Category Archives: Sunday sermon

SUNDAY SERMON LK 14, 7-14

കൈത്താക്കാലം ഒന്നാം ഞായർ

ലൂക്കാ 14, 7 – 14

ശ്ലീഹന്മാരുടെ സുവിശേഷ പ്രഘോഷണത്തിന്റെ ഫലമായി ലോകമെങ്ങും ദൈവ വചനമാകുന്ന വിത്ത് വിതച്ചതിലൂടെ ക്രിസ്തുവിന്റെ സഭ വളർന്ന് പുഷ്പങ്ങളും ഫലങ്ങളും പുറപ്പെടുവിക്കുന്ന കാലത്തെ ഓർക്കുന്നതാണ് കൈത്താക്കാലം അഥവാ ഫലാഗമകാലം. ക്രിസ്തുവിന്റെ 12 ശ്ലീഹന്മാരെ അനുസ്മരിച്ചു കൊണ്ടാണ് നാം കൈത്താക്കാലം ആരംഭിക്കുന്നത്. പൂർവ പിതാവായ യാക്കോബിന്റെ 12 പുത്രൻമാരെ മനസ്സിൽ കണ്ടുകൊണ്ടാകണം ഈശോ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തത്. യാക്കോബിന്റെ പന്ത്രണ്ട് മക്കൾ പിന്നീട് പന്ത്രണ്ട് ഗോത്രങ്ങളുടെ തലവന്മാരായതുപോലെ, പന്തക്കുസ്താ തിരുനാളിനുശേഷം ഈ പന്ത്രണ്ട് ശ്ലീഹന്മാരും “പുതിയ ഇസ്രയേലിന്റെ”, തിരുസഭയുടെ തലവന്മാരായി. ക്രിസ്തുവിന്റെ തിരുസഭയുടെ തലവന്മാരായി ക്രിസ്തു തിരഞ്ഞെടുത്ത ശ്ലീഹന്മാരുടെ തിരുനാൾ ഇന്ന് ആഘോഷിക്കുമ്പോൾ, ഇന്നും ശക്തമായി നിലനിൽക്കുന്ന അപ്പസ്തോലിക, ശ്ലൈഹിക പിന്തുടർച്ചയെ ഓർത്ത് അഭിമാനിക്കുകയും ക്രിസ്തുവിന് നന്ദിപറയുകയും ചെയ്യുകയാണ്. ഈ അപ്പസ്തോലിക, ശ്ലൈഹിക പാരമ്പര്യമാണ് ക്രിസ്തുവിന്റെ ശുശ്രൂഷാ പൗരോഹിത്യത്തിലും, അജപാലന ദൗത്യത്തിലും പങ്കുപറ്റുവാൻ നമ്മെ പ്രാപ്തരാക്കുന്നത്. വിശുദ്ധ കുർബാനയിൽ നാം പ്രാർത്ഥിക്കുന്നതുപോലെ “സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് ഫലം ചൂടി നിൽക്കുന്ന” അപ്പസ്തോലിക ശ്ലൈഹിക പാരമ്പര്യമുള്ള തിരുസഭയിൽ ക്രിസ്തുവിനെ മഹത്വപ്പെടുത്തുകയും, അവിടുത്തേക്ക് നന്ദിപ്രകാശിപ്പിക്കുകയുമാണ് കൈത്താക്കാലത്തിലൂടെ നാം ചെയ്യുന്നത്.  

ഏഴ് ആഴ്ചകളാണ് ഈ കാലത്തിനുള്ളത്. ക്രിസ്തു സാക്ഷികളായ ക്രൈസ്തവരുടെ ജീവിതത്തിലൂടെ സംജാതമാകുന്ന സഭയുടെ വളർച്ചയും, ക്രൈസ്തവമൂല്യങ്ങളുടെ ഫലം ചൂടലുമാണ് ഈ ഏഴ് ആഴ്ചകളിൽ നാം അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്.

കൈത്താക്കാലത്തിന്റെ ആദ്യ ഞായറാഴ്ച തന്നെ, ഈശോ ദൈവരാജ്യത്തിന്റെ, ഭൂമിയിലെ ക്രിസ്തുവിന്റെ സഭയുടെ മനോഹരമായ ഒരു ചിത്രം വരച്ചിടുകയാണ്. ലോകസംസ്കാരത്തോടു ചേരാതെ, അന്നത്തെ യഹൂദ സംസ്കാരത്തോടു ചേരാതെ ഒരു പ്രതിസംസ്കാരം (Counter Culture) ഈശോ പ്രഖ്യാപിക്കുകയാണ്. ക്രൈസ്തവ സാക്ഷ്യത്തിന്റെ, ക്രൈസ്തവ ജീവിതത്തിന്റെ വലിയ ദർശനമാണ് ഈശോ ഇവിടെ പറയുന്നത്. ഈശോ പ്രഖ്യാപിച്ച പ്രതിസംസ്കാരത്തിന്റെ, ക്രിസ്തു സംസ്കാരത്തിന്റെ വക്താക്കളായതുകൊണ്ടുതന്നെ, ക്രിസ്തുവിന്റെ പന്ത്രണ്ട് ശ്ലീഹന്മാരിൽ പതിനൊന്ന് പേർക്കും കട്ടിലിൽ കിടന്ന് ശാന്തമായി മരിക്കുവാനുള്ള അവസരം കിട്ടിയില്ലെന്നതും നമ്മുടെ ഓർമയിൽ ഉണ്ടാകുന്നത് നല്ലതാണ്. കാരണം, ഈ പ്രതിസംസ്കാരത്തിന്റെ, ദൈവരാജ്യ സംസ്കാരത്തിന്റെ അവസാനം രാക്ഷസാക്ഷിത്വമായിരിക്കും. ഇനി നമുക്ക് സുവിശേഷത്തിലേക്ക് വരാം.

ഈശോയുടെ പ്രവർത്തന ശൈലിയുടെ പ്രധാനപ്പെട്ട ഒരു ഘടകമാണ് വിരുന്നുകളിൽ സംബന്ധിക്കുക എന്നത്. വിരുന്നിനിടയിൽ വീണു കിട്ടുന്ന ഏതെങ്കിലും ഒരു സാഹചര്യത്തിന്റെ തണലിൽ നിന്നുകൊണ്ട് ഈശോ തനിക്കു പറയുവാനുള്ളത് വളരെ ശാന്തമായി, എന്നാൽ മനോഹരമായി അവതരിപ്പിക്കും. ഇവിടെയും ഈശോയ്ക്ക് ഒരവസരം വീണു കിട്ടുകയാണ്. ക്ഷണിക്കപ്പെട്ടവരുടെ പ്രമുഖ സ്ഥാനത്തിനുവേണ്ടിയുള്ള ആക്രാന്തം. വിരുന്നിനു ക്ഷണിക്കപ്പെട്ടവരുടെ പ്രമുഖസ്ഥാനത്തിനു വേണ്ടിയുള്ള ആക്രാന്തം വിമർശിച്ചുകൊണ്ട് ഈശോ ദൈവരാജ്യത്തിന്റെ സുവിശേഷം പറയുവാനുള്ള അവസരം ഒരുക്കുകയായിരുന്നു. എന്നിട്ടു അവസാനം തന്നെ ക്ഷണിച്ചവനോടെന്നപോലെ ഈശോ തന്റെ ഐഡിയ, തന്റെ മനോഭാവം, ദൈവ രാജ്യത്തിന്റെ സ്വഭാവം, ശിഷ്യന്മാർ ജീവിതത്തിൽ ഉൾക്കൊള്ളേണ്ട ചൈതന്യം, സംസ്കാരം അവതരിപ്പിക്കുകയാണ്, പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ സുവിശേഷം പ്രസംഗിക്കുകയാണ്. “നീ സദ്യ നടത്തുമ്പോൾ ദരിദ്രർ, വികലാംഗർ, മുടന്തർ, കുരുടർ എന്നിവരെ ക്ഷണിക്കുക. അപ്പോൾ നീ ഭാഗ്യവാനായിരിക്കും.”

ലോകത്തിന്റെ പിന്നാലെ പോകാതെ, ആഡംബരങ്ങളിൽ ഭ്രമിക്കാതെ, സമ്പത്തിനു പുറകെ പായാതെ, അവഗണിക്കപ്പെട്ടവരെ പരിഗണിക്കാൻ, ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ, നീതിയിലേക്കു, സ്വാതന്ത്ര്യത്തിലേക്ക്, സൗഖ്യത്തിലേക്കു നടന്നടുക്കുവാൻ കഴിയാത്തവരുടെ ചലനമാകാൻ, ഭവനമില്ലാത്തവർക്ക് ഭവനമാകാൻ, നഗ്നരായവരെ ഉടുപ്പിക്കാൻ, അഭയാർത്ഥികൾക്ക് അഭയമാകാൻ അന്ന് യഹൂദരെ, ഇന്ന് നമ്മെ, ഈശോ സെൻസിറ്റയിസ് (Sensitize) ചെയ്യുകയാണ്

സംവേദനക്ഷമമാക്കുക എന്നാണ് sensitize എന്ന വാക്കിന്റെ അർഥം. എന്ന്   പറഞ്ഞാൽ കണ്ടുമുട്ടുന്നവരോട് മാനുഷികമായി പെരുമാറുക, അവരോട് സ്നേഹത്തോടെ ബഹുമാനത്തോടെ വർത്തിക്കുക, അവരുടെ വിഷമതകളെയും, ബുദ്ധിമുട്ടുകളെയും മനസ്സിലാക്കുകയും അവരെ സഹായിക്കുകയും ചെയ്യുക എന്നൊക്കെയാണ് sensitize എന്ന വാക്കിന്റെ വിപുലമായ അർഥം. നമ്മുടെ ജനമൈത്രി പോലീസ് എന്നത് പോലീസ് സേനയെ sensitize ചെയ്തതിന്റെ ഫലമാണ്. ജനങ്ങളോട് അവരുടെ വിഷമങ്ങളോട് പോസിറ്റിവായി സംവദിക്കുവാൻ, അവരുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുവാനുള്ള നല്ല മനസ്സിന് ഉടമകളാക്കുക എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ഇന്ന് വലിയ സ്വപ്നമായി പലരും കാണുന്ന സോഷ്യലിസത്തിനും മേലെയാണ് ഈശോയുടെ ദൈവരാജ്യമെന്ന ആശയം. (ഈശോയുടെ ദൈവരാജ്യ സങ്കൽപ്പത്തിൽ നിന്നാണ് സോഷ്യലിസം രൂപപ്പെടുന്നത് തന്നെ.) എല്ലാവരും ദൈവമക്കളാണെന്നും അതുകൊണ്ടുതന്നെ വർഗ വർണ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും തന്നെപ്പോലെ മറ്റുള്ളവരെയും സ്നേഹിക്കുന്ന, പരിഗണിക്കുന്ന ഒരു സമൂഹ സൃഷ്ടിയിലേക്കാണ് ഈശോ യഹൂദരെ sensitize ചെയ്യാൻ ശ്രമിക്കുന്നത്.  

എല്ലാ മനുഷ്യർക്കും സ്വതന്ത്രരായി ജീവിക്കുവാനും അന്തസ്സാർന്ന സ്വത്വ പ്രകാശനത്തിലൂടെ മനുഷ്യ മഹത്വത്തിൽ ജീവിക്കുവാനും അവകാശമുണ്ടെന്നാണ് ക്രിസ്തുവിന്റെ തത്വശാസ്ത്രം. തങ്ങളാഗ്രഹിക്കുന്ന മനുഷ്യ ജീവിതാവസ്ഥയിൽ ജീവിക്കാനാകാതെ സമൂഹത്തിലെ മാടമ്പിമാരാൽ തിരസ്കരിക്കപ്പെട്ട് സമൂഹത്തിന്റെ, ജീവിതത്തിന്റെ അതിർവരമ്പുകളിലേക്ക് ഓടിപ്പോയവർക്കുവേണ്ടിയാണ് ഈശോ സംസാരിക്കുന്നത്. യഹൂദരല്ലാത്തതിന്റെ പേരിൽ ദൈവവും മതവും നിഷേധിക്കപ്പെട്ടവർക്കുവേണ്ടി ശബ്ദമാകുകയാണ് ഈശോ. പരിഹാസങ്ങളേറ്റ് മാറിനിൽക്കുന്നവരെ പരിഗണിക്കണമെന്നും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികമാത്രമല്ല, ഒരേ മേശയിൽ ഇരുത്തുകയും ചെയ്യണമെന്നുള്ള ബോധ്യത്തിലേക്ക് അവരെ സെൻസിറ്റയിസ് (Sensitize) ചെയ്യുകയാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ.

ഈശോയുടെ കാലത്തെ സമൂഹത്തിൽ രണ്ടു തരത്തിലുള്ള വിള്ളൽ (Rift) ഈശോ ദർശിച്ചിരുന്നു. ഒന്നാമത്തേത് ആധ്യാത്മിക വിള്ളൽ (Spiritual Rift) ആണ്. ഈശോയുടെ കാലത്ത് യഹൂദ സമുദായത്തിന്റെ പ്രാമാണ്യത്തം നിലനിന്ന കാലമായിരുന്നു. മാത്രമല്ല, ആത്മീയതയുടെ കുത്തക തങ്ങളുടേതാണെന്ന്, തങ്ങളുടേത് മാത്രമാണെന്ന് ലോകത്തെ വിശ്വസിപ്പിച്ചു വന്ന സമയവും കൂടിയായിരുന്നു അത്. എന്നാൽ, യഹൂദർക്ക് മാത്രം കുത്തകയായിരുന്ന ആത്മീയതയ്ക്ക് വിജാതീയരും അർഹരാണെന്ന വാദത്തിലൂടെ എല്ലാവരും ദൈവത്തിന്റെ മക്കളാണെന്ന വലിയ ആത്‌മീയവിപ്ലവത്തിന് തുടക്കമിട്ടത് ഈശോയാണ്. ഈ ആത്മീയ വിപ്ലവത്തിന് ചെവികൊടുക്കാതെ, ഇസ്രായേൽ ജനം തിരഞ്ഞെടുക്കപ്പെട്ട ജനമായതുകൊണ്ട്, ദൈവത്തിന്റെ പരിപാലനയും, ദൈവികമായവയെല്ലാം, എന്തിന് ദൈവത്തിന്റെ രക്ഷ പോലും മറ്റു സമൂഹങ്ങൾക്ക് അവർ നിഷേധിച്ചിരുന്നു.  ഇത്തരത്തിലുള്ളൊരു മനോഭാവം വലിയൊരു ആത്മീയ വിള്ളൽ സമൂഹത്തിൽ ഉണ്ടാക്കിയിരുന്നതായി ഈശോ കണ്ടു.  

രണ്ടാമത്തേത്, സാമൂഹ്യ വിള്ളൽ (Social Rift) ആണ്.  യഹൂദരുടെ, പ്രത്യേകിച്ച്, യഹൂദപ്രമാണിമാരുടെ സാമൂഹ്യ, സാമ്പത്തിക തലത്തിലുണ്ടായിരുന്ന ചൂഷണങ്ങളും, വലിയ രീതിയിലുള്ള അസമത്വങ്ങളും മറ്റും സാമൂഹ്യ ജീവിതത്തിന്റെ സ്വാഭാവിക ചംക്രമണത്തെ തടഞ്ഞിരുന്നു. ഇതിനെതിരെ ഈശോ ഉറക്കെ സംസാരിക്കുകയും ചെയ്തിരുന്നു. (മത്താ 23) ഈശോ സമൂഹത്തിൽ കണ്ട ഈ വിള്ളലുകൾ താൻ കൊണ്ടുവരുന്ന ആത്മീയ വിപ്ലവത്തിന്, ദൈവരാജ്യ വിപ്ലവത്തിന് തടസ്സമാകുമെന്ന് കണ്ടിട്ടാണ് ഈശോ ഇന്നത്തെ സുവിശേഷത്തിൽ യഹൂദരെ, ജനങ്ങളെ സെൻസിറ്റയിസ് (Sensitize) ചെയ്യുന്നത്.

അന്നത്തെ സമൂഹത്തിന്റെ Metabolism എന്തെന്നും വളരെ വ്യക്തമായി ഈശോ മനസ്സിലാക്കിയിരുന്നു. വളരേ മോശമായ ഒരു ചയാപചയം (Metabolism) ആയിരുന്നു അന്നത്തെ സമൂഹത്തിന് ഉണ്ടായിരുന്നത്. നമുക്കറിയാവുന്നതുപോലെ, ശരീരത്തില്‍ ആഹാര രസങ്ങള്‍ ധാതുരൂപേണ ഓജസ്സായും മാംസമായും പരിണമിക്കുന്ന അവസ്ഥ ഒരു മെറ്റബോളിക് പ്രക്രിയയാണ്. Metabolism എന്നത്            ഒരു കോശത്തിലോ, ഒരു അവയവത്തിലോ നടക്കുന്ന സാധാരണമായ, സ്വാഭാവിക പ്രക്രിയയാണ്. ഇതിനെ സ്വാഭാവിക ചയാപചയം (Natural Metabolism) എന്ന് വിളിക്കുന്നു. ശ്വാസോച്ഛാസം ഒരു സ്വാഭാവിക ചയാപചയ പ്രക്രിയയാണ്. ഇവിടെ വളരെ സ്വാഭാവികമായി ഓക്സിജനെ സ്വീകരിക്കുകയും, കാർബൺ ഡയോക്സൈഡിനെ പുറംതള്ളുകയും ചെയ്യുന്നു. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളെ ഉർജ്ജമാക്കി മാറ്റുന്നത് ഒരു metabolic പ്രവർത്തനമാണ്. ഇത്തരം അനവധി മെറ്റബോളിക് പ്രവർത്തനങ്ങൾ കൃത്യമായി നടന്നില്ലെങ്കിൽ നമ്മുടെ ജീവിതം പ്രയാസമാകും. ശാരീരിക പ്രവർത്തനങ്ങൾ താളം തെറ്റും. ഇന്ന് സമൂഹത്തിൽ കാണുന്ന obiesity (അമിതവണ്ണം) യുടെ പ്രശ്നം metabolism ത്തിന്റെ തകരാറാണ്.  

ഞാൻ ഇപ്പോൾ പറഞ്ഞ ആന്തരിക മെറ്റബോളിക് പ്രവർത്തനങ്ങൾക്കപ്പുറം മനുഷ്യൻ സമൂഹത്തിലേക്ക് കടക്കുമ്പോൾ മനുഷ്യനും തൊട്ടടുത്ത മനുഷ്യനും തമ്മിലും ബന്ധങ്ങളിൽ പ്രവർത്തന പ്രതി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതിനെ ബന്ധങ്ങളിലെ ചയാപചയം (Relational Metabolism) എന്ന് വിളിക്കുന്നു. ഈശോയുടെ സമയത്ത് relational metabolism വളരെ മോശമായിരുന്നു. അതിൽ പാവപ്പെട്ടവർ, കുഷ്ഠരോഗികൾ, സ്ത്രീകൾ, വിധവകൾ, ഭിക്ഷാടകർ, വിജാതീയർ തുടങ്ങിയവരോടുള്ള പെരുമാറ്റം വളരെ വികൃതമായിരുന്നു. അവിടെ നടന്നുകൊണ്ടിരുന്നത് സ്വാഭാവികമായ, മനുഷ്യത്വപരമായ കൊടുക്കൽ വാങ്ങലുകൾ ആയിരുന്നില്ല. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനെ, സ്വന്തം സഹോദരിയെ, സഹോദരനെ മൃഗങ്ങളെക്കാൾ നികൃഷ്ടരായാണ് യഹൂദർ പരിഗണിച്ചിരുന്നത്. അതുകൊണ്ടുതന്നെ സമൂഹജീവിതം താളം തെറ്റിയതായിരുന്നു. Relational metabolism വെറും സീറോ ആയിരുന്നു. ആത്മീയ ജീവിതം പൊള്ളയായിരുന്നു. ഈയൊരു അവസ്ഥയിൽ നിന്ന് മാറി ക്രിസ്തുവിന്റെ പ്രതിസംസ്കാരത്തിലേക്ക് ജനത്തെ സെൻസിറ്റയിസ് (Sensitize) ചെയ്യാനാണ് ഈശോ ഇവിടെ ശ്രമിക്കുന്നത്.

നമ്മുടെ ഇന്നത്തെ സമൂഹത്തിന്റെ Metabolism, അതിന്റെ സംവിധാനങ്ങൾ, രാഷ്ട്രീയ, മത, കോർപ്പറേറ്റ് സംവിധാനങ്ങൾ എല്ലാം മനുഷ്യനെയും മനുഷ്യനെയും വേറിട്ട് നിർത്താനാണ് ശ്രമിക്കുന്നത്. ഇത് മനുഷ്യരുടെ ജീവിതത്തിലും അവയ്ക്കിടയിലുമുള്ള ബന്ധങ്ങളെ പലതരത്തിൽ തകരാനിടയാക്കുന്നു. മനുഷ്യനെ, മനുഷ്യ ബന്ധങ്ങളെ, വിവാഹ, കുടുംബ ബന്ധങ്ങളെ, മനുഷ്യ മനുഷ്യ ബന്ധങ്ങളെയെല്ലാം കച്ചവടക്കണ്ണുകളോടെ കാണുന്നത് മനുഷ്യ മനുഷ്യ ബന്ധങ്ങളിൽ വിള്ളലുകളുണ്ടാക്കും. ഇത് ലോകത്തിന്റെ സംസ്കാരമാണ്. ലോകത്തിന്റെ സംസ്കാരം പ്രമുഖസ്ഥാനത്തിന് വേണ്ടിയുള്ള നെട്ടോട്ടമാണ്. ലോകത്തിന്റെ സംസ്കാരം കഴുത്തറപ്പന്‍ മത്സരത്തിന്റെതാണ്. ലോകത്തിന്റെ സംസ്കാരം ധാര്‍മികത ലവലേശമില്ലാത്ത സുഖത്തിന്റെതാണ്. ലോകത്തിന്റെ സംസ്കാരം സമ്പത്തിനുവേണ്ടിയുള്ള ഓട്ടപ്പാച്ചിലിലാണ്. ഈ സംസ്കാരത്തില്‍ പ്രമുഖസ്ഥാനത്തിന് വേണ്ടി, സുഖത്തിന് വേണ്ടി, സമ്പത്തിനുവേണ്ടി കാലുമാറും, കാലുവാരും, വെട്ടിനിരത്തും, കള്ളസാക്ഷ്യങ്ങള്‍ നിരത്തും, ആരുമായും കൂട്ട്കൂടും, സ്വന്തം മാതാപിതാക്കള്‍ക്കെതിരെ വേണമെങ്കിലും കേസുകൊടുക്കും….ഇതെല്ലാം ലോകത്തിന്റെ സംസ്കാരമാണ്.

ലോകത്തിന്റെ സംസ്കാരത്തില്‍ സ്നേഹിതന്‍ സ്നേഹിതനെയേ അറിയൂ, ധനികന്‍ ധനികനെയേ വിരുന്നിനു ക്ഷണിക്കൂ, ബന്ധുക്കള്‍ ബന്ധുക്കളെയേ വിളിക്കൂ, ഭരണ കര്‍ത്താക്കള്‍ കോര്‍പറേറ്റ്കള്‍ക്ക് വേണ്ടിയേ നില്‍ക്കൂ, മതനേതാക്കള്‍ അവരുടെ സ്തുതി പാഠകര്‍ക്കുവേണ്ടിയേ പ്രാര്‍ഥിക്കൂ. ലോകത്തിന്റെ സംസ്കാരത്തില്‍ ആര്‍ക്ക് സ്ഥാനമില്ല? ദരിദ്രര്‍ക്ക്, വികലാംഗര്‍ക്ക്, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക്, വൃദ്ധര്‍ക്ക്, ചേരിനിവാസികള്‍ക്ക്…..! വിവാഹം തുടങ്ങിയ ആഘോഷങ്ങളിലേക്ക് ക്ഷണിക്കുന്നത് വിശേഷപ്പെട്ടവരെ മാത്രം!! ഏതെങ്കിലും പ്രമാണി പാവപ്പെട്ടവരെ പരിഗണിച്ചെന്നു വരും, അവരെ ക്ഷണിച്ചെന്ന് വരും, കിറ്റുകൾ നൽകി സന്തോഷിപ്പിച്ചെന്ന് വരും, സബ്‌സിഡി യായി പൈസ പാവപ്പെട്ടവന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചെന്നും വരും. എന്നാൽ, പുറകിലൂടെ അവരെ ചൂഷണം ചെയ്യും, കിറ്റുകൾ ഒരു വഴി, കള്ളക്കടത്തു വേറൊരു വഴി! സബ്‌സിഡി ഒരു വഴി, പെട്രോൾ, ഡീസൽ, നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വിലവർധിപ്പിച്ച്കൊണ്ട്, കൊടുത്ത സബ്‌സിഡി തിരിച്ചു വാങ്ങുന്നത് മറ്റൊരു വഴി!! ഇത്തരത്തിലുള്ള ആത്മീയ വിള്ളലുകളും സാമൂഹ്യവിള്ളലുകളും സൃഷ്ടിക്കുന്ന അവസ്ഥയെ കാലഘട്ടത്തിന്റെ പ്രതിസന്ധി (Epochal Crisis) ആയിട്ടാണ് ഈശോ കാണുന്നത്. അതുകൊണ്ടാണ്, ഇത്രയും ശക്തമായ ഒരു ഉദ്‌ബോധനം ഈശോ അന്നത്തെ ജനതയ്ക്കും, ഇന്ന് നമുക്കും നൽകുന്നത്.

സ്നേഹമുള്ളവരേ, ഈശോ നമുക്ക് വേണ്ടി ഒരു പ്രതിസംസ്കാരത്തെ വരച്ചുകാട്ടുകയാണ് ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ. ഒരു പ്രതി സംസ്കാരത്തിലേക്ക് ഈശോ നമ്മെ സെൻസിറ്റയ്‌സ് (Sensitize) ചെയ്യുകയാണ് ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ. ക്രിസ്തുവിന്റെ ചൈതന്യം ജീവിക്കുന്ന ഒരു പ്രതിസംസ്കാരത്തിന്റെ വക്താക്കളാകാന്‍ നമ്മെ ക്ഷണിക്കുകയാണ്.

ഈ പ്രതിസംസ്കാരത്തിന്റെ അടിസ്ഥാനം ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും, ഹൃദയത്തിലുള്ള എളിമയും ആണ്. ഈ പ്രതിസംസ്കാരത്തിന്റെ സ്വഭാവം ദൈവ ഹിതത്തിനു സ്വയം സമർപ്പിക്കലാണ്. ഈ പ്രതിസംസ്കാരത്തിന്റെ ചൈതന്യം സ്വയം മുറിയപ്പെടുന്ന, ചിന്തപ്പെടുന്ന വിശുദ്ധ കുർബാനയുടേതാണ്.

ഇന്നത്തെ ഒന്നാമത്തെ വായനയില്‍ ദൈവത്തിന്റെ സംസ്കാരത്തെ, പ്രതിസംസ്കാരത്തെ ഏറ്റെടുത്ത ഒരു വലിയ മനുഷ്യനെ അവതരിപ്പിക്കുന്നുണ്ട്, ഏലിയ പ്രവാചകനെ. പ്രതി സംസ്കാരത്തിന്റെ ഏറ്റവും പ്രാധാനപ്പെട്ട ചൈതന്യം ഒന്ന്, ദൈവത്തിലുള്ള വിശ്വാസമാണ്. രണ്ട്, ദൈവം കൂടെയുണ്ടെന്നുള്ള ഉറപ്പ്. മൂന്ന്, ദൈവത്തിന്റെ സ്വഭാവത്തിലുള്ള  ജീവിതം. ഇതെല്ലാമായിരുന്നു ഏലിയാ പ്രവാചകന്‍. യഥാര്‍ത്ഥ ക്രൈസ്തവന്റെ സംസ്കാരവുമായി, പ്രതിസംസ്കാരവുമായി ഏലിയാ പ്രവാചകന്‍ നിന്നപ്പോള്‍, ദൈവം ജയിച്ചു. പക്ഷെ ഇന്ന്, ദൈവം ജയിക്കുന്നില്ല. ഇന്നത്തെ ക്രൈസ്തവന്റെ സംസ്കാരം ദൈവത്തെപ്പോലും തോല്‍പ്പിക്കുന്നു.

രണ്ടാമത്തെ വായനയില്‍ ക്രൈസ്തവന്റെ പ്രതിസംസ്കാരവുമായി അപ്പസ്തോലന്‍മാരുണ്ട്. എന്ത് സംഭവിച്ചു? അവരുടെ കരങ്ങള്‍ വഴി അത്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. പ്രതിസംസ്കാരത്തിന്റെ ശക്തി!! നമ്മുടെ ജീവിതത്തില്‍, കുടുംബത്തില്‍, സഭയില്‍ ദൈവത്തിന്റെ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കാന്‍ ലോകത്തിന്റെ സംസ്കാരം നാം വെടിയണം. ദൈവിക കാര്യങ്ങള്‍ ലോകത്തിന്റെ സംസ്കാരത്തില്‍ നാം നോക്കിക്കാണരുത്!

ലേഖനവായന ശ്രദ്ധിക്കൂ, പ്രതിസംസ്കാരത്തിന്റെ സവിശേഷതകള്‍ എന്തൊക്കെയാണ്? സ്വരച്ചേര്‍ച്ച, ഐക്യം, ഏകമനസ്, ഏകാഭിപ്രായം, വിഭാഗീയതയില്ലായ്മ…… നമ്മുടെ ജീവിതം കണ്ട് ഈശോ കരയുന്നുണ്ടോ? ചിന്തിച്ച് നോക്കണം നാം.

സ്നേഹമുള്ളവരെ, ക്രിസ്തുവിന്റെ സഭയുടെ metabolism, പ്രവർത്തന രീതി ഇന്ന് തകരാറിലായിരിക്കുന്നു. സഭയിന്ന് അമിതവണ്ണമുള്ള, ഊതിവീർപ്പിച്ച ബലൂണാണ്. ആത്മീയ വിള്ളലുകൾ അധികമായിരിക്കുന്നു. ഒന്നേയുള്ളു പ്രതിവിധി: ക്രിസ്തുവിന്റെ സെൻസിറ്റായിസേഷന് (Sensitization) വിധേയമാകുക.. ക്രിസ്തുവിന്റെ പ്രതിസംസ്കാരത്തിന്റെ മുഖമുള്ളവരാകുക. ഇന്നത്തെ വായനകളില്‍, പ്രത്യേകിച്ച് സുവിശേഷത്തില്‍ അവതരിക്കപ്പെടുന്ന ക്രൈസ്തവന്റെ പ്രതിസംസ്കാരം മരിച്ചുകൊണ്ടിരിക്കുന്നോയെന്നു നാം സംശയിക്കുന്നുണ്ടെങ്കില്‍ ഇതാ രക്ഷയുടെ സമയം. നമുക്ക് നമ്മെത്തന്നെ എളിമപ്പെടുത്താം. അപ്പോള്‍ ദൈവം നമ്മെ ഉയര്‍ത്തും.

ക്രിസ്തുവിന്റെ ചൈതന്യം ജീവിക്കുന്ന ഒരു പ്രതിസംസ്കാരത്തിന്റെ വക്താക്കളാകാം നമുക്ക്. അങ്ങനെ ലോകത്തിനു ദൈവത്തിന്റെ ഭാഗ്യം പകർന്നു നൽകുന്ന ഉത്തമ ക്രൈസ്തവരാകാം.  ആമേൻ!

SUNDAY SERMON LK 13, 22-35

ശ്ളീഹാക്കാലം ഏഴാം ഞായർ

ലൂക്ക 13, 22 – 35  

ശ്ലീഹാക്കാലത്തിന്റെ അവസാനത്തെ ഞായറാഴ്ചയാണിന്ന്. ഇന്നത്തെ സുവിശേഷം നമുക്ക് ഒരുക്കിയിരിക്കുന്ന വിരുന്നാണ് ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക എന്ന ക്രിസ്തുവിന്റെ സന്ദേശം. കഴിഞ്ഞ ആറ് ആഴ്ചയിലും ശ്ളീഹാക്കാലത്തിന്റെ ചൈതന്യം ഉൾക്കൊണ്ട്, പന്തക്കുസ്താദിനത്തിൽ പരിശുദ്ധാത്മാവിനാൽ പൂരിതരായി സുവിശേഷമറിയിക്കുവാൻ   ലോകത്തിന്റെ നാനാഭാഗത്തേക്കും അയയ്ക്കപ്പെട്ട ശ്ലീഹന്മാരെയാണ്, അവരുടെ പ്രവർത്തനങ്ങളെയാണ് നാം ധ്യാനിച്ചത്. പന്തക്കുസ്താനാളിൽ ശ്ലീഹന്മാരുടെ സുവിശേഷ പ്രഘോഷണം കേട്ട് ക്രൈസ്തവരായി തീർന്നവരുടേയും, അവർ കൈമാറിത്തന്ന വിശ്വാസത്തിന്റെ ദീപശിഖ ഏറ്റുവാങ്ങിക്കൊണ്ട് ഇന്ന് ജീവിക്കുന്ന നമ്മുടെയും, ക്രൈസ്തവ ജീവിതത്തിന്റെ സ്വഭാവം എന്താണെന്നാണ് ഈ ഞായറാഴ്ച്ചത്തെ സുവിശേഷം നമുക്ക് പറഞ്ഞു തരുന്നത്.

ഇടുങ്ങിയ വഴികളെ ഇഷ്ടപ്പെടാത്തവരാണ് നമ്മിൽ അധികവും. അത് റോഡിന്റെ കാര്യത്തിലായാലും, മനഃസ്ഥിതിയുടെ കാര്യത്തിലായാലും അങ്ങനെത്തന്നെയാണ്. ഒരു ഇടവകയിൽ ബഹു. വികാരിയച്ചനും, കൊച്ചച്ചനും ഉണ്ടെങ്കിൽ, സാധാരണയായി ചെറുപ്പക്കാർ പറയുന്ന Comment എങ്ങനെയായിരിക്കും? “നമ്മുടെ കൊച്ചച്ചനോ? അടിപൊളിയാണ്. വളരെ ഓപ്പൺ ആണ്. ആള് Broad-minded ആണ്.” “അപ്പോ വികാരിയച്ചനോ?” “ഹേയ്, കുഴപ്പോന്നൂല്യ. ന്നാലും ആള് പഴഞ്ചനാ. very naroow-minded.”  

സാധാരണജീവിതത്തിൽ ഇടുങ്ങിയ റോഡുകളെയും, വാതിലുകളെയും, ഇടുങ്ങിയ രീതികളെയും, ഇടുങ്ങിയ മനഃസ്ഥിതിയുള്ളവരെയും ഇഷ്ടപ്പെടാത്ത നമ്മോട് ഈശോ പറയുന്നത് ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക എന്നാണ്.

അത്രസ്വീകാര്യമല്ലെങ്കിലും, ഈശോ പറയുമ്പോൾ അതിന്റെ Range ഒന്ന് വേറെയായിരിക്കുമെന്നതാണ് സുവിശേഷങ്ങളുടെ പ്രത്യേകത! ക്രൈസ്തവജീവിതം അവശ്യം കടന്നുപോകേണ്ട ജീവിതാവസ്ഥയുടെ വളരെ സുന്ദരമായൊരു ചിത്രമാണ് ഈശോ ഇന്നത്തെ സുവിശേഷത്തിൽ വരച്ചുകാട്ടുന്നത്. ഇന്നത്തെ സുവിശേഷത്തിൽ ക്രിസ്തു ഉപയോഗിക്കുന്ന മനോഹരമായ രൂപകമാണ് വാതിൽ. വാതിലിനൊരു adjective, വിശേഷണവും ഈശോ നൽകുന്നുണ്ട്: ഇടുങ്ങിയ. അങ്ങനെ ഈശോ ഉപയോഗിക്കുന്ന രൂപകത്തിന്റെ പൂർണരൂപം ‘ഇടുങ്ങിയ വാതിൽ’ എന്നാണ്. എന്താണ് ഇടുങ്ങിയ വാതിൽ എന്നതുകൊണ്ട് ഈശോ അർത്ഥമാക്കുന്നത്? ഈ സുവിശേഷഭാഗം വായിയ്ക്കുമ്പോൾ എന്നെ എന്നും അത്ഭുതപ്പെടുത്തുന്ന ചോദ്യമിതാണ്: “ഈശോയ്ക്ക് ഈ expression എവിടെനിന്ന് കിട്ടി?”

വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ ജെറുസലേം ദൈവത്തിന്റെ രക്ഷയുടെ പട്ടണമാണ്; ദൈവത്തിന്റെ രക്ഷയുടെ പ്രതീകമാണ്; ദൈവത്തിന്റെ രക്ഷയുടെ നീർച്ചാൽ പെട്ടിപ്പുറപ്പെടുന്നത് ജറുസലേമിൽ നിന്നാണ്. പട്ടണങ്ങളിലും ഗ്രാമങ്ങളിലും, ചുറ്റി സഞ്ചരിച്ച ഈശോ ജെറുസലേമിനെ ലക്ഷ്യമാക്കിയുള്ള തന്റെ യാത്രയുടെ തുടക്കത്തിലാണ് ഒരുവന്റെ ചോദ്യം? “കർത്താവേ, രക്ഷ പ്രാപിക്കുന്നവർ ചുരുക്കമാണോ?” ചോദ്യത്തിനുള്ള ഉത്തരം പറയാതെ ഈശോ അവന് പറഞ്ഞുകൊടുക്കുന്നത് രക്ഷയിലേക്കുള്ള വഴിയാണ്; അതിന്റെ സ്വഭാവമാണ്; അതിന്റെ നീളവും വീതിയുമാണ്. മാത്രമല്ല, ഈ വഴിയിലൂടെ, വാതിലിലൂടെ കടന്നുവരുന്നവർക്ക് മാത്രമേ, രക്ഷയിലേക്ക് പ്രവേശിക്കുവാൻ സാധിക്കുകയുള്ളു എന്നും ഈശോ അവന് പറഞ്ഞുകൊടുക്കുകയാണ്.  

ഇങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഈശോ, എന്ന് തോന്നും ഈശോയുടെ ഈ Answer ഉം അതിന്റെ Explanation നും കേട്ടാൽ. അതങ്ങനെത്തന്നെയാണ്. കാരണം ലോകത്തിന് രക്ഷ നൽകുവാൻ വന്ന ഈശോയ്ക്ക്, ആ രക്ഷയിലേക്കുള്ള വഴിയെപ്പറ്റി ലോകത്തോട് പറയുവാൻ ഇതില്പരം നല്ലൊരു അവസരം എവിടെനിന്ന്  കിട്ടാനാണ്! രക്ഷയിലേക്കുള്ള വഴിയെന്താണ്, അതിന്റെ സ്വഭാവമെന്താണ്, അതിലൂടെ പ്രവേശിക്കുന്നതിന് മാനദണ്ഡങ്ങൾ എന്തൊക്കെയാണ്? ആരൊക്കെ അതിലൂടെ പ്രവേശിക്കും, ആരൊക്കെ അതിലൂടെ പ്രവേശിക്കുകയില്ല …എന്നിങ്ങനെ എല്ലാ കാര്യങ്ങളും വിശദമായിത്തന്നെ ഈശോ പറയുകയാണ്.

ഈശോ ഈ ലോകത്തിലേക്ക് വന്നത് മാനവകുലത്തെ, നമ്മെ രക്ഷിക്കുന്നതിനായിട്ടാണ് എന്ന് ദൈവവചനം സംശയലേശ്യമെന്യേ നമ്മെ പഠിപ്പിക്കുന്നുണ്ട്. വിശുദ്ധ ലൂക്കായുടെ സുവിശേഷം ആരംഭത്തിൽ തന്നെ പ്രഖ്യാപിക്കുന്നു: ” ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു”. (ലൂക്ക 2, 10) ഈശോ നൽകുന്നതും ഈ രക്ഷയാണ്. സക്കേവൂസിന്റെ ഭവനത്തിൽ പ്രവേശിച്ച ഈശോ എന്താണ് പറയുന്നത്? ” ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു”. (ലൂക്ക 19, 9) വിശുദ്ധ യോഹന്നാൻ പറയുന്നത്, ” ദൈവം തന്റെ പുത്രനെ ഈ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല അവൻ വഴി ലോകം രക്ഷ പ്രാപിക്കാനാണ്”. (3, 17) പിന്നീട് കാലം കുറെ കഴിഞ്ഞപ്പോൾ, അഹന്തയുടെ കുതിരപ്പുറത്തു ക്രിസ്ത്യാനികളെ കൊന്നൊടുക്കാൻ, ക്രിസ്തുവിനെ ഇല്ലായ്മചെയ്യാൻ പുറപ്പെട്ട സാവൂൾ പൗലോസായപ്പോൾ, ക്രിസ്തുവിന്റെ അപ്പസ്തോലനായപ്പോൾ വിളിച്ചുപറയുന്നതും ഇത് തന്നെ. ” യേശു ക്രിസ്തു ലോകത്തിലേക്ക് വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും, തികച്ചും സ്വീകാര്യവുമാണ്.” (1 തിമോ 1, 15)

അങ്ങനെ രക്ഷ നൽകാൻ വന്ന ക്രിസ്തുവിനോട് “രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ”? എന്ന് ചോദിക്കുമ്പോൾ അയാൾക്ക്‌ ഒരു കാര്യം ഉറപ്പാണ്, ക്രിസ്തു രക്ഷ നൽകാൻ വന്നവനാണെന്നത്. എന്നാൽ ആരെല്ലാം രക്ഷ പ്രാപിക്കും? അതിനുള്ള വാതിലേത്? അതെങ്ങനെയിരിക്കും? എല്ലാവരും രക്ഷ പ്രാപിക്കുമോ? എന്നൊക്കെയാണ് അയാൾക്ക് അറിയേണ്ടത്. അതുകൊണ്ടു തന്നെ രക്ഷയെക്കുറിച്ചു ഈശോ പറയുന്നില്ല. രക്ഷ പ്രാപിക്കേണ്ട വാതിലിന്റെ സ്വഭാവത്തെക്കുറിച്ചും, അതിലൂടെ പോയാലേ രക്ഷപ്രാപിക്കുവാൻ സാധിക്കുകയുള്ളു എന്നും, അതിലൂടെ പോകുന്നവർക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ചുമാണ് ഈശോ പറയുന്നത്. മാത്രമല്ല, ഈ വാതിലിലൂടെ പോയാൽ ദൈവത്തിന്റെ അനുഗ്രഹത്തോടെ, സംരക്ഷണത്തോടെ രക്ഷയിലേക്കു എത്തിച്ചേരാനും സാധിക്കുമെന്ന് ഈശോ പറയുന്നു. 

വാതിലുകൾ പലതരത്തിലുണ്ട്. ഒന്നാമതായി, വിശാലമായ വാതിലുകൾ!! വിശാലമായ വാതിൽ കടക്കുവാനാണ് തീരുമാനിക്കുന്നതെങ്കിൽ ചെന്നെത്തുന്നത് വളരെ ആരവം നിറഞ്ഞ, ബഹളം നിറഞ്ഞ സാഹചര്യത്തിലേക്കായിരിക്കും. പക്ഷെ, അവിടെ നിങ്ങളുടെ മൂല്യങ്ങളെല്ലാം തകർക്കപ്പെടും. ധാരാളം സുഖങ്ങൾ കണ്ടെത്താം. നിങ്ങളുടെ ഏതു ലക്ഷ്യവും നേടാം. അതിനായി എന്ത് മാർഗവും സ്വീകരിക്കാം. 1978 ലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ ഡെങ് സിയാവോ പിങ് പറഞ്ഞപോലെ, “പൂച്ച കറുത്തതായാലും, വെളുത്തതായാലും കുഴപ്പമില്ല. എലിയെ പിടിച്ചാൽ മതി”. ഇതായിരിക്കും ഇവിടുത്തെ നീതി. സ്വർണക്കടത്തിന്റെ വഴി സ്വീകരിക്കാം. എതിരാളികളെ കൊന്നു തള്ളുന്നതിൽ രാഷ്ട്രീയ നീതി കണ്ടെത്താം. പണത്തിന്റെ അഹന്തയിൽ കാലിനടിയിൽ ചതഞ്ഞരയുന്നവരെ കാണേണ്ടതില്ല.  സ്വന്തം പ്രസ്ഥാനം തകർന്നടിഞ്ഞ് വേരറ്റു പോയതിന്റെ കഥകൾ ടിവിയിലൊക്കെ നിറഞ്ഞു നിൽക്കുമ്പോഴും ഇംഗ്ലണ്ടിലെ കത്തോലിക്കാ പള്ളികൾ വിൽക്കാൻ വച്ചിരിക്കുകയാണെന്ന് വിളിച്ചുപറയാം. സ്വന്തം ജനങ്ങൾ മണിപ്പൂർ പോലുള്ള സ്ഥലങ്ങളിൽ പിടഞ്ഞുവീഴുമ്പോൾ, വംശഹത്യയിലൂടെ ഇല്ലാതാകുമ്പോൾ ഒന്നും മിണ്ടാതെ വിദേശ ടൂറിന് പോകാം. അതിനെയൊക്കെ ന്യായീകരിക്കാം. ഇവിടെ എന്റെ സംസാരം, പെരുമാറ്റം ആരെ വേദനിപ്പിച്ചാലും കുഴപ്പമില്ല. എനിക്ക് സുഖിക്കണം, വളരണം, വലുതാകണം. പക്ഷെ അന്ത്യം ദാരുണമായിരിക്കും.

രണ്ടാമത്തേത് തുറന്നു കിടക്കുന്ന വാതിലുകൾ. രണ്ടാമത്തെ വാതിൽ കടന്നു ചെല്ലുന്നത് അന്ധകാരത്തിലേക്കായിരിക്കും. ആരോടും, അനുരഞ്ജനപെടാതെ നിങ്ങളുടെ മാളങ്ങളിൽ ജീവിക്കാം. എല്ലാവരോടും പകയോടെ ജീവിച്ചു നിങ്ങളെ തന്നെ ഇരുട്ടിലേക്ക് തള്ളാം. അയൽവക്കക്കാരോട് പിണങ്ങിയിരിക്കുന്നതിൽ ഒരുതരത്തിലുള്ള മനസ്സുഖം അനുഭവിക്കാം. കുടുംബസ്വത്തിന്റെ പേരിൽ കലഹിക്കാം; വേണമെങ്കിൽ സ്വന്തം സഹോദരനെയോ, സഹോദരിയെയോ, മാതാപിതാക്കളെത്തന്നെ കോടതികയറ്റാം. ഇത്തരത്തിലുള്ള വാതിലുകൾ കടക്കുവാൻ എളുപ്പമാണെങ്കിലും എപ്പോഴും അവയുടെ മുൻപിൽ നീണ്ട ക്യൂ ആയിരിക്കും.. ആളുകളുടെ തിരക്കായിരിക്കും. ഈ വാതിലുകൾ എപ്പോഴും തുറന്നേ കിടക്കൂ.

മൂന്നാമത്തേത് കടന്നു ചെല്ലുന്നത് രക്ഷയിലേക്കായിരിക്കും. പക്ഷെ വാതിൽ വളരെ ചെറുതാണ്. ഒരാൾക്ക് കഷ്ടിച്ചു കടന്നുപോകാവുന്ന വാതിൽ. ഈ വാതിൽ എപ്പോഴും തുറക്കുകയില്ല. തുറക്കപ്പെടുന്ന സമയത്തു് ചെന്നാൽ വാതിലിലൂടെ കടക്കാം. അടയ്ക്കപ്പെട്ടാൽ പിന്നെ തുറന്നു കിട്ടുക എപ്പോഴെന്നു പറയാനാകില്ല. എന്നാൽ ഇവിടെ തിരക്ക് കുറവായിരിക്കും. എല്ലാവരോടും അനുരഞ്ജനപ്പെട്ട്, ക്ഷമിച്ചു, മറക്കാനും പൊറുക്കാനും തയ്യാറായി ചെല്ലുമ്പോൾ, ആ വാതിലിലൂടെ കടക്കാനുള്ള ശാരീരിക രൂപം നിങ്ങൾക്ക് കിട്ടും. അഹന്തയുടെ, സ്വാർത്ഥതയുടെ, വെറുപ്പിന്റെ പൊണ്ണത്തടിയുമായി ചെന്നാൽ, ego യുടെ മസിലും പെരുപ്പിച്ചു ചെന്നാൽ കടന്നുപോകാനാകില്ല. ഈ ഭൂമിയിലെ നിന്റെ മഹത്വങ്ങൾ പറഞ്ഞ്, നീ അത് ചെയ്തു, ഇത് ചെയ്തു, ക്രിസ്തുവിന്റെ നാമത്തിൽ ആളുകൾക്ക് ഭക്ഷണം കൊടുത്തു, വീട് നിർമിച്ചു നൽകി എന്നൊക്കെയുള്ള സർട്ടിഫിക്കറ്റുകളുടെ അലങ്കാരങ്ങളുമായി ചെന്നാൽ, വാതിൽ ചെറുതാണേ, കടന്നുപോകാൻ പറ്റില്ല.

ഇതാണ് വാതിലുകളുടെ സ്വഭാവ സവിശേഷതകൾ. വാതിലിന്റെ നിറം പ്രശ്നമല്ല; എന്തുകൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്നും പ്രശ്നമല്ല; ആരാണ് നിർമിച്ചതെന്നതും പ്രശ്നമല്ല. പക്ഷേ, വാതിലിന്റെ വലിപ്പം….!! അതുകൊണ്ട്, ഈശോ പറയുന്നു, നന്മയിലേക്ക്, രക്ഷയിലേക്ക്, വിജയത്തിലേക്ക് ഉള്ള വാതിലുകൾ എന്നും ഇടുങ്ങിയതായിരിക്കും.

പ്രപഞ്ചത്തെ ഒന്ന് വീക്ഷിക്കൂ…മനോഹരമായതെന്തും ഫലപ്രദമായതെന്തും ഈ ഭൂമിയിലേക്ക് കടന്നുവരുന്നത് വളരെ ക്ലേശം നിറഞ്ഞ പ്രയത്നത്തിലൂടെയാണ്. ഒരു പുതു നാമ്പ്, വിടർന്നു നിൽക്കുന്ന ഒരു പൂവ്, ഫലം ചൂടി നിൽക്കുന്ന ഒരു വൃക്ഷം – ചോദിച്ചു നോക്കൂ അവർ കടന്നു വന്ന വാതിലുകളെക്കുറിച്ച്! അവർക്കു പറയാനുള്ളത് ഇടുങ്ങിയ വാതിലുകളുടെ കഥകളായിരിക്കും. ആത്മാർത്ഥമായി പഠിക്കുന്ന ഒരു വിദ്യാർത്ഥി SSLC ക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി വിജയിക്കുമ്പോൾ, അവൾ/ അവൻ ഓർക്കുക, ഉറക്കമിളച്ചിരുന്ന് പഠിച്ച രാവുകളെയും, ഉത്സാഹപൂർവ്വം പഠിച്ച മണിക്കൂറുകളെയും ആയിരിക്കില്ലേ? ഇനി, നമ്മുടെ തന്നെ നേട്ടങ്ങളെക്കുറിച്ചു, വിജയങ്ങളെക്കുറിച്ചു, നമ്മുടെ കുടുംബത്തിന്റെ വളർച്ചയെക്കുറിച്ചു ഓർത്താലും കടന്നുവന്ന ഇടുങ്ങിയ വാതിലുകളുടെ കഥകളായിരിക്കും നമുക്കും പറയാനുണ്ടാവുക. മഹാകവി ഉള്ളൂർ തന്റെ “നവയുഗോദയം” എന്ന കവിതയിൽ ജലത്തിന്റെയും, സ്വർണത്തിന്റെയും ഇടുങ്ങിയ വാതിലുകളെക്കുറിച്ച് പാടുന്നുണ്ട്. “പാറയ്ക്കുമേൽ തട്ടിയുടഞ്ഞുവേണം/ പാനാർഹമായി സരിതാംബു തീരാൻ / ഇരുട്ട് തിങ്ങും ഖനി വിട്ടുവേണം / ഹീരം നൃപൻ തൻ മകുടത്തിൽ മിന്നാൻ.” ഇടുങ്ങിയ വാതിലുകളാണ്   എന്നും നമ്മെ മഹത്വത്തിലേക്കു നയിക്കുക. ഈ പ്രപഞ്ചത്തിലുള്ള സർവ്വതും ഓരോ നിമിഷവും തിരഞ്ഞെടുപ്പിന്റെ, തീരുമാനത്തിന്റെ വാതിലുകളിലൂടെയാണ് കടന്നുപോകുന്നത്.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതം തീരുമാനങ്ങളുടെ, തിരഞ്ഞെടുപ്പുകളുടെ ആകത്തുകയാണ്. ജീവിതത്തിന്റെ ഓരോ നിമിഷവും എത്രയോ തീരുമാനങ്ങളാണ് നാം എടുക്കുന്നത്? എത്രയോ തിരഞ്ഞെടുപ്പുകളാണ് നമ്മുടെ മുൻപിൽ എത്തുന്നത്. ഓരോ Choice ഉം ഓരോ വാതിലാണ്. ഓരോ Decision ഉം ഓരോ വാതിൽ ആണ്. മണിപ്പൂരിലെ ക്രൈസ്തവർ തങ്ങൾക്കെതിരെയുണ്ടാകുന്ന അക്രമങ്ങളെ ക്രിസ്തുവിന്റെ സഹനങ്ങളോട് ചേർത്ത് സഹിക്കുവാൻ തീരുമാനിക്കുന്നതുകൊണ്ട് ഇന്നും അവർ ഇടുങ്ങിയവാതിലിലൂടെ കടന്നുപോകുകയാണ്. രോഗങ്ങളെയും, തകർച്ചകളെയും, ദൈവഹിതമായി സ്വീകരിക്കുന്നവരെല്ലാം, ജീവിതത്തിന്റെ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കുന്നവരാണ്. ശരിയായ തീരുമാനമെടുക്കുവാൻ നമുക്കാകണം. ശരിയായ വാതിൽ കണ്ടെത്താനാകണം. ശരിയായ വാതിൽ ക്രിസ്തുവാണ്. മറ്റ് വാതിലുകൾ നാശത്തിലേക്കുള്ളതാണ്. ക്രിസ്തുവാകുന്ന വാതിൽ രക്ഷയിലേക്കുള്ളതാണ്.

നമ്മുടെ തിരഞ്ഞെടുപ്പിന്റെ, തീരുമാനത്തിന്റെ സമയത്തെ കൃപ നിറഞ്ഞതാക്കുവാൻ തീർച്ചയായും ദൈവം നമ്മോടൊപ്പമുണ്ടാകും. ഇടുങ്ങിയ വാതിലുകളെ, വലിപ്പമുള്ളതാക്കുവാനല്ല, അതിലൂടെ കടക്കുവാനുള്ള തീരുമാനത്തിന്റെ സമയത്തെ പ്രാസാദവരത്താൽ നിറയ്ക്കുവാൻ ദൈവം നമ്മോടൊപ്പമുണ്ടാകും. അവിടന്ന് തന്റെ മാലാഖമാരെ നമ്മുടെ അടുത്തേക്ക് അയയ്ക്കും. ഈശോയുടെ ജനന സമയം ഈശോയ്ക്കും, യൗസേപ്പിതാവിനും, മാതാവിനും ഇടുങ്ങിയ വാതിലുകളായിരുന്നു. എന്താണവിടെ സംഭവിച്ചത്? ദൈവം തന്റെ മാലാഖമാരെ അയച്ചു. സത്രത്തിൽപോലും സ്ഥലം ലഭിക്കാതെ തെരുവിൽ അലഞ്ഞു നടന്ന യൗസേപ്പിതാവിനും, മാതാവിനും, വൈയ്ക്കോലിന്റെ വേദനയിൽ, ഭൂമി സൃഷ്ടിച്ചവന് ഭൂമിയിൽ ഇടം ലഭിക്കാതിരുന്നതിന്റെ വേദനയിൽ കിടന്ന ഈശോയ്ക്കും സംരക്ഷണമായി മാലാഖമാർ എത്തിയില്ലേ? മരുഭൂമിയിൽ 40 ദിവസത്തെ ഉപവാസം കഴിഞ്ഞു പരീക്ഷണത്തിന്റെ ഇടുങ്ങിയ വഴികളിലൂടെ കടന്നുപോയപ്പോൾ ദൈവത്തിന്റെ സംരക്ഷണമായി മാലാഖമാർ വന്നില്ലേ? വചനം പറയുന്നു: “ദൈവ ദൂതന്മാർ അടുത്ത് വന്നു അവനെ ശുശ്രൂഷിച്ചു”. ഗെത്സമേൻ തോട്ടത്തിൽ രക്തം വിയർക്കേ വേദനിച്ച, അസ്വസ്ഥതയുടെ, ഒറ്റപ്പെടലിന്റെ ഇടുങ്ങിയ വഴികളിലൂടെ കടന്നുപോയ ക്രിസ്തുവിന്റെ വഴികളിൽ മാലാഖ വന്നില്ലേ?

വരും, സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിന്റെ ഇടുങ്ങിയ വാതിലുകൾക്കു മുൻപിൽ പകച്ചു നിൽക്കുമ്പോഴും ദൈവത്തിന്റെ സംരക്ഷണത്തിന്റെ, കൃപയുടെ, അനുഗ്രഹത്തിന്റെ മാലാഖമാർ വരും. എന്ത് ചെയ്യണം? നമ്മെത്തന്നെ ഒരുക്കണം. ജാഗ്രതയോടെ, നന്മയിൽ, അഹങ്കാരം വെടിഞ്ഞു അവിടുത്തെ സംരക്ഷണയിൽ കഴിയാൻ നാം യോഗ്യതയോടെ വ്യാപാരിക്കണം.

ഒരിക്കൽ വേദപാഠ ക്ലാസ്സിൽ അദ്ധ്യാപകൻ അബ്രാഹം ഇസഹാക്കിനെ ബലികഴിക്കുന്ന സംഭവം വളരെ നാടകീയമായി അവതരിപ്പിക്കുകയായിരുന്നു. അബ്രാഹവും കുട്ടിയും മോറിയാമലയിലേക്കു വരുന്നതും, വിറകടുക്കി വച്ച് കുട്ടിയെ അതിന്മേൽ കെട്ടുന്നതും കത്തിയെടുക്കുന്നതും ഒക്കെ അവിടെ നടക്കുന്നതുപോലെ തന്നെ അദ്ദേഹം പറയുകയാണ്. അദ്ദേഹം പറഞ്ഞു: അബ്രാഹം താൻ ഉയർത്തിയ കത്തി കുഞ്ഞിന്റെ ഇളം കഴുത്തിലേക്ക് താഴ്ത്തിയപ്പോൾ സ്വർഗത്തിൽ നിന്ന് ഒരു മാലാഖ വന്നു പറഞ്ഞു: “അരുത്”. 

പെട്ടെന്ന് ക്ളാസിലുണ്ടായിരുന്ന ഒരു പെൺകുട്ടി വാവിട്ടു കരഞ്ഞു. അപ്പോൾ അദ്ധ്യാപകൻ ചോദിച്ചു: “കരയാനെന്തിരിക്കുന്നു? മാലാഖ വന്നില്ലേ? കുഞ്ഞിനെ രക്ഷിച്ചില്ലേ?” കരച്ചിലിനിടയിൽ ആ പെൺകുട്ടി പറഞ്ഞു: “മാലാഖ വരാൻ അല്പം വൈകിയിരുന്നെങ്കിലോ?” ആ അദ്ധ്യാപകൻ ഒന്ന് പുഞ്ചിരിച്ചിട്ടു പറഞ്ഞു: ” മാലാഖമാർ ഒരിക്കലും വൈകാറില്ല. കാരണം, ദൈവമാണ് അവരെ അയയ്‌ക്കുന്നത്‌. അതുകൊണ്ടാണ് അവരെ മാലാഖമാർ എന്ന് വിളിക്കുന്നത്. A timely intervention of God – അതാണ് മാലാഖമാർ.

ഇടുങ്ങിയ വാതിലിലൂടെ കടക്കുവാൻ നമുക്കാകട്ടെ. പലതരത്തിലുള്ള വാതിലുകൾ, തീരുമാനങ്ങൾ, തിരഞ്ഞെടുപ്പുകൾ നമ്മുടെ മുന്പിലങ്ങനെ നിൽക്കും. ഏതാണ് രക്ഷയിലേക്കുള്ള വാതിൽ എന്ന് ഈശോ നമ്മെ പഠിപ്പിക്കുകയാണ്. ജീവിതത്തിന്റെ തകർച്ചയുടെ, മഹാമാരിയുടെ, ദാമ്പത്യ കുടുംബ ബന്ധങ്ങളുടെ തകർച്ചയുടെ, സാമ്പത്തിക ഞെരുക്കത്തിന്റെ കാലഘട്ടങ്ങളിൽ നാമെടുക്കുന്ന തീരുമാനങ്ങളിൽ കൃപയുടെ നിറവുണ്ടാകുവാൻ ഈശോ ഇപ്പോൾ നമ്മെ അനുഗ്രഹിക്കുകയാണ്. ദുരന്തങ്ങളിലേക്ക്, അന്ധകാരത്തിലേക്ക് തുറക്കപ്പെടുന്ന വാതിലുകളിലൂടെ

കടക്കുവാൻ ദൈവമേ ഞങ്ങൾക്ക് ഇടയാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. രക്ഷയുടെ വാതിലിലൂടെ കടക്കുവാൻ ഈശോയെ എന്നെ കൈപിടിച്ച് നടത്തണമേ. ആമേൻ!

SUNDAY SERMON LK 12, 57 -13,5

ശ്ളീഹാക്കാലം ആറാം ഞായർ

ലൂക്ക 12, 57 – 13, 5

നമ്മുടെ ആരാധനാക്രമത്തിലെ ശ്ളീഹാക്കാലത്തിന്റെ ആറാം ഞായറാഴ്ചയാണിന്ന്. മെല്ലെ ഭയപ്പെടുത്തുന്ന സ്വരത്തിലാണെങ്കിലും, അന്ന് ഈശോയെ ശ്രവിച്ചുകൊണ്ടിരുന്ന ഇസ്രായേൽ ജനത്തിനെന്നപോലെ, ഇന്ന് നമുക്കും പശ്ചാത്താപം ആവശ്യമുണ്ടെന്നും, പശ്ചാത്തപിച്ചില്ലെങ്കിൽ നാമും നശിക്കുമെന്നും ദൈവ വചനത്തിലൂടെ ഈശോ നമ്മെ ഓർമപ്പെടുത്തുകയാണ്. കാലിക പ്രസക്തിയുണ്ടായിരുന്ന രണ്ട് സംഭവങ്ങളെ മുൻനിർത്തിയാണ് ഈശോ അന്നത്തെ ഇസ്രായേൽ ജനത്തിനും ഇന്ന് നമുക്കും Warning തരുന്നത്. “പശ്ചാത്തപിച്ചില്ലെങ്കിൽ നിങ്ങളും മരിക്കും.”

വായിച്ചുകേട്ട സുവിശേഷത്തിൽ പ്രതിപാദിക്കപ്പെടുന്ന ഒന്നാമത്തെ സംഭവം ഗലീലിക്കാരുടെ ബലിയിൽ പീലാത്തോസ് രക്തം കലർത്തിയതാണ്. ഇന്ത്യയിലെ അടിയന്തരാവസ്ഥയും, ബാബ്‌റി മസ്ജിദ് തകർത്ത സംഭവവും, 2002 ലെ ഗുജറാത്ത് കലാപവുമൊക്കെ ഇന്നും ജനത്തിനിടയിൽ സംസാരവിഷയമായിരിക്കുന്നതുപോലെ, ഈശോയുടെ കാലത്തെ ഗലീലിക്കാരുടെ ബലിയിൽ പീലാത്തോസ് രക്തം കലർത്തിയ സംഭവവും ജനങ്ങൾക്കിടയിൽ ഒരു Talk ആയിരുന്നു. ഇതിങ്ങനെ സംസാരവിഷയമാകാൻ കാരണം ഈ കൃത്യം റോമൻ പോലീസിന്റെ, പടയാളികളുടെ ഒരു ക്രൂരവിനോദമായിരുന്നതിനാലാണ്. ജറുസലേമിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ട റോമൻ പടയാളികൾ ഗലീലിയിൽ നിന്ന് വന്ന കുറച്ചുപേരെ സംശയാസ്പദമായി കാണുകയും കൊന്നുകളയുകയും ചെയ്തു. മാത്രമല്ലാ, ഹെബ്രായ മതങ്ങളിലുണ്ടായിരുന്ന പോലെ, ഈ ഗലീലിയക്കാരെവച്ചു രക്തബലി നടത്തുകയും ചെയ്തു. ഹെബ്രായ മതങ്ങളിൽ രക്തബലിക്കുള്ള ഇര (Victim) കൊല്ലപ്പെടേണ്ടതുണ്ട്. ഈ മതങ്ങളിൽ രക്തബലി യഹോവയോടുള്ള സമ്പൂർണ സമർപ്പണത്തിന്റെ പ്രതീകമാണ്, ദൈവത്തോടുള്ള അടിയറവു പറയലിന്റെ പ്രതീകമാണ്. ഇവിടെ പടയാളികളുടെ ലക്‌ഷ്യം മറ്റൊന്നായിരുന്നു. പടയാളികൾ തങ്ങൾ കൊന്ന ഗലീലിക്കാരോടൊപ്പം അവരുടെ രക്തവും കൂടി കലർത്തി ഒരു ബലി നടത്തിയതുവഴി യഹൂദരെ കളിയാക്കുകയായിരുന്നു. ഒപ്പം, സീസറിന്റെ അധികാരം ഉറപ്പിക്കുകയും ചെയ്തു. ശക്തമായ രാഷ്ട്രീയ അജൻഡ അതിന് പുറകിലുണ്ടായിരുന്നു.

രണ്ടാമത്തെ സംഭവം ഒരു ദുരന്തമായിരുന്നു. മനുഷ്യനിർമിതമല്ലാത്ത ഒരു ദുരന്തം. പതിനെട്ടുപേർ മരണപ്പെട്ട ആ ദുരന്തവും അന്ന് ജനങ്ങളുടെ സംസാരവിഷയമായിരുന്നു. നമ്മിൽ ഏറെപ്പേർ ഇന്നും കരുതുന്നതുപോലെ, അന്നത്തെ സാധാരണ മനുഷ്യരും, ആ പതിനെട്ടു പേരുടെ പാപത്തിന്റെ ഫലമായിരിക്കാം അവർക്ക് ഇങ്ങനെ സംഭവിച്ചത് എന്ന് ചിന്തിച്ചവരായിരുന്നു.

റോമൻ പടയാളികളാൽ കൊല്ലപ്പെട്ട ഗലീലിക്കാരും, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണ പതിനെട്ടുപേരും ഇസ്രായേൽ ജനത്തിന്റെ ദൃഷ്ടിയിൽ പാപികളും, പാപത്തിന്റെ ഫലമനുഭവിച്ചവരുമായിരുന്നു. എന്നാൽ, യഹൂദകാഴ്ചപ്പാടുകളിലെ കുറവുകളെ നിരീക്ഷിച്ചും അവ ചൂണ്ടിക്കാട്ടിയും പുതിയൊരു ആത്മീയ വിപ്ലവത്തിന് തുടക്കം കുറിച്ച ക്രിസ്തു ഈ രണ്ടു സംഭവങ്ങളെയും കാണുന്നത് വളരെ വ്യത്യസ്തമായാണ്. റോമൻ പടയാളികളാൽ കൊല്ലപ്പെട്ട ഗലീലിക്കാരും, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണ പതിനെട്ടുപേരും മാത്രമല്ല, അതിന് കാരണക്കാരായവരും, അതിന്റെ സാഹചര്യങ്ങളും എല്ലാം ഈശോയ്ക്ക് പ്രധാനപ്പെട്ടതാണ്.  ഗലീലിയക്കാരെ കൊന്ന റോമാക്കാരും അതിനു എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്ന പീലാത്തോസും, ഗോപുരങ്ങളുടെ ഉറപ്പു പരിശോധിക്കേണ്ട ഉദ്യോഗസ്ഥരും, അതിനെ നവീകരിക്കേണ്ടവരും എല്ലാം ക്രിസ്തുവിന്റെ പഠനത്തിന് വിഷയമാകുകയാണ്. ഈ രണ്ടു സംഭവങ്ങളെയും ഈശോ ജനത്തിന്റെ ആത്മീയ വളർച്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റുകയാണ്. ഈശോ പറയുന്നത് ശ്രദ്ധിക്കുക, ‘പശ്ചാത്തപിക്കുന്നില്ലെങ്കിൽ, നിങ്ങളും നശിക്കും, പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളും വീഴും. ഗോപുരം വീണതിനെക്കാൾ ഭയാനകമായിരിക്കും ആ വീഴ്ച്ച!’

പശ്ചാത്താപത്തിന്റെ മേഖലകൾ വളരെ വിശാലമാണ്. പശ്ചാത്താപം എന്നുപറയുന്നത് വ്യക്തിയുടെ, സമൂഹത്തിന്റെ സമഗ്രമായ മാറ്റമാണ്; നന്മയിലേക്കുള്ള, രക്ഷയിലേക്കുള്ള രൂപാന്തരമാണ്.

നമ്മുടെ പാപം നിറഞ്ഞ അവസ്ഥയിൽ തകർന്നടിയുന്നത് നാം മാത്രമായിരിക്കില്ല. ചിലപ്പോൾ നമ്മുടെ കുടുംബം ഒന്നടങ്കം ആയിരിക്കും. കുടുംബനാഥന്റെ അമിതമായ, കിട്ടുന്നതെല്ലാം നശിപ്പിക്കുന്ന മദ്യപാനത്തിന് ഇരകളാകുന്നത് അദ്ദേഹത്തിന്റെ ഭാര്യയും, നിഷ്കളങ്കരായ മക്കളും ആയിരിക്കും. ഗവൺമെന്റിന്റെ അഴിമതിയും, അനീതിയും, നേതാക്കളുടെ ആർത്തിയും, രാഷ്ട്രീയ കരുനീക്കങ്ങളുടെ ഭാഗമായുണ്ടാകുന്ന കലാപങ്ങളും തകർക്കുന്നത് ഒരു ജനതയെത്തന്നെയായിരിക്കും. നമ്മുടെ വീഴ്ചയിൽ, തകർച്ചയിൽ നാം മാത്രമായിരിക്കില്ല നമ്മോടൊപ്പം അനേകർ, അനേകം നിഷ്കളങ്കരും തകർക്കപ്പെട്ടേക്കാം. നമ്മുടെ ക്രൂരവിനോദങ്ങളിൽ നാം മാത്രമല്ല മറ്റനേകരും കൊല്ലപ്പെട്ടേക്കാം.

ഈസോപ്പുകഥകളിലെ കുട്ടികളെപ്പോലെയാണ് ചിലപ്പോൾ നാം മനുഷ്യർ. ഒരു കുളത്തിന്റെ കരയിൽ കുറച്ചു കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. കളിച്ചു മടുത്തപ്പോൾ കുട്ടികളിലൊരാൾ പറഞ്ഞു: ” നമുക്കിനി കുളത്തിലേക്ക് കല്ലെറിഞ്ഞു കളിക്കാം.” കുട്ടികൾ കല്ലെറിഞ്ഞു കളിക്കാൻ തുടങ്ങി. കുളത്തിലേക്ക് കല്ലുകൾ വീഴുമ്പോഴുള്ള ബ്ലും ബ്ലും ശബ്ദം അവർക്ക് ഒത്തിരി ആനന്ദം നൽകി. എന്നാൽ ആ കുളത്തിലുണ്ടായിരുന്ന കുറച്ചു തവളകൾ വെള്ളത്തിനടിയിൽ ഭയന്ന് വിറച്ചിരിക്കുകയായിരുന്നു. കുറെ കഴിഞ്ഞപ്പോൾ ഒരു തവള ധൈര്യം സംഭരിച്ചു തല വെള്ളത്തിന് മീതെ ഉയർത്തി കുട്ടികളോട് പറഞ്ഞു: “കുട്ടികളെ, നിങ്ങളുടെ ഈ ക്രൂരവിനോദം ഒരുപക്ഷെ, നിങ്ങൾക്ക് വിനോദമായിരിക്കാം. എന്നാൽ ഞങ്ങൾക്കത് മരണമാണ്.” എന്റെ ജീവിതം, പ്രവർത്തികൾ, സംസാരങ്ങൾ ഒന്നും മറ്റുള്ളവർക്ക് മരണമാകരുതെന്ന് ഈശോ നമ്മോട് പറയുന്നുണ്ട്. ഇന്ന് നാം പത്രങ്ങളിലും, ടിവിയിലും കാണുന്ന ദാരുണ മരണ കഥകൾ ക്രിസ്തുവിന്റെ വചനങ്ങൾ നമ്മെ ഓർമപെടുത്തണം: “പശ്ചാത്തപിക്കുന്നില്ലെങ്കിൽ നീയും നശിക്കും.”

സ്നേഹമുള്ളവരേ, സ്വഭാവ രീതികളെ നാം മനസ്സിലാക്കിയില്ലെങ്കിൽ, നാം മാറ്റുന്നില്ലെങ്കിൽ അത് നമുക്ക് നാശമായിരിക്കും. മാത്രമല്ല, മറ്റുള്ളവർക്കും അത് മരണമായിരിക്കും. നാമാകുന്ന ഗോപുരത്തെ സമയാസമയങ്ങളിൽ നവീകരിച്ചില്ലെങ്കിൽ, അനുതാപത്തിലൂടെ നമ്മെത്തന്നെ നിർമലമാക്കിയില്ലെങ്കിൽ നാമും വീഴും. ഓരോ വീഴ്ചയ്ക്കും ഒരു കാരണമുണ്ട്. അത് എപ്പോഴും ക്രിസ്തു നിന്നിലില്ലാത്ത അവസ്ഥയായിരിക്കും. ക്രിസ്തുവിൽ, അവിടുത്തെ വചനത്തിൽ, അവിടുത്തെ ബലിയിൽ പദമൂന്നിയല്ലാ നീ നടക്കുന്നതെങ്കിൽ മകളേ, മകനേ നീ വീഴും. ഇത് ഭീഷണിപ്പെടുത്തുന്ന ക്രിസ്തു വചനമല്ല. നിന്റെ ജീവിതമറിയുന്ന, നിന്നെ അറിയുന്ന, നിന്നെ സ്നേഹിക്കുന്ന ദൈവത്തിന്റെ സ്നേഹോപദേശമാണ്.

പഴയനിയമത്തിലെ സാവൂൾ രാജാവ് – ഇസ്രായേൽ രാജ്യത്തിന്റെ ആദ്യരാജാവിന്റെ പതനം എത്ര വലുതായിരുന്നു! (1 സാമുവൽ 15, 26) ദാവീദ് രാജാവിന്റെ കഥ അറിയില്ലേ? വീഴ്ച്ച എത്ര ഭയാനകമായിരുന്നു! (2 സാമുവേൽ 7, 13-17) ബൈബിളിലെ, ചരിത്രത്തിലെ ഓരോ വീഴ്ചയ്ക്കും കാരണമുണ്ട്, കാരണങ്ങളുണ്ട്. പ്രധാനമായത്, തിന്മയുടെ വഴിയിൽ നിന്ന് മാറാൻ, മനുഷ്യൻ തയ്യാറാകുന്നില്ല എന്നത് തന്നെയാണ്.  പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളും നശിക്കും!”

