SUNDAY SERMON MT 10, 34-42

ഏലിയാ സ്ലീവാ മൂശേക്കാലം നാലാം ഞായർ   

സ്ലീവാക്കാലം ഒന്നാം ഞായർ

മത്താ 10, 34- 42

ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ നാലാം ഞായറാഴ്ചയാണിന്ന്.   നമ്മുടെ സീറോമലബാർ ആരാധനാക്രമ കലണ്ടർ അനുസരിച്ച് കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ കഴിഞ്ഞുവരുന്ന ഞായറാഴ്ച മുതൽ സ്ലീവക്കാലമാണ് നാം ആചരിക്കുന്നത്. ഇന്ന് സ്ലീവാക്കാലം ഒന്നാം ഞായറാണ്.  കുരിശിനാലേ ലോകമൊന്നായ് ക്രിസ്തു വീണ്ടെടുത്തതിന്റെ ഓർമയാണ് ഈ കാലഘട്ടത്തിൽ പ്രത്യേകമായി നാം സ്മരിക്കുന്നത്. കുരിശ് രക്ഷയുടെ പ്രതീകമാണെന്നും, ക്രിസ്തുവിന്റെ കുരിശിൽ അഭിമാനിക്കുന്നവരാണ് ക്രൈസ്തവർ എന്നും പ്രഖ്യാപിച്ചുകൊണ്ടാണ്, നമ്മുടെ ക്രൈസ്തവ സാക്ഷ്യം ഏറ്റുപറഞ്ഞുകൊണ്ടാണ് ഇന്ന് വിശുദ്ധ കുർബാനയിൽ നാം പങ്കെടുക്കുന്നത്.  

ലോകമിന്ന് ക്രിസ്തുവിനെ, ക്രിസ്തുവിന്റെ കുരിശിനെ സ്വീകരിക്കുകയും, അതോടൊപ്പംതന്നെ, ക്രിസ്തുവിനെ, ക്രിസ്തുവിന്റെ കുരിശിനെ, ക്രൈസ്തവരെ തള്ളിപ്പറയുകയും, അധിക്ഷേപിക്കുകയും, അവഹേളിക്കുകയും ചെയ്യുന്നുണ്ട്.. ലോകത്തിന്റെ പലഭാഗങ്ങളിലും ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നുണ്ട്. അഭിമാനത്തോടെ, കുരിശും വഹിച്ച് ധാരാളം ക്രൈസ്തവർ ക്രിസ്തുവിനായി സാക്ഷ്യം വഹിക്കുന്നുണ്ട്. ആഗോള ഇസ്ലാമിക ഭീകരതയും, ക്രൈസ്തവ വേട്ടയും ഇന്ന് സർവ സാധാരണമാകുമ്പോൾ ക്രൈസ്തവന്റെ കുരിശുകൾക്കും, കുരിശിന്റെ വഴികൾക്കും കാഠിന്യമേറുകയാണ്. ഭാരതത്തിന്റെ പലഭാഗങ്ങളിൽ നിന്ന് വരുന്ന പീഡന വാർത്തകളും, ദൈവാലയ ആക്രമണങ്ങളും, മണിപ്പൂരിൽ തുടരുന്ന അസ്വസ്ഥതകളും ഭാരതത്തിലെ ക്രൈസ്തവരും തങ്ങളുടെ കുരിശുകൾ വഹിച്ച് ഈശോയെ പിന്തുടരുന്ന ക്രൈസ്തവരാണെന്ന് പ്രഘോഷിക്കുകയാണ്.

ഇങ്ങനെയൊരു സാഹചര്യത്തിലാണ് തിരുസ്സഭ യഥാർത്ഥ ക്രിസ്തുശിഷ്യന്റെ ജീവിതരീതികളെപ്പറ്റി പ്രതിപാദിക്കുന്ന സുവിശേഷഭാഗം നമ്മുടെ പരിചിന്തനത്തിനായി നൽകിയിരിക്കുന്നത്.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ പത്താം അദ്ധ്യായം ക്രിസ്തു ശിഷ്യത്തെക്കുറിച്ച് വിവരിക്കുന്ന അധ്യായമാണ്. ഈശോ ശിഷ്യരെ തിരഞ്ഞെടുക്കുന്നതും, അവരെ മിഷൻ പ്രവർത്തനത്തിനയയ്ക്കുന്നതും വളരെ ദീർഘമായിത്തന്നെ അവതരിപ്പിക്കുന്നുണ്ട്. ക്രിസ്തുവിന് സാക്ഷ്യം വഹിക്കുമ്പോഴുണ്ടാകുന്ന പീഡനങ്ങളെക്കുറിച്ചും ഇവിടെ ഈശോ മുന്നറിയിപ്പ് നൽകുന്നുണ്ട്. ചെന്നായ്ക്കളുടെ ഇടയിലേക്കാണ് ഞാൻ നിങ്ങളെ അയയ്ക്കുന്നതെന്നും, നിങ്ങൾ സർപ്പങ്ങളെപ്പോലെ വിവേകികളായിരിക്കണമെന്നും, പ്രാവുകളെപ്പോലെ നിഷ്കളങ്കരായിരിക്കണമെന്നും ഈശോ ശിഷ്യന്മാരോട് നിഷ്കർഷിക്കുന്നുണ്ട്. പീഡനങ്ങൾക്കിടയിലും, കുരിശുകൾക്കിടയിലും പരിശുദ്ധാത്മാവ് നിങ്ങളോട് കൂടെ ഉണ്ടായിരിക്കുമെന്നും ഈശോ പറയുന്നുണ്ട്. എന്നിട്ട് ഈശോ പറയും, പീഡനങ്ങൾക്കിടയിലും, കുരിശുകൾക്കിടയിലും നിങ്ങൾ എനിക്ക് നിർഭയം സാക്ഷ്യം നൽകണം. എന്നിട്ടാണ് ഈശോ ക്രിസ്തു ശിഷ്യന്റെ ജീവിതരീതികളെപ്പറ്റി പറയുന്നത്. 

ക്രിസ്തുശിഷ്യന്റെ ജീവിതരീതിയുടെ ആദ്യത്തെ പ്രത്യേകത അത് സമാധാനത്തിന്റേതായിരിക്കുകയില്ല ഭിന്നിപ്പിന്റേതായിരിക്കും എന്നതാണ്. ഇവിടെ നല്കപ്പെട്ടിരിക്കുന്ന പ്രതീകങ്ങൾ രണ്ടാണ്: സമാധാനവും വാളും. നമ്മുടെ ദൈവം സമാധാനം നൽകുന്ന ദൈവമാണ്. ക്രിസ്തുവിന്റെ ജനനവേളയിൽ മാലാഖമാർ ആശംസിച്ചത് ഭൂമിയിൽ നന്മനസ്സുള്ളവർക്ക് സമാധാനമുണ്ടാകട്ടെ എന്നാണ്. ഉത്ഥാനത്തിനുശേഷം, ഈശോയുടെ പ്രത്യക്ഷീകരണവേളകളിലും, നിങ്ങൾക്ക് സമാധാനം എന്നാണ് ഈശോ പറഞ്ഞത്.

