SUNDAY SERMON Mt 4, 1-11

മത്താ 4,1 – 11

സന്ദേശം

Image result for matthew 4 1 11 images

2020-ലെ അമ്പതുനോമ്പിന്റെ ആദ്യ ഞായറാഴ്ചയിലേക്കു പ്രവേശിക്കുവാൻ ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. അമ്പതു നോമ്പ് സമുചിതമായി ആചരിക്കുവാനും, ചില സ്വഭാവ രീതികളിൽ നിന്നും, ഭക്ഷണങ്ങളിൽ നിന്നും അകന്നു നിൽക്കാനും, ഉപവാസത്തിലൂടെയും പ്രായശ്ചിത്ത ത്തിലൂടെയും പ്രാർത്ഥന യിലൂടെയും നമ്മെ ത്തന്നെ വിശുദ്ധീകരിക്കുവാനും ഉള്ള ഉറച്ച തീരുമാനങ്ങളുമായിട്ടാകണം നാമെല്ലാവരും ഇന്ന് വിശുദ്ധ കുർബാന യ്ക്ക് അണഞ്ഞിരിക്കുന്നത്. നമ്മുടെ ഈ തീരുമാനത്തെയും നമ്മെ ഓരോരുത്തരെയും ക്രിസ്തു ഇപ്പോൾ അനുഗ്രഹിക്കുന്നുണ്ട്. അവിടുത്തെ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഇന്നത്തെ ദൈവവചന സന്ദേശത്തിലേക്ക്   നമുക്ക് പ്രവേശിക്കാം.

നോമ്പുകാലത്തിന്റെ ആദ്യ ഞായറാഴ്ച്ച ഈശോയുടെ മരുഭൂമിയിലെ പരീക്ഷയാണ് ദൈവവചനം വിവരിക്കുന്നത്. നോമ്പുകാലത്തിന്റെ ഈ ആദ്യ ഞായറാഴ്ച്ച ത്തെ സന്ദേശം, പ്രലോഭനങ്ങളിൽനിന്ന് അകന്നു ജീവിക്കുക എന്നതാണ്.

വ്യാഖ്യാനം

ദൈവാത്മാവ് പ്രാവിന്റെ രൂപത്തിൽ ഇറങ്ങി വന്ന, ദൈവം പ്രസാദിച്ചവനായ ഈശോയെ ദൈവാത്മാവ് പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിനായി മരുഭൂമിയിലേക്ക് നയിക്കുകയാണ്. വിരോധാഭാസം നിറഞ്ഞ ഒരു വിവരണമാണിത്. ഇത് മനസ്സിലാക്കാൻ എന്താണ് മരുഭൂമി എന്ന് നാം അറിയണം. കേവലം ഭൂമിശാസ്ത്ര പരമായി മരുഭൂമിയെ അറിഞ്ഞാൽ നമുക്ക് ഈ വചനഭാഗത്തിന്റെ സന്ദേശം മനസ്സിലാവുകയില്ല.

മരുഭൂമി, ഈ ലോകം തന്നെയാണ്. പ്രലോഭനത്തിന്റെ, ഏകാന്തതയുടെ, മർദ്ദനത്തിന്റെ, വിശപ്പിന്റെ സ്ഥലമാണ് മരുഭൂമി. മരുഭൂമി ശൂന്യതയാണ്, അനന്തതയുടെ മരുഭൂമി നിരാശയുടെ ഭൂമിയാണ്. മരുഭൂമി നൽകുന്ന മരുപ്പച്ചകളും, പ്രതീക്ഷകളുമെല്ലാം ക്ഷണികമാണ്. മരുഭൂമിയുടെ എല്ലാ സ്വഭാവങ്ങളും നിറഞ്ഞതാണ് ഈ ലോകം. യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നയിച്ചു എന്ന് പറയുമ്പോൾ ഈശോയെ ആത്‌മാവ്‌ ലോകത്തിലേക്കു നയിച്ചു എന്നാണു മനസ്സിലാക്കേണ്ടത്. പ്രലോഭനത്തിന്റെ, ഏകാന്തതയുടെ, മർദ്ദനത്തിന്റെ, വിശപ്പിന്റെ അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ, ഈ മരുഭൂമിയിൽ, ഈ ലോകത്തിൽ ഈശോ തന്നെ ത്തന്നെ തിരിച്ചറിയണം, സ്വയം പാകപ്പെടണം. ഈലോകത്തിന്റെ സ്വഭാവം അറിയണം.  എന്നിട്ട് തന്റെ ജീവിതംകൊണ്ട്, മരണംകൊണ്ടു രക്ഷ നൽകേണ്ടത് ഈ ലോകത്തെയാണ് എന്ന് ഈശോ അറിയണം. ഈ അറിവ്നേടലിലേക്കാണ് ഈശോ കടന്നു വന്നത്, ദൈവാത്മാവ് ഈശോയെ നയിച്ചത്.

ഈശോ നാൽപ്പതു ദിനരാത്രങ്ങൾ ഉപവസിച്ചു. നാൽപ്പത് ബൈബിളിൽ അർത്ഥങ്ങൾകൊണ്ടും, അനുമാനങ്ങൾകൊണ്ടും സമ്പന്നമായ ഒരു സംഖ്യയാണ്.

ഇത് മനുഷ്യജീവിതത്തിന്റെ വളരെ പ്രത്യേകമായ ഒരു കാലഘട്ടത്തെ യാണ് പ്രതിനിധാനം ചെയ്യുന്നത്. ആദ്യമായി ഈ സംഖ്യയെ നാം കാണുന്നത് നോഹയുമായി, പെട്ടകവുമായി ബന്ധപ്പെട്ടാണ്. അവിടെ നാൽപ്പതു ദിനരാത്രങ്ങൾ പെട്ടകം ഒഴുകി നടന്നു. ദൈവം ഒരുക്കിയ ഒരു സമൂഹം, ദൈവത്തിന്റെ കല്പനയനുസരിച്ചു എല്ലാം ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരും, അവരോടു ചേർന്ന് നിൽക്കുന്ന പക്ഷി മൃഗജാലങ്ങളും. വളരെ മനോഹരമായ ഒരു ആവാസ വ്യവസ്ഥ ദൈവം ഇടപെടും എന്ന ഉറച്ച വിശ്വാസത്തിൽ ജീവിക്കുകയാണ്. ഇത്തരത്തിലുള്ള ജീവിതമാണ് നാൽപ്പതു ദിനരാത്രങ്ങൾ. ഇങ്ങനെ ജീവിച്ചാൽ ദൈവ പരിപാലനയുടെ മഴവില്ലു നമ്മിൽ വിരിയും.

രണ്ടാമതായി, ഈ സംഖ്യ നാം കാണുന്നത് ഇസ്രായേൽ ജനത്തിന്റെ പുറപ്പാടിന്റെ കാലഘട്ടത്തിലാണ്. നാൽപ്പതു വർഷമാണ് അവർ നടന്നത്, ദൈവത്തിൽ വിശ്വസിച്ചു മാത്രം. അത് ദൈവത്തിന്റെ അരുളപ്പാടുകളുടെ, ദൈവ ഇടപെടലുകളുടെ, ദൈവ നിഷേധത്തിന്റെ, യുദ്ധങ്ങളുടെ, ദാരിദ്ര്യത്തിന്റെ, ദാഹത്തിന്റെ, വിശപ്പിന്റെ, ധിക്കരിക്കലിന്റെ ദിനരാത്രങ്ങളായിരുന്നു. പക്ഷെ, അവസാനം കാനാൻദേശം അവരുടെ മുൻപിൽ പ്രത്യക്ഷപ്പെടുകയാണ്.

നാല്പതുദിവസം കഴിയുമ്പോൾ നിനിവേ നശിപ്പിക്കപ്പെടും എന്ന് യോനാ ദൈവത്തിന്റെ അരുളപ്പാടു വിളിച്ചുപറഞ്ഞപ്പോൾ ആ നാല്പതുദിവസവും വലിയവരും ചെറിയവരുമായ നിനിവേ നിവാസികൾ , മനുഷ്യനും മൃഗവും ചാക്കുടുത്ത് ചാരം പൂശി ഉപവസിച്ചതാണ് അടുത്ത നാല്പതുദിവസത്തിന്റെ വിവരണം. അവിടെ നാല്പതുദിവസം അവർക്ക് രക്ഷയായി തീർന്നു.

ഈശോയുടെ നാല്പതു ദിവസമാകട്ടെ, അവിടുത്തെ ശക്തിപ്പെടുത്തുന്ന, തന്റെ ദൗത്യത്തെക്കുറിച്ചു ബോധ്യം നൽകുന്ന നാല്പതുദിവസങ്ങളായിരുന്നു.

നാമും നാൽപ്പതു ദിവസത്തിന്റെ, അമ്പതു ദിവസത്തിന്റെ, ഞായറാഴ്ചകൾ മാറ്റി നിർത്തിയാൽ നാല്പത്തിരണ്ടു ദിവസത്തിന്റെ നോമ്പിലേക്കു, ഉപവാസത്തിലേക്കു പ്രവേശിക്കുകയാണ്. മരുഭൂമി തുല്യമായ ലോകജീവിതത്തെക്കുറിച്ചു, ബോധ്യമുള്ളവരാകാൻ, പ്രലോഭനങ്ങളെക്കുറിച്ചു, അതിന്റെ സാഹചര്യങ്ങളെക്കുറിച്ചു ശ്രദ്ധയുള്ളവരാകുവാനും, ദൈവത്തിന്റെ അരുളപ്പാടിന് ചെവികൊടുക്കുവാനും, ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെയെന്നു പറഞ്ഞു ജീവിക്കാൻ പഠിക്കാനും നാം തുടങ്ങുകയാണ്.

സ്നേഹമുള്ളവരെ, ഓർക്കുക, ജീവിതം പ്രലോഭനങ്ങൾ നിറഞ്ഞതാണ്. ഇന്നത്തെ സുവിശേഷഭാഗത്ത് വിവരിക്കുന്ന മൂന്നു പ്രലോഭനങ്ങൾ അല്ല, മുപ്പതിനായിരം പ്രലോഭനങ്ങൾ ഓരോ നിമിഷവും നമ്മിലേക്ക്‌ കടന്നുവരും.

വിശപ്പുകൾ നമുക്ക് പലവിധമാണ്. ശരീരത്തിന്റെ രതിയോടുള്ള വിശപ്പ്, മനസ്സിന്റെ പരിഗണിക്കപ്പെടാനുള്ള, സ്നേഹം കിട്ടാനുള്ള, അധികാരം നേടാനുള്ള, സമ്പത്ത് വാരിക്കൂട്ടുവാനുള്ള, വിശപ്പ്, സ്വാർത്ഥതയുടെ, അഹങ്കാരത്തിന്റെ, വൈരാഗ്യത്തിന്റെ വിശപ്പ്! അങ്ങനെ വിശപ്പുകളുടെ ഒരു കൂട്ടമാണ് നമ്മുടെ ജീവിതം. ഈ വിശപ്പുകളെ ശമിപ്പിക്കാൻ പലപ്പോഴും, എന്ത് സർക്കസും കാണിക്കാൻ നാം തയ്യാറാണ്. ആരുടെ കാലിൽ വീഴാനും തയ്യാർ. ആരെ ആരാധിക്കാനും റെഡി!

എന്താണ് പ്രലോഭനം? അത് നമ്മുടെ ജീവിതാവസ്ഥയോടു ചേർന്ന് നിൽക്കുന്നതാണ്. ഓരോരുത്തർക്കും പലതാണ് പ്രലോഭനങ്ങൾ. നമ്മുടെ ജീവിതാവസ്ഥയോടു ചേരാത്ത ഘടകങ്ങളോട് നമ്മുടെ മനസ്സിൽ രൂപപ്പെടാവുന്ന ആഭിമുഖ്യവും, ഉദ്ദീപനവുമാണ് പ്രലോഭനം.

