Category Archives: Sunday sermon

SUNDAY SERMON MT 28, 16-20

ഉയിർപ്പുകാലം നാലാം ഞായർ

മത്തായി 28, 16-20

ഗ്യാരന്റികൾക്ക് പഞ്ഞമില്ലാത്ത ഒരു രാഷ്ട്രീയകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഗ്യാരന്റിയായി പറയുന്ന വാഗ്ദാനങ്ങൾക്ക് എത്രമാത്രം ഗ്യാരന്റിയുണ്ടെന്നത് സംശയാസ്പദമാണ്. എന്നാൽ, ഇന്നത്തെ സുവിശേഷത്തിൽ, നിത്യം നിലനിൽക്കുന്ന ഗ്യാരന്റിയുമായിട്ടാണ് ഉത്ഥിതനായി, ഇന്നും ജീവിക്കുന്ന ക്രിസ്തു നമ്മുടെ മുൻപിൽ നിൽക്കുന്നത്. ഈശോയുടെ പറച്ചിലെന്താണ്? “ലോകാവസാനംവരെ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.” ഈ ഭൂമിയിലെ മക്കളിൽ നിന്ന് എന്തെങ്കിലും പ്രതീക്ഷിച്ചുകൊണ്ടല്ല, ലോകരക്ഷകനായ ക്രിസ്തു ഇത് പറഞ്ഞത്.  രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയോ, മനുഷ്യരെ പറ്റിക്കാൻവേണ്ടിയോ അല്ല ഈശോ ഇത് പറഞ്ഞത്. ഭൂമിയിലെ മനുഷ്യമക്കളോടുള്ള അതിരറ്റ സ്നേഹത്താലാണ്, സ്നേഹത്താൽ മാത്രമാണ് ഈശോ പറഞ്ഞത്, ‘ലോകാവസാനംവരെ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുമെന്ന്,”

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ, ഗത്സമേൻ തോട്ടത്തിൽ വച്ച് നടന്ന ഈശോയുടെ അറസ്റ്റിനുശേഷം, ശിഷ്യന്മാർ ഒരുമിച്ച് വരുന്നത് ഗലീലയിലാണ്. ഉത്ഥാനത്തിനുശേഷം,  ഈശോ മഗ്‌ദലെന മറിയത്തെ കണ്ടപ്പോൾ, അവളോട് പറഞ്ഞത്, ‘ശിഷ്യന്മാരോട് ഗലീലിയിൽ ഒരുമിച്ചുകൂടാൻ പറയുക എന്നാണ്.’ (മത്താ 28, 10)   തന്റെ ഉയിർപ്പിനുശേഷം, ശിഷ്യന്മാരോട് ഗലീലിയിൽ ഒരുമിച്ചുകൂടാൻ ഈശോ നിർദ്ദേശിച്ചപ്പോൾ വന്നത് പതിനൊന്ന് ശിഷ്യന്മാരായിരുന്നു. അവർ ഗലീലിയിൽ ഒരുമിച്ചുകൂടി.

എന്തുകൊണ്ട് ഗലീലി? എന്തുകൊണ്ട് താൻ മലയിലെപ്രസംഗം നടത്തിയ മല ഈശോ തിരഞ്ഞെടുത്തില്ല? എന്തുകൊണ്ട് രൂപാന്തരീകരണം നടന്ന താബോർ മല ഈശോ തിരഞ്ഞെടുത്തില്ല? എന്തുകൊണ്ട് ഗലീലി അവിടുന്ന് തിരഞ്ഞെടുത്തു?

ഈശോ ജെറുസലേം പട്ടണത്തിന്റെ നിഴലിലാണ് ജനിച്ചതെങ്കിലും, വളർന്നത് ഗലീലിയിലായിരുന്നു. ഗലീലി, വിജാതീയരുടെ ഗലീലി എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും, ഈശോയുടെ പരസ്യജീവിതത്തിലെ കൂടുതൽ പ്രവർത്തനങ്ങളും നടന്നത് ഗലീലിയിൽ വച്ചാണ്. ഉത്ഥാനത്തിന് ശേഷവും, തന്റെ ദൗത്യം ശിഷ്യർക്ക് കൊടുക്കുവാൻ ഈശോ തിരഞ്ഞെടുത്തതും ഗലീലിയാണ്. ഈശോയുടെ ഹൃദയത്തോട് ചേർന്ന് നിന്ന സ്ഥലമായിരുന്നു ഗലീലി!

ദൈവവചനം പറയുന്നത്, ഈശോ അവരുടെ അടുത്തേക്ക് വന്നു. എന്നാണ്.(18) ഉത്ഥാനത്തിനുശേഷം ഈശോ മനുഷ്യരുടെ അടുത്തേക്ക് വരികയാണ്. ഉത്ഥിതനായ, ഇന്നും ജീവിക്കുന്ന, വിശുദ്ധ കുർബാനയിലൂടെ ഇന്നും കൗദാശികമായും, യഥാർത്ഥമായും ഈശോ നമ്മോടൊത്ത് വസിക്കുകയാണ്. തന്റെ പരസ്യജീവിതകാലത്ത് ഈശോയുടെ അടുത്തേയ്ക്ക് ജനം കടന്നുവരികയായിരുന്നു. വചനം ശ്രവിക്കാൻ ആഗ്രഹിച്ചവർ, സുഖപ്പെടുവാൻ ആഗ്രഹിച്ചവർ, യേശു ആരെന്നറിയാൻ ആഗ്രഹിച്ചവർ, പാപികൾ ഏല്ലാവരും ഈശോയെത്തേടി അവിടുത്തെ അടുക്കലേക്ക് എത്തുകയാണ്. എന്നാൽ, ഉത്ഥാനത്തിനുശേഷം, ഈശോ നമ്മോടൊത്ത് വസിക്കാൻ, നമ്മുടെ അടുത്തേക്ക് വരികയാണ്. അതാണ് ഇന്നത്തെ സുവിശേഷത്തിന്റെ Highlight!

സ്വർഗ്ഗത്തിലും, ഭൂമിയിലുമുള്ള സകല അധികാരവും എനിക്ക് നൽകപ്പെട്ടിരിക്കുന്നു എന്ന് പ്രഖ്യാപിച്ച ഈശോ, ലോകത്തിന്റെ അതിർത്തികളോളം പോയി, സകലജനങ്ങളെയും ശിഷ്യപെടുത്തുക എന്ന് പറഞ്ഞ ഈശോ, പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തിൽ മാമ്മോദീസാ മുക്കുകയും ചെയ്യുവിൻ എന്ന് ശിഷ്യരോട് Command ചെയ്ത ഈശോ, അവസാനമായി ശിഷ്യരോട് പറഞ്ഞത് “ലോകത്തിന്റെ അവസാനംവരെ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കു”മെന്നാണ്. പ്രിയപ്പെട്ടവരേ, ഈ ലോകത്തിൽ അവതാരമെടുത്തിട്ടുണ്ട് എന്ന് പറഞ്ഞിട്ടുള്ളതിൽ ഏത് ദൈവമാണ് ഇതുപോലൊരു ഉറപ്പ് നമുക്ക് നൽകിയിട്ടുള്ളത്? ക്രൈസ്തവന്റെ ദൈവമായ യേശുക്രിസ്തു അല്ലാതെ ആരാണ് “ലോകത്തിന്റെ അവസാനംവരെ ഞാൻ നിങ്ങളോട് കൂടെയുണ്ടായിരിക്കും” എന്ന് ഉറപ്പിച്ച് പറഞ്ഞിട്ടുള്ളത്? കൂടെ വസിക്കുന്ന ഒരു ദൈവം ഏത് ജനതയ്ക്കാണ് ഉള്ളത് പ്രിയപ്പെട്ടവരേ? വിശുദ്ധ മത്തായിയുടെ സുവിശേഷം ആരംഭിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? “കണ്ടാലും, ഒരു കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും.” (മത്താ 1, 23) വിശുദ്ധ മത്തായിയുടെ സുവിശേഷം അവസാനിക്കുന്ന വചനവും ശ്രദ്ധിക്കൂ: ” കണ്ടാലും, ലോകത്തിന്റെ അവസാനംവരെ ഞാനെന്നും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.” എത്ര മനോഹരമായിട്ടാണ് ദൈവത്തിന്റെ രക്ഷകര പദ്ധതി നെയ്തുവച്ചിരിക്കുന്നത്!  നമ്മുടെ ഹൃദയത്തിന്റെ ചെപ്പിൽ സൂക്ഷിക്കേണ്ട, നമ്മുടെ അധരങ്ങളിൽ എപ്പോഴും മുഴങ്ങേണ്ട, നമ്മുടെ മനസ്സിൽ എപ്പോഴും ധ്യാനിക്കേണ്ട ഒരു ക്രിസ്തു വചനമാണിത്: ‘മകളേ, മകനേ, ലോകത്തിന്റെ അവസാനംവരെ ഞാൻ നിന്നോട് കൂടെ ഉണ്ടായിരിക്കും.’

“ലോകാവസാനംവരെ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.” ഇന്നത്തെ സുവിശേഷത്തിലെ ഏറ്റവും മനോഹരമായ വചനമാണിത്. ആർക്കെങ്കിലും ചങ്കിലൊരിടം കൊടുക്കാൻ ചങ്കൂറ്റമുള്ളവർക്കേ, സ്നേഹിതനുവേണ്ടി ജീവൻ ബലികൊടുക്കുവാൻ തയ്യാറുള്ളവർക്കേ ഇങ്ങനെ ഒരു വാചകം പറയുവാൻ സാധിക്കൂ. പിന്നെ, പതിയെപ്പതിയെ അവർക്കുവേണ്ടി വിശുദ്ധ കുർബാനയാകാൻ കഴിയൂ.

ക്രൈസ്തവരുടെ ദൈവത്തിന്റെ പ്രത്യേകതയാണിത്, കൂടെയായിരിക്കുന്ന ദൈവം. ആരെയും നഷ്ടപ്പെടുത്താതെ, എപ്പോഴും തന്റെ മക്കളോടൊത്തായിരിക്കുന്ന ദൈവത്തിന്റെ ചിത്രക്കൂട്ടുകളുണ്ട് ഉത്പത്തി പുസ്തകത്തിന്റെ കണിക്കാഴ്ചകൾക്കിടയിൽ. ആദത്തെ സൃഷ്ടിച്ച ദൈവം, അവന്റെ ഏകാന്തതയിൽ കൂട്ടേകാനായി ഹവ്വയെ സൃഷ്ടിക്കുന്നു. സ്വന്തം സഹോദരനെ കൊന്ന കായേന്റെ കുറവുകളിൽ സംരക്ഷണമേകാനായി മുദ്ര. വെള്ളപ്പൊക്കത്തിൽ പെട്ടകത്തിന്റെ നിരാശതയിൽ പ്രതീക്ഷയേകാനായി മഴവില്ല്. അബ്രാഹത്തിന്റെ ആകുലതകളിൽ, ഇല്ലായ്മകളിൽ ആശ്വാസമേകാനായി നക്ഷത്രങ്ങൾ. ഹാറിന്റെ നിസ്സഹായതയിൽ നവോന്മേഷമേകാനായി നീരുറവ! ഉതപ്ത്തിപുസ്തകത്തിലുടനീളം ദൈവമേകുന്ന അപാരമായ കൂട്ടിന്റെ ആവർത്തനങ്ങളാണ്.

പഴയനിയമത്തിൽ ദാനിയേലിന്റെ പുസ്തകത്തിന്റെ അവസാനഭാഗത്ത് മനോഹരമായൊരു രംഗമുണ്ട്. ബാബിലോൺ കാർ ആരാധിച്ചുപോന്ന ഒരു വ്യാളം, ക്രൂരനായ ഒരു  മൃഗം ഉണ്ടായിരുന്നു. ബാബിലോൺ രാജാവായ സൈറസ് ദാനിയേലിനോട് പറഞ്ഞു: “ഇത് ജീവനുള്ള ദേവനാണ്. ദാനിയേൽ, നീ ഇതിനെ ആരാധിക്കണം.” ദാനിയേൽ പറഞ്ഞു: ” ഞാൻ എന്റെ ദൈവമായ കർത്താവിനെ ആരാധിക്കും. അവിടുന്നാണ് ജീവിക്കുന്ന ദൈവം.” ഇങ്ങനെ പറയുക മാത്രമല്ല, ദാനിയേൽ ആ മൃഗത്തിന് കീലും,കൊഴുപ്പും, രോമവും തിളപ്പിച്ച് ഉരുളയാക്കി തിന്നാൻ കൊടുത്തു. അത് തിന്നുകയും വയറുപൊട്ടി ചാവുകയും ചെയ്തു. കോപാകുലരായ ജനം, രാജാവിന്റെ സമ്മതത്തോടെ, ദാനിയേലിനെ സിംഹങ്ങളുടെ കുഴിയിൽ എറിഞ്ഞു. ഏഴ് സിംഹങ്ങൾ കുഴിയിലുണ്ടായിരുന്നു. ദിവസേന അവയ്ക്ക് രണ്ട് മനുഷ്യ ശരീരങ്ങളേയും, രണ്ട് ആടുകളെയും കൊടുക്കാറുണ്ടായിരുന്നു. ഏഴ് ദിവസത്തേക്കാണ് ദാനിയേലിനെ സിംഹക്കുഴിയിലേക്ക് എറിഞ്ഞത്. എന്നാൽ, ആ സിംഹങ്ങൾ ദാനിയേലിനെ ഭക്ഷിച്ചില്ല. 

അക്കാലത്ത് ഹബക്കുക്ക് പ്രവാചകൻ യൂദായിലുണ്ടായിരുന്നു. അദ്ദേഹം കറിയും, പൊടിച്ച അപ്പവും ഒരു പാത്രത്തിലാക്കി വയലിലേക്ക് പോവുകയായിരുന്നു. കർത്താവിന്റെ ദൂതൻ ഹബക്കുക്കിനോട് പറഞ്ഞു:  കയ്യിലുള്ള ഭക്ഷണം ബാബിലോണിലെ സിംഹക്കുഴിയിൽ കിടക്കുന്ന ദാനിയേലിന് കൊടുക്കുക.” ഹബക്കുക്ക് പറഞ്ഞു: ” പ്രഭോ, ഞാൻ ഒരിക്കലും ബാബിലോൺ കണ്ടിട്ടില്ല. സിംഹക്കുഴിയെപ്പറ്റി എനിക്കൊന്നും അറിഞ്ഞുകൂടാ.” അപ്പോൾ കർത്താവിന്റെ ദൂതൻ മുടിയില്പിടിച്ച് തൂക്കിയെടുത്ത് വായുവേഗത്തിൽ സിംഹക്കുഴിയുടെ നേരെ മുകളിൽ എത്തിച്ചു. ദിവസങ്ങളായി ഒന്നും കഴിക്കാതെ പട്ടിണിക്കിട്ട് ഏഴ് സിംഹങ്ങളോടൊപ്പമായിരുന്നു ദാനിയേൽ. ഇനി ആരും തന്നെ രക്ഷിക്കാൻ വരില്ലെന്ന് ഉറപ്പിച്ചിരുന്ന നേരം. അപ്പോഴാണ് മുകളിൽ നിന്നൊരു വിളി. “ദാനിയേൽ, ദൈവം നിനക്ക് എത്തിച്ചു തന്നിരിക്കുന്ന ഭക്ഷണം കഴിച്ചാലും.” ദൈവമേ, അങ്ങെന്നെ ഓർമിച്ചിരിക്കുന്നു. അങ്ങയെ സ്നേഹിക്കുന്നവരെ അങ്ങ് ഉപേക്ഷിച്ചിട്ടില്ല.” (ദാനിയേൽ 14, 33-39)

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം പ്രഘോഷിക്കുന്നത്, ഉത്ഥിതനായ ഈശോ നമ്മോടൊപ്പമുണ്ടെന്നാണ്. ഉത്ഥിതനായ ഈശോ നമ്മുടെ രക്ഷകനായി നമ്മോടൊപ്പമുണ്ടെന്നാണ്. ഉത്ഥിതനായ ഈശോ നമ്മുടെ പിതാവായി നമ്മോടൊപ്പമുണ്ടെന്നാണ്. ഉത്ഥിതനായ ഈശോ നമ്മുടെ സുഖപ്പെടുത്തുന്ന കർത്താവായി നമ്മോടൊപ്പമുണ്ടെന്നാണ്. ഉത്ഥിതനായ ഈശോ നമ്മുടെ ഗുരുവായി നമ്മോടൊപ്പമുണ്ടെന്നാണ്. ഉത്ഥിതനായ ഈശോ നമ്മുടെ വഴിയും, സത്യവും, ജീവനുമായി നമ്മോടൊപ്പമുണ്ടെന്നാണ്. നമ്മുടെ ജീവിതത്തിൽ എന്തെല്ലാം അഭിമുഖീകരിക്കേണ്ടി വന്നാലും, ദൈവത്തിന്റെ കരം നമ്മെ വിട്ടുപോകില്ല. “ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട് “. ജെറമിയ പ്രവാചകനിലൂടെ ദൈവം നമ്മെ ഓർമിപ്പിക്കുന്നു. (ജെറ, 1, 19) എന്നെ സൃഷ്ടിച്ച, എന്നെ രൂപപ്പെടുത്തിയ, എന്നെ അനുഗ്രഹിക്കുന്ന, കൈപിടിച്ചെന്നെ വഴിനടത്തുന്ന എന്റെ ദൈവം എന്നോടൊപ്പമുണ്ടെന്ന് ഉറക്കെ വിളിച്ചുപറയാനുള്ള ഞായറാഴ്ചയാണിത് പ്രിയപ്പെട്ടവരേ!

ഒരിക്കൽ, ഒരു വൈകുന്നേരം, പതിനെട്ട് വയസ്സായ മൂത്തമകനെയുംകൊണ്ട്, അവന്റെ അപ്പച്ചൻ ഒരു വനത്തിലേക്ക് യാത്രയായി. അവർ വനത്തിലെത്തിയപ്പോൾ രാത്രിയായി. മനോഹരമായൊരു മരത്തിന്റെ ചുവട്ടിലെത്തിയപ്പോൾ അപ്പച്ചൻ അവനോട് പറഞ്ഞു: മകനേ, ഈ രാത്രി നിന്നെ ഞാൻ ഈ കാട്ടിൽ, ഈ മരത്തിന്റെ ചുവട്ടിൽ ഇരുത്തുകയാണ്. നിന്റെ രണ്ട് കണ്ണും ഒരു തുണികൊണ്ട് ഞാൻ കെട്ടും. ഇങ്ങനെ ഈ രാത്രി മുഴുവൻ നീ ഇവിടെ കഴിയുകയാണെങ്കിൽ നീ നല്ല ധൈര്യമുള്ള, പക്വതയുള്ള ഒരു വ്യക്തിയായിത്തീരും. ആ മകൻ സമ്മതിച്ചു. അയാൾ അവന്റെ കണ്ണുകൾ മൂടിക്കെട്ടി, അവനെ ഒറ്റയ്ക്ക് അവിടെ വിട്ടു. മരത്തിന്റെ ചുവട്ടിൽ കണ്ണുകൾ കെട്ടപ്പെട്ട് ഇരുന്ന മകന്റെ മനസ്സിലൂടെ wild ചിന്തകൾ കടന്നുകൂടി. വന്യമൃഗങ്ങൾ വന്നാൽ! ഇഴജന്തുക്കൾ കടിച്ചാൽ, കൊടുങ്കാറ്റുണ്ടായാൽ! അവനെ വിറയ്ക്കാൻ തുടങ്ങി. വന്യമൃഗങ്ങളുടെ അലർച്ച അങ്ങകലെ കേട്ടപ്പോൾ അവൻ ഞെട്ടി. കണ്ണിന്റെ കെട്ട് അഴിച്ചുമാറ്റിയാലോ എന്ന് പലപ്രാവശ്യം അവൻ ചിന്തിച്ചു. എങ്കിലും, എങ്ങനെയോ ധൈര്യം സംഭരിച്ച് അവൻ അവിടെ ഇരുന്നു. ഇടയ്ക്കെപ്പോഴോ ഒന്ന് മയങ്ങി. പ്രഭാതസൂര്യന്റെ രശ്മികൾ മുഖത്തടിച്ചപ്പോൾ, അവൻ മെല്ലെ കണ്ണിന്റെ കെട്ടുകൾ അഴിച്ചു. സൂര്യപ്രകാശത്തിൽ തിളങ്ങി നിൽക്കുന്ന കാടിനെ കണ്ടപ്പോൾ അവൻ സന്തോഷിച്ചു. ചുറ്റും കണ്ണോടിച്ച കൂട്ടത്തിൽ അവൻ തന്റെ പുറകിലേക്ക് നോക്കി. അതാ, തന്റെ അപ്പച്ചൻ അവിടെ ഇരിക്കുന്നു. അവൻ ചാടി എഴുന്നേറ്റപ്പോൾ അപ്പച്ചൻ പറഞ്ഞു: “എന്താ ഞാൻ നിന്നെ ഇവിടെ വിട്ടിട്ട് പോയെന്ന് ഓർത്തോ? ഇന്നലെ രാത്രി മുഴുവൻ നിന്നെയും നോക്കിക്കൊണ്ട് ഞാൻ നിന്നോടൊപ്പമുണ്ടായിരുന്നു. നീ ഞെട്ടി വിറച്ചപ്പോഴും, അസ്വസ്ഥനായി ഞെളിപിരികൊണ്ടപ്പോഴും ഞാൻ ഇവിടെയുണ്ടായിരുന്നു. ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിക്കുകയായിരുന്നു.” ആ മകൻ ഓടി വന്ന് അപ്പച്ചനെ കെട്ടിപ്പിടിച്ചു.

സ്നേഹമുള്ളവരേ, വാക്കുകൾക്ക് വലിയ ശക്തിയുണ്ട്. അതുകൊണ്ട്, ഈശോയുടെ ഈ വാക്കുകൾ മനസ്സിൽ ആവർത്തിച്ചുകൊണ്ടിരിക്കുക. അപ്പോൾ, ജീവിതത്തിന്റ എല്ലാ നിമിഷങ്ങളിലും, ഈശോ ഒപ്പമുണ്ട് എന്ന അനുഭവം നമുക്കുണ്ടാകും. ഒപ്പമുണ്ട് എന്ന രാഷ്ട്രീയക്കാരുടെ വെറും മൊഴിയുടെ പിന്നാലെ പോകുന്നത് അപകടകരമാണ്.

ഉത്ഥിതനായ ക്രിസ്തു ലോകാവസാനം വരെ നമ്മോടൊപ്പമുള്ള ദൈവമാണ്. ഉത്ഥിതനായ ഈശോയുടെ Sacramental സാന്നിധ്യമാണ്, Real സാന്നിധ്യമാണ്, ആ സാന്നിധ്യത്തിന്റെ ആഘോഷമാണ്

വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയിൽ ഈശോയുടെ സ്നേഹം അനുഭവിക്കാനും, ആ സാന്നിധ്യത്തിൽ ഇപ്പോഴും ആയിരിക്കാനും നമുക്കാകട്ടെ. ഓർക്കുക എപ്പോഴും – ലോകാവസാനംവരെ ഈശോ നമ്മോടൊപ്പമുണ്ടാകും! ആമ്മേൻ!

SUNDAY SERMON JN 21, 15-19

ഉയിർപ്പുകാലം മൂന്നാം ഞായർ

യോഹന്നാൻ 21, 15-19

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ വളരെ മനോഹരവും, അർത്ഥസമ്പുഷ്ടവുമായ ഒരു വിവരണമാണ് നാമിപ്പോൾ വായിച്ചുകേട്ടത്.  യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ” എന്ന ഈശോയുടെ ചോദ്യം, ക്രൈസ്തവജീവിതം എത്തിച്ചേരേണ്ട ലക്ഷ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. നാമൊക്കെ സാധാരണരീതിയിൽ വിചാരിക്കുന്നത്, സമയാസമയങ്ങളിൽ കൂദാശകൾ സ്വീകരിച്ചുകൊണ്ട്, എല്ലാദിവസവും, അല്ലെങ്കിൽ കുറഞ്ഞത് ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ട്, കുടുംബപ്രാർത്ഥനചൊല്ലി, സമയം കിട്ടുമ്പോൾ, interest ഉണ്ടെങ്കിൽ ദൈവവചനം വായിച്ച്, വേണമെങ്കിൽ അതിന്റെകൂടെ കുറച്ച് പരോപകാരപ്രവർത്തികളും ചെയ്ത് ജീവിച്ചാൽ നല്ലൊരു ക്രൈസ്തവയായി, ക്രൈസ്തവനായി എന്നാണ്. എന്നാൽ, ഇന്നത്തെ സുവിശേഷഭാഗം നമ്മെ ക്രൈസ്തവ ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെ മനസ്സിലാക്കിത്തരികയാണ്. എന്താണ് ക്രൈസ്തവജീവിതത്തിന്റെ യഥാർത്ഥ ലക്‌ഷ്യം? ക്രിസ്തുവിന്റെ, വ്യവസ്ഥകളില്ലാത്ത, ത്യാഗംനിറഞ്ഞ സ്നേഹത്തിൽ പങ്കുകാരായിക്കൊണ്ട് ക്രിസ്തുവിൽ ഒന്നായിത്തീരുന്ന ഒരു ജീവിതം. ഈ ലക്ഷ്യത്തിലേക്കുള്ള ക്ഷണമാണ് ഇന്നത്തെ സുവിശേഷം.

ഉത്ഥിതനായ ഈശോയുടെ പ്രത്യക്ഷീകരണങ്ങൾകൊണ്ട് (Apparitions) സമ്പന്നമാണ് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ അദ്ധ്യായം 20 തും അദ്ധ്യായം 21 ഉം. എ. ഡി 95 ൽ എഫോസോസിൽ വച്ച് രചന പൂർത്തിയാക്കിയ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ അവസാനത്തെ അദ്ധ്യായം, അദ്ധ്യായം 21, പിന്നീട് കൂട്ടിച്ചേർത്തതാണെന്ന് ചില പണ്ഡിതന്മാർ തെളിവുകളോടെ അവകാശപ്പെടുന്നുണ്ടെങ്കിലും, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തോട് ചേർന്നുപോകുന്ന അദ്ധ്യായം തന്നെയാണിത്. അദ്ധ്യായം 20 ൽ ശൂന്യമായ കല്ലറ, യേശു മഗ്ദലേന മറിയത്തിന് പ്രത്യക്ഷപ്പെടുന്നു, ശിഷ്യർക്ക് പ്രത്യക്ഷപ്പെടുന്നു, തോമസിന് പ്രത്യക്ഷപ്പെടുന്നു എന്നിങ്ങനെ വിശദമായി യേശുവിന്റെ പ്രത്യക്ഷീകരണങ്ങൾ വിവരിച്ചശേഷം, വാക്യം 30 ൽ യോഹന്നാൻ ശ്ലീഹ, ‘ഈ ഗ്രന്ഥത്തിൽ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും ഈശോ ശിഷ്യരുടെ സാന്നിധ്യത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത് നിങ്ങൾ വിശ്വസിക്കേണ്ടതിനും, അവന്റെ നാമത്തിൽ ജീവൻ ഉണ്ടാകുന്നതിനും വേണ്ടിയാണ്’ എന്ന് പറഞ്ഞിട്ട് സുവിശേഷം അവസാനിപ്പിച്ചെങ്കിലും, “ഇതിനുശേഷം” എന്ന് പറഞ്ഞ് അദ്ദേഹം സുവിശേഷം തുടരുകയാണ്. ശൈലികൾകൊണ്ടും, ഭാഷയുടെ പ്രയോഗങ്ങൾകൊണ്ടും അധ്യായം 21, വിശുദ്ധ യോഹന്നാൻ തന്നെ എഴുതിയതാകുവാനാണ് സാധ്യത! അധ്യായം 21 ലെ തിബേരിയസ് കടൽത്തീരത്തെ അത്ഭുതകരമായ മീൻപിടുത്തത്തിന് ശേഷം ശിഷ്യന്മാർക്ക് പ്രാതൽ നല്കിക്കഴിഞ്ഞാണ് ഇന്നത്തെ സുവിശേഷഭാഗം സംഭവിക്കുന്നത്.  

വിശുദ്ധ പത്രോസിനെ അജപാലകനായി, സഭയുടെ പാപ്പായായി ഈശോ നേരിട്ട് നിയമിക്കുന്ന ഭാഗമാണിതെന്നും, അല്ലാ, തന്റെ പീഡാസഹനവേളയിൽ മൂന്ന് പ്രാവശ്യം തന്നെ തള്ളിപ്പറഞ്ഞ പത്രോസിനെക്കൊണ്ട് മൂന്ന് പ്രാവശ്യം ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് ഏറ്റുപറയിക്കുന്ന ഭാഗമാണിതെന്നും രണ്ട് അഭിപ്രായങ്ങൾ നിലവിലുണ്ട്. ഈ രണ്ട് അഭിപ്രായങ്ങളുടെയും സാധുതയെ എതിർക്കുന്നില്ലെങ്കിലും, എന്റെ പഠനത്തിന്റെ, ധ്യാനത്തിന്റെ വെളിച്ചത്തിൽ എനിക്ക് തോന്നുന്നത്, സുവിശേഷഭാഗം ക്രിസ്തുശിഷ്യ സ്നേഹബന്ധത്തിന്റെ, ദൈവമനുഷ്യ ബന്ധത്തിന്റെ, ഭൂമിയിൽ ഓരോ ക്രൈസ്തവനും എത്തിച്ചേരേണ്ട അവസ്ഥയുടെ, അനുഭവത്തിന്റെ മനോഹരമായ ഒരു ആവിഷ്കാരമാണെന്നാണ്.

ഈശോ മൂന്നുപ്രാവശ്യം പത്രോസിനോട് ചോദിക്കുന്നുണ്ട്, നീ എന്നെ സ്നേഹിക്കുന്നുവോ” എന്ന്. ബൈബിളിൽ മൂന്ന് എന്ന സംഖ്യയ്ക്കുള്ള പ്രാധാന്യവും, അർത്ഥവും പറഞ്ഞ് ഈ ആവർത്തനത്തെ സാധൂകരിക്കാമെങ്കിലും, പ്രത്യക്ഷത്തിൽ, ഒരു കാര്യം തന്നെ മൂന്ന് പ്രാവശ്യം ചോദിക്കുന്നത് മാന്യമായ രീതിയല്ല. പ്രത്യേകിച്ച് സ്നേഹത്തിന്റെയൊക്കെ കാര്യത്തിൽ. ഒരു പ്രാവശ്യം ചോദിച്ചാൽ മതി. ഉത്തരം പറയേണ്ട വ്യക്തി YES എന്നോ NO എന്നോ പറഞ്ഞാൽ കാര്യം കഴിഞ്ഞു. എന്തിനാണിങ്ങനെ മൂന്ന് പ്രാവശ്യം? ഈശോയുടെയും പത്രോസിന്റെയും കാര്യത്തിൽ, ഈശോയ്ക്ക് മൂന്നുപ്രാവശ്യം ചോദിക്കേണ്ടി വന്നു എന്ന് പറയുന്നതാകും ശരി!

ഈശോ ഈ ഭൂമിയിൽ അവതരിച്ചതും, ദൈവരാജ്യം പ്രസംഗിച്ചതും, പീഡകൾ സഹിച്ചു മരിച്ചതും, മൂന്നാം നാൾ ഉത്ഥിതനായതും പ്രപഞ്ചത്തെ, മനുഷ്യനെ ദൈവവുമായി വീണ്ടും ഒന്നിപ്പിക്കുവാനായിരുന്നു, അനുരജ്‌ജനത്തിലേക്ക് നയിക്കുവാനായിരുന്നു. ലൗകികമായ ഒരു നേട്ടവും, സ്വാർത്ഥപരമായ യാതൊരു ലക്ഷ്യവും ഈശോയുടെ വരവിന് പിന്നിൽ ഇല്ലായിരുന്നു. ലക്‌ഷ്യം ഒന്നുമാത്രം – പ്രപഞ്ചത്തെ, മനുഷ്യനെ ദൈവവുമായി അനുരജ്‌ജിപ്പിക്കുക! ദൈവവുമായുള്ള സ്നേഹത്തിലേക്ക്, ഒന്നാകലിലേക്ക് ക്ഷണിക്കുകയാണ് ഈശോ പത്രോസിനെ, ഇന്നത്തെ സുവിശേഷത്തിലൂടെ.

എന്താണ് ഈശോ ചോദിക്കുന്നത്? പത്രോസ്, നീ എന്നെ സ്നേഹിക്കുന്നുവോ?” പത്രോസിന്റെ ഉത്തരം: ഞാൻ നിന്നെ സ്നേഹിക്കുന്നു.” വെറുമൊരു സാധാരണ സ്നേഹത്തെപ്പറ്റിയല്ല ഈശോ ഇവിടെ പറയുന്നത്. നമുക്കറിയാവുന്നതുപോലെ, വിശുദ്ധ യോഹന്നാൻ ക്രിസ്തുവിന്റെ സുവിശേഷം രചിച്ചത് ഗ്രീക്ക് ഭാഷയിലാണ്. വിശുദ്ധ യോഹന്നാന്റെ ഗ്രീക്ക് ഭാഷയിൽ എഴുതിയ സുവിശേഷത്തിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളുടെ പ്രത്യേകത അറിയുമ്പോൾ ഈ വചനഭാഗത്തിന്റെ പ്രകാശം, അർത്ഥം നമുക്ക് ലഭിക്കും.  