മഹാഭാരതത്തിലെ ധർമപുത്രരുടെയും, ഭീമൻ, അർജുനൻ, നകുലൻ, സഹദേവൻ, ദ്രൗപദി എന്നിവരുടെ അവസാന യാത്ര വളരെ ഹൃദയ സ്പർശിയാണ്. എന്തിനുവേണ്ടിയാണോ തങ്ങൾ യുദ്ധം ചെയ്തത് ആ രാജ്യം കിട്ടിയപ്പോൾ അവർ ദുഃഖിതരായി. രാജ്യം പരീക്ഷത്തിനെ ഏൽപ്പിച്ചിട്ടു അവർ മഹാപ്രസ്ഥാനം തുടങ്ങി. അഞ്ച് സഹോദരരും, ദ്രൗപദിയും കൊട്ടാരംവിട്ട് യാത്രയാരംഭിച്ചു. അവരുടേത് ഭൂപ്രദക്ഷിണമായിരുന്നു; ഭൂമിയെ വെടിഞ്ഞവരായി നടത്തുന്ന പ്രദക്ഷിണം. വടക്കോട്ട് നടന്നു ദൂരെ ഹിമാലയം ദൃഷ്ടിയിൽപ്പെട്ടു. അപ്പോൾ ആദ്യം ദ്രൗപദി വീണു. ഭീമൻ ധർമപുത്രരോട് ചോദിച്ചു: “ഒരധർമവും ചെയ്യാത്ത ഇവൾ എന്താണ് വീണത്? യുധിഷ്ഠരൻ പറഞ്ഞു: ” ഇവൾ പക്ഷപാതം കാണിച്ചു,” കൃഷ്ണയെ ഉപേക്ഷിച്ചു നീങ്ങിയ സംഘത്തിലെ സഹദേവൻ വീണു. ഭീമന്റെ ചോദ്യത്തിന് ഉത്തരം വന്നു: ” തന്നെപ്പോലെ അറിവുള്ളവരാരും ഇല്ലെന്ന് കരുതിയവനാണിവൻ. അഹങ്കാരമാണ് ഇവനെ വീഴ്ത്തിയത്.” കുറെ മുന്നോട്ട് പോയപ്പോൾ നകുലൻ വീണു. “ഇവനെന്താണ് പറ്റിയത്? ഭീമൻ ചോദിച്ചു. ” സൗന്ദര്യത്തിൽ തനിക്ക് തുല്യനായി ആരുമില്ലെന്ന് കരുതിയാവാനാണിവൻ.” പിന്നെ വില്ലാളിവീരൻ അർജുനൻ വീണു. ” വാക്ക് പാലിക്കാത്തവനാണിവൻ. അതാണ് ഇവന്റെ വീഴ്ചയുടെ കാരണം.” അവസാനം ഭീമൻ വീണു. ഭീമൻ ചോദിച്ചു: “നിനക്കേറ്റവും ഇഷ്ടപെട്ട ഞാൻ വീണുപോയി. എന്തുകൊണ്ട്? യുധിഷ്ഠിരൻ പറഞ്ഞു: “നീ മറ്റുള്ളവരേക്കാളധികം ഭക്ഷിച്ചു. സ്വന്തം മെയ്യൂക്കിനെ കുറിച്ച് മേനി പറഞ്ഞു. അതുകൊണ്ടാണ് നീ വീണത്.” ധർമ്മപുത്രർ മുന്നോട്ട് നടന്നു, കൂടെ നായയും.

വീഴ്ചകൾ ധാരാളമുണ്ട്. നമ്മുടെ വീഴ്ചകൾ മറ്റുള്ളവർക്ക് ദുരന്തമാകുമ്പോൾ നമ്മുടെ ജീവിതം എത്ര ഭയാനകമാണ്! “പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളും നശിക്കും!”

ചരിത്രത്തിലെ വലിയ വലിയ വീഴ്ചകൾ നല്ല ധ്യാനവിഷയമാണ്. ലോകം മുഴുവൻ വെട്ടിപ്പിടിക്കുവാൻ നടന്ന അലക്‌സാണ്ടർ ചക്രവർത്തി മുതൽ ഇങ്ങോട്ട് ഇന്നലെയും ഇന്നുമൊക്കെ വീഴുന്നവരും, ആ വീഴ്ച്ചകൾക്കു കാരണമാകുന്നവരും, പശ്ചാത്താപത്തിന്റെ വഴിതേടുകയാണെങ്കിൽ വലിയ വലിയ ദുരന്തങ്ങൾ വഴിമാറിപ്പോകും.

അപ്പോൾ പശ്ചാത്താപം ആവശ്യമാണ്. എന്നിലെ ദൈവികതയിലേക്കു ഉണരുന്നതാണ് പശ്ചാത്താപം. ‘എനിക്ക് തെറ്റിപ്പോയി’ എന്നും പറഞ്ഞു കരയുന്നതിനപ്പുറം “എന്നിലെ ദൈവത്തെ പറ്റി ബോധവാനാകാതെ ഞാൻ ജീവിച്ചുപോയി” എന്ന് പറയുവാൻ നമുക്കാകണം. അതാണ് യഥാർത്ഥ പശ്ചാത്താപം. വിശുദ്ധ അഗസ്റ്റിൻ പറഞ്ഞത് അതല്ലേ? ‘നിത്യ നൂതന സൗന്ദര്യമേ, നിന്നെ കണ്ടെത്താൻ ഞാനെന്തേ ഇത്ര വൈകിപ്പോയി?’ അദ്ദേഹം എന്നിട്ട് ചങ്കു പൊട്ടി കരഞ്ഞു. വിശുദ്ധ തോമാശ്ലീഹായുടെ “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന എന്ന വിളി ദൈവത്തിന്റെപോലും കണ്ണുകളെ നനയിക്കുന്ന പശ്ചാത്താപത്തിന്റെ സ്വരമാണ്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ “എന്റെ ദൈവമേ, എന്റെ സർവസ്വവുമേ” എന്ന ഏറ്റുപറച്ചിൽ പശ്ചാത്താപത്തിന്റെതല്ലാതെ മറ്റെന്താണ്? “പശ്ചാത്തപിക്കുന്നില്ലെങ്കിൽ …” എന്ന് ഈശോ പറയുന്നതിന്റെ റേഞ്ച് നാം വിചാരിക്കുന്നതിലും അപ്പുറമാണ്.

നമ്മുടെ ജീവിതാന്തസ്സുകളുടെ മുറ്റങ്ങളിൽ പാപത്തിന്റെ, അവിശ്വസ്തതയുടെ, ആഡംബരങ്ങളുടെ കരിയിലകൾ വീണ് വൃത്തികേടായിരിക്കുകയാണ്. ദൈവത്തിന്റെ സമാധാനം, സമൃദ്ധി നമ്മുടെ ക്രൈസ്തവജീവിതങ്ങളിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. ദൈവത്തിന്റെ ഐശ്വര്യം നമ്മുടെ ജീവിതങ്ങളിൽ, വീടുകളിൽ കെട്ടുപോയിരിക്കുന്നു. ദൈവത്തിന്റെയും, ദൈവജനത്തിന്റെയും മുൻപിൽ നിന്നെടുത്ത പ്രതിജ്ഞകളിലെ കൃപ വറ്റിപ്പോയിരിക്കുന്നു. ക്രൈസ്തവ വിവാഹത്തിന്റെയും, പൗരോഹിത്യത്തിന്റെയും, സന്യാസത്തിന്റെയും ശോഭ മങ്ങിപ്പോയിരിക്കുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കിൽ, ജീവിതാന്തസ്സുകൾ സ്വീകരിച്ചിരിക്കുന്നവർ മാത്രമല്ല, അവരോട് ചേർന്നുനിൽക്കുന്നവർ മാത്രമല്ല ഈ ദേശം മുഴുവനും നാശത്തിലേക്ക് നിപതിക്കും. കാരണം, വാക്കുകൾക്ക് ദൈവികതയുടെ, വിശ്വസ്തതയുടെ, വിശുദ്ധിയുടെ കൃപ ലഭിക്കുന്നതാണ് പ്രതിജ്ഞകൾ. ആ പ്രതിജ്ഞകൾ ലംഘിക്കപ്പെട്ടാൽ….!!!!

ന്യായാധിപന്മാരുടെ പുസ്തകത്തിലെ സാംസന്റെ ജീവിതം നമുക്കൊരു പാഠമായിരിക്കണം. നാസീർവ്രതക്കാരനായിരുന്ന സാംസൺ മുടിമുറിച്ചിരുന്നില്ല. നീണ്ട മുടിയിലായിരുന്നു ദൈവികശക്തിയുടെ രഹസ്യം. അതാരോടും പറയാൻ പാടില്ലെന്നായിരുന്നു ദൈവത്തിന്റെ അരുളപ്പാട്. അതാരോടും പറയില്ലെന്നായിരുന്നു ദൈവത്തോടുള്ള അയാളുടെ പ്രതിജ്ഞ. എന്നാൽ ഒരുനാൾ എല്ലാം തെറ്റി. അതോടുകൂടി അയാൾ നിസ്സഹായനായിത്തീർന്നു. പിന്നെ അയാൾ ഒരു സാധാരണക്കാരനായിത്തീർന്നു. “ദേ, ഫിലിസ്ത്യർ വരുന്നു” എന്ന് കേട്ടപ്പോൾ അയാൾ ചാടി എഴുന്നേറ്റു.” പക്ഷെ, അയാൾ ബലഹീനനായി.  അദ്ധ്യായം 16 വചനം 20 ഞെട്ടിപ്പിക്കുന്നതാണ്. “കർത്താവ് തന്നെ വിട്ടുപോയകാര്യം അയാൾ അറിഞ്ഞില്ല.”

ഇന്ന് കത്തോലിക്കാ സഭ, സീറോമലബാർ സഭ, ക്രൈസ്തവകുടുംബങ്ങൾ, ക്രൈസ്തവർ നിസ്സഹായരായി തീർന്നിട്ടിട്ടുണ്ടെങ്കിൽ അതിന്റെ കാരണം ദൈവത്തോട് ചെയ്ത പ്രതിജ്ഞകൾ ലംഘിച്ചുകൊണ്ട്, പശ്ചാത്താപത്തിന്റെ അടയാളംപോലുമില്ലാതെ, ധിക്കാരത്തോടെ ജീവിക്കുന്നു എന്നതാണ്. ഇത്രയൊക്കെ സംഭവിച്ചിട്ടും, ഇത്രമാത്രം തകർച്ചകളുണ്ടായിട്ടും, കർത്താവ് തങ്ങളെ വിട്ടുപോയ കാര്യംപോലും അവർ അറിയുന്നില്ല. ഈശോ പറയുന്നു: “പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളും നശിക്കും.” വിശുദ്ധ പൗലോശ്ലീഹാ  എത്ര കൃത്യമായിട്ടാണ് ഇക്കാര്യം പറഞ്ഞുവച്ചിരിക്കുന്നത്: “ഈ ലോകത്തിന്റെ ദേവന്‍ അവിശ്വാസികളായ (അവിശ്വസ്തരായ) അവരുടെ മനസ്‌സിനെ അന്‌ധമാക്കിയിരിക്കുന്നു. തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്‌തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല.” (2 കോറിന്തോസ്‌ 4 : 4)

സ്വാഭാവിക പ്രവണതകൾക്കനുസരിച്ചു ജീവിക്കാതെ, നമ്മിലെ ദൈവികത വിടർന്നു വിലസുന്ന പൂന്തോട്ടങ്ങളായി നാം മാറണം. ഒരു ചെടിയിലെ ദൈവികതയുടെ പ്രകാശനമാണ് അതിലെ പൂവും, ഫലങ്ങളുമെല്ലാം. പശ്ചാത്തപിക്കുക എന്നാൽ എന്നിലെ ദൈവികതയിൽ കുളിച്ചുകയറുക എന്നാണെന്നു അറിയുവാൻ ഈ ഞായറാഴ്ച്ച നമുക്കാകട്ടെ. അപ്പോൾ നാം മറ്റുള്ളവർക്ക് രക്ഷയാകും, ദുരന്തമാകില്ല.

സ്നേഹമുള്ളവരേ, ഈശോയുടെ സ്നേഹം നിറഞ്ഞ Warning നമുക്ക് സ്വീകരിക്കാം. നന്മ നിറഞ്ഞ ജീവിതത്തിലേക്ക് കടന്നു വരാം. നമ്മുടെ വിശുദ്ധ കുർബാന, വചന വായന, പ്രാർത്ഥനകൾ ചാരം മൂടിക്കിടക്കുന്ന, പൊടിപിടിച്ചു മറഞ്ഞു കിടക്കുന്ന ആത്മാവിനെ കണ്ടെത്തുവാൻ നമ്മെ സഹായിക്കണം. ഒപ്പം, മറ്റുള്ളവരിലെ കുറ്റങ്ങളും കുറവുകളും തിരയാതെ,

അവരിലെ ആത്മാവിനെ, ക്രിസ്തുവിനെ തിരയാൻ അവരെ നാം സഹായിക്കണം. ഇതാണ് നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ ഉള്ളും ഉൾക്കാമ്പും. ആമേൻ!

SUNDAY SERMON LK 12, 16-34

ശ്ളീഹാക്കാലം അഞ്ചാം ഞായർ

ലൂക്ക 12, 16 – 34

ഒരായിരം ആകുലതകളുടെ നടുവിലാണ് ഇന്ന് മനുഷ്യർ! രോഗികളെ ചികിത്സിക്കുന്ന ആശുപത്രികെട്ടിടങ്ങൾപോലും ഇടിഞ്ഞുവീഴുമ്പോൾ ആകുലതകൾ ഏറുകയാണ്. അതോടൊപ്പം തന്നെ സ്കൂളിൽ, കോളേജിൽ പോകുന്ന നമ്മുടെ മക്കൾ ലഹരിക്കടിമപ്പെടുമോ, മറ്റേതെങ്കിലും തിന്മയുടെ വഴിയിലൂടെ പോകുമോയെന്നത് ഉള്ളു പൊള്ളുന്ന ആകുലതയാണ്. അപ്പോഴാണ് ഉള്ള പൈസപോലും തട്ടിയെടുക്കുന്ന സർക്കാരുകളുടെ വിലവർധന! ട്രെയിൻ ചാർജ് വർധിപ്പിച്ചത് ആരും അറിഞ്ഞില്ലെന്ന് തോന്നുന്നു! ആരുമറിയാതെ, ആരും പ്രതികരിക്കാതെ അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ദേഹത്തെവിടെയെങ്കിലും വേദനയോ, ഒരു ചെറിയ തടിപ്പോ വന്നാൽ അത് ക്യാൻസറിന്റെയോ, മറ്റുവല്ല അസുഖത്തിന്റെയോ തുടക്കമാണോയെന്നുളത് നമ്മുടെ ഉത്കണ്ഠതന്നെയാണ്. അങ്ങനെയങ്ങനെ ആകുലതകൾ ഏറുകയാണ്… ജീവിതത്തിലേക്ക് അരിച്ചിറങ്ങുന്ന ആകുലതകൾക്കിടയിലും, ദൈവത്തിന്റെ വചനം ആശ്വാസത്തിന്റെ ഔഷധമായി നമ്മിലേക്കെത്തുകയാണ്. ഈശോ പറയുന്നു: “നാളെയെക്കുറിച്ച് നിങ്ങൾ ആകുലരാകേണ്ട” എന്ന്. നമ്മെ കരുതുന്ന, വിലമതിക്കുന്ന പിതാവായ ദൈവത്തിന്റെ വലിയ പരിപാലനയെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷം. 

ദൈവപരിപാലനയിൽ ആശ്രയം വയ്ക്കുക എന്ന മനോഹരമായ സന്ദേശവുമായിട്ടാണ് ഇന്നത്തെ സുവിശേഷം നമ്മെ സന്ദർശിക്കുന്നത്. സുവിശേഷം തുടങ്ങുന്നത് “അതിനാൽ ഞാൻ നിങ്ങളോടു പറയുന്നു” എന്നും പറഞ്ഞുകൊണ്ടാണ്. എന്തുകൊണ്ടാണ് ഈശോ അതിനാൽ എന്ന് പറയുന്നത്. മുൻപ് പറഞ്ഞ ഒന്നിന്റെ, ഒരു വാദത്തിന്റെ, ഒരു പ്രസ്താവനയുടെ സമാപനം ആയിട്ടാണ് ഈശോ തുടർന്നുള്ള കാര്യങ്ങൾ പറയുന്നത്. ആരാധനാക്രമ കലണ്ടറിൽ വിശുദ്ധ ലൂക്കായുടെ സുവിശേഷം അദ്ധ്യായം 12 ലെ 16 മുതലുള്ള വാക്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും, ഒന്ന് ചുരുക്കാൻ വേണ്ടി നാം ഇന്ന് 22 മുതലുള്ള വാക്യങ്ങളാണ് വായിച്ചു കേട്ടത്. ആദ്യഭാഗത്തെ ഈശോയുടെ പ്രസ്താവനയുടെ ചുരുക്കം ഇതാണ്: മനുഷ്യൻ ലൗകിക കാര്യങ്ങളിൽ, സമ്പത്തിൽ, ലോകവസ്തുക്കളെക്കുറിച്ചുള്ള അത്യാഗ്രഹങ്ങളിൽ മുഴുകി ജീവിക്കേണ്ടവനല്ല. കാരണം, ഈ ഭൂമിയിലെ മനുഷ്യ ജീവിതം ധന്യമാകുന്നത് സമ്പത്തുകൊണ്ടല്ല. പിന്നീട് ഭോഷനായ മനുഷ്യന്റെ ഉപമയും ഇതിനോട് ചേർത്ത് പറഞ്ഞിട്ട് ഈശോ പറയുന്നു: ‘ആത്മാവാണ്, ജീവനാണ് പ്രധാനപ്പെട്ടത്. ദൈവ സന്നിധിയിലാണ് മനുഷ്യർ സമ്പന്നരാകേണ്ടത്. അല്ലാതെ, ആത്മാവിനെ മറന്ന് തിന്നുകുടിച്ച് ആനന്ദിക്കുകയല്ല വേണ്ടത്.

ഇത്രയും പറഞ്ഞിട്ട് ഈശോ പറയുകയാണ്, “അതിനാൽ”.  “അതിനാൽ” എന്നും പറഞ്ഞ് ഈശോ നടത്തുന്ന മനോഹരമായ ഈ പ്രഭാഷണത്തിന് സമാനതകളില്ല. ബുദ്ധിസത്തിലും മറ്റും ആകുലരാകരുത്, ആഗ്രഹങ്ങളാണ്, അതുമൂലമുണ്ടാകുന്ന ആകുലതകളാണ് ഈലോകത്തിലെ ദുരിതങ്ങൾക്കെല്ലാം കാരണമെന്നൊക്കെ പറയുന്നുണ്ടെങ്കിലും, ഇന്നുവരെ ഇത്രയും വ്യക്തമായി, ലളിതമായി, ജീവിതബന്ധിയായി ഇതുപോലൊരു സന്ദേശം ആരും അവതരിപ്പിച്ചിട്ടില്ല. നമുക്ക് പിതാവായി ദൈവമുണ്ടെന്നും, ആ ദൈവം നമ്മെ വിലമതിക്കുന്നവനാണെന്നും, ആ ദൈവത്തിന്റെ പരിപാലനയിൽ ആയിരിക്കുമ്പോൾ നാം ആകുലപ്പെടേണ്ടതില്ലെന്നും എത്രയോ മനോഹരമായാണ് ഈശോ പറഞ്ഞുവയ്ക്കുന്നത്!

ഇതേകാര്യം വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പറയുമ്പോൾ സ്ഥിതപ്രജ്ഞനായ ഒരു ഗുരുവിനെപ്പോലെ ഈശോ ഏറ്റവും അവസാനമായി പറഞ്ഞു വയ്ക്കുന്ന ഒരു സന്ദേശമില്ലേ? എന്താണത്? ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി.” (മത്താ 6, 34) ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ കാച്ചിക്കുറുക്കിയ രൂപമാണത്. മകളേ, മകനേ അന്നന്നുവേണ്ട ആഹാരം നിനക്ക് മതി. ഇന്ന് നിന്നെ സംരക്ഷിക്കുന്നവന് നാളെയും മറ്റന്നാളും നിന്നെ സംരക്ഷിക്കുവാൻ കഴിയും എന്നല്ലേ ഈശോ നമ്മോടു പറയുന്നത്? ആകുലപ്പെട്ടിട്ട് എന്തുകാര്യം? ഉണ്ട്, കാര്യമുണ്ട്. ഹാർട്ട് അറ്റാക്ക് വരുത്താം, വയറ്റിൽ അൾസറുണ്ടാക്കാം, രോഗിയായിമാറാം, വലിയ ആശുപത്രികളെ പൈസ കൊടുത്തു സഹായിക്കാം. നിങ്ങൾക്ക് പാപ്പരാകാം.  ഇതിൽ കൂടുതൽ ഒന്നും സംഭവിക്കല്ല പ്രിയപ്പെട്ടവരേ. എന്നാൽ, ദൈവത്തിന്റെ വചനം ശ്രവിക്കുകയാണെങ്കിൽ, അതിൽ വിശ്വസിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തെ ദൈവം സുന്ദരമാക്കും. ‘എന്റെ മക്കളേ, ചെറിയ അജഗണമേ, ഭയപ്പെടേണ്ട. എന്തന്നാൽ നിങ്ങൾക്കാവശ്യമുള്ളതെല്ലാം നൽകാൻ പിതാവായ ദൈവം പ്രസാദിച്ചിരിക്കുന്നു.’ (ലൂക്ക 12, 32)

സ്നേഹമുള്ളവരേ, മൂന്ന് കാര്യങ്ങൾ ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നുണ്ട്.

ഒന്ന്, നമ്മെ പരിപാലിക്കുന്ന, നമ്മുടെ പിതാവായ ദൈവത്തിൽ വിശ്വസിക്കുക.

പഴയ നിയമത്തിൽ രക്ഷാകര പദ്ധതിയോടൊപ്പം സഞ്ചരിക്കുന്ന മനോഹരമായ ഒരു ആദ്ധ്യാത്‌മിക ഭാവമാണ് ദൈവത്തിൽ ആശ്രയിക്കുകയെന്നത്. ദൈവപരിപാലയിൽ പൂർണമായി വിശ്വസിച്ചുകൊണ്ട് ജീവിച്ചാൽ ദൈവത്തിന്റെ രക്ഷ സ്വന്തമാക്കാമെന്നും, ദൈവം തന്റെ സ്നേഹപരിപാലനയുടെ ചിറകിൻ കീഴിൽ മനുഷ്യവർഗത്തെ പരിരക്ഷിക്കുമെന്നും ഉള്ളതിന്റെ വ്യക്തമായ ചരിത്രമാണ് വിശുദ്ധഗ്രന്ഥത്തിൽ ഇതൾ വിരിയുന്നത്. ഉത്പത്തി പുസ്തകം ഇരുപത്തിരണ്ടാം അദ്ധ്യായത്തിൽ അബ്രാഹത്തിന്റെ ദൈവപരിപാലനയിലുള്ള വിശ്വാസം നാം കാണുന്നുണ്ട്. ദൈവം കാണിച്ചുകൊടുത്ത നാട്ടിലേക്ക് സർവവും ഉപേക്ഷിച്ച്, ദൈവത്തിന്റെ വാക്കിൽ മാത്രം വിശ്വസിച്ച്  യാത്രതിരിച്ചവനാണ് അബ്രഹാം. അബ്രാഹത്തിനു തെറ്റ് പറ്റിയോയെന്നു നമുക്ക് സംശയം തോന്നുമെങ്കിലും, ദൈവം അദ്ദേഹത്തെ എല്ലാം നൽകി അനുഗ്രഹിക്കുകയാണ്. അവസാനം ദൈവം നൽകിയ മകനെയും കൊണ്ട് ബലിയർപ്പിക്കുവാൻ പോകുമ്പോൾ അവൻ ചോദിക്കുകയാണ്:

ദഹനബലിക്കുള്ള കുഞ്ഞാടെവിടെ? ആ അപ്പന്റെ ചങ്കുലയ്ക്കുന്ന ചോദ്യമായിരുന്നു അത്! അതിനുള്ള മറുപടി, സ്നേഹമുള്ളവരേ, ശ്രദ്ധേയമാണ്. അബ്രാഹം പറഞ്ഞു: “ദൈവം തന്നെ തരും“. (22, 8) എത്രവട്ടം നാം നമ്മുടെ ജീവിത സാഹചര്യങ്ങളിൽ, ഇല്ലായ്മയുടെ, ദാരിദ്ര്യത്തിന്റെ, നഷ്ടങ്ങളുടെ നീറുന്ന സാഹചര്യങ്ങളിൽ ഇപ്രകാരം പറഞ്ഞിട്ടുണ്ട്?

ഉത്പത്തി പുസ്തകത്തിലെ ജോസഫ് കഠിനമായ പരീക്ഷണങ്ങളെല്ലാം കഴിഞ്ഞു സഹോദരെ വീണ്ടും കണ്ടുമുട്ടിയപ്പോൾ പറയുകയാണ്: “ജീവൻ നിലനിർത്താൻ വേണ്ടി ദൈവമാണ് എന്നെ നിങ്ങൾക്കുമുന്പേ ഇങ്ങോട്ടയച്ചത്”. പുറപ്പാടിന്റെ പുസ്തകത്തിൽ പരാതി പറയുന്ന ജനത്തിനുമുന്പിൽ, കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയിൽ നിന്നുകൊണ്ട്, ഒരു നുള്ളു ഗോതമ്പിനുപോലും സാധ്യമല്ലാത്ത അവസ്ഥയിൽ നിന്നുകൊണ്ട് മോശ ഇസ്രായേൽ ജനത്തിനോട് പറയുന്നത് എന്താണെന്നറിയോ? “നിങ്ങൾക്ക് ഭക്ഷിക്കുവാൻ വൈകുന്നേരം മാംസവും, രാവിലെ വേണ്ടുവോളം അപ്പവും കർത്താവ് തരും”. (16, 8) എങ്ങനെയാണ് ഇത്രയും ദൈവാശ്രയത്തിൽ ജീവിക്കുവാൻ സാധിക്കുക!

ഒന്നുമില്ലാത്തവരായി വാഗ്ദാനദേശത്തേയ്ക്കു നടക്കുന്ന ഇസ്രായേൽ ജനം മനുഷ്യ നിസ്സഹായതയുടെ ഒരു നേർചിത്രമാണ്. തിന്നാനില്ല, കുടിക്കാനില്ല, ഉടുക്കാനില്ല, മരണത്തിന്റെ നിഴലിലാണ് എപ്പോഴും. ഈ അവസ്ഥയിലും, ജനം പറയുന്നു: ” കർത്താവാണ് എന്റെ ഓഹരിയും, പാനപാത്രവും. എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.” (സങ്കീ: (16, 5) ഇത്രയും ദൈവാശ്രയം നമുക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആശിക്കുകയാണ്!

ബൈബിളിലെ ഓരോ പുസ്തകത്തിലും ദൈവപരിപാലനയിലുള്ള വിശ്വാസത്തിന്റെ, വിശ്വാസ പ്രകടനത്തിന്റെ കഥകളാണ്, സംഭവങ്ങളാണ് നാം വായിക്കുക. അവസാനം, പഴയനിയമത്തിന്റെ, പ്രവചനങ്ങളുടെ, നിയമത്തിന്റെ എല്ലാം പൂർത്തീകരണമായി ക്രിസ്തു വന്നപ്പോൾ അവിടുന്ന് പറയുന്നു: ‘സ്നേഹമുള്ള മക്കളെ, നിങ്ങൾ ആകുലപ്പെടരുത്. കലവറയോ, കളപ്പുരകളോ ഇല്ലാത്ത പക്ഷികളെ പോറ്റുന്നവനാണ് നമ്മുടെ ദൈവം. ഒന്നും അറിയാത്ത വയൽപ്പൂക്കളെ അണിയിച്ചൊരുക്കുന്നവനാണ് നമ്മുടെ ദൈവം. എങ്കിൽ, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നിങ്ങളെ ദൈവം പോറ്റാതിരിക്കുമോ?’

ഇല്ല. ഇല്ലായെന്ന് നാം ഉറക്കെ പറയണം. പക്ഷെ, ഈശോ പറയുന്നു: ‘അങ്ങനെ ഓരോ നിമിഷവും, ദൈവപരിപാലനയിൽ ആയിരിക്കുവാൻ നിന്നെ, നിന്റെ നിക്ഷേപത്തെ, ദൈവത്തിനു സമർപ്പിക്കുക. നീ ദൈവാശ്രയത്തിൽ ആണെന്നുള്ളതിന്റെ അടയാളമാണത്. കാരണം, “നിന്റെ നിക്ഷേപം എവിടെയോ, അവിടെയായിരിക്കും നിന്റെ ഹൃദയവും”. (ലൂക്ക 12, 34) നമ്മെ പരിപാലിക്കുന്ന പിതാവായ ദൈവത്തെ കാണുവാൻ കഴിയുന്നില്ലെങ്കിലും, നമ്മുടെ ജീവിത വഴികളിലെ വിസ്മയിപ്പിക്കുന്ന അനുഭവങ്ങൾ ദൈവത്തിന്റെ സ്നേഹപരിപാലനയിൽ വിശ്വസിക്കുവാൻ നമ്മെ ശക്തിപ്പെടുത്തും.

നല്കപ്പെട്ടതിനെ കെട്ടിപ്പിടിച്ചു വയ്ക്കുന്നതല്ല ബുദ്ധി, തരുന്നവനെ ആശ്രയിക്കുന്നതാണ് എന്നറിയുന്നവർക്കേ ദൈവാശ്രയത്തിന്റെ സാന്ദര്യം ആസ്വദിക്കുവാൻ കഴിയുകയുള്ളൂ.

രണ്ട്, ദൈവത്തിന്റെ മുൻപിൽ വിലയുള്ളവരാണ് നാം. മനുഷ്യജീവൻ ഭക്ഷണത്തിനും വസ്ത്രത്തിനും മാത്രമല്ല ഈ ഭൂമിയിലുള്ള എല്ലാറ്റിനും ഉപരിയാണ്. ദൈവം ഈ ലോകത്തെ, ലോകത്തിലെ സർവ്വതിനേയും, പ്രത്യേകിച്ച് മനുഷ്യരെയും വിലയുള്ളതായി കാണുന്നവനാണ്. എത്രത്തോളം? ‘തന്റെ ഏകപുത്രനെ നൽകുവാൻ തയ്യാറാകുന്നിടത്തോളം.’ (യോഹ 3, 16) വിതയ്ക്കുകയോ, കൊയ്യുകയോ ചെയ്യാതെ, കാലവറയോ കളപ്പുരകളോ ഇല്ലാതെ ദൈവം തീറ്റിപ്പോറ്റുന്ന ഈ ലോകത്തിലെ പക്ഷികളേക്കാൾ വിലയുള്ളവരാണ് മനുഷ്യർ എന്ന് ഇന്നത്തെ ലോകം മറന്നു പോകുന്നു. നൂൽ നൂൽക്കുകയോ, വസ്ത്രം നെയ്യുകയോ ചെയ്യാത്ത വയൽപ്പൂക്കളെ മനോഹരമായി അണിയിക്കുന്ന ദൈവം നിന്നെയും എന്നെയും സംരക്ഷിക്കുമെന്ന് വിശ്വസിക്കുവാൻ ഇന്നത്തെ മനുഷ്യർ മടിക്കുന്നു. നല്കപ്പെട്ടതെല്ലാം നഷ്ടമാകുമ്പോഴും, രോഗം വരുമ്പോഴും, മഹാമാരി പിടിമുറുക്കുമ്പോഴും, വേദനകൾക്കിടയിലും, സന്തോഷത്തിലും, ആനന്ദത്തിലും എല്ലാം ദൈവത്തിന്റെ മുൻപിൽ വിലയുള്ളവരാണ് നാമെന്നു മറക്കാതെ ജീവിക്കുവാൻ നമുക്കാകട്ടെ.

മൂന്ന്, ദൈവത്തിന്റെ പരിപാലനയുടെ ലക്‌ഷ്യം അറിയുന്നവരാകണം നമ്മൾ. ജെറമിയ പ്രവാചകന്റെ പുസ്തകത്തിലെ ദൈവപരിപാലനയുടെ മഹാവാക്യം ഓർമയില്ലേ? “നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല ക്ഷേമത്തിനുവേണ്ടിയുള്ള പദ്ധതിയാണത് – നിങ്ങൾക്ക് ശുഭമായ ഭാവിയും, പ്രത്യാശയും നൽകുന്ന പദ്ധതി.” (ജെറമിയ 29, 11) ജീവിതത്തിന്റെ ദുഃഖങ്ങളിൽ, ദുരന്തങ്ങളിൽ എവിടെയാണ് ദൈവപരിപാലന എന്ന് ചോദിക്കുന്നവരാണ് നമ്മിലധികവും.  എന്നാൽ സത്യമിതാണ് പ്രിയപ്പെട്ടവരേ, ദുരന്തങ്ങൾപോലും, പലരെയും വിമലീകരിക്കുന്നുണ്ട്; നന്മയുടെ വഴിയിലൂടെ ചുവടുവയ്ക്കുവാൻ സഹായിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ ദൈവം ഇത്രമാത്രം ക്രൂരനോ എന്ന് നാം ചോദിക്കുമ്പോഴും, ദുരിതങ്ങളിൽപ്പോലും, ആരൊക്കെയോ, എവിടെയൊക്കെയോ വിശുദ്ധരാകുന്നുണ്ട്; തങ്ങളുടെ തെറ്റുകൾ തിരിച്ചറിയുന്നുണ്ട്; ദൈവത്തിന്റെ സ്നേഹം അനുഭവിക്കുന്നുണ്ട്. ജൂഡ് ആന്റണി ജോസഫ് സംവിധാനംചെയ്ത “2018: എവെരി വൺ ഈസ് എ ഹീറോ” എന്ന 2023 ലെ മലയാള സിനിമ കണ്ടപ്പോൾ, സിനിമയുടെ കഥ, തിരക്കഥ, സംവിധാനക്കാർ ഈയൊരു ആശയവും അതോട് ചേർത്തുവച്ചല്ലോയെന്ന് ഓർത്തുപോയി. മഴയും, അതോടൊപ്പമുള്ള ദുരിതവും, ഡാമുകൾ തുറന്നുവിട്ടതുവഴിയുണ്ടായ വെള്ളപ്പൊക്കവുമെല്ലാം തകർത്താടുമ്പോഴും, അതിനിടയിലൂടെ ഈയൊരു സന്ദേശവും വികാസം പ്രാപിക്കുന്നുണ്ട്. പല കഥകൾക്കും, ഉപകഥകൾക്കും ഇടയിലുള്ള ഒരു കഥ ഇതാണ്:

പെരിയാറിന്റെ തീരത്തുള്ള ഒരു ഫാക്ടറിയ്ക്കെതിരെ സമരം ചെയ്യുന്നവർ അവഗണിക്കപ്പെട്ടതിന്റെ വേദനയിൽ, ഫാക്ടറി തകർക്കുവാൻ ബോംബുകൾ ഓർഡർ ചെയ്യുകയാണ്. തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്തുള്ള സേതുപതി എന്ന ട്രക്ക് ഡ്രൈവറാണ് ഭക്ഷണസാധനങ്ങളും സ്പോടകവസ്തുക്കളും കൊണ്ടുവരുന്നത്. മുതലാളി അവനോടെല്ലാം പറയുകയും കൂടുതൽ പൈസ കൊടുക്കുകയും ചെയ്യുന്നുണ്ട്. ഈ സേതുപതി ഒരു പരുക്കൻ മനുഷ്യനാണ്. പ്രായമായ അമ്മയോടും, അയാളുടെ മകളോടുമൊക്കെ വളരെ ക്രൂരമായിട്ടാണ് പെരുമാറുന്നത്.   കേരളത്തിൽ നിന്നുള്ള നൂറ (Noora) എന്നൊരു ടിവി റിപ്പോർട്ടറുടെ കാറിന്റെ Mirror അയാൾ തകർത്തുകളയുന്നുണ്ട്.  മലയാളികളോട് പുച്ഛമാണുതാനും. ട്രക്കുമായി കേരളത്തിലേക്ക് പോകുന്ന അയാൾ മഴയിൽപെട്ടുപോയ, ഗൾഫിൽ നിന്ന് വരുന്ന രമേശൻ എന്നയാൾക്ക് ലിഫ്റ്റ് കൊടുക്കുന്നുണ്ട്. ഇതിനിടെ കേരളത്തിൽ വെള്ളപ്പൊക്കമായി. മഴ തോരാതെ പെയ്യുന്നു. കേരളം ഇത്രയും ദുരിതത്തിലൂടെ കടന്നുപോകുമ്പോഴും, താൻ കൊണ്ടുചെല്ലുന്ന ബോംബ് കാത്തിരിക്കുന്നവരിലേക്ക്, അടുക്കുന്തോറും, അയാൾ വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങൾ കാണുന്നു; ടിവിയിലെ വാർത്തകൾ കാണുന്നു, വാവിട്ടു കരയുന്ന കുഞ്ഞുങ്ങളെ കാണുന്നു. തോരാമഴയാതെ ഈ കാഴ്ചകൾ അയാളിലെ തിന്മയുടെ മനുഷ്യനെ വിമലീകരിക്കുകയാണ്. അയാൾ ട്രക്കിൽനിന്ന് സ്പോടകവസ്തുക്കളെടുത്ത് വെള്ളത്തിലിടുകയാണ്. ഭക്ഷണവസ്തുക്കൾ ദുരിതാശ്വാസ ക്യാമ്പിൽ കൊടുക്കുകയാണ്. ട്രക്കിൽ നിന്നിറങ്ങിപ്പോകുമ്പോൾ രമേശൻ നൽകിയ സമ്മാനം തന്റെ മകൾക്ക് വേണ്ടിയാണെന്നറിയുമ്പോൾ ഒരു നന്മയുടെ പ്രകാശം അയാളുടെ മുഖത്ത് നിറയുകയാണ്. പിന്നീട് ട്രക്കുമായി തന്റെ വീട്ടിലേക്ക് പോകുന്ന അയാളുടെ ഒരു സെമി ക്ളോസപ്പ് കാണിക്കുന്നുണ്ട് സംവിധായകൻ: പുഞ്ചിരിക്കുന്ന മുഖമുള്ള സേതുപതി!  ദുരിതങ്ങൾ അയാളെ വിമലീകരിക്കുകയാണ്. അതാണ് ദൈവത്തിന്റെ പരിപാലന.

