Category Archives: Sunday sermon

SUNDAY SERMON MT 19, 23-30

പള്ളിക്കൂദാശാക്കാലം രണ്ടാം ഞായർ

പുറപ്പാട് 6, 1-8

ഏശയ്യാ 49, 1-7

1 പത്രോസ് 1, 3-7

മത്തായി 19, 23-30

പള്ളിക്കൂദാശാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയാണിന്ന്. നമുക്കെല്ലാം സുപരിചിതവും, എന്നാൽ വ്യക്തമായി മനസ്സിലാക്കാൻ ഇതുവരെ സാധിക്കാത്തതുമായൊരു സുവിശേഷഭാഗമാണ് വിചിന്തനത്തിനായി തിരുസ്സഭ ഇന്ന് നമുക്ക് നൽകിയിരിക്കുന്നത്. ക്രിസ്തു സമ്പന്നർക്കെതിരാണെന്നും, അവർക്ക് സ്വർഗ്ഗരാജ്യം നേടാൻ സാധിക്കുകയില്ലെന്നുമൊക്കെ വ്യാഖ്യാതാക്കൾക്ക് പറയുവാൻ സാഹചര്യമൊരുക്കുന്ന ഒരു സുവിശേഷഭാഗമാണിത്. എന്നാൽ, ക്രിസ്തുവിനെ നേടുവാൻ, സ്വർഗ്ഗരാജ്യം സ്വന്തമാക്കുവാൻ, സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കുവാൻ നാം, ചെറിയവരും, വലിയവരും, സമ്പന്നരും, ദരിദ്രരും, എന്തുചെയ്യണമെന്ന് വളരെ വ്യക്തമായി ഈശോ ഇവിടെ പഠിപ്പിക്കുകയാണ്. ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദേശം ഇതാണ്: ഉപേക്ഷിക്കുക. എല്ലാ ഭാരങ്ങളും, ചമയങ്ങളും, കൂടെകൊണ്ടുനടക്കുന്ന ചപ്പും ചവറുകളുമെല്ലാം ഉപേക്ഷിക്കുക. എന്നിട്ട്, സ്വയം ശൂന്യമാക്കിക്കൊണ്ട്, ക്രിസ്തുവിന്റെ ആത്മാവിനാൽ നിറഞ്ഞ് സ്വർഗ്ഗരാജ്യത്തിൽ ജീവിക്കുക.

ഈശോയുടെ ഇന്നത്തെ സുവിശേഷത്തിലെ വാക്കുകൾ അവിടുത്തെ ദൈവികതയുടെ, ആത്മീയതയുടെ മഹാശേഖരത്തിൽ നിന്നാണ് വരുന്നത്. അല്ലെങ്കിൽ ഈ വാക്കുകൾക്ക് ഇത്രയും മനോഹാരിതയുണ്ടാകുമായിരുന്നില്ല. അവ യുക്തിപരമാണ്, യുക്തിസഹമാണ്. അതോടൊപ്പംതന്നെ, സ്വർഗ്ഗത്തിന്റെ വഴികാട്ടിയുമാണ് ഈ വചനങ്ങൾ. ഈ സുവിശേഷഭാഗം മനസ്സിലാക്കുവാൻ ഈശോ നമ്മെ അനുഗ്രഹിക്കട്ടെയെന്ന പ്രാർത്ഥനയോടെ നമുക്ക് വിചിന്തനത്തിലേക്ക് കടക്കാം.

സൺഡേ സ്ക്കൂളിൽ അദ്ധ്യാപകരെ ബുദ്ധിമുട്ടിക്കാൻ വിരുതന്മാരായ കുട്ടികൾ ചോദിക്കുന്ന പല ചോദ്യങ്ങളിൽ ഒന്നാണ് ഇന്നത്തെ സുവിശേഷത്തിലെ ഒട്ടകവും സൂചിക്കുഴയും. ക്ളാസിനിടയ്ക്ക് ഏതെങ്കിലും കുസൃതിചെറുക്കൻ ചാടിയെഴുന്നേറ്റ് ചോദിക്കും: “ടീച്ചറേ, സുവിശേഷത്തിൽ ഈശോ പറയുന്ന ഈ ഒട്ടകവും സൂചിക്കുഴയും എന്താണ്?” എന്റെയൊക്കെ കാലത്തുള്ള ടീച്ചർമാർ എല്ലാവരും തന്നെ സുല്ലിട്ടിട്ടേയുള്ളു ഈ ചോദ്യത്തിന് മുൻപിൽ. ദൈവശാസ്ത്രപഠനത്തിന് വടവാതൂർ സെമിനാരിയിൽ ചെന്ന് ബൈബിൾ പഠനം തുടങ്ങിയപ്പോഴാണ് ഇതിന്റെ വിശദീകരണം ഞാൻ ആദ്യം കേട്ടത്.

ജറുസലേം നഗരത്തിലേക്ക് പ്രവേശിക്കുവാനുള്ള വഴിയിൽ സൂചിക്കുഴ eye of the needle എന്നപേരിൽ ഒരു ഗെയ്റ്റ് ഉണ്ടത്രേ. (ജറുസലേമിലെ Holy Sepulchre ദൈവാലയത്തിനടുത്തുള്ള Russian Orthodox Church നടുത്ത് the eye of the needle എന്നൊരു ഗെയ്റ്റ് ഉണ്ട്.) നമ്മുടെയൊക്കെ ചില വീടുകളുടെയും, സ്ഥാപനങ്ങളുടെയും മുൻപിൽ വലിയഗെയ്റ്റിന് സൈഡിലായി ചെറിയ ഗെയ്റ്റ് ഉളളതുപോലെയൊന്ന്. വലിയ ഗെയ്റ്റ് മിക്കവാറും അടഞ്ഞുകിടക്കും. അപ്പോൾ ചെറിയ ഗെയ്റ്റിലൂടെ വേണം വരുവാനും പോകുവാനും. ദേഹത്തുനിറയെ ചാക്കുകെട്ടുകളും, മറ്റ് സാധനസാമഗ്രികളുമായി വരുന്ന ഒട്ടകങ്ങൾക്ക് അവയുമായി ആ ഗെയ്റ്റിലൂടെ കടക്കുവാൻ സാധിക്കുകയില്ല. ചാക്കുകെട്ടുകളും, സാധനസാമഗ്രികളുമെല്ലാം താഴെ ഇറക്കിവച്ചാലേ ഒട്ടകങ്ങൾക്ക് അതിലൂടെ കടക്കാനാവൂ. ഓക്കെ, ഇടുങ്ങിയ ഗെയ്റ്റ് ആകുമ്പോൾ വലിയ luggage മായി കടക്കുക പ്രയാസകരമായിരിക്കും. വിശദീകരണം reasonable ആയി തോന്നിയെങ്കിലും എന്തോ തൃപ്തി തോന്നിയില്ല. പിന്നീട് philosophy യിൽ ഉപരിപഠനം നടത്തിയപ്പോഴാണ് സുവിശേഷത്തിലെ ഈ പ്രയോഗത്തിന്റെ അർത്ഥം വ്യക്തമായി മനസ്സിലായത്.

ക്രിസ്തുവിന്റെ അതിശയോക്തിപരമായ (Hyperbolic) ഒരു പ്രയോഗമായിട്ടാണ് “ഒട്ടകവും സൂചിക്കുഴയും” എന്നതിനെ സാധാരണയായി അവതരിപ്പിക്കുന്നത്. എന്നാൽ, ഇതിനെ ഭാവാർത്ഥപരമായ (metaphoric) ഒന്നായി കാണുവാനാണ് ഞാൻ ആഗ്രഹിക്കുക. വാച്യാർത്ഥത്തിൽ, സൂചിക്കുഴയെ stitch ചെയ്യാൻ ഉപയോഗിക്കുന്ന സൂചിയായി മനസ്സിലാക്കാമെങ്കിലും, ആലങ്കാരികമായ അർത്ഥത്തിൽ ഇടുങ്ങിയ ഗെയ്റ്റായിട്ടാണ് വിവക്ഷിക്കുന്നത്. എന്നാൽ, ഭാവാർത്ഥത്തിൽ സ്വർഗ്ഗരാജ്യത്തിലേക്കുള്ള വാതിലായിട്ടാണ് ഈശോ ഇതിനെകാണുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ മലയിലെ പ്രസംഗം അവതരിപ്പിക്കുന്ന വേളയിൽ ഈശോ ഇടുങ്ങിയ വാതിലിനെക്കുറിച്ച് പറയുന്നുണ്ട്. “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക. വിനാശത്തിലേക്ക് നയിക്കുന്ന വാതിൽ വിസ്തൃതവും വഴി വിശാലവും ആണ്. അതിലെ കടന്നു പോകുന്നവർ വളരെയാണ്. എന്നാൽ, ജീവനിലേക്ക് നയിക്കുന്ന വാതിൽ ഇടുങ്ങിയതും വഴി വീതി കുറഞ്ഞതുമാണ്. അത് കണ്ടെത്തുന്നവരോ ചുരുക്കം.’ (7, 13-14) പച്ചമണ്ണിലൂടെ, അണിഞ്ഞൊരുങ്ങി നടക്കുന്ന, ചിരിച്ചും, ദേഷ്യപ്പെട്ടും, സ്നേഹിച്ചും, പുച്ഛിച്ചും, അഹങ്കരിച്ചും നടക്കുന്ന മനുഷ്യരെ ഈശോ കാണുന്നത് പലവിധ ഭാരങ്ങളൂം വഹിച്ച് ഏന്തി വലിഞ്ഞ് നടക്കുന്ന ഒട്ടകങ്ങളെപ്പോലെയാണ്.ദേഹത്തുനിറയെ ഭാരവുമായിപ്പോകുന്ന ഒട്ടകങ്ങളെപ്പോലെയാണ് നിങ്ങളെങ്കിൽ eye of the needle പോലുള്ള ഗെയ്റ്റിലൂടെ കടക്കുവാൻ ബുദ്ധിമുട്ടാകും. ജെറുസലേമിലേക്ക് ഭാരവുമായിപ്പോകുന്ന ഒട്ടകങ്ങൾ അന്നത്തെ കേൾവി ക്കാർക്ക് സുപരിചിതമായിരുന്നു. ഇതൊരു രൂപകമാണ് (Metaphor). ഒട്ടകങ്ങളെപ്പോലെ ജീവിതം നിറയെ ലോകവുമായി നടക്കുന്നവർക്ക്, ലോകത്തിന്റേതായ ഭാണ്ഡക്കെട്ടുകളുമായി നടക്കുന്നവർക്ക് സ്വർഗ്ഗരാജ്യത്തിലെ ഗെയ്റ്റിൽപോലും സ്ഥാനമുണ്ടാകുകയില്ല. തങ്ങളെത്തന്നെ ഭാരമില്ലാത്തവരാക്കി ആത്മാവിനാൽ നിറഞ്ഞവരായി ജീവിക്കുമ്പോൾ ജെറുസലേമിലേക്ക്, (ബൈബിളാത്മകമായി ജെറുസലേം സ്വർഗ്ഗത്തിന്റെ, രക്ഷയുടെ പ്രതീകമാണല്ലോ.) സ്വർഗരാജ്യത്തിലേക്ക് പ്രവേശിക്കുവാൻ നമുക്കാകുമെന്നാണ് ഈശോയുടെ പഠനം.

ഇവിടെ തുല്യതയുള്ള രണ്ട് കാര്യങ്ങളാണ് ഈശോ അവതരിപ്പിക്കുന്നത്. ഒന്ന് സമ്പന്നനും, രണ്ടാമത്തേത് ഒട്ടകവും. അയ്യേ, എന്ത് തുല്യതയാണ് ഇവർ തമ്മിലുള്ളത്? ശരിയാണ്, കാഴ്ച്ചയിൽ ഇവർ തമ്മിൽ ഒരു തുല്യതയുമില്ല. പക്ഷേ, ഇവരുടെ ജീവിതങ്ങൾ ഏതാണ്ട് ഒരുപോലെയാണ്. രണ്ട് കൂട്ടരും ഭാരം വഹിക്കുകയാണ്. നിറയെ ഭാരവുമായിട്ടാണ് ഇവരുടെ പോക്ക്! സമ്പന്നൻ നിറയെ പണവുമായിട്ടാണ് ജീവിക്കുന്നത്. അവളുടെ, അവന്റെ ചിന്ത മുഴുവൻ സമ്പത്തിനെപ്പറ്റിയായിരിക്കും. അതായത്, അവളുടെ, അവന്റെ മനസ്സും സമ്പത്തുകൊണ്ട് നിറഞ്ഞിരിക്കുകയാണ്. സമ്പത്തെങ്ങനെ സൂക്ഷിച്ചുവയ്ക്കും എന്ന ചിന്തയിൽ അവളുടെ, അവന്റെ ഹൃദയം നിറയെ ഭയവും, ആകുലതയുമായിരിക്കും. ഇനി, സമ്പന്നൻ എന്നതുകൊണ്ട് പണമുള്ള വ്യക്തി എന്ന് മാത്രമല്ല അർത്ഥം. വ്യക്തികളോടും, സമൂഹത്തിനോടുമൊക്കെ വെറുപ്പ്, വിരോധം, അസൂയ വച്ചുപുലർത്തുന്നവരൊക്കെ ഈ സമ്പന്നരിൽപെടും. കാരണം, അവരൊക്കെ, വെറുപ്പുകൊണ്ട്, വിരോധംകൊണ്ട്, അസൂയകൊണ്ട്, അഹങ്കാരംകൊണ്ട് നിറഞ്ഞിരിക്കുന്നവരാണ്. നീ ദേഷ്യപ്പെടുമ്പോൾ – മാതാപിതാക്കളോട്, മക്കളോട്, ഭാര്യയോട്, ഭർത്താവിനോട് – നിന്റെ സമ്പത്ത് ദേഷ്യമാണ്. നീ സമ്പന്നനാണ്.ദേഷ്യവും ചുമന്നാണ് നീ നടക്കുന്നത്. നീ അയൽക്കാരനെ നശിപ്പിക്കുവാൻ പ്ലാൻ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണോ? ആ ചിന്തയിൽ നീ സമ്പന്നനാണ്. ക്രിസ്തു പറയുന്ന സമ്പന്നനെന്നതിന് വളരെ വിശാലമായ അർത്ഥമാണുള്ളത്. ഇങ്ങനെ നിറഞ്ഞിരിക്കുമ്പോൾ, ദൈവത്തിന് അവരിലേക്ക് കടന്നുവരുവാൻ സാധിക്കുകയില്ല. ഇങ്ങനെയുള്ള സമ്പന്നർ അവരുടെ ജീവിതത്തിൽ ദൈവത്തിന്, ക്രിസ്തുവിന് ഇടം, സ്ഥലം ഒരുക്കുമ്പോഴേ അവർ സ്വർഗ്ഗരാജ്യം അനുഭവിക്കൂ. ഉപേക്ഷിക്കണം. നിന്റെ ഹൃദയം ശൂന്യമാകുമ്പോൾ ക്രിസ്തു നിന്നിലേക്ക് വരും. നിന്റെ മനസ്സ് empty ആകുമ്പോൾ ക്രിസ്തു നിന്നിൽ നിറയും. നിനക്കുള്ളതും, നീയും അപ്രത്യക്ഷമാകുമ്പോൾ ക്രിസ്തു നിന്നിൽ പ്രത്യക്ഷപ്പെടും. നീ സ്വർഗ്ഗരാജ്യത്തിലാകും. ക്രിസ്തു വിവക്ഷിക്കുന്ന രീതിയിൽ സമ്പന്നനാണോ ഞാൻ എന്ന് ചിന്തിക്കുക സ്നേഹമുള്ളവരേ.

ഒട്ടകവും, സമ്പന്നരെപ്പോലെ, നിറയെ സാധനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. ചാക്കുനിറയെ സാധനങ്ങൾ അതിന്റെ രണ്ടുവശത്തുമായി തൂക്കിയിട്ട്, നടക്കുവാൻ പോലും പറ്റാത്തരീതിയിൽ ഭാരവുമായിട്ടാണ് ഒട്ടകം ജീവിക്കുന്നത്. സാധാരണ വാതിലിലൂടെ കടക്കുവാൻ അതിന് ബിദ്ധിമുട്ടാണ്. അപ്പോൾപിന്നെ ഇടുങ്ങിയ വാതിലുകളുടെ, സൂചിക്കുഴ പോലുള്ള ഗെയ്റ്റുകളുടെ കാര്യം പറയാനുണ്ടോ? ഒട്ടകങ്ങൾക്ക് ജെറുസലേമിലേക്ക് കടക്കണമെങ്കിൽ, ഞാൻ നേരത്തെപറഞ്ഞപോലെ eye of the needle ലൂടെ തന്നെ കടന്നുപോകണം. ഭാരവുമായിട്ട് അതിലൂടെ കടക്കുവാൻ പറ്റാത്തതുകൊണ്ട് എല്ലാഭാരവും unload ചെയ്തതിനുശേഷം, ഭാരങ്ങളൊന്നുമില്ലാതെ, empty യായ ശരീരത്തോടെ അതിന് ഗെയ്റ്റ് കടക്കുവാൻ സാധിക്കും. അങ്ങനെ മാത്രമേ അതിന് കടക്കുവാൻ കഴിയൂ. ഭാരങ്ങളെല്ലാം ഉപേക്ഷിച്ചു്, ഒരുതരത്തിൽ പറഞ്ഞാൽ നഗ്നനായി മാത്രമേ ഒട്ടകത്തിന് ഗെയ്റ്റ് കടക്കുവാൻ സാധിക്കൂ.

ഈശോ പറയുന്നത് ഒന്ന് ശ്രദ്ധിക്കുക: “സമ്പന്നൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതിനേക്കാളും എളുപ്പം, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്. സമ്പന്നനെന്നാൽ, ഭാരങ്ങളുള്ളവൾ/ഭാരങ്ങളുള്ളവൻ. ഒട്ടകമെന്നാൽ, ചാക്കുകെട്ടുകളും, മറ്റ് സാധനസാമഗ്രികളുംപേറി നടക്കുന്നവൾ/ നടക്കുന്നവൻ. വീടിനോട് മടുപ്പുതോന്നുന്നതിന്റെ, മാതാപിതാക്കളോടെയും, മക്കളോടും പൊരുത്തപ്പെടാനാവാത്തതിന്റെ, കൂട്ടുകാരോട് ഇണങ്ങാനാവാത്തതിന്റെ, വീടിന്റെ, സ്‌കൂളിന്റെ, കോളേജിന്റെ, ജോലിസ്ഥലങ്ങളുടെ സാഹചര്യങ്ങളോട് പരിചയപ്പെടാനാകാത്തതിന്റെ, ഭാര്യയോട്, ഭർത്താവിനോട് ഒന്നും പറയാനാകാത്തതിന്റെ, തന്നോട് തന്നെ സമരസപ്പെടാനാവാത്തതിന്റെ ഭാരങ്ങളുംപേറി നടക്കുമ്പോൾ, വെറുപ്പിന്റെയും, വിരോധത്തിന്റെയും ചാക്കുകെട്ടുകളുമായി, മനസ്സുനിറയെ പാമ്പും, തേളും, പഴുതാരയും  തുടങ്ങി എല്ലാ വന്യജീവികളുമായി നടക്കുമ്പോൾ,  ലഹരിയുടെയും, മദ്യത്തിന്റെയും, കൊലപാതകത്തിന്റെയും സാധനങ്ങൾ കഴുത്തിൽകെട്ടി നടക്കുമ്പോൾ എങ്ങനെയാണ് സ്വർഗ്ഗരാജ്യത്തിലെത്തുക? എങ്ങനെയാണ് സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കുവാൻ കഴിയുക?  നഗ്നയായെങ്കിൽ, നഗ്നനായെങ്കിൽ മാത്രമേ, നിന്നിലെ ഏച്ചുകെട്ടുകളെല്ലാം ഉപേക്ഷിച്ചെങ്കിൽ മാത്രമേ, നിനക്ക് സ്വർഗ്ഗരാജ്യത്തിലേക്ക് കടക്കുവാനാകൂ. സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുവാൻ ഫാഷൻ ഷോയിലെപ്പോലെ extra costumes ന്റെയൊന്നും ആവശ്യമില്ല. Be naked before God എന്നത് ആധ്യാത്മിക ഗുരുക്കൻമാരുടെ ഒരു പ്രയോഗമാണ്.

അതുകൊണ്ട് ഈശോ പറയുന്നു, ഉപേക്ഷിക്കുക. ശൂന്യമാകുക. ദൈവികതകൊണ്ട്, ക്രിസ്തുവിനെക്കൊണ്ട് നിന്റെ ജീവിതം നിറയ്ക്കുക. കാരണം, ക്രിസ്തുവിന് ഭാരമില്ല; ആത്മാവിന് ഒരു തൂവലോളംപോലും ഭാരമില്ല. മകളേ, മകനേ നിന്നെ ഭാരപ്പെടുത്താനല്ല, നിന്റെ ഭാരങ്ങളെല്ലാം ഇല്ലാതാക്കാനാണ് ഞാൻ വന്നത് എന്ന് പറയുന്ന ഈശോയുടെ സ്നേഹശബ്ദം കേൾക്കുക. ഭാരങ്ങളെല്ലാം കളയുവാൻ, ഉപേക്ഷിക്കുവാൻ, കഴുകനെപ്പോലെ പഴയതെല്ലാം കൊത്തിപ്പറിച്ചു കളയുവാൻ നമുക്ക് ബുദ്ധിമുട്ടുണ്ടാകും. എന്നാൽ, ഈശോ പറയുന്നു. ദൈവത്തിനൊന്നും അസാധ്യമല്ല. എല്ലാം സാധ്യമാക്കുന്നവൻ ദൈവം! നമ്മിലെ ഭാരങ്ങളെല്ലാം എടുത്തുമാറ്റുവാനാണ് ഈശോ ഈ ഭൂമിയിലേക്ക് വന്നത്. നമ്മിലെ ചപ്പുചവറുകളെ കത്തിച്ചുകളയുവാൻ തീയുമായിട്ടാണ് ഈശോ വന്നത്. ഫാ. സാജു പൈനാടത്ത് MCBS ന്റെ “ദൈവത്തിന്റെ ഭാഷ വിശുദ്ധ കുർബാന എന്ന പുസ്തകത്തിലെ വിവരണം ശ്രദ്ധേയമാണ്.

“എന്തുകൊണ്ടാണിങ്ങനെ എന്ന് ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ മനസ്സിൽ തെളിഞ്ഞത് ലൂക്ക 12, 49 എന്നാണ്. അടുത്തിരുന്ന ബൈബിളെടുത്ത് ലൂക്കായുടെ സുവിശേഷമെടുത്ത് ഞാൻ വായിച്ചു: “ഭൂമിയിൽ തീയിടാനാണ് ഞാൻ വന്നത്. അത് ഇതിനകം കത്തിജ്വലിച്ചിരുന്നെങ്കിൽ!”

വചനത്തിന്റെ പൊരുൾ പതുക്കെ പതുക്കെ ഇതൾവിടരുന്നത് കണ്ട് ഞാൻ പേടിച്ചുപോയി! തീയിടുന്നുണ്ടെങ്കിൽ ചാമ്പലാക്കാൻ എന്തെങ്കിലും വേണമല്ലോ. എന്താണത്? ഒരു മിന്നൽ പോലെ ഉത്തരം എന്നിൽ തെളിഞ്ഞു. എന്നിലെ ചവറുകൾ! എന്നിലെ ചിത്തവൃത്തികളെ നിരോധിക്കാതെ, കത്തിച്ചുകളയാതെ വിശുദ്ധ കുർബാനയിലേക്ക് പ്രവേശിക്കുവാൻ എനിക്കാകുന്നതെങ്ങനെ? എനിക്ക് വിലപ്പെട്ടതായിത്തോന്നുന്ന പലതും കത്തിച്ചുകളയേണ്ടിയിരിക്കുന്നു! എന്റെ വിജ്ഞാനം, എന്റെ നിഗമനങ്ങൾ, എന്റെ തത്വശാസ്ത്രങ്ങൾ, എന്റെ വിധിന്യായങ്ങൾ, മുൻവിധികൾ, ആശയസംഹിതകൾ … അങ്ങനെ പലതും എനിക്ക് വിശിഷ്ടമായതാണ്. പക്ഷെ, ഗുരുവിനറിയാം അതെല്ലാം വെറും ചപ്പുചവറുകളാണെന്ന്! എനിക്ക് അവയെല്ലാം എന്റെ വലുപ്പമാണ്, എന്റെ ആടയാഭരണങ്ങളാണ്! എന്നാൽ ഗുരുവിനറിയാം അതെല്ലാം ചങ്ങലകളാണെന്ന്, ബന്ധനങ്ങളാണെന്ന്! അവയ്‌ക്കെല്ലാം തീയിടാനാണ് ക്രിസ്തു വന്നത്. അതിൽ ഞാൻ ജ്വലിച്ചുതീരുമ്പോൾ എന്നിൽ പാകപ്പെടുന്നതാണ്, ഉയിർത്തെഴുന്നേൽക്കുന്നതാണ് വിശുദ്ധ കുർബാന. അപ്പോൾ വിശുദ്ധ കുർബാനയിലേക്ക് ഞാൻ ക്ഷണിക്കപ്പെടുകയാണ്.”  (7, 22-23)

ശ്രീ ബുദ്ധനാണ് ഈ ഉപേക്ഷിക്കലിനെക്കുറിച്ച്, അതുവഴി സ്വയം ശൂന്യമാക്കുന്നതിനെക്കുറിച്ച്, അതിനുശേഷം ദൈവികചൈതന്യത്താൽ നിറയുന്നതിനെക്കുറിച്ച് academic ആയി പഠിപ്പിക്കുന്നത്. ഫിലോസഫി പഠനകാലത്ത് ഇന്നത്തെ സുവിശേഷഭാഗത്തെ ശരിയായി മനസ്സിലാക്കുവാൻ ഉപേക്ഷിക്കുക ശൂന്യമാകുക എന്ന ചിന്ത എന്നെ സഹായിച്ചു.ധ്യാനത്തിലൂടെ സ്വയം ശൂന്യമാകുമ്പോൾ, ദൈവികവെളിച്ചം ഒരു വ്യക്തിയിൽ നിറയും. അങ്ങനെയുള്ളവർ ഇപ്പോഴും സ്വർഗ്ഗരാജ്യത്തിലായിരിക്കും.  

നമ്മുടെയൊക്കെ ക്ളാസുകളിൽ എപ്പോഴും ചോദ്യം ചോദിച്ചു് ടീച്ചർമാരെ ശല്യപ്പെടുത്തുന്ന കുട്ടികളെപ്പോലെ, പത്രോസ് ചോദിക്കുകയാണ് “ഈശോയെ ഞങ്ങളെല്ലാം ഉപേക്ഷിച്ചാണ് വന്നിരിക്കുന്നത്. ഞങ്ങൾക്ക് ഭാരങ്ങളൊന്നുമില്ല. ഈ ലോകത്തിന്റേതായ ഒന്നുമില്ലാത്തതാണ് ഞങ്ങളുടെ ഹൃദയങ്ങൾ. വെറുപ്പിന്റെ, അസൂയയുടെ, അഹങ്കാരത്തിന്റെ പാമ്പുകളും, തേളുകളും, പഴുതാരകളും ഒന്നുമില്ലാത്തതാണ് ഞങ്ങളുടെ മനസ്സുകൾ. വാദഗതികളൊന്നുമില്ലാത്ത, demands ഒന്നുമില്ലാത്ത ശുശ്രൂഷകരാണ് ഞങ്ങൾ. ഞങ്ങൾക്ക് എന്തുകിട്ടും? ഈശോ പറയുന്നു: അങ്ങനെയുള്ളവരാണ് നിങ്ങളെങ്കിൽ ഈ ആകാശം നിങ്ങളുടേതാണ്; ഈ ഭൂമി നിങ്ങളുടേതാണ്. ഈ സമുദ്രം മുഴുവനും നിങ്ങളുടേതാണ്. ഞാൻ നിങ്ങളുടേതാണ്.