അത് നമ്മുടെ ജീവിതാവസ്ഥയനുസരിച്ചു വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. വിവാഹജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തി കടന്നുപോകുന്ന പ്രലോഭനങ്ങൾ ആയിരിക്കില്ല, ഒരു പുരോഹിതന്റേത്. ഒരു യുവാവിന്റെയും സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെയും പ്രലോഭനങ്ങൾക്കും അവയുടെ സാഹചര്യങ്ങൾക്കും വ്യത്യാസമുണ്ട്. ഒരമ്മയുടെ, അപ്പച്ചന്റെ ശരികൾ മക്കൾക്ക് ശരികളാകണമെന്നില്ല. സാമൂഹ്യമായി അനുവദനീയമായവ പോലും ചിലപ്പോൾ ജീവിതാവസ്ഥകളോട് ചേർന്ന് ചിന്തിക്കുമ്പോൾ പ്രലോഭനങ്ങളാകാം, തെറ്റുക ളാകാം.

സമാപനം

സ്നേഹമുള്ളവരേ, ഈ നോമ്പുകാലം ദൈവം നമുക്ക് നൽകിയിരിക്കുന്ന വലിയ അനുഗ്രഹമാണ്, അവസരമാണ്, നമ്മുടെ ജീവിതത്തെക്കുറിച്ചു അറിയുവാൻ, പഴയ മനുഷ്യനെ കളഞ്ഞു പുതിയ മനുഷ്യനായി തീരുവാൻ, നൻമ ചെയ്യുവാനുള്ള അവസരം. നമ്മുടെ വസ്ത്രങ്ങൾ പഴകിയതാണ്. പുതിയ വസ്ത്രം ധരിച്ചു ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കാനുള്ള സമയം വന്നിരിക്കുന്നു. അതിനുള്ള തയ്യാറെടുപ്പാകട്ടെ ഈ അമ്പതു നോമ്പുകാലം.

SUNDAY SERMON Mt 8, 5 -13

മത്താ 8, 5 – 13

സന്ദേശം

Image result for images of matthew 8, 5-13

സുഖപ്പെടുത്തലിന്റെ സുന്ദരമായ ഒരു ദൃശ്യാവിഷ്കാരവുമായിട്ടാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മുടെ മുൻപിൽ വിടർന്നു നിൽക്കുന്നത്. സുവിശേഷങ്ങളിലെ സൗഖ്യദായകനായ ഈശോ നമ്മെ ഓർമപ്പെടുത്തുന്നത് പുറപ്പാടിന്റെ പുസ്തകം പതിനഞ്ചാം അദ്ധ്യായം ഇരുപത്താറാം വാക്യമാണ്: “ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്”. ഓരോ മനുഷ്യനും ധാരാളം മുറിവുകളും പേറിയാണ് ജീവിക്കുന്നത്. എന്തിന്, ലോകത്തിന് തന്നെ രോഗം ബാധിച്ചിരിക്കുകയാണ്. കൊറോണയായി അത് പടർന്നുകൊണ്ടിരിക്കുന്നു; ബോംബുകളായി അത് പൊട്ടിച്ചിതറുന്നു; വർഗീയതയായി അത് ദുർഗന്ധം വമിക്കുന്നു. വിദ്വേഷമായി അത് പൊട്ടിയൊലിക്കുന്നു. ലവ് ജിഹാദായി അത് കുടുംബങ്ങളെ, വ്യക്തികളെ തകർക്കുന്നു. ആരാണ് ഈ ലോകത്തെ സുഖപ്പെടുത്തുക? ഈശോ പറയുന്നു: ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്. ഇന്നത്തെ സുവിശേഷത്തിന്റെ സന്ദേശവും ഇത് തന്നെയാണ് – ഈശോയാണ് നിന്നെ സുഖപ്പെടുത്തുന്ന കർത്താവ്.

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷസന്ദേശത്തിന്റെ വാതായനം തുറന്നു തരുന്ന ഉദ്ഘാടക പദമാണ് വിശ്വാസം. ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തുന്നതിന്റെ ഒറ്റമൂലി അതുതന്നെയാണ്.  രണ്ടുപേരുടെ വിശ്വാസങ്ങളാണ് നാം ഈ അത്ഭുതത്തിൽ കാണുന്നത്. ഒന്ന്, ഈശോ ശ്‌ളാഘിക്കുന്ന ശതാധിപന്റെ വളരെ പ്രകടമായ വിശ്വാസം. രണ്ട്, ക്രിസ്തുവിന്റെ അത്ര പ്രകടമല്ലാത്ത വിശ്വാസം.

ഈശോ അത്ഭുതങ്ങളെ, സുഖപ്പെടുത്തലുകളെ വീക്ഷിച്ചിരുന്നത് ദൈവസ്നേഹത്തിന്റെ മറ്റൊരു ആവിഷ്കാരമെന്ന നിലയിലും, ദൈവമഹത്വത്തിന്റെ വെളിപ്പെടുത്തൽ എന്ന രീതിയിലും മനുഷ്യാവശ്യങ്ങളുടെ മുൻപിൽ ദൈവത്തിന്റെ കാരുണ്യം കാണിക്കൽ എന്ന നിലയിലുമൊക്കെയാണ്. തന്നിലൂടെ ദൈവമഹത്വം വെളിപ്പെടുമെന്നും, തന്നിലൂടെ ദൈവത്തിന്റെ സൗഖ്യം ദൃശ്യമാകുമെന്നും ഈശോ വിശ്വസിച്ചിരുന്നു. ആ വിശ്വാസം ഈശോ എപ്പോഴും പ്രകടമാക്കുന്നില്ലെങ്കിലും “എനിക്ക് മനസ്സുണ്ട്, നിനക്ക് ശുദ്ധിവരട്ടെ” എന്ന് പറയുന്നതിലൂടെ, “ഞാൻ വന്ന് അവനെ സുഖപ്പെടുത്താം” എന്ന് പറയുന്നതിലൂടെ വ്യക്തവുമാണ്. കാരണം, ദൈവം നൽകുമെന്ന് ഈശോയ്ക്ക് അറിയാമായിരുന്നു.

ദൈവത്തെക്കുറിച്ചുള്ള ഇസ്രായേൽക്കാരുടെ വിവരണങ്ങളിലൊന്ന് “യാഹ്‌വെ -യിറെ” എന്നാണ്. കർത്താവ് നൽകും എന്നാണു ഇതിനർത്ഥം. ദൈവത്തിന്റെ നൽകൽ സൂര്യോദയം പോലെ നൈസർഗികം ആണ്. പൂവ് വിരിയുന്നപോലെ സ്വാഭാവികമാണ്.  ‘അവിടുന്ന് ദുഷ്ടൻറെയും ശിഷ്ടന്റെയും മേൽ ഒരുപോലെ സൂര്യനെ ഉദിപ്പിക്കുകയും, മഴപെയ്യിക്കുകയും ചെയ്യുന്നു.’ അവിടുന്ന് ‘അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്.’ ‘ഒരിക്കലും കുറുകിപ്പോകാത്ത താണ് അവിടുത്തെ കരങ്ങൾ. അവിടുന്ന് സകലതും ‘സമൃദ്ധമായി നല്കുന്നവനാണ്.’

ഈശോ ഈ ദൈവമഹത്വത്തിന്റെ, ദൈവത്തിന്റെ നൽകലിന്റെ അതിഗംഭീരനായ ഒരു പ്രദർശനക്കാരനായിരുന്നു. കാരണം അവിടുത്തേക്ക്‌ ഗാഢമായും അന്തിമമായും ഈ സത്യം അറിയാമായിരുന്നു. ദൈവം നൽകും എന്ന സത്യം. ഈശോയുടെ അത്ഭുതങ്ങൾ ഇന്ദ്രജാലങ്ങൾ ആയിരുന്നില്ല. അവ ഗാഢവും സഹജവുമായ സത്യത്തിന്റെ, ദൈവം നൽകുമെന്ന സത്യത്തിന്റെ സ്വാഭാവിക വികാസമായിരുന്നു.

ശതാധിപന്റെ വിശ്വാസമാകട്ടെ ക്രിസ്തുവിനാൽ ശ്‌ളാഘിക്കപ്പെട്ട വിശ്വാസമാണ്. ദൈവത്തിനു അസാധ്യമായി ഒന്നുമില്ല എന്ന് വിശ്വസിച്ചവനാണ് ശതാധിപൻ. ഗബ്രിയേൽ മാലാഖ മറിയത്തിനോട് സ്വർഗ്ഗത്തിന്റെ, ദൈവത്തിന്റെ സ്വഭാവമെന്ത് എന്ന് വെളിപ്പെടുത്തുമ്പോൾ ദൈവത്തെപ്പറ്റി പറയുന്ന ഒരു വിശേഷണമാണിത്. “ദൈവത്തിനു അസാധ്യമായി ഒന്നുമില്ല.” ഇസ്രായേൽക്കാരനല്ലെങ്കിലും ദൈവത്തിനു അസാധ്യമായി ഒന്നുമില്ല എന്ന് അയാൾ ഉറച്ച് വിശ്വസിച്ചിരുന്നു. മാത്രമല്ല, ദൈവത്തിന്റെ ശക്തിയും അദ്ദേഹം മനസ്സിലാക്കിയിരുന്നു. ലോകത്തിൽ, സൈന്യങ്ങളെ നയിക്കുമ്പോൾ, ശതാധിപൻ, സർവ സൈന്ന്യാധിപൻ എന്ത് പറയുന്നോ അത് അനുസരിച്ചായിരിക്കും ഓരോ പടയാളിയും പ്രതികരിക്കുക. എങ്കിൽ, അയാൾ ചിന്തിച്ചു, സർവശക്തനായ ദൈവം പറഞ്ഞാൽ, സർവത്തിന്റെ അധിപനായ ദൈവം അരുളിച്ചെയ്താൽ, അനുസരിക്കാത്തതായി എന്തുണ്ട് ഈ ലോകത്തിൽ? ശാതാധിപ ൻ പറയുകയാണ്, സർവ്വേശ്വരാ, ക്രിസ്തുവേ, നീ എന്റെ ഭവനത്തിലേക്ക് വരേണ്ടതില്ലല്ലോ, നിന്നെ സ്വീകരിക്കാൻ മാത്രം ഞാൻ യോഗ്യനല്ലല്ലോ, നിന്റെ വിലപ്പെട്ട സമയം മാറ്റിവയ്ക്കാൻ മാത്രം ഞാൻ ആരുമില്ലല്ലോ. നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി എന്റെ ഭൃത്യൻ സുഖം പ്രാപിക്കും.

സ്നേഹമുള്ളവരേ, ഈ ഞായറാഴ്ച്ച അനുഗ്രഹം നിറഞ്ഞതാണ്. ഈ വിശുദ്ധ കുർബാനയുടെ സമയം ക്രിസ്തു തന്റെ സൗഖ്യത്തിലേക്കു നമ്മെ ക്ഷണിക്കുകയാണ്. വിശ്വാസം ജ്വലിക്കുന്ന ഹൃദയത്തോടെ നമുക്ക് ഈശോയുടെ മുൻപിൽ നിൽക്കാനാകണം. ശതാധിപന്റെ മനോഭാവം, അപേക്ഷ ക്രൈസ്തവ പ്രാർത്ഥനയുടെ മനോഹരമായൊരു രൂപമാണ്. ‘നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി ഞാൻ സുഖം പ്രാപിക്കും.’

