മംഗളവാർത്താക്കാലം ഒന്നാം ഞായർ
ലൂക്കാ 1, 5-25

മംഗളവാർത്താക്കാലം
വീണ്ടും ഒരു പുതിയ ആരാധനാക്രമ വത്സരത്തിലേക്ക് നാം പ്രവേശിക്കുകയാണ്. സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിന്റെ കേന്ദ്രബിന്ദുവായ മിശിഹായുടെ ഉയിർപ്പിനെ ആസ്പദമാക്കി, മിശിഹാ രഹസ്യങ്ങളെയും, മറ്റ് തിരുനാളുകളെയും ആരാധനാക്രമ വത്സരത്തിൽ ക്രമീകരിച്ചിരിക്കുകയാണ്. സ്വർഗോന്മുഖമായി തീർത്ഥാടനം ചെയ്യുന്ന തിരുസഭാമക്കൾ ഒരുമിച്ചുകൂടി, പ്രധാന കാർമികനായ വൈദികനോട് ചേർന്ന്, രക്ഷകനായ ക്രിസ്തുവഴി പിതാവായ ദൈവത്തിന് സമർപ്പിക്കുന്ന മിശിഹായുടെ രക്ഷാകര രഹസ്യങ്ങളുടെ ആഘോഷമായ വിശുദ്ധ കുർബാന ആരാധനാക്രമവത്സരത്തിലൂടെയും അവതരിക്കപ്പെടുകയാണെന്നത് വിസ്മയകരമായ ഒരു യാഥാർഥ്യമാണ്.
നമ്മുടെ ആരാധനാവത്സരത്തിലെ ഒന്നാമത്തെ കാലമായ മംഗള വാർത്താക്കാലത്തിൽ നാം ധ്യാനവിഷയമാക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ പൂർത്തീകരണത്തിന്റെ ആരംഭം അവിടുത്തെ മനുഷ്യാവതാരത്തിലാണ് എന്ന് മനസിലാക്കുക. It’s a beginning! രണ്ട്, ‘സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്തയായ’ (ലൂക്കാ 1, 11) ലോക രക്ഷകനായ ക്രിസ്തുവിന്റെ ജനനം പ്രഘോഷിക്കുക. ഈ കാലത്തിന്റെ കേന്ദ്രമായി നിലകൊള്ളുന്നത് ക്രിസ്തുവിന്റെ പിറവിത്തിരുനാളാണ്.
മംഗളവാർത്തക്കാലത്തിന്റെ പേര് അന്വർത്ഥമാക്കുംവിധം ഈ കാലത്തിലെ നാല് ഞായറാഴ്ചകളിൽ സദ്വാർത്തകളാണ്, മംഗളവാർത്തകളാണ് നാം കേൾക്കുന്നത്. ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചുകേട്ടതുപോലെ, സഖറിയായ്ക്കും എലിസബത്തിനും ദൈവം സദ്വാർത്ത നൽകുകയാണ്. മംഗളവാർത്താക്കാലം ആദ്യ ഞായറാഴ്ചത്തെ സന്ദേശം ദൈവത്തിൽ വിശ്വസിക്കുക, നമ്മുടെ ജീവിതത്തിലെ ദൈവത്തിന്റെ ഇടപെടലുകളെ മനസ്സിലാക്കുക, God is silent. Still He is working എന്ന് ഹൃദയത്തിൽ വിശ്വസിക്കുക എന്നതാണ്.