നമ്മുടെ മനസ്സിനെ മാത്രമല്ല, നമ്മുടെ ആന്തരികതയെക്കൂടി, ആന്തരികസത്തയെക്കൂടി തൊടുന്ന മനഃശാസ്ത്രജ്ഞൻ സിഗ്മണ്ട് ഫ്രോയിഡല്ല, അത് ആൽഫ്രെഡ് ആഡ്ലറല്ല, അത് കാൾ ഗുസ്താവ് യുങ്ങുമല്ല. അത് ക്രിസ്തുവാണ്. ജീവിതത്തിന്റെ ഭാരങ്ങളും, അസ്വസ്ഥതകളും സമാധാനത്തിലേക്ക്, സന്തോഷത്തിലേക്ക് പ്രവേശിക്കുവാൻ തടസ്സമായി നിൽക്കുമ്പോൾ ആ ഭാരങ്ങളെയെല്ലാം ഉപേക്ഷിക്കുക മാത്രമല്ല, അവയ്ക്കുപകരം ദൈവത്തെക്കൊണ്ട്, ക്രിസ്തുവിനെക്കൊണ്ട്, ക്രിസ്തുസ്നേഹത്തെക്കൊണ്ട്, ക്രിസ്തു മനോഭാവത്തെക്കൊണ്ട് ജീവിതം നിറയ്ക്കുക എന്ന് ഈശോ പറയുമ്പോൾ മനുഷ്യന്റെ ജീവിതത്തെ പൂർണമായി വിശുദ്ധീകരിക്കുകയാണ്, രക്ഷിക്കുകയാണ് ക്രിസ്തു ചെയ്യുന്നത്. ജീവിതത്തിന്റെ, യാതനയുടെ, ദുരിതത്തിന്റെ, കാമനകളുടെ, ലൗകികസുഖങ്ങളുടെ ഉത്കണ്ഠകളുടെ ഭാരം എങ്ങനെയാണ് ഞാൻ ഉപേക്ഷിക്കേണ്ടത്? എങ്ങനെ എന്നതുതന്നെ ചിലപ്പോൾ കൂടുതൽ ഭാരം സൃഷ്ടിക്കും. ഭാരം ഉപേക്ഷിക്കാൻ താത്പര്യമുണ്ടെങ്കിൽ അതുപേക്ഷിക്കാൻ ഒരു കാരണം വേണം. ഉപേക്ഷിക്കുക മാത്രമല്ല, ഉപേക്ഷിച്ച ശേഷം ആ ഇടത്തിലേക്ക് പരിശുദ്ധമായ, ഉന്നതമായ, ദൈവികമായ, വീണ്ടും ഭാരം സൃഷ്ടിക്കാത്ത ഒന്നിനെക്കൊണ്ട് ജീവിതം നിറയ്ക്കുവാൻ സാധിക്കണം. ഈശോ പറയുന്നത് സ്വർഗ്ഗരാജ്യത്തെക്കൊണ്ട് നിങ്ങളുടെ ജീവിതത്തെ നിറയ്ക്കുവാൻ നിങ്ങൾക്ക് സാധിക്കണം. കാരണം, നൂറിരട്ടിയായി സ്വർഗത്തെ നൽകുവാൻ ദൈവം കാത്തിരിക്കുകയാണ്.

നമ്മുടെ മുൻപിൽ രണ്ട് മാർഗങ്ങളേയുള്ളു. ഒന്നുകിൽ, ഒന്നും ഉപേക്ഷിക്കാതെ, ഗെയ്റ്റ് കടക്കാതെ തിരിച്ചുപോകുക. എന്നിട്ട് ഭാരങ്ങളുംപേറി ജീവിക്കുക. ഭാരങ്ങൾ നമ്മുടെ ജീവിതം നിശ്ചലമാക്കും. ചലനം നിൽക്കുന്ന മാത്രയിൽ അത് വൃത്തികെട്ടതും, ചെളിനിറഞ്ഞതുമാകും. അല്ലെങ്കിൽ സർവ്വതും ഉപേക്ഷിച്ചു് ആത്മാവാൽ നിറയുക. എന്നിട്ട് മുന്നോട്ട് പോകുക. പുതിയ ജീവിതത്തിൽ, കൂടുതൽ ഉയർന്ന ജീവിതത്തിൽ, മരണമറിയാത്ത ജീവിതത്തിൽ സ്വർഗത്തിൽ പ്രവേശിക്കുക. 

സ്നേഹമുള്ളവരേ, ഉപേക്ഷിക്കുക, ശൂന്യമാകുക. സ്വർഗ്ഗരാജ്യം നമ്മുടേതായിരിക്കും. കഴുകൻ സൂര്യന് കുറുകെ പറക്കുമ്പോൾ ഒന്നും കൂടെകൊണ്ടുപോകുന്നില്ല. കൂടെകൊണ്ടുപോകാൻ അതിന് കഴിയില്ല. എത്രയും ഭാരം കുറവാണോ, അത്രയും ഉയരങ്ങളിലേക്ക് അതിന് പറന്നുയരാൻ കഴിയും. നാം ചുമന്നുകൊണ്ട് നടക്കുന്ന ഭാരങ്ങൾ നമുക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുകയേയുള്ളു. ഒന്നുകിൽ ഉപേക്ഷിച്ച് സ്വർഗത്തിലേക്ക് പ്രവേശിക്കുക.  അല്ലെങ്കിൽ ഭാരം ചുമന്ന് തളർന്ന് ജീവിക്കുക. ക്രിസ്തുവിന് middle way ഇല്ലെന്ന് ഓർക്കുക. ഇവിടെയുള്ളതെല്ലാം ഞാൻ ഇവിടെത്തന്നെ ഉപേക്ഷിക്കണം.

മരണത്തിലൂടെ ഈ ജീവിതത്തിന്റെ അതിർത്തി കടക്കുന്ന നിമിഷംതന്നെ എല്ലാം പിന്നിൽ ഉപേക്ഷിക്കേണ്ട ഈ ജീവിതത്തിൽ, ജീവിച്ചിരിക്കുമ്പോൾ തന്നെ എല്ലാം വലിച്ചെറിയുക. എന്തിന് അവ ചുമന്ന് പ്രശ്നങ്ങൾ ഉണ്ടാക്കണം? ആമേൻ!

SUNDAY SERMON MT 25, 1-13

പള്ളിക്കൂദാശാക്കാലം ഒന്നാം ഞായർ

പുറപ്പാട് 33, 1-11

ഏശയ്യാ 40, 21-31

ഹെബ്രാ 9, 114

മത്തായി 25, 1-13

സന്ദേശം

സീറോ മലബാർ സഭയുടെ ആരാധനക്രമ വത്സരത്തിലെ അവസാനത്തെ കാലമായ പള്ളിക്കൂദാശാക്കാലത്തിലേക്ക് നാമിന്ന് പ്രവേശിക്കുകയാണ്. ഇന്ന് പള്ളിക്കൂദാശാക്കാലം ഒന്നാം ഞായർ. ഈ ഭൂമിയിൽ സ്ഥാപിതമായ ക്രിസ്തുവിന്റെ സഭയെ ഓർത്ത് ദൈവത്തിന് നന്ദിപറയുക, മിശിഹാ തന്റെ മണവാട്ടിയായി സഭയെ അവസാന വിധിക്കുശേഷം സ്വർഗ്ഗസ്ഥനായ പിതാവിന് സമർപ്പിക്കുന്നത് അനുസ്‌മരിക്കുക, യുഗാന്തത്തിൽ സഭ അവളുടെ മക്കളോടൊപ്പം സ്വർഗീയ ജറുസലേമാകുന്ന നിത്യസൗഭാഗ്യത്തിൽ എത്തിച്ചേരുന്നതിന്റെ മുന്നാസ്വാദനം അനുഭവിക്കുക എന്നീ ലക്ഷ്യങ്ങളാണ് പള്ളിക്കൂദാശാക്കാലത്ത് നാം മനസ്സിൽ സൂക്ഷിക്കുന്നത്.  

പള്ളിക്കൂദാശാക്കാലത്തിന്റെ ഈ ഒന്നാം ഞായറാഴ്ച്ച സഭാസമർപ്പണത്തിരുനാളായിട്ടാണ് തിരുസ്സഭ ആഘോഷിക്കുന്നത്. തിരുസ്സഭയെ മനസ്സിൽ കണ്ടുകൊണ്ടെന്നോണം “നീ പത്രോസാണ്. ഈ പാറമേൽ ഞാൻ സഭ സ്ഥാപിക്കും.” എന്ന് പറഞ്ഞുകൊണ്ട് ഈശോ തിരുസ്സഭയ്ക്ക് രൂപം കൊടുത്തതിനെയാണ് ഇന്ന് നാം പ്രത്യേകം ഓർക്കുന്നത്. ക്രിസ്തുവിന്റെ സ്നേഹ സന്ദേശവുമായി ലോകം മുഴുവനും നിറഞ്ഞു നിൽക്കുന്ന തിരുസ്സഭയോടൊപ്പം വചനം ധ്യാനിച്ചും, കൂദാശകൾ സ്വീകരിച്ചും വിശുദ്ധ കുർബാനയർപ്പിച്ചും സഭാത്മകമായി ജീവിക്കുവാനാണ്, ഈശോയുടെ വരവിനായി ഒരുക്കത്തോടെ കാത്തിരിക്കുവാനാണ്  പള്ളിക്കൂദാശാക്കാലം നമ്മോട് ആഹ്വാനംചെയ്യുന്നത്. ഈ ഒന്നാം ഞായറാഴ്ചയിലെ സന്ദേശമാകട്ടെ, മനുഷ്യജീവിതസാഹചര്യങ്ങളിൽ എല്ലാ തയ്യാറെടുപ്പോടുംകൂടി ക്രിസ്തുവിനായി കാത്തിരിക്കുക എന്നതാണ്.

വ്യാഖ്യാനം 

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പ്രധാനമായും രണ്ട് പ്രഭാഷണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്നാമത്തേത്, തന്റെ പരസ്യജീവിതത്തിന്റെ ആരംഭത്തിൽ ഈശോ നടത്തിയ, പിന്നീട്   മലയിലെ പ്രസംഗമെന്ന് അറിയപ്പെട്ട പ്രഭാഷണമാണ്.  വിശുദ്ധ മത്തായിയുടെ സുവിശേഷം 5, 6, 7 അദ്ധ്യായങ്ങളിൽ നമുക്കിത് വായിക്കാം. രണ്ടാമത്തേത്, 23, 24, 25 അദ്ധ്യായങ്ങളിലായി നാം വായിക്കുന്ന ഈശോയുടെ അന്ത്യവിധിയെക്കുറിച്ചുള്ള പ്രഭാഷണമാണ്. ഇരുപത്തിയാറാം അദ്ധ്യായംമുതലാകട്ടെ, ഈശോയുടെ രക്ഷാകര ദൗത്യത്തിന്റെ സമാപന രംഗങ്ങളാണ് നാം വായിക്കുന്നത്. ഇന്നത്തെ സുവിശേഷഭാഗം തന്റെ മരണത്തിന് മുൻപ് ഈശോ ലോകത്തോട് നടത്തുന്ന അന്ത്യപ്രഭാഷണമായി കാണുമ്പോൾ, ഈ സുവിശേഷഭാഗത്തിന്റെ, പത്ത് കന്യകകളുടെ ഉപമയുടെ പ്രസക്തി വർധിക്കുകയാണ്. ദൈവം നമ്മുടെ ജീവിതത്തിലേക്ക് എപ്പോൾ വരുമെന്ന് അറിയാത്ത അവസരങ്ങളിൽപോലും തയ്യാറെടുപ്പോടെ കാത്തിരിക്കുവാൻ, കാത്തിരിപ്പിന്റെ കഥയിലൂടെ, ഇന്ന് ഈശോ നമ്മെ പഠിപ്പിക്കുകയാണ്.

കാത്തിരിപ്പ് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ജീവിതത്തിന്റെ ഭാഗം മാത്രമല്ല, ജീവിതംതന്നെയാണ്. കാത്തിരിപ്പിന് സ്നേഹത്തിന്റെ സ്പർശമുണ്ട്; വേദനയുടെ നനവുണ്ട്; ക്ഷമയുടെ, സഹിഷ്ണതയുടെ നിറമുണ്ട്. ആർക്കെങ്കിലുമൊക്കെ ചങ്കിലൊരിടംകൊടുക്കാൻ ചങ്കൂറ്റമുള്ളവർക്കേ കാത്തിരിക്കുവാനാകൂ. പിന്നെ, പതിയെപ്പതിയെ അവർക്കുവേണ്ടി ചാവേറായി മാറാനാവൂ.  പ്രകൃതിയിലും കാത്തിരിപ്പിന്റെ മുഹൂർത്തങ്ങളാണ് കാണാൻ കഴിയുക. പ്രതീക്ഷയുടെ സുഖവും ദുഃഖവും നുണഞ്ഞ്, പത്തുമാസത്തെ കാത്തിരിപ്പിന് ശേഷമാണല്ലോ ഒരു ശിശു ഈ ലോകത്തിലേക്ക് വരുന്നത്! കൂരിരുൾ പുലരിവെട്ടത്തിനായി കാത്തിരിക്കുന്നത്, വേഴാമ്പൽ മഴയെ കാത്തിരിക്കുന്നത്, കർഷകൻ വിത്തുവിതച്ചശേഷം വിളവിനായി കാത്തിരിക്കുന്നത് …എല്ലാം എല്ലാം കാത്തിരിപ്പിന്റെ പ്രതീകങ്ങളാണ്. ഫാ.ബിബിൻ എംസിബിഎസ് തന്റെ “കടലാസ്” എന്ന ഓൺലൈൻ പേജിൽ “കാത്തിരിപ്പിനേക്കാളവൃത്തി വായിച്ചു തഴമ്പിച്ചൊരു കവിതയും രചിക്കപ്പെട്ടിട്ടില്ല” എന്ന് പറയുമ്പോൾ കാത്തിരിപ്പ് എന്ന ആശയം ഒരു വികാരമായി മനുഷ്യനിൽ നിറഞ്ഞു നിൽക്കുന്നുണ്ട് എന്ന് നാം മനസിലാക്കുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലെ ടി. എസ് എലിയറ്റിന്റെ (T.S. Eliot) “വെയ്സ്റ്റ് ലാൻഡ്” (The Waste Land) രക്ഷകനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ കഥയാണ്. സാമുവേൽ ബക്കറ്റിന്റെ (Samuel Beckett) “വെയ്റ്റിംഗ് ഫോർ ഗോദോ” (Waiting for Godot) എന്ന നാടകം, ദൈവത്തിനുവേണ്ടിയുള്ള വ്യക്തിയുടെ മാത്രമല്ല, മാനവസമൂഹത്തിന്റെ മുഴുവൻ കാത്തിരിപ്പാണ്. 

നമ്മുടെ ക്രൈസ്തവ ആധ്യാത്മികതയിൽ, ദൈവം തനിക്കുവേണ്ടി ഉറച്ച വിശ്വാസത്തോടെ, പ്രതീക്ഷയോടെ, യോഗ്യമായ തയ്യാറെടുപ്പോടെ, കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തുന്നില്ല എന്നത് വളരെ മനോഹരമായ ഒരു വിശ്വാസമാണ്. ആദത്തിന്റെ ഒരു കൂട്ടിനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉത്തരമാണ് ഹവ്വ. നോഹയുടെ കാത്തിരിപ്പിന് പ്രതീക്ഷയേകാനായി മഴവില്ല്, ഇസ്രായേൽ ജനത്തിന്റെ വേദനയോടെയുള്ള കാത്തിരിപ്പിന് ഈജിപ്തിൽനിന്നുള്ള മോചനം. വീണ്ടും ഇസ്രായേൽ ജനത്തിന്റെ 40 വർഷത്തെ അലഞ്ഞുള്ള കാത്തിരിപ്പിന് കാനാൻ ദേശം. ഇങ്ങനെ തയ്യാറെടുപ്പോടെ കാത്തിരിക്കുന്നവർക്ക് ദൈവം തന്റെ അനുഗ്രഹങ്ങൾ നൽകുന്നതായി ബൈബിളിൽ നാം കാണുന്നുണ്ട്. ക്രൈസ്തവന്റെ ദൈവം, തയ്യാറെടുപ്പോടെ തന്നെ കാത്തിരിക്കുന്ന മക്കൾക്കുവേണ്ടി അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന സ്നേഹദൈവമാണ്. ആ ദൈവത്തെക്കുറിച്ചു് നമ്മെ പഠിപ്പിക്കുവാനും, മനസ്സിലാക്കിത്തരുവാനും വന്ന ഈശോ ഉപകളിലൂടെയും, കഥകളിലൂടെയും, വചനങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും ദൈവത്തെ വെളിപ്പെടുത്തുവാൻ ശ്രമിക്കുകയാണ്. ഈ പിതാവായ ദൈവത്തിനുവേണ്ടിയുള്ള കാത്തിരിപ്പ് എങ്ങനെയായിരിക്കണമെന്നാണ് പത്തു കന്യകകളുടെ ഉപമയിൽ ഈശോ പറഞ്ഞു വയ്ക്കുന്നത്.

യഹൂദരുടെ വിവാഹാഘോഷങ്ങളുടെ ചുവടുപിടിച്ചുകൊണ്ടാണ് ഈശോ പത്തു കന്യകകളുടെ ഉപമ രൂപപ്പെടുത്തിയിരിക്കുന്നത്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വിവാഹാഘോഷങ്ങൾക്കുശേഷം മണവാട്ടിയുടെ വീട്ടിൽ നിന്ന് പുതുമണവാളനും, മണവാട്ടിയും, അവരുടെ പുതിയ വീട്ടിലേക്ക് യാത്രയാകും. യാത്ര എന്നുപറഞ്ഞാൽ, താലപ്പൊലിയും വെഞ്ചാമരവുമൊക്കെയായുള്ള ഒരു യാത്ര. അതെപ്പോഴാണ് അവരുടെ പുതിയ വീട്ടിൽ എത്തിച്ചേരുക എന്ന് മുൻകൂട്ടി പറയുക വയ്യ. തെളിഞ്ഞ ദീപങ്ങൾ പിടിച്ചു് അവരെ എതിരേൽക്കുകയെന്ന ദൗത്യം കന്യകകളാണ് ഏറ്റെടുക്കുക. വിളക്കുകളിൽ എണ്ണപകർന്ന്, തിരിനാളങ്ങൾ ഒരുക്കി രാത്രിയുടെ യാമങ്ങളെണ്ണി അവർ കാത്തിരിക്കും. കാരണം, എപ്പോഴാണ് അദ്ദേഹം വരിക എന്നറിയില്ലല്ലോ. അവർ എത്തുമ്പോൾ സേവകരിൽ ആരെങ്കിലും സിഗ്നൽ കൊടുക്കും. അപ്പോൾ കന്യകമാർ പുതുമണവാളനെയും, മണവാട്ടിയെയും സ്വീകരിക്കുവാൻ പുത്തേക്കെറിങ്ങിവരും.

തികച്ചും സാധാരണമായ ഈയൊരു സാഹചര്യത്തിലെ വളരെ രസകരമായ ഒരു twist ആണ് ഉപമയുടെ മനോഹാരിത. Twist ഇതാണ്: ഒരുങ്ങിയിരുന്ന പത്തുകന്യകകളിൽ അഞ്ചുപേരുടെ വിളക്കുകളിൽ എണ്ണ ഇല്ലാതാകുന്നു. എണ്ണ വിളക്കുകളിൽ നിറയ്ക്കുവാൻ അവർ മറന്നുപോയിരുന്നു. ആഘോഷത്തിന്റെ പൊലിമ നഷ്ടപ്പെടുന്നു. മാത്രമല്ല, പുതുമണവാളനോടും, മണവാട്ടിയോടുമൊപ്പം മണവറയിലേക്ക് പ്രവേശിക്കാൻ ആ അഞ്ചുപേർക്കും അവസരം കിട്ടാതെപോകുന്നു!

ഈ Twist നെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈശോ പറയുന്നു, സ്വർഗ്ഗരാജ്യം, ജീവിതത്തിന്റെ എല്ലാമണിക്കൂറിലും, ക്രിസ്തുവാകുന്ന മണവാളനെയും, തിരുസ്സഭയാകുന്ന മണവാട്ടിയെയും സ്വീകരിക്കുവാൻ ഒരുങ്ങിരിക്കുന്നവരുടേതാണ്. അലക്ഷ്യമായി ജീവിക്കുന്ന, താലന്തുകൾ ഉപയോഗിക്കാതെ അലസമായി ജീവിക്കുന്ന മനുഷ്യരുടേതല്ല സ്വർഗ്ഗരാജ്യം. ജീവിതത്തിൽ ദൈവം നൽകുന്ന അവസരങ്ങളെ ഏറ്റവും നന്നായി ഉപയോക്കുന്നവരുള്ള സ്ഥലമാണ് സ്വർഗ്ഗരാജ്യം. ജീവിതത്തിന്റെ ഓരോ നിമിഷവും ക്രിസ്തുവിനായി കാത്തിരിക്കുന്നവരുടേതാണ് സ്വർഗ്ഗരാജ്യം.

ഒത്തിരി സ്നേഹത്തോടെ നാം ആരെയെങ്കിലും കാത്തിരിക്കുന്നുണ്ടെങ്കിൽ നമ്മുടെ ചിന്തകൾ ആരെക്കുറിച്ചായിരിക്കും? നമ്മുടെ സംസാരം ആരെക്കുറിച്ചായിരിക്കും? നമ്മുടെ നമ്മുടെ കണ്ണുകൾ ആരെ കാണുവാനാഗ്രഹിക്കും? സംശയമില്ല, നാം ആരെ കാത്തിരിക്കുന്നുവോ, ആ വ്യക്തിയെക്കുറിച്ചായിരിക്കും. ക്രിസ്തുവിനായി ജീവിതത്തിന്റെ ഓരോ നിമിഷവും കാത്തിരിക്കുന്നവരുടെ ചിന്തയിൽ എന്നും എപ്പോഴും ക്രിസ്തുവായിരിക്കും; ഹൃദയത്തിൽ ക്രിസ്തുവായിരിക്കും; സംസാരത്തിൽ ക്രിസ്തുവായിരിക്കും; കാഴ്ച്ചയിൽ എപ്പോഴും ക്രിസ്തുവായിരിക്കും. പ്രവൃത്തികളിൽ നിഴലിക്കുന്നതോ ക്രിസ്തു മാത്രമായിരിക്കും. എല്ലാ തയ്യാറെടുപ്പോടുംകൂടി ക്രിസ്തുവിനായി വിശ്വാസത്തോടെ, പ്രാർത്ഥനയോടെ കാത്തിരിക്കുന്നവർ എന്നും എപ്പോഴും സ്വർഗ്ഗരാജ്യത്തിലായിരിക്കും; സ്വർഗ്ഗരാജ്യം അങ്ങനെയുള്ളവരുടേതാകുന്നു.

ഈശോയുടെ ഓർമ്മപ്പെടുത്തൽ ഇങ്ങനെയാണ്: “നിങ്ങൾ ഒരുങ്ങിയിരിക്കുവിൻ. എന്തെന്നാൽ, പ്രതീക്ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രൻ വരുന്നത്.” (ലൂക്കാ 12, 40) ക്രിസ്തു നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് ഇപ്പോൾ ഈ നിമിഷത്തിലാകാം; നാം ദേവാലയത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവേളയിലാകാം; വീട്ടിലെ ജോലികൾക്കിടയിലാകാം. അതുമല്ലെങ്കിൽ അന്ത്യവിധിയുടെ നാളിലാകാം. എപ്പോഴാണെങ്കിലും ഒരുങ്ങിയിരിക്കുവാൻ നമുക്കാകണം. “സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാൽ നിങ്ങളുടെ മനസ്സ് ദുർബലമാകാതെ” (ലൂക്കാ 21, 34) മനുഷ്യപുത്രന്റെ മുൻപിൽ പ്രത്യക്ഷപ്പെടാൻവേണ്ട കരുത്തു ലഭിക്കുവാൻ സദാ പ്രാർത്ഥിച്ചുകൊണ്ട് ജാഗരൂകരായിരിക്കുവാൻ (36) ഈശോ നമ്മോട് പറയുന്നു. വിശുദ്ധ പൗലോശ്ലീഹാ പറയുന്നത്, സത്യംകൊണ്ട് അരമുറുക്കി നീതിയുടെ കവചം ധരിച്ച് സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകൾ ധരിച്ച്, വിശ്വാസത്തിൻറെ പരിച എടുത്ത്, രക്ഷയുടെ പടത്തൊപ്പി അണിഞ്ഞ് 

, ദൈവവചനമാകുന്ന ആത്മാവിൻറെ വാൾ എടുത്ത് (എഫേസോസ് 6, 13-17) ഓരോ നിമിഷവും നാം ഒരുങ്ങിയിരിക്കണം എന്നാണ്.

സമാപനം 

സ്നേഹമുള്ളവരേ, എല്ലാവിധ തയ്യാറെടുപ്പോടെ, ജീവിതത്തിന്റെ എല്ലാനിമിഷവും ക്രിസ്തുവിനായി കാത്തിരിക്കുന്നവരുടെ സ്വർഗ്ഗരാജ്യമായി ഈ ലോകത്തെ മാറ്റിയെടുക്കുവാനുള്ള ആഹ്വാനവുമായി ഇന്നത്തെ സുവിശേഷഭാഗം, പത്തു കന്യകകളുടെ ഉപമ നമ്മെ സന്ദർശിക്കുമ്പോൾ, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ നാം പരിശോധിക്കേണ്ടിയിരിക്കുന്നു. ഈ ഉപമയിലെ മണവാളൻ ക്രിസ്തുവാണ്. മണവാളൻ വരുവാനുള്ള കാലതാമസം ദൈവത്തിന്റെ പ്രവർത്തനരീതിയെയാണ് കാണിക്കുന്നത്. The Grace of God has its own pace എന്നാണ് പറയുന്നത്. ദൈവത്തിന്റെ പ്രസാദവരത്തിന്, പ്രസാദവരത്തിന്റെ പ്രവർത്തനത്തിന് അതിന്റെതായ ചുവടുണ്ട്. ആ ചുവട് നമ്മുടെ അടുക്കലേക്കെത്തുന്നത് എപ്പോഴാണെന്ന് നമുക്കറിയില്ല. നാം കാത്തിരിക്കണം. വാതിൽ അടയ്ക്കുന്നത് അന്ത്യവിധിയെയാണ് സൂചിപ്പിക്കുന്നത്. ഉപമയുടെ വെളിച്ചത്തിൽ നമ്മുടെ ജീവിതങ്ങളെ പരിശോധിക്കുകയും, ക്രിസ്തുവിനായി കാത്തിരിക്കുന്ന ചൈതന്യം സ്വന്തമാക്കുകയും വേണം. 

ഈ ഭൂമിയിൽ ഓരോ നിമിഷവും ക്രിസ്തുവിനെ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പോടെ ജീവിക്കുക – അതാണ് ക്രൈസ്തവരുടെ ജീവിതദൗത്യം. വിവേകമതികളായ അഞ്ചുകന്യകമാരെപ്പോലെ നമ്മുടെ ജീവിതമാകുന്ന വിളക്കിൽ, എണ്ണയൊഴിച്ചു്, തിരികൾ ഒരുക്കി നാം കാത്തിരിക്കണം. മാർട്ടിൻ ലൂഥർ പറയുന്നത് വിശ്വാസമാകുന്ന എണ്ണയൊഴിച്ചു് കാത്തിരിക്കണമെന്നാണ്. വിശുദ്ധ അഗസ്തീനോസ് പറയുന്നത്, നന്മപ്രവൃത്തികളാകുന്ന എണ്ണയൊഴിച്ചു കാത്തിരിക്കണം എന്നാണ്.

അങ്ങനെകാത്തിരിക്കുമ്പോൾ നമ്മുടെയൊക്കെ ജീവിതങ്ങൾ ക്രിസ്തുവിന്റെ മനോഭാവം നിറഞ്ഞതാകും. ക്രിസ്തുവിന്റെ ചൈതന്യം നിറഞ്ഞു തുളുമ്പുന്നതാകും. ഈ ഭൂമിതന്നെ സ്വർഗ്ഗരാജ്യമായി മാറും. ആമേൻ!

