SUNDAY SERMON MT 25, 1-13

പള്ളിക്കൂദാശാക്കാലം ഒന്നാം ഞായർ

മത്തായി 25, 1-13

സന്ദേശം

സീറോ മലബാർ സഭയുടെ ആരാധനക്രമ വത്സരത്തിലെ അവസാനത്തെ കാലമായ പള്ളിക്കൂദാശാക്കാലത്തിലേക്ക് നാമിന്ന് പ്രവേശിക്കുകയാണ്. ഇന്ന് പള്ളിക്കൂദാശാക്കാലം ഒന്നാം ഞായർ. ഈ ഭൂമിയിൽ സ്ഥാപിതമായ ക്രിസ്തുവിന്റെ സഭയെ ഓർത്ത് ദൈവത്തിന് നന്ദിപറയുക, മിശിഹാ തന്റെ മണവാട്ടിയായി സഭയെ അവസാന വിധിക്കുശേഷം സ്വർഗ്ഗസ്ഥനായ പിതാവിന് സമർപ്പിക്കുന്നത് അനുസ്‌മരിക്കുക, യുഗാന്തത്തിൽ സഭ അവളുടെ മക്കളോടൊപ്പം സ്വർഗീയ ജറുസലേമാകുന്ന നിത്യസൗഭാഗ്യത്തിൽ എത്തിച്ചേരുന്നതിന്റെ മുന്നാസ്വാദനം അനുഭവിക്കുക എന്നീ ലക്ഷ്യങ്ങളാണ് പള്ളിക്കൂദാശാക്കാലത്ത് നാം മനസ്സിൽ സൂക്ഷിക്കുന്നത്.

പള്ളിക്കൂദാശാക്കാലത്തിന്റെ ഈ ഒന്നാം ഞായറാഴ്ച്ച സഭാസമർപ്പണത്തിരുനാളായിട്ടാണ് തിരുസ്സഭ ആഘോഷിക്കുന്നത്. തിരുസ്സഭയെ മനസ്സിൽ കണ്ടുകൊണ്ടെന്നോണം “നീ പത്രോസാണ്. ഈ പാറമേൽ ഞാൻ സഭ സ്ഥാപിക്കും.” എന്ന് പറഞ്ഞുകൊണ്ട് ഈശോ തിരുസ്സഭയ്ക്ക് രൂപം കൊടുത്തതിനെയാണ് ഇന്ന് നാം പ്രത്യേകം ഓർക്കുന്നത്. ക്രിസ്തുവിന്റെ സ്നേഹ സന്ദേശവുമായി ലോകം മുഴുവനും നിറഞ്ഞു നിൽക്കുന്ന തിരുസ്സഭയോടൊപ്പം വചനം ധ്യാനിച്ചും, കൂദാശകൾ സ്വീകരിച്ചും വിശുദ്ധ കുർബാനയർപ്പിച്ചും സഭാത്മകമായി ജീവിക്കുവാനാണ്, ഈശോയുടെ വരവിനായി ഒരുക്കത്തോടെ കാത്തിരിക്കുവാനാണ്  പള്ളിക്കൂദാശാക്കാലം നമ്മോട് ആഹ്വാനംചെയ്യുന്നത്. ഈ ഒന്നാം ഞായറാഴ്ചയിലെ സന്ദേശമാകട്ടെ, മനുഷ്യജീവിതസാഹചര്യങ്ങളിൽ എല്ലാ തയ്യാറെടുപ്പോടുംകൂടി ക്രിസ്തുവിനായി കാത്തിരിക്കുക എന്നതാണ്.

വ്യാഖ്യാനം 

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പ്രധാനമായും രണ്ട് പ്രഭാഷണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്നാമത്തേത്, തന്റെ പരസ്യജീവിതത്തിന്റെ ആരംഭത്തിൽ ഈശോ നടത്തിയ, പിന്നീട്   മലയിലെ പ്രസംഗമെന്ന് അറിയപ്പെട്ട പ്രഭാഷണമാണ്.  വിശുദ്ധ മത്തായിയുടെ സുവിശേഷം 5, 6, 7 അദ്ധ്യായങ്ങളിൽ നമുക്കിത് വായിക്കാം. രണ്ടാമത്തേത്, 23, 24, 25 അദ്ധ്യായങ്ങളിലായി നാം വായിക്കുന്ന ഈശോയുടെ അന്ത്യവിധിയെക്കുറിച്ചുള്ള പ്രഭാഷണമാണ്. ഇരുപത്തിയാറാം അദ്ധ്യായംമുതലാകട്ടെ, ഈശോയുടെ രക്ഷാകര ദൗത്യത്തിന്റെ സമാപന രംഗങ്ങളാണ് നാം വായിക്കുന്നത്. ഇന്നത്തെ സുവിശേഷഭാഗം തന്റെ മരണത്തിന് മുൻപ് ഈശോ ലോകത്തോട് നടത്തുന്ന അന്ത്യപ്രഭാഷണമായി കാണുമ്പോൾ, ഈ സുവിശേഷഭാഗത്തിന്റെ, പത്ത് കന്യകകളുടെ ഉപമയുടെ പ്രസക്തി വർധിക്കുകയാണ്. ദൈവം നമ്മുടെ ജീവിതത്തിലേക്ക് എപ്പോൾ വരുമെന്ന് അറിയാത്ത അവസരങ്ങളിൽപോലും തയ്യാറെടുപ്പോടെ കാത്തിരിക്കുവാൻ, കാത്തിരിപ്പിന്റെ കഥയിലൂടെ, ഇന്ന് ഈശോ നമ്മെ പഠിപ്പിക്കുകയാണ്.

കാത്തിരിപ്പ് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ജീവിതത്തിന്റെ ഭാഗം മാത്രമല്ല, ജീവിതംതന്നെയാണ്. കാത്തിരിപ്പിന് സ്നേഹത്തിന്റെ സ്പർശമുണ്ട്; വേദനയുടെ നനവുണ്ട്; ക്ഷമയുടെ, സഹിഷ്ണതയുടെ നിറമുണ്ട്. ആർക്കെങ്കിലുമൊക്കെ ചങ്കിലൊരിടംകൊടുക്കാൻ ചങ്കൂറ്റമുള്ളവർക്കേ കാത്തിരിക്കുവാനാകൂ. പിന്നെ, പതിയെപ്പതിയെ അവർക്കുവേണ്ടി ചാവേറായി മാറാനാവൂ. പ്രകൃതിയിലും കാത്തിരിപ്പിന്റെ മുഹൂർത്തങ്ങളാണ് കാണാൻ കഴിയുക. പ്രതീക്ഷയുടെ സുഖവും ദുഃഖവും നുണഞ്ഞ്, പത്തുമാസത്തെ കാത്തിരിപ്പിന് ശേഷമാണല്ലോ ഒരു ശിശു ഈ ലോകത്തിലേക്ക് വരുന്നത്! കൂരിരുൾ പുലരിവെട്ടത്തിനായി കാത്തിരിക്കുന്നത്, വേഴാമ്പൽ മഴയെ കാത്തിരിക്കുന്നത്, കർഷകൻ വിത്തുവിതച്ചശേഷം വിളവിനായി കാത്തിരിക്കുന്നത് …എല്ലാം എല്ലാം കാത്തിരിപ്പിന്റെ പ്രതീകങ്ങളാണ്. ഫാ.ബിബിൻ എംസിബിഎസ് തന്റെ “കടലാസ്” എന്ന ഓൺലൈൻ പേജിൽ “കാത്തിരിപ്പിനേക്കാളവൃത്തി വായിച്ചു തഴമ്പിച്ചൊരു കവിതയും രചിക്കപ്പെട്ടിട്ടില്ല” എന്ന് പറയുമ്പോൾ കാത്തിരിപ്പ് എന്ന ആശയം ഒരു വികാരമായി മനുഷ്യനിൽ നിറഞ്ഞു നിൽക്കുന്നുണ്ട് എന്ന് നാം മനസിലാക്കുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലെ ടി. എസ് എലിയറ്റിന്റെ (T.S. Eliot) “വെയ്സ്റ്റ് ലാൻഡ്” (The Waste Land) രക്ഷകനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ കഥയാണ്. സാമുവേൽ ബക്കറ്റിന്റെ (Samuel Beckett) “വെയ്റ്റിംഗ് ഫോർ ഗോദോ” (Waiting for Godot) എന്ന നാടകം, ദൈവത്തിനുവേണ്ടിയുള്ള വ്യക്തിയുടെ മാത്രമല്ല, മാനവസമൂഹത്തിന്റെ മുഴുവൻ കാത്തിരിപ്പാണ്. 

നമ്മുടെ ക്രൈസ്തവ ആധ്യാത്മികതയിൽ, ദൈവം തനിക്കുവേണ്ടി ഉറച്ച വിശ്വാസത്തോടെ, പ്രതീക്ഷയോടെ, യോഗ്യമായ തയ്യാറെടുപ്പോടെ, കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തുന്നില്ല എന്നത് വളരെ മനോഹരമായ ഒരു വിശ്വാസമാണ്. ആദത്തിന്റെ ഒരു കൂട്ടിനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉത്തരമാണ് ഹവ്വ. നോഹയുടെ കാത്തിരിപ്പിന് പ്രതീക്ഷയേകാനായി മഴവില്ല്, ഇസ്രായേൽ ജനത്തിന്റെ വേദനയോടെയുള്ള കാത്തിരിപ്പിന് ഈജിപ്തിൽനിന്നുള്ള മോചനം. വീണ്ടും ഇസ്രായേൽ ജനത്തിന്റെ 40 വർഷത്തെ അലഞ്ഞുള്ള കാത്തിരിപ്പിന് കാനാൻ ദേശം. ഇങ്ങനെ തയ്യാറെടുപ്പോടെ കാത്തിരിക്കുന്നവർക്ക് ദൈവം തന്റെ അനുഗ്രഹങ്ങൾ നൽകുന്നതായി ബൈബിളിൽ നാം കാണുന്നുണ്ട്. ക്രൈസ്തവന്റെ ദൈവം, തയ്യാറെടുപ്പോടെ തന്നെ കാത്തിരിക്കുന്ന മക്കൾക്കുവേണ്ടി അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന സ്നേഹ ദൈവമാണ്. ആ ദൈവത്തെക്കുറിച്ചു് നമ്മെ പഠിപ്പിക്കുവാനും, മനസ്സിലാക്കിത്തരുവാനും വന്ന ഈശോ ഉപകളിലൂടെയും, കഥകളിലൂടെയും, വചനങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും ദൈവത്തെ വെളിപ്പെടുത്തുവാൻ ശ്രമിക്കുകയാണ്. ഈ പിതാവായ ദൈവത്തിനുവേണ്ടിയുള്ള കാത്തിരിപ്പ് എങ്ങനെയായിരിക്കണമെന്നാണ് പത്തു കന്യകകളുടെ ഉപമയിൽ ഈശോ പറഞ്ഞു വയ്ക്കുന്നത്.

