തിരിച്ചെടിയുടേതും പോലെയാണോ? ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പോലെയാണോ? മുന്തിരിച്ചെടിക്കോ, ശാഖകൾക്കോ ഒറ്റക്ക് നിലനില്പില്ലെന്ന് ഓർക്കുക. മുന്തിരിച്ചെടിയിൽ നിന്ന് അകന്നുപോകുന്നതൊന്നും, ബന്ധങ്ങളെ ബന്ധനങ്ങളാക്കി മാറ്റുന്നതൊന്നും നമ്മുടെ ജീവിതത്തിൽ, കുടുംബത്തിൽ തിരുസഭയിൽ സംഭവിക്കാതിരിക്കട്ടെ.

നമ്മുടെ ബന്ധങ്ങളിൽ ഓർത്തിരിക്കേണ്ട 10 കാര്യങ്ങൾ:

1. ഓരോ ബന്ധവും ദൈവത്തിന്റെ കരുതലും സ്നേഹവുമാണ്.

2. ആത്മീയജീവിതത്തെ ശക്തിപ്പെടുത്തുക. അപ്പോൾ, ബന്ധങ്ങൾ വിശുദ്ധമാകും.

3. എപ്പോഴും സത്യസന്ധത പുലർത്തുക. നിങ്ങൾ അവിടെയും ഇവിടെയും പറയുന്ന നുണകൾ ഭാവിയിൽ നിങ്ങളുടെ ബന്ധങ്ങളെ തകർക്കും.

4. നിങ്ങളുടെ ബന്ധങ്ങളെ, മറ്റുള്ളവരുടെ ബന്ധങ്ങളുമായി താരതമ്യപ്പെടുത്താതിരിക്കുക.

5. നിങ്ങളെത്തന്നെ സ്നേഹിക്കാനും ബഹുമാനിക്കാനും ആദ്യം പഠിക്കുക. അപ്പോൾ ബന്ധങ്ങളിലും സ്നേഹവും, ബഹുമാനവും നിലനിർത്താനാകും. ശൂന്യമായ പാത്രത്തിന് ഒരു ഗ്ലാസ്സിനെ നിറയ്ക്കാനാകില്ല.

6. മറ്റുള്ളവരെ അവരുടെ കഴിവുകളോടും, കുറവുകളോടുംകൂടെ സ്വീകരിക്കാൻ പഠിക്കുക.

7. മറ്റുള്ളവരെ കേൾക്കാനും, അവരോടൊത്തായിരിക്കാനും സമയം കണ്ടെത്തുക.

8. നിന്റെ കുടുംബത്തിലുള്ളവർക്ക്, സുഹൃത്തുക്കൾക്ക് നിന്റെ സ്നേഹം, സൗഹൃദം ആവശ്യമുണ്ടെന്ന് മറക്കാതിരിക്കുക.

9. ജീവിതത്തിലെ ബന്ധങ്ങളെന്നത് 10% നിനക്കെന്ത് സംഭവിക്കുന്നു എന്നതിനെയും, 90% നീ അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു.

10. നന്ദിയുള്ളവരായിരിക്കുക. ഓരോ ബന്ധവും അമൂല്യമാണ്. 

സ്നേഹമുള്ളവരേ, നമ്മുടെ ബന്ധങ്ങൾ വളരെ ശാസ്ത്രീയമാകണമെന്നൊന്നുമില്ല. പക്ഷേ, അതൊരിക്കലും യന്ത്രികമാകരുത്. മുന്തിരിച്ചെടിയും നല്ല ശാഖകളുംപോലെ ജൈവികമായിരിക്കണം. നമ്മുടെ ബന്ധങ്ങളിൽ സ്നേഹം നിറക്കേണ്ടതും, ആ ബന്ധങ്ങളിലെ ഊഷ്‌മളത അനുഭവിക്കേണ്ടതും ഇപ്പോഴാണ്. നമ്മുടെ ബന്ധങ്ങൾ എങ്ങനെയായിരിക്കണമെന്ന് ഇന്നത്തെ രൂപകകഥയിലൂടെ ഈശോ നമുക്ക് കാണിച്ചുതരുമ്പോൾ അതിനെ മനസ്സിലാക്കാനും സ്വീകരിക്കുവാനും ഈശോ നമ്മെ അനുഗ്രഹിക്കട്ടെ.

നാമും ക്രിസ്തുവും തമ്മിലുള്ള ബന്ധം ശക്തമാകുവാൻ ക്രിസ്തു തന്റെ ശരീരവും, രക്തവും നമുക്കായി നൽകുന്ന വിശുദ്ധ കുർബനയുടെ ചൈതന്യം നമ്മുടെ ബന്ധങ്ങളിലേക്ക്, ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങട്ടെ. ആമേൻ!

SUNDAY SERMON MT 10, 1-15

കൈത്താക്കാലം ഒന്നാം ഞായർ

മത്തായി 10, 1-15

സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ കൈത്താക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ക്രിസ്തുവിന്റെ 12 ശ്ലീഹന്മാരെ പ്രത്യേകമായി കൈത്താക്കാലത്തിൽ നാം അനുസ്മരിക്കുന്നു. ഏഴ് ആഴ്ചകളാണ് ഈ കാലത്തിനുള്ളത്. ക്രിസ്തു സാക്ഷികളായ ക്രൈസ്തവരുടെ ജീവിതത്തിലൂടെ സംജാതമാകുന്ന സഭയുടെ വളർച്ചയും ക്രൈസ്തവമൂല്യങ്ങളുടെ ഫലം ചൂടലുമാണ് ഈ ഏഴ് ആഴ്ചകളിൽ നാം അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്.

ഈ ഞായറാഴ്ചയിലെ സുവിശേഷഭാഗം സുതരാം വെളിപ്പെടുത്തുന്ന സത്യം ഇതാണ്: ഭൂമിയിലെ ക്രൈസ്തവ സഭ ക്രിസ്തുവിലും, ക്രിസ്തുവിനോടുകൂടിയും, ക്രിസ്തുവിലൂടെയും മുന്നോട്ട് പോകുന്ന ഒരു മഹാപ്രസ്ഥാനമാണ്. പ്രസ്ഥാനമെന്നത് രാഷ്ട്രീയക്കാർ വിവക്ഷിക്കുന്നതുപോലെ ആളുകളുടെ ഒരു കൂട്ടമോ, ഒരുമിച്ചുള്ള പ്രവർത്തനമോ അല്ല. അത് ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റമാണ്. ഒരു സ്ഥലം വിട്ട്, ഒരു പുതിയ ലക്ഷ്യത്തോടെയുള്ള യാത്രയാണ്. ഭൗതികമായതെല്ലാം ഉപേക്ഷിച്ചു് ക്രിസ്തുവിനെ സ്വീകരിച്ചു്, ക്രിസ്തുവിനോടൊപ്പമുള്ള യാത്രയാണത്. സ്വർഗത്തിലേക്ക്, ക്രിസ്തുവിലേക്ക് തീർത്ഥാടനം നടത്തുന്നവരാണ് ക്രൈസ്തവർ. ക്രിസ്തുവിനോടൊപ്പമുള്ള എല്ലാ യാത്രയും തീർത്ഥാടനമാണ്, മിഷനറിപ്രവർത്തനമാണ്.

ഈശോ ശിഷ്യരെ തിരഞ്ഞെടുക്കുന്ന സംഭവത്തോടെയാണ് ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത്. അന്നുവരെയുണ്ടായിരുന്ന ഗുരുക്കന്മാരെല്ലാം, നേതാക്കന്മാരെല്ലാം തങ്ങളുടെ ശിഷ്യരായി സ്വീകരിച്ചിരുന്നത് ഉയർന്ന കുടുംബങ്ങളിൽ നിന്നുള്ളവരെയും, വിദ്യാഭ്യാസമുള്ളവരെയും, സവർണ സമുദായങ്ങളിൽ നിന്നുള്ളവരെയും ആയിരുന്നെങ്കിൽ, ഈശോ തന്റെ ശിഷ്യരെ തിരഞ്ഞെടുക്കുന്നത് സമൂഹത്തിന്റെ താഴെത്തട്ടിൽ, ജീവിതവുമായി മൽപ്പിടുത്തം നടത്തുന്ന മുക്കുവരെയാണ്. വിദ്യാഭ്യാസമില്ലാത്ത, നിരക്ഷരരായ ഈ ശിഷ്യന്മാരെ ഈശോ ഏൽപ്പിക്കുന്ന ജോലിയോ വലുതാണുതാനും. അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കുവാനും, എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തുവാനും ഈശോ അവരെ ചുമതലപ്പെടുത്തുകയാണ്. ചുമതലപ്പെടുത്തുക മാത്രമല്ല, അവരെ അതിനായി അയയ്ക്കുകയാണ്. ക്രിസ്തുവിനാൽ  അയയ്ക്കപ്പെടുന്നവരാണ്, അല്ലാതെ സ്വയം തീരുമാനിച്ച് പോകുന്നവരല്ല ക്രൈസ്തവർ, മിഷനറിമാർ എന്ന ബോധം നമുക്കുണ്ടാകണം.

വലിയൊരു പരിശീലന പദ്ധതിയാണ് ഈശോ ഇവിടെ ആവിഷ്കരിക്കുന്നത്.ക്രിസ്തുവിനെ ദൈവമായി, രക്ഷകനായി സ്വീകരിക്കുന്ന ഓരോ ക്രൈസ്തവനും എങ്ങനെയാണ് തങ്ങളുടെ ജീവിതങ്ങളെ രൂപപ്പെടുത്തേണ്ടതെന്ന് ഈശോ അന്ന് ശിഷ്യന്മാരെ, ഇന്ന് നാം ഓരോരുത്തരെയും പഠിപ്പിക്കുകയാണ്. രണ്ട്തലങ്ങളിലൂടെയാണ് ഈശോയുടെ പഠനം, പരിശീലന പദ്ധതി മുന്നോട്ട് പോകുന്നത്.

ഒന്ന്, ക്രൈസ്തവരുടെ ആത്മീയജീവിത തലമാണ്. ഈ ഭൂമിയിൽ ജീവിക്കുമ്പോൾ, ദൈവത്താൽ അയയ്ക്കപ്പെട്ടവരാണ് തങ്ങൾ എന്ന ബോധ്യത്തോടെ ജീവിക്കേണ്ടവരാണ് ക്രൈസ്തവർ. (മത്താ 10, 5/ 16. മത്താ 28, 19.  മർക്കോ 3, 14-15. ലൂക്ക 9, 1-2) നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക്, ജീവിതത്തിന്റെ പാപമേഖലകളിൽ, നിരാശയുടെ മേഖലകളിൽ, ഇല്ലായ്മകളുടെ സാഹചര്യങ്ങളിൽ ജീവിക്കുന്നവരുടെ അടുത്തേക്ക് അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവർ.  ദൈവത്താൽ അയയ്ക്കപ്പെട്ടവരായിക്കൊണ്ട്, ക്രിസ്തുവിന്റെ പ്രേഷിതരായിക്കൊണ്ട് സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കേണ്ടവരാണ് ക്രൈസ്തവർ.

ക്രിസ്തുമതത്തിന്റെ ആദ്യകാലങ്ങളിൽ നമ്മുടെ ക്രൈസ്തവ സഹോദരീസഹോരരർ അങ്ങനെയായിരുന്നു ജീവിച്ചിരുന്നത്. ആദിമക്രൈസ്തവരുടെ ജീവിതവിശുദ്ധിയും, അവരിലെ നന്മയും കണ്ട് അക്രൈസ്തവർ വിസ്മയത്തോടെ ക്രൈസ്തവരെ നോക്കിനിന്നിട്ടുണ്ട്. എന്തിന്, നമ്മുടെ കൊച്ചുകേരളത്തിൽ, ചാതുർവർണ്യം കൊടികുത്തിവാണിരുന്ന കാലത്തു്, ഏതെങ്കിലും, ബ്രാഹ്‌മണൻ അശുദ്ധനയാൽ, ഒരു ക്രൈസ്തവൻ തൊട്ടാൽ അവർ ശുദ്ധിയുള്ളവരാകും എന്ന് വിശ്വസിച്ചിരുന്ന ഹൈന്ദവപാരമ്പര്യം ഇവിടെയുണ്ടായിരുന്നു.

ഇന്ന് കാലം മാറി, കഥ മാറി! അക്രൈസ്തവർ നമ്മെ ഇപ്പോൾ വിസ്മയത്തോടെയല്ല, വിഷമത്തോടെയാണ് നോക്കുന്നത്. അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കേണ്ടവർ അശുദ്ധാത്മാക്കളാൽ അടിമപ്പെട്ട് തെരുവിൽ കിടന്ന് അലമുറയിടുകയാണ്; മറ്റുള്ളവരെ ഉപദ്രവിക്കുകയാണ്; നശിപ്പിക്കുകയാണ്. ക്രിസ്തുസ്നേഹത്തിന്റെയും, ക്രിസ്തുവിന്റെ കാരുണ്യത്തിന്റെയും വിശുദ്ധ ഇടങ്ങളായിരുന്ന നമ്മുടെ കുടുംബങ്ങൾക്ക് ഇന്ന് രോഗം പിടിച്ചിരിക്കുകയാണ്; വളർച്ച നിലച്ചു് മുരടിച്ചു പോകുകയാണ്. സിനിമകളിലൊക്കെ, വില്ലന്മാരെയും, പിടിച്ചുപറിക്കാരെയും, ചീത്തവഴികളിലൂടെയൊക്കെ നടക്കുന്ന കഥാപാത്രങ്ങളെയും അവതരിപ്പിക്കുമ്പോൾ, എന്തുകൊണ്ടാണ് അവർക്കൊക്കെ ക്രൈസ്തവ നാമങ്ങൾ കിട്ടുന്നത്? മറ്റു പല കാരണങ്ങൾ ഉണ്ടാകാമെങ്കിലും, നമ്മുടെ യഥാർത്ഥ ജീവിതങ്ങൾ അങ്ങനെയായതുകൊണ്ടും കൂടിയല്ലേ? നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ക്രൈസ്തവ ജീവിതങ്ങളുടെ വിശുദ്ധി, നന്മ വീണ്ടെടുക്കേണ്ടിയിരിക്കുന്നു!

എങ്കിലും, സുവിശേഷം പ്രസംഗിക്കുന്നതുകൊണ്ടുമാത്രം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന തീവ്രവാദികളുടെ തോക്കിന്റെ മുൻപിൽ നിർഭയരായി നിൽക്കുന്ന ക്രൈസ്തവ മിഷനറിമാരും, ഉടനെ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന സിറിയയിലെ രക്തസാക്ഷികളും, (The martyrs of Syria) ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സൈബർ അപ്പസ്തോലനായ വാഴ്ത്തപ്പെട്ട കാർലോ അക്വിറ്റിസും (Blessed Carlo Acutis) നമ്മോട് പറയുന്നത് നമ്മുടെ ക്രിസ്തുസാക്ഷ്യത്തിന്റെ ആത്മീയതലം ശക്തമാണെന്ന് തന്നെയാണ്!

രണ്ട്‌, ക്രൈസ്തവ മനോഭാവത്തിന്റെ തലം. ക്രൈസ്തവരുടെ ജീവിതത്തോടുള്ള മനോഭാവം എങ്ങനെയായിരിക്കണമെന്ന് ഈശോ നമ്മോട് പറയുകയാണ്: “ദാനമായി നിങ്ങൾക്ക് കിട്ടി. ദാനമായിത്തന്നെ കൊടുക്കുവിൻ.” (മത്താ 10, 8) ഇത് മിഷനറി പ്രവർത്തനത്തിന് പോകുന്ന വൈദികരോടും, സിസ്റേഴ്സിനോടും മാത്രം പറയുന്നതല്ല. ഓരോ ക്രൈസ്തവന്റെയും ജീവിത മനോഭാവം ഇതായിരിക്കണം. നാമെല്ലാവരും സ്വീകർത്താക്കളാണ്.

നമ്മുടെ ശ്വാസകോശത്തിൽ എത്ര സുഷിരങ്ങളുണ്ട്? ഏതാണ്ട് ആറായിരം ചെറിയ സുഷിരങ്ങളുണ്ട്. എങ്കിലും വളരെ അപൂർവമായേ ഒരാൾ തന്റെ മുഴുവൻ ശ്വാസകോശങ്ങളും ഉപയോഗിക്കുന്നുള്ളൂ. നല്ല ആരോഗ്യമുള്ളയാൾപോലും രണ്ടായിരം സുഷിരങ്ങളിലൂടെയേ ശ്വസിക്കുന്നുള്ളു. ബാക്കി നാലായിരം സുഷിരങ്ങൾ ഓടുമ്പോഴോ, നീന്തുമ്പോഴോ, വലിയ ജോലികൾ ചെയ്യുമ്പോഴോ കൂടുതൽ ശ്വസിക്കുവാനുള്ളതാണ്. ശ്വസിക്കുന്നതിന് മുൻപ് കാർബൺ ഡയോക്സൈഡ് ശ്വാസ കോശത്തിൽ നിന്ന് പുറന്തള്ളണം. ശ്വാസകോശത്തിൽ കാർബൺ ഡയോക്സൈഡ് നിറഞ്ഞാൽ മരണം സംഭവിക്കും. നമുക്ക് ചുറ്റുമുള്ള മരങ്ങളും ശ്വസിക്കുന്നുണ്ട്. അവ ശ്വസിക്കുന്നത് കാർബൺ ഡയോക്സൈഡ് ആണ്. അവർക്കിത് കിട്ടുന്നത് നമ്മിൽ നിന്നാണ്. നമ്മളില്ലെങ്കിൽ അവ മരിക്കും. മരങ്ങളില്ലെങ്കിൽ ഓക്സിജൻ നമുക്ക് ലഭിക്കില്ല. അപ്പോൾ നാം മരിക്കും.

എന്നാൽ, എല്ലാം വളരെ കൃത്യമായി നൽകപ്പെടുന്നു. ആരാണ് തരുന്നത്? അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ? റഷ്യൻ ഭീമൻ വ്ളാദിമിർ പുടിൻ? ഇന്ത്യൻ പ്രധാനമന്ത്രി നരേദ്ര മോദി? എല്ലാം നൽകുന്നത് ദൈവമാണ്. (റോമാ 9, 16)

എങ്കിൽ, ഞാൻ കൊടുക്കുകയില്ല, പങ്കുവയ്ക്കുകയില്ല എന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? ദൈവം അങ്ങനെ പറയുന്നുണ്ടോ? ഇല്ല. നിങ്ങളുടെ തോട്ടത്തിലെ, വൃക്ഷങ്ങളോ, നിങ്ങളുടെ തൊഴുത്തിലെ കന്നുകാലികളോ അങ്ങനെ പറയുന്നുണ്ടോ? ഇല്ല. പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്ന വായു അങ്ങനെ പറയുന്നുണ്ടോ? നിങ്ങളുടെ കിണറിലെ, പുഴയിലെ, കുളത്തിലെ വെള്ളം അങ്ങനെ പറയുന്നുണ്ടോ? ഇല്ല. അപ്പോൾ പിന്നെ? എല്ലാം ദാനമായി കിട്ടിയതുകൊണ്ട്, ഹേ, മനുഷ്യാ, ദാനമായിത്തന്നെ നീ കൊടുക്കണം. ഇതാണ് ക്രിസ്തുവിന്റെ ഹൃദയം! ക്രൈസ്തവ മനോഭാവം. ഇവിടെ “The Giving Tree” യുടെ Story ഓർക്കുന്നത് നല്ലതാണ്. https://www.firstcry.com/intelli/articles/the-giving-tree-story-for-kids/   

കുട്ടിയായിരുന്നപ്പോൾ വീട്ടിലെ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു.

ഓരോ നേരവും ചോറുവയ്ക്കുവാനായി അരിയെടുക്കുമ്പോൾ എന്റെ അമ്മച്ചി ഒരു പിടി അരി അതിൽ  നിന്നെടുത്തു് മാറ്റിവയ്ക്കും. വിൻസെന്റ് ഡി പോൾ സംഘടനയിലെ അംഗങ്ങൾ വരുമ്പോൾ കൊടുക്കുവാനാണ്. ഒരു കാലത്തു് നമ്മുടെ എല്ലാ അമ്മമാരും ഇങ്ങനെ ചെയ്തിരുന്നു. എന്നാൽ, എന്റെ അമ്മച്ചിയുടെ കാര്യത്തിൽ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത് ഇതാണ്. ഒരു പിടി അരിയെടുത്തിട്ട് അതിൽ നോക്കി അമ്മച്ചി ഒന്ന് പുഞ്ചിരിക്കും. എന്നിട്ടത് വേറൊരു  പാത്രത്തിലേക്ക് മാറ്റിവയ്ക്കും. ഒരിക്കൽ ഞാൻ അമ്മച്ചിയോട് ചോദിച്ചു:” അമ്മച്ചീ, അമ്മച്ചി എന്തിനാണ് പിടിയരി നോക്കി പുഞ്ചിരിക്കുന്നത്?” അപ്പോൾ അമ്മച്ചി പറഞ്ഞു: “ഈ ലോകത്തിലെ ഏതെങ്കിലും ഒരു വ്യക്തി ഈ അരി ഭക്ഷിക്കും. ആ വ്യക്തിയുടെ മുഖത്തെ അപ്പോഴത്തെ സംതൃപ്തി ഓർത്തിട്ടാണ് ഞാൻ പുഞ്ചിരിക്കുന്നത്”. ധാരാളം ഉണ്ടായിട്ടല്ല, ഉള്ളത് ദാനമായി കിട്ടിയതുകൊണ്ട്, ദാനമായി കൊടുക്കുവാനുള്ള അമ്മച്ചിയുടെ മനസ്സായിരുന്നു ആ പുഞ്ചിരി എന്ന് ഇപ്പോൾ ഞാൻ മനസിലാക്കുന്നു.    

സ്നേഹമുള്ളവരേ, അമിതമായ വിലക്കയറ്റവും,, കർക്കിടകത്തിന്റെ കഷ്ടങ്ങളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന നമ്മോട് ഇന്നത്തെ സുവിശേഷം പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ. രണ്ട് കാര്യങ്ങളാണ് പ്രധാനമായും നാം ശ്രദ്ധിക്കേണ്ടത്. നമ്മുടെ ക്രൈസ്തവ ആത്മീയ ജീവിതത്തിന്റെ തലങ്ങൾ നാം ശക്തിപ്പെടുത്തണം. എല്ലാം ദാനമാണ്, ദൈവം നൽകിയതാണ്. ദാനമായിത്തന്നെ കൊടുക്കുക.

ക്രിസ്തുമതം മറ്റേതൊരു മതത്തെയും പോലെ ഒരു മതമാണ് എന്നും, മറ്റ് സംഘടനകളെപ്പോലെ ഒരു സംഘടനയാണെന്നുമൊക്കെ വരുത്തി തീർക്കുവാനുള്ള പരിശ്രമങ്ങൾ ലോകം മുഴുവനും നടക്കുന്നുണ്ട്. എന്നാൽ, “ക്രിസ്തുമതത്തിന് ഒരു പ്രത്യേകതയുണ്ട്. ക്രൈസ്തവ ആത്മീയതയ്ക്ക് ഒരു പ്രത്യേക സുഗന്ധമുണ്ട്. ക്രൈസ്തവരുടെ മനോഭാവങ്ങൾക്ക് പ്രത്യേക സൗന്ദര്യമുണ്ട്. ഇക്കാര്യം ലോകത്തോട് പ്രഘോഷിക്കുവാനാണ് ദൈവം നമ്മെ ഈ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്“

എന്ന് ഫ്രാൻസിസ് പാപ്പാ പറയുമ്പോൾ അതൊരു ഓർമപ്പെടുത്തലായും, Motivational Statement ആയും നമുക്കെടുക്കാവുന്നതാണ്..

ആ സൗന്ദര്യം നഷ്ടപ്പെടുന്നുണ്ട് എന്ന് സാമാന്യമായി പറയാമെങ്കിലും, ഈ പ്രത്യേകതയും, സുഗന്ധവും, സുന്ദര്യവും ഒട്ടും കുറയാതെ കാത്തുസൂക്ഷിക്കുന്ന ധാരാളം ക്രൈസ്തവരുണ്ട്, മിഷനറിമാരുണ്ട് എന്നത് നാം മറക്കരുത്. ക്രിസ്തുവിനാൽ അയയ്ക്കപ്പെടുന്നവരാണ് അവർ! അയയ്ക്കപ്പെടുന്നവരുടെ പാദങ്ങൾ എത്രയോ സുന്ദരം! (റോമാ 10, 15) നമ്മുടെ ജീവിതങ്ങളും, കുടുംബങ്ങളും ക്രൈസ്തവ ചൈതന്യത്താൽ നിറയട്ടെ. ക്രിസ്തു ഇന്ന് പഠിപ്പിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ വിശുദ്ധ കുർബാന നമ്മെ ശക്തിപ്പെടുത്തട്ടെ.

കൈത്താക്കാലത്തിൽ ഈ മനോഭാവത്തോടെ ജീവിച്ച് ഫലങ്ങൾ പുറപ്പെടുവിക്കുന്നവരാകാൻ നമുക്ക് സാധിക്കട്ടെ. നൽകുന്നവനും സ്വീകരിക്കുന്നവനും ദൈവത്തിന്റെ മുൻപിൽ അവിടുത്തെ മക്കളാണ്. ആമേൻ!

SUNDAY SERMON FEAST OF ST.THOMAS

ജൂലൈ 3, 2024

മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ

ഭാരതക്രൈസ്തവ സഭയിൽ ക്രൈസ്തവ വിശ്വാസത്തിന്റെ പിതാവും, ക്രിസ്തുവിനുവേണ്ടി വീരമരണം സ്വീകരിച്ച രക്തസാക്ഷിയുമായ മാർത്തോമാശ്ലീഹയുടെ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ നാമിന്ന് ആഘോഷിക്കുകയാണ്. ഇന്നലെകളെ ഓർമിക്കുവാനും, നാം ജീവിക്കുന്ന വർത്തമാനകാലത്തെ അറിയുവാനും, നാളെയെ കരുതലോടെ കരുപ്പിടിപ്പിക്കുവാനുമുള്ളതാണ് വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ. ഇന്നത്തെ സുവിശേഷത്തിൽ വായിച്ചു കേട്ടതുപോലെ, ദുക്റാന തിരുനാൾ രണ്ട് കാര്യങ്ങളിലേക്ക് ശ്രദ്ധ ചെലുത്തുവാൻ നമ്മെ  ക്ഷണിക്കുന്നുണ്ട്. ഒന്ന്, നമ്മുടെ ജീവിതസാഹചര്യങ്ങളിൽ മഴയായാലും വെയിലായാലും ക്രിസ്തുവിനെ എന്റെ കർത്താവും എന്റെ ദൈവവും എന്ന് ഏറ്റുപറയണം. രണ്ട്, നമ്മുടെ ക്രിസ്തുസാക്ഷ്യജീവിതംവഴി മറ്റുള്ളവരെ ക്രിസ്തുവിലേക്ക് നയിക്കണം. നമ്മുടെ ക്രിസ്തുസാക്ഷ്യജീവിതംവഴി മറ്റുള്ളവരെ ക്രിസ്തുവിനെക്കുറിച്ചുള്ള സംശയത്തിലേക്കല്ല, ക്രിസ്തുവിനെ ഏറ്റുപറയുന്ന വിശ്വാസത്തിലേക്ക് കൊണ്ടുവരുവാൻ നമുക്കാകണം. അത്രമേൽ ശക്തവും മനോഹരവുമാക്കണം നമ്മുടെ ക്രിസ്തുസാക്ഷ്യജീവിതം, നമ്മുടെ ക്രൈസ്തവജീവിതം.

വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വം ആചരിക്കുമ്പോൾ, ഓർക്കണം, ഭാരത സഭ ഇന്ന് വലിയ പ്രതിസന്ധിയിലാണ്. ഞാനീ പറഞ്ഞ പ്രസ്‌താവം വെറുതെ കേട്ടുമറക്കാനുള്ള ഒന്നല്ല. വിശുദ്ധ തോമാശ്ലീഹാ നമുക്ക് പകർന്നു തന്ന ക്രിസ്തുവിലുള്ള വിശ്വാസം ഭാരതത്തിൽ, കേരളത്തിൽ വരും നാളുകളിൽ നിലനിൽക്കണമെങ്കിൽ, നമ്മുടെ വരുംതലമുറ ക്രിസ്തുവിന്റെ സ്നേഹത്തിലും, സന്തോഷത്തിലും, നീതിയിലും ജീവിക്കണമെങ്കിൽ, നാം ഈ പ്രസ്താവനയെ ഗൗരവമായി കാണണം. കാരണം, നിലനിൽപ്പിന്റെ ഭീഷണി നേരിടുകയാണ് ഭാരത ക്രൈസ്തവ സഭയിന്ന്. വാർത്താമാധ്യമങ്ങൾ പലതും തമസ്കരിക്കുന്നുണ്ടെങ്കിലും, നമ്മുടെ രാജ്യത്ത് ക്രൈസ്തവർക്കും, ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും, വൈദികർക്കും, സന്യസ്തർക്കുമെതിരെ ഓരോ മാസവും 45 മുതൽ 50 വരെ അക്രമാസക്തമായ ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഹിന്ദു തീവ്രവാദ സംഘടനകളും, മുസ്‌ലിം തീവ്രവാദ സംഘടനകളും രാജ്യത്തുടനീളം ക്രൈസ്തവർക്കും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കുമെതിരെ ആക്രമണങ്ങൾ അഴിച്ചു വിടുന്നുണ്ട്.

ഇങ്ങനെയുള്ള ഒരു അന്തരീക്ഷത്തിൽ മാർതോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിക്കുമ്പോൾ നാം അറിയണം ആരായിരുന്നു വിശുദ്ധ തോമാശ്ലീഹാ എന്ന്. നാമറിയണം എങ്ങനെയാണ് തോമാശ്ലീഹാ ഭാരതത്തിൽ ക്രിസ്തുവിനെ പ്രഘോഷിച്ചതെന്ന്. നാമറിയണം എന്തുമാത്രമായിരുന്നു വിശുദ്ധന്റെ പ്രേഷിത തീക്ഷ്ണത എന്ന്, പ്രേഷിത ധൈര്യം എന്ന്.

വിശുദ്ധ തോമാശ്ലീഹാ, ഈശോയുടെ ശിഷ്യനായി ഒരു പ്രച്ഛന്ന വേഷധാരിയായിട്ടല്ല ഭാരതത്തിൽ വന്നത്. ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾക്ക് ഒച്ചയും, കണ്ണും, മുഖവും, നടത്തവും, കൈ ആംഗ്യങ്ങളുമെല്ലാം കൊടുക്കുന്ന അഭിനേതാവിനെപ്പോലെ, ക്രിസ്തുവിനെ അഭിനയിച്ചു കാണിക്കാൻ വന്ന ഒരു അഭിനേതാവുമായിരുന്നില്ല തോമാശ്ലീഹാ. സ്വന്തം ജീവിതത്തിലൂടെ ക്രിസ്തുവിന് പ്രവർത്തിക്കുവാൻ അദ്ദേഹം ഒരു ഉപകരണമാകുകയായിരുന്നു – an effective instrument! ചായം കഴുകിക്കഴിയുമ്പോൾ കഥാപാത്രത്തിൽ നിന്ന് മോചനം നേടുന്ന അഭിനേതാവിനെപ്പോലെയല്ല, ജീവിതം മുഴുവനും തോമാശ്ലീഹാ ക്രിസ്തു ശിഷ്യനായിരുന്നു, നല്ല original Disciple of Christ! പ്രകൃതിയോട് നീതിപുലർത്താത്ത ക്രത്രിമജലം – ക്ളോറിനേറ്റഡ് ജലം, കുപ്പികളിലടച്ച ജലം, മലിനമായ ജലം – ക്രിസ്റ്റലുകളെ രൂപപ്പെടുത്താത്ത പോലെ, ക്രിസ്തുവിനോട് നീതിപുലർത്താത്ത ഒരു ശിഷ്യനും, ക്രിസ്തുവിനെ അതിന്റെ പൂർണതയിൽ ലോകത്തിന് നൽകുവാൻ കഴിയില്ല.

അധികാരത്തിന്റെയും, സമ്പത്തിന്റെയും, സ്ഥാനമാനങ്ങളുടെയും പിന്നാലെ ലോകം ഓടുമ്പോൾ, അതിനോടൊപ്പം ഓടാതെ, ക്രിസ്തുവിനുവേണ്ടി ലോകത്തിന് എതിരേ ഓടിക്കൊണ്ട് ദൈവത്തിന്റെ ഇഷ്ടം അതിന്റെ ഏറ്റവും മഹത്വത്തിൽ ജീവിച്ചവനാണ് വിശുദ്ധ തോമാശ്ലീഹാ. ക്രിസ്തുവിനെ കൊല്ലുവാൻ plan തയ്യാറാക്കുന്ന യഹൂദരരുടെ അടുത്തേക്ക്, ക്രിസ്തുവിനോടൊപ്പം പോകാൻ മറ്റു ശിഷ്യന്മാർ മടികാണിച്ചപ്പോൾ, തങ്ങളെയും അവർ ആക്രമിച്ചെങ്കിലോ എന്നോർത്ത് പിന്നോട്ട് നിന്നപ്പോൾ, “നമുക്കും അവനോടൊപ്പം പോയി മരിക്കാ“മെന്ന് ധൈര്യപൂർവം പറഞ്ഞവനാണ് തോമാശ്ലീഹാ. താൻ വഴിയും സത്യവും ജീവനുമാണെന്ന വലിയ വെളിപാട് ലോകത്തോട് പ്രഘോഷിക്കുവാൻ ക്രിസ്തുവിനൊപ്പം നിന്നവനാണ് തോമാശ്ലീഹാ. ഉത്ഥിതനായ ക്രിസ്തുവിനെക്കണ്ട ശിഷ്യരുടെ ജീവിതത്തിൽ പിന്നെയും നിരാശയും, പ്രതീക്ഷയില്ലായ്മയും, സങ്കടവും ദർശിച്ചതുകൊണ്ട്, ഉത്ഥിതനായ ക്രിസ്തുവിനെ തനിക്കും കാണണമെന്ന് ശാഠ്യം പിടിച്ചവനാണ് തോമാശ്ലീഹാ. വീണ്ടും, ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടപ്പൊഴോ, തന്റെ conditions എല്ലാം മറന്ന് അവിടുത്തെ “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന് ഏറ്റുപറഞ്ഞവനാണ് തോമാശ്ലീഹാ. അതിനുശേഷം ധൈര്യത്തോടെ കേട്ടറിവുപോലുമില്ലാത്ത രാജ്യത്തുവന്ന്, ഭാഷയറിയാത്ത ഭാരതദേശത്തുവന്ന് ക്രിസ്തുവിനെ പ്രസംഗിച്ചവനാണ് തോമാശ്ലീഹാ. ക്രിസ്തുവിനെ പ്രഘോഷിച്ചതിന്റെ പേരിൽ, ക്രിസ്തുവിനെ ഭാരതത്തിന് നൽകിയതിന്റെ പേരിൽ ശത്രുക്കളാൽ കൊല്ലപ്പെട്ടവനാണ്, രക്തസാക്ഷ്യത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം നല്കിയവനാണ് തോമാശ്ലീഹാ.

ഇത്രയും ധീരനായ ഒരു വ്യക്തിയാണ്, ക്രിസ്തുവിലുള്ള നമ്മുടെ, എന്റെ വിശ്വാസത്തിന്റെ പിതാവെന്നത് അഭിമാനകാരമല്ലേ പ്രിയപ്പെട്ടവരേ? ഇന്നത്തെ സുവിശേഷമൊന്ന് ശ്രദ്ധിക്കൂ….

ധാരാളം സംഭവങ്ങൾ സുവിശേഷം ഇവിടെ നമുക്കായി കോർത്തുവച്ചിട്ടുണ്ട്. വായിച്ചു തുടങ്ങുമ്പോൾ ക്യാമറ ഫോക്കസ് ചെയ്യുന്നത് (ആഴ്ചയുടെ ആദ്യദിവസം) ഈശോ ശിഷ്യർക്ക് പ്രത്യക്ഷപെടുന്നതിലേക്കാണ്. അതോട് ചേർന്നുള്ള സീൻ തോമസ് അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല എന്നതാണ്. ആദ്യത്തെ സീൻ വെറുതെ വായിച്ചു വിടരുത്. എന്തൊക്കെയാണ് ഈശോ ശിഷ്യരുടെ മുൻപിൽ അവതരിപ്പിച്ചത്? അവിടുന്ന് അവർക്കു സമാധാനം നൽകുന്നു. തന്റെ കൈകളും പാർശ്വവും കാണിക്കുന്നു. അവർക്ക് ദൗത്യം നൽകുന്നു. ആ ദൗത്യം പൂർത്തീകരിക്കുവാനായി പരിശുദ്ധാത്മാവിനെ കൊടുക്കുന്നു. പാപങ്ങൾ ക്ഷമിക്കുവാനും, ബന്ധിതരെ മോചിപ്പിക്കുവാനും അനുഗ്രഹം നൽകുന്നു. ചുരുക്കിപ്പറഞ്ഞാൽ, പിന്നീട് സംഭവിക്കേണ്ട എല്ലാ കാര്യങ്ങളും ആദ്യദിനം തന്നെ, ആദ്യ പ്രത്യക്ഷീകരണത്തിൽ (Apparition) തന്നെ നൽകുകയാണ്. അവിടുന്ന് ശിഷ്യരെ ഒരുക്കുകയാണ്, ശക്തിപ്പെടുത്തുകയാണ്. താൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നുവെന്നു അവരെ ബോധ്യപ്പെടുത്തുകയാണ്, ക്രിസ്തുവിന്റെ സുവിശേഷം തുടരുകയാണെന്ന് അവരെ അറിയിക്കുകയാണ്. വചനം പറയുന്നു, “കർത്താവിനെ കണ്ട ശിഷ്യന്മാർ സന്തോഷിച്ചു ” എന്ന്.

തോമസ് തിരികെ വരുമ്പോൾ അദ്ദേഹത്തിനോട് ശിഷ്യന്മാർ പറയുകയാണ്, “ഞങ്ങൾ ക്രിസ്തുവിനെ കണ്ടു.” അപ്പോൾ, തോമസ് പറഞ്ഞു, “ഞാനിതു വിശ്വസിക്കുകയില്ല”. തോമസിന്റെ ഈ പ്രഖ്യാപനം വായിച്ച നാം ഉടനെ വിധി പ്രസ്താവിച്ചു: ‘ദേ തോമസ് സംശയിക്കുന്നു, ഇവൻ സംശയിക്കുന്ന തോമായാണ്, അവിശ്വാസിയായ തോമായാണ്.’  എന്നാൽ പ്രിയപ്പെട്ടവരേ, “ഞങ്ങൾ കർത്താവിനെ കണ്ടു” എന്ന് മറ്റു ശിഷ്യന്മാർ പറഞ്ഞപ്പോൾ തോമസിന്റെ മനസ്സിൽ ഉയർന്ന ചോദ്യങ്ങളും ചോദ്യചിഹ്നങ്ങളും നമ്മൾ കണ്ടില്ല. ഉത്ഥിതനായ കർത്താവിനെക്കണ്ടിട്ടും, യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യന്മാരെ കണ്ടപ്പോൾ അദ്ദേഹം തന്റെ മനസ്സിൽ കോറിയിട്ട ആശ്ചര്യചിഹ്നങ്ങൾ നമ്മൾ വായിച്ചില്ല. ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടിട്ടും മുറിയുടെ മൂലയിലിരുന്ന്, ഞാൻ കർത്താവിനെ തള്ളിപ്പറഞ്ഞല്ലോയെന്നു ഒപ്പാര് പറഞ്ഞു കരയുന്ന പത്രോസിനെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകുന്നത് കണ്ടപ്പോൾ എന്തുകൊണ്ട് എന്ന് നമ്മൾ അന്വേഷിച്ചില്ല. വിപ്ലവം പറഞ്ഞു തിളയ്ക്കുന്ന തീവ്രവാദിയായ ശിമയോനെയും, വീണ്ടും ചുങ്കം പിരിക്കുവാൻ ഒരുങ്ങുന്ന മത്തായിയേയും കണ്ടപ്പോൾ തോമസിന്റെ കണ്ണുകളിൽ വിടർന്ന വിസ്മയത്തിന്റെ പൊരുളറിയാൻ നാം ശ്രമിച്ചില്ല.

എന്നിട്ട്, തോമസ് പറഞ്ഞ മറുപടി കേട്ടപാതി, കേൾക്കാത്ത പാതി നാം വിധി പ്രസ്താവിച്ചു, ക്രിസ്തുവിനെ സംശയിക്കുന്നുവെന്ന്, തോമസിന് ക്രിസ്തുവിൽ വിശ്വാസമില്ലായെന്ന്!!!!

പ്രിയപ്പെട്ടവരേ, തോമസ് ആരെയാണ് സംശയിച്ചത്? ആരെയാണ് അവിശ്വസിച്ചത്? ഉത്ഥിതനായ ക്രിസ്തുവിനെയാണോ സംശയിച്ചത്? മരിച്ചവരുടെ ഇടയിൽ നിന്ന്, അരുളിച്ചെയ്തതുപോലെ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെയാണോ അവിശ്വസിച്ചത്? വിശുദ്ധ തോമാശ്ലീഹാ സംശയിച്ചത് ക്രിസ്തുവിലല്ല; വിശുദ്ധ തോമാശ്ലീഹാ അവിശ്വസിച്ചതു ക്രിസ്തുവിനെയല്ല. മറിച്ച്, ഉത്ഥാനം ചെയ്ത ക്രിസ്തുവിനെക്കണ്ടിട്ടും, പേടിച്ചു മുറിയിൽ അടച്ചിരുന്ന, ഭയത്തോടെ ഒളിച്ചിരുന്ന ശിഷ്യന്മാരുടെ ജീവിതം കണ്ടിട്ട്, ഞാൻ മീൻ പിടിക്കാൻ പോകുന്നുവെന്നും പറഞ്ഞു വീണ്ടും പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ ഒരുങ്ങുന്ന പത്രോസിന്റെയും ശിഷ്യരുടേയും ജീവിത സാക്ഷ്യം കണ്ടിട്ട് അവർ പറഞ്ഞത് അതേപടി വിശ്വസിക്കുവാൻ എങ്ങനെയാണ് തോമസിന് കഴിയുക?  ക്രിസ്തു ഉത്ഥിതനായി എന്ന്, സന്തോഷമായ, പ്രത്യാശ നിറഞ്ഞ, ധൈര്യം പകരുന്ന, ക്രിസ്തു ഉത്ഥിതനായി എന്ന് പറയുമ്പോഴും പേടിച്ചിരിക്കുന്ന ശിഷ്യന്മാരെ കണ്ടപ്പോൾ തോമസിന് സംശയമായി. ശരി തന്നെയാ. അദ്ദേഹം തന്നോട് തന്നെ ചോദിച്ചു: “ഇവർ യഥാർത്ഥത്തിൽ ക്രിസ്തുവിനെ കണ്ടുവോ?” പ്രകാശം മാത്രമായ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ട ശേഷവും എന്തുകൊണ്ടാണ് ഇവർ ഇരുട്ടിൽത്തന്നെ ഇരിക്കുന്നത്? പ്രത്യാശമാത്രമായ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടശേഷവും എന്തുകൊണ്ടാണ് ഇവർ വീണ്ടും നിരാശരായി ഇരിക്കുന്നത്? ഇല്ല, ഇവർ ഉത്ഥിതനെ കണ്ടിട്ടില്ല. തോമസ് ഉടനടി തന്റെ നിലപാട് അറിയിച്ചു: “അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും, അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ല.”” (യോഹ 20, 26) നിങ്ങളാണെങ്കിലും ഞാനാണെങ്കിലും ഇങ്ങനെയല്ലേ ചിന്തിക്കൂ…

പ്രിയപ്പെട്ടവരേ, ഉത്ഥിതനായ ക്രിസ്തുവിനെ കണ്ട ശിഷ്യന്മാരാണ് തോമസിനെ സംശയാലുവാക്കിയത്. ഉത്ഥിതനായ ക്രിസ്തുവിനെ കണ്ട ശിഷ്യന്മാർ തന്നെയാണ് അവരെ അവിശ്വസിക്കുവാൻ തക്ക രീതിയിൽ പെരുമാറിയത്. അവരുടെ വൈരുധ്യം നിറഞ്ഞ ജീവിതമാണ് തോമസിനെ സംശയാലുവാക്കിയത്. എന്താ നിങ്ങൾക്ക് സംശയമുണ്ടോ?

എട്ടു ദിവസങ്ങൾക്കുശേഷം ഈശോ ശിഷ്യന്മാർക്ക് വീണ്ടും പ്രത്യക്ഷപെടുകയാണ്. വചനം പറയുന്ന പോലെ തോമസും കൂട്ടത്തിലുണ്ട്.  അവരുടെയിടയിലേക്കു കടന്നുവന്ന ഈശോ തോമസിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് ഈശോ തോമസിനോട് പറഞ്ഞു: ‘തോമസേ, ദേ നോക്ക് …എന്റെ മുറിവുകൾ കാണ് …നിന്റെ കൈ കൊണ്ടുവന്ന് എന്റെ പാർശ്വത്തിൽ വയ്ക്ക് …! തോമസ് അങ്ങനെ അന്തംവിട്ട് നിൽക്കുകയാണ്. അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. ഈശോയുടെ അടുത്തേക്ക് പോകാതെ അവിടെ മുട്ടുകുത്തി അദ്ദേഹം. എന്നിട്ട് ആകാശം കേൾക്കുമാറുച്ചത്തിൽ, ഈ സൃഷ്ടപ്രപഞ്ചം കുലുങ്ങുമാറുച്ചത്തിൽ തന്റെ സർവ ശക്തിയുമെടുത്തു അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു: “എന്റെ കർത്താവേ, എന്റെ ദൈവമേ…!” ആ വിശ്വാസ പ്രഖ്യാപനത്തിൽ സ്വർഗം സന്തോഷിച്ചിട്ടുണ്ടാകണം! ഭൂമി കോരിത്തരിച്ചിട്ടുണ്ടാകണം! അന്നുവരെ കേൾക്കാൻ കഴിയാതിരുന്ന ഒരു വിശ്വാസ പ്രഘോഷണം കേട്ട് സൂര്യചന്ദ്രനക്ഷത്രാദികൾ നിശ്ചലമായി നിന്നിട്ടുണ്ടാകണം!  ആ മുറിവുകൾ പരിശോധിക്കാൻ അദ്ദേഹം പോയില്ല…അവിടുത്തെ പാർശ്വത്തിൽ സ്പർശിക്കാനും പോയില്ല. കാരണം, അവനോടുകൂടെ നമുക്കും പോയി മരിക്കാം എന്നുപറഞ്ഞവന് അറിയാമായിരുന്നു ക്രിസ്തു ഉത്ഥിതനായി എന്ന്. അവനോടുകൂടെ മൂന്നുവർഷം നടന്ന തോമസിന് അറിയാമായിരുന്നു, മാനവകുലത്തിന്റെ വഴിയായ ക്രിസ്തു, ജീവനായ ക്രിസ്തു, സത്യമായ ക്രിസ്തു ഉത്ഥിതനായി എന്ന്, ഇന്നും ജീവിക്കുന്ന ദൈവമാണ് എന്ന്. പകരം വയ്ക്കാനാകാത്ത ക്രിസ്തു സാക്ഷ്യത്തിന്റെ ആൾരൂപമാണ്‌ പ്രിയപ്പെട്ടവരേ വിശുദ്ധ തോമാശ്ലീഹാ!

ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടു എന്ന് അവകാശപ്പെട്ട ശിഷ്യന്മാരല്ലേ യഥാർത്ഥത്തിൽ തോമസിനെ, ചരിത്രം പറയുന്ന സംശയിക്കുന്ന തോമായാക്കി മാറ്റിയത്? നാമല്ലേ, നമ്മുടെ ക്രിസ്തു ഇല്ലാത്ത ക്രൈസ്തവ ജീവിതമല്ലേ ഈ ലോകത്തിൽ, നമ്മുടെ ഇടവകയിൽ, കുടുംബത്തിൽ സംശയിക്കുന്ന തോമമാരെ സൃഷ്ടിക്കുന്നത്?

ഉത്ഥിതനായ ക്രിസ്തുവിനെ കാണാതെ, അവിടുത്തെ തിരുമുറിവുകളിലെ സ്നേഹത്തെ അനുഭവിക്കാതെ വിശ്വസിക്കുകയില്ലായെന്ന് പറയുന്ന തോമസ് ഈ കാലഘട്ടത്തിന്റെ പ്രതിനിധിയാണ്. ഇന്നത്തെ ക്രൈസ്തവജീവിതങ്ങളിലെ വൈരുധ്യങ്ങൾ, ഇന്നത്തെ ജീർണത ബാധിച്ച ക്രൈസ്തവസാക്ഷ്യങ്ങളിലെ പുഴുക്കുത്തുകൾ, ക്രിസ്തു ഇന്നും ജീവിക്കുന്ന ദൈവമാണോ എന്ന് സംശയിക്കുവാൻ, അക്രൈസ്തവരെ, സാധാരണ ക്രൈസ്തവരെ  പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അതിനു ആരെ കുറ്റപ്പെടുത്തണം? ക്രിസ്തുവിനെ അറിഞ്ഞ, മാമോദീസ, കുമ്പസാരം, വിശുദ്ധ കുർബാന, സ്ഥൈര്യലേപനം, രോഗീലേപനം, പൗരോഹിത്യം, വിവാഹം എന്നീ കൂദാശകൾ സ്വീകരിക്കുന്ന, അവിടുത്തെ ഓരോ വിശുദ്ധ കുർബാനയിലും അനുഭവിക്കുന്ന ക്രൈസ്തവരായ നമ്മെയോ അതോ ക്രിസ്തുവിനെ അറിയാത്ത അക്രൈസ്തവരെയോ? നാം തന്നെയല്ലേ കാരണക്കാർ? ഉത്ഥിതനായ ക്രിസ്തുവിന്റെ സ്നേഹ സാന്നിധ്യം, രക്ഷാകര സാന്നിധ്യം ആഘോഷിക്കുന്ന വിശുദ്ധ കുർബാനയെച്ചൊല്ലി ക്രൈസ്തവർ വഴക്കടിക്കുമ്പോൾ എങ്ങനെയാണ് അക്രൈസ്തവർ ക്രിസ്തുവിൽ വിശ്വസിക്കുക? അവരെ നാം സംശയിക്കുന്ന തോമ്മമാർ ആക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണക്കാർ നമ്മൾ തന്നെയല്ലേ? ചിന്തിച്ചു നോക്കണം. ചിന്തിച്ചുനോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  എന്തുകൊണ്ടാണ് ഇന്നും ഭാരതത്തിൽ നാം വെറും 2.3 ശതമാനം മാത്രമായി ന്യൂനപക്ഷങ്ങളാകുന്നു? വിശുദ്ധ തോമാശ്ലീഹായുടേതുപോലുള്ള ശക്തമായ ക്രൈസ്തവ സാക്ഷ്യം നൽകുന്നതിൽ നാം ഒരു പരിധിവരെ പരാജയപ്പെടുന്നില്ലേയെന്ന് സമ്മതിക്കാൻ ഇനിയും നാം മടിക്കരുത്.

“നായ്ക്കോലം കെട്ടിയാൽ കുരച്ചേ തീരണം” എന്ന് കാർന്നോന്മാർ പറയും. എന്നെങ്കിലും, എപ്പോഴെങ്കിലും നായ്‌ക്കോലം കെട്ടുകയാണെങ്കിൽ കുരയ്ക്കണം നിങ്ങൾ! അതിന്റെ സ്വഭാവം കാണിയ്ക്കണം. അപ്പോൾ നിങ്ങൾ ഒരു ക്രൈസ്തവ സഹോദരിയോ, സഹോദരനോ  ആണെങ്കിൽ ക്രൈസ്തവ സ്വഭാവം കാണിക്കണം. വിശുദ്ധ പൗലോശ്ലീഹാ പറയുന്നപോലെ, ക്രിസ്തുവിന്റെ മനോഭാവം ഉണ്ടാകണം. (ഫിലി 2, 5)  പ്രിയപ്പെട്ടവരേ,  എന്റെ ക്രൈസ്തവജീവിതം കണ്ട് ‌ ഒരു വ്യക്തിക്ക് ഒരു നിമിഷംപോലും ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഇടർച്ചയുണ്ടാകരുത് എന്നുള്ള വലിയൊരു തീരുമാനത്തിലേക്കായിരിക്കണം ഈ ദുക്റാന തിരുനാൾ നമ്മെ കൊണ്ടുചെന്നെത്തിക്കേണ്ടത്.

സമാപനം

സ്നേഹമുള്ളവരേ, ഞാൻ ആവർത്തിക്കട്ടെ, ജീവിത സാഹചര്യങ്ങളിൽ “എന്റെ കർത്താവേ എന്റെ ദൈവമേ”യെന്നുള്ള നമ്മുടെ വിശ്വാസപ്രഘോഷണത്തിലാണ് നമ്മുടെ ക്രൈസ്തവജീവിതങ്ങൾ ഫലം ചൂടുന്നത്. ദുഃഖം നിറഞ്ഞ, നിരാശ മാത്രം അവശേഷിച്ച, രോഗം മാത്രം കൂട്ടിനുണ്ടായിരുന്ന ഭൂതകാലത്തിൽ ഉത്ഥിതനായ ക്രിസ്തുവിനെ കാണാൻ, “എന്റെ കർത്താവേ എന്റെ ദൈവമേ”യെന്നു ഏറ്റുപറയുവാൻ നമുക്ക് സാധിച്ചിട്ടില്ലെങ്കിൽ ഇന്നുമുതൽ നമുക്ക് ആരംഭിക്കാം.  ഇന്നത്തെ സുവിശേഷ സംഭവത്തിന് ഒരു tail end ഉണ്ട്. അതിങ്ങനെയാണ്: “എന്റെ കർത്താവേ എന്റെ ദൈവമേ” എന്ന് ക്രിസ്തു വിശ്വാസം ഏറ്റുപറഞ്ഞ തോമസ് ആ വിശ്വാസം പ്രഘോഷിക്കുവാൻ നമ്മുടെ ഭാരതത്തിൽ, കേരളത്തിൽ എത്തുന്നു. ഇവിടെ വച്ച് ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വരിക്കുന്നു. എത്രയോ മഹത്തായ, ധന്യമായ ജീവിതം!

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതസാഹചര്യങ്ങളിൽ ക്രിസ്തുവിന് സാക്ഷ്യം നൽകാനും,

ക്രിസ്തുവിനുവേണ്ടി സ്വയം മുറിക്കപ്പെടാനും, രക്തം ചിന്താനും പുതിയൊരു ക്രൈസ്തവ ജീവിതത്തിനായി നമുക്ക് പ്രതിജ്ഞയെടുക്കാം. എല്ലാവർക്കും ദുക്റാന തിരുനാളിന്റെ മംഗളങ്ങൾ! ആമേൻ!