SUNDAY SERMON MT 12, 22-32

ഏലിയാ സ്ലീവാ മൂശേക്കാലം ഏഴാം ഞായർ

നിയമവാർത്തനം 11, 1-7

ജ്ഞാനം 6, 1-10

1 തെസ 5, 12-24

മത്താ 12, 22-32

സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലം ഏഴാം ഞായറാഴ്ചയിലേക്ക്, അവസാന ആഴ്ചയിലേക്ക് നാമിന്ന് പ്രവേശിക്കുകയാണ്. നമുക്കറിയാവുന്നതുപോലെ, സ്ലീവായുടെ വിജയവും, ഈശോയുടെ രണ്ടാമത്തെ ആഗമനവും, അന്ത്യവിധിയുമാണ് ഈ കാലത്തിലെ വിചിന്തനവിഷയങ്ങൾ. കഴിഞ്ഞ ഞായറാഴ്ചകളിൽ നാം പരിചിന്തനം ചെയ്തതും ഈ വിഷയങ്ങളൊക്കെ ആയിരുന്നു. ഇന്നത്തെ ഞായറാഴ്ച്ച തിരുസ്സഭ നമ്മുടെ പരിചിന്തനത്തിനായി നൽകുന്നത് ക്രിസ്തുവിന്റെ ശക്തിയെക്കുറിച്ചും, സ്വർഗംപോലും ക്ഷമിക്കുവാൻ മടികാണിക്കുന്ന പരിശുദ്ധാത്മാവിനെതിരെ മനുഷ്യർ ചെയ്തുകൂട്ടുന്ന പാപങ്ങളെയും കുറിച്ചാണ്.

കഴിഞ്ഞ ദിവസങ്ങളിൽ കേരള മനഃസാക്ഷിയെ നടുക്കിയ ഇലന്തൂർ ഇരട്ടക്കൊലപാതകവും, നരബലികളും പൈശാചിക ശക്തികൾ എത്രമാത്രം മനുഷ്യനെ കീഴടക്കുന്നു എന്നുള്ളതിന്റെ വ്യക്തമായ ഉദാഹരണമാണ്. അതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്, ലഹരിയുടെ പൈശാചിക പിടിയിലമർന്നിരുന്നുകൊണ്ട് സ്വയം നശിക്കുന്ന ഒരു വലിയ കൂട്ടം മനുഷ്യർ നമ്മുടെ നാട്ടിലുണ്ട് എന്നുള്ളത്. ഒപ്പം തന്നെ മറന്നുപോകാതെ നാം ഓർക്കേണ്ടതാണ് അസുര എന്ന ടൂറിസ്റ്റ് ബസിന്റെ ഭ്രാന്തമായ ഓട്ടപ്പാച്ചിലും, തകർച്ചയും. നിങ്ങൾക്കറിയോ, ഇന്റർനെറ്റിൽ, ക്രൈം ആൻഡ് സോഷ്യൽ മീഡിയ എന്ന് സേർച്ച് ചെയ്യുമ്പോൾ 94 കോടിയിലേറെ റിസൾട്ടുകളാണ് വരുന്നത്. പൈശാചികതയിലേക്ക് കൂപ്പുകുത്തുന്ന ലോകത്തിന്റെ അവസ്ഥയെക്കുറിച്ചു് പറയുമ്പോൾ, ഫ്രാൻസിസ് മാർപാപ്പ നമ്മെ  ഓർമപ്പെടുത്തുന്നത്, “ക്രിസ്തുവിന്റെ ശക്തി, the power of Jesus ക്രൈസ്തവരിലൂടെ ലോകത്തിൽ പ്രകടമാകുന്നില്ല; മനുഷ്യൻ പരിശുദ്ധാത്മാവിനെതിരായ പാപങ്ങൾ ചെയ്തുകൊണ്ട്  തങ്ങളെത്തന്നെ, ലോകത്തെ ഇരുട്ടിലാക്കുന്നു ” എന്നാണ്.  കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം ലക്ഷക്കണക്കിന് കേസുകളാണ് ലഹരിയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ യാഥാർഥ്യങ്ങളും, പെരുകി വരുന്ന ക്രിമിനലുകളും, അത്താഴം മുടക്കുന്ന കൃമികളും മനുഷ്യത്വമില്ലാത്ത തട്ടിപ്പുകാരും ഇന്നത്തെ സുവിശേഷസന്ദേശത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നു.

രണ്ട് കാര്യങ്ങളാണ് ഇന്നത്തെ സുവിശേഷത്തിൽ നിന്ന് ചികഞ്ഞെടുക്കാനായി ഞാൻ ആഗ്രഹിക്കുക. ഒന്ന്, ദൈവാത്മാവിനാൽ നിറഞ്ഞ ഈശോയുടെ ശക്തി (The Power of Jesus). രണ്ട്, പരിശുദ്ധാത്മാവിനെതിരായ പാപങ്ങൾ. ഇതിൽ ഒന്നാമത്തേത് വിശദീകരണം അധികം ആവശ്യമില്ലാത്ത ഒരു ചിന്തയാണ്. സുവിശേഷങ്ങളിൽ നിന്ന് സുതരാം വ്യക്തമാകുന്നതും, നമ്മുടെ ജീവിതത്തിൽ ഏതെങ്കിലുമൊക്കെ സമയങ്ങളിൽ നാം അനുഭവിച്ചറിഞ്ഞിട്ടുള്ളതുമാണ് ഈശോയുടെ ശക്തി. രണ്ടാമത്തേതാകട്ടെ, കൂടുതൽ വ്യക്തത ആവശ്യമുള്ള ഒരു വിഷയമാണ്.  

പരസ്യജീവിത കാലത്ത് ഈശോയിലെ ദൈവിക ശക്തി ഏറെ പ്രകടമായിരുന്നു. അവിടുത്തെ സാന്നിധ്യത്തിന്, ഒരു നോട്ടത്തിന്, വാക്കുകൾക്ക് എന്തൊരു ശക്തിയായിരുന്നു! ലാസറിന്റെ മരണത്തിൽ ഒരു വീട് മുഴുവനും, നാടുമുഴുവനും വിറങ്ങലിച്ചു നിന്നപ്പോൾ, ലാസറിന്റെ മൃതദേഹത്തേക്കാൾ മരവിച്ചു നിന്നപ്പോൾ, ലാസറേ പുറത്തുവരിക എന്ന ഈശോയുടെ ശബ്ദം…ആ ശബ്ദം കേട്ട് ശവത്തിനുപോലും ജീവൻവച്ചു! ഈശോയെക്കാണുവാൻ ആഗ്രഹിച്ചു് മരത്തിന്മേലിരുന്ന സക്കേവൂസ്…സക്കേവൂസേ ഇറങ്ങിവരിക എന്ന ക്രിസ്തുവിന്റെ സ്വരം കേട്ടമാത്രയിൽ സക്കേവൂസ് ഊർന്നിറങ്ങി ഈശോയുടെ മുൻപിൽ നിന്നു. എന്നെ അനുഗമിക്കുക എന്ന ഈശോയുടെ ക്ഷണം മനുഷ്യന്റെ സ്വാഭാവികപ്രവണതൾക്കുംമേലെ ത്രസിച്ചുനിന്നു. കാറ്റിനെയും കടലിനെയും, ശാസിച്ചപ്പോൾ കടൽ ശാന്തമായി…ബാലികേ, എഴുന്നേൽക്കുക എന്ന വചനത്തിന് ജീവൻ നൽകുവാനുള്ള, സൗഖ്യം നൽകുവാനുള്ള ശക്തിയുണ്ടായിരുന്നു. മുടന്തനായ മനുഷ്യനോട് എഴുന്നേറ്റ് നടക്കുക എന്ന് പറഞ്ഞപ്പോൾ ശാസ്ത്രംപോലും കണ്മിഴിച്ചു നിന്നു. സാത്താനേ ദൂരപ്പോകുക, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസയിലായിരിക്കും – ഈ ശബ്ദങ്ങളൊക്ക പ്രപഞ്ചത്തിനും, സാത്താനും, തിന്മയ്ക്കും പിടിച്ചുനിൽക്കാൻ കഴിയാത്ത ഇടിമുഴക്കങ്ങളായി മാറിയത് അവിടുത്തെ സ്വർഗീയ ശക്തിയുടെ മഹത്വംകൊണ്ടായിരുന്നു! അത്രമാത്രം powerful ആണ് ഈശോ, ഈശോയിലെ ദൈവികത!

ഇന്നത്തെ സുവിശേഷത്തിലെ അന്ധനും, ഊമനുമായ പിശാചുബാധിതൻ സുഖമുള്ളവനായി, സംസാരിക്കുവാനും കാണുവാനും തുടങ്ങിയപ്പോൾ ഈശോയുടെ ശക്തിയുടെ പ്രാഭവം അറിഞ്ഞ ജനക്കൂട്ടം ഏറ്റവും കുറഞ്ഞത് ഒന്ന് അതുതപ്പെടുകയെങ്കിലും ചെയ്തു. അല്ലെങ്കിലും ജനക്കൂട്ടം പലപ്പോഴും ഈശോയുടെ അത്ഭുതകൃത്യങ്ങൾ കണ്ട് വിസ്മയപ്പെടുകയും, “ഇവന് ഇതെല്ലാം എവിടുന്ന് കിട്ടി” എന്നൊക്കെ പറഞ്ഞ് നടക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഫരിസേയരും, നിയമജ്ഞരുമാകട്ടെ അന്ധരും മൂകരുമായി. കാണേണ്ടത് കാണാതെ, കേൾക്കേണ്ടത് കേൾക്കാതെ അവർ പിശാചുബാധിതനെപ്പോലെയായി. കാഴ്ചയില്ലാത്തവൻ കാഴ്ചയുള്ളവനാകുകയും, കാഴ്ചയുള്ളവർ അന്ധരാകുകയും, സംസാരിക്കാത്തവൻ സംസാരിക്കുകയും, സംസാരിക്കുവാൻ കഴിവുള്ളവർ മൂകരാകുകയും ചെയ്യുന്ന വിരോധാഭാസമാണ് ഇവിടെ നാം കാണുന്നത്. അവരുടെ സ്വാർത്ഥതാത്പര്യങ്ങൾക്കനുസരിച്ചുള്ളവയാണ് അവർ ഈശോയിൽ കണ്ടത്. മഞ്ഞപ്പിത്തമുള്ളവൻ എല്ലാം മഞ്ഞയായി കാണുന്നപോലെ, അപരനെ നശിപ്പിക്കണം എന്ന ആഗ്രഹവുമായി നടക്കുന്നവർ, മറ്റുള്ളവരിൽ കാണുന്നത് നശിപ്പിക്കാനുള്ള ഉപായങ്ങളായിരിക്കും. ഫരിസേയരും ഇതേ മനോഭാവത്തോടെയാണ് ഈശോയെ കണ്ടത്. ഈശോ പറയുന്നതെല്ലാം തെറ്റ്, ഈശോ നോക്കുന്നതും, നടക്കുന്നതും തെറ്റ്, ഈശോ ചെയ്യുന്നതും, ചെയ്യിക്കുന്നതും തെറ്റ്, ഈശോ ഭക്ഷണം കഴിക്കുന്നതും, സുഹൃത്തുക്കളോടൊത്ത് നടക്കുന്നതും തെറ്റ്. ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റമായിരിക്കുമല്ലോ! ഈശോയെ പിശാചുബാധയുള്ളവനെന്നും, പിശാചുക്കളോടുത്താണ് ക്രിസ്തുവിന്റെ ജീവിതമെന്നും വരുത്തിത്തീർക്കുവാൻ എന്ത് തിടുക്കമാണവർക്ക്!!  അവരുടെ ബാലിശമായ, logic ഒട്ടുമില്ലാത്ത arguments തന്നെ ഫരിസേയരുടെ അല്പത്തം വ്യക്തമാക്കുന്നുണ്ട്.

ഫരിസേയരുടെ arguments ൽ അവരുടെ അല്പത്തവും, നശീകരണമനോഭാവവും ആണ് നമ്മൾ കാണുന്നത്. എന്നാൽ, ഈശോയുടെ തിരിച്ചുള്ള arguments ൽ നാം കാണുന്നത് അവിടുത്തെ വാക്കുകളുടെ ശക്തിയാണ്, ദൈവികതയുടെ വിസ്മയമാണ്.

ഈശോയുടെ ശക്തി അവിടുത്തെ വാക്കുകളിലും, പ്രവർത്തികളിലും മാത്രമല്ല, അവിടുത്തെ നിലപാടിലും, മനോഭാവത്തിലും ഉണ്ട്. ഈശോ പറയുന്നത് കേൾക്കൂ…”എന്നോട് കൂടെയല്ലാത്തവൻ എന്റെ എതിരാളിയാണ്; എന്നോട് കൂടെ ശേഖരിക്കാത്തവൻ ചിതറിച്ചുകളയുന്നു.” (30) എന്തൊരു ശക്തിയാണ് ആ നിലപാടിന്. ശത്രുക്കൾപോലും കേൾക്കുമ്പോൾ വിറച്ചുപോകുന്ന പ്രസ്തവനയാണിത്, എതിരാളികൾപോലും പിന്നോട്ട് വലിയുന്ന നിലപാടാണിത്. ഇതിനെതിരെ കുരിശുകാണിച്ചും, കുരിശുമരണം വച്ചുനീട്ടിയും പീഡിപ്പിക്കാൻ നോക്കിയെങ്കിലും, ഈശോയുടെ നിലപാടിന്റെ ഉറപ്പ് അത്ര ശക്തമായിരുന്നു.

ഇന്ന് ക്രൈസ്തവർക്കുപോലും ക്രിസ്തുവിന്റെ compromise ഇല്ലാത്ത നിലപാടുകളോട് പുച്ഛമാണ്. ക്രിസ്തുവിന്റെ മുൻപിൽ നിന്ന്, ക്രിസ്തുവിനുവേണ്ടി പൗരോഹിത്യാഭിഷേക സമയത്തോ, വൃതസമർപ്പണവേളയിലോ, വിവാഹവാഗ്‌ദാന നിമിഷങ്ങളിലോ നാം ക്രൈസ്തവർ എടുക്കുന്ന പ്രതിജ്ഞയ്ക്ക്, നിലപാടിന് ആ സമയങ്ങളിലെ ആഘോഷങ്ങളോളംപോലും ആയുസ്സില്ലെന്നത് വർത്തമാനകാലചരിത്രമാണ്.

വർധിച്ചുകൊണ്ടിരിക്കുന്ന വിവാഹമോചനക്കേസുകളും, ക്രൈസ്തവസഭയെത്തന്നെ തളർത്തുന്ന ക്രൈസ്തവരുടെ പ്രവർത്തനങ്ങളും, തെരുവിലൂടെ നടന്ന് രാഷ്ട്രീയക്കാരെ തോൽപ്പിക്കുംവിധം സഭയ്‌ക്കെതിരെ മുഴക്കുന്ന മുദ്രാവാക്യങ്ങളും, ക്രിസ്തുവിന്റെ വചനം പറയുമ്പോഴുള്ള ഞഞ്ഞാ പിഞ്ഞാ വർത്തമാനങ്ങളും എല്ലാം വളരെ ബലഹീനമായ, തീർത്തും വികൃതമായ ക്രൈസ്തവജീവിതത്തെയാണ് പ്രകടമാക്കുന്നത്. ക്രിസ്തുവിന്റെ നിലപാടുകൾക്ക് ക്രൈസ്തവർ പുല്ലുവിലയേ കല്പിക്കുന്നുള്ളു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ഇവ. ഓർക്കണം, ക്രിസ്തുവിന്റെ നിലപാടിൽ വെള്ളം ചേർക്കാതിരുന്നതുകൊണ്ടാണ് ക്രിസ്തുമതത്തിൽ ഇത്രമാത്രം വിശുദ്ധരും, രക്തസാക്ഷികളും ഉണ്ടായത്. രക്തസാക്ഷികളുടെ രക്തംകൊണ്ട് വളർന്നുവന്ന തിരുസ്സഭ ഇന്നും ലോകത്തിൽ ആത്മീയ ശക്തിയായി, ധാർമിക ശക്തിയായി നിലകൊള്ളുന്നത് ക്രിസ്തുവിന്റെ ശക്തി അവളിൽ ഉള്ളതുകൊണ്ടാണ്. ക്രിസ്തുവിന്റെ നിലപാടിൽ അവൾ ഉറച്ചു നിൽക്കുന്നതുകൊണ്ടാണ്: തിരുസ്സഭ പരിശുദ്ധാത്മാവിനാൽ നയിയ്ക്കപ്പെടുന്നതുകൊണ്ടാണ്.

തിരുസ്സഭയും ക്രൈസ്തവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരും, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവരുമായതുകൊണ്ട്, ഈശോയുടെ ഇന്നത്തെ സുവിശേഷത്തിലെ പരാമർശം വളരെ പ്രധാനപ്പെട്ടതാണ്. “പരിശുദ്ധാത്മാവിനെതിരായ പാപങ്ങൾ ക്ഷമിക്കപ്പെടുകയില്ല.” പരിശുദ്ധാത്മാവിനെതിരായ ആറ് പാപങ്ങളെക്കുറിച്ചാണ് സഭ പ്രധാനമായും പഠിപ്പിക്കുന്നത്. 1. മോക്ഷം കിട്ടുകയില്ലെന്നുള്ള വിചാരം. 2. സത്യപ്രവർത്തി കൂടാതെ മോക്ഷം പ്രാപിക്കാമെന്ന മിഥ്യാ പ്രതീക്ഷ. 3. ഒരു കാര്യം സത്യമാണെന്നറിഞ്ഞിട്ടും, അതിനെ നിഷേധിക്കുന്നത്. 4. അന്യരുടെ നന്മയിലുള്ള അസൂയ 5. പാപം ചെയ്തതിനുശേഷം അനുതപിക്കാതെ അതിൽത്തന്നെ തുടരുന്നത് 6. അന്ത്യ സമയത്തുപോലും അനുതപിക്കാതെ പാപത്തോടുകൂടി മരിക്കുന്നത്.

വിശുദ്ധ പയസ് അഞ്ചാമൻ മാർപാപ്പയിലൂടെ ദൈവം വെളിപ്പെടുത്തിയതാണ് ഈ 6 കാര്യങ്ങൾ. ഇത്തരത്തിലൂടെയുള്ള പാപാവസ്ഥകളിലൂടെ നാം പലപ്പോഴും കടന്നുപോകാറുണ്ട്. കുമ്പസാരക്കൂട്ടിലിരിക്കുമ്പോൾ, പാപമോചനത്തിനായി അണയുന്ന സഹോദരർ പലപ്പോഴും പറയുന്ന ഒന്നാണ്, അച്ചാ, ദൈവം പോലും എന്നെ കൈവിട്ടിരിക്കുകയാണ്. എനിക്കിനി രക്ഷയില്ല. ” സഹോദരരേ, പാപികളെ രക്ഷയ്ക്കുവാൻ ഈ ലോകത്തിലേക്ക് വന്ന ക്രിസ്തു, ക്രിസ്തു മരണത്തിലൂടെ, ഉത്ഥാനത്തിലൂടെ, ഇന്നും വിശുദ്ധ കുർബാനയിലൂടെ നമ്മോടൊത്തായിരിക്കുന്നത് നമ്മെ രക്ഷിക്കുവാനാണ്. ‘ഈ ലോകത്തെ ശിക്ഷിക്കുവാനല്ല രക്ഷിക്കുവാനാണ്’ ക്രിസ്തു യേശു ഈ ലോകത്തിലേക്ക് വന്നത്. ക്രിസ്തുവിന്റെ രക്ഷയെ നിരാകരിക്കുന്നത്, നിരാശയിൽ ജീവിക്കുന്നത് ദൈവത്തിന്റെ ആത്മാവിനെ വേദനിപ്പിക്കലാണ് എന്ന് നാമറിയണം. ക്രിസ്തുവിൽ ആയിരിക്കുവാനും, മരണശേഷം സ്വർഗത്തിൽ ക്രിസ്തുവിനോടൊത്തായിരിക്കാനും നാം സത് പ്രവൃത്തികൾ ചെയ്യണം. വിശുദ്ധ ആഗസ്തീസിന്റെ വചനം ഓർക്കുക:”നിന്നെക്കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവത്തിന് പക്ഷേ, നിന്നെക്കൂടാതെ നിന്നെ രക്ഷിക്കുവാൻ സാധിക്കുകയില്ല. നന്മ ചെയ്യാതെ, നന്മയിൽ ആയിരിക്കാതെ സ്വർഗ്ഗത്തിലെത്താം എന്നത് പരിശുദ്ധാത്മാവിനെതിരായ പാപം ആകുന്നത് അതുകൊണ്ടാണ്. ആത്മാവിന്റെ പ്രവർത്തനങ്ങളോട് ചേർന്ന് നിൽക്കുവാൻ മനുഷ്യർക്ക് കഴിയണം. ദൈവത്തിനെതിരെ മർക്കടമുഷ്ടി പ്രയോഗിക്കുന്നവർ, ധാർഷ്ട്യത്തോടെ, അഹങ്കാരത്തോടെ ജീവിക്കുന്നവർ ആത്മാവിനെതിരെ പ്രവർത്തിക്കുന്നവരാണ്. കർത്താവിന്റെ അഭിഷിക്തർക്കെതിരെ പ്രാർത്ഥിക്കുന്നതും, അനീതിപരമായി, അനാവശ്യമായി, അകാരണമായി അവരെ വേദനിപ്പിക്കുന്നതും, തിരുസ്സഭയ്‌ക്കെതിരെ പ്രവർത്തിക്കുന്നതും പരിശുദ്ധാത്മാവിനെതിരെയുള്ള പാപമാകുന്നത്, സത്യമെന്തെന്നറിഞ്ഞിട്ടും അതിനെ നിഷേധിക്കുന്നതുകൊണ്ടാണ്. 

സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ ശക്തി നമ്മിലും, നമ്മുടെ കുടുംബങ്ങളിലും, ഇടവകയിലും നിറയുവാൻ നമുക്ക് ആഗ്രഹിച്ചു് പ്രാർത്ഥിക്കാം. പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്യാതെ, ആത്മാവിനാൽ നയിക്കപ്പെടുന്നവരാകാം നമുക്ക് ശ്രമിക്കാം. ആമേൻ!

SUNDAY SERMON LK 21, 20-28

ഏലിയാ സ്ലീവാ മൂശേക്കാലം ആറാം ഞായർ

ഉത്പത്തി 19, 23-29

മലാക്കി 4, 1-6

1 തെസ 4, 13-18

ലൂക്കാ 21, 20-28

സ്വർഗ്ഗത്തിന്റെ പൊക്കിൾക്കുടിയിൽ നിന്ന് മനുഷ്യന്റെ ഹൃദയ ഭൂമികയിലേക്ക് ദൈവത്തെ, ദൈവസ്നേഹത്തെ കൊണ്ടുവന്ന ക്രിസ്തു, ഇന്നത്തെ സുവിശേഷത്തിലൂടെ മനുഷ്യജീവിതസാഹചര്യങ്ങളിൽ, ജീവിതത്തിന്റെ, ലോകത്തിന്റെ അന്തിമനാളുകളിൽപോലും ക്രിസ്തു ശിഷ്യരായി ശിരസ്സുയർത്തി നിൽക്കുവാനും, പലവിധ ബന്ധനങ്ങളിൽ കഴിയുന്ന നമ്മുടെ വിമോചനം സമീപിച്ചിരിക്കുന്നുവെന്ന് നമ്മോട് പറയുവാനും ആഗ്രഹിക്കുകയാണ്. 

മനുഷ്യജീവിതത്തിന്റെ സങ്കീർണവും, ദുർഘടവുമായ കയറ്റിറക്കങ്ങളിലൂടെ കടന്നുപോകുമ്പോഴും, എന്നും നമ്മെ അലട്ടുന്ന ചോദ്യങ്ങളിൽ ഒന്നാണ് ഈ ലോകത്തിന്റെ അവസാനം എങ്ങനെയായിരിക്കുമെന്നത്. ലോകാവസാനം എങ്ങനെയായിരിക്കുമെന്നത് ഭാവനചെയ്യാനും, തങ്ങളുടെ ഭാവനയിൽ വിരിയുന്നവ നോവലുകളായും, സിനിമകളായുമൊക്കെ അവതരിപ്പിക്കുവാനും മനുഷ്യൻ താത്പര്യം കാണിക്കാറുണ്ട്. ഓരോ കാലഘട്ടത്തിലും മനുഷ്യൻ ലോകത്തിന്റെ അവസാനം പ്രവചിക്കുന്നുണ്ട്. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളിലൂടെ കടന്ന് രണ്ടായിരം പിറന്നപ്പോൾ, രണ്ടായിരത്തിൽ ലോകം അവസാനിക്കുമെന്നുംപറഞ്ഞ് എന്ത് ബഹളമായിരുന്നു. പിന്നെ, മായൻ കലണ്ടറനുസരിച്ച് (Mayan Calendar) ഡിസംബർ 21, 2012 11:11 ന് ലോകം അവസാനിക്കുമെന്നായിരുന്നു പറച്ചിൽ. 2018 ൽ വെള്ളപ്പൊക്കം വന്നപ്പോഴും, 2019 ൽ മഹാമാരി വന്നപ്പോഴും ഇതാ ലോകത്തിന്റെ അവസാനമായിയെന്ന് നാം വിചാരിച്ചു. ഏറ്റവും ഒടുവിൽ യാതൊരു നീതിയുമില്ലാതെ, അന്താരാഷ്ട്ര നിയമങ്ങളെയെല്ലാം, മര്യാദകളെയെല്ലാം അവഗണിച്ച് റഷ്യ യുക്രൈനിനെ ആക്രമിച്ചപ്പോൾ ഇതൊരു മൂന്നാം ലോകയുദ്ധത്തിന് തുടക്കമാകുമെന്നും, അങ്ങനെ ലോകം അവസാനിക്കുമെന്നും നാം കരുതി. ഒന്നും പറയാറായിട്ടില്ലെങ്കിലും, ഈ യുദ്ധവും കടന്നുപോകും.

എങ്കിലും, ലോകത്തിന് അവസാനമുണ്ടാകുമെന്ന് തന്നെയാണ് ക്രിസ്തു നമ്മോട് പറയുന്നത്. പക്ഷെ, അടയാളങ്ങൾ എന്തായിരിക്കുമെന്നും, അടയാളങ്ങൾ കാണുമ്പോൾ നാമെങ്ങനെ വ്യാപാരിക്കണമെന്നും, നാം സ്വീകരിക്കേണ്ട മനോഭാവമെന്തായിരിക്കണമെന്നും, ഇന്നത്തെ സുവിശേഷത്തിൽ ക്രിസ്തു നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. രണ്ട് പ്രവചനങ്ങളാണ് ഈശോ ഇവിടെ നടത്തുന്നത്. ഒന്ന്, ജറുസലേം തകർക്കപ്പെടും. രണ്ട്, ലോകത്തിന്റെ അവസാനം വരും. ഒപ്പം, മനുഷ്യുത്രന്റെ ആഗമനവും. ഇതിൽ ഒന്നാമത്തേത് പൂർത്തീകരിക്കപ്പെട്ടത് AD 70 ൽ ആണ്. ദാവീദ് രാജാവിന്റെ മകനായ സോളമൻ 975 BCE ൽ പണികഴിപ്പിച്ച, ബാബിലോൺ രാജാവായ നെബുക്കദ്‌നേസർ രണ്ടാമൻ 586 BCE ൽ തകർത്തുകളഞ്ഞ, പിന്നീട്, 515 BCE ൽ പുനർനിർമിച്ച ജെറുസലേം ദേവാലയം റോമക്കാർ വന്ന് ഇസ്രയേലിനെ ആക്രമിക്കുകയും, ദേവാലയവും, പട്ടണവും തകർക്കുകയും ചെയ്തത് AD 70 ൽ ആണ്. രണ്ടാമത്തേത് ഇനിയും പൂർത്തിയായിട്ടില്ല. പൂർത്തിയാകാത്ത ഈ രണ്ടാമത്തെ പ്രവചനത്തെക്കുറിച്ചാണ് തിരുവചനം സംസാരിക്കുന്നത്. 

അങ്ങനെ സംസാരിക്കുമ്പോഴും വിശുദ്ധ ലൂക്കാ സുവിശേഷകൻ ഊന്നൽ കൊടുക്കുവാൻ ആഗ്രഹിക്കുന്നത് ജെറുസലേമിന്റെ പതനമോ, മനുഷ്യപുത്രന്റെ ആഗമനമോ അല്ല. സമാന്തര സുവിശേഷങ്ങളിൽ – വിശുദ്ധ മത്തായിയുടെയും, മാർക്കോസിന്റെയും സുവിശേഷങ്ങളിൽ – ഈ രണ്ടു ഘടകങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഈ ഭാഗം അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, വിശുദ്ധ ലൂക്കായുടെ മുഖ്യപ്രമേയം ക്രൈസ്തവർ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചാണ്, ക്രൈസ്തവർ പുലർത്തേണ്ട മനോഭാവത്തെക്കുറിച്ചാണ്. അത് മറ്റൊന്നുമല്ല, ക്രിസ്തുവിനെ എതിർക്കുന്നവർ ആകാതിരിക്കുക എന്നതാണ്.