യഹൂദരുടെ വിവാഹാഘോഷങ്ങളുടെ ചുവടുപിടിച്ചുകൊണ്ടാണ് ഈശോ പത്തു കന്യകകളുടെ ഉപമ രൂപപ്പെടുത്തിയിരിക്കുന്നത്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വിവാഹാഘോഷങ്ങൾക്കുശേഷം മണവാട്ടിയുടെ വീട്ടിൽ നിന്ന് പുതുമണവാളനും, മണവാട്ടിയും, അവരുടെ പുതിയ വീട്ടിലേക്ക് യാത്രയാകും. യാത്ര എന്നുപറഞ്ഞാൽ, താലപ്പൊലിയും വെഞ്ചാമരവുമൊക്കെയായുള്ള ഒരു യാത്ര. അതെപ്പോഴാണ് അവരുടെ പുതിയ വീട്ടിൽ എത്തിച്ചേരുക എന്ന് മുൻകൂട്ടി പറയുക വയ്യ. തെളിഞ്ഞ ദീപങ്ങൾ പിടിച്ചു് അവരെ എതിരേൽക്കുകയെന്ന ദൗത്യം കന്യകകളാണ് ഏറ്റെടുക്കുക. വിളക്കുകളിൽ എണ്ണപകർന്ന്, തിരിനാളങ്ങൾ ഒരുക്കി രാത്രിയുടെ യാമങ്ങളെണ്ണി അവർ കാത്തിരിക്കും. കാരണം, എപ്പോഴാണ് അദ്ദേഹം വരിക എന്നറിയില്ലല്ലോ. അവർ എത്തുമ്പോൾ സേവകരിൽ ആരെങ്കിലും സിഗ്നൽ കൊടുക്കും. അപ്പോൾ കന്യകമാർ പുതുമണവാളനെയും, മണവാട്ടിയെയും സ്വീകരിക്കുവാൻ പുത്തേക്കെറിങ്ങിവരും.

തികച്ചും സാധാരണമായ ഈയൊരു സാഹചര്യത്തിലെ വളരെ രസകരമായ ഒരു twist ആണ് ഉപമയുടെ മനോഹാരിത. Twist ഇതാണ്: ഒരുങ്ങിയിരുന്ന പത്തുകന്യകകളിൽ അഞ്ചുപേരുടെ വിളക്കുകളിൽ എണ്ണ ഇല്ലാതാകുന്നു. എണ്ണ വിളക്കുകളിൽ നിറയ്ക്കുവാൻ അവർ മറന്നുപോയിരുന്നു. ചിലപ്പോൾ, വീട്ടുകാർ നൽകുമെന്ന് കരുതിയിരിക്കാം. പിന്നെയാകാം എന്ന് വിചാരിച്ചു കാണും. അതുമല്ലെങ്കിൽ, എല്ലാം തയ്യാറാക്കിയിട്ടാണ് തങ്ങൾ കാത്തിരിക്കുന്നത് എന്ന് ചിന്തിച്ചുകാണും. ഇതൊന്നുമല്ലെങ്കിൽ, അവർ അലസരായിരുന്നിരിക്കണം. എന്തുതന്നെയായാലും, ആഘോഷത്തിന്റെ പൊലിമ നഷ്ടപ്പെടുന്നു. മാത്രമല്ല, പുതുമണവാളനോടും, മണവാട്ടിയോടുമൊപ്പം മണവറയിലേക്ക് പ്രവേശിക്കാൻ ആ അഞ്ചുപേർക്കും അവസരം കിട്ടാതെപോകുന്നു!

ഈ Twist നെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈശോ പറയുന്നു, സ്വർഗ്ഗരാജ്യം, ജീവിതത്തിന്റെ എല്ലാമണിക്കൂറിലും, ക്രിസ്തുവാകുന്ന മണവാളനെയും, തിരുസ്സഭയാകുന്ന മണവാട്ടിയെയും സ്വീകരിക്കുവാൻ ഒരുങ്ങിരിക്കുന്നവരുടേതാണ്. അലക്ഷ്യമായി ജീവിക്കുന്ന, താലന്തുകൾ ഉപയോഗിക്കാതെ അലസമായി ജീവിക്കുന്ന മനുഷ്യരുടേതല്ല സ്വർഗ്ഗരാജ്യം. ജീവിതത്തിൽ ദൈവം നൽകുന്ന അവസരങ്ങളെ ഏറ്റവും നന്നായി ഉപയോക്കുന്നവരുള്ള സ്ഥലമാണ് സ്വർഗ്ഗരാജ്യം. ജീവിതത്തിന്റെ ഓരോ നിമിഷവും ക്രിസ്തുവിനായി കാത്തിരിക്കുന്നവരുടേതാണ് സ്വർഗ്ഗരാജ്യം.

ഒത്തിരി സ്നേഹത്തോടെ നാം ആരെയെങ്കിലും കാത്തിരിക്കുന്നുണ്ടെങ്കിൽ നമ്മുടെ ചിന്തകൾ ആരെക്കുറിച്ചായിരിക്കും? നമ്മുടെ സംസാരം ആരെക്കുറിച്ചായിരിക്കും? നമ്മുടെ നമ്മുടെ കണ്ണുകൾ ആരെ കാണുവാനാഗ്രഹിക്കും? സംശയമില്ല, നാം ആരെ കാത്തിരിക്കുന്നുവോ, ആ വ്യക്തിയെക്കുറിച്ചായിരിക്കും. മലയാളത്തിലെ ഒരു സിനിമാഗാനം കാത്തിരിപ്പിന്റെ തീവ്രത വളരെ മനോഹരമായി വെളിപ്പെടുത്തുന്നുണ്ട്. ” കാത്തിരുന്ന് കാത്തിരുന്ന്/ പുഴമെലിഞ്ഞു /കടവൊഴിഞ്ഞു/ കാലവും കടന്നുപോയ്/ വേനലിൽ ദലങ്ങൾപോൽ/ വളകളൂർന്നുപോയ്. (എന്നു നിന്റെ മൊയ്തീൻ) ഉള്ളിൽ സ്നേഹമുണ്ടെങ്കിൽ, പ്രണയം ശക്തമാണെങ്കിൽ, വിശ്വാസം, സമർപ്പണം തീവ്രമാണെങ്കിൽ കാത്തിരിപ്പെത്ര നീണ്ടാലും, നാം കാത്തു  തന്നെയിരിക്കും!! 

ക്രിസ്തുവിനായി ജീവിതത്തിന്റെ ഓരോ നിമിഷവും കാത്തിരിക്കുന്നവരുടെ ചിന്തയിൽ എന്നും എപ്പോഴും ക്രിസ്തുവായിരിക്കും; ക്രിസ്തുവുമായി പ്രണയത്തിലാകുന്നവരുടെ ഹൃദയത്തിൽ ക്രിസ്തുവായിരിക്കും; സംസാരത്തിൽ ക്രിസ്തുവായിരിക്കും; കാഴ്ച്ചയിൽ എപ്പോഴും ക്രിസ്തുവായിരിക്കും. പ്രവൃത്തികളിൽ നിഴലിക്കുന്നതോ ക്രിസ്തു മാത്രമായിരിക്കും. എല്ലാ തയ്യാറെടുപ്പോടുംകൂടി ക്രിസ്തുവിനായി വിശ്വാസത്തോടെ, പ്രാർത്ഥനയോടെ കാത്തിരിക്കുന്നവർ എന്നും എപ്പോഴും സ്വർഗ്ഗരാജ്യത്തിലായിരിക്കും; സ്വർഗ്ഗരാജ്യം അങ്ങനെയുള്ളവരുടേതാകുന്നു.

ഈശോയുടെ ഓർമ്മപ്പെടുത്തൽ ഇങ്ങനെയാണ്: “നിങ്ങൾ ഒരുങ്ങിയിരിക്കുവിൻ. എന്തെന്നാൽ, പ്രതീക്ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രൻ വരുന്നത്.” (ലൂക്കാ 12, 40) ക്രിസ്തു നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് ഇപ്പോൾ ഈ നിമിഷത്തിലാകാം; നാം ദേവാലയത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവേളയിലാകാം; വീട്ടിലെ ജോലികൾക്കിടയിലാകാം. അതുമല്ലെങ്കിൽ അന്ത്യവിധിയുടെ നാളിലാകാം. എപ്പോഴാണെങ്കിലും ഒരുങ്ങിയിരിക്കുവാൻ നമുക്കാകണം. “സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാൽ നിങ്ങളുടെ മനസ്സ് ദുർബലമാകാതെ” (ലൂക്കാ 21, 34) മനുഷ്യപുത്രന്റെ മുൻപിൽ പ്രത്യക്ഷപ്പെടാൻവേണ്ട കരുത്തു ലഭിക്കുവാൻ സദാ പ്രാർത്ഥിച്ചുകൊണ്ട് ജാഗരൂകരായിരിക്കുവാൻ (36) ഈശോ നമ്മോട് പറയുന്നു. വിശുദ്ധ പൗലോശ്ലീഹാ പറയുന്നത്, സത്യംകൊണ്ട് അരമുറുക്കി നീതിയുടെ കവചം ധരിച്ച് സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകൾ ധരിച്ച്, വിശ്വാസത്തിൻറെ പരിച എടുത്ത്, രക്ഷയുടെ പടത്തൊപ്പി അണിഞ്ഞ് 

, ദൈവവചനമാകുന്ന ആത്മാവിൻറെ വാൾ എടുത്ത് (എഫേസോസ് 6, 13-17) ഓരോ നിമിഷവും നാം ഒരുങ്ങിയിരിക്കണം എന്നാണ്.

സമാപനം 

സ്നേഹമുള്ളവരേ, എല്ലാവിധ തയ്യാറെടുപ്പോടെ, ജീവിതത്തിന്റെ എല്ലാനിമിഷവും ക്രിസ്തുവിനായി കാത്തിരിക്കുന്നവരുടെ സ്വർഗ്ഗരാജ്യമായി ഈ ലോകത്തെ മാറ്റിയെടുക്കുവാനുള്ള ആഹ്വാനവുമായി ഇന്നത്തെ സുവിശേഷഭാഗം, പത്തു കന്യകകളുടെ ഉപമ നമ്മെ സന്ദർശിക്കുമ്പോൾ, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ നാം പരിശോധിക്കേണ്ടിയിരിക്കുന്നു. ഈ ഉപമയിലെ മണവാളൻ ക്രിസ്തുവാണ്. മണവാളൻ വരുവാനുള്ള കാലതാമസം ദൈവത്തിന്റെ പ്രവർത്തനരീതിയെയാണ് കാണിക്കുന്നത്. The Grace of God has its own pace എന്നാണ് പറയുന്നത്. ദൈവത്തിന്റെ പ്രസാദവരത്തിന്, പ്രസാദവരത്തിന്റെ പ്രവർത്തനത്തിന് അതിന്റെതായ ചുവടുണ്ട്. ആ ചുവട് നമ്മുടെ അടുക്കലേക്കെത്തുന്നത് എപ്പോഴാണെന്ന് നമുക്കറിയില്ല. നാം കാത്തിരിക്കണം. വാതിൽ അടയ്ക്കുന്നത് അന്ത്യവിധിയെയാണ് സൂചിപ്പിക്കുന്നത്. ഉപമയുടെ വെളിച്ചത്തിൽ നമ്മുടെ ജീവിതങ്ങളെ പരിശോധിക്കുകയും, ക്രിസ്തുവിനായി കാത്തിരിക്കുന്ന ചൈതന്യം സ്വന്തമാക്കുകയും വേണം. 

ഈ ഭൂമിയിൽ ഓരോ നിമിഷവും ക്രിസ്തുവിനെ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പോടെ ജീവിക്കുക – അതാണ് ക്രൈസ്തവരുടെ ജീവിതദൗത്യം. വിവേകമതികളായ അഞ്ചുകന്യകമാരെപ്പോലെ നമ്മുടെ ജീവിതമാകുന്ന വിളക്കിൽ, എണ്ണയൊഴിച്ചു്, തിരികൾ ഒരുക്കി നാം കാത്തിരിക്കണം.

