SUNDAY SERMON FEAST OF CHRIST THE KING 2026

ക്രിസ്തുവിന്റെ രാജത്വ തിരുനാൾ 2026

“പ്രപഞ്ചനാഥനായ നമ്മുടെ കർത്താവ് യേശുക്രിസ്തുവിന്റെ തിരുനാൾ” എന്ന് വിശേഷിക്കപ്പെടുന്ന ക്രിസ്തുരാജന്റെ തിരുനാൾ കത്തോലിക്കാ സഭയുടെ ആരാധനാക്രമ വത്സരത്തിന്റെ പരിസമാപ്തിയാണ്.  മംഗളവർത്താക്കാലത്തിന് തൊട്ടുമുമ്പുള്ള ഞായറാഴ്ച ആചരിക്കപ്പെടുന്ന ഈ തിരുനാൾ, ഒരു ആരാധനക്രമ വർഷത്തിന്റെ സമാപനത്തെയും അടുത്ത വർഷത്തേക്കുള്ള ഒരുക്കങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയായി വർത്തിക്കുന്നു.

ഒറ്റ നോട്ടത്തിൽ, രാജകീയ പദവികളൊന്നും ക്രിസ്തുവിന് ചേർന്നതല്ല.  കാലിത്തൊഴുത്തിൽ ജനിക്കുകയും തന്റെ അനുയായികളുടെ പാദങ്ങൾ കഴുകിക്കൊടുക്കുകയും ചെയ്ത ക്രിസ്തുവും, രാജാവ് എന്ന തലക്കെട്ടും തമ്മിൽ ഒരു വൈരുദ്ധ്യം തോന്നാം. എന്നാൽ ക്രിസ്തീയ ദൈവശാസ്ത്രത്തിൽ, “രാജത്വം” എന്ന വാക്കിന് പുതിയ അർത്ഥം നൽകിക്കൊണ്ട് ഈ വൈരുദ്ധ്യം നാം പരിഹരിക്കുകയാണ്.

സമ്പത്തോ, നിർബന്ധപ്രയോഗമോ, സൈനിക ശക്തിയോ ഉപയോഗിച്ച് ഭരണം നടത്തുന്ന ലൗകിക രാജാക്കന്മാരിൽ നിന്ന് വ്യത്യസ്തമായി, ക്രിസ്തുവിന്റെ അധികാരം ആത്മത്യാഗം, സത്യം, സ്നേഹം എന്നിവയിൽ അധിഷ്ഠിതമായിട്ടാണ് നാം ക്രൈസ്തവർ മനസിലാക്കുന്നത്.

രാഷ്ട്രീയമല്ല, ആത്മീയമായ ഒരു മണ്ഡലത്തിൽ നിന്നുകൊണ്ടാണ് ക്രിസ്തു രാജാവ് എന്ന ചിന്തയെ നാം ചിന്തേരിട്ട് മിനുക്കേണ്ടത്.  പൊന്തിയോസ് പീലാത്തോസിനു മുന്നിൽ വിചാരണ നേരിടുമ്പോൾ യേശു പറഞ്ഞതുപോലെ (യോഹന്നാൻ 18:36), ‘ക്രിസ്തുവിന്റെ രാജ്യം ഈ ലോകത്തിന്റേതല്ല.’ ഏതെങ്കിലും ലൗകിക രാഷ്ട്രത്തോടോ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടോ എന്നതിലുപരി, നീതി, കരുണ, സമാധാനം തുടങ്ങിയ ആത്മീയ മൂല്യങ്ങളോടാണ് ക്രിസ്ത്യാനികൾക്ക് ഒന്നാമതായി കൂറുള്ളതെന്ന് ഈ തിരുനാൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

ചരിത്രം മതവർഗീയ സിദ്ധാന്തങ്ങൾകൊണ്ടും, ഫാസിസിസ്റ് മനോഭാവങ്ങൾകൊണ്ടും തിരുത്തിക്കുറിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഭാരത ക്രൈസ്തവർക്ക് ഈ ക്രിസ്തുരാജ തിരുനാൾ വളരെ പ്രധാനപ്പെട്ടതാണ്. കരണമെന്താണെന്നോ? അത് കണ്ടെത്തണമെങ്കിൽ ഈ തിരുനാൾ രൂപപ്പെട്ടതിന്റെ ചരിത്രത്തിലൂടെ ഒന്ന് കടന്നുപോകണം.