വചനവ്യാഖ്യാനം
ദൈവത്തിന്റെ രക്ഷാകര ഇടപെടലുകളുടെ നേർസാക്ഷ്യങ്ങളാണ് ചരിത്രം; പ്രത്യേകിച്ച്, രക്ഷാകര ചരിത്രം. വിശുദ്ധ ഗ്രന്ഥത്തിലെ ഉത്പത്തി മുതലിങ്ങോട്ടുള്ള പഴയനിയമ പുസ്തകങ്ങളെല്ലാം ദൈവത്തിന്റെ രക്ഷാകര ചരിത്ര വിവരണങ്ങളാണ് . ഈ രക്ഷാകര ചരിത്ര വിവരണങ്ങളിലെ അവസാന പുസ്തകമായ മലാക്കി പ്രവാചകന്റെ പുസ്തകം BC 430ൽ ആണ് എഴുതപ്പെട്ടത്. ആ കാലഘട്ടം മുതൽ ഈശോയുടെ ജനനം വരെ ഇസ്രായേൽ ജനത്തെ നയിക്കുവാൻ പ്രവാചകന്മാരോ, ന്യായാധിപന്മാരോ ഉണ്ടായിരുന്നില്ല. സ്വർഗത്തിൽ നിന്ന് ഒരു അരുളപ്പാടും ഉണ്ടായില്ല. വലിയ വലിയ അത്ഭുതങ്ങളൊന്നും നടന്നില്ല – കടലുകൾ വിഭജിക്കപ്പെട്ടില്ല. മന്നാ വർഷം ഉണ്ടായില്ല. ഈ നീണ്ട നിശബ്ദദയ്ക്കിടയ്ക്ക് സ്വർഗത്തിൽ നിന്ന് തീ ഇറങ്ങിവന്ന് ബലിവസ്തുക്കളെ കത്തിച്ചില്ല. പിന്നീട് വിശുദ്ധ ലൂക്കയുടെ സുവിശേഷം എഴുതപ്പെടുന്നതാകട്ടെ AD 80-90 കാലഘട്ടത്തിലാണ്. അതായത് ഏകദേശം 520 വർഷത്തോളം രക്ഷാകര ചരിത്രം Stagnant ആയിരുന്നു. അതുകഴിഞ്ഞ് ദൈവത്തിന്റെ രക്ഷാകര ഇടപെടൽ ഉണ്ടാകുന്നത് അബിയായുടെ ഗണത്തിൽപ്പെട്ട പുരോഹിതനായ സഖറിയായുടെയും, അദ്ദേഹത്തിന്റെ ഭാര്യ, അഹറോന്റെ പുത്രിമാരിൽപ്പെട്ട എലിസബത്തിന്റെയും ജീവിതത്തിലേക്കുള്ള ദൈവത്തിന്റെ വരവാണ്. ആ സംഭവമാണ് നാമിന്ന് സുവിശേഷത്തിൽ നിന്നും വായിച്ചുകേട്ടത്.
ചരിത്രപരമായ ഒരു സാഹചര്യത്തിലാണ് വൃദ്ധ ദമ്പതികളായ സഖറിയായെയും എലിസബത്തിനെയും ലൂക്കാസുവിശേഷകൻ അവതരിപ്പിച്ചിരിക്കുന്നത്. ഹേറോദേസ് രാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തിൽ പെട്ട, അഹരോന്റെ പുത്രിമാരിൽപെട്ട എന്നൊക്കെ അവതരിപ്പിക്കുന്നത് നൂറ്റാണ്ടുകൾക്കുമുന്പ് നടന്ന സംഭവത്തിന് വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും, ചരിത്രത്തിൽ ഇടപെടുന്നവനാണ് ദൈവം എന്ന് ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ്.
വിശുദ്ധ അഗസ്റ്റിനെപ്പോലെയുള്ള പണ്ഡിതന്മാർ, ഇതിൽ അനാവരണംചെയ്യപ്പെടുന്ന ദൈവിക ഇടപെടലുകളെ വ്യഖ്യാനിച്ചുകൊണ്ട് പറയുന്നത് “When God is silent, he is still working” എന്നാണ്. മനുഷ്യന്റെ വൈകാരിക സംഘർഷത്തെയും, അയാൾ അനുഭവിക്കുന്ന ഒറ്റപ്പെടലിനെയും, ഒപ്പം മനുഷ്യസ്വഭാവത്തിലെ സങ്കീർണഭാവങ്ങളെയുംക്കുറിച്ചാണ് വിശുദ്ധ അഗസ്റ്റിൻ ചിന്തിച്ചത്. സഖറിയാസ് പുരോഹിതന്റെ വികാരങ്ങളെ ശരിയായി മനസ്സിലാക്കുന്നതിൽ നാം പരാജയപ്പെട്ടിട്ടുണ്ടാകാമെങ്കിലും, ദൈവത്തിന്റെ ഇടപെടലിനുമുൻപിൽ അവിടുത്തെ പരിപാലന മനസ്സിലാക്കുന്നതിൽ സഖറിയാസ് ഒരുനിമിഷം തോറ്റുപോയി എന്ന് തന്നെ പറയേണ്ടിവരും.