ഞാൻ വന്നു സുഖപ്പെടുത്താം എന്ന് പറഞ്ഞുകൊണ്ട് കടന്നുവരുന്ന ദൈവത്തിന്റെ ഇടപെടലുകളാകണം നമ്മുടെ ജീവിതം. ഭാവിയെക്കുറിച്ചു നാം ഭയപ്പെടുമ്പോൾ, ഓർത്തുനോക്കുക ദൈവം നൽകിയ അനുഗ്രഹങ്ങളെ. എന്നിട്ടും നിങ്ങൾ തളരുകയാണോ? നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിനു ചെയ്യാൻ കഴിയാത്ത കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക. ഞാൻ പറയുന്നു, ഒരു വാക്കുപോലും നിങ്ങൾക്ക് എഴുതാൻ കഴിയില്ല. കാരണം ദൈവം നല്കുന്നവനാണ്. വാരിക്കോരി, അമർത്തിക്കുലുക്കി അവിടുന്ന് നമുക്ക് നൽകും.

സമാപനം

സ്നേഹമുള്ളവരേ, ശതാധിപന്റെ ഭൃത്യനെപ്പോലെ അസുഖത്തിന്റെ, തളർച്ചയുടെ ജീവിതസാഹ്യചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും – ശാരീരിക മാനസിക മുറിവുകൾ, സാമ്പത്തിക ഞെരുക്കങ്ങൾ, സ്നേഹിതരുടെ, കൂടെയുള്ളവരുടെ ഒറ്റപ്പെടുത്തലുകൾ, ആരോടും പറയാൻ പറ്റാത്ത സ്വകാര്യ ദുഃഖങ്ങൾ, എത്ര ശ്രമിച്ചിട്ടും ഒന്നും നേടാനാകാത്ത അവസരങ്ങൾ, ബന്ധങ്ങളിലുള്ള വിള്ളലുകൾ – ശതാധിപന്റെ വിശ്വാസത്തോടെ, ദൈവം നൽകുമെന്ന പ്രത്യാശയോടെ, ‘നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി ഞാൻ സുഖം പ്രാപിക്കും.’  എന്ന പ്രാർത്ഥന നമുക്ക് ഓർക്കാം. “ഞാൻ വന്നു നിന്നെ സുഖപ്പെടുത്താമെന്ന” ഈശോയുടെ വാക്കുകൾ നമുക്ക് ശ്രവിക്കാം. ഇപ്പോൾ, ഈ വിശുദ്ധ ബലിയിൽ സുഖപ്പെടലിന്റെ അനുഗ്രഹപ്രവാഹം നിന്നിലൂടെ കടന്നുപോകും. നമുക്ക് സൗഖ്യം നൽകുന്ന ശക്തിയാണ് ദൈവം.

Christmas Ravayi Daivam Varavayi – Christmas Devotional Song

ക്രിസ്മസ് രാവായി ദൈവം വരവായി…

Lyrics: Fr Saju Painadathu MCBS

Music: Fr Mathews Payyppally MCBS

Atist: Madhu Balakrishnan

SUNDAY SERMON Jn 2, 1-12

യോഹ 2, 1 – 12

സന്ദേശം

Image result for images of wedding at cana

ക്രൈസ്തവന്റെ ദൈവം വെളിപാടുകളുടെ ദൈവമാണ്. ക്രിസ്തുവിൽ വെളിവാക്കപ്പെടുന്ന ദൈവികതയുടെ വിവിവരണങ്ങള്കൊണ്ടു സമ്പന്നമാണ് സുവിശേഷങ്ങൾ. ഇന്നത്തെ സുവിശേഷത്തിൽ വിശുദ്ധ യോഹന്നാൻ ക്രിസ്തുവിലെ ദൈവിക മഹത്വം വെളിപ്പെടുത്തുന്ന ഒരു അത്ഭുതത്തിലേക്കാണ്, കാനായിലെ കല്യാണവിരുന്നിൽ നടന്ന അത്ഭുതത്തിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. വെള്ളം വീഞ്ഞായി മാറിയതുപോലെ, നമ്മുടെ ജീവിതവും ഒരു മാറ്റത്തിന് വിധേയമാകണം – ദൈവത്തിലേക്കുള്ള ഒരു മാറ്റത്തിന്. ജീവിതത്തിൽ ദൈവത്തിന്റെ മഹത്വം പ്രകടമാകുവാൻ എന്ത് ചെയ്യണമെന്ന് ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നു.

വ്യാഖ്യാനം

മൂന്നാം ദിവസം വിവാഹം നടന്നു എന്നാണ്‌ വിശുദ്ധ യോഹന്നാൻ രേഖപ്പെടുത്തുന്നത്. ഈ മൂന്നാം ദിവസം ഈശോയുടെ മാമ്മോദീസായ്ക്കു ശേഷമുള്ള മൂന്നാം ദിവസമല്ല. ഇത് യഹൂദപാരമ്പര്യത്തിൽ കണക്കാക്കുന്ന മൂന്നാം ദിവസമാണ്. സാബത്തിനോട് ചേർന്നാണ് യഹൂദർ മൂന്നാം ദിവസം കണക്കുകൂട്ടിയിരുന്നത്. അവർ ഒന്നാദിനം ഞായർ, രണ്ടാം ദിനം തിങ്കൾ, മൂന്നാം ദിനം ചൊവ്വ എന്ന രീതിയിയിലായിരുന്നു മനസ്സിലാക്കിയിരുന്നത്. മൂന്നാം ദിനത്തിന്റെ പ്രത്യേകത പ്രപഞ്ച സൃഷ്ടിയുടെ വിവരണവുമായി ബന്ധപ്പെടുത്തിയിട്ടുള്ളതാണ്. പ്രഞ്ചസൃഷ്ടിയുടെ വേളയിൽ മൂന്നാദിനം എല്ലാം നല്ലതായി ദൈവം കണ്ടു എന്നാണ് പറഞ്ഞിരിക്കുന്നത്. മൂന്നാം ദിനത്തിൽ രണ്ടുപ്രാവശ്യം ദൈവം എല്ലാം നല്ലതെന്നു പറയുന്നുണ്ട്. അതുകൊണ്ടു, യഹൂദപാരമ്പര്യത്തിൽ എല്ലാ നല്ല കാര്യങ്ങളും പ്രത്യേകിച്ച് വിവാഹം നടന്നിരുന്നത് ആഴ്ചയുടെ മൂന്നാം ദിവസമാണ്. കാനായിലെ കല്യാണവും ആഴ്ചയുടെ മൂന്നാം ദിനത്തിലാണ് നടക്കുന്നത്. ഇന്നും യഹൂദവിവാഹങ്ങൾ ആഴ്ച്ചയുടെ മൂന്നാം ദിവസമാണ് നടക്കുന്നത്.

ദൈവം എല്ലാം നല്ലതായിക്കണ്ട മൂന്നാം ദിനം ശുഭകാര്യങ്ങൾക്കായി ഈ കുടുംബം തിരഞ്ഞെടുത്തു എന്ന് മാത്രമല്ല എല്ലാവരെയും ആ മംഗള കർമ്മത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്തു. പരിശുദ്ധ അമ്മയുടെ നിറസാന്നിധ്യവും ഈശോയുടെയും ശിഷ്യരുടേയും സാന്നിധ്യവും സൂചിപ്പിക്കുന്നത് ആ കുടുംബം ആരെയും മാറ്റിനിർത്തിയിട്ടുണ്ടാവില്ല എന്ന് തന്നെയാണ്. എല്ലാം നല്ലതെന്നു ദൈവം കണ്ട ശുഭദിനത്തിൽ ഈയൊരു മംഗളകർമം നടക്കുമ്പോൾ, നമ്മോടു അടുത്തുനിൽക്കുന്നവരെയും, ചേർന്നുപോകാത്തവരെയും, പിണങ്ങി നിൽക്കുന്നവരെയുംകൂടി വിളിക്കുവാൻ ആ കുടുംബം ശ്രദ്ധിച്ചിരിക്കണം.

എല്ലാകാര്യങ്ങളിലും വളരെ മുൻകരുതലുകൾ എടുത്തിട്ടും അവരുടെ ആ മംഗളകർമ്മത്തിൽ, അതിന്റെ ആഘോഷത്തിലെ ഏറ്റവും പ്രധാന ഘടകമായ വീഞ്ഞിന്റെ കുറവിന്റെ രൂപത്തിൽ അശുഭലക്ഷണങ്ങൾ കടന്നുവരികയാണ്. എന്തും ഇപ്പോഴും സംഭവിക്കാവുന്ന ജീവിതത്തിൽ നന്മകളും ദുരന്തങ്ങളും സംഭവിക്കാം. പക്ഷെ ശക്ഷരായവർ കൂടെയുണ്ടെങ്കിൽ, ദൈവം തന്നെ നമ്മോടു ഒപ്പമുണ്ടങ്കിൽ നാം ആരെ ഭയപ്പെടണം? എന്തിനു നിരാശരാകണം?

ഇവിടെ പരിശുദ്ധ ‘അമ്മ അവരുടെ സഹായത്തിനെത്തുകയാണ്. ‘അമ്മ ഈശോയെ നോക്കിയപ്പോൾ കണ്ടത് കുറവുകളെ   നിറവുകളാക്കുന്നവനെയാണ്; ജീവിതപ്രശ്നങ്ങൾക്കു പരിഹാരമായവനെയാണ്; നമുക്കെതിരെ വരുന്ന ശത്രുക്കളെയും, ലോകം മുഴുവനെത്തന്നെയും അംഗുലീചലനം കൊണ്ട് തറപറ്റിക്കാൻ കഴിയുന്നവനെയാണ്”; ജീവൻ നൽകാൻ, അത് സമൃദ്ധിയായി നൽകാൻ വന്നവനെയാണ്.

ഈശോയുടെ നിർദ്ദേശമനുസരിച്ചു പ്രവർത്തിച്ചപ്പോൾ, അവിടെ നിറവുണ്ടാകുകയാണ്. അസാധ്യമായവ സംഭവിക്കുകയാണ്. വീഞ്ഞിന്റെ, ദൈവികതയുടെ, സമൃദ്ധിയുണ്ടാകുകയാണ്.

സ്നേഹമുള്ളവരേ, ഇതേ അനുഭവം നമ്മിലും സംഭവിക്കാം. നമ്മുടെ ജീവിതത്തിലും അത്ഭുതങ്ങൾ ഉണ്ടാകും. നമ്മുടെ ജീവിതത്തിലും, കുടുംബത്തിലും ദൈവത്തിന്റെ, ക്രിസ്തുവിന്റെ ഇടപെടലുകൾ സംഭവിക്കും. അതിനു അഞ്ചു കാര്യങ്ങൾ നാം ശ്രദ്ധിക്കണം.

  1. Invitation – നിന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ, മാറ്റങ്ങൾ സംഭവിക്കാൻ നീ പരിശുദ്ധ അമ്മയെയും ഈശോയെയും നിന്റെ ജീവിതത്തിലേക്ക്, ജീവിതത്തിന്റെ ആഘോഷങ്ങളിലേക്കു, ജീവിതത്തിന്റെ ഓരോ കാര്യത്തിലേക്കും നീ ക്ഷണിക്കണം.
  2. Intercession – ജീവിതത്തിന്റെ നിർണായക നിമിഷങ്ങളിൽ ഈശോയുടെ അടുത്തെത്തി അപേക്ഷിക്കണം.
  3. Instruction – ഈശോ വചനങ്ങളിലൂടെ, കൂദാശകളിലൂടെ, സഭയിലൂടെ നൽകുന്ന നിർദ്ദേശങ്ങൾ നാം സ്വീകരിക്കണം.
  4. Instruments – നമ്മിലും, നമ്മിലൂടെ മറ്റുള്ളവരിലും ഈശോയുടെ അത്ഭുതങ്ങൾ സംഭവിക്കാൻ നാം ഉപകരണങ്ങളാകണം. വള്ളം, കൽഭരണികൾ, ജോലിക്കാർ എന്നിവർ ഉപകരണങ്ങളായതുപോലെ നാമും ഈശോയുടെ കയ്യിലെ ഏറ്റവും നല്ല ഉപകരണങ്ങളാകണം.
  5. Inspiration – ഈശോയിൽ വിശ്വസിക്കുവാൻ ശിഷ്യർക്ക് കാനായിലെ അത്ഭുതം പ്രചോദനമായതുപോലെ, നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ചെറുതും വലുതുമായ ദൈവത്തിന്റെ ഇടപെടലുകൾ നമുക്കും മറ്റുള്ളവർക്കും ഈശോയിൽ വിശ്വസിക്കുവാൻ പ്രചോദനമാകണം.