ഈ തിരുനാൾ താരതമ്യേന ആധുനികമാണ്; 1925-ൽ ‘ക്വാസ് പ്രിമാസ്’ (Quas Primas) എന്ന ചാക്രികലേഖനത്തിലൂടെ മാർപ്പാപ്പ പീയൂസ് പതിനൊന്നാമനാണ് ഇത് സ്ഥാപിച്ചത്. ഈ തിരുനാൾ ഉണ്ടായ പശ്ചാത്തലം കേൾക്കുമ്പോൾ നിങ്ങൾക്ക് തോന്നും, ഹേയ് ഇത് ഇന്നത്തെ കാലഘട്ടമല്ലേ എന്ന്.

ഒന്നാം ലോകമഹായുദ്ധാനന്തരമാണ് കാലഘട്ടം.  യൂറോപ്പിൽ തീവ്ര ദേശീയതയും, അധികാരികളുടെ ഏകാധിപത്യ പ്രവണതകളും, പൗരന്മാരിൽ നിന്ന് സമ്പൂർണ്ണ വിധേയത്വം ആവശ്യപ്പെടുന്ന കാലം. മതതീവ്രവാദ പ്രത്യയശാസ്ത്രങ്ങളും, ക്രൂരമായ നടപടികളും അരങ്ങു തകർക്കുന്ന കാലം. ഫാസിസം, കമ്മ്യൂണിസം ശക്തിപ്രാപിച്ചുവരുന്ന സമയം. സാധാരണ ജനങ്ങൾക്ക് സ്വാതന്ത്ര്യം, സമത്വം നീതി എന്നിവ കാണാക്കനിയായിരുന്ന കാലം! മനുഷ്യജീവന് ഒരു വിലയും കൽപ്പിക്കാതെ അധികാരികൾ അക്രമത്തിന്റെ തേരോട്ടം നടത്തിയപ്പോൾ, അഹങ്കാരത്തിട്നെ കുതിരപ്പുറത്ത് മനുഷ്യത്വമില്ലായ്മയുടെ വാളും ചുഴറ്റി യാത്ര ചെയ്തപ്പോൾ, മനുഷ്യ മനസ്സാക്ഷിയുടെ മേൽ ഒരു ഭരണകൂടത്തിനോ ഏകാധിപതിക്കോ രാഷ്ട്രീയ പാർട്ടിക്കോ പരമാധികാരമില്ലെന്ന് ക്രിസ്ത്യാനികളെ ഓർമ്മിപ്പിച്ചുകൊണ്ട്, ദൈവശാസ്ത്രപരമായ ഒരു പ്രതിരോധമെന്ന നിലയിലാണ് പീയൂസ് പതിനൊന്നാമൻ ഈ തിരുനാൾ സ്ഥാപിച്ചത്. അന്നുമുതൽ ഇന്നോളം ക്രൈസ്തവ ലോകം ക്രിസ്തുവിനെ ഈ ലോകത്തിന്റെ, ക്രൈസ്തവകുടുംബങ്ങളുടെ, തങ്ങളുടെ ജീവിതത്തിന്റെ രാജാവായി സ്വീകരിച്ചിരിക്കുകയാണ്. 

എന്താ, ഈ തിരുനാളിന് ഇന്നും പ്രസക്തിയുണ്ടെന്ന് തോന്നുണ്ടോ? പ്രസക്തിയുണ്ട്. ഇന്നും. ഇന്നത്തെ രാഷ്ട്രീയ, മത, സാംസ്‌കാരിക സാഹചര്യത്തിൽ ഓരോ ക്രൈസ്തവനും, മനുഷ്യ മനസ്സാക്ഷിയുടെ മേൽ ഒരു ഭരണകൂടത്തിനോ ഏകാധിപതിക്കോ രാഷ്ട്രീയ പാർട്ടിക്കോ പരമാധികാരമില്ലെന്ന്, ദൈവമാണ് എല്ലാത്തിന്റെയും നാഥൻ എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ക്രിസ്തുവിന്റെ രാജത്വ തിരുനാൾ ആഘോഷിക്കണം! ഇന്നത്തെ രാഷ്ട്രീയ, മത, സാമൂഹ്യ സാംസ്‌കാരിക സാഹചര്യത്തിൽ ഈ തിരുനാളിന്റെ പ്രസക്തി വാക്കുകൾക്കതീതമാണ് പ്രിയപ്പെട്ടവരേ!