ഒരു കുടുംബത്തിലെ ഭർത്താവിനൊരു അപകടമുണ്ടായി. അയാൾ വീട്ടിൽ വിശ്രമത്തിലാണ്. തനിക്ക് വന്ന ബിദ്ധിമുട്ടിനെയോർത്ത് വിഷമിച്ചിരിക്കുമ്പോൾ, അത്രയും നാൾ ഒട്ടും സ്നേഹം കാണിക്കാതിരുന്ന ഭാര്യ അയാളുടെ അടുത്ത് വന്നിരുന്ന് അയാളോട് സ്നേഹത്തോടെ സംസാരിക്കാൻ തുടങ്ങി. അയാളുടെ വേദന അവളുടെ ഹൃദയത്തെ വിമലീകരിക്കുകയാണ്.

വേറൊരു കുടുംബത്തിൽ, ഒട്ടും പ്രതീക്ഷിക്കാതെ ഭാര്യയുടെ ജീവിതം ദുരിതപൂർണ്ണമായി. എന്തുകൊണ്ട് എനിക്ക് മാത്രം ഇങ്ങനെയെന്നോർത്തിരുന്നപ്പോഴാണ് ഭർത്താവ് മദ്യപാനം ഉപേക്ഷിച്ച് നന്മയിലേക്ക് വന്നത്.

അപ്പച്ചന്റെ ബിസിനസ്സ് തകർന്നപ്പോഴാണ്, അല്പം ഉഴപ്പനായ മൂത്തമകന്റെ കണ്ണ് തുറന്നത്. അവൻ അപ്പച്ചനോടൊത്ത് കുടുംബം നോക്കാൻ തുടങ്ങി! ജീവിതസംഭവങ്ങളിലെ ദൈവത്തിന്റെ പരിപാലന കാണുവാൻ ചിലപ്പോഴൊക്കെ നാം പരാജയപ്പെടുന്നില്ലേ?

ക്രൈസ്തവരുടെ അടിസ്ഥാന ഭാവം ( Basic Christian Attitude) തൃപ്തിയുടേതായിരിക്കണം.

സ്നേഹമുള്ളവരേ, ദൈവത്തിന്റെ പരിപാലന ഇത്രയും വാരിക്കോരി തന്നിട്ടും മനുഷ്യന്റെ സഹജമായ ഭാവം അതൃപ്തിയുടേതാണ്. എല്ലാവരുടെയും ശരീരഭാഷപോലും അതായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ക്രിസ്തുവെന്ന മഹാസുവിശേഷത്തിൽ നിന്ന് വായിച്ചെടുക്കേണ്ട പ്രധാന സന്ദേശം തൃപ്തിയുടേതാണ്. ഒന്നോർത്താൽ എത്രമാത്രം പരാതികൾക്കിടമുള്ള, ആകുലതകൾ നിറഞ്ഞ രാവിലേക്കാണ് ക്രിസ്തു പിറന്നുവീണത്! ക്രിസ്തുവാകട്ടെ എല്ലാറ്റിനോടും എല്ലാവരോടും തൃപ്തിയിലായിരുന്നു. ജീവിതത്തിന്റെ പരിമിതമായ സാഹചര്യങ്ങളിൽപ്പോലും ഈശോ അഗാധമായ സ്വസ്ഥത അനുഭവിച്ചു. ഒന്നും എങ്ങുമെത്താതെ, എത്തിക്കുവാൻ സാധിക്കാതെ മുപ്പത്തിമൂന്നാം വയസ്സിൽ കടന്നുപോകേണ്ടിവന്നപ്പോൾ ഉച്ചരിച്ചത് ഭൂമിയിലേക്കും വച്ച് ഏറ്റവും തൃപ്തമായ ജീവിതത്തിന്റെ ഭരതവാക്യമായിരുന്നു – എല്ലാം പൂർത്തിയായി. ദൈവപരിപാലനയുടെ മൂർത്തഭാവം!

ദൈവപരിപാലന എന്ന ആത്മീയവിശേഷണത്തിന് സംതൃപ്തി എന്ന അർത്ഥമുണ്ട്. ആഡംബരം നിറഞ്ഞ ലോകത്തിലേക്കുള്ള മനുഷ്യന്റെ ആക്രാന്തം കാണുമ്പോൾ, മനുഷ്യന് ഈ ഭൂമിയിൽ ജീവിക്കുവാൻ എത്രയോ കുറച്ചു കാര്യങ്ങൾ മതി എന്ന് ഞാൻ ചിന്തിക്കാറുണ്ട്. സ്വർണനിറമുള്ള നെന്മണികൾ നിറഞ്ഞു നിൽക്കുന്ന പാടത്തുനിന്ന് ആവശ്യത്തിനുള്ളതുമാത്രം കഴിച്ചിട്ട് പറന്നുപോകുന്ന ആകാശപറവകളെ കാണുമ്പോൾ എനിക്ക് അസൂയതോന്നുന്നു!

ലോകവസ്തുക്കളോട് മാത്രമല്ല, നമ്മുടെ Emotions നോടും മതി എന്ന് പറയുവാൻ നമുക്കാകണം. ജീവിതസാഹചര്യങ്ങളിൽ നിന്നുകൊണ്ട്, ഈ കരുതൽ മതി, ഈ സ്നേഹം മതി, ഈ ശ്രദ്ധ മതിയെന്നൊക്കെ പറയുവാൻ സാധിക്കുന്നിടത്താണ് ഒരാൾ ദൈവപരിപാലനയുടെ നന്മ അനുഭവിക്കുന്നത്.

ക്രൈസ്തവരുടെ ആത്മീയ സമീപനം  (Chrstian Spiritual Approach) ദൈവപരിപാലനയുടേതായിരിക്കണം.

ദൈവപരിപാലന ഒരു ജീവിത സമീപനമാണ്. ഒരു വൃക്ഷത്തിലേക്ക് പറന്നുവന്ന് പഴങ്ങൾ തിന്നുന്ന കിളികൾ എത്ര സംതൃപ്തിയോടെയാണ് അവ തിന്നുന്നത്! പഴങ്ങൾ തിന്നശേഷം ഒരു കിളിയും ഇന്നുവരെ മരത്തിനോട് പരാതി പറഞ്ഞിട്ടുണ്ടാവില്ല. പക്ഷേ, നാം മനുഷ്യരെങ്ങനെയാണ് ഇത്രയും അസംതൃപ്തരായി മാറിയത്?! ക്രിസ്തുവിന്റെ പൗരോഹിത്യത്തെ പങ്കുചേരുന്ന പുരോഹിതർ നിത്യവും തിരുവോസ്തി കൈകളിലെടുത്ത്, വിശുദ്ധ കുർബാനയർപ്പിച്ച്, ജീവിച്ചിട്ടും, എന്തുകൊണ്ടാണ് അസംതൃപ്തരാകുന്നത്? ക്രിസ്തുവിന്റെ വ്യക്തിത്വത്തിൽ വൃതങ്ങളിലൂടെ പങ്കുപറ്റുന്ന സന്യസ്തരും എന്തുകൊണ്ടാണ് അസംതൃപ്തരായി സന്യാസജീവിതം വികൃതമാക്കുന്നത്? ശരീരത്തിന്റെ മാത്രമല്ല, ആത്മീയതയുടെയും ആഘോഷമായി മാറേണ്ട ദാമ്പത്യബന്ധത്തിനുശേഷം പോലും എന്തുകൊണ്ടാണ് മനുഷ്യൻ അസംതൃപ്തിയുടെ ഭാഷ സംസാരിക്കുന്നത്? നമ്മുടെയൊക്കെ പ്രാർത്ഥനകൾ പോലും ആവശ്യങ്ങളുടെ വലിയൊരു ലിസ്റ്റാണ്; പരാതികളുടെ ലുത്തിനിയായാണ്.

കേരളത്തിലെ ഐതീഹ്യത്തിലെ വളരെ സുന്ദര വ്യക്തിത്വമായ നാറാണത്തുഭ്രാന്തൻ ദൈവപരിപാലനയുടെ സംതൃപ്തിയുടെ ഐക്കണാണ്. ഭദ്രകാളി നാറാണത്തുഭ്രാന്തന് പ്രത്യക്ഷപ്പെട്ട് പറഞ്ഞു: “നിനക്ക് ഇഷ്ടമുള്ള വരം ചോദിച്ചുകൊള്ളുക.” നാറാണത്തുഭ്രാന്തൻ അസ്വസ്ഥനായി. ഞാനെന്താണ് ചോദിക്കുക? അദ്ദേഹത്തിന് ഒന്നും ചോദിക്കുവാനുണ്ടായിരുന്നില്ല. അപ്പോൾ ദേവി വളരെ എളിമയോടെ പറഞ്ഞു: ഞാൻ വന്നതല്ലേ. എന്തെകിലും ചോദിക്കൂ.” അപ്പോൾ നാറാണത്തുഭ്രാന്തൻ പറഞ്ഞു: “എന്റെ  വലതുകാലിലെ മന്ത് ഇടതുകാലിലേക്ക് മാറ്റുക.” ദേവി അങ്ങനെ ചെയ്തിട്ട് മറഞ്ഞുപോയി. ദൈവപരിപാലനയിൽ ആശ്രയിച്ച് തൃപ്തിയോടെ ജീവിക്കുന്നവർക്ക് എന്ത് വരമാണ് ചോദിക്കാനുള്ളത്?

സ്നേഹമുള്ളവരേ, ദൈവത്തിൽ, ദൈവ പരിപാലനയിൽ വിശ്വാസമുള്ളവരും, ബോധ്യമുള്ളവരും ആകുക! ദൈവത്തിനു എന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ടെന്നും, അത് എന്റെ ക്ഷേമത്തിനുള്ള പദ്ധതിയാണ് എന്നും തിരിച്ചറിയുക. ജീവിതം അന്ധകാരം നിറഞ്ഞതാകുമ്പോൾ അറിയുക എന്നെ പ്രകാശത്തിലേക്ക് നയിക്കുവാനുള്ള പദ്ധതി ദൈവം ഒരുക്കുന്നുണ്ടെന്ന്. നിന്റെ ചുറ്റുമുള്ളവർ അതിശയിക്കും വിധം ദൈവം നിന്നെ വളർത്തുമ്പോൾ അതിലും ഉണ്ട് ഒരു ദൈവിക പദ്ധതി. നിന്നെ മുറിക്കുമ്പോൾ, രണ്ടു കഷണങ്ങളാക്കുമ്പോൾ, അതിനുള്ളിലുണ്ട് ഒരു അനുഗ്രഹ പദ്ധതി. നിന്റെ തകർച്ച മറ്റുള്ളവർക്ക്, ചിലപ്പോൾ നിനക്കുതന്നെ, ഒരനുഗ്രഹമാകും. നിന്നെ നന്നായി അറിയുന്ന, നിന്റെ പ്രകൃതി അറിയുന്ന നിന്റെ രൂപരേഖ അറിയുന്ന ദൈവത്തിന്റെ നിത്യമായ പദ്ധതി നിന്നിലൂടെ വെളിപ്പെടുകയാണ്. നിന്റെ ജീവിതത്തിലൂടെ, നിന്റെ കുടുംബത്തിൽ, നീയുമായി ചേർന്ന് നിൽക്കുന്നവരിൽ ദൈവത്തിന്റെ രക്ഷയുടെ, കാരുണ്യത്തിന്റെ പരിപാലനയുടെ സ്വർഗ്ഗചിറകുകൾ വിരിയട്ടെ. ദൈവത്തിന് നിന്നെത്തന്നെ സമർപ്പിക്കുക. നിന്റെ വളർച്ചകളും, തളർച്ചകളും, വേദനകളും, മുറിവുകളും, ദൈവനാമ മഹത്വത്തിനാകട്ടെ.

എന്റെ ഭാഗധേയം, ജീവിതം എന്റെ ദൈവത്തിന്റെ കരങ്ങളിൽ ഭദ്രമാണ് എന്ന് വിശ്വസിച്ച് ജീവിക്കുന്ന കലയുടെ പേരാണ് ദൈവപരിപാലന! (സങ്കീ 16, 5) ആമേൻ!

SUNDAY SERMON JULY 3 DUKRANA 2025

ജൂലൈ 3, 2025

മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ

നാമിന്ന്, വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിക്കുകയാണ്. ഇന്നലെകളെ ഓർമിക്കുവാനും, നാം ജീവിക്കുന്ന വർത്തമാനകാലത്തെ അറിയുവാനും, നാളെയെ കരുതലോടെ കരുപ്പിടിപ്പിക്കുവാനുമുള്ളതാണ് വിശുദ്ധരുടെ തിരുനാളുകൾ, പ്രത്യേകിച്ച് വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ. ഇന്നത്തെ സുവിശേഷത്തിൽ വായിച്ചു കേട്ടതുപോലെ, ക്രിസ്തുവിനുവേണ്ടി മരിക്കുവാൻ തയ്യാറാകുന്ന പ്രേഷിത ധീരത സ്വന്തമാക്കുവാൻ, ആ ധീരതയോടെ ക്രിസ്തുവിനായി ജീവിക്കുവാൻ ദുക്റാന തിരുനാൾ നമ്മെ ക്ഷണിക്കുകയാണ്; വിശുദ്ധ തോമാശ്ലീഹാ പകർന്നു തന്ന ക്രിസ്തുവിലുള്ള വിശ്വാസ ദീപം കരിന്തിരി കത്താതെ, ഉജ്ജ്വലമായി ആളിക്കത്തിച്ചുകൊണ്ട് വരും തലമുറയ്ക്ക് കൈമാറുവാൻ ഭാരത സഭാമക്കളേ മുന്നോട്ടുവരുവിൻ എന്ന് ഇന്നത്തെ തിരുനാൾ നമ്മോട് ആഹ്വാനംചെയ്യുകയാണ്. ഈ ക്ഷണത്തിന്റെ, ആഹ്വാനത്തിന്റെ പ്രാധാന്യവും, പ്രസക്തിയും മനസ്സിലാക്കിക്കൊണ്ട് ദുക്റാന തിരുനാളിന്റെ സന്ദേശം നമുക്ക് ശ്രവിക്കാം.

വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ നാം ആചരിക്കുമ്പോൾ, ഓർക്കണം, ഭാരത സഭ , കേരള കത്തോലിക്കാ സഭയിലെ സീറോ മലബാർ സഭ  ഇന്ത്യൻ ജീവിതത്തിന്റെ വളക്കൂറുള്ള മണ്ണിൽ വളർന്ന്, ഇന്ത്യൻ മനസ്സിന് എക്കാലത്തേക്കും തണലായി നിൽക്കുന്ന ഒരു മഹാസാന്നിധ്യമാണ്. ആ മഹാ സാന്നിധ്യം ഇന്ന് വലിയ പ്രതിസന്ധിയിലാണ്. ഞാനീ പറഞ്ഞ പ്രസ്‌താവം വെറുതെ കേട്ടുമറക്കാനുള്ള ഒന്നല്ല. വിശുദ്ധ തോമാശ്ലീഹാ നമുക്ക് പകർന്നു തന്ന ക്രിസ്തുവിലുള്ള വിശ്വാസം ഭാരതത്തിൽ, കേരളത്തിൽ വരും നാളുകളിൽ നിലനിൽക്കണമെങ്കിൽ, നമ്മുടെ വരുംതലമുറ ക്രിസ്തുവിന്റെ സ്നേഹത്തിലും, സന്തോഷത്തിലും, നീതിയിലും ജീവിക്കണമെങ്കിൽ, നാം ഈ പ്രസ്താവനയെ ഗൗരവമായി കാണണം, പ്രത്യേകിച്ചും, കത്തിക്കൊണ്ടിരിക്കുന്ന മണിപ്പൂരിന്റെ പശ്ചാത്തലത്തിൽ! വർഗീയ ഫാസിസ്റ്റ് ശക്തികൾ വളരെ സമർത്ഥമായി കാപട്യത്തിന്റെ മുഖംമൂടിയണിഞ്ഞ് ക്രൈസ്തവരെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുമ്പോൾ!! കാരണം, നിലനിൽപ്പിന്റെ ഭീഷണി നേരിടുകയാണ് ഭാരത ക്രൈസ്തവ സഭയിന്ന്. വാർത്താമാധ്യമങ്ങൾ പലതും തമസ്കരിക്കുന്നുണ്ടെങ്കിലും, നീതിന്യായ കോടതികൾ ഈ സത്യം സമ്മതിക്കുന്നുണ്ട്. ക്രൈസ്തവർക്കെതിരെ ഭാരതത്തിൽ നടക്കുന്ന ആക്രമണങ്ങളെ „നിർഭാഗ്യകര“മെന്നാണ് ഭാരതത്തിന്റെ സുപ്രീംകോടതി വിശേഷിപ്പിച്ചത്. ഭാവിയിൽ ഒരു ദുക്റാന തിരുനാളാഘോഷിക്കുവാൻ ക്രൈസ്തവരുണ്ടാകുമോ, പള്ളികളുണ്ടാകുമോയെന്ന ഭയം ഭാരത -കേരളക്രൈസ്തവരിൽ വളർന്നുവരുന്നുണ്ട്.

ഇങ്ങനെയുള്ള ഒരു അന്തരീക്ഷത്തിൽ മാർതോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിക്കുമ്പോൾ നാം അറിയണം ആരായിരുന്നു വിശുദ്ധ തോമാശ്ലീഹാ എന്ന്. നാമറിയണം എങ്ങനെയാണ് തോമാശ്ലീഹാ ഭാരതത്തിൽ ക്രിസ്തുവിനെ പ്രഘോഷിച്ചതെന്ന്. നാമറിയണം എന്തുമാത്രമായിരുന്നു വിശുദ്ധന്റെ പ്രേഷിത തീക്ഷ്ണത എന്ന്, പ്രേഷിത ധൈര്യം എന്ന്.

വിശുദ്ധ തോമാശ്ലീഹാ, ഈശോയുടെ ശിഷ്യനായി ഒരു പ്രച്ഛന്ന വേഷധാരിയായിട്ടല്ല ഭാരതത്തിൽ വന്നത്. ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾക്ക് ഒച്ചയും, കണ്ണും, മുഖവും, നടത്തവും, കൈ ആംഗ്യങ്ങളുമെല്ലാം കൊടുക്കുന്ന അഭിനേതാവിനെപ്പോലെ, ക്രിസ്തുവിനെ അഭിനയിച്ചു കാണിക്കാൻ വന്ന ഒരു അഭിനേതാവുമായിരുന്നില്ല തോമാശ്ലീഹാ. ദിദീമോസ്‌ എന്ന വാക്കിന് ഇരട്ട എന്നർത്ഥമുള്ളതുകൊണ്ട്, വിശുദ്ധ തോമാശ്ലീഹാ ഒരു Split Personality ക്കാരനായിരുന്നോ എന്ന് സംശയിക്കുന്നവരും ഉണ്ട് പണ്ഡിതഗണത്തിൽ. എന്നാൽ, ഒരു പാതികൊണ്ട് സംശയിക്കുകയും മറുപാതിക്കൊണ്ട് സ്നേഹിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്ന ഒരാളായിരുന്നില്ല തോമസ്! സ്വന്തം ജീവിതത്തിലൂടെ ക്രിസ്തുവിന് പ്രവർത്തിക്കുവാൻ അദ്ദേഹം ഒരു ഉപകരണമാകുകയായിരുന്നു – an effective instrument in the hands of God! ചായം കഴുകിക്കഴിയുമ്പോൾ കഥാപാത്രത്തിൽ നിന്ന് മോചനം നേടുന്ന അഭിനേതാവിനെപ്പോലെയല്ല, ജീവിതത്തിന്റെ ഓരോ നിമിഷവും, ജീവിതം മുഴുവനും തോമാശ്ലീഹാ ക്രിസ്തു ശിഷ്യനായിരുന്നു, നല്ല original Disciple of Christ! പ്രകൃതിയോട് നീതിപുലർത്താത്ത ക്രത്രിമജലം – ക്ളോറിനേറ്റഡ് ജലം, കുപ്പികളിലടച്ച ജലം, മലിനമായ ജലം – ക്രിസ്റ്റലുകളെ രൂപപ്പെടുത്താത്ത പോലെ, ക്രിസ്തുവിനോട് നീതിപുലർത്താത്ത ഒരു ശിഷ്യനും, ക്രിസ്തുവിനെ അതിന്റെ പൂർണതയിൽ ലോകത്തിന് നൽകുവാൻ കഴിയില്ല.

അധികാരത്തിന്റെയും, സമ്പത്തിന്റെയും, സ്ഥാനമാനങ്ങളുടെയും പിന്നാലെ ലോകം ഓടുമ്പോൾ, അതിനോടൊപ്പം ഓടാതെ, ക്രിസ്തുവിനുവേണ്ടി ലോകത്തിന് എതിരേ ഓടിക്കൊണ്ട് ദൈവത്തിന്റെ ഇഷ്ടം അതിന്റെ ഏറ്റവും മഹത്വത്തിൽ ജീവിച്ചവനാണ് വിശുദ്ധ തോമാശ്ലീഹാ. ക്രിസ്തുവിനെ കൊല്ലുവാൻ plan തയ്യാറാക്കുന്ന യഹൂദരരുടെ അടുത്തേക്ക്, ക്രിസ്തുവിനോടൊപ്പം പോകാൻ മറ്റു ശിഷ്യന്മാർ മടികാണിച്ചപ്പോൾ, തങ്ങളെയും അവർ ആക്രമിച്ചെങ്കിലോ എന്നോർത്ത് പിന്നോട്ട് നിന്നപ്പോൾ, “നമുക്കും അവനോടൊപ്പം പോയി മരിക്കാ“മെന്ന് ധൈര്യപൂർവം പറഞ്ഞവനാണ് തോമാശ്ലീഹാ. താൻ വഴിയും സത്യവും ജീവനുമാണെന്ന വലിയ വെളിപാട് ലോകത്തോട് പ്രഘോഷിക്കുവാൻ ക്രിസ്തുവിനൊപ്പം നിന്നവനാണ് തോമാശ്ലീഹാ. ഉത്ഥിതനായ ക്രിസ്തുവിനെക്കണ്ട ശിഷ്യരുടെ ജീവിതത്തിൽ പിന്നെയും നിരാശയും, പ്രതീക്ഷയില്ലായ്മയും, സങ്കടവും ദർശിച്ചതുകൊണ്ട്, ഉത്ഥിതനായ ക്രിസ്തുവിനെ തനിക്കും കാണണമെന്ന് ശാഠ്യം പിടിച്ചവനാണ് തോമാശ്ലീഹാ. വീണ്ടും, ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടപ്പൊഴോ, തന്റെ conditions എല്ലാം മറന്ന് അവിടുത്തെ “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന് ഏറ്റുപറഞ്ഞവനാണ് തോമാശ്ലീഹാ. അതിനുശേഷം ധൈര്യത്തോടെ കേട്ടറിവുപോലുമില്ലാത്ത രാജ്യത്തുവന്ന്, ഭാഷയറിയാത്ത ഭാരതദേശത്തുവന്ന് ക്രിസ്തുവിനെ പ്രസംഗിച്ചവനാണ് തോമാശ്ലീഹാ. ക്രിസ്തുവിനെ പ്രഘോഷിച്ചതിന്റെ പേരിൽ, ക്രിസ്തുവിനെ ഭാരതത്തിന് നൽകിയതിന്റെ പേരിൽ ശത്രുക്കളാൽ കൊല്ലപ്പെട്ടവനാണ്, രക്തസാക്ഷ്യത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം നല്കിയവനാണ് തോമാശ്ലീഹാ.

ഇത്രയും ധീരനായ ഒരു വ്യക്തിയാണ്, ക്രിസ്തുവിലുള്ള നമ്മുടെ, എന്റെ വിശ്വാസത്തിന്റെ പിതാവെന്നത് അഭിമാനകാരമല്ലേ പ്രിയപ്പെട്ടവരേ?

തോമാശ്ലീഹാ ഈശോയുടെ ശിഷ്യനായ രംഗം വളരെ മനോഹരമായി വിവരിക്കുന്നുണ്ട് മരിയാ വാൾതോത്തയുടെ “ദൈവ മനുഷ്യ സ്നേഹഗീത” എന്ന പുസ്തകത്തിൽ.

ഈശോയോടൊപ്പം ചേരണമെന്നാഗ്രഹിച്ചു് നിറഞ്ഞ മനസ്സോടെയാണ് അയാൾ ഈശോയെ കാണുവാൻ ചെന്നത്. കൂടെ യൂദാസും ഉണ്ടായിരുന്നു. പക്ഷേ, ആദ്യ കൂടിക്കാഴ്ച്ച അയാളിൽ പരിഭ്രമം ജനിപ്പിച്ചു. അവിടുത്തെ വചനങ്ങൾ അയാളിൽ സ്വന്തം ബലഹീനതകളെ ക്കുറിച്ചുള്ള ചിന്ത ഉളവാക്കി. ശുഷ്യനാകുവാൻ താൻ അയോഗ്യനാണെന്ന് അയാൾ ചിന്തിച്ചുപോയി. “നീ എത്രയോ പരിശുദ്ധൻ. നിന്റെ സമീപം നിൽക്കുവാൻ പോലും ഞാൻ അയോഗ്യൻഎന്ന് പറഞ്ഞു തോമസ് യാത്ര പറഞ്ഞു പിരിഞ്ഞു. എന്നാൽ പോകുന്നതിനുമുമ്പ്, “ഞാൻ വീണ്ടും വരുമ്പോൾ നീ എന്നെ വന്നു കാണണംഎന്നും, ” ദീദിമൂസ് എന്ന നിന്റെ നാമം ഞാൻ ഓർത്തിരിക്കുംഎന്നും ഈശോ അവനോട് പറഞ്ഞു. അയാൾ തിരികെ വരുമെന്ന് ഈശോയ്ക്കറിയാമായിരുന്നു. കുറച്ചു ദിവസങ്ങൾക്കുശേഷം, അയാൾ വരികയും ചെയ്തു. വന്നതേ അയാൾ ഈശോയുടെ കാൽക്കൽ വീണു. എന്നിട്ട് പറഞ്ഞു: “നീ വരുന്നതുവരെ കാത്തിരിക്കുവാൻ വയ്യ. ദയവായി എന്നെ നിന്റെ ശിഷ്യനായി സ്വീകരിച്ചാലും. ഞാൻ തെറ്റുകൾ ചെയ്തവനാണ്. എങ്കിലും ഒന്ന് എനിക്ക് ഉറപ്പുണ്ട്നിറയെ സ്നേഹമുണ്ട്.” അതായിരുന്നു ഈശോയ്ക്ക് വേണ്ടതും. തോമയുടെ തലയിൽ കൈകൾ വച്ച് അനുഗ്രഹിച്ചുകൊണ്ട് ഈശോ പറഞ്ഞു: “ദീദിമൂസ് നീ ഇന്നുമുതൽ ഞങ്ങളോടൊപ്പം താമസിച്ചുകൊള്ളുക. ഇന്നുമുതൽ നീ എന്റെ ശിഷ്യനാണ്.” അന്നുമുതൽ തോമ ഈശോയുടെ ശിഷ്യനായി.”

സ്നേഹമുള്ളവരേ, ഹൃദയം നിറയേ സ്നേഹം ഉണ്ടെങ്കിലേ ഈശോയുടെ ശിഷ്യനാകുവാൻ കഴിയൂ. നമ്മുടെ അയോഗ്യതയല്ല, ബലഹീനതയല്ല ശിഷ്യത്വത്തെ ദൈവാനുഗ്രഹപ്രദമാക്കുന്നത്. നമ്മുടെ സ്നേഹവും, ത്യാഗവും, ആഗ്രഹവും ഒത്തുചേരുമ്പോൾ മാനുഷികമായ ബലഹീനതകൾ ദൈവത്തിന്റെ കൃപ ഒഴുകിവരുന്ന ചാലുകളായി മാറും. ഹൃദയം നിറയെ സ്നേഹമുണ്ടെങ്കിൽ നമുക്ക് നാം ആയിരിക്കുന്ന ഇടങ്ങളിൽ ക്രിസ്തുവിന്റെ ശിഷ്യരാകാൻ കഴിയും. തോമസ് എന്ന ശിഷ്യനെ ശരിക്കും മനസ്സിലാക്കാൻ നമുക്ക് കഴിയണം. “ഗുരുവില്ലാത്ത ജീവിതത്തേക്കാൾ, നല്ലത് ഗുരുവിനോടൊത്തുള്ള, ഗുരുവിനുവേണ്ടിയുള്ള മരണമാണ് എന്ന് ബോധ്യമുണ്ടായിരുന്നവനാണ് തോമാശ്ലീഹാ. നമ്മുടെയൊക്കെ ക്രൈസ്തവജീവിതങ്ങൾക്ക് ഇല്ലാതെ പോയിരിക്കുന്നതും അത് തന്നെയാണ്.

മറ്റൊന്ന്, തോമാശ്ലീഹായുടെ ഈശോയെക്കുറിച്ചുള്ള അറിവാണ്. അന്നുവരെ, മനുഷ്യർ ഗുരുക്കന്മാരെ കണ്ടിരുന്നത് സത്യത്തിലേക്കുള്ള, ജ്ഞാനത്തിലേക്കുള്ള വഴി കാണിച്ചുതരുന്ന ദൈവമനുഷ്യരായിട്ടാണ്. ഭാരതത്തിലും അങ്ങനെത്തന്നെയായിരുന്നു ഗുരുക്കന്മാരെ കണ്ടിരുന്നത്. ഗുരു വഴികാണിക്കുന്നവനാണ്; വെളിച്ചത്തിലേക്ക് നയിക്കുന്നവനാണ് എന്ന ശക്തമായ പാരമ്പര്യം ഇപ്പോഴും നമുക്ക് ഉണ്ട്. സംസ്കൃതത്തിൽ പറയുന്നത്, ഗു ശബ്ദം അന്ധകാരം. രു ശബ്ദം തത് നിരോധകം എന്നാണ്.  എന്നുവച്ചാൽ, അന്ധകാരത്തെ മാറ്റി വെളിച്ചം നൽകുന്നവൻ ആരോ, അവനാണ് ഗുരു. തോമസും അങ്ങനെത്തന്നെയാണ് വിചാരിച്ചിരുന്നത്. അതുകൊണ്ടല്ലേ അദ്ദേഹം പറഞ്ഞത്, “വഴി ഞങ്ങൾ എങ്ങനെ അറിയും. ഞങ്ങൾക്ക് വഴി കാണിച്ചു താ.” അപ്പോഴാണ് അയാൾ അറിയുന്നത് ക്രിസ്തു വഴി കാണിച്ചു തരുന്നവൻ മാത്രമല്ല. അവിടുന്ന് വഴി തന്നെയാണ്. സത്യം പറയുന്നവൻ മാത്രമല്ല, സത്യം തന്നെയാണ്. ജീവൻ നൽകുന്നവൻ മാത്രമല്ല, ജീവൻ തന്നെയാണ്.  അപ്പം നൽകുന്നവൻ മാത്രമല്ല, അപ്പം തന്നെയാണ്. സൗഖ്യം നൽകുന്നവൻ മാത്രമല്ല, സൗഖ്യം തന്നെയാണ്. പ്രകാശം കാണിക്കുന്നവൻ മാത്രമല്ല, പ്രകാശം തന്നെയാണ്.

അന്നുവരെ ഉണ്ടായിരുന്ന ഗുരു സങ്കല്പങ്ങളെല്ലാം ക്രിസ്തുവിൽ മാറി മറിയുകയാണ്. ക്രിസ്തു അന്നുവരെയുണ്ടായിരുന്ന ഗുരു സങ്കല്പങ്ങളുടെയെല്ലാം പൂർത്തീകരണമാകുകയാണ്. തോമസിൽ രൂപാന്തരം സംഭവിക്കുകയാണ്. അപ്പോൾ മുതൽ അയാൾ കാണുന്ന വഴികളെല്ലാം ക്രിസ്തുവായി മാറി. അയാൾ കേൾക്കുന്ന, കാണുന്ന സത്യമെല്ലാം ക്രിസ്തുവായി മാറി. അയാൾ കാണുന്ന ജീവനെല്ലാം, ജീവനുള്ളതെല്ലാം എന്തായി മാറി അയാൾക്ക്? ക്രിസ്തുവായി മാറി. അതാ, ജറുസലേമിലെ വഴിയും, ഇങ്ങു ഭാരതത്തിലെ വഴിയും അയാൾക്ക് സമം. എല്ലാം ക്രിസ്തുവാണ്. ജെറുസലേമിലുള്ളതും, ജെറുസലേമിലുള്ളവരും, ഭാരതത്തിലുള്ളതും, ഭാരതത്തിലുള്ളവരും അയാൾക്ക്‌ സമം. എല്ലാം ക്രിസ്തുവാണ്. അങ്ങനെയാണ് അയാളിൽ ഒരു മിഷനറി, പ്രേഷിതൻ രൂപപ്പെട്ടത്. അങ്ങനെയാണ് നമ്മിൽ ഒരു ക്രൈസ്തവ, ക്രൈസ്തവൻ, ഒരു മിഷനറി, പ്രേഷിതൻ രൂപപ്പെടേണ്ടത്, പിറവിയെടുക്കേണ്ടത്. സ്നേഹമുള്ളവരേ, നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ വിശ്വാസ വ്യക്തിത്വം എത്രയോ ധന്യമാണ്! എത്രയോ മഹനീയമാണ്!

ഭാരതത്തിൽ ഇന്ന് ക്രൈസ്തവർ ധാരാളം പീഡനം അനുഭവിക്കുന്നുണ്ട്. ശരിയായിരിക്കാം, നമുക്കത് അനുഭവപ്പെടുന്നില്ല. ഇവിടെ നാം സുരക്ഷിതരായിരിക്കാം. പക്ഷേ, കാലത്തിന്റെ ചുവരെഴുത്തു് വായിച്ചാൽ മനസ്സിലാകും, ഈ സുരക്ഷിതത്വത്തിന് ആയുസ്സ് കുറവാണ്. തോമാശ്ലീഹായിലൂടെ ലഭിച്ച വിശ്വാസം ജീവിക്കുവാനും, ഏറ്റുപറയുവാനും സാധിക്കാത്തത്ര ബുദ്ധിമുട്ടുകൾ നേരിടുന്ന കാലം വിദൂരമല്ല. തോമാശ്ലീഹായെപ്പോലെ നാം ധൈര്യമുള്ളവരാകണം. ക്രിസ്തുവിനുവേണ്ടി ജീവിക്കുവാൻ താത്പര്യമുള്ളവരാകണം. ഇരിക്കുന്ന കമ്പ് മുറിക്കുന്ന വിഡ്ഢികളാകാതെ പരസ്പരം സഹായിച്ചും, സഹകരിച്ചും ക്രൈസ്തവജീവിതങ്ങളെ നിർമ്മലമാക്കിയും നാം മുന്നേറേണ്ടിയിരിക്കുന്നു. സ്വന്തം സ്വാർത്ഥ ലാഭങ്ങൾക്കുവേണ്ടി നിലകൊള്ളാതെ, ക്രിസ്തുവിനോടൊപ്പം, തിരുസ്സഭയോടൊപ്പം നിന്നുകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ തയ്യാറാകേണ്ടിയിരിക്കുന്നു.

എന്റെ ആശ്രമത്തിന്റെ മുറ്റത്തുനിന്ന് കിഴക്കോട്ട് നോക്കിയാൽ തട്ടുപാറപ്പള്ളി കാണാം. അവിടെ തോമാശ്ലീഹാ ധ്യാനിച്ചിരുന്ന ഒരു ഗുഹയുണ്ട്. അടുത്തായതുകൊണ്ടും, തോമാശ്ലീഹായുടെ പ്രേഷിത ചൈതന്യം നിറഞ്ഞും നിൽക്കുന്ന ഇടമായതുകൊണ്ടും ഇടയ്ക്കൊക്കെ ഞാനവിടെ പോകാറുണ്ട്. (ഇവിടുന്ന് മലയാറ്റൂർക്ക് ഒരു 12 കിലോമീറ്റർ കാണും) തോമാശ്ലീഹാ കേരളത്തിൽ വന്നോ ഇല്ലയോ എന്ന സംശയമൊന്നും ഇവിടെ വരുമ്പോൾ എന്നെ അലട്ടാറില്ല. വാദമുഖങ്ങൾ നിരത്തി അത് തെളിയിക്കണമെന്നും എനിക്ക് തോന്നാറില്ല. പക്ഷേ, ലോകരക്ഷകനായ ക്രിസ്തുവിനെ പൂർവികർക്ക് പകർന്നുകൊടുക്കാനും, ആ വിശ്വാസം ഇന്നുവരെ ശക്തമായി നിലനിർത്താനും തോമാശ്ലീഹാ ഉപകരണമായതിൽ ഞാൻ സന്തോഷിക്കുന്നു. ആരെങ്കിലും പകർന്നു തരാതെ നമുക്കിത് ലഭിക്കില്ലല്ലോ. ആ മഹാ വ്യക്തിത്വം തോമാശ്ലീഹായാണ് എന്ന് വിശ്വസിക്കുവാനാണ് എനിക്കിഷ്ടം!