സമാധാനം ദൈവികകൃപയുടെ പ്രതീകമാണെങ്കിൽ, വാൾ അങ്ങനെയല്ല. അത്, ഭിന്നിപ്പിന്റെ, സംഹാരത്തിന്റെ പ്രതീകമാണ്. ക്രിസ്തുവും, ക്രിസ്തുവിന്റെ സന്ദേശവും സമാധാനത്തിന്റേതാണെങ്കിലും, അത് സ്വീകരിക്കുവാൻ ലോകം തയ്യാറാവുകയില്ല. അതറിയുവാനുള്ള ഉൾക്കണ്ണിന്റെ തുറവി അവർക്കുണ്ടാകുകയില്ല. അതുകൊണ്ട്, ക്രിസ്തു സമാധാനമാണെങ്കിലും, ഫലത്തിൽ ക്രിസ്തുവിന്റെ വചനങ്ങളും, സന്ദേശവും, ജീവിതവും മനുഷ്യമനസ്സിൽ, സമൂഹത്തിൽ ഭിന്നത സുഷ്ടിക്കും.

ക്രിസ്തുവിന്റെ സന്ദേശത്തിന് ഒരു പ്രത്യേകതയുണ്ട്. അത് വിശുദ്ധമാണ്. അതിന് നന്മയുടെ നിറവും മണവുമുണ്ട്. അതിന് അന്ധകാരത്തെ നീക്കിക്കളയുവാനുള്ള ശക്തിയുണ്ട്. അത് പക്ഷേ, സ്വാർത്ഥത നിറഞ്ഞ മനസ്സുകളെ അസ്വസ്ഥമാക്കും; അസൂയ നിറഞ്ഞ ഹൃദയങ്ങളെ അന്ധമാക്കും. ഹിഡൻ അജണ്ടകൾ ഉള്ളവരെ വിദ്വേഷം കൊണ്ട് നിറയ്ക്കും. അങ്ങനെ സമാധാനം നിറഞ്ഞ, പുണ്യം നിറഞ്ഞ ക്രിസ്തു സന്ദേശത്തെ, ക്രിസ്തുവിന്റെ സമാധാനത്തെ അവർ വികൃതമാക്കും. ജനം കേൾക്കുന്നത് അവരെയായിരിക്കും. മാധ്യമങ്ങൾ ചർച്ചചെയ്യുന്നത് അവർ പറയുന്ന കാര്യങ്ങളായിരിക്കും. ക്രിസ്തു സന്ദേശം അങ്ങനെ വികൃതമാക്കപ്പെട്ട, ഭിന്നത സൃഷ്ടിക്കുന്ന ഒന്നാകും. അപ്പോൾ, രക്തബന്ധങ്ങൾ അകന്നു നിൽക്കും. കുടുംബബന്ധങ്ങൾക്ക് ഒരു വിലയുമുണ്ടാകില്ല. ആത്മാർത്ഥതയ്ക്കും, വിശ്വസ്തതയ്ക്കും മാർക്കറ്റുണ്ടാകില്ല. ക്രിസ്തുവിനറിയാം, അവിടുത്തെ സന്ദേശം ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കുമെന്ന്. അതുകൊണ്ടാ ഈശോ പറഞ്ഞത്: സമാധാനമല്ല ഭിന്നത എന്ന്.

ക്രിസ്തുവിന്റെ ജീവിതരീതിയുടെ രണ്ടാമത്തെ പ്രത്യേകത, അതിന് മുൻഗണനാക്രമം (Priority) ഉണ്ടെന്നതാണ്. ദൈവത്തിന്, ക്രിസ്തുവിന് ഒന്നാം സ്ഥാനം നൽകുക. നിന്റെ priority List ൽ ഒന്നാം സ്ഥാനം ക്രിസ്തുവിന്!!! സ്നേഹിതരേ, നിങ്ങൾക്ക് നിങ്ങളുടെ ജീവൻ നേടിയെടുക്കാൻ താത്പര്യമുണ്ടോ, ഒന്നാം സ്ഥാനം ക്രിസ്തുവിന് നൽകുക. നിങ്ങളുടെ കുടുംബത്തെ ദൈവകൃപയിൽ നിലനിർത്താൻ ആഗ്രഹമുണ്ടോ? ഒന്നാം സ്ഥാനം ക്രിസ്തുവിന് നൽകുക. നിങ്ങളുടെ മക്കൾക്ക് ഉന്നതമായ വിജയം നേടിയെടുക്കുവാൻ ആഗ്രഹമുണ്ടോ? ഒന്നാം സ്ഥാനം ക്രിസ്തുവിന് നൽകുക. അപകടങ്ങളിൽ നിന്നും, രോഗങ്ങളിൽ നിന്നും സുരക്ഷാ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഒന്നാം സ്ഥാനം ക്രിസ്തുവിന് നൽകുക.  എല്ലാത്തരത്തിലുമുള്ള ഭയത്തിൽ നിന്ന് രക്ഷപ്പെടുവാൻ ആഗ്രഹമുണ്ടോ? ഒന്നാം സ്ഥാനം ക്രിസ്തുവിന് നൽകുക.  അങ്ങനെ ഒന്നാം സ്ഥാനം നൽകുമ്പോൾ, ദൈവം നിന്റെ ജീവിതത്തെ തിരിച്ചുപിടിക്കും. നീ എവിടെ വച്ച് തകർക്കപ്പെട്ടുവോ, അവിടെവച്ച് തന്നെ അവിടുന്ന് നിന്നെ ഉയർത്തും. നിന്റെ ആവശ്യങ്ങളിൽ നിന്റെ ജീവിതത്തിലേക്ക് ആളുകളെ അയയ്ക്കും. അപ്പോൾ നിന്നെക്കുറിച്ചുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ മാറും. ആളുകളുടെ മുൻപിൽ നീ സ്വീകൃതനാകും. എത്തിച്ചേരാൻ പറ്റില്ലായെന്ന് നീ വിചാരിച്ചിടത്തൊക്കെ നീ എത്തിച്ചേരും. അപ്പോൾ നീ മറ്റുള്ളവർക്ക് കൊടുക്കുന്ന ഒരു ഗ്ലാസ് പച്ചവെള്ളത്തിനുപോലും നിനക്ക് പ്രതിഫലം ലഭിക്കും. മനുഷ്യരിൽ നിന്നല്ല, ദൈവത്തിൽ നിന്ന്!!