SUNDAY SERMON JN 14, 15-20, 25-26

ശ്ളീഹാക്കാലം ഏഴാം ഞായർ

യോഹന്നാൻ 14, 15-20, 25-26

സീറോമലബാർ സഭയുടെ ആരാധനാക്രമത്തിലെ ശ്ളീഹാക്കാലം ഏഴാം ഞായറാണിന്ന്. ഭൂമിയിലെ ജീവിതത്തിൽ ക്രിസ്തു സാക്ഷ്യത്തിന്റെ നേര് കണ്ടെത്താൻ, ആ നേരിന്റെ ജീവിതം നയിക്കുവാൻ ക്രൈസ്തവരെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണെന്ന് വിശ്വസിക്കാൻ ഇന്നത്തെ സുവിശേഷത്തിലൂടെ ക്രിസ്തു നമ്മോട് ആഹ്വാനം ചെയ്യുകയാണ്. സാധാരണ, പരിശുദ്ധാത്മാവിനെക്കുറിച്ച്, ആത്മാവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അധികമൊന്നും നാം പ്രസംഗിക്കാറില്ല. ഇന്നത്തെ സുവിശേഷം പരിശുദ്ധാത്മാവിനെക്കുറിച്ച് കൂടുതൽ അറിയുവാൻ നമ്മെ ക്ഷണിക്കുകയാണ്.

എന്തുകൊണ്ടാണ് തിരുസ്സഭയെ പടുത്തുയർത്തിയ അപ്പസ്തോലന്മാർ, ആദ്യകാല ക്രൈസ്തവർ, രക്തസാക്ഷികൾ, വിശുദ്ധർ, ജീവൻ കൊടുത്തും ജീവിതംകൊണ്ടും ക്രിസ്തുവിന് സാക്ഷ്യം വഹിച്ച അനേകം ക്രൈസ്തവർ ഇത്രയും വിപ്ലവാത്മകമായി ക്രൈസ്തവജീവിതം നയിച്ചത്? അതിനുള്ള ഉത്തരമാണ് ഇന്നത്തെ സുവിശേഷത്തിലെ ക്രിസ്തുവിന്റെ വാഗ്ദാനം. ഇതാണാ വാഗ്ദാനം: ‘മക്കളെ, എന്നെ അനുഗമിച്ച്, എനിക്ക് സാക്ഷ്യം നൽകി ജീവിക്കുവാൻ നിങ്ങളെ ധൈര്യപ്പെടുത്തുവാൻ ഒരു സഹായകനെ നിങ്ങൾക്ക് ഞാൻ നൽകും. ഞാൻ അയയ്ക്കുന്ന സഹായകൻ, പരിശുദ്ധാത്മാവ് നിങ്ങളെമാത്രമല്ല, ലോകത്തെത്തന്നെ അത്ഭുതപ്പെടുത്തുമാറ് നിങ്ങളിലൂടെ, ലോകാവസാനംവരെയുള്ള ക്രൈസ്തവരിലൂടെ പ്രവർത്തിക്കും.’ ഈ സുവിശേഷ വചനം വിശ്വസനീയമാണോ എന്നറിയാൻ, 100% ശരിയാണോയെന്നറിയാൻ തെളിവന്വേഷിച്ച് ഓടിനടക്കേണ്ട ആവശ്യമൊന്നുമില്ല. തിരുസ്സഭാ ചരിത്രം ഒന്ന് മറിച്ചുനോക്കിയാൽ മതി.  

അവിടെ, ക്രിസ്തുവിന്റെ ഉത്ഥാനശേഷം, ക്രൈസ്തവരെ ഏറ്റവും അധികം പ്രചോദിപ്പിച്ച, ശക്തിപ്പെടുത്തിയ, സ്വന്തം രക്തം നൽകിക്കൊണ്ടും ക്രിസ്തുവിനെ പ്രഘോഷിപ്പിക്കുവാൻ ക്രൈസ്തവരെ പ്രേരിപ്പിച്ച ഒരു ദൈവിക വിസ്മയത്തെ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. അത്, ക്രിസ്തു അയയ്ക്കുമെന്ന് വാഗ്ദാനം ചെയ്ത സഹായകനാണ്, പരിശുദ്ധാത്മാവാണ്. 2024 വർഷങ്ങൾ കഴിഞ്ഞിട്ടും, പിളർപ്പിന്റെയും, കുരിശുയുദ്ധങ്ങളുടെയും, വിവാദങ്ങളുടെയും, വിപ്ലവങ്ങളുടെയും, ശീശ്മയുടെയും, പാഷാണ്ഡതയുടേയുമൊക്കെ ഘോരസർപ്പങ്ങളാൽ ആക്രമിക്കപ്പെട്ടിട്ടും, സീറോമലബാർ സഭയിൽ വിശുദ്ധ കുർബാനയുടെ പേരിൽ പൈശാചികത നിറഞ്ഞാടിയിട്ടും, ഇന്നും തകരാതെ, തളരാതെ തിരുസ്സഭ നിലനിൽക്കുന്നതിന്റെ പ്രധാന കാരണം, തിരുസ്സഭയോടൊപ്പം ഈ സഹായകൻ ഉണ്ടെന്നതാണ്, തിരുസ്സഭയോടൊപ്പം പരിശുദ്ധാത്മാവ് ഉണ്ടെന്നതാണ്.  

ക്രിസ്തു വാഗ്‌ദാനം ചെയ്ത ഈ സഹായകൻ, പരിശുദ്ധാത്മാവ് ഇന്നും സജീവമായി പ്രവർത്തിക്കുന്നുണ്ട് എന്നതിന്റെ വലിയൊരു അടയാളമാണ് ഭാരതത്തിലെ ഈയിടെ പൂർത്തിയായ പൊതുതിരഞ്ഞെടുപ്പ് 2024. എല്ലാ എക്സിറ്റ് പോൾ പ്രവചനങ്ങളെയും, ചില നേതാക്കളുടെ അമിത പ്രതീക്ഷകളെയും പാടേ തെറ്റിച്ചുകൊണ്ട് ഇന്ത്യൻ ജനത അതിന്റെ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടമാക്കിയിരിക്കുകയാണ്. ഇതിന്റെ പുറകിലെ രാഷ്ട്രീയ ബോധത്തെക്കുറിച്ച് പറയാനല്ല ഞാൻ ആഗ്രഹിക്കുന്നത്. മറിച്ച്, ഇതെങ്ങനെ സംഭവിച്ചു എന്ന് പറയാനാണ്. ഇന്ത്യയിലെ സാധാരണ ജനങ്ങൾ തങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തി ശരിയായി പ്രകടിപ്പിച്ചത് അവർക്ക് ഉന്നതമായ രാഷ്ട്രീയ അറിവ് ഉണ്ടായതുകൊണ്ടല്ല. രാഷ്ട്രീയ പാർട്ടികളുടെ തന്ത്രങ്ങളും, കുതന്ത്രങ്ങളും അറിഞ്ഞിട്ടുമല്ല.  അവരിലൂടെ പരിശുദ്ധാത്മാവ് പ്രവർത്തിച്ചതുകൊണ്ടാണ് അത്രമാത്രം രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കുവാൻ അവർക്ക് സാധിച്ചത്.. ചിരിക്കേണ്ട. അച്ചൻ പൊട്ടത്തരം പറയുകയല്ല. അച്ചന്റെ ഈ തിരഞ്ഞെടുപ്പ് വിശകലനം ഒരു ടീവി ചാലനിലും നിങ്ങൾ കേട്ടെന്നു വരില്ല. ഒരു നേതാവിന്റെ വായിൽ നിന്ന് ഇങ്ങനെയൊരു വിശകലനം വീണുകാണില്ല. അതെ പ്രിയപ്പെട്ടവരേ, ഇത് ക്രിസ്തുവിന്റെ വാഗ്ദാനമായ സഹായകന്റെ, പരിശുദ്ധാത്മാവിന്റെ പ്രവൃത്തി ആയിരുന്നു. കാരണമെന്തെന്നോ, ലോകത്തിലെ, പ്രത്യേകിച്ച് ഇന്ത്യയിലെ എല്ലാ സന്യാസഭവനങ്ങളിലും ഇലക്ഷൻ പ്രഖ്യാപിച്ചപ്പോൾ മുതൽ വിശുദ്ധ കുർബാനയുടെ മുൻപിൽ ആരാധന നടത്തി ക്രൈസ്തവർ പ്രാർത്ഥിക്കുകയായിരുന്നു. എന്തായിരുന്നു പ്രാർത്ഥന? ഇന്ത്യയുടെ ചൈതന്യം കാത്തുസൂക്ഷിക്കുന്ന, ഭരണഘടന കാത്തുസൂക്ഷിക്കുന്ന, ബഹുസ്വരത കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള ഒരു ഗവൺമെന്റ് ഞങ്ങൾക്ക് നൽകണേ! പരിശുദ്ധാത്മാവേ, ഇന്ത്യയിലെ വോട്ടർമാരെ അതിനായി പ്രചോദിപ്പിക്കണമേ.

പരിശുദ്ധാത്മാവ് പ്രവർത്തിച്ചില്ലേ പ്രിയപ്പെട്ടവരേ?  തീർച്ചയായും. എല്ലാ പ്രവചനങ്ങളെയും, പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് കാലത്തിനാവശ്യമായ ഒരു തിരഞ്ഞെടുപ്പ് ഫലമാണ് ജൂൺ 4 ന് നാം കണ്ടത്.

ഇന്നത്തെ സുവിശേഷത്തിലൂടെ, താൻ അയയ്ക്കുന്ന സഹായകൻ ഏത് രീതിയിലൊക്കെ നമ്മെ സഹായിക്കുമെന്ന് ഈശോ എണ്ണിയെണ്ണി പറയുന്നുണ്ട്. 1. ഈശോയേ സ്‌നേഹിച്ചുകൊണ്ട് അവിടുത്തെ കൽപ്പനകൾ പാലിക്കുവാൻ ഈ സഹായകൻ നമ്മെ സഹായിക്കും. 2. അനാഥരായി അലഞ്ഞു നടക്കുന്ന ദൈവമക്കളാകാതിരിക്കുവാൻ ഈ സഹായകൻ പ്പോഴും നമ്മോടൊത്തുണ്ടാകും. 3. ദൈവത്തെ അറിയാനും, പരിശുദ്ധ ത്രിത്വത്തെ മനസ്സിലാക്കാനും ഈ സഹായകൻ നമ്മെ സഹായിക്കും. 4. ഈ സഹായകൻ എല്ലാ കാര്യങ്ങളും നമ്മെ പഠിപ്പിക്കും. 5. ജീവിത സാഹചര്യങ്ങളിൽ നന്മ ചെയ്യുവാൻ ക്രിസ്തുവിന്റെ വചനം ഈ സഹായകൻ നമ്മെ അനുസ്മരിപ്പിക്കും. അതുകൊണ്ട്, ഈ സഹായകനായി ആഗ്രഹിക്കുകയും, ഈ സഹായകനായി നാം പ്രാർത്ഥിക്കുകയും ചെയ്യണം.

സ്നേഹമുള്ളവരേ, ഈ സഹായകനെ ലഭിക്കുക എന്നതാണ്, പരിശുദ്ധാത്മാവിനെ സ്വീകരിക്കുക എന്നതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.  ഈശോ നമ്മിലേക്ക് ഈ സഹായകനെ അയയ്ക്കുമ്പോൾ, നമ്മുടെ ജീവിതത്തിന്റെ വാതിലുകൾ നാം അടയ്ക്കരുത്. കൂദാശകളിലൂടെ നാം സ്വീകരിക്കുന്ന പരിശുദ്ധാത്മാവ് വളർന്ന്, വളർന്ന് നമുക്കൊരു അനുഭവമായി മാറുന്നതാണ് നമ്മിൽ സംഭവിക്കുന്ന പന്തക്കുസ്ത.  

ക്രിസ്തുവിന്റെ പ്രവൃത്തികൾ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താലാണ് നടക്കുന്നത്. തന്റെ പരസ്യ ജീവിതകാലത്ത് ഈശോ തന്റെ ദൗത്യം ആരംഭിച്ചപ്പോൾ പറഞ്ഞത്, “കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്” (ലൂക്ക 4, 18) എന്നാണ്. നസ്രായനായ ഈശോയെ “പരിശുദ്ധാത്മാവിനാലും, ശക്തിയാലും” (അപ്പ 10, 38) ദൈവം അഭിഷേകം ചെയ്തപ്പോൾ അത്ഭുതങ്ങളും, രോഗശാന്തികളും ഉണ്ടായി; ലോകത്തിന് രക്ഷ കൈവന്നു. നന്മ പ്രവർത്തിക്കാൻ നമുക്ക് ഈ അഭിഷേകം വേണം. നല്ല കുടുംബനാഥനാകാൻ, നാഥയാകാൻ, വൈദികനാകാൻ, സന്യസ്തയാകാൻ, സന്യസ്തനാകാൻ നമുക്ക് അഭിഷേകം വേണം. പരിശുദ്ധാത്മാവാകുന്ന തൈലം നമ്മുടെ തലയിൽ വീഴാൻ നാം ആഗ്രഹിക്കണം. അപ്പോൾ നാം പുതിയ മനുഷ്യരാകും. അതോടൊപ്പം നമുക്ക് എല്ലാം ലഭിക്കും. ദൈവം നമ്മുടെ ജീവിതത്തെ തിരിച്ചു പിടിക്കും. നിന്റെ  ആവശ്യങ്ങളിൽ, ജീവിതത്തിലേക്ക്  ദൈവം ആളുകളെ അയയ്ക്കും. അഭിഷേക തൈലം നിന്റെ തലയിൽ വീണാൽ നിന്നെക്കുറിച്ചുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ മാറും. നിനക്ക് സമൃദ്ധി ഉണ്ടാകും. എത്തിച്ചേരാൻ പറ്റില്ല എന്ന് നീ വിചാരിച്ചിടത്തൊക്കെ നീ എത്തും. ദൈവത്തെ തേടാൻ നീ അവസരം കണ്ടെത്തും. നിനക്കൊരു പുതിയ ഹൃദയം ലഭിക്കും. ആത്മാവ് നിന്നിൽ ഉണ്ടെങ്കിൽ ഒരു ശക്തിക്കും നിന്നെ പരാജയപ്പെടുത്താൻ കഴിയില്ല.   

പരിശുദ്ധാത്മാവിന്റെ നിറവ് കിട്ടുവാൻ നാം എന്തുചെയ്യണം? 1. വിശ്വസിക്കണം. (യോഹ 7, 39; 14, 1) 2. സ്നേഹിക്കണം. (യോഹ 14, 15) 3. അനുസരിക്കണം. (അപ്പ 5, 32) 4. ചോദിക്കണം. (ലൂക്ക 11, 13) 5. കാത്തിരിക്കണം. (അപ്പ 1, 4)

കൂദാശകളിലൂടെ നമുക്ക് ലഭിക്കുന്ന പരിശുദ്ധാത്മാവിനെ, ഓരോ വിശുദ്ധ കുർബാനയിലൂടെയും നമുക്ക് ലഭിക്കുന്ന പരിശുദ്ധാത്മാവിനെ നാം ഉജ്ജ്വലിപ്പിക്കണം. അപ്പോൾ ദൈവത്തിന്റെ ശക്തി നമുക്ക് ലഭിക്കും. നിങ്ങൾക്കറിയോ, ചില കാര്യങ്ങൾ ചെയ്യുവാൻ നമുക്ക് ശക്തി നൽകുന്നത് പരിശുദ്ധാത്മാവാണ്. ചില ഇടങ്ങളിലേക്ക് നമ്മെ അയയ്ക്കുന്നതും പരിശുദ്ധാത്മാവാണ്. മാത്രമല്ല, ചില ഇടങ്ങളിലേക്ക് പോകാതെ നമ്മെ തടയുന്നതും പരിശുദ്ധാത്മാവ് തന്നെയാണ്.  

ക്രിസ്തുവാണ് നമുക്ക് ആത്മാവിനെ, സഹായകനെ നല്കുന്നതതെന്ന് വചനം വളരെ വ്യക്തമായി പറയുന്നുണ്ട്. എന്തിനൊക്കെവേണ്ടിയിട്ടാണ് ക്രിസ്തു നമുക്ക് ആത്മാവിനെ നൽകുന്നത്?

1. നമ്മുടെ ജീവിതത്തെ രൂപപ്പെടുത്താൻ. രൂപരഹിതമായിരുന്ന, ക്രമമില്ലാതിരുന്ന, ശൂന്യമായിരുന്ന, ഭംഗിയില്ലാതിരുന്ന അവസ്ഥയിൽ (ഉത്പത്തി 1, 1-2) ഭൂമിക്ക് രൂപം നൽകിയത്, ക്രമം നൽകിയത്, നിറവ് കൊടുത്തത്, ഭംഗി നൽകിയത് പരിശുദ്ധാത്മാവായിരുന്നു. അതുപോലെ നമ്മുടെ ജീവിതങ്ങളെ, കുടുംബങ്ങളെ ഭംഗിയുള്ളതാക്കുന്നത്, രൂപമുള്ളതാക്കുന്നത്, ക്രമമുള്ളതാക്കുന്നത് പരിശുദ്ധാത്മാവാണ്.

 2. പടുത്തുയർത്താൻ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്. പുറപ്പാടിന്റെ പുസ്തകത്തിൽ സമാഗമകൂടാരവും മറ്റും നിർമിക്കാൻ യൂദാഗോത്രത്തിൽപെട്ട ഹൂറിന്റെ പുത്രനായ ഊറിയുടെ മകൻ ബസാലേലിനെ കർത്താവ് ദൈവിക ചൈതന്യംകൊണ്ട് നിറയ്ക്കുന്നുണ്ട്. (പുറ 31, 1-6) നന്മയായി എന്തെങ്കിലും നമ്മുടെ ജീവിതത്തിൽ പടുത്തുയർത്താൻ പരിശുദ്ധാത്മാവിനേ കഴിയൂ. അത് നമ്മുടെ വ്യക്തി ജീവിതമായിക്കൊള്ളട്ടെ, കുടുംബമായിക്കൊള്ളട്ടെ, ഒരു ബിസ്സിനസ്സായിക്കോട്ടെ, ഒരു വീടായിക്കൊള്ളട്ടെ, എന്തായാലും, ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ പടുത്തുയർത്താൻ നമ്മെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്.

3.നമ്മിലെ ഭയം മാറ്റുന്നത് പരിശുദ്ധാത്മാവാണ്. നമ്മുടെ ഉള്ളിൽ ഭയമുണ്ട്. കാരണവന്മാർ ചെയ്ത പാപത്തെക്കുറിച്ച് ഭയം, നാം ചെയ്ത, ചെയ്യുന്ന പാപങ്ങളെക്കുറിച്ചുള്ള ഭയം, എന്തെങ്കിലും ആപത്ത് വരുമോ എന്ന ഭയം, ക്യാൻസർ പോലുള്ള രോഗങ്ങൾ വരുമോയെന്ന ഭയം, പെട്ടെന്ന് മരിക്കുമോയെന്ന ഭയം, അയൽവാസികൾ കൂടോത്രം ചെയ്യുമോ എന്ന ഭയം. ഓർക്കുക, ഭയത്തിലേക്ക് നയിക്കുന്ന ആത്മാവിനെയല്ല, ക്രിസ്തു നമുക്ക് നൽകുന്നത്. (റോമാ 8, 1-)

4. ക്രിസ്തുവുമായി നാം ചെയ്യുന്ന പ്രതിജ്ഞകളെ പാലിക്കാൻ നമ്മെ സഹായിക്കുന്നത് ആത്മാവാണ്. ഒരു ചെറിയ പാപം ചെയ്താൽപോലും ഉള്ളിൽ നിന്ന് വിളി വരും. അത് ശരിയല്ല, ചെയ്യരുത്. കർത്താവിന്റെ വഴിയേ നടക്കൂ. ഇത് തോന്നിപ്പിക്കുന്നത് ആത്മാവാണ്, സഹായകനാണ്.

5. ബന്ധനങ്ങളെ തകർക്കുന്നത് ആത്മാവാണ്. നാം പാപത്തിലും, ശാപത്തിലും കഴിയാനല്ല ഈശോ കുരിശിൽ മരിച്ചത്. പരിശുദ്ധാത്മാവിന്റെ അഭിഷേകം സ്വീകരിച്ചവന്റെ തലയ്ക്ക് മേൽ ശാപമില്ല. അവനിൽ ബന്ധനങ്ങളില്ല. എന്നാൽ തോന്നിയപോലെ ജീവിച്ചാൽ പറ്റില്ല. ശിക്ഷാവിധിയുണ്ട്. ബന്ധനത്തിൽ കഴിയാനല്ല, സ്വാതന്ത്ര്യത്തിൽ കഴിയാനാണ് ഈശോ നമ്മെ വിളിക്കുന്നത്.  

ഒരിക്കൽ ഒരു രാജാവ് തന്റെ പ്രജകളോട് പറഞ്ഞു: “നാളെ സൈറൺ മുഴങ്ങുമ്പോൾ ഓടിവന്ന് ഈ രാജകൊട്ടാരത്തിലെ എന്തിൽ തൊട്ടാലും അത് നിങ്ങളുടേതാകും.” പിറ്റേദിവസം സൈറൺ കേട്ട് ആളുകൾ ഓടിവന്ന് ഓരോ വസ്തുവിലും തൊടാൻ തുടങ്ങി. ആ സമയം സമർത്ഥയായ ഒരു പെൺകുട്ടി ഓടി അവിടേക്ക് വന്നു. അവൾ നോക്കിയപ്പോൾ ആളുകൾ ഓരോ വസ്തുവിലും തൊടുകയാണ്. അവൾ ഓടിച്ചെന്ന് രാജാവിനെ തൊട്ടു. രാജാവ് അവളെ അത്ഭുതത്തോടെ നോക്കിയപ്പോൾ അവൾ പറഞ്ഞു: ” രാജാവ് സ്വന്തമായാൽ രാജാവിനുളളതെല്ലാം സ്വന്തമാകുമല്ലോ.”

സ്നേഹമുള്ളവരേ, തിരുസഭയിൽ ദൈവാനുഭവം നേടുവാൻ, നല്ല ആത്മീയജീവിതം നയിക്കുവാൻ ധാരാളം സാധ്യതകളുണ്ട്. പല തരത്തിലുള്ള ഭക്തികളും, ഭക്തകൃത്യങ്ങളുമുണ്ട്. അവയെല്ലാം നല്ലതുതന്നെ. പക്ഷേ, പരിശുദ്ധാത്മാവിനെ സ്വന്തമാക്കിയാൽ ദൈവത്തിനുള്ളതെല്ലാം നമ്മുടേതാകും. അതുകൊണ്ട്, സഹായകനെ, പരിശുദ്ധാത്മാവിനെ സ്വന്തമാക്കുക; പരിശുദ്ധാത്മാവിന്റെ സ്വന്തമാകുക. അതാണ് ദൈവത്തെ സ്വന്തമാക്കുവാനുള്ള ഏറ്റവും നല്ല മാർഗം.  

സ്നേഹമുള്ളവരേ, ഈശോ നമുക്ക് നൽകുന്ന സഹായകനോടൊപ്പം ജീവിക്കാൻ നമുക്ക് ശ്രമിക്കാം.  ആത്മാവിനാൽ നയിക്കപ്പെടുന്നില്ലെങ്കിൽ, നമുക്ക് ദൈവരാജ്യത്തിൽ ആയിരിക്കുവാൻ കഴിയില്ല.

കാത്തിരിക്കുന്നവർക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ഒരു ദൈവം, സ്വർഗം നമുക്കുണ്ട്. കാത്തിരുന്നാൽ മതി. സഹായകൻ നമ്മിൽ ആവസിക്കും. അഗ്നിജ്വാലകളായി ആത്മാവ് വരും. ആമേൻ!  

SUNDAY SERMON MT 9, 27-38

ശ്ളീഹാക്കാലം ആറാം ഞായർ

മത്തായി 9, 27-38

2024 ജൂൺ 9 ന് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഒരു ചെറിയ കവിതയുണ്ട്. കവിതയുടെ പേര്: പൊടി. കവിതയുടെ ആദ്യഭാഗം ഇങ്ങനെയാണ്:

“പൊടിയാണ് എവിടെയും.

വിഗ്രഹങ്ങളിൽ വിളക്കുകളിൽ,

പതാകകളിൽ, തിരശീലകളിൽ,

ഛായാചിത്രങ്ങളിൽ പുസ്തകങ്ങളിൽ

വിചാരങ്ങളിൽ വികാരങ്ങളിൽ

എവിടെയും പൊടി.

ഈ ലോകത്തിന്റെ ഓരോ മൂലയിലും അടിഞ്ഞുകൂടിയിരിക്കുന്ന സ്വാർത്ഥതയുടെ, അഹങ്കരത്തിന്റെ, അസൂയയുടെ, യുദ്ധത്തിന്റെ, പൊടി കഴുകിക്കളയുവാൻ ഏത് കാറ്റിന് കഴിയുമെന്ന് കവി പറയുന്നില്ല. എന്നാൽ, ഇന്നത്തെ സുവിശേഷം, ലോകത്തിൽ, നമ്മുടെ മനസ്സുകളിൽ, ജീവിതത്തിൽ, കുടുംബങ്ങളിൽ, തിരുസഭയിൽ, വിശുദ്ധമായ അൾത്താരകളിൽ, സഭയിലെ സംവിധാനങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന പൊടി കഴുകിക്കളയുവാൻ ദൈവകൃപ ആവശ്യമുണ്ടെന്ന്, ആ ദൈവ കൃപ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒഴുക്കുവാൻ വേലക്കാരെ ആവശ്യമുണ്ടെന്ന് നമ്മോട് പറയുകയാണ്. പൊടിയാണ് എവിടെയും. ദൈവകൃപയിൽ കുളിച്ചുകയറി ശുദ്ധമാകുവാൻ ദൈവവചന വ്യാഖ്യാനം നമുക്ക് ശ്രവിക്കാം.

എവിടെനിന്നാണ്, എങ്ങനെയാണ് ദൈവകൃപ നമ്മെ സ്പർശിക്കുന്നത്? വിശുദ്ധ മത്തായിയുടെ സുവിശേഷം ഒൻപതാം അദ്ധ്യായം ഈ ചോദ്യത്തിന് ഉത്തരം നൽകുന്നുണ്ട്. ഈ അധ്യായത്തിൽ വിവരിക്കുന്ന ആദ്യ സംഭവം ഈശോ തളർവാതരോഗിയെ സുഖപ്പെടുത്തുന്നതാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തോടെ തന്നെയാണ് അയാളുടെ വീട്ടുകാരും, സുഹൃത്തുക്കളുംകൂടി തളർവാതരോഗിയെ ഈശോയുടെ മുൻപിൽ കൊണ്ടുവന്നത്. അവരുടെ വിശ്വാസം കണ്ട്, മകനേ, ധൈര്യമായിരിക്കുക, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് ഈശോ പറഞ്ഞപ്പോൾ സ്വർഗ്ഗത്തിന്റെ കൃപ അയാളിലേയ്ക്കൊഴുകി. അടുത്തസംഭവം ചുങ്കക്കാരനായ മത്തായിയെ വിളിക്കുന്നതാണ്. ചുങ്കസ്ഥലത്തിരുന്ന്, ആളുകളെ പേടിപ്പിച്ചും, ആക്രമിച്ചും റോമക്കാർക്ക് വേണ്ടി ചുങ്കം പിരിച്ചിരുന്ന മത്തായിയുടെ തോളിൽ പിടിച്ച് അവന്റെ കണ്ണുകളിലേക്ക് കാരുണ്യത്തോടെ നോക്കി, ഈശോ പറഞ്ഞു: “എന്നെ അനുഗമിക്കുക.” ആ നിമിഷം ക്രിസ്തു തന്റെ കൃപ അയാളിലേയ്ക്കൊഴുക്കി. പിന്നെ, ക്രിസ്തുവിന്റെ വസ്ത്രത്തിന്റെ വിളുമ്പിലും സൗഖ്യമുണ്ടെന്ന് വിശ്വസിച്ച രക്തസ്രാവക്കാരിയിലേക്ക്, അതും കഴിഞ്ഞ്, ഭരണാധിപന്റെ മരിച്ചെന്ന് കരുതിയ മകളിലേയ്ക്ക് ദൈവത്തിന്റെ കൃപ ഒഴുകിയെത്തി. അതും കഴിഞ്ഞാണ് ഇന്നത്തെ സുവിശേഷത്തിലെ സംഭവങ്ങൾ അരങ്ങേറുന്നത്. വിശ്വാസത്തോടെ, ദാവീദിന്റെ പുത്രാ എന്നിൽ കനിയണമേ എന്ന് കരഞ്ഞപേക്ഷിച്ച അന്ധരിലേക്ക്, പിശാചുബാധിതനായ ഊമനിലേക്ക് ക്രിസ്തുവിന്റെ കൃപ ഒഴുകുകയാണ്. അതിനുശേഷം, ഈശോയുടെ വചനപ്രഘോഷണത്തിലൂടെ, രോഗശാന്തികളിലൂടെ അനേകരിലേക്ക് ദൈവകൃപയുടെ പെരുമഴക്കാലം!