ഇന്ന് നാം വായിച്ചുകേട്ടത് വിശുദ്ധ ലൂക്കായുടെ സുവിശേഷം അദ്ധ്യായം 21 ൽ നിന്നാണ്. തെട്ടുമുൻപുള്ള അദ്ധ്യായം 20 ൽ പണിക്കാർ ഉപേക്ഷിച്ചു കളഞ്ഞ കല്ലിനെക്കുറിച്ച് ഈശോ പറയുന്നുണ്ട്. ഈശോയെ ഉപേക്ഷിക്കുന്ന, എതിർക്കുന്ന, ദൈവമായി സ്വീകരിക്കാത്ത ജനത്തെക്കുറിച്ചാണ് ഈശോ പറയുന്നത്. അദ്ധ്യായം 21 ലും ക്ലേശങ്ങളുടെ ആരംഭം വിവരിക്കുമ്പോൾ, ക്രിസ്തുവിന് സാക്ഷ്യം നല്കുന്നവരാകാനാണ് ഈശോ ജനത്തെ ക്ഷണിക്കുക. അന്തിമനാളുകളിൽ പ്രത്യക്ഷപ്പെടുന്ന ക്ലേശങ്ങൾ ഒന്നൊന്നായി വിവരിക്കുമ്പോഴും, മനുഷ്യപുത്രന്റെ ആഗമനത്തിന് മുൻപ് ആകാശത്തും, സൂര്യചന്ദ്രന്മാരിലുമുണ്ടാകുന്ന വലിയ മാറ്റങ്ങളെപ്പറ്റി എണ്ണിയെണ്ണി പറയുമ്പോഴും ഈശോയുടെ ഊന്നൽ ആ സാഹചര്യങ്ങളിൽ ക്രൈസ്തവർ എങ്ങനെ വ്യാപാരിക്കണമെന്നുള്ളതാണ്.  കാരണം, അന്തിമനാളുകളിലെ അടയാളങ്ങളും, ക്ലേശങ്ങളും സംഭവിക്കേണ്ടവയാകുന്നു. എന്നാൽ, മനുഷ്യപുത്രൻ മഹത്വത്തോടെ പ്രത്യക്ഷപ്പെടുമ്പോൾ, മനുഷ്യപുത്രന്റെ മുൻപിൽ നിൽക്കുവാൻ, വിധിയാളനായി ക്രിസ്തു വരുമ്പോൾ ഭൂമിയിൽ ചെയ്ത സ്യകൃതങ്ങളുടെ കണക്കുമായി നിൽക്കുവാൻ മനുഷ്യരെ തയ്യാറാക്കുകയാണ് ഈശോ.  ക്രിസ്തുവിന്റെ നാമം നിമിത്തം ക്രൈസ്തവർ ദ്വേഷിക്കപ്പെടുമെങ്കിലും ക്രിസ്തുവിൽ ഉറച്ചു നിൽക്കുന്നവർ ജീവിക്കും എന്നാണ് ഈശോ പറയുന്നത്. അപ്പോഴാണ് മനുഷ്യപുത്രന്റെ ആഗമനത്തിൽ ശിരസ്സുയർത്തി നിൽക്കുവാൻ നമുക്കാകുക. വിമോചനത്തിലേക്ക്, ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കുവാൻ നമുക്കാകുക.

ക്ലേശങ്ങളുണ്ടാകുമ്പോൾ, നിങ്ങൾ ഒറ്റിക്കൊടുക്കപെടുമ്പോൾ, പീഡിക്കപ്പെടുമ്പോൾ, പ്രപഞ്ച ശക്തികൾ ഇളകുമ്പോൾ, ജെറുസലേം ദേവാലയം പോലുള്ള സത്യവിശ്വാസത്തിന്റെ മിനാരങ്ങൾ, ദൈവവിശ്വാസത്തിന്റെ കൊടുമുടികൾ തകർക്കപ്പെടുമ്പോൾ, ക്രിസ്തുവിന്റെ പ്രതിനിധികൾപോലും ക്രിസ്തുവിനെതിരെ തിരിയുമ്പോൾ, കത്തോലിക്കാ വിശ്വാസത്തിന്റെ ആണിക്കല്ലായ, ഉറവിടവും, അടിസ്ഥാനവുമായ വിശുദ്ധ കുർബാനപോലും അനൈക്യത്തിന്റെയും, അനുസരണക്കേടിന്റെയും, വിഘടനത്തിന്റെയും, പരസ്പരം ചെളിവാരിയെറിയലിന്റെയും കാരണമാകുമ്പോൾ മകളേ, മകനേ, നിനക്ക് ക്രിസ്തുവിനെ ഏറ്റുപറഞ്ഞുകൊണ്ട് ജീവിക്കുവാൻ, ക്രിസ്തുവിനുവേണ്ടി ജീവിക്കുവാൻ സാധിക്കുമോ, ഇല്ലയോ എന്നതാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മുടെ മുൻപിൽ വയ്ക്കുന്ന ചോദ്യം.

Rejecting Jesus – ഇതാണ് വളരെ കൃത്യമായ Point ആയി വിശുദ്ധ ലൂക്ക അവതരിപ്പിക്കുന്നത്. വിശുദ്ധ സ്നാപകയോഹന്നാന്റെ മാമ്മോദീസായെ ധിക്കരിച്ച യഹൂദരെപ്പോലെയാകാതെ, അവകാശിയെ കൊന്ന് അതിർത്തിക്കപ്പുറം എറിഞ്ഞുകളഞ്ഞ മുന്തിരിത്തോട്ടത്തിലെ ജോലിക്കാരെപ്പോലെയാകാതെ, ദൈവത്തിന് കൊടുക്കേണ്ടത് ദൈവത്തിന് കൊടുക്കാത്ത മുഖ്യ പുരോഹിതരെപ്പോലെയാകാതെ, ക്രിസ്തുവിനെ ധിക്കരിച്ച നിയമജ്ഞ-ഫരിസേയരെപ്പോലെയാകാതെ ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും ക്രിസ്തുവിനെ സ്വീകരിക്കുക എന്നതായിരിക്കണം ക്രൈസ്തവന്റെ മനോഭാവം.

ഉത്പത്തി പുസ്തകത്തിൽ നിന്നുള്ള ഒന്നാം വായനയിലെ സംഭവങ്ങളും, അവയോട് അബ്രഹാമും ലോത്തും കാണിച്ച മനോഭാവങ്ങളും നമുക്ക് പാഠമായിരിക്കണം. സോദോം ഗൊമോറ നഗരങ്ങൾ നാശത്തിലേക്ക് വഴുതിവീണപ്പോൾ ദൈവത്തിന്റെ സ്വരത്തിനനുസരിച്ചു് പ്രവർത്തിച്ച അബ്രഹാമിനെക്കുറിച്ചു് വചനം പറയുന്നത്, ” താഴ് വരകളിലെ നഗരങ്ങൾ നശിച്ചപ്പോൾ ദൈവം അബ്രഹാമിനെ ഓർത്തു” എന്നാണ്. അതുപോലെ ലോത്തിനെക്കുറിച്ചും പറയുന്നത്, “ഈ നഗരങ്ങളെ നശിപ്പിച്ചപ്പോൾ അവിടുന്ന് ലോത്തിനെ നാശത്തിൽ നിന്ന് രക്ഷിച്ചു” എന്നാണ്. സ്നേഹമുള്ളവരേ, അന്തിമനാളുകളിൽ, ക്ലേശങ്ങളുടെ സമയത്ത്, പ്രപഞ്ചശക്തികളെല്ലാം തകർന്നുവീഴുന്ന വേളയിൽ ക്രിസ്തു നമ്മെ ഓർക്കണമെങ്കിൽ, നാശത്തിൽ നിന്ന് നമ്മെ രക്ഷിക്കണമെങ്കിൽ നാം ക്രിസ്തുവിന്റെ അരികുപറ്റി നടക്കേണ്ടിയിരിക്കുന്നു. “ഇനി ഞാനല്ല ക്രിസ്തു എന്നിൽ ജീവിക്കുന്നു” എന്ന ബോധ്യത്തോടെ ജീവിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ലോത്തിന്റെ ഭാര്യയ്ക്ക് സമമാകും നമ്മുടെ ജീവിതങ്ങൾ. ദൈവത്തിന്റെ വചനം ധിക്കരിച്ചു്, നാശത്തിലേക്ക് പിന്തിരിഞ്ഞു നോക്കിയപ്പോൾ അവൾ ഉപ്പുതൂണായിത്തീർന്നു. തിന്മയിലേക്ക്, നാശത്തിലേക്ക്, ഒരിക്കലും തിരുത്തപ്പെടാനാവാത്ത ജീവിതത്തിലെ കഴിഞ്ഞകാല ദുര്യോഗങ്ങളിലേക്ക് തിരിഞ്ഞുനോക്കി ഓടിയാൽ, ജീവിച്ചാൽ, പ്രിയപ്പെട്ടവരേ, നാമൊക്കെ ഉപ്പുതൂണുകളായിത്തീരും; നമ്മുടെ ജീവിതങ്ങളൊക്കെ ഉപ്പുതൂണിനുസമം ജീവനില്ലാത്തതാകും!

രണ്ടാം വായനയിൽ മലാക്കി പ്രവാചകൻ നമ്മെ ഓർമ്മിപ്പിക്കുന്നതും ഇതുതന്നെയാണ്. കർത്താവിന്റെ ദിനത്തിൽ, അവിടുത്തോട് ചേർന്ന് നിൽക്കാത്തവർ, അഹങ്കാരികളും ദുഷ്ടന്മാരും വൈക്കോൽപോലെയാകും. വേരും ശാഖയും അവശേഷിക്കാത്തവിധം അവരെ ദഹിപ്പിച്ചു കളയും. ദുഷ്ടന്മാർ ചാരംപോലെയാകും. എന്നാൽ, ദൈവത്തിന്റെ നാമത്തെ ബഹുമാനിക്കുന്നവർക്കുവേണ്ടി, ദൈവത്തോടൊപ്പം നിൽക്കുന്നവർക്കുവേണ്ടി നീതിസൂര്യനുദിക്കും. അതിന്റെ ചിറകുകളിലാകട്ടെ സൗഖ്യമുണ്ടായിരിക്കും.

ഇന്നത്തെ സുവിശേഷത്തിന്റെ Focus ക്രിസ്തുവിന് ജീവിതംകൊണ്ട് സാക്ഷ്യം നല്കുന്നവരാകുക, ക്രിസ്തുവിനെ എതിർക്കുന്നവരാകരുത് എന്നതുതന്നെയാണ്. ജീവിതത്തിൽ നിന്ന് ക്ലേശങ്ങളെ നമുക്ക് മാറ്റിനിർത്തുവാൻ കഴിയില്ല. ജീവിതത്തിൽ നിന്ന് ബുദ്ധിമുട്ടുകളെ മാറ്റിനിർത്താനാകില്ല. ഈ ലോകത്തിന്റെ അവസാനം എന്നാണെന്നത് നമുക്കറിയില്ലെങ്കിലും, ലോകാവസാനം ഉണ്ടാകുമെന്നും, മനുഷ്യപുത്രൻ തന്റെ സർവ്വപ്രതാപത്തിലും വനമേഘങ്ങളിൽ ആഗതനാകുമെന്നും, അതിനുശേഷം അന്ത്യവിധിയുണ്ടാകുമെന്നും നാം വിശ്വസിക്കുകയും, പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ലോകാവസാനവും മാറ്റിനിർത്തുവാൻ നമുക്കാകില്ല. എന്നാൽ, പ്രിയപ്പെട്ടവരേ, ഈ ലോകത്തിലായിരിക്കുമ്പോൾ, തിന്മയെ നമ്മിൽ നിന്ന് മാറ്റിനിർത്തുവാൻ നമുക്കാകും. ക്രിസ്തു ദൈവമാണെന്ന് ഹൃദയത്തിൽ വിശ്വസിക്കുന്നവരാകാൻ, അധരംകൊണ്ട് ഏറ്റുപറയുന്നവരാകാൻ നമുക്ക് സാധിക്കും. ക്രിസ്തുവിനോടൊപ്പം, തിരുസ്സഭയോടൊപ്പം നടക്കുവാൻ നമുക്കാകും. ക്രിസ്തുവിനെ ക്ഷീണിപ്പിക്കുന്ന, ക്രിസ്തുവിനെ വീണ്ടും വീണ്ടും കുരിശിലേറ്റുന്ന പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുവാൻ നമുക്കാകും. അപ്പോൾ അന്ത്യനാളുകളിൽപോലും ശിരസ്സുയർത്തി നിൽക്കുവാൻ നമുക്ക് സാധിക്കും.

സ്നേഹമുള്ളവരേ, ജെറുസലേം ദേവാലയം പോലുള്ള നമ്മുടെ വിശ്വാസ സൗധങ്ങൾ, നമ്മുടെ വിശ്വാസജീവിതങ്ങൾ തകർന്നുകൊണ്ടിരിക്കുകയല്ലേ? അയ്യായിരത്തിനും, അതിലുമേറെയും ലൈക്കുകൾ കിട്ടുന്ന videos, പോസ്റ്റുകൾ ഏതാണ് പ്രിയപ്പെട്ടവരേ? ക്രിസ്തുവിനെതിരായ, തിരുസ്സഭയ്‌ക്കെതിരായ videos, ലേഖനങ്ങൾ, പോസ്റ്റുകൾ അല്ലേ? കൂടുതൽ പോപ്പുലറായ ഹാഷ്ടാഗുകൾ # syro Malabar church, ##Holy Mass, #eesho എന്നതൊക്കെയല്ലേ? ക്രൈസ്തവർക്കിന്ന് ഒന്നിനോടും Commitment തോന്നുന്നില്ല. ഒന്നിനോടും! ക്രിസ്തുവിനോടോ, ക്രിസ്തുവിന്റെ മണവാട്ടിയെന്നും, ക്രിസ്തുവിന്റെ ശരീരമെന്നുമൊക്കെ വിശേഷിപ്പിക്കുന്ന തിരുസ്സഭയോടോ, തിരുസ്സഭയിലെ നിയമങ്ങളോടോ, തങ്ങളുടെതന്നെ വിശ്വാസത്തോടോ, ഒന്നിനോടും യാതൊരുവിധ പ്രതിബദ്ധതയുമില്ലാതെ, Commitments ഇല്ലാതെ, വെറും തരംതാഴ്ന്ന രാഷ്ട്രീയക്കാരുടെ പ്രവർത്തനശൈലികളുമായിട്ടാണ് ക്രൈസ്തവരിന്ന് മുന്നോട്ട് പോകുന്നത്. സ്വന്തം സ്വാർത്ഥതയെ പരിപോഷിപ്പിക്കുവാൻ വേണ്ടി ക്രിസ്തുവിനെ ഇകഴ്ത്തിക്കാട്ടുവാൻ ഇന്ന് ക്രൈസ്തവർക്ക് ഒരു മടിയുമില്ലാതായിരിക്കുന്നു. പിന്നെങ്ങനെ, ക്ലേശങ്ങളുടെ സമയങ്ങളിൽ, അന്തിമനാളുകളിൽ, ശത്രുക്കൾക്ക് മുൻപിൽ ക്രിസ്തുശിഷ്യരായി തലയുയർത്തി നിൽക്കാനാകും?!!

ഓരോ നിമിഷവും മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് അറിയാമെങ്കിലും, ഏത് നിമിഷവും ഞാൻ മരിക്കുമെന്നറിയാമെങ്കിലും, ഒരിക്കലും മരിക്കയില്ലയെന്ന ഹുങ്കിലാണ് പലരും!! അവർക്കായി കവയിത്രി സിസ്റ്റർ മേരി ബനീഞ്ഞയുടെ നാലുവരി കവിത പാടാം.

“സമർത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും/ സമത്വമറ്റ സോളമൻ തുടങ്ങിയുള്ള വിജ്ഞരും/ അമർന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ/ നമുക്കു പിന്നെയെന്തു ശങ്ക മാറ്റമൊന്നുമില്ലതിൽ!” (ലോകമേ യാത്ര)

പ്രിയപ്പെട്ടവരേ, അറിയണെ … ഭ്രമം ബാധിച്ച തലച്ചോറുമായി നടക്കുമ്പോൾ, തിമിരം ബാധിച്ച കണ്ണുകളുമായി നടക്കുമ്പോൾ, ഇരുപത്തിനാല് മണിക്കൂറും മൊബൈലും തൊട്ടുകൂട്ടി നടക്കുമ്പോൾ, രക്തബന്ധങ്ങളെ മറന്ന്, സ്നേഹവും സാഹോദര്യവും മറന്ന്, കുടുംബത്തെമറന്ന് സ്വാർത്ഥതയ്ക്ക് പിന്നാലെ ഓടിനടക്കുമ്പോൾ, സമ്പത്തിന്റെ പിന്നാലെ, ആഡംബരത്തിന്റെ പിന്നാലെ, ലോകസുഖങ്ങളുടെ പിന്നാലെ, അനൈക്യത്തിന്റെയും, വിഘടനവാദത്തിന്റെയും കാഹളം മുഴക്കി നടക്കുമ്പോൾ പ്രിയപ്പെട്ടവരേ, ഓർക്കണേ, ഈ ഭൂമിയിൽ ജീവിതം ധന്യമാക്കുവാൻ ഒന്നേ ചെയ്യേണ്ടതായിട്ടുള്ളു, ക്രിസ്തുവിന്റെ സ്വന്തമായിരിക്കുക; ക്രിസ്തുവിനെ സ്വന്തമാക്കുക.   ഒരു കാര്യമേ ചിന്തിക്കേണ്ടതായിട്ടുള്ളു – ക്രിസ്തു, ക്രിസ്തുവിന്റെ സ്നേഹം. എന്തിന്, ഇന്നുള്ളതും, നാളെ തീയിലേറിയപ്പെടുന്നതുമായ പുല്ലുകൾക്ക് പിന്നാലെ പോകുന്നു? അനശ്വരനായ ക്രിസ്തുവിന്റെ പിന്നാലെ പോയി, നമ്മുടെ ഈ ഭൂമിയിലെ ജീവിതം ധന്യമാക്കാം.

ഈ ഞായറാഴ്ച്ച, ക്രിസ്തുവിനെ Reject ചെയ്ത് ചരിത്രം ആവർത്തിക്കുന്നവരാകാതെ, ക്രിസ്തുവിനെ Accept ചെയ്ത് പുതിയ ചരിത്രം എഴുതുന്നവരാകാൻ നമുക്കാകട്ടെ. ആമേൻ!

SUNDAY SERMON MT 25, 31-46

ഏലിയാ സ്ലീവാ മൂശേക്കാലം അഞ്ചാം ഞായർ

പുറപ്പാട് 20, 18-21

ജോയേൽ 2, 1-11

ഹെബ്രായർ 10, 19-25

മത്തായി 25, 31-46

ഏലിയാ സ്ലീവാ മൂശേക്കാലം അഞ്ചാം ഞായറാഴ്ചയിലെ ഈ സുവിശേഷഭാഗം ധ്യാനിച്ചുകൊണ്ട് പ്രസംഗക്കുറിപ്പ് തയ്യാറാക്കുവാൻ ഇരുന്നപ്പോഴാണ് കേരളത്തെ ഞെട്ടിച്ച വടക്കാഞ്ചേരി ബസ്സപകടത്തിന്റെ വാർത്ത അറിഞ്ഞത്. സ്‌കൂൾ വിനോദയാത്രാസംഘത്തിന്റെ ബസ് കെഎസ്ആർടിസി ബസിനുപിന്നിൽ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തിൽ പൊലിഞ്ഞുപോയ ഹതഭാഗ്യർ എക്കാലത്തും തീരാസങ്കടമായി നമ്മുടെ മനസ്സിലുണ്ടാകും. ടിവിയിലെ, പത്രങ്ങളിലെ വാർത്തകളും, ചിത്രങ്ങളും കണ്ട് കേരളമാകെ വിലപിക്കുമ്പോൾ, മരണപ്പെട്ടവരുടെ മാതാപിതാക്കളേയും, ബന്ധുക്കളേയും ആശ്വസിപ്പിക്കണമേയെന്ന പ്രാർത്ഥനയോടെയാണ് നാമിന്ന് ദേവാലയത്തിൽ നിൽക്കുന്നത്. പ്രാർത്ഥന നിറഞ്ഞ ഹൃദയത്തോടെ നമുക്ക് ഇന്നത്തെ സുവിശേഷ സന്ദേശത്തിലേക്ക് പ്രവേശിക്കാം.

ഒരുപാട് സ്വപ്നങ്ങളുമായി ഓടിക്കൊണ്ടിരിക്കുന്ന ഈ ജീവിതത്തിൽ വടക്കാഞ്ചേരി ബസ്സപകടത്തെപ്പറ്റി പത്രത്തിൽ വായിച്ചപ്പോഴോ, ടിവിയിൽ കണ്ടപ്പൊഴോ സ്വന്തം മരണത്തെപ്പറ്റിയോ, സ്വന്തക്കാരുടെ മരണത്തെപ്പറ്റിയോ അല്പനേരമെങ്കിലും ചിന്തിക്കാത്തവരായി നമ്മളിൽ ആരുമുണ്ടാകില്ല. പത്രത്തിലെ ചിത്രങ്ങളും, ടിവിയിലെ  സീനുകളും കണ്ടപ്പോൾ, അപ്രതീക്ഷിതമായി കടന്നുവരുന്ന നമ്മുടെ മരണത്തെക്കുറിച്ചു്, വീടിന്റെ ഹാളിലോ, ഉമ്മറത്തോ ഒരു കട്ടിലിലോ, ഫ്രീസറിലോ നമ്മൾ കിടക്കുന്നത്, ആത്മാവ് സ്വർഗത്തിലേക്ക് യാത്രയായപ്പോൾ അത് നോക്കി നിന്ന തുറന്ന കണ്ണുകൾ വീട്ടുകാരോ, നാട്ടുകാരോ അടയ്ക്കുന്നത്, തുറന്നുപോയ നമ്മുടെ വായ തുറന്നിരിക്കാതിരിക്കാൻ ഒരു ശീലകൊണ്ട്  കുടുംബക്കാരും, നാട്ടുകാരും ചേർന്ന് കൂട്ടി ക്കെട്ടുന്നത്, വിടർന്നുപോയ കാലുകൾ അകന്നുപോകാതിരിക്കുവാൻ രണ്ടുകാലിന്റെയും തള്ളവിരലുകൾ കൂട്ടിക്കെട്ടുന്നത്, വിവരമറിഞ്ഞ് കടന്നുവരുന്ന സ്വന്തക്കാരും ബന്ധുക്കളും കൂട്ടുകാരും വന്ന് നമ്മെ നോക്കി കരയുന്നത്…അവസാനം നമ്മൾ ഒറ്റയ്ക്കാകുന്ന കുഴിമാടവും അവിടെയുള്ള ജീവിതവും..എല്ലാം അല്പനേരമെങ്കിലും നാം ഭാവനചെയ്തുകാണും.

ആർക്കൊക്കെ വെറുപ്പുണ്ടെങ്കിലും, ആരൊക്കെ ഇഷ്ടപ്പെടുന്നില്ലെങ്കിലും മരണം നമ്മെ തിരിച്ചുകൊണ്ടുപോകുകയാ. ഒരിക്കലും നമ്മുടെ ആഗ്രഹങ്ങളും, ഇഷ്ടങ്ങളും പൂർത്തീകരിച്ചിട്ടല്ല ദൈവം നമ്മെ തിരിച്ചുവിളിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ നാമൊന്നും മരിക്കുകപോലുമില്ലായിരുന്നു. കാരണം, അത്രയും സ്വപ്നങ്ങളും, ആഗ്രഹങ്ങളുമായിട്ടാണ് നാം നടക്കുന്നത്. ഇന്നും, പെട്ടെന്നുള്ള മരണവാർത്തകൾ കേൾക്കുമ്പോൾ, നമ്മുടെ പ്രാർത്ഥന, ഈശോയെ എന്റെ മക്കളെ ഒന്നൊരു കരയ്‌ക്കെത്തിച്ചിട്ട് എന്നെ അങ്ങോട്ട് വിളിച്ചാമതികെട്ടോ എന്നായിരിക്കും. എന്നാൽ, അതൊന്നും പരിഗണിക്കാതെ, ഈ ഭൂമിയിലെ നമ്മുടെ ജീവിതം അവസാനിച്ചാൽ നാം തിരികെപോകേണ്ടിവരും. അത്, കുട്ടിയായിരുന്നാലും, യുവത്വത്തിലായിരുന്നാലും, എഴുപത് കഴിഞ്ഞാലും നാം തിരിച്ചുപോകേണ്ടിവരും. ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും നെഞ്ചിൽപേറി അവസാനം ചിലതൊക്കെ നേടി, ചിലതൊക്കെ നേടാതെ ഈ മണ്ണിലേക്ക് പോകുമ്പോൾ ആ യാത്രയെക്കുറിച്ച് ആയുസ്സിന്റെ ഓരോ സെക്കണ്ടും ഞാനും നിങ്ങളും ചിന്തിക്കേണ്ടതുണ്ട്.

എന്നാൽ, ഓരോ മനുഷ്യനിലേക്കും അവശ്യം വന്നെത്തുന്ന മരണത്തെക്കുറിച്ചല്ല ഇന്നത്തെ സുവിശേഷം നമ്മെ ഓർമിപ്പിക്കുന്നത്. പിന്നെയോ, ഓരോ മനുഷ്യനും, മരണശേഷം അഭിമുഖീകരിക്കേണ്ട അന്ത്യവിധിയെക്കുറിച്ചാണ്. ഈ ലോകത്തിന് ഒരവസാനമുണ്ടെന്നും, മനുഷ്യപുത്രൻ തന്റെ മഹത്വത്തിൽ വനമേഘങ്ങളിൽ വീണ്ടും വരുമെന്നും, അപ്പോൾ അവിടുന്ന് ഭൂമിയിലെ ആദ്യംമുതലുള്ള, ഒരറ്റം മുതൽ മറ്റേയറ്റംവരെയുള്ള മനുഷ്യരെയെല്ലാം ഒരുമിച്ചുകൂട്ടി, നല്ലവരെ തന്റെ വലതുവശത്തും, ദുഷ്ടരെ തന്റെ ഇടതുവശത്തും നിർത്തി അവരുടെ ചെയ്തികളെ വിധിക്കുമെന്നും നാം വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ലോകാവസാനത്തിന് മൂന്ന് കാര്യങ്ങൾ പൂർത്തീകരിക്കപ്പെടേണ്ടതുണ്ടെന്നാണ് ഈശോ പറയുന്നത്. ഒന്ന്, ‘ദൈവരാജ്യത്തിന്റെ സുവിശേഷം ലോകത്തിന്റെ എല്ലാ അതിർത്തികളിലും പ്രസംഗിക്കപ്പെടണം. അപ്പോൾ അന്ത്യമാകും. രണ്ട്, എല്ലാ ആടുകളും തന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിൻപറ്റവും ഒരിടയനുമാകും. (യോഹ 10, 16) മൂന്ന്, സകല ജനങ്ങളും (യഹൂദരടക്കം) ക്രിസ്തു ദൈവമാണെന്ന് ഏറ്റുപറയും. ഈ മൂന്ന് കാര്യങ്ങൾ സംഭവിക്കുമ്പോൾ ലോകാവസാനമാകും. ലോകാവസാനത്തിൽ അന്ത്യവിധിയുമുണ്ടാകും.

മരണം എല്ലാ മനുഷ്യരെയും ബാധിക്കുന്ന ഒരു യാഥാർഥ്യമായതുകൊണ്ട് അതിനെകുറിച്ച് ഈശോ സംസാരിക്കുന്നില്ല. അന്ത്യവിധിയെക്കുറിച്ചാണ് ഈശോ പറയുന്നത്. എല്ലാ സ്വപ്നങ്ങളെയും തകർത്തുകൊണ്ട് കടന്നുവരുന്ന മരണത്തെയാണോ, അതോ, സംഭവിക്കാനിരിക്കുന്ന അന്ത്യവിധിയെയാണോ മനുഷ്യൻ ഭയക്കുന്നത്? അന്ത്യവിധിയെക്കുറിച്ചു് മതഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നതല്ലാതെ, അതിൽ വിശ്വസിക്കുന്നതല്ലാതെ ഒന്നും അറിയാൻ പാടില്ലാത്തതുകൊണ്ടാകും അന്ത്യവിധിയെക്കുറിച്ചു് നാം അധികം ചിന്തിക്കാത്തത്.