ക്രിസ്തു രാജാവാണ് എന്നത് തിരുസഭയിൽ വൈകിവന്ന ഒരാശയമല്ല. ഗബ്രിയേൽ ദൂതൻ പരിശുദ്ധ അമ്മയോട് മംഗളവാർത്ത അറിയിച്ചപ്പോൾ തന്നെ ക്രിസ്തുവിന്റെ രാജത്വം പ്രഖ്യാപിച്ചിരുന്നു. “നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും… അവൻ വലിയവൻ ആയിരിക്കും. അത്യുന്നതന്റെ പുത്രനെന്ന് വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും.  യാക്കോബിന്റെ ഭവനത്തിന്മേൽ അവൻ എന്നേയ്ക്കും ഭരണം നടത്തും.” (ലൂക്കാ 1, 31-32) വിശുദ്ധ പൗലോശ്ലീഹ തിമോത്തിയോസിനെഴുതിയ ഒന്നാം ലേഖനത്തിൽ ക്രിസ്തുവിനെ “രാജാക്കന്മാരുടെ രാജാവും, പ്രഭുക്കന്മാരുടെ പ്രഭുവും” (King of kings and lord of lords) എന്ന് വിശേഷിപ്പിക്കുന്നുണ്ട് (6, 15). AD 314 ൽ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരനായ എവുസേബിയൂസ് (Eusebius) ക്രിസ്തുവിനെ രാജാവായി അവതരിപ്പിക്കുന്നുണ്ട്.

എന്നാൽ, ആ അവതരണം രാജത്വത്തിന്റെ സാമാന്യ അർത്ഥങ്ങളിൽ നിന്നും വ്യത്യസ്തമാണെന്ന് മാത്രം. നാം കണ്ടുകൊണ്ടിരിക്കുന്ന രാജാവ്, നേതാവ് എന്ന പദങ്ങളെ വിശേഷിപ്പിക്കാൻ ധാർഷ്ട്യമെന്ന പദംപോലും മതിയാകില്ല. എന്തിന്, ചില ആളുകളിൽപോലും രാജത്വം അതിന്റെ സർവ ഹിംസയിലും നമുക്ക് കാണാൻ സാധിക്കും. മനുഷ്യർ ദേഷ്യം പ്രകടിപ്പിക്കുന്ന രീതികൾ, സംസാരിക്കുമ്പോൾ കൈ ഉയർത്തുന്നത്, ചുമല് വെട്ടിക്കുന്നത്, പുരികങ്ങൾ ഉയർത്തുന്നത് , തലവെട്ടിക്കുന്നത് ഒക്കെ കാണുമ്പോൾ രാജത്വം ഇന്നും അതിന്റെ സർവ്വ പ്രതാപത്തിലും അരങ്ങുവാഴുന്നുണ്ട് എന്ന് തോന്നിപ്പോകും!!!