സഖറിയാ എന്ന വാക്കിനർത്ഥം ദൈവം ഓർത്തു എന്നാണ്. എന്നാൽ തന്റെ പേരിന്റെ അർഥം അദ്ദേഹം ഓർക്കുന്നില്ല. തന്റെ പേരിന്റെ അർഥം എന്തെന്ന് അദ്ദേഹം ഒന്നോർത്തിരുന്നെങ്കിൽ ദൈവദൂതന്റെ മുൻപിൽ വിശ്വാസ സ്ഥൈര്യത്തോടെ നിൽക്കാമായിരുന്നു. പക്ഷെ അദ്ദേഹം അത് ചെയ്തില്ല. കർത്താവിന്റെ ദൂതന്റെ സന്ദേശത്തിലെ ദൈവികചൈതന്യം പോലും അദ്ദേഹത്തിൽ വിസ്മയം ഉളവാക്കിയില്ല. “ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീപസ്ഥനാണെന്നും, മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുമെന്നും” (സങ്കീ 34, 18) എന്തുകൊണ്ട് അദ്ദേഹം ഓർത്തില്ലാ? “കർത്താവിൽ ആശ്രയിക്കുന്നവനെ അവിടുത്തെ സ്നേഹം വലയം ചെയ്യുമെന്ന്” എന്തുകൊണ്ട് അദ്ദേഹം എലിസബത്തിനോട് പറഞ്ഞില്ല? “കർത്താവിനെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാകുകയില്ലെന്നും” (സങ്കീ 34, 9) എന്തുകൊണ്ട് അദ്ദേഹം ചിന്തിച്ചില്ല? വചനം പറയുന്നു: “അവർ ദൈവത്തിന്റെ മുൻപിൽ നീതി നിഷ്ഠരും, കർത്താവിന്റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു.” പക്ഷേ, സ്വർഗം മുൻപിൽ വന്നു നിന്നപ്പോൾ, ദൈവം വെളിപാടുമായി സഖറിയയുടെ മുൻപിൽ നിന്നപ്പോൾ അദ്ദേഹത്തിന് ആ സ്വർഗത്തെ, ദൈവത്തെ മനസ്സിലാക്കുവാൻ കഴിഞ്ഞില്ല.

സ്നേഹമുള്ള സഹോദരീ സഹോദരന്മാരേ, സഖറിയാസിന്റേതുപോലുള്ള ജീവിത സാഹചര്യങ്ങളിലൂടെ നമ്മളും കടന്നുപോകുന്നില്ലേ? നമ്മളും എന്തിനെങ്കിലുംവേണ്ടി ആഗ്രഹിച്ച്, പ്രാർത്ഥിച്ച് വർഷങ്ങളോളം കാത്തിരുന്നിട്ടില്ലേ? കുട്ടികളില്ലാത്ത ദമ്പതിമാർ, അഞ്ച്, പത്ത്, ഇരുപത് വർഷങ്ങളോളം പ്രാർത്ഥിച്ചിട്ടും ഉത്തരമൊന്നും കിട്ടാതിരുന്നിട്ടില്ലേ? മുഴുക്കുടിയരായ മക്കൾക്കുവേണ്ടി കണ്ണീരൊഴുക്കി വർഷങ്ങളോളം പ്രാർത്ഥിക്കുന്ന എത്രയോ അമ്മമാർ? നല്ലൊരു ജോലിക്കുവേണ്ടി മനമുരുകി പ്രാർത്ഥിക്കുന്ന എത്രയോ പേർ!! നന്നായി ജീവിച്ചിട്ടും, ഉപവസിച്ചിട്ടും, എന്ത്യേ കർത്താവെനിക്ക് ഉത്തരം തരാത്തത്? കർത്താവെന്നെ കേൾക്കുകയില്ലേ? കർത്താവെന്നെ മറന്നുപോയോ?
“ദൂതൻ അവനോട് പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ട, ദൈവം നിന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു.” എത്രകാലമായുള്ള പ്രാർത്ഥനയാണ് സഖറിയയുടെ? വിവാഹത്തിന് മുൻപ് തുടങ്ങിയ പ്രാർത്ഥനയാണ്. ദൈവമേ, നല്ലൊരു ജീവിത പങ്കാളിയെ നൽകണേ. മക്കളെ നൽകി അനുഗ്രഹിക്കണേ. വിവാഹം കഴിഞ്ഞും ഇന്നുവരെ ദൈവമേ മക്കളെ തരണേ എന്നായിരുന്നു പ്രാർത്ഥന. എന്നെങ്കിലും ദൈവം തന്റെ പ്രാർത്ഥന കേൾക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നത്. കാലമെത്ര കഴിഞ്ഞു … And God was silent for a very long time!!!