ഗ്രീക്ക് ഭാഷയിൽ, ഗ്രീക്ക് സാഹിത്യത്തിൽ സ്നേഹത്തിന് 8 വാക്കുകളുണ്ട്. 1. ഇറോസ് (Eros) ശാരീരിക, ലൈംഗിക സ്നേഹമാണിത്. ഇതിൽ ആഗ്രഹമുണ്ട്, അഭിലാഷമുണ്ട്, വികാരമുണ്ട്. 2. ഫീലിയ (Phiia) ബന്ധങ്ങളുടെ, പ്രത്യേകിച്ച് സൗഹൃദ ബന്ധങ്ങളുടെ സ്നേഹം. ബന്ധങ്ങളുടെ പിരിമുറുക്കങ്ങൾ ഇവിടെയുണ്ടാകും. 3. അഗാപ്പെ (Agape) നിബന്ധനകളില്ലാത്ത, സ്വാർത്ഥതയില്ലാത്ത, ത്യാഗം മാത്രമുള്ള സ്നേഹം. ദൈവത്തിന്റെ സ്നേഹം ഇങ്ങനെയാണ്. 4 സ്റ്റോർഗെ (Storge) കുടുംബബന്ധങ്ങളിലെ സ്നേഹം. 5. മാനിയ (Mania) ഭ്രാന്തമായ സ്നേഹമാണിത്. സ്വാർത്ഥത നിറഞ്ഞ സ്നേഹം. 6. ലൂഡസ് (Ludus) വെറും തമാശയ്ക്ക് എന്ന മട്ടിലുള്ള സ്നേഹമാണിത്. 7. പ്രഗ്മ (Pragma) പ്രായോഗിക സ്നേഹം, ജോലിസ്ഥലങ്ങളിലെ, സംഘടനകളിലെ സ്നേഹങ്ങൾ. 8 ഫിലൗതിയ (Philautia) സ്വയം സ്നേഹിക്കുന്ന അവസ്ഥ (Narcissism). ഇങ്ങനെ 8 തരത്തിലുള്ള സ്നേഹഭാവങ്ങൾക്ക് 8 വാക്കുകളാണ് ഗ്രീക്ക് ഭാഷയിലുള്ളത്.

ഇതിൽ പത്രോസേ നീയെന്നെ സ്നേഹിക്കുന്നുവോ? എന്ന് ഈശോ ചോദിക്കുമ്പോൾ ഉപയോഗിച്ചിരിക്കുന്നത് അഗാപ്പെ എന്ന വാക്കാണ്. അതായത് വ്യവസ്ഥകളില്ലാത്ത, നിബന്ധനകളില്ലാത്ത, ത്യാഗം നിറഞ്ഞ ഭാവത്തോടെ നീ എന്നെ സ്നേഹിക്കുന്നുവോ പത്രോസേ എന്നാണ് ഈശോ ചോദിക്കുന്നത്. മറ്റൊരുവാക്കിൽ, ദൈവവുമായി ഒന്നായിത്തീരുന്ന, ഇനി ഞാനല്ല ദൈവം എന്നിൽ വസിക്കുന്നു എന്ന സ്നേഹത്തിലേക്കാണ് ഈശോ പത്രോസിനെ ക്ഷണിക്കുന്നത്.

പത്രോസിനാകട്ടെ ഈശോയുടെ മനസ്സ് വായിച്ചെടുക്കുവാനായില്ല. അദ്ദേഹം പറഞ്ഞു: “ഉവ്വ് കർത്താവേ ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ.” ഇവിടെ അദ്ദേഹം സ്നേഹം എന്നതിന് ഫിലിയ (Philia) എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ദൈവിക, സ്വർഗീയ ബന്ധത്തിനായി ഈശോ പത്രോസിനെ ക്ഷണിക്കുമ്പോൾ, പത്രോസ് വെറും സൗഹൃദ ബന്ധത്തിലേക്ക്, പിരിമുറുക്കങ്ങളും, സ്വാർത്ഥതാത്പര്യങ്ങളും നിറഞ്ഞ സാധാരണ ബന്ധങ്ങളിലേക്ക് തന്നെത്തന്നെ താഴ്ത്തുകയാണ്. ത്യാഗം നിറഞ്ഞ പുണ്യം നിറഞ്ഞ ദൈവികമായ സ്നേഹത്തിലേക്ക് നമ്മെ ഉയർത്തുവാനാണ് ഈശോ ശ്രമിക്കുന്നത്. പക്ഷെ നാം സ്വാർത്ഥത നിറഞ്ഞ വെറും ലൗകികമായ സ്നേഹത്തിലേക്ക് വീണുപോകുകയാണ്.

എന്നാലും ഈശോ നിരാശനാകുന്നില്ല. അവിടുന്ന് വീണ്ടും ശ്രമിക്കുകയാണ്. കാരണം ഒരിക്കലും അസ്തമിക്കാത്ത, എന്നും പുതിയതായി സ്നേഹമാണല്ലോ അവിടുന്ന്!!! ഈശോ വീണ്ടും ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ?” ഇവിടെയും ഈശോ അഗാപ്പെ, വ്യവസ്ഥകളില്ലാത്ത, നിബന്ധനങ്ങളില്ലാത്ത, നിർബന്ധങ്ങളില്ലാത്ത സ്നേഹമാണ് ഉപയോഗിക്കുന്നത്. എന്നാൽ, പത്രോസിനുണ്ടോ അത് മനസ്സിലാകുന്നുള്ളു!! അദ്ദേഹം ഫിലിയ ഉപയോഗിച്ചുകൊണ്ടാണ് ഉത്തരം കൊടുക്കുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ, മനുഷ്യന്റെ നിസ്സഹായാവസ്ഥയാണിത്. സ്വർഗം ഭൂമിയിൽ വന്നിട്ടും മനസ്സിലാക്കുവാൻ മനുഷ്യന് പറ്റുന്നില്ലല്ലോ. ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവത്തിന്റെ സ്നേഹം അനുഗ്രഹങ്ങളായി, അനുഗ്രഹങ്ങളുടെ മഴയായി നമ്മുടെ ജീവിതത്തിലൂടെ കുത്തിയൊഴുകിയിട്ടും നമുക്കത് മനസ്സിലാക്കുവാൻ കഴിയുന്നില്ലല്ലോ. മനുഷ്യന്റെ നിർഭാഗ്യമാണത്.

മനുഷ്യനെപ്പോഴും അങ്ങനെയാണ്. ഇടവകദേവാലയത്തിലെ തിരുനാളുകൾ നാം ആഘോഷമായി നടത്തും. ആഘോഷങ്ങളിൽ എല്ലാവരും സന്തോഷത്തോടെ പങ്കെടുക്കും. എന്നാൽ, ഒരു വർഷം മുഴുവനും ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിപറയാനും, ക്രിസ്തുവിനോട് ചേർന്നുള്ള ഒരു ജീവിതം നയിക്കാനും നാം മറന്നുപോകും. രാജ്യത്തെ പ്രധാനമന്ത്രിയെ കാണാൻ അവസരം ലഭിക്കുന്നെന്ന് വിചാരിക്കുക. അവിടെച്ചെന്ന് അദ്ദേഹത്തെ കണ്ട് കഴിയുമ്പോൾ, പ്രധാനമന്ത്രി നിങ്ങളോട് പറയുന്നു: “നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള എന്തെങ്കിലും ചോദിച്ചുകൊള്ളുക.” അപ്പോൾ നിങ്ങളാകെ അങ്കലാപ്പിലാകും. എന്നിട്ട് അവസാനം, “എനിക്ക് ഒരു ലിറ്റർ പെട്രോൾ മതിഎന്ന് നിങ്ങൾ പറയുന്നു. ശരിയാണ്. പെട്രോളിന് വലിയ വിലയാണ്. എന്നാൽ എന്തുകൊണ്ട് ഒരു ലിറ്റർ? പ്രധനമന്ത്രിയോട് ചോദിക്കുമ്പോൾ അതുക്കുംമേലെയുള്ള കാര്യങ്ങൾ ചോദിക്കേണ്ടേ? ജീവിതത്തിന്റെ ശരിയായ ലക്ഷ്യങ്ങൾ നാം പലപ്പോഴും മറക്കും. അവസരങ്ങൾ നാം നന്നായി ഉപയോഗിക്കുകയില്ല

ഞങ്ങൾ വൈദികർ, സന്യസ്തർ, ജീവിതം മുഴുവനും ക്രിസ്തുവിനായി സമർപ്പിച്ച്, ക്രിസ്തുവുമായി ഒന്നായിത്തീരുന്ന ഉന്നതമായ ഒരു ജീവിതം ആഗ്രഹിച്ച് വരുന്നവരാണ്. ഈശോ ഞങ്ങളെ പ്രത്യേകം ക്ഷണിക്കുന്നതും ഈശോയോടൊത്തുള്ള ഉന്നത ജീവിതത്തിനാണ്. ഞങ്ങളാകട്ടെ, ജീവിതം മുഴുവനും സാമൂഹ്യസേവനം ചെയ്തും, പ്രേഷിതപ്രവർത്തനം ചെയ്തും, സ്കൂളുകളും, കോളേജുകളും, ആശുപത്രികളും നടത്തിയും, ഇല്ലാത്ത തിരക്കുകളുമായി കറങ്ങി നടന്നും, ജീവിതം അങ്ങ് അവസാനിപ്പിക്കും. ഉന്നതമായ ലക്ഷ്യം മാത്രം അങ്ങ് മറക്കും! എന്തൊരു കഷ്ടം അല്ലേ?

എന്നാൽ, മനുഷ്യന്റെ ബലഹീനത അറിയുന്ന ഈശോ, മൂന്നാമത്തെ പ്രാവശ്യം പത്രോസിന്റെ തലത്തിലേക്ക് ഇറങ്ങി വരികയാണ്. അവിടുന്ന് മൂന്നാം പ്രാവശ്യം യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ എന്നെ സ്നേഹിക്കുന്നുവോ” എന്ന് ചോദിക്കുമ്പോൾ ഫിലിയ എന്ന വാക്കാണ് ഉപയോഗിക്കുന്നത്. പത്രോസ് ഇതൊന്നും അറിയുന്നില്ലല്ലോ. ദൈവം തന്റെ നിലയിലേക്ക് താഴ്‌ന്നു വന്ന് തന്നെ രക്ഷിക്കുവാൻ ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും വിചാരിക്കുന്നില്ല. അല്പം അസ്വസ്ഥനായിട്ട് തന്നെ, പത്രോസ് തന്റെ പതിവ് പല്ലവി പാടുകയാണ്. ഉത്ഥിതൻ ഒട്ടും നിരാശനാകുന്നില്ല. അവിടുന്ന് പത്രോസിന്റെ ഭാവി വെളിപ്പെടുത്തുകയാണ്. പത്രോസിനത് എത്രത്തോളം മനസ്സിലായോ എന്തോ. അദ്ദേഹം ക്രിസ്തുവിനെ അനുഗമിക്കുകയാണ്. ആടുകളെ മേയിച്ചുകൊണ്ട്, വചനം പ്രഘോഷിച്ചുകൊണ്ട് സാമൂഹ്യപ്രവർത്തനത്തിലൂടെ, പ്രേഷിതപ്രവർത്തനത്തിലൂടെ, ഹൃദയം ക്രിസ്തുവിനായി ഒരുക്കുവാൻ ഈശോ പത്രോസിനെ ക്ഷണിക്കുകയാണ്. ഈശോ പത്രോസിനായി കാത്തിരിക്കുകയാണ്.

സ്നേഹമുള്ളവരേ, ഇന്ന് ഉത്ഥിതനായ ഈശോ ഓരോ വിശുദ്ധ കുർബാനയിലും പ്രാതലൊരുക്കി നമുക്കായി കാത്തിരിക്കുകയാണ്. ഓരോ വിശുദ്ധ കുർബാനയിലും അവിടുന്ന് ചോദിക്കുന്നുണ്ട്: മകളേ, മകനേ നീയെന്നെ സ്നേഹിക്കുന്നുണ്ടോ?  “- നീ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ” ഈശോ ചോദിക്കുന്നത്, വ്യവസ്ഥകളില്ലാത്ത, ത്യാഗം നിറഞ്ഞ, സ്‌നേഹം മാത്രമുള്ള ഹൃദയവുമായി നീ എന്നിലേക്ക് വരുന്നോ എന്നാണ്. ഈ ക്ഷണത്തിന്റെ അർത്ഥം, പ്രസക്തി, ചൈതന്യം പത്രോസിനെന്നപോലെ നമുക്കും മനസ്സിലാകുന്നില്ല. എന്നാൽ, സഭാചരിത്രത്തിൽ വിശുദ്ധരെന്ന് തിരുസ്സഭ നാമകരണം ചെയ്തിട്ടുള്ള ധാരാളം ക്രൈസ്തവർ ക്രിസ്തുവിന്റെ ഈ ക്ഷണത്തിന് അതിന്റെ അർത്ഥം മനസ്സിലാക്കി ഉത്തരം പറഞ്ഞവരാണ്.  മാത്രമല്ല, ധാരാളം വിശുദ്ധരായ ക്രൈസ്തവർ അവരുടെ കുടുംബ ജീവിത സാഹചര്യങ്ങളിൽ, വൈദിക സന്യസ്ത ജീവിത ഇടങ്ങളിൽ, പ്രേഷിത മേഖലകളിൽ ക്രിസ്തുവിന്റെ ഈ ക്ഷണത്തിന് ഉത്തരം നൽകുന്നുണ്ട്. അവരെ ഭാഗ്യം നിറഞ്ഞവർ എന്ന് വിളിക്കാനാണ് എനിക്ക് തോന്നുന്നത്.

നമ്മളോ? നാം നമ്മുടെ ഭാഗ്യം തട്ടിക്കളയുകയാണ്. ഓരോ വിശുദ്ധ കുർബാനയിലും ദൈവം തന്നെത്തന്നെ നമുക്കായി നൽകുവാൻ ആഗ്രഹിക്കുമ്പോൾ, നാമോ നിസ്സാരമായവയ്ക്കു പിന്നാലെ ഓടുകയാണ്. നമ്മുടെ ഐതിഹ്യങ്ങളിലെ ആളുകളെപ്പറ്റി കേട്ടിട്ടില്ലേ? ദൈവം ചോദിക്കുന്നു, നിനക്ക് എന്ത് വരമാണ് വേണ്ടത്? ജ്ഞാനമോ, സ്വർണമോ, അതോ നീ തൊടുന്നവരെല്ലാം, തൊടുന്നവയെല്ലാം ഭസ്മമായിപ്പോകുന്ന വരമോ? അതാ, അയാൾ അല്പമൊന്ന് ആലോചിച്ചിട്ട് പറയുന്നു, എനിക്ക് മൂന്നാമത്തെ വരം മതിയെന്ന്!!! ഇതാണ് നാം.

ഈശോ ചോദിക്കുന്നു?  “നീ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ”? അഗപ്പേയാണ് ഈശോ ആവശ്യപ്പെടുന്നത്. നാം നിസ്സാരമായവയുടെ പിന്നാലെ ഓടുകയാണ്. നമ്മെത്തന്നെ വരിഞ്ഞുമുറുക്കി കേളൻ കെല്പുള്ളവയോടാണ് നമുക്ക് താത്പര്യം.  റഷ്യയുടെ പുടിൻ അയൽരാജ്യമായ യുക്രയിനുവേണ്ടി ഓടുകയാണ്. ഉത്തരകൊറിയ ആകട്ടെ നശീകരണ ആയുധങ്ങൾ വിപുലപ്പെടുത്തുന്ന തിരക്കിലാണ്. ഇങ്ങു ഭാരതത്തിലാകട്ടെ നൂറിലധികം രാഷ്ട്രീയപാർട്ടികളുണ്ട്. അവയോരോന്നും അവരുടെ മാത്രം ഭാരതം നിർമിക്കുന്ന തിരക്കിലാണ്. അതിലും കൂടുതൽ മതങ്ങളുണ്ട്. അവരും ശരിയായ ലക്‌ഷ്യം മറന്ന് സ്വന്തം രാഷ്ട്രം ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ്. നമ്മളോ, ക്രിസ്തുവിന് കുപ്പായം തയ്പ്പിക്കുവാനുള്ള തിരക്കിലാണ്. ബട്ടൺ എവിടെ വേണം? മുന്പിലോ പിൻപിലോ? കുപ്പായത്തിന്റെ കളർ എന്തായിരിക്കണം, കുപ്പായത്തിന് എത്ര പോക്കറ്റ് വേണം……അങ്ങനെയങ്ങനെയങ്ങനെ…. ദൈവങ്ങളെ സംരക്ഷിക്കുവാൻ ബുള്ളറ്റ് പ്രൂഫ് (Bullet proof) ചില്ലുകൂട് പണിയുന്നവരാണല്ലോ നമ്മൾ!!

“ഇവരേക്കാൾ അധികമായി നീ എന്നെ സ്നേഹിക്കുന്നുവോ” എന്ന ഈശോയുടെ ചോദ്യത്തിന് എന്ത് ഉത്തരം നിങ്ങൾ കൊടുക്കും എന്റെ സഹോദരീ സഹോദരന്മാരെ? ഈ ചോദ്യം ഈശോ ലോകത്തുള്ള എല്ലാവരോടും, ലോകത്തുള്ള 800 കോടി ജനങ്ങളോടും ചോദിക്കുന്നുണ്ട്. നാം ഉത്തരം പറയാതെ, പറയുന്നുണ്ടെങ്കിൽ നമ്മുടെ ഇഷ്ടമനുസരിച്ചുള്ള ഉത്തരം പറഞ്ഞ് ജീവിക്കുന്നവരാണെങ്കിൽ നാം മാസ്‌ക് ധരിക്കുന്ന ക്രൈസ്തവരാണ്. കോവിഡിനെതിരെയുള്ള മസ്കല്ല. പൊയ്മുഖങ്ങൾ!!! ഈശോ എപ്പോഴും ആഗ്രഹിക്കുന്നത് ദൈവവുമായി അകന്നുനിൽക്കുന്ന ക്രൈസ്തവജീവിതമല്ല, ദൈവത്തോടൊത്തു നിൽക്കുന്ന ക്രൈസ്തവജീവിതങ്ങളെയാണ്. ദൈവത്തിന്റെ സ്നേഹത്തിൽ ഒന്നായി നിന്നുകൊണ്ട് ക്രിസ്തു കാണുന്നപോലെ കാണാനും, ക്രിസ്തു കേൾക്കുന്ന പോലെ കേൾക്കാനും,

ക്രിസ്തുവിന്റെ ഹൃദയത്തോടെ മറ്റുള്ളവരെ സ്നേഹിക്കുവാനും സാധിക്കുക. അതല്ലേ ശരിയായ അജപാലനം. മറ്റുള്ളതെല്ലാം വെറും തട്ടിപ്പല്ലേ?? ദൈവകൃപയില്ലാത്ത പ്രവർത്തികൾ!! നമ്മുടെ ക്രൈസ്തവ ജീവിതങ്ങളെ നവീകരിച്ചുകൊണ്ട് ക്രിസ്തുസ്നേഹത്തിൽ വളരാൻ നമുക്കാകട്ടെ. ആമേൻ!

SUNDAY SERMON PUTHU NJAYAR

ഉയിർപ്പുകാലം രണ്ടാം ഞായർ

പുതു ഞായർ 2026

കർത്താവായ ഈശോയുടെ ഉത്ഥാനത്തിരുനാളിനുശേഷം വരുന്ന ഞായറാഴ്ച, പുതുഞായറാഴ്ചയായി ആചരിക്കുന്ന പാരമ്പര്യം ഇന്നും, ആഘോഷത്തിന്റെ പൊലിമ ഒട്ടും കുറഞ്ഞുപോകാതെ, നാം പിന്തുടരുന്നു എന്നത് അഭിമാനകരമാണ്. കേരളത്തിലെ മലയാറ്റൂർ പോലെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിലെ ഭക്തജനത്തിരക്ക് ക്രൈസ്തവ വിശ്വാസം ജീ വമായി നിൽക്കുന്നു എന്നതിന്റെ സൂചനയായിക്കാണാവുന്നതാണ്.

ഈസ്റ്ററിനുശേഷമുള്ള എട്ടുദിവസങ്ങളെ Octave of Easter ആയി പാശ്ചാത്യ ക്രൈസ്തവസഭകൾ വിശേഷിക്കുമ്പോൾ, “പ്രകാശമുള്ള ആഴ്ച്ച” (Bright Week) ആയിട്ടാണ്   പൗരസ്ത്യ ക്രൈസ്തവസഭകൾ ഈ എട്ടുദിവസങ്ങളെ കാണുന്നത്. ഉയിർപ്പുകാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ച പാശ്ചാത്യ ക്രൈസ്തവ പാരമ്പര്യത്തിൽ “ദൈവിക കരുണയുടെ ഞായറും” (Divine Mercy Sunday) പൗരസ്ത്യ ക്രൈസ്തവ പാരമ്പര്യത്തിൽ “പുതു ഞായറും” (New Sunday), “നവീകരണ ഞായറും” (Renewal Sunday) “തോമസ് ഞായറു” (Thomas Sunday) മാണ്.

ഈ ഞായറാഴ്ചയുടെ പേരുകൾ പലതാണെങ്കിലും, ഈശോമിശിഹായുടെ ഉയിർപ്പിനുശേഷം വരുന്ന ഞായറാഴ്ചയുടെ പ്രത്യേകത, ഉദ്ദേശ്യം, സുവിശേഷത്തിലെ വിശുദ്ധ തോമാശ്ലീഹായെപ്പോലെ എന്റെ കർത്താവേ, എന്റെ ദൈവമേ എന്നും പറഞ്ഞുകൊണ്ട് ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം ഏറ്റുപറയുകയാണ്.  ഇതിൽ കൂടുതൽ മറ്റൊരു സന്ദേശവും ഇന്നത്തെ സുവിശേഷഭാഗം നമുക്ക് നൽകുന്നില്ല. ഒന്ന്, നമ്മുടെ ജീവിതസാഹചര്യങ്ങളിൽ മഴയായാലും വെയിലായാലും ക്രിസ്തുവിനെ എന്റെ കർത്താവും എന്റെ ദൈവവും എന്ന് ഏറ്റുപറയണം. രണ്ട്, നമ്മുടെ ക്രിസ്തുസാക്ഷ്യജീവിതംവഴി മറ്റുള്ളവരെ ക്രിസ്തുവിലേക്ക് നയിക്കണം. നമ്മുടെ ക്രിസ്തുസാക്ഷ്യജീവിതംവഴി മറ്റുള്ളവരെ ക്രിസ്തുവിനെക്കുറിച്ചുള്ള സംശയത്തിലേക്കല്ല, ക്രിസ്തുവിനെ ഏറ്റുപറയുന്ന വിശ്വാസത്തിലേക്ക് കൊണ്ടുവരുവാൻ നമുക്കാകണം. അത്രമേൽ ശക്തവും മനോഹരവുമാക്കണം നമ്മുടെ ക്രിസ്തുസാക്ഷ്യജീവിതം, നമ്മുടെ ക്രൈസ്തവജീവിതം.

കണിക്കൊന്ന പൂത്തു നിൽക്കുന്നപോലെ മനോഹരമായ ഒരു ദൃശ്യവിരുന്നാണ് ഇന്നത്തെ സുവിശേഷത്തിൽ ഈശോ നമുക്കായി ഒരുക്കിയിരിക്കുന്നത്. ഇവിടെ വിശുദ്ധ തോമസിനെ “സംശയിക്കുന്ന തോമാ”യായി (Doubting Thomas), “അവിശ്വസിക്കുന്ന തോമസാ”യി അവതരിപ്പിക്കുന്നുണ്ടെങ്കിലും, ശ്ലീഹന്മാരിലൊരുവനും, ഭാരതത്തിന്റെ അപ്പസ്തോലനും, നമ്മുടെ ക്രൈസ്തവ വിശ്വാസത്തിന്റെ പിതാവുമായ വിശുദ്ധ തോമാശ്ലീഹായുടെ ശക്തമായ ക്രിസ്തു സാക്ഷ്യം തന്നെയാണ് ഇന്നത്തെ സുവിശേഷത്തിന്റെ പ്രതിപാദ്യവിഷയം.

ധാരാളം സംഭവങ്ങൾ സുവിശേഷം ഇവിടെ നമുക്കായി കോർത്തുവച്ചിട്ടുണ്ട്. വായിച്ചു തുടങ്ങുമ്പോൾ ക്യാമറ ഫോക്കസ് ചെയ്യുന്നത് (ആഴ്ചയുടെ ആദ്യദിവസം) ഈശോ ശിഷ്യർക്ക് പ്രത്യക്ഷപെടുന്നതിലേക്കാണ്. അതോട് ചേർന്നുള്ള സീൻ തോമസ് അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല എന്നതാണ്. ആദ്യത്തെ സീൻ വെറുതെ വായിച്ചു വിടരുത്. എന്തൊക്കെയാണ് ഈശോ ശിഷ്യരുടെ മുൻപിൽ അവതരിപ്പിച്ചത്? അവിടുന്ന് അവർക്കു സമാധാനം നൽകുന്നു. തന്റെ കൈകളും പാർശ്വവും കാണിക്കുന്നു. അവർക്ക് ദൗത്യം നൽകുന്നു. ആ ദൗത്യം പൂർത്തീകരിക്കുവാനായി പരിശുദ്ധാത്മാവിനെ കൊടുക്കുന്നു. പാപങ്ങൾ ക്ഷമിക്കുവാനും, ബന്ധിതരെ മോചിപ്പിക്കുവാനും അനുഗ്രഹം നൽകുന്നു. ചുരുക്കിപ്പറഞ്ഞാൽ, പിന്നീട് സംഭവിക്കേണ്ട എല്ലാ കാര്യങ്ങളും ആദ്യദിനം തന്നെ, ആദ്യ പ്രത്യക്ഷീകരണത്തിൽ (Apparition) തന്നെ നൽകുകയാണ്. അവിടുന്ന് ശിഷ്യരെ ഒരുക്കുകയാണ്, ശക്തിപ്പെടുത്തുകയാണ്. താൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നുവെന്നു അവരെ ബോധ്യപ്പെടുത്തുകയാണ്, ക്രിസ്തുവിന്റെ സുവിശേഷം തുടരുകയാണെന്ന് അവരെ അറിയിക്കുകയാണ്. വചനം പറയുന്നു, “കർത്താവിനെ കണ്ട ശിഷ്യന്മാർ സന്തോഷിച്ചു ” എന്ന്.

തോമസ് തിരികെ വരുമ്പോൾ അദ്ദേഹത്തിനോട് ശിഷ്യന്മാർ പറയുകയാണ്, “ഞങ്ങൾ ക്രിസ്തുവിനെ കണ്ടു.” അപ്പോൾ, തോമസ് പറഞ്ഞു, ഞാനിതു വിശ്വസിക്കുകയില്ല”. തോമസിന്റെ ഈ പ്രഖ്യാപനം വായിച്ച നാം ഉടനെ വിധി പ്രസ്താവിച്ചു: ‘ദേ തോമസ് സംശയിക്കുന്നു, ഇവൻ സംശയിക്കുന്ന തോമായാണ്, അവിശ്വാസിയായ തോമായാണ്.’  എന്നാൽ പ്രിയപ്പെട്ടവരേ, “ഞങ്ങൾ കർത്താവിനെ കണ്ടു” എന്ന് മറ്റു ശിഷ്യന്മാർ പറഞ്ഞപ്പോൾ തോമസിന്റെ മനസ്സിൽ ഉയർന്ന ചോദ്യങ്ങളും ചോദ്യചിഹ്നങ്ങളും നമ്മൾ കണ്ടില്ല. ഉത്ഥിതനായ കർത്താവിനെക്കണ്ടിട്ടും, യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യന്മാരെ കണ്ടപ്പോൾ അദ്ദേഹം തന്റെ മനസ്സിൽ കോറിയിട്ട ആശ്ചര്യചിഹ്നങ്ങൾ നമ്മൾ വായിച്ചില്ല. ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടിട്ടും മുറിയുടെ മൂലയിലിരുന്ന്, ഞാൻ കർത്താവിനെ തള്ളിപ്പറഞ്ഞല്ലോയെന്നു ഒപ്പാര് പറഞ്ഞു കരയുന്ന പത്രോസിനെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകുന്നത് കണ്ടപ്പോൾ എന്തുകൊണ്ട് എന്ന് നമ്മൾ അന്വേഷിച്ചില്ല. വിപ്ലവം പറഞ്ഞു തിളയ്ക്കുന്ന തീവ്രവാദിയായ ശിമയോനെയും, വീണ്ടും ചുങ്കം പിരിക്കുവാൻ ഒരുങ്ങുന്ന മത്തായിയേയും കണ്ടപ്പോൾ തോമസിന്റെ കണ്ണുകളിൽ വിടർന്ന വിസ്മയത്തിന്റെ പൊരുളറിയാൻ നാം ശ്രമിച്ചില്ല.

എന്നിട്ട്, തോമസ് പറഞ്ഞ മറുപടി കേട്ടപാതി, കേൾക്കാത്ത പാതി നാം വിധി പ്രസ്താവിച്ചു, ക്രിസ്തുവിനെ സംശയിക്കുന്നുവെന്ന്, തോമസിന് ക്രിസ്തുവിൽ വിശ്വാസമില്ലായെന്ന്!!!!

പ്രിയപ്പെട്ടവരേ, തോമസ് ആരെയാണ് സംശയിച്ചത്? ആരെയാണ് അവിശ്വസിച്ചത്? ഉത്ഥിതനായ ക്രിസ്തുവിനെയാണോ സംശയിച്ചത്? മരിച്ചവരുടെ ഇടയിൽ നിന്ന്, അരുളിച്ചെയ്തതുപോലെ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെയാണോ അവിശ്വസിച്ചത്? വിശുദ്ധ തോമാശ്ലീഹാ സംശയിച്ചത് ക്രിസ്തുവിലല്ല; വിശുദ്ധ തോമാശ്ലീഹാ അവിശ്വസിച്ചതു ക്രിസ്തുവിനെയല്ല. മറിച്ച്, ഉത്ഥാനം ചെയ്ത ക്രിസ്തുവിനെക്കണ്ടിട്ടും, പേടിച്ചു മുറിയിൽ അടച്ചിരുന്ന, ഭയത്തോടെ ഒളിച്ചിരുന്ന ശിഷ്യന്മാരുടെ ജീവിതം കണ്ടിട്ട്, ഞാൻ മീൻ പിടിക്കാൻ പോകുന്നുവെന്നും പറഞ്ഞു വീണ്ടും പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ ഒരുങ്ങുന്ന പത്രോസിന്റെയും ശിഷ്യരുടേയും ജീവിത സാക്ഷ്യം കണ്ടിട്ട് അവർ പറഞ്ഞത് അതേപടി വിശ്വസിക്കുവാൻ എങ്ങനെയാണ് തോമസിന് കഴിയുക?  ക്രിസ്തു ഉത്ഥിതനായി എന്ന്, സന്തോഷമായ, പ്രത്യാശ നിറഞ്ഞ, ധൈര്യം പകരുന്ന, ക്രിസ്തു ഉത്ഥിതനായി എന്ന് പറയുമ്പോഴും പേടിച്ചിരിക്കുന്ന ശിഷ്യന്മാരെ കണ്ടപ്പോൾ തോമസിന് സംശയമായി. ശരി തന്നെയാ. അദ്ദേഹം തന്നോട് തന്നെ ചോദിച്ചു: “ഇവർ യഥാർത്ഥത്തിൽ ക്രിസ്തുവിനെ കണ്ടുവോ?” പ്രകാശം മാത്രമായ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ട ശേഷവും എന്തുകൊണ്ടാണ് ഇവർ ഇരുട്ടിൽത്തന്നെ ഇരിക്കുന്നത്? പ്രത്യാശമാത്രമായ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടശേഷവും എന്തുകൊണ്ടാണ് ഇവർ വീണ്ടും നിരാശരായി ഇരിക്കുന്നത്? ഇല്ല, ഇവർ ഉത്ഥിതനെ കണ്ടിട്ടില്ല. തോമസ് ഉടനടി തന്റെ നിലപാട് അറിയിച്ചു: അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും, അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ല.”” (യോഹ 20, 26) നിങ്ങളാണെങ്കിലും ഞാനാണെങ്കിലും ഇങ്ങനെയല്ലേ ചിന്തിക്കൂ…

പ്രിയപ്പെട്ടവരേ, ഉത്ഥിതനായ ക്രിസ്തുവിനെ കണ്ട ശിഷ്യന്മാരാണ് തോമസിനെ സംശയാലുവാക്കിയത്. ഉത്ഥിതനായ ക്രിസ്തുവിനെ കണ്ട ശിഷ്യന്മാർ തന്നെയാണ് അവരെ അവിശ്വസിക്കുവാൻ തക്ക രീതിയിൽ പെരുമാറിയത്. അവരുടെ വൈരുധ്യം നിറഞ്ഞ ജീവിതമാണ് തോമസിനെ സംശയാലുവാക്കിയത്. എന്താ നിങ്ങൾക്ക് സംശയമുണ്ടോ?

എട്ടു ദിവസങ്ങൾക്കുശേഷം ഈശോ ശിഷ്യന്മാർക്ക് വീണ്ടും പ്രത്യക്ഷപെടുകയാണ്. വചനം പറയുന്ന പോലെ തോമസും കൂട്ടത്തിലുണ്ട്.  അവരുടെയിടയിലേക്കു കടന്നുവന്ന ഈശോ തോമസിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് ഈശോ തോമസിനോട് പറഞ്ഞു: ‘തോമസേ, ദേ നോക്ക് …എന്റെ മുറിവുകൾ കാണ് …നിന്റെ കൈ കൊണ്ടുവന്ന് എന്റെ പാർശ്വത്തിൽ വയ്ക്ക് …! തോമസ് അങ്ങനെ അന്തംവിട്ട് നിൽക്കുകയാണ്. അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. ഈശോയുടെ അടുത്തേക്ക് പോകാതെ അവിടെ മുട്ടുകുത്തി അദ്ദേഹം. എന്നിട്ട് ആകാശം കേൾക്കുമാറുച്ചത്തിൽ, ഈ സൃഷ്ടപ്രപഞ്ചം കുലുങ്ങുമാറുച്ചത്തിൽ തന്റെ സർവ ശക്തിയുമെടുത്തു അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു: “എന്റെ കർത്താവേ, എന്റെ ദൈവമേ…!” ആ വിശ്വാസ പ്രഖ്യാപനത്തിൽ സ്വർഗം സന്തോഷിച്ചിട്ടുണ്ടാകണം! ഭൂമി കോരിത്തരിച്ചിട്ടുണ്ടാകണം! അന്നുവരെ കേൾക്കാൻ കഴിയാതിരുന്ന ഒരു വിശ്വാസ പ്രഘോഷണം കേട്ട് സൂര്യചന്ദ്രനക്ഷത്രാദികൾ നിശ്ചലമായി നിന്നിട്ടുണ്ടാകണം!  ആ മുറിവുകൾ പരിശോധിക്കാൻ അദ്ദേഹം പോയില്ല…അവിടുത്തെ പാർശ്വത്തിൽ സ്പർശിക്കാനും പോയില്ല. കാരണം, അവനോടുകൂടെ നമുക്കും പോയി മരിക്കാം എന്നുപറഞ്ഞവന് അറിയാമായിരുന്നു ക്രിസ്തു ഉത്ഥിതനായി എന്ന്. അവനോടുകൂടെ മൂന്നുവർഷം നടന്ന തോമസിന് അറിയാമായിരുന്നു, മാനവകുലത്തിന്റെ വഴിയായ ക്രിസ്തു, ജീവനായ ക്രിസ്തു, സത്യമായ ക്രിസ്തു ഉത്ഥിതനായി എന്ന്, ഇന്നും ജീവിക്കുന്ന ദൈവമാണ് എന്ന്. പകരം വയ്ക്കാനാകാത്ത ക്രിസ്തു സാക്ഷ്യത്തിന്റെ ആൾരൂപമാണ്‌ പ്രിയപ്പെട്ടവരേ വിശുദ്ധ തോമാശ്ലീഹാ!

ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടു എന്ന് അവകാശപ്പെട്ട ശിഷ്യന്മാരല്ലേ യഥാർത്ഥത്തിൽ തോമസിനെ, ചരിത്രം പറയുന്ന സംശയിക്കുന്ന തോമായാക്കി മാറ്റിയത്? നാമല്ലേ, നമ്മുടെ ക്രിസ്തു ഇല്ലാത്ത ക്രൈസ്തവ ജീവിതമല്ലേ ലോകത്തിൽ, നമ്മുടെ ഇടവകയിൽ, കുടുംബത്തിൽ സംശയിക്കുന്ന തോമമാരെ സൃഷ്ടിക്കുന്നത്?

ഉത്ഥിതനായ ക്രിസ്തുവിനെ കാണാതെ, അവിടുത്തെ തിരുമുറിവുകളിലെ സ്നേഹത്തെ അനുഭവിക്കാതെ വിശ്വസിക്കുകയില്ലായെന്ന് പറയുന്ന തോമസ് ഈ കാലഘട്ടത്തിന്റെ പ്രതിനിധിയാണ്. ഇന്നത്തെ ക്രൈസ്തവജീവിതങ്ങളിലെ വൈരുധ്യങ്ങൾ, ഇന്നത്തെ ജീർണത ബാധിച്ച ക്രൈസ്തവസാക്ഷ്യങ്ങളിലെ പുഴുക്കുത്തുകൾ, ക്രിസ്തു ഇന്നും ജീവിക്കുന്ന ദൈവമാണോ എന്ന് സംശയിക്കുവാൻ, അക്രൈസ്തവരെ, സാധാരണ ക്രൈസ്തവരെ  പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അതിനു ആരെ കുറ്റപ്പെടുത്തണം? ക്രിസ്തുവിനെ അറിഞ്ഞ, മാമോദീസ, കുമ്പസാരം, വിശുദ്ധ കുർബാന, സ്ഥൈര്യലേപനം, രോഗീലേപനം, പൗരോഹിത്യം, വിവാഹം എന്നീ കൂദാശകൾ സ്വീകരിക്കുന്ന, അവിടുത്തെ ഓരോ വിശുദ്ധ കുർബാനയിലും അനുഭവിക്കുന്ന ക്രൈസ്തവരായ നമ്മെയോ അതോ ക്രിസ്തുവിനെ അറിയാത്ത അക്രൈസ്തവരെയോ? നാം തന്നെയല്ലേ കാരണക്കാർ? ഉത്ഥിതനായ ക്രിസ്തുവിന്റെ സ്നേഹ സാന്നിധ്യം, രക്ഷാകര സാന്നിധ്യം ആഘോഷിക്കുന്ന വിശുദ്ധ കുർബാനയെച്ചൊല്ലി ക്രൈസ്തവർ വഴക്കടിക്കുമ്പോൾ എങ്ങനെയാണ് അക്രൈസ്തവർ ക്രിസ്തുവിൽ വിശ്വസിക്കുക? അവരെ നാം സംശയിക്കുന്ന തോമ്മമാർ ആക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണക്കാർ നമ്മൾ തന്നെയല്ലേ? ചിന്തിച്ചു നോക്കണം. ചിന്തിച്ചുനോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  എന്തുകൊണ്ടാണ് ഇന്നും ഭാരതത്തിൽ നാം വെറും 2.3 ശതമാനം മാത്രമായി ന്യൂനപക്ഷങ്ങളാകുന്നു? വിശുദ്ധ തോമാശ്ലീഹായുടേതുപോലുള്ള ശക്തമായ ക്രൈസ്തവ സാക്ഷ്യം നൽകുന്നതിൽ നാം ഒരു പരിധിവരെ പരാജയപ്പെടുന്നില്ലേയെന്ന് സമ്മതിക്കാൻ ഇനിയും നാം മടിക്കരുത്.

ആ പരാജയമല്ലേ ക്രൈസ്തവരെ ഒറ്റയായും, കൂട്ടത്തോടെയും ആക്രമിക്കാൻ ക്രിസ്തുവിന്റെ ശത്രുക്കൾക്ക് ധൈര്യം നൽകുന്നത്? ക്രൈസ്തവ വിശ്വാസത്തെ വളഞ്ഞിട്ട് ആക്രമിക്കുന്ന ഒരു ശൈലി ക്രിസ്തുവിന്റെ ശത്രുക്കൾ ലോകത്തെമ്പാടും, നമ്മുടെ ഭാരതത്തിലും, എന്തിന് ക്രൈസ്തവവിശ്വാസത്തിന്റെ ഉരുക്കുകോട്ട എന്നറിയപ്പെടുന്ന നമ്മുടെ കേരളത്തിലും പിന്തുടരുന്നു എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്തുവിനുവേണ്ടി മരിച്ചുവീഴുന്ന ക്രൈസ്തവരുടെ എണ്ണം, ആക്രമിക്കപ്പെടുന്ന ദൈവാലയങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. യൂറോപ്പിന്റെ ക്രൈസ്തവ അന്തരീക്ഷത്തിനുമേൽ മുഴങ്ങുന്ന “അശാന്തിയുടെ ബാങ്കുവിളികൾ” ക്രിസ്ത്യാനികളെ ഭയപ്പെടുത്തുന്നുണ്ട്. ഭാരതത്തിന്റെ വിവിധഭാഗങ്ങളിൽ വർഗീയവാദികൾ ക്രൈസ്തവരെ ശ്വാസംമുട്ടിക്കുന്നുണ്ട്. ദൈവാലയങ്ങളും, സ്കൂളുകളും ആക്രമിക്കപ്പെടുന്നുണ്ട്. പറഞ്ഞു പഴകിയതാണെങ്കിലും മതപരിവർത്തനമെന്ന ആക്ഷേപം ഇന്നും അവർ ഉയർത്തുന്നുണ്ട്; അതിനെ ഏറ്റുപിടിക്കാൻ വർഗീയവാദികൾക്ക് അണികളുമുണ്ട് ഈ കേരളത്തിൽ വരെ!!!! നിയമസഭാ ഇലക്ഷൻ കഴിഞ്ഞപ്പോൾ തന്നെ കേൾക്കുന്ന പ്രസ്താവനകൾ അത്ര ശുഭ സൂചകമാണെന്ന് തോന്നുന്നില്ല!!! ഉത്തരേന്ത്യയിലെ ക്രൈസ്തവ സഹോദരങ്ങളുടെ കൂട്ടക്കരച്ചിലുകൾ, ഇങ്ങു കേരളത്തിലെത്തുമ്പോഴേയ്ക്കും വെറും മൂളലുകൾ ആകുന്നത് കണ്ട് ശരാശരി ക്രൈസ്തവന്റെ നെഞ്ചുതകരുന്നുണ്ട് ചില സ്ഥലങ്ങളിലെ കലണ്ടറുകളിൽ നിന്ന് ക്രിസ്തുമസും, ദുഃഖവെള്ളിയും ഈസ്റ്റർ ഞായറുമൊക്കെ അപ്രത്യക്ഷമായിരിക്കുന്നുവെന്നത് സാക്ഷരകേരളത്തിന് അപമാനമാണ്; ക്രൈസ്തവർക്ക് നാണക്കേടുമാണ്. 

ഇന്നത്തെ നമ്മുടെ ക്രൈസ്തവ വിശ്വാസ ജീവിത സാഹചര്യങ്ങളിൽ പുതുഞായറിന്റെ സുവിശേഷ സന്ദേശത്തിന്റെ പ്രസക്തി വളരെ വലുതാണ്. വിശുദ്ധ തോമാശ്ലീഹായെപ്പോലെ ക്രിസ്തുവിനെ “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന് ഏറ്റുപറയുന്ന ക്രൈസ്തവ വിശ്വാസം എന്തുമാത്രം ശക്തമാക്കുന്നുവോ, അത്രമാത്രമേ ക്രൈസ്തവരുടെ നേർക്കുള്ള ആക്രമണം കുറഞ്ഞുവരികയുള്ളു. വിശ്വാസത്തെ ശക്തിപ്പെടുത്തുകയാണ്, ക്രിസ്തു സാക്ഷ്യത്തെ മനോഹരമാക്കുകയാണ് ഏകപോംവഴി! അല്ലാതെ “സന്ദർശന രാഷ്ട്രീയത്തിന്റെ” പുറകെപ്പോകുന്നത് ക്രൈസ്തവ വിശ്വാസത്തെ ഒറ്റിക്കൊടുക്കലായിപ്പോകുമെന്നത് ചരിത്രം പഠിപ്പിക്കുന്ന സത്യമാണ്. വളർത്തിക്കൊല്ലുന്ന വർഗീയ രാഷ്ട്രീയത്തിനെതിരെ ജാഗ്രത പുലർത്തുകയാണ് വേണ്ടത്. വിശ്വാസത്തെ ശക്തിപ്പെടുത്തുകയാണ് കർമ്മമെന്നറിയുകയാണ് വേണ്ടത്!!

“നായ്ക്കോലം കെട്ടിയാൽ കുരച്ചേ തീരണം” എന്ന് കാർന്നോന്മാർ പറയും. എന്നെങ്കിലും, എപ്പോഴെങ്കിലും നായ്‌ക്കോലം കെട്ടുകയാണെങ്കിൽ കുരയ്ക്കണം നിങ്ങൾ! അതിന്റെ സ്വഭാവം കാണിയ്ക്കണം. അപ്പോൾ നിങ്ങൾ ഒരു ക്രൈസ്തവ സഹോദരിയോ, സഹോദരോ ആണെങ്കിൽ ക്രൈസ്തവ സ്വഭാവം കാണിക്കണം. വിശുദ്ധ പൗലോശ്ലീഹാ പറയുന്നപോലെ, ക്രിസ്തുവിന്റെ മനോഭാവം ഉണ്ടാകണം. (ഫിലി 2, 5)

എന്നാൽ വൈരുധ്യങ്ങളും, എതിർസാക്ഷ്യങ്ങളും ധാരാളം നമ്മുടെ ക്രൈസ്തവ ജീവിതങ്ങളിൽ ഉണ്ടെങ്കിലും, ക്രിസ്തുവാണ് ഏക രക്ഷകനെന്ന്, ക്രിസ്തുവാണ് എന്റെ കർത്താവും എന്റെ ദൈവവുമെന്ന് ഏറ്റു പറഞ്ഞുകൊണ്ട് ജീവിക്കുന്ന ക്രൈസ്തവരുടെ ജീവിതംകണ്ടു നാം അത്ഭുതപ്പെടാറില്ലേ? ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുന്നവരെ, അവരുടെ കുടുംബങ്ങളെ കണ്ടു എത്രയോ അക്രൈസ്തവരാണ് വിസ്മയത്തോടെ നോക്കൂ, ക്രിസ്തുവിലുള്ള ഇവരുടെ വിശ്വാസം അപാരം തന്നെ എന്ന് പറഞ്ഞിട്ടുള്ളത്! ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും മുടങ്ങാതെ വിശുദ്ധ കുർബാനയ്ക്കു പോകുന്ന നമ്മുടെ അമ്മച്ചിമാരും അപ്പച്ചന്മാരും, ഈശോയെ കർത്താവും ദൈവവുമായി ഏറ്റുപറയുന്ന ക്രൈസ്തവ യുവജനങ്ങളും, കുട്ടികളുമൊക്കെ അക്രൈസ്തവർക്കു ഇന്നും അത്ഭുതമാണ്. വീടിനെയും സ്വന്തക്കാരെയും, സ്വാഭാവികമായ നേട്ടങ്ങളെയുമെല്ലാം വേണ്ടെന്നുവച്ചു, ക്രിസ്തുവിനായി ഇറങ്ങിത്തിരിക്കുന്ന വൈദികരെയും, സമർപ്പിതരെയും, മിഷനറിമാരെയും, അവരുടെ ജീവിതത്തിലെ അചഞ്ചലമായ ക്രിസ്തുവിശ്വാസവും കണ്ടിട്ട് എത്രയോ അക്രൈസ്തവരാണ് ക്രിസ്തുവിലേക്കു ആകർഷിതരായത്! ഇവരൊക്കെ വിശുദ്ധ തോമാശ്ലീഹായെപ്പോലെ തന്നെ ക്രിസ്തു വിശ്വാസത്തിന്റെ നേർസാക്ഷ്യങ്ങളാണ്. ഇനിയും വൈകിയിട്ടില്ല പ്രിയപ്പെട്ടവരേ, എന്റെ ക്രൈസ്തവജീവിതം കണ്ട് ‌ ഒരു വ്യക്തിക്ക് ഒരു നിമിഷംപോലും ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഇടർച്ചയുണ്ടാകരുത് എന്നുള്ള വലിയൊരു തീരുമാനത്തിലേക്കായിരിക്കണം ഈ പുതുഞായർ നമ്മെ കൊണ്ടുചെന്നെത്തിക്കേണ്ടത്.

സ്നേഹമുള്ളവരേ, ഞാൻ ആവർത്തിക്കട്ടെ, ജീവിത സാഹചര്യങ്ങളിൽ “എന്റെ കർത്താവേ എന്റെ ദൈവമേ”യെന്നുള്ള നമ്മുടെ വിശ്വാസപ്രഘോഷണത്തിലാണ് നമ്മുടെ ക്രൈസ്തവജീവിതങ്ങൾ ഫലം ചൂടുന്നത്. ദുഃഖം നിറഞ്ഞ, നിരാശ മാത്രം അവശേഷിച്ച, രോഗം മാത്രം കൂട്ടിനുണ്ടായിരുന്ന ഭൂതകാലത്തിൽ ഉത്ഥിതനായ ക്രിസ്തുവിനെ കാണാൻ, “എന്റെ കർത്താവേ എന്റെ ദൈവമേ”യെന്നു ഏറ്റുപറയുവാൻ നമുക്ക് സാധിച്ചിട്ടില്ലെങ്കിൽ ഇന്നുമുതൽ നമുക്ക് ആരംഭിക്കാം.

ഇന്നത്തെ സുവിശേഷ സംഭവത്തിന് ഒരു tail end ഉണ്ട്. അതിങ്ങനെയാണ്: “എന്റെ കർത്താവേ എന്റെ ദൈവമേ” എന്ന് ക്രിസ്തു വിശ്വാസം ഏറ്റുപറഞ്ഞ തോമസ് ആ

വിശ്വാസം പ്രഘോഷിക്കുവാൻ നമ്മുടെ ഭാരതത്തിൽ, കേരളത്തിൽ എത്തുന്നു. ഇവിടെ വച്ച് ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വരിക്കുന്നു. എത്രയോ മഹത്തായ, ധന്യമായ ജീവിതം!

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതസാഹചര്യങ്ങളിൽ ക്രിസ്തുവിന് സാക്ഷ്യം നൽകാനും, ക്രിസ്തുവിനുവേണ്ടി സ്വയം മുറിക്കപ്പെടാനും, രക്തം ചിന്താനും പുതിയൊരു ക്രൈസ്തവ ജീവിതത്തിനായി നമുക്ക് പ്രതിജ്ഞയെടുക്കാം. ആമേൻ!

SUNDAY SERMON EASTER 2026

ഈസ്റ്റർ ഞായർ 2026

ലോകത്തിലെ എല്ലാ മതഗ്രന്ഥങ്ങളിലും വച്ച്, വേദഗ്രന്ഥങ്ങളിലുംവച്ച് ഏറ്റവും പ്രതീക്ഷ നൽകുന്ന മനോഹരമായ ഒരു വാക്കിനെ ചേർത്തുപിടിച്ചുകൊണ്ട്, നാമിന്ന് ക്രിസ്തുവിന്റെ ഉത്ഥാനത്തിരുനാൾ ആഘോഷിക്കുകയാണ്. മനോഹരമായ പ്രതീക്ഷനൽകുന്ന ആ വാക്കിതാണ്: മൂന്നാം ദിനം, മൂന്നാംപക്കം, The Third Day! സമാന്തര സുവിശേഷങ്ങളിലെ ക്രിസ്തുവിന്റെ പീഡാനുഭവ പ്രവചനങ്ങളുടെ Highlight എന്നു പറയുന്നത്, ഈശോ ജെറുസലേമിലേക്ക് പോകേണ്ടിയിരിക്കുന്നു എന്നതല്ല, ശ്രേഷ്ഠന്മാരിൽ നിന്നും പ്രധാനപുരോഹിതരിൽ നിന്നും വളരെയേറെ സഹിക്കേണ്ടി വരും എന്നതല്ല, താൻ വധിക്കപ്പെടും എന്നതുമല്ല, മൂന്നാം ദിവസം ഉയിർപ്പിക്കപ്പെടും എന്നതാണ്. (മത്താ 16, 21 – 23) ഇക്കഴിഞ്ഞ ദിവസങ്ങളിൽ നാം ആചരിച്ച തിരുക്കർമങ്ങൾക്കും, വായിച്ചു കേട്ട വിശുദ്ധ ഗ്രന്ഥവായനകൾക്കും, ദുഃഖവെള്ളിയാഴ്ച്ച കാൽവരിയിൽ സംഭവിച്ചതിന്റെ ഓർമകൾക്കും എല്ലാം അർത്ഥവും പൂർണതയും വരുന്നത് മൂന്നാം ദിനം അവിടുന്ന് ഉത്ഥാനം ചെയ്തു എന്ന മഹാരഹസ്യത്തിലാണ്. പെന്തക്കുസ്താ ദിനത്തിൽ പത്രോശ്ലീഹാ പ്രഘോഷിച്ചപോലെ,  ഇന്ന് നാം വിളംബരം ചെയ്യുന്ന സന്ദശമിതാണ്: ലോകമേ, തിന്മയുടെ ശക്തികൾ കുരിശിൽ തറച്ച് കൊന്ന ദൈവപുത്രനായ ക്രിസ്തു ഉയിർത്തെഴുന്നേറ്റു. ആ ക്രിസ്തു എന്റെയും നിങ്ങളുടെയും ദൈവമായി ഇന്നും ജീവിക്കുന്നു!

ഇന്നത്തെ ഈ വിളംബരത്തിന് ഒരു പ്രത്യേകതയുണ്ട്. ക്രിസ്തു ഇന്നും ജീവിക്കുന്നു എന്ന് ഇന്ന് നാം വിളംബരം ചെയ്യുമ്പോൾ, സ്നേഹമുള്ള സഹോദരീ സഹോദരങ്ങളേ, ഓർക്കുക,  തിന്മയുടെ ശക്തികൾ സകല ക്രൂരതകളോടുംകൂടി അഴിഞ്ഞാടുന്ന കാലഘട്ടത്തിലാണ് ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന് നാം വിളംബരം ചെയ്യുന്നത്. മനുഷ്യന്റെ ആർത്തിയും, അഹങ്കാരവും യുദ്ധമായി, യുദ്ധത്തിലെ ബാലിസ്റ്റിക് -ന്യൂക്ലിയർ ആയുധങ്ങളായി തീതുപ്പുന്ന വിനാശകരമായ ഒരു കാലഘട്ടത്തിലാണ്, ഭരണസംവിധാനങ്ങൾ ഉപയോഗിച്ചും, ക്രൈസ്തവമുക്ത ഭാരതം സൃഷ്ടിക്കാൻ ശത്രുക്കൾ ശ്രമിക്കുന്ന സമയത്താണ്, നിയമനിർമാണ സഭകൾപോലു FCRA പോലുള്ള ബില്ലുകളിൽ ഭേദഗതി വരുത്തിക്കൊണ്ട് ക്രൈസ്തവന്റെ പ്രേഷിത പ്രവർത്തനങ്ങളെയും, കാരുണ്യ പ്രവൃത്തികളെയും തകർക്കാൻ ശ്രമിക്കുന്ന കാലഘട്ടത്തിലാണ് ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന് നാം വിളംബരം ചെയ്യുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും, ആകാശത്തിന് കീഴിൽ, ഭൂമിക്ക് മുകളിൽ രക്ഷിക്കപ്പെടാൻ ഒരൊറ്റ നാമമേയുള്ളു; അത് ക്രിസ്തുവിന്റെ നാമമാണ് എന്ന ദൈവവചനത്തിന്റെ ശക്തിയിൽ അഭിമാനത്തോടെ നാം ഏറ്റുപറയുകയാണ് ക്രൈസ്തവന്റെ ദൈവം ഇന്നും ജീവിക്കുന്ന ദൈവമാണ് എന്ന്. എല്ലാവർക്കും ഉത്ഥാനത്തിരുനാളിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു!

2026 ലെ ഉത്ഥാനത്തിരുനാളിന്റെ സന്ദേശമായി രണ്ട് കാര്യങ്ങൾ അവതരിപ്പിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒന്നാമതായി, ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ഉത്ഥാനത്തിലുള്ള, ക്രിസ്തുവിന്റെ ഉത്ഥാനത്തിലുള്ള വിശ്വാസമാണ്. മിശിഹാ രഹസ്യങ്ങൾക്ക്, മിശിഹായുടെ ജനനത്തിനും, പരസ്യജീവിതത്തിനും, പീഡാസഹനത്തിനും, മരണത്തിനും ദൈവികതയും അർത്ഥവും നൽകുന്നത് നാം ഇന്ന് ആഘോഷിക്കുന്ന ക്രിസ്തുവിന്റെ ഉത്ഥാനമാണ്. ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുർബാന ഇത്രയും ശക്തവും, പ്രസാദം നിറഞ്ഞതുമാകുന്നത് ക്രിസ്തു പുൽക്കൂട്ടിൽ പിറന്നു എന്നതുകൊണ്ടല്ല, പീഡകൾ അനുഭവിച്ചു എന്നതുകൊണ്ടല്ല, കുരിശിൽ മരിച്ചു എന്നതുകൊണ്ടുമല്ല, പിന്നെയോ, ക്രിസ്തു ഉത്ഥിതനായി ഇന്നും ജീവിക്കുന്നതുകൊണ്ടാണ്. തന്റെ പരസ്യ ജീവിതകാലത്ത് ഈശോ ജനങ്ങളുടെ വിശ്വാസ വളർച്ചയ്ക്കുവേണ്ടി ധാരാളം അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും, അവിടുന്ന് പ്രവർത്തിച്ച ഏറ്റവും വലിയ അത്ഭുതമാണ് അവിടുത്തെ ഉത്ഥാനം. സുവിശേഷം എന്നത്, ഉത്ഥിതനായ ക്രിസ്തുവിന്റെ സുവിശേഷമാണ്. അത് പാവങ്ങളുടെയും, പാപികളുടെയും സുവിശേഷമാകുന്നത്, അവർക്ക് ശുഭപ്രതീക്ഷയേകുന്ന സുവാർത്തയാകുന്നത് സുവിശേഷം ഉത്ഥാനത്തിന്റെ സുവിശേഷമായതുകൊണ്ടാണ്!

അതുകൊണ്ടാണ് വിശുദ്ധ പൗലോശ്ലീഹാ കോറിന്തോസുകാരോട് ഇങ്ങനെ പ്രഘോഷിക്കുന്നത്. അല്ലയോ കോറിന്തോസുകാരേ, “ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം. (1Cor 15, 14) “ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുകയും, സംസ്കരിക്കപ്പെടുകയും, എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാൾ ഉയിർപ്പിക്കപ്പെടുകയും ചെയ്തു. അവൻ കേപ്പയ്ക്കും, പിന്നീട് പന്ത്രണ്ടുപേർക്കും പ്രത്യക്ഷനായി. ഒടുവിൽ അകാലജാതന് എന്നതുപോലെ എനിക്കും പ്രത്യക്ഷനായി. അതിനാൽ, ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങൾ ദൈവത്തിനുവേണ്ടി കപടസാക്ഷ്യം വഹിക്കുന്നവരാകും.” (1 Cor 15, 4-8)

ക്രിസ്തുവിന്റെ ഉത്ഥാനംവഴി ഈ പ്രപഞ്ചത്തിന് പുതിയൊരു മുഖം നൽകപ്പെട്ടു. ഉത്ഥാനം പ്രഘോഷിക്കുന്നത് ക്രിസ്തു മരിച്ചവരിൽ നിന്ന് ഉത്ഥിതനായി എന്ന് മാത്രമല്ല, ക്രിസ്തുവിന്റെ ഉത്ഥാനത്തിലൂടെ പുതിയൊരു ലോകം പണിയപ്പെട്ടിരിക്കുന്നു എന്നാണ്. ക്രിസ്തുവിന് മുൻപ് എന്ന് ചരിത്രത്തിൽ പറയുമ്പോൾ, ക്രിസ്തുവിന്റെ ഉത്ഥാനത്തിന് മുൻപ് എന്നാണ് അർത്ഥമാക്കേണ്ടത്. ക്രിസ്തുവിന് ശേഷമെന്നത് അവിടുത്തെ ഉത്ഥാനത്തിന് ശേഷമെന്നും. കാരണം, ക്രിസ്തുവിന്റെ ഉത്ഥാനം എല്ലാറ്റിനെയും പുതിയതാക്കി മാറ്റിയിരിക്കുന്നു. “ലോകം മുഴുവനും, ജീവിതം മുഴുവനും അന്ധകാരം ആണെങ്കിലും, ഭയപ്പെടേണ്ട, നിരാശരാകേണ്ടാ. നാമെല്ലാവരും ഈസ്റ്റർ ജനമാണ്, ഉത്ഥിതനായ ക്രിസ്തുവിന്റെ ജനമാണ്; ഹല്ലേലൂയാ, ക്രിസ്തു ജയിക്കട്ടെ എന്നതാണ് നമ്മുടെ ഗാനം.” ഇങ്ങനെ ക്രൈസ്തവരെ മുഴുവൻ ഉദ്‌ബോധിപ്പിക്കുന്നത് വിശുദ്ധ ജോൺ പോൾ രണ്ടാമനാണ്. ഉത്ഥിതനായ ക്രിസ്തുവിന്റെ പ്രകാശത്തിലൂടെ നടന്നുപോയപ്പോൾ, നിരീശ്വരത്വത്തിന്റെ ഭൗതികവാദം ഉയർത്തിപ്പിടിക്കുന്ന കമ്മ്യൂണിസത്തിന്റെ, ഇരുട്ടിനെ ഇല്ലാതാക്കുവാൻ വിശുദ്ധ ജോൺ പോൾ രണ്ടാമന് സാധിച്ചത്, ഉത്ഥാനത്തിന്റെ പ്രകാശമായി ജീവിതത്തെ മാറ്റിയതുകൊണ്ടാണ്.

രണ്ടാമതായി, ഞാൻ ആദ്യം പറഞ്ഞ മൂന്നാം പക്കത്തിന്റെ സന്ദേശമാണ്. മനുഷ്യജീവിതത്തിൽ, അവളുടെ/അവന്റെ പ്രതീക്ഷകൾ തീരുന്നിടത്തു നിന്ന് ദൈവത്തിന്റെ ശരിയായ സമയം ആരംഭിക്കുന്നുവെന്നുള്ള വിശ്വാസത്തിന്റെ പേരാണ് മൂന്നാംദിനം. ഹോസിയ പ്രവാചകന്റെ പുസ്തകത്തിലാണ് നാമിത് ആദ്യമായി കാണുന്നത്. അവൻ നമ്മെ മരണത്തിന് വിട്ടുകൊടുത്താലും, മൂന്നാം ദിവസം ഉയിർപ്പിക്കും. (ഹോസിയ 6, 2) അതാണ് ദൈവത്തിന്റെ സമയം. ഒരാൾ മരിച്ചാൽ മൂന്ന് ദിവസം കൂടി അയാളുടെ ആത്മാവ് അയാളിൽ തങ്ങി നിൽക്കുമെന്നായിരുന്നു യഹൂദ വിശ്വാസം. അത് കഴിഞ്ഞാൽ പിന്നെ ഒരു പ്രതീക്ഷയുമില്ല. അതുകൊണ്ടാണ്, മൂന്ന് ദിവസങ്ങൾക്ക് ശേഷം ഈശോ ലാസറിന്റെ കുഴിമാടത്തിൽ എത്തിയപ്പോൾ ലാസറിന്റെ സഹോദരി വാവിട്ട് കരയുന്നത്. പക്ഷെ, ദൈവത്തിന്റെ സമയം അവിടെ ആരംഭിക്കുന്നതെയുള്ളൂ.

പിന്നൊരു മൂന്നാംപക്കം പഴയനിയമത്തിലുണ്ട്. അത് മൂന്ന് ദിവസം മത്സ്യത്തിനുള്ളിൽ കഴിഞ്ഞ യോനായുടെ കഥയാണ്. മൂന്ന് ദിവസം മാറിയിരിക്കുമ്പോൾ, ദൈവം തുടങ്ങും. അപ്പോൾ എല്ലാം പുതിയൊരു ആന്തരിക പ്രകാശത്തിൽ പുനർനിർണയം ചെയ്യാനാവും. ദുരന്തങ്ങൾകൊണ്ട്, രോഗങ്ങൾകൊണ്ട്, പ്രശ്നങ്ങൾക്കൊണ്ട് നമ്മുടെ ജീവിതം കലങ്ങി മറിയുമ്പോൾ, അല്പമൊന്ന് ശാന്തമായിരുന്നാൽ തെളിനീരുപോലെയാകും നമ്മുടെ ജീവിതം. ശ്രീബുദ്ധൻ ആനന്ദനോട് പറഞ്ഞതുപോലെയാണത്. കുറേദൂരം നടന്ന് ക്ഷീണിച്ച ബുദ്ധൻ, ആനന്ദനോട് അടുത്തുള്ള അരുവിയിൽ നിന്ന് അല്പം വെള്ളം കൊണ്ടുവരാൻ പറഞ്ഞു. ആനന്ദൻ ഇലക്കുമ്പിളുമായി ചെന്നപ്പോൾ വെള്ളം കലങ്ങിയിരിക്കുന്നു. അയാൾ തിരിച്ചുചെന്ന് ഇക്കാര്യം ബുദ്ധനെ അറിയിച്ചു. അപ്പോൾ ബുദ്ധൻ പറഞ്ഞു: അൽപനേരം കാത്തുനിൽക്കാമായിരുന്നില്ലേ? ഒന്ന് ശാന്തമായിരുന്നാൽ തെളിയാത്ത ഏത് പുഴയാണുള്ളത്?

പുതിയനിയമത്തിൽ മൂന്നാംദിവസം ആരംഭിക്കുന്നത് കുഞ്ഞിനെ കളഞ്ഞുകിട്ടിയ സംഭവത്തിൽ നിന്നാണ്. ക്രിസ്തുവിന്റെ പരസ്യ ജീവിതമാരംഭിക്കുന്നതും ഈ സൂചനയോടെ തന്നെയാണ്. മൂന്നാം ദിവസം കാനായിൽ ഒരു വിവാഹാഘോഷം നടന്നു. മറ്റൊന്ന്, ഈശോയുടെ പ്രഘോഷണമാണ്: നിങ്ങൾ ഈ ദേവാലയം നശിപ്പിക്കുക. മൂന്ന് ദിവസംകൊണ്ട് ഞാനിത് പുനർനിർമ്മിക്കാം. ഒടുവിലായി ഹാലേലൂയ ഗീതങ്ങളോടെ ആഘോഷിക്കപ്പെടുന്ന ഒരു മൂന്നാം ദിവസം. തോട്ടത്തിൽ മുദ്രവച്ച ഒരു ശവകുടീരം. ചില സ്ത്രീകൾ മൂന്നാം ദിവസം രാവിലെ അവിടേക്കു പോകുന്നു. അത്ഭുതമേ, കല്ലറ ശൂന്യമായിരുന്നു. ഏതൊരു നന്മയും മൂന്ന് ദിവസത്തെ നിദ്രയ്ക്കുശേഷം അതിന്റെ വിജയമാഘോഷിക്കും.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിൽ ഇരുളുവീഴുന്ന സാഹചര്യങ്ങളിൽ പ്രതീക്ഷിക്കാൻ ഒരു മൂന്നാംപക്കം തരികയാണ് ഈശോയുടെ ഉത്ഥാനത്തിരുനാൾ. ഒടുവിൽ പ്രതീക്ഷിക്കാൻ എന്തെങ്കിലും ഉണ്ടാകും എന്ന പ്രതീക്ഷയാണ് ഈ ചെറിയ പദം നമുക്ക് നൽകുന്നത്. ഈ വലിയ തിരുനാൾ നമുക്ക് നൽകുന്നത്. ഓർക്കുക, ക്ലോക്കോ, കലണ്ടറോ അല്ല മൂന്നാം ദിനത്തെ നിശ്ചയിക്കുന്നത്. ദൈവത്തിന്റെ നേരം എന്ന് മാത്രമാണ് അതിനർത്ഥം. അത് എപ്പോഴും തന്നെ നമ്മുടെ സമയത്തിന്റെ അവസാനത്തെ അതിരായിരിക്കും. ചിലർക്കത് മൂന്ന് സെക്കണ്ടും, മറ്റ് ചിലർക്കത് 30 വർഷങ്ങളും ആകാം. ബെത്‌സയ്ദ കുളക്കരയിലെ മനുഷ്യന ത് 38 വർഷമായിരുന്നു. രക്തസ്രാവക്കാരി സ്ത്രീക്കത് പന്ത്രണ്ട് വർഷമായിരുന്നു. ഒന്നോർത്ത് നോക്കൂ….നമ്മുടെ ജീവിതത്തിൽ ഈ മൂന്നാംദിനം എത്രനാളായിരുന്നുവെന്ന്? അല്ലെങ്കിൽ എത്രനാളാണ് എന്ന്. “അച്ചോ, കുടുംബത്തിലെ സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറാൻ ഞങ്ങൾക്ക് 16 വർഷം  കാത്തിരിക്കേണ്ടി വന്നു.” എന്ന് ഒരു കുടുംബനാഥൻ പറയുമ്പോ, അവർക്ക് മൂന്നാംപക്കമെന്നത്, ദൈവത്തിന്റെ നേരമെന്നത് 16 വർഷമായിരുന്നു. “അച്ചനറിയോ, എന്റെ കുഞ്ഞിന് എട്ടാം വയസ്സിൽ ബ്ലഡ് ക്യാൻസർ വന്നിട്ട് ഈശോ സുഖപ്പെടുത്തിയത് അവന് പതിനാല് വയസ്സായപ്പോഴാ.” ആ കുടുംബത്തിന് മൂന്നാംദിനമെന്നത് അഞ്ച് വർഷമായിരുന്നു.  ദുഃഖവെള്ളികൾക്ക് ഒരു ഉയിർപ്പ് ഞായർ ഉണ്ടെന്നത് ക്രിസ്തുവിന്റെ ഉറപ്പാണ്.  