അപ്പോഴാണ്, ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും, നിസ്സഹായരുമായ മനുഷ്യരെ കണ്ടപ്പോൾ, അവരിൽ ദൈവകൃപ ഒട്ടും ഇല്ലായെന്ന് കണ്ടപ്പോൾ അവരോട് അനുകമ്പ തോന്നിയത്. ഈ ലോകത്തിലുള്ള പരിഭ്രാന്തരും, നിസ്സഹായരുമായ ദൈവമക്കൾക്ക് എങ്ങനെ ദൈവകൃപ എത്തിച്ചുകൊടുക്കുവാൻ സാധിക്കും, ആരിലൂടെ ദൈവത്തിന്റെ കൃപ അവരിലേക്കൊഴുക്കുവാൻ സാധിക്കും എന്ന് ചിന്തിച്ചപ്പോൾ ഈശോ ഉറക്കെ പറഞ്ഞു: ‘വിളവധികം വേലക്കാരോ ചുരുക്കം. അതിനാൽ, തന്റെ വിളഭൂമിയിലേക്ക് വേലക്കാരെ അയയ്ക്കുവാൻ വിളവിന്റെ നാഥനോട് പ്രാർത്ഥിക്കുവിൻ!”

എന്താണ് വിളവ്? ദൈവത്തിന്റെ കൃപയാണ് വിളവ്.  എന്താണ് വിളഭൂമി? ദൈവത്തിന്റെ ഹൃദയം. ആരാണ് വിളവിന്റെ, കൃപയുടെ നാഥൻ? കർത്താവായ യേശുക്രിസ്തു! ദൈവത്തിന്റെ ഹൃദയമാകുന്ന വിളഭൂമിയിൽ ചെന്ന്, കൃപയുടെ ഉറവയിൽച്ചെന്ന്, കൃപ ശേഖരിച്ച്, പരിഭ്രാന്തരും, നിസ്സാരരുമായ മക്കൾക്ക് കൊടുക്കുവാൻ, പൊടിപിടിച്ചുകിടക്കുന്ന മനസ്സുകളെ ദൈവകൃപയാൽ കഴുകി വെടിപ്പാക്കുവാൻ, ക്രിസ്തു ക്രൈസ്തവരെ ക്ഷണിക്കുകയാണ്. ഈ ചിന്തയോട് ചേർന്ന് പോകുന്നതാണ് പത്താം അദ്ധ്യായം ഒന്നാം വാക്യം. “അവൻ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്ക്കരിക്കാനും, എല്ലാ രോഗങ്ങളും, വ്യാധികളും സുഖപ്പെടുത്താനും അവർക്ക് അധികാരം നൽകി.” മറ്റൊരു വാക്കിൽ, അവൻ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ വിളിച്ച്, ദൈവകൃപ ജനങ്ങൾക്ക് കൊടുക്കുവാൻ അധികാരം നൽകി.

സ്നേഹമുള്ളവരേ, ദൈവത്തിന്റെ കൃപയാണ്, കൃപയുടെ നിറവാണ് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം. വിശുദ്ധ പൗലോശ്ലീഹായും ഇതേ അഭിപ്രായക്കാരനാണ്. “മനുഷ്യന്റെ ആഗ്രഹമോ, പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയയാണ്, കൃപയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.” (റോമാ 9, 16) ആ കൃപയാകട്ടെ, വിളവാകട്ടെ അധികമാണ്. അധികമെന്ന് മാത്രമല്ല അളവുകളില്ലാത്തതാണ്. എഫേസോസുകാരോട് ശ്ലീഹ പറയുന്നു: അല്ലയോ എഫേസോസുകാരേ, ദൈവം തന്റെ രക്ഷാകര പദ്ധതിയിലൂടെ നമ്മെ നയിച്ചത്, അനുസരണക്കേടിന്റെ മക്കളായ നമ്മെ രക്ഷിച്ചത്, ജഡമോഹങ്ങളിൽ ജീവിച്ചിരുന്ന നമ്മെ മോചിപ്പിച്ചത്, മരണശേഷം, യേശുക്രിസ്തുവിനോടുകൂടെ നമ്മെ സ്വർഗത്തിൽ ഇരുത്തുന്നത് എല്ലാം, ഇവയെല്ലാം ദൈവം ചെയ്തത്, വരാനിരിക്കുന്ന കാലങ്ങളിൽ തന്റെ അപരിമേയമായ കൃപാസമൃദ്ധിയെ വ്യക്തമാക്കാനാണ്. (2, 1-7) വീണ്ടും ശ്ലീഹ പറയുന്നു: “വിശ്വാസം വഴി കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്. അത് നിങ്ങൾ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്.” (2, 8)

ആചാരാനുഷ്ടാനങ്ങളിൽ തളച്ചിടപ്പെട്ട മതജീവിതത്തിലൂടെ മനുഷ്യൻ മുന്നോട്ട് പോകുമ്പോഴും, ദൈവവിശ്വാസത്തെ അധികാരമുറപ്പിക്കാനുള്ള ആയുധമായി മനുഷ്യൻ മാറ്റുമ്പോഴും, ഭീകരാക്രമണങ്ങളും, യുദ്ധങ്ങളും, ആണവായുധഭീഷണിയും ജീവിതത്തെ സംഘർഷഭരിതമാക്കുമ്പോഴും, ക്രൈസ്തവമൂല്യങ്ങളും, ക്രൈസ്തവ വിശ്വാസവും വലിയ വെല്ലുവിളികൾ നേരിടുമ്പോഴും, ഓർക്കണം സ്നേഹമുള്ളവരേ, ഉറപ്പേറിയതും മാറ്റമില്ലാത്തതും ഒന്നുണ്ട് ഈ ലോകത്തിൽ: അത് ക്രിസ്തുവാണ്, ക്രിസ്തുവിലുള്ള വിശ്വാസമാണ്, ക്രിസ്തുവിലുള്ള കൃപയാണ്. ഹെബ്രായർക്കെഴുതിയ ലേഖനം ഇത് നമ്മെ ഓർമിപ്പിക്കുന്നുണ്ട്. ” നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്ത് സഹതപിക്കാൻ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ, …നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവൻ. അതിനാൽ, വേണ്ട സമയത്ത് കരുണയും കൃപയും ലഭിക്കുന്നതിനായി നമുക്ക് പ്രത്യാശയോടെ കൃപാവരത്തിന്റെ ആ സിംഹാസനത്തെ സമീപിക്കാം.” (4, 15-16)

ഇനി, ഈശോയോട് ചോദിച്ചു നോക്കൂ…ഈശോയെ, ഈ ലോകത്തിൽ സന്തോഷത്തോടെ, സമാധാനത്തോടെ, പാപത്തിൽ നിന്നകന്ന് ജീവിക്കുവാൻ ഞാൻ എന്ത് ചെയ്യണം? ഈ ചോദ്യം നമുക്ക് മുൻപ് ചോദിച്ച ഒരു വ്യക്തിയുണ്ട്. അദ്ദേഹത്തിന്റെ ആദ്യത്തെ പേര് സാവൂൾ എന്നായിരുന്നു. അഹന്തയുടെ കുതിരപ്പുറത്ത് ക്രൈസ്തവരെ കൊല്ലാൻ പടപ്പുറപ്പാട് നടത്തിയ സാവൂൾ. പിന്നീട്, പൗലോസായപ്പോൾ, വിശുദ്ധിയിൽ ജീവിക്കുവാൻ വിഷമിച്ചപ്പോൾ, ഒന്നല്ല, മൂന്ന് പ്രാവശ്യം ക്രിസ്തുവിനോട് ചോദിച്ചു: “ഞാൻ എന്ത് ചെയ്യണം?” ഈശോ പറഞ്ഞത് ഇതാണ്: ” നിനക്ക് എന്റെ കൃപ മതി.” (2 കോറി 12, 9) ഈശോയുടെ കൃപ ഇടതടവില്ലാതെ നമ്മുടെ ജീവിതത്തിലേക്ക് പെയ്തിറങ്ങുമ്പോഴാണ് പ്രിയപ്പെട്ടവരേ, നമ്മുടെ ക്രൈസ്തവജീവിതങ്ങൾ മനോഹരമാകുന്നത്. കൃപയില്ലാത്ത ക്രൈസ്തവജീവിതങ്ങൾ ഈ ഭൂമിക്ക് തന്നെ ശാപമായിരിക്കും.

‘യേശു ക്രിസ്തു വഴി കൃപയും സത്യവും ഈ ലോകത്തിൽ വന്നിട്ടും, ക്രിസ്തുവിന്റെ പൂർണതയിൽ നിന്നും നാമെല്ലാവരും കൃപയ്ക്കുമേൽ കൃപ സ്വീകരിച്ചിട്ടും,’ (യോഹ 1, 16) ലോകമിന്ന് ദൈവകൃപയിലല്ല ജീവിക്കുന്നത്. ലോകമഹായുദ്ധങ്ങളുടെ കാലത്തേ ഓർമിപ്പിക്കുംവിധം ഭയവും ആശങ്കയും സർവത്ര പരന്നുകൊണ്ടിരിക്കുന്നു. രണ്ടിടത്തെങ്കിലും തുറന്ന യുദ്ധം നടക്കുന്നു. ഭീകരാക്രമണങ്ങൾ, ആണവായുധങ്ങൾ കാട്ടിയുള്ള വെല്ലുവിളികൾ, ബോംബുവർഷങ്ങളുടെ തീയും പുകയും വേറൊരിടത്ത്. ഫാസിസവും, സിയോണിസവും, ഇസ്ലാമിസവും ശക്തമായി തിരിച്ചുവരുന്നു. എഴുപത്തഞ്ച് കൊല്ലങ്ങൾക്ക് ശേഷവും ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികൾ നേരിടുന്നു. വർഗീയതയുടെ കണ്ണിലൂടെയാണ് എല്ലാവരും എല്ലാം കാണുന്നത്. ക്രൈസ്തവമുക്ത ഭാരതത്തിനായി അണിയറയിൽ കത്തികൾ രാകിമിനുക്കുന്നു. വിശുദ്ധ കുർബാനപോലെ പരിശുദ്ധമായയെ വെറും നാടകമായി കാണുന്നു. കൃപയ്ക്കുമേൽ കൃപയായി ക്രിസ്തുവിനെ സ്വീകരിക്കുന്നവരും അല്ലാത്തവരും തമ്മിലുള്ള ദൂരം കുറയുന്നു!!!

നിങ്ങൾക്കറിയോ, നാം വസിക്കുന്ന ഈ ഭൂമിയിൽ 16000 വ്യത്യസ്ത ഗ്രൂപ്പിലുള്ള/വർഗങ്ങളിലുള്ള/തരത്തിലുള്ള മനുഷ്യരുള്ളതിൽ വെറും 7000 ഗ്രൂപ്പുകൾക്ക് മാത്രമാണ് ക്രിസ്തുവിനെ അറിയാവുന്നത്. ബാക്കിയുള്ളവർ ഇനിയും ക്രിസ്തുവിന്റെ കൃപ രുചിച്ചിട്ടില്ല. ലോകത്തിലെ പ്രധാനപ്പെട്ട മതങ്ങളിൽ അംഗങ്ങളായിട്ടുള്ളത് ജനസംഖ്യയിൽ പകുതിപ്പേർ മാത്രമാണ്. 86% മുസ്ലിമുകൾ, ഹിന്ദുക്കൾ, ബുദ്ധമതക്കാർ ഇനിയും ക്രിസ്തുവിനെ വ്യക്തിപരമായി അറിഞ്ഞിട്ടില്ല. ക്രിസ്തുവിന്റെ കൃപ എന്തെന്ന് ഇവർക്കറിയില്ല. ലോകത്തിന്റെ മൂന്നിലൊന്നിന് സുവിശേഷം കേൾക്കാൻ അവസരമില്ല. ക്രിസ്തുവിനെ അറിഞ്ഞവർക്ക് സഹനമാണ് കിട്ടുന്നത്. ലോകത്ത് 140 മില്യൺ അനാഥക്കുട്ടികളുണ്ട്. 150 മില്യൺ തെരുവ് മക്കളുണ്ട്. നിങ്ങൾ ഈ ദൈവവചന വ്യാഖ്യാനം വായിക്കുന്നതിന് ഒരു മണിക്കൂർ മുൻപ്: 72 സ്ത്രീകളും കുട്ടികളും അടിമകളായി വിൽക്കപ്പെട്ടു. HIV/AIDS മൂലം 237 പേർ മരിച്ചു. 869 പേർ കാളുന്ന വിശപ്പുമൂലം മരിച്ചു. ഇവർക്കൊക്കെ ക്രിസ്തുവിന്റെ കൃപ എത്തിച്ചുകൊടുക്കുവാൻ ക്രിസ്തുവിന് നിങ്ങളെ വേണം പ്രിയപ്പെട്ടവരേ.

ക്രിസ്തുവിന്റെ കൃപ മറ്റുള്ളവർക്ക് കൈമാറാനുള്ള നല്ല ഉപകരണങ്ങൾ ആകുവാനാണ് ഈശോ നമ്മെ ക്ഷണിക്കുന്നത്. സ്വർഗ്ഗരാജ്യത്തിലെ വേലക്കാരാകുക എന്ന് പറഞ്ഞാൽ ക്രിസ്തുവിന്റെ കൈയ്യിലെ നല്ല ഉപകരണങ്ങൾ ആകുക എന്നർത്ഥം. പരിശുദ്ധ അമ്മയെപ്പോലെ. ക്രിസ്തുവിനെ ഈ ലോകത്തിലേക്ക് നൽകാനുള്ള നല്ല ഉപകരണമായിത്തീർന്നു   പരിശുദ്ധ ‘അമ്മ.   ‘ഞാൻ ക്രിസ്തുവിന്റെ കയ്യിലെ പേനയാകുന്നു. ഞാനാകുന്ന പേനകൊണ്ട് ഈ ലോകമാകുന്ന ചുമരിൽ ക്രിസ്തു എഴുതട്ടെ’ എന്നാണ് വിശുദ്ധ മദർ തെരേസ പറഞ്ഞുകൊണ്ടിരുന്നത്. മദർതെരേസയാകുന്ന പേനകൊണ്ട് ക്രിസ്തു ലോകമാകുന്ന ചുമരിൽ എഴുതി, ദൈവം കൃപയാകുന്നു, കരുണയാകുന്നു എന്ന്. നാമും ക്രിസ്തുവിന്റെ കയ്യിലെ നല്ല ഉപകാരണങ്ങളാകണം. എന്നിട്ട് നമ്മിലൂടെ ക്രിസ്തു മറ്റുള്ളവർക്ക് തന്റെ കൃപ നൽകട്ടെ.

സ്നേഹമുള്ളവരേ, ദൈവകൃപയുടെ പ്രവർത്തനം അത്ഭുതാവഹമാണ്. അത് നാമറിയാതെ, നമ്മിലേക്ക്, നമ്മുടെ പ്രാർത്ഥനയിലൂടെ, നാം അറിയുന്ന ഏതെങ്കിലും വ്യക്തിയിലൂടെ, അതുമല്ലെങ്കിൽ സംഭവങ്ങളിലൂടെ, നല്ല ആശയങ്ങളിലൂടെ, വിശുദ്ധ ബലിയിൽ പങ്കെടുക്കുമ്പോൾ, കുടുംബപ്രാർത്ഥന ചൊല്ലുമ്പോൾ ദൈവത്തിന്റെ കൃപ പ്രവഹിക്കും. ദൈവകൃപ വഹിക്കുന്ന, അത് മറ്റുള്ളവർക്ക് നൽകുന്ന കൃപയുടെ ജോലിക്കാരായി നമുക്ക് ജീവിക്കാം.

ദൈവകൃപയുടെ ആഘോഷമായ ഈ വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ട് കൃപനിറഞ്ഞ ജീവിതം നയിക്കുവാൻ നമുക്കാകട്ടെ. നമ്മിലുള്ള, നമ്മുടെ കുടുംബത്തിലുള്ള, ഇടവകയിലുള്ള, രൂപതയിലുള്ള പൊടി മുഴുവനും ക്രിസ്തുവിന്റെ കൃപയാൽ കഴുകിക്കളയുവാൻ നമുക്കാകട്ടെ. പൊടി മുഴുവനും നീങ്ങുമ്പോൾ, ക്രിസ്തുവിനെ നല്ല തെളിച്ചത്തിൽ മറ്റുള്ളവർക്ക് കാണാനാകും. ആമേൻ!

SUNDAY SERMON MT 10, 16-33

ശ്ളീഹാക്കാലം അഞ്ചാം ഞായർ

മത്തായി 10, 16-33

സീറോമലബാർ സഭയുടെ ആരാധനാക്രമത്തിലെ ശ്ളീഹാക്കാലം അഞ്ചാം ഞായറാഴ്ചത്തെ സുവിശേഷഭാഗം പ്രേഷിത പ്രവർത്തനത്തിന്റെ ചാലകമാണ്. ക്രൈസ്തവപ്രേഷിത പ്രവർത്തനങ്ങളുടെ ശൈലിയും, ചൈതന്യവും മനസ്സിലാക്കാനുള്ള, അതിനായി സ്വയം സമർപ്പിക്കാനുള്ള ആളുന്ന ചിന്തകൾക്ക് തീകൊടുക്കുവാൻ ഈ സുവിശേഷഭാഗം നമ്മെ സഹായിക്കും.

വിശുദ്ധ മത്തായിയുടെ സുവിശേഷം പത്താം അധ്യായത്തിലെ 16 മുതലുള്ള വാക്യങ്ങളാണ് നാം വായിച്ചുകേട്ടത്. പത്താം അധ്യായത്തിലെ ഒന്നാം വാക്യം ഇങ്ങനെയാണ്: “അവൻ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ വിളിച്ച് അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കാനും, എല്ലാ രോഗങ്ങളും, വ്യാധികളും, സുഖപ്പെടുത്താനും, അവർക്ക് അധികാരം നൽകി.” (മത്താ 10, 1) ആ ദൃശ്യത്തിലേക്ക് നോക്കൂ…അവിടെ ക്രിസ്തുവുണ്ട്. ക്രിസ്തുവിന്റെ ശിഷ്യരുണ്ട്. അധികാരത്തോടെ പ്രേഷിത പ്രേഷിതപ്രവർത്തനത്തിനായി ശിഷ്യരെ യാത്രയാക്കുന്ന ഗുരുവുണ്ട്. അയയ്ക്കപ്പെടുന്നവർ ചെയ്തുതീർക്കേണ്ട ദൗത്യമുണ്ട്. –  ആ ദൃശ്യത്തിൽ ക്രിസ്തുവിന്റെ പ്രേഷിതപ്രവർത്തനശൈലിയുണ്ട്.

പതിനാറാം വാക്യത്തിലേക്ക് വരുമ്പോൾ പക്വതയാർന്ന, കരുതലും, ശ്രദ്ധയുമുള്ള ഒരു ഗുരുവിന്റെ മനസ്സ് നമുക്ക് കാണാൻ കഴിയും. താൻ ആരെയാണ് അയയ്ക്കുന്നത് എന്നറിയുന്ന, താൻ അവരെ എങ്ങോട്ടാണ് അയയ്ക്കുന്നത് എന്നറിയുന്ന നല്ലൊരു ഗുരുവിന്റെ ചിത്രം, ഉയർന്ന കാഴ്ചപ്പാടുകളും, ഉറച്ച ബോധ്യങ്ങളുമുള്ള ക്രിസ്തുവിന്റെ ചിത്രം ഈശോയിൽ നമുക്ക് കാണാം. മാത്രമല്ല, ഓരോ ക്രൈസ്തവനും ക്രിസ്തുവിനാൽ അയയ്ക്കപ്പെടുന്നവനാണ്, അയയ്ക്കപ്പെടുന്നവളാണ് എന്നൊരു സത്യവും ഇതിനോട് ചേർത്ത് വായിക്കുവാൻ നമുക്ക് സാധിക്കണം. “നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ” (മാർക്കോ 16, 15) എന്ന ക്രിസ്തുവിന്റെ ആഹ്വാനം നമ്മുടെ മുൻപിലുണ്ട്. സുവിശേഷത്തിനുവേണ്ടി ജീവൻ ത്യജിക്കുവാൻ അനേകം രക്തസാക്ഷികളെ ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവ് നമ്മിലുണ്ട്. ആകാശത്തിന് കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല (അപ്പ 4, 12) എന്ന വിശുദ്ധ പത്രോസിന്റെ പ്രസംഗം നമ്മുടെ കാതുകളിൽ ഇരമ്പുന്നുണ്ട്. വിശുദ്ധ കുർബാനയിലെ ഈശോ ഇന്നും ജീവിക്കുന്ന ദൈവമാണെന്ന് ഈ കമ്പ്യൂട്ടർ യുഗത്തിൽ പ്രഘോഷിക്കുവാൻ, ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ, കലാസൃഷ്ടികളിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുവാൻ വാഴ്ത്തപ്പെട്ട കാർലോസ് അക്യൂറ്റിസ് (Bl. Carlos Acutis) നമ്മോട് പറയുന്നുണ്ട്.

തിരുസ്സഭയും, സഭാ മക്കളും, സ്വഭാവത്താലേ മിഷനറിയാണെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ (Ad Gentes) നമ്മെ പഠിപ്പിക്കുന്നുണ്ട്. അതെ, പ്രിയപ്പെട്ടവരേ, നാം മിഷനറിമാരാണ്, അയയ്ക്കപ്പെടുന്നവരാണ്.

ക്രിസ്തു ആരെയാണ് അയയ്ക്കുന്നത്? ആടിന്റെ മനസ്സുള്ളവരെ, സ്വഭാവമുള്ളവരെ. വളരെ നിഷ്കളങ്കരാണ് ആടുകൾ. അവർക്ക് തങ്ങളെത്തന്നെ സംരക്ഷിക്കാനറിയില്ല. ഒരിക്കലും അവർ ഉപദ്രവകാരികളല്ല. ആടുകൾ പരസ്പരം തമ്മിൽ വഴക്കിടാറില്ല. നല്ല ഇണക്കമുള്ള മൃഗങ്ങളാണവർ. എളിമയുള്ളവരാണ്. അവർക്ക് 20 വാരയിലധികം കാഴ്ചയില്ല. ഇങ്ങനെ ആടുകളെപ്പോലെ, നിഷ്കളങ്കരായ, സ്വയം Defend ചെയ്യാൻ കഴിവില്ലാത്ത, സൗമ്യരായ, മുന്നോട്ട് അധികം കാണാൻ കഴിവില്ലാത്ത, അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നറിയാത്ത, അതുകൊണ്ട് തന്നെ ഇടയന്റെ സംരക്ഷണം ആവശ്യമുള്ള ശിഷ്യരെയാണ് ഈശോ അയയ്ക്കുന്നത്.

എന്തിനുവേണ്ടിയാണ് അയയ്ക്കുന്നത്?  പിശാചുക്കളെ ബഹിഷ്ക്കരിക്കാൻ, എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താൻ, ദരിദ്രരെയും, മർദ്ദിതരെയും, മോചിപ്പിക്കാൻ, അന്ധർക്ക് കാഴ്ച നല്കാൻ, ക്രിസ്തുവിന്റെ സമാധാനം ആശംസിക്കുവാൻ. എല്ലാറ്റിലുമുപരി, ദൈവരാജ്യം പ്രഘോഷിക്കാൻ. ദൈവരാജ്യം ഭൂമിയിൽ സംജാതമാകുന്നതിന് വേണ്ടിയാണ് ഈശോ ശിഷ്യരെ അയയ്ക്കുന്നത്. മനുഷ്യന്റെ ജീവിതസാഹചര്യങ്ങളിലേക്ക് കടന്നുചെല്ലാനും, ജീവിതയാഥാർഥ്യങ്ങളെ സത്യസന്ധമായി അറിയുന്നതിനും, ക്രിസ്തുവിന്റെ സമാധനം ആശംസിച്ചുകൊണ്ട് മനുഷ്യരെ വിമോചനത്തിലേക്ക് നയിക്കുവാനും പ്രേഷിതപ്രവർത്തനങ്ങൾക്ക് സാധിക്കണം എന്ന് തന്നെയാണ് ഈശോ ആഗ്രഹിച്ചത്.

എങ്ങോട്ടേയ്ക്കാണ് ഈശോ അയയ്ക്കുന്നത്?ചെന്നായ്ക്കളുടെ ഇടയിലേക്ക്. കടിച്ചു കീറാൻ തക്കം പാർത്തിരിക്കുന്നവരാണ് ചെന്നായ്ക്കൾ. ക്രൂരതയാണ് അവരുടെ ഭാഷ. തങ്ങളുടെ വിശപ്പിന്റെ ശമനം, സുഖം, സന്തോഷം അത് മാത്രം ലക്ഷ്യംവയ്ക്കുന്നവരാണവർ. അപരന്റെ വേദന കണ്ട് ആർത്തുല്ലസിക്കുന്നവർ. അപരന്റെ മുറിവിനെ നക്കി രക്തം കുടിക്കുന്നവർ. ക്രിസ്തു ശിഷ്യരായതുകൊണ്ട് മാത്രം നിങ്ങളെ അവർ ന്യായാധിപ സംഘങ്ങൾക്ക് ഏല്പിച്ചുകൊടുക്കും. നിങ്ങളെ അവർ മർദ്ദിക്കും. നിങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കും. ഇങ്ങനെയുള്ള ചെന്നായ്ക്കളുടെ ഇടയിലേക്കാണ് ഈശോ ക്രൈസ്തവരെ അയയ്ക്കുന്നത്.

എല്ലാ ക്രൈസ്തവരെയുമാണോ അയയ്ക്കുന്നത്? അതെ. ഈശോയുടെ ആഗ്രഹം അതാണ്. പക്ഷേ, എല്ലാവരും അതിന് യോഗ്യരാകുകയില്ലല്ലോ! ‘യേശുക്രിസ്തു കർത്താവാണെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും, ദൈവം അവിടുത്തെ ഉയിർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന ക്രൈസ്തവരാണ് ഇപ്രകാരം അയയ്ക്കപ്പെടുന്നവരും, പീഡസഹിക്കുന്നവരും. 

നാമെന്താണ് ചെയ്യേണ്ടത്? ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട്, ആ വിശ്വാസം ജീവൻ കൊടുത്തും, ജീവിതം കൊണ്ടും സാക്ഷ്യപ്പെടുത്തി മുന്നേറണം. വചനം പറയുന്നു, നിർഭയം ക്രിസ്തുവിന് സാക്ഷ്യം നൽകുക.

പ്രിയപ്പെട്ടവരേ, ക്രിസ്തു സാക്ഷ്യത്തിന്റെ അലയൊലികൾ ലോകമെങ്ങും മുഴങ്ങേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നമുക്ക് ചുറ്റും നമ്മൾ ക്രൈസ്തവരെ Target ചെയ്ത് “ചെന്നായ്ക്കൾ” ധാരാളം പദ്ധതികൾ മെനയുന്നുണ്ട്. അതിൽ, ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്ന തീവ്രവാദ മതരാഷ്ട്രീയമുണ്ട്. അതിൽ നമ്മെ നികൃഷ്ടജീവികളെന്നും, വിവരദോഷികളെന്നും വിളിക്കുന്നവരുണ്ട്. അതിൽ നമ്മുടെ സ്കൂളുകളെ, വിശുദ്ധരുടെ രൂപങ്ങളെ തകർത്തുകളയുന്നവരുണ്ട്. അതിൽ നമ്മുടെ കുരിശുകളെ അവഹേളിക്കുന്നവരുണ്ട്.  നമ്മെ കേസുകളിൽ കുടുക്കി ഇല്ലായ്മചെയ്യാൻ ശ്രമിക്കുന്നവരുണ്ട്. അതിൽ അധികാരികളുണ്ട്. നമ്മുടെ സാമ്പത്തിക സ്രോതസ്സുകളെ ഇല്ലാതാക്കുന്നവരുണ്ട്.  സംഘടനാ നേതാക്കളുണ്ട്. നമ്മുടെ വൈദികരും, സമർപ്പിതരും ധരിക്കുന്ന വസ്ത്രങ്ങളോട് വെറുപ്പുള്ളവരുണ്ട്.