മാർട്ടിൻ ലൂഥർ പറയുന്നത് വിശ്വാസമാകുന്ന എണ്ണയൊഴിച്ചു് കാത്തിരിക്കണമെന്നാണ്. വിശുദ്ധ അഗസ്തീനോസ് പറയുന്നത്, നന്മപ്രവൃത്തികളാകുന്ന എണ്ണയൊഴിച്ചു കാത്തിരിക്കണം എന്നാണ്. അങ്ങനെകാത്തിരിക്കുമ്പോൾ നമ്മുടെയൊക്കെ ജീവിതങ്ങൾ ക്രിസ്തുവിന്റെ മനോഭാവം നിറഞ്ഞതാകും. ക്രിസ്തുവിന്റെ ചൈതന്യം നിറഞ്ഞു തുളുമ്പുന്നതാകും. ഈ ഭൂമിതന്നെ സ്വർഗ്ഗരാജ്യമായി മാറും. ആമേൻ!

SUNDAY SERMON MT 12, 22-32

ഏലിയാ സ്ലീവാ മൂശേക്കാലം ഒമ്പതാം ഞായർ

മോശ മൂന്നാം ഞായർ

മത്താ 12, 22-32

ക്രിസ്തുവിനും ക്രിസ്തുമതത്തിനുമെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് ക്രിസ്തുവിനോളംതന്നെ പഴക്കം ഉണ്ടെന്നാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മെ ഓർമപ്പെടുത്തുന്നത്. അത്തരത്തിലുള്ള ആരോപണങ്ങളുടെ ലിസ്റ്റിൽ ഏറ്റവും പുതിയതായി ചേർക്കാവുന്ന ഒന്നാണ് ഈ അടുത്ത ദിവസങ്ങളിൽ ഛത്തീസ്ഗഡിൽ നടന്ന സംഭവം.  ഭൂരിപക്ഷ വർഗീയതയും, മതതീവ്രവാദവും ഭരിക്കുന്ന ഛത്തീസഗഡിൽ ഗോത്രവിഭാഗക്കാരനായ ഒരു ഡീക്കന്റെ പൗരോഹിത്യ സ്വീകരണച്ചടങ്ങ് തടഞ്ഞുവച്ചിരിക്കുകയാണ് എന്നാണ് വാർത്ത!

ഛത്തീസ്ഗഡിലെ ബ​​ൽ​​റാം​​പു​​ർ ജി​​ല്ല​​യി​​ലെ ധ​​ൻ​​വാ​​ർ ഇ​​ട​​വ​​ക​​യി​​ൽ ഒക്ടോബർ 14നാ​​യി​​രു​​ന്നു ഈ​​ശോ​​സ​​ഭാം​​ഗ​​മാ​​യ ഡീ​​ക്ക​​ൻ ബേ​​സി​​ൽ ഹ​​ദ്ദെ​​യു​​ടെ പൗ​​രോ​​ഹി​​ത്യ സ്വീ​​ക​​ര​​ണ ച​​ട​​ങ്ങ് ത​​ട​​ഞ്ഞ​​ത്. ര​​ണ്ടു വ്യ​​ക്തി​​ക​​ൾ ന​​ൽ​​കി​​യ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ​​ത്രേ പൊ​​ലി​​സും സ​​ബ് ഡി​​വി​​ഷ​​ണ​​ൽ മ​​ജി​​സ്‌​​ട്രേ​​റ്റും ഉ​​ൾ​​പ്പെ​​ടു​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​സം​​ഘ​​മെ​​ത്തി​​യ​​ത്. ഡീ​​ക്ക​​ന്‍റെ ക്രി​​സ്തീ​​യ ഐ​​ഡ​​ന്‍റി​​റ്റി തെ​​ളി​​യി​​ക്കു​​ന്ന മാ​​മ്മോ​​ദീ​​സ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഹാ​​ജ​​രാ​​ക്കി​​യെ​​ങ്കി​​ലും, അ​​ധി​​കാ​​രി​​ക​​ളു​​ടെ അ​​നു​​മ​​തി​​യോ​​ടെ​​യാ​​ണോ മ​​ത​​പ​​രി​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യ​​തെ​​ന്നു തെ​​ളി​​യി​​ക്കു​​ന്ന രേ​​ഖ​​ക​​ൾ നൽകണമെന്നാണ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പറയുന്നത്. 1995ൽ ​​അ​​ത്ത​​രം അ​​നു​​മ​​തി ആ​​വ​​ശ്യ​​മി​​ല്ലാ​​യി​​രു​​ന്നെ​​ന്ന് ഹ​​ദ്ദെ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യെ​​ങ്കി​​ലും ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സ​​മ്മ​​തി​​ച്ചി​​ല്ല. കി​​ട്ടാ​​നി​​ട​​യി​​ല്ലാ​​ത്ത സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ ചോ​​ദി​​ച്ച് ക്രൈസ്തവരെ ബുദ്ധിമുട്ടിക്കുന്ന അടവുകൾ!!  ച​​ട​​ങ്ങ് മാ​​റ്റി​​വ​​ച്ചി​​ല്ലെ​​ങ്കി​​ൽ ഉ​​ണ്ടാ​​കു​​ന്ന അ​​നി​​ഷ്‌​​ട​​സം​​ഭ​​വ​​ങ്ങ​​ൾ​​ക്കു ത​​ങ്ങ​​ൾ ഉ​​ത്ത​​ര​​വാ​​ദി​​ക​​ളാ​​യി​​രി​​ക്കി​​ല്ലെ​​ന്നു മു​​ന്ന​​റി​​യി​​പ്പും ന​​ൽ​​കി. ഔ​​ദ്യോ​​ഗി​​ക ഭീ​​ഷ​​ണി! ഡീ​​ക്ക​​ൻ ബേ​​സി​​ൽ ഹ​​ദ്ദെ​​യെ സു​​ര​​ക്ഷി​​ത​​കേ​​ന്ദ്ര​​ത്തി​​ലേ​​ക്കു മാ​​റ്റി. (ഇതിനെക്കുറിച്ചുള്ള വാർത്തകൾ ഇന്റർനെറ്റിൽ ലഭ്യമാണ്.)

നീ​​തി കി​​ട്ടു​​മോ? ഛത്തീ​​സ്ഗ​​ഡി​​ലെ ചി​​ല ആ​​ദി​​വാ​​സി ഗ്രാ​​മ​​ങ്ങ​​ളി​​ൽ ക്രൈ​​സ്ത​​വ പു​​രോ​​ഹി​​ത​​ർ​​ക്കും പ​​രി​​വ​​ർ​​ത്തി​​ത ക്രൈ​​സ്ത​​വ​​ർ​​ക്കും പ്ര​​വേ​​ശ​​നം വി​​ല​​ക്കി​​ക്കൊ​​ണ്ട് സ്ഥാ​​പി​​ച്ച ബോ​​ർ​​ഡു​​ക​​ൾ ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ​​മ​​ല്ലെ​​ന്ന് 2025ലും 26​​ലും കോ​​ട​​തി​​ക​​ൾ വിധിച്ചിട്ടുള്ളതുകൊണ്ട്, പരോഹിത്യ സ്വീകരണത്തിന്റെ കാര്യം എന്താകുമോ ആവോ? ആരോപണക്കുമുന്പിൽ നിസ്സഹായരായി നിൽക്കുകയാണ് ഛത്തീസ്ഗഡിലെ ക്രൈസ്തവർ. പ്രാർത്ഥനയിലൂടെ നമുക്ക് അവരോടൊത്ത് നിൽക്കാം.

നാമിന്ന് വായിച്ചുകേട്ട സുവിശേഷഭാഗത്തിന്റെ ഈ ആധുനിക ഭാഷ്യം നടക്കുന്നത് ഇങ്ങ് ഇന്ത്യയിലാണ് എന്നത് നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ ശക്തിപ്പെടുത്താനും, ക്രിസ്തുവിന് ശക്തമായി സാക്ഷ്യം നൽകാനും നമ്മെ പ്രേരിപ്പിക്കട്ടെ.

മൂന്ന് കാര്യങ്ങളാണ് ഇന്നത്തെ സുവിശേഷത്തിൽ നിന്ന് ചികഞ്ഞെടുക്കാനായി ഞാൻ ആഗ്രഹിക്കുക. ഒന്ന്, ദൈവാത്മാവിനാൽ നിറഞ്ഞ ഈശോയുടെ ശക്തി (The Power of Jesus). രണ്ട്, അപമാനത്തിന് ഇരകളായവർ പ്രകാശത്തിന്റെ നിറവായി നമ്മെ അനുഗ്രഹിക്കും. മൂന്ന്, പരിശുദ്ധാത്മാവിനെതിരായ പാപങ്ങൾ.

ഇതിൽ ഒന്നാമത്തേത് വിശദീകരണം അധികം ആവശ്യമില്ലാത്ത ഒരു ചിന്തയാണ്. സുവിശേഷങ്ങളിൽ നിന്ന് സുതരാം വ്യക്തമാകുന്നതും, നമ്മുടെ ജീവിതത്തിൽ ഏതെങ്കിലുമൊക്കെ സമയങ്ങളിൽ നാം അനുഭവിച്ചറിഞ്ഞിട്ടുള്ളതുമാണ് ഈശോയുടെ ശക്തി. ഇന്നും ചത്തിസ്‌ഗഡിലും, പശ്ചിമ ബംഗാളിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും, ഈശോ ആക്രമിക്കപ്പെടുന്നുണ്ടെങ്കിൽ, ഇന്നും ക്രിസ്തുവും, ക്രൈസ്തവരും ആക്രമിക്കപ്പെടുന്നുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണം, ഒരുപക്ഷേ ഏക കാരണം ക്രിസ്തുവിന്റെ ദൈവിക ശക്തി തന്നെ ആയിരിക്കണം; ക്രിസ്തുവിലൂടെ നാം അനുഭവിക്കുന്ന ദൈവിക ശക്തി തന്നെ ആണ്.

പരസ്യജീവിത കാലത്ത് ഈശോയിലെ ദൈവിക ശക്തി ഏറെ പ്രകടമായിരുന്നു. അവിടുത്തെ സാന്നിധ്യത്തിന്, ഒരു നോട്ടത്തിന്, വാക്കുകൾക്ക് എന്തൊരു ശക്തിയായിരുന്നു! ലാസറിന്റെ മരണത്തിൽ ഒരു വീട് മുഴുവനും, നാടുമുഴുവനും വിറങ്ങലിച്ചു നിന്നപ്പോൾ, ലാസറിന്റെ മൃതദേഹത്തേക്കാൾ മരവിച്ചു നിന്നപ്പോൾ, ലാസറേ പുറത്തുവരിക എന്ന ഈശോയുടെ ശബ്ദം…ആ ശബ്ദം കേട്ട് ശവത്തിനുപോലും ജീവൻവച്ചു! ഈശോയെക്കാണുവാൻ ആഗ്രഹിച്ചു് മരത്തിന്മേലിരുന്ന സക്കേവൂസ്…സക്കേവൂസേ ഇറങ്ങിവരിക എന്ന ക്രിസ്തുവിന്റെ സ്വരം കേട്ടമാത്രയിൽ സക്കേവൂസ് ഊർന്നിറങ്ങി ഈശോയുടെ മുൻപിൽ നിന്നു. എന്നെ അനുഗമിക്കുക എന്ന ഈശോയുടെ ക്ഷണം മനുഷ്യന്റെ സ്വാഭാവികപ്രവണതൾക്കുംമേലെ ത്രസിച്ചുനിന്നു. കാറ്റിനെയും കടലിനെയും, ശാസിച്ചപ്പോൾ കടൽ ശാന്തമായി…ബാലികേ, എഴുന്നേൽക്കുക എന്ന വചനത്തിന് ജീവൻ നൽകുവാനുള്ള, സൗഖ്യം നൽകുവാനുള്ള ശക്തിയുണ്ടായിരുന്നു. മുടന്തനായ മനുഷ്യനോട് എഴുന്നേറ്റ് നടക്കുക എന്ന് പറഞ്ഞപ്പോൾ ശാസ്ത്രംപോലും കണ്മിഴിച്ചു നിന്നു. സാത്താനേ ദൂരപ്പോകുക, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസയിലായിരിക്കും – ഈ ശബ്ദങ്ങളൊക്ക പ്രപഞ്ചത്തിനും, സാത്താനും, തിന്മയ്ക്കും പിടിച്ചുനിൽക്കാൻ കഴിയാത്ത ഇടിമുഴക്കങ്ങളായി മാറിയത് അവിടുത്തെ സ്വർഗീയ ശക്തിയുടെ മഹത്വംകൊണ്ടായിരുന്നു! അത്രമാത്രം powerful ആണ് ഈശോ, ഈശോയിലെ ദൈവികത!