പ്രിയപ്പെട്ടവരേ, മൂന്നാം ദിവസം എല്ലാവരും ഉയിർത്തെഴുന്നേൽക്കും. നാം മൃതരായി, മരിച്ചവരെപ്പോലെ, മുന്നോട്ട് നീങ്ങാൻ വയ്യാതെ കഷ്ടപ്പെടുന്ന സാഹചര്യങ്ങളിൽ നമുക്ക് പ്രതീക്ഷിക്കനാകണം എന്ന് പഠിപ്പിക്കുകയാണ് ഈ ഉയിർപ്പു തിരുനാൾ.

സ്നേഹമുള്ളവരേ, ഉത്ഥാനത്തിരുനാൾ നമ്മെ ക്ഷണിക്കുന്നത് ക്രിസ്തുവിലേക്കാണ്, ക്രിസ്തുവിന്റെ പ്രതീക്ഷയിലേക്കാണ്.  ഈ ഉത്ഥാനത്തിരുനാൾ നമ്മുടെ ജീവിതത്തെ, കുടുംബത്തെ പ്രകാശംകൊണ്ട്, സ്നേഹംകൊണ്ട്, സന്തോഷംകൊണ്ട്, പ്രതീക്ഷകൊണ്ട് നിറയ്ക്കുവാൻ നമ്മെ പ്രേരിപ്പിക്കട്ടെ. നാം അർപ്പിക്കുന്ന വിശുദ്ധ കുർബാന ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ ആഘോഷമാണ് എന്ന് മനസിലാക്കുക. ഉത്ഥിതനായ ക്രിസ്തുവാണ് വിശുദ്ധ കുർബാനയിൽ സന്നിഹിതനാകുന്നത്.  ഉത്ഥിതനായ ക്രിസ്തുവിൽ വിശ്വസിക്കുവാൻ നമുക്ക് സാധിക്കട്ടെ.ജീവിതത്തിൽ, സ്വാർത്ഥതകൾ, അഹന്ത, ഇഷ്ടങ്ങളുടെ വൈരുധ്യങ്ങൾ, മദ്യാസക്തി, ലഹരിയോടുള്ള ആഗ്രഹം, മൊബൈൽ തുടങ്ങിയ ഇലക്ട്രോണിക്സ്

ഉപകാരണങ്ങളോടുള്ള ആസക്തി തുടങ്ങിയവ അന്ധകാരം നിറയ്ക്കുമ്പോൾ ഉത്ഥിതനായ ക്രിസ്തു നിങ്ങളുടെ, നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരട്ടെ.  അതിനുള്ള കൃപയ്ക്കാകട്ടെ ഇന്നത്തെ നമ്മുടെ ഉത്ഥാനത്തിരുനാളിലെ വിശുദ്ധ കുർബാന.

എല്ലാവർക്കും ഉത്ഥാനത്തിരുനാളിന്റെ മംഗളങ്ങൾ ആശംസിക്കുന്നു! ആമേൻ!

SUNDAY SERMON PALM SUNDAY 2026

ഓശാന ഞായർ -2026

കേരള സഭയിൽ പാരമ്പര്യമായി നടത്തപ്പെടുന്ന നാല്പതാം വെള്ളി ആചരണത്തിനുശേഷം, ഈശോയുടെ കഷ്ടാനുഭവ ആഴ്ചയിലേക്ക് പ്രവേശിക്കുന്നതിന്റെ ആമുഖമായി ഓശാനഞായർ നാമിന്ന് ആഘോഷിക്കുകയാണ്. നസ്രാണി പാരമ്പര്യത്തിലുള്ള കൊഴുക്കൊട്ട ശനിയാഴ്ച ഗൃഹാതുരത്വമുണർത്തുന്ന ഒരനുഭവമായിട്ടാണ് നാം ആചരിക്കുന്നത്. വിജയശ്രീലാളിതനായി കഴുതപ്പുറത്ത് ജറുസലേമിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, ഈശോ ബഥാനിയായിൽ ലാസറിന്റെ ഭവനം സന്ദർശിക്കുകയും മർത്തായും മറിയവും ഈശോയ്ക്ക് കൊഴുക്കൊട്ട കൊടുത്തു് സത്ക്കരിക്കുകയും ചെയ്തതിന്റെ ഓർമയാണ് കൊഴുക്കൊട്ട ശനിയാഴ്ച്ച. ഇന്നലെ നമ്മുടെയെല്ലാവരുടെയും കുടുംബങ്ങളിൽ കൊഴുക്കൊട്ടയുണ്ടാക്കിയെന്ന് ഞാൻ വിശ്വസിക്കുകയാണ്.

യോഹന്നാന്റെ സുവിശേഷമനുസരിച്ച്   ലാസറിന്റെയും മർത്തായുടെയും, മറിയത്തിന്റെയും ഗ്രാമമായ ബേഥാനിയായിൽ നിന്നാണ് ഈശോ ജറുസലേമിലേക്ക് പോകുന്നത്. യഹൂദരുടെ പെസഹാത്തിരുനാൾ അടുത്തിരുന്നതുകൊണ്ട് ധാരാളം ആളുകൾ തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നതിനായി ജെറുസലേമിലേക്ക് പോകുന്നുണ്ടായിരുന്നു. പുരോഹിതപ്രമുഖന്മാരും, ഫരിസേയരും ആലോചനാസംഘംകൂടി തന്നെ വധിക്കുവാൻ പദ്ധതിയിടുന്നുണ്ടെന്നും, ജനം മുഴുവൻ നശിക്കാതിരിക്കുവാൻ അവർക്കുവേണ്ടി ഒരുവൻ മരിക്കുന്നതു യുക്തമാണെന്നു പറഞ്ഞുകൊണ്ട് കയ്യഫാസ് തന്നെ വധിക്കുവാനുള്ള പദ്ധതിയ്ക്ക് എരിവും പുളിയും ചേർത്തെന്നും അറിഞ്ഞതുകൊണ്ട് ഈശോ പരസ്യമായി യഹൂദരുടെയിടയിൽ ആ സമയങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ, പെസഹാത്തിരുനാളിന് ജനം മുഴുവൻ ജറുസലേമിൽ തിങ്ങിക്കൂടിയപ്പോൾ, സ്വർഗത്തിൽ നിന്നെന്നപോലെ, വലിയൊരു അത്ഭുതം പോലെ, അന്നുവരെയുണ്ടായിരുന്ന, ലോകത്തിന്റെ അവസാനവരെയുള്ള ജനത്തിന്റെ ഓശാനവിളികൾക്ക്, കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ എന്ന ജനത്തിന്റെ ഹൃദയം തകർന്നുള്ള കരച്ചിലുകൾക്ക്, മിശിഹായേ വരണമേ എന്ന കണ്ണീരൊഴുക്കിയുള്ള പ്രാർത്ഥനയ്ക്ക് മറുപടിയെന്നോണം, ഉത്തരമെന്നോണം, ദാവീദിന്റെ പുത്രനായ ഈശോ, ജീവിത ദൗത്യം പൂർത്തീകരിക്കുവാൻ, ദൈവത്തിന്റെ ഇഷ്ടം പൂർത്തീയാക്കുവാൻ, ദൈവത്തിന്റെ ഇഷ്ടം മാത്രം പൂർത്തീയാക്കുവാൻ ജറുസലേം പട്ടണത്തിൽ ജനങ്ങളുടെ ഇടയിൽ പ്രത്യക്ഷപ്പെടുകയാണ്.

നമുക്കറിയാവുന്നതുപോലെ ഇന്നത്തെ റോഡ് ഷോകളുടെ ആർഭാടവും പത്രാസുമൊന്നും ആ റോഡ് ഷോയ്ക്കുണ്ടായിരുന്നില്ല. തുറന്ന ജീപ്പുകൾക്കും, സ്പോർട്സ് കാറുകൾക്കും പകരം കഴുതയായിരുന്നു ഈശോയുടെ വാഹനം. വഴിയിൽ കാത്തുനിൽക്കാൻ ജനത്തെ തയ്യാറാക്കി നിറുത്തിയിരുന്നില്ല. കൊടിതോരണങ്ങളൊന്നും കരുതിയിരുന്നില്ല. എഴുതിത്തയ്യാറാക്കിയ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും ഒന്നും ഇല്ലായിരുന്നു!

ഈശോ ജറുസലേമിലേക്ക് വളരെ സാധാരണമായി ഒരു കഴുതയുടെ പുറത്തു പ്രവേശിക്കുകയാണ്. ഇതുകണ്ട ജനം, എന്തോ ഒരു അത്ഭുതം നടന്നാലെന്നപോലെ, അതൊരു ഉത്സവമാക്കി മാറ്റുകയാണ്. റെഡ് കാർപറ്റിനുപകരം തങ്ങളുടെ വസ്ത്രങ്ങൾ, കൊടികൾക്കുപകരം മരച്ചില്ലകൾ, മുദ്രാവാക്യങ്ങൾക്കുപകരം ഈശോ ചെയ്ത അത്ഭുതങ്ങൾ …. തങ്ങൾ എന്താണ് വിളിച്ചുപറയുന്നതെന്നുപോലും അറിയാതെ, ഈശോയെ നീ ദാവീദിന്റെ പുത്രനാണെന്ന ഏറ്റുപറച്ചിലുകൾ, ഒരു രാജാവിനോടെന്നപോലെ, ഹോസാന, ഞങ്ങളെ രക്ഷിക്കണമേയെന്ന വിളികൾ! “ദാവീദിന്റെ പുത്രന് ഹോസാന; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ! ഉന്നതങ്ങളിൽ ഹോസാന!” (മത്താ 21, 9)

സുവിശേഷകന്മാർ ഒരേ സ്വരത്തിൽ പറയുന്നത്, ജനം മുഴുവൻ ആനന്ദത്തിലാറാടി, നഗരം മുഴുവൻ ഇളകിവശായി എന്നാണ്. (മത്താ 20, 10) അന്ന് റോഡ് ഷോകൾക്ക് അവാർഡ് ഉണ്ടായിരുന്നെങ്കിൽ ഒരു പരിസ്ഥിതി സൗഹൃദ റോഡ് ഷോ അവാർഡ് ഈശോയുടെ ജറുസലേം പ്രവേശത്തിന് ലഭിക്കുമായിരുന്നു!

സ്നേഹമുള്ളവരേ, എന്താണ് നാമിന്ന് ആചരിക്കുന്നത്? ബോധ്യമുണ്ടാകണം നമുക്ക്! ഉയർത്തിപ്പിടിച്ച കുരുത്തോലകളും, ആലപിക്കുന്ന ഓശാനഗീതങ്ങളുമായി നാമിന്ന് ആചരിക്കുന്ന ഓശാനഞായർ ഇന്നത്തെ റോഡ് ഷോകൾപോലെ വെറുമൊരു രാഷ്ട്രീയ നാടകമായിരുന്നില്ല. ജറുസലേം പ്രവേശം – ഈശോയുടെ ജീവിതത്തിലേക്ക് വൈകിയെത്തിയ ഒരാശയമായിരുന്നില്ല അത്. അത് രക്ഷാകരചരിത്രത്തിന്റെ ഭാഗമായി ജറുസലേമിൽ അരങ്ങേറേണ്ട രക്ഷാകര സംഭവങ്ങളുടെ കൊടിയേറ്റമായിരുന്നു. അത്, “സീയോൻ പുത്രിയോട് പറയുക, ഇതാ നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്റെ അടുത്തേക്ക് വരുന്നു” എന്ന സഖറിയ പ്രവാചകന്റെ പ്രവചനത്തിന്റെ (സഖ 9, 9) പൂർത്തീകരണമായിരുന്നു. അത് പിതാവായ ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ ഈശോ എടുത്ത തീരുമാനത്തിന്റെ വലിയ പ്രകടനമായിരുന്നു. ആഘോഷത്തിനുവേണ്ടിയോ, ആചരണത്തിനുവേണ്ടിയോ, സമൂഹത്തിൽ മാനിക്കപ്പെടുവാൻവേണ്ടിയോ, വെറുമൊരു ജീവിതാന്തസ്സിൽ പ്രവേശിക്കുവാൻ വേണ്ടിയോ, സ്വന്തം സ്വാർത്ഥതാത്പര്യങ്ങൾക്കുവേണ്ടി മറന്നുകളയാൻവേണ്ടിയോ നാമൊക്കെ  നടത്തുന്ന  വെറുതെ ഒരു  പ്രതിജ്ഞപോലെയല്ല, “ദൈവമേ നിന്റെ ഇഷ്ടം നിറവേറ്റുവാൻ ഞാനിതാ വന്നിരിക്കുന്നു” എന്ന് പിതാവായ ദൈവത്തിന് കൊടുത്ത വാക്കിന്റെ പൂർത്തീകരണമായിരുന്നു ഈശോയുടെ ജറുസലേം  പ്രവേശം!

അതുകൊണ്ട്, കഴുതപ്പുറത്തേറി വരുന്ന ഒരു ചെറുപ്പക്കാരനെ കണ്ടതിന്റെ ഭ്രാന്തമായ ഒരാവേശമായിരുന്നില്ല ഇസ്രായേൽ ജനം അവിടെ അരങ്ങുതകർത്തത്. തിരുനാളാഘോഷത്തിന്റെ ഭാഗമായ ഒരു ആഹ്ലാദപ്രകടനവും അല്ലായിരുന്നു അത്. പിന്നെയോ, ഒലിവിലച്ചില്ലകൾക്കും, ഓശാനഗീതങ്ങൾക്കും, നൃത്തചുവടുകൾക്കും അപ്പുറം, ദൈവത്തിന്റെ ഇഷ്ടം പൂർത്തീയാക്കുവാൻ, ദൈവത്തിന്റെ ഇഷ്ടം മാത്രം പൂർത്തീയാക്കുവാൻ നിശ്ചയദാർഢ്യത്തോടും, ഉറച്ച കാൽവയ്പുകളോടും കൂടി വന്ന ശക്തമായ ഒരു മനസ്സിനോടൊത്തുള്ള, വ്യക്തിയോടൊത്തുള്ള ദൈവത്തിന്റെ, മനുഷ്യന്റെ, പ്രകൃതിയുടെ ആഘോഷമായിരുന്നു അത്! ദൈവാനുഭവത്താൽ നിറഞ്ഞ്, ദൈവത്തിന്റെ വാക്കുകൾ പ്രഘോഷിക്കുവാൻ, ദൈവത്തിന്റെ പ്രവർത്തികൾ ചെയ്യുവാൻ ഒരു വ്യക്തി തയ്യാറായി വരുമ്പോൾ – ആ വ്യക്തി ആരുമായിക്കൊള്ളട്ടെ സ്ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ, ഭാര്യയോ ഭർത്താവോ, വൈദികനോ സന്യാസിയോ, മെത്രാനോ ആയിക്കൊള്ളട്ടെ – ആ വ്യക്തിയെ ആരവങ്ങളോടെയല്ലാതെ, ആഘോഷങ്ങളോടെയല്ലാതെ, ആനന്ദനൃത്തങ്ങളോടെയല്ലാതെ പിന്നെ എങ്ങനെയാണ് സ്വീകരിക്കേണ്ടത്?

ബുദ്ധമത പാരമ്പര്യത്തിൽ ബുദ്ധനായിത്തീർന്ന ഗൗതമനെ ഈ പ്രപഞ്ചം സ്വീകരിക്കുന്ന ഒരു വിവരണമുണ്ട്. പ്രബുദ്ധത നിറഞ്ഞു ബുദ്ധനായിത്തീർന്നശേഷം അദ്ദേഹം താൻ ഉൾക്കൊണ്ട ധർമ്മം പഠിപ്പിക്കാൻ, താൻ അനുഭവിച്ചറിഞ്ഞ ചൈതന്യം ജീവിക്കാൻ, ആ ചൈതന്യത്തിന്റെ ഇഷ്ടം മാത്രം പൂർത്തീകരിക്കാൻ യാത്ര തിരിക്കുകയാണ്. അങ്ങനെ കടന്നു വരുന്ന ബുദ്ധനെ പ്രപഞ്ചം, അസ്ത്വിത്വം മുഴുവൻ ആഹ്ലാദാരവങ്ങളോടെയാണ് സ്വീകരിക്കുന്നത്. ആകാശങ്ങളിൽ പല ദിക്കുകളിൽനിന്ന് പക്ഷികൾ വന്ന് ചുറ്റും പറന്നുനടന്ന് ആഹ്‌ളാദം പങ്കുവയ്ക്കുകയാണ്. ഉണങ്ങിനിന്ന മരങ്ങളെല്ലാം പൂവണിയുകയാണ്. വരണ്ടുകിടന്ന അരുവികളിൽ ജലം നിറഞ്ഞു അവ കളകളാരവത്തോടെ ഒഴുകുകയാണ്. വീശിയടിച്ച കാറ്റിൽ മരങ്ങളെല്ലാം നൃത്തം ചെയ്തപ്പോൾ ബുദ്ധൻ കടന്നുപോയ വഴികളിലെല്ലാം പുഷ്പവൃഷ്ടിയുണ്ടാകുകയാണ്. വെറും ഗൗതമൻ ബുദ്ധനായി വരുമ്പോൾ, ഇങ്ങനെയല്ലാതെ പിന്നെയെങ്ങനെയാണ് അദ്ദേഹത്തെ പ്രപഞ്ചം സ്വീകരിക്കേണ്ടത്?

ബ്രസീലിയൻ നോവലിസ്റ്റായ പൗലോ കൊയ്‌ലോ (Paulo Coelho) യുടെ ആൽക്കമിസ്റ്റ് (Alchemist) എന്ന നോവലിൽ ഇതേ ആശയം തന്നെ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. സാന്റിയാഗോ എന്ന ഇടയബാലന്റെ, താൻ സ്വപ്നത്തിൽ കാണുന്ന നിധിയന്വേഷിച്ചുള്ള യാത്രയാണ് ഈ നോവലിന്റെ പ്രമേയം. സ്വപ്നത്തിന്റെ പൊരുളും, പൊരുളിൽ തെളിയുന്ന നിധിയും കണ്ടെത്താനുള്ള യാത്രയിൽ സലേമിലെ രാജാവ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന വൃദ്ധനായ മെൽക്കിസെദേക് (Melchizedek) സാന്റിയാഗോയ്ക്ക് കൊടുക്കുന്ന ഒരു ഉപദേശം ഇങ്ങനെയാണ്: ‘നീ ആരായിരുന്നാലും, നീ എന്ത് ചെയ്യുന്നവനായാലും നിന്റെ ആത്മാവിന്റെ ആഴത്തിൽ നീ ഒരു കാര്യം ആഗ്രഹിച്ചാൽ, അത് ഈ പ്രപഞ്ചത്തിന്റെ ആത്മാവിൽ പിറന്നുവീഴും…നീ വളരെ ശക്തമായി ഒരു കാര്യം ആഗ്രഹിച്ചാൽ അത് സാധിതമാക്കാൻ ഈ പ്രപഞ്ചം മുഴുവൻ, ഈ അസ്തിത്വം മുഴുവൻ നിന്നോടൊത്തു സഹകരിക്കും.’ ജീവിതത്തിന്റെ വിശുദ്ധിയുമായി, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ മുന്നിട്ടിറങ്ങുമ്പോൾ സ്നേഹമുള്ളവരേ ദൈവവും, മനുഷ്യരും, ഈ പ്രപഞ്ചവും നമ്മോടൊത്തുണ്ടാകും! 

എന്തുകൊണ്ടാണ് വിശുദ്ധരുടെ തിരുനാളുകൾ നാം മഹാമഹം ആഘോഷിക്കുന്നത്? വിശുദ്ധരുടെ ജീവിതങ്ങൾ ദൈവത്തിന്റെ ഇഷ്ടത്തിന്റെ ആഘോഷമായിരുന്നു. തിരുസ്സഭയോട് ചേർന്ന് നിന്നുകൊണ്ട്, തിരുസ്സഭയിലൂടെ വെളിപ്പെടുന്ന ദൈവത്തിന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ചുകൊണ്ട്, സ്വന്തം താത്പര്യങ്ങളും, സൗകര്യങ്ങളും, ഇഷ്ടങ്ങളും ത്യജിച്ചുകൊണ്ട് തിരുസ്സഭയിലൂടെ, സീറോമലബാർ സഭയിലൂടെ, മറ്റ് വ്യക്തിഗതസഭകളിലൂടെ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ജീവിച്ചപ്പോഴാണ് അവരുടെ ജീവിതങ്ങൾ വിശുദ്ധമായത്. നോക്കൂ വിശുദ്ധ പാദ്രെ പിയോയെ?  വിശുദ്ധിയുടെ വഴികളിലൂടെ ഈ ഭൂമിയിലൂടെ നടന്നുപോയപ്പോൾ, തിരുസഭയിൽ നിന്ന് കിട്ടിയ ശിക്ഷണ നടപടികൾ പോലും ദൈവത്തിന്റെ ഇഷ്ടമായിട്ടാണ് അദ്ദേഹം കണ്ടത്. ഈ ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റിക്കൊണ്ട് കടന്നുപോയ അവരെ ഇങ്ങനെയല്ലാതെ പിന്നെയെങ്ങനെയാണ് ഓർമിക്കേണ്ടത്?

എന്തുകൊണ്ടാണ് വിവാഹം നമ്മൾ ആഘോഷമാക്കുന്നത്? രണ്ടു ചെറുപ്പക്കാർ, അവളും, അവനും, അവരുടെ യൗവ്വനത്തിന്റെ കാലഘട്ടത്തിൽ, ചെറുപ്പത്തിന്റെ പ്രസരിപ്പോടെ ദൈവത്തിന്റെ മുൻപിൽ നിന്നുകൊണ്ട് തിരുസ്സഭയെ സാക്ഷിയാക്കി,നീ നൽകിയ ജീവിതപങ്കാളിയോടൊത്ത്  ദൈവമേ നിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ തയ്യാറാണ് എന്ന് പറയുമ്പോൾ ആ വിവാഹം, ആ ദാമ്പത്യം ആഘോഷിക്കുവാൻ മാത്രമുള്ളതാണ്. ദൈവത്തിന്റെ ഇഷ്ടത്തിന്റെ ആഘോഷമാണ് ഓരോ വിവാഹവും, ദാമ്പത്യജീവിതവും, കുടുംബജീവിതവും!   തിരുപ്പട്ടം, സന്യാസ വ്രതവാഗ്ദാനം എന്നിവ നമ്മളാൽ കഴിയും വിധം നാം ആഘോഷമാക്കുന്നത്? വിവാഹത്തിലൂടെ,

എന്തുകൊണ്ടാണ് തിരുപ്പട്ടവും സന്യാസം സ്വീകരിക്കലും നാം ഉത്സവമാക്കുന്നത്? ദൈവമേ നീ നൽകിയ ജീവിതം മുഴുവനും നിന്റെ ഇഷ്ടം മാത്രം പൂർത്തീകരിക്കുവാൻ ഞാൻ തയ്യാറാണ് എന്നും പറഞ്ഞുകൊണ്ട്, അഭിവന്ദ്യ മെത്രാന്റെ മുൻപിൽ, സഭാ ശ്രേഷ്ഠന്റെ, സഭാ ശ്രേഷ്ഠയുടെ മുൻപിൽ, തിരുസഭയുടെ മുൻപിൽ, മുട്ടുകുത്തി നിന്നുകൊണ്ടോ, കമിഴ്ന്നുവീണ് കിടന്നുകൊണ്ടോ ഏറ്റുപറയുമ്പോൾ, ദൈവത്തിന്റെ ഇഷ്ടം ജീവിക്കുവാൻ തയ്യറായി നിൽക്കുന്ന ആ ചെറുപ്പക്കാരെ എങ്ങനെയാണ് പ്രിയപ്പെട്ടവരേ നാം സ്വീകരിക്കേണ്ടത്? എങ്ങനെയാണ് ആ മഹാ സംഭവം ആഘോഷിക്കേണ്ടത്? തിരുപ്പട്ടത്തിലൂടെ, സന്യാസജീവിതത്തിലൂടെ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ കടന്നുവരുന്ന ചെറുപ്പക്കാരെ ആഘോഷത്തോടെയല്ലേ സ്വീകരിക്കേണ്ടത്?  സന്തോഷത്തോടെയല്ലേ ജീവിതാന്തസ്സിന്റെ വഴികളിലേക്ക് ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ പറഞ്ഞുവിടേണ്ടത്?

ഓരോ ജീവിതാന്തസ്സിലേക്കുള്ള പ്രവേശവും ഓശാനഞായറിന്റെ ചൈതന്യവും ആഹ്ലാദവും നിറച്ചുകൊണ്ടാണ് ഈ ഭൂമിയിൽ പിറന്നുവീഴുന്നത്.

സ്നേഹമുള്ളവരേ, ഉള്ളിലേക്ക് വലിക്കുന്ന ഓക്സിജനും, പുറത്തേയ്ക്ക് വിടുന്ന കാർബൺ ഡയോക്സൈഡും, ഇവ രണ്ടുംകൊണ്ട് പ്രവർത്തിക്കുന്ന ഒരു ഹൃദയവുമായി ഈ ഭൂമിയിലൂടെ കടന്നുപോകുമ്പോൾ ആ ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുക എന്നതിൽ കവിഞ്ഞ്, മനുഷ്യന്, ക്രൈസ്തവന് എന്താണ് ഈ ഭൂമിയിൽ ചെയ്യുവാനുള്ളത്? അങ്ങനെ കടന്നുവരുന്ന ക്രൈസ്തവനെ കണ്ടെത്തുവാൻ, തിരിച്ചറിയുവാൻ ജെറുസലേമിലേക്കു രാജകീയ പ്രവേശം നടത്തുന്ന ക്രിസ്തുവിനെ നോക്കിയാൽ മതി. കാരണം, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിച്ചുകൊണ്ടു ജീവിക്കുന്ന ഒരു വ്യക്തിയിൽ അവശ്യം തെളിഞ്ഞു നിൽക്കുന്ന എല്ലാ ഗുണങ്ങളും കഴുതപ്പുറത്തേറിവരുന്ന ക്രിസ്തുവിൽ കണ്ടെത്തുവാൻ നമുക്ക് കഴിയും.

ഒന്നാമതായി, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ തീരുമാനിക്കുന്ന ഒരുവൻ എളിമപ്പെടുന്നു. ഈശോ വിനയാന്വിതനായി കഴുതപ്പുറത്താണ് തന്റെ രാജകീയ പ്രവേശം നടത്തുന്നത്. “ഞാൻ ശാന്തശീലനും വിനീതഹൃദയനുമാണ്’ (മത്താ 11, 29) എന്ന് മൊഴിഞ്ഞ ഈശോ ജീവിതത്തിന്റെ വഴികളിൽ തന്റെ വാക്കുകൾക്ക് ജീവൻ കൊടുക്കുകയാണ്. ഇന്നത്തെ രാഷ്ട്രീയ മത നേതാക്കളെപ്പോലെ ശീതീകരിച്ച വാഹനങ്ങളിലിരുന്ന് ജനത്തിനുനേരെ കൈവീശുന്ന, ശീതീകരിച്ച മുറികളിലിരുന്ന് പട്ടിണിപ്പാവങ്ങൾക്കുവേണ്ടി പ്രകടനപത്രികകളും, ലേഖനങ്ങളും, പ്രസ്താവനകളും പടച്ചുവിടുന്ന ഒരു നേതാവായിട്ടല്ല ഈശോ കഴുതപ്പുറത്തു എഴുന്നള്ളിയത്. ആ വൈരുധ്യങ്ങളുടെ രാജകുമാരനിൽ എളിമയുള്ള, ആത്മാർത്ഥതയുള്ള ഒരു ഹൃദയം കാണുവാൻ ജനങ്ങൾക്ക് സാധിച്ചു. 

ദൈവത്തിന്റെ ഇഷ്ടം ജീവിതവൃതമായി സ്വീകരിച്ചുകൊണ്ട് ഭാരതത്തിന്റെ രാഷ്ട്രപിതാവായ വളർന്ന മഹാത്മാഗാന്ധിജിയെ ആനന്ദത്തോടെ ഭാരതം ഏറ്റുവാങ്ങിയത് അദ്ദേഹത്തിന്റെ എളിമകൊണ്ടായിരുന്നു. മഹാത്മാവിനെ ദരിദ്രനായി കാണുവാൻ അന്നത്തെ പല സവർണ നേതാക്കൾക്കും താത്പര്യമില്ലായിരുന്നു. എന്നാൽ, ദരിദ്രന്റെ തേർഡ് ക്ലാസിലൂടെ ഗാന്ധി നടത്തിയ ഓരോ ട്രെയിൻ യാത്രയും ഭാരതത്തിലെ സാധാരണ ജനത്തിന്റെ ഹൃദയത്തിലേക്കുള്ള ഫസ്റ്റ് ക്ലാസ് യാത്രകളായിരുന്നു. ട്രെയിൻ നിറുത്തിയ സ്റ്റേഷനുകളിൽ അദ്ദേഹത്തിനുകിട്ടിയ സ്വീകരണങ്ങൾ ഈശ്വരഹിതം പൂർത്തിയാക്കുവാൻ നിശ്ചയദാർഢ്യത്തോടെ ഇറങ്ങിപ്പുറപ്പെട്ട ഒരു മനുഷ്യന് കിട്ടിയ ആദരവായിരുന്നു; അദ്ദേഹത്തിന്റെ എളിമയ്ക്ക് കിട്ടിയ സ്വീകാര്യതയായിരുന്നു!

രണ്ടാമതായി, ദൈവത്തിന്റെ ഇഷ്ടം ജീവിതമാക്കാൻ ഒരാൾ തീരുമാനിക്കുമ്പോൾ ദൈവത്തോടുള്ള, ദൈവിക കാര്യങ്ങളോടുള്ള തീക്ഷ്ണതയാൽ അയാൾ നിറയുന്നു. കഴുതപ്പുറത്തേറിവന്ന ഈശോ, ജനങ്ങളുടെ ഓശാനവിളികളും, ആഹ്ലാദവും കണ്ട് അഹങ്കരിക്കാതെ, ദൈവത്തോടുള്ള തീക്ഷ്ണതയാൽ നിറയുകയാണ്. അവിടുന്ന് പിതാവിന്റെ ഭവനം ശുദ്ധീകരിക്കുകയാണ്. (മത്താ 21, 12-14) ദൈവത്തിന്റെ ഹിതം നിറവേറ്റുവാൻ ആഗ്രഹിക്കുന്നവർ അങ്ങനെയാണ്. നാട്ടിലും, വീട്ടിലും കള്ളുകുടിയും, ചില്ലറ തരികിടകളുമായി കുടുംബം നോക്കാതെ നടന്ന ഒരാൾ, ഒരുനാൾ ധ്യാനത്തിനുപോയി ദൈവാനുഭവം നിറഞ്ഞു പുതിയമനുഷ്യനായി തിരിച്ചുവരുമ്പോൾ അവളിൽ / അവനിൽ ഉണ്ടാകുന്ന മാറ്റം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? പരിശുദ്ധ അമ്മയെപ്പോലെ, ധ്യാനത്തിന്റെ ഏതെങ്കിലും ഒരു നിമിഷം ഇതാ കർത്താവിന്റെ ദാസി/ ദാസൻ എന്നും പറഞ്ഞു ജീവിതം മുഴുവൻ ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുമ്പോൾ, പിന്നെ ദൈവത്തോടുള്ള തീക്ഷ്ണതയാൽ നിറയുകയാണ്. വീട്ടിലെത്തിയാൽ എല്ലാം clean ചെയ്യുകയാണ്. പൊടിപിടിച്ചു കിടന്ന കർത്താവിന്റെ രൂപം, മാറാലപിടിച്ചുകിടന്ന ക്രൂശിതരൂപം, വീട്ടിലെ മൊത്തം കാര്യങ്ങൾ എല്ലാം ശുദ്ധീകരിച്ചു അവൾ / അവൻ ദൈവത്തിന്റേതാക്കുകയാണ്. അവളുടെ / അവന്റെ പ്രവർത്തികളും, വാക്കുകളും, നടക്കുന്ന വഴികളും എല്ലാം ദൈവത്തോടുള്ള തീക്ഷ്ണതയുടെ പ്രകടനങ്ങളാകുകയാണ്.