But today, God breaks His silence!!! മനുഷ്യൻ എത്ര ആഗ്രഹിച്ചാലും ദൈവത്തിന്റെ സമയം വരണമല്ലോ.
സഖറിയാ എന്ന വാക്കിനർത്ഥം ദൈവം ഓർത്തു (God remembered) എന്നായിരുന്നെങ്കിലും, എലിസബത്ത് എന്ന വാക്കിനർത്ഥം എന്റെ ദൈവം വാഗ്ദാനമാണ് (My God is oath), എന്റെ ദൈവം സമൃദ്ധിയാണ് (My God is abundance) എന്നൊക്കെയായിരുന്നെങ്കിലും, തങ്ങളുടെ പേരിന്റെ അർത്ഥമെന്താണെന്നു അവർ ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ അവർക്ക് പ്രത്യാശയോടെ ജീവിക്കാമായിരുന്നു. ദൈവം തന്നെ ഓർക്കുമെന്ന് സഖറിയായും, ദൈവം തന്റെ വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്ന് ദൈവം ജീവൻ സമൃദ്ധിയായി നല്കുന്നവനാണെന്ന് എലിസബത്തും വിശ്വസിച്ചിരുന്നെങ്കിൽ, കൂടെക്കൂടെ ആ വിശ്വാസം ഏറ്റുപറഞ്ഞിരുന്നെങ്കിൽ ദൈവദൂതനെ കണ്ടപ്പോൾ ആ വെളിപാട് സഖറിയാസിന് മനസ്സിലാകുമായിരുന്നു. അതുകൊണ്ടു എന്ത് പറ്റി? അവർ പോലും അറിയാതെ ദൈവം അത്ഭുതമായി അവരുടെ ജീവിതത്തിൽ വന്നപ്പോൾ നോക്കൂ… സഖറിയാ പ…പ്പ…പ്പ…പ്പ… വയ്ക്കുകയാണ്. എന്തോ ഒക്കെ വിളിച്ചുപറയുകയാണ്. ജീവിതം Stop ആകുകയാണ്; ജീവിതം മൂകമാകുകയാണ്.. എന്തൊരു വൈരുധ്യമാണിത് പ്രിയപ്പെട്ടവരേ!!!
ഇവിടെ സംസാരശേഷി നഷ്ടപ്പെടുകയെന്നത് ഒരു പ്രതീകമാണ്. ദൈവത്തിന്റെ അരുളപ്പാടിന്റെ മുൻപിൽ നമ്മുടെ ജീവിതം പതറുമ്പോൾ അവശ്യം നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ഒരു അവസ്ഥയാണിത്. ആരോടും ഒന്നും പറയുവാൻ വയ്യാത്ത അവസ്ഥ! ജീവിതത്തിൽ വലിയൊരു ഒറ്റപ്പെടൽ എന്ന അനുഭവത്തിലൂടെ ഒരുവൻ കടന്നുപോകും. മറ്റുള്ളവർ ഉള്ളതും ഇല്ലാത്തതും പറഞ്ഞുപരത്തും. ജീവിതം വളരെ അസ്വസ്ഥമാകും!
നൂറ്റാണ്ടുകളിലെ മനുഷ്യരോടും, അവരുടെ അഭിരുചികളോടും, ആഭിമുഖ്യങ്ങളോടും സംവദിച്ച ഈ സംഭവം ഈ കാലഘട്ടത്തെ അഭിസംബോധനചെയ്യുന്നത് അതിന്റെ സാർവകാലിക പ്രസക്തി ഒന്നുകൊണ്ടുമാത്രമാണ്. എന്താണ് ആ സാർവകാലിക പ്രസക്തി? ദൈവം എന്റെ ജീവിതത്തിലേക്ക് കടന്നുവരും, ദൈവം എന്റെ പ്രാർത്ഥന കേൾക്കും എന്ന് വിശ്വസിക്കാൻ സാധിക്കാത്ത മനുഷ്യന്റെ അഹങ്കാരം മനുഷ്യനെ ജീവിതത്തിന്റെ ദുരന്ത മുഖങ്ങളിലേക്ക് നയിക്കുന്ന ദുരവസ്ഥ!!! നിർമ്മിതബുദ്ധിയുടെ വരവോടെ, ചാറ്റജിപ്റ്റിയുടെ വരവോടെ ദൈവത്തെ മാറ്റിനിർത്തുന്ന മനുഷ്യന്റെ ജീവിതം തകർച്ചകളെ മാടിവിളിക്കുകയാണ്.