കോട്ടയം വടവാതൂർ സെമിനാരിയിൽ എന്നെ പഠിപ്പിച്ച അദ്ധ്യാപകൻ അച്ചനെ അദ്ദേഹത്തിന്റെ അവസാനനാളുകളിൽ ഞാൻ കാണുവാൻ ചെന്നു. പലതും സംസാരിച്ച കൂട്ടത്തിൽ മരണത്തെക്കുറിച്ചും അദ്ദേഹം തന്റെ ചിന്തകൾ പങ്കുവച്ചു. അതിനിടയിൽ അദ്ദേഹം കരയുവാൻ തുടങ്ങി. ഒട്ടു പ്രതീക്ഷിക്കാത്ത ഒരു രംഗമായതുകൊണ്ടും, ഞാൻ ഏറെ ബഹുമാനിക്കുന്ന വൈദികനായതുകൊണ്ടും, ആധ്യാത്മികമായി വളരെ ഉന്നതിൽ നിൽക്കുന്ന അച്ചനായതുകൊണ്ടും എന്നെ അത് അത്ഭുതപ്പെടുത്തി. ” എന്താ, അച്ചന് മരിക്കുവാൻ പേടിയാണോ?” എന്ന് ഞാൻ ചോദിച്ചപ്പോൾ, കരച്ചിലടക്കി വെറുതെ ഒന്ന് ചിരിച്ചിട്ട്, അദ്ദേഹം പറഞ്ഞു: “മരിക്കാൻ എനിക്ക് ഒട്ടും പേടിയില്ല.” നമുക്കൊക്കെ മരണം പേടിയാണ്. മരണത്തെ ഞാനും നിങ്ങളും പേടിക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം ആഞ്ഞുവലിക്കുന്ന ശ്വാസത്തോടൊപ്പം വാരിയെല്ലിന്റെ ഉള്ളിലൂടെ കൊത്തിപ്പറിക്കുന്ന ഒരു വേദന തോന്നിയാൽ നമ്മളിൽ പലരും പകുതി മരിക്കാൻ തുടങ്ങും. അടുത്തുള്ള ആശുപത്രിയിൽ ചെന്ന് ECG തുടങ്ങിയ എല്ലാ ടെസ്റ്റുകളും, സ്കാനിംഗും കഴിഞ്ഞ്, കുഴപ്പമൊന്നുമില്ല, ഗ്യാസാണ് എന്ന് ഡോക്ടർ പറയുന്നതുവരെ എത്രപ്രാവശ്യം നമ്മൾ മരിച്ചുകാണും! നമുക്കൊക്കെ മരണത്തെ പേടിയാണ്. ആ വൈദികൻ പറഞ്ഞു:  “മരിക്കാൻ എനിക്ക് ഒട്ടും പേടിയില്ല. ഞാൻ ഭയക്കുന്നത് അന്ത്യവിധിയെയാണ്? അച്ചൻ കയ്യിലിരുന്ന തോർത്തുകൊണ്ട് തന്റെ കണ്ണീർ തുടച്ചു.

വിശുദ്ധനായ ഒരു വൈദികനെപ്പോലും അന്ത്യവിധി ഭയപ്പെടുത്തുന്നുണ്ടെങ്കിൽ, നാം, സാധാരണക്കാരായ ക്രൈസ്തവർ എത്രമാത്രം അന്ത്യവിധിയെ ഭയക്കണം? അവസാന യാത്രതുടങ്ങിയശേഷം ദൈവപുത്രന്റെ സന്നിധിയിൽ എത്തുന്നതുവരെയുള്ള യാത്ര അവസാനിക്കുന്നത് സ്വർഗ്ഗമോ നരകമോ എന്ന വലിയ ചോദ്യത്തിന്റെ മുൻപിലാണ്. അതേ, പ്രിയപ്പെട്ടവരേ, അമ്മയുടെ ഗർഭപാത്രത്തിന്റെ ഇരുട്ടിൽ നിന്ന് നിശ്ചയിക്കപ്പെട്ട ആറടിമണ്ണിന്റെ ഇരുട്ടിലേക്കുള്ള യാത്രയ്ക്കിടയിലെ തുച്ഛമായ ഒരു ലോകം. അത് മാത്രമാണ് ഈ ജീവിതം. ആ ഇരുട്ടുകൾക്കിടയിലുണ്ടായിരുന്ന വെളിച്ചം അവസാനിക്കുന്ന മരണത്തിനുശേഷം അന്ത്യവിധിയായി! വിശുദ്ധനായ വൈദികനെപ്പോലും അന്ത്യവിധി ഭയപ്പെടുത്തുന്നുണ്ടെങ്കിൽ, അന്ത്യവിധിയുടെ യാത്രയിലേക്കുള്ള മരണം ഏത് സെക്കന്റിലും നമ്മെയും തേടിയെത്തും. മരണം നമ്മുടെ വാതിൽക്കലുണ്ട്, മരണം നമ്മുടെ ചെരിപ്പിനടിയിലുണ്ട്. മരണം നമ്മുടെ പിന്നാലെയുണ്ട്. മരണം ഞാൻ ഓടിക്കുന്ന വാഹനത്തിന്റെ പിന്നാലെയുണ്ട്. മരണം ഞാൻ കഴിക്കുന്ന ഭക്ഷണത്തോടൊപ്പമുണ്ട്. മരണം ഞാൻ കുടിക്കുന്ന വെള്ളത്തോടൊപ്പമുണ്ട്. ആ മരണത്തിനുശേഷം, നമ്മുടെ വീട്ടുകാരും അയൽവക്കക്കാരും നമ്മോട് ചെയ്യാനുള്ള കടമകളെല്ലാം ചെയ്യും. അടഞ്ഞുപോയ നമ്മുടെ കണ്ണുകളിലേക്ക് അവരൊന്ന് നോക്കും. നമ്മുടെ സഹോദരങ്ങളെ, മക്കളെ തോളിൽ തട്ടി ആശ്വസിപ്പിക്കും. എന്നിട്ട് വലിച്ചുകെട്ടിയ ടാർപായയുടെ അടിയിലെ കസേരയിലിരുന്ന് അവർ നമുക്ക് വേണ്ടി പ്രാർത്ഥിക്കും. “കർത്താവേ, അന്ത്യവിധിയുടെ നാളിൽ ഈ ആത്മാവിനോട് കരുണകാണിയ്ക്കണമേ. നീ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുവാൻ കഴിവ് കൊടുക്കണേ കർത്താവേ”

സ്നേഹമുള്ളവരേ, മരണം നമ്മെ ഭയപ്പെടുത്തേണ്ടതില്ല.ഭയക്കേണ്ടത്  അന്ത്യവിധിയെയാണ്. മനുഷ്യരേ, ഈ കാണാവുന്ന പവറും പത്രാസും ഈ ലോകത്തിലേയുള്ളു. പണംകൊണ്ടും, അധികാരംകൊണ്ടും, ശക്തികൊണ്ടും എഴുന്നേറ്റുനിൽക്കാനുള്ള പവർ ഈ മണ്ണിന്റെ മുകളിലേയുള്ളു. ആറടിമണ്ണിൽ വച്ചാൽ ഒന്ന് എഴുന്നേറ്റിരിക്കാൻപോലും സാധിക്കില്ല. അന്ത്യവിധിനാളിൽ ക്രിസ്തു ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം കൊടുക്കുവാൻ കഴിവ് കിട്ടണമെങ്കിൽ അവിടുത്തെ കരുണയുണ്ടാകണം.

ചോദ്യങ്ങൾ വലതുവശത്തു നിൽക്കുന്നവർക്കും, ഇടതുവശത്തുനിൽക്കുന്നവർക്കും ഒരുപോലെയാണ്. നീ പാശ്ചാത്യനാണോ, പൗരസ്ത്യനാണോ എന്നതായിരിക്കല്ല ചോദ്യം; നീ യൂറോപ്പ്യനാണോ, ചൈനക്കാരനാണോ, ഏഷ്യാക്കാരനാണോ എന്നുമായിരിക്കില്ല ചോദ്യം; നീ മലയാളിയോ, ബംഗാളിയോ, തമിഴ്നാട്ടുകാരനോ, ആന്ധ്രാക്കാരനോ എന്നൊന്നും ചോദ്യമുണ്ടാകില്ല. നീ നേടിയെടുത്ത ഡിഗ്രികളെക്കുറിച്ചോ, നീ വെട്ടിപ്പിടിച്ച രാജ്യങ്ങളെക്കുറിച്ചോ, നീ നടത്തിയ വിപ്ലവങ്ങളെക്കുറിച്ചോ ചോദ്യമുണ്ടാകില്ല. വിധിയാളനായ ക്രിസ്തു നമ്മോട് ചോദിക്കുന്ന ഒരേയൊരു ചോദ്യം, ഉത്തരങ്ങൾക്ക് multiple choice ഇല്ലാത്ത ഒരേയൊരു ചോദ്യം ഇതായിരിക്കും: “എന്റെ ഈ എളിയവരിൽ എന്നെക്കണ്ട് അവർക്ക് നന്മചെയ്തുവോ? എന്റെയീ എളിയവർ, കാരാഗൃഹത്തിലായിരുന്നപ്പോൾ അവരെ സന്ദർശിച്ചുവോ? എന്റെയീ എളിയവർ നഗ്നരായിരുന്നപ്പോൾ അവരെ ഉടുപ്പിച്ചുവോ? അവർ വിശന്നപ്പോൾ അവർക്ക് ഭക്ഷണം കൊടുത്തുവോ? അവർ ദാഹിച്ചു നടന്നപ്പോൾ അവർക്ക് കുടിക്കാൻ കൊടുത്തുവോ? എന്നൊക്കെ വിശദീകരിച്ചു് ചോദിക്കുമ്പോൾ, ഈശോയേ, ഈ ലോകത്തിന്റെ പിന്നാലെ പോയതുകൊണ്ട്, സിനിമാക്കാരുടെ പളപളപ്പിന്റെ പിന്നാലെ പോയതുകൊണ്ട്, രാഷ്ട്രീയക്കാരന്റെ വിടുവായത്തത്തിന്റെ പിന്നാലെ പോയതുകൊണ്ട്, മൊബൈലിൽ തോണ്ടിക്കൊണ്ടിരുന്നതുകൊണ്ട്, ജോഷ്‌, സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം തുടങ്ങിയയ്ക്ക് പിന്നാലെ പോയതുകൊണ്ട് ഇതൊന്നും എനിക്ക് ചെയ്യാൻ സാധിച്ചില്ല എന്ന് പറയുവാൻ ഇടവന്നാൽ അന്ത്യവിധി ഭയാനകമായിരിക്കും പ്രിയപ്പെട്ടവരേ!

അപ്പോൾ നാം ആരെ വിളിച്ചാലും ഒരു കാര്യവുമുണ്ടാകില്ല. നീ നിന്റെ സൈന്യത്തെ വിളി, നിന്റെ കയ്യിലുണ്ടായിരുന്ന പണത്തെ, അധികാരത്തെ വിളി, ആരെയൊക്കെയോ തോൽപ്പിക്കുവാൻ വേണ്ടി, ആരെയൊക്കെയോ നശിപ്പിക്കുവാൻവേണ്ടി, നിന്റെ അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ കോടി ഉയരങ്ങളിൽ ഉയർത്തുവാൻവേണ്ടി നിന്നോടൊപ്പം നിന്നവരെ വിളി. ആരെ വിളിച്ചാലും നിന്റെ വിളികളെല്ലാം നിഷ്ഫലമാകുന്ന ദാരുണ മുഹൂർത്തമാണത്. അവിടെ നിന്നെ രക്ഷിക്കുവാൻ നീ ഈ ഭൂമിയിൽ ചെയ്ത നന്മകൾക്കുമാത്രമേ നിന്നെ രക്ഷിക്കുവാൻ സാധിക്കൂ.

ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ ചൈതന്യവുമായി ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്ന അന്ത്യവിധിയെക്കുറിച്ചുള്ള ചിന്തകൾ സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാൻ കെൽപ്പുള്ളതാണ്. ദൈവത്തിന്റെ വചനത്തിന്റെ സന്ദേശം നമ്മുടെ ജീവിതത്തെ ചിട്ടപ്പെടുത്തുവാൻ, നമ്മെ നന്മയിലൂടെ നടത്തുവാൻ ഉദ്ദേശിച്ചുള്ളതാണ്. ഞാൻ എന്റെ തോന്നലുകൾക്കനുസരിച്ചു് ജീവിക്കുമെന്ന പൈശാചികമായ ചിന്താഗതി ഉപേക്ഷിച്ചു് അന്ത്യവിധിയിൽ ഈശോയുടെ ചോദ്യത്തിന് നല്ല ഉത്തരം നൽകുന്നതിനുള്ള പുറപ്പാടുകളായിരിക്കട്ടെ ഇനിയുള്ള നമ്മുടെ ജീവിതം. അന്ത്യവിധി നാളിൽ ഈശോ ചോദിക്കുന്ന ഈയൊരു ചോദ്യം എപ്പോഴും നമ്മുടെ മനസ്സിലുണ്ടായിരിക്കട്ടെ. നമുക്ക് ദൈവം നൽകുന്ന

എല്ലാ അനുഗ്രഹങ്ങളും, കഴിവുകളും, സമ്പത്തും, സ്ഥാനമാനങ്ങളും, അവസരങ്ങളും ഈയൊരു ചോദ്യത്തിന് നല്ല ഉത്തരം കൊടുക്കുവാൻ നാം ഉപയോഗിക്കണം. അതിനുള്ള അനുഗ്രഹം വിശുദ്ധ കുർബാനയുടെ ഈശോ നമുക്ക് നൽകട്ടെ. ആമേൻ!

SUNDAY SERMON JN 12, 27-36

ഏലിയാ സ്ലീവാ മൂശേക്കാലം നാലാം ഞായർ

ഉത്പത്തി 41, 37-45

പ്രഭാഷകൻ 47, 2-3; 8-11

ഹെബ്രായർ 1, 1-4

യോഹന്നാൻ 12, 27-36

വിശുദ്ധ യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 12 വായിച്ചുകഴിയുമ്പോൾ നമ്മുടെയൊക്കെ മനസ്സിൽ സ്വതവേ തോന്നുന്ന ചിന്ത ഇതായിരിക്കും: ജീവിതത്തിന്റെ പെരുവഴിയിൽ വലിച്ചെറിയപ്പെടുന്നവന്റെ വികാരം! ശരിയാണ്, ഈശോ വിഷമിക്കുന്നുണ്ട്.  തന്റെ ആത്മാവ് അസ്വസ്ഥമാണെന്ന് ഈശോ തന്നെ പറയുന്നുണ്ട്. എങ്കിലും, സഹനത്തിലൂടെ മാത്രമേ തന്നിലെ ദൈവത്വം ലോകത്തിന് മുന്നിൽ പ്രകടമാകുകയുള്ളു എന്ന് ഈശോയ്ക്കറിയാമായിരുന്നു. അതുകൊണ്ടാണല്ലോ ‘ആ മണിക്കൂറിലേക്ക് പ്രവേശിക്കുന്നതിന് താൻ തയ്യാറാണെന്ന്’ ഈശോ പറയുന്നത്. അതുതന്നെയാണ് ഈ അധ്യായത്തിന്റെ വൈശിഷ്ട്യവും.

ഈശോ ഈ ലോകത്തിലേക്ക് വന്നത് ലോകത്തെ, മനുഷ്യവർഗത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല, രക്ഷയിലേക്ക് വീണ്ടെടുക്കുവാനാണ്. രക്ഷയ്ക്കായി ഈശോ നമുക്ക് നൽകുന്ന മാർഗം സഹനമാണ്. ബുദ്ധമതസ്ഥാപകനായ ശ്രീ ബുദ്ധൻ രക്ഷയ്ക്കായി നൽകുന്നത് ധ്യാനമെന്ന മാർഗമാണ്. ധ്യാനത്തിലൂടെ രക്ഷ, Enlightenment എന്നതായിരുന്നു ബുദ്ധൻ നിർദ്ദേശിച്ച മാർഗം. ഭാരതത്തിന്റെ രക്ഷ, സ്വാതന്ത്ര്യം എന്ന ലക്‌ഷ്യം നേടിയെടുക്കുവാൻ മഹാത്മാഗാന്ധി നിർദ്ദേശിച്ചത് അഹിംസയുടെ മാർഗമാണ്. കമ്മ്യൂണിസത്തിന്റെ ആചാര്യനായ കാറൽമാർക്‌സാകട്ടെ ഹിംസയുടെ മാർഗമാണ് നിർദ്ദേശിച്ചത്. മനുഷ്യരക്ഷയ്ക്കായി ക്രിസ്തു നിർദ്ദേശിക്കുന്നത് സഹനമാണ്. മഹത്വത്തിലേക്ക്, നന്മയിലേക്ക് പ്രവേശിക്കണമെങ്കിൽ നാം സഹനത്തിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ ചൈതന്യമെന്നത് “ഗോതമ്പുമണിപോലെ അഴിയുക, ഇല്ലാതായിത്തീരുക എന്നതാണ്.” ഇവിടെ സഹനമെന്നത് ഭൂമിയിലെ ജീവിതത്തെ മഹത്വപ്പെടുത്തുന്ന ചവിട്ടുപടികളായി മാറുകയാണ്. പരാതികളില്ലാത്ത, പരിദേവനങ്ങളില്ലാത്ത സഹനമാണ് ക്രിസ്തുവിൽ നാം കാണുക. പ്രപഞ്ചത്തിന്റെ തുടിപ്പും പരിഭവമില്ലാത്ത, പിറുപിറുപ്പുകളില്ലാത്ത സഹനമാണ്. അമ്മയുടെ ഈറ്റുനോവിന്റെ നിലവിളികളിൽ എവിടെയാണ് പരിഭവം? ശിശുവിനെ പ്രസവിച്ച ശേഷം സന്തോഷം നിമിത്തം ആ വേദന പിന്നീടവൻ ഓർക്കുന്നതേയില്ല.

വിശുദ്ധ യോഹന്നാന്റെ സുവിശേഷം പന്ത്രണ്ടാം അധ്യായത്തിന്റെ essence, ചൈതന്യം ജീവിതത്തിന്റെ പെരുവഴിയിൽ വലിച്ചെറിയപ്പെടുന്നവന്റെ വികാരമല്ല, ഈശോയുടെ മഹത്വപ്പെടലാണ്; അതിലൂടെ പിതാവായ ദൈവത്തിന്റെ മഹത്വമാണ്. പന്ത്രണ്ടാം അധ്യായത്തിന്റെ ആരംഭത്തിലെ പാപിനിയായ സ്ത്രീയുടെ തൈലാഭിഷേകവും, ഒലിവില ചില്ലകളും ഓശാനവിളികളുമായി ഈശോയെ സ്വീകരിച്ചാനയിക്കലും ഈശോയെ ദൈവമായി, രാജാവായി സ്വീകരിക്കുന്നതിന്റെ വിവരണങ്ങളാണ്. അതിനുശേഷമാണ് ഈശോ തന്റെ തന്നെ മഹത്വപ്പെടലിനെക്കുറിച്ചു് പറയുന്നത്. ഈശോ ഉടനെ കൂട്ടിച്ചേർക്കുന്നത് “പിതാവേ, നിന്റെ നാമത്തെ നീ മഹത്വപ്പെടുത്തണമേ” എന്നാണ്. അപ്പോൾ സ്വർഗം അതിനെ സ്ഥിരീകരിക്കുകയാണ്. സ്വർഗത്തിൽ നിന്ന് ഒരു സ്വരമുണ്ടാകുന്നു. ഈശോയുടെ ജീവിതത്തിന്റെ പ്രത്യേക സാഹചര്യങ്ങളിൽ സ്വർഗ്ഗത്തിന്റെ സവിശേഷ ഇടപെടലുകൾ ഉണ്ടാകുന്നുണ്ട്. ഈശോയുടെ മാമ്മോദീസാവേളയിൽ, താബോർമലയിലെ രൂപാന്തരീകരണവേളയിൽ, ഇതാ ഇപ്പോൾ തന്നിലൂടെയുള്ള പിതാവായ ദൈവത്തിന്റെ മഹത്വീകരണത്തെക്കുറിച്ചു് പറയുമ്പോൾ സ്വർഗം അതിനെ സ്ഥിരപ്പെടുത്തുകയാണ്. ഈശോയുടെ സാന്നിധ്യത്തെ, അവിടുത്തെ പ്രവർത്തനങ്ങളെ, സുവിശേഷ പ്രഘോഷണത്തെ സാധൂകരിക്കുന്നതാണ് ഈ ശബ്ദം. പിതാവായ ദൈവത്തിന്റെ ഉറപ്പാണ് ഈ ശബ്ദം. ഈശോ കന്യകയിൽ നിന്ന് ജനിക്കണമെന്നുള്ള ദൈവത്തിന്റെ പദ്ധതിയുടെ, അവിടുത്തെ അത്ഭുതപ്രവൃത്തികൾ ദൈവരാജ്യത്തിന്റെ അടയാളങ്ങളാണെന്ന പദ്ധതിയുടെ ഉറപ്പിക്കലാണ് ഈ ശബ്ദം. ഈശോയെ റോമൻ കുരിശിൽ തറയ്ക്കുകയെന്നത് രക്ഷാകരപദ്ധതിയിൽപെട്ടതാണ്. ഈശോയെ ഒരു കുഴിമാടത്തിൽ സംസ്കരിക്കുകയെന്നതും, മൂന്നാം ദിവസം ഈശോ ഉയിർത്തെഴുന്നേൽക്കുകയെന്നതും പിതാവിന്റെ പദ്ധതിയാണ്. ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ സഹനം മഹത്വത്തിലേക്കുള്ള വഴിയാണ്. സഹനത്തിന് എന്നും ഇപ്പോഴും ഒരു സ്വഭാവം തന്നെയാണെങ്കിലും ക്രൈസ്തവരതിനെ രക്ഷാകരമാക്കുകയാണ്.

ഇന്നത്തെ സുവിശേഷത്തിന്റെ മുഖ്യ സന്ദേശം മനുഷ്യപുത്രൻ ഉയർത്തപ്പെടണം എന്നതാണ്. ഈ “ഉയർത്തപ്പെടൽ” പക്ഷേ, സഹനത്തിലൂടെ, കുരിശുമരണത്തിലൂടെ മാത്രമേ നടക്കുകയുള്ളൂ. “ഞാൻ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാ ആളുകളെയും എന്നിലേക്ക് ആകർഷിക്കും” എന്ന ഈശോയുടെ വചനത്തിനുശേഷം, സുവിശേഷകൻ ഉടനെ കൂട്ടിച്ചേർക്കുന്നത് “തൻ ഏതുതരം മരണത്താൽ മരിക്കാൻ പോകുന്നുവെന്ന് കാണിക്കാനാണ് അവൻ ഇത് പറഞ്ഞത് എന്നാണ്. ഈശോയുടെ  കാര്യത്തിൽ ഉയർത്തപ്പെടുക എന്നത് ക്രൂശിയ്ക്കപ്പെടുക എന്നതാണ് അർത്ഥം. എന്നാൽ, ഇന്ന് നാം മനസിലാക്കുക ഈശോയുടെ ദൈവത്വം ഇതൾവിടർന്നത് കുരിശുമരണമെന്ന യാഥാർഥ്യംകൊണ്ട് മാത്രമല്ല എന്നാണ്. സഹനത്തിന്റെ വഴിയിൽ ദൈവത്തിന്റെ ഇഷ്ടത്തോടൊപ്പം നടന്നപ്പോഴാണ് ഈശോയുടെ സഹനങ്ങൾ രക്ഷാകരമായിത്തീർന്നത്. അല്ലെങ്കിൽ കുരിശുമരണംപോലും വ്യർത്ഥമായിപ്പോകുമായിരുന്നു!!!

ഉയർത്തപ്പെടലിന്റെ, നന്മയുടെ, ഉത്തമമായ സന്തോഷത്തിന്റെ, സമൃദ്ധിയുടെ വഴി സഹനത്തിന്റെ വഴിയാണെന്ന് ഈശോ നമ്മെ പഠിപ്പിച്ചതിനെ ശരിവയ്ക്കുകയാണ് ഈ പ്രപഞ്ചം, പ്രപഞ്ചത്തിലെ വിസ്മയങ്ങൾ. “പ്രപഞ്ചത്തെ ഒന്ന് വീക്ഷിക്കൂ … മനോഹരമായതെന്തും ഫലപ്രദമായതെന്തും ഈ ഭൂമിയിലേക്ക് കടന്നുവരുന്നത് വളരെ ക്ലേശം നിറഞ്ഞ പ്രയത്നത്തിലൂടെയാണ്. ഒരു പുതു നാമ്പ്, വിടർന്നു നിൽക്കുന്ന ഒരു പൂവ്, ഫലം ചൂടി നിൽക്കുന്ന ഒരു വൃക്ഷം – ചോദിച്ചു നോക്കൂ അവർ കടന്നു വന്ന വാതിലുകളെക്കുറിച്ച്! അവർക്കു പറയാനുള്ളത് ഇടുങ്ങിയ വാതിലുകളുടെ കഥകളായിരിക്കും. ഇനി, നമ്മുടെ തന്നെ നേട്ടങ്ങളെക്കുറിച്ചു, വിജയങ്ങളെക്കുറിച്ചു, നമ്മുടെ കുടുംബത്തിന്റെ വളർച്ചയെക്കുറിച്ചു ഓർത്താലും കടന്നുവന്ന ഇടുങ്ങിയ വാതിലുകളുടെ കഥകളായിരിക്കും നമുക്കും പറയാനുണ്ടാവുക. മഹാകവി ഉള്ളൂർ തന്റെ “നവയുഗോദയം” എന്ന കവിതയിൽ ജലത്തിന്റെയും, സ്വർണത്തിന്റെയും ഇടുങ്ങിയ വാതിലുകളെക്കുറിച്ച് പാടുന്നുണ്ട്. “പാറയ്ക്കുമേൽ തട്ടിയുടഞ്ഞുവേണം/പാനാർഹമായി സരിതാംബു തീരാൻ/ഇരുട്ട് തിങ്ങും ഖനി വിട്ടുവേണം/ഹീരം നൃപൻ തൻ മകുടത്തിൽ മിന്നാൻ.” “ (ഫാ. സാജു പൈനാടത്ത്, ദൈവത്തിന്റെ  ഭാഷ-വിശുദ്ധ കുർബാന, 5, 59, പേജ് 103)

സഹനം അവസാനമല്ല, ആരംഭമാണ്- ദൈവമഹത്വത്തിന്റെ, പുതുജീവിതത്തിന്റെ ആരംഭം. സഹനം തകർച്ചയല്ല, ആദ്യപടിയാണ് – ഉയർത്തപ്പെടലിന്റെ ആദ്യപടി. മരണം, സഹനം അവസാനമല്ലെന്നും, ഉത്ഥാനമാണ്, ഉയിർപ്പാണ്, മഹത്വപ്പെടലാണ് അവസാനവാക്കെന്നും അറിയുന്ന ക്രൈസ്തവരാണ് യഥാർത്ഥ ക്രൈസ്തവർ. വിശുദ്ധരുടെ, രാക്ഷസാക്ഷികളുടെ ജീവിതങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് നാമെല്ലാവരും ഉയർത്തപ്പെടുമെന്ന് തന്നെയാണ്.

എന്നാൽ, ഉയർത്തപ്പെടണമെങ്കിൽ, തകർച്ചയിലൂടെ കടന്നുപോകുമ്പോൾ, ക്രൂശുമരണത്തിൽപോലും ദൈവമഹത്വം പ്രകടമാക്കണമെങ്കിൽ എന്താണ് വേണ്ടത്? ഉത്തരം പഴയനിയമത്തിലെ ജോസഫിന്റെ ജീവിതത്തിലുണ്ട്. ഇന്നത്തെ ഒന്നാം വായനയിൽ നാം കണ്ട ജോസഫ് തകർച്ചയുടെ, സഹനത്തിലൂടെ കടന്നുപോയവനാണ്. വചനം പറയുന്നു: ‘ദൈവത്തിന്റെ ആത്മാവ് ഉണ്ടായിരുന്നതുകൊണ്ട് ദൈവം അവനെ ഉയർത്തി.’ സഹനത്തിന്റെ, കുരിശിന്റെ വഴികളിലൂടെ കടന്നുപോകുമ്പോഴും, അവയെ രക്ഷാകരമാക്കണമെങ്കിൽ നാം ദൈവാത്മാവിനാൽ നിറഞ്ഞവരാകണം. ദാവീദ് ദൈവാത്മാവിനാൽ നിറഞ്ഞ വേളകളിലെല്ലാം ദൈവം അദ്ദേഹത്തെ ഉയർത്തുകയും, ദൈവാത്മാവ് ഇല്ലാതെ ജീവിച്ചപ്പോൾ ദൈവം അദ്ദേഹത്തെ താഴ്ത്തുകയും ചെയ്തു.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം ഉയർത്തപ്പെടലിന്റെ സുവിശേഷമാണ്. അതിനുള്ള മാർഗം സഹനത്തിന്റെ, കുരിശിന്റെ മാർഗമാണ്. നാലപ്പാട്ട് നാരായണമേനോൻ തന്റെ കണ്ണുനീർത്തുള്ളി എന്ന കവിതയിൽ പാടുന്നപോലെ,

“ഉരുക്കിടുന്നു മിഴിനീരിലിട്ട് / മുക്കുന്നു മുറ്റും ഭുവനൈക ശില്പി / മനുഷ്യഹൃത്താം കനകത്തെയേതോ / പണിത്തരത്തിന്നു പയുക്തമാക്കാൻ.” 