സ്നേഹമുള്ളവരേ, ഈ ജൂലൈ മൂന്ന് നമുക്കൊരു പ്രത്യേക ദിവസമാകട്ടെ. നമ്മുടെ ക്രൈസ്തവ ജീവിതം സമഗ്രമായ ഒരു ചിന്താമാറ്റത്തിന് വിധേയമാകട്ടെ. അതിന് തോമാശ്ലീഹായുടെ വ്യക്തിത്വം നമുക്ക് പ്രചോദനം നല്കട്ടെ. വിശുദ്ധ തോമാശ്ലീഹാ പകർന്നു തന്ന ക്രിസ്തുവിലുള്ള വിശ്വാസദീപം ഇന്നും ജ്വലിച്ചു നിൽക്കുന്നപോലെ, കൂടുതൽ ശോഭയോടെ പ്രോജ്വലിച്ചു നിൽക്കുവാൻ നാം തോമാശ്ലീഹായിൽ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു. കുറച്ചു കാര്യങ്ങൾ സമഗ്രമായി പഠിപ്പിക്കുന്ന സ്കൂൾ ആണ് വിശുദ്ധ തോമാശ്ലീഹാ. തോമാശ്ലീഹാ ചൊല്ലിത്തരുന്ന പാഠങ്ങൾ ഇവയാണ്: പാഠം ഒന്ന്, ഹൃദയം നിറയെ ക്രിസ്തുവിനോടുള്ള സ്നേഹമുണ്ടായിരിക്കണം. പാഠം രണ്ട്, ക്രിസ്തു ആരെന്ന് വ്യക്തമായി അറിയണം. പാഠം മൂന്ന്, ജീവിത സാഹചര്യങ്ങളിൽ ക്രിസ്തുവിനെ കർത്താവും ദൈവവുമായി ഏറ്റുപറയണം. പാഠം നാല്, പ്രേഷിത ധൈര്യത്തോടെ ക്രിസ്തുവിനുവേണ്ടി മരിക്കാൻ തയ്യാറാകണം.

ഈ നാല് പാഠങ്ങളിലും Full A+ ഉണ്ടെങ്കിൽ നമ്മുടെ ക്രൈസ്തവ ജീവിതം മനോഹരമാകും. നാം ചെയ്യുന്ന എല്ലാ പ്രവൃത്തികളും ദൈവാനുഗ്രഹം നിറഞ്ഞതാകും. നമ്മുടെ കുടുംബവും, കുടുംബത്തിലുള്ളവരും ക്രിസ്തുവാകുന്ന വഴിയിലൂടെ, സത്യത്തിലൂടെ ജീവനിലൂടെ നടക്കും. വിശുദ്ധ തോമാശ്ലീഹായെപ്പോലെ നാം നമുക്ക്, നമ്മുടെ കുടുംബത്തിന്, ഈ ലോകത്തിന് ഒരു അനുഗ്രഹമാകും. ഓർക്കുക, ഭാരതസഭയും,

ക്രൈസ്തവരും അവരുടെ പ്രേഷിത ധീരത വീണ്ടെടുക്കുന്നില്ലെങ്കിൽ അടുത്ത ദശാബ്ദത്തിൽ ഭാരത ക്രൈസ്തവർക്ക്, കേരള ക്രൈസ്തവർക്ക് പിടിച്ചു നില്ക്കാൻ ഒന്നുമില്ലാതെയായിത്തീരും. ആമേൻ!

SUNDAY SERMON LK 6, 27-36

ശ്ളീഹാക്കാലം നാലാം ഞായർ

ലൂക്ക 6, 27-36

“അരുന്ധതി റോയിയുടെ The God of small Things – ചെറുതുകളുടെ ദൈവം – എന്ന നോവലിൽ മനോഹരമായൊരു വാചകമുണ്ട്, ” Like a seashell always has a sea sense, the Ayemenam home still had a river-sense.” “ഒരു കടൽകക്കയ്ക്ക് ഇപ്പോഴും ഒരു കടൽബോധമുള്ളതുപോലെ…” ഈ ഉപമാഭാവനയെ ഒന്നുകൂടി വികസിപ്പിച്ചു പറഞ്ഞാൽ, ഒരു കടൽകക്കയ്ക്ക് ഇപ്പോഴും ഒരു കടൽബോധമുള്ളതുപോലെ, ആകാശത്ത് പറക്കുന്ന ഒരു പക്ഷിക്ക് എപ്പോഴും ഒരു ആകാശബോധമുള്ളതുപോലെ, ഒരു ക്രൈസ്തവന് എപ്പോഴും ഒരു ക്രിസ്തുബോധം ഉണ്ടായിരിക്കണം. ഒരു ക്രിസ്ത്യാനിയുടെ ക്രിസ്തുബോധത്തിന്റെ Expression, Reflection എങ്ങനെയായിരിക്കും എന്നാണ് ഇന്നത്തെ സുവിശേഷഭാഗം നമുക്ക് പറഞ്ഞുതരുന്നത്. ജീവിതത്തിലും, ജീവിതസാഹചര്യങ്ങളിലും ക്രിസ്തുബോധമുള്ള ക്രൈസ്തവരാകുവാനാണ് ശ്ളീഹാക്കാലത്തിന്റെ നാലാം ഞായറാഴ്ച തിരുസ്സഭ നമ്മെ ക്ഷണിക്കുന്നത്.

ദൈവത്തിന്റെ പ്രവാചകനും, വക്താവുമായി വന്ന മോശ നിയമങ്ങള്‍ നല്‍കിയാണ് ഇസ്രായേല്‍ ജനത്തെ നയിച്ചത്. എന്നാല്‍ ഈശോ സ്നേഹവുമായിട്ടാണ് ഈ ലോകത്തിലേക്ക് വന്നത്. നിയമം എന്നത് ശക്തിയോടെ നടപ്പാക്കുന്ന സ്നേഹമാണ്. സ്നേഹമാകട്ടെ സ്വയമേ കടന്നുവരുന്ന നിയമമാണ്. നിയമം പുറമേ നിന്ന് അടിച്ചേല്പിക്കുന്നതാണ്. സ്നേഹം അകമേ നിന്ന് വരുന്നതാണ്. മോശ കല്പനകള്‍ നല്‍കുമ്പോള്‍, ഈശോ മോശയുടെ കല്പനകള്‍ക്ക് പുതിയ അര്‍ത്ഥവും കാഴ്ചപ്പാടും നല്‍കുകയാണ്. 

നിയമങ്ങള്‍ നല്‍കുന്ന ദൈവമായിട്ടല്ലാ, നിയമങ്ങളുടെ പൂര്‍ത്തീകരണമായിട്ടാണ് ഈശോ നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നത്. ഈശോയുടെ കാലഘട്ടത്തെ ഒന്ന് ഓര്‍ത്തെടുക്കുന്നത് നല്ലതാണ്. ഈശോ ഇസ്രായേല്‍ ജനത്തിന്റെ മുന്‍പില്‍ നിന്നപ്പോള്‍, അവിടുന്ന് കണ്ടത് വികൃതമായ അവരുടെ മുഖങ്ങളെയാണ്. നിയമത്തിന്റെ കാര്‍ക്കശ്യം കൊണ്ട് വികൃതമായ, നിയമത്തിന്റെ ചൈതന്യം മനസ്സിലാക്കാതെ അതിനെ മനുഷ്യനെ ദ്രോഹിക്കാന്‍ ഉപയോഗിച്ചതുവഴി ക്രൂരമായ മുഖങ്ങളെയാണ്. എന്നിട്ട് അവര്‍ എന്ത് ചെയ്തെന്നോ, തങ്ങളുടെ വികൃതമായ, ക്രൂരമായ, പ്രസാദമില്ലാത്ത, വിധവകളെ വിഴുങ്ങുന്ന, പാവപ്പെട്ടവന്റെ സര്‍വതും തട്ടിയെടുത്തു നെയ്‌മുറ്റിയ അവരുടെ മുഖങ്ങളെ മറയ്ക്കുവാന്‍ അവര്‍ മോശയുടെ നിയമത്തിന്റെ, നിയമം നല്‍കിയ ദൈവത്തിന്റെ, നിയമം സംരക്ഷിക്കാന്‍ വേണ്ടിയുള്ള  പുതിയ പുതിയ വ്യാഖ്യാനങ്ങളുടെ മുഖം മൂടികള്‍ ധരിച്ചു. നിങ്ങള്‍ക്ക് ക്രൂരമായ, വികൃതമായ മുഖം ഉണ്ടെങ്കില്‍ മുഖം മൂടി ധരിക്കാം. പക്ഷെ, നിങ്ങളുടെ മുഖം അപ്പോഴും വികൃതമായിത്തന്നെയിരിക്കും. മുഖം മൂടിയാണ് നിങ്ങളുടെ മുഖമെന്നു ഒരു നിമിഷത്തേയ്ക്ക് വേണ്ടിപ്പോലും  ഓര്‍ക്കരുത്.

ഇസ്രായേൽ ജനത്തിന് പലവിധ മുഖം മൂടികള്‍ ഉണ്ടായിരുന്നെങ്കിലും ഈശോ അവരുടെ യഥാര്‍ത്ഥ വികൃതമായ, ക്രൂരമായ, പ്രസാദമില്ലാത്ത മുഖങ്ങളെ കണ്ടു. അവിടുന്ന് അവരുടെ മുഖം മൂടികള്‍ മാറ്റണമെന്ന് മാത്രമല്ലാ പറഞ്ഞത്, അവിടുന്ന് പറഞ്ഞു: സ്നേഹമുള്ള ഇസ്രായെല്‍ക്കാരെ, നിങ്ങള്‍, നിങ്ങളുടെ മുഖം മനോഹരമാക്കണം. മുഖം മനോഹരമാകണമെങ്കില്‍ നിങ്ങളുടെ ഹൃദയം സ്നേഹംകൊണ്ട് നിറയണം. ഹൃദയത്തില്‍നിന്ന് വരുന്ന സ്നേഹം കൊണ്ട് നിങ്ങളുടെ മുഖങ്ങള്‍ തിളങ്ങണം. ക്രിസ്തുബോധമുള്ള, സ്നേഹബോധമുള്ള മനുഷ്യരാകണം നിങ്ങൾ. ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്ന പുതിയ കാഴ്ചപ്പാട് ഇതാണ്: സ്നേഹം. നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങളെ സ്നേഹിക്കുമ്പോള്‍ മാത്രമേ, ഈ പ്രപഞ്ചത്തെ സ്നേഹിക്കുമ്പോള്‍ മാത്രമേ, നിങ്ങളുടെ സ്നേഹമെന്ന ശക്തി, നിങ്ങള്‍ക്ക് നല്കപ്പെട്ടിട്ടുള്ള ഒരേയൊരു ശക്തി നന്മയ്ക്കായി ഉപയോഗിക്കുമ്പോള്‍ മാത്രമേ, ദൈവത്തെ സ്നേഹിക്കുന്നവരാകുന്നുള്ളൂ. കാരണം, ഈശോ, ദൈവം സ്നേഹമാണ്. ഈശോ ഈ ലോകത്തെ സ്നേഹിച്ചു. ഈ ഭൂമിയുടെ ഗന്ധം അവന്‍ ഇഷ്ടപ്പെട്ടു. അവന്‍ മരങ്ങളെ സ്നേഹിച്ചു. കിളികളെ സ്നേഹിച്ചു. അവന്‍ സര്‍വചരാച്ചരങ്ങളെയും സ്നേഹിച്ചു, കാരണം അങ്ങനെയേ, ദൈവത്തെ സ്നേഹിക്കുവാന്‍ സാധിക്കൂ. ഒരു painting നെ സ്നേഹിക്കാന്‍ കഴിയാതെ എങ്ങനെ painter റിനെ സ്നേഹിക്കും? ഒരു കവിതയെ സ്നേഹിക്കാതെ, എങ്ങനെ കവിയെ സ്നേഹിക്കുവാന്‍ കഴിയും?

അതുകൊണ്ട്, നിന്റെ സഹോദരനെ നീ വെറുത്താല്‍, ശത്രുവിനെ നീ ദ്വേഷിച്ചാല്‍, അവളെ, അവനെ കൊന്നാല്‍, അവരെ പീഡിപ്പിച്ചാല്‍, അവരെ നിന്റെ കുടുംബത്തില്‍ നിന്ന്, സമൂഹത്തില്‍നിന്ന് പുറത്താക്കിയാല്‍, എങ്ങനെ നീ നിന്റെ ദൈവത്തെ സ്നേഹിക്കും? എങ്ങനെ നീ ശത്രുവിന്റെമേലുംകൂടി മഴപെയ്യിക്കുന്ന, സൂര്യനെ ഉദിപ്പിക്കുന്ന ക്രിസ്തുവിന്റെ കരുണ സ്വന്തമാക്കും? അവള്‍, അവന്‍ നിന്റെ ശത്രുവാണെന്നു പറഞ്ഞ്, നിന്റെ മേലങ്കി എടുത്തവരാണെന്ന് പറഞ്ഞ്, കടംമേടിച്ചത് തിരിച്ചു തരാത്തവരാണെന്ന് പറഞ്ഞ് അവരെ ഇല്ലാതാക്കിയാല്‍ എങ്ങനെ നീ നിന്റെ ദൈവത്തെ സ്നേഹിക്കും? എങ്ങനെ നീ ശത്രുവിന്റെമേലുംകൂടി മഴപെയ്യിക്കുന്ന, സൂര്യനെ ഉദിപ്പിക്കുന്ന ക്രിസ്തുവിന്റെ കരുണ സ്വന്തമാക്കും? സ്കൂളില്‍ വികൃതി കാണിക്കുന്ന കുട്ടിയെ സ്നേഹത്തോടെ, ദൈവത്തിന്റെ സ്നേഹത്തോടെ സമീപിക്കാതെ, അവനെ, അവളെ ഡിസ്മിസ്സ്‌ ചെയ്‌താല്‍ എങ്ങനെ നീ നിന്റെ ദൈവത്തെ സ്നേഹിക്കും? എങ്ങനെ നീ ശത്രുവിന്റെമേലുംകൂടി മഴപെയ്യിക്കുന്ന, സൂര്യനെ ഉദിപ്പിക്കുന്ന ക്രിസ്തുവിന്റെ കരുണ സ്വന്തമാക്കും? ആ കുട്ടിയെ എങ്ങനെ സ്നേഹിക്കും എന്നതല്ലാ പ്രശ്നം, എങ്ങനെ നീ നിന്റെ ദൈവത്തെ സ്നേഹിക്കും എന്നതാണ്, എങ്ങനെ നീ ശത്രുവിന്റെമേലുംകൂടി മഴപെയ്യിക്കുന്ന, സൂര്യനെ ഉദിപ്പിക്കുന്ന ക്രിസ്തുവിന്റെ കരുണ സ്വന്തമാക്കുന്നവളാകും, സ്വന്തമാക്കുന്നവനാകും എന്നതാണ്?  കാര്യം നിസ്സാരവുമല്ല, പ്രശ്നം ഗുരുതരവുമാണ്. നമ്മുടെ കോളേജുകളിൽ, സ്കൂളുകളിൽ ഉയർന്ന ശതമാനമുള്ള, പഠിക്കുന്ന കുട്ടികൾക്ക് മാത്രം അഡ്മിഷൻ കൊടുത്താൽ എങ്ങനെ നീ ശത്രുവിന്റെമേലുംകൂടി മഴപെയ്യിക്കുന്ന, സൂര്യനെ ഉദിപ്പിക്കുന്ന ക്രിസ്തുവിന്റെ കരുണ സ്വന്തമാക്കുന്നവളാകും, സ്വന്തമാക്കുന്നവനാകും!! പഠിക്കാൻ കഴിവ് കുറഞ്ഞ കുട്ടികളെക്കൂടി ഉൾപ്പെടുത്തി പഠിപ്പിക്കുന്നതല്ലേ യഥാർത്ഥ വിദ്യാഭ്യാസം!!     

ഈശോ ഇസ്രായെല്‍ക്കാര്‍ക്ക് മുന്‍പില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇതായിരുന്നു, സ്നേ ഹമുള്ളവരെ. ഇന്ന് നമ്മുടെ മുന്‍പിലും ഈശോ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇത് തന്നെ. ഈശോ നമ്മെ നോക്കുമ്പോള്‍ കാണുന്നത് മുഖം മൂടികളാണ്; പല വര്‍ണത്തിലുള്ള, രൂപത്തിലുള്ള, വലിപ്പത്തിലുള്ള മുഖം മൂടികള്‍. നോക്കൂ…..കാണാന്‍ എത്ര മനോഹരമാണ്! പക്ഷെ, നമ്മുടെ യഥാര്‍ത്ഥ മുഖങ്ങളോ? ക്രിസ്തുബോധമില്ലാത്ത ക്രൈസ്തവരായി നാം ഇന്ന് മാറിയിരിക്കുകയാണ്.

ഈശോ നമ്മുടെ സ്വഭാവമായി, ചൈതന്യമായി, ക്രൈസ്തവന്റെ മുഖമുദ്രയായി, ഒരേയൊരു ശക്തിയായി നല്‍കിയിരിക്കുന്നത് സ്നേഹമാണ്, സ്നേഹം മാത്രമാണ്. ഈ സ്വഭാവം, ചൈതന്യം, ശക്തി നഷ്ടപ്പെടുത്താന്‍ പാടില്ല. ഒരംശംപോലും നഷ്ടപ്പെടുത്താന്‍ പാടില്ല. ഇത് സംരക്ഷിക്കണം. ശത്രുവിനെ ദ്വേഷിക്കാനല്ലാ, ശപിക്കുന്നവരെ തിരിച്ചു ശപിക്കാനല്ല, ഈ energy, സ്നേഹം ഉപയോഗിക്കേണ്ടത്. മറിച്ച്, ശത്രുവിനെപ്പോലും സ്നേഹിക്കാന്‍, ദ്രോഹിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍, തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാതെ കടംകൊടുക്കാന്‍ ഈ energy, സ്നേഹം നാം ഉപയോഗിക്കണം. ലോകം പറയും നിങ്ങള്‍ മണ്ടന്മാരാണെന്ന്. Business management കാര്‍ പറയും ശുദ്ധ മണ്ടത്തരമെന്നു. പക്ഷെ ഈശോ പറയും, ഇതാണ് ഞാന്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന്.

ക്രൈസ്തവരുടെ സുവിശേഷാത്മകമായ കടമ എന്നത് സംഘർഷ സാഹചര്യങ്ങളിൽ നിന്ന് മാറിനിൽക്കുകയല്ല, ആ സാഹചര്യങ്ങളെ നന്മയുള്ളതാക്കിത്തീർക്കുകയാണ്. സംഘർഷം നിറഞ്ഞ സാഹചര്യങ്ങളെ ഒഴിവാക്കുക ബുദ്ധിമുട്ടായിരിക്കും. കുടുംബബന്ധങ്ങളിൽ എപ്പോഴും സംഘർഷ സാഹചര്യങ്ങൾ ഉണ്ടാകും. എന്നാൽ, അവയെ എങ്ങനെ സുഖപ്പെടുത്താൻ സാധിക്കുമെന്നാണ് ഈശോ പറഞ്ഞു തരുന്നത്. ഇതൊരു Christian Therapy ആയിട്ടാണ് ഈശോ കാണുന്നത്. ജീവിതത്തിലെ സംഘർഷ സാഹചര്യങ്ങളെ കൃപനിറഞ്ഞതാക്കുവാനുള്ള, സമാധാനവും, സന്തോഷവും നിറഞ്ഞതാക്കാനുള്ള തെറാപ്പി.

ഇത് വെറും ധാര്‍മിക നിയമങ്ങളായി കരുതരുതേ! ധാര്‍മിക നിയമങ്ങളല്ല, നമ്മുടെ ഉള്ളില്‍ സംഭവിക്കേണ്ട മാറ്റമാണ്, ഉള്ളില്‍ നിറയേണ്ട ചൈതന്യത്തിന്റെ, ശക്തിയുടെ കാര്യമാണ് ഈശോ പറയുന്നത്. ക്രൈസ്തവ ജീവിതമെന്ന് പറയുന്നത് ഈ ശക്തിയുടെ നിറവായിരിക്കണം; അതിന്റെ കവിഞ്ഞൊഴുകലായിരിക്കണം. വെള്ളം ചൂടാക്കൂ. 100 ഡിഗ്രി യാകുമ്പോള്‍ അത് നീരാവിയാകും. 99 ഡിഗ്രി – ചൂടാണ്, പക്ഷെ വെള്ളം തന്നെ. 99.9 – അപ്പോഴും വെള്ളം തന്നെ. എന്നാല്‍ 100 ഡിഗ്രി- it evaporates! നീരാവിയായി!

ക്രിസ്തുബോധമില്ലാത്ത ക്രൈസ്തവരാണ് ഈ കാലഘട്ടത്തിന്റെ ശാപം! ഇന്ന് ക്രൈസ്തവരുടെ ജീവിതങ്ങള്‍ ജലമായി നില്‍ക്കുകയാണ്, കെട്ടിക്കെടുക്കുകയാണ്. അതിനു മാറ്റം സംഭവിക്കുന്നില്ല. പക്ഷെ നാറ്റം ഉണ്ടുതാനും! ഏശയ്യാ പ്രവാചന്‍ പറയുന്നപോലെ, നിങ്ങളുടെ ശിരസ്സ്‌ മുഴുവന്‍ വൃണമാണ്. ഉള്ളങ്കാല്‍ മുതല്‍ ഉച്ചിവരെ, മുകള്‍ മുതല്‍ താഴെത്തട്ടുവരെ, ക്ഷതമെല്‍ക്കാത്ത ഒരിടവുമില്ല. ചതവുകളും, രക്തമൊലി ക്കുന്ന മുറിവുകളും മാത്രം! നാം ദേഷ്യപ്പെട്ടുകൊണ്ട്, ചീത്ത പ്രവര്‍ത്തികളിലൂടെ, കേസും, കേസിനുമേല്‍ കേസുമായി, അയല്‍വക്കക്കാരുമായി കലഹിച്ചും, പിതൃസ്വത്തിനായി കടിപിടി കൂട്ടിയും, പള്ളികളുടെ പേരില്‍ തര്‍ക്കിച്ചും, സസ്പണ്ട് ചെയ്തും, ഡിസ്മിസ് ചെയ്തും ചെയ്യിച്ചും, മദ്യപിച്ചും, ആഘോഷിച്ചും, ദൈവം നമുക്ക് നല്‍കിയ ശക്തിയെ ദുരുപയോഗിക്കുകയാണ്. നിസ്സാരമായ വിജയങ്ങള്‍ക്കുവേണ്ടി നാം ക്രിസ്തുവിനെ മറക്കുകയാണ്, പണ്ടത്തെ യഹൂദരേപ്പോലെ!!! പിന്നെങ്ങിനെയാണ് നാം ദൈവത്തെ സ്നേഹിക്കുന്നത്? കരുണയുടെ പ്രതിരൂപങ്ങളാകുന്നത്?

സ്നേഹമുള്ളവരെ, ഈ പ്രപഞ്ചത്തിലെ ഒരു വസ്തുവിനെ കാണാന്‍ സാധിക്കണമെങ്കില്‍ അത് നീലയോ, പച്ചയോ ആയിരിക്കണമെന്നില്ല. പക്ഷെ അതിനു ഒരു നിറമുണ്ടായിരിക്കണം. ഈ പ്രപഞ്ചത്തിലെ ശബ്ദം കേള്‍ക്കാന്‍ സാധിക്കണമെങ്കില്‍ അതിനു ഒരു pitch ഉണ്ടായിരിക്കണം. ഈ പ്രപഞ്ചത്തിലെ ഒരു വസ്തുവിനെ സ്പര്‍ശിക്കാന്‍ കഴിയണമെങ്കില്‍ അത് പരുപരുത്തതോ, കാഠിന്യമുള്ളതോ, മാര്‍ദവമുള്ളതോ ആയിരിക്കണം. അതുപോലെ, ഈ ലോകത്തില്‍ ഒരു ക്രൈസ്തവനെ കാണാനും, കേള്‍ക്കാനും സ്പര്‍ശിക്കാനുമൊക്കെ സാധിക്കണമെങ്കില്‍ അവളില്‍, അവനില്‍ സ്നേഹമുണ്ടായിരിക്കണം, ശത്രുവിനെപ്പോലും സ്നേഹിക്കുന്ന സ്നേഹം,

മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അതുപോലെ അവരോടും പെരുമാറാനുള്ള ഹൃദയം. ഒരു ക്രിസ്തുബോധം നമ്മിൽ വളർന്ന് വരേണ്ടിയിരിക്കുന്നു. അതിനായി, ഈ വിശുദ്ധ ബലി നമ്മെ സഹായിക്കട്ടെ. ആമ്മേൻ!

SUNDAY SERMON LK 10, 23-42

ശ്ളീഹാക്കാലം മൂന്നാം ഞായർ

ലൂക്ക 10, 23-42

വീണ്ടും നല്ല ശമരിയാക്കാരന്റെ ഉപമ! ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്കാണോ മിസൈലുകൾ പായുന്നത്  എന്ന് വേവലാതിയോടെ ചിന്തിക്കുന്ന ഇക്കാലത്ത്, ഏത് രാജ്യം നല്ല ശമരിയാക്കാരനായി രംഗത്ത് വരും എന്ന് ചിന്തിക്കാവുന്നതാണ്. ബ്രിട്ടനിൽ ഭ്രൂണഹത്യയുടെ നിയമത്തെ ഉദാരവത്ക്കരിച്ചിരിക്കുകയാണ്. 24 ആഴ്ച്ച എന്നത് ജനനംവരെ ഗർഭഛിദ്രത്തിന് അനുമതി നല്കിയിരിക്കുകയാണ്. ബ്രിട്ടീഷ് ഗവൺമെന്റ് ഉണ്ടാക്കിയിരിക്കുന്ന ഈ മുറിവ് വച്ചുകെട്ടാൻ ഏത് ശമര്യക്കാരാണ് കടന്നുവരും? ലഹരിക്കടിമകളായി തളർന്നുവീഴുന്ന മക്കളെ സുഖപ്പെടുത്താൻ ഏത് ശമരിയാക്കാരൻ വരും?  മൊബൈലിന് അടിമകളായി വീണുകിടക്കുന്നവരെ എഴുന്നേൽപ്പിക്കാൻ എവിടെനിന്ന് ശമര്യക്കാരാണ് വരും? ഇന്നത്തെ സുവിശേഷ വിചിന്തനത്തിൽ ഈ ചോദ്യങ്ങളെല്ലാം ഉയർത്താവുന്നതാണ്. മനുഷ്യജീവിതസാഹചര്യങ്ങളിൽ ആരാണ് ശമരിയക്കാരനാകേണ്ടത് എന്ന് നമുക്കൊന്ന് ചിന്തിച്ചുനോക്കാം.

ഈ കഥയുടെ നന്മ കൊണ്ടാണോ എന്തോ, നല്ല ശമരിയക്കാരൻ എന്നത് നമ്മുടെ ഭാഷയുടെ, സംസ്കാരത്തിന്റെ തന്നെ ഭാഗമായിത്തീർന്നിരിക്കുകയാണ്. ആരുമില്ലാതെ ആശുപത്രിയിൽ കഴിയുന്ന രോഗിക്ക് കൂട്ടുനിൽക്കുന്ന വ്യക്തികളെ കാണുമ്പോൾ, വഴിയിൽ നമ്മുടെ കാറിന്റെ ടയർ മാറ്റിയിടുവാൻ ആരെങ്കിലും നമ്മെ സഹായിക്കുമ്പോൾ, അയൽപക്കത്തുള്ളവർക്ക് സഹായഹസ്തം നീട്ടുമ്പോൾ, സാമ്പത്തികമായി നാം തളർന്നുനിൽക്കുമ്പോൾ ഒരാൾ വന്ന് നമ്മെ സഹായിക്കുമ്പോൾ, അന്ധനായ ഒരാളെ റോഡ് മുറിച്ചുകടക്കുവാൻ സഹായിക്കുമ്പോൾ …… നാം പറയും, നല്ല ശമരിയക്കാരൻ! നമ്മുടെ അഗതിമന്ദിരങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, എയ്ഡ്സ് സെന്ററുകൾ, De-Addiction സെന്ററുകൾ, Rehabilitation സ്ഥാപനങ്ങൾ …എല്ലാം നല്ല ശമരിയാക്കാരൻ എന്ന Title ന്റെ Expansion ആണ്, വികസിതരൂപങ്ങളാണ്. ഇത്തരത്തിലുള്ള സംരംഭങ്ങളിൽ പോലും ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ തിളക്കം അല്പമൊക്കെ മങ്ങിപ്പോയിട്ടുണ്ടെങ്കിലും, ആ ക്രൈസ്തവ ചൈതന്യത്തെ ആളിക്കത്തിക്കാൻ ഉതകുന്ന ഒരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചുകേട്ടത്.

ബൈബിൾ പണ്ഡിതന്മാർ, നല്ല ശമരിയക്കാരന്റെ ഉപമ ആധ്യാത്മിക, സാമൂഹ്യ ഭൂമികയിൽ നിന്നുകൊണ്ട് നോക്കിക്കാണുകയും അതനുസരിച്ചു ഈ സുവിശേഷഭാഗത്തെ വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, മനുഷ്യന്റെ വൈകാരിക തലത്തിൽ നിന്നുകൊണ്ട്, മനുഷ്യന്റെ മാനുഷിക ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഈ സുവിശേഷഭാഗത്തെ കാണുവാൻ ഞാൻ ആഗ്രഹിക്കുകയാണ്. നമ്മുടെ വൈകാരിക തലത്തിലെ പാകത, നമ്മുടെ ബന്ധങ്ങളുടെ ഉറപ്പ് വലിയ ഒരു അളവ് വരെ നമ്മുടെ ആത്മീയജീവിതത്തെ പരിപുഷ്ടമാക്കാൻ ഉപകരിക്കും.

ഇന്നത്തെ സുവിശേഷത്തിന്റെ പശ്ചാത്തലം ഒരു ഏറ്റുമുട്ടലാണ്. ഈശോയെ പരീക്ഷിക്കുവാൻ എത്തുന്നതോ ഒരു അഭിഭാഷകനും. ഇങ്ങനെയൊരു ഏറ്റുമുട്ടലിലേക്ക് നയിക്കുന്നതിന്റെ പ്രധാനകാരണം (പ്രത്യേകിച്ച് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ) ഈശോ പഴയനിയമങ്ങൾ ലംഘിച്ചിരുന്നു എന്നതാണ്. ഈശോ ശാബത്തിൽ സുഖപ്പെടുത്തി. അവൻ പാപമോചനം നൽകി. പാപികൾ, ചുങ്കക്കാർ, വേശ്യകൾ എന്നിവരുമായി മേശ കൂട്ടായ്മ പങ്കിട്ടു. അവൻ ശിഷ്യന്മാരെ ശാബത്തിൽ ധാന്യം പറിക്കാൻ അനുവദിച്ചു… ഇങ്ങനെയുള്ള ഈശോയെ പരീക്ഷിക്കുവാനാണ് വക്കീൽ വരുന്നത്. ഈ വാദത്തിന്റെ, ഏറ്റുമുട്ടലിന്റെ തീക്ഷ്ണത അറിയണമെങ്കിൽ ബൈബിളിന്റെ ഭാഷാപ്രയോഗം അറിഞ്ഞാൽ മതി. മരുഭൂമിയിൽ യേശുവിനെ പരീക്ഷിക്കാൻ/ പ്രലോഭിപ്പിക്കാൻ പിശാച് വരുന്നതിനെ പ്രകടിപ്പിക്കാൻ ഉപയോഗിച്ച അതേ പദമാണ് ഇവിടെയും (ഗ്രീക്ക് മൂലത്തിൽ) ഉപയോഗിച്ചിരിക്കുന്നത്. Dokimazō (δοκιμάσω) എന്ന ഗ്രീക്ക് വാക്കാണ് മരുഭൂമിയിലെ പരീക്ഷണത്തിനും, ഇവിടെ നിയമജ്ഞന്റെ പരീക്ഷണത്തിനും ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഇവിടെയും പാശ്ചാത്തലം അതിസങ്കീർണമാണ്.

തത്വ ശാസ്ത്രജ്ഞന്മാരില്‍ മുന്‍പനായ സോക്രട്ടീസിന്റെ (Socrates) രീതി സ്വീകരിച്ചുകൊണ്ട്, നിത്യജീവന്‍ അവകാശമാക്കുവാന്‍ എന്ത് ചെയ്യണം എന്ന് ചോദിച്ച നിയമജ്ഞനെക്കൊണ്ടുതന്നെ ഉത്തരം പറയിപ്പിക്കുകയാണ് ഈശോ. ഉത്തരം മനോഹരമാണ്: സ്നേഹിക്കുക: ഒന്ന്, ദൈവത്തെ. പൂര്‍ണ മനസ്സോടെ, പൂര്‍ണ ഹൃദയത്തോടെ പൂര്‍ണ ആത്മാവോടെ, പൂര്‍ണ ശക്തിയോടെ. ഓരോ യഹൂദക്കുട്ടിയും അഞ്ചുവയസ്സുള്ളപ്പോൾ മനഃപാഠമാക്കുന്ന ഉത്തരമാണ് ഈശോയോട് വക്കീൽ പറയുന്നത്. രണ്ട്, അയല്‍ക്കാരനെ. നിന്നെപ്പോലെ. ആരാണ് അയല്‍ക്കാരനെന്നുള്ള ചോദ്യത്തിനും അവനെക്കൊണ്ട്‌ തന്നെ ഉത്തരം പറയിപ്പിച്ച ഈശോയുടെ ഉദ്ദേശ്യം പക്ഷെ, ആരാണ് അയല്‍ക്കാരനെന്നു പറയുകയായിരുന്നില്ല, പിന്നെയോ, ഈശോ നമ്മെ ക്ഷണിക്കുന്നത് മനുഷ്യബന്ധങ്ങളുടെ ധ്യാനത്തിലേയ്ക്കാണ്. കരുണയുള്ള ഹൃദയമുള്ളവനായി നീ ജീവിക്കുമ്പോള്‍, നീ കണ്ടുമുട്ടുന്ന നിന്റെ സഹോദരങ്ങളുമായി നീയെങ്ങനെ ബന്ധപ്പെടുന്നു എന്നതാണ് ഈശോ ഉയര്‍ത്തുന്ന ചോദ്യം. How do you relate with your sisters and brothers? സന്ദേശമിതാണ്: മനുഷ്യ ബന്ധങ്ങളെ സ്വന്തമെന്ന പോലെ കണ്ടു പരിപാലിക്കുക, പരിപോഷിപ്പിക്കുക: അത് ദൈവത്തോടുള്ള ബന്ധമായാലും ശരി, മനുഷ്യരോടുള്ള ബന്ധമായാലും ശരി, പ്രകൃതിയോടുള്ള ബന്ധമായാലും ശരി.  

യാത്രക്കാരൻ തിരഞ്ഞെടുത്തത് അപകടം നിറഞ്ഞ വഴിയായിരുന്നു. ഇടുങ്ങിയ ചുരങ്ങളിലൂടെ  17 മൈൽ. അതും 3300 അടി താഴേക്കിറങ്ങുന്ന വഴി. കൊള്ളക്കാർക്കും പിടിച്ചുപറിക്കാർക്കും ഒളിച്ചിരുന്ന് ആക്രമിക്കാൻ പറ്റിയ വഴി. എന്തിനാണ് ആളനക്കമില്ലാത്ത ആ വഴികളിലൂടെ ഒറ്റയ്ക്ക് അയാൾ പോയത് എന്ന് ചോദിക്കാം. അതുകൊണ്ടല്ലേ ആക്രമിക്കപ്പെട്ടത് എന്നും ചോദ്യമുയർത്താം. സുഹൃത്തേ, അങ്ങനെ ഒറ്റപ്പെട്ട വഴികളിൽ മാത്രമാണോ നമ്മൾ ആക്രമിക്കപ്പെടുന്നത്? നമ്മുടെ ജീവിത സന്തോഷം നശിപ്പിക്കാൻ, നമ്മെ തകർക്കാൻ അക്രമികൾ പതിയിരിക്കുന്നത് അവിടെ മാത്രമാണോ? നമ്മുടെ കുടുംബങ്ങളിൽ നാം ആക്രമിക്കപ്പെടുന്നില്ലേ? ഉത്തമ സുഹൃത്തുക്കളാൽ നാം മാനസികമായി, ശാരീരികമായി ആക്രമിക്കപ്പെടുന്നില്ലേ? “അവളുടെ, അവന്റെ ആ ഒരു വാക്ക് എന്നെ തളർത്തിക്കളഞ്ഞു”എന്ന് എത്രയോ വട്ടമാണ് നമ്മൾ പറഞ്ഞിട്ടുള്ളത്? നിലംപറ്റെ വീണുപോയ എത്രയോ സന്ദർഭങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്? തെറ്റിദ്ധരിക്കപ്പെട്ട അവസ്ഥയിൽ സമൂഹത്തിന്റെ മുൻപിൽ, WhatsApp ലൂടെ, Youtube ലൂടെ നമ്മെ നഗ്നരാക്കിക്കൊണ്ട്, മുറിവേല്പിച്ചുകൊണ്ട് ഒന്നും സംഭവിക്കാത്തപോലെ എത്രയോപേരാണ് കടന്നുപോയിട്ടുള്ളത്?  ജീവിതപുസ്തകത്തിലെ ഒരേയൊരു പേജിലെ ഒരേയൊരു Mistake ന്റെ പേരിൽ നിങ്ങളാകുന്ന പുസ്തകത്തെ എത്രയോപേരാണ് മാറ്റിവച്ചിട്ടുള്ളത്? നമ്മുടെ ജീവിതത്തിന്റെ, കുടുംബത്തിന്റെ സന്തോഷം എത്രയോ വട്ടമാണ് ഇല്ലാതായിട്ടുള്ളത്? ഒരു നല്ല ശമരിയാക്കാരി, ശമരിയാക്കാരൻ കടന്നു വരണേ എന്ന് എത്രയോ പ്രാവശ്യമാണ് നാം ആഗ്രഹിച്ചിട്ടുള്ളത്? 