സമാപനം  

സ്നേഹമുള്ളവരേ, കാനായിലെ കല്യാണത്തിൽ നടന്ന അത്ഭുതം വെറുമൊരു സംഭവമായി കാണാതെ അതിന്റെ ആന്തരാർത്ഥം ഗ്രഹിക്കുവാനും നമ്മുടെ ജീവിതത്തെ നവീകരിക്കുവാനും നമുക്കാകണം. എന്റെ ജീവിതത്തിലേക്ക് ഇപ്പോഴും ഈശോയെ ക്ഷണിക്കുമെന്നും, ജീവിതത്തിന്റെ എല്ലാകാര്യങ്ങളിലും ഈശോയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്നും നമുക്ക് പ്രതിജ്ഞഎടുക്കാം. പരിശുദ്ധ അമ്മയിലൂടെ ഈശോയിലേക്കു നമുക്ക് ചെല്ലാം. ഈശോയുടെ കയ്യിലെ ഏറ്റവും നല്ല ഉപകരണങ്ങളാകാം. ഒപ്പം, നമ്മുടെ ജീവിതം മറ്റുള്ളവർക്ക് പ്രചോദനമാകത്തക്കവിധം നമ്മുടെ ജീവിതത്തെ മാറ്റിയെടുക്കാം. ഈശോ വെള്ളം വീഞ്ഞാക്കിയതുപോലെ, നമ്മുടെ മാനുഷിക അവസ്ഥകളെ അവിടുന്ന് ദൈവികമാകട്ടെ. ആമ്മേൻ!

SUNDAY SERMON Jn 1, 29 – 34

യോഹ 1, 29 – 34

സന്ദേശം 

Lamb of God - Royalty-free Stained Glass Stock Photo

വിശുദ്ധ യോഹന്നാന്റെ സുവിശേഷം ക്രിസ്തുവിന്റെ വ്യക്തിത്വം വെളിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിൽ എഴുതപ്പെട്ടിട്ടുള്ളതാണ്. ഈ ഉദ്ദേശ്യം പൂർത്തീകരിക്കുന്ന തരത്തിലാണ് സുവിശേഷകൻ രൂപകങ്ങളും, പ്രതീകങ്ങളും, വാക്കുകളും ഉപയോഗിച്ചിരിക്കുന്നത്. ഇന്നത്തെ സുവിശേഷഭാഗത്തും അത്തരത്തിലുള്ള ഒരു വിശേഷണമാണ് നാം കാണുന്നത് – ഈശോ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്!

യോഹന്നാൻ സുവിശേഷകൻ രൂപകങ്ങളുടെ, പ്രതീകങ്ങളുടെ, വാക്കുകളുടെ ബാഹ്യമായ വിശകലനത്തിലും വിവരണത്തിലും തങ്ങിനിൽക്കാതെ ആന്തരാർത്ഥത്തിലേക്ക് ചൂഴ്ന്നിറങ്ങി ഈശോയിൽ പൂർത്തിയാകുന്ന രക്ഷാകര രഹസ്യത്തെ അനാവരണം ചെയ്യാനാണ് ശ്രമിക്കുന്നത്.  ഇന്നത്തെ സുവുശേഷത്തിലെ ഈശോ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന രൂപകത്തിന്റെ ആന്തരാർത്ഥം ത്യാഗം ചെയ്യുന്നവൻ ക്രിസ്തു എന്നാണ്‌. സന്ദേശമാകട്ടെ, ക്രൈസ്തവ ജീവിതം ബലിയർപ്പിക്കപ്പെടുന്ന ഒരു കുഞ്ഞാടിന്റേതുപോലെ ത്യാഗനിർഭരമായിരിക്കണമെന്നതും.

വ്യാഖ്യാനം

വിശുദ്ധ സ്നാപക യോഹന്നാനാണ് ഈശോയെ ലോകത്തിനു പരിചയപ്പെടുത്തുന്നത്. ‘കർത്താവിനു വഴിയൊരുക്കുവിൻ എന്ന് മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമായ‘ സ്നാപകൻ ഉപയോഗിക്കുന്ന പേര് “ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്നാണ്‌.

‘കുഞ്ഞാട്’, എന്ന രൂപകം യഹൂദ മത പാരമ്പര്യത്തിൽ നിലനിൽക്കുന്നതാണ്. അത് യഹോവായ്ക്കുള്ള ബലിയർപ്പണവുമായി ബന്ധപ്പെട്ടു നിൽക്കുന്നതുമാണ്. യഹൂദ പശ്ചാത്തലത്തിൽ വിവിധതരം ബലിയർപ്പണങ്ങൾ ഉണ്ട്. ദഹനബലി, സമാധാനബലി, പാപപരിഹാരബലി എന്നിങ്ങനെ. ബലിയായി അർപ്പിക്കപ്പെടുന്നതിനു മുൻപ്, കുഞ്ഞാടിന്റെ തലയിൽ കൈവച്ചതിനുശഷമാണ് കുഞ്ഞാടിനെ അർപ്പിക്കുന്നത്. പുരോഹിതൻ അത് ദഹിപ്പിച് പാപങ്ങൾക്ക് പരിഹാരം ചെയ്യണം. അപ്പോൾ കുറ്റങ്ങൾ ക്ഷമിക്കപ്പെടും. (ലേവ്യർ 4, 35)

അതായത്, അന്നത്തെ മൃഗബലിയുടെ ലക്ഷ്യങ്ങൾ പാപപരിഹാരവും അതുവഴിയുള്ള വിശുദ്ധീകരണവുമായിരുന്നു. ഹെബ്രായരുടെ പുസ്തകത്തിൽ പറയുന്നത് “നിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണ് ശുദ്ധീകരിക്കപ്പെടുന്നത്. രക്തം ചിന്താതെ പാപമോചനമില്ല”. (ഹെബ്രാ 9, 22) എന്നാണ്.

‘കുഞ്ഞാട്’ യഹൂദ ക്രൈസ്തവ പാരമ്പര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പ്രതീകവും കൂടിയാണ്. അത് വിശുദ്ധിയുടെ, നിർമലതയുടെ, സ്നേഹത്തിന്റെ പ്രതീകമാണ്. കുഞ്ഞാട് നിഷ്കളങ്കതയെ, ലാളിത്യത്തെ പ്രതിനിധാനം ചെയ്യുന്നു. അത് പൂർണമായും മറ്റുള്ളവർക്ക് സമർപ്പിതമാണ്. മറ്റൊരുവാക്കിൽ, കുഞ്ഞാട് ത്യാഗത്തിന്റെ പ്രതീകമാണ്. കുഞ്ഞാടിന്റെ തലയിൽ കൈവച്ചു പാപങ്ങളെല്ലാം അതിലേക്കു ആവേശിപ്പിച്ചശേഷമാണ് ബലിയർപ്പിക്കുന്നത്‌. അപ്പോൾ കുഞ്ഞാട് പാപപരിഹാരവുമായിത്തത്തീരുന്നു.

ഇത്തരത്തിലുള്ള പ്രതീകാത്മക ഘടകങ്ങൾ ക്രിസ്തുവിലേക്കു ചേർക്കുമ്പോൾ ക്രിസ്തു ദൈവത്തിന്റെ കുഞ്ഞാടാകുന്നു; അവിടുന്ന് ത്യാഗത്തിന്റെ ആൾരൂപമാകുന്നു. ക്രിസ്തു മനുഷ്യന്റെ പാപങ്ങൾക്ക് പരിഹാരമാകുന്നു.

ശരിയാണ്. നമുക്ക് മൃഗബലിയുടെ ഒരു സംസ്കാരത്തെ ഉൾക്കൊള്ളുവാൻ സാധിക്കുകയില്ല. എന്നാൽ, അന്നത്തെ സമൂഹത്തിന്റെ മത സാംസ്കാരിക വളർച്ചയെ മനസ്സിലാക്കുവാനും അംഗീകരിക്കുവാനും കഴിയണം. ബുദ്ധിപരമായി ഒട്ടും വളരാത്ത ഒരു സമൂഹത്തിൽ, ശാസ്ത്രീയമായി ഉയർച്ചയില്ലാത്ത കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ആചാരങ്ങളും രീതികളും ഉണ്ടാകുകയെന്നത് സ്വാഭാവികമാണ്. നമുക്കിന്നു അതിനും അപ്പുറം നിൽക്കാനും കുഞ്ഞാട് എന്ന രൂപകത്തിന്റെ ആന്താരാർത്ഥം ഉൾക്കൊള്ളാനും സാധിക്കണം.

ദൈവത്തിന്റെ മഹാത്യാഗമാണ് പ്രപഞ്ചസൃഷ്ടിയും, പ്രപഞ്ചവും. ദൈവത്തിന്റെ മഹാസ്നേഹമാണ്, മഹാത്യാഗമാണ് ക്രിസ്തു, ദൈവത്തിന്റെ കുഞ്ഞാട്. “സ്വന്തം ഏകജാതനെ നൽകുവാൻ തക്കവിധം ഈ ലോകത്തെ സ്നേഹിക്കുന്ന ദൈവ”ത്തിന്റെ ത്യാഗമാണ് ക്രിസ്തു. ഈ ലോകത്തിന്റെ പാപപരിഹാരവും വിശുദ്ധീകരണവുമാണ് ക്രിസ്തു. വിശുദ്ധ പൗലോശ്ലീഹാ തിമൊത്തെയോസിനോട് പറഞ്ഞതുപോലെ, ഈ ക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസിനീയവും തികച്ചും സ്വീകാര്യവുമാണ്. ഈ ക്രിസ്തു തന്നെയാണ് സ്നാപകൻ പറഞ്ഞതുപോലെ ആത്മാവിനാൽ നിറഞ്ഞവനും, പരിശുദ്ധാത്മാവിനാൽ നമ്മെ സ്നാനം ചെയ്യുന്നവനും.

സ്നേഹമുള്ളവരേ, ക്രിസ്തുവിനെപ്പോലെ ത്യാഗത്തിന്റെ ആൾരൂപങ്ങളാകാനാണ് ഇന്നത്തെ ദൈവവചനം നമ്മെ ക്ഷണിക്കുന്നത്. ത്യാഗം മനുഷ്യജീവിതത്തിന്റെ സ്വഭാവം ആയതുകൊണ്ടാണ് ദൈവം ത്യാഗത്തിന്റെ വസ്ത്രം ധരിച്ചു ഈ ലോകത്തിലേക്കു വന്നത്. മാതാപിതാക്കൾ ഈ ലോകത്തിൽ ത്യാഗത്തിന്റെ ആൾ രൂപങ്ങളാണ്. കുടുംബത്തിനുവേണ്ടി, മക്കൾക്കുവേണ്ടി, അവർ സ്വയം ഇല്ലാതാകുകയാണ്. ഗർഭകാലത്തിലൂടെ കടന്നു ഒരമ്മ കുഞ്ഞിന് ജന്മം നൽകുന്ന അവസ്ഥ ത്യാഗത്തിന്റെ ഉന്നത രൂപമാണ്. പ്രകൃതിയിലെ വൃക്ഷങ്ങളും ത്യാഗത്തിന്റെ സൗന്ദര്യമാണ് പ്രഘോഷിക്കുന്നത്‌.