മൂന്നാമതായി, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാനുള്ള ഒരാളുടെ തീരുമാനം അയാളെ സന്തോഷംകൊണ്ട് നിറയ്ക്കുന്നു; ഒപ്പം മറ്റുള്ളവരെയും. പിതാവിന്റെ ഹിതം നിറവേറ്റുവാനായി ജറുസലേമിലേക്ക് കടന്നുവന്ന ഈശോ ഉള്ളുനിറയെ ആനന്ദത്തോടും, സംതൃപ്തിയോടും കൂടിയാണ് ഇസ്രായേൽ ജനത്തിനുമുന്പിൽ നിന്നത്. ആ സന്തോഷം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്, പിന്നെ ആൾക്കൂട്ടത്തിലേക്ക് പടരുന്നതായിട്ടാണ് നാം കാണുന്നത്. കുടുംബത്തിന് തലവേദനയായിരുന്ന ഭർത്താവ്, നാണക്കേട് മാത്രമായിരുന്ന അപ്പൻ ധ്യാനം കൂടി നന്മയിലേക്ക് കടന്നുവന്നപ്പോൾ അയാളും കുടുംബം മുഴുവനും ആനന്ദത്താൽ ആർപ്പുവിളിക്കുന്നതു നിങ്ങൾ കണ്ടിട്ടില്ലേ? ഓശാന ഞായറാഴ്ച്ചയുടെ സന്തോഷം, ആഹ്ലാദം നമ്മിൽ, നമ്മുടെ കുടുംബങ്ങളിൽ നിറയാൻ നാം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരാകണം.

നാലാമതായി, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുന്ന വ്യക്തി അവൾ /അവൻ ആയിരിക്കുന്ന ഇടങ്ങളിൽ ഒരു അനുഗ്രഹമായിരിക്കും. ആ വ്യക്തിയുടെ സാന്നിധ്യം മാത്രമല്ല, ആ വ്യക്തിയുടെ വേദനയും, പീഡാസഹനവും എന്തിന് മരണംപോലും ഒരു അനുഗ്രഹമായിരിക്കും. ഈശോയുടെ സാന്നിധ്യം അവിടെ ജനത്തിന് അനുഗ്രഹമായി മാറുകയാണ്. സുവിശേഷം പറയുന്നതിങ്ങനെയാണ്: ” അന്ധന്മാരും മുടന്തന്മാരും ദേവാലയത്തിൽ അവന്റെ അടുത്തെത്തി. അവൻ അവരെ സുഖപ്പെടുത്തി.” (മത്താ 21, 15) പ്രിയപ്പെട്ടവരേ, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ തയ്യാറായി വരുന്നവന്റെ സാന്നിധ്യം മാത്രമല്ല, വാക്കുകൾ മാത്രമല്ല, അവളുടെ / അവന്റെ വേദനകൾ പോലും, പീഡാസഹനങ്ങൾ പോലും, എന്തിന് മരണംപോലും അനുഗ്രഹമായിത്തീരും. അതാണ് ഈശോയുടെ ജീവിതം.

സ്നേഹമുള്ളവരേ, ഓശാനഞായർ വെറുമൊരു റോഡ് ഷോ അല്ല. അത് നമ്മുടെ ജീവിതത്തിൽ ഓരോ നിമിഷവും സംഭവിക്കേണ്ട ദൈവിക പദ്ധതിയാണ്. അത് സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റലാണ്; ജീവിതം മുഴുവൻ ദൈവത്തിന്റെ ഇഷ്ടത്തിന്റെ ആഘോഷമാക്കിമാറ്റലാണത്. തിരുസ്സഭയിൽ, സീറോമലബാർ സഭയിൽ, നമ്മുടെ കുടുംബങ്ങളിൽ, നാം ക്രൈസ്തവരുടെ ഇടയിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക്, എതിർസാക്ഷ്യങ്ങൾക്ക് കാരണം നാമൊക്കെ ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ ശ്രമിക്കാതെ, നമ്മുടെ അഹന്തയുടെ

കുതിരപ്പുറത്തുകയറി യാത്രചെയ്യുന്നു എന്നതാണ്. കുരുത്തോലകളുടെ നൈർമല്യത്തോടെ, നമുക്ക് ഉറക്കെ വിളിക്കാം, ഓശാന, കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ! കർത്താവേ, നിന്റെ ഇഷ്ടം നിറവേറ്റുന്നവരാകാൻ ഞങ്ങളെ ശക്തരാക്കണമേ! വലിയ ആഴ്ചയിലെ സംഭവങ്ങൾ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നത് എങ്ങനെയെന്ന് നമ്മെ പഠിപ്പിക്കട്ടെ. നമ്മിൽ സ്വർഗ്ഗരാജ്യത്തിന്റെ സന്തോഷം, രക്ഷ നിറയട്ടെ. ആമേൻ!

SUNDAY SERMON MK 8, 31 – 9, 1

നോമ്പുകാലം ആറാം ഞായർ

മർക്കോസ് 8, 31-9,1

മനുഷ്യ ജീവിതത്തിൽ, സഹനം പനച്ചു നിൽക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ രക്തമൊലിക്കുന്ന, ചീഞ്ഞളിഞ്ഞ, ദുർഗന്ധം പുറപ്പെടുവിക്കുന്ന ഒരു വൃണമാണ്  ഇസ്രായേൽ – അമേരിക്ക – ഇറാൻ യുദ്ധം. യുദ്ധം ലോകത്തെ സഹനത്തിന്റെ തീച്ചൂളയിലേക്ക് എറിഞ്ഞുകൊടുത്തിരിക്കുകയാണ് ഇന്ധവിലയുടെ വർദ്ധന; പൊള്ളുന്ന മരുന്നുവില വർദ്ധന. പാചക വാതക ക്ഷാമം തുടങ്ങിയവ  ജനങ്ങളെ സഹനത്തിലൂടെ കടത്തിവിടുകയാണ്.

അച്ചൻ രാഷ്ട്രീയം പറയുകയല്ല,  മദ്യത്തിന്റെ ലഭ്യത കൂട്ടി അതിന്റെ ഉപയോഗം കുറയ്ക്കുമെന്ന തലതിരിഞ്ഞ മുദ്രാവാക്യവുമായി വന്ന് മദ്യം ഒഴുക്കാൻ തന്നെ കച്ചകെട്ടിയിറങ്ങുന്ന, അതുവഴി പാവപ്പെട്ട കുടുംബങ്ങളെ സഹനത്തിൽ, കണ്ണുനീരിൽ ആഴ്ത്തുന്ന ഗവണ്മെന്റ് സംവിധാനങ്ങളെക്കുറിച്ചു എന്തുപറയാൻ! ഈ കാലഘട്ടത്തിലെ മനുഷ്യന്റെയും പ്രകൃതിയുടെയും ചില സഹനചിത്രങ്ങളാണിവ. നമ്മുടെ, കുടുംബജീവിതത്തിലെ, വിശ്വാസജീവിതത്തിലെ സഹനചിത്രങ്ങളെ ഇതോടൊപ്പം ചേർത്തുവയ്ക്കാം. മനുഷ്യന്റെയും പ്രകൃതിയുടെയും വേദനകൾ, സഹനങ്ങൾ കുറയുകയല്ല, നിമിഷംപ്രതി കൂടുകയാണ്.

ഇങ്ങനെ ജീവിതം മുഴുവനും സഹനചിത്രങ്ങളുമായി നിൽക്കുന്ന മനുഷ്യരോട് സഹനത്തിന്റെ മഹത്വത്തെക്കുറിച്ചു പറയുകയാണ് ഇന്നത്തെ സുവിശേഷം. സഹനത്തിലാണ് രക്ഷ! സഹനത്തിലൂടെ, കുരിശിലൂടെ, കുരിശുമരണത്തിലൂടെയാണ് രക്ഷ!

വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിൽ ഈശോയുടെ പീഡാനുഭവ-ഉത്ഥാന പ്രവചനങ്ങൾ മൂന്നാണ്. ഇവയിൽ ഒന്നാമത്തേതാണ് ഇന്നത്തെ സുവിശേഷത്തിന്റെ ആദ്യഭാഗത്ത് നാം വായിച്ചു കേട്ടത്. വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിലെ മറ്റ്, രണ്ടു മൂന്നും പ്രവചനങ്ങൾ ഒൻപതാം അദ്ധ്യായം 30-32 ലും, പത്താം അദ്ധ്യായം 32-34 ലും ആണ് നാം കാണുന്നത്. ഇന്നത്തെ സുവിശേഷത്തിന്റെ പരിസരം മനസ്സിലാക്കുവാൻ, തൊട്ട് മുൻപുള്ള പത്രോസിന്റെ വിശ്വാസപ്രഖ്യാപനം ഇതിനോട് ചേർത്ത് പറഞ്ഞുപോകേണ്ടതാണ്.

ഗലീലിക്കടലിന്റെ വടക്കൻ തീരത്തുള്ള ബെത്‌സായ്ദാ പട്ടണത്തിലായിരുന്ന (മർക്കോ 8, 22) ഈശോ മുന്നോട്ടുള്ള യാത്രയ്ക്ക് കേസറിയാ ഫിലിപ്പി തിരഞ്ഞെടുക്കുകയാണ്. ഈ വിജാതീയ നഗരത്തിൽ വച്ചാണ് പത്രോസ് ഈശോയെ ക്രിസ്തുവായി തിരിച്ചറിയുന്നതും, “നീ ക്രിസ്തുവാണ്” എന്ന് ഏറ്റുപറയുന്നതും. ഈ ഏറ്റുപറച്ചിൽ ഈശോയ്ക്ക് ഒരു ദൈവിക വെളിപാടിന്റെ അനുഭവമായിരുന്നെങ്കിൽ, ശിഷ്യർക്കത് ഭാവിയിലേക്കുള്ള വലിയ വാതിലായിരുന്നു; ഭാവിയിൽ തുറക്കപ്പെടാനുള്ള സാധ്യതകളുടെ വലിയ വാതിൽ! അധികാരത്തിന്റെ, സമ്പത്തിന്റെ, നേട്ടങ്ങളുടെ വലിയ വാതിൽ! ശിഷ്യന്മാർ ചിന്തിച്ചു കാണും, ഈ വ്യക്തി ക്രിസ്തുവാണെങ്കിൽ, മിശിഹായാണെങ്കിൽ റോമാക്കാരെ തങ്ങളുടെ നാട്ടിൽ നിന്ന് ഓടിച്ചുവിട്ട്, ഇവിടെ ദൈവരാജ്യം സ്ഥാപിക്കുവാൻ സാധിക്കും. അങ്ങനെ ഒരു ദൈവാരാജ്യസംസ്ഥാപനം ഉണ്ടാകുകയാണെങ്കിൽ, തീർച്ചയായും, അതിന്റെ താക്കോൽസ്ഥാനങ്ങളിൽ തങ്ങളുണ്ടാകും. പിന്നെ, ക്രിസ്തുവിനെ മുന്നിൽ നിർത്തി അധികാരത്തിന്റെ സിംഹാസനങ്ങളിൽ തങ്ങൾക്ക് ഉപവിഷ്ഠരാകാം. ഞാനിത് പറയുന്നത് വെറും ഭാവനയുടെ വാചകക്കസർത്തായിട്ടല്ല. ഇങ്ങനെയുള്ള ചിന്തകൾ ഉണ്ടായിരുന്നതുകൊണ്ടായിരിക്കണം, പത്രോസ് ഈശോയെ മാറ്റിനിർത്തിക്കൊണ്ട് തടസ്സം പറയുന്നത്. “നിനക്കിത് സംഭവിക്കാതിരിക്കട്ടെ.” കാരണം, പ്രവചനം സംഭവിച്ചാൽ അവരുടേത് മലർപ്പൊടിക്കാരന്റെ സ്വപ്നമാകും! ശിഷ്യന്മാർ സ്വന്തം സാമ്രാജ്യം സ്ഥാപിക്കുന്നതിന്റെ, അതിൽ സ്വന്തം കസേരകൾ ഉറപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു – അവരുടെ ചിന്തയിൽ!

ശിഷ്യരുടെ ഇത്തരത്തിലുള്ള ചിന്തകളും അവയിൽ പതുങ്ങിയിരിക്കുന്ന അപകടവും മനസ്സിലാക്കിയ ക്രിസ്തു ഉടനെ മൊഴിയുകയാണ് തന്റെ പീഡാനുഭവ-ഉത്ഥാനത്തിന്റെ ഒന്നാം പ്രവചനം! മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും, ജനപ്രമാണികൾ, പ്രധാന പുരോഹിതന്മാർ നിയമജ്ഞന്മാർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും, വധിക്കപ്പെടുകയും, മൂന്ന് ദിവസങ്ങൾക്കുശേഷം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും!” ഈശോ എങ്ങനെയാണ് ഇക്കാര്യം പറഞ്ഞത്? വചനം പറയുന്നു: ” അവൻ ഇക്കാര്യം തുറന്ന് പറഞ്ഞു.” ഈശോ തന്റെ  സന്ദേശം സാധാരണ രീതിയിൽ പറയുന്നത് ഉപമകളിലൂടെയും കഥകളിലൂടെയുമാണ്. എന്നാൽ, ലോകരക്ഷയ്ക്കായി ഭൂമിയിൽ വന്ന ക്രിസ്തു ലോകത്തിന് രക്ഷ നൽകുന്നത് എങ്ങനെയെന്ന് എന്ന് വളരെ വ്യക്തമായി തുറന്ന് പറയുകയാണ്. സഹനത്തിലാണ് രക്ഷ! സഹനത്തിലൂടെ, കുരിശിലൂടെ, കുരിശുമരണത്തിലൂടെയാണ് രക്ഷ!

മാനുഷികമായ ചിന്തയിൽ ഭ്രമിച്ചിരുന്ന ശിഷ്യരുടെ മുൻപിൽ, കൊന്നും കൊലവിളിച്ചും വിജയശ്രീലാളിതനായി ലോകത്തിലേക്ക് വരുന്ന ക്രിസ്തുവിനെ ഭാവന ചെയ്തിരുന്ന ശിഷ്യരുടെ മുൻപിൽ സഹനത്തിലൂടെ, കുരിശുമരണത്തിലൂടെ ദൈവരാജ്യം സ്ഥാപിക്കുവാൻ വന്നിരിക്കുന്ന ക്രിസ്തുവിനെക്കുറിച്ചുള്ള യഥാർത്ഥ ചിത്രം അവതരിപ്പിക്കുകയാണ് ഈശോ. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ വിവരിക്കുന്ന സഹനദാസന്റെ, നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി ക്ഷതമേല്പിക്കപ്പെട്ട, നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി മുറിവേൽപ്പിക്കപ്പെട്ട, കൊല്ലാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും, രോമം കത്രിക്കുന്നവരുടെ മുൻപിൽ നിൽക്കുന്ന ചെമ്മരിയാടിനെപ്പോലെയും മൗനമായി സഹിച്ച സഹനദാസന്റെ (ഏശയ്യാ 53, 5-7) ചിത്രം ഓർമിപ്പിക്കുകയാണ് ഈശോ. വലിയ വാഹനങ്ങളിൽ ഇരുപതും ഇരുപത്തിയഞ്ചും കാറുകളുടെ അകമ്പടിയോടെ ജനത്തെ കബളിപ്പിച്ച് മിന്നിപ്പായുന്ന ഇന്നത്തെ രാഷ്ട്രീയക്കാരെപ്പോലെ വിലകുറഞ്ഞ രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്ന ഒരു നേതാവായിട്ടല്ല, സ്നേഹത്തിലൂടെ, സഹനത്തിലൂടെ, ത്യാഗത്തിലൂടെ സ്വന്തം ജീവൻ സമർപ്പിച്ചും ലോകത്തിന് രക്ഷ നല്കുന്നവനായിട്ടാണ് ക്രിസ്തു വന്നിരിക്കുന്നത് എന്ന് ശിഷ്യന്മാരെ പഠിപ്പിക്കുകയാണ് ഈശോ.  അധികാരത്തിന്റെ കരിമ്പനകളിൽ എൺപത് കഴിഞ്ഞിട്ടും കടിച്ചുതൂങ്ങിക്കിടന്നുകൊണ്ട്  ജനങ്ങൾക്കെതിരെ കൊഞ്ഞനംകുത്തുന്ന കടവാവലുകളായ ഇന്നത്തെ രാഷ്ട്രീയക്കാരെപ്പോലെയല്ല താനെന്ന്, വൃദ്ധരായിട്ടും, നിയമസഭാ ഇലക്ഷനിൽ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ ഓടിനടക്കുന്ന സ്വാർത്ഥരായ ഇന്നത്തെ രാഷ്ട്രീയക്കാരെപ്പോലെയല്ല, താനെന്ന് ക്രിസ്തു ശിഷ്യന്മാരെ പഠിപ്പിക്കുകയാണ്.  

സ്നേഹമുള്ളവരേ, ലോകത്തിന്റെ അളവുകോൽ അനുസരിച്ച് മനസ്സിലാക്കുവാൻ സാധിക്കുന്ന ഒരാളല്ല ക്രിസ്തു. ലോകത്തിന്റെ മാനദണ്ഡങ്ങൾ വച്ച് ഈശോയുടെ അടുത്തുചെന്നാൽ നമുക്ക് ക്രിസ്തുവിന്റെ നിറമെന്താണെന്ന്, രുചിയെന്താണെന്ന്, അറിയുവാൻ, മനസ്സെന്താണെന്ന്, നോട്ടത്തിന്റെ അർത്ഥമെന്താണെന്ന്, പുഞ്ചിരിയുടെ പൊരുളെന്താണെന്ന് വായിച്ചെടുക്കുവാൻ ആകില്ല. ക്രിസ്തുവിനെ മനസ്സിലാക്കുവാൻ, അറിയുവാൻ, അവിടുത്തെ രക്ഷയിൽ പങ്കുപറ്റുവാൻ ആഗ്രഹിക്കുന്നവന് സ്വർഗം നൽകുന്ന അളവുകോൽ എന്താണ്?  സഹനം. ആരെങ്കിലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്താതെ ക്രിസ്തുവിനെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആരെങ്കിലും ക്രിസ്തുവിനുവേണ്ടി, സുവിശേഷത്തിനുവേണ്ടി ജീവിതം

നഷ്ടപ്പെടുത്തുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവൾക്കു /അവന് സ്വർഗം കൊടുക്കുന്ന അടയാളം എന്താണ്?  സഹനം. ആരെങ്കിലും ലോകത്തിന് പുറകെ പോകാതെ, ക്രിസ്തുവിനെ നേടുവാൻ സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നുണ്ടെങ്കിൽ അവൾക്ക് / അവന് ദൈവം നൽകുന്ന ഉത്തരം എന്താണ്? സഹനം. ആരെങ്കിലും ദൈവമഹത്വത്തിനുവേണ്ടി, കുടുംബത്തിന്റെ, മക്കളുടെ നന്മയ്ക്കുവേണ്ടി ആത്മാർത്ഥമായി ജീവിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവൾക്ക്/ അവന് ക്രിസ്തു വച്ചുനീട്ടുന്ന offer എന്താണ്? സഹനം.

ക്രിസ്തുവിനെപ്പോലെ സഹനത്തിലൂടെ കടന്നുപോയൊരാൾ വേറെയുണ്ടാവില്ലെന്നാണ് എനിക്ക് തോന്നുന്നത്. “എന്റെ ഹൃദയം മരണത്തോളം അസ്വസ്ഥമാണെന്ന് ” ഈശോ പറയുമ്പോൾ, ഒരു എമ്പതറ്റിക് (Empathetic ) ഫീലിങ്ങിൽ നമ്മുടെ ഹൃദയവും തേങ്ങിപ്പോകുന്നില്ലേ? .ക്രിസ്തുവിന്റെ സഹന സംസ്കാരത്തിലൂടെയല്ലാതെ ക്രിസ്തുവിനെ നേടുവാൻ ആർക്കും സാധിക്കുകയില്ല. സഹനത്തിലാണ് രക്ഷ! സഹനത്തിലൂടെ, കുരിശിലൂടെ, കുരിശുമരണത്തിലൂടെയാണ് രക്ഷ!

ക്രൈസ്തവജീവിതത്തിൽ ജീവിതവിജയം നേടുന്നതിന്, നന്മയിൽ ജീവിക്കുന്നതിന്, ജീവിതസന്തോഷത്തിലേക്കും, സംതൃപ്തിയിലേക്കും പ്രവേശിക്കുന്നതിന് ക്രിസ്തു കാണിച്ചു തരുന്ന മാർഗം സഹനത്തിന്റേതാണ്. ഓർക്കണം, ആർഭാടത്തിന്റെയും, ആഘോഷത്തിന്റെയും ജീവിതം നയിച്ചിരുന്ന ക്രൈസ്തവരുടെ മുന്പിലേക്കല്ല, ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട ക്രൈസ്തവരുടെ മുന്പിലേക്കാണ് വിശുദ്ധ മാർക്കോസ് ക്രിസ്തുവിന്റെ ഈ സന്ദേശം വച്ചുനീട്ടിയത്. അവരിൽ ചിലരെങ്കിലും നമ്മെപ്പോലെ തന്നെ ചോദിച്ചു കാണും, അല്ലെങ്കിൽ ചിന്തിച്ചുകാണും. ക്രിസ്തു ദൈവമായിരുന്നിട്ടും, ആ ദൈവത്തിൽ വിശ്വസിക്കുന്ന ഞങ്ങളെ ഈ സഹനങ്ങളിൽ നിന്ന് രക്ഷിക്കാത്തതെന്ത്? എന്തുകൊണ്ടാണ് ജീവിതത്തിൽ ഇത്രമാത്രം സഹനം ഉണ്ടാകുന്നത്? പ്രാർത്ഥനയിൽ, വിശുദ്ധിയിൽ, അയൽക്കാരനോടുള്ള സ്നേഹത്തിൽ വളരുമ്പോഴും സഹനത്തിന് യാതൊരു കുറവും ഇല്ലാത്തതെന്ത്? ഒന്നിന് പുറകെ ഒന്നായി സഹനങ്ങൾ ഓട്ടോറിക്ഷയിലല്ല, ട്രെയിനിലാണ് വരുന്നത്! എവിടെ ദൈവം? മനുഷ്യനെ സ്നേഹിക്കുന്ന ദൈവം?

ഈ പ്രപഞ്ചത്തിന്റെ, ഈ ഭൂമിയുടെ, ഭൂമിയിലെ മനുഷ്യജീവിതത്തിന്റെ സ്വഭാവം സഹനമാണ്. ജീവിതം ബുദ്ധിമുട്ടേറിയതാണ്. Life is difficult. ഇങ്ങനെ പറഞ്ഞുകൊണ്ട് തുടങ്ങുന്ന ഒരു പുസ്തകമുണ്ട്. അതിന്റെ Title ഇങ്ങനെയാണ്: “The Road less travelled.” പുസ്തകം എഴുതിയിരിക്കുന്നത് M. Scott Peck എന്ന Psychiatrist ആണ്. This is a great truth, one of the greatest truths.

എന്തുകൊണ്ട് എന്ന ചോദ്യത്തിന് നമ്മെ തൃപ്തിപ്പെടുത്തുന്ന ഉത്തരം കിട്ടിയെന്ന് വരില്ല? എന്തുകൊണ്ടാണ് ഇലകൾക്ക് പച്ച നിറം? എന്തുകൊണ്ടാണ് പാവയ്ക്കയ്ക്ക് കയ്പ്?  മാമ്പഴത്തിന് മധുരം? റോസാച്ചെടിയിൽ മുള്ളുകൾ? ഉത്തരം വളരെ ലളിതമാണ്. ഇലകൾക്ക് പച്ചനിറം അവയുടെ സ്വഭാവമാണ്; പാവയ്ക്കയ്ക്ക് കയ്പ് അതിന്റെ സ്വഭാവമാണ്. മാമ്പഴത്തിന്റെ മധുരം അതിന്റെ സ്വഭാവമാണ്; റോസാച്ചെടിക്ക് മുള്ളുകൾ, അതിന്റെ സ്വഭാവമാണ്.

മനുഷ്യജീവിതത്തിന്റെ സ്വഭാവം സഹനമാണ്. ഈ പ്രപഞ്ചത്തിലുള്ളതെല്ലാം ജന്മം എടുക്കുന്നത് സഹനത്തിലൂടെയല്ലേ? പൊട്ടിത്തകർന്നെങ്കിലല്ലേ വിത്തുകൾക്ക് മുളപൊട്ടുകയുള്ളു? ഈറ്റുനോവിലൂടെയല്ലേ ഒരു പുതുജീവൻ ഈ ഭൂമിയിലേക്കെത്തുന്നത്? നാം ധരിക്കുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ സഹനത്തിലൂടെ കടന്നുവരുന്നതുകൊണ്ടല്ലേ ഇത്രയും തിളക്കമേറിയതാകുന്നത്? മയമുള്ള രോമക്കിടക്കയിൽ ഉറങ്ങുവാൻ എന്ത് സുഖമാണ്! എന്നാൽ, എങ്ങനെയാണ് രോമക്കിടക്ക രൂപപ്പെടുന്നത്? മെത്തയുണ്ടാക്കുന്നവരെ വിളിച്ച് രോമം അവരെ ഏൽപ്പിക്കുന്നു. അവർ രോമം തല്ലി തല്ലി പതപോലെയാക്കുന്നു. കൂടുതൽ ശക്തിയായി തല്ലുമ്പോൾ രോമം കൂടുതൽ വൃത്തിയുള്ളതും, മയമുള്ളതുമായിത്തീരുന്നു.  തല്ലുന്നതിനനുസരിച്ച് രോമം വൃത്തിയുള്ളതും മയമുള്ളതും ആകുന്നു. സിൽക്ക് നൂലെടുക്കുന്ന കക്കൂണും വേദന സഹിക്കുന്നു. തിളച്ചവെള്ളത്തിലിട്ട് പുഴുങ്ങിയശേഷം, പരുക്കൻ ബ്രഷും, മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് പിഴിഞ്ഞാണ് അതിൽ നിന്ന് നൂലെടുക്കുന്നത്. സഹനത്തിലാണ് രക്ഷ! സഹനത്തിലൂടെ, കുരിശിലൂടെ, കുരിശുമരണത്തിലൂടെയാണ് രക്ഷ!

ജനിക്കുന്ന നിമിഷം മുതൽ മരിക്കുന്ന നിമിഷം വരെയും മനുഷ്യൻ പലതരത്തിലുള്ള സഹനങ്ങളിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ഈ സഹനങ്ങളെ മൂല്യമുള്ളതാക്കുവാൻ, രക്ഷാകരമാക്കുവാൻ, ദൈവികമാക്കുവാൻ ക്രൈസ്തവന് സാധിക്കുന്നത് ക്രിസ്തുവിന്റെ സഹനങ്ങളുടെ അർത്ഥം മനസ്സിലാക്കുമ്പോഴാണ്. മനുഷ്യൻ എന്തുമാത്രം സഹിക്കുന്നു എന്നതിന്റെ കണക്കെടുക്കുക സാധ്യമല്ല. നാം ഈ ദേവാലയത്തിൽ ആയിരിക്കുമ്പോഴും, ഓരോ മിനിട്ടിലും ധാരാളം മനുഷ്യർ കൊല്ലപ്പെടുന്നുണ്ട്; വളരെയേറെ ഗർഭസ്ഥ ശിശുക്കൾ അമ്മയുടെ ഉദരത്തിൽ വച്ച് തന്നെ പിടഞ്ഞ് പിടഞ്ഞ് മരിക്കുന്നുണ്ട്. വലിയൊരു ശതമാനം മനുഷ്യർ പട്ടിണിയും രോഗങ്ങളാലും സഹിച്ചു സഹിച്ചു ദിനങ്ങൾ മുന്നോട്ട് നീക്കുന്നവരുണ്ട്. ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും ദുരിതങ്ങൾക്ക് മീതെ ദുരിതങ്ങളുമായി തളരുന്ന മനസ്സുകളുണ്ട്. വേദനകളിൽ, ഏകാന്തതയിൽ, ദാരിദ്ര്യത്തിൽ, ദുരന്തങ്ങളിൽ, രോഗങ്ങളിൽ ദൈവത്തിന്റെ പ്ലാനും പദ്ധതിയും ദർശിക്കാൻ കഴിഞ്ഞാൽ സഹനത്തെ മൂല്യവത്താക്കുവാൻ, രക്ഷാകരമാക്കുവാൻ നമുക്ക് സാധിക്കും. 

സഹനത്തെ മൂല്യമുള്ളതാക്കാൻ സാധിക്കുന്നത് ഈശോയുടെ മരണവുമായി അത് ഒത്തുപോകുമ്പോഴാണ്. ഒരുവൻ സഹിക്കുന്നത് ദൈവമഹത്വത്തിനും, മറ്റുള്ളവരുടെ നന്മയ്ക്കുംവേണ്ടിയാണെങ്കിൽ അത് ഈശോയുടെ മരണത്തിലുള്ള പങ്കുപറ്റലാണ്. ഈശോയുടെ മരണത്തെ ശരിയായി വിവരിക്കുന്ന വാക്ക് ചമ്മട്ടിയടിയല്ല, പീഡനങ്ങളല്ല, കുരിശും അല്ല, പിന്നെയോ സ്നേഹത്തോടെയുള്ള സഹനമാണ്.

സഹനത്തിൽ ഒരു വ്യക്തിയും ഏകാകിയല്ല. ഈശോയുടെ പുൽക്കൂടിന് ചുറ്റും, കുരിശിന് ചുറ്റും ദൂതഗണങ്ങളുണ്ടായിരുന്നു. പുൽക്കൂടും കുരിശും എന്നത് ഈശോയുടെ രക്ഷകൻ എന്ന ദൗത്യത്തിന്റെ പരിസരവും, സാക്ഷാത്ക്കാരവുമായിരുന്നു. അതുകൊണ്ടാണ് സഹായിക്കുവാനും, ആശ്വസിപ്പിക്കുവാനും സ്വർഗം ഈശോയോടൊപ്പം ഉണ്ടായിരുന്നത്.

മനുഷ്യന് സഹിക്കുവാൻ പറ്റാത്തവിധം ഒരു സഹനവും ദൈവം നൽകുന്നില്ല. ഒരു വ്യക്തിക്ക് എത്രമാത്രം സഹിക്കുവാൻ കഴിയുമെന്ന് ഈശോയ്ക്കറിയാം. മനുഷ്യന്റെ ദുഃഖത്തിന്റെ ഭാരം വളരെ അസാധാരണവും, മനുഷ്യനെ ഞെരിച്ചു കളയുന്നതുമായതിനാൽ അത് വഹിക്കുവാൻ മനുഷ്യനെ ശക്തിപ്പെടുത്തുവാൻ ദൈവം അസാധാരണമാർഗങ്ങൾ തന്നെ ഉപയോഗിക്കും.

ദൈവഹിതം നിറവേറ്റുവാൻ സഹനത്തിലൂടെ നാം കടന്നുപോകേണ്ടിയിരിക്കുന്നു.

ഓർക്കുക, വിശുദ്ധി, നന്മനിറഞ്ഞ ജീവിതം സഹനത്തെ ഒഴിവാക്കുന്നില്ല. ഈ ഭൂമിയിൽ മനുഷ്യന് നേടുവാൻ കഴിയുന്നതിന്റെ ഏറ്റവും ഉന്നതവമായ വിശുദ്ധി നേടുവാൻ പരിശുദ്ധ അമ്മയ്ക്ക് കഴിഞ്ഞിരുന്നു. മറ്റാർക്കും കഴിയാത്ത വിധത്തിൽ സ്നേഹിക്കാനും മറ്റുള്ളവരെ സഹായിക്കുവാനും അവൾക്ക് സാധിച്ചു. എന്നാൽ അവൾ അനുഭവിക്കാത്ത ദുഃഖങ്ങളുണ്ടായിരുന്നോ? അമലോത്ഭവ ആയതുകൊണ്ട് ആദത്തിന്റെ തെറ്റ് വരുത്തിയ പാപത്തിൽ നിന്ന്, ലോകത്തിന്റെ ദുഃഖ ദുരിതങ്ങളിൽ നിന്ന് അവൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. എന്നാൽ എത്ര വിലാപങ്ങൾ! എത്രയധികം കണ്ണീർ! അവളുടെ പിതാവ്, മാതാവ്, ഭർത്താവ്, പുത്രൻ എല്ലാവരെയും മരണം വഹിച്ചുകൊണ്ട് പോകുന്നത് അവൾ കണ്ടു.

സഹനത്തിന്റെ രഹസ്യത്തിൽ പങ്കുകൊള്ളുന്നവർക്ക് മാത്രമേ യഥാർത്ഥമായ ജ്ഞാനം നല്കപ്പെടുന്നുള്ളു. സഹനത്തിന്റെ രഹസ്യത്തിലേക്ക് കടക്കുവാൻ ഒരു വ്യക്തി സമ്മതിക്കാത്തിടത്തോളം കാലം ക്രിസ്തു രുചിച്ചറിഞ്ഞ വേദന ഗ്രഹിക്കുവാൻ

സാധിക്കുകയില്ല. ഈശോ മരിയ വത്തോർത്തയോട് (Maria Valtorta, 1897, ഇറ്റലി)  പറഞ്ഞത് സഹിക്കുന്ന വ്യക്തിയിലേക്ക് മുൾമുടിധരിക്കപ്പെട്ട അവിടുത്തെ നെറ്റിത്തടത്തിൽ നിന്ന് പ്രത്യേക പ്രകാശ രശ്മികൾ കടന്നു ചെല്ലും എന്നാണ്. തുറക്കപ്പെട്ട അവിടുത്തെ കരങ്ങളിൽ നിന്നും, പാദങ്ങളിൽ നിന്നും കുത്തിതുറക്കപ്പെട്ട ഹൃദയത്തിൽ നിന്നും പ്രത്യേക പ്രകാശ രശ്മികൾ സഹിക്കുന്നവരിലേക്ക് കടന്നുവരും. (The Poem of the Man-God)

സ്നേഹമുള്ളവരേ, അൻപത് നോമ്പിന്റെ ആറാം ഞായറാഴയിലേക്ക് നാം പ്രവേശിക്കുകയാണ്. അൻപത് നോമ്പിലെ നാൽപ്പതാം വെള്ളി ഈ ആഴ്ചയിലാണ് നാം ആചരിക്കുന്നത്. ഈയാഴ്ച്ചത്തെ നമ്മുടെ ധ്യാനം ഈശോയുടെ സഹനത്തെക്കുറിച്ചാകട്ടെ. ഈശോയുടെ സഹനത്തെക്കുറിച്ചുള്ള, കുരിശുമരണത്തെക്കുറിച്ചുള്ള ധ്യാനം, നമ്മുടെ ജീവിതത്തിലെ സഹനങ്ങളെ മനസ്സിലാക്കുവാനും അവയെ വിശുദ്ധീകരിക്കുവാനും നമ്മെ സഹായിക്കും. ഓരോ വിശുദ്ധ കുർബാനയിലും നാം ഈശോയുടെ പീഡാസഹനവും, കുരിശുമരണവും ഓർക്കുന്നുണ്ട്, ആചരിക്കുന്നുണ്ട്. നമ്മുടെ വിശുദ്ധ കുർബാനയിലെ കൂദാശാവചനവേളയിൽ   ഈശോയുടെ കുരിശുമരണമാണ് നാം ആചരിക്കുന്നത്. ദൈവശാസ്ത്രജ്ഞന്മാർ the crowning point of his death എന്നാണ് ഈ സമയത്തെക്കുറിച്ച് പറഞ്ഞിരുന്നത്.