പഴയനിയമത്തിലെ രാജാക്കന്മാരുടെ രണ്ടാം പുസ്തകം അദ്ധ്യായം 9 ൽ കണ്ണെഴുതി മുടിയലങ്കരിച്ചിരിക്കുന്ന ഇസ്രായേൽ രാജ്ഞിയായ ജെസെബെല്ലിനെ നാം കാണുന്നുണ്ട്. ആഡംബര പ്രിയയായ, അഹങ്കാരിയായ ജെസെബെൽ! ബൈബിളിലെ ഭീതിപ്പെടുത്തുന്ന ഒരു കഥാപാത്രമാണ് ജെസെബെൽ. വിഗ്രഹാരാധനയുടെ വികാരങ്ങളെ യഹോവയുടെ മണ്ണിലേക്ക് ആഭിചാരം നടത്തിയവൾ ജെസെബെൽ. അന്യദേവന്മാർക്കും, ദേവതകൾക്കും ആരാധന പാടില്ലെന്ന ഓർമ്മപ്പെടുത്തലുകൾ ധിക്കരിച്ച്, ബാലിന്റെ നാനൂറ് ദേവന്മാർക്കും, അശേരയുടെ നാനൂറ്റമ്പത് ദൈവങ്ങൾക്കും പ്രതിഷ്ഠയർപ്പിച്ചവൾ ജെസെബെൽ. നാബോത്തിനെ വേട്ടയാടി മുന്തിരിത്തോട്ടം കൈക്കലാക്കിയവൾ ജെസെബെൽ. ദൈവത്തിലേക്ക് ചുവട് മാറ്റിചവിട്ടുവാൻ പറഞ്ഞുവന്നവരെ ആട്ടിപ്പുറത്താക്കിയവൾ ജെസെബെൽ. അപകടകരമായ ചുവടുകളാണ് അവളെരെയും വയ്ക്കുന്നത്. ഒടുവിൽ, ആഹാബിന്റെയും ജെസെബെലിന്റെയും സാമ്രാജ്യങ്ങൾ താഴെ വീഴുന്നു. കണ്ണെഴുതിയും, മുടിയലങ്കരിച്ചും ഇരുന്ന അവളെ അന്തപ്പുരകാവൽക്കാർ താഴേയ്ക്ക് വലിച്ചെറിയുന്നു. തെരുവുനായ്ക്കൾ അവളെ വലിച്ചുകീറുന്നു. സംസ്കരിക്കാൻപോലും ഒന്നുമുണ്ടായിരുന്നില്ലെന്ന വചനം ഞെട്ടലോടെയേ വായിക്കുവാൻ സാധിക്കൂ.
സ്നേഹമുള്ളവരേ, ദൈവത്തെ മറക്കുന്ന, ദൈവത്തെ വെല്ലുവിളിക്കുന്ന മനുഷ്യന്റെ അവസ്ഥയിലേക്ക് നമ്മുടെ ജീവിതങ്ങൾ എത്തിച്ചേരാതിരിക്കട്ടെ.. ഈ സംഭവത്തിന്റെ സാർവകാലിക പ്രസക്തി നമുക്ക് മറക്കാതിരിക്കാം. വില്യം ഷെയ്ക്സ്പിയറിന്റെ വിശ്വവിഖ്യാത ദുരന്ത നാടകമായ “ഹാംലെറ്റ്” നെ വ്യാഖ്യാനിച്ചുകൊണ്ട് പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹാസ്ലിറ്റ് പറഞ്ഞു: “It is we who are Hamlet”. ഇന്ന് ദൈവത്തിന്റെ ഇടപെടലുകൾക്ക് മുൻപിൽ, പതറിനിന്ന സഖറിയാസിന്റെ ജീവിതം കാണുമ്പോൾ നമുക്കും തോന്നുന്നില്ലേ? “It is we who are Zacharias.” എല്ലാക്കാലത്തേയും മനുഷ്യന്റെ അനുഭവമാണ് സഖറിയാസിന്റേത്.