ആക്രമിക്കപ്പെട്ടവനോട് നാം എങ്ങനെ നമ്മെ ബന്ധപ്പെടുത്തുന്നു, relate ചെയ്യുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഒരു പുരോഹിതൻ തന്റെ ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുവാൻ പോകുമ്പോൾ മൃതദേഹവുമായോ, രക്തം വാർക്കുന്ന വ്യക്തികളുമായോ സമ്പർക്കം പാടില്ലായെന്ന നിയമമുണ്ടായിരുന്നതുകൊണ്ടായിരിക്കാം കഥയിലെ പുരോഹിതൻ ആക്രമിക്കപ്പെട്ടവനെ പരിഗണിക്കാതെ പോയത്! എങ്കിലും, നിയമത്തെ മനുഷ്യനേക്കാൾ മുകളിലായി പ്രതിഷ്ഠിച്ചു എന്നത് അദ്ദേഹം ചെയ്ത തെറ്റ് തന്നെയാണ്. ഇവിടെ പുരോഹിതൻ എന്നത്, ചിലരൊക്കെ ആക്ഷേപിക്കുന്നതുപോലെ വെള്ള നൈറ്റിയിട്ടവർ” മാത്രമല്ല. നിയമത്തെ മനുഷ്യനേക്കാൾ, മാനുഷികതയേക്കാൾ വിലകല്പിക്കുന്നവരെല്ലാം കഥയിലെ പുരോഹിതനാണ്. അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, കാട്ടുപോത്ത് എന്നിവ മനുഷ്യനെ ആക്രമിച്ച് കൊന്നപ്പോൾ, നിയമത്തെ ഉയർത്തിപ്പിടിച്ച് മനുഷ്യനെ വട്ടപ്പൂജ്യമാക്കിയ കേന്ദ്രസംസ്ഥാന സംവിധാനങ്ങളും വ്യക്തികളും എല്ലാം കഥയിലെ പുരോഹിതനാണ്. ലെവായനും അങ്ങനെ തന്നെ. മനുഷ്യനെ, പാവപ്പെട്ടവനെ, മുറിവേറ്റവനെ രക്ഷിക്കേണ്ട വ്യക്തികൾ, സ്ഥാപനങ്ങൾ, സംവിധാനങ്ങൾ അവരെ അവഗണിക്കുന്നത് ക്രൂരതയാണ്, പാപം തന്നെയാണ്.

കണ്ടുമുട്ടലുകൾ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ഫ്രാൻസിസ് പപ്പാ (Pope Francis) പറയുന്നപോലെ, “ക്രിസ്തുസാക്ഷ്യമെന്നത് കണ്ടുമുട്ടുന്നവരുടെ മുൻപിൽ നല്ല സമരയാനാകുക എന്നതുതന്നെയാണ്. നീയുംപോയി അതുപോലെ ചെയ്യുക എന്നതിന്റെ അർത്ഥം നിന്റെ കണ്ടുമുട്ടലുകളിൽ, നിന്റെ ബന്ധങ്ങളിൽ നല്ല സമരയാനാകുക എന്നതുതന്നെയാണ്.” നമ്മുടെ ബന്ധങ്ങള്‍ നാം കരുതുന്നപോലെ ആകസ്മികമൊന്നുമല്ല. നമ്മുടെ കുടുംബബന്ധങ്ങള്‍ – ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം, മാതാപിതാക്കളും മക്കളും തമ്മില്‍, സുഹൃത്തുക്കള്‍ തമ്മില്‍, നാം അനുദിനം കണ്ടുമുട്ടുന്ന ഓരോരുത്തരും തമ്മിലുള്ള ബന്ധങ്ങള്‍ എല്ലാം വെറും ആകസ്മികമല്ല. “ദൈവം യോജിപ്പിച്ചത്” എന്നൊരു വിശേഷണം, വാഴ്ത്ത് (ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ ഭാഷയിൽ) ബന്ധങ്ങള്‍ക്ക് നല്‍കുന്നത് ക്രിസ്തുവാണ്‌. അത് വിവാഹബന്ധത്തിനു മാത്രമല്ല, എല്ലാ ബന്ധങ്ങള്‍ക്കും ഇണങ്ങും. ഒരു ബന്ധത്തിന്റെ കണ്ണിയായിത്തീരുക എന്നത് ദൈവത്തിന്റെ കണക്കും കരുതലുമാണ് കാണിക്കുന്നത്. അതുകൊണ്ട് എല്ലാ ബന്ധങ്ങളെയും നാം വിലമതിക്കണം. കാരണം, ദൈവത്തിന്റെ കണക്കുകൂട്ടലും കരുതലുമാണ് ഓരോ ബന്ധവും.

ജീവിതത്തിന്റെ വഴികളില്‍ നമ്മുടെ അടുത്ത് വരുന്നവരും നാം കണ്ടുമുട്ടുന്നവരും പല തര  ക്കാരായിരിക്കാം. അക്രമികളുടെ കയ്യില്‍പെടുന്നവരാകാം. വിവസ്ത്രരാകാം. തെറ്റിധാരണയുടെ പേരില്‍, കുറവുകളുടെ പേരില്‍, നഗ്നരാക്കപ്പെടുന്നവര്‍ ധാരാളമുണ്ട്. സാമ്പത്തിക ഞെരുക്കങ്ങള്‍ മൂലം, ജോലിയില്ലായ്മകൊണ്ട്, ലോണ്‍തിരിച്ചടയ്ക്കാന്‍ പറ്റാത്തതുകൊണ്ട്, എന്ത് ചെയ്തിട്ടും മുന്നോട്ട് പോകാന്‍ പറ്റാത്തതുകൊണ്ട്, ന്യായമായും അന്യായമായും പ്രഹരിക്കപ്പെടുന്നവരുണ്ടാകാം. ഇങ്ങനെയുള്ളവരെ കാണുമ്പോള്‍ how do you relate with them? സുവിശേഷം മൂന്ന് വ്യക്തികളുടെ മനോഭാവം കാണിക്കുന്നു: പുരോഹിതന്‍, കണ്ടു കടന്നുപോയി. ലെവായന്‍, കണ്ടെങ്കിലും കടന്നുപോയി. സമരായന്‍, കണ്ടു മനസ്സലിഞ്ഞു. ഇതില്‍ ഏതു കണ്ണോടു കൂടിയാണ് സ്നേഹിതരെ നമ്മള്‍ ജീവിക്കുന്നത്? വീട്ടില്‍ അസുഖമായി കിടക്കുന്ന മാതാപിതാക്കളുമായി ഏതു ബന്ധം? അയല്‍പക്കത്തെ ലോണ്‍ അടയ്ക്കാന്‍ പറ്റാത്ത സഹോദരനോട് ഏതു ഭാവം?…

ആ സമരായന്‍ relate ചെയ്യുന്നത് നോക്കൂ! കണ്ടു, മനസ്സലിഞ്ഞു, അടുത്തുചെന്നു, എണ്ണയും വീഞ്ഞും ഒഴിച്ച് മുറിവുകള്‍ വച്ചുകെട്ടി. എന്താണ് എണ്ണയും വീഞ്ഞും? അയാളുടെ first aid box ല്‍ ഉള്ളവയാണ്.  ഓര്‍ക്കണം! യാത്ര പകുതിയേ ആയിട്ടുള്ളൂ, യാത്രാ മദ്ധ്യേയാണയാള്‍. ഇനിയുള്ള യാത്രയിലും എന്തെങ്കിലും സംഭവിക്കാം. ചെയ്യുന്നത് മണ്ടത്തരമാണെന്ന് ലോകം പറയും. എങ്കിലും തന്റെ സുരക്ഷിതത്തിനുള്ളവപോലും അയാള്‍ പങ്കുവയ്ക്കുകയാണ്.

എന്നിട്ട് തന്റെ കഴുതയുടെ പുറത്ത് കയറ്റി. എന്താണ് കഴുതയുടെ പുറം? ഒരു സഞ്ചാരിയുടെ, യാത്രക്കാരന്റെ അവകാശമാണ് അയാളുടെ കഴുതയുടെ പുറം. ശരിയായ ബന്ധം എന്നുപറഞ്ഞാല്‍ ഇതാണ്: എന്റെ അവകാശവും കൂടി മറ്റുള്ളവരുമായി പങ്കുവയ്ക്കുക. ചുമ്മാ പൈസ കൊടുക്കുന്നതില്‍ മാത്രം, ഒന്ന് ചിരിച്ചു കാണിക്കുന്നതില്‍ മാത്രം ബന്ധങ്ങള്‍, ബന്ധങ്ങള്‍ ആകുകയില്ല. എന്റെ അവകാശത്തിലും കൂടി….! കൈയെത്താവുന്ന ദൂരത്തില്‍ കാല്‍വരി നില്‍ക്കുമ്പോള്‍ ഈശോ പറഞ്ഞില്ലേ? ഞാന്‍ നിങ്ങളെ ദാസന്മാരെന്നല്ലാ, സ്നേഹിതന്മാരെന്നാ വിളിച്ചത് (യോഹന്നാൻ 15, 15). അവിടുത്തെ അവകാശത്തില്‍ ഈശോ അവരെ പങ്കുകാരാക്കുകയാണ്.

ആ നല്ല ശമാരായന്‍ തന്റെ കഴുതയുടെ പുറത്ത് കയറ്റി അയാളെ ഒരു സത്രത്തില്‍ കൊണ്ട് ചെന്ന് പരിചരിച്ചു. സ്നേഹിതരെ, നമുക്കൊക്കെ ഏതെങ്കിലും ചുമലുകളെ താങ്ങി നിന്നേ പറ്റൂ. മനുഷ്യന്‍ ഏറ്റവും ബലഹീനമായ വര്‍ഗമാണ്. വേറൊരു ജീവിയും ഇത്രയും ബലഹീനമല്ല. നമുക്ക് പക്ഷിയെപ്പോലെ പറക്കാന്‍ കഴിയില്ല. ചീങ്കണ്ണിയെപ്പോലെ നീന്താന്‍, കുരങ്ങിനെപ്പോലെ മരം കയറാന്‍ നമുക്ക് കഴിയില്ല. കഴുകനെപ്പോലെയുള്ള കണ്ണ്, കാട്ട് പൂച്ചയെപ്പോലെയുള്ള പല്ല് നമുക്കില്ല. ഒരു ചെറിയ പ്രാണിക്ക് പോലും നമ്മെ കൊല്ലാം. മനുഷ്യന്‍ ഏറ്റവും ബലഹീനമായ വര്‍ഗമാണ്. ഇത്രയും ബലഹീനമായ നമുക്കുവേണ്ടി ദൈവത്തിന്റെ കരുതലാണ് ബന്ധങ്ങള്‍. നമുക്കൊക്കെ ഏതെങ്കിലും ചുമലുകളെ താങ്ങി നിന്നേ പറ്റൂ. ഒപ്പം, ചുമലുകളാകാനും നമുക്ക് കഴിയണം.

അയാള്‍ ആ മനുഷ്യനെ പരിചരിച്ചു. സത്രം എന്തിനാണ്? യാത്രക്കാരന് വിശ്രമിക്കാന്‍. അത് അവന്റെ ആവശ്യവും അവകാശവുമാണ്. അവനുമായുള്ള ബന്ധത്തില്‍ അയാള്‍ അതും മാറ്റിവയ്ക്കുകയാണ്. അയാള്‍ അവനെ പരിചരിച്ചു. ഒന്ന് ചിന്തിച്ചുനോക്കൂ. എന്തെങ്കിലും സാമ്യം, അയാളും ഞാനും തമ്മില്‍? അയാള്‍ ബന്ധങ്ങളെ പരിപാലിക്കുകയാണ്, പരിപോഷിപ്പിക്കുകയാണ്. ഞാനോ?

ശമരിയാക്കാരന്‍ രണ്ടു ദാനാറ സത്രം സൂക്ഷിപ്പുകാരന് കൊടുത്തിട്ട് അവന്റെ സംരക്ഷണം ഉറപ്പുവരുത്തുകയാണ്. ഇന്ന് നമ്മുടെ ഭാരതത്തിൽ, കേരളത്തില്‍ കർഷകരുടെ, യാത്രക്കാരുടെ, തൊഴിലില്ലാത്തവരുടെ കൊച്ചു കുഞ്ഞുങ്ങളുടെ പോലും സംരക്ഷണം ഉറപ്പുവരുത്തുവാന്‍ നമുക്കാകുന്നില്ല.

ഈയിടെ Whats App ൽ കണ്ട Short Film ഈ സന്ദേശത്തോടൊത്തു പോകുന്നതാണ്. അതിന്റെ കഥയിങ്ങനെയാണ്: Film തുടങ്ങുന്നത് ഒരു കുട്ടി എഴുന്നേറ്റ് നിന്ന് English text വിക്കി വിക്കി വായിക്കുന്നതിലൂടെയാണ്. ടീച്ചർ അവനെ ശകാരിക്കുമ്പോൾ കുട്ടികൾ പറയുന്നു: അയ്യോ മിസ്സെ അവൻ വിക്കനാ…പിന്നെ കൂട്ടച്ചിരിയും. ഇവനാണ് കഥാനായകൻ. അവൻ വിക്കനാണ്. ആ കളിയാക്കൽ അവനെ വല്ലാതെ വേദനിപ്പിച്ചു…സമൂഹം അവനെ പല തരത്തിൽ ഇങ്ങനെ വളർച്ചയുടെ ഓരോ കാലഘട്ടത്തിലും ആക്രമിച്ചിട്ടുണ്ടാകണം. അവൻ വഴിയിൽ, ജീവിതത്തിന്റെ വഴിയിൽ വീണുകിടക്കുകയാണ്. സ്വയം രക്ഷപ്പെടുവാൻ പരിശ്രമിക്കുന്നുണ്ട്. പലപ്പോഴും അനങ്ങാൻ കഴിയാതെ വിഷമിച്ചിട്ടുണ്ടാകണം. എന്തായാലും അടുത്ത ഷോട്ടിൽ വളർന്നു ചെറുപ്പക്കാരനായ അവൻ ഒരു Interview വിന് വന്നിരിക്കുകയാണ്. ധാരാളം candidates ഉണ്ട്. അവരെ കണ്ടപ്പോഴേ അവൻ തളർന്നു. Slow motion ൽ ആണ് ഈ രംഗങ്ങളെല്ലാം … അവന് നിലത്തുനിന്നും എഴുന്നേൽക്കാൻ പറ്റുന്നില്ല…വീണ്ടും വീണ്ടും ആക്രമിക്കപ്പെടുകയാണ്. കണ്ടുമുട്ടിയ ഒരു candidate അവനോട് പേര് ചോദിച്ചു. … അവന് പറയാൻ പറ്റുന്നില്ല. അത്രത്തോളം പരിഭ്രാന്തനും അശക്തനുമാണവൻ! അവസാനം, അവന്റെ പേര് വിളിച്ചു: “who is Sharan here?” അവൻ മുറിയിലേക്ക് ചെന്നു.   കസേരയിലിരുന്നു. ഒരു Madam അവന്റെ Certificates ചോദിച്ചു. പിന്നെ introduce ചെയ്യാൻ പറഞ്ഞു.  പേടി   കാരണം, അപകർഷതാബോധം കാരണം, അവന് എന്തെങ്കിലും പറയാൻ, ഒന്ന് പുഞ്ചിരിക്കാൻ, ഒന്ന് അനങ്ങാൻ … ഒന്നും അവന് പറ്റുന്നില്ല. അവൻ പരാജയത്തിന്റെ നിലത്തു വീണ് കിടക്കുകയാണ്.

കുറച്ചെന്തോ പറയാൻ ശ്രമിച്ചപ്പോഴേക്കും interview ചെയ്യാനിരുന്നവരിൽ നടുക്കിരുന്ന ആൾ അവനോടു വിക്കി വിക്കി പറയാൻ തുടങ്ങി: ”സ..സാരോല്യ …പേ.. പേ ടിക്കേണ്ട …പ്പ …പ… പറഞ്ഞോളൂ…” അവൻ കേട്ടത് ഒരു ശക്തിയായി അവനിലേക്കൊഴുകി. ആരോ തന്നെ താങ്ങി എഴുന്നേൽപ്പിക്കുന്നതുപോലെ .എഴുന്നേറ്റു നിൽക്കാൻ സഹായിക്കുന്നതുപോലെ…ആത്മവിശാസത്തിന്റെ, ആശ്വാസത്തിന്റെ ലേപനം തരുന്ന പോലെ…

അവൻ പറയാൻ തുടങ്ങി…അയാൾ പലപ്പോഴും സഹായിച്ചു…പുഞ്ചിരിയോടെ…ചെറിയ വാക്കുകളിലൂടെ… അവൻ സന്തോഷത്തോടെ വിജയകരമായി interview പൂർത്തിയാക്കി. പുറത്തിറങ്ങിയ ശരണിന്റെ ചിന്തകൾ ഇങ്ങനെയായിരുന്നു: “ആ interview കഴിഞ്ഞപ്പോൾ ജോലി കിട്ടുമോയെന്നതല്ലായിരുന്നു എന്റെ ചിന്ത. ലോകം കീഴടക്കിയ ഒരാളുടെ സന്തോഷമായിരുന്നു എന്റെ ഉള്ളിൽ.” അവൻ നേരെ ചെന്നത് തന്റെ പേര് ചോദിച്ച സുഹൃത്തിന്റെ അടുത്തേക്കായിരുന്നു. അദ്ദേഹത്തെ shake hand ചെയ്തിട്ട് സന്തോഷത്തോടെ അവൻ പറഞ്ഞു: “ഹായ്, എന്റെ പേര് ശരൺ…!”

ചിത്രം അവസാനിക്കുന്നത് ഇങ്ങനെയല്ല. ഇതിനൊരു tail end ഉണ്ട്. അല്പംകഴിഞ്ഞു interview വിനിരുന്ന Madam സാറിനോട് ചോദിക്കുകയാണ്: “ഒരു വിക്കനല്ലാത്ത: “സാറെന്തിനാണ് അയാളുടെ മുൻപിൽ വിക്കഭിനയിച്ചത്? സാറിന്റെ പ്രസന്നമായ മുഖം സ്‌ക്രീനിൽ … ഒപ്പം പല അർഥങ്ങൾ ഒളിപ്പിച്ചു വച്ച ഒരു ചിരിയും!

സ്നേഹമുള്ളവരേ, ജീവിതത്തിന്റെ വഴികളിൽ ആക്രമിക്കപ്പെട്ടു തളർന്നു വീഴുന്നവർ ഏറെയാണ്. നിങ്ങളും ഞാനും അതിലുണ്ട്. നമ്മുടെ മാതാപിതാക്കളും മക്കളും അതിലുണ്ട്.  സ്ത്രീകളും പുരുഷന്മാരും അതിലുണ്ട്. ആക്രമിക്കുന്നത് ലേബലൊട്ടിച്ച കള്ളന്മാരോ, തീവ്രവാദികളോ ആയിരിക്കണമെന്നില്ല. നമുക്കുണ്ടാകുന്ന ജീവിത പരാജയങ്ങൾ, നമ്മുടെ കുറവുകൾ, നമുക്ക് സംഭവിക്കുന്ന ചില ദുരന്തങ്ങൾ, ബന്ധങ്ങളിലെ വിള്ളലുകൾ, നമ്മിലെ തന്നെ അപകർഷതാബോധം നിറഞ്ഞ മനസ്സ്, നാം മറ്റുള്ളവരോടും, മറ്റുള്ളവർ നമ്മോടും പറയുന്ന കാര്യങ്ങൾ…സാമ്പത്തിക തകർച്ചകൾ … മഹാമാരികൾ, രോഗങ്ങൾ, അങ്ങനെയങ്ങനെ അക്രമികൾ ധാരാളമാണ് നമുക്ക് ചുറ്റും. വിജനമായ വഴികൾ മാത്രമായിരിക്കണമെന്നില്ല ആക്രമിക്കപ്പെടുന്ന സ്ഥലങ്ങൾ. അതെവിടെയുമാകാം, സ്കൂൾ, നമ്മുടെ വീട്, കളിസ്ഥലങ്ങൾ നമ്മുടെ ഇടവക ദേവാലയം, സുഹൃദ്‌വലയങ്ങൾ, പൊതുസ്ഥലങ്ങൾ, സർക്കാർ ഓഫീസുകൾ…അങ്ങനെ ധാരാളം ഇടങ്ങളുണ്ട് നാം ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതായി. ശാരീരികമായി മാത്രമല്ല ഈ ആക്രമണങ്ങൾ എന്നും അറിഞ്ഞിരിക്കുക. ശാരീരികമായും, മാനസികമായും, വൈകാരികമായും, ആധ്യാത്മികമായും ഒക്കെ ആക്രമണങ്ങൾ നമ്മെത്തേടിയെത്തും.

ഈ ലോകത്തു എവിടെയെല്ലാം ദൈവമക്കൾ ആക്രമിക്കപ്പെടുന്നുണ്ടോ, അവിടെയെല്ലാം നല്ല സമരിയാക്കാരിയാകാനുള്ള, നല്ല സമരിയാക്കാരനാകാനുള്ള വിളിയാണ് ഓരോ ക്രൈസ്തവനും ഉള്ളത്.   കഥയിലെ മറുവശത്തുകൂടി കടന്നുപോകുന്ന പുരോഹിതനാകാനുള്ള വിളിയല്ല ക്രൈസ്തവനുള്ളത്; കണ്ടെങ്കിലും അവഗണിച്ചു കടന്നുപോകുന്ന ലെവായനാകാനുമുള്ള വിളിയല്ല ക്രൈസ്തവനുള്ളത്. പിന്നെയോ, മനസ്സലിഞ്ഞു, അടുത്തുചെന്ന്, എണ്ണയും വീഞ്ഞുമൊഴിച്ചു, മുറിവുകൾ വച്ചുകെട്ടി, സ്വന്തം കഴുതപ്പുറത്തിരുത്തി സത്രത്തിൽ കൊണ്ട് പോയി പരിചരിക്കുന്ന നല്ല സമരിയാക്കാരിയാകാനുള്ള, നല്ല സമരിയാക്കാരനാകുള്ള, നല്ല അയൽക്കാരനാകാനുള്ള, നല്ല അയൽക്കാരിയാകാനുള്ള വിളിയാണ് ഓരോ ക്രൈസ്തവന്റെയും ജീവിതം. മറ്റുള്ളവരുടെ ജീവിതാവസ്ഥയോളം താഴ്ന്നു ചെന്ന്, അവരെ ആശ്വസിപ്പിച്ചു അവരുടെ ജീവിത സന്തോഷം തിരികെക്കൊടുക്കുന്ന നല്ല സമരാക്കാരനാകുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് പ്രിയപ്പെട്ടവരേ. വീണുപോയവനെ ഒന്നുകൂടി കാലുയർത്തി തൊഴിക്കുവാനുള്ള വിളിയല്ലാ, വീണുകിടക്കുന്നവരെ പിടിച്ചെഴുന്നേൽപ്പിക്കുവാനുള്ള വിളിയാണ് നമ്മുടേത്. അവളുടെ, അവന്റെ ജീവിതം സന്തോഷംകൊണ്ട് നിറയ്ക്കുവാനുള്ള വിളിയാണ് നമുക്കുള്ളത്.    

വെറുതെ അയല്‍ക്കാരനാരാണെന്ന് പറയാനല്ലാ ഈശോ ഈ ഉപമ പറഞ്ഞത്. മനുഷ്യ ബന്ധങ്ങളുടെ പരിപാലന എങ്ങനെയെന്നു നമ്മെ പഠിപ്പിക്കാനാണ്. അത് മനുഷ്യരോട് മാത്രമല്ലാ, പ്രകൃതിയുമായുള്ള ബന്ധത്തിലും അങ്ങനെതന്നെ.

ഓര്‍ക്കുക, തിരുത്തുന്നതിനെക്കാള്‍, സ്വീകരിക്കാനാണ്‌ ഒരാള്‍ ബന്ധങ്ങളില്‍ അഭ്യസിക്കേണ്ടത്. കളയും വിളയും വേര്‍തിരിക്കാനല്ലാ, രണ്ടും കൂടുന്ന ഭൂമി സ്വീകരിക്കുകയാണ് വേണ്ടത്. ശമരിയാക്കാരന്‍ ഒരിക്കലും ആ മനുഷ്യനെ കുറ്റപ്പെടുത്തുന്നില്ല. അയാളെ സ്വീകരിക്കുകയാണ്, ജറീക്കൊയിലെയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത അയാളുടെ മണ്ടത്തരത്തോടുകൂടി! ബ്നധങ്ങളുടെ ശ്രേഷ്ഠതയാണ് ഈശോ നമ്മെ കാണിച്ചുതരുന്നത്. ഈ ശ്രേഷ്ഠതയിലേക്ക് വളരാന്‍ സാധിച്ചാല്‍ നാമാരെയും നഷ്ടപ്പെടുത്തുകയില്ല!

സ്നേഹമുള്ളവരെ, വീണ്ടും വായിച്ചുനോക്കൂ…. ഈ ഉപമ പൂര്‍ണമല്ല. ആരാണ് പൂര്‍ണമാക്കേണ്ടത്‌? വായനക്കാരും, കേള്‍വിക്കാരും. എപ്പോഴാണ് ഈ ഉപമ പൂര്‍ണമാകുക? ശമരിയാക്കാരന്‍ തിരിച്ചുവരണം…….ശമരിയാക്കാരന്‍ തിരിച്ചുവരണം. എങ്ങനെ? എന്നിലൂടെ, നിങ്ങളിലൂടെ ഈ ശമരിയാക്കാരന്‍ തിരിച്ചുവരണം. എങ്കിലേ, ഈ കഥ പൂര്‍ണമാകൂ.

ഇനിയുള്ള നമ്മുടെ ജീവിതം സ്നേഹിതരേ, ഈ കഥ പൂര്‍ണമാക്കാന്‍ ആകട്ടെ. നമ്മുടെ കുടുംബ, സാഹോദര്യ സുഹൃത് അയല്‍വക്ക ബന്ധങ്ങള്‍ ദൈവത്തിന്റെ നമ്മോടുള്ള കരുതലും സ്നേഹവുമാണ്. ശമരിയാക്കാരനെപ്പോലെ ബന്ധങ്ങളെ പരിപാലിക്കാന്‍,

പരിപോഷിപ്പിക്കാന്‍ ഈ ഉപമ നമുക്ക് പ്രചോദനമാകട്ടെ. അപ്പോള്‍ നമ്മുടെ ബന്ധങ്ങള്‍ ദൈവത്തിന്റെ കൃപകള്‍കൊണ്ട് നിറയും. ഈ ഭൂമി പറുദീസായാകും. ആമേൻ!

SUNDAY SERMON FEAST HOLY TRINITY 2025

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ 2025

ലോകത്തെ, ഇന്ത്യയെ ദുഃഖത്തിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ ഞെട്ടലിലാണ് നാമെല്ലാവരും. ഒരു ദുരന്തം ജീവിതത്തിലെ നടന്നുകയറാൻ നിമിഷങ്ങളുടെ ഇടവേള പോലും വേണ്ടായെന്ന് മനസ്സിലാക്കുമ്പോൾ നമ്മുടെ നെഞ്ചും പിടയുകയാണ്. പറന്നുയർന്ന, ഒരു തീഗോളമായി തകർന്നുവീണ വിമാനത്തിലില്ലാവരുടെ ജീവിതത്തിലേക്കും മരണം കടന്നുവന്നത് ഒരു മുന്നറിയിപ്പും ഇല്ലാതെയാണ്. ഇത്തരം വിചാരങ്ങളോടെ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിൽ ബലിയർപ്പിക്കുമ്പോൾ, നാമറിയാതെ തന്നെ ദൈവമേ എന്ന് വിളിച്ചുപോകുകയാണ്. ആ വിളിയുടെ അവസാനം ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ എന്ന് പ്രാർത്ഥിക്കുമ്പോൾ, പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ നൽകുന്ന സന്ദേശം ആശ്വാസകരമാണ്. പരിശുദ്ധ ത്രിത്വം നമ്മോട് പറയുന്നത്, ദുരന്തങ്ങളിലും, സന്തോഷങ്ങളിലും, നല്ല സമയത്തും, കെട്ട  സമയത്തും ഡൈക ഐക്യത്തിൽ ജീവിക്കാനാണ്. മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട്, അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും പങ്കുകൊണ്ടുകൊണ്ട്, പരസ്പരം ക്ഷമിച്ചുകൊണ്ട് ഒരുമിച്ച് ജീവിക്കാം എന്നാണ്.

ശ്ളീഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയായ ഇന്ന് മനുഷ്യമനസ്സിന് അഗ്രാഹ്യമായ വലിയൊരു ദൈവിക രഹസ്യമായ പരിശുദ്ധ ത്രിത്വത്തിന്റെ, ഇന്നുവരെ വെളിപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്ലിഷ്ടമായ ഒരു വിശ്വാസ രഹസ്യമായ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ, ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട്, പിതാവിന്റെയും, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നേഹത്തോടെ, ഐക്യത്തോടെ, സഹോദര്യത്തോടെ ജീവിക്കുക എന്ന സന്ദേശം സ്വീകരിച്ചുകൊണ്ട് പരിശുദ്ധ ത്രിത്വത്തെ മനസ്സിലാക്കുവാൻ ശ്രമിക്കാം. 

ബൈബിളിൽ ത്രിത്വം എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന ആശയം വളരെ ശക്തമായി പുതിയനിയമത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. തന്റെ സ്വർഗാരോഹണത്തിന് മുൻപ് ഗലീലിയിലെ മലയിൽ വച്ച് ഈശോ ശിഷ്യർക്ക് പ്രേഷിതദൗത്യം നൽകുമ്പോൾ പറഞ്ഞത്, നിങ്ങൾപോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്ക് സ്നാനം നൽകുവിൻ (മത്താ 28, 19) എന്നാണ്. അതിനുശേഷം വിശുദ്ധ പൗലോശ്ലീഹായും വളരെ വ്യക്തമായി പറയുന്നത് ഇങ്ങനെയാണ്: കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ“. (2 കോറി 13, 13) ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ ത്രിത്വമെന്ന സങ്കൽപം വികാസം പ്രാപിച്ചിരുന്നില്ല. എന്നാൽ, ത്രിത്വം എന്ന ആശയത്തിന് രൂപം വരുന്നത് യഹൂദരുടെ ഷേമ ഇസ്രായേൽ (Shema Yisrael) എന്ന പ്രാർത്ഥനയിൽ ദൈവത്തെക്കുറിച്ചു പറഞ്ഞിരിക്കുന്ന “നമ്മുടെ ദൈവമായ കർത്താവ് ഒരേ കർത്താവാണ്” (നിയമ 6, 4) എന്ന പ്രാർത്ഥനയിൽ നിന്നാണ്. ഈ പാർത്ഥനയുടെ വികസിതരൂപമായിട്ടാണ് ദൈവം ഒന്നേയുള്ളു. എന്നാൽ ദൈവത്തിനു മൂന്നാളുകളുണ്ട് എന്ന വിശ്വാസ പ്രമാണത്തിലേക്ക് തിരുസ്സഭ കടന്നുവരുന്നത്. ആഫ്രിക്കയിലെ കർത്തേജിൽ (Crthage) നിന്നുള്ള ക്രൈസ്തവ പണ്ഡിതനായ തെർത്തുല്യൻ (Tertulian) എ.ഡി.150 ൽ ഈ പദം ഉപയോഗിച്ചതോടെയാണ് ക്രിസ്തുമതത്തിൽ ത്രിത്വം (Trinity) എന്ന പദം ചിരപ്രതിഷ്ട നേടിയത്. 

പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്ന് ദൈവിക വ്യക്തിത്വങ്ങളുടെ കൂട്ടായ്മ എന്ന അർത്ഥത്തിലാണ് കത്തോലിക്കാ തിരുസ്സഭ ത്രിത്വം (Trinity) എന്ന പദം ഇന്ന് ഉപയോഗിക്കുന്നത്.

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ വർഷത്തിലൊരിക്കൽ നാം ആഘോഷിക്കുന്നത് നമ്മുടെ വിശ്വാസത്തിലെ പരമ പ്രധാനമായ ഒരു രഹസ്യത്തെപ്പറ്റി ഓർക്കാനും മനസ്സിലാക്കാനുമായിട്ടാണ്. ഇന്നുവരെ ആർക്കും തന്നെ പൂർണമായി പിടികൊടുക്കാതെ ഒഴിഞ്ഞുമാറുന്ന വലിയ രഹസ്യമാണ് പരിശുദ്ധ ത്രിത്വമെങ്കിലും, നമ്മുടെ വിശ്വാസ ജീവിതത്തിൽ വളരെ അടുത്തുനിൽക്കുന്ന യാഥാർഥ്യമാണിത്. ഒന്നോർത്താൽ രാവിലെ എഴുന്നേൽക്കുന്നതുമുതൽ രാത്രി ഉറങ്ങാൻപോകുമ്പോഴും പരിശുദ്ധ ത്രിത്വത്തിന്റെ സ്മരണയിലാണ് നാം ജീവിക്കുന്നത്. രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ നമ്മുടെ ആദ്യത്തെ പ്രവൃത്തി എന്താണ്? കുരിശുവരച്ച്, പിതാവിനും പുത്രനും പരിശുധാത്മാവിനും നമ്മെ തന്നെ സമർപ്പിച്ച്, നമ്മെത്തന്നെ വിശുദ്ധീകരിച്ചുകൊണ്ടല്ലേ നാം ഓരോ ദിനവും തുടങ്ങുന്നത്? അതിനുശേഷം നാം ചെയ്യുന്ന ഓരോ പ്രവർത്തിക്ക് മുൻപും നാം ഒന്ന് കുരിശുവരച്ച് ത്രിത്വദൈവത്തെ ഓർത്തിട്ടല്ലേ ഓരോന്നും ചെയ്യുന്നത്? പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ എന്ന് പറഞ്ഞു നെറ്റിയിൽ കുറിച്ചുവരച്ചുകൊണ്ടല്ലേ നാം മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത്?

ചെറുപ്പത്തിലേ അമ്മച്ചി എന്നെ പഠിപ്പിച്ച വലിയൊരു ഭക്തകൃത്യമായിരുന്നു, ഉറങ്ങുന്നതിനുമുന്പ് പായയുടെ നാല് corners ലും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ എന്ന് പറഞ്ഞു കുരിശുവരയ്ക്കുക എന്നത്. ഇന്നും ഞാനത് ചെയ്യുന്നുണ്ട്.  പരിശുദ്ധ ത്രിത്വത്തിന്റെ സംരക്ഷണത്തിലാണ് ഞാൻ ഉറങ്ങുന്നത് എന്ന ബോധ്യം ശാന്തമായി ഉറങ്ങുവാൻ എന്നെ സഹായിച്ചു. ഓരോ ഭക്ഷണത്തിനു മുൻപും പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലുള്ള ആശീർവാദത്തോടെയാണ് നാം ഭക്ഷിക്കാൻ തുടങ്ങുന്നത്. വിവാഹിതരാകുന്ന നവദമ്പതികളെ പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ കുരിശുവരച്ചിട്ടല്ലേ നാം വീട്ടിലേക്ക് പ്രവേശിപ്പിക്കുന്നത്? ചുരുക്കിപ്പറഞ്ഞാൽ, ത്രിത്വത്തെക്കുറിച്ചു ആഴത്തിലൊന്നും അറിയില്ലെങ്കിലും, നമ്മുടെ ക്രൈസ്തവജീവിതം, പരിശുദ്ധ ത്രിത്വത്തിലാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്.

കക്കാകൊണ്ട് സമുദ്രജലം വറ്റിക്കാൻ ശ്രമിക്കുന്നതിലും ശ്രമകരമാണ്, സങ്കീർണമാണ് പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു മനസ്സിലാക്കാനെന്ന് വിശുദ്ധ അഗസ്തീനോസിനോട് പറയുന്ന കുട്ടിയുടെ കഥ കേൾക്കുമ്പോൾ (The Golden Legend) നാമും തലകുലുക്കും. ശരിയാണ്, ഇത് വലിയൊരു രഹസ്യം തന്നെയാണ് എന്ന് സമ്മതിക്കും. എങ്കിലും പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു നമുക്കറിയാവുന്നവ ശരിയായി മനസ്സിലാക്കുന്നത് നമ്മുടെ വിശ്വാസജീവിതത്തെ ശക്തിപ്പെടുത്തുകതന്നെ ചെയ്യും.

ഒന്നാമതായി, രക്ഷാകര ചരിത്രം പരിശുദ്ധ ത്രിത്വത്തിന്റെ ചരിത്രമാണ്. ഉത്പത്തി 1, 1-2: ദൈവമായ കർത്താവ് (പിതാവായ ദൈവം) ആദിയിൽ തന്റെ വചനത്താൽ (പുത്രനായ ദൈവം) സൃഷ്ടികർമം നടത്തുമ്പോൾ ദൈവത്തിന്റെ ചൈതന്യം (പരിശുദ്ധാത്മാവായ ദൈവം) വെള്ളത്തിനുമുകളിൽ ചലിച്ചുകൊണ്ടിരുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യമാണ് നാമിവിടെ കാണുന്നത്. “നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം” (ഉത്പ 1, 26) എന്ന് പറയുമ്പോൾ, നമുക്ക് എന്നതുകൊണ്ട് വിവക്ഷിക്കുന്നത് പരിശുദ്ധ ത്രിത്വത്തിലെ ആന്തരിക സംഭാഷണമാണ്.