ക്രിസ്തു ലോകത്തിന്റെ കുഞ്ഞാട് എന്നതിന്റെ ആന്തരാർത്ഥം മനസ്സിലാക്കുവാനും ത്യാഗം നിറഞ്ഞ ക്രൈസ്തവ ജീവിതം നയിക്കുവാനും നാം ശ്രമിക്കണം.

ഇന്നത്തെ സാമൂഹ്യ സമ്പർക്കമാധ്യമങ്ങൾ നൽകുന്ന സന്ദേശം ഇതിനു കടക വിരുദ്ധമാണ്. അവർ പറയുന്നത്: “മറ്റുള്ളവർക്കുവേണ്ടി, സ്വന്തം താത്പര്യങ്ങൾ മാറ്റിവച്ചു ത്യാഗപൂർവം ജീവിക്കുന്നവർ വിഡ്ഢികളാണ്” എന്നാണ്‌. ഇന്നത്തെ ലോകം അവരെ വിളിക്കുന്നത്, ‘ജീവിക്കാതെ മരിക്കുന്നവർ’ എന്നാണ്‌. പക്ഷെ, ത്യാഗമാണ് നമ്മുടെ ജീവിതത്തെ മനോഹരമാക്കുന്നത് എന്ന്, ത്യാഗമാണ് നമ്മുടെ ജീവിതത്തെ ദൈവികമാക്കുന്നത്‌ എന്ന്, ത്യാഗമാണ് നമ്മുടെ യഥാർത്ഥ സ്വഭാവമെന്ന്‌ ഈ ലോകം അറിയുന്നില്ല.

സമാപനം   

സ്നേഹമുള്ളവരേ, നമ്മുടെ ക്രൈസ്തവ ജീവിതം ബലിയർപ്പിക്കപ്പെടുന്ന കുഞ്ഞാടിന്റെതുപോലെ ത്യാഗനിർഭരമായിരിക്കുവാൻ നമുക്ക് ശ്രമിക്കാം. ഓരോ വിശുദ്ധ കുർബാനയും നമ്മോടു പറയുന്നത് വിശുദ്ധ കുർബാന ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിന്റെ ത്യാഗത്തിന്റെ ആഘോഷമാണ് എന്നാണ്‌.

ഇന്നത്തെ വിശുദ്ധ കുർബാനയിൽ ഭക്തിപൂർവ്വം പങ്കെടുത്തു ത്യാഗത്തിന്റെ ക്രൈസ്തവജീവിതത്തിലേക്കു കൂടുതൽ കരുത്തോടെ നമുക്ക് നടന്നു പോകാം.

SUNDAY SERMON Mt 2, 1-12

മത്താ 2, 1 – 12

സന്ദേശം

Related image

ക്രിസ്തുമസ് അവധിക്കാലത്തിന്റെ ആലസ്യത്തിലാണെങ്കിലും ക്രിസ്തുമസിന്റെ സന്തോഷം ഇപ്പോഴും നമ്മുടെ ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ടു പിറവിക്കാലത്തിന്റെ ഒന്നാം ഞായറാഴ്ചയിലേക്കു നാം പ്രവേശിച്ചിരിക്കുകയാണ്. പിറവിക്കാലത്തെ ആദ്യ ഞായറാഴ്ചയിലെ സുവിശേഷം ഉയർത്തുന്നത് രണ്ടു ചോദ്യങ്ങളാണ്, നമ്മെ ചിന്തിപ്പിക്കേണ്ട രണ്ടു ചോദ്യങ്ങൾ. ഒന്ന്, നാളെ നമ്മെക്കുറിച്ചു ഈ ലോകം രേഖപ്പെടുത്തുന്നത് എന്തായിരിക്കും? രണ്ട്‌, ഇന്നത്തെ സുവിശേഷത്തിലെ ജ്ഞാനികളെപ്പോലെ ദൈവാന്വേഷികളായ ക്രൈസ്തവർ എന്നായിരിക്കുമോ?

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷഭാഗത്തിന്റെ ചരിത്രപരത അന്വേഷിച്ചുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിശുദ്ധ ഗ്രന്ഥത്തിൽ ചരിത്രം ഉണ്ടെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. ഹോറോദേസ് രാജാവിന്റെ പിന്നാലെ പോകുക എന്നതിനേക്കാൾ ജ്ഞാനികളുടെ പിന്നാലെ യാത്രചെയ്യാനാണ് ഞാൻ ആഗ്രഹിക്കുക. വിശുദ്ധ മത്തായി ഇവർ രാജാക്കന്മാർ എന്ന് പറഞ്ഞിട്ടില്ല, മൂന്നുപേരെന്നും പറഞ്ഞിട്ടില്ല. മൂന്നുപേരെന്നതു പാരമ്പര്യത്തിൽനിന്നു വന്നതാണ്. പൗരസ്ത്യ ദേശത്തുനിന്നുള്ള ജ്ഞാനികൾ എന്നാണു അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഒരു നക്ഷത്രത്തിന്റെ പിന്നാലെ ഇറങ്ങിത്തിരിച്ചവരാണെന്നുള്ളതുകൊണ്ടു അവർ ജ്ഞാനികൾ ആയിരിക്കണം. അന്നും ഇന്നും പൗരസ്ത്യദേശത്ത് ജ്യോതിഷം വേദത്തിന്റെ, വെളിപാടിന്റെ ഭാഗമാണ്.

ജ്യോതിഷത്തിന്റെ അറിവിൽനിന്നായിരിക്കണം, അവർ കണ്ടുപിടിച്ചത് യഹൂദന്മാർക്കു ഒരു രാജാവ് പിറന്നിരിക്കുന്നുവെന്നാണ്. അതിനു നിമിത്തമായതോ കിഴക്കു അവർ ദർശിച്ച അത്ഭുതകരമായ ഒരു നക്ഷത്രവും. ആ നക്ഷത്രത്തെ, ദൈവിക അടയാളത്തെ പിന്തുടർന്ന അവർ ഉണ്ണിയേശുവിനെ കാണുകയും ആരാധിക്കുകയും പൊന്നും കുന്തിരക്കവും മീറയും കാഴ്‌ചവയ്ക്കുകയും ചെയ്തു. ഇന്ന് അവർ അറിയപ്പെടുന്നത് വെറും ജ്ഞാനികൾ എന്ന് മാത്രമല്ല ലോകരക്ഷകനായി പിറന്ന ക്രിസ്തുവിനെ ധാരാളം പ്രതിസന്ധികൾ തരണം ചെയ്തു കണ്ടെത്തിയവർ എന്നാണ്.

സ്നേഹമുള്ളവരേ, നാളെ നമ്മെ, ക്രൈസ്തവരെ, ഈ ലോകം അറിയേണ്ടത് ക്രിസ്തുവിനെ കണ്ടെത്തി അവിടുത്തെ ആരാധിച്ചു, അവിടുത്തെ വചനങ്ങൾക്കനുസരിച്ചു ജീവിക്കുന്നവർ എന്നായിരിക്കണം. അതിനുവേണ്ടി ഈ ജ്ഞാനികളെപ്പോലെ നമുക്ക് ഒരു ഉറച്ച ലക്ഷ്യമുണ്ടായിരിക്കണം. we have to set a goal. അവർ പറയുന്നത് ശ്രദ്ധിക്കൂ. “ഞങ്ങൾ കിഴക്കു അവന്റെ നക്ഷത്രം കണ്ടു അവനെ ആരാധിക്കുവാൻ വന്നിരിക്കുകയാണ്”. രണ്ടാമത് നാം നമ്മുടെ ലക്ഷ്യത്തിനു എതിരായി വരുന്നവയെയെല്ലാം അകറ്റിനിർത്തണം. we have to avoid all the negatives. രാജകൊട്ടാരത്തിന്റെ ആഡംബരം, അസ്വസ്ഥനായ ഹേറോദേസ്, അദ്ദേഹത്തിന്റെ ഹിഡൺ അജണ്ടയോടെയുള്ള സംസാരം, എല്ലാം നെഗറ്റിവുകളാണ്. അവർക്കു അവയെ തട്ടിമാറ്റാൻ കഴിഞ്ഞു. മൂന്നാമത്തേത്, കഠിനാധ്വാനമാണ്. hard work. പൗരസ്ത്യദേശത്തുനിന്നു ഒട്ടകപ്പുറത്തുള്ള യാത്ര പകലുകൾ, രാത്രികൾ, തണുപ്പ്, ചൂട്…..എല്ലാം അവർക്കു തരണം ചെയ്യാൻ കഴിഞ്ഞു. നന്മ ചെയ്യുന്നവരായി, ദൈവാന്വേഷകരായി, ലോകം നമ്മെ അറിയുവാൻ ഇടയാകണം. നമ്മുടെ ജീവിതം മനോഹരമാകുവാൻ, ധന്യമാകുവാൻ നാം ഈ ജ്ഞാനികളെപ്പോലെയാകണം.

പത്തൊന്പതാം നൂറ്റാണ്ടിന്റെ ഒരു പ്രഭാതത്തിൽ സ്വീഡൻ കാരനായ ഒരു കെമിസ്റ്റ് ദിനപത്രത്തിലൂടെ കണ്ണോടിച്ചപ്പോൾ ഒരു വാർത്ത കണ്ടു ഞെട്ടിപ്പോയി. ചരമകോളത്തിൽ ദേ തന്റെ ഫോട്ടോയും വാർത്തയും! സമനിലവീണ്ടെടുത്ത അയാൾ വാർത്തയിലൂടെ കടന്നുപോയപ്പോൾ കണ്ടതോ മനസ്സിനെ തകർക്കുന്നതായിരുന്നു. അയാളെക്കുറിച്ചു അതിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു: “ഡൈനാമൈറ്റ് രാജാവ് മരിച്ചു”, “അയാൾ മരണത്തിന്റെ കച്ചവടക്കാരനായിരുന്നു”. പൊട്ടിത്തെറിച്ചു ഭീകരത സൃഷ്ടിക്കുന്ന, മരണം വിതക്കുന്ന ഡൈനാമൈറ്റ് കണ്ടുപിടിച്ചത് അയാളായിരുന്നു. ‘മരണത്തിന്റെ കച്ചവടക്കാരൻ എന്ന് വായിച്ചപ്പോൾ അയാൾ സ്വയം ചോദിച്ചു: “ഇങ്ങനെയാണോ ഞാൻ അറിയപ്പെടാൻ പോകുന്നത്” “ഇങ്ങനെയാണോ ഞാൻ എന്റെ മരണശേഷം അറിയപ്പെടേണ്ടത്?” ആ നിമിഷം   മുതൽ അയാൾ സമാധാനത്തിനുവേണ്ടി പ്രവർത്തിക്കാൻ തുടങ്ങി. ഇന്ന്, ആ ഡൈനാമൈറ്റ് രാജാവ്, ആൽഫ്രഡ്‌ നോബൽ അറിയപ്പെടുന്നത് ലോകത്തിലെ വലിയ അവാർഡായ നോബൽ പ്രൈസിന്റെ പേരിലാണ്.

സമാപനം

സ്നേഹമുള്ളവരേ, ഭാവിയിൽ ക്രൈസ്തവരായ   നാം എങ്ങനെയാണ് അറിയപ്പെടേണ്ടത്? ഏതു മൂല്യങ്ങളായിരിക്കും ജനങ്ങൾ നമ്മുടെ പേരിന്റെ കൂടെ പറയുക? മൂന്നു ജ്ഞാനികളെപ്പോലെ, അല്ലെങ്കിൽ ക്രിസ്തുവിനെ ദർശിച്ച ജ്ഞാനികളെപ്പോലെ, നല്ല ലക്ഷ്യങ്ങളുള്ള, തിന്മകളെ അകറ്റിക്കളയുന്ന, ദൈവത്തെ കാണാൻ കഠിനാധ്വാനം ചെയ്യുന്ന, ദൈവത്തിന്റെ സ്വരത്തിനനുസരിച്ചു പ്രവർത്തിക്കുന്ന വ്യക്തികളായി അറിയപ്പെടാനും ആയിത്തീരുവാനും നമുക്ക് സാധിക്കണം. എത്ര വലിയ titles ഉണ്ടായാലും, ലോകത്തിന്റേതായ രീതിയിൽ എങ്ങനെ അറിയപ്പെട്ടാലും നല്ല ക്രൈസ്തവരെന്ന, യഥാർത്ഥ ക്രൈസ്തവർ എന്ന title ഇല്ലായെങ്കിൽ എന്തുഫലം? സത്യം പറയുന്ന, നന്മ പ്രവർത്തിക്കുന്ന, കുടുംബത്തിന്റെ എല്ലാ കാര്യങ്ങൾക്കും ദൈവത്തിന്റെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കുന്ന നല്ല ക്രൈസ്തവരാകാൻ നമുക്കാകട്ടെ. ആമ്മേൻ!