എന്നിട്ടും സഖറിയായെ ദൈവം ഓർത്തു; ദൈവം തന്റെ വാഗ്ദാനം അനുസ്മരിച്ചു. അവിടുന്ന് അവർക്കു ദൈവത്തിന്റെ സമ്മാനം കൊടുത്തു. യോഹന്നാൻ എന്ന പേരിനർത്ഥം ദൈവത്തിന്റെ സമ്മാനം (the gift of God) എന്നാണ്. ഒരു കുഞ്ഞിനെ ചോദിച്ചപ്പോൾ ഒരു പ്രവാചകനെ കൊടുക്കുന്ന ദൈവം!!!
സ്നേഹമുള്ളവരേ, ഈ ക്രിസ്മസ് ഒരുക്കക്കാലത്ത്, മംഗളവാർത്താക്കാലത്തിന്റെ ആദ്യ ഞായറാഴ്ച്ച , എന്റെ ജീവിതത്തിലും ദൈവത്തിന്റെ ഇടപെടലുകളുണ്ടാകുമെന്നും, ആ ഇടപെടലുകളെ മനസ്സിലാക്കുവാൻ ഞാൻ ശ്രമിക്കുമെന്നും ദൈവമതിന്റെ സമയത്തിനായി ഞാൻ കാത്തിരിക്കുമെന്നും നമുക്ക് തീരുമാനമെടുക്കണം. ദൈവത്തിലേക്ക് അടുക്കുവാൻ ശ്രമിക്കുമ്പോഴും, നമ്മെ അകറ്റുന്ന ചിന്തകൾ ഒത്തിരിയാണ്!! ഓ! എത്ര ശ്രമിച്ചിട്ടും കാര്യമില്ല. ദുഷ്ടനെ ദൈവം പനപോലെ വളർത്തും. മറ്റുചിലരുടേതു “വീട്ടിൽ എപ്പോഴും അസുഖമാണ്. ഒരാൾക്ക് മാറിയാൽ അടുത്തയാൾക്കു. എത്ര പ്രാർത്ഥിച്ചിട്ടും ഒരു കാര്യവുമില്ല. ദൈവം കണ്ണുതുറക്കാത്ത, കരയാനറിയാത്ത കളിമൺ പ്രതിമകൾ. ഒരു ജോലി, നല്ലൊരു വീട് …ഇതൊന്നും നടക്കില്ല. വീട്ടുകാരും നാട്ടുകാരും ശരിയല്ല… ഇങ്ങനെ നമുക്കോരോരുത്തർക്കും ഓരോ ചിന്ത! എന്നിട്ടോ? ജന്മം ചെയ്താൽ അതിൽനിന്ന് മാറില്ല. ജീവിതം മൂകമായാലും, എത്രമാത്രം തകർന്നാലും ഒന്ന് മാറി ചിന്തിക്കുകയില്ല.
സമാപനം
സ്നേഹമുള്ളവരെ, 2025 ലെ ക്രിസ്തുമസിനായി ഒരുങ്ങുന്ന നമുക്ക് നമ്മുടെ മനോഭാവങ്ങളെ ഒന്ന് ക്രൈസ്തവമാക്കാം. ഈശോ നമ്മുടെ ജീവിതത്തിൽ ഇടപെടുക തന്നെ ചെയ്യും എന്നൊരു ഉറച്ച വിശ്വാസം നാം നമ്മുടെ ജീവിതത്തിൽ വീണ്ടെടുക്കണം. നമ്മുടെ ജീവിതത്തിലെ ദൈവിക ഇടപെടലുകളെ തിരിച്ചറിയുവാനും അവയുടെ മുൻപിൽ ഉറച്ച വിശ്വാസത്തോടെ നിൽക്കുവാനുമുള്ള ദൈവകൃപ നമുക്കുണ്ടാകണം.

ജീവിതത്തെ മൂകമാക്കുന്ന ചിന്തകളിൽനിന്ന് മാറി, ദൈവം എന്നെ ഓർക്കുമെന്നും, അവിടുന്ന് വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്നും അവിടുത്തെ സമ്മാനം എനിക്ക് നൽകുമെന്നും ഉറച്ചു വിശ്വസിച്ചുകൊണ്ട് ചുവടൊന്ന് മാറ്റി ചവുട്ടിഒന്ന് മുന്നോട്ട് നടന്നു നോക്കിക്കേ. അപ്പോൾ ദൈവത്തിന്റെ ഇടപെടലുകളെ മനസ്സിലാക്കുവാൻ നമുക്ക് സാധിക്കും. ആമേൻ!