ഇന്നത്തെ സുവിശേഷത്തിലെ അന്ധനും, ഊമനുമായ പിശാചുബാധിതൻ സുഖമുള്ളവനായി, സംസാരിക്കുവാനും കാണുവാനും തുടങ്ങിയപ്പോൾ ഈശോയുടെ ശക്തിയുടെ പ്രാഭവം അറിഞ്ഞ ജനക്കൂട്ടം ഏറ്റവും കുറഞ്ഞത് ഒന്ന് അതുതപ്പെടുകയെങ്കിലും ചെയ്തു. അല്ലെങ്കിലും ജനക്കൂട്ടം പലപ്പോഴും ഈശോയുടെ അത്ഭുതകൃത്യങ്ങൾ കണ്ട് വിസ്മയപ്പെടുകയും, “ഇവന് ഇതെല്ലാം എവിടുന്ന് കിട്ടി” എന്നൊക്കെ പറഞ്ഞ് നടക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഫരിസേയരും, നിയമജ്ഞരുമാകട്ടെ അന്ധരും മൂകരുമായി. കാണേണ്ടത് കാണാതെ, കേൾക്കേണ്ടത് കേൾക്കാതെ അവർ പിശാചുബാധിതനെപ്പോലെയായി. കാഴ്ചയില്ലാത്തവൻ കാഴ്ചയുള്ളവനാകുകയും, കാഴ്ചയുള്ളവർ അന്ധരാകുകയും, സംസാരിക്കാത്തവൻ സംസാരിക്കുകയും, സംസാരിക്കുവാൻ കഴിവുള്ളവർ മൂകരാകുകയും ചെയ്യുന്ന വിരോധാഭാസമാണ് ഇവിടെ നാം കാണുന്നത്. അവരുടെ സ്വാർത്ഥതാത്പര്യങ്ങൾക്കനുസരിച്ചുള്ളവയാണ് അവർ ഈശോയിൽ കണ്ടത്. മഞ്ഞപ്പിത്തമുള്ളവൻ എല്ലാം മഞ്ഞയായി കാണുന്നപോലെ, അപരനെ നശിപ്പിക്കണം എന്ന ആഗ്രഹവുമായി നടക്കുന്നവർ, മറ്റുള്ളവരിൽ കാണുന്നത് നശിപ്പിക്കാനുള്ള ഉപായങ്ങളായിരിക്കും. ഫരിസേയരും ഇതേ മനോഭാവത്തോടെയാണ് ഈശോയെ കണ്ടത്. ഈശോ പറയുന്നതെല്ലാം തെറ്റ്, ഈശോ നോക്കുന്നതും, നടക്കുന്നതും തെറ്റ്, ഈശോ ചെയ്യുന്നതും, ചെയ്യിക്കുന്നതും തെറ്റ്, ഈശോ ഭക്ഷണം കഴിക്കുന്നതും, സുഹൃത്തുക്കളോടൊത്ത് നടക്കുന്നതും തെറ്റ്. ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റമായിരിക്കുമല്ലോ! ഈശോയെ പിശാചുബാധയുള്ളവനെന്നും, പിശാചുക്കളോടുത്താണ് ക്രിസ്തുവിന്റെ ജീവിതമെന്നും വരുത്തിത്തീർക്കുവാൻ എന്ത് തിടുക്കമാണവർക്ക്!!  അവരുടെ ബാലിശമായ, logic ഒട്ടുമില്ലാത്ത arguments തന്നെ ഫരിസേയരുടെ അല്പത്തം വ്യക്തമാക്കുന്നുണ്ട്.

ഫരിസേയരുടെ arguments ൽ അവരുടെ അല്പത്തവും, നശീകരണമനോഭാവവും ആണ് നമ്മൾ ഇന്ന് ഛത്തിസ്ഗഡിലും മറ്റും കാണുന്നത്. സനാതനമായവയോടും, പരിപാവനമായവയോടും ഇക്കൂട്ടർ പുലർത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയം നാശത്തിലേക്കുള്ള വഴിയാണെന്ന് എന്നാണാവോ ഇവർ മനസിലാക്കുക!!!!????

ഈശോയുടെ ശക്തി അവിടുത്തെ വാക്കുകളിലും, പ്രവർത്തികളിലും മാത്രമല്ല, അവിടുത്തെ നിലപാടിലും, മനോഭാവത്തിലും ഉണ്ട്. ഈശോ പറയുന്നത് കേൾക്കൂ…”എന്നോട് കൂടെയല്ലാത്തവൻ എന്റെ എതിരാളിയാണ്; എന്നോട് കൂടെ ശേഖരിക്കാത്തവൻ ചിതറിച്ചുകളയുന്നു.” (30) എന്തൊരു ശക്തിയാണ് ആ നിലപാടിന്. ശത്രുക്കൾപോലും കേൾക്കുമ്പോൾ വിറച്ചുപോകുന്ന പ്രസ്തവനയാണിത്, എതിരാളികൾപോലും പിന്നോട്ട് വലിയുന്ന നിലപാടാണിത്. ഇതിനെതിരെ കുരിശുകാണിച്ചും, കുരിശുമരണം വച്ചുനീട്ടിയും പീഡിപ്പിക്കാൻ നോക്കിയെങ്കിലും, ഈശോയുടെ നിലപാടിന്റെ ഉറപ്പ് അത്ര ശക്തമായിരുന്നു.

ഓർക്കണം, ക്രിസ്തുവിന്റെ നിലപാടിൽ വെള്ളം ചേർക്കാതിരുന്നതുകൊണ്ടാണ് ക്രിസ്തുമതത്തിൽ ഇത്രമാത്രം വിശുദ്ധരും, രക്തസാക്ഷികളും ഉണ്ടായത്. രക്തസാക്ഷികളുടെ രക്തംകൊണ്ട് വളർന്നുവന്ന തിരുസ്സഭ ഇന്നും ലോകത്തിൽ ആത്മീയ ശക്തിയായി, ധാർമിക ശക്തിയായി നിലകൊള്ളുന്നത് ക്രിസ്തുവിന്റെ ശക്തി അവളിൽ ഉള്ളതുകൊണ്ടാണ്. ക്രിസ്തുവിന്റെ നിലപാടിൽ അവൾ ഉറച്ചു നിൽക്കുന്നതുകൊണ്ടാണ്: തിരുസ്സഭ പരിശുദ്ധാത്മാവിനാൽ നയിയ്ക്കപ്പെടുന്നതുകൊണ്ടാണ്.

രണ്ടാമത്തെ കാര്യം അപമാനത്തെക്കുറിച്ചാണ്. അപമാനത്തിന്റെ കനലിൽ വെന്തുപോകുകയാണ് ഏത് പ്രവാചകന്റെയും തലവര.  ഈശോയുടെ ജീവിതവും അങ്ങനെത്തന്നെയായിരുന്നു. ആയിരം ദിവസങ്ങളുടെ കഥപോലുമില്ല ഈശോയുടെ പരസ്യജീവിതത്തിന്. അത്രയും ചെറിയ ഒരു Time Span ൽ ഈശോ കേൾക്കാതെപോയ അപമാനങ്ങളെന്തുണ്ട്? പാപികളുടെ ചങ്ങാതി, കുടിയൻ, ഭോജനപ്രിയൻ, വേശ്യകളുടെ കൂട്ടുകാരൻ, ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചുകേട്ടപോലെ, പിശാചുക്കളെക്കൊണ്ട് ഉച്ചാടനം നടത്തുന്നുന്നവൻ, നിയമലംഘകൻ, ദൈവദൂഷകൻ, വട്ടൻ…..എന്നാൽ, അപമാനഭാരംകൊണ്ട് ശിരസ്സ് കുനിഞ്ഞുപോകുന്ന ഒരു വ്യക്തിത്വമായിരുന്നില്ല ഈശോയുടേത്! നിന്ദനങ്ങൾക്കുമുന്പിൽ തലയെടുപ്പോടെ നിൽക്കുവാനുള്ള ആന്തരിക ശക്തി ഈശോയ്ക്കുണ്ടായിരുന്നു. പ്രതിസന്ധികൾ ഈശോയുടെ ആന്തരികതയെ ദുർബലമാക്കിയില്ല, പിന്നെയോ ശക്തമാക്കുകയായിരുന്നു.

ഭൂരിപക്ഷ വർഗീയതകളും, മത തീവ്രവാദങ്ങളും ക്രിസ്തുവിന്റെമേൽ, ക്രൈസ്തവവരുടെമേൽ ആരോപണങ്ങൾ ചൊരിയുമ്പോൾ അവയെ നേരിടുകയാണ് ക്രൈസ്തവധർമ്മം, ക്രിസ്തുവിന്റെ മാർഗം. അപമാനത്തിന്റെ തീക്കാറ്റേറ്റ് വാടിപ്പോകാതെ നമ്മുടെ ആത്മീയതയെ, ആന്തരികതയെ ശക്തിപ്പെടുത്തുവാൻ നമുക്കാകണം. ചില സോഷ്യൽ മാധ്യമക്കാർ വളരെ താഴ്ന്ന നിലയിലാണ് ക്രിസ്തുവിനെപ്പറ്റിയും, ക്രൈസ്തവരെപ്പറ്റിയും സംസാരിക്കുന്നത്. അവിടെയെല്ലാം ക്രിസ്തുവിന്റെ മാതൃക നമ്മെ ശക്തിപ്പെടുത്തട്ടെ.

മൂന്നാമത്തേത്. പരിശുദ്ധാത്മാവിനെക്കുറിച്ചുള്ളതാണ്. തിരുസ്സഭയും ക്രൈസ്തവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരും, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവരുമായതുകൊണ്ട്, ഈശോയുടെ ഇന്നത്തെ സുവിശേഷത്തിലെ പരാമർശം വളരെ പ്രധാനപ്പെട്ടതാണ്. “പരിശുദ്ധാത്മാവിനെതിരായ പാപങ്ങൾ ക്ഷമിക്കപ്പെടുകയില്ല.” പരിശുദ്ധാത്മാവിനെതിരായ ആറ് പാപങ്ങളെക്കുറിച്ചാണ് സഭ പ്രധാനമായും പഠിപ്പിക്കുന്നത്. 1. മോക്ഷം കിട്ടുകയില്ലെന്നുള്ള വിചാരം. 2. സത്യപ്രവർത്തി കൂടാതെ മോക്ഷം പ്രാപിക്കാമെന്ന മിഥ്യാ പ്രതീക്ഷ. 3. ഒരു കാര്യം സത്യമാണെന്നറിഞ്ഞിട്ടും, അതിനെ നിഷേധിക്കുന്നത്. 4. അന്യരുടെ നന്മയിലുള്ള അസൂയ 5. പാപം ചെയ്തതിനുശേഷം അനുതപിക്കാതെ അതിൽത്തന്നെ തുടരുന്നത് 6. അന്ത്യ സമയത്തുപോലും അനുതപിക്കാതെ പാപത്തോടുകൂടി മരിക്കുന്നത്.