മമ്രേയുടെ ഓക്കുമരത്തോപ്പിന് സമീപം ദൈവം അബ്രാഹത്തിന് പ്രത്യക്ഷനാകുന്നത് മൂന്നാളുകളായിട്ടാണ്. ബൈബിൾ പണ്ഡിതന്മാർ അബ്രാഹത്തെ സന്ദർശിക്കുന്ന ഈ മൂന്ന് വ്യക്തിത്വങ്ങളെ പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യമായിട്ടാണ് വ്യാഖ്യാനിക്കുന്നത്. (ഉത്പ 18, 1-15) ചുട്ടെടുത്ത ഇഷ്ടിക ഉപയോഗിച്ച് ബാബേൽഗോപുരം പണിതുയർത്തുമ്പോൾ അതോടൊപ്പം മനുഷ്യന്റെ അഹങ്കാരവും ഉയരുന്നതുകണ്ട ദൈവം പറയുന്നത് ഇങ്ങനെയാണ്:”നമുക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഭാഷ പരസ്പരം ഗ്രഹിക്കാനാകാത്തവിധം ഭിന്നിപ്പിക്കാം.” (ഉത്പ 11, 7) ഇവിടെയും നമുക്ക് എന്ന് പറഞ്ഞുകൊണ്ടുള്ള സംഭാഷണം പരിശുദ്ധ ത്രിത്വത്തിലെ ആന്തരിക സംഭാഷണമാണ്. ഇവിടുന്നങ്ങോട്ട് പുതിയനിയമത്തിലെത്തിയാൽ, പരിശുദ്ധ കന്യകാമറിയത്തിന്റെ മംഗളവാർത്തയിൽ നാം പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യം കാണുന്നുണ്ട്. പിതാവായ ദൈവത്തിന്റെ ദൂതനാണ് മറിയത്തിനോട് സംസാരിക്കുന്നത്. പരിശുദ്ധാത്മാവിനാൽ ആണ് മറിയം ഗർഭവതിയാകുന്നത്. അവളുടെ ഉദരത്തിൽ രൂപപ്പെടുന്നതാകട്ടെ പുത്രനായ ദൈവവും. ഈശോയുടെ മാമ്മോദീസാ വേളയിലും ത്രിത്വത്തിന്റെ സാന്നിധ്യം നാം കാണുന്നുണ്ട്. “സ്നാനം കഴിഞ്ഞപ്പോൾ യേശു (പുത്രനായ ദൈവം) വെള്ളത്തിൽനിന്ന് കയറി…ദൈവാത്മാവ് (ആത്മാവായ ദൈവം) പ്രാവിന്റെ രൂപത്തിൽ തന്റെമേൽ ഇറങ്ങിവരുന്നത് അവൻ കണ്ടു. ഇവൻ എന്റെ പ്രിയപുത്രൻ …ഒരു സ്വരം സ്വർഗത്തിൽ നിന്ന് കേട്ടു” (പിതാവിന്റെ സ്വരം). (മത്താ 3, 16-17) വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ 15 മുതൽ 17 വരെയുള്ള അധ്യായങ്ങളിൽ ത്രിത്വത്തിന്റെ സാന്നിധ്യം കാണാം. പുത്രനായ ദൈവം പിതാവിനെക്കുറിച്ചും, പരിശുധാത്മാവിനെക്കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നുണ്ട്. ഇത്രയും ബൈബിൾ ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് മനസ്സിലാകും, രക്ഷാകര ചരിത്രം പരിശുദ്ധാത്മാവിന്റെ ചരിത്രമാണ്, പ്രവർത്തനമാണ് എന്ന്.

രണ്ടാമതായി, പരിശുദ്ധ ത്രിത്വത്തിലെ കൂട്ടായ്മ നമുക്കെന്നും മാതൃകയാണ്. ഈ ഭൂമിയിലെ ഓരോ കൂട്ടായ്മയും ത്രിത്വനുഭവമാണ്. നമ്മുടെ കുടുംബങ്ങളും, ഇടവകകളും, രാജ്യവും എല്ലാം ത്രിത്വയ്ക കൂട്ടായ്മയുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ്. നമ്മുടെ ക്രൈസ്തവ കുടുംബങ്ങളുടെ ഏറ്റവും നല്ല മാതൃക പരിശുദ്ധ ത്രിത്വമായിരിക്കണം, ത്രിത്വത്തിലെ കൂട്ടായ്മയായിരിക്കണം. കൂട്ടായ്മയുടെ അരൂപി നഷ്ടപ്പെടുമ്പോൾ നമ്മുടെ കുടുംബങ്ങൾ തകർച്ചയിലേക്ക് നീങ്ങും. കൂട്ടായ്മയുടെ അർഥം മറക്കുന്ന മാതാപിതാക്കന്മാരും, കൂട്ടായ്മ ഒരു ബാധ്യതയായിക്കാണുന്ന മക്കളും കുടുംബങ്ങളുടെ തകർച്ചക്ക് ഒരുപോലെ ഉത്തരവാദികളാണ്. ഏകാധിപത്യ പ്രവണത കാണിക്കുന്ന അധികാരികളും, തോന്നലുകൾക്ക് അനുസരിച്ചു മാത്രം പ്രവർത്തിക്കുന്ന ജനങ്ങളും സമൂഹത്തിന്റെ, രാജ്യത്തിന്റെ ഇടവകയുടെ തകർച്ചക്ക് ഉത്തരവാദികളാണ്. ഈ ലോകത്തിൽ എവിടെയെങ്കിലും നിഷ്കളങ്ക രക്തം വീണ് മണ്ണ് നനയുന്നുണ്ടെങ്കിൽ, നിഷ്കളങ്കരുടെ കണ്ണീരുവീണ് തലയിണ നനയുന്നുണ്ടെങ്കിൽ,  ലോകത്തിന്റെ ഏതെങ്കിലും കോണിൽനിന്ന്  പാവപ്പെട്ട മനുഷ്യർ പലായനം ചെയ്യാൻ വിധിക്കപ്പെടുന്നുണ്ടെങ്കിൽ, മണിപ്പൂരിലെപ്പോലെ ക്രൈസ്തവരും, ക്രൈസ്തവദേവാലയങ്ങളും അഗ്നിക്കിരയാകുന്നുണ്ടെങ്കിൽ, രാജ്യം വർഗീയതയുടെ പേരിൽ വിഭജിക്കപ്പെടുന്നുണ്ടെങ്കിൽ, യുദ്ധക്കൊതിയന്മാരായ നേതാക്കന്മാരുടെ സ്വാർത്ഥയാൽ നിഷ്കളങ്കരായ മനുഷ്യർ കഷ്ടപ്പെടുന്നുണ്ടെങ്കിൽ, വിശ്വാസങ്ങളുടെ പേരിൽ, കുർബാനയുടെ പേരിൽ, സമ്പത്തിന്റെ പേരിൽ ക്രൈസ്തവർ ഐക്യമില്ലാതെ ജീവിക്കുന്നുണ്ടെങ്കിൽ,   അതിന്റെയൊക്കെ കാരണം പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്‌മ യുടെ അനുഭവം ഇല്ലാത്തതാണ്.  വളരെ മനോഹരമായൊരു ഐക്യത്തിന്റെ പതീകം ക്രൈസ്തവ വിശ്വാസത്തിൽ പൂത്തുലഞ്ഞ് നിൽക്കുന്നുണ്ടെങ്കിലും ക്രൈസ്തവർ അത് കാണുന്നില്ലല്ലോ എന്നത് സ്വർഗ്ഗത്തിന്റെ സങ്കടമാണ്!!!

മൂന്നാമതായി, നാം അനുദിനം അർപ്പിക്കുന്ന വിശുദ്ധ കുർബാന പരിശുദ്ധ ത്രിത്വത്തിന്റെ സ്തുതിപ്പാണ്, സ്തുതിപ്പിന്റെ ആഘോഷമാണ്. വൈദികൻ ചൊല്ലുന്ന ഓരോ പ്രാർത്ഥനയ്ക്കും ശേഷം പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി അർപ്പിച്ചുകൊണ്ടാണ് പ്രാർത്ഥന അവസാനിപ്പിക്കുന്നത്. നമ്മുടെ സാധാരണ കുർബാനയിൽ ഇരുപത് പ്രാവശ്യത്തിൽ കൂടുതൽ പരിശുദ്ധ ത്രിത്വത്തെ സ്മരിക്കുന്നുണ്ട്. വൈദികൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന പ്രാർത്ഥന ഉൾപ്പെടുത്താതെ തന്നെ നമ്മുടെ കുർബാന പരിശുദ്ധ ത്രിത്വത്തിനുള്ള ഒരു സ്തുതിപ്പാണ്. വിശുദ്ധ പൗലോശ്ലീഹായുടെ നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും …എന്ന ആശീർവാദപ്രാർത്ഥന രണ്ടു പ്രാവശ്യം നമ്മുടെ കുർബാനയിൽ ചൊല്ലുന്നുണ്ട്. ശുശ്രൂഷി ചൊല്ലുന്ന കാറോസൂസാ പ്രാർത്ഥനയുടെ അവസാനം ശുശ്രൂഷി വിശുദ്ധ കുർബാന അർപ്പിക്കുന്ന എല്ലാവർക്കുംവേണ്ടി ഒരു ആഹ്വാനം നടത്തുന്നുണ്ട്. നിങ്ങൾ എത്രപേർ അത് ശ്രദ്ധിച്ചിട്ടുണ്ടെന്ന്, ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്കറിയില്ല. ശുശ്രൂഷി പറയുന്നത് ഇങ്ങനെയാണ്: “നമുക്കെല്ലാവർക്കും നമ്മെയും നാമോരോരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം.” അതായത്, നമ്മുടെ എല്ലാ യാചനകളും, നമ്മെയും, നാമുമായി ചേർന്ന് നിൽക്കുന്ന എല്ലാവരെയും, നമ്മുടെ കുടുംബങ്ങളിൽ, അകലങ്ങളിൽ കഴിയുന്ന എല്ലാവരെയും, പരിശുദ്ധ ത്രിത്വത്തിന് സമർപ്പിക്കണമെന്നാണ് ശുശ്രൂഷി ഉറക്കെ പറയുന്നത്. അതിന്റെ പ്രതിവചനമെന്താണ്? “ഞങ്ങളുടെ ദൈവമായ കർത്താവേ, അങ്ങേയ്ക്ക് ഞങ്ങൾ സമർപ്പിക്കുന്നു.” എത്ര മനോഹരമായ പ്രാർത്ഥനയാണിത്! പക്ഷെ ശരാശരി ക്രൈസ്തവൻ ഈ സമയം തെക്കോട്ടും വടക്കോട്ടും നോക്കി നിൽക്കും!! എത്രപേർ ബോധ്യത്തോടെ ഈ പ്രാർത്ഥന ചൊല്ലുന്നുണ്ടെന്ന് ഓർത്തു നോക്കുന്നത് നല്ലതാണ്. കൂടാതെ സമാപന ആശീർവാദപ്രാർത്ഥനയിലും മിക്കവാറും നാം ഈ ത്രിത്വ പ്രാർത്ഥന ചൊല്ലുന്നുണ്ട്. നമ്മുടെ ക്രൈസ്തവ വിശ്വാസത്തിൽ പരിശുദ്ധ ത്രിത്വത്തിനുള്ള പ്രാധാന്യമാണ് ഇതിൽ നിന്നെല്ലാം വെളിവാകുന്നത്. 

സ്നേഹമുള്ളവരേ, പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുന്ന ഈ ഞായറാഴ്ച്ച പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു ധ്യാനിക്കാനും, ത്രിത്വത്തിന്റെ സംരക്ഷണം പ്രാർത്ഥിക്കാനും നമുക്കാകണം. ഏകാധിപത്യ പ്രവണതകൾ വർധിച്ചുവരുന്ന ഇക്കാലത്തു പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്മയുടെ മാതൃക ലോകത്തിന് നൽകാൻ നാം ശ്രമിക്കേണ്ടതുണ്ട്. അതിനായി, നമ്മുടെ ജീവിതങ്ങൾ, പ്രവർത്തനങ്ങൾ, കുടുംബങ്ങൾ, ഇടവകകൾ ത്രിത്വത്തിന്റെ കൂട്ടായ്മയുടെ നേർസാക്ഷ്യങ്ങളായി മാറണം. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഓരോ ദിവസം ആരംഭിക്കാനും, അവസാനിപ്പിക്കാനും നമുക്കാകട്ടെ. പുതിയ അദ്ധ്യയന വർഷത്തിന്റെ ആരംഭം പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ നിങ്ങൾ തുടങ്ങിയെന്ന് കരുതട്ടെ. നമ്മുടെ മക്കൾ സ്കൂളിൽ പോകുന്നതിന് മുൻപ് തിരുഹൃദയരൂപത്തിനുമുൻപിൽ നിന്ന് കുരിശു വരച്ച് തങ്ങളെത്തന്നെ പരിശുദ്ധ ത്രിത്വത്തിന് സമർപ്പിച്ച് വീട്ടിൽ നിന്ന് പോകുവാൻ സാധിക്കട്ടെ. പഠിക്കുന്നതിന് മുൻപ് പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ കുരിശുവരച്ചു നമ്മെയും, നമ്മുടെ പുസ്തകങ്ങളെയും പരിശുദ്ധ ത്രിത്വത്തിന്റെ സംരക്ഷണയിൽ ആക്കുക. എന്നും ഇപ്പോഴും, പ്രത്യേകിച്ച്, ഇന്ന് മുഴുവനും പരിശുദ്ധ ത്രിത്വമേ, എന്റെ ഭാഗ്യമേ എന്ന സുകൃതജപം ചൊല്ലി പ്രാർത്ഥിക്കുക. 

നമുക്ക് പ്രാർത്ഥിക്കാം: പരിശുദ്ധ ത്രിത്വമേ, ദുരന്തങ്ങളിൽ നിന്ന്, തീവ്രവാദ ആക്രമണങ്ങളിൽനിന്നും , വർഗീയരാഷ്ട്രീയത്തിൽ നിന്നും ലോകത്തെ സംരക്ഷിക്കണമേ. പരിശുദ്ധ ത്രിത്വമേ, ഞങ്ങളെയും, ഞങ്ങളുടെ കുടുംബങ്ങളെയും, ത്രിത്വയ്ക കൂട്ടായ്മയിൽ ഒരുമിച്ച് നിർത്താൻ കനിവുണ്ടാകമേ.

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവർക്കായി പ്രാർത്ഥിച്ചുകൊണ്ട്, അവരുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിച്ചുകൊണ്ട്, പരിശുദ്ധ ത്രിത്വത്തെപ്പോലെ, ഇപ്പോഴും ഒരുമിച്ചുനിന്നുകൊണ്ട് ജീവിതത്തെ നേരിടുവാൻ പഠിപ്പിക്കണമേയെന്ന് പ്രാർത്ഥിച്ചുകൊണ്ട് നമുക്ക് വിശുദ്ധ കുർബാന ഒരുമിച്ച് അർപ്പിക്കാം.

പരിശുദ്ധ ത്രിത്വമേ, ഞങ്ങളെ ഓരോരുത്തരെയും ത്രിത്വത്തിന്റെ സംരക്ഷണയിൽ സമർപ്പിക്കുന്നു. പരിശുദ്ധ ത്രിത്വമേ,എന്റെ ഭാഗ്യമേ! ആമേൻ!

SUNDAY SERMON

പെന്തെക്കുസ്തത്തിരുനാൾ 2025

ക്രിസ്തു ലോകത്തിലേക്ക് വന്നത് പരിശുദ്ധാത്മാവിനെ നൽകാൻ!

ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാം ഇന്ന് പെന്തെക്കുസ്താത്തിരുനാൾ ആഘോഷിക്കുകയാണ്. എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ നേരുന്നു!

ഒരു കാത്തിരിപ്പിന്റെ ഫലസമാപ്തിയാണ് പെന്തെക്കുസ്താത്തിരുനാൾ. ക്രിസ്തുവിന്റെ ഉത്ഥാനത്തിനുശേഷം ‘ശിഷ്യന്മാർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റുസ്ത്രീകളോടും, അവന്റെ സഹോദരരോടൊപ്പം പ്രാർത്ഥനയിൽ’ (അപ്പ 1, 14)   വലിയൊരു കാത്തിരിപ്പിലായിരുന്നു. ശിഷ്യന്മാർക്ക് ഉറപ്പായിരുന്നു, ഈ കാത്തിരിപ്പ് വെറുതെയാകില്ലായെന്ന്. കാരണം, അവർ ക്രിസ്തുവിൽ, അവിടുത്തെ വാഗ്ദാനത്തിൽ ഉറച്ചു വിശ്വസിച്ചിരുന്നു. അവിടുത്തെ പ്രത്യക്ഷീകരണവേളയിൽ ശിഷ്യരുടെമേൽ നിശ്വസിച്ചുകൊണ്ട്, “പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ” (20,22) എന്ന് ഈശോ പറഞ്ഞത് അവരുടെ ഓർമയിലുണ്ട്. എന്നാൽ, തങ്ങൾക്ക് ഈശോ നൽകിയ പരിശുദ്ധാത്മാവ് തങ്ങളിൽ എപ്പോൾ പ്രവർത്തിക്കുമെന്നോ, എങ്ങനെ പ്രവർത്തിക്കുമെന്നോ, അങ്ങനെ പ്രവർത്തിക്കുന്ന വേളയിൽ എന്തൊക്കെയാണ് സംഭവിക്കുകയെന്നോ അവർക്ക് അറിയില്ലായിരുന്നു. അവിടുന്ന് വളരെ വ്യക്തമായി അവരോട് പറഞ്ഞിരുന്നു: “എന്നിൽ നിന്ന് നിങ്ങൾകേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിൻ” (അപ്പ 1, 5) എന്ന്. ഞാൻ നിങ്ങൾക്ക് നൽകിയ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിനായി കാത്തിരിക്കുവിൻ എന്ന്. അവർ പ്രാർത്ഥനയോടെ കാത്തിരുന്നു എന്നത് അവരുടെ വിശ്വാസത്തെയാണ്, പ്രതീക്ഷയെയാണ് കാണിക്കുന്നത്. ലൂക്കാ 24, 53)

ലോകചരിത്രത്തെ മാറ്റിമറിച്ച, ക്രൈസ്തവർ എന്ന പുതിയൊരു സമൂഹം ജനിച്ചുവീണ ആദ്യ പെന്തെക്കുസ്താദിനത്തിന്റെ പശ്ചാത്തലം അറിയുന്നത് വളരെ നല്ലതാണ്. ഇസ്രായേലിൽ, ജറുസലേമിൽ, യഹൂദജനം മുഴുവൻ അവരുടെ പെന്തക്കുസ്താ തിരുനാളിനായി ഒരുങ്ങുന്ന കാലമായിരുന്നു അത്. ആഴ്ചകളുടെ തിരുനാളായിരുന്നു അവർക്കത്. ലേവ്യരുടെ പുസ്തകം അദ്ധ്യായം 23 ൽ അതിന്റെ വിവരണമുണ്ട്. ” സാബത്തിന്റെ പിറ്റേദിവസം മുതൽ, അതായത്, നീരാജനത്തിനായി കറ്റ കൊണ്ടുവന്ന ദിവസം മുതൽ ഏഴ് പൂർണമായ ആഴ്ചകൾ നിങ്ങൾ കണക്കാക്കണം. ഏഴാമത്തെ സാബത്തിന്റെ പിറ്റേദിവസം, അതായത് അമ്പതാം ദിവസം കർത്താവിന് പുതിയ ധാന്യങ്ങൾകൊണ്ട് നിങ്ങൾ ധാന്യബലി അർപ്പിക്കണം.” (23, 15-16) ഇതായിരുന്നു പഴയനിയമത്തിലെ പെന്തക്കുസ്താ. തുടർന്നുള്ള ഭാഗത്തു ഈ പെന്തക്കുസ്തായുടെ ആഘോഷം വിവരിക്കുന്നുണ്ട്.

യഹൂദരുടെ തിരുനാളായ Shavout, പെന്തക്കുസ്താ (പെന്തക്കുസ്താ എന്ന വാക്കിന്റെ അർഥം 50 എന്നാണ്) ആചരിക്കാൻ യഹൂദജനം ഒത്തുകൂടിയപ്പോൾ, യഹൂദരായിരുന്നെങ്കിലും, ഈശോയുടെ ശിഷ്യരും, മാതാവും മറ്റുള്ളവരും ക്രിസ്തുവിന്റെ വാഗ്ദാനത്തിനായി കാത്തിരിക്കുകയായിരുന്നു എന്നത് ദൈവപരിപാലനയായിരിക്കാം.. ലോകത്തിന്റെ ചരിത്രം തന്നെ മാറ്റിയെഴുതപ്പെടേണ്ട, പുതിയൊരു പെന്തക്കുസ്തയ്ക്കായാണ് തങ്ങൾ ഒരുമിച്ചുകൂടിയിരിക്കുന്നതെന്ന് ശിഷ്യരോ, തങ്ങൾ ആചരിക്കുവാൻ പോകുന്ന പെന്തക്കുസ്താ ഇതാ അർത്ഥശൂന്യമാകാൻ പോകുന്നെന്ന് യഹൂദരോ ചിന്തിച്ചു കാണില്ല. അന്നുവരെ യഹൂദജനം ആചരിച്ചുപോന്ന പെന്തെക്കുസ്തായുടെ അർത്ഥവും, അനുഭവവും മാറുവാൻ പോകുകയാണ്. പെന്തെക്കുസ്താ ഇവിടെ ഇതാ വേറൊരു ലെവലിലേക്ക് ഉയരുവാൻ പോകുകയാണ്. പ്രപഞ്ചോത്പത്തിയുടെ ആദ്യനിമിഷം മുതൽ കൂടെയുണ്ടായിരുന്ന ദൈവത്തിന്റെ ചൈതന്യം, ദൈവത്തിന്റെ ആത്മാവ്, പിതാക്കന്മാരിലും, പ്രവാചകന്മാരിലും നിറഞ്ഞു നിന്ന പരിശുദ്ധാത്മാവ്, ഏശയ്യാ പ്രവാചകൻ പ്രവചിച്ച ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്, അറിവിന്റെയും ദൈവഭക്തിയുടെയും ആത്മാവ്, ദരിദ്രരെ സുവിശേഷം അറിയിക്കുവാൻ, ബന്ധിതർക്ക് മോചനം നൽകാൻ, അന്ധർക്ക് കാഴ്ച നൽകാൻ, അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യം നല്കാൻ ക്രിസ്തുവിനെ ശക്തിപ്പെടുത്തിയ ആത്മാവ്, ഇതാ, ഇതാ, മനുഷ്യ മക്കളിലേക്ക് നേരിട്ടിറങ്ങി അത്ഭുതം പ്രവർത്തിക്കുവാൻ പോകുകയാണ്!

സ്വർഗമാകട്ടെ പുതിയൊരു പെന്തക്കുസ്തയ്ക്കായി തയ്യാറെടുത്തിരിക്കുകയായിരുന്നു. ഈശോയുടെ ശിഷ്യരും കൂട്ടരും അവർ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ മുറിയിൽ പ്രാർത്ഥനയിൽ ആയിരുന്നു. പെട്ടെന്ന് കൊടുങ്കാറ്റിന്റെ ആരവം അവർ കേട്ടു. അത് വലിയൊരു ശബ്ദമായി രൂപപ്പെട്ടു. ആ ശബ്ദം അവരുടെ വീടിനുള്ളിൽ മുഴങ്ങിയതുപോലെ അവർക്കു തോന്നി. അന്തരീക്ഷത്തിൽ പെട്ടെന്നുണ്ടായ മാറ്റത്തിന്റെ കാരണം അന്വേഷിക്കാൻ ശ്രമിച്ച അവരുടെ മേൽ അതാ അഗ്നിജ്വാലകൾ പോലുള്ള നാവുകൾ വന്നു നിന്നു. (അപ്പ 2, 1-3) വചനം പറയുന്നു: “അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. ആത്മാവു കൊടുത്ത ഭാഷണവരമനുസരിച്ച് അവർ വിവിധ ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി.” (അപ്പ 2, 4)

സ്നേഹമുള്ളവരേ, സ്വർഗം കാത്തിരുന്ന അതുല്യമായ നിമിഷമായിരുന്നു അത്! ദൈവത്തിന്റെ രക്ഷാകരപദ്ധതി മനുഷ്യകരങ്ങളിലൂടെ തുടരുവാൻ സഭ രൂപംകൊണ്ട ദിനം! ക്രിസ്തുവിന്റെ വാഗ്ദാനത്തിന്റെ പൂർത്തീകരണം. മനുഷ്യന് സങ്കൽപ്പിക്കാൻ കഴിയാത്തവിധം അതിമനോഹരമായി സ്വർഗം ഭൂമിയിൽ ദൈവചൈതന്യത്തിന്റെ മഴവില്ലു വിരിയിച്ച ദിനം! പ്രിയപ്പെട്ടവരേ, മനുഷ്യന് ദൈവത്തിന്റെ മനസ്സ് അറിയുവാൻ കഴിഞ്ഞിരുന്നെങ്കിൽ, ദൈവത്തിന്റെ അത്ഭുതം മനസ്സിലാക്കുവാൻ സാധിച്ചിരുന്നെങ്കിൽ ലോകം ഈ ദിവസത്തെ വലിയൊരു ദാനമായി, സമ്മാനമായി നെഞ്ചേറ്റുമായിരുന്നു!

നിങ്ങൾക്കറിയുമോ ദൈവത്തിന്റെ ഈ ആത്മാവിനെ, റൂഹാദ് കുദ്ശായെ (Ruach HaKodesh in Hebrew) പരിശുദ്ധാത്മാവിനെ ലോകത്തിനു നല്കുവാനായിട്ടാണ് ഈശോ ലോകത്തിലേക്ക് വന്നത്. ബേത് ലഹേമിലെ പുൽത്തൊഴുത്തിൽ പിറന്ന്, വചനം പ്രഘോഷിച്ചു നടന്ന്, കുരിശുമരണത്തിലൂടെ കടന്ന്, മരണത്തെ ജയിച്ചു ഇന്നും ജീവിക്കുന്ന ക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത് ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയാണ്. എന്തിനുവേണ്ടിയായിരുന്നു ദാവീദിന്റെ പട്ടണത്തിൽ ഒരു രക്ഷകൻ കർത്താവായ ക്രിസ്തു ജനിച്ചത്? (ലൂക്ക 2, 10) ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയായിരുന്നു. എന്തിനു വേണ്ടിയായിരുന്നു, വഴിയും സത്യവും ജീവനുമായി ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്? ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയായിരുന്നു. എന്തിനുവേണ്ടിയായിരുന്നു ക്രിസ്തു കാൽവരി കയറി കുരിശിൽ മരിച്ചത്? ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയായിരുന്നു. ക്രിസ്തുവിനു വഴിയൊരുക്കുവാനെത്തിയ സ്നാപക യോഹന്നാൻ അത് പറഞ്ഞിരുന്നു: ‘ആത്മാവ് ഇറങ്ങി ആരിൽ വസിക്കുന്നുവോ അവനാണ് പരിശുദ്ധാത്മാവുകൊണ്ട് സ്നാനം നൽകുന്നവൻ’. (യോഹ 1, 34) തന്റെ സ്വർഗാരോഹണത്തിനു തൊട്ടു മുന്പ് ഈശോ എന്താണ് പറഞ്ഞത്? “യോഹന്നാൻ വെള്ളംകൊണ്ട് സ്നാനം നൽകി. നിങ്ങളാകട്ടെ ഏറെ താമസിയാതെ പരിശുദ്ധാത്മാവിനാൽ സ്നാനമേൽക്കും.” (അപ്പ 1, 5)

ആത്മാവിനെ നൽകുവാനാണ്‌ ക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത്. അവിടുത്തെ മനുഷ്യാവതാരം ആത്മാവിന്റെ പ്രവർത്തിയായിരുന്നു; ദൈവരാജ്യം ആത്മാവിന്റെ നിറവാണ്, ആത്മാവിന്റെ പ്രവർത്തിയാണ്. വിശുദ്ധ കുർബാന പരിശുദ്ധാത്മാ അഭിഷേകത്തിന്റെ ആഘോഷമാണ്.  ഉത്ഥിതനായ ഈശോ ആത്മാവിന്റെ ശോഭയാണ്. സഹായകന് മാത്രമേ ഈ ഭൂമുഖം പുതുതായി സൃഷ്ടിക്കാൻ, മനുഷ്യനെ നവീകരിക്കുവാൻ കഴിയൂ എന്ന് അറിഞ്ഞ ഈശോ ഈ ആത്മാവിനു വേണ്ടി ഒരുങ്ങാനാണ് ശിഷ്യരോട്‌ എന്നും പറഞ്ഞത്. പുതിയനിയമത്തിൽ പലപ്രാവശ്യം ഇക്കാര്യം ഈശോ പറയുന്നുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ ഈശോ പറയുന്നു: ‘എന്റെ നാമത്തിൽ പിതാവ് അയയ്ക്കുന്ന പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കും. (14, 26) വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ ഈശോ പറയുന്നു: “സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നൽകുകയില്ല!” (11, 13)

ആരാണ് നമുക്ക് പരിശുദ്ധാത്മാവിനെ നൽകുന്നത്? ഈശോയുടെ ഉത്തരം ഇതാണ്: ‘ദൈവമാണ് നമുക്ക് ആത്മാവിനെ നൽകുന്നത്. (യോഹ 3, 34b) ഇനി ആരാണ് ദൈവം? ഈശോ വളരെ വ്യക്തമായി നൽകുന്ന നിർവചനം ഇതാണ്: “ദൈവം ആത്മാവാണ്.” (യോഹ 4, 23) എങ്ങനെയാണ് ദൈവത്തെ ആരാധിക്കേണ്ടത്? “അവിടുത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്.” ((യോഹ 4, 24) അപ്പോൾ, നമ്മിൽ പരിശുദ്ധാത്മാവില്ലെങ്കിൽ നമ്മിൽ ദൈവമില്ല. നമുക്ക് ദൈവത്തെ ആരാധിക്കുവാനും കഴിയില്ല. അതുകൊണ്ടാണ് പരിശുദ്ധാത്മാവിനെ നൽകുവാനാണ് ക്രിസ്തു യേശു ഈ ലോകത്തിലേക്ക് വന്നത് എന്ന് തിരുസ്സഭ നമ്മെ പഠിപ്പിക്കുന്നത്. ദൈവത്തിൽ നിന്നാണ് പരിശുദ്ധാത്മാവ് വരുന്നത്. ദൈവത്തിൽനിന്നാണ് പരിശുദ്ധാത്മാവ് പുറപ്പെടുന്നത്!

സകലതിനെയും നവീകരിക്കുന്ന പരിശുദ്ധാതമാവിന് മാത്രമേ നമുക്ക് പുതിയ ഹൃദയം നൽകാൻ സാധിക്കൂ, പുതിയ ഭാഷ സംസാരിക്കാൻ നമ്മെ പ്രാപ്തരാക്കാൻ കഴിയൂ, പുതിയ മനോഭാവങ്ങളിലേക്കു നമ്മെ വളർത്തുവാൻ പറ്റൂ, ഒരു പുതിയ ലോകം സൃഷിടിക്കുവാൻ സാധിക്കൂ. അതുകൊണ്ടാണ് വിശുദ്ധ സ്നാപക യോഹന്നാൻ പറഞ്ഞത്: ‘എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശക്തൻ…അവൻ പരിശുദ്ധാത്മാവിനാൽ, പരിശുദ്ധാത്മാവാകുന്ന അഗ്നിയാൽ നിങ്ങളെ സ്നാനപ്പെടുത്തും’. കാരണം ആത്മാവിനു മാത്രമേ നമ്മെ ശക്തിപ്പെടുത്താൻ, പുതുക്കിപ്പണിയുവാൻ സാധിക്കൂ. അതുകൊണ്ടാണ് ക്രിസ്തു ആത്മ്മാവിനെ നൽകുവാൻ ഈ ലോകത്തിലേക്ക് വന്നത്.

ഈശോയ്ക്കറിയാം, കുശവന്റെ ചൂളയിലെ അഗ്നിയിൽ വെന്ത് മാത്രമേ മണ്ണിന് പുതിയ പാത്രങ്ങളെ സൃഷ്ടിക്കുവാൻ കഴിയൂ എന്ന്. ഈശോയ്ക്കറിയാം, മനുഷ്യന്റെ തലയിൽ കാലങ്ങളായി നിറച്ചിരിക്കുന്ന ചപ്പുചവറുകളെ, മനുഷ്യൻ തന്റെ നിധിയെന്നു കരുതി സൂക്ഷിച്ചു വച്ചിരിക്കുന്ന ചപ്പുചവറുകളെ കത്തിച്ചുകളയുവാൻ ആത്മാവാകുന്ന അഗ്നിക്ക് മാത്രമേ സാധിക്കൂ എന്ന്. ഈശോയ്ക്കറിയാം, മനുഷ്യനിലെ അഹന്തയുടെ, അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞുകൊണ്ടു ജനിച്ചു വീഴുന്ന ഒരു കൊച്ചുകുട്ടിയെ പോലെ മനുഷ്യനെ നഗ്നനാക്കുവാൻ, ജനിച്ചു വീഴുന്ന ഒരു കൊച്ചുകുട്ടിയെ പോലെ മനുഷ്യനെ നിഷ്ക്കളങ്കനാക്കുവാൻ പരിശുദ്ധാത്മാവാകുന്ന അഗ്നിക്കേ കഴിയൂ എന്ന്. ആത്മാവാകുന്ന അഗ്നിയിലൂടെ കടന്നു പോകുമ്പോൾ നമ്മുടെ കപടതകളെല്ലാം, നാം കടംകൊണ്ടിരിക്കുന്നതെല്ലാം, മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി ഏച്ചുകൂട്ടിയിരിക്കുന്നതെല്ലാം കത്തിയെരിയും. അവശേഷിക്കുന്നത് പുതിയ മനുഷ്യനായിരിക്കും, നവീകരിക്കപ്പെട്ട, പുതിയ മനുഷ്യൻ.

പരിശുദ്ധാത്മാവാകുന്ന അഗ്നിയിൽ നമ്മുടെ മുഖംമൂടികളെല്ലാം ഉരുകി വീഴണം; നമ്മുടേതല്ലാത്ത മുഖങ്ങളെല്ലാം കത്തിയെരിയണം. കൊറോണ മുഖം മൂടികളെക്കുറിച്ചല്ല ഞാൻ പറയുന്നത്. എത്രയെത്ര മുഖങ്ങളാണ് നമുക്കുള്ളത്. ഭാര്യയുടെ അടുത്ത് വരുമ്പോൾ ഒരു മുഖം, ഭർത്താവിന്റെ അടുത്ത് വരുമ്പോൾ മറ്റൊന്ന്. കുട്ടികളുടെ അടുത്ത് മാതാപിതാക്കൾക്ക് ഒരു മുഖം. ആരും കാണുന്നില്ലെങ്കിൽ നാം വേറൊരു മുഖം അണിയും. പള്ളിയിൽ വരുമ്പോൾ ഒന്ന്, വികാരിയച്ചനെ കാണുമ്പോൾ മറ്റൊന്ന്, ടീച്ചറെ കാണുമ്പോൾ ഒന്ന്, കൂട്ടുകാരെ കാണുമ്പോൾ വേറൊന്ന്. ആളുകളുടെ അടുത്ത് ഒരു മുഖം, ഒറ്റയ്ക്കിരിക്കുമ്പോൾ മറ്റൊന്ന്…… അങ്ങനെ എത്രയെത്ര മുഖങ്ങൾ…മുഖം മൂടികൾ!!!! വർഷങ്ങളായി ശരിയായ മുഖം നഷ്ടപ്പെട്ടവരാണോ നാം? പരിശുദ്ധാത്മാവു നമ്മിൽ വരുമ്പോൾ കാപട്യം നിറഞ്ഞ മുഖങ്ങളെല്ലാം മാറി, ഒറിജിനൽ മുഖമുള്ളവരാകും നമ്മൾ!!

ഇസ്രായേൽ ജനം തകർന്നടിഞ്ഞു, ബാബിലോൺ അടിമത്വത്തിൽ ആയിരുന്നപ്പോൾ, നെബുക്കദ്‌നേസർ തടവുകാരായി കൊണ്ടുപോയിരുന്നവരിൽ എസക്കിയേൽ പ്രവാചകനും ഉണ്ടായിരുന്നു. ജനം മുഴുവനും അടിമകൾ! ഇസ്രായേലിനു ഒരു പുനർജന്മമുണ്ടാകുമോ എന്ന് ജനം ഭയപ്പെട്ടിരുന്ന കാലം. യുവജനങ്ങളെല്ലാം പ്രതീക്ഷയറ്റു, നിരാശരായി. വൃദ്ധന്മാർ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിഞ്ഞു. അപ്പോൾ ദൈവം എസക്കിയേൽ പ്രവാചകനോട് പറഞ്ഞു: ‘എന്റെ ആത്മാവിനെ നിങ്ങൾക്ക് ഞാൻ നൽകും. ഒരു പുതിയ ഹൃദയം നിങ്ങൾക്ക് ലഭിക്കും.  പുതിയ ചൈതന്യത്തോടെ ആത്മാവ് നിങ്ങളെ നയിക്കും. നിരാശയുടെ, പ്രതീക്ഷയില്ലായ്മയുടെ ശിലാഹൃദയം എടുത്തുമാറ്റി നിങ്ങൾക്ക് സ്നേഹത്തിന്റെ, പ്രത്യാശയുടെ മാംസളഹൃദയം നൽകും.’ സ്നേഹമുള്ളവരേ, സ്നേഹമുള്ളവരേ ഈ പരിശുദ്ധാത്മാവിനെ നൽകുവാനാണ് ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്.

കാലാകാലങ്ങളിൽ സഭയിലുണ്ടായ പ്രതിസന്ധികളെയും, സഭയിലുണ്ടായ വിവാദങ്ങളെയും മറികടന്നു ഇന്നും ക്രിസ്തുവിന്റെ സഭ നിലനിൽക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ശക്തമായി സഭയിൽ ഉള്ളതുകൊണ്ടാണ്. ജോൺ ഇരുപത്തിമൂന്നാം മാർപ്പാപ്പയുടെ കാലത്ത് രണ്ടാം വത്തിക്കാൻ സൂനഹദോസ് വിളിച്ചുകൂട്ടുവാൻ പാപ്പായെ പ്രേരിപ്പിച്ചത്, സഭയുടെ അടഞ്ഞു കിടക്കുന്ന വാതിലുകളും ജനലുകളും തുറക്കുവിൻ, നവീനകരണത്തിന്റെ ആത്മാവ്, കാറ്റ് സഭയ്ക്കുള്ളിൽ പ്രവേശിക്കട്ടെ എന്ന് പറയുവാൻ പ്രേരിപ്പിച്ചത് ആത്മ്മാവാണ്.  സഭയ്‌ക്കെതിരെ ആഞ്ഞടിച്ച എത്ര കൊടുങ്കാറ്റുകളെയാണ്, എത്ര പേമാരികളെയാണ് അവൾ ആത്മാവിന്റെ ശക്തിയിൽ അതിജീവിച്ചത്! അല്ലെങ്കിൽ എത്രയോ പണ്ടേ കടലാസുകൊട്ടാരം പോലെ ഈ സഭ തകർന്നുപോയേനെ! ഇന്നും നമ്മുടെ ധ്യാനകേന്ദ്രങ്ങളിൽ ആത്മാവിന്റെ അഭിഷേകത്താൽ നടക്കുന്ന അത്ഭുതങ്ങൾ, മാനസാന്തരങ്ങൾ ആത്മാവിന്റെ പ്രവർത്തന ഫലമാണ്. തകർന്നുപോയ കുടുംബ ബന്ധങ്ങൾ വീണ്ടും ഒരുമിച്ചു ചേരുന്നത്, വർഷങ്ങളോളം പിണക്കത്തിലായിരുന്ന സഹോദരർ പരസ്പരം ക്ഷമിച്ചു സാഹോദര്യത്തിലേക്കു വരുന്നത് പരിശുദ്ധാത്മാവിന്റെ മാത്രം കൃപകൊണ്ടാണ്.