നമ്മുടെ ബൈബിൾ കത്തിക്കുന്നവരുണ്ട്. മോർഫുചെയ്ത് ക്രിസ്തുവിന്റെ രൂപത്തെ വികലമാക്കുന്നവരുണ്ട്. സിനിമയിലൂടെ, സാമൂഹ്യമാധ്യമങ്ങളിലൂടെ, ലേഖനങ്ങളിലൂടെ നമ്മെ കടിച്ചു കീറുന്ന ചെന്നായ്ക്കളുണ്ട്…!

എന്നാൽ, ഈ കാലഘട്ടത്തിലും, തങ്ങളുടെ ജീവിതസാഹചര്യങ്ങളിൽ ധൈര്യപൂർവം ക്രിസ്തുവിന് സാക്ഷ്യം നൽകുന്ന ധാരാളം ജീവിതങ്ങളുണ്ട്. നിങ്ങൾക്കറിയോ? എല്ലാ മത്സരങ്ങളിലും തന്നെ “100% ജീസസ്” എന്ന ബാൻഡ് തന്റെ നെറ്റിയിൽ അണിഞ്ഞ് സ്റ്റേഡിയത്തെ വലംവച്ച് തന്റെ ക്രൈസ്തവവിശ്വാസം പരസ്യമായി പ്രഘോഷിക്കുന്ന, ഒരു ഫുടബോൾ താരമുണ്ട്. ആരെന്നറിയോ? ഫുട്ബോൾ ഇതിഹാസം നെയ്മർ, നെയ്മർ ജൂനിയർ!

യേശുവിലുള്ള വിശ്വാസം പരസ്യമായി പ്രഘോഷിക്കുവാൻ, തന്റെ ഫുട്ബോൾ കളിയിലൂടെ ക്രിസ്തുവിന് സാക്ഷ്യം നൽകുവാൻ യാതൊരു  മടിയും കാണിക്കാത്ത ഈ സൂപ്പർ താരം  ബൈബിൾ വചനങ്ങൾ നവമാധ്യമങ്ങളിൽ കുറിച്ചും ക്രിസ്തുവിനെ പ്രഘോഷിക്കുന്നുണ്ട്. അതിലും രസകരം, എക്‌സിൽ (മുൻപ് ട്വിറ്റർ) “ബയോ” സെക്ഷനിൽ തന്നെക്കുറിച്ച് അദ്ദേഹം വിശേഷണം നല്കിയിരിക്കുന്നത് “ദൈവത്തിന്റെ മകൻ” എന്നാണ്.

നെയ്മറിന്റെ ധൈര്യമെങ്കിലും നമുക്കുണ്ടെങ്കിൽ, സാഹചര്യം അനുകൂലമായാലും, പ്രതികൂലമായാലും നാം ക്രിസ്തുവിന് സാക്ഷ്യം നൽകും, ക്രിസ്തുവിനെ പ്രഘോഷിക്കും!

2009 ജനുവരി 8 ന് നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കവേ, കണ്ണിന് താഴെ Eye Black ൽ ജോൺ 3:16 എന്നെഴുതി കളിയ്ക്കിറങ്ങിയ ഒരു അമേരിക്കൻ ബേസ്ബാൾ – ഫുട്ബാൾ താരമുണ്ട് – ടിം റിച്ചാർഡ് റ്റെബോ (Tim Richard Tebow). അന്ന് 94 മില്യൺ ജനങ്ങളാണ് ഗൂഗിളിൽ (Google) ജോൺ 3:16 എന്തെന്നറിയാൻ Search ചെയ്തത്.

അതുകഴിഞ്ഞ്, 3 വര്ഷം പിന്നിട്ടപ്പോൾ, 2012 ജനുവരി 8 ന് സ്റ്റീലേർസുമായി കളി ജയിച്ച് പ്രസ് കോൺഫറൻസിന് പോകവേ, അദ്ദേഹത്തിന്റെ PRO Mr. Patrick പറഞ്ഞു: “നിങ്ങൾക്കറിയോ, ഇന്ന് 90 മില്യൺ ആളുകളാണ് ജോൺ 3:16 എന്തെന്നറിയാൻ ഗൂഗിൾ ചെയ്തത്.” പത്രസമ്മേളനത്തിൽ Tim പറഞ്ഞതിങ്ങനെ:” നമ്മൾ ഒരു step വയ്ക്കാൻ തയ്യാറായാൽ, ഇത്തിരി ധൈര്യം കാണിച്ചാൽ, ക്രിസ്തു നമ്മുടെ ജീവിതങ്ങളിലൂടെ അത്ഭുതം പ്രവർത്തിക്കും.” നമ്മുടെ ചെറിയ പ്രവർത്തികളിലൂടെ വലിയ കാര്യങ്ങൾ ചെയ്യുന്നവൻ ദൈവം. നാം ഒരു കാര്യം മാത്രം ചെയ്താൽ മതി – നമ്മുടെ ജീവിതസാഹചര്യങ്ങളായിൽ ക്രിസ്തുവിനെ പ്രഘോഷിക്കുക.

ക്രൈസ്തവ പ്രേഷിത പ്രവർത്തനത്തെക്കുറിച്ച് ക്രിസ്തുവിന്റെ വീക്ഷണം വച്ചുപുലർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു സ്നേഹമുള്ളവരേ. നാം സർപ്പങ്ങളെപ്പോലെ വിവേകികളാകേണ്ടിയിരിക്കുന്നു; പ്രാവുകളെപ്പോലെ നിഷ്കളങ്കരും. വാദപ്രതിവാദങ്ങളിലൂടെ നമ്മുടെ താത്പര്യങ്ങളെ സ്ഥാപിക്കാനല്ല നാം ശ്രമിക്കേണ്ടത്. എന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനും, എന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനുമല്ല ക്രിസ്തു നമ്മെ അയയ്ക്കുന്നത്. പിന്നെയോ, ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കാനാണ്. പരിശുദ്ധാത്മാവ് നമ്മോട് പറയുന്നതിനനുസരിച്ച് സംസാരിക്കാനാണ് നാം പഠിക്കേണ്ടത്. അതിനായി, നമ്മുടെ ക്രിസ്തുവിലുള്ള വിശ്വാസത്തെ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.  ദൈവപരിപാലനയിൽ ആശ്രയിക്കേണ്ടിയിരിക്കുന്നു. ക്രിസ്തു പ്രഘോഷിക്കപ്പെടാത്ത ഒരു പ്രവർത്തനവും, പ്രേഷിത പ്രവർത്തനമാവില്ല; അതിപ്പോൾ, മാർപാപ്പ ചെയ്താലും!!

നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ ദൃഢമാക്കാനും, നമ്മുടെ ക്രൈസ്തവ സാക്ഷ്യത്തെ

മനോഹരമാക്കാനും, ക്രിസ്തുവിനോടൊപ്പം, തിരുസ്സഭയോടൊപ്പം നമുക്ക് മുന്നോട്ട് പോകാം. സുവിശേഷം പ്രസംഗിക്കുന്ന, നമ്മുടെ പാദങ്ങൾ മാത്രമല്ല, ജീവിതവും സുന്ദരമാകട്ടെ. ആമേൻ! 

SUNDAY SERMON JN 6, 60-69

ശ്ളീഹാക്കാലം നാലാം ഞായർ

യോഹ 6, 60-69

ഈശോയുടെ ജീവിതത്തെ സംഗ്രഹിക്കുവാൻ ഏറ്റവും യോജിച്ച വിശേഷണം ‘ഉപേക്ഷിക്കപെട്ടവൻ’ എന്നായിരിക്കും. വിശുദ്ധ യോഹന്നാൻ തന്റെ സുവിശേഷത്തിലെ ആദ്യത്തെ അധ്യായത്തിൽ തന്നെ അത് മുൻകൂട്ടി കാണുന്നുണ്ട്. “അവൻ സ്വജനത്തിന്റെ അടുക്കലേക്ക് വന്നു. എന്നാൽ, സ്വജനം അവനെ സ്വീകരിച്ചില്ല.” (യോഹ 1, 9) മുഴുവൻ ലോകത്തെയും സ്വീകരിക്കാനായി തുറന്നിട്ട ഈശോയുടെ തിരുഹൃദയത്തിനെതിരെ ഭൂമിയിലെ മനുഷ്യർ അവരുടെ ചെറു ഹൃദയങ്ങൾ കൊട്ടിയടച്ചു. അതുകൊണ്ടാണ്, “സത്രത്തിൽ അവന് ഇടം കിട്ടിയില്ല” (ലൂക്കാ 2, 7) എന്ന ചെറുവാചകം നമ്മെ ഇന്നും ഭാരപ്പെടുത്തുന്നത്. പിന്നീടുള്ളതെല്ലാം അതിന്റെ തനിയാവർത്തനങ്ങളായിരുന്നു, ഇന്നത്തെ സുവിശേഷത്തിലെ സംഭവമടക്കം. അവനെ പരിക്ത്യക്തനായ മനുഷ്യനെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ വിശേഷിപ്പിച്ച ഏശയ്യാപ്രവാചകനെ സമ്മതിക്കണം! ക്രിസ്തുവാണെങ്കിൽ അത് മനക്കണ്ണിൽ കണ്ടിട്ടുണ്ടാകണം. അതുകൊണ്ടാണല്ലോ “പണിക്കാർ ഉപേക്ഷിച്ചു കളഞ്ഞ കല്ലെന്ന്” അവിടുന്ന് തന്നെത്തന്നെ വിശേഷിപ്പിച്ചത്!

ഇന്നത്തെ സുവിശേഷത്തിന്റെ പ്രധാനപ്പെട്ട Attraction ഈശോയെ ഉപേക്ഷിച്ചുപോകുന്ന ശിഷ്യന്മാരാണ്. കാലങ്ങളായി ഒരു പ്രസ്ഥാനത്തിൽ നിന്നിട്ട്, ആ പ്രസ്ഥാനത്തിൽ നിന്ന് സാധിക്കാവുന്നതെല്ലാം ഊറ്റിയെടുത്ത് ആകാശംമുട്ടേ വളർന്നിട്ട്, വെറും സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി പ്രസ്ഥാനത്തെ, അത് പിന്തുടരുന്ന ആശയത്തെ തള്ളിപ്പറയുന്നത്, അതിനെ ഉപേക്ഷിക്കുന്നത് വർത്തമാനകാലത്തിന്റെ വെറും തമാശകളായി മാറുന്ന ഇക്കാലത്ത്, ‘നിന്റെ ആശയങ്ങൾ, നീ പറയുന്ന കാര്യങ്ങൾ കഠിനമാണ്‘ എന്നും പറഞ്ഞ്, ഈശോയെ ഉപേക്ഷിച്ചുപോകുന്ന ശിഷ്യന്മാരെക്കുറിച്ചു് കേൾക്കുമ്പോൾ ആധുനിക മനുഷ്യന് പ്രത്യേകിച്ച് മലയാളിക്ക് ഒരു വികാരവും തോന്നാൻ സാധ്യതയില്ല.

എങ്കിലും, ഈ സുവിശേഷഭാഗം വായിക്കുമ്പോൾ, വായിച്ചു കേൾക്കുമ്പോൾ മനസ്സിലുയരുന്ന കുറച്ചു ചോദ്യങ്ങളുണ്ട്. ഒന്ന്, ആരാണ് ഈശോയെ ഉപേക്ഷിച്ചു പോയത്? ശിഷ്യന്മാരാണ്. ജനക്കൂട്ടവും ശിഷ്യന്മാരും തമ്മിൽ വ്യത്യാസമുണ്ട്. ശിഷ്യന്മാർ പ്രത്യേകമാംവിധം, പ്രത്യേക ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടവരാണ്. അതിനായി സമർപ്പണം ചെയ്യാൻ തയ്യറായി വന്നിട്ടുള്ളവരാണ്. ഈശോ തന്റെ ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോൾ, അവരെ ധാരാളം കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്തു. ജനക്കൂട്ടത്തിന്റെ മനസ്സെന്ന് പറയുന്നത് ബോധ്യങ്ങളില്ലാത്ത മനസ്സാണ്. അവരോട് സംസാരിക്കുമ്പോൾ ഉറക്കെ സംസാരിക്കണം. രാഷ്ട്രീയക്കാരെ കണ്ടിട്ടില്ലേ? അതുപോലെ. എന്നാൽ ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. ഗുരുവും ശിഷ്യരും തനിച്ചാകുമ്പോൾ കൂടുതൽ ആഴത്തിലുള്ള കാര്യങ്ങൾ ഗുരു വെളിപ്പെടുത്തും. അത്രയ്ക്കും സ്നേഹത്തോടെയാണ് ഈശോ ശിഷ്യരെ വളർത്തിയെടുത്തത്. ആ ശിഷ്യരിൽ ഒരു ഭാഗമാണ് ഈശോയെ ഉപേക്ഷിച്ചു പോയത്.

രണ്ട്, ആരെയാണ് ഉപേക്ഷിച്ചു പോയത്? ക്രിസ്തുവിനെ. ദൈവമായിരുന്നിട്ടും ദൈവത്തിന്റെ സമാനത മുറുകെപ്പിടിക്കാതെ, മനുഷ്യനായി നമ്മോടൊത്തു് വസിക്കുന്ന ദൈവത്തെ.

മൂന്ന്, എന്തുകൊണ്ടാണ് ഉപേക്ഷിച്ചുപോയത്? രക്ഷാകര പദ്ധതിയുടെ പൂർത്തീകരണമായി, പരിസമാപ്തിയായി വിശുദ്ധ കുർബാനയെ അവതരിപ്പിച്ചപ്പോൾ. “ഞാൻ സ്വർഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു” (യോഹ 6, 51) എന്ന് പറഞ്ഞപ്പോൾ അത് മനസ്സിലാക്കുവാൻ മാത്രം അവരുടെ മനസ്സിന് വലിപ്പമുണ്ടായില്ല. അവരുടെ ഹൃദയത്തിന് വിശാലതയുണ്ടായിരുന്നില്ല. “നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രൻ നൽകുന്ന അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിൻ” (യോഹ 6, 27) എന്ന് പറഞ്ഞപ്പോൾ അവരതിനെ ഒരു ഭ്രാന്തൻജൽപനമായി തള്ളിക്കളഞ്ഞു. “ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്നത് എന്റെ ശരീരമാകുന്നു” (യോഹ 6, 51) എന്ന് പറഞ്ഞപ്പോൾ ആ സത്യത്തിലേക്ക് കണ്ണുകൾ തുറക്കുവാൻ അവർക്ക് കഴിഞ്ഞില്ല. അവരുടെ പിതാമഹന്മാർ ചെയ്തതുപോലെ അവർ അവരുടെ ഹൃദയം കഠിനമാക്കി. മെരീബായിൽ ചെയ്തതുപോലെ, മരുഭൂമിയിലെ മാസ്സായിൽ ചെയ്തതുപോലെ, അവർ ഹൃദയം കഠിനമാക്കി. ദൈവത്തിന്റെ ആത്മാവിന്റെ പ്രവർത്തികളെ വിവരിച്ചപ്പോൾ അതിനെ ഉൾക്കൊള്ളുവാൻ മാത്രം അവർ വളർന്നില്ല. അല്ലെങ്കിൽ, അവരുടെ ഇഷ്ടങ്ങൾക്കും, തോന്നലുകൾക്കുമപ്പുറം ദൈവത്തിന്റെ വെളിപാടുകളിലേക്ക് ഹൃദയം തുറക്കുവാൻ അവർക്കു കഴിഞ്ഞില്ല.

പക്ഷേ, ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എങ്ങനെയാണ്? കഠിനഹൃദയനയാണോ ദൈവം മനുഷ്യനെ സൃഷ്ടിച്ചത്? വചനം പറയുന്നു, “ദൈവം മനുഷ്യനെ സരള ഹൃദയനായി” സൃഷ്ടിച്ചു (സഭാപ്രസംഗകൻ 7:29) | എന്ന്. ഒരു Responsive heart ഉള്ളവളായിട്ടാണ്, ഉള്ളവനായിട്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. എസെക്കിയേൽ പ്രവാചകനിലൂടെ ദൈവം നമ്മെ അറിയിച്ചതും ഇത് തന്നെയാണ്. ഇസ്രായേൽ ജനത്തിന് ദൈവം ഇതാ ഒരു പുതിയ ഹൃദയം നൽകുന്നു. (എസക്കിയേൽ 36, 26) ഒരു പുതിയ ഹൃദയം മാത്രമല്ല, പുതിയ ചൈതന്യവും നൽകുന്നു. അതിന്റെ operation എങ്ങനെയാണ്? നിങ്ങളുടെ ശരീരത്തിൽ നിന്ന് ശിലാഹൃദയം ദൈവം എടുത്തുമാറ്റും. എന്നിട്ട് മാംസളമായ ഒരു ഹൃദയം നിങ്ങൾക്ക് നൽകും. എന്തിനുവേണ്ടിയാണ് ഈ പുതിയ ഹൃദയം? പുതിയ ചൈതന്യം? അത് respond ചെയ്യാൻ വേണ്ടിയാണ്. സമുചിതമായി പ്രത്യുത്തരിക്കാൻ വേണ്ടിയാണ്. എപ്പോൾ? ദൈവം നിങ്ങളോട് സംസാരിക്കുമ്പോൾ. ദൈവം നമ്മോട് സ്വർഗ്ഗത്തിലെ കാര്യങ്ങൾ പറയുമ്പോൾ, ദൈവം നമ്മോട് നമ്മുടെ രക്ഷയ്ക്കായിട്ടുള്ള കാര്യങ്ങൾ പറയുമ്പോൾ.

നോക്കൂ, പന്ത്രണ്ട് ശിഷ്യന്മാരുടെ response …”ഞങ്ങൾ ആരുടെ പക്കൽ പോകും? നിത്യജീവന്റെ വചസ്സുകൾ നിന്റെ പക്കലുണ്ടല്ലോ”. ഹൃദയംകൊണ്ട് respond ചെയ്യുന്ന ശിഷ്യരുടെ, അന്നുമുതൽ ലോകത്തിന്റെ അവസാനംവരെ respond ചെയ്യുന്നവരുടെ പ്രതിനിധികളാണവർ!!!! നിങ്ങൾക്കുവേണ്ടിയും, എനിക്കുവേണ്ടിയും, ഇനിയും ജനിക്കാനിരിക്കുന്നവർക്കുംവേണ്ടിക്കൂടിയാണ് അവർ അന്ന് ഇങ്ങനെ ഹൃദയംകൊണ്ട് respond ചെയ്‌തത്.  

സ്നേഹമുള്ളവരേ, ദൈവം നമുക്കൊരു responsive heart, dynamic and organic heart നൽകിയിരിക്കുന്നത് അവിടുത്തെ ഉപേക്ഷിക്കുവാനായിട്ടല്ല. സമുചിതമായി ദൈവത്തോട് respond ചെയ്യുവാനായിട്ടാണ്; സമുചിതമായി ദൈവത്തോട് പ്രത്യുത്തരിക്കുവാനായിട്ടാണ്. ക്രിസ്തുവിനെ പിന്തുടർന്ന ശിഷ്യരേക്കാൾ, അവിടുത്തെ ഉപേക്ഷിച്ചു ഓടിപ്പോയവരായിരുന്നു കൂടുതൽ. ക്രിസ്തു പറയുന്നത് കേൾക്കാൻ വന്നവരേക്കാൾ, അവിടുന്ന് കുരിശേറുന്നത് കാണാൻ വന്നവരായിരുന്നു കൂടുതൽ.

ചരിത്രം ആവർത്തിക്കാതിരിക്കുവാൻ നമ്മുടെ ഹൃദയത്തെ നാം ഒരുക്കേണ്ടിയിരിക്കുന്നു. സ്നേഹമുള്ളവരേ, ഹൃദയംകൊണ്ട് ക്രിസ്തുവിനെ കാണാൻ നാം പഠിക്കണം. ഹൃദയംകൊണ്ട്, ക്രിസ്തുവിനെ കേൾക്കാൻ പഠിക്കണം. ഹൃദയംകൊണ്ട് ക്രിസ്തുവിനെ മനസ്സിലാക്കുവാൻ നാം പഠിക്കണം. മാത്രമല്ല, ഹൃദയത്തിൽ ക്രിസ്തുവിനെ ഗർഭം ധരിക്കാനും നമുക്കാകണം. ആണായാലും, പെണ്ണായാലും ഹൃദയത്തിൽ ക്രിസ്തുവിനെ ഗർഭം ധരിക്കുകയെന്ന ആധ്യാത്മിക secret പഠിക്കുക ആവശ്യമാണ്.

അല്ലെങ്കിൽ, ഈശോയുടെ കാലത്തേ ശിഷ്യരെപ്പോലെ നാമും, ക്രിസ്തുവിനെ തള്ളിപ്പറയും. ക്രിസ്തുവിന്റെ ആശയം, വചനം കഠിനമാണെന്ന് പറഞ്ഞു നാം അവനെ ഉപേക്ഷിക്കും. ചുള്ളിക്കമ്പുകൾ കൊണ്ട് ആളിക്കത്തുന്ന അഗ്നിയുടെ ചൂടിൽ ഈശോയെ നാം തള്ളിപ്പറയും. ലൗകികതയുടെ കിലുക്കത്തിൽ അവനെ നാം ഒറ്റിക്കൊടുക്കും.

അത് സംഭവിക്കാതിരിക്കട്ടെ. അത് സംഭവിക്കാതിരിക്കണമെങ്കിൽ, വിശുദ്ധ കുർബാനയിൽ, തി രുവോസ്തിയിൽ എഴുന്നള്ളിയിരിക്കുന്നത് ക്രിസ്തുവാണെന്ന് ഉറച്ച് വിശ്വസിക്കുവാൻ നമുക്കാകണം. വിശുദ്ധ കുർബാന വെറും ഷോ അല്ലെന്ന് വിളിച്ചുപറയുവാൻ, അത് വെറും ഷോ ആണെന്ന് പറയുന്നവരെ തിരിച്ചറിയുവാൻ നാം ശ്രമിക്കണം. വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ സജീവ സാന്നിധ്യം പ്രഘോഷിക്കുന്ന ക്രിസ്തു ശിഷ്യരാകുവാൻ നാം ശക്തരാകേണ്ടിയിരിക്കുന്നു. വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ തിരുഹൃദയത്തിന്റെ തുടിപ്പ് കേൾക്കുവാനും, ആ ഹൃദയത്തുടിപ്പിനനുസരിച്ച് നമ്മുടെ ഹൃദയം തുടിക്കുവാനും നാം നമ്മെത്തന്നെ പഠിപ്പിക്കണം. ഇറ്റലിയിലെ ലാൻസിയാനോ എന്ന പട്ടണത്തിൽ സെന്റ് ലോങിനോസിന്റെ പേരിലുള്ള ആശ്രമദേവാലയത്തിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന്റെ Result ശ്രദ്ധിച്ചിട്ടുണ്ടോ? അതിൽ പറഞ്ഞത്, ഈ മാംസക്കഷ്ണങ്ങൾ ഹൃദയപേശിയുടെ ഒരു ഭാഗമാണ് എന്നാണ്. അതായത്, തിരുവോസ്തിയിൽ ക്രിസ്തു തന്റെ ഹൃദയമാണ് നമുക്കായി നൽകുന്നത്. 1999 ൽ അർജന്റീനയിലെ ബ്യുനെസ് അയേഴ്സിൽ നടന്ന അത്ഭുതം ഓർക്കുന്നില്ലേ? ഇന്നത്തെ ഫ്രാൻസിസ് പപ്പാ ആയിരുന്നു അവിടുത്തെ മെത്രാൻ. അദ്ദേഹം മാംസമായി മാറിയ തിരുവോസ്തിയാണിതെന്ന് അറിയിക്കാതെ തന്നെ, മാംസക്കഷണത്തിന്റെ ഒരു ഭാഗം ലാബിലേക്കയച്ചു. Result ഞെട്ടിക്കുന്നതായിരുന്നു. ‘ഇത് ഒരു മനുഷ്യന്റെ ശരീരവും രക്തവുമാണ്. ഹൃദയത്തിന്റെ ഇടത് വെൻട്രിക്കിളിൽ വാൽവിനടുത്ത കോശമാണിത്. ഹൃദയസ്പന്ദനത്തെ നിയന്ത്രിക്കുന്ന പേശിയാണിത്.’

വിശുദ്ധ കുർബാനയിൽ ക്രിസ്തു അവിടെ സന്നിഹിതനായിരിക്കുന്നത്, തന്റെ ജീവൻ തുടിക്കുന്ന ഹൃദയവുമായാണ് പ്രിയപ്പെട്ടവരേ! വിശുദ്ധ കുർബാനയിൽ എഈശോയുടെ സജീവ സാന്നിധ്യം എങ്ങനെ തള്ളിപ്പറയുവാൻ സാധിക്കും? വിശുദ്ധ കുർബാനയിലെ നമുക്കായി തുടിക്കുന്ന ഈശോയുടെ തിരുഹൃദയത്തെ നമുക്കെങ്ങനെ ഉപേക്ഷിക്കുവാൻ സാധിക്കും?

വിശുദ്ധ കുർബാനയെ സ്‌നേഹിക്കാം നമുക്ക്. വിശുദ്ധ കുർബാന എന്നതാണെന്ന് പഠിക്കാൻ ശ്രമിക്കാം. തിരുസ്സഭയുടെ പഠനങ്ങളിലൂടെ വിശുദ്ധ കുർബാനയെ അറിയാൻ ശ്രമിക്കാം. നിർമലമായ, വിശുദ്ധമായ ഹൃദയത്തോടെ ബലി തുടർന്നു അർപ്പിക്കാം. ആമേൻ!

SUNDAY SERMON LK 9, 1-6

ശ്ലീഹാക്കാലം മൂന്നാം ഞായർ

ലൂക്കാ 9, 1-6

സന്ദേശം

ഇന്ന് ശ്ളീഹാക്കാലം മൂന്നാം ഞായറാഴ്ച്ച. പരിശുദ്ധാത്മ അഭിഷേകത്തിന്റെ ആഘോഷമായ, പരിശുദ്ധ ത്രിത്വത്തിന്റെ സ്തുതിപ്പായ വിശുദ്ധ കുർബാന അർപ്പിക്കാൻ വീണ്ടും ദൈവാലയത്തിൽ ഒരുമിച്ചുകൂടുമ്പോൾ ഈശോ ശിഷ്യന്മാരെ അയയ്ക്കുന്ന സുവിശേഷഭാഗത്തിലൂടെ എല്ലാ ക്രൈസ്തവരും ക്രിസ്തുവിനാൽ അയയ്ക്കപ്പെട്ടവരാണെന്നുള്ള സന്ദേശമാണ് തിരുസ്സഭ നമ്മെ ഓർമിപ്പിക്കുന്നത്. ഈ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക്, കലാപം നിറഞ്ഞ സ്ഥലങ്ങളിലേക്ക്, രാഷ്ട്രീയ, വർഗീയ മത്സരങ്ങൾ നടക്കുന്ന ഇടങ്ങളിലേക്ക്, വംശഹത്യ നടക്കുന്ന നൈജീരിയകളിലേക്ക്, ദാരിദ്രം അനുഭവിക്കുന്ന, രോഗങ്ങളാൽ ക്ലേശിക്കുന്ന മനുഷ്യരിലേക്ക് ക്രിസ്തുവിന്റെ സന്ദേശവുമായി അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവർ, അവിടെയൊക്കെ നന്മ വിതയ്ക്കുന്നവരാണ് ക്രൈസ്തവർ എന്നുള്ള ഓർമപ്പെടുത്തലാണ് ഇന്നത്തെ സുവിശേഷം.