വിശുദ്ധ കുർബാനയർപ്പണവേളയിൽ ഈ സമയത്ത് വി. പാദ്രേ പിയോ കരഞ്ഞിരുന്നു പ്രിയപ്പെട്ടവരേ. ഇന്നത്തെ ബലിയിൽ ഈ ചിന്തയോടെ നമുക്ക് പങ്കെടുക്കാം. നമ്മുടെ ജീവിത സഹനങ്ങളെ, വേദനകളെ, കണ്ണുനീരിനെ വിശുദ്ധ കുർബാനയോട് ചേർത്തുവയ്ക്കാം. സഹനങ്ങളുടെ അർത്ഥം മനസ്സിലാക്കാൻ ഈശോ നമ്മെ അനുഗ്രഹിക്കട്ടെ.സഹനത്തിലാണ് രക്ഷ! സഹനത്തിലൂടെ, കുരിശിലൂടെ, കുരിശുമരണത്തിലൂടെയാണ് രക്ഷ!

ആമേൻ!

SUNDAY SERMON JN 8, 1-11

നോമ്പുകാലം അഞ്ചാം ഞായർ

യോഹന്നാൻ 8, 1-11

സമാന്തര (വിശുദ്ധ മത്തായി, മാർക്കോസ്, ലൂക്കാ) സുവിശേഷങ്ങളിൽ (Synoptic Gospels) കാണാത്ത, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ മാത്രം കാണുന്ന ഈ സംഭവം ബൈബിൾ പണ്ഡിതന്മാർക്കിടയിൽ ഇന്നും തർക്കവിഷയമാണ്. ചില ബൈബിൾ വ്യാഖ്യാനങ്ങൾ ഈ സംഭവം മനഃപൂർവം വിട്ടുകളയുന്നുമുണ്ട്. കാരണം മറ്റൊന്നുമല്ല. ഈ സംഭവം വിശുദ്ധ യോഹന്നാൻ എഴുതിയതാണോ, അതോ, പിന്നീട് ആരെങ്കിലും എഴുതി ചേർത്തതാണോയെന്ന് (Interpolation) പല കാരണങ്ങളാൽ പണ്ഡിതന്മാർ സംശയിക്കുന്നുണ്ട്. വിവാദത്തിന്റെ പിന്നാലെ പോകുന്നതിനേക്കാൾ, രണ്ട് കാര്യങ്ങൾകൊണ്ട് ഇത് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുവാനാണ് എനിക്ക് താത്പര്യം.

ഒന്ന്, ഈ സംഭവം പാപികളോടുള്ള ഈശോയുടെ മനോഭാവവുമായി ചേർന്നുപോകുന്നതാണ്. പാപത്തെ വെറുക്കുന്ന, പാപിയെ സ്നേഹിക്കുന്ന പാപമോചകനായ, രക്ഷകനായ ക്രിസ്തുവിന്റെ ചിത്രം മറ്റു സംഭവങ്ങളിലെന്നപോലെ ഇവിടെയും തെളിഞ്ഞു നിൽക്കുന്നുണ്ട്. ചുങ്കക്കാരനായ മത്തായിയെ തന്റെ ശിഷ്യഗണത്തിന്റെ ഭാഗമാക്കുന്നതുവഴി പാപികളെ രക്ഷിക്കുവാൻ വന്നവനാണ് താൻ എന്ന ദൈവിക വെളിപാടിന് അടിവരയിടുകയായിരുന്നു ഈശോ. (Mt 8, 9-13) സ്വർഗം മതിമറന്ന് സന്തോഷിക്കുന്ന അസുലഭ നിമിഷങ്ങൾ പാപികളുടെ മാനസാന്തത്തിന്റെ അവസരങ്ങളാണെന്ന് ഈശോ പറഞ്ഞിട്ടുണ്ട്. (Lk 15, 7) ഫരിസേയന്റെ വീട്ടിൽ ഭക്ഷണത്തിനിരുന്നപ്പോൾ നർദ്ദീൻ തൈലത്തിന്റെ പരിമളത്തോടൊപ്പം അനുതപിക്കുന്ന ഹൃദയവുമായെത്തിയ സ്ത്രീയെ, ഈശോ രക്ഷയിലേക്ക് ചേർത്തുനിർത്തുന്നത് സുവിശേഷങ്ങളിലെ കണ്ണുനനയിക്കുന്ന സുന്ദര ചിത്രമാണ്. (Lk 7, 36-50) സിക്കാറിലെ യാക്കോബിന്റെ കിണറ്റിൻ കരയിൽ കണ്ടുമുട്ടിയ ശമരിയക്കാരി സ്ത്രീയെ രക്ഷയിലേക്ക് കൈപിടിച്ചുകയറ്റിയതും, (Jn 4) സക്കേവൂസിന്റെ ഭവനത്തിലെത്തി അദ്ദേഹത്തെ മാത്രമല്ല കുടുംബത്തെ മുഴുവനും രക്ഷയുടെ മഹാസമുദ്രത്തിൽ മാമ്മോദീസാമുക്കിയെടുത്തതും (Lk 19, 1-10) പാപികളെ സ്നേഹിക്കുന്ന ക്രിസ്തുവിന്റെ മനോഭാവത്തിന്റെ നിദർശനങ്ങളാണ്. “യേശുക്രിസ്തു പാപികളെ രക്ഷിക്കാനാണ് ലോകത്തിലേക്ക് വന്നത്” (1 Timothy 1, 15) എന്ന വിശുദ്ധ പൗലോശ്ലീഹായുടെ ഏറ്റുപറച്ചിലും ഇതോടൊപ്പം ഓർക്കാവുന്നതാണ്. വിശുദ്ധ യോഹന്നാൻ ശ്ലീഹ ബോധപൂർവം തന്നെ എഴുതിച്ചേർത്തതായിരിക്കണം ഈ സംഭവം. 

രണ്ട്, ദൈവകൃപയുടെ വലിയ പ്രവാഹമാണ് ഈ സംഭവത്തിൽ നാം കാണുന്നത്. അടയാളങ്ങളുടെ പുസ്തകമായ വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായത്തിൽ വചനം പറയുന്നത്, ‘ക്രിസ്തുവിലൂടെ നാം കൃപയ്ക്കുമേൽ കൃപ സ്വീകരിച്ചിരിക്കുന്നു’ (Jn 1, 16) എന്നാണ്. വചനം, വെള്ളം, പ്രകാശം തുടങ്ങിയവയോടൊപ്പം വിശുദ്ധ യോഹന്നാൻ ഉപയോഗിക്കുന്ന ഒരു ദൈവിക അടയാളമാണ് കൃപ. “സ്ത്രീയേ, നിന്നെ ഞാനും വിധിക്കുന്നില്ല, പോകുക, ഇനിമേൽ പാപം ചെയ്യരുത്” (Jn 8, 11) എന്ന ഈശോയുടെ വചനത്തിലൂടെ ദൈവകൃപയുടെ നറുംനിലാവ് അവളുടെ ജീവിതത്തിൽ നിറയുകയായിരുന്നു.

ഈ രണ്ട് കാരണങ്ങൾ മതി ഇന്നത്തെ സുവിശേഷഭാഗം ആരും പിന്നീട് എഴുതിച്ചേർത്തതല്ല എന്ന് സമർത്ഥിക്കുവാൻ. ഇന്നത്തെ സുവിശേഷഭാഗം വിശുദ്ധ യോഹന്നാൻ അവതരിപ്പിക്കുന്നതാണെന്നതിൽ യാതൊരു സംശയവുമില്ല. മാത്രമല്ല, ഈശോയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണിത്. ഒരിക്കലും നാം miss ചെയ്യാൻ പാടില്ലാത്ത സംഭവം!

മൂന്ന് ചോദ്യങ്ങൾ ഉന്നയിക്കുന്നതിലൂടെ, അവയ്ക്ക് ഉത്തരങ്ങൾ കണ്ടെത്തുന്നതിലൂടെ ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദേശത്തിലേക്ക് എത്തിച്ചേരുവാനാണ് ഞാൻ ശ്രമിക്കുന്നത്.

ഒന്നാമത്തെ ചോദ്യം ഇതാണ്: പുരുഷനെവിടെ? സ്ത്രീക്ക് Address ഇല്ലാതിരുന്ന ഒരു കാലത്തെ കഥയാണ് നമ്മൾ പറയുന്നത്. ഇന്നും എന്നും അവൾക്ക് വ്യക്തിത്വം കൊടുക്കുന്നത് ആരെങ്കിലുമായി ബന്ധപ്പെടുത്തിയാണ്. ചെറുപ്പത്തിൽ – ഇന്നയാളുടെ മകൾ! കുറച്ചു മുതിർന്നുകഴിയുമ്പോൾ ഇന്നയാളുടെ പെങ്ങൾ. അല്പംകൂടി മുതിർന്നുകഴിയുമ്പോൾ ഇന്നയാളുടെ ഭാര്യ. ഒടുവിൽ പക്വതയിലെത്തി ഒരു കുഞ്ഞിനൊക്കെ ജന്മം നൽകി കുഞ്ഞ് വളരുമ്പോഴാകട്ടെ ഇന്നയാളുടെ ‘അമ്മ. ഈയൊരവസ്ഥ അത്ര സുഖകരമായ ഒന്നല്ലല്ലോ!!

പുരുഷനെവിടെ? അന്നത്തെ കാലത്തിന്റെ രീതികൾവച്ച് നോക്കുമ്പോൾ ഈ ചോദ്യം അസ്ഥാനത്താണ്.  കാരണം, പുരുഷമേധാവിത്വം സമൂഹത്തിന്റെ എല്ലാ തലങ്ങളേയും അടക്കി വാണിരുന്ന ഒരു കാലത്ത് എന്തിന് പുരുഷനെക്കുറിച്ച്, അവന്റെ ചെയ്തികളെക്കുറിച്ച് ചിന്തിക്കണം? സ്ത്രീകളെക്കുറിച്ച്, സമൂഹത്തിലെ താഴേക്കിടയിലുള്ളവരെക്കുറിച്ച്, അവരുടെ തിന്മകളെക്കുറിച്ച് ചിന്തിച്ചാൽ പോരേ?  എന്നാൽ, ഇന്ന് നാം ഈ ചോദ്യം ഉന്നയിക്കതന്നെ വേണം. പുരുഷനെവിടെ? ഇന്നത്തെ കപടസദാചാര പ്രവർത്തകരെപ്പോലെയായിരുന്നു അന്നത്തെ നിയമജ്ഞരും, ഫരിസേയരും. അന്നത്തെ സമൂഹത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ടവരായിരുന്നു ഫരിസേയരും നിയമജ്ഞരും. പുറമേ ധാർമികരായി കരുതപ്പെട്ടിരുന്നെങ്കിലും അവരുടെ മനസ്സുനിറയെ തേളുകളും പഴുതാരകളും ആയിരുന്നു. തങ്ങൾ ധാർമികരും, മറ്റുള്ളവരെല്ലാം അധാർമികരുമെന്ന ചിന്തയുള്ളവരായിരുന്നു അവർ. തങ്ങൾക്കില്ലാത്തത് പൊലിപ്പിച്ചുകാട്ടുകയും, മറ്റുള്ളവരെ കുറ്റക്കാരായി മുദ്രകുത്തുകയും ചെയ്യുന്ന കപടസദാചാരപ്രവർത്തകരായിരുന്നു അവർ. സമൂഹത്തെ നന്മയുള്ളതാക്കുക എന്നതായിരുന്നില്ല അവരുടെ ലക്‌ഷ്യം. തങ്ങളുടെ സ്വാർത്ഥമായ താത്പര്യങ്ങൾ സംരക്ഷിക്കുകയെന്നതായിരുന്നു അവരുടെ ലക്‌ഷ്യം.  സമൂഹത്തിലെ സ്ത്രീകളും വിജാതീയരുമടങ്ങുന്ന ബലഹീനരുടെ തെറ്റുകൾ ഇപ്പോഴും ഉയർത്തിക്കാട്ടിക്കൊണ്ട് തങ്ങളുടെ തിന്മകൾ മൂടിവയ്ക്കുകയെന്ന തികച്ചും അധാർമികമായ അടവുനയമായിരുന്നു അവർ അതിനായി ഉപയോഗിച്ചിരുന്നത്.

മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതിലൂടെ തങ്ങളെ മാന്യന്മാരായി അവതരിപ്പിക്കുവാനും, മറ്റുള്ളവരെ ചൂഷണംചെയ്യാനും അവർക്ക് കഴിയും. അതുകൊണ്ടാണ് പുരുഷനെ അവർ മറച്ചുവച്ചത്. ഒരു പുരുഷനെ രംഗത്തുകൊണ്ടുവന്നാൽ പിന്നെ തങ്ങളുടെ മുഖംമൂടികളും വലിച്ചുകീറപ്പെടുമെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു. അത്രയും കാപട്യം നിറഞ്ഞ സദാചാരപ്രവർത്തകരായിരുന്നു അവർ!

മനുഷ്യന്റെ മുഖംമൂടികൾ അഴിഞ്ഞു വീഴണമെങ്കിൽ, പലമുഖമുള്ളവരായി തങ്ങളെത്തന്നെ വഞ്ചിച്ചുകൊണ്ട് ജീവിക്കാതെ, ഒരൊറ്റ മുഖമുള്ളവരായി ക്രിസ്തുവിന്റെ മുഖമുള്ളവരായി ജീവിക്കണമെങ്കിൽ നാം ചോദിക്കണം, പുരുഷനെവിടെ? വ്യഭിചാരമെന്നത് പവിത്രമായ, വിശുദ്ധമായ ബന്ധങ്ങളിലെ വിള്ളലുകളാണ്;  അപചയമാണ്;  പൈശാചികതയാണ്. അവിടെ രണ്ട് പേരുണ്ടാകണം. ചിലപ്പോൾ അതിലധികവും. എങ്ങനെയാണ് മുഖംമൂടികൾ വച്ചുകൊണ്ട് ക്രിസ്തുവിനെ സമീപിക്കുവാൻ സാധിക്കുക? എങ്ങനെയാണ് മുഖംമൂടികൾ വച്ചുകൊണ്ട് നിന്റെ ഭാര്യയെ, ഭർത്താവിനെ സമീപിക്കുവാൻ സാധിക്കുക? എങ്ങനെയാണ് മുഖംമൂടികൾ വച്ചുകൊണ്ട്  സഹോദരങ്ങളെ,സുഹൃത്തുക്കളെ സമീപിക്കുവാൻ സാധിക്കുക? എങ്ങനെയാണ് മുഖംമൂടികൾ വച്ചുകൊണ്ട് ദേവാലയത്തിൽ വരുവാൻ, കുമ്പസാരത്തിനായുവാൻ, വിശുദ്ധ കുർബാന അർപ്പിക്കുവാൻ സാധിക്കുക? 

രണ്ടാമത്തെ ചോദ്യം: എന്തുകൊണ്ടാണ് ഈശോ കുനിഞ്ഞിരുന്നത്? എന്താണ് ഈശോ കുനിഞ്ഞിരുന്ന് നിലത്ത് എഴുതിക്കൊണ്ടിരുന്നത്? ഈ ചോദ്യത്തിന് സഭാപിതാക്കന്മാർ തുടങ്ങി പലരും ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. ദൈവശാസ്ത്രപരമായ, സാമാന്യബുദ്ധിക്കനുസരിച്ചുള്ള പല ഉത്തരങ്ങൾ ഈ ചോദ്യത്തിന് ഉണ്ടെങ്കിലും എനിക്കിഷ്ടപ്പെട്ടത് മനഃശാസ്ത്രപരമായ ഒരു ഉത്തരമാണ്. അത് ദൈവിക ചൈതന്യം നിറഞ്ഞ ഉത്തരവുമാണ്.

വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയുടെമേൽ, “ഇവൾ കല്ലെറിഞ്ഞ് കൊല്ലപ്പെടേണ്ടവളാണ്” എന്ന   വിധിപ്രസ്താവിച്ചതിന്റെ ഹുങ്കും, അഹങ്കാരത്തിന്റെ കല്ലുമായി നിൽക്കുന്ന നിയമജ്ഞരുടെയും ഫരിസേയരുടെയും ലക്‌ഷ്യം സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുക, ക്രിസ്തുവിനെ കെണിയിൽ കുടുക്കി ഇല്ലാതാക്കുക എന്നതായിരുന്നു. സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുക എന്നത് അവർക്കൊരു വിനോദമായിരുന്നെങ്കിൽ, ക്രിസ്തുവിനെ ഇല്ലാതാക്കുക എന്നത് അവരുടെ നിലനിൽപ്പിന്റെ പ്രശ്നമായിരുന്നു. സ്ത്രീയെ ശിക്ഷിക്കുക എന്നതിനേക്കാൾ അവർക്ക് വേണ്ടത് ഈശോയെ വാക്കിൽകുടുക്കുക എന്നതായിരുന്നു. അതുകൊണ്ടാണ് അവരുടെ ചോദ്യം: “നീ എന്ത് പറയുന്നു?” ഈശോ കുനിഞ്ഞിരിക്കുകയായിരുന്നു. കാരണം, എന്താണ് പറയേണ്ടതെന്ന തേങ്ങൽ അവിടുത്തേയ്ക്കുണ്ടായിരുന്നു. “മോശ പറഞ്ഞതാണ് ശരി അതുപോലെ ചെയ്യൂ”, എന്ന് പറഞ്ഞാൽ അവർ ചോദിക്കും, “അപ്പോൾ നിന്റെ കരുണ എവിടെ? സ്നേഹം എവിടെ? രക്ഷ എവിടെ?” മോശയ്ക്ക് എതിരായി എന്തെങ്കിലും പറഞ്ഞാൽ അപ്പോഴും അവർ ചോദിക്കും, ‘നീ മോശയെയും പ്രവാചകരെയും നശിപ്പിക്കാൻ വന്നവനാണല്ലേ?” എന്തുപറഞ്ഞാലും പെട്ടുപോകുന്ന ഒരു അവസ്ഥ. ഈശോയുടെ മനസ്സ് ഒരു ഉത്തരത്തിനുവേണ്ടി പരതുകയായിരുന്നു. അവന്റെ മനസ്സിന്റെ തേക്കത്തിനനുസരിച്ചു അവന്റെ വിരലുകൾ മണലിലൂടെ ഉദാസീനമായി നീങ്ങിക്കൊണ്ടിരുന്നു. അല്പം കഴിഞ്ഞ് തലയുയർത്തി ഈശോ പറഞ്ഞു: “നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം കല്ലെറിയട്ടെ.” 

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം കുറ്റം ചെയ്യാത്തവൻ എന്നല്ല, പാപം ഇല്ലാത്തവൻ പാപം ചെയ്യാത്തവൻ എന്നാണ്. എന്താണ് പാപം? തെറ്റായ ഒരു പ്രവൃത്തി ചെയ്യാൻ മനസ്സിൽ ആലോചന നടത്തുന്നതാണ്. അതിനെപ്പറ്റി ചിന്തിക്കുന്നതാണ് പാപം. എന്താണ് കുറ്റം? ആ plan നടപ്പിലാക്കുന്നതാണ്, ആ പാപം ചെയ്യുന്നതാണ് കുറ്റം. ഒരാളെ തല്ലാനോ കൊല്ലാനോ   ചിന്തിച്ചാൽ അത് പാപമാണ്. ഒരു കോടതിയ്ക്കും അതിന് ആരെയും ശിക്ഷിക്കാനാകില്ല. എന്നാൽ കുറ്റം ചെയ്‌താൽ ശിക്ഷിക്കാം. കുറ്റം ചെയ്യാത്തവർ ഉണ്ടാകുമെങ്കിലും, പാപം ഇല്ലാത്ത, പാപം ചെയ്യാത്ത ആരും ഉണ്ടാകാൻ സാധ്യമല്ലെന്ന് ഈശോയ്ക്കറിയാം. അവിടുന്ന് വളരെ സമർത്ഥമായ, reasonable ആയ ഉത്തരമാണ് കൊടുത്തത്. നിങ്ങളിൽ പാപം ഇല്ലാത്തവർ ആദ്യം കല്ലെറിയട്ടെ. എന്നിട്ട് വീണ്ടും കുനിഞ്ഞ് നില ത്തെഴുതിക്കൊണ്ടിരുന്നു.

ഇപ്രാവശ്യം വലിയൊരു psaychological move ആണ് ഈശോ നടത്തിയത്. അഹങ്കാരത്തിന്റെ കല്ലുമായി വന്നവർ മുറിപ്പെട്ടു എന്ന് ഈശോയ്ക്കറിയാം. ഒരു നിമിഷംകൊണ്ട് അവർ ഒന്നുമല്ലാതായി. ഈശോയുടെ ഒരു നോട്ടംപോലും ചിലപ്പോൾ അവരെ provoke ചെയ്യാം. തല ഉയർത്തിപ്പിടിച്ച് സിനിമാനടൻ ഇന്നസെന്റ് സ്റ്റൈലിൽ എന്ത്യേ ഇപ്പെങ്ങനേണ്ട്?   എന്ന് ചോദിച്ചാൽ …. ഏതെങ്കിലും ഒരുത്തൻ ഒരു കുഞ്ഞിക്കല്ല് എറിഞ്ഞാൽ മതി…തീർന്നു…പിന്നെ എല്ലാവരും ഏറിയും. അതാണ് ആൾക്കൂട്ടത്തിന്റെ മനശ്ശാസ്ത്രം. ഒരാൾ ചെയ്‌താൽ മതി … തെറ്റാണോ ശരിയാണോയെന്ന് ചിന്തിക്കാതെ എല്ലാവരും കൂടെച്ചേരും.. ആൾക്കൂട്ട ആക്രമണങ്ങളുടെ, .ആൾക്കൂട്ടക്കൊലപാതകങ്ങളുടെ മനശ്ശാസ്ത്രമാണത്. ഈശോ മനഃപൂർവം പിൻവാങ്ങുകയാണ്. എന്തോ എഴുതുന്നപോലെ ഭാവിച്ചുകൊണ്ട്, താൻ അവിടെ ഇല്ല എന്ന് ഈശോ കാണിക്കുകയാണ്. കുനിഞ്ഞിരുന്ന് അവരുടെ ego വീണ്ടും hurt ചെയ്യാതെ നോക്കുകയാണ്. ഈശോയ്ക്കറിയാം തന്റെ പറച്ചിൽ അവരെ വേദനിപ്പിച്ചെന്ന്. അതാഘോഷിക്കുകയല്ല ഈശോ ചെയ്തത്. അവിടുന്ന് അവർക്ക് മതിയായ അവസരം നൽകുകയാണ്. തനിക്കെതിരെ വന്നവരുടെയും feelings നെ പരിഗണിക്കുകയാണ്. നിയമപരമായി അവർക്ക് ഈ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാം. നിയമപരമായി തങ്ങൾ ധാർമികരാണെന്ന് മേനിനടിക്കാം.    പക്ഷേ അവരതെല്ലാം മറന്നുപോയി. ഈശോയുടെ പ്രസ്‌താവന എല്ലാം തെറ്റിച്ചുകളഞ്ഞു. ഈശോ അവരുടെ ചിന്ത ആ സ്ത്രീയിൽ നിന്ന് അവരിലേക്ക് തിരിച്ചു. അവൻ അവരെ മാനസാന്തരപ്പെടുത്തി.  മുതിർന്നവർ തുടങ്ങി കല്ലുകൾ താഴെയിട്ട് മടങ്ങിപ്പോയി.

മൂന്നാമത്തെ ചോദ്യം ഇങ്ങനെയാണ്: ഈശോ എന്തുകൊണ്ട് ആ സ്ത്രീയെ വിധിച്ചില്ല? ഈശോ കണ്ണുകളുയർത്തി നോക്കിയപ്പോൾ ആ സ്ത്രീ തനിയെ! അവളുടെമേൽ കുറ്റമാരോപിച്ചവർ പോയിക്കഴിഞ്ഞിരുന്നു. കുറ്റമാരോപിച്ചവരുടെ കൂട്ടത്തിൽ ഈശോ ഉണ്ടായിരുന്നില്ല. സ്വർഗത്തിനെങ്ങനെ ഒരാളെ വിധിക്കുവാൻ സാധിക്കും? സ്വർഗത്തിനെങ്ങനെ ഒരാളെ, കുറ്റക്കാരനാണെങ്കില്പോലും കല്ലെറിഞ്ഞ് കൊല്ലാൻ കഴിയും? ക്രിസ്തു കരുണയോടെ, സ്നേഹത്തോടെ അവളെ കടാക്ഷിച്ചിട്ട് അവളോട് പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല…പോകുക ഇനിമേൽ പാപം ചെയ്യരുത്.” ഇതാണ് ദൈവികത…ആത്മീയത…നീ ചെയ്തതെല്ലാം ഇതാ സ്വർഗം, ദൈവം മറന്നിരിക്കുന്നു. The past is past. ഇത് ഒരനുഭവമായിട്ടുണ്ടെങ്കിൽ ഇനിമേൽ പാപത്തിലേക്ക് പോകരുത്.

സ്നേഹമുള്ളവരേ, ഇതാണ് ക്രിസ്തുവിന്റെ സന്ദേശത്തിന്റെ സത്ത -essence! പാപികളെ രക്ഷയിലേക്ക് വിളിക്കുവാൻ വന്നവൻ, വിധി പ്രസ്താവിച്ച് നാശത്തിലേക്ക് തള്ളിവിടാൻ വന്നവനല്ല. ഈശോയ്ക്കറിയാം, തെറ്റുചെയ്യുന്നവനോടൊപ്പം നിന്നെങ്കിലേ അവളെ /അവനെ രക്ഷിക്കുവാൻ സാധിക്കുകയുള്ളൂവെന്ന്. ഒരാൾ ഒരു തെറ്റ് ചെയ്‌താൽ എത്ര ശിക്ഷ അയാൾ ഏറ്റുവാങ്ങണം? എത്രപേരിൽ നിന്നുള്ള ശിക്ഷ സ്വീകരിക്കണം? എത്രനാൾ ശിക്ഷ സ്വീകരിക്കണം? നിന്റെ സൗഹൃദത്തിൽ നിന്ന്, കുടുംബത്തിൽ നിന്ന്, സമൂഹത്തിൽ നിന്ന് എത്രനാൾ മാറ്റിനിർത്തണം? നാമോരോരുത്തരും നമ്മുടെ മനസ്സിന്റെ കുടുസ്സുമുറിയിൽ നിർത്തി എത്രപ്രാവശ്യം വിധി പ്രസ്താവിക്കണം? ചേർത്ത് നിർത്തുകയാണ് ക്രിസ്തു -പാപിനിയെ മാത്രമല്ല, അവൾക്കെതിരെ ആരോപണങ്ങളുമായി വന്നവരെയും. പാപിനിയെ മാത്രമല്ല, തന്നെ വക്കിൽകുടുക്കി ഇല്ലാതാക്കുവാൻ വന്നവരെയും! ഈശോയുടെ argument നോക്കുക – “നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം കല്ലെറിയട്ടെ.”

പാപത്തെ വെറുക്കുമ്പോഴും പാപിയെ സ്നേഹിക്കുവാൻ സാധിക്കുക – അതാണ് ഈശോയുടെ കരുണയുടെ പാഠം. ഇതാണ് നമ്മുടെ കുമ്പസാരത്തിന്റെ മഹനീയത! ഉയർന്ന മലയിൽ നിന്നേ, സമതലങ്ങളിലേക്ക് നദിക്കു ഒഴുകുവാൻ കഴിയൂ. ദൈവത്തിൽ നിന്നേ മനുഷ്യനിലേക്ക് ക്ഷമ, കരുണ ഒഴുകുവാൻ കഴിയൂ. ക്രിസ്തുവിന്റെ ഒരു നോട്ടം, ഒരു സ്പർശം…അത് മതി രൂപാന്തരത്തിന്റെ, ക്ഷമയുടെ പ്രസാദവരം നമ്മിലേക്കൊഴുകാൻ!

സ്നേഹമുള്ളവരേ, അൻപത് നോമ്പിന്റെ അഞ്ചാം ഞായറാഴ്ച്ച ഈശോ നമ്മെ, നമ്മുടെ മനഃസാക്ഷിയെ പിടിച്ചു കുലുക്കുകയാണ്. മുഖംമൂടികൾ വച്ചുകൊണ്ട്, കപട  സദാചാരത്തിൽ ജീവിക്കുവാൻ നമുക്കാകില്ല. വിശുദ്ധമായ ബന്ധങ്ങളെ വ്യഭിചരിച്ചുകൊണ്ട് മുന്നോട്ട് പോകാൻ നമുക്കാകില്ല. നമ്മെ അപകീർത്തിപ്പെടുത്തുവാൻ വരുന്നവരുടെപോലും,

നമ്മെ കെണിയിൽ കുടുക്കുവാൻ വരുന്നവരുടെപോലും മനസ്സിനെ മുറിപ്പെടുത്താതെ പെരുമാറുവാൻ നമുക്കാകണം. ആരെയും വിധിക്കാതെ, ബലഹീനരെ, പാപികളെ, തെറ്റിൽ വീഴുന്നവരെ കൈപിടിച്ചുയർത്താനും, ചേർത്തുപിടിക്കാനും നമുക്കാകണം. വിശുദ്ധ യോഹന്നാൻ പറഞ്ഞതുപോലെ, ശിക്ഷിക്കാനല്ലല്ലോ രക്ഷിക്കാനല്ലേ ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്?! ആമേൻ!

SUNDAY SERMON MT 5, 27-32

നോമ്പുകാലം നാലാം ഞായർ

മത്തായി 5, 27-32

ദിവസങ്ങൾ പിന്നിടുന്തോറും യുദ്ധത്തിന്റെയും, വെറുപ്പിന്റെയും, അഹങ്കാരത്തിന്റെയും കറുത്തപുകയാൽ ലോകം നിറയുകയാണ്. ഇറാൻ -ഇസ്രായേൽ-അമേരിക്ക വിതയ്ക്കുന്ന യുദ്ധത്തിന്റെ വിഷവിത്തുകൾ കാണുമ്പോ, സ്നേഹം വല്ലാതെ തണുത്തുപോകുന്നോ എന്നും തോന്നിപ്പോകുകയാണ്.  ലോകത്തിന്റെ, മനുഷ്യരുടെ വിശുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു!!! ചീറിപ്പായുന്ന മിസൈലുകളും, തീ തുപ്പുന്ന ബോംബറുകളും കണ്ണുകൾക്ക് ഇമ്പമുള്ളവയാണെങ്കിലും, അവ സൃഷ്ടിക്കുന്ന കറുത്ത പുക ലോകത്തിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്നു. യുദ്ധത്തിന്റെ ഭീകരത നമ്മെ അസ്വസ്ഥമാക്കുന്നുണ്ടെങ്കിലും, ലോകത്തിന്റെ വിശുദ്ധിയെ അത് കളങ്കപ്പെടുത്തുന്നുണ്ടെങ്കിലും, അൻപത്  നോമ്പിന്റെ പുണ്യം നിറഞ്ഞ ഈ കാലഘട്ടത്തിൽ  ഇന്നത്തെ സുവിശേഷം നമ്മെ വിശുദ്ധിയിലേക്ക് ക്ഷണിക്കുകയാണ്.

ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്, കുരിശുമരണത്തിലൂടെ നമുക്ക് രക്ഷ നേടിത്തന്നത്, വിശുദ്ധ കുർബാനയിലൂടെ ഇന്നും നമ്മോടൊത്തു വസിക്കുന്നത്, നമ്മെ ശക്തിപ്പെടുത്തുന്നത് നമ്മെ വിശുദ്ധിയിലേക്ക് വിളിക്കുവാനാണ്, നമ്മെ വിശുദ്ധരാക്കുവാനാണ്. വിശുദ്ധ ബൈബിൾ നമുക്ക് വിശ്വാസത്തെക്കുറിച്ചും, ദൈവിക വെളിപാടുകളെക്കുറിച്ചുമെല്ലാം പറഞ്ഞു തരുന്നുണ്ടെങ്കിലും, വിശുദ്ധ പൗലോശ്ലീഹാ എഫേസോസുകാരോട് പറഞ്ഞതുപോലെ, ‘ദൈവത്തിന്റെ മുൻപാകെ എങ്ങനെ പരിശുദ്ധരായി, നിഷ്കളങ്കരായി ജീവിക്കാമെന്നാണ്’ വചനം നമ്മെ പഠിപ്പിക്കുന്നത്. വിശുദ്ധ കുർബാനയിലെ നാലാം പ്രണാമജപത്തിലും നാം ആഗ്രഹിച്ച്, പ്രാർത്ഥിക്കുന്നത് എന്താണ്? “… പരിശുദ്ധ കത്തോലിക്കാ സഭയുടെ സന്താനങ്ങളുമായ എല്ലാവർക്കുംവേണ്ടിയുള്ള നൈർമല്യവും വിശുദ്ധിയും ഞങ്ങളെ പഠിപ്പിച്ചെന്നും എല്ലാ മനുഷ്യരും അറിയട്ടെ” എന്നാണ്.

നോമ്പുകാലത്തിന്റെ ഈ നാലാം ഞായറാഴ്ച നാമെല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു എന്ന് ചിന്തിക്കുവാനും, വിശുദ്ധിയുടെ വഴിയിലൂടെ ജീവിക്കുവാൻ, അനുതാപത്തിലൂടെ ജീവിതനവീകരണത്തിലേക്ക് പ്രവേശിക്കുവാനും തിരുസഭ ആഗ്രഹിക്കുന്നു.  