നാമിന്ന് രാജാക്കന്മാരുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്ന നസ്രത്തുകാരൻ ഈശോ പക്ഷേ, അങ്ങനെയുള്ള രാജത്വ മുദ്രകൾ വഹിക്കുന്ന ഒരാളല്ല. അവിടുന്ന് വഹിക്കുന്ന രാജ മുദ്ര വിനയത്തിന്റേതാണ്. പ്രാർത്ഥനയെക്കുറിച്ച് പഠിച്ചപ്പോൾ വിനയത്തിന്റെ ശരീരഭാഷയാണ് പ്രാർത്ഥനയ്ക്ക് വേണ്ടത് എന്നാണ് ഈശോ പറഞ്ഞത്. അതുകൊണ്ടാണ് പ്രാര്ഥിക്കാൻപോയ രണ്ടുപേരുടെ കഥ ഈശോ പറഞ്ഞത്. ക്രിസ്തുവിൽനിന്ന് നമ്മൾ കണ്ടുപഠിക്കേണ്ട പ്രധാനഗുണം എന്താണെന്നാണ് അവിടുന്ന് പറഞ്ഞത്? “ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും, എന്നിൽ നിന്ന് പഠിക്കുകയും ചെയ്യുവിൻ.” ഈശോയുടെ ജനനംമുതൽ ഏതാണ്ട് മരണംവരെ കൂട്ടുവരുന്ന മൃഗങ്ങളും പറഞ്ഞുതരുന്ന സന്ദേശവും ഇതുതന്നെയാണ്: വിനയത്തിന്റെ! ഓശാന ഞായറാഴ്ചയിലെ രാജകീയ വരവേൽപ്പ് കണ്ടപ്പോൾ ശിഷ്യന്മാർ ഓർത്തത് ഗ്രീക്ക്-റോമൻ രാജാക്കന്മാരെയല്ല. തിരുവചനമാണ്, സഖറിയാസ് പ്രവാചകന്റെ പ്രവചനമാണ്. “സീയോൻപുത്രിയേ ഉച്ചത്തിൽ ആനന്ദിക്കുക…ഇതാ നിന്റെ രാജാവ് നിന്റെ അടുക്കലേക്ക് വരുന്നു. അവൻ നീതിമാനും, ജയശാലിയും താഴ്മയുള്ളവനുമായി കഴുതപ്പുറത്ത് …” മീനിന്റെ ഉളുമ്പുനാറ്റം തികട്ടിവരുന്ന മുക്കുവ ശിഷ്യരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ മാതൃക കാണിച്ചു തന്നുകൊണ്ട് ഈ ഭൂമിയിലൂടെ കടന്നുപോയ ആ ദൈവപുത്രനെ രാജാക്കന്മാരുടെ രാജാവ് എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്!!

ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഭരിക്കപ്പെടുന്ന ജനാധിപത്യത്തിന്റെ ഈ കാലഘട്ടത്തിൽ ഈശോയെ രാജാവായിക്കാണുക അത്ര എളുപ്പമല്ല. അതുമാത്രമല്ല, നല്ല രാജാക്കന്മാർ ധാരാളം ചരിത്രത്തിൽ ഉണ്ടെങ്കിലും, രാജാവെന്നു കേൾക്കുമ്പോൾ അടിമത്തത്തിന്റെ, ക്രൂരതയുടെ ഒരു ചിത്രമാണ് നമ്മുടെ മനസ്സിലേക്ക് വരിക. അതിനാൽ, ഈശോയെ അത്തരത്തിൽ ഒരു രാജാവായിട്ടല്ല, എന്റെ ദൈവമായി കാണാനാണ് എനിക്കിഷ്ടം. അവിടുന്നെന്റെ രക്ഷകനാണ്. എന്നെത്തേടി വരുന്ന, എന്നെ തോളിലേറ്റുന്ന എന്റെ നല്ല ഇടയനാണ്. അവിടുന്ന് ആരെയും അടിമകളാക്കിയിട്ടില്ല. ഒരു തുണ്ടു ഭൂമിപോലും ആരിൽനിന്നും തട്ടിയെടുത്തിട്ടില്ല. അധികാരം നിലനിർത്താൻ പടയോട്ടങ്ങൾ നടത്തിയിട്ടില്ല, അളിഞ്ഞ രാഷ്ട്രീയം കളിച്ചിട്ടില്ല. കോടികൾ മുടക്കി ദേവാലയങ്ങൾ പണിതിട്ടില്ല. സാധാരണക്കാരുടെ, പാവപ്പെട്ടവരുടെ നികുതിമുടക്കി വിദേശ രാജ്യങ്ങളിൽ പോയിട്ടില്ല. ലക്ഷങ്ങളുടെ വിലയുള്ള വസ്ത്രങ്ങൾ ധരിച്ചിട്ടില്ല. AD 412 മുതൽ 444 വരെ അലക്‌സാൻഡ്രിയയുടെ പാത്രിയർക്കീസ് (Patriarch) ആയിരുന്ന അലക്‌സിയാൻഡ്രിയയുടെ സിറിൽ (Cyril of Alexandria) പറയുന്നതുപോലെ തീവ്രവാദപ്രവർത്തനം നടത്തിയിട്ടല്ല, ആയിരങ്ങളെ കൊലചെയ്തിട്ടല്ല ക്രിസ്തു രാജാവായി ജനഹൃദയങ്ങളിൽ വസിക്കുന്നത്. അവിടെത്തെ സത്തയിൽ, സ്വഭാവത്തിൽ സ്നേഹത്തിന്റെയും കരുണയുടെയും പരിപാലനത്തിന്റെയും മഹത്വമുള്ളതുകൊണ്ടാണ് ഈശോ രാജാവായി വാഴുന്നത്.