മൂന്നാമതായി, ക്രിസ്തുശിഷ്യന്റെ ജീവിതരീതിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയാണ് സ്വന്തം കുരിശെടുത്ത് അവിടുത്തെ അനുഗമിക്കുക എന്നത്. എന്തുകൊണ്ടാണ് ഇത് ഏറ്റവും പ്രധാനപ്പെട്ടതാകുന്നത്? അതിന് കുരിശ് എന്താണെന്ന് നാം അറിയണം. എന്താണ് കുരിശ്? ഈശോ ഈ വചനം പറയുമ്പോൾ, കുരിശ് രക്ഷയുടെ അടയാളമായിട്ടില്ല. കുരിശ് മനുഷ്യന്റെ ജീവിത ബുദ്ധിമുട്ടുകളല്ല. മനുഷ്യരുടെ കണ്ണീരല്ല. മനുഷ്യരുടെ രോഗങ്ങളല്ല. നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാകും! അച്ചനെന്താണീ പറഞ്ഞുവരുന്നത്? സ്നേഹമുള്ളവരേ, കുരിശെന്ന് പറയുന്നത്, നമ്മുടെ തീരുമാനങ്ങളാണ്. ഈശോ പറയുന്നു, “മകളേ, മകനേ നിന്റെ തീരുമാനമാകുന്ന കുരിശ് നിന്റെ ജീവിതത്തിന്റെ തോളത്തും വച്ചുകൊണ്ട് എന്റെ പിന്നാലെ വരിക. മനുഷ്യന്റെ തീരുമാനമാണ് കുരിശ്. ജീവിതമെന്നു പറയുന്നതോ, തീരുമാനങ്ങളുടെ ആകെത്തുക. ഓരോ നിമിഷവും ചെറുതും വലുതുമായ തീരുമാനങ്ങളെടുത്തുംകൊണ്ടാണ് നാം മുന്നോട്ട് പോകുന്നത്. ഈ തീരുമാനങ്ങളുടെ പരിണിതഫലമായി വരുന്നവയാണ്, സന്തോഷവും ദുഃഖവും. ചിരിയും, കണ്ണീരും. അപ്പോൾ നിന്റെ കുരിശ് നിന്റെ തീരുമാനമാണ്. നീ നിന്റെ തീരുമാനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. നിന്റെ തീരുമാനത്തോട് ആത്മാർത്ഥത പുലർത്തണം. വിശ്വസ്ത പുലർത്തണം. അത് നീ വൈദികനായാലും, സന്യാസിയായാലും, കുടുംബജീവിതം നയിക്കുന്നവരായാലും, യുവജനങ്ങളായാലും തീരുമാനങ്ങളോട് വിശ്വസ്തത പുലർത്തണം. അത് നീ മാമ്മോദീസയിൽ എടുത്ത് തീരുമാനമായാലും, വൈദികനായപ്പോൾ എടുത്ത തീരുമാനമായാലും, വിവാഹത്തിലെടുത്ത തീരുമാനമായാലും, സാധാരണ ജീവിത സാഹചര്യങ്ങളിലെടുക്കുന്ന തീരുമാനങ്ങളായാലും – മകളേ, മകനേ വിശ്വസ്തത പുലർത്തുക. അപ്പോൾ, അപ്പോൾ മാത്രമേ നീ ക്രിസ്തു ശിഷ്യനാകുകയുള്ളു.

സ്നേഹമുള്ളവരേ, ക്രിസ്തു ശിഷ്യന്റെ ജീവിതരീതികൾ നമ്മിൽ നിന്ന്, ക്രൈസ്തവരിൽ നിന്ന് അന്യം നിന്നുപോകുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ക്രിസ്‌തുവിന്റെ വചനം പ്രസംഗിക്കുന്ന ഞാൻ തന്നെ, മറ്റുള്ളവരാൽ പീഡിപ്പിക്കപ്പെടുമെന്ന ഭീതിയിൽ, മറ്റുള്ളവരാൽ അവഹേളിക്കപ്പെടുമെന്ന പേടിയിൽ പലപ്പോഴും ക്രിസ്തുവിന്റെ വചനം, അവിടുത്തെ സന്ദേശം ഉറക്കെ പറയാറില്ല. ചിലപ്പോഴൊക്കെ, ക്രിസ്തുവിന്റെ വചന സന്ദേശത്തിൽ ഞാൻ വെള്ളം ചേർക്കുന്നു. എന്റെ കുരിശുകളോട് ഞാൻ ആത്മാർത്ഥത കാണിക്കുന്നില്ല. എന്റെ കുരിശുകളെ ചിലപ്പോൾ എന്റെ തോളിൽ വഹിക്കുവാൻ താത്പര്യപ്പെടുന്നില്ല. അതിനാൽ, എന്റെ പുഞ്ചിരിപോലും,

മറ്റുള്ളവരിൽ ദൈവകൃപ നിറയ്ക്കുന്നില്ല. എന്റെ സാന്നിധ്യം മറ്റുള്ളവർക്ക് അരോചകമാകുന്നു.

പ്രിയപ്പെട്ടവരേ, ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യരായി നമ്മുടെ ജീവിതസാഹചര്യങ്ങളിൽ നമ്മുടെ തീരുമാനങ്ങളെ മറക്കാതെ ജീവിക്കാം. നമ്മുടെ ജീവിതത്തിൽ ക്രിസ്തു ശിഷ്യന്റെ ജീവിത രീതിയുടെ പ്രത്യേകതകൾ വിളങ്ങിനിൽക്കട്ടെ. അതിനായി, വിശുദ്ധബലിയിൽ നമുക്ക് പരസ്പരം പ്രാർത്ഥിക്കാം. ആമ്മേൻ!

SUNDAY SERMON MT 24, 32-44

ഏലിയാ സ്ലീവാ മൂശേക്കാലം മൂന്നാം ഞായർ

ഏലിയാ മൂന്നാം ഞായർ  

മത്താ 24, 32-44

ഏലിയാക്കാലത്തിന്റെ ചൈതന്യത്തിനനുസരിച്ചുള്ള ഒരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചു കേട്ടത്. ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനവും അന്ത്യവിധിയുമെക്കെ ഈ കാലത്തിന്റെ വിചിന്തനത്തിനുള്ള വിഷയങ്ങളാണ്. കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണം കാണാതെ പഠിച്ച കാലം മുതൽ, വിശുദ്ധ കുർബാനയുടെ വേളയിലും, കുടുംബപ്രാർത്ഥനാസമയത്തും, മറ്റ് പ്രാർത്ഥനാവേളകളിലും “ക്രിസ്തു മരിച്ചവരെയും, ജീവിക്കുന്നവരെയും വിധിക്കുവാൻ വീണ്ടും വരുമെന്നും ഞാൻ വിശ്വസിക്കുന്നു” എന്ന് ഏറ്റുപറയുന്നവരാണ് നാമെല്ലാവരും. ആ വിശ്വാസത്തിന്റെ ബൈബിളധിഷ്ഠിതമായ വിവരണമാണ് ഇന്നത്തെ സുവിശേഷത്തിലുള്ളത്.

മനുഷ്യ ചരിത്രത്തിന്റെ ആദ്യകാലം മുതലേ, മനുഷ്യൻ ബുദ്ധി ക്രമമായി ഉപയോഗിക്കുവാൻ തുടങ്ങിയ കാലം മുതലേ മനുഷ്യന്റെ മുൻപിലെ സമസ്യകളാണ് മരണശേഷം എന്ത്, ഈ ലോകത്തിന് ഒരവസാനം ഉണ്ടായിരിക്കുമോ, അങ്ങനെയൊന്നുണ്ടെങ്കിൽ അത് എങ്ങനെയായിരിക്കും എന്നിവ. ഒരിക്കലും മറികടക്കാനാകാത്ത സംഭവമായി മരണം മനുഷ്യന്റെ മുൻപിൽ നിൽക്കുമ്പോൾ, മരണശേഷം എന്ത്, ഈ ലോകത്തിന് ഒരവസാനം ഉണ്ടായിരിക്കുമോ, അങ്ങനെയൊന്നുണ്ടെങ്കിൽ അത് എങ്ങനെയായിരിക്കും, എന്നിവ ഇന്നും കടംകഥകളായി, ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കുകയാണ്.