എന്നാൽ, ഈയിടെ ഇറങ്ങിയ ഒരു മലയാളം ഫിലിം കണ്ടപ്പോൾ, ആ സിനിമയിലെ ഗാനത്തിനൊത്ത് യുവജനങ്ങളും, കുട്ടികളും വലിയ ആവേശത്തോടെതന്നെ ചുവടുവയ്ക്കുന്നത് കണ്ടപ്പോൾ, ഇന്നത്തെ തലമുറ ആരുടെ പിന്നാലെയാണ് പോകുന്നത് എന്ന് ഞാൻ ചോദിച്ചുപോയി. ക്രൈസ്തവകുട്ടികൾക്കായുള്ള സമ്മർ ക്യാമ്പുകളിലും, ഈ പാട്ടുതന്നെയാണ് ഹൈലൈറ്റ്! സിനിമ ഏതെന്നല്ലേ? “ആവേശം”. Song: ഇല്ലുമിനാറ്റി! ഈ പാട്ടിൽ, ‘കാലം കാത്തുവച്ച രക്ഷകനായി വാഴ്ത്തുന്നത്’ ഒരു ഗുണ്ടാത്തലവനെയാണ്! അവന്റെ പിന്നാലെയാണ് ലോകം! അവൻ പറയുന്നത് ചെയ്യാൻ ഗുണ്ടകളുടെ ഒരു പട തന്നെ അവനോടൊപ്പമുണ്ട്!

അവൻ പറഞ്ഞാൽ പറയുന്നതുപോലെ ചെയ്യാൻ എല്ലാവരും, കോളേജ് പിള്ളേർ വരെ തയ്യർ!

ഇങ്ങനെയുള്ളൊരു കാലഘട്ടത്തിൽ, ഇന്നത്തെ തലമുറയോട് ക്രിസ്തു ആണ് ലോകരക്ഷകൻ എന്ന് പറഞ്ഞാൽ, ക്രിസ്തുവിനാൽ അയയ്ക്കപ്പെട്ടവരാണ് നമ്മൾ എന്ന് പറഞ്ഞാൽ അവർ സ്വീകരിക്കുമോ എന്ന ഭയം എന്റെ ഉള്ളിലുണ്ട്. എന്നാലും, വചനം പങ്കുവയ്ക്കണമല്ലോ!

വ്യാഖ്യാനം

വിശുദ്ധ സ്നാപകയോഹന്നാനിൽ നിന്ന് മാമ്മോദീസാ സ്വീകരിച്ച ഈശോ തന്റെ ദൗത്യം ആരംഭിക്കുന്നത് ദൈവത്തെ മഹത്വപ്പെടുത്തുന്ന അടയാളങ്ങളിലൂടെയാണ്. അതിനിടയ്ക്കാകട്ടെ അവിടുന്ന് പന്ത്രണ്ടു പേരെ തന്റെ ശിഷ്യന്മാരായി തിരഞ്ഞെടുത്തു. സുവിശേഷഭാഗ്യങ്ങൾ പ്രസംഗിച്ചുകൊണ്ടും, നായിനിലെ വിധവയുടെ മകനെ ഉയിർപ്പിച്ചുകൊണ്ടും, കൊടുങ്കാറ്റിനെ ശാന്തമാക്കിക്കൊണ്ടും തന്റെ ദൈവത്വം ഈശോ ജനങ്ങൾക്കും, ശിഷ്യർക്കും വെളിപ്പെടുത്തികൊടുത്തു. പിന്നീടൊരുനാൾ ഈശോ ശിഷ്യന്മാരെ അയയ്ക്കുകയാണ്. ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാനും, രോഗികളെ സുഖപ്പെടുത്തുവാനുമായി.

ഒരു സുപ്രഭാതത്തിൽ വെറുതേ തോന്നിയ ഒരു കാര്യമല്ലായിരുന്നു ഈ അയയ്ക്കൽ. ഗുരുവും കർത്താവുമായ ഈശോ തീർച്ചയായും ശിഷ്യന്മാരെ രഹസ്യമായി പഠിപ്പിച്ചിട്ടുണ്ടാകണം; അവരെ പല കാര്യങ്ങളൂം പരിശീലിപ്പിച്ചിട്ടുണ്ടാകണം. പിന്നെ അവർക്ക്, ഇന്നത്തെ വചനത്തിൽ പറയുന്നപോലെ, സകല പിശാചുക്കളുടെയുംമേൽ അധികാരം കൊടുത്തു. ഇങ്ങനെ വളരെ മനോഹരമായി ഒരുക്കിയ ശേഷമാണ് ഈശോ ശിഷ്യരെ അയയ്‌ക്കുന്നത്‌. ദൈവാരാജ്യപ്രഘോഷണമെന്ന, ദൈവരാജ്യസംസ്ഥാപനം എന്ന തന്റെ ദൗത്യത്തിന്റെ മുൻ നിരയിലേക്ക് മുന്നണിപ്പോരാളികളാകാൻ ഈശോ ശിഷ്യരെ ക്ഷണിക്കുകയാണ്. ശിഷ്യരാകട്ടെ, ഒന്നും അറിയില്ലെങ്കിലും, ക്രിസ്തുവിന്റെ ദൗത്യം ഏറ്റെടുക്കുവാൻ തയ്യാറാകുകയാണ്.

ഈശോ ശിഷ്യർക്ക് നൽകുന്ന നിർദ്ദേശങ്ങൾ വളരെ ശ്ലാഘനീയമാണ്. അയയ്ക്കപ്പെടുന്നവരുടെ ജീവിതലാളിത്യത്തിന്റെ ഒരു നേർചിത്രമാണ് ഈ നിർദ്ദേശങ്ങൾ നമുക്ക് തരുന്നത്. എവിടെനിന്നായിരിക്കണം ഈ ജീവിതലാളിത്യത്തിനുള്ള നിർദ്ദേശങ്ങൾ ഈശോയ്ക്ക് ലഭിച്ചിരിക്കുക? മൂന്ന് സാധ്യതകളാണ് ഉള്ളത്. ഒന്നാമത്തേത്, ദൈവപുത്രനായ ഈശോയ്ക്ക് എല്ലാം അറിയാം. അതുകൊണ്ട്, അവിടുത്തേക്ക് ശിഷ്യരെ നേരിട്ടങ്ങു് പഠിപ്പിക്കാം. രണ്ട്, യഹൂദരുടെ മതഗ്രന്ഥമായ താൽമൂദിൽ (Talmud), ദൈവാലയത്തിൽ പോകുന്നവർ, ദൈവിക കാര്യങ്ങൾക്കായി യാത്രചെയ്യുന്നവർ സ്വീകരിക്കേണ്ട ജീവിതരീതിയെക്കുറിച്ച് പറയുന്നുണ്ട്. അതിങ്ങനെയാണ്: ദൈവാലയത്തിൽ പോകുന്നവർ, ദൈവിക കാര്യങ്ങൾക്കായി പോകുന്നവർ വടിയോ, സഞ്ചിയോ, അപ്പമോ, പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്. ഇത്, ദൈവാലയത്തിൽ പ്രവേശിക്കുന്നവർക്ക്, ദൈവിക കാര്യങ്ങൾക്കായി നിയോഗിക്കപ്പെടുന്നവർക്ക് അശ്രദ്ധ ഉണ്ടാകാതിരിക്കാനാണ്; മറ്റ് കാര്യങ്ങളിലേക്ക് മനസ്സ് പോകാതിരിക്കുവാനാണ്. മൂന്ന്, ഈശോയുടെ കാലത്തുണ്ടായിരുന്ന എസ്സീൻ സന്യാസികൾ സ്വീകരിച്ചിരുന്ന ജീവിത ശൈലി ഇങ്ങനെയായിരുന്നു. ക്രിസ്തുവിന് മുൻപ് രണ്ടാം നൂറ്റാണ്ടുമുതലാണ് യഹൂദരായ ഈ സന്യാസികൾ ഖുമറാൻ (Qumran) ഗുഹകളിൽ താമസിച്ചിരുന്നത്. ഏറ്റവും ലാളിത്യത്തോടെയായിരുന്നു അവർ ദൈവികകാര്യങ്ങൾക്കായി പോയിരുന്നത്.

വലിയ പാണ്ഡിത്യം പ്രകടിപ്പിക്കുന്ന പ്രസംഗങ്ങൾ എഴുതുവാൻ ഈശോ അവരോട് ആവശ്യപ്പെടുന്നില്ല. Message പകർന്നുകൊടുക്കുന്ന Skits, തെരുവുനാടകങ്ങൾ തുടങ്ങിയവ ഒരുങ്ങാനും പറയുന്നില്ല. ക്രിസ്തു ശിഷ്യരുടെ സാന്നിധ്യം തന്നെ ധാരാളം എന്നായിരിക്കണം ഈശോയുടെ ചിന്ത.

എങ്ങനെയായാലും, ക്രിസ്തുശിഷ്യരുടെ പ്രേഷിതപ്രവർത്തനത്തിന്റെ ഒരു രീതിശാസ്ത്രം (Methodology) ഈശോ ഇവിടെ രൂപപ്പെടുത്തുകയാണ്. മാത്രമല്ല, ലോകത്തിന്റെ അവസാനം വരെയുള്ള എല്ലാ ക്രൈസ്തവരുടെയും പ്രേഷിത പ്രവർത്തനത്തിന്റെ രീതിശാസ്ത്രമാണ് ഈശോ ഇവിടെ അവതരിപ്പിക്കുന്നത്. ഈശോയുടെ കാലത്ത് അവിടുത്തെ ശിഷ്യന്മാരും, ഈശോയുടെ ഉത്ഥാനത്തിനുശേഷം ആദിമ ക്രൈസ്തവരും സ്വീകരിച്ച പ്രേഷിത പ്രവർത്തനരീതിയും മറ്റൊന്നല്ലായിരുന്നു. അതിനുശേഷം, വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി മുതൽ വിശുദ്ധ മദർ തെരേസ ഉൾപ്പെടെയുള്ള ധാരാളം ക്രിസ്തു ശിഷ്യർ ഈ പ്രേഷിത പ്രവർത്തനരീതി തുടർന്നിട്ടുണ്ട്. ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചിട്ടുണ്ട്. രോഗികളെ, ലോകത്തെ സുഖമാക്കിയിട്ടുണ്ട്. ഇന്നും ക്രിസ്തുവിനാൽ അയയ്ക്കപ്പെടുന്ന അനേകായിരങ്ങൾ തുടരുന്നതും, തുടരേണ്ടതും ഈ രീതിശാസ്ത്രം തന്നെയാണ്. ജീവിതത്തിലൂടെ, ജീവിതലാളിത്യത്തിലൂടെ വേണം നാം എന്നും ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കേണ്ടത്.

ഗ്രീക്ക് നോവലിസ്റ്റായ നിക്കോസ് കസാന്റ്‌സാക്കിസിന്റെ (Nikos Kazantzakis) ദൈവത്തിന്റെ പാപ്പർ (God’ Pauper) എന്ന നോവൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. അതിലൊരു രംഗം ഇങ്ങനെയാണ്:

വൈകുന്നേരമായപ്പോൾ ഫ്രാൻസിസ് ബ്രദർ ലിയോയോട് പറഞ്ഞു: നാളെ നമുക്ക് പട്ടണത്തിൽ പോയി സുവിശേഷം പ്രസംഗിക്കണം. ലിയോയ്ക്ക് സന്തോഷമായി. അയാൾ അപ്പോൾ മുതൽ പ്രസംഗം തയ്യാറാക്കാൻ തുടങ്ങി. രാത്രിമുഴുവനും ഇരുന്ന് പറയേണ്ടതെല്ലാം എഴുതി വച്ചു. പിറ്റേന്ന് രാവിലെ ഫ്രാൻസിസും ബ്രദർ ലിയോയും പട്ടണത്തിൽ ചെന്നു. കണ്ടുമുട്ടിയ ആളുകളെയെല്ലാം നോക്കി ഫ്രാൻസിസ് പുഞ്ചിരിച്ചു. ലിയോയും അങ്ങനെ ചെയ്തു. ചിലരെ നോക്കി ഫ്രാൻസിസ് തലകുലുക്കി. ലിയോയും അതുതന്നെ ചെയ്തു. ഉച്ചയായിട്ടും ഇതേ പരിപാടി തുടർന്ന ഫ്രാൻസിസിനോട് ലിയോ ദേഷ്യപ്പെടുന്നുണ്ട്? “എന്താണ് നാം പ്രസംഗിക്കാത്തത്?” വൈകുന്നേരമായപ്പോൾ

ഫ്രാൻസിസ് പറഞ്ഞു: “നമുക്ക് പോകാം.” ലിയോയ്ക്ക് വല്ലാതെ ദേഷ്യം വന്നു. “അപ്പോൾ സുവിശേഷ പ്രസംഗം?” തെല്ല് ഈർഷ്യയോടെ തന്നെയാണ് ലിയോ അങ്ങനെ ചോദിച്ചത്. ഫ്രാൻസിസ് വളരെ സൗമ്യതയോടെ പറഞ്ഞു: “ഇന്ന് മുഴുവനും നാം വചനം പ്രസംഗിക്കുകയായിരുന്നല്ലോ, വാചാലമായി.”

ക്രൈസ്തവരായ നാം അയയ്ക്കപ്പെട്ടവരാണ്, ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കാൻ, ലോകത്തെ സുഖപ്പെടുത്താൻ. അയയ്ക്കപ്പെടുന്നവരായ നാം പക്ഷെ പ്രസംഗിക്കേണ്ടത്, നമ്മുടെ ജീവിതംകൊണ്ടായിരിക്കണം, ജീവിതലാളിത്യംകൊണ്ടായിരിക്കണം, വലിയ management skills ഒന്നും വേണമെന്നില്ല. ആളുകളെ ആകർഷിക്കുന്ന rhetoric styles ഉം വേണമെന്നില്ല. നീണ്ട പ്രസംഗങ്ങളും വേണ്ട. എന്നാൽ, വേണ്ടത് ക്രിസ്തുവിന്റെ ശിഷ്യനാണ് താൻ എന്ന അവബോധമാണ്. വേണ്ടത്, ഞാൻ പ്രസംഗിക്കേണ്ടത് ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ സുവിശേഷമാണ് എന്ന  ബോധ്യമാണ്. വേണ്ടത് ലോകത്തെ സുഖപ്പെടുത്തുകയാണ് എന്റെ ദൗത്യമെന്ന തിരിച്ചറിവാണ്. വേണ്ടത് പരിശുദ്ധാത്മാവിലുള്ള ജീവിതമാണ്. എല്ലാറ്റിലുമുപരി, നിന്നിലൂടെ പ്രകാശിക്കേണ്ടത് പ്രസാദവരത്തിന്റെ ഭംഗിയാണ്.

സ്നേഹമുള്ളവരേ, ക്രിസ്തുവിൽ മാമോദീസ സ്വീകരിച്ച നാമെല്ലാവരും അയയ്ക്കപ്പെട്ടവരാണ്. അതുകൊണ്ടാണ് ക്രിസ്തുമതം ഒരു മിഷനറി മതമാകുന്നത്. നാം അയക്കപ്പെടുന്നത് ക്രിസ്തുവിനെ, ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കുവാനാണ്. അതുകൊണ്ടാണ് നാം എല്ലായ്പ്പോഴും ക്രിസ്തുവാഹകരാകുന്നത്. നാം അയയ്ക്കപ്പെടുന്നത് ക്രിസ്തുവിന്റെ സൗഖ്യം ലോകത്തിന് നൽകുവാനാണ്‌. അതുകൊണ്ടാണ് നാം വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ ലോകത്തെ സുഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. നാം അയയ്ക്കപ്പെടുന്നത് മറ്റുള്ളവരെ ക്രിസ്തുവിനായി നേടുന്നതിനാണ്, ക്രിസ്തുവിലേക്ക് കൊണ്ടുവരുന്നതിനാണ്. അതുകൊണ്ടാണ്, “കർത്താവായ ക്രിസ്തുവിൽ വിശ്വസിക്കുക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്ന് പ്രസംഗിക്കുന്നത്.

ക്രിസ്തു നമ്മെ അയയ്ക്കുന്നത് ലോകത്തിന്റെ അതിർത്തികളോളം ചെന്ന്, ജീവിതംകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുവാനാണ്. അങ്ങ് വത്തിക്കാനിലെ പരിശുദ്ധ പാപ്പാ ഫ്രാൻസിസ് മുതൽ ഇങ്ങു ഈ ദൈവാലയത്തിലിരിക്കുന്ന നാം ഉൾപ്പെടെ എല്ലാവരും അയയ്ക്കപ്പെട്ടവരാണ്.

ഇന്ന് ലോകമെങ്ങും പോയി ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാനും, ലോകത്തെ സുഖപ്പെടുത്തുവാനും ക്രിസ്തു നമ്മെ അയയ്ക്കുന്നത് തിരുസ്സഭയിലൂടെയാണ്. ക്രിസ്തു അതിനായി നമ്മെ ശക്തിപ്പെടുത്തുന്നതും തിരുസ്സഭയിലൂടെയാണ്. കൂദാശകളിലൂടെയും, മറ്റ് കൂദാശാനുകരണങ്ങളിലൂടെയും തിരുസ്സഭയിലൂടെ ക്രിസ്തു നമ്മെ ശക്തരാക്കുന്നുണ്ട്. നാം അയയ്ക്കപ്പെടുന്നവരാകുന്നതുകൊണ്ട്, അയയ്ക്കുന്നവന്റെ ദൗത്യമാണ് നാം നിറവേറ്റേണ്ടത്, നമ്മുടെ അല്ല. അയയ്ക്കുന്നവന്റെ സന്ദേശമാണ് നാം പറയേണ്ടത്, നമ്മുടെ അല്ല. അയയ്ക്കുന്നവൻ രൂപപ്പെടുത്തുന്ന ജീവിത ശൈലിയാണ് നാം പിന്തുടരേണ്ടത്, നമ്മുടെ അല്ല. വിശുദ്ധ പൗലോശ്ലീഹാ പറയുന്നപോലെ നാം ക്രിസ്തുവിന്റെ ജോലിക്കാരാണ്.

ഇല്ല്യൂമിനാറ്റിയുടെ പിന്നാലെ പോകാൻ വലിയ ആവേശത്തോടെ യുവജനങ്ങളും, കുട്ടികളും തയ്യാറാകുന്ന ഈ കാലത്ത് തന്നെയാണ്, കമ്പ്യൂട്ടർ യുഗത്തിന്റെ, സോമിയുടെ (സോഷ്യൽ മീഡിയ) വാഴ്ത്തപ്പെട്ടവനായ കാർലോസ് അക്വിറ്റിസിന്റെ (Blessed Carlo Acutis) മാധ്യസ്ഥ്യം വഴിയായി ഒരു അത്ഭുതം മാർപാപ്പ അംഗീകരിച്ചത്.

2022 ജൂലൈ 8-ന്, ലിലിയാന (Liliana) എന്ന സ്ത്രീയുടെ മകൾക്കുണ്ടായ (Valeria) ദാരുണമായ അപകടത്തിൽ, ജീവൻ തിരിച്ചുകിട്ടാനുള്ള സാധ്യത വളരെ കുറവാണെന്നറിഞ്ഞ്, ലിലിയനാ അസീസിയിലെ വാഴ്ത്തപ്പെട്ട കാർലോയുടെ ശവകുടീരത്തിൽ പ്രാർത്ഥിച്ചു, അവളുടെ അപേക്ഷ വിവരിക്കുന്ന ഒരു കത്ത് അവിടെ നൽകി.

അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഡോക്ടർമാർ പറ.ഞ്ഞിട്ടും, ലിലിയാനയുടെ സെക്രട്ടറി, വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിനോട് ഉടൻ പ്രാർത്ഥിക്കാൻ തുടങ്ങി.  ജൂലൈ 8-ന് ലിലിയാന അസീസിയിലെ അദ്ദേഹത്തിൻ്റെ ശവകുടീരത്തിലേക്ക് തീർത്ഥാടനം നടത്തി. അപകടം നടന്നത് ജൂലൈ 2 നായിരുന്നു.

അന്നുതന്നെ, വലേറിയ (Valeria) സ്വയമേവ ശ്വാസം എടുക്കാൻ തുടങ്ങിയെന്ന് ആശുപത്രി അവളെ അറിയിച്ചു. അടുത്ത ദിവസം, അവൾ ചലിക്കാൻ തുടങ്ങി, ഭാഗികമായി അവളുടെ സംസാരം വീണ്ടെടുത്തു. ജൂലൈ 18 ന്, CAT സ്കാനിൽ അവളുടെ രക്തസ്രാവം അപ്രത്യക്ഷമായി എന്ന് തെളിയിക്കപ്പെട്ട. ഓഗസ്റ്റ് 11 ന് വലേറിയയെ പുനരധിവാസ തെറാപ്പിയിലേക്ക് മാറ്റി. അവൾ അതിവേഗം പുരോഗതി പ്രാപിച്ചു, സെപ്തംബർ 2-ന്, വലേരിയയും ലിലിയാനയും അസീസിയിലേക്ക് മറ്റൊരു തീർത്ഥാടനം നടത്തി, അനുഗ്രഹീത കാർലോയുടെ മധ്യസ്ഥതയ്ക്ക് നന്ദി പറഞ്ഞു.

വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവിൽ, വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനായി കർദ്ദിനാൾമാരുടെ ഒരു കോൺസിസ്റ്ററി വിളിച്ചുകൂട്ടുമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു.

ലോകം “ആവേശ”ത്തിന്റെ പിന്നാലെ പോകുമ്പോഴും, വിശുദ്ധ കുർബാനയിലെ ഈശോ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്നു!!! ആരെയാണ് പിൻചെല്ലേണ്ടതെന്ന്, ആരുടെ വചനങ്ങളാണ് കേൾക്കേണ്ടതെന്ന് നമ്മെ പഠിപ്പിക്കുന്നു!! വാഴ്ത്തപ്പെട്ട കാർലോസ് അക്വിറ്റിസ് (Blessed Carlo Acutis) കാണിച്ചുതരുന്ന ലോക രക്ഷകൻ ക്രിസ്തുവാണ്.

പ്രിയപ്പെട്ടവരേ, ക്രിസ്തു നമ്മെ അയയ്ക്കുന്ന പ്രേഷിത ഇടങ്ങൾ വ്യത്യസ്തങ്ങളാണ്. നമ്മുടെ കുടുംബങ്ങളിലേക്ക് അയയ്ക്കപ്പെട്ടവരാണ് നാം. കുടുംബത്തിന്റെ സാഹചര്യങ്ങളിൽ ദൈവരാജ്യം പ്രസംഗിക്കുവാനും, കുടുംബത്തിലുള്ളവരെ, നമ്മുടെ കുടുംബവുമായി ചേർന്ന് നിൽക്കുന്നവരെ സുഖപ്പെടുത്തുവാനും നമുക്കാകണം. നമ്മുടെ ഇടവകയിലേക്കും അയയ്ക്കപ്പെടുന്നവരാണ് നാം. പ്രശ്നകലുഷിതമായ രാഷ്ട്രീയ രംഗങ്ങളിലേക്കും നാം അയയ്ക്കപ്പെടുന്നുണ്ട്. അഴിമതിയും, സ്വജനപക്ഷപാതവും നിറഞ്ഞ രാഷ്ട്രീയ മേഖലകളെ നാം സുഖപ്പെടുത്തേണ്ടതുണ്ട്. അനീതി നിറഞ്ഞ വ്യവസ്ഥിതികളിലേക്കും കോർപ്പറേറ്റ് സംവിധാനങ്ങളിലേക്കും നാം അയയ്ക്കപ്പെടുന്നുണ്ട്. കേറിക്കിടക്കാൻ വീടില്ലാത്തതുകൊണ്ട് തെരുവിൽ കിടന്നു ഒരാൾ മരിച്ചാൽ അത് വാർത്തയല്ലാതാകുകയും, ഓഹരിക്കമ്പോളത്തിന്റെ സൂചിക അല്പമൊന്നു കൂടിയാൽ അത് വാർത്തയാകുകയും ചെയ്യുന്നത് ഹിംസയാണെന്ന് ഫ്രാൻസിസ് പാപ്പാ പറയുമ്പോൾ, അദ്ദേഹം വ്യവസ്ഥിതികളിലെ അനീതിയെ സുഖപ്പെടുത്തുവാൻ ശ്രമിക്കുകയാണ്. താൻ ക്രിസ്തുവിനാൽ അയയ്ക്കപ്പെട്ടവനാണ് എന്ന ബോധ്യമുള്ളതുകൊണ്ടാണ് കൊല്ലരുത്, Thou shall not kill എന്ന് വ്യവസ്ഥിതികളോടും പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 

യുദ്ധഭൂമികളിലേക്ക്, കലാപങ്ങൾ നിറഞ്ഞ തെരുവുകളിലേക്ക്, നാം അയയ്ക്കപ്പെടുന്നുണ്ട്. നിരാശരായി ആത്മഹത്യ മാത്രമേ ശരണം എന്ന് ചിന്തിച്ചു നടക്കുന്നവരുടെ ആത്മത്യയിലേക്കുള്ള വഴികളിലേക്കും നാം അയയ്ക്കപ്പെടുന്നുണ്ട്. നമ്മുടെ സ്‌കൂളുകളിലേക്കും, കോളേജുകളിലേക്കും നാം അയയ്ക്കപ്പെടുന്നുണ്ട്. അധ്യാപകരും വിദ്യാർത്ഥികളുമെല്ലാം സ്കൂൾ-കോളേജ് അന്തരീക്ഷങ്ങളിൽ ദൈവാരാജ്യപ്രഘോഷണം നടത്തണം.  രോഗാതുരമായി കണ്ടെത്തുന്നവ്യക്തികളെ, ഡ്രഗ്‌സിനും മറ്റും അടിമകളാകുന്നവരെ സുഖപ്പെടുത്തണം. ഭൂമിയുടെ അന്തരീക്ഷതാപം വർധിച്ചു വർധിച്ച് ജീവനേ ഇല്ലാതാകുന്ന ദുരന്തത്തിൽ നിന്ന് ഭൂമിയെ രക്ഷിക്കുവാനും നാം അയയ്ക്കപ്പെടുന്നുണ്ട്. നമ്മുടെ ഇടവകകളെല്ലാം പരിസ്ഥിതി സൗഹൃദ മേഖലകളാക്കുവാനുള്ള (Environmental friendly zones) ദൗത്യമെന്നത് പരിസ്ഥിതിയെ സുഖപ്പെടുത്തുക എന്ന ദൗത്യം തന്നെയാണ്.

സ്നേഹമുള്ളവരേ, ഈ ഞായറാഴ്ച്ച ക്രിസ്തുവിന്റെ പ്രേഷിത രീതിശാസ്ത്രം എന്തെന്ന് പഠിക്കുവാൻ നമുക്കാകട്ടെ. അയയ്ക്കപ്പെട്ടവരാണ് നാം എന്ന ബോധ്യത്തിൽ ജീവിക്കുവാൻ നമുക്ക് ശ്രമിക്കാം. ക്രിസ്തുവിന്റെ പ്രേഷിത രീതിശാസ്ത്രത്തിൽ നിന്ന് മാറിയണോ എന്റെ ജീവിതം എന്ന് വ്യക്തിപരമായും, കൂട്ടായും ചിന്തിക്കുവാൻ നമുക്ക് കഴിയണം.