സ്നേഹമുള്ളവരേ, മനുഷ്യ ഹൃദയങ്ങളെ ദേവാലയങ്ങളാക്കാനാണ് അവിടുന്ന് വന്നത്. ലോകത്തെ ശിക്ഷിക്കാനല്ല രക്ഷിക്കാനാണ് ക്രിസ്തു വന്നത്. മനുഷ്യനോടൊത്ത് വാഴാനാണ് ക്രിസ്തുവന്നത്.

ഈ ഭൂമിയിൽ രാജാവാകാനല്ല, അനേകർക്ക് രക്ഷയ്ക്കായി മോചനദ്രവ്യമാകാനാണ് ഈശോ വന്നത്. അവിടുന്ന് തന്നെ പറഞ്ഞു; “എന്റെ രാജ്യം ഐഹികമല്ല.” (യോഹ 18, 36) അല്ലെങ്കിൽത്തന്നെ, ഭൂമിയിലെ രാജാക്കന്മാരുടേയോ, പ്രഭുക്കന്മാരുടെയോ ച്ത്രങ്ങളിൽ കാണാറുള്ള അടയാളങ്ങളോ, ഭാവങ്ങളോ ഉണ്ടോ ക്രിസ്തുവിന്റെ മുഖത്ത്? ഞാൻ നിങ്ങളേക്കാൾ വലുത് എന്ന ഭാവമോ, എല്ലാവരും എന്റെ കാൽക്കീഴിലാണ് എന്ന അഹന്തയോ ഉണ്ടോ ആ മുഖത്ത്?

മാത്രമല്ല, ഞാൻ നേരത്തെ പറഞ്ഞതുപോലെ, ലോകത്തിന്റെ ഭാഷയിൽ ഈശോയെ വിശേഷിപ്പിച്ചാൽ അത് അവിടുത്തേക്ക്‌ യോജിക്കുകയില്ല. അത് ഒരുതരം പരിമിതിയായിരിക്കും സൃഷ്ടിക്കുക. അല്ലെങ്കിൽ, തീർത്തും പോസിറ്റിവായ വാക്കുകൾ ഉപയോഗിക്കണം. രാജാവെന്ന വാക്കു നമ്മുടെ ഭാഷയിൽ, സംസ്കാരത്തിൽ ഇപ്പോൾ നെഗറ്റിവായ ഒരു വാക്കാണ്. കാരണം, ഈ ഭൂമിയിലെ രാജാക്കന്മാർ, നേതാക്കന്മാർ ഉത്തമരായവരല്ല.

എങ്കിലും, രാജാവെന്ന വാക്കിന്റെ പരിമിതിക്കപ്പുറം നിന്നുകൊണ്ട് ക്രിസ്തുവിനെ നമുക്ക് സ്നേഹരാജാവായി, കാരുണ്യം നിറഞ്ഞ രാജാവായി, നീതിയുള്ള രാജാവായി കാണണം. വിശുദ്ധ പോൾ ആറാമൻ മാർപ്പാപ്പ പറയുന്നത്, “ക്രിസ്തു ആദിയും അന്തവുമാണ്. അവിടുന്ന് പുതുലോകത്തിന്റെ രാജാവാണ്. അവിടുന്നാണ് ചരിത്രത്തിന്റെ നായകൻ. അവിടുന്നാണ് നമ്മുടെ ജീവിതത്തിന്റെ ഭാഗധേയം നിർണയിക്കുന്ന താക്കോൽ” എന്നാണ്. ഫ്രാൻസിസ് മാർപ്പാപ്പാ ചോദിക്കുകയാണ്: “എപ്പോഴാണ് ക്രിസ്തു തന്നെത്തന്നെ രാജാവായി വെളിപ്പെടുത്തിയത്?” അദ്ദേഹം തന്നെ ഉത്തരം പറഞ്ഞു: “കാൽവരിയിൽ വിശുദ്ധകുരിശിൽ! എവിടെയാണ് ക്രിസ്തു രാജാവായി വാഴുന്നത്? മനുഷ്യഹൃദയങ്ങളിൽ!”