മനുഷ്യഹൃത്താകുന്ന സ്വർണം അഗ്നിയിലൂടെ, സഹനത്തിലൂടെ, കുരിശിലൂടെ കടന്നുപോയെങ്കിൽ മാത്രമേ, ദൈവമഹത്വം പ്രകടമാക്കുന്ന ഒന്നായി മാറുകയുള്ളുവെന്ന സത്യം ഒരിക്കലും മറക്കാതിരിക്കാം.

നമ്മുടെ ജീവിതത്തെ, ജീവിതത്തിലെ സഹനങ്ങളെ രക്ഷാകരമാക്കുവാൻ ഇന്നത്തെ സുവിശേഷ സന്ദേശം നമ്മെ സഹായിക്കട്ടെ. ആമേൻ!

SUNDAY SERMON MT 24, 29-36

ഏലിയാ സ്ലീവാ മൂശേക്കാലം മൂന്നാം ഞായർ

ഉത്പത്തി 9, 8-17

ദാനിയേൽ 7, 9-14

1 കോറി 1, 18-25

മത്താ 24, 29-36

ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ ചൈതന്യത്തിനനുസരിച്ചുള്ള ഒരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചു കേട്ടത്. ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനവും അന്ത്യവിധിയുമെക്കെ ഈ കാലത്തിന്റെ വിചിന്തനത്തിനുള്ള വിഷയങ്ങളാണ്. കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണം കാണാതെ പഠിച്ച കാലം മുതൽ, വിശുദ്ധ കുർബാനയുടെ വേളയിലും, കുടുംബപ്രാർത്ഥനാസമയത്തും, മറ്റ് പ്രാർത്ഥനാവേളകളിലും “ക്രിസ്തു മരിച്ചവരെയും, ജീവിക്കുന്നവരെയും വിധിക്കുവാൻ വീണ്ടും വരുമെന്നും ഞാൻ വിശ്വസിക്കുന്നു” എന്ന് ഏറ്റുപറയുന്നവരാണ് നാമെല്ലാവരും. ആ വിശ്വാസത്തിന്റെ ബൈബിളധിഷ്ഠിതമായ വിവരണമാണ് ഇന്നത്തെ സുവിശേഷത്തിലുള്ളത്.

മനുഷ്യ ചരിത്രത്തിന്റെ ആദ്യകാലം മുതലേ, മനുഷ്യൻ ബുദ്ധി ക്രമമായി ഉപയോഗിക്കുവാൻ തുടങ്ങിയ കാലം മുതലേ മനുഷ്യന്റെ മുൻപിലെ സമസ്യകളാണ് മരണശേഷം എന്ത്, ഈ ലോകത്തിന് ഒരവസാനം ഉണ്ടായിരിക്കുമോ, അങ്ങനെയൊന്നുണ്ടെങ്കിൽ അത് എങ്ങനെയായിരിക്കും എന്നിവ. ഒരിക്കലും മറികടക്കാനാകാത്ത സംഭവമായി മരണം മനുഷ്യന്റെ മുൻപിൽ നിൽക്കുമ്പോൾ, മരണശേഷം എന്ത്, ഈ ലോകത്തിന് ഒരവസാനം ഉണ്ടായിരിക്കുമോ, അങ്ങനെയൊന്നുണ്ടെങ്കിൽ അത് എങ്ങനെയായിരിക്കും, എന്നിവ ഇന്നും കടംകഥകളായി, ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കുകയാണ്.

ഈ ഉത്തരംകിട്ടാ ചോദ്യങ്ങൾക്ക് മറുപടിയുമായി എല്ലാ മതങ്ങളും രംഗത്തുണ്ടെങ്കിലും, വെളിപ്പെടുത്തപ്പെട്ട സത്യവിശ്വാസമായി ഇന്നും സജീവമായി നിൽക്കുന്ന ക്രിസ്തുമതം, ക്രിസ്തുവിന്റെ യുഗാന്ത്യോന്മുഖ ദർശനം അവതരിപ്പിക്കുകയാണ് ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ. തങ്ങളെ സൃഷ്ടിച്ച ദൈവത്തെപ്പറ്റിയോ, ഓരോ നിമിഷവും കൈപിടിച്ച് നടത്തുന്ന ദൈവത്തിന്റെ പരിപാലനയെപ്പറ്റിയോ, ദൈവം നല്കിയതല്ലാതെ തങ്ങൾക്ക് ഒന്നുമില്ലയെന്ന സത്യത്തെപ്പറ്റിയോ ചിന്തിക്കുവാൻ സമയമില്ലാതെ നെട്ടോട്ടമോടുന്ന മനുഷ്യന്റെ മുൻപിൽ വലിയൊരു ഓർമപ്പെടുത്തലായാണ് ഈ സുവിശേഷഭാഗം നിൽക്കുന്നത് – ഹേ, മനുഷ്യാ നീ ഒരുനാൾ മരിക്കും എന്നതാണ് ആ ഓർമ്മപ്പെടുത്തൽ! ഹേ, മനുഷ്യാ, ഈ ഭൂമിയിലെ നിന്റെ ജീവിതത്തിന് നീ കണക്ക് കൊണ്ടുക്കേണ്ടിവരും. അത് നീ ഒരു മാസം ജീവിച്ചാലും, ഒരു ദിവസം ജീവിച്ചാലും, ആയുസ്സിന്റെ ദൈർഘ്യം മുഴുവനും ജീവിച്ചാലും നീ കണക്കുകൊടുക്കേണ്ടിവരും. അതിനായി നിനക്ക് അന്ത്യവിധിയുണ്ടായിരിക്കും എന്നതാണാ ഓർമ്മപ്പെടുത്തൽ. അതിനായി നിന്റെ ദൈവം, ക്രിസ്തു വീണ്ടും വരും എന്നതാണ് ആ ഓർമ്മപ്പെടുത്തൽ. ക്രിസ്തുവിന്റെ വീണ്ടും വരവ്, രണ്ടാമത്തെ ആഗമനം മനസ്സിലാക്കുവാനുള്ള അടയാളങ്ങൾ ഇവയായിരിക്കും എന്നതാണാ ഓർമ്മപ്പെടുത്തൽ. 

ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ഒരു പ്രത്യേകത അവിടുന്ന് എന്തെങ്കിലും പദ്ധതി നടപ്പാക്കുന്നതിന് മുൻപ് അടയാളമോ, അടയാളങ്ങളോ നൽകും. ഉദാഹരണത്തിന്, ജലപ്രളയം വന്ന് ഭൂമി മുഴുവൻ നശിക്കുന്നതിന് മുൻപ് ദൈവം ഒരടയാളം നൽകി. പെട്ടകമായിരുന്നു അടയാളം. ഇസ്രായേൽ ജനത്തെ ഈജിപ്തിൽ നിന്ന് മോചിപ്പിക്കുന്നതിന് മുൻപ് അടയാളങ്ങൾ നൽകി. മഹാമാരികളായിരുന്നു അടയാളങ്ങൾ. ഇസ്രായേൽ ജനം ബാബിലോണിലെ അടിമത്വത്തിലേക്ക് നീങ്ങുന്നതിന് മുൻപ് ദൈവം അടയാളങ്ങൾ നൽകി. ഏലിയാ-ഏലീഷാ പ്രവാചകന്മാരുടെ അത്ഭുതങ്ങളായിരുന്നു അടയാളങ്ങൾ. പരിശുദ്ധ കന്യകാമറിയത്തിൽ നിന്ന് ഈശോ ജനിച്ചപ്പോൾ അടയാളം നൽകി. അത്ഭുത നക്ഷത്രമായിരുന്നു അടയാളം. ഇതുപോലെ മനുഷ്യപുത്രന്റെ രണ്ടാമത്തെ ആഗമനത്തിന് മുൻപും ഈശോ അടയാളങ്ങൾ നൽകും. എന്താണാ അടയാളങ്ങൾ ഈശോ പറയുന്നു: “നോഹയുടെ ദിവസങ്ങൾപോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം.”

നോഹയുടെ കാലത്ത് ജനസംഖ്യാവിസ്ഫോടനം (population Explosion) ഉണ്ടായിരുന്നു. (ഉതപ്ത്തി 1, 27) ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്നോടിയായും ഒരു ജനസംഖ്യ വിസ്ഫോടനം ഉണ്ടാകും. നോഹയുടെ കാലത്ത് അറിവിന്റെ, സാങ്കേതിക വിദ്യയുടെ (Information Technological Revolution) വിപ്ലവം ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്നോടിയാണ് അറിവിന്റെ, സാങ്കേതിക വിദ്യയുടെ വിപ്ലവം ഉണ്ടായിരിക്കും. നോഹയുടെ കാലത്ത് ധാർമിക അധഃപതനം (Moral Degradation) ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്നോടിയായും ധാർമിക അധഃപതനം ഉണ്ടായിരിക്കും.

ഇവയോടൊപ്പമായിരിക്കും പ്രപഞ്ചത്തിലെ ശക്തികളിലുണ്ടാകുന്ന മാറ്റം. സൂര്യൻ ഇരുണ്ടുപോകും;ചന്ദ്രൻ പ്രകാശം തരികയില്ല. നക്ഷത്രങ്ങള ആകാശത്തിൽ നിന്ന് നിപതിക്കും. ആകാശശക്തികൾ ഇളകും. ഈശോ ഇവിടെ ആലങ്കാരിക ഭാഷയാണ് ഉപയോഗിക്കുന്നത്. ഇത് AD 70 ൽ നടന്ന ജറുസലേം ദേവാലയത്തിന്റെ തകർച്ചയെക്കുറിച്ചല്ല ഈശോ പറയുന്നത്. ഇത് കഴിഞ്ഞുപോയ സൂര്യ-ചന്ദ്ര ഗ്രഹങ്ങളെക്കുറിച്ചുമല്ല ഈശോ സൂചിപ്പിക്കുന്നത്. ഇത് വരാനിരിക്കുന്ന ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചാണ് ഈശോ പറയുന്നത്. കർത്താവിന്റെ ദിനത്തിൽ സൂര്യൻ ഇരുണ്ടുപോകുമെന്നും, നക്ഷത്രങ്ങൾ പ്രകാശം മറച്ചുകളയുമെന്നും ജോയേൽ പ്രവാചകൻ പറയുന്നുണ്ട്. (2, 10) വെളിപാടിന്റെ പുസ്തകത്തിൽ ചന്ദ്രൻ രക്തവർണമാകുന്നതും, ആകാശം തെറുത്തുമാറ്റിയ ചുരുൾപോലെ അപ്രത്യക്ഷമാകുന്നതും അത്തിവൃക്ഷത്തിൽ നിന്ന് പച്ചക്കായ്‌കൾ പൊഴിയുന്നതുപോലെ നക്ഷത്രങ്ങൾ നിപതിക്കുന്നതും വിശുദ്ധ യോഹന്നാൻ വിവരിക്കുന്നുണ്ട്. (6, 13) അത് എന്നായിരിക്കുമെന്നതിന് ഒരു സൂചനയും ഈശോ നൽകുന്നില്ല. നൽകുന്നില്ലെന്ന് മാത്രമല്ല പിതാവായ ദൈവത്തിനല്ലാതെ മറ്റാർക്കും അറിയില്ലയെന്നും ഈശോ പറഞ്ഞുവയ്ക്കുന്നു.

സ്നേഹമുള്ളവരേ, ലോകം എന്ന് അവസാനിക്കുമെന്നതിനെക്കുറിച്ചു് ചിന്തിച്ചു് സമയം കളയുവാനല്ല, ആകാശശക്തികളുടെ ചലനങ്ങൾ നിരീക്ഷിച്ചു് വെറുതെ ഇരിക്കാനല്ല, ഇവയെല്ലാം എന്ന്, എപ്പോൾ, എങ്ങനെ സംഭവിക്കുമെന്നോർത്ത് ആകുലപ്പെട്ടിരിക്കുവാനല്ല ഈശോ ഇക്കാര്യങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നത്. ക്രൈസ്തവരായി ഈ ഭൂമിയിലൂടെ നാം നടക്കുമ്പോൾ, ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിൽ, അന്ത്യവിധിയുടെ നാളിൽ അർഹതയുള്ളവരായി, യോഗ്യതയുള്ളവരായി ദൈവത്തിന്റെ മുൻപിൽ കണ്ടെത്തക്കവിധത്തിൽ ജീവിക്കുവാൻ നാം തയ്യാറാകണമെന്ന് ഓർമിപ്പിക്കുവാനാണ് ഈശോ ഈ ഞായറാഴ്ച്ച ഈ സുവിശേഷഭാഗം നമുക്ക് നൽകുന്നത്. അതിന്, പ്രകൃതിയിൽ നിന്ന് കാലങ്ങൾ നിരീക്ഷിച്ചു് മനസ്സിലാക്കുവാൻ നമുക്ക് കഴിയുന്നതുപോലെ ഈ കാലഘട്ടത്തിന്റെ, വർത്തമാനകാലത്തിലെ മനുഷ്യരുടെ ചലനങ്ങൾ നിരീക്ഷിച്ചുകൊണ്ട് ക്രിസ്തുവിന്റെ വരവിനായി ഒരുങ്ങി നിൽക്കുവാൻ നമുക്ക് സാധിക്കട്ടെ.

ക്രിസ്തു നമുക്ക് തരുന്ന ഒരേയൊരു ലക്ഷണം ഇതാണ്: നോഹയുടെ ദിവസങ്ങൾ പോലെയുള്ള അവസ്ഥയിലൂടെ ലോകം കടന്നുപോകുമ്പോൾ ഓർക്കുക തകർച്ചയുടെ കാലം അകലെയല്ലെന്ന്.

നമ്മുടെ ജീവിതത്തിൽ നന്മയുടെ, ധാർമികതയുടെ, ക്രൈസ്തവമൂല്യങ്ങളുടെ അധഃപതനങ്ങൾ ഉണ്ടാകുമ്പോൾ ക്രിസ്തുവിലേക്ക് തിരിയുവാൻ നകുക്കാകട്ടെ. ആമേൻ! 

SUNDAY SERMON MT 10, 34-42

ഏലിയാ സ്ലീവാ മൂശേക്കാലം രണ്ടാം ഞായർ

സംഖ്യ 21, 1-9

സഖറിയാ 10, 8-12

ഗലാ 6, 11-18

മത്തായി 10, 34-42

ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ രണ്ടാം ഞായറാഴ്ച, മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടാണെന്ന് തോന്നുന്ന ഒരു സുവിശേഷഭാഗമാണ് നമുക്ക് പരിചിന്തനത്തിനായി തിരുസ്സഭ നൽകിയിരിക്കുന്നത്. ഈ സുവിശേഷഭാഗത്തെ തെറ്റായി മനസ്സിലാക്കി, ക്രിസ്തുവിനെ, അവിടുത്തെ സന്ദേശത്തെ വികലമായി അവതരിപ്പിക്കുന്ന ക്രൈസ്തവരും, അക്രൈസ്തവരുമായ പണ്ഡിതന്മാരുള്ളപ്പോൾ ഈ സുവിശേഷ ഭാഗത്തെ ശരിയായി മനസ്സിലാക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ഈയിടെ Whats App ൽ കണ്ട ഒരു മുസ്ലിം പണ്ഡിതന്റെ പ്രസംഗം അത്തരത്തിലുള്ള ഒന്നായിരുന്നു. അദ്ദേഹം സമർത്ഥിക്കാൻ ശ്രമിച്ചത്, സമാധാനരാജാവായി ക്രൈസ്തവർ വാഴ്ത്തുന്ന ക്രിസ്തു ഭിന്നത കൊണ്ടുവരുന്നവനാണ്, വാളിനെക്കുറിച്ചു് സംസാരിക്കുന്നവനാണ്, അക്രമം പ്രോത്സാഹിപ്പിക്കുന്നവനാണ് എന്നൊക്കെയാണ്. കേൾവിക്കാരായ മുസ്ലിം സഹോദരങ്ങൾ അദ്ദേഹത്തെ കൈയ്യടിച്ചു് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ‘അത് ശരിയാണല്ലോ’യെന്ന് തലകുലുക്കി സമ്മതിക്കുന്ന ക്രൈസ്തവരുമുണ്ട്. അതുകൊണ്ട്, ക്രിസ്തു ആരെന്നും, ക്രിസ്തുവിന്റെ സന്ദേശത്തിന്റെ പ്രത്യേകതയെന്തെന്നും, ഒരു വ്യക്തി തന്റെ ജീവിതത്തിൽ ക്രിസ്തുവിനെ സ്വീകരിക്കുമ്പോൾ എന്താണ് സംഭവിക്കുകയെന്നും അറിയുകയാണ് ഇന്നത്തെ നമ്മുടെ വിചിന്തനത്തിന്റെ ലക്‌ഷ്യം.

വിശുദ്ധ മത്തായിയുടെ സുവിശേഷം അദ്ധ്യായം 10 ആരംഭിക്കുന്നത്, ഈശോ അപ്പസ്തോലന്മാരെ തിരഞ്ഞെടുത്ത് അയയ്ക്കുന്ന ഭാഗത്തോടെയാണ്.  ധാരാളം ശിഷ്യരുണ്ടായിരുന്നു എങ്കിലും പന്ത്രണ്ട് പേരെ തന്റെ Core Group ആയി തിരഞ്ഞെടുക്കുകയാണ് ഈശോ. അവരെ തന്റെ ശിഷ്യരായി, പ്രേഷിതരായി അയയ്ക്കുമ്പോൾ അവർക്കായി ഈശോ ഒരുക്കുന്ന ഒരു ജീവിതശൈലിയുണ്ട്. അവരുടെ target നിയമജ്ഞരോ, ഫരിസേയരോ, പ്രഭുക്കന്മാരോ അല്ല, നഷ്ടപ്പെട്ട ആടുകളാണ്. അവരുടെ package ൽ ഉള്ള ഓഫറുകൾ ആകർഷകമാണ്. അവർ സ്വർഗ്ഗരാജ്യത്തെക്കുറിച്ചു് പറയും; രോഗികളെ സുഖപ്പെടുത്തും. മരിച്ചവരെ ഉയിർപ്പിക്കും; കുഷ്ഠരോഗികളെ ശുദ്ധരാക്കും; പിശാചുക്കളെ ബഹിഷ്കരിക്കും. അവരുടെ ജീവിതശൈലിയും പ്രത്യേകതയുള്ളതാണ്. അരപ്പട്ടയിൽ സ്വർണം, വെള്ളി, ചെമ്പ് തുടങ്ങിയവ ഉണ്ടാകാൻ പാടില്ല. യാത്രയ്ക്ക് സഞ്ചിയോ, രണ്ട് ഉടുപ്പുകളോ, ചെരിപ്പോ, വടിയോ കൊണ്ടുപോകരുത്. ലോകത്തിന്റെ ക്രമങ്ങൾക്കനുസരിച്ചുള്ള ഒരു ജീവിതശൈലിയല്ല ഈശോ ശിഷ്യർക്കായി രൂപപ്പെടുത്തിയതും, അവർക്ക് നൽകിയതും. ഇങ്ങനെയുള്ള ജീവിതശൈലിയുമായി, ക്രിസ്തുവിന്റെ സന്ദേശവുമായി അവർ പോകുമ്പോൾ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ എന്തെല്ലാമെന്നും ഈശോ പറയുന്നുണ്ട്. 1. ചെന്നായ്ക്കളുടെ ഇടയിലേക്ക് ചെമ്മരിയാടുകളെന്നപോലെയാണ് ഈശോ അവരെ അയയ്ക്കുന്നത്. ചെമ്മരിയാടുകളും, ചെന്നായ്ക്കളും. 2. ശിഷ്യരെ സ്വീകരിക്കുന്നവരും, സ്വീകരിക്കാത്തവരും. 3. ശിഷ്യർ അറസ്റ്റു ചെയ്യപ്പെടും. 4. ശിഷ്യർ മർദ്ദിക്കപ്പെടും. 5. ശിഷ്യരെ കൊല്ലും.

സ്നേഹമുള്ളവരേ, ഇത്രയും പറഞ്ഞ ശേഷമാണ് ഈശോ പറയുന്നത് എന്റെ വരവ് ഞാനിപ്പോൾ പറഞ്ഞ കാര്യങ്ങൾകൊണ്ടുതന്നെ സമാധാനത്തിന്റെ ഒരവസ്ഥയായിരിക്കില്ല സൃഷ്ടിക്കുക; സമാധാനമല്ല, വാളാണ്, ഭിന്നതയാണ് സംഭവിക്കുക. കാരണം, ഈശോയുടെ സന്ദേശവുമായി പോകുന്നവർ, ഈശോയുടെ ജീവിതശൈലിയുമായി ഈ ഭൂമിയിൽ ജീവിക്കുന്നവർ മറ്റുള്ളവരാൽ, അത്തരം ജീവിതശൈലി ഇഷ്ടപ്പെടാത്തവരാൽ സ്വീകൃതരാകുകയില്ല. അത് സമൂഹത്തിലാകട്ടെ, കുടുംബത്തിലാകട്ടെ അങ്ങനെത്തന്നെയായിരിക്കും. അപ്പോൾ രൂപപ്പെടുന്ന അവസ്ഥ ഈശോ മുന്കൂട്ടിക്കണ്ടുകൊണ്ട്‌ നമ്മെ ഒരുക്കുകയാണ് ഈ സുവിശേഷഭാഗത്തിലൂടെ.

ഈ സുവിശേഷഭാഗത്തെ ശരിയായി മനസ്സിലാക്കാത്തവർ പറയുന്നപോലെ ഈശോ അക്രമത്തിന്റെ, വിഭജനത്തിന്റെ വാളുമായി വന്നവനല്ല. അവിടുന്ന് സമാധാനമാണ്, ശത്രുവിനെപ്പോലും സ്നേഹിക്കുന്ന മനോഭാവമാണ്, ഐക്യമാണ് ദൈവരാജ്യത്തിന്റെ സുവിശേഷമാണ് പ്രഘോഷിച്ചത്. ക്രിസ്തുവിന്റെ കാലം മുതലേ, ക്രിസ്തുവിന്റെ സുവിശേഷം സ്വീകരിക്കുന്നവരും,സ്വീകരിക്കാത്തവരും ഉണ്ടായിരുന്നു. ക്രിസ്തു പ്രഘോഷിച്ചത് സ്നേഹമായിരുന്നെങ്കിലും,ക്രിസ്തു പ്രവർത്തിച്ചത് നന്മയായിരുന്നെങ്കിലും, ക്രിസ്തു ചെയ്തത് അത്ഭുതങ്ങളായിരുന്നെങ്കിലും അതെല്ലാം സൃഷ്ടിച്ചത് ഭിന്നതയായിരുന്നു. കാരണം, ക്രിസ്തുവിന്റെ സ്നേഹം, സമാധാനം, സൗഖ്യം, നന്മ മനസ്സിലാക്കുവാൻ കഴിയാഞ്ഞവർ ക്രിസ്തുവിനെതിരെ തിരിഞ്ഞു; ആ ഭിന്നത ക്രിസ്തുവിനെ ഇല്ലാതാക്കുന്നതുവരെ നീണ്ടുനിന്നു. തീർന്നില്ല, ക്രിസ്തു ജീവിക്കുന്നു എന്നറിഞ്ഞ രാജാക്കന്മാർ മതമർദ്ദനം അഴിച്ചുവിട്ടു. ഭയാനകമായ അവസ്ഥകളിലൂടെ ക്രിസ്ത്യാനികൾ കടന്നുപോയി! നിർഭാഗ്യവശാൽ അത് ഇന്നും തുടരുന്നു…!

ഇത് ക്രിസ്തുവിന്റെ സന്ദേശത്തിന്റെ പ്രശ്നമല്ല; ക്രിസ്തു രൂപപ്പെടുത്തിയ ജീവിതശൈലിയുടെ പ്രശ്നമല്ല. അതിന്റെ നന്മയെ, വിശുദ്ധിയെ സ്വീകരിക്കുവാൻ മനുഷ്യൻ തയ്യാറാകാത്തതിന്റെ പ്രശ്നമാണ്. ഇന്നും ലോകത്തിന്റെ പലഭാഗങ്ങളിലും, എന്തിന് ഇന്ത്യയുടെ പലഭാഗങ്ങളിലും, നാം ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? ക്രിസ്തുവിന്റെ സമാധാനം സ്വീകരിക്കുവാൻ അവർ മനുഷ്യൻ തയ്യാറാകുന്നില്ല; ക്രിസ്തുവിന്റെ നന്മ പ്രഘോഷിക്കുന്നവരെ അവർ ശത്രുക്കളായിക്കാണുന്നു.

ക്രിസ്തുവിനെ സ്വീകരിക്കുന്നവർ, ക്രിസ്തുവിനായി സമർപ്പിതരാകുന്നവർ ഒരിക്കലും വിഭജനത്തിന്റെ, അനൈക്യത്തിന്റെ, അശാന്തിയുടെ വ്യക്തികൾ ആകില്ല; ആകാൻ കഴിയില്ല. ക്രിസ്തുവിന്റെ സമാധാനത്തിന്റെ സുവിശേഷം സ്വീകരിക്കാത്തവർ, ക്രിസ്തുസന്ദേശത്തിന്റെ എതിരാളികളായിമാറുന്നു; അത് വിഭജനത്തിന്റെ, അനൈക്യത്തിന്റെ വാൾ ആയിമാറുന്നു. ക്രിസ്തുവിന്റെ സന്ദേശമാണ്, അതിനോടുള്ള എതിർപ്പാണ് വാൾ ആയി മാറുന്നത്.

സാമൂഹ്യ, സമ്പർക്ക മാധ്യമങ്ങളിൽ വിപുലമായി ഉപയോഗിക്കുന്ന ഒരു tool ആണ് Blootooth. രണ്ട് Devices അടുത്തുവരുമ്പോൾ, Blootooth ഓൺ ചെയ്യുമ്പോൾ, പരസ്പരം സ്വീകരിക്കുമ്പോൾ, paired ആകുമ്പോൾ communication നടക്കും. പരസ്പരം സ്വീകരിക്കുന്നില്ലെങ്കിൽ communicaiton നടക്കില്ല. എവിടെനിന്നാണ് ഈ

Blootooth എന്ന പേര് വന്നത്? പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന Herald Blootooth എന്ന നേതാവ്, അന്ന് വിഘടിച്ചും, കലഹിച്ചും നിന്നിരുന്ന Norwey, Denmark എന്നീ രാജ്യങ്ങളെ ഒരുമിപ്പിച്ചു. ക്രിസ്തുവർഷം 958 ലാണ് Herald Blootooth Gorson ഇത് ചെയ്തത്. അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് Blootooth എന്ന വാക്ക് Social networks സ്വീകരിച്ചിരിക്കുന്നത്. ഈ ഐക്യത്തിന്റെ സന്ദേശമാണ് ഇന്നത്തെ Blootooth നൽകുന്നത്. Blootooth ന്റെ സമാധാനത്തിന്റെ സന്ദേശം ഏതെങ്കിലും ഒരു രാജ്യം സ്വീകരിക്കാതിരുന്നെങ്കിലോ? ആ സദ് ഉദ്യമം ഒരു വാളായി, വിഭജനത്തിന്റെ രൂപമായി മാറിയേനെ!!

യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ സന്ദേശത്തിന്റെ മഹത്വമാണ് ഇന്നത്തെ സുവിശേഷഭാഗം അവതരിപ്പിക്കുന്നത്.ന്മയായിട്ടുള്ളത്, തീർത്തും നല്ലതായിട്ടുള്ളത് മനുഷ്യൻ സ്വീകരിക്കുന്നില്ലെങ്കിൽ, അതിനെ എതിർക്കുകയാണെങ്കിൽ അത് വലിയ തിന്മയായിട്ട് മാറും; വാളായി മാറും. എന്തുകൊണ്ടാണ് മാതാപിതാക്കന്മാർ പറയുന്നത് മക്കൾക്ക് മനസ്സിലാകാതെ വരുന്നത്? അവർക്കത് സ്വീകരിക്കുവാൻ പറ്റാത്തത്? അവർ OLd Generation ആയതുകൊണ്ടാണ്. Generation Gap ന്റെ പ്രശ്നമല്ല എപ്പോഴും. നന്മയെ ഉൾക്കൊള്ളാൻ മനുഷ്യന് സ്വഭാവത്താലേ മടിയാണ്. അപ്പോൾ മാതാപിതാക്കന്മാർ പറയുന്ന നന്മ, നല്ല കാര്യങ്ങൾ എന്തായി മാറും? പ്രശ്നങ്ങളുടെ, വഴക്കിന്റെ വാളായി മാറും.

അതുകൊണ്ടാണ് സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന മാർഗമായി ഈശോ പറയുന്നത് പരസ്പരം സ്വീകരിക്കുക, മനസിലാക്കുക. “നിങ്ങളെ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ചവനെ സ്വീകരിക്കുന്നു.”

എം.  ആർ. വിഷ്ണുപ്രസാദിന്റെ “ഒന്നാമത്തെ സിനിമ” എന്ന ചെറിയൊരു കവിതയുണ്ട്. അതിങ്ങനെയാണ്: “ഭൂമിയിലെ അവസാനത്തെ സിനിമ കാണാനിരുന്നു. കണ്ണുകളുടെ സ്ഥാനത്ത് ചെവിയുള്ള പെൺകുട്ടിയുടെ ചിത്രമായിരുന്നു അത്. ചെവിയുടെ സ്ഥാനത്ത് കണ്ണുകളുള്ള ഞങ്ങൾക്ക് ആ സിനിമ പിടികിട്ടിയില്ല”. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 99, 13.02.2022) കണ്ണുകളുടെ സ്ഥാനത്ത് ചെവിയുള്ള പെൺകുട്ടിയുടെ കഥ, ചെവിയുടെ സ്ഥാനത്ത് കണ്ണുകളുള്ള ഞങ്ങൾക്ക് എങ്ങനെ പിടികിട്ടാനാണ്? പിടികിട്ടുകയില്ലെന്ന് മാത്രമല്ല, അതൊരു പ്രശ്നമായിത്തീരുകയും ചെയ്യും.

സ്നേഹമുള്ളവരേ, ക്രിസ്തു ദൈവമാണ്, നന്മയാണ്, സ്നേഹമാണ്. ക്രിസ്തുവിനെ സ്വീകരിക്കുമ്പോൾ എല്ലാം നന്മയായിഭവിക്കും. അപ്പോൾ, ഒരു പാത്രം വെള്ളം കൊടുക്കുന്നത് പോലും ദൈവകൃപയുടെ മഴ പെയ്തായിത്തീരും. നമ്മുടെ ജീവിതം എപ്പോഴും പാരസ്പര്യത്തിലായിരിക്കുവാൻ, ഐക്യത്തിലായിരിക്കുവാൻ, ദൈവാനുഗ്രഹത്തിലായിരിക്കുവാൻ ക്രിസ്തുവിനെ സ്വീകരിക്കുന്നവരാകാം.

മനുഷ്യജീവിതത്തെ, നമ്മുടെ കുടുംബജീവിതങ്ങളെ അസ്വസ്ഥതയിലേക്ക്, ബുദ്ധിമുട്ടുകളിലേക്ക്, നമ്മുടെ മക്കളെ തിന്മയുടെ വഴിയിലേക്ക് നയിക്കുന്നത് ക്രിസ്തുവിനെ, നന്മയെ സ്വീകരിക്കാത്തതാണ്. മനുഷ്യജീവിതത്തിന്റെ വൈരുദ്ധ്യാത്മകമായ എല്ലാ പ്രേരണകളിൽനിന്നും രക്ഷപ്പെടുവാനുള്ള ഏകവഴി ക്രിസ്തുവിനെ സ്വീകരിച്ചുകൊണ്ട് സ്നേഹത്തിലേക്ക്, ഒരുമയിലേക്ക് പ്രവേശിക്കുക എന്നതാണ്. അല്ലെങ്കിൽ ഭിന്നതയിലേക്കായിരിക്കും നമ്മുടെ ജീവിതം പോകുക.

ക്രിസ്തുവിന്റെ സ്നേഹത്തിന്റെ, സമാധാനത്തിന്റെ, ഐക്യത്തിന്റെ കൂദാശയായ വിശുദ്ധ കുർബാനയിൽ പങ്കെടുത്തുകൊണ്ട് ക്രിസ്തുവിന്റെ സമാധാനത്തിൽ ജീവിക്കുവാൻ നമുക്കാകട്ടെ. ആമേൻ!  

SUNDAY SERMON MK 9, 2-13

ഏലിയാ ശ്ലീവാ മൂശേക്കാലം ഒന്നാം ഞായർ

പുറപ്പാട് 34, 28-35

2 ദിനവൃത്താന്തം 5, 11-14

1 കോറി 15, 35-50

മാർക്കോ 9, 2-13

സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ, സ്ലീവാ ഒന്നാം ഞായറാഴ്ച്ചയാണിന്ന്. ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ, മോശെയും ഏലിയായും പഴയനിയമത്തെയും, സ്ലീവാ എല്ലാത്തിന്റെയും പൂർത്തീകരണമായ ഈശോയെയും പ്രതിനിധാനം ചെയ്യുന്നു.  സ്ലീവായുടെ വിജയവും, ഈശോയുടെ രണ്ടാമത്തെ ആഗമനവും, അന്ത്യവിധിയുമാണ് ഈ കാലത്തിലെ വിചിന്തനവിഷയങ്ങൾ. ദൈവത്തിന്റെ രൂപത്തിൽ ആയിരുന്നുവെങ്കിലും ദൈവവുമായുള്ള സമാനത മുറുകെപ്പിടിക്കാതെ തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് മനുഷ്യനെപ്പോലെ കാണപ്പെട്ട് മരണം വരെ, കുരിശുമരണംവരെ അനുസരണമുള്ളവനായ ക്രിസ്തു, തന്റെ കുരിശുമരണത്തിലൂടെ രക്ഷാകരമാക്കിയ കുരിശിന്റെ പുകഴ്ചയുടെ തിരുനാളാണ് സ്ലീവക്കാലത്തിന്റെ കേന്ദ്രബിന്ദു.  ക്രിസ്തുവിലുള്ള വിശ്വാസവും, പ്രതീക്ഷയും, സ്നേഹവും വീണ്ടെടുത്തുകൊണ്ട്, ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനായി ഒരുങ്ങാൻ ഈ കാലത്തിൽ തിരുസ്സഭ നമ്മെ ക്ഷണിക്കുകയാണ്. ഇന്നത്തെ സുവിശേഷഭാഗവും ഈയൊരു സന്ദേശവുമായിട്ടാണ് നമ്മുടെ മുൻപിലുള്ളത്.  ക്രിസ്തുവിലുള്ള വിശ്വാസവും, പ്രതീക്ഷയും, സ്നേഹവും ഹൃദയത്തിൽ നിറച്ചുകൊണ്ട്, ക്രൈസ്തവസഭയും ക്രൈസ്തവരും ഉള്ളിലുള്ള ദൈവരാജ്യം ജീവിക്കുന്നവരും, പ്രഘോഷിക്കുന്നവരും, ഉള്ളിലുള്ള ദൈവത്തിന്റെ പ്രകാശം വിതറുന്നവരും, ഉള്ളിലുള്ള ദൈവത്തിന്റെ ചൈതന്യം പ്രസരിപ്പിച്ചുകൊണ്ട് ജീവിക്കുന്നവരും ആകണമെന്നാണ് ഇന്നത്തെ ദൈവവചന സന്ദേശം.  

വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിലെ ഏകദേശം മദ്ധ്യഭാഗത്തായിട്ടാണ് ഈശോയുടെ രൂപാന്തരീകരണം സുവിശേഷകൻ അവതരിപ്പിക്കുന്നത്. അതുവരെ അത്ഭുതങ്ങളും, അടയാളങ്ങളുമൊക്കെ പ്രവർത്തിച്ചിരുന്നെങ്കിലും, തന്നിലെ ദൈവികത അതിന്റെ സർവ്വപ്രതാപത്തിൽ ലോകത്തിനുമുൻപിൽ ഈശോ വെളിവാക്കിയിരുന്നില്ല. വെളിവാക്കിക്കഴിഞ്ഞാൽ പിന്നെ രക്ഷാകരകർമങ്ങൾക്കുള്ള സമയമായിയെന്ന്, അതിന്റെ തുടക്കമായെന്ന് ഈശോയ്ക്കറിയാമായിരുന്നു. അതുകൊണ്ടാണ് രൂപാന്തരീകരണം ഈശോയുടെ ജീവിതത്തിലെ Turning Point ആകുന്നത്. ഈ സംഭവത്തിനുശേഷം, കുരിശുമരണത്തിലൂടെ ലോകരക്ഷ സാധിതമാക്കാൻ ഈശോ ജെറുസലേമിലേക്ക് യാത്രയാകുകയാണ്.

മനസ്സിലുയരുന്ന മറ്റൊരു ചോദ്യം എന്തുകൊണ്ട് ഈശോയോടൊപ്പം മോശയും ഏലിയായും? പഴയനിയമത്തിന്റെയും, പുതിയനിയമത്തിന്റെയും കണ്ടുമുട്ടലാണെന്നും, പഴയനിയമം പുതിയനിയമത്തിലേക്ക് അലിഞ്ഞുചേർന്ന് ക്രിസ്തുമാത്രമാകുന്ന സംഭവമെന്നും ഇതിനെ വിശദീകരിക്കാം. എന്നിട്ടും ഒരു സംതൃപ്തി ലഭിക്കുന്നില്ല എന്നൊരു തോന്നൽ! ഗലീലി തടാകത്തിന്റെ 15 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന Mount Tabor ന് ഗലീലിയുടെ താഴ്ന്ന പ്രദേശത്തുനിന്ന് 600 മീറ്റർ ഉയരമുണ്ട്. ഇവിടെ മൂന്ന് ശിഷ്യന്മാരെമാത്രം കൂട്ടിക്കൊണ്ടുപോയി ഈശോ രൂപാന്തരപ്പെട്ടതും, അവിടേയ്ക്ക് മോശെയും, ഏലിയായും വന്നതും, “ഇവൻ എന്റെ പ്രിയപ്പെട്ടവൻ ഇവനെ ശ്രവിക്കുക” എന്ന് സ്വർഗത്തിൽ നിന്ന് സ്വരമുണ്ടായതും ഫ്രീക്കന്മാർ പറയുമ്പോലെ വെറുതെ ഒരു സീൻ ഉണ്ടാക്കാൻ അല്ലായിരുന്നു ബ്രോ. അത് ചരിത്രത്തിൽ നഷ്ടപ്പെട്ടുപോയ നന്മകളെ, മൂല്യങ്ങളെ വീണ്ടെടുക്കാനും, ദൈവത്തിന്റെ രക്ഷാകര പദ്ധതിയെ മനുഷ്യനുമുൻപിൽ തുറന്നുകാണിക്കുവാനുമായിരുന്നു.

ക്രിസ്തുവിന്റെ രൂപാന്തരീകരണം രക്ഷാകരചരിത്രത്തിൽ വെറുതെ സംഭവിച്ച ഒരു കാര്യമല്ല. ചരിത്രത്തിന്റെ ആത്മികവും ധാർമികവുമായ പ്രതിസന്ധിഘട്ടങ്ങളിൽ സ്വർഗം കനിഞ്ഞു നൽകുന്ന മഹാവിരുന്നുകളാണ് ക്രിസ്തുവിന്റെ രൂപാന്തരീകരണം പോലെയുള്ള സംഭവങ്ങൾ. റോമൻ സാമ്രാജ്യത്വത്തിന്റെ പിടിയിൽപ്പെട്ട് വിശ്വാസം, പ്രതീക്ഷ, സ്നേഹം എന്നീ മൂന്ന് മൂല്യങ്ങളും അന്യംനിന്നുപോയ ഒരു മനുഷ്യാവസ്ഥയിലേക്കാണ് ക്രിസ്തുവിന്റെ കടന്നുവരവെന്നത് നാം മറക്കരുത്. സാക്ഷരതയില്ലാത്തവരായിരുന്നു ശിഷ്യരെന്ന് പറയാമെങ്കിലും അവരുടെ അതിജീവനത്തിന്റെ വഴികളിൽ വിശ്വാസവും, പ്രതീക്ഷയും, സ്നേഹവും നഷ്ടപ്പെട്ടവർ തന്നെയായിരുന്നു ശിഷ്യർ. ഈ മൂന്ന് മൂല്യങ്ങളെയും റോമൻ സീസറിന്റെ ഭരണം തകർത്തുകളഞ്ഞു. ജീവിതം അടിമത്വത്തിന്റെ വേദനകളുടെ കൂമ്പാരമായി. ഇങ്ങനെയൊരവസ്ഥയിൽ ശിഷ്യരെ ശാക്തീകരിക്കുവാൻ താബോർ എപ്പിസോഡ് ആവശ്യമായിരുന്നു. അവിടെ അവർ വിശ്വാസത്തിന്റെ പ്രതീകമായി മോസസ്സിനെയും, പ്രതീക്ഷയുടെ അടയാളമായി ഏലിയായെയും, സ്നേഹമായി ക്രിസ്തുവിനെയും ദർശിച്ചു. വിശ്വാസവും, പ്രതീക്ഷയും സ്നേഹത്തോട് സംസാരിച്ചുകൊണ്ടിരുന്നതായി അവർ കാണുകയാണ്. ഈജിപ്തിലെ അടിമത്തകാലംമുതൽ, ബാബിലോൺ പ്രവാസംവരെയുണ്ടായ ചരിത്ര സംഭവങ്ങൾ വിശ്വാസത്തെയും, പ്രതീക്ഷയേയും, സ്നേഹത്തെയും എത്ര ത്തോളം പ്രതികൂലമായി ബാധിച്ചു എന്നതിന്റെ ഒരു കഥാർസിസ് (Catharsis) ആണ് പത്രോസിന്റെ പറച്ചിൽ! “ഗുരോ നാമിവിടെയായിരിക്കുന്നത് നല്ലതാണ്. ഞങ്ങൾ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം. ഒന്ന് നിനക്ക്, ഒന്ന് മോശയ്ക്ക്, ഒന്ന് ഏലിയയ്ക്ക്. മോശെയിൽ വിശ്വാസത്തിന്റെയും, ഏലിയായിൽ   പ്രതീക്ഷയുടെയും, ക്രിസ്തുവിൽ സ്നേഹത്തിന്റെയും വിശ്വരൂപങ്ങൾ കണ്ട ശിഷ്യന്മാർ ഒരു വിഭ്രാന്തിയിലെന്നപോലെ വിളിച്ചുപറഞ്ഞതാണ് ഈ വാക്കുകൾ! അവരിലെ സ്വപ്നങ്ങൾക്ക് ജീവൻവയ്ക്കുന്നതായി അവർക്ക് തോന്നുകയാണ്. മാത്രമല്ല, അല്പം കഴിയുമ്പോൾ, ഈ മൂന്ന് മൂല്യങ്ങളും ക്രിസ്തുവിൽ ഒന്നായിത്തീരുകയാണ്. “അവർ ചുറ്റും നോക്കി, യേശുവിനെയല്ലാതെ മറ്റാരെയും തങ്ങളോടുകൂടെ അവർ കണ്ടില്ല.”

ബാക്കിയുള്ള സംഭാഷണങ്ങളെല്ലാം ഈ മഹാസംഭവത്തിന്റെ വിവരണങ്ങളാണ്, പ്രതിഫലനങ്ങളാണ്.

ഈശോയുടെ രൂപാന്തരീകരണത്തിൽ അനേകകാലങ്ങളുടെ മുഴക്കമുണ്ട്. ഗ്രീക്ക്, റോമൻ, ഈജിപ്ഷ്യൻ, ഏഷ്യൻ സംസ്കാരങ്ങളുടെ മുഴക്കങ്ങൾ താബോർമലയിൽനിന്ന് കേൾക്കുന്നുണ്ട്. ഈ സംസ്കാരങ്ങളെല്ലാം തന്നെ മനുഷ്യന്റെ ആദ്ധ്യാത്മികവും ധാർമികവുമായ മൂല്യങ്ങൾ തകർത്തുകൊണ്ടാണ് മുന്നോട്ട് പോയിട്ടുള്ളത്. മനുഷ്യന് ദൈവത്തിലുള്ള വിശ്വാസം, മനുഷ്യർ തമ്മിലുള്ള വിശ്വാസം തകർന്ന കഥകൾ സംസ്കാരങ്ങളുടെ ജീർണതയുടെ താളുകളിൽനിന്ന് നമുക്ക് വായിച്ചെടുക്കാവുന്നതേയുള്ളു. പ്രതീക്ഷയറ്റ മനുഷ്യ സമൂഹമല്ലേ യുദ്ധങ്ങൾക്കും, പിടിച്ചെടുക്കലുകൾക്കും ഇറങ്ങിത്തിരിക്കുന്നത്? മനുഷ്യചരിത്രം തന്നെ പ്രതീക്ഷയറ്റ, നിരാശരായ മനുഷ്യരുടെ രക്തച്ചൊരിച്ചിലിന്റെ കഥകളല്ലേ പറയുന്നത്? സ്നേഹം വെറുപ്പാകുന്നതും, ചതിയുടെയും, അവിശ്വസ്തതയുടെയും രൂപം സ്വീകരിക്കുന്നതുമല്ലേ നമ്മുടെ സാഹിത്യകൃതികൾ അന്നും ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നത്? ഈ സംസ്കാരധാരകളുടെയെല്ലാം മുഴക്കങ്ങൾക്ക് മറുപടിയായിട്ടാണ് ക്രിസ്തുവും, മോശയും, ഏലിയായും ഇവിടെ നിലകൊള്ളുന്നത്.

അത് മാത്രമല്ല. ഇന്നത്തെ കാലഘട്ടവും കടന്നുപോകുന്നത്, പോയിക്കൊണ്ടിരിക്കുന്നത് ഈ മൂല്യങ്ങളെ തകർത്തുകൊണ്ടാണെന്നത് ഈശോയുടെ രൂപാന്തരീകരണത്തിന്റെ കാലിക പ്രസക്തിയെ വ്യക്തമാക്കുന്നു. ഈ കാലഘട്ടത്തിൽ അരങ്ങേറുന്ന തീവ്രവാദപ്രവർത്തനങ്ങളും, വർഗീയ വീക്ഷണങ്ങളും, വർഗീയ ലഹളകളും, കോർപ്പറേറ്റ് ചൂഷണങ്ങളും മുന്നേറുന്നത് പ്രധാനമായും ഈ മൂന്ന് മൂല്യങ്ങളെ തകർത്തുകൊണ്ടാണ്. വർഗീയ ലഹളകളും, പേപ്പട്ടി വിഷബാധയേറ്റ അഭിരാമിയെപ്പോലുള്ളവരെ സുഖപ്പെടുത്തുവാൻ കഴിയാത്തവിധം ശാസ്ത്രം, ശാസ്ത്രത്തിന്റെ വളർച്ച ശുഷ്കമായിരിക്കുക്കുന്നതും, പ്രകൃതിക്ഷോഭങ്ങളും, സമയംതെറ്റിയുള്ള മഴയും, മഴക്കെടുതികളും തുടങ്ങിയ കാലാവസ്ഥാവ്യതിയാനങ്ങളും ഈ മൂല്യതകർച്ചയുടെ പ്രതിഫലനങ്ങളായി ആരും കാണുന്നില്ലായെന്നത് വലിയ വിരോധാഭാസം തന്നെ.  വിശ്വാസം, പ്രതീക്ഷ, സ്നേഹം മുതലായ മൂല്യങ്ങൾക്ക് വിലയില്ലാത്തവിധം നാം “Waste Land” കളായി മാറിയിരിക്കുന്നു.   

ഇവിടെ ഇന്ന് ക്രിസ്തുവിന്റെ രൂപാന്തരീകരണം നടക്കേണ്ടിയിരിക്കുന്നു.

ഈശോയുടെ രൂപാന്തരീകരണമെന്നത് പുതിയതിലേക്കുള്ള ഒരു മാറ്റമല്ലായിരുന്നു; ഒരു രൂപം മാറി വേറൊന്ന് സ്വീകരിക്കലല്ലായിരുന്നു. ഫാ. സാജു പൈനാടത്ത് MCBS ന്റെ “ദൈവത്തിന്റെ ഭാഷ-വിശുദ്ധ കുർബാന” എന്ന പുസ്തകത്തിൽ പറയുന്നപോലെ, “അന്തരത്തിന്റെ (അകത്തുള്ളതിന്റെ) രൂപമാണ് രൂപാന്തരം. പ്രത്യക്ഷത്തിൽ വരാത്തത് രൂപമായി വരുന്നു. ഉള്ളടക്കത്തെ ഗാഢമായി അവതരിപ്പിക്കുകയാണ് രൂപം.” (പേജ് 71) ക്രിസ്തുവിന്റെ ഉള്ളിലുള്ളതിന്റെ മഹിമയോടെയുള്ള പ്രകാശിപ്പിക്കലാണ് താബോർ മലയിലെ അവിടുത്തെ രൂപാന്തരീകരണം. ഉള്ളിലുള്ളതിനെ പ്രകാശിപ്പിക്കലായിരുന്നു അത്. Uncovering of what is within! ഈ മരമെവിടെനിന്ന് വന്നു എന്ന് കുട്ടികൾ ചോദിക്കുമ്പോൾ, വിത്തിനകത്തുണ്ടായിരുന്നത് പ്രത്യക്ഷമായതാണ് എന്ന് വല്യപ്പൻ കുഞ്ഞുങ്ങളോട് പറയുന്നപോലെയാണത്. കൊക്കൂണിനകത്തുണ്ടായിരുന്നത് പ്രത്യക്ഷമായതാണ് വർണശബളിതയാർന്ന ചിത്രശലഭമെന്ന് പറയുന്നപോലെയാണത്. ഈശോയുടെ ഉള്ളിലുണ്ടായിരുന്ന ദൈവം സർവ്വപ്രതാപത്തോടെ, സകല മഹിമയോടുകൂടെ പ്രത്യക്ഷമായതാണ്, പ്രകാശിതമായതാണ് ഈശോയുടെ രൂപാന്തരീകരണം.

ഉള്ളിലുള്ള ദൈവത്തെ പ്രകാശിപ്പിക്കുകയാണ് രൂപാന്തരീകരണംകൊണ്ട് ഈശോ അർത്ഥമാക്കുന്നത്. ഈ ചിന്തയോടെ ഇന്നത്തെ സുവിശേഷത്തെ സമീപിക്കുമ്പോൾ നമുക്ക് മനസിലാകും, ഈ സുവിശേഷഭാഗത്തിന് എന്നോട് എന്തൊക്കെയോ പറയാനുണ്ടെന്ന്. ക്രൈസ്‌തമൂല്യങ്ങൾക്ക് ക്ഷയം സംഭവിച്ചിരിക്കുന്ന, ക്രൈസ്തവജീവിതത്തിന് ഭീഷണിനേരിട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മോട് ക്രിസ്തുവിന്റെ രൂപാന്തരീകരണം വിളിച്ചു പറയുന്നത് മകളേ, മകനേ, നിന്റെ ഉള്ളിലുള്ള ദൈവത്തെ പ്രകാശിപ്പിക്കുക എന്നാണ്. അതിന് മുന്നോടി എന്നോണമാണ് ഈശോ പറഞ്ഞത് ദൈവരാജ്യം നിന്നിൽ തന്നെയാണെന്ന്. (ലൂക്കാ 17, 21) ഉള്ളിലുള്ള ക്രിസ്തുവിനെ ഖനനം ചെയ്യുകയാണ് ക്രൈസ്തവജീവിതത്തിന്റെ ഉദ്ദേശ്യവും, ലക്ഷ്യവും.

പന്ത്രണ്ടാം നൂറ്റാണ്ടിൽ ക്രൈസ്തവ വിശ്വാസത്തിനും,ധാർമിക മൂല്യങ്ങൾക്കും ക്ഷയം സംഭവിച്ചപ്പോൾ, വിശുദ്ധ ഫ്രാൻസിസ് അസീസി,  ലൗകികതയ്ക്കുപിന്നാലെ, സമ്പത്തിനുപിന്നാലെ അന്ധമായി ഓടിക്കൊണ്ടിരുന്ന ലോകത്തിനുമുന്പിൽ നടത്തിയ രൂപാന്തരീകരണം ലോകത്തിന്റെ കണ്ണുതുറപ്പിച്ചു. അദ്ദേഹത്തെ നോക്കിക്കൊണ്ട് ലോകം വിളിച്ചു പറഞ്ഞു: “ഇതാ, രണ്ടാമത്തെ ക്രിസ്തു കടന്നുപോകുന്നു.” അദ്ദേഹത്തിലുണ്ടായ ദൈവികമാറ്റം ലോകം മനസ്സിലാക്കിയെന്നത് വലിയ കൃപയാണ്. ഇന്ന് നമ്മിൽ രൂപാന്തരീകരണങ്ങൾ ഉണ്ടാകുന്നില്ല എന്നതാണ് വർത്തമാനകാലത്തിൽ ഏറ്റവും വലിയ ദുരന്തം! നമ്മുടെ ക്രൈസ്തവ സാക്ഷ്യജീവിതത്തെ അടച്ചാക്ഷേപിക്കുകയല്ല. മനുഷ്യന്റെ സാധാരണ ജീവിതസാഹചര്യങ്ങളിൽ നിന്ന് അടർത്തിയെടുക്കാവുന്ന രൂപാന്തരീകരണങ്ങൾ ഇന്നും നടക്കുന്നുണ്ട്. അവയെ മനസ്സിലാക്കുവാൻ പക്ഷേ ലോകമനസ്സ് ഒന്നുകിൽ പകമായിട്ടില്ല, അല്ലെങ്കിൽ അവയെ കണ്ടില്ലെന്ന് നടിക്കുന്നു. അതുമല്ലെങ്കിൽ അവയെ അവഗണിക്കുന്നു. ക്രിസ്തുവിന്റെ രൂപാന്തരീകരണം വെറുമൊരു ചരിത്രസംഭവമായോ, അമാനുഷിക പ്രവർത്തിയായോ നിൽക്കേണ്ട ഒന്നല്ല. അത് ഇന്ന് നിന്നിലും, എന്നിലും സംഭവിക്കേണ്ട ദൈവിക മാറ്റമാണ്.