നമ്മുടെ പ്രേഷിത ഇടങ്ങളെ ക്രിസ്തു വിശുദ്ധീകരിക്കട്ടെ. ശ്ലീഹന്മാരെ ഈശോ അയച്ചതുപോലെ നമ്മെയും അയയ്ക്കുമ്പോൾ, പരിശുദ്ധാത്മാവിൽ നിറഞ്ഞ് ജീവിതംകൊണ്ട് സുവിശേഷം പ്രസംഗിക്കുവാൻ നമുക്ക് സാധിക്കട്ടെ. ആമേൻ! 

SUNDAY SERMON FEAST OF THE HOLY TRINITY 2024

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

യോഹ 16, 12-15

ശ്ളീഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയായ ഇന്ന് മനുഷ്യമനസ്സിന് അഗ്രാഹ്യമായ വലിയൊരു ദൈവിക രഹസ്യമായ പരിശുദ്ധ ത്രിത്വത്തിന്റെ, ഇന്നുവരെ വെളിപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്ലിഷ്ടമായ ഒരു വിശ്വാസ രഹസ്യമായ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ, ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട്, പിതാവിന്റെയും, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നേഹത്തോടെ, ഐക്യത്തോടെ, സഹോദര്യത്തോടെ ജീവിക്കുക എന്ന സന്ദേശം സ്വീകരിച്ചുകൊണ്ട് പരിശുദ്ധ ത്രിത്വത്തെ മനസ്സിലാക്കുവാൻ ശ്രമിക്കാം. എല്ലാവർക്കും പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആശംസകൾ!!

ബൈബിളിൽ ത്രിത്വം എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന ആശയം വളരെ ശക്തമായി പുതിയനിയമത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. തന്റെ സ്വർഗാരോഹണത്തിന് മുൻപ് ഗലീലിയിലെ മലയിൽ വച്ച് ഈശോ ശിഷ്യർക്ക് പ്രേഷിതദൗത്യം നൽകുമ്പോൾ പറഞ്ഞത്, “നിങ്ങൾപോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്ക് സ്നാനം നൽകുവിൻ” (മത്താ 28, 19) എന്നാണ്. അതിനുശേഷം വിശുദ്ധ പൗലോശ്ലീഹായും വളരെ വ്യക്തമായി പറയുന്നത് ഇങ്ങനെയാണ്: “കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ”. (2 കോറി 13, 13) ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ ത്രിത്വമെന്ന സങ്കൽപം വികാസം പ്രാപിച്ചിരുന്നില്ല. എന്നാൽ, ത്രിത്വം എന്ന ആശയത്തിന് രൂപം വരുന്നത് യഹൂദരുടെ ഷേമ ഇസ്രായേൽ (Shema Yisrael) എന്ന പ്രാർത്ഥനയിൽ ദൈവത്തെക്കുറിച്ചു പറഞ്ഞിരിക്കുന്ന “നമ്മുടെ ദൈവമായ കർത്താവ് ഒരേ കർത്താവാണ്” (നിയമ 6, 4) എന്ന പ്രാർത്ഥനയിൽ നിന്നാണ്. ഈ പാർത്ഥനയുടെ വികസിതരൂപമായിട്ടാണ് ദൈവം ഒന്നേയുള്ളു. എന്നാൽ ദൈവത്തിനു മൂന്നാളുകളുണ്ട് എന്ന വിശ്വാസ പ്രമാണത്തിലേക്ക് തിരുസ്സഭ കടന്നുവരുന്നത്. ആഫ്രിക്കയിലെ കർത്തേജിൽ (Crthage) നിന്നുള്ള ക്രൈസ്തവ പണ്ഡിതനായ തെർത്തുല്യൻ (Tertulian) എ.ഡി.150 ൽ ഈ പദം ഉപയോഗിച്ചതോടെയാണ് ക്രിസ്തുമതത്തിൽ ത്രിത്വം (Trinity) എന്ന പദം ചിരപ്രതിഷ്ട നേടിയത്. 

പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്ന് ദൈവിക വ്യക്തിത്വങ്ങളുടെ കൂട്ടായ്മ എന്ന അർത്ഥത്തിലാണ് കത്തോലിക്കാ തിരുസ്സഭ ത്രിത്വം (Trinity) എന്ന പദം ഇന്ന് ഉപയോഗിക്കുന്നത്. ഒരു വ്യക്തിയിൽ മൂന്നാൾ എങ്ങനെ സാധ്യമാകും എന്ന ചിന്ത നമ്മെ ഭ്രാന്തുപിടിപ്പിക്കും. എന്നാൽ, ചിലപ്പോഴൊക്കെ ഈ രഹസ്യത്തെ കുറച്ചൊക്കെ, വളരെ എളുപ്പത്തിൽ നാം കൈകാര്യം ചെയ്യാറുമുണ്ട്. ഉദാഹരണത്തിന്, അപ്പച്ചനില്ലാതെ വളർന്നൊരു പെൺകുട്ടി. അമ്മയായിരുന്നു അവൾക്കെല്ലാം. അവളുടെ വിവാഹത്തിന്റെ Reception വേളയിൽ ഹാളിൽ നിറഞ്ഞുനിന്ന ആളൂകളോടായി , അമ്മയെ ചേർത്തുപിടിച്ചുകൊണ്ട് അവൾ പറഞ്ഞു: “സ്നേഹമുള്ളവരെ, എന്റെ അപ്പച്ചനാണ് എന്റെ ‘അമ്മ, എന്റെ അമ്മച്ചിയും അമ്മതന്നെ, എന്റെ നല്ല സുഹൃത്തും ‘അമ്മ തന്നെ. അമ്മയാണെനിക്കെല്ലാം.” ഒരു വ്യക്തിയിൽ തന്നെ മൂന്ന് വ്യക്തികളെ അനുഭവിക്കാൻ അവൾക്കായി. ത്രിത്വത്തിൽ പിതാവായ ദൈവവും, പുത്രനായ ദൈവവും, പരിശുദ്ധാത്മാവായ ദൈവവും, വ്യത്യസ്ത വ്യക്തികളായി, വ്യത്യസ്ത Identity യോടെ, എന്നാൽ ഏകദൈവമായി സ്ഥിതിചെയ്യുന്നുവെന്ന വിശ്വാസം നാമിന്ന് ഏറ്റുപറയുകയാണ്.

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ വർഷത്തിലൊരിക്കൽ നാം ആഘോഷിക്കുന്നത് നമ്മുടെ വിശ്വാസത്തിലെ പരമ പ്രധാനമായ ഒരു രഹസ്യത്തെപ്പറ്റി ഓർക്കാനും മനസ്സിലാക്കാനുമായിട്ടാണ്. ഇന്നുവരെ ആർക്കും തന്നെ പൂർണമായി പിടികൊടുക്കാതെ ഒഴിഞ്ഞുമാറുന്ന വലിയ രഹസ്യമാണ് പരിശുദ്ധ ത്രിത്വമെങ്കിലും, നമ്മുടെ വിശ്വാസ ജീവിതത്തിൽ വളരെ അടുത്തുനിൽക്കുന്ന യാഥാർഥ്യമാണിത്. ഒന്നോർത്താൽ രാവിലെ എഴുന്നേൽക്കുന്നതുമുതൽ രാത്രി ഉറങ്ങാൻപോകുമ്പോഴും പരിശുദ്ധ ത്രിത്വത്തിന്റെ സ്മരണയിലാണ് നാം ജീവിക്കുന്നത്. രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ നമ്മുടെ ആദ്യത്തെ പ്രവർത്തി എന്താണ്? കുരിശുവരച്ച്, പിതാവിനും പുത്രനും പരിശുധാത്മാവിനും നമ്മെ തന്നെ സമർപ്പിച്ച്, നമ്മെത്തന്നെ വിശുദ്ധീകരിച്ചുകൊണ്ടല്ലേ നാം ഓരോ ദിനവും തുടങ്ങുന്നത്? അതിനുശേഷം നാം ചെയ്യുന്ന ഓരോ പ്രവർത്തിക്ക് മുൻപും നാം ഒന്ന് കുരിശുവരച്ച് ത്രിത്വദൈവത്തെ ഓർത്തിട്ടല്ലേ ഓരോന്നും ചെയ്യുന്നത്? പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ എന്ന് പറഞ്ഞു നെറ്റിയിൽ കുറിച്ചുവരച്ചുകൊണ്ടല്ലേ നാം മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത്?

ചെറുപ്പത്തിലേ അമ്മച്ചി എന്നെ പഠിപ്പിച്ച വലിയൊരു ഭക്തകൃത്യമായിരുന്നു, ഉറങ്ങുന്നതിനുമുന്പ് പായയുടെ നാല് corners ലും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ എന്ന് പറഞ്ഞു കുരിശുവരയ്ക്കുക എന്നത്. ഇന്നും ഞാനത് ചെയ്യുന്നുണ്ട്.  പരിശുദ്ധ ത്രിത്വത്തിന്റെ സംരക്ഷണത്തിലാണ് ഞാൻ ഉറങ്ങുന്നത് എന്ന ബോധ്യം ശാന്തമായി ഉറങ്ങുവാൻ എന്നെ സഹായിച്ചു. ഓരോ ഭക്ഷണത്തിനു മുൻപും പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലുള്ള ആശീർവാദത്തോടെയാണ് നാം ഭക്ഷിക്കാൻ തുടങ്ങുന്നത്. വിവാഹിതരാകുന്ന നവദമ്പതികളെ പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ കുരിശുവരച്ചിട്ടല്ലേ നാം വീട്ടിലേക്ക് പ്രവേശിപ്പിക്കുന്നത്? ചുരുക്കിപ്പറഞ്ഞാൽ, ത്രിത്വത്തെക്കുറിച്ചു ആഴത്തിലൊന്നും അറിയില്ലെങ്കിലും, നമ്മുടെ ക്രൈസ്തവജീവിതം, പരിശുദ്ധ ത്രിത്വത്തിലാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്.

കക്കാകൊണ്ട് സമുദ്രജലം വറ്റിക്കാൻ ശ്രമിക്കുന്നതിലും ശ്രമകരമാണ്, സങ്കീർണമാണ് പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു മനസ്സിലാക്കാനെന്ന് വിശുദ്ധ ആഗസ്തീനോസിനോട് പറയുന്ന കുട്ടിയുടെ കഥ കേൾക്കുമ്പോൾ നാമും തലകുലുക്കും. ശരിയാണ്, ഇത് വലിയൊരു രഹസ്യം തന്നെയാണ് എന്ന് സമ്മതിക്കും. എങ്കിലും പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു നമുക്കറിയാവുന്നവ ശരിയായി മനസ്സിലാക്കുന്നത് നമ്മുടെ വിശ്വാസജീവിതത്തെ ശക്തിപ്പെടുത്തുകതന്നെ ചെയ്യും.

ഒന്നാമതായി, രക്ഷാകര ചരിത്രം പരിശുദ്ധ ത്രിത്വത്തിന്റെ ചരിത്രമാണ്. ഉത്പത്തി 1, 1-2: ദൈവമായ കർത്താവ് (പിതാവായ ദൈവം) ആദിയിൽ തന്റെ വചനത്താൽ (പുത്രനായ ദൈവം) സൃഷ്ടികർമം നടത്തുമ്പോൾ ദൈവത്തിന്റെ ചൈതന്യം (പരിശുദ്ധാത്മാവായ ദൈവം) വെള്ളത്തിനുമുകളിൽ ചലിച്ചുകൊണ്ടിരുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യമാണ് നാമിവിടെ കാണുന്നത്. “നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം” (ഉത്പ 1, 26) എന്ന് പറയുമ്പോൾ, നമുക്ക് എന്നതുകൊണ്ട് വിവക്ഷിക്കുന്നത് പരിശുദ്ധ ത്രിത്വത്തിലെ ആന്തരിക സംഭാഷണമാണ്.

മമ്രേയുടെ ഓക്കുമരത്തോപ്പിന് സമീപം ദൈവം അബ്രാഹത്തിന് പ്രത്യക്ഷനാകുന്നത് മൂന്നാളുകളായിട്ടാണ്. ബൈബിൾ പണ്ഡിതന്മാർ അബ്രാഹത്തെ സന്ദർശിക്കുന്ന ഈ മൂന്ന് വ്യക്തിത്വങ്ങളെ പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യമായിട്ടാണ് വ്യാഖ്യാനിക്കുന്നത്. (ഉത്പ 18, 1-15) ചുട്ടെടുത്ത ഇഷ്ടിക ഉപയോഗിച്ച് ബാബേൽഗോപുരം പണിതുയർത്തുമ്പോൾ അതോടൊപ്പം മനുഷ്യന്റെ അഹങ്കാരവും ഉയരുന്നതുകണ്ട ദൈവം പറയുന്നത് ഇങ്ങനെയാണ്:”നമുക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഭാഷ പരസ്പരം ഗ്രഹിക്കാനാകാത്തവിധം ഭിന്നിപ്പിക്കാം.” (ഉത്പ 11, 7) ഇവിടെയും നമുക്ക് എന്ന് പറഞ്ഞുകൊണ്ടുള്ള സംഭാഷണം പരിശുദ്ധ ത്രിത്വത്തിലെ ആന്തരിക സംഭാഷണമാണ്. ഇവിടുന്നങ്ങോട്ട് പുതിയനിയമത്തിലെത്തിയാൽ, പരിശുദ്ധ കന്യകാമറിയത്തിന്റെ മംഗളവാർത്തയിൽ നാം പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യം കാണുന്നുണ്ട്. പിതാവായ ദൈവത്തിന്റെ ദൂതനാണ് മറിയത്തിനോട് സംസാരിക്കുന്നത്. പരിശുദ്ധാത്മാവിനാൽ ആണ് മറിയം ഗർഭവതിയാകുന്നത്. അവളുടെ ഉദരത്തിൽ രൂപപ്പെടുന്നതാകട്ടെ പുത്രനായ ദൈവവും. ഈശോയുടെ മാമ്മോദീസാ വേളയിലും ത്രിത്വത്തിന്റെ സാന്നിധ്യം നാം കാണുന്നുണ്ട്. “സ്നാനം കഴിഞ്ഞപ്പോൾ യേശു (പുത്രനായ ദൈവം) വെള്ളത്തിൽനിന്ന് കയറി…ദൈവാത്മാവ് (ആത്മാവായ ദൈവം) പ്രാവിന്റെ രൂപത്തിൽ തന്റെമേൽ ഇറങ്ങിവരുന്നത് അവൻ കണ്ടു. ഇവൻ എന്റെ പ്രിയപുത്രൻ …ഒരു സ്വരം സ്വർഗത്തിൽ നിന്ന് കേട്ടു” (പിതാവിന്റെ സ്വരം). (മത്താ 3, 16-17) വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ 15 മുതൽ 17 വരെയുള്ള അധ്യായങ്ങളിൽ ത്രിത്വത്തിന്റെ സാന്നിധ്യം കാണാം. പുത്രനായ ദൈവം പിതാവിനെക്കുറിച്ചും, പരിശുധാത്മാവിനെക്കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നുണ്ട്. ഇത്രയും ബൈബിൾ ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് മനസ്സിലാകും, രക്ഷാകര ചരിത്രം പരിശുദ്ധാത്മാവിന്റെ ചരിത്രമാണ്, പ്രവർത്തനമാണ് എന്ന്.

രണ്ടാമതായി, പരിശുദ്ധ ത്രിത്വത്തിലെ കൂട്ടായ്മ നമുക്കെന്നും മാതൃകയാണ്. ഭൂമിയിലെ ഓരോ കൂട്ടായ്മയും ത്രിത്വനുഭവമാണ്. നമ്മുടെ കുടുംബങ്ങളും, ഇടവകകളും, രാജ്യവും എല്ലാം ത്രിത്വയ്ക കൂട്ടായ്മയുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ്. നമ്മുടെ ക്രൈസ്തവ കുടുംബങ്ങളുടെ ഏറ്റവും നല്ല മാതൃക പരിശുദ്ധ ത്രിത്വമായിരിക്കണം, ത്രിത്വത്തിലെ കൂട്ടായ്മയായിരിക്കണം. കൂട്ടായ്മയുടെ അരൂപി നഷ്ടപ്പെടുമ്പോൾ നമ്മുടെ കുടുംബങ്ങൾ തകർച്ചയിലേക്ക് നീങ്ങും. കൂട്ടായ്മയുടെ അർഥം മറക്കുന്ന മാതാപിതാക്കന്മാരും, കൂട്ടായ്മ ഒരു ബാധ്യതയായിക്കാണുന്ന മക്കളും കുടുംബങ്ങളുടെ തകർച്ചക്ക് ഒരുപോലെ ഉത്തരവാദികളാണ്. ഏകാധിപത്യ പ്രവണത കാണിക്കുന്ന അധികാരികളും, തോന്നലുകൾക്ക് അനുസരിച്ചു മാത്രം പ്രവർത്തിക്കുന്ന ജനങ്ങളും സമൂഹത്തിന്റെ, രാജ്യത്തിന്റെ ഇടവകയുടെ തകർച്ചക്ക് ഉത്തരവാദികളാണ്. ലോകത്തിൽ എവിടെയെങ്കിലും നിഷ്കളങ്ക രക്തം വീണ് മണ്ണ് നനയുന്നുണ്ടെങ്കിൽ, നിഷ്കളങ്കരുടെ കണ്ണീരുവീണ് തലയിണ നനയുന്നുണ്ടെങ്കിൽലോകത്തിന്റെ ഏതെങ്കിലും കോണിൽനിന്ന്  പാവപ്പെട്ട മനുഷ്യർ പലായനം ചെയ്യാൻ വിധിക്കപ്പെടുന്നുണ്ടെങ്കിൽ, മണിപ്പൂരിലെപ്പോലെ ക്രൈസ്തവരും, ക്രൈസ്തവദേവാലയങ്ങളും അഗ്നിക്കിരയാകുന്നുണ്ടെങ്കിൽ, രാജ്യം വർഗീയതയുടെ പേരിൽ വിഭജിക്കപ്പെടുന്നുണ്ടെങ്കിൽ, വിശ്വാസങ്ങളുടെ പേരിൽ, കുർബാനയുടെ പേരിൽ, സമ്പത്തിന്റെ പേരിൽ ക്രൈസ്തവർ ഐക്യമില്ലാതെ ജീവിക്കുന്നുണ്ടെങ്കിൽ,   അതിന്റെയൊക്കെ കാരണം പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ് യുടെ അനുഭവം ഇല്ലാത്തതാണ്വളരെ മനോഹരമായൊരു ഐക്യത്തിന്റെ പതീകം ക്രൈസ്തവ വിശ്വാസത്തിൽ പൂത്തുലഞ്ഞ് നിൽക്കുന്നുണ്ടെങ്കിലും ക്രൈസ്തവർ അത് കാണുന്നില്ലല്ലോ എന്നത് സ്വർഗ്ഗത്തിന്റെ സങ്കടമാണ്!!!

മൂന്നാമതായി, നാം അനുദിനം അർപ്പിക്കുന്ന വിശുദ്ധ കുർബാന പരിശുദ്ധ ത്രിത്വത്തിന്റെ സ്തുതിപ്പാണ്, സ്തുതിപ്പിന്റെ ആഘോഷമാണ്. വൈദികൻ ചൊല്ലുന്ന ഓരോ പ്രാർത്ഥനയ്ക്കും ശേഷം പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി അർപ്പിച്ചുകൊണ്ടാണ് പ്രാർത്ഥന അവസാനിപ്പിക്കുന്നത്. നമ്മുടെ സാധാരണ കുർബാനയിൽ ഇരുപത് പ്രാവശ്യത്തിൽ കൂടുതൽ പരിശുദ്ധ ത്രിത്വത്തെ സ്മരിക്കുന്നുണ്ട്. വൈദികൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന പ്രാർത്ഥന ഉൾപ്പെടുത്താതെ തന്നെ നമ്മുടെ കുർബാന പരിശുദ്ധ ത്രിത്വത്തിനുള്ള ഒരു സ്തുതിപ്പാണ്. വിശുദ്ധ പൗലോശ്ലീഹായുടെ നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും …എന്ന ആശീർവാദപ്രാർത്ഥന രണ്ടു പ്രാവശ്യം നമ്മുടെ കുർബാനയിൽ ചൊല്ലുന്നുണ്ട്. ശുശ്രൂഷി ചൊല്ലുന്ന കാറോസൂസാ പ്രാർത്ഥനയുടെ അവസാനം ശുശ്രൂഷി വിശുദ്ധ കുർബാന അർപ്പിക്കുന്ന എല്ലാവർക്കുംവേണ്ടി ഒരു ആഹ്വാനം നടത്തുന്നുണ്ട്. നിങ്ങൾ എത്രപേർ അത് ശ്രദ്ധിച്ചിട്ടുണ്ടെന്ന്, ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്കറിയില്ല. ശുശ്രൂഷി പറയുന്നത് ഇങ്ങനെയാണ്: നമുക്കെല്ലാവർക്കും നമ്മെയും നാമോരോരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം.” അതായത്, നമ്മുടെ എല്ലാ യാചനകളും, നമ്മെയും, നാമുമായി ചേർന്ന് നിൽക്കുന്ന എല്ലാവരെയും, നമ്മുടെ കുടുംബങ്ങളിൽ, അകലങ്ങളിൽ കഴിയുന്ന എല്ലാവരെയും, പരിശുദ്ധ ത്രിത്വത്തിന് സമർപ്പിക്കണമെന്നാണ് ശുശ്രൂഷി ഉറക്കെ പറയുന്നത്. അതിന്റെ പ്രതിവചനമെന്താണ്? “ഞങ്ങളുടെ ദൈവമായ കർത്താവേ, അങ്ങേയ്ക്ക് ഞങ്ങൾ സമർപ്പിക്കുന്നു.” എത്ര മനോഹരമായ പ്രാർത്ഥനയാണിത്! പക്ഷെ ശരാശരി ക്രൈസ്തവൻ ഈ സമയം തെക്കോട്ടും വടക്കോട്ടും നോക്കി നിൽക്കും!! എത്രപേർ ബോധ്യത്തോടെ ഈ പ്രാർത്ഥന ചൊല്ലുന്നുണ്ടെന്ന് ഓർത്തു നോക്കുന്നത് നല്ലതാണ്. കൂടാതെ സമാപന ആശീർവാദപ്രാർത്ഥനയിലും മിക്കവാറും നാം ഈ ത്രിത്വ പ്രാർത്ഥന ചൊല്ലുന്നുണ്ട്. നമ്മുടെ ക്രൈസ്തവ വിശ്വാസത്തിൽ പരിശുദ്ധ ത്രിത്വത്തിനുള്ള പ്രാധാന്യമാണ് ഇതിൽ നിന്നെല്ലാം വെളിവാകുന്നത്. 

സ്നേഹമുള്ളവരേ, പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുന്ന ഈ ഞായറാഴ്ച്ച പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു ധ്യാനിക്കാനും, ത്രിത്വത്തിന്റെ സംരക്ഷണം പ്രാർത്ഥിക്കാനും നമുക്കാകണം. ഏകാധിപത്യ പ്രവണതകൾ വർധിച്ചുവരുന്ന ഇക്കാലത്തു പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്മയുടെ മാതൃക ലോകത്തിന് നൽകാൻ നാം ശ്രമിക്കേണ്ടതുണ്ട്. അതിനായി, നമ്മുടെ ജീവിതങ്ങൾ, പ്രവർത്തനങ്ങൾ, കുടുംബങ്ങൾ, ഇടവകകൾ ത്രിത്വത്തിന്റെ കൂട്ടായ്മയുടെ നേർസാക്ഷ്യങ്ങളായി മാറണം. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഓരോ ദിവസം ആരംഭിക്കാനും, അവസാനിപ്പിക്കാനും നമുക്കാകട്ടെ. പുതിയ അദ്ധ്യയന വർഷത്തിന്റെ ആരംഭം പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ നിങ്ങൾ തുടങ്ങിയെന്ന് കരുതട്ടെ. നമ്മുടെ മക്കൾ സ്കൂളിൽ പോകുന്നതിന് മുൻപ് തിരുഹൃദയരൂപത്തിനുമുൻപിൽ നിന്ന് കുരിശു വരച്ച് തങ്ങളെത്തന്നെ പരിശുദ്ധ ത്രിത്വത്തിന് സമർപ്പിച്ച് വീട്ടിൽ നിന്ന് പോകുവാൻ സാധിക്കട്ടെ. പഠിക്കുന്നതിന് മുൻപ് പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ കുരിശുവരച്ചു നമ്മെയും, നമ്മുടെ പുസ്തകങ്ങളെയും പരിശുദ്ധ ത്രിത്വത്തിന്റെ സംരക്ഷണയിൽ ആക്കുക. എന്നും ഇപ്പോഴും, പ്രത്യേകിച്ച്, ഇന്ന് മുഴുവനും പരിശുദ്ധ ത്രിത്വമേ, എന്റെ ഭാഗ്യമേ എന്ന സുകൃതജപം ചൊല്ലി പ്രാർത്ഥിക്കുക. 

നമുക്ക് പ്രാർത്ഥിക്കാം: പരിശുദ്ധ ത്രിത്വമേ, തീവ്രവാദ ആക്രമണങ്ങളിൽനിന്നും , വർഗീയരാഷ്ട്രീയത്തിൽ നിന്നും ലോകത്തെ സംരക്ഷിക്കണമേ. പരിശുദ്ധ ത്രിത്വമേ, ഞങ്ങളെ ഓരോരുത്തരെയും ത്രിത്വത്തിന്റെ സംരക്ഷണയിൽ സമർപ്പിക്കുന്നു. പരിശുദ്ധ ത്രിത്വമേ,എന്റെ ഭാഗ്യമേ! ആമേൻ!

SUNDAY SERMON FEAST OF PENTECOST 2024

പെന്തെക്കുസ്താത്തിരുനാൾ 2024

ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാം ഇന്ന് പെന്തെക്കുസ്താത്തിരുനാൾ ആഘോഷിക്കുകയാണ്. എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ നേരുന്നു!