വിശുദ്ധ പയസ് അഞ്ചാമൻ മാർപാപ്പയിലൂടെ ദൈവം വെളിപ്പെടുത്തിയതാണ് ഈ 6 കാര്യങ്ങൾ. ഇത്തരത്തിലൂടെയുള്ള പാപാവസ്ഥകളിലൂടെ നാം പലപ്പോഴും കടന്നുപോകാറുണ്ട്. കുമ്പസാരക്കൂട്ടിലിരിക്കുമ്പോൾ, പാപമോചനത്തിനായി അണയുന്ന സഹോദരർ പലപ്പോഴും പറയുന്ന ഒന്നാണ്, അച്ചാ, ദൈവം പോലും എന്നെ കൈവിട്ടിരിക്കുകയാണ്. എനിക്കിനി രക്ഷയില്ല. ” സഹോദരരേ, പാപികളെ രക്ഷിയ്ക്കുവാൻ ഈ ലോകത്തിലേക്ക് വന്ന ക്രിസ്തു, ക്രിസ്തു മരണത്തിലൂടെ, ഉത്ഥാനത്തിലൂടെ, ഇന്നും വിശുദ്ധ കുർബാനയിലൂടെ നമ്മോടൊത്തായിരിക്കുന്നത് നമ്മെ രക്ഷിക്കുവാനാണ്. ‘ഈ ലോകത്തെ ശിക്ഷിക്കുവാനല്ല രക്ഷിക്കുവാനാണ്’ ക്രിസ്തു യേശു ഈ ലോകത്തിലേക്ക് വന്നത്. ക്രിസ്തുവിന്റെ രക്ഷയെ നിരാകരിക്കുന്നത്, നിരാശയിൽ ജീവിക്കുന്നത് ദൈവത്തിന്റെ ആത്മാവിനെ വേദനിപ്പിക്കലാണ് എന്ന് നാമറിയണം. ക്രിസ്തുവിൽ ആയിരിക്കുവാനും, മരണശേഷം സ്വർഗത്തിൽ ക്രിസ്തുവിനോടൊത്തായിരിക്കാനും നാം സത് പ്രവൃത്തികൾ ചെയ്യണം. വിശുദ്ധ ആഗസ്തീസിന്റെ വചനം ഓർക്കുക:”നിന്നെക്കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവത്തിന് പക്ഷേ, നിന്നെക്കൂടാതെ നിന്നെ രക്ഷിക്കുവാൻ സാധിക്കുകയില്ല. നന്മ ചെയ്യാതെ, നന്മയിൽ ആയിരിക്കാതെ സ്വർഗ്ഗത്തിലെത്താം എന്നത് പരിശുദ്ധാത്മാവിനെതിരായ പാപം ആകുന്നത് അതുകൊണ്ടാണ്. ആത്മാവിന്റെ പ്രവർത്തനങ്ങളോട് ചേർന്ന് നിൽക്കുവാൻ മനുഷ്യർക്ക് കഴിയണം. ദൈവത്തിനെതിരെ മർക്കടമുഷ്ടി പ്രയോഗിക്കുന്നവർ, ധാർഷ്ട്യത്തോടെ, അഹങ്കാരത്തോടെ ജീവിക്കുന്നവർ ആത്മാവിനെതിരെ പ്രവർത്തിക്കുന്നവരാണ്. കർത്താവിന്റെ അഭിഷിക്തർക്കെതിരെ പ്രാർത്ഥിക്കുന്നതും, അനീതിപരമായി, അനാവശ്യമായി, അകാരണമായി അവരെ വേദനിപ്പിക്കുന്നതും, തിരുസ്സഭയ്‌ക്കെതിരെ പ്രവർത്തിക്കുന്നതും പരിശുദ്ധാത്മാവിനെതിരെയുള്ള പാപമാകുന്നത്, സത്യമെന്തെന്നറിഞ്ഞിട്ടും അതിനെ നിഷേധിക്കുന്നതുകൊണ്ടാണ്. 

സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ ശക്തി നമ്മിലും, നമ്മുടെ കുടുംബങ്ങളിലും, ഇടവകയിലും നിറയുവാൻ നമുക്ക് ആഗ്രഹിച്ചു് പ്രാർത്ഥിക്കാം. പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്യാതെ, ആത്മാവിനാൽ നയിക്കപ്പെടുന്നവരാകാൻ നമുക്ക് ശ്രമിക്കാം. ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത്,

ഒന്ന്, ക്രിസ്തുവിന്റെ ശക്തി നമ്മിൽ അത്ഭുതങ്ങൾ പ്രവർത്തിക്കും. രണ്ട്, ക്രിസ്തുവിന്റെ പേരിൽ നേരിടേണ്ടിവരുന്ന അപമാനങ്ങളിൽ തളരാതിരിക്കുക. ഭാരതം ക്രൈസ്തവ friendly ആകുവാൻ പ്രാർത്ഥിക്കുക. മൂന്ന്, നമ്മിലെ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കാതിരിക്കുക. പരിശുദ്ധാത്മാവ് നിറഞ്ഞ വ്യക്തിയാകുക. ആമേൻ!

SUNDAY SERMON MT 25, 31-46

ഏലിയാ സ്ലീവാ മൂശേക്കാലം ഏഴാം ഞായർ

മത്തായി 25, 31-46

ഏലിയാ സ്ലീവാ മൂശേക്കാലം ഏഴാം ഞായറാഴ്ചയിലെ ഈ സുവിശേഷഭാഗം, അവസാന വിധിയെക്കുറിച്ചുള്ള ക്രൈസ്തവ കാഴ്ചപ്പാടാണ്.  മനോഹരമായ ഈ ദേവാലയത്തിൽ, സ്വച്ഛമായ, ദൈവാനുഗ്രഹം നിറഞ്ഞ അന്തരീക്ഷത്തിൽ, വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ട്, ഈ ഭൂമിയിലെ നമ്മുടെ ജീവിതത്തിന്റെ ഒരു നിമിഷത്തിൽ നമ്മെ തേടിയെത്തുന്ന മരണത്തെക്കുറിച്ച്, അതിനുശേഷം നാം അവശ്യം അഭിമുഖീകരിക്കേണ്ട അന്ത്യവിധിയെക്കുറിച്ച് നാം ചിന്തിക്കുകയാണ്.  ജനനവും, മരണവും അതിരിട്ട ഈ ഭൂമിയിലെ ജീവിതത്തിൽ എത്ര ജനനങ്ങൾ നാം കണ്ടു? എത്ര മരണങ്ങൾ നാം കണ്ടു? എന്നാൽ വേണ്ടവിധം കാണേണ്ട കാഴ്ചകൾ നാം കണ്ടുവോ? കാണേണ്ട കാഴ്ചകളിലേക്ക് കണ്ണുതുറക്കാനുള്ള ക്ഷണമാണ് ഇന്നത്തെ സുവിശേഷഭാഗം.

നാം കാണേണ്ട കാഴ്ചകളിൽ ഏറ്റവും മനോഹരമായ, ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മരണം. ഞാൻ ഇവിടെ പറയുന്ന സുവിശേഷ സന്ദേശം ഈ നിമിഷംതന്നെ ലോകത്തിന്റെ ഏതു ഭാഗത്തിരിക്കുന്ന വ്യക്തിക്കും കാണുവാനും കേൾക്കുവാനും സാധിക്കുന്നത്ര ലോകം അതിവേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നിങ്ങളും ഞാനും ജീവിക്കുന്നത്.  ഈ ഓട്ടത്തിൽ വിജയിക്കുന്നവവരുണ്ടാകാം. പരാജയപ്പെടുന്നവരുണ്ടാകാം. സമന്നാന്മാരുണ്ടാകും, ദരിദ്രരുമുണ്ടാകും. നാലാളുകൾക്കിടയിൽ പറയുവാൻ പറ്റുന്ന ജോലി നേടിയവരുണ്ട്, ഇന്നും ജോലിയ്ക്കായി പരക്കംപായുന്നവരുമുണ്ട്. പക്ഷേ, മനുഷ്യർ എത്ര സമ്പാദിച്ചാലും, എത്ര വലിയ അധികാര സ്ഥാനങ്ങളിൽ ഇരുന്നാലും, ഒരു കാര്യത്തിൽ മനുഷ്യരെല്ലാവരും തുല്യരാണ്: മരണത്തിന്റെ കാര്യത്തിൽ.

ഒരുപാട് സ്വപ്നങ്ങളുമായി ഓടിക്കൊണ്ടിരിക്കുന്ന ഈ ജീവിതത്തിൽ, സ്വന്തം മരണത്തെപ്പറ്റിയോ, സ്വന്തക്കാരുടെ മരണത്തെപ്പറ്റിയോ അല്പനേരമെങ്കിലും ചിന്തിക്കാത്തവരായി നമ്മളിൽ ആരുമുണ്ടാകില്ല. വീട്ടുകാരുടെയോ, ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ മരണവാർത്ത നമ്മെത്തേടിയെത്തുമ്പോൾ, അപ്രതീക്ഷിതമായി കടന്നുവരുന്ന നമ്മുടെ മരണത്തെക്കുറിച്ചു്, വീടിന്റെ ഹാളിലോ, ഉമ്മറത്തോ ഒരു കട്ടിലിലോ, ഫ്രീസറിലോ നമ്മൾ കിടക്കുന്നത്, ആത്മാവ് സ്വർഗത്തിലേക്ക് യാത്രയായപ്പോൾ അത് നോക്കി നിന്ന തുറന്ന കണ്ണുകൾ വീട്ടുകാരോ, നാട്ടുകാരോ അടയ്ക്കുന്നത്, തുറന്നുപോയ നമ്മുടെ വായ തുറന്നിരിക്കാതിരിക്കാൻ ഒരു ശീലകൊണ്ട്  കുടുംബക്കാരും, നാട്ടുകാരും ചേർന്ന് കൂട്ടി ക്കെട്ടുന്നത്, വിടർന്നുപോയ കാലുകൾ അകന്നുപോകാതിരിക്കുവാൻ രണ്ടുകാലിന്റെയും തള്ളവിരലുകൾ കൂട്ടിക്കെട്ടുന്നത്, വിവരമറിഞ്ഞ് കടന്നുവരുന്ന സ്വന്തക്കാരും ബന്ധുക്കളും കൂട്ടുകാരും വന്ന് നമ്മെ നോക്കി കരയുന്നത്…അവസാനം നമ്മൾ ഒറ്റയ്ക്കാകുന്ന കുഴിമാടവും അവിടെയുള്ള ജീവിതവും..എല്ലാം അല്പനേരമെങ്കിലും നാം ഭാവനചെയ്തുകാണും.