ഈ ഉത്തരംകിട്ടാ ചോദ്യങ്ങൾക്ക് മറുപടിയുമായി എല്ലാ മതങ്ങളും രംഗത്തുണ്ടെങ്കിലും, വെളിപ്പെടുത്തപ്പെട്ട സത്യവിശ്വാസമായി ഇന്നും സജീവമായി നിൽക്കുന്ന ക്രിസ്തുമതം, ക്രിസ്തുവിന്റെ യുഗാന്ത്യോന്മുഖ ദർശനം (Escatological Vision) അവതരിപ്പിക്കുകയാണ് ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ. തങ്ങളെ സൃഷ്ടിച്ച ദൈവത്തെപ്പറ്റിയോ, ഓരോ നിമിഷവും കൈപിടിച്ച് നടത്തുന്ന ദൈവത്തിന്റെ പരിപാലനയെപ്പറ്റിയോ, ദൈവം നല്കിയതല്ലാതെ തങ്ങൾക്ക് ഒന്നുമില്ലയെന്ന സത്യത്തെപ്പറ്റിയോ ചിന്തിക്കുവാൻ സമയമില്ലാതെ നെട്ടോട്ടമോടുന്ന മനുഷ്യന്റെ മുൻപിൽ വലിയൊരു ഓർമപ്പെടുത്തലായാണ് ഈ സുവിശേഷഭാഗം നിൽക്കുന്നത് – ഹേ, മനുഷ്യാ നീ ഒരുനാൾ മരിക്കും എന്നതാണ് ആ ഓർമ്മപ്പെടുത്തൽ! ഹേ, മനുഷ്യാ, ഈ ഭൂമിയിലെ നിന്റെ ജീവിതത്തിന് നീ കണക്ക് കൊണ്ടുക്കേണ്ടിവരും. അത് നീ ഒരു മാസം ജീവിച്ചാലും, ഒരു ദിവസം ജീവിച്ചാലും, ആയുസ്സിന്റെ ദൈർഘ്യം മുഴുവനും ജീവിച്ചാലും നീ കണക്കുകൊടുക്കേണ്ടിവരും. അതിനായി നിനക്ക് അന്ത്യവിധിയുണ്ടായിരിക്കും എന്നതാണാ ഓർമ്മപ്പെടുത്തൽ. അതിനായി നിന്റെ ദൈവം, ക്രിസ്തു വീണ്ടും വരും എന്നതാണ് ആ ഓർമ്മപ്പെടുത്തൽ. ക്രിസ്തുവിന്റെ വീണ്ടും വരവ്, രണ്ടാമത്തെ ആഗമനം മനസ്സിലാക്കുവാനുള്ള അടയാളങ്ങൾ ഇവയായിരിക്കും എന്നതാണാ ഓർമ്മപ്പെടുത്തൽ. 

ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ഒരു പ്രത്യേകത അവിടുന്ന് എന്തെങ്കിലും പദ്ധതി നടപ്പാക്കുന്നതിന് മുൻപ് അടയാളമോ, അടയാളങ്ങളോ നൽകും. ഉദാഹരണത്തിന്, ജലപ്രളയം വന്ന് ഭൂമി മുഴുവൻ നശിക്കുന്നതിന് മുൻപ് ദൈവം ഒരടയാളം നൽകി. പെട്ടകമായിരുന്നു അടയാളം. ഇസ്രായേൽ ജനത്തെ ഈജിപ്തിൽ നിന്ന് മോചിപ്പിക്കുന്നതിന് മുൻപ് അടയാളങ്ങൾ നൽകി. മഹാമാരികളായിരുന്നു അടയാളങ്ങൾ. ഇസ്രായേൽ ജനം ബാബിലോണിലെ അടിമത്വത്തിലേക്ക് നീങ്ങുന്നതിന് മുൻപ് ദൈവം അടയാളങ്ങൾ നൽകി. ഏലിയാ-ഏലീഷാ പ്രവാചകന്മാരുടെ അത്ഭുതങ്ങളായിരുന്നു അടയാളങ്ങൾ. പരിശുദ്ധ കന്യകാമറിയത്തിൽ നിന്ന് ഈശോ ജനിച്ചപ്പോൾ അടയാളം നൽകി. അത്ഭുത നക്ഷത്രമായിരുന്നു അടയാളം. ഇതുപോലെ മനുഷ്യപുത്രന്റെ രണ്ടാമത്തെ ആഗമനത്തിന് മുൻപും ഈശോ അടയാളങ്ങൾ നൽകും. എന്താണാ അടയാളങ്ങൾ ഈശോ പറയുന്നു: “നോഹയുടെ ദിവസങ്ങൾപോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം.”

നോഹയുടെ കാലത്ത് ജനസംഖ്യാവിസ്ഫോടനം (population Explosion) ഉണ്ടായിരുന്നു. (ഉതപ്ത്തി 1, 27) ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്നോടിയായും ഒരു ജനസംഖ്യ വിസ്ഫോടനം ഉണ്ടാകും. നോഹയുടെ കാലത്ത് അറിവിന്റെ, സാങ്കേതിക വിദ്യയുടെ (Information Technological Revolution) വിപ്ലവം ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്നോടിയാണ് അറിവിന്റെ, സാങ്കേതിക വിദ്യയുടെ വിപ്ലവം ഉണ്ടായിരിക്കും. നോഹയുടെ കാലത്ത് ധാർമിക അധഃപതനം (Moral Degradation) ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്നോടിയായും ധാർമിക അധഃപതനം ഉണ്ടായിരിക്കും.

സ്നേഹമുള്ളവരേ, ലോകം എന്ന് അവസാനിക്കുമെന്നതിനെക്കുറിച്ചു് ചിന്തിച്ചു് സമയം കളയുവാനല്ല, ആകാശശക്തികളുടെ ചലനങ്ങൾ നിരീക്ഷിച്ചു് വെറുതെ ഇരിക്കാനല്ല, ഇവയെല്ലാം എന്ന്, എപ്പോൾ, എങ്ങനെ സംഭവിക്കുമെന്നോർത്ത് ആകുലപ്പെട്ടിരിക്കുവാനല്ല ഈശോ ഇക്കാര്യങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നത്. ക്രൈസ്തവരായി ഈ ഭൂമിയിലൂടെ നാം നടക്കുമ്പോൾ, ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിൽ, അന്ത്യവിധിയുടെ നാളിൽ , ക്രിസ്തു നമ്മുടെ ജീവിതത്തിൽ ഇടപെടുന്ന ഓരോ സന്ദർഭത്തിലും, അർഹതയുള്ളവരായി, യോഗ്യതയുള്ളവരായി ദൈവത്തിന്റെ മുൻപിൽ കണ്ടെത്തക്കവിധത്തിൽ ജീവിക്കുവാൻ നാം തയ്യാറാകണമെന്ന് ഓർമിപ്പിക്കുവാനാണ് ഈശോ ഈ ഞായറാഴ്ച്ച ഈ സുവിശേഷഭാഗം നമുക്ക് നൽകുന്നത്. അതിനായി ഒരുങ്ങി നിൽക്കുവാൻ ഈശോ നമ്മെ ക്ഷണിക്കുകയാണ്.