SUNDAY SERMON – Christmas 2019

ക്രിസ്തുസ് 2019

Image result for images of christmas

ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് പുൽക്കൂടൊരുക്കി, ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു, വിശുദ്ധ കുർബാന അർപ്പിച്ചു, വീടുകളിൽ ക്രിസ്മസ് വിഭവങ്ങളൊരുക്കി, നാമിന്നു ക്രിസ്തുമസ് ആഘോഷിക്കുകയാണ്. എല്ലാവർക്കും ക്രിസ്തുമസ് മംഗളങ്ങൾ നേരുന്നു!

ലോകം മുഴുവനും സന്തോഷവും സമാധാനവും മാത്രം പ്രദാനംചെയ്യുന്ന വലിയൊരു ഉത്സവമാണ് ക്രിസ്തുമസ്. 2000 വർഷങ്ങൾക്കുമപ്പുറം മഞ്ഞണിഞ്ഞ രാവിൽ, മാലാഖാമാരുടെ ഹല്ലേലൂയാ അകമ്പടിയോടെ ദൈവപിതാവിന്റെ വാഗ്ദാനത്തിന്റെ സാക്ഷാത്കാരമായി ദൈവവചനം മാംസമായി ഭൂമിയിൽ പിറന്നതിന്റെ ഓർമയാണ് ക്രിസ്തുമസ്. ചരിത്രം ഉറങ്ങുന്ന ചെറുപട്ടണമായ ബെത്ലഹേമിൽ, അരമായ ഭാഷയിൽ അപ്പത്തിന്റെ ഭവനമെന്നും, അറബിക് ഭാഷയിൽ മാംസത്തിന്റെ ഭവനമെന്നും അർത്ഥമുള്ള ബെത്ലഹേമിൽ, യാക്കോബ് തന്റെ ഭാര്യയായ റാഹേലിലെ സംസ്കരിച്ച ഇടമായ ബെത്ലഹേമിൽ, ബോവാസ്സ് വിവാഹം കഴിച്ചപ്പോൾ റൂത്ത് താമസിച്ച സ്ഥലമായ ബെത്ലഹേമിൽ, ദാവീദിന്റെ പട്ടണത്തിൽ രക്ഷകൻ കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നുവെന്ന സകലജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാർത്തയുടെ അനുഭവംകൂടിയാണ് ക്രിസ്തുമസ്. ഈ സദ്‌വാർത്ത മാലാഖ ആട്ടിടയരെ അറിയിച്ചപ്പോൾ നമുക്കും ബെത്ലഹേമിലേക്കു പോകാം   സന്തോഷത്തിന്റെ ഈ മഹാസംഭവം കാണാമെന്നു പറഞ്ഞുകൊണ്ട് ഉണ്ണീശോയെ കാണുവാൻ ആട്ടിടയൻ പോയതുപോലെ, കിഴക്കുള്ള ജ്ഞാനികൾ ആകാശത്ത് അത്ഭുത നക്ഷത്രം കണ്ടു ഉണ്ണീശോയെ ആരാധിക്കാൻ വന്നതുപോലെ ലോകമെങ്ങുമുള്ള മനുഷ്യർ ഉണ്ണിയെ, ദൈവത്തെ കാണാനിറങ്ങുന്ന സുദിനമാണ് ക്രിസ്തുമസ്.

ലോകം മുഴുവനും നക്ഷത്രവിളക്കുകൾ തൂക്കി ഈ ക്രിസ്തുമസ് വലിയപെരുന്നാളായി ആഘോഷിക്കുമ്പോഴും ലോകരക്ഷകനായി പിറന്ന ദൈവത്തിനു കാലിൽതൊഴുത്തിൽ ഇടം കണ്ടെത്തേണ്ടി വന്നല്ലോ എന്ന ജാള്യത വിങ്ങുന്ന ഒരു വേദനയായി നമ്മുടെ മനസ്സിലുണ്ട്. സ്വാർത്ഥനായ മനുഷ്യൻ ഈ ഭൂമിയെ എന്റേതെന്നും, നിന്റേതെന്നും പറഞ്ഞു വെട്ടിപ്പിടിച്ചുകൊണ്ടും വെട്ടിത്തിരിച്ചുകൊണ്ടും ദൈവം എല്ലാവർക്കുമായി നൽകിയ ഭൂമി സ്വന്തം കാൽക്കീഴിൽ ഒതുക്കാൻ ശ്രമിച്ചതുകൊണ്ടാണ് ദൈവത്തിനു ഈ ഭൂമിയിൽ ഇടം ലഭിക്കാതെ പോയത്. അഹങ്കാരിയായ മനുഷ്യൻ വലിപ്പച്ചെറുപ്പങ്ങൾ നോക്കാതെ, മതത്തിന്റെയും ജാതിയുടെയും നിറവും വർണവും നോക്കാതെ എല്ലാം ദൈവം നൽകുന്നതാണെന്നും, നല്കപ്പെട്ടതെല്ലാം സഹോദരങ്ങൾക്കും അര്ഹതപ്പെട്ടതാണെന്നും ചിന്തിച്ചിരുന്നെങ്കിൽ സത്രത്തിനല്ലെങ്കിലും ദൈവത്തിനു സ്ഥലം ലഭിക്കുമായിരുന്നു. ദൈവത്തെ മറുതലിക്കുന്ന, പ്രവാചകരെ കൊള്ളുന്ന അന്നത്തെ ജനത്തിനെതിരെ ഇന്ന് നാം ധാർമികരോഷം കൊള്ളുമ്പോൾ ഓർക്കുക, ഇന്നും ദൈവം നമ്മിൽ ജനിക്കാൻ ആഗ്രഹിക്കുന്നു. അങ്ങനെ ജീവിതത്തിന്റെ ഓരോ നിമിഷവും ക്രിസ്മസ് സംഭവിക്കുവാൻ അവിടുന്ന് ആഗ്രഹിക്കുന്നു. അതിനായി ക്രിസ്തുവിനു ജനിക്കുവാൻ നാം നമ്മുടെ ജീവിതത്തിൽ ഇടം നൽകണം. ജീവിതസാഹ്യചര്യങ്ങളിൽ ക്രിസ്തുവിനു പിറവി കൊടുക്കണം.

അന്ന് ക്രിസ്തുമസ് സംഭവിക്കാൻ ഒരു കാരണമുണ്ടായിരുന്നു. സ്നേഹം മാത്രമായ, കാരുണ്യം മാത്രമായ ദൈവത്തിന്റെ ക്ഷമ. ക്രിസ്തുമസ് ദൈവം ഈ ലോകത്തോട് ക്ഷമിച്ചു എന്നതിന്റെ അടയാളമായിരുന്നു, ക്ഷമിക്കുന്നു എന്നതിന്റെ അടയാളമാണ്. മനുഷ്യനെ സൃഷ്ടിച്ചതിൽ പരിതപിക്കുന്ന, കരയുന്ന ദൈവം, മനുഷ്യനെ രക്ഷയിലേക്കു കൊണ്ടുവരുവാൻ മനുഷ്യനെ വെള്ളപ്പൊക്കത്തിലൂടെ, മരുഭൂമിയിലൂടെ, ഈജിപ്തിലെ, ബാബിലോണിലെ അടിമത്വങ്ങളിലൂടെ കടത്തിവിടുന്ന ദൈവം, താനയയ്ക്കുന്ന പ്രവാചകരെ കൊല്ലുന്നതുകണ്ടു വേദനിക്കുന്ന ദൈവം അവസാനം സമയത്തിന്റെ പൂർണതയിൽ മനുഷ്യനോട് ക്ഷമിച്ചു അവനെ, അവളെ രക്ഷിക്കുവാൻ ഭൂമിലേയ്ക്ക് എത്തുകയാണ്. ദൈവത്തിന്റെ ക്ഷമിക്കുന്ന സ്നേഹത്തിന്റെ പ്രകടനമാണ്, അതിന്റെ ആഘോഷമാണ് ക്രിസ്തുമസ്.

ക്രിസ്തുമസ് എന്നിൽ സംഭവിക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളു. ക്ഷമയുടെ പാതയിലേക്ക് പ്രവേശിക്കുക. സദാ ക്ഷമിച്ചുകൊണ്ടിരിക്കുക. ഉല്പത്തി പുസ്തകത്തിൽ ഏസാവും യാക്കോബും തമ്മിലുള്ള സഹോദരബന്ധത്തിന്റെ കഥ പറയുന്നുണ്ട്. രണ്ടുപേരും പരസ്പരം വഴക്കിട്ടും മത്സരിച്ചും കഴിഞ്ഞവർ. അവസാനം അനുജൻ ചേട്ടനെ വഞ്ചിച്ചു. ചേട്ടൻ തന്നെ കൊല്ലുമോയെന്ന പേടിയിൽ നാടുവിട്ടു. പിന്നെ കുറേനാളുകൾ കഴിഞ്ഞു ചേട്ടനോട് രമ്യപ്പെടുവാൻ അയാൾ വരുന്നുണ്ട്. യാബോക്ക് എന്ന പുഴയ്ക്കരികെ എത്തിയപ്പോൾ അയാൾ ഭാര്യമാരെയും മക്കളെയും മറ്റെല്ലാവരെയും അക്കരെകടത്തി ഒറ്റയ്ക്ക് ഇക്കരെ ഒരു രാത്ര് കഴിച്ചുകൂട്ടി. പിറ്റേന്ന് രാവിലെ നോക്കുമ്പോൾ ഏസാവ്‌ നാനൂറു പേരെയും കൂട്ടി വരുന്നു. അയാളുടെ മുട്ട് കൂട്ടിയിടിച്ചു. എങ്കിലും ഏസാവിനെ കണ്ടപ്പോൾ ഏഴുപ്രാവശ്യം നിലംമുട്ടെ വണങ്ങി അയാൾ. ഏസാവ്‌ അടുത്തുവന്നപ്പോൾ അയാളുടെ ബലിഷ്ഠമായ കാര്യങ്ങൾ യാക്കോബിന്റെ കഴുത്തിലേക്ക്‌ വച്ചു. അയാൾ വീണ്ടും ഞെട്ടി. തന്നെ ചേട്ടൻ കൊല്ലുമെന്ന് തന്നെ അയാൾ വിചാരിച്ചു. കാണുകളടച്ചു നിന്ന അയാൾ ആ കാര്യങ്ങൾക്കു ഭാരം കുറയുന്നതും അത് പഞ്ഞിപോലെ മൃദുലമാകുന്നതും അറിഞ്ഞു. വചനം പറയുന്നു: അവർ ഇരുവരും കരഞ്ഞു. അല്പം കഴിഞ്ഞു ഏശാവിന്റെ മുഖത്തേക്ക് നോക്കി യാക്കോബ് പറഞ്ഞു: ചേട്ടാ, അങ്ങിൽ ഞാനിപ്പോൾ ദൈവത്തിന്റെ മുഖം കാണുന്നു. യാക്കോബിന്‌ ക്രിസ്തുമസായി.