അതെ പ്രിയപ്പെട്ടവരേ, ക്രിസ്തു രാജാവാകുന്നത് അവിടുന്ന് നമ്മുടെ ഹൃദയങ്ങളിൽ വാഴുന്നതുകൊണ്ടാണ്; നാം ക്രിസ്തുവിന്റെ സ്നേഹിതരാകുന്നതുകൊണ്ടാണ്. നാം ക്രിസ്തുവിനോടൊപ്പം സ്വർഗ്ഗരാജ്യത്തിലെ അവകാശികളാകുന്നതുകൊണ്ടാണ്. . ആ ഹൃദയമിടിപ്പ് നമ്മുടെ ജീവിതത്തിന്റെ താളമാണ്, ആ ഹൃദയമിടിപ്പ് നമുക്ക് സൗഖ്യമാണ്, ആ ഹൃദയമിടിപ്പ് നമുക്ക്  ധൈര്യമാണ്. അതുകൊണ്ടാണ് ക്രിസ്തു നമ്മുടെ രാജാവാകുന്നത്.   അല്ലാതെ, സാധാരണക്കാരന്റെ നികുതിപ്പണത്തിന്മേൽ സ്വന്തം സാമ്രാജ്യങ്ങൾ പണിതുയർത്തിയല്ല ഈശോ ഇന്നും രാജാവായി വാഴുന്നത്! ആ ഹൃദയമിടിപ്പുകേട്ടാൽ നമ്മുടെ കരച്ചിൽ നിൽക്കും; ആ ഹൃദയമിടിപ്പനുഭവിച്ചാൽ നമ്മുടെ ഭയം നീങ്ങിപ്പോകും; ഈ ഹൃദമിടിപ്പിൽ മുഖം അമർത്തിയാൽ നമ്മുടെ മനസ്സ് സ്വസ്ഥമാകും. ആ ഹൃദയമിടിപ്പിന്റെ ഉടമയാണ് നമ്മുടെ സർവ്വവും!!! ക്രിസ്തുവിന്റെ ഹൃദയം മകളേ, മകനേ നിനക്കായി തുടിക്കുന്നു!

രാജാവെന്ന വാക്കിന്റെ പരിമിതികൾക്കപ്പുറം നിന്നുകൊണ്ട് ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിന്റെ രാജാവായി സ്വീകരിക്കാം. അവിടുന്ന് എന്റെ ദൈവമാണ്. ഈ പ്രപഞ്ചത്തിന്റെ നാഥനാണ് എനിക്ക് അവിടുന്ന്.  എനിക്ക് അതുമതി എന്ന് നമുക്ക് ഏറ്റുപറയാം. ഈ ദൈവത്തെ അറിയുവാൻ, ക്രിസ്തു ആരെന്നു മനസ്സിലാക്കുവാൻ, അവിടുത്തെ രാജ്യത്തിന്റെ സ്വഭാവം അറിയുവാൻ ഒന്നുകിൽ നാം ജ്ഞാനികളാകണം, അല്ലെങ്കിൽ കുഞ്ഞുങ്ങളുടെ നിർമലതയുള്ള മനുഷ്യരാകണം, അതുമല്ലെങ്കിൽ, മാനസാന്തരപ്പെടുന്ന സക്കേവൂസാകണം, സമരിയാക്കാരിയാകണം, നല്ല കള്ളനാകണം.

സ്നേഹമുള്ളവരെ, ക്രിസ്തു നമ്മുടെ ദൈവമാണ്. അവിടുത്തേയ്ക്കു സകല മഹത്വവും ആരാധനയും. കരങ്ങൾ ചേർത്ത് പിടിച്ചു നമുക്ക് പ്രാർത്ഥിക്കാം: ഈശോയെ,

അങ്ങെന്റെ ദൈവമാണ്. എന്റെ തകർന്ന ജീവിതത്തെ ക്രമപ്പെടുത്തണമേ. എന്റെ കണ്ണുകൾക്ക് വെളിച്ചം നൽകണമേ. നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ. നിന്റെ സമാധാനം നിറഞ്ഞ, സന്തോഷം നിറഞ്ഞ രാജ്യം വരണമേ! ആമ്മേൻ!