രണ്ട് കാര്യങ്ങളാണ് ഈശോ നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്. ഒന്ന്, ജാഗ്രത (Wakefullness). രണ്ട്, വിശ്വസ്തത (Faithfullness). ഈ Wakefullness ഉം, Faithfullness ഉം ഉള്ളവർക്കാണ് ജീവിതത്തിൽ ക്രിസ്തുവിന്റെ സുവിശേഷമായി മാറുവാനും, ക്രിസ്തുവുമായി ഒന്നായിത്തീരുവാനും സാധിക്കുകയുള്ളു. വിശുദ്ധ പൗലോശ്ലീഹാ കോറിന്തോസുകാർക്കെഴുതിയ രണ്ടാം ലേഖനത്തിൽ പറയുന്നത്, “ക്രിസ്തുവിന്റെ സ്നേഹം എന്നെ നിർബന്ധിക്കുന്നു” (5, 14) എന്നാണ്. അത്രമാത്രം   Wakefullness ഉം, Faithfullness ഉം അദ്ദേഹത്തിനുണ്ടായിരുന്നു. തന്നെ പൊതിഞ്ഞു നിൽക്കുന്ന സ്നേഹത്തെ അറിഞ്ഞപ്പോൾ മുതൽ ദിവസങ്ങളോളം വാവിട്ട് കരഞ്ഞശേഷമാണ് വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി സുവിശേഷ പ്രഘോഷണത്തിന് ഇറങ്ങിയത്. എന്നുവച്ചാ, അത്രമാത്രം Wakefullness ഉം, Faithfullness ഉം അദ്ദേഹതിന് ഉണ്ടായിരുന്നു എന്ന്. ക്രിസ്തുവിന്റെ കാൽപ്പാദങ്ങളെ കണ്ണീരുകൊണ്ട് കഴുകി, തലമുടികൊണ്ട് തുടച്ച് ചുംബിച്ചശേഷമാണ് മഗ്ദലയിലെ മേരി ഈശോയെ പിന്തുടർന്നത്. (ലൂക്ക 7, 36-50). നിങ്ങൾ പ്രതീക്ഷിക്കാത്ത ദിവസത്തിലും, അറിയാത്ത മണിക്കൂറിലും ക്രിസ്തു നിങ്ങളെ സന്ദർശിക്കുമ്പോൾ, നിങ്ങൾ വലിയ വചനപ്രഘോഷണം നടത്തിയിട്ടുണ്ടോ എന്നായിരിക്കില്ല ഈശോ നോക്കുക; നിങ്ങൾ രോഗശാന്തി നടത്തിയോ എന്നുമായിരിക്കില്ല; ഭൂതോച്ഛാടനം നടത്തിയോ എന്നും പരിശോധിക്കില്ല. അവൻ നിങ്ങളുടെ ശരീരത്തെ പരിശോധിക്കും. നിങ്ങൾക്ക് മറ്റുവർക്കായി സഹിച്ചതിന്റെ പഞ്ചക്ഷതങ്ങൾ ഉണോയെന്ന് നോക്കും. അതായത്, എന്തുമാത്രം നിങ്ങൾ അവനോട് Faithful ആയിരുന്നെന്ന് നോക്കും.

പിന്നെ അവന്റെ ഭാഷ തന്നെയാണോ നിങ്ങൾ സംസാരിച്ചതെന്ന് നോക്കും. മാപ്പുകൊടുക്കുന്ന, വിട്ടുകൊടുക്കുന്ന, പങ്കുവയ്ക്കുന്ന, പാഠം കഴുകുന്ന സുവിശേഷഭാഷ, ക്രിസ്തു ഭാഷ തന്നെയാണോ നിങ്ങൾ സംസാരിച്ചതെന്ന് നോക്കും. അതായത്, നിങ്ങളുടെ Faithfullness ന്റെ ലെവൽ അവൻ പരിശോധിക്കും.

വീണ്ടും, സ്വർഗ്ഗവും നിങ്ങളും തമ്മിലുള്ള പൊരുത്തം (Combatibility) എങ്ങനെയായിരുന്നെന്ന് അവൻ നോക്കും. എന്താണാ പൊരുത്തം? പത്രോസിനോട് പറഞ്ഞില്ലേ, “നീ സ്വർഗത്തിൽ കിട്ടുന്നതെല്ലാം ഭൂമിയിലും കെട്ടപ്പെട്ടിരിക്കും. നീ സ്വർഗത്തിൽ അഴുക്കുന്നതെല്ലാം ഭൂമിയിൽ അഴിക്കപ്പെട്ടിരിക്കും.” എന്നുവച്ചാൽ, എല്ലാ വസ്തുക്കളുടെയുംമേൽ, സ്വർഗ്ഗത്തിലും, ഭൂമിയിലുമുള്ള സകല വസ്തുക്കളുടെയുംമേൽ അവകാശം നൽകത്തക്കവിധം വിശ്വസ്തയുള്ള വ്യക്തികളായി നാം മാറണം.

സ്നേഹമുള്ളവരേ, അന്ത്യദിനത്തിലും, ക്രിസ്തുവിന്റെ രണ്ടാം വരവിലും, നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷവും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഈശോയെ സ്വീകരിക്കുവാൻ ഒരുക്കമുള്ളവരും, ജാഗ്രതയുള്ളവരും, വിശ്വസ്തതയുള്ളവരുമായി ജീവിക്കുവാൻ നമുക്കാകട്ടെ.

ആമേൻ! 

SUNDAY SERMON MT 17, 9-13

ഏലിയാ സ്ലീവാ മൂശേക്കാലം

ഏലിയാ രണ്ടാം ഞായർ

മത്തായി 17, 9-13

ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ, ഏലിയാ രണ്ടാം ഞായറാഴ്ചത്തെ സുവിശേഷഭാഗം, കഴിഞ്ഞ ഞായറാഴ്ച്ച നാം കേട്ട ഈശോയുടെ രൂപാന്തരീകരണത്തിന്റെ തുടർച്ചയാണ്. കഴിഞ്ഞ ഞായറാഴ്ച്ച വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിൽ നിന്നാണ് ഈശോയുടെ രൂപാന്തരീകരണം നാം ശ്രവിച്ചത്. ഇന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ ഈശോയുടെ രൂപാന്തരീകരണത്തെ തുടർന്ന് വരുന്ന ഭാഗമാണ് വിചിന്തനത്തിനായി തിരുസ്സഭ നമുക്ക് നൽകിയിരിക്കുന്നത്. ഈശോയുടെ രൂപാന്തരീകരണത്തിനുശേഷം ശിഷ്യരോടൊപ്പം മലയിറങ്ങി വരുന്ന ഈശോ അവരോട് സംസാരിക്കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ പശ്ചാത്തലം. സന്ദേശം ഇതാണ്: ദൈവത്തിന്റെ നമുക്കുവേണ്ടിയുള്ള രക്ഷാകരപദ്ധതിയോട് സഹകരിച്ചുകൊണ്ട്, തിരുസ്സഭയോട് ചേർന്ന് നിന്ന് ഈശോ നമുക്കായി നേടിയെടുത്ത രക്ഷ സ്വന്തമാക്കുക. 