സ്നേഹമുള്ളവരേ, ദൈവം നമ്മോട് എപ്പോഴും ചോദിക്കുക, മകളേ, മകനേ നിന്റെ ജീവിതത്തിൽ, നിന്നിൽ രൂപാന്തരീകരണത്തിന്റെ വേളകൾ ഉണ്ടോ എന്നായിരിക്കും. നീ സഞ്ചരിക്കുന്നത് ഏത് കാറിലാണെന്ന് ദൈവം ചോദിക്കില്ല. യാത്രാസൗകര്യമില്ലാത്ത എത്രപേരെ യാത്രചെയ്യാൻ സഹായിച്ചു എന്ന് അവിടുന്ന് ചോദിക്കും. കാരണം, അതായിരുന്നു നിന്നിൽ രൂപാന്തരീകരണം സംഭവിച്ച, നിന്റെ ഉള്ളിലെ ദൈവികത നിന്റെ ഉടലിൽ പ്രകാശിച്ച നിമിഷം. നിന്റെ വീടിന്റെ വിസ്തൃതി എത്ര സ്‌ക്വയർ ഫീറ്റാണെന്ന് ദൈവം ചോദിക്കില്ല. എത്രപേരെ നിന്റെ ഭവനത്തിൽ നീ സ്വീകരിച്ചു എന്ന് അവിടുന്ന് ചോദിക്കും. കാരണം, അതായിരുന്നു നിന്നിൽ രൂപാന്തരീകരണം സംഭവിച്ച, നിന്റെ ഉള്ളിലെ ദൈവികത നിന്റെ ഉടലിൽ പ്രകാശിച്ച നിമിഷം. നിന്റെ അലമാരയിൽ എത്ര വസ്ത്രങ്ങളുണ്ടെന്ന് ദൈവം ചോദിക്കില്ല. എത്രപേരെ നീ ഉടുപ്പിച്ചു എന്ന് ചോദിക്കും. കാരണം, അതായിരുന്നു നിന്നിൽ രൂപാന്തരീകരണം സംഭവിച്ച, നിന്റെ ഉള്ളിലെ ദൈവികത നിന്റെ ഉടലിൽ പ്രകാശിച്ച നിമിഷം. നീ എന്തുതരം ജോലിയാണ് ചെയ്യുന്നത് എന്ന് ദൈവം ചോദിക്കില്ല. നീ എത്ര നന്നായി അവ ചെയ്‌തുതീർത്തെന്ന് അവിടുന്ന് ചോദിക്കും. കാരണം, അതായിരുന്നു നിന്നിൽ രൂപാന്തരീകരണം സംഭവിച്ച, നിന്റെ ഉള്ളിലെ ദൈവികത നിന്റെ ഉടലിൽ പ്രകാശിച്ച നിമിഷം. നിനക്ക് എത്ര സുഹൃത്തുക്കളുണ്ടെന്ന് ദൈവം ചോദിക്കില്ല. എത്രപേർക്ക് നല്ലൊരു സുഹൃത്താകാൻ നിനക്ക് കഴിഞ്ഞു എന്ന് ചോദിക്കും. നിന്റെ അയൽക്കാർ ആരെന്ന് ചോദിക്കില്ല. അവരോട് നീ എങ്ങനെ പെരുമാറി എന്ന് ചോദിക്കും. നിന്റെ തൊലിയുടെ നിറം എന്തെന്ന് ചോദിക്കില്ല. നിന്റെ സ്വഭാവത്തിന് നന്മയുടെ നിറമുണ്ടായിരുന്നോ എന്ന് ചോദിക്കും. കാരണം, അവയായിരുന്നു നിന്നിൽ രൂപാന്തരീകരണം സംഭവിച്ച, നിന്റെ ഉള്ളിലെ ദൈവികത നിന്റെ ഉടലിൽ പ്രകാശിച്ച നിമിഷങ്ങൾ.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്ന ദൈവിക കാഴ്ചയുടെ സമൃദ്ധിയിലേക്ക് നമ്മുടെ ചിന്തകളെ കൂട്ടിക്കൊണ്ടുപോകാനായി നമുക്കാകണം. നമ്മുടെ സ്വന്തം രൂപത്തിലെ, ഉടലിലെ, അതിനുള്ളിലെ ദൈവത്തെ തിരിച്ചറിയാനാകാത്ത, അപരന്റെ ഉടലിലെ ക്രിസ്തുവിനെ തിരിച്ചറിയാനാകാത്ത നമുക്ക് ഒരു രൂപാന്തരീകരണം ഇനിയും അന്യമാണ്! വിശ്വാസവും, പ്രതീക്ഷയും സ്നേഹവും നിറഞ്ഞ ജീവിതത്തിലേ രൂപാന്തരീകരണം സംഭവിക്കുകയുള്ളൂ എന്ന ബോധ്യത്തോടെ, ഇന്നത്തെ സുവിശേഷ സന്ദേശം സ്വീകരിക്കുവാനും, ഉള്ളിലെ ക്രിസ്തുവിനെ, ജീവിതത്തിലൂടെ പ്രകാശിതമാക്കുവാനും നമുക്ക് സാധിക്കട്ടെ.

നമ്മുടെ വിശ്വാസത്തിന്റെ പ്രഘോഷണമായ, ദൈവസ്നേഹത്തിന്റെ ആഘോഷമായ, നമുക്കെന്നും പ്രത്യാശ നൽകുന്ന വിശുദ്ധ കുർബാന യോഗ്യതയുടെ അർപ്പിച്ചു്, രൂപാന്തരീകരണത്തിന്റെ നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടാകുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ആമേൻ!

SUNDAY SERMON JN 6, 16-24

കൈത്താക്കാലം ആറാം ഞായർ

ഉത്പത്തി 8, 1-11

ഉത്തമഗീതം 6, 1-4

വെളിപാട് 21, 9-14

യോഹന്നാൻ 6, 16 -24

അലകളൊടുങ്ങാത്ത കടൽപോലെയാണ് ഇന്നത്തെ ലോകം. ക്ഷോഭിക്കുന്ന കടൽപോലെയുള്ള   അവസ്ഥകളെ ഓർക്കുമ്പോൾ ആദ്യംതന്നെ ഓർമയിലേക്കോടിയെത്തുന്നത് വിഴിഞ്ഞം തുറമുഖവികസനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന നമ്മുടെ സഹോദരങ്ങളെയാണ്. മനുഷ്യന്റെ ആക്രാന്തവും അഹന്തയുംമൂലം വീട് നഷ്ടപ്പെടുന്ന ധാരാളം കുടുംബങ്ങളിന്ന് സമരമുഖത്താണ്. അവരുടെ ജീവിതത്തിന്റെ താളം തെറ്റിയിരിക്കുകയാണ്. ലഹരിയുടെ, മദ്യത്തിന്റെ, പബ് പ്രോഗ്രാമുകളുടെ  തിരമാലകളടിച്ചു് താളം തെറ്റുന്ന യുവജനങ്ങളും, സ്കൂൾ കുട്ടികളും അവരുടെ ജീവിതമാകുന്ന വള്ളം കരയ്ക്കടുപ്പിക്കുവാൻ പാടുപെടുകയാണ്. രാജ്യങ്ങളും, രാഷ്ട്രീയ, സാമൂഹ്യ സംവിധാനങ്ങളും യുദ്ധത്തിന്റെ, വർഗീയതയുടെ, തീവ്രവാദത്തിന്റെ തിരമാലകളിൽ ആടിയുലയുന്ന ചിത്രങ്ങൾ നമ്മെ പേടിപ്പെടുത്തുന്നുണ്ട്. മതങ്ങൾപോലും ഇന്ന് വിഭജനത്തിന്റെ, അടിമത്വത്തിന്റെ, ബിസിനസ്സ് രീതികളുടെ തിരമാലകളിൽ താളം തെറ്റി ലക്ഷ്യമില്ലാതെ നീങ്ങുകയാണ്. ഈ തിരമാലകൾക്കെല്ലാം മുകളിലൂടെ മനുഷ്യ ജീവിതങ്ങളെ ശാന്തമാക്കുവാൻ ക്രിസ്തു നടന്നുവരുന്നുണ്ട് എന്ന വലിയ സന്ദേശമാണ് ഇന്നത്തെ സുവിശേഷം. ആ ക്രിസ്തുവിനെ മകളേ, മകനേ നിന്റെ ആടിയുലയുന്ന നിന്റെ ജീവിതമാകുന്ന വള്ളത്തിൽ കയറ്റാൻ നീ ആഗ്രഹിക്കുക എന്ന അപേക്ഷയുമായിട്ടാണ് തിരുസ്സഭ ഈ സുവിശേഷഭാഗം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്.

വിശുദ്ധ മത്തായിയുടെയും (മത്താ 14, 22-27), വിശുദ്ധ മാർക്കോസിന്റെയും (മാർക്കോ 6, 45-52) സുവിശേഷങ്ങളിൽ ഈശോ വെള്ളത്തിനുമീതെ നടക്കുന്ന സംഭവം അവതരിപ്പിക്കുന്നുണ്ടെങ്കിലും, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈ സംഭവത്തിന്റെ വിവരണത്തിന് വളരെ പ്രത്യേകതയുണ്ട്. ഈശോയുടെ ദൈവത്വം വെളിപ്പെടുത്തുന്ന, ആ ദൈവത്തെ ജീവിതത്തിൽ സ്വീകരിക്കുവാൻ ആഹ്വാനംചെയ്യുന്ന മനോഹരമായ ഒരു അവസരമായിട്ടാണ് വിശുദ്ധ യോഹന്നാൻ ഈ സംഭവത്തെ കാണുന്നത്.

ഈശോയുടെ യാത്രയുടെ ഗതി ഒന്ന് പരിശോധിച്ചാൽ അവിടുത്തെ പ്രവർത്തനങ്ങളുടെ സ്വഭാവം ഒന്ന് മനസ്സിലാക്കിയാൽ എത്ര തിരക്കേറിയ ജീവിതമാണ് ഈശോ നയിച്ചിരുന്നത് എന്ന് അല്പം അത്ഭുതഹത്തൂടെ തന്നെ നാം ചോദിച്ചുപോകും!! വിശുദ്ധ യോഹന്നാന്റെ സുവിശേഷം നാലാം അദ്ധ്യായത്തിന്റെ അവസാനം ഈശോയെ നാം കാണുന്നത് ഗലീലിയയിൽ ആണ്. അഞ്ചാം അദ്ധ്യായത്തിലാകട്ടെ ഈശോ ജെറുസലേമിലാണ്. ആറാം അദ്ധ്യായത്തിൽ ഈശോ വീണ്ടും ഗലീലിയയിലേക്ക് വരികയാണ്. അവിടെ വളരെ തിരക്കേറിയ പ്രവർത്തനങ്ങളുമായി ഈശോ ജനങ്ങളുടെ ഇടയിലായിരുന്നു ദിവസം മുഴുവനും. ആറാം അദ്ധ്യായത്തിൽ രണ്ട് വലിയ അത്ഭുതങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒന്നാമത്തേത് അയ്യായിരങ്ങളെ തീറ്റിപ്പോറ്റുന്നതാണ്. രണ്ടാമത്തേതാകട്ടെ, ഇന്നത്തെ നമ്മുടെ സുവിശേഷഭാഗത്തിലെ ഈശോ കടലിന് മീതെ നടക്കുന്നതും.

അഞ്ചപ്പംകൊണ്ട് അയ്യായിരങ്ങളെ തൃപ്തരാക്കിയ സംഭവത്തിനുശേഷം, വൈകുന്നേരമായപ്പോൾ, ശിഷ്യന്മാർ തടാകം കടന്ന് കഫെർണാമിലേക്ക് വഞ്ചിയിൽ യാത്ര തിരിക്കുന്നതാണ് ഇന്നത്തെ സുവിശേഷത്തിന്റെ സന്ദർഭം. “അപ്പോൾ നേരം ഇരുട്ടിത്തുടങ്ങി” എന്ന വചനം സ്വാഭാവികമായ ഒരു വിവരണമായി എടുക്കാമെങ്കിലും, ആ വചനത്തിന്റെ രണ്ടാമത്തെ ഭാഗം, ‘ഇരുട്ടിത്തുടങ്ങി’ എന്ന വിശേഷണത്തിന് പ്രത്യേക അർഥം നൽകുന്നുണ്ട്. എന്താണ് രണ്ടാമത്തെ ഭാഗത്ത് പറഞ്ഞിരിക്കുന്നത്? “യേശു അവരുടെ അടുത്ത് എത്തിയിരുന്നുമില്ല.” ഈശോയെ ലോകത്തിന്റെ പ്രകാശമായി അവതരിപ്പിക്കുവാൻ പ്രത്യേക ശ്രദ്ധ കാണിക്കുന്ന വിശുദ്ധ യോഹന്നാൻ, “യേശു അവരുടെ അടുത്ത് എത്തിയിരുന്നുമില്ല” എന്ന് പറയുമ്പോൾ സൂചിപ്പിക്കുന്നത് പ്രകാശമായ ഈശോ അവരുടെകൂടെ ഇല്ലാതിരുന്നതുകൊണ്ട് അവരുടെ ജീവിതങ്ങൾ, ജീവിതസാഹചര്യങ്ങൾ ഇരുട്ടിലായി തുടങ്ങി എന്നാണ്. മറ്റൊരുവാക്കിൽ, ഈശോയുടെ absence നമ്മുടെ ജീവിതത്തെ, ജീവിതവഴികളെ ഇരുട്ടിലാക്കും എന്നൊരു സൂചന പ്രതീകാത്മകാർത്ഥത്തിൽ വിശുദ്ധ യോഹന്നാൻ നമുക്ക് തരുന്നുണ്ട്.

പിന്നീടുള്ള വിവരണം “യേശു അവരുടെ അടുക്കലുണ്ടായിരുന്നില്ല” എന്ന സൂചനയുടെ പരിണതഫലങ്ങളായി നാം എടുക്കുകയാണെങ്കിൽ ഈ സുവിശേഷഭാഗത്തിന്റെ ഭംഗി വർധിക്കും. കാരണം, കാറ്റടിക്കുന്നതും, ഗലീലി കടൽ ക്ഷോഭിക്കുന്നതും വളരെ സാധാരണമായ ഒരു പ്രതിഭാസമായിട്ടാണ് അവിടെയുള്ള മനുഷ്യർ കണ്ടിരുന്നത്. ആ തടാകത്തിന്റെ, കടലിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത അറിയാമായിരുന്ന ശിഷ്യർ, കാറ്റിനനുസരിച്ചു് തണ്ടു വലിക്കാനും, വഞ്ചിയെ നിയന്ത്രിക്കാനും സമർത്ഥരായിരുന്നു.

നാലുവശവും മലകളാൽ ചുറ്റപ്പെട്ട, സമുദ്രനിരപ്പിൽനിന്ന് 700 അടി താഴെ സ്ഥിതിചെയ്യുന്ന ഈ തടാകത്തിൽ മലയിൽ നിന്ന് വീശുന്ന കാറ്റ് ചുഴലിയായി രൂപാന്തരപ്പെട്ട് കടൽക്ഷോഭം ഉണ്ടാക്കുക സാധാരണമായിരുന്നു. മാത്രമല്ല, ഈ ക്ഷോഭിക്കുന്ന കടൽ ശാന്തമാകുവാൻ അധികം സമയം വേണ്ടെന്നതും നാം അറിഞ്ഞിരിക്കണം. അതുകൊണ്ടായിരിക്കണം ശിഷ്യന്മാർ കടൽക്ഷോഭംകണ്ട് ഭയപ്പെടാതിരുന്നത്.

ഇരുപത്തഞ്ചോ, മുപ്പതോ സ്താദിയോൺ ദൂരം ശിഷ്യന്മാർ തുഴഞ്ഞപ്പോഴാണ് അവരെ വല്ലാതെ ഭയപ്പെടുത്തിയ സംഭവം ഉണ്ടാകുന്നത്. ഒരു സ്താദിയോൺ എന്നത് 600 അടി, 180 മീറ്റർ ദൂരമാണ്. അതായത് ഏകദേശം 15000-18000 അടി, 3.5 മൈലുകൾ, 5.5 കിലോമീറ്റർ അവർ തുഴഞ്ഞുകാണും. തിബേരിയസ് കടലിന്റെ വീതി അതിന്റെ ഏറ്റവും വീതികൂടിയ ഭാഗത്ത്, കിഴക്കുനിന്നും പടിഞ്ഞാറ് 13 കിലോമീറ്ററാണ്. വടക്ക്- തെക്ക് അതിന്റെ നീളം 21 കിലോമീറ്ററാണ്. ശിഷ്യന്മാർ തുഴഞ്ഞ് കടലിന്റെ നടുക്ക് എത്തികാണണം. വളരെ പരിചിതരായ മുക്കുവന്മാരുള്ള ആ സംഘത്തിന് ആ യാത്രയിൽ ക്ഷോഭിച്ച കടൽ താണ്ടാമെന്ന് ഉറപ്പായിരുന്നു.

പക്ഷേ, അവരെ ഭയപ്പെടുത്തിയത്, ആശ്ചര്യഭരിതരാക്കിയത് ക്രിസ്തു കടലിനുമീതെ, ക്ഷോഭിതയായ കടൽത്തിരകൾക്കുമീതെ നടന്നുവരുന്നതാണ്. അതവർ ഒരിക്കലും കണ്ടിട്ടില്ല, അതവർ ഈശോയിൽ നിന്ന് പ്രതീക്ഷിച്ചില്ല. തങ്ങളുടെ ജീവിതത്തിന്റെ താളം നഷ്ടപ്പെടുത്തുന്ന തിരകൾക്കും മീതെ അധികാരമുള്ളവനാണ് ക്രിസ്തുവെന്ന് അവർ അതുവരെ അറിഞ്ഞിരുന്നില്ല.  തങ്ങളുടെ ജീവിതത്തെ ഭാരപ്പെടുത്തുന്നവയെ വളരെ നിസ്സരമായി കാണുന്ന, അതിനു മീതെ പരവതാനിയിൽ എന്നപോലെ നടക്കുന്ന ഈശോയെ വിസ്മയം നിറഞ്ഞ ഭയത്തോടെയാണവർ കണ്ടത്. പ്രപഞ്ച ശക്തികൾക്കും മീതെ നിൽക്കുന്ന ദൈവമാണ് തങ്ങളോടൊപ്പം, ഭക്ഷിക്കുന്ന, തങ്ങളോടൊപ്പം നടക്കുന്ന ക്രിസ്തു എന്ന് അവർക്കറിയാൻ കഴിഞ്ഞിരുന്നില്ല.

അവരുടെ ആശ്ചര്യം നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ, ഭയം നിറഞ്ഞ മനസ്സ് കണ്ടപ്പോൾ ഈശോ പറയുന്നത് വലിയ വെളിപാടാണ്. “ഞാനാണ് ഭയപ്പെടേണ്ട.” ഇവിടെ ഞാൻ എന്നത് ആശാരിചെറുക്കനായ ഈശോ എന്നല്ല വിവക്ഷ. ഇവിടെ ഞാൻ എന്നത് ജനങ്ങളോടൊപ്പം നടക്കുന്ന, ചുങ്കക്കാരുടെയും, പാപികളുടെയും സുഹൃത്തായ ഈശോ എന്നല്ല. ഇവിടെ ഞാൻ എന്നത് ദൈവത്തിന്റെ പേരാണ്. ഗ്രീക്ക് ഭാഷയിലെ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ Ego eimi എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.  അതിന്റെ അർഥം I AM എന്നാണ്. I AM -ഇതെവിടെയോ നിങ്ങൾ കേട്ടിട്ടില്ലേ? തീർച്ചയായും കേട്ടുകാണും. പഴയനിയമത്തിലെ ദൈവത്തിന്റെ പേരാണത്. Ego eimi is the first person singular present active indicative of the verb “to be” in ancient Greek -I AM. ഈ Ego eimi വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ പലയിടത്തും ഉപയോഗിക്കുന്നുണ്ട്. ego eimi the bread of life” (6:35) —”ego eimi the light of the world” (8:12)—”ego eimi the good shepherd” (10:11)—etc.  

ഞാനിത്രയും പറഞ്ഞത് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈ സംഭവത്തിന്റെ വിവരണത്തിന് സാധാരണ അർത്ഥത്തെക്കാൾ ആഴമുണ്ട്, വ്യാപ്തിയുണ്ട് എന്ന് മനസ്സിലാക്കിത്തരുവാനാണ്. ക്രിസ്തുവിനെ ഒരു സാധാരണ മനുഷ്യനായി കാണുന്ന പ്രവണത ഇന്ന് പരക്കെയുണ്ട്. ലോകത്തിലെ മറ്റ് മഹാന്മാരെപ്പോലെ ഒരു മഹാത്മാവ്, അല്ലെങ്കിൽ, മറ്റ് രാഷ്ട്രീയ, സാമൂഹ്യ നേതാക്കന്മാരെപ്പോലെ ഒരു നേതാവ് എന്നൊക്കെ ഈശോയുടെ ദൈവത്വത്തെ അവഗണിച്ചുകൊണ്ട് ഒരു അമിത ലളിതവത്ക്കരണം (Over simplification) നടക്കുന്നുണ്ട്. ഇത് ക്രിസ്തുവിനെയും, ക്രിസ്തുവിലുള്ള വിശ്വാസത്തെയും, ക്രൈസ്തവസഭയെയും തകർക്കാനുള്ള ഒരു പദ്ധതിയാണ്. ക്രിസ്തു വെറുമൊരു ജനകീയ നേതാവല്ല; ക്രിസ്തു ഒരു വിപ്ലവകാരി മാത്രമോ, സാമൂഹ്യപരിഷ്കർത്താവ് മാത്രമോ അല്ല. അവിടുന്ന് ദൈവമാണ്. അവിടുന്ന് നിന്റെ ജീവിതത്തെ ശാന്തമാക്കാൻ കഴിയുന്ന, നിന്റെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന പ്രശ്നങ്ങൾക്കുമേൽ, ദുരന്തങ്ങൾക്കുമേൽ അധികാരമുള്ള ദൈവമാണ്. നിന്റെ ജീവിതത്തിലെ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ക്രിസ്തു. നിന്റെ രോഗങ്ങൾക്ക് സൗഖ്യമാണ് ക്രിസ്തു; നിന്റെ ഇല്ലായ്മകളിൽ സമൃദ്ധിയാണ് ക്രിസ്തു. നിന്റെ മാനുഷികതയിൽ നിറഞ്ഞു നിൽക്കുന്ന നിന്റെ ദൈവമാണ് ക്രിസ്തു. ക്രിസ്തു നിന്റെ ദൈവമാകുന്നില്ലെങ്കിൽ നീ ആഗ്രഹിക്കുന്ന കരയിൽ നിന്റെ ജീവിതമാകുന്ന വള്ളം അടുക്കുകയില്ല. ക്രിസ്തു നിന്റെ ദൈവമാകുന്നില്ലെങ്കിൽ, നിന്റെ ലക്ഷ്യത്തിലേക്കുള്ള അകലം വർധിക്കും, ലക്‌ഷ്യം നേടുവാൻ നിനക്ക് സാധിക്കുകയില്ല.

സ്നേഹമുള്ളവരേ, ക്രിസ്തുവിനെ ദൈവമായി സ്വീകരിക്കുക. നിന്റെ ജീവിതമാകുന്ന, കുടുംബമാകുന്ന വള്ളം തീരത്തെത്തുവാൻ ഏറ്റവും നല്ല മാർഗ്ഗമാണത്. നിന്റെ ജീവിതത്തിന്റെ സാധാരണ തിരമാലകളിൽപെട്ട് മുന്നോട്ട് പോകാൻ നീ ബുദ്ധിമുട്ടുമ്പോൾ, പ്രശ്നങ്ങളുടെ നടുക്കടലിൽ കിടന്ന് തണ്ടുവലിക്കുമ്പോൾ, ക്രിസ്തു നിന്റെ പ്രശ്നങ്ങളുടെ മുകളിലൂടെ തന്നെ നിന്റെ അടുക്കലെത്തും. അപ്പോൾ, നീയും നിന്റെ കുടുംബത്തിലുള്ളവരും ലക്‌ഷ്യം വച്ചിരിക്കുന്ന കര ഏതുമാകട്ടെ – ഒരു ജോലി, OET, IELTS പരീക്ഷകളിൽ വിജയം, ഒരു വീട്, രോഗസൗഖ്യം, കടബാധ്യത ഇല്ലാതാകൽ, വഴക്കുകൾ ഇല്ലാതാകൽ – ആ കരയ്‌ക്കെത്തുവാൻ ക്രിസ്തുവിനെ നിന്റെ ജീവിതമാകുന്ന, കുടുംബമാകുന്ന വെള്ളത്തിലേക്ക് കയറ്റാൻ ആഗ്രഹിക്കുക.

നാളെ നിന്റെ ജീവിതത്തിൽ, കുടുംബത്തിൽ സമാധാനമുണ്ടാകുമ്പോൾ, പ്രതീക്ഷയുണ്ടാകുമ്പോൾ, സമൃദ്ധിയുണ്ടാകുമ്പോൾ, നിന്നെ നേരത്തെ അറിഞ്ഞിരുന്ന ജനങ്ങൾ പറയും, ദേ, ഇത്രയും നാൾ അവൻ പള്ളിയിൽ പോയിരുന്നില്ല, കുടുംബപ്രാർത്ഥനയിൽ വീട്ടിൽ ചെന്നിരുന്നില്ല, ബൈബിൾ വായിച്ചിരുന്നില്ല. അതെല്ലാം മാറി, ക്രിസ്തുവിനെ സ്വീകരിച്ചപ്പോൾ, ഇതാ, അവന്റെ ജീവിതം മാറിമറഞ്ഞിരിക്കുന്നു. ഈശോയെ വള്ളത്തിൽ കയറ്റാൻ ആഗ്രഹിച്ച നിമിഷത്തിൽ തന്നെ ശിഷ്യന്മാർ കരയ്ക്കടുത്തതുപോലെ, ഈശോയെ നമ്മുടെ ജീവിതത്തിലേക്ക് സ്വീകരിക്കുവാൻ, ഈശോയെ നമ്മുടെ കുടുംബത്തിന്റെ നാഥനായി സ്വീകരിക്കുവാൻ ആഗ്രഹിക്കുന്ന നിമിഷത്തിൽ തന്നെ നമ്മുടെ ജീവിതമാകുന്ന വള്ളം, കുടുംബമാകുന്ന വള്ളം രക്ഷയുടെ, അനുഗ്രഹത്തിന്റെ കരയെ തൊടും. അത് മറ്റുള്ളവർ മനസ്സിലാക്കുകയും ചെയ്യും.

അപ്പസ്തോലപ്രവർത്തനങ്ങൾ അദ്ധ്യായം 16, 25 മുതൽ 34 വരെയുള്ള വാക്യങ്ങളിൽ വിവരിക്കുന്ന സംഭവം ഇന്നത്തെ സുവിശേഷ ചിന്തയോട് ചേർന്ന് പോകുന്നതാണ്. ഇവിടെ ക്ഷോഭിതമായ, പെട്ടെന്നുണ്ടായ തിരമാലകളാൽ ആടിയുലയുന്ന ഒരു ജീവിതം നമ്മൾ കാണുന്നുണ്ട്. ആരാണയാൾ? പൗലോസിനെയും, ശീലാസിനേയും കാരാഗൃഹത്തിൽ അടച്ച ആ രാത്രി കാവൽ നില്ക്കാൻ വിധിക്കപ്പെട്ട ഒരു പാവം പട്ടാളക്കാരൻ! പെട്ടെന്നാണ് അയാളുടെ ജീവിതം കീഴ്മേൽ മറഞ്ഞത്. അയാൾ ഉണർന്നപ്പോൾ കാരാഗൃഹവാതിലുകൾ തുറന്നു കിടക്കുന്നത് കണ്ടപ്പോൾ തന്റെ ജീവിതം, ജോലി എല്ലാം തകർന്നെന്ന് ചിന്തിച്ച അയാൾ ആത്മഹത്യയ്ക്ക് ഒരുങ്ങുകയാണ്. ഒരു വ്യക്തി ആത്മഹത്യയ്ക്ക് തയ്യാറാകണമെങ്കിൽ അയാളുടെ ജീവിതം എന്തുമാത്രം തകർന്നിരിക്കണം പ്രിയപ്പെട്ടവരേ? ആത്മഹത്യയ്ക്ക് ഒരുങ്ങിയ അയാളോട് പൗലോസ് വിളിച്ചുപറയുകയാണ്, സുഹൃത്തേ, സാഹസം കാണിക്കരുത്. നിന്റെ താളം തെറ്റിയ ജീവിതത്തിൽ ക്രിസ്തു നിൽക്കുന്നത് കാണുക. “കർത്താവായ യേശുവിൽ വിശ്വസിക്കുക. നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും.” (31)

സ്നേഹമുള്ളവരേ, നമുക്കെല്ലാവർക്കും, വളരെ ആശ്വാസം നൽകുന്ന, പ്രതീക്ഷ നൽകുന്ന സുവിശേഷഭാഗമാണ് ഇന്നത്തേത്. കാറ്റുംകോളും നിറഞ്ഞ കടൽ ക്ഷോഭിക്കുന്നതുപോലെ നമ്മുടെ ജീവിത സാഹചര്യങ്ങൾ ക്ഷോഭിക്കുമ്പോൾ , നമ്മുടെ ജീവിതമാകുന്ന വള്ളം സുരക്ഷിതമായി കരയ്ക്കടുക്കണമെങ്കിൽ ക്രിസ്തുവിനെ ദൈവമായി സ്വീകരിക്കുക. സ്വീകരിക്കേണ്ട, നിന്റെ ജീവിതമാകുന്ന വള്ളത്തിൽ കയറ്റാൻ നീ ആഗ്രഹിച്ചാലും മതി.

ഇന്നത്തെ വിശുദ്ധ കുർബാനയിൽ നമ്മുടെ ആടിയുലയുന്ന ജീവിതങ്ങളെ സമർപ്പിക്കാം. തീർച്ചയായും, വിശുദ്ധ കുർബാനയിലെ ഈശോ നമ്മുടെ ജീവിതത്തെ ലക്ഷ്യത്തിലെത്തിക്കും. കാരണം അവിടുന്ന് നമ്മുടെ ദൈവമാണ്. ആമേൻ!