മനുഷ്യനും ദൈവവും തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലമാണ് വിശുദ്ധി. ലോകം പണിയപ്പെട്ടിരിക്കുന്നത് നാം കരുതുന്നപോലെ കല്ലും സിമന്റും വച്ചല്ല; ഭൗതികവാദ പ്രസ്ഥാനങ്ങൾ കരുതുന്നപോലെ, വർഗ്ഗസമരത്താലോ, വിപ്ലവം കൊണ്ടോ അല്ല. ലോകം പണിയപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ നന്മയെ പ്രകാശിപ്പിക്കുംവിധം മനുഷ്യനിലെ നന്മയും വിശുദ്ധിയും ചേർത്തുകെട്ടിയാണ്.

ഇന്നത്തെ വിശുദ്ധ കുർബാനയിലെ വായനകളെല്ലാം തന്നെ വിശുദ്ധിയെ പരാമർശിച്ചാണ് നിലകൊള്ളുന്നത്. ഒന്നാം വായന ഉത്പത്തി പുസ്തകത്തിലെ സോദോം ഗൊമോറയുടെ ധാർമിക പശ്ചാത്തലത്തിൽ നിന്നുള്ളതാണ്. മനുഷ്യനിൽ ദൈവം നിക്ഷേപിച്ചിട്ടുള്ള നന്മ, വിശുദ്ധി വറ്റിപ്പോയാൽ, ശാരീരിക തൃഷ്ണകളാൽ ആസക്തരായാൽ വാതിൽ തപ്പി നടക്കുന്ന, വഴിതേടി നടക്കുന്ന വലിയ അന്ധതയിലേക്ക് മനുഷ്യൻ നിപതിക്കുമെന്ന, നമ്മെ ഭയപ്പെടുത്തുന്ന സന്ദേശമാണ് നാമിവിടെ കണ്ടുമുട്ടുന്നത്. രണ്ടാം വായന പഴയനിയമത്തിലെ വലിയൊരു ദുരന്തത്തെയാണ് വരച്ചുകാട്ടുന്നത്. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട, രാജാവായി അഭിഷിക്തനായ ദാവീദ് ലൈംഗിക ആസക്തിയാൽ അശുദ്ധിയിലേക്ക്, തിന്മയിലേക്ക് തലകുത്തി വീഴുന്ന സംഭവം ഒരുൾക്കിടിടലത്തോടെയല്ലാതെ നമുക്ക് ധ്യാനിക്കാൻ കഴിയില്ല! ഇവിടെയും, തൃഷ്ണകളുടെ, രതിയുടെ, അശുദ്ധിയുടെ, മനുഷ്യനിലെ ദൈവികത മരിക്കുന്നതിന്റെ ഫലമായുണ്ടാകുന്നവ നിലനിൽക്കുകയില്ലെന്ന് മാത്രമല്ല, ബാല്യത്തിലേ ഇല്ലാതാകുമെന്നുള്ള സന്ദേശമാണ് നാം കാണുന്നത്. നാഥാൻ പ്രവാചകൻ പറയുന്നത് കേൾക്കുക: “കർത്താവ് നിന്റെ പാപം ക്ഷമിച്ചിരിക്കുന്നു. നീ മരിക്കുകയില്ല. എങ്കിലും, പ്രവർത്തികൊണ്ട് നീ കർത്താവിനെ അവഹേളിച്ചതിനാൽ നിന്റെ കുഞ്ഞ് മരിച്ചുപോകും.” മനുഷ്യൻ അശുദ്ധികൊണ്ട് നേടുന്നതൊന്നും നിലനിൽക്കുകയില്ല.

നാം വായിച്ചുകേട്ട ലേഖനഭാഗത്ത് വിശുദ്ധ പൗലോശ്ലീഹാ വിശുദ്ധിയെ വിവിധ ഭാവങ്ങളിൽ അവതരിപ്പിക്കുകയാണ്. പരിശുദ്ധ ഹൃദയത്തോടെ കർത്താവിനെ വിളിക്കുന്നത്, നീതി പ്രവർത്തിക്കുന്നത്, സ്നേഹം, വിശ്വാസം, സമാധാനം എന്നിവ ലക്ഷ്യംവയ്ക്കുന്നത് സൗമ്യതയോടെ, ക്ഷമാശീലത്തോടെ വർത്തിക്കുന്നത് എല്ലാം വിശുദ്ധിയാണ് അദ്ദേഹത്തിന്. യുവസഹജമായ വ്യാമോഹങ്ങളും, മൂഢവും, ബാലിശവുമായ വാദപ്രതിവാദങ്ങൾ, കലഹിക്കൽ തുടങ്ങിയവയാകട്ടെ അശുദ്ധിയായാണ് പൗലോശ്ലീഹാ കാണുന്നത്.

സുവിശേഷത്തിലേക്ക് വരുമ്പോൾ ഈശോ വിശുദ്ധിക്ക് പുതിയൊരു ഭാഷ്യം, അർഥം നൽകുന്നുണ്ട്. ഈശോയുടെ വീക്ഷണത്തിൽ വിശുദ്ധി എന്നത് ശരിയായ ചര്യകളിലൂടെ, പ്രവൃത്തികളിലൂടെ  മുന്നോട്ട് പോകുന്നതാണ്. ചര്യ എന്നാൽ മര്യാദ എന്ന് അർത്ഥമുണ്ട്. ശരിയായ മര്യാദകളിൽ നിന്ന് വ്യതിചലിക്കുന്നത് (Deviate) പാപമാണ്, അശുദ്ധിയാണ്. ഈശോ പറയുന്ന ഉദാഹരണം ലൈംഗിക ആസക്തിയുമായി ബന്ധപ്പെട്ടതാണ്. അവിടെ, ആസക്തിയോടെ, തിന്മനിറഞ്ഞ മനസ്സോടെ സ്ത്രീയെ നോക്കുന്നതുപോലും, അങ്ങനെ ചിന്തിക്കുന്നതുപോലും തെറ്റായിട്ടാണ് ഈശോ പറയുന്നത്.  എന്നുവച്ചാൽ, നീ കണ്ടുമുട്ടുന്ന മനുഷ്യരെയും, വസ്തുക്കളെയും, വെറും ഭോഗവസ്തുക്കളായി നീ കണ്ടാൽ, മനസ്സിൽ വിചാരിച്ചാൽ, നീ കണ്ടുമുട്ടുന്ന മനുഷ്യരെയും, വസ്തുക്കളെയും നിന്റെ സുഖത്തിനായി മാത്രം,നിന്റെ  സംതൃപ്തിക്കായി മാത്രം, ഉപയോഗിച്ചാൽ, അങ്ങനെ നീ മനസ്സിൽ ചിന്തിച്ചാൽ നീ  അശുദ്ധനായി. അങ്ങനെ നിന്നെ അശുദ്ധനാക്കാൻ നിന്റെ കണ്ണ് കാരണമാകുന്നുണ്ടെങ്കിൽ, കൈകൾ കാരണമാകുന്നുണ്ടെങ്കിൽ, കാലുകൾ കാരണമാകുന്നുണ്ടെങ്കിൽ. ഈ അവയവങ്ങൾ ഇല്ലാത്തവരെപ്പോലെ ജീവിക്കണം. അശുദ്ധി അല്ല, വിശുദ്ധി ആയിരിക്കണം നിങ്ങളുടെ പ്രവൃത്തികളുടെ മാനദണ്ഡം, അളവുകോൽ.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷ സന്ദേശം മനസിലാക്കാൻ രണ്ട് കാര്യങ്ങൾ നാം അറിഞ്ഞിരിക്കണം. ഒന്ന്, വിശുദ്ധി എന്നത് ലൈംഗികതയെ മാത്രം ആശ്രയിച്ചല്ല നിലകൊള്ളുന്നത്. രണ്ട്, വിശുദ്ധി എന്നത് മനുഷ്യ ശരീരത്തോട് മാത്രം, മനുഷ്യ ബന്ധങ്ങളോട് മാത്രം ബന്ധപ്പെട്ട് നിൽക്കുന്ന ഒന്നല്ല. ഈ പ്രപഞ്ചവും, അതിലുള്ളതെല്ലാം ദൈവത്തിന്റെ വിശുദ്ധിയിൽ പങ്കുപറ്റുന്നവയാണ്.

വിശുദ്ധ മദർ തെരേസ (St. Mother Teresa) പറയുന്നത്, വിശുദ്ധി എന്നത് ജീവിതത്തെ ദൈവത്തിന്റെ ഇഷ്ടമായി സ്വീകരിക്കുക, അതിനനുസരിച്ച് ജീവിക്കുക എന്നതാണ്. ദൈവം നമുക്ക് തന്റെ വിശുദ്ധി സമ്മാനിക്കുമ്പോൾ, നാം എന്തിനാണ് ധനവും, ലോകവസ്തുക്കളും തേടിപോകുന്നത്? ദൈവം നമുക്ക് മഹത്വം, മൂല്യം നൽകുമ്പോൾ, നാം എന്തിനാണ് കീർത്തിയും, അധികാരവും തേടിപോകുന്നത്? ദൈവം നമുക്ക് അനശ്വരമായ സ്വർഗം നൽകുമ്പോൾ, നാമെന്തിനാണ് നശ്വരമായ ഈ ലോകം തേടിപ്പോകുന്നത്? വിശുദ്ധി എന്നത് നമ്മിലുള്ള ദൈവത്തിന്റെ സ്നേഹസാന്നിധ്യമാണ്. വിശുദ്ധി എന്നത് നമ്മിലെ നന്മയാണ്.

ഈ പ്രപഞ്ചത്തിന് വിശുദ്ധിയുണ്ട്. അത് ഈ പ്രപഞ്ചത്തിലുള്ളവയുടെയെല്ലാം വിശുദ്ധിയാണ്. മനുഷ്യൻ പ്രപഞ്ചത്തെ ഒരു ഉപഭോഗ വസ്തുവായി കാണുമ്പോൾ, അതിനനുസരിച്ച് പ്രകൃതിയെ ദുരുപയോഗിക്കുമ്പോൾ അതിന്റെ വിശുദ്ധി അപ്രത്യക്ഷമാകുകയാണ്. നാം മാലിന്യം വലിച്ചെറിയുമ്പോഴും, വനം നശിപ്പിക്കുമ്പോഴും, എൻഡോസൾഫാൻ ഉപയോഗിക്കുമ്പോഴും പ്രകൃതിയുടെ വിശുദ്ധി നശിക്കുകയുകയാണ്. മനുഷ്യനിലെ അശുദ്ധികൊണ്ട് പ്രകൃതി നിറയുകയാണ്.

നമ്മുടെ കുടുംബങ്ങൾക്കുമുണ്ട് വിശുദ്ധി. നമ്മുടെ കുടുംബങ്ങളുടെ വിശുദ്ധി എന്നത് മാതാപിതാക്കളുടെ, മക്കളുടെ കുടുംബത്തിലെ എല്ലാവരുടെയും ഹൃദയവിശുദ്ധിയുടെ പ്രകടനമാണ്, പ്രതിഫലനമാണ്. അത് മാതാപിതാക്കളുടെ ദാമ്പത്യസ്നേഹത്തിന്റെ വിശുദ്ധിയാകാം, ദാമ്പത്യബന്ധത്തിന്റെ വിശുദ്ധിയാകാം, കുടുംബത്തിനുവേണ്ടിയുള്ള സമർപ്പണത്തിന്റെ വിശുദ്ധിയാകാം, മക്കളുടെ നന്മനിറഞ്ഞ ജീവിതത്തിന്റെ വിശുദ്ധിയാകാം, അനുസരണത്തിന്റെ, ബഹുമാനത്തിന്റെ ഒക്കെ വിശുദ്ധിയാകാം. നമ്മുടെ ക്രൈസ്തവ കുടുംബങ്ങളുടെ വിശുദ്ധി കാത്തുസൂക്ഷിക്കുവാൻ കടമയുണ്ടെന്ന് ഇന്നത്തെ സുവിശേഷം പ്രത്യേകം നമ്മെ ഓർമിപ്പിക്കുന്നുണ്ട്.  ഈ വിശുദ്ധിയുടെ പ്രകടനമായിട്ടാകണം നമ്മുടെ കുടുംബത്തിലെ എല്ലാ പ്രവർത്തനങ്ങളും നടക്കുവാൻ. മാതാപിതാക്കളെ അനുസരിക്കാത്ത മക്കളുണ്ടെങ്കിൽ, കുടുംബപ്രാർത്ഥനയില്ലാത്ത കുടുംബങ്ങളുണ്ടെങ്കിൽ ഓർക്കുക നമ്മുടെ കുടുംബങ്ങൾ അശുദ്ധിയിലാണ്. അപ്പോൾ ഭീഷ്മപർവം മുതലായ സിനിമകൾ നമ്മുടെ ക്രൈസ്തവ കുടുംബങ്ങളെ സിനിമയിൽ ആവിഷ്കരിക്കുന്നതും അതുപോലെയാകും. അങ്ങനെയല്ലെങ്കിലും, നമ്മുടെ കുടുംബങ്ങളിലെ വിശുദ്ധിയെ തകർക്കുവാൻ മനഃപൂർവം സിനിമകളിൽ വിശുദ്ധിയില്ലാത്ത ക്രൈസ്തവകുടുംബങ്ങളെ കാണിക്കുവാൻ ചിലർ ശ്രമിക്കും.

നാം ജീവിക്കുന്ന സമൂഹത്തിനും വിശുദ്ധിയുണ്ട്. രാജ്യങ്ങൾ തമ്മിൽ സമാധാനത്തിലും സഹവർത്തിത്വത്തിലും ജീവിക്കുമ്പോൾ, മനുഷ്യർ പരസ്പരം സ്‌നേഹിക്കുമ്പോൾ, സഹായിക്കുമ്പോൾ, വളർത്തുമ്പോൾ സമൂഹത്തിന്റെ വിശുദ്ധിയാണത്. എന്നാൽ, യുദ്ധങ്ങൾ സമൂഹത്തിന്റെ വിശുദ്ധിയെ നഷ്ടപ്പെടുത്തുന്നു. ഇസ്രയേലും അമേരിക്കയും ഒരുമിച്ച് ഇറാനിൽ നടത്തുന്ന യുദ്ധം ലോകത്തിന്റെ വിശുദ്ധി നഷ്ടപ്പെടുത്തുകയാണ്. യുക്രയിൻ-റഷ്യ യുദ്ധം, പിന്നെ നമുക്കറിയാത്ത യുദ്ധങ്ങളും സമൂഹത്തെ അശുദ്ധമാക്കുന്നു. യുദ്ധമുണ്ടാകുമ്പോൾ ആദ്യം മരിക്കുന്നത് സമൂഹത്തിന്റെ വിശുദ്ധിയാണ്. വെട്ടിപ്പിടിക്കുവാനും, അയൽരാജ്യങ്ങളെ ശത്രുക്കളായിക്കണ്ട് ആക്രമിക്കുവാനും, സ്വന്തം അഹന്തയെ തൃപ്തിപ്പെടുത്തുവാൻ അപരന്റെമേൽ ബോംബിടാനും തുടങ്ങിയാൽ അശുദ്ധിയുടെ കൂമ്പാരമായിത്തീരും മാനവസമൂഹം! വർഗീയതയുടെ പേരിൽ സമൂഹങ്ങളെ ഒറ്റപ്പെടുത്തുമ്പോൾ, വ്യക്തികൾക്ക്, സമൂഹങ്ങൾക്ക് നീതി നിഷേധിക്കുമ്പോൾ, അഴിമതിയും, അസമത്വവും അഴിഞ്ഞാടുമ്പോൾ, സമൂഹത്തിന്റെ വിശുദ്ധി നഷ്ടപ്പെടുകയാണ്. സ്നേഹത്തിനുവേണ്ടി, ഭക്ഷണത്തിനുവേണ്ടി, മക്കൾ കാത്തിരിക്കുമ്പോൾ സമൂഹത്തിന്റെ വിശുദ്ധി നഷ്ടപ്പെടുകയാണ്.  എവിടെയെല്ലാം മനുഷ്യൻ വേദനിക്കുന്നുണ്ടോ, എവിടെയെല്ലാം മനുഷ്യൻ ആൾക്കൂട്ടക്കൊലപാതകത്തിൽപെടുന്നുവോ അവിടെയെല്ലാം സമൂഹത്തിന്റെ വിശുദ്ധി നഷ്ടപ്പെടുകയാണ്. സ്നേഹത്തെ നാം ജീവനോടെ കുഴിച്ചുമൂടുമ്പോൾ, മറവിയെ അതിനുമേൽ പുല്ലുപോലെ വളർത്തുമ്പോൾ സമൂഹത്തിന്റെ വിശുദ്ധി നഷ്ടപ്പെടുകയാണ്.

തിരുസ്സഭയ്ക്കും വിശുദ്ധിയുണ്ട്. നമ്മുടെ സീറോ മലബാർ സഭയ്ക്കും വിശുദ്ധിയുണ്ട്. ആ വിശുദ്ധിയെ നഷ്ടപ്പെടുത്തുന്ന പ്രവൃത്തികൾ, മനോഭാവങ്ങൾ ഒരിക്കലും സഭാമക്കളിൽ നിന്ന് ഉണ്ടാകരുത്.

മനുഷ്യ ബന്ധങ്ങൾക്കുമുണ്ട് വിശുദ്ധി. സൗഹൃദങ്ങളിൽ വിശുദ്ധിയുണ്ട്. മനുഷ്യന്റെ എല്ലാകാര്യങ്ങളിലും

വ്യാപിച്ചു നിൽക്കുന്ന മനോഹരമായ ദൈവികാംശമാണ് വിശുദ്ധി. നമ്മുടെ സംഗീതത്തിന്, നൃത്തത്തിന്, നമ്മുടെ വസ്ത്രധാരണത്തിന് എല്ലാം വിശുദ്ധിയുണ്ട്.

സ്നേഹമുള്ളവരേ, വിശുദ്ധിയുടെ മഹത്തായ ഇടങ്ങളിലേക്ക് വിശുദ്ധിയെക്കുറിച്ചുള്ള ഈ ധ്യാനം നമ്മെ നയിക്കട്ടെ.  ആമേൻ!

SUNDAY SERMON MT 6, 1-8; 16-18

നോമ്പുകാലം മൂന്നാം ഞായർ

മത്തായി 6, 1-8; 16-18

നമ്മുടെ സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിലെ നോമ്പുകാലത്തിന്റെ മൂന്നാം ഞായറാഴ്ചയിലേക്ക് നാം കടന്നിരിക്കുകയാണ്. നോമ്പിന്റെയും ഉപവാസത്തിന്റെയും ചൈതന്യത്തിലൂടെ അമ്പതു നോമ്പിന്റെ പുണ്യദിനങ്ങളെ വിശുദ്ധമാക്കുവാൻ ശ്രമിക്കുന്ന നമ്മെ ഈ കാലഘട്ടത്തിൽ അനുവർത്തിക്കേണ്ട മൂന്ന് മനോഭാവങ്ങളെക്കുറിച്ച്, മൂന്ന് നന്മകളെക്കുറിച്ച് ഓർമപ്പെടുത്തുകയാണ് ഇന്നത്തെ സുവിശേഷം.

വിശുദ്ധ മത്തായി യഹൂദക്രൈസ്തവർക്കുവേണ്ടി സുവിശേഷം തയ്യാറാക്കിയതുകൊണ്ടാകാം ദാനത്തെക്കുറിച്ചും പ്രാർത്ഥനയെക്കുറിച്ചും, ഉപവാസത്തെക്കുറിച്ചും ഈശോ പഠിപ്പിച്ച കാര്യങ്ങൾ വലിയ പ്രാധാന്യത്തോടെ സംസാരിക്കുന്നത്. വളരെ കാർക്കശ്യത്തോടെ നിയമങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്ന യഹൂദരോട് ഈ മൂന്ന് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, ദാനത്തിന്റെയും, പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ശരിയായ ആത്മീയത എന്തെന്ന് ഈശോ അവരെ പഠിപ്പിക്കുകയാണ്.

കാരണം, ക്രിസ്തുവിന് മനുഷ്യരുടെ ഹൃദയമെന്തെന്ന് അറിയാമായിരുന്നു. ഈശോയ്ക്കറിയാം, മനുഷ്യർ കപടനാട്യക്കാരാണെന്ന്. പേരിനും പെരുമയ്ക്കുംവേണ്ടി അവർ എന്തും ചെയ്യും. അവർ ചെറിയൊരു ദാനം ചെയ്‌താൽ പോലും കാഹളം മുഴക്കുന്നവരാണ്. പ്രാർത്ഥിക്കുമ്പോൾ പോലും അത് വലിയ ഷോ ആക്കുന്നവരാണ്. ആത്മീയതയെപ്പോലും വിറ്റ് കാശാക്കുന്നവരാണ്. സ്വാർത്ഥരാണവർ. വെള്ളയടിച്ച കുഴിമാടങ്ങളാണവർ. ആക്രാന്തവും ആർത്തിയും അവരുടെ കൂടെപ്പിറപ്പുകളാണ്. ഇങ്ങനെയുള്ളവരെ ആത്മീയതയിലേക്ക്, ക്രിസ്തുവിലേക്ക് ക്ഷണിക്കുമ്പോൾ ഈശോ അവരെ ശരിയായ മനോഭാവത്തിലേക്ക് നയിക്കുകയാണ്.

ഇന്നും മനുഷ്യർ വ്യത്യസ്തരല്ല. ഇന്ന് ഈ നിമിഷം വരെ ആഗ്രഹങ്ങളാണ്, അത്യാഗ്രഹങ്ങളാണ് മനുഷ്യന്റെ ജീവിതത്തെ മലിനമാക്കുന്നത്; നമ്മുടെ ജീവിതത്തെ നശിപ്പിക്കുന്നത്. എന്താ സംശയമുണ്ടോ? കഴിഞ്ഞകാലങ്ങളിലെ ചെറുതും വലുതുമായ യുദ്ധങ്ങൾ, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ നടന്നത് എന്തിന് വേണ്ടിയായിരുന്നു? നമ്മുടെ കുടുംബങ്ങളിൽ, ഇടവകയിൽ, രൂപതയിൽ, സഭയിൽ നടക്കുന്ന തർക്കങ്ങളും വഴക്കുകളും എന്തിന് വേണ്ടിയാണ്? എന്തിന് വേണ്ടിയാണ് ഇന്നും മനുഷ്യരക്തത്തിനുവേണ്ടി മനുഷ്യൻ കൊലവിളി നടത്തുന്നത്? തട്ടിപ്പറിക്കാൻ വേണ്ടി, വെട്ടിപ്പിടിക്കാൻ വേണ്ടി, മണ്ണിന് വേണ്ടി, പെണ്ണിന് വേണ്ടി, കാർന്നോന്മാരുടെ സ്വത്തിനുവേണ്ടി, ദൈവങ്ങൾക്കുവേണ്ടി, മതത്തിനുവേണ്ടി …. .ആഗ്രഹം ഒരു വിഷമാണ്. അധികാരം പണം, മറ്റുള്ളവരെക്കാൾ ഉയരത്തിലെത്താനുള്ള മനസ്സിന്റെ വെമ്പൽ, ഇവയെല്ലാം മനുഷ്യനെ കൊല്ലുന്ന വിഷമാണ്.

ശ്രീബുദ്ധൻ തന്റെ Four Noble Truths അവതരിപ്പിച്ചപ്പോൾ ശ്രദ്ധ കൊടുത്തത് ആഗ്രഹങ്ങളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലാണ്.

1.            Dukkha: The truth of suffering—life includes aging, sickness, death, and dissatisfaction.

2.            Samudaya:

 The truth of the cause of suffering—desire, craving, and attachment.

3.            Nirodha: The truth of the end of suffering—achieving Nirvana by eliminating desire.

4.            Magga: The truth of the path to end suffering—the Noble Eightfold Path.

ജീവിതത്തിൽ സഹനങ്ങളുണ്ടാകുന്നതിന്റെ കാരണം ആഗ്രഹങ്ങളാണ്. സഹനങ്ങളെ ഇല്ലാതാക്കുവാൻ, ദുഃഖത്തെ ഇല്ലാതാക്കുവാൻ ആഗ്രഹങ്ങളെ ഇല്ലാതാക്കണമെന്നാണ് അദ്ദേഹം പറയുന്നത്.  

ആഗ്രഹങ്ങളുടെ പിന്നാലെ പോകുന്ന മനുഷ്യനെ ജീവനിലേക്ക്, രക്ഷയിലേക്ക് ദൈവത്തിലേക്ക് കൊണ്ടുവരാൻ, ഈ നോമ്പുകാലത്ത് പ്രത്യേകിച്ച്, ഈശോ നൽകുന്ന മൂന്ന് വഴികളാണ് ദാനം പ്രാർത്ഥന, ഉപവാസം.

വളരെപ്പഴയ ഒരു കഥ ഓർമ്മവരുന്നു. ഒരു രാജാവ് തോട്ടത്തിൽ ഉലാത്താൻ ഇറങ്ങി. അവിടെനിന്ന് പുറത്തേക്കിറങ്ങിയപ്പോൾ ഒരു യാചകനെക്കണ്ടു. യാചകനാകട്ടെ, രാജാവിന്റെ അടുത്തേക്ക് ഓടിയെത്തി. “നിനക്ക് എന്തുവേണം?”രാജാവ് ചോദിച്ചു. യാചകന് സന്തോഷമായി. “അധികമൊന്നും വേണ്ട. ഈ ചെറിയ പിച്ചപ്പാത്രത്തിൽ അങ്ങേയ്ക്ക് കഴിയുന്നത് തരിക. എന്നെ നോക്കേണ്ട. ഞാനൊരു തെണ്ടിയാണ്. അങ്ങാണെങ്കിൽ രാജാവും. എന്ത് തന്നാലും എന്റെയീ പിച്ചപ്പാത്രം നിറയണം.” രാജാവ് സമ്മതിച്ചു. പ്രധാനമന്ത്രിയോട് രത്നങ്ങളും, സ്വർണവും, ധാന്യങ്ങളും കൊണ്ടുവരുവാൻ കല്പിച്ചു. രത്നക്കല്ലുകൾ പാത്രത്തിലിട്ടു. എന്നാൽ അവ അപ്രത്യക്ഷമായി. പിന്നെ, സ്വർണം…ധാന്യം….എല്ലാം അപ്രത്യക്ഷമായി. അവസാനം രാജാവ് ഒന്നുമില്ലാത്തവനായി. പിച്ചപ്പാത്രമാകട്ടെ ശൂന്യവും. ജനങ്ങളിത് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് രാജാവ് യാചകനോട് പറഞ്ഞു: ഞാൻ തോറ്റിരിക്കുന്നു. എന്താണ് ഇതിന്റെ രഹസ്യം?” യാചകൻ പറഞ്ഞു: ഞാനൊരു മന്ത്രികനല്ല. ഒരു പിച്ചപ്പാത്രം വാങ്ങാൻ പോലും പൈസ എനിക്കില്ലായിരുന്നു. വഴിയിൽ കിടന്ന് ഒരു മനുഷ്യന്റെ തലയോട്ടി എനിക്ക് കിട്ടി. അതുകൊണ്ടാണ് ഞാനിത് ഉണ്ടാക്കിയത്. ഇതിൽ എന്തിട്ടാലും മറഞ്ഞുപോകും. ആഗ്രഹം മാത്രം ബാക്കിയാകും.

മരിച്ചാലും തീരാത്ത ആഗ്രഹങ്ങളുടെ കുട്ടയും ചുമന്നല്ലേ പ്രിയപ്പെട്ടവരേ നാമും നടക്കുന്നത്? അത്യാഗ്രഹികളായ, ആർത്തിപ്പണ്ടാരങ്ങളായ നമ്മോട് ഈശോ പറയും, നിങ്ങൾ വിശുദ്ധരാകാൻ, ദൈവമക്കളാകാൻ, ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കാൻ യോഗ്യതയുള്ളവരാകാൻ ആദ്യമായി ചെയ്യേണ്ടത്, നിങ്ങൾക്കുള്ളവ ദാനം ചെയ്യുവിൻ. ദാനം ചെയ്യുമ്പോൾ, അപരനിലുള്ള ദൈവത്തിനാണ് ന്നെ കൊടുക്കുന്നത് എന്ന ചിന്തയിൽ ദാനം കൊടുക്കുക. ദൈവത്തിനാണ് കൊടുക്കുന്നതെങ്കിൽ പിന്നെ എന്തിനാണ് ഒച്ചപ്പാടും  ബഹളവും!

പ്രപഞ്ചം വെളിപ്പെടുത്തുന്ന വലിയ സത്യം ഇതാണ്, അതിന്റെ നിലനിൽപ്പ് കൊടുക്കൽ വാങ്ങലിലൂടെയാണ്. ഇതിന്റെ  പ്രതിരൂപമാണ് ശരീരത്തിലെ രക്ത ചംക്രമണം. ഹൃദയം വിശ്രമമില്ലാതെ രക്തം നൽകുന്നതോടൊപ്പം സ്വീകരിക്കുകയും ചെയ്യുന്നു.  കൊടുക്കുക എന്നതും, അതിന്റെ ഫലമായ സ്വീകരിക്കലും ദൈവിക നിയമം മാത്രമല്ല, അത് പ്രപഞ്ചത്തിന്റെ രീതിയും കൂടിയാണ്. ദാനത്തിന്റെ പിന്നിലുള്ള പ്രമാണം വളരെ ലളിതമാണ്. നിങ്ങൾ കൊടുക്കുന്നത് നിങ്ങൾക്ക് തിരികെ ലഭിക്കും. സ്നേഹമാണ് നിങ്ങൾ കൊടുക്കുന്നതെങ്കിൽ നിങ്ങൾക്ക് സ്നേഹം ലഭിക്കും. സുഖവും   സമൃദ്ധിയുമാണെങ്കിൽ അത് ലഭിക്കും. നിങ്ങളുടെ ജീവിതം ധാന്യവും അനുഗ്രഹീതവുമാകണമെങ്കിൽ അവ മറ്റുള്ളവർക്കും ലഭ്യമാകാൻ പ്രാർത്ഥിക്കുകയും, ശ്രമിക്കുകയും ചെയ്യുക.

ചിന്തകനും എഴുത്തുകാരനുമായ ഖലീൽ ജിബ്രാൻ തന്റെ പ്രവാചകൻ എന്ന ഗ്രന്ഥത്തിൽ ദാനത്തെക്കുറിച്ച് പറയുന്നു: “നിങ്ങളുടെ സമ്പാദ്യം കൊടുക്കുമ്പോൾ ഒന്നും കൊടുക്കുന്നില്ല. നിങ്ങൾ നിങ്ങളെത്തന്നെ ദാനം ചെയ്യുമ്പോഴത്രേ യഥാർത്ഥത്തിൽ കൊടുക്കുന്നത്.” സ്നേഹമുള്ളവരേ, എങ്ങനെ ദാനം ചെയ്യുന്നു എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സന്തോഷത്തോടെ കൊടുക്കുന്നവരുണ്ട്. ആ സന്തോഷമാണ് അവരുടെ പ്രതിഫലം. വേദനയോടെ കൊടുക്കുന്നവരുണ്ട്. ആ വേദനയത്രേ അവരുടെ ജ്ഞാനസ്നാനം. പൂക്കൾ സുഗന്ധം പരത്തുന്നതുപോലെ ദാനം ചെയ്യണം. കാറ്റ് എവിടെ പോകുന്നുവോ അവിടെയെല്ലാം സുഗന്ധം പരക്കും. ആർക്ക് നൽകിയെന്ന് പൂക്കൾ അന്വേഷിക്കാറില്ല. പ്രതിഫലമോ നന്മയോ നോക്കാതെ അവർ സുഗന്ധം, സ്നേഹം നൽകുന്നു. ജിബ്രാൻ പറയുന്നത്, ഇവരെപ്പോലുള്ളവരുടെ കരങ്ങളിലൂടെയാണ് ദൈവം സംസാരിക്കുന്നത്. ഈ ലോകത്തിൽ ദൈവത്തിന്റെ കരങ്ങളാകുക, ദൈവത്തിന്റെ കണ്ണുകളാകുക, ദൈവത്തിന്റെ ഹൃദയമാകുക.

നല്കുന്നതിനെക്കുറിച്ച് വിഷമിക്കാതിരിക്കുക. കാരണം ഒരിക്കൽ മരണം എല്ലാം കൊണ്ടുപോകും. അതുകൊണ്ട് ദൈവത്തിന്റെ കരങ്ങളാകാനുള്ള അവസരം പാഴാക്കാതിരിക്കുക.

മനുഷ്യന് തന്നെത്തന്നെ വിശുദ്ധീകരിക്കുവാനുള്ള രണ്ടാമത്തെ ഉപാധിയായി ഈശോ പറയുന്നത് പ്രാർത്ഥനയാണ്. ഈശോയ്ക്ക് പ്രാർത്ഥനയെന്നത് പിതാവായ ദൈവവുമായുള്ള ബന്ധമാണ്. അത് നടക്കുന്നതോ നിശ്ശബ്ദതയിലാണ്. പ്രാർത്ഥിക്കാനിരിക്കുന്ന സ്ഥലം നിശ്ശബ്ദതയിലായിരിക്കണം. നിന്റെ ശരീരം നിശ്ശബ്ദതയിലായിരിക്കണം. നിന്റെ മനസ്സും ഹൃദയവും നിശ്ശബ്ദതയിലായിരിക്കണം. നിശബ്ദതയിൽ ആയിരിക്കാൻ കഴിഞ്ഞാൽ ദൈവം നിന്റെ ജീവിതത്തിന്റെ, ഹൃദയത്തിന്റെ വാതിലിൽ മുട്ടും. ഹൃദയകവാടം തുറക്കുമ്പോൾ ദൈവം നിന്നിലെത്തുക തന്നെ ചെയ്യും.