എന്തുകൊണ്ടായിരിക്കാം ഈശോ അവരോട് നിങ്ങൾ താബോർമലയിൽ ദർശിച്ച രൂപാന്തരീകരണം ആരോടും പറയരുതെന്ന് പറഞ്ഞത്? എന്തുകൊണ്ടായിരിക്കും മനുഷ്യപുത്രൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെടുന്നതുവരെ ഈ ദർശനത്തെപ്പറ്റി ആരോടും പറയരുതെന്ന് അവരോട് നിർദ്ദേശിച്ചത്? അത് യഹൂദന്മാരെ പേടിച്ചിട്ടായിരിക്കുമോ? അവർ എന്തെങ്കിലും ചെയ്യുമോയെന്ന് ഭയന്നിട്ടായിരിക്കുമോ? ഏയ്, അങ്ങനെയാകാൻ വഴിയില്ല. പിന്നെ എന്തുകൊണ്ടായിരിക്കും ഈശോ അങ്ങനെ പറഞ്ഞത്? കാരണം ഇതായിരിക്കണം. ഈശോയുടെ കൂടെയാണ് നടക്കുന്നതെങ്കിലും, ശിഷ്യന്മാർക്ക് ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ പൊരുൾ മനസ്സിലായിട്ടില്ലായിരുന്നു. പഴയനിയമകാലത്തു നിന്ന് തുടങ്ങുന്ന ദൈവത്തിന്റെ രക്ഷാകരപദ്ധതി എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് അവർ ചിന്തിച്ചിട്ടില്ലായിരുന്നു. എന്തിന്, ക്രിസ്തുവിനെക്കുറിച്ചുതന്നെ അവർക്ക് ശരിയായ ഗ്രാഹ്യമില്ലായിരുന്നു. ക്രിസ്തു വന്ന് ദൈവമക്കളെ തന്റെ രാജ്യത്തിലേക്ക് കൊണ്ടുപോകുമെന്ന് അവർക്കറിയില്ലായിരുന്നു. (മത്താ 4, 17, യോഹ 18, 36) ക്രിസ്തു കുരിശിൽ തറയ്ക്കപ്പെടുമെന്ന് അവർക്കറിയില്ലായിരുന്നു. (മത്താ 27, 26-50) ലോകത്തിന്റെ രക്ഷയ്ക്കുവേണ്ടി ക്രിസ്തു മരിക്കണമെന്നും അവർക്കറിയില്ലായിരുന്നു. (1 യോഹ 2, 2) മൂന്ന് ദിവസം കല്ലറയ്ക്കുള്ളിലായിരിക്കുമെന്നും അവർ ചിന്തിച്ചിട്ടില്ലായിരുന്നു. (മത്താ 27, 57-66) മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുമെന്ന് അവരുടെ സ്വപ്നത്തിൽപ്പോലും അവർ നിനച്ചിട്ടില്ലായിരുന്നു. (മത്താ 28, 6) സ്വർഗത്തിലേക്ക് ആരോഹണം ചെയ്യപ്പെടുമെന്നും, (അപ്പ 1, 5) ലോകം മുഴുവൻ സുവിശേഷം അറിയിക്കാൻ തന്റെ ശിഷ്യരെ അവൻ അയയ്ക്കുമെന്നും (മത്താ 28,18-20) അവർക്കറിയില്ലായിരുന്നു. ചുരുക്കത്തിൽ, ദൈവത്തിന്റെ രക്ഷാകര പദ്ധതിയെക്കുറിച്ച് അവർ അജ്ഞരായിരുന്നു. അതുകൊണ്ടാണ് ഈശോ അവരോട് പറഞ്ഞത്, “ഈ ദർശനത്തെപ്പറ്റി നിങ്ങൾ ആരോടും പറയരുത്.”

ഒന്ന് വിശകലനം ചെയ്താൽ നമുക്ക് ഇങ്ങനെ പറയാൻ കഴിയും: നിങ്ങൾ കണ്ട ദർശനത്തെപ്പറ്റി ഇപ്പോൾ നിങ്ങൾക്കൊന്നും മനസ്സിലായിട്ടില്ല. നിങ്ങൾ അത് മറ്റുള്ളവരോട് പറഞ്ഞാലും അവർക്കും അത് മനസ്സിലാകില്ല. ഇത്രയും മനോഹരമായൊരു കാര്യം വെറുതെ വിവാദങ്ങൾക്കും, വിമർശനങ്ങൾക്കും വഴിവെക്കും. അതുകൊണ്ട് നിങ്ങളിത് ഇപ്പൊ ആരോടും പറയണ്ട. വിശുദ്ധമായത് നായ്ക്കൾക്ക് കൊടുക്കരുതല്ലോ. പിന്നെ, മുത്തുകൾ പന്നികളുടെ മുൻപിൽ വിതറിയാൽ അവരത് ചവുട്ടിയരച്ച് വികൃതമാക്കിക്കളയുമല്ലോ. (മത്താ 7, 6)

എന്നാൽ, ദൈവത്തിന്റെ രക്ഷാകര പദ്ധതിയോട് സഹകരിച്ചുകൊണ്ട്, ആ രക്ഷാകര പദ്ധതി പൂർത്തീകരിക്കുവാൻ, ദൈവനിയോഗവുമായി വന്നവരോട്, വരുന്നവരോട് ഈ ലോകം, യഹൂദർ എന്താണ് ചെയ്തതെന്ന് ഈശോ അവരെ ഓർമപ്പെടുത്തുന്നുണ്ട്.. ദൈവം അയയ്ക്കുന്ന പ്രവാചകരെ, നീതിമാന്മാരെ മനസ്സിലാക്കാതെ തങ്ങൾക്കിഷ്ടമുള്ളതെല്ലാം അവരോട് മനുഷ്യർ ചെയ്തു. തീർന്നില്ല, ദൈവപുത്രനോടും അവർ അങ്ങനെതന്നെ ചെയ്യുമെന്ന് ഈശോ അവരോട് മുൻകൂട്ടി പറയുകയാണ്. എന്നാലും ശിഷ്യർക്ക് അതൊന്നും അത്രയ്ക്കങ്ങ് മനസ്സിലാകുന്നില്ല. അതോർത്തുള്ള ഈശോയുടെ ദുഃഖമാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷം 13 ആം അധ്യായത്തിൽ നാം കാണുന്നത്. “ജറുസലേം, ജറുസലേം, പ്രവാചകന്മാരെ കൊല്ലുകയും, നിന്റെ അടുത്തേയ്ക്ക് അയയ്ക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴ് ചേർത്ത് നിർത്തുന്നതുപോലെ നിന്റെ സന്താനങ്ങളെ ഒന്നിച്ചു ചേർക്കുന്നതിന് ഞാൻ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു. പക്ഷേ, നിങ്ങൾ സമ്മതിച്ചില്ല. ഇതാ നിങ്ങളുടെ ഭവനം പരിത്യക്തമായിരിക്കുന്നു. (13, 34-35)