സ്നേഹമുള്ളവരേ, പരിശുദ്ധാത്മാവിനാൽ നിറയപ്പെടാൻ, അഭിഷേചിതരാകാൻ നമുക്ക് ആഗ്രഹിക്കാം. നാം ഒരുക്കമുള്ളവരാണെങ്കിൽ നമുക്കും ആത്മാവിനെ ലഭിക്കും. കാരണം, “ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്.” (യോഹ 3, 34) ഓരോ വിശുദ്ധ കുർബാനയും ഒരു പെന്തെക്കുസ്ത ആണ്. റൂഹാക്ഷണ പ്രാർത്ഥനയുടെ വേളയിൽ “കർത്താവെ നിന്റെ പരിശുദ്ധാത്മാവ് എഴുന്നള്ളി വരട്ടെ എന്ന് വൈദികൻ പ്രാർത്ഥിക്കുമ്പോൾ, അപ്പത്തിലും വീഞ്ഞിലും മാത്രമല്ല നമ്മിൽ ഓരോരുത്തരിലും പരിശുദ്ധാത്മാവ് നിറയും. കാഴ്ച്ചവയ്പ്പിന്റെ വേളയിൽ നാം ആരെയെല്ലാം , എന്തെല്ലാം സമർപ്പിച്ചുവോ, അവയിലെല്ലാം പരിശുദ്ധാത്മാവ് നിറയും. സീറോമലബാർ ആരാധനാക്രമത്തിൽ, പരിശുദ്ധാത്മാവിന്റെ ആഗമനത്താൽ, അപ്പവും വീഞ്ഞും ഈശോയുടെ തിരുശരീര രക്തങ്ങളാകുന്ന അമൂല്യ മുഹൂർത്തമാണ് റൂഹാക്ഷണ പ്രാർത്ഥന. ഈ നിമിഷം നാമോരോരുത്തരും പരിശുദ്ധാത്മാവിന്റെ നിറവിനായി പ്രാർത്ഥിക്കണം. ഇന്ന് അപ്പവും വീഞ്ഞും പരിശുദ്ധാത്മാവിന്റെ നിറവാൽ ഈശോയുടെ ശരീര രക്തങ്ങളാകുന്ന ആ സമയത്ത്, റൂഹക്ഷണ പ്രാർത്ഥനാ വേളയിൽ പെന്തെക്കുസ്താ അനുഭവം നമ്മിലുണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം. (ലത്തീൻ ആരാധനാക്രമത്തിൽ കൂദാശാവചനങ്ങൾക്ക് തൊട്ടുമുൻപാണ് റൂഹക്ഷണ പ്രാർത്ഥന.)

അവിടുന്ന് ആത്മാവിനെ കൊടുക്കുമ്പോൾ ഓരോരുത്തർക്കും വ്യക്തിപരമായിട്ടാണ് നൽകുന്നത്. “അഗ്നിജ്വാലകൾ പോലുള്ള നാവുകൾ തങ്ങളോരോരുത്തരുടേയും മേൽ വന്നു നിൽക്കുന്നതായി അവർ കണ്ടു.” (അപ്പ 2, 3) നമ്മിലോരോരുത്തരിലേക്കും ആത്മാവിനെ നൽകുവാൻ സ്വർഗം തയ്യാറായിരിക്കുകയാണ്. നമ്മിലോരോരുത്തരിലേക്കും തീനാവുകളുടെ രൂപത്തിൽ പരിശുദ്ധാത്മാവിനെ അയയ്ക്കുവാൻ സ്വർഗം തീനാവുകളെ നിർമിച്ചുകൊണ്ടിരിക്കുകയാണ്. ദേവാലയത്തിൽ നാം ഒരുമിച്ചു വിശുദ്ധ ബലിയർപ്പിക്കുമ്പോഴും ആത്മാവ് വരുന്നത് ഓരോരുത്തരിലേക്കും ആയിരിക്കും. അത് സ്വീകരിക്കുവാനുള്ള യോഗ്യതയിൽ ആയിരിക്കുക എന്നതാണ് പ്രധാനം.  നമുക്കായി ആത്മാവിനെ ഒരുക്കുന്ന പണിപ്പുരയാണ് പ്രിയപ്പെട്ടവരേ സ്വർഗം.

നാം ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്: ഒന്ന്, ദൈവം നമുക്ക് നൽകുന്ന, നമ്മിലുള്ള പരിശുദ്ധാത്മാവിനെ നിർവീര്യമാക്കരുത്. (1 തെസ 5, 19) രണ്ട്, പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത്. (എഫേ 4, 30) മൂന്ന്, പരിശുദ്ധാത്മാവിനെതിരായി സംസാരിക്കാതിരിക്കുക.  (മത്താ 12, 32) വിശുദ്ധ കുർബാന പരിശുദ്ധാത്മാവിന്റെ, പരിശുദ്ധാത്മാഭിഷേകത്തിന്റെ ആഘോഷമാണെന്നറിഞ്ഞു ആഗ്രഹത്തോടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുക. നിശബ്ദരായി ആത്മാവിനായി യാചിക്കാം.

കണ്ണുകളടച്ചു നമുക്ക് പ്രാർത്ഥിക്കാം: പരിശുദ്ധാത്മാവേ, ഞങ്ങളിൽ നിറയണമേ! പരിശുദ്ധാത്മാവേ, ലോകത്തെ വിശുദ്ധീകരിക്കണമേ. ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനം നിറയാൻ, രോഗങ്ങളിൽ സൗഖ്യമുണ്ടാകാൻ, സാമ്പത്തിക ഞെരുക്കങ്ങളിൽ, ഇല്ലായ്മകളിൽ സമൃദ്ധിയുണ്ടാകാൻ, ദുരന്തങ്ങളിൽ പ്രതീക്ഷയുണ്ടാകാൻ, പഠിക്കുന്ന ഞങ്ങളുടെ മക്കളിൽ ബുദ്ധിയുണ്ടാകാൻ, ജോലിയില്ലാത്തവർക്കു ജോലി ലഭിക്കാൻ ആത്മാവേ, പരിശുദ്ധാത്മാവേ, ഞങ്ങളിൽ നിറയണമേ! (choir പാടുന്നു) “ശ്ലീഹന്മാരിൽ നിറഞ്ഞ പോൽ ശക്തിയേകി നയിക്കണേ.”

ഓരോ വിശുദ്ധ കുർബാനയിലും ആത്മാവിനെ നമുക്കു പ്രത്യേകമാം വിധം ഈശോ നൽകുന്നുണ്ട്. ഈ ബലിയിലും ആത്മാവിന്റെ വർഷമുണ്ടാകും. നമ്മിലോരോരുത്തരിലും ആത്മാവ് നിറയും. അതിനായി പ്രാർത്ഥിച്ച് ഈ ബലി നമുക്ക് തുടർന്ന് അർപ്പിക്കാം.  ആമ്മേൻ!

SUNDAY SERMON MK 16, 9-20

ഉയിർപ്പുകാലം ഏഴാം ഞായർ

മർക്കോ 16, 9 – 20

ഗുസ്തി മത്സരം നടക്കുകയാണ്. തന്റെ ശിഷ്യൻ സമർത്ഥനാണെങ്കിലും ഈ റൗണ്ടിൽ അവൻ തോറ്റുകൊണ്ടിരിക്കുകയാണ്. പരിശീലകന് ടെൻഷനായി. ഇന്റർവെൽ സമയം വന്നപ്പോൾ, പരിശീലകൻ അവനെ തന്റെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു: “നിനയ്ക്കറിയില്ലേ നീ ആരുടെ മകനാണെന്ന്?  ഈ പ്രദേശത്തെ ഏറ്റവും വലിയ ഗുസ്തിക്കാരന്റെ മകനാണ് നീ. ആ അപ്പന്റെ മകനാണ് നീ എന്ന് തെളിയിക്കേണ്ട ബാധ്യത നിനക്കുണ്ട്.” പിന്നെ അവിടെ റിങ്ങിൽ നടന്നത് ഒരു കൂട്ടപ്പൊരിച്ചിലായിരുന്നു. വിജയശ്രീലാളിതനായിക്കൊണ്ട് അവൻ തെളിയിച്ചു താൻ ആരുടെ മകനാണെന്ന്.

നാമൊക്കെ ചിലപ്പോഴെങ്കിലും പറയാറില്ലേ, ഞാൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണ്, പിറന്നവളാണ് എന്ന്. അതൊരു പോരുവിളി മാത്രമായി കണക്കിലെടുക്കാതെ നമ്മുടെ സ്വഭാവ സവി ശേഷതകൾകൊണ്ട് തെളിയിക്കേണ്ട ബാധ്യത നമുക്കുണ്ട്. അത് കുടുംബപരമായി മാത്രമല്ല, വിശ്വാസ പരമായും പ്രധാനപ്പെട്ടതാണ്. വിശേഷിച്ചും, ക്രിസ്ത്യാനി എന്നത് SSLC ബുക്കിന്റെ ആദ്യപേജിലെ Religion എന്ന കോളത്തിൽ എഴുതാൻ മാത്രമുള്ള ഒന്നായി മാത്രം ചുരുങ്ങിപ്പോയിരിക്കുന്ന ഈ കാലഘട്ടത്തിൽ!

ലോകം മുഴുവനും, ഭാരതത്തിലും, കേരളത്തിലും ക്രൈസ്തവർ Target ചെയ്യപ്പെടുമ്പോൾ, ക്രൈസ്തവരുടെ ഇടയിൽ തന്നെ വിവാദങ്ങളും, വിള്ളലുകളും ഉണ്ടാകുമ്പോൾ ക്രിസ്ത്യാനിയുടെ ഗുണങ്ങൾ, അടയാളങ്ങൾ കാണിക്കുവാനും, നമ്മുടെ ജീവിതത്തെ ക്രിസ്തുസാക്ഷ്യത്തിന്റെ നേർരൂപങ്ങളാക്കുവാനും നാം ശ്രമിക്കേണ്ടതുണ്ടെന്ന വെല്ലുവിളി നിറഞ്ഞ സന്ദേശവുമായിട്ടാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിലെത്തിയിരിക്കുന്നത്. ജീവിത സാഹചര്യങ്ങൾ അനുകൂലമായാലും പ്രതികൂലമായാലും ക്രൈസ്തവ ജീവിതങ്ങളെ മനോഹരമാക്കിക്കൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുവാനാണ് ഈ ഞായറാഴ്ചയിലെ സുവിശേഷം നമ്മോട് പറയുന്നത്. അങ്ങനെ മാത്രമേ വെല്ലുവിളികളെയും മറ്റും അതിജീവിക്കുവാനുള്ള ദൈവകൃപയിൽ ജീവിക്കുവാൻ കഴിയൂ എന്ന് ഈശോ ഓർമപ്പെടുത്തുകയാണ്. ഇന്നത്തെ സുവിശേഷ സന്ദേശമിതായിരിക്കട്ടെ: ക്രൈസ്തവരെല്ലാം അവരുടെ ജീവിതത്തിൽ, വാക്കിലും, ചിന്തയിലും, പ്രവൃത്തിയിലും ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിക്കണം; ക്രിസ്ത്യാനിയുടെ ഗുണങ്ങൾ, അടയാളങ്ങൾ ജീവിതത്തിൽ കാണിച്ചുകൊണ്ട് ജീവിക്കണം.  

ക്രിസ്തുവിനു ശിഷ്യന്മാർ ഒരുതരത്തിൽ, വെറും മാനുഷികമായി ചിന്തിച്ചാൽ, എന്നും ഒരു ബാധ്യതയായിരുന്നു. അവിടുത്തെ പഠനങ്ങൾ മനസ്സിലാക്കുവാൻ മാത്രം അറിവുള്ളവരായിരുന്നില്ല അവർ. സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികളുമായിരുന്നില്ല.  അല്പം സ്വാധീനമുള്ള വ്യക്തി എന്ന് പറയാവുന്നത് യൂദാസ് മാത്രമായിരുന്നു. എന്നാൽ അദ്ദേഹത്തിന് സമൂഹത്തിന്റെ മുൻപിൽ തീവ്രവാദി എന്ന ലേബലായിരുന്നു.  ക്രിസ്തുവിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായിരുന്നെങ്കിലും, ഈശോയുടെ അറസ്റ്റ്, വിചാരണ, കുരിശുചുമക്കൽ, മരണം തുടങ്ങിയ Critical situations ൽ അവർക്കൊന്നും ചെയ്യാൻ കഴിയാതെ പോയി. ഇന്നത്തെ സുവിശേഷത്തിലെ, “ഉയിർപ്പിക്കപ്പെട്ടതിനുശേഷം തന്നെ കണ്ടവരെ വിശ്വസിക്കാത്തതു നിമിത്തം അവരുടെ വിശ്വാസരാഹിത്യത്തെയും, ഹൃദയകാഠിന്യത്തേയും ഈശോ കുറ്റപ്പെടുത്തി” (മർക്കോ 16, 14) എന്ന വചനം ഈശോയുടെ മാനസികാവസ്ഥ വെളിപ്പെടുത്തുന്നതാണ്.

എങ്കിലും ഉത്ഥാനാനന്തരം ഈശോ വീണ്ടും വീണ്ടും ശ്രമിക്കുകയാണ് അവരെ ബോധ്യപ്പെടുത്താൻ, താൻ ഉത്ഥിതനായ, ഇന്നും ജീവിക്കുന്ന ദൈവമാണെന്ന്! മഗ്ദലേന മറിയത്തിനും, (യോഹ 20, 11-18) എമ്മാവൂസിലേക്കു പോയ ശിഷ്യർക്കും, (ലൂക്ക 24, 13-35) ശിഷ്യന്മാർ ഒരുമിച്ചുകൂടിയിരുന്നപ്പോഴും (യോഹ 21, 19 -23) ഈശോ നടത്തിയ പ്രത്യക്ഷീകരണങ്ങൾ (Apparitions) ഈ ഉദ്യമത്തിന്റെ ഭാഗമായിരുന്നു. പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തിരുന്നതുകൊണ്ട് ഈശോയ്ക്ക് ഉറപ്പായിരുന്നു, ശിഷ്യന്മാർ സർവസജ്ജരായി ലോകം മുഴുവനും സുവിശേഷം പ്രഘോഷിക്കുമെന്ന്. ഇതാണ് ഇന്നത്തെ സുവിശേഷത്തിന്റെ emotional background. അങ്ങനെയാണ് ഈശോ സ്വർഗാരോഹണത്തിനു മുൻപ് തന്റെ സുവിശേഷദൗത്യദർശനം, മിഷനറി പ്രവർത്തന ദർശനം, എല്ലാറ്റിലുമുപരി, തന്റെ ശിഷ്യർക്കുണ്ടായിരിക്കേണ്ട സവിശേഷ ഗുണങ്ങൾ അവരുടെ മുൻപിൽ അവതരിപ്പിക്കുന്നത്.

ക്രിസ്തുവിന്റെ സുവിശേഷദൗത്യദർശനത്തിൽ പരമപ്രധാനമായത് സുവിശേഷ പ്രഘോഷണമാണ്. ഈശോ അവർക്ക് കൊടുക്കുന്ന, ലോകാവസാനം വരെയുള്ള ഈശോയുടെ ശിഷ്യർക്കെല്ലാവർക്കും കൊടുക്കുന്ന mandate ഇതാണ്: “നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിൻ.” (മർക്കോ16,15) ഈ സുവിശേഷ പ്രഘോഷണത്തിന്റെ അടിസ്ഥാനമാകട്ടെ, ദൈവരാജ്യം ആയിരുന്നു. ക്രിസ്തുവിന്റെ സുവിശേഷദൗത്യദർശനത്തിൽ ദൈവരാജ്യ പ്രഘോഷണമായിരുന്നു കാതലായ ഭാഗം. വിശുദ്ധ മാർക്കോസ് ഇക്കാര്യം തന്റെ സുവിശേഷത്തിന്റെ തുടക്കത്തിലേ പറഞ്ഞുവയ്ക്കുന്നുണ്ട്: “യോഹന്നാൻ ബന്ധനസ്ഥനായെന്നു കേട്ടപ്പോൾ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയയിലേക്ക് വന്നു. അവൻ പറഞ്ഞു: ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുവിൻ.” (മർക്കോ 1, 14-15) ഇതാണ് the essence of his Gospel message – “ദൈവരാജ്യം സമീപിച്ചിരിക്കുന്നു.”

ലോകം മുഴുവനുമുള്ള ദൈവമക്കളെ സുവിശേഷ പ്രഘോഷണം വഴി സുവിശേഷത്തിൽ, ദൈവരാജ്യത്തിൽ വിശ്വസിക്കുവാനും, അതിൽ സ്നാനം സ്വീകരിച്ചു ക്രിസ്തുമാർഗത്തിൽ എത്തിക്കാനുമുള്ള പ്രവർത്തനമാണ് ക്രിസ്തുവിന്റെ മിഷനറി പ്രവർത്തനദർശനം.   ക്രിസ്തുവിന്റെ രക്ഷയിലേക്ക്, സന്തോഷത്തിലേക്ക്, സമാധാനത്തിലേക്ക് എല്ലാ ദൈവമക്കളെയും, വർഗ വർണ ജാതി വ്യത്യാസമില്ലാതെ കൊണ്ടുവരിക എന്നതാണ് ക്രിസ്തുവിന്റെ മിഷനറി പ്രവർത്തന ദർശനത്തിന്റെ കാതൽ. ക്രിസ്തുവിന്റെ ദൈവരാജ്യ സങ്കല്പങ്ങളെ അവതരിപ്പിക്കുന്ന, ക്രിസ്തുവാണ് ഏകരക്ഷകനെന്ന് ജീവിതംകൊണ്ട് പ്രഘോഷിക്കുന്ന പ്രവർത്തനങ്ങൾ മാത്രമേ ക്രിസ്തുവിന്റെ മിഷനറി ദർശനത്തിന്റെ പ്രതിഫലനങ്ങളാകുകയുള്ളു. അല്ലാത്തവയൊന്നും, എത്രവലിയ കോർപ്പറേറ്റ് മാനേജ് മെന്റ് സംവിധാനങ്ങളായാലും, ലോകത്തിലെ മറ്റു പ്രസ്ഥാനങ്ങളെ വെല്ലുന്നവയായാലും, ക്രിസ്തുവിന്റെ മിഷനറി ദർശനത്തിന്റെ പ്രകാശനങ്ങളാകുകയില്ല. മാത്രമല്ല, ക്രിസ്തുമാർഗത്തിൽ വരുന്നവരുടെ ജീവിതത്തിന്റെ structure, ഘടന എങ്ങനെയായിരിക്കണമെന്നുള്ളത് രൂപപ്പെട്ടുവരേണ്ട ഒന്നാണെന്ന് ഈശോയ്ക്കറിയാമായിരുന്നു.  ക്രിസ്തുമാർഗത്തിൽ വരുന്നവരുടെ സമൂഹത്തിനു ഭാവിയിൽ ഒരു ഭരണക്രമം വേണ്ടിവന്നാൽ അത് എങ്ങനെയായിരിക്കണം? ഈശോ അത് പറഞ്ഞിട്ടില്ല. അത് ഇന്നത്തെപ്പോലെ ഹയരാർക്കിക്കൽ ആകണോ, ജനാധിപത്യപരമാകണോ എന്നൊന്നും ഈശോ അവതരിപ്പിച്ചിട്ടില്ല. എന്നാൽ രണ്ടു കാര്യങ്ങൾ വളരെ വ്യക്തമാണ്. ഒന്ന്, രൂപപ്പെട്ടുവരേണ്ട ജീവിതത്തിന്റെ ഘടന ക്രിസ്തുവിന്റെ മിഷനറി പ്രവർത്തന ദർശനത്തിന് അനുസൃതമായിരിക്കണം. രണ്ട്, ക്രിസ്തുമാർഗ്ഗത്തിലേക്കു വരുന്നവർക്ക് സവിശേഷ ഗുണങ്ങൾ ഉണ്ടായിരിക്കണം.

ക്രിസ്തു മാർഗത്തിൽ വരുന്നവരുടെ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട സവിശേഷ ഗുണങ്ങൾ ഇവയാണ്:

1. ക്രിസ്തുമാർഗത്തിൽ വരുന്നവരുടെ ജീവിതം, പ്രവർത്തനങ്ങൾ പൈശാചികമായിരിക്കില്ല. മാത്രമല്ല, അവരുടെ ജീവിതം വഴി, തിന്മയെ, പൈശാചികതയെ ഇല്ലാതാക്കാൻ അവർക്കു സാധിക്കും.

2. അവർ, തങ്ങൾ ആയിരിക്കുന്ന സ്ഥലങ്ങളെ, സമൂഹങ്ങളെ വിശുദ്ധീകരിക്കുന്നവരാകും.

3.  അവർ പുതിയ ഭാഷകൾ, സ്നേഹത്തിന്റെ, കരുണയുടെ, വിശ്വസ്തതയുടെ, നീതിയുടെ ഭാഷകൾ സംസാരിക്കുന്നവരാകും. 4. സർപ്പങ്ങളെപ്പോലെ വിഷം നിറഞ്ഞ മനസ്സുകളെ അവർ വിമലീകരിച്ചു നിഷ്കളങ്ക മനസ്സുള്ളവരാക്കും.

5. മാരകമായതൊന്നും അവരെ ഉപദ്രവിക്കുകയില്ല.

6. ജീവിതത്തിൽ വേദനകളുണ്ടെങ്കിലും, മുറിവുകളുണ്ടെങ്കിലും, അവർ ഉള്ളിൽ, മനസ്സിൽ, ഹൃദയത്തിൽ സൗഖ്യമുള്ളവരാകും.

7. അവർ മറ്റുള്ളവർക്ക് സൗഖ്യം, സന്തോഷം നല്കുന്നവരായിരിക്കും.

.വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിൽ മാത്രം നാം വായിക്കുന്ന ഈ സവിശേഷ ഗുണങ്ങൾ ആദിമക്രൈസ്തവരുടെ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. വിശുദ്ധ മാർക്കോസിന്റെ സുവിശേഷമാണ് ആദ്യം രചിക്കപ്പെട്ടത്. അന്നുണ്ടായിരുന്ന ക്രിസ്തുവിന്റെ ശിഷ്യരുടെ ആദിമക്രൈസ്തവരുടെ ജീവിതത്തിൽ അദ്ദേഹം ഈ ഗുണങ്ങളെല്ലാം കണ്ടിട്ടുണ്ടാകണം. ക്രിസ്തുവിന്റെ വചനങ്ങളുടെ നേർസാക്ഷ്യങ്ങളായി ആദിമക്രൈസ്തവർ ജീവിച്ചിരുന്നു എന്ന് ചരിത്രവും സാക്ഷ്യപ്പെടുത്തുന്നുണ്ട്. 

ക്രിസ്തുവിന്റെ സുവിശേഷദൗത്യദർശനം, മിഷനറി പ്രവർത്തന ദർശനം, എല്ലാറ്റിലുമുപരി, തന്റെ ശിഷ്യർക്കുണ്ടായിരിക്കേണ്ട സവിശേഷ ഗുണങ്ങൾ തുടങ്ങിയ ഘടകങ്ങൾ ഒരുമിച്ചു ചേരുന്നതാണ് ക്രിസ്തുവിന്റെ ക്രൈസ്തവ ജീവിത ദർശനം. ഇത് വൈദികർക്ക്, സന്യസ്തർക്ക് മാത്രമുള്ളതല്ല. ക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും ഉണ്ടായിരിക്കേണ്ട സവിശേഷ ഗുണങ്ങൾ ആണ്. എല്ലാ ക്രൈസ്തവരും ലോകമെങ്ങുപോയി, തങ്ങൾ ആയിരിക്കുന്ന ജീവിത സാഹചര്യങ്ങളിൽ സുവിശേഷം പ്രഘോഷിക്കേണ്ടവരാണ്. എല്ലാ ക്രൈസ്തവരും മിഷനറി പ്രവർത്തനം നടത്തേണ്ടവരാണ്. തങ്ങളുടെ മുൻപിൽ വരുന്നവരെ ക്രിസ്തു വിശ്വാസത്തിലേക്ക്, ക്രിസ്തു രക്ഷയിലേക്ക് നയിക്കേണ്ടവരാണ്. എല്ലാ ക്രൈസ്തവർക്കും ഈശോ പറയുന്ന സവിശേഷ ഗുണങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്. അങ്ങനെ ലോകത്തിന്റെ മുൻപിൽ, ഞാൻ ക്രിസ്തുവിന്റെ മകളാണ്, മകനാണ് എന്ന് ധൈര്യത്തോടും, വിശ്വാസത്തോടുംകൂടി പ്രഖ്യാപിക്കുവാൻ കഴിയത്തക്ക ആർജവം നേടിയെടുക്കാനാണ് ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നത്. ഉറപ്പുള്ള നട്ടെല്ലോടെ ക്രിസ്തുവിന്റെ വ്യക്തിത്വത്തിന്റെ ശോഭയിൽ, ക്രിസ്തു പറയുന്ന സവിശേഷഗുണങ്ങളുടെ തിളക്കത്തിൽ നിൽക്കുവാൻ കഴിയുമ്പോഴാണ് നമ്മുടെ ക്രൈസ്തവ ജീവിതങ്ങൾ നൂറുമേനി ഫലം പുറപ്പെടുവിക്കുന്നത്.  ശാസ്ത്രം പറയുന്നത്, പരിണാമത്തിൽ നാം ആദ്യം നട്ടെല്ലുയർത്തിപ്പിടിച്ച് നടന്നവരായിരുന്നു (Homo erectus) എന്നാണ്. അതിന് ശേഷമാണ് നാം ബുദ്ധിശാലികളായത് (Homo Sapiens). കാലുകൾ കൃത്യസ്ഥലത്തെന്നു ഉറപ്പാക്കിക്കൊണ്ട്, കാലുകൾ ക്രിസ്തുവിൽ ആണെന്ന്, ക്രിസ്തുവിന്റെ സുവിശേഷ മൂലങ്ങളിൽ ആണെന്ന് ഉറപ്പാക്കിക്കൊണ്ട് നിവർന്ന് ദൃഢതയോടെ നിന്ന് ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുന്നവരാകണം നാം ക്രൈസ്തവർ! ജീവിതംകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുന്ന, ജീവിതംകൊണ്ട് ക്രിസ്തുവിലേക്ക് അനേകായിരങ്ങളെ ആകർഷിക്കുന്ന ക്രൈസ്തവവ്യക്തിത്വങ്ങൾക്ക് ഉടമകളാകുമ്പോൾ സ്നേഹമുള്ളവരേ, നമ്മുടെ ഓരോ വാക്കും, നോട്ടവും, ഓരോ ചുവടും മിഷനറി പ്രവർത്തന ചൈതന്യമുള്ളതാകും. വിടർന്നു വിലസുന്ന ഒരു റോസാപ്പൂവിന്റെ മനോഹാരിത ആർക്കെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടോ? ആ പൂവിന്റെ അസ്തിത്വം തന്നെ അതിന്റെ സാന്ദര്യം പ്രഘോഷിക്കുകയല്ലേ?

വിശുദ്ധ ലൂക്കായുടെ സുവിശേഷം അദ്ധ്യായം 7 ൽ സ്നാപകയോഹന്നാന്റെ ശിഷ്യന്മാർ വന്നു ഈശോയുടെ ചോദിക്കുന്നുണ്ട്, നീ തന്നെയാണോ മിശിഹായെന്ന്. ചോദ്യം ഇങ്ങനെ മനസ്സിലാക്കാം. ദൈവരാജ്യം പ്രഘോഷിക്കാൻ വന്ന, ദൈവരാജ്യം ഈ ഭൂമിയിൽ സ്ഥാപിക്കാൻ വന്ന മിശിഹാ നീയാണോ? ഈശോ രണ്ടാമതൊന്നു ആലോചിക്കാൻ നിൽക്കാതെ പറഞ്ഞു, ‘പോയി നിങ്ങൾ കാണുന്ന എന്റെ ജീവിതം, എന്റെ പ്രവർത്തനങ്ങൾ എന്തെന്ന് സ്നാപകയോഹന്നാനോട് പറയുക.’ ഈശോക്ക് അങ്ങനെ പറയാൻ ധൈര്യമുണ്ടായിരുന്നു. കാരണം, ദൈവികത, ദൈവരാജ്യം കതിരിട്ടു നിന്ന, നിറഞ്ഞു നിന്ന, ഫലം ചൂടി നിന്ന ജീവിതമായിരുന്നു ക്രിസ്തുവിന്റേത്.

ഫ്രഞ്ച് തത്വ ചിന്തകനായ ജാക്വെസ് ദെറീദ (Jacques Derrida 1930-2004) യുടെ Deconstruction theory യിൽ, അപനിർമാണ സിദ്ധാന്തത്തിൽ പറയുന്നതിനെ ഇതോടു ചേർത്ത് പ്രതിപാദിക്കാവുന്നതാണ്. അദ്ദേഹം പറയുന്നത്, the essence is to be found in the appearance എന്നാണ്. ഏതെങ്കിലും വസ്തുവിന്റെയോ, വ്യക്തിയുടെയോ സത്ത, essence വസ്തുക്കളുടെ, വ്യക്തികളുടെ ഉള്ളിൽ മാത്രമല്ല അവയുടെ അസ്തിത്വം മുഴുവനും നിറഞ്ഞു നിൽക്കും. മാത്രമല്ല, അവ അത് കാണിക്കുകയും ചെയ്യും. ഒരു കല്ല് ആ കല്ലിന്റെ സത്തയെ, essence നെ മുഴുവൻ വെളിപ്പെടുത്തും. അത് കല്ലാണെന്നും, പരുപരുത്തതാണെന്നും, ഭാരമുള്ളതാണെന്നും …അങ്ങനെ അതിന്റെ സത്തയെ വെളിപ്പെടുത്തിക്കൊണ്ടാണ് അത് ഈ ഭൂമിയിൽ കാണപ്പെടുന്നത്. അതായത്, ദൈവരാജ്യമെന്ന, സുവിശേഷ പ്രഘോഷണമെന്ന ക്രിസ്തുമതത്തിന്റെ സത്ത essence അതിന്റെ പ്രവർത്തനങ്ങളാകുന്ന, ജീവിതമാകുന്ന appearance ൽ നിറഞ്ഞു നിൽക്കണം. അല്ലെങ്കിൽ രണ്ടും വ്യത്യസ്ത ധ്രുവങ്ങളിൽ സഞ്ചരിച്ചു കൊണ്ടേയിരിക്കും, തികച്ചും വൈരുധ്യങ്ങളിലൂടെ. Essence ഉം appearance ഉം വൈരുധ്യം നിറഞ്ഞതായാൽ വളരെ വികൃതമായിരിക്കും ആ അവസ്ഥ!

ഒന്ന് ഭാവന ചെയ്യുക. ഒരു അക്രൈസ്തവൻ നമ്മുടെ അടുത്ത് വരുന്നു. അയാൾ ചോദിക്കുന്നു: ” സുഹൃത്തേ, നിങ്ങളുടെ ക്രൈസ്തവ ജീവിതം എന്ന് പറഞ്ഞാൽ എന്താണ്? ശരിക്കും ഒരു ക്രിസ്ത്യാനി ആരാണ്?” നിങ്ങൾക്ക് നിങ്ങളിൽ തന്നെ വിശ്വാസമുണ്ടെങ്കിൽ, പറയാൻ ധൈര്യമുണ്ടെങ്കിൽ നിങ്ങൾ പറയും: സുഹൃത്തേ, നീ എന്റെ ജീവിതം, ഞങ്ങൾ ക്രൈസ്തവരുടെ ജീവിതം, പ്രവർത്തനങ്ങൾ നോക്കൂ… അതിൽ കതിരിട്ടു നിൽക്കുന്ന ക്രിസ്തുവിനെ നിനക്ക് കാണാൻ കഴിയും.” അപ്പോൾ ആ സഹോദരൻ തനിക്കുചുറ്റും കാണുന്ന ക്രൈസ്തവ സാന്നിധ്യങ്ങളെ നിരീക്ഷിക്കും. ആ സഹോദരൻ, ക്രൈസ്തവ ജീവിതങ്ങളിൽ, ക്രൈസ്തവ സ്ഥാപനങ്ങളിൽ, കോളേജുകളിൽ, ക്രൈസ്തവ  കുടുംബങ്ങളിൽ, മിഷനറി പ്രവർത്തനങ്ങളിൽ കതിരിട്ടു നിൽക്കുന്ന ദൈവരാജ്യ മൂല്യങ്ങൾ കാണും. അവയിൽ, നിറഞ്ഞു നിന്ന് പുഞ്ചിരിക്കുന്ന ക്രിസ്തുവിനെ കണ്ടു പുളകമണിയും. (ഒരു pause)

അങ്ങനെ പുളകമണിയണമെങ്കിൽ അയാൾ കണ്ണ് പൊട്ടനായിരിക്കണമെന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്? സ്നേഹമുള്ളവരേ, അങ്ങനെ ഒരാൾ വന്നു ചോദിച്ചാൽ എന്ത് ഉത്തരം ഞാൻ കൊടുക്കും? (pause) ക്രിസ്തുവിന്റെ ക്രൈസ്തവ ജീവിത ദർശനം, സുവിശേഷ ദർശനം പ്രാവർത്തികമാക്കാൻ നാം പരാജയപെട്ടെന്നാണോ?

എങ്കിൽ ഒരു പൊളിച്ചെഴുത്തിനുള്ള (Deconstruction) സമയമായി. രണ്ടു കാര്യങ്ങളേ ഈശോ പറയുന്നുള്ളു. ഒന്ന്, എന്ത് പ്രഘോഷിക്കണം. രണ്ടു, എങ്ങനെ പ്രഘോഷിക്കണം. ഒന്ന് നമ്മുടെ സുവിശേഷ ദൗത്യം. രണ്ടു നമ്മുടെ ജീവിതം, സഭയുടെ പ്രവർത്തനരീതികൾ.

സ്നേഹമുള്ളവരെ, നമ്മുടെ സുവിശേഷ ദൗത്യത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കുമ്പോൾ ധാരാളം implications ഉള്ള, ധാരാളം പ്രത്യാഘാതങ്ങളും പ്രതിഫലനങ്ങളും ഉള്ള കഥയാണിത്. ഈ ലോകത്തെ ക്രിസ്തുവിലേക്കു നയിക്കുവാനുള്ള നമ്മുടെ ദൗത്യം ഏതു രീതിയിലാണ് നമ്മുടെ ജീവിതത്തിലൂടെ നിർവഹിക്കപ്പെടുന്നത് എന്ന് ചിന്തിക്കാൻ നമുക്കാകണം. ധാരാളം പള്ളികളും സന്യാസ സ്ഥാപനങ്ങളും, ധാരാളം ക്രൈസ്തവർ വ്യക്തിപരമായും സ്നേഹമേകാൻ, സൗഖ്യമേകാൻ, സാന്ത്വനമേകാൻ അങ്ങനെ ക്രിസ്തുവിനെ നൽകാൻ തയ്യാറായി വരുന്നത് കാണുമ്പോൾ ക്രിസ്തു ഇന്നത്തെ സുവിശേഷത്തിൽ പറഞ്ഞ സവിശേഷഗുണങ്ങളുള്ള ക്രൈസ്തവരായി നാം മാറുകയാണ്. സിനിമാനടൻ സിജോ വർഗീസിനെപ്പോലുള്ളവരുടെ ക്രിസ്തു സാക്ഷ്യങ്ങൾ കേൾക്കുമ്പോൾ, ക്രിസ്തു എന്റെ ലഹരിയാണ് എന്നൊക്കെ തന്റേടത്തോടെ പറയുന്നത് കേൾക്കുമ്പോൾ എന്റെ ക്രിസ്തുവിലുള്ള വിശ്വാസം തുള്ളിച്ചാടുകയാണ്. ദൈവത്തിന് സ്തുതി!

സ്നേഹമുള്ളവരേ ഓർക്കുക, നമുക്കെതിരെ വരുന്ന ശത്രുക്കളെ നമ്മുടെ നല്ല ക്രൈസ്തവജീവിതംകൊണ്ട്, ക്രിസ്തു പറയുന്ന സവിശേഷ ഗുണങ്ങളാൽ നിറഞ്ഞ ജീവിതംകൊണ്ട് മാത്രമേ തോൽപ്പിക്കുവാൻ സാധിക്കൂ, അത് മഹാമാരികളായാലും, വർഗീയവാദമാണെങ്കിലും മുസ്‌ലിം തീവ്രവാദ രാഷ്ട്രീയമായാലും, വർഗീയ രാഷ്ട്രീയമായാലും. ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ, ആകാംക്ഷയോടെ ക്രിസ്തുവിനെ അറിയുവാൻ വരുന്നവർക്ക് ക്രിസ്തുവിനെ

കാണിച്ചുകൊടുക്കുവാൻ നമുക്ക്, നമ്മുടെ കുടുംബങ്ങൾക്ക്, സഭയ്ക്ക് കഴിയട്ടെ. അതാണ് ഇന്നത്തെ നമ്മുടെ ചലഞ്ച്! ഈ വിശുദ്ധ കുർബാന അതിനായി നമ്മെ ശക്തിപ്പെടുത്തട്ടെ. ആമേൻ!