ആർക്കൊക്കെ വെറുപ്പുണ്ടെങ്കിലും, ആരൊക്കെ ഇഷ്ടപ്പെടുന്നില്ലെങ്കിലും മരണം നമ്മെ തിരിച്ചുകൊണ്ടുപോകുകയാ. ഒരിക്കലും നമ്മുടെ ആഗ്രഹങ്ങളും, ഇഷ്ടങ്ങളും പൂർത്തീകരിച്ചിട്ടല്ല ദൈവം നമ്മെ തിരിച്ചുവിളിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ നാമൊന്നും മരിക്കുകപോലുമില്ലായിരുന്നു. കാരണം, അത്രയും സ്വപ്നങ്ങളും, ആഗ്രഹങ്ങളുമായിട്ടാണ് നാം നടക്കുന്നത്. ഇന്നും, പെട്ടെന്നുള്ള മരണവാർത്തകൾ കേൾക്കുമ്പോൾ, നമ്മുടെ പ്രാർത്ഥന, ഈശോയെ എന്റെ മക്കളെ ഒന്നൊരു കരയ്‌ക്കെത്തിച്ചിട്ട് എന്നെ അങ്ങോട്ട് വിളിച്ചാമതികെട്ടോ എന്നായിരിക്കും. എന്നാൽ, അതൊന്നും പരിഗണിക്കാതെ, ഈ ഭൂമിയിലെ നമ്മുടെ ജീവിതം അവസാനിച്ചാൽ നാം തിരികെപോകേണ്ടിവരും. അത്, കുട്ടിയായിരുന്നാലും, യുവത്വത്തിലായിരുന്നാലും, എഴുപത് കഴിഞ്ഞാലും നാം തിരിച്ചുപോകേണ്ടിവരും. ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും നെഞ്ചിൽപേറി അവസാനം ചിലതൊക്കെ നേടി, ചിലതൊക്കെ നേടാതെ ഈ മണ്ണിലേക്ക് പോകുമ്പോൾ ആ യാത്രയെക്കുറിച്ച് ആയുസ്സിന്റെ ഓരോ സെക്കണ്ടും ഞാനും നിങ്ങളും ചിന്തിക്കേണ്ടതുണ്ട്.

എന്നാൽ, ഓരോ മനുഷ്യനിലേക്കും അവശ്യം വന്നെത്തുന്ന മരണത്തെക്കുറിച്ചല്ല ഇന്നത്തെ സുവിശേഷം നമ്മെ ഓർമിപ്പിക്കുന്നത്. പിന്നെയോ, ഓരോ മനുഷ്യനും, മരണശേഷം അഭിമുഖീകരിക്കേണ്ട അന്ത്യവിധിയെക്കുറിച്ചാണ്. ഈ ലോകത്തിന് ഒരവസാനമുണ്ടെന്നും, മനുഷ്യപുത്രൻ തന്റെ മഹത്വത്തിൽ വനമേഘങ്ങളിൽ വീണ്ടും വരുമെന്നും, അപ്പോൾ അവിടുന്ന് ഭൂമിയിലെ ആദ്യംമുതലുള്ള, ഒരറ്റം മുതൽ മറ്റേയറ്റംവരെയുള്ള മനുഷ്യരെയെല്ലാം ഒരുമിച്ചുകൂട്ടി, നല്ലവരെ തന്റെ വലതുവശത്തും, ദുഷ്ടരെ തന്റെ ഇടതുവശത്തും നിർത്തി അവരുടെ ചെയ്തികളെ വിധിക്കുമെന്നും നാം വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ലോകാവസാനത്തിന് മൂന്ന് കാര്യങ്ങൾ പൂർത്തീകരിക്കപ്പെടേണ്ടതുണ്ടെന്നാണ് ഈശോ പറയുന്നത്. ഒന്ന്, ‘ദൈവരാജ്യത്തിന്റെ സുവിശേഷം ലോകത്തിന്റെ എല്ലാ അതിർത്തികളിലും പ്രസംഗിക്കപ്പെടണം. അപ്പോൾ അന്ത്യമാകും. രണ്ട്, എല്ലാ ആടുകളും തന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിൻപറ്റവും ഒരിടയനുമാകും. (യോഹ 10, 16) മൂന്ന്, സകല ജനങ്ങളും (യഹൂദരടക്കം) ക്രിസ്തു ദൈവമാണെന്ന് ഏറ്റുപറയും. ഈ മൂന്ന് കാര്യങ്ങൾ സംഭവിക്കുമ്പോൾ ലോകാവസാനമാകും. ലോകാവസാനത്തിൽ അന്ത്യവിധിയുമുണ്ടാകും.  

മരണം എല്ലാ മനുഷ്യരെയും ബാധിക്കുന്ന ഒരു യാഥാർഥ്യമായതുകൊണ്ട് അതിനെകുറിച്ച് ഈശോ സംസാരിക്കുന്നില്ല. അന്ത്യവിധിയെക്കുറിച്ചാണ് ഈശോ പറയുന്നത്. എല്ലാ സ്വപ്നങ്ങളെയും തകർത്തുകൊണ്ട് കടന്നുവരുന്ന മരണത്തെയാണോ, അതോ, സംഭവിക്കാനിരിക്കുന്ന അന്ത്യവിധിയെയാണോ മനുഷ്യൻ ഭയക്കുന്നത്? അന്ത്യവിധിയെക്കുറിച്ചു് മതഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നതല്ലാതെ, അതിൽ വിശ്വസിക്കുന്നതല്ലാതെ ഒന്നും അറിയാൻ പാടില്ലാത്തതുകൊണ്ടാകും അന്ത്യവിധിയെക്കുറിച്ചു് നാം അധികം ചിന്തിക്കാത്തത്.

കോട്ടയം വടവാതൂർ സെമിനാരിയിൽ എന്നെ പഠിപ്പിച്ച അദ്ധ്യാപകൻ അച്ചനെ അദ്ദേഹത്തിന്റെ അവസാനനാളുകളിൽ ഞാൻ കാണുവാൻ ചെന്നു. പലതും സംസാരിച്ച കൂട്ടത്തിൽ മരണത്തെക്കുറിച്ചും അദ്ദേഹം തന്റെ ചിന്തകൾ പങ്കുവച്ചു. അതിനിടയിൽ അദ്ദേഹം കരയുവാൻ തുടങ്ങി. ഒട്ടു പ്രതീക്ഷിക്കാത്ത ഒരു രംഗമായതുകൊണ്ടും, ഞാൻ ഏറെ ബഹുമാനിക്കുന്ന വൈദികനായതുകൊണ്ടും, ആധ്യാത്മികമായി വളരെ ഉന്നതിൽ നിൽക്കുന്ന അച്ചനായതുകൊണ്ടും എന്നെ അത് അത്ഭുതപ്പെടുത്തി. ” എന്താ, അച്ചന് മരിക്കുവാൻ പേടിയാണോ?” എന്ന് ഞാൻ ചോദിച്ചപ്പോൾ, കരച്ചിലടക്കി വെറുതെ ഒന്ന് ചിരിച്ചിട്ട്, അദ്ദേഹം പറഞ്ഞു: “മരിക്കാൻ എനിക്ക് ഒട്ടും പേടിയില്ല.” നമുക്കൊക്കെ മരണം പേടിയാണ്. മരണത്തെ ഞാനും നിങ്ങളും പേടിക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം ആഞ്ഞുവലിക്കുന്ന ശ്വാസത്തോടൊപ്പം വാരിയെല്ലിന്റെ ഉള്ളിലൂടെ കൊത്തിപ്പറിക്കുന്ന ഒരു വേദന തോന്നിയാൽ നമ്മളിൽ പലരും പകുതി മരിക്കാൻ തുടങ്ങും. അടുത്തുള്ള ആശുപത്രിയിൽ ചെന്ന് ECG തുടങ്ങിയ എല്ലാ ടെസ്റ്റുകളും, സ്കാനിംഗും കഴിഞ്ഞ്, കുഴപ്പമൊന്നുമില്ല, ഗ്യാസാണ് എന്ന് ഡോക്ടർ പറയുന്നതുവരെ എത്രപ്രാവശ്യം നമ്മൾ മരിച്ചുകാണും! നമുക്കൊക്കെ മരണത്തെ പേടിയാണ്. ആ വൈദികൻ പറഞ്ഞു:  “മരിക്കാൻ എനിക്ക് ഒട്ടും പേടിയില്ല. ഞാൻ ഭയക്കുന്നത് അന്ത്യവിധിയെയാണ്? അച്ചൻ കയ്യിലിരുന്ന തോർത്തുകൊണ്ട് തന്റെ കണ്ണീർ തുടച്ചു.

വിശുദ്ധനായ ഒരു വൈദികനെപ്പോലും അന്ത്യവിധി ഭയപ്പെടുത്തുന്നുണ്ടെങ്കിൽ, നാം, സാധാരണക്കാരായ ക്രൈസ്തവർ എത്രമാത്രം അന്ത്യവിധിയെ ഭയക്കണം? അവസാന യാത്രതുടങ്ങിയശേഷം ദൈവപുത്രന്റെ സന്നിധിയിൽ എത്തുന്നതുവരെയുള്ള യാത്ര അവസാനിക്കുന്നത് സ്വർഗ്ഗമോ നരകമോ എന്ന വലിയ ചോദ്യത്തിന്റെ മുൻപിലാണ്. അതേ, പ്രിയപ്പെട്ടവരേ, അമ്മയുടെ ഗർഭപാത്രത്തിന്റെ ഇരുട്ടിൽ നിന്ന് നിശ്ചയിക്കപ്പെട്ട ആറടിമണ്ണിന്റെ ഇരുട്ടിലേക്കുള്ള യാത്രയ്ക്കിടയിലെ തുച്ഛമായ ഒരു ലോകം. അത് മാത്രമാണ് ഈ ജീവിതം. ആ ഇരുട്ടുകൾക്കിടയിലുണ്ടായിരുന്ന വെളിച്ചം അവസാനിക്കുന്ന മരണത്തിനുശേഷം അന്ത്യവിധിയായി! വിശുദ്ധനായ വൈദികനെപ്പോലും അന്ത്യവിധി ഭയപ്പെടുത്തുന്നുണ്ടെങ്കിൽ, അന്ത്യവിധിയുടെ യാത്രയിലേക്കുള്ള മരണം ഏത് സെക്കന്റിലും നമ്മെയും തേടിയെത്തും. മരണം നമ്മുടെ വാതിൽക്കലുണ്ട്, മരണം നമ്മുടെ ചെരിപ്പിനടിയിലുണ്ട്. മരണം നമ്മുടെ പിന്നാലെയുണ്ട്. മരണം ഞാൻ ഓടിക്കുന്ന വാഹനത്തിന്റെ പിന്നാലെയുണ്ട്. മരണം ഞാൻ കഴിക്കുന്ന ഭക്ഷണത്തോടൊപ്പമുണ്ട്. മരണം ഞാൻ കുടിക്കുന്ന വെള്ളത്തോടൊപ്പമുണ്ട്. ആ മരണത്തിനുശേഷം, നമ്മുടെ വീട്ടുകാരും അയൽവക്കക്കാരും നമ്മോട് ചെയ്യാനുള്ള കടമകളെല്ലാം ചെയ്യും. അടഞ്ഞുപോയ നമ്മുടെ കണ്ണുകളിലേക്ക് അവരൊന്ന് നോക്കും. നമ്മുടെ സഹോദരങ്ങളെ, മക്കളെ തോളിൽ തട്ടി ആശ്വസിപ്പിക്കും. എന്നിട്ട് വലിച്ചുകെട്ടിയ ടാർപായയുടെ അടിയിലെ കസേരയിലിരുന്ന് അവർ നമുക്ക് വേണ്ടി പ്രാർത്ഥിക്കും. “കർത്താവേ, അന്ത്യവിധിയുടെ നാളിൽ ഈ ആത്മാവിനോട് കരുണകാണിയ്ക്കണമേ. നീ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുവാൻ കഴിവ് കൊടുക്കണേ കർത്താവേ”

സ്നേഹമുള്ളവരേ, മരണം നമ്മെ ഭയപ്പെടുത്തേണ്ടതില്ല; .ഭയക്കേണ്ടത്  അന്ത്യവിധിയെയാണ്. മനുഷ്യരേ, ഈ കാണാവുന്ന പവറും പത്രാസും ഈ ലോകത്തിലേയുള്ളു. പണംകൊണ്ടും, അധികാരംകൊണ്ടും, ശക്തികൊണ്ടും എഴുന്നേറ്റുനിൽക്കാനുള്ള പവർ ഈ മണ്ണിന്റെ മുകളിലേയുള്ളു. ആറടിമണ്ണിൽ വച്ചാൽ ഒന്ന് എഴുന്നേറ്റിരിക്കാൻപോലും സാധിക്കില്ല. അന്ത്യവിധിനാളിൽ ക്രിസ്തു ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം കൊടുക്കുവാൻ കഴിവ് കിട്ടണമെങ്കിൽ അവിടുത്തെ കരുണയുണ്ടാകണം.