സ്നേഹമുള്ളവരേ, ക്രിസ്തുവിൽ പൂർത്തിയായ രക്ഷാകര പദ്ധതി നമ്മിൽ ഓരോരുത്തരിലും പൂർത്തിയാകണമെന്നതാണ് ദൈവഹിതം. അതിന് നമ്മിൽ നടക്കേണ്ട ദൈവത്തിന്റെ പദ്ധതിയെ നാം അറിയണം. തങ്ങളുടെ അഹന്തകൊണ്ടും, സ്വാർത്ഥതകൊണ്ടും, അധികാരപ്രമത്തതകൊണ്ടും, അന്ധതകൊണ്ടും ദൈവത്തിന്റെ രക്ഷാകര പദ്ധതിയെ പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിച്ച ഇസ്രായേൽ ജനത്തിന്റെ ദുർഗതി നമുക്ക് വരാതിരിക്കുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നത് ഇതാണ്: മകളേ, മകനേ നിന്നിൽ നടക്കേണ്ട ദൈവത്തിന്റെ രക്ഷാകര പദ്ധതിയെക്കുറിച്ച് അറിവുള്ളവളാകുക, അറിവുള്ളവനാകുക. പിടക്കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൽ ചേർത്തുപിടിക്കുന്നതുപോലെ, നമ്മെ ഓരോരുത്തരെയും ചേർത്തുപിടിച്ചുകൊണ്ട് തന്റെ രക്ഷ നമുക്ക് നല്കാൻ ഈശോ ആഗ്രഹിക്കുന്നു. 

ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നാം അറിഞ്ഞിരിക്കണം. 1. ദൈവത്തിന്റെ രക്ഷാകരപദ്ധതി ദൈവത്തിന്റെ കൃപയുടെ പ്രവർത്തനമാണ്. ദൈവത്തിന്റെ കൃപകൊണ്ട്, കൃപ ഒന്നുകൊണ്ട് മാത്രമാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. (എഫേസൂസ് 2, 8) ആ രക്ഷ സ്വന്തമാക്കുവാൻ ദൈവം തന്റെ കരുണയിൽ നമ്മെ വിളിച്ചിരിക്കുന്നു. ദൈവത്തിന്റെ കൃപ, ദൈവത്തിന്റെ രക്ഷ സ്വന്തമാക്കുവാൻ നാം എന്തെല്ലാം ചെയ്യണമെന്ന് നമ്മെ പഠിപ്പിക്കും. 2. നമ്മുടെ ആഗ്രഹമോ, നമ്മുടെ പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയയാണ് നമ്മുടെ രക്ഷയുടെ അടിസ്ഥാനം. (റോമ 9. 16)  നമ്മുടെ പ്രവൃത്തികളോ, വിശ്വാസമോ ഒന്നുമല്ല. എന്തിന് വിശ്വാസം പോലും ദൈവത്തിന്റെ സമ്മാനമാണ്. ദൈവ സന്നിധിയിൽ, ദൈവമേ നിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെയെന്ന മനസ്സുമായി നിൽക്കുക. അതുമാത്രം മതി. നീ അവിടുത്തെ രക്ഷയാൽ നിറയും. നീ മാത്രമല്ല, നിന്റെ കുടുംബവും. 3. ദൈവത്തിന്റെ പരിശുദ്ധാത്മാവാണ് നമ്മിൽ രക്ഷ നിറയ്ക്കുന്നത്. 

ദൈവത്തിന്റെ രക്ഷാകര പദ്ധതി ഇന്ന് തുടരുന്നത് തിരുസ്സഭയിലൂടെയാണ്. ഒന്നുകൂടി, വ്യക്തമായിപ്പറഞ്ഞാൽ, തിരുസ്സഭയിലെ വിശുദ്ധ കുർബാനയിലൂടെയാണ്. മിശിഹാ രഹസ്യങ്ങളുടെ ആഘോഷമായ വിശുദ്ധ കുർബാന, ഈശോയുടെ ജനന, പരസ്യജീവിത, പീഡാനുഭവ, മരണ, ഉത്ഥാന രഹസ്യങ്ങളുടെ ആഘോഷമായ വിശുദ്ധ കുർബാന ക്രിസ്തുവിന്റെ രക്ഷയുടെ നിറവാണ്. അത് രക്ഷാകരമാണ്, രക്ഷാദായകമാണ്. പോപ്പ് ഫ്രാൻസിസ് തന്റെ അപ്പസ്തോലിക കത്തിൽ ഇക്കാര്യം വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു, “വിശുദ്ധ കുർബാന ഇന്നിന്റെ രക്ഷാകര പദ്ധതിയാണ്.” (Desiderio Desideravi, Apostolic Letter, Pope Francis, 2022) ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ അന്തിമ ലക്‌ഷ്യം വിശുദ്ധ കുർബാനയാണ്. ദൈവത്തിന്റെ രക്ഷാകര പദ്ധതി പൂത്തുലഞ്ഞ് ഫലം ചൂടി നിൽക്കുന്നത് വിശുദ്ധ കുർബാനയിലാണ്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ, ചെങ്കടലിലൂടെ ഇസ്രായേൽ ജനത്തിനായി വഴിവെട്ടിയ ദൈവം ഇന്നും ജീവിക്കുന്നത് വിശുദ്ധ കുർബാനയിലാണ്. ഇസ്രായേൽ ജനത്തിനായി മന്നാ പൊഴിച്ച ദൈവം ഇന്നും വസിക്കുന്നത് വിശുദ്ധ കുർബാനയിലാണ്. ദൈവജനത്തിന് മോചനമായി, രക്ഷയായി, സമാധാനമായി, സമൃദ്ധിയായി ഇന്നും ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് വിശുദ്ധ കുർബാനയിലാണ്. ഈ വിശുദ്ധ കുർബാന തിരുസഭയിലാണ്, തിരുസഭയിലൂടെയാണ് ദൈവം നമുക്ക് നൽകിയിരിക്കുന്നത്. അതുകൊണ്ട്, സഭയിലാണ്, സഭയിലൂടെയാണ് ഈ രക്ഷ നമുക്ക് ലഭിക്കുന്നത്. സീറോ മലബാർ സഭയുടെ കുർബാനയിൽ ഇക്കാര്യം വളരെ വ്യക്തമായി പറയുന്നുണ്ട്. “സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടി നിൽക്കുന്ന സഭയിൽ…”  (കുർബാന തക്സ പേജ് 21)  