ഖലീൽ ജിബ്രാൻ പറയുന്നത് നാം നമ്മുടെ ആത്മാവിന്റെ നിശ്ശബ്ദതകളിൽ പ്രാർത്ഥിക്കണം എന്നാണ്. ധാരാളം ആളുകൾ ദിവസവും പ്രാർത്ഥിക്കുന്നുണ്ട് . നമ്മളും പ്രാർത്ഥിക്കുന്നുണ്ട്. പക്‌ഷേ ആത്മാവിന്റെ നിശബ്ദതകളിൽ അല്ലെന്ന് മാത്രം. വെറും വാക്കുകൾ മാത്രം. ക്രിസ്ത്യൻ വാക്കുകൾ….ഹിന്ദു വാക്കുകൾ….മുസ്‌ലിം വാക്കുകൾ!!   സാധാരണ നാം നിശബ്ദത എന്നാണ് പറയാറ്. എന്നാൽ, ജിബ്രാൻ പറയുന്നത് നിശ്ശബ്ദതകളിൽ എന്നാണ്. നമ്മുടെ ശരീരത്തിൽ ഏഴ് കേന്ദ്രങ്ങൾ ഉണ്ട്. ഓരോ കേന്ദ്രവും നിശബ്ദമാകണം. നമ്മിലെ ലൈംഗികതയുടെ, വികാരങ്ങളുടെ, ശക്തിയുടെ, ഹൃദയത്തിന്റെ, സംഭാഷണത്തിന്റെ, അവബോധത്തിന്റെ, ധ്യാനത്തിന്റെ – ഏഴ് കേന്ദ്രങ്ങൾ നിശ്ശബ്ദതമാകേണ്ടിയിരിക്കുന്നു. ഓരോ നിശ്ശബ്ദതയ്ക്കും തനതായ സുഗന്ധമുണ്ട്, രുചിയുണ്ട്. അതായത് , വെറുതെ കണ്ണടച്ചാൽ മാത്രം നിശ്ശബ്ദതയിലേക്ക്, പ്രാർത്ഥന യിലേക്ക് വന്നെത്തുവാൻ സാധിക്കുകയില്ല. ആത്മാവിന്റെ നിശ്ശബ്ദതകളിൽ പ്രാർത്ഥിക്കുമ്പോഴാണ് ദൈവത്തിന്റെ ഇഷ്ടം നമ്മിൽ ഒരാഘോഷമാകുന്നത്.

ജീവിത നവീകരണത്തിന്, വിശുദ്ധീകരണത്തിന് ഉതകുന്ന മൂന്നാമത്തെ മാർഗം ഉപവാസമാണ്. ഉപവാസമെന്നത് ദുഃഖത്തിന്റെ, വിഷാദഭാവം നടിക്കുന്നതിന്റെ അനന്തരഫലമല്ല. വിഷാദം ഉള്ള ഒരാൾക്കും ഉപവസിക്കുവാൻ കഴിയില്ല. ഉപവാസമെന്നത് ആനന്ദത്തിന്റെ, ആത്മാവിലുള്ള ആനന്ദത്തിന്റെ അനന്തരഫലമാണ്.

ഉപവസിക്കുക എന്നതിന് അടുത്തിരിക്കുക, അടുത്ത വസിക്കുക എന്നൊക്കെയാണ് വാച്യാർത്ഥം. എന്നുവച്ചാൽ, ഒരാൾ തൻറെ തന്നെ ആന്തരിക ലോകത്തോട്, ആത്മീയ ജീവിതത്തോട് ഏറ്റവും കൂടുതൽ അടുത്ത് ഇരിക്കുക എന്നാണർത്ഥം. ആത്മാവിൽ അടുത്തിരിക്കാൻ ശ്രമിക്കുമ്പോൾ ഒരാൾ ശാരീരികത മറക്കുന്നു. ആത്മീയതയിലേക്കുള്ള ഈ ആന്തരിക യാത്രയാണ് ഉപവാസം. ഉപവാസത്തിലൂടെയുള്ള ഈ ആന്തരിക യാത്രയിൽ ഒരാൾ തന്നിലുള്ള ക്രിസ്തുവിനെ കണ്ടെത്തുകയാണ്. തന്നോട് അടുത്ത ആയിരിക്കുമ്പോൾ അയാൾ മനസ്സിലാക്കുന്നു തൻറെ ഉള്ളിൽ ക്രിസ്തു ഉണ്ട് എന്ന്. വിശുദ്ധ പൗലോസ് ശ്ലീഹ പറഞ്ഞതുപോലെ പോലെ “ഇനി ഞാനല്ല ക്രിസ്തു എന്നിൽ ജീവിക്കുന്നു” എന്ന അവബോധത്തിലേക്ക്, അനുഭവത്തിലേക്ക് ഒരു വ്യക്തി കടന്നു വരുന്നു.  ഈ അനുഭവത്തിന്റെ, ആനന്ദത്തിന്റെ നിറവിൽ അയാൾ വിശപ്പ് പോലുമറിയാത്ത അവസ്ഥയിലെത്തുന്നു. മാത്രമല്ല, തന്നിൽ കണ്ടെത്തിയ ക്രിസ്തുവിനെ അവൾ / അവൻ അയൽക്കാരരിലും കണ്ടെത്തുന്നു. ഉപവസിക്കുമ്പോൾ, തന്റെ ആത്മീയതയോട്, ദൈവത്തോട്, സഹോദരരിലെ ക്രിസ്തുവിനോട് അടുത്തായിരിക്കുമ്പോൾ കിട്ടുന്ന വലിയ ആനന്ദത്തിൽ വിശപ്പ് മറക്കുന്നു. ഈ അവസ്ഥയാണ് ഉപവാസം.

പട്ടിണി കിടക്കലല്ല ഉപവാസം. പട്ടിണി കിടക്കുക എന്നാൽ ശരീരത്തെ പീഡിപ്പിക്കൽ ആണ്. അത് ഹിംസയാണ്.  ഉപവാസം എന്നതിന് ഭക്ഷണം കഴിക്കാതിരിക്കുക എന്ന് അർത്ഥമില്ല. വിശപ്പ് പോലുമറിയാത്ത വിധത്തിൽ ഒരാൾ ആനന്ദത്തിൽ ആകുക എന്നതാണ് ഉപവാസത്തിൽ സംഭവിക്കുന്നത്.  തന്നിൽ, തന്റെ സഹോദരങ്ങളിൽ, പ്രപഞ്ചത്തിൽ ദൈവത്തെ കണ്ടുമുട്ടുന്ന, ആ ദൈവത്തോടൊത്തായിരിക്കുന്ന അയാൾ ഭക്ഷണത്തെപ്പറ്റി ചിന്തിക്കുന്നില്ല. ഉദാഹരണത്തിന്, നിങ്ങൾ സന്തോഷത്തിലാണെങ്കിൽ നിങ്ങൾക്ക് അധികം ഭക്ഷണം കഴിക്കാൻ സാധിക്കുകയില്ല. നിങ്ങൾ ആനന്ദംകൊണ്ട് നിറയുമ്പോൾ നിങ്ങൾ അധികം ഭക്ഷണം കഴിക്കുകയില്ല.   എന്നാൽ ഭക്ഷണം ദുഃഖിതനാണെങ്കിൽ കൂടുതൽ ഭക്ഷണം കഴിക്കും. ടെൻഷൻ ഉള്ള ആളുകൾ കൂടുതൽ ഭക്ഷണം കഴിക്കും, കൂടുതൽ തിന്നാൻ തുടങ്ങും.  കൂടുതൽ ഭക്ഷിക്കുന്നത് ഒരാൾ ദുഃഖിതനാണെന്നതിന്റെ പ്രഖ്യാപനമാണ്.

സ്നേഹമുള്ളവരേ, സ്വാഭാവിക പ്രവണതകളുടെ, ലൗകിക മോഹങ്ങളുടെ പ്രലോഭനങ്ങളിൽ പെടാതെ, ജീവിതത്തെ വിശുദ്ധീകരിച്ചുകൊണ്ട് ദൈവാനുഭവത്തിൽ ജീവിക്കുവാൻ സുവിശേഷം അവതരിപ്പിക്കുന്ന ഈ മൂന്ന് മനോഭാവങ്ങളും നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. നാം ചെയ്യുന്ന എല്ലാ ജോലികളിലും, ആരംഭിക്കുന്ന എല്ലാ പ്രവർത്തികളിലും ദൈവാനുഗ്രഹമുണ്ടാകാൻ ദാനധർമ്മം ചെയ്യേണ്ടിയിരിക്കുന്നു,

ക്രിസ്തുവുമായി പ്രാർത്ഥനയിൽ ജീവിക്കേണ്ടിയിരിക്കുന്നു, ഉപവസിക്കേണ്ടിയിരിക്കുന്നു. കണ്ടുമുട്ടുന്നവർക്ക് കൊടുക്കുക, ചോദിക്കാതെ മനസ്സിലാക്കി കൊടുക്കുക. അർഹതപ്പെട്ടവർക്ക് മാത്രമല്ല, ആവശ്യമുള്ളവർക്ക് എല്ലാവർക്കും കൊടുക്കുക. ആത്മാവിന്റെ നിശ്ശബ്ദതകളിൽ പ്രാർത്ഥിക്കുക. ഹൃദയത്തിന്റെ ആനന്ദത്തിൽ ഭക്ഷണം മറക്കുക. അപ്പോൾ, ഈ നോമ്പുകാലം ആനുഗ്രഹീതമാകും. ആമേൻ!

SUNDAY SERMON LK 19, 1-10

നോമ്പുകാലം രണ്ടാം ഞായർ

ലൂക്കാ 19, 1-10

എൻ ജീവിതമാം ഈ മരക്കൊമ്പിൽ

നിന്റെ വരവിനായ് കാത്തിരിപ്പൂ …

എൻ നാമമൊന്ന് നീ വിളിക്കുവാനായി

ആശയോടെന്നും ഞാൻ പാർത്തിരിപ്പൂ…

ജോസഫ് പരംകുഴി എഴുതി, ജസ്റ്റിൻ പനയ്ക്കലച്ചൻ സംഗീതം നൽകി, അനുഗ്രഹീത ഗായകൻ കെ.ജെ. യേശുദാസ് ആലപിച്ച ഈ ഗാനമാണ് ഇന്നത്തെ സുവിശേഷ ഭാഗം വായിച്ച് ധ്യാനിക്കാൻ ഇരുന്നപ്പോൾ മനസിലേക്ക് ഓടിയെത്തിയത്. (തരംഗിണിയുടെ സ്നേഹപ്രവാഹം എന്ന ആൽബത്തിലാണ് ഈ ഗാനമുള്ളത്. 1983) സെമിനാരിയിൽ തത്വശാസ്ത്ര പഠനകാലത്താണ് ഈ ഗാനം ഞാൻ കേൾക്കുന്നത്. അന്നും ഈ ഗാനമൊഴുതിയ ബ്രദറിനോട് (ഇന്ന് അദ്ദേഹം വൈദികനായിരിക്കണം) കുറച്ചൊരു ആരാധന തോന്നിയിരുന്നു. കാരണം, എത്രയോ ധ്യാനാത്മകമായാണ് അദ്ദേഹം സക്കേവൂസിനെ, സക്കേവൂസിന്റെ മനസ്സിലെ വിചാരങ്ങളെ വാക്കുകളിലൂടെ അവതരിപ്പിച്ചത്! ഇന്നും സക്കേവൂസിന്റെ ജീവിതാനുഭവം സുവിശേഷത്തിൽ നിന്ന് വായിച്ചുകേൾക്കുമ്പോഴോ, നാം അത് തനിയെ വായിക്കുമ്പോഴോ നമ്മുടെ മനസ്സും പാടിപ്പോകും ഇങ്ങനെ എൻ ജീവിതമാം ഈ മരക്കൊമ്പിൽ…!! അതെ, ജീവിതം കഷ്ടതയിലൂടെ, തകർച്ചയുടെ, തിന്മയുടെ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ, ഉറച്ചൊരു തീരുമാനമെടുത്തുകൊണ്ട് നാമും ജീവിതമാകുന്ന മരകൊമ്പിലിരുന്ന് ഈശോയ്ക്കായി കാത്തിരിക്കും. അങ്ങനെ കാത്തിരിക്കുന്ന കാലഘട്ടമാണ് നോമ്പിന്റെ ദിനങ്ങൾ. നമുക്കും ഈ സുവിശേഷം ധ്യാനിക്കാം.

നോമ്പുകാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ച്ച നാം വായിച്ചുകേട്ട സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്, ക്രിസ്തുവിന്റെ കാലത്ത് ഇസ്രായേലിൽ ഉണ്ടായിരുന്ന ചുങ്കക്കാരിൽ പ്രധാനനും, ധനികനുമായിരുന്ന സക്കേവൂസിനെയാണ്. ഈ സുവിശേഷഭാഗത്തിന്റെ ആരംഭത്തിൽ നാം അദ്ദേഹത്തെ കാണുന്നതാകട്ടെ തന്റെ ജീവിതത്തിന്റെ പ്രതിസന്ധിഘട്ടത്തിൽ എടുത്ത ഒരു ഉറച്ച തീരുമാനത്തിന്റെ ഫലമായി ഒരു മരക്കൊമ്പിൽ കയറിയിരിക്കുന്നതാണ് …  ക്രിസ്തുവിനെയും കാത്ത്!!

എടുത്ത് തീരുമാനത്തിന്റെ പവിത്രതകൊണ്ടോ എന്തോ, അയാളുടെ ജീവിതത്തിലേക്ക് രക്ഷയുടെ ജോർദ്ദാൻ ചാലുകീറി ഒഴുകുകയാണ്.  ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ, ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് ഒരാൾ എടുക്കുന്ന ഒരു തീരുമാനത്തിന് അദ്ദേഹത്തെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെ മാത്രമല്ല, അദ്ദേഹത്തോട് ചേർന്ന് ജീവിക്കുന്നവരെയും രക്ഷിക്കുവാൻ സാധിക്കുമെന്നതിന് ശക്തമായ ഉദാഹരണമാണ് ഇന്നത്തെ സുവിശേഷത്തിലെ സക്കേവൂസിന്റെ ജീവിതം.

മനുഷ്യജീവിതം തീരുമാനങ്ങളുടെ ആകെത്തുകയാണ്. രാവിലെ ഉണരുമ്പോൾ മുതൽ രാത്രിയിൽ ഉറങ്ങുന്നതുവരെ എത്രയോ തീരുമാനങ്ങളാണ് നാം എടുക്കുന്നത്! രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ നടത്തണമോ വേണ്ടയോ, ചായയാണോ, കാപ്പിയാണോ കുടിക്കേണ്ടത്? ജോലിക്കു പോകുമ്പോൾ, സ്കൂളിൽ പോകുമ്പോൾ ഏത് വസ്ത്രം ധരിക്കണം? സ്കൂട്ടറിലോ ബസ്സിലോ, കാറിലോ – ഏതിലാണ് ജോലിക്ക് പോകേണ്ടത്? ഇന്ന് ഞായറാഴ്ച്ച ആയതുകൊണ്ട് പള്ളിയിൽ പോകണമോ, വേണ്ടയോ? Online കുർബാന പോരേ? ഇപ്പോൾ അച്ചന്റെ പ്രസംഗം കേൾക്കണോ വേണ്ടയോ? …. ഇങ്ങനെ ഓരോ നിമിഷവും നാം തീരുമാനങ്ങളെടുത്തുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. ഇങ്ങനെ തീരുമാനങ്ങളുടെ ഒരു ഘോഷയാത്രയാണ് നമ്മുടെ ജീവിതം. ജീവിതത്തിൽ നാമെടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെ ജീവിതത്തിന്റെ ഗതി നിർണയിക്കുന്നത്. സക്കേവൂസിന്റെ ജീവിതം ഉചിതമായ, നല്ല തീരുമാനങ്ങൾ ജീവിതത്തിൽ എടുക്കേണ്ടതെങ്ങനെയെന്ന് ഇന്ന് നമ്മെ പഠിപ്പിക്കുകയാണ്.

നമ്മുടെ ജീവിതങ്ങളുമായി സക്കേവൂസിന്റെ ജീവിതത്തിന് എന്തെങ്കിലും സാമ്യങ്ങളുണ്ടോ എന്ന് അറിയുന്നത് വളരെ നല്ലതാണ്. ഞാൻ നേരത്തെ പറഞ്ഞതുപോലെ, അയാൾ ഒരു ചു ങ്കക്കാരനായിരുന്നു. എന്ന് പറഞ്ഞാൽ റോമാചക്രവർത്തിക്കുവേണ്ടി പണിയെടുക്കുന്ന ആൾ. യഹൂദരുടെ വിരോധി. മാത്രമല്ല, ചക്രവർത്തി 5% നികുതിയാണ് ചുമത്തുന്നതെങ്കിൽ, സക്കേവൂസ് ആളുകളിൽനിന്ന് 10% പിരിക്കും. ഇങ്ങനെ തട്ടിപ്പറിക്കുന്നതുകൊണ്ട് അയാൾ ധനികനാണ്. റോമാചക്രവർത്തിയുടെ ആളായതുകൊണ്ട് നല്ല സ്വാധീനവും ഉണ്ടായിരുന്നു. പക്ഷേ, അയാൾ ജീവിതത്തിൽ സംതൃപ്തനായിരുന്നില്ല. ജീവിതത്തിന്റെ ഏകാന്ത നിമിഷങ്ങളിൽ താൻ ഒന്നുമില്ലാത്തവനാണെന്ന് അയാൾക്ക്‌ തോന്നും. തന്റെ പ്രവർത്തികളിൽ എവിടെയോ ഒക്കെ തെറ്റുകളില്ലേയെന്ന ചിന്ത അയാളുടെ ഉറക്കം കെടുത്തിയിരുന്നു. താൻ തട്ടിപ്പറിക്കുന്നതുകൊണ്ട് അനേകരുടെ കണ്ണീരും   ശാപവും തന്റെ ജീവിതത്തിന്മേൽ ഇല്ലേയെന്ന് അയാൾ പലവട്ടം തന്നോട് തന്നെ ചോദിക്കുന്നുണ്ടായിരുന്നു. സാധാരണമനുഷ്യർക്ക് തന്നെ ഇഷ്ടമല്ലെന്നും, തന്നോട് വെറുപ്പും വിദ്വേഷവും മാത്രമേ ഉണ്ടാകുകയുള്ളുവെന്നും അയാൾ ചിന്തിച്ചു. ഈ ചിന്തകൾ ചിലപ്പോഴൊക്കെ അയാളെ ഒരു ഭ്രാന്തനെപ്പോലെയാക്കി. സമ്പത്ത് ഉണ്ടായിട്ട് മാത്രം എന്ത് കാര്യം എന്ന് അയാളുടെ മനഃസാക്ഷി അയാളോട് ചോദിച്ചുകൊണ്ടേയിരുന്നു.

നമുക്ക് എന്ത് ഉണ്ട് എന്നതിനേക്കാൾ, നാം ആരാണ് എന്നതാണ് പ്രധാനപ്പെട്ടത്; നാം എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്; നാം എന്ത് ചെയ്യുന്നു എന്നതാണ് പ്രധാനപ്പെട്ടത്. നമ്മുടെ സ്വത്തിനോ, നാം നേടിയെടുക്കുന്ന ഡിഗ്രികൾക്കോ, തട്ടിയെടുക്കുന്ന ഭൂമിക്കോ, രാജ്യത്തിനോ, ഒരു വിലയുമില്ലാത്ത രാജ്യത്തിലേക്കുള്ള യാത്രയിലാണ് നാം പ്രിയപ്പെട്ടവരേ. അവിടെ ചെല്ലുമ്പോൾ ക്രൈസ്തവരായ നമ്മോട് ഒരു ചോദ്യമേ ചോദിക്കൂ. “ഈ ചെറിയവർക്ക് നീ എന്താണ് ചെയ്തത്?” ഇന്നത്തെ ലേഖനത്തിൽ പൗലോശ്ലീഹാ നമ്മെ ഓർമപ്പെടുത്തുന്നതും ശ്രദ്ധിക്കുക: “നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും നമുക്ക് സാധിക്കുകയില്ല.” നമ്മുടെ സുകൃതം നിറഞ്ഞ ജീവിതമല്ലാതെ മറ്റൊന്നും സ്വർഗത്തിന് വേണ്ട.

ജീവിതത്തിന്റെ ചില നിമിഷങ്ങളിൽ ഈ ചിന്തകൾ നമ്മെ അലട്ടും. അപ്പോഴാണ് ദൈവത്താൽ സൃഷ്ടിക്കപ്പെട്ട നാം നമ്മുടെ ഉള്ളിലുള്ള ദൈവാംശത്തെ അന്വേഷിക്കുന്നത്. സക്കേവൂസും അങ്ങനെയൊരവസ്ഥയിലായി. അയാൾ തന്നോട് തന്നെ ഒരു നൂറുവട്ടം പറഞ്ഞു കാണും: ” എനിക്ക് ഈശോയെ കാണണം.” ആ ആഗ്രഹത്തിന്റെ പരിസമാപ്തിയാണ് ഈശോ അയാളുടെ വീട്ടിൽ വിരുന്നെത്തുന്നതും, ജീവിതത്തിന്റെ ഏതോ ഒരു ഭാഗ്യപ്പെട്ട നിമിഷത്തിൽ എന്ന് ഞാൻ പറയും, അയാൾ ഒരു തീരുമാനത്തിലെത്തുന്നതും.     

അതുകൊണ്ടല്ലേ, ആളുകൾ കൂടിയിരുന്നിട്ടും, അതിൽ തന്റെ ശത്രുക്കൾ ധാരാളം ഉണ്ടെന്നറിഞ്ഞിട്ടും, കുടുംബാംഗങ്ങൾ ഉണ്ടായിട്ടും സക്കേവൂസിന് തന്റെ തീരുമാനം ഉറക്കെ വിളിച്ചുപറയാൻ സാധിച്ചത്. ജനത്തിന്റെ പിറുപിറുപ്പുകളൊഴിച്ചാൽ അവിടം ശാന്തമായിരുന്നു. അയാൾ ഒരു നിമിഷം ദീർഘമായി ഒന്ന് ശ്വാസോച്ഛാസം ചെയ്തുകാണണം. ആ നിമിഷം ദൈവകൃപ അയാളിൽ നിറഞ്ഞിട്ടുണ്ടാകും.  എന്നിട്ട് അയാൾ ചാടിയെഴുന്നേറ്റിട്ടുണ്ടാകും. മറ്റൊന്നും ചിന്തിക്കാതെ അയാൾ ഉറക്കെ തന്റെ തീരുമാനം പറഞ്ഞു: കർത്താവേ, ഞാനിതാ നല്ല മനുഷ്യനാകാൻ തീരുമാനിച്ചു. ദൈവത്തിന്റെ മകനാകാൻ തീരുമാനിച്ചു. ഇതാ, എന്റെ സ്വത്തിൽ പകുതി ഞാൻ ദരിദ്രർക്ക് കൊടുക്കുന്നു.  ആരുടെയെങ്കിലും വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ, നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു.

സ്നേഹമുള്ളവരേ, ഈ തീരുമാനത്തിന്റെ വിശുദ്ധി എന്താണെന്നറിയാൻ, ക്രിസ്തുവിന്റെ പ്രതികരണം കേൾക്കണം. ഈ തീരുമാനത്തിന്റെ range, ഈ തീരുമാനത്തിന്റെ reach അറിയണമെങ്കിൽ ഈശോ എന്താണ് പറയുന്നതെന്ന് അറിയണം. ഈശോ പറയുന്നു: “ഇന്ന് ഈ ഭവനം രക്ഷ പ്രാപിച്ചിരിക്കുന്നു. സക്കേവൂസ്, ദൈവത്തിൽ വിശ്വസിച്ചപ്പോൾ, തന്നിലുള്ള ദൈവത്തെ അന്വേഷിച്ച്, കണ്ടെത്തിയപ്പോൾ, ആ ദൈവത്തിന്റെ സാന്നിധ്യത്തിലായപ്പോൾ, അയാൾ എടുത്ത തീരുമാനം അയാളുടെയും, അയാളുടെ കുടുംബത്തിന്റെയും രക്ഷയായിത്തീർന്നു. മാത്രമല്ല. ഈശോ വീണ്ടും പറഞ്ഞു: ഇവനും അബ്രാഹത്തിന്റെ പുത്രനാണ്. സക്കേവൂസിന്റെ ജീവിതത്തിന്റെ അലകും പിടിയും മാറുകയാണ്. ഇതുവരെ അയാളുടെ Identity എന്തായിരുന്നു? പേര്: സക്കേവൂസ്, സ്ഥലം ജെറീക്കോ, ജോലി tax collector, income tax അടയ്ക്കുന്നുണ്ട്. ദൈവത്തിൽ വിശ്വസിച്ച്, ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിച്ചപ്പോൾ അയാളുടെ identity തന്നെ മാറുകയാണ്. അയാൾ അബ്രാഹത്തിന്റെ പുത്രനാവുകയാണ്.

ഇങ്ങനെയാണ്പ്രിയപ്പെട്ടവരേനാംക്രൈസ്തവർജീവിതത്തിൽതീരുമാനങ്ങൾഎടുക്കേണ്ടത്. ദൈവത്തിൽവിശ്വസിച്ച്, ക്രിസ്തുവിന്റെസാന്നിധ്യത്തിൽ, പ്രാർത്ഥനയുടെനിമിഷങ്ങളിൽ, പരിശുദ്ധാത്മാവിനാൽനിറഞ്ഞാകണംനമ്മുടെതീരുമാനങ്ങൾ. നാട്ടിലെകള്ളുഷാപ്പിലിരുന്നോ, ക്ളബുകളിലിരുന്നോ, ദേഷ്യംനിറഞ്ഞ, വെറുപ്പുനിറഞ്ഞമനസ്സോടെയോ, തെരുവിൽധർണനടത്തിയോഒന്നുംആകരുത്നാംതീരുമാനങ്ങൾഎടുക്കേണ്ടത്. നമ്മുടെതീരുമാനങ്ങളുടെമേൽസ്വർഗ്ഗത്തിന്റെ, ക്രിസ്തുവിന്റെകൈയൊപ്പുണ്ടായിരിക്കണം.

ഉചിതവും, നല്ലതും, വേഗത്തിലുള്ളതുമായ തീരുമാനങ്ങൾ എടുക്കുക എന്നത് തികച്ചും വെല്ലുവിളിയാണ്. അനിശ്ചിതത്വത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലാണ് ഒരാൾ തീരുമാനങ്ങൾ എടുക്കേണ്ടതെങ്കിൽ തളർച്ചയ്ക്കുള്ള സാധ്യതയേറും! ജീവിതം അനിശ്ചിതത്വത്തിലാകുമ്പോൾ, അടിയന്തരവും അപൂർണങ്ങളുമായ വിവരങ്ങൾ മനുഷ്യ ജീവിതസാഹചര്യങ്ങളെ നിർവചിക്കുമ്പോൾ, തീരുമാനത്തെ കാത്തിരിക്കുന്നത് കലങ്ങിമറയുന്ന തിരമാലകളായിരിക്കും. ദൈവപരിപാലനയുടെ സ്നേഹകരങ്ങളിൽ പിടിച്ചാണ് നമ്മുടെ യാത്രയെങ്കിൽ ഇന്നത്തെ ഒന്നാം വായനയിലെ അബ്രാഹത്തിന്റെ ജീവിതത്തിലെന്നപോലെ ദൈവത്തിന്റെ അനുഗ്രഹം കൂടെയുണ്ടാകും.

പ്രതിസന്ധികളുടെ മൂടൽ മഞ്ഞ് നമ്മുടെ വീക്ഷണത്തെ ഭാഗികമായിട്ടെങ്കിലും മറയ്ക്കാൻ ശക്തമെങ്കിലും, ശാന്തതയോടെ ദീർഘമായി ശ്വാസോച്ഛാസം നടത്തുവാൻ നാം എടുക്കുന്ന സമയം ദൈവകൃപയുടെ അനുഗ്രഹീത നിമിഷമായിട്ട് മാറും. ആ നിമിഷം നമ്മിൽ നടക്കുന്നത് അത്ഭുതമാണോ, യാഥാർഥ്യമാണോയെന്ന് വേർതിരിച്ചറിയാൻ വയ്യാത്തവിധം നാം ദൈവത്തിന്റെ കരങ്ങളിലായിരിക്കും. ഉടനെ എടുക്കുന്ന തീരുമാനം നമുക്ക് മാത്രമല്ല നമ്മോടൊത്തുള്ളവർക്കും രക്ഷയായിഭവിക്കും. 

ഒരു തീരുമാനം എടുക്കുക. ആ തീരുമാനമാകട്ടെ നിങ്ങളുടെ ജീവിതം. ആ തീരുമാനത്തെക്കുറിച്ച് എപ്പോഴും ആലോചിക്കുക; അതിനെക്കുറിച്ച് സ്വപ്നം കാണുക. നിങ്ങളുടെ തലച്ചോറും, പേശികളും, നാഡികളും, നിങ്ങളുടെ ശരീരത്തിന്റെ ഓരോ ഭാഗവും ആ തീരുമാനം കൊണ്ട് നിറയട്ടെ. ആ തീരുമാനമാണ് ജീവിതവിജയത്തിലേക്കുള്ള പാത. അങ്ങനെയാണ് മഹാന്മാർ ജനിക്കുന്നത്. അങ്ങനെയാണ് നമ്മുടെ കുടുംബങ്ങൾ ദൈവത്തിന്റെ രക്ഷകൊണ്ട് നിറയുന്നത്.

സ്നേഹമുള്ളവരേ, നാമെടുക്കുന്ന, നമ്മുടെ യുവജനങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ പലതും പാളിപ്പോകുന്നുണ്ട്. ചിലപ്പോഴൊക്കെ നമ്മുടെ തീരുമാനങ്ങൾ നമ്മെ ബിവറേജസിന്റെ മുൻപിൽ എത്തിക്കും. മറ്റുചിലപ്പോൾ stuff (ലഹരി) കിട്ടുന്ന ഇടങ്ങളിലേക്ക്. ചില തീരുമാനങ്ങൾ നമ്മുടെയും കുടുംബത്തിന്റെയും തകർച്ചയായിത്തീരും. നാമെടുക്കുന്ന ഓരോ തീരുമാനത്തിനും രണ്ടു കാര്യങ്ങൾ ചെയ്യുവാൻ കഴിയും. ഒന്നുകിൽ your decision can break everything. അല്ലെങ്കിൽ the very decision of yours can make everything! ഒന്നാമത്തേത്, വളരെ സ്വാർത്ഥവും, സ്വന്തം ലാഭം മാത്രം ലക്ഷ്യമാക്കിയുള്ളതും വൃത്തികെട്ടതുമാണ്. അത് എല്ലാം, നമ്മുടെ വ്യക്തി ജീവിതം, കുടുംബജീവിതം, നമ്മുടെ ജോലി, ബന്ധങ്ങൾ എല്ലാം തകർത്തുകളയും. രണ്ടാമത്തേത്, നമ്മിലുള്ള നന്മയെല്ലാം പകർന്നുകൊടുത്തു പടുത്തുയർത്തുന്നതാണ്. ഓർത്തുനോക്കിക്കോളൂ …. എപ്പോഴാണ് നിങ്ങളുടെ ജീവിതം താളം തെറ്റിയത്? എപ്പോഴാണ് വലിയ ഉയർച്ചയിൽ നിന്ന് നിങ്ങൾ താഴേക്കു പതിച്ചത്? നിങ്ങൾ തെറ്റായ, തകർക്കുന്ന, break ചെയ്യുന്ന തീരുമാനം എടുത്തപ്പോഴല്ലേ? മദ്യപിക്കണം എന്ന തീരുമാനത്തിന്റെ പരിണിതഫലങ്ങളായിരുന്നില്ലേ നിങ്ങളുടെ accident? നിങ്ങളുടെ വീട്ടിലുണ്ടായ കലഹം? അമിതലാഭമുണ്ടാക്കണമെന്ന തീരുമാനമല്ലേ കൂട്ടുകാരനെ/ കൂട്ടുകാരിയെ വഞ്ചിക്കുന്നതിലേക്കു നയിച്ചത്? നിങ്ങളുടെ ചീത്തകൂട്ടുകെട്ടു, മയക്കുമരുന്നുപയോഗം, ഉചിതമല്ലാത്ത പ്രണയ കൂട്ടുകൾ – എല്ലാം തീരുമാനത്തിന്റെ ഫലമല്ലേ? മറിച്ച്, സ്നേഹം നിറഞ്ഞ, സമാധാനം നിറഞ്ഞ, വളർച്ചയുടെ, ഉയർച്ചയുടെ വിജയത്തിന്റെ നിമിഷങ്ങൾ – അതും നിങ്ങളുടെ തീരുമാനത്തിന്റെ ഫലമല്ലേ?

ജീവിതനവീകരണത്തിലേക്കുള്ള, ക്രിസ്തുവിന്റെ രക്ഷയിലേക്കുള്ള തീരുമാനങ്ങൾ എടുക്കുവാൻ സക്കേവൂസ് നമ്മെ പഠിപ്പിക്കട്ടെ. ജീവിതം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ, നമ്മെസൃഷ്ടിച്ച, നമ്മിൽ വസിക്കുന്ന ക്രിസ്തുവിലേക്ക് തിരിയുവാൻ നമുക്ക് സാ ധിക്കട്ടെ. ക്രിസ്തുവിന് മാത്രമേ എന്റെ ജീവിതം നന്മയിലേക്ക് യിക്കുവാൻ സാധിക്കൂ എന്ന് വിശ്വസിക്കുക. ആ ക്രിസ്തുവിന്റെ സാന്നിധ്യം വ്യക്തിജീവിതത്തിലും, കുടുംബത്തിലും വിശുദ്ധകുർബാനയിലും അനുഭവിക്കുക. എന്നിട്ട്, ഓരോ നിമിഷവും തീരുമാനങ്ങളെടുക്കുക. ആതീരുമാനങ്ങൾ നമ്മെ രക്ഷയിലേക്ക്, ജീവിതവിജയത്തിലേക്ക് നയിക്കും. ഈ നോമ്പുകാലത്ത് നാമെടുക്കുന്ന തീരുമാനങ്ങളെ, നാമെടുത്തിരിക്കുന്ന

തീരുമാനങ്ങളെ ഇന്നത്തെ വിശുദ്ധ കുർബാനയിൽ അപ്പത്തിനോടും വീഞ്ഞിനോടുമൊപ്പം ഈശോയ്ക്ക് സമർപ്പിക്കാം. ജീവിതനവീകരണത്തിനായി വിശുദ്ധ കുമ്പസാരത്തിനായി അണയാം. അപ്പോൾ ഈശോ നമ്മോട് പറയും, ഇന്ന് നീയും നിന്റെ ഭവനവും രക്ഷപ്രാപിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ ഈ വചനം കേൾക്കാൻ നമുക്കാകട്ടെ. ആമേൻ!