ചോദ്യങ്ങൾ വലതുവശത്തു നിൽക്കുന്നവർക്കും, ഇടതുവശത്തുനിൽക്കുന്നവർക്കും ഒരുപോലെയാണ്. നീ പാശ്ചാത്യനാണോ, പൗരസ്ത്യനാണോ എന്നതായിരിക്കല്ല ചോദ്യം; നീ യൂറോപ്പ്യനാണോ, ചൈനക്കാരനാണോ, ഏഷ്യാക്കാരനാണോ എന്നുമായിരിക്കില്ല ചോദ്യം; നീ മലയാളിയോ, ബംഗാളിയോ, തമിഴ്നാട്ടുകാരനോ, ആന്ധ്രാക്കാരനോ എന്നൊന്നും ചോദ്യമുണ്ടാകില്ല. നീ നേടിയെടുത്ത ഡിഗ്രികളെക്കുറിച്ചോ, നീ വെട്ടിപ്പിടിച്ച രാജ്യങ്ങളെക്കുറിച്ചോ, നീ നടത്തിയ വിപ്ലവങ്ങളെക്കുറിച്ചോ ചോദ്യമുണ്ടാകില്ല. വിധിയാളനായ ക്രിസ്തു നമ്മോട് ചോദിക്കുന്ന ഒരേയൊരു ചോദ്യം, ഉത്തരങ്ങൾക്ക് multiple choice ഇല്ലാത്ത ഒരേയൊരു ചോദ്യം ഇതായിരിക്കും: “എന്റെ ഈ എളിയവരിൽ എന്നെക്കണ്ട് അവർക്ക് നന്മചെയ്തുവോ? എന്റെയീ എളിയവർ, കാരാഗൃഹത്തിലായിരുന്നപ്പോൾ അവരെ സന്ദർശിച്ചുവോ? എന്റെയീ എളിയവർ നഗ്നരായിരുന്നപ്പോൾ അവരെ ഉടുപ്പിച്ചുവോ? അവർ വിശന്നപ്പോൾ അവർക്ക് ഭക്ഷണം കൊടുത്തുവോ? അവർ ദാഹിച്ചു നടന്നപ്പോൾ അവർക്ക് കുടിക്കാൻ കൊടുത്തുവോ? എന്നൊക്കെ വിശദീകരിച്ചു് ചോദിക്കുമ്പോൾ, ഈശോയേ, ഈ ലോകത്തിന്റെ പിന്നാലെ പോയതുകൊണ്ട്, സിനിമാക്കാരുടെ പളപളപ്പിന്റെ പിന്നാലെ പോയതുകൊണ്ട്, രാഷ്ട്രീയക്കാരന്റെ വിടുവായത്തത്തിന്റെ പിന്നാലെ പോയതുകൊണ്ട്, മൊബൈലിൽ തോണ്ടിക്കൊണ്ടിരുന്നതുകൊണ്ട്, ജോഷ്‌, സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം തുടങ്ങിയയ്ക്ക് പിന്നാലെ പോയതുകൊണ്ട് ഇതൊന്നും എനിക്ക് ചെയ്യാൻ സാധിച്ചില്ല എന്ന് പറയുവാൻ ഇടവന്നാൽ അന്ത്യവിധി ഭയാനകമായിരിക്കും പ്രിയപ്പെട്ടവരേ!

അപ്പോൾ നാം ആരെ വിളിച്ചാലും ഒരു കാര്യവുമുണ്ടാകില്ല. നീ നിന്റെ സൈന്യത്തെ വിളി, നിന്റെ കയ്യിലുണ്ടായിരുന്ന പണത്തെ, അധികാരത്തെ വിളി, ആരെയൊക്കെയോ തോൽപ്പിക്കുവാൻ വേണ്ടി, ആരെയൊക്കെയോ നശിപ്പിക്കുവാൻവേണ്ടി, നിന്റെ അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ കോടി ഉയരങ്ങളിൽ ഉയർത്തുവാൻവേണ്ടി നിന്നോടൊപ്പം നിന്നവരെ വിളി. ആരെ വിളിച്ചാലും നിന്റെ വിളികളെല്ലാം നിഷ്ഫലമാകുന്ന ദാരുണ മുഹൂർത്തമാണത്. അവിടെ നിന്നെ രക്ഷിക്കുവാൻ നീ ഈ ഭൂമിയിൽ ചെയ്ത നന്മകൾക്കുമാത്രമേ നിന്നെ രക്ഷിക്കുവാൻ സാധിക്കൂ.

ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ ചൈതന്യവുമായി ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്ന അന്ത്യവിധിയെക്കുറിച്ചുള്ള ചിന്തകൾ സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാൻ കെൽപ്പുള്ളതാണ്. ദൈവത്തിന്റെ വചനത്തിന്റെ സന്ദേശം നമ്മുടെ ജീവിതത്തെ ചിട്ടപ്പെടുത്തുവാൻ, നമ്മെ നന്മയിലൂടെ നടത്തുവാൻ ഉദ്ദേശിച്ചുള്ളതാണ്. ഞാൻ എന്റെ തോന്നലുകൾക്കനുസരിച്ചു് ജീവിക്കുമെന്ന പൈശാചികമായ ചിന്താഗതി ഉപേക്ഷിച്ചു് അന്ത്യവിധിയിൽ ഈശോയുടെ ചോദ്യത്തിന് നല്ല ഉത്തരം നൽകുന്നതിനുള്ള പുറപ്പാടുകളായിരിക്കട്ടെ ഇനിയുള്ള നമ്മുടെ ജീവിതം.

അന്ത്യവിധി നാളിൽ ഈശോ ചോദിക്കുന്ന ഈയൊരു ചോദ്യം എപ്പോഴും നമ്മുടെ മനസ്സിലുണ്ടായിരിക്കട്ടെ. നമുക്ക് ദൈവം നൽകുന്ന എല്ലാ അനുഗ്രഹങ്ങളും, കഴിവുകളും, സമ്പത്തും, സ്ഥാനമാനങ്ങളും, അവസരങ്ങളും ഈയൊരു ചോദ്യത്തിന് നല്ല ഉത്തരം കൊടുക്കുവാൻ നാം ഉപയോഗിക്കണം. അതിനുള്ള അനുഗ്രഹം വിശുദ്ധ കുർബാനയുടെ ഈശോ നമുക്ക് നൽകട്ടെ. ആമേൻ!

SUNDAY SERMON JN 12, 27-36

ഏലിയാ സ്ലീവാ മൂശേക്കാലം ആറാം ഞായർ

സ്ലീവാക്കാലം മൂന്നാം ഞായർ

യോഹന്നാൻ 12, 27-36

വിശുദ്ധ യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 12 വായിച്ചുകഴിയുമ്പോൾ നമ്മുടെയൊക്കെ മനസ്സിൽ സ്വതവേ തോന്നുന്ന ചിന്ത ഇതായിരിക്കും: ജീവിതത്തിന്റെ പെരുവഴിയിൽ വലിച്ചെറിയപ്പെടുന്നവന്റെ വികാരം! ശരിയാണ്, ഈശോ വിഷമിക്കുന്നുണ്ട്.  തന്റെ ആത്മാവ് അസ്വസ്ഥമാണെന്ന് ഈശോ തന്നെ പറയുന്നുണ്ട്. എങ്കിലും, സഹനത്തിലൂടെ മാത്രമേ തന്നിലെ ദൈവത്വം ലോകത്തിന് മുന്നിൽ പ്രകടമാകുകയുള്ളു എന്ന് ഈശോയ്ക്കറിയാമായിരുന്നു. അതുകൊണ്ടാണല്ലോ ‘ആ മണിക്കൂറിലേക്ക് പ്രവേശിക്കുന്നതിന് താൻ തയ്യാറാണെന്ന്’ ഈശോ പറയുന്നത്. അതുതന്നെയാണ് ഈ അധ്യായത്തിന്റെ വൈശിഷ്ട്യവും.

ഈശോ ഈ ലോകത്തിലേക്ക് വന്നത് ലോകത്തെ, മനുഷ്യവർഗത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല, രക്ഷയിലേക്ക് വീണ്ടെടുക്കുവാനാണ്. രക്ഷയ്ക്കായി ഈശോ നമുക്ക് നൽകുന്ന മാർഗം സഹനമാണ്. ബുദ്ധമതസ്ഥാപകനായ ശ്രീ ബുദ്ധൻ രക്ഷയ്ക്കായി നൽകുന്നത് ധ്യാനമെന്ന മാർഗമാണ്. ധ്യാനത്തിലൂടെ രക്ഷ, Enlightenment എന്നതായിരുന്നു ബുദ്ധൻ നിർദ്ദേശിച്ച മാർഗം. ഭാരതത്തിന്റെ രക്ഷ, സ്വാതന്ത്ര്യം എന്ന ലക്‌ഷ്യം നേടിയെടുക്കുവാൻ മഹാത്മാഗാന്ധി നിർദ്ദേശിച്ചത് അഹിംസയുടെ മാർഗമാണ്. കമ്മ്യൂണിസത്തിന്റെ ആചാര്യനായ കാറൽമാർക്‌സാകട്ടെ ഹിംസയുടെ മാർഗമാണ് നിർദ്ദേശിച്ചത്. മനുഷ്യരക്ഷയ്ക്കായി ക്രിസ്തു നിർദ്ദേശിക്കുന്നത് സഹനമാണ്. മഹത്വത്തിലേക്ക്, നന്മയിലേക്ക് പ്രവേശിക്കണമെങ്കിൽ നാം സഹനത്തിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ ചൈതന്യമെന്നത് “ഗോതമ്പുമണിപോലെ അഴിയുക, ഇല്ലാതായിത്തീരുക എന്നതാണ്.” ഇവിടെ സഹനമെന്നത് ഭൂമിയിലെ ജീവിതത്തെ മഹത്വപ്പെടുത്തുന്ന ചവിട്ടുപടികളായി മാറുകയാണ്. പരാതികളില്ലാത്ത, പരിദേവനങ്ങളില്ലാത്ത സഹനമാണ് ക്രിസ്തുവിൽ നാം കാണുക. പ്രപഞ്ചത്തിന്റെ തുടിപ്പും പരിഭവമില്ലാത്ത, പിറുപിറുപ്പുകളില്ലാത്ത സഹനമാണ്. അമ്മയുടെ ഈറ്റുനോവിന്റെ നിലവിളികളിൽ എവിടെയാണ് പരിഭവം? ശിശുവിനെ പ്രസവിച്ച ശേഷം സന്തോഷം നിമിത്തം ആ വേദന പിന്നീടവൻ ഓർക്കുന്നതേയില്ല.