നമ്മുടെ ജീവിതത്തിൽ ക്രിസ്തുമസ് അനുഭവിക്കാനും ഈ ലോകത്തിൽ മറ്റുള്ളവർക്ക് ക്രിസ്തുമസ് അനുഭവവേദ്യമാക്കാനും ക്ഷമയുടെ കൃപയിലേക്കു കടന്നുവരുവാൻ നമുക്ക് കഴിയണം. ക്രൈസ്തവൻ ക്ഷമയുടെ ആൾരൂപമായി മാറേണ്ടവനാണ്. ക്രൈസ്തവൻ ഓരോ നിമിഷവും ഈ ഭൂമിയിൽ ക്രിസ്തുമസ് കൊണ്ടുവരേണ്ടവനാണ്. ദൈവത്തിന്റെ മുഖം ഈ ഭൂമിയിൽ പ്രത്യക്ഷമാക്കേണ്ടവനാണ്. മാതാപിതാക്കൾ മക്കളോട് ക്ഷമിക്കുമ്പോൾ, മക്കളുടെ മുൻപിൽ അവർ ദൈവത്തിന്റെ മുഖമാകുകയാണ്. ഭർത്താവ്, ഭാര്യയോട്‌, ഭാര്യ ഭർത്താവിനോട് ക്ഷമിക്കുമ്പോൾ അവർ ദൈവത്തിന്റെ മുഖമാകുകയാണ്. ക്രിസ്തുമസ്, ദൈവത്തിന്റെ മുഖം, സാന്നിധ്യം വീണ്ടും വീണ്ടും ഈ ഭൂമിയിൽ അവതരിപ്പിക്കുകയാണ്.

സ്നേഹമുള്ളവരേ, കണ്ടുമുട്ടുന്നവർക്കു ക്രിസ്തുമസ് ആകുവാൻ ദൈവത്തിന്റെ മുഖം ആകുവാൻ നമുക്കാകട്ടെ. ക്രൈസ്തവന്റെ പിണക്കങ്ങൾ ഒരിക്കലും  സൂര്യാസ്തമയത്തിനപ്പുറം പോകാൻ പാടില്ല. ക്രിസ്തുമതത്തിന്റെ സൗന്ദര്യം അതിൽ ക്രിസ്തുമസ്, ദൈവത്തിന്റെ ക്ഷമ ഉണ്ടെന്നുള്ളതാണ്. ക്രിസ്തുമതത്തിന്റെ സൗന്ദര്യം അത് ക്ഷമിക്കുന്നവരുടെ കൂട്ടായ്മ ആണെന്നുള്ളതാണ്.

അതുകൊണ്ടു ഈ ക്രിസ്തുമസ് ക്ഷമയുടെ ഉത്സവമാകട്ടെ. പരസ്പരം ക്ഷമിച്ചുകൊണ്ടു, ക്രിസ്തുമസ് കൊണ്ടുവരുവാൻ, ക്രിസ്തുമസിന്റെ സന്തോഷവും, സമാധാനവും കൊണ്ടുവരുവാൻ ക്ഷമിക്കുന്ന സ്നേഹമായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

Happy Christmas to all!

SUNDAY SERMON Mt 1, 18 – 24

മത്താ 1, 18 – 24

സന്ദേശം

Image result for images of Mt 1, 18-24

മംഗളവാർത്താക്കാലത്തിലെ അവസാനത്തെ ഞായറാഴ്ചയിലേക്കു നാം പ്രവേശിക്കുകയാണിന്ന്‌. അസ്വസ്ഥനായ, തന്റെ മുൻപിലുള്ള പ്രശ്നത്തെ എങ്ങനെ തരണംചെയ്യുമെന്ന ചിന്തയിൽ ശരിയായ ഉറക്കംപോലും നഷ്ടപ്പെട്ട വിശുദ്ധ യൗസേപ്പിതാവിനെ അവതരിപ്പിച്ചുകൊണ്ടാണ് ഇന്ന് ദൈവവചനം നമ്മോട്‌ സംവദിക്കുന്നത്.

ഭാരതം മുഴുവനും ഇന്നത്തെ സുവിശേഷത്തിലെ വിശുദ്ധ യൗസേപ്പിനെപ്പോലെ അസ്വസ്ഥമാണ്! സാഹചര്യങ്ങളുടെ, പ്രശ്നങ്ങളുടെ സ്വഭാവം വ്യത്യസ്തമാണെങ്കിലും വിശുദ്ധ യൗസേപ്പിതാവിന്റെ മുൻപിലും, ഇന്ന് ഭാരതത്തിന്റെ മുൻപിലും ഉള്ളത് വലിയൊരു വിപത്താണ്, പ്രശ്നമാണ് – ജീവിതത്തെ, ഒരു നാടിനെ മുഴുവൻ തകർത്തുകളയാവുന്ന വിപത്ത്! അതുകൊണ്ടുതന്നെ ഈ താരതമ്യം യുക്തിക്കു നിരക്കുന്നതുമാണ്. ഒന്ന്, ദൈവിക ഇടപെടലുകളുടെ ഭാഗമാണെങ്കിൽ, ഭാരതത്തിന്റേത് വെറും മാനുഷിക അഹങ്കാരത്തിന്റെ ഫലമാണെന്ന് മാത്രം. ഇതിനൊരു പരിഹാരമില്ലേയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്നത്തെ സുവിശേഷഭാഗവും അതിന്റെ സന്ദേശവും. ഇന്നത്തെ സുവിശേഷഭാഗം നമ്മോടു പറയുന്നത് ഇങ്ങനെയാണ്: പ്രശ്നങ്ങളല്ലാ, അവയോടുള്ള സമീപനം (approach) ആണ് പ്രശ്നങ്ങളെ മറികടക്കുവാൻ നമ്മെ സഹായിക്കുന്നത്. പ്രാധ്യാന്യം കൊടുക്കേണ്ടത് നമ്മുടെ താത്പര്യങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിനാണ്.

വ്യാഖ്യാനം

നിങ്ങൾക്കൊരു മാന്ത്രിക വടി കിട്ടിയാൽ, ആ വടിയോട് ഒരു കാര്യം നിങ്ങൾക്ക് ചോദിക്കാം എന്ന് പറഞ്ഞാൽ നിങ്ങൾ എന്തായിരിക്കും ചോദിക്കുക? എനിക്കറിയാം നാം confused ആയിപ്പോകും. നമുക്ക് ആയിരത്തിയൊന്നു പ്രശ്നങ്ങളുണ്ട്, ആഗ്രഹങ്ങളുണ്ട്. ഇതിലൊന്ന് തിരഞ്ഞെടുക്കാൻ നാം നന്നേ വിഷമിക്കും. അച്ചനെന്തായിരിക്കും ചോദിക്കുക? ഞാൻ മാന്ത്രിക വടിയോട് ചോദിക്കുക, ‘മാന്ത്രികവടി, ജീവിതപ്രശ്നങ്ങളെ എങ്ങനെ സമീപിക്കണമെന്ന്, നേരിടണമെന്ന് മനുഷ്യരെ പഠിപ്പിക്കുക’ എന്നായിരിക്കും.

ഏതൊരു സാധാരണ ചെറുപ്പക്കാരനെയുംപോലെ യൗസേപ്പും ആഗ്രഹിച്ചത് നല്ലൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു കുലത്തൊഴിലും ചെയ്തു സന്തോഷകരമായി ജീവിക്കുകയെന്നായിരുന്നു. അതിനുള്ള എല്ലാ തയാറെടുപ്പുകളും അയാൾ ചെയ്തു. അതിനിടയ്ക്കാണ് ഇടിത്തീപോലൊന്ന് സംഭവിച്ചത്. ‘താൻ വിവാഹം ചെയ്യാനിരിക്കുന്ന പെൺകുട്ടി പരിശുദ്ധാത്മാവിനാൽ ഗർഭണിയാണ്’. അവൾതന്നെയാണത് പറഞ്ഞതും.  അദ്ദേഹം തകർന്നുപോയിക്കാണണം. പിന്നെ ചിന്തയായി. ഈ പ്രശ്നത്തെ എങ്ങനെ നല്ല രീതിയിൽ പരിഹരിക്കാം.

അങ്ങനെ ആലോചിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലുണ്ടായി. എന്തുകൊണ്ട്? യൗസേപ്പ് നിലപാടുകളുടെ മനുഷ്യനായതുകൊണ്ട്. അദ്ദേഹം ദൈവത്തിൽ വിശ്വസിച്ചു. ദൈവം തന്നെ സഹായിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അദ്ദേഹം നീതിമാനായിരുന്നു. ഓരോരുത്തർക്കും അർഹതപ്പെട്ടത്‌ കൊടുക്കുക. എനിക്ക് അർഹതപ്പെട്ടതുമാത്രം ഞാൻ സ്വീകരിക്കുകയെന്നതായിരുന്നു നിലപാട്. എല്ലാവരെയും ബഹുമാനിക്കണം. ആരെയും അപമാനിക്കാതിരിക്കുക, എന്റെ വാക്കോ, സംസാരമോ, പ്രവൃത്തിയോ വഴി ആരെയും വേദനിപ്പിക്കാതിരിക്കുകയെന്നതായിരുന്നു നിലപാട്. ഇങ്ങനെ നല്ല നിലപാടുകളുടെ ഒരു മനുഷ്യൻ ജീവിതപ്രശ്നംകൊണ്ടു രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു വിഷമിക്കുന്നത് കാണുമ്പോൾ ഏതു ദൈവമാണ് അവന്റെ മുൻപിൽ പ്രത്യക്ഷപ്പെടാതിരിക്കുക!

ദൈവം പ്രത്യക്ഷപ്പെട്ടു. തന്റെ ജീവിത പ്രശ്നം പരിഹരിക്കുവാൻ അവനു വെളിച്ചം കിട്ടി. തന്റെ പ്രശ്നം പരിഹരിക്കുവാൻ, അതിനെ ചെറുതാക്കുവാൻ അവൻ ദൈവത്തിന്റെ ഇഷ്ടത്തോളം വലുതാകുവാൻ തീരുമാനിച്ചു. അങ്ങനെയേ നമുക്ക് പ്രശ്നങ്ങളെ പരിഹരിക്കുവാൻ കഴിയൂ. പ്രശ്നങ്ങളെക്കാൾ വലുതാകുക, ദൈവേഷ്ടത്തോളം വലുതാകുക. അപ്പോൾ പ്രശ്നങ്ങൾ ചെറുതായി അപ്രത്യക്ഷമാകും. വചനം പറയുന്നു: അവൻ നിദ്രയിൽ നിന്നുണർന്ന് ദൈവത്തിന്റെ ദൂതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു.

യൗസേപ്പിനെപ്പോലെ നല്ല നിലപാടുകളുടെ മനുഷ്യരാണ് നാമെങ്കിൽ നമ്മിലും ദൈവിക ഇടപെടലുകളുണ്ടാകും. ഇടപെടലുകളുണ്ടാകുന്നുണ്ട്. നാം കാണുന്നില്ല, മനസ്സിലാക്കുന്നില്ല എന്നുമാത്രം. നാം drive ചെയ്തു പോകുമ്പോൾ ഒരു അപകടം കാണുന്നു. ദൈവത്തിന്റെ ഇടപെടലാണ്. പക്ഷെ നാം അത് അവഗണിച്ചു speed up ചെയ്യുന്നു. അപകടം ഉണ്ടാകുന്നു. പ്രളയം വന്നു. സകലതും വെള്ളത്തിലായി. എന്നിട്ടും മനുഷ്യൻ മുറ്റമായ മുറ്റങ്ങളെല്ലാം ടൈൽസ് ഇട്ടു മൂടുകയാണ്‌. ദൈവത്തിന്റെ ഇടപെടലുകളെ കാണാനും മനസ്സിലാക്കാനും അതനുസരിച്ചു ദൈവേഷ്ടത്തോളം വലുതാവാനും കഴിയണം.