സ്‌നേഹമുള്ള ദൈവജനമേ, ദൈവം ബെത്ലെഹെമിൽ പിറന്നത്, വചനം പ്രഘോഷിച്ചത് വിശുദ്ധ കുർബാന ആകുവാനായിരുന്നു;  അത്ഭുതങ്ങൾ ചെയ്തത് വിശുദ്ധ കുർബാന ആകുവാനായിരുന്നു; അഞ്ചപ്പംകൊണ്ട് അയ്യായിരങ്ങളെ തൃപ്തമാക്കിയത് വിശുദ്ധ കുർബാന ആകുവാനായിരുന്നു ഇതെന്റെ ശരീരം, ഇതെന്റെ രക്തമെന്ന് അരുളിച്ചെയ്തത് വിശുദ്ധ കുർബാന ആകുവാനായിരുന്നു കാൽവരിയിൽ മരിച്ചത്, മൂന്നാം ദിനം ഉത്ഥിതനായത് വിശുദ്ധ കുർബാന ആകുവാനായിരുന്നു. ലോകാവസാനംവരെയുള്ള ഓരോ വ്യക്തിയിലും ക്രിസ്തുവിന്റെ രക്ഷ സാധിതമാകുന്നതുവരെ ക്രിസ്തു തുടരാനാഗ്രഹിക്കുന്ന ഈ രക്ഷാകര പദ്ധതി ഇന്നും തുടരുന്നത് വിശുദ്ധ കുർബാനയിലൂടെയാണ്. ഇക്കാര്യം മനസ്സിലാകാത്തവർക്ക് ക്രിസ്തുവിന്റെ രക്ഷ അകലെയായിരിക്കും. ഇക്കാര്യം മനസ്സിലാകാത്തവർ, ഇസ്രായേൽ ജനം പ്രവാചകന്മാരോടും, ക്രിസ്തുവിനോടും ചെയ്തതുപോലെ, വിശുദ്ധ കുർബാനയോട് ചെയ്യും. ഇസ്രായേൽ ജനം പ്രവാചകന്മാരോടും, ക്രിസ്തുവിനോടും ചെയ്തതുപോലെ, ക്രിസ്തുവിന്റെ രക്ഷാകര പദ്ധതി മനസ്സിലാകാത്ത ഇന്നത്തെ ജനം തിരുസ്സഭയോടും ചെയ്യും. വിശുദ്ധ കുർബാനയുടെ എത്ര വലിയ അത്ഭുതങ്ങൾ നടന്നാലും അവർ വിശുദ്ധ കുർബാനയെ അവഹേളിച്ചുകൊണ്ടിരിക്കും.

ദൈവത്തിന്റെ രക്ഷാകര പദ്ധതി നമ്മിൽ നടക്കുന്നുണ്ടോ, നാം ദൈവത്തിന്റെ രക്ഷയിലാണോ എന്നറിയാൻ 7 അടയാളങ്ങൾ, നിദർശനങ്ങൾ നമ്മിലുണ്ടോ എന്ന് നോക്കിയാൽ മതി.

1. നിന്നിൽ ദൈവസ്നേഹവും പരസ്നേഹവും ഉണ്ടായിരിക്കണം.

2. ദൈവവചനം അനുസരിക്കണം.

3. തിരുസ്സഭയെ സ്നേഹിക്കുകയും, സഭയോടൊപ്പം ജീവിക്കുകയും ചെയ്യണം.

4. പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിക്കണം.

5. അനുതാപം നിറഞ്ഞ മനസ്സോടെ ജീവിക്കണം.

6. കൂദാശാജീവിതം നയിക്കണം.

7. തിരുസഭയുടെ പഠനങ്ങളോട് വിശ്വസ്തത പുലർത്തണം.

അപ്പോൾ എന്താണീ രക്ഷാകര പദ്ധതി? നമ്മുടെ ജീവിതയാത്ര തന്നെയാണ് ദൈവത്തിന്റെ രക്ഷാകര പദ്ധതി. നമ്മുടെ ജീവിതയാത്രയിൽ, നമ്മുടെ രക്ഷാകര പദ്ധതിയിൽ നാം പലപ്രാവശ്യം വീണപ്പോൾ നമുക്ക് എഴുന്നേൽക്കാനും വീണ്ടും നടക്കാനും സാധിച്ചത് സ്നേഹമുള്ളവരേ, ഈശോ നമ്മോടൊപ്പമുള്ളതുകൊണ്ടാണ്. നമ്മുടെ ജീവിതയാത്രയിൽ, നമ്മുടെ രക്ഷാകര പദ്ധതിയിൽ ശത്രുക്കൾ പലപ്രാവശ്യം നമ്മെ തകർക്കാൻ ശ്രമിച്ചപ്പോൾ, അവിടെയെല്ലാം നാം രക്ഷപ്പെട്ടത് നാം ദൈവത്തോടൊപ്പം ഉണ്ടായിട്ടല്ല, ദൈവം നമ്മുടെ കൂടെ ഉണ്ടായിരുന്നതുകൊണ്ടാണ്. നമ്മുടെ ജീവിതയാത്രയിൽ, നമ്മുടെ രക്ഷാകര പദ്ധതിയിൽ എത്തിച്ചേരാൻ കഴിയില്ലെന്ന് വിചാരിച്ചിടത്തൊക്കെ ചെന്നെത്താൻ നമുക്ക് സാധിച്ചത് നാം നമ്മെ നയിച്ചതുകൊണ്ടല്ല, ഈശോ നമ്മെ നയിച്ചതുകൊണ്ടാണ്. അതുകൊണ്ട് ഈ ജീവിതയാത്രയിലെ നല്ല നിമിഷങ്ങൾക്ക് Praise the Lord പറയുക. ബുദ്ധിമുട്ടേറുന്ന നിമിഷങ്ങളിൽ ഈശോയെ അന്വേഷിക്കുക. ശാന്തമായ അവസരങ്ങളിൽ ഈശോയെ ആരാധിക്കുക. വേദന നിറഞ്ഞ അവസരങ്ങളിൽ ഈശോയിൽ വിശ്വസിക്കുക. എല്ലാ നിമിഷത്തിലും ഈശോയ്ക്ക് നന്ദി പറയുക.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതയാത്രയിൽ, നമുക്കായുള്ള ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ വിജയിക്കുവാനുള്ളതെല്ലാം ഈശോ നമുക്കായി ഒരുക്കിയിട്ടുണ്ട്. അവിടുത്തെ രക്ഷ സ്വന്തമാക്കുവാൻ ആദ്യം ഈശോയെ നാം സ്വന്തമാക്കണം. ഏലിയായെ പീഡിപ്പിച്ച, സ്നാപകയോഹന്നാനെ കൊന്ന, ഈശോയെ കുരിശിലേറ്റിയ അന്നത്തെ ജനത്തെപ്പോലെയാകാതെ, തിരുസ്സഭയിലൂടെ, വിശുദ്ധ കുർബാനയുടെ നമ്മിലേക്ക് വരുന്ന ഈശോയുടെ രക്ഷ നമുക്ക് സ്വന്തമാക്കാം. ഈശോ നമ്മെ ചേർത്തുപിടിക്കുമ്പോൾ, കുതറിപ്പോകാതിരിക്കുവാൻ ശ്രദ്ധിക്കുക.

നമ്മിലുള്ള ക്രിസ്തുവിനെ കൊല്ലാതിരിക്കുവാൻ സുകൃതം നിറഞ്ഞ ഒരു ജീവിതം നയിക്കുക. നമ്മെക്കുറിച്ചുള്ള ഈശോയുടെ രക്ഷാകര പദ്ധതിയിൽ വിശ്വസിക്കുകയും, ജീവിതത്തിന്റെ ഏത് നിമിഷവും ഈശോയുടെ മകളാണ്, ഈശോയുടെ മകനാണ് എന്ന് ഏറ്റുപറയുക യും ചെയ്യുക.. അപ്പോൾ നാമും നമ്മുടെ കുടുംബവും രക്ഷ പ്രാപിക്കും. ആമേൻ!