വിശുദ്ധ യോഹന്നാന്റെ സുവിശേഷം പന്ത്രണ്ടാം അധ്യായത്തിന്റെ essence, ചൈതന്യം ജീവിതത്തിന്റെ പെരുവഴിയിൽ വലിച്ചെറിയപ്പെടുന്നവന്റെ വികാരമല്ല, ഈശോയുടെ മഹത്വപ്പെടലാണ്; അതിലൂടെ പിതാവായ ദൈവത്തിന്റെ മഹത്വമാണ്. പന്ത്രണ്ടാം അധ്യായത്തിന്റെ ആരംഭത്തിലെ പാപിനിയായ സ്ത്രീയുടെ തൈലാഭിഷേകവും, ഒലിവില ചില്ലകളും ഓശാനവിളികളുമായി ഈശോയെ സ്വീകരിച്ചാനയിക്കലും ഈശോയെ ദൈവമായി, രാജാവായി സ്വീകരിക്കുന്നതിന്റെ വിവരണങ്ങളാണ്. അതിനുശേഷമാണ് ഈശോ തന്റെ തന്നെ മഹത്വപ്പെടലിനെക്കുറിച്ചു് പറയുന്നത്. ഈശോ ഉടനെ കൂട്ടിച്ചേർക്കുന്നത് “പിതാവേ, നിന്റെ നാമത്തെ നീ മഹത്വപ്പെടുത്തണമേ” എന്നാണ്. അപ്പോൾ സ്വർഗം അതിനെ സ്ഥിരീകരിക്കുകയാണ്. സ്വർഗത്തിൽ നിന്ന് ഒരു സ്വരമുണ്ടാകുന്നു. ഈശോയുടെ ജീവിതത്തിന്റെ പ്രത്യേക സാഹചര്യങ്ങളിൽ സ്വർഗ്ഗത്തിന്റെ സവിശേഷ ഇടപെടലുകൾ ഉണ്ടാകുന്നുണ്ട്. ഈശോയുടെ മാമ്മോദീസാവേളയിൽ, താബോർമലയിലെ രൂപാന്തരീകരണവേളയിൽ, ഇതാ ഇപ്പോൾ തന്നിലൂടെയുള്ള പിതാവായ ദൈവത്തിന്റെ മഹത്വീകരണത്തെക്കുറിച്ചു് പറയുമ്പോൾ സ്വർഗം അതിനെ സ്ഥിരപ്പെടുത്തുകയാണ്. ഈശോയുടെ സാന്നിധ്യത്തെ, അവിടുത്തെ പ്രവർത്തനങ്ങളെ, സുവിശേഷ പ്രഘോഷണത്തെ സാധൂകരിക്കുന്നതാണ് ഈ ശബ്ദം. പിതാവായ ദൈവത്തിന്റെ ഉറപ്പാണ് ഈ ശബ്ദം. ഈശോ കന്യകയിൽ നിന്ന് ജനിക്കണമെന്നുള്ള ദൈവത്തിന്റെ പദ്ധതിയുടെ, അവിടുത്തെ അത്ഭുതപ്രവൃത്തികൾ ദൈവരാജ്യത്തിന്റെ അടയാളങ്ങളാണെന്ന പദ്ധതിയുടെ ഉറപ്പിക്കലാണ് ഈ ശബ്ദം. ഈശോയെ റോമൻ കുരിശിൽ തറയ്ക്കുകയെന്നത് രക്ഷാകരപദ്ധതിയിൽപെട്ടതാണ്. ഈശോയെ ഒരു കുഴിമാടത്തിൽ സംസ്കരിക്കുകയെന്നതും, മൂന്നാം ദിവസം ഈശോ ഉയിർത്തെഴുന്നേൽക്കുകയെന്നതും പിതാവിന്റെ പദ്ധതിയാണ്. ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ സഹനം മഹത്വത്തിലേക്കുള്ള വഴിയാണ്. സഹനത്തിന് എന്നും ഇപ്പോഴും ഒരു സ്വഭാവം തന്നെയാണെങ്കിലും ക്രൈസ്തവരതിനെ രക്ഷാകരമാക്കുകയാണ്.

ഇന്നത്തെ സുവിശേഷത്തിന്റെ മുഖ്യ സന്ദേശം മനുഷ്യപുത്രൻ ഉയർത്തപ്പെടണം എന്നതാണ്. ഈ “ഉയർത്തപ്പെടൽ” പക്ഷേ, സഹനത്തിലൂടെ, കുരിശുമരണത്തിലൂടെ മാത്രമേ നടക്കുകയുള്ളൂ. “ഞാൻ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാ ആളുകളെയും എന്നിലേക്ക് ആകർഷിക്കും” എന്ന ഈശോയുടെ വചനത്തിനുശേഷം, സുവിശേഷകൻ ഉടനെ കൂട്ടിച്ചേർക്കുന്നത് “തൻ ഏതുതരം മരണത്താൽ മരിക്കാൻ പോകുന്നുവെന്ന് കാണിക്കാനാണ് അവൻ ഇത് പറഞ്ഞത് എന്നാണ്. ഈശോയുടെ  കാര്യത്തിൽ ഉയർത്തപ്പെടുക എന്നത് ക്രൂശിയ്ക്കപ്പെടുക എന്നതാണ് അർത്ഥം. എന്നാൽ, ഇന്ന് നാം മനസിലാക്കുക ഈശോയുടെ ദൈവത്വം ഇതൾവിടർന്നത് കുരിശുമരണമെന്ന യാഥാർഥ്യംകൊണ്ട് മാത്രമല്ല എന്നാണ്. സഹനത്തിന്റെ വഴിയിൽ ദൈവത്തിന്റെ ഇഷ്ടത്തോടൊപ്പം നടന്നപ്പോഴാണ് ഈശോയുടെ സഹനങ്ങൾ രക്ഷാകരമായിത്തീർന്നത്. അല്ലെങ്കിൽ കുരിശുമരണംപോലും വ്യർത്ഥമായിപ്പോകുമായിരുന്നു!!!

ഉയർത്തപ്പെടലിന്റെ, നന്മയുടെ, ഉത്തമമായ സന്തോഷത്തിന്റെ, സമൃദ്ധിയുടെ വഴി സഹനത്തിന്റെ വഴിയാണെന്ന് ഈശോ നമ്മെ പഠിപ്പിച്ചതിനെ ശരിവയ്ക്കുകയാണ് ഈ പ്രപഞ്ചം, പ്രപഞ്ചത്തിലെ വിസ്മയങ്ങൾ. “പ്രപഞ്ചത്തെ ഒന്ന് വീക്ഷിക്കൂ … മനോഹരമായതെന്തും ഫലപ്രദമായതെന്തും ഈ ഭൂമിയിലേക്ക് കടന്നുവരുന്നത് വളരെ ക്ലേശം നിറഞ്ഞ പ്രയത്നത്തിലൂടെയാണ്. ഒരു പുതു നാമ്പ്, വിടർന്നു നിൽക്കുന്ന ഒരു പൂവ്, ഫലം ചൂടി നിൽക്കുന്ന ഒരു വൃക്ഷം – ചോദിച്ചു നോക്കൂ അവർ കടന്നു വന്ന വാതിലുകളെക്കുറിച്ച്! അവർക്കു പറയാനുള്ളത് ഇടുങ്ങിയ വാതിലുകളുടെ കഥകളായിരിക്കും. ഇനി, നമ്മുടെ തന്നെ നേട്ടങ്ങളെക്കുറിച്ചു, വിജയങ്ങളെക്കുറിച്ചു, നമ്മുടെ കുടുംബത്തിന്റെ വളർച്ചയെക്കുറിച്ചു ഓർത്താലും കടന്നുവന്ന ഇടുങ്ങിയ വാതിലുകളുടെ കഥകളായിരിക്കും നമുക്കും പറയാനുണ്ടാവുക. മഹാകവി ഉള്ളൂർ തന്റെ “നവയുഗോദയം” എന്ന കവിതയിൽ ജലത്തിന്റെയും, സ്വർണത്തിന്റെയും ഇടുങ്ങിയ വാതിലുകളെക്കുറിച്ച് പാടുന്നുണ്ട്. “പാറയ്ക്കുമേൽ തട്ടിയുടഞ്ഞുവേണം/പാനാർഹമായി സരിതാംബു തീരാൻ/ഇരുട്ട് തിങ്ങും ഖനി വിട്ടുവേണം/ഹീരം നൃപൻ തൻ മകുടത്തിൽ മിന്നാൻ.” “

സഹനം അവസാനമല്ല, ആരംഭമാണ്- ദൈവമഹത്വത്തിന്റെ, പുതുജീവിതത്തിന്റെ ആരംഭം. സഹനം തകർച്ചയല്ല, ആദ്യപടിയാണ് – ഉയർത്തപ്പെടലിന്റെ ആദ്യപടി. മരണം, സഹനം അവസാനമല്ലെന്നും, ഉത്ഥാനമാണ്, ഉയിർപ്പാണ്, മഹത്വപ്പെടലാണ് അവസാനവാക്കെന്നും അറിയുന്ന ക്രൈസ്തവരാണ് യഥാർത്ഥ ക്രൈസ്തവർ. വിശുദ്ധരുടെ, രാക്ഷസാക്ഷികളുടെ ജീവിതങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് നാമെല്ലാവരും ഉയർത്തപ്പെടുമെന്ന് തന്നെയാണ്.

എന്നാൽ, ഉയർത്തപ്പെടണമെങ്കിൽ, തകർച്ചയിലൂടെ കടന്നുപോകുമ്പോൾ, ക്രൂശുമരണത്തിൽപോലും ദൈവമഹത്വം പ്രകടമാക്കണമെങ്കിൽ എന്താണ് വേണ്ടത്? ഉത്തരം പഴയനിയമത്തിലെ ജോസഫിന്റെ ജീവിതത്തിലുണ്ട്. ഇന്നത്തെ ഒന്നാം വായനയിൽ നാം കണ്ട ജോസഫ് തകർച്ചയുടെ, സഹനത്തിലൂടെ കടന്നുപോയവനാണ്. വചനം പറയുന്നു: ‘ദൈവത്തിന്റെ ആത്മാവ് ഉണ്ടായിരുന്നതുകൊണ്ട് ദൈവം അവനെ ഉയർത്തി.’ സഹനത്തിന്റെ, കുരിശിന്റെ വഴികളിലൂടെ കടന്നുപോകുമ്പോഴും, അവയെ രക്ഷാകരമാക്കണമെങ്കിൽ നാം ദൈവാത്മാവിനാൽ നിറഞ്ഞവരാകണം. ദാവീദ് ദൈവാത്മാവിനാൽ നിറഞ്ഞ വേളകളിലെല്ലാം ദൈവം അദ്ദേഹത്തെ ഉയർത്തുകയും, ദൈവാത്മാവ് ഇല്ലാതെ ജീവിച്ചപ്പോൾ ദൈവം അദ്ദേഹത്തെ താഴ്ത്തുകയും ചെയ്തു.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം ഉയർത്തപ്പെടലിന്റെ സുവിശേഷമാണ്. അതിനുള്ള മാർഗം സഹനത്തിന്റെ, കുരിശിന്റെ മാർഗമാണ്. നാലപ്പാട്ട് നാരായണമേനോൻ തന്റെ കണ്ണുനീർത്തുള്ളി എന്ന കവിതയിൽ പാടുന്നപോലെ,

“ഉരുക്കിടുന്നു മിഴിനീരിലിട്ട് / മുക്കുന്നു മുറ്റും ഭുവനൈക ശില്പി / മനുഷ്യഹൃത്താം കനകത്തെയേതോ / പണിത്തരത്തിന്നു പയുക്തമാക്കാൻ.” 

മനുഷ്യഹൃത്താകുന്ന സ്വർണം അഗ്നിയിലൂടെ, സഹനത്തിലൂടെ,

കുരിശിലൂടെ കടന്നുപോയെങ്കിൽ മാത്രമേ, ദൈവമഹത്വം പ്രകടമാക്കുന്ന ഒന്നായി മാറുകയുള്ളുവെന്ന സത്യം ഒരിക്കലും മറക്കാതിരിക്കാം. നമ്മുടെ ജീവിതത്തെ, ജീവിതത്തിലെ സഹനങ്ങളെ രക്ഷാകരമാക്കുവാൻ ഇന്നത്തെ സുവിശേഷ സന്ദേശം നമ്മെ സഹായിക്കട്ടെ. ആമേൻ!