സ്നേഹമുള്ളവരേ, ക്രൈസ്തവർ പ്രശ്നങ്ങളെ പരിഹരിക്കേണ്ടത്, ഒരു നല്ല മനുഷ്യൻ പ്രശ്നങ്ങളെ പരിഹരിക്കേണ്ടത് ഇങ്ങനെയാണ്. ആദ്യം തന്നെ നല്ല നിലപാടുകളുണ്ടായിരിക്കണം. ഹിഡൺ അജണ്ടയുമായി, സ്വാർത്ഥ നിലപാടുകളോടെ നീങ്ങിയാൽ ഒരു രാജ്യത്ത്, ഒരാളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഒഴിഞ്ഞിട്ട് സമയമുണ്ടാകില്ല. എന്നാൽ നല്ല നിലപാടുകളോടെ, ദൈവമഹത്വത്തിനായി, ജനത്തിന്റെ, കുടുംബത്തിന്റെ, സമൂഹത്തിന്റെ നന്മയ്ക്കായി ദൈവേഷ്ടത്തോളം നമ്മെത്തന്നെ വലുതാക്കുകയാണെങ്കിൽ കാർമേഘങ്ങൾ കാറ്റിനാലെന്നപോലെ പ്രശ്നങ്ങൾ ഒഴിഞ്ഞുപോകും. അതിലുമുപരി പ്രശ്നങ്ങൾ വളരെ നിസ്സാരമാണെന്നു നമുക്ക് തോന്നും. സ്വന്തം പ്രശ്നങ്ങൾക്ക് മുൻപിൽ പുഞ്ചിരിച്ചുകൊണ്ട് നിന്ന ആളോട് ജനം ചോദിച്ചു: “നിനക്കെങ്ങനെ ചിരിക്കാൻ കഴിയും”? അയാൾ പറഞ്ഞു: എന്റെ പ്രശ്നങ്ങൾ എന്റെ മുൻപിൽ വലുതും ഞാൻ ചെറുതും ആയിരിക്കാം. പക്ഷെ, എന്റെ ദൈവത്തോട് ചേർന്ന് നിൽക്കുമ്പോൾ എന്റെ പ്രശ്നങ്ങൾ ചെറുതും ഞാൻ വലുതുമാണ്. പിന്നെ എങ്ങനെയാണ് ഞാൻ പുഞ്ചിരിക്കാതിരിക്കുക!”

ഒരിക്കൽ മഹാനായ മുഗൾരാജാവ് അക്ബർ ഭിത്തിയിൽ ഒരു വര വരച്ചു. രാജാവ് എന്താണ് ചെയ്യുന്നതെന്ന് അറിയാതെ സംശയിച്ചുനിന്ന ജ്ഞാനികളോടായി അദ്ദേഹം ചോദിച്ചു: “ഈ വരയെ തൊടാതെ ഇതിനെ ചെറുതാക്കണം”. അവരാകെ വിഷമാവസ്ഥയിലായി. ഇതെന്തു ചോദ്യമാണ്? വരയെ തൊടാതെ എങ്ങനെ അതിനെ ചെറുതാക്കും? അവർ കൂടിയിരുന്നു ആലോചിച്ചു. അപ്പോൾ രാജസഭയിലെ ജ്ഞാനികളിലൊരാളായ ബീർബൽ മുന്നോട്ടുവന്ന് രാജാവ് വരച്ച വരയ്ക്കു അരികെ, അതിനെ തൊടാതെ വലിയ ഒരു വര വരച്ചു – വലിയൊരു വര! ബീർബൽ വലിയ വര വരച്ചപ്പോൾ രാജാവ് വരച്ച വര ചെറുതായിത്തീർന്നു.

നമ്മുടെ പ്രശ്നങ്ങൾ രാജാവ് വരച്ച വരപോലെ ചെറുതാക്കാൻ പറ്റാതെ, അങ്ങനെ ഒരു പ്രഹേളികയായി നിൽക്കും. ഈ ലോകം നമ്മുടെ മുൻപിൽ ചെറുതാക്കാൻ പറ്റാത്ത പ്രശ്നങ്ങളുമായി അങ്ങനെ നിൽക്കും. ഇതിനെ ചെറുതാക്കാൻ, ഇല്ലാതെയാക്കാൻ അല്ലെങ്കിൽ മറികടക്കാൻ ഒരേയൊരു വഴിയേയുള്ളൂ. നാം ദൈവേഷ്ടത്തോളം വലുതാകുക. അപ്പോൾ പ്രശ്നങ്ങൾ ചെറുതാകും. ചെറുതായി, ചെറുതായി, ചെറുതായി…..അതവിടെയില്ലാഎന്നാ ഒരു അവസ്ഥയിലെത്തും. നിങ്ങൾ ദൈവേഷ്ടമാകുകയും പ്രശ്നങ്ങൾ അപ്രത്യക്ഷമാകുകയും ചെയ്യുമപ്പോൾ. നിങ്ങൾ ദൈവേഷ്ടമാകണം. അപ്പോൾ ലോകത്തിന്റെ ഇഷ്ടം മാറിപ്പോകും. “ഇനി ഞാനല്ല, ക്രിസ്തുവാണ് എന്നിൽ ” എന്ന് നാം പറയണം. അപ്പോൾ, ക്രിസ്തു നമ്മുടെ വഴികളിലെ പ്രകാശമാകും. നമ്മുടെ ജീവിതത്തിന്റെ ശക്തിയാകും.

സമാപനം

സ്നേഹമുള്ള ക്രൈസ്തവരെ, ഇതാണ് ഇന്നത്തെ സുവിശേഷം, വിശുദ്ധ യൗസേപ്പ് നമ്മെ പഠിപ്പിക്കുന്നത്. ഇന്നത്തെ സുവിശേഷത്തിന്റെ ആരംഭം എങ്ങനെയായിരുന്നു? “യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു”. ഇപ്രകാരമേ ക്രിസ്തുവിന്റെ ജനനം ഈ ഭൂമിയിൽ സാധ്യമാകൂ. ജീവിതപ്രശ്നങ്ങൾക്കിടയ്ക്കു ആലോചനയിൽനിന്നുണർന്നു, ചിന്തയിൽനിന്നുണർന്നു ദൈവം എന്താണ് എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന് ചോദിക്കുവാൻ, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ നാം തയ്യാറാകണം. ഇത് എളുപ്പമുള്ള കാര്യമല്ല. പക്ഷെ, നല്ല നിലപാടുകളുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക്, നമുക്ക് അത് സാധിക്കും. ദൈവേഷ്ടത്തോളം വലുതായി, പ്രശ്നങ്ങളെ ചെറുതാക്കുവാൻ നിങ്ങൾക്ക്, നമുക്ക് സാധിക്കും.

നമുക്ക് വിശുദ്ധ കുർബാന തുടരാം. നമ്മുടെ ജീവിതത്തെ ജീവിത പ്രശ്നങ്ങളെ, ഭാരതത്തെ, നാടിന്റെ പ്രശ്നങ്ങളെ അപ്പത്തിനോടും വീഞ്ഞിനോടുമൊപ്പം ബലിപീഠത്തിൽ അർപ്പിക്കാം. ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവേഷ്ടത്തോളം വലുതാകുവാൻ ക്രിസ്തു നമ്മെ അനുഗ്രഹിക്കട്ടെ. ആമ്മേൻ!

PREDIGT – WEIHNACHTEN -19

Weihanchten 2019Image result for images of frohe weihnachten

Wir feiern heute das Weihnachtsfest. Unser Herz ist erfüllt mit Freude über Freude. Weil Gott heruntergekommen ist! Er ist heruntergekommen, nicht in einen Palast, in einen Tempel oder in eine Kathedrale,  sondern in die Armseligkeit einer Hütte, in the simplicity of a Stall, als ein Mitleidender Mensch ist er zu uns gekommen!

Warum sind wir heute froh, warum feiern wir das Weihnachtsfest voller Freude? Weil wir in unserem Leben feststellen, dass es gar nicht möglich ist, Gott aus unserem Leben auszuschließen, wie es nicht möglich ist, die grauen Gehirnzellen von den blutroten Fasern unseres Herzens zu trennen. Schon deshalb bin ich froh, gelegentlich sagen zu können: Ich habe Gott in meinem Leben erfahren. Er hat für mich Großes getan. Sei gepriesen Gott in der Höhe!!

Zusammen mit allen Christen in der Welt stelle ich mir heute einen Gott vor, als einen heruntergekommenen Gott, der die Sprache der Steine, der Bäumen, der Blumen, der Tiere und der  Menschen versteht. Ich stelle mir einen Gott vor, der in die Menschen verliebt ist, die er geschaffen hat. Im Johannes Evangelium Kapital 3, Vers 16 lesen wir: Gott hat die Welt so sehr geliebt, dass er seinen einzigen Sohn hingab…“ Und in Jeremia sagt Gott: „Mein Herz schlägt für ihn, für meinen Sohn.“  Deshalb: Weihnachten ist Gottes Herz schlägt für uns! Weihnachten ist eine Feier der Liebe. Gottes Herz schlägt für dich, für mich.

Können Sie so etwas vorstellen und sich bewundern? Die ganze Welt ist heute an einem Punkt konzentriert: an Jesuskind in der Krippe! Die Natur, Weihnachtsbäumen, Weihnachtssternen, die Schnee- alles sagt uns: das Christkind ist da! Gott hat uns gesegnet, noch einmal das große Ereignis zu erfahren, den Gesang der Engel zu hören, die Freude der Hirten zu erleben.

Die Engel, die Hirten, sie alle haben damals versucht, die Weihnachtsfreude, die das Christkind ihnen geschenkt hat, weiter zu schenken. Dies jährige Weihnachten fruchtbar zu feiern, fragen Sie: „Wie auch ich dem Kind eine Freude bereiten könnte? Wenn unser Herz für Gott, für unseren Mitmenschen schlagen kann, dann können wir dem Kind eine Freude bereiten, dann können wir das Weihnachten richtig feiern. Auf einem der Kontinente, wenn ein Kind nach Nahrung schreit und wenn dein Herz weint, wenn dein Herz für dieses Kind schlägt, dann kannst du Weihnachten in dir spüren. In dem Moment, in dem dein Herz für andere schlägt, bringst du Weihnachten auf diese Erde.  

Wenn Sie den  Menschen helfen,  ihr  Leben menschenwürdig zu führen, ihre Gefühle zu verstehen, dann lächelt Gott und du bringst Weihnachten auf diese Erde!. Das Erste und Letzte, das Höchste und Entscheidende unseres Lebens ist unsere Bereitschaft für andere da zu sein, wie Gott für uns immer da ist; unsere Bereitschaft für andere Freude zu bringen, unsere Bereitschaft klein zu werden, um in die Nähe der anderen zu kommen. Das ist die  Liebe Gottes, die ich am Weihnachten erfahre. Er hat seine Größe hergegeben und er ist für mich herunter gekommen! Das ist die Geschichte von Gott – die schönste Liebesgeschichte, die ich kenne.

Liebe Mitchristen, in diesem Gottesdienst versuchen Sie die Weihnachtsfreude zu erfahren. In der Stille wächst die Freude. In der Stille wachsen kleine Aufmerksamkeiten, die wenig Zeit brauchen, aber sehr wirksam sind: ein gutes Wort, ein freundliches Gesicht, ein Verständnisvolles Zuhören, ein Besuch, ein überraschender Telefonanruf, ein Weihnachtsgeschenk, eine nette Karte, eine WhatsApp Nachricht. Lasst uns die Freude, die Christkind heute uns schenkt, weiter schenken; Lass die Welt mit der Freude Gottes erfüllt sein. Nimm dir Zeit, ein guter Mensch zu sein für alle, die du heute, morgen, jeden Tag deines Lebens begegnen! Amen!

Communicate with love!!