ഒരു കാത്തിരിപ്പിന്റെ ഫലസമാപ്തിയാണ് പെന്തെക്കുസ്താത്തിരുനാൾ. ക്രിസ്തുവിന്റെ ഉത്ഥാനത്തിനുശേഷം ‘ശിഷ്യന്മാർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റുസ്ത്രീകളോടും, അവന്റെ സഹോദരരോടൊപ്പം പ്രാർത്ഥനയിൽ’ (അപ്പ 1, 14)   വലിയൊരു കാത്തിരിപ്പിലായിരുന്നു. ശിഷ്യന്മാർക്ക് ഉറപ്പായിരുന്നു ഈ കാത്തിരിപ്പ് വെറുതെയാകില്ലായെന്ന്. കാരണം, അവർ ക്രിസ്തുവിൽ, അവിടുത്തെ വാഗ്ദാനത്തിൽ ഉറച്ചു വിശ്വസിച്ചിരുന്നു. അവിടുത്തെ പ്രത്യക്ഷീകരണവേളയിൽ ശിഷ്യരുടെമേൽ നിശ്വസിച്ചുകൊണ്ട്, “പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ” (20,22) എന്ന് ഈശോ പറഞ്ഞത് അവരുടെ ഓർമയിലുണ്ട്. എന്നാൽ, തങ്ങൾക്ക് ഈശോ നൽകിയ പരിശുദ്ധാത്മാവ് തങ്ങളിൽ എപ്പോൾ പ്രവർത്തിക്കുമെന്നോ, എങ്ങനെ പ്രവർത്തിക്കുമെന്നോ, അങ്ങനെ പ്രവർത്തിക്കുന്ന വേളയിൽ എന്തൊക്കെയാണ് സംഭവിക്കുകയെന്നോ അവർക്ക് അറിയില്ലായിരുന്നു. അവിടുന്ന് വളരെ വ്യക്തമായി അവരോട് പറഞ്ഞിരുന്നു: “എന്നിൽ നിന്ന് നിങ്ങൾകേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിൻ” (അപ്പ 1, 5) എന്ന്. ഞാൻ നിങ്ങൾക്ക് നൽകിയ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിനായി കാത്തിരിക്കുവിൻ എന്ന്. അവർ പ്രാർത്ഥനയോടെ കാത്തിരുന്നു എന്നത് അവരുടെ വിശ്വാസത്തെയാണ്, പ്രതീക്ഷയെയാണ് കാണിക്കുന്നത്. (ലൂക്കാ 24, 53)

ലോകചരിത്രത്തെ മാറ്റിമറിച്ച, ക്രൈസ്തവർ എന്ന പുതിയൊരു സമൂഹം ജനിച്ചുവീണ ആദ്യ പെന്തെക്കുസ്താദിനത്തിന്റെ പശ്ചാത്തലം അറിയുന്നത് വളരെ നല്ലതാണ്. ഇസ്രായേലിൽ, ജറുസലേമിൽ, യഹൂദജനം മുഴുവൻ അവരുടെ പെന്തക്കുസ്താ തിരുനാളിനായി ഒരുങ്ങുന്ന കാലമായിരുന്നു അത്. ആഴ്ചകളുടെ തിരുനാളായിരുന്നു അവർക്കത്. ലേവ്യരുടെ പുസ്തകം അദ്ധ്യായം 23 ൽ അതിന്റെ വിവരണമുണ്ട്. ” സാബത്തിന്റെ പിറ്റേദിവസം മുതൽ, അതായത്, നീരാജനത്തിനായി കറ്റ കൊണ്ടുവന്ന ദിവസം മുതൽ ഏഴ് പൂർണമായ ആഴ്ചകൾ നിങ്ങൾ കണക്കാക്കണം. ഏഴാമത്തെ സാബത്തിന്റെ പിറ്റേദിവസം, അതായത് അമ്പതാം ദിവസം കർത്താവിന് പുതിയ ധാന്യങ്ങൾകൊണ്ട് നിങ്ങൾ ധാന്യബലി അർപ്പിക്കണം.” (23, 15-16) ഇതായിരുന്നു പഴയനിയമത്തിലെ പെന്തക്കുസ്താ. തുടർന്നുള്ള ഭാഗത്തു ഈ പെന്തക്കുസ്തായുടെ ആഘോഷം വിവരിക്കുന്നുണ്ട്.

യഹൂദരുടെ തിരുനാളായ Shavout, പെന്തക്കുസ്താ (പെന്തക്കുസ്താ എന്ന വാക്കിന്റെ അർഥം 50 എന്നാണ്) ആചരിക്കാൻ യഹൂദജനം ഒത്തുകൂടിയപ്പോൾ, യഹൂദരായിരുന്നെങ്കിലും, ഈശോയുടെ ശിഷ്യരും, മാതാവും മറ്റുള്ളവരും ക്രിസ്തുവിന്റെ വാഗ്ദാനത്തിനായി കാത്തിരിക്കുകയായിരുന്നു എന്നത് ദൈവപരിപാലനയായിരിക്കാം.. ലോകത്തിന്റെ ചരിത്രം തന്നെ മാറ്റിയെഴുതപ്പെടേണ്ട, പുതിയൊരു പെന്തക്കുസ്തയ്ക്കായാണ് തങ്ങൾ ഒരുമിച്ചുകൂടിയിരിക്കുന്നതെന്ന് ശിഷ്യരോ, തങ്ങൾ ആചരിക്കുവാൻ പോകുന്ന പെന്തക്കുസ്താ ഇതാ അർത്ഥശൂന്യമാകാൻ പോകുന്നെന്ന് യഹൂദരോ ചിന്തിച്ചു കാണില്ല. അന്നുവരെ യഹൂദജനം ആചരിച്ചുപോന്ന പെന്തെക്കുസ്തായുടെ അർത്ഥവും, അനുഭവവും മാറുവാൻ പോകുകയാണ്. പെന്തെക്കുസ്താ ഇവിടെ ഇതാ വേറൊരു ലെവലിലേക്ക് ഉയരുവാൻ പോകുകയാണ്. പ്രപഞ്ചോത്പത്തിയുടെ ആദ്യനിമിഷം മുതൽ കൂടെയുണ്ടായിരുന്ന ദൈവത്തിന്റെ ചൈതന്യം, ദൈവത്തിന്റെ ആത്മാവ്, പിതാക്കന്മാരിലും, പ്രവാചകന്മാരിലും നിറഞ്ഞു നിന്ന പരിശുദ്ധാത്മാവ്, ഏശയ്യാ പ്രവാചകൻ പ്രവചിച്ച ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്, അറിവിന്റെയും ദൈവഭക്തിയുടെയും ആത്മാവ്, ദരിദ്രരെ സുവിശേഷം അറിയിക്കുവാൻ, ബന്ധിതർക്ക് മോചനം നൽകാൻ, അന്ധർക്ക് കാഴ്ച നൽകാൻ, അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യം നല്കാൻ ക്രിസ്തുവിനെ ശക്തിപ്പെടുത്തിയ ആത്മാവ്, ഇതാ, ഇതാ, മനുഷ്യ മക്കളിലേക്ക് നേരിട്ടിറങ്ങി അത്ഭുതം പ്രവർത്തിക്കുവാൻ പോകുകയാണ്!

സ്വർഗമാകട്ടെ പുതിയൊരു പെന്തക്കുസ്തയ്ക്കായി തയ്യാറെടുത്തിരിക്കുകയായിരുന്നു. ഈശോയുടെ ശിഷ്യരും കൂട്ടരും അവർ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ മുറിയിൽ പ്രാർത്ഥനയിൽ ആയിരുന്നു. പെട്ടെന്ന് കൊടുങ്കാറ്റിന്റെ ആരവം അവർ കേട്ടു. അത് വലിയൊരു ശബ്ദമായി രൂപപ്പെട്ടു. ആ ശബ്ദം അവരുടെ വീടിനുള്ളിൽ മുഴങ്ങിയതുപോലെ അവർക്കു തോന്നി. അന്തരീക്ഷത്തിൽ പെട്ടെന്നുണ്ടായ മാറ്റത്തിന്റെ കാരണം അന്വേഷിക്കാൻ ശ്രമിച്ച അവരുടെ മേൽ അതാ അഗ്നിജ്വാലകൾ പോലുള്ള നാവുകൾ വന്നു നിന്നു. (അപ്പ 2, 1-3) വചനം പറയുന്നു: “അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. ആത്മാവു കൊടുത്ത ഭാഷണവരമനുസരിച്ച് അവർ വിവിധ ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി.” (അപ്പ 2, 4)

സ്നേഹമുള്ളവരേ, സ്വർഗം കാത്തിരുന്ന അതുല്യമായ നിമിഷമായിരുന്നു അത്! ദൈവത്തിന്റെ രക്ഷാകരപദ്ധതി മനുഷ്യകരങ്ങളിലൂടെ തുടരുവാൻ സഭ രൂപംകൊണ്ട ദിനം! ക്രിസ്തുവിന്റെ വാഗ്ദാനത്തിന്റെ പൂർത്തീകരണം. മനുഷ്യന് സങ്കൽപ്പിക്കാൻ കഴിയാത്തവിധം അതി മനോഹരമായി സ്വർഗം ഭൂമിയിൽ ദൈവ ചൈതന്യത്തിന്റെ മഴവില്ലു വിരിയിച്ച ദിനം! പ്രിയപ്പെട്ടവരേ, മനുഷ്യന് ദൈവത്തിന്റെ മനസ്സ് അറിയുവാൻ കഴിഞ്ഞിരുന്നെങ്കിൽ, ദൈവത്തിന്റെ അത്ഭുതം മനസ്സിലാക്കുവാൻ സാധിച്ചിരുന്നെങ്കിൽ ലോകം ഈ ദിവസത്തെ വലിയൊരു ദാനമായി, സമ്മാനമായി നെഞ്ചേറ്റുമായിരുന്നു!

നിങ്ങൾക്കറിയുമോ ദൈവത്തിന്റെ ഈ ആത്മാവിനെ, റൂഹാദ് കുദ്ശായെ (Ruach HaKodesh in Hebrew) പരിശുദ്ധാത്മാവിനെ ലോകത്തിനു നല്കുവാനായിട്ടാണ് ഈശോ ലോകത്തിലേക്ക് വന്നത്. ബേത് ലഹേമിലെ പുൽത്തൊഴുത്തിൽ പിറന്ന്, വചനം പ്രഘോഷിച്ചു നടന്ന്, കുരിശുമരണത്തിലൂടെ കടന്ന്, മരണത്തെ ജയിച്ചു ഇന്നും ജീവിക്കുന്ന ക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത് ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയാണ്. എന്തിനുവേണ്ടിയായിരുന്നു ദാവീദിന്റെ പട്ടണത്തിൽ ഒരു രക്ഷകൻ കർത്താവായ ക്രിസ്തു ജനിച്ചത്? (ലൂക്ക 2, 10) ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയായിരുന്നു. എന്തിനു വേണ്ടിയായിരുന്നു, വഴിയും സത്യവും ജീവനുമായി ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്? ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയായിരുന്നു. എന്തിനുവേണ്ടിയായിരുന്നു ക്രിസ്തു കാൽവരി കയറി കുരിശിൽ മരിച്ചത്? ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയായിരുന്നു. ക്രിസ്തുവിനു വഴിയൊരുക്കുവാനെത്തിയ സ്നാപക യോഹന്നാൻ അത് പറഞ്ഞിരുന്നു: ‘ആത്മാവ് ഇറങ്ങി ആരിൽ വസിക്കുന്നുവോ അവനാണ് പരിശുദ്ധാത്മാവുകൊണ്ട് സ്നാനം നൽകുന്നവൻ’. (യോഹ 1, 34) തന്റെ സ്വർഗാരോഹണത്തിനു തൊട്ടു മുന്പ് ഈശോ എന്താണ് പറഞ്ഞത്? “യോഹന്നാൻ വെള്ളംകൊണ്ട് സ്നാനം നൽകി. നിങ്ങളാകട്ടെ ഏറെ താമസിയാതെ പരിശുദ്ധാത്മാവിനാൽ സ്നാനമേൽക്കും.” (അപ്പ 1, 5)

ആത്മാവിനെ നൽകുവാനാണ്‌ ക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത്. അവിടുത്തെ മനുഷ്യാവതാരം ആത്മാവിന്റെ പ്രവർത്തിയായിരുന്നു; ദൈവരാജ്യം ആത്മാവിന്റെ നിറവാണ്, ആത്മാവിന്റെ പ്രവർത്തിയാണ്. വിശുദ്ധ കുർബാന പരിശുദ്ധാത്മാ അഭിഷേകത്തിന്റെ ആഘോഷമാണ്.  ഉത്ഥിതനായ ഈശോ ആത്മാവിന്റെ ശോഭയാണ്. സഹായകന് മാത്രമേ ഈ ഭൂമുഖം പുതുതായി സൃഷ്ടിക്കാൻ, മനുഷ്യനെ നവീകരിക്കുവാൻ കഴിയൂ എന്ന് അറിഞ്ഞ ഈശോ ഈ ആത്മാവിനു വേണ്ടി ഒരുങ്ങാനാണ് ശിഷ്യരോട്‌ എന്നും പറഞ്ഞത്. പുതിയനിയമത്തിൽ പലപ്രാവശ്യം ഇക്കാര്യം ഈശോ പറയുന്നുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ ഈശോ പറയുന്നു: ‘എന്റെ നാമത്തിൽ പിതാവ് അയയ്ക്കുന്ന പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കും. (14, 26) വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ ഈശോ പറയുന്നു: “സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നൽകുകയില്ല!” (11, 13)

ആരാണ് നമുക്ക് പരിശുദ്ധാത്മാവിനെ നൽകുന്നത്? ഈശോയുടെ ഉത്തരം ഇതാണ്: ‘ദൈവമാണ് നമുക്ക് ആത്മാവിനെ നൽകുന്നത്. (യോഹ 3, 34b) ഇനി ആരാണ് ദൈവം? ഈശോ വളരെ വ്യക്തമായി നൽകുന്ന നിർവചനം ഇതാണ്: “ദൈവം ആത്മാവാണ്.” (യോഹ 4, 23) എങ്ങനെയാണ് ദൈവത്തെ ആരാധിക്കേണ്ടത്? “അവിടുത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്.” ((യോഹ 4, 24) അപ്പോൾ നമ്മിൽ പരിശുദ്ധാത്മാവില്ലെങ്കിൽ നമ്മിൽ ദൈവമില്ല. നമുക്ക് ദൈവത്തെ ആരാധിക്കുവാനും കഴിയില്ല. അതുകൊണ്ടാണ് പരിശുദ്ധാത്മാവിനെ നൽകുവാനാണ് ക്രിസ്തു യേശു ഈ ലോകത്തിലേക്ക് വന്നത് എന്ന് തിരുസ്സഭ നമ്മെ പഠിപ്പിക്കുന്നത്.

സകലതിനെയും നവീകരിക്കുന്ന പരിശുദ്ധാതമാവിന് മാത്രമേ നമുക്ക് പുതിയ ഹൃദയം നൽകാൻ സാധിക്കൂ, പുതിയ ഭാഷ സംസാരിക്കാൻ നമ്മെ പ്രാപ്തരാക്കാൻ കഴിയൂ, പുതിയ മനോഭാവങ്ങളിലേക്കു നമ്മെ വളർത്തുവാൻ പറ്റൂ, ഒരു പുതിയ ലോകം സൃഷിടിക്കുവാൻ സാധിക്കൂ. അതുകൊണ്ടാണ് വിശുദ്ധ സ്നാപക യോഹന്നാൻ പറഞ്ഞത്: ‘എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശക്തൻ…അവൻ പരിശുദ്ധാത്മാവിനാൽ, പരിശുദ്ധാത്മാവാകുന്ന അഗ്നിയാൽ നിങ്ങളെ സ്നാനപ്പെടുത്തും’. കാരണം ആത്മാവിനു മാത്രമേ നമ്മെ ശക്തിപ്പെടുത്താൻ, പുതുക്കിപ്പണിയുവാൻ സാധിക്കൂ. അതുകൊണ്ടാണ് ക്രിസ്തു ആത്മ്മാവിനെ നൽകുവാൻ ഈ ലോകത്തിലേക്ക് വന്നത്.

ഈശോയ്ക്കറിയാം, കുശവന്റെ ചൂളയിലെ അഗ്നിയിൽ വെന്ത് മാത്രമേ മണ്ണിന് പുതിയ പാത്രങ്ങളെ സൃഷ്ടിക്കുവാൻ കഴിയൂ എന്ന്. ഈശോയ്ക്കറിയാം, മനുഷ്യന്റെ തലയിൽ കാലങ്ങളായി നിറച്ചിരിക്കുന്ന ചപ്പുചവറുകളെ, മനുഷ്യൻ തന്റെ നിധിയെന്നു കരുതി സൂക്ഷിച്ചു വച്ചിരിക്കുന്ന ചപ്പുചവറുകളെ കത്തിച്ചുകളയുവാൻ ആത്മാവാകുന്ന അഗ്നിക്ക് മാത്രമേ സാധിക്കൂ എന്ന്. ഈശോയ്ക്കറിയാം, മനുഷ്യനിലെ അഹന്തയുടെ, അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞുകൊണ്ടു ജനിച്ചു വീഴുന്ന ഒരു കൊച്ചുകുട്ടിയെ പോലെ മനുഷ്യനെ നഗ്നനാക്കുവാൻ, ജനിച്ചു വീഴുന്ന ഒരു കൊച്ചുകുട്ടിയെ പോലെ മനുഷ്യനെ നിഷ്ക്കളങ്കനാക്കുവാൻ പരിശുദ്ധാത്മാവാകുന്ന അഗ്നിക്കേ കഴിയൂ എന്ന്. ആത്മാവാകുന്ന അഗ്നിയിലൂടെ കടന്നു പോകുമ്പോൾ നമ്മുടെ കപടതകളെല്ലാം, നാം കടംകൊണ്ടിരിക്കുന്നതെല്ലാം, മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി ഏച്ചുകൂട്ടിയിരിക്കുന്നതെല്ലാം കത്തിയെരിയും. അവശേഷിക്കുന്നത് പുതിയ മനുഷ്യനായിരിക്കും, നവീകരിക്കപ്പെട്ട, പുതിയ മനുഷ്യൻ.

പരിശുദ്ധാത്മാവാകുന്ന അഗ്നിയിൽ നമ്മുടെ മുഖംമൂടികളെല്ലാം ഉരുകി വീഴണം; നമ്മുടേതല്ലാത്ത മുഖങ്ങളെല്ലാം കത്തിയെരിയണം. കൊറോണ മുഖം മൂടികളെക്കുറിച്ചല്ല ഞാൻ പറയുന്നത്. എത്രയെത്ര മുഖങ്ങളാണ് നമുക്കുള്ളത്. ഭാര്യയുടെ അടുത്ത് വരുമ്പോൾ ഒരു മുഖം, ഭർത്താവിന്റെ അടുത്ത് വരുമ്പോൾ മറ്റൊന്ന്. കുട്ടികളുടെ അടുത്ത് മാതാപിതാക്കൾക്ക് ഒരു മുഖം. ആരും കാണുന്നില്ലെങ്കിൽ നാം വേറൊരു മുഖം അണിയും. പള്ളിയിൽ വരുമ്പോൾ ഒന്ന്, വികാരിയച്ചനെ കാണുമ്പോൾ മറ്റൊന്ന്, ടീച്ചറെ കാണുമ്പോൾ ഒന്ന്, കൂട്ടുകാരെ കാണുമ്പോൾ വേറൊന്ന്. ആളുകളുടെ അടുത്ത് ഒരു മുഖം, ഒറ്റയ്ക്കിരിക്കുമ്പോൾ മറ്റൊന്ന്…… അങ്ങനെ എത്രയെത്ര മുഖങ്ങൾ…മുഖം മൂടികൾ!!!! വർഷങ്ങളായി ശരിയായ മുഖം നഷ്ടപ്പെട്ടവരാണോ നാം? പരിശുദ്ധാത്മാവു നമ്മിൽ വരുമ്പോൾ കാപട്യം നിറഞ്ഞ മുഖങ്ങളെല്ലാം മാറി, ഒറിജിനൽ മുഖമുള്ളവരാകും നമ്മൾ!!

ഇസ്രായേൽ ജനം തകർന്നടിഞ്ഞു, ബാബിലോൺ അടിമത്വത്തിൽ ആയിരുന്നപ്പോൾ, നെബുക്കദ്‌നേസർ തടവുകാരായി കൊണ്ടുപോയിരുന്നവരിൽ എസക്കിയേൽ പ്രവാചകനും ഉണ്ടായിരുന്നു. ജനം മുഴുവനും അടിമകൾ! ഇസ്രായേലിനു ഒരു പുനർജന്മമുണ്ടാകുമോ എന്ന് ജനം ഭയപ്പെട്ടിരുന്ന കാലം. യുവജനങ്ങളെല്ലാം പ്രതീക്ഷയറ്റു, നിരാശരായി. വൃദ്ധന്മാർ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിഞ്ഞു. അപ്പോൾ ദൈവം എസക്കിയേൽ പ്രവാചകനോട് പറഞ്ഞു: ‘എന്റെ ആത്മാവിനെ നിങ്ങൾക്ക് ഞാൻ നൽകും. ഒരു പുതിയ ഹൃദയം നിങ്ങൾക്ക് ലഭിക്കും.  പുതിയ ചൈതന്യത്തോടെ ആത്മാവ് നിങ്ങളെ നയിക്കും. നിരാശയുടെ, പ്രതീക്ഷയില്ലായ്മയുടെ ശിലാഹൃദയം എടുത്തുമാറ്റി നിങ്ങൾക്ക് സ്നേഹത്തിന്റെ, പ്രത്യാശയുടെ മാംസളഹൃദയം നൽകും.’ സ്നേഹമുള്ളവരേ, സ്നേഹമുള്ളവരേ ഈ പരിശുദ്ധാത്മാവിനെ നൽകുവാനാണ് ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്.

കാലാകാലങ്ങളിൽ സഭയിലുണ്ടായ പ്രതിസന്ധികളെയും, സഭയിലുണ്ടായ വിവാദങ്ങളെയും മറികടന്നു ഇന്നും ക്രിസ്തുവിന്റെ സഭ നിലനിൽക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ശക്തമായി സഭയിൽ ഉള്ളതുകൊണ്ടാണ്. ജോൺ ഇരുപത്തിമൂന്നാം മാർപ്പാപ്പയുടെ കാലത്ത് രണ്ടാം വത്തിക്കാൻ സൂനഹദോസ് വിളിച്ചുകൂട്ടുവാൻ പാപ്പായെ പ്രേരിപ്പിച്ചത്, സഭയുടെ അടഞ്ഞു കിടക്കുന്ന വാതിലുകളും ജനലുകളും തുറക്കുവിൻ, നവീനകരണത്തിന്റെ ആത്മാവ്, കാറ്റ് സഭയ്ക്കുള്ളിൽ പ്രവേശിക്കട്ടെ എന്ന് പറയുവാൻ പ്രേരിപ്പിച്ചത് ആത്മ്മാവാണ്.  സഭയ്‌ക്കെതിരെ ആഞ്ഞടിച്ച എത്ര കൊടുങ്കാറ്റുകളെയാണ്, എത്ര പേമാരികളെയാണ് അവൾ ആത്മാവിന്റെ ശക്തിയിൽ അതിജീവിച്ചത്! അല്ലെങ്കിൽ എത്രയോ പണ്ടേ കടലാസുകൊട്ടാരം പോലെ ഈ സഭ തകർന്നുപോയേനെ! ഇന്നും നമ്മുടെ ധ്യാനകേന്ദ്രങ്ങളിൽ ആത്മാവിന്റെ അഭിഷേകത്താൽ നടക്കുന്ന അത്ഭുതങ്ങൾ, മാനസാന്തരങ്ങൾ ആത്മാവിന്റെ പ്രവർത്തന ഫലമാണ്. തകർന്നുപോയ കുടുംബ ബന്ധങ്ങൾ വീണ്ടും ഒരുമിച്ചു ചേരുന്നത്, വർഷങ്ങളോളം പിണക്കത്തിലായിരുന്ന സഹോദരർ പരസ്പരം ക്ഷമിച്ചു സാഹോദര്യത്തിലേക്കു വരുന്നത് പരിശുദ്ധാത്മാവിന്റെ മാത്രം കൃപകൊണ്ടാണ്.

സ്നേഹമുള്ളവരേ, പരിശുദ്ധാത്മാവിനാൽ നിറയപ്പെടാൻ, അഭിഷേചിതരാകാൻ നമുക്ക് ആഗ്രഹിക്കാം. നാം ഒരുക്കമുള്ളവരാണെങ്കിൽ നമുക്കും ആത്മാവിനെ ലഭിക്കും. കാരണം, “ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്.” (യോഹ 3, 34) ഓരോ വിശുദ്ധ കുർബാനയും ഒരു പെന്തെക്കുസ്ത ആണ്. റൂഹാക്ഷണ പ്രാർത്ഥനയുടെ വേളയിൽ “കർത്താവെ നിന്റെ പരിശുദ്ധാത്മാവ് എഴുന്നള്ളി വരട്ടെ എന്ന് വൈദികൻ പ്രാർത്ഥിക്കുമ്പോൾ അപ്പത്തിലും വീഞ്ഞിലും മാത്രമല്ല നമ്മിൽ ഓരോരുത്തരിലും പരിശുദ്ധാത്മാവ് നിറയും. ഇന്ന് അപ്പവും വീഞ്ഞും പരിശുദ്ധാത്മാവിന്റെ നിറവാൽ ഈശോയുടെ ശരീര രക്തങ്ങളാകുന്ന ആ സമയത്ത്, റൂഹക്ഷണ പ്രാർത്ഥനാ വേളയിൽ പെന്തെക്കുസ്താ അനുഭവം നമ്മിലുണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം.

അവിടുന്ന് ആത്മാവിനെ കൊടുക്കുമ്പോൾ ഓരോരുത്തർക്കും വ്യക്തിപരമായിട്ടാണ് നൽകുന്നത്. “അഗ്നിജ്വാലകൾ പോലുള്ള നാവുകൾ തങ്ങളോരോരുത്തരുടേയും മേൽ വന്നു നിൽക്കുന്നതായി അവർ കണ്ടു.” (അപ്പ 2, 3) നമ്മിലോരോരുത്തരിലേക്കും ആത്മാവിനെ നൽകുവാൻ സ്വർഗം തയ്യാറായിരിക്കുകയാണ്. നമ്മിലോരോരുത്തരിലേക്കും തീനാവുകളുടെ രൂപത്തിൽ പരിശുദ്ധാത്മാവിനെ അയയ്ക്കുവാൻ സ്വർഗം തീനാവുകളെ നിർമിച്ചുകൊണ്ടിരിക്കുകയാണ്. ദേവാലയത്തിൽ നാം ഒരുമിച്ചു വിശുദ്ധ ബലിയർപ്പിക്കുമ്പോഴും ആത്മാവ് വരുന്നത് ഓരോരുത്തരിലേക്കും ആയിരിക്കും. അത് സ്വീകരിക്കുവാനുള്ള യോഗ്യതയിൽ ആയിരിക്കുക എന്നതാണ് പ്രധാനം.  നമുക്കായി ആത്മാവിനെ ഒരുക്കുന്ന പണിപ്പുരയാണ് പ്രിയപ്പെട്ടവരേ സ്വർഗം.

നാം ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്: ഒന്ന്, ദൈവം നമുക്ക് നൽകുന്ന, നമ്മിലുള്ള പരിശുദ്ധാത്മാവിനെ നിർവീര്യമാക്കരുത്. (1 തെസ 5, 19) രണ്ട്, പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത്. (എഫേ 4, 30) മൂന്ന്, പരിശുദ്ധാത്മാവിനെതിരായി സംസാരിക്കാതിരിക്കുക.  (മത്താ 12, 32) വിശുദ്ധ കുർബാന പരിശുദ്ധാത്മാവിന്റെ, പരിശുദ്ധാത്മാഭിഷേകത്തിന്റെ ആഘോഷമാണെന്നറിഞ്ഞു ആഗ്രഹത്തോടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുക. നിശബ്ദരായി ആത്മാവിനായി യാചിക്കാം.

കണ്ണുകളടച്ചു നമുക്ക് പ്രാർത്ഥിക്കാം: പരിശുദ്ധാത്മാവേ, ഞങ്ങളിൽ നിറയണമേ! പരിശുദ്ധാത്മാവേ, ലോകത്തെ വിശുദ്ധീകരിക്കണമേ. ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനം നിറയാൻ, രോഗങ്ങളിൽ സൗഖ്യമുണ്ടാകാൻ, സാമ്പത്തിക ഞെരുക്കങ്ങളിൽ, ഇല്ലായ്മകളിൽ സമൃദ്ധിയുണ്ടാകാൻ, ദുരന്തങ്ങളിൽ പ്രതീക്ഷയുണ്ടാകാൻ, പഠിക്കുന്ന ഞങ്ങളുടെ മക്കളിൽ ബുദ്ധിയുണ്ടാകാൻ, ജോലിയില്ലാത്തവർക്കു ജോലി ലഭിക്കാൻ ആത്മാവേ, പരിശുദ്ധാത്മാവേ, ഞങ്ങളിൽ നിറയണമേ! (choir പാടുന്നു) “ശ്ലീഹന്മാരിൽ നിറഞ്ഞപോൽ ശക്തിയേകി നയിക്കണേ.”

ഓരോ വിശുദ്ധ കുർബാനയിലും ആത്മാവിനെ നമുക്കു

പ്രത്യേകമാം വിധം ഈശോ നൽകുന്നുണ്ട്. ഈ ബലിയിലും ആത്മാവിന്റെ വർഷമുണ്ടാകും. നമ്മിലോരോരുത്തരിലും ആത്മാവ് നിറയും. അതിനായി പ്രാർത്ഥിച്ച് ഈ ബലി നമുക്ക് തുടർന്ന് അർപ്പിക്കാം.  ആമ്മേൻ!

Communicate with love!!